close
Sayahna Sayahna
Search

രസകരമായൊരു കഥയ്ക്കിടയിൽ


രസകരമായൊരു കഥയ്ക്കിടയിൽ
EHK Story 11.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അനിതയുടെ വീട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 75

അയാൾ അതിരാവിലെ എത്തി. ആരെന്നറിയില്ല, എവിടെ നിന്നെന്നറിയില്ല. ഇടവഴിയിലൂടെ നടന്നു വരുമ്പോൾത്തന്നെ മുറ്റത്ത് കൂട്ടംകൂടിനിന്ന ആൾക്കാർ അയാളെ കണ്ടിരുന്നു. ഒരന്യ നാട്ടുകാരൻ നടന്നു പോകുന്നു എന്നതിനപ്പുറമൊന്നും അവർ ശ്രദ്ധിച്ചില്ല. അയാൾ പക്ഷേ മുളകൊണ്ടുള്ള ഗെയ്റ്റ് കടന്ന് അകത്തേയ്ക്കു വന്നപ്പോൾ അവർ ഒന്നു നന്നായി നോക്കി. മുണ്ടും വെള്ള ഷർട്ടും വേഷം. മുമ്പിൽ കഷണ്ടി കയറിയ ഭാഗത്ത് തലമുടി അല്പം നരച്ചിരുന്നു. അലസമായൊരു നോട്ടത്തിനു ശേഷം അവർ നിർത്തി വച്ച സംഭാഷണങ്ങളുടെ ലോകത്തേയ്ക്കു തിരിച്ചുപോയി. വേലായുധന്റെ വല്ല പരിചയക്കാരും വിവരമറിഞ്ഞ് വന്നതായിരിക്കും. ആരെങ്കിലുമാവട്ടെ; അവർക്ക് പറഞ്ഞുകൊണ്ടിരുന്ന കാര്യത്തിന്റെ രസച്ചരട് അറുക്കാൻ കഴിയില്ല.

“അയാള് പോയി തുലയട്ടെ. നീ പറ, അപ്പോ കല്യാണി എന്തു ചെയ്തു?”

ഒരപഥസഞ്ചാരത്തിന്റെ കഥ അതിന്റെ എല്ലാ മാംസളതയും പ്രദർശിപ്പിച്ച് വസ്ത്രമഴിച്ചു വരികയാണ്. എല്ലാം അടുത്തറിയുന്ന കഥാപാത്രങ്ങളാണെന്നത് ആസ്വാദ്യതയുടെ മൂർച്ച കൂട്ടി. അതിനിടയിൽ ഒരപരിചിതനെപ്പറ്റി അന്വേഷിക്കാനെവിടെ നേരം.

ഉമ്മറത്ത് കസേലയിൽ ക്ഷീണിച്ചിരുന്ന വേലായുധൻ പാതിയടഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. അയാൾ ഒതുക്കിൽ തന്റെ തേഞ്ഞ ചെരുപ്പഴിച്ചു വച്ച് ഉമ്മറത്തേയ്ക്കു കയറി, കഷണ്ടി കയറിത്തുടങ്ങിയ തല തടവിക്കൊണ്ട് വേലായുധനെ നോക്കി. തനിക്ക് പരിചയമില്ലാത്ത ഒരാളാണ് മുമ്പിൽ നിൽക്കുന്നതെന്നും അയാളുടെ വരവിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കണമെന്നും ആലോചിച്ചുണ്ടാക്കാൻ വേലായുധന് കുറച്ചു സമയമെടുത്തു.

അയാൾ രാത്രി മുഴുവനും അസുഖമായി വാടിത്തളർന്നുകിടന്ന കുഞ്ഞിന്റെ കിടക്കക്കരികെ ഉറക്കമൊഴിച്ചിരിക്കയായിരുന്നു. ആ കുഞ്ഞ് ഇപ്പോൾ അകത്ത് ചേതനയറ്റു കിടക്കുകയാണ്.

വന്ന ആൾ വേലായുധനിരുന്ന കസേലയ്ക്കരികെ ഇരുത്തിയിൽ സിമന്റിട്ട തൂണ് ചാരിയിരുന്നു. വേലായുധൻ ചോദിച്ചു.

“എവിടന്നാ?”

“എവിട്യാ കെടത്തീരിക്കണത്?” ഉത്തരം പറയുന്നതിനു പകരം അയാൾ ഒരു ചോദ്യമെടുത്തിടുകയാണ്. വേലായുധൻ വിഷമത്തിലായി. ഉത്തരത്തിനു കാക്കാതെ വന്ന ആൾ എഴുന്നേറ്റു. ഒരു നിമിഷം സംശയിച്ച ശേഷം വേലായുധനും എഴുന്നേറ്റു. തേഞ്ഞ ഉമ്മറപ്പടിക്കപ്പുറം അകത്ത് ഇരുണ്ട് ഈർപ്പം മണക്കുന്ന ഇടനാഴികയിൽ നിലത്തു വിരിച്ച പുൽപ്പായിൽ കരഞ്ഞു തളർന്ന് ബോധമറ്റു കിടക്കുന്ന സ്ത്രീയെ ഒരു മാത്ര ശ്രദ്ധിച്ച് അയാൾ വേലായുധന്റെ ഒപ്പം ഒരു മുറിയിലേയ്ക്കു കടന്നു. അവിടെ കട്ടിലിൽ രണ്ടു വയസ്സു പ്രായമുള്ള കുട്ടി ചെരിഞ്ഞു കിടക്കുകയാണ്. ഉടുപ്പൊന്നും ഇടീച്ചിട്ടില്ല. അരയിൽ ഒരു കറുത്ത ചരടു മാത്രമുണ്ട്. ഉറങ്ങുകയാണെന്നേ തോന്നൂ.

“ഒറ്റക്കു കിടത്തിയിരിക്ക്യാണോ?”

വേലായുധൻ ഒന്നും പറഞ്ഞില്ല. അയാളുടെ മനസ്സ് ശൂന്യമായിരുന്നു. എന്താണുണ്ടായതെന്ന് ഇപ്പോഴുമറിയില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു ഡോക്ടറെ കാണിക്കാനുള്ള അവസരം പോലും കിട്ടിയില്ല. ഡോക്ടർ വന്നപ്പോഴെക്കും… കുട്ടിയുടെ ചലനമറ്റ ശരീരത്തിൽ താൻ പകച്ചു നോക്കിനിന്നതും ഒരു നിലവിളിയോടെ കാർത്ത്യായനി നിലത്തു വീണതും ഓർമ്മയിൽ വന്നു.

വന്ന ആൾ കട്ടിലിൽ കുട്ടിയുടെ അടുത്തിരുന്നു, അവന്റെ ദേഹത്തിൽ മൃദുവായി തലോടി.

“ഒറ്റയ്ക്ക് കിടത്തണ്ട, ഞാനിവിടെ ഇരിക്കാം.”

“അപ്പോ പേര് പറഞ്ഞില്ല്യ, എവിട്ന്നാന്നും പറഞ്ഞില്ല…” വേലായുധൻ വീണ്ടും ചോദിച്ചു.

“എന്റെ പേര് രാമൻന്നാ, നിങ്ങള് ഉമ്മറത്ത് പൊയ്‌ക്കോളൂ.” അയാൾ പറഞ്ഞു. “അവിടെ ആളുകളൊക്കെണ്ട്. പിന്നെ വേണ്ട കാര്യങ്ങളൊക്കെ നോക്കണ്ട സമയായി. കുട്ടീടെ അടുത്ത് ഞാനിരിക്കാം.”

വേലായുധൻ പുറത്തു കടന്നശേഷം തിരിഞ്ഞു നോക്കി. രാമൻ കട്ടിലിൽ കുട്ടിയുടെ അരികിൽ അവനെ നോക്കി ഇരിക്കയാണ്. ഒരു കാൽ മറ്റെകാലിന്മേൽ കയറ്റിവച്ചിട്ടുണ്ട്. കാർത്ത്യായനി ഉറങ്ങുകയാണ്. നന്നായി. അപസ്മാരത്തിന്റെ അടുത്തെത്തിയതാണവൾ. ഭാഗ്യത്തിന് ബോധംകെട്ടു. ബോധം കെടാത്ത താനോ? അപസ്മാരത്തെക്കാൾ വലിയ വിഭ്രാന്തിയിലും.

പുറത്ത്, മുറ്റത്ത് ഒരു പാതിവ്രത്യ ലംഘനത്തിന്റെ രസകരമായ അദ്ധ്യായങ്ങൾ ചിതറി വീണു കിടന്നു. ശ്രോതാക്കൾ കാമത്തിന്റെ ചൂടേറ്റ് എരിപൊരി കൊണ്ടു. വൈകിവന്നവർക്കായി ശ്രോതാക്കളിലാരെങ്കിലു മൊരാൾ അതുവരെയുള്ള കഥയുടെ സംഗ്രഹം നൽകി. ‘എന്താണ്ടായ ത്ന്ന് കേക്കണോ… നമ്മടെ കല്യാണിയ്‌ല്ല്യെ, കുമാരന്റെ…?”

വേലായുധൻ ഉമ്മറത്തേയ്ക്കു കടന്നു. ഇനി? ആരെ കാക്കണം? എന്തിനു വൈകിക്കണം? ആരും വരാനില്ല. ആരെങ്കിലും സഹായത്തിന് വന്നെങ്കിലെന്നയാൾ ആശിച്ചു. മുറ്റം നിറയെ തിങ്ങിക്കൂടി നിൽക്കുന്ന ആൾക്കാരെ അയാൾ നോക്കി. എല്ലാം അടുത്തറിയുന്നവർ തന്നെ. എല്ലാവരും വളരെ കാര്യമായി സംസാരിക്കുകയും ചിരിക്കുകയുമാണ്. എന്തിനെപ്പറ്റിയാണെന്നയാൾക്കറിയില്ല. അല്പം സഹായത്തിനായി ആരെങ്കിലുമൊരാൾ…

അയാൾ മുറ്റത്തേയ്ക്കിറങ്ങി സാവധാനത്തിൽ വീടിനു പിന്നിലേയ്ക്കു നടന്നു. പെട്ടെന്നു തല കറങ്ങിയപ്പോൾ അയാൾ ഒരു തൂണിൽ പിടിച്ചു നിന്നു. അപ്പോഴാണതു കണ്ടത്, നിലത്ത് പരന്നു കിടക്കുന്ന കാലടിപ്പാടുകൾ. കൊച്ചു കാലടിപ്പാടുകൾ. അയാൾ തേങ്ങിത്തേങ്ങിക്കരയാൻ തുടങ്ങി. എത്രനേരം കരഞ്ഞുവെന്നറിയില്ല, ഒറ്റയ്ക്ക് നിലത്തിരിക്കുകയാണെന്നും തേങ്ങുകയായിരുന്നെന്നുമുള്ള ബോധം വന്നപ്പോൾ അയാൾ എഴുന്നേറ്റു നടന്നു. അടുക്കളയുടെ ഭാഗത്ത് കൈക്കോട്ട് വച്ചിടത്ത് അയാൾ നിന്നു. കൈക്കോട്ട് എടുത്തു പൊക്കാനുള്ള ശേഷിയില്ലാതെ നിൽക്കുമ്പോൾ, തന്റെ കുഞ്ഞിന്റെ മൃതദേഹത്തിനു കാവൽ നിൽക്കുന്ന അപരിചിതനെ അയാൾ ഓർത്തു. വീടിന്റെ പിന്നിൽക്കൂടി നടക്കുമ്പോൾ ആ മനുഷ്യൻ കട്ടിലിൽ തല കുനിച്ചിരിക്കുന്നത് ജനലിലൂടെ വേലായുധൻ കണ്ടിരുന്നു. ആരാണയാൾ, എന്തിനാണയാൾ വന്നത്? ഏതോ ജന്മത്തിലെ കടം തീർക്കാൻ എത്തിച്ചേർന്നതായിരിക്കണം.

ഒരു വിധത്തിൽ കൈക്കോട്ടെടുത്ത് അയാൾ തെക്കേ പറമ്പിലേയ്ക്കു നടന്നു.

മുറ്റത്ത് കൂടുതൽ ആൾക്കാർ ഉണ്ട്. അവിടെയും ഇവിടെയും ചെറിയ കൂട്ടങ്ങളായി നിന്നവർ ഒരു വലിയ കൂട്ടത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇടവഴിയിലൂടെ നടന്നു പോയവർ മുളങ്കോലു കൊണ്ടുണ്ടാക്കിയ ഗെയ്റ്റു കടന്നു വന്ന് ആ കൂട്ടത്തിൽ കൂടി. അവിടെ കല്യാണി എന്ന സ്ത്രീയുടെ ജീവിതം നഗ്നമാക്കപ്പെടുകയാണ്. അവിഹിതബന്ധങ്ങളുടെ രക്തം ചൂടു പിടിക്കുന്ന കഥകൾ, കല്യാണിയുമായുള്ള വേഴ്ചകളുടെ അനുഭവസാക്ഷ്യങ്ങൾ. പലതും ഭാവനയുടെ നിറം പൂണ്ടവയാണ്. കഥ പറയുന്നവരുടെ എണ്ണം അനുവാചകരുടെ എണ്ണവുമായി പൊരുത്തപ്പെടുകയാണ്. അനുവാചകരുടെ മനസ്സ് തൊട്ടാൽ പൊള്ളുന്നതായി മാറിയിരുന്നു. സഭ്യതയുടെ പരിധികൾ എപ്പോഴെ കടന്നു പോയിരുന്നു. ഇപ്പോൾ ഓരോ അനുവാ ചകനും ആ വലിയ കഥയുടെ നേരിയതാകട്ടെ, ഏതെങ്കിലും വിധത്തിൽ ബന്ധിപ്പിക്കുന്ന ഒരിഴയായി മാറാൻ ആഗ്രഹിക്കുകയാണ്.

വേലായുധൻ കൈക്കോട്ടെടുത്ത് ആഞ്ഞു വെട്ടി. ചുറ്റും ആരുമില്ല. നനവ് വിട്ടിട്ടില്ലാത്ത മണ്ണ് അയാളുടെ ആയുധത്തെ ആർദ്രതയോടെ സ്വീകരിച്ചു. ഒരു ചെറിയ കുഴി രൂപം കൊള്ളുകയാണ്. എത്ര നീളം വേണമെന്ന തിനെപ്പറ്റി അയാൾക്ക് രൂപമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായി അയാൾ നെഞ്ചിലേറ്റി വളർത്തിയ ദേഹമാണ്. തേങ്ങൽ അടക്കാൻ പാടുപെട്ടു കൊണ്ട് അയാൾ കുഴിക്കൽ തുടർന്നു. വേണ്ടത്ര ആഴമായപ്പോൾ അയാൾ കുഴിയിലേയ്ക്കിറങ്ങി നിന്നു. ചെറിയ കുഴിയായതു കൊണ്ട് കുറച്ചു വിഷമിക്കേണ്ടി വന്നു. ചിതറിക്കിടന്ന വലിയ കട്ടകൾ അയാൾ കൈകൊണ്ട് ഉതിർത്തു. അടിഭാഗം ഒരു കിടക്കയുടെ മുകൾ ഭാഗംപോലെ പതം ചിതം വരുത്തി.

വേലായുധനെ കണ്ടപ്പോൾ രാമൻ കട്ടിലിൽനിന്ന് എഴുന്നേറ്റു.

“എന്തായി.”

“കുഴി തയ്യാറാക്കിയിട്ടുണ്ട്.”

പെട്ടെന്ന് എന്തോ സംശയം വന്ന പോലെ അയാൾ ചോദിച്ചു.

“നിങ്ങൾ തന്നെയാണോ കുഴി വെട്ടിയത്?”

വേലായുധൻ ഒന്നും പറഞ്ഞില്ല. അയാൾ മുറ്റത്തു തടിച്ചുകൂടിയ ആൾക്കാരെ ഓർത്തു. ഇടനാഴിയിൽ ബോധമറ്റു കിടക്കുന്ന ഭാര്യയെ ഓർത്തു. മുമ്പിൽ കട്ടിലിൽ ജീവനറ്റു കിടക്കുന്ന തന്റെ ഓമനയെ ഓർത്തു. കണ്ണിൽ ഉരുണ്ടുകൂടിയ വെള്ളം തോളത്തിട്ട തോർത്തുമുണ്ടിൽ തുടച്ചു.

“എന്നോടു പറയാമായിരുന്നു.” രാമൻ പറഞ്ഞു. “ആട്ടെ ഒരു കാര്യം ചെയ്യൂ. ഇവിടെ കോടി വസ്ത്രം ഇരിക്ക്ണ്‌ണ്ടോ? ഉണ്ടെങ്കിൽ എടുക്കൂ. ഇല്ലെങ്കിൽ സാരമില്ല.” വേലായുധനു എവിടെ നിന്നും സഹായം കിട്ടാനില്ലെന്ന് ഒരുൾക്കാഴ്ചയോടെ അയാൾ മനസ്സിലാക്കിയിരുന്നു.

“ഉണ്ടാവും.” അയാൾ ഇടനാഴിയിൽ അപ്രത്യക്ഷനായി, വേഗം തിരിച്ചുവന്നു. “ഇതു മതിയാവ്വോ?”

അതൊരു കരയില്ലാത്ത കോടിമുണ്ടാണ്.

“മതി.” അയാൾ പറഞ്ഞു. “ഇതിൽ നിന്നൊരു കഷ്ണമെടുക്കാം. ഞാൻ മോന്റെ കാര്യം നോക്കാം. നിങ്ങൾ അവന്റെ അമ്മയെ വിളിക്കു. കൊണ്ടുപോണതിനുമുമ്പ് ഒന്ന് കാണിച്ചു കൊടുക്കണ്ടേ.”

“വേണം.”

വേലായുധൻ പുറത്തു കടന്നു. ഇടനാഴിയിൽനിന്ന് ദുർബ്ബലമായൊരു നിലവിളി പൊങ്ങി. അതു കേട്ടുകൊണ്ട് രാമൻ ആ ചെറിയ ദേഹം പൊതിയാനാരംഭിച്ചു. കരഞ്ഞു തളർന്ന ഒരു സ്ത്രീ ഓടിക്കൊണ്ടു വന്നു കട്ടിലിൽ തലവച്ച് നിലത്തിരുന്നു. “എന്റെ മോനേ…”

ഒരു വികാരങ്ങളും പ്രകടിപ്പിക്കാതെ അയാൾ കുട്ടിയുടെ ദേഹം, കുളിപ്പിച്ചു കഴിഞ്ഞ ഒരു കുട്ടിയെ ഉടുപ്പിടീക്കുന്ന അമ്മയുടെ ശ്രദ്ധയോടെ പൊതിഞ്ഞു. ആ സ്ത്രീയെയോ അവരുടെ ഭർത്താവിനെയോ ആശ്വസിപ്പിക്കാൻ അയാൾ ഒന്നുംതന്നെ പറയുകയുണ്ടായില്ല. എഴുന്നേറ്റുകൊണ്ട്, കോടി പൊതിഞ്ഞ ആ ദേഹം അയാൾ കോരിയെടുത്തു വേലായുധനു നേരെ നീട്ടി. വേലായുധൻ അതേറ്റു വാങ്ങി മാറിൽ ചേർത്തു. കാർത്ത്യായനി വീണ്ടും ഒരു മോഹാലസ്യത്തിന്റെ അനുഗ്രഹത്തിലായിരുന്നു.

“പോവ്വാ…” രാമൻ മുമ്പിൽ നടന്നു. മുറ്റത്ത് അപ്പോഴും ആൾക്കൂട്ടും ബദ്ധശ്രദ്ധരായി ഒരു മലിനബന്ധത്തിന്റെ രസം മുറ്റിയ കഥകൾ കേട്ടുകൊണ്ടിരിക്കയാണ്. അവരെ ശ്രദ്ധിക്കാതെ അയാൾ തെക്കേ പറമ്പിലേയ്ക്കു നടന്നു. പുതുമണ്ണിന്റെ ഒരു കൂന അയാൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. പിന്നിൽ വേലായുധനും, വേലായുധന്റെ കൈയ്യിൽ ജീവചൈതന്യം അകാലത്തിൽ അറുത്തെറുക്കപ്പെട്ട ഒരു കുഞ്ഞുമുണ്ട്.

ഉതിർന്ന മണ്ണ് രണ്ടുപേരും കൈ കൊണ്ട് വാരിയിട്ടു. കോടിയിൽ പൊതിഞ്ഞ ആ ദേഹം മണ്ണിന്നടിയിൽ കാണാതായപ്പോൾ രാമൻ കൈക്കോട്ടെടുത്തു മണ്ണു കോരിയിട്ടു. കുഴിയുണ്ടായിരുന്നിടത്ത് ഒരു കൊച്ചു മൺകൂന അയാൾ കൈക്കോട്ടുകൊണ്ട് അമർത്തിയുണ്ടാക്കി. വേലായുധൻ നിർവീര്യനായി അതെല്ലാം നോക്കിനിന്നു. എല്ലാം കഴിഞ്ഞപ്പോൾ അവർ കുളത്തിൽ പോയി കൈകാലുകൾ കഴുകി. രണ്ടു പേരും ഒന്നും സംസാരിക്കുകയുണ്ടായില്ല. കുളത്തിൽനിന്ന് കയറിയ ശേഷം അയാൾ വേലായുധന്റെ മുഖത്തു നോക്കി എന്തോ പറയാൻ ഓങ്ങി. ഒരു നിമിഷം നിന്ന ശേഷം ഒന്നും പറയാനാവാതെ അയാൾ നടന്നു. പറമ്പിന്റെ വരമ്പിലൂടെ മുറ്റത്തേയ്ക്ക്, അവിടെ ഒതുക്കിന്മേൽ ഊരിയിട്ട ചെരിപ്പ് കാലിലിട്ടശേഷം മുറ്റത്തുകൂടെ നടന്ന് പടിക്കൽ മുളകൊണ്ടുണ്ടാക്കിയ ഗെയ്റ്റു കടന്ന് ഇടവഴിയിലേയ്ക്ക്, കാലത്തിന്റെ ഏതോ അറിയപ്പെടാത്ത കൈവഴിയിലേയ്ക്ക്.

വേലായുധൻ നോക്കിനിൽക്കുകയായിരുന്നു.

മുറ്റത്ത് ആൾക്കൂട്ടം കഥയിൽ ലയിച്ചുനിൽക്കുകയാണ്.