close
Sayahna Sayahna
Search

Difference between revisions of "അയനങ്ങള്‍: ആറ്"


(Created page with "{{EHK/Ayanangal}} {{EHK/AyanangalBox}} അയനങ്ങളെപ്പറ്റിത്തന്നെയാണ് ഡയറക്ടർ വിനോദ് ചന്ദാ...")
 
(No difference)

Latest revision as of 12:29, 18 May 2014

അയനങ്ങള്‍: ആറ്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

അയനങ്ങളെപ്പറ്റിത്തന്നെയാണ് ഡയറക്ടർ വിനോദ് ചന്ദാനിയും പറഞ്ഞിരുന്നത്. അയാൾ കാറിൽ കയറി ഇടത്തു വശത്തെ ഡോർ അപർണ്ണയ്ക്കു കയറാൻ തുറ ന്നുകൊടുത്തു. പിന്നെ കാർ സ്റ്റാർട്ടാക്കി ഗെയ്റ്റു കടക്കുമ്പോൾ പറഞ്ഞു.

‘അപർണ്ണ സൂര്യന്റെ അയനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മാസങ്ങൾ മാറുന്നതിനനുസരിച്ച് വഴിമാറി നടക്കുന്ന സൂര്യന്റെ പഥം?’ ദക്ഷിണായനമാണിപ്പോൾ. എന്തോ മറന്നു വച്ച പോലെയാണ് സൂര്യൻ.’

അപർണ്ണ വിനോദിനെ ശ്രദ്ധിച്ചു. ഇത്ര യും നന്നായി സംസാരിക്കുന്ന ഒരാളെ നടാടെയാണവൾ കാണുന്നത്. വിനോദ് ഒരു കവിയാവേണ്ടതായിരുന്നു. ഒരുപക്ഷേ അ യാൾ അഭ്രത്തിൽ കവിത രചിക്കുകയായിരിക്കും. സൂര്യന്റെ ഗതിവ്യത്യാസങ്ങൾ അവൾ ശ്രദ്ധിക്കാറുണ്ട്, പ്രത്യേകിച്ചും കൽക്കത്തയിലായിരുന്നപ്പോൾ. കൽക്കത്തയിൽ ഋതുഭേദങ്ങൾ വളരെ പ്രകടമായിരുന്നു. ഓരോ ഋതുക്കൾക്കും അതിന്റേതായ ഗന്ധങ്ങളുണ്ടായിരുന്നു, നിറങ്ങളുണ്ടായിരുന്നു. ഇവിടെ ബോംബെയിൽ അങ്ങിനെയൊന്നുമില്ല.

വിനോദിന്റെ ഒപ്പം നടക്കാൻ അവൾ ഇഷ്ടപ്പെട്ടതും അയാളുടെ സംസാരം കാരണമായിരുന്നു. താൻ ചൈനാനിയുടെ ജോലിയിലാണ്. പക്ഷേ എന്താണ് തന്റെ ജോലിയെന്ന് അവൾക്കിതുവരെ മനസ്സി ലായിട്ടില്ല. പുതിയ ഫിലിമിന്റെ ഷൂട്ടിങ് എന്നാണ് തുടങ്ങുകയെന്ന് ആർക്കും അറിയില്ല. സുനിലിനു പോലും. പക്ഷേ എല്ലാവരും അതിനെപ്പറ്റി തന്നെയാണ് സംസാരിക്കുന്നത്. മാധ്യമങ്ങൾ സ്‌കൂപ്പുകൾ എഴുതിയുണ്ടാക്കുന്നു. അതിലെ നായ കന്മാരെപ്പറ്റി, നായികയാരാണെന്നതിനെപ്പറ്റി. ഒരു മാസം മുമ്പു വരെ നായിക ആരായിരിക്കുമെന്നതിനെപ്പറ്റി സംശയമേയുണ്ടായിരുന്നില്ല. സുനന്ദ ഒരു സ്വീകരിക്കപ്പെട്ട യാഥാർത്ഥ്യമായിരുന്നു. പക്ഷേ ഇന്ന് പത്രങ്ങൾ അപർണ്ണ യുടെ പേർ കൂടി ഒപ്പം ചേർക്കുന്നു. അവളുമായി ഇന്റർവ്യൂ നടത്തുന്നു. ചിലപ്പോൾ അവൾക്കു തോന്നാറുണ്ട് തന്നെ പെട്ടെന്നൊരു ദിവസം നായികയാക്കാൻ ചൈനാനി തയ്യാറെടുക്കുകയാണെന്ന്. പത്രങ്ങളിലുള്ള വാർത്തകളും അഭിമുഖങ്ങളും എല്ലാം അദ്ദേഹം പണം ചെലവാക്കി ചെയ്യിക്കുന്നതാണെന്ന്. ഒരു ദിവസം കൊണ്ട് ഒരു നായികയെ സൃഷ്ടിക്കാൻ കഴിവുള്ള ആളാണ് നിതിൻ ചൈനാനി.

‘നമുക്ക് എന്തെങ്കിലും കഴിച്ചാലോ?’ വിനോദ് ചോദിച്ചു.

‘ശരി’. അവൾ പറഞ്ഞു. അവൾക്കു ശരിക്കും വിശക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സമയത്തു മുഴുവൻ അവൾ അയാളെ കാത്തുനിൽക്കുകയായിരുന്നു. സുനന്ദ ഉണ്ടായിരുന്നില്ല. സുനന്ദയുടെ ഷൂട്ടിങ് നാളെയാണ്. ജുഹു ബീച്ചിൽ. എന്തായാലും പോകണം. അവരുമായി ഒരു നേരിടൽ ഇതുവരെ ഉണ്ടായിട്ടില്ല. ദൂരെനിന്നു കാണും. അവർ വളരെ തിരക്കു പിടിച്ച നടിയാണ്. പോരാത്തതിന് സുനന്ദ, തന്നെ ഒഴിവാക്കാൻ ശ്രമിക്കയാണെന്ന് അവൾക്കു തോന്നുകയും ചെയ്തിരുന്നു. പത്രങ്ങളാണ് ഉത്തരവാദികൾ. തന്റെയും സുനന്ദയുടെയും പേരുകൾ ചേർത്ത് സ്‌കൂപ്പുണ്ടാക്കുന്നവർ. ചൈനാനിയുടെ പുതിയ പെൺകുട്ടിയെന്ന പദവി അവരാണ് തനിക്കു നൽകിയത്.

വിനോദ് കാർ നിർത്തി. ലിങ്ക് റോഡിലെ റെസ്റ്റോറണ്ടിൽ തിരക്കു കുറവായിരുന്നു.

ചെമ്മീൻ കട്‌ലറ്റും കാപ്പിയും ഓർഡർ ചെയ്ത് വിനോദ് ചാഞ്ഞിരുന്നു.

‘ഒരു തിരക്കുമില്ല.’ അയാൾ പറഞ്ഞു. ‘എനിക്കീ സ്ഥലമിഷ്ടമാവാൻ കാരണമതാണ്. ഒരു പെൺകുട്ടിയെ കൊണ്ടു വരാൻ പറ്റിയ സ്ഥലം.’

‘ശരിയാണ്.’ അവൾ പറഞ്ഞു. പക്ഷേ അവൾ ആലോചിക്കുകയായിരുന്നു. ഒരു സാധാരണക്കാരന് പക്ഷേ ബില്ല് കൊടുക്കണമെങ്കിൽ പെൺകുട്ടിയെ അവിടെ വിൽക്കേണ്ടിവരും. കഴുത്തറക്കുന്ന സ്ഥലം.

‘ഞാനൊന്ന് ചോദിക്കട്ടെ?’

ചോദിച്ചുകൊള്ളൂ എന്ന മട്ടിൽ വിനോദ് ഇരുന്നു. അയാൾ സിഗരറ്റ് വലിക്കില്ലെന്നത് ആശ്വാസകരമായി തോന്നി അവൾക്ക്. ഫോട്ടോഗ്രാഫറുടെ ഒപ്പം സ്റ്റുഡിയോവിൽ ഒരു മണിക്കൂർ ചെലവാക്കിയതിന് അവൾ ഒരാഴ്ച കഷ്ട പ്പെട്ടിരുന്നു. തൊണ്ട വേദനയും പനിയും. സുനിൽ വല്ലപ്പോഴുമേ സിഗരറ്റു വലിക്കാറുള്ളൂ.

‘ചൈനാനിയുടെ പുതിയ പ്രൊഡക്ഷനിൽ എത്ര നായികമാരുണ്ട്?’

‘നായികമാരോ? നിതിൻ എന്നോട് പുതിയ പ്രൊഡക്ഷന്റെ കാര്യം ഡിസ്‌ക്കസ്സ് ചെയ്തിട്ടേയില്ല.’

നുണ. അപർണ്ണ മനസ്സിൽ കരുതി. വിനോദിനോട് സംസാരിക്കാതെ ചൈനാനി സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യില്ല. ഇയ്യാൾ ഒരു കട്ടിയാണ്. എന്തെങ്കിലും കാര്യങ്ങൾ അയാളിൽനിന്ന് കിട്ടണമെങ്കിൽ കുറച്ചദ്ധ്വാനി ക്കണം.

‘അപ്പോൾ പത്രങ്ങൾ എഴുതിക്കൂട്ടുന്നതോ? എവിടുന്നാണ് അവർക്ക് ഈ വിവരങ്ങൾ കിട്ടുന്നത്?’

‘പത്രങ്ങൾക്ക് എന്തൊക്കെയാണ് എഴുതാൻ വയ്യാത്തത്?’

ശരിയാണ്. പത്രങ്ങൾ എഴുതുന്നതൊക്കെ ശരിയാണെങ്കിൽ സിനിമാ ലോകം കാൽകുത്താൻ കൊള്ളാത്ത ഒരിടമാ കണം. അങ്ങിനെയല്ല എന്നാണവളുടെ ഇതുവരെയുള്ള അനുഭവം.

ചെമ്മീൻ കട്‌ലറ്റ് നന്നായിരുന്നു. നല്ല സാധനങ്ങൾക്ക് നല്ല വിലയും കൊടുക്കണം. അവൾ കരുതി. പക്ഷേ ഗുണ മേന്മയും വിലയുമായി അവശ്യം വേണ്ട അനുപാതമല്ലാ ഈ റസ്റ്റോറണ്ടിൽ. കാപ്പി കുടിച്ചു കൊണ്ടിരിക്കെ വിനോദ് ചോദിച്ചു.

‘ആർ യു ഫ്രീ ദിസ് വീക്കെന്റ്?’

‘ഈ ശനിയാഴ്ചയോ?’

‘അതെ...’

‘അങ്ക്ൾ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽത്തന്നെ അതു മാറ്റാം. അങ്ക്ൾ വളരെ ഫ്‌ളെക്‌സിബ്ൾ ആണ്... എന്തേ?’

‘നമുക്ക് ടാജിൽ ഡിന്നറിനു പോകാം.’

‘ടാജിൽ?’ പെട്ടെന്നവളുടെ ശബ്ദം ഉയർന്നത് അവളെത്തന്നെ വിഷമിപ്പിച്ചു. അതവൾ പ്രതീക്ഷിച്ചതല്ല. സിനിമാ ലോകത്ത് അദ്ഭുതങ്ങളൊന്നുമില്ലെന്നും അതുകൊണ്ട് എന്തുതന്നെ കണ്ടാലും കേട്ടാലും അദ്ഭുതം നടിക്കരുതെന്നും അവൾ മനസ്സിലാക്കിയിരുന്നു. ഒരുപക്ഷേ തന്റെ ശബ്ദത്തിലെ ഉത്തേജനം വിനോദ് മനസ്സിലാക്കിയിരിക്കണം. അയാൾ പറഞ്ഞു.

‘അതെ, ടാജിൽത്തന്നെ.’

‘എനിക്കൊന്ന് ആലോചിക്കണം.’ അവൾ പറഞ്ഞു.

‘ശരി പത്തു സെക്കന്റു തന്നിരിക്കുന്നു.’ വിനോദ് വാച്ചു നോക്കിക്കൊണ്ട് പറഞ്ഞു. അയാൾ ധരിച്ചിരിക്കുന്നത് ഒരു റാഡോ വാച്ചായിരുന്നു.

‘യു ഹാവെ റാഡോ ഓൺ യുവർ റിസ്റ്റ്.’

വിനോദ് ചിരിച്ചു. അയാൾ എണ്ണുകയായിരുന്നു. ‘നാല്, മൂന്ന്, രണ്ട്...’

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ശരി, സമ്മതിച്ചു.’

‘ഞാൻ നിന്നെ വീട്ടിൽനിന്ന് ഏഴുമണിക്ക് പിക്കപ്പു ചെയ്യാം.’

അയാൾ കൈയ്യുയർത്തി വെയ്റ്ററെ വിളിച്ചുകൊണ്ട് പറഞ്ഞു. ‘ചെക്...’

അയാൾ ഒരു നൂറിന്റെ നോട്ട് ബില്ലിന്റെ ഒപ്പം വെച്ചുകൊണ്ട് എഴുന്നേറ്റു. ‘കീപ് ദ ചേയ്ഞ്ച്.’