close
Sayahna Sayahna
Search

Difference between revisions of "അയനങ്ങള്‍: ഏഴ്"


(Created page with "{{EHK/Ayanangal}} {{EHK/AyanangalBox}} ചൈനാനിയെ കാണണമെന്ന സന്ദേശം കിട്ടിയപ്പോൾ അപർണ്ണ പ...")
 
(No difference)

Latest revision as of 12:30, 18 May 2014

അയനങ്ങള്‍: ഏഴ്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

ചൈനാനിയെ കാണണമെന്ന സന്ദേശം കിട്ടിയപ്പോൾ അപർണ്ണ പരിഭ്രമിച്ചു. അദ്ദേഹം നേരിട്ട് വിളിക്കുകയല്ല ചെയ്തത്. അദ്ദേഹത്തിന്റെ പി.എ. ആണ് വിളിച്ചത്. ‘ചൈനാനി സാബിനെ നാളെ രാവിലെ കാണണമെന്നു പറഞ്ഞു. കൃത്യം പത്തു മണിക്ക്.’

തന്നെ ജോലിക്കു നിയമിച്ചശേഷം ആദ്യമായാണ് ചൈനാനി വിളിക്കുന്നത്. അവൾ രണ്ടുതവണ ഓഫീസിൽ പോയെങ്കിലും അദ്ദേഹത്തെ കാണാൻ പറ്റിയില്ല. പുതിയ പ്രൊഡക്ഷന്റെ ജോലി തുടങ്ങിയാൽ വിളിക്കാമെന്നും, അതുടനെത്തന്നെ ഉണ്ടാവുമെന്നും പറഞ്ഞു. അതിനിടയ്ക്ക് ഷൂട്ടിങ് നടക്കുന്നിടത്ത് പോയി ഒരു പരിചയമുണ്ടാക്കു വാനും നിർദ്ദേശം തന്നു. അങ്ങിനെയാണ് ഡയറക്ടർ വിനോദിനെ പരിചയപ്പെടുന്നത്. പരിചയപ്പെടുത്തിയത് സുനിൽതന്നെയായിരുന്നു. അതു നന്നായെന്ന് അവൾ ഓർത്തു. ഇപ്പോൾ ഷൂട്ടിങ്ങിന്റെ പ്രശ്‌നങ്ങളെന്തെല്ലാമാണെന്ന് അവൾക്കറിയാം. ഒരവസരം കിട്ടുമ്പോൾ വിഷമമില്ലാതെ തുടങ്ങുകയും ചെയ്യാം.

ടാക്‌സി ഡ്രൈവറോട് കാത്തുനിൽക്കാൻ പറഞ്ഞ് അപർണ്ണ ഓഫീസിലേയ്ക്കു നടന്നു. അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ചൈനാനിയുടെ മുറിയുടെ വാതിലിന്റെ ഇടത്തു വശത്തുള്ള ചില്ലിട്ട മുറിയിൽ അദ്ദേഹത്തിന്റെ പി.എ. ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു വയസ്സായിട്ടുണ്ടാകുമെങ്കിലും സുന്ദരിയാണ് അവർ. നാല്പത് നാൽപത്തഞ്ചു വയസ്സു പ്രായമായിട്ടുണ്ടാവും. ചൈനാനിയുടെ സ്വകാര്യ ജീവിതത്തിന്റെ സൂക്ഷിപ്പുകാരി യാണെന്നാണ് അവരെപ്പറ്റി പറയാറെന്ന് സുനിൽ സൂചിപ്പിച്ചിരുന്നു. അപർണ്ണയെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു.

‘അപർണ്ണാജീ, ഒരു മിനിറ്റ് ഇരിക്കു, ഞാൻ നിതിൻ സാബിനെ അറിയിക്കാം.’

എതിർവശത്തിട്ട സോഫയിൽ അപർണ്ണ ഇരുന്നു. റിസപ്ഷ്‌നിസ്റ്റ് ഇന്റർകോമിൽ ചൈനാനിയുമായി സംസാരി ക്കുകയാണ്. ഫോൺ വച്ച് അവൾ അപർണ്ണയോട് പറഞ്ഞു.

‘അപർണ്ണാജി, നിതിൻ സാബ് കാത്തിരിക്കുന്നുണ്ട്.’

അപർണ്ണ എഴുന്നേറ്റു പുറത്തു കടന്നു, നേരെ പോയി ചൈനാനിയുടെ വാതിലിന്മേൽ മുട്ടി.

‘കമിൻ.’

മുറിയുടെ വാതിലിന്റെ ഉരുണ്ട പിടിയിൽ അമർത്തുന്ന കൈ വിറയ്ക്കുന്നുന്നതവൾ അറിഞ്ഞു.

ചൈനാനി എഴുന്നേറ്റു വന്നു അവൾക്ക് കൈകൊടുത്തു, ഇരിക്കാനുള്ള കസേല നീക്കിയിട്ടു.

‘ഇരിക്കൂ.’

അവൾ ഇരുന്ന് അവളുടെ ഹാന്റബാഗ് അടുത്ത കസേലയിൽ വച്ചു.

‘സിനിമയെടുക്കുന്നതിനെപ്പറ്റി ഒരു ഏകദേശരൂപം കിട്ടിയോ?’

‘ഞാൻ ഷൂട്ടിങ്ങിന് പോകാറുണ്ട്. ഇറ്റീസ് വെരി ഇന്ററസ്റ്റിങ്.’

‘ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്. സിനിമയിൽ അത് വളരെ പ്രധാനമാണ്. നിന്റെ കാരിയറിനെ സംബന്ധിക്കുന്നതാണ്. നിനക്ക് സിനിമാലോകത്ത് ഉയർന്നൊരു സ്ഥാനമാണ് കിട്ടേണ്ടതെങ്കിൽ അത് പെട്ടെന്നുണ്ടാക്കുകയാണ് വേണ്ടത്. സ്റ്റാർട്ട് വിഥെ ബിഗ് ബാങ്. അതിനുള്ള കാര്യങ്ങൾ ഞാൻ നോക്കുന്നുണ്ട്. പിന്നെ നീ നാലു സിനിമാ മാസികകൾക്ക് ഇന്റർവ്യൂ കൊടുത്തതായി അറിയുന്നു. അതു വേണ്ട. ഇന്റർവ്യൂവിന്റെ കാര്യങ്ങളെ ല്ലാം നോക്കാൻ എനിക്കൊരു പബ്ലിക് റിലേഷൻസ് ഓഫീസർ ഉണ്ട്. മദൻ സിങ്ങ്.’

ചൈനാനി ഇന്റർകോം അമർത്തി.

‘ആസ്‌ക് മദൻ ടു മീറ്റ് മി.’

‘യെസ്സേർ...’ ഇന്റർകോമിൽ റിസപ്ഷനിസ്റ്റിന്റെ പതിഞ്ഞ ശബ്ദം കേട്ടു.

ഈ കാര്യത്തിൽ മദൻ നിന്നെ സഹായിക്കും. അയാൾ പറയുന്ന റിപ്പോർട്ടർമാർക്കുമാത്രം ഇന്റർവ്യൂ കൊടുത്താൽ മതി. സംസാരിക്കേണ്ട കാര്യങ്ങളും മദൻ പറഞ്ഞുതരും. ഒരു കാര്യം നീ മനസ്സിലാക്കണം, ഇതെല്ലാം പബ്ലിസിറ്റിയുടെ ഭാഗമാണ്. നീ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഒരു താരത്തെ ഉണ്ടാക്കിയെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഇതെല്ലാം.

വാതിൽക്കൽ മുട്ട്.

‘കമിൻ.’

ഒരു മധ്യവയസ്‌കൻ അകത്തു കടന്നു. അവൾ ഒരു സർദാറിനെയാണ് പ്രതീക്ഷിച്ചത്. താടിയില്ലാത്തതുകൊണ്ട് അയാൾ യു.പി.ക്കാരനായിരിക്കുമെന്നവൾ കരുതി.

‘മോർണിങ് നിതിൻജി.’

‘മോണിങ് മദൻ. ഇരിക്കു. ഇത് അപർണ്ണ. പുതിയ നടിയാണ്. നമ്മുടെ പുതിയ മെഗാപ്രൊഡക്ഷനിലേയ്ക്ക് എടുത്തതാണ്. പബ്ലിസിറ്റിയുടെ കാര്യം നോക്കണം. നാലഞ്ച് സ്‌കൂപ്പുകൾ വന്നു കഴിഞ്ഞു. ഇനി സൂക്ഷിക്കണം. പരിചയമില്ലാത്ത കുട്ടിയാണ്.’

‘യെസ്സേർ.’

‘ഇവളോട് വിനോദിനോടൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രൊഡക്ഷന്റെ വർക്ക് തുടങ്ങാൻ കുറച്ചു കൂടി താമസമുണ്ടെന്നറിയാമല്ലൊ.’

‘ശരി സർ.’

‘ശരി, പൊയ്‌ക്കോളൂ.’

മദൻ സിങ്ങ് എഴുന്നേറ്റു പോയി.

‘അപർണ്ണയ്ക്ക് ഡ്രൈവിങ് അറിയാമോ?’ ചൈനാനി ചോദിച്ചു.

‘അറിയാം സർ.’

‘ഞാൻ ഒരു ഫിയാറ്റ് കാർ ഏർപ്പാടാക്കാം. സ്വന്തം കാർ വാങ്ങാറാകുന്നവരെ അതുപയോഗിക്കാം. ഇന്റർവ്യൂവി ലൂടെയും സിനിമയിലൂടെയുമല്ലാത്ത എക്‌സ്‌പോഷർ കഴിയുന്നതും കുറക്കുക. നിങ്ങൾ ഒരു ചോസൻ വൺ ആണെന്ന പ്രതീതിയുണ്ടാക്കണം. മനസ്സിലായോ.’

‘മനസ്സിലായി.’

‘ശരി, പൊയ്‌ക്കോളു.’

തിരിച്ച് ടാക്‌സിയിൽ മടങ്ങുമ്പോൾ ടാക്‌സിക്കാരൻ പറഞ്ഞു.

‘ചൈനാനി സാബിന്റെ പുതിയ പടം വരുന്നുണ്ട്. രണ്ടു കോടിയാണത്രെ ചെലവ്. മൂന്നു ഹീറോവും. ചൈനാനി സാബിന്റെ പടം ഹിറ്റാവും.’

നോക്കിക്കോ. അപർണ്ണ വിചാരിച്ചു. പടം പുറത്തിറങ്ങുമ്പോൾ മൂന്ന് നായകന്മാരുടെ ഒപ്പം നായികയായി അഭിനയി ക്കുന്നത് ഒരു ദിവസം നിന്റെ ടാക്‌സിയിൽ സാന്താക്രൂസിൽനിന്ന് വില്ലെ പാർലെ എയ്ത്ത് റോഡിലേയ്ക്ക് യാത്ര ചെയ്ത അപർണ്ണ യെന്ന പെൺകുട്ടിയായിരിക്കും. അപ്പോൾ അയാൾ ഓർക്കുമോ ആവോ.