close
Sayahna Sayahna
Search

Difference between revisions of "ഇരുപത്തിരണ്ടാം ദിവസം"


(Created page with "{{EHK/EngineDriver}} {{EHK/EngineDriverBox}} എഞ്ചിന്‍ ഡ്രൈവറില്ലാത്ത ദിവസങ്ങള്‍ക്ക് തയ്യാറ...")
 
(No difference)

Latest revision as of 07:39, 17 May 2014

ഇരുപത്തിരണ്ടാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

എഞ്ചിന്‍ ഡ്രൈവറില്ലാത്ത ദിവസങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തേണ്ടി­യിരിക്കുന്നു. നാന്‍സി ആലോചിച്ചു. അതുകൊണ്ട് വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ അവള്‍ അമ്പലത്തില്‍ കയറി. പ്രദക്ഷിണം വച്ച് ശ്രീകോവിലില്‍ എത്തിയ­പ്പോഴാണ് മനസ്സിലായത്. ചെറുപ്പക്കാരന്‍ ശാന്തിക്കാരനു പകരം ഒരു വയസ്സന്‍ നമ്പൂതിരിയാണ് പ്രസാദം തരുന്നത്. അതു വാങ്ങി ശ്രീകോവിലിനു­ള്ളിലേയ്ക്കുതന്നെ എറിയാനാണ് തോന്നിയത്. ദൈവമേ നീയും എന്നെ കൈവെടിഞ്ഞോ എന്നു വിലപിച്ചുകൊണ്ട് അവള്‍ പുറത്തിറങ്ങി. ഇക്കണക്കിന് പള്ളിയിലും പോയിട്ടു കാര്യമുണ്ടാവില്ല എന്നവള്‍ക്കു തോന്നി. സുരേഷ്‌­ഗോപിയുടെ ഛായയുള്ള വലിയിടത്തച്ചനു പകരം പത്തെണ്‍പതു വയസ്സു പ്രായമുള്ള വല്ല അച്ചന്മാരായിരിക്കും അവിടെ തന്നെ സ്വീകരിക്കുക. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊ­ക്കെയാവുമ്പോള്‍ ഒരാള്‍ക്ക് എത്രകാലം ദൈവവി­ശ്വാസിയായി തുടരാന്‍ പറ്റും? വണ്ടി വരുന്നു­ണ്ടായിരുന്നു. ദൈവനന്മ­യിലുള്ള വിശ്വാസം പാടെ തകര്‍ന്നതിനാല്‍ അവള്‍ എഞ്ചിന്‍ മുറിയിലേയ്ക്കു നോക്കിയതു തന്നെയില്ല. കഴിഞ്ഞ ശനിയാഴ്ച കണ്ടപോലെ വല്ല കിഴവന്മാരും നരച്ച താടിയും ചൊറിഞ്ഞുകൊണ്ട് പുറത്തേയ്ക്കു തലയിട്ടു നില്‍ക്കുന്നുണ്ടാവും. അതു കാണാന്‍ വയ്യ. പക്ഷേ കണ്ണുകള്‍ തന്റെ ആജ്ഞ പാലിക്കാതെ എഞ്ചിന്‍ റൂമിലേയ്ക്കു തന്നെ പോയി. അവിടെ മോന്തയും പുറത്തേയ്ക്കിട്ട് ഇളിച്ചു കൊണ്ട്...

അല്ലാ, ഇതു നമ്മുടെ എഞ്ചിന്‍ ഡ്രൈവറല്ലേ?

അവള്‍ ഗൗരവത്തോടെ തലവെട്ടിച്ച് പിന്നിലുള്ള കമ്പാര്‍ട്ടു­മെന്റില്‍ കയറി. അന്താക്ഷരിയില്‍ അവള്‍ തുടര്‍ച്ചയായി ജയിച്ചത് കൂട്ടുകാരികളെ അദ്ഭുതപ്പെടുത്തി. ‘തനിക്കിന്നെന്തു പയറ്റിയെടോ?’ അവര്‍ അന്വേഷിക്കുന്നു.

വീണ്ടും വസന്തം. നാന്‍സി ആലോചിച്ചു. വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതന്‍. ഞാന്‍ പറഞ്ഞില്ലേ? എനിക്ക് കവിതയെഴുതാന്‍ കഴിയും.