close
Sayahna Sayahna
Search

Difference between revisions of "കൊച്ചമ്പ്രാട്ടി: പന്ത്രണ്ട്"


(Created page with "{{EHK/Kochambratti}} {{EHK/KochambrattiBox}} പത്തായപ്പുരയുടെ മുകളിലെ മുറിയിൽ വിജയൻ മേനോൻ പു...")
 
(No difference)

Latest revision as of 04:26, 18 May 2014

കൊച്ചമ്പ്രാട്ടി: പന്ത്രണ്ട്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

പത്തായപ്പുരയുടെ മുകളിലെ മുറിയിൽ വിജയൻ മേനോൻ പുറത്തേയ്ക്കു നോക്കി കിടക്കുകയാണ്. ജനലിന്റെ ചട്ടക്കൂട്ടിലൂടെ വന്നിരുന്ന ദിവസത്തിന്റെ അവസാനത്തെ ചിത്രവും മങ്ങി മായ്ക്കപ്പെട്ടു. ഇനി അവിടെ കാറ്റിൽ ഊഞ്ഞാലാടുന്ന കവുങ്ങിൻ പൂങ്കുലകളോ മാവിൻ ചില്ലകളിൽ വന്നിരുന്ന് പ്രസംഗിക്കുന്ന നെടുവാലൻ പക്ഷികളോ ഇല്ല. അത് അഴികളിട്ട കറുപ്പിന്റെ ചതുരം മാത്രം. അതിലൂടെ നോക്കിക്കിടക്കുമ്പോൾ ചിത്രങ്ങൾക്കു പകരം ഓർമ്മകൾ കടന്നുവന്ന് ശല്യപ്പെടുത്തുന്നു. പലതും മധുരമുള്ളവയാണെന്ന കാര്യം ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ വേദന തരുന്നു. ഇപ്പോൾ കട്ടിലിന്റെ തലയ്ക്കൽ തലയിണ വച്ച് ചാരിയിരിക്കാം. അത്യാവശ്യം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാം. രണ്ടു ചാൽ മാത്രം. അതിൽ കൂടുതലായാൽ വേദന തിന്നേണ്ടിവരും. വയറിനു മീതെയാണ് വേദന. അതു കഴിഞ്ഞാൽ ആകെ കുഴയുന്നപോലെ തോന്നും. കരൾ ഏകദേശം പോയ മട്ടാണ്. ‘ദിവസും ആട്ടിൻ കരള് കഴിക്കണം.’ വൈദ്യർ പറയുന്നതാണ്. പാറുവിനോടക്കാര്യം പറഞ്ഞിട്ടില്ല. അവൾ മൂന്നു നേരം കോണി കയറി വരാറുണ്ട്. രാവിലെ വെറും ചായ തരാൻ. അപ്പോൾ കഷായവും കൊണ്ടുവരുന്നു. കോണികയറി വന്നാൽ കുറച്ചുനേരം നിന്ന് കിതയ്ക്കുന്നത് കാണാം. എന്താ വയ്യേ എന്ന് അയാ ൾ ചോദിക്കുന്നില്ല. ചോദിച്ചിട്ടെന്തു കാര്യം. മരുമകൾ ഇനി മുകളിലേയ്ക്കു വരില്ലെന്നുറപ്പാണ്. അതിനെപ്പറ്റി ആലോചിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ആ ഓർമ്മകളെ അയാൾ പെട്ടിയിലിട്ടു പൂട്ടിയിരിക്കയാണ്. ഒരു കൈത്തെറ്റാണത്. മാപ്പ്.

പന്ത്രണ്ടു മണിയോടെ കഞ്ഞിയും ചുട്ട പപ്പടമോ നാളികേരച്ചമ്മന്തിയോ ആയി പാറു വീണ്ടും വരുന്നു. ഓവറയിൽ രണ്ടു ബക്കറ്റ് വെള്ളം താങ്ങിക്കൊണ്ടുവന്ന് നിറയ്ക്കുന്നു. കഷ്ടമാണ് കാര്യം. നല്ല കാലത്ത് ഓവറയിൽ ഒരു കമ്മോഡുണ്ടാക്കിയതുകൊണ്ട് പ്രഭാതകർമ്മങ്ങൾക്ക് ആരെയും കഷ്ടപ്പെടുത്തേണ്ടി വന്നിട്ടില്ല ഇത്രയും കാലം. ഏട്ടന് താഴെ വീട്ടിൽ കിടന്നുകൂടെ എന്ന് പാറു ചോദിക്കുന്നുണ്ട്. വരട്ടെ എന്നു പറയുകയാണയാൾ. ആരെയാണ് താൻ ഭയപ്പെടുന്നത്? പദ്മിനിയെയാണോ. അതോ മച്ചിൽ കുടിയിരുത്തിയ പരദേവതകളെയാണോ? അവർ പ്രതികാരദാഹവുമായി ചോരയിറ്റു വീഴുന്ന നാവുമായി വരുമെന്ന ഭയമാണോ? അതോ തന്റെ പൂർവ്വീകരെയോ? വർഷങ്ങളായി കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോൾ അയാൾ അവരെ ഓർത്തില്ല. എന്തു തന്നെയായാലും ദിവസങ്ങൾക്കുള്ളിൽ അയാൾക്ക് അവരുടെ ഇടയിലേയ്ക്ക് കടന്നു ചെല്ലേണ്ടി വരുമെന്നറിയാം. ഓരോ ദിവസവും ഇന്നലെത്തെക്കാൾ മോശമാണ്. എഴുന്നേൽക്കാൻ പറ്റാത്ത ഒരവസ്ഥയിൽ തന്നെ താങ്ങാൻ ആരുമുണ്ടാവില്ലെന്ന് അയാൾക്കറിയാം. താങ്ങേണ്ടവരെ ആദ്യമെ വെറുപ്പിച്ചു.

വസുമതി ഒരിക്കൽ മാത്രമാണ് കാണാൻ വന്നത്. മക്കളെയും കൂട്ടി അവൾ ഒരതിഥിയെപ്പോലെ വന്ന് കട്ടിലിന്റെ അരികിലിട്ട സ്റ്റൂളിൽ ഇരുന്നു. മക്കൾ മൂന്നുപേരും അമ്മയ്ക്കു ചുറ്റും നിന്ന് ഏതോ ഒരദ്ഭുതജീവിയെ കാണുംപോലെ അച്ഛനെ നോക്കി. വരൂ എന്നു പറഞ്ഞ് നീട്ടിയ കൈ പ്രതികരണമില്ലാതെ താനെ പിൻവലിക്കേണ്ടിവന്നു. കുട്ടികളോട് അച്ഛന്റെ അടുത്തു ചെല്ലാൻ വസുമതിയും ആവശ്യപ്പെട്ടില്ല. അവൾ സാധാരണ ചെയ്യാറുള്ളപോലെ അറിയാത്ത മട്ടിൽ സാരി താഴോട്ടിട്ട് അവളുടെ സൗകുമാര്യം കാട്ടി തന്നെ പ്രലോഭിപ്പിക്കുകയാണ്. അവൾ കുറച്ചു തടിച്ചിട്ടുണ്ട്. മുലകൾ ബ്ലൗസിന്റെ മുകളിലെ വേലി ചാടിക്കടക്കാൻ തയ്യാറെടുക്കുകയാണ്. എന്തിനാണവൾ അതു കാട്ടിത്തരുന്നത്? നഷ്ടസൗഭാഗ്യങ്ങൾ ഓർമ്മിപ്പിച്ച് തന്റെ അവസ്ഥ കൂടുതൽ ശോചനീയമാക്കാനാണോ? കുട്ടികൾ കോണിപ്പടികളിൽ ശബ്ദമുണ്ടാക്കി താഴോട്ടിറങ്ങിപ്പോയപ്പോൾ അയാൾ കിടക്കയിൽ അവൾക്കിരിക്കാൻ സ്ഥലമുണ്ടാക്കിക്കൊണ്ട് പറഞ്ഞു.

‘വസുമതി ഇങ്ങോട്ടിരിക്കു.’

അവൾ തലകുലുക്കി. ‘വേണ്ട, അസുഖൊക്കെ മാറട്ടെ.’

‘നെണക്ക് സുഖംല്ലെ?’

വസുമതി മുളി.

‘ഇവിടെ നോക്കാൻ ആളില്ലാഞ്ഞിട്ട്ള്ള വെഷമം നല്ലോംണ്ട്. പാറുന് കോണി കേറാനൊക്കെ നല്ല വെഷമാ.’

‘പണിക്കാരത്തില്ല്യേ?’

‘അവള് പോയി. ഇപ്പ ആരുംല്ല്യ. നെലൂം പറമ്പും ഒന്നുംല്ല്യാത്തോരെ ആർക്ക് വേണം?’

അസുഖകരമായ ഒരോർമ്മ തുടച്ചുകളയാനെന്നപോലെ അയാൾ നെറ്റിമേൽ തലോടി. ഓർക്കേണ്ടെന്നു കരുതിയാലും കുതിച്ചുവരുന്ന ഓർമ്മകൾ. കാര്യങ്ങൾ അനുകൂലമായിത്തന്നെ നിൽക്കുന്നുവെന്ന് തോന്നിപ്പിച്ച നാളുകളിലെ ഓർമ്മകൾ.

‘അപ്പൊ താഴത്ത് കെടക്കായിര്ന്നില്ല്യെ?’

അയാൾ ഒന്നും പറയാതെ കിടന്നു. അയാളുടെ മനസ്സിലിരിപ്പ് മനസ്സിലാക്കിയപോലെ വസുമതി പറയാൻ തുടങ്ങി.

‘അവിടെ ഏട്ടമ്മാര് സമ്മതിക്ക്യൊന്നുംല്ല്യ. എനിക്കാണെങ്കില് അവരെ പെണക്കാനൊന്നും പറ്റില്ല. എന്തെങ്കിലും ആവശ്യം വരുമ്പോ അവര്‌ടെ അടുത്ത് മാത്രെ ഓടിച്ചെല്ലാൻള്ളൂ.’

അവൾ ഭർത്താവിനെ കുറ്റപ്പെടുത്തുന്നില്ല. അവളുടെ പ്രശ് നം പറയുകമാത്രം. വിധിനിർണ്ണയത്തിന്നതീതമാണ് അവളുടെ പെരുമാറ്റം.

മക്കൾ പിന്നെ കയറി വന്നില്ല. അയാൾ അവരെ കാണണമെന്ന് ആവശ്യപ്പെട്ടുമില്ല. അവ ൾ എഴുന്നേറ്റു പോകുന്നതിനുമുമ്പ് തന്റെ കൈപിടിക്കുമെ ന്നും ആശ്വസിപ്പിക്കാനായി എന്തെങ്കിലും പറയുമെന്നും വിജയൻ മേനോൻ പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല.

‘ഞാൻ പോട്ടെ. ഇനി പോയി ട്ട് വേണം ചോറുംകൂട്ടാനും ഒക്കെണ്ടാക്കാൻ. രാവിലെ കൊ റച്ച് അയില കിട്ടീട്ട്ണ്ട്. അത് വറക്കാൻ പെരട്ടിവച്ചിട്ട്ണ്ട്.’

ശൂന്യമായ അവസ്ഥയിൽ ഒന്നും ആലോചിക്കാതെ, മനസ്സ് ശാന്തമായി വയ്ക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ കിടന്നു. താഴെ കുട്ടികളുടെ കോലാഹലം കേൾ ക്കാനുണ്ട്. ആ ശബ്ദങ്ങൾ അകന്നകന്നു പോയി, തന്റെ അവസാനത്തെ പ്രതീക്ഷകൾ കൊമ്പും കുഴലും വിളിച്ച് പടിയിറങ്ങുന്നതയാൾ ശ്രദ്ധിച്ചു. ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് ഒരു ഇരുണ്ട ഉൾക്കാഴ്ച യോടെ അയാൾ അറിഞ്ഞു. വൈദ്യരുടെ വാക്കുകളുടെ വിശ്വാസയോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനാണ് ഈ കയ്പ്പുള്ള കഷായം കുടിക്കുന്നത്? എന്തിനാണ് പാറുവിനെക്കൊണ്ട് ഇല്ലാത്ത പണം ചെലവാക്കി അതിനുള്ള മരുന്നുകൾ വാങ്ങിക്കുന്നത്? ഇല്ലാത്ത ആ രോഗ്യവും വച്ചുകൊണ്ടാണവൾ ഇതെല്ലാം ചെയ്യുന്നതും.

രാവിലെ ചായയുംകൊണ്ട് പാറുവമ്മ വന്നപ്പോൾ അയാൾ പറഞ്ഞു.

‘നീയാ അറുമുഖനോട് ഒന്ന് വരാൻ പറയണം.’

‘എന്തിനാ?’

‘എന്നെ ഒന്ന് പിടിക്കാനാണ്. താഴെ ഏതെങ്കിലും ഒരു മുറിയില് കെടക്കാം. നെന്റെ ഈ കോണികേറ്റം ഒഴിവാക്കാലോ. തെക്കേ മുറി മതി. അവിടീം കുളിമുറീം കക്കൂസുംണ്ടല്ലോ.’

പാറുവമ്മ ഒന്നും പറയാതിരുന്നപ്പോൾ അയാൾ ചോദിച്ചു.

‘എന്താ ആ മുറി ഉപയോഗിക്ക്ണ്‌ണ്ടോ?’

‘അതു സാരല്ല്യ. മോള് അവിട്യാ കെടക്ക്ണത്. സാരല്ല്യ, അവൾക്ക് എന്റെ ഒപ്പം കെടക്കാനെ ഉള്ളൂ.’

ഒരു മാസം മുമ്പാണ് പദ്മിനി അവളുടെ കിടയ്ക്ക എടുത്ത് ആ മുറിയിൽ കൊണ്ടുപോയി വച്ചത്. എന്തിനാണ് എന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു.

‘ഒറ്റയ്ക്ക് കെടക്കാൻ പഠിക്കട്ടെ അമ്മേ. എപ്പഴാ ഒറ്റയ്ക്ക് ജീവിക്കണ്ടി വര്വാന്നറീല്ലല്ലോ. അമ്മള്ളപ്പൊത്തന്നെ അതിന് തയ്യാറെടുക്ക്വല്ലെ നല്ലത്?’

‘എന്തിനാ ഒറ്റയ്ക്ക് ജീവിക്കണത്? നെന്റെ കല്യാണം കഴിയില്ലേ?’

അവൾ ചിരിച്ചു. ഇപ്പോഴായി അപൂർവ്വമായേ അവളുടെ മുഖത്തുനിന്ന് ചിരി വരാറുള്ളു. അതു വരുമ്പോഴാകട്ടെ വേണ്ടിയിരുന്നില്ലെന്നു പാറുവമ്മയ്ക്ക് തോന്നുകയും ചെയ്യും.

‘അമ്മേ, ഈ വീട്ടില് ഒരാള് കല്യാണം അന്വേഷിച്ച് വര്വാണെങ്കില് ഒന്നുകില് അയാള് ഒരു പൊട്ടനായരിക്കണം, അല്ലെങ്കില് അയാൾക്കെ ന്നോട് ദയ തോന്നീട്ടായിരിക്കും. രണ്ടു വിധത്തിലായാലും എനിക്കങ്ങനെ ഒരാളെ വേണ്ട.’

അവർ ഒന്നും പറയാതെ അടുക്കളയിൽ പോയി നിലത്ത് ചുമരും ചാരിയിരിക്കും. കണ്ണീർ വീണ് മേൽമുണ്ട് നനയും. അമ്മ കരയുകയാണെന്നു മനസ്സിലാവുമ്പോൾ പദ്മിനി ചെന്ന് മുട്ടുകുത്തിയിരുന്ന് അമ്മയുടെ മുഖം പിടിച്ചടുപ്പിക്കും.

‘എന്തിനാ അമ്മ കരേണത്?’

കോണിയിറങ്ങി വരുമ്പോൾ പാറുവമ്മ ഇതെല്ലാം വീണ്ടും ഓർത്തു. പതിനെട്ടു വയസ്സായി അവൾക്ക്. മകൾ പറഞ്ഞതിന്റെ പൊരുൾ അവർ എന്നും ഓർക്കുന്നു. അതിന്റെ നേര് അവരെ ഓരോ നിമിഷവും ഭയപ്പെടുത്തുന്നു, വേദനിപ്പിയ്ക്കുന്നു. പാറുവമ്മയുടെ കല്യാണം കഴിഞ്ഞത് പതിനാറാം വയസ്സിലാണ്. ആദ്യത്തെ കുട്ടി പ്രസവത്തിൽത്തന്നെ കഴിഞ്ഞുപോയി. പിന്നെ കുട്ടിയുണ്ടാവാൻ കുറെ താമസിച്ചു. വഴിപാടുകൾ നേരാത്ത അമ്പലങ്ങളില്ല, ചെയ്യാത്ത പൂജകളില്ല. എല്ലാം കഴിഞ്ഞ് വഴിപാടുകൾ മതിയാക്കി, പൂജകൾ നിർത്തി സ്വസ്ഥമായി ഇരിക്കാൻ തീർച്ചയാക്കിയപ്പോഴാണ് വലിയ കോലാഹലത്തോടെ പദ്മിനിയുടെ വരവുണ്ടായത്. സഹിക്കാൻ പറ്റാത്ത ഛർദ്ധി. അതും രാവിലെ മാത്രമൊന്നുമല്ല, പകൽ മുഴുവൻ. മിക്കവാറും കിടത്തം തന്നെയായിരുന്നു. മൂന്നു മാസം കാര്യമായി ഒന്നും കഴിക്കാൻതന്നെ പറ്റിയിരുന്നില്ല. അതു കഴിഞ്ഞപ്പോൾ എല്ലാം മാറി. ഭക്ഷണത്തിനു കൊതിയായി. തീറ്റതന്നെ തീറ്റ. അമ്മ പറയും, നീ അതിനെ ഇങ്ങനെ തടിപ്പിക്കണ്ട. പിന്നെ പൊറ ത്തു വരാൻ താമസിക്കും.

പറഞ്ഞ മാതിരിത്തന്നെ, പ്രസവം പ്രയാസമുള്ളതായിരുന്നു. നല്ല തടിയുള്ള കുട്ടി. ആ പ്രസവം കഴിഞ്ഞതോടുകൂടി പാറുവമ്മ മെലിയാൻ തുടങ്ങി. അങ്ങിനെ പെറ്റു വളർത്തിക്കൊണ്ടുവന്ന കുട്ടിയാണ് ഇപ്പോൾ കല്യാണമാവാതെ നിൽക്കുന്നത്. പതിനെട്ടേ ആയുള്ളുവെങ്കിലും നല്ല വളർച്ചയുള്ളതുകൊണ്ട് ഒരു ഇരുപതു വയസ്സെങ്കിലും തോന്നിയ്ക്കും.

അവർ പടിക്കൽ പോയി അറുമുഖനെ വിളിച്ചു. അവൻ ഓടിവന്നു.

‘എന്താ വല്ല്യമ്പ്രാട്ടീ?’

‘നീ പൊറത്ത് പോണേന്റെ മുമ്പെ ഒന്ന് ഇത്രേടം വരണം.’

‘ശരിമ്പ്രാട്ടീ.’

മുറി ഒഴിഞ്ഞുകൊടുക്കാൻ പദ്മിനിയ്ക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. ഉപയോഗിക്കാതെ കിടന്നിരുന്ന ആ മുറിയിൽ അവൾ അവളുടെതായ ഒരന്തരീക്ഷം ഉണ്ടാക്കിയിരുന്നു. ആദ്യം ചെയ്തത് രണ്ടു കൊല്ലം മുമ്പത്തെ മാതൃഭൂമി കലണ്ടർ ചുവരിൽ തൂങ്ങിയത് എടുത്തു കളയുകയായിരുന്നു. സമയത്തിന്റെ നിരർത്ഥകത അവൾ മനസ്സിലാക്കിയിരുന്നു. ഒരു മേശയുള്ളത് പോളിഷ് പോയി നരച്ചത് മറയ്ക്കാൻ പഴയ മുണ്ട് വിരിച്ചിട്ടു. ജനലിന്നടുത്തായതുകൊണ്ട് ധാരാളം വെളിച്ചമുണ്ടായിരുന്നു മേശപ്പുറത്ത്. വല്ലപ്പോഴും വായനശാലയിൽനിന്ന് അറുമുഖൻ കൊണ്ടുവന്നു തരുന്ന നോവലുകൾ അവിടെയിരുന്ന് വായിക്കാം. കിടയ്ക്കയിൽ അല്പം കീറിയതാണെങ്കിലും വൃത്തിയുള്ള ഒരു മുണ്ട് വിരിച്ചു. ആകെ അവളുടെ മനസ്സിനിണങ്ങുന്ന അന്തരീക്ഷം. അമ്മയുടെ മുറിയിൽ അവൾക്ക് പകൽ പെരുമാറാൻ തീരെ ഇഷ്ടമായിരുന്നില്ല. ചുമരിൽ ദേവന്മാരുടെയും ദേവതകളുടെയും ഫ്രെയിം ചെയ്ത പൗരാണിക ചിത്രങ്ങൾ. ഒരു കൊച്ചുമേശയുള്ളതിന്മേൽ രാമായണവും ഭാഗവതവും പഞ്ചാംഗവും അടുക്കിവച്ചിട്ടുണ്ട്. ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പിൽ വച്ച ഒരു ക്ലാവുപിടിച്ച തട്ടിൽ ഗണപതിയുടെ കൊച്ചു ലോഹവിഗ്രഹവും രണ്ടു ചെറിയ പാത്രത്തിൽ ഭസ്മവും കണ്ണെഴുത്തുമഷിയും. ഓർമ്മവച്ച കാലം തൊട്ട് ആ മുറി അങ്ങിനെയായിരുന്നു. മുറിയിലാകെ ഏതോ കുഴമ്പിന്റെ മണം ചൂഴ്ന്നുനിന്നു. അമ്മ കുഴമ്പൊന്നുമുപയോഗിക്കാറില്ല. അമ്മമ്മ കുഴമ്പു പുരട്ടി കുളിച്ചിരുന്നു. അമ്മമ്മ മരിച്ചിട്ട് വർഷങ്ങളേറെ കടന്നുപോയിട്ടും ആ മണം വിട്ടുപോകാൻ മടിച്ച് നിൽക്കുകയാണ്.

അവൾ അർദ്ധസമ്മതത്തോടെ മുളി.

കോണിയിറങ്ങാനേ സഹായമാവശ്യമുണ്ടായിരുന്നുള്ളു. അറുമുഖൻ തമ്പ്രാന്റെ കൈപിടിച്ചു നടത്തി. മുറ്റം മുറിച്ചുകടന്ന് തറവാട്ടിന്റെ ഉമ്മറത്തേയ്ക്കു കയറുന്ന പടി കയറിയപ്പോൾ അയാൾ പറഞ്ഞു.

‘ശരി അറുമുഖാ, ഇഞ്ഞി ഞാൻ ഒറ്റയ്ക്ക് പൊയ്‌ക്കോളാം. കൊറച്ച് നേരം ഈ ഉമ്മറത്ത് കസേലേല് ഒന്നിരുന്നു നോക്കട്ടെ.’

അറുമുഖൻ അയാളെ കൈപിടിച്ചു ഉമ്മറപ്പടി കയറ്റിയശേഷം നോക്കിനിൽക്കുന്ന പാറുവമ്മയോട് ചോദിച്ചു.

‘ഇനി എന്തെങ്കിലും ചെയ്യാണ്ടോ തമ്പ്രാട്ടീ?’

‘ഇല്ല മോനെ, നീ വന്നത് നന്നായി.’

അറുമുഖൻ ചിരിച്ചു. ഉമ്മറത്ത് കുറച്ചുനേരം ഇരിക്കട്ടെ എന്നു പറഞ്ഞത് അത്ര നല്ല ഉദ്ദേശ്യത്തോടുകൂടിയായിരുന്നില്ല എന്നത് വിജയൻ മേനോന്റെ മനസ്സാക്ഷിയെ നോവിപ്പിച്ചു. ഗാന്ധിജിയും കേളപ്പജിയും ഒക്കെക്കൂടി അയിത്തം ഇല്ലാതാക്കി. ശരി തന്നെ. അതു പക്ഷേ മനുഷ്യന്മാർക്കേ മനസ്സിലാവൂ. പടിഞ്ഞാറ്റയിൽ കുടിയിരുത്തിയ പരദേവതകൾക്ക് അതു മനസ്സിലായില്ലെന്നു വരും. എന്തിന് അവരെ എടങ്ങറിലാക്കുന്നു? വയറിൽ വേദന തുടങ്ങിയിരിക്കുന്നു. വേഗം കിടക്കുകതന്നെ വേണം. അയാൾ എഴുന്നേറ്റു.

തെക്കെ അറയിൽ തലയിണ ചാരിവച്ച് കിടക്കുമ്പോൾ നഷ്ടപ്പെട്ട കാഴ്ചകളെപ്പറ്റി ഓർക്കാതിരിക്കാൻ വിജയൻ മേനോന് കഴിഞ്ഞില്ല. വാലൻ പക്ഷിയും ആടുന്ന കവുങ്ങിൻ കുലകളും ആകാശത്തിന്റെ നീലക്കീറും അയാൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പുറത്ത് പടിഞ്ഞാറെ മുറ്റമാണ്. രാവിലെ അതിലൂടെ ചൂലുമെടുത്ത് നടന്നു വരുന്ന ദേവകിയെ മുമ്പ് അയാൾ പത്തായപ്പുരയുടെ മുകളിൽനിന്ന് ജനലിലൂടെ നോക്കിനിൽക്കാറുണ്ട്. നിമിഷങ്ങൾക്കകം അവൾ തന്റെ കരവലയത്തിലാവുമെന്ന അറിവ് അന്നെല്ലാം അയാളുടെ അരക്കെട്ടിൽ സുഖകരമായൊരു വേദന പകർന്നിരുന്നു. ദേവകി പത്തായപ്പുരയിലേയ്ക്കു കടന്നാൽ അയാൾ കോണിയുടെ താഴേയ്ക്ക് നോക്കി നിൽക്കും. ചുവട്ടിൽനിന്ന് അവൾ മുകളിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ട് കോണി കയറും. അവളുടെ കൈ പിടിച്ചുകൊണ്ട് അയാൾ കിടപ്പറയിലേയ്ക്ക് നടക്കും.

‘തമ്പ്രാന് ന്നെക്കിട്ടാൻ ത്ര പൂതിണ്ടോ?’

‘എന്താ പൂതില്ല്യാതെ? നീ അത്രയ്ക്ക് സുന്ദര്യല്ലെ?’

‘അപ്പ ഞാനൊരീസം വന്നില്ലെങ്കിലോ?’

‘ഞാൻ നെന്റെ വീട്ടീ വരും.’

ഒരിക്കൽ അതു സംഭവിക്കുകയും ചെയ്തു. വിജയൻ മേനോൻ ഓർത്തു. തന്നെ അവളുടെ വീട്ടുമുറ്റത്തു കണ്ടപ്പോൾ ദേവകിയ്ക്കുണ്ടായ പരിഭ്രമം.