close
Sayahna Sayahna
Search

ഡോക്ടർ ഗുറാമിയുടെ ആശുപത്രി


ഡോക്ടർ ഗുറാമിയുടെ ആശുപത്രി
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

Externallinkicon.gif കാനഡയില്‍നിന്നൊരു രാജകുമാരി


കുന്നിൻചരുവിലെ അരുവിയെപ്പറ്റി അയാൾ മകനു പറഞ്ഞു കൊടുത്തു. അവൻ ജനിക്കു­ന്നതിനു മുമ്പ് താൻ അമ്മയുമൊത്ത് അവിടെ പോയത്. മുട്ടുവരെ ആഴമുള്ള തെളിവെള്ളം. അടിയിൽ മഞ്ഞനിറത്തിൽ വൃത്തിയുള്ള മണൽ, ഉരുളൻ കല്ലുകൾ. ചിലയിടത്ത് കറുത്ത പാറകൾ. പാറക്കൂട്ട­ങ്ങൾക്കിടയിൽ നീന്തിക്കളിക്കുന്ന പരൽമീനുകൾ. അവയെ പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ വഴുതി വീണ് സാരി നനഞ്ഞത്.

ശിശുസഹജമായ കൗതുകത്തോടെ, ഇടയ്ക്കിടയ്ക്ക് ചെറുചോദ്യങ്ങൾ ചോദിച്ച് വിജു എല്ലാം കേട്ടിരുന്നു.

ഇത്ര ചെറിയ മത്സ്യങ്ങളോ?

അവൻ വിരലുകൾകൊണ്ട് വലുപ്പം കാണിച്ചു.

അതെ. രാമചന്ദ്രൻ പറഞ്ഞു. ചിലത് അതിലും വലിയവ.

വിജു ആലോചിക്കുകയാണ്. അരുവിയെപ്പറ്റി, മത്സ്യങ്ങളെപ്പറ്റി, ഒരു ചിത്രം മനസ്സിലുണ്ടാ­ക്കുകയാണ് അവൻ. അവന് വളരെ വ്യക്തമായ ഒരു ചിത്രം വരയ്ക്കാൻ കഴിയില്ലെന്ന് അയാൾക്കറിയാം. കാരണം അഞ്ചു വയസ്സിനിടയ്ക്ക് അവൻ ഒരരുവി കണ്ടിട്ടില്ല. പോരാത്തതിന് അയാൾ മുഴുവൻ പറഞ്ഞിട്ടുമില്ല. പറയാനിരി­ക്കുന്നത് പറഞ്ഞതി­നേക്കാൾ കൂടുതലാണ്. തെളിഞ്ഞ ആകാശത്തെ­പ്പറ്റിയും, ചുറ്റുമുള്ള വൃക്ഷങ്ങളുടെ പച്ചപ്പിനെ­പ്പറ്റിയും കുന്നിൻനിര കടന്നുവന്ന് തങ്ങളെ തഴുകിയിരുന്ന തണുത്ത കാറ്റിനെപ്പറ്റിയും രാമചന്ദ്രൻ പറഞ്ഞിട്ടുണ്ടാ­യിരുന്നില്ല. അതുപോലെ രാഗിണിയുടെ കണ്ണുകളിൽ തുടിച്ചുനിന്ന ആവേശത്തെ­പ്പറ്റിയും കുസൃതിയെപ്പറ്റിയും.

അതെല്ലാം ഏഴോ എട്ടോ കൊല്ലങ്ങൾക്കുമുമ്പ് കഴിഞ്ഞവയാണ്. എങ്കിലും ഓർമ്മകൾ ഒരു നിത്യഹരിത വൃക്ഷത്തെ­പ്പോലെ ഇപ്പോഴും തുടിച്ചു നിൽക്കുന്നു. ദൈനംദിന കർമ്മങ്ങളുടെ മറവിൽ അവ ഒളിച്ചിരി­ക്കുന്നുവെന്നു മാത്രം. ഇന്നിപ്പോൾ അതെല്ലാം ഓർക്കാനുണ്ടായ കാരണമെന്താണ്? രാവിലെ എഴുന്നേറ്റ് ഉമ്മറത്തു വന്നപ്പോൾ വീശിയിരുന്ന തണുത്ത കാറ്റാണോ? തളത്തിന്റെ ഒരരുകിൽ സോഫയുടെ തലയ്ക്കലായി വെച്ചിട്ടുള്ള അക്വേറിയ­ത്തിൽനിന്ന് കുമിളകൾ പൊന്തുന്നതിന്റെ ശബ്ദം കേട്ടതാണോ? ആ ഗുളു ഗുളു ശബ്ദം അരുവിയിലെ വെള്ളം പാറക്കെട്ടിൽ ക്കൂടെ ഒഴുകുന്ന പ്രതീതി ഉണ്ടാക്കി. പലപ്പോഴും രാത്രി വളരെ വൈകുംവരെ അയാൾ സോഫയിൽ, തലഭാഗത്ത് ഒരരുവി ഒഴുകുന്ന ശബ്ദവും ശ്രദ്ധിച്ച് ഒന്നും ചെയ്യാതെ കിടക്കാറുണ്ട്. മോൻ കൊതു വലയ്ക്കുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങുന്നു. രണ്ടു കൊല്ലം മുമ്പ് അവൻ തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങിയിരുന്നത് രാമചന്ദ്രൻ ഓർക്കും.

അയാൾ രാഗിണിയെപ്പറ്റി ഓർത്തു. നമുക്ക് സ്വന്തമായി ഒരു വീടു വേണം — അവൾ പറയാറുണ്ട്. അധികം വലുതൊന്നും വേണ്ട. രണ്ടു കിടപ്പുമുറികൾ. പിന്നെ ഇരിക്കാനും ഊണുകഴിക്കാനും ഒരു മുറി, അടുക്കള അത്രയും മതി. അങ്ങിനത്തെ ഒരു വീട്ടിൽ താമസിക്കാൻ കൊതിയാവുന്നു.

അവൾ ആശിച്ചിരുന്ന വീട് ഇപ്പോൾ തയ്യാറായി. താമസക്കാരി മാത്രം ഇല്ല. കലങ്ങിയ മനസ്സോടെ അയാൾ കിടക്കും. രാത്രിയുടെ നിഗൂഢശബ്ദങ്ങൾ അയാൾ ശ്രദ്ധിക്കും. ആ ശബ്ദങ്ങളെല്ലാം അവസാനം ഒരരുവിയുടെ ശബ്ദത്തിൽ ലയിച്ചുചേരും. ആ ശബ്ദം അയാൾക്ക് ആശ്വാസമരുളും. അതിന്റെ ഓർമ്മയിൽ അയാൾ മയങ്ങി ഉറങ്ങും.

രാവിലെ അന്തരീക്ഷം മാറുന്നു. വിജു എഴുന്നേറ്റ് വന്നാൽ വീട് പ്രസാദാ­ത്മകമാകുന്നു. ആദ്യം തന്നെ അവൻ തന്റെ മത്സ്യങ്ങളെപ്പറ്റി അന്വേഷിക്കും. ഗ്ലാസ് ടാങ്കിനടുത്തുവന്ന് ഉള്ളിലെ അത്ഭുതലോകം ജിജ്ഞാസയോടെ നോക്കും. അവൻ നിൽക്കുമ്പോൾ തല ടാങ്കിന്റെ പകുതിവരേയെ എത്തുന്നുള്ളു. മത്സ്യങ്ങൾ അവൻ നിൽക്കുന്നി­ടത്തേക്കു വരും ഒരു ചോദ്യത്തോടെ.

പിന്നെ ടാങ്കിനുള്ളിലെ താൽക്കാലികാ­വസ്ഥയെപ്പറ്റി റണ്ണിങ്ങ് കമന്ററിയാണ്. വർത്തമാനപത്രം വായിച്ചുകൊ­ണ്ടിരിക്കെ അയാൾ മൂളിക്കൊണ്ടിരിക്കും.

അച്ഛാ ഏയ്ഞ്ചൽ ഫിഷ് ഗോൾഡ് ഫിഷിനെ വല്ലാതെ ഓടിക്കണണ്ട്‌ട്ടൊ. പാവം ഗോൾഡ് ഫിഷ്. അതെന്തി നാണ് ഏയ്ഞ്ചലിന്റെ അടുത്തുപോണത്?

സ്വർണ്ണമത്സ്യങ്ങൾ വിജുവിന്റെ ഇഷ്ടക്കാരാണ്. അവ ആരേയും ഉപദ്രവിക്കില്ല. തടിച്ച കുമ്പയുള്ള ആ മത്സ്യങ്ങൾക്ക് സ്വന്തം ശക്തി അറിയില്ലെന്നു തോന്നുന്നു. അതുകൊണ്ട് മറ്റ് മത്സ്യങ്ങൾ ഉപദ്രവിച്ചാലും തിരിച്ച് ഉപദ്രവിക്കാതെ ഭാരിച്ച ദേഹവും കുലുക്കി നീന്തിയകലും. അത് വിജുവിന് ധാർമിക­രോഷമുണ്ടാക്കുന്നു.

അവന്റെ റണ്ണിങ്ങ് കമന്ററി തുടരുക തന്നെയാണ്.

ഓറഞ്ച് ഗപ്പിയുടെ വാല് കാണാൻ നല്ല ഭംഗിയുണ്ട്. ഈ സൂര്യവെളിച്ചത്തില്.

ജനലിലൂടെ അരിച്ചുവന്ന വെളിച്ചം ടാങ്കിനുള്ളിൽ പ്രകാശത്തിന്റെ ഒരു അത്ഭുതപ്രപഞ്ചം ഉണ്ടാക്കി­യിരിക്കുന്നു. ചെടികൾക്ക് അവയുടെ ഹരിതാഭ വീണ്ടു കിട്ടി. കല്ലുകൾ പ്രകാശിക്കുന്നു. മത്സ്യങ്ങളുടെ തനിമയുള്ള നിറങ്ങൾ ഉദിച്ചുകണ്ടു. ആ ടാങ്കിനുള്ളിൽ മത്സ്യങ്ങളുടെ വലുപ്പത്തിലുള്ള ഒരാളായി നടക്കാൻ അയാൾക്കു­തോന്നി.

മലഞ്ചെരുവിൽ മരങ്ങൾക്കിട­യിലൂടെ രാഗിണിയുടെ ഒപ്പം നടന്നത് അയാൾ ഓർത്തു. വൈകുന്നേരങ്ങളിൽ ചെരിഞ്ഞു വീഴുന്ന സുര്യരശ്മികൾ ഇലകളിലൂടെ വീഴുന്നത് രാഗിണിയുടെ മുഖത്ത് വെളിച്ചവും നിഴലുമുണ്ടാക്കി. വെളിച്ചത്തിൽ അവളുടെ മുഖം പ്രകാശിച്ചപ്പോൾ, ഉടനെ നിഴൽവീണ് മങ്ങി. അന്ന് അയാൾക്ക് എന്തോ അകാരണമായ ഒരു ഭയം ഉണ്ടായി.

ഇതാ ഈ സ്വേഡ്‌ടെയില് ചെറിയ സ്വേഡ്‌ടെയിലിനെ വല്ലാതെ ഉപദ്രവിക്ക്ണണ്ട്. നമുക്കതിനെ മാറ്റിയിടാം. വിജു വിളിച്ചു പറഞ്ഞു.

അയാൾ സ്വപ്നാടനത്തിൽനിന്ന് തിരിച്ചുവന്നു.

സ്വേഡ് ടെയിലുകൾ സ്വതവേ കുറച്ചു കലഹപ്രിയരാണ്. വലിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെ ഉപദ്രവിക്കും. ഇവിടെ ഇപ്പോഴുള്ള കലഹം കാമിനി മൂലമാണ്. രണ്ടു ജോടികളാണ് ടാങ്കിലുള്ളത്. ഒരു പെണ്ണിനെ പെറാൻ മാറ്റിയിട്ടിരിക്കയാണ്. രണ്ടാമത്തെ പെണ്ണിനു വേണ്ടിയാണ് സ്വേഡ് ടെയിലുകൾ തമ്മിൽ കലഹം.

നമുക്കീ സ്വേഡ് ടെയിലിനെ മാറ്റിയിടാം അല്ലെ?

വായനയ്ക്കിടയിൽ അയാൾ മൂളി. പക്ഷേ, അധികനേരം വായിച്ചിരിക്കാൻ കഴിയില്ല. അപ്പോഴേക്ക് മോൻ വലയുമായി എത്തിയി­ട്ടുണ്ടാകും. ഉപദ്രവ­കാരിയായ മത്സ്യത്തെ മാറ്റിയിടാനായി. രാമചന്ദ്രൻ എഴുന്നേൽ ക്കാൻ നിർബന്ധിതനാകും.

ഗ്ലാസ് ടാങ്ക് വലുതാണ്. നാലടി നീളവും, ഒരടി വീതിയും, ഒന്നര അടി ആഴവും. അടിയിലിട്ട മണലട്ടിക്കു മീതെ ചെറിയ വെള്ളാരംക­ല്ലുകൾ ഇടയ്ക്കിടക്ക് വാലിസ് നേരിയ, അമേസോൺ സ്വേഡ് മുതലായ ചെടികൾ. ചെടികൾക്കും കല്ലുകൾക്കും ഇടയിൽ ഒരു കാട്ടിന്നിടയി­ലെന്നപോലെ സിറാമിക്കന്റെ പ്രേതഭവനം. അവയ്ക്കിട യിൽ വിവിധ നിറത്തിലുള്ള മത്സ്യങ്ങൾ നീന്തിക്ക­ളിക്കുന്നു. ഇണചേരുന്നു, പോരാടുന്നു. സ്വേഡ് ടെയിലുകൾ, ബ്ലാക്ക് മോളികൾ, സ്വർണ്ണ മത്സ്യങ്ങൾ, ഏയ്ഞ്ചലുകൾ. അവ പലനിറത്തിൽ വെളുത്തവ, കറുപ്പും വെളുപ്പും ചേർന്നതും. പിന്നെ ഗപ്പികൾ. വിവിധ നിറങ്ങളുള്ള നീണ്ട വാലുകൾ വിറപ്പിച്ചുകൊണ്ട് അവ നീന്തിക്കളിച്ചു. ഇതാണ് വിജുവിന്റെ മത്സ്യലോകം. ചില്ലുമതിലു­കൾക്കുള്ളിൽ പ്രകൃതിയുടെ ഒരു ചെറുപതിപ്പ്.

ഇണകളുടെ ഈ ലോകത്ത് ഒറ്റയാനായി ഒരു മത്സ്യം മാത്രം. അത് ഗുറാമിയാണ്. കിസ്സിംഗ് ഗുറാമി. രണ്ടിഞ്ചു നീളമുള്ള പരന്നു നീണ്ട മത്സ്യം. അദ്ദേഹത്തെ വിജു വിളിക്കുന്നത് ഡോക്ടർ ഗുറാമിയെന്നാണ്. ഡോക്ടർമാരു­ടേതുപോലെ വെളുത്ത ഓവർകോട്ടാണ് ഗുറാമിയുടേത്. അദ്ദേഹം ആരെയും ഉപദ്രവിക്കാതെ, ശണ്ഠകൂടാതെ, നിസ്വാർഥസേവനം അനുഷ്ടിക്കുന്നു. ടാങ്കിന്റെ ചില്ലുഭിത്തികൾ, ചെടിയുടെ തണ്ടുകൾ, ഇലകൾ എന്നിവയെല്ലാം നക്കി പൂപ്പൽ കളയുകയാണ് അദ്ദേഹത്തിന്റെ പണി. അദ്ദേഹം നിരന്തരം യാതൊരു മുറുമുറുപ്പുമില്ലാതെ ചെയ്തു വന്നു. ഒരു ചെടി കഴിഞ്ഞാൽ അടുത്ത ചെടി. ഒരു ചുമർകഴിഞ്ഞാൽ അടുത്ത ചുമർ. ധൃതിയിൽ ജോലിചെയ്തു കൊണ്ടിരിക്കെ അബദ്ധത്തിൽ മറ്റേതെങ്കിലും മത്സ്യത്തെ നക്കിയെന്നുവരും. ഉടനെ ‘സോറി’ പറഞ്ഞ് ഡോക്ടർ അടുത്ത ചെടിയിലേക്ക് തിരിയുന്നു. ദേഷ്യമില്ല, പകയില്ല, വാശിയില്ല. പരോപകാരതൽപരത മാത്രം.

ആ വലിയ ടാങ്കിനുനടുത്തുത­ന്നെയിട്ടിരിക്കുന്ന രണ്ടടി ടാങ്കാണ് ഡോക്ടർ ഗുറാമിയുടെ ആസ്പത്രി. ആ പേരുവരാൻ കാരണം. ഗുറാമിയും അതിന്റെ ഇണയും കുട്ടിയായിരുന്നപ്പോൾ അസുഖം ബാധിച്ച് ആ ടാങ്കിലായിരുന്നു. അതിന്റെ ഇണ ചത്തുപോയി. ഡോക്ടർ ഗുറാമി രണ്ടു മാസത്തെ ചികിത്സയ്ക്കുശേഷം അത്ഭുത കരമായി രക്ഷപ്പെട്ടു. അതിനു ശേഷമാണ് വിജു ആ ടാങ്കിനെ ഡോക്ടർ ഗുറാമീസ് ഹോസ്പിറ്റൽ എന്ന് വിളിക്കാൻ തുടങ്ങിയത്. അതിൽ ഇപ്പോൾ കിടക്കുന്നത് ചുവന്നു തടിച്ച് സുന്ദരിയായ സ്വേഡ് ടെയിൽ ആണ്. പ്രസവത്തിനു വേണ്ടി മാറ്റിയിട്ടതാണ്. വിജു അതിനെ വിളിക്കുന്നത് അമ്മുകുട്ടിയമ്മ എന്നാണ്. ഒരു പക്ഷേ, ആ മത്സ്യം പെറ്റിരിക്കാനും മതി.

അച്ഛാ അമ്മുക്കുട്ടിയമ്മ പ്രസവിച്ചു.

വിജു വിളിച്ചു പറഞ്ഞു. അയാൾ നോക്കി. ശരിയാണ്. ചെറിയ നേരിയ ഓറഞ്ച് നിറമുള്ള കുട്ടികൾ. അവ ടാങ്കിന്നടിയിൽ ഇട്ട വെള്ളാരങ്കല്ലുകൾക്കു മീതെ അരിച്ചു നടന്നു. ചിലവ അമ്മയുടെ അടുത്ത്, എന്നാൽ വളരെ അടുത്തു പോകാതെ നീന്തിക്കളിച്ചു. ഇടയ്ക്ക് ഇടംകണ്ണിട്ട് അമ്മയെ നോക്കി. മാതൃസ്‌നേഹത്തിൽ അത്ര വിശ്വാസമില്ലാത്ത പോലെ. അമ്മ മത്സ്യമാകട്ടെ, പേറു കഴിഞ്ഞ് ക്ഷീണിച്ചെങ്കിലും അഭിമാനപൂർവ്വം കുട്ടികളെ നോക്കി പതുക്കെ നീന്തുകയാണ്.

അമ്മുക്കുട്ടി­യമ്മയ്ക്ക് വിശക്കുന്നുണ്ടാവും. രാമചന്ദ്രൻ പറഞ്ഞു. ആദ്യം നമുക്കവരെ വലിയ ടാങ്കിലേക്ക് മാറ്റുക. എന്നിട്ട് വല്ലതും തിന്നാൻ കൊടുക്കണം.

വിജു കുട്ടികളെ കൗതുകത്തോടെ, അത്ഭുതത്തോടെ നോക്കുകയാണ്. ഇതിനുമുമ്പും ആ ടാങ്കിൽ മത്സ്യങ്ങൾ പെറ്റിട്ടുണ്ട്. പക്ഷേ, ഒരോ പുതിയ പേറും വീണ്ടും വീണ്ടും അത്ഭുതമു­ളവാക്കുന്നു. അമ്മയുടെ ആകൃതിയിൽ, നിറത്തിൽ, ചെറിയ പതിപ്പുകൾ. പെറ്റുവീണ ഉടനെ അവ ജാതിസ്വഭാവം കാണിക്കാൻ തുടങ്ങുന്നു. ചെറിയ കണ്ണുകൾകൊണ്ട് ചുറ്റും നോക്കി ഭക്ഷണത്തിനു വേണ്ടി പരതുന്നു. ഈ കുട്ടികള് ഇപ്പൊത്തന്നെ ഫൈറ്റ് ചെയ്യുന്നുണ്ട് അച്ഛാ.

അവർ കളിക്കുകയാണ് മോനെ.

എന്തെങ്കിലും സംഭവിക്കുന്നത് നല്ലതാണ്. ഇനി ഒരാഴ്ചയ്ക്ക് ഈ കുട്ടികളുടെ കളികൾ കണ്ടിരിക്കാം. ഓർമകളുടെ നീരാളിപ്പിടുത്ത ത്തിൽ നിന്ന് അയാൾക്ക് താൽക്കാലികശാന്തി കിട്ടും. ഓഫീസിൽ പോയാൽ ജോലിയിൽ മുഴുകയായി. വീട്ടിലെ കാര്യങ്ങളെപ്പറ്റി ഓർ ക്കേണ്ട. രേണു നല്ല ജോലിക്കാരിയാണ്. വിജുവിനെ സ്‌കൂളിൽ കൊണ്ടുപോയാക്കുന്നതും കൂട്ടിക്കൊണ്ടുവരുന്നതും അവളാണ്. വീട്ടിലും അവനുവേണ്ട കാര്യങ്ങളെല്ലാം രേണു നോക്കിക്കൊള്ളും. രേണുച്ചേച്ചിയെ അവന് നല്ല ഇഷ്ടമാണ്.

ഫയലുകൾക്കിടയിൽ കണ്ണും നട്ടിരിക്കുമ്പോൾ ഇടയ്ക്ക് വേദന കൊണ്ടു പുളയുന്ന ഒരു മുഖം മനസ്സിൽ വരുന്നു. ഒരു കൊല്ലത്തിനുശേഷവും ആ മുഖം അയാളെ തളർത്തുന്നു. വേദന സഹിക്കാതാ­വുമ്പോൾ രാഗിണി പറയുന്നു. ഇതിലും ഭേദം മരിക്ക്യാണ്. താൻ നിസ്സഹായനായി നോക്കി നിൽക്കുന്നു. അവളുടെ ദേഹത്ത് തൊടാൻ ധൈര്യമില്ലാതെ. ഒരു മൃദുസ്പർശം കൂടി വളരെ വേദനാജനകമായിരുന്നു.

ഒരു ദിവസം വിജു ചോദിച്ചു.

അച്ഛാ, മരിച്ചുപോയോര് ഒരു ദിവസം തിരിച്ചുവരില്ലേ?

അയാൾ ആലോചിച്ചു. മരിച്ചുപോയവർ തിരിച്ചുവരുമോ? മരണത്തെപ്പറ്റി, മരണാന­ന്തരത്തെപ്പറ്റി, അവന്റെ മനസ്സിൽ എന്തു സങ്കൽപ്പ ങ്ങളാണുള്ളതെ­ന്നറിയില്ല. താൻ എന്തെങ്കിലും പറഞ്ഞാൽ അത് അവന്റെ ഭാവനയെ നശിപ്പിക്കു­മെന്നയാൾ ഭയപ്പെട്ടു. ശരിക്കു പറഞ്ഞാൽ രാഗിണി ഒരു ദിവസം തിരിച്ചുവ­രുമെന്നും, വളരെ സ്വാഭാ വികമായി, ഒന്നും സംഭവിച്ചിട്ടി­ല്ലാത്ത പോലെ നിർത്തിവെ­ച്ചേടത്തു നിന്ന് ജീവിതം തുടങ്ങുമെന്നും, ഇതെല്ലാം ഒരു ദുഃസ്വപ്നം മാത്ര മാണെന്നും വിശ്വസിക്കാൻ അയാൾ ശ്രമിച്ചിരുന്നു. സ്വപ്നങ്ങളാൽ സ്വയം ചതിക്കപ്പെടാൻ അയാൾ ശ്രമിച്ചിരുന്നു.

മരണം എന്താണെന്ന് അയാൾ ആലോചി­ക്കാറുണ്ട്. ജീവിതത്തിന്റെ അവസാനമാണോ? അതോ വെറും ഒരു രൂപാന്തരപ്രാപ്തി മാത്രമാണോ മരണം? അല്ല, അതിലുമുപരിയായി ആത്മാവിന്റെയും പുനർജ്ജനി യുടേയും പരമ്പരയിലുള്ള ഒരു കണ്ണി മാത്രമാണോ മരണം?

തിരിച്ചു വരാൻ പറ്റ്വോ? വിജു ചോദിക്കുകയാണ്.

നമുക്കൊന്നും അറിയില്ല മോനെ. അയാൾ വിജുവിന്റെ പുറം തലോടിക്കൊണ്ട് പറഞ്ഞു. ഈ പ്രപഞ്ചത്തിൽ നമുക്കറിയാത്തത് അറിയുന്ന­തിനേക്കാൾ എത്രയോ അധികാണ്.

എനിക്കു തോന്നണത് അമ്മ തിരിച്ചു വരുംന്നാണ്. അമ്മയുടെ കൈയും പിടിച്ച് നടക്കണത് ഞാൻ സ്വപ്നം കാണാറുണ്ട്. എങ്ങോട്ടാ പോണത്ന്നറിയില്ല്യാ. നടന്നോണ്ടിരിക്ക്യാണ്. എവിടീം എത്ത്ണില്ല്യ.

രാത്രി ഉറങ്ങുന്നതിനു മുമ്പ് മോന് കഥ പറഞ്ഞു­കൊടക്കണം. അധികവും അയാൾ ഭാവനയിൽ അപ്പപ്പോൾ കെട്ടിച്ചമയ്ക്കുന്ന കഥകളായിരിക്കും. ഒരു വാചകം പറയുമ്പോൾ അറിയില്ല, അടുത്ത വാചകം എന്തായിരി ക്കുമെന്ന്. പറഞ്ഞു കഴിഞ്ഞാൽ ആ വാചകത്തിന്റെ ഘടനയും, അർത്ഥവും, സർവോപരി വിജുവിന്റെ പ്രതികരണവും അടുത്ത വാചകമുണ്ടാക്കാൻ സഹായിക്കുന്നു. വിജുവിന്റെ താൽപര്യത്തോ­ടൊത്ത് കഥ നീണ്ടുപോകുന്നു. പക്ഷേ, കഴിഞ്ഞ പതിനഞ്ചുദി­വസമായി അവന് കഥകൾ വേണ്ട; മറിച്ച് പുതുതായി വാങ്ങാൻ പോകുന്ന വീടിനെ­പ്പറ്റിയുള്ള വർണനകളാണ് കേൾക്കേണ്ടത്. ഒരു ദിവസം പറഞ്ഞതുതന്നെ പിറ്റേന്നും ആവർത്തിക്കുന്നു. അതിൽ എന്തെങ്കിലും വിട്ടുപോയാൽ അവൻ പിടിക്കും.

അപ്പോൾ ബാൽക്കണിടെ കാര്യം പറഞ്ഞില്ലല്ലോ.

ശരി, ശരി. രാമചന്ദ്രൻ പറഞ്ഞു. ബാൽക്കണിയിൽ അലൂമിനിയ­ത്തിന്റെ റെയിലിങ്ങിൽ ഉരസി നീക്കാവുന്ന സ്ഫടിക വാതിലുകളുണ്ട്. അതിലൂടെ നോക്കിയാൽ വളരെ ദൂരം തടസ്സമില്ലാതെ കാണാൻ പറ്റും. താഴെ വൃക്ഷ ത്തലപ്പുകൾ ഒരു പച്ചപ്പരവതാനിപോലെ. മീതെ നീലാകാശം. ഇടയ്ക്കിടയ്ക്ക് വെള്ള മേഘങ്ങൾ. അവയ്ക്കിട യിൽ പറന്നു കളിക്കുന്ന പക്ഷികൾ.....

പുതിയ വീട് ശരിക്കു പറഞ്ഞാൽ തയ്യാറായിരിക്കുന്നു. മൂന്നാം നിലയിലെ ഫ്‌ളാറ്റ് തന്റെ വിവരണങ്ങളിൽ ചിത്രീകരിക്കും പോലെത്തന്നെയായിരുന്നു. വൈദ്യുതി കണക്ഷൻ കൂടി കിട്ടിയാൽ പാർപ്പാക്കാം. അയാൾ ദുഃഖത്തോടെ ഓർത്തു. ഈ വീട്ടിൽ രാഗിണിയുടെ കാൽപ്പാടുകളുണ്ട്. അവളുടെ നിശ്വാസം അലിഞ്ഞു ചേർന്ന വായുവാണീ വീട്ടിൽ. ഓർമകളിൽ നിന്നു രക്ഷപ്പെടാൻ താൻ വീടു മാറാൻ തീർച്ചയാ­ക്കിയതിൽ അയാൾ വേദനിച്ചു.

വിജുവിനും ഇടയ്ക്കിടയ്ക്ക് അമ്മയുടെ ഓർമയുണ്ടാ­വാറുണ്ട്. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവൻ കാസറ്റുകളിട്ട ഡ്രോയർ തപ്പുകയായിരുന്നു.

അയാൾ ചോദിച്ചു. എന്താണ് മോനെ നോക്കുന്നത്?

ഒരു കാസറ്റ്.

ഏതു കാസറ്റെന്നു പറയുവാൻ അവനു കഴിഞ്ഞില്ല. അവസാനം ഒരു പൊടി പിടിച്ച കാസറ്റെടുത്തു പൊന്തിച്ചു കാണിച്ചു. ശ്രീ വെങ്കിടേശ സുപ്രഭാതം!

അത് രാഗിണിയുടെ ചുരുക്കം ചില ദൗർബല്യങ്ങളിൽ ഒന്നായിരുന്നു.

വിജു ആ കാസറ്റും പിടിച്ചുകൊണ്ട് നിൽക്കുകയാണ്.

ഇതു നല്ല കാസറ്റാണോ അച്ഛാ?

കഴിഞ്ഞ ഒരു കൊല്ലമായി സുബ്ബലക്ഷ്മിയുടെ ശബ്ദം വീട്ടിൽ ഉണ്ടായിരു­ന്നില്ല. അതവന്ന് അറിയാം. അതിന്റെ കാരണമെന്തെന്നും ഊഹിച്ചു കാണണം.

മോന് ഇത് കേൾക്കണോ?

അവന്റെ മുഖം തെളിഞ്ഞു.

പിറ്റേന്ന് പുലർച്ചെ വിജു ഉണരുന്നതിനു മുമ്പ് അയാൾ ആ കാസറ്റ് പാടിച്ചു. പുറത്ത് അപ്പോഴും ഇരുട്ടാ യിരുന്നു. ക്ലാവുപിടിച്ച ഒരു ഓട്ടു നിലവിളക്ക് അയാൾ ഷെൽഫിൽ നിന്ന് തപ്പിയെടുത്തു. പുളി കൂട്ടി കഴുകിയപ്പോൾ ആ വിളക്ക് തിളങ്ങി. എണ്ണയൊഴിച്ച് തിരിയിട്ട് അയാൾ വിളക്കു കൊളുത്തി. രാഗിണിയുടെ നിറം ഓട്ടു വിളക്കിന്റെ നിറമായിരുന്നു. തളത്തിൽ ചുവരിൽ തറച്ച സ്റ്റാൻഡിൽ പൊടി പിടിച്ച ശ്രീകൃഷ്ണ പ്രതിമ തുടച്ചു വൃത്തിയാക്കി. നിലവിളക്ക് വെച്ചു. ചന്ദനത്തിരി പുകച്ചു സുബ്ബലക്ഷ്മി പാടുകയായിരുന്നു.

വിജു അപ്പോഴും ഉറങ്ങുകയായിരുന്നു.

ഉണർന്നെഴുന്നേറ്റു വന്നപ്പോൾ വിജു ചോദിച്ചു.

അച്ഛൻ ഇന്നു രാവിലെ ആ കാസറ്റ് വെച്ചിരുന്നോ?

ഉവ്വെന്ന് ആയാൾ തലയാട്ടി.

ഞാൻ വിചാരിച്ചു സ്വപ്നം കണ്ടതാവുംന്ന്.

ഞായറാഴ്ച അവധി ദിവസങ്ങളിൽ സ്വതവേ അയാൾ വൈകിയാണ് എഴുന്നേൽക്കാറ്. ഏഴര മണിക്ക് എഴു ന്നേറ്റു വന്നപ്പോഴേക്ക് വിജുവിന്റെ കുളി കഴിഞ്ഞു. രേണു അവനെ പുറപ്പെടുവിക്കുന്നു. അയാൾക്ക് അത്ഭുതം തോന്നി. അവന്ന് പൗഡറിന്റെ വാസനയു­ണ്ടായിരുന്നു. അയാൾ അവനെ അരികിൽ ചേർത്തു പിടിച്ചു.

മോൻ ഇന്ന് നല്ല കുട്ടിയായി നേർത്തെ കുളിച്ചിട്ടു­ണ്ടല്ലൊ.

അച്ഛൻ മറന്ന്വോ?

അവൻ ചോദിച്ചു. അയാൾ ചോദ്യഭാവത്തോടെ അവനെ നോക്കി.

ഇന്നല്ലേ പുതിയ വീട് കാണാൻ പോവാംന്ന് പറഞ്ഞിട്ടുള്ളത്?

ശരി തന്നെ. അയാൾ മറന്നുപോയിരുന്നു. ഈ ഞായറാഴ്ച എന്തായാലും അവനെ കൊണ്ടു­പോകാമെ ന്നേറ്റിരുന്നു. കഴിഞ്ഞ രണ്ടു ഞായറാഴ്ചയും കഴിഞ്ഞില്ല.

അച്ഛൻ എണീറ്റ് കുളിക്കൂ.

ഇതാ എണീറ്റു. അയാൾ എഴുന്നേറ്റു.

ആട്ടെ നീ ഇന്ന് മത്സ്യക്കുട്ടികളെ നോക്കിയോ?

ഇല്ല! അവൻ ക്ഷമാപണത്തോടെ പറഞ്ഞു. മറന്നു പോയില്ലെ? ഞാൻ നോക്കി വരാം. അപ്പോഴേക്കും അച്ഛൻ കുളിച്ചു വരണം. ശരി.

പക്ഷേ, കുളിമുറിയിലേക്ക് കടന്ന ഉടനെ അയാൾ മോന്റെ വിളികേട്ടു. കുറച്ചു കാര്യമായ എന്തോ ആവശ്യ­ത്തിനാണ് വിളിക്കുന്ന­തെന്ന് തോന്നി. നോക്കിയപ്പോൾ അവൻ ഡോക്ടർ ഗുറാമിയുടെ ആശുപത്രിക്കു മുമ്പിലാണ്.

അച്ഛാ, ഇതിലെ വെള്ളം കണ്ടില്ലേ കലങ്ങീരിക്കണത്? നമുക്ക് വെള്ളം മാറ്റാം.

വെള്ളം കലങ്ങി­യിരിക്കുന്നു. ശരിയാണ്. അത് കുട്ടികൾക്ക് വിഷമമു­ണ്ടാക്കുന്നുമുണ്ട്. കുട്ടികൾ ജലപ്പരപ്പിനു തൊട്ടുതാഴെ ശ്വാസം കിട്ടാൻ വിഷമമുള്ള മട്ടിൽ നീന്തുകയാണ്. അപ്പോഴാണ് അയാൾ കണ്ടത്. ഫിൽട്ടർ പ്രവർത്തി­ക്കുന്നില്ല. ഒരു പക്ഷേ രാത്രി മുഴുവൻ അത് പ്രവർത്തിച്ചി­ട്ടുണ്ടാവില്ല. അതാണ് വെള്ളം കലങ്ങാൻ കാരണം.

നമുക്ക് ഇപ്പൊത്തന്നെ വെള്ളം മാറ്റാം അച്ഛാ.

അയാൾ ആലോചിച്ചു. ഇപ്പോൾ വെള്ളം മാറ്റിയാൽ ആ പാവങ്ങളെ ഉപദ്രവി­ക്കലാവും. ഒരു പക്ഷേ, അസുഖം ബാധിച്ച് എല്ലാം ചത്തെന്നു വരും. അയാൾ പറഞ്ഞു.

അങ്ങനെ വെള്ളം മാറ്റാൻ പാടില്ല മോനെ. ഒരു ദിവസം പ്രായമായ കുട്ടികളല്ലേ? അവയ്ക്കിപ്പോഴും അമ്മടെ ഗന്ധമുള്ള വെള്ളം തന്നെ വേണം, നീന്തിക്കളിക്കാൻ. നമുക്കീ ഫിൽട്ടർ ശരിയാക്കാം. രണ്ടു മണിക്കൂറിനു ള്ളിൽ വെള്ളം തെളിയും.

ഈ വെള്ളത്തിന് അമ്മ മത്സ്യത്തിന്റെ വാസനയു­ണ്ടാവോ?

ഉണ്ടാവും. ഒരാഴ്ച ആ മത്സ്യം ഈ ടാങ്കിൽ കിടന്നതല്ലേ? ഈ കുഞ്ഞുങ്ങൾ അമ്മയുടെ വയറ്റിൽ കിടന്ന പ്പോഴുള്ള ഗന്ധം തന്നെ വേണം കുറച്ചു വലുതാവണവരെ. നമ്മൾ വെള്ളം മാറ്റിയാൽ പാപമാണ്.

വിജു നിശ്ശബ്ദനായി, ടാങ്കിനുള്ളിലേക്ക് നോക്കിനിന്നു.

അയാൾ പതുക്കെ കുളിമുറിയിലേക്ക് വലിഞ്ഞു. കുളിമുറിയിൽ കടന്ന് വാതിലടച്ചപ്പോൾ അയാൾ എന്തുകൊണ്ടോ രാഗിണിയെ ഓർത്തു. ഒരു ദിവസം രാമചന്ദ്രൻ ഓഫീസിൽനിന്ന് വരുമ്പോൾ രാഗിണി ചെറിയ ടാങ്കിനു മുമ്പിലിരിക്ക­യായിരുന്നു. അന്ന് ആ ടാങ്കിനു ‘ഡോക്ടർ ഗുറാമിയുടെ ആശുപത്രി’ എന്നു പേരിട്ടിട്ടില്ല. അതൊരു സ്ഥിരം പ്രസവ വാർഡാക്കിയതിനു ശേഷമാണ് വിജു ആ പേരിട്ടത്. അയാൾ അടുത്തു ചെന്നപ്പോൾ ശബ്ദമുണ്ടാ­ക്കരുതെന്ന് അവൾ ആംഗ്യം കാട്ടി. അവൾ പതുക്കെ പറഞ്ഞു.

നോക്കൂ. ഇതു പ്രസവിക്ക്യാണ്.

അയാൾ അനങ്ങാതെ അവളുടെ അടുത്തു പോയിരുന്നു. അതൊരു സ്വേഡ്‌ടെയ്ൽ ആയിരുന്നു. ചുവന്നു തടിച്ചു സുന്ദരിയായ ഒരു മത്സ്യം. കുറച്ചുനേരം അത് നീന്തിനടക്കും. പിന്നെ അടിത്തട്ടിലെ കല്ലുകൾക്ക് ഒരിഞ്ചു മുകളിലായി അത് അനങ്ങാതെ നില്ക്കും. അടിവയറ്റിൽ നിന്ന് രണ്ടു മൂന്നുകുട്ടികൾ പുറത്തേക്ക് തെറിക്കും. പിന്നെ ഒരു പിടച്ചിലാണ് ആ മത്സ്യം ടാങ്കിൽ മുകളിലേക്കും ചുവട്ടിലേക്കും പിടച്ചിലോടെ കുതിക്കുന്നു.

പാവം അവൾക്ക് നല്ല വേദനണ്ടെന്നാണ് തോന്നണത്.

രാഗിണി പറഞ്ഞു. അവളുടെ സ്വരത്തിൽ അനുതാപമുണ്ടായിരുന്നു. അതയാളെ വിഷമിപ്പിച്ചു. കുറച്ചു നേരത്തെ പിടച്ചിലിനു ശേഷം ആ മത്സ്യം വീണ്ടും ഒരു മാതിരി ശാന്തയായി നീന്തുന്നു.വീണ്ടും ഒരിടത്ത് അനങ്ങാതെ നില്ക്കുന്നു. അടിവയറ്റിൽ നിന്ന് കുട്ടികൾ പുറത്തേക്ക് തെറിക്കുന്നു.

അയാൾ അരമണിക്കൂറോളം ആ ടാങ്കിനു മുമ്പിൽ ഇരുന്നു. പേറു കഴിഞ്ഞപ്പോഴേക്ക് അവൾ അവശയായി രുന്നു. പെട്ടെന്നൊരു തേങ്ങൽ കേട്ടപ്പോഴാണ് രാമചന്ദ്രൻ ശ്രദ്ധിച്ചത്. രാഗിണി കരയുകയായിരുന്നു. സാരിയുടെ തുമ്പുകൊണ്ട് കണ്ണീർ തുടച്ച് അവൾ നിശ്ശബ്ദയായി കരയുകയായിരുന്നു.

രാഗിണിയുടെ പ്രസവം കുറച്ച് വിഷമം പിടിച്ചതായിരുന്നു. അവൾ സ്വതവേ ക്ഷീണിത­യായിരുന്നു. പ്രസവ വേദന തുടങ്ങിയപ്പോഴാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. നീണ്ട പത്തുമ­ണിക്കൂറുകൾ അവൾ വേദന സഹിച്ചുകിടന്നു. അവസാനം അവൾ പറഞ്ഞു. എനിക്ക് സഹിക്കാൻ വയ്യ. ഒരു മണിക്കൂർകൂടി കാത്തശേഷം കുട്ടിയെ എടുക്കുകയാ­ണുണ്ടായത്.

കുളി കഴിഞ്ഞ് അയാൾ വേഗം പുറപ്പെട്ടു. ദോശ തയ്യാറായെന്ന് രേണു അറിയിച്ചു. അയാൾ വിജുവിനെ വിളിക്കാനായി ചെന്നു. അവൻ ടാങ്കിനു മുമ്പിൽ അതേ നില്പാണ് അവന്റെ മുഖം വാടിയിരുന്നു.

എന്തു പറ്റി വിജു? അയാൾ ചോദിച്ചു.

അവൻ ഒന്നും പറഞ്ഞില്ല. മത്സ്യക്കുട്ടികളെ നോക്കിക്കൊ­ണ്ടിരിക്കുക മാത്രം ചെയ്തു. അവൻ എന്തോ ആലോചിക്കു­കയായിരുന്നു. അച്ഛാ, ഈ മത്സ്യക്കുട്ടികൾക്ക് ശരിക്കും വെള്ളത്തിൽ അമ്മടെ വാസന കിട്ട്വോ?

കിട്ടും മോനെ! എല്ലാ ജീവികൾക്കും അങ്ങനെയാണ്. കുട്ടികൾക്ക് അമ്മയുടെ വാസന മനസ്സിലാവും.

പെട്ടെന്ന് അയാൾ നിർത്തി. വിജുവിന്റെ മുഖം ഇരുളുന്നതും കണ്ണിൽ വെള്ളം ഉരുണ്ടു കൂടുന്നതും അയാൾ കണ്ടു. ആ കണ്ണീർ തുടയ്ക്കാൻ അയാൾ അശക്ത­നായിരുന്നു. സാന്ത്വനവാ­ക്കുകളൊന്നും പറയാൻ കഴിയാതെ അയാൾ അവനെ തന്നിലേക്കടുപ്പിക്കുക മാത്രം ചെയ്തു. അയാളുടെ കണ്ണുകളും നിറയുന്നു­ണ്ടായിരുന്നു. പിന്നെ തേങ്ങലു­കൾക്കിടയിൽ അവൻ പറഞ്ഞു.

അച്ഛാ, നമുക്കീ വീട് മാറേണ്ട. നമുക്കിവിടെ­ത്തന്നെ താമസിക്കാം.


ഡോക്ടർ ഗുറാമിയുടെ ആശുപത്രി
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

Externallinkicon.gif കാനഡയില്‍നിന്നൊരു രാജകുമാരി