close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 02 02


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 02 02
ലക്കം 506
മുൻലക്കം 1986 01 26
പിൻലക്കം 1986 02 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഏബ്രഹാമിന്റെ ഒരേയൊരു മകനെ തനിക്കുവേണ്ടി ബലിയർപ്പിക്കാൻ ഈശ്വരൻ അയാളോടു് ആജ്ഞാപിച്ചു. കാലത്തു് ഏബ്രഹാം ഈശ്വരൻ നിർദ്ദേശിച്ച സ്ഥലത്തെത്തി. കത്തിയും കനൽപോലെയായ കൽക്കരിയും കൊണ്ടു് അവിടെ എത്തിയ അച്ഛനോടു് മകൻ ചോദിച്ചു: “അച്ഛാ ബലിയ്ക്കുള്ള കുഞ്ഞാടു് എവിടെ?” ഏബ്രഹാമിന്റെ മറുപടി “ഈശ്വരൻ തരും” എന്നായിരുന്നു. തടിക്കഷണങ്ങൾ കൂട്ടി കുറ്റി നാട്ടി അതിൽ മകനെ കെട്ടിവച്ചു അച്ഛൻ. കത്തിയെടുത്തു് അവനെ കൊല്ലാൻ ഏബ്രഹാം ഭാവിച്ചപ്പോൾ മാലാഖ സ്വർഗ്ഗത്തിലിരുന്നുകൊണ്ടു് പറഞ്ഞു: “കുട്ടിയെ ഉപദ്രവിക്കരുതു്. നീ ഈശ്വരനെ പേടിക്കുന്നുവെന്നു് എനിക്കു മനസ്സിലായി. നീ നിന്റെ ഒരേയൊരു മകനെ രക്ഷിക്കാൻ ശ്രമിച്ചില്ലല്ലോ!” ഏബ്രഹാം ചുറ്റും നോക്കി. കുറ്റിക്കാടിൽ ഒരാടു് കൊമ്പുടക്കി നിൽക്കുന്നു. അയാൾ അതിനെ പിടിച്ചു് മകനു പകരം ബലിയർപ്പിച്ചു. ആടിനെ പെട്ടെന്നു കിട്ടിയപ്പോൾ ഏബ്രഹാം ലോകത്തെ വീണ്ടും തന്നിലേയ്ക്കു് ആവേശനം ചെയ്യുകയായിരുന്നുവെന്നു് തത്ത്വചിന്തകനായ കീർക്കഗോർ പറയുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയാർന്ന അംശങ്ങളെ ആവർത്തിച്ച് സത്യത്തിലേയ്ക്കു് എത്തുന്ന ഏബ്രഹാമിന്റെ ഈ പ്രവർത്തനത്തെയാണു് കീർക്കഗോർ repetition — ആവർത്തനം — എന്നു വിളിക്കുന്നതു്. കവിയും ഇതു തന്നെയാണു് ചെയ്യുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. (Consciousness raised to the second power which is repetition) ഇങ്ങനെ കവി, ഏബ്രഹാമിനെപ്പോലെ സ്വയം സാക്ഷാത്കരിക്കുമ്പോൾ കവി കവിയായിത്തന്നെ മാറുന്നു. അയാളിലുള്ള വൈരുദ്ധ്യങ്ങളെല്ലാമകന്നു് ഏകത്വം മാത്രമുണ്ടാകുന്നു (Repetition എന്ന ഗ്രന്ഥത്തിലെ കവി പറയുന്നതാണിതു്). ഇപ്രകാരമുള്ള അസുലഭ നിമിഷത്തിലാണു് ‘മാസ്റ്റർ പീസ്’ എന്നു വിളിക്കുന്ന കാവ്യം രൂപം കൊള്ളുന്നതു്. ഉദാഹരണം ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കാവ്യം. അതു വായിക്കുമ്പോൾ സഹൃദയന്റെ മനസ്സിലെ വൈരുദ്ധ്യങ്ങളെല്ലാം മാറി ഏകത്വം ജനിക്കുന്നു. ഇമ്മട്ടിലുള്ള അനുഭവം ജനിപ്പിക്കുന്ന കാവ്യങ്ങൾ മലയാള സാഹിത്യത്തിൽ അധികം കണ്ടിട്ടില്ല.

രത്നം

കവി സ്വയം സാക്ഷാത്കരിക്കുമ്പോൾ കവി കവിയായിത്തന്നെ മാറുന്നു. അയാളിലുള്ള വൈരുദ്ധ്യങ്ങളെല്ലാമകന്നു് ഏകത്വം മാത്രമുണ്ടാകുന്നു. ഇപ്രകാരമുള്ള അസുലഭ നിമിഷത്തിലാണു് മാസ്റ്റർപീസ് എന്നു വിളിക്കുന്ന കാവ്യം രൂപം കൊള്ളുന്നതു്. ഉദാഹരണം ചങ്ങമ്പുഴയുടെ ‘മനസ്വിനി’.

ഒരു കാലത്തുണ്ടായിരുന്ന അനുഭവം ഈ നിമിഷത്തിൽ സ്വന്തമായിത്തീരുന്നുവെന്നു കീർക്കഗോർ പറഞ്ഞ ആ പ്രക്രിയ പി. കുഞ്ഞിരാമൻനായരുടെ ‘മലനാടൻ മങ്കമാർ’ എന്ന ചേതോഹരമായ കാവ്യത്തിൽ കാണാം. വൈലോപ്പിള്ളിയുടെ കാവ്യങ്ങ‌ളിലോ? പല കാവ്യങ്ങളിലും അതു ദർശിക്കാം. ഒരുദാഹരണം ‘മാമ്പഴം’ തന്നെയാണു്. അപ്പോൾ കുഞ്ഞിരാമൻനായരും വൈലോപ്പിള്ളിയും തമ്മിൽ എങ്ങനെ വേർപെട്ടു നിൽക്കുന്നു? കുഞ്ഞിരാമൻനായരുടെ കവിതയിൽ പ്രതിപാദ്യ വിഷയത്തിന്റെ ഉണ്മയ്ക്കു് അല്പമായ രൂപപരിവർത്തനം വരുന്നു. കല്ലിലെ സ്ത്രീരൂപങ്ങളെ കണ്ടിട്ട് നിങ്ങൾ ദീർഘകാലം പാട്ടുപാടി ശരീരം വിയർത്തുനിൽക്കുകയാണോ, ദീർഘകാലം നൃത്തമാടി കാലു കഴച്ചു നിൽക്കുകയാണോ എന്നൊക്കെ ചോദിക്കുന്നു. വസ്തുസ്ഥിതിക്കതീതമായ സത്യത്തിലേയ്ക്കു ഇതു് അനുവാചകനെ കൊണ്ടു ചെല്ലുമെങ്കിലും യാഥാർത്ഥ്യത്തിൽ നിന്നു കവി ലേശം അകന്നു പോകുന്നുണ്ടു്. വൈലോപ്പിള്ളി ഏറിയ കൂറും യാഥാർത്ഥ്യത്തിന്റെ പാതയിലൂടെയാണു് സഞ്ചരിച്ചിട്ടുള്ളതു്. ഇക്കാര്യം ഭംഗ്യന്തരേണ എൻ. വി. കൃഷ്ണവാരിയർ ‘വൈലോപ്പിള്ളി’ എന്ന പ്രബന്ധത്തിൽ സ്പഷ്ടമാക്കിയിരിക്കുന്നു (കുങ്കുമം, ലക്കം 19). വൈലോപ്പിള്ളിക്കവിതയുടെ സവിശേഷത എടുത്തു കാണിക്കുന്ന ഈ ലേഖനത്തിൽ മനുഷ്യസ്നേഹിയായ വൈലോപ്പിള്ളിയുടെ ചിത്രവുമുണ്ടു്. ഭാഷയെ ചതുപ്പുനിലമായി സങ്കല്പിക്കൂ. ചതുപ്പുനിലത്തിൽ രത്നങ്ങളില്ലെങ്കിലും ഉണ്ടെന്നു വിചാരിക്കൂ. ആ പദരത്നങ്ങളെടുത്തു് നമ്മുടെ മുൻപിൽ വച്ചിട്ടു പോയ നല്ല കവിയാണു് വൈലോപ്പിള്ളി. ഒരു രത്നമിതാ: “കന്യമാർക്കു നവാനുരാഗങ്ങൾ കമ്രശോണസ്ഫടികവളകൾ ഒന്നു പൊട്ടിയാൽ മറ്റൊന്നു്…”

വിഷം

വിഷമയമായ അന്തരീക്ഷത്തിലേയ്ക്കു് ഒരു പക്ഷി പറന്നുപൊങ്ങുന്നതു് ഇവിടിരുന്നാൽ കാണാം. വിഷത്തിലേക്കുള്ള പറക്കലായതുകൊണ്ടു് അതു കാണാൻ പ്രയാസം. അതുകൊണ്ടു് താഴെക്കിടക്കുന്ന വർത്തമാനപ്പത്രം എടുത്തു നിവർത്തിനോക്കി. കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും വാർത്തകളേയുള്ളൂ. ‘അതുചെയ്യും ഇതുചെയ്യും’ എന്നീ കപട പ്രതിജ്ഞകളും അധികാരികളുടെ. പത്രം ദൂരെയെറിഞ്ഞു് മനോരമ ആഴ്ചപ്പതിപ്പെടുത്തു് മേരിക്കുട്ടി ജോർജ്ജ് അഞ്ചൽ എഴുതിയ ‘മോഹം ഒരു പക്ഷി’ എന്ന ചെറുകഥ വായിച്ചു. കോളേജ് പ്രൊഫസർക്കു വീണ എന്ന വിദ്യാർത്ഥിയോടു സ്നേഹം. പെൺകുട്ടിയ്ക്കു അദ്ദേഹത്തിന്റെ സ്നേഹം കണ്ടു അങ്ങോട്ടും സ്നേഹം. അപവാദം. കുട്ടികൾ കളിയാക്കുന്നു, ദേഷ്യപ്പെടുന്നു. വീണയെക്കണ്ടു് പ്രൊഫസർ വീണു പോയിയെന്നു ചിലർ പറയുന്നു. വീണ, പ്രൊഫസർ ക്ഷണിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു. അപ്പോഴാണു് പ്രൊഫസർക്കുണ്ടായ താല്പര്യത്തിന്റെ പൊരുൾ മനസ്സിലാകുന്നതു്. പ്രൊഫസർക്കു ഭാര്യയുണ്ടു്. മകളുണ്ടായിരുന്നു. മരിച്ച ആ മകളുടെ പേരു് വീണ എന്നു്. കോളേജ് വിദ്യാർത്ഥിനിയായ വീണയുടെ ഛായയ്ക്കും മരിച്ച വീണയുടെ ഛായയ്ക്കും തമ്മിൽ വ്യത്യാസമില്ല. പ്രൊഫസർക്കു തന്നോടുതോന്നിയതു് വെറും വാത്സല്യമാണെന്നു മനസ്സിലാക്കിയ വിദ്യാർത്ഥിനി തിരിച്ചു വീട്ടിലേയ്ക്കു പോകുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. അന്തരീക്ഷം വിഷമാർന്നതാണെന്നു് അറിയാതെ പക്ഷി പറന്നുയരുന്നു. പ്രൊഫസർക്കു തോന്നിയ വികാരം രതിയോടു ബന്ധപ്പെട്ടതാണെന്നു് വിഷം കലർന്ന ചിന്ത പെൺകുട്ടിയ്ക്കു്. അവളുടെ മോഹം എന്ന പക്ഷിയും ഉയർന്നു പറക്കുന്നു. കലാരാഹിത്യത്തിന്റെ വിഷം നിറഞ്ഞ മണ്ഡലത്തിൽ അനുവാചകരെ വലിച്ചെറിയുന്നു സാഹിത്യത്തിന്റെ ബാലപാഠം പോലുമറിയാത്ത ഈ കഥയെഴുത്തുകാരി. പണ്ടു രാജാക്കന്മാർക്കു് അമൃതേത്തു് വിളമ്പുന്നതിനുമുമ്പു് ഓരോന്നും പാചകക്കാരൻ കഴിച്ചേമതിയാവൂ എന്നു നിർബന്ധമുണ്ടായിരുന്നു. വിഷം കലർത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു ആ പ്രവൃത്തി. കഥയെഴുതി വാരികയുടെ ഭാജനത്തിൽ വയ്ക്കുന്നതിനു മുൻപു് എഴുതുന്നയാൾ തന്നെ ഒന്നു രുചിച്ചു നോക്കുന്നതു കൊള്ളാം; അങ്ങനെ നോക്കുമ്പോൾ കയ്പ് അനുഭവപ്പെടും. തുപ്പിക്കളയുകയും ചെയ്യാം.

ഒ. എൻ. വി. പറഞ്ഞതു്

ത്യാഗരാജസ്വാമികൾ പാടിപ്പാടി നടന്നു് രാജാവിന്റെ മുൻപിലെത്തി. രാജാവിന്റെ ആജ്ഞയനുസരിച്ച് ത്യാഗരാജൻ പാടി. അപഹൃതചിത്തവൃത്തിയായി രാജാവു് ചോദിച്ചു: “എന്നെക്കുറിച്ചു ഒരു പാട്ടു പാടാമോ?” ഗായകൻ മറുപടി നൽകി: “ഞാനിന്നു വരെ ഒരു രാജാവിനെക്കുറിച്ചേ പാടിയിട്ടുള്ളൂ. ആ ഗാനത്തിന്റെ ആരോഹണങ്ങളാണു് ഇക്കാണുന്ന പർവ്വതപംക്തികൾ. അതിന്റെ അവരോഹണങ്ങളാണു് സമുദ്രങ്ങൾ.” ഇത്രയും പറഞ്ഞിട്ടു് അദ്ദേഹം രാജസന്നിധിയിൽ നിന്നു് ഇറങ്ങിനടന്നു.

കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം കൂടിയ സമ്മേളനത്തിൽ ഉണ്ടായ സംഭവം സർവവിദിതമാണു്. പ്ലാറ്റ്ഫോമിൽ ഇട്ടിരുന്ന മൂന്നു കസേരകളിൽ ഒന്നു പ്രസിഡന്റിനായിരുന്നു. മറ്റു രണ്ടു കസേരകൾ ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും. വള്ളത്തോൾ പ്ലാറ്റ്ഫോമിലേയ്ക്കു കയറിച്ചെന്നു് ഒരു കസേരയിൽ കയറിയിരുന്നു. ആരും അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ ധൈര്യപ്പെട്ടില്ല. [ഇതു ഈ ലേഖകൻ കണ്ടതല്ല, പറഞ്ഞു കേട്ടതാണു്] മഹാകവിയുടെ ഈ പ്രവൃത്തി ആത്മാഭിമാനത്തിന്റേതാണു്, അഹന്തയുടേതല്ല. ഈ അഭിമാനമില്ലാത്തവൻ കവിയല്ലെന്നു ഒ. എൻ. വി. കുറുപ്പു് ഒരിക്കൽ എന്നോടു് പറഞ്ഞു. ഉദാഹരണത്തിനു് ഒരു കവിതയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ത്യാഗരാജസ്വാമികൾ പാടിപ്പാടി നടന്നു് രാജാവിന്റെ മുൻപിലെത്തി. അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് ത്യാഗരാജൻ പാടി. അപഹൃതചിത്തവൃത്തിയായി രാജാവു് ചോദിച്ചു: “എന്നെക്കുറിച്ചു ഒരു പാട്ടു പാടാമോ?” ഗായകൻ മറുപടി നൽകി: “ഞാനിന്നു വരെ ഒരു രാജാവിനെക്കുറിച്ചേ പാടിയിട്ടുള്ളൂ. ആ ഗാനത്തിന്റെ ആരോഹണങ്ങളാണു് ഇക്കാണുന്ന പർവ്വതപംക്തികൾ. അതിന്റെ അവരോഹണങ്ങളാണു് സമുദ്രങ്ങൾ.” ഇത്രയും പറഞ്ഞിട്ടു് അദ്ദേഹം രാജസന്നിധിയിൽ നിന്നു് ഇറങ്ങിനടന്നു.

ആദരണീയമായ ആത്മാഭിമാനം വൈലോപ്പിള്ളിയ്ക്കുണ്ടായിരുന്നു. തൃശൂരിൽ വച്ചു് ജോസഫ് മുണ്ടശ്ശേരിയുടെ ഷഷ്ടിപൂർത്തി ആഘോഷിക്കുകയാണ്. പ്ലാറ്റ്ഫോമിൽ മുണ്ടശ്ശേരിയും കുട്ടികൃഷ്ണമാരാരും പി. സി. കുട്ടികൃഷ്ണനും പി. കേശവദേവും ഉണ്ടു്. അവരുടെ കൂട്ടത്തിൽ ഞാനും. ശ്രോതാക്കളുടെ കൂട്ടത്തിലിരുന്ന വൈലോപ്പിള്ളിയെ മുണ്ടശ്ശേരി ആളുപറഞ്ഞയച്ചു് പല തവണ വിളിപ്പിച്ചു. മുണ്ടശ്ശേരി വേണ്ടിടത്തോളം കവിയെ നിരൂപണത്തിലൂടെ മാനിക്കാത്തതുകൊണ്ടാവാം വൈലോപ്പിള്ളി ഒന്നും മിണ്ടിയില്ല. ഇരുന്നിടത്തു നിന്നു് അനങ്ങിയതുമില്ല. പിന്നെയും മുണ്ടശ്ശേരി ആളയച്ചു. അപ്പോൾ ഞാനും പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ചെന്നു. ഞാൻ കൂടി അപേക്ഷിച്ചേക്കുമെന്നു കരുതി വൈലോപ്പിള്ളി പറഞ്ഞു: ഞാൻ ഇവിടെത്തന്നെ ഇരിക്കുന്നതേയുള്ളൂ. അങ്ങോട്ടു വരാൻ എനിക്കു മനസ്സില്ല.” ഇത്രയ്ക്കു ‘ഇഗോയിസ’മുള്ള കവി എത്ര മൃദുലമനസ്കനായിരുന്നുവെന്നു് അറിയാൻ വായനക്കാർക്കു കൗതുകമുണ്ടോ? ഉണ്ടെങ്കിൽ വൈലോപ്പിള്ളിയെക്കുറിച്ച് അക്കിത്തം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 43) എഴുതിയ ‘അനുജന്റെ പ്രണാമം’ എന്ന ലേഖനം വായിച്ചാലും.

പനിനീർപ്പൂവുപോലുള്ള കരതലങ്ങളുമായി ഭർത്താവിന്റെ വീട്ടിലെത്തുന്ന വധുവിനെ അമ്മായിഅമ്മ വീട്ടുജോലികൾ ചെയ്യിച്ചുചെയ്യിച്ചു് അവളുടെ കരതലങ്ങളെ പാറപോലെ പാരുഷ്യമുള്ളതാക്കുന്നു. ഇന്നത്തെ കവികൾ അമ്മായിഅമ്മമാരാണു്. വധുവിന്റെ റോസാപ്പൂവിനു സദൃശങ്ങളായ കൈകളെ അതേരീതിയിൽ സംരക്ഷിക്കുകയും അങ്ങനെ തന്നെ നിലനിർത്തുകയും ചെയ്ത കവിയായിരുന്നു വൈലോപ്പിള്ളി. അദ്ദേഹത്തെ സുഗതകുമാരിയും കെ. പി. ശങ്കരനും കെ. ഗോവിന്ദൻകുട്ടിയും വിഷ്ണു‌നാരായണൻ നമ്പൂതിരിയും ഒളപ്പമണ്ണയും യൂസഫലി കേച്ചേരിയും കെ. വി. രാമകൃഷ്ണനും അനുസ്മരിക്കുന്നു. ഉചിതജ്ഞതയുള്ള കൃത്യം (രചനകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

* * *

ടോർച്ചെടുത്തു് ഉള്ളംകൈയിലമർത്തി സ്വിച്ച് താഴ്ത്തിയാൽ കൈക്കാകെ ചുവപ്പുനിറം. സന്ധ്യയ്ക്കു കടപ്പുറത്തു ചെന്നുനിന്നു പടിഞ്ഞാറോട്ടു നോക്കിയാൽ ആകാശത്തിനു ചുവപ്പുനിറം.

കടലിനും അതേ വർണ്ണന. കാമുകിയെ പ്രതീക്ഷിച്ചിരിക്കുന്ന കാമുകന്റെ പിറകിൽ അവൾ വന്നു കൈകൾ കൊണ്ടു് കണ്ണു പൊത്തിയാൽ അയാളുടെ നയനങ്ങൾക്കു് ചുവപ്പുനിറത്തിന്റെ പ്രതീതി. അവൾ കൈകൾക്കു് അല്പമൊരു അയവു വരുത്തിയാൽ ആ കൈകൾക്കു് ചുവപ്പുനിറം. രക്തവർണ്ണത്തിന്റെ സമ്പന്നത! കവികളേ! നിങ്ങൾക്കും ഈ സമ്പന്നത കൈവരുത്താമോ?

ബക്കറ്റിനും വേണ്ട

“ആവർത്തനവിരസവും മുഷിപ്പനുമായ ജീവിതത്തിൽ ആശിക്കാനും പ്രതീക്ഷിക്കാനും എന്തെങ്കിലുമുണ്ടോ? ഉണ്ടാവാം — ഗോദോയാവാം. എന്താണു് ആരാണു് ഗോദോ.” ഗോദോയെ കാത്തു് എന്ന നാടകം നിരൂപണം ചെയ്യുന്ന വേളയിൽ ഡോക്ടർ എം. എം. ബഷീർ ഇങ്ങനെ പറഞ്ഞതായി ചരിത്രരേഖകളിൽ കാണുന്നു. (കലാകൗമുദി ലക്കം 540) ഇതിനു ചരിത്രരേഖകളുടെ കർത്താവു് നൽകുന്ന കമന്റ് രസകരമാണു്. “ഇപ്പോൾ ആരാണു് ഈ ഗോദോ എന്നു് സാമുവൽ ബക്കറ്റിനുമറിയില്ല.” ശരിയാണതു്. തന്റെ നാടകത്തിൽ അസംതൃപ്തനായ ബക്കറ്റ് അതിൽ ഏറെ തിരുത്തലുകൾ നടത്തിയെന്നു രണ്ടുവർഷം മുൻപ് ‘റ്റൈം’ വാരികയിൽ കണ്ടു. ഈ നാടകത്തെക്കുറിച്ചു പേരുകേട്ട ഒരു നിരൂപകൻ പറഞ്ഞതുകൂടി കേട്ടാലും:

“Waiting for Godot is another of those plays that tries to lift superficiality to significance through obscurity. It should please those who prefer to have their cliches masquerading as epigrams” “ദുർഗ്രഹതയിലൂടെ ബഹിർഭാഗസ്ഥതയെ അർത്ഥശക്തിയിലേക്കു് ഉയർത്താൻ ശ്രമിക്കുന്ന നാടകങ്ങളിൽ ഒന്നത്രേ ‘ഗോദോയെക്കാത്തു്’ എന്നതു്. പ്രയോഗിച്ചു പ്രയോഗിച്ചു് വൈരസ്യമാർന്ന തങ്ങളുടെ പദങ്ങൾ സൂത്രവാക്യങ്ങളായി കപടവേഷം കെട്ടിക്കാണണമെന്നുള്ളവരെ അതു് തീർച്ചയായും സന്തോഷിപ്പിക്കും.”

നോബൽസമ്മാനം നേടിയ ബക്കറ്റ് എവിടെ? വെറുമൊരു കോളമെഴുതുന്ന ഞാനെവിടെ? എങ്കിലും ഞാൻ പടിഞ്ഞാറൻ ദേശത്തു് ജനിച്ചു് രാഷ്ട്രാന്തരീയ പ്രശസ്തി ആർജ്ജിച്ച നിരൂപകനായി മാറിയിരുന്നെങ്കിൽ സംശയം കൂടാതെ “It is a fake” എന്നു പറയുമായിരുന്നു.

ഫെയ്‌മ് അവിടെ മാത്രം

ലൊറൻസ് സ്റ്റൺ (Laurence Sterne) എന്ന ഇംഗ്ലീഷ് നോവലെഴുത്തുകാരന്റെ പ്രഖ്യാതമായ കൃതിയാണു് ‘ട്രിസ്റ്റ്രം ഷൻഡീ’ (Tristram Shandy). നവീനനോവലിന്റെ മാതൃകയായി കരുതപ്പെടുന്ന ഈ കൃതിയുടെ ഒന്നാമത്തെ അദ്ധ്യായത്തിൽ അമ്മയുടെ ഗർഭാശയത്തിൽ ട്രിസ്റ്റ്രം രൂപംകൊള്ളുന്നതിനെയാണു് വർണ്ണിച്ചിരിക്കുന്നതു്. (ഓർമ്മയിൽനിന്നെഴുതുന്നതു്) ട്രിസ്റ്റ്രമിന്റെ അച്ഛനമ്മമാർ ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഭാര്യ ഭർത്താവിനോടു ചോദിച്ചു നാഴികമണിക്കു “ചാവികൊടുത്തോ” എന്നു് (ചുറ്റുകമ്പി മുറുക്കിവച്ചോ എന്നു്). ഈ ക്ഷുദ്രമായ ചോദ്യം കേട്ട് ഭർത്താവു് അസ്വസ്ഥനായി. അയാൾക്കു് ആ അസ്വസ്ഥത ഉണ്ടായതിനാലാണു് ട്രിസ്റ്റ്രം ആ രീതിയിൽ ജനിച്ചുപോയതെന്നു ഗ്രന്ഥകാരൻ പറയുന്നു. അല്ലെങ്കിൽ വേറൊരു ട്രിസ്റ്റ്രമായിരിക്കും ജനിക്കുക. ദേശാഭിമാനി വാരികയിൽ പ്രൊഫസർ കെ. പി. മോഹനൻ എഴുതിയ ‘മലയാള നോവൽ 1985-ൽ’ എന്ന ഉപരിപ്ലവമായ ലേഖനം വായിച്ചപ്പോൾ ട്രിസ്റ്റ്രമിന്റെ അമ്മ ചോദിച്ച ചോദ്യമാണു് ഓർമ്മയിലെത്തിയതു്. പെൺപിറന്നവർക്കു ചോദ്യമെറിയാൻ കണ്ട സമയം നോക്കണേ. ഗൗരവമർഹിക്കുന്ന ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ രാഷ്ട്രവ്യവഹാരത്തോടും ഐഡിയോളജിയോടും ബന്ധപ്പെട്ട ഒരു പെണ്ണു് “ക്ലോക്ക് വൈൻഡ് ചെയ്യാൻ നിങ്ങൾ മറന്നില്ലല്ലോ?” എന്നു ചോദിക്കുന്നു. ആ ചോദ്യം മോഹനനു് അസ്വസ്ഥത നൽകിയതുകൊണ്ടു് ലേഖനശിശുവിന്റെ രൂപം മാറിപ്പോയി. പെണ്ണിന്റെ അനൗചിത്യം എന്നേ പറയാനുള്ളൂ. മോഹനനെ ഒരുവിധത്തിലും കുറ്റപ്പെടുത്തരുതു്. പിന്നെ, പേരുകേട്ട നോവലിസ്റ്റുകൾ എന്ന നിലയിൽ അദ്ദേഹമെടുത്തുകാണിക്കുന്നവരുടെ ‘ഫെയ്‌മ്’ (fame) തിരുവനന്തപുരത്തു് എത്തിയിട്ടില്ലെന്നുകൂടി അദ്ദേഹത്തെ സവിനയം അറിയിക്കട്ടെ. ഒരുപക്ഷേ അതെന്റെ കുറ്റവുമാകാം. കീർത്തിയുടെ ശരച്ചന്ദ്രിക പരന്ന വേളയിൽ ഞാൻ ഉറങ്ങുകയായിരുന്നു എന്നു കരുതാം.

നിർവ്വചനങ്ങൾ

പാലാ: അനുഗൃഹീതനായ കവിയാണെങ്കിലും അവഗണിക്കപ്പെടുന്ന നല്ല മനുഷ്യൻ. വൈക്കത്തു് ടി. വി. പുരത്തു് നിശബ്ദനായി കഴിയുന്നു. ടെലിവിഷനിൽ, റേഡിയോയിൽ, സമ്മേളനങ്ങളിൽ അദ്ദേഹത്തിനു സ്ഥാനമില്ല. സ്ഥാനമുള്ളതു് സഹൃദയരുടെ ഹൃദയങ്ങളിൽ മാത്രം. കവേ, കേരളത്തിൽ ഇങ്ങനെയൊക്കെയാണു് നടക്കുക.

എം. പി. നാരായണപിള്ള
ജീവിതത്തിന്റെ ഗംഭീര വിഷയങ്ങളിലും ക്ഷുദ്രവിഷയങ്ങളിലും സൂക്ഷ്മദൃഷ്ടി വ്യാപരിപ്പിക്കുന്ന പ്രഗൽഭൻ. താൻ കണ്ട കാര്യങ്ങളെ അദ്ദേഹം ലളിതമായി എന്നാൽ ശക്തമായി ആവിഷ്കരിക്കുന്നു. നിങ്ങൾക്കു നാരായണപിള്ളയോടു യോജിക്കാൻ വയ്യെങ്കിൽ വേണ്ട. അദ്ദേഹത്തെ അവഗണിക്കാനാവില്ല ആർക്കും.
ചെരിപ്പു്
സ്ഥാനമാനങ്ങൾക്കും ചില സംഘടനകളിലെ അംഗത്വത്തിനും വേണ്ടി സെക്രട്ടേറിയറ്റിലേക്കു് കണ്ടമാനം നടക്കുമ്പോൾ ഉള്ളം കാലിലെ തൊലി തേഞ്ഞു പോകാതെ വ്യക്തികളെ രക്ഷിക്കുന്ന ഉപകരണം.
പൊലീസ്
എല്ലാവരും വിമർശിക്കുന്ന ഒരു സംഘം. ഞാനും വിമർശിച്ചെന്നു വരും. പക്ഷേ എന്നെനോക്കി ഒരുത്തൻ തുമ്മിയാൽ ഞാൻ ടെലിഫോണിൽ 100 എന്ന നമ്പർ കറക്കി അവരുടെ സഹായം അഭ്യർത്ഥിക്കും.
അറപ്പു്
ചേരയും പാമ്പും ഇഴയുന്നതു കാണുമ്പോൾ നമുക്കുണ്ടാകുന്ന വികാരം ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണൻ, ചട്ടമ്പിസ്വാമി ഈ പാവനചരിതന്മാരെ കുത്സിത ജീവിതം നയിക്കുന്ന ചിലർ പ്രഭാഷണവേദികളിൽ കയറിനിന്നു പ്രശംസിക്കുമ്പോഴും അവരുടെ മഹനീയങ്ങളായ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോഴും നല്ലയാളുകൾക്കു് ഉണ്ടാകുന്നതും ഈ വികാരം തന്നെ. [ഞാൻ ഈ നല്ലയാളുകളിൽ പെട്ടവനല്ല.]
പാലാനാരായണൻ നായർ
അനുഗൃഹീതനായ കവിയാണെങ്കിലും അവഗണിക്കപ്പെടുന്ന നല്ല മനുഷ്യൻ. വൈക്കത്ത് ടി. വി. പുരത്തു നിശ്ശബ്ദനായി കഴിയുന്നു. ടെലിവിഷനിൽ, റേഡിയോയിൽ, സമ്മേളനങ്ങളിൽ അദ്ദേഹത്തിനു സ്ഥാനമില്ല. സ്ഥാനമുള്ളത് സഹൃദയരുടെ ഹൃദയങ്ങളിൽ മാത്രം. കവേ, കേരളത്തിൽ ഇങ്ങനെയൊക്കെയാണ് നടക്കുക.

നിരീക്ഷണങ്ങൾ

  1. കെ. സി. കാട്ടാക്കട കുമാരി വാരികയിലെഴുതിയ ‘അല്ലിക്കുടങ്ങൾ’ എന്ന കാവ്യത്തിലെ ഒരു ചോദ്യം: “എന്തിനീ നാണം… എന്തിനീ മൗനം എന്തിനീ വിഷാദ ഭാവം?” ഇതിലെ എന്തിനീ വിഷാദ ഭാവം? എന്ന വരി മാറ്റി എന്തിത്ര കോപത്തിൻ സിന്ദൂരം? എന്നാക്കാത്തതെന്ത്? കഷ്ടം!… അതും ഒരു തണലു തന്നെ.
  2. ഒരുത്തൻ ഒരു പെണ്ണിനെ സിനിമാശാലയിൽ വച്ചു കാണുന്നു. പരിചയപ്പെടുന്നു. പരിചയം പ്രേമത്തിലേക്കും പിന്നെ വിവാഹത്തിലേക്കും ചെല്ലുന്നു. പ്രഥമ രാത്രി. കെട്ടിടം നിർമ്മിച്ചിട്ടുമതി കുട്ടിയെന്ന് തീരുമാനിക്കുന്നു, ഇതാണ് എം. ആർ. മനോഹരവർമ്മയുടെ ‘റൊമാൻസ് കേരള സ്റ്റൈൽ’ എന്ന ചെറുകഥ (ദീപിക വാരികയിൽ). അങ്ങിങ്ങായി ചില നേരമ്പോക്കുകളുണ്ടെങ്കിലും ഒരു ബീഭത്സതയാണിത്. അർത്ഥമില്ലാത്ത വാക്കുകൾ പറയുന്ന ഒരു ഇംഗ്ലീഷ് പ്രൊഫസറുണ്ടായിരുന്നു പണ്ട്. ഒരിക്കൽ അദ്ദേഹം പറഞ്ഞു ഡൈലാ പിഡേറ്റഡ് ക്റ്റാസ്ട്രഫി എന്ന്. ഇതൊ ഡൈലാപിഡേറ്റഡ് ക്റ്റാസ്ട്രഫി തന്നെ.
  3. “സെൻസേഷണലിസത്തിനു വേണ്ടി പല പൊടിക്കൈകളും പ്രയോഗിക്കുന്ന പ്രൊ. എം. കൃഷ്ണൻനായരുടെ വിമർശന പ്രവണതകളെ അദ്ദേഹം [ഡോക്ടർ സുകുമാർ അഴീക്കോട്] നിശബ്ദമായി പരിഹസിച്ചു. ഒരു തരം ഞരമ്പു രോഗം മാത്രമാവാം ഇത്തരം വിമർശനങ്ങളുടെ പ്രേരക ഘടകമെന്നു പ്രൊഫ. അഴീക്കോടു പറഞ്ഞു.” ഇതു കൈനകരി ഷാജി മനോരാജ്യം (ലക്കം 7) എഴുതിയ ഒരു ലേഖനത്തിൽ നിന്നാണ്. ഈ ഞരമ്പു രോഗത്തെ സുകുമാർ അഴീക്കോട് നേരിട്ടും കത്തുകളിലൂടെയും മുൻപ് പ്രശംസിച്ചിട്ടുണ്ട്. താൻ നിരൂപണത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതുന്നുവെന്നും അതിൽ എനിക്ക് സമുചിതമായ സ്ഥാനം നൽകുമെന്നും അദ്ദേഹം എനിക്ക് എഴുതി അയച്ചു. ഞാൻ വെറുമൊരു കോളമിസ്റ്റാണെന്നും ആ വിധത്തിലുള്ള പ്രശംസക്ക് അർഹതയില്ലെന്നും ഞാൻ അറിയിച്ചു. സുകുമാർ അഴീക്കോടിന്റെ കത്തുകൾ എന്റെ കൈയിലുണ്ട്. വിരോധമില്ലാത്തപ്പോൾ ‘നിരൂപകൻ’: വിരോധമുണ്ടായാൽ ‘ഞരമ്പു രോഗി’. ഇതത്ര ശരിയോ പ്രൊഫസറേ? “അതു നീ തന്നെ” എന്ന തത്വം ഉദ്ഘോഷിക്കുന്ന ആളിന് ഇതു യോജിച്ചതാണോ?
  4. ഹോട്ടലിൽ ജോലിയുള്ള ഒരുത്തൻ നഴ്സായ കാമുകിയെ ഹോട്ടലിലെ കാബറെ നൃത്തം കാണിച്ചു കൊടുക്കുന്നു. അവൾക്കു മോഹ ഭംഗം. രവീന്ദ്രൻ മോനായി ജനയുഗം വാരികയിലെഴുതിയ കഥയുടെ സാരമാണിത്. രവീന്ദ്രൻ സ്പർശിക്കുന്നതെന്തും ഈ വിധത്തിൽ വിരൂപമാകാറുണ്ടോ?

തത്തമ്മേ പൂച്ച പൂച്ച

തത്തയെ വീട്ടിൽ വളർത്തുന്നവരിൽ ഇരുപതു ശതമാനം ഹൃദയാഘാതത്താൽ മരിക്കുമെന്ന് അമേരിക്കയിൽ നടത്തിയ ഒരു ‘സർവേ’ തെളിയിച്ചതായി പത്രത്തിൽ വായിച്ചു. ഇതിനുള്ള യുക്തിയെന്താണെന്ന് അറിഞ്ഞുകൂടാ. വീട്ടിൽ പറയുന്നതൊക്കെ അതേരീതിയിൽ ആവർത്തിക്കുന്ന പക്ഷിയാണല്ലോ തത്ത. ചിലപ്പോൾ മറ്റുള്ളവർ കേൾക്കാതെ വീട്ടിലുള്ളവർ പറയുന്ന രഹസ്യവും അന്യർ വന്നു കയറുമ്പോൾ തത്ത വിളിച്ചു പറയുമായിരിക്കും. അതു കേൾക്കുന്ന ഗൃഹനായകനു ഹൃദയക്ഷോഭമുണ്ടാകാം. പല തവണ ഹൃദയക്ഷോഭമുണ്ടാകുമ്പോൾ അയാൾ ‘ഹാർട്ട് അറ്റാക്കി’ന് ഇരയായെന്നു വരാം. പ്രതീക്ഷകളോടു കൂടിയാണ് കെ. പി. ഉമ്മറിന്റെ പംക്തി (ചന്ദ്രിക ആഴ്ചപ്പതിപ്പ്) ഞാൻ വായിച്ചു തുടങ്ങിയത്. 24-ആം ലക്കത്തിലെ കഥ അസഹനീയമാം വിധത്തിൽ ബോറിങ്ങാണ്. അത് തത്തയുടെ അസംബന്ധ പ്രലപനമാണ്. മൗലികമെന്നു തോന്നാത്ത വിധം ആവർത്തനമാണ്. ഇതു വായിക്കുന്ന ഞാൻ, ആ ഇരുപതു ശതമാനത്തിൽ പെടാതിരിക്കട്ടെ. പച്ചപ്പുതപ്പു പുതച്ചുകൊണ്ട് ഒരാളെത്തിയപ്പോൾ അയാൾ വന്നയാളിനെ കെട്ടിപ്പിടിച്ചു പോലും. അപ്പോൾ നബി അയാളെ തല്ലി പോലും. അയാൾ മലവിസർജ്ജനം ചെയ്യാൻ അവിടെ എത്തിയതാണു പോലും. എന്തൊരു ‘ബാഡ് ടേസ്റ്റ്’!

* * *

നോബൽ സമ്മാനം വാങ്ങിയ വില്യം ഗോൾഡിങ് എന്ന നോവലെഴുത്തുകാരൻ ‘ഹാംലറ്റ്’ എഴുതിയ ഷേക്സ്പിയറിന്റെ ജീനിയസ്സിനെക്കുറിച്ച് പറഞ്ഞിട്ട് ‘ലിറ്റററി കാർപ്പന്റേഴ്സി’നെപ്പറ്റി — സാഹിത്യത്തിലെ ആശാരിമാരെക്കുറിച്ചു — പറഞ്ഞിരിക്കുന്നു. സമതലത്തിൽ ചേർന്നു നിൽക്കുന്ന നാലു കാലുകളുള്ള കസേര ആശാരി നിർമ്മിക്കുന്നു. അതിൽ ഇരിക്കുന്നവനു പരമ സുഖം. കസേര എന്ന ഉപകരണത്തിലാണു താനിരിക്കുന്നതെന്ന് അയാൾക്ക് അറിഞ്ഞു കൂടാ. അതു കാണുന്നവന് കസേരയിലാണ് അയാൾ ഇരിക്കുന്നതെന്നറിയാം. ഈ ‘ലിറ്റററി ഫർണിച്ചർ’ ഇന്ന് ധാരാളമുണ്ടാകുന്നുവെന്ന് ഗോൾഡിങ് സൂചിപ്പിക്കുന്നു.

ഇംഗ്ലീഷ് പഠിപ്പിക്കൽ

മഹോപാദ്ധ്യായ എന്ന സംസ്കൃത പരീക്ഷ ജയിച്ച ഒരു മദ്ധ്യവയസ്കനെ ഞാൻ കുറേക്കാലം ഇംഗ്ലീഷ് പഠിപ്പിച്ചു. ഏത് ഇംഗ്ലീഷ് വാക്ക് ഞാൻ പറഞ്ഞാലും “അത് ദ്യോതകമോ അവ്യയമോ?” എന്നു ചോദിക്കും. അതു കേൾക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും. വേണ്ടിടത്തോളം ബുദ്ധിയില്ലാത്ത പയ്യനെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ അവൻ തെറ്റായി ഉച്ചരിച്ചാൽ അദ്ധ്യാപകന് ദേഷ്യം വരും. എന്നാൽ അതി സുന്ദരിയായ തരുണിയെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ അവൾ തെറ്റു പറഞ്ഞാൽ പഠിപ്പിക്കുന്ന ചെറുപ്പക്കരന് രതിയോടു ബന്ധപ്പെട്ട ആഹ്ലാദമേ ഉണ്ടാവൂ. ‘ഏപ്രിൽ ഫൂൾ, യുഫൂളെന്നാംഗലത്തിൽച്ചേർത്ത പേപ്പർ കൊണ്ടസ്സൽ പൊതിയാക്കി’ എന്നു തൂടങ്ങുന്ന കാവ്യം കുങ്കുമം വാരികയിൽ വായിച്ചപ്പോൾ എനിക്കു ദേഷ്യമാണു വന്നത്. കാവ്യം രചിച്ച കരിമ്പുഴ രാമചന്ദ്രൻ ബുദ്ധി ശുന്യനായ ബാലനെയാണ് എന്റെ മുന്നിലിരുത്തിയിട്ടുള്ളത്. നേരേ മറിച്ച് ഇരിക്കുന്നയാൾ സൗന്ദര്യമുള്ള കവിതാംഗനയായിരുന്നെങ്കിൽ എന്റെ ഉള്ളു കുളിക്കുമായിരുന്നു.

* * *

നവീന നോവലെഴുത്തുകാരിൽ സുപ്രധാനമായ സ്ഥാനമുണ്ട് എമ്മ ടെനന്റിന് (Emma Tennant) അവരുടെ Wild Nights (1979); Women Beware Women (1983) എന്നീ നോവലുകൾ ഞാൻ വായിച്ചു. ഇവ കൂടാതെ അവരുടെ വേറെയും മൂന്നു നോവലുകളുണ്ട്. ഞാൻ വായിച്ച രണ്ടു നോവലുകളും ഗഹനങ്ങളാണ്; ‘വിഷ’ന്റെ ശക്തിയിൽ അദ്വിതീയങ്ങളാണ്. ‘ഫാസിനേറ്റിങ്’ എന്ന് അവയെ വിശേഷിപ്പിച്ചാലും ശരിയായിരിക്കും.

* * *

“ഞാൻ നക്ഷത്രങ്ങളെക്കണ്ട് അദ്ഭുതപ്പെട്ടുകൊണ്ടു തെരുവിലൂടെ നടക്കുന്നു. പെട്ടെന്ന് ഒരു വണ്ടി വന്ന് എന്റെ ശരീരത്തിൽ ഇടിക്കുന്നു.” ഫ്രഞ്ചെഴുത്തുകാരൻ സ്റ്റാൻദേൽ പറഞ്ഞതാണിത്. സാഹിത്യത്തിന്റെ മഹാത്ഭുതം കണ്ടുകൊണ്ടു നമ്മൾ നടക്കുമ്പോൾ നിന്ദനത്തിന്റെ വണ്ടി വന്ന് നമ്മെ ഇടിച്ചു വീഴ്ത്തും. വണ്ടിയോടിക്കുന്നവർ അത്തരക്കാരാണ്.