close
Sayahna Sayahna
Search

ബസ്സ് തെറ്റാതിരിക്കാൻ


ബസ്സ് തെറ്റാതിരിക്കാൻ
EHK Story 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദിനോസറിന്റെ കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 65

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ ആശയെ എതിരേറ്റത് രണ്ട് കഥാപാത്ര­ങ്ങളായിരുന്നു. ഒന്ന് സ്വർണ്ണഫ്രെ­യിമുള്ള കണ്ണടയിലൂടെ അവളെ നിരാകരിച്ചുകൊണ്ട് നോക്കിയ അമ്മായിയമ്മ. അവർ അടുത്തുവന്ന് അവളുടെ തൊട്ടുമു­മ്പിൽനിന്ന് അവളുടെ ഓരോ അംഗങ്ങളും പഠിക്കാൻ തുടങ്ങി. വലത്തെ കൈകൊണ്ട് കണ്ണട കുറച്ചുയർത്തി കണ്ണുകൾ ചുളിച്ച് അവർ ഒരു പത്തു മിനിറ്റുനേരം നോക്കി പഠിച്ചു. അവസാനം മകന്റെ നേരെ തിരിഞ്ഞ് നിനക്കു ഇങ്ങനത്തെ ഒരുത്തിയെ കിട്ടിയുള്ളോടാ എന്ന ഒരു നോട്ടവും എറിഞ്ഞ് തിരിഞ്ഞു നടന്നു.

രണ്ടാമത്തെ കഥാപാത്രം ഭർത്താവിന്റെ അനുജത്തി രമണിയാ­യിരുന്നു. അവൾക്ക് തന്നേക്കാൾ പ്രായമായിട്ടു­ണ്ടാകുമെന്ന് ആശ ഊഹിച്ചു. അവൾ ഓടി വന്ന് ചേട്ടനെ കെട്ടിപ്പിടിച്ച് കഴുത്തിൽ തൂങ്ങി. എന്താ ചേട്ടൻ ഇത്ര നേരം വൈകിയത് എന്നൊരു ചോദ്യവും. ഗോപി അവളെ അരക്കെട്ടിലൂടെ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് എന്തോ പറഞ്ഞ് അകത്തേക്കു പോയി. അതോടെ അവൾക്ക് നേരിടേണ്ടിവന്ന കഥാപാത്ര­ങ്ങളുടെ എണ്ണം മൂന്നായി. ആശ കുറച്ചുനേരം ഉമ്മറത്തുതന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നെ അവിടെത്ത­ന്നെയുള്ള ഒരു കസേരയിൽ ഇരുന്നുകൊ­ണ്ടാലോചിച്ചു. കല്യാണം കഴിഞ്ഞ അന്നുതന്നെ കൂട്ടിക്കൊണ്ടുവരലും, കൊണ്ടാക്കലും കഴിഞ്ഞിരുന്നു. അന്നു വന്നപ്പോൾ വിളക്കും താലവും പിടിച്ചിരുന്നത് വേറെ ഏതോ പെൺകുട്ടി­കളായിരുന്നു. ഈ അമ്മയും മകളും അല്ല, തീർച്ച. അമ്മായിയമ്മയുടെ പെരുമാറ്റത്തിൽ അവൾക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. എല്ലാ അമ്മായിയ­മ്മമാരും ഒരു പക്ഷെ അങ്ങിനെതന്നെ­യായിരിക്കും പെരുമാറുക.

സ്വന്തം സൗന്ദര്യത്തെപ്പറ്റി ആശയ്ക്കു നല്ല ബോധമുണ്ട്. ചെമ്പകത്തിന്റെ നിറമാണ് അവളുടേത്. സിൽക്കുപോ­ലത്തെ തലമുടി, ഭംഗിയുള്ള മൂക്ക്, പ്രകാശം പരത്തുന്ന കണ്ണുകൾ. അതുപോലെ വടിവൊത്ത ദേഹവും. ഇതെല്ലാം തനിക്കുണ്ടെന്ന് അവൾക്കറിയാം. ഇതെല്ലാം ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസം കൊടുക്കുന്ന­തായിരുന്നു. പിന്നെ ഒരു അമ്പതുകാരി അമ്മായിയമ്മ തന്നെ നോക്കി പുരികം ചുളിച്ചപ്പോൾ അവൾക്ക് വലിയ വിഷമമൊന്നുമു­ണ്ടായില്ല. ഭർത്താവ് അനിയത്തിയുടെ അരക്കെട്ടിലൂടെ കയ്യിട്ട് അകത്തേക്കു പോയപ്പോഴും അവൾക്ക് അസാധാര­ണമായി ഒന്നും തോന്നിയില്ല. പക്ഷെ ഒറ്റയ്ക്ക് ഇരിക്കേണ്ടിവന്ന വിഷമം കാരണം അവൾ അകത്തേക്ക് പോകാൻ തീരുമാനിച്ചു. ഉമ്മറത്തുനിന്ന് തളത്തിലേക്കാണ് കടക്കുന്നത്. തളത്തിൽ നിന്ന് രണ്ടു വാതിലുകളുണ്ട്. ഒന്ന് അടുക്കളയി­ലേക്കുള്ളതും മറ്റൊന്ന് ഒരു കിടപ്പുമുറിയിലേ­യ്ക്കുള്ളതും. തളത്തിന്റെ ഇടതുവശത്ത് മുകളിലേക്കുള്ള കിടപ്പുമുറിയിൽ കട്ടിലിന്റെ തലക്കൽ അമ്മ ഇരിക്കുന്നു. കാൽഭാഗത്ത് ഗോപിയും. അയാളുടെ തോളത്ത് കയ്യിട്ടുകൊണ്ട് അനിയത്തി നിൽക്കുകയാണ്. ആശ കടന്നുവന്ന ഉടനെ സംസാരം പെട്ടെന്നു നിലച്ചു.

ആശ കാൽ പിന്നോക്കംവെച്ച് തിരിഞ്ഞുപോകാൻ ഭാവിച്ചു. അപ്പോൾ ഗോപി വിളിച്ചു.

‘ആശ വരു ഇവിടെ ഇരുന്നോളൂ.’

ആശ നോക്കിയപ്പോൾ അവിടെ കട്ടിലല്ലാതെ ഇരിക്കാൻ വേറെ സ്ഥലമൊ­ന്നുമില്ല. വേണമെങ്കിൽ കട്ടിലിന്മേൽ അമ്മയുടെയും മക്കളുടെയും നടുവിലിരിക്കാം. അങ്ങിനെയി­രുന്നാൽ രണ്ടു പക്ഷത്തുനിന്നുമുള്ള നോട്ടത്തിന്റെ നടുവിൽ ചൂളി ഇരിക്കേണ്ടിവരും. അവൾക്ക് ഭർത്താവിന്റെ പിന്നിൽ അയാളുടെ അനിയത്തി നിൽക്കുന്നപോലെ നിൽക്കാൻ തോന്നി. അതൊരു അഭയസ്ഥാനമാണ്. ഒന്നുമില്ലെങ്കിലും താൻ ആക്രമിക്കപ്പെ­ടുന്നുണ്ടൊ എന്ന് മനസ്സിലാ­ക്കാമല്ലൊ. അവൾ വാതിൽപ്പടിമേൽ നിന്നു. അപ്പോൾ അമ്മായിയമ്മ സംസാരിക്കാൻ തുടങ്ങി.

‘ഈ വാതിൽപ്പടിയിന്മേൽ നിൽക്ക്വാ മുതലായതൊക്കെ നിങ്ങടെ നാട്ടിൽ നല്ല സ്വഭാവമായിരിക്കും. ഞങ്ങടെ നാട്ടിൽ ഇതൊന്നും പതിവില്ല. ഇവിടെ ഇതൊക്കെ അശ്രീകരായിട്ടാണ് കണക്കാക്കുന്നത്.’

അവൾ പിന്മാറി, തളത്തിൽ ഒരു കസേരയിൽ പോയി ഇരുന്നു. ഭർത്താവിന്റെ വീട്ടിൽ അവളുടെ ജീവിതം എങ്ങിനെയാ­യിരിക്കുമെന്ന ഒരു ഏകദേശരൂപം ഒരു മുന്നറിയിപ്പായി അവൾക്ക് കിട്ടിക്കഴിഞ്ഞു.

‘കുറച്ച് തണ്ടുള്ള കൂട്ടത്തിലാണെന്ന് തോന്നുണു.’

അമ്മായിയമ്മയുടെ ശബ്ദം അവൾ കേട്ടു. ഗോപി അപ്പോൾ എന്തായിരിക്കും മറുപടി പറഞ്ഞിരിക്കുക എന്നവൾ ഊഹിച്ചു. ഒരുപക്ഷെ ഒന്നും പറഞ്ഞില്ലായിരിക്കും. വിവാഹം കഴിഞ്ഞ രണ്ടു രാത്രികളുടെ പരിചയത്തിൽ അയാൾക്കവളോട് സ്‌നേഹമുണ്ടെന്ന ധാരണയാണ് അവൾക്കു­ണ്ടായിരുന്നത്. അയാൾ അവളോട് കൂടുതൽ അടുത്തിരുന്നില്ല. അത് കുറച്ച് ലജ്ജാശീലനായതു കൊണ്ടായിരി­ക്കുമെന്നവൾ സമാധാനിച്ചു.

അമ്മായിയമ്മയുടെ ശബ്ദം ഉയർന്നു വന്നു. ആശയെപ്പറ്റി­ത്തന്നെയാണ് സംസാരിച്ചിരുന്നത്. അവൾ എഴുന്നേറ്റ് ഉമ്മറത്തേക്കു തന്നെ നടന്നു. ശബ്ദകോലാഹ­ലങ്ങളിൽ നിന്നകന്നിരി­ക്കാമല്ലൊ. മിറ്റത്ത് അപ്പോഴും പോക്കുവെയിൽ. പുഷ്പിച്ചു നിൽക്കുന്ന തെച്ചിമരങ്ങൾ, അലറി മരങ്ങൾ. അവൾ ഒരു രക്ഷാകേന്ദ്രം തേടുകയായിരുന്നു. തനിക്കാവശ്യമാവും. അവൾ സാധാരണ ചെയ്യാറുള്ളതാണത്. മനസ്സ് അലയാൻ വിടുക. പ്രത്യേകിച്ചും ഉച്ച തിരിഞ്ഞ സമയങ്ങളിൽ. അവൾ മരിച്ചുപോയ അമ്മമ്മയെ ഓർക്കും. വീട്ടിലെ പല ഓർമ്മകളും അവരോട് ബന്ധപ്പെ­ട്ടിട്ടുള്ളതാണ്. പുറം ചുമരിൽ ഒരു തേനീച്ചക്കൂട്, ജനലിലൂടെ വന്ന്, കറുത്ത സിമന്റിട്ട നിലത്ത് പതിക്കുന്ന സൂര്യപ്രകാശം, ആ പ്രകാശം പ്രതിഫലിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ ചുമരിൽ. ഈ ഓർമ്മകൾ അവളെ എപ്പോഴും ശാന്തമാക്കാറുണ്ട്.

അങ്ങിനെയിരിക്കുമ്പോൾ ഒരാൾ പടികടന്നു വരുന്നതവൾ കണ്ടു. നരച്ച കുറ്റി രോമങ്ങളുള്ള ഒരാൾ. കറുത്ത കരയുള്ള ഡബ്ബിൾമുണ്ടാണുടു­ത്തിരിക്കുന്നത്. അടുത്തു വന്നപ്പോൾ ആശയ്ക്ക് ആളെ മനസ്സിലായി. ഗോപിയുടെ അച്ഛൻ. വിവാഹാലോച­നയുംകൊണ്ട് ആദ്യം വന്നപ്പോൾ ഇദ്ദേഹവുമു­ണ്ടായിരുന്നു. രണ്ടാമത് പെണ്ണുകാണാൻ വന്നപ്പോഴും. അപ്പോൾ അമ്മയും മകളും മാത്രമെ അകത്തുവന്ന് അവളെ കണ്ടുള്ളു.

അയാൾ ഉമ്മറത്തേക്കുള്ള പടികൾ കയറി വന്നപ്പോൾ ആശ എഴുന്നേറ്റു. അയാൾ ഉമ്മറത്തേക്കു കയറി ഒരു നിമിഷം അവളെ നോക്കി എന്തോ പറയണമോ എന്നു ശങ്കിച്ചു നിന്നു. പിന്നെ ധൃതിയിൽ വലത്തോട്ടുള്ള വാതിൽ കടന്ന് ഒരു മുറിയിലേക്ക് അപ്രത്യക്ഷനായി. ആ മുറി അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്. വീടിന്റെ അകവുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടിൽ ഒരു മുറി.

അച്ഛൻ പുറത്തു വരുന്നതും പ്രതീക്ഷിച്ച് അവൾ കുറച്ചുനേരം അവിടെ നിന്നു. ഒരു പതിനഞ്ചു മിനിറ്റോളം അങ്ങിനെ നിന്നിട്ടുണ്ടാകും. അയാൾ പുറത്തു വരലുണ്ടായില്ല. ചാരിയ വാതിൽ അനങ്ങാതെ നിന്നു. അവൾ വീണ്ടും തിണ്ണമേൽ സിമന്റിന്റെ തണുപ്പിൽ ചാരിയിരുന്നു. ഇതിനകം വെയിൽനാളങ്ങൾ കെടുകയും നിഴലുകൾ മുറ്റത്താകെ പരക്കുകയും ചെയ്തിരുന്നു. അവൾക്ക് ഉറക്കം വന്നു. ഉറക്കം വരുന്നെന്ന വസ്തുത തന്നെ അവളെ രസിപ്പിച്ചു. കാരണം കഴിഞ്ഞ രണ്ടു രാത്രികളിലും ഉറക്കം കിട്ടാത്ത വിഷമം അവൾക്കുണ്ടാ­യിരുന്നില്ല.

‘നീയിവിടെ എന്തു ചെയ്യുകയായിരുന്നു?’

ഗോപിയുടെ ശബ്ദം. അവൾ ഞെട്ടിയുണർന്നു.

‘നീ മുകളിൽ പോയിട്ടുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.’

അങ്ങിനെ വിചാരിക്കാനുള്ള കാരണങ്ങളൊന്നും അവൾ കണ്ടില്ല. അവൾ നടാടെയാണ് ഇവിടെ വരുന്നത്. രണ്ടാമത്തെ പ്രാവശ്യമെന്നു പറയാം. ആദ്യത്തെ പ്രാവശ്യം ഉച്ചയ്ക്കു ശേഷം ഇവിടെ എത്തി. നാലുമണിക്കു തിരിച്ചുപോവുകയും ചെയ്തു. ആ സമയത്ത് അവൾക്ക് വീട് കാണാനൊന്നും പറ്റിയില്ല.

എഴുന്നേറ്റ് ഗോപിയുടെ പിന്നാലെ അകത്തേക്കു കടക്കുമ്പോൾ അവൾ ആലോചിച്ചു. മുകളിൽ എന്നു പറയുന്നത് അവരുടെ കിടപ്പുമുറി­യായിരിക്കും. അലങ്കരിച്ച ഒരു മണിയറ അവളുടെ ഓർമ്മയിൽ വന്നു. അതലങ്കരിച്ചത് അവളുടെ ഏട്ടനായിരുന്നു. അവൾ അമ്പലത്തിൽ പോയ തക്കം നോക്കി അയാൾ ജോലി തുടങ്ങി. അവൾ അമ്പലത്തിൽ നിന്ന് തിരിച്ചുവന്ന് അവളുടെ മുറിയിൽ കയറിയപ്പോൾ അത്ഭുതപ്പെട്ടു പോയി. അലങ്കരിച്ച ഒന്നാംതരം മണിയറ.

തളത്തിൽ വെളിച്ചം കുറവായിരുന്നു. മുകളിലേക്കുള്ള കോണിമേലും ഇരുട്ടു പരന്നിരുന്നു. മുകളിൽ കുറച്ചു കൂടി വെളിച്ചമുണ്ടാ­യിരുന്നു. ആ വെളിച്ചത്തിൽ അവൾ അവരുടെ കിടപ്പുമുറി കണ്ടു. അവളുടെ മനസ്സിടിഞ്ഞു. ഒരു പഴയ കട്ടിൽ, അതിൽ മുഷിഞ്ഞ ഒരു വിരി വിരിച്ച കിടക്ക. അതിൽ കുറെക്കാലമായി ആരും കിടന്നിട്ടുള്ളതായി തോന്നിയില്ല.

വലിയ മുറിയായിരുന്നു അത്. മൂന്നു ഭാഗത്തും വലിയ ജനലുകൾ. മീതെ മരത്തിന്റെ വാർണീഷ് അടിച്ച തട്ട്. എല്ലാം ഒരു ഗതകാലസ­മൃദ്ധിയുടെ ലക്ഷണം കാണിച്ചു. വല്ല കാരണവന്മാരും സമ്പന്നതയുടെ കാലത്തുണ്ടാക്കി വെച്ചതാ­യിരിക്കണം. ആ സമൃദ്ധിയുടെ അവശിഷ്ടങ്ങൾ പോലും ഇപ്പോൾ അവിടെ ജീവിച്ചിരിക്കു­ന്നവരിൽ കാണാൻ കഴിഞ്ഞില്ല. അവൾ ജനലിലൂടെ നോക്കി. പുറത്തെ കാഴ്ചകൾ വളരെ മനോഹര­മായിരുന്നു. ഈ മുറി വൃത്തിയാക്കി എടുക്കണ­മെന്നവൾ തീർച്ചയാക്കി.

ഗോപി താഴത്തേക്കു തിരിച്ചുപോയി. അപ്പോഴാണ് അവൾക്കു മനസ്സിലായത്, അയാൾ വല്ലതുമൊക്കെ ചെയ്യുമെന്ന പ്രതീക്ഷ അവൾക്കുണ്ടാ­യിരുന്നെന്ന്. തന്റെ പ്രകൃതി നിരീക്ഷണ­ത്തിനിടയിലും അവൾ മറ്റു പലതും പ്രതീക്ഷിച്ചിരുന്നു.

ഗോപി അവരുടെ സൂട്ട് കേസുമായി തിരിച്ചു വന്നു. മുകളിൽ എത്തിയില്ല, അപ്പോഴേക്കും ചുവട്ടിൽ നിന്ന് അമ്മായി­യമ്മയുടെ വിളി.

‘ഗോപീ.’

അയാൾ സൂട്ട്‌കേസ് അവിടെ വെച്ച് പോകാനായി തിരിഞ്ഞു. അപ്പോൾ ആശ ചോദിച്ചു.

‘കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ?’

ഗോപി ഒന്നു പരുങ്ങി.

അപ്പോഴേക്കും വീണ്ടും ആ വിളി, അക്ഷമയോടെ.

‘ഗോപീ നീ എന്താ അവിടെ ചെയ്യണത്?’

ഗോപി ഒരക്ഷരം മിണ്ടാതെ തിരിഞ്ഞ് കോണിയിറങ്ങി താഴേക്കു പോയി.

അപ്പോൾ അങ്ങിനെയൊ­ക്കെയാണ് സ്ഥിതികൾ. ആശ ആലോചിച്ചു.

അവൾ കോണിയിറങ്ങി താഴേക്കു വന്നു.

ഗോപി ഉമ്മറത്തിരിക്കു­കയായിരുന്നു. അമ്മയും മോളും അടുക്കളയിൽ. അവൾ അടുക്കളയിലേക്കു നടന്നു. അമ്മയും മോളും ചായയു­ണ്ടാക്കുന്ന തിരക്കിലാണ്. അവളെക്ക­ണ്ടപ്പോൾ രമണി പറഞ്ഞു.

‘ഏടത്തിയമ്മ ഇരിയ്ക്കൂ.’

അവൾ ഇരുന്നു പക്ഷെ ചായക്കപ്പു കിട്ടിയപ്പോൾ അവൾ അതുമായി ഉമ്മറത്തേക്കു നടന്നു. ചായക്കപ്പു ഗോപിയുടെ നേരെ നീട്ടി. ഗോപി അത് വാങ്ങാ ൻ ഭാവിക്കുക­യായിരുന്നു. അപ്പോഴേക്കും കേട്ടു. പിന്നിൽ നിന്ന് അമ്മായിയമ്മയുടെ ശബ്ദം.

‘ഗോപി ഈ നേരത്ത് ചായ കുടിക്കാറില്ല. അവൻ പാലാണ് കുടിക്കാ.’

അപ്പോഴേയ്ക്കും രമണി ഒരു ഗ്ലാസിൽ പാലുമായി എത്തിയിരുന്നു.

ഗോപി ഒന്നും പറയാതെ പാൽ വാങ്ങി കുടിച്ചു.

ആറുമണി എന്നത് പാല് കുടിക്കാൻ കുറച്ചൊരസമ­യമാണെന്നു ആശയ്ക്കു തോന്നി. അവൾ പെട്ടെന്ന് ഗോപിയെ ഒരു ചെറിയ കുട്ടിയായി സങ്കല്പിച്ചു. കയ്യും കാലുമിട്ടടിച്ച് അമ്മയുടെ മടിയിൽ കിടന്ന് കുപ്പിയിൽ നിന്ന് പാൽ കുടിക്കുന്ന ഒരു ചെറിയ കുട്ടി. അതവളെ രസിപ്പിച്ചു.

ക്രമേണ അവൾക്ക് ഒരു കാര്യം മനസ്സിലായി. ഗോപിയുടെ കാര്യത്തിൽ തനിക്കൊന്നും ചെയ്യാനില്ല. കാര്യങ്ങളെല്ലാം അമ്മയും മകളും കൂടി നടത്തുന്നുണ്ട്. താനതിൽ തലയിടുക എന്നതിനർത്ഥം കുഴപ്പം വരുത്തി വെക്കലാണ്. അവൾ മത്സരത്തിൽ നിന്നൊഴിവായി.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ ഗോപിയോട് ചോദിച്ചു.

‘എന്നെ ഇഷ്ടായില്ലെ?’

ഗോപി തലയിണ എടുത്ത് തട്ടിത്തട്ടി പതം വരുത്തുകയാ­യിരുന്നു. അയാൾ ആശ്ചര്യത്തോടെ പറഞ്ഞു.

‘ഇഷ്ടായല്ലൊ!’

എന്തേ അത് ചോദിക്കാൻ എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി. അവൾ ഒന്നും പറഞ്ഞില്ല. ശരിക്കും പറഞ്ഞാൽ അവൾക്ക് പരാതികളൊന്നു­മുണ്ടായിരുന്നില്ല. അലങ്കരിക്കാത്ത മണിയറയെപ്പറ്റി, വീട്ടിൽ എല്ലായിടത്തും മുനിഞ്ഞു കത്തുന്ന വിളക്കുകളെപ്പറ്റി എന്തു പരാതി പറയാനാണ്? മങ്ങിയ വിളക്കുകൾ അവൾ ഒരിക്കലും ഇഷ്ടപ്പെ­ട്ടിരുന്നില്ല. അവളുടെ വീട്ടിൽ എല്ലാ മുറികളിലും വളരെ പ്രകാശമുള്ള വിളക്കുകളാ­ണിട്ടിരുന്നത്. രാത്രിയായാൽ എല്ലാ മുറികളിലും വിളക്കു കത്തിക്കുകയും ചെയ്യും. ഇവിടെയാകട്ടെ എല്ലാ വിളക്കുകളും മങ്ങിയതാണ്. ഇരുപത്തിയഞ്ചു വാൾട്ടിന്റെ ബൾബുകൾ, അതു തന്നെ ഒരാൾ മുറിയിൽനിന്ന് പോകുകയാ­ണെങ്കിൽ കെടുത്തുകയും ചെയ്യും. പ്രകാശം അവരുടെ ഒപ്പം സഞ്ചരിക്കു­ന്നപോലെ.

ഗോപി കിടന്നിരുന്നു. അവൾ വിളക്കു കെടുത്തി വന്നു കിടന്നു.

ഗോപിയിൽനിന്ന് അനക്കമൊന്നുമു­ണ്ടായില്ല. അയാൾ ഉറക്കം നടിച്ചു കിടക്കുകയാണെ­ന്നവൾക്കു മനസ്സിലായി. അവൾ പതുക്കെ ചോദിച്ചു.

‘ഗോപി ഉറങ്ങിയോ?’

മറുപടിയില്ല.

അവൾ പകൽ ഉമ്മറത്തിരുന്ന് പോക്കുവെയിൽ നോക്കിയിരു­ന്നതോർത്തു. അവളുടെ അഭയസ്ഥാ­നത്തെപ്പറ്റിയും. അങ്ങിനെ അവൾ ഉറങ്ങിപ്പോയി.

പിറ്റേന്നു മുതൽ അവൾ ഭർത്താവിന്റെ വീട്ടിലെ എല്ലാവരേയും ശ്രദ്ധിക്കാൻ തുടങ്ങി.

രാവിലെ അവൾ എഴുന്നേറ്റു വന്നാൽ കാണുന്നത് മുഖം വീർപ്പിച്ചുകൊണ്ട് അടുക്കളയിൽ ചായയുണ്ടാക്കുന്ന അമ്മായിയമ്മയും നാത്തൂനുമാണ്. മുഖം വീർപ്പിക്കു­ന്നതിന്റെ കാരണം അവൾക്കു മനസ്സിലായില്ല. താൻ നേർത്തെ എഴുന്നേറ്റു ചായയുണ്ടാക്കാത്ത­തുകൊണ്ടാണോ എന്നു കരുതി അവൾ പിറ്റേന്നു നേർത്തെ എഴുന്നേറ്റ് അടുക്കളയിൽ കടന്നു. അപ്പോഴേക്കും അമ്മായിയമ്മ ഉണർന്നുവന്ന് അവളോടു പറഞ്ഞു.

‘നീയെന്തിനാ ഇത്ര നേർത്തെ എഴുന്നേറ്റു വന്നത്? ചായയൊക്കെ ഞാൻ തന്നെ ഉണ്ടാക്കിക്കോളാം.’

‘വേണ്ടമ്മേ, ഞാനുണ്ടാക്കാം.’

ആശ ചായക്കുള്ള വെള്ളം നിറക്കാൻ തുടങ്ങി. പക്ഷെ അമ്മായിയമ്മ അവളുടെ കയ്യിൽനിന്ന് പാത്രം സ്വൽപം ബലംപ്രയോ­ഗിച്ചുതന്നെ വാങ്ങി.

ചായയുണ്ടാക്കിയാൽ രമണി രണ്ടു ഗ്ലാസ്സുമായി ഉമ്മറത്തേക്കു പോകും. ഒരു ഗ്ലാസ്സ് അപ്പോഴേക്കും താഴേക്കിറങ്ങിവന്ന് ഉമ്മറത്തിരുപ്പായ ഗോപിയ്ക്കും മറ്റേ ഗ്ലാസ്സ് പുറത്തെ മുറിയിലേക്കും കൊടുക്കും. പിന്നീട് അവൾക്കു മനസ്സിലായി, അച്ഛനുള്ള ചായ മാത്രമല്ല ഭക്ഷണവും എല്ലാം പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി കൊടുക്കലാണ് പതിവെന്ന്. അദ്ദേഹം കിണറ്റിന­രികിലുള്ള കുളിമുറിയിൽ കുളിച്ച്, വസ്ത്രങ്ങൾ മാറ്റി എട്ടരമണിയോടെ ഒരു കുടയും തൂക്കി പുറത്തേക്കു പോകും. പിന്നെ വരിക വൈകുന്നേരം ആറുമണിക്കാണ്. അദ്ദേഹം ജോലിയെ­ടുക്കുന്നത് ഏതോ ഗവർമ്മെന്റ് ഓഫിസിലാണ്. ഒരാഴ്ച ശ്രദ്ധിച്ചിട്ടും അച്ഛനും മറ്റുള്ളവരുമായി സംസാരി­ക്കുന്നത് ആശയ്ക്ക് കാണാൻ കഴിഞ്ഞില്ല. പണിക്കു വരുന്ന തള്ളപോലും ആ മുറി അടിച്ചുവാരി വൃത്തിയാ­ക്കിയിരുന്നത് അച്ഛൻ കുളിക്കാൻ പോയ അവസര­ത്തിലാണ്.

ആദ്യത്തെ ആഴ്ചയിൽ രാത്രികൾ സംഭവര­ഹിതമായി കടന്നുപോയി. ഉറങ്ങാൻ നേരത്ത് ഗോപി കണ്ണടച്ചു കിടക്കും. ആശ ഒന്നുരണ്ടു പ്രാവശ്യം വിളിക്കും.

‘ഉറങ്ങിയോ?’

മറുപടിയുണ്ടാവില്ല. അവളും കിടന്നുറങ്ങും.

ഇങ്ങനെ പോകുന്നത് അത്ര പന്തിയല്ലെന്ന് അവൾക്ക് തോന്നി. ഒരു ദിവസം രാത്രി ഗോപിക്ക് കണ്ണടക്കാൻ അവസരം കൊടുക്കുന്നതിനു മുമ്പ് അവൾ ചോദിച്ചു.

‘ഗോപി കിടന്ന ഉടനെ ഉറങ്ങുന്നുണ്ടല്ലൊ.’

ഗോപി വെറുതെ മൂളുകമാത്രം ചെയ്തു.

‘എനിയ്ക്ക് വളരെ നേരം കഴിഞ്ഞിട്ടേ ഉറക്കം കിട്ടാറുള്ളു. നമുക്ക് കുറച്ചു നേരം സംസാരിച്ചി­രുന്നൂടെ?’

ആശ ആലോചിച്ചു. പകൽ മുഴുവൻ അമ്മയും മോളും ഗോപിയുടെ രണ്ട് അരികിലായി ഉണ്ടാവും. അവൾക്ക് സംസാരിക്കാൻ അവസരം കിട്ടാറില്ല.

‘സംസാരിച്ചോളു.’ ഗോപി പറഞ്ഞു.

സംസാരം തുടങ്ങേണ്ടത് ഗോപി തന്നെയാണെന്ന് അവൾ ഓർത്തു. ഗോപിയാണെങ്കിൽ സംസാരിക്കാൻ യാതൊരു താൽപര്യവു­മില്ലാത്ത മട്ടിൽ ഇരിക്കുകയാണ്. അടുത്ത നിമിഷത്തിൽ അയാൾ നിവർന്നു കിടക്കുകയും ഉറങ്ങാൻ തുടങ്ങുകയും ചെയ്യുമെന്ന് അവൾ ഭയപ്പെട്ടു. അതൊഴിവാ­ക്കാനെങ്കിലും അയാളെക്കൊണ്ട് സംസാരിപ്പി­ക്കണമെന്ന് അവൾ തീർച്ചയാക്കി. അവൾ ചോദിച്ചു.

‘അമ്മയ്ക്കും രമണിയ്ക്കും എന്നെ ഇഷ്ടായില്ല അല്ലെ?’

‘ആരു പറഞ്ഞു?’

‘എനിക്കങ്ങിനെ തോന്നി.’

ഗോപി ഒന്നും പറഞ്ഞില്ല. അയാൾക്ക് ആശ പറഞ്ഞത് നിഷേധിക്കാ­മായിരുന്നു. നിഷേധിക്കാൻ കൂടി അയാൾ തയ്യാറില്ലാതി­രുന്നത് ഒരവഗണനയായി അവൾക്കു തോന്നി. അവൾക്ക് പിന്നെ ഒന്നും സംസാരിക്കാൻ തോന്നിയില്ല. അവൾ ചോദിച്ചു.

‘വിളക്കണയ്ക്കട്ടെ?’

ഗോപി മൂളി.

ഒന്നു മയങ്ങിയപ്പോൾ പെട്ടെന്ന് ദേഹത്ത് എന്തോ സ്പർശിക്കു­ന്നതറിഞ്ഞ് അവൾ ഞെട്ടിയുണർന്നു. അത് ഗോപിയുടെ കയ്യുകളാണെന്ന് അവൾക്കു മനസ്സിലായി. അയാൾ അവളുടെ അരക്കെട്ടിൽ കൈ വെച്ചതായിരുന്നു. അവൾ ഉറക്കമുണർന്നത് അറിയിക്കാ­തിരിക്കാൻ സാധാരണ മട്ടിൽ ശ്വാസം കഴിച്ച് അനങ്ങാതെ കിടന്നു. ഗോപി കൈ അവളുടെ അരക്കെട്ടിൽ വെച്ച് പിന്നെ കുറെ നേരത്തേക്ക് അനങ്ങാതെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈകൾ ഇളകാൻ തുടങ്ങി. പതുക്കെ മുകളിലേക്ക്. ബ്ലൌസിന്റെ കുടുക്കുകളിൽ വിരലുകൾ തടഞ്ഞുനിന്നു. ആശയുടെ ശ്വാസം ദ്രുതഗതിയിലായി. അവൾ അനങ്ങാൻ ധൈര്യമില്ലാതെ കിടക്കുകയായിരുന്നു. തനിയ്ക്കു വേണ്ടി ഒരു ബലൂൺ വീർപ്പിക്കുന്നതു കാണുമ്പോൾ ശ്വാസമടക്കി നോക്കി നിൽക്കുന്ന ഒരു ചെറിയ കുട്ടിയെപ്പോലെ. വീണ്ടും അഞ്ചു മിനിറ്റു നേരത്തേക്ക് അനക്കമില്ല. പിന്നെ വീണ്ടും അയാളുടെ വിരലുകൾ ചലിക്കാൻ തുടങ്ങി. പെട്ടെന്നവൾ അറിയാതെ അനങ്ങിപ്പോയി. അതോടെ ഗോപി കൈ പിൻവലിക്കുകയും ചെയ്തു. അവൾ പതുക്കെ വിളിച്ചു.

‘ഗോപി.’

അനക്കമില്ല.

അവൾ ഒരിക്കൽക്കൂടി വിളിച്ചുനോക്കി.

അയാൾ ഉറങ്ങിയ മട്ടിൽ ശ്വാസം കഴിക്കുക­യായിരുന്നു. അവൾക്ക് പെട്ടെന്ന് സങ്കടമായി. അവൾ ശബ്ദമില്ലാതെ കരഞ്ഞു. ഗോപിയുടെ പെരുമാറ്റം വളരെ വിചിത്രമായി അവൾക്കു തോന്നി. ചെയ്യാൻ പാടില്ലാത്ത ഒന്നു ചെയ്യുന്നപോലെ.

അവൾക്ക് അമ്മയെ കാണാൻ തോന്നി. പിറ്റേന്നു രാവിലെത്തന്നെ പോകണമെന്നു തീർച്ചയാക്കി. ഗോപി വരുമോ എന്നറിയില്ല. വന്നില്ലെങ്കിൽ ഒറ്റയ്ക്കു പോകണം. രാവിലെത്തെ ബസ്സിനു പോയാൽ അവിടെ പത്തു മണിക്കെത്തും. വൈകുന്നേര­മാകുമ്പോഴേക്കും തിരിച്ചു വരികയുമാവാം.

രാവിലെ ഇതു പറഞ്ഞപ്പോൾ ഗോപിക്ക് യാതൊരഭിപ്രാ­യവുമുണ്ടായില്ല. അയാൾ പൊയ്‌ക്കൊള്ളാനോ പോകേണ്ടെന്നോ പറഞ്ഞില്ല. പക്ഷെ അമ്മ സമ്മതിച്ചില്ല.

‘അങ്ങിനെ അങ്ങട്ട് പോവാൻ പറ്റ്വോ?’

പിന്നെ അന്നു വൈകുന്നേരം തന്നെ തിരിച്ചു വരാമെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.

ഗോപി ഒപ്പമുണ്ടാകു­മെന്നാണവൾ കരുതിയിരുന്നത്. പക്ഷെ അയാൾ പുറപ്പെട്ടിരുന്നില്ല. മാത്രമല്ല അവൾ പുറപ്പെട്ടു തയ്യാറായി അയാളെ വിളിച്ചപ്പോൾ അയാൾ പറഞ്ഞു.

‘ഞാൻ വരുന്നില്ല. എന്റെ ഒരു സ്‌നേഹിതൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.’

അവൾ ഒതുക്കുകളിറങ്ങി.

അമ്മയ്ക്ക് അവളെ കണ്ടപ്പോൾ അത്ഭുതമായി. അതിലേറെ പരി്രഭമവും. മകൾ ഒറ്റയ്ക്കു വരുന്നതു കണ്ട് അവർ മിറ്റത്തേയ്ക്ക് ഓടി വന്നു.

‘ഗോപി എവിടെ മോളെ?’

‘ഗോപി വന്നില്ല.’

‘നീ എന്തേ വരാൻ കാരണം?’

‘ഒന്നുമില്ലമ്മേ. അമ്മയെ കാണാൻ തോന്നി. വരുകയും ചെയ്തു.’

അവർക്കു വിശ്വാസമായില്ല. എന്തോ കുഴപ്പമുണ്ടെ­ന്നവർക്കു തോന്നി. അവർ കുത്തിച്ചോ­ദിച്ചപ്പോഴും ആശ ഒന്നും പറഞ്ഞില്ല. അന്നു തന്നെ അവൾ തിരിച്ചു പോകുകയാണെന്ന­റിഞ്ഞപ്പോൾ പാവം അമ്മയ്ക്കു കുറച്ചു സമാധാനമായി.

അവൾ ഗോപിയെപ്പറ്റി ഓർത്തു. ഗോപി തന്റെ ഒപ്പം വരാൻ മടി കാണിച്ചതി­നെപ്പറ്റി ഓർത്തു. ഒരു പക്ഷെ സ്‌നേഹിതൻ വരുമെന്ന് പറഞ്ഞത് ശരിയായിരിക്കാം. അവൾ എപ്പോഴും മറ്റുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുത്തിരുന്നു. ഇവിടെനിന്നാ­ലോചിക്കുമ്പോൾ ഭർത്താവിന്റെ വീട് അത്ര കുഴപ്പം പിടിച്ചതായി തോന്നിയില്ല. ഒരു പക്ഷെ തനിക്കുതന്നെ സാവധാനത്തിൽ എല്ലാം ശരിയാക്കുവാൻ പറ്റുമായിരിക്കും. എന്തുകൊണ്ടൊ വൈകുന്നേര­മായപ്പോഴേക്ക് അവൾക്ക് ഗോപിയെ കാണാൻ ധൃതിയായിരുന്നു.

വൈകുന്നേരം ആശ ഉദ്ദേശിച്ചിരുന്ന ബസ്സ് അവൾ ബസ്സ്റ്റാന്റിലെ­ത്തിയപ്പോഴേക്കും പോയിരുന്നു. ഇനി അടുത്ത ബസ്സ് രാത്രി എട്ടരക്കാണ്. അത് അവിടെയെ­ത്തുമ്പോൾ പത്തു മണിയാവും. അന്നു തന്നെ പോകണമെ­ന്നവൾ തീരുമാനിച്ചു. തിരിച്ചു വീട്ടിൽ പോയാൽ പിന്നെ അന്നു പോകാൻ അമ്മ സമ്മതിക്കില്ല. പിന്നെ പോകണമെന്ന് നിർബന്ധം പിടിച്ചാൽതന്നെ അനിയനെ ഒപ്പം പറഞ്ഞയക്കും. സതീശനെ അപ്രസന്നമായ ആ അന്തരീക്ഷ­ത്തിലേക്ക് കൊണ്ടുപോകാൻ അവൾക്ക് താൽപര്യമു­ണ്ടായിരുന്നില്ല. അതുകൊണ്ട് എട്ടരയാവുന്നവരെ അവൾ ബസ്സ്സ്റ്റാന്റിൽത്തന്നെ കഴിച്ചുകൂട്ടി. എട്ടരക്ക് ബസ്സ് വന്നപ്പോഴേക്കും അവൾ ക്ഷീണിച്ചിരുന്നു. ഉച്ചയ്ക്ക് അവൾ കുറച്ചെ ഊണു കഴിച്ചിരു­ന്നുള്ളു. പിന്നെ വൈകുന്നേരം പുറപ്പെടുന്നതിനു മുമ്പ് ഒരു വെറും ചായ കുടിച്ചതെയുള്ളു. അമ്മ ഉണ്ടാക്കി­യിരുന്ന പലഹാരങ്ങളൊന്നും കഴിക്കാൻ അപ്പോൾ അവൾക്ക് തോന്നിയില്ല. ബസ്സിലിരി­ക്കുമ്പോൾ അവൾക്ക് തലചുറ്റുന്നപോലെ തോന്നി. ഗോപി ഒപ്പമുണ്ടായിരുന്നെ­ങ്കിലെന്നവൾ ആശിച്ചു.

ബസ്സ് വീട്ടുപടിക്കൽ തന്നെ നിർത്തുന്നതുകൊണ്ട് നടക്കാതെ കഴിഞ്ഞു. സമയം പത്തരയായിരുന്നു. അവൾ പടി കടന്ന് മിറ്റത്തെ­ത്തിയപ്പോഴേ മനസ്സിലായി, എല്ലാവരും കിടന്നിരിക്കു­ന്നുവെന്ന്. അവൾ വാതിൽക്കൽ മുട്ടി വിളിച്ചു. ഒരഞ്ചു മിനിറ്റോളം അവൾക്ക് മുട്ടേണ്ടി വന്നു. വാതിലിന്റെ വിള്ളലിലൂടെ പെട്ടെന്ന് പ്രകാശം വന്നു. തളത്തിൽ വിളക്കു കത്തിച്ചതാണ്. വാതിൽ തുറന്നത് ഗോപിയായിരുന്നു. അയാൾ ഒരു ഡ്രോയർ മാത്രമെ ധരിച്ചിരുന്നുള്ളു.

ഓ നീ വന്നുവോ? എന്ന ഒരു മുഖവുമായി അയാൾ അവിടെ നിന്നു. ആശ അകത്തു കടന്നപ്പോൾ അയാൾ വാതിലടച്ചു. ആശ നേരെ മുകളിലേക്കു നടക്കാൻ തുടങ്ങി. ഗോപി അമ്മയും രമണിയും കിടക്കുന്ന മുറിയിലേക്കു പോയി. ഉടനെത്തന്നെ ഒരു പുതപ്പുമായി അവളുടെ പിന്നാലെ കോണി കയറി വന്നു.

മുകളിലെത്തിയ ഉടനെ ആശയ്ക്കു മനസ്സിലായി. ഗോപി ആ മുറിയിലല്ല കിടന്നിരു­ന്നതെന്ന്. അവൾ രാവിലെ ധൃതി പിടിച്ചു പോകാനായി മാറ്റുമ്പോൾ അഴിച്ചിട്ട സാരി കിടക്കയിൽ അങ്ങിനെത്തന്നെ കിടന്നിരുന്നു. ഗോപി എവിടെയായിരിക്കും കിടന്നിട്ടുണ്ടാവുക?

അയാൾ കയ്യിൽ പിടിച്ചിരുന്നു പുതപ്പ് മേൽ ഒരു ഷാൾ പോലെ ഇട്ട് നിൽക്കുക­യായിരുന്നു. താൻ വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കുക­യെങ്കിലും ചെയ്യുമെന്ന് ആശ പ്രതീക്ഷിച്ചു. അങ്ങിനെ ഒരന്വേഷണവും ഗോപിയുടെ അടുത്തു നിന്ന് വന്നില്ല. അവൾക്ക് വിശക്കുന്നു­ണ്ടായിരുന്നു.

കിടക്കയിൽനിന്ന് സാരിയെടുത്തുമാറ്റി അവൾ പറഞ്ഞു .

കിടന്നോളു. ഞാൻ കുറച്ചു വെള്ളം കുടിച്ചിട്ടു വരാം.

അടുക്കളയിൽനിന്ന് വെള്ളം കുടിക്കുമ്പോഴെല്ലാം അവൾ ആലോചിച്ചി­രുന്നത് ഗോപി എവിടെയാണ് കിടന്നിരുന്ന­തെന്നാണ്. അമ്മ കിടക്കുന്ന മുറിയിലാ­യിരിക്കണം. പെട്ടെന്നവൾക്ക് കുറെ സംശയങ്ങ­ളുണ്ടായി. അടുക്കളയിൽനിന്ന് തിരിച്ചുനട­ക്കുമ്പോൾ അവൾ അവരുടെ കിടപ്പു മുറിയിലേക്കു നടന്നു.

വേറൊരു കിടപ്പുമുറിയിലേക്ക് പതിഞ്ഞു­നോക്കുന്നത് അവൾക്കി­ഷ്ടമല്ലാത്ത കാര്യമായിരുന്നു. അവൾ കുട്ടിക്കാലം തൊട്ടേ അമ്മയിൽ നിന്ന് മാറിയാണ് കിടന്നിരുന്നത്. രാത്രി അമ്മയെക്കൊണ്ട് വല്ല ആവശ്യമുണ്ടെ­ങ്കിൽത്തന്നെ അവൾ മുറിയ്ക്കു പുറത്തുനിന്ന് അമ്മയെ വിളിക്കുകയാണ് പതിവ്. ആ ശീലം ഒരു മര്യാദയായി അവൾ വളർത്തിക്കൊ­ണ്ടുവന്നതായിരുന്നു.

ഇപ്പോൾ അവൾക്ക് ചില സംശയങ്ങൾ തീർക്കേണ്ടതുണ്ട്. അവൾ മടിച്ചില്ല. മുറിയിൽ ഇരുട്ടായിരുന്നു. ചുമരിൽത്തപ്പി അവൾ സ്വിച്ചിട്ടു. ഇരുപത്തഞ്ചു വാൾട്ടിന്റെ ബൾബെരിഞ്ഞു. ആ വെളിച്ചത്തിൽ അവൾ കട്ടിലിൽ അമ്മയും മകളും കിടക്കുന്നതു കണ്ടു. അമ്മ വക്കത്തായിരുന്നു കിടന്നിരുന്നത്. രമണി ചുമരിന്നരുകിൽ ഇടത്തോട്ടു തിരിഞ്ഞും. രമണി പാവാടയും ബ്ലൌസും മാത്രമേ ഇട്ടിരുന്നുള്ളു. പാവാട മുകളിലേക്കു കയറി അവളുടെ തുടകൾ മുഴുവൻ കണ്ടിരുന്നു. കുടുക്കുകൾ വിട്ട് ബ്ലൌസും ബ്രേസിയേഴ്‌സും മുകളിലേക്കു കയറി അവളുടെ മാറിടം നഗ്നമായിരുന്നു. ആ സ്ഥിതിയിലും രമണിയുടെ അവയവങ്ങൾക്ക് ഭംഗിയുണ്ടെന്ന് സമ്മതിക്കാ­തിരിക്കാൻ ആശയ്ക്കു കഴിഞ്ഞില്ല. പിന്നെയാണ് ആശ കണ്ടത്, അമ്മയുടെയും രമണിയുടെയും നടുവിൽ ഉള്ള സ്ഥലത്ത് തലയിണ­ക്കരുകിൽ ഗോപിയുടെ വാച്ച്. തലയിണ­യാണെങ്കിൽ തലവെച്ചിടത്ത് കുഴിഞ്ഞിട്ടുമുണ്ട്.

ആ മുറിയിൽ വേറെ കിടക്കയൊന്നുമു­ണ്ടായിരുന്നില്ല. അപ്പോൾ ഗോപി കിടന്നിരുന്നത് വേറെ എവിടെയുമാ­യിരുന്നില്ല.

ആശ പെട്ടെന്ന് തളർന്നുപോയി. അവൾ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഭയന്നിരുന്ന ചില കാര്യങ്ങൾ അവൾ ഭയന്നിരുന്ന­തിനേക്കാൾ അതിരൂക്ഷമായ­തായിരുന്നെന്ന അറിവ് അവളെ പെട്ടെന്ന് തളർത്തി. ആ മുറി ഒരു രാക്ഷസിയും മകളും താമസിക്കുന്ന ഗുഹയാണെന്നും, പുറത്തേക്കു വഴിയറിയാതെ ആ ഗുഹയിൽ അവൾ ഒരു തടവുകാരി­യാണെന്നും അവൾക്കു തോന്നി. പെട്ടെന്നുള്ള പ്രതികരണം അവിടെ നിന്നോടി­പോകാനായിരുന്നു. പുറത്തുള്ള കാട്ടിലൂടെ, വന്യമൃഗങ്ങളെ കൂസാതെ ഓടുക.

അവൾ വിളക്കു കെടുത്തി മുറിയ്ക്കു പുറത്തു കടന്നു. ഗോപി ശരിയ്ക്കും ഉറക്കമായിരുന്നു. അവൾ സാരിമാറ്റി വിളക്കു കെടുത്താതെ കിടക്കയിൽ വന്നിരുന്ന് ഗോപിയെ നോക്കി. അയാൾ വളരെ സുമുഖനായിരുന്നു. പുതപ്പുകൊണ്ട് അരക്കെട്ട് മറച്ചിരുന്നു. നെഞ്ചിൽ നിറയെ രോമങ്ങൾ. കണ്ടാൽ നല്ല പൗരുഷമുള്ള പ്രകൃതിയാണ്. ഈ മനുഷ്യന് എന്തേ ഇങ്ങനെ പറ്റാൻ?

പിറ്റേന്നു മുതൽ ആശ അമ്മയോടും രമണിയോടും സംസാരിക്കാൻ തുടങ്ങി. സംസാരിക്കാതി­രിന്നതുകൊണ്ട് ഗുണമൊ­ന്നുമില്ല. മറിച്ച് സംസാരിച്ചാൽ സംഗതികൾ കൂടുതൽ മനസ്സിലാവുമെന്നും അവൾക്കു തോന്നി. ഇതൊരുപറ്റം മനോരോ­ഗികളാണ്. ഇവർക്കു വേണ്ടത് നല്ല ചികിത്സയാണ്.

സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് അവരുടെ ഓരോ കഴിവുകൾ പുറത്തുവരുന്നത്. ഒന്നാമത്തേത് എല്ലാവരേയും പുഛിക്കാനുള്ള അവരുടെ കഴിവാണ്. ആരെപ്പറ്റി പറഞ്ഞാലും അവർക്ക് പുഛമാണ്. സതീശൻ എഞ്ചിനീയറിം­ഗിനാണ് പഠിക്കുന്നത് എന്നു പറഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇതായിരുന്നു.

‘എഞ്ചിനീയർമാർക്കൊക്കെ എന്താ ഒരു വിലയുള്ളത്. ഇപ്പോൾ മുഴത്തിന് പത്ത് എഞ്ചിനീയർമാരെ കാണാം.’

എങ്ങിനെയാണ് അവർക്കങ്ങിനെ സംസാരിക്കാൻ പറ്റുന്നത്? അവരോട് സംസാരിക്കു­ന്നതുതന്നെ വിഷമമായിരുന്നു. എല്ലാം മനസ്സിടിവുണ്ടാ­ക്കുന്നതായിരുന്നു. ആശ വില കൽപിച്ചിരുന്ന എന്തിനെയും ഇടിച്ചുതാഴ്ത്തുക എന്നതായിരുന്നു അവരുടെ ഉന്നമെന്ന് തോന്നും, അവരുടെ സംസാരം കേട്ടാൽ.

അതിനിടയ്ക്ക് സംഭവരഹിതമായ രാത്രികൾ കടന്നു പോകുന്നത് അവൾ തെല്ലൊരു അവഗണ­നയോടെ നോക്കി. വൈവാഹിക ജീവിതം ഇങ്ങിനെയു­മായിക്കൂടെ? ഇടയ്ക്ക് ഗോപിയും രമണിയുമായുള്ള പെരുമാറ്റം അവൾക്ക് തീരെ അസഹീനമായി തോന്നിയിരുന്നു. അവളുടെ മുമ്പിൽ വെച്ചുതന്നെ ഗോപി രമണിയുടെ മടിയിൽ കിടക്കാറുണ്ട്, അവളുടെ അരക്കെട്ടിൽ കൈയ്യിട്ട് നടക്കാറുണ്ട്. ഒരിക്കൽ അവൾ ഗോപിയോടു ചോദിച്ചു.

‘എന്തിനാണ് അങ്ങനെയൊക്കെ ചെയ്യുന്നത്? മോശല്ലെ?’

ഗോപി ഒരു ചെറിയ ചിരി പാസ്സാക്കുക മാത്രം ചെയ്തു. ആ സംസാരത്തിനു ശേഷം ആശ കാണാത്ത സമയത്തു മാത്രമെ ഗോപി ചെയ്തിരുന്നുള്ളു. അഥവാ ആശ കണ്ടുകൊണ്ടു വന്നാൽത്തന്നെ അയാൾ പെട്ടെന്ന് കൈയ്യെടു­ക്കുകയും ചെയ്തിരുന്നു. ഒരുതരം കട്ടു തിന്നുന്ന ഭാവമായിരുന്നു അയാളുടേത്. രമണിയെ സംബന്ധിച്ചി­ടത്തോളം ആ വക വിഷമങ്ങളൊന്നു­മില്ലാത്തതുകൊണ്ട് അവൾ ആശയുടെ മുമ്പിൽ വെച്ചുതന്നെ ഗോപിയെ കെട്ടിപ്പിടിക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ഗോപി രമണിയെയും കൂട്ടി അവിടെ നിന്ന് നടന്നു മറയും. ആശയ്ക്ക് കൂടുതൽ അകൽച്ചയും ഏകാന്തതയും തോന്നുകയും ചെയ്യും.

അവൾക്ക് കുമ്പസാരിക്കേ­ണ്ടിയിരിക്കുന്നു. അവൾക്ക് ആദ്യം തോന്നിയത് ഒരു മനോരോ­ഗവിദഗ്ദ്ധന്റെ ഉപദേശം തേടാനായിരുന്നു. അവളുടെ ക്ലാസ്‌മേറ്റിന്റെ ജ്യേഷ്ഠൻ ഡോക്ടർ കുമാർ ഒരു മനോരോഗ­വിദഗ്ദ്ധനാണ്. അദ്ദേഹത്തെ കണ്ടാലൊ? പെട്ടെന്നവൾക്ക് ആ ആശയത്തിന്റെ പാകപ്പിഴയിൽ തമാശ തോന്നി. ഒരു പറ്റം ചിത്തരോഗി­കളുമായി ഇടപഴകാൻ വേണ്ടി ഒരു മാനസികവി­ദഗ്ദ്ധനെ കാണുക! അവൾ മാനസികമായി വളരെ ആരോഗ്യവ­തിയായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ അവൾ ചെയ്തത് ഹാവ്‌ലോക്ക് എല്ലിസിന്റെ പുസ്തകങ്ങൾ വായിക്കുക­യായിരുന്നു. ലൈംഗികം എന്നത് എത്ര സങ്കീർണ്ണമായ ഒരു വിഷയമാണെന്ന് അവൾ മനസ്സിലാ­ക്കിയിരുന്നു. അത് വിജയകരമായി നേടാനുള്ള ഉൾക്കാഴ്ചകളെല്ലാം അവൾക്കുണ്ടാ­യിരുന്നുതാനും. പക്ഷെ സംസാരിക്കാൻ കൂടി താൽപര്യമില്ലാത്ത ഭർത്താവിനെ നേരിടേണ്ടത് എങ്ങിനെയെന്ന് അവൾക്കറി­യില്ലായിരുന്നു.

അവൾ വിമലയ്ക്ക് കത്തെഴുതി. കുറച്ചു സംസാരിക്കാനുണ്ട്. സൌകര്യപ്പെ­ടുമെങ്കിൽ ഒരു ദിവസം വരു.

വിമലയെ ആശ സൈക്ക്യാട്രിസ്റ്റ് എന്നാണ് വിളിക്കാറ്. ജ്യേഷ്ഠന്റെ ഒപ്പം താമസിച്ച് അവളും ഒരു ചെറുകിട വിദഗ്ദ്ധയാ­യിരിക്കുന്നു.

ഒരു ദിവസം വൈകുന്നേരം വിമല വന്നു. എല്ലാം കേട്ടപ്പോൾ വിമല പറഞ്ഞു.

‘ഇത് വളരെ കോംപ്ലിക്കേറ്റഡാണ്. നീ ചേട്ടനെത്തന്നെ കാണു. ഗോപിയേയുംകൂട്ടി വന്നു കൂടെ?’

ഗോപി വരുമെന്ന് തോന്നുന്നില്ല. കാരണം വീട്ടിലേക്കു ഒരു ദിവസം പോയപ്പോൾത്തന്നെ ഒപ്പം വന്നില്ല. പിന്നെയല്ലെ ഒരു സ്‌നേഹിതയുടെ വീട്ടിലേക്ക് വരുന്നത്? പോരാത്തതിന് ഒരു സൈക്ക്യാട്രി­സ്റ്റിന്റെ അടുത്തേക്കാണ് പോകുന്നതെന്നു പറഞ്ഞാൽ എന്നെക്കൂടി പോകാൻ അനുവദിക്കില്ല.

‘എന്നാൽ നീ ഒറ്റയ്ക്കു വരു. ഞാൻ നിന്റെ അമ്മായി­യമ്മയോട് ശുപാർശ ചെയ്യാം. നിന്നെ ഈ ഞായറാഴ്ച വിടണമെന്ന്.’

ഡോക്ടർ കുമാർ ആശയോട് വളരെ ദയാപൂർവ്വം പെരുമാറി. അവളുടെ അറിവിൽ അയാൾക്ക് അത്ഭുതമാണു­ണ്ടായിരുന്നത്. സാധാരണ പെൺകുട്ടിക­ളിൽനിന്നും ഇവൾ വളരെ വിഭിന്നയാണെ­ന്നയാൾ കണ്ടു.

ഇത് വളരെ സാധാരണമായ ഒരു കുഴപ്പമാണ്. അയാൾ പറഞ്ഞു. ചികിത്സിച്ചു മാറ്റാവുന്ന­തേയുള്ളു. ഗോപിയെക്കൂട്ടി ഒരു ദിവസം വരു. ഇതൊരു മാനസികാ­സ്വാസ്ഥ്യമാണ്. യുഗങ്ങളായുള്ള ഒരു പതിവ് സംസ്‌കാരം വന്ന ശേഷവും മനുഷ്യന്റെ അടിമനസ്സിൽ കിടക്കുകയാണ്. മനുഷ്യൻ ഒരു സമൂഹമായി താമസിക്കാൻ തുടങ്ങിയപ്പോൾ അമ്മയായിരുന്നു ആ സമൂഹത്തിന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ അധിപ. അവർ പ്രായപൂർത്തി­യെത്തിയ ചെറുപ്പക്കാ­രുമായി, സ്വന്തം മക്കളടക്കം, ലൈംഗിക ബന്ധത്തി­ലേർപ്പെട്ടിരുന്നു. അച്ഛൻ എന്ന വ്യക്തിക്ക് വലിയ പ്രസക്തിയൊ­ന്നുമുണ്ടായിരുന്നില്ല. ഇന്നും ആൺമക്കളുടെ മേൽ അധീശാധികാരം നടത്തുന്ന അമ്മമാരുടെ അടിമനസ്സിൽ ആ പഴയ അമ്മ തന്നെയാ­ണുള്ളത്.

അനുജത്തിയുമായുള്ള ഗോപിയുടെ ബന്ധം കൂടുതൽ സ്വഭാവി­കമാണ്. ഒരു ആൺകുട്ടി ലൈംഗിക­ത്തെപ്പറ്റി അറിയാൻ തുടങ്ങിയാൽ ആദ്യം അടുക്കുക സ്വന്തം സഹോദരിയോ­ടായിരിക്കും. അത് വളർച്ചയുടെ ഒരു കാലഘട്ടം മാത്രമാണ്. പിന്നെ ലൈംഗിക ലക്ഷ്യം സഹോദരി­യിൽനിന്ന് സ്‌നേഹി­തന്മാരിലേക്കാവുന്നു. അപ്പോൾ ഒരു സ്വവർഗ്ഗ സ്‌നേഹത്തിന്റെ കാലഘട്ടം ഉണ്ടാവുന്നു. പിന്നെ അതും കടന്നു പോകുന്നു. ഇതെല്ലാം തന്നെ ആരോഗ്യകരമായ മാനസികവ­ളർച്ചയുടെ ഓരോ ഘട്ടങ്ങളാണ്.

ഇതിലെവിടെയെങ്കിലും ഒരു സ്റ്റേജിൽ വളർച്ച നിന്നു പോകുമ്പോ­ഴാണ് കുറച്ചൊരു വൈകൃതം കടന്നു വരുന്നത്. ഗോപിയ്ക്ക് പറ്റിയിട്ടുള്ളതും അതായി­രിക്കണം.

ഇത്രയും ശരിയായി. ആശ ആലോചിച്ചു. ഇനി ഗോപിയെ ഡോക്ടറുടെ അടുത്തേക്ക് എങ്ങിനെയാണ് കൊണ്ടുവരിക? വൈകുന്നേരം ഗോപിയോട് ഡോക്ടറെ കാണേണ്ടകാര്യം പറഞ്ഞപ്പോൾ ഗോപി ചോദിച്ചു.

‘നിനക്കെന്താണ് അസുഖം?’

‘എനിക്കല്ല.’

‘പിന്നെ?’

‘നമുക്ക് ഗോപിയുടെ പ്രോബ്ലംസ് ഡോക്ടറുമായി സംസാരിക്കാം.’

‘എന്റെ പ്രോബ്ലങ്ങളോ? എനിക്കെന്താണ് പ്രോബ്ലം?’

‘ഗോപിക്കറിയാമല്ലൊ അത്.’

ഗോപി പിന്നെ ഒന്നും പറഞ്ഞില്ല.

ഗോപി സംസാരിക്കുമെന്നും, അങ്ങിനെ സംസാരിച്ചുകൊണ്ടു തന്നെ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാ­മെന്നവൾ കരുതിയിരുന്നു. പക്ഷെ ഗോപി സംസാരി­ച്ചില്ലെന്നു മാത്രമല്ല, അതിനുശേഷം ഒറ്റയ്ക്ക് അവളുടെ ഒപ്പമിരിക്കാൻ കൂടി മടി കാണിച്ചു. അയാൾ ആശയെ ഭയപ്പെടുന്ന­പോലെ തോന്നി. രാത്രികളിൽ അയാൾ വളരെ വൈകിയേ കിടപ്പറയിലേക്കു വരു. അതിനിടയ്ക്ക് ആശ ചിലപ്പോൾ ഉറങ്ങിപ്പോ­യിട്ടുണ്ടാകും.

ഗോപിയുടെ പെരുമാറ്റം അസഹനീ­യമായിരുന്നു. പക്ഷെ അത് എത്രത്തോളം മയമുള്ള­താണെന്ന് ആശയ്ക്കു മനസ്സിലായത്, അമ്മായിയമ്മയും, നാത്തൂനും കൂടി അവൾക്കെ­തിരായി സമരം ചെയ്യാനിറങ്ങിയ­പ്പോഴാണ്, അതും വളരെ വക്രമായ തരത്തിൽ. ആശക്കില്ലാതിരുന്ന പല അസുഖങ്ങളും അവൾക്കു­ണ്ടെന്നവർ ആരോപിച്ചു.

ആദ്യം തുടങ്ങിയത് ഭക്ഷണ സമയത്താണ് രണ്ടു ദിവസം തുടർച്ചയായി അവൾക്ക് വേണ്ടി ഒരു പ്ലേറ്റും ഗ്ലാസ്സും മേശപ്പുറത്തു മാറ്റി വെച്ചു. അവൾ വേറെ ഏതെങ്കിലും പ്ലേറ്റിനു മുമ്പിലിരുന്നാൽ ആ പിഞ്ഞാണം മാറ്റി അവൾക്കായി വെച്ച പഴയ പിഞ്ഞാണം വെച്ചുകൊടുക്കും.

ആദ്യമൊന്നും ആശയ്ക്ക് ഇതിന്റെ അർത്ഥം മനസ്സിലായില്ല. പിന്നെ പണിക്കാര­ത്തിയാണ് ആശയോട് പറഞ്ഞത്.

‘മോൾക്ക് എന്തൊക്കെയോ സുഖക്കേടു­ണ്ടെന്നാണ് അവർ പറയുന്നത്. എനിക്കൊന്നും തോന്നിയിട്ടില്ല.’

എനിയ്ക്കു സുഖക്കേടോ? തനിക്ക് എന്തെങ്കിലും സുഖക്കേടുണ്ടോ എന്നറിയാൻ അവർക്കെ­ങ്ങിനെ കഴിഞ്ഞു. താനാകട്ടെ ഒന്നു തുമ്മുക കൂടി ചെയ്തിട്ടില്ല. പിന്നീട് ആലോചി­ച്ചപ്പോൾ അവൾക്കു മനസ്സിലായി, അമ്മയും മകനും മകളും വെവ്വേറെ­യാണെന്ന് അവൾ വിചാരിക്കുന്നത് ശരിയല്ല. ഗോപിയോട് ഡോക്ടറെ കാണാമെന്ന് താൻ പറഞ്ഞത് അമ്മയുടെയും മകളുടെയും അടുത്തെത്തി­യിരിക്കുന്നു. മകന് മാനസികാ­സുഖമുണ്ടെന്ന് മരുമകൾ പറഞ്ഞതിന് തിരിച്ചടിയാണ് ഈ അഭിനയമെല്ലാം.

പെട്ടെന്നവൾക്ക് ദ്വേഷ്യം തോന്നി. തനിക്കിതൊന്നും സഹിക്കേണ്ട ആവശ്യമില്ല. തനിക്ക് ഗോപിയോട് സ്‌നേഹമുണ്ടോ എന്നവൾ സ്വയം ചോദിച്ചു. വിവാഹം കഴിഞ്ഞ് രണ്ടു മാസമായിട്ടും തൊട്ടിട്ടു കൂടിയില്ലാത്ത ഒരാളോട് എന്തു കണ്ടിട്ടാണ് സ്‌നേഹം വെച്ചു പുലർത്തുന്നത്? ഇനി സ്‌നേഹമുണ്ടെ­ങ്കിൽത്തന്നെ അവൾക്കെന്തു ചെയ്യാനാണ്? മൂന്ന് മാനസിക­രോഗികളുടെ ഒപ്പം താമസിക്കാൻ അവൾ എന്തുകൊണ്ടും തയ്യാറുമല്ല. ഗോപി ഒറ്റക്കാണെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. ഒരു ഡോക്ടറെ കാണാൻ സമ്മതിപ്പി­ക്കാമായിരുന്നു.

രാത്രി അവൾ ഗോപിയോടു ചോദിച്ചു

‘നമുക്ക് ഒറ്റയ്ക്ക് താമസിച്ചുകൂടെ?’

‘അമ്മ സമ്മതിക്കില്ല.’ അയാൾ പറഞ്ഞു. ‘എന്തിനാ ഒറ്റയ്ക്ക് താമസിക്കുന്നത്? ഇവിടെ നല്ല സൌകര്യാണല്ലൊ?’

‘ഇവിടെ എന്ത് സൌകര്യാണെന്നാണ് പറയുന്നത്? ആരും എന്നോട് സംസാരി­ക്കുന്നില്ല. എന്നെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത്. ഗോപിയടക്കം. കല്യാണം കഴിഞ്ഞാൽ ഒരു പെൺകുട്ടി ഇതൊന്നുമല്ല പ്രതീക്ഷിക്കുക. ഒരു പക്ഷെ നമ്മൾ രണ്ടു പേരും മാത്രമെയുള്ളു­വെങ്കിൽ കുറെയൊക്കെ മാറ്റമുണ്ടാവും.’

ഗോപി ഒന്നും പറഞ്ഞില്ല.

‘പറയു. ഞാൻ അച്ഛനോട് ഒരു വീടന്വേഷിക്കാൻ പറയാം.’

‘വീട് മാറാനൊന്നും അമ്മ സമ്മതിക്കില്ല.’ ഗോപി തറച്ചു പറഞ്ഞു.

‘എന്തിനാണ് അമ്മയുടെ സമ്മതം നോക്കുന്നത്? ഗോപി കുട്ടിയൊന്നുമല്ലല്ലൊ.’

അയാൾ ഒന്നും പറഞ്ഞില്ല. ഇതൊരു നല്ല അടവാണ്. തനിക്കെതിരായി സംസാരം വരുമ്പോൾ മൌനം ദീക്ഷിക്കുക.

ഇനി സംസാരിക്കുന്നതിൽ വലിയ അർത്ഥമൊ­ന്നുമില്ല, ആശ വിചാരിച്ചു. ഈ രാത്രികൂടി ഇവിടെ കഴിയുക. പിന്നെ മകനെ അമ്മയുടെയും, പെങ്ങളുടെയും ലാളനക്കു വിട്ട് തനിക്ക് സ്ഥലം വിടാം. ഇങ്ങിനത്തെ ദാമ്പത്യത്തേക്കാൾ നല്ലത് വീട്ടിലിരുന്ന് തല നരയ്ക്കുന്നതാണ്. ഈ കഥകളെല്ലാം പറഞ്ഞാൽ മനസ്സിലാവുന്ന വല്ല ചെറുപ്പക്കാരും ഉണ്ടാവുമെന്നും, അവരെ വിവാഹം ചെയ്താൽ ഇനിയും തനിയ്‌ക്കൊരു ജീവിതം കെട്ടിപ്പടുക്കാൻ പറ്റുമെന്നും അവൾക്കുറപ്പു തോന്നി. ഇനിയും വൈകിക്കാതി­രിക്കുകയാണ് നല്ലത്.

അവൾ അന്നു സുഖമായി ഉറങ്ങി. അവൾ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

രാവിലെ ഗോപി ഉണരുന്നതിനുമുമ്പ് അവൾ സൂട്ട്‌കേസിൽ അവളുടെ വസ്ത്രങ്ങൾ ഒരുക്കിവെച്ചു. ഗോപി ഉണർന്ന് താഴെ വരുന്നതും കാത്തു. ഗോപി താഴെ വന്നപ്പോൾ അവൾ പറഞ്ഞു.

‘ഞാൻ പോണു.’

‘നീ എങ്ങോട്ടാണ് യാത്ര? അമ്മായിയമ്മയുടെ ചോദ്യം.’

‘വീട്ടിലേക്ക്.’

‘അങ്ങിനെ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് പോകാനൊന്നും പറ്റില്ല. അവർ പറഞ്ഞു. നീയല്ലെ ഒരു മാസം മുമ്പ് പോയി വന്നത്.’

‘ഞാൻ എന്റെ വീട്ടിലേക്കാണ് പോകുന്നത്.’ ആശ പറഞ്ഞു.

‘ഒന്നുമില്ലെങ്കിൽ ആൾക്കാരെന്താ വിചാരിക്ക്യാ?’ അമ്മായിയമ്മ വീണ്ടും.

കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോകുകയാ­ണെങ്കിൽ അതിന്റെ കാരണവും ആൾക്കാർ ശരിക്കുതന്നെ ധരിക്കും!

ആശ കുറച്ചുറക്കെ തന്നെ പറഞ്ഞു. അവൾ പറഞ്ഞ വാചകത്തിന്റെ അർത്ഥം പരതി ഗ്രഹിക്കുവാൻ സമയം കുറച്ചെടുത്തു കാണണം. അതിനിടയ്ക്ക് അമ്മയെയും, മകളെയും, മകനേയും ഒരു ഫാമിലി ഫോട്ടോ എടുക്കാൻ നിൽക്കുന്ന മട്ടിൽ നിർത്തി ആശ സൂട്ട്‌കേസുമായി പുറത്തിറങ്ങി. ദൂരെ അവൾ ബസ്സിന്റെ ഹോൺ കേട്ടിരുന്നു. ബസ്സ് തെറ്റാതിരിക്കാൻ അവൾ വേഗം നടന്നു.