close
Sayahna Sayahna
Search

വിഷു


വിഷു
EHK Story 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദിനോസറിന്റെ കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 65

ഒരു വലിയ മിന്നൽ. പിന്നെ ചെകിടടക്കുന്ന പൊട്ടൽ.

കുമാരൻ ഞെട്ടിയില്ല. കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയതാണ് ഈ കോലാഹലങ്ങൾ. വിഷുവിന് ഇനിയും രണ്ടു ദിവസമുണ്ട്.

“അമ്മേ ആറ്റംബോബ്!” കൃഷ്ണൻകുട്ടി പറഞ്ഞു. അവൻ എഴുന്നേൽക്കാൻ ഭാവിക്കുകയാണ്. ഈ ശബ്ദം അവനെ ലഹരിപിടിപ്പിക്കുന്നു.

“ഊണു കഴിച്ചിട്ടു എഴുന്നേറ്റാൽ മതി.” മാധവി പറഞ്ഞു.

അവൻ വീണ്ടും കവിടിപിഞ്ഞാണത്തിനു മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു.

“ഈ കായമൊളകൂഷ്യം മടുത്തു.” അയാൾ മുഖം ചുളിച്ചു പറഞ്ഞു. “ഇതെത്രാമത്തെ ദിവസമാണ് നീയുണ്ടാക്കുന്നത്.”

“നാളെ അതും ഉണ്ടാവില്ല.” മാധവി ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. “മറ്റന്നാളാണ് വിഷു. എന്തെങ്കിലും വാങ്ങേണ്ടെ?”

വീണ്ടും ഒരു ആറ്റംബോംബ്.

ഈ പ്രാവശ്യം കൃഷ്ണൻകുട്ടി സംശയിച്ചില്ല. അവൻ ചാടി എഴുന്നേറ്റ് കൈകഴുകാനും കൂടി മിനക്കെടാതെ അടുക്കള വാതിലിലൂടെ പുറത്തേക്കോടി.

വേലിക്കരുകിൽ അയൽവക്കത്തേക്കു നോക്കിനിൽക്കുന്ന കൃഷ്ണൻകുട്ടിയുടെ മെലിഞ്ഞരൂപം അയാൾ മനസ്സിൽ കണ്ടു. അയഞ്ഞ ട്രൌസറിന്നടിയിൽക്കൂടെ നീണ്ടു കിടക്കുന്ന മെലിഞ്ഞ കാലുകൾ.

“മോനെ ഒന്നു വിളിക്കു.” മാധവി പറഞ്ഞു. “വല്ല ഇഴജന്തുക്കളുമുണ്ടാവും.”

മകൻ അങ്ങിനെ മറ്റുള്ളവരുടെ വീട്ടിലേയ്ക്ക് നോക്കിനിൽക്കുന്നത് അയാൾക്കിഷ്ടമല്ല. പക്ഷെ അതിൽ കാര്യമായൊന്നും ചെയ്യാനുമില്ല. അവനെ ശാസിച്ച് തിരിച്ച് വീട്ടിൽ കൊണ്ടുവന്നിരുത്താം. പുറത്തെ വർണ്ണശബളമായ ലോകം അവനിൽ നിന്നു മറച്ചു പിടിക്കാം.

“അവന് പടക്കം നല്ല ഇഷ്ടമാണ്. കുറച്ചെങ്കിലും വാങ്ങേണ്ടെ?”

അയാൾ തലയാട്ടി. അത് വേണമെന്നോ, വേണ്ടെന്നോ ആവാം. ചുമരിൽ ആണിമേൽ തൂക്കിയിട്ട ഷർട്ടിന്റെ കീശയിലുള്ള പത്തുറുപ്പിക നോട്ട് മാസത്തെ അവസാനത്തെ നോട്ടാണെന്ന് അയാൾ ഓർത്തു.

“കുറച്ചെന്തെങ്കിലും വാങ്ങണം.” മാധവി പിന്നെയും പറഞ്ഞു. “മറ്റുള്ള കുട്ടികൾ പടക്കം പൊട്ടിക്കുന്നതു കാണുമ്പോൾ അവനുമുണ്ടാവില്ലെ ആശ. വടക്കേതിലെ ശേഖരൻ ദുബായിന്ന് വന്നിട്ടുണ്ട്. അവർ ധാരാളം പടക്കം വാങ്ങീട്ടുണ്ടത്രെ.”

“നാളെ പീടികയിൽ പോയി നോക്കണം.” അയാൾ പറഞ്ഞു. “പടക്കത്തിനൊക്കെ ഇപ്പോ നല്ല വിലയാണ്.”

ഓഫീസിൽ നിന്ന് ഒരു അഡ്വാൻസ് കൂടി കിട്ടിയാൽ നന്നായിരുന്നു. കുമാരൻ വിചാരിച്ചു. കിട്ടില്ല. എല്ലാ മാസവും ഉള്ളതാണ് മുൻകൂറു പറ്റൽ. ഈ മാസവും എടുത്തു കഴിഞ്ഞു. ഇനി ചോദിച്ചാൽ മാനേജരുടെ മുഖത്തുണ്ടാവുന്ന ഭാവം എന്താണെന്ന് നല്ല പോലെ അറിയാം.

‘മിസ്റ്റർ നിങ്ങളൊക്കെ വരവിലധികം ചെലവഴിക്കുന്നുണ്ട്. അതാണ് ഏതു സമയവും കടത്തിൽ ജീവിക്കുന്നത്. കിട്ടുന്നതുകൊണ്ട് നന്നായി മാനേജ് ചെയ്യാൻ പഠിക്കണം. എന്റെ കാര്യം എടുത്തു നോക്കു...’

അയാൾ കോലായിൽ വെച്ച കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കൈ കഴുകി അകത്തേക്കു കടക്കുമ്പോൾ മാധവി കുമ്പിട്ട് എച്ചിൽപ്പാത്രങ്ങൾ എടുക്കുകയായിരുന്നു.

“അവനെ ഒന്നു വിളിക്കു.” മാധവി പറഞ്ഞു.

അയാൾ മുറ്റത്തിറങ്ങി. വടക്കെ വേലിക്കപ്പുറത്ത് അയൽവക്കത്തെ മുറ്റത്ത് നിറയെ കുട്ടികൾ കമ്പിത്തിരി കത്തിക്കുകയാണ്. അതിന്റെ പ്രകാശത്തിൽ കൃഷ്ണൻകുട്ടിയുടെ നിഴൽ വേലിക്കരുകിൽ നിൽക്കുന്നതയാൾ കണ്ടു. അയാൾ വിളിച്ചു.

“കൃഷ്ണൻകുട്ടീ!”

കൃഷ്ണൻകുട്ടി ഓടി വന്ന്, അടുക്കളയുടെ വാതിലിലൂടെ അകത്തു കടന്നു. അവന് അച്ഛനെ ഭയമായിരുന്നു. അതുകൊണ്ട് അച്ഛൻ വിളിച്ചാൽ എപ്പോഴും അവൻ മറുവശത്തുകൂടെ വന്ന്, അച്ഛന്റെ ഭാവം നോക്കിയെ അടുത്തു വരു. കൃഷ്ണൻകുട്ടി അടുക്കളയിൽ അമ്മയോട് സംസാരിക്കുന്നതയാൾ കേട്ടു.

പെട്ടെന്ന് മകൻ താനുമായി അടുപ്പത്തിലല്ലെന്ന കാര്യം അയാളെ അരിശപ്പെടുത്തി. അയാൾ വിളിച്ചു.

“കൃഷ്ണൻകുട്ടി!”

“എന്താ അച്ഛാ?”

അച്ഛന്റെ ശബ്ദത്തിലുള്ള രോഷം ആ ആറുവയസ്സുകാരൻ പയ്യനെ ഭയപ്പെടുത്തിയിരുന്നു. അവൻ ഭയത്തോടെ അറച്ചറച്ച് ഉമ്മറപ്പടിമേൽ വന്നു നിന്നു.

“മതി ആ വേലിക്കൽ പോയി നിന്നത്. ഇനി കുറച്ചുനേരം അകത്തിരിക്കു.”

അവൻ പതുക്കെ അകത്തേക്കു വലിഞ്ഞു.

അയാൾ മുറ്റത്ത് ഉലാത്തി. സാധാരണ രാത്രി ഊണുകഴിഞ്ഞാൽ ചെയ്യാറുള്ളതാണ്.

അയൽവക്കത്തെ മുറ്റത്ത് ഒരു വലിയ പൂവ് ചൂളം വിളിയോടെ കത്തിയുയരുന്നത് അയാൾ നോക്കി. അവരുടെ വീട്ടിന്റെ ഒന്നാം നിലയോളം ഉയരത്തിൽ അത് ഉയർന്നു അടുത്ത് മെഴുകുതിരി പിടിച്ച് നിൽക്കുന്നത് ശേഖരനായിരുന്നു. ശേഖരൻ ദുബായിൽ പോയശേഷം തടിച്ചിട്ടുണ്ട്.

ശേഖരൻ ഇപ്പോൾ ഒരു മാലപ്പടക്കം ഒരു ചെറിയ മാവിൻകൊമ്പത്ത് കെട്ടിയിടുകയാണ്. പിന്നെ ഒരു വലിയ പൂത്തിരി കത്തിച്ച് അയാൾ മാലപ്പടക്കത്തിന് തീ കൊടുത്തു. ഒരു രണ്ടു മിനിറ്റ് നേരത്തേയ്ക്ക് ചെകിടടക്കുന്ന ശബ്ദവും പ്രകാശവും. അത് വലിയ മാലപ്പടക്കം തന്നെയായിരുന്നു. മാലപ്പടക്കം കഴിയുമ്പോഴേയ്ക്കും ഒരു വലിയ പൂ ഉയർന്നു വന്നു. അയാൾക്ക് പെട്ടെന്ന് കൃഷ്ണൻകുട്ടിയെ ഓർമ്മ വന്നു. കഴിഞ്ഞപ്രാവശ്യം പൂ കണ്ടപ്പോൾ അതവന് കാണിച്ചുകൊടുക്കണമെന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കാണ് മാലപ്പടക്കം പൊട്ടിയത്. അയാൾ ക്ക് കുറ്റബോധം തോന്നി. കൃഷ്ണൻകുട്ടിയെ ചീത്ത പറയേണ്ടിയിരുന്നില്ല. വേലിയരുകിൽ നിൽക്കുന്നതിനുപകരം മുറ്റത്തുനിന്നു കണ്ടോളാൻ പറയാമായിരുന്നു. തനിക്കോ ഇതൊന്നും വാങ്ങിക്കൊടുക്കാൻ കഴിവില്ല. അപ്പോൾ അത് നോക്കിക്കണ്ട് ആസ്വദിക്കാനെങ്കിലും അവനെ അനുവദിക്കേണ്ടതായിരുന്നു. അയാൾ വിളിച്ചു.

“കൃഷ്ണൻകുട്ടി.”

മാധവിയാണ് വിളികേട്ടത്.

“അവൻ കിടന്നിരിക്കുന്നു. എന്താ വേണ്ടത്?”

“ഒന്നുമില്ല.”

അയാൾക്ക് പിന്നെ അവിടെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല. താൻ അർഹിക്കാത്തതെന്തോ സ്വീകരിക്കുന്ന മാതിരി തോന്നി. അയാൾ ഉമ്മറത്തേയ്ക്കു കയറി. പഴയ, കൈയ്യുള്ള ആടുന്ന കസേരയിലിരുന്നു.

മാധവി ഉമ്മറത്തേയ്ക്ക് വന്ന് മേൽമുണ്ടുകൊണ്ട് മുഖം തുടച്ച് തിണ്ണയിൽ ഇരുന്നു.

“ശേഖരൻ നല്ലോം പണം കത്തിച്ച് കളയ്ണ്ണ്ട്ന്നാ തോന്നണത് മാധവി പറഞ്ഞു.”

അയാൾ മൂളി. ഒരു ബീഡി കത്തിച്ചുകൊണ്ട് അയാൾ ആലോചിച്ചു. നാളേയ്ക്ക് കുറച്ചെങ്കിലും പണം ഉണ്ടാക്കാൻ പറ്റിയാൽ കുറച്ചു പടക്കം വാങ്ങാമായിരുന്നു.

“ശേഖരൻ ഈ പ്രാവശ്യം അനിയനേം ദുബായ്ക്ക് കൊണ്ടുപോണ്ണ്ട്ന്നാ പറയണ്.”

അയാൾ ആലോചിച്ചു. ഒരു പത്തുറുപ്പികയെങ്കിലും കിട്ടിയാൽ അഞ്ചുറുപ്പികക്ക് പടക്കം വാങ്ങാമായിരുന്നു.

“ശേഖരൻ ആയിരം ഉറുപ്പിക മാസം അയക്കുന്നുന്നതിനു പുറമെ അവന്റെ ബോം ബെയിലെ എക്കൌണ്ടിലേയ്ക്ക് വേറേം അയക്കണ്ണ്ടത്രെ.”

അഞ്ചുറുപ്പികക്ക് പടക്കം വാങ്ങിയാൽതന്നെ ബാക്കിയുള്ള പതിനഞ്ചുകൊണ്ട് ഒരാഴ്ച എങ്ങിനെയെങ്കിലും ഓടും. പിന്നെ?

“മോൻ വലുതായാൽ നമുക്കവനെ ദുബായിയ്ക്ക് പറഞ്ഞയക്കണം. മാധവി പറഞ്ഞു.”

അയാൾ ഒന്നും പറഞ്ഞില്ല.

“എത്ര ഉറുപ്പിക ഇണ്ട് കയ്യില്?”

“പത്ത്.”

“കുറച്ചെന്തെങ്കിലും വാങ്ങണംട്ടൊ നാളെ. കുറച്ച് കമ്പിത്തിരി വാങ്ങ്യാ മതി. പറ്റ്വേങ്കില് കുറച്ച് ഓലപ്പടക്കോം.”

അയാൾ ഒന്നും പറഞ്ഞില്ല.

“മോൻ ഇന്നു പകലു മുഴുവൻ കുശുകുശാന്നു പറഞ്ഞിരുന്നു. അവനാണെങ്കിൽ അച്ഛനോടു പറയാനൊട്ടു ധൈര്യോല്ല്യ.”

“നോക്കാം.” അയാൾ പറഞ്ഞു.

“നമുക്ക് കെടക്കാം.”

“ഉം.”

കൃഷ്ണൻകുട്ടി ഉറക്കമായിരുന്നു. അവൻ പായിൽ തുടകൾക്കിടയിൽ കൈ വെച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുന്നത് അയാൾ നോക്കി.

രാവിലെ ഓഫീസിൽ പോകാൻവേണ്ടി പുറപ്പെടുമ്പോൾ മാധവി പറഞ്ഞു.

“പടക്കം വാങ്ങുന്നുണ്ടെങ്കിൽ ഉച്ചയ്ക്ക് ഊണു കഴിക്കാൻ വരുമ്പോൾ വാങ്ങിക്കൊണ്ടന്നോളു. എന്നാൽ കുറച്ചു വെയിലു കൊള്ളിക്കാം. അല്ലെങ്കിൽ അതൊന്നും പൊട്ട്ണ്ടാവില്ല്യ. പറ്റ്വെങ്കില് കുറച്ച് പപ്പടവും വാങ്ങിക്കൊള്ളു. വിഷുവൊക്കെ അല്ലെ?”

ഓഫീസിൽ മാനേജരുടെ മറുപടി വളരെ അപമാനമുണ്ടാക്കുന്നതായിരുന്നു. മാസത്തിൽ ഒരു പ്രാവശ്യത്തിലധികമൊന്നും അഡ്വാൻസ് തരാൻ പറ്റില്ല. ശമ്പളം വാങ്ങി പത്തുദിവസത്തിനകം ഒരിയ്ക്കൽ വാങ്ങിക്കഴിഞ്ഞു. ഇതൊരു ധർമ്മശാലയൊന്നുമല്ലല്ലൊ.

ഇനിയുള്ളത് എക്കൌണ്ടണ്ടാണ്. സ്വകാര്യമായി ചോദിച്ചപ്പോൾ അയാൾ വളരെ തന്ത്രപൂർവ്വം പറഞ്ഞു.

‘അയ്യൊ എന്റെ സ്ഥിതി നിങ്ങടെ സ്ഥിതിയേക്കാൾ കഷ്ടമാണ്. ഒരു പത്തുറുപ്പിക ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ എനിയ്ക്ക്...’

ഇനി സമീപിക്കാനുള്ളത് ടൈപ്പിസ്റ്റ് കമലമ്മയും, പ്യൂൺ നാരായണനും ആയിരുന്നു. അവരോട് ഇതുവരെ ചോദിച്ചിട്ടില്ല. ചോദിച്ചിട്ടു കാര്യമുണ്ടെന്നും തോന്നുന്നില്ല. അയാൾ മ്ലാനവദനനായി കസേരയിൽ ഇരിക്കുമ്പോൾ നാരായണൻ ചായയുമായി വന്നു.

“എന്താ സാറിനൊരു വല്ലായ്മ?”

“ഒന്നുമില്ല.”

ഉച്ചയ്ക്ക് ഊണു കഴിഞ്ഞാൽ പോകുന്നവഴി കൃഷ്ണൻനായരുടെ പീടികയിൽ കയറി അഞ്ചുറുപ്പികക്കെങ്കിലും പടക്കം വാങ്ങണം. പീടികയ്ക്കു പുറത്ത് ടാർപോളിൻകൊണ്ടൊരു പന്തലിട്ട് അതിനു ചുവട്ടിലാണ് കൃഷ്ണൻ നായർ പടക്കം വിൽക്കുന്നത്. പീടികയിൽ നല്ല തിരക്കായിരുന്നു. അയാൾ സംശയിച്ച് ഉള്ളിൽ കടന്നു. കൃഷ്ണൻനായർ തിരക്കിട്ട് പടക്കങ്ങൾ എടുത്തുകൊടുക്കുന്നുണ്ട്. അപ്പോഴാണ് അത് വാങ്ങിയിരുന്ന ആൾ ശേഖരന്റെ അനിയൻ രാജനാണെന്നു മനസ്സിലായത്.

രാജൻ അയാളെ നോക്കി ചിരിച്ചു.

കുമാരൻ ചോദിച്ചു. “എന്നാണ് ദുബായിയ്ക്ക് പോകുന്നത്?”

“മിയ്ക്കവാറും ഏട്ടന്റെ ഒപ്പം അടുത്ത മാസം പോകും. വിസ ശരിയായിട്ടില്ല. അതിന് ബോംബെയ്ക്ക് പോകേണ്ടി വരും.”

രാജൻ വീണ്ടും മേശയ്ക്കു ചുറ്റും നടന്ന് പടക്കം തിരഞ്ഞെടുക്കാൻ തുടങ്ങി. കൃഷ്ണൻനായർ ഒരു വലിയ മാലപ്പടക്കത്തിന്റെ പാക്കറ്റ് രാജന് കാണിച്ചു. ഇതാ ഇതു പുതിയതായി വന്നതാണ്. അഞ്ചു മിനിറ്റ് തുടർച്ചയായി പൊട്ടും. വെക്കട്ടെ ഒരഞ്ചു പാക്കറ്റ്?

രാജൻ അതെടുത്ത് തിരിച്ചും മറിച്ചു നോക്കി.

“വെച്ചോളു.”

എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് കുമാരൻ ആലോചിച്ചു. ഒന്നിന്റെയും വില ചോദിക്കാൻ ധൈര്യം വന്നില്ല. അതുകൊണ്ട് മറ്റുള്ളവർ ഓരോന്നിന്റെയും വില ചോദിക്കുന്നത് ആരുടെയും കണ്ണിൽ പെടാതെ ശ്രദ്ധിച്ചു. കുറച്ചുനേരം അങ്ങിനെ ശ്രദ്ധിച്ചുനിന്നപ്പോൾ അയാൾക്ക് മനസ്സിലായി, അഞ്ചുറുപ്പികക്ക് കാര്യമായിട്ട് ഒന്നും കിട്ടാൻ പോകുന്നില്ലെന്ന്.

“എന്തൊക്കെയാണ് വേണ്ടത്?” കൃഷ്ണൻനായർ ലോഹ്യം കൂടി വന്നു.

കുമാരൻ ഒരു പാക്കറ്റ് ചെറിയ കമ്പിത്തിരിയെടുത്തു. ഒരു പാക്കറ്റ് ചെറിയ മാലപ്പടക്കവും. അപ്പോഴാണ് പൂവിന്റെ കാര്യം ഓർമ്മ വന്നത്. അയാൾ ചോദിച്ചു.

“പൂവില്ലെ?”

കൃഷ്ണൻ നായർ രണ്ടുമൂന്നു പെട്ടികളിലായി തിളങ്ങുന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ പൂക്കുറ്റികൾ മേശപ്പുറത്തിരിക്കുന്നത് കാണിച്ചു കൊടുത്തു. അയാൾ ഒരു ഉരുണ്ട പൂക്കുറ്റി കയ്യിലെടുത്തു.

“അത് കുറച്ചു വിലപിടിച്ചതാണ് ട്ടൊ.” കൃഷ്ണൻ നായർ കുറച്ചൊരു നിന്ദാഗർഭത്തോടെ പറഞ്ഞു. “ഒന്നിന് മൂന്നുറുപ്പികയാണ് വില.” അതിൽ, തനിയ്ക്കു വാങ്ങാൻ കഴിയുന്നതുമാത്രം പെറുക്കിയെടുത്താൽ മതിയെന്ന ധ്വനിഉണ്ടായിരുന്നു.

അയാൾ അത് തിരിച്ച് പെട്ടിയിൽതന്നെ വെച്ചു. അടുത്തുതന്നെയുള്ള വേറെ പെട്ടിയിൽനിന്ന് കോണാകൃതിയിലുള്ള ചെറിയ രണ്ടു പൂക്കുറ്റികൾ എടുത്തു.

“അല്ല ഈ പൂക്കുറ്റി ഒരു ഡസൻ വേണ്ടെ?” കൃഷ്ണൻനായർ രാജനോട് ചോദിച്ചു. “ഡസനായിട്ട് വാങ്ങുമ്പോൾ ഒന്നിന് രണ്ടേമുക്കാൽ ഉറുപ്പികയെ വരൂ.”

കൃഷ്ണൻനായർ ഒരു ഡസൻ ഉരുണ്ട വലിയ പൂക്കുറ്റികൾ രാജൻ തിരഞ്ഞെടുത്തുവെച്ച പെട്ടിയിൽ മാറ്റി വെക്കുന്നത് കുമാരൻ ശ്രദ്ധിച്ചു. ആ പീടികയിൽ നിന്ന് വേഗം രക്ഷപ്പെടണമെന്നായി അയാൾക്ക്. അയാൾ വേണ്ട സാധനങ്ങളെല്ലാം എടുത്തുകഴിഞ്ഞിരുന്നു.

ഒരു പാക്കറ്റ് കമ്പിത്തിരി, ഒരു ഉറുപ്പികയ്ക്ക് ഓലപ്പടക്കം, പിന്നെ ഒരു ചെറിയ മാലപ്പടക്കത്തിന്റെ മാല, രണ്ടു ചെറിയ പൂക്കുറ്റികൾ, നാല് മത്താപ്പ്.

ഇത്രയും സാധനങ്ങൾ പൊതിഞ്ഞു മേടിച്ചപ്പോൾ കൃഷ്ണൻനായർ പറഞ്ഞു.

“അഞ്ചര ഉറുപ്പിക.”

സാരമില്ല. അയ്മ്പതു പൈസയല്ലെ കൂടുതലായുള്ളു. പക്ഷെ കുറെ സാധനങ്ങൾ കിട്ടിയിട്ടുണ്ട് ഓലപ്പടക്കം തന്നെയുണ്ടാവും പത്തിരുപത്തഞ്ചെണ്ണം. പിന്നെ പപ്പടവും കുറച്ചുപച്ചക്കറിയും വാങ്ങി വീട്ടിലെത്തിയപ്പോൾ അയാൾക്കെന്തോ വളരെ സന്തോ ഷം തോന്നി.

വലിയ പൊതി കണ്ടപ്പോൾ കൃഷ്ണൻകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൻ പൊതി തുറന്ന് എല്ലാം പരിശോധിച്ചു. പടക്കമെല്ലാം നിലത്തു നിരത്തിയപ്പോൾ കുമാരനും തോന്നി കുറെ അധികം സാധനങ്ങൾ കിട്ടിയിട്ടുണ്ടെന്ന്. ആദ്യത്തെ പരിശോധനയ്ക്കു ശേഷം കൃഷ്ണൻകുട്ടി കുറച്ചു നിരാശയോടെ പറഞ്ഞു.

“ആറ്റംബോംബില്ല അച്ഛാ.”

“ആറ്റംബോംബൊന്നും വേണ്ടാ. അതൊക്കെ അപകടാണ്.” മാധവി പറഞ്ഞു.

അയാൾ ആശ്വസിച്ചു. ഒരു ആറ്റംബോംബിനു വില ഒരുറുപ്പികയാണ്.

“വെയിലു പോകുന്നതിനു മുമ്പെ അതൊക്കെ ഉണക്കണം നമുക്ക്.” മാധവി പറഞ്ഞു. “നീ അതെല്ലാം മുറ്റത്തു കൊണ്ടുപോയി വെയ്ക്ക്.”

രാത്രി ഊണു കഴിഞ്ഞശേഷം മാധവി മാലപ്പടക്കത്തിന്റെ കെട്ടഴിച്ച് ഓരോന്നായി വെവ്വേറെ എടുത്തു വെയ്ക്കുന്നത് അയാൾ നോക്കി. മാലപ്പടക്കം ഒന്നായിട്ട് പൊട്ടിക്കാനുള്ളതാണെങ്കിലും അതങ്ങിനെ പൊട്ടിച്ചാൽ ഒരു നിമിഷത്തിനുള്ളിൽ കഴിയുമെന്നുള്ളതുകൊണ്ടാണ് അവളത് വേർപെടുത്തി വെയ്ക്കന്നത്. മാധവിയാകട്ടെ അങ്ങിനെത്തന്നെയാണ് അത് ചെയ്യേണ്ടതെന്ന ഭാവത്തിൽ ജോലി തുടർന്നു. അവളുടെ ആത്മാർത്ഥതയിൽ കുമാരന് സഹതാപം തോന്നി.

കുറച്ചുമുമ്പേ ഓലപ്പടക്കങ്ങൾ പരീക്ഷിച്ചു നോക്കാൻ മകനെ സഹായിക്കുമ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോ ഷം അയാളെ വേദനിപ്പിക്കുകയാണുണ്ടായത്. വളരെ നിസ്സാരമായ കാര്യങ്ങളെക്കൊണ്ട് അവളെ സന്തോഷിപ്പിക്കാൻ പറ്റും. എന്നിട്ടും അവളെ സന്തോഷിപ്പിക്കാൻ തനിയ്ക്കു പറ്റാറില്ല.

രാവിലെ ഒരു വലിയ പടക്കത്തിന്റെ ഒച്ചകേട്ട് ഞെട്ടിയുണർന്നപ്പോൾ അടുക്കളയിൽ വെളിച്ചമുണ്ടായിരുന്നു. മാധവി അടുത്തുണ്ടായിരുന്നില്ല. നോക്കിയപ്പോൾ അവൾ ഇരുട്ടിൽ എന്തോ പരതുകയാണ്. അവൾ കണിയൊരുക്കി തന്നേയും മോനേയും വിളിക്കാനുള്ള ശ്രമമാണെന്ന് അയാൾക്കു മനസ്സിലായി. നിലവിളക്കു കൊളുത്തിവെച്ച് അവൾ വിളിക്കാൻ വന്നപ്പോൾ അയാൾ ഉറക്കം നടിച്ച് കിടന്നു. മാധവി അടുത്തുവന്ന് അയാളെ പതുക്കെ വിളിച്ചു.

“എണീക്കു. കണ്ണുതുറക്കണ്ടട്ടൊ.” അവൾ പിന്നിലൂടെ വന്ന് കണ്ണു പൊത്തിക്കൊണ്ട് അയാളെ നടത്തി. അവളുടെ കൈകൾക്ക് എണ്ണയുടെ വാസനയുണ്ടായിരുന്നു. കണിക്കു മുമ്പിൽ ഇരുത്തി അവൾ കൈ എടുത്തു. തകരത്തിന്റെ ഫ്രെയിമുള്ള കണ്ണാടിയിൽ അയാളുടെ ഷേവ് ചെയ്യാത്ത മുഖം വൈരൂപ്യമാർന്ന് കണ്ടു. ഉരുളിയിൽ വെച്ച പച്ചനിറം വിട്ടിട്ടില്ലാത്ത ചെറിയ വെള്ളരിക്ക താൻ ഇന്നലെ വില പേശി വാങ്ങിക്കൊണ്ടുവന്നതാണ്. ഇന്ന് കൂട്ടാൻ ഉണ്ടാക്കാനുള്ള ഏക പച്ചക്കറി അതാണെന്ന് അയാൾ ക്ക് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. വിഷുക്കണി തീരെ ആശാവഹമായിരുന്നില്ല. മാധ വി അപ്പോഴേയ്ക്കും കൃഷ്ണൻകുട്ടിയേയും കൂട്ടി വന്നു, കണിക്കു മുമ്പിലിരുത്തി.

“ആ ഇനി കണ്ണു തുറന്നോ?”

അവൻ എഴുന്നേറ്റ് ഉടനെ അമ്മയോട് ചോദിച്ചു.

“അമ്മേ പടക്കെവിടെ?”

“ആ തരാം.” മാധവി അകത്തുപോയി ഒരുറുപ്പിക നാണ്യം അയാളുടെ കയ്യിൽ കൊടുത്തു.

“മോന് വിഷ്‌ക്കേട്ടം കൊടുത്തോളു.”

ഉമ്മറത്തെ തിണ്ണമേൽ ഒരു മുട്ടവിളക്ക് കത്തിച്ചു വെച്ച് കൃഷ്ണൻകുട്ടി പടക്കം പൊട്ടിക്കാൻ തുടങ്ങി.

അയാൾ ഉമ്മറത്ത് കുറച്ചു ദൂരെ കസേരയിലിരുന്ന് അവനെ ശ്രദ്ധിക്കുകയായിരുന്നു. അവന്റെ സഹായത്തിന് അമ്മയുണ്ടായിരുന്നു. പക്ഷെ കുറച്ചു സമയം കഴിഞ്ഞിട്ടും വളരെ ദുർലഭം പൊട്ടലുകളും കൂടുതൽ കുശുകുശുക്കലും കേട്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് അയാൾക്ക് മനസ്സിലായി. അയാൾ അടുത്തു ചെന്നു. മുട്ടവിളക്കിന്റെ വെളിച്ചത്തിൽ മുറ്റത്തു നിറയെ ചുവന്ന മാലപ്പടക്കങ്ങൾ ചിതറിക്കിടക്കുന്നത് അയാൾ കണ്ടു. കൃഷ്ണൻകുട്ടി ഒരു കമ്പിത്തിരി മുട്ടവിളക്കിന്റെ നാളത്തിൽ പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായിരിക്കുന്നു. പെട്ടെന്ന് കമ്പിത്തിരി കത്തി. അതോടെ വിളക്കണയുകയും ചെയ്തു. കൃഷ്ണൻകുട്ടി ഒരു സാഹസികനെപ്പോലെ അതു, ഉയർത്തിപ്പിടിച്ച് നിന്നു. പെട്ടെന്ന് മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് തോന്നും പോലെ കമ്പിത്തിരി ഒരു കാൽ ഭാഗം കത്തി അണഞ്ഞു. ഇരുട്ട്. അയാൾ തീപ്പെട്ടി ഉരച്ച് വിളക്ക് കത്തിച്ചു. കമ്പിത്തിരി ഒരിക്കൽ കൂടി കത്തി വീണ്ടും അണഞ്ഞു.

“ഇത് എന്ത് സാധനാണ്?” മാധവി പറഞ്ഞു. “നോക്കു ഈ മാലപ്പടക്കം ഒറ്റ ഒന്ന് പൊട്ടീല്ലട്ടോ. പറയുമ്പൊ നല്ലോണം ഉണക്കീതാണ്.”

അയാൾ ഒരു മാലപ്പടക്കം എടുത്ത് പരിശോധിച്ചു. പുറത്തു നോക്കുമ്പോൾ യാതൊരു കുഴപ്പവുമില്ല. അയാൾ അതിന്റെ ചാരനിറത്തിലുള്ള തിരി ഉള്ളിലേയ്ക്ക് അമർത്തി കത്തിച്ചു. തിരി ഭയങ്കര ശക്തിയോടെ കത്തി. അയാൾ അത് പൊട്ടുമെന്ന വിശ്വാസത്തോടെ മുറ്റത്തേയ്ക്ക് ഇട്ടു കഴിഞ്ഞു. ശബ്ദമില്ല. മുറ്റത്ത് അനക്കമില്ലാതെ കിടക്കുന്ന പടക്കം അയാൾ പെറുക്കിയെടുത്ത് വെളിച്ചത്ത് കൊണ്ടുവന്ന് പരിശോധിച്ചു. തിരി കത്തിപോയിരിക്കുന്നു എന്നു മാത്രം. അയാൾ അതിന്റെ നടുഒടിച്ച് ഉള്ളിലുള്ള പൊടി ഒരു കടലാസിൽ കൊട്ടി. വെറും മണലായിരുന്നു അതിൽ. അയാൾ മുറ്റത്തു നിന്ന് വേറെയും രണ്ടു മൂന്നു പടക്കം പെറുക്കി വെളിച്ചത്തു കൊണ്ടുവന്ന് പരിശോധിച്ചു. എല്ലാറ്റിന്റെയും ഉള്ളിൽ മണൽ തന്നെ. ഓലപ്പടക്കങ്ങൾ മാത്രം ചിലതെല്ലാം തൂറ്റിയെങ്കിലും ബാക്കിയുള്ളവ ഒരു ചെറിയ ശബ്ദത്തോടെയെങ്കിലും പൊട്ടി. കൃഷ്ണൻകുട്ടി ബാക്കിയുള്ള പൂത്തിരികളെല്ലാം കത്തിയ്ക്കുവാൻ ശ്രമിച്ചു. ചിലതൊന്നും കത്തിയതു തന്നെയില്ല. കത്തിയവയാകട്ടെ നാലും അഞ്ചും പ്രാവശ്യം വീണ്ടും കത്തിക്കേണ്ടി വന്നു.

അയാൾ പൂവെടുത്ത് മുറ്റത്തു വെച്ചു. അതെങ്കിലും ശരിയായാൽ മതിയായിരുന്നു. കത്തുന്ന കമ്പിത്തിരികൊണ്ട് അത് കത്തിച്ചു. പൂവ് ആദ്യം നന്നായി കത്തുമെന്ന ഒരു പ്രതീതിയുണ്ടാക്കി. ഒരടിയോളം ഉയർന്നു. പിന്നെ ചെകിടടയ്ക്കുന്ന ഒരു പൊട്ടിത്തെറി. അയാൾ സ്തബ്ധനായി നിന്നു. കണ്ണഞ്ചിയതുകൊണ്ട് കുറച്ചു നേരത്തേക്ക് ഒന്നും കാണാ ൻ കഴിഞ്ഞില്ല.

“ഇത് പൊട്ടണ സാധനാണോ?” മാധവി ചോദിച്ചു.” ഞാൻ വിചാരിച്ചത് വെറും പൂക്കുറ്റിയാണെന്നാ.”

അത് വെറും പൂ തന്നെയാണെന്നും പൊട്ടാനുള്ളതല്ലെന്നും പൊട്ടിയത് അതുണ്ടാക്കിയതിൽ കള്ളത്തരം കാണിച്ചിട്ടാണെന്നും മാധവിയെ പറഞ്ഞു മനസ്സിലാക്കാൻ അയാൾ ശ്രമിച്ചില്ല. അയാൾക്ക് നശിച്ചുപോയ മനക്കരുത്ത് എങ്ങിനെയെങ്കിലും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അയാൾ രണ്ടാമത്തെ പൂവും മുറ്റത്തു കൊണ്ടു വെച്ചു. കുറച്ചു വിട്ടുനിന്ന് തീ കൊടുത്തു. മുളച്ചു വരുന്ന കതിരുകൾ അയാൾ പ്രത്യാശയോടെ നോക്കി. ഈ പ്രാവശ്യം പൊട്ടിത്തെറിക്കലുണ്ടായില്ല. മറിച്ച് തികച്ചും അപ്രതീക്ഷിതമായി പൂവിന്റെ ഒരു വശം തുറന്ന് ഒരു തൂറ്റൽ. അയാൾക്ക് ആശയൊന്നും ബാക്കിയുണ്ടായിരുന്നില്ല. അയാൾ തിരിച്ചുവന്ന് ഉമ്മറപ്പടി മേൽ ഇരുന്ന് ബാക്കിയുള്ള മാലപ്പടക്കങ്ങൾ ഓരോന്നോരോന്നായി കത്തിച്ച് മുറ്റത്തേയ്ക്കിട്ടു. അവസാനത്തെ പടക്കവും കത്തിച്ച് മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് അയാൾ തലയുയർത്തി നോക്കിയപ്പോൾ മുമ്പിൽ ആരുമില്ല. മുട്ടവിളക്കിന്റെ നാളം അയാളുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചിരുന്നു. അയാൾ കണ്ണു തിരുമ്മി ചുറ്റും നോക്കി. മാധവി ഇരുട്ടിൽ ചുമരിന്നരികെ കസാലയിൽ അനക്കമില്ലാതെ ഇരിക്കുകയാണ്. അയാൾ കൃഷ്ണൻകുട്ടി എവിടെ എന്നു നോക്കി. അവൻ വടക്കെ വേലിയ്ക്കരുകിൽ ശേഖരന്റെ വീട്ടിലേയ്ക്ക് നോക്കി നിൽക്കുകയാണ്. ചുറ്റുപാടുമുള്ള പടക്കത്തിന്റെ ഒച്ച അയാൾ അപ്പോഴാണ് ശ്രദ്ധിച്ചത്, അത് ശ്രദ്ധിച്ചുകൊണ്ടിരിക്കെ അയാൾക്ക് അമർഷംതോന്നി. അയാൾ ഉറക്കെ പറഞ്ഞു.

“എന്തൊരു പറ്റിക്കലാണിത്? പണമുണ്ടാക്കാൻ എന്തും ചെയ്യാമെന്നാണോ?” അയാൾ നിർത്തി. ഭാര്യയിൽ നിന്ന് അയാൾ മറുപടി പ്രതീക്ഷിച്ചിരുന്നു. എന്തെങ്കിലും മറുപടി. ഒന്നുമില്ലെങ്കിലും താൻ പറഞ്ഞത് ശരിയാണെന്നെങ്കിലും പറയാ. ഒരു ധാർമ്മിക പിൻതുണ തരാനെങ്കിലും. മാധവി ഒന്നും പറയാതെ കല്ലുപോലെ ഇരിയ്ക്കുകയായിരുന്നു. അവൾ നിശ്ശബ്ദയായി കരയുകയാണെന്നയാൾക്കു തോന്നി. അയാൾക്ക് താൻ വാങ്ങിയ പടക്കങ്ങൾ പരാജയപ്പെട്ടിടത്ത് സ്വയം പൊട്ടിത്തെറിക്കാൻ തോന്നി. കലുഷമായ മനസ്സുപേറി അയാൾ ഉമ്മറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. ഹൃദയത്തിൽ അമർഷം നിറഞ്ഞപ്പോൾ പീടികക്കാരനെ കാണണമെന്നും കുറെ ചീത്ത പറയണമെന്നും അയാൾ തീർച്ചയാക്കി. അയാൾ പറഞ്ഞു.

“മാധവി ഒരു ചായ തരു.”

ഒമ്പതുമണിക്ക് ചെന്നപ്പോഴും പീടികയിൽ നല്ല തിരക്കുണ്ടായിരുന്നു. കുമാരനെ കണ്ട ഭാവം നടിക്കാതെ കൃഷ്ണൻനായർ മറ്റ് ഓരോരുത്തരോട് സംസാരിച്ചു നിന്നു. അയാൾ പറഞ്ഞു.

“കൃഷ്ണൻനായരേ ഇന്നലെ നിങ്ങൾ തന്ന പടക്കമൊന്നും പൊട്ടിയില്ല.”

“ഏത് പടക്കം?” പീടികക്കാരൻ ആശ്ചര്യത്തോടെ ചോദിച്ചു. “അങ്ങിനെ വരാൻ ഞായല്യല്ലൊ.”

“ഇന്നലെ ഇവിടെ നിന്ന് വാങ്ങിക്കൊണ്ടുപോയ പടക്കേയ്. ഇത്ര വേഗം മറന്ന്വോ നിങ്ങള്?”

“അതെ. അതിൽ ഏത് പടക്കാ പൊട്ടാത്തത്?”

“മാലപ്പടക്കം ഒന്നും പൊട്ടിയില്ല. പൂവും കത്തിയില്ല. പിന്നെ കമ്പിത്തിരി...”

“അതു ശരി.” കൃഷ്ണൻനായർ ഒരു പരിഹാസത്തോടെ പറഞ്ഞു. “നിങ്ങൾക്ക് രണ്ടര കാശിന് പടക്കോം വേണം, പിന്നെ അതൊ ക്കെ പൊട്ടൂം വേണംച്ചാൽ വല്യേ വിഷമം തന്നെയാണ്. പടക്കത്തിനൊക്കെ ഇപ്പൊ എന്താ വില?”

പിന്നെ അയാൾ തിരിഞ്ഞ് കുറെയധികം പടക്കം വാങ്ങുന്ന ഒരാളോട് പറഞ്ഞു.

“ഈ ആറ്റംബോംബ് ഒരു ഡസൻ തരട്ടെ? ഡസന് എട്ടുറുപ്പികയേ ഉള്ളു. ഇന്നലെ വരെ പത്തുറുപ്പികയ്ക്ക് വിറ്റതാണ്.”

കൃഷ്ണൻനായർ തിരിച്ചു വരുമെന്നും അയാളോട് കുറച്ചുകൂടി സംസാരിക്കാൻ പറ്റുമെന്നുള്ള ധാരണയിൽ കുമാരൻ അവിടെ നിന്നു. പറയാനുള്ള വാചകങ്ങൾ അയാൾ മനസ്സിൽ ഉണ്ടാക്കി. പക്ഷെ കൃഷ്ണൻനായർ തിരിച്ചു വരലുണ്ടായില്ല. മാത്രമല്ല കുമാരനെ തീരെ അവഗണിച്ചുകൊണ്ട് മറ്റുള്ളവരുമായി സംസാരിച്ചു നിന്നു. അയാളുടെ ഉള്ളിൽ രോഷം തിളച്ചു മറിയുകയായിരുന്നു. ന്യായത്തിനു വേണ്ടി അയാൾ കൊതിച്ചു. ഒരു തീപ്പെട്ടിക്കോൽ ഉരച്ച് പടക്കങ്ങൾ നിരത്തിയമേശയ്ക്കു മേൽ ഇട്ട് ആ പീടിക കത്തിച്ച് ഭസ്മമാക്കാൻ അയാളുടെ കൈ തരിച്ചു. പക്ഷെ അയാൾ ഒന്നും ചെയ്യാൻ ധൈര്യപ്പെടാതെ ഒരക്ഷരം മിണ്ടാൻ കെൽപ്പില്ലാതെ പീടികയിൽ നിന്ന് പുറത്തിറങ്ങി.

നിരത്തിൽ കുറച്ചു നേരം എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അയാൾ നിന്നു. സൂര്യവെളിച്ചം അയാളുടെ കണ്ണുകളെ വേദനിപ്പിച്ചിരുന്നു. കണ്ണുകൾ ഇറുക്കിക്കൊണ്ട് അയാൾ ചുറ്റും നോക്കി. നിരത്തിൽ ടാറിടുന്നുണ്ടായിരുന്നു. റോഡ്‌റോളറിന്റെ ശബ്ദം. ടാർ തിളയ്ക്കുന്നതിന്റെ കുത്തുന്ന മണം.

നനവു വിട്ടിട്ടില്ലാത്ത മണ്ണിലൂടെ അയാൾ നഗ്നപാദനായി നടന്നു. മിട്ടായിക്കടയ്ക്കു മുന്നിൽ നിന്ന് അയാൾ കീശയിൽ തപ്പി. ഏതാനും നാണയങ്ങൾ ബാക്കിയുണ്ട്. ഇന്ന് ബീഡിക്കു പകരം കുറച്ചു ജീരകമിട്ടായി വാങ്ങാം. കൃഷ്ണൻകുട്ടിയ്ക്ക് ഇഷ്ടമുള്ളതാണ്.