close
Sayahna Sayahna
Search

സർക്കസ്സിലെ കുതിര


സർക്കസ്സിലെ കുതിര
EHK Story 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദിനോസറിന്റെ കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 65

എയർപോർട്ട് ആശാകേന്ദ്രമായിരുന്നു. നിരാശയുടെ താവളവും. ഇന്റർനാഷണൽ ഡിപാർച്ചർ ഹാളിലെ തിരക്കിന്നിടയിൽ അടുത്തു നിന്ന കിഴവൻ ചോദിച്ചു.

‘ലണ്ടനിൽനിന്നുള്ള ഫ്‌ളൈറ്റ് വന്നോ?’

അത് എയറിന്ത്യയുടെ ലണ്ടൻ — റോം — ബോംബെ ഫ്‌ളൈറ്റായിരുന്നു. രണ്ടരക്കാണ് ഷെഡ്യൂൾഡ് ടൈം.

‘ഇല്ല.’ അയാൾ പറഞ്ഞു. ‘പതിനഞ്ചു മിനിറ്റിനുള്ളിൽ വരും.’

‘എന്റെ മകൻ വരുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

ആൾക്കാരെ സ്വീകരിക്കാൻ കാത്തുനിൽക്കേണ്ടത് ഡിപാർച്ചർ ഹാളിനു മുമ്പിലല്ലെന്നും, അതിനും കുറെ അപ്പുറത്ത് അറൈവൽ ഹാളിലാണെന്നും അയാളോടു പറയാൻ ജയരാമൻ ഓങ്ങി. പക്ഷെ അപ്പോഴേയ്ക്കും അയാൾ വീണ്ടും പറഞ്ഞു.

‘ശരിക്കുള്ള സമയത്തു വന്നാൽ മതിയായിരുന്നു.’

പരിഭ്രമിച്ച മുഖത്തോടെ, കട്ടിയുള്ള കണ്ണടയിലൂടെ അയാൾ ജയരാമനെ നോക്കി.

‘ശരിക്കുള്ള സമയത്തിനു തന്നെയാണ് വരുന്നത്.’ ജയരാമൻപറഞ്ഞു.

അയാൾ കാത്തുനിന്നിരുന്നത് സ്വിസ്സെയർ ഫ്‌ളൈറ്റിന്നായിരുന്നു. എസ്. ആർ. 308 എത്തുക 2.55 മണിക്കാണ്. ഇനിയും അരമണിക്കൂറിലധികം ബാക്കിയുണ്ട്. ഇതിനകം അയാൾ നാലുവട്ടം എയർപോർട്ടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു കഴിഞ്ഞു. ഒരറ്റത്ത് ഡൊമസ്റ്റിക് അറൈവൽ ആണ്. മറ്റെ അറ്റത്ത് ഇന്റർനാഷണൽ അറ്റെവലും. ഇതിനു രണ്ടിനുമിടയിൽ ആശക്കും നിരാശക്കും ഇടയിൽ തിങ്ങിക്കൂടുന്ന മനുഷ്യാത്മാക്കളെ നിരീക്ഷിക്കുക അയാൾക്കിഷ്ടമായിരുന്നു. ഇരുപത്തിനാലു മണിക്കൂറും എയർപോർട്ടിൽ ഇതേ തിരക്കാണ്. അയാൾ പറഞ്ഞു.

‘കാത്തു നിൽക്കുക ഇവിടെയല്ല. അറൈവൽ ഹാൾ കുറെക്കൂടി അപ്പുറത്താണ്.’

കിഴവനു മനസ്സിലായില്ല. അയാൾ ജയരാമനെ സാകൂതം നോക്കി.

‘എന്താണ് പറഞ്ഞത്?’

‘കാത്തുനിൽക്കേണ്ടത് ഇവിടെ അല്ലെന്ന്. ഇവിടെ യാത്രയയക്കേണ്ടവരാണ് നിൽക്കുക. വിമാനമിറങ്ങി കസ്റ്റംസ് ചെക്കിങ് കഴിഞ്ഞ് യാത്രക്കാർ പുറത്തു വരുക വേറൊരു വഴിയ്ക്കാണ്.’

കിഴവൻ വീണ്ടും മനസ്സിലാവാത്തപോലെ അയാളെ നോക്കി.

‘അതെങ്ങിനെയാണ്? മൂന്നുമാസം മുമ്പ് ഞാനവനെ യാത്രയാക്കിയത് ഇവിടെ വെച്ചാണ്. അപ്പോൾ തിരിച്ചുവരേണ്ടതും ഇതിൽക്കൂടെത്തന്നെയാവണ്ടെ?’

ബോംബേയിൽനിന്ന് ലണ്ടനിലേക്ക് ആകാശത്തുകൂടെ ഒരിടനാഴിക. അതിലൂടെയാണ് പോക്കും വരവും. അപ്പോൾ പോയ വഴിക്കുതന്നെ തിരിച്ചുവരണം. അയാളുടെ വാദം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തവിധം യുക്തിയുക്തമായിരുന്നു. മാത്രമല്ല ഭാവനയിലും അത് വളരെ എളുപ്പമായിരുന്നു. ഒരു യാത്രക്കാരൻ വിമാനമിറങ്ങി പലവിധ പരിശോധനയും കഴിഞ്ഞ് ക്ഷീണിച്ച് പുറത്തുവരുന്നതിനെപ്പറ്റി വിമാനത്താവളത്തിലെ പലവിധ ഊടുവഴികളെപ്പറ്റി, അധമമാർഗ്ഗങ്ങളെപ്പറ്റി എല്ലാം വിശദമായി അറിയാതിരിക്കുക തന്നെയാണ് നല്ലത്.

കിഴവന്റെ മനസ്സിലെ ചിത്രം നശിപ്പിച്ചു കളയാൻ അയാൾക്കു കഴിഞ്ഞില്ല. അയാൾ നടന്നു.

എയർഇന്ത്യയുടെ കൌണ്ടറിൽ ഒരു തർക്കം. അയാൾ കുറച്ചുനേരമായി ശ്രദ്ധിക്കുന്നു.

‘ഞാൻ പതിനായിരം ഉറുപ്പിക കൊടുത്താണ് ഈ എന്നോസി കിട്ടിയത്. വേറെ അയ്യായിരം ഏജന്റിനും കൊടുത്തിരിക്കുന്നു. ഇന്നത്തെ ഫ്‌ളൈറ്റിന് കൺഫേമ്ഡ് ടിക്കറ്റുണ്ട്. പിന്നെ എന്തുകൊണ്ട് എനിയ്ക്ക് പൊയ്ക്കൂടാ?’

‘നിങ്ങൾക്ക് എന്നോസിയുണ്ട്, കൺഫേമ്ഡ് ടിക്കറ്റുമുണ്ട്. സമ്മതിച്ചു. പക്ഷെ വിസ എവിടെ? നിങ്ങളുടെ പാസ്‌പോർട്ടിൽ എൻഡോഴ്‌സ്‌മെന്റ് ഇല്ല. അയ്യായിരം കൊടുത്ത ഏജന്റ് ഇതൊന്നും നിങ്ങൾക്ക് പറഞ്ഞുതന്നില്ലെ?’

‘പ്ലീസ്, പ്ലീസ് എന്നെ പോകാൻ അനുവദിക്കു.’

‘സോറി, സർ. വിസയില്ലാതെ നിങ്ങളെ മസ്‌ക്കറ്റിലേയ്ക്കു കടത്തില്ല. അവിടെ പോയി തിരിച്ചുവരുകയാണോ നല്ലത്, അല്ലാ പത്ത് ദിവസംകൂടി ഇവിടെ താമസിച്ച് വിസയുണ്ടാക്കുകയോ? നിങ്ങൾ തീർച്ചയാക്കിയാൽ മതി.’

‘വിസയ്ക്ക് ഞാൻ ഡൽഹിയിൽ പോണ്ടെ?’

‘വേണ്ടി വരും.’

‘എന്റെ കയ്യിൽ പണമില്ല. ആകെയുള്ളത് നൂറുരൂപയാണ്. ഡൽഹിയിൽ പോവുക പോയിട്ട് ബോംബെയിൽ രണ്ടുദിവസം താമസിക്കാൻകൂടി പണമില്ല. സർ, ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കു.’

‘സോറി. ഹൂയിസ് നെക്സ്റ്റ്?’

അടുത്ത ആൾക്കും അതേ പ്രശ്‌നമായിരുന്നു. അയാളെയും ചെക്കിംഗ് ഇൻ കൌണ്ടറിൽനിന്ന് ഓടിച്ചതായിരുന്നു. ശരിയ്ക്കു പറഞ്ഞാൽ ചെക്കിംഗ് ഇൻ കൌണ്ടറല്ല എമിഗ്രേഷൻ ഡിപ്പാർട്ടുമെന്റാണവരെ പിടിച്ചു പുറത്താക്കിയത്. ചെക്കിംഗ് ഇൻ കൌണ്ടറിൽ ചെന്നപ്പോൾ ആദ്യം പാസ്‌പോർട്ട് എമിഗ്രേഷൻ ഡിപ്പാർട്ടുമെന്റുകാരെക്കൊണ്ട് പരിശോധിപ്പിച്ചു വരുവാൻ ആവശ്യപ്പെട്ടു. അവിടെ വെച്ചാണ് ഇവർക്കെല്ലാം സ്വർഗ്ഗകവാടം നിഷേധിക്കപ്പെട്ടത്.

നോക്കുമ്പോൾ നാലഞ്ചുപേർ ക്യൂവിൽ ഇതേ പ്രശ്‌നവുമായി നിൽക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും കഥ ദയനീയമായിരുന്നു.

‘ഇരുപ്പിടം വിറ്റിട്ടാണ് സർ ഞാൻ ഇതിനൊക്കെ പണമുണ്ടാക്കിയത്. ഇനി ഒരു നയാ പൈസയുണ്ടാക്കാൻ എന്നെക്കൊണ്ടു പറ്റില്ല. ദയവു ചെയ്ത് എന്നെ പോകാൻ അനുവദിക്കു.’

അവർ കരയുകയായിരുന്നു.

ജയരാമന് വിഷമം തോന്നി. അവർ സ്വർഗ്ഗത്തിന്റെ വാതിൽ വരെ എത്തിയവരായിരുന്നു. വാതിൽ തുറന്ന് പ്രവേശിക്കുകയേ വേണ്ടു. അപ്പോഴേയ്ക്കും അവരെ ചവുട്ടി പാതാളഗർഭത്തിലേക്കു താഴ്ത്തിയിരിക്കുന്നു. എന്തൊരന്തരം?

കസ്റ്റംസ് കൊൺക്ലേവിൽ തിരക്കായിരുന്നു. ദുബായിൽ നിന്നു വന്ന ജംബോ ഫ്‌ളൈറ്റിലെ യാത്രക്കാരുടെ ക്ഷീ ണിച്ച അമ്പരപ്പുള്ള മുഖങ്ങൾ. കസ്റ്റംസ് അപ്രൈസർമാരുടെ മുമ്പിൽ അവർ ദയയും പ്രതീക്ഷിച്ച് നിൽക്കുന്നത് അയാൾക്കു പരിചയമുള്ള കാഴ്ചയായിരുന്നു. അവർ വരുമ്പോൾ എന്തും കൊണ്ടുവരും. ഫ്രഞ്ചു സുഗന്ധദ്രവ്യങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും തൊട്ട് പ്ലാസ്റ്റിക് പായകൾ വരെ. ഡ്യൂട്ടി കൊടുത്ത് അതെല്ലാം ഒഴിവായിക്കിട്ടിയാൽ അവർ ഓരോരുത്തരായി പുറത്തു വരുന്നു. പിന്നെ ക്രമേണ എയർപോർട്ടിന്റെ ഹാളുകളിൽ ഓരോ മൂലയിൽ അടിഞ്ഞു കൂടുന്നു. അവർക്കു വേണ്ട കണക്ടിംഗ് ഫ്‌ളൈറ്റുകൾ പകലാണ്. ആദ്യമായി കിട്ടുന്ന സ്വീകരണം, അതായത് കസ്റ്റംസ് അധികൃതരുമായുള്ള ഏറ്റുമുട്ടൽ, വളരെ കർക്കശവും പരുഷവുമായിരുന്നു. അതുകൊണ്ട് അവർ മറ്റുള്ളവരേയും സംശയദൃഷ്ടിയോടെ നോക്കുന്നു. ബോംബെ അവർക്ക് ഒരു വിദേശം തന്നെയാണ്. ഇവിടെ ആൾക്കാർ അറബികളെക്കാൾ ക്രൂരമായി പെരുമാറുന്നു.

സ്വിസ്സെയർ ഫ്‌ളൈറ്റ് വന്നെന്നു തോന്നുന്നു. അയാൾ ആശ്വസിച്ചു. ഇനി പതിനഞ്ചു മിനിറ്റിനുള്ളിൽ ഹാൻസ് തോമാൻ ഒരു കയ്യിൽ സൂട്ട്‌കേസും, മറ്റെകയ്യിൽ അയാളുടെ ബ്രീഫ്‌കേസും സൂറിക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വെള്ള സഞ്ചിയും തൂക്കി പ്രത്യക്ഷപ്പെടും. അയാളെ സെന്റോർ ഹോട്ടലിൽ കൊണ്ടുപോയാക്കിയാൽ തനിയ്ക്ക് വീട്ടിൽ പോകാം. വീട്ടിൽ നളിനിയും കുട്ടികളും ഉറങ്ങുന്നുണ്ടാവും. കുട്ടികൾ, പക്ഷെ നളിനി ഉറങ്ങുന്നുണ്ടാവുമോ ആവോ?

എയർപോർട്ടിലേയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് നളിനിയുമായുണ്ടായ വഴക്ക് അയാൾ ഓർത്തു. രാത്രി ജയരാമൻ എയർപോർട്ടിൽ പോകുന്നത് നളിനി ഇഷ്ടപ്പെട്ടിരുന്നില്ല. പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ചെറിയ രണ്ടു മക്കളെയും വെച്ച് ഒറ്റയ്ക്കു രാത്രി കഴിച്ചു കൂട്ടുന്നത് ഭയമുള്ള കാര്യമാണ്. കഴിഞ്ഞ മാസമാണ് താഴെ നിലയിൽ ഒരു ഫ്‌ളാറ്റിൽ കള്ളൻ കടന്നത്. അയാളില്ലാത്തപ്പോൾ രാത്രി കുട്ടി കരയുന്നതുകൂടി അവൾക്കു പേടിയായിരുന്നു. ചെറിയ കുട്ടി കരയുമ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ അവന്റെ വായ പൊത്താറുണ്ട്. അതെല്ലാം അയാൾക്കറിയാവുന്നതാണ്.

രണ്ടാമതായി അർദ്ധരാത്രി ടാക്‌സി പിടിച്ചു പോകുന്നത് അത്ര സുരക്ഷിതമൊന്നുമല്ല. യാത്രക്കാരെ വിജനമായ ഹൈവേയിൽ വെച്ച് കൊള്ളയടിക്കപ്പെട്ട വാർത്തകൾ പത്രങ്ങളിൽ വരാറുണ്ട്.

പോരാത്തതിന് ഓഫീസിൽ അയാളുടെ പുരോഗതിയിൽ അവൾ തീരെ തൃപ്തയായിരുന്നില്ല. അവൾ പറഞ്ഞു. കുട്ടി ഇങ്ങിനെ രാവുപകൽ എയർപോർട്ടിലും ഫാക്ടറികളിലും പോയിട്ടൊന്നും കാര്യമില്ല. കഴിഞ്ഞ അഞ്ചുകൊല്ലമായില്ലെ ഇങ്ങിനെ അദ്ധ്വാനിക്കുന്നു. എന്നിട്ടെന്തുണ്ടായി? കുട്ടീടെ ബോസിന് ഗുണമുണ്ടായി. ഇവിടെ ബിസിനസ്സ് കൂടിയാൽ ക്രെഡിറ്റ് അയാൾക്കാണ്, കുട്ടിക്കല്ല. അയാൾക്ക് ഓഫീസ് ഫ്‌ളാറ്റ് കൊടുത്തു, വീട്ടിൽ ഫോൺകൊടുത്തു, കാറും ഡ്രൈവറും കൊടുത്തു. കുട്ടിക്കോ? സാധാരണ മട്ടിൽ ഒരു നൂറിന്റെ ഇൻക്രിമെന്റു മാത്രം. ഇനിയെങ്കിലും നിർത്തിക്കൂടെ?

നിർത്തുന്നതിൽ അർത്ഥമൊന്നുമില്ല. താൻ സർക്കസ്സിലെ കുതിരയുടെ മാതിരിയാണ്. ഈ കഥ പറഞ്ഞു തന്നത് ഒരു ബംഗാളി സ്‌നേഹിതനാണ്. സർക്കസ്സ് മാനേജർ കുതിരയോട് പറയാറുണ്ട് ട്രെപ്പീസ് കളിക്കുന്ന പെൺകുട്ടിയെ കല്യാണം കഴിച്ചു കൊടുക്കാമെന്ന്. കുതിര പാവം ആ വാഗ്ദാനം കാര്യമായെടുത്തു കൂടുതൽ കൂടുതൽ അദ്ധ്വാനിച്ചു. ഒരു പക്ഷെ ഇപ്പോഴും ആ മോഹവും വെച്ച് അദ്ധ്വാനിക്കുന്നുണ്ടാവും.

താനിപ്പോൾ ജോലിയിൽ അനാസ്ഥ കാണിച്ചാൽ അതിനർത്ഥം അഞ്ചു കൊല്ലത്തെ അദ്ധ്വാനം വെറുതെ വെള്ളത്തിലൊഴുക്കിക്കളയുകയാണെന്ന്. അത് നളിനിക്കു മനസ്സിലായില്ല. ആരുമാവാത്തതിനേക്കാൾ ഭേദം സർക്കസ്സിലെ കുതിരയെങ്കിലുമാവുകയാണ്.

‘ഒരു രാത്രിയിലെ ഉറക്കം പോയെങ്കിൽ പിറ്റേന്ന് രാവിലെ കുറച്ചു നേരം ഉറങ്ങി ഓഫീസിൽ പോവുകയെങ്കിലും ചെയ്തുകൂടെ?’

നളിനി ചോദിക്കാറുണ്ട്.

‘അപ്പോൾ സാധാരണത്തേക്കാൾ നേരത്തെ പോകണം. കാരണം കുട്ടിയ്ക്ക് ഈ സന്ദർശകരെ ഹോട്ടലിൽ നിന്നു പിക്കപ്പു ചെയ്ത് ഓഫീസിൽ ബോസിനെ ഏൽപ്പിക്കണം. കുട്ടി രാത്രി സ്വീകരിക്കാൻ പോയവർ എയർകണ്ടീഷൻ ചെയ്ത മുറിയിൽ എട്ടുമണിവരെ കിടന്നുറങ്ങും. കുട്ടിയാകട്ടെ രാത്രി മൂന്നു മണിക്കോ മറ്റൊ വീട്ടിലെത്തിയാൽത്തന്നെ ഉറക്കമുണ്ടാവില്ല. ഇതിലൊന്നും പാകപ്പിഴകൾ കാണുന്നില്ലെ?

‘ഒന്നു ശ്രദ്ധിച്ചിട്ടുണ്ടൊ? രാത്രി മാത്രമെ കുട്ടിയെ എയർപോർട്ടിൽ പറഞ്ഞയക്കു. ഫ്‌ളൈറ്റുകൾ പകൽ വരുന്ന ദിവസം വരുന്നവരെ സ്വീകരിക്കാൻ കപാഡിയ തന്നെ പോവാറുണ്ടല്ലൊ? എന്നെങ്കിലും കുട്ടിയെ പറഞ്ഞയച്ചിട്ടുണ്ടോ? അയാൾക്ക് ഉറക്കം കളയാനൊന്നും വയ്യ.’

ഈ വക സംസാരങ്ങൾ വീട്ടിൽ എപ്പോഴും അസ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിച്ചു. നളിനി പറയുന്നതെല്ലാം ജയരാമന്നറിയാവുന്ന കാര്യങ്ങളാണ്. മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്. ഇതൊന്നും തന്നെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കേണ്ട കാര്യമില്ല. തനിയ്ക്കു ഭാര്യയിൽ നിന്നു വേണ്ടത് വളരെ ചെറിയ ത്യാഗങ്ങളാണ്. താൻ ഉറക്കമൊഴിക്കാൻ തയ്യാറാവുമ്പോൾ അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ ഉറങ്ങാനെങ്കിലും കഴിയണം. ആശ നശിച്ചെന്നു പറയാറായിട്ടില്ല. അളവറ്റ ശുഭാപ്തിവിശ്വാസം ജയരാമന്നുണ്ട്.

വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷത്തിൽനിന്നു പുറത്തു കടന്നാൽ അയാൾ ശാന്തനായിരുന്നു. ഉറങ്ങുന്ന ടാക്‌സി ഡ്രൈവറെ പുറത്തുതട്ടി വിളിച്ചുണർത്തി ടാക്‌സിയിൽ കയറി എയർപോർട്ട് എന്നു പറയുമ്പോഴേയ്ക്കും അയാൾ സമനില പ്രാപിച്ചിട്ടുണ്ടാകും.

അയാൾ ഹാൻസ് തോമാന്റെ സ്വർണ്ണമുടിയുള്ള തലകണ്ടു. തോമാൻ ഒരു കസ്റ്റംസ് ഓഫീസറെ നോക്കി ചിരിച്ചു. ഓഫീസർ എന്തോ ചോദിച്ചു. തോമാൻ തലയാട്ടി എന്തോ മറുപടി പറഞ്ഞു.

എന്തായിരിക്കും സംഭാഷണം എന്ന് ജയരാമനറിയാം.

‘എനിതിംഗ് ടു ഡിക്ലേയർ?’

‘നോ. ജസ്റ്റ് എ ഫ്യൂ ഓഫ് മൈ ഡ്രസ്സസ് ആന്റ് പേപ്പേർസ്.’

സൂട്ട്‌കേസ് തുറന്നു നോക്കാനുംകൂടി ആവശ്യപ്പെടാതെ കസ്റ്റംസ് ഓഫീസർ അതിനു മീതെ ചോക്കുകൊണ്ട് ഒപ്പിട്ടു.

ജയരാമൻ വാതിലിനടുത്തു പോയി നിന്നു. തോമാൻ സൂട്ട്‌കേസും ബാഗും തൂക്കിപ്പിടിച്ച് പുറത്തു വന്നു. ജയരാമനെ കണ്ടപ്പോൾ സൂട്ട്‌കേസ് താഴെ വെച്ച് കൈ നീട്ടി.

‘ഗുട്ടൻ മോർഗൻ ജയറാം. വീ ഗെറ്റ്‌സ്?’

‘ഗുട്ടൻ മോർഗൻ. ഡാങ്ക് ഗുട്ട്. വീ വാർ ദ ഫ്‌ള്യൂഗ്?’

‘ഷേർ ഷോൺ.’

പുറത്ത് സെന്റോർ ഹോട്ടലിന്റെ പിക്കപ്പ് വാനിനുവേണ്ടി കാത്തു നിൽക്കുമ്പോൾ തോമാൻ ചോദിച്ചു.

‘എവിടെ നിന്റെ റോൾസ് റോയ്‌സ്?’

തന്റെ മഞ്ഞച്ചായമുള്ള ഹെറാൾഡിന് തോമാൻ യെല്ലോ റോൾസ് റോയ്‌സ് എന്നാണ് പറയാറ്.

‘ഗരാഷിൽ.’

‘ആക്‌സിഡന്റ്?’

‘അല്ല റിപ്പേയർ.’

‘ഹൌ ഈസ് കപാഡിയാ?’

‘ഹീയിസ് ഓകേ.’

‘ബിസിനസ്സ്? ഒരു ക്ഷമാപണത്തോടെ തോമാൻ പറഞ്ഞു. ബിസിനസ്സിനെപ്പറ്റി സംസാരിക്കാൻമാത്രം നേരം പുലർന്നിട്ടില്ലെന്നറിയാം. സ്റ്റിൽ ഐയാം ആങ്ങ്ഷസ് ടു നോ വാട്ട് ദ പ്രോസ്പക്ടസ് ആർ.’

‘ബിസിനസ്സ് ഈസ് ഗുഡ്. പുതിയ ലൈസൻസിംഗ് പോളിസി നമുക്ക് അനുകൂലമാണ്.’

സെന്റോർ കോച്ച് വരുന്നുണ്ടായിരുന്നു. പെട്ടെന്നയാൾ മകനെ കാത്തുനിന്നിരുന്ന കിഴവനെ ഓർത്തു. എയറിന്ത്യയുടെ ലണ്ടൻ ഫ്‌ളൈറ്റ് ഇതിനകം വന്നിരുന്നു. കിഴവൻ ഇപ്പോഴും ഡിപാർച്ചർ ഹാളിനു മുമ്പിൽ കാത്തു നിൽക്കുന്നുണ്ടാവും. മകൻ ഇപ്പുറത്തുകൂടെ പുറത്തു കടന്ന് ടാക്‌സി പിടിച്ച് പോയിട്ടുമുണ്ടാകും. കിഴവനെ നിർബ്ബന്ധിച്ച് കൊണ്ടുവരേണ്ടതായിരുന്നെന്ന് ജയരാമനു തോന്നി. ഇപ്പോൾ വളരെ വൈകിപ്പോയി. സെന്റോർ കോച്ചിൽ കയറുമ്പോൾ തന്നിലുള്ള ഈ അന്യതാബോധം ജയരാമൻ വെറുത്തു.

സെന്റോർ ലൗഞ്ചിൽ തണുപ്പായിരുന്നു. പുറത്തു വാതിൽ തുറന്നുപിടിച്ച സർദാറിന് ഇരുപത്തിനാലുമണിക്കൂറും ഡ്യൂട്ടിയാണോ എന്നയാൾ അത്ഭുതപ്പെട്ടു. എപ്പോൾ പോകുമ്പോഴും അയാൾ ആ സർദാറിനെ കാണാറുണ്ട്. ഒരു പക്ഷെ വേറെ ഒരുത്തനായിരിക്കാം. എല്ലാ സർദാർമാരും കാക്കക്കുട്ടികളുടെ മാതിരി, ഒരുപോലെയാണ്.

റിസപ്ഷൻ കൌണ്ടർ ഉറക്കം തൂങ്ങിയിരുന്നു. കൌണ്ടറിലുള്ള ട്രെയ്‌നി റിസപ്ഷനിസ്റ്റ് മധുരമായി ചിരിച്ചു.

‘കാൻ ഐ ഹെൽപ് യു സേർ.’

‘ഷുവർ.’

‘ഹൌ മെനി പേർസൺസ്, ടു?’

‘നോ, ജസ്റ്റ് വൺ. ഹാൻസ് തോമാൻ. ഹി ഹാസ് എ ബുക്കിംഗ് ഹിയർ.’

അവൾ ചതുരത്തിലുള്ള ഒരു കാർഡെടുത്ത് തോമാനു കൊടുത്തു. ജയരാമൻ ചുറ്റും നോക്കി. ഹോട്ടൽ ഉറങ്ങിയിരുന്നില്ല. പക്ഷെ അതിന്റെ താളം മന്ദഗതിയിലായിരുന്നു. അതു നിലയ്ക്കാത്ത ഒരു കവാത്താണ്. രാവിലെയാവുമ്പോഴേക്ക് വീണ്ടും ദ്രുതഗതിയിലാവുന്നു. ഒരിക്കലും നിൽക്കലുണ്ടാവില്ല.

‘റൂം നമ്പർ ഫോർതർട്ടിയെയ്റ്റ്.’

നാനൂറ്റി മുപ്പത്തെട്ടാം നമ്പർ മുറി ലിഫ്റ്റിനടുത്തല്ലെന്നും, വർത്തുളമായ ഇടനാഴികയിലൂടെ ഹോട്ടലിന്റെ ഒരു അർദ്ധഗോളം നടന്നു തരണം ചെയ്യേണ്ടി വരുമെന്നും അയാൾ ഓർത്തു.

ലിഫ്റ്റിൽ അപ്പോഴും സംഗീതമുണ്ടായിരുന്നു. ഇടനാഴികയിലും. ഒരുപക്ഷെ ലൗഞ്ചിലുമുണ്ടായിരുന്നിരിക്കണം. ജയരാമൻ ശ്രദ്ധിച്ചിരുന്നില്ല.

മുറിയിലെത്തിയപ്പോൾ തോമാൻ ചോദിച്ചു.

‘ഹൗ എബൌട്ട് ഹാവിംഗ് എ ഡ്രിങ്ക് വിത്ത് മി?’

‘നോ. താങ്ക് യു. വളരെ നേർത്തെയായി.’

സമയം മൂന്നരയായിരുന്നു.

‘നാളെ എന്താണ് പ്രോഗ്രാം? ഞാൻ കപാഡിയയെ കാണുമോ? അല്ലാ ജയരാമനാണോ എന്റെ ഒപ്പം വരുന്നത്.’

‘ഞാനാണ് വരുന്നത്. നാളെ പതിനൊന്നിനാണ് ആദ്യത്തെ അപ്പോയിന്റ്‌മെന്റ്. ഞാൻ പത്തരക്ക് ഇവിടെ വരും.’

‘ഓകെ. അങ്ങിനെയാണെങ്കിൽ കപാഡിയയെ ഞാൻ മറ്റന്നാളെ കാണു. ഈ സ്‌കോച്ച് കപാഡിയക്കു കൊടുക്കു.’

സൂറിക്ക് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വെള്ള നിറത്തിലുള്ള കടലാസു സഞ്ചി തോമാൻ അയാളെ ഏൽപ്പിച്ചു. അതിൽ ഹെയ്ഗിന്റെ ഒരു വലിയകുപ്പിയും റൊത്ത്മാൻസ് സിഗരറ്റിന്റെ പത്തു പാക്കറ്റുള്ള ഒരു പെട്ടിയുമുണ്ടായിരുന്നു.

അയാൾ നളിനി പറഞ്ഞതോർത്തു. തന്നെയും കപാഡിയയേയും അവൾ ഡ്വാർഫ് ആന്റ് ദ ജയന്റ് എന്നാണ് പറയാറ്. താൻ തെമ്മാടികളുമായി ഏറ്റുമുട്ടൽ നടത്തി കന്യകയെ രക്ഷിച്ചു. പക്ഷെ കന്യകയെ എടുത്തത് കപാഡിയയും. കപാഡിയയ്ക്ക് കിട്ടാൻ പോകുന്ന കന്യകയെ അയാൾ നോക്കി. അവൾ സുന്ദരിയായിരുന്നു. അവളുടെ നേർത്ത നിറം തന്നെ ലഹരി പിടിപ്പിക്കുന്നതായിരുന്നു. തനിയ്ക്കു കിട്ടിയാൽ കൊള്ളാമായിരുന്നു.

ജയരാമൻ പറഞ്ഞു.

‘ഗുഡ് നൈറ്റ്. സ്ലീപ്പ് വെൽ.’

‘ഗുഡ് നൈറ്റ്.’

ജയരാമൻ പുറത്തു കടന്നു. തോമാന്റെ സൂട്ട്‌കേസുമായി ഹോട്ടൽ ബോയ് അകത്തു കടന്നു.

ഇടനാഴികയിലെ കാർപ്പെറ്റ് അയാളുടെ കാലടി ശബ്ദം അമർത്തിയിരുന്നു. ലിഫ്റ്റിനടുത്തെത്താൻ വളരെ ദൂരം നടക്കണമെന്നയാൾ വീണ്ടും ഓർത്തു. ലിഫ്റ്റ് താഴെയായിരുന്നു. അയാൾ ലിഫ്റ്റിനുവേണ്ടി ബെല്ലടിച്ചു. ലിഫ്റ്റിൽ നേരിയ സംഗീതം. പുറത്തു വാതിൽ തുറന്നു പിടിച്ച സർദാർ ചോദിച്ചു.

‘ടാക്‌സി, സർ?’

‘നോ, താങ്ക്‌യു’

അവിടെ നിന്ന് വീട്ടിലേയ്ക്ക് പോകാൻ ടാക്‌സി വിളിച്ചാൽ ടാക്‌സിക്കാരന്റെ ചീത്ത കേൾക്കാൻ തയ്യാറായിരിക്കണം.

ചുത്തിയ ബനായ...നാലു മണിക്കൂർ ഉറക്കമൊഴിച്ച് ലൈനിൽ കാത്തിരുന്നത് ഈ അഞ്ചുറുപ്പികയുടെ ട്രിപ്പിനാണ്.

അയാൾ പുറത്തിറങ്ങി നടന്നു. എയർപോർട്ട്. ഉള്ളിൽ നിറയെ വിളക്കുകൾ കൊളുത്തിവെച്ച സ്ഫടിക മാളികപോലെ നിലകൊണ്ടു. മകനുവേണ്ടി കാത്തു നിന്നിരുന്ന മനുഷ്യനെ അയാൾ വീണ്ടും ഓർത്തു. അയാൾ തന്റെ മനസ്സിൽ ഒരു കുറ്റബോധം ഉണ്ടാക്കുന്നുവെന്നയാൾ കണ്ടു. തനിയ്ക്ക് ഒരിക്കൽകൂടി അയാളെ നിർബന്ധിക്കാമായിരുന്നു. ജയരാമനു സ്വയം വെറുപ്പു തോന്നി.

അയാൾ എയർപോർട്ടിലേയ്ക്കു നടന്നു. ഒരു പക്ഷെ അയാൾക്ക് ആ കിഴവനെ സഹായിക്കാൻ കഴിയും. നടക്കുമ്പോൾ അയാൾക്ക് അമർഷം തോന്നി. ഒരു ചെറിയ കുട്ടിക്കുപോലും അയാളിൽ കുറ്റബോധം ഉണ്ടാക്കാൻ കഴിയുന്നു.

ഇന്റർനാഷണൽ ഡിപാർച്ചർ ഹാളിനു മുമ്പിലെ തിരക്കിൽ അയാൾ ഒരു വയസ്സനുവേണ്ടി പരതി. എളുപ്പമായിരുന്നില്ല. തിരക്ക് മുമ്പത്തേക്കാൾ കൂടിയിരുന്നു. അയാൾ ആ തിരക്കിൽ ഇല്ലെന്നുറപ്പായപ്പോൾ ജയരാമൻ അറൈവൽ ഹാളിലേയ്ക്കു നടന്നു. ഡിപാർച്ചർ ഹാളിനു മുമ്പിൽ കുറെ നേരം നിന്ന് മകനെ കാണാതയപ്പോൾ കൂന്നികൂടി അറൈവൽ ഹാളിലേയ്ക്കു നടക്കുന്ന ഒരു വൃദ്ധന്റെ മെലിഞ്ഞ ദേഹത്തിനുവേണ്ടി അയാൾ ചുറ്റും നോക്കി. അറൈവൽ ഹാളിലെ തിരക്കു കുറഞ്ഞിരുന്നു. വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അയാൾ നിരാശനായി. കിഴവൻ എവിടെ അപ്രത്യക്ഷനായി? ജയരാമൻ പുറത്തു കടന്ന് എയർപോർട്ടിന്റെ മറ്റെ അറ്റത്തേയ്ക്ക് നടക്കാൻ തുടങ്ങി. ഡൊമസ്റ്റിക് ഡിപാർച്ചർ ഹാളിനു മുമ്പിൽ വെളിച്ചം കുറവായിരുന്നു.

ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അയാൾ ആലോചിച്ചു. താനെന്തിന് മറ്റുള്ളവരുടെ മാറാപ്പു താങ്ങി നടക്കുന്നു. അവനവന്റേതു തന്നെയുണ്ട് ധാരാളം ചുമക്കാൻ.

ബസ്‌സ്റ്റോപ്പിന്നരികെ ഒരു ടാക്‌സി നിന്നുരുന്നു. ഉറങ്ങുകയായിരുന്ന ടാക്‌സിക്കാരനെ വിളിച്ചുണർത്താൻ വേണ്ടി അയാൾ ഓങ്ങി. പിന്നെ അതു വേണ്ടെന്നു വെച്ചു. ഉറങ്ങുന്നവരെ എന്തിനു ബുദ്ധിമുട്ടിക്കണം? ഇനി ധൃതി പിടിച്ചു വീട്ടിലെത്തിയാലും നളിനിയെ ഉണർത്തേണ്ടി വരും. അവളുടെ ഒരു രാത്രിയിലെ ഉറക്കം കളയാൻ തനിക്കവകാശമില്ല. എന്റെ ഭാരമെല്ലാം ഞാൻ തന്നെ ചുമക്കേണ്ടതാണ്. താനെന്നും ഒരു ഏകാന്തപഥികൻ തന്നെയായിരുന്നു.

കയ്യിൽ തൂക്കിയിട്ട സഞ്ചിയിലെ കന്യക ഒരു ഭാരമായിരുന്നു. അതും കൂടിയില്ലെങ്കിൽ കുറച്ചുകൂടി ആയാസത്തോടെ നടക്കാമായിരുന്നു. വീട്ടിലേക്കുള്ള അഞ്ചു കിലോമീറ്റർ ദൂരം നടക്കാൻ തുടങ്ങിയപ്പോൾ അയാൾ സർക്കസ്സിലെ കുതിരയെ ഓർത്തു. എന്നെങ്കിലും ട്രെപ്പീസ് സുന്ദരിയെ കിട്ടാതിരിക്കില്ല. അതുവരെ അദ്ധ്വാനിക്കുക തന്നെ.