സഞ്ജയൻ – ലഘുജീവചരിത്രം
← സഞ്ജയന്‍
ജീവിത രേഖ
- 1903 ജനനം
- 1911 അച്ഛന്റെ മരണം
- 1917 ആദ്യകവിത കൈരളിയില്‍
- 1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസില്‍ ഗുമസ്തന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകന്‍, വിവാഹം
- 1928 തിരുവനന്തപുരത്ത് നിയമപഠനം
- 1930 ഭാര്യയുടെ മരണം
- 1932 ക്ഷയരോഗം മൂര്‍ച്ഛിക്കുന്നു
- 1934 'കേരളപത്രിക'യില്‍
- 1936 'സഞ്ജയന്‍' തുടങ്ങി
- 1939 ഏകമകന്റെ മരണം
- 1940 'വിശ്വരൂപം' ആരംഭിച്ചു
- 1943 മരണം
കുടുംബം
1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈ സ്കൂളില്‍ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യര്‍ എന്നതു്. കവിയും ഫലിതമര്‍മ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമന്‍വൈദ്യര്‍ 42-ആം വയസ്സില്‍ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകന്‍ കരുണാകരന്‍ നായര്‍ റവന്യൂ വകുപ്പില്‍ തഹസീല്‍ദാരായിരുന്നു. നല്ല കവിതാ വാസനയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ രാമുണ്ണി നായര്‍ മരിക്കുന്നതിനു് ഒന്നര വര്‍ഷം മുമ്പേ മരിച്ചു പോയി. എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാര്‍വ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമന്‍ നായരായിരുന്നു പാറുക്കുട്ടിയുടെ ഭര്‍ത്താവു്.
വൈദ്യരുടെ അകാലചരമത്തിനു ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, വേണ്ടപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടില്‍ ഡോ. ശങ്കരന്‍ നായരെ പുനര്‍വിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എനീ പേരുകളില്‍ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
വിദ്യാഭ്യാസം
തലശ്ശേരി ബ്രാഞ്ച് സ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ല്‍ പാലക്കാട് വിക്ടോറിയാ കോളേജില്‍ അദ്ദേഹം ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.
സാഹിത്യപ്രവര്‍ത്തനം
1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ “സഞ്ജയന്‍” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. നമ്പ്യാര്‍ക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്. കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീര്‍ച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താന്‍ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
മരണം
1943 സെപ്റ്റംബര്‍ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂര്‍ച്ഛിച്ച് അന്തരിച്ചു.