close
Sayahna Sayahna
Search

Difference between revisions of "ഒരു സിതാര്‍ ഒരു മനസ്സ്"


 
Line 6: Line 6:
 
| honorific_prefix =  
 
| honorific_prefix =  
 
| honorific_suffix =  
 
| honorific_suffix =  
| image        =  
+
| image        = Velappan.jpg
 
| image_size    = 150px
 
| image_size    = 150px
 
| alt          =  
 
| alt          =  

Latest revision as of 16:13, 12 September 2014

കെ വേലപ്പന്‍
Velappan.jpg
ജനനം (1949-05-12)12 മെയ് 1949

ഉച്ചക്കട, തിരുവനന്തപുരം
മരണം 15 ജൂലൈ 1992(1992-07-15) (വയസ്സ് 43)

തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം ഭാഷാശാത്രം
പ്രധാനകൃതികള്‍ സിനിമയും സമൂഹവും
ആദിവാസികളും ആദിവാസിഭാഷയും
പുരസ്കാരങ്ങള്‍ കേരളസാഹിത്യ അക്കാദമി
ഫിലിം ക്ര‌ിട്ടിക്‍സ്
കേരളസംസ്ഥാന ഫിലിം
ജീവിതപങ്കാളി റോസമ്മ
മക്കള്‍ അപു

കെ വേലപ്പന്‍

ഇന്ത്യന്‍ സംഗീതത്തിന് മറുനാടുകളില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത മഹാനായ കലാകാരനാണ് പണ്ഡിറ്റ് രവിശങ്കര്‍. രവിശങ്കറുടെ ജ്യേഷ്ഠന്‍ ഉദയശങ്കറുടെ നൃത്തസംഘമാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ കലയെ മറുനാടുകളില്‍ ആദ്യമായി കൊണ്ടുചെന്നെത്തിച്ചതും അതിനോടു പാശ്ചാത്യരുടെ താല്പര്യമുണര്‍ത്താന്‍ നിമിത്തമായതും. ആ നൃത്തസംഘത്തിലെ ഒരംഗമായി ലോകം ചുറ്റവേ, ബാലനായ രവിശങ്കര്‍ക്ക് ഭാരതീയ കലയോട് പാശ്ചാത്യര്‍ക്കുള്ള അഭിനിവേശമെന്തെന്ന് നേരിട്ടറിയാന്‍ കഴിഞ്ഞു. പിന്നീട് വടക്കേ ഇന്ത്യന്‍ വീണയായ സീതാറുമായിചെന്ന് സംഗീതത്തിന്റെ മാന്തികാനുഭൂതികൊണ്ട് ലോകം കീഴടക്കാന്‍ രവിശങ്കര്‍ക്ക് പ്രചോദനമായത് ആ അറിവു് ആകണം. കിഴക്കും പടിഞ്ഞാറും തമ്മില്‍ പില്ക്കാലത്തുണ്ടായ സര്‍ഗ്ഗസംഗമങ്ങള്‍ക്കും സര്‍ഗ്ഗസംവാദങ്ങള്‍ക്കുമെല്ലാം വഴിതെളിച്ചത് രവിശങ്കറുടെ സംഗീത പര്യടനങ്ങളാണ്.

കലാകൗമുദിക്കു് അനുവദിച്ച ഒരു കൂടിക്കാഴ്ചയില്‍ പണ്ഡിറ്റ് രവിശങ്കര്‍ അക്കാലത്തെക്കുറിച്ച് ഓര്‍ത്തതിങ്ങനെയാണ്: ʻʻഒന്നും രണ്ടും ദിവസമൊന്നുമല്ല, മുപ്പതു കൊല്ലക്കാലം വിദേശങ്ങളില്‍ ഞാന്‍ നന്നേ പാടുപെട്ടു. എന്തായാലും ഞാനെന്റെ പയനീയറിംഗ് വര്‍ക്ക് ചെയ്തുകഴിഞ്ഞു എന്നതില്‍ എനിക്കു് ആത്മസംതൃപ്തിയുണ്ട്. ഇപ്പോള്‍ ഞാനേതാണ്ട് ഡെല്‍ഹിയിലും വാരാണസിയിലുമായി സ്ഥിരതാമസമായ മട്ടിലാണ്. എട്ടു മാസവും അവിടങ്ങളില്‍ കഴിഞ്ഞുകൂടുന്നു. നാലുമാസം സഞ്ചാരം. ഒരു കാര്യം എനിക്ക് തീര്‍ത്തുപറയാനാവും. എന്റെ കഠിന പ്രയ്ത്നംകൊണ്ടും ഞാന്‍ തെളിച്ച വഴി മറ്റു സംഗീതജ്ഞന്‍മാര്‍ പിന്തുടര്‍ന്നതുകൊണ്ടും പടിഞ്ഞാറ് ഇന്ത്യന്‍ സംഗീതം ആസ്വദിക്കപ്പെടാനുള്ള ഒരാവേശം ഉണര്‍ത്താന്‍ കഴിഞ്ഞു. അവിടെച്ചെന്നു കാണാതെ അതെത്രമാത്രം ശക്തമാണെന്നകാര്യം നിങ്ങള്‍ക്ക് മനസ്സിലാക്കാനാവില്ല. ന്യൂയോര്‍ക്ക്, ലണ്ടന്‍, ബോസ്റ്റണ്‍, പാരിസ്, ബെര്‍ലിന്‍, സാന്‍ഫ്രോന്‍സിസ്കോ, ലോസേഞ്ചലസ്, സിഡ്നി എന്നുവേണ്ട ലോകത്തിലെ എല്ലാ വന്‍നഗരങ്ങളിലും ഭാരതീയ സംഗീതം ആസ്വദിക്കാനും മനസ്സിലാക്കാനും കഴിവുള്ള വലിയൊരു ആസ്വാദകവൃന്ദത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് നേട്ടം തന്നെ. എല്ലാറ്റിനും സ്ഥിതിവിവരക്കണക്കിന്റെ പിമ്പേപോകാനാണല്ലോ നമുക്ക് താല്പര്യം. സ്ഥിതിവിവരക്കണക്കുവെച്ച് നോക്കിയാല്‍, ഇന്ത്യാക്കാരില്‍ എത്ര ശതമാനം പേരാണ് നമ്മുടെ ശാസ്തീയ സംഗീതം ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്യന്നതെന്നു പറയൂ. എഴുപതുകോടി ജനങ്ങളില്‍ എത്രപേര്‍? തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാടകത്തിലും കേരളത്തിലുമൊക്കെ കുറേ നല്ല അസ്വാദകര്‍ ഉണ്ടെന്നതു് ഭാഗ്യം. വടക്കോട്ടു പോയാല്‍ മഹാരാഷ്ട്രയിലും ബംഗാളിലുമൊഴികെ മറ്റെവിടെയാണ് ശാസ്ത്രീയ സംഗീതം ആസ്വദിക്കപ്പെടുന്നത്? ഇന്ത്യയില്‍ ജനിച്ചു എന്നതുകൊണ്ട് എല്ലാരും യോഗവിദ്യയും ശാസ്ത്രീയ സംഗീതങ്ങളുമൊക്കെ അറിഞ്ഞിരിക്കുമെന്ന് കരുതുന്നത് തെറ്റാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യന്‍കലയോടും തത്ത്വചിന്തയോടും സംഗീതത്തോടുമെല്ലാമുളള താല്പര്യം വളരെ ആഴത്തിലായിക്കഴിഞ്ഞിട്ടുണ്ട്. വലിയ വലിയ സര്‍വകലാശാലകള്‍ ഭാരതീയ വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പടുത്തിക്കഴിഞ്ഞിട്ടുമുണ്ട്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ കാരണം ലോകം വളരെ ചുരുങ്ങിച്ചെറുതായിരിക്കുന്നു. സംഗീതത്തോട് ഇന്ത്യാക്കാരും പാശ്ചാത്യരുമായ അസ്വാദകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നു ചോദിച്ചപ്പോഴാണ് രവിശങ്കര്‍ ഇവ്വിധം വിശദീകരിച്ചത്. രവിശങ്കര്‍ ഗ്ലാമറിന്റെയും പബ്ലിസിറ്റിയുടെയും പിറകെ ചെല്ലുന്നുവെന്നും പടിഞ്ഞാറന്‍ നാടുകളില്‍ അദ്ദേഹം ആര്‍ഷിച്ചുകൂട്ടിയ സാധാരണക്കാരായ ആസ്വാദകര്‍ക്ക് ഭാരതീയ സംഗീതത്തിന്റെയോ സിതാര്‍പോലുള്ളു സംഗീതോപകരണത്തിന്റെയോ സങ്കീര്‍ണ്ണതകളൊന്നും അറിഞ്ഞുകൂടെന്നും ഉസ്താദ് വിലായത്ഖാന്‍ ഈയിടെയും അവര്‍ത്തിച്ച് ആരോപണമുന്നയിച്ചത് ഈ ലേഖകന്‍ ഓര്‍ത്തുപോയി. സിതാറിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ അറിയാവുന്നവര്‍ കുറച്ചെങ്കിലുമുള്ള ഇന്ത്യയിലാകണമായിരുന്നു രവിശങ്കര്‍ ആ സംഗീതോപകരണത്തെ പോപ്പുലറൈസ് ചെയ്യേണ്ടിയിരുന്നതെന്നും വിലായത്ഖാന് അഭിപ്രായമുണ്ട്. സിതാറില്‍ രവിശങ്കര്‍ നടത്തുന്ന പുത്തന്‍പരീക്ഷണങ്ങള്‍ നമ്മുടെ ശാസ്ത്രീയ സംഗീതത്തിന്റെ വിശുദ്ധിയെ വല്ലാതെ വികലമാക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. പടിഞ്ഞാറ് ആദ്യമായി സിതാര്‍ കച്ചേരി നടത്തിയ കലാകാരനാണ് ഉസ്താദ് വിലായത്ഖാന്‍. ഉസ്താദ് വിലായത്ഖാന്റെ ആരോപണങ്ങളോട് എന്താണ് പ്രതികരണമെന്നാരായാന്‍ നാവോങ്ങിയെങ്കിലും അതു വേണ്ടെന്നുവച്ചു. തന്റെനേരെ മാത്രമല്ല തന്റെ ഗുരു ഉസ്താദ് അലാവുദ്ദീന്‍ഖാന്റെ നേരെപോലും യാഥാസ്ഥിതികര്‍ പരീക്ഷണങ്ങളുടെ പേരില്‍ ചാടിവീണിട്ടുണ്ടെന്ന കാര്യം രവിശങ്കര്‍ ʻʻമൈ മ്യൂസിക് മൈ ലൈഫിˮല്‍ എഴുതിയത് ഓര്‍മ്മവരുന്നു. വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചേദിക്കരുതെന്ന് ആദ്ദേഹം നേരത്തെ വിനയപൂര്‍വ്വം വിലക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കു നടുവിലാവുക രവിശങ്കറെ സംബന്ധിച്ചിടത്തോളം പുത്തിരിയൊന്നുമല്ലല്ലോ. നമ്മുടെ യുവകലാകാരന്മാര്‍ക്ക് വിനയമില്ല എന്നു പ്രസ്താവിച്ചതിന് സരോദ് വിദഗ്ദ്ധന്‍ അംജദ് അലിഖാനും ഒരു രചനയുടെ കര്‍ത്തൃത്വത്തെച്ചൊല്ലി കഥക് ആചാര്യന്‍ പണ്ഡിറ്റ് ബ്രിജൂ മഹാരാജും കഴിഞ്ഞ കൊല്ലം രവിശങ്കര്‍ക്കെതിരെ തിരിഞ്ഞതും അതിനുള്ള പ്രതികരണങ്ങളുണ്ടായതുമൊക്കെ ഇന്ത്യന്‍ കലാരംഗത്ത് കോളിളക്കം സൃഷ്ടിച്ചതാണല്ലോ.

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ഉപഹാരമായി സൂര്യ ഒരുക്കിയ വേദിയില്‍ സിതാര്‍ മീട്ടാനായിരുന്നു പണ്ഡിറ്റ രവിശങ്കര്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയത്. ശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭക്തിയുടെ വിശുദ്ധിയില്‍ നേര്‍ത്തൊതുങ്ങിയിരിക്കവേയാണ് രവിശങ്കറെ കണ്ടത്. സംസാരം സ്വാഭാവികയും മതകാര്യങ്ങളില്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു:

ʻʻമതം നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മതത്തിന് രണ്ടു വശങ്ങളുണ്ട്. അതിന്റെ അഗാധമായ തലം വളരെയേറെ സ്വകാര്യവും വൈയക്തികവുമായ ഒന്നാണെന്നാണ് എന്റെ അനുഭവം. നിങ്ങള്‍ എത്രമാത്രം ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിധേയനാണോ എത്രമാത്രം മതഭാന്തനാണോ എന്നത് വച്ചളക്കേണ്ട കാര്യമല്ല അത്. മതവിശ്വാസം മനുഷ്യന്റെ ജിവിതശൈലിയെ അലങ്കോലപ്പെടുത്തുംവിധമാകരുത്. ഞാനൊരു മതവിശ്വാസിയാണ്. എന്നാല്‍ ഒരു മതത്തിലെയും മതഭ്രാന്തിനോട് എനിക്ക് യോജിപ്പില്ല. മതത്തിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം വെറുക്കാന്‍ തുടങ്ങിയാല്‍, തമ്മിലടിക്കാന്‍ തുടങ്ങിയാല്‍ അത് ഏതു മതത്തിന്റെയും പ്രശസ്തിക്ക് ഹാനികരമാണ്.ˮ

സര്‍വ്വമതസാരവുമേകം എന്നുതന്നെയാണ് പണ്ഡിറ്റ് രവിശങ്കറിന്റെ ഉറച്ച വിശ്വാസം. മതങ്ങളെല്ലാം നല്ല കാര്യങ്ങളേ പറയുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ നമ്മളില്‍ പലരും ആ നല്ല കാര്യങ്ങളെയല്ല, അവര്‍ക്ക് ചില മതഭ്രാന്തന്മാര്‍ കൊടുക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളെയാണ് വിശ്വസിക്കുന്നത്. വര്‍ഗ്ഗീയകലാപങ്ങള്‍ ഈയിടെ രാജ്യത്ത് പെരുകുന്നതില്‍ രവിശങ്കര്‍ നൊമ്പരം കൊണ്ടു. സംഗീതസാധ‌നയിലൂടെ മതങ്ങളുടെ അതിരുകള്‍ മായ്്ച്ചുകടന്ന കലാകാരനാണ് രവിശങ്കര്‍. വിശ്വാസം കൊണ്ട് മുസ്ലീമായ ഉസ്താദ് അലാവുദ്ദീന്‍ഖാന്റെ മക്കള്‍ അലി അക്ബര്‍, അന്നപൂര്‍ണ്ണ എന്നവരോടൊപ്പമിരുന്നാണ് രവിശങ്കര്‍ ആ ഗുരുമുഖത്തുനിന്ന് സംഗീതം പഠിച്ചത്. ഹൃദയഹാരിയായ രാഗങ്ങളായ ലളിതിലൂടെയും യമന്‍ കല്യാണിലൂടെയും ബിഹാഗിലൂടെയും മീയാന്‍ കി മല്‍ഹാറിലൂടെയുമൊക്കെ ഒരു ഹൃദയബന്ധം വളര്‍ത്തിയെടുക്കുകയായിരുന്നു രവിശങ്കറും ഗുരുപുത്രി അന്നപൂര്‍ണ്ണയും തമ്മില്‍. രവിശങ്കര്‍ വിവാഹം കഴിച്ചത് ഉസ്താദ് അലാവുദ്ദീന്‍ഖാന്റെ മകള്‍ അന്നപൂര്‍ണ്ണയെ ആണ്. ഉദയശങ്കറിന്റെ നൃത്തസംഘത്തിന്റെ പിന്നണിയില്‍ കൂറേക്കാലം ഉസ്താദ് അലാവുദ്ദീന്‍ഖാനും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്തെ പരിചയമാണ് പില്ക്കാലത്ത് ഗാഢമായ ഒരു കുടുംബബന്ധത്തിലെക്കും രവിശങ്കറെയും ഉസ്താദ് അലാവുദ്ദീന്‍ഖാനെയും അടുപ്പിച്ചത്. സംഗീതത്തിന്റെ വിശുദ്ധിയില്‍ മതത്തിന്റെ അതിരുകള്‍ അലിയിച്ചുമാറ്റിയ രവിശങ്കര്‍ കലയും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ കൗതുകം തോന്നി. ആദ്ദേഹം പറഞ്ഞു:

ʻʻശാസ്ത്രീയസംഗീതമാകട്ടെ അതുമല്ലെങ്കില്‍ ശാസ്ത്രീയനൃത്തമാകട്ടെ, പ്രീചീനമായ ഏതു കലാരൂപത്തെയും മതവുമായി ബന്ധപ്പെടുത്താതെ നമുക്ക് ചിന്തിക്കാനേയാവില്ല. മതവും നമ്മുടെ പാരമ്പര്യവുമായും കലകള്‍ ആഴത്തില്‍ വേരോടി നില്‍ക്കുന്നുവെന്നതു തന്നെയാണ് കാരണം. എന്നാല്‍ മതമെന്നതിനേക്കാള്‍ ആദ്ധ്യാത്മികത എന്ന വാക്കുപയോഗിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. സംഗീതത്തിന്റെ ഉദാത്തതലങ്ങളിലേക്ക് നിങ്ങള്‍ ഉയരുമ്പോള്‍ അതിന് അനുഷ്ഠാനസ്വഭാവമില്ലാതാവുന്നു. അപ്പോള്‍ ഏറെ പ്രധാനമാകുന്നത് ആദ്ധ്യാത്മികഭാവമാണ്. അതാണ് കലകളില്‍ നമ്മള്‍ നിലനിര്‍ത്തേണ്ടതും.ˮ

സംഗീതത്തിനു് അല്ലെങ്കില്‍ കലയ്ക്ക് മതംപകര്‍ന്നേകുന്ന അളവില്‍ ആദ്ധ്യാത്മികാനുഭൂതി പ്രദാനം ചെയ്യാനാവുമോ എന്നു ചോദിച്ചപ്പോള്‍ രവിശങ്കര്‍ പറഞ്ഞു, തീര്‍ച്ചയായും കലയ്ക്കുതിനുകഴിയുമെന്ന്. അദ്ദേഹം വിശദീകരിച്ചു:ʻʻഹരിദാസ് സ്വാമിയുടെയും ത്യാഗരാജ സ്വാമിയുടെയും അതുപോലുള്ള മഹത്തുക്കളും ആത്മീയ ഗുരുക്കളുമായ സംഗീതജ്ഞന്‍മാരുടെയും കാര്യമെടുക്കാം. സാമാന്യ ജനങ്ങള്‍ക്കായി ആലപിക്കാന്‍ അവര്‍ ഒരിക്കലും മിനക്കെട്ടിരുന്നില്ല. ഈശ്വരാരാധനയായിട്ടാണ് അവര്‍ സംഗീതം ആലപിച്ചിരുന്നത്. അവരുടെ ആ സിദ്ധിവേറൊന്നാണ്. നമ്മളൊക്കെ അങ്ങനെയായാല്‍ കൊള്ളാമെന്ന് എനിക്കാഗ്രഹമുണ്ട്. നിര്‍ഭാഗ്യവശാല്‍, എല്ലാ കലാകാരന്മാര്‍ക്കും അവരെത്രതന്നെ മതാനുയായികളായാലും ആദ്ധ്യാത്മികമാര്‍ഗ്ഗികളായാലും ശരി, അവര്‍ക്ക് ബഹുജനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ആളുകള്‍ ടിക്കറ്റെടുത്ത് സംഗീതം കേള്‍ക്കാന്‍ വരുന്നു. കമ്മിറ്റ്മെന്റിന്റെ പ്രശ്നം വരുന്നതപ്പോഴാണ്. അതൊരു ദൂഷണവ്രുത്തമാവുന്നു. അങ്ങനെയാണ് നമ്മുടെ കലയുടെ മറ്റൊരു വശമായ, ഗ്യാലറിക്കുവേണ്ടിയുള്ള പാടല്‍, പതിവായിത്തീരുന്നത്. അടിസ്ഥാനപരമായി സംഗീതം ശാന്തരസവും കരുണരസവും ഭക്തിരസവുമൊക്കെയാണ്. അല്പാല്പം ഹാസ്യരസവും. പക്ഷെ, പീന്നീട് വന്നുചേര്‍ന്നതാണ് സംഗീതത്തില്‍ അദ്ഭുതരസവും മറ്റെല്ലാ ഗിമ്മിക്കുകളും. എങ്ങനെ കൈയ്യടി വാങ്ങാമെന്നുള്ള ഉന്നത്തിലാണ് ആ ഗിമ്മിക്സ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംഗീതത്തില്‍ അഭ്യാസപ്രകടനങ്ങള്‍ (acrobatics) കുറച്ചൊക്കെ വന്നു പോകുന്നത് അതുകൊണ്ടാണ്. എന്നാല്‍ അതൊരു സന്തുലിതമായ ആളവില്‍ മാത്രമേ ആകാവൂ. നമ്മള്‍ നമ്മുടെ കലയെ വില്‍ക്കുന്നവെന്നതുകൊണ്ടുതന്നെ ആളുകള്‍ ടിക്കറ്റെടുത്തു കയറുന്ന ഹാളുകളില്‍ പരിപാടി അവതരിപ്പിക്കേണ്ടിവരുന്നു. ജനങ്ങളെ താന്‍ കണക്കിലെടുക്കുന്നില്ല എന്ന് കലാകാരന് എങ്ങനെ പറയാനൊക്കും? അങ്ങനെ പറയുന്നയാള്‍ക്ക് ജനങ്ങളുടെ മുമ്പില്‍ കച്ചേരി നടത്താന്‍ അര്‍ഹതയില്ല. സ്വന്തം മുറിക്കകത്തു് ഒറ്റയ്ക്ക് അടച്ചുപൂട്ടിയിരുന്ന് അറിയാവുന്നത് പാടി സ്വയം കേള്‍പ്പിച്ചാല്‍ മതിയല്ലോ. അപ്പോള്‍ നമ്മള്‍ ഒരു കോപ്രമൈസില്‍ എത്തേണ്ടതുണ്ട്. കഴിയുന്നിടത്തോളം സ്വയം ആത്മാര്‍ത്ഥത കാട്ടി നമുക്കാവുന്നതൊക്കെ ചെയ്യാം. പക്ഷെ, ജനങ്ങളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി പൂര്‍ണ്ണമായും കോപ്രമൈസ് ചെയ്യുന്നതും നന്നല്ല. ഉദാത്തതലങ്ങളിലേക്കാനയിച്ചുകൊണ്ടും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാമല്ലോ.ˮ

ജനങ്ങളുടെ ആദ്ധ്യാത്മികബോധം ഉയര്‍ത്താന്‍ സംഗീതം തീര്‍ച്ചയായും ഉപകരിക്കുമെന്ന് രവിശങ്കര്‍ കരുതുന്നു. കലയ്ക്ക് അക്കാര്യത്തില്‍ വലിയൊരു പങ്കാണുള്ളതെന്നും അദ്ദേഹം പറയുന്നു. സംഗീതത്തിന് അക്കാര്യത്തില്‍ കൂടുതല്‍ സാദ്ധ്യതകളുണ്ടെന്ന് കരുതാനുണ്ടോ എന്നാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ʻʻസംഗീതം മറ്റെന്തിനേയും പോലെതന്നെ. സംഗീതത്തെ സൗകര്യത്തിന് മതവുമായിത്തന്നെ താരതമ്യപ്പെടുത്താം. സാത്വികനായ ഒരു മതഗുരുവിനെയും സൂത്രവിദ്യകള്‍ കാട്ടുന്ന താന്ത്രികനെയും എടുക്കാം. അതുപോലെ സംഗീതത്തിന് മനുഷ്യന്റെ ഇന്ദ്രിയങ്ങളെ ലൗകീകമായി ഇക്കിളിപ്പെടുത്താനും കഴിയും. സംഗീതം വാമമാര്‍ഗ്ഗിയുക‌മല്ലോ. സംഗീതത്തിനുമുണ്ട് പല ഭാവങ്ങള്‍; പല തലങ്ങള്‍. ചില സംഗീതം ശ്രോതാക്കളെ ആദ്ധ്യാത്മിക ഔന്നത്യങ്ങളിലേക്കാനയിച്ചു ആത്മീയസംതൃപ്തി പ്രദാനം ചെയ്യുന്നു. ഇക്കാലത്തെ പോപ്പും ഡിസ്ക്കോയും പോലുള്ള മറ്റുചിലത് നിങ്ങളുടെ ലൗകിക തൃഷ്ണകളെ തീക്ഷ്ണമായി ഉണര്‍ത്തുംവിധം ഉത്തേജകസ്വഭാവമുള്ളതാണ്. അതും സംഗീതം തന്നെ. നല്ലതോ ചീത്തയോ എന്നതല്ല ഇവിടെ പ്രശ്നം. അതിന് വികാരോത്തെജകത്വം കൂടുതലുണ്ടെന്നതു ശരിയാണ്. നാടോടി സംഗീതജ്ഞര്‍ക്കാകട്ടെ സംഗീത പ്രകാസനത്തിന് അവരുടേതായ തനിമയാര്‍ന്ന ശൈലിയുണ്ട്. ഏതു സംഗീതത്തിനും അതിന്റേതായ ഇഫക്റ്റ് ഉണ്ട്. ഒരു രാഗം, അതു വെറും ആരോഹണവും അവരോഹണവും മാത്രമല്ല. അതൊരു നല്ല കൃതിയാണ്; അത് ഇന്നിന്നതാളങ്ങളിലാണ് എന്നൊക്കെ പറയാനാവും. അതിനുമൊക്കെയപ്പുറം എന്തൊ അതില്‍ ഉണ്ട്. ആ എന്തോ ഒന്നിനെ വാക്കുകള്‍ക്കതീതമായ ആഴം ആ അനുഭൂതിക്കുണ്ട്. അനുഗൃഹീതരായവര്‍ക്കു മാത്രം അവര്‍ക്ക് പ്രകാശിപ്പിക്കാനാവുന്ന അവാച്യമധുരമായ സിദ്ധിവിശേഷമാണത്.ˮ പണ്ഡിറ്റ് രവിശങ്കര്‍ തന്റെ സംഗീത വീക്ഷണം വ്യക്തമാക്കി. ഒരു യഥാര്‍ത്ഥ ഗുരുവുമായി സഹവസിച്ച് ശരിക്കുള്ള അഭ്യസനം നടത്താതെ ആര്‍ക്കും ഒരു നല്ല ʻപെര്‍ഫോര്‍മര്‍ʼ ആകാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരങ്ങളിലെമ്പാടും കൂണുകള്‍പോലെ പൊങ്ങുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൂടെ ഇന്ത്യന്‍ ക്ളാസ്സിക്കല്‍ സംഗിതം വര്‍ദ്ധമാനമായ തോതില്‍ വാണിജ്യവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു പ്രവണതയിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ രവിശങ്കര്‍ പറഞ്ഞു: ʻʻവടക്കേ ഇന്ത്യയിലെമ്പാടും ഗന്ധര്‍വ്വ മഹാവിദ്യാലയങ്ങള്‍ സ്ഥാപിച്ച മഹാനായ ഒരു സംഗിതജ്ഞനം സംഗിതാദ്ധ്യാപകനുമായിരുന്നു വിഷണുദിഗംബര്‍. അദ്ദേഹത്തോട് പലരും ചോദിച്ചിരുന്നു, പണ്ഡിറ്റ്ജി, താങ്കള്‍ എത്ര താന്‍സന്മാരെ സൃഷ്ടിച്ചുവിട്ടു? അതിന് അദ്ദേഹത്തിന്റെ മറുപടി ഇതോയിരുന്നു. ഒരു താന്‍സനെപ്പോലും സൃഷ്ടിക്കാന്‍ എനിക്ക് ഇതേവരെ സാധിച്ചിട്ടില്ല. പക്ഷെ ഒട്ടനവധി നല്ല ʻഖാന്‍സന്മാʼരെ സൃഷിടിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ʻഖാന്‍ʼ എന്നു പറഞ്ഞാല്‍ അര്‍ത്ഥം കാത് എന്നാണ്; ഖാന്‍സന്‍ എന്നതിന് നല്ല ചെവിയുള്ളവന്‍ എന്നും.ˮ

ഇന്ത്യന്‍ സംഗീതത്തിന്റെ സമകാലീന അവസ്ഥ മുമ്പത്തേക്കാളും വളരെ ഭേദമാണെന്നാണ് രവിശങ്കറുടെ അഭിപ്രായം. എന്നിരിക്കലും, ഇനിയുമെത്രയോ വളരേണ്ടിയുമിരിക്കുന്നു. യോഗവിദ്യപൊലെതന്നെ ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ അഭ്യസനവും കിന്റര്‍ഗാര്‍ട്ടന്‍ ഘട്ടംതൊട്ടേ ആരംഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കുട്ടിയെ മനസ്സും ശരീരവും സ്വരതാളങ്ങളില്‍ ആമഗ്നമാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ.

1920 ഏപ്രില്‍ 7-ആം തീയതി വരാണസിയിലാണ് രവിശങ്കര്‍ ജനിച്ചത്; ഝലവാര്‍ മഹാരാജാവിന്റെ ദിവാനായിരുന്ന ഒരു ബംഗാളി ബ്രാഹ്മണന്റെ മകനായി. ബാല്യകാലത്ത് ഏകാന്തതയും സ്വരരാഗങ്ങളുമായിരുന്നു രവിശങ്കറിന്റെ കളിക്കൂട്ടുകാര്‍. പാശ്ചാത്യനാടുകളില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ബാലേ അവതരിപ്പിച്ചത് ലണ്ടനില്‍വച്ച് രവിശങ്കറിന്റെ പിതാവായിരുന്നു (ലണ്ടനില്‍ അദ്ദേഹം വക്കീല്‍പ്പണി നടത്തുകയായിരുന്നു). ആ നൃത്തനാടകത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഉദയശങ്കറിന്റെ കലാപ്രവേശം. ഉദയശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ബാലനായ രവിശങ്കര്‍ ലോകം ചുറ്റി. ജ്യേഷ്ഠന്റെ സംഗീതോപകരണങ്ങള്‍ എടുത്തുപെരുമാറി സ്വന്തമായി സംഗീത പരിശീലനം നടത്താന്‍ അപ്പേഴൊക്കെ അവസരമുണ്ടായി. സരോദായിരുന്നു രവിശങ്കറിന്റെ അക്കാലത്തെ ഇഷ്ടവാദ്യം. നൃത്തനാടകങ്ങളില്‍ ചില്ലറ വേഷങ്ങള്‍ കെട്ടുകയും ചെയ്തു. പതിനാറാം വയസ്സില്‍ സ്വന്തമായൊരു നാലുമിനിട്ട് നൃത്തം കഥക് ശൈലിയില്‍ കോറിയോഗ്രാഫ് ചെയ്ത് രവിശങ്കര്‍ ഒറ്റയ്ക്ക് അവതരിപ്പിച്ച് പാരീസിലെ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. നൃത്തപര്യടനങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ വന്നുതുടങ്ങിയ ഇടവേളകളില്‍ രവിശങ്കര്‍ കഥക്കും കഥകളിയും പഠിച്ചു. ഗുരു ശങ്കരന്‍ നമ്പൂതിരിപ്പാടില്‍ നിന്നാണ് കഥകളി അഭ്യസിച്ചത്. വലിയൊരു നര്‍ത്തകനാവുകയായിരുന്നു, അന്നത്തെലക്ഷ്യം. ഉസ്താദ് അലാവുദ്ദീന്‍ ഖാനുമായുള്ള അടുപ്പം രവിശങ്കറെ സിതാറിനോടും അടുപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതാചാര്യനായ താന്‍സെന്റെ പാരമ്പര്യത്തുടര്‍ച്ചയില്‍പ്പെട്ട ഉസ്താദ് വസീര്‍ഖാന്റെ ശിഷ്യനാണു ഉസ്താദ് അലാവുദ്ദീന്‍ഖാന്‍. ബീന്‍കര്‍ ഖരാണയില്‍പ്പെട്ട സംഗീതജ്ഞന്മാരാണ് അവരിരുവരും. അലാവുദ്ദിന്‍ഖാന്റെ ശിഷ്യനായ രവിശങ്കറും അങ്ങനെ ബീന്‍കര്‍ ഖരാണയില്‍പ്പെടുന്നു. താന്‍സന്റെ പിന്‍മുറക്കാര്‍ രണ്ടു ഖരാണകളായാണ് പിരിഞ്ഞത്. അദ്ദേഹത്തിന്റെ മകന്‍ ബിലാസ‌്ഖാന്റെ നേതൃത്വത്തില്‍ റബാബിയാഖരാണയും മകള്‍ സരസ്വതിയുടെ പിന്‍തുടര്‍ച്ചക്കാര്‍ ബീന്‍ഖരാണയുമായി. സരസ്വതിയുടെ ഭര്‍ത്താവ് നബാതഖാന്‍ (മതംമാറ്റത്തിന് മുമ്പ് മിശ്രസിംഗ്) ʻബീന്‍ʼ എന്ന സംഗീതോപകരണം വായിക്കുന്നതില്‍ അതിപ്രഗല്ഭനായിരുന്നു. സിതാര്‍ എന്ന മാന്ത്രികവീണയുമായി രവിശങ്കര്‍ ലോകം കീഴടക്കാന്‍ ഇറങ്ങി പുറപ്പെട്ടത് അതിനുശേഷമാണ്. യെഹൂദി മെനുഹിന്‍പോലും ആ നാദനിര്‍ത്ഡരിക്കുമുന്നില്‍ തലകമ്പിട്ടു. 1967 ലെ മനുഷ്യാവകാശദിനത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ആ സംഗീതപ്രതിഭകള്‍ ഒത്തുകൂടി-വയലിന്‍-സിതാര്‍ യുഗ്മക്കച്ചേരിയില്‍ ബീറ്റില്‍സും റോളിങ് സ്റ്റോണ്‍സും രവിശങ്കറിന്റെ സിതാറിന്റെ ലഹരിയില്‍ മയങ്ങിവീണു. ബീറ്റില്‍സിലെ ജോര്‍ജ് ഹാരിസണ്‍, രരവിശങ്കറുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ബോംബേയിലെ കിന്നര സംഗിത വിദ്യാലയത്തില്‍ വന്നുതങ്ങാനും തയ്യാറായി. പാശ്ചാത്യനാടുകളിലെമ്പാടും യവാക്കളും ഹിപ്പികളും സിതാറിന്റെ ʻʻസൈക്കഡലിക്ˮ ലഹരിയില്‍ മുങ്ങി രവിശങ്കറുടെ ആരാധകരായി. പടിഞ്ഞാറ് ഒരു ʻʻസിതാര്‍ സ്ഫോടനംˮ നടന്നു. പക്ഷെ, യഥാര്‍ത്ഥത്തിലുള്ള ഇന്ത്യന്‍ സംഗീതമല്ല, സിതാറിന്റെ മനോഹരനാദം മാത്രമാണ് പോപ്പ്ഗായകരെയും ആസ്വാദകരെയും ഭ്രമിപ്പിച്ചതെന്നാണ് രവിശങ്കറിന്റെ പക്ഷം. രവിശങ്കര്‍ സിതാറില്‍ ʻരാഗമാലʼ മീട്ടിയും സുബിന്‍മേത്ത ലോകപ്രശസ്തമായ ന്യൂയോര്‍ക്ക് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയെ നയിച്ചുകൊണ്ടു ന്യൂയോര്‍ക്കില്‍ 1981-ല്‍ അവതരിപ്പിച്ച സംഗീതപരിപാടി, രവിശങ്കറുടെ പടിഞ്ഞാറന്‍ നേട്ടങ്ങളില്‍ ഈയടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

ഇത്രയും കാലത്തെ സംഗീത സപര്യയ്ക്കിടയില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ ഒട്ടേറെ ഉണ്ടായിക്കാണുമല്ലോ, അതിലേതെങ്കിലും ഒന്ന് ഓര്‍മ്മിക്കാമോ എന്നു ചോദിച്ചപ്പോള്‍ രവിശങ്കര്‍ കണ്ണുകളില്‍ തിളക്കവുമായി പറഞ്ഞുതുടങ്ങി: ʻʻഒട്ടനവധി അനുഭവങ്ങളുണ്ട്. ഏറ്റവുമൊടുവിലത്തെ അനുഭവമാണെല്ലോ നമ്മള്‍ ഏറ്റവുമാദ്യം ഓര്‍ക്കുക. അങ്ങനെയാണെങ്കില്‍, എന്റെ മനസ്സിലാദ്യം ഓടിയെത്തുന്ന സംഭവം നടന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ശ്രീരാമകൃഷ്ണന്റെ വാസസ്ഥലമായിരുന്ന ദക്ഷിണേശ്വറില്‍ ഞാനൊരു കച്ചേരി നടത്തുകയായിരുന്നു. ക്ഷേത്രം തൊട്ടുരുമ്മി ഗംഗയൊഴുകുന്നു. ക്ഷേത്രത്തിന്റെ വിസ്താരമേറിയ അകത്തളത്തില്‍ പതിനാറായിരത്തിനും പതിനെണ്ണായിരത്തിനും മദ്ധ്യേവരുന്ന ആള്‍ക്കൂട്ടം. അതൊരു സൗജന്യക്കച്ചേരിയായിരുന്നു. ശ്രോതാക്കളുടെയിടയില്‍ യാചകരുണ്ടായിരുന്നു. കുഷ്ഠരോഗികളുണ്ടായിരുന്നു, വഴിവാണിഭക്കാരുണ്ടായിരുന്നു. അവര്‍ എത്ര ശ്രദ്ധയോടെയായിരുന്നെന്നോ എന്റെ കച്ചേരി കേട്ടത്. ശ്രീചൈതന്യ മഹാപ്രഭൂവിന്റെ അഞ്ഞൂറാം ജന്മദിനാഘോഷത്തിന്റെ ആരംഭമായിരുന്നു അത്. പുരിയില്‍നിന്ന് എഴുന്നള്ളിച്ചുകൊണ്ടുവന്ന ദേവവിഗ്രഹം അരങ്ങിനു പിറകില്‍ പ്രതിഷ്ഠിച്ചിരുന്നു. മൂന്നുമണിക്കൂര്‍ നേരം ഞാന്‍ എല്ലാം മറന്ന് സിതാര്‍ മീട്ടി. സാധാരണക്കാരായ മനുഷ്യര്‍ക്കുവേണ്ടി. അതെനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവമാണ്.ˮ