Difference between revisions of "ഗ്രഹണശേഷം"
m (Cvr moved page SFN:ഗ്രഹണശേഷം to ഗ്രഹണശേഷം) |
|
(No difference)
|
Revision as of 15:45, 15 September 2014
← അഷ്ടമൂർത്തി
മുപ്പത്തൊന്നു നീണ്ട വര്‍ഷങ്ങളിലെ പ്രശസ്തസേവനത്തിനു ശേഷം കുഞ്ഞുക്കുട്ടന്‍ നായര്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ചു എന്നതാവണം നാളത്തെ ജനപദത്തിലെ ഒരൊറ്റക്കോളവാര്ത്തയുടെ തുടക്കം. ഒരിടത്തരം പത്രമാപ്പീസിലെ സ്റ്റോര്‍കീപ്പര്‍ എത്രകണ്ടു പ്രശസ്തനാവും എന്നത് റിപ്പോര്‍ട്ടര്‍ക്കൊരു പ്രശ്‌നമല്ല. ഏതായാലും കൃത്യനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന് അവകാശമുണ്ടായിരുന്നു. ഈ മുപ്പത്തൊന്നു കൊല്ലത്തിനിടയ്ക്ക് പലപ്പോഴുണ്ടായ സ്റ്റോക്കെടുപ്പു വേളകളില്‍ ഒരിയ്ക്കല്‍പ്പോലും റജിസ്റ്ററിലെ കണക്കും യഥാര്‍ത്ഥസ്റ്റോക്കും തമ്മില്‍ യോജിയ്ക്കാതിരുന്നിട്ടില്ല. സ്റ്റോക്കു തീരുന്നതിനു മുമ്പേ ഓര്‍ഡര്‍ ചെയ്തു വരുത്തിയും ആവശ്യാനുസരണം അവ ഇഷ്യൂ ചെയ്തും കുഞ്ഞുക്കുട്ടന്‍ നായര്‍ ഇന്നു വൈകുന്നേരം നാലു മണി വരെ തന്റെ ജോലി കൃത്യമായി നിറവേറ്റി. അതിനു ശേഷം പുതിയ ആള്‍ക്ക് ചാര്‍ജ് ഏല്‍പ്പിച്ചു കൊടുത്തു. തുടര്‍ന്ന് ഒരു യാത്രയയപ്പു സല്ക്കാരമുണ്ടായി. അനുമോദനപ്രസംഗങ്ങളും കാപ്പിയും കഴിഞ്ഞ് ചെറിയൊരു സമ്മാനവും കൊടുത്ത് സ്റ്റാഫംഗങ്ങള്‍ അയാളെ യാത്രയാക്കി.
പിന്നിലേയ്‌ക്കോടി മറയുന്ന ടാറിട്ട വഴിയില്‍ കണ്ണുനട്ട് ടാക്‌സിയിലെ മുന്‍സീറ്റില്‍ ഇരിയ്ക്കുമ്പോള്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ ആലോചിച്ചത് ഭാവിയേക്കുറിച്ചായിരുന്നു. സാധാരണയായി രാവിലെ അഞ്ചു മണിയോടെ കുഞ്ഞുക്കുട്ടന്‍ നായരുടെ ഉറക്കം തീരുന്നു. എന്നാലും അഞ്ചര വരെ വെറുതെ കണ്ണു തുറന്നു കിടക്കും. പിന്നെ എഴുന്നേറ്റ് പല്ലുതേപ്പും ചായകുടിയും. മറ്റു പ്രഭാതകൃത്യങ്ങള്‍ നടക്കുമ്പോഴേയ്ക്കും ജനപദം വരും. അപ്പോള്‍ ഒരു ചായ കൂടി തിളപ്പിച്ച് അതിന്റെ അകമ്പടിയോടെ പത്രം കമ്പോടു കമ്പു വായിയ്ക്കുന്നു. വായന തീരുമ്പോഴേയ്ക്കും അമ്മയും എഴുന്നേറ്റിട്ടുണ്ടാവും. അമ്മയ്ക്ക് ചായ ഉണ്ടാക്കിക്കൊടുത്ത് കുഞ്ഞുക്കുട്ടന്‍ നായര്‍ വീണ്ടും അടുക്കളയില്‍ കയറും. പണി കഴിഞ്ഞ് കൃത്യം ഒമ്പതു മണിയ്ക്ക് ജോലിയ്ക്കു പുറപ്പെടും.
നാളെ രാവിലെ ഒമ്പതു മണിയ്ക്കു ശേഷം എന്തു ചെയ്യും എന്നതായിരുന്നു കുഞ്ഞുക്കുട്ടന്‍ നായരെ അലട്ടിയിരുന്ന ചിന്ത.
“പൊതീലെന്താ കുഞ്ഞുക്കുട്ടാ,” ഇടത്തെ കൈകൊണ്ട് കുഞ്ഞുക്കുട്ടന്‍ നായരുടെ മടിയിലേയ്ക്കു ചൂണ്ടിക്കൊണ്ട് മണി ചോദിച്ചു. “കാര്യമായ വല്ല സമ്മാനോം ആയിരിയ്ക്കും അല്ലേ?”
പനിനീര്‍പ്പൂക്കളുടെ ചിത്രങ്ങളുള്ള വെള്ളക്കടലാസ്സു കൊണ്ടു പൊതിഞ്ഞ കാര്‍ഡ് ബോര്‍ഡു പെട്ടി കുഞ്ഞുക്കുട്ടന്‍ നായര്‍ അഴിച്ചു. ബാറ്ററി കൊണ്ടു പ്രവര്‍ത്തിയ്ക്കുന്ന ഒരു ക്ലോക്ക് ആയിരുന്നു അത്. ഇത്തരം ഒരു സമ്മാനത്തിന്റെ ഔചിത്യത്തേക്കുറിച്ച് അയാള്‍ കൂടുതല്‍ ആലോചിയ്ക്കുകയുണ്ടായില്ല. ഈയിടെ വിവാഹം കഴിഞ്ഞെത്തിയ പ്രൂഫ് റീഡര്‍ മുരളിയ്ക്കും ക്ലോക്കാണ് സമ്മാനമായി കൊടുത്തത്. സമയം ആപേക്ഷികമാണെന്നും ഭാര്യയെ മടിയില്‍ വെച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ സമയത്തേക്കുറിച്ച് ബോധവാനാക്കാനാണ് എന്നും മറ്റും അന്ന് മുരളിയുടെ സുന്ദരിയായ ഭാര്യയെ നോക്കി പുളിച്ച ഫലിതം പറഞ്ഞ ന്യൂസ് റീഡര്‍ ഇത്തവണ ഒന്നും മിണ്ടിയില്ല. സമ്മാനം പോലെത്തന്നെ അതെന്താവണമെന്നതും ഒരനിവാര്യതയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
ക്ലോക്ക് ആയതിന്റെ അവസ്ഥയ്ക്ക് അതു മണിയടിയ്ക്കുന്നതാവണമെന്ന് കുഞ്ഞുക്കുട്ടന്‍ നായര്‍ക്കുണ്ടായിരുന്നു. മറ്റൊന്നിനുമല്ല. കാഴ്ചശക്തി നഷ്ടപ്പെട്ട അമ്മയ്ക്ക് സമയമറിയാന്‍ അതു സഹായിയ്ക്കുമല്ലോ എന്നു വെച്ചു മാത്രം. സമ്മാനത്തുക വരിയിട്ടെടുക്കുന്നതറിഞ്ഞപ്പോള്ത്തന്നെ ഹെഡ് ക്ലാര്‍ക്കിനോട് അതു സൂചിപ്പിച്ചാലോ എന്ന് കുഞ്ഞുക്കുട്ടന്‍ നായര്‍ വിചാരിച്ചതാണ്. പക്ഷേ പിന്നെ തോന്നി: അമ്മയ്ക്ക് ഈയിടെയായി കാതും കുറച്ച് കഷ്ടിയായിട്ടുണ്ട്. വല്ലതും കേള്‍ക്കണമെങ്കില്‍ ഉറക്കെപ്പറഞ്ഞുകൊടുക്കണം.
“നിങ്ങള്‍ക്കൊക്കെ പരമസുഖല്ലേ, കുഞ്ഞുക്കുട്ടാ,” മണി പറഞ്ഞു. “റിട്ടയര്‍ ചെയ്താല്‍ കൈ നിറച്ച് പണം കിട്ടും. പിന്നെ കുളിച്ചു കുറിയിട്ട് കുടുമ്മത്തിരുന്നാല് മതി. സൗകര്യമുള്ള ഒരു ദിവസം നോക്കി കണ്ണടയ്ക്കുകയും ചെയ്യാം. ഞാന്‍ കണ്ടില്യേ, മുപ്പത്തിനാലു കൊല്ലമായി ഈ ചക്രം തിരിയ്ക്കാന്‍ തുടങ്ങീട്ട്. എനിയ്‌ക്കൊക്കെ എന്തു പെന്‍ഷന്‍! എന്നെങ്കിലും ഒരു ദിവസം ഏതെങ്കിലും ഒരു ലോറിയുമായി കൂട്ടിയിടിയ്ക്കുന്നതു വരെ ഇതിട്ടു കറക്കണം. അല്ലാണ്ടെന്താ!”
കുഞ്ഞുക്കുട്ടന്‍ നായര്‍ ഒന്നും മിണ്ടിയില്ല. ഒരു പകലിന്റെ മടുപ്പും ക്ഷീണവും തൂക്കിയിട്ടു കൊണ്ട് റോഡരികിലൂടെ നടക്കുന്ന മനുഷ്യരില്‍ അലസമായി കണ്ണുകളയച്ച് അയാളിരുന്നു. തളര്‍ന്ന വെയില്‍ മുന്‍വശത്തെ ചില്ലു കടന്ന് അയാളുടെ മേല്‍ ചാഞ്ഞു.
കാറ് ടാറിട്ട വഴി വിട്ട് ചെമ്മണ്ണു നിറഞ്ഞ പാതയിലേയ്ക്കു തിരിഞ്ഞു. അപ്പോള്‍ പാതയിലാകെ നിറഞ്ഞു നിന്ന വെയിലിന് തുടുപ്പേറ്റിക്കൊണ്ട് പൊടിപടലമുയര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഇടത്തു വശത്ത് ദേശത്തെ സ്‌കൂളിന്റെ പടിയ്ക്കലെത്തി. കുഞ്ഞുക്കുട്ടന്‍ നായരുടെ മുഖത്തു നോക്കി എന്തോ ചോദിയ്ക്കാന്‍ തുടങ്ങുകയായിരുന്നു മണി. അപ്പോഴാണ് കാറ് എതിരെ അതിവേഗത്തില്‍ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. കാറിന്റെ മുന്‍വശത്തെ ചില്ലു തകര്‍ന്നു മേലു വീണും സ്റ്റിയറിങ്ങ് വീല്‍ നെഞ്ചത്തടിച്ചും തല്‍ക്ഷണം മൃതിയടഞ്ഞ മണി ചോരയില്‍ക്കുളിച്ച് കാറില്‍ത്തന്നെ കിടന്നു. കാറിന്റെ ഇടത്തെ വാതില്‍ പൊടുന്നനെ തുറന്നതു കൊണ്ട് പുറത്തേയ്ക്കു തെറിച്ചു വീണ കുഞ്ഞുക്കുട്ടന്‍ നായര്‍ക്ക് ബാഹ്യമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും തെറിച്ചു വീഴലിന്റെ ആഘാതത്തില്‍ അയാള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
സ്‌കൂള്‍കുട്ടികള്‍ കൂട്ടംകൂട്ടമായി തനിയ്ക്കു ചുറ്റും നടക്കുന്നതാണ് ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ക്ക് കാണാന്‍ കഴിഞ്ഞത്. താനും അവരോടൊപ്പം നടക്കുകയാണ് എന്ന് കുഞ്ഞുക്കുട്ടന്‍ നായര്‍ അറിഞ്ഞു. ഗ്രഹണം കഴിഞ്ഞ സൂര്യന്‍ മുകളില്‍ തീ ചൊരിഞ്ഞുകൊണ്ടു നില്‍ക്കുന്നു. സ്‌കൂളില്‍നിന്ന് രണ്ടാം മണി അടിയ്ക്കുന്നത് കേള്‍ക്കാനുണ്ട്. മൂന്നാം മണി അടിയ്ക്കുമ്പോഴേയ്ക്കും സരോജിനിട്ടീച്ചര് ക്ലാസ്സിലെത്തും. പിന്നെ എത്തുന്നവര്‍ക്കൊക്കെ ടീച്ചറോട് ചോദിച്ചിട്ടേ അകത്തു കടക്കാന്‍ പറ്റുകയുള്ളു. കുഞ്ഞുക്കുട്ടന്‍ നായര്‍ തോള്‍സഞ്ചി ഒതുക്കിപ്പിടിച്ച് വേഗം നടന്നു.
ഗേറ്റു കടന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ മതിലിനോടു ചേര്‍ന്ന് നിരനിരയായി കിടക്കുന്ന മുറികളിലൊന്നാണ് നാലാം ക്ലാസ്സ് ബി. പ്രധാനവരാന്തയിലൂടെ മൂന്നാം മണി അടിയ്ക്കാന്‍ വരുന്ന പ്യൂണ്‍ മാധവനെ കാണാനുണ്ട്. കുഞ്ഞുക്കുട്ടന്‍ നായര്‍ സര്വ്വകഴിവുകളുമുപയോഗിച്ച് ഓടിക്കിതച്ചുകൊണ്ടാണ് ക്ലാസ്സ് മുറിയില്‍ ചെന്നത്. ടീച്ചര്‍ എത്തിക്കഴിഞ്ഞിട്ടില്ല. ഭാഗ്യമായി.
കുഞ്ഞുക്കുട്ടന്‍ നായര്‍ ഒടുക്കത്തെ ബെഞ്ചില്‍ ജനാലയ്ക്കടുത്തു ചെന്ന് ഇരുന്നു. അശോകന്‍ എത്തിയിട്ടുണ്ട്. മണി വന്നിട്ടില്ല. അവന്‍ വരാതിരുന്നാല്‍ നന്നായി. കുറച്ചു നാളായി അവന്‍ ബുദ്ധിമുട്ടു നിറഞ്ഞ ചോദ്യങ്ങള്‍ കൊണ്ട് തന്നെ വീര്‍പ്പു മുട്ടിയ്ക്കുന്നു. കുഞ്ഞുക്കുട്ടന്‍ നായര്‍ സഞ്ചി ഡെസ്‌കിലെ വലിപ്പില്‍ വെച്ചു.
മൂന്നാമത്തെ മണി അടിച്ചതും സരോജിനിട്ടീച്ചര് കടന്നു വന്നതും ഒപ്പമായിരുന്നു. കുട്ടികള്‍ക്കൊപ്പം എഴുന്നേറ്റു നിന്ന് കുഞ്ഞുക്കുട്ടന്‍ നായരും ‘നമസ്‌തേ ടീച്ചര്‍’ എന്ന് ഈണത്തില്‍ പറഞ്ഞു.
ടീച്ചര്‍ കസാലയില്‍ വന്നിരുന്ന് എല്ലാവരേയും ഒന്ന് ഉഴിഞ്ഞു നോക്കി. പിന്നെ മേശ തുറന്ന് ഹാജര്‍ പുസ്തകവും ചോക്കും ഡസ്റ്ററും ചൂരല്‍ വടിയും പുറത്തെടുത്തു വെച്ചു. ഡസ്റ്റര്‍ കൊണ്ട് മേശപ്പുറം തുടച്ചു. ചോക്കുപൊടി ഊതിയകറ്റി. പിന്നെ ഹാജര്‍ പുസ്തകം തുറന്ന് ഓരോരുത്തരെയായി പേരു വിളിയ്ക്കാന്‍ തുടങ്ങി.
ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ട് ടീച്ചര്‍ അതടച്ചുവെച്ചു. ഡസ്റ്റര്‍ മുന്ബെഞ്ചിലിരിയ്ക്കുന്ന ഗണേശനു നേരെ നീട്ടി. ഗണേശന്‍ എഴുന്നേറ്റു ചെന്ന് ഡസ്റ്റര്‍ വാങ്ങി ബോര്‍ഡ് തുടച്ചു വെടിപ്പാക്കി. മേശപ്പുറത്തുനിന്ന് ചോക്കെടുത്ത് ‘കണക്ക്’ എന്നെഴുതി അടിയില്‍ വരച്ച് ഗണേശന്‍ ബെഞ്ചില്‍ത്തന്നെ വന്നിരുന്നു.
ടീച്ചര്‍ എഴുന്നേറ്റ് മേശയ്ക്കു മുമ്പില്‍ വന്നുനിന്നപ്പോഴാണ് വാതില്‍ക്കല്‍ മണി പ്രത്യക്ഷപ്പെട്ടത്. ടീച്ചര്‍ അവനെ കണ്ടു.
“എന്താ, മണീടെ വീട്ടില് മാത്രം ഗ്രഹണം വൈക്യോ?”
മണി ചിരിച്ചുകൊണ്ടു നിന്നതേയുള്ളു. അകത്തു കടന്നുകൊള്ളാന്‍ ടീച്ചര്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.
മണി അടുത്തു വന്നിരുന്നപ്പോള്‍ ശബ്ദം താഴ്ത്തി കുഞ്ഞുക്കുട്ടന്‍ നായര്‍ പറഞ്ഞു: “നീ വര്‌ല്യാന്നാ ഞാന്‍ വിചാരിച്ചത്.”
“രാവിലെ എണീറ്റപ്പൊ അച്ഛന്റെ വണ്ടി കാണാന്‍ല്യാ,” മണി പറഞ്ഞു. “ഇന്ന് ഒഴിവു കിട്ടീലോന്ന് വിചാരിച്ച് സന്തോഷിച്ചു. ഗ്രഹണം കഴിഞ്ഞപ്പൊ പൊഴേലിയ്ക്ക് പോയി. കുളി കഴിഞ്ഞ് പുസ്തകോം എട്ത്ത് മിറ്റത്തേയ്ക്കു ചാടിയപ്പഴാ അച്ഛന്‍ മടങ്ങി വന്നത്. പിന്നെ ആ നശിച്ച വണ്ടി കഴുകിത്തുടയ്ക്കാന്‍ നിന്നു. വയ്യാന്ന് പറഞ്ഞാ പൊടിപൂരായി.”
“എല്ലാവരും ഹോം വര്‍ക്ക് ചെയ്തുകൊണ്ടുവന്നിട്ടില്ലേ?” ടീച്ചര്‍ ചോദിച്ചു.
കുട്ടികളുടെ ഇടയില്‍നിന്ന് ഒരാരവമുണ്ടായി. അവര്‍ സഞ്ചിയില്‍നിന്ന് കണക്കിന്റെ നോട്ടു പുസ്തകം പുറത്തെടുക്കാന്‍ തുടങ്ങി.
സ്വന്തം സഞ്ചി തുറന്ന കുഞ്ഞുക്കുട്ടന്‍ നായര്‍ അമ്പരന്നു പോയി. സഞ്ചിയില്‍ പുസ്തകങ്ങളൊന്നും ഉണ്ടായിരുന്നില്ല.
“എന്താ നിന്റെ സഞ്ചീല് ഒരു പൊതി?” മണി ചോദിച്ചു.
കുഞ്ഞുക്കുട്ടന്‍ നായര്‍ തിടുക്കത്തില്‍ സഞ്ചി മൂടിവെച്ചു. “കണക്കു പുസ്തകം കൊണ്ടുവരാന്‍ മറന്നുപോയി,” പരിഭ്രമത്തിനിടയില്‍ അയാള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. “ഹോം വര്‍ക് ചെയ്തുകൊണ്ടു വരാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ എഴുന്നേറ്റു നില്‍ക്കണം,” ടീച്ചര്‍ ചൂരല്‍ വടി മേശപ്പുറത്തടിച്ച് ശബ്ദമുണ്ടാക്കി.
കുഞ്ഞുക്കുട്ടന്‍ നായര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മണി അയാളെ പിടിച്ചിരുത്തി.
“ഞാന്‍ എല്ലാവരുടേയും പുസ്തകം നോക്കും,” ടീച്ചര്‍ വീണ്ടും പറഞ്ഞു.
എന്നിട്ടും ആരും എഴുന്നേറ്റില്ല. ടീച്ചര്‍ ഓരോരുത്തരുടേയും അടുത്തുചെന്ന് പുസ്തകം പരിശോധിയ്ക്കാന്‍ തുടങ്ങി. മണി ചെയ്തിരുന്നില്ല. ടീച്ചര്‍ മണിയോട് വലത്തെ കൈ നീട്ടാന്‍ പറഞ്ഞു. ടീച്ചറുടെ കയ്യിലെ ചൂരല്‍ രണ്ടുവട്ടം ഉയര്‍ന്നു താണു.
കുഞ്ഞുക്കുട്ടന്‍ നായര്‍ പറഞ്ഞു. “ഞാന്‍ പുസ്തകം കൊണ്ടുവരാന്‍ മറന്നുപോയി ടീച്ചര്‍.”
കുഞ്ഞുക്കുട്ടന്‍ നായരുടെ നീട്ടിയ കൈയില്‍ അടിയ്ക്കുമ്പോള്‍ അടിയുടെ താളത്തിനൊപ്പിച്ച് ടീച്ചര്‍ ഗുണദോഷിച്ചു: “ഹിവന്റെ — ഹടുത്തിരുന്ന് ഖുഞ്ഞുക്കുട്ടനും വഷളാവും.”
“ഞാന്‍ പുത്യേ കണക്ക് തരാം,” മേശയ്ക്കടുത്തേയ്ക്കു നടക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞു. “എല്ലാവരും എഴുതിയെടുക്കണം.” ടീച്ചര്‍ മേശപ്പുറത്തുനിന്ന് കണക്ക് ടെക്സ്റ്റ് കയ്യിലിടുത്തു പിടിച്ചു.
“ഞാന്‍ തരാം കടലാസ്സ്,” മണി തന്റെ നോട്ടുപുസ്തകം തുറന്ന് നടുക്കില്‍നിന്ന് രണ്ട് ഏഡുകള്‍ കീറിയെടുത്തു.
ടീച്ചര്‍ ഒന്നിനു പിന്നാലെ ഒന്നായി ഏഴു കണക്കുകള്‍ വായിച്ചുകൊടുത്തു. എല്ലാവരും എഴുതിയെടുത്തപ്പോള്‍ ടീച്ചര്‍ പറഞ്ഞു: “ഇപ്പോള്‍ത്തന്നെ ചെയ്യണം.”
മേശയ്ക്കു മുന്നിലൂടെ ക്ലാസ്സ് മുറിയുടെ ജനാലയ്ക്കും വാതിലിനുമിടയില്‍ ടീച്ചര്‍ കൈകെട്ടി ഉലാത്തിക്കൊണ്ടിരുന്നു. ഓരോ വട്ടം വാതില്‍ക്കലെത്തുമ്പോഴും നാലാം ക്ലാസ്സ്–എയിലേയ്ക്ക് പതുക്കെ എത്തിച്ചു നോക്കി.
“കാണിച്ചു താ,” മണി കുഞ്ഞുക്കുട്ടന്‍ നായരോടു പറഞ്ഞു. കണക്കു ചെയ്യുമ്പോള്‍ ആരെങ്കിലും എത്തിച്ചു നോക്കുന്നത് കുഞ്ഞുക്കുട്ടന്‍ നായര്‍ക്ക് ഇഷ്ടമില്ല. പക്ഷേ ഇന്ന് മണിയെ നിഷേധിയ്ക്കാന്‍ വയ്യ. കുഞ്ഞുക്കുട്ടന്‍ നായര്‍ മണിയ്ക്കു കാണാന്‍ പാകത്തില്‍ കണക്കു ചെയ്തുകൊണ്ടിരുന്നു.
ക്ലാസ്സ് മുറിയുടെ വാതില്‍ക്കല്‍ അരവിന്ദാക്ഷന്‍ മാഷ് പ്രത്യക്ഷപ്പെട്ടു. ടീച്ചര്‍ അങ്ങോട്ടു ചെന്നു. മാഷക്ക് പൊക്കം നന്നെ കുറവായിരുന്നതുകൊണ്ട് തല ഉയര്‍ത്തിപ്പിടിച്ചാണ് ടീച്ചറുടെ മുഖത്തേയ്ക്കു നോക്കുന്നത്. പൊന്തിയ പല്ല് പുറത്തു കാണിയ്ക്കാതിരിയ്ക്കാന്‍ ടീച്ചര്‍ പണിപ്പെടുന്നു.
“ഞാന്‍ ചോദിച്ചതിന് നീയ് ഇതുവരെ ഉത്തരം പറഞ്ഞില്യ,” മണി കുഞ്ഞുക്കുട്ടന്‍ നായരെ ഓര്‍മ്മിപ്പിച്ചു.
കുഞ്ഞുക്കുട്ടന്‍ നായര്‍ പേടിച്ചിരിയ്ക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. കല്യാണം കഴിഞ്ഞാല്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ ഭാര്യയെ എന്തു ചെയ്യുമെന്ന് മണിയ്ക്കറിയണം.
“ഒന്നു മിണ്ടാതിരിയ്ക്കൂ,” കുഞ്ഞുക്കുട്ടന്‍ നായര്‍ ശാസിച്ചു.
“പറയ്, പറയ്,” മണി ഇക്കിളിപ്പെട്ടതുപോലെ ചിരിച്ചു. കുഞ്ഞുക്കുട്ടന്‍ നായര്‍ കണക്കു ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തി.
കണക്കു ചെയ്തു തീര്‍ന്ന കുട്ടികള്‍ തമ്മില്‍ത്തമ്മില്‍ വര്‍ത്തമാനം പറഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരുന്നു.
ബെല്ലടിച്ചപ്പോള്‍ ടീച്ചര്‍ അകത്തു കടന്നു വന്ന് ബോര്‍ഡ് മായ്ച്ച് ‘മലയാളം’ എന്നെഴുതി അടിവരയിട്ടു.
“എല്ലാവരും ടെക്‌സ്റ്റെടുത്ത് എട്ടാം പാഠം തുറന്നു വെയ്ക്കൂ,” ടീച്ചര്‍ നിര്‍ദ്ദേശിച്ചു. “ഗണേശന്‍ പാഠം വായിയ്ക്കൂ.”
മണി പുസ്തകം തുറന്നപ്പോള്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ അതിലേയ്ക്കു നോക്കിയിരുന്നു. ‘നമ്മുടെ പ്രധാനമന്ത്രി’ — അതായിരുന്നു പാഠം. ഗണേശന്‍ വായിയ്ക്കാന്‍ തുടങ്ങിയിരുന്നു. ഒരു പേജ് കടന്നപ്പോള്‍ ടീച്ചര്‍ വായന നിര്‍ത്താന്‍ പറഞ്ഞു.
“ഇതു കണ്ട്വോ നിങ്ങള്? ചാച്ചാ നെഹ്‌റുവിന് കുട്ടിക്കാലത്തു തന്നെ താന്‍ എന്തായിത്തീരണമെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു. അങ്ങനെയാണ് മോത്തിലാല്‍ നെഹ്‌റുവിന്റെ ആ മകന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. ഗാന്ധിജിയുടെ വലംകൈയായിരുന്നു ജവാഹര്‍. ഇന്ത്യ ഭരിയ്‌ക്കേണ്ടത് തന്റെ ചുമതലയാണെന്ന് അദ്ദേഹത്തിന് തികച്ചും ബോധ്യമുണ്ടായിരുന്നു.” ഒന്നു നിര്‍ത്തി ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു: “നിങ്ങള്‍ അങ്ങനെ വല്ല തീരുമാനവുമെടുത്തിട്ടുണ്ടോ?”
ആരും ഒന്നും മിണ്ടിയില്ല.
ഗണേശന്റെ അടുത്തു ചെന്ന് ടീച്ചര്‍ ചോദിച്ചു: “ഗണേശന് ഭാവിയില്‍ ആരായിത്തീരണമെന്നാണ് മോഹം?”
“എന്‍ജിനീയര്‍,” ഗണേശന്‍ പൊടുന്നനെ എഴുന്നേറ്റു നിന്നു പറഞ്ഞു.
“ഗോപാലകൃഷ്ണനോ?” ടീച്ചര്‍ ചോദിച്ചു.
“എനിയ്ക്കു ഡോക്ടറാവണം ടീച്ചര്‍,” ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ടീച്ചര്‍ ഓരോരുത്തരോടായി ചോദിച്ചു തുടങ്ങി.
കുഞ്ഞുക്കുട്ടന്‍ നായര്‍ ആലോചിച്ചിരുന്നത് അടുത്ത പീരീഡിനേക്കുറിച്ചായിരുന്നു. ഇന്ന് തമ്പാന്‍ മാഷ് ഫുട്‌ബോളും കൊണ്ടാണ് ഗ്രൗണ്ടില്‍ വരിക എന്ന് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ചോദ്യം മൂന്നാമത്തെ ബെഞ്ചില്‍ കടന്നിരുന്നു. ശിവശങ്കരന്‍ എഴുന്നേറ്റു നിന്നു.
“എനിയ്ക്ക് മാഷാവണം.”
“അയ്യോ വേണ്ട വേണ്ട,” ടീച്ചര്‍ നടുക്കം അഭിനയിച്ചു. “ആ പാപത്തിന്റെ ഫലമായിട്ടാണ് ഞാന്‍ ഇവിടെ നിക്കണത്.”
മണിയുടെ അടുത്തിരിയ്ക്കുന്ന അശോകന്‍ ഗൗരവത്തില്‍ പറഞ്ഞു:
“എനിയ്ക്ക് ഉപരിപഠനത്തിനു പോണം.”
അശോകന്റെ ഏട്ടന്‍ നാലു മാസം മുമ്പാണ് ഉപരിപഠനത്തിന് അമേരിക്കയിലേയ്ക്കു പോയത്. അപ്പോള്‍ കോട്ടും ടൈയും കെട്ടിയ ഏട്ടന്റെ ഫോട്ടോ ജനപദത്തില്‍ വന്നത് അശോകന്‍ എല്ലാവരേയും കാണിച്ചിരുന്നു.
അശോകന്റെ മറുപടി ടീച്ചര്‍ക്ക് ബോധിച്ചില്ല.
“എന്നിട്ടോ?” ടീച്ചര്‍ ചോദിച്ചു. “പഠിപ്പ് എന്നെങ്കിലും തീരണ്ടേ? പഠിപ്പു തീര്‍ന്നിട്ട് എന്തു ജോലി വേണമെന്നാണ് ചോദിച്ചത്.”
അശോകന് ഉത്തരമുണ്ടായിരുന്നില്ല.
ഡോക്ടറാവണമെന്ന് മണി പറഞ്ഞതു കേട്ട് ടീച്ചര്‍ ഉറക്കെച്ചിരിച്ചു. “നാലാം ക്ലാസ്സില്‍ ഒരു കൊല്ലം കൂടി പഠിച്ചോളൂ. എന്നിട്ടു മതി ഡോക്ടറാവ്ാ.”
പടിഞ്ഞാറേ ഭാഗത്തുള്ള പട്ടിലുകള്‍ മൈതാനമാകെ നിഴല്‍ വിരിച്ചിരുന്നു. നിഴലുകളെ കുറുകെ മുറിച്ചു കൊണ്ട് പന്തു മുന്നില്‍ ഉരുളുകയായിരുന്നു. ഒപ്പമെത്താന്‍ വെമ്പുന്നവരെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് കാലുകള്‍ അതിവേഗം ചലിയ്ക്കുകയായിരുന്നു.
കുഞ്ഞുക്കുട്ടന്‍ നായര്‍ പറഞ്ഞു: “എനിയ്ക്ക് ഫുട്‌ബോള്‍ കളിക്കാരനാവണം ടീച്ചര്‍.”
ടീച്ചര്‍ പാഠത്തിലേയ്ക്കു തന്നെ തിരിച്ചുപോയി. “കൊച്ചു ജവാഹര്‍ തന്റെ അച്ഛനില്‍നിന്ന് രാജ്യതന്ത്രമൊക്കെ പഠിച്ചു. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് അതിനു ശേഷമാണ്. തീന്‍മൂര്‍ത്തി ഭവന്റെ ചിത്രം കണ്ട്വോ? പുസ്തകം നോക്കൂ. ചാച്ചാ നെഹ്‌റു ഇരിയ്ക്കുന്നു. അരികെ ഇന്ദിരാപ്രിയദര്‍ശിനി നില്‍ക്കുന്നു. കാറോടിയ്ക്കുന്നത് സഞ്ജയ് ആണ്. രാജീവ് ഒപ്പമുണ്ട്…”
ബെല്ലടിച്ചപ്പോള്‍ മണി കുഞ്ഞുക്കുട്ടന്‍ നായരുടെ ചെവിയില്‍ മന്ത്രിച്ചു: “ഡോക്ടറാവണമെന്നു വെച്ചിട്ടൊന്നുമല്ല ഞാനങ്ങനെ പറഞ്ഞത്. എന്തെങ്കിലും പറയണ്ടേ എന്നു വെച്ചിട്ടാണ്.” പിന്നെ ഏറെക്കുറെ തന്നോടുതന്നെയെന്ന പോലെ പറഞ്ഞു: “ഒരു കാര്യം മാത്രം ഉറപ്പിച്ചിട്ടുണ്ട്. തന്തപ്പിടീടെ വണ്ടി ഓടിച്ചു നടക്കാന്‍ എന്നെ കിട്ട്‌ല്യ.”
കുട്ടികള്‍ പുസ്തകം കെട്ടിവെയ്ക്കാന്‍ തുടങ്ങി. കുഞ്ഞുക്കുട്ടന്‍ നായരും സഞ്ചിയെടുത്ത് മടിയില്‍ വെച്ച് തയ്യാറായി ഇരുന്നു.
“എല്ലാവരും പുസ്തകം ഇവിടെ വെച്ചിട്ടു പോയാല്‍ മതി,” ടീച്ചര്‍ ആജ്ഞാപിച്ചു. “ഗ്രൗണ്ടില്‍ നിന്ന് ക്ലാസ്സിലേയ്ക്കു തന്നെ മടങ്ങി വരണം.”
വാതില്‍ക്കല്‍ അരവിന്ദാക്ഷന്‍ മാഷ് പ്രത്യക്ഷപ്പെട്ടു. പിന്നെ നാലാം ക്ലാസ്സ്—എ യിലെ കുട്ടികളും.
“എന്താ ടീച്ചറേ, പിള്ളേരെ വിട്‌ല്ലേ?”
കുട്ടികള്‍ ഒന്നടങ്കം എഴുന്നേറ്റു. എല്ലാവര്‍ക്കും മുന്നിലായാണ് കുഞ്ഞുക്കുട്ടന്‍ നായര്‍ ഓടിയത്. പറമ്പിന്റെ മൂലയിലെ കശുമാവിന്‍ ചോട്ടില്‍ ഫുട്‌ബോള്‍ മുന്നില്‍ വെച്ച് തമ്പാന്‍ മാഷ് ഇരിയ്ക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ മാഷ് വിസില്‍ വിളിച്ചു. എല്ലാവരും കൂടി മാഷ്‌ടെ അടുത്തു ചെന്ന് വട്ടമിട്ടുനിന്നു.
മാഷ് രണ്ടു ക്ലാസ്സിലേയും കുട്ടികളില്‍നിന്ന് പതിനൊന്നു പേരെ വീതം തിരഞ്ഞെടുത്തു. ബി ടീമിലെ സെന്റര്‍ ഫോര്‍വേഡ് ആയിരുന്നു കുഞ്ഞുക്കുട്ടന്‍ നായര്‍.
കളി തുടങ്ങി. ഒരു ലഹരിയായി, ആവേശമായി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന കുഞ്ഞുക്കുട്ടന്‍ നായര്‍ മൈതാനമാകെ നിറഞ്ഞുനിന്നു. ആ മൈതാനം ഭൂമിയാകെ പരക്കുന്നതായും താന്‍ അതിലെ സര്‍വ്വാധിപതിയായി വളരുന്നതായും കുഞ്ഞുക്കുട്ടന്‍ നായര്‍ക്കു തോന്നി.
എ ടീമിന് ആറാമത്തെ ഗോള്‍ അടിയ്ക്കാന്‍ കാലോങ്ങുമ്പോഴാണ് തമ്പാന്‍ മാഷടെ നീണ്ട വിസില്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ കേട്ടത്.
വിസില്‍ കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു കുട്ടികള്‍ എന്നു തോന്നി. പുസ്തകക്കെട്ടുകള്‍ എടുക്കാന്‍ ക്ലാസ്സിലേയ്ക്ക് ഓട്ടം തുടങ്ങിയിരുന്നു അവര്‍. കളിയുടെ തുടര്‍ച്ച പോലെ കുഞ്ഞുക്കുട്ടന്‍ നായരും അവര്‍ക്കൊപ്പം ഓടി ക്ലാസ്സിലെത്തി തോള്‍സ്സഞ്ചി തിടുക്കത്തില്‍ കയ്യിലെടുത്തു. ശിവശങ്കരനും മണിയും പതിവു പോലെ ആരാണ് ആദ്യം ഗേറ്റു കടക്കുക എന്ന മത്സരത്തിലാണ്.
സഞ്ചിയെടുത്ത് തോളിലിട്ട് കുഞ്ഞുക്കുട്ടന്‍ നായരും ക്ലാസ്സ് വിട്ടിറങ്ങി. വിയര്‍പ്പില്‍ നനഞ്ഞൊട്ടിയിരുന്ന ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ച് അയാള്‍ ഉള്ളിലേയ്ക്ക് ഊതി.
തൊണ്ട വരളുന്നുണ്ടായിരുന്നു. കുഞ്ഞുക്കുട്ടന്‍ നായര്‍ ‘മഹാത്മാ ഗാന്ധി മെമ്മോറിയല്‍ വാട്ടര്‍ സപ്ലൈ’ എന്നെഴുതിവെച്ച വാട്ടര്‍ ടാങ്കിന്റെ അടുത്തേയ്ക്കു നടന്ന് ടാപ്പ് തുറന്ന് വയറു നിറയെ വെള്ളം കുടിച്ചു.
പിന്നെ അയാള്‍ മെല്ലെ ഗേറ്റിലേയ്ക്കു നടന്നു. കുട്ടികള്‍ അപ്പോഴും കൂട്ടംകൂട്ടമായി പുറത്തേയ്ക്കു പോകുന്നുണ്ടായിരുന്നു. ഗേറ്റിലെത്തിയപ്പോഴാണ് വീട്ടിലേയ്ക്കുള്ള വഴി നിശ്ചയമില്ലാതെ കുഞ്ഞുക്കുട്ടന്‍ നായര്‍ നിന്നത്. ഇടത്തോട്ടാണോ തിരിയേണ്ടത്? അതോ വലത്തോട്ടോ?
വഴിയില്‍ തങ്ങിനിന്ന കുഞ്ഞുക്കുട്ടന്‍ നായരെ ഒഴിഞ്ഞുമാറി കുട്ടികള്‍ പുറത്തേയ്ക്കു പോയിക്കൊണ്ടിരുന്നു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ സ്‌കൂളില്‍നിന്ന് ഏറെക്കുറെ എല്ലാ കുട്ടികളും ഒഴിഞ്ഞുപോയി. ബാക്കി വന്നവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായി കടന്നു പൊയ്‌ക്കൊണ്ടിരുന്നു.
ഗേറ്റിനരികിലേയ്ക്കു നീങ്ങിനിന്ന് കുഞ്ഞുക്കുട്ടന്‍ നായര്‍ ആലോചിച്ചു: കാത്തിരുന്ന് കാണാതെ വരുമ്പോള്‍ അമ്മ തന്നെ തിരഞ്ഞു വരാന്‍ സാദ്ധ്യതയുണ്ട്. തനിയ്ക്കു വഴിയറിയില്ലെന്ന് അമ്മയ്ക്ക് അറിയുന്നതല്ലേ?
ഉടനെ സ്വയം തിരുത്തുകയും ചെയ്തു: അമ്മ എങ്ങനെ വരാനാണ്? കണ്ണും കാതുമറിയാത്ത അമ്മ തപ്പിത്തടഞ്ഞ് എങ്ങനെ ഇവിടം വരെ എത്താനാണ്?
ടീച്ചര്‍മാരുടെ സംഘങ്ങള്‍ പടി കടന്നു പോവുന്നത് കുഞ്ഞുക്കുട്ടന്‍ നായര്‍ നോക്കി നിന്നു. അവര്‍ക്കു പിന്നിലായി ഇറങ്ങിവന്ന മാഷന്മാരില്‍ മൂന്നുപേര്‍ മാത്രം മാവിന്‍ ചുവട്ടില്‍ നിര്‍ത്തിയിരുന്ന സൈക്കിളുകളുടെ അടുത്തേയ്ക്കു നീങ്ങി. അവര്‍ പോയതോടെ ബാക്കിയായ ഒരു സൈക്കിള്‍ കൂട്ടുകാര്‍ പിരിഞ്ഞ വിഷാദത്തില്‍ തല ചെരിച്ചു നിന്നു.
സ്‌കൂള്‍മുറ്റത്തെ വെയിലിന് കനം കുറഞ്ഞു കുറഞ്ഞു വന്നു. കുഞ്ഞുക്കുട്ടന്‍ നായര്‍ തിരിച്ചു നടന്നു. പ്യൂണ്‍ മാധവന്‍ ക്ലാസ്സ് മുറികള്‍ ഓരോന്നോരോന്നായി അടച്ചുകൊണ്ടിരിയ്ക്കുകയാണ്. കുഞ്ഞുക്കുട്ടന്‍ നായര്‍ കല്‍പ്പടവുകള്‍ കയറി പ്രധാനവരാന്തയിലെത്തി.
ഇവിടെ നിന്നാല്‍ ഓഫീസ് മുറി കാണാം. ഹെഡ് മാഷും ക്ലാര്‍ക്കും മുറിയില്‍നിന്നു പുറത്തു വരുന്നതു കണ്ടു. തമ്മില്‍ത്തമ്മില്‍ സംസാരിച്ചുകൊണ്ട് അവര്‍ കല്പ്പടവുകളിറങ്ങുകയാണ്. ഹെഡ് മാഷ് കഷണ്ടിയില്‍ വെയില്‍ തട്ടാതിരിയ്ക്കാന്‍ കുട നിവര്‍ത്തിപ്പിടിച്ചു. തോല്‍ ബാഗ് കക്ഷത്തിലിറുക്കി ക്ലാര്‍ക്ക് ഒപ്പം നടന്നു. രണ്ടു പേരും ഗേറ്റു കടന്ന് പുറത്തു പോയി.
പ്യൂണ്‍ മാധവന്‍ ക്ലാസ്സ് മുറികളെല്ലാം അടച്ചുകഴിഞ്ഞുവെന്നു തോന്നുന്നു. ഇപ്പോള്‍ ഓഫീസ് മുറിയിലെത്തിയിട്ടുണ്ട്. അതു കൂടി അടച്ച് പുറത്തുനിന്ന് പൂട്ടി, പൂടിയില്ലേ എന്ന് പൂട്ട് വലിച്ചുനോക്കി ഉറപ്പു വരുത്തി മാധവന്‍ കല്‍പ്പടവുകളിറങ്ങി. മാവിന്‍ തണലില്‍ നിന്നിരുന്ന സൈക്കിളെടുത്ത് ഗേറ്റു വരെ തള്ളി നടക്കുന്നതിനിടയില്‍ തിരിഞ്ഞ് സ്‌കൂള്‍ക്കെട്ടിടം ആകെയൊന്നു നോക്കി. അപ്പോള്‍ അയാള്‍ തന്നെ കാണുമെന്നും എന്തെങ്കിലും ചോദിയ്ക്കുമെന്നും കുഞ്ഞുക്കുട്ടന്‍ നായര്‍ കരുതിയെങ്കിലും മാധവന്‍ അയാളെ കണ്ടില്ല. പടി കടന്ന്, ഗേറ്റ് ചാരി, സൈക്കിളില്‍ കയറി പ്യൂണ്‍ അപ്രത്യക്ഷനായി.
വെയിലിന് ചുവപ്പുനിറം വന്നു തുടങ്ങിയിരുന്നു. മാവിന്റെ നിഴല്‍ നീണ്ടു നീണ്ട് മതില്‍ക്കെട്ടും കവിഞ്ഞു പോയി. മടിയിലെ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം മാത്രം കേട്ടുകൊണ്ട് ചെമ്മണ്‍പാതയിലേയ്ക്ക് കണ്ണുനട്ട് കുഞ്ഞുക്കുട്ടന്‍ നായര്‍ നിന്നു.
അതിനിടയ്ക്കെപ്പോഴോ, പോക്കുവെയിലിന് തുടുപ്പിയറ്റിക്കൊണ്ട് പാതയില്‍നിന്ന് ചെമ്മണ്ണിന്റെ പൊടിപടലമുയര്‍ന്നു. ഒരു കാര്‍ ഗേറ്റു കടന്ന് ഇടത്തോട്ടു നീങ്ങിയത് കുഞ്ഞുക്കുട്ടന്‍ നായര്‍ അറിഞ്ഞു. ഒരു മുന്‍നിശ്ചയം പോലെ എതിര്‍വശത്തുനിന്ന് മരത്തടികള്‍ കയറ്റിയ ലോറി കാറിനോട് ഇടിച്ചത് അയാള്‍ കണ്ടു. ആരുടെയോ ഒരു രോദനവും കുഞ്ഞുക്കുട്ടന്‍ നായര്‍ കേട്ടു. എവിടെനിന്നെന്നില്ലാതെ ഒട്ടേറെ ആളുകള്‍ ഓടിക്കൂടി, ചതഞ്ഞ കാറിനെ വളഞ്ഞുനിന്നു.
ചെമ്മണ്‍പാതയിലെ പൊടിയടങ്ങി. ആളുകളും ഓരോരുത്തരായി പിരിഞ്ഞുപോയി. സ്‌കൂള്‍മുറ്റത്ത് മാവിന്റെ തണല്‍ മങ്ങി. മതില്ക്കെട്ടിലാകെ സന്ധ്യ തിങ്ങിനിറഞ്ഞു.
സ്‌കൂള്‍ പടിയ്ക്കല്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു സ്ത്രീ എത്തിനിന്നത് അരണ്ട വെളിച്ചത്തില്‍ കുഞ്ഞുക്കുട്ടന്‍ നായര്‍ കണ്ടു. അവര്‍ പടിയുടെ ഇരുമ്പഴികള്‍ തപ്പിനോക്കുകയാണ്. പിന്നെ സാവധാനത്തില്‍ അവയിലൊന്ന് തള്ളിത്തുറന്നു.
അമ്മയെ കുഞ്ഞുക്കുട്ടന്‍ നായര്‍ തിരിച്ചറിഞ്ഞു. സഞ്ചിയെടുത്ത് ചുമലില്‍ തൂക്കി അയാള്‍ സ്‌കൂള്‍ പടിയ്ക്കലേയ്ക്കോടി. മുറ്റത്തേയ്ക്കു കടക്കാന്‍ തുടങ്ങുന്ന അമ്മയെ കുഞ്ഞുക്കുട്ടന്‍ നായര്‍ കെട്ടിപ്പിടിച്ചു.
വിള്ളല്‍ വീണ കൈപ്പടം കൊണ്ട് അമ്മ കുഞ്ഞുക്കുട്ടന്‍ നായരുടെ ദേഹമാകെ തൊട്ടുഴിഞ്ഞു. “വാ, നമുക്ക് പുവ്വാം,” അമ്മ പറഞ്ഞു. പിന്നെ കുഞ്ഞുക്കുട്ടന്‍ നായരുടെ ചുമലില്‍ കയ്യിട്ട് മെല്ലെ പുറത്തേയ്ക്കു നടന്നു. ചെമ്മണ്പാതയിലാകെ അപ്പോഴേയ്ക്കും ഇരുള്‍ വീണു കഴിഞ്ഞിരുന്നു.
(1985)