close
Sayahna Sayahna
Search

Difference between revisions of "വീടുവിട്ടുപോകുന്നു"


(Created page with "‌__NOTITLE____NOTOC__ ← അഷ്ടമൂർത്തി =വീടുവിട്ടുപോകുന്നു= അമ...")
 
(No difference)

Revision as of 15:52, 15 September 2014

‌ ← അഷ്ടമൂർത്തി

വീടുവിട്ടുപോകുന്നു

അമര്‍ത്തിച്ചവിട്ടിക്കൊണ്ടാണ് പ്രസീത മുറി വിട്ടുപോയത്. കോണിപ്പടികള്‍ ഞെട്ടുന്നത് ഇവിടെയിരുന്ന് കേള്‍ക്കാം.

പ്രസീതയുടെ അക്ഷമ തനിക്കു മനസ്സിലാവുന്നുണ്ട്. ടെംപോ പുറപ്പെടാന്‍ തയ്യാറായി നില്ക്കുകയാണ്. നാലുമണിയാവാന്‍ ഇനി പതിനഞ്ചു മിനിട്ടേയുള്ളു.

കാലം മറന്നിട്ട ഈ ആഴ്ചപ്പതിപ്പുകളില്‍ എന്താണിത്ര എന്നാണ് പ്രസീത ചോദിച്ചത്. മറുപടിയൊന്നുമുണ്ടായില്ല. തനിക്കൊന്നും മനസ്സിലാവില്ല എന്നു മാത്രം പറഞ്ഞു. വളപ്പൊട്ടുകള്‍ ശേഖരിച്ചുവെക്കാത്ത ഒരപൂര്‍വ്വബാല്യമായിരുന്നു പ്രസീതയുടേത്.

വേണ്ടതും വേണ്ടാത്തതും വേര്‍തിരിക്കാന്‍ സമയം തരണമെന്ന് പറഞ്ഞപ്പോള്‍ പ്രസീത സമ്മതിച്ചു. ഒപ്പം തന്നെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു: പുതിയ വീട്ടില്‍ രണ്ടു മുറിയേയുള്ളൂ. ചപ്പുചവറുകള്‍ സൂക്ഷിക്കാനൊന്നും സ്ഥലമില്ല.

താഴെ പൗലോസ് കാത്തുനില്ക്കുകയാണ്. അതോര്‍മ്മപ്പെടുത്താനാണ് പ്രസീത വന്നത്. ഒന്നു ശല്യപ്പെടുത്താതിരിക്കുമോ എന്നു ചോദിച്ചുപോയി. അതാണ് പ്രസീതയെ ശുണ്ഠി പിടിപ്പിച്ചത്.

മുന്നിലിരിക്കുന്ന കെട്ടുകളില്‍ നിന്ന് എങ്ങനെ തിരഞ്ഞെടുക്കാനാണ് വേണ്ടതും വേണ്ടാത്തതും. അങ്ങനെ നോക്കുമ്പോള്‍ എല്ലാം വേണ്ടതുതന്നെ. വിലമതിക്കാന്‍ കഴിയാത്തവ. പ്രസീതയ്ക്കതു മനസ്സിലാവില്ല. തൂക്കിയെടുക്കുമ്പോള്‍ പൗലോസ് മതിക്കുന്ന വിലയാണ് അവളുടെ മാനദണ്ഡം.

തൂക്കിവില്ക്കാന്‍ പോലും പറ്റാത്തവയുമുണ്ടായിരുന്നു. പ്രസീതയ്ക്കു വിലയില്ലാത്തതായി. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.

എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?

മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…

പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്.

മണിയെ ഒരാഴ്ചയായി കാണാനില്ലെന്ന് വീട്ടില്‍നിന്നു വിവരം കിട്ടിയ ദിവസമായിരുന്നു. കലുഷമായ മനസ്സുമായാണ് വീട്ടിലെത്തിയത്. പൂമുഖത്ത് പ്രസീത ആകെ പൂത്തുലഞ്ഞുനില്ക്കുന്നു. അരികെ ഒരു പ്‌ളാസ്റ്റിക് ബക്കറ്റില്‍ ഒരു കൂട്ടം കത്തുകള്‍ മുങ്ങിത്താഴുന്നു. ഏറ്റവും മുകളില്‍ മണിയുടെ കത്ത് വെള്ളത്തില്‍ കുതിര്‍ന്ന് നീലനിറം പരക്കുന്നു.

—ഞാനങ്ങോട്ടു വരുന്നുണ്ട്. ഒരു തൊഴിലുതേടി.

അത് മണിയുടെ ഒടുക്കത്തെ കത്തായിരുന്നു.

പ്രസീതയുടെ ഗര്‍ഭം രണ്ടാമതും അലസിപ്പോയിട്ട് അധികനാളായിരുന്നില്ല. ദു:ഖവും ദേഷ്യവും കടിച്ചിറക്കി അനങ്ങാതെനിന്നു. തന്റെ ദൗര്‍ബല്യങ്ങളില്‍ ഒന്നുപോലും പ്രസീത വകവെച്ചുതരാന്‍ പോവുന്നില്ലെന്ന് അന്നത്തോടെ ഉറപ്പായി.

അടുത്ത ആഴ്ചപ്പതിപ്പെടുത്തു.

തോണിയില്‍ ചാരിനില്ക്കുന്ന പെണ്ണ്. മഞ്ഞ ബ്‌ളൗസും ലുങ്കിയും ധരിച്ച സുന്ദരി. ചിരപരിചിതമായ മുഖചിത്രം. തനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ വന്ന ആഴ്ചപ്പതിപ്പ്. എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. രാത്രി വായിക്കാനിരിക്കുമ്പോള്‍ എത്ര പ്രാവശ്യം അതെടുത്തു നോക്കിയിട്ടുണ്ടെന്നറിയില്ല. പിന്നത്തെ വേനല്‍ക്കാലം. നിലാമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന എണ്ണമാങ്ങയില്‍ കാക്കകൊത്താതിരിക്കാന്‍ കാവലിരിക്കുന്ന ഉച്ചനേരം. അന്ന് ഈ മുഖചിത്രം തന്നെ കണ്ടുകൊണ്ട് മണിക്കൂറുകളോളം ഇരുന്നുപോയി. ലാളനകള്‍ക്കും ഉമ്മകള്‍ക്കുമപ്പുറം മറ്റെന്തോകൂടിയുണ്ടെന്നറിഞ്ഞത് അന്നാണ്.

‘എന്താ ഇരുന്ന് പകല്‍ക്കിനാവ് കാണ്ാ?’ എന്നു ചോദിച്ചു മുകളില്‍ കയറിയെത്തിയ രമണി. ആഴ്ചപ്പതിപ്പ് ബദ്ധപ്പെട്ട് ഒളിപ്പിച്ചുവെച്ചു. ചിരിച്ചുകൊണ്ടു നില്ക്കുന്ന രമണിയെ പകച്ചുനോക്കി. അവളെ ആദ്യമായി കാണുന്നതുപോലെ. അവള്‍ മൂന്നുലോകങ്ങളിലും വെച്ച് സുന്ദരിയാണെന്നു തോന്നി.

തന്റെ ഭാവപ്പകര്‍ച്ച അവളിലേക്കും പടര്‍ന്നു. മുഖത്തെ ചിരിമാഞ്ഞു. എണ്ണമാങ്ങ കൊത്തുന്ന കാക്കയെ ആട്ടിക്കൊണ്ട് അവള്‍ തന്റെ നോട്ടത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. പിന്നിയിട്ട തലമുടി, മഞ്ഞയില്‍ നീലപ്പുക്കളുള്ള പാവാട.

വിറച്ചുകൊണ്ടാണ് പിന്നില്‍ ചെന്നു നിന്നത്. തുളസിയിലയിട്ടു കാച്ചിയ എണ്ണയുടെ ഗന്ധം മൂക്കില്‍ കയറി. രമണീ എന്നു വിളിച്ചുവോ ആവോ. ശബ്ദം നഷ്ടപ്പെട്ടിരുന്നു. ബോധവും മങ്ങിയിരുന്നു. എന്തെല്ലാമോ നേടാന്‍ പോവുന്നു എന്നു മാത്രം ജ്വരം പൂണ്ടുനിന്നു.

വെയിലു മങ്ങി. ആകാശം ഇരുണ്ട് മഴ പെയ്തു തുടങ്ങിയത് എപ്പോഴാണെന്നറിയില്ല. പൂതുമണ്ണിന്റെ വാസന വായുവില്‍ കനത്തുനിന്നു.

മഴ ഒന്നടങ്ങിയപ്പോള്‍ മറ്റേതോ ലോകത്തുനിന്ന് അമ്മയുടെ വിളി.

‘—അപ്പൂ മാങ്ങ വീണ്ട്ട്ണ്ടാവും. ഒന്നു ചെന്നു നോക്ക്. ഒരു കൊട്ടേം കൊണ്ടുപൊക്കോ.’

ഇടറിയ കാലുകളോടെ ഭൂമിയിലേക്കിറങ്ങിച്ചെന്നു. നിനച്ചിരിക്കാതെ പെയ്ത മഴയില്‍ കുത്തിയൊലിച്ച മണ്ണിന്റെ താഴെ രതിമൂര്‍ച്ഛയിലെന്നപോലെ കിടക്കുന്ന മാവിലയും മാമ്പഴവും…

ഈ മുഖചിത്രം നോക്കിയിരിക്കുമ്പോള്‍ തനിക്ക് കൗമാരം തിരിച്ചുകിട്ടുന്നു. കവിതയെഴുതാന്‍ വെമ്പല്‍ പൂണ്ടതായിരുന്നു തന്റെ കൗമാരം. താനാരാധിച്ചിരുന്ന കവികളുടെ കവിതകള്‍ വന്ന ആഴ്ചപ്പതിപ്പുകളുടെ മുഖചിത്രങ്ങള്‍ മറക്കാറില്ല.

കാക്കയെക്കുറിച്ചായിരുന്നു ആദ്യമെഴുതിയ കവിത. ഒമ്പതു വരികള്‍ ഒരു വിധം മുക്കിമൂളിയൊപ്പിച്ചു. പത്താമത്തെ വരി കിട്ടാതെ നട്ടം തിരിഞ്ഞു. ഗതികെട്ട് വേറൊരാള്‍ കാക്കയെക്കുറിച്ചെഴുതിയ കവിതയിലെ ഒരു വരി മോഷ്ടിച്ചു. അതു കണ്ടുപിടിച്ചതിന് മണിയോട് പിണങ്ങിനടന്നു.

കവിതയെഴുത്ത് പിന്നെയും തുടര്‍ന്നു. ചിത്രശലഭങ്ങളെയും മിന്നാമിനുങ്ങിനെയും ഒന്നും വെറുതെ വിട്ടില്ല.

എഴുതിയ കവിതകള്‍ ആരെയാണ് കാണിച്ചുകൊടുക്കുക? അതൊരു പ്രശ്‌നമായിരുന്നു. കണ്ടെത്തിയത് അച്ഛനെയാണ്. അച്ഛന്‍ ആഴ്ചപ്പതിപ്പുകള്‍ ഒന്നും വിടാതെ വായിച്ചിരുന്നു. നേരിട്ട് കൈയില്‍ കൊടുക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. അച്ഛന്റെ ചാരുകസേരയ്ക്കരികിലെ ടീപ്പോയില്‍ അച്ഛനില്ലാത്ത നേരത്തു കൊണ്ടുവന്നു വെയ്ക്കും. അത് അച്ഛന്‍ വായിക്കുമെന്നും തന്നെ വിളിച്ചഭിനന്ദിക്കുമെന്നും ആദ്യം പ്രതീക്ഷിച്ചു. അത് ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വരുന്നതടക്കം സ്വപ്നം കണ്ടു.

അങ്ങനെയൊന്നും സംഭവിച്ചില്ല. മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞ് അച്ഛനില്ലാത്ത നേരം നോക്കി ടീപ്പോയില്‍ നിന്നു തിരിച്ചെടുക്കും.

ആ കവിതകള്‍ അച്ഛന്‍ വായിച്ചിരുന്നുവോ? വായിച്ചിട്ട് അഭിപ്രായം പറയാതിരുന്നതാണോ? ഇപ്പോഴുമറിയില്ല.

അച്ഛന്‍ മരിക്കുമ്പോഴും ടീപ്പോയില്‍ ഒരു കവിത കിടന്നിരുന്നു.

അന്ന് താന്‍ പത്താം ക്ലാസ്സിലായിരുന്നു. ആഴ്ചപ്പതിപ്പില്‍ ‘വേരുകള്‍’ വന്നുകൊണ്ടിരുന്ന കാലം. രാവിലെ ആഴ്ചപ്പതിപ്പു വരാന്‍ കുറച്ചു വൈകി. അവസാനത്തെ അദ്ധ്യായമായിരുന്നു. വായിച്ചുതീര്‍ത്ത് പരീക്ഷയ്ക്ക് ഓടുകയാണ് ചെയ്തത്. ഒടുക്കത്തെ പരീക്ഷയായിരുന്നു. രഘുവിന്റെ അച്ഛന്റെ മരണം തന്നെ തളര്‍ത്തി. ചോദ്യക്കടലാസ് കിട്ടിയപ്പോഴേക്കും മനസ്സുനിറയെ രഘുവിന്റെ അച്ഛനായിരുന്നു. ഒരു നോവലിലെവെറുമൊരു കഥാപാത്രമാണെന്ന് മനസ്സ് നിര്‍ബന്ധപൂര്‍വ്വം ഉരുവിട്ടിട്ടും രക്ഷ കിട്ടിയില്ല. ഇത്രയ്‌ക്കൊക്കെ വികാരാധീനനാവാന്‍ കാരണമെന്താണെന്ന് സ്വയം ചോദിച്ചു. തന്റെ അച്ഛനും തന്നോടു സ്‌നേഹം നടിക്കാത്തതുകൊണ്ടാണോ? അച്ഛനും ബലാശ്വഗന്ധാദി എണ്ണ തേയ്ക്കുന്നതുകൊണ്ടോണോ? ഉത്തരം കിട്ടിയില്ല. മനസ്സിന്റെ താളം തെറ്റിയപ്പോള്‍ ഉത്തരങ്ങളൊന്നും ശരിക്കെഴുതാന്‍ കഴിഞ്ഞില്ല.

പരീക്ഷയെഴുതി തിരിച്ചുവന്ന് ‘വേരുക’ളുടെ അവസാന ലക്കം വീണ്ടും വീണ്ടും വായിച്ചു. രാത്രി ഉറക്കത്തില്‍ ദു:സ്വപ്നങ്ങള്‍ കണ്ട് ഇടയ്ക്കിടെയുണര്‍ന്നു. അപ്പോഴൊക്കെ അച്ഛനെ ഓര്‍ത്തു. അടുത്ത മുറിയില്‍ അച്ഛന്‍ ഉറങ്ങിക്കിടക്കുകയാണ്. ഒരു വട്ടം ഉണര്‍ന്നപ്പോള്‍ ആ മുറിയില്‍ ആരോ കരയുന്നതു പോലെ തോന്നി. അമ്മയാണോ? ഞെട്ടിയെഴുന്നേറ്റു. വാതില്‍ക്കല്‍ മുട്ടാന്‍ ധൈര്യം തോന്നിയില്ല. പുറത്തേക്കുള്ള വാതില്‍ തുറന്ന് മുറ്റത്തിറങ്ങി. ജനാലയ്ക്കരികില്‍ ചെന്ന് കര്‍ട്ടന്‍ വകഞ്ഞുമാറ്റി അകത്തേക്കു നോക്കി. അച്ഛനും അമ്മയും നല്ല ഉറക്കമാണ്.

എന്നിട്ടും സമാധാനം തോന്നിയില്ല. കുറേ നേരം അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. ഒടുവില്‍ വിളിക്കാന്‍ തന്നെ തീരുമാനിച്ചു.

ഉണര്‍ന്നത് അമ്മയാണ്. വാതില്‍ തുറന്നപ്പോള്‍ അകത്തുചെന്നു. കമ്പിറാന്തല്‍ കൊളുത്തി. അച്ഛന്‍ കട്ടിലില്‍ വിയര്‍ത്തുകുളിച്ചു കിടക്കുന്നു. വായ തുറന്നാണ് കിടക്കുന്നത്. ഉടലാകെ തണുത്തിരിക്കുന്നു.

പരുക്കന്‍ പെരുമാറ്റത്തിലൂടെ അച്ഛനും തന്റെ ഉല്‍ക്കര്‍ഷമായിരുന്നുവോ കാംക്ഷിച്ചിരുന്നത്? മരണംപോലും തന്റെ അവസാനത്തെ പരീക്ഷ കഴിഞ്ഞിട്ടാവാമെന്നു കരുതിയതാണോ?

ഇന്ന് വളരെ നാളുകള്‍ക്കുശേഷം താന്‍ അച്ഛനെക്കുറിച്ചോര്‍ത്തുപോയി. തിരക്കു പിടിച്ച ജീവിതചര്യയ്ക്കിടയില്‍ മനോരാജ്യം കാണാന്‍പോലും സമയം കിട്ടാറില്ല. കാലത്തിന്റെ കാലൊച്ച അകലുന്തോറും ഓര്‍മ്മകളുടെ തീവ്രത കുറയുന്നു.

അച്ഛന്റെ മരണത്തിനു ശേഷം എന്തെല്ലാം നടന്നു? തന്റെ ഉദ്യോഗലബ്ധി, വിവാഹം…

കാണുന്ന പെണ്‍കുട്ടികളിലൊക്കെ ഭാവിഭാര്യയെ കണ്ടെത്താന്‍ ശ്രമിച്ചിരുന്ന കാലം. ഭാര്യയ്ക്കുവേണ്ട ഗുണങ്ങളില്‍ ഏറ്റവും പ്രധാനം കഥയും കവിതയും വായിച്ചാസ്വദിക്കാനുള്ള കഴിവാണെന്ന് വിശ്വസിച്ചു. അതുതന്നെയാവാം ആദ്യരാത്രിയില്‍ ‘യയാതി’യേക്കറിച്ച് പ്രസീതയോട് പറയാന്‍ കാരണം. അവളതു വായിക്കുന്നില്ലെന്നറിഞ്ഞ് നിരാശ തോന്നി. തന്റെ കളിമ്പം അതുകൊണ്ടും തീര്‍ന്നില്ല. ആഴ്ചപ്പതിപ്പുകള്‍ തേടിപ്പിടിച്ച് അവളുടെ മുമ്പില്‍ കൊണ്ടുവന്നുവെച്ചു. ഖാണ്ഡേക്കറേക്കുറിച്ച് ഒരു ലഘുപ്രസംഗവും നടത്തി. വായിക്കുന്നതിനിടയില്‍ ഒരിക്കല്‍ ചെന്നു നോക്കിയപ്പോള്‍ അവള്‍ ‘വിവാഹവേദി’ തുറന്നുവെച്ച് ഇരിക്കുന്നു,

‘നമുക്കും ഇങ്ങനെ ഒരു ഫോട്ടോ എടുത്ത് ഇതില്‍ കൊടുക്കണം.’

വിവാഹഫോട്ടോ എന്ന പ്രസ്ഥാനത്തിനു തന്നെ എതിരാണെന്ന് അപ്പോഴാണ് താന്‍ ഉല്‍ഘോഷിച്ചത്. ഭാര്യയും ഭര്‍ത്താവും എപ്പോഴും ഒന്നാണ്. അത് മാലോകരെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് ഈ ചിത്രംകൊണ്ടല്ല. പ്രവൃത്തികൊണ്ടാണ്. ജീവിതം കൊണ്ടാണ്. ആദര്‍ശത്തിന്റെ പരിേവഷം സ്വന്തം തലയ്ക്കു ചുറ്റും പരത്തിനിന്നു.

കഷ്ടം എന്ന് ഇപ്പോള്‍ തോന്നുന്നു. തന്റെ ദൗര്‍ബല്യങ്ങള്‍ വകവെച്ചു തരുന്നില്ല എന്നു പരാതിപ്പെടുന്ന താന്‍ അവളുടെ ഇത്തരം ചെറിയ ഇച്ഛകള്‍ക്കുപോലും തടസ്സം നില്ക്കുകയായിരുന്നില്ലേ? സ്വന്തം ശാഠ്യങ്ങള്‍ സഫലീകരിച്ചു കാണാന്‍ തിടുക്കപ്പെട്ടപ്പോഴൊക്കെ പ്രസീതയുടെ ഇഷ്ടങ്ങള്‍ അവഗണിക്കുകയായിരുന്നില്ലേ?

തനിക്കു വിലപ്പെട്ട കത്തുകള്‍ അവള്‍ നശിപ്പിച്ചുകളഞ്ഞു. ഡയറികളും പ്രധാനസംഭവങ്ങളുള്ള പത്രങ്ങളും മേശവലിപ്പില്‍ ചിതല്‍ തിന്നു തീര്‍ത്തതു കണ്ട് അവള്‍ ചിരിച്ചു. ഒക്കെയും അബോധപൂര്‍വമായ ഒരു പകപോക്കലായിരുന്നില്ലേ?

വയ്യ. ഇരുന്നിരുന്ന് കൈയും കാലും കടയുന്നു. വേണ്ടതും വേണ്ടാത്തതും തരംതിരിക്കാന്‍ ഇനിയുമാവുന്നില്ല. മുന്നിലിരിക്കുന്ന കെട്ടുകളെ അയാള്‍ നിസ്സഹായനായി നോക്കി.

ഈ കൗതുഹലങ്ങള്‍ താന്‍ ഉപേക്ഷിക്കേണ്ടതായിരുന്നു. ഇടയ്ക്കിടെ വീടുമാറേണ്ടിവരുന്നവന് ഇത്തരം കമ്പങ്ങള്‍ ഭാരമാണ്. പുതിയ വീട്ടിലെ അസൗകര്യങ്ങളേക്കുറിച്ച് പ്രസീതയുടെ മുന്നറിയിപ്പ് കണക്കിലെടുക്കേണ്ടതായിരുന്നു.

പ്രസീത താഴെ അക്ഷമയോടെ കാത്തുനില്ക്കുകയാണ്. ടെംപോ പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്നു. സമയം പിന്നെയും കടന്നുപോവുന്നു.

വേണ്ട, കൂടുതല്‍ ആലോചിക്കാതിരിക്കുകയാണ് നല്ലത്. പൗലോസിനെ മുകളിലേക്കു വിളിക്കാം. അയാള്‍ എല്ലാം തൂക്കിയെടുക്കട്ടെ.

അരികത്തിരിക്കുന്ന കെട്ടില്‍ കൈകുത്തി എഴുന്നേറ്റപ്പോള്‍ ഏറ്റവും പൊക്കത്തിലുള്ള അടുക്ക് തുലനം തെറ്റി ചെരിഞ്ഞുവീണു. തീയതിയും ലക്കങ്ങളും ക്രമം തെറ്റിയ വലിയ ഒരടുക്ക്, കീറിപ്പോയ മുഖചിത്രങ്ങള്‍. വിട്ടു പോന്ന താളുകള്‍, തലങ്ങും വിലങ്ങും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ആഴ്ചപ്പതിപ്പുകള്‍…

അയാള്‍ തലയില്‍ കൈവച്ചു.

രമ്യേ, അതൊക്കെ അവിടെ വെക്ക്, ഒന്നും കീറരുത്!

താന്‍ ഉറക്കെപ്പറഞ്ഞുപോയി എന്ന് അയാള്‍ക്കു തോന്നി, ശ്വാസമടക്കിപ്പിടിച്ച് അയാള്‍ ചുറ്റിലും നോക്കി. ഇല്ല, പ്രസീത അടുത്തില്ല.

ആരും കേള്‍ക്കരുത്. പ്രത്യേകിച്ച് പ്രസീത. കാരണം രമ്യയെ മറന്നുപോയതുപോലെയാണ് തങ്ങള്‍ പരസ്പരം പെരുമാറുന്നത്. ഈ കളിയിലെ നിസ്സാരകീഴ്‌വഴക്കങ്ങള്‍ ലംഘിക്കരുത്.

കളി തുടങ്ങിവെച്ചത് പ്രസീതയാണ്. കണ്ണീരു മാത്രമായി കമിഴ്ന്നു കിടന്ന രണ്ടാഴ്ചകള്‍ക്കുശേഷം അവള്‍ എഴുന്നേറ്റു. ഒറ്റയ്ക്കിരിക്കുമ്പോഴും ഉറക്കത്തിലും അവള്‍ പിന്നെയും കരഞ്ഞു. ക്രമേണ പതിവു ജീവിതത്തിലേക്ക് തിരിച്ചുവന്നു. പകലുകളും രാത്രികളും കുറേ കടന്നപ്പോള്‍ ശ്രമം കൂടാതെത്തന്നെ മറക്കാന്‍ തുടങ്ങിയിരുന്നു.

അങ്ങനെ ഒരു വൈകുന്നേരം തനിച്ചിരിക്കുമ്പോള്‍ രമ്യയേക്കുറിച്ചോര്‍ത്തു. അവളുടെ രൂപം സങ്കല്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ വിയര്‍ത്തുപോയി. തനിക്ക് അവളുടെ മുഖം ഓര്‍മ്മിക്കാനാവുന്നില്ല.

പ്രസീത കുളിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ചെന്ന് അലമാരി തുറന്ന് ആല്‍ബം പുറത്തെടുത്തു. ഹൃദയം ക്രമംതെറ്റി മിടിച്ചിരുന്നു. പേജുകള്‍ മറിച്ചപ്പോള്‍ രമ്യയുടെ ഒരു ചിത്രം പോലുമില്ല. പ്രസീത വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാം നീക്കം ചെയ്തിരിക്കുന്നു.

വേറെ എവിടേയ്‌ക്കെങ്കിലും മാറ്റി വെച്ചിട്ടുണ്ടാവുമോ? ചോദിക്കാന്‍ ധൈര്യം തോന്നിയില്ല. കാരണം രമ്യയുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും അതിനു മുമ്പുതന്നെ അലമാരയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. കുളികഴിഞ്ഞ് ഈറന്‍ മാറാന്‍ പ്രസീത മുറിയില്‍ വന്നപ്പോള്‍ ഒന്നും അറിഞ്ഞില്ലെന്നു നടിച്ച് പുറത്തുകടന്നു.

രമ്യയ്ക്ക് ആഴ്ചപ്പതിപ്പുകള്‍ ഇഷ്ടമായിരുന്നു. കാലുനീട്ടിയിരുന്ന് ആഴ്ചപ്പതിപ്പുകള്‍ മലര്‍ത്തിവെക്കും. ആയിടയ്ക്ക് അവളുടെ അതേ മുഖച്ഛായയുള്ള ഒരു കുട്ടിയുടെ ചിത്രം ബാലപംക്തിയില്‍ വന്നു. ആശ എന്നു പേരുള്ള കുട്ടി. രമ്യയുടെ ചിത്രം എവിടെ എന്നു ചോദിച്ചാല്‍ അവള്‍ ഓടിപ്പോയി ആഴ്ചപ്പതിപ്പെടുത്തുകൊണ്ടുവന്നു നിവര്‍ത്തിവെയ്ക്കും. രമ്യയല്ല അത് ആശയാണ് എന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. ‘അമ്യ അമ്യ’ എന്ന് വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കും.

ആ ആഴ്ചപ്പതിപ്പ് എവിടെ?

കുഴഞ്ഞുവീണ ആഴ്ചപ്പതിപ്പുകളുടെ മുന്നില്‍ വീണ്ടും ഇരുന്നു. തീയതി ഓര്‍മ്മയില്ല. ഉണ്ടെങ്കില്‍ത്തന്നെ ക്രമം തെറ്റിയ അടുക്കില്‍ നിന്ന് അതു കണ്ടെത്തുക എളുപ്പമല്ല. ആഴ്ചപ്പതിപ്പുകളിലേക്ക് അയാള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി. മുന്നിലെ പുസ്തകക്കൂമ്പാരം പൊടുന്നനെ വലിയൊരു നിധിയായി മാറിയിരിക്കുന്നു.

അയാള്‍ ബദ്ധപ്പെട്ട് ഒരാഴ്ചപ്പതിപ്പ് കൈയിലെടുത്തു. ബാലപംക്തി നിവര്‍ത്തിനോക്കി. പിന്നെ ഓരോ ആഴ്ചപ്പതിപ്പായി എടുക്കുകയും ബാലപംക്തി തിരയുകയും മടക്കിവെയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ആഴമറിയാത്ത കയത്തില്‍ മുങ്ങാന്‍ പോവുകയാണെന്നും ശ്വാസത്തിനു വേണ്ടി നീന്തിത്തുടിക്കാന്‍ പോവുകയാണെന്നും അയാള്‍ക്കു തോന്നി. ഇതു കിട്ടിയില്ലെങ്കില്‍ ഇനി ജീവിച്ചിട്ടെന്ത്?

ഭ്രാന്തമായ തിരിച്ചിലിനിടയില്‍ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. തലയില്‍ നിന്നു പുറപ്പെട്ട വിയര്‍പ്പുചാലുകള്‍ താഴേക്കൊഴുകി. എന്താണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നുകൂടി ഒരു വേള അയാള്‍ക്കു ചിന്തിക്കേണ്ടി വന്നു. മറന്നുപോയ ഒരു മുഖം തപ്പുന്നതിനിടയില്‍ അതു തനിക്കു കണ്ടെത്താന്‍ കഴിയാതെ കടന്നുപോയോ എന്നു സംശയിച്ച് മറ്റൊരു വേള അന്തംവിട്ടിരുന്നു.

തളര്‍ച്ച സഹിക്കാനാവാതെ അയാള്‍ വിറച്ചു തുടങ്ങി. താഴെനിന്ന് ടെംപോക്കാരന്‍ ഹോണടിച്ചുവെന്നു തോന്നി. കോണിപ്പടികള്‍ ശബ്ദിക്കുന്നുണ്ടോ? പ്രസീത വീണ്ടും വരികയാണോ?

ആരു വന്നാലും എന്റെ കുട്ടീ, നിന്നെ ഉപേക്ഷിച്ച് ഞാന്‍ എങ്ങും പോവില്ല — ഇതു സത്യം…

വലിച്ചെടുക്കുകയും താളുകള്‍ മറിക്കുകയും വലിച്ചെറിഞ്ഞ് പുതിയതെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒടുവില്‍ അതാ…

ആ പേജ് നിവര്‍ത്തിപ്പിടിച്ച് അയാള്‍ കുനിഞ്ഞിരുന്നു.

സമയം കടന്നുപോയത് അറിഞ്ഞില്ല.

കോണിപ്പടികളുടെ ശബ്ദം കേട്ടപ്പോള്‍ പുറംതിരിഞ്ഞിരുന്നു. പ്രസീത അറിയരുത്. അവള്‍ അടുത്തെത്തിയപ്പോള്‍ മുഖം തിരിക്കാതെ പറഞ്ഞു.

പൗലോസിനെ വിളിച്ചോളൂ. വേണ്ടതൊക്കെ മാറ്റിവെച്ചിട്ടുണ്ട്.

ശബ്ദം സാധാരണ നിലയിലാക്കാന്‍ അയാള്‍ പണിപ്പെട്ടു. പ്രസീത തന്റെ തൊട്ടുപിന്നില്‍ എത്തിനിന്നത് അയാളറിഞ്ഞു. അവളുടെ ശബ്ദം പതറിയിരുന്നു.

പൗലോസിനെ ഞാന്‍ മടക്കിയയച്ചു.

അയാള്‍ തിരിഞ്ഞു നോക്കിയില്ല. പ്രസീത തുടര്‍ന്നു.

ഇതൊക്കെ നമുക്ക് കെട്ടിയെടുക്കാം. ടെംപോവില്‍ സ്ഥലമുണ്ട്.

ഡ്രൈവര്‍ അപ്പോഴേക്കും മുകളില്‍ എത്തിക്കഴിഞ്ഞിരുന്നു. കൈയിലെ ആഴ്ചപ്പതിപ്പ് കൂട്ടത്തില്‍ വെച്ച് അയാള്‍ തിടുക്കത്തില്‍ കോണിയിറങ്ങി. പ്രസീത ഡ്രൈവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് അവിടെത്തന്നെ നിന്നു.

വാഷ്‌ബേസിന്റെ അടുത്തുപോയി അയാള്‍ മുഖം കഴുകി. ഒരു ശീലംപോലെ കണ്ണായിടില്‍ നോക്കാന്‍ മുഖമുയര്‍ത്തിയപ്പോഴാണ് കണ്ണാടി അഴിച്ചുവെച്ച കഥ ഓര്‍മ്മവന്നത്. മുറികളെല്ലാം ശൂന്യമായിരിക്കുന്നു. ഇടാനുള്ള ഷര്‍ട്ടും മുണ്ടും പ്രസീത പൂമുഖത്തിണ്ണയില്‍ എടുത്തു വെച്ചിട്ടുണ്ട്.

കെട്ടുകള്‍ കയറ്റിക്കഴിഞ്ഞപ്പോള്‍ ടോംപോ പുറപ്പെടാന്‍ തയ്യാറായി. പൂമുഖത്തേക്കുള്ള വാതിലടച്ച് അയാള്‍ താഴിട്ടു പൂട്ടി. ടെംപോയുടെ പിന്‍സീറ്റില്‍ പ്രസീത കയറിയിരിപ്പുണ്ടായിരുന്നു. ഒപ്പം ഇരുന്നപ്പോള്‍ പുറപ്പെടാന്‍ അയാള്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.

വണ്ടി ഇളകിയപ്പോഴാണ് അയാള്‍ പ്രസീതയുടെ മടിയില്‍ കിടക്കുന്ന ആഴ്ചപ്പതിപ്പ് കണ്ടത്. അതു കണ്ടില്ലെന്ന് നടിക്കുകയാണ് കളിയിലെ കീഴ്‌വഴക്കം എന്ന് അയാള്‍ക്കറിയാമായിരുന്നു. ഒമ്പതു വര്‍ഷത്തോളം ഇടപഴകിയ പ്രദേശത്തോട് മൗനമായി യാത്ര പറയാനെന്നോണം അയാള്‍ പുറത്തേക്കു നോക്കി.

പ്രസീത മുഖമുയര്‍ത്തി അയാളെ നോക്കിയതും അതേ നിമിഷത്തിലായിരുന്നു. പോക്കുവെയിലേറ്റ് അയാളുടെ മുഖം തുടുത്തിരുന്നു. പിന്‍വാങ്ങിയ മിഴികള്‍ വീണ്ടും ചെന്നുപതിച്ചത് ആഴ്ചപ്പതിപ്പിലാണ്. പിന്നെ അയാളുടെ മടിയിലേക്കു തലചായ്ച്ച് യാത്ര തീരുംവരെ അവള്‍ കരഞ്ഞു.

(1988)