Difference between revisions of "വ്യാസനും വിഘ്നേശ്വരനും ഭാഗം ഒന്ന്"
Line 1: | Line 1: | ||
+ | {{SFN/VandV}} | ||
+ | {{SFN/VandVBox}} | ||
=ഭാഗം ഒന്ന്: കൃതി= | =ഭാഗം ഒന്ന്: കൃതി= | ||
Line 245: | Line 247: | ||
’’നിഷാദപുരാണത്തന്റെ’’ എന്റെ കൈയിലെ കോപ്പിയെ ഞാന്‍ സെന്‍ട്രൽ സെക്രട്ടേറിയററ് ലൈബ്രറിയുടെ ഇരുണ്ട കോറിഡോറിലെ വിഷയവും ക്രമവും തെററിച്ച ഷെല്ഫുകളൊന്നില് മടക്കിവെച്ചു. അതിന്റെ ഇല്ലാത്ത പേജുകളെ തേടിയുള്ള എന്റെ തിരച്ചിലും ഞാന്‍ ഉപേക്ഷിച്ചു. അപൂര്‍ണ്ണമായ ഈ പുരാണം അപൂര്ണ്ണമായിത്തന്നെയിരിക്കും ഇനിയും വരുവാനുള്ളവര്ക്കു വേണ്ടി. ആ പേജുകൾ വായിക്കുവാനുള്ളതല്ല, എഴുതാനുള്ളവയാണ്. | ’’നിഷാദപുരാണത്തന്റെ’’ എന്റെ കൈയിലെ കോപ്പിയെ ഞാന്‍ സെന്‍ട്രൽ സെക്രട്ടേറിയററ് ലൈബ്രറിയുടെ ഇരുണ്ട കോറിഡോറിലെ വിഷയവും ക്രമവും തെററിച്ച ഷെല്ഫുകളൊന്നില് മടക്കിവെച്ചു. അതിന്റെ ഇല്ലാത്ത പേജുകളെ തേടിയുള്ള എന്റെ തിരച്ചിലും ഞാന്‍ ഉപേക്ഷിച്ചു. അപൂര്‍ണ്ണമായ ഈ പുരാണം അപൂര്ണ്ണമായിത്തന്നെയിരിക്കും ഇനിയും വരുവാനുള്ളവര്ക്കു വേണ്ടി. ആ പേജുകൾ വായിക്കുവാനുള്ളതല്ല, എഴുതാനുള്ളവയാണ്. | ||
__NOTITLE__ __NOTOC__ | __NOTITLE__ __NOTOC__ | ||
+ | {{SFN/VandV}} |
Revision as of 07:25, 25 September 2014
|
വ്യാസനും വിഘ്നേശ്വരനും ഭാഗം ഒന്ന് | |
---|---|
ഗ്രന്ഥകർത്താവ് | ആനന്ദ് |
മൂലകൃതി | വ്യാസനും വിഘ്നേശ്വരനും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഡിസി ബുക്സ്, കോട്ടയം |
വര്‍ഷം |
1998 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 104 |
ഭാഗം ഒന്ന്: കൃതി
ഈ നൂററാണ്ടിന്റെ ആരംഭത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1901–ല്‍ ആണ് രമേശ് ദത്തിന്റെ വിശ്രുതമായ ഗ്രന്ഥം ദി ഇക്കണോമിക് ഹിസ്റററി ഒഫ് ഇന്ത്യ ലണ്ടനിലെ റൂട്ലെജ് ആന്റ് കീഗന്പോള് കമ്പനി പ്രസിദ്ധീകരിച്ചത്. ഈ ഗ്രന്ഥത്തിന്റെ ഒന്നാം വാല്യം രണ്ടാമദ്ധ്യായത്തില്‍, മീര്‍ കാസിം ബംഗാള്‍ നവാബായിരുന്നു കാലത്ത് ഈസ്ററ് ഇന്ത്യാ കമ്പനിയിലെ വെളളക്കാരായ ജോലിക്കാര്‍ ബംഗാളിലെ ആഭ്യന്തര വ്യാപാരം മുഴുവന്‍ അനധികൃതമായി പിടിച്ചെടുത്ത വിവരം ഗ്രന്ഥകാരന് റിപ്പോര്‍ട്ടുകളും കത്തുകളുമടങ്ങിയ ഒരുപാട് രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദമായി വിവരിക്കുന്നുണ്ട്. വില്യം ബോള്‍ട്സ് എന്ന നീതിബോധമുള്ള ഒരു ഇംഗ്ലീഷ് വ്യാപാരി 1772–ല്‍ ലണ്ടനിലെ ബ്രിട്ടീഷ് ഗവണ്മെന്റ് മുമ്പാകെ കൊടുത്ത മൊഴിയാണ് അതിലൊന്നു്. വെളളക്കാര്‍ നാടന്‍ വണിക്കുകളുടെ സഹായത്തോടുകൂടി ഓരോ പട്ടണത്തിലും ചെന്ന് അവിടെയൊരു കച്ചേരി വിളിച്ചുകൂട്ടുകയും തങ്ങള്‍ക്ക് വില്‍ക്കേണ്ട ഉല്പന്നങ്ങളും അവയുടെ വിലയും നിശ്ചയിച്ചുകൊണ്ട് ഒരു കരാറുണ്ടാക്കുകയും ചെയ്തിരുന്നതായി വില്യം ബോൾട്സ് പറയുന്നു. ഒരു ഉല്പാദകനും സമ്മതിക്കുവാന്‍ കഴിയാത്തവിധം താണതായിരിക്കും വില. നാട്ടുകാര്‍ക്കാകട്ടെ ഏകപക്ഷീയമായ ഈ കരാറുകളില്‍ ഒപ്പു വെയ്ക്കാതിരിക്കാനും വഴിയില്ലായിരുന്നു. വിസമ്മതിക്കുന്നവരെ മുക്കാലിയില്‍ കെട്ടിയിട്ടുളള ചാട്ടവാര്പ്രഹരം പോലുള്ള മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കുക മാത്രമല്ല, അവരുടെ സമ്പത്തെന്തെങ്കിലും ഉണ്ടെങ്കില്‍ അതു കണ്ടുകെട്ടി ലേലം വിളിക്കുകയുംചെയ്യുമായിരുന്നു വെളളക്കാര്‍. ഇത്തരം കരാറുകളില്‍ നിന്നു് രക്ഷപ്പെടുവാനായി പട്ടുനൂല്‍ നൂററിരുന്ന പല തൊഴിലാളികളും കൈയിലെ തളളവിരല് മുറിച്ചുകളഞ്ഞ് നൂല്നൂല്പ്പുതൊഴിലിനോട് വിട പറഞ്ഞതായി തനിക്കറിയാമെന്നു് വില്യം ബോള്‍ട്സ് ബോധിപ്പിച്ചു.
രമേശ് ദത്തിന്റെ ഗ്രന്ഥം എനിക്ക് പരിചിതമായിരുന്നുവെങ്കിലും അതിലെ മേല്പറഞ്ഞ പരാമര്‍ശം ഗ്രന്ഥം പ്രസിദ്ധീകരിച്ച ഉടനെതന്നെ ഒരു വിവാദകാരണമായിത്തീര്ന്നുവെന്ന് എനിക്കറിവില്ലായിരുന്നു. ഒന്നാമതായി അത് അന്ന് ഉണരുവാന്‍ തുടങ്ങിയിരുന്ന ദേശീയനേതൃത്വത്തിന്റെ ശ്രദ്ധയെ ആകര്‍ഷിച്ചുവത്രെ. അതില്‍നിന്നു് സ്വതന്ത്രമായിത്തന്നെ ബ്രിട്ടനിലെ ഭരണവൃത്തങ്ങളില്‍ അതൊരു ചൂടുള്ള ചര്‍ച്ചയ്ക്ക് തീ കൊളുത്തുകയും അവിടത്തെ രാഷ്ട്രയാന്തരീക്ഷത്തില് ഒരു കോളിളക്കമുണ്ടാക്കുകയും ചെയ്തുപോലും. ഈ കാര്യങ്ങള്‍ എന്നൊട് പറഞ്ഞത് എന്റെ സുഹൃത്ത് മേജര്‍ ധര്മ്മാധികാരിയായിരുന്നു. നാഗാലാന്‍ഡിലെ ജഖാമാകുന്നിന്റെ മുകളില്‍ ആ സമയത്ത് താവളമടിച്ചിരുന്ന എന്‍ജിനീയര്‍ റെജിമെന്റിന്റെ ഓഫീസേഴ്സ് മെസ്സില്‍ വെച്ച് 1968–69–ലെ തണുപ്പുള്ള വൈകുന്നേരങ്ങളൊന്നില്‍ ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. ഈ രണ്ടു കൊല്ലങ്ങളിലെ ചില മാസങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് പട്ടാളത്തിലുണ്ടായിരുന്നു. എന്നെപ്പാലെ അയാളും പട്ടാളത്തില്‍ ചേര്‍ന്നതായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ രണ്ടു വ്യത്യസ്ത ഡിപ്പാര്‍ട്മെന്റുകളില്‍ എന്‍ജിനിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന ഞങ്ങള്‍ 1962–ലെ യുദ്ധത്തിനുശേഷം അടിയന്തിരമായി പട്ടാളത്തിലെ എന്‍ജിനീയര്‍ കോര്‍ വികസിപ്പിക്കാവാനായി ഗവണ്മെന്റ് കൊണ്ടുവന്ന ഒരു പദ്ധതിയനുസരിച്ച്, നിര്‍ബന്ധ സൈനികസേവനത്തിന് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റുകളില്‍നിന്ന് നേരെ റിക്രൂട്ട് ചെയ്യപ്പെട്ടവരായിരുന്നു.
ബോംബെയിലെ ഇന്ത്യന്‍ ഇന്സ്ററിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദമെടുത്ത ധര്‍മ്മാധികാരി പ്രഗല്ഭനായ ഒരു ഡിസൈന്എന്ജിനീയര് മാത്രമല്ല, നല്ല സംസ്കൃതപണ്ഡിതനും ഉള്‍ക്കാഴ്ചയുള്ള ചരിത്ര വിദ്യാര്ത്ഥിയുംകൂടിയായിരുന്നു. അയാളുടെ അച്ഛന് പൂണെയിലെ അറിയപ്പെടുന്ന ജ്യോതിഷിയും യാഥാസ്ഥിതിക ബ്രാഹ്മണനും ആയിരുന്നു. സ്വന്തം പശ്ചാത്തലത്തിന് വിപരീതമായി മകനെ ഒരു ആധുനിക ശാസ്ത്രജ്ഞനാക്കണമെന്നാണ് തന്റെ മോഹമെന്ന് അയാള്‍ ധര്‍മ്മാധികാരിക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴേ അറിയിച്ചു. അതിനുശേഷം അയാള്‍ പെട്ടെന്ന്, വിശദീകരണങ്ങളൊന്നും നല്‍കാതെ ഒരു ദിവസം ഭാര്യയെയും മകനെയും പിന്നില്‍ വിട്ട് കാശിയിലേക്കെന്ന് പറഞ്ഞു നാടുവിട്ടു. ജ്യോതിഷിയായിരുന്നുവെങ്കിലും പ്രായമായതോടെ, തന്റെ തൊഴില്‍ അശാസ്ത്രീയമായ ഒരു അന്ധവിശ്വാസമാണെന്നു് അയാള്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നുവെന്നാണ് ധര്‍മ്മാധികാരി പറയുന്നത്. ഏതായാലും അയാളെപ്പററി പിന്നീടാരും കേട്ടിട്ടില്ല. ശാസ്ത്രജ്ഞനായില്ലെങ്കിലും ധര്‍മ്മാധികാരി എന്‍ജിനീയറായി. യുക്തിവാദിയായാണ് വളര്‍ന്നതെങ്കിലും അച്ഛനില്നിന്നു് ലഭിച്ച സംസ്കൃതഭാഷാപാണ്ഡിത്യവും പുരോണേതിഹാസങ്ങളിലെ താത്പര്യവും വളര്‍ത്തുവാന്‍ അയാള്‍ ശ്രദ്ധിച്ചു. സ്വന്തം വഴികളിലൂടെ നടന്ന് അയാള്‍ കേന്ദ്രപൊതുമരാമത്തുവകുപ്പില് ഏറെ ആദരിക്കപ്പെടുന്ന ഒരു ഡിസൈന്‍ എന്‍ജിനീയറായി. അമ്മ മരിച്ചതിനുശേഷം വിവാഹം കഴിക്കാതെ ഒററയ്ക്കുള്ള ജീവിതം തുടര്‍ന്നു.
ജീവിതത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലുമാകണമെന്ന മോഹം മനസ്സില്‍ വരാതെ, വഴികളാലും താവളങ്ങളാലും ആകൃഷ്ടനായി ഒരു ജോലിയില്‍നിന്ന് വേറൊരു ജോലിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഞാന്‍ പൂര്വഭാരതത്തിലൊരു അണക്കെട്ടില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പട്ടാളത്തിലേക്കുള്ള വിളി വന്നത്. മുമ്പില്‍ വന്നു പെട്ട ഹ്രസ്വകാല കമ്മീഷന് ഞാന്‍ വ്യസനംകൂടാതെ സ്വീകരിച്ചപ്പോള്‍ ധര്‍മ്മാധികാരിയുടെ നില അതായിരുന്നില്ല. തന്റെ വൈവിധ്യമാര്‍ന്ന കൌതുകങ്ങളെ പിന്തുടര്ന്നുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും ലൈബ്രറികളുടെയും ഷെല്‍ഫുകള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ട്, ജീവിതത്തിന്റെ പ്രാഥമിക സംഗതികള്‍കൂടി വിസ്മരിച്ച് ജീവിച്ചിരുന്ന അയാള്‍ക്ക് വസ്തുതകളേക്കാള്‍ കൂടുതല്‍ ചിട്ടകളിലും ഡ്രില്ലുകളിലും പ്രാധാന്യം കാണുന്ന പട്ടാളജീവിതം ഒരു തടവുശിക്ഷപോലെയായിരുന്നു. പട്ടാളത്തിലേക്കും യൂണിഫോമിനുള്ളിലേക്കും തന്നെ ബന്ധിച്ചുകൊണ്ടുവരുവാന്‍ കാരണമായത് തന്റെ വിദ്യയാണെന്നത് അയാളെ ദുഃഖിതനും കുപിതനുമാക്കി. ജഖാമാകുന്നിന്റെ ചെരുവില്‍ പതിഞ്ഞിരുന്ന ഞങ്ങളുടെ ഓഫീസേഴ്സ് മെസ്സില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ പലപ്പോഴും അയാള്‍ ഈ വിഷയത്തിലേക്ക് കടന്നുവരിക പതിവായിരുന്നു.
അറിവ് സ്വാതന്ത്ര്യമാണെന്നും ശക്തിയാണെന്നും മററും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേണ്ടതായിവന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ട്. വെറും ജീവിതത്തിനുവേണ്ടി, മരണത്തില്‍നിന്നു മുക്തനാകുവാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴിക്കേണ്ടി വന്നിട്ടുള്ളതായി നാം കാണുന്നു. സ്വാതന്ത്ര്യം അഥവാ വിദ്യ — ഇവയില്‍ ഒന്നിനെ തിരഞ്ഞെടുക്കുവാന്‍ ഒരുവന് നിര്‍ബന്ധിതനാകുന്ന അവസ്ഥ എത്ര ഭയാനകവും ലജ്ജാകരവുമാണ്. ഈ വഴിക്കു പോയി ധര്‍മ്മാധികാരിയുടെ ചിന്തകള്‍.
തന്നെ പട്ടാളത്തില്‍ കൊണ്ടുവന്നു സ്ഥാപിച്ച സാഹചര്യത്താല്‍ മാത്രം ഉത്തേജിതമായിരുന്നില്ല ധര്‍മ്മാധികാരിയുടെ ഇത്തരം പ്രശ്നങ്ങളും അറിവിനെക്കുറിച്ച് അയാള്‍ രൂപപ്പെടുത്തിയ ആശയങ്ങളും എന്ന് മനസ്സിലാക്കുവാന്‍ വിഷമമുണ്ടായിരുന്നില്ല. വളരെ ചെറുപ്പത്തിലെ അയാളില്‍ കടന്നുകൂടിയിരുന്ന ഈ സംശയങ്ങള്‍ ഒരു പക്ഷേ, പഠിക്കുന്ന കാലത്ത് രമേശ് ദത്തിന്റെ ചരിത്രം വായിക്കുകയും കമ്പനിയുടെ ആധിപത്യത്തിനെതിരെ ബംഗാളിലെ പട്ടുനൂല്‍ നൂല്‍പ്പുകാര്‍ നടത്തിയ തളളവിരല് മുറിച്ചുകളഞ്ഞുകൊണ്ടുളള പ്രതിരോധത്തെപ്പററി അറിയുകയും ചെയ്തപ്പോഴായിരിക്കാം അതിന്റെ ബീജങ്ങള്‍ അയാളുടെ മനസ്സില്‍ അങ്കുരിച്ചത്.
ജനുവരി മാസത്തിലെ നല്ല തണുപ്പുള്ള ഒരു വൈകുന്നേരമായിരുന്നു അത്. കൂടാതെ പകല്‍സമയത്ത് മഴ പെയ്യുകകൂടി ചെയ്തിരുന്നു. വൈകുന്നേരമായപ്പോള്‍ മഴ ശമിച്ചുവെങ്കിലും കാററ് രാത്രി മുഴുവന്‍ ഊതിക്കൊണ്ടിരുന്നു. ഗാല്‍വനൈസ് ചെയ്ത ഇരുമ്പുപാളികള്‍കൊണ്ട് നിര്‍മ്മിച്ച ഞങ്ങളുടെ വസതിയുടെ പുറംചുമരുകള്‍ ഉണ്ടാക്കിയ വിറയ്ക്കുന്നതുപോലുള്ള ശബ്ദം അത് ഞങ്ങളെ മനസ്സിലാക്കി. അകത്ത് തീ പെരുക്കിയിരുന്നു. റം ഞങ്ങളുടെ രക്തത്തെ കുറേശ്ശെ ചൂട് പിടിപ്പിക്കുവാനും ശ്രമിച്ചിരുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഞങ്ങള്‍ ഓര്‍മ്മകളുടെയും തത്ത്വചിന്തകളുടെയും ലോകത്തിലേക്ക് തെന്നിപ്പോയി. സംഭാഷണം നയിച്ചത് സ്വാഭാവികമായും ധര്മ്മാധികാരിയായിരുന്നു. എങ്ങനെയെന്നറിഞ്ഞുകൂടാ, ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ക്ലൈവിനെയും ഈസ്ററ് ഇന്ത്യാ കമ്പനിയെയുംപററി സംസാരിച്ചുതുടങ്ങി. കൊളോണിയല്‍ സാമ്പത്തികശാസ്ത്രത്തില്‍ ഞങ്ങള്‍ ആദ്യം കുമരപ്പയിലേക്കും പിന്നീട് അതിലും പഴയ രമേശ് ദത്തിലേക്കും കടന്നുചെന്നു. അവസാനം ബംഗാളിലെ പട്ടുനൂല്പ്പുകാരില് ചെന്നിറങ്ങി.
“ഇററലിയിലെയും ചൈനയിലെയും സില്‍ക്കിന്റെ ഗുണമില്ലായിരുന്നുവെങ്കിലും ബംഗാളിലെ സില്‍ക്കിനും അന്നു ധാരാളം ഡിമാന്റുണ്ടായുരുന്നു,” ധര്‍മ്മാധികാരി പറഞ്ഞു. “ഈസ്ററ് ഇന്ത്യാ കമ്പനിയും കമ്പനിയുടെ ഉദ്യോഗസ്ഥന്മാര് ചിലര്‍ സ്വകാര്യമായും അന്ന് സില്‍ക്ക് മാനുഫാക്ടറികള് തുടങ്ങിയിരുന്നു. അതിനാല്‍ സില്ക്കു നെയ്ത്തുകാര്‍ വീടുകളിലിരുന്ന് നെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുവാനും ആ പണിയില്‍ ഏര്‍പ്പെട്ടവരെ വെറും നൂല്നൂല്പ്പിലേക്ക് തിരിച്ചുവിടുവാനും അവര്‍ തുടങ്ങി. പരമ്പരാഗതമായ നെയ്ത്തിന്റെ കല അവര്‍ മറന്നു. അതേസമയം നൂല്നൂല്പ്പിന്റെ വിദ്യായകട്ടെ അടിമപ്പണിയായി മാറി. മാര്‍ക്കററിലെ വിലയില്‍ നിന്നു് വളരെ കുറഞ്ഞ വിലയക്ക് നൂല് നൂല്‍ക്കുവാനും, നൂല് കമ്പനിയുടെ ഉദ്യോഗസ്ഥന്മാര്ക്ക് മാത്രം വില്‍ക്കുവാനും അവർ നിര്‍ബന്ധിതരായി. അടിമത്തത്തില്‍നിന്നും പീഡനത്തില്‍നിന്നും മോചനം കിട്ടുവാന്‍വേണ്ടി നെയ്ത്തുകാര്‍ കണ്ടുപിടിച്ചമാര്ഗ്ഗം തങ്ങളുടെ കലയെ ശാശ്വതമായിത്തന്നെ ബലി കഴിക്കുകയായിരുന്നു. എത്ര അസാധാരണവും ഘോരവുമായ തീരുമാനം!”
കൊളോണിയല്‍ സാമ്പത്തികശാസ്ത്രത്തിന്റെ ക്രൂരമായ അടിസ്ഥാനത്തെയും മനുഷ്യത്വരഹിതമായ രീതികളെയും അത് നാട്ടുകാരായ മനുഷ്യരെ കൊണ്ടുചെന്നെത്തിച്ച നിസ്സഹായവസ്ഥയെയും, വര്‍ദ്ധിച്ചു വരുന്ന ദാരിദ്ര്യത്തെയും കുറിച്ച് ഒരു സോഷ്യലിസ്ററിനെയോ ദേശീയ വാദിയെയോപോലെ സംസാരിക്കുവാനല്ല ധര്‍മ്മാധികാരി മുതര്‍ന്നത്. ഇതെല്ലാം ഉണ്ട്, ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, ചെയ്യപ്പെടുകയുംവേണം. പക്ഷേ, ധര്‍മ്മാധികാരിയെ ആകര്‍ഷിച്ചത് ഇങ്ങനെയുള്ള ഒരു പരിതഃസ്ഥിതി സൃഷ്ടിക്കുന്ന കഠിനമായ മനുഷ്യാവസ്ഥയും ഭയാനകമായ രണ്ടു വികല്പങ്ങള്ക്കിടയില് പെടുന്ന മനുഷ്യമനസ്സ് നേരിടുന്ന പരീക്ഷണങ്ങളുമാണ്. അറിവിനെ പീഡനമായി കാണുന്ന തന്റെ അസാധാരണമായ ദര്‍ശനം മെനഞ്ഞെടുക്കുവാനായി ഇത്തരം ഒററപ്പെട്ട ഉദാഹരണങ്ങളെ ഉപയോഗിക്കാമോ എന്ന എന്റെ സംശയത്തെയും ധര്‍മ്മാധികാരി സ്വീകരിക്കുവാന്‍ തയ്യാറായില്ല.
ഒന്നാമതായി, ബംഗാളിലെ നൂല്പ്പുകാരുടെ കഷ്ടാവസ്ഥയെ മനുഷ്യര്‍ നേരിടുന്ന ഒരു ഒററപ്പെട്ട സംഭവമായി അയാള്‍ കരുതിയില്ല. അഥവാ അതിനെ ഒരപവാദമായി കരുതുകയാണെങ്കില്തന്നെ, അപവാദങ്ങളാലാണ് നിയമങ്ങള്‍ പരീക്ഷിക്കപ്പെടേണ്ടതെന്ന് അയാള്‍ വാദിച്ചു. അവസ്ഥകള്‍ ഓരോന്നിനെയും വിശേഷാവസ്ഥയായി വിശേഷിപ്പിച്ച് തളളിക്കളഞ്ഞുകൊണ്ടിരുന്നാല്, അവസാനം നിയമത്തെ നിയമമാക്കാതെ സ്വയമൊരു അപവാദമാക്കി തീര്‍ക്കുകയായിരിക്കും നമ്മള് ചെയ്യുക. തീക്ഷ്ണമായ പീഡനങ്ങള്‍ ഏല്പിച്ചുകൊണ്ടാണ് ദൈവം
ഭക്തന്റെ ഭക്തിയെ പരീക്ഷിക്കുന്നത് എന്നല്ലേ വിശ്വാസികള്‍ വിശ്വസിക്കുന്നത്? വിഭാവനം ചെയ്യാവുന്നതില്‍ വെച്ച് ഏററവും പ്രതികൂലമായ സാഹചര്യത്തില്‍ പരീക്ഷിച്ചിട്ടാണ് ഒരു സ്ട്രക്ചറിന്റെ ഡിസൈന്‍ അവസാനം അംഗീകരിക്കുന്നത്. കൂടാതെ, കലാകാരന്മാരെയും വിദ്വാന്മാരെയും അവര്‍ കലാകാരന്മാരും വിദ്വാന്മാരും ആയതുകൊണ്ടുമാത്രം പീഡിപ്പിക്കുക ചരിത്രത്തിലെ അധികാരമാളുന്നവരെ സംബന്ധിച്ചിടത്തോളം അപൂര്‍വ സംഗതിയല്ലതന്നെ. ജ്ഞാനികളുടെ നേരെയാണ് ശങ്കയുടെ കണ്ണുകള്‍ എന്നും നീളുന്നത്.
“രമേശ് ദത്തിന്റെ പുസ്തകം ഉയര്‍ത്തിയ വിവാദത്തിനും ഇങ്ങനെയൊരു കോണാണ് ഉണ്ടായിരുന്നത്,” ധര്‍മ്മാധികാരി കുറച്ച് റം കൂടി ഗ്ലാസുകളില്‍ പകര്‍ന്നുകൊണ്ട് പറഞ്ഞു. “ദേശീയ നേതൃത്വം സ്വാഭാവികമായും കൊളോണിയലിസത്തിന്റെ ക്രൂരമുഖത്തെ ഒരിക്കല്‍ക്കൂടി പുറത്തു കൊണ്ടുവരുന്നതിന് അതിനെ ഉപയോഗിച്ചു. പുസ്തകം പ്രസിദ്ധീകരിച്ച് അഞ്ചാറു കൊല്ലത്തിനു ശേഷമാണല്ലോ കോണ്‍ഗ്രസ് പൂര്‍ണ്ണസ്വരാജ് പ്രമേയം അംഗീകരിച്ചത്. ഭരണവൃത്തങ്ങളിലാകട്ടെ ചിലര്‍ ഇത്തരം ഘോരമായ കൃത്യങ്ങള്‍, നാടന്‍ രാജാക്കന്മാരുടേതടക്കം ഏത് ഭരണത്തിലും സംഭവിക്കാവുന്ന അപവാദങ്ങളാണല്ലോ എന്ന് പറഞ്ഞ് തളളിക്കളയുവാന്‍ ശ്രമിച്ചു. വേറെ ചിലര്‍ ഒരു വിധത്തിലല്ലെങ്കില്‍ വേറൊരു വിധത്തിലുള്ള ചൂഷണത്തിലൂടെയല്ലേ എല്ലാ കാലത്തെയും എല്ലാ ഭരണാധിപരും പൊതുപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മിച്ച മുതല്‍ സംഭരിച്ചിരുന്നത് എന്നു ചോദിച്ച് നേരെ മറുവഴിക്ക് പോയി അതിനെ ഒരു അപവാദത്തിന്റേതിനു പകരം സാധാരണ സംഭവിത്തിന്റെ വസ്ത്രങ്ങളണിയിച്ചു. ഇനിയുമൊരു കൂട്ടര്, ലിബറല്‍ എന്നറിയപ്പെടുന്നവര്‍, കമ്പനിയുടെ അത്തരം ക്രൂരകൃത്യങ്ങള്‍ ക്ഷമിക്കാനരുതാത്ത തെററായിരുന്നുവെന്നും, വേറൊരു ദേശത്തെ ജനങ്ങളെ ഭരിക്കുമ്പോള്‍ ഒരു ഗവണ്മെന്റ് എപ്പോഴും മാനുഷികവശങ്ങളില് ശ്രദ്ധവെച്ച് ആ ജനതയുടെ വിശ്വാസം ആര്‍ജിക്കുവാന്‍ ശ്രമിക്കണമായിരുന്നുവെന്നും വാദിച്ചു. (ഒരു ദേശം വേറൊരു ദേശത്തിലെ ജനതയെ ഭരിക്കുക എന്ന മൌലികമായ അസംബന്ധാവസ്ഥ അവരെ സ്പര്‍ശിച്ചില്ല എന്നര്‍ത്ഥം). വാദം വേറൊരു ദിശയിലേക്ക് തിരിഞ്ഞുപോകുവാന്‍ ഇത് സഹായിച്ചു. ഹിസ് മജെസ്ററിയുടെ സര്‍ക്കാര്‍ അപ്പോള്‍ അനുവര്‍ത്തിച്ചിരുന്ന നയങ്ങളില്‍ അത്തരം അസുഖകരങ്ങളായ വൈകല്യങ്ങള്‍ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ അവയെ എങ്ങനെ നീക്കാമെന്നും അന്വേഷിക്കണമെന്നും അതിനായി ഒരു പാര്‍ലമെന്ററി കമ്മിററിയെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. മുഖ്യകഥാപാത്രമായ നെയ്ത്തുകാരനെന്ന കലാകാരനും അവന് അനുഭവിച്ച സംഘര്‍ഷങ്ങളും വേവലാതികളും, അവസാനം അവന് സ്വയം തിരഞ്ഞെടുത്ത ഭയാനകമായ വിധിയും ആരും കാണാതെ പോയി. തത്ത്വശാസ്ത്രങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്ക്കുമപ്പുറം അതാണ് മനുഷ്യരെന്ന നിലയില്‍ നമ്മെ അരികെനിന്നു് ബാധിക്കുന്ന പ്രശ്നമെന്നിരിക്കലും.”
ആ രാത്രി ഞങ്ങള്‍ വിരമിക്കുന്നതിനു മുമ്പ് മേജര്‍ ധര്‍മ്മാധികാരിക്ക് റെജിമെന്റ് ഓഫീസര്‍ കമാന്ഡിങ്ങില്നിന്ന് ഒരു സന്ദേശം കിട്ടി. ഭക്ഷണം കഴിക്കുവാന്‍പോലും നില്‍ക്കാതെ അയാള്‍ തന്റെ കമ്പനിയിലെ ഒരു പ്ലാററൂണിനെ പിറ്റേന്ന് രാവിലെ പോകേണ്ട ഒരു ഓപ്പറേഷന് തയ്യാറാക്കുവാനായി പുറപ്പെട്ടു.
നാഗാനാന്‍ഡില്‍ അന്ന് നാഗാവിമോചനസേനയും ഭാരത സര്‍ക്കാരും തമ്മില്‍ ഓരോ കൊല്ലത്തേക്ക് നീട്ടിക്കൊണ്ടിരുന്ന ഒരു സന്ധിയുണ്ടായിരുന്നു. അതുകൊണ്ട് മിലട്ടറി ഓപ്പറേഷനുകൾ അധികവും സമാധാനപരമായ കാര്യങ്ങള്‍ക്കായിരുന്നു. മാര്ഗ്ഗതടസ്സംവന്ന ഇടങ്ങളില്‍ വഴികള്‍ ഉണ്ടാക്കിക്കൊടുക്കുക, ഒററപ്പെട്ടുപോയ ഗ്രാമങ്ങളില്‍ സഹായം എത്തിക്കുക, കാട്ടരുവികള്ക്കുമീതെ പാലങ്ങള്‍ പണിയുക, ഗ്രാമങ്ങളില്‍ കുടിവെളളത്തിനുള്ള ചെറുകിടപദ്ധതികള്‍ നിര്‍മ്മിച്ചുകൊടുക്കുക തുടങ്ങിയ പണികള്‍ എന്‍ജിനീയര്‍ യൂണിററുകള്‍ ചെയ്തുകൊണ്ടിരുന്നു. അതിനൊക്കെ വേണ്ടി ഇരുസൈന്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ കാണുകയും പതിവായിരുന്നു. എന്നിരുന്നാലും ഇടയ്ക്കു ചില കൂട്ടിമുട്ടലുകളും ആംബുഷുകളും ഉണ്ടായിക്കൊണ്ടുമിരുന്നു. അവയെ നേരിടുന്നതിനും തങ്ങളുടെ പുതിയ സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിനു വേണ്ടിയും ഇന്‍ഫന്ററി എന്‍ജിനീയര്‍മാരുടെ സഹായം ആവശ്യപ്പെട്ടിരുന്നു. മേജര്‍ ധര്‍മ്മാധികാരി അന്ന് പോയത് അത്തരമൊരു ഓപ്പറേഷനുമായി ബന്ധപ്പെട്ടായിരുന്നു. അഞ്ചോ ആറോ ദിവസം കഴിഞാണ് അയാള്‍ മടങ്ങിവന്നത്. ഏറെ ക്ഷീണിച്ചിരുന്നു അയാള്‍. കാലില്‍ ഒരു പരിക്കുമുണ്ടായിരുന്നു. പട്ടാളജീവിതത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം എന്തുതന്നെയായാലും കര്‍ത്തവ്യനിര്‍വഹണത്തില്‍ ഒരിക്കലും അയാള്‍ വീഴ്ച വരുത്തിയില്ല. പ്ലാററൂണിനെ പറഞ്ഞയച്ച് മടങ്ങിവരാമായിരുന്നുവെങ്കിലും കമ്പനി കമാന്‍ഡറായ അയാള്‍ ഓപ്പറേഷന് തീര്‍ന്നതിനുശേഷമേ ബ്രിഗേഡില്‍നിന്ന് മടങ്ങിയുള്ളു. രാത്രിയില്‍ റെജിമെന്റില്‍ തിരിച്ചെത്തിയതിനുശേഷം പിറ്റേന്നു രാവിലെ പരേഡില്‍ ഹാജരുമായിരുന്നു. ഓഫീസര്‍ കമാന്‍ഡിങ് നിര്‍ബന്ധിച്ചാണ് അയാളെ മെസ്സിലേക്ക് പറഞ്ഞയച്ചത്.
വൈകുന്നേരം ഞാന്‍ ചെന്നപ്പോള്‍ മുറിയില്‍ കട്ടിലില്‍ ചാരിയിരുന്ന് വായിക്കുകയായിരുന്നു ധര്‍മ്മാധികാരി. എന്നെ കണ്ടപ്പോള്‍ കുറച്ചുകൂടി നിവര്‍ന്നിരുന്ന് അയാള്‍ എന്നെ സ്വാഗതം ചെയ്തു. ഞാനാണ് വിഷയത്തിലേക്ക് കടന്നു ചെന്നത്. ഞാന്‍ പറഞ്ഞു:
“പ്രധാന കഥാപാത്രം നേരിടുന്ന യാതനകളെയും സംഘര്‍ഷങ്ങളെയും മറന്ന് പ്രത്യയശാസ്ത്രചര്ച്ചകളിലേക്ക് മനുഷ്യര്‍ നീങ്ങുന്ന അവസ്ഥയാണ് ബംഗാളിലെ നെയ്ത്തുകാരെപ്പററി പറഞ്ഞപ്പോള്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്. മനുഷ്യാവസ്ഥയെ വിശകലനംചെയ്യുക എന്ന കൃത്യം സാമൂഹ്യചിന്തകരുടെയല്ല, സാഹിത്യകാരന്മാരുടേതാണെന്നായിരിക്കാം അതിനൊരു ന്യായീകരണം. എന്നാല്‍ മഹാഭാരതം പോലുള്ള ഒരു ഇതിഹാസംതന്നെയല്ലേ തളളവിരല് മുറിച്ചുകളഞ്ഞ് വിദ്യയെ ബലികൊടുത്ത ആദികഥാപാത്രമായ ഏകലവ്യനെ കൈകാര്യം ചെയ്യുന്നത്? മാനുഷികമായ ദുരന്തങ്ങളും സംഘര്‍ഷങ്ങളും മുററിനില്ക്കുന്ന പലയിടത്തും സാഹിത്യകാരന്റെ ധര്‍മ്മം സ്തുത്യര്‍ഹമാംവിധം നിര്‍വഹിക്കുന്ന ഇതിഹാസകാരന് ഏകലവ്യന്റെ കഥ യാന്ത്രികമായി പറഞ്ഞുപോകുന്നതേയുളളു. ആദിപര്‍വത്തിലെ മുഖ്യകഥയ്ക്കുശേഷം രണ്ടുമൂന്നിടത്തു കൂടി കാവ്യത്തില്‍ ഏകലവ്യനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എല്ലാം ഒന്നുരണ്ടു വരികളില്‍. അതും പരോക്ഷമായി. പാണ്ഡവരുടെ അടുത്ത് ദൌത്യത്തിനു പോയ സഞ്ജയന് കൃഷ്ണനെ നിഷാദ രാജാവായ ഏകലവ്യനെ വധിച്ചവന് എന്ന് വിശേഷിപ്പിക്കുന്നതാണ് ഒന്ന്. അടുത്തത്, യുദ്ധത്തില്‍ അര്‍ജ്ജുനനെ കൊല്ലുവാന്‍വേണ്ടി കരുതി വെച്ചിരുന്ന വേലെടുത്ത് ഗത്യന്തരമില്ലാതെ കര്ണ്ണന് ഘടോല്‍ക്കചനെ വധിച്ചതിനുശേഷം കൃഷ്ണന് പാണ്ഡവരുടെ ദുഃഖമകററുവാന് വേണ്ടി അവരെ ഉപദേശിക്കുമ്പോള്‍.
“ഘടോല്‍ക്കചനെ കര്‍ണ്ണനാല്‍ വധിപ്പിച്ചതും ഏകലവ്യനെ താന്‍ സ്വയം വധിച്ചതുപോലേ അര്‍ജ്ജുനനെ രക്ഷിക്കുവാന്‍ വേണ്ടിയുള്ള തന്റെ തന്ത്രമായിരുന്നുവെന്ന് കൃഷ്ണന് വ്യക്തമാക്കുന്നു. ഏകലവ്യന് ജീവിച്ചിരുന്നുവെങ്കില്‍ കൌരവപക്ഷത്തു ചേര്‍ന്ന് യുദ്ധം ചെയ്യുമായിരുന്നുവെന്നും അര്ജ്ജുനന് ഏകലവ്യനാല് തോല്പിക്കപ്പെടുമായിരുന്നുവെന്നും വിവക്ഷ. ഇനിയുമൊരു പരാമര്‍ശമുള്ളത് വാസ്തവത്തില്‍ ഏകലവ്യനെപ്പറ്റിയല്ല, അയാളുടെ പുത്രനെപ്രതിയാണ്. അശ്വമേധസമയത്ത് യജ്ഞാശ്വം അന്ന് നിഷാദരാജാവായിരുന്ന ഏകലവ്യപുത്രനാല് തളയ്ക്കപ്പെടുന്നു. തുടര്‍ന്ന് അയാളും അര്‍ജ്ജുനനുമായി ഒരു ഘോരയുദ്ധം നടക്കുകയും അതില്‍ ഏകലവ്യപുത്രന്‍ തോല്പിക്കപ്പെടുകയും ചെയ്യുന്നു. ഏകലവ്യന്റെ രക്തപങ്കിലമായ ഗുരുദക്ഷിണപോലെ ഇത്രയും സ്ഫോടനാത്മകമായ ഒരു കഥാംശത്തെ എന്തുകൊണ്ടായിരിക്കാം ഇതിഹാസകാരന് ഹ്രസ്വവും ലളിതവുമായ ആഖ്യാനത്തിലൂടെ അവസാനിപ്പിച്ചത്?”
“ആനന്ദന്,” തെല്ലും ഇടപെടാതെ എന്റെ നീണ്ട ഭാഷണം മുഴുവന്‍ ശ്രവിച്ചതിനുശേഷം ഒരു ചെറു പുഞ്ചിരിയോടുകൂടി ധര്‍മ്മാധികാരി പറഞ്ഞു, “ഇതുതന്നെയായിരുന്നു ഒരു കാലത്ത് എന്റെയും ചോദ്യം, ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍. ഏകലവ്യന്റെ മുമ്പിലെ പ്രശ്നം, വിസ്മയകരാംവണ്ണം ബംഗാളിലെ നെയ്ത്തുകാരുടേതുതന്നെയായിരുന്നു. അയാളുടെ വിദ്യ ആയുധവിദ്യയാണെന്ന വ്യത്യാസമുണ്ട്. ആയുധകല എന്നും പറയാം. അന്ന് അതിനെ ആ വിധമാണ് സങ്കല്പിച്ചിരുന്നത്. വിദ്യ, സ്വാതന്ത്ര്യം ഇതു രണ്ടില്‍ ഏതിനെ തിരഞ്ഞെടുക്കണമെന്നതായിരുന്നു അയാളുടെയും പ്രശ്നം. സ്വാതന്ത്ര്യം എന്നതിന് ഇവിടെ അല്പം വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത് എന്ന് സമ്മിതിക്കുന്നു. ഗുരുദക്ഷിണ അയാള്‍ക്ക് വേണമെങ്കില്‍ കൊടുക്കാതിരിക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് തന്റെ വിദ്യയെ അല്ലെങ്കില്‍ കലയെ സൂക്ഷിക്കാം. പക്ഷേ, ഗുരുവില്‍നിന്നു ലഭിച്ച ശിക്ഷ അവസാനം ഒരു ശിക്ഷയായി പരിണമിച്ചേക്കും. ഗുരുവിന്റെ കോപം ഏതു രൂപമാണ് കൈക്കൊള്ളുക എന്ന് അയാള്‍ക്ക് അറിവില്ലായിരുന്നു. ഏതായാലും മരണത്തെക്കാള്‍ ഭയാനകവും ജീവിതം മുഴുവനും പേറിനടക്കേണ്ടതുമായിരിക്കും അത്. അതിനും പുറമേ മാനസികമായി, നിത്യമായ ഒരു കടപ്പാട് അയാളെ അവസാനംവരെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍, എല്ലാവിധത്തിലും അയാളുടെ സ്വാതന്ത്ര്യം അയാള്‍ക്ക് നഷ്ടപ്പെടും. താന്‍ ഏററവുമധികം ആശിച്ചും തപസ്സു ചെയ്തും കൈവരിച്ച വിദ്യ സ്വാതന്ത്ര്യത്തിന്റെ ബലി ചോദിച്ചുകൊണ്ട് തന്റെ മുഖത്ത് തുറിച്ചുനോക്കുന്നത് ഏകലവ്യന് കണ്ടു. പിന്നീട് ഏറെ നേരം അയാള്‍ അലോചിച്ചില്ല. ആവനാഴിയില്‍നിന്ന് ഒരു അമ്പെടുത്ത് തന്റെ വിദ്യയെ അയാള്‍ എന്നെന്നേക്കുമായി തന്നില്‍നിന്ന് അറുത്തു നീക്കി!
“ഇനി ദ്രോണന്റെ കഥ നോക്കൂ. സ്വയമറിയാതെയും ഒട്ടും പ്രയത്നിക്കാതെയുമാണ് അയാള്‍ ഏകലവ്യന്റെ ഗുരുവായത്. എന്നിട്ടും ഏകലവ്യനാൽ ആരോപിക്കപ്പെട്ട ഗുരുപദവി ഏറ്റെടുത്ത് ആ സ്ഥാനത്തെ ആദരിക്കുന്നതിനു പകരം അയാള്‍ തന്റെ ശിഷ്യനാക്കപ്പെട്ടവനിലെ വിദ്യയെ നശിപ്പിക്കുവാന്‍ വേണ്ടി ആ പവിത്രസ്ഥാനത്തെ ദുരുപയോഗിക്കുകയാണ്. വിദ്യയോടും വിദ്യയുടെ ഉറവിടമായ ഗുരുസ്ഥാനത്തോടും അയാള്‍ക്ക് എത്ര നിന്ദയും അവജ്ഞയുമാണ് ഉള്ളതെന്ന് നോക്കുക. കാരണമോ? തന്റെ പ്രിയശിഷ്യനും രാജകുമാരനുമായ അര്‍ജ്ജുനന്റെ ഏററവും വലിയ വില്ലാളി എന്ന അഹന്തയെ സംരക്ഷിക്കവാന്! പക്ഷേ, അയാള്‍ അവിടെയും നിന്നില്ല. ആ പ്രിയശിഷ്യനെയും അയാള്‍ വഞ്ചിച്ചു. വെറും അര്ത്ഥലാഭത്തിനു വേണ്ടി മാത്രം, ഒരു കൂലിപ്പടയാളിയെപ്പോലെ വീണ്ടും ആ വിദ്യയെ നിന്ദിച്ചുകൊണ്ട്, തനിക്കൊട്ടും ആദരവില്ലാത്ത കൌരവന്മാര്ക്ക് അതിനെ വില്ക്കുവാന് തയ്യാറായി പിന്നീട് അയാള്‍! എന്നിട്ടും ഈ മനുഷ്യനാകുന്നു മഹാഭാരതകഥയിലെ ഏററവും വലിയ അറിവിന്റെ ഉടമസ്ഥന്. ആയുധകലയുടെ പാരമ്യം. എല്ലാ മഹാരഥന്മാരുടെയും മഹാരഥന്!”
“ഇനി അപ്പുറത്ത് അത്യാര്‍ത്തിയുമായി നില്ക്കുന്ന അര്‍ജ്ജുനനിലേക്ക് വരൂ. അയാള്‍ക്ക് വിദ്യ ഭയത്തിന്റെ കാരണമായാണ് ഭവിക്കുന്നത്. വിദ്വാന് അയാള്‍ തീര്‍ച്ചയായും ആണ്. പക്ഷേ, ഏതു സമയത്തും അയാളെ വേട്ടയാടുന്നത് തന്നെക്കാള്‍ കൂടുതല്‍ വിദ്യ വേറെയാരെങ്കിലും ആര്‍ജിക്കുമോ എന്ന ഭീതിയാണ്. ഈ ആശങ്ക ജീവിതം മുഴുവന്‍ അയാളുടെ മനസ്സിനെ വിഹ്വലമാക്കുന്നതു കാണാം. ഏതം സമയത്തും രക്ഷിക്കുവാനായി കൃഷ്ണന് എന്ന ഒരാള്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഈ മനുഷ്യന് മററു വിദ്വാന്മാരുടെ ആയുധങ്ങള്‍ക്ക് എന്നേ ഇരയായേനെ. അവസാനം കൃഷ്ണന് ഇല്ലാതായ അവസരത്തില്‍, തനിക്കറിയാവുന്ന വിദ്യകൂടി പ്രയോഗിക്കുവാനുള്ള ക്ഷമത നഷ്ടപ്പെട്ട്, കൃഷ്ണന്റെ പത്നിമാരെപ്പോലും രക്ഷിക്കുവാന്‍ കഴിയാതെ അയാള്‍ തകരുന്നത് നാം കാണുന്നു.”
“വിചിത്രരായ ഈ വ്യക്തികള്‍ക്കിടയില്‍ വിദ്യ എന്ന ആശയം ഏതെല്ലാം സ്വാഭാവങ്ങളും മാനങ്ങളും കൈക്കൊള്ളുന്നുവെന്ന് നോക്കുക. എന്നിട്ടും അതൊന്നും ഇതിഹാസത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. നിങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ എന്റെ മനസ്സിനെയും അന്ന് തീപിടിപ്പിച്ചു. അതുമായി ഞാന്‍ അന്ന് ഞങ്ങളെല്ലാവരും വളരെ ആദരിച്ചിരുന്ന എന്റെ അച്ഛന്റെ ഒരു സുഹൃത്തിനെ സമീപിച്ചു.”
സംസാരത്തിനിടയ്ക്ക് ധര്‍മ്മാധികാരി എഴുന്നേററ് വസ്ത്രങ്ങള്‍ മാററി. ഞങ്ങള്‍ ബാറിലേക്ക് നടന്നു. നടന്നുകൊണ്ട് അയാള്‍ തുടര്‍ന്നു:
“സദാശിവ് ഭാസ്കര്‍ ജോഷി എന്റെ അച്ഛനേക്കാളുമേറെ പ്രായം ചെന്നയാളും ഒരു വലിയ പണ്ഡിതനുമായിരുന്നു. പ്രായം അദ്ദേഹത്തിന്റെ ആരോഗ്യത്തെയോ ബുദ്ധിശക്തിയെയോ ഒട്ടും ബാധിച്ചിരുന്നില്ല. സംഗതികളെ അപഗ്രഥിക്കുവാനും വ്യാഖ്യാനിക്കുവാനും അദ്ദേഹത്തിന് എന്നത്തെയുംപോലെ അന്നും കഴിവും കൌതുകവുമുണ്ടായിരുന്നു. പേരുകള്‍ ഓര്‍മ്മവെയ്ക്കുന്ന കോശങ്ങള്‍ മാത്രമാണ് ജോഷിയുടെ തലച്ചോറില്‍ ചിലപ്പോള്‍ പരാജയപ്പെട്ടിരുന്നത്.”
ബാറില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. കുന്നിന്മുകളില്നിന്ന് താഴ് വരയുടെ അതീവ സുന്ദരമായ ഒരു ദൃശ്യത്തിലേക്ക് നീളമുള്ള ചില്ലുപാളികളിലൂടെ കണ്ണുതുറക്കുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു മുറിയായിരുന്നു ഞങ്ങളുടെ മെസ്സിലെ ബാര്‍. നിലാവുള്ള രാത്രികളില്‍ അവിടെനിന്നുള്ള കാഴ്ച വിവരണാതീതമായ ഒരുനുഭവമാണ് പകര്‍ന്നു തന്നിരുന്നത്. ജനലരികിലെ കസേരകളില്‍ ചെന്നിരുന്ന ഞങ്ങളുടെ അരികത്ത് ബാര്മാന് കരിയിട്ടു കത്തിച്ച ഒരു അംഗിഠി കൊണ്ടുവന്നു വെച്ചു.
“സദാശിവ് ജോഷി എന്നോട് ആദ്യമായി ചോദിച്ചത് ഇത്രയും ബൃഹത്തായ ഒരു ഇതിഹാസത്തില്‍ ഇങ്ങനെയുള്ള ബീജങ്ങളെങ്കിലും കിട്ടുന്നതിന് നാം നന്ദിയുള്ളവരായിരിക്കേണ്ടേ എന്നാണ്,” ധര്‍മ്മാധികാരി പറഞ്ഞു. “അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതിഹാസത്തിന്റെ പണി ബീജങ്ങള്‍ പാകുകമാത്രമാണ്. അവയില്‍നിന്ന് വൃക്ഷങ്ങള്‍ വളര്‍ത്തിയെടുക്കുക ഭാവനയുള്ള കര്‍ഷകരുടെ ധര്‍മ്മവും. ‘പുരാണങ്ങള്‍, കാവ്യങ്ങള്‍, നാടകങ്ങള്‍, നിന്നെപ്പോലുള്ള വരുടെയൊക്കെ ഭാവന — ഇതൊക്കെ എന്തിനുള്ളതാണ്?’ ജോഷി ശാസിക്കുന്ന മട്ടില്‍ എന്നോട് ചോദിച്ചു. ‘കുട്ടീ, പുരാണം എന്ന വാക്കിന്റെ മൂലരൂപം എന്തൊണെന്നറിയാമോ? പുരാനവം എന്നതാണ്. പുരാതനവും നവവും ഒരേ സമയത്ത്. പുരാണങ്ങളില്‍നിന്ന് കഥാംശങ്ങള്‍ എടുത്ത് കൂട്ടിച്ചേര്ത്തുണ്ടാക്കിയതാണോ മഹാഭാരതം, അതോ മഹാഭാരതത്തില്‍നിന്ന് എടുത്ത കഥകള്‍ ഭാവനാത്മകമായി വിസ്തരിച്ച് രചിച്ചതാണോ പുരാണങ്ങള്‍ എന്ന് നമുക്ക് അവസാനമില്ലാതെ തര്‍ക്കിക്കാം. ഏതായാലും ഒരു കാര്യം ശരിയാണ്. ഭാവനാത്മകമായ മാംസളഭാഗങ്ങള്‍ സമൃദ്ധമാണ് പുരാണങ്ങളില്‍.’”
“ഇത്രയും പറഞ്ഞ് സദാശിവ് ജോഷി പെട്ടെന്ന് ചിന്തയിലാണ്ടു. അവിടെനിന്ന് തിരിച്ചുവന്ന് അദ്ദേഹം എന്നോട് പറഞ്ഞത് എനിക്കു വിശ്വസിക്കുവാന്‍ പ്രയാസം തോന്നി. വാസ്തവത്തില്‍ ഞാന്‍ ഇപ്പോഴും അത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.”
“എന്താണ് അയാള്‍ പറഞ്ഞത്?” ഞാന്‍ എന്റെ ജിജ്ഞാസ മറച്ചുവെച്ചില്ല.
“ഏകലവ്യന് അനുഭവിച്ച മാനസികസംഘര്ഷങ്ങളെയും അയാളുടെ ആത്മാവിലെ തീയിനെയും ആഴത്തില്‍ വിഷയമാക്കുന്ന ഒരു പുരാണം ഉണ്ടെന്നാണ് ഓര്‍മ്മകളില്‍ മുങ്ങിത്തപ്പി പുറത്തുവന്ന ജോഷി എന്നോട് പറഞ്ഞത്. അതു പറഞ്ഞപ്പോള്‍ അദേഹത്തിന്റെ മുഖത്ത് കണ്ട പ്രകാശം എന്നെ വിസ്മയിപ്പിച്ചു. ജോഷി ഒരു യുവാവായതുപോലെ തോന്നി. രത്നങ്ങള്‍പോലെ തന്റെ ഓര്‍മ്മയുടെ ഇരുണ്ട ആഴങ്ങളില്‍നിന്ന് അദ്ദേഹത്തിന്റെ മനസ്സ് എന്തൊക്കെയോ പുറത്തെടുത്തുകൊണ്ടു വരുന്നുണ്ടെന്ന് അയാളെ നോക്കിയിരുന്ന എനിക്ക് മനസ്സിലായി. തന്റെ അനുമാനത്തില്‍ ആ പുരാണം മഹാഭാരതത്തേക്കാള്‍ പുരാതനമാണെന്നും അതില്‍ കുരുക്കളുടെയും പാഞ്ചാലന്മാരുടെയുമൊക്കെ വംശങ്ങളെപ്പാലെതന്നെ പ്രധാനവും പരിഷ്കൃതവുമായ നിഷാദന്മാരുടെ വംശത്തെയും അവരുടെ സാമ്രാജ്യത്തെയുംപററി പലതും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത പുരാണത്തിലെ ഏററവും ഉജ്ജ്വലമായ ഭാഗം ചക്രവ്യൂഹത്തില്‍ അകപ്പെട്ട് പുറത്തുവരാനാകാതെ, നിശ്ചിതമായ മരണത്തെ അവഗണിച്ചുകൊണ്ട് യുദ്ധംചെയ്യുകയായിരുന്നു പതിനെട്ടു വയസ്സുള്ള ബാലന് അഭിമന്യുവും അവന് പിതൃതുല്യനായിരുന്ന ഏകലവ്യനും തമ്മില്‍ യുദ്ധക്കളത്തില്‍ വെച്ചുതന്നെ നടക്കുന്ന ഒരു ദീര്ഘസംവാദമാണത്രെ. ആ സംവാദത്തിലെ വിഷയമോ വിദ്യയും! വിദ്യ സൃഷ്ടിക്കുന്ന നിസ്സഹായവസ്ഥ! നിങ്ങള്‍ക്കിത് വിശ്വസിക്കുവാന്‍ സാധിക്കുമോ?”
“കൌതുകകരംതന്നെ! വളരെ വളരെ കൌതുകകരം,” ഞാന്‍ പറഞ്ഞു. “പക്ഷേ, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രയും ആദരണീയനായ ഒരു പണ്ഡിതനെ അവിശ്വസിച്ചത്?”
“ഞാന്‍ സദാശിവ് ജോഷിയെ അവിശ്വസിക്കുകയല്ല. വാര്‍ദ്ധക്യസഹജമായ ബുദ്ധിഭ്രമം അദ്ദേഹത്തിന് ബാധിച്ചിരുന്നുവെന്നും ഞാന്‍ ഒരിക്കലും പറയുകയില്ല. അത്രയും വ്യക്തതയോടെയാണ് അദ്ദേഹം പുരാണത്തിലെ സൂക്ഷ്മാംശങ്ങള്‍ പുറത്തെടുത്തത്. പ്രശ്നം വേറെയാണ്. ബ്രാഹ്മാവിനെയും വിഷ്ണുവിനെയും മഹേശ്വരനെയും പ്രകീര്‍ത്തിക്കുന്ന പതിനെട്ടു പുരാണങ്ങളിലും പതിനെട്ട് ഉപപുരാണങ്ങളിലും ഏകലവ്യകഥയുള്ളതായി അറിയില്ല. താന്‍ വായിച്ച പുരാണം അവയ്ക്ക് വെളിയിലാണെന്ന് അദ്ദേഹംതന്നെ പറഞ്ഞു. അങ്ങനെയൊന്നിനെ തേടിപ്പിടിക്കുവാന്‍ കഴിയാതാക്കുന്നവിധം, എത്ര ശ്രമിച്ചിട്ടും ജോഷിക്ക് ആ പുരാണത്തന്റെ പേര് ഓര്‍മ്മിക്കുവാന്‍ കഴിഞ്ഞതുമില്ല. ഇതിനെല്ലാത്തിനും പുറമെ, അതില്‍ അടങ്ങിയിരിക്കുന്ന അയുക്തികള്‍…യുദ്ധം തുടങ്ങുന്നതിന് എത്രയോ മുമ്പതന്നെ കൃഷ്ണന് ഏകലവ്യവനെ വധിച്ചിരിക്കുന്നു. ഇല്ലെങ്കിലും അയാള്‍ക്കെങ്ങനെ ചക്രവ്യൂഹം ഭേദിച്ച് അകത്തു വരുവാന്‍ സാധിക്കും? വന്നാലും യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു താത്ത്വികമായ സംവാദം… ഈ പുരാണം അപ്പടി പ്രക്ഷിപ്തമാകുവാനാണ് സാധ്യത…”
“സുഹൃത്തേ,” ഞാന്‍ ചോദിച്ചു, “ഇത്തരം അയുക്തികള്‍ ഏതു പുരാണത്തിലാണ് കാണുവാന്‍ കഴിയാത്തത്? കൂടാതെ, മഹാഭാരതത്തില്‍ കൊടുത്തിട്ടുള്ള ഏകലവ്യകഥാപാഠം ആണ് ആദിമമമായിട്ടുള്ളത് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നതെന്തിനാണ്? അതുതന്നെ ഒട്ടൊരു അവിശ്വാസ്യതയുടെ പരിവേഷവുമായി അവിടെ മുഴച്ചുനില്ക്കുകയല്ലേ ചെയ്യുന്നത്? അര്‍ജ്ജുനന്റെയും ദ്രോണന്റെയും വ്യക്തിപ്രഭാവങ്ങള്ക്ക് ഏറെ ഹാനികരമായ ഈ കഥാംശം പ്രത്യേകിച്ചൊരു സ്വാഭാവികതയില്ലാത്ത ആ ഭാഗത്ത് ആരോ കുത്തിത്തിരുകിയതുപോലെയല്ലേ തോന്നുക? അതില്ലാത്തൊരു പാഠമാണ് ആദ്യമുണ്ടായിരുന്നത് എന്നൊരാള്‍ക്കു തോന്നുകയാണെങ്കില്‍ അത് യുക്തിയുക്തമാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും. നിഷാദനായ ഏകലവ്യനെ ആര്യവംശജര്‍ ചതിച്ച് ശിക്ഷിച്ച കഥ നുണയാണെന്നല്ല ഞാന്‍ പറയുന്നത്. ഈ കഥാംശം യഥാര്‍ത്ഥം തന്നെയായിരിക്കും. പക്ഷേ, മുഖ്യമായും ആര്യവംശജരുടേതായ ഒരു ഗാഥയില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഏതെങ്കിലും പ്രത്യേക കാരണത്താല്‍ അത് ഉള്പ്പെടുത്തപ്പെട്ടതാണെന്ന് കരുതുകയായിരിക്കും യുക്തി. ഓരോ കാലത്ത് അപ്പോഴത്തെ ആവശ്യങ്ങളും ചിത്തവൃത്തികളുമനുസരിച്ച് ഓരോരുത്തര് എഴുതിച്ചേര്ത്തതല്ലേ ഇതിഹാസങ്ങളിലെ സിംഹഭാവവും? ബംഗാളിലെ നെയ്ത്തുകാര്‍ തളളവിരല് മുറിച്ചകളഞ്ഞത് സത്യമാണെങ്കിലും 1800–ലോ മറ്റോ എഴുതുമായിരുന്ന ഒരു ചരിത്രത്തില്‍ അതുണ്ടാവാനുള്ള സാധ്യത വിദൂരമാണ്. ഒരു നൂറ്റാണ്ടിനുശേഷം ഒരു ഇന്ത്യാക്കാരൻ എഴുതുവാൻപോകുന്ന ചരിത്രത്തിനുവേണ്ടി കാത്തിരിക്കേണ്ടിവന്നു ഈ യാഥാർത്ഥ്യത്തിനു വെളിച്ചം കാണുവാൻ.”
ധര്‍മ്മാധികാരി ഏറെ നേരം ചില്ലുപാളികളിലൂടെ താഴെ നിലാവില്, മൊട്ടക്കുന്നുകള്‍ക്കിടയില്‍ മയങ്ങിക്കിടക്കുന്ന ഗ്രാമങ്ങളെയും ഇനിയും നാഗന്മാര് സ്ഥലം മാറി മാറി ചെയ്യുന്ന അവരുടെ കൃഷിക്കുവേണ്ടി ആക്രമിച്ചിട്ടില്ലാത്ത കാടുകളെയും നോക്കിയിരുന്നു. ഒടുവില്‍ അയാള്‍ പറഞ്ഞു:
“നിങ്ങള്‍ പറഞ്ഞതില്‍ ഏറെ ശരിയുണ്ട്. ഏതായാലും ജോഷി പറഞ്ഞ പുരാണം പ്രക്ഷിപ്തമായാലും അല്ലെങ്കിലും അത് എന്റെ ഔത്സുക്യത്തെ തീപിടിപ്പിക്കുകതന്നെ ചെയ്തു. നിങ്ങള്‍ക്കറിയില്ല ആനന്ദന്, കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലം ഞാന്‍ ഈ പുരാണത്തെ അന്വേഷിച്ചു നടക്കുകയായിരുന്നു. അത് എന്റെ ജീവിതത്തിലെ ഒരു പ്രധാന യജ്ഞമായിത്തീര്ന്നു. പേരറിയാത്ത ഒരു പുരാണത്തെ, വെറും ഉള്ളടക്കത്തെക്കുറിച്ചുള്ള — ഉള്ളടക്കത്തിന്റെ ഒരംശത്തെക്കുറിച്ചുള്ള — അറിവുമാത്രം വെച്ചുകൊണ്ട് തിരയുക എളുപ്പമുള്ള ജോലിയല്ല, സുഹൃത്തേ. എന്നിട്ടും അറിയുന്ന ഓരോ നഗരത്തിലെയും ഓരോ ലൈബ്രറിയും ഞാന്‍ ചികഞ്ഞുനോക്കി. ഒരിടത്തും ഞാന്‍ അങ്ങനെയൊരു പുരാണം കണ്ടില്ല.”
അന്നു രാത്രി മെസ്സില്‍നിന്ന് പിരിഞ്ഞതിനുശേഷം ഞാനും ധര്‍മ്മാധികാരിയും തമ്മില്‍ ഈ വിഷയത്തെപ്പററി സംസാരിക്കുകയുണ്ടായില്ല. കാരണം, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലീവില്‍ പോയി. വര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ സാധാരണ ഓഫീസര്‍മാര്‍ ലീവെടുക്കുവാന്‍ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് ആ സമയത്ത് അവധി ആവശ്യപ്പെടുന്നവര്‍ക്ക് ഉടനടി അനുമതിലഭിക്കും. അവധി സംഭരിച്ചുവെയ്ക്കേണ്ട പ്രത്യേക ആവശ്യങ്ങളൊന്നുമില്ലാതിരുന്ന ഞാനാകട്ടെ, എല്ലാ കൊല്ലവും തുടക്കത്തിലേ അതെടുക്കും. അവധി കഴിഞ്ഞ് ഞാന്‍ മടങ്ങിയെത്തിയപ്പോഴേക്കും ശീതകാലം വിടപറഞ്ഞിരുന്നു. ഞങ്ങളുടെ റെജിമെന്റ് ലഖ്നൌവിലേക്ക് നീങ്ങുവാന്‍ ഒരുങ്ങുകയായിരുന്നു. മേജര്‍ ധര്മ്മാധികാരിയാകട്ടെ, ജമ്മുവിലുള്ള ഒരു യൂണിററിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്തിരുന്നു.
1970–ല്‍ എന്റെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് അവസാനിച്ചു. ഞാന്‍ പട്ടാളത്തില്‍നിന്ന് പിരിഞ്ഞ് എന്റെ പഴയ സിവില്‍ സര്‍വീസിലേക്ക് മടങ്ങി. ധര്‍മ്മാധികാരിയും അതേ സമയംതന്നെ മടങ്ങിപ്പോയിക്കാണും. ഞങ്ങളിരുവരുടേയും പക്കല്‍ അപരന്റെ മേല്‍വിലാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കഴിഞ്ഞുപോയ ഇരുപത്തിയഞ്ചു കൊല്ലങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ കത്തിടപാടുകളൊന്നും ഉണ്ടായില്ല. വേണ്ടെന്നു കരുതിയിട്ടല്ല. പുതിയ ജിവിതത്തിന്റെ പാച്ചിലില്‍ പഴയ ബന്ധങ്ങള്‍ നിര്‍ബന്ധപൂര്‍വം പിന്തുടരുകയുണ്ടായില്ലന്നു മാത്രം. ഞാനെന്നപോലെ അയാളും.
എങ്കിലും ധര്‍മ്മാധികാരി അന്ന് എന്റെ ഉള്ളില്‍ കൊളുത്തിയ ആശയം ഒരു ചെറിയ കനല്‍പോലെ അവിടെ കെടാതെ കിടന്നു. ഇടയ്ക്കിടെ അനുയോജ്യമായ സാഹചര്യം വരുമ്പോള്‍ അത് ആളിക്കത്തി. അല്ലാത്തപ്പോള്‍ വീണ്ടും കനലിന്റെ അവസ്ഥയിലേക്ക് മടങ്ങി. കഴിഞ്ഞ കാല്നൂററാണ്ടില് ശാസ്ത്രം നമ്മെ കൊണ്ടുവന്നെത്തിച്ചിട്ടുള്ള വിസ്മയകരമായ വിജ്ഞാനത്തിന്റെ പ്രപഞ്ചവും, ടെക്നോളജി നമുക്ക് മുമ്പില്‍ വിരിച്ചു തന്നിട്ടുള്ള വിവരസമാഹരണത്തിന്റെ സാധ്യതകളും അതിന് പുതിയ മാനങ്ങള്‍ നല്കി. അന്ന് ഞങ്ങള്‍ സംസാരിച്ചത് അധികവും വിദ്യ എന്ന ലളിതമായ ഒരു വാക്ക് ഉപയോഗിച്ചുകൊണ്ടായിരുന്നു. ഇന്ന് ആ വാക്കിനെ അത്ര ലാഘവത്തോടുകൂടി പ്രയോഗിക്കുവാന്‍ കഴിയുമോ എന്ന് എനിക്കറിഞ്ഞുകൂടാ. വിജ്ഞാന (knowledge) വും വിവര (information) വും ഇന്ന് ഏറെ വ്യത്യസ്തമായ രണ്ടു സംഗതികളായി കരുതപ്പെടുന്നു. വിദ്യ ഇവയില്‍ ഏതിന്റെ കൂടെ നില്‍ക്കുന്നുവെന്ന് പറയുവാന്‍ പ്രയാസം. അതിനെ ഇവ രണ്ടില്‍നിന്നും വ്യത്യസ്ഥമായി പരിശീലനം (learning) എന്ന പ്രക്രിയയായി തിരിച്ചുനിര്ത്താമെന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നു. എനിക്ക് അയാളോടു് യോജിക്കുവാന്‍ സാധിച്ചിട്ടില്ല. കൂടാതെ, അതില്‍ അടങ്ങിയിട്ടുള്ള കലാംശവുമുണ്ട് പരിഗണിക്കേണ്ടതായി. അഥവാ കലയെയും സാഹിത്യത്തെയുമെല്ലാം നാം ഈ പുതിയ സെററ്-അപ്പിൽ എവിടെ നിര്‍ത്തും? അവയെ വെറും ഭാവനയായി കരുതി ബഹിഷ്കരിക്കാമോ? എനിക്ക് അതില്‍ പ്രയാസമുണ്ട്. ഇനി വിജ്ഞാനം, വിവരം, വിദ്യ, കല ഇവയുടെയെല്ലാം അധികാരവുമായുള്ള ബന്ധം എന്താണ്? അതാണല്ലോ ഞങ്ങളെ ആ മലമുകളിലെ തണുപ്പുള്ള വൈകുന്നേരങ്ങളില്‍ ചൂടുപിടിപ്പിച്ചവിഷയം. പണ്ട് വിജ്ഞാനമാണ് ശക്തി (knowldge is power) എന്നു പറഞ്ഞിരുന്നു. ഇന്ന് വിവരമാണ് ശക്തി (information is power) എന്ന അവസ്ഥ വന്നിട്ടുണ്ട്. ശാസ്ത്രം ഇന്ന് എത്ര മാത്രം അത് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ, അഥവാ വിശാലമായ ഒരര്‍ത്ഥത്തില്‍ ടെക്നോളജിയുടെ അടിമയാണെന്ന് അറിയാമോ? അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞന് എന്നോട് ചോദിച്ചു. എനിക്ക് അയാള്‍ സൂചിപ്പിച്ചത് അത്ര ശരിയായി തോന്നുന്നില്ല. ശാസ്ത്രജ്ഞനും ടെക്നോളജിസ്ററിനും വിദ്വാനും കലാകാരനുമൊക്കെ വേണമെങ്കില്‍ തങ്ങളാണ് ശക്തിമാന്മാര് എന്ന് അഭിമാനിക്കാം. അവരുടെ വീക്ഷണകോണില്‍ക്കൂടി നോക്കുമ്പോള്‍ അവര്‍ പറയുന്നത് ശരിയുമായിരിക്കും. ഒരു ദിവസം ഇവരൊന്നുമല്ലാത്ത ആരോ ഒരാള്‍ വന്ന് അവരുടെ തളളവിരല് ആവശ്യപ്പെടുന്നു. അവരുടെ വിധേയത്വം ആവശ്യപ്പെടുന്ന ഒരാള്‍ അവര്‍ അറിയാതെ, അവരുടെ ലബോറട്ടറികളില്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍, യൂണിവേഴ്സിററികളില്‍, എഴുത്തുമേശയ്ക്കടിയില്, കിടപ്പറകളില്‍, അടുക്കളകളില്‍ ഒളിച്ചിരിക്കുന്നുണ്ടാകും — ആ തളളവിരലുകളില് കണ്ണുംവെച്ച്.
ഈ ഇരുപത്തിയഞ്ചു കൊല്ലങ്ങളില്‍ എന്റെ എന്‍ജിനീയറിങ്ങിലെ വിദ്യ എന്നെ ചെറുതും വലുതുമായ ഒരുപാട് നഗരങ്ങളിലൂടെ കൊണ്ടുപോയിട്ടുണ്ട്. ധര്‍മ്മാധികാരിയുടെ തോതിലല്ലെങ്കിലും പുസ്തകങ്ങളും ചരിത്രവും സാഹിത്യവുമൊക്കെ എനിക്കും പ്രിയങ്കരമാണ്. അതുകൊണ്ടാണല്ലോ ഞങ്ങള്‍ അടുത്തതും. എത്തിപ്പെട്ട നഗരങ്ങളിലെ ഗ്രന്ഥശാലകളും പുസ്തകക്കടകളും സന്ദര്‍ശിക്കുക എന്റെ പതിവായിരുന്നു. ഗ്രന്ഥശാലകളുടെ ഉയര്‍ന്ന ഷെല്‍ഫുകള്‍ക്കിടയിലെ ഇടനാഴികളുടെ മഞ്ഞവെളിച്ചത്തില്‍ വന്നുപെടുമ്പോഴൊക്കെ ഞാന്‍ സ്വയമറിയാതെ ഒരു പുസ്തകമന്വേഷിക്കുവാന് തുടങ്ങും. പേരറിയാത്ത, ഉള്ളടക്കത്തില്‍ ഒരംശം മാത്രമറിയുന്ന ഒരു പുരാണം. അതിനെ തേടിയല്ല ഞാന്‍ ഗ്രന്ഥശാലകള്‍ സന്ദര്‍ശിച്ചിരുന്നതെങ്കിലും അവിടെ ചെന്നാല്‍ ആ മഞ്ഞ വെളിച്ചം ഉത്തേജിപ്പിക്കുന്ന ഏതോ കമാന്‍ഡിനെ അനുസരിച്ചുകൊണ്ടെന്നപോലെ ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചുതുടങ്ങും. ധര്‍മ്മാധികാരിയുടെ സുഹൃത്തായ സദാശിവ് ജോഷിയുടെ മസ്തിഷ്കത്തില്‍ നിന്നു വീണുപോയ ആ പാസ് വേര്‍ഡിനെ ഓര്‍ത്ത് ധര്മ്മാധികാരിയെപ്പോലെ ഞാനും ദുഃഖിച്ചു. പിന്നെ എനിക്കും പ്രായമാകുകയാണല്ലോ. കോശ നഷ്ടത്തിന്റെ ഭീഷണി എന്റെയും മുഖത്ത് തുറിച്ചുനോക്കിയിരുന്നു.
ഇത്രയും കാലത്തെ ഏകലവ്യകഥയുടെ പുരാണത്തെ തേടിയുള്ള എന്റെ അന്വേഷണം പൂജ്യത്തിലാണ് എന്നെ എത്തിച്ചതെന്ന് പറയേണ്ടതില്ലല്ലൊ. എന്നാല്‍ ഈയിടെ, അതാ ഏററവും അവിശ്വസനീയമായ വിധത്തില്‍ ഒരു സംഭവമുണ്ടായി. ദില്ലിയില്‍ രാമകൃഷ്ണപുരത്തുള്ള സെന്‍ട്രല്‍ സെക്രട്ടേറിയററ് ലൈബ്രറിയുടെ ശാഖയിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഷെല്‍ഫുകളുടെ ഇടയിലൂടെ ജലസേചനത്തെപ്പററിയുള്ള ഒരു പ്രത്യേക പുസ്തകം അന്വേഷിച്ചുനടക്കുകയായിരുന്നു ഞാന്‍. ലൈബ്രറിവിജ്ഞാനീയത്തോടുള്ള വലിയൊരു കലാപമായി വിവരിക്കാവുന്ന ഈ ഗ്രന്ഥശാലയില്‍ എന്റെ മുമ്പില്‍ വന്നുപെട്ട പുസ്തകങ്ങള്‍ പലതും ധനതത്ത്വശാസ്ത്രത്തിലും ലാററിനമേരിക്കന്‍ സാഹിത്യത്തിലും പെട്ടതായിരുന്നു. അങ്ങനെയെങ്കില്‍ അങ്ങനെ എന്നു കരുതി അവ മറിച്ചു നോക്കിക്കൊണ്ട് നടക്കുമ്പോള്‍ കാര്പെന്ടീയറുടെ ഒരു നോവലിന് അടുത്തിരിക്കുന്ന ഒന്നിന്റെ പേര് എന്നെ ഹഠാദാകര്‍ഷിച്ചു — നിഷാദപുരാണം. ആ പേരില്‍ ഒരു പുരാണം ഞാന്‍ കേട്ടിട്ടില്ലായിരുന്നു. അതെടുത്ത് പേജുകള്‍ മറിച്ചുനോക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഏകലവ്യനാണ് അതിലെ നായകന് എന്ന് മനസ്സിലാക്കുവാന്‍ ഞാന്‍ ഏറെ സമയം എടുത്തില്ല. ധര്‍മ്മാധികാരിയുടെ മനസ്സ് ഏതുവിധം പിടയ്ക്കുമായിരുന്നുവോ ആ വിധം എന്റെയും മനസ്സ് പിടച്ചു. പുസ്തകവുമായി ഞാന്‍ കൂടുതല്‍ വെളിച്ചം തേടി ജനലരികിലേക്ക് നീങ്ങി. എന്റെ ഉല്‍കണ്ഠ വൃഥാവിലായിരുന്നില്ല. പുസ്തകത്തിന്റെ അവസാന ഭാഗത്തോടടുത്ത് ഞാന്‍ അഭിമന്യൂവിന്റെ പേര് പലയിടത്തും കണ്ടു. അതെ, അഭിമന്യുവും ഏകലവ്യനുമായുള്ള ഒരു സംവാദമായിരുന്നു അത്. കുറെയേറെ പേജുകളില്‍ പരന്നുകിടക്കുന്നത്. സദാശിവ് ജോഷി മറന്നു പോയതും ധര്‍മ്മാധികാരി അങ്ങനെയൊന്ന് വാസ്തവത്തില്‍ ഉണ്ടോയെന്നു തന്നെ സംശയിച്ചതുമായ പുരാണമായിരുന്നു അത് എന്നതില്‍ എനിക്ക് പിന്നീട് ഒട്ടും സംശയമുണ്ടായില്ല. പതിനെട്ട് പുരാണങ്ങളിലും പതിനെട്ട് ഉപപുരാണങ്ങളിലും പെടാത്ത നിഷാദപുരാണം!
പഴകി, അശ്രദ്ധകൊണ്ട് വളച്ചാല്‍ ഒടിഞ്ഞുപോകുന്ന അവസ്ഥയിലെത്തിയ കട്ടിയുള്ള ഏടുകള്‍. ലൈബ്രറി തോല് ബയന്റ് ചെയ്ത് ഗില്ടഡ് അക്ഷരങ്ങള്‍കൊണ്ട് പേരെഴുതി സംരക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് പുസ്തകത്തിന്റെ ആകൃതി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍, സങ്കടകരമെന്ന് പറയട്ടെ, അകത്തെ പല പേജുകളും, സൂക്ഷിച്ചെടുത്തില്ലെങ്കില്‍ താഴെ വീഴുമെന്ന മട്ടാണ്. പുസ്തത്തിന്റെ ടൈററില്‍ പേജ് കൌതുകമുണര്‍ത്തുന്നതായിരുന്നു:
NISHADA PURANA
EDITED FROM THE POSTHUMOUS PAPERS
OF THE LATE
SIR H. M. ANDERSON K. C. B.
EAST INDIA COMPANY’S BENGAL CIVIL SERVICE
BY
PROFESSOR JOHN CLERK M. R. A. S.
പുസ്തകം ഇഷ്യു ചെയ്യിച്ച് വീട്ടില്‍ എത്തിയ ഉടനെ ഞാന്‍ വേറൊന്നിനു ശ്രമിക്കാതെ അത് വായിക്കുവാനിരുന്നു. ആദ്യഭാഗത്ത് പ്രസാധകര് കൊടുത്തിരുന്ന ആമുഖം ടൈററില്‍ പേജുപോലെതന്നെ കൌതുകകരമായിരുന്നു. അക്ഷീണമായ പരിശ്രമവും അത്ഭുതകരമായ കൌതുകവും ആയുധമാക്കി ചരിത്രത്തിലെ പല പഴയ ഗ്രന്ഥങ്ങളും കിളച്ചു പുറത്തെടുത്ത ആന്ഡേഴ്സണ് ദക്ഷിണേന്ത്യയില്‍ തഞ്ചാവൂരിലെ ഒരു പഴയ വ്യാപാരികുടുംബത്തില്‍ നിന്ന് കണ്ടെടുത്ത ഈ പാഠം ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു പുരാണമാണ്. അമൂല്യമായ തന്റെ ശേഖരങ്ങള്‍ അധികവും പുറത്തുകൊണ്ടുവരുവാനാകാതെ ആന്ഡേഴ്സണ് ഈസ്ററ് ഇന്ത്യാ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് മലമ്പനിപിടിച്ചു മരിച്ചുപോയി. ആന്‍ഡേഴ്സന്റെ മരണശേഷം അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ജോണ്‍ ക്ലാര്‍ക്ക് ആന്‍ഡേഴ്സന്റെ വിധവ ബംഗാളി ബ്രാഹ്മണസ്ത്രീ മഞ്ജുളികയില്നിന്ന് അവയെല്ലാം ഏററുവാങ്ങി സ്വയവും പല മുന്ഷിമാരുമായി ചേര്‍ന്നും എഡിററ്ചെയ്ത്, ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ’’നിഷാദപുരാണം’’ എന്ന ഈ പാഠം മുമ്പെങ്ങും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടില്ല. ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ടായിരുന്ന ക്ലാര്‍ക്കിന്റെ കൈയെഴുത്തുപ്രതിയില്‍ നിന്നാണ് ഇലാഹാബാദിലെ പുസ്തക് മന്ദിര്‍ ഇപ്പോള്‍ ഇത് അച്ചടിച്ച് പുറത്തുകൊണ്ടുവരുന്നത്. ഒറിജിനല്‍ സംസ്കൃതപാഠം കണ്ടെടുക്കുവാനായിട്ടില്ല.
എന്റെ കൈയില്‍ കിട്ടിയ പുസ്തകത്തിന്റെ കോപ്പി ആരൊക്കെയോ ശ്രദ്ധയോടെ വായിച്ചിട്ടുണ്ട്. അടിവരകളും മാര്ജിന്വരകളും ധാരാളം. ചിലയിടത്ത് ആശ്ചര്യചിഹ്നങ്ങള്‍. പെന്‍സിലും പേനയും ഉപയോഗിച്ചിട്ടുണ്ട്. വരകളുടെ വളവുകളും വളവുകളില്ലായ്കയും, വായനക്കാരന് താല്പര്യം കാണിച്ച ഭാഗങ്ങളുടെ ആശയപരമായ വൈവിധ്യവും ഈ മാര്‍ക്കിങ്ങുകള്‍ പല വായനക്കാരുടെ സംഭാവനയാണെന്ന് കാണിക്കുന്നു. ഒരാളെങ്കിലും ആശയങ്ങളെക്കാള്‍ കൂടുതല്‍ ഭാഷയിലാണ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. കൃതിയുടെ കാലഗണനയില്‍ തല്പരനായ ഒരു ഗവേഷകനായിരിക്കണം.
ഗദ്യരൂപത്തിലെങ്കിലും സര്‍ഗവും ഉപസര്‍ഗവും ശ്ലോകവും എണ്ണമിട്ടു ചേര്‍ത്തിട്ടുള്ള ’’നിഷാദപുരാണത്തന്റെ’’ ആഖ്യാനം നിഷാദ രാജാവായ ഏകലവ്യന്റെ ബാല്യംമുതലേ തുടങ്ങുന്നു. നിഷാദ വംശത്തിന്റെ ഉത്ഭവം ആര്യവംശത്തില്പെട്ട വേനനെന്ന പാപിയായ ഒരു രാജാവിലേക്ക് കൊണ്ടുപോകുന്നു ഇവിടെ. പുത്രന്മാരില്ലാത്ത വേനനെ മഹര്‍ഷിമാര്‍ വധിച്ചു. ഭരിക്കുവാന്‍ ആരുമില്ലാതെ അരാജകത്വം ബാധിച്ച രാജ്യത്തെ രക്ഷിക്കുവാന്‍ അവര്‍ മൃതനായ വേനന്റെ തുടകടഞ്ഞു. അതില്‍നിന്ന് കറുത്ത് ഉയരം കുറഞ്ഞ് കൂര്‍ത്ത മുഖത്തോടുകൂടി പുറത്തു വന്ന കുട്ടിയെ അവര്‍ നിഷാദനെന്ന് വിളിച്ചു. വിന്ധ്യാപര്വതനിര മുഴുവന്‍ സ്വന്തമായി പതിച്ചു കിട്ടിയ നിഷാദന്മാര് അവിടെ ശ്രേഷ്ഠമായ ഒരു രാജ്യം സ്ഥാപിച്ചതായി പറയുന്നു. സമതലങ്ങളില്‍ വാണിരുന്ന രാജാക്കന്മാര് അവരെ ഭയന്നിരുന്നു. ശിവനെ ആരാധിച്ചിരുന്ന നിഷാദന്മാര് മാന്ത്രികശക്തിയാല്‍ അനുഗൃഹീതരായിരുന്നു.
ഒട്ടേറെ തപസ്സുകളും വരപ്രാപ്തിയും പരാക്രമങ്ങളും ഇടകലര്‍ന്നു കിടക്കുന്ന ഏകലവ്യന്റെ കഥയില്‍ വിവാഹവും പുത്രോല്പത്തിയും വരുന്നുണ്ട്. പക്ഷേ, അയാള്‍ കൃഷ്ണനാല്‍ വധിക്കപ്പെടുന്നതായി കാണുന്നില്ല. അഥവാ എനിക്കു കിട്ടിയ കോപ്പിയിലെ നഷ്ടപ്പെട്ട പേജുകളിലായിരിക്കും ആ ഭാഗത്തിന്റെ ആഖ്യാനം കിടക്കുന്നത്.
’’നിഷാദപുരാണത്തിലെ’’ കാതലായ ഭാഗം അഭിമന്യുവുമായുള്ള ഏകലവ്യന്റെ സംവാദമാണെന്ന് ഞാന്‍ കണ്ടു. വളരെ പേജുകള്‍ കൈയടക്കിരിക്കുന്നു ഈ സംവാദം. വീണ്ടും ദൌര്‍ഭാഗ്യമെന്നു പറയട്ടെ, അതിന്റെ ആരംഭവും അവസാനവും നഷ്ടപ്പെട്ടുപോയിരുന്നു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ വിചിത്രമായ ഒരു സംഭവം ഉണ്ടായതെന്നോ, എങ്ങനെയാണ് അതിന്റെ പരിസമാപ്തി എന്നോ നമുക്ക് അറിഞ്ഞുകൂടാ. സംവാദത്തിന്റെ വിഷയം സദാശിവ് ജോഷി പറഞ്ഞതുപോലെ വിദ്യതന്നെ.
യുദ്ധത്തിന്റെ പതിമൂന്നാം ദിവസം. ഭേദിച്ച് ഉളളില്‍ കടന്ന ചക്രവ്യൂഹക്കെട്ടിനെ സിന്ധുദേശാധിപനായ ജയചന്ദ്രന് പിന്നില്‍ നിന്നു പൂട്ടിയപ്പോള്‍, കൌരവപക്ഷത്തെ മഹാരഥന്മാര് എല്ലാവരുടെയും മുമ്പില്‍ ഒററപെട്ടു പോയ ബാലനായ അഭിമന്യുവിന്റെ മുമ്പിലാണ് അവന്റെ പിതാവിന്റെ സമവയ്സകനായ നിഷാദരാജാവ് ഏകലവ്യന് പ്രത്യക്ഷപ്പെടുന്നത്. യുദ്ധത്തില്‍ ഒരു പക്ഷത്തും ചേരാത്ത നിഷാദരാജാവ് വ്യൂഹത്തിനുള്ളില്‍ എങ്ങനെ കടന്നുകൂടി എന്ന് അഭിമന്യു അത്ഭുതപ്പെട്ടു. കൌരവപക്ഷത്തു ചേര്‍ന്ന തന്നോട് യുദ്ധം ചെയ്യുവാനോ അതോ അനേകം പേരുടെ മുമ്പില്‍ ഒററപ്പെട്ടവനായ തന്നെ സഹായിക്കുവാനോ അയാള്‍ എത്തിയിരിക്കുന്നത്? ബാലന്റെ സംശയങ്ങള്‍ മനസ്സിലാക്കിയ ഏകലവ്യന് മുഖത്തൊരു പുഞ്ചിരിയുമായി, തളളവിരലില്ലാത്ത തന്റെ വലംകൈയിന്റെ മുഷ്ടി അവന്റെ നേരെ നീട്ടിക്കാണിച്ചു. ബീഭത്സമായ ആ കാഴ്ചകണ്ട് അഭിമന്യു ഞെട്ടിപ്പോയി. ഒരേസമയം ഭയാനകവും നഷ്ടപ്പെട്ട വിദ്യയുടെ ദുഃഖകരമായ പ്രതീകവുമായ അതിനെ ഉള്ക്കൊളളുവാനാകാതെ അവന് മുഖം തിരിച്ചു. അടുത്ത നിമിഷം, തനിക്കും പിതാവായ അര്‍ജ്ജുനനും മാതുലനായ കൃഷ്ണനും മാത്രം അറിയാവുന്ന ചക്രവ്യൂഹത്തെ പിളര്‍ന്ന് ഉള്ളില്‍ കടക്കല്‍ ആ വിദ്യാഹുതിയുടെ അടയാളം എത്ര എളുപ്പം സാധിച്ചെടുത്തു എന്നാലോചിച്ചപ്പോള്‍ അവന് അമ്പരുന്നുപോയി.
“എന്റെ നഷ്ടപ്പെട്ട വിദ്യ എനിക്ക് ഏതു വ്യൂഹത്തിലും കടന്നു വരുവാനും പുറത്തു പോകുവാനുമുള്ള സ്വാതന്ത്ര്യം നല്കുന്നു, കുമാരാ. ആരും എന്നെ തടുക്കുകയില്ല,” ഏകലവ്യന് പറഞ്ഞു. “നിന്റെ പകുതി മാത്രം ലഭ്യമായ വിദ്യയാകട്ടെ, നിന്നെ ഈ വ്യൂഹക്കെട്ടിനകത്തു കിടന്നു മരിക്കുവാനായി വിധിച്ചിരിക്കുന്നു!”
“മരണം വീരന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന സമസ്യയല്ല, രാജന്,” അഭിമന്യു കയര്‍ത്തു. “വീരന് അറിയുന്നതു പോരിനെ മാത്രമാണ്. എന്റെ മുമ്പില്‍, മണ്ണില്‍, പൊടിയില്‍, വീണു കിടക്കുന്ന രാജാക്കന്മാരെ അങ്ങു കാണുന്നില്ലേ, ശല്യസഹോദരനെ, ദുര്യോധനപുത്രനെ? നൂറ്റൊന്നു കൌരവരില്‍ മുപ്പതു പേരും നിലംപൊത്തിക്കഴിഞ്ഞു. എത്രയെത്ര വില്ലുകളും അമ്പുകളും വാളുകളും പരിചകളും വേലുകളും നുകങ്ങളും ചക്രങ്ങളും കുതിരകളും കുംഭികളും തലകളും ഉടലുകളുമാണ് മണ്ണില്‍ ചിതറിക്കിടക്കുന്നത്!”
“കുമാരാ, നീയെന്ന രാജന് എന്നു വിളിക്കേണ്ട, അമ്മാവാ എന്നു വിളിച്ചാല്‍ മതി. ഒരേ ഗുരുവിന്റെ ശിഷ്യന്മാരെന്ന നിലയില്‍ നിന്റെ അച്ഛനും ഞാനും സഹപാഠികളായിരുന്നുവെന്ന് പറയാം. വൈരങ്ങളിലല്ല, അവസ്ഥകളിലാണ് കാലം ഇന്ന് നമ്മെ മേളിപ്പിച്ചിരിക്കുന്നത്… പിന്നെ ഈ വീണുകിടക്കുന്നവരെക്കുറിച്ചാണ് നീ പറയുന്നതെങ്കില്‍, അവരും നിന്നെപ്പോലെതന്നെ വീരന്മാരായിരുന്നു. പക്ഷേ, അവരെ നീ പേര് ഉച്ചരിക്കുവാന്‍പോലും ആഗ്രഹിക്കാത്ത ആ മരണം ഗ്രസിച്ചിരിക്കുന്നു.”
വീണുകിടക്കുന്ന വീരന്മാരുടെ മുഖത്ത് സ്വന്തം മുഖം ദര്‍ശിച്ചതുപോലെ അഭിമന്യു നിമിഷനേരത്തേക്ക് ചകിതനായി. പിന്നീട് അതില്‍ നിന്ന് മുക്തനായി അവന് ചോദിച്ചു:
“ഇത്തിരി മുമ്പേ അങ്ങ് വ്യൂഹങ്ങളില്‍ നിര്‍ബാധം പ്രവേശിക്കുവാനുള്ള അങ്ങയുടെ കഴിവിനെപ്പററി പറഞ്ഞു. എന്താണ്, അമ്മാവാ അങ്ങ് ഘോഷിക്കുന്ന ഈ സ്വാതന്ത്ര്യത്തിന്റെ പുര്ണ്ണസ്വരൂപം?”
“മകനേ സ്വാതന്ത്ര്യം എന്താണെന്ന് എല്ലാവര്ക്കും ബാധകമായ ഒരു നിര്‍വചനം തരുവാന്‍ ആര്‍ക്കും കഴിയുകയില്ല,” ഏകലവ്യന് തന്റെ ഏററവും വലിയ എതിരാളിയുടെ മകനെ മകന് എന്ന് വിളിച്ചുകൊണ്ടു പറഞ്ഞു. “സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഓരോന്നാണ്. ഇന്നലെവരെ നീ ചക്രവ്യൂഹത്തിന്റെ പുറത്തായിരുന്നു. ഇന്ന് നീ അതിനകത്ത്, അശ്വത്ഥാമാവ്, കര്ണ്ണന്, ദുര്യോധനന്, ദ്രോണന് എന്നിങ്ങനെ നിന്റെ പിതാവിനും പിതാമഹനും സമന്മാരായ മഹാരഥന്മാരാല് വളയപ്പെട്ട്, സ്വന്തം ഭാഗത്ത് ഒരു സാധാരണ ഭടന്‍പോലും കൂട്ടിനില്ലാതെ നില്ക്കുന്നു. ഈ വ്യൂഹം പൊളിച്ചു പുറത്തു കടക്കുവാനുള്ള വിദ്യ നിന്റെ പിതാവ് അഭ്യസിപ്പിച്ചിട്ടില്ല. നീ സ്വയമാണ് ഈ വ്യൂഹത്തിനകത്ത് കയറിവന്നത്. ഇതില്‍നിന്ന് പുറത്തു കടക്കുവാനുള്ള വഴി നിനക്ക് അറിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.”
“യുദ്ധം അങ്ങനെയാണ്. ഓരോരുത്തരും അതിലേക്ക് ഒററയ്ക്ക് കടുന്നുവരുന്നു. വരുന്നതിനെപ്പററി മാത്രം അറിഞ്ഞ്, മടങ്ങുന്നതിനെപ്പററി ഓര്‍ക്കാതെ. യുദ്ധക്കളത്തിലെ യോദ്ധാവിനെപ്പോലെ ഏകനായ ഒരു മനുഷ്യനെ അങ്ങയ്ക്ക് സങ്കല്പ്പിക്കുവാന് കഴിയുമോ? സുഹൃത്തുക്കളില്ലാതെ, ആചാര്യന്മാരില്ലാതെ, പിതാമഹന്മാരും പിതാക്കളും സഹോദരന്മാരും പത്നിയും പുത്രന്മാരുമില്ലാതെ —”
“അതിനെയാണോ നീ സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്?”
അഭിമന്യു ചിരിച്ചു. ഏകലവ്യന്റെ ചോദ്യത്തിന് മറുപടി പറയാതെ അവന് ഒരു മറുചോദ്യം ചോദിച്ചു:
“അമ്മാവാ, അങ്ങും ഒററയ്ക്കാണ്, അങ്ങയുടേതായ, മുമ്പിലും പിമ്പിലും അങ്ങുമാത്രമുള്ള, അങ്ങയുടെ സ്വകാര്യപടക്കളത്തിലേക്ക് കടന്നുചെന്നത്. സ്വയം, സ്വന്തം കൈയാല്‍, സ്വന്തം അമ്പ് എടുത്താണ് അങ്ങ് അങ്ങയുടെ തളളവിരല് മുറിച്ചുകളഞ്ഞത്. വര്‍ഷങ്ങളായുള്ള ശിക്ഷകൊണ്ട് സമ്പാദിച്ച വിദ്യയെ ഒരു നിമിഷത്തിന്റെ അംശംകൊണ്ട് അങ്ങ് വധിച്ചുകളഞ്ഞത്.”
ഏകലവ്യന് ചിന്താധീനനായി. വര്‍ഷങ്ങള്‍ മുമ്പിലെ വിന്ധ്യപര്‍വതത്തിന്റെ വനാന്തരത്തിലൂടെ, സൂര്യന് ചായുവാന്‍ തുടങ്ങിയ ഒരു അപരാഹ്നത്തിന്റെ വിഷാദഛായയിലൂടെ, അയാള്‍ ഏകനായി യാത്രചെയ്തു. അന്നത്തെ വേദനകളും അമര്‍ഷവും വീരതയും ലഹരിയും ഉള്ളില്‍ കുത്തിയൊലിക്കുന്നത് അനുഭവിച്ചുകൊണ്ട് ഏകലവ്യന് പറഞ്ഞു:
“അതെ, ഞാനും ഒററയ്ക്കായിരുന്നു. ഞാന്‍ എന്നെത്തന്നെ നേരിട്ട പടക്കളത്തില്‍. ഒരു വശത്തു ഞാന്‍ നിന്നു, എന്റെ വിദ്യയുമായി. മറുവശത്തും ഞാന്‍ നിന്നു, എന്റെ സ്വാതന്ത്ര്യവുമായി. വിദ്യ ജയിച്ചിരുന്നുവെങ്കില്‍ ഞാന്‍ ബന്ധിതനായിപ്പോയേനെ. ജിവിതം മുഴുവന്‍ ഒരു വലിയ കടത്തിന്റെ ചങ്ങലകളാല്‍ വരിയപ്പെട്ട്.” അല്പം നിര്‍ത്തി, തന്റെ വികാരത്തെ അമരുവാന്‍ അനുവദിച്ച് ഏകലവ്യന് തുടര്‍ന്നു: “വിദ്യ പ്രയോഗിക്കുവാനുള്ള എന്റെ കഴിവ് നഷ്ടപ്പെട്ടു. പക്ഷേ, അങ്ങനെ ആയതുകൊണ്ട്, കുമാരാ, നിനക്കു തോന്നുന്നുണ്ടോ ഞാന്‍ വിദ്യാവിഹീനനായെന്ന്?”
“ഇല്ല അമ്മാവാ, അങ്ങ് വിദ്വാന് ഇപ്പോഴും ആണ്. അങ്ങനെയാണ് ഒരിക്കല്‍ എന്റെ അച്ഛനും മാതുലനും അങ്ങയെപ്പററി പറഞ്ഞത്. ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നു അപ്പോള്‍. അവിടെയിരുന്നുകൊണ്ട് ഞാന്‍ അവരുടെ സംവാദം ശ്രവിച്ചു. വിദ്യ അറിവുമാത്രമല്ല, ശാശ്വതമായ അനുഭവംകൂടിയാണ്. അഭ്യാസം മാത്രമല്ല, സംസ്കരണം കൂടിയാണ്. മനുഷ്യര്‍ മനസ്സിലാക്കുന്ന വിദ്യ ഒരുവന് നഷ്ടപ്പെട്ടേക്കാം. പക്ഷേ, വിദ്യ അവന് നേടിക്കൊടുത്ത സ്വത്വം അവനില്‍ അവശേഷിക്കുന്നു. പാത്രമനുസരിച്ച് രൂപം സ്വീകരിക്കുന്ന ദ്രാവകമല്ല വിദ്യ. വിദ്യ അനുസരിച്ച് വ്യാപ്തിയും ആകൃതിയും സ്വഭാവവും കൈവരിക്കുന്ന പാത്രങ്ങളാണ് നമ്മള്. വിദ്യ വാര്‍ന്നുപോയാലും അതനുസരിച്ച് രൂപം കൈവരിച്ച പാത്രം അവശേഷിക്കുന്നു.”
“വളരെ സുന്ദരമായ ഒരു വിവരണമാണ് അത്, കുട്ടീ. വളരെ സുന്ദരമായത്. നിന്റെ ജ്ഞാനിയായ മാതുലനായിരിക്കണം അങ്ങനെ പറഞ്ഞത്. അതുകൊണ്ടാണല്ലൊ അവസാനം അദ്ദേഹം ആ പാത്രം കൂടി തച്ചുടച്ചുകളയുവാന് നിശ്ചയിച്ചത്! എന്നെ വധിച്ചത്!”
“മാതുലന്, മുരളീമനോഹരനായ കൃഷ്ണന് അങ്ങയെ വധിച്ചുവെന്നോ?”
“അതു സാരമില്ല, കുട്ടീ. ഇതിഹാസത്തിലെ ഒരു പാത്രവും പൂര്‍ണ്ണമായോ എന്നെന്നേയ്ക്കുമായോ ഉടഞ്ഞു പോകുന്നില്ല!”
“പതിമൂന്നു ദിവസങ്ങളല്ല, അനവധി വര്‍ഷങ്ങളായി ഈ യുദ്ധം തുടങ്ങിയിട്ട്,” അഭിമന്യു വികാരാധീനനായി പറഞ്ഞു. “പരസ്പര വൈരവും പരിഹാസവും പകപോക്കലും വധങ്ങളുമൊക്കെ ഈ കുരുക്ഷേത്രത്തിനപ്പുറം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. പതിനെട്ടു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ കുരുക്ഷേത്രത്തിലെ അങ്കം കൊണ്ട് ഈ നാടകത്തിന് അറുതി വരുവാനും പോകുന്നില്ല. ഉടയാത്ത പാത്രങ്ങളില്‍ ഇനിയുമെന്തെല്ലാം വേവുവാനിരിക്കുന്നു! പക്ഷേ, പതിനാറ് വര്‍ഷത്തേക്കു മാത്രം ഭൂമിയില്‍ വന്നു പിറന്ന എന്റെ ദൌത്യം ഇന്ന് മുഴുവനാകുകയാണ്. അതാ നോക്കൂ, സൂര്യന് താഴുവാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് ദിനനാഥന് അന്ധകാരത്തിന്റെ തിരശ്ശീല താഴ്ത്തി ആഴിയില്‍ താഴും മുമ്പേ എനിക്കു മടങ്ങിപ്പോകണം. എനിക്ക് ചുററും നിരന്നു നില്ക്കുന്ന ഈ മഹാരഥന്മാര്ക്ക് അതറിയില്ല. അവരുടെ ഉള്ളില്‍ മുഴുവന്‍ ഭയവും പകയുമാണ്. എന്റെ ഉളളില്‍ എന്നെ ഞാനാക്കിയ വിദ്യ മാത്രമേയുള്ളു. അതിനെ മുഴുവന്‍ പുറത്തേക്ക് ഒഴിച്ചുതീര്ക്കുവാന് തിരക്കുകൂട്ടുകയാണ് എന്റെ ശരീരത്തിലെ ധാതുക്കള്‍. എന്റെ പാത്രം ശൂന്യമാക്കുകയാണ് ഞാന്‍. ഇനി അത് അങ്ങയെപ്പോലെ ഒരു പാത്രം മാത്രമായിരിക്കും. ഇതിഹാസത്തിലായാലും ചരിത്രത്തിലായാലും.”
“എന്റെ മനസ്സിലും ഇപ്പോള്‍ പകയും വൈരവുമില്ല,” ഏകലവ്യന് രുദ്ധകണ്ഠനായി. ബാലന്റെ വചനങ്ങള്‍ പ്രായംകൊണ്ടു തഴമ്പിച്ച ആ നിഷാദനെ പ്രത്യക്ഷമായും സ്പര്‍ശിച്ചു. അയാള്‍ തുടര്‍ന്നു: “അതില്‍ വിഷാദം മാത്രമേയുള്ളു. ശൂന്യമായ എന്റെ പാത്രത്തെ ഞാന്‍ വിഷാദം കൊണ്ട് നിറച്ചിരിക്കുന്നു. നീയും കൌരവരോടുള്ള നിന്റെ വൈരത്തെയും ക്രോധത്തെയും അവസാനിപ്പിക്കുകയാണ്. എന്നെപ്പോലെ, വേറെ എന്തിന്റെയോ ബിംബമായി തീരുവാന്‍ തുടങ്ങുകയാണ് നിന്റെ ശൂന്യമായ പാത്രം.”
“എന്തിന്റെ ബിംബം?” അഭിമന്യുവിന്റെ പുരകങ്ങള് ജിജ്ഞാസകൊണ്ട് ഉയര്‍ന്നു.
ഏകലവ്യന് ചിരിച്ചു: “നിനക്കറിഞ്ഞുകൂടെ, കുമാരാ അത്? ഞാന്‍ വിദ്യയെ ബലികൊടുത്തവന്റെ ബിംബം. നീ വിദ്യയാല്‍ വഞ്ചിക്കപ്പെട്ടവന്റെയും.”
“വിദ്യ ആരെയും വഞ്ചിക്കുന്നില്ല,” അഭിമന്യു എതിര്‍ത്തു. “എന്റെ വിദ്യ അര്ദ്ധവിദ്യയായിരുന്നു. അപൂര്‍ണ്ണമായി എന്നതിന് വിദ്യയുടെ മേല്‍ പഴി ചാരാമോ?”
ഏകലവ്യന് കുമാരന്റെ തോളില്‍ കൈവെച്ചു. അവന്റെ പൂപോലുള്ള കോമളശരീരത്തിന്റെ സ്പര്‍ശം നിഷാദന്റെ കറുത്ത് മിനുസമില്ലാത്ത കൈയിനെ, അവനെ വേദനിപ്പിക്കുമോ എന്ന ഭയത്താലെന്നപോലെ, ഉടനെ പിന്‍വലിച്ചു.
“ആരുടെ വിദ്യയാണ് കുട്ടീ പൂര്‍ണ്ണമായിട്ടുള്ളത്?” നിഷാദന് ചോദിച്ചു. “വിദ്യ അനന്തമാണ്. നമ്മളാകട്ടെ, ചുരുങ്ങിയ കാലത്തേക്ക് ചെറിയ ദൌത്യങ്ങളുമായി പിറക്കുന്നവര്‍. അതുകൊണ്ട് ഏവന്റെയും വിദ്യ പകുതി വിദ്യ മാത്രമാണ്. അമ്പ് തൊടുത്തു വിടുവാന്‍ മാത്രം അറിയുന്നവനാണ് മനുഷ്യന്. അതിനെ മടക്കിയെടുക്കുവാൻ കഴിയാത്തവന്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിദ്യ ബന്ധനമാണെന്ന്. ഒരുവനെ ഉണര്‍ത്തി, മോഹങ്ങളുടെ ചിറകുകള് കൊടുത്ത് പറപ്പിച്ച്, വേടന്മാരുടെ നടുവില്‍ കൊണ്ടുചെന്ന് അവിടെ ഉപേക്ഷിക്കുന്ന വിദ്യ. വിദ്യയെ പരിത്യജിക്കാത്തവന് ആരോ അവനെ വിദ്യ പരിത്യജിക്കുന്നു. ത്യജിക്കുന്നവനാണ് ജയിക്കുന്നത്. ആശ്ലേഷിക്കുവാന്‍ മുതിരുന്നവന് അടിമയായി അവശേഷിക്കുന്നു. ഇത് മനസ്സിലാക്കുവാന്‍ ഞാന്‍ എന്റെ യുവത്വം മുഴുവന്‍ ചെലവഴിച്ചു.”
“ഇല്ല അമ്മാവാ, ഞാന്‍ വിദ്യയെ പരിത്യജിക്കുകയില്ല. പകുതിയായാലും മുഴുവനായാലും ഞാന്‍ വിദ്യയെ പ്രയോഗിക്കും.”
“അതുകൊണ്ട് നീ വിജയിക്കുമെന്ന് കരുതുന്നുണ്ടോ?”
“അങ്ങ് സ്വയം ജയിച്ചുവെന്ന് കരുതുന്നുണ്ടോ? അങ്ങ് സ്വന്തം വിദ്യയെ കൈവെടിഞ്ഞത് ജയിക്കുവാന്‍ വേണ്ടിയല്ല, സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല, അങ്ങു പറയുന്ന കടപ്പാടുകളുടെ ബന്ധനത്തില്‍നിന്ന് മുക്തനാകുവാനും അല്ല. അതെല്ലാം അങ്ങയുടെ ഒഴികഴിവുകളായിരുന്നു. അങ്ങു സ്വന്തം വിദ്യയെ ബലികൊടുത്തത് ജീവിക്കുവാന്‍ വേണ്ടിയായിരുന്നു. ആയുസ്സിനു വേണ്ടി. ഇത്തിരി ആയുസ്സു നീട്ടിക്കിട്ടുവാന്‍. ആയുസ്സിന്റെ കുറച്ചു നീളം. തളളവിരല് മുറിച്ചുകൊടുത്ത് അങ്ങു കഴുത്തിനെ രക്ഷിച്ചു. ആയുസ്സിന്റെ ഇത്തിരി നീളത്തെ സ്വതന്ത്ര്യമെന്ന് വിളിച്ച് സ്വയം അനുമോദിച്ചു.”
“കുമാരാ, നീ എന്നെ മനസ്സിലാക്കുന്നില്ല. നിന്റെ പിതൃതുല്യനായ ഈ നിഷാദനെ. കറുത്തവനും കാടിനാല്‍ പരുപരുത്തവനാക്കപ്പെട്ടവനുമെങ്കിലും എന്റെ ഉളളിലെ മനസ്സിനെ. നീ എന്നെ വേദനിപ്പിക്കുന്നു.”
“പുത്രതുല്യനെന്ന സ്വാതന്ത്ര്യമെടുത്ത് ഞാന്‍ അങ്ങയെ ഇത്തരികൂടി വേദനിപ്പിക്കട്ടെ? ഒരു നിഷാദന്റെ പരുപരുത്ത ശക്തി, എന്താണ് അങ്ങ് അങ്ങയുടെ തീരുമാനത്തില്‍ പ്രയോഗിക്കാഞ്ഞത്? അങ്ങയുടെ ജീവിതം ഇന്ന് ശൂന്യമായ പാത്രത്തിന്റേതാണ്. എന്റേതും ശൂന്യമാകും. പക്ഷേ, എന്റേത് ശൂന്യമാക്കപ്പെടുന്നത് മരണത്തിനാലാണ്,കടമെടുത്ത ജീവിതത്താലല്ല.”
“കുട്ടീ, പ്രശ്നം മരണത്തന്റെയോ ജീവിക്കലിന്റെയോ അല്ല, വഞ്ചിക്കപ്പെടലിന്റേതാണ്. വഞ്ചിക്കപ്പടുന്നവന്റെ മനസ്സ് ഈ ചക്രവ്യൂഹത്തിനകത്തുവെച്ചെങ്കിലും നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി. നീ അഭിമാനത്തോടെ എടുത്തുകാട്ടുന്ന വീരന്റെ മരണംപോലും വഞ്ചിക്കപ്പെട്ടുകൊണ്ടുള്ള മരണമാകുമ്പോള്‍ അതിന്റെ ശോഭ അതിനു ചുററും ഉണ്ടാകുമോ? കുമാരാ, മനുഷ്യന് വഞ്ചിക്കപ്പെടുവാന്‍ വേണ്ടി പിറക്കുന്നു. ശത്രുക്കളാല്‍, മിത്രങ്ങളാല്, സ്വന്തം കുലത്തിനാല്‍, ബന്ധുജനങ്ങളാല്‍, അവന്റെതന്നെ ബുദ്ധിയാല്‍, ഏററവും ക്രൂരമായി അവന്റെതന്നെ ആയുധങ്ങളാല്‍, വിദ്യയാല്‍. സ്വയം ആശിച്ച്, സ്നേഹിച്ച്, തപസ്സ് ചെയ്ത് നേടിയ വിദ്യയാല്‍ തന്നെ. അതിലും വലിയ ദുഃഖം വേറൊന്നുണ്ടോ?”
“അമ്മാവാ, അങ്ങു വിദ്യയെ വെറുക്കുകയാണോ? അറിവിനെ, കലയെ, ഞാണൊലിയെ, മന്ത്രം ശ്രവിക്കുന്ന കാതിനെ, മന്ത്രം ഉരുവിടുന്ന നാക്കിനെ, സ്വന്തം തളളവിരലിനെ?”
“കുമാരാ, നീയെന്നെ തെററിദ്ധരിക്കുകയാണ്. ഞാന്‍ എന്റെ കഴുത്തിന്റെ കമിതാവാണെന്ന്. കണ്ണാടികളെ തേടുന്ന ലോലബുദ്ധികള്ക്കല്ലാതെ ഒരുവനും കഴുത്തിനെ കാണുവാന്‍ കഴിയുകയില്ല. ആ വിധമാണ് പ്രകൃതി നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. കുമാരാ, മനസ്സിലാക്കൂ, ഞാന്‍ വിദ്യയെ വെറുക്കുന്നില്ല. നീ പറഞ്ഞ ഒന്നിനെയും. ഞാന്‍ അവയെ എല്ലാത്തിനെയും, നിന്റെ മനസ്സിന് സങ്കല്പിക്കുവാന് കഴിയുന്ന തീവ്രതയോടുകൂടിത്തന്നെ സ്നേഹിക്കുന്നു. അതേ സമയം അവയ്ക്കെല്ലാം വേണ്ടി, അവയുടെ വേദനകള്‍ക്കു വേണ്ടി, വേദനിക്കുകയും ചെയ്യുന്നു.”
“എന്റെ പരുഷമായ വചനങ്ങള്‍ക്ക് മാപ്പു തരൂ, അമ്മാവാ. അഭിമന്യു ഏകലവ്യന്റെ മുമ്പില്‍ മുട്ടുകുത്തി.”
“പരുഷം നമ്മുടെ വചനങ്ങളല്ല, ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, പാര്ത്ഥപുത്രാ, നിനക്ക് പകുതി വിദ്യമാത്രം നല്കിയ നിന്റെ പിതാവായ പാര്‍ത്ഥനും പാര്‍ത്ഥന്റെ എല്ലാ കാര്യത്തിലും സാരഥിയായ കൃഷ്ണനും സിദ്ധിച്ചിട്ടുള്ളത് പകുതി വിദ്യതന്നെ. അത്യാസന്നമായ ഒരു നിമിഷത്തില്‍ ഏററവും ക്രൂരമായ വിധത്തില്‍ അത് അവരെ കൈയൊഴിയും. നിന്റെ പിതാവിന്റെ വിദ്യ നാരായണനുള്ള കാലത്തോളമേയുള്ളു. നാരായണന്റെ വിദ്യയാകട്ടെ. ഈ കുരുക്ഷേത്രത്തില്‍ മാത്രം ഫലിക്കുന്നതും. ഭാരതവര്‍ഷത്തിലെ ഓരോ രാഷ്ട്രവും പങ്കെടുക്കുന്ന ഈ മാഹയുദ്ധത്തിന്റെ സൂത്രധാരനും അതിന്റെ ചതുരംഗപ്പലകയിലെ ഓരോചലനത്തെയും അതീവ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന രാഷ്ട്രതന്ത്രജ്ഞനും കുത്തിയൊലിക്കുന്ന ഈ രണനദിയിലൂടെ പാണ്ഡവരെ കരപററിക്കുവാന് പോകുന്ന കൈവര്ത്തകനുമായ കേശവന്, അവസാനം ചെറിയൊരു സമൂഹം മാത്രമായ തന്റെ യദുകുലത്തിനുള്ളില് ജാതികളും ജാതികള്‍ക്കുള്ളിലെ ഉപജാതികളും തമ്മില്‍ കലാപങ്ങള്‍ ഉയരുമ്പോള്‍, അതൊടുക്കുവാനുള്ള അറിവും ബുദ്ധിയുമില്ലാതെ, കൈവിട്ടു പറന്നുപോയ സുദര്‍ശനചക്രവുമായി അവസാനത്തെ യാദവന്വരെ തമ്മില്‍ തല്ലി നശിക്കുന്നത് നിസ്സഹായനായി നോക്കി നില്ക്കും. യദുകുലത്തിനകത്തെ വംശീയ കലാപത്തിന്റെ മുമ്പില്‍ പരാജയം സമ്മതിച്ച വാസുദേവന്‍ സ്വയം പ്രാണന് കൈവിട്ടതിനുശേഷം, യാദവരാജ്യം മുഴുവന്‍ കൊളളയടിച്ച് വാസുദേവന്റെ പത്നി സത്യഭാമയടക്കമുള്ള യാദവസ്ത്രീകളെ മക്ഷാളന്മാര് പിടിച്ചുകൊണ്ടുപോകുമ്പോള്‍ സ്വന്തം വിദ്യയാല്‍ വഞ്ചിതനായി, ചുമലില്‍നിന്ന് ഗാണ്ഡീവം ഇളക്കുവാന്‍ അശക്തനായി നിന്റെ പിതാവ് നിന്ന് കരയും. മരണത്തേക്കാള്‍ ഭയാനകമാണ് അവരുടെ അവസ്ഥ. പൊരുതി മരിക്കുവാനായി അവര്‍ക്ക് മുമ്പില്‍ പടക്കളങ്ങളുണ്ടാവില്ല. ശവപ്പറമ്പുകളുടെ ശൂന്യത മാത്രം അവര്‍ക്ക്. അതില്‍നിന്ന് രക്ഷപ്പെടുവാനായി നാരായണനായ വാസുദേവന്‍ ആത്മഹത്യയില്‍ ശരണം തേടേണ്ടിവരുമ്പോള്‍, നരനായ അര്‍ജ്ജുനന്റെയും വിധി ഏറെ വ്യത്യസ്തമാകുന്നില്ല.”
അഭിമന്യു പല നിമിഷങ്ങള്‍ നിശ്ശബ്ദത പാലിച്ചു. താനില്ലാത്ത നാളെകളുടെ അററം തേടുന്ന വഴികളിലൂടെ അവന് വിവശനായി അലഞ്ഞുനടന്നു. അവയില്‍ നടമാടുന്ന നിശ്ശബ്ദതയുടെ മുഴക്കം അവനുള്ളില്‍ പ്രതിധ്വനിച്ചു. ഒടുവില്‍ അവന് ഞാണൊലികളും വാളൊലികളും തേര്‍ച്ചക്രങ്ങളുടെ ഇരമ്പലും ഭരിക്കുന്ന സ്വന്തം പടക്കളത്തിലേക്കു തന്നെ മടങ്ങിവന്നു.
“ശരിയാണ് അമ്മാവാ, മനുഷ്യാവസ്ഥ എന്നത് ഒരു വലയാണ്,” അഭിമന്യു പറഞ്ഞു. “പ്രശ്നങ്ങളെ കാണുന്നവര്‍ അവയിലൂടെ നടക്കുന്നു. എന്നാല്‍ എല്ലാം അവസാനം ഒരു വലയില്‍ ചെന്നു മുട്ടുന്നു. അതില്‍ കുടുങ്ങുന്നു. വഴിയെ എന്നതുപോലെ വലയെയും ഓരോ യാത്രക്കാരനും ഓരോ വിധത്തിലാകാം കാണുന്നത്. പക്ഷേ, വലയുടെ ചരടുകള്‍ക്കുള്ളില്‍ കുടുങ്ങുന്ന പ്രാണിയുടെ സംത്രാസം ഒന്നുതന്നെയാണ്. പിടയലും പൊരുതലും ഒന്നാണ്… പകുതി വിദ്യയുടെ മുറിഞ്ഞ ആയുധവുമായി ഞാന്‍ ഈ മഹാരഥന്മാര് നെയ്തുകൂട്ടിയ വലയത്തില്‍ നില്ക്കുന്നു. ഏരകപ്പുല്ലുകളുടെ സംഹാരതാണ്ഡവത്തിനും മക്ഷാളന്മാരുടെ അലര്‍ച്ചകള്‍ക്കും മുമ്പില്‍, കൈവിട്ടുപോയ സുദര്‍ശനത്തിനും ഇളകാത്ത ഗാണ്ഡീവത്തിനും വേണ്ടി പിടയുന്നു എന്റെ പിതാക്കള്‍. അമ്മാവാ ഒരുകാര്യം പറയൂ, ബലിപ്പൂട്ടിനു മുമ്പില്‍, സ്വയം ഉയര്‍ത്തിയ സ്വന്തം അമ്പിന്റെ താഴെ നില്‍ക്കവെ അങ്ങ് എന്താണ് അനുഭവിച്ചത്?”
പടക്കളത്തിനപ്പുറം ചക്രവാളത്തിന്റെ ചുമലില്‍ ചായുവാന്‍ തുടങ്ങിയ ദിവസത്തെ നോക്കി ഏകലവ്യന് പറഞ്ഞു:
“ഭയാനകമായിരുന്നു കുമാരാ, അത്. ഒരു നിമിഷംകൊണ്ട് സ്വാതന്ത്ര്യത്തിന്റെ മടിയില്‍ ചെന്നിറങ്ങുവാന്‍ പോകുന്ന അമ്പുപോലെ എന്റെ മനസ്സ് കുതിച്ചു. സ്വാതന്ത്ര്യം അമ്പുകള്‍ക്ക് ചെന്ന് തറയ്ക്കുവാന് കഴിയുന്ന ഒരു ബിന്ദുവല്ലെന്നും ഒരമ്പിനും തറയ്ക്കുവാനാകാത്ത ഒരു ബിന്ദുവിനെ തേടിയുളള യാത്ര മാത്രമാണെന്നും ഞാന്‍ സ്മരിച്ചില്ല. അവസാനമില്ലാത്ത, ആശ്രയമില്ലാത്ത, ഒരു ഏകാന്തയാത്രയുടെ വിഹ്വലതയിലേക്കാണ് ഞാന്‍ പുറപ്പെടുന്നതെന്ന്. ഞാന്‍ അറിഞ്ഞത് ഞാണിന്റെ വലിവും അമ്പിന്റെ ഉള്ളില്‍ നിറയുന്ന ശക്തിയും മാത്രമാണ്. വില്ലും അമ്പും ഞാന്‍ തന്നെയായിരുന്നു. കുമാരാ, വലിവും കുതിയും ഞാനായിരുന്നു.”
“ചക്രവ്യൂഹത്തിലേക്ക് എന്നെ കയറുകൊണ്ട് വരിഞ്ഞിട്ടെന്നപോലെ വലിച്ചുകൊണ്ടുപോയ ശക്തിയും മറ്റൊന്നല്ല. ആവേശം, ആവേശം മാത്രം,” അഭിമന്യു ഓര്‍മ്മയിലൂടെ യാത്രചെയ്തുകൊണ്ട് പറഞ്ഞു. “എല്ലാം ഇന്ന് രാവിലെയായിരുന്നു. എങ്കിലും എത്ര ദൂരെയായി തോന്നുന്നു. എത്ര ഭയാനകമായിരുന്നുവെന്നോ ദ്രോണന് ചമച്ച ചക്രവ്യൂഹം! അത്യാകര്‍ഷകമാംവിധം ഭയാനകം! ദ്വാരം തോറും സൂര്യതുല്യന്മാരായ രാജകുമാരന്മാര്. എല്ലാവരും ചെങ്കൊടിയെന്തുന്നവര്. ചുമന്ന പട്ടുടുത്തവര്‍. രക്തവിഭൂഷണര്. പൊന്മാല ചാര്‍ത്തി, ചന്ദനമണിഞ്ഞ പതിനായിരം വില്ലാളികള്‍. ദുര്യോധനപുത്രന്‍ ലക്ഷ്മണന് ഏററവും മുമ്പില്‍. പടനടുക്ക് ദുര്യോധനന്, കര്‍ണ്ണ ദുശ്ശാസന കൃപരൊത്ത്, വെങ്കൊററക്കുട ചൂടി, വെഞ്ചാമരങ്ങള്‍ വീശി, ഉദയാര്‍ക്കന്‍ കണക്ക്. പടത്തലയ്ക്ക് ദ്രോണന് സ്വയം. സിന്ധുരാജന്റെയരികില് അശ്വത്ഥാമാവ്. എല്ലാ പഴുതുകളും അടച്ചുകൊണ്ട് നൂററുവര്‍. ആര്‍ക്ക് തടുക്കുവാനാകും ഈ വ്യൂഹത്തിന്റെ വിളിയെ? ആര്‍ക്ക് സാധിക്കും? പാണ്ഡവപക്ഷത്ത് ഞാന്‍ മാത്രമായിരുന്നു., തിരിച്ചുവരുവാനുള്ള വിദ്യ അറിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നിട്ടും എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. തിരിച്ചുവരുവാന്‍ അറിയാത്തവനാണ് ഞാനെന്ന വസ്തുത അറിയാമായിരുന്ന യുധിഷ്ഠിരനമ്മാവന് എന്നെ തടയുവാനും കഴിഞ്ഞില്ല. അതായിരുന്നു വിദ്യയുടെ ഹരം. എന്റെയെന്നപോലെ എന്റെ അമ്മാവന്റെ മേലും.”
“അറിയാം കുട്ടീ, അറിയാം. ഈ മഹാഭാരതയുദ്ധത്തെ മുഴുവന്‍ പിന്നില്‍നിന്ന് ത്രസിപ്പിക്കുന്ന ഹരം. ഈ കുരുക്ഷേത്രഭൂമിയെ ആവേശിക്കുന്ന അഗ്നിയുടെ ഹരം. രാഷ്ട്രങ്ങളെ, കുലങ്ങളെ, രാജാക്കന്മാരെ, സേനാനായകരെ, വെറും സൈനികരേ, സ്ത്രീകളെ, ശിഖണ്ഡികളെ, കുട്ടികളെ, അന്ധരും ഷണ്ഡരുമായ പിതാമഹന്മാരെ, എല്ലാവരെയും സര്‍പ്പത്തില്‍ സര്‍പ്പങ്ങളെപ്പോലെ അതിലേക്ക് ആവാഹിച്ചെടുക്കുന്ന ഹരം. സത്യസത്യങ്ങള്ക്കും തെററ് — ശരികള്ക്കുമുപരി ഈ കുരുക്ഷേത്ര ഭൂമിയെ കത്തിക്കുന്നത് ആയുധവിദ്യയാണ്. പകയ്ക്കും വൈരത്തിനും ഉപരി വെറും ആയുധവിദ്യയിലെ നൈപുണ്യം കാണിക്കുവാനുള്ള മോഹം. ഞാന്‍ മീതെ, എനിക്കു മീതെ ആരുമില്ല എന്ന് തെളിയിക്കുവാന്‍ വേണ്ടി ദൂരദൂരദേശങ്ങളില്നിന്ന് രാജാക്കന്മാരും സേനാനായകുന്മാരും ഇവിടെ എത്തിച്ചേരുന്നു. വിജയത്തിനുവേണ്ടി പിതാക്കളും പിതാമഹന്മാരും പുത്രന്മാരേയും പൌത്രന്മാരെയും ഇവിടെ കുരുതികഴിക്കുന്നു. എന്നാല്‍ ഈ രണനദിക്ക് അക്കരെയെത്തുന്നതില് വിജയിക്കുന്നതായ് രണ്ടുപേരെ മാത്രമേ ഞാന്‍ കാണുന്നുള്ളു. പാണ്ഡവപക്ഷത്തുനിന്ന് മൃതനായി ജനിച്ച പരീക്ഷിത്തിനെയും, കൌരവപക്ഷത്തുനിന്ന് മരണമില്ലാതെ ലോകത്തിലെ ആധികളെയും വ്യാധികളെയും മുഴുവന്‍ പേറിക്കൊണ്ട് അലയാന്‍ വിധിക്കപ്പെട്ട അശ്വത്ഥാമാവിനെയും.”
“അമ്മാവാ, അമ്മാവന് വിജയപ്രാര്ത്ഥികളുടെ പോരു മാത്രമേ കാണുന്നുള്ളു. വിജയപരാജയങ്ങള്‍ക്ക് ഉപരിയായുള്ള പോരിനെ കാണാതെ പോകുന്നു. സ്വന്തം പുത്രന്മാരെയും പൌത്രന്മാരെയും കുരുതി കൊടുക്കുന്നവരെ കാണുന്നു. മരണത്തിലേക്ക് സ്വയം അന്തസ്സോടെ നടന്നു ചെല്ലുന്നവരെ ഇല്ല. മനുഷ്യരില്‍ മനുഷ്യനായ ഭീഷ്മാപിതാമഹന് പടക്കളത്തില്‍ എതിര്‍പക്ഷത്തു നില്ക്കുന്ന എന്റെ പിതാവിനെ വിളിച്ച്, തന്നെ വധിക്കുവാനുള്ള ഉപായം ഉപദേശിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടു. തന്നെ വധിക്കുവാന്‍ വേണ്ടി ജന്മമെടുത്തവനെന്ന് അറിയാമായിരുന്നിട്ടും ശിഷ്യനായ ധൃഷ്ടദ്യുമ്നനെ ദ്രോണന് പരമാവധി വിദ്യ അഭ്യസിപ്പിച്ച കഥ ഞാന്‍ ശ്രവിച്ചു. അതെ, പണത്തിനുവേണ്ടി കൌരവര്‍ക്ക് സ്വയം തീറെഴുതിക്കാടുത്തവനെന്ന് നമ്മള് മനസ്സിലാക്കുന്ന ദ്രോണന്തന്നെ. അങ്ങയുടെ തളളവിരല് ഗുരുദക്ഷിണയായി ആവശ്യപ്പെട്ട ദ്രോണന്. ഭാവിയില്‍ ശത്രുപക്ഷത്തുനിന്ന് തന്റെ നേരെ പൊരുതുവാന്പോകുന്ന എന്റെ പിതാവിനുവേണ്ടി, സ്വന്തം പക്ഷത്തുനിന്നു പൊരുതി അദ്ദേഹത്തെ തോല്പിക്കുവാന് കഴിയുമായിരുന്ന അങ്ങയുടെ തളളവിരല്.”
“നീ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു കുട്ടീ. നമുക്ക് ഒരു വികല്പമോ, അഭിപ്രായംപോലുമോ ഇല്ലാത്ത വിധം നാം നേടുന്ന വിദ്യ നമ്മുടെ വഴിയെ നിര്‍ണ്ണയിക്കുന്നു. ആ വഴിയുടെ അററത്തിരിക്കുന്നത് നമുക്ക് ആശാസ്യമായ ഒന്നല്ലെന്ന് വന്നാല്ക്കൂടി അത് നമ്മെ അതിലേക്കുതന്നെ വലിച്ചുകൊണ്ടുപോകുന്നു. നമുക്ക് മറുത്ത് ചിന്തിക്കുവാന്‍ ഒരവസരംകൂടി തരാതെ. നാം നമ്മുടെ വിദ്യയുടെ അടിമകളാകുന്നു, അതിന്റെ കൈയിലെ കരുക്കളാകുന്നു.”
“അങ്ങ് ഈ അവസ്ഥയുടെ മറുവശത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? അറിവ് ഇല്ലാത്തവന്, അഥവാ അതിനെ സ്വയം കൈവെടിഞ്ഞവന് നേടുന്നത് എന്താണ്? അവന് എങ്ങോട്ടും പോകുന്നില്ല. ഒരിടത്തുതന്നെ ഉറച്ചുപോകുന്നു അവന്. ഈ യാത്ര, ലക്ഷ്യത്തെ അപ്രസക്തമാക്കുന്ന അതിന്റെ ആവേശം, ഈ ചക്രവ്യൂഹം — ആ നിശ്ചലവും അലസവുമായ നിഷാദിതാവസ്ഥയേക്കാള് എത്രയോ അഭികാമ്യമാണ് ഇതൊക്കെ. ശത്രുക്കള്‍ എതിര്‍ക്കട്ടെ, ജീവിതം, മിത്രങ്ങൾ, നമ്മുടെ ആയുധങ്ങള്‍തന്നെ നമുക്കെതിരെ തിരിയട്ടെ. പക്ഷേ, ഏകനായി നിന്നുകൊണ്ടുള്ള സംഘര്‍ഷം, സ്വന്തം അറിവിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് — ഇതല്ലാതെ നമ്മള് ചെറിയ മനുഷ്യര്‍ക്ക് എന്താണുള്ളത് അമ്മാവാ? അങ്ങ് സ്വയം ആഗ്രഹിച്ച് അഭ്യസിച്ചതാണ് വിദ്യ. അങ്ങയുടെ എല്ലാമായിരുന്നു അത്. അതിന് മീതെക്കൂടി ചവിട്ടി മെതിച്ചുപോകുന്ന, അങ്ങയുടെ ജീവിതത്തെ കുറേക്കൂടി നീട്ടിക്കെട്ടിയ, വര്‍ഷങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്? നാളകള്ക്കുള്ളില് ഒളിച്ചിരിക്കുന്നത് ശാപങ്ങളാകട്ടെ, ഗുരുകോപമാകട്ടെ, പക്ഷേ അവ നമ്മള് സ്വയം തിരഞ്ഞെടുത്ത നമ്മുടെ നാളെകളാണ്. അതാണ് നമ്മൾ. അതുമാത്രമാണ് നമ്മള്. നമ്മുടെ വിദ്യ, അറിവ്, കല, സംഘര്‍ഷത്തിന്റെ നടുവില്‍ ഒററപ്പെട്ട മനുഷ്യന് അവന്റെ വിദ്യ മാത്രമാണ് കൂട്ട്. അര്ദ്ധമെങ്കില് അര്‍ദ്ധം. അങ്ങ് എന്തുകൊണ്ട് അങ്ങയുടെ ഏകാന്തതയെ വിററു? കുരുക്ഷേത്രത്തെ ഒഴിവാക്കി? പക്ഷം ചേരാത്തവനായി കരയ്ക്കിരുന്നു? ഇല്ല അമ്മാവാ, ഞാന്‍ അവിടെ ഇല്ല.”
അഭിമന്യു തന്നെ അഭിമുഖീകരിക്കുന്ന മഹാരഥന്മാരെ നോക്കി, നിര്‍ത്തി. ഏകലവ്യന് അതിന് ഉത്തരം പറയുവാന്‍ പല നിമിഷങ്ങളെടുത്തു. പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ അഭിമന്യുവിന്റെ മുഖത്തായിരുന്നില്ല. ബാലനെതിരെ അണിനിരന്നു നില്ക്കുന്ന യോദ്ധാക്കളുടെ കണ്ണുകളിലായിരുന്നു. പക്ഷേ, അയാള്‍ പറഞ്ഞത് അഭിമന്യുവിനോടോ അവന്റെ ശത്രുക്കളോടോ തന്നോടുതന്നെയോ എന്നു പറയുവാന്‍ പ്രയാസമായിരുന്നു. ഏകലവ്യന് പറഞ്ഞു:—
— എന്തു പറഞ്ഞു എന്ന് നമുക്കറിഞ്ഞുകൂടാ. ആഖ്യാനം ഇവിടെ വെച്ച് മുറിയുന്നു. ഇവിടെനിന്നങ്ങോട്ട് മുപ്പതോളം പേജുകള്‍ ആരോ കീറിക്കളഞ്ഞിരിക്കുന്നു. അഥവാ, കീറിയെടുത്തിരിക്കുന്നു. ആര്, എന്തിനുവേണ്ടി അതു ചെയ്തു എന്ന് ക്രോധത്തോടുകൂടി ചോദിക്കുക മാത്രമേ നിവൃത്തിയുള്ളു. ആ പുറങ്ങളില്‍ ഞാന്‍ വായിച്ചതിലും കൂടുതല്‍ ഉജ്ജ്വലമായ പ്രദേശങ്ങളിലേക്ക് ചര്‍ച്ച നീങ്ങുകയായിരുന്നുവോ? അത് സ്വന്തമായി സൂക്ഷിക്കുവാനുള്ള പ്രലോഭനം തടുക്കുവാനാകാതെയാണോ ആ സ്വാര്‍ത്ഥിയായ വായനക്കാരന് അത് കീറിയെടുത്തത്? അഥവാ, ആ ഭാഗം തന്നിഷ്ടക്കാരനായ അയാളുടെ അഭിപ്രായത്തില്‍ മററുള്ളവര്‍ വായിക്കുന്നത് ആശാസ്യമല്ലായിരുന്നുവോ? എല്ലാം ശങ്കിക്കുക മാത്രമേ എനിക്ക് നിവൃത്തിയുള്ളു.
ഏതായാലും ആ പേജുകളിലൂടെ സംവാദം തുടരുകതന്നെയായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍. കാരണം, നഷ്ടപ്പെട്ടുപോയ പേജുകളുടെ അവസാനം കാണുന്നത് അഭിമന്യൂവിന്റെ യുദ്ധക്കളത്തിലെ മരണത്തിന്റെ വിവരണമാണ്. അഭിമന്യു കര്‍ണ്ണപുത്രന്‍ വൃഷസേനനെയും, ശല്യപുത്രന്‍ രുക്മരഥനെയും കൊല്ലുന്നത്. തുടര്‍ന്ന് ദ്രോണന്, അശ്വത്ഥാമാവ്, കര്ണ്ണന്, ദുര്യോധനന് മുതലായവര്‍ ഒന്നിച്ച് അഭിമന്യുവിനെ നേരിടുന്നത്. ദുര്യോധനപുത്രന്‍ ലക്ഷ്മണനും കര്‍ണ്ണന്റെ ആറു മന്ത്രിമാരും അഭിമന്യുവിനാല്‍ വധിക്കപ്പെടുന്നു. കര്ണ്ണന് ക്രുദ്ധനായി ബാലനെ ആക്രമിച്ച് അവന്റെ വില്ല് മുറിച്ചുകളഞ്ഞു. കൃപന്‍ അവന്റെ അശ്വങ്ങളെയും തേരിനെയും തേരാളിയെയും നശിപ്പിച്ചു. വാളെടുത്ത് പൊരുതുവാന്‍ തുടങ്ങിയ ബാലന്റെ വാള് ദ്രോണന് കണ്ടിച്ചു. എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട അഭിമന്യു പൊളിഞ്ഞ വീണ തേരിന്റെ ചക്രം പൊക്കിയെടുത്ത് അതിനെ ആയുധമാക്കി പൊരുതി.
ചക്രം നുറുങ്ങി വീണു. അഭിമന്യു പോര്‍ക്കളത്തില്‍ ബോധംകെട്ടുവീണു. ആ അവസരം നോക്കി ദുശ്ശാസനപുത്രന് അവനെ ഗദകൊണ്ട് അടിച്ചുകൊന്നു. അതോടെ സൂര്യന് അസ്തമിച്ചു. ഇരുളുവാന്‍ തുടങ്ങിയ സന്ധ്യയില്‍, വേനല്‍ കാട് എരിച്ചതിനുശേഷം കെട്ടുപോയ തീയിനു ചുററും എന്നപോലെ അവനു ചുററും മഹാരഥന്മാര് നിന്നു. ഈ യുദ്ധത്തില്‍ ഭാഗമാകാന്‍ കഴിയാതിരുന്ന, നേരത്തെ വാസുദേവനാല്‍ വധിക്കപ്പെട്ട ഏകലവ്യന് ആ കാഴ്ച അകലെ നിശ്ശബ്ദം നോക്കിനിന്നു.
അതിനുശേഷമുള്ള ഭാഗങ്ങള്‍ എനിക്ക് പ്രധാനമായി തോന്നിയില്ല. യുദ്ധാനന്തരം രാജ്യഭാരമേറ്റെടുത്ത യുധിഷ്ഠിരന് നടത്തിയ അശ്വമേധത്തിലെ യജ്ഞാശ്വം കാശി, അംഗം, കോസലം, കിരാതം എന്നീ രാജ്യങ്ങള്‍ കടന്ന് നിഷാദരാജ്യത്തിലെത്തിയതും അപ്പോള്‍ നിഷാദരാജാവായിരുന്ന ഏകലവ്യപുത്രന്‍ അതിനെ യുദ്ധം കൊണ്ട് സ്വാഗതം ചെയ്തുതും തുടര്‍ന്നുണ്ടായ രോമാഞ്ചജനകമായ യുദ്ധത്തില്‍ പാര്ത്ഥന് ജയിച്ചതുമായ കഥ അവിടെ വിസ്തരിച്ച് പ്രതിപാദിക്കുന്നു.
’’നിഷാദപുരാണം’’ എന്നെ എങ്ങനെ ആവേശംകൊള്ളിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വിശേഷിച്ചും ധര്‍മ്മാധികാരി ഉയര്‍ത്തിയ ചോദ്യങ്ങള്‍ പലതും ഏതാണ്ട് അതേവിധത്തില്തന്നെ അതില്‍ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത് വായിച്ചപ്പോള്‍. സംവാദം ഒരു നിര്‍ദ്ദിഷ്ട രേഖയിലൂടെ സഞ്ചരിക്കാതെ അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ പല വഴികള്‍ കണ്ടുപിടിച്ചതും പുതിയ മാനങ്ങള്‍ കൈക്കൊണ്ടതും ഞാന്‍ കണ്ടു. ആദ്യം തോന്നിയത് എന്റെ കണ്ടുപിടിത്തം ധര്‍മ്മാധികാരിയെ ഉടനെ അറിയിക്കണമെന്നായിരുന്നു. ഞങ്ങള്‍ പിരിഞ്ഞിട്ട് ഏറെക്കാലം കഴിഞ്ഞതുകൊണ്ട് ഇതിനിടയ്ക്ക് അയാള്‍തന്നെ അത് എവിടെയെങ്കിലും കണ്ടെത്തിയിരിക്കാന്‍ സാധ്യതയുണ്ടായിരിന്നുവെങ്കിലും.
പക്ഷേ, അവിടെ എനിക്ക് നിരാശനാവേണ്ടിവന്നു. എന്റെ പഴയ ഡയറികള്‍ പലതും എന്റെ കൈയിലില്ലായിരുന്നു. ഏറെ തിരിച്ചിലിനുശേഷം കണ്ടെടുത്ത ഒന്നില്‍ ധര്‍മ്മാധികാരിയുടെ പേരു കിട്ടി. എന്നാല്‍ മേല്‍വിലാസത്തിലെ പ്രസക്തഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. പേരും വീടിന്റെ നമ്പറും കഴിഞ്ഞ് പിന്നെ പൂനാ (അന്ന് ആ വിധമായിരുന്നു ആ നഗരത്തിന്റെ പേര് എഴുതിയിരുന്നത്) എന്ന നഗരനാമം മാത്രമെ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞുള്ളു. ബാക്കിഭാഗം നനവു തട്ടി പൂര്‍ണ്ണമായും മാഞ്ഞുപോയിരുന്നു. പിന്നീട് കഴിയുമായിരുന്നത് പൂണെവരെപോയി അയാളെ തിരഞ്ഞു കണ്ടുപിടിക്കുകയാണ്. അതിന് മുമ്പായി നിഷാദപുരാണത്തിന്റെ മുഴുവന്‍ പേജുകളുമുള്ള ഒരു കോപ്പി കൈക്കലാക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനായി എന്റെ യാത്ര എനിക്കു ആദ്യം ഇലാഹാബാദിലേക്ക് തിരിച്ചുവിടേണ്ടിവന്നു.
ഇലാഹാബാദിലെ പുസ്തക് മന്ദിര്‍ കണ്ടുപിടിക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. സാമാന്യം വലിയ ഒരു പ്രസാധകസ്ഥാപനമായിരുന്ന പുസ്തക് മന്ദിറിന്റെ ഇപ്പോഴത്തെ ഉടമസ്ഥ ഒരു യുവതിയായിരുന്നു. ആകര്‍ഷകമായ രൂപവും വ്യക്തിത്വവും അസാധാരണമായ ഓജസ്സുമുള്ള അവര്‍ വ്യക്തിപരമായ അറിവ് ഇല്ലാതിരുന്നിട്ടും ഈ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കിളച്ചു പുറത്തെടുക്കുവാന്‍ എന്നെ സഹായിച്ചു. പതിനഞ്ചു കൊല്ലത്തിലേറെ പഴക്കമുളള പുസ്തകങ്ങളൊന്നും ഷോറുമുകളിലെ ഷെല്ഫുകളില് വെയ്ക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥലത്തിന്റെ കുറവു കാരണം പഴയ പുസ്തകങ്ങളേറെയും ലേലം വിളിച്ചു വിററു. ഇപ്പോള്‍ കമ്പനി പ്രധാനമായും പാഠപുസ്തകങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും അവര്‍ ആളുകളെ അയച്ച് ഗോഡൌണുകള്‍ മുഴുവന്‍ പരിശോധിപ്പിച്ചു. നിഷാദപുരാണത്തിന്റെ ഒരു കോപ്പിപോലും എവിടെയുമില്ലെന്ന് അവസാനം അവര്‍ വിഷാദപൂര്‍വ്വം എന്നെ അറിയിച്ചു. പുസ്തകങ്ങളുടെ ഒരു റിക്കാര്‍ഡ് കോപ്പിപോലും സൂക്ഷിക്കാത്ത പ്രസാധകരെപ്പററിയുള്ള എന്റെ നീരസം അറിയിക്കുവാന്‍ ഞാന്‍ മടിച്ചില്ല. അവര്‍ സ്വയം എന്റെ നീരസം പങ്കുവെച്ചു. എന്തു ചെയ്യാം, സ്ഥാപനം ഇടക്കാലത്ത്, അവരുടെ പിതാവിന്റെ മരണശേഷം കേസുകളില്‍ കുടുങ്ങുകയും കുറച്ചുകാലം പൂട്ടിയിടേണ്ടിവരികയും ചെയ്തു.
എങ്കിലും സംഗതികള്‍ അവിടെ ഉപേക്ഷിക്കാതെ, പ്രായംചെന്ന ചില ജോലിക്കാരുടെ സഹായത്തോടെ പഴയ റിക്കാര്‍ഡുകള്‍ പരിശോധിക്കുവാന്‍ തുടങ്ങി അവര്‍. അവസാനം ചില ഓഡിററ് റിപ്പോര്‍ട്ടുകളില്‍നിന്നാണ് അവര്‍ക്ക് അല്പം വിവരം കിട്ടിയത്. ഓഡിററ് ഒബ്ജെക്ഷനുകളും ഇന്‍കം–ടാക്സ് തര്‍ക്കങ്ങളും അല്പം നീണ്ടുപോയത് എന്റെ ഭാഗ്യമായി. അതുകൊണ്ട കമ്പനിക്ക് പഴയ കണക്കുപുസ്തകങ്ങള്‍ നശിപ്പിക്കാതെ സൂക്ഷിക്കേണ്ടിവന്നു. ഈ പുസ്തകങ്ങളില്‍നിന്ന് അവര്‍ക്ക് എനിക്ക് തരുവാന്‍ കഴിഞ്ഞ വിവരങ്ങള്‍ ഇത്രയായിരുന്നു: പുസ്തകം ഇറങ്ങിയത് 1970–ല്‍. പുസ്തത്തിന്റെ വില അമ്പതു രൂപ. അച്ചടിച്ച കോപ്പികള്‍ 500. കോപ്പിറൈററ് പുസ്തക് മന്ദിറിന്.
പുസ്തകം കണ്ടുപിടിക്കുന്നതിന് എനിക്കുണ്ടായിരുന്ന ഒരേയൊരു വഴി ഇനി വീണ്ടും പഴയ ലൈബ്രറികള്‍ തിരയുകയാണെന്ന് പുസ്തക് മന്ദിറിന്റെ ഉടമസ്ഥ എന്നെ ഖേദപൂര്‍വ്വം അറിയിച്ചു. പ്രായം ചെന്ന പഴയ പ്രൊഫസര്‍മാരുടെ വ്യക്തിപരമായ ശേഖരങ്ങളും തിരയാം. കമ്പനി പണ്ഡിതന്മാര്ക്ക് കോമ്പ്ലിമെന്ററി കോപ്പികള്‍ ധാരാളം കൊടുക്കാറുണ്ട്. എനിക്ക് ഭാഗ്യം നേര്‍ന്നുകൊണ്ട് അവര്‍ എന്നെ യാത്രയാക്കി.
പഴയ വേട്ട തുടരുവാനുള്ള ഈ തീരുമാനവുമായാണ് ഞാന്‍ ഇലാഹാബാദില്നിന്ന് ദില്ലിയില്‍ മടങ്ങിയെത്തിയത്. സംയോഗം എന്ന് പറയുന്നതില്‍ ആരെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ തിരിച്ച് ദില്ലിയില്‍ വന്നപ്പോള്‍ എനിക്ക് തീരെ അപരിചിതനായ മഗന്‍ലാല്‍ പട്ടേല്‍ എന്ന ഒരാളുടെ കത്ത് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. മഗന്‍ലാല്‍ പട്ടേല്‍ സൂറത്തില്‍നിന്നായിരുന്നു എഴുതിയിരുന്നത്. അയാള്‍ അവിടെ ഒരു ചെറുകിട ഇരുമ്പുവ്യാപാരിയാണ്. പട്ടേലിന് എന്നെ അറിയിക്കുവാനുണ്ടായിരുന്നത് അയാളുടെ വ്യാപാരത്തെപ്പററിയായിരുന്നില്ല ഇരുപത്തിയഞ്ചുകൊല്ലം മുമ്പ് പട്ടാളത്തില്‍ മേജറായിരുന്ന എന്‍ജിനീയര്‍ ധര്‍മ്മാധികാരി കഴിഞ്ഞ കൊല്ലം സൂറത്തിലുണ്ടായ പ്ലേഗില്‍ മരിച്ചുപോയെന്ന വിവരമായിരുന്നു. രോഗവും മരണവും പെട്ടെന്നാണ് ഉണ്ടായതെന്നതിനാല്‍ പരേതന് ആര്‍ക്കും സന്ദേശങ്ങളൊന്നും വിട്ടുപോയില്ല. പക്ഷേ, അയാളുടെ മേശപ്പുറത്ത് എന്റെ മേല്‍വിലാസമെഴുതിയ ഒരു കത്തുണ്ടായിരുന്നു. എപ്പോഴാണ് അയാള്‍ അത് എഴുതിവെച്ചത് എന്ന് പറയുവാന്‍ വയ്യ. ഏതായാലും അതെടുത്ത് നേരെ പോസ്ററ് ചെയ്യുന്നതിനു പകരം, ധര്‍മ്മാധികാരി മരിച്ചുപോയ വിവരം കാണിച്ച് ഒരു കുറിപ്പ് അതിനോട് ചേര്‍ക്കുന്നത് നന്നായിരിക്കുമെന്ന് അയാള്‍ക്കു തോന്നി. അയയ്ക്കുവാന് കുറെ വൈകി എന്നതില്‍ അയാള്‍ ക്ഷമ ചോദിക്കുന്നു.കത്തിന്റെ പുറത്ത് ധര്‍മ്മാധികാരി കുറിച്ചിരുന്ന എന്റെ മേല്വിലാസംതന്നെയാണ് പുതിയ കവറിന്റെ മേലും പട്ടേല്‍ പകര്‍ത്തി ചേര്‍ത്തിരിക്കുന്നത്. ധര്‍മ്മാധികാരിക്ക് ഞാന്‍ പിരിയുമ്പോള്‍ കൊടുത്തിരുന്ന എന്റെ കേരളത്തിലെ സഹോദരിയുടെ മേല്‍വിലാസമായിരുന്നു അത്. കത്ത് കേരളത്തില്‍ പോയി തിരിച്ച് ദില്ലിയില്‍ എത്തിയിരിക്കുന്നു. മഗന്പട്ടേലിന് ധര്മ്മാധികാരിയുമായുളള ബന്ധം എന്താണെന്ന് അയാള്‍ എഴുതിയിട്ടില്ല. അയാളെപ്പററിയും അയാളുടെ ദുഃഖകരമായ അന്ത്യത്തെപ്പററിയും എന്തെങ്കിലും കൂടുതല്‍ എഴുതേണ്ടത് ആവശ്യമായും അയാള്‍ക്ക് തോന്നിയില്ല.
പട്ടേലിന്റെ കത്ത് എന്നെ വിവശനാക്കിയെങ്കില് അതിന്റെ കൂടെയുണ്ടായിരുന്ന ധര്മ്മാധികാരിയുടേത് എന്നെ തികച്ചും സ്തബ്ധനാക്കി.
“ഏറെക്കാലമായി ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്തെഴുതണമെന്ന് വിചാരിച്ചുതുടങ്ങിയിട്ട്. എഴുതുകയുണ്ടായില്ല എന്നല്ലാതെ ഈ താമസത്തിന് കാരണമൊന്നും പറയാനില്ല. അതുപോലെതന്നെ ഇപ്പോള്‍ എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിച്ചാല്‍ അതിനും പ്രത്യേക കാരണമൊന്നും മനസ്സില്‍ വരുന്നില്ല.” ധര്‍മ്മാധികാരി എഴുതി. അയാളുടെ കൈപ്പടം കൈ എഴുതുന്ന നേരത്ത് ലേശം വിറച്ചിരുന്നതായി കാണിച്ചു. ചെറിയ കുട്ടികളെപ്പോലെ, ആവശ്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം പേനയില്‍ ഉപയോഗിച്ചിരുന്നതായും. അയാള്‍ പണ്ടും ഇങ്ങനെയാണോ എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ എനിക്ക് പറയുവാന്‍ കഴിയില്ല. ധര്‍മ്മാധികാരി തുടര്‍ന്നു:
“ഏതാണ്ട് രണ്ടര ദശാബ്ദം മുമ്പ് ചില വൈകുന്നേരങ്ങള്‍ നമ്മള് ഓജസ്സുള്ള സംഭാഷണങ്ങള്‍കൊണ്ട് സമ്പന്നമാക്കുകയുണ്ടായി. എന്‍ജിനീയറിങ് പഠിച്ചു എന്ന കാരണത്താല്‍ മാത്രം പട്ടാളസേവനത്തിന് നിര്‍ബന്ധിതരാക്കപ്പെട്ട അവസ്ഥയാണെന്നു തോന്നുന്നു നമ്മളെ രണ്ടു നൂററാണ്ടിലേറെ മുമ്പ് ബംഗാളിലെ നെയ്ത്തുകാരെയും, പുരാണങ്ങളിലെ ഏകലവ്യനെന്ന നിഷാദനെയും സ്വന്തം തളളവിരല് മുറിച്ചു കളയുവാനുള്ള ദുര്‍വിധിയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കൊണ്ടുവന്ന് സ്ഥാപിച്ചത്. ചിരപുരാതനമായ ഒരു ബൌദ്ധികപ്രശ്നത്തില് നമ്മള് വന്നുപെട്ടു. അന്ന് ആ ബൌദ്ധികവിചാരത്തിന് ആക്കം കൂട്ടുവാനായി ഞാന്‍ നിങ്ങളോട് ചില കഥകള്‍ പറയുകയുണ്ടായി. സത്യമെന്ന് തോന്നിക്കുന്ന കഥകള്‍. രമേശ്ദത്തിന്റെ ’’ഇക്കണോമിക് ഹിസ്റററി ഒഫ് ഇന്ത്യ’’ പ്രസിദ്ധീകരിച്ച കാലത്ത് അതില്‍ പറയുന്ന ബംഗാളിലെ നൂല്പ്പുകാരുടെ സ്വന്തം തളളവിരല് മുറിച്ചുകളഞ്ഞു കൊണ്ടുള്ള കൊളോണിയലിസത്തോടുള്ള പ്രതിരോധം ഒരു വലിയ വിവാദം അഴിച്ചുവിട്ടു എന്നതായിരുന്നു അതിലൊന്ന്. എനിക്ക് ഗുരുതുല്യനും ആദരണീയനുമായ വയോധികന് സദാശിവ് ജോഷി എന്നയാള്‍ ഏകലവ്യനെ കേന്ദ്രമാക്കിയ ഒരു പുരാണം താന്‍ വായിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞതായ കഥയായിരുന്നു മറ്റൊന്ന്. ആ പുരാണത്തെ തേടിയുള്ള എന്റെ നീണ്ട അന്വേഷണം ഇനിയുമൊന്നും.”
“സുഹൃത്തേ, ഈ കഥകളെല്ലാം താന്‍ വെറുതെ പറഞ്ഞതാണ്. വാസ്തവത്തില്‍ രമേശ്ദത്തിന്റെ പുസ്തകത്തിലെ പരാമര്‍ശം — അതെത്രയും ഭയാനകമായിരിക്കട്ടെ — അങ്ങനെയൊരു വിവാദമൊന്നും ഉണ്ടാക്കിയില്ല. അത് ആരെങ്കിലും ഈ നൂറു കൊല്ലത്തിനിടയ്ക്ക് ശ്രദ്ധിച്ചതായിത്തന്നെ അറിവില്ല. ഒരു പക്ഷേ, ഞാനും നിങ്ങളുമൊഴിച്ച്. എനിക്ക് സദാശിവ് ജോഷി എന്ന പേരില്‍ ഒരു സുഹൃത്തില്ല. ഏകലവ്യനെക്കുറിച്ച് ഒരു പുരാണവും ഇല്ല. ഏകലവ്യനും അഭിമന്യുവും തമ്മില്‍ പടക്കളത്തില്‍ വെച്ച് നടന്നതായ സംവാദത്തെപ്പററി ഞാന്‍ പറയേണ്ടതില്ലല്ലോ. വിവാദങ്ങളും സംവാദങ്ങളുമെല്ലാം എന്റെ ഉള്ളില്‍ മാത്രമായിരുന്നു.
“ഈ നീണ്ടകാലത്തിനുശേഷം ഇപ്പോള്‍ ഇങ്ങനെ എഴുതുമ്പോള്‍ നിങ്ങളോട് മാപ്പ് ചോദിക്കണമെന്ന് ചിലപ്പോള്‍ എന്റെ മനസ്സ് പറയുന്നു. ചിലപ്പോള്‍ എന്താണതില്‍ മാപ്പ് ചോദിക്കുവാന്‍ മാത്രം ഗൌരവമായുള്ളത് എന്നും തോന്നുന്നു. നാം വായിക്കുന്ന പുരാണങ്ങളിലും സാഹിത്യകൃതികളിലുമൊക്കെ എത്ര സത്യം, എത്ര ഭാവന എന്ന് നമമള് അന്വേഷിക്കാറുണ്ടോ? ഉളളത് ഏത്, ഇല്ലാത്തത് ഏത് എന്നോ, ഉണ്ടാകാവുന്നതേത് ഉണ്ടാകാന്‍ സാധ്യതയില്ലാത്തതേത് എന്നോ ഉള്ള ചോദ്യങ്ങള്‍ ഒരുപക്ഷേ, അവയെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നില്ല. നാം അവയില്‍ വേറെ എന്തോ ആണ് തേടുന്നത്. ഇപ്പോള്‍ ഈ ദൂരത്തിരുന്ന് ആലോചിക്കുമ്പോള്‍ എനിക്ക് നമ്മുടെ ചര്‍ച്ചകളില്‍ ആ വേറെ എന്തോ ആണ് നിറഞ്ഞുനിന്നിരുന്നത് എന്നു തോന്നുന്നു. അതിനുവേണ്ടി ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു. നിങ്ങള്‍ എനിക്കു് നന്ദി പറയുമോ എന്ന് അത്ഭുതപ്പെടുകയും ചെയ്യുന്നു. സുഹൃത്തേ, ഇനിയും നമ്മള് കാണുകയാണെങ്കില്‍… അല്ല, നിങ്ങളുടെ കൌതുകങ്ങള്‍ ഇതിനകം മാറിക്കഴിഞ്ഞിട്ടില്ലെന്ന് എനിക്കെങ്ങനെ അറിയാം? അല്ലെങ്കില്‍ എന്റെ ആരോഗ്യം അങ്ങനെയൊരു കൂടിക്കാഴ്ചയെപ്പററി ആലോചിക്കുന്നതില്‍നിന്ന് എന്നെ തടയുന്നു.”
എത്രയും ലാഘവത്തോടുകൂടിയാണ് ധര്‍മ്മാധികാരി ഇത് എഴുതിയിരിക്കുന്നത്! എത്രയും ലാഘവത്തോടുകൂടിയാണ് അയാള്‍ ഒരുനാള്‍ പെട്ടെന്ന് വന്നു കയറിയ പ്ലേഗിന്റെ പുറത്തു കയറി, എനിക്ക് അങ്ങോട്ട് പറയാനുണ്ടായിരുന്നതിനെയൊക്കെ തട്ടി താഴെയിട്ട് യാത്രയായത്!
വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ പൊന്തിവന്ന ആദ്യത്തെ ചോദ്യം അയാള്‍ ഈ എഴുതിയിരിക്കുന്നതൊക്കെ ശരിയാണോ എന്നായിരുന്നു. എന്റെ മുമ്പിലുണ്ടായിരുന്ന ’’നിഷാദപുരാണമെന്ന’’ പുസ്തകത്തിന്റെ ഭാരിച്ച തെളിവിനെ അങ്ങനെ കവച്ചുവെച്ച് കടന്നു പോകുവാന്‍ കഴിയുമായിരുന്നുവോ എനിക്ക്? എനിക്ക് ഈ പുസ്തകം ഒരിക്കലും കണ്ടുകിട്ടുകയില്ലെന്ന് കരുതിയോ അയാള്‍?
ഉടനെതന്നെ പുസ്തക് മന്ദിറിന്റെ ഉടമസ്ഥ എനിക്കു തന്ന വിവരം നേരെ മറുപുറത്ത്, അയാളുടെ പക്ഷത്തെ ഒരു കനത്ത തെളിവായി വന്ന് സ്ഥാനം പിടിച്ചു. നിഷാദപുരാണം പുസ്തകക്കമ്പനി പ്രസിദ്ധീകരിച്ചത് 1970–ലായിരുന്നു. അതായത് ഞങ്ങള്‍ സദാശിവ് ജോഷിയെയും, അഭിമന്യു–ഏകലവ്യസംവാദത്തെയും പററി ചര്‍ച്ചചെയ്തതിനുശേഷം ഒരു മുഴുവന്‍ കൊല്ലം കഴിഞ്ഞിട്ട്… ഇനി വേണമെങ്കില്‍ എനിക്ക് ചെയ്യാവുന്നത്
ആ സമര്‍ത്ഥയായ സ്ത്രീ എനിക്ക് തന്ന വിവരത്തിന്റെ ശരിയെ സംശയിക്കുകയാണ്!…
സംശയങ്ങളുടെ പുറത്തുകയറി ഞാന്‍ മഗന്‍ലാല്‍ പട്ടേല്‍ അയച്ച കത്തിനെത്തന്നെ തിരിച്ചും മറിച്ചും നോക്കി. പേസ്റ്റോഫീസിന്റെ സീലുകള്‍ കത്തിന്റെ പുറത്തില്‍നിന്ന് കേരളത്തിലേക്കും അവിടെനിന്ന് നൂററിയെണ്പതു ഡിഗ്രി തിരിഞ്ഞ് ദില്ലിയിലേക്കുമുള്ള യാത്രയ്ക്ക് സാക്ഷ്യം നിന്നു.
സംശയത്തില്‍നിന്ന് വിസ്മയത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കുയായി പിന്നെ ഞാന്‍. വിദഗ്ദ്ധനായ ഒരു എന്‍ജിനീയറും, ചരിത്രത്തിലെയും സാഹിത്യത്തിലെയും ഗവേഷകനുമായ എന്റെ സുഹൃത്ത് വാണിജ്യനഗരമായ സൂറത്തില്‍, ഒരു ഇരുമ്പുകച്ചവടക്കാരന്‍ മാത്രം സഹായത്തിനുളള അവസ്ഥയില്‍, ചുമച്ചും ചോരതുപ്പിയും അവസാനിച്ചതെങ്ങനെ? അന്വേഷിച്ചു നടക്കുന്ന സത്യവും അറിവാവുന്ന ടെക്നോളജിയും ചിറക് ഒരിക്കലും താഴ്ത്താത്ത ഭാവനയും (അതിനെ നുണകളെന്ന് ഇനി ഞാന്‍ വിശേഷിപ്പിക്കുകയില്ല) കൂട്ടിക്കുഴച്ചുണ്ടാക്കിയ ആ വ്യക്തിത്വം മാലിന്യത്തിന് ചരിത്രപ്രസിദ്ധമായ ആ തുറമുഖനഗരത്തില്‍ എന്തിനെത്തേടി ചെന്നുവോ അത് നമ്മള് അറിയാതെ കിടക്കുന്നു. ഏതാണ്ട് നൂററാണ്ടിന്റെ വിടവിനുശേഷം അവിടത്തെ കുപ്പക്കുമ്പാരങ്ങളുടെ പിറകില്‍നിന്ന് വീണ്ടും ഉറക്കമെണീററ് പുറത്തു വന്ന പ്ലേഗ് എന്ന രാക്ഷസന് ഏതോ ചരിത്രദൌത്യത്താലെന്നപോലെ അയാളെ തിരഞ്ഞു പിടിച്ച് നിഷ്പ്രയാസം വിഴുങ്ങിയപ്പോള്‍, ചരിത്രത്തെ ചവുട്ടിയരച്ച് ചവുട്ടിയരച്ച് വെറും മണ്ണും പൊടിയുമാക്കിയ ഇവിടെ, ഈ ദില്ലി നഗരത്തില്‍, ഞങ്ങള്‍ പണിസ്ഥലത്തും വഴിയിലും വീട്ടിലും കാണുന്ന ഓരോ മനുഷ്യനെയും ശത്രിവായിക്കരുതി, അവന്റെ ശ്വാസത്തെ ഭയന്ന് മുഖംമൂടി വെച്ച് നടക്കുകയായിരുന്നു. പ്ലേഗ് കടന്നുപോയി. നൂററാണ്ടുകളായി ദേശത്തെയും വിദേശത്തെയും കച്ചവടക്കാരെ സംസ്കരിച്ചു കൊണ്ടിരുന്ന സൂറത്തിലെ ശ്മശാനത്തില്‍ മായികത നിറഞ്ഞുനില്ക്കുന്ന ഈ വ്യക്തിത്വം സ്വന്തം ധാതുക്കളിലേക്ക് മടങ്ങി.
എന്നാല്‍ പ്ലേഗിനെപ്പററിയുള്ള വിവാദം ഒടുങ്ങാതെ കിടക്കുന്നു. ഭൂതം പത്തിയടക്കി കുപ്പിയിലേക്ക് മടങ്ങിപ്പോയിട്ട് ഒരു കൊല്ലം കഴിഞ്ഞതിനുശേഷം ഇന്നും, ഓരോ നൂറു കൊല്ലം കൂടുമ്പോഴും സൂറത്തില്‍ അവതരിച്ചുകൊണ്ടിരുന്ന പഴയ പ്ലേഗുതന്നെയായിരുന്നുവോ തൊണ്ണൂററിനാലിലെ സന്ദര്‍ശകനും എന്ന് തീര്‍ച്ചയാവാതെ ശാസ്ത്രജ്ഞന്മാര് കുഴങ്ങുന്നു. പഴയ പ്ലേഗിന്റെ മ്യൂട്ടേഷന്‍സ് സംഭവിച്ചുണ്ടായ പുതിയൊരു അണുവായിരുന്നുവോ അത്, അതോ ഇനിയും നേരില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നാളത്തെ ശത്രുക്കള്‍ക്കു വേണ്ടി മനുഷ്യന് ലബോറട്ടറിയില്‍ നിര്‍മ്മിച്ച ഒരു ബയോളജിക്കല്‍ ആയുധമോ? മനുഷ്യനിര്മ്മിതമായിരുന്നുവെങ്കില്, അത് പുറത്തു ചാടിയത് ശാസ്ത്രജ്ഞന്മാര് അറിയാതെയോ, അവരുടെ ഒത്താശകളോടുകൂടിത്തന്നെയോ? അറിഞ്ഞുകൊണ്ടാണെങ്കില്‍ എന്തിന് അവര്‍ ആ ചരക്കിനെ ഇന്ത്യയിലെ ഈ തുറമുഖനഗരത്തില്‍ കൊണ്ടുവന്നിറക്കി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുവാന്‍ ഏറെക്കാലമെടുത്തേക്കും. അല്ലെങ്കില്‍ അത് ഒരിക്കലും കിട്ടിയില്ലെന്നും വരും.
അതിനിടയ്ക്ക് ശ്മശാനത്തിലേക്ക് തിരിക്കുന്നതിനുമുമ്പ് തിരക്കിട്ട് ഈയൊരു കടലാസുതുണ്ടില്‍ ധര്‍മ്മാധികാരി ഇറക്കിവെച്ച എനിക്കായുള്ള പ്രശ്നങ്ങള്‍ അവശേഷിക്കുന്നു. ദൂരെ, ദക്ഷിണഭാരതത്തില്‍ തഞ്ചാവൂരിലെ ഒരു വ്യാപാരികുടുംബത്തില്നിന്ന് ആന്ഡേഴ്സണ് കണ്ടെടുത്ത, രണ്ടു സഹസ്രാബ്ദങ്ങളെങ്കിലും പുരാതനമെന്ന് കരുതപ്പെടുന്ന ഈ ’’നിഷാദപുരാണത്തില്’’ ഉയര്‍ത്തിയിരിക്കുന്ന വിദ്യയെയും അധികാരത്തെയുംകുറിച്ചുള്ള ചോദ്യങ്ങള്‍ എങ്ങനെ ഭാരതത്തിന്റെ പൂര്വകോണിലെ ജഖാമാകുന്നിലെ ആര്‍മി ഓഫീസേഴ്സ് മെസ്സിലെ ചില്ലുജാലകങ്ങളില്‍ക്കൂടി താഴെ വിശാലമായ താഴ് വരയുടെ നിലാവില് പൊതിഞ്ഞ ചാരുതയാര്‍ന്ന ദൃശ്യം നോക്കിയിരുന്നുകൊണ്ട് തണുപ്പുള്ള ഒരു രാത്രിയില്‍ സംസാരിക്കെ മേജര്‍ ധര്‍മ്മാധികാരിയുടെ ഭാവനയില്‍ അതേപടി അവതരിച്ചു? അഥവാ പതിനെട്ടാം നൂററാണ്ടിലെ നവാബുമാര്‍ കൊള്ളയടിച്ച് കൊള്ളയടിച്ച് ദരിദ്രമായിക്കഴിഞ്ഞ ബംഗാളില്‍, സ്വാര്‍ത്ഥവും ദുരാഗ്രഹവും മുടക്കുമുതലാക്കി പടച്ചുകൂട്ടിയുണ്ടാക്കിയ ബ്രിട്ടീഷ് കമ്പനി വന്ന് പീഡനത്തിന്റെ നാണയങ്ങള്‍കൊണ്ട് വ്യാപാരം നടത്തവെ, അതില്‍ പണിചെയ്യുവാനുളള ദുര്യോഗമുണ്ടായ ആന്ഡേഴ്സണ് എന്ന മനുഷ്യത്വമുള്ള സായ്പിന്റെ ഭാവനയില്‍ അവതരിച്ചതോണോ ഈ പുരാണം? അല്ലെങ്കില്‍ അയാളുടെ പ്രശസ്തിയുടെയും പേരിന്റെയും മറയില്‍ നിന്നുകൊണ്ട് അയാളുടെ കൂട്ടുകാരന് പ്രൊഫസര്‍ ക്ലാര്‍ക്ക് എഴുതിയുണ്ടാക്കിയതോ ഇത്? ഇനിയും ഇലാഹാബാദിലെ പുസ്തക് മന്ദിറിലെ സുന്ദരിയായ തരുണിയുടെ സര്‍ഗ്ഗധനരായ പൂര്‍വ്വികരാണോ മൂലം നഷ്ടപ്പെട്ടുപോയെന്ന് വ്യാജം പറഞ്ഞ് ഇങ്ങനെയൊരു ഗ്രന്ഥമുണ്ടാക്കുന്ന സാഹസത്തിന് ഒരുങ്ങിയത്?
മനുഷ്യന്റെ മുമ്പിലെ വിവാദങ്ങള്‍ക്കൊന്നും മരണമില്ലെന്ന് തോന്നി. അവസാനമായ ഉത്തരത്തെ മുമ്പോട്ട് തളളിനീക്കിക്കൊണ്ട് അവ ജീവിച്ചുകൊണ്ടേയിരിക്കുന്നു. കുരുക്ഷേത്രങ്ങളും സാമ്രാജ്യത്വത്തിന്റെയും സര്വ്വാധിപത്യഭരണകൂടങ്ങളുടെയും ചാട്ടവാറുകളും തോക്കുകളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവതരിക്കുന്ന പ്ലേഗുകളും കൊന്നൊടുക്കുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ മീതെകൂടി കവച്ചുവെച്ചു നടന്ന് അവ പിന്നെയും പിന്നെയും മുമ്പില്‍ വന്നു നില്ക്കുന്നു. അഥവാ ധര്‍മ്മാധികാരി എഴുതിയിരിക്കുന്നതുപോലെ ഈ കൃതികളിലൊക്കെ നാം തേടുന്നത് ഇത്തരം പ്രശ്നങ്ങളല്ലല്ലൊ, വേറെ എന്തോ അല്ലേ?
അതെ, നിഷാദപുരാണമെന്ന ഈ പുസ്തകത്തിന്റെ കാലവും കര്ത്യത്വവുമല്ല നമ്മുടെ പ്രശ്നം. അതിന്റെ ഏതു ഭാഗം മൂലമെന്നും ഏതു ഭാഗം പ്രക്ഷിപ്തമെന്നും വേര്തിരിക്കുകയുമല്ല. (ഗുഹകളുടെ ചുമരുകളില്‍ ആദിമാനവന്‍ കോറിയിട്ട പോത്തുകളുടെയും കുതിരകളുടെയും ചിത്രങ്ങള്‍ക്കുശേഷം വരയ്ക്കപ്പെട്ട പോത്തുകളുടെയും കുതിരകളുടെയും ചിത്രങ്ങളെല്ലാം പ്രക്ഷിപ്തങ്ങളെന്നോ അനുകരണങ്ങളെന്നോ വിധിയെഴുതുന്നതുപോലെ ഒരു വ്യായാമമാകും അത്.) എന്റെ മുമ്പിലിരിക്കുന്ന പുസ്തക് മന്ദിറിന്റെ ’’നിഷാദപുരാണത്തിലെ’’ അഭിമന്യു–ഏകലവ്യസംവാദം എഴുതിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ആന്ഡേഴ്സണ് സായ് വോ, രണ്ടായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന ഒരു മഹര്‍ഷിയോ, വേറെ ആരെങ്കിലുമോ ആകട്ടെ. ആരായാലും എന്റെ സമകാലികനായ ധര്‍മ്മാധികാരിയുടെ എന്നപോലെ ഒരു മനസ്സിന്റെ ഭാവനയില്‍ വളര്‍ന്നതാണ് അത്. എന്നാല്‍ ഒരു കലാഹൃദയത്തിന്റെ ഭാവനയാണ് അതെന്നത് അതില്‍ ഉയര്‍ത്തിയിട്ടുളള പ്രശ്നങ്ങള്‍ സത്യമല്ലെന്ന് വരുത്തുന്നില്ല. വിദ്യയും അറിവും കലയും ഒരു വശത്തും അധികാരവും സ്വാര്‍ത്ഥതയും ദുരാഗ്രഹവും മറുവശത്തുമായി നടക്കുന്ന സംഘര്‍ഷത്തിന്റെ പുരാണം രണ്ടായിരമോ അയ്യായിരമോ കൊല്ലം മുമ്പ് തുടങ്ങിയിട്ടും എഴുതിത്തീര്ന്നിട്ടില്ലല്ലോ. എഴുത്താണി താഴെ വെയ്ക്കാന്‍ ഇടവരരുതെന്ന് നിര്‍ബന്ധിക്കുന്ന വിഘ്നേശ്വരനും അര്‍ത്ഥമറിഞ്ഞ് എഴുതണമെന്ന് ആവശ്യപ്പെടുന്ന കാവ്യകാരനും മത്സരിച്ച് അവരുടെ രാത്രികളില്‍ എണ്ണ കത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ പര്‍വം തീരുമ്പോഴും പിന്നെയും തള്ളവിരലോ കഴുത്തോ എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു. പുരാണം എന്നാല്‍ പുരാനവം എന്നാണെന്ന് (ജീവിച്ചിരുന്നിട്ടില്ലാത്ത) ജോഷി. എന്നും പുതുതായി തോന്നിക്കുന്ന പഴയത്, പഴയതായിക്കൊണ്ടേയിരിക്കുന്ന പുതിയത്, പഴയതായ പുതിയതിന്റെ സ്ഥാനത്ത് വരുന്ന പുതിയ പുതിയത്, അങ്ങനെയങ്ങനെ…
’’നിഷാദപുരാണത്തന്റെ’’ എന്റെ കൈയിലെ കോപ്പിയെ ഞാന്‍ സെന്‍ട്രൽ സെക്രട്ടേറിയററ് ലൈബ്രറിയുടെ ഇരുണ്ട കോറിഡോറിലെ വിഷയവും ക്രമവും തെററിച്ച ഷെല്ഫുകളൊന്നില് മടക്കിവെച്ചു. അതിന്റെ ഇല്ലാത്ത പേജുകളെ തേടിയുള്ള എന്റെ തിരച്ചിലും ഞാന്‍ ഉപേക്ഷിച്ചു. അപൂര്‍ണ്ണമായ ഈ പുരാണം അപൂര്ണ്ണമായിത്തന്നെയിരിക്കും ഇനിയും വരുവാനുള്ളവര്ക്കു വേണ്ടി. ആ പേജുകൾ വായിക്കുവാനുള്ളതല്ല, എഴുതാനുള്ളവയാണ്.
|