close
Sayahna Sayahna
Search

Difference between revisions of "ഒരുത്തമ മനുഷ്യൻ"


(മൊസ്സ്യുഈ വാക്ക് ഫ്രഞ്ചുഭാഷയിൽ, ഇംഗ്ലീഷിൽ ‘മിസ്റ്റർ’ എന്നതിന്നു ശരിയാണ്. മിറിയേൽ)
(സഹോദരനെ സഹോദരി വിളിക്കുന്നു)
 
(3 intermediate revisions by the same user not shown)
Line 90: Line 90:
 
മായുള്ള ഒരു ചെലവുപട്ടിക തയ്യാറാക്കി. അദ്ദേഹം സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിവച്ച ആ കുറിപ്പ് ഞങ്ങൾ ഇവിടെ പകർത്തുന്നു.
 
മായുള്ള ഒരു ചെലവുപട്ടിക തയ്യാറാക്കി. അദ്ദേഹം സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിവച്ച ആ കുറിപ്പ് ഞങ്ങൾ ഇവിടെ പകർത്തുന്നു.
  
{{center|എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥക്കുറിപ്പ്}}
+
{| class="wikitable" style="margin: 1em auto 1em auto;"
{{left|പള്ളിവക ചെറിയ വിദ്യാലയത്തിലേക്ക്}}  {{right|1500 ഫ്രാങ്ക്}}
+
|+ എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥക്കുറിപ്പ്
{{left|മിഷ്യനറി സംഘത്തിലേക്ക്}}          {{right|100  ഫ്രാങ്ക്}}
+
|പള്ളിവക ചെറിയ വിദ്യാലയത്തിലേക്ക്
{{left|മോങ്ദിദിയെയിലെ ലാസറിസ്റ്റ് സംഘത്തിലേക്ക്}}  {{right|100 ഫ്രാങ്ക്}}
+
|1500 ഫ്രാങ്ക്
{{left|പാരീസ്സിലെ വിദേശീയമിഷ്യൻവക സ്ഥാപനങ്ങളിലേക്ക് }} {{right|200  ഫ്രാങ്ക്}}
+
|-
{{left|‘പരിശുദ്ധാത്‌മാ’ സഭയിലേക്ക്  }} {{right|150  ഫ്രാങ്ക്}}
+
|മിഷ്യനറി സംഘത്തിലേക്ക്
{{left|പാലസ്‌തീനിലെ മതസംബന്ധികളായ സ്ഥാപനങ്ങളിലേക്ക് }} {{right|100  ഫ്രാങ്ക്}}
+
|100  ഫ്രാങ്ക്
{{left|ധർമപ്രസവാസ്‌പത്രി സംഘത്തിലേക്ക് }} {{right|300 ഫ്രാങ്ക്}}
+
|-
{{left|ആർളിലേതിനു പുറംചെലവ് }} {{right|50  ഫ്രാങ്ക്}}
+
|മോങ്ദിദിയെയിലെ ലാസറിസ്റ്റ് സംഘത്തിലേക്ക്
{{left|ജെയിലിൽ കിടക്കുന്ന കടക്കാരുടെ സുഖത്തിനും അവരെ വിടുവിക്കുന്നതിനും}}  {{right|500 ഫ്രാങ്ക്}}
+
|100 ഫ്രാങ്ക്
{{left|കടംമൂലം ജെയിലിൽക്കിടക്കുന്ന കുടുംബങ്ങളുടെ പിതാക്കന്മാരെ വിടുവിക്കാൻ}}  {{right|1000 ഫ്രാങ്ക്}}
+
|-
{{left|ഇടവകയിൽപ്പെട്ട സാധുക്കളായ അധ്യാപകന്മാർക്കു ശമ്പളത്തിനു പുറമെ കൊടുപ്പാൻ}}    {{right|2000 ഫ്രാങ്ക്}}
+
|പാരീസ്സിലെ വിദേശീയമിഷ്യൻവക സ്ഥാപനങ്ങളിലേക്ക്  
{{left|മേലെ ആൽപ്‌സിലുള്ള പൊതുജനങ്ങളുടെ ധനശേഖരത്തിലേക്ക് }}  {{right|1000 ഫ്രാങ്ക്}}
+
|200  ഫ്രാങ്ക്
{{left|സാധുക്കളായ പെൺകുട്ടികളെ ധർമ്മമായി പഠിപ്പിക്കാൻ ഡി. യിലും മനോസ്‌കിലും സിസ്തറോണിലുമുള്ള മാന്യസ്‌ത്രീസംഘത്തിലേക്ക് }}  {{right|1000 ഫ്രാങ്ക്}}
+
|-
{{left|സാധുക്കൾക്ക് }}  {{right|6000 ഫ്രാങ്ക്}}
+
|‘പരിശുദ്ധാത്‌മാ’ സഭയിലേക്ക്   
{{left|എന്റെ സ്വന്തം ചെലവിന് }}    {{right|1000 ഫ്രാങ്ക്}}
+
|150  ഫ്രാങ്ക്
 
+
|-
{{right|ആകെ  15000 ഫ്രാങ്ക്}}
+
|പാലസ്‌തീനിലെ മതസംബന്ധികളായ സ്ഥാപനങ്ങളിലേക്ക്  
 +
|100  ഫ്രാങ്ക്
 +
|-
 +
|ധർമപ്രസവാസ്‌പത്രി സംഘത്തിലേക്ക്  
 +
|300 ഫ്രാങ്ക്
 +
|-
 +
|ആർളിലേതിനു പുറംചെലവ്  
 +
|50  ഫ്രാങ്ക്
 +
|-
 +
|ജെയിലിൽ കിടക്കുന്ന കടക്കാരുടെ സുഖത്തിനും അവരെ വിടുവിക്കുന്നതിനും
 +
|500 ഫ്രാങ്ക്
 +
|-
 +
|കടംമൂലം ജെയിലിൽക്കിടക്കുന്ന കുടുംബങ്ങളുടെ പിതാക്കന്മാരെ വിടുവിക്കാൻ
 +
|1000 ഫ്രാങ്ക്
 +
|-
 +
|ഇടവകയിൽപ്പെട്ട സാധുക്കളായ അധ്യാപകന്മാർക്കു ശമ്പളത്തിനു പുറമെ കൊടുപ്പാൻ
 +
|2000 ഫ്രാങ്ക്
 +
|-
 +
|മേലെ ആൽപ്‌സിലുള്ള പൊതുജനങ്ങളുടെ ധനശേഖരത്തിലേക്ക്  
 +
|1000 ഫ്രാങ്ക്
 +
|-
 +
|സാധുക്കളായ പെൺകുട്ടികളെ ധർമ്മമായി പഠിപ്പിക്കാൻ ഡി. യിലും മനോസ്‌കിലും സിസ്തറോണിലുമുള്ള മാന്യസ്‌ത്രീസംഘത്തിലേക്ക്  
 +
|1000 ഫ്രാങ്ക്
 +
|-
 +
|സാധുക്കൾക്ക്  
 +
|6000 ഫ്രാങ്ക്
 +
|-
 +
|എന്റെ സ്വന്തം ചെലവിന്  
 +
|1000 ഫ്രാങ്ക്
 +
|-
 +
|ആകെ   
 +
|15000 ഫ്രാങ്ക്
 +
|-
 +
|}
  
 
ഡി.യിലെ മെത്രാനായിരുന്ന കാലത്തൊന്നും മൊസ്സ്യു മിറിയേൽ ഈ കണക്കിനു ഭേദം വരുത്തിയിട്ടില്ല. ഈ കുറിപ്പിനു മുകളിൽക്കണ്ടപോലെ, അദ്ദേഹം ഇതിന് ’’എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥ’’ എന്നു നാമകരണം ചെയ്‌തു.
 
ഡി.യിലെ മെത്രാനായിരുന്ന കാലത്തൊന്നും മൊസ്സ്യു മിറിയേൽ ഈ കണക്കിനു ഭേദം വരുത്തിയിട്ടില്ല. ഈ കുറിപ്പിനു മുകളിൽക്കണ്ടപോലെ, അദ്ദേഹം ഇതിന് ’’എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥ’’ എന്നു നാമകരണം ചെയ്‌തു.
Line 132: Line 165:
 
അന്ന് വൈകുന്നേരംതന്നെ മെത്രാൻ തന്റെ സഹോദരിയുടെ കൈയിൽ ഇങ്ങനെ ഒരു സവിശേഷക്കുറിപ്പ് എഴുതിക്കൊടുത്തു:
 
അന്ന് വൈകുന്നേരംതന്നെ മെത്രാൻ തന്റെ സഹോദരിയുടെ കൈയിൽ ഇങ്ങനെ ഒരു സവിശേഷക്കുറിപ്പ് എഴുതിക്കൊടുത്തു:
  
{{center|സവാരിവണ്ടിക്കും യാത്രയ്‌ക്കുംകൂടി ചെലവ്}}
+
{| class="wikitable" style="margin: 1em auto 1em auto;"
 
+
|+സവാരിവണ്ടിക്കും യാത്രയ്‌ക്കുംകൂടി ചെലവ്
{{left|ആശുപത്രിയിലുള്ള രോഗികൾക്ക് മാംസസൂപ്പിന്ന്}} {{right|1500 ഫ്രാങ്ക്}}
+
|-
{{left|ഐയിയിലെ ധർമപ്രസവാസ്‌പത്രിയോഗത്തിലേക്ക് }} {{right|250 ഫ്രാങ്ക്}}
+
|ആശുപത്രിയിലുള്ള രോഗികൾക്ക് മാംസസൂപ്പിന്ന്  
{{left|ദ്രാഗ്വീങ്യാങ്ങിലെ ധർമപ്രസവാസ്‌പത്രിയോഗത്തിലേക്ക് }} {{right|250 ഫ്രാങ്ക്}}
+
|1500 ഫ്രാങ്ക്
{{left|കണ്ടുകിട്ടിയ അനാഥക്കുട്ടികൾക്ക്  }} {{right|500 ഫ്രാങ്ക്}}
+
|-
{{left|അച്ഛനമ്മമാരില്ലാത്ത സാധുക്കുട്ടികൾക്ക് }} {{right|500 ഫ്രാങ്ക്}}
+
|ഐയിയിലെ ധർമപ്രസവാസ്‌പത്രിയോഗത്തിലേക്ക്  
 
+
|250 ഫ്രാങ്ക്
{{right|ആകെ  3000 ഫ്രാങ്ക്}}
+
|-
 +
|ദ്രാഗ്വീങ്യാങ്ങിലെ ധർമപ്രസവാസ്‌പത്രിയോഗത്തിലേക്ക്  
 +
|250 ഫ്രാങ്ക്
 +
|-
 +
|കണ്ടുകിട്ടിയ അനാഥക്കുട്ടികൾക്ക്   
 +
|500 ഫ്രാങ്ക്
 +
|-
 +
|അച്ഛനമ്മമാരില്ലാത്ത സാധുക്കുട്ടികൾക്ക്  
 +
|500 ഫ്രാങ്ക്
 +
|-
 +
|ആകെ   
 +
|3000 ഫ്രാങ്ക്
 +
|-
 +
|}
  
 
ഇങ്ങനെയായിരുന്നു മൊസ്സ്യു മിറിയേലിന്റെ ഒരു കൊല്ലത്തെ വരവുചെലവു കണക്ക്.
 
ഇങ്ങനെയായിരുന്നു മൊസ്സ്യു മിറിയേലിന്റെ ഒരു കൊല്ലത്തെ വരവുചെലവു കണക്ക്.
Line 448: Line 494:
 
{{right|‘ഡി., ഡിസേമ്പർ 16, 18–}}
 
{{right|‘ഡി., ഡിസേമ്പർ 16, 18–}}
  
::‘എന്റെ സുശീലയായ മദാം, ഞങ്ങൾ നിങ്ങളെപ്പറ്റി സംസാരിക്കാത്ത ഒരു ദിവസമെങ്കിലുമില്ല. അതു ഞങ്ങളുടെ ഒരു സമ്പ്രദായമായിരിക്കുന്നു; അതിനു പുറമേ ഒരു കാരണം കൂടിയുണ്ട്. ഇതു നോക്കൂ; തട്ടുകളും ചുമരുകളും കഴുകിത്തുടച്ചു നന്നാക്കുന്ന കൂട്ടത്തിൽ മദാം മഗ്ല്വാർ ചിലതു കണ്ടുപിടിച്ചു; നിറം ‌പിടിപ്പിച്ച പഴയ കടലാസ്സു ചുമരോടു കൂടിയ ഞങ്ങളുടെ രണ്ടു മുറികൾ ഇപ്പോൾ നിങ്ങളുടെതു പോലുള്ള ഒരു കോട്ടയ്‌ക്കു കിട്ടിയാൽ അവമാനമില്ല. മദാം മഗ്ല്വാർ ആ കടലാസ്സൊക്കെ വലിച്ചു കളഞ്ഞു. അതിന്നുള്ളിൽ ചിലതുണ്ടായിരുന്നു. യാതൊരു സാമാനവുമില്ലാത്തതും മുക്കിയ വസ്‌ത്രങ്ങൾ തോരാനിടാൻ ഉപയോഗിക്കുന്നതുമായ എന്റെ ഇരുപ്പുമുറി, പതിനഞ്ചടി ഉയരമുള്ളതും, പതിനേഴടി വിസ്‌താരമുള്ളതും,
+
::&lsquo;എന്റെ സുശീലയായ മദാം, ഞങ്ങൾ നിങ്ങളെപ്പറ്റി സംസാരിക്കാത്ത ഒരു ദിവസമെങ്കിലുമില്ല. അതു ഞങ്ങളുടെ ഒരു സമ്പ്രദായമായിരിക്കുന്നു; അതിനു പുറമേ ഒരു കാരണം കൂടിയുണ്ട്. ഇതു നോക്കൂ; തട്ടുകളും ചുമരുകളും കഴുകിത്തുടച്ചു നന്നാക്കുന്ന കൂട്ടത്തിൽ മദാം മഗ്ല്വാർ ചിലതു കണ്ടുപിടിച്ചു; നിറം ‌പിടിപ്പിച്ച പഴയ കടലാസ്സു ചുമരോടു കൂടിയ ഞങ്ങളുടെ രണ്ടു മുറികൾ ഇപ്പോൾ നിങ്ങളുടെതു പോലുള്ള ഒരു കോട്ടയ്‌ക്കു കിട്ടിയാൽ അവമാനമില്ല. മദാം മഗ്ല്വാർ ആ കടലാസ്സൊക്കെ വലിച്ചു കളഞ്ഞു. അതിന്നുള്ളിൽ ചിലതുണ്ടായിരുന്നു. യാതൊരു സാമാനവുമില്ലാത്തതും മുക്കിയ വസ്‌ത്രങ്ങൾ തോരാനിടാൻ ഉപയോഗിക്കുന്നതുമായ എന്റെ ഇരുപ്പുമുറി, പതിനഞ്ചടി ഉയരമുള്ളതും, പതിനേഴടി വിസ്‌താരമുള്ളതും, പണ്ടു കാലത്തു ചായം തേച്ചു തങ്കം പൂശിയതും, നിങ്ങളുടെ മുറിയിലെപ്പോലെ തുലാങ്ങളോടു കൂടിയ തട്ടിട്ടതുമാണ്. ഈ സ്ഥലം ആസ്‌പത്രിയായിരുന്ന കാലത്തു തട്ടെല്ലാം ഒരു തുണി കൊണ്ടു മൂടിയിരുന്നു. മരപ്പണിമുഴുവനും നമ്മുടെ മുത്തശ്ശിമാരുടെ കാലത്തേതാണ്. എന്നാൽ എന്റെ മുറിയാണ് നിങ്ങളൊന്നു കാണേണ്ടത്. മുകളിൽ പശയൊട്ടിച്ച ഏതാണ്ടു പത്തടുക്കു കടലാസ്സിനുള്ളിൽ വളരെ നല്ലവയെങ്കിലും കഴിച്ചു കൂട്ടാവുന്ന ചില ചിത്രപ്പണികൾ മദാം മഗ്ല്വാർ കണ്ടുപിടിച്ചിരിക്കുന്നു. ഏതോ ഒരു തോട്ടത്തിൽവെച്ചു &mdash; പേരു ഞാൻ ഓർമ്മ വിട്ടുപോയി &mdash; മിനവർവെയുടെ<ref>റോംകാരുടെയിടയിൽ ജ്ഞാനത്തിന്റെ അധിഷ്ഠാനദേവത.</ref> വിശ്വസ്‌ത ഭൃത്യനായി തെലമാക്കസ്സിനെ<ref>ഹോമറുടെ ഓഡിസ്സി എന്ന ഗ്രന്ഥത്തിലെ ഒരു കഥാപാത്രം. </ref> നിയമിക്കുന്നതാണു വിഷമം. അവിടെ റോമിലെ മാന്യസ്‌ത്രീകളെല്ലാം ഒരൊറ്റ രാത്രി കൊണ്ടു വന്നു ചേർന്നു, ഞാൻ നിങ്ങളോടു എന്തു പറയട്ടെ? റോമിലെ ആണുങ്ങളും പെണ്ണുങ്ങളും (ഇവിടെ ഒരു വാക്കു തിരിയുന്നില്ല) പരിവാരങ്ങൾ മുഴുവനും എന്റെ പക്കലുണ്ട്. മദാം മഗ്ല്വാർ അതു മുഴുവനും തുടച്ചു തെളിയിച്ചു. ഈ വേനലോടുകൂടി കുറേശ്ശെ കേടുള്ളതെല്ലാം തീർത്തു മുഴുവനും ഒന്നു ചായമിട്ടു പുതുക്കാനാണ് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നത്; എന്നാൽ എന്റെ അറ ഒരെണ്ണം പറഞ്ഞ കാഴ്‌ചബംഗ്ലാവും. എന്നല്ല, തട്ടിൻപുറത്ത് ഒരു മൂലയിൽ പഴയ മട്ടിൽ മരം കൊണ്ടുള്ള രണ്ടു ജാലകമേശകളൂം അവൾ കണ്ടെത്തിയിരിക്കുന്നു. അതുകൾ രണ്ടും പുതുതായി ചായമിടുവാൻ ഓരോന്നിന് ആറു ഫ്രാങ്കു വീതം വേണമെന്ന് ആളുകൾ കൂലി പറയുന്നു; പക്ഷേ, ആ സംഖ്യ സാധുക്കൾക്കു കൊടുക്കുകയാണുത്തമം; പോരാത്തതിന് അവ രണ്ടും കണ്ടാൽ ബഹുമോശം; ചേലവീട്ടി കൊണ്ടൂള്ള ഒരു വട്ടമേശയാണ് എനിക്കതിലും ബോധിച്ചിട്ടുള്ളത്.
 
 
പണ്ടു കാലത്തു ചായം തേച്ചു തങ്കം പൂശിയതും, നിങ്ങളുടെ മുറിയിലെപ്പോലെ തുലാങ്ങളോടു കൂടിയ തട്ടിട്ടതുമാണ്. ഈ സ്ഥലം ആസ്‌പത്രിയായിരുന്ന കാലത്തു തട്ടെല്ലാം ഒരു തുണി കൊണ്ടു മൂടിയിരുന്നു. മരപ്പണിമുഴുവനും നമ്മുടെ മുത്തശ്ശിമാരുടെ കാലത്തേതാണ്. എന്നാൽ എന്റെ മുറിയാണ് നിങ്ങളൊന്നു കാണേണ്ടത്. മുകളിൽ പശയൊട്ടിച്ച ഏതാണ്ടു പത്തടുക്കു കടലാസ്സിനുള്ളിൽ വളരെ നല്ലവയെങ്കിലും കഴിച്ചു കൂട്ടാവുന്ന ചില ചിത്രപ്പണികൾ മദാം മഗ്ല്വാർ കണ്ടുപിടിച്ചിരിക്കുന്നു. ഏതോ ഒരു തോട്ടത്തിൽവെച്ചു &mdash; പേരു ഞാൻ ഓർമ്മ വിട്ടുപോയി &mdash; മിനവർവെയുടെ<ref>റോംകാരുടെയിടയിൽ ജ്ഞാനത്തിന്റെ അധിഷ്ഠാനദേവത.</ref> വിശ്വസ്‌ത ഭൃത്യനായി തെലമാക്കസ്സിനെ<ref>ഹോമറുടെ ഓഡിസ്സി എന്ന ഗ്രന്ഥത്തിലെ ഒരു കഥാപാത്രം. </ref> നിയമിക്കുന്നതാണു വിഷമം. അവിടെ റോമിലെ മാന്യസ്‌ത്രീകളെല്ലാം ഒരൊറ്റ രാത്രി കൊണ്ടു വന്നു ചേർന്നു, ഞാൻ നിങ്ങളോടു എന്തു പറയട്ടെ? റോമിലെ ആണുങ്ങളും പെണ്ണുങ്ങളും (ഇവിടെ ഒരു വാക്കു തിരിയുന്നില്ല) പരിവാരങ്ങൾ മുഴുവനും എന്റെ പക്കലുണ്ട്. മദാം മഗ്ല്വാർ അതു മുഴുവനും തുടച്ചു തെളിയിച്ചു. ഈ വേനലോടുകൂടി കുറേശ്ശെ കേടുള്ളതെല്ലാം തീർത്തു മുഴുവനും ഒന്നു ചായമിട്ടു പുതുക്കാനാണ് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നത്; എന്നാൽ എന്റെ അറ ഒരെണ്ണം പറഞ്ഞ കാഴ്‌ചബംഗ്ലാവും. എന്നല്ല, തട്ടിൻപുറത്ത് ഒരു മൂലയിൽ പഴയ മട്ടിൽ മരം കൊണ്ടുള്ള രണ്ടു ജാലകമേശകളൂം അവൾ കണ്ടെത്തിയിരിക്കുന്നു. അതുകൾ രണ്ടും പുതുതായി ചായമിടുവാൻ ഓരോന്നിന് ആറു ഫ്രാങ്കു വീതം വേണമെന്ന് ആളുകൾ കൂലി പറയുന്നു; പക്ഷേ, ആ സംഖ്യ സാധുക്കൾക്കു കൊടുക്കുകയാണുത്തമം; പോരാത്തതിന് അവ രണ്ടും കണ്ടാൽ ബഹുമോശം; ചേലവീട്ടി കൊണ്ടൂള്ള ഒരു വട്ടമേശയാണ് എനിക്കതിലും ബോധിച്ചിട്ടുള്ളത്.
 
  
 
::&lsquo;എനിക്ക് എപ്പോഴും സുഖം തന്നെ. എന്റെ സഹോദരൻ എത്രയും നല്ലൊരാളാണ്. കൈയിലുള്ളതെല്ലാം അദ്ദേഹം സാധുക്കൾക്കും രോഗികൾക്കും കൊടുക്കുന്നു. ഞങ്ങൾ വളരെയധികം ഒതുങ്ങിയിട്ടാണ്. മഴക്കാലത്ത് ഈ രാജ്യത്തു ബഹുബുദ്ധിമുട്ടുണ്ട്. പാവങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ഞങ്ങൾ നിശ്ചയമായും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഏതാണ്ടു സുഖമായി വിളക്കു കത്തിക്കുന്നുണ്ട്; തണുപ്പു കൊണ്ടുള്ള ഉപദ്രവമില്ല; ഇതൊക്കെ മഹോത്സവമാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ. എന്റെ സഹോദരന്റെ മട്ടുകളെല്ലാം തന്റെ സ്വന്തമാണ്. സംസാരത്തിനിടയ്‌ക്ക്, ഒരു മെത്രാൻ അങ്ങനെയാണ് ചെയ്യേണ്ടതെന്നു പറയും. ആലോചിച്ചു നോക്കൂ! ഒരിക്കലും ഞങ്ങളുടെ വീട്ടിന്റെ വാതിലടയ്‌ക്കാറില്ല. കടക്കേണമെന്നു വിചാരിക്കുന്നയാൾക്കു ക്ഷണത്തിൽ എന്റെ സഹോദരന്റെ മുറിയിൽ എത്താം. രാത്രിയിൽക്കൂടി അദ്ദേഹത്തിന് ഒരു ഭയവുമില്ല. അദ്ദേഹത്തിന്റെ ഒരു തരം ധൈര്യമാണെന്നാണ് പറയാറ്.
 
::&lsquo;എനിക്ക് എപ്പോഴും സുഖം തന്നെ. എന്റെ സഹോദരൻ എത്രയും നല്ലൊരാളാണ്. കൈയിലുള്ളതെല്ലാം അദ്ദേഹം സാധുക്കൾക്കും രോഗികൾക്കും കൊടുക്കുന്നു. ഞങ്ങൾ വളരെയധികം ഒതുങ്ങിയിട്ടാണ്. മഴക്കാലത്ത് ഈ രാജ്യത്തു ബഹുബുദ്ധിമുട്ടുണ്ട്. പാവങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ഞങ്ങൾ നിശ്ചയമായും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഏതാണ്ടു സുഖമായി വിളക്കു കത്തിക്കുന്നുണ്ട്; തണുപ്പു കൊണ്ടുള്ള ഉപദ്രവമില്ല; ഇതൊക്കെ മഹോത്സവമാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ. എന്റെ സഹോദരന്റെ മട്ടുകളെല്ലാം തന്റെ സ്വന്തമാണ്. സംസാരത്തിനിടയ്‌ക്ക്, ഒരു മെത്രാൻ അങ്ങനെയാണ് ചെയ്യേണ്ടതെന്നു പറയും. ആലോചിച്ചു നോക്കൂ! ഒരിക്കലും ഞങ്ങളുടെ വീട്ടിന്റെ വാതിലടയ്‌ക്കാറില്ല. കടക്കേണമെന്നു വിചാരിക്കുന്നയാൾക്കു ക്ഷണത്തിൽ എന്റെ സഹോദരന്റെ മുറിയിൽ എത്താം. രാത്രിയിൽക്കൂടി അദ്ദേഹത്തിന് ഒരു ഭയവുമില്ല. അദ്ദേഹത്തിന്റെ ഒരു തരം ധൈര്യമാണെന്നാണ് പറയാറ്.
Line 458: Line 502:
 
::അദ്ദേഹം മഴയത്തു പുറത്തേക്കു പോവും; വെള്ളത്തിൽ നടക്കും; മഴക്കാലത്തു വഴിയാത്ര ചെയ്യും. അപടമുള്ള വഴികളിലും ആപൽമയങ്ങളായ സംഭവങ്ങളിലും രാത്രി സമയത്തും അദ്ദേഹത്തിനു ഭയമില്ല.  
 
::അദ്ദേഹം മഴയത്തു പുറത്തേക്കു പോവും; വെള്ളത്തിൽ നടക്കും; മഴക്കാലത്തു വഴിയാത്ര ചെയ്യും. അപടമുള്ള വഴികളിലും ആപൽമയങ്ങളായ സംഭവങ്ങളിലും രാത്രി സമയത്തും അദ്ദേഹത്തിനു ഭയമില്ല.  
  
കഴിഞ്ഞ കൊല്ലം അദ്ദേഹം തനിച്ചു തട്ടിപ്പറിക്കാരുള്ള ഒരു രാജ്യത്തേക്കു പോയി. അദ്ദേഹം ഞങ്ങളെ കൊണ്ടു പോവാൻ കൂട്ടാക്കിയില്ല. ഒരു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടേ വന്നുള്ളു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു യാതൊന്നും പറ്റിയിട്ടില്ല; മരിച്ചു എന്നു വിചാരിച്ചതാണ്; പക്ഷേ, അദ്ദേഹത്തിനു നല്ല സുഖം. അദ്ദേഹം പറഞ്ഞു: &lsquo;എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചത് ഇങ്ങനെയാണ്!&rsquo; എന്നിട്ട് ഒരു പണ്ടപ്പെട്ടി തുറന്നു; എംബ്രൂങ് പള്ളിയിലെ ആഭരണങ്ങളെല്ലാം അതിലുണ്ട്; കള്ളന്മാർ അവയെല്ലാം അദ്ദേഹത്തിനു കൊണ്ടു കൊടുത്തു.
+
::കഴിഞ്ഞ കൊല്ലം അദ്ദേഹം തനിച്ചു തട്ടിപ്പറിക്കാരുള്ള ഒരു രാജ്യത്തേക്കു പോയി. അദ്ദേഹം ഞങ്ങളെ കൊണ്ടു പോവാൻ കൂട്ടാക്കിയില്ല. ഒരു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടേ വന്നുള്ളു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു യാതൊന്നും പറ്റിയിട്ടില്ല; മരിച്ചു എന്നു വിചാരിച്ചതാണ്; പക്ഷേ, അദ്ദേഹത്തിനു നല്ല സുഖം. അദ്ദേഹം പറഞ്ഞു: &lsquo;എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചത് ഇങ്ങനെയാണ്!&rsquo; എന്നിട്ട് ഒരു പണ്ടപ്പെട്ടി തുറന്നു; എംബ്രൂങ് പള്ളിയിലെ ആഭരണങ്ങളെല്ലാം അതിലുണ്ട്; കള്ളന്മാർ അവയെല്ലാം അദ്ദേഹത്തിനു കൊണ്ടു കൊടുത്തു.
  
ആ തവണ മടങ്ങി വന്നപ്പോൾ കുറച്ചൊന്നു ശകാരിക്കാതിരിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞില്ല. ഏതായാലും വണ്ടി ശബ്ദം പുറപ്പെടുവിച്ചു, മറ്റാരും കേൾക്കില്ലെന്നായപ്പോഴെ ഞാൻ ചെയ്തുള്ളു.
+
::ആ തവണ മടങ്ങി വന്നപ്പോൾ കുറച്ചൊന്നു ശകാരിക്കാതിരിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞില്ല. ഏതായാലും വണ്ടി ശബ്ദം പുറപ്പെടുവിച്ചു, മറ്റാരും കേൾക്കില്ലെന്നായപ്പോഴെ ഞാൻ ചെയ്തുള്ളു.
  
ആദ്യത്തിൽ എന്നോടു തന്നെ ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: &lsquo;അദ്ദേഹത്തെ തടഞ്ഞു നിർത്തുന്ന അപകടങ്ങളില്ല; അദ്ദേഹം വല്ലാത്തൊരാളാണ്.&rsquo; ഇപ്പോൾ അതെനിക്കു തഴക്കമായി. ഒന്നും വിരോധം ഭാവിക്കരുതെന്നു ഞാൻ മദാം മഗ്ല്വാറോട് ആംഗ്യം കാണിക്കും. അദ്ദേഹത്തിനു വേണമെന്നു തോന്നുന്ന വിധം അദ്ദേഹം ദുർഘടത്തിൽ ചെന്നു ചാടും. ഞാൻ മദാം മഗ്ല്വാറെ കൂട്ടിക്കൊണ്ടു പോവും; എന്റെ മുറിയിൽ ചെല്ലും, അദ്ദേഹത്തിനു വേണ്ടി ഈശ്വരനോടു പ്രാർത്ഥിക്കും; കിടന്നുറങ്ങും, എനിക്കു നല്ല സമാധാനമുണ്ട്; എന്തെന്നാൽ അദ്ദേഹത്തിനു വല്ലതും വരുന്ന പക്ഷം എന്റെ കഥയും അതോടു കൂടി തീരും എന്നെനിക്കറിയാം. എന്റെ സഹോദരനോടും എന്റെ മെത്രാനോടും കൂടെ എനിക്കും എന്റെ ഈശ്വരന്റെ അടുക്കൽ ചെല്ലണം. എന്നെക്കാളധികം മദാം മഗ്ല്വാറിനാണ്, അവൾ പറയാറുള്ളതു പോലെ, അദ്ദേഹത്തിന്റെ ആലോചനക്കുറവുകളോടു തഴക്കം വരുവാൻ ബുദ്ധിമുട്ടായത്. പക്ഷേ, ഇപ്പോൾ അതു ശീലമായി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈശ്വരവന്ദനം ചെയ്യും; ഒരുമിച്ചിരുന്നു വിറയ്ക്കും; ഒരുമിച്ചു കിടന്നുറങ്ങും. ചെകുത്താൻ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുകയാണെങ്കിൽ, അവന്നതിന്നനുവാദം കിട്ടും. ആകപ്പാടെ, എന്താണ് ഈ വീട്ടിൽ ഞങ്ങൾക്കു ഭയപ്പെടാനുള്ളത്? ഞങ്ങളേക്കാൾ ശക്തിയുള്ള ഒരാൾ എപ്പോഴും ഞങ്ങളുടെ അടുത്തുണ്ട്. പിശാചിന് ഇതിലൂടെ കടന്നുപോവാം; പക്ഷേ, ദയാലുവായ ഈശ്വരൻ ഇവിടെ താമസിക്കുന്നു.
+
::ആദ്യത്തിൽ എന്നോടു തന്നെ ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: &lsquo;അദ്ദേഹത്തെ തടഞ്ഞു നിർത്തുന്ന അപകടങ്ങളില്ല; അദ്ദേഹം വല്ലാത്തൊരാളാണ്.&rsquo; ഇപ്പോൾ അതെനിക്കു തഴക്കമായി. ഒന്നും വിരോധം ഭാവിക്കരുതെന്നു ഞാൻ മദാം മഗ്ല്വാറോട് ആംഗ്യം കാണിക്കും. അദ്ദേഹത്തിനു വേണമെന്നു തോന്നുന്ന വിധം അദ്ദേഹം ദുർഘടത്തിൽ ചെന്നു ചാടും. ഞാൻ മദാം മഗ്ല്വാറെ കൂട്ടിക്കൊണ്ടു പോവും; എന്റെ മുറിയിൽ ചെല്ലും, അദ്ദേഹത്തിനു വേണ്ടി ഈശ്വരനോടു പ്രാർത്ഥിക്കും; കിടന്നുറങ്ങും, എനിക്കു നല്ല സമാധാനമുണ്ട്; എന്തെന്നാൽ അദ്ദേഹത്തിനു വല്ലതും വരുന്ന പക്ഷം എന്റെ കഥയും അതോടു കൂടി തീരും എന്നെനിക്കറിയാം. എന്റെ സഹോദരനോടും എന്റെ മെത്രാനോടും കൂടെ എനിക്കും എന്റെ ഈശ്വരന്റെ അടുക്കൽ ചെല്ലണം. എന്നെക്കാളധികം മദാം മഗ്ല്വാറിനാണ്, അവൾ പറയാറുള്ളതു പോലെ, അദ്ദേഹത്തിന്റെ ആലോചനക്കുറവുകളോടു തഴക്കം വരുവാൻ ബുദ്ധിമുട്ടായത്. പക്ഷേ, ഇപ്പോൾ അതു ശീലമായി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈശ്വരവന്ദനം ചെയ്യും; ഒരുമിച്ചിരുന്നു വിറയ്ക്കും; ഒരുമിച്ചു കിടന്നുറങ്ങും. ചെകുത്താൻ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുകയാണെങ്കിൽ, അവന്നതിന്നനുവാദം കിട്ടും. ആകപ്പാടെ, എന്താണ് ഈ വീട്ടിൽ ഞങ്ങൾക്കു ഭയപ്പെടാനുള്ളത്? ഞങ്ങളേക്കാൾ ശക്തിയുള്ള ഒരാൾ എപ്പോഴും ഞങ്ങളുടെ അടുത്തുണ്ട്. പിശാചിന് ഇതിലൂടെ കടന്നുപോവാം; പക്ഷേ, ദയാലുവായ ഈശ്വരൻ ഇവിടെ താമസിക്കുന്നു.
  
എനിക്ക് ഇത്രയേ വേണ്ടു. എന്റെ സഹോദരനെക്കൊണ്ട് ഒരക്ഷരവും ഞാൻ എന്നോടു പറയിക്കാറില്ല. അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ മനസ്സിലാക്കും; ഞങ്ങൾ ഞങ്ങളുടെ കാര്യം മുഴുവനും ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. വിശിഷ്ടാത്മാവായ ഒരാളോട് ഇങ്ങനെയാണ് ഒരാൾ ചെയ്യേണ്ടത്.
+
::എനിക്ക് ഇത്രയേ വേണ്ടു. എന്റെ സഹോദരനെക്കൊണ്ട് ഒരക്ഷരവും ഞാൻ എന്നോടു പറയിക്കാറില്ല. അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ മനസ്സിലാക്കും; ഞങ്ങൾ ഞങ്ങളുടെ കാര്യം മുഴുവനും ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. വിശിഷ്ടാത്മാവായ ഒരാളോട് ഇങ്ങനെയാണ് ഒരാൾ ചെയ്യേണ്ടത്.
  
ഫോകുടുംബത്തെപ്പറ്റി നിങ്ങൾ അറിയണമെന്നവശ്യപ്പെട്ട വിവരം ഞാൻ എന്റെ സഹോദരനോടു ചോദിച്ചു. അദ്ദേഹത്തിനു സകലവും നിശ്ചയമുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ; എന്നല്ല, അദ്ദേഹത്തിനു ഇവയെല്ലാം നല്ല ഓർമയുണ്ട്; എന്തുകൊണ്ടെന്നാൽ, ഇപ്പോഴും അദ്ദേഹം വളരെ നല്ല രാജകക്ഷിയാണ്. അവർ വാസ്തവത്തിൽ കെയിനിലെ ഒരു വലിയ പഴേ നോർമ്മൻ കുടുംബമാണ്. അഞ്ഞൂറു കൊല്ലത്തിനു മുൻപ് ഒരു റൂൾ ദ് ഫോവും ഒരു ഴാങ് ദ് ഫോവും ഒരു തോമസ് ദ് ഫൂവും ആ കുടുംബത്തിലുണ്ടായിരുന്നു; അവരൊക്കെ മാന്യന്മാരാണ്. അവരിൽ ഒരാൾ റോഷ് ഫോറിലെ ഒരു പ്രഭുവാണ്. ആ വംശത്തിൽ ഒടുവിലത്തെ ആൾ ഗൈ &mdash; എത്തിയാൻന്ന് &mdash; അലെക്സാന്തൃ അത്രേ; അദ്ദേഹം ഒരു പട്ടാളസൈന്യത്തിന്റെ മേലധ്യക്ഷനും ബ്രത്താങ്ങിലെ കുതിരപ്പട്ടാളത്തിൽ എന്തോ ഒരുദ്യോഗസ്ഥനുമായിരുന്നു. അയാളുടെ മകൾ ഫ്രാൻസിലെ ഒരു പ്രഭുവും ഫ്രഞ്ച് രക്ഷാഭടന്മാരുടെ കർണലും<ref>പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ഉദ്യോഗപ്പേര്. </ref> സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലും<ref>പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ഉദ്യോഗപ്പേര്. </ref> ആയ ലൂയി ദ് ഗ്രാമോങ്ങ് ഡ്യൂക്കിന്റെ മകനായ അദ്രിയങ് ഷർൽ ദ് ഗ്രാമോങ്ങിനെ കല്യാണം കഴിച്ചു. ഈ കുടുംബപ്പേർ Faux, Fauq, Faoucq ഇങ്ങനെ മൂന്നു വിധത്തിൽ എഴുതാം.  
+
::ഫോകുടുംബത്തെപ്പറ്റി നിങ്ങൾ അറിയണമെന്നവശ്യപ്പെട്ട വിവരം ഞാൻ എന്റെ സഹോദരനോടു ചോദിച്ചു. അദ്ദേഹത്തിനു സകലവും നിശ്ചയമുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ; എന്നല്ല, അദ്ദേഹത്തിനു ഇവയെല്ലാം നല്ല ഓർമയുണ്ട്; എന്തുകൊണ്ടെന്നാൽ, ഇപ്പോഴും അദ്ദേഹം വളരെ നല്ല രാജകക്ഷിയാണ്. അവർ വാസ്തവത്തിൽ കെയിനിലെ ഒരു വലിയ പഴേ നോർമ്മൻ കുടുംബമാണ്. അഞ്ഞൂറു കൊല്ലത്തിനു മുൻപ് ഒരു റൂൾ ദ് ഫോവും ഒരു ഴാങ് ദ് ഫോവും ഒരു തോമസ് ദ് ഫൂവും ആ കുടുംബത്തിലുണ്ടായിരുന്നു; അവരൊക്കെ മാന്യന്മാരാണ്. അവരിൽ ഒരാൾ റോഷ് ഫോറിലെ ഒരു പ്രഭുവാണ്. ആ വംശത്തിൽ ഒടുവിലത്തെ ആൾ ഗൈ &mdash; എത്തിയാൻന്ന് &mdash; അലെക്സാന്തൃ അത്രേ; അദ്ദേഹം ഒരു പട്ടാളസൈന്യത്തിന്റെ മേലധ്യക്ഷനും ബ്രത്താങ്ങിലെ കുതിരപ്പട്ടാളത്തിൽ എന്തോ ഒരുദ്യോഗസ്ഥനുമായിരുന്നു. അയാളുടെ മകൾ ഫ്രാൻസിലെ ഒരു പ്രഭുവും ഫ്രഞ്ച് രക്ഷാഭടന്മാരുടെ കർണലും<ref>പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ഉദ്യോഗപ്പേര്. </ref> സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലും<ref>പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ഉദ്യോഗപ്പേര്. </ref> ആയ ലൂയി ദ് ഗ്രാമോങ്ങ് ഡ്യൂക്കിന്റെ മകനായ അദ്രിയങ് ഷർൽ ദ് ഗ്രാമോങ്ങിനെ കല്യാണം കഴിച്ചു. ഈ കുടുംബപ്പേർ Faux, Fauq, Faoucq ഇങ്ങനെ മൂന്നു വിധത്തിൽ എഴുതാം.  
  
&ldquo;സുശീലയായ മദാം പരമഭക്തനായ നിങ്ങളുടെ ചാർച്ചക്കാരൻ മൊസ്സ്യു കാർദിനാലോട് അദ്ദേഹത്തിന്റെ ഈശ്വര പ്രാർത്ഥനകളിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് ഒന്ന് ശിപാർശ ചെയ്യുക. നിങ്ങളുടെ ഓമനയായ സിൽവാനിയാണെങ്കിൽ, നിങ്ങളോടൊരുമിച്ച് കഴിയുന്ന ആ വിലപ്പെട്ട അൽപസമയത്തെ എനിക്ക് കത്തെഴുതി ചെലവാക്കാത്തത് നല്ലതു തന്നെ. അവൾക്ക് സുഖം തന്നെ, നിങ്ങളുടെ ഇഷ്ടപ്രകാരം അവൾ പണിയെടുക്കുന്നു; എന്നെ അവൾ സ്നേഹിക്കുന്നുമുണ്ട്. ശരി, എനിക്ക് ഇത്രമാത്രമേ ആഗ്രഹമുള്ളൂ. നിങ്ങൾ മുഖേന അവൾ അയച്ചുതന്ന സ്മാരക സമ്മാനം എനിക്ക് കിട്ടി; എനിക്ക് വളരെ സന്തോഷമായി. എനിക്ക് ദേഹത്തിന് വലിയ സുഖക്കേടൊന്നുമില്ല; എങ്കിലും ദിവസംപ്രതി ഞാൻ മെലിഞ്ഞു വരുന്നു. എന്നാലോ, സ്വസ്ഥി; എന്റെ കടലാസ്സു തീർന്നു: അതുകൊണ്ട് എനിക്ക് നിങ്ങളോട് യാത്ര പറയേണ്ടിയിരിക്കുന്നു. ഒരായിരം മംഗളാശംസകൾ&rdquo;.
+
::&ldquo;സുശീലയായ മദാം പരമഭക്തനായ നിങ്ങളുടെ ചാർച്ചക്കാരൻ മൊസ്സ്യു കാർദിനാലോട് അദ്ദേഹത്തിന്റെ ഈശ്വര പ്രാർത്ഥനകളിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് ഒന്ന് ശിപാർശ ചെയ്യുക. നിങ്ങളുടെ ഓമനയായ സിൽവാനിയാണെങ്കിൽ, നിങ്ങളോടൊരുമിച്ച് കഴിയുന്ന ആ വിലപ്പെട്ട അൽപസമയത്തെ എനിക്ക് കത്തെഴുതി ചെലവാക്കാത്തത് നല്ലതു തന്നെ. അവൾക്ക് സുഖം തന്നെ, നിങ്ങളുടെ ഇഷ്ടപ്രകാരം അവൾ പണിയെടുക്കുന്നു; എന്നെ അവൾ സ്നേഹിക്കുന്നുമുണ്ട്. ശരി, എനിക്ക് ഇത്രമാത്രമേ ആഗ്രഹമുള്ളൂ. നിങ്ങൾ മുഖേന അവൾ അയച്ചുതന്ന സ്മാരക സമ്മാനം എനിക്ക് കിട്ടി; എനിക്ക് വളരെ സന്തോഷമായി. എനിക്ക് ദേഹത്തിന് വലിയ സുഖക്കേടൊന്നുമില്ല; എങ്കിലും ദിവസംപ്രതി ഞാൻ മെലിഞ്ഞു വരുന്നു. എന്നാലോ, സ്വസ്ഥി; എന്റെ കടലാസ്സു തീർന്നു: അതുകൊണ്ട് എനിക്ക് നിങ്ങളോട് യാത്ര പറയേണ്ടിയിരിക്കുന്നു. ഒരായിരം മംഗളാശംസകൾ&rdquo;.
 
{{right|ബപ്തിസ്തീൻ}}
 
{{right|ബപ്തിസ്തീൻ}}
;സൂചകം
+
::സൂചകം
:നിങ്ങളുടെ മരുമകൻ മിടുക്കനാണ്. അവന്ന് താമസിയാതെ അഞ്ച് വയസ് തികയുമെന്ന് നിങ്ങൾക്കറിയാമോ? ഇന്നലെ, കാൽമുട്ടിന്മേൽ രക്ഷകെട്ടിയ ഒരാൾ അവന്നടുക്കലൂടെ കുതിരപ്പുറത്ത് പോകുന്നത് കണ്ട് അവൻ ചോദിച്ചു; &lsquo;എന്താണ് അയാളുടെ കാൽമുട്ടിന്മേൽ?&rdquo; അവനൊരു നല്ലമിടുക്കൻ കുട്ടിയാണ്. അവന്റെ അനുജൻ ഒരു പഴയ ചൂൽ മുറിയിലെങ്ങും ഒരു വണ്ടിപോലെ &lsquo;ഫൂ&rsquo; എന്ന് പറഞ്ഞുകൊണ്ട് വലിച്ചു നടക്കുന്നു&rsquo;.
+
::നിങ്ങളുടെ മരുമകൻ മിടുക്കനാണ്. അവന്ന് താമസിയാതെ അഞ്ച് വയസ് തികയുമെന്ന് നിങ്ങൾക്കറിയാമോ? ഇന്നലെ, കാൽമുട്ടിന്മേൽ രക്ഷകെട്ടിയ ഒരാൾ അവന്നടുക്കലൂടെ കുതിരപ്പുറത്ത് പോകുന്നത് കണ്ട് അവൻ ചോദിച്ചു; &lsquo;എന്താണ് അയാളുടെ കാൽമുട്ടിന്മേൽ?&rdquo; അവനൊരു നല്ലമിടുക്കൻ കുട്ടിയാണ്. അവന്റെ അനുജൻ ഒരു പഴയ ചൂൽ മുറിയിലെങ്ങും ഒരു വണ്ടിപോലെ &lsquo;ഫൂ&rsquo; എന്ന് പറഞ്ഞുകൊണ്ട് വലിച്ചു നടക്കുന്നു&rsquo;.
  
 
ഈ കത്തിൽ നിന്ന് കാണുന്ന വിധം, തങ്ങളെക്കാളധികം ഒരു പുരുഷനെ അറിയുന്നതിന് സ്ത്രീകൾക്ക് സവിശേഷമായുള്ള ബുദ്ധിസാമർത്ഥ്യത്തോടു കൂടി, അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയറിഞ്ഞ് അതനുസരിച്ച് നടക്കേണ്ടതെങ്ങനെ എന്ന് ആ രണ്ട് സ്ത്രീകളൂം നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു. സൗമ്യതയോടുകൂടിയും യാതൊരു കലവറയുമില്ലാതെയുമുള്ള തന്റെ സഹജസ്വഭാവമിരുന്നാലും, ഡി.യിലെ മെത്രാൻ, താൻ ചെയ്യുന്നത് അങ്ങനെയൊന്നാണെന്ന് അറിയുകകൂടി ഉണ്ടായിട്ടില്ലെന്ന് തോന്നുമാറ്, ചില സമയത്ത് മഹത്തരങ്ങളും ധീരോദാത്തങ്ങളും ഉത്കൃഷ്ടങ്ങളുമായ ഓരോ പ്രവൃത്തികൾ കടന്ന് ചെയ്തിരുന്നു. അവർ വിറയ്ക്കും; പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്‌വാൻ അവർ അനുവദിക്കും. ചിലപ്പോൽ മദാം മഗ്ല്വാർ മുൻകൂട്ടി &mdash; അല്ലാതെ ആ സമയത്തോ അതു കഴിഞ്ഞോ അല്ല &mdash; ഉപദേശരൂപത്തിൽ ഒരു ചെറിയ പ്രസംഗം ചെയ്യും. അദ്ദേഹം ചെയ്യാനാരംഭിച്ചു കഴിഞ്ഞ യാതൊരു കാര്യത്തിലും അവർ വാക്കുകൊണ്ടോ ഭാവം കൊണ്ടോ ഒരിക്കലും വിരോധം കാണിക്കുകയില്ല. ചില സന്ദർഭങ്ങളിൽ, അദ്ദേഹത്തിന് പറയുവാൻ സൗകര്യമുണ്ടാവാതെ &mdash; അല്ലെങ്കിൽ ഏതാണ്ട് വാസ്തവമായി താൻ ചെയ്യുന്നതിനെക്കുറിച്ച് തനിക്കു തന്നെ നല്ല നിശ്ചയമില്ലാത്തപ്പോൾ &mdash; അദ്ദേഹം അത്രയും ശുദ്ധതയുള്ള ഒരാളാണ് &mdash; ഒരു മെത്രാന്റെ നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി അവർക്ക് ഒരു സംശയം തോന്നും; അന്ന് ആ വീട്ടിൽ അവർ രണ്ടു നിഴലുകളെക്കാൾ ഒട്ടും അധികമുണ്ടാവില്ല. അവർ ഒരെതിർപക്ഷമില്ലാതെ അദ്ദേഹത്തെ അനുസരിക്കും; അവരെ കാണാതിരിക്കുകയാണ് അനുസരണമെന്നുണ്ടെങ്കിൽ, അവർ മറഞ്ഞുകളയും. അഭിനന്ദനീയമായ ഒരു ബുദ്ധിവിശേഷത്തിന്റെ പ്രവൃത്തികൊണ്ടു, ചില ദുഃഖങ്ങളെയെല്ലാം അമർത്തിയിടുകയേ നിർവാഹമുള്ളൂ എന്ന് അവർക്കറിയാം. അദ്ദേഹം അപകടത്തിൽത്തന്നെയാണ് ചെന്നു ചാടാറുള്ളതെന്നു വിശ്വാസമുള്ളപ്പോൾക്കൂടി, അദ്ദേഹം ചെയ്യുന്നതെന്തെന്നു ലേശമെങ്കിലും അന്വേഷിച്ചു നോക്കാതിരിക്കത്തക്കവിധം, അദ്ദേഹത്തിന്റെ ആലോചന എന്നു ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ പ്രകൃതി, അവർ മനസ്സിലാക്കിക്കളയും; അവർ അദ്ദേഹത്തെ ഈശ്വരനിൽ സമർപ്പിക്കും.
 
ഈ കത്തിൽ നിന്ന് കാണുന്ന വിധം, തങ്ങളെക്കാളധികം ഒരു പുരുഷനെ അറിയുന്നതിന് സ്ത്രീകൾക്ക് സവിശേഷമായുള്ള ബുദ്ധിസാമർത്ഥ്യത്തോടു കൂടി, അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയറിഞ്ഞ് അതനുസരിച്ച് നടക്കേണ്ടതെങ്ങനെ എന്ന് ആ രണ്ട് സ്ത്രീകളൂം നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു. സൗമ്യതയോടുകൂടിയും യാതൊരു കലവറയുമില്ലാതെയുമുള്ള തന്റെ സഹജസ്വഭാവമിരുന്നാലും, ഡി.യിലെ മെത്രാൻ, താൻ ചെയ്യുന്നത് അങ്ങനെയൊന്നാണെന്ന് അറിയുകകൂടി ഉണ്ടായിട്ടില്ലെന്ന് തോന്നുമാറ്, ചില സമയത്ത് മഹത്തരങ്ങളും ധീരോദാത്തങ്ങളും ഉത്കൃഷ്ടങ്ങളുമായ ഓരോ പ്രവൃത്തികൾ കടന്ന് ചെയ്തിരുന്നു. അവർ വിറയ്ക്കും; പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്‌വാൻ അവർ അനുവദിക്കും. ചിലപ്പോൽ മദാം മഗ്ല്വാർ മുൻകൂട്ടി &mdash; അല്ലാതെ ആ സമയത്തോ അതു കഴിഞ്ഞോ അല്ല &mdash; ഉപദേശരൂപത്തിൽ ഒരു ചെറിയ പ്രസംഗം ചെയ്യും. അദ്ദേഹം ചെയ്യാനാരംഭിച്ചു കഴിഞ്ഞ യാതൊരു കാര്യത്തിലും അവർ വാക്കുകൊണ്ടോ ഭാവം കൊണ്ടോ ഒരിക്കലും വിരോധം കാണിക്കുകയില്ല. ചില സന്ദർഭങ്ങളിൽ, അദ്ദേഹത്തിന് പറയുവാൻ സൗകര്യമുണ്ടാവാതെ &mdash; അല്ലെങ്കിൽ ഏതാണ്ട് വാസ്തവമായി താൻ ചെയ്യുന്നതിനെക്കുറിച്ച് തനിക്കു തന്നെ നല്ല നിശ്ചയമില്ലാത്തപ്പോൾ &mdash; അദ്ദേഹം അത്രയും ശുദ്ധതയുള്ള ഒരാളാണ് &mdash; ഒരു മെത്രാന്റെ നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി അവർക്ക് ഒരു സംശയം തോന്നും; അന്ന് ആ വീട്ടിൽ അവർ രണ്ടു നിഴലുകളെക്കാൾ ഒട്ടും അധികമുണ്ടാവില്ല. അവർ ഒരെതിർപക്ഷമില്ലാതെ അദ്ദേഹത്തെ അനുസരിക്കും; അവരെ കാണാതിരിക്കുകയാണ് അനുസരണമെന്നുണ്ടെങ്കിൽ, അവർ മറഞ്ഞുകളയും. അഭിനന്ദനീയമായ ഒരു ബുദ്ധിവിശേഷത്തിന്റെ പ്രവൃത്തികൊണ്ടു, ചില ദുഃഖങ്ങളെയെല്ലാം അമർത്തിയിടുകയേ നിർവാഹമുള്ളൂ എന്ന് അവർക്കറിയാം. അദ്ദേഹം അപകടത്തിൽത്തന്നെയാണ് ചെന്നു ചാടാറുള്ളതെന്നു വിശ്വാസമുള്ളപ്പോൾക്കൂടി, അദ്ദേഹം ചെയ്യുന്നതെന്തെന്നു ലേശമെങ്കിലും അന്വേഷിച്ചു നോക്കാതിരിക്കത്തക്കവിധം, അദ്ദേഹത്തിന്റെ ആലോചന എന്നു ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ പ്രകൃതി, അവർ മനസ്സിലാക്കിക്കളയും; അവർ അദ്ദേഹത്തെ ഈശ്വരനിൽ സമർപ്പിക്കും.

Latest revision as of 02:06, 14 February 2015

പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350

മൊസ്സ്യു[1] മിറിയേൽ

ക്രിസ്ത്വാബ്‌ദം 1815-ൽ മൊസ്സ്യു ഷാൾ-ഫ്രാങ്സ്വ-ബിയങ് വെന്യു മിറിയേൽ ആയിരുന്നു ഡി.യിലെ മെത്രാൻ. അന്ന് അദ്ദേഹം ഏകദേശം എഴുപത്തഞ്ചു വയസ്സുള്ള ഒരു വൃദ്ധനാണ്. 1806 മുതല്‌ക്ക് അദ്ദേഹം ഡി.യിലെ ഇടവകഭരണം കായ്യേറ്റിയിരിക്കുന്നു.

ഞങ്ങൾ അടുത്ത് പറയാൻപോകുന്നതിലെ മുഖ്യഭാഗവുമായി ഈ വിവരണം യാതൊരുവിധത്തിലും സംബന്ധപ്പെട്ടതല്ലെങ്കിലും, അദ്ദേഹം ഡി.യിലെ ഇടവകയിൽ വന്നുകൂടിയ ആ നിമിഷം മുതല്‌ക്ക് അദ്ദേഹത്തെപ്പറ്റി ആളുകൾ സംസാരിച്ചുപോന്ന പലേ ഐതിഹ്യങ്ങളും അഭിപ്രായങ്ങളും ഇവിടെ രേഖപ്പെടുത്തിവക്കുന്നത്, എല്ലാ ഭാഗവും പരിപൂർണ്ണമായി വിവരിക്കുന്നതിനു മാത്രമായിട്ടെങ്കിലും, തീരെ അനാവശ്യമാകയില്ല. വസ്‌തവമായാലും അവാസ്‌തവമായാലും, മനുഷ്യരെപ്പറ്റി ഉണ്ടായിത്തീരുന്ന സംസാരം, അവരുടെ ജീവിതത്തിൽ — വിശേഷിച്ച്, അവരുടെ ഭാഗ്യപരിണാമത്തിൽ — അവർ പ്രവർത്തിക്കുന്ന പ്രവൃത്തികൾ പോലെ പ്രാധാന്യപ്പെട്ടുകാണുന്നുണ്ട്. മൊസ്സ്യു മിറിയേൽ ഐയിലെ ഭരണാധികാരി സഭയിലുൾപ്പെട്ട ഒരാളുടെ മകനാണ്; അതുകൊണ്ട് അദ്ദേഹം പ്രഭുത്വമുള്ള ഭരണാധികാരിവംശത്തിലെ ഒരംഗമത്രേ. അദ്ദേഹത്തിന്റെ അച്ഛൻ, മകനെ തന്റെ സ്ഥാനത്തേക്ക് അവകാശിയാക്കണമെന്നുവച്ച്, അത്തരം ഭരണാധികാരികുടുംബങ്ങളിലെ അന്നത്തെ പതിവനുസരിച്ചു, നന്നേച്ചെറുപ്പത്തിൽ, പതിനെട്ടോ ഇരുപതോ വയസ്സായപ്പോഴെക്കുതന്നെ, അദ്ദേഹത്തെക്കൊണ്ടു വിവാഹം ചെയ്യിച്ചു എന്നാണു കേട്ടിട്ടുള്ളത്. എന്നാൽ വിവാഹം കഴിഞ്ഞിരുന്നു എങ്കിലും, ഷാർൾ മിറിയേൽ എങ്ങനെയോ, ജനങ്ങളുടെ ഇടയിൽ പല പല സംസാരങ്ങളുണ്ടാക്കിത്തീർത്തു. കാഴ്ചയിൽ ഉയരം കുറഞ്ഞ ഒരാളാണെങ്കിലും, മൊസ്സ്യു മിറിയേൽ നല്ല സൗഭാഗ്യവും അന്തസ്സും തറവാടിത്തവുമുള്ള ഒരു ബുദ്ധിമാനായിരുന്നു; തന്റെ ജീവിതകാലത്തിൽ ആദ്യഭാഗം മുഴുവനും അദ്ദേഹം സുഖാനുഭവങ്ങൾക്കും വിഷയോപഭോഗത്തിനുമായി ചെലവഴിച്ചു.

ഭരണപരിവർത്തനം[2] വന്നു; ഒന്നിനൊന്നു മീതെയായി അസംഖ്യം സംഗതികൾ അറിയാതെ അടിച്ചുകയറി; ഭരണാധികാരിസഭാംഗങ്ങളുടെ കുടുംബങ്ങൾ


കൊല്ലപ്പെട്ടും പൊറുതികെട്ടും അങ്ങുമിങ്ങും പാഞ്ഞൊളിച്ചും ചിന്നിച്ചിതറി. ആ ലഹളയുടെ ആദ്യകാലത്തു മൊസ്സ്യുമിറിയേൽ ഇറ്റലിയിൽ ചെന്ന് അഭയം പ്രാപിച്ചു. കുറെക്കാലമായി ഒരു ഹൃദ്രോഗത്താൽ അസ്വസ്ഥയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അവിടെവച്ചു മരിച്ചു. അദ്ദേഹത്തിനു കുട്ടികളില്ലായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മനോഗതിക്കു് എന്തേ ഒരു മാറ്റം വരാൻ? പഴയ കാലത്തെ ഫ്രഞ്ചുസമുദായത്തിന്റെ നാശം, സ്വന്തം കുടുംബത്തിനു പറ്റിയ അധഃപതനം, 1793-ലെ വ്യസനകരങ്ങളായ കാഴ്‌ചകൾ![3] — സകലവും വലുതാക്കിക്കാണുന്ന ആ ഭയക്കണ്ണാടിയിലൂടെ നോക്കുന്ന അന്യദേശഗതന്മാർക്കു, പക്ഷേ, അവ കുറേക്കൂടി ഭയങ്കരങ്ങളായി തോന്നിയിരിക്കാം — ഇതുകൾ സന്ന്യാസത്തിന്റെയും വാനപ്രസ്ഥശീലത്തിന്റെയും വിത്തുകളെ അദ്ദേഹത്തിൽ പാവി എന്നുണ്ടോ? പൊതുവിൽ പറ്റുന്ന കഷ്ടപ്പാടുകൾ തട്ടി ഭാഗ്യത്തിനും ആയുസ്സിനുതന്നെയും ഉടവു വന്നാൽക്കൂടി കുലുങ്ങാത്ത ഒരാളെ ഹൃദയമർമ്മത്തിൽ കുത്തി ചിലപ്പോൾ മലർത്തിയിടാറുള്ള അത്തരം ഗൂഢങ്ങളും ഭയങ്കരങ്ങളുമായ ആപത്തുകളിൽ ഒന്നു, തന്റെ ജീവകാലം മുഴുവനും മുങ്ങിക്കിടക്കുന്ന നേരമ്പോക്കുകൾക്കിടയിൽ, ആഹ്ലാദങ്ങൾക്കുള്ളിൽ, അദ്ദേഹത്തെ കടന്നു ബാധിച്ചു എന്നുണ്ടോ? ആർക്കും അതു പറയാൻ വയ്യ; ഇതു മാത്രം നിശ്ചയമുണ്ട് — ഇറ്റലിയിൽനിന്നു മടങ്ങിവന്നപ്പോൾ അദ്ദേഹം ഒരു മതാചാര്യനായിരുന്നു.

1804-ൽ മൊസ്സ്യു മിറിയേൽ ബി.(ബ്രിങ്യോൾ)യിലെ സഭാബോധകനാണ്. അന്നു തന്നെ അദ്ദേഹത്തിനു പ്രായം ചെന്നിരിക്കുന്നു. വളരെ ഒതുങ്ങിയ നിലയിലായിരുന്നു കാലക്ഷേപം.

പട്ടാഭിഷേക കാലത്തു, തന്റെ ഇടവകയെസ്സംബന്ധിച്ച എന്തോ ഒരു നിസ്സാര സംഗതിയിന്മേൽ — ഇന്നത് എന്നു തീർച്ച പറയാൻ നിശ്ചയമില്ല — അദ്ദേഹത്തിന്നു പാരീസ്സിൽ പോകേണ്ടി വന്നു. അവിടെ പല പ്രമാണികളോടും തന്റെ പള്ളിയിൽ ചേർന്നവർക്ക് ചില സഹായം ചെയ്യാനാവശ്യപ്പെട്ടിരുന്ന കൂട്ടത്തിൽ, അദ്ദേഹം മൊസ്സ്യു ല് കർദിനാൾ ഫെഷിനേയും[4] ചെന്നു കണ്ടിരുന്നു. അമ്മാമനെ കാണാൻ ചക്രവർത്തി വന്നിരുന്ന ഒരു ദിവസം. തളത്തിൽ കാത്തു നില്ക്കുന്ന നമ്മുടെ സഭാബോധകൻ, അതിലെ കടന്നുപോകും വഴിക്കു യദൃച്ഛയാ തിരുമനസ്സിലെ കണ്ണിൽപ്പെട്ടു. ഈ വയസ്സൻ ഏതാണ്ട് ഉത്‌കണ്ഠയോടുകൂടി സൂക്ഷിച്ചു നോക്കുന്നതു കണ്ടു. നെപ്പോളിയൻ തിരിഞ്ഞു നിന്നു പെട്ടെന്നു ചോദിച്ചു: ‘എന്നെ സൂക്ഷിച്ചു നോക്കുന്ന ഈ നല്ലാൾ ആരാണ്?’

‘ഇവിടുന്ന് ഒരു നല്ലാളെ കാണുന്നു; ഞാൻ ഒരു വലിയാളെയും. നമ്മളിൽ ഓരൊരുത്തന്നും ഇതുകൊണ്ടു ഗുണമുണ്ടായേക്കും.’

അന്നു വൈകുന്നേരം തന്നെ ചക്രവർത്തി ആ സഭാബോധകന്റെ പേർ കർദിനാലോടു ചോദിച്ചറിഞ്ഞു; കുറച്ചു കഴിഞ്ഞപ്പോൾ, ഡി.യിലെ മെത്രാനായി താൻ നിയമിക്കപ്പെട്ടു എന്നു കണ്ടു മൊസ്സ്യു മിറിയേൽ അത്‌ഭുതപ്പെട്ടുപോയി.

മൊസ്സ്യു മിറിയേലിന്റെ ആദ്യകാലത്തെപ്പറ്റി കെട്ടിയുണ്ടാക്കിയിരുന്ന കഥകളിൽ വാസ്തവമെന്തുണ്ട്? ആർക്കും നിശ്ചയമില്ല. ഭരണപരിവർത്തനത്തിനു മുൻപത്തെ മിറിയേൽ കുടുംബത്തിന്റെ സ്ഥിതി അറിയുന്നവർ ഇല്ലായിരുന്നു.

സംസാരിക്കുന്നതിന് അനവധി നാവും ആലോചിക്കുന്നതിനു അല്‌പം മാത്രം തലയുമുള്ള ഒരു ചെറുപട്ടണത്തിൽ പുതുതായി വരുന്ന ഏവനും ഒഴിച്ചുകൂടാത്ത യോഗം മൊസ്സ്യു മിറിയേലിനും പറ്റി. മെത്രാനായിരുന്നിട്ടും, അദ്ദേഹത്തിന് അതനുഭവിക്കേണ്ടി വന്നു; എന്നല്ല, മെത്രാനായതുകൊണ്ട്, അദ്ദേഹത്തിന് അതനുഭവിക്കാതെ കഴിഞ്ഞില്ല. പക്ഷേ, ആകപ്പാടെ അദ്ദേഹത്തെപ്പറ്റി പുറപ്പെട്ട കിംവദന്തി, കിംവദന്തി മാത്രമായിരുന്നു — അതേ, വെറും ഒരൊച്ചപ്പെടുത്തൽ; ഒരു പിറുപിറുക്കൽ; ചില പൊള്ളവാക്കുകൾ.

അതെങ്ങനെയായാലും, ഒമ്പതു കൊല്ലത്തെ പള്ളിവക അധികാരവും ഡി.യിലെ സ്ഥിരതാമസവും കൂടിയായപ്പോൾ ചില്ലറ പട്ടണങ്ങളിലും ചില്ലറക്കാരുടെ ഇടയിലും കടന്നുകൂടാറുള്ള എന്തെന്തു കഥകളും സംഭാഷണവിഷയങ്ങളും തീരേ വിസ്‌മൃതിയിലായി. അവയെക്കുറിച്ചു മിണ്ടുവാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അവയെ കുത്തിപ്പൊന്തിക്കുവാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല.

ആനൂഢമായ ഒരു വൃദ്ധസഹോദരിയോടു കൂടിയാണ് മെസ്സ്യു മിറിയേൽ ഡി.യിൽ വന്നത്; മദാം വ്വസേല്ല്[5] ബ്പ്‌തിസ്‌തീന്ന് അദ്ദേഹത്തെക്കാൾ പത്തു വയസ്സു കുറയും.

അവർക്കു രണ്ടുപേർക്കും കൂടി, മദാം വ്വസേല്ല് ബ്പ്‌തിസ്‌തീന്റെ പ്രായത്തിൽ, മദാം മഗ്ല്വാർ എന്നു പേരായി ഒരുവൾ മാത്രം ഭൃത്യപ്രവൃത്തിക്കുണ്ടായിരുന്നു. സഭാബോധകനായ മൊസ്സ്യുവിന്റെ ഏകഭൃത്യനായതിന്നു ശേഷം, ആ സ്‌ത്രീ, ഇപ്പോൾ, മദാം വ്വസേല്ലിന്റെ പരിചാരിക എന്നും മോൺസിന്യേരുടെ[6] വീട്ടുവിചാരിപ്പുകാരി എന്നുമുള്ള ഇരട്ടസ്ഥാനം കയ്യേറ്റിയിരിക്കുന്നു.

മദാം വ്വസേല്ല് ബ്പ്‌തിസ്തീൻ നീണ്ടു വിളർത്തു മെലിഞ്ഞു, സൗമ്യപ്രകൃതിയിലുള്ള ഒരു സ്ത്രീയാണ്. മാന്യസ്ത്രീ എന്ന വാക്കിന് കല്‌പിച്ചിട്ടുള്ള അർഥം തികച്ചും അവർ കാണിച്ചിരുന്നു; എന്തുകൊണ്ടെന്നാൽ, ഒരു സ്ത്രീ മാന്യയായിത്തീരണമെങ്കിൽ, അവൾ ഒരമ്മയാവണമെന്നുണ്ടെന്നു തോന്നുന്നു. ഒരു കാലത്തും അവൾ സുന്ദരിയായിട്ടില്ല; വഴിക്കു വഴിയേ ഉള്ള ഓരോ വ്രതങ്ങളും നോൽമ്പുകളും മാത്രമായിരുന്ന അവളുടെ ജീവിതം മുഴുവനും കൂടി ഒടുവിൽ അവളുടെ മുഖത്തിനും ദേഹത്തിനും ഒരുതരം വിളർപ്പും സ്വച്ഛതയും സമ്മാനിച്ചു; അങ്ങനെ പ്രായം ചെന്നതോടുകൂടി സൗശീല്യത്തിന്റെ സൗന്ദര്യം എന്നു പറയാവുന്ന ഒന്ന് അവൾക്കുണ്ടായിവന്നു. ചെറുപ്പത്തിലെ ചടപ്പ്, പ്രായം ചെന്നപ്പോഴേക്ക് ഒരു സ്വച്ഛതയായി. എന്നല്ല, ആ ഒരു സ്വച്ഛത അവളുടെ ദിവ്യത്വത്തിന് പുറത്തേക്കു പ്രകാശിക്കുവാൻ ഒരു സഹായകമാകയും ചെയ്തു. അവൾ ഒരു കന്യകയായിരുന്നു എന്നല്ല, ഒരാത്‌മാവായിരുന്നു എന്നു പറയണം. അവളുടെ ശരീരം ഒരു നിഴൽ കൊണ്ടുണ്ടാക്കപ്പെട്ടതായി തോന്നി. ലിംഗഭേദത്തെ കാണിക്കുന്നതിനു വേണ്ടിടത്തോളം ദേഹം അവൾക്കുണ്ടായിരുന്നില്ല; ഒരു തേജസ്സിനെ ആവരണം ചെയ്യാനുള്ള അല്പം ജഡപദാർഥം; എപ്പോഴും കീയ്‌പോട്ടു നോക്കുന്ന വലിയ കണ്ണുകൾ — ഒരു ജീവാത്‌മാവ് ഭൂമിയിൽ കഴിച്ചുകൂട്ടുന്നതിനുള്ള ഒരു വെറും ഞായം.

മദാം മഗ്ല്വാർ നീളം കുറഞ്ഞ് തടിച്ചു, വെളുത്ത ഒരു വൃദ്ധയാണ് — ഒരുണ്ട പോലെയുള്ള ആ സ്‌ത്രീ എപ്പോഴും ഉരുണ്ടിരുണ്ടു നടക്കും; ഏതു സമയത്തും അവൾ കിതച്ചു കൊണ്ടാണ് — ഒന്നാമത് അവളുടെ ജാഗ്രത കൊണ്ട്; പിന്നെ അവളുടെ ശ്വാസരോഗം കൊണ്ടും.

വന്ന ഉടനെ, മൊസ്സ്യു മിറിയേൽ, ചക്രവർത്തിയുടെ ഉത്തരവനുസരിച്ചു വേണ്ട സ്ഥാനമാനങ്ങളോടുകൂടി മെത്രാനുള്ള അരമനയിൽ താമസമാക്കി — ഒരു മെത്രാന്റെ പദവി ഒരു സൈന്യഭാഗാധിപതിയുടേതിനു നേരെ താഴെയാണ്. നഗരപ്രമാണിയും കരയോഗാധ്യക്ഷനും ഒന്നാമതായി അദ്ദേഹത്തെ വന്നു മുഖം കാണിച്ചു. അദ്ദേഹമാവട്ടേ, പട്ടാളമേലധികാരിയേയും പൊല്ലീസ്സു മേലുദ്യോഗസ്ഥനേയും അങ്ങോട്ടു ചെന്നു മുഖം കാണിച്ചു.

സ്ഥാനാരോഹണം കഴിഞ്ഞപ്പോൾ പട്ടണം മുഴുവനും മെത്രാൻ പ്രവൃത്തിയെടുക്കുന്നതു കാണാൻ നിൽപായി.

മൊസ്സ്യു മിറിയേൽ മൊസ്സ്യു വെൽക്കമായിത്തീരുന്നത്

ഡി. യിലെ മെത്രാന്നുള്ള അരമന ആസ്‌പത്രിയുടെ അടുത്താണ്.

ആ അരമന 1712-ൽ ഡി.യിലെ മെത്രാനായിരുന്ന ആങ്റിപ്യുഷേ-പാരീസിലെ വിദ്വൽസമാജത്തിൽ ആധ്യാത്മവിദ്യാപണ്ഡിതൻ-കഴിഞ്ഞ പതിനെട്ടാംനൂറ്റാണ്ടിന്റെ ആദ്യകാലത്തു കല്ലുകൊണ്ടുണ്ടാക്കിച്ച കൗതുകകാരമായ ഒരു വലിയ ഭവനമാണ്. ഈ കൊട്ടാരം കാഴ്ചയിൽത്തന്നെ അധികാരവലുപ്പമുള്ള പ്രമാണികൾക്കു താമസിക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. മെത്രാനുള്ള സ്വന്തം അകങ്ങൾ, ഇരിപ്പുമുറികൾ, അന്തരാളങ്ങൾ, വളരെ വലുപ്പമുള്ള പ്രധാനമുറ്റം, അതിനുചുറ്റും പഴയ ഫ്‌ളോറൻസ് രാജ്യപരിഷ്‌കാരമനുസരിച്ചുള്ള സ്‌തംഭത്തോരണങ്ങളുടെ ചുവട്ടിലൂടെ നീണ്ടുകിടക്കുന്ന വഴികൾ, പടർന്നുപിടിച്ച കൂറ്റൻമരങ്ങളാൽ നിറയപ്പെട്ട തോട്ടങ്ങൾ-ഇങ്ങനെ അതിനെസ്സംബന്ധിച്ചുള്ള ഏതു ഭാഗത്തിനുമുണ്ടായിരുന്നു ഒരു സവിശേഷ പ്രൗഢി. ചുവട്ടിലെ നിലയിൽ തോട്ടത്തിലേക്കഭിമുഖമായി, വളരെ നീണ്ട് അന്തസ്സിയന്ന ഭക്ഷണമുറിയിൽ വെച്ചു മൊസ്സ്യു ആങ്റി പ്യൂഷേ 1714 ജൂലൈ 29-നു പ്രധാനമെത്രാനായ ഷാർൾ ബ്രൂലാർ ദ് ഷാങ്‌ലി; ദാബ്രൂങ്ങിലെ രാജകുമാരൻ; ഗ്രാസ്സിലെ മെത്രാനായ ആൻത്വാങ്ങ് ദ് മേഗ്രിനി; ഫ്രാൻസിലെ സന്യാസിമഠാധിപമുഖ്യൻ; ലെറിങ്ങിലുള്ള സാങ്തോണോറെ പള്ളിയിലെ സഭാധിപതിയായ ഫിലിപ്പ് ദ് വൊങ്‌തോം; വാങ്‌സിയിലെ പ്രഭുവും മെത്രാനുമായ ഫ്രാൻസ്വാദ് ബെർത്തോങ്ങ് ദ് ക്രിയ്യോങ്ങ്; ഗ്ലാന്ദെവിലെ പ്രഭുവും മെത്രാനുമായ സേസർ ദ് സബ്രാങ്ങ് ദ് ഫോർക്കൽ ക്വിയേ; സെനെയിലെ പ്രഭുവും ഈശ്വരവന്ദനസ്ഥലത്തിലെ പുരോഹിതനും, രാജാവിനു പതിവുകാരനായ മതാചാര്യനും മെത്രാനുമായ ഴാങ്ങ് സോണാങ്ങ് എന്നീ ഉയർന്ന സ്ഥാനികൾക്കെല്ലാം അതാത് പദവിവലുപ്പത്തോടുകൂടെ ഒരു വലിയ വിരുന്നുസൽക്കാരം കഴിക്കയുണ്ടായി. ഈ ഏഴു വന്ദ്യപുരുഷന്മാരുടെയും ഛായാപടങ്ങളാൽ ആ സ്ഥലം സവിശേഷമായി അലങ്കരിക്കപ്പെടുന്നു. എന്നല്ല, 1714 ജൂലായി 29-നു യാകുന്ന ആ സ്‌മരണീയദിവസത്തെ അവിടെയുള്ള ഒരു വെളുത്ത വെണ്ണക്കൽമേശമേൽ തങ്കലിപികളെക്കൊണ്ട് കൊത്തിയിട്ടുമുണ്ട്.

ആസ്‌പത്രി ഉയരം കുറഞ്ഞ് ഇടുങ്ങിയ ഒരു ചെറിയ എടുപ്പാണ്; അതിന്നടുക്കെയായി ഒരു ചെറിയ തോട്ടമുണ്ട്.

വന്നതിന്റെ മൂന്നാം ദിവസം മെത്രാൻ ആസ്‌പത്രി സന്ദർശിച്ചു. അവിടെനിന്നു പോരുമ്പോൾ അദ്ദേഹം അതിന്റെ ഡയറക്‌ടരോട് തന്റെ വാസസ്ഥലത്തു വന്നു കാണുന്നതിനു സൗകര്യപ്പെടുത്തിയാൽ കൊള്ളാമെന്നപേക്ഷിച്ചു.

അദ്ദേഹം ഡയറക്‌ടരോട് ചോദിച്ചു: ‘മൊസ്സ്യു ഡയറക്‌ടർ, അവിടെ നിങ്ങൾക്ക് ഇപ്പോൾ എത്ര ദീനക്കാരുണ്ട്, ആകെ?

‘ഇരുപത്താറ്, മോൺസിന്യേർ.’

‘അതുതന്നെയാണ് ഞാൻ എണ്ണിയത്,’ മെത്രാൻ പറഞ്ഞു.

‘കിടയ്‌ക്കകളെല്ലാം,’ ഡയറക്‌ടർ തുടർന്നു പറഞ്ഞു, ‘തമ്മിൽ വല്ലാതെ കൂടിയിരിക്കുന്നു.’

‘അതുതന്നെയണ് ഞാൻ നോക്കിയത്.’

‘തളങ്ങളെല്ലാം വെറും മുറികൾപോലെയേ ഉള്ളൂ; കാറ്റിന്നു ഗതാഗതം ചെയ്യാൻ നന്നേ ഞെരുക്കം.’

‘എനിക്കും തോന്നി അത്.’

‘പിന്നെ വെയിലിന്റെ നാളം കാണുമ്പോൾ. ദീനം മാറിയവർക്കു തോട്ടത്തിൽ ചെന്നിരിക്കുവാനാണെങ്കിൽ, അതു വളരെ ചെറിയത്.’

‘അതുതന്നെയാണ് ഞാൻ വിചാരിച്ചത്.’

‘പകർച്ചവ്യാധി നടപ്പുള്ള കാലങ്ങളിൽ - ഈ കൊല്ലം ഇവിടെ പകർച്ചപ്പനി പിടിച്ചു; രണ്ടുകൊല്ലം മുൻപ് സ്വേദജ്വരം വന്നു; ഓരോരിക്കലും നൂറുനൂറു ദീനക്കാരുണ്ടായിരുന്നു - എന്തു ചെയ്യണമെന്ന് ഞങ്ങൾക്കു നിശ്ചയമില്ല.’

‘അതാണ് ഞാനാലോചിച്ചത്.’

‘മോൺസിന്യേർ, എന്തുകാട്ടണമെന്ന് പറയൂ.’ ഡയറക്‌ടർ പറഞ്ഞു. ‘അങ്ങോട്ടു കഴിച്ചുകൂട്ടണം.’

ഈ സംസാരം ചുവട്ടിലെ നിലയിലുള്ള മുറിയിൽവെച്ചാണുണ്ടായത്.

മെത്രാൻ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല; പെട്ടെന്ന് അദ്ദേഹം ഡയറക്‌ടറുടെ നേരെ നോക്കി. അദ്ദേഹം ചോദിച്ചു; ‘മൊസ്സ്യു, ഈ സ്ഥലത്ത് എത്ര പേരെ കിടത്തണമെന്നു നിങ്ങൾ വിചാരിക്കുന്നു?’

‘ഇവിടത്തെ ഭക്ഷണമുറിയിലോ?’ ആ അമ്പരന്നുപോയ ഡയറക്‌ടർ കുറച്ചുറക്കെ ചോദിച്ചു.

മെത്രാൻ ആ അകം മുഴുവനും ഒന്നു നോക്കിക്കണ്ടു; അദ്ദേഹം കണ്ണുകൊണ്ട് അളക്കുകയും കണക്കുനോക്കുകയും ചയ്യുന്നതായി തോന്നി. “ആകെ ഇതിൽ ഇരുപതു കിടയ്‌ക്കയിടാം.’ തന്നോടുതന്നെ എന്നപോലെ അദ്ദേഹം പറഞ്ഞു. ഉടനെ കുറച്ചുറക്കെ: ‘മൊസ്സ്യു ഡയറക്‌ടർ, ഞാൻ നിങ്ങളോടൊന്നു. പ്രത്യക്ഷത്തിൽത്തന്നെ ഇതിൽ എന്തോ ഒരബദ്ധമുണ്ട്. നിങ്ങൾ ആകെ മുപ്പത്താറുപേരുണ്ട്, അഞ്ചോ ആറോ ചെറിയ ചെറിയ മുറികളിൽ. ഞങ്ങൾ ഇവിടെ മൂന്നുപേരേ ഉള്ളൂ; അറുപതുപേർക്കുള്ള സ്ഥലമുണ്ട്. ഞാൻ പറയുന്നു, ഇതിൽ എന്തോ ഒരു തെറ്റുണ്ട്. നിങ്ങൾക്കുള്ളത് എന്റെ വീടാണ്; എന്റെ വീടു നിങ്ങളുടേതും. എന്റെ വീട് എനിക്കു തിരിച്ചുതന്നേക്കൂ; നിങ്ങൾക്ക് ഇവിടെ താമസിക്കാം.’

പിറ്റേദിവസം മുപ്പത്താറു രോഗികൾ മെത്രാന്റെ അരമനയിൽ കിടപ്പാക്കി; മെത്രാൻ ആസ്‌പത്രിയിലും താമസമാക്കി.

കുടുംബം മുഴുവനും ഭരണപരിവർത്തനകാലത്തു നശിച്ചുപോയതുകൊണ്ടു മൊസ്സ്യു മിറിയേലിനു സ്വത്തൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരിക്കു കൊല്ലത്തിൽ അഞ്ഞൂറു ഫ്രാങ്ക് വരവുണ്ട്; അതുകൊണ്ട് ആ സ്‌ത്രീയുടെ ചെലവു കഴിഞ്ഞുകൂടിയിരുന്നു. മൊസ്സ്യു മിറിയേലിനു മെത്രാന്റെ നിലയിൽ പതിനയ്യായിരം ഫ്രാങ്ക് കൊല്ലത്തിൽ ശമ്പളം വരും. ആസ്‌പത്രിയിൽ താമസമാക്കിയ ദിവസം തന്നെ, മൊസ്സ്യു മിറിയേൽ ആ സംഖ്യയ്‌ക്കു മുഴുവൻ എന്നന്നേക്കു

മായുള്ള ഒരു ചെലവുപട്ടിക തയ്യാറാക്കി. അദ്ദേഹം സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിവച്ച ആ കുറിപ്പ് ഞങ്ങൾ ഇവിടെ പകർത്തുന്നു.

എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥക്കുറിപ്പ്
പള്ളിവക ചെറിയ വിദ്യാലയത്തിലേക്ക് 1500 ഫ്രാങ്ക്
മിഷ്യനറി സംഘത്തിലേക്ക് 100 ഫ്രാങ്ക്
മോങ്ദിദിയെയിലെ ലാസറിസ്റ്റ് സംഘത്തിലേക്ക് 100 ഫ്രാങ്ക്
പാരീസ്സിലെ വിദേശീയമിഷ്യൻവക സ്ഥാപനങ്ങളിലേക്ക് 200 ഫ്രാങ്ക്
‘പരിശുദ്ധാത്‌മാ’ സഭയിലേക്ക് 150 ഫ്രാങ്ക്
പാലസ്‌തീനിലെ മതസംബന്ധികളായ സ്ഥാപനങ്ങളിലേക്ക് 100 ഫ്രാങ്ക്
ധർമപ്രസവാസ്‌പത്രി സംഘത്തിലേക്ക് 300 ഫ്രാങ്ക്
ആർളിലേതിനു പുറംചെലവ് 50 ഫ്രാങ്ക്
ജെയിലിൽ കിടക്കുന്ന കടക്കാരുടെ സുഖത്തിനും അവരെ വിടുവിക്കുന്നതിനും 500 ഫ്രാങ്ക്
കടംമൂലം ജെയിലിൽക്കിടക്കുന്ന കുടുംബങ്ങളുടെ പിതാക്കന്മാരെ വിടുവിക്കാൻ 1000 ഫ്രാങ്ക്
ഇടവകയിൽപ്പെട്ട സാധുക്കളായ അധ്യാപകന്മാർക്കു ശമ്പളത്തിനു പുറമെ കൊടുപ്പാൻ 2000 ഫ്രാങ്ക്
മേലെ ആൽപ്‌സിലുള്ള പൊതുജനങ്ങളുടെ ധനശേഖരത്തിലേക്ക് 1000 ഫ്രാങ്ക്
സാധുക്കളായ പെൺകുട്ടികളെ ധർമ്മമായി പഠിപ്പിക്കാൻ ഡി. യിലും മനോസ്‌കിലും സിസ്തറോണിലുമുള്ള മാന്യസ്‌ത്രീസംഘത്തിലേക്ക് 1000 ഫ്രാങ്ക്
സാധുക്കൾക്ക് 6000 ഫ്രാങ്ക്
എന്റെ സ്വന്തം ചെലവിന് 1000 ഫ്രാങ്ക്
ആകെ 15000 ഫ്രാങ്ക്

ഡി.യിലെ മെത്രാനായിരുന്ന കാലത്തൊന്നും മൊസ്സ്യു മിറിയേൽ ഈ കണക്കിനു ഭേദം വരുത്തിയിട്ടില്ല. ഈ കുറിപ്പിനു മുകളിൽക്കണ്ടപോലെ, അദ്ദേഹം ഇതിന് ’’എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥ’’ എന്നു നാമകരണം ചെയ്‌തു.

ഈ നിശ്ചയം മദാംവ്വസേല്ല് ബപ്‌തിസ്‌തീൻ ഏറ്റവും താഴ്‌മയോടുകൂടി സമ്മതിച്ചു. ആ പുണ്യവതി ഡി. യിലെ മെത്രാനെ, ഒരേ സമയത്തു, തന്റെ സഹോദരനായും, മെത്രാനായും കരുതിപ്പോന്നു - ദേഹത്തെസ്സംബന്ധിച്ചിടത്തോളം തന്റെ സുഹൃത്ത്; പള്ളിയെ സംബന്ധിച്ചിടത്തോളം തന്റെ ഗുരു. അദ്ദേഹത്തെ അവൾ സ്‌നേഹിക്കുകയും പൂജിക്കുകയും മാത്രം ചെയ്‌തുപോന്നു, അദ്ദേഹം എന്തുപറഞ്ഞാലും അവൾ അതു സവിനയം സമ്മതിക്കും; അദ്ദേഹം എന്തു പ്രവർത്തിച്ചാലും അവൾ അതിനു യോജിക്കും. അവരുടെ രണ്ടുപേരുടേയും ഏകഭൃത്യ, മദാം മഗ്ല്വാർ, അല്‌പമൊന്നു പിറുപിറുത്തു നോക്കാറുണ്ട്. മെത്രാനവർകൾ തന്റെ സ്വന്തം ചെലവിന് ആയിരം ഫ്രാങ്കാണ് നീക്കിവച്ചിട്ടുള്ളതെന്ന് ഓർമിക്കണം. അതു മദാവ്വസേല്ല് ബപ്‌തീസ്‌തീന്നു കൊല്ലത്തിലുള്ള വരവും കൂടിയായാൽ ആകെ ആയിരത്തഞ്ഞൂറു ഫ്രാങ്കായി; ഈ ആയിരത്തഞ്ഞൂറു ഫ്രാങ്കുകൊണ്ട് ആ രണ്ടു വൃദ്ധകളും ആ വൃദ്ധനും ദിവസം കഴിച്ചു.

എന്നല്ല, ഗ്രാമത്തിലെ ഒരു മതാചാര്യൻ വന്നാൽ അയാളെ സൽക്കരിക്കലും മെത്രാൻ ഇതുകൊണ്ട് കഴിച്ചിരുന്നു - മദാം മഗ്ല്വാരുടെ പിശുക്കുപിടിച്ച ചെലവിടലിനും ഗൃഹഭരണത്തിൽ മദാംവ്വസേല്ല് ബപ്‌തിസ‌്‌തീന്റെ ബുദ്ധിപൂർവമായ മേൽനോട്ടത്തിനും നാം നന്ദിപറയുക.

ഡി. യിൽ വന്നിട്ട് ഏകദേശം മൂന്നുമാസം കഴിഞ്ഞ് ഒരു ദിവസം മെത്രാൻ പറഞ്ഞു: ‘ഇപ്പോൾ എല്ലാംകൂടി എനിക്ക് ബഹു ഇടക്കെട്ട്!’

‘എനിക്കും തോന്നുന്നുണ്ട്!’മദാം മഗ്ല്വാർ കുറച്ചുറക്കെ പറഞ്ഞു, ‘പട്ടണത്തിലുള്ള വണ്ടിക്കൂലിക്കും പുറംപ്രദേശങ്ങളിലേക്കുള്ള വഴിച്ചെലവിനും ആവശ്യമായ ബത്ത ഭരണാധികാരത്തിൽനിന്നു തരാൻ ബാധ്യതയുള്ളതുകൂടി ഇവിടന്നു ചോദിച്ചിട്ടില്ല.മുമ്പുള്ള കാലത്തെല്ലാം മെത്രാന്മാർ അതു ചെയ്ക പതിവുണ്ട്.’ ‘നില്‌ക്കൂ!’ മെത്രാൻ ഉച്ചത്തിൽ പറഞ്ഞു. ‘മദാം മഗ്ല്വാർ, നിങ്ങൾ പറയുന്നതു വളരെ ശരിയാണ്.’

അതുപ്രകാരം അദ്ദേഹം ആവശ്യപ്പെട്ടു.

കുറച്ചുകഴിഞ്ഞപ്പോൾ ആ കാര്യം പൊതുസഭയിൽ ആലോചനയ്‌ക്കെത്തി; താഴെക്കാണുന്ന തലവാചകത്തിൽ, കൊല്ലത്തിൽ മുവ്വായിരം ഫ്രാങ്ക് അനുവദിക്കപ്പെട്ടതായ ഒരു കല്‌പന അദ്ദേഹത്തിന്നു കിട്ടി - വണ്ടിച്ചെല്ലവിനും തപാൽച്ചെലവിനും നാടുപുറത്തേക്കുള്ള യാത്രാച്ചെലവിനുംകൂടി മെത്രാനവർകൾക്കു ബത്ത.

ഈ സംഗതി നാട്ടുപ്രമാണികളുടെ ഇടയിൽ ഒരു വലിയ നിലവിളി ഉണ്ടാക്കിത്തീർത്തു. പണ്ട് ജനപ്രതിനിധിഭരണത്തെ പിൻതാങ്ങിയ ആ ‘അഞ്ഞൂറ്റുവർക്കൂട്ട’ത്തിൽ പെട്ടിരുന്നാലും ഇപ്പോൾ ഡി. പട്ടണത്തിനടുത്തു ഗംഭീരമായ ഒരാപ്പീസ് കൈവശം വെച്ചിരുന്ന ദേഹവുമായ സാമ്രാജ്യത്തിലെ ഒരു പ്രധാനലോചന സഭാംഗം, ഈശ്വരാരാധന വകുപ്പിന്റെ മേലധ്യക്ഷനുമായ മൊസ്സ്യു ബീഗോദ് പ്രിയാ മെന്യുവിനു ഗൂഢമായി വല്ലാതെ ശുണ്ഠിപിടിച്ച ഒരു കത്തെഴുതി; അതിൽനിന്നു വിശ്വാസയോഗ്യമായ ഈ ഭാഗം ഞങ്ങൾ എടുത്തു കാണിക്കാം:

‘വണ്ടിക്കുള്ള ചെലവോ? നാലായിരത്തിൽതാഴെ ആളുകൾ താമസിച്ചിരുന്ന ഒരു ചെറുപട്ടണത്തിൽ അതുകൊണ്ട് എന്തു ചെയ്‌വാൻ പോകുന്നു? യാത്രച്ചെലവോ? ഒന്നാമത് ഈവക യാത്രകൾകൊണ്ടുള്ള ആവശ്യമെന്താണ്? പിന്നെ, ഈ മലംപ്രദേശങ്ങളിൽ എങ്ങനെ യാത്ര ചെയ്യും? നിരത്തുകളില്ല. കുതിരപ്പുറത്തല്ലാതെ ഇവിടെ ആരും സഞ്ചരിക്കുക പതിവില്ല. ദ്യുറാൻസിനും ഷാത്തോ ആർനൂവിനും മധ്യത്തിലുള്ള പാലത്തിനുകൂടി ഒരേറുകാളയെ താങ്ങാൻ വയ്യ. ഈ മതാചാര്യന്മാർ മുഴുവനും ഇങ്ങനെ ദുരപിടിച്ചവരും കൊതിയന്മാരുമാണ്. ഈ മനുഷ്യൻ ആദ്യം വന്നപ്പോൾ ഒരു കൊള്ളാവുന്ന മതാചാര്യന്റെ മട്ടൊക്കെ നടിച്ചു. ഇപ്പോൾ അയാളും മറ്റുള്ളവരുടെ കൂട്ടത്തിലായി. അയാൾക്കു സവാരിവണ്ടി വേണം; അയാൾക്കും പണ്ടത്തെ മെത്രാന്മാരെപ്പോലെ ധാടികളൊക്കെ വേണം; ഹ! ഈ മതാചാര്യന്മാരെക്കൊണ്ടുള്ള കുഴക്ക്! ഇതൊന്നും നേരെയാവില്ല; ഞാൻ പറയുന്നു, ഈ കരിന്തൊപ്പിയിട്ട പമ്പരക്കള്ളന്മാരെ നമ്മുടെ ഇടയിൽനിന്നു ചക്രവർത്തി തന്നെ ആട്ടിപ്പുറത്താക്കുന്നതുവരെ, ഒരുകാലത്തും നേരെയാവില്ല, കടന്നു പോട്ടെ പോപ്പ്! (റോമിലെ സ്ഥിതി കുറെ കുഴപ്പത്തിലാവാൻ തുടങ്ങിയിരിക്കുന്നു.) എന്റെ കാര്യം പറയുകയാണെങ്കിൽ, എനിക്ക് ചക്രവർത്തി മാത്രമേ വേണ്ടൂ …’

നേരെമറിച്ച്, ഈ കാര്യം മദാം മഗ്ല്വാറെ ഒട്ടു രസിപ്പിച്ചു. ‘നല്ലത്’, അവൾ മദാംവ്വസേല്ല് ബപ്‌തീസ്‌തീനോട് പറഞ്ഞു, ‘അവിടുന്ന് ആദ്യം മറ്റുള്ളവരുടെ കാര്യം തുടങ്ങിവച്ചു; അതൊക്കെക്കഴിഞ്ഞു. സ്വന്തംകാര്യത്തിന്മേൽത്തന്നെ പിടിച്ചു. അദ്ദേഹം തന്റെ ധർമ്മച്ചെലവുകൾക്കൊക്കെ തോതിട്ടുകഴിഞ്ഞു. ഇപ്പോൾ നമുക്ക് മുവ്വായിരം ഫ്രാങ്ക് കൈയിൽകിട്ടി! ഒടുക്കം!’

അന്ന് വൈകുന്നേരംതന്നെ മെത്രാൻ തന്റെ സഹോദരിയുടെ കൈയിൽ ഇങ്ങനെ ഒരു സവിശേഷക്കുറിപ്പ് എഴുതിക്കൊടുത്തു:

സവാരിവണ്ടിക്കും യാത്രയ്‌ക്കുംകൂടി ചെലവ്
ആശുപത്രിയിലുള്ള രോഗികൾക്ക് മാംസസൂപ്പിന്ന് 1500 ഫ്രാങ്ക്
ഐയിയിലെ ധർമപ്രസവാസ്‌പത്രിയോഗത്തിലേക്ക് 250 ഫ്രാങ്ക്
ദ്രാഗ്വീങ്യാങ്ങിലെ ധർമപ്രസവാസ്‌പത്രിയോഗത്തിലേക്ക് 250 ഫ്രാങ്ക്
കണ്ടുകിട്ടിയ അനാഥക്കുട്ടികൾക്ക് 500 ഫ്രാങ്ക്
അച്ഛനമ്മമാരില്ലാത്ത സാധുക്കുട്ടികൾക്ക് 500 ഫ്രാങ്ക്
ആകെ 3000 ഫ്രാങ്ക്

ഇങ്ങനെയായിരുന്നു മൊസ്സ്യു മിറിയേലിന്റെ ഒരു കൊല്ലത്തെ വരവുചെലവു കണക്ക്.

സഭാധ്യക്ഷ സ്ഥാനത്തേക്കുണ്ടാകുന്ന യാദൃച്ഛികമായ പുറംവരവ്, വിവാഹ പ്രായശ്ചിത്തങ്ങൾ, ധർമ്മവ്യവസ്ഥകൾ, ഗൂഢമായുള്ള സ്‌നാനസംസ്‌കാരങ്ങൾ, മതപ്രസംഗങ്ങൾ മുതലായവയുടെ പീസ്സ് - ഇതെല്ലാം തന്നെ സാധുക്കൾക്ക് പങ്കിട്ടുകൊടുത്തിരുന്നതുകൊണ്ട്, മെത്രാൻ ധനവാന്മാരുടെ പക്കൽനിന്ന് ഒട്ടും ദയവില്ലാതെ പിശകി മേടിച്ചിരുന്നു.

കുറച്ചുകഴിഞ്ഞപ്പോഴെയ്‌ക്ക് ധർമ്മവിഷയത്തിലേക്കുള്ള വഴിപാടുപണം മീതെയ്‌ക്കുമീതെ വന്നു ചാടുകയായി. പണമുള്ളവരും പണമില്ലാത്തവരും മൊസ്സ്യുമിറിയേലിന്റെ വാതില്‌ക്കലുണ്ടു - ഇല്ലാത്തവർ ധർമ്മം കിട്ടുന്നതിന്; ഉള്ളവർ അതു വന്നേല്‌പിക്കുന്നതിന്. കഷ്ടിച്ച് ഒരു കൊല്ലംകൊണ്ട് എല്ലാ പൊതുജനോപകാരികളുടെ പണപ്പെട്ടിയും, കഷ്ടത്തിൽപ്പെട്ട സകലുരുടേയും പണസ്സഞ്ചിയും, മെത്രാനാണെന്നുവന്നു. അനവധി പണം അദ്ദേഹത്തിന്റെ ഉള്ളംകൈകളിൽ വന്നു, പോയി; പക്ഷേ എന്തായിട്ടും, അദ്ദേഹത്തിന്റെ ജീവിതരീതിക്കു വല്ല മാറ്റവും വരുകയോ, അത്യാവശ്യം നിത്യവൃത്തിക്കു വേണ്ടതല്ലാതെ അദ്ദേഹത്തിന് ഒരു പൈപോലും ചെലവുകൂടുകയോ ഉണ്ടായില്ല.

എന്നല്ല, നേരെമറിച്ചാണ്; മേൽപോട്ടു നോക്കുമ്പോൾ കാണുന്ന സഹോദരത്വത്തേക്കാൾ കീഴ്‌പോട്ടു നോക്കിയാൽ കാണുന്ന കഷ്‌ടപ്പടുകൾ എപ്പോഴും അധികമായതുകൊണ്ട് കിട്ടുന്നതിനു മുൻപുതന്നെ, എന്നു പറയട്ടെ. അദ്ദേഹം സകലവും ചെലവിട്ടു വന്നു. വരണ്ട ഭൂമിയിലെ വെള്ളംപോലെ, എത്ര പണമെങ്കിലും കിട്ടിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ കൈയിലൊന്നുമില്ല. ഉടനെത്തന്നെ അദ്ദേഹം കൈ കമിഴ്‌ത്തും.

മെത്രാന്മാരുടെ കല്‌പനകളിലും, ഇടവകപ്പട്ടക്കാർക്കയ്‌ക്കുന്ന കത്തുകളിലും അവരവരുടെ സ്ഥാനമാനങ്ങൾ കാണിക്കുന്നത് ഒരു സാധാരണ നടപടിയായതുകൊണ്ട്, നാട്ടുപുറത്തുള്ള പാവങ്ങൾ, സ്വന്തം പേർ, വംശത്തിന്റെ പേർ, അച്ഛന്റെ പേർ എന്നിങ്ങനെ തങ്ങളുടെ മെത്രാന്നുള്ള പേരുകളുടെ കൂട്ടത്തിൽനിന്നു.

സ്‌നേഹജന്യമായ ഒരു ബുദ്ധിവിശേഷത്താൽ, തങ്ങൾക്കർഥം തോന്നുന്ന ഒരു പേർ തിരഞ്ഞെടുത്തു; അവർ അദ്ദേഹത്തെ മൊസ്സ്യു ബിയാങ് വെന്യു(=വെല്‌ക്കം = സ്വാഗതം) എന്നല്ലാതെ ഒരിക്കലും വിളിച്ചിരുന്നില്ല. ഞങ്ങളും അവരെ പിന്തുടരാൻ വിചാരിക്കുന്നു; അദ്ദേഹത്തെ പേരു വിളിക്കേണ്ടിവരുമ്പോഴെല്ലം ഞങ്ങളും ആ പേർതന്നെ ഉപയോഗിക്കും. വിശേഷിച്ച്, ഈ പേർ വിളിക്കുന്നത് അദ്ദേഹത്തിന്നിഷ്‌ടവുമായിരുന്നു.

‘എനിക്ക് ഈ പേർ ഇഷ്‌ടമാണ്,’ ആദ്ദേഹം പറഞ്ഞു. ‘മോൺസിന്യേർ എന്നു വിളിക്കുന്നതുകൊണ്ടുള്ള ദോഷം ബിയാങ് വെന്യു എന്നതുകൊണ്ട് തീർന്നുപോവുന്നു.’

ഞങ്ങൾ ഈ എഴുത്തുകാണിക്കുന്ന ഛായാപടം സംഭാവ്യമാണെന്നു ഞങ്ങൾ അവകാശം പറയുന്നില്ല; ഇത് ആരുടേയാണോ ആ ആളുടെ ഛായ ഇതിന്നു നല്ലപോലെ പതിഞ്ഞിട്ടുണ്ടെന്നു മാത്രം ഞങ്ങൾ പറയുന്നു.

ഒരു കൊള്ളാവുന്ന മെത്രാന്നു കിട്ടിയത് ഒരു കൊള്ളരുതാത്ത പ്രദേശം

സവാരിവണ്ടിയെല്ലാം ദരിദ്രർക്കു ദാനത്തിനാക്കിയതുകൊണ്ടു, മതോപദേശത്തിനുള്ള യാത്രകൾ നമ്മുടെ മെത്രാൻ വേണ്ടെന്നുവച്ചില്ല. ഡി. യിലെ ഇടവക ആളുകളെ ക്ഷീണിപ്പിക്കുന്ന ഒന്നായിരുന്നു. അതിൽ കുറച്ചുമാത്രം മൈതാനങ്ങളും വളരെയധികം മലംപ്രദേശങ്ങളുമാണുള്ളത്; നമ്മൾ ഇപ്പോൾത്തന്നെ കണ്ടു കഴിഞ്ഞതുപോലെ, നിരത്തുകൾ അപ്രദേശത്തില്ല; മുപ്പത്തിരണ്ടു സഭാബോധക സ്ഥാപനങ്ങളും, നാല്‌പത്തൊന്ന് ഉപബോധകസ്ഥാനങ്ങളും, ഇരുന്നൂറ്റെൺപത്തഞ്ചു ചെറുപള്ളികളും ആ ഇടവകയുടെ മേൽനോട്ടത്തിലുണ്ട്. ഈ സ്ഥലങ്ങളിലൊക്കെ പോയി നോക്കുന്നത് ഒരു നല്ല പണിതന്നെയാണ്. മെത്രാൻ അതു നിറവേറ്റിപ്പോന്നു. അടുത്ത സ്ഥലങ്ങളിലാവുമ്പോൾ അദ്ദേഹം നടക്കും; പുറമേ മൈതാനങ്ങളിലാണെങ്കിൽ ഒരു കൂടുവണ്ടിയിൽ കയറും; മലംപ്രദേശങ്ങളിലേക്കായാൽ കഴുതപ്പുറത്തു പോവും. ആ രണ്ടു വൃദ്ധകളും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്. അവർക്കു പോവാൻ ഞെരക്കമുള്ളേടത്തേക്കവുമ്പോൾ അദ്ദേഹം തനിച്ചു പോവും.

പണ്ടേക്കുപണ്ടേ വളരെ പള്ളികളും പള്ളിസ്വത്തുക്കളുമുള്ള ഒരു സ്ഥലമായ സെനെപ്പട്ടണത്തിൽ ഒരു ദിവസം അദ്ദേഹം കഴുതപ്പുറത്തു ചെന്നു. കൈയിലുള്ള കാശെല്ലാം തീർന്നിരുന്നതുകൊണ്ട് വേറെ വാഹനത്തിൽ പോവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അവിടത്തെ നഗരപ്രമാണി അദ്ദേഹത്തെ എതിരേല്‌ക്കുവാനായി കോട്ടവാതില്‌ക്കലേക്കു വന്നു. മെത്രൻ കഴുതപ്പുറത്തുനിന്നറങ്ങുന്നതു കണ്ട് അയാൾ ഉള്ളുകൊണ്ടു പരിഹസിച്ചു. ചില പൗരന്മാർ അദ്ദേഹത്തിന്റെ ചുറ്റും നിന്നു ചിരിച്ചു. മെത്രാൻ പറഞ്ഞു, ‘നിങ്ങളെ ഞാൻ സംഭ്രമിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. യേശുക്രിസ്തു ഉപയോഗിച്ചുവന്ന ഒരു ജന്തുവിന്മേൽ ഒരു സാധു മതാചാര്യൻ സവാരി ചെയ്യുന്നതു കുറെ അധികപ്രസംഗമായി നിങ്ങൾക്കു തോന്നിയിരിക്കാം. പക്ഷേ ഞാനിങ്ങനെ ചെയ്‌തിട്ടുള്ളതു, നിവൃത്തിയില്ലാഞ്ഞിട്ടാണ്; ഞാൻ ഏറ്റുപറയുന്നു, ലേശമെങ്കിലും ദുരഭിമാനംകൊണ്ടല്ല.’

ഇങ്ങനെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ദയയോടും ക്ഷമയോടുംകൂടി പെരുമാറിയിരുന്നു. പ്രസംഗിക്കുന്നതിലധികം സംസാരിക്കുകയാണ് അദ്ദേഹം ചെയ്യാറ്. വാദമുഖങ്ങളേയും ഉദാഹരണകഥകളേയും അന്വേഷിച്ച് അദ്ദേഹം അധികദൂരമൊന്നും ഓടാറില്ല. ഒരു ജില്ലയിലുള്ള ആളുകളോട് അടുത്ത ജില്ലയിലുള്ള ആളുകളുടെ നടപടികൾ പറഞ്ഞു കാണിച്ചുകൊടുക്കും. സാധുക്കളുടെ നേരെ നിർദ്ദയത കാണിക്കുന്നവരുടെ പ്രദേശത്തു ചെന്നാൽ അദ്ദേഹം ഇങ്ങനെ പറയും: ‘ബ്രിയാങ് സോങ്ങിലുള്ളവരെ നോക്കൂ! സാധുക്കൾക്കും വിധവകൾക്കും അനാഥശിശുക്കൾക്കും മറ്റെല്ലാവരേക്കാൾ മൂന്നു ദിവസം മുമ്പു തങ്ങൾ പുൽപ്പറമ്പുകളിൽനിന്നു പുല്ലരിഞ്ഞു കൊടുക്കുവാൻ അവർ അവകാശം കൊടുത്തിരിക്കുന്നു. പാവങ്ങളുടെ വീടുകൾ പൊളിഞ്ഞുപോയാൽ അവർ അവ നന്നാക്കിച്ചു കൊടുക്കുന്നു. ആതുകൊണ്ട് അത് ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട പ്രദേശമായി; ഒരു നൂറ്റാണ്ടിന്നുള്ളിലൊന്നും അവിടെനിന്ന് ഒരു കൊലപാതകി ഉണ്ടായിട്ടില്ല.’

ആദായം എത്ര കിട്ടിയാലും വിള എത്ര നന്നായാലും ദുര തീരാത്ത ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ അദ്ദേഹം ഇങ്ങനെ പറയും: ‘എംബ്രൂങ്ങിലെ ആളുകളെ നോക്കൂ! ഒരു കുടുംബത്തിലെ അച്ഛനു മകൻ പട്ടാളത്തിലും, പെൺമക്കൾ പട്ടണത്തിൽ ഓരോ പ്രവൃത്തിയിലും, താൻ ക്ഷീണിച്ച് ദീനത്തിൽ കിടപ്പിലുമാണെന്ന നിലവന്നാൽ അപ്രദേശത്തിള്ള മതാചാര്യൻ അയാളുടെ കാര്യം യോഗത്തിൽ അറിവുകൊടുക്കുന്നു. എന്നാൽ ഞായറാഴ്ച പള്ളിയിലെ പ്രാർഥന കഴിഞ്ഞാൽ, ആ ഗ്രാമവാസികളെല്ലാം -ആണുങ്ങളും, പെണ്ണുങ്ങളും കുട്ടികളും എല്ലാവരും - ആ സാധുമനുഷ്യന്റെ നിലത്തു ചെന്ന്, അയാൾക്കുള്ള കൊയ്ത്തെല്ലാം കഴിച്ചു നെല്ലും വൈക്കോലും അയാളുടെ കളത്തിൽ കൊണ്ടുപോയിക്കൊടുക്കും.’ പണത്തെപ്പറ്റിയും തറവാട്ടുസ്വത്തുക്കളെപ്പറ്റിയും ശണ്ഠപിടിച്ചു തമ്മിൽ ഭാഗിക്കുന്ന കുടുംബങ്ങളോട് അദ്ദേഹം പറയും: ‘ദേവോൾനിയിലെ മലയന്മാരുടെ സ്ഥിതി നോക്കൂ! ഒരമ്പതു കൊല്ലം കൂടുമ്പോഴും അവിടെ കുയിൽ ഒന്നു ശബ്ദിച്ചു കേൾക്കില്ല; അതത്രമേൽ മൊരംകാട്ടുപ്രദേശമാണ്. അവിടെ ഒരു കുടുംബത്തിലെ അച്ഛൻ മരിച്ചുപോയാൽ, അയാളുടെ സ്വത്തുക്കളെല്ലാം പെൺമക്കൾക്കു വിട്ടുകൊടുത്ത്, ആൺമക്കളെല്ലാം ദിവസപ്രവൃത്തിക്കുവേണ്ടി അന്യരാജ്യങ്ങളിലേക്കു പോകുന്നു; പെൺമക്കൾക്കു പതുക്കെ ഭർത്താക്കന്മാരെ അന്വേഷിച്ചുണ്ടാക്കാം.’

ദുർവ്യവഹാരഭ്രാന്തുള്ളേടങ്ങളിൽ ചെന്നാൽ, മുദ്രപത്രം വാങ്ങി മുതൽ മുഴുവനും നശിപ്പിച്ച അവിടത്തെ കൃഷിക്കാരോട് അദ്ദേഹം ഉപദേശിക്കും: ‘ക്വിയറയിലെ ഉൾപ്രദേശത്തിള്ള ആ നല്ലവരായ കൃഷിക്കാരെ നോക്കൂ! അവിടെ ആകെ മുവ്വായിരം പേരുണ്ട്. എന്റെ ഈശ്വരാ! അതുതന്നെ ഒരു ചെറിയ രാജ്യമാണ്. ജഡ്ജിയോ ആമീനോ ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. സകലവും നഗരമുഖ്യൻ നടത്തുന്നു. അയാൾ ചുങ്കങ്ങൾ നിശ്ചയിക്കുന്നു; ഓരോരുത്തനുമുള്ള നികുതി ന്യായം പോലെ ചുമത്തുന്നു; തർക്കങ്ങളെല്ലാം ധർമ്മമായി തീർത്തുകൊടുക്കുന്നു; പ്രതിഫലം കൂടാതെ അവകാശികളുടെ മുതൽ വിഭാഗം ചെയ്യുന്നു; ചെലവുമേടിക്കാതെ വിധി കല്പിക്കുന്നു; ആ ഋജുബുദ്ധികളുടെ ഇടയിൽ അയാൾ ഒരു മര്യാദക്കാരനായതുകൊണ്ട് എല്ലാവരും അയാളെ അനുസരിക്കുന്നു.’ സ്കൂൾമാസ്റ്ററില്ലാത്ത ഗ്രാമങ്ങളിൽ ചെന്നാൽ ക്വിയറയിലെ ആളുകളെപ്പറ്റി അദ്ദേഹം പിന്നേയും എടുത്തു പറയും: ‘അവർ എങ്ങനെയാണ് കഴിയുന്നതെന്നറിയാമോ? പന്ത്രണ്ടു പതിനഞ്ചു വീടുകളുള്ള ഒരു ചെറിയ ദേശത്തെക്കൊണ്ട് എന്നന്നേയ്ക്കും ഒരു സ്കൂൾമാസ്റ്ററെ ചെലവുകൊടുത്തു പാർപ്പിക്കാൻ കഴിയാത്തതുകൊണ്ട്, ആ രാജ്യക്കാർ എല്ലാവരും കൂടി ശമ്പളം കൊടുത്തു ചിലരെ നിശ്ചയിച്ചിരിക്കയാണ്; ഞാൻ ഒരാഴ്ച ഒരിടത്തു,

പത്തു ദിവസം മറ്റൊരിടത്ത്, ഇങ്ങനെ ഗ്രാമങ്ങളിലെങ്ങും നടന്നു പഠിപ്പിക്കുന്നു. ഈ അധ്യാപകന്മാർ ചന്തസ്ഥലങ്ങളിൽ പോവും. ഞാൻ അവരെ അവിടെ വച്ചു കണ്ടിട്ടുണ്ട്. തൊപ്പിയിലെ ചരടിൻമേൽ തൂക്കിയിടുന്ന തൂവലുകളുടെ എണ്ണം കൊണ്ട് അവർ എന്തു തരക്കാരെന്നു കണ്ടുപിടിക്കാം. വായിക്കുവാൻ മാത്രം പഠിപ്പിക്കുന്നവർക്ക് രണ്ടു തൂവലാണ്; വായിക്കലും കണക്കുകൂട്ടലും പുറമേ ലാറ്റിൻ ഭാഷയും പഠിപ്പിക്കുന്നവരുടെ തൊപ്പികളിൽ മൂന്നു തൂവൽ കാണാം. എന്നാൽ, അക്ഷരജ്ഞാനം ഇല്ലാതിരിക്കുന്നത് വലിയ അവമാനം തന്നെയാണ്. ക്വിയറിലെ ആളുകളെപ്പോലെ ചെയ്യുക!’

ഇങ്ങനെ അദ്ദേഹം സഗൗരവമായും പിതൃസമമായ വാത്സല്യത്തോടുകൂടിയും സംസാരിച്ചിരുന്നു. ഉദാഹരണങ്ങൾ ഒന്നുമില്ലെങ്കിൽ അദ്ദേഹം കെട്ടുകഥകളുണ്ടാക്കും. അതുകളെല്ലാം വേണ്ടേടത്തു കൊള്ളുന്നവയും അലങ്കാരമൊന്നുമില്ലതെ ധാരാളം സംഗതികളടങ്ങിയവയുമായിരിക്കും — ഇതാണല്ലോ യേശു കൃസ്‌തുവിന് വാസ്‌തവത്തിലുള്ള പ്രസംഗസാമർഥ്യം. തനിക്കു നല്ല അറിവുള്ളതുകൊണ്ട് അദ്ദേഹം പറയുന്നത് മറ്റുള്ളവർക്കു മനസ്സിലാകും.

വാക്കുൾക്കു യോജിച്ച് പ്രവൃത്തികൾ

അദ്ദേഹത്തിന്റെ സംഭാഷണം ഇണക്കത്തോടു കൂടിയതും നേരം പോക്കുള്ളതുമായിരുന്നു. തന്നേയും അദ്ദേഹം വളരെക്കാലമായി ഒരുമിച്ചു താമസിക്കുന്ന ആ രണ്ടു വൃദ്ധസ്‌ത്രീകളുടെ കൂട്ടത്തിലാക്കിയിരിക്കുന്നു. അദ്ദേഹം ചിരിക്കുമ്പോൾ ഒരു സ്‌കൂൾകുട്ടിയുടെ ചിരിയാണെന്നും തോന്നും. മദാം മഗ്ല്വാർ അദ്ദേഹത്തെ മഹാത്‌മാവെന്നണു വിളിക്കറ്. ഒരു ദിവസം തന്റെ ചാരുകസാലയിൽ നിന്നെഴുന്നേറ്റ് ഒരു പുസ്‌തകമെടുക്കാൻ അദ്ദേഹം വായനശാലയിലേക്കു പോയി. അത് ഒരു മുകൾത്തട്ടിലായിരുന്നു. മെത്രാൻ ഏതാണ്ട് ഉയരം കുറഞ്ഞയാളായതുകൊണ്ട്, അതെടുക്കാൻ കഴിഞ്ഞില്ല. ‘മദാം ബഗ്ല്വാർ,’ അദ്ദേഹം പറഞ്ഞു. ‘ഒരു കസാല ഇങ്ങോട്ടെടുക്കൂ. എന്റെ മഹാത്മത ആ പുസ്‌തകത്തട്ടിലോളം എത്തുന്നില്ല.’

അദ്ദേഹത്തിന്റെ ഒരകന്ന ചാർച്ചക്കാരിയായ ലാ കോംതെസ്സ്[7] ദ് ലോ തന്റെ മൂന്ന് ആണ്മക്കൾക്കു വരാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി അദ്ദേഹത്തിന്റെ മുൻപിൽ വെച്ചു സൗകര്യം കിട്ടുമ്പോഴെല്ലാം ഒന്നു കണക്കിട്ടു നോക്കാതെ വിടാറില്ല. ആ കോംതെസ്സിനു പലരും ചർച്ചക്കാരുണ്ട്; എല്ലാവരും വളരെ വയസ്സായി, ഏതാണ്ടു മരിക്കാനടുത്തിരിക്കുന്നു. അവർക്കെല്ലാവർക്കും ന്യായപ്രകാരമുള്ള അവകാശികളാണ് ലാ കോംതെസ്സിന്റെ മൂന്നു മക്കൾ. ആ മൂന്നാൺമക്കളിൽ ഒടുവിലത്തെ ആൾക്ക് ഒരു മൂത്തമ്മായിയുടെ വക ഒരു ലക്ഷം ഫ്രാങ്ക് വരവുള്ള സ്വത്തു കിട്ടാനുണ്ട്; നടുവിലത്തെ മകൻ, അയാളുടെ അമ്മാമന്റെ മരണാനന്തരം ഒരു ഡ്യുക്കവാൻ[8] നിൽക്കുകയാണ്; എല്ലാത്തിലും വച്ചു മൂത്ത മകൻ അയാളുടെ മുത്തച്ഛനുള്ള പ്രഭുപട്ടണത്തിന് ഉറ്റവകാശിയത്രേ. അമ്മമാർക്കു സാധാരണയായി പറയാനുള്ള നിർദോഷങ്ങളും ക്ഷന്തവ്യങ്ങളുമായ ഈ മേനി വാക്കുകളെല്ലാം മെത്രാൻ മിണ്ടാതിരുന്നു കേൾക്കുകയാണു പതിവ്. ഒരു ദിവസം അദ്ദേഹം എന്തോ എന്നറിഞ്ഞില്ല, പതിവിലധികം വിചാരമഗ്നനായി കാണപ്പെട്ടു. ലാ കോംതെസ്സ് ഈവക അവകാശങ്ങളെപ്പറ്റിയും ഭാവി ഭാഗ്യങ്ങളെപ്പറ്റിയും ഒരിക്കൽക്കൂടി വിസ്‌തരിക്കുകയായിരുന്നു; പെട്ടെന്ന് അക്ഷമയോടുകൂടി ആ സ്‌ത്രീ ചോദിച്ചു: ‘ഈശ്വരാ, എന്താ നിങ്ങൾ ഇങ്ങനെയിരുന്നാലോചിക്കുന്നത്?’

‘ഞാൻ ആലോചിക്കുകയാണ്’ മെത്രൻ പറഞ്ഞു. ‘വേദപുസ്‌തകത്തിൽ പറഞ്ഞിട്ടുള്ള ഈ വാചകം’ എത്ര അർഥവത്ത് — ‘നിങ്ങൾക്ക് അവകാശം വഴിക്കു യാതൊന്നും കിട്ടാനില്ലാത്തത് ആരിൽ നിന്നോ അയാളിൽ നിങ്ങളുടെ ആഗ്രഹങ്ങളെയെല്ലാം സമർപ്പിക്കുക.’

മറ്റൊരിക്കൽ നാട്ടുപുറത്തുള്ള ഒരു മാന്യൻ മരിച്ചിട്ടുള്ള അറിയിപ്പു വന്നു; അതിൽ ആ മരിച്ചാളുടെ പദവി വലുപ്പങ്ങളെ മാത്രമല്ല, അയാൾക്കുള്ള ചാർച്ചക്കാരുടെ സ്ഥാനമാങ്ങളെയും ഗുണവിശേഷങ്ങളെയും കൂടി ഒരു ഭാഗം നിറയെ വിവരിച്ചിരുന്നു. അതു കണ്ട് അദ്ദേഹം പറഞ്ഞു: ‘എത്ര കരുത്തുള്ള ഒരു മുതുകാണ് മരണത്തിന്റേത്. അത് അസാധാരണമയ എന്തൊരു സ്ഥാനമാനച്ചുമടിനെ തൃണപ്രായം കടന്നേറ്റിക്കളഞ്ഞു; എന്നല്ല, ശവക്കല്ലറയെക്കൂടി ദുരഭിമാനത്തിന്റെ ചൊൽപടിയിൽ കൊണ്ടു നിർത്തണമെങ്കിൽ മനുഷ്യർക്ക് എത്ര മനോധർമ്മം വേണം!’

സന്ദർഭം പോലെ ആളുകളെ പതുക്കെ കളിയാക്കുന്നതിനും അദ്ദേഹത്തിനു സവിശേഷ സാമർഥ്യമുണ്ട്. അതിലെല്ലാം മിക്കപ്പോഴും ഒരു ഗൗരവപ്പെട്ട അർഥം ഒളിച്ചു കിടക്കുന്നുണ്ടാവും; ഒരു നോൽമ്പു കാലത്തു ചെറുപ്പക്കാരനായ ഒരുപബോധകൻ ഡി.യിൽ വന്നു വലിയ പള്ളിയിൽ വച്ചു പ്രസംഗിച്ചു. അയാൾ ഒരുമാതിരി വാഗ്‌മിയാണ്. അയാളുടെ മതപ്രസംഗത്തിന്റെ വിഷയം ധർമ്മശീലമായിരുന്നു. നരകം കൂടാതെ കഴിക്കുന്നതിനും — അതയാൾ കഴിയുന്നതും ഭയങ്കരമാക്കി വർണ്ണിച്ചു — സ്വർഗം സമ്പാദിക്കുന്നതിനുമായി — അതയാൾ അത്രമേൽ ചന്തമുള്ളതായും കൊതി തോന്നിക്കുന്നതുമായി കാണിച്ചു — സാധുക്കൾക്ക് ‘ധർമം’ കൊടുക്കണമെന്ന് അയാൾ ധനവാന്മാരോട് നിർബന്ധിച്ചു. അന്നത്തെ ശ്രോതാക്കളുടെ കൂട്ടത്തിൽ മൊംസ്യു ഗെബൊറാങ് എന്നു പേരായി, തൽക്കാലം കച്ചവടം അവസാനിപ്പിച്ചാളും ഏതാണ്ട് അതി പലിശക്കാരനുമായ ഒരു ധനികനുണ്ടായിരുന്നു; പരുക്കൻ തുണിയും ചകലാസ്സും രോമം കൊണ്ടുള്ള നാടകളും ഉണ്ടാക്കി വിറ്റ് ഏകദേശം ഇരുപതു ലക്ഷത്തോളം അയാൾ സമ്പാദിച്ചിട്ടുണ്ട്. പാവമായ യാതൊരു യാചകനും മൊസ്സ്യു ഗെബൊറാങ് ജീവകാലത്തിനുള്ളിൽ ഒരു കാശു കൊടുത്തിട്ടില്ല. ആ മതപ്രസംഗം കഴിഞ്ഞതിനു ശേഷം അയാൾ ഞായറാഴ്ച തോറും വലിയ പള്ളിയിലെ ഗോപുരത്തിൽ വച്ച് സാധുക്കളും വൃദ്ധകളുമായ യാചക സ്‌ത്രീകൾക്ക് ഓരോ സുനാണ്യം[9] കൊടുക്കുന്നതായി കണ്ടു തുടങ്ങി. അതു മേടിക്കാൻ ആറുപേരുണ്ടായിരുന്നു. ഒരു ദിവസം അയാൾ ധർമ്മം ചെയ്യുന്നതു മെത്രാൻ കണ്ടുമുട്ടി. അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി സഹോദരിയോടു പറഞ്ഞു: ‘അതാ. മൊസ്സ്യു ഗെബറാങ് ഓരോ സ്വർണ്ണനാണയത്തിനുള്ള സ്വർഗം മേടിക്കുന്നു.’

ധർമ്മം ആവശ്യപ്പെടുമ്പോൾ, ഇല്ലെന്നു കേട്ടാൽക്കൂടി അദ്ദേഹം കൂസാറില്ല; അങ്ങനെയുള്ള സന്ദർഭങ്ങളിൽ അദ്ദേഹം ആളുകളെ ഇരുത്തിയാലോചിപ്പിക്കുന്ന സമാധാനം പറയും. ഒരു ദിവസം പട്ടണത്തിലെ ഒരിരുപ്പു മുറിയിൽ വച്ച് അദ്ദേഹം പാവങ്ങൾക്കു കൊടുപ്പാൻ പണം യാചിക്കുകയായിരുന്നു. ആ കൂട്ടത്തിൽ ധനവാനും പിശുക്കനുമായ മാർക്കി[10] ദ് ഷാമ്പ്‌തെർസിയെ എന്ന ഒരു വയസ്സനുമുണ്ട്. അയാൾക്ക് ഒരേ സമയത്ത് എണ്ണം പറഞ്ഞ രാജ്യഭക്തനും എണ്ണം പറഞ്ഞ രാജ്യദ്രോഹിയുമാവാൻ കഴിയും. അത്തരത്തിലുള്ള മനുഷ്യരും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. മെത്രാൻ അയാളുടെ അടുത്തെത്തിയപ്പോൾ കൈയിന്മേൽ തൊട്ടുപറഞ്ഞു, ‘മൊസ്സ്യു മാർക്കി, നിങ്ങൾ എന്തെങ്കിലും എനിക്കു തരണം.’ മാർക്കി അങ്ങോട്ടു തിരിഞ്ഞു നീരസത്തിൽ പറഞ്ഞു, ‘എനിക്കുമുണ്ട് എന്റെ സ്വന്തമായി ചില സാധുക്കൾ, മേൺസിന്യേർ.’

‘അവരെ എനിക്കു തന്നേക്കൂ,’ മെത്രാൻ മറുപടി പറഞ്ഞു.

ഒരു ദിവസം അദ്ദേഹം വലിയ പള്ളിയിൽ വച്ച് ഇങ്ങനെ ഒരു മതപ്രസംഗം ചെയ്‌തു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരേ, നല്ലവരായ എന്റെ സുഹൃജ്ജനങ്ങളേ, ഫ്രാൻസു രാജ്യത്തു പുറത്തേക്കു മൂമ്മൂന്നു പഴുതുകൾ മാത്രമുള്ള പതിമൂന്നു ലക്ഷത്തിരുപതിനായിരം കൃഷീവലഗൃഹങ്ങളുണ്ട്; ഓരോ വാതിലും ഒരു കിളിവാതിലുമായി രണ്ടു പഴുതുകൾ മാത്രമുള്ള പതിനെട്ടു ലക്ഷത്തിപ്പതിനേനേഴായിരം ചെറ്റക്കുടികളുണ്ട്; ഇവയ്‌ക്കു പുറമേ, വാതിൽ എന്ന ഒരേ ഒരു പഴുതുമാത്രമുള്ള മൂന്നുലക്ഷത്തി നാല്‌പത്തിയാറായിരം വഞ്ചിക്കൂടുകളുണ്ട്. വയസ്സായ തള്ളമാരും ചെറിയ കുട്ടികളുമുള്ള സാധുകുടുംബങ്ങളെ ഈവക സ്ഥലങ്ങളിൽ ഒന്നു പിടിച്ചിടുക; പനികളും പകർച്ചരോഗങ്ങളും വന്നു കൂടുന്നതു കാണാം. കഷ്ടം! ഈശ്വരൻ മനുഷ്യർക്കായി ശുദ്ധവായു തരുന്നു; നിയമം അതിനെ അവർക്കു വിലയ്‌ക്കു വിൽക്കുന്നു. ഞാൻ നിയമത്തെ ദുഷിക്കുകയല്ല; ഈശ്വരനെ സ്തുതിക്കുകയാണ്. ഇസിയേറിലും വാറിലും ആല്‌പ്‌സ് പർവ്വതത്തിന്റെ താഴെ, മീതെ എന്ന രണ്ടു ഭാഗങ്ങളിലുമുള്ള പാവങ്ങളായ കൃഷിക്കാർക്ക് ഒറ്റച്ചക്രക്കൈവണ്ടികൾ കൂടി ഇല്ല; അവർ നിലത്തിലേക്കുള്ള വളം മനുഷ്യരുടെ മുതുകത്തേറ്റിക്കൊണ്ടു പോകുന്നു: അവർക്കു മെഴുതിരിയില്ല; അവർ കുറയുള്ള മരക്കൊള്ളികളും കീലിൽ മുക്കിയ കയറ്റു കഷ്‌ണങ്ങളും കത്തിക്കുന്നു, ദോഫിനിയിലെ പുറങ്ങളിൽ ഏതിടത്തുമുള്ള സ്ഥിതി ഇതാണ്. അവർ ആറു മാസത്തേക്കുള്ള അപ്പം ഒരിക്കൽ ചുട്ടുവെക്കുന്നു; ചാണകവരടി കൊണ്ടാണ് അവരത് വേവിച്ചെടുക്കുന്നത്. മഴക്കാലങ്ങളിൽ അവർ അപ്പം മഴുകൊണ്ടു മുറിക്കുന്നു. എന്നിട്ടു തിന്നാവുന്ന വിധം പതം വന്നു കിട്ടാൻ ഇരുപത്തിനാലു മണിക്കൂറോളം അതു വെള്ളത്തിലിടുന്നു. എന്റെ സഹോദരന്മാരേ, നിങ്ങൾ ദയ വിചാരിക്കിൻ! നിങ്ങളുടെ നാലു ഭാഗത്തും കഴിയുന്ന കഷ്ടപ്പടുകൾ വിചാരിച്ചു നോക്കുവിൻ!’

അദ്ദേഹം അതാതു ദിക്കുകളിൽ നടപ്പുള്ള ഭാഷകളെല്ലാം എളുപ്പത്തിൽ മനസ്സിലാക്കി. ഇതു കാരണം, ആളുകൾക്കെല്ലാം അദ്ദേഹത്തിന്റെ മേൽ അത്യന്തം സന്തോഷം തോന്നി. എല്ലാവരോടും അടുത്തു പെരുമാറുവാൻ ഇതദ്ദേഹത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. പുൽമേഞ്ഞ കുടിലുകളും മലംപ്രദേശങ്ങളും എല്ലാം അദ്ദേഹത്തിനു വീടുപോലെയാണ്. ഏറ്റവും ആഭാസമായ ഭാഷാശൈലിയിൽ ഏറ്റവും ഉത്‌കൃഷ്ടങ്ങളായ തത്ത്വങ്ങൾ പറഞ്ഞു കൊടുക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. എല്ലാ ഭാഷയിലും സംസാരിക്കാമായിരുന്നതുകൊണ്ട്, എല്ലാവരുടെ മനസ്സിലും അദ്ദേഹത്തിനു ചെല്ലാൻ കഴിഞ്ഞു.

എന്നല്ല, പരിഷ്കൃതർക്കും താഴ്‌ന്ന വർഗക്കാർക്കും അദ്ദേഹം ഒരുതരത്തിലായിരുന്നു. ഒന്നിനേയും അദ്ദേഹം വേഗത്തിൽ — അതായത് അതിനെസ്സംബന്ധിച്ചുള്ള എല്ലാ വിവരവും മനസ്സിലാക്കാതെ — കടന്നു കുറ്റപ്പെടുത്തുകയില്ല. അദ്ദേഹം പറയും, ‘തെറ്റുകൾ നടന്നുപോയ വഴി പരീക്ഷിക്കണം.’

ഒരു പുഞ്ചിരിയോടുകൂടി താൻ തന്നെ പറയാറുള്ളതുപോലെ, അദ്ദേഹം ഒരു രാജിവെച്ച പാപിയായതുകൊണ്ടു, തപോനിഷ്ഠയ്‌ക്ക് കാണാറുള്ള ചീറ്റലുകളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാം ധാരാളം വ്യക്തതയോടു കൂടിയും, സദ്വൃത്തന്മാരുടെ ആ ഒരു ഭയങ്കരമായ കണ്ണുരുട്ടലില്ലാതെയും അദ്ദേഹം പറയാറുള്ള ഒരു തത്വസിദ്ധാന്തത്തിന്റെ ചുരുക്കം ഇതാണ്:

‘മനുഷ്യന് അവന്റെ മേൽ അവന്റെ ദേഹമുണ്ട്. അത് അവനുള്ള ഭാരവും അവന്റെ പ്രലോഭന സാധനവുമാണ്. അതിനെ അവൻ കൂടെ വലിച്ചു കൊണ്ടുപോകുന്നു; അതിന്റെ ആവശ്യങ്ങൾക്ക് അവൻ വഴങ്ങിക്കൊടുക്കുന്നു. അവന്ന് അതിനെ കാക്കണം; കീഴിൽ നിർത്തണം; ശിക്ഷിക്കണം; ഒടുവിലത്തെ കൈയായി മാത്രം അവന്നതിനെ അനുസരിക്കണം. ഈ അനുസരണത്തിൽക്കൂടിയും എന്തെങ്കിലും തെറ്റുണ്ടായിരിക്കാം; പക്ഷേ ആ വീഴ്ച കാൽമുട്ടിന്മേലത്രേ — അത് ഈശ്വരവന്ദനത്തിൽ ചെന്നവസാനിക്കാം.’

‘ഒരൃഷിയാവുക എന്നത് വ്യത്യസ്തതയാണ്; ഒരു സത്യവാനാവുകയാണ് നിയമം. തെറ്റു പ്രവർത്തിക്കുക, അധഃപതിക്കുക, വേണമെങ്കിൽ പാപം ചെയ്യുക; പക്ഷേ, നിങ്ങൾ സത്യവാനായിരിക്കണം’.

‘കഴിയുന്നതും കുറച്ച് പാപം ചെയ്യുക — ഇതാണ് മനുഷ്യന്നുള്ള നിയമം. പാപം തന്നെ ചെയ്യില്ല എന്നുള്ളത് ദേവന്മാരുടെ മനോരാജ്യമാകുന്നു. ഭൗതീകമായ സകലതും പാപത്തിന്നധീനമാണ് പാപം എന്നത് ഒരു കേന്ദ്രാകർഷണമത്രേ.

ഓരോരുത്തനും ഉറക്കെ കിടന്ന് സംസാരിച്ച് ലഹളയുണ്ടാക്കുകയും വേഗത്തിൽ ശുണ്ഠിയെടുത്ത് കലശൽ കൂട്ടുകയും ചെയ്യുന്നത് കണ്ടാൽ, ‘ഹോ! ഹോ!’ അദ്ദേഹം ഒരു പുഞ്ചിരിയോടു കൂടി പറയും; ‘നോക്കുമ്പോൾ, ഇതാണ് ലോകം മുഴുവനും പ്രവർത്തിക്കുന്ന ഒരു വലിയ അപരാധം. ഇവയെല്ലാം പേടിച്ച് ഭ്രാന്ത് പിടിച്ച് പോയ ഓരോ കള്ള നാട്യങ്ങളാണ്; വലിയ ബദ്ധപ്പാടോടു കൂടി എന്തോ ചിലത് പറഞ്ഞു നോക്കിക്കൊണ്ട് അവ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു.’

മനുഷ്യ സമുദായത്തിന്റെ എല്ലാ ചുമതലയും തങ്ങിനിൽക്കുന്ന സ്ത്രീകളിലും സാധുക്കളിലും അദ്ദേഹം ക്ഷമാശീലനാണ്. അദ്ദേഹം ഒരിക്കൽ പറാഞ്ഞു: ‘സ്ത്രീകളുടേയും കുട്ടികളുടേയും ശക്തിയില്ലാത്തവരുടേയും ദരിദ്രരുടേയും അക്ഷരജ്ഞാനം ഇല്ലാത്തവരുടേയും തെറ്റുകൾ വാസ്തവത്തിൽ, ഭർത്താക്കന്മാർക്കും, അച്ഛന്മാർക്കും, യജമാനന്മാർക്കും, ശക്തന്മാർക്കും, ധനവാന്മാർക്കും, അറിവുള്ളവർക്കുമുള്ള തെറ്റുകളാണ്’.

പിന്നേയും അദ്ദേഹം പറഞ്ഞു: ‘അറിവില്ലാത്തവരെ കഴിയുന്നിടത്തോളം കാര്യങ്ങൾ ഗ്രഹിപ്പിക്കുക: പതിഫലമില്ലാതെ പഠിപ്പിച്ചു കൊടുക്കാത്തത് സമുദായത്തിന്റെ പക്കൽ തെറ്റാണ്. അതുണ്ടാക്കിവയ്ക്കുന്ന അന്ധകാരത്തിന് അതുതന്നെയാണ് ഉത്തരവാദി. ജീവാത്മാവ് തികച്ചും നിഴലുകളാൽ നിറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അത് പാപം ചെയ്തുപോകുന്നു. പാപം ചെയ്തവനല്ല തെറ്റുകാരൻ; ആ നിഴലുണ്ടാക്കിയവനാണ്.’

അതാത് സംഗതികളെ പരീക്ഷണം ചെയ്ത് തീർച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് ഒരു സവിശേഷ സമ്പ്രദായം ഉള്ളതായി കാണാം. അദ്ദേഹം അത് വേദപുസ്തകത്തിൽ നിന്ന് മനസ്സിലാക്കിയതല്ലേ എന്ന് ഞാൻ സംശയിക്കുന്നു.

തെളിവുകളെല്ലാം ശേഖരിച്ച് കഴിഞ്ഞ് വിചാരണയ്ക്ക് വരാനടുത്ത ഒരു ക്രിമിനൽ കേസിനെപ്പറ്റി ഒരു ദിവസം പട്ടണത്തിലെ ഒരിരിപ്പു മുറിയിൽ വച്ച് സംസാരിക്കുന്നത് അദ്ദേഹം കേട്ടു. ഒരു ഗതികെട്ട മനുഷ്യൻ, കഴിഞ്ഞു കൂടുവാൻ ഒരു മാർഗ്ഗവുമില്ലെന്നായപ്പോൾ, ഒരു സ്ത്രീയുടെ മേലും അവളിൽ അയാൾക്കുണ്ടാ

യിട്ടുള്ള ഒരു കുട്ടിയുടെ മേലുമുള്ള പ്രേമം കാരണം, കള്ളനാണ്യമുണ്ടാക്കാൻ ശ്രമിച്ചു. അക്കാലത്തും കള്ളനാണ്യമുണ്ടാക്കിയാലത്തെ ശിക്ഷ മരണമായിരുന്നു. അയാൾ ഉണ്ടാക്കിയ ഒന്നാമത്തെ നാണ്യം ചെലവാക്കാൻ നോക്കുന്നേടത്തു വെച്ച് ആ സ്ത്രീയെ പോലീസുകാർ പിടികൂടി, അവൾ പിടിക്കപ്പെട്ടു. എന്നാൽ യാതൊരു തെളിവും അവളിൽ നിന്നുണ്ടായില്ല. അവൾക്കു മാത്രമേ അവളുടെ കാമുകനെ കുറ്റപ്പെടുത്താൻ സാധിക്കൂ. അവളുടെ സമ്മതം കൊണ്ടു മാത്രമേ; അയാൾ കൊല്ലപ്പെടുകയുള്ളൂ. അവൾ അതു ചെയ്തില്ല; പോലീസുകാർ നിർബന്ധിച്ചു. എന്തായിട്ടും അവൾ ഇല്ലെന്നു ശാഠ്യം പിടിച്ചു നിന്നു. അപ്പോൾ ഗവണ്മെന്റു വക്കീലിനു ഒരു സൂത്രം തോന്നി. ആ കാമുകൻ അവളുടെ നേരെ എന്തോ വിശ്വാസപാതകം പ്രവർത്തിച്ചിട്ടുണ്ടെന്ന് അയാൾ ഒരു കഥ കെട്ടിയുണ്ടാക്കി. അങ്ങനെ ഉപായത്തിൽ ഉണ്ടാക്കിത്തീർത്ത ചില എഴുത്തുകളുടെ കഷ്ണം കാണിച്ചു കൊടുത്ത്, അവൾക്ക് ഒരെതിരാളി ഉണ്ടെന്നും ആ കാമുകൻ അവളെ വഞ്ചിക്കുകയാണ് അതേവരെ ചെയ്തിരുന്നതെന്നും ആ സ്ത്രീയെ അയാൾ ഒരുവിധം ബോധ്യപ്പെടുത്തി. ഉടനെ സാപത്ന്യം കൊണ്ടു ശുണ്ഠിയെടുത്ത് അവൾ തന്റെ കാമുകനെ കുറ്റപ്പെടുത്തി: വാസ്തവമെല്ലാം പുറത്താക്കി; സകലവും തെളിയിച്ചു കൊടുത്തു.

ആ മനുഷ്യൻ കുടുങ്ങി. അയാളുടെയും അയാളുടെ കൂട്ടുകാരിയുടേയും കാര്യം താമസിയാതെ വിചാരണയ്ക്കു വരും. അവിടെ കൂടിയിട്ടുള്ളവർ ഈ കഥ പറയുകയായിരുന്നു. ഓരോരുത്തനും ആ വക്കീലിന്റെ സാമർഥ്യം അഭിനന്ദിച്ചു. സപത്നീ മത്സരം ഉണ്ടാക്കിത്തീർത്ത്, അതുകൊണ്ടുണ്ടായ ദേഷ്യത്തിൽ വാസ്തവം പുറത്തു വരുത്തി, നീതിന്യായത്തെ അയാൾ രക്ഷിച്ചു. മെത്രാൻ ഈ സംസാരമെല്ലാം മിണ്ടാതിരുന്നു കേട്ടു. അവർ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ‘എവിടെയാണ് അയാളേയും ആ സ്ത്രീയേയും വിചാരണ ചെയ്യുന്നത്?’

‘സെഷ്യൻ കോടതിയിൽ’

അദ്ദേഹം തുടർന്നു പറഞ്ഞു: ‘ആട്ടെ; ആ ഗവണ്മെന്റു വക്കീലിനെയോ, എവിടെ വിചാരണ ചെയ്യും?’

ഡി.യിൽ ഒരു വ്യസനകരമായ സംഭവം നടന്നു. ഒരുത്തനെ കൊലപാതക കുറ്റത്തിനു മരണ ശിക്ഷയ്ക്കു വിധിച്ചു. അയാൾ ഒരു സാധുവാണ്; ശരിക്കു പഠിപ്പുള്ളവനല്ല, തീരെ പഠിപ്പില്ലാത്തവനുമല്ല; ചന്ത സ്ഥലങ്ങളിൽ കോമാളി വേഷം കെട്ടുകയും, ഓരോ ചില്ലറപ്പുസ്തകങ്ങൾ എഴുതി വിൽക്കുകയുമാണ് പ്രവൃത്തി. അയാളുടെ കേസ്സുവിചാരണ രാജ്യത്തെല്ലാം വലിയ ഒച്ചപ്പാടുണ്ടാക്കി. ആ മനുഷ്യൻ മരണ ശിക്ഷ അനുഭവിക്കേണ്ട ദിവസം വൈകുന്നേരം ജയിലിലെ പതിവു പ്രബോധകൻ ദീനത്തിലായി. ആ കുറ്റക്കാരനെ തൂക്കിക്കൊല്ലുന്നതിനു മുൻപ് അയാൾക്കു വേണ്ട ഉപദേശം കൊടുക്കാൻ ഒരു മതാചാര്യൻ വേണം. സഭാബോധകനോടാവശ്യപ്പെട്ടു. അയാൾ ചെല്ലാൻ കൂട്ടാക്കിയില്ല. ഇങ്ങനെ മറുപടി പറഞ്ഞയച്ചു എന്നു തോന്നുന്നു; ‘എന്റെ പ്രവൃത്തി അതല്ല. ആ രസമില്ലാത്ത കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല. ആ കോമാളി വേഷക്കാരനെ എനിക്കു കാണേണ്ടതില്ല; എനിക്കും നല്ല സുഖമില്ല; എന്നല്ല, അതെന്റെ പ്രവൃത്തിയല്ല.’ ഈ വിവരം മെത്രാന്നറിവു കൊടുത്തു. അദ്ദേഹം പറഞ്ഞു: സഭാബോധകനവർകൾ പറയുന്നതു ശരിയാണ്; അത് അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല; എന്റെ പ്രവൃത്തിയാണ്.

ഉടനെ അദ്ദേഹം ജയിലിലേക്കു പോയി; ആ ‘കോമാളി വേഷക്കാരൻ’ ഇരിക്കുന്ന തുറങ്കിലേക്കു കടന്നു; അയാളെ വിളിച്ചു; അയാളുടെ കൈ പിടിച്ചു; അയാളോടു സംസാരിച്ചു. അന്നത്തെ ദിവസം മുഴുവനും, ഊണും ഉറക്കവും മറന്ന് ആ ശിക്ഷിക്കപ്പെട്ടവന്റെ ആത്‌മാവിനു വേണ്ടി ഈശ്വരനോടു പ്രാർത്ഥിച്ചുകൊണ്ടും, അദ്ദേഹം അവിടെ ഇരുന്നു. ഏറ്റവും വിലപ്പെട്ടവയും അതിനാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നവയുമായ തത്ത്വങ്ങൾ അദ്ദേഹം അയാൾക്കു പറഞ്ഞു കൊടുത്തു. അദ്ദേഹം ആ മനുഷ്യന്റെ അച്ഛനും സഹോദരനും സുഹൃത്തുമായി; അനുഗ്രഹിക്കാൻ വേണ്ടി മാത്രം മെത്രാനുമായി. അദ്ദേഹം അയാളെ സകലവും പഠിപ്പിച്ചു; അയാളെ ധൈര്യപ്പെടുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു, അയാൾ നിരാശത കൊണ്ടു മരണത്തിന്റെ വക്കോളം എത്തിയിരുന്നു. മരണം എന്നത് അത്യഗാധമായ ഒരന്ധകാര കുണ്ഠമായി അയാൾക്കു തോന്നി. അതിന്റെ ദുഃഖകരമായ വക്കത്തു വിറച്ചുകൊണ്ടു ചെന്നു നിന്നപ്പോൾ അയാൾ ഭയപ്പെട്ടു പിൻവാങ്ങി. അതിനെ തീരെ അവഗണിക്കാതിരിക്കാൻ വേണ്ടിടത്തോളം അറിവില്ലായ്‌മ അയാൾക്കില്ല. അയാൾക്കുണ്ടായ മരണ ശിക്ഷാവിധി — അത് അയാൾക്കു സഹിക്കാൻ വയ്യായിരുന്നു — നാം ജീവിതമെന്നു വിളിക്കുന്ന ആ എന്തോ ചിലതു കൊണ്ടുള്ള ചുമരിന്മേൽ അവിടവിടെ ചില തുളകൾ തുളച്ചു. ആ അപകടം പിടിച്ച പഴുതുകളിലൂടെ അയാൾ പരലോകത്തേക്ക് ഇടവിടാതെ സൂക്ഷിച്ചു നോക്കി; വെറും ഇരുട്ടു മാത്രമേ കണ്ടുള്ളൂ. മെത്രാൻ അയാൾക്കു വെളിച്ചം കാണിച്ചു കൊടുത്തു.

പിറ്റേ ദിവസം ആളുകൾ ആ ഭാഗ്യംകെട്ട മനുഷ്യനെ കൂട്ടിക്കൊണ്ടുപോവാൻ വന്നപ്പോഴും മെത്രാൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അയാളെ പിന്തുടർന്നു; ചങ്ങലകൊണ്ടു കെട്ടപ്പെട്ട ആ തടവുപുള്ളിയോടു തൊട്ടടുത്തു, തന്റെ നിലയങ്കിയോടും ചുമലിൽ സ്ഥാനചിഹ്നമായ കുരിശോടും കൂടി അദ്ദേഹം അവിടെയുള്ള ആൾക്കൂട്ടത്തിൽ കാണപ്പെട്ടു.

ആദ്ദേഹവും ആ കൊലപാതകിയുടെകൂടെ കട്ടവണ്ടി കയറി; അവർ രണ്ടുപേരും ഒരുമിച്ചു ശിരച്ഛേദന യന്ത്രത്തിൽ കയറി. തലേ ദിവസം അത്രയും മുഖം കരിഞ്ഞും ഉശിരുകെട്ടുമിരുന്ന ആ പാവം അന്നു കാഴ്‌ചയിൽ സുപ്രസന്നനായിരുന്നു. തന്റെ ആത്മാവിനു മാപ്പുകിട്ടി എന്ന് അയാൾക്കു ബോധം വന്നു. അയാൾ എല്ലാ ആശകളും ഈശ്വരനിൽ സമർപ്പിച്ചു. മെത്രാൻ അയാളെ ആലിഗനം ചെയ്‌തു; പിൻകഴുത്തിൽ കത്തി വീഴുന്ന സമയത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു: മനുഷ്യൻ കൊല്ലുന്നതാരെയോ അവനെ ഈശ്വരൻ ജീവിപ്പിക്കുന്നു; സ്വന്തം സഹോദരന്മാർ ആരെ ഉപേക്ഷിക്കുന്നുവോ, അവൻ ഒരിക്കൽ കൂടി തന്റെ അച്ഛനെ കാണുന്നു. ഈശ്വരനെ ധ്യാനിക്കുക; നിന്തുരുവടിയെ വിശ്വസിക്കുക; ജീവിതത്തിൽ പ്രവേശിക്കുക; അച്ഛൻ അവിടെയുണ്ട്.’ അദ്ദേഹം ആ വധസ്ഥലത്തു നിന്നു താഴെ ഇറങ്ങിയപ്പോൾ, കാണുന്നവർ ചൂളിക്കൊണ്ടു വഴിമാറത്തക്കവിധം, അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു ഭാവഭേദമുണ്ടായിരുന്നു. അതിലുള്ള നിറക്കുറവോ അതോ പ്രശാന്തതയോ ഏതാണധികം ബഹുമാനിക്കേണ്ടതെന്ന് അവർക്കു നിശ്ചയമില്ലാതായി. ഒരു പുഞ്ചിരിയോടുകൂടി എന്റെ അരമന എന്നു വിളിക്കാറുള്ള ആ ചെറുവീട്ടിൽ മടങ്ങിയെത്തി, അദ്ദേഹം സഹോദരിയോടു പറഞ്ഞു: ഞാൻ ഇന്നു മെത്രാന്റെ കർമ്മം നടത്തി.

ഏറ്റവും വൈശിഷ്ട്യമുള്ളതാണ് മനസ്സിലാക്കുവാൻ ഏറ്റവും പ്രയാസമായിട്ടുള്ളത്; മെത്രാന്റെ ഈ പ്രവൃത്തിയെപ്പറ്റി സംസാരിക്കുമ്പോൾ, ‘ഇതെല്ലാം നാട്യമാണ്’ എന്നഭിപ്രായപ്പെടുവാൻ ചില പരിഷ്കാരികളുണ്ടായി.

ഏതായാലും ഈ ഒരഭിപ്രായം പട്ടണത്തിലെ ഇരിപ്പുമുറികളിൽ മാത്രം കിടന്നു തിരിഞ്ഞതേയുള്ളൂ. ദൈവികങ്ങളായ കർമങ്ങളിൽ യാതൊരു തമാശയും കാണാവില്ലാത്ത പൊതുജനങ്ങൾക്ക് അതുള്ളിൽക്കൊള്ളുകയും അവർ അദ്ദേഹത്തെ വാസ്തവമായി ബഹുമാനിക്കുകയും ചെയ്തു.

മെത്രാനാണെങ്കിൽ, ആ ശിരച്ഛേദനയന്ത്രം കണ്ടതു മനസ്സിൽ വല്ലാതെ തട്ടി; ആ വ്രണം അദ്ദേഹത്തിനു ആശ്വാസപ്പെട്ടു കിട്ടുവാൻ വളരെക്കാലം കഴിയേണ്ടി വന്നു.

വാസ്തവത്തിൽ, അതാതു ഭാഗങ്ങളെല്ലാം എടുത്തു ഘടിപ്പിച്ചു ശരിയാക്കിയ ഒരു ശിരച്ഛേദനയന്ത്രത്തിൽ, തികച്ചും തല ചുറ്റിക്കുന്ന എന്തോ ഒന്നുണ്ട്. സ്വന്തം കണ്ണുകൊണ്ട് അങ്ങനെയൊരു സാധനം കാണുന്നതു വരെ, മരണ ശിക്ഷയെ ഒരു വിധം തുച്ഛമായി കരുതുന്നവരുണ്ടാവാം; വേണമെന്നോ വേണ്ടെന്നോ വിധി കല്പിക്കുവാൻ സംശയിക്കുന്ന ആളും ഉണ്ടാായേക്കും. പക്ഷേ, അതൊരാൾ കണ്ടെത്തിപ്പോയാൽ അപ്പോഴത്തെ ക്ഷോഭം ചില്ലറയല്ല; രണ്ടിലൊന്നു തീർച്ചപ്പെടുത്തുവാൻ — അത് വേണ്ടതാണെന്നോ വേണ്ടാത്തതാണെന്നോ തീർച്ചപ്പെടുത്തുവാൻ — അയാൾ മയിസ്തറെ[11]പ്പോലെ നിർബദ്ധനായിപ്പോകുന്നു. ചിലർ അതിനെ കൊണ്ടാടുന്നു, മറ്റുള്ളവർ ബിക്കാറിയെപ്പോലെ അതിനെ ശപിക്കുന്നു. ശിരച്ഛേദനയന്ത്രം ശിക്ഷാനിയമത്തിന്റെ ഉറച്ച കട്ടിയാണ്. അതിനെ പ്രതിക്രിയ എന്നു പറയുന്നു. നിഷ്പക്ഷമായ നില അതിന്നില്ല; അതു നിങ്ങളേയും നിഷ്പക്ഷമായി നിൽക്കാൻ സമ്മതിക്കില്ല. അതു കാണുന്ന മനുഷ്യനു അത്രമേൽ അപൂർവവും അസാധാരണവുമായ ഒരു വിറ വന്നു പോകുന്നു. ഈ തല ചെത്തുന്ന കത്തിയുടെ ചുറ്റുമായി എല്ലാ സാമുദായികസംശയങ്ങളും തങ്ങളുടേ ചോദ്യചിഹ്നത്തെ കുഴിച്ചു നാട്ടുന്നു. തൂക്കുമരം ഒരു ഭൂതമാണ്. തൂക്കുമരം ഒരു കഷ്ണം ആശാരിപ്പണിയല്ല; തൂക്കുമരം ഒരു യന്ത്രമല്ല; മരം കൊണ്ടും ഇരിമ്പു കൊണ്ടും ചങ്ങല കൊണ്ടും കെട്ടിയുണ്ടാക്കിയ ഒരു ചൈതന്യമറ്റ യന്ത്രക്കഷ്ണമല്ല തൂക്കുമരം.

അതൊരു ജീവനുള്ള സത്ത്വമാണെന്നു തോന്നുന്നു — എന്താണ് അതിന്റെ നീരസമായ പ്രവൃത്തി എന്നെനിക്കറിഞ്ഞുകൂടാ; ആ ആശാരി പണിക്കഷ്ണം നോക്കിക്കാണുന്നുണ്ടെന്ന് — അതേ, ആ യന്ത്രം കേൾക്കുന്നുണ്ടെന്ന് — ആ മരക്കഷ്ണത്തിന്ന്, ആ ഇരുമ്പിൻ തുണ്ടത്തിന്ന്, ആ ചങ്ങലക്കൂട്ടത്തിന്ന് ബുദ്ധിയുണ്ടെന്ന് — വേണമെങ്കിൽ പറയാം. അതിന്റെ സന്നിധാനം ആത്മാവിനുണ്ടാക്കിത്തീർക്കുന്ന ഭയങ്കരമായ മനോരാജ്യത്തിൽ തൂക്കുമരം ഒരു ഘോരവേഷമായി കാണപ്പെടുന്നു; അവിടെ നടക്കുന്ന സംഗതികളിൽ അതു പങ്കുകൊള്ളുന്നപോലെ തോന്നും; മരണശിക്ഷ നടത്തുവന്റെ കൂട്ടുകാരനാണ് തൂക്കുമരം; അതു വിഴുങ്ങുന്നു, അതു മാംസം കടിച്ചു തിന്നുന്നു. അതു രക്തം വാറ്റി കുടിക്കുന്നു. വിധികർത്താവും ആശാരിയും കൂടി കെട്ടിയുണ്ടാക്കിയ ഒരു രാക്ഷസനാണ് തൂക്കുമരം — അതേല്പിച്ചു വിട്ട ദുർമൃതികൾ മുഴുവനും കൊണ്ടു നിറഞ്ഞ ഒരു ഭയങ്കര ചൈതന്യത്തോടു കൂടി ഉയിർക്കൊളുന്നതു പോലുള്ള ഒരു പ്രേതരൂപം.

അതിനാൽ അതു കണ്ടതുകൊണ്ടുള്ള ക്ഷോഭം കഠിനവും ഭയങ്കരവുമായിരുന്നു; മരണശിക്ഷ നടന്നതിന്റെ പിറ്റേ ദിവസവും തുടർന്നു കുറേ അധിക ദിവസത്തോളവും മെത്രാൻ ഒരു മൃതശരീരം പോലെ കാണപ്പെട്ടു. ശവസംസ്കാരാവസരത്തിലെ ആ ഏതാണ്ടു കലശലായ ശാന്തത മാറി; സാമുദായികമായ നീതിന്യായത്തിന്റെ പ്രേതം അദ്ദേഹത്തെ കഷ്ടപ്പെടുത്തി. എല്ലാ പ്രവൃത്തികളും കഴിഞ്ഞു, സംതൃപ്തിമയമായ പ്രസന്നതയോടു കൂടി മടങ്ങി വരാറുള്ള അദ്ദേഹം, തന്നെത്തന്നെ അധിക്ഷേപിക്കുന്നതുപോലെ തോന്നപ്പെട്ടു. ചിലപ്പോൾ അദ്ദേഹം തന്നോടു തന്നെ സംസാരിക്കും; ദുഃഖമയങ്ങളായ ആത്മഗതങ്ങളെ അദ്ദേഹം താഴ്ന്ന സ്വരത്തിൽ വിക്കിവിക്കിപ്പറയും. അദ്ദേഹത്തിന്റെ സഹോദരി ഒരു ദിവസം വൈകുന്നേരം കേട്ടതും ഓർമവെച്ചതുമായ അതിലെ ഒരു ഭാഗം ഇതാണ്; ‘അത് അത്രയും പൈശാചികമായ ഒന്നാണെന്നു ഞാൻ വിചാരിച്ചില്ല. മാനുഷിക നിയമങ്ങളെ കാണാതാകത്തക്കവിധം ദൈവികനിയമത്തിൽ മുങ്ങിപ്പോകുന്നത് തെറ്റാണ്. മരണം ഈശ്വരനു മാത്രം അവകാശപ്പെട്ടതാകുന്നു. ആ അജ്ഞാതമായ സാധനത്തിൽ മനുഷ്യർ എന്തധികാരത്തിന്മേൽ ചെന്നു കൈവെക്കുന്നു?

കാലക്രമം കൊണ്ട് ഈ ധാരണകൾക്കു ശക്തി കുറഞ്ഞു; ഒരു സമയം അവ പോയ്പോക തന്നെ ചെയ്തു; ഏതായാലും അതിൽപ്പിന്നെ വധസ്ഥലങ്ങളിലൂടെ പോവാതിരിക്കാൻ മെത്രാൻ കരുതുന്നതായി കാണപ്പെട്ടു.

ദീനത്തിൽ കിടക്കുന്നവരുടേയും മരിക്കാനടുത്തവരുടേയും അടുക്കലേക്ക് ഏതർദ്ധരാത്രിക്കായാലും മെത്രാനെ വിളിക്കാം. തന്റെ ഏറ്റവും മുഖ്യമായ ചുമതലയും തനിക്കുള്ള ഏറ്റവും മഹത്തായ പ്രവൃത്തിയും അവിടെയാണെന്നുള്ള വാസ്തവം അദ്ദേഹം വിസ്മരിച്ചില്ല. വൈധവ്യം വന്നും അഗാധതയിൽപ്പെട്ടുമുള്ള കുടുംബങ്ങൾ അദ്ദേഹത്തെ വിളിക്കേണ്ട; സ്വന്തം മനസ്സാലേ അദ്ദേഹം അവിടെ ചെല്ലും. പ്രേമഭാജനമായ ഭാര്യ മരിച്ചുപോയ ഗൃഹസ്ഥന്റെയും കുട്ടി കഴിഞ്ഞു കരയുന്ന അമ്മയുടേയും അരികെ എത്ര നേരമെങ്കിലും ഒരക്ഷരം പോലും മിണ്ടാതിരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെ സംസാരിക്കാതിരിക്കേണ്ടത് എപ്പോൾ എന്നറിയാവുന്നതുപോലെ, സംസാരിക്കേണ്ടതെന്ത് എന്നും അദ്ദേഹത്തിനറിയാം. ഹാ! സമാധാനപ്പെടുത്തുന്നതിൽ എന്തു സമർഥൻ! വിസ്മൃതി കൊണ്ടു ദുഃഖത്തെ മറയ്ക്കുവാനല്ല അദ്ദേഹം നോക്കാറ്; അതിനെ പ്രത്യാശ കൊണ്ടു വലുതാക്കി ഗൗരവപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അദ്ദേഹം പറയുന്നു: ‘മരിച്ചവരെപ്പറ്റി വിചാരിക്കുന്നതിൽ നിങ്ങൾ മനസ്സിരുത്തണം. നശിച്ചു പോകുന്ന ഭാഗത്തെക്കുറിച്ചു ചിന്തിക്കരുത്. ഇടവിടാതെ സൂക്ഷിച്ചു നോക്കുക. മരിച്ചുപോയ പ്രേമഭാജനങ്ങൾക്കുള്ള ശാശ്വതമായ തേജസ്സിനെ സ്വർഗ്ഗത്തിന്റെ അന്തർഭാഗത്തു നിങ്ങൾ കണ്ടെത്തും!’ വിശ്വാസം ഗുണകരമാണെന്ന് അദ്ദേഹത്തിന്നറിയാം. അദ്ദേഹം സുഖപരിത്യാഗിയെ ചൂണ്ടിക്കാണിച്ചു നിരാശയിൽപ്പെട്ട മനുഷ്യനെ സമാധാനിപ്പിച്ച് ആശ്വസിപ്പിക്കുവാൻ നോക്കും; ആകാശത്തേയ്ക്ക് സൂക്ഷിച്ചു നോക്കുന്ന ദുഃഖത്തെ കാണിച്ചു കൊടുത്തു ശവക്കല്ലറയിലേയ്ക്ക് താഴ്ന്നു സൂക്ഷിച്ചു നോക്കുന്ന ദുഃഖത്തെ മാറ്റാൻ ശ്രമിക്കും.

മോൺസിന്യേർ ബിയാങ് വെന്യു തന്റെ നിലയങ്കി വളരെക്കാലത്തേയ്ക്ക് നിലനിറുത്തുന്നത്

പൊതുജീവിതം പോലെത്തന്നെ, മൊസ്യു മിറിയേലിന്റെ ഗൃഹജീവിതം നല്ല വിചാരങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഡി.യിലെ മെത്രാൻ സ്വമനസ്സാലെ അനുഭവിച്ചു വന്നിരുന്ന ദാരിദ്ര്യം, അടുത്തു സൂക്ഷിച്ചു നോക്കാൻ കഴിഞ്ഞ ഏതൊരാൾക്കും വിശിഷ്ടവും കൗതുകകരവുമായ ഒരു കാഴ്ചയാണ്.

എല്ലാ വയസ്സന്മാരേയും പോലെ, മിക്ക തത്വജ്ഞാനികളേയും മട്ടിൽ. അദ്ദേഹം കുറച്ചു മാത്രമേ ഉറങ്ങാറുള്ളൂ. ആ സ്വല്പനിദ്ര നല്ല ശക്തിയുള്ളതായിരുന്നു. രാവിലെ ഒരു മണിക്കൂർ നേരം ധ്യാനിക്കും; എന്നിട്ട് പള്ളിയിൽ വച്ചോ സ്വന്തം ഭവനത്തിൽ വച്ചോ ഈശ്വരവന്ദനം ചെയ്യും. വന്ദനം കഴിഞ്ഞാൽ, സ്വന്തം പശുക്കളുടെ പാലിൽ മുക്കിയ ഗോതമ്പപ്പം കൊണ്ടുള്ള പ്രാതലായി. അതിനുശേഷം അദ്ദേഹം പ്രവൃത്തിയാരംഭിക്കും.

ഒരു മെത്രാൻ എപ്പോഴും പണിത്തിരക്കുള്ള ആളാണ്; പള്ളി, സ്വത്തുവക കാര്യക്കാർ ദിവസംപ്രതി അദ്ദേഹത്തെ കാണാൻ വരും — സാധാരണമായി മതപ്രബോധകമുഖ്യനും അയാൾ തന്നെയാവും, പ്രായേണ എല്ലാ ദിവസങ്ങളിലും ഉപബോധകാധിപന്മാരെയും അദ്ദേഹത്തിന് കാണാനുണ്ടാവും. സഭകളെ ശാസിക്കണം; അധികാരങ്ങൾ കൊടുക്കണം; മതസംബന്ധിയായ ഒരു വലിയ വായനശാല മുഴുവനും — സ്തോത്രപുസ്തകങ്ങൾ, ചോദ്യോത്തരങ്ങൾ മുതലായവ — പരിശോധിക്കണം; കല്പനകൾ എഴുതണം; മതപ്രസംഗങ്ങൾ അനുവദിക്കണം; ബോധകാധിപന്മാരേയും നഗരപ്രമാണികളേയും കൂട്ടിയോജിപ്പിക്കണം; പള്ളിയെസ്സംബന്ധിച്ചുള്ള എഴുത്തുകുത്തുകളൂം രാജ്യഭരണത്തെസ്സംബന്ധിച്ചുള്ള കത്തിടപാടുകളൂം നടത്തണം — ഒരു ഭാഗത്ത് രാജ്യഭരണം; മറ്റേ ഭാഗത്ത് പൗരോഹിത്യം; അസംഖ്യം നുള്ളൂനുറുങ്ങു കാര്യങ്ങൾ പുറമെ.

ഈ പറഞ്ഞ പതിനായിരം പണികളും, ഉദ്യോഗസംബന്ധികളായ പ്രവൃത്തികളും, ഈശ്വരവന്ദനങ്ങളൂം കഴിഞ്ഞു കിട്ടുന്ന സമയത്തെ അദ്ദേഹം കഷ്ടപ്പെടുന്നവർക്കും, രോഗത്തിൽക്കിടക്കുന്നവർക്കും, ദാരിദ്ര്യത്തിൽപ്പെട്ടവർക്കുമായി ഒന്നാമത് വിനിയോഗിക്കും; ദാരിദ്യത്തിൽപ്പെട്ടവർക്കും രോഗത്തിൽക്കിടക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കുമായി ആ വിധം ഉപയോഗിച്ചതിന്റെ ബാക്കി സമയത്തെ അദ്ദേഹം സ്വന്തം പ്രവൃത്തികൾക്ക് നീക്കിവയ്ക്കും; ചിലപ്പോൾ തോട്ടത്തിൽ കിളയ്ക്കും; പിന്നേയും എഴുതുകയോ വായിക്കുകയോ ചെയ്യും. ഈ രണ്ടിനും ഒരുപേരേ അദ്ദേഹം പറയൂ. രണ്ടിനേയും ‘കൃഷി’ എന്നു വിളിക്കും; അദ്ദേഹം പറഞ്ഞിരുന്നു. ‘മനസ്സ് ഒരു തോട്ടമാണ്’.

ഉച്ചയോടുകൂടി, തെളിവുള്ള ദിവസമാണെങ്കിൽ, അദ്ദേഹം പുറത്തിറങ്ങും. പട്ടണത്തിലോ നാട്ടുപുറത്തോ ഒന്നു ലാത്തും; ആ വഴിക്ക് പലേ ചെറുകുടിലുകളിലും കയറിയിറങ്ങും. കൂടെ മറ്റാരുമില്ലാതെ, തനിക്കുള്ള മനോരാജ്യങ്ങളിൽ മുങ്ങി, കീഴ്പോട്ട് നോക്കി, തന്റെ നീളമുള്ള വടി കുത്തിക്കൊണ്ട്, തവിട്ടു നിറത്തിലുള്ള പട്ടുകൊണ്ടുണ്ടാക്കിയതും നല്ല ചൂടുള്ളതുമായ തന്റെ നിലയങ്കിയോടു കൂടി, പരുത്ത ബൂട്ടുസ്സുകളുടെ ഉള്ളിൽ തവിട്ടു നിറത്തിലുള്ള കീഴ്ക്കാലുറകളും ഇട്ടു. മൂന്നു മൂലയിലും പൊന്നു കൊണ്ടുള്ള മൂന്നു പൊടിപ്പുകൾ തൂങ്ങിക്കിടക്കുന്ന ഒരു പരന്ന തൊപ്പി തലയിൽ വച്ച്, അദ്ദേഹം പലപ്പോഴും ലാത്തുന്നത് കാണാം.

അദ്ദേഹം ചെല്ലുന്നേടത്തെല്ലാം ഒരു നല്ല ഉത്സവമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ സുഖപ്രദവും പ്രകാശമാനവുമായ എന്തോ ഒന്നുണ്ടെന്ന് പറയണം. ആദിത്യന്റെ വരവിലെന്ന പോലെ, മെത്രാന്റെ വരവിൽ കുട്ടികളും വയസ്സന്മാരും ഉമ്മറത്തെ ഒതുക്കുകളിലേക്ക് ചെല്ലും. അദ്ദേഹം അവർക്കെല്ലാം ആശീർവാദം കൊടുക്കും; അവർ അദ്ദേഹത്തേയും ആശീർവദിക്കും. എന്തെങ്കിലും ആവശ്യമുള്ള ഒരാളെക്കണ്ടാൽ, അയാൾക്ക് മെത്രാന്റെ വാസസ്ഥലം അവർ കാട്ടിക്കൊടുക്കും.

ഇടയ്ക്കിടയ്ക്ക് അദ്ദേഹം നിൽക്കും; ചെറിയ ആൺകുട്ടികളേയും പെൺകുട്ടികളെയും വിളിച്ച് സംസാരിക്കും! അമ്മമാരോടൊപ്പം പുഞ്ചിരിയിടും. പണം കൈയിലുള്ളേടത്തോളം നേരം പാവങ്ങളുടെ വീട്ടിൽ കയറിച്ചെല്ലും. ഒട്ടും ബാക്കിയില്ലെന്നായാൽ അദ്ദേഹം പണക്കാരെ ചെന്നു കാണും.

തന്റെ കുപ്പായം വളരെക്കാലത്തേക്ക് പുതുക്കാതെ വച്ചിരുന്നതുകൊണ്ടും, അത് ആളുകൾ നോക്കിക്കാണുന്നത് തനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടും, തവിട്ടു നിറത്തിലുള്ള നിലയങ്കിയെടുത്ത് മേലിലിടാതെ അദ്ദേഹം ഒരിക്കലും പട്ടണത്തിലെക്കിറങ്ങാറില്ല. വേനൽക്കാലങ്ങളീൽ അതദ്ദേഹത്തെ സാമാന്യം അസൗകര്യപ്പെടുത്തിയിരുന്നു.

മടങ്ങിവന്നാൽ മുത്താഴമായി. മുത്താഴത്തിന്റെ വട്ടവും പ്രാതൽപോലെ തന്നെയായിരുന്നു.

വൈകുന്നേരം എട്ടര മണിക്ക് അദ്ദേഹം സോദരിയോടൊരുമിച്ച് അത്താഴം കഴിക്കും. മദം മഗ്ല്വാർ, പിന്നിൽ നിന്നു, പാകം പോലെ അവർക്ക് വിളമ്പിക്കൊടുക്കും. ഈ ഭക്ഷണം പോലെ അത്ര ചുരുങ്ങിയ പദാർത്ഥങ്ങളോടു കൂടിയ മറ്റൊന്നും ഉണ്ടാവാൻ വയ്യാ. മെത്രാന്റെ അതിഥിയായി വല്ല മതബോധകന്മാരും വന്നിട്ടുണ്ടെങ്കിൽ, ആ ഒരു കാരണം പിടിച്ചു, തടാകത്തിലെ സ്വാദുള്ള മത്സ്യമോ, വേട്ടയിൽ കിട്ടിയ പുതിയ മാംസമോ മദാം മഗ്ല്വാർ അവിടെക്ക് വെച്ചുവിളമ്പിക്കൊടുക്കും. ഓരോ അതിഥിയും നല്ല ഭക്ഷണമുണ്ടാക്കുവാനുള്ള ഓരോ ഞായമാണ്; മെത്രാൻ ആ കാര്യത്തിൽ ഒന്നും അറിയാറില്ല. അപ്പോളൊഴിച്ച് മറ്റെല്ലാ സമയത്തും അദ്ദേഹത്തിന്റെ ഭക്ഷണം, വെള്ളത്തിൽ വേവിച്ച കായ്കനികളും എണ്ണ സൂപ്പുമാണ്. അതുകൊണ്ട് പട്ടണത്തിൽ ഇങ്ങനെ ഒരു വാക്കുണ്ടായിത്തീർന്നു: “ഒരു മതബോധകന്റെ സുഖഭക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ, മെത്രാൻ ഒരു തപോനിഷ്ഠന്റെ സുഖഭക്ഷണം കഴിക്കും.”

അത്താഴം കഴിഞ്ഞതിനു ശേഷം മദാംവ്വസേല്ല് ബപ്തിസ്തീനോടും മദാം മാഗ്ല്വാറോടും ഒരര മണിക്കൂറു നേരം അദ്ദേഹം ഇരുന്ന് സംസാരിക്കും; അതു കഴിഞ്ഞാൽ സ്വന്തം, മുറിയിലേക്ക് പോയി, ചിലപ്പോൾ വല്ല തുന്നിക്കെട്ടാത്ത കടലാസ്സുകളിലോ, ചിലപ്പോൾ വല്ല പുസ്തകത്തിന്റേയും വക്കുകളിലോ, കുറേ നേരം എഴുതും. അദ്ദേഹം എഴുത്തുകാരനും ഏതാണ്ട് പണ്ഡിതനുമായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ അഞ്ചോ ആറോ കൈയെഴുത്തു കോപ്പികൾ സൂക്ഷിച്ച് വച്ചിരുന്നു. അവയിലൊന്ന് വേദപുസ്തകത്തിലുള്ള ഈ വാചകത്തിന്റെ സവിസ്തരമായ വ്യാഖ്യാനമാണ് — “ആദ്യകാലത്ത് ഈശ്വരാത്മാവ് സമുദ്രത്തിൽ നീന്തിക്കിടന്നു.” ഈ വരിയോടുകൂടി അദ്ദേഹം മൂന്ന് വേദവാക്യങ്ങളെ താരതമ്യപ്പെടുത്തി: ഒന്ന്, അറബി ഭാഷയിലുള്ള ഈ കവിതാശകലം — ‘ഈശ്വരന്റെ കാറ്റടിച്ചു; മറ്റൊന്ന്, ഫ്ലേവി‌യസ്സ് ജോസീഫസ്സിന്റെ[12] ഈ വാചകം മുകളിൽ നിന്നുള്ള ഒരു കാറ്റ് ഭൂമിയിലേക്ക് ഇറങ്ങി വന്നു; ഒടുവിലത്തേത്, കാൽഡിയക്കർ വ്യാഖ്യാനിച്ചിട്ടുള്ളവിധം ഓൺകിലോസ്സിന്റെ[13] ഈ ഒരു വരി — ഈശ്വരനിൽ നിന്ന് ഒരു കാറ്റ് വന്നു സമുദ്രത്തിന്റെ മുകളിലൂടെ അടിച്ചുപോയി.’ വേറേ ഒരു പ്രബന്ധത്തിൽ തോലമേയിലെ മെത്രാനും ഈ പുസ്തകമെഴുതിയ ആളൂടെ വലിയമ്മാമനുമായ യൂഗോവിന്റെ മതഗ്രന്ഥങ്ങളെ അദ്ദേഹം പരീക്ഷണം ചെയ്തു കാണുന്നു; കഴിഞ്ഞ നൂറ്റാണ്ടിൽ ബർളിക്കൂർ എന്ന കൃത്രിമനാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പലതരം ചില്ലറ പുസ്തകങ്ങളൊക്കെയും ആ ഒരു മെത്രാന്റെ കൃതികളാണെന്ന് അതിൽ അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു.

ചിലപ്പോൾ വായനയ്‌ക്കിടയിൽ പുസ്തകം എന്തുതന്നെയായാലും വേണ്ടില്ല, അദ്ദേഹം ഉണരുക ആ പുസ്‌തകത്തിന്റെ ഏടുകളിൽത്തന്നെ ചില വരികൾ കുറിപ്പാനായിരിക്കും. ഈ കുറിപ്പുകളും അവ എഴുതിയ പുസ്‌തകവുമായി യാതൊരു സംബന്ധവും വേണമെന്നില്ല. ഇപ്പോൾ ഞങ്ങളുടെ കണ്ണിനു മുമ്പിൽ അദ്ദേഹം എഴുതിയ ഒരു കുറിപ്പിരിക്കുന്നുണ്ട്; അതുള്ള പുസ്‌തകത്തിന്റെ പേർ ഇതാണ് — ലോർഡ് ജേർമെയനും, ജെനറൽ ക്ലിൻടൻ ജെനറൽ കോർണ്വല്ലീസ്സ് അമ്മേരിക്കൻ സൈന്യാധിപന്മാർ എന്നിവരുമായി നടന്ന കത്തിടപാടുകൾ; വേർസെയിൽ പുസ്‌തക വ്യാപാരി പ്വാങ്സോ ആണ്; പാരീസിലെ പുസ്‌തക വ്യാപാരി പിസ്സോ.

ഇതാണ് ആ കുറിപ്പ്:

‘അഹോ സനാതനസ്വരൂപിൻ!’

‘സഭാപ്രസംഗപുസ്‌തകം അങ്ങയെ സർവശക്‌തൻ’ എന്നു വിളിക്കുന്നു; മക്കാബിഗ്രന്ഥങ്ങൾ[14] അങ്ങനെ ‘സ്രഷ്ടാവ്’ എന്നു വിളിക്കുന്നു; എഫീഷിയൻ‌കാർക്കുള്ള കത്ത്,[15] അങ്ങയെ ‘സ്വാതന്ത്ര്യം’ എന്നു വിളിക്കുന്നു; ബറൂച്ച്[16] അങ്ങയെ ‘അപാരത’ എന്നു വിളിക്കുന്നു; വേദസങ്കീർത്തനങ്ങൾ അങ്ങയെ ‘ജ്ഞാനം’ എന്നും ‘സത്യം’ എന്നും വിളിക്കുന്നു; ജോൺ[17] അങ്ങയെ ‘പ്രകാശം’എന്നു വിളിക്കുന്നു; രാജകഥകൾ അങ്ങയെ ‘നാഥൻ’ എന്നു വിളിക്കുന്നു; പുറപ്പാടു പുസ്‌തകം അങ്ങയെ ‘വിധി’ എന്നു വിളിക്കുന്നു; പഴയ നിയമത്തിലെ മൂന്നാം ഗ്രന്ഥം അങ്ങയെ ‘വിശുദ്ധി’ എന്നു വിളിക്കുന്നു; ‘എസ്‌ഡാസ്’ ഗ്രന്ഥം[18] അങ്ങയെ ‘നീതി’ എന്നു വിളിക്കുന്നു; പ്രപഞ്ചം അങ്ങയെ ‘ഈശ്വരൻ എന്നു വിളിക്കുന്നു; മനുഷ്യൻ അങ്ങയെ ’പിതാവെ’ എന്നു വിളിക്കുന്നു; എന്നാൽ സോളമനാകട്ടെ[19] അങ്ങയെ ‘ദയ’ എന്നു വിളിക്കുന്നു — ഇതത്രേ അങ്ങയ്‌ക്കുള്ള എല്ലാ പേരുകളിലും വെച്ച് ഏറ്റവുമധികം ഭംഗിയുള്ള പേർ.’

വൈകുന്നേരം ഒമ്പതു മണിയോടുകൂടി രണ്ടു സ്‌ത്രീകളും കിടപ്പാൻ പോവും. മെത്രാനെ തനിച്ചു താഴത്തെ നിലയിലാക്കി, അവർ മുകളിലുള്ള തങ്ങളുടെ മുറികളിൽ ചെന്നു കിടക്കും.

ഡി.യിലെ മെത്രാന്നുള്ള വാസസ്ഥലത്തിന്റെ ഒരു ശരിയായ വിവരണം ഇവിടെ കൊടുക്കുന്നത് ആവശ്യമാണ്.

അദ്ദേഹത്തിന്നുവേണ്ടി ആർ വീടു കാത്തു എന്ന്

ഞങ്ങൾ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വാസസ്ഥലത്തിന് ഒരു കീഴ് നിലയും ഒരു മുകൾ നിലയുമാണുള്ളത്; ചുവട്ടിലെ നിലയിൽ മൂന്ന് മുറിയും മേലേ നിലയിൽ മൂന്നകങ്ങളും എല്ലാറ്റിനും മുകളിൽ ഒരു തട്ടിൻപുറവുമുണ്ട്. വീട്ടിന്റെ പിൻഭാഗത്ത് ഒരു കാൽ ഏക്കർ വിസ്താരമുള്ള തോട്ടമാണ്. മുകളിലത്തെ നിലയിൽ ആ രണ്ടു സ്ത്രീകളും, ചുവട്ടിലത്തേതു മെത്രാനും ഉപയോഗിച്ചു വന്നു. തെരുവിലേക്കഭിമുഖമായി ഒന്നാമത്തെ മുറി മെത്രാന്റെ ഭക്ഷണസ്ഥലവും, രണ്ടാമത്തേത് അദ്ദേഹത്തിന്റെ കിടപ്പറയും, മൂന്നാമത്തേത് അദ്ദേഹത്തിന്റെ ഈശ്വരവന്ദന സ്ഥലവുമാണ്. ഈ വന്ദനമുറിയിൽ നിന്നു കിടപ്പറയിലൂടെയും ആ കിടപ്പറയിൽ നിന്നു ഭക്ഷണമുറിയിലൂടെയുമല്ലാതെ പുറത്തേക്കു വേറെ മാർഗമില്ല. ആ മൂന്നറകളുടേയും അറ്റത്തു വന്ദനമുറിയിൽ, കട്ടിലുള്ള ഒരകം വേറെ തിരിച്ചിട്ടുണ്ട്. അത് അതിഥികളാരെങ്കിലും വന്നാൽ അവരുടെ ഉപയോഗത്തിന്നുള്ളതാണ്. വല്ല സ്വന്തം കാര്യത്തിനോ വല്ല പള്ളിവക ആവശ്യങ്ങൾക്കോ വരുന്ന നാട്ടുപുറത്തെ സഭാബോധകന്മാർക്ക് ആ സ്ഥലമാണ് കൊടുക്കാറ്.

വീടുമായി പിന്നീട് കൂട്ടിച്ചേർത്തതും, തോട്ടത്തിലേക്ക് ഉന്തി നില്ക്കുന്നതുമായ ആസ്പത്രി വക മരുന്നുശാല ഇപ്പോൾ അടുക്കളയും കലവറയുമായി ഉപയോഗിക്കപ്പെട്ടു വരുന്നു. ഇതിനു പുറമേ, ആസ്പത്രിവക അടുക്കളയായിരുന്ന തോട്ടത്തിലെ സ്ഥലം കൊണ്ട് ഒരു തൊഴുത്തും ഉണ്ടാക്കിയിട്ടുണ്ട്; അതിൽ മെത്രാൻ രണ്ടു പശുക്കളെ നിർത്തിയിരുന്നു. അവയിൽ നിന്നു കറന്നു കിട്ടിയ പാൽ, എത്രയായാലും ശരി, പകുതി അദ്ദേഹം ദിവസം തോറും രാവിലെ ആസ്പത്രിയിൽ കിടക്കുന്ന ദീനക്കാർക്കു കൊടുത്തയയ്ക്കും. അദ്ദേഹം പറയും: “ഞാൻ എന്റെ വരി കൊടുക്കുന്നു’’.

അദ്ദേഹത്തിന്റെ കിടപ്പറ സാമാന്യം വലിയതാണ്; മഴക്കാലത്തു ചൂടുപിടിപ്പിക്കുവാൻ കുറച്ചു ഞെരുക്കമുള്ളതുമാണ്. ഡി.യിൽ വിറകിന്നു വലിയ വിലയായതുകൊണ്ട് തൊഴുത്തിൽ പലകയടിച്ച് ഒരു സ്ഥലം ഉണ്ടാക്കിക്കളയാമെന്ന് അദ്ദേഹത്തിനൊരു യുക്തി തോന്നി. വളരെ തണുപ്പുള്ള കാലങ്ങളിൽ അദ്ദേഹം വൈകുന്നേരമെല്ലാം അവിടെ കൂടും; അതിനെ തന്റെ “വർഷകാലകേളീഗൃഹം’’ എന്നാണ് അദ്ദേഹം വിളിക്കാറ്.

ഈ വർഷകാലകേളീഗൃഹത്തിൽ, ഭക്ഷണശാലയിലെന്നപോലെ വെള്ളമരം കൊണ്ടുള്ള ഒരു ചതുരമേശയും വയ്ക്കോൽ മെടച്ചിലുള്ള നാലു കസാലകളുമല്ലാതെ വേറെ സാമാനങ്ങളില്ല. ഇവയ്ക്കു പുറമേ, ഇളംചുവപ്പു നിറത്തിലുള്ള നീർച്ചായം തേച്ച ഒരു മേശത്തട്ടുകൂടി ഭക്ഷണമുറിയെ അലങ്കരിക്കുന്നുണ്ട്. അതേ വിധം വെളുത്ത വിരിപ്പുകൊണ്ടും കൃത്രിമക്കസവു നാട കൊണ്ടും വേണ്ടവിധം ഭംഗി പിടിപ്പിച്ച മേശത്തട്ടിനാൽ മെത്രാൻ ഒരു ‘തിരുവത്താഴമേശ’ ഉണ്ടാക്കിത്തീർത്തതു വന്ദനമുറിയേയും സവിശേഷം മോടിപ്പെടുത്തുന്നു.

പാപബോധം വന്ന് ഡി.യിലെ ധനവാന്മാരും ഭക്തകളുമായ സ്ത്രീകളും കൂടി മെത്രാന്റെ വന്ദനമുറിയിലേക്ക് ഒരു പുതിയ തിരുവത്താഴമേശ ഉണ്ടാക്കിക്കുവാൻ ഒന്നിലധികം പ്രാവശ്യം പണം പിരിച്ചു; ആ ഓരോ സമയത്തും പിരിഞ്ഞു കിട്ടിയ തുക വാങ്ങി അദ്ദേഹം സാധുക്കൾക്ക് ദാനം ചെയ്തു. അദ്ദേഹം പറയും: ‘സമാധാനം വന്ന് ഈശ്വരനെ സ്തുതിക്കുന്ന ഒരു പാവത്തിന്റെ ആത്മാവാണ് ഏറ്റവുമധികം ഭംഗിയുള്ള തിരുവത്താഴമേശ.’

വന്ദന മുറിയിൽ വയ്ക്കോൽ മെടച്ചിലുള്ള രണ്ടു പീഠമുണ്ട്; അതുപോലെ വയ്ക്കോൽ കൊണ്ടുള്ള ഒരു ചാരുകസാല കിടപ്പറയിലുമുണ്ട്. സംഗതിവശാൽ ചിലപ്പോൾ പൊല്ലീസ്സു മേലധികാരിയോ, പട്ടാള മേലധ്യക്ഷനോ പട്ടാളത്തിലെ മറ്റുയർന്ന ഉദ്യോഗസ്ഥന്മാരോ, അടുത്തുള്ള വേദാധ്യയന ശാലയിലെ അധ്യേതാക്കളോ ആയി ഏഴോ എട്ടോ പേർ ഒന്നിച്ച് അതിഥികളായി വന്നാൽ, വർഷകാലകേളീ

ഗൃഹത്തിലുള്ള കസാലകളും, വന്ദന മുറിയിലുള്ള പീഠങ്ങളും, കിടപ്പറയിലെ ചാരു കസാലയും എല്ലാം അവിടെ നിന്ന് എടുത്തുകൊണ്ടു വരണം. അങ്ങനെ അതിഥികളുടെ ആവശ്യത്തിന് പതിനൊന്നോളം ഇരിപ്പിടങ്ങൾ എല്ലാം കൂടി ഉണ്ടാക്കിത്തീർക്കാം. ഓരോ പുതിയ വിരുന്നുകാരനു വേണ്ടി ഓരോ മുറി ഒഴിക്കും.

ചില സമയത്തു പന്ത്രണ്ടുപേരുണ്ടായി എന്നു വരാം; എന്നാൽ മഴക്കലമാണെങ്കിൽ പുകക്കുഴലിന്നരികെ ചെന്നു നിന്നും, വേനൽക്കാലമാണെങ്കിൽ തോട്ടത്തിൽ ലാത്തിയും, മെത്രാൻ തത്‌കാലത്തെ കുഴപ്പം കൂടാതെ കഴിക്കും.

വന്ദനമുറിയുറെ ഒരറ്റം തിരിച്ചുണ്ടാക്കിയ അറയിൽ ഒരു കസാല കൂടി ഇനിയുണ്ട്. അതിന്റെ വയ്‌ക്കോൽ മെടച്ചിൽ പകുതി പോയിരിക്കുന്നു; എന്നല്ല, അതിന്നു കാൽ മൂന്നേയുള്ളൂ; അതുകൊണ്ട് ചുമരിനോടു ചേർത്തിട്ടാൽ മാത്രമേ അതുപയോഗിക്കാറാവൂ. മദാംവ്വസേല്ല് ബപ്‌തിസ്‌തീന്റെ മുറിയിലും മരം കൊണ്ടുള്ള ഒരു കൂറ്റൻ ചാരുകസാല കിടപ്പുണ്ട്. അതു പണ്ടു തങ്കപ്പൂച്ചുള്ളതും പൂമ്പട്ടിനാൽ പൊതിയപ്പെട്ടതുമായിരുന്നു. എന്നാൽ കോണിപ്പഴുതു വളരെ ഇടുങ്ങിയതാകയാൽ, ജനാലയിലൂടെ കടത്തിയിട്ടു വേണ്ടിയിരുന്നു അതു മുകളിലെ മുറിയിലെത്തിക്കുവാൻ; അതുകൊണ്ടു അതിനെ ആവശ്യത്തിന് അങ്ങുമിങ്ങും കൊണ്ടുചെല്ലാവുന്ന വീട്ടുസാമാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിക്കൂടാ.

പനിനീർച്ചെടികൊണ്ടുള്ള ചിത്രപ്പണികളാൽ മോടി പിടിപ്പിക്കപ്പെട്ടതും മഞ്ഞ നിറത്തിലുള്ള മേത്തരം പട്ടുകൊണ്ടുണ്ടാക്കിയതും അരയന്നക്കഴുത്തിന്റെ ഛായയിൽ ചേലവീട്ടികൊണ്ടു കടയപ്പെട്ടതുമായ ഒരു കൂട്ട് ഇരുപ്പുമുറി സാധനങ്ങളും ഒരു സോഫയും മേടിക്കണമെന്നായിരുനു മദാംവ്വസേല്ല് ബപ്‌തീസ്‌തീന്റെ ഒരു വലിയ ആഗ്രഹം. പക്ഷേ, അതിനു ചുരുങ്ങിയത് ഒരഞ്ഞൂറ് ഫ്രാങ്ക് വേണം. അഞ്ചു കൊല്ലം കരുതിപ്പിടിച്ചു നോക്കിയിട്ട് ഈ ആവശ്യത്തിലേക്കു നാല്‌പത്തിരണ്ടു ഫ്രാങ്കും പത്തു സൂവും മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ എന്നു കണ്ടപ്പോൾ, ആ ഉദ്ദേശ്യം വേണ്ടെന്നുവെച്ചു കാര്യം അവസാനിപ്പിച്ചു. അല്ലെങ്കിൽ ആർക്കാണ് തന്റെ മനോരാജ്യം മുഴുവനും സാധിച്ചിട്ടുള്ളത്?

മെത്രാന്റെ കിടപ്പറ വിവരിക്കുന്നതുപോലെ എളുപ്പമുള്ള പണി വേറെയില്ല. തോട്ടത്തിലേക്കഭിമുഖമായി ഒരു ചില്ലുവാതിലുണ്ട്. അതിന്റെ എതിർഭാഗത്തായിട്ടാണ് കട്ടിൽ — പച്ചച്ചകലാസ്സുകൊണ്ട് മേൽക്കെട്ടിയുള്ള ഒരാസ്‌പത്രിക്കട്ടിൽ; ആ കട്ടിലിന്റെ അടുക്കൽ, ഒരു മറശ്ശീലയ്‌ക്കു പിന്നിലായി,ചമയൽസ്സാമാനങ്ങൾ വെച്ചിരിക്കുന്നു — ഒരു പരിഷ്‌കാരിയുടെ മോടിയും അന്തസ്സുമുള്ള സമ്പ്രദായം മുഴുവനും വിട്ടുപോയിട്ടില്ലെന്ന് അവ സൂചിപ്പിച്ചു കളയുന്നു. അവിടെ നിന്ന് പുകക്കുഴലിന്നടുത്തായി ഒരു വാതിൽ വന്ദന മുറിയിലേക്കും ബുക്കലമാറിയുടെ അടുത്തായി മറ്റൊരു വാതിൽ ഭക്ഷണമുറിയിലേക്കുമുണ്ട്. ആ അലമാറി, പുസ്‌തകങ്ങൾ നിറഞ്ഞു ചില്ലുവാതിലുള്ള ഒരു വലിയ ചുമർക്കൂടാണ്; പുകക്കുഴൽ മരം കൊണ്ടുണ്ടാക്കിയതും വെണ്ണക്കല്ലാണെന്നു തോന്നിക്കുന്നവിധം ചായമിട്ടിട്ടുള്ളതുമാണ് — അതിൽ ഏതു സമയത്തും തിയ്യില്ലാതിരിക്കയാണ് പതിവ്. പുകക്കുഴൽ പുഷ്‌പങ്ങൾ ചൂടിയ രണ്ടു പുഷ്‌പശകലങ്ങളാൽ അലംകൃതങ്ങളും മുൻകാലത്തു വെള്ളത്തകിടുകളാൽ പൊതിയപ്പെട്ടവയുമായ കുഴൽപ്പണികളോടുകൂടിയ രണ്ട് ഇരുമ്പുവിറകിതാങ്ങികളുണ്ട് — ഒരുതരം സഭാധ്യക്ഷസംബന്ധിയായ ധാടി. ആ പുകക്കുഴലിനുമീതെ, ചായം പൊയ്‌പോയ ഒരു മരച്ചട്ടക്കൂട്ടിനുള്ളിൽ, പിഞ്ഞിയ കറുപ്പു വില്ലീസ്സിൽ പതിച്ചതും വെള്ളിപ്പണി തേഞ്ഞു പോയതുമായ ഒരു ചെമ്പുകുരിശു തൂക്കിയിട്ടിരിക്കുന്നു; ചില്ലുവാതിലിന്നടുത്തായി പാറിപ്പരത്തിയിട്ട പലേ കടലാസ്സുകളേയും ഒന്നിലധികം കൂറ്റൻ പുസ്തകങ്ങളേയും ചുമന്നു നിൽക്കുന്ന ഒരു വലിയ മേശയും അതിന്മേൽ ഒരു മഷിക്കുപ്പിയുമുണ്ട്; ആ മേശയ്ക്കു മുൻപിൽ ഒരു വയ്ക്കോൽച്ചാരുകസാല കിടക്കുന്നു; കട്ടിലിലിനു മുൻവശത്തു വന്ദനമുറിയിൽ നിന്നു കടം വാങ്ങിച്ച ഒരു പീഠവുമുണ്ട്.

കട്ടിലിന്റെ രണ്ടു ഭാഗത്തുമായി അണ്ഡാകൃതിയിൽ ചട്ടക്കൂടുകളോടുകൂടിയ രണ്ടു ഛായാപടങ്ങൾ തൂക്കിയിരിക്കുന്നു. ആ രൂപങ്ങളുടെ പാർശ്വഭാഗത്ത് ഒരു പുള്ളിക്കുത്തുമില്ലാത്ത തുണിയിന്മേൽ തങ്കമഷികൊണ്ടു ചെറുതായി എഴുതിയിട്ടുള്ള പേരുകൾ കൊണ്ട്, അവയിൽ ഒരു ഛായ സാങ് ക്ലോദിലെ മെത്രാനായ ഷാലിയോ മഠാധിപതിയുടെയും മറ്റേത് ഷാർത്ര് ഇടവകയിൽപ്പെട്ട സീത്തിയോ ആശ്രമത്തിലെ ഗ്രാങ്ഷാങ് മഠാധിപതിയും ആഗ്ദിലെ ഉപാധ്യക്ഷനുമായ തൂത്തോ മഠാധിപന്റേയുമാണെന്നു കാണാം. ആസ്പത്രിയിലെ രോഗികൾ പോയി. മെത്രാൻ ആ മുറിയിൽ ആദ്യമായി വന്നപ്പോൾ, ഈ രണ്ടു ചിത്രങ്ങളും അവിടെ ഉണ്ട്; അദ്ദേഹം അവയെ അനക്കിയില്ല. അവർ മതാചാര്യന്മാരാണ്; ഒരു സമയം, അവർ ആസ്പത്രി സ്ഥാപനത്തിൽ ധനസഹായം ചെയ്തവരുമായിരിക്കാം — അവരെ ബഹുമാനിക്കുവാനുള്ള രണ്ടു കാരണങ്ങൾ. ഈ രണ്ടുപേരെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് ഇത്രമാത്രം — ഇവരെ ഒരേ ദിവസം 1785 ഏപ്രിൽ 27-നാണ് രാജാവ് അതാതുദ്യോഗത്തിൽ നിയമിച്ചത്. പൊടി തുടയ്ക്കുവാൻ വേണ്ടി മദാം മഗ്ല്വാർ ഈ രണ്ടു ഛായാപടങ്ങളും താഴത്തേക്കെടുത്തപ്പോൾ, ഗ്രാങ് — ഷാങ് മഠാധിപതിയുടെ ഛായാപടത്തിനു പിന്നിൽ, നാലു പറ്റിട്ടുറപ്പിച്ചിട്ടുള്ളതും പഴക്കം കൊണ്ട് മഞ്ഞനിറം കയറിയതുമായ ഒരു ചതുരക്കടലാസ്സു കഷ്ണത്തിൽ വെളുത്ത മഷികൊണ്ടുണ്ടായിരുന്ന എഴുത്തിൽ നിന്നാണ് മെത്രാൻ ഈ വിവരങ്ങൾ കണ്ടു പിടിച്ചത്.

അദ്ദേഹത്തിന്റെ ജനാലയ്ക്കൽ പരുത്തു രോമത്തുണികൊണ്ടുള്ള ഒരു പഴയതരം മറയുണ്ട്; ഒടുവിൽ അത് അത്രയും പഴയതായി; പുതിയതൊന്നു മേടിക്കാതെ കഴിക്കാൻ വേണ്ടി മദാം മഗ്ല്വാറിന് അതിന്റെ ഒത്തനടുവിൽ ഒരു ചേർപ്പുണ്ടാക്കേണ്ടി വന്നു. ഈ ചേർപ്പ് ഒരു കുരിശിന്റെ ആകൃതിയിലായിത്തീർന്നു. മെത്രാൻ പലപ്പോഴും അതിനെപ്പറ്റി പറയും, ‘എന്തു ഭംഗിയുള്ള ഒന്ന്!’

ആ വീട്ടിലുള്ള എല്ലാ അകങ്ങളും, കീഴ്‌നിലയിലുള്ളവയും മുകൾ നിലയിലുള്ളവയും ഒരുപോലെ, കുമ്മായമിട്ടവയാണ് — പാളയങ്ങളിലും ആസ്പത്രികളിലുമുള്ള പരിഷ്കാരമാണത്.

ഏതായാലും കുറേക്കാലം കഴിഞ്ഞതിനു ശേഷം, മദാംവ്വസേല്ല് ബപ്തിസ്തീന്റെ മുറിയിൽ, ചളി കളഞ്ഞ കടലാസ്സിന്റെ അടിയിൽ, ചില ചിത്രങ്ങളുള്ളതായി — അതിനി നമുക്കു വഴിയേ കാണാം — മദാം മഗ്ല്വാർ കണ്ടുപിടിച്ചു. ആസ്പത്രിയാവുന്നതിനു മുൻപ് , ഈ സ്ഥലം നഗരവാസികളുടെ ആലോചനസഭയായിരുന്നു. അന്നത്തെയാണ് ആ അലങ്കാരങ്ങൾ. അറകളിൽ നിലത്തെല്ലാം ചുകന്ന ഇഷ്ടിക പതിച്ചിട്ടുണ്ട്; ആഴ്ചയിൽ ഒരു തവണ അതു കഴുകി വെടുപ്പാക്കും; എല്ലാ കട്ടിളകളുടേയും മുൻപിൽ വയ്ക്കോൽപ്പായയുമുണ്ടായിരുന്നു. ആകപ്പാടെ ആ രണ്ടു സ്ത്രീകളുടെ മേൽനോട്ടത്തിലുള്ള ആ സ്ഥലം, തറ മുതൽ മോന്തോഴം വരെ, ഒരുപോലെ വൃത്തിയിൽ കിടന്നിരുന്നു. ഈ ഒരു മോടി മാത്രമേ മെത്രാൻ സമ്മതിച്ചിരുന്നുള്ളൂ. അദ്ദേഹം പറയും, ‘ഇതുകൊണ്ടു സാധുക്കൾക്ക് നഷ്ടമില്ല.’

ഏതായാലും തന്റെ പഴയ സ്വത്തുക്കളിൽ നിന്നും ആറു വെള്ളിക്കത്തികളും മുള്ളുകളും ഒരു സൂപ്പുകയിലും അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു എന്നു സമ്മതിക്കാതെ നിവൃത്തിയില്ല. പരുപരുത്ത വെള്ളമേശത്തുണിയുടെ മുകളിൽ കിടന്നു തിളങ്ങുമ്പോൾ മദാം മഗ്ല്വാർ ദിവസംപ്രതി അവയെ ആഹ്ലാദപൂർവ്വം നോക്കിക്കാണും. ഡി.യിലെ മെത്രാനെ ഞങ്ങൾ ശരിയായി വിവരിച്ചു കാണിക്കുകയായതുകൊണ്ട്, അദ്ദേഹം ഒന്നിലധികം പ്രാവശ്യം ഇങ്ങനെ പറഞ്ഞിട്ടുള്ളത് ഇവിടെ ചേർക്കേണ്ടിയിരിക്കുന്നു — ‘വെള്ളത്തളികയിൽ നിന്നു ഭക്ഷണം കഴിക്കുന്നത് ഉപേക്ഷികാൻ പ്രയാസമായിക്കാണുന്നു.’

ഈ വെള്ളിപ്പാത്രങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് ഒരു മൂത്തമ്മായിയുടെ വകയായി കിട്ടിയതും കട്ടിവെള്ളിയുമായ രണ്ടു വലിയ മെഴുതിരിക്കാൽകൂടി ചേർക്കേണ്ടതുണ്ട്. ഈ മെഴുതിരിക്കാലുകൾ ഓരോന്നിലും ഈരണ്ടു മെഴുതിരികൾ വെക്കാം; സാധാരണയായി മെത്രാന്റെ പുകക്കുഴൽത്തട്ടിന്മേൽ അവയുണ്ടായിരിക്കും; ഭക്ഷണത്തിനു വേറെ ആരെങ്കിലുമുള്ള ദിവസം മദാം മഗ്ല്വാർ ആ മെഴുതിരിക്കാലുകൾ രണ്ടും ഈരണ്ടു മെഴുതിരിയും കൊളുത്തി മേശപ്പുറത്തു വെക്കും.

മെത്രാന്റെ സ്വന്തം കിടപ്പറയിൽ, കട്ടിലിന്റെ തലയ്‌ക്കലായി, ഒരു ചെറിയ ചുമർക്കൂടുണ്ട്; ആറു വെള്ളിക്കത്തികളും മുള്ളുകളും വലിയ സൂപ്പുകയിലും. മദാം മഗ്ല്വാർ ദിവസംപ്രതി രാത്രി ആ ചുമർക്കൂട്ടിൽ വെച്ചു പൂട്ടും. പക്ഷേ, ഒന്നുകൂടി പറയേണ്ടതുണ്ട് — താക്കോൽ അതിൽ നിന്നൂരാറില്ല.

ഞങ്ങൾ മുൻപേ പറഞ്ഞ ആ വൃത്തിയില്ലാത്ത എടുപ്പുകളാൽ ഏതാണ്ടു വൈകൃതപ്പെട്ട തോട്ടത്തിൽ ഒരു കുളത്തിന്റെ കരയിൽനിന്നു പുറപ്പെട്ട നാലു നടവഴികൾ കുരിശിൻ ഛായയിലായിക്കാണാം. മറ്റൊരു വഴി വെളുത്ത മതിലിന്റെ ഒരു കരപോലെ തോട്ടത്തിന്റെ നാലു പുറത്തേക്കും ചെല്ല്ലുന്നു. ഈ നടവഴികളുടെ പിന്നിലായി നാലു വക്കത്തും കൽപടവുകളുള്ള നാലു ചതുരക്കള്ളികളുണ്ട്; മൂന്നിലും മദാം മഗ്ല്വാർ ഓരോ കായ്‌കനികൾ കുത്തിയിട്ടിരിക്കുന്നു; നാലാമത്തേതിൽ മെത്രാൻ കുറെ പൂച്ചെടികളും നട്ടിട്ടുണ്ട്; അവിടവിടെ ചില ഫലവൃക്ഷങ്ങളും നിൽക്കുന്നു, ഒരുമാതിരി മൃദുലമായ ഈർഷ്യയോടുകൂടി മദാം മഗ്ല്വാർ ഒരിക്കൽ അഭിപ്രായപ്പെട്ടു; ‘എന്തും ഒരാവശ്യത്തിലേക്കാക്കണമെന്നു നിർബന്ധമുള്ള ഇവിടുന്നേതായാലും ഉപയോഗമില്ലാത്ത ഒരു സ്ഥലം വെച്ചു വരുന്നുണ്ട്. പൂച്ചെണ്ടുകളുണ്ടാക്കുന്നതിനേക്കാൾ നല്ലതു പച്ചടിക്കുള്ള സാധനം വെച്ചുവിടിപ്പിക്കുന്നതാണ്.’

‘മദാം മഗ്ല്വാർ,’ മെത്രാൻ മറുപടി പറഞ്ഞു, ‘നിങ്ങൾക്കു തെറ്റിപ്പോയി. ഉപയോഗമുള്ളവയെക്കൊണ്ടെന്നപോലെ ഭംഗിയുള്ളവയെക്കൊണ്ടും ഉപയോഗമുണ്ട്.’ കുറച്ചുകഴിഞ്ഞ് അദ്ദേഹം തുടർന്നു പറഞ്ഞു: ‘ഒരു സമയം അതിലധികമുണ്ട്.’

മൂന്നോ നാലോ തടങ്ങളുള്ള ഈ സ്ഥലത്ത്, പുസ്‌തകങ്ങളുടെ ഇടയിലെന്നപോലെ, മെത്രാൻ മിക്കസമയത്തും ഉണ്ടായിരിക്കും. കത്തിരിച്ചും കയ്‌ക്കോട്ടു കിളച്ചും അവിടവിടെ ചെറിയ കുഴികൾ തോണ്ടി അവയിൽ ഓരോ വിത്തുകളിട്ടും അദ്ദേഹം ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കും. ഒരു തോട്ടപ്പണിക്കാരൻ ഗ്രഹിച്ചേക്കാവുന്ന വിധം, അദ്ദേഹം ചെറുപ്രാണികളോടു വിരോധം കാണിക്കാറില്ല. എന്നല്ല, സസ്യശാസ്ത്രത്തിൽ തനിക്കു വലിയ അറിവുണ്ടെന്ന് അദ്ദേഹത്തിന് അഭിമാനമില്ലായിരുന്നു; വർഗങ്ങളുടെ കാര്യത്തിലും യോജിപ്പുകളുടെ കാര്യത്തിലും അദ്ദേഹത്തിനു ശ്രദ്ധയില്ല. തൂർഫോറിന്റെ[20] സമ്പ്രദായവും സാധാരാണ നാട്ടുനടപ്പാവുമ്പോൾ നല്ലതേതാണെന്നു തീർച്ചപ്പെടുത്താൻ അദ്ദേഹം യാതൊരു ശ്രമവും ചെയ്തിട്ടില്ല; മുളകളും വിത്തുകളുമായുള്ള ശണ്ഠയിൽ അദ്ദേഹം ഒരു ചേരിയും പിടിച്ചിട്ടില്ല്ല. എന്നല്ല ഴൂസ്സിയോവും[21] ലിന്നേറവു[22]മായുള്ള തർക്കത്തിലും അദ്ദേഹത്തിനു പക്ഷമില്ല. അദ്ദേഹം ചെടികളെപ്പറ്റി പഠിച്ചില്ല; പുഷ്പങ്ങളെ സ്നേഹിച്ചു. അറിവുള്ളവരിൽ അദ്ദേഹത്തിനു വളരെ ബഹുമാനമുണ്ട്; അറിവില്ലാത്തവരിൽ അതിലേറെ ബഹുമാനവുമാണ്; ഈ രണ്ടു ബഹുമാനത്തിനും കുറവു വരുത്താതെ അദ്ദേഹം തകരം കൊണ്ടുണ്ടാക്കി പച്ചച്ചായമിട്ടിട്ടുള്ള നനപ്പാത്രത്തിൽ വെള്ളമെടുത്തു, വേനൽക്കാലത്തു ദിവസംപ്രതി വൈകുന്നേരം തന്റെ പുച്ചെടിത്തടങ്ങൾ നിറയെ നനയ്ക്കും.

വീട്ടിലാകെ പൂട്ടാവുന്ന ഒരു വാതിലില്ല. ഞങ്ങൾ പറഞ്ഞപോലെ, പള്ളിമുറ്റത്തേക്കഭിമുഖമായുള്ള ഭക്ഷണമുറിയിലെ വാതിൽ ഒരു ജയിൽവാതിൽ പോലെ, പൂട്ടുകൾകൊണ്ടും സാക്ഷകൾ കൊണ്ടും അലംകൃതമായിരുന്നു. മെത്രാൻ ആ ഇരുമ്പുപണികളെല്ലാം പൊളിച്ചു കളഞ്ഞു. രാത്രിയാവട്ടേ പകലാവട്ടേ, ഒരു നീക്കിടുന്നതു കൂടാതെ, ഈ വാതിൽ ഒരിക്കലും പൂട്ടാറില്ല. വഴിയിലൂടെ പോകുന്ന ഏതൊരാൾക്കും, ഏതു സമയത്തും അതൊന്ന് ഉന്തുകയേ വേണ്ടൂ. ഈ വാതിൽ ഒരിക്കലും പൂട്ടിയിടാത്തതിനെപ്പറ്റി ആദ്യകാലത്ത് ആ രണ്ടു സ്ത്രീകൾക്കും സുഖമില്ലായിരുന്നു; പക്ഷേ ഡി.യിലെ മെത്രാൻ അവരോടു പറഞ്ഞു: ‘നിങ്ങൾക്കു വേണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ മുറികൾ സാക്ഷയിട്ടു കൊൾക.’ കുറേ കഴിഞ്ഞപ്പോൾ അവരും അദ്ദേഹത്തിന്റെ ധൈര്യത്തിൽ പങ്കു കൊണ്ടു; അല്ലെങ്കിൽ പങ്കുകൊണ്ടതു പോലെ പ്രവർത്തിക്കാൻ തുടങ്ങി. മദാം മഗ്ല്വാർ മാത്രം ഇടയ്ക്കിടയ്ക്ക് ഓരോ പേടി പറയും. മെത്രാനെ സംബന്ധിച്ചിടത്തോളമാണെങ്കിൽ ഒരു വേദപുസ്തകത്തിനുള്ളിൽ ഒരേടിന്റെ വക്കത്ത് അദ്ദേഹം എഴുതിയിരുന്ന മൂന്നു വരികളിൽ നിന്ന് അദ്ദേഹത്തിന്റെ ആലോചന ഇന്നതായിരുന്നു എന്നു കാണാം — അല്ലെങ്കിൽ അതു സൂചിപ്പിച്ചിരുന്നു; ‘ഇതാണ് വ്യത്യാസം — ഒരു വൈദ്യന്റെ വീട്ടുവാതിൽ ഒരിക്കലും അടച്ചിടരുത്: ഒരു മതാചാര്യന്റേത് എപ്പോഴും തുറന്നു കിടക്കണം.’

‘വൈദ്യശാസ്ത്രതത്ത്വജ്ഞാനം’ എന്ന മറ്റൊരു പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ വേറൊരു കുറിപ്പ് എഴുതിക്കാണുന്നു: ‘ഞാനും അവരെപ്പോലെത്തന്നെ ഒരു വൈദ്യനല്ലേ? എനിക്കും എന്റെ രോഗികളുണ്ട്; അതുപോലെത്തന്നെ, ഞാൻ ‘എന്റെ ഭാഗ്യഹീനന്മാർ’ എന്നു വിളിക്കുന്ന ചിലർ എനിക്കുമുണ്ട്.’

പിന്നേയും അദ്ദേഹം എഴുതിയിരിക്കുന്നു: ‘നിങ്ങളെ ശരണം പ്രാപിക്കുന്നവരുടെ പേർ എന്താണെന്ന് അന്വേഷിക്കരുത്; മറ്റൊരാളുടെ സഹായം വേണ്ടിവരുന്നവനാരോ അവൻ തന്നെയാണ് തന്റെ പേരു കൊണ്ടു ബുദ്ധിമുട്ടുന്നവൻ.’

ഒരിക്കൽ സംഗതിവശാൽ ഒരു മാന്യനായ സഭാബോധകൻ — കൂളുബ്രൂവിലെയോ പോംപിയറിയിലെയോ എന്നെനിക്കു നല്ല നിശ്ചയമില്ല — വാതിൽ രാവും പകലും അടയ്ക്കാതെ, അകത്തേക്കു കടക്കണമെന്നു തോന്നുന്ന ആർക്കും ഇഷ്ടം പോലെ തുറന്നു കടക്കാവുന്ന വിധം ഇടുന്നത് ഒരാലോചനക്കുറവല്ലേ എന്നും, ചുരുക്കിപ്പറയുകയണെങ്കിൽ, ഇത്രയും നോട്ടമില്ലാതെ കിടക്കുന്ന വീട്ടിൽ വല്ല അപകടവും ഉണ്ടായിത്തീരാൻ സംഗതിയില്ലേ എന്നും — ഒരു സമയം മദാം മഗ്ല്വാറിന്റെ ഉപദേശപ്രകാരമാവാം — അദ്ദേഹത്തോടു ചോദിച്ചു: മെത്രാൻ, അല്പം ഗൗരവത്തോടുകൂടി, അയാളുടെ ചുമലിൽ കൈവച്ചു പറഞ്ഞു: ഈശ്വരൻ കാക്കാത്ത പക്ഷം, വെറുതെയാണ് കാവൽക്കാർ അതിനു മെനക്കെടുന്നത്.

പിന്നെ അദ്ദേഹം വേറെ ചിലതിനെപ്പറ്റി പറഞ്ഞു.

അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയാറുണ്ട്: ‘ഒരു പട്ടാളത്തിലെ മേലുദ്യോഗസ്ഥനെ ധീരത പോലെ മതാചാര്യന്റെ ധീരത ഒന്നുണ്ട്’ — പക്ഷേ ഒന്നു മാത്രം.’ അദ്ദേഹം തുടർന്നു പറഞ്ഞു: ‘ഞങ്ങളുടേതു കുറേക്കൂടി ശാന്തമാണ്.’

ക്രവാത്ത്

ഇവിടെയാണ് ഒരു സംഗതി പ്രകൃത്യാ അതിന്റെ ഉചിതസ്ഥാനത്തു വന്നു നിൽക്കുന്നത്; അതു ചേർക്കാതെ വിടാൻ പാടില്ല; എന്തുകൊണ്ടെന്നാൽ, ഡി.യിലെ മെത്രാൻ എന്തു തരക്കാരനായിരുന്നു എന്ന് ഏറ്റവുമധികം ശരിയായി കാണിക്കുന്നവയിൽ ഒന്നാണത്.

ഓളൂളിലെ മലയിടുക്കകളിൽ നടന്നുപദ്രവിച്ചിരുന്ന ഗസ്‌പാർബേയും സംഘവും മുടിഞ്ഞു കഴിഞ്ഞതിനു ശേഷം, അയാളുടെ പ്രധാന കൂട്ടുകാരിൽ ഒരാളായ ക്രവാത്ത് മലകളിൽ കയറി രക്ഷപ്പെട്ടു. അയാൾ ഗസ്‌പാർ ബേയുടെ സൈന്യത്തിന്റെ അവശേഷമായ തന്റെ തട്ടിപ്പറി സംഘത്തോടു കൂടി നീസ്സ് എന്ന പ്രദേശത്തു ചെന്നൊളിച്ചു; അവിടെ നിന്നു പിയെദ്‌മോങ്ങിലേക്ക് കടന്നു, ബാർസലോനെത്തിന്നടുത്തായി പിന്നെയും അയാൾ ഫ്രാൻസിൽ പ്രത്യക്ഷീഭവിച്ചു. ആദ്യമായി ഴോസിയേറിലാണ് കണ്ടത്; പിന്നെ ത്വീയിലായി; അയാൾ ഴൂഗ്-ദ്-ലെയിലെ ഗുഹകളിൽച്ചെന്ന് ഒളിച്ചു കൂടി; അവിടെ നിന്ന് ഉബായിലും ഉബായെത്തിലുമുള്ള കാട്ടുവഴികളിലൂടെ നാട്ടുപുറങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും ഇറങ്ങി.

അയാൾ എംബ്രൂങ്ങ് വരെകൂടി കടന്നു ചെന്നു; ഒരു ദിവസം രാത്രി പള്ളിയിൽ കയറി. കലവറമുറി കൊള്ളയിട്ടു. അയാളുടെ തട്ടിപ്പറികൊണ്ടു നാട്ടുപുറമെല്ലാം ഒഴിഞ്ഞു. പൊല്ലീസുകാർ വളരെക്കാലം അയാളെ അന്വേഷിച്ചു; പക്ഷേ, ഫലമുണ്ടായില്ല. എപ്പോഴും അയാൾ പിടിയിൽ നിന്നു ചാടും, ചിലപ്പോൾ എതിർത്തു നോക്കിയിട്ടുമുണ്ട്. അയാൾ ഒരു കാട്ടുകള്ളനായിരുന്നു. ഈ ലഹളക്കാലത്തു മെത്രാൻ അവിടെ ചെന്നു. അദ്ദേഹം ഷാത്തെലാറിലേക്കു പോകുകയാണ്. നഗരമുഖ്യൻ അദ്ദേഹത്തെ കാണാൻ ചെന്നു. തിരിച്ചു പോകാൻ വളരെ നിർബന്ധിച്ചു. ആർഷ് വരെയും അതിലപ്പുറവുമുള്ള മലംപ്രദേശം മുഴുവൻ ക്രവാത്തിന്റെ കീഴിലായിരുന്നു; ഒരു രക്ഷാസൈന്യം ഉണ്ടായാൽ കൂടി അതിലേ പോവാൻ സൂക്ഷിക്കണം; മൂന്നോ നാലോ ഭാഗ്യം കെട്ട പൊല്ലീസുകാർ അവിടെവച്ചു വെറുതെ അപകടത്തിൽപ്പെട്ടു.

‘അതുകൊണ്ട്.’ മെത്രാൻ പറഞ്ഞു, ‘കൂടെ ആരുമില്ലാതെ പോകാനാണ് ഞാൻ വിചാരിക്കുന്നത്.’

‘മോൺസിന്യേർ, കാര്യമായിട്ടല്ലല്ലോ ഈ പറയുന്നത്?’ നഗരമുഖ്യൻ അത്ഭുതപ്പെട്ടു ചോദിച്ചു.

‘ആരും എന്റെ കൂടെ പോകരുതെന്നു നിർബന്ധിക്കത്തക്കവിധം ഞാൻ അത്രയും കാര്യമായി പറയുന്നു; എന്നല്ല, ഞാൻ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടുകയും ചെയ്യും.’

‘പുറപ്പെടുകയോ?’

‘പുറപ്പെടുക.’

‘തനിച്ചോ?’

‘തനിച്ച്.’

‘മോൺസിന്യേർ, അതു ചെയ്യരുത്.’

മെത്രാൻ പറഞ്ഞു: ‘ആ മലംപ്രദേശങ്ങളിൽ ഒരു ചെറുവർഗകാരുണ്ട്; അവരെ ഞാൻ മൂന്നു കൊല്ലമായിട്ട് കണ്ടിട്ടില്ല. ആ മര്യാദക്കാരും സത്യവാൻമാരുമായ ഇടയൻമാർ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. മുപ്പതാടുകളെ കെട്ടിമേച്ചാൽ ഒരാട് അവർക്കുണ്ട്. അവർ പലേ നിറത്തിൽ നല്ല ഭംഗിയിള്ള രോമച്ചരടുകൾ പിരിച്ചുണ്ടാക്കുന്നു; ആറു തുളയുള്ള ഓടക്കുഴൽകൊണ്ട് അവർ ആ കാട്ടുപുറങ്ങളിൽ നടപ്പുള്ള രാഗം ആലപിക്കും. ഇടയ്‌ക്കിടയ്‌ക്ക് ഈശ്വരനെപ്പറ്റി അവർക്കു പറഞ്ഞു കൊടുക്കണം. പേടിത്തൊണ്ടനായ ഒരു മെത്രാനോട് അവരെന്തുപറയും? ഞാൻ പോയില്ലെങ്കിൽ അവരെന്തു പറയും?’

‘പക്ഷേ തട്ടിപ്പറിക്കാർ, മോൺസിന്യേർ?’

‘നിൽക്കൂ!’ മെത്രാൻ പറഞ്ഞു; ‘അതു ഞാൻ ആലോചിക്കേണ്ടതാണ്. നിങ്ങൾ പറയുന്നതു ശരി തന്നെ. അവരെ ഞാൻ കണ്ടേക്കാം, അവർക്കും ദയാലുവായ ഈശ്വരനെപ്പറ്റി പറഞ്ഞുകൊടുക്കുന്നത് ആവശ്യമാണ്.’

‘പക്ഷേ, മോൺസിന്യേർ, അവർ ഒരു സംഘം മുഴുവനുണ്ട്! ഒരു കൂട്ടം ചെന്നായ്‌ക്കൾ!’

‘ഹേ, നഗരമുഖ്യൻ, ഇത്തരം ചെന്നായ്‌ക്കൾക്കു തന്നെയായിരിക്കാം, യേശു ക്രിസ്‌തു എന്നെ ഒരിടയനാക്കി നിശ്ചയിച്ചിട്ടുള്ളത്, വിധിയുടെ പോക്കുകൾ ആർ കണ്ടു?’

‘മോൺസിന്യേർ, അവർ അങ്ങയുടെ കയ്യിലുള്ളതു പിടിച്ചു പറിക്കും.’

‘എന്റെ കയ്യിൽ ഒന്നുമില്ല.’

‘അവർ അങ്ങയെ കൊന്നു കളയും.’

‘ഓരോ ഈശ്വരസ്‌തുതികളും വിഴുങ്ങിച്ചൊല്ലിക്കൊണ്ടു പതുക്കെ തന്റെ പാട്ടിൽപ്പോകുന്ന ഒരു സാധു വയസ്സൻ മതാചാര്യനെയോ? ഛീ! എന്താവശ്യത്തിന്?’

‘ഈശ്വരാ! അവരെ കണ്ടെത്തിപ്പോയാലോ?’

‘എന്റെ സാധുക്കൾക്കായി ഞാൻ അവരോട് ധർമ്മം യാചിക്കും.’

‘അയ്യോ, അങ്ങു പോകരുത്. ഈശ്വരനെ മുൻനിർത്തി ഞാൻ പറയുന്നു! അങ്ങ് അങ്ങയുടെ ജീവനെ അപകടത്തിലാക്കുകയാണ്.’

‘അത്രയേ ഉള്ളൂ?’ മെത്രാൻ ചോദിച്ചു. ‘ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ ജീവനെ രക്ഷിക്കാനല്ല, ജീവാത്‌മാക്കളെ രക്ഷപ്പെടുത്താൻ മാത്രമാണ്.’

അവർക്ക് അദ്ദേഹത്തിന്റെ ഇഷ്‌ടം പോലെ ചെയ്‌തു കൊള്ളുവാൻ അനുവദിക്കേണ്ടിവന്നു. വഴി കാണിക്കാനുള്ള ഒരു കുട്ടിയോടു കൂടെ അദ്ദേഹം യാത്രപുറപ്പെട്ടു. അദ്ദേഹത്തിന്റെ വാശി നാട്ടുപുറത്തെല്ലാം സംസാരമായി; ഒരു വലിയ സംഭ്രമമുണ്ടാക്കി.

അദ്ദേഹം തന്റെ സഹോദരിയേയും മദാം മഗ്ല്വാറേയും കൂടെ കൊണ്ടുപോയില്ല. അദ്ദേഹം കഴുതപ്പുറത്തു കേറി മല കടന്നു; ആരേയും കണ്ടില്ല. ഒരപകടവും കൂടാതെ തന്റെ ‘പ്രിയപ്പെട്ട സുഹൃത്തുക്ക’ളായ ആട്ടിടയൻമാരുടെ വസതിയിൽ എത്തിച്ചേർന്നു. പ്രസംഗിച്ചും, വിശുദ്ധകർമം നടത്തിയും, പഠിപ്പിച്ചും, ഉപദേശം കൊടുത്തും, അദ്ദേഹം ഒരുപക്ഷം മുഴുവനും അവിടെ താമസിച്ചു. മടങ്ങിപ്പോരാറായപ്പോൾ, പള്ളിയിൽ വെച്ചു മതാചാര്യന്റെ നിലയിൽ ഒരു സ്‌തോത്രഗീതം പാടണമെന്ന് അദ്ദേഹം നിശ്ചയിച്ചു. വിവരം സഭാബോധകന് അറിവ് കൊടുത്തു. പക്ഷേ, എന്തു കാട്ടും? അതിനു വേണ്ട ആഡംബരങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടുപുറത്തുള്ള ദാരിദ്ര്യം പിടിച്ച ഒരു പള്ളിക്കലവറ മുറിയും ഇഴകളൊക്കെ പിഞ്ഞിയതും കൃത്രിമപ്പട്ടുനാടകൊണ്ടു മോടിപിടിപ്പിച്ചതുമായ ചില പഴയ പ്രാർഥനക്കുപ്പായങ്ങളും മാത്രമേ അവർക്ക് അദ്ദേഹത്തിനു കൊടുപ്പാൻ കഴിഞ്ഞുള്ളൂ.

‘ഛീ!’ മെത്രാൻ പരഞ്ഞു, ‘സഭാബോധകനവർകളേ, ഏതായാലും നമുക്ക് പ്രസംഗപീഠത്തിൽ നിന്നു സ്‌തോത്രഗീതം വേണമെന്നു പരസ്യപ്പെടുത്തുക, എല്ലാം നേരെയാവും.’

അടുത്തുള്ള പള്ളികളിലെല്ലാം അന്വേഷിച്ചു. ഒരു വലിയ പള്ളിയിലെ ഗായകസംഘാധ്യക്ഷനു ശരിക്കുടുക്കേണ്ട ഉടുപ്പുപോലും ആ രാജ്യത്തുള്ള എല്ലാ പള്ളികളിലെ അന്തസ്സും കൂട്ടിച്ചേർത്താൽ ഉണ്ടാക്കാൻ സാധിക്കില്ല.

ഇങ്ങനെ അവർ കുഴങ്ങുമ്പോൾ, ആരും അറിയാത്ത രണ്ടു കുതിരസ്സവാരിക്കാർ മെത്രാന്നായി ഒരു വലിയ പെട്ടി കൊണ്ടു വന്നു. സഭാബോധകന്റെ ഗൃഹത്തിൽ ഇറക്കിവച്ചു, തൽക്ഷണം മടങ്ങിപ്പോയി. ആ പെട്ടി തുറന്നു നോക്കി; തങ്കപ്പട്ടു കൊണ്ടുള്ള ഒരുടുപ്പും, വൈരക്കല്ലുകൾ കൊണ്ടലംകൃതമായ ഒരു കിരീടവും, പ്രധാന മെത്രാന്റേതായ ഒരു കുരിശും, ഒരു വിലപ്പെട്ട സ്ഥാനദണ്ഡും അതിലുണ്ടായിരുന്നു — എല്ലാം എബ്രൂദ് പള്ളിയിലെ ഭണ്ഡാരപ്പുരയിൽ നിന്നു കട്ടുകൊണ്ടു പോയവയാണ്. പെട്ടിയുടെ മുകളിൽ ഒരു കടലാസ്സു കഷ്‌ണം പതിച്ചിട്ടുണ്ട്; അതിൽ ഇങ്ങനെ എഴുതിയിരുന്നു — ‘മോൺസിന്യേർ ബിയാങ് വെന്യുവിനു ക്രവാത്ത് കൊടുത്തയയ്‌ക്കുന്നത്.’

‘ഞാൻ പറഞ്ഞില്ലേ, എല്ലാം താനേ നേരെയാവുമെന്ന്?’ മെത്രാൻ പറഞ്ഞു. അദ്ദേഹം പുഞ്ചിരിയോടുകൂടി തുടർന്നു, ‘ഒരുപബോധകന്റെ വെള്ളക്കുപ്പായം കൊണ്ട് തൃപ്‌തിപ്പെടുന്ന ആൾക്ക് ഈശ്വരൻ പ്രധാന മെത്രാന്റെ വസ്‌ത്രവിശേഷം കൊടുത്തയ്‌ക്കുന്നു.’

‘മോൺസിന്യേർ,’ ഒരു മന്ദസ്‌മിതത്തോടുകൂടി തല ഒരു ഭാഗത്തേക്കിട്ടു സഭാബോധകൻ പിറുപിറുത്തു: ‘ഈശ്വരൻ — അല്ലെങ്കിൽ ചെകുത്താൻ.’

മെത്രാൻ സഭാബോധകനെ ഒന്നുറപ്പിച്ചു നോക്കി, അധികാരസ്വരത്തോടുകൂടി പറഞ്ഞു, ‘ഈശ്വരൻ!’

ഷാത്തെലാറിലേക്ക് മടങ്ങി വരുമ്പോൾ, വഴിക്കെല്ലാം അദ്ദേഹത്തെ ഒരപൂർവ്വ വസ്തുവിനെപ്പോലെ ആളുകൾ തുറിച്ചു നോക്കുവാൻ പുറത്തേക്കു വന്നു. ഷാത്തെലാറിലെ മതാചാര്യന്റെ വീട്ടിൽ കാത്തുതാമസിക്കുന്ന മദാംവ്വസേല്ല് ബപ്‌തിസ്‌തീന്റേയും മദാം മഗ്ല്വാറിന്റേയും അരികിൽ അദ്ദേഹം മടങ്ങിയെത്തി. അദ്ദേഹം സഹോദരിയോടു പറഞ്ഞു: ‘അപ്പോൾ! ഞാൻ പറഞ്ഞതു ശരിയായോ? സാധുമതാചാര്യൻ അയാൾക്കുള്ള സാധു മലംപ്രദേശക്കാരുടെ അടുക്കലേക്ക് കയ്യും മലർത്തി പോയി. അവിടെ നിന്നു കൈ നിറച്ചുകൊണ്ട് മടങ്ങിപ്പോന്നു. ഈശ്വരനിലുള്ള വിശ്വാസം മാത്രം എടുത്തുകൊണ്ടു ഞാൻ അങ്ങോട്ടു പോയി; ഇങ്ങോട്ട് ഒരു പ്രധാന പള്ളിസ്വത്തു മുഴുവനും കൊണ്ടു പോന്നു.’

അന്നു രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് അദ്ദേഹം പിന്നെയും പറഞ്ഞു: ‘നമുക്ക് ഒരിക്കലും തട്ടിപ്പറിക്കാരേയും കൊലപാതകികളേയും പേടിക്കാതിരിക്കുക. അവരെല്ലാം പുറത്തു നിന്നു വരുന്ന അപകടങ്ങളാണ് — സാരമില്ലാത്ത അപകടങ്ങൾ. നമുക്ക് നമ്മെത്തന്നെ പേടിക്കുക. ദുർവിചാരങ്ങളാണ് വാസ്‌തവത്തിലുള്ള തട്ടിപ്പറിക്കാർ, ദുർവൃത്തികളാണ് വാസ്‌തവത്തിലുള്ള കൊലപാതകികൾ.

വലുതായ അപകടങ്ങളെല്ലാം നമ്മുടെ ഉള്ളിൽക്കിടക്കുന്നു. നമ്മുടെ തലയോ നമ്മുടെ പണസഞ്ചിയോ തകരാറാക്കാൻ എന്തെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അതുകൊണ്ടെന്താണ്! നമുക്കു നമ്മുടെ ആത്മാവിനെ തകരാറാക്കാൻ നിൽക്കുന്നതെന്തോ അതിനെപ്പറ്റി മാത്രം ആലോചിക്കുക.’

പിന്നെ അദ്ദേഹം സഹോദരിയോടായി പറഞ്ഞു: ‘സഹോദരീ, ഒരു മതാചാര്യൻ തന്റെ കൂട്ടുകാരന്റെ നേർക്കു യാതൊരു മുൻകരുതലും ചെയ്യരുത്. അയാളുടെ കൂട്ടുകാരൻ എന്തു ചെയ്യുന്നുവോ, അത് ഈശ്വരൻ സമ്മതിച്ചിരിക്കുന്നു. വല്ല അപകടവും നമ്മെ ബാധിക്കുമെന്നു തോന്നുന്ന സമയം, നമുക്ക് ഈശ്വരനോടു പ്രാർഥിക്കുക മാത്രം ചെയ്‌ക. പ്രാർഥനയും നമുക്കു വേണ്ടിയാവരുത്. നമ്മുടെ സഹോദരൻ നാം കാരണം പാപം ചെയ്യരുതേ എന്നുമാത്രം.’

ഏതായാലും ഇങ്ങനെയുള്ള സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ ദുർലഭമായിരുന്നു. ഞങ്ങൾ അറിയുന്നവ മാത്രം പറഞ്ഞു; എന്നാൽ അദ്ദേഹം ഒരേ സമയത്ത് ഒരേ കാര്യം ചെയ്‌തുകൊണ്ടു തന്നെ ദിവസം കഴിച്ചു. അദ്ദേഹത്തിന്റെ ഓരോ മാസവും ഓരോ മണിക്കൂറു പോലെയായിരുന്നു.

എംബ്രൂങ്ങിലെ ‘ഭണ്ഡാരം’ പിന്നെ എന്തായി എന്ന്, അതിനെസ്സംബന്ധിച്ചുള്ള ഓരോ ചോദ്യവും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. അതിൽ വളരെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു — വളരെ കൊതി തോന്നിക്കുന്ന സാധനങ്ങൾ — അതേ ഭാഗ്യഹീനന്മാരുടെ ഗുണത്തിനായി കട്ടുകൊണ്ടു പോകപ്പെടാൻ വളരെ എളുപ്പമുള്ള സാമാനങ്ങൾ. മോഷ്‌ടിക്കുക എന്നതു മുൻപു തന്നെ ഒരിക്കൽ കഴിഞ്ഞിരിക്കുന്നു. പകുതിപ്പണി കഴിഞ്ഞു; ഇനി മോഷണത്തിനു മറ്റൊരു ഭാഗത്തേക്കു തിരിയുക മാത്രമേ വേണ്ടൂ; സാധുക്കളുടെ അടുക്കൽ ചെന്നുചേരാൻ ഒരെളുപ്പ വഴിയിലൂടെ വെക്കുക മാത്രമേ ഇനി ചെയ്യേണ്ടതുള്ളൂ. ഏതായാലും ഞങ്ങൾ ഈ കാര്യത്തിൽ ഒന്നും കടന്നു തീർച്ച പറയുന്നില്ല. ഒന്നു മാത്രം; മെത്രാൻ എഴുതിച്ചേർത്ത കടലാസ്സുകളുടെ കൂട്ടത്തിൽ അധികം സ്‌പഷ്ടമല്ലാത്ത ഒരു കുറിപ്പു കൂടി കണ്ടു; അതേതാണ്ട് ഈ കാര്യത്തെ സംബന്ധിക്കുന്നതാണെന്നു വരാം; അതിങ്ങനെയത്രേ: ‘ഇതു പള്ളിയിലേക്കോ അതോ ആസ്‌പത്രിയിലേക്കോ എത്തിക്കേണ്ടത് എന്നു തീർച്ചപ്പെടുത്തുകയാണ് കാര്യം.’

മദ്യപാനത്തിനു ശേഷമുള്ള തത്ത്വജ്ഞാനം

മുൻപു പറഞ്ഞ ആലോചനാസഭാംഗം (സെനറ്റർ) ഒരു സമർഥനായിരുന്നു; മനസ്സാക്ഷി, മതവിശ്വാസം, നീതിന്യായം, ധർമബുദ്ധി എന്നിങ്ങനെ പറഞ്ഞു വരുന്നതും, ഓരോ തടസ്സങ്ങളെ ഉണ്ടാക്കി വെക്കുന്നതുമായ യാതൊന്നിനേയും വിലവെക്കാതെ, അയാൾ തന്റെ കാര്യം നോക്കി; തന്റെ കാര്യം സാധിക്കുകയും തന്റെ ആവശ്യം നിറവേറ്റുകയുമാവുന്ന നേർവഴിയിൽ നിന്നു ഒരിക്കലും, ഒരു ലേശമെങ്കിലും പതറിപ്പോകാതെ, അയാൾ ശരിക്ക് എത്തേണ്ട ദിക്കിൽ ചെന്നു നിന്നു. തൊട്ടതിലെല്ലാം ജയം കിടി. ഒട്ടു പാകം വന്നിട്ടുള്ള ഒരു പഴയ വക്കീലാണ് അയാൾ; ഒരിക്കലും അയാളെ ഒരു ചീത്താളെന്നു പറഞ്ഞുകൂടാ — അയാൾ ബുദ്ധിപൂർവ്വം പ്രവർത്തിച്ചു ലോകത്തിലെ നല്ല ഭാഗങ്ങളും നല്ല സൗകര്യങ്ങളും നല്ല ഭാഗ്യങ്ങളും കൈയിലാക്കി, തന്റെ ആണ്മക്കൾക്കും പെണ്മക്കളുടെ ഭർത്താക്കന്മാർക്കും ചാർച്ചക്കാർക്കും, സ്‌നേഹിതന്മാർക്കും തന്നെക്കൊണ്ടു കഴിയുന്ന എല്ലാ ചില്ലറ സഹായങ്ങളും ചെയ്തുകൊടുത്തിട്ടുള്ളാളാണ്. പിന്നെയുള്ളതെന്തും വലിയ വിഡ്ഢിത്തമായിട്ടേ അയാൾക്ക് തോന്നിയിട്ടുള്ളൂ. അയാൾ ബുദ്ധിമാനും, എപ്പിക്യൂറസ്സിന്റെ[23] ശിഷ്യനാണ് താൻ എന്നു വിചാരിക്കത്തക്കവിധം, പഠിപ്പുള്ളവനുമായിരുന്നു; പക്ഷേ, അയാൾ വാസ്തവത്തിൽ, പിഗോ-ലെ ബ്രൂങ്ങിന്റെ[24] ഒരു സന്താനം മാത്രമാണ്: അയാൾ അനന്തങ്ങളും ശശ്വതങ്ങളുമായ എല്ലാറ്റിനേക്കുറിച്ചും, ‘ആ സാധു വയസ്സൻ ചങ്ങാതിയായ മെത്രാന്റെ തോന്നിവാസങ്ങളെ’പ്പറ്റിയും നേരം പോക്കായും ആഹ്ലാദത്തോടു കൂടിയും പരിഹസിച്ചു ചിരിക്കാറുണ്ട്. ചിലപ്പോൾ മൊസ്സ്യു മിറിയേലിന്റെ മുൻപിൽ വച്ചു തന്നെ ഒരിഷ്ടം കാണിക്കുന്ന അധികാരഭാവത്തോടു കൂടി അയാൾ അദ്ദേഹത്തെ കളിയാക്കും; അദ്ദേഹം അതിരുന്നു ശ്രദ്ധിച്ചു കേൾക്കും.

ഏതാണ്ട് ഉദ്യോഗസംബന്ധിയായ എന്തോ ഒരു സന്ദർഭവിശേഷത്തിലോ മറ്റോ എന്താണെന്ന് എനിക്കിപ്പോൾ നല്ല ഓർമ്മയില്ല — കോങ്ത് *** (ആ സെനറ്റർ) മൊസ്സ്യൂമിറിയേലൊരുമിച്ച് പോലീസു മേലുദ്യോഗസ്ഥന്റെ വീട്ടിൽ ഒരു വിരുന്നുസൽക്കാരത്തിന് ഉണ്ടായിരുന്നു. പലഹാരസമയത്ത്, അന്തസ്സ് തീരെ വിട്ടിരുന്നില്ലെങ്കിലും, അല്പം ആഹ്ലാദം കയറിയിരുന്ന സെനറ്റർ കുറച്ചുച്ചത്തിൽ പറഞ്ഞു:

‘എന്നാലോ, മെത്രാൻ, നമുക്കൊരു വാദപ്രതിവാദം ചെയ്യുക. ഒന്നു കണ്ണു ചിമ്മിപ്പോകാതെ ഒരു പ്രധാനാലോചനാസഭാംഗത്തിനും ഒരു മെത്രാനും അന്യോന്യം നോക്കിക്കാണാൻ ഞെരുക്കമുണ്ട്. നമ്മൾ രണ്ടുതരം ആസ്തികന്മാരാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം തുറന്നു സമ്മതിക്കാൻ പോകുന്നു. എനിക്ക് സ്വന്തമായി ഒരു തത്വശാസ്ത്രമുണ്ട്.’

‘നിങ്ങൾ പറയുന്നത് ശരിയുമാണ്’. മെത്രാൻ മറുപടി പറഞ്ഞു. ‘ഒരാൾ ഒരു തത്വശാസ്ത്രമുണ്ടാക്കുന്നതു പോലെത്തന്നെ അതിന്മേൽ ചടഞ്ഞുകൂടുന്നു. നിങ്ങൾ പട്ടുകിടക്കക്കാരനാണ്, സെനറ്റർ.’

സെനറ്റർക്ക് ഉത്സാഹം കൂടി; പിന്നേയും പറഞ്ഞു തുടങ്ങി: ‘നമുക്ക് നല്ല ചങ്ങാതികളാവുക’.

‘നല്ല ചെകുത്താന്മാരാവുക’. മെത്രാൻ പറഞ്ഞു.

‘ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു, സെനറ്റർ തുടർന്നു. ‘മാർക്കിദാർ ഴെന്യു[25] പൈറോൺ[26] ഹോബ്സ്[27] ഇവർ ആഭാസന്മാരല്ല. എന്റെ വായനശാലയിലുള്ള എല്ലാ തത്വജ്ഞാനികളും വക്കത്തു തങ്കപ്പൂച്ചുള്ളവരാണ്’.

‘നിങ്ങളുടെ മട്ടിൽത്തന്നെ’, മെത്രാൻ ഇടയ്ക്ക് പറഞ്ഞു.

ആലോചനാസഭംഗം പിന്നെയും തുടങ്ങി: ‘ദിദറോവിനോട് [28] എനിക്ക് ദേഷ്യമാണ്; ആന്തരമായി നോക്കുമ്പോൾ അയാൾ ഒരീശ്വരവിശ്വാസിയും, വോൾത്തെയറെക്കാൾ[29] മതവിരോധിയുമാണ്. വൊൾത്തെയർ നീഡ്‌ഹാമിനെ[30] കളിയാക്കി; അതു ശരിയായില്ല: എന്തുകൊണ്ടെന്നാൽ നീഡ്‌ഹാമിന്റെ ആരൽ മത്സ്യങ്ങൾ[31] ഈശ്വരനെക്കൊണ്ട് ആവശ്യമില്ലെന്ന് കാണിക്കുന്നു. ഒരു തരി ഗോതമ്പുമാവിന്റെ ഒരുതുള്ളി വിനീഗർ മദ്യം ചേർത്തുള്ളത് ‘വെളിച്ചമുണ്ടാവട്ടെ’[32] എന്നതിന്റെ ഫലം നടത്തും. ആ തുള്ളി കുറേക്കൂടി അധികമാവുകയും ആ തവി കുറേക്കൂടി വലുതാവുകയും ചെയ്‌തു എന്നു സങ്കൽപിക്കുക: നിങ്ങളുടെ ലോകമായിക്കഴിഞ്ഞു. മനുഷ്യനാണ് ആരൽ മത്‌സ്യം. അപ്പോൾ ശാശ്വത പിതാവിനെക്കൊണ്ടുള്ള പ്രയോജനമെന്ത്? സർവ്വേശ്വരൻ ഉണ്ടെന്നുള്ള സിദ്ധാന്തം, മെത്രാൻ, എന്നെ ദ്വേഷ്യം പിടിപ്പിക്കുന്നു. കഴമ്പില്ലാത്ത ന്യായത്തോടു കൂടിയ ചില കഴമ്പില്ലാത്ത ജനങ്ങളെ സൃഷ്ടിക്കാനല്ലാതെ മറ്റൊന്നിനും, അതിനെക്കൊണ്ട് കൊള്ളില്ല. ആ സമസൃഷ്ടിയെ കൊണ്ടൊപോയി കളയൂ; അതെന്നെ സ്വൈരം കെടുത്തുന്നു! ശൂന്യത്തിനു ജയജയ; അതെന്നെ സമാധാനത്തിൽ നിർത്തുന്നുണ്ട്, ഞാനും നിങ്ങളും കൂടി പറയുകയാവുമ്പോൾ, എന്റെ ഗ്ലാസ്സൊഴിക്കുമ്പോഴത്തെ ഒരു നേരമ്പോക്കായി, എന്റെ മതോപദേഷ്ടാവിനോട് പാപസമ്മതം ചെയ്‌കയാണെങ്കിൽ — ഞാനതു ചെയ്യേണ്ടതാണല്ലോ — എനിക്കു കുറെ ബുദ്ധിയുണ്ടെന്നു ഞാൻ നിങ്ങളോടേറ്റു പറയുന്നു. ഊർദ്ധ്വൻ വലിക്കുന്നതു വരേക്കും സന്ന്യാസവും ആത്മത്യാഗവും അനുഷ്ടിക്കണമെന്നു ഉപദേശിക്കുന്ന നിങ്ങളുടെ യേശു ക്രിസ്‌തുവിനെ എനിക്കു വലിയ ഭ്രമമില്ല. അതു യാചകന്മാരോട് ഒരു ലുബ്‌ധൻ ചെയ്യുന്ന ഉപദേശമാണ്. സന്ന്യാസം എന്തിന്? ആത്മത്യാഗം, എന്താവശ്യത്തിലേക്ക്? ഒരു ചെന്നായ മറ്റൊരു ചെന്നായയുടെ ആവശ്യത്തിന് തന്നത്താൻ കൊത്തി നുറുക്കിക്കൊടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അപ്പോൾ നമുക്കു പ്രകൃതിയെത്തന്നെ പറ്റിപ്പിടിക്കുക. നമ്മൾ സകലത്തിനും മുകളിലാണ്; അതുപോലെ, മുകളിൽത്തന്നെയുള്ള തത്ത്വജ്ഞാനം നമുക്കുണ്ടാക്കുക. മറ്റുള്ളവരുടെ മൂക്കിന്നറ്റത്തിൽ നിന്ന് അപ്പുറത്തേക്കു കാണാൻ വയ്യെങ്കിൽ, നമ്മൾ മുകളിലായിട്ടുള്ളതിന്റെ പ്രയോജനമെന്ത്? നമുക്ക് ആഹ്ലാദത്തോടു കൂടി ജീവിച്ചിരിക്കുക. ജീവിതമാണ് ആകെയുള്ളത്. ഇതിൽ നിന്നു വിട്ടു, മുകളിലോ, താഴത്തോ എവിടെയോ, മനുഷ്യന്നു വേറെ ഒരു ജീവിതമുണ്ടെന്നു എനിക്കു വിശ്വാസമില്ല; ഇല്ല, അതിനെപ്പറ്റി ഒരൊറ്റ വാക്കും ഞാൻ വിശ്വസിക്കുന്നില്ല. ഹാ! ആത്മത്യാഗവും സന്ന്യാസവും നല്ലതാണെന്ന് എന്നെ പറഞ്ഞു പഠിപ്പിക്കുന്നു! എന്തു ചെയ്യുമ്പോഴും ഞാൻ സൂക്ഷിക്കണം; പാപമെന്താണ്, പുണ്യമെന്താണ്, തെറ്റെന്താണ് ശരിയെന്താണ്? എന്നാലോചിച്ചു ഞാൻ എന്റെ തലയിട്ടു കടയിക്കണം. എന്തിന്? എന്റെ പ്രവൃത്തികൾക്കെല്ലാം ഞാൻ സമാധാനം പറയേണ്ടിവരും, അതിന്. എപ്പോൾ? മരിച്ചതിനു ശേഷം. എന്തൊരു കൗതുകകരമായ സ്വപ്‌നം! മരിച്ചതിനു ശേഷം എന്നെ കടന്നു പിടിക്കാൻ കഴിയുന്ന ആൾ നിശ്ചയമായും ഒരു വല്ലാത്ത സമർഥനാവണം. നിങ്ങൾക്കു കഴിയുമെങ്കിൽ, ഇല്ലാത്ത കൈപ്പടം കൊണ്ട് ഒരു പിടി മണ്ണിൻപൊടി കടന്നു പിടിക്കുക. യോഗദീക്ഷ കഴിഞ്ഞവരും മായയുടെ മൂടുപടം മാറ്റിക്കളഞ്ഞവരുമായ ഞങ്ങൾ വാസ്തവം പറയട്ടെ; പാപം എന്നോ പുണ്യം എന്നോ ഒന്നില്ല; ഉണ്ട്, മുളച്ചുവളരലുണ്ട്. സത്തായിട്ടുള്ളത് നമുക്കന്വേഷിക്കുക; നമുക്ക് അതിന്റെ അടിയിലേക്കു ചെല്ലുക. പരിപൂർണമായി നമുക്ക് അതിന്റെ അടിയിലേക്കു ചെല്ലുക. പരിപൂർണമായി നമുക്ക് അതൊന്നു മനസ്സിലാക്കുക. എന്തു മണ്ണിൻകട്ടയാണ്! അതിന്റെ അടിയിലേക്കു നമുക്കൊന്നിറങ്ങി നോക്കുക. സത്യം നമുക്കു കണ്ടുപിടിക്കണം; ഭൂമിയെ നമുക്ക് അതിന്റെ അറ്റംവരെ കുഴിക്കുക — എന്നിട്ട് അതിനെ കടന്നു പിടികൂടുക. എന്നാൽ അതു നിങ്ങൾക്ക് എന്തെന്നില്ലാത്ത സുഖം തരും. അപ്പോൾ നിങ്ങൾക്കു ചിരി വരും. അതിന്റെ അടി എനിക്കു ബഹുപാകമാണ് അതേ, കിറുകൃത്യം. മെത്രാൻ, അമർത്യത്ത്വം ഒരു യാദൃച്ഛാസംഭവമാണ്; മരിച്ചവരുടെ ബൂട്സ്സുകൾക്ക് നോറ്റിരിക്കുക. ഹാ! എന്തു രസകരമായ വാഗ്ദാനം! നിങ്ങൾ വേണമെങ്കിൽ അതു വിശ്വസിച്ചിരുന്നോളൂ! ഹാ! ആദാമിന്റെ യോഗം എന്തു വിചിത്രതരമായ യോഗം! നമ്മൾ ആത്മാക്കളാണ്; നമ്മൾ ഇനി ചുമൽപ്പലകകളിൽ നീലച്ചിറകു വെച്ചിട്ടുള്ള ദേവന്മാരാവും. ഒരു സാഹായ്യ്യം ചെയ്യൂ; ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട ആളുകൾ ഒരു നക്ഷത്രത്തിൽ നിന്നു മറ്റേ നക്ഷത്രത്തിലേക്കു പാഞ്ഞു കളിക്കുമെന്നു പറഞ്ഞതു തേർത്തുലിയനല്ലേ?[33] വളരെ നല്ലത്. നമ്മൾ നക്ഷത്രങ്ങളിലെ പച്ചപ്പയ്യ്യാവട്ടെ. അതിനു പുറമെ, നമുക്ക് ഈശ്വരനെ കാണാം. ട, ട, ട! ഈ സ്വർഗങ്ങളെല്ലാം എന്തു വിഡ്ഢിത്തങ്ങളാണ്! ഈശ്വരൻ ഒരു കഥയില്ലാത്ത ഭയങ്കര ജന്തുവാണ്! അതു ഞാൻ മോണിത്തൂർ പത്രത്തിൽ പറയുകയില്ല; ഓഹാ! എന്നാൽ അതു ഞാൻ സ്നേഹിതന്മാരുടെ ഇടയിൽ മന്ത്രിക്കും. അതേ കുപ്പി ചെരിക്കുമ്പോഴത്തെ ഞായം. സ്വർഗത്തിനു വേണ്ടി ലോകത്തെ ബലികഴിക്കുന്നതു നിഴലു പിടിക്കാൻ വേണ്ടി ഇര കളയുകയാണ്. ബ്രഹ്മത്താൽ വഞ്ചിക്കപ്പെടുക! ഞാൻ അങ്ങനത്തെ ഒരു വിഡ്ഢിയല്ല. ഞാൻ ഒരു സുന്നയാണ്. ഞാൻ എന്നെ സെനറ്റർ മൊസ്യു കൗണ്ട് നോട്ട് (സുന്ന) എന്നു വിളിക്കുന്നു. ജനിച്ചതിനു മുൻപ് ഞാനുണ്ടായിരുന്നുവോ? ഇല്ല. മരിച്ചതിനു ശേഷം ഞാൻ ഉണ്ടായിരിക്കുമോ? ഇല്ല. എന്താണ് ഞാൻ? ഒരു സാവയവപ്രാണിയായി കൂട്ടിച്ചേർത്ത കുറച്ചു മണ്ണിൻപൊടി. ഈ ഭൂമിയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ തന്നെ അതു തീർച്ചപ്പെടുത്തണം: ദുഃഖിക്കുക, അല്ലെങ്കിൽ സുഖിക്കുക. ദുഃഖം എന്നെ എവിടെ കൊണ്ടുപോയാക്കും? ശൂന്യതയിൽ. പക്ഷേ, ഞാൻ ദുഃഖിച്ചു. സുഖം എന്നെ എവിടെ കൊണ്ടുപോയാക്കും? ശൂന്യതയിൽ; പക്ഷേ ഞാൻ സുഖിച്ചു. എന്റെ കാര്യം ഞാൻ തീർച്ചപ്പെടുത്തി. ഒന്നുകിൽ ഭക്ഷിക്കണം, അല്ലെങ്കിൽ ഭക്ഷിക്കപ്പെടണം; ഞാൻ ഭക്ഷിക്കുകയാണ്. പല്ലാവുന്നതാണ് പുല്ലാവുന്നതിനേക്കാൾ നല്ലത്. ഇതത്രേ എന്റെ ജ്ഞാനം. അതുപ്രകാരം ഞാൻ ഉന്തുന്നേടത്തേക്ക് എവിടെയ്ക്കെങ്കിലും പൊയ്ക്കൊള്ളു, ശവക്കുഴി കുഴിക്കുന്നവനെ അവിടെ കാണാം; ഞങ്ങൾ ചിലർക്കുള്ള ദേവഗണം: എല്ലാം ആ വലിയ കുഴിയിൽ ചെന്നു വീഴുന്നു. കഴിഞ്ഞു. സമാപ്തം. കടവും മുതലും ആകെയിട്ടു. പോയി, പോയി. അപ്രത്യക്ഷമായി. ഞാൻ പറയുന്നതു വിശ്വസിക്കുക, മരണം മരണമാണ്. ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞു തരാൻ ഒരാളുണ്ടെന്നു കേട്ടാൽ എനിക്കു ചിരിയാണ്. വളർത്തമ്മമാരുടെ കെട്ടുകഥകൾ; കുട്ടികൾക്കുള്ള ഇമ്പാച്ചി; മനുഷ്യർക്കുള്ള സർവ്വേശ്വരൻ. ഇല്ല

നമുക്കുള്ള നാളെ രാത്രിയാണ്. ശവക്കുഴിയുടെ അപ്പുറത്ത് അതേവിധം ശൂന്യതയല്ലാതെ മറ്റൊന്നുമില്ല. നിങ്ങൾ സർദനപ്പലസ്സാ[34]യി; അല്ലെങ്കിൽ, വാങ്സാങ് ദ് പോളാ[35]യി — ഒരു വ്യത്യാസവുമില്ല. ഇതാണ് സത്യം. അപ്പോൾ മറ്റുള്ളതൊക്കെ അവിടെ കിടക്കട്ടെ; ഉള്ള കാലം ജീവിച്ചിരിക്കുക. ഞാൻ എന്നു നിങ്ങളിൽ ഉള്ള കാലം ജീവിച്ചിരിക്കുക. ഞാൻ എന്ന് നിങ്ങളിൽ ഉള്ള കാലത്തോളം അതിനെ ഉപയോഗിക്കുക, വാസ്തവത്തിൽ, ഞാൻ നിങ്ങളോടു പറയട്ടെ, മെത്രാൻ, എനിക്കു സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ട്; എനിക്കു സ്വന്തമായി ചില തത്ത്വജ്ഞാനികളുമുണ്ട്. ആ വക വിഡ്ഢിത്തം കൊണ്ടു മയങ്ങിപ്പോവാൻ ഞാൻ നിൽക്കില്ല. അധഃപതിച്ചു കിടക്കുന്നവർക്കു നിശ്ചയമായും എന്തെങ്കിലും ഒന്നു വേണം — കാലിലൊന്നുമില്ലാത്ത യാചകന്മാർക്കും, കത്തിയണച്ചു കൊടുക്കുന്നവർക്കും, ഗതിയില്ലാത്ത പാവങ്ങൾക്കും, നിശ്ചയമായും ഒരു താങ്ങു വേണം. പുരാണങ്ങൾ, മനോരാജ്യങ്ങൾ, ആത്മാവ്, അമർത്ത്യത്വം, സ്വർഗം, നക്ഷത്രങ്ങൾ ഇതൊക്കെ അവർക്കു വിഴുങ്ങാൻ വേണ്ടി ഉണ്ടാക്കി വെച്ച സാമാനങ്ങളാണ്. അവർ അവയെ ആർത്തിയോടു കൂടി കുടുകുടെ ഇറക്കുന്നു. അവരുടെ ഉണങ്ങിക്കടിച്ച അപ്പത്തിന്മേൽ അവർ അതെടുത്തു പുരട്ടുന്നു. മറ്റൊന്നുമില്ലാത്തവന്നു ദയാലുവായ ഈശ്വരനുണ്ട്. അതാണ് അവനു കിട്ടാവുന്ന സകലത്തിലും വെച്ചു കുറഞ്ഞത്. ഞാൻ അതിനു യാതൊരു വിരോധവും പറയുന്നില്ല. പക്ഷേ, മൊസ്യു നെയ്ഗിയോണിനെ ഞാൻ എനിക്കായി കരുതി വെക്കുന്നു. നല്ലവനായ ഈശ്വരൻ പൊതുജനങ്ങൾക്കു നല്ലതാണ്.

മെത്രാൻ കൈകൊട്ടി.

‘ഇതൊക്കെ വാക്കാണ്!’ അദ്ദേഹം കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എത്ര രസപ്രദവും വാസ്തവത്തിൽ എത്ര അദ്ഭുതകരവുമായ ഒന്നാണ് ഈ അനാത്മവാദം! ആവശ്യമുള്ളവർക്കെല്ലാം അതു കിട്ടാൻ നിവൃത്തിയില്ല. ഹാ! ഒരാൾക്കതു കൈയിലായാൽപ്പിന്നെ, അയാൾ ഒരിക്കലും പൊട്ടനല്ല; കൈറോവിനെ[36]പ്പോലെ രാജ്യഭ്രഷ്ടനാവാനും, സ്റ്റീഫനെ[37]പ്പോലെ കല്ലേറു കൊണ്ടു ചാവാനും, ഴാന്ന് ദാർക്കിനെ[38]പ്പോലെ ജീവനോടെ കെട്ടിച്ചുടാനും അയാൾ പിന്നെ, കഥയില്ലാതെ, സമ്മതിക്കില്ല. ഈ ബഹുമാനിക്കത്തക്ക അനാത്മവാദം കൈയിൽ കിട്ടിക്കഴിഞ്ഞവർക്കു യാതൊരുത്തരവാദിത്വവും തങ്ങൾക്കില്ലെന്നുള്ള സുഖമുണ്ട്; എന്നല്ല, പദവികൾ, തൊഴിലില്ലാത്ത ശമ്പളങ്ങൾ, അന്തസ്സുകൾ, മര്യാദയ്ക്കോ മര്യാദകെട്ടോ സമ്പാദിച്ച അധികാരശക്തി, നല്ല ആദായമുണ്ടാക്കുന്ന പ്രതിജ്ഞാലംഘനങ്ങൾ, പ്രയോജനകരങ്ങളായ ചതിപ്പണികൾ, മനസ്സാക്ഷിയെ തൽക്കാലത്തേക്കു വല്ലവർക്കും ഏല്പിച്ചു കൊടുക്കുകയാകുന്ന ആ ബഹുരസമുള്ള വിദ്യ — ഈ സകലവും പ്രയാസലേശം കൂടാതെ എടുത്തു വിഴുങ്ങാനും സകലവും ദഹിച്ചു ശുദ്ധമായിക്കൊണ്ടു ശവകുഴിയിലേക്കു കടന്നു ചെല്ലുവാനും തങ്ങൾക്കു കഴിയും എന്നുള്ള സുഖം അവർക്കുണ്ട്. അത് എന്തൊരു രസമുള്ള കാര്യം! നിങ്ങളെ സംബന്ധിച്ചിടത്തോളം, സെനറ്റർ, ഞാനതു പറയുന്നില്ല. എങ്കിലും നിങ്ങളെ അനുമോദിക്കാതിരിക്കാൻ ഞാൻ നിവൃത്തി കാണുന്നില്ല. വലിയ പ്രഭുക്കൻമാരായ നിങ്ങൾക്കു സ്വന്തമായി, നിങ്ങൾക്കു മാത്രം ഉപയോഗിക്കുവാനുള്ളതായി, ഒരു തത്ത്വശാസ്ത്രമുണ്ടെന്നു നിങ്ങൾ പറയുന്നു — അതേ, ഭംഗിയുള്ളതും, പരിഷ്‌കരിച്ചതും, പണക്കാർക്കു മാത്രം കിട്ടുന്നതും. എല്ലാ രുചികര സാധനങ്ങൾക്കും യോജിക്കുന്നതും, ജീവിതത്തിലെ വിഷയലമ്പടത്വത്തെ രസം പിടിപ്പിച്ചു നന്നാക്കുന്നതുമായ ഒരു സവിശേഷ തത്ത്വശാസ്ത്രം. ഈ തത്ത്വശാസ്ത്രം ഭൂമിയുടെ അധോഭാഗത്തുനിന്നു കൊണ്ടുവരപ്പെട്ടതാണ്; ഒന്നാം തരം അന്വേഷകന്മാരാൽ കുഴിച്ചെടുക്കപ്പെട്ടതുമാണ്. പക്ഷേ നിങ്ങളെല്ലാം നല്ല സ്വഭാവക്കാരായ കൊച്ചു തമ്പുരാക്കന്മാരാണല്ലോ; അതുകൊണ്ടു, ‘ചെസ്‌നട്ട്’ മരത്തിന്റെ കായ നിറച്ചു വേവിച്ച വാൻ‌വത്തു പാവങ്ങൾക്കെല്ലാം കടൽക്കൂണിട്ടു വേവിച്ച വൻകോഴിയാവുന്നതിൽ നിങ്ങൾക്കു വൈരസ്യമില്ലാത്തതു പോലെ, ദയാലുവായ ഈശ്വരനിലുള്ള വിശ്വാസം പൊതുജനങ്ങൾക്ക് അവരുടെ തത്ത്വശാസ്ത്രമായിത്തീരുന്നതു തീരെ നന്നെല്ലെന്നു നിങ്ങൾക്ക് അഭിപ്രായമുണ്ടായിരിക്കില്ല.’

സഹോദരനെ സഹോദരി വിളിക്കുന്നു

ഡി.യിലെ മെത്രാന്റെ ഗൃഹജീവിതത്തെപ്പറ്റി ഒരറിവുണ്ടാക്കുന്നതിനും, ഈശ്വരഭക്‌തിയേറിയ ആ രണ്ടു സ്ത്രീകൾ തങ്ങളുടെ വിചാരങ്ങളേയും എളുപ്പത്തിൽ ക്ഷോഭിച്ചു പോകുന്ന തങ്ങളുടെ സ്‌ത്രീസ്വഭാവത്തെക്കൂടിയും അദ്ദേഹത്തിന്റെ ശീലത്തിനും ആവശ്യത്തിനും അനുരൂപമായി, ഒന്നു വിവരിച്ചു കൊടുക്കുവാൻ പോലും അദ്ദേഹത്തിനു ബുദ്ധിമുട്ടേണ്ടി വരാത്തവിധം, തികച്ചും അമർത്തി നിർത്തിയിരുന്നതെങ്ങനെ എന്നു മനസ്സിലാക്കുന്നതിനുമായി, മദാംവ്വസേല്ല് ബപ്‌തെസ്‌തീൻ തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ വിക്കോംതെസ്[39]ദ് ബ്വാഷെവ് റോങ്ങിന്നയച്ച ഒരു കത്ത് ഇവിടെ പകർത്തിയിടുന്നതു പോലെ നല്ല കാര്യം വേറെയുണ്ടെന്നു തോന്നുന്നില്ല. അതു ഞങ്ങളുടെ കൈവശമുണ്ട്.

‘ഡി., ഡിസേമ്പർ 16, 18–

‘എന്റെ സുശീലയായ മദാം, ഞങ്ങൾ നിങ്ങളെപ്പറ്റി സംസാരിക്കാത്ത ഒരു ദിവസമെങ്കിലുമില്ല. അതു ഞങ്ങളുടെ ഒരു സമ്പ്രദായമായിരിക്കുന്നു; അതിനു പുറമേ ഒരു കാരണം കൂടിയുണ്ട്. ഇതു നോക്കൂ; തട്ടുകളും ചുമരുകളും കഴുകിത്തുടച്ചു നന്നാക്കുന്ന കൂട്ടത്തിൽ മദാം മഗ്ല്വാർ ചിലതു കണ്ടുപിടിച്ചു; നിറം ‌പിടിപ്പിച്ച പഴയ കടലാസ്സു ചുമരോടു കൂടിയ ഞങ്ങളുടെ രണ്ടു മുറികൾ ഇപ്പോൾ നിങ്ങളുടെതു പോലുള്ള ഒരു കോട്ടയ്‌ക്കു കിട്ടിയാൽ അവമാനമില്ല. മദാം മഗ്ല്വാർ ആ കടലാസ്സൊക്കെ വലിച്ചു കളഞ്ഞു. അതിന്നുള്ളിൽ ചിലതുണ്ടായിരുന്നു. യാതൊരു സാമാനവുമില്ലാത്തതും മുക്കിയ വസ്‌ത്രങ്ങൾ തോരാനിടാൻ ഉപയോഗിക്കുന്നതുമായ എന്റെ ഇരുപ്പുമുറി, പതിനഞ്ചടി ഉയരമുള്ളതും, പതിനേഴടി വിസ്‌താരമുള്ളതും, പണ്ടു കാലത്തു ചായം തേച്ചു തങ്കം പൂശിയതും, നിങ്ങളുടെ മുറിയിലെപ്പോലെ തുലാങ്ങളോടു കൂടിയ തട്ടിട്ടതുമാണ്. ഈ സ്ഥലം ആസ്‌പത്രിയായിരുന്ന കാലത്തു തട്ടെല്ലാം ഒരു തുണി കൊണ്ടു മൂടിയിരുന്നു. മരപ്പണിമുഴുവനും നമ്മുടെ മുത്തശ്ശിമാരുടെ കാലത്തേതാണ്. എന്നാൽ എന്റെ മുറിയാണ് നിങ്ങളൊന്നു കാണേണ്ടത്. മുകളിൽ പശയൊട്ടിച്ച ഏതാണ്ടു പത്തടുക്കു കടലാസ്സിനുള്ളിൽ വളരെ നല്ലവയെങ്കിലും കഴിച്ചു കൂട്ടാവുന്ന ചില ചിത്രപ്പണികൾ മദാം മഗ്ല്വാർ കണ്ടുപിടിച്ചിരിക്കുന്നു. ഏതോ ഒരു തോട്ടത്തിൽവെച്ചു — പേരു ഞാൻ ഓർമ്മ വിട്ടുപോയി — മിനവർവെയുടെ[40] വിശ്വസ്‌ത ഭൃത്യനായി തെലമാക്കസ്സിനെ[41] നിയമിക്കുന്നതാണു വിഷമം. അവിടെ റോമിലെ മാന്യസ്‌ത്രീകളെല്ലാം ഒരൊറ്റ രാത്രി കൊണ്ടു വന്നു ചേർന്നു, ഞാൻ നിങ്ങളോടു എന്തു പറയട്ടെ? റോമിലെ ആണുങ്ങളും പെണ്ണുങ്ങളും (ഇവിടെ ഒരു വാക്കു തിരിയുന്നില്ല) പരിവാരങ്ങൾ മുഴുവനും എന്റെ പക്കലുണ്ട്. മദാം മഗ്ല്വാർ അതു മുഴുവനും തുടച്ചു തെളിയിച്ചു. ഈ വേനലോടുകൂടി കുറേശ്ശെ കേടുള്ളതെല്ലാം തീർത്തു മുഴുവനും ഒന്നു ചായമിട്ടു പുതുക്കാനാണ് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നത്; എന്നാൽ എന്റെ അറ ഒരെണ്ണം പറഞ്ഞ കാഴ്‌ചബംഗ്ലാവും. എന്നല്ല, തട്ടിൻപുറത്ത് ഒരു മൂലയിൽ പഴയ മട്ടിൽ മരം കൊണ്ടുള്ള രണ്ടു ജാലകമേശകളൂം അവൾ കണ്ടെത്തിയിരിക്കുന്നു. അതുകൾ രണ്ടും പുതുതായി ചായമിടുവാൻ ഓരോന്നിന് ആറു ഫ്രാങ്കു വീതം വേണമെന്ന് ആളുകൾ കൂലി പറയുന്നു; പക്ഷേ, ആ സംഖ്യ സാധുക്കൾക്കു കൊടുക്കുകയാണുത്തമം; പോരാത്തതിന് അവ രണ്ടും കണ്ടാൽ ബഹുമോശം; ചേലവീട്ടി കൊണ്ടൂള്ള ഒരു വട്ടമേശയാണ് എനിക്കതിലും ബോധിച്ചിട്ടുള്ളത്.
‘എനിക്ക് എപ്പോഴും സുഖം തന്നെ. എന്റെ സഹോദരൻ എത്രയും നല്ലൊരാളാണ്. കൈയിലുള്ളതെല്ലാം അദ്ദേഹം സാധുക്കൾക്കും രോഗികൾക്കും കൊടുക്കുന്നു. ഞങ്ങൾ വളരെയധികം ഒതുങ്ങിയിട്ടാണ്. മഴക്കാലത്ത് ഈ രാജ്യത്തു ബഹുബുദ്ധിമുട്ടുണ്ട്. പാവങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ഞങ്ങൾ നിശ്ചയമായും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഏതാണ്ടു സുഖമായി വിളക്കു കത്തിക്കുന്നുണ്ട്; തണുപ്പു കൊണ്ടുള്ള ഉപദ്രവമില്ല; ഇതൊക്കെ മഹോത്സവമാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ. എന്റെ സഹോദരന്റെ മട്ടുകളെല്ലാം തന്റെ സ്വന്തമാണ്. സംസാരത്തിനിടയ്‌ക്ക്, ഒരു മെത്രാൻ അങ്ങനെയാണ് ചെയ്യേണ്ടതെന്നു പറയും. ആലോചിച്ചു നോക്കൂ! ഒരിക്കലും ഞങ്ങളുടെ വീട്ടിന്റെ വാതിലടയ്‌ക്കാറില്ല. കടക്കേണമെന്നു വിചാരിക്കുന്നയാൾക്കു ക്ഷണത്തിൽ എന്റെ സഹോദരന്റെ മുറിയിൽ എത്താം. രാത്രിയിൽക്കൂടി അദ്ദേഹത്തിന് ഒരു ഭയവുമില്ല. അദ്ദേഹത്തിന്റെ ഒരു തരം ധൈര്യമാണെന്നാണ് പറയാറ്.
അദ്ദേഹത്തെപ്പറ്റി ഞാനോ മദം മഗ്ല്വാറോ ലേശം പോലും ഭയപ്പെടണമെന്ന് അദ്ദേഹത്തിനില്ല. എല്ലാതരം അപകടങ്ങളിലും അദ്ദേഹം ചെന്നു തലയിടും; ഞങ്ങൾ അതു കണ്ടു എന്നു ഭാവിക്കുന്നതുകൂടി അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ മട്ടുകൾ മനസ്സിലാക്കാൻ പഠിക്കണം.
അദ്ദേഹം മഴയത്തു പുറത്തേക്കു പോവും; വെള്ളത്തിൽ നടക്കും; മഴക്കാലത്തു വഴിയാത്ര ചെയ്യും. അപടമുള്ള വഴികളിലും ആപൽമയങ്ങളായ സംഭവങ്ങളിലും രാത്രി സമയത്തും അദ്ദേഹത്തിനു ഭയമില്ല.
കഴിഞ്ഞ കൊല്ലം അദ്ദേഹം തനിച്ചു തട്ടിപ്പറിക്കാരുള്ള ഒരു രാജ്യത്തേക്കു പോയി. അദ്ദേഹം ഞങ്ങളെ കൊണ്ടു പോവാൻ കൂട്ടാക്കിയില്ല. ഒരു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടേ വന്നുള്ളു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു യാതൊന്നും പറ്റിയിട്ടില്ല; മരിച്ചു എന്നു വിചാരിച്ചതാണ്; പക്ഷേ, അദ്ദേഹത്തിനു നല്ല സുഖം. അദ്ദേഹം പറഞ്ഞു: ‘എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചത് ഇങ്ങനെയാണ്!’ എന്നിട്ട് ഒരു പണ്ടപ്പെട്ടി തുറന്നു; എംബ്രൂങ് പള്ളിയിലെ ആഭരണങ്ങളെല്ലാം അതിലുണ്ട്; കള്ളന്മാർ അവയെല്ലാം അദ്ദേഹത്തിനു കൊണ്ടു കൊടുത്തു.
ആ തവണ മടങ്ങി വന്നപ്പോൾ കുറച്ചൊന്നു ശകാരിക്കാതിരിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞില്ല. ഏതായാലും വണ്ടി ശബ്ദം പുറപ്പെടുവിച്ചു, മറ്റാരും കേൾക്കില്ലെന്നായപ്പോഴെ ഞാൻ ചെയ്തുള്ളു.
ആദ്യത്തിൽ എന്നോടു തന്നെ ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘അദ്ദേഹത്തെ തടഞ്ഞു നിർത്തുന്ന അപകടങ്ങളില്ല; അദ്ദേഹം വല്ലാത്തൊരാളാണ്.’ ഇപ്പോൾ അതെനിക്കു തഴക്കമായി. ഒന്നും വിരോധം ഭാവിക്കരുതെന്നു ഞാൻ മദാം മഗ്ല്വാറോട് ആംഗ്യം കാണിക്കും. അദ്ദേഹത്തിനു വേണമെന്നു തോന്നുന്ന വിധം അദ്ദേഹം ദുർഘടത്തിൽ ചെന്നു ചാടും. ഞാൻ മദാം മഗ്ല്വാറെ കൂട്ടിക്കൊണ്ടു പോവും; എന്റെ മുറിയിൽ ചെല്ലും, അദ്ദേഹത്തിനു വേണ്ടി ഈശ്വരനോടു പ്രാർത്ഥിക്കും; കിടന്നുറങ്ങും, എനിക്കു നല്ല സമാധാനമുണ്ട്; എന്തെന്നാൽ അദ്ദേഹത്തിനു വല്ലതും വരുന്ന പക്ഷം എന്റെ കഥയും അതോടു കൂടി തീരും എന്നെനിക്കറിയാം. എന്റെ സഹോദരനോടും എന്റെ മെത്രാനോടും കൂടെ എനിക്കും എന്റെ ഈശ്വരന്റെ അടുക്കൽ ചെല്ലണം. എന്നെക്കാളധികം മദാം മഗ്ല്വാറിനാണ്, അവൾ പറയാറുള്ളതു പോലെ, അദ്ദേഹത്തിന്റെ ആലോചനക്കുറവുകളോടു തഴക്കം വരുവാൻ ബുദ്ധിമുട്ടായത്. പക്ഷേ, ഇപ്പോൾ അതു ശീലമായി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈശ്വരവന്ദനം ചെയ്യും; ഒരുമിച്ചിരുന്നു വിറയ്ക്കും; ഒരുമിച്ചു കിടന്നുറങ്ങും. ചെകുത്താൻ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുകയാണെങ്കിൽ, അവന്നതിന്നനുവാദം കിട്ടും. ആകപ്പാടെ, എന്താണ് ഈ വീട്ടിൽ ഞങ്ങൾക്കു ഭയപ്പെടാനുള്ളത്? ഞങ്ങളേക്കാൾ ശക്തിയുള്ള ഒരാൾ എപ്പോഴും ഞങ്ങളുടെ അടുത്തുണ്ട്. പിശാചിന് ഇതിലൂടെ കടന്നുപോവാം; പക്ഷേ, ദയാലുവായ ഈശ്വരൻ ഇവിടെ താമസിക്കുന്നു.
എനിക്ക് ഇത്രയേ വേണ്ടു. എന്റെ സഹോദരനെക്കൊണ്ട് ഒരക്ഷരവും ഞാൻ എന്നോടു പറയിക്കാറില്ല. അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ മനസ്സിലാക്കും; ഞങ്ങൾ ഞങ്ങളുടെ കാര്യം മുഴുവനും ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. വിശിഷ്ടാത്മാവായ ഒരാളോട് ഇങ്ങനെയാണ് ഒരാൾ ചെയ്യേണ്ടത്.
ഫോകുടുംബത്തെപ്പറ്റി നിങ്ങൾ അറിയണമെന്നവശ്യപ്പെട്ട വിവരം ഞാൻ എന്റെ സഹോദരനോടു ചോദിച്ചു. അദ്ദേഹത്തിനു സകലവും നിശ്ചയമുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ; എന്നല്ല, അദ്ദേഹത്തിനു ഇവയെല്ലാം നല്ല ഓർമയുണ്ട്; എന്തുകൊണ്ടെന്നാൽ, ഇപ്പോഴും അദ്ദേഹം വളരെ നല്ല രാജകക്ഷിയാണ്. അവർ വാസ്തവത്തിൽ കെയിനിലെ ഒരു വലിയ പഴേ നോർമ്മൻ കുടുംബമാണ്. അഞ്ഞൂറു കൊല്ലത്തിനു മുൻപ് ഒരു റൂൾ ദ് ഫോവും ഒരു ഴാങ് ദ് ഫോവും ഒരു തോമസ് ദ് ഫൂവും ആ കുടുംബത്തിലുണ്ടായിരുന്നു; അവരൊക്കെ മാന്യന്മാരാണ്. അവരിൽ ഒരാൾ റോഷ് ഫോറിലെ ഒരു പ്രഭുവാണ്. ആ വംശത്തിൽ ഒടുവിലത്തെ ആൾ ഗൈ — എത്തിയാൻന്ന് — അലെക്സാന്തൃ അത്രേ; അദ്ദേഹം ഒരു പട്ടാളസൈന്യത്തിന്റെ മേലധ്യക്ഷനും ബ്രത്താങ്ങിലെ കുതിരപ്പട്ടാളത്തിൽ എന്തോ ഒരുദ്യോഗസ്ഥനുമായിരുന്നു. അയാളുടെ മകൾ ഫ്രാൻസിലെ ഒരു പ്രഭുവും ഫ്രഞ്ച് രക്ഷാഭടന്മാരുടെ കർണലും[42] സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലും[43] ആയ ലൂയി ദ് ഗ്രാമോങ്ങ് ഡ്യൂക്കിന്റെ മകനായ അദ്രിയങ് ഷർൽ ദ് ഗ്രാമോങ്ങിനെ കല്യാണം കഴിച്ചു. ഈ കുടുംബപ്പേർ Faux, Fauq, Faoucq ഇങ്ങനെ മൂന്നു വിധത്തിൽ എഴുതാം.
“സുശീലയായ മദാം പരമഭക്തനായ നിങ്ങളുടെ ചാർച്ചക്കാരൻ മൊസ്സ്യു കാർദിനാലോട് അദ്ദേഹത്തിന്റെ ഈശ്വര പ്രാർത്ഥനകളിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് ഒന്ന് ശിപാർശ ചെയ്യുക. നിങ്ങളുടെ ഓമനയായ സിൽവാനിയാണെങ്കിൽ, നിങ്ങളോടൊരുമിച്ച് കഴിയുന്ന ആ വിലപ്പെട്ട അൽപസമയത്തെ എനിക്ക് കത്തെഴുതി ചെലവാക്കാത്തത് നല്ലതു തന്നെ. അവൾക്ക് സുഖം തന്നെ, നിങ്ങളുടെ ഇഷ്ടപ്രകാരം അവൾ പണിയെടുക്കുന്നു; എന്നെ അവൾ സ്നേഹിക്കുന്നുമുണ്ട്. ശരി, എനിക്ക് ഇത്രമാത്രമേ ആഗ്രഹമുള്ളൂ. നിങ്ങൾ മുഖേന അവൾ അയച്ചുതന്ന സ്മാരക സമ്മാനം എനിക്ക് കിട്ടി; എനിക്ക് വളരെ സന്തോഷമായി. എനിക്ക് ദേഹത്തിന് വലിയ സുഖക്കേടൊന്നുമില്ല; എങ്കിലും ദിവസംപ്രതി ഞാൻ മെലിഞ്ഞു വരുന്നു. എന്നാലോ, സ്വസ്ഥി; എന്റെ കടലാസ്സു തീർന്നു: അതുകൊണ്ട് എനിക്ക് നിങ്ങളോട് യാത്ര പറയേണ്ടിയിരിക്കുന്നു. ഒരായിരം മംഗളാശംസകൾ”.

ബപ്തിസ്തീൻ

സൂചകം
നിങ്ങളുടെ മരുമകൻ മിടുക്കനാണ്. അവന്ന് താമസിയാതെ അഞ്ച് വയസ് തികയുമെന്ന് നിങ്ങൾക്കറിയാമോ? ഇന്നലെ, കാൽമുട്ടിന്മേൽ രക്ഷകെട്ടിയ ഒരാൾ അവന്നടുക്കലൂടെ കുതിരപ്പുറത്ത് പോകുന്നത് കണ്ട് അവൻ ചോദിച്ചു; ‘എന്താണ് അയാളുടെ കാൽമുട്ടിന്മേൽ?” അവനൊരു നല്ലമിടുക്കൻ കുട്ടിയാണ്. അവന്റെ അനുജൻ ഒരു പഴയ ചൂൽ മുറിയിലെങ്ങും ഒരു വണ്ടിപോലെ ‘ഫൂ’ എന്ന് പറഞ്ഞുകൊണ്ട് വലിച്ചു നടക്കുന്നു’.

ഈ കത്തിൽ നിന്ന് കാണുന്ന വിധം, തങ്ങളെക്കാളധികം ഒരു പുരുഷനെ അറിയുന്നതിന് സ്ത്രീകൾക്ക് സവിശേഷമായുള്ള ബുദ്ധിസാമർത്ഥ്യത്തോടു കൂടി, അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയറിഞ്ഞ് അതനുസരിച്ച് നടക്കേണ്ടതെങ്ങനെ എന്ന് ആ രണ്ട് സ്ത്രീകളൂം നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു. സൗമ്യതയോടുകൂടിയും യാതൊരു കലവറയുമില്ലാതെയുമുള്ള തന്റെ സഹജസ്വഭാവമിരുന്നാലും, ഡി.യിലെ മെത്രാൻ, താൻ ചെയ്യുന്നത് അങ്ങനെയൊന്നാണെന്ന് അറിയുകകൂടി ഉണ്ടായിട്ടില്ലെന്ന് തോന്നുമാറ്, ചില സമയത്ത് മഹത്തരങ്ങളും ധീരോദാത്തങ്ങളും ഉത്കൃഷ്ടങ്ങളുമായ ഓരോ പ്രവൃത്തികൾ കടന്ന് ചെയ്തിരുന്നു. അവർ വിറയ്ക്കും; പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്‌വാൻ അവർ അനുവദിക്കും. ചിലപ്പോൽ മദാം മഗ്ല്വാർ മുൻകൂട്ടി — അല്ലാതെ ആ സമയത്തോ അതു കഴിഞ്ഞോ അല്ല — ഉപദേശരൂപത്തിൽ ഒരു ചെറിയ പ്രസംഗം ചെയ്യും. അദ്ദേഹം ചെയ്യാനാരംഭിച്ചു കഴിഞ്ഞ യാതൊരു കാര്യത്തിലും അവർ വാക്കുകൊണ്ടോ ഭാവം കൊണ്ടോ ഒരിക്കലും വിരോധം കാണിക്കുകയില്ല. ചില സന്ദർഭങ്ങളിൽ, അദ്ദേഹത്തിന് പറയുവാൻ സൗകര്യമുണ്ടാവാതെ — അല്ലെങ്കിൽ ഏതാണ്ട് വാസ്തവമായി താൻ ചെയ്യുന്നതിനെക്കുറിച്ച് തനിക്കു തന്നെ നല്ല നിശ്ചയമില്ലാത്തപ്പോൾ — അദ്ദേഹം അത്രയും ശുദ്ധതയുള്ള ഒരാളാണ് — ഒരു മെത്രാന്റെ നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി അവർക്ക് ഒരു സംശയം തോന്നും; അന്ന് ആ വീട്ടിൽ അവർ രണ്ടു നിഴലുകളെക്കാൾ ഒട്ടും അധികമുണ്ടാവില്ല. അവർ ഒരെതിർപക്ഷമില്ലാതെ അദ്ദേഹത്തെ അനുസരിക്കും; അവരെ കാണാതിരിക്കുകയാണ് അനുസരണമെന്നുണ്ടെങ്കിൽ, അവർ മറഞ്ഞുകളയും. അഭിനന്ദനീയമായ ഒരു ബുദ്ധിവിശേഷത്തിന്റെ പ്രവൃത്തികൊണ്ടു, ചില ദുഃഖങ്ങളെയെല്ലാം അമർത്തിയിടുകയേ നിർവാഹമുള്ളൂ എന്ന് അവർക്കറിയാം. അദ്ദേഹം അപകടത്തിൽത്തന്നെയാണ് ചെന്നു ചാടാറുള്ളതെന്നു വിശ്വാസമുള്ളപ്പോൾക്കൂടി, അദ്ദേഹം ചെയ്യുന്നതെന്തെന്നു ലേശമെങ്കിലും അന്വേഷിച്ചു നോക്കാതിരിക്കത്തക്കവിധം, അദ്ദേഹത്തിന്റെ ആലോചന എന്നു ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ പ്രകൃതി, അവർ മനസ്സിലാക്കിക്കളയും; അവർ അദ്ദേഹത്തെ ഈശ്വരനിൽ സമർപ്പിക്കും.

എന്നല്ല, നമ്മൾ ഇപ്പോൾ വായിച്ചുകഴിഞ്ഞവിധം തന്റെ, സഹോദരന്റെ മരണത്തോടുകൂടി താനും കഴിഞ്ഞുപോകുമെന്നു ബപ്‌തിസ്‌തീൻ പറഞ്ഞു. മദാം മഗ്ല്വാർ അതു പരായാറില്ല! പക്ഷേ അതവൾക്കറിയാം.

മെത്രാൻ ഒരജ്ഞാതതേജസ്സിനെ കണ്ടുമുട്ടുന്നു

മുൻഭാഗങ്ങളിൽ കാണിച്ച കത്തിന്റെ കാലത്തിന് അൽപം മുൻപ് അദ്ദേഹം ഒരു കാര്യം പ്രവർത്തിക്കുകയുണ്ടായി; അത്, പട്ടണത്തിലെങ്ങുമുള്ള സംസാരം വിശ്വസിക്കുകയാണെങ്കിൽ, തട്ടിപ്പറിക്കാരെക്കൊണ്ട് നിറഞ്ഞ മല‌പ്രദേശങ്ങളിലൂടെയുണ്ടായ അദ്ദേഹത്തിന്റെ ആ ചെറുയാത്രയെക്കാൾ അപകടമുള്ളതായിരുന്നു.

ഡി.ക്കടുത്തുള്ള നാട്ടുപുറത്ത് ഒരാൾ തനിച്ചു താമസിച്ചിരുന്നു. ഈ മനുഷ്യൻ, ഞങ്ങൾ ആദ്യംതന്നെ പറഞ്ഞുവെക്കുന്നു, പണ്ടത്തെ പ്രതിനിധിയോഗത്തിലെ[44] ഒരംഗമായിരുന്നു. അയാളുടെ പേർ ജി. എന്നാണ്.

പ്രതിനിധിയോഗാംഗമായ ജി. യെപ്പറ്റി ഡി. എന്ന ആ ചെറിയ ലോകത്തിലെ ആളുകൾ ഏതാണ്ടു വിറയോടു കൂടിയാണ് സംസാരിച്ചിരുന്നത്. പ്രതിനിധിയോഗത്തിലെ ഒരംഗം — അങ്ങനെയൊന്ന് നിങ്ങൾക്കാലോചിക്കാമോ? ആളുകൾ തമ്മിൽത്തമ്മിൽ നീ എന്നു വിളിച്ചിരുന്ന കാലം മുതൽ — അതേ, അവർ ‘പൗരൻ’ എന്നു സംബോധന ചെയ്‌തിരുന്ന അന്നു മുതൽ — അതുണ്ട്. ഈ മനുഷ്യൻ ഏതാണ്ട് ഒരു രാക്ഷസനായിരുന്നു. അയാൾ രാജാവിന്റെ തല വെട്ടുവാൻ സമ്മതം കൊടുത്തിട്ടില്ല. പക്ഷേ കൊടുത്തതു പോലെയാണ്. അയാൾ അർദ്ധരാജഹന്താവത്രേ. അയാൾ ഒരു ഭയങ്കരമനുഷ്യനായിരുന്നു. വാസ്‌തവാവകാശികളായ രാജാവിനും പ്രഭുസംഘത്തിനും വീണ്ടും രാജ്യഭരണം കിട്ടിയപ്പോൾ, ഇയ്യാളെ എന്തുകൊണ്ട് നഗരമുഖ്യന്റെ മുൻപിൽ വരുത്തി വിചാരണ ചെയ്‌തില്ല? നിങ്ങൾക്കിഷ്ടമില്ലെങ്കിൽ, അവർ അയാളുടെ തല എടുക്കേണ്ട, പോട്ടെ; ദയ കാണിക്കണം. സമ്മതിച്ചു, പക്ഷേ, ജീവപര്യന്തം നാടുകടത്താമായിരുന്നു. ചുരുക്കത്തിൽ, മറ്റുള്ളവർക്കൊരു പഠം. അത് ഇത്, മുതലായവ. അതിനും പുറമേ, ആ വകക്കാരെയൊക്കെപ്പോലെ തന്നെ ഇയ്യാളും ഒരു നിരീശ്വരമതക്കാരനാണ്. കഴുകനെപ്പറ്റിയുള്ള താറാവുകളുടെ ഞായം.

ആകെപ്പടെ ജി. ഒരു കഴുകനായിരിന്നുവോ? ഉവ്വ്; ഈ ഏകാന്തവാസത്തിലുള്ള അയാളുടെ ഭയങ്കര സംപ്രദായം കൊണ്ടു നോക്കുകയാണെങ്കിൽ, രാജാവിനെ കൊല്ലുവാൻ അനുമതി കൊടുത്ത ആളല്ലാതിരുന്നതുകൊണ്ടു, നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിൽ അയളുടെ പേർ പെട്ടില്ല; അയാൾക്കു ഫ്രാൻസിൽത്തന്നെ താമസിക്കുവാൻ സാധിച്ചു.

പട്ടണത്തിൽ നിന്ന് ഒരു മുക്കാൽ മണിക്കൂറു നേരം യാത്ര ചെയ്യേണ്ട ദൂരത്ത്, ഒരു ഗ്രാമത്തിനും അടുത്തല്ലാതെ, ഒരു നിരത്തിനും അടുത്തിട്ടല്ലാതെ, ഒരു വല്ലാത്ത മലയിടുക്കിന്റെ ഏതോ ആരും കാണാത്ത ഒരു വളവിൽ — ഇന്ന ദിക്കിലെന്നു സൂക്ഷ്മം പറവാൻ ആർക്കും അറിഞ്ഞുകൂടാ — അങ്ങനെ ഒരിടത്തായിരുന്നു അയാളുടെ താമസം. കേൾവി ഇതാണ്. അവിടെ അയാൾക്ക് ഒരുമാതിരി വയലുണ്ട് — ഒരു ദ്വാരം — ഒരു ഗുഹ. അവിടെ അടുത്തെങ്ങും ആൾപ്പാർപ്പില്ല; ആൾസ്സഞ്ചാരം പോലുമില്ല. അയാൾ ആ മലയിടുക്കിൽ താമസമായതോടുകൂടി, അങ്ങോട്ടുള്ള വഴി മുഴുവനും പുല്ലുകെട്ടി കാടുപിടിച്ചു കാണാതായി. മരണശിക്ഷ നടത്തുന്നവനോ മറ്റോ താമസിക്കുന്ന സ്ഥലം പോലെയാണ് അതിനെപ്പറ്റി ആളുകൾ സംസാരിക്കാറ്.

എന്തായാലും, മെത്രാൻ ആ കാര്യത്തെപ്പറ്റി ആലോചിച്ചു; ആ പണ്ടത്തെ പ്രതിനിധിയോഗാംഗം താമസിക്കുന്ന മലയിടുക്കിനെ കുറിക്കുന്ന ആ മരക്കൂട്ടത്തിനു മുകളിലായി അദ്ദേഹം ഇടയ്ക്കിടയ്ക്ക് ആകാശത്തേക്കു നോക്കും; അദ്ദേഹം പറയും; ‘അവിടെ ഒരു ജീവാത്മാവ് ഏകാന്തവാസം ചെയ്യുന്നു.’

അദ്ദേഹം ഹൃദയത്തിന്റെ അന്തർഭാഗത്തു നിന്നു തുടർന്നു പറഞ്ഞു: ‘ഞാൻ അയാളെ ചെന്നു കാണേണ്ടിയിരിക്കുന്നു.’

എന്നാൽ ആദ്യത്തെ മുളയിൽ വെറും സാധാരണമായി തോന്നിയ ഈ വിചാരം, ഒരു നിമിഷ നേരം ആലോചിച്ചപ്പോൾ, അത്ഭുതകരവും അസാധ്യവും ഏതാണ്ട് അസഹ്യവുമായി അദ്ദേഹത്തിനു തോന്നി എന്നു ഞങ്ങൾ പരസ്യമായി സമ്മതിക്കട്ടെ. എന്തുകൊണ്ടെന്നാൽ, ആന്തരമായി നോക്കുമ്പോൾ അദ്ദേഹവും ആ പൊതുജന ധാരണയിൽ പങ്കുകൊണ്ടിരുന്നു; പണ്ടത്തെ പ്രതിനിധിയോഗത്തിലെ അംഗം — വാസ്തവത്തിൽ തന്റെ ഉള്ളിലുള്ള വിചാരം എന്താണെന്നു തനിക്കു നല്ല നിശ്ചയമില്ലാതെയാണെങ്കിലും — ഏതാണ്ട് ദ്വേഷത്തിന്റെ വക്കത്തെത്തിയ ഒരു മനോവൃത്തിയെ — അന്യത്വം എന്ന വാക്കാണ് അതിന് അധികം യോജിച്ചത് — അദ്ദേഹത്തിൽ അങ്കുരിപ്പിച്ചു.

എന്നാലും ആടിനുള്ള ചൊറി ആട്ടിടയനെ സങ്കോചപ്പെടുത്താമോ? വയ്യാ. പക്ഷേ, എന്തൊരാട്!

ആ സുശീലനായ മെത്രാൻ അമ്പരന്നു. ചിലപ്പോൾ അദ്ദേഹം ആ വഴിക്കു നടന്നു തുടങ്ങും; ഉടനെ മടങ്ങിപ്പോരും.

ഒടുവിൽ ആ പ്രതിനിധിയോഗാംഗത്തെ അയാളുടെ ഗുഹയിൽ താമസിച്ചു ശുശ്രൂഷിച്ചിരുന്ന ഒരിടയക്കുട്ടി വൈദ്യനെ അന്വേഷിച്ചു ചെന്നിരുന്നു എന്നോരു സംസാരം ഒരു ദിവസം പട്ടണത്തിലെങ്ങും പരന്നു; ആ വയസ്സൻകഴു ചാവുകയായി എന്നും, പക്ഷവാതം അയാളെ കടന്നു കൈയിലാക്കുന്നുണ്ടെന്നും, അന്നത്തെ രാത്രി കഴിയില്ലെന്നുമായിരുന്നു വർത്തമാനം — ‘ഈശ്വരാനുഗ്രഹം!’ ചിലർ തുടർന്നു പറഞ്ഞു.

മെത്രാൻ തന്റെ വടിയെടുത്തു; ഞങ്ങൾ മുൻപു പറഞ്ഞതുപോലെ സ്വതേയുള്ള കുപ്പായം വല്ലാതെ പിഞ്ഞിയിരുന്നതു കൊണ്ടും, വൈകുന്നേരത്തെ തണുത്ത കാറ്റു പുറപ്പെടാറായതു കൊണ്ടും, തന്റെ നിലങ്കിയെടുത്തു മേലിട്ട്, പുറത്തേക്കിറങ്ങി.

നേരം അസ്തമിക്കുന്നു; മെത്രാൻ ആ ‘വരഞ്ഞിട’പ്പെട്ട സ്ഥലത്തെത്തിയപ്പോഴേക്കും സൂര്യൻ നല്ലവണ്ണം ചക്രവാളാന്തത്തിന്മേൽ മുട്ടി. ഒരുമാതിരി നെഞ്ഞിടിപ്പോടുകൂടി, താൻ ഗുഹയുടെ അടുത്തെത്തി എന്നദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഒരു കുഴി കവച്ചുവെച്ച്, ഒരു കുറ്റിക്കാട് എടുത്തു ചാടി, ഉണങ്ങിയ മരക്കൊമ്പുകൾ കൊണ്ടുള്ള ഒരു വേലിയിലൂടെ ചൂളിക്കടന്നു, കാലടി തട്ടിയിട്ടില്ലാത്ത ഒരു പുൽപറമ്പിലെത്തി; ഒരു നല്ല ധൈര്യം പിടിച്ചു മുൻപോട്ടു നടന്നു; പെട്ടെന്ന് ആ വെളിമ്പറമ്പിന്റെ അങ്ങേ അറ്റത്തു മുതിർന്ന മുൾച്ചെടികകളുടെ പിന്നിലായി അദ്ദേഹം അ ഗുഹാദ്വാരം കണ്ടെത്തി.

അതു ദാരിദ്ര്യം പിടിച്ചു ചെറുതായി ഉയരം കുറഞ്ഞു വൃത്തിയുള്ള ഒരു ചെറ്റക്കുടിലാണ്; പുറത്തു മുൻപിലായി ഒരു മുന്തിരിവള്ളി വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

വാതിൽക്കരികേ ഒരു പഴയ ഉരുളുകസാലയിൽ — പാവങ്ങളായ കൃഷിക്കാർക്കുള്ള ഒരു ചാരുകസാലയിൽ — സൂര്യനെ നോക്കി പുഞ്ചിരിയിട്ടുകൊണ്ടു തലനരച്ച് ഒരാൾ ഇരിക്കുന്നു.

ആ ഇരിക്കുന്നയാളുടെ അടുക്കൽ ഒരു കുട്ടി നില്‌ക്കുന്നുണ്ട് — ആ ഇടയക്കുട്ടി. ആ കുട്ടി ഒരു പാത്രത്തിൽ അയാൾക്കു പാൽ കൊടുക്കയാണ്.

മെത്രാൻ നോക്കിക്കാണുമ്പോൾ, ആ വയസ്സൻ പറഞ്ഞു; ‘ഞാൻ നന്ദി പറയുന്നു; എനിക്കൊന്നും വേണ്ട.’ അയാളുടെ മുഖത്തുള്ള പുഞ്ചിരി സൂര്യനെ വിട്ടു കുട്ടിയിൽ പതിഞ്ഞു.

മെത്രാൻ മുൻപോട്ടു ചെന്നു. നടക്കുമ്പോഴത്തെ ശബ്‌ദം കേട്ട്, ആ വയസ്സൻ തിരിഞ്ഞു നോക്കി. ഒരു നീളമേറിയ ജീവകാലത്തിനു ശേഷം, പിന്നെയും ഒരു മനുഷ്യനു ഉണ്ടാകാവുന്ന അത്ഭുതഭാവത്തിന്റെ ആകത്തുക അയാളുടെ മുഖത്തു പ്രകാശിച്ചു.

‘ഞാൻ ഇവിടെ താമസമായതിനുശേഷം,’ അയാൾ പറഞ്ഞു. ‘ഇന്നൊന്നാമതായിട്ടാണ് ഒരാൾ ഇവിടെ കടന്നുവരുന്നത്. സേർ നിങ്ങളാരാണ്?’

മെത്രാൻ മറുപടി പറഞ്ഞു: ‘എന്റെ പേർ ബിയാങ് വെന്യു മിറിയേൽ എന്നാണ്.’

‘ബിയാങ് വെന്യു മിറിയേൽ? ഈ പേർ ഞാൻ കേട്ടിട്ടുണ്ട്. ജനങ്ങൾ മോൺസിന്യേർ വെൽക്കം എന്നു വിളിക്കറുള്ള ആൾ നിങ്ങളാണോ?’

‘ഞാനാണ്.’

ആ വൃദ്ധൻ ഒരർദ്ധ മന്ദസ്‌മിതത്തോടുകൂടി പറഞ്ഞു:

‘അങ്ങനെയാണെങ്കിൽ നിങ്ങൾ എന്റെ മെത്രാനാണ്?’

‘അങ്ങനെ ഒന്നാണ്.’

‘സേർ, വരൂ.’

ആ പ്രതിനിധിയോഗാംഗം മെത്രാന്നു തന്റെ കൈ നീട്ടിക്കാണിച്ചു. പക്ഷേ, മെത്രാൻ അതു സ്വീകരിച്ചില്ല. അദ്ദേഹം ഇങ്ങനെ പറയുക മാത്രം ചെയ്‌തു; ‘ഞാൻ കേട്ടതു ശരിയല്ലെന്നു കാണുന്നതിൽ സന്തോഷിക്കുന്നു. നിങ്ങൾക്കു ദീനമുള്ളതു പോലെ തോന്നുന്നില്ല.’

‘മൊസ്സ്യു.’ ആ വയസ്സൻ മറുപടി പറഞ്ഞു: ‘എനിക്കു ദീനം മാറാൻ പോകുന്നു.’

അയാൾ കുറച്ചിട മിണ്ടാതിരുന്നു; പിന്നെ പറഞ്ഞു; ‘ഞാൻ മൂന്നു മണിക്കൂർ കഴിഞ്ഞാൽ മരിക്കും.’ പിന്നെ അയാൾ തുടർന്നു: ‘ഞാൻ ഏതാണ്ടൊരു വൈദ്യനാണ്; മരണം അടുത്തു കൂടുന്ന മട്ട് എനിക്കറിയാം. ഇന്നലെ എന്റെ കാലടി മാത്രമേ തണുത്തിരുന്നുള്ളൂ; ഇന്ന് ആ തണുപ്പു മുട്ടുവരെ കയറി; ഇപ്പോൽ അതെന്റെ അരവരെ എത്തിയതായി തോന്നുന്നു; അതു ഹൃദയത്തിലോളമെത്തിയാൽ, കഴിഞ്ഞു. സൂര്യനെ കാണാൻ നല്ല കൗതുകമുണ്ട്. ഇല്ലേ? നാലു പുറവും ഒടുവിലത്തേതായി ഒന്നു നോക്കിക്കാണാൻ വേണ്ടി ഞാൻ ഉരുളു കസാല ഇങ്ങോട്ടു വലിച്ചുകൊണ്ടു വന്നിടുവിച്ചു. നിങ്ങൾക്ക് എന്നോട് സംസാരിക്കാം; എനിക്കതുകൊണ്ട് ക്ഷീണമേറുകയില്ല. മരിക്കാറായ ഒരാളെ നിങ്ങൾ കാണാൻ വന്നതു നന്നായി. ആ സമയത്തു സാക്ഷികളുണ്ടായിരിക്കുന്നതു നന്ന്. ഒരോരുത്തർക്ക് ഓരോ മോഹങ്ങളാണുള്ളത്; എനിക്ക് പുലർച്ചവരെ ഇരുന്നാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, മൂന്നു മണിക്കൂറിലധികം ഞാൻ ജീവിച്ചിരിക്കുകയില്ലെന്ന് എനിക്കറിയാം. അപ്പോഴെക്കും രാത്രിയാവും. ഇനി അതുകൊണ്ടെന്താണ്? മരണം ഒരു സാധാരണ സംഭവം. അതിനു വെളിച്ചംകൂടിയേ കഴിയൂ എന്നില്ല. അങ്ങനെയാവട്ടെ. ഞാൻ നാട്ടുവെളിച്ചത്തു കിടന്നു മരിക്കും.’

ആ വയസ്സൻ ഇടയക്കുട്ടിയുടെ നേരെ നോക്കി പറഞ്ഞു: ‘പോയി കിടന്നോ; നീ ഇന്നലെ രാത്രി മുഴുവനും ഉറങ്ങിയിട്ടില്ല; നിനക്കു ക്ഷീണമുണ്ട്.’

ആ കുട്ടി കുടിലിനുള്ളിലേക്ക് പോയി.

വയസ്സൻ ആ കുട്ടി പോകുന്നതു നോക്കിക്കണ്ടു; തന്നോടു തന്നെ എന്നപോലെ അയാൾ തുടർന്നു പറഞ്ഞു: ‘അവൻ ഉറങ്ങുമ്പോൾ ഞാൻ മരിക്കും. രണ്ടുറക്കങ്ങളും നല്ല യോജിപ്പുള്ള അയല്പക്കക്കാരാവാം.’

വേണ്ടതാണെന്നു തോന്നുന്നതു പോലെ ഇതൊന്നും മെത്രാന്റെ ഉള്ളിൽ തട്ടിയില്ല. ഈവിധമുള്ള മരണത്തിൽ ഈശ്വരൻ പ്രത്യക്ഷീഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിചാരിച്ചില്ല; ഞങ്ങൾ മുഴുവനും പറയട്ടെ — മഹാന്മാരുടെ സ്വഭാവത്തിലുള്ള ഈവക ചില ചില്ലറ വൈപരീത്യങ്ങൾ, മറ്റുള്ളവയെപ്പോലെത്തന്നെ, എടുത്തു പറയേണ്ടവയാണ്. ‘തന്റെ മഹാത്മത’യെ കളിയാക്കുന്നതിൽ ഒരു രസമുള്ളാളായി നാം കണ്ട മെത്രാന്നു പോലും ‘മോൺസിന്യേർ’ എന്നു വിളിക്കപ്പെടാഞ്ഞപ്പോൾ മുഖം കറുത്തു. ‘പൗരൻ’ എന്നങ്ങോട്ടു തടുത്തു പറയാൻ അദ്ദേഹത്തിനു നാവു പൊന്തി; വൈദ്യന്മാർക്കും മതാചാര്യന്മാർക്കും സാധാരണമായുള്ളതും എന്നാൽ തനിക്കു മാത്രം സാധാരണമായി ഉണ്ടാകാത്തതുമായ ഒരല്പരസം — അതിപരിചയം കാണുമ്പോഴത്തെ ഒരു സുഖമില്ലായ്മ — അദ്ദേഹത്തെ കടന്നു ബാധിച്ചു. ഈ മനുഷ്യൻ, പ്രതിനിധിയോഗത്തിലെ ഒരംഗമായ ഇയ്യാൾ, പൊതുജനങ്ങളുടെ പ്രതിനിധിയായ ഈ കണ്ടാൾ, ഭൂമിയിൽ അധികാര വലുപ്പമേറിയ പ്രമാണികളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു; ഒരു സമയം തന്റെ ജീവകാലത്തിനുള്ളിൽ ഒന്നാമതായി, മെത്രാന്ന് ഒരു ദേഷ്യം തോന്നി.

ഈ സമയത്ത്, പ്രതിനിധിയോഗത്തിലെ അംഗം അദ്ദേഹത്തെ ഒരു സവിനയമായ മനസ്സന്തോഷത്തോടുകൂടി നോക്കിക്കാണുകയായിരുന്നു; ആ സന്തോഷത്തിൽ മരിച്ചു മണ്ണിടാൻ പോകുന്ന ഒരാൾക്കുണ്ടാകേണ്ടുന്ന വിനീതഭാവം തികച്ചും സ്പഷ്ടമായി കാണപ്പെട്ടു.

മെത്രാനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, തന്റെ അഭിപ്രായത്തിൽ, മിക്കവാറും ഒരു തെറ്റു തന്നെയായ ജിജ്ഞാസയെ അദ്ദേഹം എപ്പോഴും പിടിച്ചമർത്തുകയാണ് പതിവ്; എങ്കിലും ആ പ്രതിനിധിയോഗാംഗത്തെ ഒരു സവിശേഷമായ ശ്രദ്ധയോടുകൂടി നോക്കിക്കാണാതിരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല — ആ ശ്രദ്ധയുടെ പുറപ്പാട് അനുകമ്പയിൽ നിന്നല്ലായിരുന്നതുകൊണ്ട്, അതു മറ്റേതൊരാളെ സംബന്ധിച്ചുണ്ടായതാണെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് അതിനെപ്പറ്റി ശകാരിക്കേണ്ടി വരുമായിരുന്നു. ഒരു പ്രതിനിധിയോഗാംഗം രാജ്യനിയമത്തിന്റെ അതിർത്തിയിൽ നിന്നു പുറത്ത്, എന്നല്ല ധർമശീലത്തിന്നുള്ള വ്യാപ്തിസീമയ്ക്കു പോലും അപ്പുറത്ത്, വിട്ടുനിൽക്കുന്ന ഒരു സത്ത്വമാണെന്ന ഒരു ബോധം അദ്ദേഹത്തിനു തോന്നി. ശാന്തതയോടുകൂടി, ദേഹം ഏതാണ്ട് നിവർന്നു. ശബ്ദം പ്രതിധ്വനിച്ചു കൊണ്ടുള്ള ജി. ശരീരശാസ്‌ത്രജ്ഞന്മാരെ അമ്പരപ്പിക്കുന്നവരായ വയസ്സന്മാരുടെ — എൺപതു വയസ്സു ചെന്നിട്ടും വയസ്സാവാത്ത വൃദ്ധന്മാരുടെ — കൂട്ടത്തിൽ ഒരാളായിരുന്നു. ഭരണ പരിവർത്തന കാലത്ത്, അന്നത്തെ സ്ഥിതിക്കു യോജിച്ച വിധത്തിൽ, ഇങ്ങനെയുള്ള ആളുകൾ പലരും ഉണ്ടായിരുന്നു. ആ വയസ്സൻ, മനുഷ്യത്വം മാറ്റുരച്ചു നോക്കിയതിൽ തെളിഞ്ഞു വന്നിട്ടുള്ള ഒരാളാണെന്ന് ആർക്കും കണ്ടാൽ തോന്നും. അവസാനകാലത്തോട് ഇത്രമേൽ സമീപിച്ചിട്ടും, അരോഗദൃഢഗാത്രതയോടെ എല്ലാ ഭാവവിശേഷങ്ങളും അയാളിൽ നിലനിന്നിരുന്നു. തന്റെ തെളിഞ്ഞ നോട്ടത്തിലും, ഉറച്ച സ്വരത്തിലും, ചുമലുകളുടെ കരുത്തോടു കൂടിയ ഇളക്കത്തിലും ആ മനുഷ്യൻ മരണത്തെ സംഭ്രമിപ്പിക്കുന്നതു പോലെ തോന്നി. മുഹമ്മദീയരുടെ വിശ്വാസത്തിൽ ശവക്കല്ലറകളുടെ ദേവതയായ അസ്രേൽ കൂടി, ഇവിടെ വന്നാൽ ഒന്നു ഭയപ്പെട്ടു പിൻവാങ്ങിപ്പോവും; എന്തോ വീടു മാറിപ്പോയ പോലെ അയാൾ പിന്നോക്കം വെക്കും. തനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയതു കൊണ്ടാണ് ജി. മരിക്കുന്നതെന്നു തോന്നി. അയാളുടെ മനോവേദനയിൽക്കൂടി അയാൾ സ്വതന്ത്രനായിരുന്നു. കാലുകൾക്കു മാത്രം ചേഷ്ടയില്ല. അവിടെയായിരുന്നു മരണദേവത അയാളെ മുറുകെ പിടികൂടിയത്. അയാളുടെ കാലുകൾ തണുത്തും മരവിച്ചുമിരുന്നു. എന്നാൽ അയാളുടെ തലയ്‌ക്കു ജീവന്റെ സകലശക‌്തിയുമുണ്ട് — അതു മുഴുവനും വെളിച്ചം കൊണ്ടു നിറഞ്ഞതു പോലെ കാണപ്പെട്ടു. ഈ വിശിഷ്ട സമയത്ത്, പൗരസ്‌ത്യന്മാരുടെ ഒരു കെട്ടുകഥയിൽ അരയ്‌ക്കു മേല്‌പോട്ടു മാംസവും കീഴ്പോട്ടു വെണ്ണക്കല്ലുമായി വർണിച്ചിട്ടുള്ള രാജാവിനെപ്പോലെയായിരുന്നു ജി. അവിടെ ഒരു കല്ല് കിടപ്പുണ്ട്. മെത്രാൻ അതിന്മേൽ ഇരുന്നു.

‘ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു,’ അധിക്ഷേപിക്കുമ്പോൾ ഉപയോഗിക്കാറുള്ള സ്വരത്തിൽ അദ്ദേഹം പരഞ്ഞു, ‘നിങ്ങൾ രാജഹത്യയ്‌ക്ക് അനുമതി കൊടുത്തിട്ടില്ലല്ലോ, എന്തായാലും.’

പണ്ടത്തെ പ്രതിനിധിയോഗത്തിലെ അംഗമായ ആ വയസ്സൻ ‘എന്തായാലും’ എന്ന വാക്കിൽ അന്തർഭവിച്ചിട്ടുള്ള ചീത്ത അർഥം അത്ര സൂക്ഷിച്ചില്ലെന്നു തോന്ന്. അയാൾ മറുപടി പറഞ്ഞു — പുഞ്ചിരി അയാളുടെ മുഖത്തു നിന്നു തീരെ പോയിരുന്നു — ‘സർ, നിങ്ങളെന്നെ വേണ്ടതിലധികം അഭിനന്ദിക്കരുത്. ഞാൻ ആ ദുഷ്‌ടനെ കൊല്ലുന്നതിനു സമ്മതിച്ചു.’

ഗൗരവം കാണിക്കുന്ന സ്വരത്തിനു മനോദാർഢ്യം കാണിക്കുന്ന സ്വരത്തിലുള്ള മറുപടി.

‘നിങ്ങൾ പറയുന്നതെന്താണ്?’ മെത്രാൻ ആരംഭിച്ചു.

‘ഞാൻ പറയുന്നു, മനുഷ്യന്റെ ഉള്ളിൽ ഒരു ദുഷ്ടനിരിപ്പുണ്ട്-അജ്ഞത. ആ ദുഷ്ടനെ കൊല്ലുന്നതിനു ഞാൻ അനുമതി കൊടുത്തു. ആ ദുഷ്ടൻ രാജത്വത്തിനെ, തെറ്റിദ്ധരിക്കപ്പെട്ട അധികാര ശക്തിയിൽ ഉൽപ്പാദിപ്പിച്ചു; എന്നാൽ ശരിയായ അധികാര ശക്‌തി പ്രകൃതിജ്ഞാനമാണ്. മനുഷ്യൻ പ്രകൃതിജ്ഞാനമനുസരിച്ചേ ഭരിക്കപ്പെടാവൂ.’

‘മനസ്സാക്ഷിയും,’ മെത്രാൻ തുടർന്നു പറഞ്ഞു.

‘അതു രണ്ടും ഒന്നു തന്നെ. മനസ്സാക്ഷി എന്നത് നമ്മുടെ ഉള്ളിൽ സ്വാഭാവികമായുള്ള പ്രകൃതിജ്ഞാനത്തിന്റെ തുകയാണ്.’

മോൺസിന്യേർ ബിയാങ് വെന്യു ഇങ്ങനെ ഒരു ഭാഷയിലുള്ള സംസാരം ഏതാണ്ട് അത്ഭുതപ്പെട്ടുകൊണ്ട് കേട്ടു; ഇതദ്ദേഹത്തിനു പുതിയതാണ്.

പ്രതിനിധിയോഗത്തിലെ അംഗം പിന്നേയും ആരംഭിച്ചു; ‘പതിനാറാമൻ ലൂയിയെ സംബന്ധിച്ചേടത്തോളം, ഞാൻ ‘പാടില്ലെ’ ന്നു പറഞ്ഞു. ഒരു മനുഷ്യനെ കൊല്ലുവാൻ എനിക്കധികാരമുണ്ടെന്നു ഞാൻ വിചാരിച്ചില്ല; പക്ഷേ, ദുഷ്ടതയെ ഉന്മൂലനം ചെയ്യുന്നത് എന്റെ മുറയാണെന്ന് എനിക്കു തോന്നി. ഞാൻ ദുഷ്ടനെ കൊന്നു കളയുവാൻ അനുമതി കൊടുത്തു; എന്നുവെച്ചാൽ, സ്ത്രീയുടെ ചാരിത്ര്യദൂഷണവും, പുരുഷന്റെ അടിമത്തവും കുട്ടിയുടെ അന്ധകാരവും അവസാനിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു. പൊതുജന ഭരണത്തിനു സമ്മതിച്ചതിൽ, ഞാൻ വാസ്തവത്തിൽ സമ്മതിച്ചിട്ടുള്ളത് അതാണ്. സഹോദരത്വത്തിനും ഐകമത്യത്തിനും പ്രഭാതത്തിനും ഞാൻ അനുമതി കൊടുത്തു. ദുർബോധനകളും ദുർവിചാരങ്ങളും നശിപ്പിക്കുന്ന കാര്യത്തിൽ ഞാൻ സഹായിച്ചു. ദുർബോധനകളും ദുർവിചാരങ്ങളും തകർന്നു മണ്ണടിഞ്ഞാൽ തനിയേ വെളിച്ചമായി. ഞങ്ങൾ പഴമയെ നശിപ്പിച്ചു കളഞ്ഞു; ആ പഴമ, ആ കഷ്ടപ്പാടുകളെ നിറച്ചുവെച്ച ശൃംഗാരപാത്രം, മനുഷ്യസമുദായത്തിനു മീതെ മറിഞ്ഞു കിടന്നതുകൊണ്ട്, അതു സുഖത്തിനുള്ള ഒരു ശ്മശാനമായിത്തീർന്നു.’

‘സമ്മിശ്രസുഖത്തിന്,’ മെത്രാൻ പറഞ്ഞു.

‘സംക്ഷുഭിതമായ സുഖത്തിന് എന്നു നിങ്ങൾക്കു പറയാം; ഇന്ന് ആ പഴയ കാലത്തിന്റെ പുനഃസ്ഥാപനത്തിനു ശേഷം, അതായത് 1814-നു ശേഷം,[45] അപ്രത്യക്ഷമായിപ്പോയ സുഖം! കഷ്ടം! പ്രവൃത്തി മുഴുവനാായില്ല, അതു ഞാൻ സമ്മതിക്കുന്നു: പണ്ടത്തെ സ്ഥിതി ഞങ്ങൾ പ്രവൃത്തിയിൽ ഉടച്ചു കളഞ്ഞു; അതിനെ വിചാരത്തിൽ തീരെ അമർത്തിക്കളയുന്നതിനു ഞങ്ങൾക്കു സാധിച്ചില്ല. അതിക്രമങ്ങളെ നശിപ്പിച്ചതുകൊണ്ടു പോരാ; നടപടികളെ നന്നാക്കിത്തീർക്കണം. തിരിഞ്ഞു കാറ്റുണ്ടാകുന്ന ചക്രം അവിടെ ഇല്ലാതായി; പക്ഷേ, കാറ്റു പിന്നേയുമുണ്ട്.’

‘നിങ്ങൾ ഉടച്ചു കളഞ്ഞു. ഉടച്ചു കളയുന്നത് ആവശ്യമായിരിക്കാം; പക്ഷേ, ദേഷ്യത്തോടുകൂടി ഒന്നിനെ ഉടച്ചു കളയുന്നത് ഗുണമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.’

‘ധർമ്മത്തിനും അതിനുവേണ്ട ദേഷ്യമുണ്ട്, മെത്രാൻ; എന്നല്ല ധർമ്മത്തിനുള്ള ദേഷ്യം അഭിവൃദ്ധിയുടെ അടിക്കല്ലാണ്. എന്തായാലും എന്തുതന്നെ പറഞ്ഞാലും ശരി, ക്രിസ്തുവിന്റെ പ്രഥമാഗമനത്തിനു ശേഷം, മനുഷ്യസമുദായത്തിനു ഉണ്ടായിട്ടുള്ള ഏറ്റവും പ്രാധാന്യമേറിയ ഒരുദ്ഗതിയാണ് ഫ്രാൻസിലെ ഭരണപരിവർത്തനം. അപൂർണം — അങ്ങനെയായിരിക്കാം; പക്ഷേ മഹത്തരം. അജ്ഞാതങ്ങളായി കിടന്നിരുന്ന എല്ലാ സാമുദായിക പരിണാമങ്ങൾക്കും അതു സ്വാതന്ത്ര്യം കൊടുത്തു; ഹൃദയസംസ്കാരത്തിന്റെ ദീർഘങ്ങളായ ഗതിതരംഗങ്ങളെ അതു ഭൂമിയിലെങ്ങും ഒഴുക്കി. അതു നല്ലൊന്നായിരുന്നു. ഫ്രാൻസിലെ ഭരണപരിവർത്തനം മനുഷ്യസമുദായത്തിന്റെ പ്രതിഷ്ഠാകലശമാടലാണ്.’

മെത്രാന് ഒന്നു പിറുപിറുക്കാതിരിക്കാൻ കഴിഞ്ഞില്ല; ‘അതേയോ? 1793!’

പ്രതിനിധിയോഗാംഗം തന്റെ കസാലമേൽ ഏതാണ്ട് വ്യസനപൂർവ്വമായ ഒരു ഗൗരവത്തോടെ നിവർന്നിരുന്നു: മരിക്കാറായ ഒരു മനുഷ്യനു കഴിയുന്നവിധം ഉച്ചത്തിൽ അയാൾ പറഞ്ഞു: ‘ഹാ, നിങ്ങൾ അങ്ങോട്ടാണ് പോകുന്നത്: ആ വാക്കു ഞാൻ കരുതിയിരുന്നു. ആയിരഞ്ഞൂറു കൊല്ലങ്ങളോളമായി ഒരു മേഘം വന്നുകൂടുവാൻ തുടങ്ങിയിരിക്കുന്നു; ആ ആയിരത്തഞ്ഞൂറു കൊല്ലം കഴിഞ്ഞപ്പോൾ, അതു തന്നത്താൻ പിളർന്നു. നിങ്ങൾ ആ മേഘഗർജ്ജനത്തെയാണ് വിചാരണയ്‌ക്കു വെക്കുന്നത്.’

പുറത്തേക്കു പക്ഷേ, സമ്മതിച്ചില്ലെങ്കിലും, തന്റെ ഉള്ളിൽ നിന്ന് എന്തോ ഒന്നു നശിച്ചു പോയതു പോലെ മെത്രാന്നു തോന്നി. ഏതായാലും, ആ ഭാവം അദ്ദേഹം കാണിച്ചില്ല. അദ്ദേഹം മറുപടി പറഞ്ഞു; ‘നീത്യന്യായാധിപൻ നീത്യന്യായത്തെ മുൻനിർത്തി സംസാരിക്കുന്നു; മതാചാര്യൻ ദയയെ മുൻനിർത്തി പറയുന്നു — ദയ എന്നത് ഉത്‌കൃഷ്ടതരമായ നീതിന്യായമല്ലാതെ മറ്റൊന്നുമല്ല. ഒരു മേഘഗർജ്ജനത്തിനു തെറ്റു ചെയ്യാൻ വയ്യാ.’ പ്രതിനിധിയോഗത്തിലെ അംഗമായ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു ചോദിച്ചു: ‘പതിനേഴാമൻ ലൂയി?’[46] നമുക്കു നോക്കുക. ആരെപ്പറ്റിയാണു നിങ്ങൾ വ്യസനിക്കുന്നത്? നിരപരാധനയ ശിശുവെപ്പറ്റിയോ? വളരെനല്ലത്; അങ്ങനെയാണെങ്കിൽ ഞാനും നിങ്ങളോടു കൂടി വ്യസനിക്കുന്നു. രാജ ശിശുവിനെക്കുറിച്ചാണോ നില്‌ക്കൂ, എനിക്കാലോചിക്കണം. കർത്തൂഷിന്റെ[47] സഹോദരനായ ഒരു നിരപരാധ ശിശുവെ കർത്തൂഷിന്റെ സഹോദരനാണ് എന്നുള്ള ഏകസംഗതിയിന്മേൽ, പ്ലാസ്‌ദ് ഗ്രേവിൽ വെച്ചു കക്ഷത്തിൽ കുടുക്കിട്ടു ചാവുന്നതുവരെ തൂക്കിക്കൊന്നതിൽ എനിക്കുള്ള മനോവേദന, പതിനഞ്ചാമൻ ലൂയിയുടെ മകന്റെ മകൻ, ഒരു നിരപരാധ ശിശു, പതിനഞ്ചാമൻ ലൂയിയുടെ മകന്റെ മകനാണെന്നുള്ള ഏക സംഗതിയിന്മേൽ, ടെമ്പിളിലെ ഗോപുരത്തിൽ ബന്ധനസ്ഥനായി കിടന്നു മരിച്ചപ്പോളുണ്ടായതിൽ നിന്ന് ഒട്ടും കുറഞ്ഞതല്ല.’

‘മൊസ്സ്യു,’ മെത്രാൻ പറഞ്ഞു: ‘ഇങ്ങനെ പേരുകൾ കൂട്ടിക്കലർത്തുന്നത് എനിക്കിഷ്ടമില്ല.’

‘കത്തുഷ്? പതിനഞ്ചാമൻ ലൂയി? ഈ രണ്ടിൽ ഏതു കൂട്ടിച്ചേർത്തുന്നതാണ് നിങ്ങൾക്കനിഷ്ടം?’

ഒരു നിമിഷനേരം ആരും ഒന്നും മിണ്ടിയില്ല. വരേണ്ടിയിരുന്നില്ലെന്നു ഏതാണ്ട് മെത്രാൻ പശ്ചാത്തപിച്ചു; എങ്കിലും അസാധാരാണവും അത്ഭുതകരവുമായ വിധം താൻ ഒന്നു കുലുക്കപ്പെട്ടതു പോലെ അദ്ദേഹത്തിനു തോന്നി.

ആ പ്രതിനിധിയോഗാംഗം വീണ്ടും പറയാൻ തുടങ്ങി; ‘ഹാ! എന്റെ മാന്യനായ മതാചാര്യ, നിങ്ങൾ സത്യനിഷ്ഠന്മാർക്കുള്ള അപാകതകളെ ഇഷ്ടപ്പെടുന്നില്ല. യേശു ക്രിസ്തു അവയെ സ്‌നേഹിച്ചിരുന്നു. അദ്ദേഹം ഒരു വടിയെടുത്തു ദേവാലയം മുഴുവൻ ശുദ്ധമാക്കി. മിന്നൽപ്പിണരുകളെക്കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ കുരടാവ്, സത്യാവസ്ഥകളെ ദയയില്ലാതെ തുറന്നു പറയലായിരുന്നു. അദ്ദേഹം കുട്ടികൾ അനുഗ്രഹിക്കപ്പെടട്ടെ എന്നു പറഞ്ഞപ്പോൾ, ചെറിയ കുട്ടികളിൽ യാതൊരു വ്യത്യാസവും ചെയ്‌തില്ല. ബാരബാസിന്റെ[48] സീമന്തപുത്രനേയും ഹെറോഡിന്റെ[49] സീമന്തപുത്രനേയും കൂട്ടിച്ചേർത്താൽ അദ്ദേഹം അമ്പരക്കുകയില്ല. നിരപരാധത തന്നെ, മൊസ്സ്യു, അതിനുള്ള കിരീടമാണ്. നിരപരാധതയ്‌ക്ക്

ഒരിക്കലും രാജാവാവേണ്ട ആവശ്യമില്ല. അതു പഴന്തുണികളുടെ ഉള്ളിലും ചെങ്കോലിന്റെ മകുടങ്ങളിലുമെന്നപോലെ, പ്രതാപവത്താണ്.’

‘അതു ശരി.’ മെത്രാൻ ഒരു താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

‘വരട്ടെ, ഞാൻ മുഴുവൻ പറയട്ടെ.’ ജി. തുടർന്നു: ‘നിങ്ങൾ എന്നോട് പതിനേഴാമൻ ലൂയിയെപ്പറ്റി പറഞ്ഞു. നമുക്ക് അന്യോന്യം മനസ്സിലാക്കുക. സകല നിരപരാധന്മാരെയും, വിശ്വാസദാർഢ്യത്തിനു വേണ്ടി മരണശിക്ഷ അനുഭവിച്ച സർവ്വരേയും, പ്രഭുക്കന്മാരുടെ എന്നപോലെ തന്നെ സാധുക്കളുടെ കുട്ടികളേയും കുറിച്ച് നമുക്ക് കണ്ണുനീരൊഴുക്കുക! ഞാൻ അതിന് സമ്മതിക്കുന്നു. പക്ഷേ, അങ്ങനെയാണെങ്കിൽ, ഞാൻ നിങ്ങളോട് പറഞ്ഞതുപോലെ, നമുക്ക് 1793-നും മുൻപിലേക്ക് പോവണം; നമ്മുടെ കരച്ചിൽ പതിനേഴാമൻ ലൂയിയുടേയും അപ്പുറത്തു നിന്ന് ആരംഭിക്കണം. രാജാക്കന്മാരുടെ കുട്ടികളെപ്പറ്റി കരയുവാൻ ഞാൻ നിങ്ങളുടെ കൂട്ടത്തിൽ കൂടാം; പക്ഷേ, പൊതുജനങ്ങളുടെ കുട്ടികളെപ്പറ്റി കരയുവാൻ നിങ്ങൾ എന്റേയും കൂട്ടത്തിൽ കൂടണം.’

‘ഞാൻ എല്ലാവരെക്കുറിച്ചും കരയുന്നു.’ മെത്രാൻ പറഞ്ഞു.

’ഒരേ മാതിരി!’ പ്രതിനിധിയോഗാംഗമായ ജി. കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എന്നല്ല, തുലാസ്സ് എങ്ങോട്ടാണെങ്കിലും അല്പമൊന്ന് ചരിയണമെന്നുണ്ടെങ്കിൽ അത് പൊതുജനങ്ങളുടെ ഭഗത്തേക്കാവട്ടെ. അവർ അധികകാലമായി ദുഃഖമനുഭവിക്കുന്നു.’

പിന്നെയും കുറച്ചിട ആരും മിണ്ടാതായി. പ്രതിനിധിയോഗാംഗമാണ് ഒന്നാമതായി ആ മൗനത്തെ ഭഞ്ജിച്ചത്. അയാൾ ഒരു കൈമുട്ടിന്മേൽ ഊന്നി നിവർന്നിരുന്നു; ചോദ്യം ചെയ്കയും തീർപ്പു ചെയ്കയും ചെയ്യുന്ന ഒരാൾ യാദൃച്ഛികമായി പ്രവർത്തിക്കാറുള്ളതു പോലെ, തന്റെ കവിൾത്തടത്തിന്റെ ഒരു ഭാഗം തള്ളവിരലിനും ചൂണ്ടാണിവിരലിനും നടുവിലേക്ക് പിടിച്ചെടുത്തു; മരണവേദനയ്ക്കുള്ള എല്ലാ ശക്തികളെക്കൊണ്ടും നിറഞ്ഞ ഒരു നോട്ടത്തോടു കൂടി, അയാൾ മെത്രാന്റെ മുഖത്തേക്ക് നോക്കി. അതേതാണ്ടൊരു വെടിപൊട്ടലായിരുന്നു.

‘അതേ സേർ, അനവധി കാലമായി ജനങ്ങൾ ദുഃഖമനുഭവിക്കുനു. ആട്ടെ, നിൽക്കൂ! അതുകൊണ്ടായില്ലല്ലോ; ഇപ്പോൾത്തന്നെ നിങ്ങൾ എന്തിനാണ് പതിനേഴാമൻ ലൂയിയെപ്പറ്റി എന്നോട് ചോദിച്ചത്, എന്നോട് സംസാരിച്ചത്? ഞാൻ നിങ്ങളെ അറിയില്ല. ഞാൻ ഇവിടെ വന്നതു മുതൽ, ഈ പറമ്പിനുള്ളിലായി കഴിഞ്ഞു കൂടിയതേയുള്ളൂ; പുറത്തേക്ക് കാലെടുത്ത് കുത്തിയിട്ടില്ല; എന്നെ സഹായിക്കുന്ന ആ കുട്ടിയെ ഒഴിച്ച് വേറെ ആരെയും ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ പേർ ഒരു സമ്മിശ്രമായ വിധത്തിൽ എന്റെ ചെകിട്ടിൽ എത്തിയിട്ടുണ്ട് — അത് നേരാണ്; വളരെ ചീത്തയായ വിധത്തിൽ ഞാനതുച്ചരിച്ചു കേട്ടിട്ടുണ്ട് — അതു ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു; പക്ഷേ, അതു സാരമില്ല; സാമർത്ഥ്യമുള്ള ആളുകൾക്ക് പൊതുജനങ്ങളെന്നു പറയുന്ന ആ നല്ലവനായ പരമാർഥിയെ ചതിച്ചു കീഴടക്കുവാൻ അനവധി മാർഗ്ഗങ്ങൾ തോന്നും. കൂട്ടത്തിൽ പറയട്ടെ, നിങ്ങളുടെ സവാരിവണ്ടിയുടെ ശബ്ദം ഞാൻ കേട്ടില്ല; നിരത്തുകളുടെ ചെനച്ചത്തിലുള്ള ചുള്ളിക്കാട്ടിനു പിന്നിൽ നിങ്ങൾ അത് നിർത്തിയിരിക്കും, സംശയമില്ല. ഞാൻ പറയുന്നു. നിങ്ങളെ ഞാൻ അറിയില്ല. നിങ്ങൾ മെത്രാനെന്ന്, നിങ്ങളെന്നോട് പറഞ്ഞു; പക്ഷേ അതുകൊണ്ട് നിങ്ങളുടെ വൃത്തികളെല്ലാം എതു മാതിരിയാണെന്ന് എനിക്ക് വിവരമായില്ല. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്റെ ചോദ്യം ആവർത്തിക്കുന്നു: നിങ്ങൾ ആരാണ്? നിങ്ങൾ ഒരു മെത്രാനാണ്: എന്നു വച്ചാൽ, പള്ളിയിലെ രാജകുമാരൻ:

വംശ ചിഹ്നങ്ങളോടും വലിയ ആദായങ്ങളോടും കൂടിയ ആ തങ്കപ്പൂച്ചിട്ടവരുടെ കൂട്ടത്തിലൊരാൾ — അതേ, വളരെയധികം ശമ്പളമുള്ളവരും — ഡി.യിലെ മെത്രാന്നു പതിനായിരം ഫ്രാങ്ക് ശമ്പളവും പതിനായിരം ബത്തയുമുണ്ട്; ആകെ ഇരുപത്തയ്യായിരം ഫ്രാങ്ക് — അടുക്കളപ്പുരകളുള്ളവരും ഭൃത്യന്മാർക്കെല്ലാം സവിശേഷമായ ഉടുപ്പുള്ളവരും, എപ്പോഴും ആഹ്ലാദിക്കുന്നവരും, വെള്ളിയാഴ്ച ദിവസം ഇരണ്ടപ്പക്ഷികളെ തിന്നുന്നവരും ഒരു ഭൃത്യൻ മുന്നിലും ഒരു ഭൃത്യൻ പിന്നിലുമായി ആഡംബരത്തോടു കൂടിയ വണ്ടിയിൽക്കയറി വെറുതെ ചുറ്റിയടിക്കുന്നവരും, താമസിക്കുവാൻ വലിയ അരമനകളുള്ളവരും, വെറും കാലോടു കൂടി നടന്ന യേശു ക്രിസ്തുവിന്റെ പേരും പറഞ്ഞു സവാരിവണ്ടികളിൽ ഇരുന്നു യാത്ര ചെയ്യുന്നവരുമായ അത്തരക്കാരിലൊരാൾ. നിങ്ങൾ സഭാധ്യക്ഷനാണ് — ശമ്പളവും അരമനയും, കുതിരകളും, ഭൃത്യന്മാരും, സദ്യയും, എല്ലാത്തരും വിഷയസുഖങ്ങളുമുള്ള ആൾ; മറ്റുള്ള എല്ലാവർക്കുമെന്ന പോലെ നിങ്ങൾക്കും ഈ പറഞ്ഞതൊക്കെയുണ്ട്; മറ്റുള്ള എല്ലാവരുമെന്ന പോലെ നിങ്ങളും ഇതുകളൊക്കെ അനുഭവിക്കുന്നു; അതു നല്ലതു തന്നെ; പക്ഷേ, ഇതുകൊണ്ട് ഒന്നുകിൽ അധികമായിപ്പോകുന്നു വിവരണം, അല്ലെങ്കിൽ കുറയുന്നു; എനിക്കു തരാൻ അറിവും കൊണ്ടു വന്നിരിക്കാവുന്ന മനുഷ്യൻ ശരിയായും ആന്തരമായും എത്രകണ്ടു വിലപിടിച്ച ഒരാളാണെന്ന് എനിക്കിതുകൊണ്ട് മനസ്സിലാവുന്നില്ല. ഞാൻ സംസാരിക്കുന്നതാരോടാണ്? നിങ്ങൾ ആരാണ്?’

മെത്രാൻ തല താഴ്ത്തി; അദ്ദേഹം മറുപടി പറഞ്ഞു: ‘ഞാനൊരു പുഴു.’

‘സവാരിവണ്ടിയിൽ കയറി നടക്കുന്ന ഭൂമിയിലെ ഒരു പുഴു,’ ആ പ്രതിനിധി യോഗത്തിലെ അംഗം മുരണ്ടു.

ഇക്കുറി ധാർഷ്ട്യം കാണിക്കുവാൻ ആ പ്രതിനിധിയോഗാംഗമായി; മെത്രാൻ പാവമായി.

മെത്രാൻ സൗമ്യസ്വരത്തിൽ ആരംഭിച്ചു: ‘അങ്ങനെയാവട്ടെ, സേർ; പക്ഷേ, അങ്ങെങ്ങോ മരങ്ങളുടെ പിന്നിൽ കുറേ ദൂരത്തേക്കു വാങ്ങി നിൽക്കുന്ന എന്റെ സവാരിവണ്ടിയും എന്റെ സദ്യയിലൂണും, വെള്ളിയാഴ്ച ദിവസമുള്ള എന്റെ ഇരണ്ടപ്പക്ഷി ഭക്ഷണവും, എന്റെ ഇരുപത്തയ്യായിരം ഫ്രാങ്ക് ശമ്പളവും, എന്റെ അരമനയും, സവിശേഷമട്ടിൽ ഉടുപ്പിട്ട എന്റെ ഭൃത്യജനങ്ങളും കൂടി, ദയ മനുഷ്യന്റെ ധർമമല്ലെന്നും, 1793 നിദ്ദയമായ ഒന്നല്ലെന്നും ആക്കിത്തീർക്കുന്നതെങ്ങനെ എന്നൊന്നു പറഞ്ഞു കേട്ടാൽ കൊള്ളാം.’

ആ പ്രതിനിധിയോഗത്തിലെ അംഗം ഒരു മേഘാവരണത്തെ നീക്കിക്കളയുന്നതിനെന്ന പോലെ, തന്റെ നെറ്റിയിലൂടെ ഒന്നു കൈ നടത്തി.

അയാൾ പറഞ്ഞു: ‘നിങ്ങളോടു മറുപടി പറയുന്നതിനു മുമ്പേ, ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നു. സേർ, ഞാനിപ്പോൾ ചെയ്തുപോയത് ഒരബദ്ധമാണ്. നിങ്ങൾ എന്റെ വീട്ടിൽ വന്നിരിക്കുന്നു; നിങ്ങൾ എന്റെ അതിഥിയാണ്; നിങ്ങളോടു മര്യാദ കാണിക്കുവാൻ ഞാൻ കടപ്പെട്ടവനാകുന്നു. നിങ്ങൾ എന്റെ അഭിപ്രായങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്യുന്നു; നിങ്ങളുടെ വാദങ്ങളെ എതിർക്കുക മാത്രമേ എനിക്കു ചെയ്‌വാൻ പാടുള്ളു. നിങ്ങളുടെ സമ്പത്തും നിങ്ങളുടെ സുഖാനുഭവങ്ങളും നിങ്ങളെ തർക്കത്തിൽ തോല്പിക്കുവാൻ എനിക്കു നിങ്ങളെക്കാൾ അധികമായുള്ള അനുകൂല സംഗതികളാണ്; പക്ഷേ, അവയെ ഉപയോഗിക്കരുതെന്നു തറവാടിത്തം ഉപദേശിക്കുന്നു. ഇനിമേൽ അവയെ ഞാൻ ഉപയോഗിക്കില്ലെന്നു ശപഥം ചെയ്യട്ടെ.’

ഞാൻ നന്ദി പറയുന്നു. മെത്രാൻ പറഞ്ഞു.

ജി. വീണ്ടും ആരംഭിച്ചു: ‘നിങ്ങൾ എന്നോടു പറഞ്ഞു തരാൻ ആവശ്യപ്പെട്ട കാര്യം എടുക്കട്ടെ. നമ്മൾ ഇപ്പോൾ എവിടെയാണ്? നമ്മൾ എന്തായിരുന്നു പറഞ്ഞുവന്നത്? 1793 നിർദ്ദയമായ ഒന്നാണെന്നോ?’

‘നിർദ്ദയം; അതേ മെത്രാൻ പറഞ്ഞു: ‘ശിരഛേദനയന്ത്രത്തെ നോക്കി മാറ[50] കൈകൊട്ടിയതിനെപ്പറ്റി നിങ്ങൾ എന്തു വിചാരിക്കുന്നു?’

ഈ മറുപടി മൂർച്ചയുള്ള ഒന്നായിരുന്നു; അത് ഒരിരുമ്പു കുന്തത്തിന്റെ മുന പോലെ ചെല്ലേണ്ട ദിക്കിൽച്ചെന്നു കൊണ്ടു. മെത്രാൻ അതു തട്ടി ചൂളിപ്പോയി; അദ്ദേഹത്തിനു മറുപടിയൊന്നും തോന്നിയില്ല; പക്ഷേ, ബോസ്സ്വെയെപ്പറ്റി ഈ നിലയിൽ പറഞ്ഞു കേട്ടതിൽ അദ്ദേഹത്തിനു മുഷിഞ്ഞു. ഏറ്റവും നല്ല മനസ്സിനും ചില പൂജാവിഗ്രഹങ്ങളുണ്ട്. ന്യായപുഛം കൊണ്ടു ചിലപ്പോൾ അവരുടെ മനസ്സ് വേദനപ്പെട്ടു പോകുന്നു.

ജി. കിതയ്‌ക്കാൻ തുടങ്ങി; ഒടുവിലത്തെ ശ്വാസവികൃതികളോടു കൂടിച്ചേർന്നു സങ്കടക്കിതപ്പുകൾ അയാളുടെ ശബ്‌ദത്തെ തടഞ്ഞു. എങ്കിലും ബുദ്ധിക്കുള്ള ഒരു തികഞ്ഞ തെളിവ് അയാളുടെ നോട്ടങ്ങളിൽ പ്രകാശിച്ചു. അയാൾ തുടർന്നു പറഞ്ഞു: ‘ഈ ഭാഗത്തും ആ ഭാഗത്തുമായി ഞാൻ ചിലതു കൂടി പറയട്ടെ; എനിക്കു രസം തോന്നുന്നു. മുഴുവനുമായി എടുത്തു നോക്കിയാൽ, മനുഷ്യസമുദായത്തിനുള്ള മേന്മയെ സ്ഥാപിക്കുന്ന ഒന്നായ ഭരണപരിവർത്തനത്തിൽ നിന്നു വേർപെടുത്തിയാൽ, 1793 — കഷ്‌ടം! — ഒരു പ്രത്യുത്തരമാണു. സേർ, നിങ്ങൾ അതു നിർദ്ദയമാണെന്നു വിചാരിക്കുന്നു; പക്ഷേ സേർ, രാജത്വത്തെ മുഴുവനും പറ്റി നിങ്ങൾ എന്തു പറയുന്നു? കാരിയെ[51] ഒരു തട്ടിപ്പറിക്കാരനാണ്; പക്ഷേ മോന്ത്യുവെക്കു[52] നിങ്ങൾ എന്തു പേരുകൊടുക്കുവാൻ പോകുന്നു? ഫുക്ക്വിവേ — തായിങ്‌വീൽ[53] ഒരു ദുഷ്ടനാണ്; പക്ഷേ, ലാമ്വാങ്യൊ — ങ് ബാവിൽനെ[54]പ്പറ്റി നിങ്ങൾ എന്തു പറയുന്നു? മെയ്‌ലാർ[55] ഭയങ്കരനാണ്; പക്ഷേ സോൾ-താവെന്ന്,[56] ആരാണെന്ന് ഒന്നുകേട്ടാൽ കൊള്ളാം. ദുഷേന്[57] മൂത്താൾ ഒരു നരിയാണ്; പക്ഷേ, ലതലിയെ[58] മൂത്താൾക്ക് എന്തു പേരിടൂവാൻ നിങ്ങളെന്നെ സമ്മതിക്കും? ഴൂർദാങ് കൂപ്പ് തെത്ത്[59] ഒരു രക്ഷസാണ്; പക്ഷേ ഒരിക്കലും എം. എന്ന മാർക്കി ദ് ലൂവ്വാ[60]യോളം അത്ര വലിയതല്ല. സേർ, സേർ, ആർക്ക് ഡച്ചസ്സും രാജ്ഞിയുമായ മേറി ആങ്ത്വാനെത്തിനെ[61]പ്പറ്റി ഞാൻ വ്യസനിക്കുന്നു; പക്ഷേ, 1685-ൽ മഹാനായ ലൂയിയുടെ കാലത്ത്, ആ പിഞ്ചുകുട്ടിക്കു മുലകൊടുത്തുകൊണ്ടിരുന്ന ആ ഹ്യൂജിനട്ടുകാരി സ്‌ത്രീയെ അരക്കെട്ടു വരെക്കും നഗ്‌നയാക്കി ഒരു കഴുവിന്മേൽ കെട്ടിയിട്ട് അവളുടെ കുട്ടിയെ ദൂരത്തു മാറ്റിനിർത്തിയില്ലയോ? അവളെക്കുറിച്ചു, ഞാൻ വ്യസനിക്കുന്നു. അവളുടെ മാറിടം മുലപ്പാലു വന്നുകെട്ടി വീർത്തു; അവളുടെ ഹൃദയം കഠിനമായ വേദന കൊണ്ടു തുടിച്ചു. വിശന്നും വിളർത്തും ആ ചെറുകുട്ടി തള്ളയുടെ മാറത്തേക്ക് നോക്കി കരഞ്ഞു കിടന്ന് പിടഞ്ഞു. ആ പ്രസവിച്ച സ്ത്രീയെ, മുലകുടി മാറാത്ത കുട്ടിയുള്ള അവളെ നോക്കി ‘ഞാൻ ഉപേക്ഷിച്ചു എന്ന് ശപഥം, ചെയ്തു’ എന്ന് മരണശിക്ഷ നടത്തുന്നവൻ കല്പിച്ചു — ഹാ! ഒന്നുകിൽ തന്റെ പിഞ്ചുകുട്ടി കൊല്ലപ്പെടും; അല്ലെങ്കിൽ തന്റെ മനഃസാക്ഷി നശിക്കും; ഇതു രണ്ടിൽ ഏതു വേണം എന്ന് ചോദിച്ചു. ഒരമ്മയുടെ നേരെ കാണിക്കുമ്പോൾ, അത്രമേൽ അസഹനീയമായ നരകമായിത്തീരുന്ന ഈ കഠിനക്രിയയെപ്പറ്റി നിങ്ങൾ എന്ത് വിചാരിക്കുന്നു? സേർ, ഇത് നല്ലവണ്ണം ഓർമ്മ വയ്ക്കുക; ഫ്രാൻസിലെ ഭരണപരിവർത്തനം ഉണ്ടായിത്തീരുവാൻ മതിയായ കാരണങ്ങളുണ്ട്; അതിന്റെ ദേഷ്യം ഭാവികാലത്തിൽ ലയിച്ചു പോകും; അതുണ്ടായതിന്റെ ഫലമായി ലോകം പൂർവ്വാധികം ഗുണപ്പെട്ടുവരും. അതിന്റെ ഭയങ്കരങ്ങളായ തല്ലുകളിൽ നിന്ന് മനുഷ്യസമുദായത്തിന് മുഴുവനും അനുഭവിക്കാവുന്ന ഒരാലിംഗനം തനിയേ ഉണ്ടായിവരും. ഞാൻ കുറയ്ക്കുന്നു; ഞാൻ നിർത്തുന്നു; അനുകൂലസംഗതികൾ എനിക്ക് വല്ലാതെ വർദ്ധിച്ചു പോകുന്നു; എന്നല്ല, ഞാൻ മരിക്കാറായി.’

മെത്രാന്റെ മുഖത്തെക്കുള്ള നോട്ടം നിർത്തി, പ്രതിനിധിയോഗാംഗം ഈ ശാന്തവാക്കുകളെകൊണ്ട് തന്റെ വിചാരങ്ങളെ അവസാനിപ്പിച്ചു; ‘അതേ. അഭിവൃദ്ധിയുടെ കഠിനകൃത്യങ്ങളെ ഭരണപരിവർത്തനങ്ങൾ എന്നു വിളിക്കുന്നു. ആ വക ലഹളകൾ അവസാനിച്ചാൽ, ഈ ഒരു വാസ്തവം വെളിപ്പെടും. മനുഷ്യസമുദായം നിർദ്ദയമാകും വണ്ണം പെരുമാറപ്പെട്ടു; എന്നാൽ അതിന്ന് അഭിവൃദ്ധിയുണ്ടായി’.

മെത്രാന്റെ ഉള്ളിൽ കെട്ടിനിർത്തിയിട്ടുള്ള മിക്ക കൊത്തളങ്ങളും ഓരോന്നായി ആക്രമിക്കപ്പെട്ടുകഴിഞ്ഞു എന്നതിൽ ആ ഭരണസഭാംഗത്തിന് സംശയമുണ്ടായില്ല. ഏതായാലും ഒന്നു ബാക്കി നിന്നു; മൊസ്സ്യു ബിയാങ് വെന്യുവിന്റെ ഒടുവിലത്തെ നിൽക്കക്കള്ളിയായ ആ ഒരു രക്ഷാമാർഗ്ഗത്തിൽ നിന്ന് ഇങ്ങനെ ഒരു മറുപടി പുറപ്പെട്ടു — ആദ്യത്തെ നിഷ്ഠുരത മുക്കാലും ആ മറുപടിയിൽ തിങ്ങിയിരുന്നു; ‘അഭിവൃദ്ധി ഈശ്വരനിൽ വിശ്വസിക്കണം. ഈശ്വരദൂഷകനായ ഒരു ഭൃത്യൻ ഒരിക്കലും നന്മയ്ക്കുണ്ടാവാൻ പാടില്ല. നിരീശ്വരമതക്കാരനായ ഒരുവൻ മനുഷ്യസമുദായത്തിന് ഒരധമനേതാവായിട്ടേ തീരുകയുള്ളൂ’.

പണ്ട് പൊതു ജനനേതാവായിരുന്ന ആ മനുഷ്യൻ ഒന്നും മറുപടി പറഞ്ഞില്ല. അയാൾക്ക് ഒരു വിറയൽ വന്നു. അയാൾ മുകളിലേക്ക് നോക്കി; ആ നോട്ടത്തിൽ പതുക്കെ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടു കൂടി. കൺപോള നിറഞ്ഞപ്പോൾ, ആ കണ്ണുനീർത്തുള്ളി അയാളുടെ കരുവാളിച്ച കവിൾത്തടങ്ങളിലൂടെ ഉരുണ്ടു വീണു; ഏതാണ്ട് ഒരു വിക്കലിലൂടെ വളരെ താഴ്ന്ന സ്വരത്തിൽ, അയാൾ തന്നോടു തന്നെയായി പറഞ്ഞു — ആ സമയത്ത് അയാളുടെ കണ്ണുകൾ പരിപൂർണ്ണതയിൽ ആണ്ടുപോയി — ‘ഹാ, അങ്ങ്! ഹാ, എന്റെ ഭാവനാമൂർത്തി! അങ്ങുമാത്രം സത്തായിട്ടുണ്ട്!’

മെത്രാന്റെ ഹൃദയത്തിന് ഒരനിർവചനീയമായ ഞെട്ടലുണ്ടായി.

കുറച്ചുകഴിഞ്ഞ് ആ വയസ്സൻ ഒരു വിരൽ ആകാശത്തെക്ക് ചൂണ്ടി. അയാൾ പറഞ്ഞു: ബ്രഹ്മം നിലനിൽക്കുന്നു. അദ്ദേഹം അവിടെയുണ്ട്. ബ്രഹ്മത്തിന് സ്വരൂപമില്ലെങ്കിൽ, സ്വരൂപം അതിരില്ലാത്തതായിത്തീരും; അതു ബ്രഹ്മമാവുകയില്ല; മറ്റു വിധത്തിൽ പറയുകയാണെങ്കിൽ, അത് നിലനിൽക്കുകയില്ല. അതിനാൽ ഒരു ‘ഞാൻ’ ഉണ്ട്. ബ്രഹ്മത്തിന്റെ ആ ‘ഞാന’ത്രേ ഈശ്വരൻ.

ആ മരിക്കാറായ മനുഷ്യൻ ഒരുച്ചസ്വരത്തിലാണ് ഈ ഒടുവിലത്തെ വാക്കുകൾ ഉച്ചരിച്ചത്; ആരെയോ മുൻപിൽ കണ്ടപോലെ, ആനന്ദാധിക്യത്താൽ അയാളുടെ സ്വരം വിറച്ചു. ഈ പറഞ്ഞതോടുകൂടി, അയാളുടെ കണ്ണടഞ്ഞു. അതിനുള്ള ശ്രമത്തിൽ അയാൾ ക്ഷീണിച്ചു പോയി. അയാൾക്കുണ്ടായിരുന്ന കുറച്ചു മണിക്കൂറുകൾ മുഴുവനും ആ ഒരു നിമിഷം കൊണ്ടു കളഞ്ഞതായി തെളിഞ്ഞു. ഈ പറഞ്ഞ വാക്കുകൾ മരണത്തിനുള്ളിലുള്ള ആളുമായി അയാളെ കുറേക്കൂടി അടുപ്പിച്ചു. അവസാനകാലം സമീപിച്ചു പോയി.

മെത്രാൻ അതറിഞ്ഞു; സമയമില്ലാതായി. ഒരു മതാചാര്യന്റെ നിലയിലാണ് അദ്ദേഹം വന്നത്; അത്യധികമായ തണുപ്പിൽ നിന്നു പതുക്കെപ്പതുക്കെ അത്യധികമായ വികാരോഷ്മാവിലേക്ക് അദ്ദേഹം കടന്നു; ആ അടഞ്ഞ കണ്ണുകളെ അദ്ദേഹം സൂക്ഷിച്ചു നോക്കി; ചുളിവീണതും പ്രായം ചെന്നതും മഞ്ഞിൻ തണുപ്പുള്ളതുമായ അയാളുടെ കൈ മെത്രാൻ തന്റെ കൈയിലെടുത്തു; ആ ആസന്നമരണനെ താഴ്ന്നു നോക്കി.

‘ഈ സമയം ഈശ്വരന്റേതാണ്. നമ്മൾ കണ്ടതു വെറുതെയായിപ്പോയാൽ അതിനെക്കുറിച്ചു നിങ്ങൾ പശ്ചാത്തപിക്കുകയില്ലേ?’

ആ പ്രതിനിധിയോഗാംഗം വീണ്ടും കണ്മിഴിച്ചു. ഉന്മേഷക്കുറവോടു കൂടിയ ഒരു ഗൗരവം ആ മനുഷ്യന്റെ മുഖത്തു തെളിഞ്ഞു.

‘മെത്രാൻ’ അശക്തികൊണ്ടുള്ളതിലധികം ആത്മാവിന്റെ പ്രതാപമഹിമയിൽ നിന്നുണ്ടായ ഒരു മന്ദതയോടുകൂടി അയാൾ പറഞ്ഞു, ‘എന്റെ ജീവിതകാലം ഞാൻ ധ്യാനത്തിലും അധ്യയനത്തിലും ചിന്തനയിലുമായി കഴിച്ചു. എനിക്ക് അറുപതു വയസ്സായപ്പോഴാണ്, എന്റെ രാജ്യം എന്നെ ആവശ്യപ്പെട്ടത്; അതിന്റെ കാര്യം നോക്കുവാൻ എന്നോടാജ്ഞാപിച്ചത്. ഞാൻ അനുസരിച്ചു. ദുർഭാഷണങ്ങളുണ്ടായിരുന്നു; ഞാൻ അവയോടു മല്ലിട്ടു; സ്വേച്ഛാധിപത്യങ്ങളും ഉണ്ടായിരുന്നു; ഞാൻ അവയെ നശിപ്പിച്ചു; അവകാശങ്ങളും ന്യായസിദ്ധാന്തങ്ങളും ഉണ്ടായിരുന്നു; ഞാൻ അവയെ ഘോഷിച്ചു. അവയെ ഞാൻ വാസ്തവങ്ങളെന്നു തുറന്നു പറഞ്ഞു. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരുന്നു; ഞാൻ അതിനെ രക്ഷിച്ചു; ഫ്രാൻസിനെ മറ്റുള്ളവർ ഭീതിപ്പെടുത്തിയിരുന്നു; ഞാൻ എന്റെ മാറു കാട്ടിക്കൊടുത്തു. ഞാൻ പണക്കാരനല്ലായിരുന്നു. ഞാൻ ദരിദ്രനാണ്. രാജ്യത്തിന്റെ നേതാക്കന്മാരിൽ ഒരാളായി. സ്വർണത്തിന്റേയും വെള്ളിയുടെയും കനം കൊണ്ടു പൊട്ടിപ്പൊളിയാൻ തുടങ്ങിയ ചുമരുകൾക്കു ഞങ്ങൾ ഊന്നു കൊടുക്കേണ്ടി വരത്തക്കവിധം ഖജാനയുടെ മുകൾത്തട്ട് നാണ്യത്തിക്കുകൊണ്ടു ഞെരുങ്ങി. ഞാൻ ഡെഡ്ട്രിത്തെരുവിൽ ഇരുപത്തൊന്നു സൂവിനു ഭക്ഷണം കഴിച്ചു. ഉപദ്രവിക്കപ്പെട്ടവരെ ഞാൻ സഹായിച്ചു. ദുഃഖിക്കുന്നവരെ ഞാൻ ആശ്വസിപ്പിച്ചു. പള്ളിയിലെ ദിവ്യപീഠത്തിൽ നിന്നു മൂടുതുണി ഞാൻ പറിച്ചു കീറി. അതു വാസ്തവമാണ്; പക്ഷേ, അതെന്റെ രാജ്യത്തിന്റെ മുറി കെട്ടുവാനായിരുന്നു, വെളിച്ചത്തിലേക്കുള്ള മനുഷ്യസമുദായത്തിന്റെ ഉദ്ഗതിക്കു ഞാൻ എപ്പോഴും സ്ഥൈര്യം കൂട്ടി. ചിലപ്പോൾ അഭിവൃദ്ധിയെ ഞാൻ ദയയില്ലാതെ തടഞ്ഞിട്ടുണ്ട്. സന്ദർഭം വന്നപ്പോൾ എന്റെ വിരോധികളെക്കൂടി — നിങ്ങളെ വർഗക്കാരെക്കൂടി — ഞാൻ രക്ഷിച്ചിട്ടുണ്ട്. മൊറോവിനീയൻ[62] രാജാക്കന്മാർക്കു വേനൽക്കാലങ്ങളിൽ സുഖമെടുക്കാനുള്ള സ്ഥലം നിന്നിരുന്നേടത്ത്, ഫ്ലോറൻസിലെ പെറ്റിഗം എന്ന ദിക്കിൽ, സാങ് ക്ലെയർ ആങ് ബോലിയാങ് എന്നു പറയുന്ന എർബാനിസ്റ്റ്[63] സംഘക്കാരുടെ വകയായ ആ ഒരു കന്യകാമഠം 1793-ൽ ഞാൻ രക്ഷിച്ചതാണ്. എന്റെ ശക്തിക്കടുത്ത എന്റെ മുറ ഞാൻ ചെയ്തു.

എന്നെക്കൊണ്ട് കഴിയുന്ന എല്ലാ നന്മകളും ഞാൻ പ്രവർത്തിച്ചു. അതിനു ശേഷം, എന്നെ ആളുകൾ നായാടി; ആട്ടിപ്പായിച്ചു; ഉപദ്രവിച്ചു; അപകീർത്തിപ്പെടുത്തി; പരിഹസിച്ചു; കളിയാക്കി; ശപിച്ചു; ‘വരഞ്ഞിട്ടു’. കഴിഞ്ഞ അനവധി കൊല്ലങ്ങളോളമായി, എന്നെ പുച്ഛിക്കുവാൻ തങ്ങൾക്കധികാരമുണ്ടെന്ന് ആളൂകൾ വിചാരിക്കുന്നതായി നരച്ചു തുടങ്ങിയ എനിക്ക് ബോധം വന്നു. സാധുക്കളും അറിവില്ലാത്തവരുമായ പൊതുജനങ്ങൾക്ക് ഞാൻ ഒരു ശപിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. എന്നാൽ ആരുടെമേലും ഒരു ദ്വേഷം വിചാരിക്കാതെ തന്നെ, ദ്വേഷത്താൽ നിർമ്മിക്കപ്പെട്ട ഈ ഏകാന്തവാസത്തെ ഞാൻ സ്വീകരിച്ചു. ഇപ്പോൾ എനിക്ക് വയസ്സ് എൺപത്താറായി. ഞാൻ മരിക്കാനടുത്തു. എന്റെ പക്കൽ നിന്ന് എന്തൊന്നാണ് നിങ്ങൾ ചോദിക്കാൻ വന്നത്?’

‘നിങ്ങളുടെ അനുഗ്രഹം’. മെത്രാൻ പറഞ്ഞു.

അദ്ദേഹം മുട്ടുകുത്തി.

മെത്രാൻ വീണ്ടും തല പൊന്തിച്ചപ്പോഴേക്ക്, ആ പ്രതിനിധിയോഗാംഗത്തിന്റെ മുഖഭാവം സമുത്കൃഷ്ടമായിച്ചമഞ്ഞിരിക്കുന്നു. അയാൾ മരിച്ചു കഴിഞ്ഞു.

ഞങ്ങൾക്കറിയാൻ വയ്യാത്ത ഓരോ വിചാരപരമ്പരയിൽ തികച്ചും നിമഗ്നനായി മെത്രാൻ വീട്ടിലേക്ക് മടങ്ങി. അന്നു രാത്രി മുഴുവനും അദ്ദേഹം ഈശ്വരവന്ദനം കൊണ്ടു കഴിച്ചു. പിറ്റേന്ന് രാവിലെ ധീരന്മാരും ജിജ്ഞാസുക്കളുമായ ചില ആളുകൾ പ്രതിനിധിയോഗത്തിലെ അംഗമായ ജി.യെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ പുറപ്പെട്ടു. അദ്ദേഹം ആകാശത്തേക്ക് ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്തുള്ളൂ.

അന്നു മുതൽ എല്ലാ കുട്ടികളുടെ മേലും കഷ്ടപ്പെടുന്ന എല്ലാവരുടെ മേലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വാത്സല്യവും സഹോദരഭാവവും ഇരട്ടിച്ചു.

ആ ‘തന്തപ്പിശാചായ’ ജി.യെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ആളുകൾ എന്തു പറയുമ്പോഴും, അദ്ദേഹം ഒരസാധാരണമായ മനോരാജ്യത്തിൽ പെട്ടുപോവും. തന്റെ മുൻപിൽ വച്ചുണ്ടായ അയാളുടെ പ്രാണനിഷ്ക്രമണവും, തന്റേതിലേക്കുണ്ടായ അയാളുടെ മാഹാത്മ്യമേറിയ മനസ്സാക്ഷി പ്രതിഫലനവും, ഉത്തമത്വത്തിലേക്കടുക്കുന്നതിൽ അദ്ദേഹത്തെ ഒരു വിധത്തിലും സഹായിച്ചിട്ടില്ലെന്ന് ആർക്കും പറഞ്ഞുകൂടാ.

മതബോധകപ്രവൃത്തി സംബന്ധിച്ചുണ്ടായ അദ്ദേഹത്തിന്റെ ഈ യാത്ര അവിടങ്ങളിലെ എല്ലാ ചങ്ങാതിക്കൂട്ടത്തിലും പതുക്കെയുള്ള ഓരോ അഭിപ്രായപ്രകടനങ്ങൾക്ക് പ്രകൃത്യാ സംഗതി വരുത്തി.

‘അങ്ങനെയുള്ള ഒരാസന്നമരണന്റെ മരണക്കിടക്ക ഒരു മെത്രാന് ചെന്നു കൂടുവാൻ പറ്റിയ സ്ഥലമാണോ? മാർഗ്ഗം കൂട്ടാൻ യാതൊന്നും അവിടെ വച്ച് വിചാരിക്കേണ്ടതില്ലെന്ന് തീർച്ചയാണ്. ഈ ഭരണപരിവർത്തകന്മാർ മുഴുവനും മതത്യാഗികളാകുന്നു. പിന്നെ എന്തിനവിടെപ്പോയി? എന്താണാവിടെ കാണാനുള്ളത്? ഒരു ജീവനെ ചെകുത്താൻ വന്നു കൊണ്ടുപോകുന്നത് കാണാൻ നിശ്ചയമായും, മെത്രാൻ വളരെ ഉത്സുകനായിരിക്കണം.

ആത്മജ്ഞാനമുണ്ടെന്ന് വിചാരിക്കുന്ന ആ ധിക്കാരിവർഗ്ഗത്തിൽപ്പെട്ട ഒരു പ്രഭുവിധവ, ഒരു ദിവസം അദ്ദേഹത്തോട് ഇങ്ങനെ മയിറ്റി: ‘മോൺസിന്യേർ, മഹാനായ അങ്ങുന്ന് ചുകന്ന തൊപ്പി വക്കുന്നതെ[64]ന്നായിരിക്കും എന്ന് ആളൂകൾ അന്വേഷിക്കുന്നു.’ ‘ഹ! ഹ! അതൊരു സുഖമില്ലാത്ത നിറം തന്നെ.’ മെത്രാൻ മറുപടി പറഞ്ഞു: ‘തൊപ്പിയിൽ ആ നിറത്തെ പരിഹസിക്കുന്നവർ, അതിനെ ‘ഹാറ്റി’ലാവുമ്പോഴേക്കും ബഹുമാനിക്കുന്നത് ഭാഗ്യം.’

ഒരതിർവീഴൽ

മോൺസിന്യേർ വെൽക്കം ഒരു തത്ത്വജ്ഞാനിയായ മെത്രാനാണെന്നോ, അല്ലെങ്കിൽ ഒരു ‘സ്വരാജ്യ സ്‌നേഹിയായ സഭാബോധകനാണെ’ന്നോ ഇതിൽ നിന്നു തീർച്ചപ്പെടുത്തുന്നപക്ഷം, ഞങ്ങൾ ആത്‌മവഞ്ചിതരായിപ്പോകും എന്നൊരു വലിയ ദുർഘടമുണ്ട്. പ്രതിനിധിയോഗാംഗമായ ജി.യുമായുണ്ടായ സമാഗമം — അയാളുമായുണ്ടായ ഏകീഭാവം എന്നുതന്നെ ഏതാണ്ട് പറയാം — അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മാതിരി അത്ഭുതഭാവത്തെ ഉണ്ടാക്കിവിട്ടു; അതദ്ദേഹത്തെ കുറേക്കൂടി സൗമ്യശീലനാക്കി. അത്ര്യേ ഉള്ളൂ.

മോൺസിന്യേർ ബിയാങ്‌വെന്യു ഒരിക്കലും ഒരു രാജ്യതന്ത്രജ്ഞനാവുകയുണ്ടായിട്ടില്ല; എങ്കിലും ആ ഭരണപരിവർത്തനത്തിന്റെ കാലത്ത് അദ്ദേഹത്തിന്റെ നില എന്തായിരുന്നു എന്നു — മോൺസിന്യേർ ബിയാങ് വെന്യുവിന്റെ നില എന്നു പറയാവുന്ന അങ്ങനെ ഒന്നുണ്ടെന്ന് എപ്പോഴെങ്കിലും അദ്ദേഹം സ്വപ്‌നം കണ്ടിട്ടുള്ളതായി സങ്കൽപിക്കുന്ന പക്ഷം — വളരെ സംക്ഷിപ്‌തമായി ഒന്നു പറഞ്ഞു വെയ്‌ക്കേണ്ടുന്ന അവസരം ഇതാണ്.

നമുക്ക് അതിനാൽ കുറച്ചു കൊല്ലങ്ങൾക്കു മുൻപിലേക്കു കടക്കുക.

മൊസ്സ്യു മിറിയേൽ മെത്രാൻ ഉദ്യോഗത്തിലേയ്ക്കു ഉയർത്തപ്പെട്ട് അൽപം കഴിഞ്ഞതിനു ശേഷം, ചക്രവർത്തി അദ്ദേഹത്തിനു മറ്റു മെത്രാന്മാർക്കും ചെയ്‌ത കൂട്ടത്തിൽ, സാമ്രാജ്യത്തിലെ പ്രഭുപട്ടം കൊടുത്തു. എല്ലാവർക്കും അറിയാവുന്നവിധം 1809 ജൂലൈ 5-ആനു രാത്രി പോപ്പ് ബന്ധനസ്ഥനായി; ആ സമയത്തു ഫ്രാൻസിലേയും ഇറ്റലിയിലേയും മെത്രാന്മാരെ വിളിപ്പിച്ചു പാരീസിൽ വച്ചു കൂട്ടിയ രാജ്യാധികാരസഭയിലേക്കു നെപ്പോളിയൻ നമ്മുടെ മെത്രാനും കല്‌പനയയച്ചിരുന്നു. ഈ സഭ നോത്തർദാമിലാണ് കൂടിയത്; നോത്തർദാമിൽ വച്ച് കർദിനാൾ ഫ്ഷിന്റെ ആധ്യക്ഷത്തിൽ 1811 ജൂൺ 15-ആമ്‌ന് യാണ് ഒന്നാമതായി ഈ യോഗം ആരംഭിച്ചത്. അതിനു ഹാജരായിരുന്ന തൊണ്ണൂറ്റഞ്ച് മെത്രാന്മാരുടെ കൂട്ടത്തിൽ മൊസ്സ്യു മിറിയേലും ഉൾപ്പെട്ടിരുന്നു. പക്ഷേ അതിന്റെ കൂടിയാലോചനയിലും മൂന്നോ നാലോ പരിശുദ്ധയോഗങ്ങളിലും മാത്രമേ അദ്ദേഹം ചെന്നിരിന്നൂള്ളൂ. പ്രകൃതിയോടു അത്രയും അടുത്തു മുട്ടിക്കൊണ്ടു ദാരിദ്ര്യത്തിലും അനാഗരികത്വത്തിലും ഒരു മലംപ്രദേശത്തുള്ള ഇടവകയിലെ മെത്രാനായ അദ്ദേഹം. അന്നവിടെ കൂടിയിരുന്ന പ്രമാണികളുടെ ഇടയിൽ, ആ സഭാസ്ഥലത്തുള്ള വായുമണ്ഡലത്തിന്റെ സ്ഥിതിയൊന്നു മാറ്റിമറിക്കുന്ന പല വിചാരങ്ങളേയും കൊണ്ടുപോയി ഇറക്കുമതി ചെയ്തതുപോലെ തോന്നപ്പെട്ടു. അദ്ദേഹം വേഗത്തിൽത്തന്നെ ഡി.യിലേക്കു മടങ്ങി. അത്രവേഗം മടങ്ങിപ്പോന്നതിനെപ്പറ്റി ആളുകൾ അദ്ദേഹത്തോടു തിരക്കി; അദ്ദേഹം മറുപടി പറഞ്ഞു: ഞാൻ അവരെ അമ്പരപ്പിച്ചു പോയി, പുറത്തുള്ള കാറ്റ് എന്നിലൂടെ അവരുടെ അടുക്കലേക്കു കടന്നു ചെന്നു. വാതിൽ തുറന്നിട്ടിലത്തെ സ്ഥിതി ഞാൻ അവരിലുണ്ടാക്കിത്തീർത്തു.

മറ്റൊരു സന്ദർഭത്തിൽ പറഞ്ഞു: എന്താണ് നിങ്ങൾക്കു വേണ്ടത്? അവരൊക്കെ വലിയ പ്രഭുക്കന്മാർ. ഞാൻ ഒരു സാധു കൃഷിക്കാരൻ മെത്രാൻ.

വാസ്തവം ഇതാണ്, അദ്ദേഹം അവരെ മുഷിപ്പിച്ചു. മറ്റു പല അസാധാരണ കാര്യങ്ങളുടെ കൂട്ടത്തിൽ, ഇങ്ങനെയും പറഞ്ഞുകേട്ടു — ഒരു ദിവസം തന്റെ ഏറ്റവും പ്രമാണിയായ ഒരു കൂട്ടുകാരന്റെ വീട്ടിൽ വെച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായത്രേ: ‘എന്തു ഭംഗിയുള്ള നാഴികമണികൾ! എന്തു ഭംഗിയുള്ള പരവതാനികൾ! എന്തി ഭംഗിയുള്ള ഭൃത്യവേഷങ്ങൾ! ഇതൊക്കെ വലിയ സ്വൈരക്കേടായിരിക്കണം. ഈ വക ധാടിസ്സാമാനങ്ങളൊന്നും ഞാനുണ്ടാക്കിക്കില്ല. ഇതുകൾ എപ്പോഴും എന്റെ ചെകിട്ടിൽ ഇങ്ങനെ നിലവിളിച്ചു കൊണ്ടിരിക്കും; വിശന്നു കിടക്കുന്നവരുണ്ട്! തണുത്തു കുഴങ്ങുന്നവരുണ്ട്! പാവങ്ങളായ ദരിദ്രരുണ്ട്!’

കൂട്ടത്തിൽ പറയട്ടെ — ധാടിയുടെ മേലുള്ള ദ്വേഷം ഒരു ബുദ്ധിപൂർവ്വമായ ദ്വേഷമല്ലെന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്. ഈ ദ്വേഷത്തിൽ കലാവിദ്യകളുടെ മേലുള്ള ദ്വേഷം കൂടി ഉൾപ്പെട്ടു പോകുന്നു. ഏതായാലും മതാചാര്യന്മാർക്കു കർമ്മങ്ങളും ആചാരങ്ങളും നടത്തുന്നതിലൊഴിച്ച്, ഒരിക്കലും ധാടി പാടില്ല. അത് ധർമ്മശീലം ലേശമെങ്കിലും സ്പർശിച്ചിട്ടില്ലാത്ത ചില സ്വഭാവങ്ങളെ വെളിപ്പെടുത്തുന്നതായി തോന്നുന്നു. ധനവാനായ മതാചാര്യൻ — അത് പരസ്പരവിരുദ്ധമാണ്. മതാചാര്യൻ എപ്പോഴും സാധുക്കളോട് അടുത്തു നിൽക്കണം. അപ്പോൾ, പണിയെടുത്തു കഴിയുന്നവന്റെ മേൽ പൊടി പോലെ, കുറച്ചെങ്കിലും ദുഖഃത്തിന്റെ സ്പർശമേൽക്കാതെ ഈ എല്ലാ ആപത്തോടും എല്ലാ അരിഷ്ടതകളോടും ഈവക എല്ലാ ദാരിദ്ര്യത്തോടും ഇളവില്ലാതെ രാവും പകലും അടുത്തിരുന്നു കഴിയുവാൻ ഒരാളെക്കൊണ്ടു സാധിക്കുമോ? നെരിപ്പോട് തൊട്ടിരിന്നിട്ടു ചൂടു തട്ടാത്ത ഒരാളെ വിചാരിക്കാൻ കഴിയുമോ? തീക്കുണ്ഡത്തിന്റെ അടുക്കൽ നിന്നു പ്രവൃത്തിയെടുത്തിട്ട് ഒരു കരിഞ്ഞ രോമക്കൊടിയോ, കറുത്ത നഖങ്ങളോ, ഒരു തുള്ളി വിയർപ്പോ, മുഖത്ത് ഒരു പൊരികരിയോ ഉണ്ടായിട്ടില്ലാത്ത ഒരു പണിക്കാരനെ ഊഹിക്കാൻ കഴിയുമോ? ഒരാചാര്യനിലുള്ള, വിശേഷിച്ചും മെത്രാനിലുള്ള ധർമ്മശീലത്തിന്റെ ഒന്നാമത്തെ തെളിവ് ദാരിദ്ര്യമാണ്.

ഡി.യിലെ മെത്രാൻ ആഘോഷിച്ചത് ഇതായിരുന്നു, സംശയമില്ല.

ഏതായാലും, ചില സൂക്ഷ്മവിഷയങ്ങളെ സംബന്ധിച്ചിടത്തോളം നമ്മൾ പറയുന്നവിധം, ഇന്നത്തെ ആലോചനകളിലെല്ലാം അദ്ദേഹം പങ്കുകൊണ്ടിരുന്നു എന്നു വിചാരിക്കരുത്. അധ്യാത്മവിദ്യയെ സംബന്ധിച്ച് അന്നന്നുണ്ടാകുന്ന തർക്കങ്ങളിൽ അദ്ദേഹം പ്രവേശിക്കാറില്ലെന്നു തന്നെ പറയാം; രാജ്യഭരണവും മതഭരണവും തമ്മിൽ ഇടപാടുണ്ടാകുമ്പോളെല്ലാം അദ്ദേഹം മിണ്ടാതിരിക്കും; എന്നാൽ അദ്ദേഹത്തോടു തിരക്കിക്കൂടുന്നപക്ഷം, അദ്ദേഹം ഫ്രാൻസിലെ പള്ളികൾക്ക് സ്വാതന്ത്ര്യം കൊടുക്കണം എന്നുള്ളതിലധികം പോപ്പിന്റെ അധികാരം നില നിർത്തണമെന്നുള്ള അഭിപ്രായക്കാരനാണെന്നു കാണാം. ഞങ്ങൾ ഒരു ഛായ വരയ്ക്കുകയായതു കൊണ്ട്, എന്നല്ല യാതൊന്നും മറച്ചു വെക്കണമെന്നു ഞങ്ങൾക്ക് ആഗ്രഹമില്ലാത്തതുകൊണ്ട്, അധഃപതനമായതോടുകൂടി നെപ്പോളിയനെപ്പറ്റി മെത്രാനു ബഹുമാനം കുറഞ്ഞു പോയി എന്നു പറയുവാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുന്നു. 1813[65] മുതൽക്കു ചക്രവർത്തിക്കെതിരായുള്ള എല്ലാ ഏർപ്പാടുകളിലും അദ്ദേഹം കൂടുകയും അവയെ ശ്ലാഘിക്കുകയും ചെയ്തുപോന്നു. എൽബയിൽ നിന്നു മടങ്ങിപ്പോകുന്ന വഴിക്കു ചക്രവർത്തിയെ ചെന്നു കാണുവാൻ അദ്ദേഹം കൂട്ടാക്കിയില്ല; എന്നല്ല, നെപ്പോളിയൻ ചക്രവർത്തി പദത്തിലിരുന്ന ആ ‘നൂറു ദിവസക്കാലം’ തന്റെ ഇടവകയിൽ വെച്ചു പരസ്യമായി അവിടേക്കു വിജയം പ്രാർത്ഥിക്കാൻ കല്‌പന കൊടുക്കുന്നതിനു അദ്ദേഹം സമ്മതിച്ചില്ല.

മദാംവ്വസേല്ല് ബപ്‌തിസ്‌തീന്നു പുറമേ അദ്ദേഹത്തിനു രണ്ടു സഹോദരന്മാർ കൂടി ഉണ്ടായിരുന്നു; ഒരാൾ പട്ടാള മേലുദ്യോഗസ്ഥനും മറ്റേ ആൾ പൊല്ലീസു മേലുദ്യോഗസ്ഥനുമായിരുന്നു. രണ്ടുപേർക്കും അദ്ദേഹം പതിവായി കത്തായയ്ക്കാറുണ്ട്. ചക്രവർത്തി കാന്നിൽ വന്നു കപ്പലിറങ്ങിയ സമയത്തു പ്രോവിൻസ് ഉദ്യോഗം വഹിച്ചിരുന്ന ആദ്യത്തെ ആൾ ആയിരത്തിരുനൂറു പട്ടാളക്കാരോടുകൂടി, നെപ്പോളിയൻ രക്ഷപ്പെട്ടു പോകേണ്ട ആളാണെന്ന നിലയിൽ മാത്രം പിൻചെന്നതു കൊണ്ട്, അദ്ദേഹം അയാളോടു കുറച്ചിട മുഷിഞ്ഞു. ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞു പാരീസിൽ റ്യു കാസ്സെത്തിൽ ഒതുങ്ങിപ്പാർത്തിരുന്ന ഒരു നല്ല മര്യാദക്കാരനായ മറ്റേ ആളുമായുള്ള കത്തിടപാടുകൾ അദ്ദേഹം കുറേക്കൂടി സ്‌നേഹപൂർവം നടത്തിപ്പോന്നു.

അങ്ങനെ മോൺസിന്യേർ ബിയാങ്‌വെന്യുവിനു ചില പക്ഷപാതങ്ങുളുണ്ടായിരുന്നു — അദ്ദേഹത്തിന്റെ ദേഷ്യസമയം, അദ്ദേഹത്തിന്റെ അന്ധകാരം. ശാശ്വത വിഷയങ്ങളിൽ മനസ്സൂന്നിയ അദ്ദേഹത്തിന്റെ മഹത്തും വിശിഷ്ടവുമായ ആത്‌മാവിനെ താൽക്കാലിക വികാരതമസ്സുകൾ ആക്രമിച്ചിരുന്നു. നിശ്ചയമായും അങ്ങനെയുള്ള ഒരാൾ രാജ്യഭരണസബന്ധികളായ അഭിപ്രായങ്ങളെ വിചാരിക്കാതിരിക്കുകയാരുന്നു ഉത്തമം. ഞങ്ങൾ പറയുന്നതിനെ തെറ്റിദ്ധരിക്കരുത്; രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ ഞങ്ങൾ ഉൽക്കർഷേച്ഛയോടും, ഈ കാലത്തു സകലവിധ സൽബുദ്ധികളുടേയും അടിക്കല്ലായിരിക്കേണ്ട സ്വരാജ്യസ്‌നേഹം പൊതുജനോപകാരശീലം, ദീനാനുകമ്പ എന്നീ വിശിഷ്ടങ്ങളായ മനോവൃത്തികളോയോടും കൂട്ടി മറിക്കുന്നില്ല. ഈ പുസ്തകത്തിലെ പ്രധാന വിഷയവുമായി ദൂരപ്പെട്ടുകൊണ്ടു മാത്രം സംബന്ധിക്കുന്ന സംഗതികളിൽ അധികമായി ചെന്നു പ്രവേശിക്കാൻ നോക്കാതെ, ഇത്രമാത്രം ഞങ്ങൾ പറഞ്ഞു വയ്ക്കുന്നു; മോൺസിന്യേർ ബിയാങ് വെന്യു ഒരു രാജകക്ഷി അല്ലായിരുന്നുവെങ്കിൽ അധികം നന്നായേനെ: ഈ ലോകത്തിലെ സങ്കൽപങ്ങൾക്കും ഈർഷ്യകൾക്കും മീതെയായി, മനുഷ്യസംബന്ധികളായ സംഗതികളുടെ ലഹള പിടിച്ചു കൊണ്ടുള്ള പരിണാമഗതികൾക്കു മുകളിലായി സത്യം, ന്യായം, ധർമം എന്നീ മൂന്നു പരിശുദ്ധ തേജസ്സുകളുടെ പ്രകാശം സ്‌പഷ്ടമായി കാണപ്പെടുന്ന ആ സാത്ത്വിക ധ്യാനത്തിൽ നിന്നു തന്റെ ദൃഷ്ടിയെ ഒരിക്കലും അദ്ദേഹം വ്യാവർത്തിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു.

രാജ്യഭരണസംബന്ധിയായ ഒരുദ്യോഗത്തിനല്ല ഈശ്വരൻ മോൺസിന്യേർ വെൽക്കമിനെ സൃഷ്ടിച്ചിട്ടുള്ളതെന്നു സമ്മതിക്കുമ്പോൾ, അധികാരത്തെയും സ്വാതന്ത്ര്യത്തേയും മുൻ‌നിർത്തിയുള്ള അദ്ദേഹത്തിന്റെ വിരുദ്ധാഭിപ്രായങ്ങളെ, അദ്ദേഹത്തിന്റെ അഭിമാനപുരസ്സരമായ പ്രതികൂലപക്ഷത്തെ, സർവശക്തനായ നെപ്പോളിയനോടു ന്യായമായും എന്നാൽ ആപൽക്കരമായും അദ്ദേഹം എതിർ നിന്നതിനെ, നാം മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. പക്ഷേ ഉയർന്നു വരുന്ന ആളുകളിൽ നമ്മെക്കൊണ്ട് ഇഷ്ടം തോന്നിക്കുന്നതുതന്നെ, താഴ്‌ന്നു പോകുന്നവരിലാകുമ്പോൾ, അത്ര രസമില്ലാത്തതായിത്തീരുന്നു. അപകടമുള്ള കാലത്തോളം മാത്രമേ കലഹത്തെ ഞങ്ങൾ ഇഷ്‌ടപ്പെടുന്നുള്ളൂ; അതെന്തായാലും, ആദ്യം മുതൽക്കെ യുദ്ധം ചെയ്യുന്നവരാരോ അവർക്കു മാത്രമാണ് ഒടുക്കം വരുന്നതുവരെ ആട്ടിപ്പായിക്കാൻ അധികാരം. നല്ല കാലത്തു ധൈര്യത്തോടും സ്ഥൈര്യത്തോടും കൂടി എതിർത്തു നിൽക്കാത്തവൻ നാശകാലത്ത് ഒന്നും മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടത്. ജയത്തെ അധിക്ഷേപിച്ചവനാരോ,

അവൻ മാത്രമാണ് അപജയത്തിൽ ആയുധമോങ്ങുന്നതിന് അവകാശി. ഞങ്ങളാണെങ്കിൽ ഈശ്വരൻ നടുക്കു വന്നു തല്ലുമ്പോൾ, ഞങ്ങൾ മാറിനില്‌ക്കും. 1812[66] ഞങ്ങളെ ആയുധം വെപ്പിക്കാൻ തുടങ്ങി. ശബ്‌ദിക്കാതെ കിടന്നിരുന്ന നിയമനിർമ്മാണസഭ, ദുഷ്‌കാലം വന്നത് കണ്ട് ഉശിര് പിടിച്ച്, 1813-ൽ ശുദ്ധഭീരുക്കൾക്കു യോജിച്ചവിധം ഓരോന്നു പറയാൻ തുടങ്ങിയതിൽ ശുണ്ഠി പിടിപ്പിക്കുന്നവയല്ലാതെ മറ്റൊന്നുമില്ല. എന്നല്ല 1814-ൽ വിശ്വാസവഞ്ചനം ചെയ്‌ത പട്ടാള മേലധ്യക്ഷന്മാരുടെ മുൻപിൽ വെച്ചു ശ്ലാഘിക്കുക എന്നത് ഒരു കുറ്റം തന്നെയാണ്; അതേ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നത് പോയി അവമാനിക്കാൻ ഒരുമ്പെട്ടുകൊണ്ട് ഒരു ചവറ്റുകുന്നിൽ നിന്നു മറ്റൊരു ചവറ്റുകുന്നിലേക്കായി കാൽവെച്ചു പോകുന്ന ഭരണാധികാരസഭ കാണുമ്പോൾ — തന്നെത്താൻ കാൽവഴുതി വീഴാൻ പോയും, പൂജിച്ചുവന്ന ബിംബത്തിന്മേൽത്തന്നെ കടന്നു തുപ്പിക്കൊണ്ടുള്ള ബിംബാരാധനയുടെ മുമ്പിൽ ചെല്ലുമ്പോൾ — അതിൽ നിന്നു തികച്ചും മുഖം തിരിക്കുന്നതു ഒരു ധർമമാണ്. അറ്റത്തെത്തിക്കഴിഞ്ഞ ആപത്തുകൾ രാജ്യത്തെങ്ങും തിങ്ങിപ്പോയ 1815-ൽ, ഫ്രാൻസ് മുഴുവനും അവയുടെ അപകടം പിടിച്ച ആക്രമണത്തിൽ നിന്നു തുള്ളിക്കൊണ്ടിരിക്കുന്ന അക്കാലത്തു, നെപ്പോളിയന്റെ മുൻപിൽ വാട്ടർലൂ[67] യുദ്ധം ഏതാണ്ട് പ്രത്യക്ഷീഭവിച്ചു തുടങ്ങിയ ആ സമയത്തു, സൈന്യങ്ങളും പൊതുജനങ്ങളും ഒരുമിച്ചു ദൈവത്താൽ വഞ്ചിക്കപ്പെട്ട മനുഷ്യനെ ഉന്മേഷരഹിതമായി ശ്ലാഘിച്ചാരാധിക്കുന്നതു കാണുമ്പോൾ, നിശ്ചയമായും ചിരിക്കുന്നതിനു യാതൊന്നും അതിലില്ല; എന്നല്ല, സ്വേച്ഛാധികാരി ആണെന്നുള്ള വാദം എത്രതന്നെ സമ്മതിച്ചാലും ശരി, അന്ധകാരത്തിന്റെ വക്കത്തു വെച്ചു ഒരു മഹത്തായ ജനസമുദായവും ഒരു മഹാനായ മനുഷ്യനും പരസ്‌പരം ഗാഢാലിംഗനം ചെയ്യുന്നതിൽ പ്രത്യക്ഷീഭവിക്കുന്ന അത്രമേൽ ഉൽകൃഷ്ടങ്ങളും അത്രമേൽ ഹൃദയസ്‌പൃക്കുകളുമായ സംഗതികളെ ഡി.യിലെ മെത്രാന്റേതു പോലെയുള്ള ഒരു ഹൃദയം കണ്ടറിയാൻ വിട്ടുപോകുന്നതു പക്ഷേ, ഒരിക്കലും ശരിയല്ല തന്നെ.

ഇതൊന്നൊഴിച്ചു മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം നിഷ്‌പക്ഷപാതിയും സത്യവാനും ന്യായസ്ഥനും പരോപകാരിയും ദയാലുവുമായിരുന്നു — ദയാലുത്വം പരോപകാരശീലത്തിന്റെ ഒരു വകഭേദം മാത്രമാണല്ലോ. അദ്ദേഹം ഒരു മതാചാര്യനും ഒരു ഋഷിയും ഒരു മനുഷ്യനുമായിരുന്നു. ഞങ്ങൾ ഇപ്പോൾത്തന്നെ അദ്ദേഹത്തെ കടന്നധിക്ഷേപിച്ചതും, ഏതാണ്ടു നിർദ്ദയമായി വിചാരണ ചെയ്‌തു തീർച്ചപ്പെടുത്തുവാൻ ഞങ്ങൾ ഇഷ്‌ടപ്പെടുന്നതുമായ അദ്ദേഹത്തിന്റെ രാജ്യഭരണസംബന്ധിയായ അഭിപ്രായത്തിൽക്കൂടി, ഈ പറയുന്ന ഞങ്ങളേക്കാളധികം, അദ്ദേഹം ക്ഷമയും ധർമബുദ്ധിയുമുള്ള ആളാണെന്നു സമ്മതിച്ചേ കഴിയൂ. ടൗൺ ഹാളിലെ വാതിൽക്കാവൽക്കാരൻ ചക്രവർത്തിയാൽ നിയമിക്കപ്പെട്ടവനാണ്. ഈ മനുഷ്യൻ പണ്ട് ഓസ്‌തെല്ലിത്സി[68]ലെ ‘ബഹുമാനപദവി’യിൽപ്പെട്ട ഭടസംഘത്തിലെ ഒരു താഴ്‌ന്ന ഉദ്യോഗസ്ഥനായിരുന്നു; ഗൃധമാകുന്ന രാജചിഹ്നം എത്രകണ്ടോ അത്ര കണ്ട് അയാൾ നെപ്പോളിയൻ കക്ഷിയാണ്. ഈ സാധുവായ ചങ്ങാതി, അന്നു നിയമത്താൽ പേരിടപ്പെട്ടിരുന്നവിധം, രാജദ്രോഹകരങ്ങളായ പ്രസംഗങ്ങൾ കഥയില്ലാതെ ചെയ്‌തു പോകാറുണ്ടായിരുന്നു. ചക്രവർത്തിയുടെ മുദ്ര ‘ബഹുമാനപദവി’

യുടുപ്പിന്മേൽ നിന്ന് പോയ്പോയത് മുതൽ അയാൾ ഒരിക്കലും തന്റെ പട്ടാളവേഷം ധരിക്കുകയുണ്ടായിട്ടില്ല; പിന്നെ തന്റെ കുരിശ് ധരിക്കേണ്ടുന്ന ആവശ്യമില്ലല്ലോ എന്നാണ് അയാളുടെ വാക്ക്. നെപ്പോളിയൻ തനിക്ക് സമ്മാനിച്ച കുരിശിന്മേൽ നിന്ന് അയാൾ എത്രയും ഭക്തിപൂർവ്വം ചക്രവർത്തി രൂപത്തെ എടുത്തു കളഞ്ഞു; അതിനാൽ അവിടെ ഒരു പൊത്തായിത്തീർന്നു; അതിൽ വേറെ ഒന്നും അയാൾ പകരം വെക്കുകയില്ല. അയാൾ പറഞ്ഞു: “എന്റെ ഹ്രദയത്തിൽ ആ മൂന്നു തവളയെ കെട്ടിത്തൂക്കുന്നതിലും ഭേദം ചാവുകയാണ്”. പതിനെട്ടാമൻ ലൂയിയെപ്പറ്റി അയാൾ ഉച്ചത്തിൽ അധിക്ഷേപിക്കുക കൂടി ചെയ്തിരുന്നു; ‘ഇംഗ്ലീഷ് കാലുറകളിൽ കയറി നിൽക്കുന്ന ആ വാതം പിടിച്ച കിഴവപ്രാണി!’ അയാൾ പറഞ്ഞു: ‘അവനും അവന്റെ രാജ്ഞിയും കൂടി പ്രുഷ്യയിലേക്ക് കടന്നുപോട്ടെ.’ ഒരടിയായി തനിക്ക് വെറുപ്പുള്ള രണ്ടെണ്ണത്തെ — പ്രുഷ്യയേയും ഇംഗ്ലണ്ടിനേയും — ഒപ്പം അധിക്ഷേപിക്കാൻ പറ്റുന്ന ഈ വാചകം ആവർത്തിച്ച് പറയുന്നത് അയാൾക്ക് ബഹുരസമായിരുനു; അതങ്ങനെ ആവർത്തിച്ചാവർത്തിച്ച് ഉള്ള ഉദ്യോഗം കൈയിൽ നിന്ന് പോയി. വീടുള്ളതിൽ നിന്ന് പുറത്താക്കപ്പെട്ട അയാളും അയാളുടെ ഭാര്യയും മക്കളും കൂടി ഭക്ഷണത്തിന് ഗതിയില്ലാതെ വശായി. മെത്രാൻ അയാളെ വരുത്തി സൗമ്യമായി ശകാരിച്ചു. വലിയ പള്ളിയിൽ ഒരു കീഴ്‌വേലക്കാരനായി നിയമിച്ചു.

പുണ്യകർമ്മങ്ങളുടേയും സമര്യാദമായ നടപടിയുടേയും ഊക്കുകൊണ്ട് മോൺസിന്യേർ ബിയാങ്‌വെന്യു ഒമ്പതു കൊല്ലം കഴിയുമ്പോഴേക്ക് ഡി.പട്ടണം മുഴുവനും ഒരച്ഛനോടുള്ളതായ ഭക്തിയും സ്നേഹപൂർവ്വമായ ബഹുമാനവും കൊണ്ട് നിറച്ചുകഴിഞ്ഞു. നെപ്പോളിയനോട് അദ്ദേഹം കാണിച്ചതു കൂടി ആളുകൾ, ആ നല്ലവരും സാധുക്കളുമായ ആളുകൾ — അവർ തങ്ങളുടെ ചക്രവർത്തിയെ പൂജിച്ചിരുന്നുവെങ്കിലും തങ്ങആളൂടെ മെത്രാനെ സ്നേഹിച്ചു — സാവധാനമായി കൈക്കൊണ്ടു; എന്നല്ല ഒന്നും പറയാതെ ക്ഷമിച്ചു കളഞ്ഞു.

മോൺസിന്യേർ വെൽക്കമിന്റെ ഏകാന്തസ്ഥിതി

ഒരു പട്ടാള മേലുദ്ദ്യോഗസ്ഥൻ ചെറുപ്പക്കാരായ ഒരു കൂട്ടം കീഴ്‌പ്രവൃത്തിക്കാരാലെന്നപോലെ, ഒരു മെത്രാൻ മിക്കപ്പോഴും ഒരുകൂട്ടം മതപ്രബോധകയുവാക്കന്മാരാൽ ചുറ്റപ്പെട്ടിരിക്കും. ഇവരെയാണ് ആ മിടുക്കനായ സാങ് ഫ്രാൻസ്വ ദ് സാൽ[69] ഒരു സന്ദർഭത്തിൽ ‘ചിറകുവയ്ക്കാത്ത മതാചാര്യന്മാർ’ എന്ന് വിളിച്ചിട്ടുള്ളത്. എല്ലാ ഉദ്യോഗങ്ങൾക്കും അതാതിന്നടുത്ത ആഗ്രഹക്കാരുണ്ട്. ഈ തരക്കാർ ഓരോന്നിലും മേലേക്കിട എടുത്തിട്ടുള്ളവരുടെ പിന്നിൽ ഒരു പരിവാരമായിക്കൂടും. കീഴ്‌ജീവനക്കാരില്ലാത്ത ഒരധികാര വലിപ്പവുമില്ല. പ്രത്യേകം കൊട്ടാരമില്ലാത്ത ഒരു ഭാഗ്യമില്ല. ഭാവിച്ചുഴിപ്പിലേക്ക് അന്വേഷിച്ച് ചെല്ല്ലുന്നവരെല്ലാം പ്രകാശമാനമായ വർത്തമാനകാലത്തിനു ചുറ്റും ചെന്ന് വട്ടം കൂടും. ഏത് തലസ്ഥാന നഗരിക്കും പ്രത്യേകം ഉദ്യോഗസ്ഥന്മാരുണ്ട്. അല്പമെങ്കിലും അധികാരശക്തിയുള്ള ഏതു മെത്രാന്നും പള്ളിവിദ്യാലയത്തിൽ നിന്ന് പുറത്തു ചാടുന്ന വിരുതൻ കുട്ടികൾ പറാവുണ്ടാകും; അവർ അങ്ങനെ ചുറ്റിപ്പറ്റി, മെത്രാന്റെ അരമനയിൽ വേണ്ടതന്വേഷിച്ചുകൊണ്ട് ‘എജമാനപ്രീതി ശാസ്ത്ര’മായി കൂടുന്നു. ഒരു മെത്രാനെ സന്തോഷിപ്പിക്കുന്നതു പള്ളി വക ഉദ്യോഗങ്ങളിലേക്കുള്ള ജീനിച്ചവുട്ടിൽ കാലിടുകയാണ്. സാമർഥ്യത്തോടുകൂടി കാൽ വെക്കുന്നത് ആവശ്യം തന്നെ; ‘അപ്പോസൽ (ഋഷി) സ്‌ഥാനം ഒരിക്കലും ബോധകസ്ഥാനത്തെ ധിക്കരിക്കുന്നില്ല.

എല്ലാ ദിക്കിലും വലിയ സ്ഥാനമുടികള്ളുള്ളതുപോലെ, പള്ളിയിലും വലിയ അധ്യക്ഷ്യകിരീടങ്ങളുണ്ട്. അവരാണ് മെത്രാന്മാർ; അവർക്കു കൊട്ടാരത്തിൽ പരിചയമുണ്ട്; അവർ പണക്കാരും അറിവുള്ളവരും സമർഥന്മാരും ലോകസമ്മതന്മാരുമാണ്; അവർക്ക് ഈശ്വരവന്ദനം ചെയ്‌വാനറിയാം. സംശയമില്ല; എന്നാൽ യാചിക്കേണ്ടതെങ്ങനെയെന്നും അവർക്കറിയാം. ഒരിടവകയെ മുഴുവനും തങ്ങളുടെ മുമ്പിൽ ഓച്ഛാനിപ്പിച്ചു നിറുത്തുന്നതിൽ അവർക്കു ലേശമെങ്കിലും സങ്കോചമില്ല. അവർ പള്ളിക്കലവറയും രാജ്യഭരണനയവും കൂടി കൂട്ടിയിണക്കുവാനുള്ള ചങ്ങലക്കണ്ണികളാണ്; അവർ മതാചാര്യന്മാർ എന്നുള്ളതിലധകം മഠാധിപതികളൂം, മെത്രാന്മാർ എന്നുള്ളതിലധികം സഭാധ്യക്ഷന്മാരുമാണ്. അവരോട് അടുത്തു കിട്ടുന്നവർ ഭാഗ്യവാന്മാരത്രേ! അവർ അധികാരശക്തി ഉള്ളവരായതുകൊണ്ട്, സേവന്മാരും വിരുതന്മാരുമായവരുടെ മേൽ — സന്തോഷം തോന്നിക്കുന്നതിൽ സമർഥന്മാരായ എല്ല ചെറുപ്പക്കാരുടേയും മേൽ — സഭാധികാരങ്ങളും, ശമ്പളങ്ങളും, മേല്‌പട്ടക്കാരൻ സ്ഥാനങ്ങളും, ബോധകപ്രവൃത്തികളൂം, വലിയ പള്ളിയിലെ അനവധിതരം ഉദ്യോഗങ്ങളും വർഷിക്കുന്നു. തങ്ങൾക്കു കയറ്റം കിട്ടുന്തോറും അവർ തങ്ങളെ പറ്റി നില്‌ക്കുന്ന സേവന്മാരേയും പിടിച്ചുയർത്തി വിടും; അങ്ങനെ ഒരു സൗരഗ്രഹമണ്ഡലം മുഴുവനുമാണ് അണിപോകുന്നത്. അവരുടെ പ്രകാശ രശ്‌മികൾ തങ്ങളുടെ ആശ്രിതസംഘത്തിലും ഒരു മഞ്ഞ നിറം വീശുന്നു. അവർക്കുണ്ടാകുന്ന അഭിവൃദ്ധി തിരശ്ശീലയ്‌ക്കുള്ളിൽ ഓരോ നല്ല ഉദ്യോഗക്കയറ്റങ്ങളായി പൊടിഞ്ഞു കൂടുന്നു. എജമാനന്റെ ഇടവകയ്ക്കു വലുപ്പം കൂടുമ്പോൾ, സേവന്മാരുടെ വരവിനും വണ്ണം വെക്കുന്നു. പിന്നെ, അതാ റോം. പ്രധാന മെത്രാൻ ആവേണ്ടതെങ്ങനെ എന്നറിയാവുന്ന ഒരു മെത്രാൻ, പ്രധാനാധ്യക്ഷൻ ആവേണ്ടതെങ്ങനെ എന്നറിയാവുന്ന ഒരു പ്രധാന മെത്രാൻ, പ്രധാനാധ്യക്ഷ സഭായോഗത്തിലെ അംഗമായി നിങ്ങളേയും പിടിച്ചു കയറ്റുന്നു; നിങ്ങൾ പോപ്പിന്റെ സവിശേഷ മേൽനോട്ടത്തിലേക്കു പൊന്തിക്കഴിഞ്ഞു; നിങ്ങളുടെ മേൽ തുപ്പട്ടാവു കയറി; അതാ, നിങ്ങൾ പോപ്പിന്റെ കണക്കു പരിശോധകനാവുന്നു; അതു കഴിഞ്ഞു, പോപ്പിന്റെ പള്ളിയറ വിചാരിപ്പുകാരനായി; പോയി, പോയി, മെത്രാനായി; മെത്രാൻ സ്ഥാനത്തു നിന്നു പ്രധാന മെത്രാനാവുന്നതിന് ഒരൊതുക്കു മാത്രം; കഴിഞ്ഞു, ഒരു നുറുക്കു കൂടി കിട്ടി; നിങ്ങൾ പ്രധാനാധ്യക്ഷൻ (കാർദിനാൽ). ഓരോ നിറുകത്തൊപ്പിക്കും ഇരുന്നു സ്വപ്‌നം കാണാം മുമ്മുടിയെ,[70] നേർവഴിക്കു രാജാവാകാൻ ഇപ്പോൾ ഒരു മതാചാര്യനു മാത്രമേ സാധിക്കൂ; എന്നാലോ, എന്തൊരു രാജാവ്! രാജാക്കന്മാരുടെ രാജാവ്! അപ്പോൾ എന്തെല്ലാം മനോരാജ്യങ്ങളുടെ ധാത്രീഗൃഹമാണ് ഒരു പള്ളി വിദ്യാലയം! എത്ര പള്ളിയിലെ ഗായകന്മാരാണ്, എത്ര ചെറുപ്പക്കാരായ മഠാധിപതികളാണ്, പഴങ്കഥയിലെ മനോരാജ്യക്കരന്റെ പാൽക്കുടവും തലയിലേറ്റി നടക്കുന്നത്; ഉൽക്കർഷേച്ഛയ്ക്കു തന്നത്താൻ ഉദ്യോഗമെന്നു വിളിക്കാൻ എത്ര എളുപ്പമുണ്ടെന്ന് ആർ കണ്ടു — ഒരു സമയം നല്ല വിചാരത്തോടുകൂടിയും ഭക്തിയുള്ളൊന്നായതുകൊണ്ട് തന്നത്താൻ വഞ്ചിച്ചും കൊണ്ടും തന്നെ.

സാധുവും ദരിദ്രനും ധാടിയില്ലാത്താളുമായ മോൺസിന്യേർ ബിയാങ്‌വെന്യു കെങ്കേമങ്ങളായ അധ്യക്ഷമകുടങ്ങളുടെ ഇടയിൽ ഗണിക്കപ്പെട്ടിട്ടില്ല. ചെറുപ്പക്കാരായ മതാചാര്യന്മാരെ ആരേയും അദ്ദേഹത്തിന്റെ കൂടെ കാണാത്തതിൽ നിന്ന് അതു വെളിപ്പെടുന്നുണ്ട്. പാരീസ്സിൽ അദ്ദേഹം ‘പിടിക്കാതെ’ പോയതു നാം കണ്ടു. ഒരു ഭാവി ഭാഗ്യവും ഈ ഒറ്റപ്പെട്ട വയസ്സനിൽച്ചെന്ന് തന്നത്താൻ നട്ടുനോക്കുന്നതിന് സ്വപ്നേപി വിചാരിച്ചില്ല. മുളച്ചു വരുന്ന യാതൊരത്യാഗ്രഹവും അദ്ദേഹത്തിന്റെ നിഴലിൽ തങ്ങി നിന്ന് ഇല പിരിക്കുക എന്ന വിഡ്ഢിത്തത്തിന് നിന്നില്ല. അദ്ദേഹത്തിന്റെ കീഴിലുള്ള ഉപബോധകന്മാരും ബോധകപ്രധാനരും നല്ല പ്രായം ചെന്നവരാണ്; ഒരു സമയം അദ്ദേഹത്തേക്കാൾ അപരിഷ്കൃതന്മാർ, പ്രധാനാധ്യക്ഷപദത്തിലേക്ക് കടപ്പാൻ ഒരു പഴുതുമില്ലാതെ അവരും അദ്ദേഹത്തെപ്പോലെ ഇടവകയ്ക്കുള്ളിൽ ഇട്ടടക്കപ്പെരിക്കുന്നു; അവരുടെ മെത്രാനും അവരും കൂടി നല്ല യോജിപ്പുണ്ട്; ഒന്നു മാത്രം — അവരുടേത് നിലച്ചു; അദ്ദേഹത്തിന്റേത് മുഴുമിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് പട്ടും വാങ്ങി പള്ളിവിദ്യാലയം വിറ്റ് പുറത്ത് കടക്കുമ്പോഴേക്കും; ചെറുപ്പക്കാരെല്ലാം എയിയിലേയോ ആർഷിലേയൊ പ്രധാന മെത്രാന്മാർക്ക് ശിപാർശി കൈയിലാക്കി, അങ്ങോട്ട് പാഞ്ഞുകഴിയും — മോൺദിന്യേർ ബിയാങ് വെന്യുവിന്റെ കീഴിലിരുന്നാൽ കയറ്റമുണ്ടാവാൻ ഒരു തരവുമില്ലെന്ന് ആളുകൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നേയും ഞങ്ങൾ ആവർത്തിക്കട്ടെ, മനുഷ്യർ പിന്നിൽ നിന്ന് പിടിച്ചുന്തിക്കിട്ടുവാൻ ആഗ്രഹിക്കുന്നു. ആത്മക്ഷേമപരിത്യാഗമാകുന്ന ഒരു രോഗമൂർച്ഛയിൽ പെട്ടിട്ടുള്ള ഋഷി വലിയ അപകടം പിടിച്ച അയൽപക്കക്കാരനാണ്. അയാൾ സംസർഗം കൊണ്ടുള്ള സംക്രമ ഗുണത്തിലൂടെ ഒരു മാറ്റിയാൽ മാറാത്ത ദാരിദ്ര്യത്തെ, മേല്പോട്ടു കയറിക്കിട്ടുവാൻ ഉപയോഗപ്പെടുന്നവയുമായ സന്ധികൾക്കൊട്ടുക്കും ഒരു മുറുക്കത്തെ, ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമുള്ളതിലധികം സന്ന്യാസശീലത്തെ, നിങ്ങൾക്കു ഉണ്ടാക്കിത്തീർക്കുന്നു; ഈ പരന്നു പിടിക്കുന്ന മനോഗുണത്തെ ആളുകൾ ഒഴിഞ്ഞു വയ്ക്കുന്നു. ഇങ്ങനെയാണ് മോൺസിന്യേർ ബിയാങ്‌വെന്യൂവിന് ഏകാന്തസ്ഥിതിയായത്. നാം ജീവിച്ചിരിക്കുന്നത് ഒരു മങ്ങിപ്പിടിച്ച ജനസമുദായത്തിലാണ്. ജയം; അന്യായമാകുന്ന ചെരുവിലൂടെ ഇറ്റിറ്റു വീഴുന്ന പാഠം അതാണ്.

കൂട്ടത്തിൽ പറയട്ടെ, ജയം ഒരു വല്ലാത്ത വികൃതവസ്തുവാണ്. അതിനുള്ള യോഗ്യതാച്ഛായ ആളുകളെ വഞ്ചിക്കുന്നു; സാധാരണന്മാർക്കിടയിൽ ജയത്തിന് ഏകദേശം മഹത്ത്വത്തിന്റെ ആകൃതിയുണ്ട്. ത്രാണിയുടെ വേഷം കെട്ടുന്ന ആ ജയത്തിന് ഒരു പൊട്ടനെ കിട്ടിയിരിക്കുന്നു — ചരിത്രം. ജൂവനലും[71] ടാസിറ്റുസ്സും[72] മാത്രം അതിനോട് പിറുപിറുക്കുന്നു. നമ്മുടെ കാലത്ത്, ഏതാണ്ട് അധികാരമുള്ളൊന്നായ ഒരു തത്വശാസ്ത്രം അതിന്റെ കീഴിൽ ചെന്നു കൂടിയിട്ടുണ്ട്; അതു ജയത്തിന്റെ ഭൃത്യവേഷം പൂണ്ട്, അതിന്റെ നടയിൽത്തവണ പ്രവൃത്തി നടത്തുന്നു. ജയിക്കുക; പുസ്തകത്തിൽ, ഭാഗ്യം സാമർത്ഥ്യത്തെ വാദിക്കുന്നു. ഷോടതിയിൽ ആദ്യത്തെ നറുക്ക് കൈയിലാക്കുക; അതാ, നിങ്ങൾ സമർത്ഥനാകുന്നു. കാര്യം സാധിക്കുന്നവൻ വന്ദിക്കപ്പെടുന്നു. ചുണ്ടത്ത് ഒരു വെള്ളിക്കയിലുമായി ജനിക്കുക! സകലവും അതിൽ കിടക്കുന്നു. ഭാഗ്യമുണ്ടാവട്ടെ, മറ്റുള്ളതെന്തും നിങ്ങൾക്കായി; സുഖിയാവുക, ആളുകൾ നിങ്ങളെ മഹാനെന്ന് കരുതും. അഞ്ചോ ആറോ മഹത്തായ വ്യത്യസ്തതകളൊഴിച്ചാൽ — ഒരു നൂറ്റാണ്ടിന്റെ മുഴുവനും അന്തസ്സ് അതാണ് — അതാതു കാലത്തുള്ളവരുടെ ബഹുമാനം നോട്ടക്കുറവല്ലാതെ മറ്റൊന്നുമല്ല. പൂച്ചാണ് പൊന്ന്. ആദ്യം വന്നതു വെറും യാദൃച്ഛികമായതുകൊണ്ടു ദുർഘടമില്ല — വരണം. അതാണ് കാര്യം? സാധാരണ മട്ടുകാരൻ പണ്ടത്തെ നാർസിസ്സാണ്;[73] അവൻ തന്നത്തന്നെ കണ്ടു ഭ്രമിക്കുകയും, അപരിഷ്കൃതനായ സാധാരണനെപ്പറ്റി കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. മോസ്സസ്സോ[74] എസ്കിലസ്സോ[75] ദാന്തെയോ മൈക്കേൽ ഏൻജിലേവോ നെപ്പോളിയനോ ആക്കിവെക്കുന്ന അപാര സാമർഥ്യത്തെ, എന്തൊരു കാര്യത്തിലായാലും ശരി, തന്റെ ഉദ്ദേശ്യം സാധിക്കുന്ന ഏതൊരാൾക്കും തന്നെ, ആളുകൾ നിന്ന നിലയിൽ കല്പിച്ചു കൊടുക്കുന്നു. ആധാരങ്ങൾ സാക്ഷ്യപ്പെടുത്താനുള്ള ഉദ്യോഗസ്ഥൻ തിരിഞ്ഞു മറിഞ്ഞു. പ്രജാസഭയിലെ അംഗമായിത്തീരട്ടെ; ഒരു കള്ളക്കോർണീലി[76] പോയി ടിറിഡൈറ്റ്[77] എഴുതിത്തീർക്കട്ടെ; ഒരു നപുംസകത്തിന് അനവധി ഭാര്യമാരെ കൈയിൽക്കിട്ടട്ടെ; ഒരു പട്ടാളക്കാരൻ പ്രൂഢോം (വിശ്വസ്തപൗരൻ)[78] അന്നത്തെ ഗൗരവപ്പെട്ട യുദ്ധത്തിൽ കടന്നു ജയിക്കട്ടെ; ഒരപ്പോത്തിക്കിരി ‘സോംബ്രുമെംസും’ എന്ന യുദ്ധത്തിലെ സൈന്യത്തിനു വേണ്ടി കട്ടിക്കടലാസ്സുകൊണ്ടു മടമ്പുമൂടികളുണ്ടാക്കുകയും, ആ കട്ടിക്കടലാസ്സു മുഴുവൻ തോലാണെന്നും പറഞ്ഞു വിറ്റു നാലു ലക്ഷം ഫ്രാങ്ക് ആദായമുണ്ടാക്കുകയും ചെയ്യട്ടെ; മാംസം കെട്ടാക്കുന്നവൻ ഉണ്ടികക്കച്ചവടം തുടങ്ങുകയും അതമ്മയും താൻ അച്ഛനുമായി ഒരെഴുപതോ എൺപതോ ലക്ഷത്തെ പ്രസവിപ്പിക്കുകയും ചെയ്യട്ടെ; മൂക്കുകൊണ്ടുള്ള തന്റെ ഇഴഞ്ഞ സംസാരം വെച്ച് കിണഞ്ഞ് ഒരു മതപ്രാസംഗികൻ പോയി ഒരു മെത്രാനാവട്ടെ; ഒരു പ്രമാണിത്തറവാട്ടിലെ കലവറക്കാരൻ, പണിയിൽ നിന്നു പിരിഞ്ഞതിനു ശേഷം, രാജ്യഭണ്ഡാര വിചാരിപ്പുകാര്യത്തിൽ മന്ത്രിയായിത്തീരാൻ മാത്രം പണക്കാരനാവട്ടെ — മൂസ്കെത്തോങ്ങിന്റെ മുഖത്തെ സൗന്ദര്യമെന്നും ക്ലോദി[79]ന്റെ ആകൃതിയെ രാജകലയെന്നും വിളിക്കുന്നതുപോലെ, അതിനും ആളുകൾ ബുദ്ധ്യതിശയം എന്നും പേരിടും. ചേറ്റു കുണ്ടിലുള്ള അയഞ്ഞ ചളിയിൽ താറാവിന്റെ അടികൾ കൊണ്ട് ഉണ്ടായിത്തീരുന്ന ഇരുൾക്കുഴിയിലെ നക്ഷത്രക്കുറികളെ ആളുകൾ ആകാശത്തുള്ള ജ്യോതി ഗോളങ്ങളുമായി കൂട്ടിക്കലർത്തുന്നു.

അദ്ദേഹത്തിന്റെ വിശ്വാസം

മതവിശ്വാസശുദ്ധിയുടെ കാര്യത്തിൽ ഡി.യിലെ മെത്രാനെ കടന്നു മാറ്റുരച്ചു നോക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. അങ്ങനെയുള്ള ഒരു മഹാത്മാവിന്റെ മുൻപിൽ ബഹുമാനം മാത്രമല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. ഒരുത്തമ മനുഷ്യന്റെ മനസ്സാക്ഷിയെ അദ്ദേഹത്തിന്റെ വാക്കിൽ നിന്നു നാം സ്വീകരിക്കണം; എന്നു മാത്രമല്ല, ചില പ്രകൃതികളെ കാണുമ്പോൾ, ഞങ്ങളുടേതിൽ നിന്നു വ്യത്യസ്തമായ വിശ്വാസത്തിൽ, മനുഷ്യഗുണത്തിനുള്ള സകലവിധ സൗഭാഗ്യങ്ങളും വളർന്നുണ്ടാകാമെന്നും ഞങ്ങൾ സമ്മതിക്കുന്നു.

ഈ ഒരു സ്ഥിരപ്രമാണത്തെപ്പറ്റിയോ, ആ ഒരു നിഗൂഢ സിദ്ധാന്തത്തെക്കുറിച്ചോ അദ്ദേഹം എന്തു വിചാരിക്കുന്നു? അന്തഃകരണത്തിന്റെ അന്തർഭാഗത്തുള്ള ന്യായവിചാരണ സഭയിൽ‌ വെച്ചു തീർച്ചപ്പെടുത്തുന്ന ഈ ഗൂഢസംഗതികൾ ആത്മാവു നഗ്നരൂപത്തിൽ കടന്നു ചെല്ലുന്ന ശവക്കുഴികൾക്കൊഴികെ മറ്റാർക്കും അറിഞ്ഞുകൂടാ. ഞങ്ങൾക്കു നിശ്ചയമുള്ള സംഗതി ഇതൊന്നാണ്. മതവിശ്വാസത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം കപടനാട്യങ്ങളായി മാറിയിട്ടില്ല. വൈരക്കല്ലു കിടന്നു ദ്രവിച്ചു പോവാൻ നിവൃത്തിയില്ല. തന്നാൽ കഴിയുന്നേടത്തോളം അദ്ദേഹം വിശ്വാസത്തിൽ ഊന്നി നിന്നു. ‘വിശ്വാസത്തെ പിതാവിൽ അർപ്പിക്കുക’ എന്ന് അദ്ദേഹം പലപ്പോഴും പറയും; എന്നു മാത്രമല്ല, മനസ്സാക്ഷിക്കു സമാധാനം കൊടുക്കുവാൻ മതിയായതും, ‘നീ ഈശ്വരന്റെ അടുക്കലാണ്’ എന്ന് മനുഷ്യനോടു മന്ത്രിക്കുന്നതുമായ ഒരു തൃപ്തിയെ അദ്ദേഹം ഉത്തമങ്ങളായ ഗ്രന്ഥങ്ങളിൽ നിന്നു വാറ്റിയെടുത്തു.

ഇവിടെ എടുത്തു പറയുന്നത് ധർമ്മമാണെന്നു ഞങ്ങൾ വിചാരിക്കുന്ന ഒരു സംഗതി, തന്റെ വിശ്വാസത്തിനുള്ളിൽപ്പെടാത്തതും അതിനു പുറമേ നിൽക്കുന്നതുമായ സർവത്തോടും മെത്രാന്ന് ഒരതിസ്നേഹം ഉണ്ടായിരുന്നു എന്നത്രേ. അദ്ദേഹം അതിയായി സ്നേഹിച്ചിരുന്നു എന്നുള്ള ആ ഒരു ഭാഗത്താണ് അദ്ദേഹത്തിന്റെ മർമമെന്നു ‘ഗംഭീരന്മാരും’ ‘ഗൗരവശാലികളും’ ‘ബുദ്ധിമാന്മാരു’മായവർ വിചാരിച്ചു വന്നു — അഹംഭാവം തന്റെ ആജ്ഞാവാക്യത്തെ വിദ്യാഡംബരത്തിൽ നിന്നു സ്വീകരിക്കുന്നതായ നമ്മുടെ ദുഃഖപരിപൂർണ ലോകത്തിലെ ഓരോ പ്രിയപ്പെട്ട സംസാരം. എന്താണ് ഈ അതിയായ സ്നേഹം? ഞങ്ങൾ മുൻപു തന്നെ സൂചിപ്പിച്ചിട്ടുള്ള വിധം, മനുഷ്യസമുദായം, മുഴുവനും നിറഞ്ഞു കവിഞ്ഞു, ചില സന്ദർഭങ്ങളിൽ ജന്തുക്കളുടേയും ചെടികളുടേയും നേർക്കുകൂടി ഒഴുകിച്ചെല്ലുന്ന ആ സത്ത്വഗുണ പ്രധാനമായ പരോപകാരശീലം അദ്ദേഹം നിന്ദകൂടാതെ ജീവിച്ചുപോന്നു. ഈശ്വര സൃഷ്ടികളുടെ മേൽ അദ്ദേഹം ദയാലുവായിരുന്നു. ഏതു മനുഷ്യനും, എത്ര തന്നെ നല്ലാൾക്കും, ഉള്ളിൽ ഒരു കഥയില്ലാത്ത ക്രൂരതയുണ്ട്; അതയാൾ തിര്യക്കുകളുടെ നേർക്ക് ഉഴിഞ്ഞു വെക്കുന്നു. ഏതായാലും ഡി.യിലെ മെത്രാന്നും, പല മതാചാര്യന്മാരുടേയും ഒരു സവിശേഷസ്വഭാവമായ ആ ക്രൂരതയും ഉണ്ടായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണനോളം അത്ര മേൽപോട്ടു ചെന്നിരുന്നില്ല; എങ്കിലും, ‘മൃഗങ്ങളുടെ ജീവൻ എവിടേക്കാണ് പോകുന്നതെന്ന് ആർ കണ്ടു?’ എന്നുള്ള സഭാപ്രസംഗ പുസ്തകത്തിലെ വാചകം അദ്ദേഹം കനം നോക്കിയിട്ടുള്ളതായി തോന്നി. ആകൃതിയുടെ വൈരൂപ്യമോ ബുദ്ധിയുടെ വൈകൃതമോ അദ്ദേഹത്തെ അലട്ടാറില്ല — അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കാറില്ല. അവ അദ്ദേഹത്തിന്റെ ഉള്ളിത്തട്ടുകയും, ഏതാണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ ആർദ്രമാക്കുകയുമാണ് ചെയ്യാറ്. ജീവിതത്തിന്റെ പുറം ഭാഗത്തുള്ള അതിരുകളെ കവച്ചുകടന്ന്, അതുകൾ ഉണ്ടായിത്തീരാനുള്ള കാരണമോ അവയ്ക്കുള്ള സമാധാനമോ, അല്ലെങ്കിൽ അവയ്ക്ക് എന്തു ഞായമാണ് പറയാനുള്ളതെന്നോ അന്വേഷിക്കുവാൻവേണ്ടി അദ്ദേഹം ആലോചനാപരനായി തീരുന്നതു പോലെ കാണപ്പെടും. ഈ ശിക്ഷകളെ കുറച്ചുകൊടുക്കുന്നതിന് അദ്ദേഹം ചിലപ്പോൾ ഈശ്വരനോടു പ്രാർത്ഥിക്കുന്നതായി തോന്നും. മുഷിച്ചിൽ കൂടാതെയും ആദ്യത്തെ എഴുത്തു മാച്ചെഴുതിയിട്ടുള്ള ഒരോലച്ചുരുളിൽ ഒരു വായനക്കാരൻ മനസ്സിരുത്തി നോക്കുന്നതുപോലെയും, പ്രകൃതിയിലുള്ള ആ ഇരുട്ടടഞ്ഞ ഭാഗത്തെ അദ്ദേഹം സൂക്ഷിച്ചു പരീക്ഷണം ചെയ്‌തു പോന്നു. ഈ ആലോചനാശീലം അദ്ദേഹത്തെക്കൊണ്ട് ചിലപ്പോൾ ചില അസംബന്ധങ്ങൾ പറയിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹം തോട്ടത്തിൽ നടക്കുകയാണ്; തന്ന് തനിച്ചേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ; പക്ഷേ, അദ്ദേഹം കാണാതെ അദ്ദേഹത്തിന്റെ സഹോദരി പിന്നാലെ ഉണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹം നിന്നു, നിലത്ത് എന്തോ ഒന്നിനെ സൂക്ഷിച്ചു നോക്കി; അതു കറുത്തു വലുതായി മേലൊക്കെ രോമത്തോടുകൂടി കണ്ടാൽ പേടിയാകുന്ന ഒരെട്ടുകാലിയായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞത് ആ സഹോദരി കേട്ടു.

‘സാധു ജന്തു! അത് അതിന്റെ കുറ്റമല്ല.’

ദയാശീലത്തിൽ നിന്നു പുറപ്പെടുന്ന ഈ ദിവ്യങ്ങളായ ബാലിശവാക്കുകളെ എന്തിനു പറയാതിരിക്കുന്നു? നിസ്സാരങ്ങളായിരിക്കാം ഇവ; പക്ഷേ, ഈ വിശിഷ്ടങ്ങളായ നിസ്സാരവാക്കുകൾ സെയിന്റ് ഫ്രാൻസിസ്ദ് അസ്സിസ്സിക്കും[80] മാർക്കസ്സ് ഓറിലിയസ്സിന്നു[81]മുള്ള ഓരോ വൈശിഷ്ട്യങ്ങളാണ്. ഒരു ദിവസം ഒരെറുമ്പിന്റെ മേൽ കാലു കൊള്ളാതിരിക്കാൻ വേണ്ടി ചാടിയതുകൊണ്ട് അദ്ദേഹത്തിന് കാലുളിക്കിപ്പോയി. ഇങ്ങനെ ജീവിച്ചു പോന്നു ഈ മനുഷ്യൻ. ചിലപ്പോൾ അദ്ദേഹം തോട്ടത്തിൽ കിടന്നുറങ്ങിപ്പോവും; എന്നാൽ അതിലധികം വന്ദ്യമായി മറ്റൊന്നും ഉണ്ടാവാൻ വയ്യ.

ചെറുപ്പത്തിലെ കഥയും യൗവന കാലത്തെപ്പറ്റിത്തന്നെ കേൾക്കുന്ന വർത്തമാങ്ങളും വിശ്വസിക്കമെങ്കിൽ, മോൺസിന്യേർ ബിയാങ്‌വെന്യു ഒരു വികാരാവേഗമുള്ള ആളും ഏതാണ്ട് ഒരു ‘പോക്കിരി’യുമായിരുന്നു. അദ്ദേഹത്തിന്റെ സാർവത്രികമായ സാത്ത്വികത്ത്വം അധികവും പ്രകൃത്യാ ഉള്ള ബുദ്ധിവിശേഷമല്ല: അതു ജീവിതമാർഗ്ഗമായി മനസ്സിലേക്കു വിചാരരൂപേണ ഇറ്റിറങ്ങി അവിടെച്ചെന്നു പതുക്കെ ഊറിപ്പോരുന്ന ഒരു മഹത്തായ മനോബോധത്തിന്റെ ഫലമാണ്; പാറയിലെന്നപോലെ മനുഷ്യപ്രകൃതിയിലും വെള്ളം തട്ടിത്തട്ടി കുഴിഞ്ഞു ദ്വാരങ്ങൾ ഉണ്ടാകും. ആ പഴുതുകൾ പിന്നെ അടഞ്ഞു പോവുകയില്ല, ആ പണിത്തരങ്ങൾ അനശ്വരങ്ങളാണ്.

1815-ൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുണ്ടെന്നു വിചാരിക്കുന്നതുപോലെ, അദ്ദേഹത്തിന് എഴുപത്തഞ്ചാമത്തെ പിറന്നാളായി; പക്ഷേ, അദ്ദേഹത്തെ കണ്ടാൽ അറുപതിലധികം വയസ്സു തോന്നില്ല. അദ്ദേഹം നീണ്ടാളല്ല; കുറേ തടിച്ചാളാണെന്നു പറയാം; ഈ തടിക്കൂടുതലോടു മല്ലിടാൻ വേണ്ടി, കാൽനടയായി കുറേ ദൂരത്തേക്കു ഉലാത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു: അദ്ദേഹത്തിന്റെ കാൽവെപ്പു ശക്‌തിയുള്ളതാണ്: ദേഹം കുറച്ചൊന്ന് അകത്തോട്ടു വളഞ്ഞിരിന്നു — ഈ പറഞ്ഞതിൽ നിന്നു വിശേഷിച്ചു യാതൊന്നും ഊഹിക്കുന്നതായി ഞങ്ങൾക്കു നാട്യമില്ല. പതിനാറാമൻ ഗ്രിഗറി[82] എൺപതാമത്തെ വയസ്സിൽ ദേഹത്തിനു നല്ല ചൊവ്വുള്ളാളും പ്രസന്നമുഖനുമായിരുന്നു; പക്ഷേ, ഒരു ദുർമാർഗിയായ മെത്രാനാവുന്നതിൽ വിരോധമൊന്നും അദ്ദേഹത്തിന് അതുകൊണ്ടുണ്ടായില്ല. മോൺസിന്യേർ വെൽക്കം ആളുകൾ പറഞ്ഞിരുന്നതു പോലെ ഒരു ‘നല്ല തല’യുള്ള ആളായിരുന്നു; പക്ഷേ, അദ്ദേഹം എത്രയും രജ്ഞിപ്പുള്ള ആളായിരുന്നതുകൊണ്ട്, ആ നല്ല തലയുടെ കാര്യം അവർ മറന്നുപോയി.

ഞങ്ങൾ മുമ്പേ പറഞ്ഞിട്ടുള്ളതു പോലെ, കുട്ടികളുടെ മട്ടിലുള്ള ആഹ്ലാദത്തോടുകൂടി അദ്ദേഹം സംസാരിക്കുമ്പോൾ — ഇത് അദ്ദേഹത്തിനുള്ള ഒരു സവിശേഷ സൗഭാഗ്യമായിരുന്നു — അദ്ദേഹത്തിന്റെ അടുത്തുള്ളവർക്കെല്ലാം ഒരു നിർവൃതി തോന്നും; അദ്ദേഹത്തിന്റെ ഏതു ഭാഗത്തു നിന്നു സന്തോഷ രശ്‌മികൾ ഉജ്ജ്വലിക്കുന്നതുപോലെ ഒരനുഭവമുണ്ടാകും. ശുദ്ധവും രക്തപ്രസാദവുമുള്ളതുമായ ദേഹവർണവും, ഒന്നും പോയ്‌പോകാതെ ക്ഷയിച്ചു വരുന്നതും പുഞ്ചിരിയിൽ പുറത്തേക്കു പ്രകാശിക്കാറുള്ളതുമായ വെളുപ്പോടുകൂടിയ പല്ലും, ഒരാളെ കണ്ടാൽ ‘നല്ലൊരുത്തൻ’ എന്നും ഒരു വയസ്സനെയാണെങ്കിൽ ‘നല്ലൊരാൾ’ എന്നും ജനങ്ങളെക്കൊണ്ടു പറയിക്കുന്ന ഒരു സൗഭാഗ്യത്തേയും ഒരു തറവാടിത്തത്തേയും അദ്ദേഹത്തിനു് ഉണ്ടാക്കിക്കൊടുത്തു. നെപ്പോളിയന് അദ്ദേഹത്തെ കണ്ടപ്പോൾ തോന്നിയ വിചാരം ഇങ്ങനെ ഒന്നായിരുന്നു എന്ന് ഓർമ്മിക്കേണ്ടതാണ്. ആദ്യത്തെ കാഴ്ചയിലും, ഒന്നാമതായി കണ്ടുമുട്ടുന്ന ആൾക്കും, വാസ്‌തവത്തിൽ അദ്ദേഹം നല്ലാൾ എന്നല്ലാതെ അതിലധികമൊന്നും തോന്നുകയില്ല. പക്ഷേ, കുറച്ചു സമയം അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒട്ടും മനോരാജ്യപ്പെടാത്ത സമയത്ത്, അദ്ദേഹത്തെ സൂക്ഷിച്ചു നോക്കുന്ന പക്ഷം, ആ നല്ല ആൾ ക്രമത്തിൽ മാറി മാറി, ആളുകളെക്കൊണ്ടു ബഹുമാനിപ്പിക്കുന്ന ഒരു വൈശിഷ്ട്യത്തെ ഇന്നതെന്ന് എനിക്കറിഞ്ഞുകൂടാ — പ്രകാശിപ്പിച്ചു തുടങ്ങുന്നതു കാണാം. നരച്ച തലമുടിച്ചുരുളുകളെക്കൊണ്ട് പ്രതാപവത്തായി ഗൗരവദ്യോതകമായ അദ്ദേഹത്തിന്റെ ആ പരന്ന നെറ്റിത്തടം ധ്യാനശീലം കൊണ്ടു കുറേക്കൂടി പ്രതാപവത്തായിത്തീർന്നു; അദ്ദേഹത്തിന്റെ സ്വഭാവഗുണത്തിൽ നിന്ന് — ആ സ്വഭാവഗുണത്തിന്റെ മിന്നിച്ച അവസാനിച്ചിട്ടില്ലെങ്കിലും — ഒരു പ്രഭാവിശേഷം എപ്പോഴും തള്ളിപ്പുറപ്പെട്ടിരുന്നു. ഒരു സ്‌മേരമുഖനായ ദേവൻ, ആ പുഞ്ചിരി പോയ്‌പോകാതെ തന്നെ, തന്റെ ചിറകുകളെ വിടർത്തുന്നതു കണ്ടാൽ എന്തൊരു ഭാവവിശേഷമുണ്ടാവുമോ അതാണ് അദ്ദേഹത്തിന്റെ കഴ്‌ചയിൽ ഒരാൾക്കു തോന്നുക. ബഹുമാനം, വാചാതീതമായ ഒരു ബഹുമാനം, ഉള്ളിലേക്കു പതുക്കെപ്പതുക്കെ തുളഞ്ഞിറങ്ങി നിങ്ങളുടെ ഹൃദയത്തെ കീഴടക്കും. ഒരിക്കലും അസൗമ്യനാവാൻ നിവൃത്തിയില്ലാത്തവിധം വിചാരത്തിനെല്ലാം അത്ര വിശിഷ്ടത ചേർന്നു ശക്‌തിമത്തുക്കളും ദുഃഖസഹിഷ്ണുക്കളും ക്ഷമാശീലങ്ങളുമായിരിക്കുന്ന ചില ആത്മാക്കളുള്ളതിലൊന്നു മുൻപിൽ പ്രത്യക്ഷീഭവിച്ചതുപോലെ തോന്നിപ്പോകുന്നു.

നമ്മൾ കണ്ടതുപോലെ ഈശ്വരഭജനം, മതസംബന്ധമായ ഉദ്യോഗങ്ങൾ നടത്തൽ, ധർമം കൊടുക്കൽ, കഷ്ടത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കൽ, ഒരു കഷ്‌ണം സ്ഥലത്തു കൃഷി ചെയ്യൽ, സഹോദരഭാവം, മിതവ്യയം, അതിഥിസൽക്കാരം, ത്യാഗശീലം, മനഃസ്ഥൈര്യം, അധ്യയനം, അധ്വാനം ഇവയാൽ അദ്ദേഹത്തിന്റെ ഓരോ ദിവസവും നിറയപ്പെട്ടു. നിറയപ്പെട്ടു, ഇതു തന്നെയാണ് ശരിക്കുള്ള് വാക്ക്; നിശ്ചയമായും മെത്രാന്റെ ഓരോ ദിവസവും നല്ല വിചാരങ്ങളെക്കൊണ്ടും നല്ല പ്രവൃത്തികളെക്കൊണ്ടും വക്കു വരെ തികച്ചും നിറഞ്ഞിരുന്നു. എന്നാലും സ്‌ത്രീകൾ രണ്ടുപേരും കിടക്കാൻ പോയതിനുശേഷം, താൻ ഉറങ്ങുന്നതിനു മുൻപ്, ഒന്നോ രണ്ടോ മണിക്കൂർ നേരം തോട്ടത്തിൽച്ചെന്നു നടക്കുവാൻ മഞ്ഞോ മഴയോ പോലും നിവൃത്തിയില്ലാത്തപ്പോൾ, ആ വിധം അതു മുഴുവനായി എന്നു പറഞ്ഞുകൂടാ. രാത്രിയിൽ ആകാശത്തുള്ള മഹത്തരങ്ങളായ കാഴ്‌ചകളെപ്പറ്റി കുറച്ചു നേരം ധ്യാനിച്ചുകൊണ്ട് ഉറങ്ങാൻ തയ്യാറാവുക എന്നത് അദ്ദേഹത്തിന് ഏതാണ്ട് ഒരു ചടങ്ങായിരുന്നു; ചിലപ്പോൾ ആ രണ്ടു വൃദ്ധകളും ഉറങ്ങാതെ കിടക്കുമ്പോൾ, രാത്രി നേരം വളരെ വൈകിയതിനു ശേഷം, അദ്ദേഹം തോട്ടത്തിലുള്ള വഴിയിലൂടെ നടക്കുന്നതിന്റെ ശബ്ദം അവർ കേൾക്കാറുണ്ട്. തനിച്ച്, തന്നോട് തന്നെ സംസാരിച്ചുകൊണ്ട്, സമാധാനത്തോടുകൂടി, സ്നേഹപരിപൂർണനായി, ആകാശത്തിന്റെ ശാന്തതയേയും തന്റെ ഹൃദയത്തിന്റെ ശാന്തതയേയും തമ്മിൽ തട്ടിച്ചു നോക്കിക്കൊണ്ട്, അന്ധാകാരത്തിന്റെ ഇടയിലുള്ള നക്ഷത്രങ്ങളുടെ ദൃശ്യമായ തേജസ്സിനാലും ഈശ്വരന്റെ അദൃശ്യമായ തേജസ്സിനാലും ഇളക്കപ്പെട്ട മനസ്സുമായി, അജ്ഞാത മാഹാത്മ്യത്തിൽ നിന്നു പൊഴിയുന്ന വിചാരപരമ്പരയ്ക്കു മുൻപിൽ തന്റെ ഹൃദയത്തെ തുറന്നു വെച്ചുകൊണ്ട്, അദ്ദേഹം പതുക്കെ ലാത്തും. ഈ വക സന്ദർഭങ്ങളിൽ നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയിൽ, കൊളുത്തി വെച്ച ഒരു വിളക്കു പോലെ, പാതിരാപ്പൂക്കൾ സ്വസൗരഭ്യത്തെ അർപ്പണം ചെയ്തുകൊണ്ടു നിൽക്കുന്ന സമയത്ത്, അദ്ദേഹം തന്റെ ഹൃദയത്തെ ലോകത്തിനു സമർപ്പിക്കുമ്പോൾ — പ്രപഞ്ചം മുഴുവനും സാർവത്രികമായ പ്രകാശത്തിൽ മുങ്ങിയിരിക്കുമ്പോൾ — അതിനു നടുവേ ആഹ്ലാദപരങ്ങളായ വിചാരങ്ങളിലേക്ക് അദ്ദേഹം തന്നത്തന്നെ സമർപ്പിക്കുന്ന ചില സമയത്ത് — തന്റെ ആത്മാവിനുള്ളിൽ കഴിയുന്നത് എന്തൊക്കെയാണെന്ന്, പക്ഷേ, തന്നോടു തന്നെ അദ്ദേഹത്തിനു പറയാൻ വയ്യാതിരിക്കും; തന്നിൽനിന്നു ചിലതു പുറത്തേക്കു പറന്നു പോകുന്നതായും ചിലതു തന്നിലേക്ക് ഇറങ്ങി വരുന്നതായും അദ്ദേഹത്തിനു തോന്നും, ആത്മാവിന്റെ അഗാധതയും പ്രപഞ്ചത്തിന്റെ അഗാധതയും തമ്മിലുള്ള നിഗൂഢമായ കൈമാറ്റം!

ഈശ്വരന്റെ മാഹാത്മ്യത്തെപ്പറ്റിയും സാന്നിധ്യത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു; അവസാനമില്ലാത്ത ഭാവിയെപ്പറ്റി — ആ അത്ഭുതരഹസ്യത്തെപ്പറ്റി — അദ്ദേഹം ആലോചിച്ചു; അവസാനമില്ലാത്ത ഭൂതകാലത്തെപ്പറ്റി — കുറേക്കൂടി അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി — അദ്ദേഹം വിചാരിച്ചു; തന്റെ നോട്ടത്തിനടിയിലൂടെ തന്റെ എല്ലാ വിഷയേന്ദ്രിയങ്ങളിലേക്കും തുളഞ്ഞു കയറുന്ന എല്ലാ അപാരതകളെക്കുറിച്ചും അദ്ദേഹം നിരൂപിച്ചു. എന്നിട്ട്, ആ അറിവാൻ കഴിയാത്തതിനെ അറിവാൻ ശ്രമിക്കാതെ, അദ്ദേഹം അതിനെ സൂക്ഷിച്ചു നോക്കും. താൻ ഈശ്വരനെ പഠിച്ചു നോക്കിയില്ല; ഈശ്വരനെ കണ്ടു ഞാൻ അമ്പരന്നു. പ്രകൃതിക്കു രൂപമുണ്ടാക്കുന്നവയും, സത്യങ്ങളെന്നു ബോധപ്പെടുന്തോറും ശക്തികളെ ആവിഷ്കരിക്കുന്നവയും ഏകത്വത്തിന്നുള്ളിൽ പരസ്പരഭിന്നങ്ങളായ സവിശേഷ വ്യക്തികളേയും അപാരമായ ദേശത്തിന്നുള്ളിൽ അതിർത്തി വിഭാഗങ്ങളേയും അതിരില്ലാത്തതിനുള്ളിൽ നാനാത്വങ്ങളേയും ഉണ്ടാക്കുന്നവയും, തേജസ്സിലൂടെ സൗന്ദര്യത്തെ നിർമിക്കുന്നവയുമായ പരമാണുക്കളുടെ സവിശേഷങ്ങളായ സങ്കലനങ്ങളെപ്പറ്റി അദ്ദേഹം പര്യാലോചിച്ചു. ഈ സങ്കലനങ്ങൾ ഇളവില്ലാതെ എപ്പോഴും ഉണ്ടാകുന്നു, നശിക്കുന്നു; അതുകൊണ്ടത്രേ ജനനവും മരണവും.

ഒരു പ്രായം ചെന്ന മുന്തിരിവള്ളിക്കെട്ടിന്മേൽ ചാരി അദ്ദേഹം ഒരു ബെഞ്ചിന്മേലിരുന്നു; തന്റെ ഫലവൃക്ഷങ്ങളെക്കൊണ്ടുണ്ടായ കൃശവാമനങ്ങളായ നിഴല്പടങ്ങളുടെ മുകളിലുള്ള നക്ഷത്രങ്ങളുടെ നേർക്ക് അദ്ദേഹം സൂക്ഷിച്ചു നോക്കി. അത്രമേൽ ദാരിദ്രം പിടിച്ച് കൃഷി ചെയ്യപ്പെട്ടതും എടുപ്പുകളെക്കൊണ്ടും ചെറുപുരകളെക്കൊണ്ടും ഞെരുങ്ങിയതുമായ ആ കാലേക്കർ സ്ഥലം അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു; അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം അതുകൊണ്ടു കഴിഞ്ഞു.

അത്രയും കുറച്ചു മാത്രം വിശ്രമസമയമുള്ള ഒരു ജീവകാലത്തിനുള്ളിൽ നിന്നു കൈയിൽ കിട്ടുന്ന വിശ്രമസമയത്തെ, പകൽ തോട്ടത്തിൽ കൃഷി ചെയ്യുന്നതിനും രാത്രി മനോരാജ്യം വിചാരിക്കുന്നതിനുമായി വിഭജിക്കുന്ന ഈ വയസ്സിന്നു, പിന്നെ ഇതിലധികം എന്തുവേണം? മേൽത്തട്ടിന്ന് ആകാശമുള്ള ഈ ചുരുങ്ങിയ വേലിക്കകം,അദ്ദേഹത്തെക്കൊണ്ട് ദിവ്യ ചേഷ്ടിതങ്ങളെ വിചാരിച്ച് ആരാധിപ്പിക്കുന്നതിന് ധാരാളം പര്യാപ്‌തമല്ലയോ? വാസ്‌തവത്തിൽ സകലത്തേയും ഇതു പരാമർശിക്കുന്നില്ലേ? ഇതിനു മീതേ എന്തൊന്നാണ് ആഗ്രഹിക്കാൻ കിടക്കുന്നത്? നടക്കുവാൻ ഒരു ചെറിയ തോട്ടം; മനോരാജ്യം വിചാരിക്കാൻ അത്രയും അപാരത. കാൽച്ചുവട്ടിൽ കൃഷി ചെയ്‌തുണ്ടാക്കി പറിച്ചെടുക്കാൻ വേണ്ടത്; തലയ്‌ക്കു മീതെ, പഠിക്കുന്നതിനും ചിന്തിക്കുന്നതിനും ആവശ്യമുള്ളത്. ചില പുഷ്‌പങ്ങൾ ഭൂമിയിൽ; എല്ലാ നക്ഷത്രങ്ങളും ആകാശത്തിൽ.

അദ്ദേഹത്തിന്റെ വിചാരം

ഒടുവിലത്തെ ഒരു വാക്ക്.

ഈ തരത്തിലുള്ള ഒരു വിവരണം, വിശേഷിച്ചും ഈ സമയത്ത്, ഇപ്പോൾ നടപ്പുള്ള ഒരു ഭാഷയിൽ പറകയാണെങ്കിൽ, ഡി.യിലെ മെത്രാന്ന് ഒരു മാതിരി ‘ബ്രഹ്മജ്ഞാനസംബന്ധി’യായ മുഖരേഖയെ കൊടുക്കുകയും, ഏകാന്തവാസം ചെയ്യുന്ന ചിലരിൽ ചിലപ്പോൾ അങ്കുരിച്ച് അവിടെനിന്നു തന്നെ ഇല വിരിഞ്ഞു വലുതായി മതത്തിന്റെ സ്ഥാനം കടന്നു കയ്യേറുന്നവയും ഈ കാലത്തുള്ള വിശേഷതകളിൽപ്പെട്ടവയുമായ ഓരോ മാനുഷിക തത്ത്വശാസ്‌ത്രങ്ങൾ ഉള്ളതിലൊന്ന് അദ്ദേഹത്തിനും ഉണ്ടായിരുന്നു എന്ന് — അദ്ദേഹത്തിന്റെ ഗുണത്തിന്നാവട്ടെ ദോഷത്തിന്നാവട്ടെ — ആളുകളിൽ ഒരു വിശ്വാസം ജനിപ്പിക്കുകയും ചെയ്യാവുന്നതുകൊണ്ട്, മോൺസിന്യേർ ബിയാങ് വെന്യുവുമായി നേരിട്ടു പരിചയമുള്ളവരിൽ ആരും തന്നെ അങ്ങനെയൊന്നു വിചാരിക്കുവാൻ അവകാശമുണ്ടെന്നു ലേശമെങ്കിലും സംശയിക്കുകയില്ലെന്നു ഞങ്ങൾ ഇവിടെ ഏറ്റുപറയട്ടെ. ഈ മനുഷ്യനെ ജ്ഞാനിയാക്കിത്തീർത്തത് അദ്ദേഹത്തിന്റെ ഹൃദയമാണ്. അവിടെ നിന്നു പുറപ്പെടുന്ന പ്രകാശം കൊണ്ടുണ്ടായതാണ് അദ്ദേഹത്തിന്റെ അറിവ്.

ഒരു ചട്ടവുമില്ല; പലേ പ്രവൃത്തികൾ. വിഷമങ്ങളായ അനുമാനങ്ങളിൽ തല ചുറ്റലുണ്ട്; ഇല്ല, അശരീരി വാക്കുകളിൽ അദ്ദേഹം മനസ്സിനെ അപകടപ്പെടുത്തിയിരുന്നു എന്നു കാണിപ്പാൻ തെളിവൊന്നുമില്ല. മന്ത്രദ്രഷ്‌ടാക്കൾ സാഹസികളാവാം; പക്‌ഷേ മെത്രാന്മാർ ഭീരുക്കളായിരിക്കണം. ഭയങ്കരങ്ങളായ മഹാമനസ്സുകൾക്കായി, പക്ഷേ, വിട്ടുകൊടുക്കപ്പെട്ട ചില വിഷമകാര്യങ്ങളെ മുൻകടന്നു മാറ്റുരച്ചു നോക്കുന്നതിൽ അദ്ദേഹത്തിന് ഒരു സങ്കോചം തോന്നിയിരിക്കം. വേദസിദ്ധാന്തത്തിന്റെ പൂമുഖങ്ങൾക്കു ചുവട്ടിൽ ഒരു ദിവ്യമായ ഭയങ്കരത്ത്വമുണ്ട്; ആ ഇരുളടഞ്ഞ പുറം പഴുതുകൾ അവിടെ വായും പിളർന്നു നില്‌ക്കുന്നു, പക്ഷേ, എന്തോ ഒന്നു നിങ്ങളോടു, ജീവിതത്തിലെ ഒരു വഴിപോക്കനായ നിങ്ങളോട്, അകത്തേക്കു കടക്കരുതെന്നു പറഞ്ഞു തരുന്നു. അതിലേക്കു പതുങ്ങിക്കടക്കുന്നവനാരോ, അവന്നാപത്താണ്!

കേവലത്ത്വത്തിന്റെയും ശുദ്ധമേ അനുമാനത്തിന്റേയും ഗഹനങ്ങളായ അഗാധതകൾക്കുള്ളിൽ, എല്ലാ പ്രമാണങ്ങൾക്കും മീതെ എന്നു പറയട്ടെ, നിവസിക്കുന്ന അതിബുദ്ധിമാർ തങ്ങളുടെ ആലോചനകളെ ഈശ്വരനോടു പ്രസ്‌താവിക്കുന്നു. അവരുടെ ആരാധന ചോദ്യം ചോദിക്കുന്നു. ഇതാണ് ശരിയായ മതം; കുത്തനെയുള്ള അതിന്റെ പാറയിടുക്കളിൽ കാലെടുത്തു കുത്തുന്ന മനുഷ്യൻ ഉത്‌കണ്ഠകളിലും ഉത്തരവാദിത്വങ്ങളിലും മുങ്ങിപ്പോകുന്നു.

മനുഷ്യന്റെ ആലോചനയ്ക്ക് അതിരില്ല. എന്താപത്തും, എന്തപകടവും വന്നാൽ വരട്ടെ എന്നുവച്ച് അത് അതിന്റെ അമ്പരപ്പിനെത്തന്നെ സൂക്ഷിച്ച് പരീക്ഷിക്കുകയും, അതിലേക്കു തന്നെ കുഴിച്ചു കുഴിച്ചിറങ്ങുകയും ചെയ്യുന്നു. മഹത്തരമായ ഒരു മാതിരി പ്രതിചലനം കൊണ്ടെന്നു പറയട്ടെ, അത് തന്നോടു കൂടി പ്രകൃതിയെ സംഭ്രമിപ്പിക്കുന്നു; നമ്മെ ചുറ്റി നിൽക്കുന്ന അത്ഭുതകരമായ ലോകം തനിക്ക് കിട്ടിയിട്ടുള്ളതിനെ തിരിച്ചു കൊടുക്കുന്നു; ആലോചിക്കുന്നവതന്നെ ആലോചിക്കപ്പെടുന്നു എന്നു വരാം. അതെങ്ങനെയെങ്കിലുമാവട്ടെ, മനോരാജ്യമാകുന്ന ചക്രവാളത്തിന്റെ വക്കത്ത് ബ്രഹ്മത്തിനുള്ള ഔന്നത്യത്തെ സ്പഷ്ടമായി കണ്ടെത്തുന്നവരും ആ അപാര പർവ്വതത്തിന്റെ ഭയങ്കര കാഴ്ച കാണുന്നവരുമായ മനുഷ്യർ — അവരെ മനുഷ്യരെന്ന് പറയാമോ? — ഭൂമിയിലുമുണ്ട്. മോൺസിന്യേർ വെൽക്കം അവരുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ല; മോൺസിന്യേർ വെൽക്കം ഒരതിബുദ്ധിമനല്ല. വളരെ വലിയ മഹാന്മാർ — സ്വീഡൻബർഗിനേയും[83] പാസ്കലിനേയും[84] പോലെയുള്ളവർ കൂടി — ചിത്തഭ്രമത്തിലേക്ക് വഴുതി വീണിട്ടുള്ള ആ അത്യുന്നത പ്രദേശങ്ങളെപ്പറ്റി അദ്ദേഹം പേടിച്ചിരിക്കും. നിശ്ചയമായും, ഇങ്ങനെയുള്ള ശക്തിമത്തുക്കളായ മനോരാജ്യങ്ങൾ മൂലം മനസ്സിന് ഗുണമുണ്ടാവാനിടയുണ്ട്; ഈ ദുർഘടം പിടിച്ച വഴികളിലൂടെ ഒരുവൻ ഉത്തമമായ പുരുഷാർത്ഥത്തെ പ്രപിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ആണെങ്കിൽ, അദ്ദേഹം എളുപ്പവഴി പിടിച്ചു — വേദോക്തം.

തന്റെ മതാചാര്യക്കുപ്പായത്തിന്മേൽ എലിജയുടെ[85] ഉടുപ്പിനുള്ള ഞെറി തുന്നിപ്പിടിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല; ലൗകിക സംഭവങ്ങളുടെ അന്ധകാരമയമായ തിരമാലയ്ക്ക് മീതെ ഭാവിയെ സംബന്ധിച്ച യാതൊരു പ്രകശരശ്മിയും അദ്ദേഹം പുറപ്പെടുവിച്ചിട്ടില്ല; ഓരോന്നിനുമുള്ള വെളിച്ചത്തെ നാളത്തിനുള്ളിൽ അടക്കി നിർത്തുവാൻ അദ്ദേഹം ശ്രമിച്ചില്ല. സിദ്ധനോ മാന്ത്രികനോ ആവാനുള്ള യാതൊന്നും അദ്ദേഹത്തിലില്ലായിരുന്നു. ഈ സാധുജീവൻ സ്നേഹിച്ചു വന്നു; അത്ര മാത്രം.

അമാനുഷമായ ഒരാഗ്രഹത്തിലോളം അദ്ദേഹം ഈശ്വര വന്ദനത്തെ നീട്ടിക്കൊണ്ടു പോയി എന്നു വരാവുന്നതാണ്; എന്നാൽ, സ്നേഹിച്ചതിലധികമായി എന്നു വരാമെങ്കിലല്ലാതെ, വന്ദിച്ചതേറെപ്പോയി എന്നു വരാൻ വയ്യാ; എന്നല്ല മതഗ്രന്ഥങ്ങളിൽ പറയുന്നതിലുമധികം വന്ദിച്ചു പോകുന്നത് മതവിരുദ്ധമാണെങ്കിൽ സെയ്‌ന്റ് തെറീസ്സയും[86] സെയ്‌ന്റ് ജെറോമും[87] മതഭ്രഷ്ടരാവും.

ഉള്ളിൽത്തട്ടി കരയുന്ന സകലത്തിലും പ്രായശ്ചിത്തം ചെയ്യുന്നതായ സർവ്വത്തിലും അദ്ദേഹത്തിന്റെ മനസ്സു ചെന്നു. പ്രപഞ്ചം ഒരു വല്ലാത്ത രോഗിയായി അദ്ദേഹത്തിന് തോന്നി; എവിടെ തൊടുമ്പോഴും പനിയുണ്ട്; എവിടെ നിന്നും സങ്കടം കൊണ്ടുള്ള ഞെരുക്കം കേൾക്കായി; അതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചു നോക്കാൻ നില്‌ക്കാതെ, അദ്ദേഹം മുറികെട്ടുവാൻ യത്‌നിച്ചു. ഈശ്വരസൃഷ്ടികളുടെ വ്യാകുലസ്ഥിതി കണ്ട് അദ്ദേഹത്തിനു ദയ തോന്നി; അനുകമ്പ തോന്നിക്കുന്നതിനും ആശ്വാസമുണ്ടക്കുന്നതിനും ഏറ്റവും പറ്റിയ മാർഗ്ഗം എന്താണെന്നു നോക്കിക്കണുവാനും അന്യന്മാരെ കാണിക്കുവനും വേണ്ടി യത്‌നിക്കുകയാരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. ഈ സുശീലനും അസാമാന്യനുമായ മതാചാര്യന്ന് ജീവനുള്ള സകലവും ആശ്വാസത്തെ അന്വേഷിക്കുന്ന ഓരോ ദുഃഖഭാജനമായിരുന്നു.

മറ്റുള്ളവയിൽ നിന്നും സ്വർണ്ണത്തെ പിഴിഞ്ഞെടുക്കുവാൻ യത്‌നിക്കുന്നവരുണ്ട്; അദ്ദേഹം അനുകമ്പയെ പിഴിഞ്ഞെടുക്കുവാൻ വേണ്ടി അധ്വാനിച്ചു. സാർവജനീനമായ കഷ്‌ടപ്പാടായിരുന്നു അദ്ദേഹത്തിന്റെ സ്വർണ്ണഖനി. എവിടെയും മുൻപിട്ടു നില്‌ക്കുന്ന വ്യസനം ഒരിക്കലും കുറയാത്ത ദയയ്‌ക്കുള്ള ഒരു ഞായം മാത്രമായിരുന്നു. അന്യോന്യം സ്‌നേഹിക്കുക; ഈ വാക്യത്തിൽ സകലതും ഒതുങ്ങുന്നതായി അദ്ദേഹം പറഞ്ഞു; ഇതിലധികമൊന്നും അദ്ദേഹത്തിനാവശ്യമില്ല; അദ്ദേഹത്തിന്റെ ധർമ്മശാസ്ത്രം മുഴുവനും ഇതിലന്തർഭവിച്ചു. ഒരു ദിവസം, താൻ ഒരു ‘തത്ത്വജ്ഞാനി’യാണെന്നു വിശ്വസിച്ചിരുന്ന അയാൾ, ഞങ്ങൾ മുൻപു സൂചിപ്പിച്ചിട്ടുള്ള ആ സെനറ്റർ, മെത്രാനോടു പറഞ്ഞു: ‘ഈ ലോകത്തിൽ നടക്കുന്നതെല്ലാം ഒന്ന് പരീക്ഷണം ചെയ്‌തു നോക്കൂ; സകലവും മറ്റു സകലത്തോടും യുദ്ധം ചെയ്യുന്നു; ഏറ്റവുമധികം ശക്‌തിയുള്ളതിന് ഏറ്റവുമധികം സാമർഥ്യമുണ്ട്; നിങ്ങളുടെ അന്യോന്യം സ്‌നേഹിക്കുക കഥയില്ലായ്‌മയാണ്.’

‘ശരി,’ തർക്കിക്കാൻ നില്‌ക്കാതെ മോൺസിന്യേർ വെൽക്കം മറുപടി പറഞ്ഞു: ‘അതു കഥയില്ലായ്‌മ ആണെങ്കിൽ, മുത്തുച്ചിപ്പിയിൽ മുത്തു പോലെ, ആത്‌മാവിനെ ആ കഥയില്ലായ്‌മയ്‌ക്കുള്ളിൽ സ്വയം അടച്ചിടണം.’ അങ്ങനെ അദ്ദേഹം അതിൽ അവനെ അടച്ചിട്ടു; അദ്ദേഹം അതിൽ പാർപ്പാക്കി; അദ്ദേഹം അതുകൊണ്ടു തികച്ചും തൃപ്‌തിപ്പെട്ടു. ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ആ കേവലത്ത്വത്തിന്റെ ആഴമറിയാത്ത ദൂരക്കഴ്ചകൾ — മന്ത്രദ്രഷ്ടാക്കളുടെ കണ്ണിന് ഈശ്വരനിലും നിരീശ്വരന്മാരുടെ നോട്ടത്തിൽ ശൂന്യതയിലും ചെന്ന് അടിഞ്ഞു കൂടുന്ന എല്ലാ അഗാധതകളും; നല്ലതും ചീത്തയുമായ ഈശ്വരവിധി; ഒരു സത്ത്വവും മറ്റൊരു സത്ത്വവുമായുള്ള യുദ്ധം; മനുഷ്യന്റെ മനസ്സാക്‌ഷി; ജന്തുക്കളുടെ ബുദ്ധിപൂർവ്വമായ സ്വപ്‌നാടനം; മരത്തണലിലെ പ്രകൃതി വികാരം; ശവക്കുഴിയിൽ കിടക്കുന്ന ജീവിതങ്ങളുടെ പുനരാവർത്തനം; സത്തയായി, സകലത്തിന്റേയും ഏകരൂപമായി, എന്തും ചെന്നു ചേരുന്നതായി, സർവത്തിന്റേയും ഏകരൂപമായി, ആത്മാവായി, പ്രകൃതിയായി, സ്വാതന്ത്ര്യമായി, അദൃഷ്‌ടമായി ആ എന്നെ എന്നും നശിക്കാതെ ശഠിച്ചു നിൽക്കുന്ന ഞാനിൽ തുടരെത്തുടരെയുള്ള സ്‌നേഹ വിശേഷങ്ങളെ അജ്ഞേയമായ വിധം വെച്ചുപിടിപ്പിക്കൽ; മനുഷ്യമനസ്സിനെ സംബന്ധിച്ചവയും മഹാമഹിമാക്കളായ സംശയങ്ങൾ — അതേ, അപകടം പിടിച്ച് അസ്‌പഷ്‌ടതകം; ലൂക്രീഷിയസ്സ്[88] മനു, സെയ്‌ന്റ് പോൾ, ദാന്തെ എന്നിവർ നിശ്ചല നോട്ടത്തിൽ അപാരതയിലെങ്ങും നക്ഷത്രങ്ങളെ ഉദിപ്പിക്കുകയും അടിക്കടി മിന്നൽപ്പിണരുകളെ പുറപ്പെടുവിക്കുന്നതുമായ കണ്ണുകളാൽ നോക്കിക്കണ്ടിട്ടുള്ള ഭയങ്കരങ്ങളായ അന്ധകാരകുണ്ഡങ്ങൾ — ഇവയെല്ലാം അദ്ദേഹം ഒരു ഭാഗത്തേക്കു നീക്കി വയ്ക്കയാണ് ചെയ്‌തത്.

മോൺസിന്യൃ ബിയാങ് വെന്യു വാസ്‌തവത്തിൽ ഗൂഢങ്ങളായ സംഗതികളെ സൂക്ഷിച്ചു നോക്കാൻ നില്‌ക്കാതെ, അവയെക്കൊണ്ടു തന്റെ മനസ്സിനെ ബുദ്ധിമുട്ടിക്കാതെ, അവയുടെ ബഹിർഭാഗത്തു മാത്രം ബുദ്ധിയിരുത്തുന്നവനും, അന്ധകാരത്തെക്കുറിച്ചു സഗൗരവമായ ഒരു ബഹുമാനത്തെ ഹൃദയാന്തർഭാഗത്തു വെച്ചു വളർത്തുന്നവനായിരുന്നു.


കുറിപ്പുകൾ

  1. ഈ വാക്ക് ഫ്രഞ്ചുഭാഷയിൽ, ഇംഗ്ലീഷിൽ ‘മിസ്റ്റർ’ എന്നതിന്നു ശരിയാണ്.
  2. ഇത്, ഫ്രാൻസിലെ ഭരണപരിവർത്തനം, യൂറോപ്പുരാജ്യചരിത്രത്തിൽ എത്രയും പ്രാധാന്യമേറിയ ഒരു സംഭവമാണ്. നാട്ടുകാർ രാജാവോടെതിർത്ത് അദ്ദേഹത്തെ കൊലപ്പെടുത്തുകകൂടി ചെയ്തു. ലോകപ്രസിദ്ധനായ നെപ്പോളിയൻ ചക്രവർത്തിയുടെ പേർ പുറത്തേക്കു വന്നത് ഈ ഘട്ടത്തിലാണ്. ഈ പുസ്തകത്തിന്റെ പല ഭാഗത്തും ഇതിനെപ്പറ്റി പറഞ്ഞുകാണാം.
  3. രാജാവിനെ കൊലപ്പെടുത്തിയത് ഈ കാലത്താണ്.
  4. ഇദ്ദേഹം നെപ്പോളിയന്റെ അമ്മയുടെ അർദ്ധസഹോദരനാണ്. താൻ ചക്രവർത്തിയുടെ കീഴിൽ പല വലിയ ഉദ്യോഗങ്ങളും ഭരിച്ചിട്ടുണ്ട്. ഒടുവിൽ കക്ഷി മാറി, ഫ്രാൻസിൽ നിന്നൊളിച്ചു പോയി; റോമിൽ താമസമാക്കി, അവിടെ കിടന്നു മരിച്ചു.
  5. ഇതിന്ന് ഇംഗ്ലീഷിൽ യോജിക്കുന്ന വാക്ക് ‘മിസ്സ്’ എന്നാണ്.
  6. വന്ദ്യശ്രീ അല്ലെങ്കിൽ ദിവ്യശ്രീ എന്നു പറഞ്ഞാൽ, ഫ്രഞ്ചിലുള്ള ഈ വാക്കിന്റെ അർത്ഥം ഏതാണ്ടു വരും.
  7. കൗണ്ടിന്റെ ഭാര്യ കൗണ്ടസ്സ്, ഫ്രഞ്ചിൽ കോംതെസ്.
  8. രാജാവു കഴിഞ്ഞാൽ പദവി വലുപ്പം കൊണ്ടു ശ്രേഷ്ഠൻ ഡ്യൂക്കാണ്.
  9. നാലു പൈ വിലയ്‌ക്കുള്ള ഒരു ഫ്രഞ്ചു ചെമ്പു നാണ്യം.
  10. ഡ്യൂക്കിനു നേരെ താഴെയുള്ള പ്രഭുവിനെ മാർക്ക്വിസ്സ്, ഫ്രഞ്ചിൽ മാർക്കി, എന്നു പറയുന്നു.
  11. ഇദ്ദേഹം ഫ്രാൻസിലെ പ്രസിദ്ധനായ ഒരു എഴുത്തുകാരനും തത്ത്വജ്ഞാനിയുമാണ്. രാജ്യഭരണ പരിവർത്തനത്തിൽ ഇദ്ദേഹം രാജകക്ഷിയിലായിരുന്നു. ആ കക്ഷിക്കാർക്കനുകൂലമായി പല പുസ്തകവും എഴുതിയിട്ടുണ്ട്.
  12. ഇദ്ദേഹം സുപ്രസിദ്ധനായ ഒരു യഹൂദഗ്രന്ഥകാരനാണ്.
  13. ഇദ്ദേഹം ആരായിരുന്നു എന്ന് ഇനിയും തീർച്ചപ്പെട്ടിട്ടില്ല. ചിലരുടെ അഭിപ്രായത്തിൽ ഗ്രീക്കുഭാഷക്കാരായ യഹൂദന്മാരുടെ ഉപയോഗത്തിന് ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുള്ളയാൾ ഇദ്ദേഹമത്രേ.
  14. ഈ ഗ്രന്ഥപരമ്പരയിൽ രണ്ടെണ്ണത്തിനേ പ്രാധാന്യമുള്ളൂ. എല്ലാം ചരിത്ര സംബന്ധികളാണ്. ആദ്യം ഹീബ്രുവിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഗ്രീക്കു ഭാഷയിലുള്ള തർജ്ജമേ ഉള്ളൂ; ഗ്രന്ഥകർത്താവ് ഒരു യഹൂദനാണത്രേ.
  15. ഏഷ്യാമൈനറിൽ എഫിസസ്സിലെ ക്രിസ്‌ത്യാനികൾക്കു സെയിന്റെ പോൾ എഴുതിയതായി വിചാരിക്കപ്പെടുന്ന ഒരു കത്ത്
  16. ഇദ്ദേഹം ഒരു ദിവ്യ പുരുഷനെന്നു കരുതപ്പെടുന്നു. ക്രിസ്ത്വബ്‌ദത്തിനു അറുനൂറുകൊല്ലത്തിലധികം മുമ്പാണ് ജനനം.
  17. ബൈബിളിൽ ഒരു ഭാഗം എദ്ദേഹം എഴുതിയിട്ടുള്ളതാണ്.
  18. ക്രിസ്ത്യൻ വേദപുസ്‌തകത്തിന്റെ കാലത്തുള്ള പുരാനകഥകളുടെ സംക്ഷേപം.
  19. അതെൻസിലെ ഒരു ഋഷിയും സ്‌മൃതികാരനും.
  20. ഫ്രാൻസിലെ പ്രസിദ്ധികേട്ട ഒരു സസ്യശാസ്‌ത്രജ്ഞൻ. പതിനേഴാം‌ നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ചിരുന്ന ഇദ്ദേഹം അതേവരെയുണ്ടായിരുന്ന എല്ലാ സിദ്ധാന്തങ്ങളേയും കവച്ചുവച്ചു. ഇദ്ദേഹം ചെടികളെ വർഗ്ഗം തിരിച്ചു കൊഴിച്ചിടണമെന്നു വാദിച്ചു.
  21. ഫ്രാൻസിലെ ഒരു പ്രസ്ഥാനത്തിൽപ്പെട്ട സസ്യശാസ്ത്രജ്ഞന്മാരുടെ മുഴുവനും പേര്. ഇവർ ചെടികൾ നടുന്നതു പ്രകൃത്യാ ഉള്ള ഒരു സവിശേഷ നിയമമനുസരിച്ചു കൂട്ടിച്ചേർത്തുവേണമെന്നു കണ്ടുപിടിച്ചു.
  22. ഇദ്ദേഹം സ്വീഡൻകാരനാണ്. സസ്യശാസ്ത്രജ്ഞന്മാരിൽ ഇദ്ദേഹം ഇന്നും ആദരണീയൻ തന്നെ. ചെടികൾ ഇന്നയിന്നവിധം തരംതിരിച്ചു നടണമെന്നു സിദ്ധാന്തിച്ചു.
  23. ഇദ്ദേഹം എപ്പിക്യൂറിയൻ മതം എന്നു പറയപ്പെടുന്ന മതവിശേഷത്തിന്റെ പ്രതിഷ്ഠാപകനായ ഒരു ഗ്രീക്ക് തത്വജ്ഞാനിയാണ്. സുഖമാണ് പരമമായ പുരുഷാർത്ഥമെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ക്രിസ്തുവിന് ഏകദേശം മുന്നൂറു കൊല്ലം മുൻപ് ജീവിച്ചിരുന്ന ആളാണ്.
  24. ഒരു ഫ്രഞ്ച് നോവലെഴുത്തുകാരനും നാടകകർത്താവും.
  25. ഫ്രാൻസിലെ ഒരെഴുത്തുകാരനും ചരിത്രകാരനും.
  26. ഏതാണ്ട് നിരീശ്വരമതമായ പൈറോണിയൻ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകനായ ഗ്രീക്ക് തത്വജ്ഞാനി.
  27. ഇദ്ദേഹം പ്രസിദ്ധനായ ഒരിംഗ്ലീഷ് തത്വജ്ഞാനിയാണ്. ഇദ്ദേഹത്തിന് നിരീശ്വരമതത്തിലേക്കു തന്നെ ചാച്ചിൽ.
  28. ഇദ്ദേഹം ഫ്രഞ്ച് നിരീശ്വരമതക്കാരിൽ പ്രധാനനാണ്. ‘തത്ത്വശാസ്ത്രത്തിലേക്ക് ആദ്യത്തെ കാൽ‌വയ്പ് അവിശ്വാസമാകുന്നു’ — ഈ മഹാന്റേതായ ഈ അനശ്വരവാക്യത്തിൽ സ്വാഭിപ്രായം മുഴുവനും അടങ്ങിയിട്ടുണ്ട്.
  29. ഈ ഫ്രഞ്ചു തത്വജ്ഞാനി സുപ്രസിദ്ധനാണ്. ഇദ്ദേഹം മതാചാരങ്ങളിൽ അവിശ്വാസിയും, കവിയും നാടകകർത്താവും ചരിത്രകാരനുമാകുന്നു.
  30. ഇദ്ദേഹം ഇംഗ്ലണ്ടിൽ ജനിച്ച ഒരു മതാചാര്യനാണ്. തേനീച്ചകളേയും ഉറുമ്പുകളേയും മറ്റും പറ്റി ഒരു ശാസ്ത്രീയഗ്രന്ഥം എഴുതിയിട്ടുണ്ട്. പല പുതുമയുള്ള സിദ്ധാന്തങ്ങളും അതിൽ കാണാം.
  31. ഇത്തരം മത്സ്യങ്ങൾക്ക് അത്ഭുതകരമായ ഒരു സവിശേഷശക്തിയുണ്ട്. അവയുടെ മേൽ തൊട്ടാൽ ഒരു വിദ്യുത്ച്ഛക്‌തി ചലനമുണ്ടാക്കുന്നു. അത് ആളുകളെ, പക്ഷേ, കൊല്ലുക കൂടി ചെയ്‌തേക്കും. എല്ലാ ആരൽ മത്സ്യങ്ങൾക്കും അതില്ല; ഒരു വർഗ്ഗം അങ്ങനെയുണ്ട്.
  32. ഈശ്വരൻ ‘വെളിച്ചമുണ്ടാവട്ടെ’ എന്നു കൽപിച്ചു. അപ്പോൾ വെളിച്ചമുണ്ടായി. ക്രിസ്‌ത്യൻ വേദപുസ്‌തകത്തിലെ ഒരു വാക്യം.
  33. ലാറ്റിൻ ഭാഷയിലുള്ള മതഗ്രന്ഥകാരന്മാരിൽ ആദ്യത്തെ ആൾ: അറിവിനേയും ബുദ്ധിശക്തിയേയും സംബന്ധിച്ചിടത്തോളം ലാറ്റിൻ മതാചാര്യന്മാരിൽ ഒന്നാമനല്ലെങ്കിൽ ഒന്നാമന്മാരിൽ ഒരാൾ.
  34. അസ്സീറിയയിലെ ഒടുവിലത്തെ ‘ശക്തൻ’ രാജാവ്.
  35. ഫ്രാൻസിലെ ഒരു ദിവ്യപുരുഷൻ. ഇദ്ദേഹം ഫ്രാൻസിൽ പല നഗരങ്ങളിലും ധർമ്മസ്ഥാപനങ്ങൾ ഏർപ്പെടുത്തി.
  36. ഇദ്ദേഹം റോമിലെ ഒരു പ്രസിദ്ധ ഭരണ ശാസ്ത്രജ്ഞനായിരുന്നു.
  37. ഇദ്ദേഹം ഒരു യഹൂദനാണ്. പള്ളിക്കും പള്ളിനിയമത്തിനും വിരുദ്ധമായി പ്രസംഗിച്ചു എന്ന കുറ്റത്തിന്മേൽ പിടിക്കപ്പെട്ടു. സ്വവിശ്വാസത്തെ ഭംഗിയിൽ പ്രസംഗിച്ചുവെങ്കിലും ഇദ്ദേഹത്തെ ശുണ്ഠിയെടുത്ത പൊതുജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു കളഞ്ഞു.
  38. ചരിത്രപ്രസിദ്ധമായ ഈ മഹതി ചെറുപ്പം മുതൽക്കേ മതത്തിൽ വലിയ വിശ്വാസമുള്ളവളായിരുന്നു. ഓർലീൻസായ തന്റെ രാജ്യത്തെ രക്ഷിക്കുവാൻ വേണ്ടി ഈശ്വരൻ അയച്ചവളാണ് താൻ എന്ന ദൃഢബോധം ഇവൾക്കുണ്ടായി. ഇവൾ ഇംഗ്ലീഷുകാരെ ഓടിച്ചു ഫ്രാൻസിലെ അന്നത്തെ രാജാവായ ചാറൽസ് ആറാമനെ റീസിൽ പട്ടാഭിഷേകം ചെയ്യിച്ചു. ഒടുവിൽ ശത്രുക്കൾ ഇവളെ പിടിച്ച് ഇംഗ്ലീഷുകാർ വശം കൊടുത്തുകളഞ്ഞു. അവർ മതദ്രോഹി എന്ന നിലയിൽ ഇവളെ ജീവനോടെ കെട്ടി തീയിലിട്ടു.
  39. കൗണ്ടിനു താഴെ വൈക്കൗണ്ട്; വൈക്കൗണ്ടിന്റെ ഭാര്യ വൈക്കൗണ്ടസ്സ്: ഫ്രഞ്ചിൽ വിക്കോംതെസ്.
  40. റോംകാരുടെയിടയിൽ ജ്ഞാനത്തിന്റെ അധിഷ്ഠാനദേവത.
  41. ഹോമറുടെ ഓഡിസ്സി എന്ന ഗ്രന്ഥത്തിലെ ഒരു കഥാപാത്രം.
  42. പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ഉദ്യോഗപ്പേര്.
  43. പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ഉദ്യോഗപ്പേര്.
  44. ഭരണ പരിവർത്തനകാലത്ത് അധികാരം നടത്തിയ സംഘം.
  45. നെപ്പോളിയനെ എൽബയിലേക്കു നാടുകടത്തി പാരീസ്സിലെ ഒന്നാമത്തെ ഉടമ്പടിപ്പത്രം ഒപ്പിട്ടത് ഈ കൊല്ലത്തിലാണ്.
  46. ശിരഛേദം ചെയ്യപ്പെട്ട രാജാവിന്റെ മകൻ. അഛന്റെ മരണാനന്തരം മകൻ തടവിലായി. ഇദ്ദേഹം തടവിൽ ക്കിടന്നു. പല ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ അവിടെക്കിടന്നു തന്നെ മരിച്ചു.
  47. ഫ്രാൻസിലെ പ്രസിദ്ധികേട്ട ഒരു തട്ടിപ്പറിക്കാരൻ.
  48. ക്രിസ്‌ത്യൻ വേദപുസ്‌തകത്തിൽ ക്രിസ്‌തുവിനോടൊപ്പം കുരിശേറ്റപ്പെട്ടതായി പറയപ്പെടുന്ന ഒരു തട്ടിപ്പുകാരൻ.
  49. ക്രിസ്‌തുവിന്റെ കാലത്തുണ്ടായിരുന്ന യഹൂദരാജാവ്.
  50. ഭരണപരിവർത്തനകാലത്തു പൊതുജന നേതൃത്വം വഹിച്ചിരുന്നവരിൽ പ്രധാനൻ.
  51. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  52. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  53. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  54. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  55. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  56. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  57. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  58. ഭരണപരിവർത്തന കാലത്തുണ്ടായിരുന്ന പ്രധാനവ്യക്‌തികൾ.
  59. ഒരു ഫ്രഞ്ചു പടനായകൻ.
  60. പതിനാലാമൻ ലൂയിയുടെ കീഴിൽ യുദ്ധമന്ത്രി. യുദ്ധമന്ത്രിമാരുടെ ഇടയിൽ ഇദ്ദേഹം വളരെ മാന്യനത്രേ.
  61. പതിനാറാമൻ ലൂയിയുടെ ഭാര്യ. നാട്ടുകാർക്കു വലിയ അതൃപ്‌തി തോന്നിച്ച ഈ രജ്ഞിയേയും ആളുകൾ 1793-ൽ ശിരച്ഛേദം ചെയ്തു കളഞ്ഞു.
  62. ഫ്രാൻസിലുണ്ടായിരുന്ന പണ്ടത്തെ ഒരു രാജവംശക്കാർ.
  63. ക്ലെയർ എന്ന ക്രിസ്തുമത സന്ന്യാസിയാൽ സ്ഥാപിക്കപ്പെട്ട ഒരു സംഘവിശേഷം.
  64. ഭരണപരിവർത്തകന്മാർ ചുകന്ന തൊപ്പി ധരിച്ചിരുന്നു.
  65. ആദ്യമായി നെപ്പോളിയന്റെ സൈന്യം പരാജയപ്പെട്ടുപോയത് ഈ 1813 ഒക്ടോബർ 16–18 തീയതികളിലാണ്.
  66. റഷ്യനാക്രമണത്തിൽ നിന്നു നെപ്പോളിയൻ ബുദ്ധി മടുത്തു മയങ്ങിയത് ഈ കൊല്ലത്തിലാണ്.
  67. നെപ്പോളിയൻ തികച്ചും പരാജിതനായിപ്പോയത് ഈ യുദ്ധത്തിൽ വെച്ചാണ്.
  68. ഈ യുദ്ധത്തിൽ വെച്ചാണ് നെപ്പോളിയൻ റഷ്യക്കാരെയും ആസ്‌ത്രിയക്കാരേയും തികച്ചും തോല്‌പിച്ചു വിട്ടത്.
  69. ശിരച്ഛേദം ചെയ്യപ്പെട്ട പതിനാറാമൻ ലൂയിയുടെ അനുജൻ. ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയം പ്രാപിച്ചു. നെപ്പോളിയൻ സ്ഥാനഭ്രഷ്ടാനായപ്പോൽ ഇദ്ദേഹം രാജാവായി.
  70. പോപ്പിന്റെ കിരീടം മൂന്നു മുടിയോടുകൂടിയതാണ്.
  71. റോമിലെ പരിഹാസകവിതക്കാരിൽ ഒരു പ്രമുഖൻ.
  72. പ്രസിദ്ധനായ ഒരു റോമൻ ചരിത്രകാരൻ.
  73. ഗ്രീക്കുകാരുടെ പുരാണകഥാപാത്രം, സൗന്ദര്യം കൊണ്ട് പ്രസിദ്ധനായ ഒരു യുവാവ്. അനവധി ദേവ സ്ത്രീകളുടെ വിവാഹപ്രാർത്ഥന ഇദ്ദേഹം ഉപേക്ഷിച്ചു. ഒടുവിൽ ദേവന്മാരാാൽ ശപിക്കപ്പെട്ട ഈ സുന്ദരൻ തന്നെത്തന്നെ ഭ്രമിച്ചുവശായി. ഒരു കുളത്തിന്റെ വക്കത്തു ചെന്ന് അതിലുള്ള തന്റെ പ്രതിബിംബം നോക്കിക്കണ്ട്, അതിനെ ഭ്രമിച്ചുകൊണ്ട് നിന്ന് അങ്ങനെ ക്ഷീണിച്ചു മരിച്ചു.
  74. യഹൂദന്മാരുടെ മനു.
  75. പ്രസിദ്ധനായ ഒരു ഗ്രീക്കു കവി.
  76. ഫ്രാൻസിലെ നാടകകർത്താക്കന്മാരിൽ ഒരു പ്രമുഖൻ.
  77. അദ്ദേഹത്തിന്റെ ഒരു പ്രധാന കൃതി.
  78. നെപ്പോളിയൻ 1806-ൽ ഏർപ്പെടുത്തിയ മധ്യസ്ഥസംഘത്തിലെ ഓരോ അംഗത്തെ ഈ പേർ വിളിക്കുന്നു.
  79. ഫ്രാൻസിൽ ഉണ്ടായിരുന്ന ഒരു പുതിയ കൂറ്റുകാരൻ മതാചാര്യൻ.
  80. സുപ്രസിദ്ധനായ ഒരു റോമൻ കത്തോലിക്കൻ ഋഷി.
  81. സുപ്രസിദ്ധനായ ഒരു റോമൻ തത്ത്വജ്ഞാനി.
  82. 1846-ൽ മരിച്ചുപോയ പോപ്പ്.
  83. യൂറോപ്പിലെ തത്വജ്ഞാനികളിൽ വച്ച് പ്രമുഖനായ സ്വീഡൻകാരൻ പണ്ഡിതൻ.
  84. ഫ്രാൻസിലെ ഒരു വലിയ ഗണിതശാസ്ത്രജ്ഞനും ഭക്തിപരങ്ങളായ പല ഗ്രന്ഥങ്ങളുടേയും നിർമ്മാതാവും.
  85. യഹൂദന്മാരുടെ ഋഷിസംഘത്തിൽ അദ്വിതീയൻ. ഇദ്ദേഹം സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ തന്റെ മേലുടുപ്പ് പ്രധാനശിഷ്യന്ന് കീഴ്‌പ്പോട്ടിട്ട് കൊടുത്തു. ആ ശിഷ്യൻ അതോടു കൂടി ഋഷിയായി. ‘മേലുടുപ്പ് വീണുകിട്ടുക’ എന്നു വച്ചാൽ തൽസ്ഥാനത്താവുക എന്നർത്ഥമുള്ള ചൊല്ല് ഇതിൽനിന്നുണ്ടായി.
  86. സ്പെയിൻ രാജ്യത്തിലുണ്ടായിരുന്ന ഒരു പ്രസിദ്ധയായ കന്യകാമഠസ്ത്രീ. ഈ വന്ദ്യ അക്കാലത്തെ കന്യകാ മഠങ്ങളിലുണ്ടായിരുന്ന തപോനിഷ്ഠകൾക്ക് മുറുക്കം പോരെന്നു വച്ച് പുതുതായി ഒരു മഠം സ്ഥാപിച്ചു. അതിലെ അംഗങ്ങളുടെ ദിവസവൃത്തി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.
  87. ഇദ്ദേഹം വലിയ മതഭക്തനായിരുന്നു. ഇദ്ദേഹം ലാറ്റിൻ ഭാഷയിൽ തർജ്ജമ ചെയ്തിട്ടുള്ള വേദപുസ്തകങ്ങളാണ് ഇന്നും റോമൻ പള്ളികൾ ഉപയോഗപ്പെടുത്തുന്നത്.
  88. ഒരു റോമൻ മഹാകവി.