Difference between revisions of "ലീലാതിലകം"
(Created page with " =ലീലാതിലകം= {{center|ക്രി.പി. പതിന്നാലാംശതകം}} ==പ്രസിദ്ധീകരണം== മുപ്പത്...") |
(→ഗ്രന്ഥത്തിന്റെ സ്വരൂപം) |
||
Line 11: | Line 11: | ||
==ഗ്രന്ഥത്തിന്റെ സ്വരൂപം== | ==ഗ്രന്ഥത്തിന്റെ സ്വരൂപം== | ||
− | ലീലാതിലകം സംസ്കൃതത്തിലാണു് | + | ലീലാതിലകം സംസ്കൃതത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്; എന്നാല്‍ ഉദാഹരണങ്ങളെല്ലാം പ്രായേണ മണിപ്രവാളശ്ലോകങ്ങളും അപൂര്‍വ്വം ചിലവ പാട്ടുകളുമാകുന്നു. ഗ്രന്ഥകാരന്‍ യാതൊരു ഉദാഹരണവും സ്വതന്ത്രമായി എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നു തോന്നുനില്ല. സൂത്രരൂപമാണു് ഗ്രന്ഥം; ഓരോ സൂത്രത്തിനും ആവശ്യംപോലെ വിസ്തൃതമായ വൃത്തിയുണ്ടു്; ആ വൃത്തിയോടനുബന്ധിച്ചാണു് ഉദാഹരണങ്ങള്‍ ചേര്‍ത്തിട്ടുള്ളതു്. ഒന്നാം ശില്പത്തിലെ പ്രധാനവിഷയം മണിപ്രവാളത്തിന്റെ ലക്ഷണവും വിഭാഗവുമാണെങ്കിലും അതില്‍ മലയാളത്തിനും തമിഴിനും തമ്മിലുള്ള വ്യത്യാസംകൂടി വിവരിച്ചിട്ടുണ്ടു്. രണ്ടാംശില്പത്തില്‍ ഭാഷയുടെ നിരുക്തത്തേയും പ്രകൃതിപ്രത്യയങ്ങളേയുംപറ്റി പ്രസ്താവിക്കുന്നു. മൂന്നാംശില്പത്തിലെ പ്രമേയം സന്ധികാര്യമാണു്. മണിപ്രവാളസാഹിത്യത്തിലെ ദോഷങ്ങളെ നാലംശില്പത്തിലും ഗുണങ്ങളെ അഞ്ചാംശില്പത്തിലും ശബ്ദാലങ്കാരങ്ങളെ ആറാംശില്പത്തിലും അര്‍ത്ഥാലങ്കാരങ്ങളെ ഏഴാംശില്പത്തിലും രസങ്ങളെ എട്ടാംശില്പത്തിലും പ്രതിപാദിക്കുന്നു. മണിപ്രവാളത്തിനു ശരീരം, ദോഷങ്ങള്‍, ഗുണങ്ങള്‍, അലങ്കാരങ്ങള്‍ ഇവയെല്ലാമുണ്ടെന്നും ഭാഷാസംസ്കൃതസ്വരൂപമായ ശബ്ദം ശരീരവും ശൃങ്ഗാരാദിരസകലാപം ആത്മാവുമാണെന്നും ഗ്രന്ഥകാരന്‍ രണ്ടാംശില്പത്തിന്റെ ആരംഭത്തില്‍ നമ്മെ ധരിപ്പിക്കുന്നു. ആദ്യത്തെ മൂന്നു ശില്പങ്ങള്‍ ഭാഷയേയും ബാക്കിയുള്ള അഞ്ചുശില്പങ്ങള്‍ സാഹിത്യത്തേയും പരാമര്‍ശിക്കുന്നു എന്നു് ഇത്രയും പ്രസ്താവിച്ചതില്‍നിന്നു പ്രത്യക്ഷമാകുന്നുണ്ടല്ലോ. കര്‍ണ്ണാടകത്തിലും തെലുങ്കിലും ആദികാലത്തേ ലക്ഷണഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെയാണു് നിര്‍മ്മിതങ്ങളായിത്തീര്‍ന്നതു്. ഉദാഹരണങ്ങള്‍ മാത്രമേ അതാതു ദേശഭാഷകളില്‍ നിന്നു് ഉദ്ധൃതങ്ങളായി കാണുന്നുള്ളു. പ്രഹതമായ ആ പന്ഥാവിലൂടെ ലീലാതിലകകാരനും സഞ്ചരിച്ചു എന്നുവേണം പരിഗണിക്കുവാന്‍. |
==സൂത്രകാരനും വൃത്തികാരനും== | ==സൂത്രകാരനും വൃത്തികാരനും== |
Revision as of 07:03, 14 June 2013
Contents
ലീലാതിലകം
പ്രസിദ്ധീകരണം
മുപ്പത്തിരണ്ടു കൊല്ലങ്ങള്‍ക്കു മുമ്പുവരെ മലയാളഭാഷയ്ക്കു പ്രാചീനമായ ഒരു ലക്ഷണശാസ്ത്രഗ്രന്ഥമുണ്ടെന്നു് ആര്‍ക്കും അറിവില്ലായിരുന്നു.ആയിടയ്ക്കു ഭാഷയുടെ മൂലസ്വത്തുകളില്‍ പ്രഥമഗണനീമെന്നു സംശയം കൂടാതെ പറയാവുന്ന ലീലാതിലകം കോട്ടയ്ക്കല്‍ പി.വി. കൃഷ്ണവാരിയരുടെ ഗ്രന്ഥശാലയില്‍നിന്നു കണ്ടുകിട്ടുകയും അതിന്റെ ഒന്നാം ശില്പത്തിന്റെ തര്‍ജ്ജമ 1084-ആമാണ്ടു തൃശ്ശൂരില്‍നിന്നു പ്രചരിച്ചിരുന്ന മങ്ഗളോദയം മാസികാപുസ്തകത്തില്‍ പ്രസിദ്ധീകൃതമാകുകയും ചെയ്തു. ആകെ എട്ടു ശില്പങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതു്. അഭിജ്ഞോത്തമനായ ആറ്റൂര്‍ കൃഷ്ണപ്പിഷാരടി എല്ലാ ശില്പങ്ങളും ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്തു. 1092-ല്‍ മുഴുവന്‍ പുസ്തകവും മൂലത്തോടുകൂടി പ്രകാശനം ചെയ്തപ്പോള്‍ കൈരളീയബന്ധുക്കള്‍ക്കു് അതൊരു പരമാനുഗ്രഹമായി പരിണമിച്ചു.
ഗ്രന്ഥത്തിന്റെ സ്വരൂപം
ലീലാതിലകം സംസ്കൃതത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്; എന്നാല്‍ ഉദാഹരണങ്ങളെല്ലാം പ്രായേണ മണിപ്രവാളശ്ലോകങ്ങളും അപൂര്‍വ്വം ചിലവ പാട്ടുകളുമാകുന്നു. ഗ്രന്ഥകാരന്‍ യാതൊരു ഉദാഹരണവും സ്വതന്ത്രമായി എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നു തോന്നുനില്ല. സൂത്രരൂപമാണു് ഗ്രന്ഥം; ഓരോ സൂത്രത്തിനും ആവശ്യംപോലെ വിസ്തൃതമായ വൃത്തിയുണ്ടു്; ആ വൃത്തിയോടനുബന്ധിച്ചാണു് ഉദാഹരണങ്ങള്‍ ചേര്‍ത്തിട്ടുള്ളതു്. ഒന്നാം ശില്പത്തിലെ പ്രധാനവിഷയം മണിപ്രവാളത്തിന്റെ ലക്ഷണവും വിഭാഗവുമാണെങ്കിലും അതില്‍ മലയാളത്തിനും തമിഴിനും തമ്മിലുള്ള വ്യത്യാസംകൂടി വിവരിച്ചിട്ടുണ്ടു്. രണ്ടാംശില്പത്തില്‍ ഭാഷയുടെ നിരുക്തത്തേയും പ്രകൃതിപ്രത്യയങ്ങളേയുംപറ്റി പ്രസ്താവിക്കുന്നു. മൂന്നാംശില്പത്തിലെ പ്രമേയം സന്ധികാര്യമാണു്. മണിപ്രവാളസാഹിത്യത്തിലെ ദോഷങ്ങളെ നാലംശില്പത്തിലും ഗുണങ്ങളെ അഞ്ചാംശില്പത്തിലും ശബ്ദാലങ്കാരങ്ങളെ ആറാംശില്പത്തിലും അര്‍ത്ഥാലങ്കാരങ്ങളെ ഏഴാംശില്പത്തിലും രസങ്ങളെ എട്ടാംശില്പത്തിലും പ്രതിപാദിക്കുന്നു. മണിപ്രവാളത്തിനു ശരീരം, ദോഷങ്ങള്‍, ഗുണങ്ങള്‍, അലങ്കാരങ്ങള്‍ ഇവയെല്ലാമുണ്ടെന്നും ഭാഷാസംസ്കൃതസ്വരൂപമായ ശബ്ദം ശരീരവും ശൃങ്ഗാരാദിരസകലാപം ആത്മാവുമാണെന്നും ഗ്രന്ഥകാരന്‍ രണ്ടാംശില്പത്തിന്റെ ആരംഭത്തില്‍ നമ്മെ ധരിപ്പിക്കുന്നു. ആദ്യത്തെ മൂന്നു ശില്പങ്ങള്‍ ഭാഷയേയും ബാക്കിയുള്ള അഞ്ചുശില്പങ്ങള്‍ സാഹിത്യത്തേയും പരാമര്‍ശിക്കുന്നു എന്നു് ഇത്രയും പ്രസ്താവിച്ചതില്‍നിന്നു പ്രത്യക്ഷമാകുന്നുണ്ടല്ലോ. കര്‍ണ്ണാടകത്തിലും തെലുങ്കിലും ആദികാലത്തേ ലക്ഷണഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെയാണു് നിര്‍മ്മിതങ്ങളായിത്തീര്‍ന്നതു്. ഉദാഹരണങ്ങള്‍ മാത്രമേ അതാതു ദേശഭാഷകളില്‍ നിന്നു് ഉദ്ധൃതങ്ങളായി കാണുന്നുള്ളു. പ്രഹതമായ ആ പന്ഥാവിലൂടെ ലീലാതിലകകാരനും സഞ്ചരിച്ചു എന്നുവേണം പരിഗണിക്കുവാന്‍.
സൂത്രകാരനും വൃത്തികാരനും
സൂത്രകാരനും വൃത്തികാരനും രണ്ടുപേരാണെന്നു് അഭിപ്രായപ്പെടുന്നവരുണ്ടു്. ʻʻകാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പല വിചാരണകളും സ്വതന്ത്രമായി ചെയ്യുന്നു. സൂത്രങ്ങള്‍ സ്വയം പ്രണീതങ്ങളല്ല; പുരാതനങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ചിലേടത്തു ച ശബ്ദം ഉത്തരസൂത്രത്തില്‍നിന്നു് അനുകര്‍ഷിക്കണം എന്നും മറ്റും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാള്‍ നിര്‍മ്മിച്ചതാണെങ്കില്‍ ഈ റിമാര്‍ക്കുകള്‍ക്കു് ആവശ്യമില്ല.ˮ എന്നാണു് അവരില്‍ ഒരു പണ്ഡിതശ്രേഷ്ഠന്റെ പക്ഷം. ʻഅഥ പാട്ടപി ഭാഷാസംസ്കൃതയോഗോ ഭവതീത്യാശങ്കായാം സൂത്രംʼ എന്നു പറഞ്ഞിട്ടുള്ളതു് ആ പക്ഷത്തിനു സാധകമാണെന്നു മറ്റൊരു പണ്ഡിതന്‍ പറയുന്നു. ഞാന്‍ ലീലാതിലകം പലവുരു വായിച്ചതില്‍ സൂത്രകാരനും വൃത്തികാരനും രണ്ടാളായിരിക്കുവാന്‍ തരമില്ലെന്നാണു എനിക്കു തോന്നീട്ടുള്ളതു്. മനഃപാഠത്തിനു സൂത്രവും സ്പഷ്ടമായ അര്‍ത്ഥഗ്രഹണത്തിനു വൃത്തിയും രചിക്കുകയല്ലാതെ ഗ്രന്ഥകാരന്‍ മറ്റൊന്നും ചെയ്തിട്ടില്ല. അനുവൃത്തി, അനുകര്‍ഷം മുതലായ ശബ്ദശാസ്ത്രമര്‍മ്മങ്ങള്‍ വൃത്തികാരന്‍ നമുക്കു കാണിച്ചുതരുന്നതുകൊണ്ടു് അദ്ദേഹം സൂത്രകാരനില്‍നിന്നു ഭിന്നനായിരിക്കണമെന്നില്ല. സൂത്രങ്ങളുടെ അര്‍ത്ഥം വ്യക്തമാക്കുകയും വേണ്ട ഘട്ടങ്ങളില്‍ അതിനെ വികസിപ്പിക്കുകയും ചെയ്തിട്ടുള്ളതല്ലാതെ വൃത്തിയില്‍ സൂത്രകാരന്റെ മതത്തോടു വിയോജിച്ച് എന്തെങ്കിലും പ്രസ്താവിച്ചിട്ടുള്ളതായി കാണുന്നില്ല. സൂത്രകാരന്‍ ʻപാലോടു തുല്യരുടിʼ എന്ന പദ്യത്തില്‍ ചെയ്യുന്നതു
പോലെ വൃത്തികാരന്‍ മറ്റൊരു വ്യക്തിയായിരുന്നാല്‍ പ്രത്യേകമൊരു മങ്ഗലാചരണം ചെയ്യുമായിരുന്നു. എന്നാല്‍ പ്രകൃതത്തില്‍ അങ്ങനെയൊന്നും ചെയ്തുകാണുന്നില്ലെന്നു നാം ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ടു്.
ഗ്രന്ഥകാരന്‍
ലീലാതിലകകാരന്‍ ആരെന്നറിയുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല. തിരുവല്ലാ മാമ്പുഴ ഭട്ടതിരിയാണെന്നും അതല്ല കൊല്ലത്തു ഗണപതിക്ഷേത്രത്തിലെ ഒരു ശാന്തിക്കാരന്‍ പോറ്റിയാണെന്നും മറ്റും ചിലര്‍ പറയുന്നതു വെറു മനോധര്‍മ്മവിലാസം മാത്രമാണു്. എന്നാല്‍ ഒന്നു പറയാം. തൃക്കാരിയൂര്‍, തൃശ്ശിവപേരൂര്‍, പേരാര്‍ (ഭാരതപ്പുഴ) ഇവയെ പരാമര്‍ശിക്കുന്ന മൂന്നു ശ്ലോകങ്ങള്‍ മാത്രമേ തിരുവല്ലായ്ക്കു വടക്കുള്ള ദേശങ്ങളോടു ഗ്രന്ഥകാരനുള്ള പരിചയത്തെ പ്രകടമായി വിജ്ഞാപനം ചെയ്യുന്നുള്ളു. പേരാറ്റിനു വടക്കുള്ള യാതൊരു സ്ഥലത്തേയും കവി സ്മരിക്കുന്നില്ല എന്നാണു് തോന്നുന്നതു്. നേരേമറിച്ചു് കോതമാര്‍ത്താണ്ഡന്‍, രവിവര്‍മ്മ ചക്രവര്‍ത്തി, വിക്രമപാണ്ഡ്യന്‍ എന്നീ രാജാക്കന്മാരെ പ്രശംസിക്കുന്ന ശ്ലോകങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നു; അവരെല്ലാം കൊല്ലത്തെ രാജവംശവുമായി ബന്ധമുള്ളവരുമാണു്. അതു കൊണ്ടു മദ്ധ്യതിരുവിതാംകൂറില്‍ എവിടമെങ്കിലുമായിരിക്കണം ഗ്രന്ഥകാരന്റെ ജന്മഭൂമി എന്നു വേറെ തെളിവു കിട്ടുന്നതുവരെ ഉദ്ദേശിക്കാം.
കാലം
ഉണ്ണുനീലിസന്ദേശത്തിനു മേലാണു് ലീലാതിലകത്തിന്റെ നിര്‍മ്മിതി എന്നു് ആ സന്ദേശത്തിലെ ʻയല്‍സത്യം തല്‍ഭവതുʼ എന്നു ശ്ലോകം ആചാര്യന്‍ ഉദ്ധരിച്ചു് അതില്‍ ʻആശ്വസന്തീʼ എന്നു പ്രയോഗിച്ചിട്ടുള്ളതു് തെറ്റാണെന്നും അവിടെ നുമാഗമം വരികയില്ലെന്നുള്ളതിനാല്‍ ʻആശ്വസതീʼ എന്നു വേണം പ്രയോഗിക്കുവാനെന്നും കാണിച്ചിട്ടുള്ളതില്‍ നിന്നു തെളിയുന്നുണ്ടു്. ഉണ്ണുനീലിസന്ദേശത്തിന്റേയും ലീലാതിലകത്തിന്റേയും പ്രണേതാവു് ഒരാളായിരിക്കാം എന്നുള്ള പക്ഷക്കാരുടെ മുഖമുദ്രണത്തിനു് ഈ ഒരുദാഹരണം മാത്രം മതിയാകുന്നതാണു്. വേദാന്തദേശികരുടെ വൈരാഗ്യപഞ്ചകത്തിലേ
ʻʻജ്വലതു ജലധിക്രോഡക്രീഡല്‍കൃപീടഭവപ്രഭാ-
ഭവപടുതരജ്വാലാമാലാകുലോ ജഠരാനലഃ;
തൃണമപി വയം സായം സംഫുല്ലമല്ലിമതല്ലികാ-
പരിമളമുചാ വാചാ യാചാമഹേ ന മഹീശ്വരാന്‍.ˮ
എന്ന പദ്യത്തില്‍നിന്നു ʻമല്ലിമതല്ലികാപരിമളമുചാ വാചാʼ എന്ന ഭാഗം ലീലാതിലകകാരന്‍ അഞ്ചാംശില്പത്തിന്റെ ഒടുവില്‍ ഉദ്ധരിയ്ക്കുന്നുണ്ടു്. ദേശികര്‍ വൈരാഗ്യപഞ്ചകം രചിച്ചതു വിജയനഗരസാമ്രാജ്യം സ്ഥാപിച്ചതിനുമേല്‍ അവിടത്തെ പ്രധാനമന്ത്രിയായിത്തീര്‍ന്ന തന്റെ വയസ്യനും സര്‍വതന്ത്രസ്വതന്ത്രനുമായ മാധവാചാര്യരുടെ ക്ഷണത്തിനു മറുപടിയായിട്ടാണെന്നു് ഐതിഹ്യം ഘോഷിക്കുന്നു. വിജയനഗരത്തിന്റെ പ്രതിഷ്ഠാപനം ക്രി.പി. 1336-ആണ്ടിടയ്ക്കാകയാല്‍ അതിനു മുമ്പായിരിയ്ക്കുകയില്ല പ്രസ്തുതപഞ്ചകത്തിന്റെ നിര്‍മ്മിതി. 1369-ലാണു് ദേശികരുടെ പരഗതി. അതുകൊണ്ടു് ക്രി.പി. 1316-ല്‍ പരേതനായ കൊല്ലത്തെ വീരരവിവര്‍മ്മചക്രവര്‍ത്തിയുടെ കാലത്തല്ല ലീലാതിലകത്തിന്റെ രചന എന്നു സിദ്ധിക്കുന്നു. ഉണ്ണുനീലിസന്ദേശത്തിനു ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാലം (1374) ശരിയാണെങ്കില്‍ അതിനുമേലാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ ആവിര്‍ഭാവമെന്നും വന്നുകൂടുന്നു. തദനുരോധേന പതിന്നാലാം ശതകത്തിന്റെ ഒടുവിലാണു് അതിന്റെ ഉല്‍പത്തി എന്നു സങ്കല്പിക്കാവുന്നതാണു്. അത്രയ്ക്കുണ്ടു് അതിലേ ഉദാഹൃതശ്ലോകങ്ങള്‍ക്കുള്ള പഴക്കം. (1) ഏത്തുക (സ്തുതിക്കുക), (2) പാരാട്ടി (ലാളിച്ച്), (3) എത്തിനയും (എത്രയും), (4) നനാവു് (ജാഗ്രദവസ്ഥ), (5) മാലപ്പൊഴുതു് (അന്തിനേരം), (6) കടവുക (കടപ്പെടുക), ഇങ്ങനെ പില്‍കാലങ്ങളില്‍ പ്രചാരലുപ്തങ്ങളായിത്തീര്‍ന്ന എത്രയോ ശബ്ദങ്ങളും, (1) ദന്തച്ഛദമതിനില്‍ (ദന്തച്ഛദമതില്‍), (2) എമ്മില്‍ (ഞങ്ങള്‍ രണ്ടുപേരും തമ്മില്‍) മുതലായ പ്രയോഗങ്ങളും അവയില്‍ സുലഭങ്ങളാണു്.
ഗ്രന്ഥകാരന്റെ വൈദുഷ്യം
ഗ്രന്ഥകാരന്‍ പല ഭാഷകളിലും പല ശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നു. ചെന്തമിഴില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അന്യാദൃശമെന്നു തന്നെ പറയണം. പെരുമാക്കന്മാരുടെ കാലത്തിനു പിന്നീടു് അത്രമാത്രം ആ ഭാഷയില്‍ പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചിരുന്ന ഒരു കേരളീയനെ നാം അറിയുന്നില്ല. വകരക്കിളവിനാന്മൊഴിയീറ്റതു (i–88) വേറ്റുമൈയുരുവിക്കിന്നേചാരിയൈ (i–173) ഇയര്‍ച്ചൊറ്റിരിചൊറ്റിചൈച്ചൊല്‍ വടചൊലെന്റനൈത്തേ ചെയ്യുളീട്ടച്ചൊല്ലേ (v–397) എന്നീ തൊല്‍ക്കാപ്പിയസൂത്രങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നു. ണകരവിറുതിവല്ലെഴുത്തിയൈയിന്‍ടകരമാകും വേറ്റുമൈപ്പോരുട്കേ (v–302) എന്ന സൂത്രം ഉദ്ധരിക്കുന്നില്ലെങ്കിലും അതിലെ മട്കുടം, മട്തൂതു മുതലായ ഉദാഹരണപദങ്ങള്‍ മൂന്നാം ശില്പത്തില്‍ എടുത്തുകാണിക്കുന്നു. ആ ഗ്രന്ഥത്തിനു നച്ചിനാര്‍ക്കിനിയാര്‍ എഴുതിയ വ്യാഖ്യ അദ്ദേഹം വായിച്ചിരുന്നു. ʻആടൂഉʼ എന്നും ʼമകടൂഉʼ എന്നും യഥാക്രമം പുരുഷനെന്നും സ്ത്രീയെന്നുമുള്ള അര്‍ത്ഥത്തില്‍ രണ്ടു് അതിപ്രാചീനങ്ങളായ ദ്രാവിഡപദങ്ങളുണ്ടായിരുന്നു. അവ പില്‍കാലങ്ങളില്‍ പ്രയോഗബാഹ്യങ്ങളായിപ്പോയി. ആ പദങ്ങളെ (തൊല്‍ i–271) ആചാര്യന്‍ ഒന്നാം ശില്പത്തില്‍ ഉദ്ധരിച്ചു് അവ ചെന്തമിഴ് (ചോളഭാഷാ) പദങ്ങളാണെന്നു സമര്‍ത്ഥിക്കുന്നു അഗസ്ത്യസൂത്രങ്ങള്‍ അദ്ദേഹത്തിന്നു് അപരിചിതങ്ങളായിരുന്നില്ല. മുകള്‍ശബ്ദത്തിന്റെ സാധുത്വത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ക്രി.പി. എട്ടാം ശതകത്തിനു മുമ്പു വിരചിതമായ ദിവാകരനിഘണ്ടുവിലെ ʻʻമുകള്‍ കൈനനൈകലികൈമുകള്‍ചിനൈ കോരക കന്നികൈ പോകിലരുമ്പുമൊട്ടേˮ എന്ന മുകുളപര്യായവാചിയായ പാട്ടു് എടുത്തുചേര്‍ക്കുന്നു. ഇതുപോലെ ʻപവളʼവാചിയായ പാട്ടും ഉദ്ധരിക്കുന്നുണ്ടു്. ഇങ്ങനെ ലീലാതിലകത്തില്‍ ഏതു ഭാഗം പരിശോധിച്ചാലും ആചാര്യന്റെ കൂലങ്കഷമായ ചെന്തമിഴ് ഭാഷാജ്ഞാനത്തിനു് ഉദാഹരണങ്ങള്‍ പ്രത്യക്ഷീഭവിക്കുന്നതാണു്. സംസ്കൃതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വൈദുഷ്യവും അസാധാരണമായിരുന്നു. ഒന്നാം ശില്പത്തില്‍ ഒരു നല്ല താര്‍ക്കികനായും നാലാം ശില്പത്തില്‍ ഒരൊന്നാന്തരം വൈയാകരണനായും നാലു മുതല്‍ എട്ടു വരെ ശില്പങ്ങളില്‍ ഒരു സ്വതന്ത്രനായ ആലങ്കാരികനായും അദ്ദേഹത്തെ നാം നിരീക്ഷിക്കുന്നു. വാത്സ്യായനന്റെ കാമസൂത്രത്തിലെ ഒരു പദ്യത്തേയും (ʻനാത്യന്തം സംസ്കൃതേനൈവʼ) കാളിദാസന്റെ മേഘസന്ദേശത്തിലെ ഒരു പദ്യാര്‍ത്ഥത്തേയും (ʻമേഘാലോകേ ഭവതിʼ) ശ്രീഹര്‍ഷന്റെ ഒരു മുക്തകാര്‍ദ്ധത്തേയും (ʻശയ്യാവസ്തു മൃദൂത്തരച്ഛദവതീʼ) അദ്ദേഹം സ്മരിക്കുന്നു. ഭാമഹന്‍, ദണ്ഡി, മമ്മടഭട്ടന്‍ എന്നീ ആലങ്കാരികന്മാരും വൃത്തരത്നാകരകാരനായ കേദാരഭട്ടനും അദ്ദേഹത്തിനു സുപരിചിതന്മാരാണു്. പ്രാകൃതം, തെലുങ്കു, കര്‍ണ്ണാടകം ഈ ഭാഷകളിലും ആചാര്യനു് അറിവുണ്ടായിരുന്നു എന്നുള്ളതിനു പ്രസ്തുത ഗ്രന്ഥത്തില്‍ പര്യാപ്തമായ തെളിവുണ്ടു്.
ആദ്യത്തെ മൂന്നു ശില്പങ്ങള്‍
അക്ഷരമാല
ഇനി ലീലാതിലകത്തിന്റെ ഉള്ളിലേക്കു കടക്കാം. ഒന്നാം ശില്പത്തിനു മണിപ്രവാളലക്ഷണമെന്നും രണ്ടാമത്തേതിനു ശരീര നിരൂപണമെന്നും മൂന്നാമത്തേതിനു സന്ധിവിവരണമെന്നും പേര്‍ കല്പിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ലക്ഷണ നിര്‍വ്വചനമാണു് ഒന്നാംശില്പത്തിലെ പ്രമേയമെങ്കിലും മലയാള ഭാഷയുടെ ഉല്‍പ്പത്തിയെപ്പറ്റിക്കൂടി ആചാര്യനു് അതില്‍ ആനുഷങ്ഗികമായി പ്രതിപാദിക്കേണ്ടിവരുന്നു എന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പുതന്നെ മലയാളവും ചെന്തമിഴും വേര്‍പിരിയുകയും മലയാളം കേരളത്തിന്റെ ശീതോഷ്ണസ്ഥിതിക്കും ആര്യസംസ്കാരസങ്കലനത്തിനും അനുരൂപമായ രീതിയില്‍ ഒരു സ്വതന്ത്രഭാഷയായി വളര്‍ന്നു പരിപുഷ്ടിയെ പ്രാപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു, എന്നും ഞാന്‍ അന്യത്ര ഒന്നിലധികം അവസരങ്ങളില്‍ ഉപന്യസിച്ചിട്ടുണ്ടു്. ആചാര്യനും തമിഴില്‍നിന്നും വിഭിന്നമായ ഒരു ഭാഷയാണു് മലയാളമെന്നു സ്ഥാപിക്കുവാനാകുന്നു പ്രസ്തുത ശില്പത്തില്‍ ഉദ്യമിക്കുന്നതു്. തത്സംബന്ധമായുള്ള വാദത്തിന്നിടയില്‍ അദ്ദേഹം തെലുങ്കും കര്‍ണ്ണാടകവും ദ്രാവിഡവേദമെന്നു പ്രസിദ്ധമായ ശഠകോപ (നമ്മാഴ്വാര്‍) മുനിയുടെ തിരുവായ് മൊഴിയില്‍നിന്നു വ്യത്യാസപ്പെട്ട ഭാഷകളാണെന്നും, അവ സംസാരിക്കുന്ന ജനങ്ങള്‍ ദ്രമിഡഭാഷയിലേ മാതൃകാവര്‍ണ്ണങ്ങളല്ല പഠിയ്ക്കുന്നതെന്നും ആ മാതൃകാവര്‍ണ്ണങ്ങള്‍ സംസ്കൃതത്തിലേ വര്‍ണ്ണങ്ങളില്‍ വര്‍ഗ്ഗമധ്യങ്ങളിലുള്ള മമ്മൂന്നും ശ, ഷ, സ എന്നീ ഊഷ്മാക്കളും, ഋ, ഞ, ഈ സ്വരങ്ങളും വിസര്‍ഗ്ഗവും ഒഴികെ ശേഷമുള്ളവയും, ഹ്രസ്വങ്ങളായ എ, ഒ ഇതുകളും റകാരവും ഴകാരവുമാണെന്നും ചൂണ്ടിക്കാണിച്ചു തെലുങ്കിനും കര്‍ണ്ണാടകത്തിനുമില്ലാത്ത സമീപബന്ധം തമിഴിനു മലയാളത്തോടുണ്ടെന്നു നമ്മെ വ്യങ്ഗ്യമര്യാദയില്‍ ധരിപ്പിയ്ക്കുന്നു. ആചാര്യന്റെ കാലത്തു് നാട്ടാശാന്മാര്‍ കുട്ടികളെ പഠിപ്പിച്ചുവന്നതു തമിഴെഴുത്തുകള്‍ തന്നെയായിരുന്നു. ʻക, കാ, കി, കീ പഠിച്ചാല്‍ പിന്നെ ഖ, ഖാ, ഖി, ഖീ പഠിക്കേണംപോല്‍ʼ എന്നു ക്രി.പി. ഏഴാം ശതകത്തിലെ ഒരു കൃതിയായ ഭാരതചമ്പുവില്‍ കാണുന്നതു കൊണ്ടു് അക്കാലത്തിനുമുമ്പു് ഇന്നത്തെ അക്ഷരമാല ബാലശിക്ഷണത്തിനു് ഉപയോഗിച്ചുതുടങ്ങിയതായും അനുമാനിക്കാവുന്നതാണു്. ʻഉയിരുമുടമ്പുമാമുപ്പതുമുതലേʼ എന്ന നന്നൂല്‍ സൂത്രമനുസരിച്ചു പന്ത്രണ്ടു സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളുമുള്‍പ്പെടെ തമിഴില്‍ മുപ്പതക്ഷരങ്ങളുണ്ടു്. സ്വരങ്ങളില്‍ അ, ഇ, ഉ, എ, ഒ –- ഈ അഞ്ചും (കുറില്‍) ഹ്രസ്വങ്ങളും ആ, ഈ, ഊ, ഏ, ഐ, ഓ, ഔ –- ഈ ഏഴും (നെടില്‍) ദീര്‍ഘങ്ങളുമാകുന്നു. വ്യജ്ഞനങ്ങളില്‍ ക, ച, ട, ത, പ, റ –- ഇവ ആറിനേയും വല്ലിനമെന്നും ഞ, മ, ങ, ണ, ന, ണ –- ഇവയാറിനേയും മെല്ലിനമെന്നും, യ, ര, ല, വ, ഴ, ള –- ഇവയാറിനേയും ഇടൈയിനം (അന്തസ്ഥം) എന്നും പറയും. മൂന്നാം ശില്പത്തില്‍ ചില്ലുകള്‍ (വ്യഞ്ജനങ്ങള്‍) പതിനെട്ടാണെന്നു പരിഗണിച്ചിട്ടുള്ളതു തമിഴ് മാര്‍ഗ്ഗമനുസരിച്ചാണെന്നു് ആചാര്യന്‍ സമ്മതിക്കുന്നു. പിന്നെയും അദ്ദേഹം രണ്ടാം ശില്പത്തില്‍ ʻʻഎകര, ഒകര, ആയ്ത, ഴകര, റകര, നകരന്തമിഴ് പൊതുമറ്റേˮ എന്ന അഗസ്ത്യസൂത്രം ഉദ്ധരിക്കുകയും അതിനെ അവലംബിച്ചു സംസ്കൃതത്തിലില്ലാത്ത ന്റ, റ്റ, റ, ഴ എന്നീ നാലക്ഷരങ്ങള്‍ ഭാഷയിലുണ്ടെന്നു കാണിക്കുകയും ചെയ്യുന്നു. ആയ്താക്ഷരം മലയാളത്തില്‍ ഒരിക്കലും ഉണ്ടായിരുന്നതായി തോന്നുന്നില്ല എന്നു മുന്‍പു പറഞ്ഞിട്ടുണ്ടു്. നകാരത്തില്‍നിന്നു വ്യത്യസ്തമായി ണകാരമെന്നൊരക്ഷരം തമിഴിലെന്നതുപോലെ മലയാളത്തിലുമുണ്ടെന്നു തന്നെയാണു് ആചാര്യന്റെ പക്ഷം. അതിനെ എ, ഒ ഇവയ്ക്കും മുന്‍ചൊന്ന നാലക്ഷരങ്ങള്‍ക്കും പുറമേ സംസ്കൃതത്തിലില്ലാത്ത ഏഴാമത്തെ അക്ഷരമായി പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നുണ്ടു്. പക്ഷേ അതിനു തമിഴിലെന്നപോലെ പ്രത്യേകമൊരു ലിപി അദ്ദേഹം നിര്‍ദ്ദേശിക്കുന്നില്ല. ഏകാരത്തിനും ഓകാരത്തിനും പോലും എ ഒ ഇവയില്‍നിന്നു ഭിന്നങ്ങളായ ലിപികള്‍ പണ്ടില്ലായിരുന്നു എന്നുള്ളതു നാം ഈയവസരത്തില്‍ സ്മരിക്കേണ്ടതാകുന്നു. വീണ്ടും മൂന്നാം ശില്പത്തില്‍ ക, ച, ഞ, ത, ന, പ, മ, യ, വ, ഈ ഒന്‍പതു വ്യഞ്ജനങ്ങള്‍ മാത്രമേ ഭാഷാപദങ്ങളുടെ ആദിയില്‍ നിൽക്കുകയുള്ളു എന്നു് ആചാര്യന്‍ ഉപദേശിക്കുന്നു; ഇതും തമിഴ് വ്യാകരണമനുസരിച്ചുള്ള ഒരു വിധിയാണു്. ഇവയോടു ʻങʼ കൂടിച്ചേര്‍ത്തു പത്തു വ്യഞ്ജനങ്ങള്‍ പാദാദിയില്‍ വരുമെന്നു നന്നൂലില്‍ പ്രസ്താവനയുണ്ടെങ്കിലും ʻങʼയ്ക്കു് ഉദാഹരണത്തിനു വാക്കുകിട്ടാതെ ʻഅങ്, ങനംʼ (അങ്ങനെ) എന്ന പദമാണു് വ്യാഖ്യാതാക്കന്മാര്‍ എടുത്തുകാണിക്കുന്നതു്. ഇതു ശരിയല്ലെന്നു പറയേണ്ടതില്ലല്ലോ. ബാക്കിയുള്ള എട്ടു വ്യഞ്ജനങ്ങളില്‍ ങ, ട, ണ, ഴ, ള, റ, ണ ഇവയില്‍ ആരംഭിക്കുന്ന ശബ്ദങ്ങളില്ല. ര, ല, ഈ രണ്ടു വ്യഞ്ജനങ്ങളിലും ഭാഷാപദങ്ങള്‍ ആരംഭിക്കുവാന്‍ പാടില്ലെന്നുള്ള ദ്രാവിഡവ്യാകരണ വിധി ആചാര്യന്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണു് അദ്ദേഹം ʻʻരണ്ടാലുമൊന്നുണ്ടു നമുക്കിദാനീംˮ എന്ന പദ്യപാദത്തിലെ ʻരണ്ടുʼ ശരിയല്ലെന്നും അതു് ഇരണ്ടെന്നുതന്നെ പ്രയോഗിക്കേണ്ടതാണെന്നും, രായരന്‍, ലാക്കു മുതലായ ശബ്ദങ്ങള്‍ സംസ്കൃതാപഭ്രംശങ്ങളാകയാല്‍ അവ പ്രസ്തുതവിധിക്കു കീഴടങ്ങേണ്ടതില്ലെന്നും പറയുന്നതു്. ആ പ്രസ്താവനയില്‍ ചിലര്‍ സംശയിക്കുന്നതുപോലെ ആചാര്യനു യാതൊരു നോട്ടക്കുറവും തട്ടീട്ടില്ല.
ʻആഭ്യാമിരാപ്പകല്‍ മനോഹരമെങ്ങനേ ഞാന്‍ʼ
ʻശോഭാം ദധാതി തവ പോര്‍മുലമൊട്ടിരണ്ടുംʼ
ʻഅതിന്നൊരെള്‍പ്പൂവുമിരണഅടു കെണ്ടയുംʼ
തുടങ്ങിയ പ്രയോഗങ്ങള്‍ പരിശോധിക്കുക. പക്ഷേ ʻരണ്ടാമതൊന്നുണ്ടു നമുക്കിദാനീംʼ എന്നു പ്രയോഗിച്ച കവി വ്യവഹാരഭാഷയെ അനുസരിച്ചു എന്നേയുള്ളു. ഞ, ണ, ന, മ, ണ, യ, ര, ല, വ, ഴ, ള, ഈ പതിനൊന്നു വ്യഞ്ജനങ്ങള്‍ പദാന്തത്തില്‍ വരുമെന്നു ഭവണന്ദി പറയുന്നു. ആചാര്യന്‍ ഇവയില്‍ ഞ, മ. യ, ര, ല, വ, ഴ, ള, ന ഈ ഒന്‍പതക്ഷരങ്ങള്‍ മാത്രം സ്വീകരിക്കുകയും അവയില്‍ത്തന്നെ ഞകാരനകാരങ്ങള്‍ക്കു് ഉദാഹരിയ്ക്കേണ്ട ഇരിഞ (ശ്രേഷ്ഠത), പൊരുന്ന (വൈരം) എന്നീ പദങ്ങള്‍ തമിഴില്‍ മാത്രമേയുള്ളു എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. റാന്തങ്ങളാണെന്നു തോന്നുന്ന ʻമാറു്ʼ ʻകയറു്ʼ മുതലായ പദങ്ങള്‍ സംവൃതത്വരാന്തങ്ങളാണെന്നാണ്ടു് അദ്ദേഹത്തിന്റെ മതം. തമിഴ് വൈയാകരണന്മാരും റകാരത്തിലവസാനിക്കുന്ന ശബ്ദങ്ങള്‍ ഉള്ളതായിപ്പറയുന്നില്ല. തമിഴില്‍ എല്ലാ സ്വരങ്ങള്‍ക്കും പദാവസാനത്തില്‍ സ്ഥാനമുണ്ടെന്നാണു് ആ ആചാര്യന്മാരുടെ മതം; എന്നാല്‍ മലയാളത്തില്‍ ഒ, ഐ, ഔ എന്നീ മൂന്നു സ്വരങ്ങള്‍ അവിടെ നില്ക്കുകയില്ലെന്നു ലീലാതിലകകാരന്‍ ഉപദേശിക്കുന്നു. തമിഴില്‍ ഐകാരാന്തങ്ങളായ പദങ്ങള്‍ മലയാളത്തില്‍ അകാരാന്തങ്ങളാകയാല്‍ ഐകാരം മലയാളത്തില്‍ പദാന്തത്തില്‍ വരികയില്ലെന്നു പറയുന്നതു ശരിതന്നെ. നൊ (ദുഃഖം), വൗ (പിടിച്ചുപറി) ഈ മാതിരി ഉദാഹരണങ്ങളാണു് ഒ, ഔ ഇവയില്‍ അവസാനിക്കുന്ന പദങ്ങള്‍ക്കു ഭവണന്ദി നല്കുന്നതു്; അത്തരത്തില്‍ ഒന്നോ രണ്ടോ പദങ്ങളേ തമിഴില്‍പ്പോലുമുള്ളു. ആചാര്യന്റെ കാലത്തിനു മുമ്പ് മലയാളത്തില്‍ ലക്ഷണഗ്രന്ഥമില്ലായിരുന്നു എന്നും തമിഴിലല്ലാതെ തെലുങ്കു, കര്‍ണ്ണാടകം ഈ ഭാഷകളില്‍ സുപ്രസിദ്ധങ്ങളായ നിഘണ്ടുക്കളില്ലായിരുന്നു എന്നും നാം ലീലാതിലകത്തില്‍നിന്നു് അറിയുന്നു.
ശബ്ദകോശം
രണ്ടാം ശില്പത്തിലാണു് ആചാര്യന്‍ ഭാഷാ ശബ്ദങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതു്. ദേശി, സംസ്കൃതഭവം, സംസ്കൃതരൂപം എന്നിങ്ങനെ ഭാഷ മൂന്നു വിധത്തിലുണ്ടെന്നും, ദേശിയെ ശുദ്ധം, ഭാഷാന്തരഭവം, ഭാഷാന്തരസമം എന്നു മൂന്നായി വിഭജിക്കാമെന്നും, കൊച്ചു്, മുഴം, ഞൊടി മുതലായവ ശുദ്ധദേശിക്കും, വന്നാല്‍, നമുക്കു്, വേണ്ടാ മുതലായവ ഭാഷാന്തരഭവത്തിനും, പൊന്‍, നാളെ, ഉടല്‍ മുതലായവ ഭാഷാന്തരസമത്തിനും ഉദാഹരണങ്ങളാണെന്നും, സംസ്കൃതപ്രകൃതി ഊഹിക്കാവുന്ന ശബ്ദം സംസ്കൃതഭവവും, അവസാനത്തില്‍ മാറ്റം വരുന്ന സംസ്കതശബ്ദവും കാവ്യാദിസന്ദര്‍ഭത്തില്‍ പ്രത്യയാംശം സംസ്കൃതീകരിക്കുന്ന ഭാഷാശബ്ദവും സംസ്കൃതരൂപവുമാണെന്നു് അദ്ദേഹം നമ്മെ ഗ്രഹിപ്പിക്കുന്നു. തമിഴിനും മലയാളത്തിനും ഒരു കാലത്തു പൊതുവായിരുന്ന ശുദ്ധഭാഷാശബ്ദങ്ങളല്ലാതെ മലയാളത്തിനു പ്രത്യേകമായി ഒരു ശബ്ദകോശമില്ലെന്നും എന്നാല്‍ തമിഴില്‍നിന്നും അര്‍ത്ഥവ്യത്യാസം വന്നിട്ടുള്ള പല ശുദ്ധഭാഷാശബ്ദങ്ങള്‍ മലയാളത്തില്‍ കാണ്മാനുണ്ടെന്നും ഞാന്‍ അന്യത്ര ഉപദേശിച്ചിട്ടുണ്ടു്. ഭാഷാന്തരഭവങ്ങളായ പദങ്ങള്‍ മലയാളത്തിലുണ്ടെന്നു് ആചാര്യന്‍ പ്രസ്താവിക്കുന്നതു് ʻവന്നാന്‍ʼ മുതലായ പദങ്ങള്‍ ʻവന്ദനുʼ മുതലായി കര്‍ണ്ണാടകത്തിലും ʻവന്താന്‍ʼ മുതലായി തമിഴിലും കാണുന്നതുകൊണ്ടും കേരളത്തിന്റെ ഉല്പത്തി പാണ്ഡ്യചോളകര്‍ണ്ണാടരാജ്യങ്ങള്‍ക്കു പിന്നീടായതുകൊണ്ടുമാണു്. ഒരു കാലത്തു മലയപര്‍വതത്തിനു കിഴക്കും പടിഞ്ഞാറും താമസിച്ചിരുന്ന ജനങ്ങള്‍ ʻവന്താന്‍ʼ ʻഇരുന്താന്‍ʼ എന്നിങ്ങനെയാണു് സംസാരിച്ചുവന്നതു് എന്നുള്ളതിനു് ആചാര്യന്റെ കാലത്തും കേരളത്തില്‍ താണ ജാതിക്കാര്‍ ʻവന്താന്‍ʼ ʻഇരുന്താന്‍ʼ ʻതേങ്കുʼ ʻമാങ്കʼ എന്നിങ്ങനെ ഉച്ചരിച്ചിരുന്നു എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ജ്ഞാപകമാകുന്നു. ഇന്നും ഉള്‍നാടുകളിലും മലംപ്രദേശങ്ങളിലും ചില സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ഉച്ചാരണം വേരറ്റുപോയെന്നു പറവാന്‍ പാടില്ലാത്ത വിധത്തില്‍ അല്പസ്വല്പമായി നിലനില്‍ക്കുന്നുണ്ടു്. വാസ്തവത്തില്‍ ഭാഷാന്തരഭവമെന്നും ഭാഷാന്തരസമമെന്നും ആചാര്യന്‍ പരിഗണിക്കുന്ന പദങ്ങളെ പ്രായേണ ദേശി എന്നുതന്നെ പറയേണ്ടതാകുന്നു. തെലുങ്ക്, കര്‍ണ്ണാടകം മുതലായ ദ്രാവിഡഭാഷകളില്‍ വന്നടിഞ്ഞിട്ടുള്ള പദങ്ങള്‍ ഭാഷാപദങ്ങളെപ്പറ്റി ലീലാതിലകകാരന്‍ ഒന്നും പ്രസ്താവിക്കുന്നില്ല; എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തും അത്തരത്തിലുള്ള പദങ്ങളുണ്ടായിരുന്നിരിയ്ക്കണം. സംസ്കൃതപ്രകൃതി ഊഹിക്കാവുന്ന പദങ്ങളെയെല്ലാം സംസ്കൃതഭവമാണെന്നു ഗണിക്കുവാന്‍ ആചാര്യര്‍ അനുശാസിക്കുന്നതിന്റെ കാരണം സംസ്കൃതം എല്ലാ ഭാഷകള്‍ക്കും മുമ്പുള്ളതെന്നുള്ള വിശ്വാസമാണു്. ദ്രാവിഡത്തിനും സംസ്കൃതംപോലെയുള്ള പഴക്കം കല്പിയ്ക്കേണ്ടതാണെന്നുള്ള ആധുനികസിദ്ധാന്തം അദ്ദേഹത്തിന്റെ കാലത്തു കേവലം അവിജ്ഞാതമായിരുന്നു. വയര്‍, പാമ്പു മുതലായ പദങ്ങള്‍ വൈരി പാപം മുതലായവയില്‍നിന്നു ജനിച്ചതാണെന്നു പറയുന്നതു തീരെ അസംബന്ധമാണെന്നു് അദ്ദേഹം സമ്മതിക്കുന്നു. അതുപോലെതന്നെയാണു് അദ്ദേഹം സംസ്കൃത ഭവങ്ങളെന്നു് ഊഹിക്കുന്ന കമുകു, കുതിര മുതലായ പദങ്ങളും, പളിങ്ങു്, ആണ, വക്കാണം, ചിരിതേവി മുതലായ പ്രാകൃതപദങ്ങളേയും, പ്രാകൃതം സംസ്കൃതജന്യമാകയാല്‍ സംസ്കൃതഭവകോടിയില്‍ ആചാര്യന്‍ ഉള്‍പ്പെടുത്തുന്നു. വല്ലി (വല്ലീ), മാലിക (മാലികാ), പിതാവു (പിതാ) മുതലായി അവസാനത്തില്‍ മാത്രം മാറ്റം വരുന്ന സംസ്കൃതപദങ്ങള്‍ക്കു സംസ്കൃതരൂപങ്ങള്‍ എന്നു് ആചാര്യന്‍ നാമകരണം ചെയ്യുന്നു. മാണിക്കം മുതലായ പ്രാകൃതരൂപപദങ്ങളും ഈ കൂട്ടത്തില്‍ത്തന്നെ ചേരും. സംസ്കൃതരൂപഭാഷ അപകൃഷ്ടമെന്നും ഉല്‍ക്കൃഷ്ടമെന്നും രണ്ടു മാതിരിയുണ്ടെന്നും താണ ജാതിക്കാര്‍ സംസാരിക്കുന്നതു് അപകൃഷ്ടവും ഉയര്‍ന്ന ജാതിക്കാര്‍ സംസാരിക്കുന്നതു് ഉല്‍ക്കൃഷ്ടവുമാണെന്നും ആചാര്യന്‍ തുടര്‍ന്നു പ്രസ്താവിക്കുന്നു. ʻസന്ദര്‍ഭേ സംസ്കൃതീകൃതാ ചʼ (ii–7) എന്ന സൂത്രത്തില്‍നിന്നും മറ്റും ʻകൊങ്കയാʼ ʻകേഴന്തിʼ ʻഊണുറക്കൗʼ മുതലായ സംസ്കൃതരൂപപദങ്ങള്‍ക്കു സാധാരണയായി വ്യവഹാരഭാഷയില്‍ പ്രവേശമില്ലെന്നും, കാവ്യാദി സന്ദര്‍ഭങ്ങളില്‍ മാത്രമേ അവയെ സ്വീകരിയ്ക്കുവാന്‍ പാടുള്ളു എന്നും, എന്നാല്‍ ഹാസ്യരസപ്രധാനങ്ങളായ ʻകിഞ്ചില്‍ പുളിങ്കുരുമര്‍പ്പയാമിʼ തുടങ്ങിയ വാക്യങ്ങളില്‍ അവയ്ക്കു സ്ഥാനമുണ്ടെന്നും നാം അറിയുന്നു. ഭാഷീകൃതമായ സംസ്കൃതം വ്യവഹാരഭാഷയിലും കാവ്യാദിസന്ദര്‍ഭത്തിലും പ്രയോഗിക്കാമെന്നും ത്രൈവര്‍ണ്ണികന്മാരുടെ സംഭാഷണത്തില്‍ സംസ്കൃതാക്ഷരങ്ങളുടെ കലര്‍പ്പു ധാരാളം കാണ്മാനുണ്ടെന്നും ʻസര്‍ഗ്ഗിസ്സൊളിച്ചുʼ ʻധടിയന്‍ʼ ʻഅശ്ശിരിʼ മുതലായ പദങ്ങള്‍ ഹാസ്യരസസ്ഫുരണത്തിനു് ആവശ്യകമാണെന്നും രണ്ടും മൂന്നും ശില്പങ്ങളില്‍നിന്നു് ഗ്രഹിക്കാവുന്നതാണു്.
വിഭക്തിപ്രത്യയാദി നിരൂപണം
ഇതും രണ്ടാം ശില്പത്തിലെ വിഷയകോടിയില്‍ പെടുന്നതുതന്നെ. മലയാളത്തില്‍ എട്ടു വിഭക്തികളും മൂന്നു ലിങ്ഗങ്ങളും രണ്ടു വചനങ്ങളുമുണ്ടെന്നും വിഭക്തികളില്‍ ആദ്യത്തേതു് പ്രാതിപദികം തന്നെയെന്നും രണ്ടുമുതല്‍ ഏഴുവരെ വിഭക്തികള്‍ക്ക് എ, ഓടു്, നിന്റു്, ഉടെ, ഇല്‍, ഇവയാണു് യഥാക്രമം പ്രത്യയങ്ങളെന്നും എട്ടാമത്തെ വിഭക്തി വിളിയാണെന്നും ആചാര്യന്‍ പ്രസ്താവിക്കുന്നു. ʻപേരെയൊടുക്കുനിന്റുടെയില്‍ വിളീത്യഷ്ടകംʼ എന്ന ലീലാതിലകസൂത്രത്തിനും ʻʻപെയരേ ഐ ആല്‍ കു ഇന്‍ അതുകണ്‍ വിളിയെന്റാകു, മവറ്റിന്‍ പെയര്‍മുറൈˮ എന്ന നന്നൂല്‍ സൂത്രത്തിനും ചില അംശങ്ങളില്‍ സാദൃശ്യമുണ്ടു്. പ്രഥമ, ദ്വിതീയ ഇത്യാദി നാമങ്ങള്‍ ഉപയോഗിയ്ക്കാതെ ലീലാതിലകകാരന്‍ ഒന്നാമത്തേതു്, രണ്ടാമത്തേതു് എന്നിങ്ങനെ അര്‍ത്ഥമുള്ള പ്രഥമം, ദ്വിതീയം ഇത്യാദി നാമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധേയമാണു്. തമിഴിലെ ഐക്കു പകരം മലയാളത്തില്‍ രണ്ടാം വിഭക്തിയ്ക്കുള്ള പ്രത്യയം ʻഎʼ (ഹ്രസ്വം) ആണെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രത്യുത എട്ടാം വിഭക്തിയില്‍ ʻമരമേʼ ʻവടിയേʼ ഇത്യാദി പദങ്ങളില്‍ കാണുന്ന ഏകാരം ദീര്‍ഘമാണു്. ഓടു് എന്ന പ്രത്യയത്തിനു പുറമേ മൂന്നാം വിഭക്തിക്ക് ʻആല്‍ʼ എന്നും ʻകൊണ്ടു്ʼ എന്നും രണ്ടു പ്രത്യയങ്ങള്‍ കൂടി വരുമെന്നും ʻമരത്തെക്കൊണ്ടു്ʼ എന്നതിലെ എകാരം സന്ധാനക(ചാരിയൈ)മാണെന്നുമത്രേ ആചാര്യന്റെ മതം. മൂന്നാം വിഭക്തിക്കു പഴന്തമിഴില്‍ ʻആന്‍ʼ എന്നായിരുന്നു പ്രത്യയം. അതു് ഇടക്കാലത്തമിഴില്‍ ʻആല്‍ʼ ആയി ഭവണന്ദി സ്വീകരിക്കുന്നതു് ഈ ʻആല്‍ʼ പ്രത്യയമാണു്; വ്യാഖ്യാതാക്കന്മാര്‍ ʻഒടുʼ ʻകൊണ്ടുʼ ഇവയേയും എടുത്തു കാണിക്കുന്നുണ്ടു്. കൊണ്ടു എന്നതു ʻകൊള്‍ʼ എന്ന സകര്‍മ്മകക്രിയയുടെ മുന്‍വിനയെച്ചരൂപമാണു്. ആ സ്ഥിതിക്കു് ʻമരത്തെക്കൊണ്ടു്ʼ എന്നതിലെ ʻഎʼ രണ്ടാം വിഭക്തി പ്രത്യയമാണെന്നും സന്ധായകമല്ലെന്നും വന്നുകൂടുന്നു. നാലാം വിഭക്തി പ്രത്യയം ʻക്കുʼ എന്നാണെങ്കിലും ʻഅന്നു്ʼ ʻഇന്നു്ʼ എന്നും കൂടി വരുമെന്നു പറഞ്ഞു് ആചാര്യന്‍ ʻഅവന്നു്ʼ ʻഅതിന്നു്ʼ ഈ പദങ്ങള്‍ ഉദാഹരിക്കുന്നു. ʻആയിക്കൊണ്ടു്ʼ എന്ന മറ്റൊരു പ്രത്യയത്തേയും അദ്ദേഹം പ്രകൃതത്തില്‍ സ്മരിക്കുന്നു. തമിഴിലെ നാലാം വിഭക്തിപ്രത്യയം ʻകുʼ ആണു്; ʻക്കുʼ കുവിനു ദ്വിത്വം വരുമ്പോള്‍ സിദ്ധിക്കുന്ന രൂപമാകുന്നു. ʻനുʼ ʻന്നുʼ എന്നീ രൂപങ്ങളും മലയാളത്തില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നതായി ക്രി.പി. പത്താംശതകത്തിലെ ചില ശിലാരേഖകളില്‍നിന്നു പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടു ʻന്നുʼ എന്ന പ്രത്യയം മാത്രം ആചാര്യന്‍ എടുത്തു കാണിക്കുന്നതില്‍ അവ്യാപ്തിദോഷമുണ്ടെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ʻആയിക്കൊണ്ടു്ʼ എന്നതു പ്രത്യയമല്ലെന്നു പറയേണ്ടതില്ലല്ലോ. ʻനിന്റുʼ എന്നാണു് അഞ്ചാം വിഭക്തിപ്രത്യയം എങ്കിലും ʻഇല്‍നിന്റുʼ ʻമേല്‍ നിന്റുʼ ʻഏല്‍നിന്റുʼ മുതലായ ഉദാഹരണങ്ങളാണു് അദ്ദേഹം എടുത്തുകാണിക്കുന്നതു്. ʻനിന്റുʼ എന്ന പ്രത്യയം സന്ധായകം കൂടാതെ പ്രയോഗാര്‍ഹമല്ലെന്നു് ഇതില്‍നിന്നു തെളിയുന്നു. ʻനിന്റുʼ എന്നല്ലാതെ ʻനിന്നുʼ എന്നു് ആചാര്യന്‍ പ്രയോഗിക്കാത്തതു പൂര്‍വാചാരപരിപാലനത്തിനുവേണ്ടിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആറാം വിഭക്തിക്കു് ʻഉടെʼയ്ക്കു പുറമേ ʻഇടെʼ ʻറെʼ ʻന്നു്ʼ ഇങ്ങനെ മൂന്നു പ്രത്യയങ്ങള്‍ കൂടിയുണ്ടെന്നു് നിര്‍ദ്ദേശിച്ചു് ʻഅവളിടെʼ ʻഅവന്റെʼ ʻഅവന്നു്ʼ ഇത്യാദ്യുദാഹരണങ്ങള്‍ അദ്ദേഹമുദ്ധരിക്കുന്നു ʻഇടʼയാണു് ʻഇന്റെʼയായി പരിണമിച്ചതു്. ʻഇന്‍ʼ എന്നു് അഞ്ചാംവിഭക്തിക്കും ʼഅതുʼയായി പരിണമിച്ചതു്. ʼഇന്‍ʼ എന്നു് അഞ്ചാം വിഭക്തിക്കും ʻഅതുʼ എന്നു് ആറാം വിഭക്തിക്കും ആദികാലത്തുണ്ടായിരുന്ന പ്രത്യയങ്ങള്‍ മലയാളത്തില്‍ വളരെക്കാലം മുമ്പുതന്നെ പ്രചാരരഹിതങ്ങളായിപ്പോയി. ഏഴാം വിഭക്തിപ്രത്യയമായ ʻകണ്‍ʼ ʻകല്‍ʼ[1] ആയി മാറിയെങ്കിലും പൂര്‍വ രൂപത്തില്‍ പിന്നെയും കുറേക്കാലം നിലനിന്നു. ലീലാതിലകകാരന്റെ കാലത്തില്‍ സാധാരണമായി പ്രയോഗിച്ചു വന്ന ഏഴാം വിഭക്തിപ്രത്യയം ഇന്നത്തെപ്പോലെ ʻഇന്‍ʼ തന്നെയായിരുന്നു. ഈ പ്രത്യയം മധ്യകാലത്തിലേ തമിഴിലുമുണ്ടായിരുന്നു എന്നു് ʻʻകണ്‍കാല്‍ കടൈയില്‍ ടൈˮ (302) എന്ന നന്നൂല്‍ സൂത്രത്തില്‍നിന്നു് അറിയുന്നു. ʻദ്വിതീയമസമാസേ വാʼ (14) എന്ന സൂത്രംകൊണ്ടു് സമാസമില്ലാത്തിടത്തും രണ്ടാം വിഭക്തിയുടെ പ്രത്യയം പാക്ഷികമായി ലോപിക്കും എന്നു പറഞ്ഞു്, അതിനു മാലകണ്ടു (മാലയെക്കണ്ടു) പുലികൊന്റു (പുലിയെക്കൊന്റു) എന്നീ ഉദാഹരണങ്ങള്‍ കാണിച്ചു് അത്തരത്തിലുള്ള ലോപം അചേതനവസ്തുക്കളേയോ തിര്യക്കുകളേയോ കുറിക്കുന്ന വാക്കുകളിലേ വരികയുള്ളു എന്നു ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാലത്തു് പുലിയെക്കൊന്നു എന്നതിന്നു പകരം പുലികൊന്നു എന്നു പറഞ്ഞാല്‍ മതിയാകുന്നതല്ല. ʻക്രിയായാം കാലത്രയേ പ്രായോഗദിതംʼ (24) എന്ന സൂത്രംകൊണ്ടു ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ മൂന്നു കാലങ്ങളിലും പ്രായേണ മാത്രമേ ചേരു എന്നു് ആചാര്യന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. ആ വിധി അനുസരിച്ചു് അന്നത്തെ ഭാഷയില്‍ ʻഉണ്ടാന്‍ʼ ʻഉണ്ടു്ʼ എന്നീ രണ്ടു രൂപങ്ങളും സുബദ്ധങ്ങള്‍തന്നെ. ലിങ്ഗവചനപ്രത്യയങ്ങള്‍ ഗ്രന്ഥകാരന്മാര്‍ മാത്രമേ ക്രിയാപദങ്ങളോടു പ്രായേണ ചേര്‍ത്തിരുന്നുള്ളു എന്നും വ്യവഹാരഭാഷയില്‍ അങ്ങനെയുള്ള പ്രയോഗങ്ങള്‍ക്കു പ്രവേശമില്ലായിരുന്നു എന്നും ഊഹിക്കുന്നതു സമീചീനമായിരിക്കും. വന്നാ, വന്നീര്‍, വന്നോം തുടങ്ങിയ പദങ്ങള്‍ അന്നു ഗ്രന്ഥകാരന്മാരെങ്കിലും പ്രയോഗിച്ചു വന്നിരിക്കണം; അവര്‍ക്കും അപരിചിതമായിരുന്ന ʻവന്നേംʼ എന്ന രൂപംകൂടി രണഅടാം ശില്പം 24-ആം സൂത്രത്തില്‍ ആചാര്യന്‍ എടുത്തു കാണിക്കുന്നതില്‍നിന്നു് അദ്ദേഹം തമിഴ് വൈയാകരണന്മാരെ എത്രമാത്രം അനുകരിക്കുന്നുണ്ടെന്നുള്ളതു് സ്പഷ്ടമാകുന്നതാണു്.
സന്ധിവിവരണം
മൂന്നാം ശില്പത്തില്‍ ആചാര്യന്‍ ഭാഷാസന്ധിയെപ്പറ്റി മാത്രമാകുന്നു വിവരിക്കുന്നതു്. അദ്ദേഹം ഉപദേശിക്കുന്ന ചില നിയമങ്ങള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണു്. (1) ʻദധ്യന്നംʼ എന്ന സംസ്കൃതപദത്തില്‍ കാണുന്ന യകാരം ആദേശവും, ʻആനയതു്ʼ എന്നതിലെ യകാരം വിസന്ധിദോഷം പരിഹരിയ്ക്കുന്നതിനുവേണ്ടി ചേര്‍ക്കുന്ന ആഗമവുമാണു്. (2) വകാരാന്തങ്ങളായി ʻഅവ്ʼ ʻഇവ്ʼ ʻഉവ്ʼ ഇങ്ങനെ മൂന്നു ഭാഷാപദങ്ങളേയുള്ളു. അവയില്‍ത്തന്നെ ഉവ് (സമീപത്തുള്ള ʻഅവʼ) പാണ്ഡ്യഭാഷാപദമത്രേ. (3) അതു് എന്നതിലെ ഉകാരം അര്‍ദ്ധമാത്രികവും (തമിഴില്‍ ഇതിനു കുറ്റിയലുകാരമെന്നു പേര്‍) ʻമറുʼ എന്നതിലേതു് ഏകമാത്രികവുമാണു്. റ്, ട്, ഇവയിലെ കുറ്റിയിലുകാരത്തിനുശേഷം സ്വരം വന്നാല്‍ ആ റകാരടകാരങ്ങള്‍ ഇരട്ടിയ്ക്കും. ഉദാഹരണങ്ങള്‍, ആറ്റകം, നാട്ടകം. നന്നൂലില്‍ (183) ഈ ദ്വിത്വം പ്രായേണ വരുമെന്നേ പറയുന്നുള്ളു. കാടകം, മിടറണിയല്‍, ഇവയെ ഭവണന്ദി പ്രത്യുദാഹരണമായി കാണിക്കുന്നു. ഇങ്ങനെ ചില സന്ധികള്‍ ഭാഷയിലുമുണ്ടായിരുന്നിരിക്കണം; ആചാര്യന്‍ വളരെ മിതഭാഷിയാകയാല്‍ അവയെപ്പറ്റി ഒന്നും പറയുന്നില്ല. (4) മാ, പൂ എന്നീ ശബ്ദങ്ങള്‍ മാവിന്റേയും പൂവിന്റേയും വാചകങ്ങളാണു്. അതുകൊണ്ടു് മാന്തോല്‍, മാമ്പൂ, പൂന്തേന്‍, പൂമ്പൊയ്ക ഇവയില്‍ പിന്‍വരുന്ന കാദികളുടെ വര്‍ഗ്ഗപഞ്ചമങ്ങള്‍ ആഗമങ്ങളാകുന്നു. (5) നകാര ണകാരങ്ങള്‍ക്കു് പകരമായി ക, ച, ഞ, പ, മ, യ, വ ഇവയിലൊരു വ്യഞ്ജനം വന്നാല്‍ യാതൊരു വികാരവും സംഭവിക്കുന്നതല്ല. ഉദാ: പൊന്മല, മണ്‍കുടം, മട്ക്കുടം, മട്തൂത ഇവ തമിഴ്പ്പദങ്ങളാകുന്നു. ആദികാലത്തു പൊന്മല, മണ്‍കുടം ഇവതന്നെയായിരുന്നു രൂപങ്ങള്‍ എന്നു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. (6) ണകാരത്തില്‍ നിന്നു പരമായ തകാരം ടകാരമാകും. ഉദാ: മണ്‍തീതു്=മണ്ടീതു്, എണ്ടിച, തണ്ടാര്‍ മുതലായ പദങ്ങളും ഈ സൂത്രത്തിന്റെ വ്യാപ്തിയില്‍ പെടുമെന്നു നാം ഓര്‍മ്മിക്കണം. (7) ളകാരത്തിനും ണകാരത്തിനും പരമായ നകാരത്തിനു് ണകാരം ആദേശമായിവരും. ഉദാ: മുള്‍ + നന്റു = മുണ്‍ + നന്റു = മുണ്ണന്റു്. തമിഴില്‍ ʻകുറിലണൈʼ (210) ഇത്യാദി നന്നൂല്‍ സൂത്രമനുസരിച്ചു തൂണ്‍ + നന്റു എന്നതു തൂണന്റു എന്നും പചുമണ്‍ + നന്റു എന്നതു് പചുമണന്റു എന്നും മാറും. ആ സന്ധികാര്യം മലയാളത്തിലുണ്ടായിരുന്നു എന്നു് ആചാര്യന്‍ നമ്മെ ʻദീര്‍ഘാണ്ണോ ണേ ലോപഃʼ (iii–21) എന്ന സൂത്രത്തില്‍ പഠിപ്പിക്കുന്നു വാണ്ണന്റു, വാണന്റു ആകുമെന്നും നീണാളിന്റെ ആഗമവും അതുപോലെ തന്നെയെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍ ഹ്രസ്വത്തിനു ശേഷമുള്ള ണകാരവും ലോപിക്കുമെന്നുള്ളതിനു് അവള്‍ + നില = അവണില, വേദങ്ങള്‍ + നാലും = വേദങ്ങണാലും ഈ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വാഴ് + നാള്‍ വാണാളാകുന്നതു പ്രയോഗമനുസരിച്ചെന്നാകുന്നു അദ്ദേഹം പറയുന്നുതു്. തമിഴിലും വാണാളിന്റെ ആഗമത്തിനു ʻചിറപ്പുവിധിʼ വിശേഷവിധി കാണുന്നില്ല. (8) ക്വചില്ലോപഃ (ii–19)എന്ന സൂത്രത്തില്‍ കരുമ്പു + വില്ലന്‍ = കരുപ്പുവില്ലന്‍, പിരമ്പു + കാരന്‍ = പിരപ്പുകാരന്‍ എന്നീ ഉദാഹരണങ്ങള്‍ അന്തര്‍ഭവിച്ചതു ശരിയാണോ എന്നു ഞാന്‍ സംശയിക്കുന്നു. മകാരം തന്നെയാണു് ആ പദങ്ങളില്‍ ലോപിക്കുന്നതെങ്കിലും അതു് ഉത്തരപദങ്ങള്‍ വകാര–മകാരങ്ങള്‍കൊണ്ടു് ആരംഭിക്കുക നിമിത്തമല്ലല്ലോ. (9) ലനയോഃ കചപേഷു റഃ (iii–25) എന്ന സൂത്രം പ്രധാനമാണു്. ണകാരത്തിനു കചപങ്ങള്‍ പരങ്ങളായാല്‍ യാതൊരു വികാരവുമുണ്ടാകുന്നതല്ലെന്നു ʻണണയോഃʼ ഇത്യാദി സൂത്രത്തില്‍ (iii–13) വിധിച്ച ആചാര്യന്‍ പ്രസ്തുത സൂത്രത്തില്‍ ണകാരത്തിനുശേഷം കചപങ്ങള്‍ വന്നാല്‍ റകാരാദേശം വരുമെന്നു പറയുന്നതു് പൂര്‍വാപരവിരുദ്ധമായി തോന്നുന്നു. പൊക്കണ്ണാടി, പൊര്‍ച്ചില, പൊര്‍പ്പൊടി ഈ ഉദാഹരണങ്ങള്‍ അദ്ദേഹം പ്രകൃതത്തില്‍ ഉദ്ധരിക്കുന്നതു്, സൂ: (iii–25) പ്രാചീന ഭാഷയേയും സൂ: (iii–13) ഗ്രന്ഥകാരന്റെ സമകാലികഭാഷയേയും പരാമര്‍ശിക്കുന്നതുകൊണ്ടാണെന്നു് ഊഹിക്കാം. (10) തേസ്യച (iii–26) എന്ന സൂത്രവും പ്രധാനം തന്നെ. ലണങ്ങള്‍ക്കു തകാരം പരമായാല്‍ ലണങ്ങളും തകാരവും റകാരമാകുമെന്നാണു് ആ സൂത്രത്തില്‍ ആചാര്യന്‍ വിധിക്കുന്നതു്. ഉദാ: കല്‍ + തളം = കറ്റളം, കോല്‍ + തേന്‍ = കോറ്റേന്‍. (11) ശേഷം പ്രയോഗാല്‍ ജ്ഞേയം (iii–28) എന്നു് ഒടുവില്‍ സന്ധിവിവരണൺ അവസാനിപ്പിച്ചുകൊണ്ടു് ചന്ദ്രക്കല എന്ന പദത്തില്‍ ചന്ദ്രപദം ഭാഷീകൃതമായിപ്പോകകൊണ്ടാണു് കകാരത്തിനു ദ്വിത്വം വന്നതെന്നു് ഗ്രന്ഥകാരന്‍ നമുക്കു കാണിച്ചുതരുന്നു.[2] ചെറിയഓളം = ചിറ്റോളം; വലിയ മല = വന്മല; കൂറുള്ള വാഴയ്ക്ക = കൂറ്റുവാഴയ്ക്ക; കന്നിന്റെ വാണിയം = കറ്റുവാണിയം എന്നും മറ്റും പറയുന്നതില്‍ യുക്തിഭങ്ഗമുണ്ടു്. ചിറു + ഓളം ആണു് ചിറ്റോളം; വന്‍ + മല = വന്മല; കന്നു + വാണിയം = കറ്റുവാണിയം; കൂറു + വാഴയ്ക്കാ കൂറ്റുവാഴയ്ക്കാ ഇങ്ങനെ സൂക്ഷ്മസ്ഥിതി കണ്ടുകൊള്ളുക. രണ്ടും മൂന്നും ശില്പങ്ങളിലേ സൂത്രങ്ങളുടെ പൗര്‍വാപര്യക്രമം തമിഴ് വ്യാകരണങ്ങള്‍ അനുസരിച്ചുതന്നെയാണു്. ഇത്രയും പ്രസ്താവിച്ചതില്‍ നിന്നു് ആചാര്യനു ദ്രാവിഡവൈയാകരണന്മാരോടുള്ളകടപ്പാടു് എത്രമാത്രമുണ്ടെന്നുള്ളതു വീണ്ടും പ്രത്യക്ഷപ്പെടുന്നതാണു്. സൂത്രങ്ങള്‍ സംസ്കൃതത്തിലാകയാല്‍ അവയുടെ രചനയില്‍ ʻതസ്മിന്നിതി നിര്‍ദ്ദിഷ്ടേ പൂര്‍വസ്യʼ ʻതസ്മാദിത്യുത്തരസ്യʼ എന്നീ പാണിനീസൂത്രങ്ങള്‍ അനുസ്മരിക്കേണ്ടിവന്നിട്ടുണ്ടു്.
നാലാംശില്പം
ദോഷാലോചനം എന്നാണു് നാലാം ശില്പത്തിന്റെ സംജ്ഞ. (1) അപശബ്ദം (2) അവാചകം (3) കഷ്ടം (4) വ്യര്‍ത്ഥം (5) അനിഷ്ടം (6) ഗ്രാമ്യം (7) പുനരുക്തം (8) പരുഷം (9) വിസന്ധി (10) രീതിധുതം (11) ന്യൂനപാദം (12) അസ്ഥാനപദം (13) ക്രമഭങ്ഗം (14) യതിഭങ്ഗം (15) വൃത്തഭങ്ഗം (16) ദുര്‍വൃത്തം (17) സാമാന്യം (18) ശുഷ്കാര്‍ത്ഥം (19) അസങ്ഗതം (20) വികാരാനുപ്രാസം; ഇങ്ങനെ ഇരുപതു കാവ്യദോഷങ്ങളെപ്പറ്റി ലീലാതിലകകാരന്‍ പ്രതിപാദിക്കുന്നുണ്ടു്. ഭരതന്‍ നാട്യശാസ്ത്രത്തില്‍ പത്തും ഭാമഹന്‍ കാവ്യാലങ്കാരത്തിന്റെ പ്രഥമ പരിച്ഛേദത്തില്‍ പത്തും ചതുര്‍ത്ഥ പരിച്ഛേദത്തില്‍ പത്തുമായി മൊത്തത്തില്‍ ഇരുപതും ദണ്ഡികാവ്യാദര്‍ശത്തിന്റെ തൃതീയപരിച്ഛേദത്തില്‍ പത്തും ദോഷങ്ങളെ പരാമര്‍ശിക്കുന്നു. ആചാര്യന്‍ തന്റെ കാലത്തിനു മുമ്പുണ്ടായിട്ടുള്ള സംസ്കൃതാലങ്കാരഗ്രന്ഥങ്ങളെല്ലാം നോക്കി സ്വതന്ത്രമായ ഒരു പട്ടികയാണു് ഉണ്ടാക്കിയിട്ടുള്ളതു്. വിശ്വനാഥ കവിരാജന്‍ സാഹിത്യദര്‍പ്പണത്തില്‍ ചെയ്തിട്ടുള്ളതുപോലെയും മറ്റും പദദോഷങ്ങള്‍, പദാംശദോഷങ്ങള്‍, വാക്യദോഷങ്ങള്‍, അര്‍ത്ഥദോഷങ്ങള്‍, രസദോഷങ്ങള്‍ എന്നിങ്ങനെ ദോഷങ്ങളെ വിഭജിച്ചിട്ടില്ല; ʻപദാദിദോഷങ്ങള്‍ʼ എന്നു മൊത്തത്തില്‍ പറഞ്ഞുപോകുന്നതേയുള്ളു. അപശബ്ദദോഷത്തിനു ഭാഷയില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ടു്. മുകുളാര്‍ത്ഥത്തില്‍ ʻമുകള്‍ʼ എന്നപോലെ ʻപവളംʼ എന്ന അര്‍ത്ഥത്തില്‍ ʻപവള്‍ʼ എന്നു പ്രയോഗിക്കാന്‍ പാടില്ലെന്നു് അദ്ദേഹം ആദ്യമായി പറയുന്നു. ദിവാകരനിഘണ്ടുവില്‍ ʻʻവിത്തുരുമന്തുകിര്‍തുപ്പോടരത്തം മൊത്തപ്പിരവാളം തുവരിവൈ പവളംˮ എന്നിങ്ങനെയാണു് ʻപവളʼത്തിന്റെ അഭിധാനങ്ങള്‍ കാണുന്നതെന്നും അതുകൊണ്ടു് പവള്‍ എന്നൊരു പര്യായമില്ലെന്നുമാണു് അദ്ദേഹത്തിന്റെ മതം. അതു ശരിതന്നെ. ʻവന്നളവു്ʼ എന്നതിനു പകരം ʻവന്നള്‍ʼ എന്നും, ʻവെളാʼ (വെളുക്കുകയില്ല) എന്നതിനുപകരം ʻവെളുവാʼ എന്നും പ്രയോഗിക്കുകയില്ല) എന്നതിനുപകരം ʻവെളുവാʼ എന്നും പ്രയോഗിക്കുന്നതും തെറ്റെന്നു സമ്മതിക്കാം. എന്നാല്‍ ʻതുലോംʼ എന്നല്ലാതെ ʻതുലവുംʼ എന്നു പ്രയോഗിക്കുന്നതു ശരിയല്ലെന്നു് ആചാര്യന്‍ പറയുന്നതില്‍ അല്പം നോട്ടക്കുറവുള്ളതുപോലെ തോന്നുന്നു. തുലം എന്നാല്‍ ഘനം, ഏറ്റം എന്നര്‍ത്ഥം; അതിനോടു് ഉം എന്ന സമുച്ചയനിപാതം ചേര്‍ക്കുമ്പോള്‍ തുലവും എന്ന പദം നിഷ്പന്നാകുന്നു. ʻതുലവുംʼ സങ്കുചിതമായതാണു് ʻതുലോംʼ. അതിനാല്‍ ʻസുഭ്രൂമഞ്ജരി നിന്നെ വന്നു തുലവും താളുണ്ടു കാണാതിതു്ʼ, എന്ന വരിയിലെ തുലവും സുശബ്ദം തന്നെയാണു്. ലീലാതിലകകാരന്റെ കാലത്തു് അതു പ്രചാരലുപ്തമായിത്തീരുകയാല്‍ അദ്ദേഹം ʻതുലോംʼ എന്ന പദത്തിനു മാത്രമേ സാധുത്വം കല്പിക്കുന്നുള്ളു എന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതാപശബ്ദങ്ങള്‍ക്കു് ഉദാഹരണങ്ങളായി അദ്ദേഹം കാണിക്കുന്ന ʻഅന്യാഗോത്രശ്രവണസമയേʼ എന്നതില്‍ ʻഅന്യʼ എന്നതു ʻസര്‍വനാമ്നോ വൃത്തിമാത്രേ പുംവദ്ഭാവോ വക്തവ്യʼ എന്ന വാര്‍ത്തികമനുസരിച്ചു് ʻഅന്യʼ എന്നേ നില്ക്കൂ എന്നും ʻമദ്ബാഹുകര്‍ണ്ണരസനേക്ഷണനാസികാനാംʼ എന്നതില്‍ ʻനാസികാനാംʼ എന്നതു ʻʻദ്വന്ദ്വശ്ച പ്രാണിതൂര്യസേനാങ്ഗാനാംˮ (പാ: ii–4–ii) എന്ന സൂത്രമനുസരിച്ചു ʻനാസികായാഃʼ എന്നു വേണമെന്നും മറ്റും ആചാര്യന്‍ പ്രസ്താവിക്കുന്നതു സ്വീകാര്യംതന്നെ. എന്തെന്നാല്‍ ആ സമസ്തപദങ്ങള്‍ സംസ്കൃതമാണല്ലോ. അവാചകം അപശബ്ദത്തില്‍നിന്നു ഭിന്നമാണെന്നും ഏതര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നുവോ ആ അര്‍ത്ഥം ഗ്രഹിപ്പിക്കുന്നതിനു് അസമര്‍ത്ഥമായ പദമാണു് അവാചകമെന്നും അദ്ദേഹം പറയുന്നു. അതിനു് ʻഈട്ടിക്കൂട്ടിയിരുട്ടുകൊണ്ടു മദനന്‍ നിര്‍മ്മിച്ച പൂഞ്ചായലുംʼ എന്നതാണു് പ്രഥമോദാഹരണം. ചായല്‍ എന്ന പദം തലമുടി എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതു ശരിയല്ലെന്നും ആ പദത്തിനു പ്രസ്തുതാര്‍ത്ഥത്തില്‍ ശക്തിയോ നിഗൂഢലക്ഷണയോ ഇല്ലെന്നും പ്രയോഗമുണ്ടെന്നുവെച്ചുമാത്രം അതു സ്വീകാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തമിഴിലേ ദിവാകരാദിനിഘണ്ടുക്കളില്‍ചായലിനു തലമുടി എന്നര്‍ത്ഥമില്ലെന്നുള്ളതു ശരിതന്നെയാണു്; എന്നാല്‍ പ്രയോഗബാഹുല്യമുള്ള സ്ഥിതിക്കു് അതിനു് അവാചകത്വദോഷം ആരോപിക്കുവാന്‍ പാടുള്ളതല്ല. മലയാളത്തില്‍ ആ അര്‍ത്ഥം പ്രസ്തുതശബ്ദത്തിനു വന്നുചേര്‍ന്നു എന്നുപപാദിച്ചാല്‍ മതിയാകുന്നതാണല്ലോ. ഇതില്‍നിന്നു ആചാര്യന്‍ തമിഴിലെ അഭിധാനഗ്രന്ഥങ്ങളെ എത്രമാത്രം ശരണീകരിച്ചിരുന്നു എന്നു വെളിപ്പെടുന്നതാണു്. ʻചന്ദ്രാʼ, ʻനരേന്ദ്രാʼ, എന്നീ സംബുദ്ധികള്‍ക്കു പകരം ʻചന്ദ്രനേʼ, ʻനരേന്ദ്രനേʼ എന്നിങ്ങനെ പ്രയോഗിക്കുന്നതു കഷ്ടമെന്ന ദോഷത്തില്‍ പെടുന്നു. കഷ്ടമെന്നാല്‍ കുയുക്തികൊണ്ടുമാത്രം ശരിയെന്നു സാധിക്കാവുന്നതു്. തോലന്റെ ʻനീണ്ടിട്ടിരിക്കും നയനദ്വയത്തീʼയേയും ഇതിനുദാഹരണമായി ആചാര്യന്‍ ഉദ്ധരിയ്ക്കുന്നു. ʻകാകുപ്പണ്ണുകʼ എന്നതു ഗ്രാമ്യശബ്ദമായി ആചാര്യന്‍ കരുതുന്നു. എന്നാല്‍ ʻʻപ്രേമം തമ്മില്‍ˮ എന്ന ശ്ലോകം രചിച്ചകാലത്തു് അതു് അഗ്രാമ്യമായിരുന്നു എന്നൂഹിക്കുവാന്‍ ചില പ്രാചീനകൃതികള്‍ പഴുതുനല്‍കുന്നു എന്നു നാം കണ്ടുവല്ലോ. അനുചിതവൃത്തമാണു് ദുര്‍വൃത്തം; അതു വൃത്തഭങ്ഗത്തില്‍ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. സ്വാഗതവൃത്തം കേരളഭാഷയ്ക്കു യോജിയ്ക്കുകയില്ലെന്നു് ആചാര്യന്‍ പറയുന്നതു് അതു പാട്ടുപോലെയുള്ള ഒരു വൃത്തമെന്നു തോന്നിപ്പോകുകകൊണ്ടായിരിക്കും. അനുപ്രാസത്തിനു യോജിപ്പില്ലാതെ വരുമ്പോളാണു് വികാരാനുപ്രാസദോഷമുണ്ടാകുന്നതു്. ʻʻഎന്തുചെയ്വതു വയസ്യ പിന്നെ ഞാനന്തരങ്ഗജനു കൂത്തുകൂടിനാല്‍, ചാത്തു ചിന്തിന പയോധരാന്തയാ കാന്തയാ പക മറക്കലെന്റിയേˮ എന്ന ഉദാഹരണത്തില്‍ ആദ്യത്തേ രണ്ടു പാദങ്ങള്‍ ഹ്രസ്വാക്ഷരങ്ങള്‍ കൊണ്ടും ഒടുവിലത്തെ രണ്ടു പാദങ്ങള്‍ ദീര്‍ഘാക്ഷരങ്ങള്‍ കൊണ്ടും ആരംഭിക്കുന്നു. ʻʻകട്ടെമ്പതുക്കുപ്പെട്ടമ്പതല്ലതു പാട്ടെന്‍ പതെതുകൈയിലാകാതു്ˮ അതായതു് കട്ടെന്നതിനു പട്ടെന്നല്ലാതെ പാട്ടെന്നു് എതുകയില്‍ പ്രയോഗിക്കരുതു് എന്ന തമിഴ് പ്രമാണം ആചാര്യന്‍ ഇതിനു് ഉപോല്‍ബലകമായി ഉദ്ധരിച്ചു പ്രസ്തുത പദ്യത്തില്‍ ദൂഷകതാബീജമെന്തെന്നു വെളിപ്പെടുത്തുന്നു.
സ്ത്രീകള്‍ക്കു പേരിടലും രസഭങ്ഗവും
രസദോഷങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന ഘട്ടത്തില്‍ സ്ത്രീകള്‍ക്കു വിജയമല, അഞ്ചിതമല, നളിനപ്പുഴ, ഇളമാന്‍കുളം, പൂന്തേന്‍കുളം, ചെൽവഞ്ചിറ ഇങ്ങനെ കവികള്‍ ശ്ലോകമുണ്ടാക്കുമ്പോള്‍ പേരിടുന്നു എന്നും, അതു കുലത്തിന്റേയോ ദേശത്തിന്റേയോ ഗൃഹത്തിന്റേയോ പേരായി വരാമെന്നും മല എന്നു പറഞ്ഞാല്‍ സ്ത്രീത്വം തോന്നുന്നില്ലെന്നും പുതിയ പേരിടുകയാണെങ്കില്‍ അതു മുമ്പുള്ള പേരിനേക്കാള്‍ ലളിതവും രസോചിതവുമായിരിക്കണമെന്നും ചിരിതേവി, നങ്ങ, നാരണി മുതലായ പേരുകള്‍ക്കു ദോഷമൊന്നുമില്ലായ്കയാല്‍ പുതിയ പേരിടേണ്ട ആവശ്യകത തന്നെയില്ലെന്നും ആചാര്യന്‍ പറയുന്നു. അത്തരത്തില്‍ ഒരു നാമകരണഭ്രാന്തു് അദ്ദേഹത്തിന്റെ കാലത്തു വളരെ വര്‍ദ്ധിച്ചിരുന്നു എന്നു് ഈ പ്രസ്താവനയില്‍നിന്നു വിശദമാകുന്നുണ്ടു്. ഉണ്ണിയാടിക്കു മാരമാല എന്നുമൊരു പേരുണ്ടായിരുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അതു കവികള്‍ സമ്മാനിച്ചതായല്ലാതെ വരുവാന്‍ തരമില്ല; പണ്ടു പാദാനുപ്രാസത്തില്‍ (എതുകയില്‍) മണിപ്രവാളകവികള്‍ നിഷ്കര്‍ഷ വച്ചിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തു് അതു് ഒഴിച്ചുകൂടാത്തതായിത്തീര്‍ന്നു കഴിഞ്ഞിരുന്നുവെന്നും കൂടി പ്രസ്തുത ശില്പത്തില്‍ സൂചനയുണ്ടു്.
അഞ്ചാംശില്പം
അഞ്ചാം ശില്പത്തിന്റെ പേര്‍ ഗുണനിരൂപണം എന്നാണു്. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാലു ഗുണങ്ങളെയാണു് ലീലാതിലകകാരന്‍ സ്വീകരിയ്ക്കുന്നതു്. ഭരതന്റെ കാലംതുടങ്ങി സംസ്കൃതാലങ്കാരികന്മാര്‍ ഗുണങ്ങള്‍ പത്തെന്നാണു് ഗണിച്ചിരുന്നതു്. ʻʻശ്ലേഷഃ പ്രസാദസ്സമതാ മാധുര്യം സുകുമാരതാ അര്‍ത്ഥവ്യക്തിരുദാരത്വമോജഃ കാന്തിസമാധയഃ ഇതി വൈദര്‍ഭമാര്‍ഗ്ഗസ്യ പ്രാണാ ദശഗുണാസ്മൃതാഃˮ എന്നു് ആചാര്യദണ്ഡി കാവ്യാദര്‍ശത്തിന്റെ പ്രഥമപരിച്ഛേദത്തില്‍ ഈ വസ്തുത വ്യക്തമായി പ്രസ്താവിക്കുന്നു. വാമനന്‍ കാവ്യാലങ്കാരസൂത്രങ്ങളില്‍ അവയെത്തന്നെ പത്തു ശബ്ദഗുണങ്ങളും പത്തു് അര്‍ത്ഥഗുണങ്ങളുമാക്കി വികസിപ്പിക്കുന്നു. ʻʻമാധുര്യൗജഃപ്രസാദാഖ്യാസ്ത്രയസ്തേ ന പുനര്‍ദ്ദശˮ എന്നു മമ്മടഭട്ടന്‍ കാവ്യപ്രകാശത്തില്‍ അവയെ മൂന്നായി ചുരുക്കുന്നു. അര്‍ത്ഥഗുണങ്ങളെന്നൊരു വകയില്ലെന്നാണു് അദ്ദേഹത്തിന്റെ മതം. ലീലാതിലകകാരന്‍ അര്‍ത്ഥഗുണങ്ങളുമുണ്ടെന്നുള്ള പക്ഷക്കാരനാണു്. പ്രാചീനാചാര്യന്മാരുടെ പട്ടികയില്‍പ്പെട്ട ചില ഗുണങ്ങള്‍ മാധുര്യം, ഓജസ്സ്, പ്രസാദം, ഇവയില്‍ അന്തര്‍ഭവിക്കുന്നതുകൊണ്ടും മറ്റുചിലവയില്‍ ദോഷമില്ലായ്മ മാത്രം കാണുന്നതുകൊണ്ടും വേറെ ചിലവ ചിലപ്പോള്‍ ദോഷങ്ങളായി പരിണമിക്കുന്നതുകൊണ്ടുമാണു് മമ്മടന്‍ അവയെ ഉപേക്ഷിക്കുന്നത്. ʻʻഗുണാ മാധുര്യമോജോഥ പ്രസാദ ഇതി തേ ത്രിധാˮ എന്നു വ്യവസ്ഥാപനം ചെയ്യുന്ന വിശ്വനാഥകവിരാജന്‍ ആ ആചാര്യനെ ഈ വിഷയത്തില്‍ പൂര്‍ണ്ണമായി അനുകരിയ്ക്കുകയത്രേ ചെയ്യുന്നതു്. മണിപ്രവാളത്തിലെ ഗുണങ്ങളെ പരാമര്‍ശിക്കുന്ന ലീലാതിലകകാരന്‍ ഓജസ്സിനെ പ്രത്യേകമൊരു ഗുണമായി സ്വീകരിച്ചിട്ടില്ല. രസത്തിനെന്നതുപോലെ ഭാഷയ്ക്കും പ്രാധാന്യമുണ്ടായാല്‍ മാത്രമേ ഉത്തമ മണിപ്രവാളമാകയുള്ളു. പഞ്ചമങ്ങളൊഴികെയുള്ള വര്‍ഗ്ഗാക്ഷരങ്ങളും രേഫവും അവ ചേര്‍ന്ന സംയുക്താക്ഷരങ്ങളും ദീര്‍ഘസമാസവും ഉദ്ധതരചനയും ഓജസ്സിനു് ആവശ്യകമാണു്. അങ്ങനെ വരുമ്പോള്‍ ഭാഷയുടെ അംശം വളരെ ചുരുങ്ങിപ്പോകുമെന്നുള്ളതിനാലാണു് ആചാര്യന്‍ അതിനെ തിരസ്കരിച്ചതെന്നു പറയുന്നു. ശ്ലേഷത്തില്‍ ഓജസ്സ് ഉള്‍പ്പെടുമെന്നു വിചാരിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതിനും അദ്ദേഹത്തിനു വിരോധമില്ല ʻശ്ലിഷ്ടമസ്പൃഷ്ടശൈഥില്യമല്പപ്രാണാക്ഷരോത്തരംʼ എന്ന ദണ്ഡിയുടെ മതത്തെത്തന്നെയാണു് ലീലാതിലകകാരനും അങ്ഗീകരിയ്ക്കുന്നതു്. മസൃണത്വമാണു് ശ്ലേഷമെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. ആഹ്ലാദകത്വം മാധുര്യം എന്ന മമ്മടന്റെ മാധുര്യലക്ഷണത്തെ ആചാര്യന്‍ അതേപടി പകര്‍ത്തുന്നു. ʻʻശുഷ്കേന്ധനാഗ്നിവല്‍ സ്വച്ഛജലവല്‍ സഹസൈവയഃ വ്യാപ്നോത്യന്യല്‍ പ്രസാദേ സൗˮ എന്ന മമ്മടന്റെ പ്രസാദലക്ഷണം ചുരുക്കി ʻʻഝടിത്യര്‍ത്ഥസമര്‍പ്പണം പ്രസാദഃˮ എന്നാണു് ആ ഗുണത്തിനു് ആചാര്യന്‍ നിര്‍വ്വചനം ചെയ്തിരിക്കുന്നതു്. ʻഝടിത്യര്‍ത്ഥസമര്‍പ്പകപദത്വാല്‍ʼ എന്നു പ്രതാപരുദ്രീയത്തിലും കാണുന്നുണ്ടു്. ബന്ധത്തിനു വൈഷമ്യമില്ലാതിരിക്കുകയാണു് സമത. വര്‍ണ്ണങ്ങള്‍ മൃദുക്കള്‍, സ്ഫുടങ്ങള്‍, മിശ്രങ്ങളെന്നു മൂന്നുമാതിരിയുണ്ടെന്നും മൃദുക്കള്‍ അല്പപ്രാണങ്ങളും സ്ഫുടങ്ങള്‍ ഇതരവര്‍ണ്ണങ്ങളുമാണെന്നും മിശ്രവര്‍ണ്ണങ്ങളുടെ ബന്ധത്തെയാണു് സമതയുടെ ലക്ഷണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും ആചാര്യന്‍ പറയുന്നു. ʻഅവൈഷമ്യേണ ഭണനം സമതാ സാ നിഗദ്യതേʼ എന്നു സമതയ്ക്കു നിര്‍വചനം ചെയ്യുന്ന വിദ്യാനാഥന്റെ ʻവദാന്യതരുമഞ്ജരീസുരഭയഃʼ എന്ന പദ്യത്തില്‍ പ്രക്രമഭങ്ഗദോഷമില്ലാത്തതുകൊണ്ടാണു് അതു സമതയ്ക്കു് ഉദാഹരണമാകുന്നതെന്നു പ്രതാപരുദ്രീയവ്യാഖ്യാതാവായ കുമാരസ്വാമി പ്രസ്താവിക്കുന്നു. മാര്‍ഗ്ഗാഭേദരൂപമായ, അതായതു് ഉപക്രമത്തിലും നിര്‍വാഹത്തിലും ഒന്നുപോലെയുള്ള ഘടനയോടുകൂടിയിരിക്കേണ്ട. സമത ചിലപ്പോള്‍ ദോഷമായേയ്ക്കുമെന്നു മമ്മടഭട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ള സമതയല്ല ലീലാതിലകകാരന്റെ വിവക്ഷിതമെന്നു സ്പഷ്ടമാണു് എങ്കിലും അതിനെ പ്രത്യേകമൊരു ഗുണമായി സ്വീകരിച്ചതിനുള്ള ന്യായം വ്യക്തമാകുന്നില്ല.
ആറുമേഴും ശില്പങ്ങള്‍
ശബ്ദാലങ്കാരവിവേചനവും അര്‍ത്ഥാലങ്കാരവിവേചനവുമാണു് ആറും ഏഴും ശില്പങ്ങള്‍. ഒന്‍പതു്, പത്തു് എന്നു രണ്ടുല്ലാസങ്ങള്‍ ഈ വകയ്ക്കു മമ്മടഭട്ടനും, ഏഴു്, എട്ടു് എന്നു രണ്ടു പ്രകരണങ്ങള്‍ വിദ്യാനാഥനും വിനിയോഗിക്കുണ്ടു്. ʻʻശബ്ദാര്‍ത്ഥൗ മൂര്‍ത്തിരാഖ്യാതൗ ജീവിതം വ്യങ്ഗ്യവൈഭവം ഹാരാദിവദലങ്കാരാസ്തത്രസ്യുരുപമാദയഃˮ എന്ന വിദ്യാനാഥമതമനുസരിച്ച് ʻʻഹാരാദിവച്ഛോഭാതിശയഹേതുരലങ്കാരഃˮ എന്നു ലീലാതിലകകാരന്‍ അലങ്കാരത്തിനു ലക്ഷണം വിധിക്കുന്നു. മോനയ്ക്കു് ആചാര്യന്‍ നല്‍കുന്ന പേര്‍ മുഖാനുപ്രാസമെന്നാണു്. പാദാനുപ്രാസകത്തെ (എതുകയെ)പ്പറ്റി മുന്‍പു പറഞ്ഞുകഴിഞ്ഞു. രണ്ടോ അധികമോ വര്‍ണ്ണങ്ങളുടെ ആവര്‍ത്തനത്തിനു വര്‍ണ്ണാനുപ്രാസമെന്നു പേര്‍. ഭാഷയില്‍ത്തന്നെ നാനാര്‍ത്ഥമായ ഒരു പദം വേണ്ടവിധത്തില്‍ പ്രയോഗിച്ചാല്‍ (ʻകലാവിദ്യകളും കാവും വല്ലിയാലിതമുള്ളതു്ʼ എന്ന മാതിരി പ്രയോഗിച്ചാല്‍) ഉത്തമശ്ലേഷവും, ഒരിടത്തു ഭാഷയ്ക്കും മറ്റൊരിടത്തു സംസ്കൃതത്തിനും നാനാര്‍ത്ഥത്വം കല്പിച്ചു് ഐകരൂപ്യം വരുത്തിയാല്‍ മധ്യമശ്ലേഷവും സംസ്കൃതത്തില്‍ മാത്രമുള്ള നാനാര്‍ത്ഥപദം പ്രയോഗിച്ചാല്‍ അതു് അധമശ്ലേഷവുമാണെന്നത്രേ ആചാര്യന്റെ അഭിപ്രായം. (1) ഉപമ, (2) ഉപമേയോപമ, (3) സ്മരണം, (4) രൂപകം, (5) സംശയം, (6) ഭ്രാന്തി, (7) അപഹ്നുതി, (8) വ്യതിരേകം, (9) ദീപകം, (10) പ്രതിവസ്തുപമ, (11) ദൃഷ്ടാന്തം, (12) ഉല്‍പ്രേക്ഷ, (13) അന്യാപദേശം, (14) ക്രമം, (15) ആക്ഷേപം, (16) പരിവൃത്തി, (17) ശ്ലേഷം, (18) സ്വഭാവോക്തി, (19) ഹേതു, (20) അര്‍ത്ഥാന്തരന്യാസം, (21) വിരോധം, (22) വിഭാവന, (23) വിശേഷോക്തി, (24) അസങ്ഗതി, (25) ഉദാത്തം, (26) പരിസംഖ്യ, (27) സമാധി ഇങ്ങനെ ഇരുപത്തേഴു് അര്‍ത്ഥാലങ്കാരങ്ങളെപ്പറ്റി അദ്ദേഹം വിവേചനം ചെയ്യുന്നുണ്ടു്. ഉപമയില്‍ അന്തര്‍ഭവിപ്പിച്ചു് ലുപ്തോപമ, രശനോപമ, കല്പിതോപമ ഇവയേയും ഉദാഹരിക്കുന്നു. ʻപരിസംഖ്യാദയഃʼ എന്ന സൂത്രത്തിലെ ആദിശബ്ദംകൊണ്ടു് അര്‍ത്ഥാപത്തി മുതലായ അലങ്കാരങ്ങളെക്കൂടി ഗ്രഹിക്കേണ്ടതാണെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ടു്. സംസ്കൃതകാവ്യലക്ഷണഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതുതന്നെയാണു് മണിപ്രവാളകാവ്യലക്ഷണത്തിലും വരുന്നതെന്നു് അഭിപ്രായപ്പെടുന്നതില്‍നിന്നു് ആ വിഷയത്തില്‍ ആചാര്യന്‍ അന്യഭാഷാലങ്കാരികന്മാര്‍ക്കു വിധേയനായിട്ടില്ലെന്നു വിശദമാകുന്നു. അനന്വയം മണിപ്രവാളത്തില്‍ വളരെ വിരളമായേ കാണുകയുള്ളു എന്നും നിദര്‍ശനയ്ക്കും ദൃഷ്ടാന്തത്തിനും ഭേദം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും കൂടി പ്രാസങ്ഗികമായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ലീലാതിലകത്തില്‍ ഗ്രന്ഥകാരന്‍ അലങ്കാരങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളതു് യാതൊരു പൂര്‍വസൂരിയേയും അനുകരിച്ചാണെന്നു തോന്നുന്നില്ല. ആ വിഷയത്തില്‍ വല്ല കടപ്പാടുമുണ്ടെങ്കില്‍ അതു് രുയ്യകന്റെ അലങ്കാരസൂത്രത്തോടാണെന്നു വേണമെങ്കില്‍ പറയാം.
എട്ടാം ശില്പം
രസപ്രകരണമാണു് അഷ്ടമശില്പം. ʻമണിപ്രവാളജീവിതം വ്യങ്ഗ്യംʼ എന്നു വിദ്യാനാഥനെ പിന്‍തുടര്‍ന്നു ലീലാതിലകകാരന്‍ വ്യങ്ഗ്യത്തെ പ്രശംസിക്കുന്നു. അഭിധ, ലക്ഷണ, താല്‍പര്യം എന്നീ മൂന്നു ശബ്ദവൃത്തികള്‍ക്കു പുറമേയാണു് വ്യഞ്ജനയെന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. താല്‍പര്യത്തെ പ്രതേയകമായൊരു വൃത്തിയായി സ്വീകരിക്കുന്നതു് അഭിഹിതാര്‍ത്ഥവാദികളെന്നു പറയുന്ന ഒരു കൂട്ടം മീമാംസകന്മാരാണു്. അന്വിതാഭിധാനവാദികള്‍ ആ മതം അങ്ഗീകരിക്കുന്നില്ല. ലോചനകാരന്റെ കാലം (ക്രി.പി. ഒന്‍പതാംശതകം) മുതൽക്കു് അഭിധ, ലക്ഷണ, വ്യഞ്ജന ഈ മൂന്നു ശബ്ദവ്യാപാരങ്ങളെമാത്രമേ ആലങ്കാരികന്മാര്‍ സാമാന്യേന പരിഗണിക്കാറുള്ളു. താല്‍പര്യം വ്യഞ്ജനാവൃത്തിയില്‍ അന്തര്‍ഭവിക്കുന്നു എന്നാണു് അവരുടെ പക്ഷം. ʻതാല്‍പര്യാര്‍ത്ഥോപി കേഷുചില്‍ʼ എന്നു മമ്മടഭട്ടന്‍ അഭിഹിതാന്വയവാദികളുടെ മതത്തെ നാമമാത്രമായി സ്മരിക്കുന്നില്ലെന്നില്ല. വ്യങ്ഗ്യം, വസ്തു, അലങ്കാരം ഇങ്ങനെ രസം മൂന്നുവഴിക്കുണ്ടാകാമെന്നു് ഉപന്യസിച്ചു ലീലാതിലകകാരന്‍ രസനിരൂപണത്തിനു് ഉപക്രമിക്കുകയും ശാന്തത്തെക്കൂടി ഉള്‍പ്പെടുത്തി രസങ്ങള്‍ ഒന്‍പതാണെന്നു നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. മമ്മടഭട്ടന്‍ ശാന്തത്തെ രസത്വേന സ്വീകരിക്കുന്നില്ല. ʻഅഷ്ടൗനാട്യേ രസാഃ സ്മൃതാഃʼ എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. കാവ്യപ്രകാശവ്യാഖ്യാതാവായ ഗോവിന്ദഠക്കുരന്‍ കാവ്യമാത്രഗോചരമായി ശാന്തരസമുണ്ടാകാമെന്നു പറയുന്നു. എന്നാല്‍ മമ്മടന്റെ പൂര്‍വ്വഗാമിയായ ഉല്‍ഭടന്‍ ʻʻശൃങ്ഗാരഹാസ്യ കരുണാ രൗദ്രവീരഭയാനകാഃ ബീഭത്സാത്ഭുതശാന്താശ്ച നവ നാട്യേ രസാഃസ്മൃതാഃˮ എന്നും പ്രസ്താവിക്കുന്നുണ്ടു്. ʻʻശൃങ്ഗാരഹാസ്യ കരുണാ രൗദ്രവീരഭയാനകാഃ ബീഭത്സാത്ഭുതശാന്താശ്ച രസാഃ പൂര്‍വൈരുദാഹൃതാഃˮ എന്നിങ്ങനെ ഒന്‍പതു രസങ്ങളെ വിദ്യാനാഥനും അങ്ഗീകരിക്കുന്നു. ʻʻരതിര്‍ഹാസശ്ചശോകശ്ച ക്രോധോത്സാഹൗ ഭയം തഥാ ജുഹുപ്സാവിസ്മയശമാഃ സ്ഥായിഭാവാ നവ ക്രമാല്‍ˮ എന്നു വിദ്യാനാഥമതത്തെത്തന്നെയാണു് പ്രായേണ ലീലാതിലകകാരനും അനുവര്‍ത്തിക്കുന്നതു്. ശമത്തിനു പകരം നിര്‍വേദമാണു് ശാന്തത്തിന്റെ സ്ഥായിഭാവമെന്നു് ഉപന്യസിച്ചിട്ടു ശമത്തിനു കാരണം നിര്‍വേദമാകകൊണ്ടു് അങ്ങനെ പറഞ്ഞതാണെന്നു തന്റെ ആശയം വെളിവാക്കുന്നുമുണ്ടു്. മമ്മടന്റെ പക്ഷത്തില്‍ നിര്‍വേദം വ്യഭിചാരിഭാവം മാത്രമാണു്. ഒടുവില്‍ വീരശൃങ്ഗാരങ്ങള്‍ക്കുള്ള ഉല്ക്കര്‍ഷത്തെ നമ്മുടെ ആചാര്യന്‍ ʻʻദേവന്മാരില്‍ മഹേന്ദ്രനെന്നപോലെ ഈ രസങ്ങളില്‍ വീരമാണു് പ്രധാനം; ഭഗവാന്‍ പുണ്ഡരീകാക്ഷനെന്നപോലെ അതിലും പ്രധാനമാണു് ശൃങ്ഗാരം.ˮ എന്നു ചിത്രീകരിച്ചിട്ടു രസപ്രകരണം അവസാനിപ്പിക്കുന്നു.
ഉപസംഹാരം
നാലഞ്ചു ശതവര്‍ഷങ്ങളില്‍ മണിപ്രവാളകാവ്യങ്ങള്‍ ധാരാളമായി ആവിര്‍ഭവിച്ചപ്പോള്‍ യഥാര്‍ത്ഥ മണിപ്രവാളത്തിന്റെ സ്വരൂപം ജനങ്ങളെ മനസ്സിലാക്കുന്നതിനും അജ്ഞതകൊണ്ടോ ഉച്ഛൃംഖലതകൊണ്ടോ അപഥ സഞ്ചാരം ചെയ്യുന്ന കവികളെ നിയന്ത്രിക്കുന്നതിനുമുള്ള ആവശ്യം സാഹിത്യാചാര്യന്മാര്‍ക്കു് നേരിട്ടു. ആ ആവശ്യം ലീലാതിലകകാരന്‍ യഥാവിധി നിര്‍വഹിച്ചു. സാഹിത്യ വിഷയത്തില്‍ കാവ്യപ്രകാശം, സാഹിത്യദര്‍പ്പണം മുതലായ ഗ്രന്ഥങ്ങള്‍ക്കുള്ള പരിപൂര്‍ണ്ണത ലീലാതിലകത്തിനുണ്ടെന്നു് പറഞ്ഞു കൂടുന്നതല്ല; പല വിഷയങ്ങളേയും അദ്ദേഹം സ്പര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ള. അനേകം അംശങ്ങള്‍ അപാങ്ഗാവലോകത്തിനുപോലും പാത്രീഭവിച്ചിട്ടില്ല. വ്യാകരണസംബന്ധമായി അദ്ദേഹം ചെയ്തിട്ടുള്ള ചര്‍ച്ചകള്‍ അതിലും ഹ്രസ്വങ്ങളാണു്. എങ്കിലും പരിണതപ്രജ്ഞനും പണ്ഡിതമൂര്‍ദ്ധന്യനുമായ ആ മഹാത്മാവു കൈരളിയെ ഇത്തരത്തില്‍ ഒരു ലക്ഷണഗ്രന്ഥനിര്‍മ്മിതിയാല്‍ അനുഗ്രഹിച്ചതു നമുക്കു് ഏറ്റവും ചാരിതാര്‍ത്ഥ്യജനകമാകുന്നു. ʻʻഅനാദീനവര്‍ണ്ണാഢ്യം ചാരുശില്പസമുജ്ജ്വലം ലീലാതിലകമാഭാതി ഭാരത്യാഃ ഫാലഭൂഷണംˮ എന്ന് ഒടുവില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള പ്രശസ്തി ഗ്രന്ഥകാരന്റേതു തന്നെയായിരിക്കണം; അതില്‍ അത്യുക്തിയുടേയോ അളീകവചനത്തിന്റേയോ നിഴലാട്ടം അശേഷമില്ല. സര്‍വതന്ത്രസ്വതന്ത്രനായ ആ പരമോപകര്‍ത്താവിനെ കേരളീയര്‍ അവരുടെ നാടും ഭാഷയും ഉള്ള കാലത്തോളം സഭക്തി ബഹുമാനം സ്മരിക്കുന്നതാണു്.
അലങ്കാരസംക്ഷേപം
പേർ
നമുക്കു് അസമഗ്രമായെങ്കിലും ഈയിടയ്ക്കു ലഭിച്ചിട്ടുള്ള മറ്റൊരു മണിപ്രവാള ശാസ്ത്രഗ്രന്ഥമാകുന്നു അലങ്കാരസംക്ഷേപം. അപൂര്‍ണ്ണമാകയാല്‍ ഗ്രന്ഥത്തിന്റെ സംജ്ഞയെന്തെന്നു സൂക്ഷ്മമായറിവാന്‍ നിവൃത്തിയില്ലെങ്കിലും ʻʻഅര്‍ത്ഥാലങ്കാരസംക്ഷേപഃ ക്രിയതേതഃ പരം മയാˮ എന്നു് ഒരു കാരികയില്‍ കാണുന്ന സൂചനയെ ആസ്പദമാക്കി അതിനു് അലങ്കാരസംക്ഷേപമെന്നു പേര്‍ കല്പിക്കാവുന്നതാണു്.
പ്രതിപാദനരീതി
സൂത്രം, ഉദാഹരണം, വൃത്തി എന്നിങ്ങനെയാണല്ലോ ലീലാതിലകത്തിലെ പ്രതിപാദനരീതി. സൂത്രത്തിനു പകരം കാരികയാണു് അലങ്കാരസംക്ഷേപകാരന്‍ പ്രയോഗിച്ചിരിക്കുന്നതു്. കാരികയും ഉദാഹരണവും മണിപ്രവാളത്തിലും വൃത്തി സംസ്കൃതത്തിലും രചിക്കണമെന്നാണു് അദ്ദേഹത്തിന്റെ അഭിസന്ധി എങ്കിലും പലപ്പോഴും കാരികയും ഉദാഹരണവുംകൂടി സംസ്കൃതനിബദ്ധമായിപ്പോകുന്നു. ഉദാഹരണങ്ങളില്‍ അനേകം നല്ല ശ്ലോകങ്ങളുണ്ടെങ്കിലും ഏതാനും ചില ശ്ലോകങ്ങള്‍ ഗുണഭൂയിഷ്ഠങ്ങളല്ലെന്നും പറയേണ്ടിയിരിക്കുന്നു. വൃത്തിയിലാണു് ആചാര്യന്‍ തന്റെ പാണ്ഡിത്യം മുഴുവന്‍ പ്രകടിപ്പിച്ചിരിക്കുന്നതു്. അദ്ദേഹം ഒരു വിശിഷ്ടനായ ആലങ്കാരികനായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. വ്യക്തിവിവേകകാരനെ ഒരവസരത്തില്‍ സ്മരിക്കുന്നു; ʻആബദ്ധപ്രചുരപരാര്‍ദ്ധ്യ കിങ്കിണീകഃʼ എന്ന ശ്ലോകം മാഘം അഷ്ടമസര്‍ഗ്ഗത്തില്‍നിന്നും ʻഅഹോ കേനേദൃശീ ബുദ്ധിഃʼ എന്നും ʻവക്ത്രസ്യന്ദിസ്വേദബിന്ദുപ്രബന്ധൈഃʼ എന്നും ʻസങ്കേതകാലമനസം വിടം ജ്ഞാത്വാ വിദഗ്ദ്ധയാʼ എന്നുമുള്ള ശ്ലോകങ്ങള്‍ കാവ്യപ്രകാശം നവമദശമോല്ലാസങ്ങളില്‍നിന്നും ഉദ്ധരിക്കുന്നു.
വേറേയും അദ്ദേഹത്തിന്റെ പരിനിഷ്ഠിതമായ അലങ്കാരനദീഷ്ണതയ്ക്കു പല ഉദാഹരണങ്ങള്‍ അഭിജ്ഞന്മാര്‍ക്കു് ദൃശ്യങ്ങളാണു്.
വിഷയം
ശബ്ദാലങ്കാരങ്ങളേയും അര്‍ത്ഥാലങ്കാരങ്ങളേയുംപറ്റി മാത്രമേ ആചാര്യന്‍ പ്രസ്തുതഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുള്ളു. ശബ്ദാലങ്കാരങ്ങളില്‍ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ അദ്ദേഹം സ്വീകരിക്കുന്നു. ʻʻചിത്രാണാം നീരസത്വംകൊണ്ടത്ര നൈവ നിരൂപണംˮ എന്നു പറഞ്ഞു ചിത്രത്തെ പരിത്യജിക്കുന്നു. അര്‍ത്ഥാലങ്കാരങ്ങളില്‍ അദ്ദേഹത്തിന്റെ ദൃഷ്ടി യഥാക്രമം (1) ഉപമ (2) അനന്വയം (3) ഉപമേയോപമ (4) സ്മരണം (5) രൂപകം (6) സന്ദേഹം (7) ഭ്രാന്തിമാന്‍ (8) അപഹ്നുതി (9) ഉല്‍പ്രേക്ഷ (10) അതിശയോക്തി (11) ദീപകം (12) ദൃഷ്ടാന്തം (13) നിദര്‍ശന (14) വ്യതിരേകം (15) സഹോക്തി (16) സമാസോക്തി (17) അപ്രസ്തുതപ്രശംസ (18) അര്‍ത്ഥാന്തരന്യാസം (19) വക്രോക്തി (20) വിശേഷോക്തി (24) വ്യാജസ്തുതി (25) പരിസംഖ്യ (26) വിശേഷോക്തി (24) വ്യാജസ്തുതി (25) പരിസംഖ്യ (26) സൂക്ഷ്മം (27) വ്യാജോക്തി (28) ശ്ലേഷൺ (29) വക്രോക്തി എന്നിവയില്‍ പതിഞ്ഞിരിക്കുന്നു. ഇതരാലങ്കാരങ്ങളെ ആചാര്യന്‍ പരാമര്‍ശിച്ചിട്ടുണ്ടോ എന്നു നിര്‍ണ്ണയിക്കുവാന്‍ തരമില്ല. ലീലാതിലകത്തില്‍ ഇരുപത്തേഴു് അര്‍ത്ഥാലങ്കാരങ്ങളെ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളു എന്നു മുന്‍പു നിര്‍ദ്ദേശിച്ചുവല്ലോ. രൂപകം, ഉല്‍പ്രേക്ഷ, അതിശയോക്തി മുതലായ ചില അലങ്കാരങ്ങളെ സപ്രഭേദമായാണു് പ്രതിപാദിക്കുന്നതു്.
കാലം
ആചാര്യന്‍ അജ്ഞാതനാമാവാണു്. കാലത്തെപ്പറ്റി ഖണ്ഡിച്ചു് ഒന്നും പറയുവാന്‍ നിര്‍വാഹമില്ല. രവിവര്‍മ്മ മഹാരാജാവിനെപ്പറ്റി ഇരുപതോളം ശ്ലോകങ്ങള്‍ അവിടവിടെയായി ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ടു്. എല്ലാം സംസ്കൃതശ്ലോകങ്ങളാണു്. ʻനൃപരാജʼ എന്നു് അദ്ദേഹത്തെ ഒരു ഘട്ടത്തില്‍ അഭിസംബോധനം ചെയ്തിരിക്കുന്നതു നോക്കുമ്പോള്‍ രാജരാജപരമായി ഒരു ശ്ലോകം കാണുന്നതും അദ്ദേഹത്തെപ്പറ്റിയാണെന്നു് അനുമാനിക്കാം. ആ മഹാരാജാവിനെ പ്രശസ്തനായ ഒരു യോദ്ധാവായും വിദ്വല്‍പ്രിയനായും വിതരണശീലനായുമാണു് ആ ശ്ലോകങ്ങളില്‍ പ്രകീര്‍ത്തനം ചെയ്തിട്ടുള്ളതു്. മാതൃക കാണിക്കുവാന്‍ അവയില്‍നിന്നു് അഞ്ചെണ്ണം ഉദ്ധരിക്കട്ടെ.
ʻʻരവിവര്‍മ്മനരേന്ദ്രപാലിതാനാ-
മനുകൂലാഃ പരിപസ്ഥിനോ ജനാനാം;
രവിവര്‍മ്മനരേന്ദ്രവൈരഭാജാ-
മനുകൂലാഃ പരിപന്ഥിനോ ജനാനാം.ˮ (ലാടാനുപ്രാസം)
<poem>
ʻʻഗുണൈര്‍ല്ലോകോത്തരൈസ്തൈസ്തൈഃ കീര്‍ത്തിം വിതനുതേതരാം,
രവിവര്‍മ്മമഹീപാല! ഭവാനിവ ഭവാന്‍ പ്രഭോ!ˮ (അനന്വയം)
ʻʻകല്പദ്രുമഃ കിമയമാശ്രിതമര്‍ത്ത്യലോകഃ,
ക്രീഡാഗൃഹീതമധുരാകൃതിരങ്ഗജന്മാ,
സാക്ഷാല്‍ പുരാരിരഥവേതി ഗുണൗഘശാലീ
ഡോളായതേ ഹൃദി നൃണാം രവിവര്‍മ്മഭൂപഃˮ (സന്ദേഹം)
ʻʻകഥയാപി വിലജ്ജതേ ഭവാന്‍
നിജയേതി വ്യഥയേവ ഗാഹതേ
രവിവര്‍മ്മമഹീപതേ! ഭവദ്-
ഗുണസാര്‍ത്ഥസ്സകലോ ദിഗന്തരം.ˮ (ഹേതൂല്‍പ്രേക്ഷ)
ʻʻആശ്ചര്യം രിപുസുദൃശാം സ്തനതടപതിതാഭിരശ്രുധാരാഭിഃ
നിര്‍വാതി ജ്വലിതമിദം രവിവര്‍മ്മാനരേന്ദ്ര! തേ ഹൃദയം.ˮ (അസങ്ഗതി)
ഈ ശ്ലോകങ്ങളെല്ലാം കൊല്ലത്തേ സങ്ഗ്രാമധീരരവിവര്‍മ്മ ചക്രവര്‍ത്തിയെപ്പറ്റിയാണെങ്കില്‍ ആചാര്യന്‍ കൊല്ലം ആറാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. എന്നാല്‍ അതിനു തെളിവുപോരാതെയാണിരിക്കുന്നുതു്. രവിവര്‍മ്മാവിനെക്കൂടാതെ, രാമവര്‍മ്മാവെന്നൊരു മഹാരാജാവിനേയും കോഴിക്കോട്ടേ മാനവിക്രമനാമധേയനായ ഒരു സാമൂതിരിപ്പാടിനേയും പറ്റി ഈരണ്ടു ശ്ലോകങ്ങള്‍ കാണുന്നു. രാമവര്‍മ്മാവിനെപ്പറ്റിയുള്ള ഒരു ശ്ലോകവും സാമൂതിരിയെപ്പറ്റിയുള്ള രണ്ടു ശ്ലോകങ്ങളും അടിയില്‍ പകര്‍ത്താം.
ʻʻശ്രീരാമവര്‍മ്മനൃപതൗ പരിപാതി മഹീതലം,
വിഷാദീ മദനാരാതിര്‍ഗ്രഹാസ്സല്‍പഥലംഘിനഃ.ˮ (പരിസംഖ്യ)
ʻʻസര്‍വേഷാമധിമസ്തകം ക്ഷിതിദൃതാം വിന്യസ്തപാദസ്തമോ-
നിഘ്നന്നാശ്രിതകൈടഭാന്തകപദസ്സമ്യക്‍പ്രതാപോദയഃ
നാളീകസ്ഫുരണം തനോതി നിതരാം ജായാന്വിതോ യോന്വഹം;
സോയം സമ്പ്രതി മാനവിക്രമ! ഭവാന്‍ ഭാസ്വാനിവ ഭ്രാജതേ.ˮ (ശ്ലേഷം)
ʻʻപാരാളും കല്പവൃക്ഷങ്ങലുമഹിതചകോരീദൃശാം കണ്ണുനീരും
മാരാഭാവേ രതിപ്പെണ്‍കൊടി തടവിന താപത്തിനും ചാരുകീര്‍ത്തേ!
ആറായീ വീര! വിശ്രാണനനിപുണതയും കെല്പുമക്കാന്തിവായ്പും
വേറാകാതേ പിറന്നോരളവു ഭുവി വിഭോ! വിക്രമക്ഷ്മാപതേ! നീ.ˮ (ശ്ലേഷം)
ഈ മാനവിക്രമന്‍ ഏതുകാലത്തു ജീവിച്ചിരുന്നു എന്നും രാമവര്‍മ്മാവു് ആരെന്നുപോലും നിശ്ചയമില്ല. ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുള്ള
ʻʻഅതിശയരമണീയം രാമതേവീകണാ; നിന്‍
വദനശശികളങ്കം കാന്തിനീരില്‍ക്കലങ്ങിˮ
എന്ന ശ്ലോകം അലങ്കാരസംക്ഷേപത്തിലും ഉദ്ധൃതമായിട്ടുണ്ടു്.
ʻʻഉചിതമറിക മുന്നം നല്ലതല്ലായ്കിലെല്ലാ-
മറിയുമവര്‍കള്‍ ചൊന്നാല്‍ക്കേള്‍ക്കിലും നന്നു പിന്നെˮ
എന്നും
ʻʻവല്ലോരിലും മതിയിലുളള മുഴുത്ത സങ്ഗം
നന്നല്ലപോല്‍ നളിനസുന്ദരി നമ്മളാര്‍ക്കു്ˮ
എന്നുമുള്ള ശ്ലോകങ്ങള്‍ വൈശികതന്ത്രത്തില്‍നിന്നു പകര്‍ത്തിയിരിക്കുന്നു. രാമതേവിക്കു പുറമേ, ചിത്രനീവി, കലാമണി, കൈങ്കയമ്മ, രത്നവേണ്ടി, ഉത്രാടമാതു്, നാരണീനന്ദന, മാരചിന്താമണി, ലാവണ്യകേളി, രാമാമണി, മാരലേഖ, കലാവല്ലരി, പൂങ്കേതകി, എന്നിങ്ങനെ വേറേയും പല നായികമാരെപ്പറ്റിയുള്ള ചാടുശ്ലോകങ്ങളും കാണ്മാനുണ്ടു്. ʻനിര്‍മ്മാതുര്‍ന്നി രവദ്യശില്പരചനാʼ എന്ന ശ്ലോകം ഞാന്‍ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.
ʻʻനക്ഷത്രാണാം നികായം ഗഗനമരതക-
ത്തൂമലര്‍പ്പാലികായാ-
മൊക്കക്കിഞ്ചില്‍പ്പരത്തിപ്പരിചൊടിത സമാ-
യാതി സന്ധ്യാ ദിനാന്തേ
മൈക്കണ്ണാള്‍മൗലിമാലയ്ക്കിഹ മരതകമാ-
ലയ്ക്കു മാലയ്ക്കു പൂവും
കൈക്കൊണ്ടെന്‍തോഴ! ചന്തംതടവി വരുമിള-
ന്തോഴിതാനെന്നപോലെˮ (ഉപമ)
എന്നും
ʻʻപ്രച്ഛന്നാത്മാ കിഴക്കേ മലയരികിലിരു-
ന്നന്തിനേരം വരും പോ-
ന്നുച്ചൈരെങ്ങും നടക്കു നഭസി നിജകരാ-
ഗ്രേണ ജാഗ്രന്നിശായാം
<poem>
ഇച്ചന്ദ്രന്‍ ചന്ദ്രികേ! നിന്‍വദനരുചി തരം-
കിട്ടുകില്‍ക്കട്ടുകൊള്‍വാ-
നത്രേ തണ്ടുന്നതോര്‍ത്താല്‍; കുടിലത ചിലനാള്‍
തത്ര കണ്ടീലയോ നീ?ˮ
എന്നുമുള്ള ശ്ലോകങ്ങളും അശ്രുതപൂര്‍വങ്ങളല്ല. തിരുവേക(ഗ)പ്പുറʻത്തമ്പുരാനെʼ (ദേവനെ ) സ്തുതിക്കുന്നുണ്ടു്. ആകെക്കൂടി സൂക്ഷ്മേക്ഷികയാ പരിശോധിക്കുമ്പോള്‍ ഗ്രന്ഥകാരന്റെ കാലം അവിജ്ഞേയമായിത്തന്നെ അവശേഷിക്കുന്നു എന്നു സമ്മതിക്കാതെ തരമില്ല. എന്നാല്‍ ഉദാഹൃതങ്ങളായ മണിപ്രവാളശ്ലോകങ്ങളുടെ പഴക്കത്തില്‍നിന്നു് അലങ്കാരസംക്ഷേപത്തിന്റെ നിര്‍മ്മിതി ക്രി.പി. പതിനഞ്ചാം ശതകത്തിനു പിന്നീടല്ലെന്നു സ്ഥാപിക്കുവാന്‍ സാധിക്കുന്നതാണു്.
രചനയുടെ മാതൃക
അനുപ്രാസത്തെ പരാമര്‍ശിക്കുന്ന ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്.
ʻʻഅനേകവ്യഞ്ജനങ്ങള്‍ക്കു സകൃല്‍സാമ്യമനേകധാ
ഛേകാനുപ്രാസമെന്നാഹുര്‍വൃത്ത്യനുപ്രാസമന്യഥാ;
ഏകവ്യഞ്ജനസാദൃശ്യം നൈകസാദൃശ്യമേകധാ
അനേകത്ര്യാദിസാദൃശ്യമിങ്ങിനേ മൂന്നു ജാതി സഃ.ˮ
തത്ര ഛേകാനുപ്രാസോ യഥാ –-
ʻʻഏണാങ്കചൂഡരമണീം, രമണീയപീന-
ശ്രോണീനിരസ്തപുളിനാം, നളിനായതാക്ഷീം,
വീണാധരാ, മധികബന്ധുരബന്ധുജീവ-
ശോണാധരാ, മചലരാജസുതാമുപാസേ.ˮ
അത്ര രമണീരമണീയ ഇതി രേഫ മകാര അകാരാത്മകസ്യ വ്യഞ്ജനസമുദായസ്യ സകൃല്‍സാദൃശ്യം; ഏവമേവാസ്യപുളിനാം നളിനായതാക്ഷീമിത്യത്ര. വീണാധരാം ശോണാധരാമിത്യത്ര ച വിദ്യമാനത്വാദനേകധാത്വം വ്യഞ്ജനഗ്രഹണം സ്വരസാമ്യ സ്യാനിയതത്വബോധനാര്‍ത്ഥം. യഥാ –-
ʻʻആലോലബാലമുകുളേ ബകുളേ വിഹാരം
കോലുന്ന കോലമുരികേ[3] വരികെന്നുപാന്തേ;
ലീലാവനത്തിലിവിടെക്കമനീയശീലാ
നീലാക്ഷിനീവിമലര്‍മാതെഴുനള്ളിനാളോ?ˮ
അത്ര പൂര്‍വാര്‍ദ്ധേ ഛേകാനുപ്രാസഃ. ʻകോലുന്ന കോലമുരികേʼ ഇത്യത്ര ലകാരഗതസ്യ സ്വരസ്യ മാത്രാഭേദശ്ച. അനുപ്രാസ പ്രസ്താവേ കേവലസ്വരസാമ്യമകിഞ്ചില്‍കരമേവ. യഥാ –-
ʻʻഇത ദലയതി ചിത്തകാമ്പു യൂനാം
മദനനയം വിദയം വിയോഗഭാജാം.
മൃദുപവനവിധൂതചൂതവല്ലീ-
കിസലയകത്രികകൊണ്ടു ചിത്രനീവീ.ˮ
- ʻʻഅത്ര പ്രഥമപാദേ തകാരാദൗ ദ്വിതീയപാദേ മകരാദൗ ച വര്‍ണ്ണചതുഷ്ടയേ യദ്യപി കേവലമകാരാത്മകസ്യ സ്വരസ്യ സാമ്യം വിദ്യതേ, തഥാപി ന തദനുപ്രാസപ്രയോജകം. വിധൂതചൂവല്ലീത്യത്ര വ്യഞ്ജനസ്യാപി സാമ്യേ സ്ഫുടോ നുപ്രാസഃ. കത്രികകൊണ്ടു ചിത്രനീവീത്യത്ര സ്വരസാമ്യം വിനാപിസ്ഫുട ഏവ.ˮ
ഉദ്ധൃതമായ ഭാഗത്തില്‍നിന്നു് ആചാര്യന്റെ വിവരണ രീതി എത്ര വിശദവും വിശ്വതോമുഖവുമെന്നു മനസ്സിലാക്കാവുന്നതാണല്ലോ. നാലഞ്ചു നല്ല മണിപ്രവാളശ്ലോകങ്ങള്‍കൂടി എടുത്തു കാണിക്കാതെ മുന്നോട്ടു പോകുവാന്‍ മനസ്സു വരുന്നില്ല.
ʻʻമണ്‍മേലുന്മേഷിവെണ്മാലതിമലരില്‍ നില-
ച്ചമ്പിലച്ചമ്പകൌഘം
തന്മേല്‍ മേന്മേലുരുമ്മി,പ്പരമുലകില്‍ വിത-
ച്ചാമ്പല്‍തന്‍ പൂമ്പരാഗാന്‍,
കമ്രേ നമ്രേ നവാമ്രേ തടവി വടിവിനോ-
ടാഗതാനന്തിനേരം
മമ്മാ! രമ്യാങ്ഗി! സമ്മാനയ മലയസമീ-
രാങ്കുരാന്‍ കെങ്കയമ്മേˮ (അനുപ്രാസം)
ʻʻകരകലിതകുരങ്ഗം, കണ്ണിലത്യന്തപിങ്ഗം,
ചികുരഭരിതഗങ്ഗം, ചീര്‍ത്ത കാരുണ്യരങ്ഗം.
പരികലിതഭുജങ്ഗം, പര്‍വതാപത്യസങ്ഗം,
മരുവുക ഹൃദി തുങ്ഗം, മാമകേ ശൈവമങ്ഗംˮ (അനുപ്രാസം)
ʻʻസിന്ദൂരം നീരസം; ചെന്തളിര്‍ നിറമഴിയും;
കിംശുകം ഗന്ധഹീനം;
ബംബം കയ്ക്കും; കഠോരം പവഴമണി; ജപാ-
പുഷ്പമോ വാടുമല്ലോ;
സന്ധ്യാമേഘം പൊടിച്ചിട്ടമൃതിലതു കുഴ-
ച്ചിട്ടുരുട്ടി ക്രമത്താല്‍
നീട്ടിക്കല്പിച്ചിതെന്നേ കരുതുവിതധരം
നാരണീനന്ദനായാഃˮ (സ്വരൂപോല്‍പ്രേക്ഷ)
ʻʻനിര്‍മ്മായപ്രണയം നിറഞ്ഞുവഴിയുംപോലേകപോലേതെളിഞ്ഞുന്മീലല്‍പുളകാങ്കരാണി, ചൊരിയും ധമ്മില്ലമാലാനി, തേ,
മമ്മാ! മന്മഥതാണ്ഡവാനി മകളേ! ഞാന്‍ കണ്ടുതാവൂമന-
സ്സമ്മോഹേന മയങ്ങിമാകുമവലോകാന്താനി, കാന്താമണീ!ˮ (ഇവിടെ ധര്‍മ്മോല്‍പ്രേക്ഷയില്ല)
ʻʻഎങ്ങും നിര്‍മ്മായ ചെമ്മേചിലപുളക, മയ-
ച്ചഞ്ചിതം പൂന്തുകില്‍ച്ചാ-
ത്തങ്ഗൈരങ്ഗാനി മേളിച്ചയി! തവ ശിഥിലീ-
കൃത്യ നീവീനിബന്ധം,
പൊങ്ങും പോര്‍കൊങ്കതന്മേലിഴുകിന കളഭ-
ച്ചാര്‍ത്തഴിക്കിന്ന തെക്കന്‍-
ഗങ്ഗാപൂരം പിറന്നോരളവു ബത! പിറ-
ന്നീല പൂങ്കേതകീ ഞാന്‍.ˮ (സമാസോക്തി)
ചെറുതാണെങ്കിലും അത്യന്തം ആകര്‍ഷകമായ ഒരു അലങ്കാര നിബന്ധമാണു് പ്രസ്തുത കൃതി എന്നു സമഷ്ടിയായി പറയാം. അതു ഭാഷയ്ക്കു സമ്മാനിച്ച പണ്ഡിതപ്രവേകനേയും നാം ഹൃദയപൂര്‍വ്വമായി അനുമോദിക്കേണ്ടതാകുന്നു.
- ↑ ʻകല്‍ʼ എന്നതിന്റെ പൂര്‍വ്വരൂപം ʻകണ്‍ʼ അല്ലെന്നും കാല്‍ ആണെന്നും ഊഹിക്കുന്ന ചില പണ്ഡിതന്മാരുമുണ്ടു്.
- ↑ ഭാഷയില്‍ ശകാരസകാരങ്ങള്‍ക്കു ദ്വിത്വം വരുന്നതു് അവയ്ക്കു തകാര ചകാരങ്ങളുമായി സാമ്യമുള്ളതുകൊണ്ടാണെന്നു് അന്യത്ര (iii–28) വിധിക്കുന്ന ആചാര്യനു ഴകാരം ളകാരംപോലെ മൂര്‍ദ്ധന്യമാകയാലാണു് വാണാള്‍ നീണാള്‍പോലെ തീര്‍ന്നതെന്നു് ഉപപാദിക്കാമായിരുന്നു.
- ↑ മുരികു്=ദേവത.