close
Sayahna Sayahna
Search

Difference between revisions of "മണിപ്രവാള സാഹിത്യം: ഭാഷാചമ്പുക്കള്‍"


(രുക്‍മിയുടെ കോപം)
(രാമായണചമ്പുവിലെ ചില പദ്യഗദ്യങ്ങള്‍)
Line 169: Line 169:
 
<poem>
 
<poem>
 
:ʻʻഅന്നേരം താമരപ്പൂന്തളികകളില്‍ മണി-
 
:ʻʻഅന്നേരം താമരപ്പൂന്തളികകളില്‍ മണി-
:::ച്ചെപ്പു നല്‍ക്കർണ്ണികാഖ്യം
+
:::ച്ചെപ്പു നല്‍ക്കര്‍ണ്ണികാഖ്യം
 
:വിന്യസ്യാലോലഫേനസ്മിതമധുരമുഖീ,
 
:വിന്യസ്യാലോലഫേനസ്മിതമധുരമുഖീ,
 
:::ഭൃംഗനേത്രാഭിരാമാ,
 
:::ഭൃംഗനേത്രാഭിരാമാ,
Line 187: Line 187:
 
:വയ്ക്കേണ്ടൂ ഹന്ത! മല്‍ക്കണ്ണുകള്‍! ജനകസുതേ,
 
:വയ്ക്കേണ്ടൂ ഹന്ത! മല്‍ക്കണ്ണുകള്‍! ജനകസുതേ,
 
:::ദേവി ഹാഹാ! ഹതോഹം.ˮ (4)
 
:::ദേവി ഹാഹാ! ഹതോഹം.ˮ (4)
<poem>
+
</poem>
 
സമുദ്രത്തോടു കോപിക്കുന്ന ശ്രീരാമന്‍:
 
സമുദ്രത്തോടു കോപിക്കുന്ന ശ്രീരാമന്‍:
 
<poem>
 
<poem>
Line 205: Line 205:
 
:മുഖ്യം ദൈവത്തെയോര്‍ത്തും, ജനകനൃപസുതാ-
 
:മുഖ്യം ദൈവത്തെയോര്‍ത്തും, ജനകനൃപസുതാ-
 
:::ഗര്‍ഭമേറ്റം ബഭാസേ.ˮ (6)
 
:::ഗര്‍ഭമേറ്റം ബഭാസേ.ˮ (6)
<poem>
+
</poem>
 
ലവന്‍ ചന്ദ്രകേതുവിന്റെ സൈന്യത്തോടു്:
 
ലവന്‍ ചന്ദ്രകേതുവിന്റെ സൈന്യത്തോടു്:
 
<poem>
 
<poem>

Revision as of 11:09, 24 October 2013




Contents

മണിപ്രവാള സാഹിത്യം: ഭാഷാചമ്പുക്കള്‍

(ക്രി: പി: പതിനഞ്ചാം ശതകം)


പുനംനമ്പൂരി, കാലം

കോഴിക്കോട്ടു മാനവിക്രമഹാരാജാവിന്റെ വിദ്വത്സദസ്സിലേ ഒരംഗമായിരുന്ന പുനം നമ്പൂരിയെപ്പറ്റി പിന്നീടു് ഉപന്യസിക്കാമെന്നു് ഇരുപതാമധ്യായത്തില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടല്ലോ. സംസ്കൃതത്തിലല്ലാതെ മണിപ്രവാളത്തില്‍മാത്രം കവനം ചെയ്തിരുന്നതുകൊണ്ടു് അദ്ദേഹത്തെ ʻഅരക്കവിʼ എന്ന നിലയിലേ അക്കാലത്തേ വിദ്വാന്മാര്‍ പരിഗണിച്ചിരുന്നുള്ളൂ എങ്കിലും വാസ്തവത്തില്‍ അദ്ദേഹം ഒരു ʻഒന്നരക്കവിʼയായിരുന്നു. സാമൂതിരിയും കോലത്തിരിയും തമ്മില്‍ കൊല്ലം 627-ആമാണ്ടു ചെയ്ത സഖ്യത്തെ പിന്‍തുടര്‍ന്നു കോലത്തിരി പുനത്തില്‍ കുഞ്ഞിനമ്പിടിയെ സാമൂതിരിക്കോവിലകത്തേക്കു് അയച്ചുകൊടുത്തതിനു രേഖയുണ്ടെന്നു് ഇരുപത്തിരണ്ടാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. അന്നു പണ്ഡിതപ്രിയനായ മാനവിക്രമമഹാരാജാവു് ഒന്നുകില്‍ നാടുവാണിരിക്കുകയോ അല്ലെങ്കില്‍ യുവരാജാവായിരുന്നിരിക്കുകയോ ചെയ്യാം. ഏതായാലും പുനംനമ്പൂരി കോലത്തു നാട്ടുകാരനും കോലത്തിരിയുടെ ആശ്രിതനുമായിരുന്നു എന്നും അവിടെനിന്നു കോഴിക്കോട്ടേക്കു പോയി മാനവിക്രമന്റെ സദസ്യനായിത്തീര്‍ന്നു എന്നും ന്യായമായി ഊഹിക്കാവുന്നതാകുന്നു.

ചരിത്രം

പുനം സാമൂതിരിപ്പാട്ടിലേക്കു് ആദ്യമായി സമര്‍പ്പിച്ച

ʻʻതാരിത്തന്വീകടാക്ഷാഞ്ചലമധുപകുലാ-
രാമ, രാമാജനാനാം
നീരിത്താര്‍ബാണ, വൈരാകരനികരതമോ-
മണ്ഡലീചണ്ഡഭാനോ,
നേരെത്താതോരു നീയാം തൊടുകുറി കളയാ-
യ്കെന്നുമേഷാ കളിക്കു-
ന്നേരത്തിന്നിപ്പുറം വിക്രമനൃവര, ധരാ
ഹന്ത! കല്പാന്തതോയേ.ˮ

എന്ന മനോമോഹനമായ പദ്യം കേട്ടു് അവിടെ സന്നിഹിതനായിരുന്ന ഉദ്ദണ്ഡശാസ്ത്രികള്‍ ʻʻഅന്ത ഹന്തയ്ക്കിന്തപ്പട്ടു്ˮ എന്നു ഹര്‍ഷോല്‍ഘോഷണം ചെയ്തുകൊണ്ടു് തന്റെ ഉത്തരീയപ്പട്ടു സമ്മാനിച്ചതായി ഐതിഹ്യമുണ്ടു്. വാസ്തവത്തില്‍ പ്രസ്തുതപദ്യത്തിലേ ʻഹന്തʼ ആ വിദ്വല്‍പാരിതോഷികത്തെ പ്രകര്‍ഷേണ അര്‍ഹിക്കുന്നു. ശാസ്ത്രികള്‍ക്കു ഭാഷാകവികളെപ്പറ്റി പൊതുവേ വലിയ ബഹുമാനമുണ്ടായിരുന്നില്ല. പക്ഷേ

ʻʻഭാഷാകവിനിവഹോയം ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനസ്സൂര്യാലോകേ നിരസ്തഗോപ്രസരഃˮ

എന്നു് അവരെ അവഹേളനം ചെയ്ത അദ്ദേഹം പട്ടാംബരദാനത്തിനു പുറമേ പുനത്തെ

ʻʻഅധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയന്തു ന താന്‍ പ്രണുമഃ;
പുളകോദ്ഗമകാരിവചഃപ്രസരം
പുനമേവ പുനഃപുനരാനുമഹേˮ

എന്ന പ്രശംസാപത്രംകൊണ്ടുംകൂടി ധന്യനാക്കുകയാണു് ചെയ്തതു്. ʻവീണാലസന്മണിഖലായʼ ഇത്യാദി ശ്ലോകം പുനം എങ്ങനെ പൂരിപ്പിച്ചു ശാസ്ത്രികളുടെ ബഹുമാനത്തെ ആവര്‍ജ്ജിച്ചു എന്ന് ഇരുപതാമധ്യായത്തില്‍ വിവരിച്ചിട്ടുണ്ടു്. മാനവിക്രമന്റെ അനന്തരഗാമിയാണെന്നു് അനുമാനിക്കാവുന്ന മാനവേദമഹാരാജാവിനെപ്പറ്റി പുനം രചിച്ചതാണു്

ʻʻജംഭപ്രദ്വേഷിമുന്‍പില്‍ സുരവരസദസി
ത്വല്‍ഗുണൌഘങ്ങള്‍ വീണാ-
ശുംഭല്‍പാണൌ മുനൌ ഗായതി സുരസുദൃശാം
വിഭ്രമം ചൊല്ലവല്ലേന്‍;
കുമ്പിട്ടാളുര്‍വശിപ്പെണ്ണകകമലമലി-
ഞ്ഞൂ, മടിക്കുത്തഴിഞ്ഞൂ,
രംഭയ്ക്കഞ്ചാറു വട്ടം കബരി തിരുകിനാള്‍
മേനകാ മാനവേദ.ˮ

എന്ന ശ്ലോകം. മാനവിക്രമന്റെ നിര്യാണത്തിനുശേഷം കോഴിക്കോട്ടേ ആസ്ഥാനസദസ്സില്‍ സല്‍കവികള്‍ക്കു വേണ്ട പ്രോത്സാഹനം സിദ്ധിച്ചിരുന്നില്ല എന്നു പുനം താഴെക്കാണുന്ന ശ്ലോകത്തില്‍ വിലപിക്കുന്നു:

ചൊല്ലേറും വിക്രമക്ഷ്മാപതി, ഗിരിജലധി-
സ്വാമി, സാഹിത്യലക്ഷ്മീ-
മുഖ്യസ്ഥാനം, കവിത്വാമൃതനിധി പരലോ-
കേ മുദാ വാന്റ[1]മൂലം
ഇക്ഷോണീമണ്ഡലേ സംസ്കൃതകവിത പല-
ര്‍ക്കുണ്ടു; കണ്ടെച്ചിലെല്ലാം
നക്കും നായ്ക്കും തൊടുകിന്റിതു ശിവ ശിവ ഭാ-
ഷാകവിത്വാഭിമാനം.ˮ

പുനത്തിന്റെ കവിതയെപ്പറ്റി സമകാലികന്മാര്‍ക്കുള്ള മതിപ്പ് എത്ര വലുതായിരുന്നു എന്നുള്ളതിനു താഴെ ഉദ്ധരിക്കുന്ന മുക്തകവും സാക്ഷ്യം വഹിക്കുന്നു:

ʻʻപുനം ചമയ്ക്കുന്ന ചിലോകമെല്ലാ-
മനന്തു ചൊല്ലീട്ടിഹ കേള്‍പ്പനോ ഞാന്‍
കനം തിരണ്ടീടെഴുമിക്ഷുകാണ്ഡാല്‍
കിനിഞ്ഞു പൂന്തേനൊഴുകുന്നപോലെ.ˮ

പുനവും ശങ്കരകവിയും

ശ്രീകൃഷ്ണവിജയകാരനായ ശങ്കരകവിയെക്കുറിച്ചു് ഇരുപതാമധ്യായത്തില്‍ ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉപരി വിചിന്തനം ചെയ്യുവാന്‍ പോകുന്ന ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തില്‍ ഈ രണ്ടു കവികളേയും പറ്റി യഥാക്രമം ഓരോ പദ്യം കാണുന്നുണ്ടു്. ʻഉചിതരസവിചാരേʼ എന്നു തുടങ്ങിയുള്ള ശങ്കരപ്രശസ്തിപരമായ പദ്യം മുന്‍പു് എടുത്തുചേര്‍ത്തിട്ടുണ്ടു്. പുനത്തെപ്പറ്റിയുള്ള പദ്യം താഴെക്കാണുന്നതാണു്:

ʻʻമദനസമരസമ്മര്‍ദ്ദാന്തരോത്ഭൂതകാന്താ-
മണിതമധുരമാധുര്യൈകവംശപ്രസൂതൈഃ
മതുമത മണമോലും പദ്യബന്ധൈരനേകൈ-
ര്‍മ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം.ˮ

ʻപദ്യബന്ധൈഃʼ എന്നതിനു ʻപദ്യഭേദൈഃʼ എന്നും ʻപദ്യഗദ്യൈഃʼ എന്നും പാഠഭേദങ്ങളുണ്ടു്. പുനത്തിനു മാരലേഖയെന്നും ശങ്കരനു മാനവീമേനകയെന്നും ഉള്ള ഗുഢനാമങ്ങളില്‍ ഓരോ യുവതിമാര്‍ പ്രേമഭാജനങ്ങളായിരുന്നു. അവരെപ്പറ്റി പ്രസ്തുത കാവ്യത്തില്‍

ʻʻമധുമൊഴി പുനമെന്നാ നല്‍ക്കവീന്ദ്രേണ സാര-
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളര്‍ത്തി സ്തൂയമാനാപദാനാ
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ;

ഉലകഖിലമിളക്കിക്കൊണ്ടു തണ്ടാരില്‍മാതിന്‍
നയനസുകൃതമാലാ മാരലേഖാ തദാനീം
യുവതിഭിരഭിവീതാ പൂര്‍ണ്ണചന്ദ്രോത്സവത്തി-
ന്നഴകിനൊടെഴുനള്ളീ മേദിനീചന്ദ്രികായാഃ.ˮ

എന്നും;

ʻʻശ്രീശങ്കരേണ വിദുഷാ........വര്‍ണ്യമാനാ[2]ˮ
ʻʻപുകഴുലകില്‍ വിതയ്ക്കും മേദിനീവെണ്ണിലാവി-
ന്നഭിമതസഖി, വെള്ളിപ്പള്ളിയമ്പംഗയോനേഃ
പരഭൃതമൊഴി മമ്മാ! മാനവീമേനകപ്പൂ-
മകളഴകൊടു വന്നാള്‍ പൂര്‍ണ്ണചന്ദ്രോത്സവായ.ˮ

എന്നുമുള്ള പദ്യങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു. മാരലേഖയെപ്പറ്റി പരാതിപ്പെട്ടു പുനം ശങ്കരകവിക്കു് അയച്ച ഒരു ശ്ലോകമാണു് ചുവടേ കുറിക്കുന്നതു്:

ʻʻമല്‍പ്രാണങ്ങളിനുണ്ടു നിന്നൊടരിയോരന്യായമിപ്പോളെടോ
പത്മാമംഗലരംഗ, ശങ്കരകവേ, നിന്നോമലന്യാദൃശീ;
മല്‍പ്രാണേശ്വരി, മാരലേഖ, മഹിളാരത്നം തരിന്റീലെടോ
ചെപ്പേലും മുലമൊട്ടെനിക്കു നളിനത്താര്‍ബാണപീഡാനിധേഃˮ

അതു കണ്ടിട്ടു ശങ്കരകവി മാരലേഖയ്ക്കു് അധോലിഖിതമായ പദ്യം അയച്ചുകൊടുക്കുകയുണ്ടായി:

ʻʻധന്യേ സല്‍പാത്രദാനംപ്രതി തവ മടിയെ-
ന്തെന്തു മുന്നേ കൊടാഞ്ഞൂ
കുന്റേലും കൊങ്ക, പങ്കേരുഹമുഖി, പുനമാം
നല്‍ക്കവീന്ദ്രന്നതന്ദ്രം?
അന്യായം ചൊല്ലുമാറാക്കിനതമലഗുണേ,
യുക്തമോ? ചിത്തമയ്യോ!
ഖിന്നം കാണേതദീയം മദനശരശിഖാ-
ദാരുണം മാരലേഖേ.ˮ

ഇതില്‍നിന്നെല്ലാം പുനത്തിന്റെ ജീവിതകാലം 600-നും 630-നും ഇടയ്ക്കാണെന്നു് ഉറപ്പിച്ചു പറയാവുന്നതാണു്.

രാമായണം ചമ്പു

പുനമാണു് രാമായണചമ്പുവിന്റെ നിര്‍മ്മാതാവു് എന്നു സ്ഥാപിക്കുന്നതിനു പ്രത്യക്ഷലക്ഷങ്ങള്‍ ഒന്നുമില്ല. ഏതെങ്കിലും ഒരു ബൃഹത്തായ മണിപ്രവാളകാവ്യത്തിന്റെ പ്രണേതൃത്വംകൂടാതെ അദ്ദേഹത്തിനു തന്റെ ജീവിതകാലത്തില്‍ത്തന്നെ മേല്‍ സ്മരിച്ച ശ്ലോകങ്ങളില്‍നിന്നു വ്യഞ്ജിക്കുന്ന വിധത്തിലുള്ള മഹത്തായ യശസ്സു സിദ്ധിച്ചിരിക്കുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. ഭാഷാരീതിയുടെ പഴക്കം നോക്കിയാല്‍ രാമായണചമ്പു പുനത്തിന്റെ കാലത്തു വിരചിതമായ ഒരു കൃതിയാണെന്നു വെളിപ്പെടുന്നു. ʻഅസ്ത്രങ്ങളിന്നു മുളʼ ʻധരിച്ചാളെന്മാറിലൂʼ ʻവന്നാറ്ʼ എന്നിത്യാദി പ്രയോഗവിശേഷങ്ങളും, മൈന്തര്‍ (തരുണന്‍), അങ്കി (അഗ്നി), നവരം (ശ്രേഷ്ഠം), ചുവയാ (രസിക്കുകയില്ല), വിരണ്‍ (കൊതി) മുതലായ പഴയ പദങ്ങളും ആ മതത്തിനു് ഏറെക്കുറേ അവലംബം നല്കുന്നു. പ്രത്യക്ഷമായി കര്‍ത്തൃനാമം രേഖപ്പെടുത്തീട്ടില്ലാത്ത കേരളീയ ചമ്പുക്കളുടെ നിര്‍മ്മാതൃത്വം നിര്‍ണ്ണയിക്കുന്നതിനു് പല വൈഷമ്യങ്ങളുണ്ടു്. അവയില്‍ അതിപ്രധാനമായി പറയേണ്ടതു് ആ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കന്മാര്‍ പൂര്‍വ്വകവികളുടെ പദ്യങ്ങളെ ചിലപ്പോള്‍ അതേ നിലയിലും, മറ്റു ചിലപ്പോള്‍ അല്പാല്പം രൂപ ഭേദം വരുത്തിയും, വേറെ ചിലപ്പോള്‍ തര്‍ജ്ജമചെയ്തും സ്വകീയമാക്കുന്നു എന്നുള്ളതാണു്. അവരുടെ കാലത്തിനുശേഷം ആ ചമ്പുക്കള്‍കൊണ്ടു കൈകാര്യം ചെയ്തിരുന്ന മറ്റുചിലരും അന്യകൃതികളില്‍നിന്നു സംസ്കൃതത്തിലും ഭാഷയിലുമുള്ള ഗദ്യപദ്യങ്ങള്‍ അവസരോചിതമായി എടുത്തു ചേര്‍ത്തു് അവയെ പുഷ്ടിപ്പെടുത്തീട്ടുണ്ടു്. രാമായണചമ്പുവില്‍ത്തന്നെ രഘുവംശം, മാഘം, നൈഷധീയചരിതം, ഭോജചമ്പു, ഉത്തരരാമചരിതം, ബാലരാമായണം, മഹാനാടകം, അനര്‍ഘരാഘവം, പ്രസന്ന രാഘവം, രഘുവീരചരിതം (നാടകം) മുതലായ അനവധി ഗ്രന്ഥങ്ങളില്‍നിന്നു പദ്യഗദ്യങ്ങളും വാസവദത്ത, ഭോജചമ്പു ഇവയില്‍നിന്നും മറ്റും ഗദ്യങ്ങളും ഉദ്ധൃതങ്ങളായിക്കാണുന്നു. ഇത്തരത്തിലുള്ള ഒരു അതിനിബിഡമായ അന്ധകാരത്തില്‍ നാം ഭാഷയില്‍നിന്നു ലഭിക്കുന്ന ലഘുവായ പ്രകാശത്തെ തിരസ്കരിക്കുന്നതായാല്‍ ആശ്രയാന്തരമില്ലാതെ ഉഴന്നുപോകും. ഉദ്ദണ്ഡന്റെ ʻസ്വസ്മിന്‍ വേശ്മനിʼ ഇത്യാദി പദ്യം രാമായണ ചമ്പുവിന്റെ ചില ആദര്‍ശഗ്രന്ഥങ്ങളില്‍ രാമാവതാരം പ്രബന്ധത്തിന്റെ ആരംഭത്തില്‍ ചേര്‍ത്തുകാണുന്നു. ഉദ്ദണ്ഡനും പുനവും തമ്മിലുള്ള മൈത്രീബന്ധം സ്മരിക്കുമ്പോള്‍ രാമായണ ചമ്പു പുനത്തിന്റെ കൃതിയാണെന്നുള്ളതിനു് അതു് ഒരു തെളിവായി സ്വീകരിക്കാവുന്നതാണു്; എന്നാല്‍ എല്ലാ ഗ്രന്ഥങ്ങളിലും ആ പദ്യം കാണുന്നില്ലെന്നുള്ളതു് ആ തെളിവിനെ ദുര്‍ബ്ബലപ്പെടുത്തുന്നില്ലെന്നുമില്ല. ഏതായാലും കിട്ടിയിടത്തോളമുള്ള ലക്ഷ്യങ്ങളെ ആസ്പദമാക്കി പ്രസ്തുതചമ്പു പുനത്തിന്റെ പ്രധാന കൃതിയാണെന്നു പറയുന്നതില്‍ അപാകമില്ലെന്നു തോന്നുന്നു. രാമായണചമ്പുവിലേ പല ഗദ്യപദ്യങ്ങളിലും പാഠഭേദങ്ങള്‍ കടന്നുകൂടീട്ടുണ്ടു്. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയില്‍ നിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ഭാഗങ്ങളിലെ പാഠം തിരുവിതാംകൂര്‍ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയില്‍ ചേര്‍ത്തു പ്രകാശിതമായ പുസ്തകത്തിലുള്ള അതേ ഭാഗങ്ങളിലേ പാഠത്തില്‍നിന്നു ചില ഘട്ടങ്ങളില്‍ വ്യത്യസ്തമായിരിക്കുന്നു.

പുനം ചമ്പൂരചനയില്‍ വരുത്തിയ പരിഷ്കാരങ്ങള്‍

ഉണ്ണിയച്ചിചരിതം, ഉണ്ണിച്ചിരുതേവിചരിതം, ഉണ്ണിയാടിചരിതം മുതലായ പതിന്നാലാം ശതകത്തിലെ ഭാഷാചമ്പുക്കള്‍ ഇതിവൃത്തവിഷയത്തില്‍ ഇതിഹാസപുരാണങ്ങളെ ഉപജീവിച്ചിരുന്നില്ല; തന്നിമിത്തം അവയെ ചാക്കിയാന്മാരും പാഠകക്കാരും രംഗത്തില്‍ പ്രവചനത്തിനു് ഉപയോഗിച്ചിരുന്നുമില്ല. അക്കാര്യത്തില്‍ ഇദംപ്രഥമമായി ഒരു പരിഷ്കാരം വരുത്തിയതു പുനമാകുന്നു. ഗൌരവമുള്ള വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതില്‍ ഭാഷാചമ്പുക്കള്‍ പ്രയോജകീഭവിക്കുമെന്നു് അദ്ദേഹം രാമായണചമ്പുമൂലം തെളിയിച്ചു. ആ ചമ്പുവും മറ്റും കൂത്തിനും പാഠകത്തിനും പണ്ടു് ഉപയോഗിച്ചുവന്നിരുന്നു എന്നുള്ള മതത്തെ ചിലര്‍ നിര്‍മ്മൂലമായി കരുതുന്നു. ക്ഷേത്രങ്ങളില്‍ ആഢ്യബ്രാഹ്മണരുടെ സദസ്സില്‍വെച്ചു നടത്തുന്ന ഭഗവല്‍കഥാപ്രസംഗങ്ങള്‍ക്കു ഭാഷാപ്രബന്ധങ്ങള്‍ ഉപയോഗിക്കുക എന്നുള്ളതു് അസംഭാവ്യമാണെന്നും അതിനാല്‍ പുനം മഴമംഗലം മുതലായ മഹാകവികള്‍ സംസ്കൃതത്തിലേ ഭോജ ചമ്പു മുതലായ ഗ്രന്ഥങ്ങളെപ്പോലെ സഹൃദയന്മാര്‍ക്കു വായിച്ചു രസിക്കുവാന്‍ മാത്രം ഉണ്ടാക്കീട്ടുള്ളതാണു് ഭാഷാപ്രബന്ധങ്ങള്‍ എന്നുമാണു് അവരുടെ വാദം. ചാക്കിയാന്മാരെപ്പോലെ നമ്പിയാന്മാരും ഒരു കാലത്തു കൂത്തു നടത്തിവന്നിരുന്നു എന്നും അതിനു തമിഴെന്നു പറയുന്ന ചില ഭാഷാപ്രബന്ധങ്ങളാണു് അവര്‍ ഉപയോഗിച്ചിരുന്നതെന്നും നാം ലീലാതിലകത്തില്‍ നിന്നു ഗ്രഹിക്കുന്നുണ്ടല്ലോ. പുനവും മറ്റും സരസങ്ങളായ മണിപ്രവാളപ്രബന്ധങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ നമ്പിയാന്മാര്‍ പഴയ പ്രബന്ധങ്ങളെ പരിത്യജിച്ച് അവയെ രംഗത്തില്‍ പ്രയോഗിച്ചുതുടങ്ങിയെന്നു് അനുമാനിക്കുന്നതില്‍ അസാംഗത്യമില്ല. അല്ലെങ്കില്‍ അവയുടെ ആരംഭത്തില്‍ ഭോജചമ്പുവിലേയും മറ്റും രീതിക്കു വിപരീതമായി ഒരു കഥാസൂചക ശ്ലോകം ചേര്‍ക്കുന്നതിനും

ʻʻശാസ്ത്രാമ്നായേതിഹാസശ്രുതിഷു വിവിധകാ-
വ്യോല്‍കരേ നാടകേഷു
ശ്ലാഘ്യേ സാരസ്വതേ വാക്‍പരിചിതിഷു പരാം
കോടിമാടീകമാനേ,
ഗംഭീരേസ്മിന്‍ സമാജേ സുമഹതി നവസ-
ന്ദര്‍ഭമാല്യോപഹാര-
പ്രക്രാന്തസ്യാസ്യ മേ ദാസ്യതി വൃഷപുരനാ-
ഥാനുകമ്പാവലംബം.ˮ

എന്നു തെങ്കൈലനാഥോദയകാരനും മറ്റും ഉപന്യസിക്കുന്നതിനും അര്‍ത്ഥമില്ല; ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നതിനു് ഒരു തെളിവുംകൂടി കാണിക്കാം. പാഠകകഥാമാലിക എന്നൊരു പഴയ അമുദ്രിതഗ്രന്ഥം ഞാന്‍ വായിച്ചിട്ടുണ്ടു്. വിവക്ഷിതമായ കഥ വിഷ്ണുപരമാണെങ്കില്‍ ʻʻപത്മനാഭം ഭജേഥാഃˮ എന്നും ശിവപരമാണെങ്കില്‍ ʻʻചന്ദ്രചൂഡം ഭജേഥാഃˮ എന്നും അവസാനിയ്ക്കുന്ന ഓരോ ശ്ലോകംകൊണ്ടു് ആരംഭിക്കണമെന്നു് ആ ഗ്രന്ഥത്തില്‍ നിയമനം ചെയ്തുകാണുന്നു. ആ മാതിരി ശ്ലോകങ്ങളെല്ലാം മണിപ്രവാളത്തില്‍ രചിച്ചിട്ടുള്ളവയുമാണു്. അവയെ ചാക്കിയാന്മാരും പാഠകക്കാരും പണ്ടു മന്ത്രംപോലെ രംഗത്തില്‍ പ്രവേശിക്കുമ്പോള്‍ ചൊല്ലാറുണ്ടായിരുന്നു എന്നാണു കേട്ടറിവു്. ഇന്നു് ആ ചടങ്ങു് വേര്‍മാഞ്ഞുപോയി. അവ കൂടാതെ അണിയറയില്‍വെച്ചു ചൊല്ലേണ്ട ചില വന്ദന ശ്ലോകങ്ങളുമുണ്ടു്. അവയെ നേപഥ്യശ്ലോകങ്ങളെന്നു പറയുന്നു. കഥാസൂചകങ്ങളായ ശ്ലോകങ്ങള്‍ക്കു ബന്ധശ്ലോകങ്ങള്‍ എന്നാണു് പേര്‍. പദ്യഗദ്യങ്ങളുടെ പ്രവചനത്തിനു വേണ്ട വാക്യങ്ങളും പാഠകകഥാമാലികയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടു്. അതില്‍ സംസ്കൃതശ്ലോകങ്ങളുടെ കൂട്ടത്തില്‍ ഭാഷാ ശ്ലോകങ്ങളും ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍, ചാക്കിയാന്മാര്‍ മണിപ്രവാള പദ്യങ്ങള്‍ രംഗത്തില്‍ പ്രയോഗിച്ചിരുന്നുവോ എന്നു ഖണ്ഡിച്ചു പറവാന്‍ നിവൃത്തിയില്ലെങ്കിലും പാഠകക്കാര്‍ അങ്ങനെ ചെയ്തിരുന്നു എന്നുള്ളതിനു പര്യാപ്തമായ സാക്ഷ്യമുണ്ടു്. മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെ വിശ്വാതിശായികളായ സംസ്കൃതചമ്പുക്കളുടെ ആവിര്‍ഭാവത്തോടുകൂടിയാണു് ആ പരിപാടി അസ്തോന്മുഖമായതു്.

സംസ്കൃതചമ്പുക്കള്‍ക്കും പുനത്തിന്റെ കാലംമുതല്ക്കുള്ള ഭാഷാചമ്പുക്കള്‍ക്കും തമ്മില്‍ പ്രകടമായി രണ്ടു വ്യത്യാസങ്ങളുണ്ടു്. ആശിസ്സോ നമസ്ക്രിയയോകൊണ്ടു തുടങ്ങുന്നതും അല്ലാത്തതുമായ ചമ്പുക്കള്‍ സംസ്കൃതത്തിലും ഭാഷയിലുമുണ്ടു്. എന്നാല്‍ കഥാസൂചന കൂടാതെ ഭാഷാചമ്പുക്കള്‍ പ്രായേണ ആരംഭിക്കുന്നില്ല. അതു പല പ്രകാരത്തില്‍ ആകാം. ഒരു തോഴനെ കണ്ടിട്ടു കവി തന്നിമിത്തം തനിക്കുണ്ടാകുന്ന സന്തോഷത്തെ താന്‍ പറഞ്ഞുതുടങ്ങുന്ന കഥയില്‍ ഏതു പാത്രത്തിനെങ്കിലും ഉണ്ടാവാന്‍ പോകുന്ന സന്തോഷത്തോടു് ഉപമിക്കുന്നതു് അതില്‍ ഒരു രീതിയാകുന്നു. ഒരു സാമാന്യതത്ത്വത്തെ നിര്‍ദ്ദേശിച്ചു് അതിനു വക്ഷ്യമാണമായ കഥയുടെ അവസാനഘട്ടത്തെ ഉപമാനമാക്കുക എന്നുള്ളതാണു് മറ്റൊരു രീതി. വേറിട്ടൊന്നു തോഴനെ കഥ കേള്‍ക്കുവാന്‍ ഉപദേശിക്കുന്നതാകുന്നു. ഇനിയുമൊന്നു് ആശീര്‍വ്വാദശ്ലോകത്തിലോ നമസ്കാരശ്ലോകത്തിലോ തന്നെ കഥാംശത്തെ ഉപമാന രൂപത്തില്‍ ഘടിപ്പിക്കുക എന്നുള്ളതാണു്. വിവക്ഷിതമായ കഥയില്‍ക്കൂടി കവി താന്‍ നിരീക്ഷിക്കുന്ന ഒരു സാമാന്യ തത്ത്വത്തെ അര്‍ത്ഥാന്തരന്യായസരീതിയില്‍ പ്രതിപാദിക്കുക

എന്നുള്ളതു് അഞ്ചാമത്തെ സമ്പ്രദായമായി ഗണിക്കാം. ഇവയ്ക്കെല്ലാം ഉദാഹരണങ്ങള്‍ രാമായണചമ്പുവില്‍ത്തന്നെ ഉണ്ടു്. ഇത്തരത്തിലൊരു പരിപാടി സംസ്കൃതചമ്പുക്കളില്‍ ഇല്ലല്ലോ. സംസ്കൃതചമ്പുക്കള്‍ക്കും ഭാഷാചമ്പുക്കള്‍ക്കും തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം അവയിലെ ഗദ്യരീതിയെ സംബന്ധിച്ചുള്ളതാണു്. ഭാഷാചമ്പുക്കളില്‍ സംസ്കൃതഗദ്യങ്ങള്‍ സ്വകീയങ്ങളായും പരകീയങ്ങളായുമുണ്ടു്. സ്വകീയ ഗദ്യങ്ങളുടെ രീതി പ്രായേണ കാദംബരിയെ അനുകരിക്കുന്നു. ഭാഷാഗദ്യങ്ങളെല്ലാം ദ്രാവിഡങ്ങളോ ദ്രാവിഡകല്പങ്ങളോ ആയ വൃത്തങ്ങളിലാണു് ഗ്രഥിക്കപ്പെട്ടിട്ടുള്ളതു്. അവയെ വൃത്തവിശേഷങ്ങള്‍ എന്നു പറയുന്നു. മുമ്പു ദാമോദരച്ചാക്കിയാർ ഏതദ്വിഷയകമായി പ്രദര്‍ശിപ്പിച്ചിരുന്ന ദുസ്സ്വാതന്ത്ര്യത്തെ പുനം നിയന്ത്രിച്ചു. ചമ്പൂഗദ്യം വൃത്തവിശേഷനിബദ്ധമായിരിക്കണമെന്നു വിധിക്കുകയും ആ വിധി കൊല്ലം 10-ആം ശതകത്തിന്റെ അവസാനംവരെ ജീവിച്ചിരുന്ന ചമ്പുകാരന്മാരെല്ലാം അനുസ്യൂതമായി അനുസരിക്കുകയും ചെയ്തു. സംസ്കൃതരീതിയിലുള്ള ചണ്ഡവൃഷ്ടിപ്രയാതാദികളും ഭാഷാരീതിയിലുള്ള ഇക്ഷുദണ്ഡികാദികളുംമായ ദണ്ഡകങ്ങളും പുനം ധാരാളമായി പ്രയോഗിച്ചു കാണിച്ചുകൊടുത്തു. ഉണ്ണിയാടിചരിതത്തില്‍പ്പോലും നാം കാണുന്ന ഭാഷാദണ്ഡകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് ആരെന്നറിയുന്നില്ല; ഏതായാലും അതു മലയാളത്തിന്റെ ഒരു പ്രാചീനവും പ്രശസ്യവുമായ പ്രത്യേക സ്വത്താണെന്നുള്ളതു നിര്‍വ്വിവാദമാകുന്നു. പദ്യങ്ങളെല്ലാം സംസ്കൃതവൃത്തങ്ങളില്‍ത്തന്നെയാണു് നിബന്ധിച്ചിരിക്കുന്നതു്. ആ വൃത്തങ്ങളില്‍ അത്യന്തം മുഖ്യമായിട്ടുള്ളതു സ്രഗ്ദ്ധരതന്നെ. സ്രഗ്ദ്ധരയിലാണു് ചമ്പൂകാരന്മാര്‍ പ്രായേണ കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. ഇടയ്ക്കിടയ്ക്കു വൈചിത്ര്യത്തിനുവേണ്ടി കുസുമമഞ്ജരി, ശാര്‍ദ്ദൂലവിക്രീഡിതം, ശിഖരിണി, മാലിനി, വസന്തതിലകം, പുഷ്പിതാഗ്ര, വസന്തമാലിക, ഉപജാതി, ആര്യ, അനുഷ്ടുപ്പ് മുതലായ വൃത്തങ്ങളെക്കൊണ്ടും കൈകാര്യം ചെയ്യാറുണ്ടു്.

രാമായണചമ്പുവിന്റെ സ്വരൂപം

ഭാഷാചമ്പുക്കളില്‍ വിപുലതകൊണ്ടും വിവിധരൂപമായ ആകര്‍ഷകത്വംകൊണ്ടും വിശ്വാത്തരമായി പരിലസിക്കുന്നതു രാമായണചമ്പുവാകുന്നു. അതില്‍ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമ വിജയം, വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം, ഉദ്യാനപ്രവേശം, അംഗുലീയാങ്കം, ലങ്കാപ്രവേശം, രാവണവധം, അഗ്നിപ്രവേശം, അയോധ്യാപ്രവേശം, പട്ടാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വര്‍ഗ്ഗാരോഹണം എന്നിങ്ങനെ ഇരുപതു വിഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ വിഭാഗങ്ങളെ പ്രബന്ധങ്ങളെന്നു സൌകര്യത്തിനുവേണ്ടി നമുക്കു വ്യവഹരിക്കാം. വാല്മീകിരാമായണത്തെത്തന്നെയാണു് കവി ഇതിവൃത്തവിഷയത്തില്‍ ആമൂലാഗ്രം അവലംബിക്കുന്നതെങ്കിലും കഥ സങ്കോചിപ്പിക്കേണ്ട ഘട്ടങ്ങളില്‍ സങ്കോചിപ്പിച്ചു്, വികസിപ്പിക്കേണ്ട സ്ഥലങ്ങളില്‍ വികസിപ്പിച്ചു്. പൌര്‍വ്വാപര്യവിഷയത്തില്‍ അവസരോചിതമായി ഭേദഗതിചെയ്തു്, ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായ ഇതര ഗ്രന്ഥങ്ങളില്‍നിന്നുകൂടി ഇതിവൃത്താംശങ്ങള്‍ സ്വീകരിച്ചു് മിനുസപ്പെടുത്തിയാണു് തന്റെ വാങ്മയത്തെ ആവിഷ്കരിക്കുന്നതു്. ദശരഥനുണ്ടായ മുനിശാപം വാല്മീകി വര്‍ണ്ണിക്കുന്നതു് അയോധ്യാകാണ്ഡത്തിലാണല്ലോ. എന്നാല്‍ ചമ്പൂകാരന്‍ അതു് ഔചിത്യപൂര്‍വ്വം രാമാവതാരഖണ്ഡത്തില്‍ പ്രതിപാദിക്കുന്നു. പിന്നെയും ആദികാവ്യത്തില്‍ ശ്രീരാമന്റെ യാഗാശ്വത്തെ സംരക്ഷിക്കുന്നതു് ലക്ഷ്മണനാണു്; എന്നാല്‍ ചമ്പുവില്‍ ലക്ഷ്മണപുത്രനായ ചന്ദ്രകേതു അശ്വചോരണം ചെയ്യുകയും ലവനോടു പടപൊരുതുകയും ചെയ്യുന്നു. അവിടെ കവി ഉത്തരരാമചരിതനാടകത്തെയാണു് ഉപജീവിക്കുന്നതു്.

രാമായണചമ്പുവിലെ ചില പദ്യഗദ്യങ്ങള്‍

ഭാഷയ്ക്കും രസത്തിനും ഒന്നുപോലെ പ്രാധാന്യം നല്കി രചിക്കേണ്ട ഉത്തമമണിപ്രവാളകവിതയുടെ ലക്ഷണങ്ങളെപ്പറ്റി പുനത്തിനു നൈസര്‍ഗ്ഗികമായ ബോധമുണ്ടായിരുന്നു. രാമായണ ചമ്പുവിലെ പദ്യങ്ങളുടെ രീതി, വൃത്തി, ശയ്യ, പാകം ഇവയും ഓജസ്സു്, കാന്തി തുടങ്ങിയ ഗുണങ്ങളും സര്‍വ്വോപരി രസപുഷ്ടിയും പ്രത്യേകം പ്രത്യേകമായി നമ്മുടെ ഉദാത്തമായ പ്രശംസയെ അര്‍ഹിക്കുന്നു. സംസ്കൃതപദങ്ങളേയും ഭാഷാപദങ്ങളേയും തമ്മിലിണക്കി തന്റെ കവിതയെ മധുരീകരിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം നമ്മെ ആശ്ചര്യ ഭരിതരും ആനന്ദമഗ്നരുമാക്കിത്തീര്‍ക്കുന്നു. ഏതാനും ചില ശ്ലോകങ്ങള്‍കൊണ്ടു് ഈ വസ്തുത ഉദാഹരിക്കാം.

ദേവന്മാരെ ആശ്വസിപ്പിക്കുന്ന മഹാവിഷ്ണു:

ʻʻമേളംതാവുന്ന തൂവെണ്‍മുറുവല്‍ തുണയുമായ്
ബാലവെണ്‍ചാമരാളീ-
മോലക്കംപൂണ്ടു വീയിച്ചുഴലെ നിറമെഴും
വിഷ്ണുലോകാംഗനാനാം
കോലപ്പൊല്ക്കങ്കണാനാം നിനദമണികരാ-
ഗ്രേണ ഭംഗ്യാ വിലക്കി
ത്രൈലോക്യാധീശനുദ്യല്‍സ്മിതമധുരമുഖോ
ധാതൃമുഖ്യാന്‍ ബഭാഷേ.ˮ (1)

ദശരഥന്റെ മാഹാത്മ്യം:

ʻʻകീര്‍ത്തിക്ഷീരോദഫേനാ നിയതമുഡുഗണാ-
സ്തത്ര, ഭൂപോത്തമാംഗം
പൂത്തൂകും പാദപീഠം, ജലനിധി പരിഖാ,
മേരു ഭണ്ഡാരസാരം,
വാഴ്ത്തീടും വന്ദിവര്‍ഗ്ഗം വലരിപുനഗരീ-
നാരിമാരെന്നുവേണ്ടാ
ധാത്രീചക്രം കളിക്കെ,ട്ടിനിയ ദശരഥ-
ന്നെന്തൊരാഭോഗമോര്‍ത്താല്‍.ˮ (2)

സീതാസമേതനായി മിഥിലയില്‍നിന്നു മടങ്ങിച്ചെല്ലുന്ന ശ്രീരാമനെ സരയൂനദി എതിരേല്ക്കുന്നതു്:

ʻʻഅന്നേരം താമരപ്പൂന്തളികകളില്‍ മണി-
ച്ചെപ്പു നല്‍ക്കര്‍ണ്ണികാഖ്യം
വിന്യസ്യാലോലഫേനസ്മിതമധുരമുഖീ,
ഭൃംഗനേത്രാഭിരാമാ,
ധന്യാ, ശൈവാലമാലാഘനചികുരഭരാ,
ചക്രവാകസ്തനാഢ്യാ,
വന്നാള്‍ മെല്ലെന്നെതിര്‍പ്പാന്‍ പരിചൊടു സരയൂ-
നിര്‍മ്മലാംഗീ തദഗ്രേ.ˮ (3)

ശ്രീരാമന്റെ വിരഹതാപം:

ʻʻനല്‍ക്കൊണ്ടല്‍ച്ചാര്‍ത്തു കാണാമുപരി, പരിലസല്‍-
കന്ദളാ ഭൂതധാത്രീ,
ദിക്കെങ്ങും പാടിയാടും മയില്‍നിരകള്‍, തണു-
ത്തോരു തൈത്തെന്നല്‍താനും;
ഉല്‍ക്കണ്ഠാവേഗശാലീ വിരഹവിപദി ഞാ-
നേതു ദിക്കിങ്കലയ്യോ!
വയ്ക്കേണ്ടൂ ഹന്ത! മല്‍ക്കണ്ണുകള്‍! ജനകസുതേ,
ദേവി ഹാഹാ! ഹതോഹം.ˮ (4)

സമുദ്രത്തോടു കോപിക്കുന്ന ശ്രീരാമന്‍:

ʻʻകുശശയനതലോത്ഥിതസ്തദാനീം
ഭൃശമുടലെങ്ങുമണിഞ്ഞു ഘര്‍മ്മബിന്ദൂന്‍
വചനമിദമുവാച രൂക്ഷകോപ-
പ്രചുരഭരാരുണദാരുണാനനേന്ദുഃ.ˮ (5)

അന്തര്‍വ്വത്നിയായ സീത:

ʻʻവക്ഷോജാഗ്രം കറുത്തും, വടിവൊടു നടുചീര്‍
ത്തും, വശംകെട്ടു വീര്‍ത്തും,
പ്രക്ഷാമാംഗം വിയര്‍ത്തും വ്രതവിധികളയര്‍-
ത്തും, വിളര്‍ത്തും കപോലം
ഭക്ഷ്യദ്രവ്യം മറുത്തും, കളഭതതി ചെറു-
ത്തും, വിനോദം വെറുത്തും,
മുഖ്യം ദൈവത്തെയോര്‍ത്തും, ജനകനൃപസുതാ-
ഗര്‍ഭമേറ്റം ബഭാസേ.ˮ (6)

ലവന്‍ ചന്ദ്രകേതുവിന്റെ സൈന്യത്തോടു്:

ʻʻഒക്കക്കയച്ചു വരവെന്തിതൊരാശ്രമാന്തേ?
തിക്കാരമിത്തൊഴിലെടുത്തതടക്കുവന്‍ ഞാന്‍;
ഇക്കണ്ടതില്‍ ചില കഴുത്തുകള്‍ തുണ്ടമാക്കി-
ച്ചെക്കന്‍ കളിക്കു, മതിര്‍കെട്ടണയായ്ക നല്ലൂ.ˮ (7)

ചന്ദ്രകേതു ലവനോടു്:

ʻʻഎന്നേ ധാര്‍ഷ്ട്യക്കുരുന്നേ, ഭുവനവിജയിനോ
രാവണാരാതിതന്നോ-
ടിന്നീയോ പോരിനാളായതു? ചപലവടോ
നന്നെടോ വൈഭവം കേള്‍;
ഒന്നിന്നൊന്നായ്‌ത്തിമിര്‍ത്തിത്തരമടവു തുടര്‍-
ന്നീടിലെന്നാര്യപാദം
തന്നാണാ ചെറ്റടങ്ങാ ഖലദമനമഹോ-
ത്സാഹി മത്സായകോയം.ˮ (8)

ഒടുവില്‍ ഒരു അഭൌമവും അദൃഷ്ടചരവുമായ സാഹിത്യ പരിമളമഴപെയ്തുകൊണ്ടാണു് കവി നമ്മെ വിട്ടുപിരിയുന്നതു്. സ്വര്‍ഗ്ഗാരോഹണഘട്ടത്തില്‍ ശ്രീരാമന്‍ സീതാദേവിയെ നിരീക്ഷിക്കുന്ന സന്ദര്‍ഭം നമുക്കു കാണിച്ചുതരുന്ന വാങ്മയചിത്രം ഭാഷാകവിതയുടെ പരമോച്ചമായ ശൃംഗത്തില്‍ പാറിക്കളിക്കുന്ന വിജയപതാകയാകുന്നു. നോക്കുക, അവിടത്തെ കേശാദി പാദവര്‍ണ്ണനം:

ʻʻപരിമളമഴ പെയ്തിരുണ്ടു ഭംഗ്യാ
തിരുകിന കുന്തളഭാരലോഭനീയാം,
സ്മരനിഗമരഹസ്യമോതുമോമല്‍-
ത്തിരുമിഴിമേല്‍ നിഴലിച്ച രാഗലൌല്യാം,

മടുമലര്‍ചരമേന്മ ചേര്‍ത്തു തോണ്‍മേ-
ലുടനണിയും മണികണ്ഡലാഭിരാമാം,
തുടുതുടെ വിലസുന്ന ചോരിവായ്മേ-
ലുടമയില്‍ വന്നിളകൊള്ളുമല്പഹാസാം,
കനകകലശകാന്തി വെന്ന പീന-
സ്തനഭരലോളിതരത്നഹാരമാലാം,
മണിമയകടകാംഗദാദിഭൂഷാ-
ഗുണരുചിരഞ്ജിതമഞ്ജൂബാഹുവല്ലീം,

മരതകലതികാഭിരാമ്യമുള്‍ക്കൊ-
ണ്ടരുളിന കോമളരോമവല്ലരീകാം,
പരിഹിതമൃദുലാംശുകത്തിനുള്ളില്‍
സ്ഫുരിതനിതംബമനോഹരോരുകാണ്ഡാം,

പ്രണിഹിതമണിനൂപുരാങ്ഘ്രിപത്മാ-
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം, ത്രപാനുരാഗ-
ക്ഷണനതമുഗ്ദ്ധമുഖീം, ദദര്‍ശസീതാം.ˮ

ഇവയില്‍ ഒടുവിലത്തെ ശ്ലോകം സംസ്കൃതമാണെങ്കിലും പ്രസിദ്ധപദങ്ങളുടെ പ്രയോഗംകൊണ്ടും, അവയുടെ പരസ്പരാശ്ലേഷത്തില്‍ കവി പ്രദര്‍ശിപ്പിച്ചിരിക്കുന്ന അസുലഭമായ പാടവം കൊണ്ടും അനുവാചകര്‍ ആ വസ്തുത അറിയുന്നതേയില്ല.

ഗദ്യരചനയുടെ മേന്മയും പദ്യരചനയുടേതില്‍നിന്നു് ഒട്ടുംതാഴെയല്ല. ʻʻവട്ടം പെരുകിന പൊട്ടക്കിണറൊടു പെട്ടെന്നൊരു പടവെട്ടിപ്പടുപരിവട്ടം കെട്ടിന നേത്രദ്വയമതിനുള്ളു ചുവന്നുമറിഞ്ഞതില്‍ മധ്യേ കണ്‍മണി രണ്ടു പിരണ്ടു ഭയങ്കരമായ നിരീക്ഷണമയ്യോ പാവം! കാലമഹാനലകടുകനല്‍ പോലേ. കാകോളദ്രവവിഭവംപോലെ, യമഭടനെറിയും ഘനശിലപോലേ, കല്പാന്താര്‍ക്കനുദിക്കുംപോലേˮ എന്നും മറ്റും ഘോരരാക്ഷസിയായ താടകയെ വര്‍ണ്ണിക്കുന്ന കവിയാണു് ʻʻവിശ്വംഭരയില്‍ വിഹാരത്തിന്നൊരു വിദ്യുന്മാല വരുന്നകണക്കേ, വിഭ്രമമെന്നും കല്പകശാഖിനി മെത്തിന പുത്തന്‍മഞ്ജരിപോലെ, വിനയപ്പേരാമംഭോജന്മനി വിളയും പരിമളലഹരികപോലേ, മാനമതംഗജകുംഭാഭോഗേ മരുവിന മദജലധോരണിപോലേ, പുതുമലര്‍ബാണന്‍ കരഭുവി മിന്നും ഭുവനഭ്രാമണ പിഞ്ഛികുപോലേ, ലാവണ്യത്തിനു പരദേവതയായ്, മാധുര്യത്തിനു മഞ്ജൂഷികയായ്, നിധുവനലക്ഷ്മ്യാ മണിദീപികയായ്, നൈര്‍മ്മല്യത്തിനു കേളീഗൃഹമായ്ˮ എന്നും മറ്റും ലളിതാരൂപിണിയായ ശൂര്‍പ്പണഖയെ ഉല്ലേഖനം ചെയ്യുന്നതു്. പുനത്തിന്റെ തൂലിക അവസരാനുഗുണമായി വീണ വായിക്കുകയും നാഗസ്വരമൂതുകയും ശംഖു മുഴക്കുകയും പടഹമടിക്കുകയും ചെയ്തു നമ്മെ നൈരന്തര്യേണ അപഹൃതചിത്തവൃത്തികളാക്കിത്തീര്‍ക്കുന്നു. അതും ഒരു ʻഭുവനഭ്രാമണപിഞ്ഛികʼതന്നെയാണു്. പ്രസ്തുതചമ്പുവില്‍നിന്നു പല പദ്യഗദ്യങ്ങളും പില്ക്കാലത്തുള്ള ചമ്പുക്കളില്‍ സ്വീകൃതങ്ങളായിട്ടുണ്ടു്.

ഫലിതപ്രയോഗം

പുനത്തിന്റെ ഫലിതപ്രയോഗചാതുര്യവും അനുപമേയമാണു്. ഫലിതത്തില്‍ കേരളീയരും, കേരളീയരില്‍ നമ്പൂരിമാരും, നമ്പൂരിമാരില്‍ മേല്പുത്തൂര്‍ തുടങ്ങിയ സംസ്കൃതകവികളും പുനം മുതലായ ഭാഷാകവികളും സമാര്‍ജ്ജിച്ചിട്ടുള്ള സ്ഥാനം സാമാന്യകവികള്‍ക്കു് ഏതു കാലത്തും ഏതവസ്ഥയിലും അപ്രാപ്യമാണെന്നുള്ള വസ്തുത ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു. ശൂര്‍പ്പണഖ, രാവണന്‍ മുതലായ പാത്രങ്ങള്‍മുഖേനയാണു് പുനം തന്റെ ഹാസ്യരസപ്രകടനസാമര്‍ത്ഥ്യം പ്രാധാന്യേന പ്രകടീകരിക്കുന്നതു്. കൊള്ളിവാക്കുകള്‍ പറയിക്കുന്നതിനും അദ്ദേഹത്തിനു പര്യാപ്തമായ വൈഭവമുണ്ടു്. മൂക്കും മുലയും നഷ്ടപ്പെട്ട ശൂര്‍പ്പണഖ രാവണന്റെ സന്നിധിയെ പ്രാപിച്ചു് ആ ഘാതകന്റെ ക്രോധാഗ്നിയെ എങ്ങനെ പടിപ്പടിയായി ഉദ്ദീപിപ്പിക്കുന്നു എന്നു താഴെ ഉദ്ധരിക്കുന്ന മൂന്നു ശ്ലോകങ്ങളില്‍ നിന്നു കാണാം:

ʻʻനിര്‍മ്മര്യാദങ്ങളിമ്മാണികളിരുവരുമായ്-
ച്ചെയ്തതെല്ലാം പൊറുക്കാം;
കര്‍മ്മം പോന്നീടിലോ ചെറ്റതിനു പകരവും
വീണ്ടുകൊള്ളാമൊരുന്നാള്‍;
ധമ്മില്ലംകൊണ്ടു മെല്ലെപ്പിഹിതവദനമ-
യ്യോ! തദാനീം ചിരിച്ചാ-
ളമ്മല്ലാര്‍വേണി; ചൊല്ലാമതു മനസി പൊറാ-
യുന്നിതെല്ലായിലും മേ.

കയ്യൂക്കിന്‍വായ്പുകൊണ്ടാകുലിതഗിരിവരോ
രാവണോ നാമ ധീമാന്‍
പൊയ്യല്ലെങ്ങള്‍ക്കിതിന്നുണ്ടുരപെറുമുടയോ-
നെന്നു ഞാന്‍ ചൊന്നനേരം
കയ്യന്‍താന്‍ വന്നെതിര്‍ക്കില്‍ച്ചെറുമനെ വിരവില്‍-
പ്പൂഴികപ്പിപ്പനെന്ന-
ക്കയ്യും കൊട്ടിച്ചിരിച്ചാളതു മനസി പൊറാ-
യുന്നിതെല്ലായിലും മേ.

കേള്‍ക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ
രാവണന്‍തന്‍ ഭഗിന്യാ
മൂക്കും പോര്‍കൊങ്കയും ചൂഴ്‌ന്നിതു; നിശിചരി വ-
ന്നിട്ടു നീളെക്കരഞ്ഞാള്‍;
ഊക്കെല്ലാം നില്ക്ക; നമ്മോടുടനെളിയവരോ
ടെങ്കിലാമെന്നു മോദം
വായ്ക്കും നാട്ടാര്‍ ചിരക്കുന്നതു സപദി പൊറാ-
യുന്നിതെല്ലായിലും മേ.ˮ

രാവണന്‍ സീതയോടു രാമനല്ല താനാണു് ആ ദേവിക്കു് അനുരൂപനായ ഭര്‍ത്താവു് എന്നു് ഉപപാദിക്കുന്നതിനിടയ്ക്കു് ഇങ്ങനെ കൂടിപ്പറയുന്നു:

ʻʻമുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും
മുണ്ടനയ്യോ! തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലി-
ച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാ-
സുന്ദരി, സുന്ദരന്ന-
ക്കണ്ടാലാകാത നാരീ; പരിചിനൊടു വയോ-
വര്‍ണ്ണമീവണ്ണമല്ലോ.

പുംസോ നൂറു വയസ്സവള്‍ക്കു പതിനാറെങ്കില്‍പ്പൊരുന്നാ;
നടേതസ്യാ നൂറു വയസ്സവന്നു പതിനാറെങ്കില്‍ പ്രമാദം തുലോം;
രാത്രൌ ചെന്നു രമിപ്പതിന്നു ജരഠാമുത്ഥാപ്യ പോയമ്മിമേല്‍-
ത്താംബൂലത്തെയരച്ചു മുക്കുടി കുടിപ്പിക്കും നരേഭ്യോ നമഃ.ˮ

സീതാസ്വയംവരഘട്ടത്തിലും മറ്റും നമ്പൂരിമാരുടെ സംഭാഷണം, മന്ത്രവാദികളുടെ ആനബ്‌ഭോഷ്ക്, മുറിവൈദ്യന്മാരുടെ തട്ടിപ്പു്, ഭടജനങ്ങളുടെ ഉക്തിപ്രത്യുക്തികള്‍, ജ്യോത്സ്യന്മാരുടെ ഞെളിച്ചില്‍ ഇത്തരത്തിലുള്ള വിഷയങ്ങളെ കവി വിനോദസിത വിതറി വളരെ തന്മയത്വത്തോടുകൂടി വര്‍ണ്ണിച്ചിരിക്കുന്നു. തന്റെ കഥാരംഗമായ കോസലം പലപ്പോഴും ഫലിതപ്രയോഗത്തിനുവേണ്ടി പുനം കേരളമാക്കി രൂപാന്തരപ്പെടുത്തുന്നു. നമ്പൂരിമാരുടെ ഇത്തരത്തിലുള്ള ചമ്പുക്കള്‍ വായിച്ചും ചാക്കിയാന്മാരുടേയും മറ്റും കഥാപ്രസംഗങ്ങള്‍ കേട്ടും സിദ്ധിച്ച കൌബേരമായ ഹാസ സംസ്കാരസമ്പത്തിന്റെ വിജൃംഭണമാണു് നാം കുഞ്ചന്‍നമ്പിയാരുടെ തുള്ളലുകളില്‍ പ്രധാനമായി നിരീക്ഷിക്കുന്നതു്.

പുനത്തിന്റെ ഭാഷ

പുനവും അദ്ദേഹത്തിന്റെ അനുയായികളായ ഇതരചമ്പുകാരന്മാരും സംസ്കൃതപക്ഷപാതികളായിരുന്നു എങ്കിലും ഭാഷയും മണിപ്രവാളത്തിന്റെ ഘടകദ്വയത്തില്‍ ഒന്നാണെന്നു് അവര്‍ നല്ലപോലെ ധരിച്ചിരുന്നു. അതുകൊണ്ടു ഞാന്‍ മുന്‍പു് എടുത്തുകാണിച്ച പഴയ പദങ്ങള്‍ക്കും പ്രയോഗവൈചിത്ര്യങ്ങള്‍ക്കും പുറമേ, പണ്ടു പ്രചരിച്ചിരുന്ന ഭാഷാശൈലികളും പഴഞ്ചൊല്ലുകളും അവര്‍ തങ്ങളുടെ കൃതികളില്‍ ലോഭംകൂടാതെ കടത്തിവിട്ടിട്ടുണ്ടു്. രാമായണചമ്പുവില്‍ കാണുന്ന (1) കൂക്കൂറ്റിരപ്പിക്കുക, (2) നെറ്റിക്കുനേരെത്തി വെട്ടിജ്ജയിക്കുക, (3) തായമാട്ടുക, (4) കൂട്ടംകെട്ടിത്തിരിക്കുക, (5) മുതലറുക, (6) മിട്ടാല്‍ പൊട്ടുക, (7) മേല്‍ക്കൈ പോകുക, (8) താളി പിഴിയുക, (9) മുന്നൂറുവട്ടിക്കൊടുന്തീ വീഴുക, (10) പേമുഖം വയ്ക്കുക, (11) വെട്ടിച്ചിരിക്കുക, (12) പകരി തിരിയുക, (13) ചേര കടിച്ചു ചാകുക, (14) കണ്ടോര്‍ ചൊല്ലിന കുണ്ടനാടുക, (15) കാല്‍വിരല്‍ക്കീഴ്ക്കേഴിക്കുക, (16) പൂശ്രാളക്കാരനാക്കുക, (17) കതിര്‍പോരുക, (18) കൈകത്തിപ്പോകുക, (19) എതിര്‍കട വരിക, (20) ചെറുവിരല്ക്കു പോരുക മുതലായ ശൈലികളും ലോകോക്തികളും ആ ഇനത്തില്‍ പെട്ടവയാണു്. അവയില്‍ പലതും ഇക്കാലത്തു നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ഭാഷാസാഹിത്യത്തില്‍ രാമായണചമ്പുവിന്റെ സ്ഥാനം

ഏതുതരത്തിലുള്ള ശ്രോതാക്കന്മാരേയും ആഹ്ലാദിപ്പിക്കുന്നതിനു കൃഷ്ണഗാഥയ്ക്കു കഴിയും; എന്നാല്‍ പണ്ഡിതന്മാര്‍ക്കു ചില ഘട്ടങ്ങളില്‍ രാമായണചമ്പുവാണു് ആസ്വാദ്യതരമായിത്തോന്നുന്നതെങ്കില്‍ അതിനു് അവരെ കുറ്റപ്പെടുത്തുവാന്‍ പാടുള്ളതല്ല. അത്രയ്ക്കുണ്ടു് സമസ്തഗുണസമ്പന്നമായ അതിന്റെ ആത്മവീര്യം. എന്നാല്‍ അന്യഥാ അനര്‍ഘങ്ങളായ മണിപ്രവാളചമ്പൂരത്നങ്ങളില്‍ രണ്ടുതരത്തിലുള്ള കീടാനുവിദ്ധത കടന്നുകൂടീട്ടുള്ളതു ഗോപനംചെയ്യണമെന്നു ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവയില്‍ ഒന്നു് ഇതിനുമുന്‍പു നിര്‍ദ്ദിഷ്ടമായ അതിരുകടന്ന പരസ്വാപഹാരമാണു്. അതിനെ ചമ്പൂകാരന്മാര്‍ അപകര്‍ഷകമായി കരുതിയിരുന്നുവോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അനന്താംശസംഭവനായ മേല്പുത്തൂര്‍ ഭട്ടതിരിയുടെ സംസ്കൃത ചമ്പുക്കളില്‍ത്തന്നെ ഈ ദോഷം പ്രകടമായി കാണുന്ന സ്ഥിതിക്കു് ആ പരിപാടിയുടെ അംഗീകാരത്തിനു മറ്റു വല്ല കാരണവും ഉണ്ടായിരുന്നിരിക്കും എന്നു് ഊഹിക്കുന്നതാണു് ഉപപന്നമായിട്ടുള്ളതു്. അതു ഞാന്‍ മുന്‍പു പ്രസ്താവിച്ചതുപോലെ കഥാപ്രസംഗത്തിനുവേണ്ടി എഴുതിയ പ്രസ്തുത ഗ്രന്ഥങ്ങളില്‍ കവികള്‍ അവയുടെ രസോത്തരതയെ മാത്രമേ ദീക്ഷിച്ചുള്ളൂ എന്നും ആ ലാഭം അന്യകൃതികളില്‍ നിന്നു് അവസരോചിതമായുള്ള ഉദ്ധാരണംകൊണ്ടു സിദ്ധിക്കുമെങ്കില്‍ അവര്‍ താവതാ ചരിതാര്‍ത്ഥന്മാരായി പുരോഗമനം ചെയ്യുവാന്‍ സന്നദ്ധന്മാരായിരുന്നു എന്നുമുള്ളതാണു്. രണ്ടാമത്തെ ദോഷം ശ്രവണാരുന്തുദമായ യതിഭംഗമാകുന്നു. ഇതിനു് ഉദാഹരണങ്ങള്‍ മുന്‍പു് ഉദ്ധരിച്ച ശ്ലോകങ്ങളില്‍ത്തന്നെയുണ്ടു്. ʻകുളിര്‍വെണ്ണിലാ-വും ചൊരിഞ്ഞുʼ, ʻനവവിയോഗചാ-രിത്രമുദ്രʼ എന്നും മറ്റും കുസുമമഞ്ജരിയിലും, ʻവാണേന്‍ ഞാനിന്നു വിശ്രാ-ന്തിസുഖംʼ ʻനാ-ഭൌ നറുമ്പൂവു കണ്ടാന്‍ʼ ʻമേളം പെരുകിന മഖരാ-ജേʼ എന്നും മറ്റും സ്രഗ്ദ്ധരയിലും പ്രയോഗിക്കുന്നതു് ആര്‍ക്കും വൈരസ്യജനകമാകാതെയിരിക്കുവാന്‍ നിര്‍വാഹമില്ലാത്ത ഉച്ഛൃംഖലതയുടെ ദുര്‍വിലസിതമാണു്. പതിന്നാലാം ശതകത്തില്‍ ഈ വിഷയത്തില്‍ കവികള്‍ അത്രതന്നെ അപരാധികളായിരുന്നില്ല. ലീലാതിലകകാരന്‍ യതിഭംഗത്തെ അപരാധികളായരുന്നില്ല. ലീലാതിലകകാരന്‍ യതിഭംഗത്തെ കാവ്യദോഷങ്ങളില്‍ ഒന്നായി പരിഗണിച്ചു് ʻʻപുല്കക്കണ്ടേന്‍ പുനരതു നനാ-വോ കനാവോ ന ജാനേˮ എന്നും ʻʻസ്വൈരാലാപവ്യതികര വിനോ-ദാന്തരേ കൊള്‍വര്‍ മുന്നംˮ എന്നുമുള്ള മന്ദാക്രാന്താപാദങ്ങളില്‍ നിയതസ്ഥാനപദച്ഛേദഭംഗം അധോരേഖാങ്കിതങ്ങളായ ഭാഗങ്ങളില്‍ ഉള്ളതിനാല്‍ പ്രസ്തുത ദോഷത്തിനു് അവിടെ പ്രസക്തിയുണ്ടെന്നു സ്ഥാപിക്കുന്നു. ʻനനാവു്ʼ എന്നാല്‍ ജാഗ്രദവസ്ഥ എന്നര്‍ത്ഥം. ʻവിനോദാന്തരേʼ എന്നതില്‍ യതിഭംഗമില്ലെന്നും ʻനനാവോʼ എന്നതില്‍ ഉണ്ടെങ്കിലും നിസ്സാരമാണെന്നും സാധിക്കാവുന്നതാണു്. എന്നാല്‍ രാമായണചമ്പുവില്‍നിന്നു് ഉദ്ധരിച്ച വരികളിലേ യതിഭംഗം അത്തരത്തിലുള്ളതല്ലല്ലോ. അതുകൊണ്ടു് ഏതദ്വിഷയത്തില്‍ പുനം ഒരു തെറ്റുകാരനല്ലെന്നു പറവാന്‍ നിവൃത്തിയില്ലെങ്കിലും ആ ദോഷംപോലും അദ്ദേഹത്തിന്റെ കാവ്യത്തിലേ അന്യഗുണ സന്നിപാതത്തില്‍ നിമഗ്നമായിപ്പോകുന്നു എന്നു സമാധാനപ്പെടുവാന്‍ പാടില്ലായ്കയില്ല.

ഭാരതചമ്പു

രാമായണചമ്പുവോളം ദീര്‍ഘമല്ലെങ്കിലും ഒരു വലിയ കാവ്യംതന്നെയാണു് ഭാരതചമ്പുവും. അതില്‍ ഏതെല്ലാം വിഭാഗങ്ങള്‍ അടങ്ങീട്ടുണ്ടെന്നുള്ളതു കൊച്ചി തൃപ്പൂണിത്തുറക്കോവിലകം വക ഈടുവയ്പിലുള്ള കിരാതം പ്രബാന്ധത്തിന്റെ ഒടുവില്‍ കാണുന്ന അധോലിഖിതങ്ങളായ പദ്യങ്ങളില്‍നിന്നു വെളിവാക്കുന്നതാണു്:

ʻʻചതുര്‍ദ്ദശകഥാബന്ധം കൃഷ്ണവീര്യാവതംസകം
വക്ഷ്യാമി ഭാരതം സാരം ഗുരുപാദപ്രസാദതഃ.

ദൈത്യം ഹത്വാ ബകാഖ്യം, ദ്രുപദദുഹിതൃകാ-
ന്താ, സ്സുഭദ്രാസമേതാ,
ഹുത്വാഗ്നൌ ഖാണ്ഡവം, വിശ്രുതയജനകൃതോ,
ദ്വൈതകാന്താരവാസാഃ,
ലബ്ധാസ്ത്രാശ്ശങ്കരാല്‍, കീചകനിധനകൃതഃ,
സോദ്യമാഃ, കൃഷ്ണദൂതാഃ,
പിഷ്ട്വാജൌ സിന്ധുരാജം, ക്ഷപിതകരുബലാ,-
സ്സാശ്വമേധാ, വിമുക്താഃ.ˮ

(1) ബകവധം, (2) ദ്രൌപദീസ്വയംവരം, (3) സുഭദ്രാഹരണം, (4) ഖാണ്ഡവദാഹം, (5) രാജസൂയം, (6) വനവാസം, (7) കിരാതം, (8) കീചകവധം, (9) ഉദ്യോഗം, (10) ദൂതവാക്യം, (11) ജയദ്രഥവധം, (12) സുയോധനവധം, (13) അശ്വമേധം, (14) സ്വര്‍ഗ്ഗാരോഹണം എന്നിവയാണു് ആ പതിന്നാലു വിഭാഗങ്ങള്‍. കവനോദയത്തില്‍ പ്രസിദ്ധപ്പെടുത്തിയ സംക്ഷിപ്തമായ ഭാരതചമ്പു (1) പാഞ്ചാലീസ്വയംവരം, (2) ഖാണ്ഡവദാഹം, (3) കിരാതം, (4) കീചകവധം, (5) ഗോഗ്രഹണം, (6) ഉദ്യോഗം, (7) ദൂതവാക്യം, (8) ജയദ്രഥവധം, (9) ഭാരതയുദ്ധം, (10) അശ്വമേധം എന്നിങ്ങനെ പത്തു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കൊച്ചി ഈടുവെയ്പുഗ്രന്ഥത്തിലേ കിരാതത്തില്‍ (1) കൈലാസയാത്രയെന്നും (2) കിരാതാര്‍ജ്ജുനീയമെന്നും രണ്ടു് അവാന്തരവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടു്.

ʻʻകൈലാസയാത്രാ പ്രഥമാ കിരാതാ-
ര്‍ജ്ജൂനീയമന്യാ വിവിധാഭിധേതി
ഭൂഷായതാം സൂരിഹൃദീന്ദ്രസൂനോ-
രേഷാ ചരിത്രസ്തുതിരത്നമാലാˮ

എന്ന പദ്യം കൈലാസയാത്രയുടെ ഒടുവിലുള്ളതാണു്. കീചകവധത്തെ മാത്രമേ ചതുര്‍ദ്ദശകഥകളില്‍ സ്മരിക്കുന്നുള്ളു എങ്കിലും (1) കീചകവധം, (2) ഗോഗ്രഹണം എന്നിങ്ങനെ രണ്ടു പ്രബന്ധങ്ങള്‍ വിരാടപര്‍വാന്തര്‍ഗ്ഗങ്ങളായി സംക്ഷിപ്തഭാരതചമ്പുവില്‍ കാണുന്നു. സുഭദ്രാഹരണവും, വനവാസവും, രാജസൂയവും ഇതുവരെ കണ്ടുകിട്ടീട്ടില്ല; എങ്കിലും രാജസൂയത്തിനും വനവാസത്തിനും ഇടയ്ക്കുള്ള കഥയെ പരാമര്‍ശിക്കുന്ന കേശഗ്രഹണം എന്നൊരു പ്രബന്ധം ഈടുവയ്പുഗ്രന്ഥത്തില്‍ അടങ്ങീട്ടുണ്ടു്. (1) ബകവധം, (2) ദ്രൌപദീസ്വയംവരം, (3) ഖാണ്ഡവദാഹം, (4) കീചകവധം, (5) സ്വര്‍ഗ്ഗാരോഹണം എന്നീ അഞ്ചു പ്രബന്ധങ്ങളാണു് കേശഗ്രഹണം, കൈലാസയാത്ര, കിരാതം എന്നീ മൂന്നിനു പുറമേ ആ ഗ്രന്ഥത്തില്‍ ഉള്ളതു്. ബകവധാദികളായ പ്രബന്ധങ്ങള്‍ പൌര്‍വാപര്യ ക്രമത്തോടുകൂടിയും ആനുപൂര്‍വീസൂചകങ്ങളായ പദ്യങ്ങളെക്കൊണ്ടു് അനുസ്യൂതങ്ങളായും കാണുന്നതിനാല്‍ മേല്‍നിര്‍ദ്ദേശിച്ച പതിന്നാലു പ്രബന്ധങ്ങളും അവയുടെ അവാന്തരാംശങ്ങളും ഒരേ കവിയുടെ വാങ്മയങ്ങളാണെന്നു് അനുമാനിക്കാം. ഭാഷാശൈലി ആ അനുമാനത്തെ പ്രബലമായി അനുകൂലിക്കുന്നുമുണ്ടു്.

പുനവും ഭാരതചമ്പുവും

ഭാരതചമ്പുവിന്റെ പ്രണേതാവു് ആരെന്നു നിര്‍ണ്ണയിക്കുന്നതിനും പ്രകടമായ ലക്ഷ്യമൊന്നുമില്ല. ഭാരതചമ്പൂകാരന്‍ ക്രി: പി: പതിന്നാലാം ശതകത്തിന്റെ പ്രഥമപാദത്തില്‍ കാകതീയരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ബാല ഭാരതകര്‍ത്താവായ അഗസ്ത്യഭട്ടനെ ആദ്യന്തം ഉപജീവിക്കുന്നു. മേല്പൂത്തൂര്‍ ഭട്ടതിരി അഗസ്ത്യഭട്ടനു പുറമേ ക്രി: പി: പതിനാറാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന സംസ്കൃതഭാരതചമ്പൂകാരനായ അനന്തഭട്ടനെ ധാരാളമായി ആശ്രയിക്കുന്നുണ്ടു്. ഭാഷാഭാരതചമ്പൂകാരന്‍ ആ മഹാകവിയെ ഒരിടത്തും അവലംബിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ജീവിതകാലം അനന്തഭട്ടനു മുന്‍പാണെന്നു് അധ്യാഹരിക്കാവുന്നതാണു്. (1) മുകുള്‍ (മുകുളം), (2) പിരിഞ്ഞീടവല്ലാര്‍, (3) നമ്മളാര്‍ (നമ്മള്‍), (4) താച്ചി (പ്രഹരിച്ചു്), (5) കമ്പി (കര്‍ണ്ണാഭരണം), (6) കാണായോ പതിനാലുലകം (കാണായോരു) ഇത്തരത്തിലുള്ള അനേകം പഴയ പദങ്ങളും പ്രയോഗങ്ങളും ഭാരതചമ്പുവിലുമുണ്ടു്. ആകെക്കൂടി നോക്കുമ്പോള്‍ രാമായണചമ്പൂകാരന്‍തന്നെയാണു് ഭാരതചമ്പൂകാരന്‍ എന്നു് അഭ്യൂഹിക്കുന്നതില്‍ അനുപപത്തിയില്ല. രാമായണചമ്പുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരതചമ്പുവിന്റെ സ്ഥാനം രണ്ടാംകിടയിലാണെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതചമ്പുവില്‍ കവി കൂടുതല്‍ സംസ്കൃതപക്ഷപാതം പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. അനവധി പദ്യങ്ങളും ചില ഗദ്യങ്ങള്‍പോലും സംസ്കൃതത്തിലാണു് രചിച്ചിരിക്കുന്നുതു്. യതിഭംഗവും രാമായണചമ്പുവിനെ അപേക്ഷിച്ചു് അധികമാണു്. രാമായണചമ്പുവിലെ വൃത്തങ്ങള്‍ക്കു പുറമേ കവിപൃഥ്വി, മന്ദാക്രാന്ത ഈ വൃത്തങ്ങളും ധാരാളമായി സ്വീകരിച്ചു കാണുന്നു. ദ്രൌപദീസ്വയംവരം, കിരാതം എന്നിവ പ്രസ്തുത ചമ്പുവിലെ അത്യന്തം മനോഹരങ്ങളായ ഭാഗങ്ങളാകുന്നു. ഏറ്റവും വിപുലമായ ഭാരതകഥ പ്രതിപാദിച്ചുകൊണ്ടുപോകുമ്പോള്‍ നില്ക്കുന്നതിനോ തിരിയുന്നതിനോ തരമില്ലാത്തതായിരിക്കാം ഭാരതചമ്പുവില്‍ രാമായണചമ്പുവിന്റെ ഗുണപൌഷ്കല്യം ദൃശ്യമാകാത്തതിനുള്ള ഒരു കാരണം; പക്ഷേ ഭാരതചമ്പുവാണു് കവിയുടെ പൂര്‍വകൃതി എന്നും വരാവുന്നതാണു്.

കവിതാരീതി

ഭാരതചമ്പുവിലെ കവിതാരീതി കാണിക്കുവാന്‍ ചില പദ്യഗദ്യങ്ങള്‍ ഉദ്ധരിക്കാം:

പദ്യങ്ങള്‍: പാര്‍ത്ഥസാരഥി:

ʻʻഭംഗ്യാ ചഞ്ചല്‍പ്രതോദാഞ്ചിതകരകമലം
ചാരുകര്‍ണ്ണാര്‍ജ്ജുനീയേ
സംഗ്രാമേ കെട്ടഴിഞ്ഞിട്ടഴകിനൊടു വിരി-
ഞ്ഞീടുമാലോലകേശം
നിന്‍കോലം കാലനീലോല്പലനവകലികാ-
ശ്യാമളം കോമളം മേ
മംഗല്യം കൈവളര്‍ത്തീടുക മഹിതകൃപാ-

സത്മമേ, പത്മനാഭ.ˮ

(1)

ദ്രൌപദീസ്വയംവരത്തില്‍ ഭഗ്നാശയന്മാരായ രാജാക്കന്മാരുടെ കോപം:

ʻʻശ്രുത്വാ വാണീമസഹ്യാം കടുമയൊടു ധനു-
ര്‍ജ്ജ്യാലതാമൊന്നിരപ്പി-
ച്ചെത്തീ യുദ്ധായ നേരിട്ടഹമഹമികയാ
രാജവീരാസ്തദാനീം;
ഉള്‍ത്തിങ്ങും കോപഭാരാല്‍ പ്രളയഘനഘടാ
ഘര്‍ഗ്ഘരാസാരസാര-
പ്രസ്താരൈശ്ശസ്ത്രവര്‍ഷൈർശ്ശതമുഖപതിതൈര്‍-

മ്മൂടിനാരിന്ദ്രസൂനും.ˮ

(2)



====ഖാണ്ഡവദാഹത്തില്‍ അര്‍ജ്ജുനന്‍:====

ʻʻധാരാനാരാചപാതൈരതിമഹതി കൃശാ-
നൌ പരിശ്രാന്തഭാനൌ
വീരാണാം മൌലിരത്നം ക്ഷണമിവ സമനു-
ധ്യായ ബദ്ധാഭിമാനം
ഘോരാടോപം തടുത്തൂ വിയതി വിരചിതാ-
ശ്ചര്യബദ്ധേന്ദ്രവൃഷ്ടിം
നേരേ പുംഖാനുപുംഖപ്രണിഹിതശരജാ-

ലേന ഗാണ്ഡീവധന്വാ.ˮ

(3)



====ഭീഷ്മയുദ്ധം:====

ʻʻചിത്രം കേള്‍ക്ക സഖേ, മരിച്ചുമറിയും നാഗേന്ദ്രനക്രാകുലാ,
മെത്തീടുന്ന കബന്ധഘോരമകരാ, കേശാളിശൈവാലിനീ,
ഉദ്യല്‍സ്യന്ദനകങ്കപാതതരളാ, നീന്തും ഭുജാപന്നഗാ,

പുത്തന്‍വാഹിനി തത്ര ശോണിതമയീ കാണായ്ച്ചമഞ്ഞൂതദാ.ˮ

(4)



====അഭിമന്യുവിന്റെ മരണത്തില്‍ അര്‍ജ്ജുനന്റെ പ്രലാപം:====

ʻʻആലംബ്യ നിന്നെ മടിയില്‍സ്സിതയാ സമേതം
പാലന്‍പിനോടു വദനേ തവ നല്കിനേന്‍ ഞാന്‍;
കാലം ദുരന്ത, മയി തേ സതിലം നിവാപം;

നാലം പ്രദാതുമധുനാ; വിധിനാ ഹതോഹം.ˮ

(5)


ʻʻസമ്മോദംപൂണ്ടു മേന്മേലതികുതുകമൊരോ
ദിക്കില്‍നിന്നും പുറപ്പെ-
ട്ടുന്മേഷാല്‍ച്ചെന്നകംപുക്കുപകരണകദം-
ബോജ്ജ്വലാം യാഗശാലാം
മുന്‍പേ രത്നാസനശ്രേണിഷു തെളിവൊടിരു-
ന്നീടിനാര്‍ നിത്യശുദ്ധ-
ബ്രഹ്മാനന്ദാമൃതാസ്വാദനപരമസുഖോ-
ന്മത്തചിത്താ മുനീന്ദ്രാഃ.ˮ (6)

ഗദ്യങ്ങള്‍—

  1. കൈലാസപര്‍വ്വതവര്‍ണ്ണനത്തില്‍ നിന്നു്:- ʻʻഹിമകരമഹസാം പിണ്ഡംപോലേ, കര്‍പ്പൂരത്തിന്‍ കൂട്ടം പോലേ, പുരഹരശോഭാനിലയംപോലെ, വിസതന്തൂനാം ജാലംപോലേ, മുക്താഫലതതി മെത്തുംപോലേ, കലശാം ബുധിതന്‍ കഠിനതപോലേ; പ്രളയഹുതാശനഭസ്മംപോലേ ഗംഗാസലിലം പൊങ്ങുംപോലേ........ശങ്കരവാഹനവൃഷവരകേളീഹുങ്കൃതിസങ്കുലമങ്ങൊരുഭാഗം; മംഗലവീണാവേണു നിനാദം തങ്ങി വിനോദമിതങ്ങൊരുഭാഗം, ഹരിണീകരിണീ ഖുരരേണുഗണൈരരുണീകൃതശിലമങ്ങൊരു ഭാഗം; ഇലകളിലെല്ലാം കലുപിലെ മണ്ടും കലകളുമുണ്ടങ്ങൊരു ഭാഗാന്തേ; മത്തഗജാന്‍ കണ്ടുദ്ധൃതികോലും ദൃപ്തമൃഗാധിപനങ്ങൊരുഭാഗേ; സിംഹശിശൂന്‍ കണ്ടാഹിതമോദം ബൃംഹിതസിംഹികളങ്ങൊരു ഭാഗേ.ˮ
  2. ശ്രീകൃഷ്ണന്റെ വിശ്വരൂപദര്‍ശനത്തില്‍ മഹര്‍ഷിമാരുടെ സ്തുതി:-ʻʻജയ ജയ ദേവ സദൈവ ദയാപര, വിശ്വപ്രസൃമരസച്ചില്‍പ്രാഭവ, ലക്ഷ്മീവല്ലഭ, ദുര്‍ജ്ജനദുര്‍ല്ലഭ, നിന്തിരുവടിതന്‍ തിരുമെയ്പാര്‍ത്താല്‍ മുഴുമതിതന്നില്‍ച്ചന്ദ്രിക പോലെ, പൂവില്‍പ്പരിമളവിഭവംപോലേ, തെളിതേന്‍ ധാരയില്‍ മധുരിമപോലേ, പാലില്‍ക്കലരും വെണ്ണകണക്കേ, പാവകദേവനിലൂഷ്മകണക്കേ, കാണായോ പതിനാലുലകിങ്കലുമൊന്നായ് നീളെയിരിപ്പോന്നത്രേ. വസ്തുജ്ഞാനേ മുപ്പാരെന്നും മംഗലരംഗേ സാക്ഷീ നീതാന്‍ ചാരുവിനോദക്കളി തടവീടും പാഞ്ചാലീപരയന്ത്രമിതെന്നും, നീയാകുന്നൊരു വഹ്നിയില്‍ നീളെച്ചിതറും തീപ്പൊരിവൃന്ദമിതെന്നും, മഹിത ഭവന്മയഭാസ്കരസംഭൃതനിര്‍മ്മലകിരണസ്തോമമിതെന്നും, വിശ്വം കഥയതി ശാശ്വതവാണീ.ˮ

ഭാഷാചമ്പുക്കളുടെ മേന്മ

ഇത്ര പരിണതപ്രജ്ഞനും വശ്യവചസ്സുമായ ഒരു മഹാകവി തനിക്കു സംസ്കൃതത്തിലും മധുരമായി കവനംചെയ്യുന്നതിനു വേണ്ട ശക്തിയുണ്ടായിരുന്നിട്ടും അതു മണിപ്രവാളത്തില്‍ വ്യാപരിപ്പിക്കാമെന്നു നിശ്ചയിച്ചതു ഭാഷാസാഹിത്യത്തിന്റെ ഭാഗ്യപരിപാകമാകുന്നു. മണിപ്രവാളപ്രസ്ഥാനമാകുന്ന മന്ദാരവൃക്ഷത്തിന്റെ മധുനിഷ്യന്ദികളായ മനോജ്ഞഫലങ്ങളാണു് ഇത്തരത്തിലുള്ള ചമ്പുക്കള്‍. സഹൃയന്മാരുടെ മനസ്സിനു് ഏതുതരത്തിലുള്ള ആനന്ദത്തേയും പ്രദാനംചെയ്യുന്നതിനുള്ള ശക്തിവിശേഷം ഈ കാവ്യങ്ങള്‍ക്കു സമഗ്രമായുണ്ടു്. ഓരോ ചമ്പുവും വായിച്ചു തുടങ്ങുമ്പോള്‍ അവര്‍ ഏതോ അഭൌമവും അവ്യാജസുന്ദരവുമായ ഒരു ലോകത്തില്‍ പ്രവേശിച്ചാലെന്നപോലെ ചമല്‍കൃത മതികളായി ചമയുന്നു. ചമ്പൂകാരന്മാര്‍ക്കു സര്‍വ്വോപരി പ്രിയമായിക്കാണുന്നതു വീരരസവും അതില്‍ത്തന്നെ യുദ്ധവീരവുമാണു്. അവരുടെ രീതി പ്രായേണ ഗൌഡിയും വൃത്തി ആരഭടിയുമാകുന്നു. വീരം കഴിഞ്ഞാല്‍ അവര്‍ക്കു് അഭിമതമായുള്ള രസം ശൃംഗാരംതന്നെ. ഹാസ്യം തരമുള്ള സ്ഥലത്തെല്ലാം ഇടതടവില്ലാതെ കടന്നുകൂടുകയുചെയ്യും. പ്രസ്തുത കവികള്‍ക്കു സംസ്കൃതസാഹിത്യത്തില്‍ അത്ഭുതാവഹമായ അവഗാഹമുണ്ടായിരുന്നു എന്നു് അവര്‍തന്നെ ആ ഭാഷയിലും പദ്യഗദ്യങ്ങള്‍ തങ്ങളുടെ ചമ്പുക്കളില്‍ അങ്ങിങ്ങു് എഴുതിച്ചേര്‍ത്തു് ഉച്ചത്തില്‍ ഉല്‍ഘോഷിച്ചിരിക്കുന്നു. ഒട്ടുവളരെ സംസ്കൃതം അവര്‍ തങ്ങളുടെ കാവ്യങ്ങളില്‍ ലീലാതിലകദൃഷ്ട്യാ ʻരസപ്രാധാന്യേ ഭാഷാന്യൂനത്വേ ചʼ എന്ന സൂത്രമനുസരിച്ചു് അവയെ മദ്ധ്യമകല്പങ്ങളായി തീര്‍ക്കത്തക്ക വിധത്തില്‍പ്പോലും തള്ളിക്കയറ്റീട്ടുണ്ടു്. അക്കാലത്തെ മണിപ്രവാളശൈലി അങ്ങനെ മാറിപ്പോയിരുന്നു എന്നും ഉദ്ദിഷ്ടമായ കഥാപ്രസംഗത്തിനു് ആ രീതിയാണു് ആശാസ്യം എന്നു ചമ്പൂകാരന്മാര്‍ കരുതിയിരുന്നു എന്നും വീരരസപ്രധാനങ്ങളായ കാവ്യങ്ങളില്‍ സംസ്കൃതത്തിന്റെ തൂക്കം അധികമാകുന്നതു സ്വാഭാവികമാണെന്നും ശൃംഗാരവും ഹാസ്യവും പ്രകടിപ്പിക്കുന്ന ഭാഗങ്ങളില്‍ സംസ്കൃതപദങ്ങള്‍ക്കു താരതമ്യേന കുറവുണ്ടെന്നും എതിര്‍കക്ഷികള്‍ക്കു് ഈ ദോഷത്തെ ലഘൂകരിക്കുന്നതിനു ചില സമാധാനങ്ങള്‍ പറവാന്‍ പാടില്ലായ്കയില്ലെന്നുമില്ല. ഭാഷാചമ്പുക്കള്‍ കൈരളീദേവിയുടെ കണ്ഠാലങ്കാരമായ വാടാമലര്‍മാലയിലേ ചമ്പകപ്പൂക്കളാകുന്നു. സംസ്കൃതജ്ഞന്മാരല്ലാത്തവര്‍ക്കു് അവയുടെ പരിമളം ആഘ്രാണിക്കുവാന്‍ ശക്തി കാണുകയില്ല; എന്നാല്‍ പണ്ഡിതന്മാരായ ഹൃദയാലുക്കള്‍ക്കു് അവ അത്യന്തം ചേതസ്സമാകര്‍ഷകങ്ങളായിത്തന്നെ പരിലസിക്കുന്നതുമാണു്. സാര്‍വ്വജനീനമായ സമാരാധനത്തെ താദൃശങ്ങളായ കൃതികള്‍ക്കു് ആശിക്കുവാന്‍ ന്യായമില്ല; അവയുടെ പക്ഷപാതികള്‍ അതു പ്രതീക്ഷിക്കുന്നുമില്ല.

രാവണവിജയം ചമ്പു

കൊല്ലം ഏഴാംശതകത്തിന്റെ അവസാനത്തില്‍ വിരചിതമായ ഒരു ചെറിയ ചമ്പുവാണു് രാവണവിജയം. വേദവതിയോടുള്ള രാവണന്റെ ബലാത്സംഗം, യമനുമായുള്ള യുദ്ധം എന്നീ രണ്ടു വിഷയങ്ങള്‍ മാത്രമേ പ്രസ്തുത ചമ്പുവില്‍ പ്രതിപാദിച്ചിട്ടുള്ളൂ. കവി പുനമാണോ എന്നു ഖണ്ഡിച്ചു പറവാന്‍ സാധിക്കുന്നതല്ല. രചനയില്‍ ഗ്രന്ഥകാരന്‍ രാമായണചമ്പുവിനെക്കാള്‍ കൂടുതല്‍ നിഷ്കര്‍ഷ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു ശ്ലോകംമാത്രം പകര്‍ത്താം.

നാരദന്‍:

ʻʻആനന്ദബ്രഹ്മസാരം ജലനിധിതനയാ-
കാമുകം ശ്യാമരൂപം
ധ്യാനംചെയ്തും പ്രമോദാലിടയിടെ നയനേ
മിശ്രയന്നശ്രുധാരാം
വീണാനാദേന നാനാജനഹൃദി ജനയന്‍
സമ്മദം നിര്‍മ്മലാത്മാ
കാണപ്പെട്ടൂ തദാനീമപഹസിതശര-
ന്നീരദോ നാരദോഗ്രേ.ˮ

രുക്മിണീസ്വയംവരം ചമ്പു

രുക്‍മിണീസ്വയംവരം ഒരു ദീര്‍ഗ്ഘവും പ്രാചീനവുമായ ചമ്പുവാകുന്നു. പതിനഞ്ചാം ശതകത്തില്‍ തന്നെയായിരിക്കണം ഇതിന്റെ ആവിര്‍ഭാവമെന്നുള്ളതിനു സംശയമില്ല. കവി അജ്ഞാതനാമാവാണു്. അദ്ദേഹത്തിനു നിഷ്കൃഷ്ടമായ സംസ്കൃതവ്യുത്പത്തി ഉണ്ടായിരുന്നില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത ചമ്പുവില്‍ സംസ്കൃതഗദ്യം പോയിട്ടു് ഒരൊറ്റസ്സംസ്കൃതപദ്യം പോലും കാണുന്നില്ല. അന്യകവികളുടെ ഗദപദ്യങ്ങള്‍ സ്വകീയങ്ങളാക്കീട്ടില്ലെന്നുള്ളതു് ഈ പ്രബന്ധത്തിന്റെ ഒരു ഗുണമായി കണക്കുകൂട്ടാം. പലപ്പോഴും ഛന്ദശ്ശാസ്ത്രനിയമങ്ങല്‍ക്കു വിപരീതമായി ഗുരുക്കളെ ലഘുക്കളാക്കി ഉച്ചരിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണു് ഇതിലെ ഉല്‍കടമായ ദോഷം. ʻസ്വച്ഛജ്ഞാനം കലര്‍ന്നീടിന ശ്രുതിനിവഹംʼ ʻആത്മതുല്യമിവ പ്രത്യയപ്രകൃതിʼ എന്നും മറ്റും പ്രയോഗിക്കുവാന്‍ കവിക്കു് ഒരു കൂസലുമില്ല. ʻവര്‍ത്തിച്ചുതാനാല്‍ʼ, ʻവരായിന്റിതിന്റും ഇത്യാദി പ്രയോഗങ്ങള്‍ കവിതയുടെ പഴക്കത്തെ വ്യഞ്ജിപ്പിക്കുന്നു. സന്ദേശകാവ്യങ്ങളുടെ രീതിപിടിച്ചാണു് രുക്‍മിണി ബ്രാഹ്മണനെ ദ്വാരകയ്ക്കയയ്ക്കുന്ന ഘട്ടം രചിച്ചിട്ടുള്ളതു്. പാണ്ഡിത്യം പോരെങ്കിലും കവിയ്ക്കു പ്രകൃഷ്ടമായ വാസനാ വൈഭവമുണ്ടായിരുന്നു. നാലു ശ്ലോകങ്ങള്‍ ചുവടെ ഉദ്ധരിക്കുന്നു. ഭീഷ്മകന്റെ വാക്കു്:

ʻʻദീനം തട്ടാത ലീലാസരണിയിലഴിയും
ലോകചേതോവികാരാ-
മാനംഗോന്മേഷമേളം തടവിനനയനാം
മന്ദഹാസാഭിരാമാം
നാനാലോകർക്കു് ചേരും വിമലഗുണഗണം-
കൊണ്ടു ധന്യാം തനൂജാ-
മേനാം രഞ്ജിപ്പതിന്നിന്നൊരു നൃപതിസുതാം

കണ്ടതില്ലെങ്ങുമേ ഞാന്‍.ˮ

(1)

രുക്‍മിണിയുടെ കോപം:

ʻʻഅച്ഛന്‍ താനേ പറഞ്ഞീടിന വചനമിദം
കേട്ടു കോപം മുഴുത്തി-
ട്ടുച്ചൈരക്കണ്ണുരണ്ടും നൃപസദസി ചുവ-
പ്പിച്ചു മഞ്ചാടിപോലേ,
സ്വച്ഛം തന്നാനനത്തില്‍ ശ്രമജലകണികാ-
വൃന്ദവും ചേര്‍ത്തു മേന്മേ-
ലുള്‍ച്ചേരും സര്‍വ്വഗര്‍വ്വം തടവിന വചനം

ഘോഷയാമാസ രുക്‍മീ.ˮ

(2)

രുക്‍മിണിയുടെ സന്ദേശം:

മറ്റാരുമില്ല ശരണം മമ ദീനബന്ധോ,
വറ്റാതെഴിന്റ കരുണാമയതോയസിന്ധോ,
ചുറ്റത്തില്‍വന്നു ദയിതാം തവ കൊണ്ടുപോ മാം

പറ്റും രമാം ഭഗവതീം ഹരിയെന്റപോലെ.ˮ

(3)

രുക്‍മിണി ശ്രീകൃഷ്ണനെ കാണുന്നതു്:

ʻʻബദ്ധാമോദം ചമൂനാമരികിലരികില്‍ നി-
ന്റഗ്രജം സീരപാണിം
മദ്ധ്യേ ലാളിച്ചുലാളിച്ചുപചിതരസമ-
ന്യോന്യമാഭാഷമാണം
ഗുപ്താകാരേണ പാണിഗ്രഹണമഴകുതായ്-
ച്ചെയ്വതിന്നാഗതം സാ
മുഗ്ദ്ധാക്ഷീ തത്ര കണ്ടാളഹിതജനവനാ-

ളീദവം യാദവം തം.ˮ

(4)

കാമദഹനം ചമ്പു

സര്‍വ്വാംഗസുന്ദരമായ കാമദഹനം ചമ്പുവും കൊല്ലം ഏഴാം ശതകത്തിലേ കൃതിയായിരിക്കുവാന്‍ ന്യായമുണ്ട്. (1) പപ്പേറ് (അവതാളം) (2) കനാവത്ത് (കിനാവില്‍) (3) എങ്ങളാര്‍ (ഞങ്ങള്‍) (4) ഉവക്കുക (സ്നേഹിക്കുക.) തുടങ്ങിയ പഴയ പദങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണുന്നു.

ശബ്ദാര്‍ത്ഥങ്ങളുടെ മാധുര്യംകൊണ്ടും മനോധര്‍മ്മങ്ങളുടെ സ്വാരസ്യംകൊണ്ടും ഫലിതങ്ങളുടെ ബാഹുല്യംകൊണ്ടും രസഭാവങ്ങളുടെ സൗരഭ്യംകൊണ്ടും പ്രസ്തുത പ്രബന്ധം രാമായണചമ്പുവോടു കിടനില്ക്കുന്നു. എന്നാല്‍ പുനംതന്നെയാണോ കാമദഹനത്തിന്റെ നിര്‍മ്മാതാവു് എന്നു തീര്‍ച്ചപറവാന്‍ നിര്‍വ്വാഹമില്ല. കാളിദാസന്‍ കുമാരസംഭവത്തില്‍ ദേവേന്ദ്രന്റെ അഭ്യര്‍ത്ഥന നിമിത്തമാണു് കാമദേവന്‍ ശ്രീപരമേശ്വരന്റെ തപോഭംഗത്തിനു് ഉദ്യമിച്ചതു് എന്നു് ഉപന്യസിക്കുന്നു; എന്നാല്‍ കാമദഹനകാരന്‍ കലഹപ്രിയനായ നാരദനെ കാമന്റെ സന്നിധിയിലേക്കു നയിച്ചു് അദ്ദേഹത്തിന്റെ പരാക്രമം അപ്രതിഹതമാണെങ്കിലും അതു തപോനിഷ്ഠനായ ശിവനോടു പറ്റുന്നതല്ലെന്നു് ഇന്ദ്രന്‍ ആക്ഷേപിച്ചതായി ആ മഹര്‍ഷിയെക്കൊണ്ടു് ഉപാലംഭനം ചെയ്യിക്കുകയും തദ്ദ്വാരാ ആ മദോന്മത്തനെ ശിവവിജയത്തിന്നായി പ്രസ്ഥിതനാക്കുകയും ചെയ്യുന്നു. കവി ആദ്യമായി കാമദേവന്റെ രാജധാനിയെ വര്‍ണ്ണിക്കുന്നു. ആ ഘട്ടത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന കല്പനാശക്തിയുടെ വൈഭവം ഏതു സഹൃദയനേയും ആനന്ദതരളിതനാക്കുവാന്‍ പര്യാപ്തമാണു്:

ʻʻകര്‍പ്പൂരക്കളിമുറ്റ, മുല്‍പലദലാസ്താരം, നിലാമുറ്റ, മ-
പ്പൊല്‍പ്പൂമണ്ഡപ, മഞ്ജനക്കളിനിലം, സൌഭാഗ്യദീക്ഷാഗൃഹം,
ശില്പം ചേര്‍ന്ന വിശാലശാല, കലഹപ്പൊന്മാടമെന്നിങ്ങനേ

കല്പിച്ചെത്ര മനോഹരം ഭവനവിന്യാസം മനോജാലയേ.ˮ

(1)


ʻʻവാത്സ്യായനക്കളരി, കോകിലഗീതിശാലാ,
വാര്‍ത്താര്‍ചരങ്ങള്‍ പണിചെയ്ത രഹസ്യരംഗം,
പേര്‍ത്തും മധുവ്രതകുലം മുരളും മണിക്കെ,-

ട്ടാസ്ഥാനമണ്ഡപമഹോ! നയനാഭിരാമം.ˮ

(2)

ഇത്യാദിപദ്യങ്ങളും,

ʻʻകര്‍പ്പൂരംകൊണ്ടെപ്പേരും നല്‍ക്കല്പണി തീര്‍ത്തത്താമരവളയല്‍ കടച്ചില്‍ത്തൂണാ,യിളയ കരിമ്പുകളുത്തരമാക്കി, ക്കൈതപ്പൂവു കഴുക്കോലാക്കി, ത്താമരനൂല്‍കൊണ്ടൊക്ക വരിഞ്ഞമ്മുകളില്‍ക്കര്‍ണ്ണിക മകുടംവച്ചി,ട്ടല്ലികള്‍കൊണ്ടേ പട്ടിക തട്ടി,ച്ചമ്പകദലമാം പൊന്‍പലകപ്പണി പരിചിലുറപ്പി,ച്ചഭിനവകുസുമപരാഗം പരിചില്‍പ്പനിനീര്‍ വീത്തിയുലച്ചുചമച്ചു നിറത്തൊടുഭിത്തികളൊക്കത്തീര്‍ത്തു, മതൃത്തൊരു പൈമ്പാല്‍ക്കളികൊണ്ടെങ്ങും വെങ്കളിയിട്ടൊ,രു ഗോരോചനകൊണ്ടുരുവു കുറിച്ചു, മണിച്ചാന്തെന്നും മഷിയും കൂട്ടിക്കുങ്കുമമായ ചുവപ്പും മേളിച്ചെങ്ങും വിശ്വവിനോദനസാരം വാത്സ്യായനനിജചരിതം ബഹുധാ മുഴുവന്‍ ചരതിച്ചെഴുതിത്തീരും മണിമയഭവനേˮ

ഇത്യാദി ഗദ്യവും നോക്കുക. നാരദന്റെ അവഹേളനം കേട്ടപ്പോള്‍ മന്മഥന്‍,

ʻʻകേള്‍ക്കേണം വീരവാദം മുനിപരിവൃഢ, നീ
മാമകം; മങ്കമാരെ-
ക്കാക്കേണം ചന്ദ്രചൂഡന്‍ പകലിരവു പൊരു-
ന്നാകിലിന്നാളിലേറ്റം;
നീക്കം വന്നീടുമാകില്‍പ്പുനരതിനു ഞെരി-
ച്ചമ്പുമെന്‍ പോറ്റി, വില്ലും
തൂക്കുന്നുണ്ടെന്നുമേ ഞാന്‍ പെരുവഴിയിലിര-
ന്നൂണു പിന്നേടമെല്ലാം.ˮ (3)

എന്നു ശപഥം ചെയ്യുന്നു. പിന്നീടു സമരത്തിന്നുള്ള സന്നാഹമായി.

ʻʻകിളി മയിലരയന്നം ചക്രവാകം കുയില്‍പ്പെ-
ണ്ണളിപടലി ചകോരം പ്രാവു പൂങ്കോഴിതാനും,
തെളിവിനൊടു ജയിപ്പാനിന്ദുചൂഡം തദാനീം
വിലുളിതനിജസൈന്യം മന്ദമന്ദം നടന്നു.ˮ (4)

ʻʻകുറ്റംതീരും മുഴുമതിയെന്നും കൊറ്റക്കുടയും ചാരു പിടിപ്പി,ച്ചൊറ്റച്ചിന്നം മുന്‍പില്‍ വിളിപ്പി,ച്ചച്ഛിന്നശ്രീ പൂമ്പൊടികൊണ്ടു ദിഗന്തം മൂടി,ത്തരുണീജഘനമണിത്തേര്‍തന്നില്‍ത്തെളിവൊടു രോമാവലിയാം കൊടിമരമൊക്കത്തക്ക നിവര്‍ത്തിക്കൊണ്ട,ക്കള്ളക്കണ്‍മുന കലഹപ്പുഞ്ചിരികളിയില്‍ക്കോപം കര്‍ണ്ണേമന്ത്രം മധുരാലിംഗനമധരാചുംബനമകമേ പുളകം പരുഷവിലോകനമെന്നുതുടങ്ങി രഹസ്യപ്രഹരണമൊക്കത്തേരില്‍ നിറച്ചുംകൊണ്ടു നടന്നൊരുനേരം പനിമതിമുഖിമാര്‍ പലരും പലതരമന്‍പൊടു മുന്നിലകമ്പടികൂടിˮ ഇത്യാദി ഗദ്യപദ്യങ്ങള്‍ ഗുണസമൃദ്ധങ്ങളാകുന്നു. ശ്രീപരമേശ്വരന്റെ സന്നിധാനത്തില്‍ എത്തിയപ്പോള്‍ കാമന്‍ തന്റെ സേനാധ്യക്ഷന്മാരോടു് ഇങ്ങനെ ആജ്ഞാപിക്കുന്നു:

ʻʻസേനാനായക, ബാലമാരുത, വിഭോ, ചക്രാഹ്വയേ, കോകിലാ-
പ്രാണാധീശ്വര, ഭൃംഗരാജദയിതേ, ചക്രാംഗപോതങ്ങളേ,
ഞാനാകുന്നതു നിങ്ങള്‍, നിങ്ങളഖിലം ഞാനെന്നറിഞ്ഞാസ്ഥയാ
വേണം ചന്ദ്രകിശോരഭൂഷവിപിനേ ചെയ്യുന്നവസ്ഥാന്തരംˮ (5)

കാമന്റെ ശരീരദാഹത്തെ കവി പദ്യംകൊണ്ടും ഗദ്യംകൊണ്ടും വര്‍ണ്ണിക്കുന്നുണ്ടു്. ഗദ്യം വളരെ വിസ്തൃതമാണു്. പദ്യം താഴെച്ചേര്‍ക്കുന്നു:

ʻʻഅപ്പോള്‍ മിന്നുന്ന നെറ്റിത്തിരുമിഴിനടുവേ
പൂവെടിപ്രായമയ്യാ!
കല്പാന്തോദ്ദീപ്തവൈശ്വാനരസദൃശമുതിര്‍-
ന്നൂ കനല്‍ച്ചാര്‍ത്തകാണ്ഡേ;
തല്‍പ്രാചുര്യേണ ലോകം കടുകനല്‍മയമായ്,
ഭസ്മശേഷഃ സ്മരോഭൂല്‍
ചൊല്പൊങ്ങും പുഷ്പധന്വാ; ശിവശിവ! പറവാ-
നാവതോ ദൈവയോഗം?ˮ (6)

കാമദേവന്റെ നിര്യാണാനന്തരം ലോകത്തിനു വന്നുചേര്‍ന്ന പ്രണയശൂന്യമായ അവസ്ഥ കവി പല അന്യാദൃശങ്ങളും ഫലിതകിര്‍മ്മീരിതങ്ങളുമായ കല്പനകള്‍ പ്രയോഗിച്ചു വര്‍ണ്ണിക്കുന്നതാണു് ഈ ചമ്പുവില്‍ വിശ്വവിസ്മാപകമായി വിദ്യോതിക്കുന്നതു്. അമ്മായിശ്ലോകങ്ങളെഴുതിക്കൊണ്ടിരുന്ന പൊട്ടക്കവികളുടെ കാര്യം പരുങ്ങലിലായി.

ʻʻവിശ്വത്തിലമ്മന്തിരവാദികള്‍ക്കും
വശ്യപ്രണാശാല്‍ വയറും കുറഞ്ഞു;
നിശ്ശേഷഭൂദേവനികേതമെല്ലാ-
മച്ചോ! സമൃദ്ധം ധനധാന്യപൂര്‍ണ്ണം.ˮ (7)

ʻʻസാരസ്യത്തിനു ചെന്നൊരുത്തനുമിരിപ്പീലാരുമമ്മേനകാ-
ഗാരേ നാലു മണിപ്രവാളമുയരെച്ചൊല്ലൂതുമില്ലാരുമേ,
പാരില്‍ക്കീര്‍ത്തി മികുത്ത മന്നവര്‍ മരിച്ചാഹന്ത! ചെല്ലുംവിധൌ
നാരീണാം കഥപോലുമില്ല പരലോകാധീശശൃംഗാടകേ.ˮ (8)

ഇങ്ങനെ ആ ശൃംഗാരാധിക്ഷേപം തുടര്‍ന്നുപോകുന്നു. ഒടുവില്‍ ദേവസ്ത്രീകള്‍ എല്ലാവരുംകൂടി പാര്‍വ്വതീദേവിയെക്കണ്ടു വന്ദിച്ചു ʻʻജാതിക്കുവന്നൊരസുഖം കളയേണമേ നീˮ എന്നു പ്രാര്‍ത്ഥിക്കുകയും ദേവി ʻʻഅലമിഹ ബഹുവാക്യൈരേതദര്‍ത്ഥം യതിഷ്യേ ഫലസമുദയമോര്‍ത്താലീശ്വരാധീനമല്ലോˮ എന്നു് അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരു സരസമായ കാവ്യം മലയാളത്തിലല്ലാതെ ഇതരഭാഷകളിലുണ്ടെന്നു തോന്നുന്നില്ല; ഉണ്ടാകുന്നതു് അത്ര എളുപ്പവുമല്ല.

ഉമാതപസ്സ്

ഈ ചമ്പു മുഴുവന്‍ കിട്ടീട്ടില്ല. കവിയുടെ കാലം ഏകദേശം കാമദഹനത്തിന്റേതായിരിക്കണം; പക്ഷേ എട്ടാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധമാണെന്നും വരാവുന്നതാണു്. കുമാരസംഭവം അഞ്ചാം സര്‍ഗ്ഗത്തെ പല ഭാഗങ്ങളിലും അനന്യശരണനെന്നപോലെ ഉപജീവിച്ചുകാണുന്ന

കവി പുനമാണെന്നു പറയുവാന്‍ പ്രയാസമുണ്ടു്. രണ്ടു ശ്ലോകങ്ങള്‍ മാത്രം ചേര്‍ക്കുന്നു.

ഹിമവാൻ:

ʻʻഏഴാഴിച്ചുറ്റിലുറ്റുള്ളവനിയെ മുഴുവന്‍
നീരില്‍വീണ്ണങ്ങഗാധേ
താഴാതേകണ്ടുറപ്പിച്ചൊരുപൊഴുതിളകാ-
തോരു പാദാഗ്രസീമാ
തോഴാ, വൈരിഞ്ചലോകം പുതുമയൊടു മുക-
ക്കും മുകള്‍ക്കല്ലു മട്ട-
ച്ചുഴും മാണിക്യധാമാ, കുലഗിരി ഹിമവാന്‍
നാമ ഭൂമൌ സമിന്ധേ.ˮ

വടുരൂപിയായ പരമേശ്വരന്‍ പാര്‍വ്വതിയോടു്:

ʻʻഎന്നേ കഷ്ടം! കുലാദ്രിപ്രവരസുകൃതസാ-
ഫല്യവൈപുല്യലീലാ-
വിന്യാസോല്ലാസമേ! നിന്‍തൊഴിലിതു തരമ-
ല്ലോര്‍ത്തുകാണുംദശായാം;
അന്യായാം വീടുതോറും ഗിരിശനു വശമാ-
യീടിനാല്‍പ്പിച്ചപൂവാന്‍
പിന്നാലേ പായുമാറോ നിനവു തവ പരീ-
ഹാസപാത്രീകൃതാംഗ്യാഃ?ˮ

പാര്‍വ്വതീസ്വയംവരം ചമ്പു: കുമാരസംഭവം മൂന്നും അഞ്ചും സര്‍ഗ്ഗങ്ങളിലെ കഥ യഥാക്രമം കാമദഹനത്തിലും ഉമാതപസ്സിലുമെന്നപോലെ ആറുമേഴും സര്‍ഗ്ഗങ്ങളിലെ കഥ പാര്‍വ്വതീസ്വയംവരത്തില്‍ പ്രതിപാദിതമായിരിക്കുന്നു. പാര്‍വ്വതീസ്വയംവരവും പ്രാക്തനവും പ്രസന്നസരസവുമായ ഒരു ചമ്പുവാകുന്നു. ഇതിന്റെ പ്രണേതാവും പുനമായിരിക്കുവാന്‍ ന്യായമുണ്ടു്. താഴെക്കാണുന്നതു വിരഹാര്‍ത്തനായ ശിവനെ വണ്ണിക്കുന്ന ശ്ലോകങ്ങളില്‍ ഒന്നാണു്:

ʻʻപ്രേമം വായ്ക്കിന്റ ദാക്ഷായണിയുടെ വിരഹാ-
ന്മുന്നമേ പാഴ്പെടും തന്‍
വാമാങ്കേ നോക്കിനോക്കിച്ചുടുചുട മരുവും
ദീര്‍ഘനിശ്വാസലോലം,
മാമാ! തൃക്കൈത്തലംകൊണ്ടിടയിലിടയിലാ-
ഗാമിസാപത്ന്യചിന്താ-
വ്യാമോഹവ്യാകുലാം ചെഞ്ചിടനടുവില്‍ നഭോ-
വാഹിനീം ഗുഹയന്തംˮ (1)

വരണമണ്ഡപത്തില്‍ പ്രവേശിക്കുന്ന പാര്‍വ്വതീദേവിയെ കവി അനേകം മനോഹരങ്ങളായ പദ്യങ്ങള്‍കൊണ്ടും ഒരു ഗദ്യം കൊണ്ടും വര്‍ണ്ണിക്കുന്നു. അവയില്‍നിന്നു ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം:

ʻʻശൃംഗാരാഖ്യേ പയോധൌ ചിതറി നിറമെഴും
ബാലകല്ലോലമാലാ-
ശങ്കാം നല്കുന്ന വാനോര്‍മടവര്‍നടുവിലു-
ദ്യോതമാനാംഗവല്ലീ
മംഗല്യാനാമസാധാരണമണിഭവനം
കണ്ടുകിട്ടീ ജനാനാ-
മങ്കേ ലോകത്രയീദീപിക സമനുഗതാ
ഭാരതീഭാര്‍ഗ്ഗവീഭ്യാം, (2)

ദൃഷ്ടിത്തെല്ലിങ്കല്‍ മാനോഭവനിഗമരഹ-
സ്യത്തെയും വച്ചുപൂട്ടി-
ക്കെട്ടിത്താക്കോലൊളിക്കും വിനയചതുരമ-
ന്ദാക്ഷദീക്ഷാം ഭജന്തീം
ഒട്ടൊട്ടേ സങ്ക്വണല്‍കങ്കണമിനിയ ശചീ-
ദേവിതാന്‍ നിന്നു വീയി-
പ്പുഷ്ടശ്രീ ചേര്‍ന്ന വെണ്‍ചാമരമരുദവധൂ-
താളകാലോകനീയാം, (3)

ഉന്നിദ്രാണാനുരാഗാം ദയിതമുടനുടന്‍
കണ്ടുകണ്ടാസ്വദിപ്പാന്‍
തന്നെക്കട്ടും നടന്നീടിന തരളതരാ-
ലോകതാപിഞ്ഛിതാശാം,
കണ്ണെത്താതോരു കാന്തിക്കടല്‍നടുവില്‍ മുദാ
മുങ്ങുമംഗാംഗതോ വ-
ന്നൊന്നിച്ചെങ്ങും ദിഗന്തേ ചിതറി മണമെഴും
മാരബാണപ്രപഞ്ചാം, (4)

മതു തഞ്ചിന പഞ്ചതാര കിഞ്ചില്‍-
ച്ചിതറുംവണ്ണമുദഞ്ചിതസ്മിതാര്‍ദ്രാം,
മൃദുലാതപകന്ദളീമനോജ്ഞ-
ദ്യുതി കോലുന്ന ദുകൂലമാവസാനാം, (5)

സ്തനകന്ദളി ചെറ്റുചെറ്റുയര്‍ത്തും
കനകത്താലിവിലോലഹാരമാലാം,
മണികങ്കണകാഞ്ചനാംഗദശ്രീ
പിണയും കോമളദോര്യുഗീസനാഥാം, (6)
അരയാലിലയോടിണങ്ങുദാരോ-
ദരരാജന്നവരോമരാജിരമ്യാം,
സ്മരവീരവിഹാരവാപിപോലേ
മരുവും നാഭിഗഭീരിമാഭിരാമാം, (7)

ഇനി നല്‍വരവെന്നറിഞ്ഞു കൊഞ്ചീ-
ടിന കാഞ്ചീവിലസന്നിതംബബിംബാം,
മദമേന്തി മണം തുളുമ്പി മാഴ്കീ-
ടിന മാതംഗമഹേന്ദ്രമന്ദയാനാം.ˮ (8)

മുതലായ പദ്യങ്ങളില്‍ പ്രവഹിക്കുന്ന രസം അമൃതോപമംതന്നെ. താഴെക്കാണുന്നതു് ആ ഘട്ടത്തിലുള്ള ഗദ്യത്തിലെ ചില വരികളാണു്: ʻʻഭുവനമശേഷം പൊലിമയൊടൊക്കെപ്പൊന്നിന്‍നീര്‍കൊണ്ടൂട്ടിയപോലേ; വിസ്തൃതിപൂണ്ട നഭഃ സ്ഥലമഖിലം വിദ്രുമമയമായ്ത്തീര്‍ക്കുംപോലേ; കുങ്കുമവല്ലികള്‍ മുഹൂരപി ദിശി ദിശി കുളുര്‍മ തളിര്‍ത്തു കുരുക്കുംപോലേ; പുകള്‍പെട മേവും ത്രിജഗതി പുത്തന്‍ പൂന്തുകില്‍കൊണ്ടു പുതയ്ക്കുംപോലേ; സ്വച്ഛതരോദയമാശാമങ്കയര്‍ തെച്ചിമലര്‍ക്കുല ചാര്‍ത്തുംപോലേ; നാഭീനളിനനറുമ്പൊടി നാനാനാടുകള്‍ തോറും തൂകുംപോലേ; ശോണനദത്തിന്‍ തുംഗതരംഗശ്രേണികള്‍ വിയതി പരക്കുംപോലേ; ഉലകുകളെല്ലാമിളവെയിലെന്നുന്നുദധിയില്‍ വീണ്ണാറാടുംപോലെ; സമുദിതഡംബരമംബരസീമനി സന്ധ്യാഘനതതിയുന്തുംപോലേ; പുനരപിവവൃധേ പനിമലമാതിന്‍ തിരുനിറമെങ്ങും മധുരിമരംഗം.ˮ

പാരിജാതഹരണം ചമ്പു

കവിയും കാലവും

തൊണ്ണൂറ്റാറു പദ്യങ്ങളും സംസ്കൃതത്തിലും ഭാഷയിലും ഓരോ ഗദ്യവും ഒരു ദണ്ഡകവും മാത്രമുള്ള ചമ്പുവാണു് പാരിജാതഹരണമെങ്കിലും ഗുണോല്‍കര്‍ഷംകൊണ്ടു് അതു രാമായണചമ്പുവിനു സമശീര്‍ഷമായി പരിലസിക്കുന്നു. നരകാസുരവധവും പാരിജാതഹരണവും പ്രസ്തുത ചമ്പുവില്‍ പ്രതിപാദിച്ചിട്ടുണ്ടു്. പ്രണേതാവു സാമൂതിരിപ്പാട്ടിലേ സേനാനായകനായിരുന്ന തറയ്ക്കല്‍ വാരിയരാണെന്നു് ആ ചമ്പുവിന്റെ ഒരാദര്‍ശഗ്രന്ഥത്തില്‍ കാണുന്ന അധോലിഖിതമായ പദ്യത്തില്‍ നിന്നു സ്പഷ്ടമാകുന്നു:

ʻʻആദിഷ്ടഃ പരസൈന്യവാരണഘടാഗണ്ഡസ്ഥലാസ്ഫാല
രായാതോഗ്രഗഡുപ്രകീര്‍ണ്ണകരസംശ്ലേഷപ്രമോദിശ്രിയാ (നൈ-
ശൈലാബ്ധീശ്വരസൈന്യനായകവരഃ ശ്രീപാര്‍ശ്വജോഹം കൃതീ നിര്‍മ്മിച്ചൂ പരിചോടിമാം കൃതിസുധാം നല്പാരിജാതാഹൃതിം.ˮ

കോഴിക്കോട്ടുനിന്നു നിലമ്പൂരേക്കുള്ള തീവണ്ടിപ്പാതയില്‍ വല്ലപ്പുഴസ്റ്റേഷനു സമീപമാണു് തറയ്ക്കല്‍ വാരിയമെന്നും അതിലെ കാരണവന്മാര്‍ പണ്ടു പരമ്പരയാ സാമൂതിരിക്കോവിലകത്തെ സേനാനികളായിരുന്നു എന്നും അറിയുന്നു. ഗ്രന്ഥകാരന്റെ നാമധേയമെന്തെന്നുള്ളതിനു് ഒരു സൂചനയുമില്ല. അദ്ദേഹം അടിയുറച്ച ഒരു സംസ്കൃതപണ്ഡിതനും അതിപ്രതിഭാശാലിയായ ഒരു മഹാകവിയുമായിരുന്നു. കാലത്തെപ്പറ്റി പരിച്ഛിന്നമായി ഒന്നും പ്രസ്താവിക്കുവാന്‍ തരമില്ലാതെയിരിക്കുന്നു എങ്കിലും ʻനാണിന്റെʼ, ʻതണ്ടീടുംʼ, ʻവിരണ്‍ʼ, ʻനാടിക്കൊള്ളുകʼ മുതലായ പഴയ പദങ്ങളില്‍ നിന്നും മറ്റും പ്രസ്തുതകവി കൊല്ലം ഏഴാം ശതകത്തില്‍ ജീവിച്ചിരുന്നതായി കണക്കാക്കാം. ചില പദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ശ്രീകൃഷ്ണന്റെ ശാര്‍ങ്ഗം:

ശ്രീശാര്‍ങ്ഗം പള്ളിവില്‍ പോന്നതിരഭസമെഴു-
ന്നള്ളുമന്നേരമാശാ-
മാശാപാലവലീനാം ചെറുതു ഫലവതീം
കല്പയന്നത്ഭുതാത്മാ
രേജേ രാജീവനാഭന്‍ നഭസി മഹിതാമാ-
ഹേന്ദ്ര കോദണ്ഡവല്ലീം
തേജോരൂപാമുപാന്തേ തടവി വടിവുകൈ-
ക്കൊണ്ട നല്ക്കൊണ്ടല്‍പോലേ.ˮ (1)

വ്യോമയാനംചെയ്യുന്ന ശ്രീകൃഷ്ണന്‍:

ശ്രീവത്സംകൊണ്ടുമേറെപ്പെരിക മണമെഴും
കൌസ്തുഭംകൊണ്ടുമയ്യാ!
താവിത്തഞ്ചുന്ന കാഞ്ചീമകുടകടകമ-
‍ഞ്ജീരഹാരാദികൊണ്ടും
വ്യാവല്ഗദ്വൈജയന്തീബഹളപരിമള-
ഭ്രാന്തപുഷ്പന്ധയാളീ-
വൈവശ്യംകൊണ്ടുമാഭാസത നഭസി തദാ
സത്യഭാമാസഹായന്‍.ˮ (2)

ഇന്ദ്രാണിയുടെ സസംഭ്രമമായ പ്രയാണം:
ʻʻഒടുന്നേരത്തു തസ്യാ നിടിലതടമുടന്‍
കമ്രഘര്‍മ്മാംബുപൂരം
തേടുന്നൂ; ചായല്‍ ചായുന്നിതു; പുനരഴിയു-
ന്നൂ ബലാല്‍ നീവിബന്ധം;
പാടേ പാടേ കപോലങ്ങളിലുലയുമണി-
ക്കണ്ഡലദ്വന്ദ്വമുച്ചൈ-
രാടുന്നൂ; കാഞ്ചി പാടുന്നിതു; പഥി പൊഴിയു-
ന്നൂ ശിഖാമാല്യജാലം.ˮ (3)

സത്യഭാമയോടു വാഗ്വാദത്തില്‍ തോറ്റ ഇന്ദ്രാണി ഭര്‍ത്താവിനെ നോക്കുന്നതു്:

ʻʻസാ പുലോമസുത നോക്കിനാള്‍ തദാ
വാ പറഞ്ഞതു പൊറാഞ്ഞു വാസവം
കോപചാപലകലാവിജൃംഭിത-
ഭ്രൂ ഭയങ്കരവിലോചനാഞ്ചലാ.ˮ (4)

ശ്രീകൃഷ്ണനും ദേവേന്ദ്രനും തമ്മിലുള്ള യുദ്ധം:

ʻʻഉള്‍ക്കോപം പൂണ്ടു ലക്ഷ്മീദയിതനുമമരാ-
ധീശനും തമ്മിലെയ്യും
നല്‍ക്കൂരമ്പിന്‍കദംബൈരിടയിലുടനുടന്‍
തമ്മിലേറ്റുജ്ജ്വലാംഗൈഃ
ഉഗ്രൈരങ്ങൊക്ക മൂടീ ഭയവിവശസുര-
വ്രാതമന്യൂനപീഡാ-
വ്യഗ്രൈശ്ശൂല്‍ക്കാരഘോഷപ്രശമിതഭുജഗാ-
ഡംബരൈരംബരാന്തം.ˮ (5)

ശചീദേവിക്കം സത്യഭാമയ്ക്കും തമ്മിലുണ്ടായ വാക്കലഹം കവി നിരതിശയമായ മനോധര്‍മ്മവിലാസത്തോടുകൂടി വര്‍ണ്ണിക്കുന്നു: ʻʻപാരിജാതവൃക്ഷം മോഷ്ടിക്കുവാന്‍ വന്നതു മരിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗം കാണാഞ്ഞിട്ടാണോˮ എന്നു് ഇന്ദ്രാണി ചോദിച്ചതിനു് അതിന്റെ ഹരണത്തിനു് ഒരുങ്ങുന്നതു് ഇന്ദ്രമാതാവിന്റെ കണ്ഡലം മോഷ്ടിച്ച നരകാസുരനെ കൊന്ന തന്റെ പ്രാണനാഥനാണെന്നും ʻʻആയിരം കണ്ണുലാവും ഭംഗിക്കാരന്നിതിന്നുണ്ടൊരു പരിഭവമെന്നാകില്‍ വന്നാലുമങ്കേˮ എന്നും ഭാമ മറുപടി പറയുന്നു. അങ്ങിനെ ആ സ്ത്രീകളുടെ ഉക്തിപ്രത്യുക്തികള്‍ ഒന്നിനൊന്നു മൂത്തു് ഒടുവില്‍ ഇന്ദ്രാണി

ʻʻകേളിപ്പോള്‍ തവ യോഗ്യമായതു മുരിക്കിന്‍പൂവസത്തേ! പരം
ചാളച്ചോറ്റിനു പാമുറത്തില തുലോമെന്നുള്ള ചൊല്ലില്ലയോ?ˮ

എന്നു ഗര്‍ജ്ജിക്കുകയും അതിനു ഭാമ ʻʻതാഡിപ്പാന്‍ തോന്നുമത്രേ ചെകിടു പൊളിയെ നിന്‍ വാക്കു കേള്‍ക്കും ദശായാംˮ എന്നും മറ്റും വീണ്ടും കൂസല്‍കൂടാതെ ഉത്തരം പറയുകയും ചെയ്യുന്നു. ഈ വാക്കലഹമാണു് ഇന്ദ്രനും കൃഷ്ണനും തമ്മിലുള്ള യുദ്ധത്തിനു കാരണമെന്നു് കവി ഉപപാദിക്കുന്നു.

മറ്റു ചമ്പുക്കള്‍

പഴയ രീതിയില്‍ പുനത്തിന്റെ കൃതികളെ അനുകരിച്ചുള്ള ചമ്പുക്കള്‍ ഭൂരിപക്ഷവും കൊല്ലം ഏഴും എട്ടും ശതകങ്ങളിലാണു് ആവിര്‍ഭവിച്ചിട്ടുള്ളതു്. അപൂര്‍വ്വം ചില ചമ്പുക്കള്‍ ഒമ്പതാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും വിരചിതങ്ങളായി കാണുന്നു. അവയുടെയെല്ലാം കാലം ഖണ്ഡിച്ചു പറവാന്‍ വളരെ പ്രയാസമുണ്ടു്. അതുകൊണ്ടു് ഇതര ചമ്പുക്കളെപ്പറ്റി എട്ടാം ശതകത്തിലെ കൃതികളുടെ കൂട്ടത്തില്‍ പ്രസ്താവിക്കാം. പൂര്‍വ്വകവികളാല്‍ അക്ഷുണ്ണമല്ലെങ്കിലും പുനം വിസ്തൃതികൂട്ടി മിനുസപ്പെടുത്തി രാജരഥ്യയാക്കിയ ചമ്പൂപ്രസ്ഥാനം ഭാഷാസാഹിത്യത്തിനു് ഒരു അനര്‍ഘാലങ്കാരമായി പരിണമിച്ചു എന്നു് അനുവാചകന്മാരെ വീണ്ടും അനുസ്മരിപ്പിച്ചുകൊണ്ടു് ഈ അദ്ധ്യായം ഇവിടെ സമാപിപ്പിക്കാം.




<references>



  1. വാന്റ=(വാണ്ണ) വാണ.
  2. ഈ ശ്ലോകം ഇരുപതാമധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ടു്.