close
Sayahna Sayahna
Search

Difference between revisions of "സാഹിത്യവാരഫലം 1991 08 11"


 
 
(One intermediate revision by the same user not shown)
Line 7: Line 7:
 
{{Infobox varaphalam
 
{{Infobox varaphalam
 
| name = സാഹിത്യവാരഫലം
 
| name = സാഹിത്യവാരഫലം
| image = File:MKrishnanNair3a.jpg
+
| image = File:Mkn-05.jpg
 
| size = 150px
 
| size = 150px
 
| caption = [[എം കൃഷ്ണന്‍ നായര്‍]]
 
| caption = [[എം കൃഷ്ണന്‍ നായര്‍]]
Line 18: Line 18:
 
}}
 
}}
  
830/1991 08 11
 
  
 
സുചരിതയെങ്കിലും തലമുടിക്കു നീളമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിന്റെ പിറകേ പോയ ഒരാളിനെ എനിക്കു നേരിട്ടറിയാം. “എന്താണ് ആ പുതിയ പെണ്ണില്‍ നിങ്ങള്‍ കണ്ടത്?” എന്നു ഞാന്‍ ധര്‍മ്മരോഷത്തോടെ ചോദിച്ചപ്പോള്‍” അവളുടെ തലമുടിക്കു നല്ല നീളമുണ്ട്. അതുകണ്ട് ഞാന്‍ ആകര്‍ഷിക്കപ്പെട്ടുപോയി” എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ തരതമഭാവമാണ് കൗതുകത്തിനു ഹേതു. ഭാര്യ ഹ്രസ്വകേശിനി. കാമുകി ദീര്‍ഘകേശിനി. അതുകൊണ്ട് രണ്ടാമത്തെ പെണ്ണിനെ വിവാഹിതന്‍ സ്നേഹിക്കുന്നു.
 
സുചരിതയെങ്കിലും തലമുടിക്കു നീളമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിന്റെ പിറകേ പോയ ഒരാളിനെ എനിക്കു നേരിട്ടറിയാം. “എന്താണ് ആ പുതിയ പെണ്ണില്‍ നിങ്ങള്‍ കണ്ടത്?” എന്നു ഞാന്‍ ധര്‍മ്മരോഷത്തോടെ ചോദിച്ചപ്പോള്‍” അവളുടെ തലമുടിക്കു നല്ല നീളമുണ്ട്. അതുകണ്ട് ഞാന്‍ ആകര്‍ഷിക്കപ്പെട്ടുപോയി” എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ തരതമഭാവമാണ് കൗതുകത്തിനു ഹേതു. ഭാര്യ ഹ്രസ്വകേശിനി. കാമുകി ദീര്‍ഘകേശിനി. അതുകൊണ്ട് രണ്ടാമത്തെ പെണ്ണിനെ വിവാഹിതന്‍ സ്നേഹിക്കുന്നു.

Latest revision as of 14:27, 16 April 2014


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 08 11
ലക്കം 830
മുൻലക്കം 1991 08 04
പിൻലക്കം 1991 08 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


സുചരിതയെങ്കിലും തലമുടിക്കു നീളമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിന്റെ പിറകേ പോയ ഒരാളിനെ എനിക്കു നേരിട്ടറിയാം. “എന്താണ് ആ പുതിയ പെണ്ണില്‍ നിങ്ങള്‍ കണ്ടത്?” എന്നു ഞാന്‍ ധര്‍മ്മരോഷത്തോടെ ചോദിച്ചപ്പോള്‍” അവളുടെ തലമുടിക്കു നല്ല നീളമുണ്ട്. അതുകണ്ട് ഞാന്‍ ആകര്‍ഷിക്കപ്പെട്ടുപോയി” എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ തരതമഭാവമാണ് കൗതുകത്തിനു ഹേതു. ഭാര്യ ഹ്രസ്വകേശിനി. കാമുകി ദീര്‍ഘകേശിനി. അതുകൊണ്ട് രണ്ടാമത്തെ പെണ്ണിനെ വിവാഹിതന്‍ സ്നേഹിക്കുന്നു.

എന്റെ വീട്ടില്‍ പുഷ്പഭാജനത്തില്‍ പൂക്കള്‍ അടുക്കിവച്ചിരിക്കുന്നു. വിചാരിച്ചിരിക്കാതെ ഞാന്‍ ഒരു സ്നേഹിതന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ അവിടെയും പുഷ്പഭാജനത്തില്‍ പൂക്കള്‍. പക്ഷേ അതിന്റെ സംവിധാനഭംഗി അസാധാരണം. ഞാന്‍ സ്നേഹിതന്റെ പുഷ്പഭാജനത്തെയും അതിലെ പുഷ്പസംവിധാനത്തെയും ഇഷ്ടപ്പെട്ടു. സാഹിത്യത്തിലും തരതമഭാവമാണ് ആസ്വാദനത്തിന് ആസ്പദം. ഉറൂബിന്റെ ‘അമ്മിണി’ എന്ന നോവല്‍ വായിച്ചിട്ട് ഡഫ്നെ ഡുമോറിയറുടെ “റെബേക്ക” വായിക്കുമ്പോള്‍ അതിനോട് (റെബേക്കയോട്) കൂടുതല്‍ അടുപ്പം. പുളിമാന പരമേശ്വരന്‍ പിള്ളയുടെ “സമത്വവാദി” എന്ന നാടകം വായിച്ചതിനുശേഷം ജര്‍മ്മന്‍ നാടകകര്‍ത്താവായ കൈസറുടെ “Coral” എന്ന നാടകം വായിക്കുമ്പോള്‍ എനിക്കു “Coral” ആഹ്ളാദം നല്കുന്നു. തരതമഭാവമില്ലാതെ കലയിലും സാഹിത്യത്തിലും ആസ്വാദനമില്ല.

നോവല്‍ സാഹിത്യം മുന്നോട്ട്

ഈശ്വരനും നവീനനിരൂപകനും സദൃശര്‍. അവര്‍ രണ്ടുപേരും ചെയ്യുന്നതെന്തെന്നു നമുക്കറിയില്ല.

The Painted Bird എന്ന നോവല്‍ രചിച്ച് മഹായശസ്കനായിത്തീര്‍ന്ന ജെര്‍സി കെസിന്‍സ്കീ (Jerzy Kosinsky) ഇക്കഴിഞ്ഞ മേമാസത്തില്‍ ആത്മഹത്യ ചെയ്തു. പ്ളാസ്റ്റിക് ബാഗ് കൊണ്ട് തല മൂടിക്കെട്ടിയിട്ടു കുളിത്തൊട്ടിയില്‍ ചെന്നു കിടന്ന അദ്ദേഹം ശ്വാസംമുട്ടി മരിച്ചു. ഗൗരവാവഹമായ ഹൃദ്രോഗമാണ് ആത്മഹനനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു ന്യൂസ്‌വീക്ക് വാരികയില്‍ കണ്ടു.അതു ശരിയാവാം. പക്ഷേ ഒറ്റക്കാരണം കൊണ്ട് ആരും ആത്മഹനനത്തിന് ഒരുമ്പെടുകയില്ല. അവസാനത്തെ കടുങ്കൈക്കു വ്യക്തിക്കു ധൈര്യം നല്കുന്ന മറ്റനേകം ഹേതുക്കളുണ്ടാവും. പോളണ്ടിലാണ് കെസിന്‍സ്കീ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ കോടിക്കണക്കിനാളുകള്‍ അഗ്നിക്കിരയായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഭസ്മമായിബ്ഭവിച്ചു. യുദ്ധത്തിനു ശേഷം രണ്ടംഗങ്ങളേ ആ കുടുംബത്തില്‍ അവശേഷിച്ചുള്ളു. ജൂതനായോ ജിപ്സിയായോ സംശയിക്കപ്പെട്ട കെസിന്‍സ്കീ നാത്‌സികള്‍ കൈയടക്കിയ കിഴക്കന്‍ യൂറോപ്യന്‍ പ്രദേശങ്ങളില്‍ അലഞ്ഞുനടന്നു. ഒന്‍പതു വയസ്സുള്ള ആ ബാലന്‍, ശത്രുത പുലര്‍ത്തിയ ഒരു ജനക്കൂട്ടത്തെ നേരിടാന്‍ നിര്‍ബദ്ധനായി. അതിന്റെ ഫലമായ മാനസിക ഭ്രംശത്താല്‍ കെസിന്‍സ്കീക്കു സ്വന്തം ശബ്ദം നഷ്ടമായിപ്പോയി. അഞ്ചു കൊല്ലമാണ് സംസാരിക്കാനാവാതെ ആ കുട്ടി കഴിച്ചുകൂട്ടിയത്. അതിനുശേഷം ഭാഗ്യംകൊണ്ട് ശബ്ദം തിരിച്ചു കിട്ടി. സമഗ്രാധിപത്യം കെസിന്‍സ്കീയെ തളര്‍ത്തി. സ്വന്തം രാജ്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 1957 ഡിസംബര്‍ 20-നു കെസിന്‍സ്കീ ന്യൂയോര്‍ക്കില്‍ എത്തി. അമേരിക്കയിലും അലഞ്ഞുതിരിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ജീവചരിത്രപരങ്ങളായ ഈ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ “Passion Play” എന്ന നോവലിലുള്ള ഒരു കുറിപ്പില്‍നിന്ന് എടുത്തതാണ്.

ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടിവന്ന ഈ ത്രീവ്ര വേദനകളാണ് കെസിന്‍സ്കീയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു തോന്നുന്നു. The Painted Bird എന്ന നോവലാണ് കെസിന്‍സ്കീക്ക് വിശ്വപ്രസിദ്ധി നേടിക്കൊടുത്തതെന്നു പറഞ്ഞല്ലോ. അതിലെ ഒരു ഭാഗം അദ്ദേഹത്തിന്റെ ജീവിതയാതനയെ പ്രതിരൂപാത്മകമായി ആവിഷ്കരിക്കുന്നു.

കിഴക്കന്‍ യൂറോപ്പില്‍ അലഞ്ഞുതിരിഞ്ഞ കഥയിലെ ബാലന്‍ ഒരു പക്ഷിപിടിത്തക്കാരന്റെ പരിചാരകനായി. ലേഹ് എന്നാണ് അയാളുടെ പേര്. അയാള്‍ പിടിച്ച പക്ഷികളില്‍ വണ്ണം കൂടിയതിന്റെ ചിറകുകളില്‍ മാരിവില്ലിന്റെ നിറങ്ങള്‍ ചായംകൊണ്ട് നല്‍കും. വര്‍ണ്ണോജ്ജ്വലതയാര്‍ന്ന പക്ഷി മറ്റു പക്ഷികളെപ്പോലെയാണെന്ന് അവയ്ക്കു വിശ്വാസം വരുത്താനായി ചേഷ്ടകള്‍ കാണിക്കുമെങ്കിലും അവ അതിനെ അംഗീകരിക്കില്ല. ആ പക്ഷികള്‍ ചായമടിച്ച പക്ഷിയെ കൊത്തിക്കൊല്ലും. സപ്തവര്‍ണ്ണങ്ങളിലൂടെ രക്തം ഒലിച്ചിറങ്ങി ചായത്തിന്റെ നിറമില്ലാതാക്കും. അതിനെ കൈയിലെടുക്കുന്ന ലേഹിന്റെ കൈയില്‍ ചോര പുരളും.

തരതമഭാവമാണ് ആസ്വാദനത്തിന് ആസ്പദം തരതമഭാവമില്ലാതെ കലയിലും സാഹിത്യത്തിലും ആസ്വാദനമില്ല.

തന്നെ പീഡിപ്പിച്ച നാസ്‌തികളെയും ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെയുമാണ് കെസിന്‍സ്കീ ഇതിലൂടെ ചിത്രീകരിക്കുന്നത്. ചായമടിക്കപ്പെട്ട പക്ഷി അദ്ദേഹം തന്നെയാണ്. ഇത്രയും പൂര്‍വപീഠികയായി എഴുതിയത് അദ്ദേഹത്തിന്റെ അവസാനത്തേയും അന്യാദൃശവുമായ നോവലിനെക്കുറിച്ചു പറയാനാണ്. 633 പുറങ്ങളുള്ള “The Hermit of the 69th Street, The Working Papers of Norbert Koshky” എന്ന ഈ നോവല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അഗ്നിപ്രളയത്തെ അതിജീവിച്ച് അമേരിക്കയിലെത്തിയ നോര്‍ബെര്‍ട് കൊസ്കിയുടെ സങ്കീര്‍ണ്ണവും യാതനാപൂര്‍ണ്ണവുമായ ജീവിതത്തിന്റെ ദുരന്തം പ്രഗല്‍ഭമായി ആലേഖനം ചെയ്യുന്നു. ഇതില്‍ ഇല്ലാത്തതായി ഒന്നുമില്ല. രാഷ്ട്രവ്യവഹാരം, മനഃശാസ്ത്രം, സമൂഹശാസ്ത്രം, സമകാലിക ജീവിതം, പൂര്‍വകാല ജീവിതം, മനുഷ്യത്വം, മനുഷ്യത്വമില്ലായ്മ, ലൈംഗിക ശാസ്ത്രം ഇവയൊക്കെ കെസിന്‍സ്കീ ഗാംഭീര്യത്തോടെ പ്രതിപാദിക്കുന്നു. പ്രതിപാദിച്ചുവരുമ്പോള്‍ സന്ദര്‍ഭത്തിനു യോജിച്ച വിധത്തില്‍ മഹാന്മാരുടെ സൂക്തങ്ങള്‍ എടുത്തു ചേര്‍ക്കുന്നതു കണ്ടാല്‍ നമ്മള്‍ അല്‍ഭുതപ്പെടും. ഉദാഹരണം നല്കാം. റില്‍ക്കെയുടെ ഒരു കാവ്യത്തിന്റെ ഫ്രഞ്ച് തര്‍ജ്ജമയെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെ: “To translate is to betray. Translations are like women; if they are beautiful, they are not faithful, if they are faithful, they are not beautiful” says a French saying.

ഇങ്ങനെ കഥാപാത്രത്തിന്റെ അനുഭവ പരമ്പരകളെ അതിഗാഢം സ്പര്‍ശിച്ചുകൊണ്ട് ഇതിലെ തത്ത്വചിന്താ സ്രോതസ്വിനി അവിരാമമായി ഒഴുകുന്നു. ഒടുവില്‍ My favourite subject is Desire vs Death എന്നു പ്രഖ്യാപനം നടത്തി ഇരിക്കുന്ന വേളയില്‍ അജ്ഞാതരായ കുറെപ്പേര്‍ കോസ്കീയെ തലയിലടിച്ചു ബോധരഹിതനാക്കി നദിയിലേക്കു എറിയുന്നു. അതിനെ കൊയ്റ്റ്സ്ളറുടെ “Darkness at Noon” എന്ന നോവലിലെ മൂന്നു വാക്യങ്ങള്‍ എടുത്തെഴുതി കെസിന്‍സ്കീ വര്‍ണ്ണിക്കുന്നു. “A Second, smashing blow hit him in the ear. Then all became quiet. There was the sea again with its sounds. A wave slowly lifted him up. It came from afar and traveled sedately on, a shrug of eternity” നോവലിസ്റ്റിന്റെ അന്ത്യവും ജലത്തില്‍ത്തന്നെ. കെസിന്‍സ്കീ ഈ നോവലിനു നല്കിയ പേര് autofication എന്നാണ്. അതിനു നീതിമത്കരണം വര്‍ഷങ്ങള്‍ക്കുമുന്‍പ് അദ്ദേഹം നല്കിയിട്ടുണ്ട്. “ഹാംലെറ്റിന്റെ ഭാഗം അഭിനയിക്കുന്ന അഭിനേതാവ് ഹാംലെറ്റുമല്ല മഭിനേതാവുമല്ല. ഹാംലെറ്റായ അഭിനേതാവാണ് അയാള്‍. അതുപോലെ സാങ്കല്പിക സംഭവം യഥാര്‍ത്ഥ സംഭവമല്ല, സമ്പൂര്‍ണ്ണമായ വിധത്തില്‍ അനുഭവത്തില്‍ അടിയുറയ്ക്കാത്ത സാങ്കല്പിക സംഭവവുമല്ല. സാങ്കല്പികത്വമാവാഹിക്കുന്ന സംഭവമാണത്. ഒരു പ്രതിരൂപം മൂര്‍ത്തമാണ്, അതേസമയം അമൂര്‍ത്തവും. അത് സത്യമല്ല, തോന്നലുമല്ല. അത് ഒരേസമയം തോന്നലും മൂര്‍ത്തവുമാണ്.”

ഇതാണ് കലയെക്കുറിച്ചു കെസിന്‍സ്കീക്കുള്ള സങ്കല്പം. ഇതു മനസ്സിലാക്കിക്കൊണ്ട് ഈ നോവല്‍ വായിച്ചാല്‍ അത് അനുവാചകന് അസാധാരണമായ അനുഭവമായിരിക്കും. ഈ ശതാബ്ദത്തിലെ ക്രൂരതയെ ഇതിനെക്കാള്‍ ഉജ്ജ്വലതയോടെ ചിത്രീകരിച്ച വേറൊരു നോവല്‍ എന്റെ അറിവിലില്ല. (Zebra Books, Kensington Publishing Corp., Rs. 75.00)

ഗൗതമന്‍

ഫ്രഞ്ച് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബ്ളെസ് പസ്കലിന്റെ (Blaise Pascal, 1623–62) പാങ്സേ (Pensees) വായിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിപരമായ ആഹ്ളാദം വിവരണാതീതമാണ്. അദ്ദേഹം എഴുതുന്നു: “സംഘട്ടനം മാത്രമാണ് നമ്മളെ രസിപ്പിക്കുന്നത്. അതിലെ വിജയമല്ല. മൃഗങ്ങള്‍ തമ്മില്‍ സംഘട്ടനം നടത്തുന്നതു കാണാന്‍ നമുക്കു രസമാണ്. പരാജയപ്പെട്ടവന്റെ മുകളില്‍ ജയിച്ചവന്‍ ക്രൂരതയോടെ നില്ക്കുന്നതു കാണാന്‍ ഇഷ്ടമില്ല.” (Pascal’s Pensees, Everyman Paper back, Page 76) മുയലിനെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ മുയലിനെ കണ്ട് വെടിവയ്ക്കുന്നതിലല്ല രസം. ആ യത്നത്തിലാണ് അതിരിക്കുന്നത്. മുയലിനെ കണ്ടു വെടിവച്ചാല്‍ വേട്ടയാടലിലുള്ള കൗതുകം തീര്‍ന്നുപോകും. അഭാവത്തിലാണ് മനുഷ്യന്‍ സന്തോഷിക്കുന്നത് അഭാവമായ വസ്തുവിലോ ജന്തുവിലോ അല്ല.

ഇനി ശ്രീ. ഗൗതമന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “പട്ടുനൂല്‍പ്പുഴുക്കള്‍” എന്ന കഥവായിച്ചു നോക്കുക. സഹോദരന്‍ സഹോദരിയോടു പിണങ്ങുന്നു. അവളെ കാണാതിരിക്കാനാണ് അയാളുടെ ആഗ്രഹം. അമ്മയുടെ വീട്ടില്‍ വച്ചു കണ്ടുപോയി. എന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. ബസ്സില്‍ കയറിയപ്പോള്‍ നേരെ എതിരുവശത്തു അവളിരിക്കുന്നു. എന്നിട്ടും കണ്ടില്ലെന്നു ഭാവിക്കുന്നു. തന്റെ നാട്ടിലേക്കു ടിക്കറ്റ് വാങ്ങാന്‍ അവള്‍ പറഞ്ഞിട്ടും അയാള്‍ അതനുസരിക്കുന്നില്ല. തനിക്കിറങ്ങേണ്ടിടത്ത് ഇറങ്ങുന്നു. ഇതുവരെ മുയലിനെ അന്വേഷിച്ചു “ഭയലോഭകൗടില്യ”ങ്ങളോടെ — ആ വേട്ടപ്പട്ടികളോടൊത്തു — ഓടുകയാണ് അയാള്‍. വല്ലാത്ത സംതൃപ്തി. “മനുഷ്യന്‍ മാലാഖയല്ല, മൃഗമല്ല വെറും മനുഷ്യന്‍ മാത്രം” എന്നു പാസ്കല്‍. നമ്മുടെ കഥാകാരന്‍ അതംഗീകരിക്കുന്നില്ല. അയാള്‍ കുറച്ചു മാലാഖയായിത്തീരുന്നതു കാണിച്ചിട്ടേ അദ്ദേഹം പിന്‍മാറുന്നുള്ളു. സഹോദരിയെ വേദനിപ്പിച്ചതില്‍ അയാള്‍ക്കു ദുഃഖം. അവളെ കാണാനായി അയാള്‍ പാഞ്ഞു പോകുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. ഒരു മാനുഷിക മൂല്യത്തിന്റെ പ്രകീര്‍ത്തനം! ആഖ്യാനത്തിന്റെ ഭംഗി! വികാരത്തെ സംഭവങ്ങളോടു സമഞ്ജസമായ വിധത്തില്‍ കൂട്ടിയിണക്കല്‍. ഇത്രയും മതി.

ചോദ്യം, ഉത്തരം

ഒരുറച്ചപ്രഭവകേന്ദ്രത്തില്‍ നിന്നല്ല മനുഷ്യന്റെ സ്വഭാവസ്രോതസ്വിനികള്‍ പൊട്ടിപ്പുറപ്പെടുന്നത്. ശിഥിലങ്ങളായ പല കേന്ദ്രങ്ങളില്‍ നിന്നാണ്. അതിനാല്‍ സ്വഭാവത്തിന്റെ പ്രവാഹങ്ങള്‍ക്കു വൈരുദ്ധ്യവും വൈജാത്യവും രണ്ടായിപ്പോകും.

Symbol question.svg.png “നിങ്ങളെ ചലനം കൊള്ളിച്ച ഒരു പ്രസ്താവം കേള്‍ക്കട്ടെ.”

“സ്പാനിഷ്/റഷ്യന്‍ റിവലുഷനറിയും കമ്മ്യൂണിസ്റ്റുമായിരുന്ന ഈബാറൂറിയുടെ (Dolores Ibarruri) ഒരു വാക്യം: ‘It is better to die on your feet than to live on your kness.’”

Symbol question.svg.png “നവീന നിരൂപകരെക്കുറിച്ച് എന്താണ് അഭിപ്രായം?”

“കുഴിയാനകളെ ഗുരുവായൂര്‍ കേശവന്‍ ആനയും തിരുവനന്തപുരം ചന്ദ്രശേഖരന്‍ ആനയും ആക്കുന്നവര്‍. മാത്രമല്ല ഗുരുവായൂര്‍ കേശവനും തിരുവനന്തപുരം ചന്ദ്രശേഖരനും അവരുടെ ദൃഷ്ടിയില്‍ കുഴിയാനകളുമാണ്.”

Symbol question.svg.png “നല്ല ഗദ്യകാരന്‍ മാത്രമായി നിങ്ങള്‍ കാണുന്ന കുട്ടിക്കൃഷ്ണമാരാര്‍ യഥാര്‍ത്ഥത്തില്‍ ജീനിയസ്സായിരുന്നില്ലേ?”

“അദ്ദേഹം നല്ല ഗദ്യകാരന്‍ മാത്രമല്ല പറയുന്നതെന്തും യുക്തിപരമായ സ്പഷ്ടതയോടുകൂടി പറഞ്ഞ ആളുമാണ്. ആ നിലയില്‍ വേണമെങ്കില്‍ ജീനിയസ്സായി കരുതാം.”

Symbol question.svg.png “ചില വീടുകളില്‍ ഭര്‍ത്താവ് ഭാര്യയെ Darling എന്നു വിളിക്കുന്നു. അവള്‍ അയാളെ Dear എന്നു വിളിക്കുന്നു. ഒരു ശണ്ഠയുമില്ല. പൂര്‍ണ്ണമായ അനുരഞ്ജനം. ഈ മാതൃകാദമ്പതികളെ നിങ്ങള്‍ക്കു ബഹുമാനിച്ചുകൂടേ?”

“വയ്യ. അത്തരത്തിലുള്ള പുരുഷന്‍മാരും സ്ത്രീകളും തികച്ചും insincere (ആര്‍ജ്ജവമില്ലാത്തവര്‍) ആണ്.”

Symbol question.svg.png “ചാകാറായില്ലേ?”

ഇല്ല. ഞാന്‍ കാലത്തു നാലു മണിതൊട്ട് ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെ എഴുതുന്നു. രണ്ടു മണിതൊട്ടു മൂന്നു മണിവരെ ഉറങ്ങുന്നു. നാലുമണി തൊട്ട് സന്ധ്യയ്ക്ക് ആറുമണിവരെ പട്ടണത്തില്‍ നടക്കുന്നു. ഏഴുമണിതൊട്ടു പതിനൊന്നുമണിവരെ വായിക്കുന്നു. ഈ രീതിയില്‍ കഴിയുന്ന ഞാന്‍ ജീവിച്ചിരിക്കുന്നു. കാലത്തു പത്രം വായിക്കാത്തവന്‍, ഓഫീസില്‍ മുഷിഞ്ഞ വേഷം ധരിച്ചു ചെന്നിരുന്നു ഫയലുകളില്‍ കുറിപ്പുകളെഴുതുന്നവന്‍, ഉച്ചയ്ക്ക് ഭാര്യ പൊതിഞ്ഞുകൊടുത്ത തണുത്ത ചോറുണ്ണുന്നവന്‍. വൈകിട്ട് കടയില്‍ നിന്ന് ഒരു ഗ്ളാസ് ചായപോലും കുടിക്കാതെ വീട്ടിലെത്തി ഭാര്യ കൊടുക്കുന്ന ചായ എന്ന ഒട്ടുന്ന, തണുത്ത ദ്രാവകം മോന്തുന്നവന്‍, ഉറങ്ങുന്നതുവരെ റ്റി.വി. സെറ്റിന്റെ മുന്‍പിലിരിക്കുന്നവന്‍ - ഈ രീതിയില്‍ കഴിയുന്നവന്‍ ജീവിച്ചിരിക്കുന്നവനാണെങ്കിലും ചത്തവനാണ്. ഇക്കൂട്ടരെ ലക്ഷ്യമാക്കിയാണ് കവി ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നു പറഞ്ഞത്.”

ഇരുമ്പുലക്കയോ?

എറണാകുളം കോളേജിലെ ജോലിയില്‍ നിന്നു ഞാന്‍ പിരിഞ്ഞപ്പോള്‍ ഡോക്ടര്‍ ലീലാവതി സൌജന്യ മാധുര്യത്തോടെ എന്റെ ചിത്രം അവിടെ അനാവരണം ചെയ്യാന്‍ തീരുമാനിച്ചു. ചിത്രം വയ്ക്കത്തക്കവിധത്തില്‍ എനിക്കൊരു പ്രാഗല്ഭ്യവുമില്ലെന്ന തോന്നലും ആ കൃത്യത്തിന്റെ അര്‍ത്ഥമില്ലായ്മയും പണപ്പിരിവിനു ചെല്ലുമ്പോള്‍ ആളുകള്‍ നടത്തുന്ന പ്രാക്കും ഒക്കെ ഓര്‍മ്മിച്ചു ഞാനതു വേണ്ടെന്നു ശ്രീമതിയെ അറിയിച്ചു. രണ്ടുമാസത്തെ നിരന്തരമായ നിര്‍ബ്ബന്ധം ഉണ്ടായിട്ടും ചിത്രം വയ്ക്കാന്‍ ഞാന്‍ സമ്മതം നല്കിയില്ല. താന്‍ അതു ചെയ്തില്ലെങ്കില്‍ കരുതിക്കൂട്ടി കൃഷ്ണന്‍നായരെ അവഗണിച്ചു എന്നു മറ്റാളുകള്‍ ദുഷ്പ്രവാദമുണ്ടാക്കുമെന്നും അത് തനിക്ക് വൈഷമ്യം ജനിപ്പിക്കുമെന്നും ഡോക്ടര്‍ ലീലാവതി പറഞ്ഞപ്പോള്‍ ‍ഞാന്‍ സമ്മതിച്ചു. ഞാന്‍തന്നെ ഫോട്ടോ കൊടുത്തു. ചിത്രം എന്‍ലാര്‍ജ് ചെയ്തു. ഒരു ജ‍ഡ്ജിയെ അനാവരണകര്‍മ്മത്തിനു ക്ഷണിച്ചപ്പോള്‍ ആരുമല്ലാത്ത എന്റെ പടം അനാവരണം ചെയ്യാന്‍ വരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യസ്വഭാവത്തിന്റെ വൈരുദ്ധ്യം നോക്കുക. അദ്ദേഹം ഒരാറുമാസം മുന്‍പ് തിരുവനന്തപുരത്തുള്ള എന്റെ വീട്ടില്‍വന്ന് എന്നെ ഒരു മീറ്റിംഗിനു ക്ഷണിച്ചു. എന്റെ മുഖത്തു നോക്കി ഞാന്‍ മഹാനിരൂപകനാണ് എന്നു പറയുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല. ഒരുറച്ച പ്രഭവകേന്ദ്രത്തില്‍ നിന്നല്ല മനുഷ്യന്റെ സ്വഭാവസ്രോതസ്വിനികള്‍ പൊട്ടിപ്പുറപ്പെടുന്നത്. ശിഥിലങ്ങളായ പല കേന്ദ്രങ്ങളില്‍നിന്നാണ്. അതിനാല്‍ സ്വഭാവത്തിന്റെ പ്രവാഹങ്ങള്‍ക്കു വൈരുദ്ധ്യവും വൈജാത്യവും ഉണ്ടായിപ്പോകും. ജ‍ഡ്ജി ഒഴിഞ്ഞു മാറിയപ്പോള്‍‌ ഡോക്ടര്‍ ലീലാവതി ശ്രീ. സി.പി. ശ്രീധരനെയാണ് ക്ഷണിച്ചത്. അദ്ദേഹം ദയാപൂര്‍വം ആ ക്ഷണം സ്വീകരിച്ചു. ഒരു മണിക്കൂര്‍ നേരം നീണ്ടുനിന്ന കൃഷ്ണസ്തുതിയോടെ ചിത്രം അനാവരണം ചെയ്യുകയും ചെയ്തു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കഥയെസ്സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ രമേഷ് എന്ന യുവാവ് എന്നെക്കുറിച്ച് അദ്ദേഹത്തോടു എന്തോ ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി 1978-ലെ പ്രശംസയ്ക്കു കടകവിരുദ്ധമായിരുന്നു. ഞാനതു കേട്ടില്ല. രമേഷ‍ും വേറെ പലരും എനിക്ക് ഒരേ രീതിയില്‍ എഴുതി അയച്ചതില്‍ നിന്നു മനസ്സിലാക്കിയതാണ്. ഇതില്‍ എനിക്കു പരാതിയില്ല. ഉറച്ച പ്രഭവകേന്ദ്രത്തില്‍ നിന്നല്ലല്ലോ സ്വഭാവത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴുകിവരുന്നത്. ഇത്രയും എഴുതിയത് സി.പി ശ്രീധരന്‍ മനോരാജ്യം വാരികയില്‍ എഴുതിയ “വള്ളത്തോളിനെ കുടുക്കിയ കഥ” എന്ന പ്രബ്ന്ധം വായിച്ചതിനാലാണ്. അതില്‍ ഇങ്ങനെയൊരു പ്രസ്താവമുണ്ട്: “അന്ന് സുകുമാര്‍ അഴീക്കോടും ജിയും തമ്മിലുണ്ടായിരുന്ന ഉറ്റ ബന്ധം മഹാകവിയെക്കുറിച്ചെഴുതിയ ‘ഖണ്ഡന’ ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോഴും അതിനു ശേഷവും അവര്‍ തുടര്‍ന്നിരുന്നത് രണ്ടു പേരുടെയും ഹൃദയമഹിമയെ വെളിപ്പെടുത്തും.”


“ നവീന നിരൂപകരെക്കുറിച്ച് എന്താണ് അഭിപ്രായം?” “കുഴിയാനകളെ ഗുരുവായൂര്‍ കേശവന്‍ ആനയും തിരുവനന്തപുരം ചന്ദ്രശേഖരന്‍ ആനയും ആക്കുന്നവര്‍ മാത്രമല്ല ഗുരുവായൂര്‍ കേശവനും തിരുവനന്തപുരം ചന്ദ്രശേഖരനും അവരുടെ ദൃഷ്ടിയില്‍ കുഴിയാനകളുമാണ്.”

ഇതില്‍ ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ മാനസിക നിലയെക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല. ശങ്കരക്കുറുപ്പുമായുള്ള ബന്ധത്തെക്കുറിച്ച്, അദ്ദേഹം എനിക്കയച്ച കത്തുകളില്‍ ഒന്നും എഴുതിയിട്ടില്ല. അതല്ല ശങ്കരക്കുറുപ്പിന്റെ അവസ്ഥ. എനിക്ക് അദ്ദേഹം അക്കാലത്ത് അയച്ച പല കത്തുകളിലും സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് മോശപ്പെട്ട രീതിയിലുള്ള പ്രസ്താവങ്ങള്‍ നിര്‍വഹിച്ചിരുന്നു. സുകുമാരന്‍ എന്നല്ലാതെ സുകുമാര്‍ അഴീക്കോട് എന്നു പോലും അദ്ദേഹം എഴുതിയിരുന്നില്ല. ഞാന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കാവ്യത്തെക്കുറിച്ച് പ്രതികൂലമായി ഞാനെന്തോ എഴുതിയപ്പോള്‍ സുകുമാരന്റെ തെറിയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല നിങ്ങളുടെ തെറിവാക്കുകള്‍ എന്ന് അദ്ദേഹം എനിക്ക് എഴുതി അയച്ചു. കത്തുകള്‍ ശേഖരിച്ചു പുസ്തകമായി പ്രസിദ്ധപ്പെടുത്തണമെന്നും അതു കൊണ്ട് അവ തിരിച്ചുകൊടുക്കണമെന്നും മഹാകവി അറിയിച്ചപ്പോള്‍ ഞാനതു വിശ്വസിച്ച് നൂറോളം കത്തുകള്‍ — കലാഭംഗി തികഞ്ഞ കത്തുകള്‍ — തിരിച്ചയച്ചു കൊടുത്തു. പ്രഫ. ഗുപ്തന്‍ നായര്‍, എന്‍.വി. ഇവരോടു കത്തുകള്‍ തിരിച്ചുകൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടില്ല.

ഇതിലും ഞാന്‍ തെറ്റു കാണുന്നില്ല. കാരണം മുന്‍പു രണ്ടുതവണ വ്യക്തമാക്കിയല്ലോ. വേലുത്തമ്പി ദളവ തന്റെ അമ്മയുടെ തെങ്ങുകള്‍ കണക്കില്‍ച്ചേര്‍ക്കാത്ത പാര്‍വത്യകാരുടെ വിരലുകള്‍ തെങ്ങില്‍ച്ചേര്‍ത്തു വച്ചു മുറിച്ചു കളഞ്ഞോ? കളഞ്ഞിരിക്കാം. പക്ഷേ മറ്റു സന്ദര്‍ഭത്തില്‍ അദ്ദേഹം അധാര്‍മ്മികമായ കൃത്യം ചെയ്തിരിക്കും. ഇത് അഭ്യൂഹമല്ല. മനുഷ്യസ്വഭാവം അതാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ ഉച്ചയ്ക്കു വിദ്യാലയത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവിടെ അനുചരന്‍മാരെ അയച്ച് അവരെയാകെ കൊല ചെയ്ത നേതാവ് പിന്നീട് ഒരു കുഞ്ഞിനെയെടുത്തു ലാളിക്കുന്നതിന്റെയും അതിനെ സ്നേഹപൂര്‍വ്വം നോക്കുന്നതിന്റെയും ചിത്രം പത്രത്തില്‍ ഞാന്‍ കണ്ടു. അതു കണ്ട ഞാന്‍ ഞെട്ടിയില്ല, അദ്ഭുതപ്പെട്ടില്ല. ആളുകളുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും സ്ഥിരതയില്ല. നാമാകട്ടെ കാരുണ്യം കാണിച്ച നേതാവിനെ ആ കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ചിത്രീകരിക്കുന്നു. അയാളുടെ ക്രൂരത കാണിച്ച ഒരുത്തനെ എപ്പോഴും ക്രൂരനായി നമ്മള്‍ കാണും. അയാളുടെ കാരുണ്യപൂര്‍വ്വങ്ങളായ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ വിസ്മരിക്കും. ജി. ശങ്കരക്കുറുപ്പും സുകുമാര്‍ അഴീക്കോടും സി.പി. ശ്രീധരനും ഞാനും വെറും മനുഷ്യര്‍ ഞങ്ങളുടെ സ്വഭാവം ഇരുമ്പുലക്ക പോലെ ഉറച്ചതല്ല.

* * *

സ്വഭാവം ഇരുമ്പുലക്കപോലെ ഉറച്ചതല്ല എന്ന മതം സാഹിത്യനിരൂപണത്തിനു യോജിക്കില്ല. അതുകൊണ്ട് സി.വി. രാമന്‍പിള്ളയെ “നാടുവാഴി സ്തോത്രപ്രായങ്ങളായ കൃതികള്‍ എഴുതിയ ആള്‍” എന്നു മുണ്ടശ്ശേരി പറയുകയും പിന്നീട് ആ കൃതികളെത്തന്നെ അദ്ദേഹം വാഴ്ത്തുകയും ചെയ്യുന്നതു ശരിയല്ല. ഈ വൈരുദ്ധ്യം മഹ്ഫൂസിന്റെ കാര്യത്തില്‍ ഞാന്‍ കാണിച്ചുവെന്നാണ് ശ്രീ.കെ. ഭാസ്കരന്‍ ജനയുഗത്തില്‍ എഴുതിയിരിക്കുന്നത്. മഹഫൂസിന്റെ ഒരു നോവല്‍ അടുത്തകാലത്തു വായിച്ചപ്പോള്‍ അത് കലയല്ലെന്നും വെറും മെലോഡ്രാമയാണെന്നും എനിക്കു തോന്നി. അതു തറപ്പിച്ചു പറയുകയും ചെയ്തു. പക്ഷേ അതിനുമുന്‍പ് അദ്ദേഹത്തിന്റെ വേറൊരു നോവലിനെക്കുറിച്ച് ഭേദപ്പെട്ട രീതിയില്‍ എഴുതിയിരുന്നു. ആ കൃതി ഇപ്പോള്‍ കൈയിലില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാനത് മറിച്ചുനോക്കുമായിരുന്നു രണ്ടാമത്തെ ലേഖനമെഴുതുന്നതിനു മുന്‍പ്. ഭാസ്കരന്‍ ചൂണ്ടിക്കാണിച്ച വൈരുദ്ധ്യം സംഭവിക്കില്ലായിരുന്നു. രണ്ടാമതു വായിച്ച നോവല്‍ ചവറായതുകൊണ്ട് ആദ്യം വായിച്ചതും അങ്ങനെയാവാനേ തരമുള്ളു എന്നു അനുമാനിച്ചുപോയി. ഇവിടെയൊരു ചോദ്യമുണ്ടാകാം. മഹ്ഫൂസിന്റെ മറ്റൊരു നോവല്‍ ഇനി വായിച്ചാലോ? അത് നല്ലതാണെങ്കില്‍ നല്ലതെന്ന് എഴുതും; ചീത്തയാണെങ്കില്‍ ചീത്തയെന്നും ഇവിടെ ആസ്വാദനത്തിന്റെ വൈകല്യം എന്ന പ്രശ്നം ഉണ്ടാവുന്നില്ല. അനുമാനമാണ് ചതിച്ചത്. ഭാസ്കരന്‍ ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചതിനു ഞാന്‍ അദ്ദേഹത്തിനു നന്ദി പറയുന്നു. ഇനിയും തിടുക്കത്തിലെഴുതുമ്പോള്‍ മുന്‍പ് നിരൂപണം ചെയ്ത പുസ്തകങ്ങള്‍ ഞാന്‍ വീണ്ടും മറിച്ചുനോക്കും. അപ്പോള്‍ വൈരുദ്ധ്യമുണ്ടാവുകയുമില്ല. പിന്നെ ഗോയങ്ക അവാര്‍ഡിന് എനിക്കര്‍ഹതയില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവം bad taste-നെ മാത്രമേ കാണിക്കുന്നുള്ളു. ഇന്ത്യയിലെ മഹാന്‍മാരായ ധിഷണാശാലികളാണ് സാഹിത്യവാരഫലത്തിന്റെ ഇംഗ്ളീഷ് തര്‍ജ്ജമ വായിച്ചിട്ട് സമ്മാനം നിശ്ചയിച്ചത്. അവരിലൊരാള്‍ It is unique in world literature എന്നു പറഞ്ഞു.

ചുവരെഴുത്തുകള്‍

കാലത്തു പത്രം വായിക്കാത്തവന്‍, ഓഫീസില്‍ മുഷിഞ്ഞവേഷം ധരിച്ചു ചെന്നിരുന്നു ഫയലുകളില്‍ കുറിപ്പുകളെഴുതുന്നവന്‍, ഉച്ചയ്ക്ക് ഭാര്യ പൊതിഞ്ഞുകൊടുത്ത തണുത്ത ചോറുണ്ണുന്നവന്‍ വൈകിട്ട് കടയില്‍ നിന്ന് ഒരു ഗ്ളാസ് ചായപോലും കുടിക്കാതെ വീട്ടിലെത്തി ഭാര്യ കൊടുക്കുന്ന ചായ എന്ന ഒട്ടുന്ന തണുത്ത ദ്രാവകം മോന്തുന്നവന്‍ — ഈ രീതിയില്‍ കഴിയുന്നവന്‍ ജീവിച്ചിരിക്കുന്നവനാണെങ്കിലും ചത്തവനാണ്. ഇക്കൂട്ടരെ ലക്ഷ്യമാക്കിയാണ് കവി ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നു പറഞ്ഞത്.

  1. തിരുവനന്തപുരത്തെ ഓരോ പൗരനും ഓരോ ദിവസവും ആയിരം കൊതുകുകളെ വീതം തിന്നു കോര്‍പൊറെയ്ഷനെ സഹായിക്കു.
  2. മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങളും എനിക്കറിഞ്ഞുകൂടാ. ഞാനിന്നു മലയാളം പ്രഫെസറാണ്.
  3. ഞാനിന്നു വാഷിങ് മെഷ്യനും ഗ്രൈന്‍ഡറും വാക്യൂഎം ക്ളീനറും വാങ്ങിച്ചു. ബ്ളാക്ക് ആന്‍ഡ് വൈറ്റ് റ്റി.വി. സെറ്റിനുപകരം കളര്‍ റ്റെലിവിഷന്‍ സെറ്റ് വാങ്ങി. എന്റെ വീട്ടില്‍ പരിചാരിക ദിവസവും വരണമെങ്കില്‍ ഇവയൊക്കെ വേണം.
  4. നല്ല ഇംഗ്ളീഷ് ഭാഷയുടെ കാലം പോയി. ഇപ്പോള്‍ ‘ഇന്‍ഡ്യ റ്റുഡേ’യുടെ ഇംഗ്ളീഷേയുള്ളു.
  5. തിരഞ്ഞെടുപ്പുകള്‍ നിരോധിക്കൂ. ചുവരുകളെ രക്ഷിക്കൂ.
  6. ഈശ്വരനും നവീന നിരൂപകനും സദൃശര്‍. അവര്‍ രണ്ടുപേരും ചെയ്യുന്നതെന്തെന്നു നമുക്കറിയില്ല.
  7. തുപ്പല്‍ ധാരാളം ഉല്‍പാദിപ്പിക്കൂ. പോസ്റ്റാഫീസുകളില്‍ പശയില്ല.
  8. പുതിയ ട്രാഷ് വായിക്കാനും പഴയ നല്ല പുസ്തകങ്ങള്‍ ഞങ്ങള്‍ തരാതിരിക്കാനും വേണ്ടി ഈ ലൈബ്രറിയില്‍ അംഗമാകൂ.
  9. അദ്ദേഹം സുന്ദരിയായ സ്റ്റെനോഗ്രാഫര്‍ക്ക് ഡിക്ടേഷന്‍ കൊടുക്കുന്നു. ഞാന്‍ — ഭാര്യ — പൂജാമുറിയില്‍ ഇരിക്കുന്നു.

ഒന്നാം പാഠമെവിടെ

സെക്സ് ഇളക്കിവിടുന്ന വികാരങ്ങളുടെ ആധിപത്യത്തിലാര്‍ന്ന് അവയെ പച്ചയായി ചിത്രീകരിക്കാന്‍ എന്റെ ശിഷ്യനായ ശ്രീ. മുഹമ്മദ് റോഷന്‍ തുടങ്ങിയിട്ടു കാലമേറെയായി. ഒന്നുകില്‍ സെക്സ് അല്ലെങ്കില്‍ കുതിര ഇതായിരുന്നു അദ്ദേഹത്തിന്റെ കഥകളുടെ വിഷയം. ഇപ്പോള്‍ കുതിര അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നു. അപ്പോള്‍ എന്തെഴുതിയാലും സെക്സിലേ ചെന്നു നില്ക്കൂ. ലൈംഗിക വികാരങ്ങള്‍ വര്‍ണ്ണിക്കുന്നതിനോട് ഒരെതിര്‍പ്പുമില്ല എനിക്ക്. പക്ഷേ അതു വൈഷയികമാകരുത്. ജീവിതസത്യം എന്നതിന്റെ പശ്ചാത്തലത്തിലേ ഏതു വികാരത്തിനും സ്ഥാനമുള്ളു എന്നതുകൊണ്ട് വികാരം തികച്ചും വൈഷയികമായാല്‍ സത്യത്തിന്റെ മണ്ഡലം അനാവരണം ചെയ്യപ്പെടുകയില്ല.

കുങ്കുമം വാരികയില്‍ റോഷന്‍ എഴുതിയ “പ്രാര്‍ത്ഥനക്കുമ്പിളിലെ സന്ധ്യ” എന്ന വിലക്ഷണമായ കഥയില്‍ ഭര്‍ത്താവിനാല്‍, അയാളുടെ ബന്ധുക്കളാല്‍ അവഗണിക്കപ്പെടുന്ന ഒരു സ്ത്രീയെ കാണാം. ബന്ധുക്കള്‍ എവിടെയോ പോയപ്പോള്‍ ഭര്‍ത്താവ് വന്നെങ്കില്‍ അയാളോടു രമിക്കാമായിരുന്നു എന്നു വിചാരിച്ച് അവള്‍ ഇരിക്കുന്നു. പക്ഷേ വന്നതു ഭര്‍ത്താവല്ല. സുന്ദരനായ യുവാവ്. അയാള്‍ സ്വന്തം ഭാര്യയെ സ്നേഹിക്കുന്നു. എങ്കിലും അവള്‍ സ്നേഹം കൊതിച്ച് അയാളുടെ മാറിലേക്കു ചാഞ്ഞു. അവളെ മാറ്റിയിട്ട് അയാള്‍ പോകുന്നു. വികാരത്തെ അതിന്റെ സ്വാഭാവികതയില്‍ പ്രതിപാദിക്കുകയല്ല കഥാകാരന്‍. അതിനെ സ്ഥൂലീകരിക്കുകയാണ്. വഴങ്ങാത്ത സുന്ദരനായ യുവാവിനെ അവള്‍ നൈരാശ്യംകൊണ്ട് വെട്ടുകത്തിയെടുത്തു വെട്ടി എന്നുകൂടി റോഷന്‍ എഴുതാത്തത് വായനക്കാരുടെ ഭാഗ്യം. റോഷന്റെ ഈ കഥ അസ്വാഭാവികമാണ്; അവിശ്വാസ്യമാണ്. കലയിലെ ദൃഢപ്രത്യയം എന്ന ഗുണം ഇതിനില്ല. കഥാരചനയുടെ ബാലപാഠങ്ങള്‍ അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു.

വാടുന്ന പൂമൊട്ട്

മനുഷ്യന്‍ ആരായാലും ഉള്ളിലുള്ളതു അതേ മട്ടില്‍ കാണിച്ചാല്‍ മതി എന്നോ മറ്റോ “ഒഥല്ലോ” നാടകത്തില്‍ വായിച്ച ഓര്‍മ്മ. ബാഹ്യാവസ്ഥയും (തോന്നല്‍) ആന്തരാവസ്ഥയും (യാഥാര്‍ത്ഥ്യം) തമ്മിലുള്ള ഈ അന്തരം കൈകാര്യം ചെയ്യാത്ത കലാകാരന്‍മാരില്ല തത്ത്വചിന്തകരില്ല. എനിക്കിപ്പോഴും താല്‍പര്യം പസ്കലിനെക്കുറിച്ചു എഴുതാനാണ്. മജിസ്റ്റ്രേറ്റ് എല്ലാവരാലും ബഹുമാനിക്കപ്പെടുന്നു. ഓരോ കാര്യവും അതിന്റെ ധര്‍മ്മമനുസരിച്ചാണ് അദ്ദേഹം പരിഗണിക്കുക. ദുര്‍ബലരുടെ ഭാവന അദ്ദേഹത്തിനു സ്വീകാര്യമല്ല. ആ മജിസ്റ്റ്രേറ്റ് പൂരോഹിതന്റെ സുവിശേഷ പ്രസംഗം കേള്‍ക്കാന്‍ പോവുകയാണ്. പുരോഹിതന് പരുക്കന്‍ ശബ്ദവും വിചിത്രമുഖവുമാണുള്ളതെന്നിരിക്കട്ടെ. ക്ഷുരകന്‍ മോശപ്പെട്ട രീതിയിലാണ് പൂരോഹിതന്റെ മുഖം ക്ഷൗരം ചെയ്തതെന്നും കരുതു. അയാള്‍ കുളിച്ചില്ലെന്നും വിചാരിക്കു. ആ പുരോഹിതന്‍ മഹനീയങ്ങളായ സത്യങ്ങള്‍ പ്രഖ്യാപിച്ചാലും നമ്മുടെ മജിസ്റ്റ്രേറ്റിന് ഇഷ്ടമാവുകയില്ല (പുറം 26, പാങ്സേ — Pensees — Vanity എന്ന അധ്യായം). എന്തുകൊണ്ട് ഇഷ്ടമാവുകയില്ല? യുക്തിയെ അവലംബിച്ചു വിധി പറയേണ്ട മജിസ്റ്റ്രേറ്റ് പുരോഹിതന്റെ ബാഹ്യാകൃതിയാല്‍ വഞ്ചിക്കപ്പെടുന്നു എന്നതുകൊണ്ടുതന്നെ. അവിടെ യുക്തിയെ വിട്ടിട്ട് മജിസ്റ്റ്രേറ്റ് ഭാവനയെ ആശ്രയിക്കുന്നു.

തോന്നലും യാഥാര്‍ത്ഥ്യവും പ്രതിപാദിക്കുകയാണ് ശ്രീ സതീഷ്‌ബാബു പയ്യന്നൂര്‍ “ജീവിതത്തിന്റെ ഓരത്ത്” എന്ന ചെറുകഥയിലൂടെ (കലാകൗമുദി) പ്രൊഡ്യൂസര്‍, സ്ക്രിപ്റ്റ് റൈറ്റര്‍. ദല്ലാള്‍ ഇങ്ങനെ മൂന്നു കഥാപാത്രങ്ങള്‍, പ്രൊഡ്യൂസറുടെ മാന്യമായ മട്ട് പക്ഷേ ഉള്ളില്‍ പരസ്ത്രീഗമനവാഞ്ഛ എന്ന യാഥാര്‍ത്ഥ്യം സതീഷ്‌ബാബു തനിക്കു കഴിയുന്ന മട്ടില്‍ കഥ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇതൊരു ഭാവനാത്മകമായ അനുഭവമായിത്തീരുന്നില്ല. പൂമൊട്ടു വിടരാതെതന്നെ വാടി താഴെ വീഴുന്ന പ്രതീതി.

റുഷ്ദിയും ടോഫ്ളറും

എനിക്കു അല്‍വിന്‍ ടോഫ്ളറുടെ പുസ്തകങ്ങള്‍ ഇഷ്ടമല്ല. കുറെ വിജ്ഞാനശകലങ്ങല്‍ അവയില്‍ ഉണ്ടെന്നു സമ്മതിക്കുന്നു. പക്ഷേ സംഘടനാ ചാരുതയോടെ അവ പ്രതിപാദിക്കാന്‍ അദ്ദേഹത്തിനറിഞ്ഞുകൂടാ. സ്ഥിതിവിവരക്കണക്കുകള്‍ വളരെ നേരം വായിച്ചുകൊണ്ടിരിക്കാന്‍ പറ്റുമോ? കുറെ നോക്കിയിട്ടു നമ്മള്‍ അവ ദൂരെയെറിയും. ടോഫ്ളറുടെ പുതിയ പുസ്തകം “Powershift” ഞാന്‍ ദൂരെയെറിഞ്ഞില്ല. കാലത്താരംഭിച്ച കോട്ടുവായോടെ അത് നിശ്ശബ്ദനായി വായിച്ചു കൊണ്ടിരിക്കുകയാണ്. പുസ്തകത്തിന്റെ അവസാനത്തെ പുറത്ത് എത്തുമ്പോള്‍ മാത്രമേ വായടയൂ. തീരുന്നില്ലല്ലോ, തീരുന്നില്ലല്ലോ എന്ന വിഷാദമയമായ വിചാരത്തോടെ പുസ്തകത്തിന്റെ ഒടുവിലത്തെ പുറങ്ങള്‍ മറിച്ചു നോക്കിയപ്പോള്‍ ഗ്രന്ഥകാരന്‍, സല്‍മാന്‍ റുഷ്‌ദിയെക്കുറിച്ചും അദ്ദേഹത്തിനു വധശിക്ഷ നല്കിയ ഖൊമൈനിയെക്കുറിച്ചും എഴുതിയിരിക്കുന്നതു കാണാനിടയായി. ആ ഭാഗം ഞാന്‍ വായിച്ചു. ടോഫ്ളറുടെ അഭിപ്രായങ്ങള്‍ ചുരുക്കിയെഴുതാം.

സല്‍മാന്‍ റുഷ്‌ദിയെ കൊല്ലാന്‍ ഒരു രക്തസാക്ഷിയെ ആഹ്വാനം ചെയ്തു ഖൊമൈനി. റുഷ്ദിയുടെ “The Satanic Verses” ഈശ്വരനിന്ദനം നടത്തുന്നു എന്നതിന്റെ പേരിലായിരുന്നു വധശിക്ഷ. ഉപഗ്രഹത്തിലൂടെ, റ്റെലിവിഷനിലൂടെ, പത്രത്തിലൂടെ സന്ദേശം നല്കപ്പെട്ടു. റുഷ്‌ദിയുടെ പുസ്തകം മുസ്ലിങ്ങളെ വേദനിപ്പിച്ചു. ഒരു മതത്തെയാകെ നിന്ദിച്ചു. ഖുര്‍ആനെ ധ്വംസിച്ചു. ഇങ്ങനെയൊക്കെ പറയാം. പക്ഷേ അതായിരുന്നില്ല ഖൊമൈനിയടെ യഥാര്‍ത്ഥമായ സന്ദേശം. സാമ്പദികശാസ്ത്രം, വാര്‍ത്താമാധ്യമങ്ങള്‍ ഇവയ്ക്കു ഏകമണ്ഡലാവസ്ഥ (Globalization) വരുത്തിക്കൊണ്ടിരിക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണത്തിനും അതു വരുത്തേണ്ടതാണെന്നാണ് ഖൊമൈനി മറ്റൊരു വിധത്തില്‍ പറഞ്ഞത്. പരമാധികാരമുള്ള രാജ്യങ്ങള്‍ക്കു പരമാധികാരമില്ല അതിനെക്കാള്‍ ഉന്നതമായ ഷിയൈറ്റ് പരമാധികാരത്തിന് അവ വിധേയമാണെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. രാജ്യങ്ങളെ അടിസ്ഥാനപരങ്ങളായ ഏകകങ്ങളായി (basic units) കരുതി രാഷ്ട്രാന്തരീയ നിയമങ്ങളും മറ്റും ഉണ്ടാക്കിയിട്ടുണ്ടല്ലോ. അവയെ ആ സന്ദേശത്തിലൂടെ ഖൊമൈനി വെല്ലുവിളിച്ചു. വൈയവസായിക യുഗത്തിനു മുന്‍പുള്ള യുഗത്തിലേക്കു ചെല്ലുകയായിരുന്നോ അദ്ദേഹം. അതേ എന്നാണ് ടോഫ്ളറുടെ ഉത്തരം.

‘നാടക വേദിയില്‍ മറ്റഭിനേതാക്കളോടൊരുമിച്ചു നില്ക്കുമ്പോള്‍ അയാള്‍ക്കു സ്വാഭാവികതയുണ്ട്, ലാളിത്യമുണ്ട്. അവിടെ നിന്നിറങ്ങി സാധാരണ ജീവിതത്തിലേക്കു വരുമ്പോള്‍ അയാള്‍ അഭിനയിച്ചു തുടങ്ങും. ‘ഗോള്‍ഡ് സ്മിത്ത് ഒരാളെക്കുറിച്ചു പറഞ്ഞതാണിത്. നാടകവേദിയിലും നിത്യജീവിതത്തിലും ഒരേ വിധത്തില്‍ അഭിനയിച്ച ഒരുദ്യോഗസ്ഥനെ എനിക്കു നേരിട്ടറിയാം. സി.വി. രാമന്‍പിള്ളയുടെ “മാര്‍ത്താണ്ഡവര്‍മ്മ” നാടകമാക്കി അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനു രാമനാമഠത്തില്‍ പിള്ളയുടെ വേഷമാണ് നല്കിയത്. അതറിഞ്ഞ് എന്‍. കൃഷ്ണപിള്ളസ്സാര്‍ എന്നോടു പറഞ്ഞു: “അദ്ദേഹം വിഷമിക്കുമല്ലോ കൃഷ്ണന്‍ നായരേ. രാമനാമഠത്തിന് ‘മറുചെവി പോകാത്’ എന്നു മറ്റുപജാപകരോടു സത്യം ചെയ്യേണ്ട ഭാഗമുണ്ട്. അദ്ദേഹമെങ്ങനെ അതു ചെയ്യും?” ജീവിതത്തില്‍ മാത്രമല്ല, നാടകത്തിലും സത്യപ്രസ്താവത്തിന് കഴിയുമായിരുന്നില്ല ആ ഉദ്യോഗസ്ഥന് എന്നാണ് കൃഷ്ണപിള്ളസ്സാര്‍ തന്റേതായ രീതിയില്‍ പറഞ്ഞത്.