close
Sayahna Sayahna
Search

Difference between revisions of "അഗ്നിശിഖയാർന്ന സ്വർണ്ണം"


(Created page with "{{MKN/SanniBox}} ‘ആ കാലഘട്ടത്തിലായിരുന്നു കവിത എന്നെ അന്വേഷിച്ചുവന്നത്. ...")
 
Line 347: Line 347:
 
<references/>
 
<references/>
  
{{MKN/Sannidanathail}}
+
{{MKN/Sannidanathil}}
 
{{MKN/Works}}
 
{{MKN/Works}}

Revision as of 17:19, 29 April 2014

അഗ്നിശിഖയാർന്ന സ്വർണ്ണം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


‘ആ കാലഘട്ടത്തിലായിരുന്നു കവിത എന്നെ അന്വേഷിച്ചുവന്നത്. എനിക്കറിഞ്ഞുകൂടാ. എനിക്കറിഞ്ഞുകൂടാ അത് എവിടെനിന്ന് വന്നുവെന്ന്. മഞ്ഞുകാലത്തു നിന്നോ അതോ നദിയിൽനിന്നോ. എങ്ങനെയെന്നോ എപ്പോഴെന്നോ എനിക്കറിഞ്ഞുകൂടാ. അവ നാദങ്ങളായിരുന്നില്ല. വാക്കുകളായിരുന്നില്ല. നിശ്ശബ്ദതയായിരുന്നില്ല. തെരുവില്‍നിന്നാണ് എന്നെ വിളിച്ചത്; യാമിനിയുടെ ശാഖകളിൽനിന്ന്; മറ്റുള്ളവരില്‍നിന്ന് പൊടുന്നനവേ; പ്രചണ്ഡങ്ങളായ അഗ്നികളില്‍നിന്ന്; അതോ ഒറ്റയ്ക്കു തിരിച്ചുവരുമ്പോഴോ? അവിടെ മുഖമില്ലാതെ ഞാനുണ്ടായിരുന്നു. അതെന്നെ സ്പര്‍ശിക്കുകയും ചെയ്തു... പെട്ടെന്ന് ഞാന്‍ കണ്ടു സ്വര്‍ഗ്ഗം തുറക്കപ്പെടുന്നത്... അത്യന്ത സൂക്ഷ്മതയാര്‍ന്ന ജീവിയായ ഞാന്‍ നക്ഷത്രസമലങ്കൃതമായ മഹാശൂന്യത പാനംചെയ്ത് അഗാധരന്ധ്രത്തിന്റെ വിശുദ്ധമായ ഭാഗമായി മാറി. നക്ഷത്രങ്ങളോടൊരുമിച്ച് ഞാന്‍ ഭ്രമണം ചെയ്തു.’

1971-ല്‍ നോബല്‍സമ്മാനം വാങ്ങിയ മഹാനായ ലാറ്റിന്‍–അമേരിക്കന്‍ കവി പാവ്ലോ നെറുത എഴുതിയ Memorial de Isla Negra എന്ന കാവ്യത്തില്‍ നിന്നുള്ള ഒരു ഭാഗമാണു പ്രിയപ്പെട്ട വായനക്കാര്‍ മുകളില്‍ കണ്ടത്. ‘കവിതയുടെ ഭവനത്തില്‍ രക്തംകൊണ്ടെഴുതിയതും രക്തംകൊണ്ടു കേള്‍ക്കപ്പെടേണ്ടതും ആയവ അല്ലാതെ മറ്റൊന്നുമില്ല’ എന്ന് നെറുത ഉദ്ഘോഷിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിത നാകകവാടം നമുക്കു വേണ്ടി തുറന്നുതരികയാണ്. നാം മഹാശുന്യത പാനം ചെയ്യുകയും നക്ഷത്രങ്ങളോടൊരുമിച്ച് ചുറ്റുകയും ചെയ്യുന്നു. അനന്തത എന്ന മഹാരന്ധൃത്തിന്റെ പാവനമായ ഭാഗമായി നാം മാറുന്നു. യഥാര്‍ത്ഥത്തില്‍ കവിത അനുഷ്ഠിക്കുന്ന കൃത്യം ഇതുതന്നെ. ‘വിപ്ലവകവി’ എന്നു നെറുതയെ വിളിക്കാറുണ്ടെങ്കിലും സങ്കുചിതമായ അർത്ഥത്തിൽ അദ്ദേഹം ഒരിക്കലും വിപ്ലവകവിയായിരുന്നില്ല. മാര്‍ക്സിസ്റ്റായിത്തന്നെ ജീവിതകാലം കഴിച്ചു കൂട്ടിയ ഈ മഹാകവിയുടെ ഉത്കൃഷ്ടങ്ങളായ കാവ്യങ്ങള്‍ വായിക്കൂ. അനന്തതയെക്കുറിച്ചുള്ള അനുഭൂതിയാല്‍ ജനിക്കുന്ന ആഹ്ലാദം നിങ്ങള്‍ അനുഭവിക്കും. പ്രേമത്തിന്റെ ആഹ്ലാദവും വിഷാദവും അനുഭവിക്കും. അതോടൊപ്പം രാഷ്ട്രവ്യവഹാരത്തിന്റെ മഹാത്ഭുതങ്ങള്‍ കാണുകയും ചെയ്യും. അതുകൊണ്ടാണ് മയകോവിസ്കിയെക്കാള്‍ മഹാനായ വിപ്ലവകവിയായി അദ്ദേഹത്തെ അഭിജ്ഞന്മാർ ദര്‍ശിക്കുന്നത്. ഇരുപതാം ശതാബ്ദത്തിലെ മൂന്നു മഹാകവികള്‍ റ്റി.എസ്. എല്യറ്റും നീക്കോസ് കാസാന്‍ദ്സാക്കീസും പാവ്ലോ നെറുതയുമാണ്. എല്യറ്റിന്റെ കവിത വായിക്കുമ്പോള്‍ ഇന്നത്തെ ലോകത്തിന്റെ വൈരൂപ്യം കണ്ട് നാം ഞെട്ടുന്നു; ശുദ്ധമായ സന്ദര്യത്തിന്റെ മണ്ഡലത്തിലേക്കു നമ്മെ അനായാസമായി കൊണ്ടുപോകുന്നു കാസാൻദ്സാക്കീസ്. നെറുതയാകട്ടെ ഉദാത്തതയുടെ പ്രപഞ്ചത്തിലേക്കു നമ്മെ ഉയര്‍ത്തുന്നു. ആ എടുത്തുയര്‍ത്തലുണ്ടല്ലോ, അതു നമുക്കു നിസ്തുലമായ അനുഭൂതിയാണ് ഉളവാക്കുന്നത്. അതിനാല്‍ നെറുതയുടെ കവിതയെ ആരെങ്കിലും കൂടുതല്‍ മാനിച്ചാൽ ആ വ്യക്തിയെ കുറ്റപ്പെടുത്താന്‍ നമുക്കു കഴിയുകയില്ല.

തെക്കേ ചിലിയിലുള്ള പാറൽ പട്ടണത്തിലാണ് 1904-ൽ നെറുത ജനിച്ചത്. അമ്മ മരിച്ചതിനു ശേഷം ആ ബാലന്‍ അച്ഛനോടൊരുമിച്ച് റ്റെമൂക്കോ നഗരത്തിലേക്കു പോയി. പതിനേഴു കൊല്ലത്തോളം ആ പട്ടണത്തില്‍ കഴിഞ്ഞു കൂടിയിട്ട് 1921-ല്‍ നെറുത ചിലിയുടെ തലസ്ഥാനനഗരമായ സാന്തിയാഗോയില്‍ ചെന്നെത്തി. അവടെ താമസിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ Twenty Love Poems and a Desperate Song എന്ന മനോജ്ഞമായ കാവ്യസമാഹാര ഗ്രന്ഥം പ്രസാധനം ചെയ്യപ്പെട്ടത്. അതിന്റെ പ്രസിദ്ധീകരണത്തോടുകൂടി പാവ്ലോ നെറുത വിഖ്യാതനായിത്തീര്‍ന്നു. നെറുത എന്ന നാമധേയം മഹനീയമാണെന്നും ലോക കാവ്യചരിത്രത്തില്‍ അതിനു നിഷേധിക്കാന്‍ പാടില്ലാത്ത സ്ഥാനമുണ്ടായിരിക്കുമെന്നും നിരൂപകര്‍ അഭിപ്രായപ്പെട്ടു. ഇന്ന് അതു സാര്‍ത്ഥകമായി ഭവിച്ചിരിക്കുന്നു. അന്ന് നിരൂപകര്‍ക്ക് ആ വിധത്തിലൊരു അഭിപ്രായം ആവിഷ്കരിക്കുന്നതിന് പ്രേരകമാകത്തക്ക വിധത്തില്‍ മൗലികത്വവും രൂപശില്പത്തികവും നെറുതയുടെ പ്രേമഗാനങ്ങള്‍ പ്രത്യക്ഷമാക്കിയിരുന്നുവോ? ഈ ചോദ്യത്തിനുള്ള ഉത്തരം ആ ഗാനങ്ങള്‍ തന്നെ നല്കട്ടെ. ‘ഒരു സ്ത്രീയുടെ ശരീരം’ (Body of a Woman) എന്ന ആദ്യത്തെ കാവ്യമിതാ:

Body of a woman, white hills, white thighs
you look like a world, lying in surrender
My rough peasant’s body digs in you
and makes the son leap from the depth of the earth.
I was alone like a tunnel. The birds fled from me,
and night swamped me with its crushing invasion.
To survive myself I forged you like a weapon,
Like an arrow in my bow, a stone in my sling
But the hour of vengeance falls, and I love you.
Body of skin, of moss, of eager and firm milk
Oh the goblets of the breast! Oh the eyes of absence!
Oh the roses of the pubis! Oh your voices slow and sad!
Body of my woman, I will persist in your grace.
My thirst, my boundless desire, my shifting road!
Dark river-beds where the eternal thirst flows
and wearness follows, and the infinite ache.
[’’Twently Love Poems & A song of Despair–Jonathan cape London–page 9’’]

[ഒരു സ്ത്രീയുടെ ശരീരം; വെളുത്ത കുന്നുകള്‍, വെളുത്ത തുടകള്‍. കീഴടങ്ങിയ പ്രപഞ്ചംപോലെ നീ കാണപ്പെടുന്നു. കൃഷിക്കാരനായ എന്റെ പരുക്കന്‍ ശരീരം നിന്നില്‍ കുഴി കുഴിച്ചിട്ട് ഭൂമിയുടെ അഗാധതയില്‍നിന്ന് മകനെ കുതികൊള്ളിക്കുന്നു.

തുരങ്കത്തെപ്പോലെ ഞാൻ ഏകാകിയായിരുന്നു. പക്ഷികൾ എന്നിൽനിന്നു പറന്നുപോയി. തകര്‍ത്തുകളയുന്ന ആക്രമണത്താൽ യാമിനി എന്നെ ഗ്രസിക്കുകയായി. എന്റെ നിലനില്പിനുവേണ്ടി ഞാൻ നിന്നെ ആയുധമാക്കി മാറ്റിയെടുത്തു; എന്റെ വില്ലിലെ അമ്പുപോലെ, എന്റെ കവണിലെ കല്ലുപോലെ.

പക്ഷേ, പ്രതികാരത്തിന്റെ നിമിഷം വന്നു ചേരുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുകയും ചെയ്യുന്നു. ത്വക്കിന്റെയും ശൈവലത്തിന്റെയും ശരീരം. അഭിലാഷം ജനിപ്പിക്കുന്നതും ഉറപ്പുള്ളതുമായ പാലിന്റെ ശരീരം. ഹാ! വക്ഷസ്സിലെ പാനഭാജനങ്ങള്‍. ഹാ! അഭാവത്തിന്റെ കണ്ണുകള്‍! ഹാ! രതിമന്ദിരത്തിലെ പനിനീര്‍പ്പൂക്കൾ! ഹാ! മന്ദഗതിയിലുള്ളതും വിഷാദാത്മകവുമായ നിന്റെ ശബ്ദം!

എന്റെ സ്ത്രീയുടെ ശരീരം നിന്റെ സൗന്ദര്യാ(സ്വാദന)ത്തില്‍ നിന്നു ഞാന്‍ മാറുകില്ല. എന്റെ ദാഹം, എന്റെ അതിരില്ലാത്ത ആഗ്രഹം, എന്റെ മാറുന്ന പാത! ഒരിക്കലും അവസാനിക്കാത്ത ദാഹം ഒഴുകുന്ന ഇരുണ്ട നദീ പാത്രങ്ങള്‍ (തുടര്‍ന്ന്) തളര്‍ച്ചയും ഒടുങ്ങാത്ത വേദനയും].

കാമുകിയായ ജന്മദേശം

വ്യാകുലത ഉളവാക്കുന്ന മട്ടില്‍ ഇതിലെ ലൈംഗികത്വം പ്രകടമാകുന്നുണ്ടെങ്കിലും നെറുത കാമോത്സുകതയാര്‍ന്നു പാടുകയല്ല എന്നതു സഹൃദയന്മാരോടു പറയേണ്ടതില്ല. സാന്തിയാഗോയില്‍ ചെന്നതിനു ശേഷമാണ് അദ്ദേഹം ഈ കവിത എഴുതിയത്. പ്രകൃതിമനോഹരമായ സ്വന്തം ജന്മദേശത്തു നിന്ന് അകന്ന് വ്യഗ്രത കലര്‍ന്ന നാഗരികജീവിതം നയിക്കേണ്ടി വന്ന നെറുതയുടെ വിഷാദം ഈ വരികളിൽ അനാവരണം ചെയ്യുന്നുണ്ട്. പില്ക്കാലത്തു ‘വിപ്ലവകവി’യായി മാറിയ അദ്ദേഹം ഭുമിയോടു ദൃഢമായ ബന്ധം പുലര്‍ത്തിയ കവിയാണ്. കാമുകിയുടെ മനോഹരമായ ശരീരം സ്പര്‍ശിച്ചു നോക്കി അവളുമായി രതിക്രീഡയില്‍ ഏര്‍പ്പെടുന്നതിനെ വര്‍ണ്ണിക്കുന്ന ഈ കവി ഭഠഗ്യന്തരേണ തന്റെ ജന്മദേശത്തെത്തന്നെയാണ് പ്രകീര്‍ത്തിക്കുന്നത്. ഇത് വെറും അഭ്യൂഹമല്ല. നെറുതയുടെ ഈ കാവ്യസമാഹാരഗ്രന്ഥമാകെ വായിച്ചുനോക്കു. ഈ പ്രസ്താവത്തിന്റെ സത്യാത്മകത ബോധപ്പെടും. പ്രേമഭാജനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹമെഴുതിയ വേറൊരു കവിതയില്‍ ഭൂവിഭാഗവും കാമിനിയും തമ്മിലുള്ള സാദൃശ്യം കുറെക്കൂടി വ്യക്തമാണ്. ’നിന്നില്‍ നദികള്‍ പാടുന്നു. നീ ആഗ്രഹിച്ചതുപോലെ എന്റെ ആത്മാവ് അവയിലൂടെ പലായനം ചെയ്യുന്നു. നിന്റെ പ്രതീക്ഷയുടെ വില്ലില്‍ എന്റെ പാതയെ ലക്ഷ്യംകണ്ട് ഓങ്ങിയാലും.’ പാറല്‍ പട്ടണത്തിലെയും റ്റെ മുക്കോ നഗരത്തിലെയും നദികളും പാതകളും പ്രണയിനിയുടെ ശരീരാവയവങ്ങളായി ഈ വരികളില്‍ ആവിര്‍ഭവിക്കുന്നു. ഇതിനുമുമ്പുള്ള നാലു വരികളില്‍ ഈ സാദൃശ്യം വ്യക്തത ആവഹിക്കുന്നു. ‘ഹാ! സരളദ്രുമങ്ങളുടെ അപരിമിതത്വം. തീരത്തു വന്നുവീഴുന്ന തിരമാലകളുടെ മര്‍മ്മരം.’ പ്രകാശങ്ങളുടെ മന്ദഗതിയിലുള്ള പ്രസരം. ഏകാന്തമായ മണിനാദം. നിന്റെ കണ്ണുകളില്‍ വന്നു വീഴുന്ന സാന്ധ്യപ്രകാശം...’ നെറുത കാമിനിയിലൂടെ ജന്മദേശത്തെ സാക്ഷാത്കരിക്കുകയാണെന്നതില്‍ എന്തുണ്ട് സംശയം?

പക്ഷേ, ആ പ്രേമഭാജനം ധ്രുവനക്ഷത്രംപോലെ അകലെ മിന്നിത്തിളങ്ങുന്നതേയുള്ളു. തന്നെ സ്നേഹിക്കാനും തന്നെ അനുധാവനം ചെയ്യാനും അദ്ദേഹം ആ നക്ഷത്രത്തോട് അപേക്ഷിക്കുന്നുണ്ടെങ്കിലും ഫലമില്ല. ’കൂട്ടുകാരീ, ഈ വേദനയുടെ തരംഗത്തിലൂടെ എന്റെ കൂടെ വരു’ എന്നു ശോകാത്മകമായി അദ്ദേഹം ആഹ്വാനംചെയ്യുന്നു. എങ്കിലും അവളതു ചെവിക്കൊള്ളുന്നില്ല.

നെറുതയുടെ യൗവനകാലത്തു രചിക്കപ്പെട്ടതാണ് ഈ പ്രേമഗാനങ്ങളെല്ലാം. അതുകൊണ്ടു നിരൂപകര്‍ ‘റൊമാന്റിക് ക്ലീഷേ’ എന്നാക്ഷേപിക്കാവുന്ന പദങ്ങളും ശൈലികളും ഈ കാവ്യങ്ങളില്‍ കണ്ടെന്നുവരും. എന്നാലും നെറുതയുടെ മൗലികപ്രതിഭ ഇവിടെയും സംദൃശ്യമാണെന്നാണ് എന്റെ പക്ഷം. മൗലികപ്രതിഭ—ഒറിജിനാലിറ്റി—എന്നു ഞാന്‍ പറയുന്നത് മാക്സ് റഫീല്‍ പറയുന്ന രീതിയിലാണ്.

Originality is not the urge to be different from others, to produce the brand-new; it is to grasp (in the etymological sense) the origin, the roots of both ourselves and things’[1]

മറുള്ളവരില്‍നിന്നു വിഭിന്നമായി പറയുക എന്നതല്ല മൗലികത്വം, നൂതനമായത് സൃഷ്ടിക്കുന്നതുമല്ല. നമ്മളിലും വസ്തുക്കളിലുമുള്ള പ്രഭവകേന്ദ്രത്തെ—വേരുകളെ—മനസ്സിലാക്കുകയെന്നതാണ്. നെറുത ഈ വേരുകളെ അനായാസമായി പിടിച്ചെടുക്കുന്നു.

The birds of night peck at the first stars
that flash like my soul when I love you.
The night gallops on its shadowy mare
shedding blue tassels over the land

[യാമിനിയുടെ പക്ഷികള്‍ ആദ്യത്തെ നക്ഷത്രങ്ങളെ കൊത്തുന്നു. ആ നക്ഷത്രങ്ങള്‍ ഞാന്‍ നിന്നെ സ്നേഹിക്കുമ്പോള്‍ ജ്വലിക്കുന്നതു പോലെ ജ്വലിക്കുന്നു. നീലത്തൊങ്ങലുകള്‍ ഭുമിയില്‍ പൊഴിച്ചുകൊണ്ട് രാത്രി മന്ദഛായമായ വാജിനിയില്‍ കുതിച്ചു പോകുന്നു.]

ഇവിടെ റഫീല്‍ ചൂണ്ടിക്കാണിക്കുന്ന മട്ടില്‍ നെറുത കാവ്യഭക്ഷണം കൊണ്ട് നമ്മുടെ വേരുകളെ — പ്രഭവകേന്ദ്രത്തെ — സ്പർശിക്കുകയാണ്. ഈ കവിയുടെ കാമിനി അകലെ നില്ക്കുക മാത്രമല്ല, അവള്‍ നിശ്ശബ്ദത പരിപാലിക്കുകയും ചെയ്യുന്നു. അവള്‍ക്കു പുക്കളാകുന്ന തണുത്ത കൈകളും പനിനീര്‍പ്പൂവാകുന്ന ഉത്സംഗവും ധവളങ്ങളായ കവചവാസികളെ[2]പ്പോലുള്ള സ്തനങ്ങളുമുണ്ടു. അവളുടെ മനോഹരമായ ഉദരത്തില്‍ നിഴലിന്റെ ചിത്രശലഭം വീണുറങ്ങുന്നു. ഹാ! എങ്കിലും അവള്‍ ഒന്നും മിണ്ടുന്നില്ല. മിണ്ടാത്ത അവൾ സമുദ്രമാണ്. ആ സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നൗകാഭംഗമുണ്ടാകുന്നു. അദ്ദേഹം അടയാളങ്ങൾ കാണിച്ചിട്ടും ഫലമില്ല. ഏകാന്തതയുടെ ദുഃഖമനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ് ആ കാമുകൻ. സാക്ഷാത്കരിക്കാത്ത പ്രേമത്തെ ആസ്പദമാക്കിയുള്ള വിലാപങ്ങളാണ് നെറുത ഈ ആദ്യകാലകാവ്യങ്ങളെന്ന് നമുക്ക് അസന്ദിഗ്ദ്ധമായിത്തന്നെ പ്രഖ്യാപിക്കാം.


തീക്ഷ്ണകവിതകള്‍

1927-ല്‍ നെറുത കിഴക്കന്‍ ദിക്കുകളിലേക്കു പോയി. ചിലിയുടെ കൊൺസലായി (Consul) അദ്ദേഹം റങ്കൂണ്‍, കൊളമ്പോ, ബറ്റേവിയ, സിങ്കപ്പോര്‍ ഈ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. ജന്മസ്ഥലത്തു നിന്നു സാന്തിയാഗോയില്‍ എത്തിയ കവിക്കു ദുഃഖമുണ്ടായെങ്കില്‍ വിദേശവാസം അനുഷ്ഠിക്കേണ്ടി വന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് എത്രമാത്രം ദുഃഖമുണ്ടായിരിക്കണം! ഇത് അദ്ദേഹം പ്രസാധനം ചെയ്ത രണ്ടു കാവ്യസമാഹാരങ്ങളില്‍ പ്രത്യക്ഷമാകുന്നുണ്ട്. രണ്ടിന്റെയും പേര് ഒന്നു തന്നെ; Residencia enla tierra (Residence of the Earth — ഭൂമിയിലെ വാസം) 1925-നും 1935-നും ഇടയ്ക്കാണ് ഈ രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. ഈ ഗ്രന്ഥങ്ങളിലെ കവിതകൾ വായിച്ച് ആദരാത്ഭുതങ്ങളോടെ ഞാൻ വളരെ നേരമിരുന്നു പോയി. അത്രകണ്ട് അവ ശക്തങ്ങളാണ്. തീക്ഷ്ണങ്ങളാണ്. മുമ്പു പറഞ്ഞ സാക്ഷാത്കരിക്കാത്ത പ്രേമം ജനിപ്പിച്ച ദുഃഖം ഇവിടെ കൂടുതൽ സാന്ദ്രതയോടെ പ്രത്യക്ഷമാകുന്നു എന്നതല്ല എനിക്കു ചൂണ്ടിക്കാണിക്കാനുള്ളത്. അനുനിമിഷം തകർന്നുവീഴുന്ന ഒരു ലോകത്തിന്റെ ഭീകരമായ ചിത്രം ഈ കാവ്യങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് കമ്മ്യൂണിസ്റ്റ് പർട്ടിയില്‍ച്ചേര്‍ന്ന് Canto General എഴുതിയ ഈ മഹാകവി നിഷേധാത്മകമായ ഒരു നിലപാട് ഇവിടെ സ്വീകരിച്ചിരിക്കുന്നുവെന്നു ചിലര്‍ അഭിപ്രായപ്പെട്ടേക്കാം. അവരുടെ ആ മതത്തില്‍ സത്യമില്ലാതില്ല. പക്ഷ,കാവ്യം ഒരു ഭവിഷ്യദ് വാക്യമാണെന്നോ സത്യത്തിന്റെ സ്പഷ്ടീകരണമാണെന്നോ ജീവിതത്തിന്റെ വിവൃതിയാണെന്നോ കരുതുന്നവര്‍ക്ക് ഈ ഉത്കൃഷ്ടങ്ങളായ കവിതകളെ നിഷേധിക്കാന്‍ വയ്യ.

മരിച്ച ലോകം. ഈ ലോകത്ത് ഏകാകിയായി നില്ക്കുന്ന കവിയില്‍ മഴ വീഴുന്നു. രൂപമില്ലാത്ത മഴ. അതു കവിയെപ്പോലെ പുലമ്പുന്നു. ആ കവി കാണുന്നത് ഭാഗ്യരഹിതമായ, വിവർണ്ണമായ ദിനത്തെയാണ്. എങ്ങും രോദനമേ കേള്‍ക്കാനുള്ളു. പ്രത്യക്ഷമായ ദാരിദ്ര്യമാണെങ്ങും. ഭുമിയുടെ കണ്‍പോളകളില്‍ നിന്ന് പ്രകാശം ആഗമിക്കുന്നു. മണിനാദം പോലെയല്ല അതിന്റെ ആഗമനം. കണ്ണീരിനോടാണ് അതിനു സാദൃശ്യം. Weak with the Dawn എന്ന വിഷാദാത്മകമായ കവിതയുടെ സാരമാണിത്. Walking Around എന്ന കവിതയില്‍ ഈ വിഷാദാത്മകത്വത്തിന്റെ തീക്ഷ്ണത വളരെ കൂടുന്നു.

‘മനുഷ്യനായിരിക്കുക എന്നതു കൊണ്ട് ഞാന്‍ വളരെ ക്ഷീണിച്ചു. ഉണങ്ങി വരണ്ട, കടന്നു ചെല്ലാന്‍ വയ്യാത്ത തയ്യല്‍ക്കാരന്മാരുടെ കടകളിലും ചലന ചിത്രങ്ങള്‍ക്കും ഞാന്‍ പോകുന്നുണ്ട്; ഉത്ഭവത്തിന്റെയും ചാരത്തിന്റെയും ജലത്തില്‍ സഞ്ചരിക്കുന്ന ഊര്‍ണ്ണരാജഹംസമെന്നപോലെ.

ബാര്‍ബര്‍ ഷോപ്പുകളുടെ ഗന്ധം എന്നെ ഉറക്കെ കരയിക്കുന്നു. കല്ലുകളുടെയോ ആട്ടിന്‍ രോമത്തിന്റെയോ നിര്‍വൃതിയല്ലാതെ എനിക്കൊന്നും വേണ്ട. സ്ഥാപനങ്ങള്‍ എനിക്കിനി കാണുകയേ വേണ്ട. ഉദ്യാനങ്ങളും കാണേണ്ടതില്ല. വാണിജ്യ വസ്തുക്കളോ, കണ്ണാടികളോ, ചലിക്കുന്ന കോണിപ്പടികളോ കാണേണ്ടതില്ല.

എന്റെ കാലുകളും നഖങ്ങളും തലമുടിയും നിഴലും കൊണ്ട് ഞാന്‍ ക്ഷീണിച്ച കഴിഞ്ഞു. മനുഷ്യനായിരിക്കുക എന്നതു കൊണ്ട് ഞാന്‍ ക്ഷീണിച്ചു കഴിഞ്ഞു.

അതേസമയം മുറിച്ചെടുത്ത ആമ്പല്‍പ്പൂവു കൊണ്ട് ഒരു ഉദ്യോഗസ്ഥനെ പേടിപ്പിക്കുകയോ കരണത്തില്‍ ഒരടി കൊടുത്ത് ഒരു കന്യാസ്ത്രീയെ കൊന്നു മറിച്ചിടുകയോ ചെയ്യുന്നത് എത്ര ഹൃദ്യമായിരിക്കും. തണുപ്പു കൊണ്ട് മരിക്കുന്നതു വരെ, തെരുവുകളിലൂടെ ഒരു പച്ചപ്പേനാക്കത്തിയും കൊണ്ടു പോകുന്നതു മനോഹരമായിരിക്കും...’

സർറിയലിസത്തിന്റെ സ്വാധീനം

യുക്തി, സാന്മാർഗ്ഗികത്വം, കലാസങ്കേതങ്ങൾ ഇവയുടെ നിയന്ത്രണങ്ങളെ നിരാകരിച്ചു കൊണ്ട് യൂറോപ്പില്‍ സർറിയലിസം എന്നൊരു പ്രസ്ഥാനമുണ്ടായല്ലോ. രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട വിപ്ലവപ്രസ്ഥാനങ്ങളോടു ചേര്‍ന്നാണ് സർറിയലിസം പ്രചാരം കൈവരിച്ചത്. ആ പ്രസ്ഥാനത്തിന്റെ സ്വാധീനശക്തിയിൽ അമര്‍ന്നാണ് നെറുത ഈ കാവ്യം രചിച്ചത്. അതിനാല്‍ വ്യവസ്ഥയില്ലായ്മയും ചിത്രങ്ങളുടെ ബന്ധമില്ലായ്മയും ഇവിടെ കാണാം. ഈ സാങ്കര്യത്തിലും കവിയുടെ ഏകാന്തതയും ദുഃഖവും വ്യഞ്ജിക്കുന്നു എന്നതാണ് സവിശേഷതയായി നാം കാണേണ്ടത്. വ്യാകരണ നിയമങ്ങളെ തകർത്ത് അന്യോന്യബന്ധമില്ലാത്ത ചിത്രങ്ങളെ സങ്കുലനം ചെയ്ത് നെറുത കാവ്യം രചിക്കുന്നതിന്റെ പിമ്പിൽ ഒരു തത്ത്വമുണ്ട്. ലോകത്തിന്റെ സങ്കരാവസ്ഥയിലേക്കു കൈ ചൂണ്ടാനാണ് അദ്ദേഹത്തിന്റെ യത്നം. അതില്‍ അദ്ദേഹം വിജയം പ്രാപിക്കുകയും ചെയ്യുന്നു.

1947-ല്‍ നെറുതയുടെ Tercera Residencia (Third Residence — മൂന്നാമത്തെ വാസം) എന്ന കാവ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇവിടെ സർറിയലിസം കുറെക്കൂടി സങ്കീർണ്ണമാവുകയാണ്. പക്ഷേ, ജനകീയ കവിയായ നെറുതയുടെ ധീരമായ ശബ്ദം സുവ്യക്തമായി കേള്‍ക്കുന്നതും ഈ കാവ്യഗ്രന്ഥത്തില്‍ നിന്നാണ്. മാഡ്റിഡിലെ കൊൺസലായി കുറെക്കാലം കഴിഞ്ഞു കൂടിയ ഈ കവി സ്പാനിഷ് ആഭ്യന്തരസമരം നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ അനുകമ്പ ജനകീയ ശക്തികളോട് ആയിരുന്നുവെന്ന് എടുത്തു പറയേണ്ടതില്ല. യന്ത്രത്തോക്കുകൾ അലറുമ്പോൾ, പീരങ്കിയുണ്ടകൾ ചീറിപ്പായുമ്പോൾ നെറുത അവയെക്കുറിച്ച്, അവയേറ്റ് ചരമമടയുന്ന ധീരന്മാരെക്കുറിച്ച് കാവ്യങ്ങള്‍ രചിച്ചിരുന്നു. അതിലൊന്നാണ് Explico Algunas Cosas (I am explaining a few things — ചില കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കുന്നു) എന്നത്. അതിന്റെ ചില ഭാഗങ്ങള്‍ കേട്ടാലും:

You are going to ask: and where are the lilacs?
and the poppy-petalled metaphysics?
and the rain repeatedly spattering?
its words and drilling them full
of apertures and birds
I’ll tell you all the news.
I lived in a suburb,
a suburb of Madrid, with bells
and clocks and trees.


My house was called
the house of flowers because in every cranny
geraniums burst: it was
a good-looking house
with its dogs and children

[ലിലാക് പുഷ്പങ്ങളെവിടെ? പോപ്പിപ്പൂക്കളുടെ ദലങ്ങളാര്‍ന്ന അദ്ധ്യാത്മവിദ്യയെവിടെ? ഇങ്ങനെ നിങ്ങൾ ചോദിക്കാൻപോവുകയാണ്... ഞാൻ പറയാം... മാഡ്റിഡിന്റെ പരിസരത്തിൽ ഞാൻ താമസിച്ചിരുന്നു... എന്റെ ഭവനം ’പുഷ്പഭവനം’ എന്നറിയപ്പെട്ടിരുന്നു. കാരണം ഓരോ വിടവിലും ജിറനിയം പുഷ്പങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നു എന്നതാണ്.]

അങ്ങനെ പുഷ്പഭവനത്തില്‍ കവി താമസിക്കുമ്പോള്‍ ഒരു മഹാസംഭവം. എന്താണത്? കവിയുടെ വാക്കുകള്‍ കേട്ടാലും:

‘And one morning all that was burning,
one morning the bonfires
leapt out of the earth
devouring human beings
and from then on fire,
gunpowder from then on
and from then on blood.
Bandits with planes and Moors
bandits with finger-rings and duchesses,
bandits with black friars spattering blessings
came through the sky to kill children
and the blood of children ran through the streets
without fuss, like children’s blood
Jackals that the jackals would despise
stones that the dry thistle would bite on and spit out,
Vipers that the vipers would abominate!
Face to face with you I have seen the blood
of Spain tower like a tide
to drown you in one wave
of pride and knives
Treacherous
generals:
see my dead house,
look at broken Spain
from every house burning metal flows
instead of flowers,
from every socket of Spain
Spain emerges
and from every dead child a rifle with eyes,
and from every crime bullets are born
which will one day find
the bull’s eye of your hearts.
And you will ask: why doesn’t his poetry
speak of dreams and leaves
and the great volcanoes of his native land?
Come and see the blood in the streets
Come and see
the blood in the streets
Come and see the blood
in the street’s

[അങ്ങനെയിരിക്കെ ഒരു പ്രഭാതത്തില്‍ എല്ലാം കത്തിയെരിയാന്‍ തുടങ്ങി. ഒരു ദിവസം പ്രഭാതത്തില്‍ ജയസുചകാഗ്നി ഭുമിയില്‍ നിന്നു കുതിച്ചുയർന്നു, മനുഷ്യജീവികളെ ഗ്രസിച്ചു കൊണ്ട്. അവിടെ നിന്ന് അഗ്നി. അവിടെ നിന്ന് വെടിമരുന്ന്. അവിടെ നിന്നു രക്തം. സമതലങ്ങളും മുസ്ലീം പ്രഭുക്കളും ഉള്ള കൊള്ളക്കാര്‍ മോതിരങ്ങളും പ്രഭ്വികളും ഉള്ള കൊള്ളക്കാര്‍. അനുഗ്രഹങ്ങള്‍ വാരി വിതറുന്ന കറുത്ത കത്തോലിക്കാ സന്ന്യാസിമാരുള്ള കൊള്ളക്കാർ. അവർ കുഞ്ഞുങ്ങളെ കൊല്ലാന്‍ അന്തരീക്ഷത്തിലൂടെ വന്നു. കുഞ്ഞുങ്ങളുടെ രക്തം തെരുവിലൂടെ ഒഴുകുകയും ചെയ്ത; ഒരു ബഹളവും കൂടാതെ കുഞ്ഞുങ്ങളുടെ രക്തം പോലെ തന്നെ.

കുറുക്കന്മാര്‍ പുച്ഛിക്കുന്ന കുറുക്കന്മാര്‍
ഉണങ്ങിയ മുള്‍ച്ചെടികള്‍ കടിച്ചിട്ടു തുപ്പിക്കളയുന്ന കല്ലുകള്‍
അണലിപ്പാമ്പുകള്‍ക്ക് അറപ്പ് ഉണ്ടാക്കുന്ന അണലിപ്പാമ്പുകള്‍
നിങ്ങള്‍ക്ക് അഭിമുഖമായി നില്ക്കുമ്പോള്‍ ഞാന്‍ കണ്ടു സ്പെയിനിന്റെ രക്തം തിരപോലെ ഗോപുരാകൃതിയിലാകുന്നത്. അഹങ്കാരത്തിന്റെയും കത്തികളുടെയും ഒറ്റത്തിരയില്‍ നിങ്ങളെ മുക്കിക്കളയാനായി.
ചതിയന്മാരായ
ജനറല്‍മാര്‍.

എന്റെ മരിച്ച വീടു കാണൂ. തകര്‍ന്ന സ്പെയിന്‍ കാണൂ. പൂക്കള്‍ക്കു പകരം ഓരോ വീട്ടില്‍ നിന്നും ഉരുകിയ ലോഹം ഒഴുകുന്നു. സ്പെയിനിന്റെ ഓരോ ഗർത്തത്തിൽ നിന്നും സ്പെയിന്‍ ഉയരുന്നു. മരിച്ച ഓരോ ശിശുവില്‍ നിന്നും കണ്ണുള്ള ഓരോ തോക്ക് ഉയരുന്നു. ഓരോ അപരാധത്തില്‍ നിന്നും വെടിയുണ്ടകള്‍ ജനിക്കുന്നു. ഇവ ഒരുദിവസം നിങ്ങളുടെ ഹൃദയത്തിന്റെ നടുവില്‍ത്തന്നെ തറയ്ക്കും.

നിങ്ങള്‍ ചോദിക്കും: അയാളുടെ കവിത സ്വപ്നങ്ങളെക്കുറിച്ചും ഇലകളെക്കുറിച്ചും അയാളുടെ ജന്മദേശത്തെ മഹനീയങ്ങളായ ജ്വാലമുഖികളെക്കുറിച്ചും പാടാത്തതെന്തേ?

വരൂ, തെരുവുകളിലെ രക്തം കാണൂ!
വരൂ, കാണൂ
തെരുവുകളിലെ രക്തം കാണൂ.
വരൂ രക്തം കാണൂ
തെരുവുകളിലെ രക്തം കാണൂ!

എന്തൊരു ഉജ്ജ്വലമായ കാവ്യം! ഫ്രാങ്കോ ഇതു വായിച്ചിട്ടുണ്ടെങ്കില്‍ ഞെട്ടിയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. പുഷ്പങ്ങളെയും കുഞ്ഞുങ്ങളെയും ഭവനങ്ങളെയും നശിപ്പിച്ചു കൊണ്ട് കീറിയ നാവു കാണിച്ച് നടമാടുന്ന അണലിപ്പാമ്പുകള്‍. അവ രക്തമൊഴുക്കുന്നു. ആ പാമ്പുകളെ അടിച്ചു കൊന്നാലേ പുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വീടുകള്‍ക്കും രക്ഷയുള്ളു. അപ്പോള്‍ മാത്രമേ കിനാക്കളെക്കുറിച്ച് പാടാനാവൂ. ഇപ്പോൾ രക്തം മാത്രമേ കാണാനുള്ളു.

കവിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പ്രിയപ്പെട്ട വായനക്കാരെ ഞാന്‍ ക്ഷണിച്ചെങ്കിലും ഇവ അദ്ദേഹത്തിന്റെ തന്നെ വാക്കുകളല്ല. ഇംഗ്ഗീഷ് തർജ്ജമയാണ്. അതിനിത്ര ശക്തിയുണ്ടെങ്കില്‍ നെറുതയുടെ സ്പാനിഷ് കാവ്യത്തിന് എത്രമാത്രം ശക്തി ഉണ്ടായിരിക്കും. ഇങ്ങനെ രക്തമൊഴുക്കുന്ന ഫ്രാങ്കോയ്ക്ക് നമ്മുടെ മഹാകവി ശിക്ഷ വിധിക്കുന്നുണ്ട്. അയാളെ നരകത്തിലിടണം. അവിടെ ചോര അയാളുടെ തലയില്‍ വര്‍ഷിച്ചു കൊണ്ടിരിക്കണം. എന്നിട്ട് അയാള്‍ ഇവിടെ ചുഴ്ന്നെടുത്ത കണ്ണുകളുടെ നദിയില്‍ തെന്നിത്തെന്നി വീഴണം.

സ്പെയിനിലെ ആഭ്യന്തരസമരം കണ്ട നെറുത തികഞ്ഞ കമ്മ്യൂണിസ്റ്റായി മാറി. അദ്ദേഹം 1945-ല്‍ ചിലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1950-ല്‍ Canto General എന്ന ഉജ്ജ്വല മഹാകാവ്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതോടെ നെറുതയുടെ കാവ്യത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്. നിരപരാധിയുടെ ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളില്‍ കാലു തെറ്റി വീഴുന്ന ഫ്രാങ്കോ, അയാളെപ്പോലുള്ള ഫാഷിസ്റ്റുകള്‍ ഇവരെ നെറുത എങ്ങനെ ഭര്‍ത്സിച്ചുവെന്നു മനസ്സിലാക്കണമെങ്കില്‍ നാം Canto General വായിക്കണം. അപ്പോൾ ഈ മഹാകവി മനുഷ്യത്വത്തിന്റെ ഉദ്ഗാതാവാണെന്ന പരമാർത്ഥം നാം മനസ്സിലാക്കും.

മനുഷ്യത്വത്തിന്റെ ഉദ്ഗാതാവ്

ശുദ്ധമായ ആഹ്ലാദം മാത്രം പ്രദാനം ചെയ്യുന്ന കവിതയെ പടിഞ്ഞാറന്‍ ദേശത്തുള്ളവര്‍ നിര്‍മ്മലമായ കവിതയെന്നു വിളിക്കാറുണ്ട് (Pure poetry). ഉദ്ബോധനാംശത്തിന്റെ അതിപ്രസരത്തോടെ സമൂഹപരിഷ്കരണം ലക്ഷ്യമാക്കി രചിക്കപ്പെടുന്ന കവിതയുടെ പേര് സ്വാഭാവികമായും അനിര്‍മ്മലയായ കവിതയെന്നു തന്നെ (Impure poetry). 1959-ല്‍ നോബല്‍ സമ്മാനം നേടിയ സിസിലിയൻ കവി സാല്‍വാതൊറി ക്വാസിമൊദൊ (Salvatore Quasimodo) രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അനിര്‍മ്മലമായ കാവ്യത്തിന്റെ ഉദ്ഘോഷകനായി മാറി. അദ്ദേഹത്തിനു പോലും പ്രേരണ നല്‍കിയത് പാവ്ലോ നെറുതയാണെന്നു വിചാരിക്കുന്നതില്‍ തെറ്റില്ല. ഫ്രാങ്കോയുടെ നിന്ദ്യകര്‍മ്മങ്ങളും മനുഷ്യന്റെ വേദനകളും കണ്ട് മനസ്സിനു മാറ്റം വന്ന മഹാകവി അനിര്‍മ്മലമായ കാവ്യരചനയ്ക്കു വേണ്ടി വാദിച്ചു തുടങ്ങി. അങ്ങനെയുള്ള കവിത ‘വിയര്‍പ്പും പുകയും കൊണ്ട് അതിപൂരിതമാകണം; അതിനു മൂത്രത്തിന്റെയും വെളുത്ത ലില്ലിപ്പൂക്കളുടെയും ഗന്ധമുണ്ടാകണം; അനുവദിച്ചതും അനുവദിക്കാത്തതും ആയ എല്ലാ മാനുഷിക പ്രവർത്തനത്തിന്റെയും മുദ്ര അതിൽ പതിഞ്ഞിരിക്കണം’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല. ‘അശുദ്ധമായ വസ്ത്രങ്ങള്‍ പോലെ, ശരീരം പോലെയാവണമത്’ [The Truth of Poetry എന്ന ഗ്രന്ഥത്തില്‍ നിന്ന്]. ഇത് വെറുമൊരു പ്രഖ്യാപനമോ സിദ്ധാന്തമോ ആയിരുന്നില്ല. അതിന് തെളിവ് നെറുതയുടെ Canto General എന്ന ഇതിഹാസം തന്നെ. ‘എന്റെ എല്ലാ വശങ്ങളില്‍ നിന്നും ഉദ്ഭവിച്ച പ്രേമഗാനങ്ങള്‍ ഞാന്‍ എഴുതുമ്പോള്‍ ഞാന്‍ നൈരാശ്യം കൊണ്ടു മരിക്കുകയായിരുന്നു.’ അവര്‍ എന്നോടു പറഞ്ഞു: ‘തിയോക്രിറ്റസ്![3] നിങ്ങള്‍ എന്തൊരു വലിയ മനുഷ്യനാണ്!’ ഞാന്‍ തിയോക്രിറ്റസ് അല്ല. ഞാന്‍ ജീവിതത്തെ സ്വീകരിച്ചു; അവള്‍ക്ക് അഭിമുഖമായി നിന്നു. അവളെ ചുംബിച്ചു; കൈക്കലാക്കി. എന്നിട്ടു മറ്റു മനുഷ്യര്‍ ജീവിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാനായി ഖനികളുടെ തുരങ്കങ്ങളില്‍ ക്കൂടെ സഞ്ചരിച്ചു. ഞാന്‍ പുറത്തു വന്നപ്പോള്‍ എന്റെ കൈകള്‍ വിഷാദത്തിന്റെയും മാലിന്യത്തിന്റെയും കറ പറ്റിയവയായിരുന്നു. ഞാന്‍ ജനറല്‍മാരെ കൈകള്‍ കാണിച്ചു പറഞ്ഞു: ‘ഞാന്‍ ഈ കുറ്റത്തില്‍ പങ്കുകാരനല്ല.’ അവര്‍ വെറുപ്പു കാണിച്ചു ചുമച്ചു, ‘ഹലോ’ എന്നു പറയുന്നതു നിറുത്തി, പൊലീസു സേനയെ മുഴുവൻ എന്നെ അറസ്റ്റു ചെയ്യാനായി ഏര്‍പ്പാടു ചെയ്തു. കാരണം, ഞാന്‍ ആദ്ധ്യാത്മിക കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നില്ല എന്നതാണ്.’ ‘കാന്റോ ജനറ’ലിലുള്ള ഈ ഭാഗം കവിക്കു വന്ന പരിവര്‍ത്തനത്തിനു തെളിവു നല്‍കുന്നു. പ്രേമഗാനങ്ങളുടെ വിഷാദാത്മകത്വത്തെ വിട്ട് പാവങ്ങളുടെ ദുഃഖാത്മകത്വഞ്ഞക്കുറിച്ചു പാടാൻ അദ്ദേഹം തീരുമാനം ചെയ്തിരിക്കുന്നു. അങ്ങനെ പാടുമ്പോള്‍ കവിത വാചാലമാകുകയില്ലേ? പ്രചാരണത്തിന്റെ അംശം കൂടുതലാകുകയില്ലേ? അമംഗല ഘോഷണം, പ്രകാശഭര്‍ത്സനം ഇവ ഉണ്ടാകുകയില്ലേ? യുക്തി കലര്‍ന്ന ചോദ്യങ്ങളാണ് ഇവ. ഈ ദോഷങ്ങളൊക്കെ ’കാന്റോ ജനറ’ലിനുണ്ട്. എങ്കിലും അമേരിക്കയെക്കുറിച്ചുള്ള മഹനീയമായ ഇതിഹാസമായി അത് പ്രത്യക്ഷപ്പെടുന്നു. ‘കാന്റോ ജനറലി’ന് സദൃശ്യമായ മറ്റൊരു കാവ്യം ഒരിടത്തുമില്ല.

പതിനഞ്ചു ഭാഗങ്ങളാണ് ഈ മഹാകാവ്യത്തിനുള്ളത്. അമേരിക്കയിലെ വൃക്ഷങ്ങള്‍, മൃഗങ്ങള്‍ ഇവയെക്കുറിച്ചാണ് ആദ്യത്തെ വര്‍ണ്ണന. തുടര്‍ന്ന്, യേശു ക്രിസ്തുവിനു മൂവായിരം വര്‍ഷങ്ങള്‍ മുമ്പ് നിര്‍മ്മിക്കപ്പെട്ട ഇങ്കാ നഗരമായ മാക്കുപിക്കുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടുള്ള ചിന്തനങ്ങളാണുള്ളത്. ആക്രമണകാരികള്‍, മര്‍ദ്ദകന്മാര്‍, യഥാര്‍ത്ഥ ജനസേവകര്‍ ഇവരെയെല്ലാം പിന്നീട് അവതരിപ്പിക്കുന്നു. ചിലിയിലെ തൊഴിലാളികളെയും അമേരിക്കന്‍ ഐക്യനാടുകളുടെ ആത്മാവായ ലിങ്കനെയും വാഴ്ത്താന്‍ അദ്ദേഹം മടിക്കുന്നില്ല. സ്വന്തം ജന്മദേശത്തിന്റെ മഹിമാതിരേകത്തെ വർണ്ണിച്ചു കൊണ്ട്, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോടുള്ള സ്നേഹം ആവിഷ്കരിച്ചു കൊണ്ട് മഹാകവി കാവ്യം അവസാനിപ്പിക്കുന്നു.

ചരിത്രത്തിന് രണ്ടു രൂപങ്ങള്‍ ഏതു രാജ്യത്തും കാണും. ഒന്ന്: ആധികാരിക രൂപം (Official version); രണ്ട്: ജനകീയ രൂപം. ഇതില്‍ ആധികാരിക രൂപത്തെ നിരാകരിച്ച് ജനങ്ങളുടെ വീക്ഷണഗതിയിലൂടെ ചരിത്രത്തെ ആവിഷ്ക്കരിക്കുകയാണ് നെറുത. അങ്ങനെ ആവിഷ്കരിക്കുമ്പോള്‍ തൊഴിലാളിക്കായിരിക്കും പ്രാധാന്യം വരിക. ആധികാരിക ചരിത്രത്തില്‍ ജനമർദ്ദകര്‍ക്കായിരിക്കും പ്രാധാന്യം. ഇതാ മാക്കുപിക്കു നഗരത്തെ അഭിസംബോധന ചെയ്തുകൊണ്ടു കവി പറയുന്നു.

Then up the ladder of the earth I climbed
through the barbed jungle’s thickets
until I reached you, Macchu Picchu.


up here men’s feet found rest at night
near eagles’ talons in the high
meat-stuffed eyeries. And in the dawn
with thunder steps they trod the
thinning mists.
touching the earth and stones that they might recognize
that touch come night, come death.

ഭൂമിയുടെ ഏണിപ്പടികൾ കയറി കവി ചെന്നുനില്ക്കുന്നതു മാക്കുപിക്കു നഗരത്തിലാണ്. അവിടെ രാത്രി മനുഷ്യരുടെ കാലുകൾക്കു വിശ്രമം. പകലാകുമ്പോൾ അവര്‍ ഇടിനാദം മുഴങ്ങുന്ന പാദവിന്യാസങ്ങളുമായി കനം കുറഞ്ഞു വരുന്ന മൂടല്‍ മഞ്ഞിലൂടെ നടക്കും. ആ മനുഷ്യരാണ് ചരിത്രം സൃഷ്ടിച്ചവര്‍. അവരെയാണ് നെറുത സ്നേഹിക്കുന്നത്. ഈ മനുഷ്യര്‍ക്കു മുമ്പ് മറ്റു മനുഷ്യര്‍. അവര്‍ക്കു മുമ്പ് വേറെ മനുഷ്യര്‍. അങ്ങനെ ആദിമ മനുഷ്യനിലെത്തുന്നു. അയാള്‍ക്കു മുമ്പോ? പ്രകൃതി ത്രം. അവിടം തൊട്ടാണ് നെറുത മഹാകാവ്യം ആരംഭിക്കുന്നത്. കവി ആ പ്രാക്തന കാലികപ്രകൃതിയിലൂടെ സഞ്ചരിക്കുന്ന ചിത്രം ‘കാന്റോ ജനറലി’ന്റെ ആദ്യത്തെ ഭാഗത്തില്‍ നിന്നു തന്നെ ലഭിക്കും. ഞാൻ സപ്പോട്ടക് പുഷ്പങ്ങളുടെ ഇടയിലൂടെ നടന്നു. അപ്പോള്‍ പ്രകാശം മാനിനെപ്പോലെ മൃദുലമായിരുന്നു. നിഴലാകട്ടെ പച്ച നിറമാര്‍ന്ന കണ്‍പോള പോലെയും.’ അന്നു കവിയുടെ ഭുമിക്കു പേരില്ല. ഭാഷ തന്നെയില്ല. വാക്കു തന്നെയില്ല.

‘Your aroma rose through my roots
into the cup I drained,
into the most tenous word
not yet born in my mouth.’

[ഞാൻ ജലം ഊറ്റിക്കുടിച്ച പാനപാത്രത്തിലൂടെ, എന്റെ വായില്‍ അതുവരെ ജനിക്കാത്ത എറ്റവും നേര്‍ത്ത പദത്തിലൂടെ നിന്റെ പരിമളം എന്റെ വേരുകളിലൂടെ ഉയര്‍ന്നു.] എന്നു കവി പറയുന്നതു ശ്രദ്ധിക്കുക. പ്രാക്കലിനാവസ്ഥയെ ഇതിനെക്കാള്‍ മനോഹരമായി വേറൊരു കവിയും ആവിഷ്കരിച്ചതായി എനിക്കറിവില്ല.

മൃഗങ്ങളുടെ വര്‍ണ്ണനയ്ക്കും അസാധാരണത്വമുണ്ട്.

The jaguar touches the leaves
with his phosphorescent absence,
the puma runs on the foliage
like all consuming flame
and in him burn
the alcoholic eyes of the jungle.
(Alguna Bestias-Some Beasts-Canto General)

[ജഗ്വാർ (അമേരിക്കന്‍ പുള്ളിപ്പുലി) അവന്റെ സ്ഫുരല്‍ പ്രകാശമുള്ള അസാന്നിദ്ധ്യം കൊണ്ട് ഇലകളെ സ്പര്‍ശിക്കുന്നു. പ്യൂമ (അമേരിക്കന്‍ കാട്ടുപൂച്ച) എല്ലാം ദഹിപ്പിക്കുന്ന അഗ്നി പോലെ ഇലപ്പടര്‍പ്പില്‍ ഓടുന്നു. അവനില്‍ വനത്തിന്റെ മദ്യസാരമാര്‍ന്ന കണ്ണുകള്‍ കത്തുന്നു.]

സർറിയലിസത്തിന്റെ സങ്കേതമുപയോഗിച്ചാണ് നെറുത കാവ്യമെഴുതുന്നത്. കാവ്യാത്മകങ്ങളല്ലാത്ത ചിത്രങ്ങളെ അദ്ദേഹം കൂട്ടിയിണക്കുന്നു.

എന്റെ അവിദഗ്ദ്ധമായ ഗദ്യപരിഭാഷ ദൂരെക്കളഞ്ഞിട്ട് ആ ഇംഗ്ലീഷ് തർജ്ജമയൊന്നുകൂടി വായിക്കൂ. കാവ്യാത്മകങ്ങളല്ലാത്ത ചിത്രങ്ങൾ കാവ്യസൗന്ദര്യം സൃഷ്ടിക്കുന്നതായി കാണാം. മൃഗങ്ങളെ വര്‍ണ്ണിച്ചതിനു ശേഷം നെറുത ’നദീപ്രവേശ’ത്തെയാണ് വര്‍ണ്ണിക്കുന്നത്.

ബ്രസീലില്‍ നിന്നു പുറപ്പെട്ട് കൊളമ്പിയ, വെനിസ്വേല (Venezuela) ഈ പ്രദേശങ്ങളിലൂടെ ഒഴുകി അറ്റ്‌ലാന്റിക്കിൽ വീഴുന്ന നദിയാണ് ഒറീനോക്കോ (Orinoco). അതിനോടു കവി പറയുന്നതു കൂടെ കേട്ടാലും:

Orinoco let me stay on the banks
of your hour without hour:
leave me to go naked as then,
to go into your baptismal darkness.
Orinoco of the scarlet water,
let me sink my hands returning
to your maternity, to your coursing
river of races, bedrock of roots
your ample murmur, your savage sheen
comes from where I come, from the spare
exultant heights, from out of a secret
like a blood-stock, from out of a silent
mother-source of clay.

ഒറീനോക്കോ നദിയുടെ കാലത്തിന്റെ തീരങ്ങളില്‍ കാല പരിഗണന കൂടാതെ കിടക്കാനാണ് കവിയുടെ ആഗ്രഹം. ആ നദിയുടെ ജ്ഞാനസ്നാന സംബന്ധമായ അന്ധകാരത്തിൽ നഗ്നനായി പോകാൻ അനുവദിക്കണമെന്നാണ് കവിയുടെ പ്രാർത്ഥന. ചുവന്ന ജലമാർന്ന ഒറീനോക്കോ അതിൽ കൈകൾ മുക്കി ആ നദിയുടെ മാതൃത്വത്തിലേക്ക് അദ്ദേഹത്തിനു പോകണം. അതിന്റെ പ്രചുരമായ ‘മർമ്മര’വും അപരികൃഷ്തമായ തേജസ്സും കവി എവിടെ നിന്നു വന്നുവോ അവിടെ നിന്നു തന്നെയാണ് വന്നത്. രക്തബന്ധമാർന്ന ഒരു വംശത്തിൽ നിന്ന്, കളിമണ്ണിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് രണ്ടു പേരും (കവിയും നദിയും) വന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ വ്യത്യാസമില്ലെന്നാണ് നെറുത നിസ്തുലമായ രീതിയിൽ പ്രഖ്യാപിക്കുന്നത്. പക്ഷേ, ഈ മനുഷ്യൻ പിന്നീട് കള്ളനായി മാറി; അവൻ പ്രച്ഛന്നവേഷനായി നിന്നു. [Before wig and frock-coat were the rivers, the arterial rivers-Canto General-Love, America (1400) കൃത്രിമകേശവും ഫ്രാക്ക് കോട്ടും വരുന്നതിനു മുമ്പ് നദികളുണ്ടായിരുന്നു, ധമനി പോലുള്ള നദികളുണ്ടായിരുന്നു.

പ്രകൃതിയും മനുഷ്യനും

ഇങ്ങനെ പ്രാഥമിക പ്രകൃതിയെയും പ്രാഥമിക മനുഷ്യനെയും അവതരിപ്പിച്ചിട്ടാണ് നെറുത മാക്കൂപിക്കു നഗരത്തിലെ പ്രാചീന മനുഷ്യനെ ചിത്രീകരിക്കുന്നത്. അത് കവിയോട് അയാള്‍ക്കുള്ള ബന്ധം ആവിഷ്കരിക്കാനാണു താനും. ലോകസാഹിത്യത്തില്‍ കാന്റോ ജനറലിന് നിസ്തുലമായ സ്ഥാനമുണ്ടെന്നു മുമ്പ് സൂചിപ്പിച്ചല്ലോ. അതിലെ എറ്റവും ഉത്കൃഷ്ടമായ ഭാഗം Alturas De Macchu Picchu (Heights of Macchu Picchu) എന്നതാണ് കാരണം. കവിതയും മനുഷ്യസ്നേഹവും ഇവിടെ വേര്‍തിരിച്ചെടുക്കാന്‍ വയ്യാത്ത വിധം ഒന്നായിത്തീരുന്നു എന്നതത്രേ. ഈ കാവ്യഖണ്ഡത്തില്‍ Piedra en la Piedra — Stone Within Stone — എന്നൊരു ഭാഗമുണ്ട്. അത് വായിച്ചിട്ട് ആർക്കെങ്കിലും ചലനമുണ്ടാകാതിരിക്കുന്നെങ്കിൽ അയാളുടെ മനുഷ്യത്വത്തിൽ വരെ നാം സംശയിക്കണം. അത്ര കണ്ട് അത് ഉജ്ജ്വലമാണ്. ബി.സി. മൂവായിരത്തില്‍ ജീവിച്ചിരുന്ന മനുഷ്യനെ തന്നോടു ബന്ധിപ്പിക്കാനാണ് നെറുത ശ്രമിക്കുന്നതെന്ന് പറഞ്ഞല്ലോ. അപ്പോഴും അദ്ദേഹം അന്നു ജീവിച്ച മനുഷ്യരുടെ വേദനകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാക്കുപിക്കുവിനോടു കവി ചോദിക്കുന്നു.

Macchu Picchu, did you lift
stone above stone on a ground work of rags
Coal upon coal and, at the bottom, tears?
Fire-crested gold, and in that gold, the bloat
dispenser of this blood?

[മാക്കുപിക്കു! നീ ജീർണ്ണവസ്ത്രത്തിന്റെ അടിത്തറയിലാണോ കല്ലിനു മുകളിൽ കല്ലു വച്ച് ഉയർന്നത്? കൽക്കരിക്കു മുകളിൽ കൽക്കരി. അടിത്തട്ടിൽ കണ്ണീരോ? അഗ്നിശിഖയാർന്ന സ്വർണ്ണം! ആ സ്വർണ്ണത്തിൽ അപരിമിതമായി രക്തം ഒഴുക്കുന്നവനോ?]

മുതലാളിയെ അടിക്കണം, കൊല്ലണം, അയാളുടെ ചോര കുടിക്കണം എന്നും മറ്റും പടപ്പാട്ടെഴുതി വിടുന്ന കേരളത്തിലെ കവികൾ ഈ വരികൾ വായിച്ച് വിപ്ലവകാവ്യം എഴുതേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കിയാൽ നന്ന്. അതുപോകട്ടെ; ഇങ്ങനെ പാവങ്ങളുടെ ചോരയും കണ്ണീരും കാണുന്ന നെറുത അവരെത്തന്നെ അന്വേഷിക്കുകയാണ്. കല്ലിനകത്തു കല്ല്; പക്ഷേ, മനുഷ്യനെവിടെ? വായുവിനകത്ത് വായൂ; എന്നാൽ മനുഷ്യനെവിടെ? കാലത്തിനകത്ത് കാലം; പക്ഷേ, മനുഷ്യനെവിടെ! നെറുതയ്ക്ക് ഉത്തരം ലഭിക്കുന്നില്ല. പ്രിയപ്പെട്ട വായനക്കാരേ! ‘മാക്കുപിക്കുവിന്റെ ഔന്നത്യം’ എന്ന കാവ്യഖണ്ഡം വായിക്കുന്നത് അസാധാരണമായ ഒരനുഭവമാണ്.

തുടർന്ന് ആക്രമണകാരികളും വിമോചകരും അണിനിരക്കുന്നു. ആക്രമണകാരികളെ വർണ്ണിക്കുമ്പോഴെല്ലാം സ്പെയിൻകാരെ പാരതന്ത്ര്യത്തിലിട്ട ഫ്രാങ്കോയെ നമുക്കു കാണാം. ആ സര്‍ഗ്ഗങ്ങളെ കുറിച്ചെഴുതാന്‍ സ്ഥലമില്ല. കശാപ്പുകാരന്മാര്‍ കുഞ്ഞുങ്ങളുടെ പുഞ്ചിരികളെ തകര്‍ത്തുകൊണ്ട് എത്തുന്നതു നാം കാണുന്നു. പക്ഷേ, കഠാരകള്‍ ഉണ്ടായിരുന്നിട്ടും പ്രകാശം വന്നെത്തി. വിമോചകരുടെ പ്രകാശം.

ഭിന്നമണ്ഡലങ്ങളില്‍

Political poetry is proverbially bad poetry — രാഷ്ട്രവ്യവഹാരത്തെ സംബന്ധിക്കുന്ന കവിത കുപ്രസിദ്ധമായ വിധത്തില്‍ അധമകാവ്യമാണ് — എന്ന് ഒരു ചൊല്ലുണ്ട്. ഇറ്റാലിയന്‍ ദാര്‍ശനികനായ ക്രോച്ചെയ്ക്ക് ആ മതമാണു് ഉണ്ടായിരുന്നത്. അദ്ദേഹം 1952-ല്‍ മരിച്ചു. 1950-ലാണ് കാന്റോ ജനറല്‍ പ്രസിദ്ധപ്പെടുത്തിയത്. അതുകൊണ്ട് ക്രോച്ചെ ആ മഹാകാവ്യം വായിച്ചിരിക്കാനിടയില്ല. വായിച്ചിരുന്നെങ്കില്‍ Political poetry is proverbially bad poetry എന്ന് അദ്ദേഹം എഴുതുമായിരുന്നില്ല. നോബല്‍ സമ്മാനം സ്വീകരിച്ചു കൊണ്ട് ക്വാസിമൊദൊ ചെയ്ത പ്രഭാഷണത്തില്‍ എതാണ്ട് ഇങ്ങനെ പറയുകയുണ്ടായി:

’ദന്തഗോപുരത്തിലിരിക്കുന്ന കവി ജനങ്ങളുടെ മദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവരുടെ വൈകാരികങ്ങളായ ആവശ്യങ്ങളിലേക്കു മാത്രമല്ല, രാഷ്ട്രവ്യവഹാരസംബന്ധമായ ചിന്തകളിലേക്കും (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്). രാഷ്ട്രവ്യവഹാരത്തിലേക്കു മുങ്ങിച്ചെന്നു മുത്തുകള്‍ വാരിയെടുത്തു കൊണ്ടു വന്ന മഹാകവിയാണ് നെറുത. അദ്ദേഹത്തിന്റെ കാന്റോ ജനറല്‍ അഗ്നിശിഖയാര്‍ന്ന സ്വര്‍ണ്ണം തന്നെ; അതില്‍ രക്തം പുരണ്ടിട്ടുണ്ടെങ്കിലും.

സമുദ്രം അപരിമേയം; അന്തരീക്ഷം അതിനെക്കാള്‍ അപരിമേയം ഇവ രണ്ടിനെക്കാളും അപരിമേയമാണ് മനുഷ്യമനസ്സെന്നു വിക്തര്‍ യൂഗോ ലെ മിസറാബ്ളില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഓര്‍മ്മ. താഴ്ചയിലേക്കും ഉയര്‍ച്ചയിലേക്കും മനസ്സ് ഒരേ വിധത്തില്‍ സഞ്ചരിക്കുന്നു. സത്ത്വഗുണ പ്രധാനമായ മനസ്സ് തമോഗുണ പ്രധാനമാകുന്നത് ക്ഷണനേരം കൊണ്ടാണ്. ധര്‍മ്മപുത്രര്‍ കള്ളം പറഞ്ഞു. ശ്രീരാമന്‍ കാട്ടില്‍ വച്ച് അച്ഛനെ സ്ത്രീജിതന്‍ എന്നു വിളിച്ചു. പാലു കുടിക്കില്ലെന്നു ശപഥം ചെയ്ത ഗാന്ധിജി രോഗം വന്നു പാലു കുടിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ പറഞ്ഞതെന്താണെന്ന് അറിയാമല്ലോ. ‘പാലു കുടിക്കില്ലെന്നു ഞാന്‍ ശപഥം ചെയ്തപ്പോള്‍ ആട്ടിന്‍ പാലു കുടിക്കുകയില്ലെന്നു കരുതിയില്ല. അതുകൊണ്ട് അതാവാം.’ മഹാത്മാവെന്നു വിശേഷിപ്പിക്കേണ്ട ഷാങ്‌വല്‍ ഷാങ് ഒരു പാവപ്പെട്ട ബാലനെ ശകാരിച്ചു. കവികളുടെ മനസ്സും ഇതുപോലെ വിഭിന്ന മണ്ഡലങ്ങളില്‍ സഞ്ചരിക്കുന്നു. ‘ഗീതാഞ്ജലി’ എഴുതിയ ടാഗോര്‍ ‘ചന്ദ്രക്കല’യും രചിച്ചു. ‘പ്രരോദനം’ എഴുതിയ കുമാരനാശാന്‍ തന്നെയാണ് ‘ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോവുന്നിതാ പറന്നമ്മേ’ എന്നും എഴുതിയത്. ‘കാന്റോ ജനറല്‍’ എഴുതിയ നെറുത Odas Elementales — Elemental Odes — എന്ന കാവ്യസമാഹാരവും രചിച്ചു. മനുഷ്യജീവിതത്തിന്റെ മൂലവസ്തുക്കളെ അത്ഭുതം ജനിപ്പിക്കുമാറ് ആവിഷ്കരിച്ച് സ്വയം ആഹ്ലാദിക്കുകയും നമ്മെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന നെറുതയെയാണ് നാം ഈ കാവ്യങ്ങളില്‍ കാണുന്നത്. പുസ്തകം, മഞ്ഞക്കിളി, വാച്ച് (ഘടികാരം), തക്കാളി (tomato), വസ്ത്രം ഇവയൊക്കെ കവിക്ക് കാവ്യപ്രചോദനമരുളുന്നു. തക്കാളിയെക്കുറിച്ച് അദ്ദേഹം എഴുതുന്നതു നോക്കുക:

The street
drowns in tomatoes:
noon,
summer,
light
breaks
in two
tomato
halves
and the streets
rum
with juice

തെരുവുകൾ തക്കാളികളിൽ മുങ്ങി. അവയുടെ ചാറ് അവിടെയെങ്ങും ഒഴുകുന്നു. ഡിസംബറിൽ അവ അടുക്കളകളെ ആക്രമിക്കുന്നു. സൈഡ് ബോർഡുകളിൽ അവ വിശ്രമിക്കുന്നു. ആ തക്കാളികൾക്കു രാജകീയ പ്രഭയുണ്ട്. ഇങ്ങനെയെല്ലാം വർണ്ണിച്ചിട്ടു കവി പറയുന്നു.

Too bad we must
assassinate:
a knife
plunges
into its living pulp.

[നാം അതിനെ കൊല്ലണമെന്നത് വളരെ മോശപ്പെട്ട കാര്യം തന്നെ. കത്തി അതിന്റെ ജീവനുള്ള മജ്ജയിലേക്കു താണിറങ്ങുന്നു.]

ഈ വരികളിലെത്തുമ്പോൾ തക്കാളി മനുഷ്യനെപ്പോലെ പ്രാധാന്യം ആവഹിക്കുന്നു. ഇതിനെക്കാൾ മനോഹരമാണ് വാച്ചിനെക്കുറിച്ച് അദ്ദേഹമെഴുതിയ കവിത.

Oda a un Reloj en la Noche
— Ode to a Watch at Night.
At night, in your hand
my watch shone
like a firefly
I heard
its ticking
like a dry rustling
Coming
from your invisible hand
Then your hand
went back to my dark breast
to gather my sleep and its beat.

രാത്രിയില്‍ നിന്റെ കൈയില്‍ എന്റെ വാച്ച് മിന്നാമിനുങ്ങിനെപ്പോലെ പ്രകാശിച്ചു. ഞാന്‍ അതിന്റെ ടിക് ശബ്ദം കേട്ടു. കാണാന്‍ വയ്യാത്ത നിന്റെ കൈയില്‍ നിന്ന്, ശുഷ്കമായ മര്‍മ്മരശബ്ദം പോലെ അതു വരികയായി. പിന്നീട് നിന്റെ കൈ എന്റെ ഇരുണ്ട വക്ഷസ്സിലേക്കു തിരിച്ചു പോയി; എന്റെ നിദ്രയും ഹൃദയസ്പന്ദനവും ശേഖരിക്കാനായി.

വാച്ച് അതിന്റെ കൊച്ചു വാളു കൊണ്ട് സമയത്തെ മുറിക്കുന്നതും മിനിറ്റുകള്‍ ഇലകള്‍ പോലെ, കറുത്ത തൂവലുകള്‍ പോലെ വീഴുന്നതും നാം പിന്നീടു കാണുന്നു. കവി കൈ അവളുടെ കാണാന്‍ വയ്യാത്ത കഴുത്തിന്റെ താഴെ വച്ചു. അതിന്റെ ചൂടുള്ള ഭാരത്തില്‍ സമയം വീണു. അനന്തരം നിദ്ര വാച്ചില്‍ നിന്നും അവളുടെ ഉറങ്ങുന്ന കൈകളില്‍ നിന്നും വീണു. കലാസൗന്ദര്യത്തിനു കിരീടം വച്ചു കൊണ്ട് കവിത അവസാനിക്കുന്നു.

I hear you and breathe
my love
we sleep.

ചിലയിടങ്ങളില്‍ കവിത ഉദാത്തമാകുന്നു

A little mill
milled night
the shadow whispered
falling from your hand
and filled the earth.
Dust,
earth, distance,
my watch in the night
ground and ground
from your hand

‘മനുഷ്യന്‍, മനുഷ്യന്‍’

ഈ ലോകത്തെ നിസ്സാരങ്ങളായ വസ്തുക്കളെ കവി കാണേണ്ട രീതിയില്‍ കാണുമ്പോള്‍ അവയുടെ മഹാത്ഭുതം നമുക്ക് അനുഭവഗോചരമാകുന്നു. വസ്തുക്കളെ ആവരണം ചെയ്തിരിക്കുന്ന തിരശ്ശീല വലിച്ചു മാറ്റി അവയുടെ മഹാത്ഭുതം വ്യക്തമാക്കി തരുന്നവനാണ് കവിയെന്നു മറ്റൊരു വിധത്തില്‍ പറയാം. നെറുത അനുഷ്ഠിക്കുന്ന കൃത്യം അതു തന്നെ. അദ്ദേഹത്തിന്റെ ‘കാവ്യമനസ്സി’നുള്ള ലഘുത്വമാണ് Elemental Odes എന്ന സമാഹാര ഗ്രന്ഥത്തില്‍ കാണുന്നതെന്ന് ഞാന്‍ പറഞ്ഞു. അതു തിരുത്തി പറയേണ്ടതില്ലേ എന്നു സംശയം. കാരണം വാച്ചിനെക്കുറിച്ചെഴുതിയ ഈ കാവ്യം മാക്കുപിക്കുവിനെക്കുറിച്ചെഴുതിയ കാവ്യം പോലെ ശ്രേഷ്ഠമായി പ്രത്യക്ഷപ്പെടുന്നു എന്നതാണ്.

ടോള്‍സ്റ്റോയിയുടെ ‘ഒരു മനുഷ്യന് എത്ര ഭുമി വേണം’ എന്ന മനോഹരമായ ചെറുകഥയില്‍, നടന്നു നടന്ന് ഭുമി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു അത്യാഗ്രഹിയെ അവതരിപ്പിച്ചിട്ടുണ്ടല്ലോ. അയാള്‍ നടന്നു ചെല്ലുന്തോറും ഭുമി കൂടുതല്‍ കൂടുതല്‍ ഫലഭുയിഷ്ഠമായി കാണുന്നു. അതുകൊണ്ട് തിരിച്ചു പോരാന്‍ മനസ്സ് അനുവാദം നല്കുന്നില്ല. ആ നിലയാണ് എനിക്ക്. വാച്ചിനെപറ്റിയുള്ള ധര്‍മ്മ കീര്‍ത്തനം വായിച്ച ഞാന്‍ ‘Ode to the storm’ എന്ന കാവ്യം വായിച്ചു. അതു കൂടുതല്‍ ഉത്കൃഷ്ടമായി അനുഭവപ്പെട്ടു. എന്തൊരു കാവ്യ സിദ്ധി എന്നാരും ഉദ്ഘോഷിച്ചു പോകുന്ന മട്ടില്‍ ഉത്കൃഷ്ടം. ഈ വരികള്‍ കേള്‍ക്കു. എങ്ങനെ മനസ്സിനെ കാവ്യപാരായണത്തില്‍ നിന്ന്‌ വിനിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് ആലോചിച്ചു നോക്കു.

the wild
trees
groaning in misery
like prisoners,
the earth
moaning, a woman
giving birth;
in a single blow
you blotted out
the noise of grass
or stars
tore
the numbed silence
like a handkerchief —

മനുഷ്യനെയും പ്രകൃതിയെയും സമാക്രമിക്കുന്ന കൊടുങ്കാറ്റിന് തന്നോടുള്ള പ്രാഥമികമായ ബന്ധത്തെയാണ് കവി ഇവിടെ അഭിവ്യഞ്ജിപ്പിക്കുന്നത്.

നെറുത പിന്നെയും പല കാവ്യസമാഹാരഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തി. അവയില്‍ പലതും വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എങ്കിലും ഞാന്‍ ഫലഭൂയിഷ്ഠമായ ആ ഭൂവിഭാഗത്തില്‍ നിന്ന് മനസ്സില്ലാ മനസ്സോടെ മടങ്ങി പ്പോകുന്നു. ഒന്നും അതിരു കടക്കരുതല്ലോ. ഈ ലേഖനത്തിന്റെ ആരംഭത്തില്‍, കവിത എങ്ങനെ നെറുതയ്ക്കു പരിവര്‍ത്തന­മുണ്ടാക്കിയെന്ന് വ്യക്തമാക്കി. കവിത കവിയെ സ്പര്‍ശിച്ചപ്പോള്‍ അദ്ദേഹം മഹാശൂന്യത പാനം ചെയ്ത് അഗാധ­രന്ധ്രത്തിന്റെ വിശുദ്ധ ഭാഗമായി മാറിയെന്നാണു പറഞ്ഞത് (felt myself a pure part of the abyss). വികാര­ലോലമായ ഹൃദയമുള്ള അനുവാചകന് ഉണ്ടാകുന്ന അനുഭവം അതു തന്നെ. എങ്കിലും മനുഷ്യനാണ് എവിടെയും പ്രാധാന്യം. നെറുതയുടെ അത്യന്ത­സുന്ദരമായ കാവ്യത്തിലും അങ്ങനെ തന്നെ, 1963-ല്‍ നോബല്‍ സമ്മാനം നേടിയ ഗ്രീക്ക് കവി യോര്‍ ഗൊസ് സ്റ്റെല്ല്യാനു സെഫീറിസ് (Georgos Stylianou Seferis) ഒരിക്കല്‍ പ്രസ്താവിച്ചു: ‘നമുക്കു കാണാൻ കഴിയുന്നിട­ത്തൊക്കെ മനുഷ്യനെ കാണണം. തീബ്സിലേക്കു പോയ ഈഡിപ്പസ്, സിഫിങ്സിനെ വഴിയില്‍ വച്ചു കൊണ്ട് അതിന്റെ പ്രഹേളികയ്ക്ക് ഉത്തരമായി ‘മനുഷ്യന്‍’ എന്നു പറഞ്ഞു. മോടി­യില്ലാത്ത ആ പദം ആ ഭീഷണ­സത്ത്വത്തെ നശിപ്പിച്ചു. നമുക്കു പല ഭീഷണ­സത്ത്വങ്ങളെയും നശിപ്പിക്കാനുണ്ട്. ഈഡിപ്പസിന്റെ ഉത്തരത്തെ­ക്കുറിച്ചായിരിക്കണം നമ്മുടെ ഏതു നേരത്തെയും ഓര്‍മ്മ.’ മനുഷ്യന്‍ എന്ന പദം ഉച്ചരിച്ച് ഉച്ചരിച്ച് പ്രതിലോമ­ശക്തികളുടെ ഭയങ്കര­രൂപങ്ങളെ നശിപ്പിച്ച മഹാകവി­യായിരുന്നു പാവ്ലോ നെറുത. അദ്ദേഹത്തിന്റെ ‘കാവ്യങ്ങളെ സ്പര്‍ശിക്കുമ്പോള്‍ നാം മഹാനായ ഒരു മനുഷ്യനെ സ്പര്‍ശിക്കുന്നു.’


  1. The Origins of Form in Art (Herbert Read) — എന്ന ഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിക്കുന്നത്.
  2. white snails
  3. ഗ്രീസിലെ കവി, B.C. 270.