close
Sayahna Sayahna
Search

Difference between revisions of "ഐശ്വര്യത്തിലേക്കു വീണ്ടും"


(Created page with " ഞാൻ ഐശ്വരത്തിലേക്കു തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു, വളരെകാലത...")
 
 
Line 1: Line 1:
 
+
{{EHK/KumkumamVithariyaVazhikal}}
 
+
{{EHK/KumkumamVithariyaVazhikalBox}}
 
ഞാൻ ഐശ്വരത്തിലേക്കു തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു, വളരെകാലത്തിനു ശേഷം. അയാളുടെ വസ്ത്രങ്ങൾ കീറി മുഷിഞ്ഞിരുന്നു. താടിയും തലമുടിയും നീണ്ടിരുന്നു. ഒരു ദീർഘയാത്രയുടെ ക്ഷീണം അയാളുടെ മുഖത്തുണ്ടായിരുന്നു.
 
ഞാൻ ഐശ്വരത്തിലേക്കു തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു, വളരെകാലത്തിനു ശേഷം. അയാളുടെ വസ്ത്രങ്ങൾ കീറി മുഷിഞ്ഞിരുന്നു. താടിയും തലമുടിയും നീണ്ടിരുന്നു. ഒരു ദീർഘയാത്രയുടെ ക്ഷീണം അയാളുടെ മുഖത്തുണ്ടായിരുന്നു.
  
Line 50: Line 50:
  
 
അവിടേക്ക്, ആ ഐശ്വര്യത്തിലേക്ക് ഞാൻ തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു. അയാളുടെ കണ്ണുകൾ തിളങ്ങി ഒപ്പംതന്നെ അനേകകാലമായി അലഞ്ഞുതിരിയുകയായിരുന്നെന്നും, യാത്രയ്ക്കിടയിൽ അതു തനിക്കിനി തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുവെന്നും അയാൾ ദുഃഖത്തോടെ ഓർത്തു.
 
അവിടേക്ക്, ആ ഐശ്വര്യത്തിലേക്ക് ഞാൻ തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു. അയാളുടെ കണ്ണുകൾ തിളങ്ങി ഒപ്പംതന്നെ അനേകകാലമായി അലഞ്ഞുതിരിയുകയായിരുന്നെന്നും, യാത്രയ്ക്കിടയിൽ അതു തനിക്കിനി തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുവെന്നും അയാൾ ദുഃഖത്തോടെ ഓർത്തു.
 
+
{{EHK/KumkumamVithariyaVazhikal}}
 
 
 
{{EHK/Works}}
 
{{EHK/Works}}

Latest revision as of 09:42, 31 May 2014

ഐശ്വര്യത്തിലേക്കു വീണ്ടും
EHK Story 03.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കുങ്കുമം വിതറിയ വഴികൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 54

ഞാൻ ഐശ്വരത്തിലേക്കു തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു, വളരെകാലത്തിനു ശേഷം. അയാളുടെ വസ്ത്രങ്ങൾ കീറി മുഷിഞ്ഞിരുന്നു. താടിയും തലമുടിയും നീണ്ടിരുന്നു. ഒരു ദീർഘയാത്രയുടെ ക്ഷീണം അയാളുടെ മുഖത്തുണ്ടായിരുന്നു.

ഐശ്വര്യത്തിലേക്ക്, അയാളുടെ കണ്ണുകൾ തിളങ്ങി. മലനിരകൾക്കും കടലിന്നും ഇടയിൽ ഞെരുങ്ങി നില്ക്കുന്ന നഗരത്തിൽ ഒരുദ്യാനത്തിന്റെ കൽബെഞ്ചിൽ അവർ കൂട്ടിമുട്ടി. തുടക്കത്തിൽ അവർ അപരിചിതരായിരുന്നു, അവസാനത്തിലും. അതിനിടയ്ക്കുള്ള കുറച്ചുസമയം അവർ അന്യോന്യം മനസ്സിലാക്കി. നാഗരികൻ പറഞ്ഞു: എനിക്കു മനസ്സിലാവുന്നില്ല. നിങ്ങൾ ഇപ്പോൾത്തന്നെ ഐശ്വര്യത്തിന്റെ നടുവിലാണല്ലൊ!

അപരിചിതൻ ചുറ്റും നോക്കി. ഉദ്യാനത്തിന്നു നടുവിൽ ജലധാര, ചുറ്റും പട്ടുപോലെ പുൽത്തകിടികൾ. ഉദ്യാനത്തിനു പുറത്തു കോൺക്രീറ്റിന്റെ വിശാലമായ വീഥികൾ. അവയിൽ ഇരമ്പിപ്പായുന്ന വാഹനങ്ങൾ. വീഥികൾക്കു­മപ്പുറത്തു കൂറ്റൻ കെട്ടിടങ്ങൾ. ആ കെട്ടിടങ്ങളുടെ ഔന്നത്യം ഒരു നിമിഷം വീക്ഷിച്ചശേഷം അയാൾ പറഞ്ഞു:

ഇവിടെ ഐശ്വര്യമോ? ഇതൊരു വലിയ ശവപ്പറമ്പല്ലെ?

നാഗരികന്റെ മുഖത്തുണ്ടായ ഭാവഭേദം കണ്ടപ്പോൾ അയാളുടെ വികാരങ്ങൾ മുറിപ്പെട്ടുവെന്ന് അപരിചിതൻ മനസ്സിലാക്കി. കുറ്റബോധ­ത്തോടെ അയാൾ ചോദിച്ചു. നിങ്ങൾക്ക് ഈ ശവകുടീരം ഇഷ്ടമാണോ?

നാഗരികൻ ഒരു നിമിഷം ആലോചിച്ച്, സ്വരം താഴ്ത്തി പറഞ്ഞു: ഇതാണെന്റെ നാട്. ഇവിടെയാണു ഞാൻ ജനിച്ചത്.

മനസ്സിലായെന്ന ഭാവത്തിൽ അപരിചിതൻ തലയാട്ടി. നിങ്ങളുടെ നാട്! ശരിയാണ്. ഒരാൾക്കു സ്വന്തം നാട് ഇഷ്ടപ്പെടാ­തിരിക്കാൻ കഴിഞ്ഞെന്നു വരില്ല. ഞാൻ എന്റെ നാട് ഉപേക്ഷിച്ചു. വർഷങ്ങൾക്കു മുമ്പ് ഐശ്വര്യംതേടി ഞാൻ പുറത്തുപോയി. ഒരു നീണ്ട അന്വേഷണ­മായിരുന്നു. ഇപ്പോൾ മനസ്സിലായി, അതെന്റെ നാട്ടിൽത്തന്നെ­യായിരുന്നെന്ന്. പക്ഷേ, ഈ നീണ്ടയാ­ത്രയ്ക്കിടയിൽ ആ നാട് എനിക്കു കൈമോശം വന്നു.

ഞാൻ വർഷങ്ങളായി പുറംരാജ്യങ്ങ­ളിലലഞ്ഞു. ആദ്യമായി കിഴക്ക് ഒരു മഹാനഗര­ത്തിലാണു പോയത്. അന്നു ഞാൻ മീശമുളച്ചി­ട്ടില്ലാത്ത ഒരു ചെറുക്കനായിരുന്നു. ആ മഹാനഗര­ത്തിന്റെ പരുപരുപ്പും, പ്രതികൂലകാ­ലാവസ്ഥയും അനുഭവിച്ച് ഞാൻ ഒരു പരുക്കനായി വളർന്നു. എനിക്കു മീശമുളച്ചു, താടിമുളച്ചു. ഞാൻ ഒരു വലിയ തൊഴിൽശാലയിൽ പണിചെയ്തു. അവിടെ ഒരു പടുകൂറ്റൻ യന്ത്രത്തിന്റെ മുമ്പിൽ പകൽ മുഴുവൻ ജോലിചെയ്തു. ഉച്ചയ്ക്കു സൈറൻ അലറുമ്പോൾ മറ്റു ജോലിക്കാ­രോടൊപ്പം പുറത്തേക്കു ഭക്ഷണത്തിനു പോയി. ദിവസത്തിൽ ആ അരമണിക്കൂർ മാത്രമേ ഞാൻ സൂര്യനെ കണ്ടിരുന്നുള്ളു. പിന്നെ വൈകുന്നേരം വീണ്ടും സൈറന്റെ ശബ്ദം കേട്ടു പുറത്തിറങ്ങു­മ്പോഴെക്ക് സൂര്യൻ മറഞ്ഞിരിക്കും. ട്രാമിന്റെ രണ്ടാംക്ലാസിൽ പിടിച്ചുതൂങ്ങി ഞാൻ വീട്ടിലേക്കു മടങ്ങി.

നഗരത്തെപ്പറ്റി കൂടുതൽ കണ്ടറിഞ്ഞപ്പോൾ മനസ്സിലായി, നഗരം അതിന്റെ സുന്ദരമുഖം കാണിക്കുന്ന­തല്ലെന്ന്. ആദ്യമെല്ലാം തെരുവു യുദ്ധങ്ങൾ ഒരു ഭീതിയോടെ കണ്ടുനിന്നു. പിന്നെ അതിൽ പങ്കുചേർന്നു. ബോംബുകൾ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. അവ ഭരണകൂടത്തിന്റെ രക്ഷിതാക്ക­ന്മാർക്കെതിരെ എറിയാൻ ഞാൻ പഠിച്ചു. അവരുടെ തോക്കുകളുതിർത്ത വെടിയുണ്ട­കളേറ്റ് എനിക്കു മുറിവുണ്ടായി. മാസങ്ങളോളം ആസ്പത്രിയിൽ കിടന്നു. പിന്നെ മുറിവുകളുണ­ങ്ങിയപ്പോൾ രാജദ്രോഹ­ക്കുറ്റത്തിനു ജയിലിലുമായി. ഒരു വർഷത്തിനു ശേഷം പുറത്തിറ­ങ്ങിയപ്പോൽ മനസ്സിലായി, ഞാൻ ബോംബെ­റിഞ്ഞവർ മുദ്രാവാക്യ­ങ്ങളുമായി തെരുവിലാണെന്നും, അന്ന് എന്റെയൊപ്പം മുദ്രാവാക്യങ്ങൾ മുഴക്കി ബോംബെ­റിഞ്ഞവർ ഭരണ കൂടത്തിലാണെന്നും. ഞാൻ വീണ്ടം ബോബുകളു­ണ്ടാക്കാനുള്ള സാമഗ്രികൾ അന്വേഷിച്ചു നടന്നു.

ആ നഗരം മടുത്തപ്പോൾ ഞാൻ വണ്ടികയറി. എത്തിയതു വടക്കുള്ള നഗരത്തിലായിരുന്നു. അവിടെ മരങ്ങളുടെ നിഴൽവിരിച്ച വീതിയുള്ള നിരത്തുകളു­ണ്ടായിരുന്നു. ആ വീഥികളിലൂടെ ഞാൻ ഐശ്വര്യവും തേടിനടന്നു. എന്റെ താടിയും തലമുടിയും നീണ്ടു. അവിടെ തൊഴിൽശാലകൾ കുറവായിരുന്നു. തലസ്ഥാന നഗരമായ­തുകൊണ്ട് അവിടെ സർക്കാർ ആപ്പീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആപ്പീസുകൾ വിട്ടു പുറത്തിറങ്ങിയ ജോലിക്കാർ സൈക്കിളിലും ബസ്സുകളിലും വീട്ടിലേക്കു തിരിച്ചു. സർക്കാർ അവർക്കു താമസിക്കാൻ ഒരേമട്ടിലുള്ള മഞ്ഞച്ചായമിട്ട ഗുഹകൾ പണിതിരുന്നു. അവർക്ക് ക്ഷാമബത്ത കൊടുത്തിരുന്നു. അവിടെ തൊഴിൽശാലകളും തൊഴിലാളികളും ഇല്ലാതിരു­ന്നതിനാൽ തെരുവുയുദ്ധങ്ങൾ ഉണ്ടായിരുന്നില്ല. പകൽ മുഴിവൻ ഓഫീസുകളിൽ പങ്കയ്ക്കു കീഴിൽ ഉറക്കംതൂങ്ങുകയും. രാത്രി വയറുനിറയെ ഭക്ഷണം കഴിച്ച് ഭാര്യമാരെ പുണർന്നുറങ്ങുകയും ചെയ്തിരുന്ന ഈ ജോലിക്കാർ തെരുവുയുദ്ധങ്ങൾ നടത്താനെന്നല്ല, ഒരു ചെറിയ പ്രതിഷേധ പ്രകടത്തിനുപോലും ത്രാണിയുള്ള­വരായിരുന്നില്ല.

ഞാൻ നിരാശനായി. ജീവിക്കാൻ വേണ്ടി ഞാൻ പല ജോലിയുമെടുത്തു. തണുപ്പുകാലങ്ങളിൽ പാർക്കുകളിൽ രോമക്കുപ്പായം വിറ്റുനടന്നു. രാത്രി എന്റെ തണുത്ത മുറിയിൽ ചൂടിനുവേണ്ടി ആശിച്ചു കിടക്കുകയും ചെയ്തു. വേനലിൽ ഒന്നും ചെയ്യാനില്ലാത്ത­തുകൊണ്ട് ഞാൻ തെരുവീഥികളിൽ അലഞ്ഞു. എന്റെ തലമുടിയിൽ ജടകയറി. ഐശ്വര്യത്തിനുവേണ്ടി നടത്തിയ യാത്രകൾ പരാജയമടഞ്ഞു. ഞാൻ ആ നഗരവും വിട്ടു പുറത്തിറങ്ങി. ഇപ്പോൾ ഇതാ, ഇവിടെ എത്തിയിരിക്കുന്നു.

അപ്പോൾ അതാണ് എന്റെ കഥ. ഒരു നീണ്ട അന്വേഷണത്തി­ന്നിടയിൽ ഞാൻ തേടിക്കൊണ്ടിരുന്ന ഐശ്വര്യം എനിക്കു കൈമോശം വന്നു. ഞാൻ തിരിച്ചു പോകയാണ്. പക്ഷേ, എനിക്കു വഴിയറിയില്ല. എന്തും ഒരിക്കൽ കൈമോശം വന്നാൽ തിരിച്ചു കിട്ടില്ല.

നാഗരികന്ന് അപരിചിതൻ പറയുന്നത് മനസ്സിലായില്ല. അയാൾ ദുർബ്ബലനായ ഒരു വികാരജീ­വിയാണെന്നു മനസ്സിലായതുകൊണ്ട് അയാളുടെ കാര്യത്തിൽ താൽപര്യമുണ്ടെന്നു നടിച്ചു.

അപരിചിതന്റെ ഭാണ്ഡക്കെട്ട് അടുത്തുതന്നെ ബെഞ്ചിൽ വെച്ചിരുന്നു. മുഷിഞ്ഞ ഒരു ഭാണ്ഡം. അതു നോക്കിക്കൊണ്ട് നാഗരികൻ പറഞ്ഞു: നിങ്ങൾ വളരെയധികം സ്ഥലങ്ങളിൽ പോയെന്നു മനസ്സിലാവുന്നുണ്ട്.

അതെയതെ, വളരെയധികം സ്ഥലങ്ങൾ. ഞാൻ പറഞ്ഞില്ലേ, എല്ലായിടത്തും ഞാനൊരപരിചി­തനായിരുന്നു. എനിക്കാരെയും മനസ്സിലാക്കാൻ കഴിഞ്ഞില്ല. നഗരങ്ങളിൽ ആകാശംമുട്ടുന്ന കെട്ടിടങ്ങൾ കണ്ട് ഐശ്വര്യമാണെന്നു ഞാൻ ആദ്യമെല്ലാം തെറ്റിദ്ധരിച്ചു. പിന്നെ അവയിലൊന്നിൽ, കാറ്റും വെളിച്ചവും കടക്കാ ത്ത മുറിയിൽ താമസിച്ചപ്പോൾ മനസ്സിലായി ആ കെട്ടിടങ്ങളുടെ സ്വാർത്ഥലാഭ­ത്തിനാണ് നിങ്ങളെ താമസിപ്പിക്കു­ന്നതെന്ന്. അവയുടെ എതിർപ്പില്ലാത്ത വളർച്ച അപകടകര­മാണെന്ന്.

വമ്പിച്ച തൊഴിൽശാലകളുടെ പുകക്കുഴലുകൾ കണ്ടപ്പോൾ ഞാൻ വിചാരിച്ചു, അവ ഐശ്വര്യത്തിന്റെ ഇരിപ്പിടമാണെന്ന്. പക്ഷേ, അവയിലൊന്നിൽ സൂര്യനെ കാണാതെ പണിയെടുത്തപ്പോൾ മനസ്സിലായി, ഐശ്വര്യം ഈ നിർദ്ദയമായ യന്ത്രങ്ങളുടെ വളരെ ദൂരത്താണെന്ന്!

രാത്രികളിൽ മത്താപ്പു കത്തിക്കുന്ന­തിന്റെ ശോഭയും, പടക്കം പൊട്ടിത്തെറി­ക്കുന്നതിന്റെ ശബ്ദവും കേട്ടപ്പോൾ ഞാൻ വിചാരിച്ചു, അവർ ഐശ്വര്യം കൊണ്ടാടുക­യാണെന്ന്. മോഹിതനായി തെരുവിലിറങ്ങിയ പ്പോഴാണ് മനസ്സിലായത് അതു മത്താപ്പിന്റെ വെളിച്ചമോ പടക്കങ്ങളുടെ ശബ്ദമോ അല്ലാ, മറിച്ച് പരിമിതമായ സമ്പത്തു വിഭജിച്ചെ­ടുക്കാനുള്ള തെരുവുയു­ദ്ധങ്ങളെ അമർത്താൻ വെടിമരുന്നു പ്രയോഗിക്കുക­യാണെന്ന്.

ഞാൻ നിരാശനായി. ഞാനിനി എന്റെ നാട്ടിലേക്കു തിരിച്ചു പോകയാണ്.

നാഗരികൻ അസ്വസ്ഥനായി. അയാളിൽ ഇതുവരെയില്ലാത്ത ഒരു വെളിച്ചം. അയാൾ ചോദിച്ചു: നിങ്ങളുടെ നാടെവിടെയാണ്?

അപരിചിതൻ നിശ്ശബ്ദനായി. അയാൾ സ്വന്തം നാട് സ്വപ്നം കാണുകയായിരുന്നു. ആ സ്വപ്നത്തിന്നിടയിൽ അടുത്തിരുന്ന നാഗരികനും, അവരിരുന്ന ഉദ്യാനവും, ചുറ്റുമുള്ള രാജവീഥിയും അതിന്റെ കരയിൽ തലയുയർത്തി നില്ക്കുന്ന കൂറ്റൻ കെട്ടിടങ്ങളും അപ്രസക്തമായി. വർഷങ്ങളായുള്ള യാത്രയുടെ ക്ഷീണം വിട്ടകന്നു. പെട്ടെന്ന് നാഗരികന്റെ ശബ്ദം അയാളെ ഉണർത്തി:

എവിടെയാണു നിങ്ങളുടെ നാട്?

എന്റെ നാടോ? അതു തെക്ക് പർവ്വതനിരകൾക്കും അപ്പുറത്താണ്. പച്ചനിറമുള്ള രാജ്യം. ഋതുക്കൾ പച്ചപ്പ് മാറ്റുന്നില്ല. അവിടെ ഋതുക്കളുടെ ഓരോ മാറ്റവും ആഘോഷിക്കപ്പെടുന്നു. അവിടെ ഉയർന്ന കെട്ടിടങ്ങളോ, പുകതുപ്പുന്ന തൊഴിൽശാലകളോ ഇല്ല. അതുകൊണ്ട് ആകാശം നീലനിറമാണ്. ഞങ്ങൾ ഓലമേഞ്ഞ പുരകളിൽ താമസിച്ചു, വീട്ടിനു മുൻപിലുള്ള വയലുകൾ ഞങ്ങൾ ഉഴുതു, ധ്യാന്യം വിതച്ചു. ഞാറു നടുമ്പോൾ ഞങ്ങൾ പാട്ടുപാടി. വയലുകളുടെ അവസാനം നീലാകാശം വളഞ്ഞുവന്ന് നിലംതൊടുന്നു. നിങ്ങൾക്കതു കൈകൊണ്ടു തൊടാം. ആകാശത്തിന്റെ നേരിയ നീലപ്പൊടി കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. സന്ധ്യയ്ക്ക് അസ്തമനത്തിനായി ക്ഷീണിച്ചുവരുന്ന സൂര്യനേയും, രാത്രി പ്രകാശിക്കുന്ന ചന്ദ്രനേയും നക്ഷത്രങ്ങളേയും കൈ കൊണ്ടു തൊടാം.

അവിടെ ഉത്തരായണം കഴിഞ്ഞ് സൂര്യൻ തിരിച്ചു വരുമ്പോൾ കർക്കിടസംക്രാന്തിയിൽ ശീവോതിയെ കുടിയിരുത്തി പൂക്കളർപ്പിക്കുന്ന ചന്ദനത്തിന്റെ വാസനയുള്ള പെൺകുട്ടികളുണ്ട്.

ഞങ്ങളുടെ വയലുകൾ കൊയ്ത്തുകഴിഞ്ഞ് ഒഴിഞ്ഞു കിടക്കുമ്പോൾ, വസന്തം വരുകയും വയലുകളിൽ നീലയും മഞ്ഞയും പൂക്കൾ വിരിയുകയും ചെയ്യുമ്പോൾ ഞങ്ങൾ വസന്തോത്സവം ആഷോഷിക്കാറുണ്ട്.

അവിടേക്ക്, ആ ഐശ്വര്യത്തിലേക്ക് ഞാൻ തിരിച്ചുപോകയാണ്, അപരിചിതൻ പറഞ്ഞു. അയാളുടെ കണ്ണുകൾ തിളങ്ങി ഒപ്പംതന്നെ അനേകകാലമായി അലഞ്ഞുതിരിയുകയായിരുന്നെന്നും, യാത്രയ്ക്കിടയിൽ അതു തനിക്കിനി തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുവെന്നും അയാൾ ദുഃഖത്തോടെ ഓർത്തു.