Difference between revisions of "സംസ്കൃതകൃതികള്‍"
(→ലഘുസ്തുതിവൃത്തിയും മററും) |
(→പരമാര്‍ത്ഥസാരം) |
||
Line 395: | Line 395: | ||
</poem> | </poem> | ||
− | ==പരമാര്‍ത്ഥസാരം== | + | ====പരമാര്‍ത്ഥസാരം==== |
എണ്‍പത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു ഗ്രന്ഥമാണിതു്. അല്പാക്ഷരവും ബഹ്വര്‍ത്ഥവുമായ ഈ കൃതിയെ രാഘവാനന്ദന്‍ ʻʻഅശേഷോപനിഷല്‍സിദ്ധവസ്തുതത്വാനുഷ്യന്ദിˮ എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷന്‍ ആരെന്നു വെളിവാകുന്നില്ല. ആദിശേഷനെന്നു പറയുന്നതു് അസംബന്ധംതന്നെ. വ്യാഖ്യാതാവിന്റെ വേദാന്തജ്ഞാനം മുഴുവന്‍ ഇതില്‍ ആദ്യന്തം പ്രകാശിക്കുന്നു. ഒടുവില്‍ | എണ്‍പത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു ഗ്രന്ഥമാണിതു്. അല്പാക്ഷരവും ബഹ്വര്‍ത്ഥവുമായ ഈ കൃതിയെ രാഘവാനന്ദന്‍ ʻʻഅശേഷോപനിഷല്‍സിദ്ധവസ്തുതത്വാനുഷ്യന്ദിˮ എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷന്‍ ആരെന്നു വെളിവാകുന്നില്ല. ആദിശേഷനെന്നു പറയുന്നതു് അസംബന്ധംതന്നെ. വ്യാഖ്യാതാവിന്റെ വേദാന്തജ്ഞാനം മുഴുവന്‍ ഇതില്‍ ആദ്യന്തം പ്രകാശിക്കുന്നു. ഒടുവില്‍ |
Revision as of 05:14, 11 June 2013
Contents
സംസ്കൃത കൃതികള്‍
കേരളത്തിന്റെ വിഭാഗങ്ങള്‍
വിജയാലയചോളവംശത്തെ അലങ്കരിച്ച രാജേന്ദ്രചോളന്‍ ക്രി. പി. പതിനൊന്നാം ശതകത്തിന്റെ പൂര്‍വാദ്ധത്തില്‍ ചേരവംശത്തിന്റെ ഉന്മൂലനാശം വരുത്തിയതായി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ചോളവംശം ക്രി. പി. 1267-വരെ നിലനിന്നുപോന്നു. എങ്കിലും പതിമ്മൂന്നാം ശതകത്തിന്റെ ആരംഭത്തില്‍ത്തന്നെ അതിന്റെ പ്രഭാവം അസ്തമിച്ചുകഴിഞ്ഞിരുന്നു. ശുദ്ധകേരളത്തിന്റെ ദക്ഷിണഭാഗമായ കൂപകഖണ്ഡവും ഉത്തരഭാഗമായ മൂഷികഖണ്ഡവും പതിനൊന്നാംശതകത്തിനു മുമ്പും ഒട്ടൊക്കെ സ്വതന്ത്രങ്ങളായിരുന്നു. ചേരന്മാരുടെ അധഃപതനത്തോടുകൂടി കേരളഖണ്ഡത്തിന്റെ ഇതരവിഭാഗങ്ങളും സ്വാതന്ത്ര്യം നേടി. ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തില്‍ കൂപകഖണ്ഡം അഥവാ വേണാട്, തൃപ്പാപ്പൂര്‍, കൊല്ലം, കൊട്ടാരക്കര, കായങ്കുളം (ഓണാടു്) എന്നിങ്ങനെ നാലു രാജ്യങ്ങളായി വേര്‍തിരിഞ്ഞിരുന്നു. ആദ്യമായി വേര്‍തിരിഞ്ഞതു കായങ്കുളമാണ്. ജൂതന്മാര്‍ക്കു ഭാസ്കരരവിവര്‍മ്മപ്പെരുമാള്‍ നല്കിയതായ ദാനശാസനത്തില്‍ വേണാട്, ഓടനാട്, ഏറനാട് (കോഴിക്കോട്), വള്ളുവനാട്, നെടുമ്പറയൂര്‍നാട് (പാലക്കാട്) ഈ അഞ്ചു രാജ്യങ്ങളിലേയും രാജാക്കന്മാര്‍ സാക്ഷി നില്ക്കുന്നു. വീരരാഘവചക്രവര്‍ത്തി ഇരവിക്കൊര്‍ത്തനു ക്രി. പി. 1320-ല്‍ നല്കിയ ദാനശാസനത്തില്‍ ഇവരില്‍ ആദ്യത്തെ നാലു രാജാക്കന്മാരും സാക്ഷികളാണ്. തൃപ്പാപ്പൂര്‍, കൊല്ലം, കൊട്ടാരക്കര, ഇവയ്ക്കും പിന്നീടു മറ്റൊരു ശാഖയായിപ്പിരിഞ്ഞ നെടുമങ്ങാടിനും തമ്മില്‍ എല്ലാക്കാലങ്ങളിലും സമീപസംബന്ധവും പരസ്പരാവകാശവുമുണ്ടായിരുന്നു. ഇതരരാജ്യങ്ങളെ എല്ലാം ഏകീഭവിപ്പിച്ചു തൃപ്പാപ്പുര്‍ സ്വരൂപത്തില്‍ ലയിപ്പിച്ചത് ക്രി. പി. പതിനെട്ടാംശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ തിരുവിതാങ്കൂര്‍ ഭരിച്ചിരുന്ന വീരമാര്‍ത്താണ്ഡവര്‍മ്മമഹാരാജാവാകുന്നു. വേണാട്ടിനു വടക്കാണ് വെണ്‍പലനാട്; അതും പതിന്നാലാംശതകത്തിനു മുന്‍പുതന്നെ തെക്കുംകൂറെന്നും വടക്കുംകൂറെന്നും രണ്ടു രാജ്യങ്ങളായി പിരിഞ്ഞിരുന്നു. ഇല്ലിക്കല്‍ കോട്ടയടിക്കു പടിഞ്ഞാറു കുമരകംകായലിനു കിഴക്കു കൈപ്പട്ടൂരിനു വടക്കു കാണക്കാരിക്കു തെക്കു് ഇവയ്ക്കു നടുവിലുള്ള രാജ്യമാണു തെക്കും കൂറെന്നു് ഒരു പഴയ ചൊല്ലുണ്ടു്. അമ്പലപ്പുഴ (ചെമ്പകശ്ശേരി) രാജ്യത്തിനു് അത്ര വളരെ പഴക്കമില്ല. കുടമാളൂര്‍ ചെമ്പകശ്ശേരിയില്ലത്തെ ഒരു നമ്പൂരിയെ നായന്മാര്‍ അവിടത്തേയും തദനന്തരം പുറക്കാട്ടേയും (അമ്പലപ്പുഴ) രാജാവായി വാഴിച്ചതു പതിന്നാലാം ശതകത്തിനു മുമ്പായിരിക്കുവാനിടയില്ല. പന്തളവും പൂഞ്ഞാറും പാണ്ഡ്യരാജാക്കന്മാരുടെ വംശപരമ്പരയില്‍പെട്ട രണ്ടു കുടുംബങ്ങളാണു്. അവയില്‍ പന്തളം ക്രി. പി. പതിനൊന്നാംശതകത്തിലും പൂഞ്ഞാര്‍ പന്ത്രണ്ടാം ശതകത്തിലും കേരളത്തില്‍ താമസമുറപ്പിച്ചതായി കരുതാവുന്നതാകുന്നു. ആലങ്ങാടും പറവൂരും മറ്റു രണ്ടു ചെറിയ രാജ്യങ്ങളായിരുന്നു. അവയില്‍ പ്രാചീനത പറവൂരിനു കൂടും. ഇടപ്പള്ളിത്തമ്പുരാക്കന്മാര്‍ ആഢ്യബ്രാഹ്മണവര്‍ഗ്ഗത്തില്‍ പെട്ടവരാണു്. ക്രി. പി. പതിനൊന്നാം ശതകത്തിന്റെ അവസാനത്തില്‍ പെരുമ്പടപ്പു നമ്പൂരി ഒടുവിലത്തെ പെരുമാളുടെ ഒരു ഭാഗിനേയിയെ വിവാഹം ചെയ്തിരുന്നു എന്നും അദ്ദേഹം കൊച്ചിരാജാക്കന്മാര്‍ക്കു വിട്ടുകൊടുത്തതാണു് വന്നേരിനാട്ടിലെ ചിത്രകൂടമെന്നും അതില്‍ പിന്നീടു് ആ രാജാക്കന്മാരുടെ കീരീടധാരണം അവിടെവെച്ചു നടത്തണമെന്നായിരുന്നു നിയമമെന്നും അങ്ങനെയാണു് അവര്‍ക്കു പെരുമ്പടപ്പു രാജാക്കന്മാര്‍ എന്നു പേര്‍ വന്നതെന്നും ഐതിഹ്യം ഘോഷിക്കുന്നു. പ്രസ്തുത രാജകുടുംബത്തിലെ മറ്റൊരു രാജ്ഞിയെ ഇടപ്പള്ളി സ്വരൂപത്തിലെ ഒരു രാജാവു ക്രി. പി. പതിമ്മൂന്നാംശതകത്തില്‍ വിവാഹം ചെയ്കയും കൊച്ചിപ്പട്ടണം ആ രാജ്ഞിക്കും മക്കള്‍ക്കുമായി വിട്ടുകൊടുക്കുകയുംചെയ്തു. എന്നാല്‍ ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലും കൊടുങ്ങല്ലൂര്‍ തന്നെയായിരുന്നു കൊച്ചിരാജ്യത്തിന്റെ രാജധാനി. കൊടുങ്ങല്ലൂര്‍ കുറേക്കാലത്തേക്കു പടിഞ്ഞാറേറടത്തു ഭട്ടതിരിയുടെ വകയായിരുന്നു. അദ്ദേഹം അതു് അയിരൂര്‍ രാജവംശത്തേക്ക് ഒഴിഞ്ഞു കൊടുക്കുകയും ക്രി. പി. പന്ത്രണ്ടാം ശതകത്തില്‍ കൊച്ചിയിലെ പ്രബലനായ രവിവര്‍മ്മമഹാരാജാവിനു് അയിരൂര്‍ രാജാവു് ആ പ്രദേശം ദാനം ചെയ്യുകയും ചെയ്തു. അയിരൂര്‍ സ്വരൂപത്തിന്റെ ഒരു ശാഖയാണു് ഇന്നത്തെ കൊടുങ്ങല്ലൂര്‍ രാജവംശം. രവിവര്‍മ്മാവിനു കേരളവര്‍മ്മാ എന്ന പേരില്‍ ഒരനുജനുണ്ടായിരുന്നു; അവര്‍ രണ്ടുപേരുംകൂടി പല ദേശങ്ങള്‍ പിടിച്ചടക്കിയതിന്റെ ശേഷം രവിവര്‍മ്മാവു കേരളവര്‍മ്മാവിനെ ഇന്നു മലബാറില്‍ പൊന്നാനിത്താലൂക്കില്‍പ്പെട്ട താനൂര്‍ എന്ന സ്ഥലത്തുവച്ചു് വെട്ടത്തുരാജാവായി വാഴിച്ചു. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തില്‍ വെട്ടം കൊച്ചിയില്‍നിന്നു വേര്‍പെട്ടു സ്വതന്ത്രരാജ്യമായി. ഇതിനിടയ്ക്ക് ഏറനാട്ടു (നെടിയിരിപ്പു) രാജാക്കന്മാരുടെ അധികാരം ക്രമേണ വര്‍ദ്ധിച്ചുവന്നു. അവരെ സാമൂതിരിപ്പാടന്മാര്‍ എന്നും കുന്നലക്കോനാതിരിമാര്‍ (ശൈലാബ്ധീശ്വരന്മാര്‍) എന്നും പറയും. അവരുടെ രാജധാനിയാണു് കോഴിക്കോടു്. ആദ്യകാലത്തു് അവര്‍ക്കു പെരുമാളില്‍നിന്നു കിട്ടിയ ഭൂമി സ്വല്പമായിരുന്നു എങ്കിലും ക്രമേണ ʻചത്തും കൊന്നുംʼ അവര്‍ ശത്രുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു് അത്യന്തം ശക്തിമാന്മാരായിത്തീര്‍ന്നു. വള്ളുവനാട് ഏറനാടുപോലെതന്നെ ഒരു പഴയ സ്വരൂപമാണെന്നുള്ളതു ജുതശാസനത്തില്‍നിന്നു നാം കണ്ടുവല്ലോ. തിരുനാവാ മണല്‍പ്പുറത്തു പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ ആഘോഷിക്കപ്പെട്ടുവരുന്ന മാമാങ്കമഹോത്സവത്തില്‍ കേരളത്തിലേ സകലരാജാക്കന്മാര്‍ക്കും അഗ്രഗണ്യനായി നിലപാടു് നില്ക്കുവാനുള്ള അവകാശം ആദ്യകാലത്തു വള്ളുവക്കോനാതിരിയായിരുന്നു അനുഭവിച്ചുവന്നതു്. സാമൂതിരിപ്പാടന്മാര്‍ പത്താംശതകത്തില്‍ കോഴിക്കോടിനുസമീപമുള്ള പോലനാടു പിടിച്ചടക്കി പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ വന്നേരിച്ചിത്രകൂടം കൈവശപ്പെടുത്തി പെരുമ്പടപ്പുസ്വരൂപത്തെ അവിടെനിന്നു നീക്കം ചെയ്തു. പതിന്നാലാംശതകത്തില്‍ സാമൂതിരിപ്പാടന്മാരുടെ ശക്തി ക്രമാധികമായി വര്‍ദ്ധിച്ചിരുന്നു. വള്ളുവനാട്ടു രാജാക്കന്മാരെ വെള്ളാട്ടിരിമാരെന്നും ആറങ്ങോട്ടുടയവരെന്നുംകൂടി പറയും. ആ നാടു സാമൂതിരി അടക്കിയപ്പോള്‍ പൊറളാതിരി രാജാവു തന്റെ ബന്ധുവായ കോലത്തിരിയെ അഭയം പ്രാപിച്ചു.പക്ഷേ കടത്തനാടു് ഒരു പ്രത്യേകദേശമെന്ന നിലയില്‍ വേര്‍പിരിഞ്ഞതു ക്രി. പി. 1564-ല്‍ മാത്രമാണു്. കോട്ടയം ആദ്യകാലത്തു കോലത്തുനാട്ടിന്റെ ഒരംശമായിരുന്നു. ആ വംശത്തിലെ രാജാക്കന്മാരെ പുറവഴിയാനാട്ടുരാജാക്കന്മാരെന്നും പുറനാട്ടുരാജാക്കന്മാരെന്നുംപറയുന്നു. ഹരിശ്ചന്ദ്രപ്പെരുമാള്‍ എന്നൊരു ചേരരാജാവുണ്ടായിരുന്നു എന്നും അദ്ദേഹമാണു് ആ വംശത്തിന്റെ കൂടസ്ഥനെന്നും ഐതിഹ്യമുണ്ടു്. കുറുമ്പനാട്ടുരാജാക്കന്മാര്‍ കോട്ടയത്തു രാജാക്കന്മാരുടെ ബന്ധുക്കളാണു്. കേരളത്തില്‍ ആകെക്കൂടി പതിനെട്ടു നാടുകളും പതിനെട്ടു സഭാമഠങ്ങളും പതിനെട്ടടവുകളും മറ്റും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു കേള്‍വിയുണ്ടു്. അവയില്‍ പ്രധാനപ്പെട്ട നാടുകളെപ്പറ്റി മാത്രമേ ഇവിടെ അതും–-വളരെ ചുരുക്കത്തില്‍ –-പ്രസ്താവിച്ചിട്ടുള്ളു.
രവിവര്‍മ്മകുലശേഖരന്‍–-ജീവചരിത്രം
കേരളത്തില്‍ കാവ്യങ്ങളുടെ പ്രണേതാക്കന്മാരായും കവികളുടെ പുരസ്കര്‍ത്താക്കന്മാരായും അനേകം രാജാക്കന്മാര്‍ ജീവിച്ചിരുന്നിട്ടുണ്ടു്. അവരില്‍ അതിപ്രധാനമായ ഒരു സ്ഥാനത്തിനു് അവകാശിയാകുന്നു ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തില്‍ കൊല്ലത്തു രാജ്യഭാരം ചെയ്തിരുന്ന വീരരവിവര്‍മ്മകുലശേഖരന്‍. രവിവര്‍മ്മാവു ശകാബ്ദം 1188-ല്‍, അതായതു ക്രി. പി. 1266-ല്‍, കൊല്ലത്തു ജയസിംഹന്‍ എന്ന രാജാവിന്റേയും ഉമാദേവി എന്ന രാജ്ഞിയുടേയും പുത്രനായി ചിങ്ങമാസത്തില്‍ ചതയം നക്ഷത്രത്തില്‍ അവതരിച്ചു. അക്കാലത്തു കൊല്ലത്തിന്റെ സ്ഥിതി അരാജകമായിരുന്നു. മധുരയിലെ ജടാവര്‍മ്മന്‍ വീരപാണ്ഡ്യന്‍ (ക്രി. പി. 1253-74) ആ പട്ടണം സ്വായത്തമാക്കി. ജയസിംഹന്‍ ചന്ദ്രവംശത്തിലും കേരളത്തിലെ യദുക്ഷത്രിയശാഖയിലും പെട്ട ഒരു രാജാവായിരുന്നു. കൊല്ലത്തിനു ജയസിംഹനാടു് എന്നു പേര്‍ വന്നതു് അദ്ദേഹത്തില്‍ നിന്നാകുന്നു. വീരപാണ്ഡ്യന്റെ അനന്തരഗാമിയായ മാറവര്‍മ്മന്‍ കുലശേഖരന്‍ (1269-1310) എന്നൊരു രാജാവായിരുന്നു മധുര ഭരിച്ചിരുന്നതു്; അദ്ദേഹത്തെ വിക്രമപാണ്ഡ്യന്‍ (1253-96) എന്നൊരു ബന്ധു രാജ്യഭാരത്തില്‍ സഹായിച്ചുവന്നു. ആ വിക്രമപാണ്ഡ്യന്‍ കുലശേഖരനോടു പിണങ്ങിയപ്പോള്‍ ആരൂഢയൗവനന്‍ മാത്രമായിരുന്നു രവിവര്‍മ്മാവു് അദ്ദേഹത്തെ പടയില്‍ വെന്നു തടവിലാക്കി കുലശേഖരനു സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുമാരിയെ പാണിഗ്രഹണം ചെയ്കയും ചെയ്തു. ഈ സംഭവത്തെയാണു് ലീലാതിലകത്തില്‍ ഉദ്ധൃതമായ
ദ്രോണായ ദ്രുപദം ധനഞ്ജയ ഇവ
ക്ഷ്മാപാലബാലോ ബലീ
വേണാട്ടിന്നുടയോരു വീരരവിവ–
ര്‍മ്മാഖ്യോ യദൂനാം പതിഃ
പാണ്ഡ്യം വിക്രമപൂര്‍വകം പടയില്‍വ–
ച്ചാട്ടിപ്പിടിച്ചങ്ങനേ
പാണ്ഡ്യശായ കൊടുത്തു തസ്യ തനയാം
പത്മാനനാമഗ്രഹീല്‍.ˮ
എന്ന ശ്ലോകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നതു്. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ദിഗ്വിജയത്തിനു പുറപ്പെട്ടു കേരളം മുഴുവന്‍ കീഴടക്കി. അനന്തരം കുലശേഖരനു് അസവര്‍ണ്ണവിവാഹത്തില്‍ ജനിച്ച പുത്രനായ വീരപാണ്ഡ്യനെ (1296-1342)[1] അനേകം യുദ്ധങ്ങളില്‍ പരാജിതനാക്കി. കൊങ്കണദേശത്തേക്കും ഒടുവില്‍ കാട്ടിലേക്കും ഓടിച്ചു. അതിനിടയില്‍ സുന്ദരപാണ്ഡ്യന്‍ പിതാവായ കുലശേഖരനെ വധിച്ചു ഡെല്‍ഹിയിലെ അല്ലാഉദീന്‍കില്‍ജി എന്ന മഹമ്മദീയചക്രവര്‍ത്തിയുടെ സേനാനിയായ മാലിൿകാര്‍ഫ്റുടെ സഹായത്തോടുകൂടി പാണ്ഡ്യസിംഹാസനത്തെ ആരോഹണംചെയ്തു. തന്നിമിത്തം രവിവര്‍മ്മാവിന്നു അദ്ദേഹത്തെയും ജയിക്കേണ്ടിവന്നു. പിന്നീടു നാല്പത്താറാമത്തെ വയസ്സില്‍ ചോളരാജ്യവും കാഞ്ചീപുരവും ഭരിച്ചിരുന്ന കാകതീയരാജപ്രതിനിധിയായ മന്മസിദ്ധിയെ തോല്പിച്ചു തൊണ്ടമണ്ഡലവും സ്വായത്തമാക്കി. പാലാറ്റിന്റെ ഒരു പോഷകനദിയായ വേഗവതിയുടെ തീരത്തുള്ള ആ പുരാണനഗരത്തില്‍ അരുളാളപ്പെരുമാള്‍ (വരദരാജസ്വാമി) ക്ഷേത്രത്തിലെ ഒരു മണ്ഡപത്തില്‍വച്ചു് അദ്ദേഹം തന്റെ വിജയാഭിഷേകമഹോത്സവം ആഘോഷിക്കുകയും ത്രിക്ഷത്രചൂഡാമണി (ചേരപാണ്ഡ്യചോളേശ്വരന്‍) എന്ന ബിരുദം സ്വീകരിക്കുകയും ചെയ്തു. ʻകുലശേഖരന്‍ ചന്തിʼ എന്നൊരു പൂജ നാല്പത്തെട്ടാമത്തെ വയസ്സില്‍ അദ്ദേഹം ആ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തി അതിനുവേണ്ട വസ്തുവകകളും വിട്ടുകൊടുത്തു. അതിനുപുറമേ ശ്രീരങ്ഗത്തു രങ്ഗനാഥസ്വാമി ക്ഷേത്രത്തിന്റെ അന്തര്‍ഭാഗത്തില്‍ ലക്ഷ്മീസഹിതനായ മഹാവിഷ്ണുവിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ഭദ്രദീപോത്സവം നടത്തുന്നതിന്നുമറ്റും വേണ്ട ദാനം ചെയ്കയുംചെയ്തു. ആ ബിംബം ഇന്നുമുണ്ടു്. വരദരാജക്ഷേത്രത്തില്‍ ചേരകുലവല്ലി എന്നും രങ്ഗനാഥക്ഷേത്രത്തില്‍ മലയാളനാച്ചിയാര്‍ എന്നും പേരുള്ള രണ്ടു വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ആ ദേവിമാര്‍ രാജാവിന്റെ പുത്രിമാരാണെന്നും അവരെ അദ്ദേഹം മഹാവിഷ്ണുവിനു പത്നിമാരായി സമര്‍പ്പിക്കുന്നു എന്നുമാണു് സങ്കല്പം. തിരുവാടിയില്‍ വീരസ്ഥാനേശ്വരംക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്തു കുംഭാഭിഷേകം ആഘോഷിച്ചതും ആ മഹാരാജാവും തന്നെയാണു്. അതു 47-മത്തെ വയസ്സിലാണു് നടന്നതു്. മദിരാശിയില്‍ പൂനമലയില്‍ അദ്ദേഹത്തിന്റെ ഒരു ശിലാരേഖ കണ്ടുകിട്ടിയിട്ടുണ്ടു്. പൂനമലയ്ക്കു അദ്ദേഹം ചേരപാണ്ഡ്യചുതുര്‍വേദിമങ്ഗലം എന്നു പേര്‍ നല്കി തിരുനെല്‍വേലിയില്‍ രവിവര്‍മ്മചതുര്‍വേദിമങ്ഗലം എന്നൊരു ഗ്രാമവും അദ്ദേഹം സ്ഥാപിച്ചു. തിരുവിതാംകൂറില്‍ തിരുവനന്തപുരത്തു വലിയചാലയിലും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഒരു വലിയ പാത്രത്തിലും അദ്ദേഹത്തിന്റെ രേഖകള്‍ കാണുന്നു. കാകതീയരാജ്ഞിയായ രുദ്രാംബയുടെ ആജ്ഞയനുസരിച്ചു ക്രി. പി. 1316-ല്‍ മുപ്പടിനായ്ക്കന്‍ എന്ന സേനാനി കാഞ്ചീപുരം വീണ്ടെടുത്തു. രവിവര്‍മ്മ കുലശേഖരന്‍ അതിനുമുമ്പു ചരമഗതിയെ പ്രാപിച്ചിരിക്കണം. ഇത്രയും പ്രസ്താവിച്ചതില്‍നിന്നു രവിവര്‍മ്മകുലശേഖരന്റെ ദിഗ്വിജയം എത്ര വിപുലവും വിശ്വവിസ്മാപകവുമാണെന്നു കേരളീയര്‍ക്കു ധരിക്കാവുന്നതാണു്. അദ്ദേഹത്തേപോലെ പരദേശങ്ങളില്‍ മാതൃഭൂമിയുടെ പേരും പെരുമയും പരത്തിയ കേരളരാജാക്കന്മാര്‍ വേറെയില്ല. വരദരാജക്ഷേത്രത്തിലെ ശിലാരേഖയാണു് താഴെ ഉദ്ധരിക്കുന്നുതു്.
ʻʻസ്വസ്തിശ്രീ ജയസിംഹ ഇത്യഭിഹിത–
സ്സോമാന്വയോത്തംസകോ
രാജാസീദിഹ കേരളേഷു വിഷയേ
നാഥോ യദുക്ഷ്മാഭൃതാം;
ജാതോസ്മാദ്രവിവര്‍മ്മഭൂപതിരുമാ
ദേവ്യാം കുമാരശ്ശിവാ–
ദ്ദേഹവ്യാപ്യശകാബ്ദഭാജി സമയേ
ദേഹീവ വീരോ രസഃ.
ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാന്‍
ജയശ്രീവല്‍ കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം
ത്രയസ്ത്രിംശദ്വര്‍ഷോ യശ ഇവ യയൗ കേരളപദം
രരക്ഷ സ്വം രാഷ്ട്രം നഗരമിവ കോളംബമധിപഃ.
ജിത്വാ സങ്ഗ്രാമധീരോ നൃപതിരധിരണം വിദ്വിഷംവീരപാണ്ഡ്യം
കൃത്വാസൗ പാണ്ഡ്യചോളാന്‍ നയ ഇവ തനുമാന്‍ കേരളേഭ്യോപ്യധീനാന്‍
ഷട്ചത്വാരിംശദബ്ദസ്തടഭുവി മകുടം ധാരയന്‍ വേഗവത്യാഃ.
ക്രീഡാം സിംഹാസനസ്ഥശ്ചിരമകൃതമഹീകീര്‍ത്തിവാണീരമാഭിഃ
കൃത്വാ കേരളപാണ്ഡ്യചോളവിജയം ക്നുപ്താഭിഷേകോത്സവഃ
സങ്ഗ്രാമാപജയേന കൊങ്കണഗതം തം വീരപാണ്ഡ്യം നൃപം
നീത്വാ സ്ഫീതബലം തഥാപി വിപിനം നീത്വാ ദിശാമുത്തരാം
കാഞ്ച്യാമത്ര ചതുര്‍ത്ഥമബ്ദ(?)മലിഖല്‍ സങ്ഗ്രാമധീരോ നൃപഃ.
ആമേരോരാമലയാദാപൂര്‍വാദാ ച പശ്ചിമാദചലാല്‍
യദുകുലശേഖര ഏഷ ക്ഷോണീം കുലശേഖരസ്സ്വയം ബുഭുജേ.
സ്വസ്തിശ്രീഃ–ചന്ദ്രകുലമങ്ഗലപ്രദീപ–യാദവനാരായണ–കേരളദേശപുണ്യപരിണാമ–നാമാന്തരകര്‍ണ്ണ–കൂപകസാര്‍വഭൗമ–കുലശിഖരിപ്രതിഷ്ഠാപിതഗരുഡധ്വജ–കോളംബപുരവരാധീശ്വര–ശ്രീപദ്മനാഭപദകമലപരമാരാധക–പ്രണതരാജ
പ്രതിഷ്ഠാചാര്യ–വിമതരാജബന്ദീകാര–ധര്‍മ്മതരുമൂലകന്ദ–സദ്ഗുണാലങ്കാര–ചതുഷ്ഷഷ്ടിക ലാ വല്ലഭ–ദക്ഷിണ ഭോജരാജ–സങ്ഗ്രാമധീര–മഹാരാജാധിരാജപരമേശ്വര–ജയസിംഹദേവനന്ദന–രവിവര്‍മ്മമഹാരാജ–ശ്രീകുലശേഖരദേവ–തിരിപുവന ചക്കിരവര്‍ത്തി–കോനേരിന്മൈക്കൊണ്ടാന്‍.ˮ
രങ്ഗനാഥക്ഷേത്രത്തിലേ രേഖയില്‍ വരദരാജക്ഷേത്ര രേഖയിലുള്ള ആദ്യത്തെ മൂന്നു ശ്ലോകങ്ങളും സംസ്കൃതഗദ്യവും ഒടുവിലത്തെ ശ്ലോകവും കഴിഞ്ഞു താഴെക്കാണുന്ന ശ്ലോകങ്ങള്‍കൂടി കൊത്തിക്കാണുന്നു.
കൃത്വാ ദുര്‍ന്നയവൈരനൈരൃതശമം സംസ്കാരസംശോഭിതേ
നിദ്രാണാമധിദേവതാം നിരുപമൈരഭ്യര്‍ച്ച്യ മാല്യാദിഭിഃ
ധര്‍മ്മൈരന്തരധിഷ്ഠിതേ സഹൃദയൈസ്സങ്ഗ്രാമധീരഃ കൃതീ
രങ്ഗ്യേസ്മിന്‍ സുമനോധിവാസമകരോല്ലാസ്യേ നിയോജ്യത്രയീം.
ലബ്ധാ സാഗരനേമിഭൂമിവിഷയാ രന്തും പ്രതിഷ്ഠാ യത–
സ്തസ്മൈ ശ്രീകുലശേഖരോ യദുപതിസ്ത്രീക്ഷത്രചൂഡാമണിഃ
രങ്ഗ്യേസ്മിന്‍ കമലാസഖായ ഹരയേ രമ്യാം പ്രതിഷ്ഠാം ദദൗ
സന്തഃ പ്രത്യുപകുവര്‍തേപ്യുപകൃതാഃ സര്‍വേ കിമത്രാദ്ഭുതം?.
ഭൂപാലൈരിളകാര്‍ത്തവീര്യസഗരൈര്യഃ പൂര്‍വമാസീല്‍കൃതം
പശ്ചാല്‍ പ്രൗഢമനോഹരം യദുപതിസ്തം ഭദ്രദീപോത്സവം
ചക്രേ ശക്ര ഇവാശ്രയം സുമനസാം സമ്രാട് ത്രയീധര്‍മ്മവി–
ദ്രങ്ഗ്യേസ്മിന്‍രുചിരാങ്കസംശ്രിതരമാരോചിഷ്ണവേ വിഷ്ണവേ.
സമ്രാജാമിവ യസ്സതാം സമുദഭൂത്തൈസ്തൈര്‍ഗ്ഗുണൈര്‍മ്മാതൃകാ;
സൈഷ ശ്രീകുലശേഖരശ്ശതഭിഷൿതാരേ സകന്യാരവൗ
ഭട്ടേഭ്യഃ പുരതോത്ര രങ്ഗനൃപതേഃ പഞ്ചാശതിം സാക്ഷിണഃ
പ്രത്യേകം പ്രതിഹായനം പണശതം ദാതും പ്രതിഷ്ഠാംവ്യധാല്‍.
കവിത
സങ്ഗ്രാമധീരരവിവര്‍മ്മന്റെ ഒരു കൃതി മാത്രമേ നമുക്കു കിട്ടീട്ടുള്ളു. അതു പ്രദ്യുമ്നാഭ്യുദയമെന്ന അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ആ നാടകത്തിന്റെ പ്രസ്താവനയില്‍ ഇങ്ങനെ കാണുന്നു.
സൂത്രധാരന്‍: ʻʻഅസ്തി കില സങ്ഗീതശാസ്ത്ര
നടീ (സശ്ലാഘം):–-വീരശ്രിയേവ സരസ്വത്യാപ്യഭിരമത ഏഷ യദുനാഥഃ[2]
സൂത്ര:–-ആര്യേ, കിമുച്യതേ?
സങ്ഗ്രാമഭൂമിഷു സഭാസു ച ധീര ഏഷ
ശസ്ത്രേണ ബുദ്ധിവിഭവേന ച തൈക്ഷ്ണ്യഭാജാ
ദര്‍പ്പാന്ധകാരിതധിയോ നൃപതീന്‍ ബുധാംശ്ച
ജിത്വാ ക്ഷിതൗ വിഹരതേ ജയസിംഹസ്മനുഃ,
നടീ:–-നത്വേവംവിധസ്യ നരപതേഃ പ്രബന്ധമഭിനയ താമസ്മാകം ഹസ്തഗതാ മനീഷിതസിദ്ധിഃ.
സൂത്ര:–-(സബഹുമാനം) ആര്യേ! സാധു ഭണിതം.
ʻʻഭരതജലധികര്‍ണ്ണധാരഃ പ്രബന്ധാ യദുക്ഷ്മാപതി–
സ്ത്രീഭുവനവിജയീ മരാരേഃ കുമാരഃ സ്മരോ നായകഃ
പരിഷദഭിനയാദ്യഭിജ്ഞാ, പ്രവീണാശ്ച നാട്യേ വയം
ഫലിതമിഹ തദദ്യപുണ്യൈശ്ചിരാന്നഃ പുരാസഞ്ചിതൈഃˮ
ഇതില്‍നിന്നും സങ്ഗ്രാമധീരന്‍ സങ്ഗീതത്തിലും ഭരതശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ʻകേരളദേശസുകൃതപരിണതിʼയും ʻയാദവനൃപകുലദൈവതʼവുമായ ഭഗവാന്‍ ശ്രീപദ്മനാഭന്റെ യാത്രോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി നിര്‍മ്മിച്ചതാണു് പ്രസ്തുതനാടകമെന്നും കവി രേഖപ്പെടുത്തീട്ടുണ്ടു്; ശ്രീകൃഷ്ണന്റെ പുത്രനായ പ്രദ്യമ്നന്‍ വജ്രപുരാധീശ്വരനായ വജ്രണാഭന്‍ എന്ന അസുരനെ വധിച്ചു് അദ്ദേഹത്തിന്റെ പുത്രിയായ പ്രഭാവതിയെ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിലെ ഇതിവൃത്തം. ഈ കഥ ഹരിവംശത്തില്‍നിന്നു സങ്ഗ്രഹിച്ചിട്ടുള്ളതാണു്. രങ്ഗപ്രയോഗത്തിനു് ഉചിതമായ വിധത്തില്‍ പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. [3] പ്രസ്തുതനാടകം ഒരിക്കലെങ്കിലും വായിക്കുന്നവര്‍ക്കു് അതു കവിചരിത്രത്തിന്റെ ദര്‍പ്പണംകൂടിയാണെന്നു കാണുവാന്‍ അശേഷം പ്രയാസം ഉണ്ടാകുന്നതല്ല. രണ്ടാമങ്കത്തില്‍ ഭദ്രനടന്റെ
ʻʻചാടൂക്തിഭക്തിചതുരൈശ്ചതുരാനനാദ്യൈ–
രഭ്യര്‍ത്ഥിതസ്സുരഗണൈരവനീമുപേതഃ
വംശേ മഹീയസി യദോര്‍വിഹിതാവതാര–
സംക്രീഡതേ ശമിതശത്രുകുലോ മുകുന്ദഃˮ
എന്ന ശ്ലോകം ജയസിംഹപ്രശസ്തിയുടെ പ്രതിബിംബമായി ഗണിക്കാവുന്നതാണു്; അഞ്ചാമങ്കത്തില്‍ ʻʻയദുവംശഭുവാം രാജഞാമീദൃശീ കാലയോധിതാˮ എന്നു നാരദന്‍ പറയുന്നു. ഒടുവില്‍ നേപഥ്യത്തില്‍ ʻʻസാമ്രാജ്യചിഹ്നമധിതിഷ്ഠതു ഭദ്രപീഠം നാഥോ യദുക്ഷിതിഭൃതാം ശരദസ്സഹസ്രംˮ എന്ന ആശീര്‍വാദം ഉച്ചരിക്കപ്പെടുന്നു. വേറെയും ഈ മതം സമര്‍ത്ഥിക്കുവാന്‍ ധാരാളം ഉദാഹരണങ്ങള്‍ കാണിക്കാവുന്നതാണു്. രവിവര്‍മ്മ കവിയുടെ ഗദ്യവും പദ്യവും ഒന്നുപോലെ മനോഹരമാകുന്നു. നോക്കുക–-
ʻʻപ്രഭാവത്യാഃ കലാഭിയോഗോ നാമ ഹേമയഷ്ട്യാ ദഹന സംസ്കാരോ, മണിശലാകായാശ്ശാണസമുല്ലേഖഃ ചമ്പകമാലായാ ഹിമജലപരിഷേക, ശ്ചന്ദ്രികായാശ്ശരത്സമാഗമശ്ചˮ
ʻʻആശ്യാനപങ്കപഥമംബുലസത്തടാക–
മാവിര്‍മ്മദദ്വിപമയത്നവിലങ്ഘി സിന്ധു
ആദര്‍ശയന്‍ സ്വമിഹ വൈഭവമാഹവോല്‍കാന്‍
സന്നാഹയത്യവനിപാന്‍ ശരദേഷ കാലഃˮ
സമുദ്രബന്ധന്‍
രവിവര്‍മ്മകുലശേഖരനെപ്പോലെയുള്ള ഒരു മഹാരാജാവിന്റെ രാജധാനിയില്‍ അനേകം കവികളും പണ്ഡിതന്മാരും പുലരുക എന്നുള്ളതു സ്വാഭാവികമാണല്ലോ. അവരില്‍ സമുദ്രബന്ധന്‍, കവിഭൂഷണന്‍ എന്നിങ്ങനെ രണ്ടു പേരെപ്പററിമാത്രമേ നമുക്കറിവാനിടവന്നിട്ടുള്ളു. രണ്ടുപേരും പാരദേശികന്മാരെന്നാണു് തോന്നുന്നതു്. സമുദ്രബന്ധയജ്വാവെന്നു സമുദ്രബന്ധനെപ്പറ്റി അന്യത്ര പ്രസ്താവിച്ചുകാണുന്നു. കാശ്മീരത്തില്‍ ആലങ്കാരികമൂര്‍ദ്ധന്യനായി രുയ്യകന്‍ എന്നൊരു പണ്ഡിതന്‍ ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തില്‍ ജിവിച്ചിരുന്നു. അദ്ദേഹം നിര്‍മ്മിച്ച ʻഅലങ്കാര സൂത്രംʼ എന്ന ഗ്രന്ഥത്തിന് അദ്ദേഹത്തിന്റെ ശിഷ്യനും സര്‍വതന്ത്രസ്വതന്ത്രനുമായ മംഖുകന്‍ ʻഅലങ്കാരസര്‍വസ്വംʼ എന്ന വൃത്തി രചിച്ചു. ʻനമസ്കൃത്യ പരാം വാചം ദേവീം ത്രിവിധവിഗ്രഹാം ഗുര്‍വലങ്കാരസൂത്രാണാം വൃത്ത്യാ താല്‍പര്യമുച്യതേʼ എന്നു് ആ വൃത്തിയുടെ ആരംഭത്തിലും,
ʻʻഇതി മംഖുകോ വിതേനേ കാശ്മീരക്ഷിതിപസാന്ധി വിഗ്രഹികഃ
സുഖവിമുഖാലങ്കാരം തദിദമലങ്കാരസര്‍വസ്വംˮ
എന്നു് അവസാനത്തിലുമുള്ള ശ്ലോകങ്ങള്‍ നോക്കുക. മംഖുകന്‍ 1129 മുതല്‍ 1150 വരെ കാശ്മീരം ഭരിച്ചിരുന്ന ജയസിംഹന്റെ മന്ത്രിയും സദസ്യനുമായിരുന്നു. അലങ്കാരസര്‍വസ്വത്തിനു വിശദമായ ഒരു വ്യാഖ്യാനം രവിവര്‍മ്മകുലശേഖരന്റെ ആജ്ഞയനുസരിച്ചു കൊല്ലത്തുവച്ചു സമുദ്രബന്ധന്‍ നിര്‍മ്മിക്കുകയുണ്ടായി. ആ സംഭവത്തെപ്പറ്റി കവി ഇങ്ങനെ വര്‍ണ്ണിക്കുന്നു.
ʻʻ കേരളെഷ്വസ്തി നഗരീ കോളമ്പ ഇതി വിശ്രുതാ
അധിശ്രിയാ യയാവാചീ ഹരിദപ്യളകാവതീ;
അയോധ്യാമപി യാം സന്തോ രാഘവാന്വയവര്‍ജ്ജിതാം
അഗോചരം ഭുജങ്ങ്ഗാനാമാഹുര്‍ഭോഗവതീമപി.
പ്രാപ്തകല്പദ്രുമച്ഛായൈഃ സുമനോഭി: കൃതാസ്പദാ,
അവതീര്‍ണ്ണേവ മേദിനാം യാ ചകാസ്ത്യമരാവതീ.
വിഭൂഷയന്‍ പുരീമേനാം യദുവംശവിഭൂഷണം
രവിവര്‍മ്മേതി വിഖ്യാതോ രാജാ ശാസ്തി വസുന്ധരാം.
യസ്മാദന്യഃ പദം നാസ്തി കലാവദ്രാജശബ്ദയോഃ
തദന്വവായകൂടസ്ഥമന്തരേണ നിശാകരം.
വിവര്‍ണ്ണാരിവധുവക്‌ത്രവ്യാഖ്യാത ഭുജവിക്രമേ
പത്യൗ യസ്മിന്നഭൂദുവീ വീരപത്നീപദാസ്പദം.
വീരേണ വാഗ്മിനാ യേന വദാന്യേ വസുന്ധരാ
വാസവം വചസാമീശം പാരിജാതഞ്ച ലംഭിതാ.
ന പരം ധന്വനാ ശൂന്യാഃ പാണയഃ പൃഥിവീഭുജാം
അപി കൃസ്നാ മഹീ യസ്മിന്നവത്യതുലവിക്രമേ.
വിദ്യാസ്ഥാനൈസ്സമം തസ്യ വിഷ്ടപാനി ചതുര്‍ദ്ദശ
പ്രസാധിതവതഃ പാര്‍ശ്വം സുധിയോ ജാതു നാത്യജന്‍.
കദാചിന്മംഖുകോപജ്ഞം കാവ്യാലങ്കാരലക്ഷണം
പ്രദര്‍ശ്യ രവിവര്‍മ്മാണം പ്രാര്‍ത്ഥയന്ത വിപശ്ചിതഃ.
ഗംഭീരം നസ്തിതീര്‍ഷൂണാം മംഖുകഗ്രന്ഥസാഗരം
നൗരസ്തു ഭവതഃ പ്രജ്ഞാ സ്ഥേയസീ യദുനന്ദ!
വ്യാചക്ഷ്വ തമിമം ഗ്രന്ഥം വ്യാവൃത്തവചനക്രമഃ
ശാസ്ത്രസാഹിത്യപാഥോധിപാരാവാരീണയാ ധിയാ.
ഇതി തൈഃ പ്രാര്‍ത്ഥിതഃ പ്രാജൈഞഃ പാര്‍ത്ഥിവസ്താനഭാഷത
ദന്താര്‍ച്ചിരുദ്ഗമവ്യാജവ്യക്തവൈശദ്യയാ ഗിരാ.
മയാऽസാധ്യമഭീഷ്ടം വോ ഗ്രന്ഥഃ പുനരയം മഹാന്‍
വ്യാഖ്യാതും ശക്യമാസാദ്യ ഭവതാം യദ്യനുഗ്രഹം.
വ്യാഖ്യേയം മാനനീയാ സ്യാല്‍ സദ്ഭിരാദ്രിയതേ യദി;
ശംഭോഃ പരിഗ്രഹാദേവ ശ്ലാഘ്യാ ചാന്ദ്രമസീ കലാ.
ഇത്യുകൈത്വഷ മനീഷാ വൈഭവപരിഭൂതവാസവാചാര്യ:
ബുദപരിഷദലങ്കാരോ വ്യാഖ്യാദലങ്കാരസര്‍വസ്വം
അവധൃത്യൈ യദുപതിനാ വിവൃതസ്യ ഗരീയസസ്തദര്‍ത്ഥസ്യ
കശ്ചിദ്വ്യധിത വിപശ്ചിച്ഛബദനിബന്ധം സമുദ്രബന്ധാഖ്യ:ˮ
ദുരവഗാഹമായ അലങ്കാരസര്‍വസ്വം വ്യാഖ്യാനിക്കണമെന്നു പണ്ഡിതന്മാര്‍ സങ്ഗ്രാമധീരനോടു പ്രാര്‍ത്ഥിക്കുകയും അദ്ദേഹം അവരുടെ അപേക്ഷ സ്വീകരിച്ചു് ആ ഗ്രന്ഥത്തിനു് അര്‍ത്ഥവിവരണം ചെയ്യുകയും അതു സമുദ്രബന്ധന്‍ പുസ്തകാകൃതിയിലാക്കുകയും ചെയ്തു എന്നാണല്ലോ ഈ പ്രസ്താവനയില്‍നിന്നു നാമറിയുന്നതു്. സര്‍വസ്വവ്യാഖ്യയില്‍ അവിടവിടെ സമുദ്രബന്ധന്‍ ഉദാഹരണരൂപത്തില്‍ പല ശ്ലോകങ്ങള്‍ എഴുതിച്ചെര്‍ത്തിട്ടുണ്ടു്. അവയെല്ലാം രവിവര്‍മ്മപ്രശസ്തിപരങ്ങളാകുന്നു.
ʻʻസങ്ഗ്രാമധീരനൃപതിര്‍ഭീരുരധര്‍മ്മാദഭീരുരാഹവതഃ
ശുശ്രൂഷുര്‍ന്നഗമവിദസ്തദ്ബാഹ്യവിദോ ഭവത്യശുശ്രൂഷുഃˮ
ʻʻഅധിസമരമാതതജ്യേ രവിവര്‍മ്മന്‍! കാര്‍മ്മുകേ ത്വയാകൃഷ്ടേ
ആസ്രം ദ്വിഷാമുരസ്തസ്തരുണീനാം ലോചലൈസ്സമം പതതിˮ
ʻʻയദ്യാകാംക്ഷിസി വീക്ഷിതും ഗുണരുചേ, ചേതസ്സമസ്താന്‍ഗുണാന്‍
കോളംബാഖ്യമുപേഹി ദക്ഷിണദിശാസീമന്തരത്നം പുരം
ആസ്തേ യത്ര ഭുജേന കീര്‍ത്തിശശിനഃ പൂര്‍വാചലേനോദ്വഹ–
ന്നര്‍വീമര്‍ണ്ണവമേഖലാം യദുപതിഃ കല്പദ്രുമോ ജങ്ഗമഃˮ
ഇവ ആക്കൂട്ടത്തില്‍ പെട്ടവയാണു്. വിദ്യാധരന്റെ ഏകാവലി, വിദ്യാനാഥന്റെ പ്രതാപരുദ്രീയം, സമുദ്രബന്ധന്റെ അലങ്കാരസര്‍വസ്വവ്യാഖ്യാ ഈ മൂന്നലങ്കാരഗ്രന്ഥങ്ങളും ഏകദേശം ഒരേകാലത്തുണ്ടായവയാണു്. വിദ്യാധരന്‍ കലിങ്ഗ രാജാവായ ദ്വിതീയനരസിംഹനേയും (1275–1305) വിദ്യാനാഥന്‍ കാകതീയരാജാവായ പ്രതാപരുദ്രനേയും (1291–1321) വര്‍ണ്ണിച്ചാണു് ഉദാഹരണങ്ങല്‍ രചിക്കുന്നതു്. ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു വിദ്യാധരനാണെന്നു ഞാന്‍ ഊഹിക്കുന്നു.
സിംഹരാജന്‍
സമുദ്രബന്ധനു സിംഹരാജന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി പ്രാകൃതരൂപാവതാരം, രാജശേഖരന്റെ കര്‍പ്പൂരമഞ്ജരീസട്ടകത്തിനു വിവരണം എന്നൊരു വ്യാഖ്യാനം, ഇങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. രണ്ടും അദ്ദേഹത്തിനു പ്രാകൃതഭാഷയായിലുള്ള പാണ്ഡിത്യത്തെ സ്പഷ്ടീകരിക്കുന്നു. രണ്ടാമത്തെ ഗ്രന്ഥത്തിന്റെ ഒടുവില്‍ ʻʻസകലവിദ്യാവിശാരദസ്യ സമുദ്രബന്ധയജ്വനഃ സൂനുനാ സിംഹരാജേന വിരചിതേ സട്ടകവിവരണേˮ എന്നൊരു കുറിപ്പു കാണുന്നുണ്ടു്. സമുദ്രബന്ധന്‍ പ്രവരസേനന്റെ സുപ്രസിദ്ധമായി സേതുബന്ധമെന്ന മഹാകാവ്യത്തിനു് ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു് സിംഹരാജന്‍ വിവരണത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്താല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ വ്യാഖ്യാനം ഇതുവരെ കണ്ടുകിട്ടീട്ടില്ല.
ʻʻവ്യാകൃത്യാം സേതുനാ യസ്സമധികഗഹനം
ശാസത്രസാഹിത്യസിന്ധും
ബദ്ധ്യാ ബുധ്വാ യഥാര്‍ത്ഥാം വ്യരചയത നിജാം
സിന്ധുനന്ധേതിസംജ്ഞാം
നത്വാം തം യായജൂകം നിയമവിധിവിദം
താതമസ്യ പ്രസാദാ–
ദ്വാഖ്യാനം സട്ടകസ്യ സ്ഫുടതരമധുനാ
സിംഹാരാജോ വിധാസ്യേ.ˮ
കവിഭൂഷണന്‍
കവിഭൂഷണന്‍െറ ചന്ദ്രകലാമാല എന്നു പേരിടാവുന്ന രവിവര്‍മ്മപ്രശസ്തിപരമായ ഒരു വര്‍ണ്ണം രങ്ഗനാഥക്ഷേത്രത്തിലെ ശിലാരേഖയുടെ ഒരു ഭാഗമായി കാണ്മാനുണ്ടു്. ആകെ പതിനെട്ടു ശ്ലോകങ്ങളുള്ളതില്‍ ആദ്യത്തെ പതിനാറാണു് കലകളായി ഗണിക്കപ്പെട്ടിട്ടുള്ളതു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.
ʻʻദുര്‍ബലസ്യ ബലം രാജേത്യോഷാ സത്യാ സരസ്വതി;
സങ്ഗ്രാമധീരോ ധര്‍മ്മസ്യ ദുര്‍ബലസ്യ ബലം കലൌ,
രവിശ്ച രവിവര്‍മ്മാ ച ദ്വാവിമൌ തേജസാം നിധീ;
ഏകസ്യാഹ്നി പ്രതാപശ്രീരപരസ്യ ത്വഹര്‍ന്നിശം.
സങ്ഗ്രാമധീര, ത്വദ്രാജ്യേ ചോരാ നാസ്തിതിവാങ്മൃഷാ;
ചമ്പകദ്യതിസര്‍വസ്വചോരസ്തേ വിഗ്രഹസ്സ‌്വയം.
ഏകസ്സ‌്വാദു ജഗല്‍ സര്‍വം ഭൂങ്ക്ക്ഷേ യാദവഭൂപതേ.
പ്രായോ ന ദോഷഃ സ്ത്രീഹത്യാ രാജ്ഞാം രാമസധര്‍മ്മണാം
സതാം സഹചരീം ഹംസി രവിവര്‍മ്മനി ദരിദ്രതാം.
ധനം സര്‍വം ദദാമീതി കഥം തേ യാദവ, വ്രതം?
ബ്രഹ്മാണ്ഡഭാണ്ഡാഗാരേ സ്മിന്‍ സഞ്ചിനോഷി യശോധനം.
ഇതി യാദവകീര്‍ത്തീന്ദോഃ കലാഷ്ഷോഡാശസൂക്തയഃ
ഉല്ലാസയന്തു കുമുദം ഭൂഷേണ പവര്‍ണി സ്ഫുടാഃˮ
അരുണഗിരിനാഥന്‍
കാലം
ʻഅണ്ണാമലʼ എന്ന പേരില്‍ സുപ്രസിദ്ധനായ അരുണഗിരിനാഥന്‍, അഥവാ അരുണാചലനാഥന്‍ കാളിദാസമഹാകവിയുടെ രഘുവംശത്തിനും കുമാരസംഭവത്തിനും പ്രകാശിക എന്ന സംജ്ഞയില്‍ ഓരോ ടീക നിര്‍മ്മിച്ചിട്ടുള്ള മഹാപണ്ഡിതനാകുന്നു. അണ്ണാമലയുടെ വ്യാഖ്യാനങ്ങള്‍ക്കു കേരളത്തിലെങ്ങും അത്യധികമായ പ്രചാരമുണ്ടു്; എന്നാല്‍ കേരളത്തിനു വേളിയില്‍ അവ അവിദിതങ്ങളുമാണു്. അതുകൊണ്ട് അദ്ദേഹം ഒന്നുകില്‍ ഒരു കേരളീയനോ അല്ലെങ്കില്‍ കേരളത്തില്‍ ആയുഷ്കാലം നയിക്കുവാന്‍ ഇടവന്ന ഒരു ദ്രാവിഡനോ ആയിരിക്കണം. ʻഅരുണാചലനാഥേന ദ്വിജപാദാബ്ജസേവിനാʼ എന്നു രണ്ടു വ്യാഖ്യാനങ്ങളിലും ʻശിവദാസാപരാഖ്യേനʼ എന്നുകൂടി രഘുവംശപ്രകാശികയിലും അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നു; കുമാരസംഭവപ്രകാശികയില്‍ ʻപ്രപദ്യേഹം കപര്‍ദ്ദിനംʼ എന്നും ʻതത്സര്‍വം ഭവപാദപങ്കജരജസ്സമ്പര്‍ക്കജം മന്മഹേʼ എന്നും അവസാനിക്കുന്ന മങ്ഗളശ്ലോകങ്ങളില്‍ തനിക്കുള്ള ശിവഭക്തിയേയും പ്രകടീകരിക്കുന്നു. ʻദ്വിജപാദാബ്‌ജസേവിനാʼ എന്ന വിശേഷണത്തില്‍നിന്നു് അദ്ദേഹം ഒരു അബ്രാഹ്മണനായിരുന്നു എന്നൂഹിക്കാം. അതിനു് ഉപോല്‍ബലകമായി രഘുവംശപ്രകാശികയുടെ ഒരാദര്‍ശഗ്രന്ഥത്തില്‍ ʻʻഇതി രാമദത്ത സൂനുനാ അരുണഗിരിനാഥേന വിരചിതായാംˮ എന്നൊരു കുറിപ്പു കാണ്മാനുണ്ടു്. അതില്‍നിന്നും അരുണഗിരിയുടെ പിതാവിന്റെ നാമധേയം രാമനെന്നാണെന്നും ദത്തശബ്ദപ്രയാേഗത്തില്‍നിന്നു് അദ്ദേഹം ഒരു വൈശ്യനാണെന്നും സിദ്ധിക്കുന്നു. ക്രി.പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആന്ധ്രദേശത്തെ അലങ്കരിച്ചിരുന്ന വ്യാഖ്യാതൃ ചക്രവര്‍ത്തിയായ മല്ലിനാഥനു മാര്‍ഗ്ഗദര്‍ശിയായി സൂര്യസൂനുവായ ദക്ഷിണാവര്‍ത്തനാഥന്‍ എന്നൊരു പണ്ഡിതന്‍ ക്രി.പി. പതിമ്മൂന്നാം ശതകത്തില്‍പ്പെട്ട (ദക്ഷിണാവര്‍ത്തം) തിരവലഞ്ചുഴിയായിരുന്നു. ദക്ഷിണാവര്‍ത്തന്‍ മേഘസന്ദേശത്തിനും പ്രദീപമെന്ന വ്യാഖ്യാനത്തിനും ശാകുന്നതളത്തിനു് ഒരു ടിപ്പണത്തിനും പുറമേ രഘുവംശകുമാരസംഭവങ്ങള്‍ക്കു ʻദീപികʼ എന്ന സംജ്ഞയില്‍ ഓരോ ടീകയും രചിച്ചിട്ടുണ്ടു്. അരുണഗിരി, ദക്ഷിണാവര്‍ത്തന്റെ വ്യാഖ്യാനങ്ങളിലെ പല ഭാഗങ്ങളും സ്വായത്തീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ മല്ലിനാഥനെ അദ്ദേഹം ഒരവസരത്തിലും ഉപജിവിക്കുന്നതായി കാണുന്നില്ല. ʻനാഥസ്തുചതുര്‍വിധം വൃദ്ധമിതിജ്ഞാത്വാʼ എന്നു അദ്ദേഹം രഖുവംശപ്രകാശികയില്‍ സ്മരിച്ചിട്ടുള്ളതു ദക്ഷിണാവര്‍ത്തനെയാണെന്നു ഞാന്‍ ഗ്രന്ഥപരിശോധനാനന്തരം ധരിച്ചുവച്ചിട്ടുണ്ടു്. അതുകെണ്ടു് ആ ʻനാഥന്‍ʼ ചിലര്‍ വിചാരിക്കുന്നതുപോലെ മല്ലിനാഥനല്ല. തന്നിമിത്തം പ്രസ്തുത വ്യാഖ്യാതാവു പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലോ പതിന്നാലാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലോ ജീവിച്ചരുന്നതായി പരിഗണിക്കാവുന്നതാണു്. മല്ലിനാഥന്റെ കാലം പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു. കൊല്ലം 706-ല്‍ പകര്‍ത്തിയ രഘുവംശപ്രകാശികയുടെ ഒരു പ്രതി തിരവല്ലാ കുഴിക്കാട്ടില്ലത്തുണ്ടു്. രഘുവംശപ്രകാശികയില്‍ താന്‍ ശ്രീകണ്ഠപാദപവിത്രതിനാണെന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. ആ ശ്രീകണ്ഠന്‍ ആരെന്നറിയുന്നില്ല; അദ്ദേഹത്തിന്റെ ഗുരുനാഥനായിരിക്കാം.
ടീകകളുടെ വൈശിഷ്ട്യം
അരുണഗിരി അദ്ദേഹത്തിന്റെ ടീകകളില്‍ തനിക്കു വ്യാകരണം, അലങ്കാരം, ധര്‍മ്മശാസ്ത്രം മുതലായ വിഷയങ്ങളിലുള്ള അത്യത്ഭുതമായ അവഗാഹം അനുസ്യൂതമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും ഗൂഢാര്‍ത്ഥ പ്രതിപാദനത്തിലും രസഭാവവിവരണത്തിലുമാണു് തന്റെ വൈശിഷ്ട്യം പ്രസപഷ്ടമാകുന്നതു്. പൂര്‍വടീകകളേയും ആചാര്യന്മാരുടെ ലക്ഷണഗ്രന്ഥങ്ങളേയും നല്ലപോലെ പര്യാലോചന ചെയ്തതിന്നുശേഷമാണു് താന്‍ രഘുവംശത്തിനു ടീക രചിക്കുവാന്‍ ഉദ്യമിക്കുന്നതെന്നും, തനിക്കുമുന്‍പു് ആ കാവ്യം പലരും വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ടു തന്റെ പ്രയത്നം നിഷ്ഫലമാകണമെന്നില്ലെന്നും, എന്തുകൊണ്ടെന്നാല്‍ ʻയതോ വിദ്വാന്മതാ സര്‍വോ ന സര്‍വം പശ്യതീതി വാക്ʼ അതായതു് എല്ലാവരും എല്ലാം അറിയുന്നില്ലെന്നുള്ള വാക്കു വിദ്വാന്മാര്‍ക്കു സമ്മതമാണെന്നും, രഘുവംശം ഒരു പ്രബന്ധസമുദ്രമാണെന്നും അതിന്റെ അര്‍ത്ഥം യഥാമതി വിചാരണ ചെയ്യുന്നതിനു് എല്ലാവര്‍ക്കും യോഗ്യതയുണ്ടെന്നും രസഭാവാലങ്കാരാദ്യംശങ്ങളെ താന്‍ പ്രത്യേകം നിരൂപണം ചെയ്യുവാന്‍പോകുന്നു എന്നും അദ്ദേഹം ആ ഗ്രന്ഥത്തില്‍ ഉപന്യസിക്കുന്നു. കുമാരസംഭവപ്രകാശിക പിന്നീടു നിര്‍മ്മിച്ചതാണു്.
ʻʻരഘുവംശം മഹാകാവ്യേ വിമൃശ്യ രസസമ്പദം
കാളിദാസകവീന്ദ്രസ്യ ജ്ഞാതാസ്വാദേന സൂക്തിഷു.ˮ
ʻʻകുമാരസംഭവാഖ്യേപി മയാ ടീകാ വിതന്യതേ.ˮ
എന്നാകുന്നു അതില്‍ അദ്ദേഹം പ്രസ്താവിക്കുന്നതു്. ആ ടീകയുടെ അവസാനത്തില്‍
ʻʻയേ വാക്യാര്‍ത്ഥിവിചാരകര്‍ക്കശധിയോ യേ വാ രസസ്രോതാസി
സ്വേച്ഛാമജ്ജനകേളിഷു വ്യസനിനോ യേ വാ ശിവൌസംശ്രിതാഃ
തേ നിര്‍മ്മത്സരസാവധാനമനസോ മര്‍കാം മനോഹാരിണീം
സംഗൃഹ്ണന്തു കുമാരസംഭവസമുദ്ബോധായ ടീകാമിമാംˮ
എന്ന ശ്ലോകവും വ്യാഖ്യാതാവു ചേര്‍ത്തിട്ടുണ്ട്.
ʻʻവര്‍ണ്യതേ ശിവയോര്‍വൃത്തം; കാളിദാസസ്യ സൂക്തയഃ;
വ്യാഖ്യാതാരോ വയം ചേതി മന്യേ കോപ്യുത്സവസ്സതാം.ˮ
എന്ന പദ്യത്തില്‍ നിന്നു് അദ്ദേഹത്തിനു തന്റെ ടീകയുടെ ഔല്‍കൃഷ്ടത്തില്‍ എത്ര അടിയുറച്ച വിശ്വാസമാണുണ്ടായിരുന്നതെന്നു വെളിവാകുന്നു. ആ വിശ്വാസം യുക്തരൂപംതന്നെ; കേരളത്തിലെ സഹൃദയന്മാര്‍ രഘുവംശത്തിനും കുമാരസംഭവത്തിനും അണ്ണാമലയുടേതിനേക്കാള്‍ മികച്ച വ്യാഖ്യാനങ്ങളുള്ളതായി ഗണിക്കുന്നില്ല. അനാവശ്യമായി ഒരു പദം പ്രകൃത്യാ യാവദര്‍ത്ഥവചസ്സായ അദ്ദേഹത്തിന്റെ ടീകകളിലില്ല. കൊല്ലം ഒന്‍പതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ പൂര്‍വഭാരതചമ്പൂകാരനായ കോഴിക്കോട്ടു മാനവേദരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന വെള്ളാങ്ങല്ലൂര്‍ നാരായണഭട്ടതിരി അദ്ദേഹത്തിന്റെ കുമാരസംഭവവിവരണത്തില്‍ പറയുന്നതു്.
ʻʻവ്യാഖ്യാതന്തരേഷു ദൃഷ്ടേഷു വിമൃഷേഷ്വപി തത്വതഃ
സുഭഗശ്ശിവദാസോക്തോ മാര്‍ഗ്ഗ ഏവാനുഗമ്യതേ.ˮ
എന്നാണു്.
രാഘവാനന്ദന്‍
കൃതികള്‍
അനേകം ഉത്തമഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവാണു് രാഘവാനന്ദന്‍, അദ്ദേഹം ശ്രീമദ് ഭാഗവതത്തില്‍ കൃഷ്ണപദി, ലഘുഭട്ടാരകന്റെ ലഘുസ്തുതിക്കു വൃത്തി, ശേഷന്റെ പരമാര്‍ത്ഥസാരത്തിനു വിവരണം, കുലശേഖരന്റെ മുകുന്ദമാലയ്ക്കു താല്പര്യദീപിക, ശങ്കരാചാര്യരുടെ വിഷ്ണുഭുജങ്ഗപ്രയാതത്തിനു വ്യാഖ്യ, ഇവയ്ക്കു പുറമേ സര്‍വസിദ്ധാന്തസങ്ഗ്രഹം അഥവാ സര്‍വമതസങ്ഗ്രഹം, വിദ്യര്‍ച്ചനമഞ്ജരി എന്നിങ്ങനെ രണ്ടു സ്വതന്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായിക്കാണുന്നു.
ചരിത്രം
കൃഷ്ണപദി എന്ന മഹാവ്യാഖ്യാനത്തിന്റെ അവസാനത്തില്‍ ഗ്രന്ഥകാരന്‍ തന്റെ ഗുരുനാഥനായ കൃഷ്ണാനന്തനേയും തന്നെയും പറ്റി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടു്. ആദിശേഷന്റെ അവതാരമായ പതഞ്ജലിയുടെ ജന്മഭൂമി എന്ന നിലയില്‍ പ്രഖ്യാതമായി നാഗപുരം എന്നൊരു സ്ഥലം ഗങ്ഗാനദിയുടെ തീരത്തിലുണ്ടു്. കൃഷ്ണാനന്ദിമുനി അവിടെ ഒരു ബ്രാഹ്മണകുലത്തില്‍ ജനിച്ചു സാങ്ഗമായി യജുര്‍വേദമഭ്യസിച്ചു ബ്രഹ്മചര്യത്തില്‍ത്തന്നെ സന്യാസാശ്രമം സ്വീകരിച്ചു.
ʻʻആനന്ദശീര്‍ഷോജ്ജ്വലകൃഷ്ണനാമാ
മുനിര്‍മ്മുനീന്ദ്രൈസ്സഹ പദ്മനാഭം
ചിത്തേ നിധായാഖീലലോകനാഥം
ദേശം തദങ്ഘ്രിസ്ഫുരിതം പ്രപേദേ.
യേനാഥ സേതുര്‍ജ്ജനകാത്മജായാഃ
ശോഭാവഹോധ്യൈക്ഷി പത്മനാഭഃ
ശിവാമൃതാഖ്യാല്‍ പരഹംസമുഖ്യാ–
ഛ്റുതശ്ച യേനാഖിലവേധസാരഃ
അന്തേऽഭിഷിക്തഃ പരഹംസരാജ്യേ
യശ്ചാത്ര തേനൈവ മുനിശ്വരേണ;
യശ്ചാനുജഗ്രാഹ വൃഷാധിനാഥ–
സ്യാങ്കേ നിഷണ്ണഃ സ്വസുഖം ജനേഭ്യഃ
സ്വപാദപദ്മം സമുപാശ്രിതേഭ്യോ
വാചാഖിലാമ്നായഗിരോര്‍ത്ഥഭൂതം
ശ്രീരക്തശാഖീതി മുകുന്ദധാമ്നി
ഖ്യാതേऽകരോദ്യശ്ച പരം സമാധിം.ˮ
അവിടെനിന്നു മറ്റു യതികളോടുകൂടി സീതാസേതു (ഇത് ആദിസേതു എന്ന പേരില്‍ വിദിതമായ കന്യാകുമാരിയാണെന്നു തോന്നുന്നു) സന്ദര്‍ശിക്കുകയും തിരുവനന്തപുരത്തു ശ്രീപദ്മനാഭ സ്വാമിയെ വന്ദിക്കുകയും അനന്തശയനത്തില്‍വച്ചു ശിവാമൃതപരമഹംസനില്‍നിന്നു സര്‍വവേദങ്ങളുടേയും സാരം (വേദാന്തം) അഭ്യസിക്കുകുയും പരമഹംസപദത്തില്‍ അഭിഷിക്തനാകുകയും ചെയ്തു. തദനന്തരം കൃഷ്ണാനന്ദന്‍ തൃശ്ശിവപേരൂരില്‍ താമസിച്ചു ജനങ്ങളെ അനുഗ്രഹിക്കുകയും തൃച്ചെമ്മരത്തുവച്ചു മഹാസമാധിയെ പ്രാപിക്കുകയുണ്ടായി. ശിവാമൃതപരമഹംസന്‍ ശ്രീപത്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലിസ്വാമിയാരന്മാരില്‍ ഒരാളാണെന്നു ഞാന്‍ അനുമാനിക്കുന്നു. അദ്ദേഹം കൃഷ്ണാനന്ദനെ തന്റെ അനന്തരഗാമിയായി തൃശ്ശൂര്‍ തെക്കേമഠത്തില്‍ അവരോധിച്ചിരിക്കാം.
ʻʻതല്‍പാദപദ്മഭ്രമരേണ സേയം
ശ്രീരാഘവാനന്ദമുനീശ്വരേണ
ശ്രീമന്നിളാതീരസമുദ്ഭവേന
തുര്യാശ്രമം മൃത്യുഭയാര്‍ദിതേന.
ഗേവിന്ദമാത്മന്യധിഗത്യ സാക്ഷാദ്–
ഭക്തിപ്രദീപൈരപി യോഗഭേദൈഃ
തല്‍പ്രീതികാമേന കൃതാ ചിരായ
ജീയാല്‍ കൃതിഃ കൃഷ്ണപദീ ചീരായ.ˮ
അദ്ദേഹത്തിന്റെ ശിഷ്യനും ഭാരതപ്പുഴയുടെ തീരത്തില്‍ ജാതനുമായ രാഘവാനന്ദമുനി ഗോവിന്ദന്റെ പ്രീതിക്കായി ശ്രീമദ്ഭാഗവതത്തിനു കൃഷ്ണപദി എന്ന വ്യാഖ്യാനം രചിച്ചു. ഇതര വ്യാഖ്യാനങ്ങളിലും രാഘവാനന്ദന്‍ താന്‍ കൃഷ്ണാനന്ദന്റെ ശിഷ്യനാണെന്നു വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു്.
ʻʻകൃഷ്ണാനന്ദമുനീശ്വരസ്യ കൃപയാ തുര്യാശ്രമം യോ ശ്രമം
പ്രാപ്യാമ്നായശിരാധിരൂഢമവഗമ്യാത്മാനമപ്യാത്മനാ
ആസാദ്യാപി ച പദ്ധതിം ശിവമയീമാനന്ദനാഥാദ്ഗുരോ–
രാനന്ദാന്തികരാഘവോ മുനിരഗാല്‍തൃപ്തിംസവൃത്തിം വ്യധാല്‍ˮ
എന്നു ലഘുസ്തുതിവൃത്തിയിലും
ʻʻശ്രീമച്ഛാങ്കരമാര്‍ഗ്ഗമധ്യവസതിശ്ശാഖാശതാലങ്കൃതഃ
സംസാരാര്‍ക്കഗഭസ്തിതപ്തതനുഭിസ്സംസേവിതാങ്ഘ്രിര്‍ജ്ജനൈഃ
കൃഷ്ണാനന്ദമഹീരുഹോ മൃതരസാപൂര്‍ണ്ണൈരപൂര്‍വൈഃ ഫലൈ–
ശ്ചിത്രാം പ്രീതിമുപാസകേഷു ജനയന്‍ ജീയാന്മഹീമണ്ഡലേ.ˮ
എന്നു പരമാര്‍ത്ഥസാരവിവരണത്തിലും,
ʻʻസച്ചില്‍സുഖൈകരസമന്വഹമാത്മതത്വം
സാക്ഷാല്‍ സമുന്മിഷിതി യസ്യ ഹൃദീവ ദൈവാല്‍
ആനന്ദശേഖരിതരാഘവനാമധേയ–
സ്സോഹം മുനിര്‍വിമൃശതി സ്മ മുകന്ദമാലാം.ˮ
ʻʻകൃഷ്ണാനന്ദഗുരോരേഷാ പൂര്‍ണ്ണാ കാരുണ്യസര്‍പ്പിഷാ
രചിതാ ഹരിതോഷായ ജീയാല്‍ താല്‍പര്യദീപികാ.ˮ
എന്നു മുകുന്ദമാലാതാല്‍പര്യദീപികയിലും പ്രസ്താവിച്ചിരിക്കുന്നുതു് നോക്കുക. കൃഷ്ണപദിയില്‍ത്തന്നെ
ʻʻയല്‍പാദാബ്‌ജരജോഭിഷേകസുകൃതപ്രക്ഷീണദുഷ്കര്‍മ്മണാ–
മസ്മാകം ഹൃദയാരവിന്ദകുഹരേ നര്‍ന്നര്‍ത്തി ലക്ഷ്മീപതിഃ
തേഭ്യോ ബ്രഹ്മണി നിത്യനിര്‍വൃതിരസേ ലീനാശയേഭ്യസ്സദാ
കൃഷ്ണാനന്ദഗുരുഭ്യ ഏഭ്യ ഉദിയാദ്ഭൂയാന്‍ പ്രസാദോ മയി.ˮ
എന്നൊരു ശ്ലോകവുമുണ്ട്.
കൃഷ്ണാനന്ദനു് പുറമേ രാഘവനന്ദനു് ആത്മാനന്ദനെന്നൊരു ഗുരുകൂടിയുണ്ടായിരുന്നു എന്നും അദ്ദേഹത്തില്‍നിന്നുമാണു് ശൈവാഗമപദ്ധതി അഭ്യസിച്ചതെന്നും രാഘവാനന്ദന്‍ വിവരണവും താല്‍പര്യദീപികയും രചിച്ചപ്പോള്‍ കൃഷ്ണാനന്ദന്‍. ജീവിച്ചിരുന്നു എന്നും ഉദ്ധൃത ശ്ലോകങ്ങളില്‍നിന്നു വെളിപ്പെടുന്നു.
കാലവും ദേശവും
രാമഭദ്രാനന്ദന്റേയും വാസുദേവയതിയുടേയും ശിഷ്യനായും ʻസിദ്ധാന്തസിദ്ധാഞ്ജനംʼ എന്ന പേരില്‍ വിശ്രുതമായ വേദാനന്തഗ്രന്ഥത്തില്‍ പ്രണേതാവായും കൃഷ്ണാനന്ദസരസ്വതി എന്നൊരു യോഗി ക്രി. പി. പതിനേഴാം ശതകത്തില്‍ ചേളദേശത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഭാസ്കരദീക്ഷിതര്‍ ആ ഗ്രന്ഥത്തിനു രത്നതൂലിക എന്നൊരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. ഭാസ്കരദീക്ഷിതരും ജാനകീപരിണയകാരനായ രാമഭദ്രദീക്ഷിതരും സമകാലികന്മാരും ക്രി. പി. 1684 മുതല്‍ 1741 വരെ തഞ്ചാവൂര്‍ രാജ്യം ഭരിച്ചിരുന്ന പ്രഥമശാഹജിമഹാരാജാവിനോടു ഭൂമി ദാനം വാങ്ങിയവരുമായിരുന്നു. ആ കൃഷ്ണാനന്ദന്‍ ശിവാമൃത ശിഷ്യനായ നമ്മുടെ കൃഷ്ണാനന്ദനില്‍നിന്നു ഭിന്നനാണല്ലോ. മുദ്രിതമായ താല്‍പര്യദീപികയുടെ മുഖവുരയില്‍ സിദ്ധാന്തസിദ്ധാഞ്ജനകാരനാണു് രാഘവാനന്ദന്റെ ഗുരു എന്നു പറഞ്ഞിട്ടുള്ളതു പ്രമാദമാണെന്നു കാണിക്കേണ്ടതു് ആവശ്യകമാകയാല്‍ ഈ പ്രസ്താവന ഇവിടെ വേണ്ടിവന്നതാണു്. ഉത്തരകേരളത്തില്‍ തളിപ്പറമ്പത്തു് പെരുഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ കോക്കുന്നത്തു് എന്ന ഇല്ലത്താണു് രാഘവാനന്ദന്‍ ജനിച്ചതു് എന്നുള്ള മതവും ശരിയല്ലെന്നു സിദ്ധമാകുന്നു. എന്നാല്‍ രാഘവാനന്ദന്റെ പുരസ്കര്‍ത്താവു രാഘവനാമധേയനായ ഒരു കോലത്തിരിയായിരുന്നു എന്നുള്ളതു കൃഷ്ണപദിയുടെ അവസാനത്തില്‍നിന്നു കാണാവുന്നുതാണു്.
ʻʻവിവേകനികഷോപലേ വഹതി രാഘവേ കോലഭൂ–
മഘോന്യലഘുവിക്രമൈരവനിചക്രരക്ഷാധുരം
അകുണ്ഠമതിവൈഭവാദപൃഥഗാത്തവൈകുണ്ഠതഃ
സതീ കൃതിരിയം മുനേരജനി രാഘവാനന്ദതഃˮ
കോക്കുന്നത്തു ശിവാങ്ങള്‍ (ശിവയോഗി) എന്ന യോഗി പെരിഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ അതിരുകള്‍ പുത്തനായി നിശ്ചയിക്കുകയും ആ പുതിയ സങ്കേതം വിട്ടു ബ്രഹ്മചാരികളും അന്തര്‍ജ്ജനങ്ങളും വെളിയില്‍ പോകരുതെന്നു വ്യവസ്ഥാപനം ചെയ്കയും ചെയ്തു. അദ്ദേഹം ഒരവസരത്തില്‍ കോഴിക്കോട്ടു പോകുകയും അന്നു നാടു വാണിരുന്ന സാമൂതിരിയെ അനുഗ്രഹിയ്ക്കുകയും ചെയ്തുവെന്നും ആ അനുഗ്രഹത്തിന്നു മേലാണു സാമൂതിരിക്കോവിലകത്തേയ്ക്കു സര്‍വ്വാഭ്യുദയങ്ങളും സിദ്ധിച്ചതെന്നും ചില കേരളോല്‍പത്തിഗ്രന്ഥങ്ങളില്‍ കാണുന്നു. ഒടുവില്‍ ആ യോഗി രാജ്യംവിട്ടു വനത്തിലേയ്ക്കുപോയി. അന്നത്തെ കലിദിനസംഖ്യ ʻʻകൊടുംകാട്ടുകൊതിയന്‍ʼʼ അഥവാ ʻʻപുണ്യാടവ്യാം യതിസ്സ്യാത്ˮ എന്നാകുന്നു. അതനുസരിച്ചുള്ള ക്രിസ്തുവര്‍ഷം 1314 ആണു്. ശിവാങ്ങള്‍ ഉപയോഗിച്ചുവന്ന ഒരു കൂര്‍മ്മസാനം ഇന്നും തളിപ്പറമ്പിനടുത്തു വെള്ളാവിക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സ്വാമിയാരന്മാര്‍ അവിടെപ്പോയല്‍ ആ കൂര്‍മ്മാസനത്തെ വന്ദിച്ചല്ലാതെ സ്ഥലം വിടുക പതിവില്ലെന്നും അറിയുന്നു. എന്നാല്‍ അദ്ദേഹം ഒരു കവിയെന്നോ പണ്ഡിതനെന്നോ ഉള്ള നിലയില്‍ പ്രസിദ്ധനല്ല. രാഘവാനന്ദന്റെയും അമോഘരാഘവകാരന്റെയും പുരസ്കര്‍ത്താവു് ഒരേ രാഘവനാണെങ്കില്‍ രാഘവാനന്ദനും കോക്കുന്നത്തു ശിവാങ്ങളും സമകാലികന്മാരെന്നു വന്നുകൂടുന്നു.
കൃഷ്ണപദിതന്നെയാണു് രാഘവാനന്ദന്റെ ഗ്രന്ഥങ്ങളില്‍ അത്യന്തം പ്രധാനമായിട്ടുള്ളതു്. ഭാഗവതത്തിനു് അനേകം വ്യാഖ്യാനങ്ങളുണ്ടെങ്കിലും ശ്രീധരസ്വാമിയുടെ ഭാവാര്‍ത്ഥദീപികയോളം പ്രശസ്തി അവയില്‍ മറ്റൊന്നിനുമില്ല. എന്നാല്‍ കൃഷ്ണപദി അപ്രകാശിതമായിക്കിടക്കുന്നതുകൂടിയാണു് അതിന്റെ കനിഷ്ഠികാധിഷ്ഠികതയ്ക്കുള്ള കാരണങ്ങളില്‍ ഒന്നെന്നു പറയേണ്ടിയിരിക്കുന്നു. രാഘവാനന്ദന്റെ വ്യാഖ്യ ഏറ്റവും ലളിതവും വിപുലവും സകലസംശയങ്ങളേയും പരിഹരിക്കുവാന്‍ പര്യാപ്തവും വേദാന്തവിഷയകമായുള്ള പ്രതിപാദനത്തില്‍ ഭാവാര്‍ത്ഥദീപികയെ അനായാസേന ജയിക്കുന്നതുമാകുന്നു. ഗ്രന്ഥമാരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.
ʻʻപ്രത്യൿ ചിരം പ്രകൃതിപൂരുഷയോഃ പ്രപഞ്ച–
പ്രോദ്ഭാവനാവനതിരോധനനിത്യലീലം
നിര്‍വ്യാജസൗഭഗമമങ്ഗലമസ്മദീയം
നിര്‍മ്മാര്‍ഷ്ടു നൈഗമഗിരാം പദമൈശമോജഃ
അഷ്ടപ്രകൃത്യഷ്ടവധൂവികാരം
തം ദ്വ്യഷ്ടസാഹസ്രവധൂഗണേഷ്ടം
അഖണ്ഡചൈതന്യസുഖാത്മമൂര്‍ത്തിം
നമാമി കൃഷ്ണം പുരുഷം പുരാണം.ˮ
ശിവന്‍, ഗണപതി, സരസ്വതി, ബ്രഹ്മാവു, നാരദന്‍, വേദവ്യാസന്‍, ശുകബ്രഹ്മര്‍ഷി, ഉഗ്രശ്രവസ്സു്, ശൗനകാദിമഹര്‍ഷിമാര്‍, ശങ്കരാചാര്യര്‍, കൃഷ്ണാനന്ദന്‍ ഇവരെയെല്ലാം കവി നമസ്കരിക്കുന്നുണ്ടു്.
ഗ്രന്ഥത്തിന്റെ നിര്‍മ്മിതിയെപ്പറ്റി ഇങ്ങനെ ഉപന്യസിക്കുന്നു.
ʻʻശ്രീഭാഗവതതാല്‍പര്യസുധാവിഷ്കൃതികാരിണീം
കൃതിം കൃഷ്ണപദീം നാമ കരിഷ്യാമ്യാത്മശുദ്ധയേ.ˮ
പ്രഥമസ്കന്ധവ്യാഖ്യയുടെ അവസാനത്തില്‍ ഇങ്ങനെയും പ്രസ്താവിക്കുന്നുണ്ടു്.
ʻʻപദം നയതി ചാഭ്യസ്താ കൃഷ്ണസ്യേഹാചിരാന്നരാന്‍
സേയം കൃഷ്ണപദീവ്യാഖ്യാ പ്രഥമസ്കന്ധഗോദ്ധൃതാ.
കഥാകഥനമാത്രായ നാരബ്ധാ വ്യാകൃതിസ്ത്വിയം
കിന്തു താല്‍പര്യവിജ്ഞപ്ത്യൈ ഗ്രന്ഥസ്യാസ്യേതി വിസ്തരഃ.
പ്രാചീനാനി വിലോക്യ
വ്യാഖ്യാനാനി ശ്രുതിസ്മൃതിന്യായാന്‍
അനുസൃത്യ ചാനുഭൂതിം
ഹരിഗുരുഭക്ത്യാ ത്വിയം കൃതാ വ്യാഖ്യാ.ˮ
ഈ ശ്ലോകങ്ങളില്‍നിന്നു് കൃഷ്ണപദി രാഘവാനന്ദന്‍ രചിച്ചതു് ആത്മശുദ്ധിക്കുവേണ്ടിയാണെന്നും അഭ്യസിക്കുന്നവരെ കൃഷ്ണന്റെ പാദത്തില്‍ ചേര്‍ക്കുന്നുതുകൊണ്ടാണു് പ്രസ്തുതവ്യാഖ്യാനത്തിനു് ആ പേര്‍ സിദ്ധിച്ചതെന്നും കഥാകഥനം മാത്രമല്ല താല്‍പര്യ വിജ്ഞാപനം കൂടിയാണു് അതിന്റെ ഉദ്ദേശ്യമെന്നും പഴയ വ്യാഖ്യാനങ്ങള്‍ നോക്കിയും ശ്രുതിസ്മൃതിന്യായങ്ങളേയും സ്വാനുഭവത്തേയുമനുസരിച്ചുമാണു് അതു് അദ്ദേഹം നിര്‍മ്മിച്ചതെന്നും വെളിപ്പെടുന്നു. ഓരോ സ്കന്ധത്തിന്റേയും പ്രയോജനം, അതിലടങ്ങീട്ടുള്ള വിവരങ്ങള്‍, അധ്യായസംഖ്യ, ഓരോ അധ്യായത്തിന്റേയും വിഷയസൂചി മുതലായവ ഗ്രന്ഥകാരന്‍ കാരികാരൂപത്തില്‍ അനുവാചകന്മാരെ ഗ്രഹിപ്പിക്കുന്നുണ്ടു്.
ʻʻപ്രഥമേനാധികാര്യസ്യ ശ്രവണാദൗ നിരൂപിതഃ
വിധിരസ്മിന്‍ സാനുബന്ധഃ സ്കന്ധനാനേന ചിന്ത്യതേ.ˮ
എന്നും മറ്റുള്ള ശ്ലോകങ്ങള്‍ നോക്കുക. രാഘവാനന്ദന്റെ പാഠം ചിലപ്പോള്‍ ശ്രീധരസ്വാമിയുടെ പാഠത്തെക്കാള്‍ സമീചീനമായി കാണുന്നു. ഷഷ്ഠസ്കന്ധം പത്തൊമ്പതാമധ്യായത്തില്‍ ʻവിന്ദേ ദ്വിരൂപാതിരുജാ വിമുച്യതേʼ എന്നു രാഘവാനന്ദനും ʻവിന്ദേ ദ്വിരൂപാ വിരുജാ വിമുച്യതേʼ എന്നു ശ്രീധരനും പാഠം സ്വീകരിച്ചു് ʻഅതിരുജാ=മഹതാ ഭയേനʼ എന്നും ʻവിരുജാ=വിശിഷ്ടയാ രുജാʼ എന്നും യഥാക്രമം അര്‍ത്ഥയോജന ചെയ്യുന്നു. ശ്രീധരന്റെ വ്യാഖ്യാനം ഇവിടെ ക്ലിഷ്ടമാണെന്നുപറയേണ്ടതില്ലല്ലോ.
രാഘവാനന്ദന്റെ കവിത
രാഘവാനന്ദന്‍ ഒരു ഉത്തമനായ വേദാന്തവിചക്ഷണനും വ്യാഖ്യാതാവുമെന്നുള്ളതിനു പുറമേ ഒരു കവി എന്ന നിലയിലും ആദരണീയനാണെന്നുള്ളതിനു പല ഉദാഹരണങ്ങള്‍ കൃഷ്ണപദിയില്‍നിന്നു് എടുത്തുകാണിക്കുവാന്‍ കഴിയും. രണ്ടു ശ്ലോകങ്ങള്‍ മാത്രമുദ്ധരിക്കാം.
ʻʻഅഗ്രേ ധൂളിരനന്തരം ഘണഘണഗ്രൈവേയഘണാരവഃ
പശ്ചാദുല്‍സ്രവദൂധസാം പഥി ഗവാമുച്ചാവചാ ഹുംക്രിയാ
താരോ വേണുരവസ്തതഃ പരിമളസ്തസ്യാസ്തുളസ്യാസ്തത–
സ്താപിഞ്ഛദ്യുതി, പിഞ്ഛശേഖരി,കിമപ്യായാതിരമ്യംമഹഃˮ
ʻʻയല്‍കാരുണ്യകടാക്ഷവീക്ഷണലവശ്രദ്ധാലവസ്സാധവ–
സ്ത്യക്ത്വാ പുത്രകളത്രമിത്രധരണീഗേഹാദികം ദൂരതഃ
ഗ്രാമാല്‍ കാനനമഭ്യുപേത്യ വിജനം ഭീമം തപഃ കുവര്‍തേ
തസ്മൈ സാത്വതപുങ്ഗവായ ഹരയേ കുര്യം നമസ്യാം സദാˮ
ലഘുസ്തുതിവൃത്തിയും മററും
ലഘുഭട്ടാരകന്‍ എന്ന കവിയാല്‍ പ്രണീതമായ ശാരദാസ്തോത്രമാണു് സുപ്രസിദ്ധമായ ലഘുസ്തുതി. ʻഐന്ദ്രസ്യേവ ശരാസനസ്യ ദധതീ മധ്യേ ലലാടം പ്രഭാംʼ എന്ന അതിലെ പ്രാരംഭശ്ലോകം ഹൃദിസ്ഥമാക്കാത്ത ദേവീഭക്തന്മാര്‍ അധികമില്ല. ആകെ ഇരുപത്തൊന്നുശ്ലോകമാണുള്ളതു്. ആ ഗ്രന്ഥത്തിന്റെ വൃത്തിയില്‍നിന്നു രാഘവാനന്ദനു മന്ത്രശാസ്ത്രത്തിലുള്ള അസുലഭമായ അവഗാഹം വ്യക്തമാകുന്നു. ഒടുവില്‍ സാമരസ്യവേദിയായ അദ്ദേഹം തന്റെ വ്യാഖ്യാനം ഇങ്ങനെ അവസാനിപ്പിക്കുന്നു.
ʻʻകൃഷ്ണസ്ത്രിലോചന ഇതി ത്രിപുരേന്ദിരേതി
ബ്രഹ്മേതി വാ യദുദിതം പരതത്വമേകം
സച്ചില്‍സുഖൈകതനവേ പ്രണതോസ്മി തസ്മൈ
സര്‍വ്വാത്മനേ സകലബന്ധവിദാരണായ.ˮ
പരമാര്‍ത്ഥസാരം
എണ്‍പത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു ഗ്രന്ഥമാണിതു്. അല്പാക്ഷരവും ബഹ്വര്‍ത്ഥവുമായ ഈ കൃതിയെ രാഘവാനന്ദന്‍ ʻʻഅശേഷോപനിഷല്‍സിദ്ധവസ്തുതത്വാനുഷ്യന്ദിˮ എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷന്‍ ആരെന്നു വെളിവാകുന്നില്ല. ആദിശേഷനെന്നു പറയുന്നതു് അസംബന്ധംതന്നെ. വ്യാഖ്യാതാവിന്റെ വേദാന്തജ്ഞാനം മുഴുവന്‍ ഇതില്‍ ആദ്യന്തം പ്രകാശിക്കുന്നു. ഒടുവില്‍
ʻʻപരമാര്‍ത്ഥസാരവിവരണ–
മേതദ് ഗോവിന്ദചന്ദ്രചന്ദ്രികയാ
സംഹൃതസംസൃതിതാപാല്‍
സംഭൂതം രാഘവാനന്ദാല്‍ˮ
എന്നൊരു ശ്ലോകവും കാണ്മാനുണ്ടു്. അതില്‍ സ്മൃതനായ ഗോവിന്ദനും കവിയുടെ ഗുരുവായിരുന്നിരിക്കാം. അദ്ദേഹത്തെപ്പറ്റി ഒരറിവുമില്ല.
മുകുന്ദമാലയുടെ വ്യാഖ്യാനമായ താല്‍പര്യദിപികയിലും ഗ്രന്ഥകാരന്‍ തന്റെ അത്യത്ഭുതമായ മന്ത്രശാസ്ത്രപാണ്ഡിത്യവും ഭക്തിതത്വമമര്‍മ്മജ്ഞതയും പ്രകടിപ്പിച്ചിട്ടുണ്ടു്. ഭാഗവതത്തില്‍ നിന്നു പല ഭാഗങ്ങളും പ്രസ്തുതവ്യാഖ്യയില്‍ ഉദ്ധരിച്ചുചേര്‍ത്തിരിക്കുന്നു. മുകുന്ദമാല കേരളീയകൃതിയല്ലെന്നു വാദിക്കുന്നവര്‍ ʻʻകേരളചക്രവാളചക്രവര്‍ത്തീˮ എന്നു രാഘവാനന്ദന്‍ കുലശേഖരനെപ്പറ്റി പ്രസ്താവിക്കുന്നുതു് ഓര്‍മ്മിക്കേണ്ടതാണു്.
ʻʻതസ്യാസ്യ സ്തോത്രരത്നസ്യ വ്യാഖ്യാം ശക്ത്യനുരോധതഃ
കരിഷ്യാമ്യാത്മശുദ്ധ്യര്‍ത്ഥം നാമ്നാ താല്‍പര്യദീപികാം.ˮ
എന്നാണു് വ്യാഖ്യാതാവിന്റെ പ്രതിജ്ഞ. ʻʻകരചരണസരോജേ കാന്തിമന്നേത്രമീനേˮ എന്നു തുടങ്ങുന്ന അഞ്ചാമത്തെ ശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ ʻʻനിര്‍മ്മലനിസ്തരങ്ഗസംവിധാനന്ദസുധാര്‍ണ്ണിവാവിര്‍ഭൂതാം, ശുദ്ധസത്വഗുണമയമായാവിരചിതമഹാദാദിതത്വഗ്രോമോപാര്‍ജ്ജിതവിഗ്രഹാം, നീരദാവദാതാകാരാം, നീരജായമാനമുഖമണ്ഡലമീനായമാന നയനയുഗളാംˮ ഇതായാദി പ്രൌഢമനോഹരമായ ഒരു ഗദ്യം ഉപനിബന്ധിച്ചു തന്റെ ഗദ്യരചനാപാടവവും ആ മഹാത്മാവു പ്രത്യക്ഷമാക്കീട്ടുണ്ടു്.
വിഷ്ണുഭുജങ്ഗപ്രയാതവ്യാഖ്യ
ഇതു തന്നാമധേയമായ ഭഗവല്‍പാദകൃതിക്കുള്ള ഒരു വിശിഷ്ടമായ വ്യാഖ്യാനമാകുന്നു. അതിലെ ചില പങ്‌ക്തികളാണു് താഴെ ഉദ്ധരിക്കുന്നതു്. ʻʻപ്രാപ്താന്തകാലായൈ ജനന്യൈ തത്വം പ്രകാശയന്‍ ഭുജങ്ഗപ്രയാതാഖ്യം സ്തോത്രാമൃതം തത്സന്നിധാവാസ്യാംഭോരുഹോദരാന്നിസ്സാരയാമാസ! തദിദം ശ്രീരാഘവാനന്ദനാമാ തദ്യൂഥ്യേഷ്വന്യതമോ മുനിമുഖ്യ ആസ്വാദയിതും സ്വശക്ത്യനുസാരേണ ആരഭ്യതേˮ ʻതദ്യൂഥ്യʼ പദത്തിന്റെ സ്വാരസ്യംകൊണ്ടു രാഘവാനന്ദനും തൃശ്ശൂരില്‍ ഏതോ ഒരു മഠത്തിലെ സ്വാമിയാരായി എന്നു് അനുമാനിക്കാവുന്നതാണു്.
ഏതു നിലയില്‍ നോക്കിയാലും രാഘവാനന്ദന്‍ ഭാരതഭൂമിയിലെ വ്യാഖ്യാനഗ്രന്ഥകാരന്മാരുടെ ഇടയില്‍ അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു.
സര്‍വമതസങ്ഗ്രഹം
ഇതു പശ്ചാല്‍കാലികനായ മാധവമന്ത്രിയുടെ സര്‍വദര്‍ശനസങ്ഗ്രഹത്തിനു മാര്‍ഗ്ഗദര്‍ശകമായ രീതിയില്‍ ഭാരതവര്‍ഷത്തില്‍ അക്കാലത്തു പ്രചരിച്ചുവന്ന സര്‍വ്വമതങ്ങളേയുംപറ്റി സംക്ഷിപ്തമായും, എന്നാല്‍ ശാസ്ത്രീയമായും, പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു്. ആദ്യമായി പ്രത്യക്ഷം, അനുമാനം തുടങ്ങിയ എട്ടു പ്രമാണങ്ങളെ രാഘനാനന്ദന്‍ നിരൂപണം ചെയ്യുന്നു; പിന്നീടു ചാര്‍വാകാദിമതങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നു. ഒടുവില്‍ കാണുന്നതു പൌരാണികമതത്തിന്റെ പ്രതിപാദനമാണു്. ജീവബ്രഹ്മൈക്യത്തെ സ്ഥാപിച്ചുകൊണ്ടു് ഗ്രന്ഥം ഉപസംഹരിക്കുന്നു. ഇതിനു സര്‍വസിദ്ധാന്തസങ്ഗ്രഹമെന്നും പേരുണ്ടു്.
രാഘവാനന്ദന്റെ ശിഷ്യന്മാര്‍
സിദ്ധാന്തപഞ്ജരം
അദ്വൈതവേദാന്തവിഷയകമായി പ്രശ്നോത്തരരൂപത്തില്‍ സിദ്ധാന്തപഞ്ജരം എന്നൊരു പദ്യകൃതിയുണ്ടു്. അതിന്റെ പ്രണേതാവായ വിനായകന്‍ രാഘവാനന്ദന്റെ ശിഷ്യനായിരുന്നു.
ʻʻവിശ്വാത്മനാവതീര്‍ണ്ണേന രാഘവാനന്ദയോഗിനാ
മദീയ ചിത്തരങ്ഗേऽസ്മിന്‍ നൃത്തലീലാ വിധീയതാം.
വിനായകോഹം ശാസ്ത്രാണി വിമൃശ്യ പരയാ ധിയാ
കരിഷ്യാമ്യാത്മശുദ്ധ്യര്‍ത്ഥം ശാസ്ത്രം സിദ്ധാന്തപഞ്ജരം.ˮ
എന്നും
ʻʻസിദ്ധാന്തപഞ്ജരം ശാസ്ത്രമേതല്‍ കേരളവര്‍മ്മണഃ
സന്നിധൌ മടികേന്ദ്രസ്യ വിഘ്നരാജമുഖോദിതംˮ
എന്നുമുള്ള പദ്യങ്ങള്‍ ഇവിടെ ഉദ്ധര്‍ത്തവ്യങ്ങളാണു്. ʻമടി കേന്ദ്രന്‍ʼ എന്ന പദത്തില്‍നിന്നു കേരളവര്‍മ്മാവു ദക്ഷിണകര്‍ണ്ണാടകത്തിലെ ഒരു രാജാവായിരുന്നതായി ഊഹിക്കണം. നീലേശ്വരത്തു രാജാവാണോ എന്നു നിര്‍ണ്ണയമില്ല.
സിദ്ധാന്തപഞ്ജരത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനവും ഞാന്‍ കണ്ടിട്ടുണ്ടു്. അതില്‍നിന്നു ʻവിശ്വാത്മനാവതീര്‍ണ്ണേനʼ എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ താഴെ ചേര്‍ക്കാം.
- ʻʻരാഘവനെന്ന യോഗിയാല്‍ മദീയമായിരുക്കിന്‍റ ഈ ചിത്തരങ്ഗത്തില്‍ നൃത്തലീലാ ചെയ്യപ്പെടുതാക. അഹ്ങനെയിരുന്നോരുത്തന്‍ രാഘവാനന്ദയൊഗി –- വിശ്വാത്മാനാ അവതീര്‍ണ്ണനായിരുന്നോരുത്തന്‍ˮ സര്‍വ്വാത്മാവായി അവതരിച്ചിരുന്നോരുത്തന്‍. ഇവണ്ണം ഗുരുവിനെ നമസ്കരിച്ചു...ˮ ഈ ഭാഷയുടെ രീതി നോക്കിയാലും രാഘവാനന്ദന്റെ കാലം ക്രി.പി. പതിനാലാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധമെന്നു സങ്കല്പിക്കുവാന്‍ ന്യായമുണ്ടു്.
ത്രിപുരോപനിഷദ്ഭാഷ്യം
ത്രിപുരോപനിഷത്തിനു് ഒരു ഭാഷ്യം നിര്‍മ്മിച്ച രാമാനന്ദനും രാഘവാനന്ദന്റെ ശിഷ്യനാകുന്നു. ആ ഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു.
ʻʻശോണപ്രഭം സോമകലാവതംസം
പാണിസ്ഫുരല്‍പഞ്ചശരേക്ഷുചാപം
പ്രാണപ്രിയം നൌമി പിനാകപാണേഃ
കോണത്രയസ്ഥം കുലദൈവതം നഃˮ
ʻʻനത്വാ ശ്രീരാഘനാന്ദതീര്‍ത്ഥയോഗീന്ദ്രപാദുകം
ത്രിപുരോപനിഷദ്ഭാഷ്യം ക്രിയതേ തല്‍ കൃപാബലാല്‍.ˮ
ʻʻശ്രീശങ്കരാചാര്യകൃതാന്‍ പ്രബന്ധാന്‍
സൌഭാഗ്യവിദ്യാസുഭഗോദയാദീന്‍
പുനഃ പുനസ്സാധു പിചിന്ത്യ ബുദ്ധ്യാ
തദധ്വനാ ഭാഷ്യമിദം കരോമിˮ
ഒടുവില്‍ ʻʻഇതി ശ്രീമല്‍പരമഹംസപരിവ്രാജകശ്രീരാഘവാ നന്ദതീര്‍ത്ഥയോഗീന്ദ്ര ചരണാരവിന്ദചഞ്ചരീകായമാണാനന്ദഹൃദയ ശ്രീരാമാനന്ദവിരചിതംˮ എന്നൊരു കുറിപ്പുണ്ടു്.
ദാമോദരച്ചാക്കിയാര്‍
ക്രി.പി. പതിന്നാലാം ശതകത്തിന്റെ ഒടുവില്‍ കായംകുളത്തു കേരളവര്‍മ്മരാജാവിന്റെ ആശ്രിതനായി ദാമോദരച്ചാക്യാര്‍ എന്നൊരു കവി ജീവിച്ചിരുന്നു. അദ്ദേഹം തിരുവിതാങ്കൂറില്‍ കോട്ടയത്തിനു സമീപമുള്ള മാങ്ങാനത്തു ചാക്കിയാര്‍ കുടുംബത്തിലെ ഒരങ്ഗമായിരുന്നു എന്നും നാവായിക്കുളത്തു ശങ്കരനാരായണമൂര്‍ത്തി ആ കുടുംബത്തിന്റെ പരദേവതയാണെന്നും അറിയുന്നു. ദാമോദരന്‍ കേരളവര്‍മ്മരാജാവും കുട്ടത്തിയെന്ന യുവതിയും തമ്മില്‍ നടന്ന വിവാഹത്തെ വിഷയീകരിച്ചു് ഒരു മണിപ്രവാളചമ്പുവും കൊച്ചി രാമവര്‍മ്മമഹാരാജാവും കേരളവര്‍മമാവിന്റേയും കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയും തമ്മിലുള്ള വിവാഹത്തെ വിഷയീകരിച്ചു ശിവവിലാസം എന്ന പേരില്‍ എട്ടു സര്‍ഗ്ഗത്തില്‍ ഒരു കാവ്യവും രചിച്ചിട്ടുണ്ടു്. ʻഅത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യഃʼ എന്നു ചമ്പുവിലും,
ʻʻഇതി മഹിതപദാബ്‌ജേ രൂദ്രനാരായണീയേ
മധുലിഹ ഇവ വൃത്തിം ബിഭ്രതാ ചാതകസ്യ
അലഘു ശിവവിലാസം നാമ കാവ്യം ബബന്ധേ
സുരഭിഭരതഗോത്രീയേണ ദാമോദരേണˮ
എന്നു കാവ്യത്തിലും പ്രണേതൃമുദ്രയുണ്ടു്.
ശിവവിലാസം
കേരളവര്‍മ്മരാജാവിന്റെ അപദാനങ്ങളേയും കണ്ടിയൂര്‍ ശിവക്ഷേത്രത്തിന്റെ മാഹാത്മ്യത്തേയും അനുവര്‍ണ്ണനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാകുന്നു ശിവവിലാസം. ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ക്രി.പി. 823-ല്‍ അതായതു് കോളംബാബ്ദത്തിന്റെ ആരംഭത്തിനു രണ്ടു വര്‍ഷം മുമ്പിലാണു്. ആ സംഭവത്തിന്റെ സ്മാരകമായി ഒരു പ്രത്യോബ്ദംപോലും കേരളത്തില്‍ വളരെക്കാലത്തേക്കു നിലനിന്നിരുന്നു. ʻʻതിരുക്കണ്ടിയൂര്‍ മാതേവര്‍ക്കു ചെല്ലാനിന്‍റയാണ്ടു നൂറ്റിരുപത്തിമൂന്‍റില്‍ˮ അതായതു ക്രി.പി. 946-ല്‍ കൊടിക്കുളത്തു് ഇരവികുമാരനും മറ്റും ആ ക്ഷേത്രത്തിലേക്കു ഭൂമി ദാനം ചെയ്തതായി ഒരു ശിലാരേഖയില്‍നിന്നു വെളിപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിന്റെ കാലത്തു കായംകുളം ഭരിച്ചിരുന്നതു ʻരവിവര്‍മ്മാʼ എന്ന വൃദ്ധനായ ഒരു രാജാവായിരുന്നു അദ്ദേഹത്തിന്റെ ഭാഗിനേയനാണു് വീരകേരളവര്‍മ്മാവു്. കണ്ടിയൂര്‍ ശിവന്റെ അനുഗ്രഹംകൊണ്ടു് അദ്ദേഹത്തിനു ശിവവിലാസം എന്നു പേര്‍ വന്നതു്. വീരകേരളനെപ്പറ്റിയുള്ള പ്രശസ്തിയില്‍പ്പെട്ട ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നു.
ʻʻതസ്മിന്നാസീല്‍ പ്രശസ്തേ ത്രിജഗതി മതിമാന്‍
ശേഖരഃ കേരളാനാം
ദിക്ചക്രേ വിക്രമാവിഷ്കൃതജയപടഹഃ
കേരളോ നാമ രാജാ
യസ്യാസ്ത്രൈര്‍ഭഗ്നശേഷാ രണഭുവി വിമുഖാ–
ശ്ശത്രവോ മുക്തഹസ്താ–
ശ്ചക്രുഃ കാന്താരകന്ദോല്‍ഖനനസഹകരം
ശസ്ത്രമേവാത്മഹസ്തേ.ˮ
അദ്ദേഹത്തിനു കൃഷ്ണനിളയതു് എന്നൊരു മന്ത്രിയുണ്ടായിരുന്നു. ആ മന്ത്രി അന്നു വടക്കുങ്കൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തിയില്‍ പൂതികൊട്ടില്ലത്തെ ഒരങ്ഗമായിരുന്നു. ʻʻപൂതികോട്ടെന്നുഭൂതലേ ഗീതകീര്‍ത്തിവിലാസോ നീതി ശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോഭാതി മന്ത്രിമുഖ്യഃˮ എന്നു ചമ്പുവില്‍ അദ്ദേഹത്തെ സ്തുതിച്ചിരിക്കുന്നു, ശിവവിലാസത്തിലും
ʻʻഭൂതിഃ സ്ഥിരാ യത്ര നയസ്യ, നാമ്നാ
ധീരഃ ശ്രുതോ യോ ഭുവി കൃഷ്ണവീരഃ
സോഥ ദ്വിജം തം നിജരാജ്യതന്ത്ര–
സാരഥ്യകൃത്യേ വരയാഞ്ചകാര.ˮ
എന്നു് അദ്ദേഹത്തെപ്പറ്റി ഒരു പ്രസ്താവന കാണുന്നു. അനപത്യതാ ദുഃഖം നിമിത്തം അസ്വസ്ഥനായ രാജാവിനോടു കൃഷ്ണവീരന്‍ കണ്ടിയൂര്‍ ശിവനെ ഭജിക്കുവാന്‍ ഉപദേശിക്കുകയും അദ്ദേഹം ആ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. അടിയില്‍ കാണുന്നതു് അത്യന്തം ഹൃദയമോഹനമായ ഒരു ശിവസ്തുതിയാണു്.
ʻʻജയ ശംഭോ ജയോദ്‌വൃത്തജാഹ്നവീഭങ്ഗശേഖര;
ജയ മുണ്ഡാവലീക്ലിപ്തമുക്താഹാരമഹേശ്വര;
ജയ സര്‍വ്വാങ്ഗലഗ്നോരുദന്ദശൂകേശശൂല്‍കൃതേ;
ജയ കശ്മീരജപ്രേഷ്ഠചിതാഭസ്മവിലേപന;
ജയ കാഷ്ഠാകരിവ്യാഘ്രത്വക്പുഷ്ടാംശൂകവേഷ്ടന;
ജയ നീലഗളായുഗ്‌ദൃഗസാധാരണലക്ഷണ;
ജയ സിന്ധുരവോഗ്രാട്ടഹാസൈകാര്‍ത്താരിസിന്ധുര;
ജയ താമരസാക്ഷേന്ദ്രപാല്യതാപാത്രിതാമര;
ജയ ചാപലതാദഗദ്ധത്രിപുരീദര്‍പ്പചാപല;
ജയ ഗൌരവപുര്‍ദ്ധാമധ്വസ്തതാമസഗൌരവ;
ജയ സാരസദച്ഛാത്മസരസ്സത്മാംഘ്രിസാരസ.ˮ
ശ്രീപരമേശ്വരന്‍ പ്രസാദിച്ചു രാജാവിനു കുട്ടത്തിയില്‍ ഉണ്ണിയാടി എന്നൊരു പുത്രി ജനിച്ചു. സൌന്ദര്യത്തിനും വൈദുഷ്യത്തിനും പ്രസിദ്ധി നേടിയ ആ കുമാരിക്കു യഥാകാലം സ്വയംവരം നിശ്ചയിച്ചു. പല ദേശങ്ങളില്‍നിന്നും രാജാക്കന്മാര്‍ വന്നു. അവരില്‍വച്ചു (ബഹുവ്യാപ്തി) പെരുമ്പടപ്പുരാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മാവിന്റെ അനന്തരവനും ലക്ഷ്മീരാജ്ഞിയുടെ പുത്രനുമായ രാമവര്‍മ്മാവിനെ കന്യക ഭര്‍ത്താവായി വരിച്ചു. ആ ഘട്ടത്തില്‍നിന്നു ചില ശ്ലോകങ്ങള്‍ ചുവടേ ചേര്‍ത്തുകൊള്ളുന്നു.
ʻʻഅധ്യാസതേ കേരളഭൂഭൃതോ യാം;
യസ്യാ യഥാര്‍ത്ഥൈവ മഹോദയയാഖ്യാ;
രാമാവനൌ മുഖ്യതമാ പുരീ യാ;
താമാവസത്യേഷ ദിവം വൃഷേവ.
മന്യേ സ രാമോപ്യയമേവ രാമ–
വര്‍മ്മാന്വയഃ ക്ഷത്രമഹോനിധാനം.ˮ
ആജ്ഞാ കൃതാമപ്യമിതത്വിഷോസ്യ
ഭ്രൂ ക്ഷേപവശ്യൈവ പുരന്ദരശ്രീഃ.
നിസ്സീമമാഹോദയസത്മതോസ്യ
ദക്ഷോത്തരോദ്ദേശവിസാരി തേജഃ;
നാന്യോത്ര ഹേതുസ്തത ഏതദീയഃ
ഖ്യാതോ ബഹുവ്യാപ്തിതയാന്വവായഃˮ
:
ʻʻഉത്സാഹതശ്ശസ്വദുദസ്തശത്രോ–
സ്ത്യാഗാധികത്വാച്ച സ്മസ്തപാത്രേ
വിശ്വോത്തരം യം കഥയന്തി വീരോ–
ദാരാശ്യമാരാധ്യമതിം കവീന്ദ്രാഃ
ന്യക്ഷേണ സംലക്ഷിതലക്ഷണൌഘ–
ലക്ഷ്യഃ ക്ഷമീ രക്ഷിതസംശ്രിതശ്രീഃ
ലക്ഷ്മ്യാസ്സുതഃ പശ്യ സ രാമവര്‍മ്മാ
ലക്ഷ്മീവതോമുഷ്യ തു ഭാഗിനേയഃˮ
എഴാം സര്‍ഗ്ഗത്തിലാണു് സ്വയംവരവര്‍ണ്ണനം; എട്ടാംസര്‍ഗ്ഗത്തില്‍ സംഭോഗശൃങ്ഗാരം വിസ്തരിച്ചിരിക്കുന്നു. ഒടുവില്‍ കൊടുങ്ങല്ലൂരിനു സമീപം ഒരു ശിവക്ഷേത്രത്തില്‍ ഭര്‍ത്തൃസഹിതയായി ഉണ്ണിയാടി അദ്ധ്യാത്മവിദ്യ പരിചയിക്കുന്നു എന്നുള്ള പ്രസ്താവനയോടുകൂടി കവി ഗ്രന്ഥം സമാപിക്കുന്നു. അക്കാലത്തെ സാമുദായികങ്ങളായും മറ്റുമുള്ള പല വസ്തുതകള്‍ ധരിക്കുന്നതിനു ശിവവിലാസം വളരെ പ്രയോജനപ്പെടുന്നുണ്ടു്. കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ മാഹാത്മ്യം ഒരു രാജപുത്രിയുടെ മാഹാത്മ്യവും കൂട്ടിയിണക്കി ഇത്തരത്തില്‍ വിശിഷ്ടമായ ഒരു കാവ്യം നിര്‍മ്മിച്ച ദേമോദരകവി നമ്മുടെ ആത്മാര്‍ത്ഥമായ ശ്ലാഘയെ ആവര്‍ജ്ജിക്കുന്നു.
വിടനിദ്രാഭാണം
ഉണ്ണിയാടിയുടെ പ്രാണനാഥനായ രാമവര്‍മ്മമഹാരാജാവിന്റെ കാലത്തു് അജ്ഞാതനാമാവായ ഒരു കവി നിര്‍മ്മിച്ചതാണു് ʻവിടനിദ്രʼ എന്ന ഭാണം. അദ്ദേഹം ആ രാജാവിനെ ആശ്രയിച്ചു കൊടുങ്ങല്ലൂരില്‍ താമസിച്ചിരുന്നതായി ഊഹിക്കുവാന്‍ ഗ്രന്ഥം വഴിതെളിക്കുന്നുണ്ടു്. ʻʻഅഹോ ചൂര്‍ണ്ണസരില്‍കല്ലോലഹസ്താലിങ്ഗിതമേഖലായാഃ കേരളകുലരാജധാന്യാഃ ശ്രീരാമവര്‍മ്മപരിപാലിതായാ മഹോദയപുര്യാഃˮ എന്നും ʻʻവികചകുമുദരജോധൂരചൂര്‍ണ്ണീ നദീസരിദൂര്‍മ്മിമഞ്ജരീലാസ്യക്രിയാദേശികസ്സ്വയമവതരതി മാരുതഃ എന്നുള്ള പ്രസ്താവനകള്‍ക്കു പുറമേ ഗ്രന്ഥാവസാനത്തില്‍
ʻʻയാവ ഖണ്ഡേന്ദുമൌലിം ശ്രയതി ഗിരിസുതാ;
യാവദാസ്തേ മരാരേര്‍–
വക്ഷസ്യക്ഷീണഹാരദ്യതിമണിശബളേ
ദേവതാ മങ്ഗളാനാം;
യാവദ്വക്ത്രേഷു മൈത്രീമപുനയതി ഗിരാ–
മീശ്വരീ പത്മയോനേ–
സ്താവല്ലക്ഷ്മീപ്രസൂതിസ്സ്വയമവതു ഭുവം
രാമവര്‍മ്മാ നരേന്ദ്രഃˮ
എന്നെരു ഭരതവാക്യവും പ്രസ്തുതഭാണത്തില്‍ സംഘടിതമായിരിക്കുന്നു. സംസ്കൃതഭാഷയില്‍ ഇതുവരെ കണ്ടുകിട്ടീട്ടുള്ള ഭാണങ്ങളില്‍ പഴക്കംകൂടിയവ ശൂദ്രകന്റെ പത്മപ്രാഭൃതകവും ഈശ്വരദത്തന്റെ ധൂര്‍ത്തവിടസംവാദവും വരരുചിയുടെ ഉഭയാഭിസാരികയും ശ്യാമതിലകന്റെ പാദതാഡിതകവുമാണു്. ഈ നാലു കവികളെയും പ്രശംസിച്ചു്,
ʻʻവരരുചിരീശ്വരദത്തഃ
ശ്യാമിലകശ്ശൂദ്രകശ്ച ചത്വാരഃ
ഏതേ ഭാണാന്‍ ബഭണുഃ;
കാ ശക്തിഃ കാളിദാസസ്യ?ˮ
എന്നൊരു പഴയ ശ്ലോകമുണ്ടു്. വിടനിദ്രയുടെ അവസാനത്തില്‍
ʻʻസകലനിഗമവിദ്യസ്സംഗൃഹീതാര്‍ത്ഥശബ്ദ–
സ്നുതസകലരസേഭ്യഃ പ്രാക്തനേഭ്യഃ കവിഭ്യഃ
ഭവതു ശിവമശേഷപ്രാജ്ഞഹൃല്‍പുണ്ഡരീകോ–
ച്ഛ്വസനദിനമണിഭ്യോ ഭാണകൃദ്ഭ്യശ്ചതുര്‍ഭ്യഃˮ
എന്ന ശ്ലോകത്തില്‍ സൂചിപ്പിക്കുന്നതും ഈ നാലു കവികളെപ്പററിത്തന്നെയാണു്. കേരളീയര്‍ നിര്‍മ്മിച്ചിട്ടുള്ള ഭാണങ്ങളില്‍ ഏറ്റവും പ്രാക്തനമായിട്ടുള്ളതു് ഈ ഗ്രന്ഥമാണെന്നു തോന്നുന്നു. കവിയുടെ വാസന അസാധാരണമാണു്. ഉദാഹരണത്തിനു്, ഏതാനും ശ്ലോകങ്ങള്‍ പ്രദര്‍ശിപ്പിക്കാം.
(1) സ്ത്രീചാടു.
ʻʻതലോദരി തവാപാങാഗൈഃ ക്രീതമേകം ജഗത്തുരയം;
ത്വാം വിനാ സ തു കന്ദര്‍പ്പഃ കന്ദര്‍പ്പമവലംബതേ?ˮ
(2) ഒരു ദുഷ്കവി രചിച്ച ശ്ലോകം.
ʻʻകശ്ചില്‍ കാമീ മുസലനീഹതസ്സ്വസ്ത്രീയാ സ്വച്ഛഗാത്ര്യാ
വാക്പാരുഷ്യൈഃ പ്രബന്ധൈഃ പ്രസഭമഭിഹതഃ
ശ്രോത്രയോസ്തീക്ഷ്ണതീക്ഷ്‌ണൈഃˮ
ക്വചന വിപിനദേശേ സംസ്ഥിതശ്ചാപദാക്ഷ്യേ
ശാര്‍ദ്ദൂ ലമുദ്ധ്യതരവം പ്രജിഘായ ദുഃഖിˮ
ഈ ദുഷ്കവിയെ ഗ്രന്ഥകാരന്‍ വളരെ അപഹസിക്കുന്നുണ്ടു്.
(3) സ്ത്രീചാടു.
ʻʻവിലുളിതഘനകുന്തളാ വിസര്‍പ്പ–
ഛ്റമജലബിന്ദുരുദഗ്രഖേദവേഗാ
കലയതി തവ ഗാത്രയഷ്ടിരേഷാ
ഘടിതനിവൃത്തനിയുദ്ധമല്ലലീലാം.ˮ
(4) തരുണീവര്‍ണ്ണം.
ʻʻഗ്രന്ഥിഗ്രന്ഥനിതംബലംബിരശനാ ഗാത്രേഷു സര്‍വേഷ്വപി
സ്മാരായോധനകര്‍മ്മഗര്‍വപിശുനൈര്‍വീരവ്രണൈരങ്കിതാ
താരുണ്യോപനിബദ്ധജാഗൃവി മദാലങ്കാരത്സങ്കാരിതാ
സന്ധത്തേ മമ നേത്രയോര്‍ന്നിരുപമാം പ്രീതിം ചകോരേക്ഷണാˮ
(5) മേല്പടി.
ʻʻസജലജലദസ്നിഗദ്ധാഃ കേശാഃ സരോജരുചൌ ദൃശൌ
ഹസതി വദനം രാകാചന്ദ്രം ലതാലളിതൌ ഭുജൌ;
സ്തനമുകുളിതം വക്ഷോ വാര്‍ത്തേവ മധ്യമിതി ധ്രുവം
വിജിതകദളീസ്തംഭാവൂരൂ ഗതം ച മദാലസം.ˮ
(6) കൊടുങ്ങല്ലൂരിലെ അന്തിചന്ത:–-
ʻʻവര്‍ണ്ണാനാം വചസാം ച ന ക്രമജുഷാം ഭേദഃ പരം ദൃശ്യതേ;
സൂനാഖഡ്ഗനികൃത്തജന്തുനിവഹക്രേങ്കാരവാചാലിതാ
വക്ത്രഗ്രസ്തവിശീര്‍ണ്ണമേഷ നഴകോപംക്തിശ്‌ശുനാം ഭ്രാജതേ
സമ്മര്‍ദ്ദഃ ക്രയവിക്രയാകുലധിയാം പ്രസ്തൌതി കോലാഹലം.ˮ
(7) ഉപദേശം.
ʻʻഗിരാം ഗതിമവിജ്ഞായ ഭാവം കവയതാമപി
ജനഃ പരപ്രത്യയതോ ന നന്ദതു ന നിന്ദതു.ˮ
ʻസൂത്രധാരകൃതാരംഭʼമാണു, കേരളത്തിലെ പ്രാക്തനങ്ങളായ ഇതര രൂപകങ്ങളെപ്പോലെ ഈ ഭാണവും താഴെക്കാണുന്ന അവതരണപദ്യംകൂടി ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടു്.
(8)ʻʻജയതി സുകൃതൈഃ പ്രാഞ്ചൈര്‍വൃത്തേ മിഥഃ കലഹോത്സവേ
ഝടിതി ദയിതേ ഗാഢോല്‍കമ്പപ്രണാമവിധായിനി
വിചലിതകുചസ്സാരങ്ഗാക്ഷ്യാ വിലോളിതകുന്തളഃ
ശിരസി നിഹിതഃ പാദാഘാതസ്സനൂപുരനിസ്സ്വനഃˮ
ഗ്രന്ഥത്തിന്റെ സ്വാരസ്യം ഈ ശ്ലോകങ്ങളില്‍നിന്നു അനുമേയമാണല്ലോ. ʻʻശഠകോപസ്യ മുണ്ഡധാരിണഃ പള്ളീമുത്തരേണˮ എന്നൊരു പങ്‌ക്തി കാണുന്നതില്‍നിന്നും ശഠകോപനു പ്രത്യേകമായി ഒരു ക്ഷേത്രം അന്നു കൊടുങ്ങല്ലൂരുണ്ടായിരുന്നു എന്നും അതു് അവൈദികമാണെന്നു ഗ്രന്ഥകാരമെപ്പോലെയുള്ള സ്മാര്‍ത്തന്മാരായ കേരളീയര്‍ കരുതിയിരുന്നു എന്നും കാണാവുന്നതാണു്.
- ↑ വലയങ്ങള്‍ക്കുള്ളില്‍ കാണുന്ന ആണ്ടുകള്‍ അതാതു രാജാക്കന്മാരുടെ ജിവിതകാലത്തില്‍ നമുക്കറിവുള്ളവ മാത്രമാണു്. അവ അവരുടെ ജനനമരണങ്ങളെ സൂചിപ്പിക്കുന്നില്ല.
- ↑ പ്രാകൃതത്തിന്റെ ഛായ.
- ↑ പ്രസ്തുതകഥയെ അടിസ്ഥാനപ്പെടുത്തി പതിനാറാംശതകത്തില്‍ പിങ്ഗളിസ്മരണ്ണാ എന്ന ആന്ധ്രകവി പ്രഭാവതീപ്രദ്യമ്നം എന്ന തെലുങ്കുകാവ്യം നിര്‍മ്മിക്കുകയുണ്ടായി.