close
Sayahna Sayahna
Search

Difference between revisions of "സ്ത്രീയുടെ വിഷമാവസ്ഥ"


(Created page with " “സമാഹാരത്തിന്റെ ശീർഷകം പോലും ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന...")
 
Line 128: Line 128:
  
 
സുഭദ്രയുടെ മനസ്സിലെ വേദന മുഴുവനായി പുറത്തു കാണുന്നത് ഈയൊരു സംഭാഷണത്തിലാണ്. അതുപോലെ അച്ഛന്റെ മരുമകനോടു തോന്നുന്ന ലൈംഗികത കുട്ടിക്കാലം തൊട്ടുള്ളതാണോ? പറയാൻ പറ്റില്ല.
 
സുഭദ്രയുടെ മനസ്സിലെ വേദന മുഴുവനായി പുറത്തു കാണുന്നത് ഈയൊരു സംഭാഷണത്തിലാണ്. അതുപോലെ അച്ഛന്റെ മരുമകനോടു തോന്നുന്ന ലൈംഗികത കുട്ടിക്കാലം തൊട്ടുള്ളതാണോ? പറയാൻ പറ്റില്ല.
 +
 +
{{EHK/Works}}

Revision as of 07:43, 17 June 2014


“സമാഹാരത്തിന്റെ ശീർഷകം പോലും ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു. ‘കറുത്ത തമ്പ്രാട്ടി’. പെണ്ണെഴുത്തിന്റെ കോലാഹലങ്ങൾ അരങ്ങേറുന്ന ഒരു സമൂഹത്തിൽ, ഒരു പുരുഷന്റെ സ്ത്രീപക്ഷ രചനകൾ കൗതുകമുണർത്തുന്നു.”

ഗീതാ ജെയിംസ്, (ആകാശവാണി, തൃശ്ശൂരിൽ ചെയ്ത പ്രഭാഷണം, ‘കലാകൗമുദി’ നവമ്പർ 26, 2006 ലെ റിവ്യു.)

എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏതാണെന്നു ചോദിച്ചാൽ ‘ദിനോസറിന്റെ കുട്ടി’ എന്നു പറയാൻ എനിക്ക് ഒട്ടും സമയം വേണ്ട. അതുകഴിഞ്ഞ് ഇതിനു തുടർച്ചയായി വരുന്ന ‘ഒരു വിശ്വാസി’ എന്ന കഥയും. (‘സൂര്യകാന്തിപ്പൂക്കൾ എന്ന സമാഹാരത്തിൽനിന്ന്) ഇതിനു കാരണം രണ്ടു കഥകളും എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഒരു കാലഘട്ടത്തിനെപ്പറ്റിയുള്ളതായിരുന്നു. ഞാൻ സാമ്പത്തികമായും മാനസികമായും തകർന്ന ഒരു കാലത്തിന്റെ അന്ത്യത്തിലെഴുതിയത്. പക്ഷെ എന്റെ ഏറ്റവും നല്ല കഥയേതാണെന്നു ചോദിച്ചാൽ ഞാൻ പറയുക ‘കറുത്ത തമ്പ്രാട്ടി’യാണ്. (അതേ പേരിലുള്ള സമാഹാരത്തിൽ നിന്ന്). അതുപോലെ ഏറ്റവും നല്ല കഥാസമാഹാരവും അതുതന്നെയാണ്. ‘കറുത്ത തമ്പ്രാട്ടി’യ്ക്കു പുറമെ ‘കളിക്കാലം’, ‘അവസാനത്തെ വിസിൽ’, ‘വലിയൊരു ആൽബം’, ‘കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിയ്ക്കുന്നു’, ‘ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ’, ‘ആ പാട്ടു നിർത്തു’, ‘ഇങ്ങിനെയും ഒരു ജീവിതം’, തുടങ്ങി 17 കഥകളുണ്ട് ഈ സമാഹാരത്തിൽ.

ഇതിൽ ‘കറുത്ത തമ്പ്രാട്ടി’ എന്ന കഥയാണ് സ്ത്രീയുടെ മനസ്സിന്റെ നിഗൂഢതകളിലേയ്ക്ക് എത്തിനോക്കുന്നത്. ഇങ്ങിനെ ഒരു കഥാപാത്രത്തെ എങ്ങിനെ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നു ചോദിച്ചാൽ പറയാൻ എളുപ്പമല്ല. എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും കണ്ടുമുട്ടിയ വ്യക്തിയാണോ ലക്ഷ്മി? അറിയില്ല. ഈ കഥയെപ്പറ്റി പ്രൊഫ. എം. കൃഷ്ണൻ നായർ വളരെ നല്ല അഭിപ്രായം ‘സമകാലിക മലയാള’ത്തിലെ ‘സാഹിത്യവാരഫലം’ എന്ന കോളത്തിൽ എഴുതിയത് ഞാൻ താഴെ കൊടുക്കുന്നു. കുറച്ച് ദൈർഘ്യമുണ്ടെങ്കിലും അത് എന്റെ ജോലി എളുപ്പമാക്കുന്നു.

പണ്ടൊരിക്കൽ ഒരിടത്ത് ഒരു ഗുസ്തിക്കാരനുണ്ടായിരുന്നു. അയാൾക്ക് പ്രതിയോഗിയെ പരാജയപ്പെടുത്താൻ 360 വിദ്യകൾ അറിയാമായിരുന്നു. വാത്സല്യമുള്ള ശിഷ്യനെ അയാൾ 359 വിദ്യകൾ പഠിപ്പിച്ചു. ഒരെണ്ണം പറഞ്ഞു കൊടുത്തതുമില്ല. ശിഷ്യൻ തനിക്കു വശമായ 359 വിദ്യകൾകൊണ്ട് പലരേയും തോല്പിച്ചു. തന്റെ സാമർത്ഥ്യത്തിൽ അഹങ്കാരിയായ അയാൾ ഒരിക്കൽ രാജാവിനോടു പറഞ്ഞു. ഗുരുനാഥനോടുള്ള നന്ദിയും അദ്ദേഹത്തിന്റെ വാർദ്ധക്യവും കൊ ണ്ടാണ് വിദ്യകൾ പഠിപ്പിച്ച ആ ആളിനെ നേരിട്ടെതിർത്തു തോല്പിക്കാത്തതെന്ന്. ഗുരുനാഥനോടുള്ള ഈ ബഹുമാനക്കുറവു കണ്ട് രാജാവിന് ദേഷ്യം വന്നു. അദ്ദേഹം കല്പിച്ചു ഗുരുവും ശിഷ്യനും എതിരിടട്ടേയെന്ന്. ശിഷ്യന് അറിയാൻ പാടില്ലാത്ത മുന്നൂറ്റിയറുപതാമത്തെ വിദ്യ പ്രയോഗിച്ച് ഗുരു ശിഷ്യനെ നിലം പറ്റിച്ചു. ശിഷ്യനെ തലയ്ക്കു മുകളിൽ പൊക്കിയെടുത്തു നിലത്തേയ്ക്ക് എറിയുകയായിരുന്നു ഗുരു. ശിഷ്യൻ ആ ഏറിൽ തകർന്നുപോയി. മലയാള മനോരമ വാർഷികപ്പതിപ്പിൽ ‘കറുത്ത തമ്പ്രാട്ടി’ എന്ന ചെറുകഥയെഴുതിയ ഇ. ഹരികുമാറിന് രചനയുടെ 360 വിദ്യകളറിയാം. 359 വിദ്യകളും അദ്ദേഹം മറ്റു കഥയെഴുത്തുകാർ ക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരെണ്ണം അദ്ദേഹം വേറെയാരെയും അഭ്യസിപ്പിച്ചിട്ടില്ല. ആ വിദ്യ അറിയാൻ പാടില്ലാത്തതുകൊണ്ടാണ് മുകുന്ദൻ കൃത്രിമമായ ‘നൃത്തം’ എന്ന നോവലെഴുതുന്നത്. ഇമേജുകളില്ലാതെ വെറും ധിഷണാപരമായ ഉപന്യാസം കഥയെന്നമട്ടിൽ ആനന്ദ് എഴുതുന്നത് (ആനന്ദിന്റെ രചന മലയാള മനോരമ വാർഷികപ്പതിപ്പിൽത്തന്നെ.)

ഹരികുമാർ അയഥാർത്ഥമായ റൊമാന്റിസിസത്തിൽ വിഹരിക്കുന്നില്ല. ദുർഗ്രഹമായ സിംബലിസത്തിൽ ചെല്ലുന്നില്ല. ആദ്ധ്യാത്മികത്വത്തിന്റെ അധിത്യകതയിലേക്കു കയറി പ്പോകുന്നില്ല. ഫ്യഡലിസത്തിന്റെ നൃശംസത കാണിയ്ക്കുന്ന സെക്‌സിനെ യഥാതഥമായി, എന്നാൽ കലാത്മകതയോടെ ആലേഖനം ചെയ്യുന്നേയുള്ളു.

ഫ്യൂഡൽ പ്രഭുവിന് തൊഴിലാളിയുടെ ഭാര്യയെ വേണം. അവന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു രണ്ടായിരം രൂപ കടംകൊടുത്തു അവളെ അയാൾ വെപ്പാട്ടിയാക്കുന്നു… (ഇവിടെ കൃഷ്ണൻ നായർസാർ കഥാസംഗ്രഹം കൊടുത്തിട്ടുള്ളത് ഞാൻ കരുതിക്കൂട്ടി ഒഴിവാക്കുകയാണ്. എന്റെ പുസ്തകം ചെലവാകണ്ടെ?) വജ്രം സ്ഫടികത്തെ കീറുന്ന പോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡൽ പ്രഭുവിന്റെ സെക്‌സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തോളം ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാർ വായന ക്കാരുടെ ബഹുമാനവും സ്‌നേഹവും നേടുന്നു. (ഗുസ്തി ക്കാരന്റെ കഥ ‘പവ്വർ’ എന്ന ഗ്രന്ഥത്തിൽ നിന്ന്).

ഈ കഥ വായിച്ചാസ്വദിക്കേണ്ടത് മൂന്നു തലങ്ങളിലാണ്. (ഇങ്ങിനെ മുന്ന് തലത്തിൽ ഈ കഥ ആസ്വദിക്കുന്നതിനെപ്പറ്റി ഡോ. മിനി നായരും പറയുകയുണ്ടായി.) ആദ്യതലത്തിലുള്ളത് നാലു വയസ്സായ സുലുവാണ്. അമ്മയുടെ അഭാവത്തിൽ അവൾ കുടിലിൽ ഒറ്റയ്ക്കിരുന്നു, ഒറ്റയ്ക്കു കളിച്ചു, വിശക്കുമ്പോൾ കലത്തിൽനിന്ന് കഞ്ഞിയെടുത്തു കുടിച്ചു. വൈകുന്നേരം അപ്പ ജോലി കഴിഞ്ഞ് വരുമ്പോൾ അമ്മ എന്നാണ് വരികയെന്ന് അന്വേഷിച്ചു. കഥയിൽ സുലുവിനെപ്പറ്റിയുള്ള വരികളെഴുതുമ്പോൾ ഞാൻ ശരിയ്ക്കും കരയുകയായിരുന്നു. ഇന്നും ആ വരികൾ വായിക്കുമ്പോൾ, ആ നാലു വയസ്സുകാരിയുടെ അമ്മയെ കാണാനുള്ള യാത്രയിലെത്തുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു.

അവളുടെ (ലക്ഷ്മിയുടെ) നോട്ടം പടിക്കലേയ്ക്കായിരുന്നു. അതിനുമപ്പുറത്തായിരുന്നു. വെയിൽ ഓളമടിയ്ക്കുന്ന വയലുകളിൽ, പിന്നെ അതിനുമപ്പുറത്ത് അവളുടെ മനസ്സിനു മാത്രം കാണാൻ കഴിയുന്ന പ്രദേശങ്ങളിൽ, ഒരു കൊച്ചുകുട്ടിയുടെ പാദങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ടാവുന്ന വഴികളിൽ.

എത്രയോ കാലം കഴിഞ്ഞ് (ഒന്നോ രണ്ടോ കൊല്ലം എന്നു പറഞ്ഞാൽ യുഗങ്ങളാവുന്ന സന്ദർഭമാണിവിടെ) തന്നെ കാണാൻ വരുന്ന നാലു വയസ്സുകാരി മകളെപ്പറ്റി അമ്മ ഓർക്കുന്നതാണിത്. അവസാനം അമ്മയെ കാണുമ്പോഴാകട്ടെ അവൾ തിരിച്ചറിയുന്നില്ല എന്നത് ദുരന്തമാണ്.

രണ്ടാമത്തെ തലത്തിൽ നിൽക്കുന്നത് പ്രഭുവാണ്. എന്താണ് പ്രഭുവും ലക്ഷ്മിയുമായുള്ള ബന്ധം? കഥയെഴുതാൻ തുടങ്ങുമ്പോൾ എനിക്കതിനെപ്പറ്റി യാതൊരു ബോധവുമുണ്ടായിരുന്നില്ല. എഴുതിത്തുടങ്ങിയപ്പോഴാണ് ആ ബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നത്. അയാളെ സംബന്ധിച്ചേടത്തോളം ലക്ഷ്മി ഒരു പണയപ്പണ്ടം മാത്രമല്ല. ഇത് എന്നെ അദ്ഭുതപ്പെടുത്തി. ഇങ്ങിനെയും ഒരു ബന്ധമോ? ഇങ്ങിനെ ഒരു ബന്ധത്തിലെത്താനെ ടുത്ത അയാളുടെ മാനസികാവസ്ഥ എന്തായിരിയ്ക്കും?

‘താമി വന്നിരുന്നു.’ തമ്പ്രാൻ പറഞ്ഞു.

ലക്ഷ്മി ഒന്നും പറഞ്ഞില്ല.

‘എന്തിനാ വന്നത്ന്ന് നിശ്ശണ്ടോ?’

‘ഉം.’

‘നെന്നെ അങ്ങനെയങ്ങട്ട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ്‌ണ്ടോ?’

അവൾ ഒന്നും പറയാതെ അയാളുടെ മാറിൽ കൈയ്യോടിച്ചു. അവളുടെ കറുത്ത വിരലുകൾ അയാളുടെ വെളുത്ത മാറിലെ രോമങ്ങളിൽ പരതി നടന്നു.

‘അങ്ങനെയങ്ങട്ട് പറഞ്ഞയക്കും’ എന്ന വാക്കുകൾക്ക് ‘അവളുടെ ഭർത്താവിനു കൊടുത്ത പണം തിരിച്ചുതന്നാലേ അയക്കൂ’ എന്നാണോ അർത്ഥം? അല്ലെന്ന് പിന്നീടുള്ള കഥാഭാഗം തെളിയിക്കുന്നുണ്ട്. എങ്ങിനെയെന്ന് പറയാൻ എനിയ്ക്കാവില്ല. ചില വാക്കുകൾകൊണ്ട്, നോട്ടംകൊണ്ട് ഉളവാകുന്ന അർത്ഥം നമുക്ക് തെളിയിക്കാനാവില്ല. അതനുഭവിക്കാൻ മാത്രമേ പറ്റൂ. ഇത് ഞാൻ നേരത്തെ പറഞ്ഞതിനെ സാധൂകരിയ്ക്കുകയാണ്. ‘ഒരു സ്ത്രീയുമായി കിടക്ക പങ്കിടണമെങ്കിൽ അവളുമായി സ്‌നേഹത്തിലാവണം. അല്ലാത്തതെല്ലാം ബലാൽസംഗങ്ങൾ മാത്രമാണ്, ഭാര്യാഭർത്തൃബന്ധം കൂടി. അതാകട്ടെ സ്‌നേഹത്തിനു നേരെ എതിരായി വെറുപ്പിൽനിന്നുളവാകുന്നതാണ്. ‘സ്ത്രീഗന്ധമുള്ള മുറി’യിലെ മോഹൻ ചെയ്യുന്നതതാണ്. നമുക്കതു പിന്നീടു പറയാം.

‘കറുത്ത തമ്പ്രാട്ടി’യിൽ മൂന്നാമത്തെ തലത്തിൽ നിൽക്കുന്നത് ലക്ഷ്മിയാണ്. ഒരേയൊരു ഖണ്ഡിക കൊണ്ട് അവളുടെ വിഷമാവസ്ഥ മനസ്സിലാകും.

എല്ലാവർക്കും അയാളെ പേടിയായിരുന്നു. പക്ഷെ അവളെ സംബന്ധിച്ചേടത്തോളം അയാൾ മറ്റൊന്നായിരുന്നു. മനസ്സിലാക്കാൻ പറ്റാത്ത എന്തോരൂട്ടം. എന്നെങ്കിലും താമി കൊടുക്കാനുള്ള രണ്ടായിരം രൂപ പലിശയടക്കം കൊണ്ടുവന്നു കൊടുക്കുമെന്നും അവൾക്ക് പോകേണ്ടിവരുമെന്നും ഓർത്തപ്പോൾ അവൾക്കുണ്ടായത് വിഷമമാണെന്നവൾ കണ്ടു. അപ്പോൾത്തന്നെ തമ്പ്രാൻ പറഞ്ഞതുമോർത്തു. ‘നെന്നെ അങ്ങനെയങ്ങട്ട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ് ണ്ടോ?’

അത് എന്തർത്ഥത്തിലാണ് തമ്പ്രാൻ പറഞ്ഞതെന്ന് അവൾക്കറിയില്ലായിരുന്നു. തരാനുള്ള പണം തരാതെ പറഞ്ഞയക്കില്ലെന്നായിരിക്കുമോ? അപ്പോ തരാനുള്ള പണം താമി കൊണ്ടുവന്നാൽ തന്നെ പറഞ്ഞയക്കുമോ? അങ്ങിനെയാവരുതെന്നവൾക്കു തോന്നും. പെട്ടെന്നുതന്നെ മകളുടെ ഓമനമുഖവും ഓർമ്മ വരും. താൻ അങ്ങിനെയൊക്കെ ആലോചിച്ചതിൽ പ്രയാസവും തോന്നും.

ലക്ഷ്മിയ്ക്ക് ഭർത്താവ് താമിയോടുള്ള മനോഭാവമെന്താണ്? താമി ആ പറമ്പിൽ ജോലിയെടുക്കാൻ വരുമ്പോൾ അവൾ മുകളിലെ ജനലിലൂടെ നോക്കും, താമി കാണാതെ. താമി അവളെ ഒരിക്കലും കണ്ടുപോകരുത് എന്ന കർശന താക്കീത് നിലവിലിരിക്കെ അതു മാത്രമേ അവൾക്കു ചെയ്യാനൊക്കു.

അതിനു ശേഷം പലപ്പോഴും താമി വന്ന് പറമ്പിൽ ജോലി ചെയ്യുന്നത് അവൾ കാണാറുണ്ട്. ഒരിക്കലും അയാളുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ ശ്രമിച്ചു. ഇടയ്ക്ക് കിളച്ചുകൊണ്ടിരിക്കുന്ന കൈക്കോട്ട് നിലത്തുവച്ച് താമി മാളികയുടെ നേരെ നോക്കും. മുകളിലേതെങ്കിലും ജനലിനടുത്ത് അയാളെ നോക്കിക്കൊണ്ടിരിക്കുന്ന ലക്ഷ്മി പെട്ടെന്ന് ഉള്ളിലേയ്ക്കു വലിയും.

അവൾ, സ്വയം മനസ്സിലാക്കാതെ രണ്ടു പേരെ ഒരേ സമയം സ്‌നേഹിക്കുകയാണ്. ഇവിടെ ഇരയും ഇര തേടുന്നവനും എന്ന സ്ത്രീപുരുഷസങ്കല്പത്തിന് പുതിയൊരു മാനം കിട്ടുകയാണ്. ഒരു പ്രോലിറ്റേറിയൻ സംവിധാനത്തിൽ ഇത് വെറും ചൂഷണമായി കാണുമ്പോൾ വ്യക്തി എന്ന നിലയിൽ സ്ത്രീ അതിൽനിന്നു പുറത്തു ചാടുകയാണ് ചെയ്യുന്നത്. മനുഷ്യബന്ധങ്ങളെ വ്യത്യസ്തവും മുറുകെ അടച്ചുപൂട്ടിയതുമായ മുറികളിൽ ഭദ്രമായി സൂക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്.

‘മോളെ കൊണ്ടരാൻ പറഞ്ഞിട്ട്ണ്ട് അല്ലേ?’ അവളുടെ സ്വരത്തിൽ കൃതജ്ഞതയുണ്ട്.

‘ഉം,’ അയാൾ കനത്തിൽ മൂളി, ‘രാവിലെ വന്നിട്ട് ഉച്ചതിരിഞ്ഞ് പൊയ്‌ക്കോട്ടെ.’

‘ശരി.’

‘നെന്റെ മോൾക്ക് കൊടുക്കാൻ രണ്ടുടുപ്പ് വാങ്ങാൻ കണാരനെ ഏൽപ്പിച്ചിട്ട്ണ്ട്.’

‘അത്യോ?’ അവളുടെ മുഖം വികസിക്കുന്നത് സംതൃപ്തിയോടെ തമ്പ്രാൻ നോക്കിയിരുന്നു.

‘ഒക്കെ ഞാൻ എന്തിനാ ചെയ്യണത്ന്നറിയ്യോ?’

‘ഉം.’

‘എന്തിനാ?’

‘ന്നോട്ള്ള ഇഷ്ടം കൊണ്ട്.’

‘മനസ്സിലായല്ലോ, അതുപോല്യൊക്കെ പെരുമാറ്വാ.’

‘ഉം.’

ഇതൊരു പ്രണയസംഭാഷണം തന്നെയാണ്. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് നാടൻമട്ടിൽ പറയുകതന്നെയാണ്. ലക്ഷ്മിയ്ക്ക് തമ്പ്രാനോടുള്ള മനോഭാവവും ഇവിടെ വ്യക്തമാണ്.

വെറ്റിലയുടെ രൂക്ഷഗന്ധം അവൾക്കിഷ്ടമായിരുന്നു. തമ്പ്രാന്റെ ദേഹത്തിന്റെ ഗന്ധത്തോടു ചേരുമ്പോൾ അത് തടുക്കാനാവാത്ത ആകർഷണം കൊണ്ടവളെ വീർപ്പുമുട്ടിയ്ക്കുന്നു. അയാൾ വലതുകൈകൊണ്ടവളെ വരിഞ്ഞ് ഇടതുകൈകൊണ്ട്…

ഈ മൂന്നടരുകൾക്കു ശേഷമേ താമി എന്ന കഥാപാത്രം വരുന്നുള്ളു. ഈ കഥാപാത്രം അത്ര പ്രധാനപ്പെട്ടതാണെന്നോ, അനുകമ്പയർഹിക്കുന്നതാണെന്നോ എനിയ്ക്കു തോന്നിയിട്ടില്ല. സ്ത്രീയ്ക്ക് എവിടെനിന്ന് സ്‌നേഹം കിട്ടുന്നുവോ ആ ഭാഗത്താണ് ഞാൻ എപ്പോഴും. അത് ഭർത്താവിൽ നിന്നാണോ, കാമുകനിൽനിന്നാണോ മറ്റേതെങ്കിലും ജാരനിൽനിന്നാണോ എന്നൊന്നും ഞാൻ നോക്കാറില്ല. സ്വന്തം ഭർത്താവിൽനിന്ന് പ്രതീക്ഷിക്കുന്നത്ര സ്‌നേഹം ലഭിക്കുന്ന, നീതി ലഭിക്കുന്ന എത്ര സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ?

ഇനി നേരത്തെ സൂചിപ്പിച്ച ‘സ്ത്രീഗന്ധമുള്ള മുറി’ (‘ദിനോസറിന്റെ കുട്ടി’ എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥയിലേയ്ക്കു കടക്കാം. സ്‌നേഹമില്ലാത്ത ഇണചേരൽ, അതു ഭാര്യഭർത്താക്കന്മാർ ചേർന്നുള്ളതാണെങ്കിലും, ബലാൽസംഗമാണെന്നു ഞാൻ വിശ്വസിയ്ക്കുന്നു. ബലാൽസംഗം വെറുപ്പിന്റെ അന്ത്യത്തിൽ ഒരു വ്യക്തി ചെയ്യുന്ന കൃത്യമാണ്. മോഹൻ എന്ന അവിവാഹിതനും സുനിത എന്ന വീട്ടമ്മയുമായുള്ള ബന്ധത്തിന്റെ കഥ. അവിഹിതബന്ധമെന്ന വാക്ക് ഞാൻ കരുതിക്കൂട്ടി ഉപയോഗിക്കാത്തതാണ്. വിഹിതബന്ധങ്ങൾ ദുരന്തങ്ങളാകുമ്പോൾ അവിഹിതബന്ധങ്ങളാണ് പലപ്പോഴും തുണയ്‌ക്കെത്തുന്നതായി കാണുന്നത്. ഇവിടെ മേൽപ്പറഞ്ഞ ബന്ധം യാതൊരു പ്രശ്‌നവുമില്ലാതെ തുടരുമ്പോൾ സുനിതയ്ക്ക് മനസ്സാക്ഷിക്കുത്തു തുടങ്ങുന്നു.

“നിനക്കതു മനസ്സിലാവില്ല മോഹൻ. വൈകുന്നേരങ്ങളിൽ നിതീഷ് സംസാരിക്കുമ്പോ, നിതീഷും ഞാനും മാത്രേള്ളു ഈ ലോകത്തിൽ എന്ന മട്ടിൽ വല്ലതും പറയുമ്പോ ഞാൻ വേറൊരാളുടേതു കൂടിയാണെന്ന്, പകൽ വേറൊരാളുടെ ആലിംഗനത്തിൽ കിടന്നിട്ടുണ്ടെന്ന് ഓർമ്മ വരണത് വേദനാജനകമാണ്.”

“ഞാൻ നിന്നെ സന്തോഷിപ്പിച്ചിരുന്നില്ലെ?”

“ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലൊ. പക്ഷെ അത് എന്നും തുടരാൻ പറ്റില്ലെന്ന് മോഹൻ മനസ്സിലാക്കണ്ടെ?”

“നിനക്കു തോന്നുന്ന കാലംവരെ അതു തുടർന്നു. അ പ്പോൾ എന്റെ ആവശ്യവും നോക്കേണ്ട ധാർമ്മികമായ ബാദ്ധ്യതയെങ്കിലുമില്ലെ നിനക്ക്?”

സുനിത ചിരിച്ചു. മോഹന്റെ ആവശ്യം എന്താണെന്നവൾ ഓർത്തു. അവൾ പറഞ്ഞു.

“മോഹൻ നീ പോയി കല്യാണം കഴിക്കു.”

സ്ത്രീപുരുഷബന്ധം ഇരുഭാഗത്തും ഒരേപോലെയായിരിക്കണമെന്നും ബന്ധങ്ങളെല്ലാം എന്നും ഒരേപോലെ ആവില്ലെന്നും, അല്ലെങ്കിൽ തുടരാനാവില്ലെന്നും മോഹൻ മനസ്സിലാക്കിയില്ല. അവളാകട്ടെ വളരെയധികം വാക്കുകൾ കൊണ്ട് അത് പറഞ്ഞു കൊടുക്കുകയായിരുന്നു. മോഹനെ കാണാൻ സമ്മതിക്കാത്തതിന്റെ കാരണവും അവൾ പറയുന്നുണ്ട്, വളരെ സൗമ്യമായിത്തന്നെ.

“പിന്നെ ഓരോ പ്രാവശ്യവും ഞാൻ ചെയ്യുന്നത് തെറ്റാണെന്നു തോന്നി നിന്നിൽനിന്നു കുതറിയോടാൻ ശ്രമിച്ചപ്പോഴെല്ലാം നിന്റെ വാക്കുകൾ എന്നെ തിരിച്ചുവിളിച്ചു. നിന്റെ വാക്കുകൾ എപ്പോഴും ഒരു മായിക വലയം സൃഷ്ടിച്ചു. എനിക്കൊന്നും വ്യക്തമായി കാണാൻ വയ്യാതായി. ഞാൻ വ്യക്തമായാണ് കാണുന്നതെന്ന മിഥ്യാബോധം സൃഷ്ടിക്കുക മാത്രം ചെയ്തു.

ഞാൻ നിന്റെ വാക്കുകളെ ഭയപ്പെടുന്നു. നിന്റെ നോട്ടത്തെ, നിന്റെ സ്പർശത്തെ. അവ എന്നെ വീണ്ടും പഴയ പാതയിലേയ്ക്കു നയിക്കും. അതാണ് ഞാൻ നിന്നെ കാണാൻ വിസമ്മതിച്ചത്.”

സുനിതയെ അനുനയിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു എന്നു മനസ്സിലായപ്പോൾ അയാളിൽ ഉളവായത് അവളോടുള്ള വെറുപ്പും വിദ്വേഷവുമാണ്. അതിന്റെ അന്ത്യത്തിൽ അയാൾ അവളെ ബലാൽസംഗം ചെയ്യുകയാണ്. അതിനു ശേഷം എന്താണുണ്ടായത് എന്ന് കഥയിൽ പറഞ്ഞപോലെ നിങ്ങൾ സ്വീകരിക്കണമെന്നില്ല. ഇവിടെയും ഇരയും ഇരതേടുന്നവനും തമ്മിലുള്ള ബന്ധം പൊന്തിവരുന്നതിന് എന്നെ പഴി ചാരുകയും വേണ്ട. ഞാൻ ആരുടെ ഭാഗത്താണെന്നും പറയുന്നില്ല.

‘മാങ്ങാറിച്ചെടികൾ’ (‘ദൂരെ ഒരു നഗരത്തിൽ’ എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥയിൽ മുപ്പതു വയസ്സു കഴിഞ്ഞ ഒരവിവാഹിതയുടെ ലൈംഗികതയാണ് കാണുന്നത്. അവളുടെ അച്ഛന്റെ മരുമകനും അവളേക്കാൾ എട്ടു വയസ്സിനു താഴെ പ്രായവുമുള്ള ഒരു ചെറുപ്പക്കാരനാണ് രാജു. ബോംബെയിൽ ജോലിയെടുക്കുന്ന അവൻ നാട്ടിൽ വന്നപ്പോൾ വിധവയായ അമ്മായിയേയും മകൾ സുഭദ്രച്ചേച്ചിയേയും കാണാൻ വന്നതാണ്. അവർ തമ്മിൽ കണ്ടിട്ട് വളരെക്കാലമായി.

“ആട്ടെ, ഇനി ചേച്ചിയുടെ വിശേഷങ്ങളൊക്കെ പറയൂ.”

“എന്റെ വിശേഷങ്ങളോ? പറയണ്ട വിശേഷങ്ങള് തന്നെ. സൂര്യനുദിക്കുണു, അസ്തമിയ്ക്കുണു. ഈ വലിയ വീട്ടിൽ അമ്മയുടെ ഒപ്പം നിത്യകന്യകയായി ഞാൻ വസിക്കുണു.”

സുഭദ്രയുടെ സ്വരത്തിലെ തീഷ്ണത രാജുവിനെ വേദനിപ്പിച്ചു.

കഥയുടെ ആദ്യഭാഗത്ത് അവളുടെ മനസ്സിൽ, ഒഴിവുകാലത്ത് ഒപ്പം വന്ന് താമസിച്ചിരുന്ന അനുജനെക്കുറിച്ചുള്ള വാത്സല്യം പ്രകടമായി കാണാം. പക്ഷെ അവളുടെ മനസ്സ്, അവനോടുള്ള മനോഭാവം വാത്സല്യത്തിൽനിന്ന് എപ്പോഴാണ് മാറിയതെന്ന് പറയാൻ കഴിയില്ല.

കൊയ്ത്തുകഴിഞ്ഞ പാടത്തു വിടർന്ന നീലയും മഞ്ഞയും പൂക്കൾ. മാങ്ങാറിച്ചെടികൾ പറിച്ചെടുത്ത് ഒരു എട്ടുവയസ്സുകാരൻ നഗ്നപാദനായി വരമ്പിലൂടെ ഓടി. ചന്ദനത്തിരിയുടെയും കെട്ടുകഴിഞ്ഞ നിലവിളക്കിന്റെയും വാസന നിറഞ്ഞ മുറിയിൽ സന്ധ്യയ്ക്കു കുളിച്ചതുമൂലം അപ്പോഴും സുഗന്ധം വിട്ടിട്ടില്ലാത്ത നഗ്നമായ നിറമാറിന്റെ കുളിർമയിൽ സമൃതികൾക്കപ്പുറത്തെവിടെയോ നഷ്ടപ്പെട്ടുപോയ സ്ത്രീ ഗന്ധം അവൻ അന്വേഷിച്ചു. എവിടെനിന്നോ സുഭദ്രയുടെ സ്വരം കേട്ടു. തന്നെ ഉറക്കാനായി കചദേവയാനി കഥ പറയുകയാണോ?

“എന്തുറക്കാണിത്? ഞാൻ എത്ര നേരായി വന്നിട്ട്?”

രാജു ഞെട്ടിയുണരുമ്പോഴാണ് അറിയുന്നത് താൻ കണ്ടിരുന്നത് പാതിസ്വപ്നം മാത്രമായിരുന്നുവെന്ന്. സ്വപ്നമല്ലാത്ത പാതിയെ സ്വീകരിക്കാൻ അവൻ തയ്യാറാവും മുമ്പ് അവന് സുഭദ്രച്ചേച്ചിയുടെ ശബ്ദം കേൾക്കാനുണ്ട്. അവന് പക്ഷെ അവന്റെ പ്രായത്തിനു യോജിച്ച ഉറക്കത്തിൽനിന്ന് പുറത്തുകടക്കേണ്ടിയിരുന്നു.

രാജു കണ്ണു തുറന്നു. പെട്ടെന്നുണ്ടായ അമ്പരപ്പിൽ, ജാള്യതയിൽ കൈകൾ വലിച്ചെടുത്ത് എഴുന്നേറ്റിരുന്നു. സ്ഥാനം മാറിപ്പോയ മുണ്ട് ശരിക്കുടുത്തു. അരുതാത്തതെന്തോ ചെയ് തുവെന്ന അറിവിൽ നിന്നുണ്ടായ വല്ലായ്മയിൽ സുഭദ്ര പകച്ചുനിന്നു.

നിമിഷങ്ങൾ അരിച്ചു നീങ്ങവെ സുഭദ്രയുടെ ശബ്ദം കേട്ടു.

‘നെനക്കെന്നെ വെറുപ്പായി അല്ലെ?’

സ്‌നേഹത്തിന്റെ സ്വഭാവം നൈർമ്മല്യത്തിൽനിന്നു മാറി വരാൻ ഏതാനും നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. പിന്നെ എല്ലാം സ്വാഭാവികമായി. നഗ്നമായ ചുമലിൽ തലോടുമ്പോൾ വിരലിൽ തടഞ്ഞ ഒരു വടു അവൻ കുട്ടിക്കാലത്ത് ശണ്ഠകൂടി അവളെ കടിച്ചതിന്റെ പാടാണ് എന്ന് സുഭദ്ര പറയുന്നു.

“ഞാൻ ഓരോ പ്രാവശ്യം കുളിക്കുമ്പോഴും ഈ പാടു കാണും. നെന്നെ ഓർക്കുകയും ചെയ്യും. നെന്നെ ഓർക്കാൻ നീയെനിയ്‌ക്കൊരു വടു ഉണ്ടാക്കിത്തന്നു. എന്നെ ഓർ ക്കാൻ ഞാൻ നെനക്ക് ഒന്നും തന്നില്ല.”

“വേദന പോലും.” രാജു കൂട്ടിച്ചേർത്തു.

സുഭദ്രയുടെ മനസ്സിലെ വേദന മുഴുവനായി പുറത്തു കാണുന്നത് ഈയൊരു സംഭാഷണത്തിലാണ്. അതുപോലെ അച്ഛന്റെ മരുമകനോടു തോന്നുന്ന ലൈംഗികത കുട്ടിക്കാലം തൊട്ടുള്ളതാണോ? പറയാൻ പറ്റില്ല.