close
Sayahna Sayahna
Search

Difference between revisions of "സിംഗപ്പൂരിലെ കൊച്ചുഭാരതം"

(Created page with " {{Infobox ml person | name = കെ.വി.അഷ്ടമൂർത്തി | image = Ashtamoorthi.jpg | image_size = 150px | border = yes | birth_date =...")
 
Line 55: Line 55:
 
മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍പ്പുണ്ടെങ്കിലും ജനസഞ്ചയത്തിനിടയില്‍ ലിറ്റില്‍ ഇന്ത്യാ കലാപം ഇപ്പോള്‍ ഒരു വിഷയമേ ആണെന്ന് എനിയ്ക്കു തോന്നിയില്ല. ജനങ്ങളുടെ വേവലാതി മറ്റൊന്നായിരുന്നു. രണ്ടു മാസത്തിലധികമായിരിയ്ക്കുന്നു സിംഗപ്പൂരില്‍ മഴ പെയ്തിട്ട്. ഒന്നോ രണ്ടോ ദിവസം മഴമേഘങ്ങള്‍ ഉരുണ്ടു കൂടിയെങ്കിലും ഞങ്ങള്‍ പോരുന്നതു വരെ മഴ പെയ്തതേയില്ല. ഇത്ര നീണ്ട മഴപെയ്യാക്കാലം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലത്രേ.  സാധാരണയായി കൊല്ലത്തില്‍ മുന്നൂറ് ദിവസവും മഴ പെയ്യുന്ന രാജ്യമാണ് സിംഗപ്പൂര്‍.  ഇത്രയും കാലം മഴ പെയ്യാതിരിയ്ക്കുകയോ!  വെള്ളവും വെളിച്ചവും നിര്‍ലോഭമുള്ള നാടാണ് സിംഗപ്പൂര്‍.  വെളിച്ചം ഇപ്പോഴും അങ്ങനെത്തന്നെ. എന്നാല്‍ വെള്ളമോ?  ക്ഷാമമൊന്നുമില്ല. ലീ ക്വാന്‍ യൂ കൗശലപൂര്‍വ്വം മലേഷ്യയുമായുണ്ടാക്കിയ വെള്ളക്കരാറുള്ളതുകൊണ്ട് വേവലാതിയൊന്നും വേണ്ടതാനും.  എന്നാലും വെള്ളത്തിന്റെ ഉപഭോഗം എങ്ങനെയൊക്കെ കുറയ്ക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ പത്രങ്ങളില്‍ കണ്ടുതുടങ്ങിയിരുന്നു. എയര്‍ പോര്‍ട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വാഹനമോടിച്ചിരുന്ന ചൈനക്കാരിയും ഇതുവരെ കാണാത്ത ഈ പ്രതിഭാസത്തേപ്പറ്റിത്തന്നെയാണ് പറഞ്ഞിരുന്നത്.
 
ടാക്‌സിയിലിരിയ്ക്കുമ്പോള്‍ ഞാന്‍ പുറത്തേയ്ക്കു നോക്കി. ഇല്ല, ഇനി വീണ്ടും ഒരു വരവുണ്ടാവില്ല എന്ന വിചാരത്തോടെ മൂന്നാം വട്ടവും സിംഗപ്പൂരിനോട് യാത്ര പറയുകയാണ്.  വന്നിറങ്ങുമ്പോള്‍ ഞങ്ങളെ എതിരേറ്റ കൊടിക്കൂറകളും അലങ്കാരവിളക്കുകളും വര്‍ണ്ണബലൂണുകളും അപ്രത്യക്ഷമായിരിയ്ക്കുന്നു. യാത്രയുടെ തുടക്കത്തില്‍ത്തന്നെ ഉള്‍വഴികളിലെ നടപ്പാതകളില്‍  വാടിവീണ ചക്കകളും പുഴുക്കുത്തു വീണ് നിലം പതിച്ച മാമ്പഴങ്ങളും ഞാന്‍ ശ്രദ്ധിച്ചിരുന്നു.  കുമിഞ്ഞു കൂടിയ പാഴിലകള്‍ മൂടിക്കിടക്കുന്നതുകൊണ്ട് പുല്‍ത്തകിടികള്‍ക്ക് തവിട്ടു നിറമായിരിയ്ക്കുന്നു. എത്ര വേഗമാണ് സിംഗപ്പൂരിന്റെ വര്‍ണ്ണങ്ങള്‍ കെട്ടുപോയത്!
+

അല്ലെങ്കില്‍ എല്ലാം എന്റെ വെറും തോന്നലുകളാവാം. പേരക്കുട്ടിയെ പിരിയുന്നതിന്റെ വിങ്ങലുണ്ടാക്കുന്ന വിഭ്രാന്തികളുമായിക്കൂടെന്നില്ല.  എല്ലാ യാത്രകളുടെയും അന്ത്യത്തിന് അതിന്റെ തുടക്കത്തിലുള്ള നിറപ്പകിട്ട് ഉണ്ടാവണമെന്ന് ശാഠ്യം പിടിയ്ക്കരുതല്ലോ.   
 
(ദേശാഭിമാനി വാരിക, 23–03–2014)
 
(ദേശാഭിമാനി വാരിക, 23–03–2014)

Revision as of 14:31, 19 September 2014

കെ.വി.അഷ്ടമൂർത്തി
Ashtamoorthi.jpg
ജനനം (1952-06-27) 27 ജൂൺ 1952 (വയസ്സ് 72)
തൃശൂർ
തൊഴിൽ സാഹിത്യകാരൻ
ജീവിത പങ്കാളി സബിത
മക്കൾ അളക (മകൾ)

അഷ്ടമൂർത്തി

സിംഗപ്പൂരിലെ ‘കൊച്ചുഭാരതം’

മൂന്നാം വട്ടം സിംഗപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ വഴിയോരത്തെ വര്‍ണ്ണശബളിമയാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കൊടിക്കൂറകളും അലങ്കാരവിളക്കുകളും നിറമാലകളും ബലൂണുകളും വീടുകളെയും വര്‍ണ്ണാഭമാക്കിയിരുന്നു. ചൈനീസ് പുതുവര്‍ഷാഘോഷങ്ങളുടെ ബാക്കിയായിരുന്നു അത്. (ഈ വര്‍ഷത്തെ ചൈനീസ് പുതുവര്‍ഷം ജനുവരി 31–നായിരുന്നു.)

സിംഗപ്പൂരില്‍ ആദ്യം ചെന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടത് വഴിയോരങ്ങളിലെ തണല്‍മരങ്ങളായിരുന്നു. ഇത്തവണ അവയ്ക്കിടയിലെ മാവുകള്‍ പൂത്തുനില്‍ക്കുന്നത് ആദ്യമേ ശ്രദ്ധയില്‍പ്പെട്ടു. വീട്ടുവളപ്പിലെ മാവുകളില്‍നിന്ന് കണ്ണിമാങ്ങകള്‍ വീഴുന്ന കാലത്ത് നാട്ടില്‍നിന്നു പോരേണ്ടി വന്നതിന്റെ കുണ്ഠിതം ഇനി സബിതയ്ക്കു വേണ്ടല്ലോ. അമ്മുവിന്റെ വീടിനടുത്തുള്ള കാഞ്ചനരാമ ബുദ്ധക്ഷേത്രത്തിന്റെ മതില്‍ക്കെട്ടില്‍നിന്ന് പുറത്തേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന മാവിന്‍ കൊമ്പില്‍നിന്ന് കിളികള്‍ കൊത്തിയ മാമ്പഴം അനാഥമായി വീണുകിടപ്പുണ്ട്. ആരാധ്യയെ ഒക്കത്തെടുത്ത് മാമ്പഴം പെറുക്കാന്‍ പോവുന്നത് എന്റെ ദിനചര്യകളില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.

അമ്മുവിന്റെ താമസം ഇത്തവണ ചെറിയ ഒരു മുറ്റമൊക്കെയുള്ള വീട്ടിലായിരുന്നു. ഇഷ്ടിക പാകിയതാണെങ്കിലും മുറ്റം മുറ്റമാണല്ലോ. രാത്രികളില്‍ മുറ്റത്തിട്ട കസേരകളിലിരുന്ന് വര്‍ത്തമാനം പറയാനായത് ഇത്തവണത്തെ വിശേഷസൗഭാഗ്യമാണ്. അകത്ത് ചൂടാണെങ്കിലും പുറത്ത് ചെറിയ കാറ്റുണ്ട്.

ഇത്തവണയും ഗൃഹാതുരത്വം ശമിപ്പിയ്ക്കാനുള്ള യാത്രകളുണ്ടായി. ഇതിനു മുമ്പു താമസിച്ചിരുന്ന ബുക്കിറ്റ് ബടോക് തന്നെയായിരുന്നു ആദ്യലക്ഷ്യം. അവിടത്തെ ഷോപ്പിങ്ങ് സെന്ററിലെ മുരുകന്റെ കടയിലേയ്ക്കാണ് ആദ്യം പോയത്. ഷിവാസ് റീഗല്‍ മുതല്‍ നാളികേരം വരെ കിട്ടുന്ന കടയാണ് മുരുകന്‍സ്. നാളികേരം ചിരകിത്തരുന്ന ലീ എന്ന ചൈനക്കാരനെ വീണ്ടും കാണാനുള്ള ഉദ്യമവുമുണ്ടായി. മുമ്പു താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് മുരുകനിലേയ്ക്ക് അഞ്ചുമിനിട്ടു നടക്കാനുള്ള ദൂരമേയുണ്ടായിരുന്നുള്ളു. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിയ്ക്കുന്ന ഫെയര്‍ പ്രൈസ് ഷോപ്പ് മറ്റൊരു സൗകര്യമായിരുന്നു.

ഇപ്പോഴത്തെ വീട് പയാ ലെബാര്‍ എന്ന സ്ഥലത്താണ്. സിറ്റിയോട് കൂടുതല്‍ അടുത്താണത്. ഒറ്റവീടുകളും കോണ്‍ഡോകളും (സ്വന്തമായി വാങ്ങാവുന്ന ഫ്‌ളാറ്റുകള്‍) കൊണ്ട് സമ്പന്നമാണ് പയാ ലെബാര്‍. താരതമ്യേന ധനികരായ ആളുകള്‍ താമസിയ്ക്കുന്ന സ്ഥലമായതിനാല്‍ മിക്കവരുടെ വീടുകളിലും പൂന്തോട്ടവും വാഹനങ്ങളുമുണ്ട്. വളര്‍ത്തുപട്ടികളുമുണ്ട്. ചൈനക്കാര്‍ അവയേയും കൊണ്ട് രാവിലെ നേരത്തെ നടക്കാനിറങ്ങും. അവയുടെ വിസര്‍ജ്ജ്യം കോരാന്‍ കയ്യുറകളും പത്രക്കീറുകളുമായാണ് ഇറങ്ങുക. ഈ പ്രദേശത്ത് കൃസ്ത്യന്‍പള്ളികളും ധാരാളമുണ്ട്. സിംഗപ്പൂരിലെ ജനസംഖ്യയില്‍ 70 ശതമാനത്തോളം വരും ചൈനക്കാര്‍. അവരില്‍ത്തന്നെ 40% കൃസ്തുമതക്കാരാണ്.

പുതിയ താമസസ്ഥലത്തിനുള്ള പരിമിതികളില്‍ ഒന്ന് നമ്മുടെ പലചരക്ക് — പച്ചക്കറികള്‍ കിട്ടാനുള്ള അസൗകര്യമാണ്. അടുത്ത് ചില ചെറിയ തമിഴന്‍ കടകളുണ്ടെങ്കിലും കാര്യമായി വാങ്ങാന്‍ ലിറ്റില്‍ ഇന്ത്യയിലേയ്ക്കു തന്നെ പോവണം. പര്‍പ്പ്ള്‍ ലൈനില്‍ സെറംഗൂണില്‍ നിന്ന് അഞ്ചാമത്തെ സ്റ്റേഷനാണ് ലിറ്റില്‍ ഇന്ത്യ. ഒമ്പതു മിനിട്ടു നേരത്തെ യാത്ര. തൊട്ടു മുമ്പത്തെ സ്റ്റേഷനായ ഫെരര്‍ പാര്‍ക്കില്‍ ഇറങ്ങിയാലും മതി. ഫെരര്‍ പാര്‍ക്കിലാണ് പ്രശസ്തമായ മുസ്തഫ. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിയ്ക്കുന്ന ഈ സൂപ്പര്‍ മാര്‍ക്കറ്റ് രണ്ടു കെട്ടിടങ്ങളില്‍ വിവിധനിലകളിലായി നിറഞ്ഞുനില്‍ക്കുന്നു. അച്ഛനും അമ്മയും ഒഴിച്ചുള്ളതെല്ലാം കിട്ടും എന്നാണ് മുസ്തഫയുടെ വിശേഷണം. മുസ്തഫയും ലിറ്റില്‍ ഇന്ത്യയുടെ ഭാഗം തന്നെ.

ലിറ്റില്‍ ഇന്ത്യ ഈയിടെയായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞകൊല്ലം ഡിസംബര്‍ 8–ാം തീയതി അവിടെയുണ്ടായ കലാപത്തിന്റെ അലയൊലി ഫെബ്രുവരി 10ന് ഞങ്ങള്‍ സിംഗപ്പൂരില്‍ ചെന്നിറങ്ങുമ്പോഴും അടങ്ങിയിരുന്നില്ല. റേയ്‌സ് കോഴ്‌സ് റോഡില്‍ വെച്ച് ശക്തിവേല്‍ കുമാരവേലു എന്ന ഇന്ത്യക്കാരന്‍ ബസ്സിനടിയില്‍പ്പെട്ടു മരിച്ചതാണ് സംഭവം. ഓടിക്കൂടിയ ജനം ഡ്രൈവര്‍ക്കും മറ്റു ബസ്സ് ജീവനക്കാര്‍ക്കും നേരെ കുപ്പികളും കല്ലുകളുമെറിഞ്ഞു. പിരിഞ്ഞുപോവാനുള്ള പോലീസിന്റെ അഭ്യര്‍ത്ഥന അനുസരിയ്ക്കാതെ കലാപകാരികള്‍ രണ്ടു മണിക്കൂറോളം താണ്ഡവമാടി. അഞ്ചു പോലീസ് ജീപ്പുകള്‍ക്കു തീയിട്ടതിനു പുറമേ കുറേ സ്വകാര്യവാഹനങ്ങളും സ്ഥലത്തെ വിലപിടിപ്പുള്ള സാധനങ്ങളും നശിപ്പിച്ചു.

നാല്‍പ്പതു വര്‍ഷത്തിനു ശേഷം സിംഗപ്പൂരില്‍ നടക്കുന്ന കലാപമായിരുന്നു അത്. ഭരണകൂടം നടുങ്ങിയതില്‍ അത്ഭുതപ്പെടാനില്ല. നാനൂറോളം പേരടങ്ങുന്ന കലാപകാരികളില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമായിരുന്നു ഭൂരിഭാഗവും. പോലീസിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിയ്ക്കാതെ പിരിഞ്ഞു പോവാത്തവരില്‍ച്ചിലരെ കസ്റ്റഡിയിലെടുത്തും ചിലരെ എന്നെന്നേയ്ക്കുമായി നാടുകടത്തിയും മറ്റു ചിലര്‍ക്കെതിരെ കേസെടുത്തുമാണ് സര്‍ക്കാര്‍ കലാപം നേരിട്ടത്. അഭ്യര്‍ത്ഥന ഇംഗ്ലീഷിലായതുകൊണ്ട് ഭാഷ മനസ്സിലാവാതെയാണ് അവര്‍ പിരിഞ്ഞു പോവാതിരുന്നതെന്ന് കേട്ടു. പതിവില്ലാത്തതായതുകൊണ്ട് എങ്ങനെയാണ് ഇതു നേരിടേണ്ടതെന്നറിയാതെ അമ്പരന്നുപോയത്രേ ഭരണകൂടം. പിരിഞ്ഞുപോവാന്‍ വെറുതെ അഭ്യര്‍ത്ഥിയ്ക്കുന്നതിനു പകരം ലാത്തിച്ചാര്‍ജ്ജ് നടത്താവുന്നതാണെന്ന് ഇന്ത്യക്കാരില്‍നിന്ന് ഉപദേശം കൈക്കൊള്ളുകയും ചെയ്തുവത്രേ പിന്നീട്. (സിംഗപ്പൂരിലെ പോലീസുകാരെ നമ്മുടെ സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ ഒരു ദിവസം കൊണ്ടുവന്നു നിര്‍ത്തിയാല്‍ നന്നാവുമെന്ന് എനിയ്ക്കു തോന്നി.)

കലാപം അന്വേഷിയ്ക്കാന്‍ നിയുക്തമായ സമിതിയുടെ അദ്ധ്യക്ഷന്‍ ജി. പനീര്‍ശെല്‍വം എന്ന തമിഴ് വംശജനായിരുന്നു. (രണ്ടാം ആഭ്യന്തരമന്ത്രി എസ്. ഈശ്വരനും ഇന്ത്യന്‍ വംശജനാണ്.) അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സമയത്താണ് ഞങ്ങള്‍ സിംഗപ്പൂരില്‍ എത്തിയത്. അവര്‍ ഡ്രൈവര്‍ ലിം ഹായ് തിയോങ്ങിനെ ഏറെക്കുറെ കുറ്റവിമുക്തനാക്കിക്കഴിഞ്ഞിരുന്നു. കുമാരവേലു മദ്യപിച്ചിരുന്നു എന്നും ആടിയാടിയാണ് നടന്നിരുന്നതെന്നും തിരക്കുള്ള ബസ്സില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചപ്പോള്‍ കാലു തെറ്റി വീണ് പിന്‍ചക്രത്തിന്റെ അടിയില്‍പ്പെട്ടതാണെന്നും ആണ് സമിതി കണ്ടെത്തിയിട്ടുള്ളത്.

ലിറ്റില്‍ ഇന്ത്യ ശരിയ്ക്കും ഒരു തുള്ളി ഇന്ത്യ തന്നെയാണ്. അവിടെയുള്ള കടകളും തെരുവുകളും സിംഗപ്പൂരിലെ മറ്റു നഗരപ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. താരതമ്യേന വൃത്തി കുറഞ്ഞ നടപ്പാതകളും പഴകിയ കെട്ടിടങ്ങളും കാണുമ്പോള്‍ പെട്ടെന്ന് നമ്മള്‍ ഇന്ത്യയില്‍ എത്തിപ്പെട്ടുവോ എന്ന് സംശയിച്ചു പോവും. കൊളോണിയല്‍ ഭരണകാലത്ത് ചൂലിയ കാംപോംഗ് (കാംപോംഗ് എന്നാല്‍ മലായ് ഭാഷയില്‍ ഗ്രാമം എന്നാണര്‍ത്ഥം) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് തമിഴ് വംശജരെ കൂട്ടംകൂട്ടമായി താമസിപ്പിച്ചു. ഇന്ന് ചൂലിയ ഗ്രാമം ഇല്ല. ഇന്ത്യക്കാരുടെ അമ്പലങ്ങളും മസ്ജിദ്ദുകളും ഗുരുദ്വാരകളും ലിറ്റില്‍ ഇന്ത്യയില്‍ ഉണ്ട്. ശ്രീവീരകാളിയമ്മന്‍ ക്ഷേത്രത്തില്‍ അസാമാന്യമായ തിരക്കാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ ധാരാളം ഇന്ത്യന്‍ ഭക്ഷണശാലകളും ലിറ്റില്‍ ഇന്ത്യയിലുണ്ട്.

ഫെരര്‍ പാര്‍ക്ക് — ലിറ്റില്‍ ഇന്ത്യാ മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളില്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം മാത്രമേയുള്ളു. വണ്ടിയിറങ്ങുന്ന നമ്മളെ സ്വീകരിയ്ക്കാന്‍ മറ്റ് ഇന്ത്യന്‍ താരങ്ങളോടൊപ്പം നമ്മുടെ മോഹന്‍ലാലും അവിടെ നില്‍പ്പുണ്ട്. മലബാര്‍ ഗോള്‍ഡിനു പുറമേ കേരളത്തെ പ്രതിനിധാനം ചെയ്ത് കാര്‍ത്തിക സ്റ്റോഴ്‌സും ബനാനാ ലീഫ് റെസ്റ്റോറന്റും ജോയ് ആലുക്കാസും മലയാള ആയുര്‍വേദ വൈദ്യശാലയും കേരള ആയുര്‍വേദ സെന്ററും ഒക്കെയുണ്ട് ലിറ്റില്‍ ഇന്ത്യയില്‍. എന്നാലും ആനുപാതികമായി കേരളം അല്‍പം പിന്നില്‍ത്തന്നെയാണ്.

രണ്ടാം വട്ടം ലിറ്റില്‍ ഇന്ത്യയില്‍ പോയപ്പോള്‍ കയ്യില്‍ ഒരു ക്യാമറയും കരുതിയിരുന്നു. സിംഗപ്പൂരില്‍ പൊതുവെ ചിത്രമെടുപ്പിന് ഒരു നിരോധനവും ഇല്ല. ഏഷ്യന്‍ സിവിലൈസേഷന്‍ മ്യൂസിയത്തില്‍ അടക്കം എല്ലാ സ്ഥലത്തും ഇഷ്ടം പോലെ പടമെടുക്കാം. പുതിയ സംഭവവികാസങ്ങളുടെ ഭാഗമായി പടമെടുപ്പ് ആരെങ്കിലും തടസ്സപ്പെടുത്തുമോ എന്ന് എനിയ്ക്കു പേടിയുണ്ടായിരുന്നു. പക്ഷേ ക്യാമറ പിടിച്ചു നടക്കുന്ന എന്നെ ആരും ശ്രദ്ധിച്ചതു തന്നെയില്ല. ആളുകള്‍ അതിവേഗം സഞ്ചരിയ്ക്കുന്നു, കടകളില്‍ തിരക്കിട്ട് കച്ചവടം നടക്കുന്നു. കലാപം നടന്നതിന്റെ ഒരു ലക്ഷണവും ലിറ്റില്‍ ഇന്ത്യയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാലും ഈ സംഭവത്തിന് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ഫെബ്രുവരി 17–ാം തീയതി സിംഗപ്പൂര്‍ പാര്‍ലമെന്റ് പുതിയ ഒരു ബില്‍ The Public Order (Additional Temporary Measures) Bill പാസ്സാക്കിയെടുത്തു. ലിറ്റില്‍ ഇന്ത്യയിലെത്തുന്ന ആരേയും ഒരു കാരണവും കൂടാതെ പരിശോധിയ്ക്കാമെന്ന നിയമമായിരുന്നു അത്. തല്‍ക്കാലം ഒരു വര്‍ഷത്തേയ്‌ക്കേ ഈ നിയമത്തിന് പ്രാബല്യം ഉള്ളുവെങ്കിലും ലിറ്റില്‍ ഇന്ത്യയോട് വ്യക്തമായ വിവേചനമാണ് ഈ ബില്ലിലൂടെ പ്രകടമായത്. ലിറ്റില്‍ ഇന്ത്യയിലേയ്ക്ക് ഒരു ദിവസം പുറപ്പെട്ടപ്പോള്‍ നിഖില്‍ എന്നോട് പാസ്സ്‌പോര്‍ട്ടു കൂടി കയ്യില്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ടത് ഈ നിയമം കൂടി കണക്കിലെടുത്താണ്. രാത്രി എട്ടുമണിയ്ക്കു ശേഷമുള്ള മദ്യവില്‍പ്പന നിര്‍ത്തിയതും പൊതുസ്ഥലങ്ങളില്‍ വെച്ചുള്ള മദ്യപാനം നിരോധിച്ചതും ഈ കലാപത്തിന്റെ ബാക്കിയായിട്ടാണ്.

ദൂരവ്യാപകമായ ഫലങ്ങള്‍ എന്നു പറഞ്ഞത് ഇതൊന്നും ഉദ്ദേശിച്ചല്ല. ജനസംഖ്യയില്‍ ചൈനീസ് വംശജരുടെ അനുപാതത്തില്‍ കുറവു വരുന്നുണ്ടോ എന്ന ഭരണകൂടത്തിന്റെ ആധി പല നടപടികള്‍ക്കും ആധാരമാവുന്നുണ്ട്. തദ്ദേശീയരെ പ്രീണിപ്പിച്ചില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തിലാവുമെന്ന് ഭരണപക്ഷമായ പീപ്പ്ള്‍സ് ആക്ഷന്‍ പാര്‍ട്ടി ഭയപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. ചൈനീസ് വംശജരുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിയ്ക്കുന്നതിന്റെ കാരണങ്ങള്‍ പലതാവാം. അതിനു പ്രതിവിധി കണ്ടെത്തുന്നതിനു മുമ്പ് വിദേശികള്‍ തങ്ങളുടെ തൊഴില്‍ സാദ്ധ്യതകള്‍ അപഹരിയ്ക്കുന്നു എന്ന തദ്ദേശീയരുടെ പരാതിയ്ക്ക് പരിഹാരം കണ്ടെത്തണം. തല്‍ക്കാലം വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടാണ് അവര്‍ ഇത് നേരിടുന്നത്. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരന്‍ (PR – Permanent Resident) എന്ന പദവി കിട്ടുന്നത് ഇന്ന് ഒട്ടും എളുപ്പമല്ലാതായിട്ടുണ്ട്. ജോലിയ്ക്കുള്ള അനുമതിപത്രം (EP – Employment Pass) കൊടുക്കുന്നതും അപൂര്‍വ്വമായിട്ടുണ്ട്. ഇതെല്ലാം തദ്ദേശീയരെ പ്രീണിപ്പിയ്ക്കാനാണെന്നു വ്യക്തം. കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഇത്തരം നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ ഒരു കാരണമായി ലിറ്റില്‍ ഇന്ത്യയിലെ കലാപം.

സിംഗപ്പൂരിലെ മറ്റുള്ള നഗരപ്രദേശങ്ങള്‍ പോലെയല്ല ലിറ്റില്‍ ഇന്ത്യ. ഇവിടെ ദാരിദ്ര്യത്തിന്റെ നിഴലാട്ടം കാണുന്നുണ്ട്. താരതമ്യേന മോശമായ ജീവിതപരിസരങ്ങളാണ് അവിടെ ഉള്ളതെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നാതിരിയ്ക്കില്ല. തൊഴിലെടുക്കുന്നവര്‍ ഒട്ടും അസംതൃപ്തരല്ലെന്നും അവിടത്തെ കലാപത്തിനുള്ള കാരണം അതല്ല എന്നും സ്ഥാപിയ്ക്കാന്‍ ഭരണകൂടം തത്രപ്പെടുന്നതായി തോന്നി പല വാര്‍ത്തകളും കണ്ടപ്പോള്‍. മൈഗ്രന്റ് വര്‍ക്കേഴ്‌സ് സെന്റര്‍ എന്ന സര്‍ക്കാരേതര സംഘടനയുടെ മേധാവിയായ ബെര്‍ണാഡ് മേനോന്‍ അന്വേഷണസമിതിയ്ക്കു കൊടുത്ത മൊഴി സിംഗപ്പൂരിലെ ജോലിക്കാരായ വിദേശികള്‍ മുഴുവനും സേവനവേതനവ്യവസ്ഥകളില്‍ സംതൃപ്തരാണ് എന്നായിരുന്നു.

കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാന്‍ തദ്ദേശീയര്‍ വിമുഖരായിത്തുടങ്ങിയിട്ട് അധികം കാലമായിട്ടില്ലായിരിയ്ക്കാം. പക്ഷേ അത് ക്രമേണ പടര്‍ന്നു പിടിയ്ക്കുന്നുണ്ട് എന്നു കരുതണം. സിംഗപ്പൂരിലെ പാതയോരങ്ങളില്‍ കുമിഞ്ഞുകൂടുന്ന പാഴിലകള്‍ അതിന്റെ ലക്ഷണമാണ്. ശുചീകരണത്തൊഴിലാളികള്‍ക്ക് പൊതുവെ തുച്ഛമായ കൂലിയേയുള്ളുവത്രേ. സുഖിയന്മാരായ തദ്ദേശീയര്‍ പൊതുവെ അത്തരം പണികളില്‍ നിന്ന് ഒഴിഞ്ഞു മാറുകയുമാണ്. ആ വിടവു നികത്താന്‍ സാക്ഷാല്‍ ചൈനയില്‍നിന്ന് പണിക്കാരെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത് അങ്ങനെയാണ്. അവരാവട്ടെ സിംഗപ്പൂരില്‍ എത്തുന്നതോടെ സ്വന്തം നാട്ടില്‍ കിട്ടാത്ത സ്വാതന്ത്ര്യത്തില്‍ മതിമറക്കുകയാണു പോല്‍. ബംഗ്ലാദേശികള്‍ക്കാണ് ചീത്തപ്പേരെങ്കിലും പല അനാശാസ്യപ്രവര്‍ത്തനങ്ങളിലും ഇത്തരക്കാരാണത്രേ കൂടുതല്‍. രണ്ടു വര്‍ഷം മുമ്പാണ് ചൈനയില്‍നിന്ന് കൊണ്ടുവന്ന മുന്നൂറോളം ബസ്സ് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ മിന്നല്‍പ്പണിമുടക്ക് നടത്തി സിംഗപ്പൂര്‍ സ്തംഭിപ്പിച്ചത്. അര മണിക്കൂറിനകം അവരെ സ്വന്തം നാട്ടിലേയ്ക്ക് എന്നെന്നേയ്ക്കുമായി തിരിച്ചയച്ചാണ് ഭരണകൂടം അതിനു മറുപടി പറഞ്ഞത്. പണിയെടുക്കാനല്ലാതെ പണി മുടക്കാനായി ആരും ഇങ്ങോട്ട് വരേണ്ട എന്ന കൃത്യമായ സന്ദേശമായിരുന്നു അത്.