Difference between revisions of "അധോഗതി"
(Created page with "<!-- ===പുസ്തകം V=== --> {{SFN/Pavangal}}{{SFN/PavangalBox}} =അധോഗതി= ==കറുത്ത ചില്ലറച്ചില്ലുസാമാന...") |
(→കുറിപ്പുകൾ) |
||
Line 658: | Line 658: | ||
<references/> | <references/> | ||
{{SFN/Pavangal}} | {{SFN/Pavangal}} | ||
− |
Latest revision as of 09:33, 15 March 2015
പാവങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | വിക്‌തർ യൂഗോ |
മൂലകൃതി | പാവങ്ങൾ |
വിവര്‍ത്തകന്‍ | നാലപ്പാട്ട് നാരായണമേനോൻ |
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
വിഭാഗം | സാഹിത്യം, നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 1350 |
Contents
- 1 അധോഗതി
- 1.1 കറുത്ത ചില്ലറച്ചില്ലുസാമാനങ്ങള്‍കൊണ്ടുണ്ടായ അഭിവൃദ്ധിയുടെ ചരിത്രം
- 1.2 മദലിയെന്‍
- 1.3 ബേങ്കിലിട്ടിട്ടുള്ള സംഖ്യ
- 1.4 മൊസ്സ്യു മദലിയെന്‍ ദീക്ഷയെടുത്തത്
- 1.5 ആകാശാന്തത്തിനു മുകളില്‍ ചില മിന്നല്‍ വെളിച്ചങ്ങള്‍
- 1.6 ഫാദര്‍ ഫൂഷല്‍വാങ്
- 1.7 ഫൂഷല്‍വാങ് പാരീസ്സില്‍ ഒരു തോട്ടക്കാരനാവുന്നത്
- 1.8 മദാം വിക്തൂര്‍ണിയേങ് സദാചാരത്തിനുവേണ്ടി മുപ്പതു ഫ്രാങ്ക് ചെലവിടുന്നത്
- 1.9 മദാം വിക്തൂര്‍ണിയേങ്ങിനുണ്ടായ ജയം
- 1.10 ജയംകൊണ്ടുണ്ടായ ഫലം
- 1.11 ക്രിസ്തു നമ്മെ മുക്തരാക്കി
- 1.12 മൊസ്സ്യു ബാമത്തബ്വായുടെ അലസത
- 1.13 നഗരപ്പൊല്ലീസ്സിനെ സംബന്ധിക്കുന്ന ചില വാദമുഖങ്ങളെ ശരിപ്പെടുത്തല്‍
- 1.14 കുറിപ്പുകൾ
അധോഗതി
കറുത്ത ചില്ലറച്ചില്ലുസാമാനങ്ങള്‍കൊണ്ടുണ്ടായ അഭിവൃദ്ധിയുടെ ചരിത്രം
അപ്പോള്‍ ഈയിടയ്ക്ക്, മോങ്ഫെര്‍മിയെക്കാരുടെ പക്ഷത്തില്‍, തന്റെ കുട്ടിയെ ഉപേക്ഷിച്ചുകളഞ്ഞതുപോലെയിരുന്ന ആ അമ്മയുടെ കഥയെന്തായി? അവള്‍ എവിടെയായിരുന്നു? അവള്‍ എന്തു ചെയ്തിരുന്നു?
തന്റെ കൊസെത്തുകുട്ടിയെ തെനാര്‍ദിയെര്‍മാര്‍ വശം ഏല്പിച്ചതിനു ശേഷം അവള്‍ പിന്നെയും യാത്ര തുടര്‍ന്നു; എം. എന്ന സ്ഥലത്തെത്തി.
ഇത് 1818-ലാണെന്ന് ഓര്‍മിക്കുമല്ലോ.
പത്തുകൊല്ലം മുമ്പാണ് ഫന്‍തീന്‍ നാടുവിട്ടത്. എം. പട്ടണത്തിന്റെ മട്ടൊക്കെ മാറിപ്പോയി. ഫന്‍തീന്‍ അരിഷ്ടില്‍നിന്ന് അരിഷ്ടിലേക്കായി പതുക്കെ ഇറങ്ങിയിറങ്ങിപ്പോകുമ്പോള്‍, അവളുടെ പിറന്ന നാട് അടിക്കടി അഭിവൃദ്ധിപ്പെട്ടുവന്നു.
ഏകദേശം രണ്ടു കൊല്ലത്തിനു മുമ്പുവെച്ചു, ചില്ലറ ജില്ലകളിലേക്കെല്ലാം വലിയ കഥകളായ അത്തരം കച്ചവടമാറ്റങ്ങളില്‍ ഒന്ന് എം. എന്ന പ്രദേശത്തു സംഭവിച്ചു.
ഈ വിവരണം അത്യാവശ്യമാണ്; എന്നല്ല, ഇതിനെ കുറേ നീട്ടി വിസ്തരിച്ചു പറയുന്നതുകൂടി പ്രയോജനകരമാണെന്നു ഞങ്ങള്‍ കരുതുന്നു; ചുവട്ടില്‍ ഒരു വരവരച്ചിടണമെന്നുകൂടി പറയേണ്ടതാണ്.
വളരെക്കാലം മുമ്പു മുതല്‍ എം. എന്ന പ്രദേശത്ത് ഇംഗ്ലീഷ് കറുപ്പുചായവും ജര്‍മന്‍ ചില്ലറച്ചില്ലുസാമാനങ്ങളും അനുകരിച്ചുണ്ടാക്കിവരുന്ന ഒരു സവിശേഷക്കൈത്തൊഴില്‍ നടപ്പുണ്ടായിരുന്നു; അതുകള്‍ ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിലക്കൂടുതല്‍കൊണ്ട്-അതു കൈത്തൊഴില്‍ക്കാരുടെ മുഖത്തടിച്ചിരുന്നു-ഈ വ്യവസായം എപ്പോഴും അഭിവൃദ്ധിപ്പെടാതെ കിടന്നതേ ഉള്ളൂ. ഫന്‍തീന്‍ അങ്ങോട്ടു മടങ്ങിച്ചെന്ന കാലത്തു ‘കറുപ്പുസാമാന’ങ്ങളുടെ നിര്‍മാണത്തില്‍ അഭൂതപൂര്‍വമായ ഒരു മാറ്റം വന്നിരുന്നു. 1815-ന്റെ ഒടുവില്‍വെച്ച് ഒരാള്‍, ഒരപരിചിതന്‍; ആ പട്ടണത്തില്‍ വന്നുകൂടി; അയാള്‍ക്ക് എങ്ങനെയോ ഒരു യുക്തി തോന്നി; ഈ വ്യവസായത്തില്‍ മരക്കറയ്ക്കു പകരം കോലരക്കാക്കുകയും, വിശേഷിച്ചു ചില്ലുവളകളുടെ കാര്യത്തില്‍, ഇരിമ്പുപലകത്തുണ്ടങ്ങളെ വിളക്കിക്കൂട്ടുന്നതിനു പകരം, ഇരിമ്പുപലകത്തുണ്ടങ്ങള്‍ വെറുതെ യോജിപ്പിക്കുകയും ചെയ്യാന്‍ അയാള്‍ ആരംഭിച്ചു.
ഈ അതിനിസ്സാരമായ മാറ്റം ആ വ്യവസായത്തെ മുഴുവനും ഒന്ന് ഇളക്കിമറിച്ചു.
ഈ നിസ്സാരമായ മാറ്റം, വാസ്തവത്തില്‍, വ്യവസായത്തിനുവേണ്ട സാധനങ്ങള്‍ക്കു വളരെ വില കുറച്ചു; അതുകാരണം കൈത്തൊഴിലിനു കിട്ടുന്ന പ്രതിഫലം വര്‍ദ്ധിച്ചു — രാജ്യത്തിന് ഒരു ഗുണം; രണ്ടാമത് പണിത്തരം നന്നായി — വാങ്ങുന്നവര്‍ക്ക് ഒരുപകാരം; മൂന്നാമത്, ആദായം മൂന്നിരട്ടിച്ചുകൊണ്ടു ചുരുങ്ങിയ വിലയ്ക്കു വില്ക്കാന്‍ പറ്റി — കൈത്തൊഴില്‍ക്കാരന്ന് ഒരു നന്മ.
ഇങ്ങനെ, ഒരു യുക്തിയില്‍നിന്നു മൂന്നു ഫലമുണ്ടായി.
മൂന്നു കൊല്ലംകൊണ്ട് ഈ വഴി കണ്ടുപിടിച്ച ആള്‍ പണക്കാരനായി — അതു നല്ലതുതന്നെ; അതുകാരണം അയാളെസ്സംബന്ധിച്ചുള്ള എല്ലാവരും പണക്കാരായി — അത് അതിലും നന്നായി. അയാള്‍ വ്യവസായത്തില്‍ തീരേ ഒരപരിചിതനായിരുന്നു. അയാളുടെ വംശത്തെപ്പറ്റി ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. അയാളുടെ ആദ്യത്തെ നില എന്തായിരുന്നു എന്നാണെങ്കില്‍, അതത്രയുമില്ല. അയാള്‍ ആ പട്ടണത്തില്‍ വന്ന കാലത്തു കൈയില്‍ വളരെ കുറച്ചേ പണമുണ്ടായിരുന്നുള്ളൂ — ഏറിയാല്‍ ഒന്നോ രണ്ടോ നൂറു ഫ്രാങ്കു മാത്രം — എന്നാണ് ജനസംസാരം.
ഒരു യുക്തിപൂര്‍വമായ ഏര്‍പ്പാടില്‍ ഇറക്കി, വ്യവസ്ഥകൊണ്ടും ആലോചനകൊണ്ടും പുഷ്ടിപ്പെടുത്തിയ ഈ ചുരുങ്ങിയ മൂലധനത്തില്‍നിന്നാണ് അയാള്‍ തനിക്കും ആ രാജ്യത്തിനു മുഴുവനും മഹത്തായ ധനലാഭം ഉണ്ടാക്കിവെച്ചത്.
എം. എന്ന പ്രദേശത്തു വന്നപ്പോള്‍ അയാള്‍ക്ക് ഒരു കൂലിപ്പണിക്കാരന്റെ ഉടുപ്പും ഭാവവും സംസാരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എം. എന്ന ആ ചെറുപട്ടണത്തില്‍ അയാള്‍ ഡിസംബര്‍ മാസത്തില്‍ ഒരു ദിവസം വൈകുന്നേരം സന്ധ്യയോടുകൂടി, പുറത്ത് പട്ടാളമാറാപ്പും കൈയില്‍ മുള്ളുവടിയുമായി ഉപായത്തില്‍ കടന്നുവന്ന സമയത്ത്, അവിടത്തെ ടൗണ്‍ഹാള്‍ തീപ്പിടിച്ചു കത്തുകയായിരുന്നുവത്രേ.
ഈ മനുഷ്യന്‍, തന്റെ ജീവനെ ഗണിക്കാതെ, തിയ്യിനുള്ളിലേക്കു പാഞ്ഞു ചെന്നു, പൊല്ലീസ്സുമേലുദ്യോഗസ്ഥന്റെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി; ഇതുകാരണമാണ് അയാളുടെ യാത്രാനുവാദപത്രത്തെ ആളുകള്‍ ചോദിക്കാന്‍ മറന്നു പോയത്. ഒടുവില്‍ അയാളുടെ പേര്‍ മനസ്സിലായി. അയാളെ ഫാദര്‍ മദലിയെന്‍ എന്നു വിളിച്ചുവന്നു.
മദലിയെന്‍
അയാള്‍ ഏകദേശം അമ്പതു വയസ്സു പ്രായമുള്ള ഒരാളാണ്; ആകപ്പാടെ ആളുകള്‍ക്ക് ഇഷ്ടം തോന്നിക്കുന്ന ഒരു മട്ടുണ്ട്; നല്ലവനുമാണ്. ഇത്രമാത്രമേ അയാളെപ്പറ്റി പറയാന്‍ സാധിക്കൂ.
അയാള്‍ അത്രയും അഭിനന്ദനീയമായവിധം പുഃനസ്ഥാപനം ചെയ്ത ആ കൈത്തൊഴിലിനു കാണെക്കാണെയുണ്ടായ അഭിവൃദ്ധിക്കു നാം നന്ദിപറയുക — എം.എന്ന പട്ടണം പ്രാധാന്യമേറിയ ഒരു കച്ചവടസ്ഥലമായിത്തീര്‍ന്നു. എത്രയോ അധികം കറുത്ത അമ്പര്‍ ചെലവാക്കുന്ന രാജ്യമായ സ്പെയിന്‍ കൊല്ലന്തോറും അവിടെനിന്നു വലിയ സംഖ്യയ്ക്കുള്ള ചരക്കു വാങ്ങിയിരുന്നു. ഈ ഒരു കച്ചവടത്തില്‍ എം. പട്ടണം ലണ്ടനേയും ബെര്‍ലിനേയും കവച്ചുവെച്ചു. ഫാദര്‍ മദലിയെന്റെ സമ്പാദ്യം അത്ര അധികമുണ്ടായിരുന്നു; അയാള്‍ രണ്ടാമത്തെ കൊല്ലം അവസാനിക്കുന്നതോടുകൂടി, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ വലുതായ പണിപ്പുരകളുള്ള ഒരു കൂറ്റന്‍ വ്യവസായശാല നിര്‍മിച്ചു. വിശപ്പുള്ള ആര്‍ക്കും അവിടെച്ചെന്നു മുഖം കാണിക്കാം; ഉദ്യോഗവും ഭക്ഷണവും സംശയം കൂടാതെ കിട്ടും. ഫാദര്‍ മദലിയെന്‍ പുരുഷന്മാരോട് ഋജുബുദ്ധിയും സ്ത്രീകളോടു പരിശുദ്ധമായ സദാചാരനിഷ്ഠയും രണ്ടു കൂട്ടരോടും നിഷ്കപടതയും വേണമെന്നാവശ്യപ്പെട്ടു. സ്ത്രീപുരുഷന്മാരെ വേര്‍തിരിക്കാന്‍വേണ്ടി അയാള്‍ പണിപ്പുരകള്‍ രണ്ടാക്കി; അതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കിടാങ്ങള്‍ക്കും വകതിരിവോടുകൂടി കഴിഞ്ഞുകൂടാം. ഈ ഒരു കാര്യത്തില്‍ അയാള്‍ക്കു ബഹുശാഠ്യമുണ്ടായിരുന്നു. ഇങ്ങനെ ഒന്നില്‍മാത്രമേ അയാളെക്കൊണ്ടു പൊറുതികേടുള്ളൂ. എം. ഒരു പട്ടാളത്താവളമായതുകൊണ്ടു, ദുഷ്പ്രവൃത്തികള്‍ക്കുള്ള സൗകര്യം അവിടെ അധികമായിരുന്ന സ്ഥിതിക്കു വിശേഷിച്ചും, ഈ കാര്യത്തില്‍ അയാള്‍ കുറേക്കൂടി നിഷ്കര്‍ഷിച്ചു. ഏതായാലും അയാളുടെ വരവ് ഒരുപകാരമായി; അയാളുടെ സാന്നിധ്യം ഒരീശ്വരാനുഗ്രഹമായി. ഫാദര്‍ മദലിയെന്‍ ചെല്ലുന്നതിനു മുമ്പ്, ആ രാജ്യത്തിലുള്ള സകലവും ക്ഷയിച്ചുകിടന്നിരുന്നു. ഇപ്പോഴാകട്ടേ, അധ്വാനശീലത്തിന്റെ ഉന്മേഷത്തോടും ആരോഗ്യത്തോടുംകൂടി സകലവും ഉയിര്‍ക്കൊണ്ടു. ശക്തിയുള്ള ഒരാരോഗ്യപ്രസരം സര്‍വത്തേയും ഉശിരുപിടിപ്പിക്കുകയും സകലത്തിലും കടന്നുപ്രവര്‍ത്തിക്കുകയും ചെയ്തു. ഇല്ലായ്മയുടെ കാലങ്ങളും അരിഷ്ടും തീരെ പോയ്ക്കഴിഞ്ഞു. കുറച്ചെങ്കിലും കാശു കിടയ്ക്കാത്ത അത്രയും മോശമായ ഒരു കുപ്പായക്കീശയില്ല; എന്തെങ്കിലും ഒരു സന്തോഷം കുടിയേറിപ്പാര്‍ക്കാത്ത അത്രയും ദാരിദ്ര്യം പിടിച്ച ഒരു പാര്‍പ്പിടമില്ല.
ഫാദര്‍ മദലിയെന്‍ എല്ലാവര്‍ക്കും കൊടുത്തു ഉദ്യോഗം. ഒന്നുമാത്രം, അയാള്‍ അവരോടു നിര്‍ബന്ധിച്ചു; സത്യമുള്ളവനായിരിക്കുക; സത്യമുള്ളവളായിരിക്കുക.
ഞങ്ങള്‍ പറഞ്ഞിട്ടുള്ളതുപോലെ, താന്‍ കാരണവും ആണിയുമായ ഈ മഹോദ്യമത്തിന്നിടയില്‍, ഫാദര്‍ മദലിയെന്‍ വളരെ പണം സമ്പാദിച്ചു; എന്നാല്‍ ഒരു വ്യവസായശീലനില്‍ സാധാരണമായി കാണുന്നതല്ലാത്ത ഒരു സംഗതി — തന്റെ പ്രധാന ശ്രമം അതാണെന്ന് ഒരിക്കലും അയാളെ സംബന്ധിച്ചേടത്തോളം തോന്നിയിരുന്നില്ല. അയാള്‍ എപ്പോഴും മറ്റുള്ളവരെപ്പറ്റി വിചാരിക്കുന്നതുപോലെ കാണപ്പെട്ടു — തന്നെപ്പറ്റിയില്ല. 1820-ല്‍ ആറുലക്ഷത്തിമുപ്പതിനായിരം ഫ്രാങ്ക് അയാളുടെ പേരില്‍ ബാങ്കില്‍ കിടപ്പുണ്ടായിരുന്നു എന്നാണ് അറിവ്; എന്നാല്‍ ഈ ആറുലക്ഷത്തിമുപ്പതിനായിരം ഫ്രാങ്ക് സൂക്ഷിച്ചുവെക്കുന്നതിനിടയില്‍, കുറഞ്ഞാല്‍ ഒരു പത്തുലക്ഷത്തിലധികം അയാള്‍ നഗരവാസികള്‍ക്കും സാധുക്കള്‍ക്കുമായി ചെലവഴിച്ചിട്ടുണ്ട്.
ആസ്പത്രിയില്‍ സാമാനങ്ങള്‍ വളരെ കുറവായിരുന്നു. അയാള്‍ അതില്‍ ആറു കുട്ടിലുകള്‍ പുതുതായി ചേര്‍ത്തു. എം. പട്ടണം മേലേതും താഴേതുമായി രണ്ടു ഖണ്ഡമാണ്. അയാള്‍ താമസിച്ചിരുന്ന താഴേ ഖണ്ഡത്തില്‍ ഒരു വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു — ഒരു ദാരിദ്ര്യം പിടിച്ച ചെറ്റപ്പുര; അതുതന്നെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്നു; ഒന്ന് ആണ്‍കുട്ടികള്‍ക്കും മറ്റൊന്നു പെണ്‍കുട്ടികള്‍ക്കുമായി അയാള്‍ അവിടെ രണ്ടെണ്ണം പണിചെയ്യിച്ചു. രണ്ടുപാധ്യായന്മാര്‍ക്കും അയാള്‍ സ്വതവേ സര്‍ക്കാരില്‍ നിന്നുള്ള ചുരുങ്ങിയ ശമ്പളത്തിന്റെ ഒരിരട്ടി സ്വന്തം കൈയില്‍ നിന്നു കൊടുത്തുവന്നു; അതിനെപ്പറ്റി അത്ഭുതപ്പെട്ട ഏതോ ഒരാളോട് അയാള്‍ ഒരുദിവസം പുഞ്ചിരിക്കൊണ്ടു പറഞ്ഞു, ‘രാജ്യത്തേക്കുള്ള രണ്ടു പ്രധാനോദ്യോഗം, ഒന്ന് ആയയുടേതും മറ്റേത് ഉപാധ്യായന്റേതുമാണ്.’ പിഞ്ചുകുട്ടികള്‍ക്കായി അയാള്‍ തന്റെ കൈയില്‍നിന്നു ചെലവിട്ട് ഒരു വിദ്യാലയം ഏര്‍പ്പെടുത്തി — ഈ വ്യവസ്ഥാപനം അന്നു ഫ്രാന്‍സില്‍ ആരും കേള്‍ക്കാത്ത ഒന്നാണെന്നു പറയണം; വൃദ്ധന്മാരും പ്രവൃത്തിയെടുപ്പാന്‍ വയ്യാത്തവരുമായ സാധുക്കളെ സഹായിപ്പാന്‍ അയാള്‍ ഒരു മൂലധനം ശേഖരിച്ചു. അയാളുടെ വ്യവസായശാല ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രസ്ഥാനമായതുകൊണ്ട് അസംഖ്യം സാധുകുടുംബങ്ങളോടുകൂടിയ ഒരു പുതിയ നഗരഭാഗം അതിന്നു ചുറ്റുമായി ക്ഷണത്തില്‍ പ്രത്യക്ഷീഭവിച്ചു; അയാള്‍ അവിടെ ഒരു ധര്‍മാസ്പത്രി സ്ഥാപിച്ചു.
ആദ്യമായി അയാളുടെ ശ്രമങ്ങള്‍ സൂക്ഷിച്ചു നോക്കിയിരുന്ന ചില പുണ്യാത്മാക്കള്‍ പറഞ്ഞു, ‘പണമുണ്ടാക്കാന്‍ നോക്കുന്ന ഒരു വിരുതന്‍.’ തന്നെ ധനവാനാക്കുന്നതിനുമുമ്പ് അയാള്‍ രാജ്യത്തെ ധനസമൃദ്ധമാക്കുന്നതായി കണ്ടപ്പോള്‍ ആ പുണ്യാത്മാക്കള്‍ പറഞ്ഞു: ‘പ്രമാണിയാവാനുള്ള ഒരു ദുരക്കാരന്‍.’ മതവിഷയത്തില്‍ അയാള്‍ക്കു ശ്രദ്ധയുണ്ടെന്നുകൂടി അറിഞ്ഞപ്പോള്‍, അതൊന്നുകൂടി ശരിപ്പെട്ടു, അയാള്‍ക്കു കുറെ മതനിഷ്ഠതന്നെ ഉണ്ടായിരുന്നു — ആ കാലത്ത് ഇങ്ങനെയുള്ള സ്വഭാവം ജനങ്ങള്‍ക്ക് ഇഷ്ടം തോന്നിക്കുന്ന ഒന്നാണ്. എല്ലാ ഞായറാഴ്ചയും ശരിക്കു നിത്യ ‘കുര്‍ബാന’യ്ക്ക് അയാള്‍ പള്ളിയില്‍ പോവും. എവിടേയും, എല്ലാവിധം ശണ്ഠയ്ക്കുള്ള കാരണങ്ങളും, മണത്തറിയുന്ന ഒരാളായ അവിടത്തെ പ്രജാസഭാംഗത്തിന് ഇങ്ങനെയുള്ള മതനിഷ്ഠ കണ്ടു ക്ഷണത്തില്‍ കണ്ണുകടി തുടങ്ങി. ഈ പ്രജാസഭാംഗം ഫ്രഞ്ചുസാമ്രാജ്യത്തിലെ നിയമനിര്‍മാണ സഭയില്‍പ്പെട്ട ഒരാളായിരുന്നു; ഫൂഷ് എന്ന പേരില്‍ അറിയപ്പെടുന്ന ദ്യുക് ദോത്രാന്തിനുള്ള മതവിഷയജ്ഞാനങ്ങളിലാണ് അയാള്‍ പങ്കുകൊണ്ടിരുന്നത്; അയാള്‍ അദ്ദേഹത്തിന്റെ ഒരാളും ചങ്ങാതിയുമാണ്. ആ വിദ്വാന്‍ വാതിലടച്ചിരുന്ന് ഈശ്വരനെ പതുക്കെ കളിയാക്കുക പതിവുണ്ട്. പക്ഷേ, പണക്കാരനായ മദലിയെന്‍ ഏഴുമണിസമയത്തു നിത്യ ‘കുര്‍ബാന’യ്ക്കു പോകുന്നതു കണ്ടപ്പോള്‍, പിന്നത്തെ തിരഞ്ഞെടുപ്പില്‍ ആ വ്യവസായശാലാ പ്രവര്‍ത്തകന്‍ ജനപ്രതിനിധിയായിത്തീര്‍ന്നേക്കാന്‍ എളുപ്പമുണ്ടെന്ന് അയാള്‍ കണ്ടു; അതു കൂടാതെ കഴിക്കണമെന്ന് നിശ്ചയിച്ചു; ഒരു സന്ന്യാസിയുടെ ശിഷ്യത്വം കൈയിലാക്കി, പാട്ടു ‘കുര്‍ബാന’യ്ക്കും സന്ധ്യാരാധനകള്‍ക്കും അയാള്‍ ഹാജര്‍ കൊടുപ്പാന്‍ തുടങ്ങി. ആ കാലത്തു പ്രമാണിത്തതിനുള്ള ആഗ്രഹം എന്തിനേയും തട്ടിക്കടന്നുകൊണ്ടുള്ള ഒരു മരണപ്പാച്ചിലായിരുന്നു. മറ്റൊരാള്‍ മുമ്പില്‍ കടന്നെങ്കിലോ എന്നുള്ള ഭയംകാരണം നല്ലവനായ ഈശ്വരനെന്നപോലെ പാവങ്ങള്‍ക്കും ഗുണം കിട്ടി; ബഹുമാനപ്പെട്ട നമ്മുടെ പ്രജാസഭാംഗത്തിന്റെ വകയായും ആസ്പത്രിയില്‍ രണ്ടു കട്ടില്‍കൂടി — ആകെ പന്ത്രണ്ടായി.
എന്തായിട്ടും 1819-ല്‍ ഒരു ദിവസം രാവിലെ, പൊല്ലീസ്സ് മേലുദ്യോഗസ്ഥന്റെ അഭിപ്രായങ്ങളനുസരിച്ചും രാജ്യത്തിനുണ്ടായിട്ടുള്ള നന്മകളെപ്പറ്റി ആലോചിച്ചും, മഹാരാജാവു ഫാദര്‍ മദലിയെനെ എം. പട്ടണത്തിലെ ‘മെയറാ’ക്കി നിശ്ചയിക്കാന്‍ പോകുന്നു എന്നുള്ള ഒരു സംസാരം നാടെങ്ങും പരന്നു. പുതുതായി വന്ന ഈ മനുഷ്യന്‍ ‘പ്രമാണിത്തത്തിനു വലിയ ആഗ്രഹി’യാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടിട്ടുള്ളവര്‍, ‘അതാ! ഞങ്ങള്‍ പറഞ്ഞതെങ്ങനെ?’ എന്നുച്ചത്തില്‍ പറയാന്‍ സര്‍വരും ഇഷ്ടപ്പെടുന്ന ഈ തഞ്ചത്തെ സന്തോഷപൂര്‍വം പിടികൂടി. പട്ടണം മുഴുവനും ഒന്നിളകിത്തീര്‍ന്നു. ആ കേട്ട ജനസംസാരം നല്ല അടിയുറപ്പുള്ളതായിരുന്നു. കുറെ ദിവസം കഴിഞ്ഞപ്പോള്‍ മാണിത്ത്യൂര്‍ പത്രത്തില്‍ ഉദ്യോഗനിശ്ചയം പ്രത്യക്ഷീഭവിച്ചു. പിറ്റേദിവസം രാവിലെ ഫാദര്‍ മദലിയെന്‍ അതിനെ ഉപേക്ഷിച്ചു.
ഈ കൊല്ലത്തില്‍ത്തന്നെ, 1819-ല്‍, മദലിയെന്‍ കണ്ടുപിടിച്ച പുതു വ്യവസായത്തിന്റെ മാതൃകകള്‍ പ്രദര്‍ശനത്തിന്നു ചെന്നിരുന്നു; പരിശോധകസംഘത്തിന്റെ അഭിനന്ദനമനുസരിച്ച്, ആ പുതുവ്യവസായ സ്ഥാപകനു മഹാരാജാവ് ഉല്‍കൃഷ്ടബഹുമതിയെ കാണിക്കുന്ന കുരിശുമുദ്ര കൊടുപ്പാന്‍ കല്പിച്ചു. ആ ചെറിയ നഗരത്തില്‍ പിന്നേയും ഒരിളക്കം. ശരി. അപ്പോള്‍ കുരിശുമുദ്രയാണ് അയാള്‍ക്കു വേണ്ടത്! ഫാദര്‍ മദലിയെന്‍ കുരിശുമുദ്രയെ ഉപേക്ഷിച്ചു.
നിശ്ചയമായും, ഈ മനുഷ്യന്‍ ആളുകളെ അമ്പരപ്പിക്കുന്നു. പുണ്യാത്മാക്കള്‍, ഇങ്ങനെ പറഞ്ഞുകൊണ്ടു തങ്ങള്‍ക്ക് ഒരു നില്‍ക്കക്കള്ളിയുണ്ടാക്കി, ‘എന്തായാലും, അയാള്‍ ആരാണെന്ന് ആര്‍ക്കറിയാം!’
ആ രാജ്യം അയാള്‍ക്ക് അത്രയും കടപ്പെട്ടിട്ടുണ്ടെന്നു നാം കണ്ടു; സാധുക്കളുടെ സര്‍വസ്വവും അയാള്‍ തന്നെ; അയാള്‍ അത്രയും ഉപകാരിയും സൗമ്യശീലനുമായിരുന്നതുകൊണ്ടു, ജനങ്ങള്‍ക്ക് അയാളെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യാതിരിപ്പാന്‍ വയ്യെന്നായി. വിശേഷിച്ചും അയാളുടെ കീഴ്ജീവനക്കാര്‍ അയാളെ മനസ്സുകൊണ്ടു പൂജിച്ചു; അയാളാകട്ടെ, അവരുടെ പൂജയെ കുണ്ഠിത പൂര്‍വമായ ഗൗരവത്തോടുകൂടി സഹിച്ചു. പണക്കാരനായി എന്നറിയപ്പെട്ടപ്പോള്‍, പദവി വലുപ്പമുള്ളവര്‍ അയാളുടെ മുമ്പില്‍ തല കുനിച്ചു തുടങ്ങി; പട്ടണത്തില്‍ നിന്നുള്ള ക്ഷണങ്ങള്‍ ചെല്ലുകയായി; പട്ടണത്തില്‍ അയാള്‍ മൊസ്സ്യു മദലിയെന്‍ എന്നു വിളിക്കപ്പെട്ടു; അയാളുടെ കൂലിവേലക്കാരും നാട്ടിലുള്ള കുട്ടികളുമാകട്ടെ, പിന്നേയും അയാളെ ‘ഫാദര്‍ മദലിയെന്‍’ എന്നുതന്നെ വിളിച്ചുവന്നു — അയാളെക്കൊണ്ടു പുഞ്ചിരിക്കൊള്ളിക്കുവാന്‍ അതായിരുന്നു പറ്റിയ സംബോധനം. ഉയര്‍ന്നുയര്‍ന്നു വന്നതോടുകൂടി, അയാളുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിയനുസരിച്ചു ക്ഷണങ്ങളും മീതെയ്ക്കുമീതെ അയാളില്‍ വന്നു വീണു തുടങ്ങി. ‘സമുദായം’ അയാളെ തന്റെ സ്വന്തമായി സ്വീകരിച്ചു. ആദ്യത്തില്‍ കൈവേലക്കാരന്ന് ഒരിക്കലും തുറന്നു കൊടുക്കില്ലെന്ന് അടഞ്ഞു കിടന്നിരുന്ന എം. പട്ടണത്തിലെ മോടികൂടിയ ഇരിപ്പുമുറി വാതിലുകളെല്ലാം, കോടീശ്വരനെ സ്വീകരിക്കുവാനായി തങ്ങളുടെ ഈ രണ്ടു പൊളികളും മലര്‍ക്കെ തുറന്നിട്ട നിലയായി. അവ ഒരായിരം തവണ അയാളെ അങ്ങോട്ടു ക്ഷണിച്ചു: അയാള്‍ ഉപേക്ഷിച്ചു.
ഇക്കുറി ആളുകള്‍ക്ക് ഓരോന്നു പറയാന്‍ നല്ല വഴി കിട്ടി. ‘അയാള്‍ അക്ഷരജ്ഞാനമില്ലാത്തവനാണ്; ഒന്നും പഠിച്ചിട്ടില്ല. എവിടെ നിന്നാണ് അയാള്‍ വന്നിട്ടുള്ളതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. നാലുപേരുടെ ഇടയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആ മനുഷ്യന്നു നിശ്ചയമില്ല. വായിക്കാനറിയാമെന്നുതന്നെ വേണ്ടപോലെ തെളിഞ്ഞിട്ടില്ല.’
അയാള്‍ പണമുണ്ടാക്കുന്നതു കണ്ടപ്പോള്‍, ആളുകള്‍ പറഞ്ഞു: ‘പണത്തിനു വേണ്ടി ജീവിക്കുന്ന ഒരാള്‍.’ അയാള്‍ പണം നാലു പുറവും വാരി വിതയ്ക്കുന്നതു കണ്ടപ്പോള്‍, അവര്‍ പറഞ്ഞു: ‘പ്രമാണിത്തം കൈയിലാക്കാനുള്ള ഒരു ദുരാഗ്രഹി.’ ബഹുമതികളെ അയാള്‍ നിരസിക്കുന്നതു കണ്ടപ്പോള്‍, ഇങ്ങനെയായി വാക്ക്: ‘എവിടെനിന്നോ വന്ന ഒരുത്തന്‍,’ സമുദായത്തെ അയാള്‍ പുല്ലുപോലെ ഉപേക്ഷിക്കുന്നത് കണ്ടപ്പോഴാകട്ടേ, അവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി: ‘അയാള്‍ ഒരു ജന്തു.’
അയാള്‍ എം. പട്ടണത്തില്‍ എത്തി അഞ്ചു കൊല്ലം കഴിഞ്ഞപ്പോഴെയ്ക്ക്, അയാളില്‍ നിന്ന് ആ രാജ്യത്തിനു മുഴുവന്‍ ഉണ്ടായിവന്ന ഗുണങ്ങള്‍ അത്രയും അപരിമിതങ്ങളായി, നാട്ടുകാരുടെ മുഴുവനും നല്ല അഭിപ്രായം അത്രമേല്‍ ഏകകണ്ഠമായി; രാജാവ് അയാളെ പിന്നെയും എം. പട്ടണത്തിലെ ‘മെയര്‍’ പദത്തില്‍ നിയമിച്ചു. പിന്നെയും അയാള്‍ അതിനെ നിരസിച്ചു. പക്ഷേ, പൊല്ലീസ്സു മേലുദ്യോഗസ്ഥന്‍ ശാഠ്യം പിടിച്ചു; അവിടത്തെ പ്രമാണികളെല്ലാം അയാളോട് അങ്ങോട്ടു ചെന്നപേക്ഷിച്ചു; തെരുവിലുള്ള പൊതുജനങ്ങള്‍ അയാളോടു യാചിച്ചു: ആളുകളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധം അത്രയും ശക്തിമത്തായിത്തീര്‍ന്നു, ഒടുവില്‍ അയാള്‍ക്ക് ആ ഉദ്യോഗം സ്വീകരിക്കേണ്ടിവന്നു. ഈവിധം സ്വീകരിക്കുവാന്‍ അയാളെ മുഖ്യമായി പ്രേരിപ്പിച്ചത് പൊതുജനങ്ങളുടെ ഇടയില്‍ ഒരു വൃദ്ധ ഏതാണ്ടു ശുണ്ഠിയെടുത്തു പറഞ്ഞതുകൊണ്ടാണെന്നറിയുന്നു — ആ കിഴവി തന്റെ വീട്ടിനു മുകളില്‍ നിന്നുകൊണ്ട് അയാളോട് ഇങ്ങനെ രസമില്ലാത്തവിധം വിളിച്ചു പറഞ്ഞു: നല്ലവനായ ഒരു മെയര്‍ ആവശ്യമുള്ളൊന്നാണ്. തനിക്കു ചെയ്വാന്‍ കഴിയുന്ന നന്മകള്‍ക്കുമുമ്പില്‍, അദ്ദേഹം പിന്നെയും പിന്‍വാങ്ങുകയാണോ?
അയാളുടെ കയറ്റത്തില്‍ ഇതു മൂന്നാമത്തെ പിടിയാണ്. ഫാദര്‍ മദലിയെന്‍ മൊസ്സ്യുമദലിയെനായി. മൊസ്സ്യു മദലിയെന്‍ പോയി. മൊസ്സ്യു മെയറായിത്തീര്‍ന്നു.
ബേങ്കിലിട്ടിട്ടുള്ള സംഖ്യ
എന്നാല്‍, അയാള്‍ ആദ്യത്തെ ദിവസത്തെപ്പോലെത്തന്നെ അന്നും ഒതുങ്ങിയ നിലയില്‍ കഴിഞ്ഞു. അയാള്‍ക്കു നരച്ച തലമുടിയും ഒരു സഗൌരവമായ നോട്ടവും ഒരു കൂലിപ്പണിക്കാരന്റെ കരുവാളിപ്പു കയറിയ ശരീരവണ്ണവും ഒരു തത്ത്വജ്ഞാനിയുടെ ആലോചനാശീലത്തോടുകൂടിയ മുഖഭാവവുമാണുണ്ടായിരുന്നത്. അയാള്‍ പതിവായി ഒരു പരന്ന വക്കുള്ള തൊപ്പിയും, പരുക്കന്‍ തുണികൊണ്ടുണ്ടാക്കിയതും കവിളത്തു വെച്ചു കുടുക്കിയതുമായ ഒരു നീണ്ട കുപ്പായവുമാണ് ധരിച്ചിരുന്നത്. മെയറുദ്യോഗത്തെ സംബന്ധിച്ചുള്ള പ്രവൃത്തികളെല്ലാം അയാള്‍ ചെയ്തു. പക്ഷേ, ഒരു വ്യത്യാസം മാത്രമുണ്ട് — അയാള്‍ ഏകാന്തവാസം ചെയ്തുപോന്നു. അയാള്‍ വളരെ കുറച്ചു പേരോടേ സംസാരിക്കുള്ളൂ. ആചാരസംബന്ധികളായ മര്യാദകളെ അയാള്‍ ചെയ്യാതെ കഴിക്കാന്‍ നോക്കും. അയാള്‍ എവിടെ നിന്നും ക്ഷണത്തില്‍ പിരിയും; സംസാരിക്കേണ്ട ആവശ്യം കൂടാതെ കഴിക്കാന്‍ വേണ്ടി അയാള്‍ പുഞ്ചിരിക്കൊള്ളും; പുഞ്ചിരിയിടേണ്ട ആവശ്യം കൂടാതെ കഴിക്കാന്‍വേണ്ടി, അയാള്‍ കൊടുത്തുകളയും. സ്ത്രീകള്‍ അയാളെപ്പറ്റി പറഞ്ഞു: ‘എന്തു മര്യാദക്കാരനായ കരടി!’ വയലുകളില്‍ ലാത്തുകയാണ് അയാള്‍ക്ക് ആകെയുള്ള സുഖം.
അയാള്‍ ഒരു തുറന്ന പുസ്തകം മുന്‍പില്‍വെച്ചു വായിച്ചുകൊണ്ട് എപ്പോഴും തനിച്ചിരുന്നു ഭക്ഷണം കഴിക്കും. നല്ലപോലെ തിരഞ്ഞുനോക്കി വാങ്ങിയ ഒരു ചെറിയ പുസ്തകസമുച്ചയം അയാള്‍ക്കുണ്ട്. അയാള്‍ പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. ഉദാസീനന്മാരാണെങ്കിലും വിശ്വാസയോഗ്യന്മാരായ സ്നേഹിതന്മാരത്രേ പുസ്തകങ്ങള്‍. ഭാഗ്യത്തോടുകൂടി വിശ്രമസമയവും ക്രമത്തില്‍ വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍, അതിനെ അയാള്‍ തന്റെ മനസ്സിനെ സംസ്കരിക്കുവാന്‍ ഉപയോഗപ്പെടുത്തി; എം. പട്ടണത്തില്‍ വന്നതു മുതല്‍ ഓരോ കൊല്ലവും അയാളുടെ ഭാഷ അധികമധികം പരിഷ്കൃതവും വിശിഷ്ടവും സൗമ്യതരവുമാകുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞുവന്നു. പുറത്തു ലാത്തുന്ന സമയങ്ങളില്‍ തോക്കു കൈയില്‍ വെക്കുന്നത് അയാള്‍ക്കിഷ്ടമായിരുന്നു; പക്ഷേ, അതയാള്‍ വളരെ ചുരുക്കമായേ ഉപയോഗപ്പെടുത്താറുള്ളൂ. എന്നാല്‍ എപ്പോഴെങ്കിലും അതിനു സംഗതി വന്നാല്‍, അയാള്‍ വെക്കുന്ന വെടി ഭയങ്കരമായവിധം കുറിക്കുകൊള്ളുന്ന ഒന്നായിരിക്കും. ഉപദ്രവകരമല്ലാത്ത ഒരു ജന്തുവിനെയെങ്കിലും അയാള്‍ ഒരിക്കലും കൊന്നിട്ടില്ല. ഒരിക്കലും അയാള്‍ ഒരു ചെറുപക്ഷിയുടെ നേരെ വെടിവെച്ചിട്ടില്ല.
അയാളുടെ ചെറുപ്പം പോയിരിക്കുന്നുവെങ്കിലും, അന്നും അയാള്‍ക്ക് എന്തെന്നില്ലാത്ത ശക്തിയുണ്ടെന്നായിരുന്നു സംസാരം. ആവശ്യമുണ്ടെന്നു കണ്ടാല്‍ ആര്‍ക്കും അയാള്‍ സഹായ്യം ചെയ്തുകൊടുക്കും — വീണുകിടക്കുന്ന കുതിരയെ എടുത്തു പൊന്തിക്കും; ചേറ്റില്‍ പൂഴ്ന്നുപോയ വണ്ടിച്ചക്രത്തിന് ഉരുളാറാക്കും; വിരണ്ടു പായുന്ന കാളയെ കൊമ്പുപിടിച്ചു നിര്‍ത്തും. പുറത്തേക്കിറങ്ങുമ്പോള്‍ എപ്പോഴും അയാളുടെ കുപ്പായക്കീശയില്‍ പണം നിറഞ്ഞു കിടക്കും; എന്നാല്‍ മടങ്ങി വരുമ്പോള്‍ അതില്‍ യാതൊന്നും ഉണ്ടാവില്ല. അയാള്‍ ഒരു ഗ്രാമത്തിലൂടെ പോകുമ്പോള്‍, വൃത്തികെട്ട ചെറുപിള്ളേര്‍ മുഴുവനും ആഹ്ലാദത്തോടുകൂടി അയാളുടെ പിന്നാലെ പാഞ്ഞു ചെല്ലും; കൊതുകുകളെപ്പോലെ അയാളുടെ ചുറ്റും വളയും.
പണ്ട് അയാള്‍ ഏതോ നാട്ടുപുറത്തായിരിക്കണം താമസിച്ചിരുന്നതെന്നു തോന്നി; എന്തുകൊണ്ടെന്നാല്‍, ഉപകാരപ്രദങ്ങളായ എല്ലാത്തരം കുരുട്ടുവിദ്യകളും അയാള്‍ക്കറിയാം; അവയെ അയാള്‍ അവിടെയുള്ള കൃഷിക്കാര്‍ക്കു പറഞ്ഞുകൊടുത്തു. കോതമ്പത്തിനുണ്ടാകുന്ന പുഴുക്കുത്തിനെ, വെറും ഉപ്പുവെള്ളം അതിലും കളപ്പുരയിലും തളിക്കുകയും നിലത്തുള്ള വിടവുകളില്‍ നിറയ്ക്കുകയും ചെയ്തു. എങ്ങനെ മാറ്റിക്കളയാമെന്നും, ഒരുതരം കാട്ടുതുളസിച്ചെടി പൂത്തുനില്ക്കുമ്പോള്‍ പറിച്ച് എല്ലായിടത്തും, നാലു ചുമരിലും തട്ടിന്മേലും പുല്ലിന്നിടയിലും വീട്ടിനുള്ളിലും, കെട്ടിത്തൂക്കിയാല്‍ ‘കൊത്തന്‍’ എന്ന പ്രമാണികളെ എങ്ങനെ നിശ്ശേഷം ആട്ടിയോടിച്ചു കളയാമെന്നും അയാള്‍ അവരോടുപദേശിച്ചു.
ഒരു പാടത്തു നിന്ന് അവിടെയുള്ള കോതമ്പത്തിന്റെ വിളവുകളെ നശിപ്പിക്കുന്ന ചാഴി, കള, പുല്ല്, എന്നല്ല എല്ലാ വെറും ചെടികളെയും വേരറുത്തുകളയുവാന്‍ അയാള്‍ക്കു ചില ‘പൊടിക്കൈക’ളുണ്ട്. മുയലുകളെ വളര്‍ത്താനുള്ള കാട്ടുവളപ്പുകളില്‍ ഒരുതരം ചെറുപന്നികളെ കൊണ്ടുപോയാക്കി അവയുടെ നാറ്റംകൊണ്ട് ആ പ്രദേശത്തെങ്ങും അയാള്‍ എലി കടക്കാതാക്കും.
ഒരു ദിവസം ചില നാട്ടുപുറത്തുകാര്‍ കൊണ്ടുപിടിച്ചു കൊടുത്തൂവ പറിക്കുന്നത് അയാള്‍ കണ്ടു; അയാള്‍ ആ ചെടിയ പരീക്ഷണം ചെയ്തു; വേരൊടുകൂടി പറിച്ചിട്ട് അതുണങ്ങിപ്പോയിരുന്നു; അയാള്‍ പറഞ്ഞു: ‘ഇതിന്റെ ജീവന്‍ പോയ് പോയി. ഏതായാലും ഇതിനെ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ എന്നറിഞ്ഞിരിക്കുന്നതു നന്ന്. കൊടുത്തൂവ ഇളയതായിരിക്കുമ്പോള്‍, ഇല ഒരു നല്ല പച്ചക്കറിയാണ്; മൂത്താല്‍ വക്കയ്ക്കും ചണത്തിനുമെന്നപോലെ ഇതിനും നാരുണ്ട്. തൂവനാര്‍ത്തുണി പരുത്തിത്തുണിപോലെ നല്ലതാണ്. കൊത്തിയരിഞ്ഞാല്‍, കോഴി, വത്ത് മുതലായവയ്ക്കു നന്ന്; ഇടിച്ചു ചതച്ചാല്‍ കന്നുകാലികള്‍ക്കു കൊടുക്കാം. തൂവ വിത്തുകള്‍ പുല്ലിലും വയ്ക്കോലിലും മറ്റും ചേര്‍ത്തു തിന്നാന്‍ കൊടുത്താല്‍ കന്നുകാലികളുടെ രോമത്തിനു മിനുപ്പു കൂടും; വേരുകള്‍ ഉപ്പുകൂട്ടി പതപ്പെടുത്തിയാല്‍ അതില്‍നിന്ന് ഒരു ഭംഗിയുള്ള മഞ്ഞച്ചായത്തിന്റെ കൂട്ടുണ്ടാക്കാം. ഇവയ്ക്കൊക്കെ പുറമേ, തൂവ ഒരു നല്ല വേലിസ്സാധനമാണ്; രണ്ടു പ്രാവശ്യം വെട്ടി വേറേ കുത്താം! എന്നാല്‍ ഈ തൂവയ്ക്ക് എന്തു ചെലവുണ്ട്? കുറച്ചു മണ്ണ്; നോട്ടം വേണ്ടാ; അറിവു വേണ്ടാ. ഒന്നു മാത്രം; വിത്തുകള്‍ മുപ്പെത്തിയാല്‍ കൊഴിഞ്ഞു പോവും; അടിച്ചുകൂട്ടി എടുക്കാന്‍ അധ്വാനമുണ്ട്, അതേ ഉള്ളൂ. കുറച്ചു മനസ്സിരുത്തിയാല്‍, തൂവയെ ആവശ്യമുള്ള ഒന്നാക്കിത്തീര്‍ക്കാം; ആരും നോക്കുന്നില്ല, അതു കൊണ്ട് അതുപദ്രവകരമായിത്തീര്‍ന്നു. അതിനെ ആളുകള്‍ നശിപ്പിച്ചു കളയുന്നു. എത്ര മനുഷ്യരുണ്ട് തൂവയെപ്പോലെ!’ കുറച്ചുകഴിഞ്ഞ് അയാള്‍ തുടര്‍ന്നു പറഞ്ഞു: ‘എന്റെ ചങ്ങാതിമാരേ, ഇതോര്‍മവെയ്ക്കു; ചീത്ത ചെടികളോ ചീത്ത മനുഷ്യരോ ഇല്ല. ചീത്ത കൃഷിക്കാര്‍ മാത്രമേ ഉള്ളൂ.’
കുട്ടികള്‍ക്ക് അയാളെ ഇഷ്ടമാണ്; വയ്ക്കോലും നാളികേരവുംകൊണ്ടു കൗതുകകരങ്ങളായ ഓരോന്നു കെട്ടിയുണ്ടാക്കാന്‍ അയാള്‍ക്കറിയാം.
ഒരു പള്ളിവാതില്ക്കല്‍ കറുപ്പുതുണി തൂക്കിക്കണ്ടാല്‍ അയാള്‍ അകത്തു കടക്കും. മറ്റുള്ളവര്‍ ജാതകര്‍മം അന്വേഷിക്കുന്നതുപോലെ, അയാള്‍ ശവസംസ്കാരം അന്വേഷിച്ചു ചെല്ലും. തന്റെ മഹത്തായ സൗശീല്യം കാരണം. വൈധവ്യവും അന്യന്മാരുടെ പരിതാപവും അയാളെ ആകര്‍ഷിച്ചുപോന്നു; ദുഃഖിതരായി നടക്കുന്ന സുഹൃത്തുക്കളുടേയും, കറുത്ത ഉടുപ്പിട്ട കുടുംബാംഗങ്ങളുടേയും, ശവമഞ്ചത്തിനു ചുറ്റും ഞെരങ്ങുന്ന മതാചാര്യന്മാരുടേയും കൂട്ടത്തില്‍ അയാളും കൂടും. പരലോകത്തിന്റെ നിഴല്പാടുകൊണ്ടു നിറഞ്ഞ ഈ ശവസംസ്കാരസമയത്തെ സങ്കീര്‍ത്തനങ്ങള്‍ അയാളുടെ വിചാരപരമ്പരയ്ക്ക് ഒരു വിഷയമായിത്തീരുന്നതുപോലെ തോന്നപ്പെട്ടു. തന്റെ നോട്ടം ആകാശത്തില്‍ പതിഞ്ഞതുകൊണ്ട്, അപാരതയുടെ നിഗൂഢതകളിലേക്കെല്ലാം കടന്നുചെല്ലുന്ന ഒരുതരം ശ്വാസഗതിയോടുകൂടി, ഇരുട്ടടഞ്ഞു കിടക്കുന്ന മരണക്കുഴിയുടെ വക്കത്തുനിന്നു പാടുന്ന ആ ദുഃഖമയങ്ങളായ രാഗാലാപങ്ങളെ അയാള്‍ മനസ്സിരുത്തി കേള്‍ക്കും.
മനുഷ്യന്‍ ദുഷ്പ്രവൃത്തികളില്‍നിന്നു സ്വനാമത്തെ മറച്ചുവെക്കുന്നതു പോലെ, താനാണ് പ്രവര്‍ത്തിക്കുന്നതെന്നു മറ്റുള്ളവരെ അറിയിക്കാതെ അയാള്‍ അസംഖ്യം സല്‍പ്രവൃത്തികള്‍ ചെയ്തു. രാത്രി ആരുമറിയാതെ, അയാള്‍ വീടുകളില്‍ കടന്നുചെല്ലും; കള്ളന്റെ മട്ടില്‍ പതുക്കെ കോണികയറും. ഒരു ഗതിയില്ലാത്ത ഭാഗ്യഹീനന്‍ എവിടെയോ പോയിട്ടു താന്‍ നിലംപൊത്തുന്ന തട്ടിന്‍പുറത്തേക്കു മടങ്ങിച്ചെല്ലുമ്പോള്‍, താനില്ലാത്തപ്പോള്‍ വാതില്‍ ആരോ തുറന്നിരിക്കുന്നതായി — ഒരുസമയം ബലാല്‍ക്കാരേണ തുറന്നിട്ടുള്ളതായി — കാണും. ആ സാധു നിലവിളിച്ചു ലഹളകൂട്ടും; ഏതോ കള്ളന്‍ കടന്നിരിക്കുന്നു എന്നായി! ആ പാവം അകത്തു കടന്നു നോക്കും; ഒന്നാമതായി കാണുക, ഏതെങ്കിലും ഒരു വീട്ടുസാമാനത്തിനു മീതെ ഒരു സ്വര്‍ണനാണ്യം ആരോ മറന്നു വെച്ചിട്ടുള്ളതായിരിക്കും. അവിടെ ചെന്നിട്ടുള്ള ‘കള്ളന്‍’ ഫാദര്‍ മദലിയെന്‍ ആയിരിക്കും.
അയാള്‍ സുശീലനും മനോരാജ്യക്കാരനുമാണ്. ജനങ്ങള്‍ സംസാരിച്ചു: ‘ലേശമെങ്കിലും അഹംഭാവമില്ലാത്ത ഒരു സമ്പന്നന്‍. തികച്ചും അലംഭാവമില്ലാത്ത ഒരു സുഖിതന്‍.
ചിലര്‍ വാദിച്ചുപോന്നു. അയാള്‍ ഒരജ്ഞാതമനുഷ്യനാണെന്നും, ചിറകുള്ള നാഴികവട്ടകളെക്കൊണ്ടലങ്കരിച്ചതും മരിച്ചവരുടെ എല്ലുകളും തലയോടുകളും കൊണ്ട് ഉയിര്‍ക്കൊള്ളിച്ചതുമായ അയാളുടെ തനിത്തപസ്വി ഗുഹമുറിയിലേക്ക് ആരും കടന്നു ചെല്ലാറില്ലെന്നും. ഇത് ഒരു വലിയ സംസാരവിഷമായിത്തീര്‍ന്നു; അങ്ങനെ, ആ എം. പട്ടണത്തിലുള്ള അന്തസ്സുകാരികളും അറുദുശ്ശീലകളുമായ യുവതികളില്‍ ചിലര്‍ ഒരു ദിവസം അയാളെ കാണാന്‍ ചെന്ന്, ഇങ്ങനെ ചോദിച്ചു; ‘മൊസ്സ്യു മെയര്‍, ദയചെയ്തു നിങ്ങളുടെ കിടപ്പുമുറി ഒന്നു കാണിച്ചുതരൂ. അതൊരു നിലവറയാണെന്നു കേട്ടിട്ടുണ്ട്.’ അയാള്‍ ഒന്നു മന്ദസ്മിതം കൊണ്ടു; അവരെ ക്ഷണത്തില്‍ ആ ‘നിലവറ’യിലേക്കു ക്ഷണിച്ചു കൊണ്ടുപോയി. അവര്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ ഉല്‍ക്കണ്ഠയ്ക്കു മതിയായ ശിക്ഷ കിട്ടി. ആ മുറി ചേലവീട്ടി കൊണ്ടുള്ള സാമാനങ്ങളാല്‍ മാത്രം അലംകൃതമായിരുന്നു; അത്തരം വീട്ടു സാമാനങ്ങള്‍ക്കുള്ളപോലെ, ആ മുറിക്കും ഒരു ഭംഗിയില്ലായ്മയുണ്ട്; പന്ത്രണ്ടു സൂ വിലയ്ക്കുള് കടലാസ്സുകളാണ് പതിച്ചിരുന്നത്. ആ മുറിയില്‍ ഒരിടത്തും ഒരസാധാരണത്വമുള്ളതായി കണ്ടുപിടിപ്പാന്‍ അവരെക്കൊണ്ടു കഴിഞ്ഞില്ല. പഴയ മട്ടിലുള്ള രണ്ടു മെഴുതിരിക്കാലുകള്‍ മാത്രം അടുപ്പിന്‍ തിണ്ണമേലുണ്ടായിരുന്നു; അവ വെള്ളികൊണ്ടുണ്ടാക്കിയവയാണെന്നു കാണപ്പെട്ടു; എന്തുകൊണ്ടെന്നാല്‍, ‘കളവുവെള്ളിയല്ലെന്നുള്ള മുദ്ര അതാ’ — ചില്ലറ പട്ടണങ്ങളിലെ സാധാരണഫലിതം മുഴുവനും നിറഞ്ഞ അഭിപ്രായപ്രകടനം.
എന്തായാലും, ആ മുറിയിലേക്ക് ആരും കടന്നുചെല്ലാറില്ലെന്നും അത് ഒരു തപസ്വിഗുഹയാണെന്നും — അതേ, ഒരു നിഗൂഢമായ ഏകാന്തസ്ഥലം; ഒരു പൊത്ത്; ഒരു ശവക്കല്ലറ — ആളുകള്‍ സംസാരിച്ചു.
എന്നല്ല, അയാള്‍ ‘ഒരുപടി’ പണം ബാങ്കിലിട്ടിട്ടുണ്ടെന്നും ജനങ്ങള്‍ നടന്നു മന്ത്രിച്ചു; ഒരു സവിശേഷതകൂടിയുണ്ട് — അത് എപ്പോഴും അയാള്‍ക്കു തിരിച്ചു മേടിക്കാം; എന്നുവെച്ചാല്‍, എന്നെങ്കിലും ഒരു ദിവസം രാവിലെ മൊസ്സ്യു മദലിയെന്നു ബാങ്കില്‍ കടന്നുചെന്ന് ഒരു രശീതി ഒപ്പിട്ടു കൊടുത്താല്‍, പത്തു നിമിഷത്തിനുള്ളില്‍ ഇരുപതോ മുപ്പതോ ലക്ഷം കൈയിലാക്കി പോരാം. വാസ്തവം നോക്കുമ്പോള്‍ ‘ഈ ഇരുപതോ മുപ്പതോ ലക്ഷം’ ഞങ്ങള്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ആറു ലക്ഷത്തി മുപ്പതിനായിരം, അല്ലെങ്കില്‍ നാല്പതിനായിരം ഫ്രാങ്കായി കുറയ്ക്കേണ്ടിയിരിക്കും.
മൊസ്സ്യു മദലിയെന്‍ ദീക്ഷയെടുത്തത്
കൊല്ലം 1820-ന്റെ ആരംഭത്തില്‍, ‘മോണ്‍സിന്യേര്‍ ബിയാങ് വെന്യു’ എന്ന വിശേഷപ്പേരുള്ള ഡി.യിലെ മെത്രാന്‍, മൊസ്സ്യു മിറിയേല്‍, എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ വന്ദനീയതയുടെ ദിവ്യഗന്ധത്തില്‍ മുഴങ്ങിക്കൊണ്ടു സ്വര്‍ഗാരോഹണം ചെയ്തതായി വര്‍ത്തമാനപത്രങ്ങള്‍ പ്രസ്താവിച്ചു.
ഡി.യിലെ മെത്രാന്‍ — പത്രങ്ങള്‍ പറയാന്‍ വിട്ടുപോയ ഒരു സംഗതി കൂടി പറയട്ടെ — മരണത്തിനു കുറേ കൊല്ലം മുമ്പുവെച്ച് അന്ധനായി; തന്റെ സഹോദരി അടുത്തുണ്ടായിരുന്നതുകൊണ്ട് ആ അന്ധത്വത്തില്‍ അദ്ദേഹത്തിന് അസുഖം തോന്നിയതുമില്ല.
ഈ കൂട്ടത്തില്‍ ഒന്നു ഞങ്ങള്‍ക്കു പറഞ്ഞുവെക്കാനുണ്ട്. യാതൊന്നും പരിപൂര്‍ണമായി കാണപ്പെടാത്ത ഈ ലോകത്തില്‍, കണ്ണുപോവുകയും സ്നേഹിക്കപ്പെടുകയുംകൂടി ചെയ്യുന്നത് ഏറ്റവും അനര്‍ഘങ്ങളും അത്ഭുതകരങ്ങളുമായ മഹാഭാഗ്യങ്ങളില്‍ ഒന്നാണ്. ഒരു സ്ത്രീ, ഒരു മകള്‍, ഒരു സോദരി, ഒരോമന, എപ്പോഴും അടുത്തുണ്ടായിരിക്കുക — നിങ്ങള്‍ക്ക് അവളെക്കൊണ്ടാവശ്യമുള്ളതുകൊണ്ടും അവള്‍ക്കു നിങ്ങളെ വിട്ടുപിരിയുവാന്‍ വയ്യാത്തതുകൊണ്ടും അവള്‍ ആവിധം ചെയ്യുക; നമുക്കാവശ്യമുള്ള ഒരാള്‍ക്കു നാം ഒഴിച്ചുകൂടാത്തവരാണെന്നു ബോധ്യപ്പെടുക; അവള്‍ എത്ര കണ്ടു നമ്മുടെ അടുക്കല്‍ പിരിയാതെ നില്ക്കുന്നുവോ അത്രകണ്ട് അവളുടെ സ്നേഹബാഹുല്യത്തെ ഇളവില്ലാതെ അളന്നു നോക്കിക്കൊണ്ടിരിപ്പാന്‍ നമുക്കു കഴിയുക; ‘അവളുടെ സമയം മുഴുവനും എനിക്കായി സമര്‍പ്പിച്ചിട്ടുള്ളതുകൊണ്ട് അവളുടെ മനസ്സും എനിക്കുള്ളതാണെ’ന്നു സ്വയം വിചാരിക്കാന്‍ സംഗതി വരിക; അവളുടെ മുഖത്തിനു പകരം വിചാരത്തെ കാണുക; ലോകം മുഴുവനും ഇരുട്ടടഞ്ഞു കിടക്കെ, അതിനിടയിലുള്ള ഒരാളുടെ വിശ്വാസ്യതയെ തട്ടിച്ചു നോക്കുവാന്‍ തരം കിട്ടുക; ഒരു പാവാടയുടെ ചലനശബ്ദത്തെ ചിറകുകളുടെ ഒച്ചപോലെ കരുതുക; അവള്‍ പോകുന്നതും വരുന്നതും മാറി നില്ക്കുന്നതും മടങ്ങിയെത്തുന്നതും പാട്ടുപാടുന്നതും കേള്‍ക്കുക; എന്നല്ല, ഈ കാലൊച്ചകളുടേയും ഈ സംസാരത്തിന്റേയും കേന്ദ്രസ്ഥാനം ഒരാളാണെന്നു വിചാരിക്കുക; ഓരോ നിമിഷത്തിലും ഒരാളുടെ സൗന്ദര്യവിശേഷം പ്രത്യക്ഷീഭവിക്കുക; ഒരാളുടെ അവശതകൊണ്ട് അയാള്‍ക്ക് അത്രയും അധികാരശക്തി വര്‍ധിച്ചതായി തോന്നുക; ഒരാള്‍ അന്ധതയില്‍ക്കിടക്കുമ്പോഴും അയാളുടെ അന്ധത ഹേതുവായിട്ടും, ഇങ്ങനെയുള്ള ഒരു ദേവ വനിത തന്റെ ആകര്‍ഷണശക്തിക്കധീനയായി എപ്പോഴും തന്നെ ചുറ്റിക്കൊണ്ടിരിക്കുമാറ്, അയാള്‍ ഒരു ജ്യോതിര്‍ഗ്ഗോളമായി പരിണമിക്കുക — ഏതൊരു പരമാനന്ദവും ഇതിനു സമമല്ല. താന്‍ മറ്റൊരാളുടെ സ്നേഹത്തിനു പാത്രമാണെന്നു ബോധപ്പെടുന്നതില്‍ നില്ക്കുന്നു, മനുഷ്യന്റെ പരമോല്‍കൃഷ്ടമായ ജീവിതസുഖം; ഒരാളെ അയാളാണെന്നു വെച്ചുതന്നെ മറ്റൊരാള്‍ സ്നേഹിക്കുക — അല്ലെങ്കില്‍ ഇങ്ങനെ പറയട്ടെ; അയാള്‍ അയാളായിരുന്നിട്ടും മറ്റൊരാള്‍ അയാളെ സ്നേഹിക്കുക; ഈ ബോധം കണ്ണുപൊട്ടന്നുണ്ട്. ഈ ദുര്‍ദ്ദശയില്‍ ശുശ്രൂഷിക്കപ്പെടുക എന്നതു നിശ്ചയമായും ഓമനിക്കപ്പെടുകയാണ്. അയാള്‍ക്ക് എന്തെങ്കിലും ഇല്ലായ്കയുണ്ടോ? ഇല്ല, സ്നേഹം കൈവശമുള്ളവന്ന് എന്നും ഇരുട്ടില്ല. എന്നല്ല, എന്തു സ്നേഹം! മനോഗുണം കൊണ്ടു നിറഞ്ഞിട്ടുള്ള സ്നേഹം! നിശ്ചയമുള്ളേടത്ത് അന്ധത്വമില്ല. ആത്മാവ് ആത്മാവിനെ തപ്പിത്തപ്പിക്കൊണ്ട് അന്വേഷിക്കുകയും അതിനെ കണ്ടുപിടിക്കുകയും ചെയ്യുന്നു. എന്നല്ല, അങ്ങനെ കണ്ടുപിടിച്ചു മാറ്റുരച്ചു നോക്കപ്പെട്ട ആത്മാവോ, ഒരു സ്ത്രീ. ഒരു കൈ നിങ്ങളെ താങ്ങുന്നു; അത് അവളുടേതാണ്; രണ്ടു ചുണ്ടുകള്‍ പതുക്കെ നിങ്ങളുടെ നെറ്റിമേല്‍ തൊടുന്നു; അത് അവളുടെ ചുണ്ടുകളാണ്: നിങ്ങളുടെ വളരെ അടുക്കല്‍ നിന്ന് ഒരു ശ്വാസം കേള്‍ക്കുന്നു; അവളുടെയാണത്. അവളുടെ ആരാധന മുതല്‍ അനുകമ്പ വരെ, അവളുടേതായ സകലവും, ഒരിക്കലും വിട്ടുപോകാത്ത വിധം, നിങ്ങള്‍ക്കു കൈയില്‍ കിട്ടുക; ആ ഓമനയായ ദുര്‍ബ്ബലത നിങ്ങളെ സഹായിക്കുന്നതാവുക; ആ ഇളക്കമില്ലാത്ത വയ്ക്കോല്ക്കൊടിയുടെമേല്‍ നിങ്ങള്‍ ചാരിയിരിക്കുക; ആ മനുഷ്യന്റെ കൈകൊണ്ടു ഈശ്വരനെ തൊടുക; എന്നല്ല, ആ ഈശ്വരനെ എടുത്തു മാറിടത്തില്‍ — ഈശ്വരന്‍ തൊട്ടറിയാവുന്നതാക്കിത്തന്നെ തന്റെ മാറിടത്തില്‍ — ചേര്‍ത്താശ്ശേഷിക്കുക — എന്തു പരമാനന്ദം! ഹൃദയം — ആ ദിവ്യവും നിഴലില്‍ നില്ക്കുന്നതുമായ പുഷ്പം — ഒരത്ഭുതകരമായ വികസിക്കല്‍ വികസിക്കുന്നു. എല്ലാ പ്രകാശത്തിനായിട്ടും കൂടി ആ അന്ധകാരത്തെ മനുഷ്യന്‍ കൈമാറുകയില്ല! ദിവ്യരൂപിയായ ആത്മാവ് ഒരിക്കലും വിട്ടുപിരിയാതെകണ്ട് അതാ; അവള്‍ പുറത്തേക്കു പോകുന്നുണ്ടെങ്കില്‍, വീണ്ടും മടങ്ങിവരാന്‍ മാത്രമാണ്; ഒരു സ്വപ്നം പോലെ, അവല്‍ മറയുകയും, വാസ്തവസ്ഥിതിപോലെ വീണ്ടും പ്രത്യക്ഷീഭവിക്കുകയും ചെയ്യുന്നു. ഒരു സുഖം വരുന്നതുപോലെ തോന്നുന്നു; ഉടനെ അതാ, അവള്‍ അവിടെയെത്തി. ശാന്തതയില്‍, ആഹ്ലാദത്തില്‍, പരമാനന്ദത്തില്‍, ഒരാള്‍ ആണ്ടുമുങ്ങുന്നു. രാത്രിക്കിടയില്‍ ഒരാള്‍ തോജോവിലാസമായി കാണപ്പെടുന്നു. ഉണ്ട്, ഒരായിരം ചില്ലറശല്യങ്ങളുണ്ട്. ആ ശൂന്യതയില്‍ വലിയവയായിത്തീരുന്ന ഒന്നുമില്ലായ്മകള്‍. നിങ്ങളെ കിടത്തിയുറക്കുവാന്‍ ഉപയോഗിക്കപ്പെട്ടവയും, നിങ്ങളെ സംബന്ധിച്ചേടത്തോളം ഇല്ലാതായ പ്രപഞ്ചത്തെ വീണ്ടും ഉള്ളതാക്കിത്തരുന്നവയുമായ ആ സ്ത്രീശബ്ദത്തിന്റെ ഏറ്റവും അനിര്‍വചനീയങ്ങളായ ഉച്ചാരണവിശേഷങ്ങള്‍. ആത്മാവിനെക്കൊണ്ട് ആ മനുഷ്യന്‍ ഓമനിക്കപ്പെടുന്നു. അയാള്‍ ഒന്നും കാണുന്നില്ല; പക്ഷേ, താന്‍ സ്നേഹപൂര്‍വം ആരാധിക്കപ്പെടുന്നതായി അയാള്‍ക്ക് അനുഭവപ്പെടുന്നു. നിഴല്പാടുകളെക്കൊണ്ടുള്ള ഒരു സ്വര്‍ഗമാണിത്.
ഈ സ്വര്‍ഗത്തില്‍നിന്നാണ് മോണ്‍സിന്യേര്‍ വെല്‍ക്കം പരലോകത്തേക്കു കടന്നത്.
അദ്ദേഹത്തിന്റെ മരണവര്‍ത്തമാനം എം. പട്ടണത്തിലെ ഒരു പത്രം പകര്‍ത്തിയിട്ടില്ല. പിറ്റേദിവസം മുതല്‍ മൊസ്സ്യു മദലിയെന്‍ ദേഹമാസകലം കറുത്ത ഉടുപ്പുകൊണ്ടു മൂടി; തലയില്‍ ഒരു കറുത്ത പട്ടുചുരുള്‍ വസ്ത്രം ധരിച്ചു.
ഈ ദീക്ഷ പട്ടണനിവാസികള്‍ സൂക്ഷിച്ചു; അവര്‍ അതിനെപ്പറ്റി ഗുണദോഷനിരൂപണം ചെയ്തു. മൊസ്സ്യു മദലിയെന്റെ ആദിമചരിത്രത്തെപ്പറ്റി അത് എന്തോ ഒരറിവു തരുന്നതുപോലെ തോന്നി. അയാളും ആ വന്ദ്യനായ മെത്രാനും തമ്മില്‍ ഒരു സംബന്ധമുണ്ടെന്ന് ആളുകള്‍ തീര്‍ച്ചപ്പെടുത്തി. ഡി.യിലെ മെത്രാന്‍ മരിച്ചതു കൊണ്ട് അദ്ദേഹം ദീക്ഷ എടുത്തിരിക്കുന്നു. ഇരിപ്പുമുറികള്‍ സംസാരിച്ചു; ഇതു മൊസ്സ്യു മദലിയെന്റെ പദവിയെ അത്യധികം ഉയര്‍ത്തി; ഇത് ഒരു ക്ഷണത്തില്‍, ഒറ്റടിയായി, എം. പട്ടണത്തിലെ പ്രമാണികള്‍ക്കിടയില്‍ അയാളെപ്പറ്റി ഏതാണ്ടൊരു ബഹുമതിയുണ്ടാക്കി. തനിക്കു വന്നുകൂടിയ ഈ ഔന്നത്യം വൃദ്ധകളുടെ വര്‍ദ്ധിച്ചു വരുന്ന ഉപചാരങ്ങളില്‍ നിന്നും ചെറുപ്പക്കാരികളുടെ ഏറിയേറി വരുന്ന പുഞ്ചിരികളില്‍ നിന്നും മൊസ്സ്യു മദലിയെന്‍ കണ്ടറിഞ്ഞു. ഒരു ദിവസം വൈകുന്നേരം, ആ നിസ്സാരമായ മഹാലോകത്തിലെ ഒരു ഭരണാധികാരിണി പ്രായക്കൂടുതലിന്റെ അവകാശം കൊണ്ടു ജിജ്ഞാസയുണ്ടായി ഇങ്ങനെ കടന്നുചോദിച്ചു: ‘മൊസ്സ്യു മെയര്‍, നിങ്ങള്‍ നിശ്ചയമായും ഡി.യിലെ കഴിഞ്ഞുപോയ മെത്രാന്റെ ദായാദിയാണ്, അല്ലേ?’
അയാള്‍ പറഞ്ഞു: ‘അല്ല, മദാം.’
‘പക്ഷേ,’ ആ പ്രഭ്വി തുടര്‍ന്നു പറഞ്ഞു: ‘നിങ്ങള്‍ അദ്ദേഹത്തിന്റെ ദീക്ഷയെടുത്തിരിക്കുന്നുവല്ലോ.’
അയാള്‍ മറുപടി പറഞ്ഞു: ‘ചെറുപ്പത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരു ഭൃത്യനായിരുന്നു.’
പിന്നെ, ഒന്നുകൂടി ആളുകള്‍ സൂക്ഷിച്ചു; അങ്ങുമിങ്ങും തെണ്ടിത്തിരിഞ്ഞു നടക്കുന്നവരും പുകക്കുഴലുകള്‍ തുടച്ചു നന്നാക്കാനുണ്ടോ എന്നന്വേഷിക്കുന്നവരുമായ കുട്ടികള്‍ വല്ലവരും എം. പട്ടണത്തില്‍ വന്നാല്‍, മെയര്‍ അവരെ തന്റെ അടുക്കല്‍ വിളിച്ചു വരുത്തി പേരന്വേഷിക്കുകയും എന്തെങ്കിലും ഒരു സംഖ്യ കൊടുക്കുകയും ചെയ്യും. ഈ വിവരം അവരുടെ ഇടയില്‍ സംസാരമായി. അനവധി പേര്‍ അതിലേ വന്നുതുടങ്ങി.
ആകാശാന്തത്തിനു മുകളില്‍ ചില മിന്നല്‍ വെളിച്ചങ്ങള്‍
കുറേശ്ശക്കുറേശ്ശെയായി, ഏതാനും കാലംകൊണ്ട്, ഈ എതിര്‍പക്ഷമെല്ലാം താനേ നശിച്ചു. പൊന്തിവരുന്ന എല്ലാവരും അനുസരിക്കാതെ കഴിയാത്ത ആ ഒരു തരം നിയമം കാരണം, ആദ്യത്തില്‍ മൊസ്സ്യു മദലിയെന്റെ നേരെ ദുഷ്പ്രസ്താവങ്ങളും അപകീര്‍ത്തികളും പ്രയോഗിക്കപ്പെട്ടു; പിന്നീട് അതുകളെല്ലാം ദുസ്സ്വഭാവമല്ലാതെ മറ്റൊന്നുമല്ലെന്നു വന്നു. അതു കഴിഞ്ഞ്, അവയെല്ലാം അസൂയകൊണ്ടുണ്ടാകുന്ന ദുര്‍വാക്കുകള്‍ മാത്രമായി; ഒടുവില്‍ ആ വിചാരവും ഇല്ലാതായി; ബഹുമാനം പരിപൂര്‍ണമായി, ഏകകണ്ഠമായി, ഹൃദയപൂര്‍വമായി. എന്നല്ല, ക്രിസ്ത്വാബ്ദം 1821-ഓടുകൂടി, 1815-ല്‍ ഡി. പട്ടണത്തില്‍ ‘മെത്രാന്‍ തിരുമേനി’ എന്ന വാക്ക് ഏതുവിധം ഉച്ചരിക്കപ്പെട്ടിരുന്നുവോ അതേ ഉച്ചാരണവിശേഷത്തോടുകൂടി, ‘മെയര്‍ അവര്‍കള്‍’ എന്ന് എം. പട്ടണത്തിലെ ആളുകളും വിളിച്ചുവന്നു. മൊസ്സ്യു മദലിയെനുമായി കണ്ടാലോചിക്കുവാന്‍വേണ്ടി പത്തു കാതം ദൂരത്തുനിന്ന് ജനങ്ങള്‍ വരികയായി. തമ്മിലുള്ള സ്വരച്ചേര്‍ച്ചക്കുറവ് അയാള്‍ തീര്‍ത്തു; വ്യവഹാരങ്ങള്‍ കൂടാതെ കഴിച്ചു; വിരോധികളെ യോജിപ്പിച്ചു. എല്ലാവരും മൊസ്സ്യു മദലിയെനെ തങ്ങളുടെ വിധികര്‍ത്താവാക്കി സ്വീകരിച്ചു; അതു ന്യായംകൂടാതെയല്ലതാനും. അയാള്‍ക്ക് ആത്മാവായി പ്രകൃതിനിയമഗ്രന്ഥമാണോ ഉള്ളതെന്നു തോന്നിപ്പോയി. ബഹുമാനമാകുന്ന ഒരു പകര്‍ച്ചവ്യാധി കടന്നുപിടിച്ചതുപോലെ, ആറോ ഏഴോ കൊല്ലത്തെ കാലംകൊണ്ട് ആ ജില്ല മുഴുവനും മെയറുടെ പേരില്‍ ഭക്തിയുള്ളതായിത്തീര്‍ന്നു.
പട്ടണത്തില്‍, ആ രാജ്യത്തെല്ലാംകൂടി, നോക്കിയാല്‍ ഒരാള്‍ക്കുമാത്രം ഈ രോഗം പിടിപെട്ടില്ല; ഫാദര്‍ മദലിയെന്‍ എന്തുതന്നെ ചെയ്താലും ശരി, എന്തോ കലുഷമാകാത്തതും ചലനം തട്ടാത്തതുമായ ഒരു ബുദ്ധിവിശേഷത്താല്‍ ഉറപ്പിക്കപ്പെട്ടിട്ടെന്നപോലെ അയാളുടെ ആ ഒരു വിരോധി മാത്രം എപ്പോഴും സശ്രദ്ധനായും അസ്വസ്ഥനായും തന്നെ നിന്നു. സ്വതവേ ഉള്ള എല്ലാ ബുദ്ധിവിശേഷങ്ങളുമെന്നപോലെ ശുദ്ധിയും ഋജുത്വവുമുള്ളൊന്നാണെങ്കിലും, വിരോധങ്ങളേയും അനുകമ്പകളേയും ജനിപ്പിക്കുന്നതും, ഒരു പ്രകൃതിയെ മറ്റൊരു പ്രകൃതിയില്‍ നിന്ന് അത്രമേല്‍ ആപല്‍ക്കരമായവിധം അകറ്റി നിര്‍ത്തുന്നതും, ഒരിക്കലും സംശയിക്കാന്‍ നില്ക്കാത്തതും, ഒരിക്കലും അസ്വസ്ഥത തോന്നാത്തതും, ഒരിക്കലും സമാധാനം കിട്ടാത്തതും, ഏതു സമയത്തും തന്നെ മറന്നു പ്രവര്‍ത്തിക്കാത്തതും, ഏതന്ധകാരത്തിലും വഴി പിഴയ്ക്കാത്തതും, ഒരിക്കലും തെറ്റാത്തതും ഒട്ടും വെള്ളം കടക്കാത്തതും, എന്തായാലും ഇണങ്ങാത്തതും, ബുദ്ധികൊണ്ടുള്ള ഉപദേശങ്ങള്‍ ഒന്നും തന്നെ ഉള്ളില്‍ കടക്കാത്തതും, യുക്തികൊണ്ടുള്ള ബന്ധവിച്ഛേദങ്ങളൊന്നും തട്ടാത്തതും, ദൈവഗതികള്‍ എന്തെല്ലാം വിധത്തില്‍ മാറ്റിമറിച്ചു വെച്ചടക്കിയാലും മനുഷ്യശ്വാവിനു മനുഷ്യപ്പൂച്ചയുടേയും മനുഷ്യക്കുറുക്കന് മനുഷ്യകേസരിയുടേയും സാന്നിധ്യത്തെ ഉപായത്തില്‍ മന്ത്രിച്ചു കൊടുക്കുന്നതുമായി തികച്ചും മൃഗസാധാരണമായ ഒരു ബുദ്ധിവിശേഷം ചില മനുഷ്യരില്‍ വാസ്തവമായി പ്രവര്‍ത്തിക്കാറുണ്ടെന്ന് തോന്നുന്നു.
മൊസ്സ്യു മദലിയെന്‍ ശാന്തനും സ്നേഹപൂര്‍ണനുമായി എല്ലാവരുടേയും അനുഗ്രഹങ്ങളാല്‍ ചുറ്റപ്പെട്ടുകൊണ്ട് ഒരു തെരുവിലൂടെ നടന്നു പോകുമ്പോള്‍, നീണ്ട്, ഇരുമ്പു നിറത്തിലുള്ള മുറിക്കുപ്പായമിട്ടു, കൈയിൽ ഒരു കനമുള്ള ചൂരല്‍ വടിയാല്‍ രക്ഷിതനായി, അമര്‍ന്നു നീണ്ട ഒരു തൊപ്പി തലയില്‍ വെച്ചുകൊണ്ടുള്ള ഒരാള്‍ പെട്ടെന്ന് അയാളുടെ പിന്നില്‍ വന്നുകൂടി. കൈകള്‍ മാറത്തു പിണച്ചുകെട്ടി, തല പതുക്കെ ഒന്നിളക്കി, മേല്‍ച്ചുണ്ടിനെ കീഴ്ച്ചുണ്ടോടു കൂടി മൂക്കിനു നേര്‍ക്ക് ഒന്നു പൊന്തിച്ച് — അതേ, ‘എന്തുതന്നെയായാലും ശരി, ആ മനുഷ്യന്‍ ആരാണ്? ഞാന്‍ അയാളെ എവിടെയോ വെച്ചു കണ്ടിട്ടുണ്ട്. ആട്ടെ, എന്നെ വിഡ്ഢിയാക്കുവാന്‍ അയാളെക്കൊണ്ടാവില്ല’ എന്ന് പരിഭാഷപ്പെടുത്താവുന്ന, അങ്ങനെ ഒരുതരം അര്‍ഥമുള്ള കൊഞ്ഞനംകാട്ടലോടുകൂടി, അയാളെ കാണാതാവുന്നതുവരെ ഒരേ നിലയില്‍നിന്ന് സൂക്ഷിച്ചുനോക്കുന്നത് പലപ്പോഴും കാണാം.
ഏതാണ്ടു പേടിപ്പെടുത്തുന്ന ഒരു ഗൗരവത്താല്‍ ഗൗരവം പിടിച്ചുകൊണ്ടുള്ള ഈ മനുഷ്യന്‍, വേഗത്തിലുള്ള ഒരു നോട്ടത്തില്‍ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും, ആ കണ്ടവന്റെ ശ്രദ്ധയെ ഹഠാല്‍ പിടിച്ചുനിര്‍ത്തുന്ന അങ്ങനെയുള്ള ചിലരില്‍ ഒരാളാണ്.
അയാളുടെ പേര്‍ ഴാവേര്‍ എന്നായിരുന്നു; അയാള്‍ പൊല്ലീസ് സൈന്യത്തില്‍പ്പെട്ട ഒരാളാണ്.
അയാള്‍ എം. പട്ടണത്തില്‍ രസമില്ലാത്തവയും ആവശ്യമുള്ളവയുമായ ഒരിന്‍സ്പെക്ടരുടെ ജോലികള്‍ നടത്തിവരുന്നു. അയാള്‍ മദലിയെന്റെ ആദ്യത്തെ നിലകണ്ടിട്ടില്ല. അന്നു പാരിസ്സിലെ പൊല്ലീസ് സൈന്യാധ്യക്ഷനായിരുന്ന കൊംത് ആന്‍ഗ്ലെയുടെ കാര്യദര്‍ശിയായ മൊസ്സ്യു ഷാബൂയിയെയുടെ രക്ഷകൊണ്ടാണ് ഴാവേര്‍ ഉദ്യോഗസ്ഥനായത്. അയാള്‍ എം. പട്ടണത്തില്‍ വന്നപ്പോള്‍ ആ മഹാനായ കൈത്തൊഴില്‍ വ്യവസായക്കാരന്‍ പ്രമാണിയായിരിക്കുന്നു. ഫാദര്‍ മദലിയെന്‍ മൊസ്സ്യു മദലിയെന്‍ ആയിരിക്കുന്നു.
ചില പൊല്ലീസ്സുദ്യോഗസ്ഥന്മാരുടെ മുഖാകൃതി ഒരു സവിശേഷ മട്ടിലുള്ളതാണ്. ഒരു നീചത്വവും അധികാരവലുപ്പവും കൂടിച്ചേര്‍ന്ന ഒന്നായിരിക്കും അവരുടെ മുഖഭാവം. ഴാവേരുടെ മുഖഭാവം ഈ തരത്തിലാണ് — നീചത്വം കിഴിക്കണം.
ആത്മാവുകളെല്ലാം മാംസചക്ഷുസ്സുകള്‍ക്കു ഗോചരങ്ങളായിരുന്നുവെങ്കില്‍, മനുഷ്യസമുദായത്തിലെ ഓരോ അംഗവും തിര്യക്കുകളില്‍പ്പെട്ട ഏതെങ്കിലുമൊരു മൃഗത്തോടു യോജിച്ചിരിക്കുമെന്നാണ് ഞങ്ങളുടെ ദൃഢവിശ്വാസം; അങ്ങനെ, ശുക്തികീടം മുതല്‍ കഴുകന്‍ വരേയും പന്നി മുതല്‍ നരി വരേയുമുള്ള എല്ലാ തിര്യക്കുകളും മനുഷ്യനിലുണ്ടെന്നും, അവയില്‍ ഓരോന്നും ഒരു മനുഷ്യനില്‍ സ്ഥിതിചെയ്യുന്നുണ്ടാവണമെന്നുമായി തത്ത്വജ്ഞാനികള്‍ മനസ്സിലാക്കിയിട്ടില്ലാത്ത സത്യാവസ്ഥ ഞങ്ങള്‍ എളുപ്പത്തില്‍ കണ്ടറിയാറുണ്ട്. ചിലപ്പോള്‍ അവയില്‍ ഒന്നിലധികത്തേയും ഒരേ സമയത്തു കാണാം.
തിര്യക്കുകളെല്ലാം നമ്മുടെ കണ്ണിനു മുമ്പിലൂടെ അലഞ്ഞു നടക്കുന്ന നമ്മുടെ സൗശീല്യങ്ങളുടേയും ദുശ്ശീലങ്ങളുടേയും സ്വരൂപങ്ങളല്ലാതെ, നമ്മുടെ ആത്മാവുകളുടെ ഛായാരൂപങ്ങളല്ലാതെ, മറ്റൊന്നുമല്ല. നമ്മെ പിടിച്ചുനിര്‍ത്തി വിചാരിപ്പിക്കാന്‍ വേണ്ടി ഈശ്വരന്‍ അവയെ നമുക്കു കാട്ടിത്തരുന്നു. തിര്യക്കുകളെല്ലാം ആവിധം മറ്റു ചിലതുകളുടെ ഛായകള്‍ മാത്രമായതുകൊണ്ടാണ്, ഈശ്വരന്‍ അവയെ വാസ്തവാര്‍ഥത്തിലുള്ള വിദ്യാഭ്യാസമുണ്ടാവാന്‍ നിവൃത്തിയുള്ളവയാക്കാഞ്ഞത്; അതുകൊണ്ട് പ്രയോജനമെന്ത്? നേരെമറിച്ച്, നമ്മുടെ ആത്മാവുകളെല്ലാം സത്യങ്ങളായതുകൊണ്ടും അവയ്ക്കെല്ലാം പ്രാപ്യമായി അനുരൂപമായ ഒരു പുരുഷാര്‍ഥമുള്ളതുകൊണ്ടും ഈശ്വരന്‍ അവയ്ക്കു വിശേഷബുദ്ധി കൊടുത്തു; എന്നുവെച്ചാല്‍, വിദ്യാഭ്യാസത്തിനുള്ള കഴിവ്. സാമുദായികവിദ്യാഭ്യാസം, വേണ്ടവിധം ചെയ്യിക്കുന്നപക്ഷം, ഓരോ ജീവാത്മാവില്‍നിന്നും, അത് എന്തുതരത്തിലുള്ളതെങ്കിലുമാവട്ടെ, അതില്‍ ലയിച്ചുകിടക്കുന്ന ഉപയുക്തതയെ എപ്പോഴും പുറത്തേക്കു വലിച്ചുവരുത്താന്‍ കഴിയും.
ഇത് നിശ്ചയമായും, സ്പഷ്ടമായി കാണപ്പെടുന്ന ഭൗതികജീവിതത്തെ സംബന്ധിക്കുന്ന പരിമിതദൃഷ്ടികൊണ്ടുള്ള കാഴ്ചയാണ്; അല്ലാതെ അമാനുഷങ്ങളായി എല്ലാ ജീവികളിലും ആന്തരങ്ങളായോ ബാഹ്യങ്ങളായോ ഉള്ള സത്ത്വ വിശേഷങ്ങളെസ്സംബന്ധിക്കുന്ന അഗാധതരമായ വാദമുഖത്തെ ഇതു പരാമര്‍ശിക്കുന്നില്ല. വാസ്തവത്തിലുള്ള ഞാന്‍ അന്തര്‍ലീനമായ ഞാന്‍ ഇല്ലെന്നു പറയുവാന്‍ തത്ത്വജ്ഞാനികളെ ഒരിക്കലും അധികാരപ്പെടുത്തുന്നില്ല. ഇങ്ങനെ ഒന്നു പറഞ്ഞുവെച്ചുകൊണ്ടു, ഞങ്ങള്‍ പ്രകൃതത്തിലേക്ക് കടക്കട്ടെ.
അപ്പോള്‍, ഓരോ മനുഷ്യനിലും തിര്യഗ്‌ലോകത്തിലെ ഒരു സത്ത്വമുണ്ടെന്ന് ഒരു നിമിഷനേരത്തേക്ക് വായനക്കാരും ഞങ്ങളോടുകൂടി സമ്മതിക്കുന്നപക്ഷം.
പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറിലുള്ളത് എന്തായിരുന്നു എന്നു പറയാന്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കും.
ആസ്തൂറിയയിലെ കൃഷീവലന്മാര്‍ക്ക് ഒരു ദൃഢബോധമുണ്ട്. ഓരോ ഈറ്റു ചെന്നായമടയിലും ഓരോ നായയുണ്ടായിരിക്കും; അതിനെ തള്ളച്ചെന്നായ പെറ്റ ഉടനെ തിന്നുകളയുന്നു; അല്ലെങ്കില്‍ അതു വളര്‍ന്നുവന്നാല്‍ മറ്റു ചെന്നായക്കുട്ടികളെയെല്ലാം വിഴുങ്ങിക്കളയുമത്രേ.
ഒരു പെണ്‍ചെന്നായയുടേതായ നായക്കുട്ടിക്ക് ഒരു മനുഷ്യമുഖം കൊടുക്കുക; എന്നാല്‍ ഴാവേറായി.
തണ്ടുവലിശ്ശിക്ഷയില്‍ക്കിടക്കുന്ന ഒരുവന്റെ ഭാര്യയായ ഒരു കൈനോട്ടക്കാരിയുടെ മകനായി ഴാവേര്‍ തടവു മുറിയില്‍ ജനിച്ചു. മുതിര്‍ന്നു വന്നപ്പോള്‍, താന്‍ സമുദായത്തില്‍ നിന്നു പുറത്തുള്ളവനാണെന്ന് അയാള്‍ മനസ്സിലാക്കി; അതിന്നുള്ളില്‍ കടക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് അയാള്‍ നിരാശനായി. പൊതു ജനസമുദായം രണ്ടു തരക്കാരെ എന്തായാലും മാപ്പു കൊടുക്കാതെ പുറത്തു തള്ളിവിടുന്നുണ്ടെന്ന് അയാള്‍ സൂക്ഷിച്ചു — അതിനെ ഉപദ്രവിക്കുവന്നവരേയും, അതിനെ രക്ഷിക്കുന്നവരേയും; ഈ രണ്ടു വര്‍ഗത്തില്‍ ഏതെങ്കിലുമൊന്നിലല്ലാതെ അയാള്‍ക്കു വേറെ നില്ക്കക്കള്ളിയുണ്ടായിരുന്നില്ല; അതോടൊപ്പംതന്നെ അയാള്‍ക്കു ഒന്നുകൂടി ബോധമുണ്ടായിരുന്നു — താന്‍ ജനിച്ചിട്ടുള്ളത് അനിര്‍വചനീയമായ ഒരു വെറുപ്പോടുകൂടി കരുതപ്പെടുന്നതും, മേലാല്‍ ഒരുവിധത്തിലും ഭേദപ്പെടുവാന്‍ നിവൃത്തിയില്ലാത്ത ഒരു തറക്കല്ലിന്മേല്‍ ഉറച്ചുനില്ക്കുന്നതുമായ തെണ്ടികളുടെ വംശത്തിലാണ്. അയാള്‍ പൊല്ലീസ്സില്‍ ചേര്‍ന്നു. അതില്‍ അയാള്‍ക്കു ജയംകിട്ടി. നാല്പതാമത്തെ വയസ്സില്‍ അയാള്‍ ഒരു ഇന്‍സ്പെക്ടരായി.
തെക്കന്‍പ്രദേശങ്ങളില്‍ തണ്ടുവലിശ്ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികള്‍ക്കുള്ള താമസസ്ഥലങ്ങളിലാണ് അയാള്‍ ചെറുപ്പത്തില്‍ നിയമിക്കപ്പെട്ടിരുന്നത്.
ഇവിടുന്നങ്ങോട്ടു കടക്കുന്നതിനു മുന്‍പായി, ഞങ്ങള്‍ ഴാവേറെപ്പറ്റി പറയുമ്പോള്‍ ഉപയോഗിച്ച ‘മനുഷ്യമുഖം’ എന്ന വാക്കിന്റെ ഉദ്ദിഷ്ടാര്‍ത്ഥം നമുക്കന്യോന്യം മനസ്സിലാക്കുക.
ഴാവേറുടെ മനുഷ്യമുഖത്തില്‍ ഒരു പരന്ന മൂക്കും ആഴമുള്ള രണ്ടു ദ്വാരങ്ങളും ആ ദ്വാരങ്ങളുടെ നേര്‍ക്കു കവിള്‍ത്തടങ്ങളിലൂടെ കയറിച്ചെല്ലുന്ന രണ്ടു കൂറ്റന്‍ കവിള്‍മീശകളും അടങ്ങിയിരിക്കുന്നു. ഈ രണ്ടു കാടുകളും ആ ഗുഹകളും ഒന്നാമതായി കാണുന്ന ആരും ഒന്നു ചുളുങ്ങിപ്പോവും. ഴാവേര്‍ ചിരിക്കുന്ന സമയത്ത് — അയാളുടെ ചിരി വളരെ അപൂര്‍വവും ഭയങ്കരവുമായിരുന്നു — അയാളുടെ വീതി കുറഞ്ഞ ചുണ്ടുകള്‍ അകന്നു പല്ലുകളെ മാത്രമല്ല നൊണ്ണുകളെക്കൂടിയും പുറത്തു കാണിക്കും; എന്നല്ല, അയാളുടെ മൂക്കിനു ചുറ്റും, കാട്ടുമൃഗത്തിന്റെ മോന്തയിലെന്നപോലെ, പരപ്പുകൂടിയതും കണ്ടാല്‍ ഭയം തോന്നുന്നതുമായ ഒരു മടക്കുകയറും. ഗൗരവഭാവത്തിലുള്ള ഴാവേര്‍ ഒരു വീട്ടുകാവല്‍നായയാണ്; ചിരിക്കുമ്പോള്‍, അയാള്‍ ഒരു നരിതന്നെ. ബാക്കി ഭാഗങ്ങളെപ്പറ്റിയാണെങ്കില്‍, തലയോട് അയാള്‍ക്കു വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളു; ഒരുപടി താടിയെല്ലുണ്ട്; അയാളുടെ തലമുടി നെറ്റി മുഴുവനും മറച്ച് പുരികങ്ങളുടെ മീതെ വീണുകിടക്കുന്നു; ദേഷ്യത്തിന്റെ ഒരു മുദ്രപോലെ അയാളുടെ രണ്ടു കണ്ണിനുമിടയില്‍ സ്ഥിരവും സര്‍വദാ കേന്ദ്രസ്ഥവുമായ ഒരു ചുളുക്കുണ്ട്; അയാളുടെ നോട്ടം അസ്പഷ്ടമത്രേ; അയാളുടെ വായമടക്കുഞെറിയുള്ളതും ഭയങ്കരവുമായിരുന്നു; അയാളുടെ മുഖഭാവം ക്രൂരത കൂടിയ ഭരണശക്തിയുടേതാണ്.
ഈ മനുഷ്യനില്‍ സാധാരണസ്ഥിതിക്കു വളരെ നല്ലവയും വളരെ ഒതുങ്ങിയവയുമായ രണ്ടു മനോവൃത്തികള്‍ ഉള്‍പ്പെട്ടിരുന്നു; പക്ഷേ, അയാള്‍ അവയെ വലുപ്പം വെപ്പിച്ചു വെപ്പിച്ചു ചീത്തയാക്കി കലാശിപ്പിച്ചു — അധികാരശക്തിയോടുള്ള ബഹുമാനവും, രാജ്യദ്രോഹത്തോടുള്ള വെറുപ്പും; എന്നല്ല, അയാളുടെ ദൃഷ്ടിക്കു കൊലപാതകം, തട്ടിപ്പറി, ദുഷ്പ്രവൃത്തികളെല്ലാം, രാജ്യദ്രോഹത്തിന്റെ ഓരോ രൂപഭേദമാണ്, രാജ്യഭരണത്തില്‍ അധികാരപ്പെട്ട ആരെയും, പ്രധാനമന്ത്രി മുതല്‍ നാട്ടുപുറത്തുള്ള പൊല്ലീസ്സുകാരന്‍വരെ എല്ലാവരേയും, തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഒരഗാധവിശ്വാസത്തില്‍ പൊതിഞ്ഞിട്ടേ അയാള്‍ കാണാറുള്ളൂ. ദുഷ്പ്രവൃത്തിയുടെ ഉമ്മറത്തേക്ക് ഒരിക്കല്‍ കാല്‍ വെച്ചിട്ടുള്ള ഏതൊരാളെയും അയാള്‍ പരിഹാസംകൊണ്ടും വെറുപ്പുകൊണ്ടും അറപ്പുകൊണ്ടും മൂടിക്കളയും. അയാള്‍ കേവലസ്വരൂപനാണ്; വ്യത്യസ്തതകളെ അയാള്‍ കൈക്കൊള്ളില്ല. ഒരു ഭാഗത്തേക്ക് ചാഞ്ഞ് അയാള്‍ പറയും, ‘ഉദ്യോഗസ്ഥന്നു തെറ്റു വരാന്‍ വയ്യാ; മജിസ്ട്രേട്ടിന് ഒരിക്കലും അബദ്ധം പറ്റില്ല.’ മറ്റേ ഭാഗത്തെപ്പറ്റി അയാള്‍ ഇങ്ങനെ പറയും; ‘ഈ മനുഷ്യര്‍ ഇനി ഒരിക്കലും നേരെയാവില്ല. ഇവരെക്കൊണ്ടു യാതൊരു ഗുണവും ഉണ്ടാവാന്‍ വയ്യാ.’ മനുഷ്യനിയമത്തില്‍ പിശാചുകളെ ഉണ്ടാക്കിത്തീര്‍ക്കാന്‍, അഥവാ വായനക്കാര്‍ക്ക് ഇങ്ങനെ പറയുന്നതാണ് ഇഷ്ടമെങ്കില്‍, പിശാചുകളുണ്ടെന്ന് പ്രമാണപ്പെടുത്തുവാന്‍, എന്തോ ശക്തി കൊടുത്തിട്ടുള്ളവരും സമുദായത്തിന്റെ അടിയില്‍ ഒരു വിട്ടൊഴിച്ചിലില്ലാത്ത ദേവതയെ പ്രതിഷ്ഠിക്കുന്നവരുമായ അത്തരം ‘മറുകണ്ടംചാടി’ തത്ത്വജ്ഞാനികളുടെ അഭിപ്രായത്തോട് അയാള്‍ തികച്ചും പങ്കുകൊണ്ടിരുന്നു. അയാള്‍ ആര്‍ദ്രതയില്ലാത്തവനും ഗൗരവക്കാരനും നിഷ്ഠുരസ്വഭാവനുമായിരുന്നു; അയാള്‍ ദുഃഖശീലനായ ഒരാലോചനക്കാരനാണ്; മതഭ്രാന്തന്മാരെപ്പോലെ അയാള്‍ വിനീതനുമാണ്, അഹംഭാവിയുമാണ്. അയാളുടെ നോട്ടം തുരപ്പനുളിപോലെ ഉറപ്പുള്ളതും തുളഞ്ഞുകേറുന്നതുമത്രേ. അയാളുടെ ജീവിതം മുഴുവനും ഈ രണ്ടുവാക്കിന്മേല്‍ ഞാന്നു കിടക്കുന്നു; ഉണര്‍ച്ചയും മേല്‍ നോട്ടവും. ലോകത്തില്‍വെച്ച് ഏറ്റവും വളവുള്ള ഒന്നിന് അയാള്‍ ഒരു നേര്‍വര ഏര്‍പ്പെടുത്തി; തന്നെക്കൊണ്ടുള്ള പ്രയോജനത്തിന്റെ യഥാര്‍ഥബോധവും, തന്റെ പ്രവൃത്തികളെസ്സംബന്ധിച്ചുള്ള ധര്‍മശാസ്ത്രസിദ്ധാന്തവും അയാള്‍ക്കുണ്ടായിരുന്നു; മറ്റുള്ളവര്‍ മതാചാര്യന്മാരാകുന്നപോലെ, അയാള്‍ ഒരൊറ്റുകാരനായി. ഹാ, ആ മനുഷ്യന്റെ കൈയില്‍പ്പെടുന്നവരുടെ ദുര്‍ദ്ദശ! തടവില്‍നിന്നു ചാടിപ്പോന്നിരുന്നുവെങ്കില്‍ സ്വന്തം അച്ഛനെകൂടി അയാള്‍ പിടിച്ചു ബന്ധിക്കും; അരുതാത്തതു ചെയ്തിരുന്നുവെങ്കില്‍ അമ്മയ്ക്കും അയാള്‍ ഭ്രഷ്ടു പറയും. എന്നല്ല, സര്‍ക്കര്‍മം ചെയ്തിരുന്നുവെങ്കില്‍ അമ്മയ്ക്കും അയാള്‍ ഭ്രഷ്ടു പറയും. എന്നല്ല, സല്‍ക്കര്‍മം ചെയ്താലത്തെ മനസ്സന്തോഷത്തോടുകൂടി അയാള്‍ അതു പ്രവര്‍ത്തിക്കുകയും ചെയ്യും. ആകപ്പാടെ ഒരു വിട്ടൊഴിച്ചിലില്ലാതെ അരിഷ്ടുകൊണ്ടും ഏകാന്തസ്ഥിതികൊണ്ടും സര്‍വനിഷേധംകൊണ്ടും ചാരിത്ര്യംകൊണ്ടും നിറഞ്ഞുകിടക്കുന്ന ഒരു ജീവിതം. അതു ശമനം കിട്ടാത്ത ധര്‍മഗതിയായിരുന്നു; ദയയില്ലാത്ത ഒരു പിടികൂടാന്‍ നില്‍ക്കല്‍, ക്രൂരതരമായ ഒരു സത്യശീലം, വെണ്ണക്കല്ലുകൊണ്ടുള്ള ഒരന്യായക്കാരന്‍ — സ്പാര്‍ട്ടക്കാര്‍ക്ക് സ്പാര്‍ട്ട അറിയാവുന്നതുപോലെ, ഇത് എന്താണെന്നു പൊല്ലീസ്സുകാര്‍ക്കറിയാം.
ഉറ്റുനോക്കുകയും മറ്റുള്ളവരുടെ നോട്ടത്തില്‍ നിന്നു ഒഴിഞ്ഞു നില്ക്കുകയും ചെയ്യുന്ന ഒരാളുടെ മട്ടു മുഴുവനും കാണിക്കുന്നതാണ് ഴാവേറുടെ ആകൃതി. അക്കാലത്തു മുന്തിനില്ക്കുന്ന പത്രങ്ങള്‍ എന്നു വിഭജിക്കപ്പെടുന്ന ആവക സാധനങ്ങളെ മഹത്തരമായ ജഗദുല്‍പത്തി ചരിത്രം കൊണ്ടു രസം പിടിപ്പിച്ചിരുന്ന ജോസഫ് ദ്മെസ്തരുടെ ഗോപനപ്രിയന്മാരായ അനുഗാമികള്‍ ഴാവേറെ ഒരു മാതൃകാപുരുഷനെന്നു ഘോഷിക്കുവാന്‍ ഒരിക്കലും വിട്ടുപോകയില്ല. അയാളുടെ നെറ്റിത്തടം കാണുകയില്ല; അതു തൊപ്പിയുടെ ഉള്ളില്‍ മറഞ്ഞിരിക്കും; അയാളുടെ കണ്ണുകള്‍ കാണുകയില്ല; അതുകള്‍ പുരികങ്ങല്‍ക്കുള്ളില്‍ ഒളിച്ചുകിടക്കുന്നു; അയാളുടെ കവിള്‍ത്തടങ്ങള്‍ കാണുകയില്ല; അവ അയാളുടെ കണ്ഠവസ്ത്രത്തില്‍ താഴ്ന്നിറങ്ങിനില്ക്കുന്നു. അയാളുടെ കൈത്തലങ്ങള്‍ കാണുകയില്ല; അവ അയാളുടെ കുപ്പായക്കൈകളിലേക്ക് വലിഞ്ഞിട്ടാണ്; അയാളുടെ ചൂരല്‍വടിയും കാണുകയില്ല; അതിനെ അയാള്‍ പുറംകുപ്പായത്തിനുള്ളില്‍പ്പിടിച്ചേ കൊണ്ടു നടക്കു. പക്ഷേ, ആ വേണ്ട സമയം വന്നാല്‍, ഒരു പതിയിരുപ്പുസ്ഥലത്തു നിന്നെന്നപോലെ ഈ ഇരുട്ടിനിടയില്‍ നിന്നൊക്കെക്കൂടി, ഒരു ഞോടിയിടകൊണ്ടു വീതി കുറഞ്ഞു കൂര്‍ത്ത ഒരു നെറ്റിയും, അപകടംപിടിച്ച ഒരു നോട്ടവും ഭയപ്പെടുത്തുന്ന ഒരു കവിളും, പോത്തന്‍ കൈകളും, ഒരു രാക്ഷസന്നു ചേര്‍ന്ന പൊന്തന്‍വടിയും പുറത്തു ചാടുന്നതു കാണാം.
ഇടയുള്ള സമയങ്ങളില്‍ — പക്ഷേ, അതത്രയേറെ ഉണ്ടാകാറില്ല — പുസ്തകത്തോടു വെറുപ്പാണെങ്കിലും, അയാള്‍ വായിക്കും; ഇതുകാരണം അയാള്‍ തീരേ അക്ഷരജ്ഞനല്ലായ്കയില്ല. സംഭാഷണത്തില്‍ അവിടവിടെയുള്ള ചില ഉച്ചാരണത്തിന്റെ ദൃഢതകൊണ്ട് ഇതു മനസ്സിലാക്കാം.
ഞങ്ങള്‍ പറഞ്ഞതുപോലെ, അയാള്‍ക്കു ദുഃസ്വഭാവങ്ങളില്ല. തന്നെപ്പറ്റി അയാള്‍ക്കു സന്തോഷം തോന്നുന്ന സമയങ്ങളില്‍, അയാള്‍ ഒരു കുത്തു പുകയിലപ്പൊടി എടുത്തു വലിക്കാറുണ്ട്. അതിലാണ് അയാള്‍ക്കു മനുഷ്യലോകവുമായുള്ള സംബന്ധം കിടക്കുന്നത്.
നീതിന്യായഭരണത്തിനുള്ള മന്ത്രിസഭയില്‍നിന്നു കൊല്ലംതോറും പുറത്തിറക്കുന്ന സ്ഥിതിവിവരപട്ടിക സ്വന്തം നിയമഭാഷയില്‍ ‘തെമ്മാടികള്‍’ എന്നു നാമകരണം ചെയ്തുവിടുന്ന ആ ഒരു വര്‍ഗത്തിനു ഴാവേര്‍ ഒരു ‘ഇമ്പാച്ചി’യാണെന്നുള്ളതു വായനക്കാര്‍ക്കു മനസ്സിലാക്കുവാന്‍ വലിയ ഞെരുക്കമില്ല. ഴാവേര്‍ എന്ന പേര്‍ പറഞ്ഞുകേട്ടാല്‍ മതി, അവരൊക്കെ കുതികുതിച്ചു; ഴാവേറുടെ മുഖം കണ്ടാല്‍ത്തീര്‍ന്നു, അവരൊക്കെ മരവിച്ചു.
ഇങ്ങനെയായിരുന്നു ആ ഭയങ്കരമനുഷ്യന്‍.
മൊസ്സ്യു മദലിയെന്റെ മേല്‍ എപ്പോഴും പതിഞ്ഞുനില്ക്കുന്ന ഒരു ദൃഷ്ടി പോലെയായിരുന്നു ഴാവേര്‍; സംശയം കൊണ്ടും ഊഹങ്ങളെക്കൊണ്ടും നിറഞ്ഞ ഒരു കണ്ണ്. മൊസ്സ്യു മദലിയെന്‍ ഒടുവില്‍ ഈ ഒരു വാസ്തവം മനസ്സിലാക്കി; പക്ഷേ, അതയാള്‍ അത്ര സാരമായി കരുതിയിരുന്നില്ലെന്നു തോന്നുന്നു. അയാള്‍ ഴാവേറോട് എന്തെങ്കിലും ഒന്നു ചോദിക്കുക കൂടി ചെയ്തിട്ടില്ല; അയാള്‍ ഴാവേറെ അന്വേഷിക്കുകയാവട്ടേ, ഒഴിഞ്ഞു മാറുകയാവട്ടേ ചെയ്തില്ല. പരിഭ്രമിപ്പിക്കുന്നതും ഏതാണ്ട് അസുഖപ്പെടുത്തുന്നതുമായ ഒരു നോട്ടം — എന്നാല്‍ അതയാള്‍ അറിഞ്ഞിട്ടാണെന്നു ലേശമെങ്കിലും തോന്നിയിരുന്നില്ല — അയാളില്‍ പ്രത്യക്ഷീഭവിക്കും. അയാള്‍ ഴാവേറോടു ഭൂമിയില്‍ മറ്റുള്ളവരോടെല്ലാമെന്ന പോലെ, സസുഖമായും സമര്യാദമായും പെരുമാറി.
തന്റെ വര്‍ഗത്തിനുള്ളതും സ്വതവേ ഉള്ള ബുദ്ധിവിശേഷത്തോടു മനസ്സും കൂടിച്ചേര്‍ന്നുണ്ടാകുന്നതുമായ അത്തരം ഉല്‍ക്കണ്ഠയോടുകൂടി, താന്‍ മൊസ്സ്യു മദലിയെന്റെ പൂര്‍വചരിതത്തിന്റെ ചവിട്ടടികള്‍ മുഴുവനും ഗൂഢമായി കണ്ടുപിടിച്ചിട്ടുണ്ടെന്നു ഴാവേറുടെ മുഖത്തു നിന്നുതന്നെ വീണുപോയ ചില വാക്കുകള്‍ നിമിത്തം ഊഹിക്കപ്പെട്ടു. ഏതോ രാജ്യത്ത് അപ്പോള്‍ കുറ്റിയറ്റുപോയ ഒരു കുടുംബം ഉണ്ടായിരുന്നതിനെപ്പറ്റി ചില വിവരങ്ങല്‍ ഒരാള്‍ പതുങ്ങി നോക്കിയിട്ടുണ്ടെന്ന് അയാള്‍ അറിഞ്ഞതായിത്തോന്നി; അയാള്‍ ആവിധം ഗൂഢഭാഷയില്‍ സംസാരിക്കയും ചെയ്തു. മനോരാജ്യം വിചാരിക്കുന്നതിന്നിടയില്‍, സംഗതിവശാല്‍ അയാള്‍ പറഞ്ഞു: ‘ആ മനുഷ്യന്‍ എന്റെ കൈയിലായി എന്നു തോന്നുന്നു.’ പിന്നെ ഒരു മൂന്നു ദിവസത്തിന് അയാള്‍ ആലോചിക്കുകതന്നെയായിരുന്നു; ഒരക്ഷരവും മിണ്ടിയിട്ടില്ല. അയാള്‍ക്കു കിട്ടി എന്നു തോന്നിയ പിടിവള്ളി എങ്ങനെയോ മുറിഞ്ഞുപോയപോലെയിരുന്നു.
ഇതിനു പുറമെ ചില വാക്കുകളില്‍ നിന്നു തോന്നിപ്പോകാവുന്ന കേവലാര്‍ഥം കൊണ്ടുള്ള അപകടം തീര്‍ക്കുവാന്‍ ഈ പറയുന്നതാവശ്യവുമാണ് — ഒരു മനുഷ്യനിലും തീരെ തെറ്റിപ്പോകയില്ലെന്നുള്ള ഒന്നുണ്ടാവാന്‍ വയ്യാ; എന്നല്ല, മൃഗസാധാരണമായ പ്രകൃതിബോധത്തിന് ഒരു സവിശേഷതയുണ്ട് — അത് ഇടയ്ക്കുവെച്ചു കെട്ടിമറിഞ്ഞുപോകും; പോകേണ്ട വഴിയില്‍നിന്നു പുറത്തേക്കു തെള്ളിപ്പോവും; പരാജയപ്പെട്ടേക്കും; ഇല്ലെങ്കില്‍ അതു വിശേഷബുദ്ധിയേക്കാള്‍ ഉല്‍കൃഷ്ടമാവുമല്ലോ; മൃഗത്തിനു മനുഷ്യനേക്കാള്‍ അറിവുള്ളതായി കണ്ടേനേ.
മൊസ്സ്യു മദലിയെന്റെ തികഞ്ഞ മനസ്സ്വാസ്ഥ്യവും കൂസലില്ലായ്മയും ഴാവേറെ ഏതാണ്ടു വ്യക്തമായി പരിഭ്രമിപ്പിച്ചു.
എന്തായാലും ഒരു ദിവസം ഴാവേറുടെ അഭൂതപൂര്‍വമായ ഒരു ഭാവഭേദം മൊസ്സ്യു മദലിയെന്ന് ഒന്നുള്ളില്‍ക്കൊണ്ടു. അത് ഈ പറയുന്ന സന്ദര്‍ഭത്തിലാണ്.
ഫാദര്‍ ഫൂഷല്‍വാങ്
ഒരു ദിവസം രാവിലെ മൊസ്സ്യു മദലിയെന്‍ എം. പട്ടണത്തിലെ കല്‍വിരിപ്പില്ലാത്ത ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു; അയാള്‍ ഒരു ശബ്ദം കേട്ടു; കുറേ അകലെയായി ഒരാള്‍ക്കൂട്ടം കൂടിയിരിക്കുന്നതു കണ്ടു. അയാള്‍ അടുത്തു ചെന്നു. ഫാദര്‍ ഫൂഷല്‍വാങ് എന്നു പേരായ ഒരു വയസ്സന്‍ വണ്ടിക്കു ചുവട്ടില്‍ വീണു കിടക്കുന്നു; ആ മനുഷ്യന്റെ കുതിര കാല്‍തെറ്റി മറിഞ്ഞുപോയി.
ഈ ഫൂഷല്‍വാങാകട്ടേ, മൊസ്സ്യു മദലിയെന്ന് അക്കാലത്തുണ്ടായിരുന്ന ചില വിരോധികളുടെ കൂട്ടത്തില്‍ ഒരാളാണ്. ഏതാണ്ടൊക്കെ വിദ്യാഭ്യാസമുള്ള ഒരു കൃഷീവലനായിരുന്ന ഫൂഷല്‍ വാങ്, മദലിയെന്‍ ആ പ്രദേശത്തു വന്ന കാലത്ത്, ആധാരം സാക്ഷിപ്പെടുത്തുന്ന തന്റെ ഉദ്യോഗം പോയി, തകരാറാകാന്‍ തുടങ്ങുന്ന ഒരു പ്രവൃത്തി പതുക്കെ കൊണ്ടുനടക്കുകയായിരുന്നു. വക്കീലായിരുന്ന താന്‍ നശിച്ച് അപകടത്തിലാവാന്‍ നില്ക്കുമ്പോള്‍, ഈ ഒരു വെറും കൂലിക്കാരന്‍ കടന്നു ധനവാനാകാന്‍ പോകുന്നത് അയാള്‍ കണ്ടു. അയാള്‍ക്ക് അസൂയ കലശലായി; തരംകിട്ടിയേടത്തെല്ലാം അയാള്‍ മദലിയെനെ ഉപദ്രവിക്കാന്‍ കഴിയുന്നതൊക്കെ പ്രവര്‍ത്തിച്ചു. ഒടുവില്‍ കടത്തില്‍ മുങ്ങി; ഒരു വണ്ടിയും ഒരു കുതിരയുമല്ലാതെ, കുടുംബമോ കരികളോ ഒന്നും ബാക്കിയില്ലാതായി; അയാള്‍ ഒരു വണ്ടിക്കാരനായി.
കുതിരയുടെ രണ്ടു കാലും മുറിഞ്ഞു: അതിന്നെണീയ്ക്കുവാന്‍ വയ്യാ. ആ വയസ്സന്‍ ചക്രത്തിന്നുള്ളില്‍പ്പെട്ടു. വണ്ടിയുടെ കനം മുഴുവനും നെഞ്ഞത്തമരത്തക്കവണ്ണം, അങ്ങനെ ഒരു ഭാഗ്യംകെട്ടതായിരുന്നു ആ വീഴ്ച. വണ്ടിയില്‍ ഞെരുങ്ങെ സാമാനവുമുണ്ട്. അത്യധികം ദയനീയമായവിധത്തില്‍ ഫാദര്‍ ഫൂഷല്‍വാങ് കിടന്നു ഞെരങ്ങുന്നു. അയാളെ ആ അപകടത്തില്‍ നിന്നു വലിച്ചെടുക്കാന്‍ ആളുകള്‍ യത്നിച്ചു; പക്ഷേ, പറ്റിയില്ല. വേണ്ടപോലല്ലാതെ ഒന്നു പിടിച്ചാല്‍, കഥയില്ലാതെ ഒരു സഹായിച്ചുപോയാല്‍, തകരാറായിട്ട് ഒന്നനക്കിയാല്‍, തീര്‍ന്നു — അയാള്‍ മരിക്കും. ചക്രം അയാളുടെ മേല്‍നിന്നു പൊന്തിക്കുകയല്ലാതെ, ആ മനുഷ്യനെ ആ അപകടക്കിടപ്പില്‍ നിന്നു മാറ്റുവാന്‍ നിര്‍വാഹമില്ല. ആ സംഭവം ഉണ്ടായ ഉടനെ അവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഴാവേര്‍ യന്ത്രത്തിരിപ്പാണിക്ക് ആളെ അയച്ചു.
മൊസ്സ്യു മദയിലെന്‍ വന്നു. ആളുകള്‍ ബഹുമാനപൂര്‍വം വാങ്ങിനിന്നു.
‘രക്ഷിക്കണേ!’ വയസ്സന്‍ ഫൂഷല്‍വാങ് നിലവിളിച്ചു. ‘ഈ വയസ്സനെ ഒന്നു രക്ഷപ്പെടുത്തിത്തരാന്‍ ആരുണ്ട്?’
മൊസ്സ്യു മദലിയെന്‍ അവിടെ കൂടിയിട്ടുള്ളവരെ നോക്കി പറഞ്ഞു: ‘ഒരു യന്ത്രത്തിരിപ്പാണി കിട്ടാന്‍ തരമുണ്ടോ?’
‘ആളെ അയച്ചിട്ടുണ്ട്.’ ഒരുത്തന്‍ മറുപടി പറഞ്ഞു.
‘അതു കിട്ടാന്‍ എത്രകണ്ടു താമസിക്കും?’
‘അടുത്തു ലാടപ്പുരയുണ്ട്; അങ്ങോട്ടാണ് ആള്‍ പോയിട്ടുള്ളത്; പക്ഷേ, അതു കൊണ്ട് കാര്യമില്ല; നല്ലവണ്ണം ഒരു കാല്‍മണിക്കൂറു പിടിക്കും.’
‘ഒരു കാല്‍മണിക്കൂര്‍!’ മദലിയെന്‍ ഉച്ചത്തില്‍ പറഞ്ഞു.
തലേദിവസം രാത്രി മഴ പെയ്തിരുന്നു: നിലം ചളിക്കെട്ടിയിരിക്കുന്നു. ഓരോ നിമിഷവും വണ്ടി കീഴ്പോട്ടു താഴ്ന്നു പോകുന്നു; ആ വയസ്സനായ വണ്ടിക്കാരന്റെ മാറിടത്തെ അതു പിന്നേയും പിന്നേയും അമര്‍ത്തിച്ചതയ്ക്കുന്നു. അഞ്ചു മിനുട്ടുകൂടി കഴിഞ്ഞാല്‍ അയാളുടെ വാരിയെല്ലു പൊട്ടിത്തകരുമെന്നു കണ്ടാലറിയാം.
‘കാല്‍ മണിക്കൂര്‍ നേരം താമസിക്കുവാന്‍ നിവൃത്തിയില്ല.’ മദലിയെന്‍ തന്നെ തുറിച്ചുനോക്കിയിരുന്ന തറക്കാരോടു പറഞ്ഞു.
‘അതു വേണം!’
‘പക്ഷേ, അപ്പോഴേക്കും കഥ കഴിയുമല്ലോ! വണ്ടി താഴത്തേക്കിരുത്തുന്നതു കണ്ടില്ലേ?’
‘അതു ശരി!’
‘കേള്‍ക്കൂ,’ മദലിയെന്‍ തുടര്‍ന്നു പറഞ്ഞു: ‘ഒരാള്‍ക്കു കഷ്ടിച്ചു നീന്തിക്കിടന്നു പുറംകൊണ്ടു പൊക്കുവാന്‍ വേണ്ട സ്ഥലം വണ്ടിക്കു ചുവട്ടിലുണ്ട്. ഒരര നിമിഷമേ വേണ്ടു, ആ സാധുമനുഷ്യനെ വലിച്ചു പുറത്തേക്കെടുക്കാം; ശരീരത്തിനും മനസ്സിനും നല്ല കരുത്തുള്ള വല്ലവരും ഈ കൂട്ടത്തിലുണ്ടോ? അഞ്ചു സ്വര്‍ണനാണ്യം സമ്പാദിക്കാം.’
ആ കൂട്ടത്തില്‍ ഒരാളും അനങ്ങിയില്ല.
‘പത്തു ലൂയി[1] നാണ്യം.’
അവിടെയുള്ളവരുടെ ദൃഷ്ടികള്‍ കീഴ്പോട്ടു തൂങ്ങി. ഒരുത്തന്‍ മന്ത്രിച്ചു: ‘അതിനു പിശാചിന്റെ ശക്തിയുള്ള ആള്‍ വേണം. എന്നല്ല ചതഞ്ഞുപോവാന്‍ ഒരുങ്ങുകയാണുതാനും.’
‘ആട്ടെ.’ മദലിയെന്‍ പിന്നേയും പറഞ്ഞു, ‘ഇരുപത്.’
ആ നിശ്ശബ്ദത തന്നെ.
‘വേണം എന്നു തോന്നായ്കയല്ല,’ ഒരു ശബ്ദം ഉച്ചരിച്ചു.
മൊസ്സ്യു മദലിയെന്‍ തിരിഞ്ഞുനോക്കി; ഴാവേറെ കണ്ടു. വന്ന സമയത്ത് അയാള്‍ ആ മനുഷ്യനെ സൂക്ഷിച്ചിരുന്നില്ല.
ഴാവേര്‍ തുടര്‍ന്നു പറഞ്ഞു: ‘അതു ശരീരത്തിന്റെ ശക്തി, ഇങ്ങനെയുള്ള ഒരു വണ്ടി നടുപ്പുറം കൊണ്ടു പൊക്കിപ്പിടിക്കണമെങ്കില്‍, അതു ചെയ്യുന്ന ആള്‍ ഒരു വല്ലാത്താളായിരിക്കണം.’
‘ഉടനെ അയാള്‍ മൊസ്സ്യു മദലിയെന്നു നേരെ സൂക്ഷിച്ചുനോക്കി, ഓരോ വാക്കും ഉറപ്പിച്ചുകൊണ്ട് ഇങ്ങനെ തുടര്‍ന്നു പറഞ്ഞു: ‘മൊസ്സ്യു മദലിയെന്‍, നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ചെയ്യാന്‍ സാധിക്കുന്നവനായി ഒരാളെ മാത്രമേ ഞാനറിയൂ.’
മദലിയെന്‍ വിറച്ചു.
ഒരുദാസീനഭാവത്തോടുകൂടി, പക്ഷേ, മദലിയെന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ, ഴാവേര്‍ തുടര്‍ന്നു പറഞ്ഞു: ‘ആ മനുഷ്യന്‍ ഒരു തടവുപുള്ളിയായിരുന്നു.’
‘ആഹാ!’ മദലിയെന്റെ മുഖത്തു നിന്നു പുറപ്പെട്ടു.
‘തൂലോങ്ങിലെ തണ്ടുവലിശ്ശിക്ഷസ്ഥലത്തായിരുന്നു ആ മനുഷ്യന്‍.’
മദലിയെന്‍ വിളര്‍ത്തു.
ഈയിടയ്ക്കു വണ്ടി പതുക്കെ കീഴ്പോട്ടിരുത്തുന്നുണ്ട്. ഫാദര്‍ ഫൂഷല്‍വാങ്ങിന്റെ തൊണ്ട കിരുകിരുത്തു; അയാള്‍ നിലവിളിച്ചു: ‘എന്റെ കഴുത്തു ഞെരുങ്ങി ഞാനിതാ ചാവുന്നു. എന്റെ വാരിയെല്ലുകള്‍ തകരുന്നു. ഒരു യന്ത്രത്തിരിപ്പാണി! എന്തെങ്കിലും ഒന്ന് ആവൂ!’
മദലിയെന്‍ ചുറ്റും നോക്കി. ‘അപ്പോള്‍, ഇരുപതു ലൂയിനാണ്യം സമ്പാദിച്ചും കൊണ്ട്, ഈ സാധുവയസ്സന്റെ ജീവനെ രക്ഷിക്കുവാന്‍ ഇഷടമുള്ള ഒരാളും ഇല്ലെന്നോ?’
ആരും അനങ്ങിയില്ല. ഴാവേര്‍ തുടര്‍ന്നു പറഞ്ഞു: ‘ഒരു യന്ത്രത്തിരിപ്പാണിയുടെ സ്ഥാനമെടുക്കാന്‍ സാധിക്കുന്നവനായി ഒരാളെ മാത്രമേ ഞാനറിയൂ; അത് ആതടവുപുള്ളിയാണ്.’
‘അയ്യോ! എന്നെ ചതയ്ക്കുന്നു!’ ആ വയസ്സന്‍ കരഞ്ഞു.
മദലിയെന്‍ തലയുയര്‍ത്തി; കഴുകിന്റേതു പോലുള്ള ഴാവേറുടെ ദൃഷ്ടി തന്റെ മേല്‍ അപ്പോഴും പതിഞ്ഞു നില്ക്കുന്നത് അയാള്‍ കണ്ടു; അനങ്ങാതെ നില്ക്കുന്ന തറക്കാരെ നോക്കി; അയാള്‍ വ്യസനപൂര്‍വം പുഞ്ചിരിക്കൊണ്ടു. എന്നിട്ട്, ഒരക്ഷരവും പിന്നെ മിണ്ടാതെ, മുട്ടുകുത്തി ആള്‍ക്കൂട്ടത്തിന് ഒന്നു നിലവിളിക്കാന്‍ കൂടി ഇട കിട്ടുന്നതിനു മുന്‍പ്, അയാള്‍ ആ വാഹനത്തിനു ചുവട്ടില്‍ അമര്‍ന്നു.
ഭയങ്കരമായ ഒരു നിമിഷനേരത്തെ ഉള്‍ക്കണ്ഠയും നിശ്ശബ്ദതയുമുണ്ടായി.
ആ ഭയങ്കരമായ ഭാരത്തിനു ചുവട്ടില്‍ ഏതാണ്ടു മാറടച്ചു കിടന്നു. മദലിയെന്‍ തന്റെ കാല്‍മുട്ടുകളേയും കൈമുട്ടുകളേയും ഒരുമിപ്പിക്കുവാന്‍ വെറുതേ രണ്ടു തവണ യത്നിക്കുന്നത് ആളുകള്‍ കണ്ടു. അവര്‍ അയാളോട് ഉച്ചത്തില്‍ പറഞ്ഞു: ‘ഫാദര്‍ മദലിയെന്‍, ഇങ്ങോട്ടു പോരൂ!’ ആ വയസ്സന്‍, ഫൂഷല്‍വാങ് തന്നെ അയാളോടു പറഞ്ഞു: ‘മൊസ്സ്യു മദലിയന്‍, പോയ്കോളൂ! ഞാന്‍ ചാവാന്‍ പോവുകയാണെന്നു കണ്ടുവല്ലോ! എന്നെ വിട്ടേക്കൂ, നിങ്ങളേയും നിങ്ങള്‍ ചതച്ചുകളയും!’ മദലിയെന്‍ മറുപടി പറഞ്ഞില്ല.
കണ്ടുനില്ക്കുന്നവരെല്ലാം കിതച്ചു തുടങ്ങി. ചക്രങ്ങള്‍ പിന്നേയും കീഴ്പോട്ടിരുത്തുകയാണ്; ചക്രങ്ങള്‍ ചാലുകളില്‍ നിന്നു പകുതി പൊന്തി. ശ്വാസം മുട്ടിക്കൊണ്ടുള്ള ഒരു ശബ്ദം നിലവിളിക്കുന്നതു കേട്ടു. ‘വേഗം വരൂ! സഹായിക്കണേ! അതു മദലിയെനായിരുന്നു. അയാള്‍ അതാ ഒടുവിലത്തെ കൈ എടുത്തുനോക്കി. ആളുകള്‍ മുന്‍പോട്ടു പാഞ്ഞുചെന്നു. ഒരൊറ്റ മനുഷ്യന്റെ ശ്രദ്ധ എല്ലാവര്‍ക്കും ശക്തിയും ധൈര്യവും കൊടുത്തു. പത്തിരുപതു പേര്‍കൂടി വണ്ടി നീക്കി. വയസ്സന്‍ ഫൂഷല്‍വാങ് രക്ഷപ്പെട്ടു.
മദലിയെന്‍ എണീറ്റു. വിയര്‍പ്പ് ഇറ്റിറ്റു വീണിരുന്നുവെങ്കിലും, അയാള്‍ വിളര്‍ത്തിരുന്നു. അയാളുടെ ഉടുപ്പുകള്‍ കീറിയും ചളി പുരണ്ടുമിരുന്നു. എല്ലാവരും കരഞ്ഞു. ആ വയസ്സന്‍ അയാളുടെ കാല്‍മുട്ടുകളെ ചുംബിച്ചു; അയാളെ സംബന്ധിച്ചേടത്തോളമാണെങ്കില്‍, ദിവ്യവും സുഖപൂര്‍ണവുമായ പീഡാനുഭവത്തെ കാണിക്കുന്ന ഒരനിര്‍വചനീയമായ ഭാവവിശേഷം അയാളുടെ മുഖത്തു പ്രകാശിച്ചിരുന്നു; അപ്പോഴും തന്നെ തുറിച്ചുനോക്കിക്കൊണ്ടു നിന്നിരുന്ന ഴാവേറുടെ മേല്‍ അയാള്‍ തന്റെ ശാന്തമായ നോട്ടത്തെ പതിച്ചു.
ഫൂഷല്‍വാങ് പാരീസ്സില്‍ ഒരു തോട്ടക്കാരനാവുന്നത്
വീഴ്ചയില്‍ ഫൂഷല്‍വാങ്ങിന്റെ കാല്‍മുട്ടില്‍ ചിരട്ട തെറ്റിപ്പോയി. വ്യവസായ ശാലയുടെ എടുപ്പില്‍ത്തന്നെ ഒരു ഭാഗത്ത് അതിലെ പ്രവൃത്തിക്കാരുടെ ഉപയോഗത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള രോഗിപ്പുരയിലേക്കു മദലിയെന്‍ ആ വയസ്സനെ എടുപ്പിച്ചു കൊണ്ടുപോയി; അവിടെ കന്യകാമഠത്തിലെ രണ്ടു സ്ത്രീകള്‍ ധര്‍മമായി രോഗികളെ ശുശ്രൂഷിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ ആ വയസ്സന്‍ തന്റെ രാത്രിയിലെ ഭക്ഷണമേല്‍ത്തട്ടിനു മീതെ ആയിരം ഫ്രാങ്കിന്റെ ഒരു നോട്ടു കണ്ടു: മദലിയെന്റെ കൈയക്ഷരത്തില്‍ ഇങ്ങനെയൊരു കുറിപ്പും അതോടുകൂടിയുണ്ട്; നിങ്ങളുടെ വണ്ടിയും കുതിരയും ഞാന്‍ മേടിക്കുന്നു. വണ്ടി മുറിഞ്ഞിരിക്കുന്നു; കുതിര ചത്തും പോയി. ഫൂഷല്‍വാങ് ജീവിച്ചു; പക്ഷേ, കാല്‍മുട്ടു വെറുങ്ങലിച്ചു തന്നെ നിന്നു. മൊസ്സ്യു മദലിയെന്‍ ആ കന്യകാമഠസ്ത്രീകളുടേയും തന്റെ മതാചാര്യന്റേയും ശിപാര്‍ശയിന്മേല്‍ ആ സാധുമനുഷ്യന്നു പാരീസ്സിലുള്ള റ്യു സാങ് — അന്ത്വാങ്ങിലുള്ള കന്യകാമഠത്തില്‍ ഒരു തോട്ടക്കാരന്റെ ഉദ്യോഗം വാങ്ങിക്കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോഴേക്കു മൊസ്സ്യു മദലിയെന്‍ മെയറായി. പട്ടണത്തിലേക്കു മുഴുവന്‍ ഭരണാധികാരം കൊടുത്ത കണ്ഠവസ്ത്രത്തോടുകൂടി മൊസ്സ്യു മദലിയെനെ ഒന്നാമതായി കണ്ടപ്പോള്‍ ഴാവേര്‍ക്ക്, ഒരു വീട്ടു കാവല്‍നായയ്ക്കു തന്റെ എജമാനന്റെ ഉടുപ്പില്‍ ഒരു ചെന്നായയെ മണത്തറിഞ്ഞാല്‍ ഉണ്ടാകാവുന്ന വിധം. ഒരുതരം വിറ കയറി. അതിനു ശേഷം ഇന്‍സ്പെക്ടര്‍ അയാളെ കഴിയുന്നതും വിട്ടൊഴിയുവാന്‍ ശ്രമിച്ചു. ഉദ്യോഗസംബന്ധികളായ ആവശ്യങ്ങള്‍ ആജ്ഞയോടു കൂടി നിര്‍ബന്ധിക്കുമ്പോള്‍, മെയറെ കാണാതെയിരിപ്പാന്‍ ഒരു നിവൃത്തിയുമില്ലെന്നു വരുന്ന സമയത്ത് അയാള്‍ ഏറ്റവും ഹൃദയപൂര്‍വമായ വണക്കത്തോടു കൂടി സംസാരിക്കും.
ഫാദര്‍ മദലിയെന്‍ എം. പട്ടണത്തിന് ഉണ്ടാക്കിക്കൊടുത്ത ഈ അഭിവൃദ്ധി, ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ള സുവ്യക്തചിഹ്നങ്ങള്‍ക്കു പുറമേ, വ്യക്തമായി കാണപ്പെടാത്തതുകൊണ്ടു പ്രാധാന്യം കുറഞ്ഞുപോയിട്ടില്ലാത്ത മറ്റൊരു സംഗതിയെക്കൂടി ഉണ്ടാക്കി. ഇത് ഒരിക്കലും വഞ്ചിക്കുന്ന ഒന്നല്ല. ജനസംഖ്യ കുറഞ്ഞുപോകയും, പ്രവൃത്തി ഇല്ലാതാകയും, കച്ചവടം നശിക്കുകയും ചെയ്യുമ്പോള്‍ നികുതിക്കുടിയാന്മാര്‍ ദാരിദ്ര്യം നിമിത്തം നികുതി കൊടുക്കാതെ ശാഠ്യം പിടിച്ചു നില്ക്കുന്നു; അവര്‍ക്കു സ്വസ്ഥതയില്ലാതാകുന്നു; ഭരണാധികാരികള്‍ അവരെ നിര്‍ബന്ധിച്ചു നികുതി പിരിച്ചെടുക്കാന്‍വേണ്ടി വളരെ പണം ചെലവാക്കുന്നു. പ്രവൃത്തി ധാരാളമുണ്ടായി. രാജ്യത്തു ക്ഷേമവും അഭിവൃദ്ധിയും കൂടുമ്പോള്‍, നികുതി ക്ഷണത്തില്‍ പിരിഞ്ഞു കിട്ടുന്നു; ഭരണാധികാരികള്‍ക്കു ചെലവു വരുന്നില്ല. പൊതുജനങ്ങളുടെ അരിഷ്ടിനേയും അഭിവൃദ്ധിയേയും നോക്കിക്കണ്ട് രേഖപ്പെടുത്തുന്ന ഒരു തെറ്റുവരാത്ത യന്ത്രമാണത് — നികുതി പിരിച്ചെടുക്കുവാനുള്ള ചെലവ്. ഏഴു കൊല്ലം കൊണ്ട് എം. പട്ടണത്തിലും അതില്‍ ചേര്‍ന്ന സ്ഥലത്തും നിന്ന് നികുതി വസൂല്‍ ചെയ്‌വാനുള്ള ചെലവു നാലില്‍ മൂന്നു ഭാഗവും ചുരുങ്ങിപ്പോയി; അതിനാല്‍ അന്നത്തെ ഭണ്ഡാരവിചാരിപ്പുകാരനായ മൊസ്സ്യു ദി വിയേല്ല് ഈ ജില്ലയെപ്പറ്റി പല പ്രാവശ്യവും മറ്റുള്ളവയില്‍ നിന്ന് വേറെ എടുത്തു പ്രസ്താവിച്ചിരുന്നു.
ഫന്‍തീന്‍ മടങ്ങിച്ചെന്ന — സമയത്ത് ആ രാജ്യത്തിന്റെ നില ഇതായിരുന്നു. ആരും അവളെ ഓര്‍മിച്ചിരുന്നില്ല. ഭാഗ്യത്തിനു, മൊസ്സ്യു മദലിയെന്റെ വ്യവസായ ശാലയുടെ വാതില്‍ ഒരു സുഹൃത്തിന്റെ മുഖം പോലെയായിരുന്നു. അവള്‍ അവിടെ ചെന്നു നോക്കി; സ്ത്രീകളുടെ പണിപ്പുരയില്‍ അവള്‍ക്കും ഒരുദ്യോഗം കിട്ടി. ആ വ്യവസായം ഫന്‍തീനു തീരെ പുതിയതായിരുന്നു; അവള്‍ക്ക് അതിനു സാമര്‍ഥ്യമുണ്ടായിരുന്നില്ല; അതിനാല്‍ ഒരു ദിവസത്തെ പ്രവൃത്തികൊണ്ട് കുറച്ചു മാത്രമേ അവള്‍ക്കു സമ്പാദ്യമുണ്ടായുള്ളൂ; എങ്കിലും അതുമതി; അവളുടെ പരിഭ്രമം തീര്‍ന്നു; അവള്‍ ഉപജീവനത്തിനാവശ്യമുള്ള പ്രവൃത്തിയെടുത്തു സമ്പാദിക്കാന്‍ തുടങ്ങി.
മദാം വിക്തൂര്‍ണിയേങ് സദാചാരത്തിനുവേണ്ടി മുപ്പതു ഫ്രാങ്ക് ചെലവിടുന്നത്
തന്റെ ഉപജീവനത്തിനു വേണ്ടതു താന്‍ സമ്പാദിക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ ഫന്‍തീന്നു കുറച്ചു സമയത്തേക്ക് ഒരാഹ്ലാദം തോന്നി. സ്വന്തം പരിശ്രമം കൊണ്ട് മര്യാദയില്‍ ജീവിച്ചിരിക്കുക — ഈശ്വരന്റെ എന്തൊരു ദയ! പ്രവൃത്തിയെടുക്കുന്നതിന്റെ സ്വാദ് അവള്‍ക്ക് വീണ്ടും തോന്നിത്തുടങ്ങി. അവള്‍ ഒരു കണ്ണാടി മേടിച്ചു; തന്റെ യൗവനത്തേയും, ഭംഗിയേറിയ കുന്തളബന്ധത്തേയും, കൗതുകകരങ്ങളായ പല്ലുകളേയും അതില്‍ നോക്കിക്കാണുവാന്‍ അവള്‍ക്കുത്സാഹം തോന്നി; അവള്‍ പല സംഗതികളും മറന്നു. കൊസെത്തിനെപ്പറ്റിയും ഭാവിയെക്കുറിച്ചും മാത്രം അവള്‍ വിചാരിച്ചു; അവള്‍ക്ക് ഏതാണ്ടു സുഖം തോന്നി, പണയംവെച്ച് അവള്‍ അതിനെ അലംകൃതമാക്കി — അവളുടെ കഥയില്ലാത്ത മട്ടുകളുടെ ഒരു ചെറിയ അവശേഷം, വിവാഹം കഴിഞ്ഞവളാണെന്നു പറയാന്‍ അവള്‍ക്കു നിവൃത്തിയില്ലായിരുന്നതുകൊണ്ടു തന്റെ ചെറിയ പെണ്‍കുട്ടിയെപ്പറ്റി പുറത്തു പറയാതിരിപ്പാന്‍, നമ്മള്‍ കണ്ടതുപോലെ, അവള്‍ മനസ്സിരുത്തി. ആദ്യത്തില്‍ വായനക്കാര്‍ക്കറിവുള്ള വിധം തെനാര്‍ദിയെര്‍മാര്‍ക്കുള്ള സംഖ്യ അവള്‍ കണിശമായി അയച്ചുകൊടുത്തു. പേരെഴുതി ഒപ്പിടാന്‍ മാത്രമല്ലാതെ എഴുതുവാന്‍ വശമില്ലാത്തതുകൊണ്ട്, അവള്‍ക്കു കൂലിക്കെഴുതിക്കൊടുക്കുന്ന ഒരാളുടെ സഹായം വേണ്ടിവന്നു.
അവള്‍ പലപ്പോഴും എഴുത്തയച്ചു; ഇത് എങ്ങനെയോ കണ്ടെത്തിപ്പോയി. സ്ത്രീകളുടെ പണിമുറിയില്‍വെച്ച്, ഒരു മന്ത്രിക്കുന്ന സ്വരത്തില്‍ ഫന്‍തീന്‍ ‘എഴുത്തെഴുതുന്നു’ എന്നും, ‘അവള്‍ക്ക് ചില വിദ്യകളൊക്കെയുണ്ട്’ എന്നും സംസാരം തുടങ്ങി.
ആളുകളുടെ പ്രവൃത്തികളെപ്പറ്റി ഗൂഢമായി നോക്കിയറിയുവാന്‍ അവയുമായി യാതൊരു വിധത്തിലും സംബന്ധപ്പെടാത്തവരെപ്പോലെ മറ്റാരുമില്ല. എന്തു കൊണ്ട് അദ്ദേഹം രാത്രിയായല്ലാതെ വീട്ടില്‍ ചെല്ലുന്നില്ല? ചൊവ്വാഴ്ച ദിവസങ്ങളില്‍ എന്തുകൊണ്ടു മിസ്റ്റര്‍ ഇന്ന ആള്‍ ഒരിക്കലും തന്റെ താക്കോല്‍ ആണിയിന്മേല്‍ തൂക്കിയിടാറില്ല? എന്തുകൊണ്ടാണ് ആ അമ്മ എപ്പോഴും വീട്ടിലെത്തുന്നതിനു മുമ്പേവെച്ചു വണ്ടിയില്‍നിന്നിറങ്ങുന്നത്? ‘എഴുത്തുസാമാനങ്ങളുടെ ഒരു വലിയ ഷാപ്പു മുഴുവനും തന്നെ’ കൈയിലുള്ളപ്പോള്‍ എന്തിനായിട്ട് അവള്‍ ആറുകത്തു കടലാസ്സിനു വേണ്ടി ആളെ പറഞ്ഞയച്ചു? — അത്, ഇത് മുതലായവ. തങ്ങള്‍ക്ക് യാതൊരാവശ്യവുമില്ലാത്ത ഈവക കടങ്കഥകളുടെ മര്‍മഗുപ്തി കൈയിലാക്കാന്‍ വേണ്ടി അതുതന്നെ ധര്‍മമായിട്ടു, തങ്ങളുടെ സുഖത്തിന്നും മാത്രമായി, തങ്ങളുടെ ഉള്‍ക്കണ്ഠയ്ക്ക് ആ ഒരുല്‍ക്കണ്ഠ മാത്രമല്ലാതെ മറ്റൊന്നും പ്രതിഫലമില്ലാതെ, ഏകദേശം പത്തു നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു തീര്‍ക്കുവാന്‍ വേണ്ടതിലധികം പണം ചെലവാക്കുകയും സമയം കളയുകയും ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്‌വാന്‍ സന്നദ്ധരായ ചിലര്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട്. അവര്‍ ആ ആണിന്റേയോ ഈ പെണ്ണിന്റേയോ പിന്നാലെ വളരെ ദിവസങ്ങളോളം പാഞ്ഞു നടക്കും; തെരുവുകളുടെ മൂലയ്ക്കും ഇടവഴികളിലേക്കുള്ള വീട്ടുവാതില്ക്കലും രാത്രി തണുപ്പിലും മഴയത്തും ഒരിക്കല്‍ അസംഖ്യം മണിക്കൂറുകളോളം നേരം പാറാവു ശിപായിയുടെ പണി നോക്കും; അങ്ങുമിങ്ങും പായാനുള്ള ചെക്കന്മാര്‍ക്കു കൈക്കൂലി കൊടുക്കും; വണ്ടി തെളിക്കുന്നവരേയും ഭൃത്യന്മാരേയും കള്ളു കൊടുത്തു തന്റേടം മറപ്പിക്കും; ഒരു പരിചാരികയെ വിലയ്ക്കു മേടിക്കും; ഉമ്മറം കാവല്‍ക്കാരനെ പാട്ടിലാക്കും. എന്തിന്? ഒരാവശ്യത്തിനുമല്ല. സംഗതികളെ കണ്ടറിയുവാനും മനസ്സിലാക്കുവാനും തുരന്നു കടക്കുവാനുമുള്ള ഒരു വെറും അത്യാഗ്രഹം; ഞായം പറയാനുള്ള ഒരു ചൊറിച്ചില്‍, എന്നല്ല, പലപ്പോഴും ഈവക ഗൂഢസംഗതികള്‍ അറിയപ്പെട്ടാല്‍, ഈ രഹസ്യങ്ങള്‍ വെളിപ്പെട്ടുപോയാല്‍, കടങ്കഥകളുടെ കള്ളിപുറത്തു വന്നാല്‍, അതുകാരണം, യാതൊരാവശ്യവുമില്ലാതെ, പ്രകൃതിസിദ്ധമായ ഒരു വെറും ദുര്‍വാസനയാല്‍ ‘എല്ലാം പുറത്തു വരുത്തിയ’ ആ കൂട്ടരുടെ ആഹ്ലാദത്തിന് അത്യാപത്തുകളും ദ്വന്ദ്വയുദ്ധങ്ങളും അപജയങ്ങളും അതാത് കുടുംബങ്ങള്‍ പൊളിയലും ജന്മങ്ങള്‍ പാഴകലും അവിടവിടെ വന്നുപിണയുന്നു. ഒരു മഹാകഷ്ടം!’
വെടിപറയേണ്ടുന്ന ഒരാവശ്യംകൊണ്ടു മാത്രമാണ് ചില ജനങ്ങള്‍ ദുഷ്ട വിചാരക്കാരാകുന്നത്. അവരുടെ സംഭാഷണം, ഇരിപ്പുമുറിയിലെ വെടിപറയല്‍, പുറത്തളങ്ങളില്‍ വെച്ചുള്ള കൂട്ടംകൂടല്‍, ക്ഷണത്തില്‍ ക്ഷണത്തില്‍ വിറകു ദഹിപ്പിക്കുന്ന ഒരുതരം കുഴലടുപ്പുകളെപ്പോലെയാണ്; അതിന് അവസാനിക്കാത്തേടത്തോളം വിറകു കിട്ടണം; ആ വിറകുകളെല്ലാം അയല്‍പക്കക്കാര്‍ ശേഖരിച്ചു കൊടുക്കുകയും വേണം.
അതുകൊണ്ട് ഫന്‍തീനെ കാവല്‍ തുടങ്ങി.
അതിനു പുറമെ, അവളുടെ തങ്കനിറത്തിലുള്ള തലമുടിയോടും വെളുവെളുപ്പുള്ള പല്ലുകളോടും അധികം പേര്‍ക്കും അസൂയയുണ്ടായിരുന്നു.
പണിമുറിയില്‍ വെച്ചു, മറ്റുള്ളവരുടെ നടുക്കുവെച്ച്, അവള്‍ ചിലപ്പോള്‍ കണ്ണുനീര്‍ തുടയ്ക്കുവാന്‍ വേണ്ടി മുഖം തിരിക്കാറുണ്ടെന്ന് സംസാരമായി. തന്റെ കുട്ടിയെപ്പറ്റി അവള്‍ വിചാരിക്കുന്ന സമയങ്ങളിലായിരുന്നു അത്; ഒരു സമയം, അവള്‍ സ്നേഹിച്ചിരുന്ന പുരുഷനെപ്പറ്റിയും.
കഴിഞ്ഞ കാലങ്ങളിലെ വ്യസനമയങ്ങളായ ബന്ധങ്ങളെ മുറിച്ചുവിടുക എന്നത് അത്ര സുഖമില്ലാത്ത ഒരു പ്രവൃത്തിയാണ്.
ചുരുങ്ങിയതു മാസത്തില്‍ രണ്ടു തവണ അവള്‍ കത്തയയ്ക്കാറുണ്ടെന്ന് മനസ്സിലായി; അവള്‍ കത്തുകള്‍ മുദ്രപതിച്ചു തപ്പാലിലിട്ടിരുന്നു എന്നും കണ്ടുപിടിച്ചു. അവര്‍ അതിന്റെ മേല്‍വിലാസം കൈവശപ്പെടുത്തി; മൊസ്സ്യു, മൊസ്സ്യു തെനാര്‍ദിയെര്‍, ഹോട്ടല്‍ക്കച്ചവടം, മോങ്ഫെര്‍മിയേ. കൂലിക്കെഴുതാനിരിക്കുന്നാള്‍ — തന്റെ കുപ്പായക്കീശയിലുള്ള ഗൂഢകാര്യങ്ങളെ പുറത്തേക്കു കൊട്ടിക്കൊടുക്കാതെ ചുകന്ന വീഞ്ഞുകൊണ്ട് വയറു നിറയ്ക്കാന്‍ നിവൃത്തിയില്ലാതിരുന്ന ഒരു സാധുവൃദ്ധന്‍ — വീഞ്ഞു വില്പന സ്ഥലത്തു വെച്ചു ഞായം പറയുവാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍, ഫന്‍തീന്ന് ഒരു കുട്ടിയുണ്ടെന്നുള്ള കാര്യം പുറത്തുവന്നു. ‘അവള്‍ ഒരു കൊച്ചുമിടുക്കത്തി തന്നെയാവാണം.’ ഒരു ഞായക്കാരിത്തള്ളയെ കിട്ടി; ആ സ്ത്രീ മോങ് ഫെര്‍മിയേയിലേക്ക് ഒന്നു പതുക്കെ ലാത്തി; തെനാര്‍ദിയെര്‍മാരെ കണ്ടു; മടങ്ങി വന്നിട്ടു പറഞ്ഞു: ‘മുപ്പത്തഞ്ചു ഫ്രാങ്കു കൊടുത്തു. ഞാനെന്റെ മനസ്സിന്റെ കിടുകിടുപ്പു തീര്‍ത്തു. ഞാന്‍ കുട്ടിയെ കണ്ടു.’ ഈ കാര്യം പറ്റിച്ച ഞായക്കാരി, മദാം വിക്തൂര്‍ണിയേങ് എന്നു പേരായി എല്ലാ മനുഷ്യരുടേയും സദാചാരനിഷ്ഠയുടെ രക്ഷാകര്‍ത്ത്രിയും പടികാവല്ക്കാരിയുമായ ഒരു വികൃതരൂപമാണ്. മദാം വിക്തുര്‍ണിയേങ്ങിനു വയസ്സ് അമ്പത്താറായി; സ്വതവേ ഉള്ള വൈരൂപ്യമാകുന്ന പേമുഖത്തിനു വാര്‍ദ്ധക്യം കൊണ്ടുള്ള ഒരു പേമുഖംകൂടി ചേര്‍ത്തു കനം പിടിപ്പിച്ചിരുന്നു. ഒരു പതറുന്ന ഒച്ച; ഒരിളകിക്കളിക്കുന്ന മനസ്സ്. ഈ വൃദ്ധ ഒരു കാലത്തു ചെറുപ്പക്കാരിയായിരുന്നു — അത്ഭുതകരമായ സംഗതി! തന്റെ ചെറുപ്പത്തില്‍, ’93-ല്‍, അവള്‍ ഒരു സന്ന്യാസിയായ മതാചാര്യനെ കല്യാണം കഴിച്ചു; ആ സന്ന്യാസി ഒരു ചുകന്ന തൊപ്പിയും തലയില്‍ വെച്ചു. തന്റെ ഗുഹയില്‍ നിന്ന് പാഞ്ഞു പോയി, ബെര്‍നാര്‍ദിന്‍[2]കാരുടെ കൂട്ടംവിട്ടു ജെക്കോബിന്‍[3]കാരുടെ കൂട്ടത്തില്‍ ചെന്നു. അവള്‍ ദയയില്ലാത്തവളും, ശുണ്ഠിക്കാരിയും, അല്പരസം കൂടിയവളും, കൗശലമേറിയവളും, എന്തായാലും ഇണങ്ങാത്തവളും, ഏതാണ്ട് ചേട്ടയുമായിരുന്നു; ഇതെല്ലാം അവള്‍ ആരുടെ വിധവയോ ആ സന്ന്യാസിയുടെ ഓര്‍മയില്‍ക്കിടന്നു; അയാള്‍ അവളെ പാകത്തിലാക്കി, തന്റെ ഇഷ്ടം പോലെ അവളെ പിടിച്ചു വളച്ചു. മതാചാര്യക്കുപ്പായത്തിന്റെ ഉലച്ചിലോടുകൂടി ഒരു തൂവച്ചെടിയായിരുന്നു അവള്‍. ഭരണപരിവര്‍ത്തനം കഴിഞ്ഞു വീണ്ടും രാജ്യം രാജാവിന്റെ കീഴിലായപ്പോള്‍, അവള്‍ വലിയ മതഭ്രാന്തകാരിയായി; എന്നല്ല, മതാചാര്യന്മാര്‍ അവളുടെ സന്ന്യാസിക്കു മാപ്പു കൊടുക്കത്തക്കവിധം അത് അത്ര ശുഷ്കാന്തിയില്‍ നടത്തുകയും ചെയ്തു. അവള്‍ക്കു കുറച്ചു സ്വത്തുണ്ടായിരുന്നു; അത് വലിയ ഊറ്റത്തോടു കൂടി അവള്‍ ഏതോ ഒരു മതസംബന്ധിയായ സംഘത്തിന് ഒസ്യത്തു കൊടുത്തു. ആറായിലെ മെത്രാന്റെ അരമനയില്‍ അവള്‍ വലിയ സേവക്കാരിയാണ്. അപ്പോള്‍ ഈ മദാം വിക്തുര്‍ണിയേങ് മോങ്ഫെര്‍മിയെയിലേക്കു പോയി; ഈ വാക്കും കൊണ്ട് മടങ്ങി വന്നു; ‘ഞാന്‍ ആ കുട്ടിയെ കണ്ടു.’
ഇതിന്നൊക്കെ സമയം പിടിച്ചു. ഫന്‍തീന്‍ വ്യവസായശാലയില്‍ ചെന്നുകൂട്ടിയിട്ടു കൊല്ലം ഒന്നായി; അങ്ങനെ ഒരു ദിവസം രാവിലെ പണിമുറിയുടെ മേല്‍വിചാരിപ്പുകാരി വന്നു മെയറുടെ പക്കല്‍ നിന്നു അവള്‍ക്കു കിട്ടാനുള്ള അമ്പതു ഫ്രാങ്ക് കൈയില്‍ കൊടുത്തു; അവളെ അവിടെ നിന്നു പിരിച്ചിരിക്കുന്നു എന്ന് പറഞ്ഞു:
എന്നല്ല, മെയറുടെ ആവശ്യപ്രകാരം, ഉടനെ ആ അടുത്ത പ്രദേശങ്ങളിൽ നിന്നു പുറത്തു പൊയ്ക്കൊള്ളണമെന്നും പറഞ്ഞു.
തെനാര്‍ദിയെര്‍മാര്‍ ആറിനു പകരം ഒരിക്കല്‍ പന്ത്രണ്ടു ഫ്രാങ്കാവശ്യപ്പെട്ടതിനു ശേഷം, പന്ത്രണ്ടു പോയി പതിനഞ്ചു ഫ്രാങ്ക് പിടുങ്ങിയ അതേ മാസത്തിലായിരുന്നു ഇതും.
ഫന്‍തീന്‍ കുഴങ്ങിപ്പോയി. അവള്‍ക്ക് ആ പ്രദേശം വിടാന്‍ വയ്യാ: വാടകയും മുറിസ്സാമാനങ്ങളും അവള്‍ക്കു കടമുണ്ട്. ഈ കടം വീട്ടണമെങ്കില്‍ അമ്പതു ഫ്രാങ്കുണ്ടായാല്‍ പോരാ. അവള്‍ എന്തോ ചിലതു വിക്കിക്കൊണ്ട് അപേക്ഷിച്ചു. മേല്‍ വിചാരിപ്പുകാരി അവളോട് ഉടനെ പുറത്തു പോവാന്‍ കല്പിച്ചു. പോരാത്തതിനു ഫന്‍തീന്നു പ്രവൃത്തിയില്‍ ഒരു സാധാരണ സാമര്‍ഥ്യമേ ഉണ്ടായിരുന്നുള്ളൂതാനും. നിരാശതയെക്കാളധികം അവമാനം കൊണ്ടു കുഴങ്ങി അവള്‍ അവിടെ നിന്നു പോന്നു; സ്വന്തം മുറിയിലേക്കു പോയി. അങ്ങനെ അവളുടെ തെറ്റ് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു.
ഒരു വാക്കുപോലും പറയുവാന്‍ അവള്‍ക്കു ശക്തിയില്ലാതായി. മെയറെ പോയി കാണുവാന്‍ ചിലര്‍ ഉപദേശിച്ചു. അവള്‍ക്കു ധൈര്യമുണ്ടായില്ല. മെയര്‍ നല്ലാളായതുകൊണ്ട് അവര്‍ക്ക് അമ്പതു ഫ്രാങ്ക് കൊടുത്തു; അയാള്‍ നീതിനിഷ്ഠയുള്ള ആളായതുകൊണ്ട് അവളെ പണിയില്‍ നിന്ന് പിരിച്ചു. അവള്‍ വിധിക്കു മുന്‍പില്‍ തലതാഴ്ത്തി.
മദാം വിക്തൂര്‍ണിയേങ്ങിനുണ്ടായ ജയം
അതുകൊണ്ട് ആ ക്രിസ്തുമതസന്ന്യാസിയുടെ വിധവയെക്കൊണ്ടും ലോകത്തില്‍ പ്രയോജനമുണ്ടായി.
പക്ഷേ, മൊസ്സ്യു മദലിയെന്‍ ഈ കഥ ഒന്നും തന്നെ അറിഞ്ഞില്ല. ജീവിതം ഇങ്ങനെയുള്ള സംഭവപരമ്പരയെക്കൊണ്ടു തന്നെ നിറഞ്ഞിരിക്കുന്നു. മൊസ്സ്യു മദലിയെന്‍ പ്രായേണ സ്ത്രീകളുടെ പണിമുറിയില്‍ കടക്കാതിരിക്കുകയാണ് ചെയ്യാറ്.
ഈ വകുപ്പില്‍ അധ്യക്ഷനായി അയാള്‍ ഒരു പ്രായം ചെന്ന അവിവാഹിതയെ നിയമിച്ചുട്ടുണ്ട് — അവളെ മതാചാര്യനാണ് തിരഞ്ഞുകൊടുത്തിട്ടുള്ളത്; അയാള്‍ക്ക് ഈ അധ്യക്ഷയുടെ മേല്‍ തികച്ചും വിശ്വാസമുണ്ട്; അവള്‍ വാസ്തവത്തില്‍ ഒരു മാന്യയും, സ്ഥൈര്യക്കാരിയും ന്യായസ്ഥയും, സത്യസന്ധയും, കൊടുക്കുന്ന വിഷയത്തില്‍ ധര്‍മശീലയും, എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും മാപ്പു ചെയ്യുന്നതിലും അത്രതന്നെ ധര്‍മശീലമില്ലാത്തവളുമായിരുന്നു. മൊസ്സ്യു മദലിയെന്‍ തികച്ചും അവളെ വിശ്വസിച്ചുപോന്നു. ഏറ്റവും നല്ല സ്വഭാവക്കാര്‍ തങ്ങളുടെ അധികാരത്തെ മറ്റുള്ളവര്‍ക്കേല്പിച്ചുകൊടുക്കുന്നത് പലപ്പോഴും കാണാം. ഈ പൂര്‍ണാധികാരംകൊണ്ടും താന്‍ ചെയ്യുന്നതു ശരിയാണെന്നുള്ള ബോധം കൊണ്ടുമാണ് ആ അധ്യക്ഷ ഫന്‍തീന്റെ മേല്‍ വ്യവഹാരം നടത്തി, വിചാരണചെയ്ത് കുറ്റക്കാരിയെന്നു വിധിച്ചു, വിധി നടത്തിയത്.
അമ്പതു ഫ്രാങ്കിനെസ്സംബന്ധിച്ചാണെങ്കില്‍ — മൊസ്സ്യു മദലിയെന്‍ ധര്‍മവിഷയത്തില്‍ ഉപയോഗിക്കുന്നതിനും പ്രവൃത്തിക്കാരികളായ സ്ത്രീകള്‍ക്കു സാഹായ്യം ചെയ്യുന്നതിനുമായി തന്നെ ഏല്പിച്ചിട്ടുള്ള സംഖ്യയില്‍ നിന്ന് അവള്‍ അതെടുത്തു കൊടുത്തു; ആ സംഖ്യയെപ്പറ്റി അവള്‍ കണക്കൊന്നും ബോധിപ്പിക്കേണ്ടതില്ല.
അടുത്ത പ്രദേശങ്ങളില്‍ ഒരു ഭൃത്യയായി താമസിക്കുവാന്‍ നിവൃത്തിയുണ്ടോ എന്ന് ഫന്‍തീന്‍ അന്വേഷിച്ചു; അവള്‍ വീടുതോറും നടന്നുനോക്കി, ആരും അവളെ സ്വീകരിച്ചില്ല. അവള്‍ക്കു പട്ടണം വിട്ടുപോവാനും വയ്യാ. പഴയ സാമാനങ്ങളെക്കൊണ്ട് — എന്തു സാമാനങ്ങളാണ്! — കച്ചവടം ചെയ്യുന്നവനും അവള്‍ കടം കൊടുക്കാനുള്ളവനുമായ ആള്‍ പറഞ്ഞു: ‘നിങ്ങള്‍ ഇവിടം വിട്ടുപോകുന്ന പക്ഷം, എന്റെ മുതല്‍ കട്ടു എന്ന നിലയില്‍ ഞാന്‍ നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കും!’ വീട്ടുവാടക കൊടുപ്പാനുള്ള വീട്ടുടമസ്ഥന്‍ അവളോടു പറഞ്ഞു: ‘നിങ്ങള്‍ക്കു ചെറുപ്പം; നല്ല സൗന്ദര്യവുമുണ്ട്! നിങ്ങള്‍ക്കു വാടക തരാന്‍ സാധിക്കും.’ അവള്‍ ആ അമ്പതു ഫ്രാങ്ക് വീട്ടുടമസ്ഥന്നും വീട്ടുസാമാനവ്യാപാരിക്കുമായി പങ്കുവെച്ചു; വീട്ടുസാമാനങ്ങളില്‍ മുക്കാല്‍ ഭാഗവും ആ വ്യാപാരിക്കു തന്നെ മടക്കിക്കൊടുത്തു; അത്യാവശ്യസാധനങ്ങള്‍ മാത്രം കൈവശം വെച്ചു; അങ്ങനെ അവള്‍ക്ക് ഒരു പ്രവൃത്തിയുമില്ലാതായി; ഒരു കച്ചവടവുമില്ലാതായി; ഒരു കിടപ്പു സാധനമൊഴികെ മറ്റു സാമാനങ്ങളും ഇല്ലാതായി; ഏകദേശം അമ്പതു ഫ്രാങ്ക് കടം മാത്രം ബാക്കിയുണ്ട്.
കോട്ടകാവല്‍സ്സൈന്യത്തിലുള്ള പട്ടാളക്കാര്‍ക്ക് പരുക്കന്‍ ഉള്‍ക്കുപ്പായങ്ങള്‍ തുന്നി അവള്‍ ദിവസത്തിനു പന്ത്രണ്ട് സൂ വീതം സമ്പാദിക്കാന്‍ തുടങ്ങി. അവളുടെ മകള്‍ക്കു പത്തു സൂ വേണം. ഈ സംയത്താണ് അവള്‍ തെനാര്‍ദിയെര്‍ മാര്‍ക്കു പണം അവധി തെറ്റി കൊടുക്കാന്‍ ആരംഭിച്ചത്.
ഏതായാലും, രാത്രിസമയത്തു മടങ്ങിവരുമ്പോള്‍ അവള്‍ക്കു വേണ്ടി വിളക്കു കത്തിക്കുന്ന വൃദ്ധ കഷ്ടപ്പാടില്‍ ജീവിച്ചിരിക്കേണ്ടതെങ്ങനെ എന്ന് അവളെ പഠിപ്പിച്ചു. കുറച്ചുകൊണ്ട് ജീവിക്കുന്നതിന്റെ പിന്‍പുറത്ത്, ഒന്നുമില്ലാതെ ജീവിക്കുന്ന പണിയുണ്ട്. ഇവ രണ്ടു മുറികളാണ്, ഒന്ന് ഇരുണ്ടതും, മറ്റത് കറുത്തതും.
മഴക്കാലത്തു തീരെ വിറകു കൂടാതെ കഴിഞ്ഞുകൂടേണ്ടതെങ്ങനെ എന്നു ഫന്‍തീന്‍ മനസ്സിലാക്കി; ഈരണ്ടു ദിവസം കുടുമ്പോള്‍ അര ഫാര്‍തിങ് വിലയ്ക്കുള്ള തിന തിന്നുന്ന ഒരു പക്ഷിയെ വേണ്ടെന്നു വെക്കേണ്ടതെങ്ങനെ എന്നവള്‍ ധരിച്ചു; വിരിപ്പുകൊണ്ട് ഉള്ളടുപ്പും, ഉള്ളുടുപ്പുകൊണ്ടു വിരിപ്പും ഉണ്ടാക്കേണ്ടതെങ്ങനെ എന്ന് അവള്‍ പഠിച്ചു; എതിര്‍ഭാഗത്തുള്ള ജനാലയിലെ വെളിച്ചം കൊണ്ട് ഒരാള്‍ അത്താഴം കഴിക്കേണ്ടതെങ്ങനെ എന്നവളറിഞ്ഞു. ദാരിത്ര്യത്തിലും മര്യാദയിലും കിടന്നു വളര്‍ന്നു വയസ്സായ ചില മെലിഞ്ഞ കൂട്ടര്‍ക്ക് ഒരു സൂകൊണ്ട് എന്തെല്ലാം ഉണ്ടാക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. അത് ഒടുവില്‍ ഒരു സാമര്‍ഥ്യവിശേഷമായി കലാശിക്കുന്നു. ഈ മഹത്തായ സാമര്‍ഥ്യം ഫന്‍തീന്‍ സമ്പാദിച്ചു; കുറച്ചു ധൈര്യവും അവള്‍ക്കു വീണ്ടുകിട്ടി.
ഈ സമയത്ത് അവള്‍ ഒരയല്‍പക്കക്കാരിയോടു പറഞ്ഞു: ‘ഹാ! ഞാന്‍ ചിലപ്പോള്‍ എന്നോടു തന്നെ പറയാറുണ്ട്; അഞ്ചു മണിക്കൂര്‍ മാത്രം ഉറങ്ങുകയും, ബാക്കിയുള്ള സമയത്തെല്ലാം എന്റെ സൂചിക്കടുത്തിരിക്കുകയും ചെയ്താല്‍ എന്റെ ഭക്ഷണത്തിനുള്ള വക ഞാന്‍ എന്നും സമ്പാദിച്ചുകൊള്ളാം. മനസ്സിനു സുഖമില്ലാത്തപ്പോള്‍, ആര്‍ക്കും കുറച്ചേ ഭക്ഷണം ചെല്ലൂ. അങ്ങനെ, അരിഷ്ടുകളും. സുഖക്കേടും, ഒരു കൈയില്‍ കുറച്ചപ്പവും, മറ്റേതില്‍ ബുദ്ധിമുട്ടും — ഇതെല്ലാം കൂടി എന്നെ പൊറുപ്പിക്കും.’
തന്റെ ചെറിയ പെണ്‍കുട്ടി ഈ കഷ്ടപ്പാടില്‍ തനിക്കടുത്തുണ്ടായിരുന്നെങ്കില്‍ അതൊരു വലിയ സുഖമായേനേ. അവള്‍ ആ കുട്ടിയെ വരുത്തിയാല്‍ കൊള്ളാമെന്നാലോചിച്ചു. പക്ഷേ, എന്നിട്ടെന്താണ്! ആ കുട്ടിയെക്കൂടി തന്റെ ദാരിദ്ര്യത്തില്‍ പങ്കുകൊള്ളിക്കുക! ആട്ടെ, അങ്ങനെയായാലും, താന്‍ തെനാര്‍ദിയെര്‍മാര്‍ക്കു കടപ്പെട്ടിരിക്കുന്നു! അതു താനെങ്ങനെ കൊടുത്തു തീര്‍ക്കും? പിന്നെ, അങ്ങോട്ടുള്ള വഴി! അതു കടന്നുവീഴുവാന്‍ ചെലവിന്ന്?
ദാരിദ്ര്യത്തില്‍ ജീവിച്ചിരിക്കേണ്ടതെങ്ങനെ എന്നുള്ള പാഠങ്ങള്‍ അവളെ പഠിപ്പിച്ച കിഴവി, മാര്‍ഗ്യുറീത്ത് എന്നു പേരായി, തപസ്വിനി മട്ടിലുള്ള ഒരവിവാഹിതയാണ്; അവള്‍ യഥാര്‍ഥ ദൈവഭക്തിയുള്ളവളും, സാധുവും, സാധുക്കളോടും സമ്പന്നരോടുകൂടിയും ദയയുള്ളവളും ഈശ്വരവിശ്വാസം — അതു പ്രകൃതിശാസ്ത്രമാണല്ലോ — കൂടിയവളുമായിരുന്നു.
ഈ കീഴ്‌ലോകത്തില്‍ ഇങ്ങനെയുള്ള സത്സ്വഭാവക്കാര്‍ പലരുമുണ്ട്; ഒരു കാലത്ത് അവര്‍ മേല്‍ലോകത്തിലാവും. ഈ ജീവിതത്തിന്ന് ഒരു പ്രഭാതമുണ്ട്.
ആദ്യത്തില്‍ ഫന്‍തീന്ന് അത്രമേല്‍ നാണിച്ചിട്ട് പുറത്തേക്കു പോവാന്‍ ധൈര്യം വന്നില്ല.
തെരുവില്‍ നടക്കുമ്പോള്‍, ആളുകള്‍ തിരിഞ്ഞുനിന്നു പിന്നിലൂടെ തന്നെ ചൂണ്ടിക്കാണിക്കുന്നുവെന്ന് അവള്‍ ഊഹിച്ചു; എല്ലാവരും അവളുടെ നേരെ തുറിച്ചു നോക്കുന്നു. ആരും അവളോട് സംസാരിക്കുന്നില്ല; രസമില്ലാത്തതും ദേഷ്യം പിടിപ്പിക്കുന്നതുമായ ആളുകളുടെ അവജ്ഞ ഒരു തണുപ്പു കാറ്റുപോലെ അവളുടെ മാംസത്തിനുള്ളിലേക്കും ആത്മാവിലേക്കു കൂടിയും തുളച്ചു കയറി.
ചെറുപട്ടണങ്ങളിലുള്ള ഒരു ഭാഗ്യംകെട്ട സ്തീ, അവിടെയുള്ള എല്ലാവരുടേയും പരിഹാസത്തിനും സോല്‍ക്കണ്ഠമായ ശ്രദ്ധയ്ക്കും മുന്‍പില്‍ വെറും നഗ്നയാണെന്നപോലെ തോന്നും. പാരിസ്സിലെങ്കിലും ആരും നിങ്ങളെ അറിയില്ല. ഈ അപ്രസിദ്ധി ഒരു മൂടുപടമാണ്. ഹാ! പാരിസ്സില്‍ച്ചെന്നു വീഴുവാന്‍ അവള്‍ എത്ര ആശിച്ചിരിയ്ക്കും! സാധ്യമല്ല!
ദാരിദ്ര്യത്തോട് ഇടപഴകുവാന്‍ ശീലിച്ചതു പോലെ, അവള്‍ അവമാനത്തോടും പരിചയപ്പെടേണ്ടി വന്നു. ഒടുവില്‍ അവള്‍ എന്തു ചെയ്യണമെന്നു തീര്‍ച്ചപ്പെടുത്തി. രണ്ടോ മൂന്നോ മാസം കഴിഞ്ഞതോടുകൂടി, അവള്‍ തന്റെ നാണം കുടഞ്ഞു കളഞ്ഞ്, ഒന്നും സാരമില്ലെന്ന നിലയില്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങി. ‘എനിക്ക് ഒക്കെ ഒന്ന്,’ അവള്‍ പറഞ്ഞു.
തല നല്ലവണ്ണം ഉയര്‍ത്തിപ്പിടിച്ച്, ഒരു രസമില്ലാത്ത പുഞ്ചിരിയോടുകൂടി അവള്‍ പുറത്തേക്കു പോവും, വരും; മുഖത്തിനു കട്ടിത്തം കൂടുന്നുണ്ടെന്ന് അവള്‍ക്കു ബോധമായി.
അവള്‍ കടന്നുപോകുമ്പോള്‍, മദാം വിക്തൂര്‍ണിയെങ് ചിലപ്പോള്‍ തന്റെ ജനാലയ്ക്കല്‍ ഇരുന്ന് ‘ആ ജന്തുവിന്റെ കഷ്ടപ്പാടു നോക്കിക്കണ്ട് — അവളെ ആ ‘വേണ്ട നിലയ്ക്കാക്കിയ’തിനു നാം ആ മദാമയോടു നന്ദി പറയുക — തന്നത്താന്‍ അഭിനന്ദിക്കും. ദുഷ്ടമനസ്സുള്ളവരുടെ സുഖം കറുത്തിട്ടാണ്.
അതിയായ അധ്വാനം ഫന്‍തീനെ ക്ഷീണിപ്പിച്ചു; അവളെ ബുദ്ധിമുട്ടിച്ചിരുന്ന ആ ചെറിയ ‘കൊക്രക്കുര’ അധികമായി. അവള്‍ ചിലപ്പോള്‍ തന്റെ അയല്‍പക്കക്കാരിയായ മാര്‍ഗ്യുറീത്തോട് പറയും: ‘എന്റെ കയ്യിന് എന്തു ചൂടാണെന്നു തൊട്ടു നോക്കൂ!’
എന്തായാലും, രാവിലെ ഒരു പഴയ പൊളിയന്‍ ചീര്‍പ്പുകൊണ്ടു തന്റെ ഭംഗിയുള്ള തലമുടി ചീകി, അതു, മിനുത്ത പട്ടുനൂല്‍ക്കൂട്ടം പോലെ, ചുറ്റും തൂങ്ങിക്കിടക്കുന്ന സമയത്ത്, അവള്‍ക്ക് ഒരു നിമിഷനേരത്തേക്ക് സുഖമയമായ ഒരു തേവിടിശ്ശിത്തം തോന്നും.
ജയംകൊണ്ടുണ്ടായ ഫലം
മഴക്കാലത്തിന്റെ ഒടുവില്‍വെച്ചാണ് അവള്‍ പണിയില്‍നിന്നു പിരിക്കപ്പെട്ടത്; വേനല്‍ക്കാലം കഴിഞ്ഞു; പക്ഷേ, പിന്നേയും മഴക്കാലമായി. പകല്‍ കുറച്ച്, പണി കുറവ്. മഴക്കാലം; ചൂടില്ല. വെളിച്ചമില്ല, ഉച്ചയില്ല. വൈകുന്നേരം രാവിലെയോടു കൂടുന്നു; മൂടല്‍മഞ്ഞ്, മങ്ങല്‍; ജനാല നരച്ചു; അതിലൂടെ ഒന്നും സ്പഷ്ടമായി കാണാന്‍ വയ്യാ. ആകാശം ഒരു തോക്കിന്‍കാതു മാത്രം. പകല്‍ മുഴുവനും ഒരു ഗുഹ. സൂര്യന്ന് ഒരു യാചകന്റെ മട്ടുണ്ട്. ഒരു വല്ലാത്ത കാലം! മഴക്കാലം സ്വര്‍ഗത്തിലുള്ള വെള്ളത്തേയും മനുഷ്യന്നുള്ള മനസ്സിനേയും കല്ലാക്കി മാറ്റുന്നു. അവളുടെ കടക്കാര്‍ അവളെ ബുദ്ധിമുട്ടിച്ചു.
ഫന്‍തീന്‍ വളരെ കുറച്ചേ സമ്പാദിച്ചിരുന്നുള്ളൂ. കടം വര്‍ദ്ധിച്ചു. കണിശമായി പണമെത്തിക്കാതായപ്പോള്‍, തെനാര്‍ദിയെര്‍മാര്‍ അവള്‍ക്കു ഭ്രാന്തു പിടിപ്പിക്കുന്ന കത്തുകള്‍ മീതെയ്ക്കുമീതേ എഴുതി; അവരുടെ മട്ട് അവളെ ദീപാളി പിടിപ്പിച്ചു. അവളുടെ കൊസെത്തുകുട്ടി ആ തണുപ്പു കാലത്തു തികച്ചും നഗ്നയാണെന്നും, രോമം കൊണ്ടുള്ള ഒരുള്‍ക്കുപ്പായമുണ്ടായേ പറ്റൂ എന്നും, അതിനു കുട്ടിയുടെ അമ്മ ഉടനെ പത്തു ഫ്രാങ്കയയ്ക്കണമെന്നും അവര്‍ ഒരു ദിവസം ഒരു കത്തയച്ചു. അവള്‍ക്കു കത്തു കിട്ടി; പകല്‍ മുഴുവനും അതു കൈയിലിട്ടു ചുരുട്ടി. അന്നു വൈകുന്നേരം അവള്‍ തെരുവു മൂലയ്ക്കുള്ള ഒരു ക്ഷൗരക്കാരന്റെ പീടികയില്‍ച്ചെന്നു, തലയില്‍ നിന്നു ചീര്‍പ്പുവ ലിച്ചെടുത്തു. അവളുടെ കൗതുകകരമായ തങ്കത്തലമുടി കാല്‍മുട്ടുകളിലേക്ക് വീണു.
‘എന്തൊന്നാന്തരം തലമുടി!’ ക്ഷുരകന്‍ അത്ഭുതപ്പെട്ടു പറഞ്ഞു.
‘ഇതിനു നിങ്ങള്‍ എന്തു വില തരും?’ അവള്‍ ചോദിച്ചു.
‘പത്തു ഫ്രാങ്ക്.’
‘മുറിച്ചെടുക്കൂ.’
അവള്‍ ഒരു മെടച്ചില്‍ക്കുപ്പായം വാങ്ങി, തെനാര്‍ദിയെര്‍മാര്‍ക്കയച്ചു കൊടുത്തു. ആ കുപ്പായം തെനാര്‍ദിയെര്‍മാരെ ഭ്രാന്തുപിടിപ്പിച്ചു. പണമായിരുന്നു അവര്‍ക്കാവശ്യം. അവര്‍ ആ ഉള്‍ക്കുപ്പായം എപ്പൊനൈന്നു കൊടുത്തു. ആ സാധു വാനമ്പാടിപ്പക്ഷി തണുത്തുവിറച്ചു കഴിഞ്ഞു.
ഫന്‍തീന്‍ വിചാരിച്ചു: ‘എന്റെ കുട്ടിയുടെ തണുപ്പ് മാറി. ഞാനവളെ എന്റെ തലമുടികൊണ്ട് ഉടുപ്പിച്ചു.’ അവള്‍ ചെറിയ വട്ടത്തൊപ്പികൊണ്ടു തന്റെ മൊട്ടത്തല മറച്ചു; അപ്പോഴും അതിലും ആ അവള്‍ സുന്ദരി തന്നെയായിരുന്നു.
ഫന്‍തീന്റെ മനസ്സിനെ ഇരുണ്ട വിചാരങ്ങള്‍ ബാധിച്ചു.
തലമുടി കെട്ടിവെക്കാന്‍ നിവൃത്തിയില്ലെന്നായപ്പോള്‍, അവള്‍ക്കു ചുറ്റുമുള്ള സകലരുടെ നേരെയും ദേഷ്യമായി. ഫാദര്‍ മദലിയനെക്കുറിച്ചു രാജ്യക്കാര്‍ക്കെല്ലാമുള്ള ഭക്തിയില്‍ അവളും വളരെക്കാലമായി പങ്കുകൊണ്ടിരുന്നു; എങ്കിലും അയാളാണ് തന്നെ പണിയില്‍നിന്നു പിരിച്ചതെന്നും, അയാളാണ് തന്റെ കഷ്ടപ്പാടിനെല്ലാം കാരണഭൂതനെന്നും മനസ്സില്‍ ആവര്‍ത്തിച്ചതിന്റെ ശക്തികൊണ്ട്, അയാളുടെ നേരെയും അവള്‍ക്കു ദേഷ്യമായി; എന്നല്ല, മറ്റാരോടുള്ളതിലധികം പ്രവൃത്തി ദിവസങ്ങളില്‍, പണിക്കാര്‍ വാതില്ക്കലുള്ള സമയം, വ്യവസായശാലയ്ക്കടുക്കലൂടെ കടന്നുപോകുമ്പോഴെല്ലാം അവള്‍ വെറുതേ ചിരിക്കുകയും പാടുകയും ചെയ്യും.
ആ നിലയ്ക്കു ചിരിച്ചുകൊണ്ടും പാടിക്കൊണ്ടും പോകുന്ന അവളെ ഒരിക്കല്‍ കണ്ട് അവിടെ പണിക്കാരിയായ ഒരു കിഴവി പറഞ്ഞു: ‘ആ പെണ്ണ് അപകടത്തില്‍ ചാടും.’
ആദ്യമായാവശ്യപ്പെട്ട ഒരാളെ അവള്‍ കാമുകനായി സ്വീകരിച്ചു: സ്നേഹം കൊണ്ടല്ല, എന്തായാലെന്ത് എന്നുവെച്ചും, ഉള്ളില്‍ ശുണ്ഠിയോടുകൂടിയും, അവന്‍ ഒരു വെറും തെമ്മാടിയായിരുന്നു; ഒരിരപ്പാളിപ്പാട്ടുകാരന്‍; ഒരു മടിയന്‍ തെണ്ടി; അവന്‍ അവളെ അടിച്ചു; സ്വീകരിച്ചതുപോലെതന്നെ വെറുപ്പോടുകൂടി അവന്‍ അവളെ ഉപേക്ഷിച്ചു.
അവള്‍ തന്റെ കുട്ടിയെ ആരാധിച്ചു.
ഓരോ പടി കീഴ്പോട്ടിറങ്ങുന്തോറും ചുറ്റുമുള്ള സകലവും അധികമധികം ഇരുണ്ടുവരുന്നതോടുകൂടി, ആ ചെറുദേവത അവളുടെ ഹൃദയത്തിന്റെ അടിയില്‍ പൂര്‍വാധികശോഭയോടുകൂടി പ്രകാശിച്ചു. അവള്‍ പറഞ്ഞു: ‘ഞാന്‍ പണക്കാരിയായാല്‍ എന്റെ കൊസെത്തിനെ ഒരുമിച്ചു താമസിപ്പിക്കും.’ എന്നിട്ട് അവള്‍ ചിരിച്ചു. അവളുടെ ചുമ വിട്ടുപോയിട്ടില്ല; അവളുടെ പുറത്ത് ഉണല്‍ പൊന്തിയിരുന്നു.
ഒരു ദിവസം അവള്‍ക്കു തെനാര്‍ദിയെര്‍മാരുടെ പക്കല്‍നിന്ന് ഇങ്ങനെ ഒരു കത്തു കിട്ടി; ‘കൊസെത്തിന് ഈ പ്രദേശത്തു നടപ്പുള്ള ഒരു ദീനം പിടിപെട്ടിരിക്കുന്നു. തരിക്കുരുപ്പ് എന്നാണ് ആളുകള്‍ പേര്‍ പറയുന്നത്. വിലപിടിച്ച മരുന്നുകള്‍ വേണം. ഞങ്ങള്‍ ദീപാളി പിടിച്ചു; ഇനിയും വാങ്ങിക്കൊടുക്കാന്‍ സാധിക്കില്ല. ഈ ആഴ്ചയില്‍ നാല്പതു ഫ്രാങ്ക് അയച്ചു തന്നിട്ടില്ലെങ്കില്‍ കുട്ടിയുടെ കഥ തീരും.’
അവള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു: അയല്‍പക്കക്കാരിയോട് പറഞ്ഞു: ‘ഹാ! നല്ല കൂട്ടര്‍, നാല്പതു ഫ്രാങ്ക്! തലക്കേടില്ല! അപ്പോള്‍ രണ്ടു നെപ്പോളിയന്‍ നാണ്യമായി! എനിക്കത് എവിടെനിന്നു കിട്ടുമെന്നാണ് അവര്‍ കരുതിയിട്ടുള്ളതാവേ? ഈ നാടന്മാര്‍ വിഡ്ഢികളാണ്. സംശയമില്ല.’
ഏതായാലും അവള്‍ കോണിത്തട്ടിലുള്ള ഒരു കിളിവാതില്ക്കലേക്കു ചെന്നുകത്ത് ഒരിക്കല്‍ക്കൂടി വായിച്ചു. എന്നിട്ടു കോണി ഇറങ്ങി. ഓടിയും ചാടിയും പാട്ടു പാടിയും കൊണ്ട് പുറത്തേക്കു പോയി.
ആരോ അവളെ കണ്ടുമുട്ടി ചോദിച്ചു: ‘എന്തേ നിങ്ങളെ ഇത്ര സന്തോഷിപ്പിച്ചയച്ചത്?’
അവള്‍ മറുപടി പറഞ്ഞു: ‘ചില നാടന്മാര്‍ എനിക്കെഴുതിയയച്ച ഒരൊന്നാന്തരം വിഡ്ഢിത്തക്കഷ്ണം. അവര്‍ക്കു ഞാന്‍ നാല്പതു ഫ്രാങ്ക് കൊടുക്കണം. എട, നാടന്മാരേ! നിങ്ങള്‍ക്കു അത്ര വേണമല്ലേ? ശരി!’
അവള്‍ നാലും കൂടിയ വഴി കടക്കുമ്പോള്‍, അവിടെ ഒരു നൊസ്സന്‍ — വണ്ടിക്കു ചുറ്റുമായി വളരെ ആള്‍ക്കൂട്ടം കൂടിയിരിക്കുന്നതു കണ്ടു; ആ വണ്ടിയുടെ മുകളില്‍ ചുകന്ന ഉടുപ്പിട്ട ഒരുവന്‍ കയറി എത്തിച്ചു നില്ക്കുന്നു. സഞ്ചരിക്കാനിറങ്ങിയ ഒരു കൊള്ളരുതാത്ത ദന്തവൈദ്യനായിരുന്നു അത്; അയാള്‍ പല്ലുകളും ഉറക്കമരുന്നുകളും ചൂര്‍ണങ്ങളും രസായനങ്ങളും ആളുകളോടു വാങ്ങാന്‍ ക്ഷണിക്കുന്നു.
ഫന്‍തീനും ആ കൂട്ടത്തില്‍ കൂടി; പൊതുജനങ്ങള്‍ക്കു കന്നഭാഷയും പ്രമാണികള്‍ക്കു ഭ്രാന്തഭാഷയുമടങ്ങിയിട്ടുള്ള അയാളുടെ പ്രസംഗം കേട്ട് അവളും മറ്റുള്ളവരോടുകൂടി ചിരിക്കാന്‍ തുടങ്ങി. പല്ലുപറിയന്‍ ആ ചിരിക്കുന്ന സുന്ദരിപ്പെണ്‍കിടാവിനെ സൂക്ഷിച്ചുനോക്കി, പെട്ടെന്ന് ഉച്ചത്തില്‍ പറഞ്ഞു: ‘അതാ, ആ ചിരിക്കുന്ന പെണ്‍കിടാവിനോട് — നിങ്ങള്‍ക്കു നല്ല ഭംഗിയുള്ള പല്ലുണ്ട്; നിങ്ങളുടെ ചായപ്പലകകള്‍ എനിക്കു വിലയ്ക്കു തരാന്‍ ഇഷ്ടമുണ്ടെങ്കില്‍, ഓരോന്നിനും ഓരോ സ്വര്‍ണനെപ്പോളിയന്‍ നാണ്യം ഞാന്‍ തരും.’
‘എന്റെ ചായപ്പലകകള്‍, ഏതാണ്?’ ഫന്‍തീന്‍ ചോദിച്ചു.
‘ചായപ്പലകകള്‍ എന്നുവെച്ചാല്‍,’ ആ ദന്തവൈദ്യപണ്ഡിതന്‍ മറുപടി പറഞ്ഞു, ‘മുകളിലത്തെ വരിയില്‍ മുമ്പില്‍ കാണുന്ന രണ്ടു പല്ലുകള്‍.’
‘എന്തു കഷ്ടമാണ്!’ ഫന്‍തീന്‍ കുറച്ചുച്ചത്തില്‍ പറഞ്ഞു.
‘രണ്ടു നെപ്പോളിയന്‍നാണ്യം!’ അവിടെ ഉണ്ടായിരുന്ന ഒരു പല്ലില്ലാത്ത കിഴവി പിറുപിറുത്തു. ‘ഒരു പെണ്ണിന്റെ ഭാഗ്യം!’
ഫന്‍തീന്‍ പറപറന്നു; അവളോടായി ആ മനുഷ്യന്റെ പരുക്കനൊച്ച ഈവിധം വിളിച്ചുപറയുന്നതു കേള്‍ക്കാതിരിപ്പാന്‍വേണ്ടി ചെവി പൊത്തി: ‘എന്റെ സുന്ദരി, ആലോചിക്കൂ! രണ്ടു നെപ്പോളിയന്‍ നാണ്യം; അതുകൊണ്ടാവശ്യമുണ്ടാവും. നിങ്ങളുടെ മനസ്സു കല്പിക്കുന്നപക്ഷം ഇന്നു വൈകുന്നേരം തില്ലാക് ദാര്‍ഴാങ് എന്ന ഹോട്ടലില്‍ വന്നോളൂ; എന്നെ അവിടെ കാണാം.’
ഫന്‍തീന്‍ വീട്ടിലേക്കു മടങ്ങി. അവള്‍ക്കു ഭ്രാന്തു പിടിച്ചിരുന്നു; നല്ലവളായ അയല്‍പക്കക്കാരിയോട് അവള്‍ ആ കഥ പറഞ്ഞുകൊടുത്തു: ‘നിങ്ങള്‍ക്ക് ഇതു പറഞ്ഞാല്‍ത്തന്നെ മനസ്സിലാവുമോ? ആ മനുഷ്യന്‍ ഒരു നികൃഷ്ടനല്ലേ? ഇങ്ങനെയുള്ള ആളുകളെ തെണ്ടിത്തിരിയാന്‍ സമ്മതിക്കുന്നതെങ്ങനെ? എന്റെ ഉമ്മറത്തെ രണ്ടു പല്ലുപറിച്ചെടുക്കുക! എന്ത്, എന്നെക്കണ്ടാല്‍ പേടിയാവുമല്ലോ! തലമുടി ഇനിയും വളരും; പല്ല്! ഹാ! എന്തൊരു ചെകുത്താനെപ്പോലുള്ള മനുഷ്യന്‍! ഇതിലും ഭേദം എനിക്കു അഞ്ചുനിലയുള്ള വീട്ടിന്റെ മുകളില്‍നിന്നു കല്‍വിരിപ്പിലേക്കു മുതലക്കൂപ്പു കുത്തുകയാണ്. അയാള്‍ എന്നോടു വൈകുന്നേരം തില്ലാക് ദാര്‍ഴാങ് ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നു.
‘എന്തു തരാമെന്നുണ്ട്?’ മാര്‍ഗ്യുറീത്ത് ചോദിച്ചു.
‘രണ്ടു നെപ്പോളിയന്‍.’
‘അപ്പോള്‍ നാല്പതു ഫ്രാങ്കായി.’
‘ഉവ്വ്,’ ഫന്‍തീന്‍ പറഞ്ഞു, രണ്ടും കൂടിയാല്‍ നാല്പതു ഫ്രാങ്കാവും.’
അവള്‍ അലോചനയില്‍പ്പെട്ടു; തന്റെ പ്രവൃത്തി ആരംഭിച്ചു. ഒരു കാല്‍ മണിക്കൂറു കഴിഞ്ഞപ്പോള്‍ അവള്‍ തുന്നല്‍ നിര്‍ത്തി; തെനാര്‍ദിയെര്‍മാരുടെ കത്ത് ഒരിക്കല്‍കൂടി വായിക്കാന്‍വേണ്ടി കോണിത്തട്ടിലേക്കു പോയി.
മടങ്ങിവന്ന് അവള്‍ തന്റെ അടുത്തിരുന്നു പണിയെടുക്കുന്ന മാര്‍ഗ്യുറീത്തോടു പറഞ്ഞു: ‘തരിക്കുരുപ്പ് എന്നുവെച്ചാല്‍ എന്താണ്? നിങ്ങള്‍ക്കറിയാമോ?’
‘ഉവ്വ്, ആ അവിവാഹിതവൃദ്ധ മറുപടി പറഞ്ഞു, ‘അതൊരു ദീനമാണ്.’
‘അതിനു മരുന്നു വളരെ കഴിക്കേണ്ടിവരുമോ?’
‘ഹോ! വല്ലാത്ത ഓരോ മരുന്ന്.’
‘അതെങ്ങനെയാണ് വന്നുപെടുന്നത്?’
‘എങ്ങനെ എന്നറിഞ്ഞുകൂടാതെ വന്നു പിടികൂടുന്ന ഒരു ദീനമാണത്.’
‘അപ്പോള്‍, അതു കുട്ടികള്‍ക്കു പിടിക്കും?’
‘വിശേഷിച്ചും കുട്ടികള്‍ക്കാണത്.’
അതുകൊണ്ടു മരിക്കുമോ?’
‘മരിക്കാം,’ മാര്‍ഗ്യുറീത്ത് പറഞ്ഞു.
ഫന്‍തീന്‍ ആ മുറിയില്‍നിന്ന് ഒരിക്കല്‍ക്കൂടി കത്തു വായിക്കാന്‍ കോണിത്തട്ടിലേക്കു പോയി.
അന്നു വൈകുന്നേരം ഫന്‍തീന്‍ പുറത്തേക്കിറങ്ങി; ഹോട്ടലുകളുള്ള റ്യൂദ് പാരിസ്സിലേക്കു തിരിയുന്നതു കണ്ടു.
പിറ്റേ ദിവസം, നേരം പുലരുന്നതിനുമുന്‍പായി മാര്‍ഗ്യുറീത്ത് ഫന്‍തീന്റെ മുറിയില്‍ ചെന്നപ്പോള്‍ — അവര്‍ രണ്ടുപേരും ഒരുമിച്ചാണ് എന്നും പണിയെടുത്തിരുന്നത്; അങ്ങനെ അവര്‍ രണ്ടാളും ഒരു മെഴുതിരികൊണ്ടു കഴിച്ചുപോന്നു — ഫന്‍തീന്‍ വിളര്‍ത്തും മരവിച്ചും കിടയ്ക്കമേല്‍ ഇരിക്കുന്നതു കണ്ടു. അവള്‍ കിടന്നിട്ടേ ഇല്ല. അവളുടെ തൊപ്പി മടിയില്‍ വീണുകിടക്കുന്നു. അവളുടെ മെഴുതിരി രാത്രി മുഴുവനും കത്തി ഏതാണ്ടവസാനിച്ചതു പോലെയായിരിക്കുന്നു. ഈ സഹിച്ചു കൂടാത്ത ധാരാളിത്തം കണ്ട് അവള്‍ ആ ഉമ്മറത്തുതന്നെ നിന്നു; അവള്‍ കുറച്ചുറക്കെ പറഞ്ഞു: ‘ഈശ്വരാ മെഴുതിരി ഒക്കെ കത്തിത്തീര്‍ന്നു! എന്തോ ഉണ്ടായി.’
എന്നിട്ട് അവള്‍ ഫന്‍തീനെ നോക്കിക്കണ്ടു; മുടി പോയ തല അവള്‍ മാര്‍ഗ്യുറീത്തിനു നേരെ തിരിച്ചു.
ആ കഴിഞ്ഞ ഒരു രാത്രികൊണ്ടു ഫന്‍തീന്നു പത്തു വയസ്സു കൂടിയിരിക്കുന്നു.
‘യോശോ!’ മാര്‍ഗ്യുറീത്ത് പറഞ്ഞു, ‘ഫന്‍തീന്‍, എന്തേ നിങ്ങള്‍ക്കു പറ്റിപ്പോയത്?’
‘ഒന്നുമില്ല,’ ഫന്‍തീന്‍ മറുപടി പറഞ്ഞു, ‘നേരെമറിച്ചു, നോക്കാഞ്ഞിട്ട് എന്റെ മകള്‍ ആ അപകടദീനത്തില്‍ മരിക്കില്ല. എനിക്കു സുഖമായി.’
ഇങ്ങനെ പറഞ്ഞു മേശമേല്‍ കിടന്നു തിളങ്ങുന്ന രണ്ടു നെപ്പോളിയന്‍ നാണ്യം അവള്‍ അവിവാഹിതയ്ക്കു കാണിച്ചു കൊടുത്തു.
‘ഹാ! യേശുക്രിസ്തോ! മാര്‍ഗ്യുറീത്ത് പറഞ്ഞു, ‘അപ്പോള്‍ അതൊരു നിധിയാണ്! എവിടെനിന്ന് കിട്ടി നിങ്ങള്‍ക്ക് ഈ ലൂയി നെപ്പോളിയന്‍ നാണ്യം?’
എനിക്കു കിട്ടി.’ ഫന്‍തീന്‍ മറുപടി പറഞ്ഞു.
ഇതോടുകൂടി, അവള്‍ പുഞ്ചിരിക്കൊണ്ടു, മെഴുതിരിവെളിച്ചം അവളുടെ മുഖത്തെ പ്രകാശിപ്പിച്ചു. അതൊരു ചോരപ്പുഞ്ചിരിയായിരുന്നു. ഒരു ചുകന്ന ഉമിനീര്‍ അവളുടെ ചുണ്ടിന്നറ്റങ്ങളില്‍ കട്ടപിടിച്ചിരിക്കുന്നു; വായില്‍ ഒരു കറുത്ത ഗുഹയുണ്ട്.
‘രണ്ടു പല്ലും പറിച്ചെടുത്തിരിക്കുന്നു.’
അവള്‍ നാല്പതു ഫ്രാങ്ക് മോങ്ഫെര്‍മിയെയിലേക്കയച്ചു.
ഇതൊക്കെ പണം കിട്ടാനുള്ള തെനാര്‍ദിയെര്‍മാരുടെ വിദ്യയായിരുന്നു. കൊസെത്തിനു ദീനമൊന്നുമില്ല.
ഫന്‍തീന്‍ കണ്ണാടിയെടുത്തു ജനാലയിലൂടെ എറിഞ്ഞു. അവള്‍ രണ്ടാം നിലയിലുള്ള മുറി വിട്ടു. മേല്‍പ്പുരയുടെ നേരെ ചുവട്ടില്‍ ഒരു സാക്ഷകൊണ്ടു മാത്രം അടച്ചിടാവുന്ന തട്ടിന്‍പുറത്തു താമസമായിട്ടു കുറേ കാലമായി നിലത്തോടുകൂടി ഒരു ത്രികോണാകൃതി വരയ്ക്കുന്നവയും, ഓരോ നിമിഷത്തിലും തല മുട്ടിക്കുന്നവയുമായ അത്തരം തട്ടിന്‍പുറങ്ങളില്‍ ഒന്ന്, അതില്‍ പാര്‍ക്കുന്ന സാധുവിനു, തന്റെ ദുര്‍വിധിയുടെ അറ്റത്തേക്കെന്നപോലെ, പിന്നേയും പിന്നേയും കൂന്നും കൊണ്ടേ തന്റെ മുറിയുടേയും അറ്റത്തേക്കു ചെല്ലാവൂ.
അവള്‍ക്കു കിടക്കാന്‍ കിടക്കയില്ല; പുതപ്പെന്നു പറഞ്ഞിരുന്ന ഒരു കീറത്തുണിയും, നിലത്ത് ഒരു പായയും, മൂടില്ലാത്ത ഒരു കസാലയും ബാക്കിയുണ്ട്. അവള്‍ക്കുണ്ടായിരുന്ന ഒരു ചെറിയ പനിനീര്‍പ്പൂച്ചെടി വാടി, നോട്ടമില്ലാതെ, ഒരു മൂലയ്ക്കു നില്ക്കുന്നു. മറ്റൊരു മൂലയ്ക്കു വെള്ളം നിറയ്ക്കാനുള്ള ഒരു ചട്ടിയുണ്ട്; മഴക്കാലത്ത് അതു കട്ടയാവും; വട്ടത്തിലുള്ള മഞ്ഞുവരകള്‍കൊണ്ട് അതില്‍ വെള്ളം നിന്നിരുന്ന പലേ നിലകളും വളരെക്കാലമായി രേഖപ്പെട്ടു കിടക്കുന്നു. അവളുടെ നാണം പോയ്പോയി. അവളുടെ തേവടിശ്ശിത്തരവും പോയി. അവള്‍ മുഷിഞ്ഞ തൊപ്പി വെച്ചു പുറത്തേക്കു പോവും. ഇടയില്ലാഞ്ഞിട്ടോ നിഷ്കര്‍ഷയില്ലാഞ്ഞിട്ടോ അവള്‍ തന്റെ വസ്ത്രങ്ങളൊന്നും തിരുമ്മാറില്ല. മടമ്പിന്റെ ഭാഗം ദ്രവിച്ചുപോയപ്പോള്‍, കീഴ്ക്കാലുറകളെ അവര്‍ പാപ്പാസ്സിന്നുള്ളിലേക്കു അമര്‍ത്തി. പരന്നു കാണാവുന്ന ഞെരിയാണികൊണ്ട് ഇതു മനസ്സിലാക്കാം. പഴകിപ്പിഞ്ഞിയ കുപ്പായത്തില്‍, തൊട്ടാല്‍ക്കീറുന്ന ചീട്ടിത്തുണികൊണ്ട് അവള്‍ കഷ്ണം വെച്ചു. അവള്‍ കടപ്പെട്ടിട്ടുള്ളവര്‍ ലഹള കൂട്ടിയിട്ടു ഒരു നേരവും ഒരു പൊറുതിയില്ല. പുറത്തേക്കു കടന്നാല്‍ അവിടെ അവരുണ്ട്; അകത്തേക്കു വന്നാല്‍ അവിടെയും. കരഞ്ഞും ആലോചിച്ചും അവള്‍ വളരെ രാത്രികള്‍ കഴിച്ചു. അവളുടെ കണ്ണുകള്‍ നല്ല പ്രകാശമുള്ളവയായിരുന്നു; ഇടത്തേ ചുമൽപലകയുടെ മുകളിലായി എപ്പോഴും ഒരു വേദന. അവള്‍ വല്ലാതെ ചുമച്ചിരുന്നു, അവള്‍ക്കു മൊസ്സ്യു മദലിയന്റെ നേരെ കലശലായ ദേഷ്യമുണ്ടായിരുന്നു: പക്ഷേ, ആവലാതിപ്പെട്ടില്ല. അവള്‍ ഒരു ദിവസം പതിനേഴു മണിക്കൂര്‍ നേരം തുന്നും; പക്ഷേ, തടവുപുള്ളികളുടെ പ്രവൃത്തി കരാറെടുത്തിരുന്ന ഒരാള്‍, അവരെക്കൊണ്ടു കുറഞ്ഞ കൂലിക്കു പണിയെടുപ്പിച്ചിരുന്നതുകൊണ്ട്, പെട്ടെന്നു സാമാനങ്ങള്‍ക്കു വില താഴ്ത്തി, ഒരു കൂലിപ്പണിക്കാരിക്ക് ഒരു ദിവസത്തെ സമ്പാദ്യം ഒമ്പതു സൂവാക്കിക്കുറച്ചു. പതിനേഴു മണിക്കൂറു നേരത്തെ പണി. ദിവസത്തില്‍ ഒമ്പതു സൂ വീതം സമ്പാദ്യവും! അവളുടെ കടക്കാര്‍ പൂര്‍വാധികം നിര്‍ദ്ദയത കാണിക്കാന്‍ തുടങ്ങി. പഴയ സാമാനം വില്ക്കുന്നാള്‍ — തന്റെ സാമാനങ്ങള്‍ ഏതാണ്ട് മുഴുവനും അയാള്‍ മടക്കിക്കൊണ്ടുപോയിരിക്കുന്നു — അവളോട് ഇളവില്ലാതെ ചോദിക്കും: ‘ഹേ കേമത്തി, എന്നാണ് എന്റെ പണം തരിക?’ എന്റെ ഈശ്വരാ, അവര്‍ക്കൊക്കെ എന്താണ് അവളെക്കൊണ്ടു വേണ്ടത്! ജനങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് അവള്‍ക്കു തോന്നി; കാട്ടുമൃഗങ്ങളുടെ സ്വഭാവത്തിലെ എന്തോ ഒന്ന് അവളില്‍ വളര്‍ന്നുവന്നു. ഏതാണ്ട് ഈ സമയത്തുതന്നെ, തെനാര്‍ദിയെരുടെ കത്തു വന്നു; അയാള്‍ മര്യാദ വിചാരിച്ചു വളരെ ദിവസം കാത്തു; ഇനി ഒരു നിമിഷം താമസിയാതെ, നൂറു ഫ്രാങ്ക് അയച്ചു കിട്ടണം; ഇല്ലെങ്കില്‍, ആ വല്ലാത്ത ദീനത്തില്‍ നിന്നു കഷ്ടിച്ചു വിട്ടുപോന്ന കൊസെത്തുകുട്ടിയെ അയാള്‍ തണുപ്പും വെറുപ്പും തെരുവും ശരണമായി വീട്ടില്‍ നിന്നു പുറത്താക്കും; അവിടെക്കിടന്ന് അവള്‍ക്ക് എന്തെങ്കിലും വരട്ടെ; ചത്താല്‍ ചത്തു. ‘നൂറു ഫ്രാങ്ക്, ഫന്‍തീന്‍ വിചാരിച്ചു. ‘പക്ഷേ, എന്തു പ്രവൃത്തിയെടുത്താലാണ് ഒരാള്‍ക്കു ദിവസത്തില്‍ നൂറു സൂ വീതം സമ്പാദിക്കാവുന്നത്?’
‘ആട്ടേ!’ അവള്‍ പറഞ്ഞു,’ ഇനി ബാക്കിയുള്ളതും വിറ്റുനോക്കട്ടേ.’
ആ ഭാഗ്യംകെട്ട സ്ത്രീ തോന്നിവാസക്കാരിയായി.
ക്രിസ്തു നമ്മെ മുക്തരാക്കി
ഈ ഫന്‍തീന്റെ ചരിത്രം എന്താണ്? സമുദായം ഒരടിമയെ വിലയ്ക്കു വാങ്ങല്‍.
ആരോട്? കഷ്ടപ്പാടോട്.
വിശപ്പോട്, തണുപ്പോട്, നിസ്സഹാസയതോട്, വലച്ചിലോട്, വ്യസനകരമായ ഒരാദായക്കച്ചവടം, ഒരു കഷ്ണം അപ്പത്തിന് ഒരാത്മാവ്. കഷ്ടപ്പാടു വില്ക്കുന്നു. സമുദായം വാങ്ങുന്നു.
യേശുക്രിസ്തുവിന്റെ പരിശുദ്ധനിബന്ധനയാണ് നമ്മുടെ പരിഷ്കാരത്തെ ഭരിച്ചുവരുന്നത്; പക്ഷേ, അതിനിയും അകത്തു കടന്നിട്ടില്ല. യൂറോപ്പിലെ പരിഷ്കൃതജീവിതത്തില്‍ നിന്ന് അടിമക്കച്ചവടം പോയ്ക്കഴിഞ്ഞു എന്നു കേള്‍ക്കാം. ഇതു തെറ്റാണ്. അത് ഇപ്പോഴുമുണ്ട്; പക്ഷേ, അതു സ്ത്രീകളെ മാത്രമേ ബാധിച്ചു കിടപ്പുള്ളു; അതിനു പേര്‍ വ്യഭിചാരം എന്നാണ്.
അതു സ്ത്രീകളെ ബാധിച്ചു കിടക്കുന്നു — എന്നുവെച്ചാല്‍, സൗഭാഗ്യത്തെ, അശക്തിയെ, സൗന്ദര്യത്തെ, മാതൃത്വത്തെ. പുരുഷന്മാര്‍ക്കുള്ള അവമാനങ്ങളില്‍ ഒരിക്കലും ഇതത്ര ചുരുങ്ങിയ ഒന്നല്ല.
ഈ ദുഃഖമയമായ നാടകത്തില്‍ നാമിപ്പോള്‍ എത്തിയിരിക്കുന്ന ഘട്ടത്തില്‍, ഫന്‍തീന്‍ മുന്‍പ് എന്തായിരുന്നുവോ അതിലൊന്നും അവളില്ലാതായിരിക്കുന്നു.
ചളിയായതോടുകൂടി അവള്‍ ഉറച്ചു വെണ്ണക്കല്ലായിത്തീര്‍ന്നു. അവളെ തൊടുന്നവര്‍ക്കു കൈ മരവിക്കുന്നു. അവള്‍ ഉറച്ചു വെണ്ണക്കല്ലായിത്തീര്‍ന്നു. അവളെ തൊടുന്നവര്‍ക്കു കൈ മരവിക്കുന്നു. അവള്‍ കടന്നു പോകുന്നു; അവള്‍ നിങ്ങളെ വെച്ചു പൊറുക്കുന്നു; നിങ്ങളുണ്ടെന്നു ഭാവിക്കുന്നില്ല; അവള്‍ ദുസ്സഹവും അവമാനിതവുമായ ഒന്നാണ്. ജീവിതവും സാമുദായികാചാരവും അവളോടു യാത്ര പറഞ്ഞു. അവള്‍ക്കു വരാവുന്നതെല്ലാം വന്നുകഴിഞ്ഞു. അവള്‍ എല്ലാം അനുഭവിച്ചു; എല്ലാം കഴിച്ചു; എല്ലാം പരിചയിച്ചു; എല്ലാം സഹിച്ചു; എല്ലാം കളഞ്ഞു; എല്ലാറ്റിനെപ്പറ്റിയും ദുഃഖിച്ചു. മരണം എങ്ങനെ ഉറക്കത്തെപ്പോലിരിക്കുന്നുവോ, അങ്ങനെ ഉദാസീനതയെപ്പോലിരിക്കുന്ന ആ വിരക്തികൊണ്ട് അവള്‍ വിരക്തയായി. ഇനി അവള്‍ ഒന്നിനേയും ഒഴിഞ്ഞുവെക്കില്ല. മേഘങ്ങളായ മേഘങ്ങള്‍ മുഴുവനും അവളുടെ മേല്‍ ഇടിഞ്ഞു വീഴട്ടെ; സമുദ്രമായ സമുദ്രം മുഴുവനും അവളുടെ മീതെ അടിച്ചു മറിയട്ടെ! അവള്‍ക്കെന്ത്? അവള്‍ നനഞ്ഞുപോയ ഒരു ‘സ്പഞ്ചാ’ണ്.
അവളങ്ങനെ വിശ്വസിച്ചിരിക്കുന്നു. നിശ്ചയം; പക്ഷ, വിധിയുടെ കലവറ തീര്‍ന്നു പോയേക്കാമെന്നും, എന്തിന്റേയായാലും ഒന്നിന്റെ അടിത്തട്ടില്‍ നാം എത്തിക്കഴിഞ്ഞുവെന്നും കരുതുന്നത് അബദ്ധമാണ്.
കഷ്ടം! ഇങ്ങനെ കെട്ടിമറിഞ്ഞു മുന്‍പോട്ടു തെളിക്കപ്പെടുന്ന ഈ വിധിപരമ്പരയെല്ലാം എന്താണ്? ഇതൊക്കെ എങ്ങോട്ടു പോകുന്നു? എങ്ങനെ വന്നുകൂടി?
അതറിയുന്നവന്‍ ആ അന്ധകാരം മുഴുവനും കാണുന്നു.
അദ്ദേഹം ഏകന്‍. അദ്ദേഹത്തിന്റെ പേരാണ് ഈശ്വരന്‍.
മൊസ്സ്യു ബാമത്തബ്വായുടെ അലസത
ചെറിയ പട്ടണങ്ങളിലെല്ലാം, വിശേഷിച്ചും എം. പട്ടണത്തില്‍, തങ്ങളുടെ തരക്കാര്‍ പാരിസ്സില്‍ നടന്നു കൊല്ലത്തില്‍ രണ്ടു ലക്ഷം ഫ്രാങ്ക് വരവുള്ളതു മുഴുവന്‍ എന്തൊരു നിലയില്‍ വിഴുങ്ങുന്നുവോ, ആ നിലയില്‍ തങ്ങള്‍ക്കുള്ള ആയിരത്തഞ്ഞൂറു ഫ്രാങ്ക് വരവ് ചവച്ചിറക്കിക്കളയുന്ന ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. ഇവരൊക്കെ ആ മഹത്തായ നപുംസകവര്‍ഗത്തിലെ സത്ത്വങ്ങളാണ്; കുറേ കഥയില്ലായ്മയും, കുറച്ചു ഫലിതവുമുള്ള ധാതുക്ഷയക്കാര്‍; ഇരിപ്പുമുറികളില്‍ ഇവര്‍ നാടന്മാരാവും; കള്ളുഷാപ്പുകളില്‍ മാന്യന്മാരെന്നു നടിക്കും; ‘എന്റെ വസ്തുക്കള്‍, എന്റെ കുടിയാന്മാര്‍, എന്റെ കാടുകള്‍’ എന്നു പറഞ്ഞുനടക്കും. രസികന്മാരാണെന്നു വരുത്താന്‍വേണ്ടി ഇവര്‍ നാടകശാലയില്‍ വെച്ചു നര്‍ത്തകികളെ പുച്ഛിക്കും; ധീരന്മാരാണെന്നാക്കാന്‍ വേണ്ടി. കോട്ടകാവല്‍സ്സൈന്യത്തിലെ ഉദ്യോഗസ്ഥന്മാരോടു ശണ്ഠകൂടും; നായാടും, ചുരുട്ടു വലിക്കും, കോട്ടുവായിടും, കുടിക്കും, പുകയില നാറ്റിക്കും, ‘ബില്ലിയേര്‍ഡ്’ കളിക്കും, വണ്ടിയില്‍ നിന്നിറങ്ങുന്ന വഴിയാത്രക്കാരെ തുറിച്ചു നോക്കും, കാപ്പിപ്പീടികയില്‍ താമസിക്കും, ഹോട്ടലില്‍ ഭക്ഷണം കഴിക്കും, മേശയ്ക്കു ചുവട്ടില്‍നിന്ന് എല്ലുപെറുക്കിത്തിന്നുന്ന ഒരു നായയേയും, മേശയ്ക്കു മുകളില്‍നിന്നു കറികള്‍ എടുത്തു കഴിക്കുന്ന ഒരു വെപ്പാട്ടിയേയും വളര്‍ത്തിപ്പോരും; ഒരു കാശിനു വാശിപിടിക്കും, പരിഷ്കാരങ്ങളെ കൂട്ടിപ്പറയും, ദുഃഖ പര്യവസായികഥയെ അഭിനന്ദിക്കും, സ്ത്രീകളെ പുച്ഛിക്കും, പഴയ ബൂട്ടുകള്‍ക്കു തേച്ചില്‍ പിടിപ്പിക്കും, പാരിസ്സിലൂടെ ലണ്ടനെ പകര്‍ത്തെടുക്കും, പാരിസ്സിനെ പോന്താമുസ്സോങ് പട്ടണത്തിലൂടെയും. കോമാളിയായി ഇരുന്നു നരയ്ക്കും; ഒരു പണി എടുക്കില്ല; ഒരുപകാരത്തിനുമാവില്ല, വലിയ ഉപദ്രവം ചെയ്യില്ല.
മൊസ്സ്യു ഫെലിതോമിയെ, പാരിസ്സ് കാണാതെ സ്വരാജ്യത്തു തന്നെയാണ് കഴിച്ചുകൂട്ടിയതെങ്കില്‍, ഈ തരക്കാരില്‍ ഒരാളായേനേ.
കുറേക്കൂടി പണമുള്ളവരായിരുന്നുവെങ്കില്‍, ഇവരെ ആളുകള്‍ ‘പച്ചസ്സുന്ദരന്മാര്‍’ എന്നു വിളിക്കും; കുറേക്കൂടി പണമില്ലാത്തവരായിരുന്നുവെങ്കില്‍, ഇവരെ ആളുകള്‍ ‘മെനങ്ങാക്കള്ളന്മാര്‍’ എന്നു വിളിക്കും. ഇവര്‍ തൊഴിലില്ലാത്ത വെറും ചില ആളുകളാണ്. തൊഴിലില്ലാത്തവരുടെ കൂട്ടത്തില്‍ അറപ്പിക്കുന്നവരുണ്ട്; അറച്ചവരുണ്ട്; മനോരാജ്യക്കാരുണ്ട്; ചില കള്ളന്മാരുമുണ്ട്.
ഇതെഴുതുന്ന കാലത്തെ ഒരു പച്ചസ്സുന്ദരന്‍ ഉയരമുള്ള ഒരു കഴുത്തുപട്ടയും; ഒരു വലിയ കണ്ഠവസ്ത്രവും; ചില്ലറ ആഭരണങ്ങളോടുകൂടിയ ഒരു ഘടികാരവും; അകത്തു ചുകന്നതും നീലിച്ചതുമായി പല നിറത്തില്‍ ഒന്നിനു മുകളില്‍ ഒന്നായി മൂന്നു മുറിക്കുപ്പായവും; ഒരു ചെറുമത്സ്യത്തിന്റെ വാലോടും, അടുത്തടുത്തായി ചുമലു വരെ ചെല്ലുന്ന രണ്ടു വരി വെള്ളിക്കുടുക്കുകളോടുംകൂടി തവിട്ടു — പച്ച നിറത്തില്‍ അര കുടുങ്ങിയ ഒരു പുറംകുപ്പായവും; ഇതിലല്പം പകിട്ടു കുറഞ്ഞ തവിട്ടു — പച്ചനിറത്തില്‍ ഒറ്റയായവസാനിക്കുന്ന ഒന്നു മുതല്‍ പതിനൊന്നു വരെ — ഇത്രയെന്നു നിയമമില്ല; പക്ഷേ, പതിനൊന്നില്‍ ഒരിക്കലും ഏറാറില്ല — എത്രയെങ്കിലും വരകള്‍ രണ്ട് എടുപ്പുകളിലും തുണി മോടിപിടിപ്പിച്ച ഒരു കൂട്ടുകാലുറയും അടങ്ങിയ ഒരു സത്ത്വമാണ്. ഈ കൂട്ടത്തില്‍ മടമ്പത്തു ലാടനില്ലാതെ ഉയര്‍ന്ന രണ്ടു പാപ്പാസ്സും, വക്കിനു വീതിയില്ലാത്ത ഒരുയര്‍ന്ന തൊപ്പിയും, ഒരു ചെണ്ടു പോലാക്കി വളര്‍ത്തുന്ന തലമുടിയും, ഒരു പൊന്തന്‍ ചൂരലും പോത്തിയെയുടെ[4] വക ശ്ലേഷങ്ങള്‍ കൊണ്ടു മോടികൂടിയ സംസാരവും കൂട്ടണം. ഇവയ്ക്കൊക്കെ പുറമെ, കുതിമുള്ളുകളും മേല്‍മീശയും, ആ കാലത്തു മേല്‍മീശ പ്രമാണിയാണെന്നതിനും കുതിമുള്ളുകള്‍ കാല്‍നടക്കാരനാണെന്നതിനുമുള്ള ചിഹ്നമായിരുന്നു.
ചില്ലറപ്പട്ടണങ്ങളിലുള്ള പച്ചസ്സുന്ദരന്ന് ഏറ്റവും നീളമുള്ള കുതിമുള്ളുകളും, ഏറ്റവും ഭയങ്കരങ്ങളായ മേല്‍മീശകളുമുണ്ടായിരിക്കും.
തെക്കേ അമേരിക്കയിലെ പ്രജാധിപത്യവും സ്പെയിനിലെ രാജാവും കൂടി. ബോലിവറും[5] മോറില്ലോവുമായി, ഉണ്ടായ ശണ്ഠയുടെ കാലമായിരുന്നു അത്. വക്കിനു വീതി കുറഞ്ഞ തൊപ്പി ധരിക്കുന്നവര്‍ രാജകക്ഷിക്കാരാണ്; അവരെ മോറില്ലോമാര്‍ എന്നു വിളിക്കുന്നു; ഭരണമാറ്റക്കാര്‍ വക്കിനു വീതി കൂടിയ തൊപ്പിയാണ് വെച്ചിരുന്നത്; ഇവരെ ആളുകള്‍ ബോലിവര്‍മാര്‍ എന്നു വിളിച്ചു വന്നു.
അങ്ങനെ കഴിഞ്ഞ ഭാഗങ്ങളില്‍ വിവരിച്ച സംഭവം നടന്നിട്ട് എട്ടോ പത്തോ മാസത്തിനുശേഷം, 1828 ജനവരി മാസത്തിന്നടുത്തു നല്ല മഞ്ഞുള്ള ഒരു ദിവസം
വൈകുന്നേരം, ഈ പച്ചസ്സുന്ദരന്മാരില്‍ ഒരാള്‍, ഈ തൊഴിലില്ലാത്ത വര്‍ഗക്കാരില്‍ ഒരുവന്‍, ഒരു ‘ബുദ്ധിമാന്‍’ — അയാള്‍ ഒരു മോറില്ലോത്തൊപ്പി ധരിച്ചിട്ടുണ്ടല്ലോ: എന്നല്ല, തണുപ്പുകാലത്തെ ഉടുപ്പുപരിഷ്കാരത്തെ തികയ്ക്കുന്ന അത്തരം വലിയ പുറങ്കുപ്പായങ്ങളിലൊന്നു മേലിട്ടിട്ടുമുണ്ട് — കഴുത്തു മറയ്ക്കാതെയും മുടിയില്‍ പുഷ്പങ്ങളോടുകൂടിയും ഒരു നൃത്തവിനോദസ്ഥലത്തേക്കു ചേര്‍ന്ന ഉടുപ്പില്‍ കാപ്പിപ്പീടികയുടെ മുന്‍ഭാഗത്തു പതുങ്ങിനടന്നിരുന്ന ഒരുത്തിയെ ഉപദ്രവിച്ചു വിനോദിക്കുകയായിരുന്നു. ഈ പച്ചസ്സുന്ദരന്‍ ചുരുട്ടു വലിക്കുന്നുണ്ട്; നിശ്ചയമായും അയാള്‍ പരിഷ്കാരിയാണല്ലോ.
ആ സ്ത്രീ ഓരോരിക്കലും മുന്‍പിലൂടെ കടന്നുപോകുമ്പോള്‍, ചുരുട്ടില്‍നിന്ന് ഒരു വലി പുക വിട്ടുകൊണ്ടു ഫലിതവും നേരമ്പോക്കുമുള്ളവയെന്നു താന്‍ വിചാരിക്കുന്ന ഈ ചില വാക്കുകളെ അയാള്‍ അവള്‍ക്കു സമ്മാനിക്കും; ‘നിങ്ങള്‍ എന്തു വിരൂപയാണ്! — എന്റെ മുമ്പില്‍ നിന്നു കടന്നു പോവാമോ? നിങ്ങള്‍ക്കു പല്ലില്ല! മുതലായത്. ഈ മാന്യനെ മൊസ്സ്യു ബാമത്തബ്വാ എന്നു പറയും. ആ സ്ത്രീ — മഞ്ഞിലൂടെ പോവുകയും വരികയും ചെയ്യുന്ന ആ ഒരു ദുഃഖമയവും അലംകൃതവുമായ പ്രേതരൂപം — യാതൊന്നും അതിനു മറുപടി പറഞ്ഞില്ല; അയാളുടെ നേരെ ഒന്നു നോക്കുകകൂടി ചെയ്തില്ല; എങ്കിലും, ആവിധം ശബ്ദിക്കാതെയും ഒരു ദുഃഖമയമായ ക്രമത്തോടുകൂടിയും അവള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു; അതിനാല്‍ ഒരു ശിക്ഷിക്കപ്പെട്ട പട്ടാളക്കാരന്‍ അടികളുടെ മുന്‍പിലേക്കെന്നപോലെ അയ്യഞ്ചു മിനിട്ടു കൂടുമ്പോഴൊക്കെ ആ പരിഹാസവാക്കുകളുടെ മുന്‍പിലേക്ക് അവള്‍ ചെല്ലും. ചെയ്യുന്ന പ്രവൃത്തി വേണ്ടവിധം ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആ അലസന്നു ശുണ്ഠി പിടിച്ചു; അവല്‍ പുറംതിരിച്ച തക്കത്തില്‍ ഒരു ചെന്നായയുടെ നടത്തത്തോടുകൂടി അവളുടെ പിന്നിലേക്ക് പതുങ്ങിച്ചെന്നു, ചിരിയടക്കിക്കൊണ്ട്, കുനിഞ്ഞു നിന്ന് കാല്‍വരിയില്‍ നിന്ന് ഒരുപിടി മഞ്ഞിന്‍കട്ട വാരിയെടുത്ത് പെട്ടെന്ന് അവളുടെ നഗ്നങ്ങളായ ചുമലുകളുടെ നടുവിലേക്കിട്ടു. സ്ത്രീ ഒരലര്‍ച്ചയലറി, പമ്പരം തിരിഞ്ഞു, ഒരു പുള്ളിപ്പുലിയെപ്പോലെ അയാളുടെ നേര്‍ക്ക് ഒരു ചാട്ടം ചാടി, പാറാവു മുറിയില്‍ നിന്നു ഓവുചാലിലേക്ക് വീഴാവുന്നവയില്‍ വെച്ച് ഏറ്റവും വല്ലാത്ത ചില വാക്കും പറഞ്ഞുകൊണ്ട്, അയാളുടെ മുഖത്തു നഖം മുഴുവനും ആഴ്ത്തി. മദ്യം കൊണ്ടു പരുപരുത്ത ഒരു സ്വരത്തിലായ ഈ ശകാരം നിശ്ചയമായും മുന്‍പുറത്തെ രണ്ടു പല്ലില്ലാത്ത ഒരു വായില്‍ നിന്നേ പുറത്തു ചാടാന്‍ തരമുള്ളു. അതേ, അതു ഫന്‍തീനാണ്.
ഈ ഒച്ച കേട്ടു കാപ്പിപ്പീടികയില്‍ ഉണ്ടായിരുന്ന പട്ടാളക്കാര്‍ ഒരടുക്കായി പുറത്തേക്കു ചാടി; വഴിയാത്രക്കാര്‍ ഒത്തുകൂടി; കൂക്കിവിളിച്ചും ലഹളകൂടിയും ആഹ്ലാദിക്കുന്ന ഒരു വലിയ കൂട്ടം ആ രണ്ടു സത്ത്വങ്ങള്‍ തമ്മിലുള്ള കലഹത്തിന്നു ചുറ്റും വളഞ്ഞു; ആ രണ്ടുപേര്‍ ഒന്നാണും മറ്റേതു പെണ്ണുമാണെന്നറിയാന്‍ തന്നെ കുറെ ബുദ്ധിമുട്ടി; പുരുഷന്‍, തൊപ്പി താഴെ വീണു, പായാന്‍ കിടന്നു പിടയുന്നു സ്ത്രീ — മുടിയും പല്ലും കിഴിക്കണം — തല മൂടാതെ മുരണ്ടുകൊണ്ടു ശുണ്ഠികൊണ്ടു ചുകന്നുമറിഞ്ഞു, വല്ലാതായി, കാലുകളെക്കൊണ്ടും മുഷ്ടികൊണ്ടും ഇടിക്കുന്നു. പെട്ടെന്ന് ഒരു ദീര്‍ഘകായന്‍ ചൊടിയോടുകൂടി ആ ആള്‍ക്കൂട്ടത്തില്‍നിന്നു മുന്‍പിലേക്ക് ചെന്ന് ആ സ്ത്രീയെ ചളികൊണ്ടു മൂടിയ മേത്തരം പുറംകുപ്പായത്തിന്മേല്‍ പിടിച്ചുനിര്‍ത്തി, പറഞ്ഞു: ‘എന്റെ കൂടെ വരൂ!’
ആ സ്ത്രീ തലയുയര്‍ത്തിനോക്കി; അവളുടെ ഭയങ്കരശബ്ദം പെട്ടെന്നു ചത്തു അവളുടെ കണ്ണുകള്‍ സ്ഫടികക്കഷ്ണങ്ങളായി; ചുകന്നു മറഞ്ഞിരുന്നതു പോയി
അവള്‍ വിളര്‍ത്തു. അവള്‍ പേടികൊണ്ടു കിടുകിടെവിറച്ചു. അവള്‍ ഴാവേറെ കണ്ടറിഞ്ഞു.
ഈ തഞ്ചത്തില്‍ പച്ചസ്സുന്ദരന്‍ ചുവടൊഴിച്ചു.
നഗരപ്പൊല്ലീസ്സിനെ സംബന്ധിക്കുന്ന ചില വാദമുഖങ്ങളെ ശരിപ്പെടുത്തല്‍
ഴാവേര്‍ ആളുകളെ തള്ളിനീക്കി; ആള്‍ച്ചുറ്റു പൊളിച്ചു; തെരുവിന്റെ അറ്റത്തുള്ള പൊല്ലീസ് കച്ചേരിയിലേക്ക് ആ ഭാഗ്യംകെട്ട സ്ത്രീയേയും വലിച്ചുകൊണ്ടു വേഗത്തില്‍ നടന്നു; അവള്‍ ഒരു പാവയെപ്പോലെ ചെന്നു. അയാളും അവളും ഒരക്ഷരം ശബ്ദിച്ചില്ല; ആ ആള്‍ക്കൂട്ടമാകുന്ന മേഘം, ഒരു സന്തോഷമുര്‍ച്ഛയില്‍ തമാശ പറഞ്ഞുകൊണ്ടു, പിന്നാലെ കൂടി. മഹത്തായ കഷ്ടപ്പാട് അസഭ്യതയ്ക്കുള്ള ഒരു സന്ദര്‍ഭമാണ്.
ഒരടുപ്പിനാല്‍ ചൂടുണ്ടാക്കപ്പെടുന്നതും, ചില്ലുവെച്ച് അഴിയിട്ട ഒരു വാതില്‍ തെരുവിലെക്കുള്ളതും, ഒരു ചെറുസൈന്യത്താല്‍ രക്ഷിക്കപ്പെടുന്നതും, തട്ടുയരം കുറഞ്ഞ ഒരു മുറിയുമായ പൊല്ലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഴാവേര്‍ വാതില്‍ തുറന്നു ഫന്‍തീനോടുകൂടി അകത്തു കടന്ന്, ഉള്‍ക്കണ്ഠിതരായ ആളുകളെ അത്യധികം ആശാഭംഗപ്പെടുത്തിക്കൊണ്ടു, വാതിലടച്ചു; അവരാകട്ടേ പെരുവിരലിന്മേല്‍ നിന്നു, കാണാനുള്ള തിടുക്കത്തില്‍, സ്റ്റേഷന്‍കെട്ടിടത്തിന്റെ കനത്ത ചില്ലിന്‍ മുന്‍പില്‍ കൊറ്റികളെപ്പോലെ തല നീട്ടി നിലയായി. ഉള്‍ക്കണ്ഠ ഒരുതരം ബുഭൂക്ഷയത്രേ. കാണുക, വിഴുങ്ങുകയാണ്.
സ്റ്റേഷനില്‍ കടന്ന ഉടനെ ഫന്‍തീന്‍ അനക്കമില്ലാതെയും ശബ്ദമില്ലാതെയും ഒരു പേടിച്ച നായയെപ്പോലെ പതുങ്ങിക്കൊണ്ട് ഒരു മൂലയില്‍ച്ചെന്നു വീണു.
രക്ഷിസൈന്യത്തിന്റെ മേലാള്‍ ഒരു മെഴുതിരി കത്തിച്ചുകൊണ്ടുവന്നു മേശപ്പുറത്തു വെച്ചു. ഴാവേര്‍ ഇരുന്നു, കുപ്പായക്കീശയില്‍നിന്ന് ഒരു മുദ്രക്കടലാസ്സു വലിച്ചെടുത്ത് എഴുതാന്‍ തുടങ്ങി.
നമ്മുടെ രാജ്യഭരണനിയമങ്ങള്‍ ഇത്തരം സ്ത്രീകളെ കേവലം പൊല്ലീസ്സുകാരുടെ വകതിരിവിലേക്ക് വിട്ടുകൊടുത്തിരിക്കുന്നു. പൊല്ലീസ്സുകാരോ, അവര്‍ക്കിഷ്ടമുള്ളതു ചെയ്യുന്നു; വേണമെന്നു തോന്നിയാല്‍ ശിക്ഷിച്ചുവിടും; സാധുക്കളുടെ വ്യവസായമെന്നും സ്വാതന്ത്ര്യമെന്നും പറയുന്ന രണ്ടു ദയനീയ വസ്തുക്കളെ അവര്‍ യഥേഷ്ടം പിടിച്ചടക്കുന്നു. ഴാവേര്‍ക്കു യാതൊരു ക്ഷോഭവുമില്ല; അയാളുടെ സഗൗരവമായ മുഖം യാതൊരു വികാരത്തേയും വെളിപ്പെടുത്തുന്നില്ല. എങ്കിലും അയാളുടെ മനസ്സില്‍ അഗാധവും സഗൗരവുമായ എന്തോ ഒരാലോചനയുണ്ട്. അയാള്‍ തന്റെ എന്തെന്നില്ലാത്ത വിവേകശക്തിയെ ഒരു പിടിവള്ളിയില്ലാതെ, എങ്കിലും ഒരു വിട്ടൊഴിച്ചിലില്ലാത്ത മനസ്സാക്ഷിയുടെ ആജ്ഞകളനുസരിച്ചു, വിട്ടുകൊടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്. ആ സമയത്തു പൊല്ലീസ്സുകാരന്റേതായ തന്റെ പീഠം ഒരു നീതിന്യായക്കോടതിയാണെന്ന് അയാള്‍ക്കു ബോധമുണ്ട്. അയാള്‍ വിധിന്യായം എഴുതുകയാണ്. അയാള്‍ വിചാരണ ചെയ്തു ശിക്ഷിയ്ക്കുന്നു. മനസ്സിലുണ്ടാകാവുന്ന എല്ലാ വിചാരങ്ങളേയും, ആ ചെയ്‌വാന്‍ പോകുന്ന ശ്രേഷ്ഠകാര്യത്തിനു മുന്‍പില്‍ അയാള്‍ വിളിച്ചു വരുത്തി. ആ സ്ത്രീയുടെ പ്രവൃത്തിയെപ്പറ്റി ആലോചിക്കുന്തോറും, അയാള്‍ക്ക് അധികമധികം ദേഷ്യം തോന്നി. ഒരു കുറ്റം പ്രവര്‍ത്തിക്കുന്നത് അയാള്‍ സ്പഷ്ടമായി കണ്ടിരിക്കുന്നു.
അതാ, ആ തെരുവില്‍വെച്ച്, ഒരു ജന്മിയും ഭരണാധികാരി സഭാംഗങ്ങളെ തിരഞ്ഞെടുപ്പാന്‍ അധികാരിയുമായ ഒരാള്‍ മുഖേന എല്ലാ അതിര്‍ത്തികള്‍ക്കും അപ്പുറത്തു കിടക്കുന്ന ഒരുവളാല്‍ ജനസമുദായം അവമാനിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും അയാള്‍ നോക്കിക്കണ്ടു. ഒരു കുലട ഒരു പൗരന്റെ ആയുര്‍ഭംഗം ചെയ്യാന്‍ ശ്രമിച്ചു. അയാള്‍ അതു കണ്ടു — അയാള്‍ ഴാവേര്‍. അയാള്‍ മിണ്ടാതെ എഴുതി.
കഴിഞ്ഞ് ഒപ്പിട്ടു, മടക്കി, രക്ഷിസൈന്യാധ്യക്ഷനെ വിളിച്ച് അതു കൈയില്‍ക്കൊടുത്തു പറഞ്ഞു: ‘മൂന്നു പേരെ കൂടെ വിളിച്ച് ആ പുള്ളിയെ തടവിലേക്ക് കൊണ്ടുപോവൂ.’
എന്നിട്ടു ഫന്‍തീന്നു നേരെ നോക്കി പറഞ്ഞു: ‘നിനക്ക് ആറു മാസം.’ ആ ഭാഗ്യംകെട്ട സ്ത്രീ വിറച്ചു.
‘ആറു മാസം! ആറു മാസത്തെ തടവ്!’ അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘ദിവസത്തില്‍ ഏഴു സൂവീതം സമ്പാദിച്ചുകൊണ്ട് ആറുമാസം കഴിക്കുക! അപ്പോള്‍ കൊസെത്തിന്റെ കഥ എന്താവും? എന്റെ മകള്‍! എന്റെ മകള്‍! പക്ഷേ, ഇപ്പോള്‍ത്തന്നെ ഞാന്‍ തെനാര്‍ദിയെര്‍മാര്‍ക്കു നൂറു ഫ്രാങ്ക് കൊടുക്കാനുണ്ട്; അതറിയാമോ, മൊസ്സ്യു ഇന്‍സ്പെക്ടര്‍?’
അവള്‍ ആ ഈറന്‍ പിടിച്ച നിലത്തൂടെ, ആ സര്‍വരുടേയും ചളി പിടിച്ച ബൂട്സ്സുകള്‍ക്കിടയിലൂടെ, എണീയ്ക്കാതെ, കയ്യമര്‍ത്തിപ്പിടിച്ചു. കാല്‍മുട്ടുകളെ നീട്ടി നീട്ടി വെച്ചുകൊണ്ട് നീങ്ങി.
‘മൊസ്സ്യു ഴാവേര്‍,’ അവള്‍ പറഞ്ഞു, ‘ഞാന്‍ നിങ്ങളുടെ ദയയ്ക്കു കെഞ്ചുന്നു. എന്റെ പക്കലല്ല തെറ്റെന്നു ഞാന്‍ തീര്‍ത്തു പറയുന്നു. ആദ്യം മുതല്‍ കണ്ടിരുന്നുവെങ്കില്‍, നിങ്ങള്‍ക്കു മനസ്സിലാവും. ഞാന്‍ തെറ്റുകാരിയല്ലെന്ന് ഈശ്വരനെ മുന്‍ നിര്‍ത്തി ആണയിടുന്നു! ആ മാന്യന്‍. ഞാന്‍ അറിയില്ല, ആ പ്രമാണി, എന്റെ പുറത്തു മഞ്ഞു വാരിയിട്ടു നമ്മള്‍ ആരെയും ഉപദ്രവിക്കാതെ വെറുതെ നടക്കുമ്പോള്‍, ആര്‍ക്കെങ്കിലും നമ്മുടെ പുറത്തു മഞ്ഞു വാരിയെറിയാന്‍ അധികാരമുണ്ടോ! നിങ്ങള്‍ക്കു പല്ലില്ല.’ ആ പല്ലുകള്‍ എനിക്കില്ലെന്നു ഞാന്‍ നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ ഒന്നും ചെയ്തില്ല; ഞാന്‍ വിചാരിച്ചു; അദ്ദേഹം കളിക്കുകയാണ്. ഞാന്‍ അദ്ദേഹത്തോടു മര്യാദ പ്രവര്‍ത്തിച്ചു; ഞാന്‍ ഒന്നും സംസാരിച്ചില്ല. അപ്പോഴാണ് അദ്ദേഹം എന്റെ പുറത്തു മഞ്ഞു വാരിയിട്ടത്. മൊസ്സ്യു ഴാവേര്‍. ഹേ! നല്ലാളായ മൊസ്സ്യു ഇന്‍സ്പെക്ടര്‍; അതു കണ്ടിട്ടുള്ള ആരും ഇവിടെ ഇല്ലേ? ഞാന്‍ പറഞ്ഞതു വെറും പരമാര്‍ത്ഥമാണെന്നു നിങ്ങളെ ബോധിപ്പിക്കുവാന്‍ ഒരാളുമില്ലേ? പക്ഷേ, ഞാന്‍ ശുണ്ഠിയെടുത്തതും തെറ്റായിരിക്കാം. ആ ആദ്യത്തെ ക്ഷണത്തില്‍ ക്ഷമകെട്ടുപോകുമെന്നറിയാമല്ലോ. ഒരു രസമില്ലാത്ത സമയമുണ്ടാവും; പിന്നെ തീരെ ആലോചിക്കാതിരിക്കുമ്പോള്‍ തണുത്ത വല്ല സാധനവും എടുത്തു പുറത്തേക്കിടുക! ആ മാന്യന്റെ തൊപ്പി ചീത്തയാക്കിയത് എന്റെ പക്കല്‍ തെറ്റാണ്. അദ്ദേഹം എന്തിനു പാഞ്ഞുപോയി? ഞാന്‍ മാപ്പു ചോദിക്കും. ഹാ! എന്റെ ഈശ്വരാ! അദ്ദേഹത്തോടു മാപ്പു ചോദിക്കുവാന്‍ എനിയ്ക്കൊരു വിരോധവുമില്ല. മൊസ്സ്യു ഴാവേര്‍, ഈ തവണ അങ്ങനെയൊരുപകാരം ചെയ്യു; നില്ക്കണേ! തടവിലുള്ള ഒരാള്‍ക്ക് ഒരു ദിവസത്തില്‍ ഏഴു സൂവേ കിട്ടൂ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ; അതു സര്‍ക്കാറിന്റെ കുറ്റമല്ല; പക്ഷേ, ഏഴു സൂ മാത്രമാണ് ഒരാള്‍ക്കു കിട്ടുന്നത്;
അപ്പോള്‍ നോക്കണേ, എനിക്ക് നൂറു ഫ്രാങ്ക് ചെലവുണ്ട്; അല്ലെങ്കില്‍ എന്റെ കുട്ടിയെ എന്റെ അടുക്കലേക്കയച്ചുകളയും. ഹാ, എന്റെ ഈശ്വരാ! അവളെ എനിക്ക് എന്റെ അടുക്കലേക്ക് വരുത്തിക്കൂടാ; ഞാന്‍ ചെയ്യുന്നത് അത്ര ചീത്തത്തമാണ്! ഹാ, എന്റെ കൊസെത്ത്! ഹാ, സാധുവായ എന്റെ ഓമനക്കുട്ടി, പാവം, അവളുടെ കഥയെന്താവും? ഞാന്‍ പറയട്ടെ; അതു തെനാര്‍ദിയെര്‍മാരാണ്. ഹോട്ടല്‍ക്കച്ചവടക്കാര്‍, നടന്മാര്‍; അത്തരക്കാര്‍ക്കു കഥയില്ല. അവര്‍ക്കു പണം വേണം. എന്നെ തടവിലിടരുതേ! നോക്കൂ, ഒരു ചെറിയ പെണ്‍കുട്ടിയെ ഒന്നാന്തരം മഴക്കാലത്തു കഴിയും പോലെ കഴിയാന്‍, തെരുവിലേക്കിറക്കിക്കളയും. എന്റെ നല്ലൊരാളായ മൊസ്സ്യു ഴാവേര്‍, അങ്ങനെയുള്ള ഒരു കുട്ടിയുടെ മേല്‍ ദയ വേണേ! കുറച്ചു മുതിര്‍ന്നാല്‍ കഴിഞ്ഞുകൂടിക്കൊള്ളും. അവള്‍ക്കു വല്ലതും സമ്പാദിക്കാം: പക്ഷേ, ഈ പ്രായത്തില്‍ അതു വയ്യാ. ഞാന്‍ വാസ്തവത്തില്‍ അത്ര ചേട്ടയല്ല. ഭീരുത്വവും ബുഭുക്ഷയുമല്ല എന്നെ ഈ നിലയിലാക്കിത്തീര്‍ത്തത്. ഞാന്‍ മദ്യപാനം ചെയ്തിട്ടുണ്ടെങ്കില്‍, അത് എന്റെ കഷ്ടപ്പാടുകൊണ്ടാണ്. എനിക്കതിഷ്ടമല്ല; പക്ഷേ, അത് എന്റെ ബുദ്ധിയെ മയക്കുന്നു. എന്റെ നല്ല കാലത്ത് എന്റെ ഉടുപ്പളുമാറിയിലേക്കു നോക്കിയാല്‍ മതി, ഞാന്‍ ഒരു തേവിടിശ്ശിയോ ഒരു വൃത്തികെട്ടവളോ അല്ലെന്നു കാണാം. എനിക്കു വസ്ത്രങ്ങളുണ്ടായിരുന്നു; ധാരാളമുണ്ടായിരുന്നു. എന്റെ മേല്‍ ദയ വിചാരിക്കണേ, മൊസ്സ്യു ഴാവേര്‍.’
ഹൃദയം തകര്‍ന്നു. തേങ്ങലുകളെക്കൊണ്ട് ഇളകിയും കണ്ണുനീരുകൊണ്ട് അന്ധയായും കൈകളെ ചേര്‍ത്തുരുമ്മിയും, ‘കൊക്കിക്കൊക്കി’ച്ചുമച്ചും, മരണവേദനയുടെ സ്വരത്തില്‍ പതുക്കെ വിക്കിക്കൊണ്ടും അവള്‍ സംസാരിച്ചു. മഹത്തായ സങ്കടം ദിവ്യവും ഭയങ്കരവുമായ ഒരു ദീപ്തിയാണ്; അതു ഭാഗ്യഹീനരെ രൂപാന്തരപ്പെടുത്തുന്നു. ആ സമയത്ത് ഒരിക്കല്‍ക്കൂടി ഫന്‍തീന്‍ സുന്ദരിയായി. ഇടക്കിടയ്ക്ക് അവള്‍ പറയല്‍ നിര്‍ത്തി, പൊല്ലീസ്സുദ്യോഗസ്ഥന്റെ പുറംകുപ്പായം ചുംബിക്കും. കരിങ്കല്ലു കൊണ്ടുള്ള ഒരു ഹൃദയത്തെ അവള്‍ മാര്‍ദ്ദവപ്പെടുത്തിയേനേ; പക്ഷേ, മരം കൊണ്ടുള്ള ഒരു ഹൃദയത്തെ മാര്‍ദവപ്പെടുത്താന്‍ വയ്യ.
‘ആട്ടേ,’ഴാവേര്‍ പറഞ്ഞു, ‘നിനക്കു പറയാനുള്ളതൊക്കെ ഞാന്‍ കേട്ടു. ഒക്കെയായോ? ആറുമാസം. ഇനി നടക്കാം. ലോകപിതാവായ ഈശ്വരന്‍ പ്രത്യക്ഷീഭവിച്ചാല്‍ ഇതിലധികമൊന്നും ചെയ്യാന്‍ കഴിയില്ല.’
ലോകപിതാവായ ഈശ്വരന്‍ പ്രത്യക്ഷീഭവിച്ചാല്‍ ഇതിലധികമൊന്നും ചെയ്യാന്‍ കഴിയില്ല. എന്നു കേട്ടപ്പോള്‍ തന്റെ കാര്യം തീര്‍ച്ചപ്പെട്ടു എന്നവള്‍ക്ക് മനസ്സിലായി. അവള്‍ ഇങ്ങനെ മന്ത്രിച്ചുകൊണ്ടു കുഴഞ്ഞുവീണു, ‘ദയ!’
ഴാവേര്‍ പുറം തിരിച്ചു.
പൊല്ലീസ്സുകാര്‍ അവളുടെ കൈയിന്മേല്‍ പിടിച്ചു.
കുറച്ചു മുന്‍പായി അങ്ങോട്ട് ഒരാള്‍ കടന്നു വന്നിരുന്നു; പക്ഷേ, ആരും ആവന്നാളെ ശ്രദ്ധിച്ചില്ല. അയാള്‍ വാതിലടച്ചു; വാതിലിന്മേല്‍ പുറം ചാരിനിന്നു; നിരാശതയോടു കൂടിയ ഫന്‍തീന്റെ ആവലാതികള്‍ അയാള്‍ ശ്രദ്ധിച്ചുകേട്ടു.
എഴുന്നേല്ക്കാതെ കിടക്കുന്ന ആ ഭാഗ്യംകെട്ട സ്ത്രീയുടെ മേല്‍ പട്ടാളക്കാര്‍ കൈവെച്ച ഉടനെ അയാള്‍ നിഴലില്‍ നിന്നു വെളിച്ചത്തേക്കു വന്നു പറഞ്ഞു: ‘നില്ക്കണേ ഒരു നിമിഷം.’
ഴാവേര്‍ തലയുയര്‍ത്തി, മൊസ്സ്യു മദലിയെനെ കണ്ടറിഞ്ഞു. ഇന്‍സ്പെക്ടര്‍ തൊപ്പിയെടുത്തു മുഷിച്ചിലോടു കൂടിയ ഒരുതരം പരുങ്ങലോടെ ഉപചരിച്ചു പറഞ്ഞു: ‘മാപ്പു തരണേ, മിസ്റ്റര്‍ മെയര്‍.’
‘മിസ്റ്റര്‍ മെയര്‍’ എന്ന വാക്കുകള്‍ ഫന്‍തീന്റെ മട്ടിന്ന് അഭൂതപൂര്‍വമായ ഒരു മാറ്റം വരുത്തി. അവള്‍ നിലത്തു നിന്നു പൊട്ടിപ്പുറപ്പെട്ട ഒരു ഭൂതം പോലെ ഒരു ചാട്ടത്തില്‍ ചാടിയെണീറ്റു, രണ്ടു കൈകൊണ്ടും പട്ടാളക്കാരെ തട്ടിനീക്കി, ഒരാള്‍ക്കും തടയാന്‍ ഇടകിട്ടുന്നതിനു മുന്‍പായി മൊസ്സ്യു മദലിയെന്റെ അടുക്കലേക്കു ചെന്ന്, ഒരമ്പരന്ന മട്ടില്‍ മെയറെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു: ‘ഹാ! അപ്പോള്‍ നിങ്ങളാണ് മൊസ്സ്യു മെയര്‍!’
ഉടനെ അവള്‍ പൊട്ടിച്ചിരിച്ചു; അയാളുടെ മുഖത്ത് ഒരു തുപ്പു തുപ്പി.
മൊസ്സ്യു മദലിയെന്‍ മുഖം തുടച്ചു പറഞ്ഞു: ‘ഇന്‍സ്പെക്ടര്‍ ഴാവേര്‍, ഈ സ്ത്രീയെ വിട്ടയയ്ക്കൂ.’
ഭ്രാന്തു പിടിക്കുകയായി എന്നു ഴാവേര്‍ നിശ്ചയിച്ചു. ആ സമയത്ത്, അയാള്‍ താന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്രയും ശക്തിമത്തുക്കളായ വികാരങ്ങളെ വഴിക്കു വഴിയേ, അടിയോടടി എന്ന മട്ടില്‍, സഹിച്ചു വരികയാണ്. വഴിയില്‍ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ മെയറുടെ മുഖത്തു തുപ്പുന്നതു കാണുക എന്ന കാര്യം, സാഹസമേറിയ മനോരാജ്യ ഗതികളില്‍പ്പോലും ഉണ്ടാവുമെന്നു വിശ്വസിച്ചുപോയാല്‍ അതൊരീശ്വരദോഷമായി കരുതുമാറ്, അത്രയും പൈശാചികമാണ്. നേരെമറിച്ചു, തന്റെ ആലോചനകള്‍ക്കിടയില്‍വെച്ച് ആ സ്ത്രീ ആരാണെന്നും ഈ മെയര്‍ ആരായിരിക്കാമെന്നും അയാള്‍ ഒരു ഭയങ്കരമായ താരതമ്യ വിവേചനം ചെയ്തു നോക്കി; ആ തട്ടിച്ചുനോക്കലിന്നിടയില്‍, ഈ കഴിഞ്ഞ അഭൂത പൂര്‍വമായ അക്രമപ്രവൃത്തിക്ക് ഒരു വിഷമമല്ലാത്ത സമാധാനം — എന്താണെന്ന് എനിക്കറിഞ്ഞുകൂടാ — ഭയപ്പാടോടുകൂടെ, അയാള്‍ കുറച്ചൊന്നു നിഴലിച്ചു കണ്ടു. പക്ഷേ, ആ മെയര്‍, ആ മജിസ്ട്രേട്ട്, ശാന്തഭാവത്തില്‍ മുഖം തുടച്ച് ‘ഈ സ്ത്രീയെ വിട്ടയയ്ക്കൂ’ എന്നു പറഞ്ഞു കേട്ടപ്പോള്‍, അയാള്‍ക്ക് ഏതാണ്ട് അമ്പരപ്പിന്റെ ഒരു ലഹരി കയറി; വിചാരിക്കാനും സംസാരിക്കാനും ഒരേവിധം അയാള്‍ക്കു വയ്യാതായി; സംഭവിച്ചേക്കാവുന്ന അമ്പരപ്പിന്റെ ആകത്തുകയൊക്കെ കവിഞ്ഞു. അയാള്‍ മിണ്ടാതെ നിലയായി.
ഒട്ടും കുറഞ്ഞ പരിഭ്രമത്തെയല്ല ഈ വാക്കുകള്‍ ഫന്‍തീനെ സംബന്ധിച്ചേടത്തോളവും ഉണ്ടാക്കിവിട്ടത്. അവള്‍ നഗ്നമായ തന്റെ കൈയുയര്‍ത്തി, തല തിരിഞ്ഞു വീഴാന്‍ പോകുന്ന ഒരാളെപ്പോലെ അടുപ്പിന്റെ തീക്കെടുത്തി യന്ത്രത്തെ കെട്ടിപ്പിടിച്ചു. ഏതായാലും അവള്‍ ചുറ്റും നോക്കി; ഒരു താഴ്ന്ന സ്വരത്തില്‍, തന്നോടുതന്നെ സംസാരിക്കുകയാണെന്നവിധം, അവള്‍ പറയാന്‍ തുടങ്ങി:
‘വിട്ടയയ്ക്കുക! എന്നെ പോവാന്‍ സമ്മതിച്ചു! ഞാന്‍ ആറു മാസത്തേക്കു തടവില്‍ പോകേണ്ടാ. അതാരു പറഞ്ഞു? അതാരും പറഞ്ഞിരിക്കാന്‍ വഴിയില്ല. ഞാന്‍ ശരിയായി കേട്ടില്ല. ആ ചെകുത്താനായ മെയര്‍ അതു പറയില്ല! നിങ്ങളാണോ, എന്റെ നല്ലാളായ മൊസ്സ്യു ഴാവേര്‍, എന്നെ വിട്ടയയ്ക്കാന്‍ പറഞ്ഞത്? ഹാ, ഇതു നോക്കൂ! ഞാന്‍ പറയാം; അപ്പോള്‍ എന്നെ വിട്ടയയ്ക്കാന്‍ സമ്മതിക്കും. ആ ഒരു മെയറാകുന്ന ചെകുത്താന്‍, ആ ഒരു മെയറാകുന്ന തന്തക്കഴുവേറി, ആണ് ഇതിന്നൊക്കെ ഹേതു. ആലോചിച്ചു നോക്കൂ, മൊസ്സ്യു ഴാവേര്‍. എന്നെ ആ മനുഷ്യന്‍ ആട്ടിപ്പുറത്താക്കി! പണിമുറിയില്‍ ഇരുന്നു കണ്ടവരെ ദുഷിക്കുന്ന ഒരുകൂട്ടം ചേട്ടപ്പെണ്ണുങ്ങള്‍ കാരണം. അതൊരു ദുഷ്ടതയല്ലെങ്കില്‍, പിന്നെ എന്താണ്? മര്യാദയോടുകൂടി പ്രവര്‍ത്തി നടത്തുന്ന ഒരു സാധുസ്ത്രീയെ പണിയില്‍ നിന്നു പിരിക്കുക! പിന്നെ, അതില്‍പ്പിന്നെ എനിക്കൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല; എന്നിട്ടാണ് ഈ കഷ്ടപ്പാടൊക്കെ വന്നത്. ഒന്നാമത് ഈ പൊല്ലീസ് വകുപ്പില്‍പ്പെട്ട മാന്യന്മാര്‍ ഒരു കാര്യമാണ് പരിഷ്കാരപ്പെടുത്തേണ്ടത്; തടവുപുള്ളികളുടെ പ്രവൃത്തികള്‍ കരാറെടുക്കുന്നവരെക്കൊണ്ടു സാധുക്കളെ ഉപദ്രവിക്കാന്‍ സമ്മതിക്കരുത്. ഞാന്‍ നിങ്ങളോടു പറഞ്ഞുതരാം, കേള്‍ക്കൂ: ഒരുവള്‍ ഉള്‍ക്കുപ്പായം തുന്നി ദിവസത്തില്‍ പന്ത്രണ്ടു സൂ വീതം സമ്പാദിച്ചിരുന്നതു കുറഞ്ഞ് ഒമ്പതു സൂവാകുന്നു; അതു കിട്ടിയാല്‍ കഴിഞ്ഞുകൂടാന്‍ വയ്യാ. പിന്നെ എന്താണാവാന്‍ കഴിയുക, അതാവുകയോ നിവൃത്തിയുള്ളൂ. എന്നെസ്സംബന്ധിച്ചേടത്തോളം ആണെങ്കില്‍ എനിക്കു കൊസെത്തുണ്ട്; ഒരു ധൂര്‍ത്തയായിത്തീരാതെ നിവൃത്തിയില്ലെന്നു വന്നു. അപ്പോള്‍ കണ്ടില്ലേ, ഇങ്ങനെയാണ് ആ ഒരു മെയറാകുന്ന കഴുവേറി ഈ ഗ്രഹപ്പിഴയൊക്കെ വരുത്തിത്തീര്‍ത്തത്. അങ്ങനെയിരിക്കെ ഞാന്‍ കാപ്പിപ്പീടികയുടെ മുന്‍പില്‍ വെച്ച് ആ മാന്യന്റെ തൊപ്പി ചവിട്ടിക്കേടു വരുത്തി; പക്ഷേ, അദ്ദേഹം മഞ്ഞിന്‍കട്ട കൊണ്ട് എന്റെ ഉടുപ്പാകെ കൊള്ളരുതാതാക്കിയിരുന്നു; സ്ത്രീകളായ ഞങ്ങള്‍ക്കു വൈകുന്നേരം ഉടുക്കാന്‍ ഒരു പട്ടുടുപ്പു മാത്രമേ ഉണ്ടാവൂ. ഞാന്‍ കല്പിച്ചുകൂട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ കണ്ടില്ലേ വാസ്തവമാണ്, മൊസ്സ്യു ഴാവേര്‍; എന്നേക്കാള്‍ എത്രയോ ചീത്തസ്ത്രീകള്‍ എന്നെക്കാളധികം സുഖമായിട്ടു കഴിയുന്നതു ഞാന്‍ എവിടെയും കാണുന്നുണ്ട്. ഹാ, മൊസ്സ്യു ഴാവേര്‍, എന്നെ വിട്ടയയ്ക്കാന്‍ കല്പന കൊടുത്തത് നിങ്ങളാണ്, അല്ലേ? അന്വേഷിച്ചു നോക്കൂ, എന്റെ ഹോട്ടലുടമസ്ഥനോടു ചോദിക്കൂ; ഞാന്‍ ഇപ്പോള്‍ വാടക ശരിക്കു കൊടുക്കാറുണ്ട്; ഞാന്‍ തികച്ചും മര്യാദക്കാരിയാണെന്ന് അവര്‍ പറയും. ഹാ! എന്റെ ഈശ്വരാ! ഞാന്‍ മാപ്പു ചോദിക്കുന്നു. അടുപ്പിന്റെ തീക്കെടുത്തി യന്ത്രത്തെ ഞാന്‍ അറിയാതെ തൊട്ടുപോയി; അത് അതിനെ പുകച്ചു.’
മൊസ്സ്യു മദലിയെന്‍ അവളുടെ വാക്കുകളെല്ലാം അത്യന്തം ശ്രദ്ധവെച്ചു കേട്ടു. അവള്‍ സംസാരിക്കുന്നതിനിടയ്ക്ക് അയാള്‍ തന്റെ മാര്‍ക്കുപ്പായത്തില്‍ തപ്പി നോക്കി, പണസ്സഞ്ചി പുറത്തേക്കെടുത്തു തുറന്നു. അതില്‍ ഒന്നുമില്ല. അതയാള്‍ കുപ്പായക്കീശയില്‍ത്തന്നെ ഇട്ടു. അയാള്‍ ഫന്‍തീനോടു ചോദിച്ചു: ‘നിങ്ങള്‍ക്ക് എന്തു കടമുണ്ടെന്നാണ് പറഞ്ഞത്?’
ഴാവേറിന്റെ മുഖത്തേക്കു മാത്രം നോക്കിക്കൊണ്ടിരുന്ന ഫന്‍തീന്‍ മെയറെ തിരിഞ്ഞു നോക്കി: ‘ഞാന്‍ നിങ്ങളോടായിരുന്നോ സംസാരിച്ചിരുന്നത്?’
എന്നിട്ട്, പട്ടാളക്കാരെ നോക്കി പറഞ്ഞു: ‘അപ്പോള്‍, കൂട്ടരേ, നിങ്ങള്‍, ഞാനയാളുടെ മുഖത്ത് എന്തു തുപ്പു തുപ്പി, കണ്ടുവോ? ഒരു മെയറാവുന്ന തന്തക്കഴുവേറി, നിങ്ങള്‍ എന്നെ ഭയപ്പെടുത്താന്‍ വരുന്നു, അല്ലേ? എനിക്കു നിങ്ങളെ ലേശമെങ്കിലും ഭയമില്ല. എനിക്കു മൊസ്സ്യു ഴാവേറെ ഭയമുണ്ട്. എനിക്ക് എന്റെ നല്ലാളായ മൊസ്സ്യു ഴാവേറെ ഭയമുണ്ട്.
ഇങ്ങനെ പറഞ്ഞ്, അവള്‍ പിന്നേയും ഇന്‍സ്പെക്ടരെ നോക്കി ആരംഭിച്ചു:
‘എങ്കിലും മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍, നീതി പ്രവര്‍ത്തിക്കുന്നത് ആവശ്യമാണ്; അതേ, മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍, നിങ്ങള്‍ നീതിമാനാണെന്ന് എനിക്കറിയാം. വാസ്തവത്തില്‍ സാരമില്ല: ഒരാള്‍ നേരമ്പോക്കിനുവേണ്ടി ഒരു സ്ത്രീയുടെ പുറത്തു മഞ്ഞു വാരിയിടുന്നു; ഉദ്യോഗസ്ഥന്മാര്‍ അതു കണ്ടു ചിരിക്കുന്നു; ആളുകള്‍ക്ക് എന്തെങ്കിലും ഒരു വിനോദം വേണം; പിന്നെ ഞങ്ങള്‍ — അതോ ഞങ്ങള്‍ നിശ്ചയമായും അവരെ വിനോദിപ്പിക്കുവാൻ ഉള്ളവരാണല്ലോ. അപ്പോഴെയ്ക്ക് അതാ, നിങ്ങള്‍ വരുന്നു; നിങ്ങള്‍ക്കു സമാധാനരക്ഷ ചെയ്യേണ്ട ചുമതലയുണ്ടല്ലോ; തെറ്റു ചെയ്ത സ്ത്രീയെ നിങ്ങള്‍ പിടിച്ചു കൊണ്ടുപോന്നു; പക്ഷേ കുറച്ചാലോചിച്ചപ്പോള്‍, നിങ്ങള്‍ ഒരു നല്ലാളായതുകൊണ്ട്, എന്നെ വിട്ടയച്ചിരിക്കുന്നു എന്നു പറഞ്ഞു. അത് എന്റെ കുട്ടിയെ വിചാരിച്ചു ചെയ്തതാണ്; ഞാന്‍ ആറുമാസം തടവില്‍ പെട്ടാല്‍, അവളെ നോക്കാന്‍ ആരുമില്ലാതാവുമല്ലോ. ‘ഒന്നുണ്ടു, തെറിച്ചിപ്പെണ്ണേ, ഇനി ഇതു ചെയ്യരുത്.’ ഹാ, ഞാന്‍ ഇനി ഇത് ചെയ്യില്ല, മൊസ്സ്യു ഴാവേര്‍. ഇനി അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം എന്നെ ചെയ്തോട്ടെ; ഞാന്‍ അനങ്ങില്ല. പക്ഷേ, ഇന്നു, നിങ്ങള്‍ കണ്ടില്ലേ, എനിക്കു വേദനയായി; അതാണ് ഞാന്‍ കരഞ്ഞുപോയത്. ആ മാന്യന്‍ എന്റെ മേല്‍ മഞ്ഞു വാരിയിടുമെന്നു ഞാന്‍ ഒട്ടും സംശയിച്ചില്ല; പിന്നെ, ഞാന്‍ പറഞ്ഞതുപോലെ, എനിക്കു സുഖമില്ല; എനിക്കൊരു ചുമയുണ്ട്; എന്റെ വയറ്റില്‍ കത്തിയെരിയുന്ന ഒരുരള ഉള്ളതുപോലെ തോന്നും; വൈദ്യന്‍ പറയുന്നു, ‘സൂക്ഷിച്ചോളൂ.’ ഇവിടെ ഒന്നു തൊട്ടുനോക്കു, കൈയൊന്നു തരൂ; പേടിക്കാനില്ല — ഇവിടെയായിട്ടാണ്.’
അവളുടെ കരച്ചില്‍ മാറി; അവളുടെ സ്വരം ഓമനിക്കുന്ന ഒന്നായി; ഴാവേറുടെ പരുക്കന്‍ കൈ പിടിച്ച് അവള്‍ തന്റെ മിനുത്തതും വെളുത്തതുമായ കഴുത്തില്‍ വെച്ചു; പുഞ്ചിരിയോടുകൂടി അയാളെ നോക്കി.
പെട്ടെന്ന് അവള്‍ തന്റെ മാറിമറിഞ്ഞ ഉടുപ്പുകള്‍ നേരെയാക്കി, പാവാടയുടെ ഞെറികളെല്ലാം താഴത്തെയ്ക്കിട്ടു — നിലത്തൂടെ നീന്തിയ സമയത്ത് അത് ഏകദേശം മുട്ടുവരെ പൊന്തിയിരുന്നു; ഒരു താഴ്ന്ന സ്വരത്തിലും സൗഹാര്‍ദ്ദപൂര്‍വമായ ഒരാംഗ്യത്തോടുകൂടിയും പട്ടാളക്കാരോട് ഇങ്ങനെ പറഞ്ഞും കൊണ്ട് വാതില്ക്കലേക്കു ചെന്നു: ‘മക്കളേ, മൊസ്സ്യു ഇന്‍സ്പെക്ടര്‍ എന്നെ വിടാന്‍ പറഞ്ഞു; ഞാനിതാ പോണു.’
അവള്‍ വാതിലിന്റെ സാക്ഷമേല്‍ കൈവെച്ചു; ഒരടികൂടി വെച്ചാല്‍, അവള്‍ നിരത്തിന്മേലായി.
അതേവരെ ഴാവേര്‍ നിവര്‍ന്ന്, അനങ്ങാതെ, നിലത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട്, ഇളക്കിയെടുത്തു മറ്റെവിടെയോ കൊണ്ടുപോയി സ്ഥാപിക്കാന്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രതിമപോലെ, അവിടെ നിലയായിരുന്നു. സാക്ഷയുടെ ശബ്ദം അയാളെ ഉണര്‍ത്തി, രാജകീയമായ അധികാരത്തോടുകൂടി — കാട്ടുമൃഗത്തിലാണെങ്കില്‍ കൊടുംക്രൂരവും പ്രായംചെന്ന ഒരു നിസ്സാരനിലാണെങ്കില്‍ അറുദുഷ്ടമാകുമാറ് അധികാരം എത്രമേല്‍ നികൃഷ്ടസ്ഥിതിയിലേക്കിറങ്ങുന്നുവോ അത്രമേല്‍ അത്യധികം അപകടസൂചകമായ ഒരു ഭാവത്തോടുകൂടി — അയാള്‍ തലയുയര്‍ത്തി.
‘സര്‍ജ്ജന്‍.’ അയാള്‍ ഉറക്കെപ്പറഞ്ഞു. ‘ആ തേവിടിശ്ശിപ്പെണ്ണ് കടന്നുപോകുന്നതു കാണുന്നില്ലേ? അവളെ വിട്ടയയ്ക്കാന്‍ ആര് പറഞ്ഞു തന്നോട്?’
‘ഞാന്‍,’ മദലിയെന്‍ പറഞ്ഞു.
ഴാവേറുടെ ഒച്ച കേട്ടപ്പോള്‍ ഫന്‍തീന്‍ ചൂളി; ഒരു കള്ളന്‍ കട്ടു കൈയിലാക്കിയ സാധനത്തെ വേണ്ടെന്നു വെക്കുന്നതുപോലെ, അവള്‍ സാക്ഷിയില്‍ നിന്നു കൈയെടുത്തു. മദലിയെന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി; അതു മുതല്‍ അവള്‍ ഒന്നും മിണ്ടുകയുണ്ടായിട്ടില്ല; ഇഷ്ടം പോലെ ശ്വാസം കഴിക്കാന്‍ കൂടി ധൈര്യമില്ലാതായി; പക്ഷേ, അപ്പപ്പോള്‍ സംസാരിക്കുന്നതാരോ അതനുസരിച്ചു അവളുടെ നോട്ടം മദലിയെന്റെ മേല്‍നിന്നു ഴാവേറുടെ മേലേക്കും ഴാവേറുടെ മേല്‍നിന്നു മദലിയെന്റെ മേലേക്കുമായി അലഞ്ഞു നടന്നിരുന്നു.
ഫന്‍തീനെ വിട്ടയയ്ക്കണമെന്നുള്ള മെയറുടെ ആവശ്യം കേട്ടതിനുശേഷം, പട്ടാളമേലുദ്യോഗസ്ഥനോട് ആവിധം കല്പിക്കാന്‍ ഒരുങ്ങണമെങ്കില്‍ ഴാവേര്‍ക്ക് സാമാന്യത്തിലധികം ശുണ്ഠി വന്നിരിക്കണമെന്നു തീര്‍ച്ചയാണ്. മെയറുടെ സാന്നിധ്യത്തെ മറക്കത്തക്ക ഒരു നിലയില്‍ അയാള്‍ എത്തിപ്പോയോ? ഏതു ‘മേലധികാര’
ത്തില്‍ നിന്നും അങ്ങനെയൊരു കല്പന കൊടുത്തു എന്നു വരാന്‍ വയ്യെന്നും, മെയര്‍, അതുദ്ദേശിക്കാതെ, എന്തോ മറ്റൊന്നു വിചാരിച്ചു പറഞ്ഞതായിരിക്കണമെന്നും അയാള്‍ ഒടുവില്‍ തീര്‍ച്ചപ്പെടുത്തിയോ? അതോ, കഴിഞ്ഞ ചില മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായിക്കണ്ട ന്യായവിരുദ്ധതകളെക്കൊണ്ടു നോക്കുമ്പോള്‍, മഹത്തരങ്ങളായ തീര്‍പ്പുകള്‍ ചെയ്യുന്നത് ആവശ്യമായിരിക്കുന്നു എന്നും, ചെറുതിനെ വലുതാക്കുന്നത് കൂടാതെ കഴിയാത്ത ഒന്നായി എന്നും, പൊല്ലീസ്സൊറ്റുകാരന്‍ മജിസ്രേട്ടായി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു എന്നും, ഒരു പൊല്ലീസ്സുകാരന്‍ പോയി ഒരു നീതിന്യായപ്രവര്‍ത്തകനായിത്തീര്‍ന്നേ പറ്റൂ എന്നും, അത്രയല്ല, ഈ എന്തെന്നില്ലാത്ത അപകടസ്ഥിതിയില്‍ സമാധാനം, നിയമം, സദാചാരം, ഭരണാധികാരം, സാമുദായികവ്യവസ്ഥ മുഴുവനും തന്നെ, തന്നില്‍, ഴാവേറില്‍, മൂര്‍ത്തീഭവിച്ചാണ് നില്ക്കുന്നതെന്നും കൂടി വിചാരിച്ചുവോ?
അതെങ്ങനെയായാലും നാമിപ്പോള്‍ത്തന്നെ കേട്ടവിധം, മൊസ്സ്യു മദലിയെന്‍ ഞാന്‍ എന്ന വാക്ക് ഉച്ചരിച്ചതോടുകൂടി ഇന്‍സ്പെക്ടര്‍ ഴാവേര്‍ വിളര്‍ത്തു ചുണകെട്ടു കറുത്ത ചുണ്ടുകളോടും, നിരാശത കാണിക്കുന്ന ഒരു ഭാവത്തോടും കൂടി അവ്യക്തമായൊരു വിറയാലും അഭൂതപൂര്‍വമായൊരു ക്ഷോഭത്താലും ദേഹം മുഴുവനും തുള്ളിക്കൊണ്ട് മെയറുടെ നേരേ തിരിഞ്ഞു, കീഴ്പോട്ടു നോക്കിയ നോട്ടത്തോടുകൂടിയാണെങ്കിലും ഒരു ദൃഢസ്വരത്തില്‍, ഇങ്ങനെ പറഞ്ഞു: ‘മൊസ്സ്യു മെയര്‍ പാടില്ല.’
‘എന്തുകൊണ്ട്?’
‘ഈ ചേട്ട ഒരു പൗരനെ അവമാനിച്ചു.’
‘ഇന്‍സ്പെക്ടര്‍ ഴാവേര്‍,’ ശാന്തവും സന്തോഷകരവുമായ ഒരു സ്വരത്തില്‍ മെയര്‍ മറുപടി പറഞ്ഞു: ‘കേള്‍ക്കൂ. നിങ്ങള്‍ ഒരു സത്യവാനാണ്; കാര്യം നിങ്ങളെ പറഞ്ഞു മനസ്സിലാക്കുവാന്‍ എനിക്കു മടിയില്ല. വാസ്തവസ്ഥിതി ഇതാണ്: നിങ്ങള്‍ ഈ സ്ത്രീയെ പിടിച്ചുകൊണ്ടുപോരുന്ന സമയത്ത് ഞാന്‍ ആ വഴിയെ പോയിരുന്നു. ചിലരൊക്കെ അപ്പോഴും അവിടെ നിന്നിരുന്നു; ഞാനന്വേഷിച്ചു, സകലവും മനസ്സിലാക്കി. ആ പൗരനാണ് തെറ്റു ചെയ്താള്‍; വേണ്ടവിധം നടത്തപ്പെടുന്ന ഒരു പോല്ലീസ് സൈന്യം അയാളെയാണ് കയ്യാമം വെയ്ക്കേണ്ടിയിരുന്നത്.’
ഴാവേര്‍ തിരിച്ചടിച്ചു: ‘ഈ അസത്ത് ഇപ്പോള്‍ത്തന്നെ മൊസ്സ്യു മെയറെ അവമാനിച്ചു.’
‘അത് എന്റെ കാര്യമാണ്,’ മൊസ്സ്യു മദലിയെന്‍ പറഞ്ഞു: ‘എന്നെ അവമാനിച്ചു എന്നുള്ളത് ഞാനാണാലോചിക്കേണ്ടത് എന്നു തോന്നുന്നു. അതിനെപ്പറ്റി എനിക്കിഷ്ടമുള്ളതു ചെയ്യാം.’
‘മൊസ്സ്യു മെയര്‍, എനിക്കു മാപ്പുത രണം. ആ അവമാനം തട്ടിയതു മൊസ്സ്യു മെയര്‍ക്കല്ല, ഭരണനിയമത്തിനാണ്.’
‘ഇന്‍സ്പെക്ടര്‍ ഴാവേര്‍,’ മൊസ്സ്യു മദലിയെന്‍ മറുപടി പറഞ്ഞു, ‘സര്‍വ്വോത്കൃഷ്ടമായ നിയമം മനസ്സാക്ഷിയാണ്. ഞാന്‍ ഈ സ്ത്രീ പറഞ്ഞതൊക്കെ കേട്ടു: ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം.’
‘എനിക്കാണെങ്കില്‍, മിസ്റ്റര്‍ മെയര്‍, ഞാന്‍ കാണുന്നതെന്താണെന്നു മനസ്സിലാവുന്നില്ല.’
‘ഞാന്‍ പറയുന്നതു ചെയ്തു മിണ്ടാതിരിക്കൂ.’
‘ഞാന്‍ എന്റെ മുറ പറയുന്നതിനെ ചെയ്യുന്നു. ഈ സ്ത്രീ ആറു മാസം തടവില്‍ കിടക്കണമെന്നാണ് എന്റെ മുറ കല്പിക്കുന്നത്.’
മൊസ്സ്യു മദലിയെന്‍ ശാന്തഭാവത്തില്‍ പറഞ്ഞു: ‘നല്ലവണ്ണം സൂക്ഷിച്ചോളൂ; ഈ സ്ത്രീ ഒരു ദിവസവും തടവനുഭവിക്കാന്‍ പാടില്ല.’
ഈ തീര്‍പ്പു കേട്ടപ്പോള്‍, ഴാവേര്‍ മെയറുടെ നേരെ ഒരു തുളഞ്ഞുകയറുന്ന നോട്ടം നോക്കി; അയാള്‍ ഇങ്ങനെ, എന്നാല്‍ അത്യന്തം ബഹുമാനമയമായ ഒരു സ്വരത്തില്‍ പറഞ്ഞു:
‘മൊസ്സ്യു മെയറോട് ഏതിര്‍ പറയേണ്ടി വന്നതില്‍ ഞാന്‍ വ്യസനിക്കുന്നു: എന്റെ ജീവകാലത്തില്‍ ഇതാദ്യത്തെ തവണയാണ്; എങ്കിലും ഞാന്‍ എന്റെ അധികാരസീമയില്‍ത്തന്നെയാണ് നില്ക്കുന്നതെന്നു പറയുവാന്‍ അനുവദിക്കണം. മൊസ്സ്യു മെയര്‍ ഇഷ്ടപ്പെടുന്ന സ്ഥിതിക്ക്, ആ മാന്യന്റെ കാര്യം മാത്രമേ ഞാന്‍ പറയുന്നുള്ളു. ഞാനുണ്ടായിരുന്നു. ഈ സ്ത്രീ ഭരണാധികാരി സഭാംഗങ്ങളെ തിരഞ്ഞെടുപ്പാന്‍ അവകാശിയും, മൈതാനത്തിന്റെ മുക്കു മുഴുവനും ചെല്ലുമാറു മൂന്നു നിലയില്‍ ആകെ ചെത്തുകല്ലു കൊണ്ടുണ്ടാക്കിയ ആ ഒരു ജനാലപ്പുറം തട്ടുള്ള വീടിന്റെ ഉടമസ്ഥനുമായ മൊസ്സ്യു ബാമത്തബ്വായുടെ മേല്ക്കിട്ടു കേറി. ഇതൊക്കെ ലോകത്തില്‍ കുറച്ചു വിലയുള്ളതാണ്! അതെന്തായാലും, മൊസ്സ്യു മെയര്‍. ഇതു പൊല്ലീസ്സധികാരങ്ങളില്‍ പെട്ടതാണ്; അതുകൊണ്ട് എന്റെ ചുമതലയാണ്; ഞാന്‍ ഈ സ്ത്രീയെ, ഫന്‍തീനെ, വിട്ടയയ്ക്കില്ല.’
ഉടനെ മൊസ്സ്യു മദലിയെന്‍ കൈകെട്ടി, അതേവരെ പട്ടണത്തില്‍ ഒരാളും കേട്ടിട്ടില്ലാത്ത ഒരു സഗൗരവസ്വരത്തില്‍ പറഞ്ഞു: ‘പട്ടണപ്പൊല്ലീസ്സിനെസ്സംബന്ധിച്ച കാര്യമാണ് നിങ്ങള്‍ പറയുന്നത്. ക്രിമിനല്‍ വിചാരണയ്ക്കുള്ള നിയമത്തില്‍ ഒമ്പതും പതിനൊന്നും പതിനഞ്ചും ഇരുപത്താറും വകുപ്പുകളെക്കൊണ്ട്, ഞാനാണ് വിധിക്കധികാരി. ഈ സ്ത്രീയെ വിട്ടയയ്ക്കണമെന്നു ഞാന്‍ വിധിക്കുന്നു.’
ഴാവേര്‍ ഒരവസാനക്കയ്യെടുക്കാന്‍ നിശ്ചയിച്ചു: ‘പക്ഷേ, മൊസ്സ്യു മെയര്‍ —’
‘ന്യായം നോക്കാതെ തടങ്ങൽ ചെയ്യുന്നതിനെപ്പറ്റി 1793 ഡിസംബര്‍ 13-ആം തീയതിയത്തെ നിയമത്തില്‍ 81-ആം നമ്പര്‍ വകുപ്പു വായിച്ചു നോക്കാന്‍ ഞാനാവശ്യപ്പെടുന്നു.’
‘മൊസ്സ്യു മെയര്‍, ഞാനൊന്നു പറയട്ടെ —’
‘ഒരക്ഷരവും ഇനി പാടില്ല.’
‘പക്ഷേ —’
‘പുറത്തു പോവൂ.’ മൊസ്സ്യു മദലിയെന്‍ പറഞ്ഞു.
ഒരു റഷ്യന്‍ ഭടനെപ്പോലെ ഴാവേര്‍ നിവര്‍ന്നു നിന്ന് ഒരു ഭാവഭേദമില്ലാതെ ഈ അടി മാറുകാട്ടി മേടിച്ചു. അയാള്‍ മെയറുടെ മുന്‍പില്‍ നിലംതൊട്ടു, പുറത്തേക്കു കടന്നു.
ഫന്‍തീന്‍ വാതില്ക്കല്‍ നിന്നു മാറി; കടന്നു പോകുമ്പോള്‍ അയാളെ അവള്‍ തുറിച്ചുനോക്കി.
ഏതായാലും, അവളും ഒരഭൂതപൂര്‍വമായ സംഭ്രമത്തില്‍പ്പെട്ടിരിക്കയാണ്. മത്സരിക്കുന്ന രണ്ടധികാരശക്തികള്‍ക്ക് താന്‍ ഒരു കലഹവിഷയമായത് അവള്‍ കണ്ടു. തന്റെ സ്വാതന്ത്ര്യത്തെ, തന്റെ ജീവിതത്തെ, തന്റെ ആത്മാവിനെ, തന്റെ കുട്ടിയെ, കൈയില്‍ പിടിച്ചിട്ടുള്ള രണ്ടാളുകള്‍ തമ്മില്‍, തന്റെ കണ്‍മുന്‍പില്‍ വെച്ചു, മല്ലിടുന്നത് അവള്‍ കണ്ടു; അവരില്‍ ഒരാള്‍ തന്നെ ഇരുട്ടിലേക്കു വലിക്കുന്നു; മറ്റേയാള്‍ തന്നെ വെളിച്ചത്തിലേക്കു വീണ്ടുകൊണ്ടു വരുന്നു. ഭയപ്പാടിന്റെ അതിശയോക്തികളിലൂടെ നോക്കിയപ്പോള്‍, അവള്‍ക്ക് ഈ യുദ്ധത്തില്‍ ഈ രണ്ടു പേര്‍ രണ്ടു വലിയാളുകളായി തോന്നി. ഒരാള്‍ തന്റെ ചെകുത്താനെപ്പോലെയും മറ്റെയാള്‍ തന്റെ ദേവദൂതനെപ്പോലെയും സംസാരിച്ചു. ദേവദൂതന്‍ ചെകുത്താനെ ജയിച്ചു; എന്നാല്‍ അത്ഭുതാദത്ഭുതം! ഈ ദേവദൂതന്‍, ഈ മോക്ഷദന്‍ ആര്? താന്‍ വെറുക്കുന്ന അതേ മനുഷ്യന്‍, തന്റെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണഭൂതനെന്നു കരുതിപ്പോന്ന മെയര്‍, ആ മദലിയെന്‍! ഇതാണ് അവളെ കിടുകിടെ വിറപ്പിച്ചത്. എന്നല്ല, അത്രയും വല്ലാത്ത വിധത്തില്‍ താന്‍ അയാളെ അവമാനിച്ചുവിട്ട അതേ നിമിഷത്തിലാണ് തന്നെ അയാള്‍ രക്ഷപ്പെടുത്തിയത്! അപ്പോള്‍, തനിക്കു തെറ്റിയെന്നുണ്ടോ? താന്‍ ആത്മാവിനെ മുഴുവനും മാറ്റണമോ? അറിഞ്ഞുകൂടാ; അവള്‍ വിറച്ചു. അവള്‍ പകച്ചു നിന്നു കേട്ടു; അവള്‍ മിഴിച്ചും കൊണ്ട് നോക്കി; മൊസ്സ്യു മദലിയെന്‍ ഓരോ വാക്കും പറയുമ്പോള്‍ അവളുടെ ദ്വേഷത്തിന്റെ നിബിഡതകള്‍ തകരുകയും താനേ അലിഞ്ഞുപോകയും, എന്നല്ല ആഹ്ലാദവും വിശ്വാസവും സ്നേഹവുമാകുന്ന എന്തോ സോന്മേഷവും അനിര്‍വാച്യവുമായ ഒന്നു മനസ്സില്‍ ഉദിച്ചുവരുകയും ചെയ്യുന്നതായി തോന്നി.
ഴാവേര്‍ പോയപ്പോള്‍ മൊസ്സ്യു മദലിയെന്‍ അവളെ നോക്കി. കരയാന്‍ ഇഷ്ടപ്പെടാത്തവനും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവനുമായ ഒരു ഗൗരവശാലിയെപ്പോലെ, ഒരു ദൃഢസ്വരത്തില്‍ അവളോടു പറഞ്ഞു:
‘നിങ്ങള്‍ പറഞ്ഞതു ഞാന്‍ കേട്ടു. നിങ്ങള്‍ സൂചിപ്പിച്ച കാര്യം ഞാനറിഞ്ഞിട്ടില്ല. അത് വാസ്തവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; അത് വാസ്തവമാണെന്ന് എനിക്കു തോന്നുന്നു. എന്റെ വ്യവസായശാലയില്‍ നിന്നു നിങ്ങള്‍ പിരിഞ്ഞ കഥ തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല. നിങ്ങള്‍ എന്തുകൊണ്ട് എന്നെ അറിയിച്ചില്ല? പക്ഷേ ഇതാ, നോക്കൂ, നിങ്ങളുടെ കടങ്ങളെല്ലാം ഞാന്‍ തീര്‍ത്തു തരും; നിങ്ങളുടെ കുട്ടിയെ ഞാന്‍ വരുത്തും, അല്ലെങ്കില്‍ നിങ്ങളെ അങ്ങോട്ടു പറഞ്ഞയയ്ക്കാം, നിങ്ങള്‍ക്ക് ഇവിടെയോ പാരിസ്സിലോ, അല്ലെങ്കില്‍ ഇഷ്ടമുള്ളേടത്തു പാര്‍ക്കാം. നിങ്ങളുടെ കുട്ടിയേയും നിങ്ങളേയും രക്ഷിക്കേണ്ട ഭാരം ഞാനേല്ക്കുന്നു. നിങ്ങള്‍, ഇഷ്ടമില്ലെങ്കില്‍, ഇനി യാതൊരു പ്രവൃത്തിയും എടുക്കേണ്ടതില്ല. ആവശ്യമുള്ള പണമെല്ലാം ഞാന്‍ തരും. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കു മര്യാദയോടെ സുഖമായി കഴിയാറാക്കാം. കേള്‍ക്കൂ! ഈ പറയുന്നതെല്ലാം വാസ്തവമാണെങ്കില്‍ — ഒരിക്കലും ഞാനതു സംശയിക്കുന്നില്ല — നിങ്ങള്‍ ഈശ്വരദൃഷ്ട്യാ സുശീലയും പരിശുദ്ധയും തന്നെയാണ്. അയ്യോ പാവം!’
ഇതു ഫന്‍തീന്നു സഹിക്കാവുന്നതില്‍ എത്രയോ അധികമായി. കൊസെത്തിനെ കിട്ടുക! ഈ അവമാനകരമായ ജീവിതത്തെ വിടുക. കൊസത്തുമായി സ്വാതന്ത്ര്യത്തോടും സമ്പത്തോടും സുഖത്തോടും മാന്യതയോടും കൂടി കഴിയുക! അവളുടെ കഷ്ടപ്പാടിന്റെ നടുക്കു സ്വര്‍ഗത്തിലേതായ ഈ സത്യസ്ഥിതികളെല്ലാം പെട്ടെന്നുദിച്ചുവരുക! അവളോടു സംസാരിച്ചിരുന്ന ആ മനുഷ്യനെ അവള്‍ അന്തം വിട്ട് തുറിച്ചു നോക്കി; പിന്നീട് ഇങ്ങനെ രണ്ടോ മൂന്നോ തേങ്ങല്‍ തേങ്ങാന്‍ മാത്രമേ അവളെക്കൊണ്ടു കഴിഞ്ഞുള്ളൂ. ‘ഹാ! ഹാ! ഹാ!’
അവളുടെ കൈയും കാലും കുഴഞ്ഞു; അവള്‍ മൊസ്സ്യു മദലിയെന്റെ മുന്‍പില്‍ മുട്ടുകുത്തി; തടയാന്‍ സാധിക്കുന്നതിനു മുന്‍പായി അവള്‍ തന്റെ കൈ പിടിച്ച് അതിനെ ചുംബിച്ചതായി അയാള്‍ കണ്ടു.
ഉടനെ അവള്‍ മോഹാലസ്യപ്പെട്ടു.
കുറിപ്പുകൾ
- ↑ പല വിലയ്ക്കുമുള്ള ഒരു പുരാതന ഫ്രഞ്ചുനാണ്യം.
- ↑ സെയിന്റ് ബര്‍നാര്‍ദ് ഏര്‍പ്പെടുത്തിയ ഒരു മതസംബന്ധിയായ സംഘം.
- ↑ മറ്റൊരു മതസംബന്ധിയായ സംഘം. ഈ സംഘക്കാര്‍ ദരിദ്രന്മാരാണ് ഭരണപരിവര്‍ത്തനത്തില്‍ ഇവര്‍ വളരെ പ്രവര്‍ത്തിച്ചിട്ടുണ്ട് ഗൂഢമായ ചതിപ്പണിക്കു ശ്രമിക്കുന്നവരെ ഇന്ന ജെക്കോബിന്‍ എന്നു വിളിക്കുന്നു.
- ↑ ഒരു ഫ്രാന്‍സുകാരന്‍ വക്കീല്‍, ഇദ്ദേഹം നിയമസംബന്ധികളായ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
- ↑ സര്‍വ്വസ്വവും ബലികഴിച്ചു തെക്കെ അമേരിക്കയെ സ്വതന്ത്രമാക്കിയ സ്വരാജ്യസ്നേഹി.