close
Sayahna Sayahna
Search

Difference between revisions of "ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 06"


(Created page with "{{EHK/UrangunnaSarpangal}} {{EHK/UrangunnaSarpangalBox}} ഊർമ്മിള തന്റെ സ്വഭാവമായി മാറുകയാണെന്ന് മനോ...")
 
(No difference)

Latest revision as of 08:31, 19 May 2014

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 06
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ഊർമ്മിള തന്റെ സ്വഭാവമായി മാറുകയാണെന്ന് മനോഹരൻ മനസ്സിലാക്കി. എന്നും ഉച്ചക്ക് രണ്ടു മണിക്ക് അവൾ ടെലിഫോൺ ചെയ്യും. കാര്യമായൊന്നും സംസാരിക്കാനില്ല. എങ്കിലും എന്നും രണ്ടുമണിയായാൽ മേശപ്പുറ ത്തിരിക്കുന്ന ടെലിഫോൺ ശബ്ദിക്കും. പൊക്കിയാൽ മറുവശത്തുനിന്ന് ഊർമ്മിളയുടെ ശബ്ദം കേൾക്കാം.

മനു ഇറ്റ്‌സ് മീ.

എന്താണ് എന്നും ഒരേ സമയത്ത് തന്നെ വിളിക്കുന്നതെന്ന് മനോഹരൻ ഒരിക്കൽ ചോദിച്ചിരുന്നു. അവളുടെ മറുപടി രസാവഹമായിരുന്നു.

രാവിലെ ഓഫീസിൽ വന്നാൽ ജോലി ചെയ്യാനുള്ള മൂഡിലായിരിക്കും. ഒരിക്കൽ ജോലി ചെയ്യാൻ തുടങ്ങിയാൽ പരിസരം മറക്കുന്നു. പിന്നെ പന്ത്രണ്ടുമണിയോടുകൂടി ബോറടിക്കാൻ തുടങ്ങുന്നു. അപ്പോൾ വേണമെങ്കിൽ ടെലിഫോൺ ചെയ്യാം. പക്ഷെ അപ്പോഴേക്കും ഭയങ്കര വിശപ്പായിരിക്കും. വിശന്നിരിക്കുമ്പോൾ ആരോടും സംസാ രിക്കാൻ തോന്നില്ല. ഒരു മണിക്ക് ലഞ്ച് സമയമാവാൻ കാത്തിരിക്കുന്നു. ലഞ്ചു കഴിഞ്ഞാൽ ആരോടെങ്കിലും സംസാരിച്ചിരി ക്കും. പിന്നെ രണ്ടു മണിക്ക് ജോലി തുടങ്ങാൻ വന്നിരിക്കുമ്പോഴാണ് മനുവിനെ ഓർമ്മയുണ്ടാവുക. ഉടനെ ഡയൽ ചെയ്യും. ആട്ടെ എന്താണ് ചോദിക്കാൻ കാരണം?

നീ എനിക്ക് ഒരു പാവ്‌ലോവ് റിഫ്‌ളെക്‌സ് ഉണ്ടാക്കുകയാണ്.

എന്താണ് പാവ്‌ലോവ് റിഫ്‌ളെക്‌സ് ?

ചുരുക്കിപ്പറഞ്ഞാൽ, എനിക്കിനി ദഹനം വേണമെങ്കിൽ നിന്റെ ഫോൺ കോൾ വേണമെന്നാവും. അത്ര തന്നെ.

അവൾ ചിരിച്ചു.

ഇന്ന് ലഞ്ചിനെന്തൊക്കെയാണ് കഴിച്ചത്?

താഴെ ഉഡുപ്പി റസ്റ്റോറണ്ടിൽ നിന്ന് ഇഡ്ഡലിയും ദോശയുമാണ് കഴിച്ചതെങ്കിൽക്കൂടി അയാൾ പറയും.

തണ്ടൂരി ചിക്കൻ, പോംഫ്രറ്റ് വിത്ത് മയോനിസ് ക്രീം, സ്വീറ്റ് ആന്റ് സോർ ചിക്കൻ ...

മതി, മതി...മെനു കാർഡ് മുമ്പിൽ വെച്ചാണോ സംസാരിക്കുന്നത്?

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം ഫോൺ വരുന്നില്ല. പിറ്റേന്നും. അതിന്റെ പിറ്റെ ദിവസവും. രണ്ടു മണിയോടുകൂടി അയാൾ ടെലിഫോൺ ആശാപൂർവ്വം നോക്കുന്നു. അതു ശബ്ദിക്കുന്നില്ല. അയാൾ മൂന്നു മണിവരെ കാക്കുന്നു. ഫോൺ ശബ്ദിക്കുന്നില്ല. പിന്നെ വരുന്നത് ഒരു ഒഫീഷ്യൽ കാൾ. അയാൾ അരമണിക്കൂർ കൂടി സമയം ഫോണിനു കൊടുക്കുന്നു. ബെല്ലടിക്കാൻ. ഫോൺ നിശ്ശബ്ദം. മൂന്നരക്ക് അയാൾ ഫോണെടുത്ത് കറക്കുന്നു.

മിസ്സ് ഊർമ്മിള പ്ലീസ്.

ഊർമ്മിള ഈസ് ഓൺ ലീവ് പ്ലീസ്.

എത്ര ദിവസത്തേക്ക്?

നാലു ദിവസത്തേക്ക്.

എന്താണ് കാരണം ?

അറിയില്ല.

അയാൾ ഫോൺ താഴെ വെച്ചു.

എങ്ങോട്ടാണവൾ പെട്ടെന്ന് അപ്രത്യക്ഷയായതെന്നയാൾ അത്ഭുതപ്പെട്ടു. അവൾക്ക് അസുഖമല്ലെന്നയാൾക്ക് തോന്നി. അങ്ങിനെയാണെങ്കിൽ ഓഫീസിൽ അറിയുമായിരുന്നു. പിന്നെ വെറുതെ ലീവെടുക്കുകയാണെങ്കിൽ, തന്നെ അറിയിക്കുമായിരുന്നെന്നു മനോഹരനു തോന്നി.

അയാൾ അസന്തുഷ്ടനായിരുന്നു. ഊർമ്മിള തന്റെ കാമുകിയൊന്നുമല്ലെന്നും അതുകൊണ്ട് ലീവെടു ക്കുന്നുണ്ടെങ്കിൽ തന്നെ അറിയിക്കാൻ അവൾക്ക് യാതൊരു ധാർമ്മിക ബാദ്ധ്യസ്ഥതയുമില്ലെന്നും അയാൾ ഓർത്തു. പക്ഷെ ഒരു സൗഹൃദബന്ധം തുടക്കത്തിൽത്തന്നെ ഉലയുന്നതയാൾക്കിഷ്ടമായില്ല. അവൾക്കിഷ്ടമല്ലെങ്കിൽ വേണ്ട. പിറ്റേന്നും രണ്ടു മണിക്കയാൾ ഫോണിനു വേണ്ടി കാത്തു. അതു വരില്ലെന്ന അറിവോടെത്തന്നെ. അയാൾക്കു ദേഷ്യമാണുണ്ടായത്. അധികനേരം പക്ഷെ ദേഷ്യവും വെച്ചിരിക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഒരു പക്ഷെ ഊർമ്മിളക്ക് വല്ല അസുഖവുമാണെങ്കിലോ? ഓഫീസിൽ അസുഖമാണെന്നറിയിച്ചില്ലെന്നുമാവാം. ചിലപ്പോൾ ലീവിൽ തിരുമറി ചെയ്യാൻ ആൾക്കാർ ചെയ്യാറുണ്ടത്.

എന്തായാലും അഞ്ചു മണിക്കയാൾ ബസ്സ്‌സ്റ്റോപ്പിൽ വന്നപ്പോൾ കയറിയത് ഊർമ്മിള താമസിക്കുന്ന ഹോസ്റ്റലിന്റെ ഭാഗത്തേക്കു പോകുന്ന ബസ്സിലായിരുന്നു. ബസ്സിനുള്ളിലെത്തിയപ്പോൾ അതയാളെ തെല്ലദ്ഭുത പ്പെടുത്തി. കാരണം ഊർമ്മിളയെ കാണാൻ പോകണമെന്ന തീരുമാനം ബസ്‌സ്റ്റോപ്പിലെത്തുന്നവരെ അയാൾ എടുത്തിരുന്നില്ല. തന്റെ അബോധമനസ്സ് ഒരു കംപ്യൂട്ടറിനെപ്പോലെ ആ ജോലി തനിക്കു വേണ്ടി ചെയ്തിട്ടുണ്ടാകും.

ഹോസ്റ്റൽ കെട്ടിടം അയാൾ കണ്ടിട്ടുണ്ടായിരുന്നു. ഒരു പ്രൈമറി സ്‌കൂൾ കെട്ടിടം പോലെ തോന്നും, പുറമെനിന്നു കണ്ടാൽ. ഇരുനില കെട്ടിടത്തിന്റെ മുകളിലെ ചുമരിൽ ഹോസ്റ്റൽ ഫോർ വർക്കിംഗ് വിമൻ എന്നു വലുതാക്കി യെഴുതിയിട്ടുണ്ട്.

വാതിൽ തുറന്ന ഉടനെ ഒരു വലിയ മുറിയാണ്. സ്വീകരണമുറിയാണെന്ന് പറയാൻ വയ്യ. കാരണം ആരും അത്ര യധികം സ്വീകാര്യമല്ലെന്ന് വളരെ വ്യക്തമായി, വളരെയധികം വാക്കുകളിൽ ഒരു ബോർഡ് എഴുതിവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും പുരുഷവർഗ്ഗം. പോരാത്തതിന് അവിടെയിരിക്കാൻ ആകെപ്പാടെയുള്ളത് രണ്ടു കസേരകൾ മാത്രമാണ്. വളരെ ദൈന്യത തോന്നിക്കുന്ന ഒരു മേശയും മരത്തിന്റെ അലമാരിയും. അത്ര മാത്രം.

ഭാഗ്യത്തിന് മനോഹരന് അധികനേരം നിൽക്കേണ്ടി വന്നില്ല. ജീൻസും ചെറിയ കള്ളികളുള്ള ടോപ്പും ഇട്ട ഒരു പെൺകുട്ടി പുറത്തുനിന്നു വന്നു. അയാളെ കണ്ടപ്പോൾ അവൾ സംശയിച്ചു നിന്നു.

നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത് ?

മിസ് ഊർമ്മിള പ്ലീസ്.

ഊർമ്മിള ഇല്ലെന്ന് തോന്നുന്നു. ഒരു മിനിറ്റ്. നോക്കി വരാം. ഇവിടെ ഇരിക്കു.

താങ്ക്‌സ്. അവൾ പെട്ടെന്ന് തിരിച്ചുവന്നു പറഞ്ഞു.

സോറി, ഊർമ്മിള സ്ഥലത്തില്ല. പൂനക്ക് പോയിരിക്കുകയാണ്.

പൂനക്ക് എന്താവശ്യത്തിന് പോയതാണെന്നറിയുമോ ?

മനോഹരൻ സംശയിച്ചുകൊണ്ടു പറഞ്ഞു.

പൂനയിൽ ഊർമ്മിളയുടെ ആന്റിയുണ്ട്. അവിടെ പോയിരിക്കയാണ്. നിങ്ങൾ ഊർമ്മിളയുടെ ആരാണ് ?

ഞാനൊരു സ്‌നേഹിതൻ. പേര് മനോഹരൻ. ഊർമ്മിള എന്നാണ് വരിക?

നാളെ.

മനോഹരൻ വന്നിരുന്നെന്നു പറയു.

ഓകെ.

ഇനി കാത്തിരിക്കയല്ലാതെ ഒന്നും ചെയ്യാനില്ലെന്നു മനോഹരൻ ഓർത്തു. അനിശ്ചിതത്വം അയാൾ വെറുത്തിരുന്നു. അതുകൊണ്ട് അയാൾ എല്ലാ കാര്യങ്ങളും മറ്റുള്ളവരോട് വളരെ വ്യക്തമായി പറയാറുണ്ട്. താൻ പറയുന്ന കാര്യങ്ങളിൽ അൽപമെങ്കിലും അവ്യക്തതയോ അനിശ്ചിതത്വമോ ഉണ്ടായെങ്കിൽ അതയാളുടെ മനസ്സിനെ അലട്ടാറുണ്ട്. ആദ്യം സീമയാണ് അയാളെ വലിയൊരു അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടത്. ഇപ്പോൾ ഇതാ ഊർമ്മിളയും. പൂനയിൽ അവളുടെ ആരെങ്കിലും ഉണ്ടെന്ന കാര്യം അവൾ പറഞ്ഞിരുന്നില്ല. പോകുന്നതിന്റെ തലേ ദിവസം കൂടി ഫോൺ ചെയ്തതാണ്. അവൾക്കു പറയാമായിരുന്നു. നാളെ ശനിയാഴ്ച, ഊർമ്മിളക്ക് ഓഫീസില്ല. തിങ്കളാഴ്ച അവൾ ഫോൺ ചെയ്യുമായിരിക്കും.

അയാൾ പുതുതായി പിടിപ്പിച്ച മേഫ്‌ളവർ മരങ്ങളുള്ള റോഡിലൂടെ നടന്നു. സീമയുടെ ഒപ്പം വൈകുന്നേരം നടന്നിരുന്നതയാൾ ഓർത്തു. സീമ അപ്പോൾ താൻ വരച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെപ്പറ്റിയോ, പൊതുവെ പെയിന്റിംഗിനെപ്പറ്റിയോ സംസാരിച്ചു. അതിനിടയ്ക്ക് അവൾ ഒരു സർറിയലിസ്റ്റിക്ക് പീരിയഡ് കഴിഞ്ഞിരിക്ക യായിരുന്നു. അക്കാലത്ത് അവളുടെ ചിത്രങ്ങളിലെല്ലാം വിചിത്ര ജീവികൾ പ്രത്യക്ഷപ്പെട്ടു. അവ ഏതോ ഗ്രഹാന്തരങ്ങളിൽ നിന്ന് വന്ന് അവളെ പേടിപ്പിച്ചു. അവൾ പറയാറുണ്ട്, എന്താണെന്നറിയില്ല, വിചിത്രജീവികൾ എന്നെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്. അവയെല്ലാം ഞാൻ മുമ്പൊരിക്കൽ കണ്ടപോലെ തോന്നുന്നു. വളരെ വ്യക്തമായി. ആ നിമിഷം തൊട്ട് ഞാൻ കാണുന്നതെല്ലാം മുമ്പ് നടന്ന സംഭവങ്ങളാണ്, എന്റെ മുൻജന്മങ്ങളിലേതോ ഒന്നിലുണ്ടായ സംഭവങ്ങൾ. അവ മറന്നു പോകം മുമ്പ് ഞാൻ കാൻവാസിലാക്കുകയാണ്.

മനു പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ ?

ഇല്ല.

ഞാനും വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇപ്പാൾ വിശ്വാസം വരുന്നുണ്ടെന്നു തോന്നുന്നു. ഭൂമിയിലെ പുനർജന്മം മാത്രമല്ല. ഗ്രഹാന്തരങ്ങളിലെ പുനർജന്മം. ഞാൻ ഓർമ്മിക്കുന്നത് എന്റെ തന്നെ ഭൂമിയിലെ പഴയ ജന്മമല്ല, മറിച്ച് വേറെ ഏതോ ഗ്രഹങ്ങളിലെ ജന്മമാണ്. വേറെ ഏതോ സൗരയൂഥത്തിലെ അല്ലെങ്കിൽ വേറെ ഏതോ ഗാലക്‌സികളിലൊരു ഗ്രഹത്തിലെ എന്റെ ജന്മം. അതല്ലാതെ ഈ വിചിത്ര ജീവികളെ ഞാൻ എങ്ങിനെ വിശദീകരിക്കും ?

യുങ്ങിന്റെ കലക്റ്റീവ് അൺ കോൺഷ്യസ് എന്ന തിയറിയാണ് എനിക്ക് പിന്നെയും യുക്തിപൂർവ്വമായി തോന്നുന്നത്. മനോഹരൻ പറഞ്ഞു. നിന്റെ അബോധമനസ്സ് ഒരു പൗരാണിക മനുഷ്യന്റെ ഓർമ്മകൾ അയവിറക്കു കയായിരിക്കും. ഏതാനും ലക്ഷം വർഷങ്ങൾ കൊണ്ട് ഏത് ഓർമ്മക്കും വൈകല്യം നേരിടും. ആ വൈകല്യമാണ് അമൂർത്തതക്ക് ആധാരം. അതായത് സർഗ്ഗാത്മക നിമിഷങ്ങളിൽ സീമയുടെ അബോധമനസ്സ് ഓർക്കുന്നത് ഒരാദിമമനുഷ്യൻ ഒരു വന്യമൃഗവുമായി പോരാടുന്നതായിരിക്കും. ആ മൃഗം ഒരു സിംഹമായിരിക്കാം. ഒരു മാമത്തായിരിക്കാം, അതുമല്ലെങ്കിൽ ആദിമശിലായുഗത്തിൽ ഉണ്ടായിരുന്നതും പിന്നീട് വംശനാശം വന്നതുമായ ഏതെങ്കിലും മൃഗമായിരിക്കാം. ഓർമ്മകൾക്കു വന്ന വൈകല്യം കാരണം സീമ അവയെ കാണുന്നത് വിദൂര ഗ്രഹങ്ങളിലെ വിചിത്ര ജീവികളായാണ്.

ഒരു കൊല്ലത്തോളം നിന്ന സർറിയലിസ്റ്റിക് കാലം കഴിഞ്ഞപ്പോൾ അവളുടെ ചിത്രങ്ങൾ കൂടുതൽ അമൂർത്ത മാവുകയാണുണ്ടായത്.

അയാൾ ഓർത്തു. ഊർമ്മിള അടുത്തുണ്ടായിരുന്നെങ്കിൽ സീമയെപ്പറ്റി സംസാരിക്കാമായിരുന്നു. കുറച്ചൊ രാശ്വാസം തരുന്നതായിരുന്നു അത്.

തിങ്കളാഴ്ച്ച അയാൾ രണ്ടുമണിയാവുന്നതും കാത്തിരുന്നു. ടെലിഫോൺ ശബ്ദിക്കുകയുണ്ടായില്ല. രണ്ടു മണിക്കെന്നല്ല അഞ്ചുമണിവരെ ഒഫീഷ്യൽ കാളുകളല്ലാതെ വേറൊന്നുമുണ്ടായില്ല. അഞ്ചു മണിക്ക് ഓഫീസ് വിടുന്നതിനു മുമ്പ് ഊർമ്മിളയുടെ നമ്പർ ശ്രമിച്ചാലോ എന്ന് മനോഹരൻ ആലോചിച്ചു. ഉടനെത്തന്നെ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ചില നിമിഷങ്ങളുണ്ട്, പ്രത്യേകിച്ചും നിങ്ങൾ ഖിന്നനായിരിക്കുമ്പോൾ, അപ്പോൾ ടെലിഫോൺ എടുത്ത് പൊക്കാനുള്ള വീര്യം കൂടി നശിക്കുന്നു. ഒരു പക്ഷെ ഊർമ്മിള തിരിച്ചു വന്നില്ലെന്നും വരാം. എന്തായാലും ഇനി അവൾ വിളിക്കുന്നവരെ അങ്ങോട്ട് വിളിക്കില്ലെന്നയാൾ തീർച്ച യാക്കി.

പിറ്റേന്നും ഊർമ്മിളയുടെ ഫോണുണ്ടായിരുന്നില്ല. പിറ്റേന്നും. വ്യാഴാഴ്ച്ച രാവിലെ ഫോൺ ബെല്ലടിച്ചപ്പോൾ അയാൾക്ക് അത് ഊർമ്മിളയായിരിക്കുമെന്ന തോന്നലുണ്ടായി. അയാൾ ഫോണെടുത്ത് പറഞ്ഞു

മനോഹർ.

മറുഭാഗത്തുനിന്ന് ശബ്ദമൊന്നുമില്ല. ശൂന്യത മാത്രം. ടെലിഫോൺ വിജനതയിലേക്ക് ഘടിപ്പിച്ച പോലെ. മഴ ത്തുള്ളികളുടെ ശൈത്യം അയാൾ വീണ്ടും അറിഞ്ഞു.

അയാൾ ചോദിച്ചു.

ഊർമ്മിള?

ഒരു നിശ്വാസത്തിന്റെ ശബ്ദം അയാൾ കേട്ടു.

അതെ, മനു.

അയാൾ ഒന്നും പറഞ്ഞില്ല. ഊർമ്മിള എന്തു പറയുന്നു എന്നു നോക്കട്ടെ.

ഒരു നിമിഷത്തിനു ശേഷം ഊർമ്മിള ചോദിച്ചു.

മനു എന്നോട് പിണക്കമാണെന്നു തോന്നുന്നു.

അല്ല.

അതിനർഥം അതെയെന്ന്. ഞാൻ ടെലിഫോൺ ചെയ്യാതിരുന്നതു കൊണ്ടാണൊ?

മനോഹരൻ ഒന്നും പറഞ്ഞില്ല.

മനു ഞാനിവിടെ ഉണ്ടായിരുന്നില്ല.

ഞാനറിഞ്ഞു.

മനു ഹോസ്റ്റലിൽ വന്നത് സരിത പറഞ്ഞു.

ഊർമ്മിള എന്നാണ് പൂനയിൽ നിന്നു തിരിച്ചുവന്നത്?

ഞായറാഴ്ച്ച.

ഇന്ന് വ്യാഴാഴ്ചയാണ്.

അതെ അയാം സോറി മനു. ഞാൻ തിങ്കളാഴ്ച ഫോൺ ചെയ്യേണ്ടതായിരുന്നു. മൂഡുണ്ടായിരുന്നില്ല.

പൂനയിൽ ഊർമ്മിളക്ക് ഒരു ആന്റിയുണ്ടെന്ന് ഞാനറിഞ്ഞില്ല.

ഞാൻ പറയാൻ വിട്ടുപോയതാണ് മനു. ഒരു വയസ്സായ ആന്റിയാണ്. ഇടയ്ക്കിടക്ക് ഞാൻ അവരെ കാണാൻ പോകാറുണ്ട്.

ഊർമ്മിളയുടെ വഴങ്ങൽ അയാളിലെ പ്രതിരോധം ഉരുക്കിക്കളയുന്നതറിഞ്ഞു. അയാൾ ചോദിച്ചു.

എപ്പോഴാണ് കാണാൻ പറ്റുക?