ഇവിടെ ഒരു മഹാരാജാവ് നിശ്ശബ്ദനായി ജീവിക്കുന്നു
കെ വേലപ്പന്‍ | |
---|---|
ജനനം |
ഉച്ചക്കട, തിരുവനന്തപുരം | 12 മെയ് 1949
മരണം |
15 ജൂലൈ 1992 തിരുവനന്തപുരം | (വയസ്സ് 43)
അന്ത്യവിശ്രമം | തിരുവനന്തപുരം |
തൊഴില്‍ | പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | എം.എ. |
വിഷയം | ഭാഷാശാത്രം |
പ്രധാനകൃതികള്‍ |
സിനിമയും സമൂഹവും ആദിവാസികളും ആദിവാസിഭാഷയും |
പുരസ്കാരങ്ങള്‍ |
കേരളസാഹിത്യ അക്കാദമി ഫിലിം ക്രിട്ടിക്‍സ് കേരളസംസ്ഥാന ഫിലിം |
ജീവിതപങ്കാളി | റോസമ്മ |
മക്കള്‍ | അപു |
ഒരു മണല്‍ത്തരിയൊച്ചപോലും കേള്‍ക്കാവുന്നത്ര പേലവമായ നിശ്ശബ്ദത. മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന് ഏകാഗ്രസാന്ദ്രമായ അന്തരീക്ഷം. മഹാരാജാവ് ധ്യാനനിമഗ്നനായി കൈകൂപ്പിനില്‍ക്കുകയാണു്. കുറുപ്പിന്റെ കൈയില്‍നിന്നു് വില്ലുവാങ്ങി ഞാണ്‍ തൊടുത്ത് ടാറിട്ട റോഡിനുനടുവില്‍ കെട്ടുകാഴ്ചചയായി നില്‍ക്കുന്ന കാട്ടിലേക്ക് അമ്പെയ്യുന്നു. പൊടുന്നനെ ഉയരുന്ന ശംഖനാദവും പഞ്ചാരിയും നിശ്ശബ്ദതയുടെ മൂടലിനെ ഉടച്ചെറിയുന്നു. അമ്പി തുളച്ചുതകയറിയ കരിക്കെടുത്ത് വില്ലുക്കുറുപ്പിന്റെ കൈയിലേല്പിച്ചിട്ട് മഹാരാജാവ് നടന്നുനീങ്ങുന്നു. പള്ളിവേട്ട കഴിഞ്ഞുള്ള തിരിച്ചെഴുന്നള്ളത്ത്. മെര്‍ക്കുറിലൈറ്റുകളുടെ പ്രകാശത്തിലലിയാന്‍ മടിച്ചുവീഴുന്ന തീവെട്ടി വെട്ടത്തില്‍ വിനയംകൊണ്ട് നേര്‍ത്തൊതുങ്ങി ഒരു മിന്നല്‍പ്പിണര്‍പോലെ ദിവ്യനായി ഇതാ നമ്മുടെ മഹാരാജാവ്. ഇപ്പോള്‍, വഞ്ചീശ മംഗളത്തിന്റെ ചേണുറ്റശീലകള്‍ ഇരുപുറവും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ സുഗന്ധം തേകാനെത്തുന്നുണ്ടാവാം. അനുഷ്ഠാനത്തിന്റെ മാന്ത്രിക കാന്തിയും കെട്ടുകാഴ്ചയുടെ ദൃശ്യപ്പൊലിമയും അനുകരണത്തിലെ നാടകീയതയും ഒത്തിണങ്ങുന്ന ചടങ്ങുകള്‍. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവങ്ങളോടനുബന്ധിച്ച്. ആണ്ടില്‍ രണ്ടുതവണ ആവര്‍ത്തിക്കുന്ന വിശേഷാല്‍ ചടങ്ങുകളാണ് പള്ളിവേട്ടയും പള്ളി ആറാട്ടും. പ്രജാവത്സലനായ മഹാരാജാവും രാജഭക്തരായ പ്രജകളും തമ്മില്‍ മുഖാമുഖം കാണുന്ന ആ മുഹൂര്‍ത്തങ്ങള്‍ക്ക് ചരിത്രത്തിന്റെ നിറഞ്ഞ പ്രതീകഭംഗിയാണു്. പോയി മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തുടിക്കുന്ന വികാരഭരിതമായ സന്ദര്‍ഭങ്ങള്‍.
രാജവാഴ്ചയുടെ നന്മതിന്മകള്‍ നേരിട്ടനുഭവിച്ചറിയാന്‍ അവസരം കിട്ടാതെ ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന പുതിയ തലമുറയ്ക്കു് ജീവിക്കുന്ന ഒരു കൗതുകമാണു് ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ്. പഴമക്കാര്‍ക്ക് കണ്‍കണ്ടദൈവം. അനന്തശയന നഗരിയില്‍ പള്ളികൊണ്ടരുളിയ പെരുമാള്‍. നാടുവാണ പൊന്നു തിരുമേനിയോടുള്ള ഭക്തി പ്രകര്‍ഷം പഴമക്കാരുടെ വചനപരമ്പരകളില്‍ ഗൃഹാതുരത്വത്തിന്റെ നൊമ്പരമുണര്‍ത്തിക്കൊണ്ട് ഇപ്പോഴും നിറഞ്ഞുനില്ക്കുന്നു. ചരിത്രത്തിന്റെ ഹൃദയമിടിപ്പ്. ഗതകാലമഹിമയുടെ ഊഷ്മളസാന്നിദ്ധ്യം. നൂറ്റാണ്ടുകളുടെ സഞ്ചിത സംസ്ക്കാരത്തിന്റെ സ്നേഹോദാരത. ഇതാ ഇവിടെ ഒരു മഹാരാജാവ് നമുക്കിടയിലൂടെ ഒരു സാധാരണക്കാരനെപ്പോലെ നഗ്നപാദനായി നടന്നുപോകുന്നു. ʻʻരാജാക്കന്മാരുടെ രാജകുമാരന്‍ˮ എന്ന് പുകള്‍പെറ്റ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലിയായ മഹാരാജാവ് ഹിസ്ഹൈനസ് ശ്രീപത്മനാഭദാസ വഞ്ചിപാല സര്‍ ബാലരാമവര്‍മ്മ കുലശേഖരകിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജാ, രാജരാമരാജബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഒഫ് ദ മോസ്ററ് എമിനന്റ് ഓര്‍ഡര്‍ ഒഫ് ദ ഇന്‍ഡ്യന്‍ എമ്പയര്‍ മഹാരാജാ ഒഫ് ട്രാവന്‍കൂര്‍.
ഇന്നാളൊരുദിവസം ഒരു ചുവപ്പന്‍ പ്രകടനമുണ്ടാക്കിയ ഗതാഗതച്ചൊരുക്കില്‍ കുരുങ്ങി രാജവീഥിയില്‍ ചലനമററുകിടന്ന കാറുകള്‍ക്കിടയില്‍ ചന്ദനനിറത്തിലുളള ആ ബെന്‍സ്കാറും കണ്ടു; അതിനുളളില്‍ തൊഴുകൈയോടെ ഇരിക്കുന്ന ഹിസ്ഹൈനസ്സിനെയും. മറ്റൊരിക്കല്‍ ചാരിനിറത്തിലുള്ള നമ്പര്‍ വണ്‍ പ്രസിഡന്‍സ് കാര്‍ വഴിയൊതുങ്ങിക്കൊടുക്കുന്നതും ഒരു സ്റ്റേറ്റുകാറും രണ്ടുമൂന്നു അകമ്പടിക്കാറുകളും അതിനെ ഓവര്‍ടേക്ക് ചെയ്തുപായുന്നതും കണ്ടിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ദര്‍ശനത്തിനുപോകവേ സ്വന്തം കാര്‍ തകരാറായി വഴിയില്‍ കിടന്നതുകാരണം മഹാരാജാവ് ഇറങ്ങിച്ചെന്ന് ആട്ടോറിക്‌ഷാ പിടിച്ച് ക്ഷേത്രത്തിലേക്ക് പോയവിവരം പത്രങ്ങളില്‍ കൗതുകപ്പെട്ടിവാര്‍ത്തയായി വായിച്ചതും ഈയിടെയാണ്. ആറ് വെള്ളക്കുതിരകള്‍ വലിച്ച സ്വര്‍ണ്ണരഥത്തില്‍ സകലമാന രാജകീയാഡംബരങ്ങളോടെയും എഴുന്നള്ളിയിരുന്ന പൊന്നുതമ്പുരാനാണ് ഒരു സാധാരണക്കാരനെപ്പോലെ ആട്ടോറിക്ഷായില്‍ യാത്ര ചെയ്യുന്നത് എന്ന കാര്യം സങ്കല്പിക്കാന്‍ പോലും പഴമക്കാര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. ചരിത്രത്തിന്റെ തേരുരുളലുകളേറ്റ് പുളകംകൊണ്ടിരുന്ന രാജവീഥി മഹാരാജാവിന്റെ വെറും പാദങ്ങളുടെ മാര്‍ദ്ദവമേറ്റുവാങ്ങിയപ്പോള്‍ ഒരു നിമിഷം തേങ്ങിപ്പിടഞ്ഞുവോ?
ഒരു ജന്മത്തില്‍ രണ്ടുജീവിതം ജിവിക്കേണ്ടിവന്ന ദേഹമാണ് ശ്രീചിത്തിരതിരുനാള്‍ തിരമനസ്സ്–-ചെങ്കോലേന്തി നാടുവാണ മഹാരാജാവായും വോട്ടവകാശം രേഖപ്പെടുത്തി ജനാധിപത്യകടമ നിര്‍വഹിക്കാന്‍ ചെല്ലുന്ന പൗരനായും. പ്രജകളുടെ കണ്ണിലുണ്ണിയായ രാജകുമാരന്‍, പ്രജാവത്സലനായ മഹാരാജാവ്, തിരുവിതാംകൂര്‍ കൊച്ചിയിലെ രാജപ്രമുഖന്‍, പൗരമുഖ്യന്‍, ഇന്ത്യാരാജ്യത്തിലെ പൗരന്‍– ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയപ്പോഴും രാഷ്ട്രീയമാറ്റത്തിന്റെ കൊടും നൊമ്പരം തൊഴുകൈയോടെ ഏറ്റുവാങ്ങിയ മഹാതിശയനാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ്. ചരിത്രത്തോട് നന്ദികേടുകാട്ടുന്നതില്‍ ഒരുതരം ഭ്രാന്തമായ വ്യഗ്രതപ്രകടിപ്പിക്കുന്ന ഇക്കാലത്തിനുപോലും അവഗണിക്കാനാവാത്ത ഹൃദയാലുത്വമായി അദ്ദേഹം നമുക്കുമുന്നിലൂടെ നടന്നുപോകുന്നു. ആണ്ടില്‍ ഒന്നോരണ്ടോ തവണമാത്രം പൊതുപരിപാടികളില്‍ പങ്കെടുക്കാനായി മഹാരാജാവ് വന്നെന്നിരിക്കും; ഒരു സംഗീത സദസ്സ് ആസ്വദിക്കാന്‍ അല്ലെങ്കില്‍ ഒരു നൃത്തം കാണാന്‍. സൂര്യയുടെ നൃത്തസംഗീതോത്സവവേളയിലാവും അത്. സദസ്സിലേക്ക് തൊഴുകൈകളുമായി നമ്രശിരസ്കനായി നടന്നിറങ്ങിവരുന്ന മഹാരാജാവിന്റെ പാദം നോക്കി വണങ്ങി തൊഴുന്ന പ്രായമായവര്‍ക്കിടയില്‍ നില്ക്കുന്ന ചെറുപ്പക്കാര്‍ എന്തുചെയ്യമെന്നറിയാതെ പകയ്ക്കുന്നതും അപ്പോള്‍ കാണാം. തങ്ങളുടെ നേരെ അഭിവാദ്യത്തിന്റെ കൈകൂപ്പിനോക്കുന്ന മഹാരാജാവിന് പ്രത്യഭിവാദ്യം ചെയ്യണമോ വേണ്ടയോ എന്ന സംശയംകൊണ്ട് കൈയനക്കിയും കൈയനക്കാന്‍ മടിച്ചുനില്ക്കുന്ന ചെറുപ്പക്കാര്‍ ജനാധിപത്യത്തിലെ പുത്തന്‍ കൂറ്റുകാരാണ്. അവരോടൊപ്പവും ആദരവുണര്‍ത്തുന്ന മഹാലാളിത്യമായി തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് സദസ്സിലിരിക്കുന്നു.
ഒരു മഹാമൗനത്തിന്റെ ഏകാന്ത വിശുദ്ധിയില്‍ മുങ്ങിനില്‍ക്കുന്നു കവടിയാര്‍ കൊട്ടാരം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഹൃദയമിടിപ്പുകളെ നിയന്ത്രിച്ചിരുന്നത് ഇവിടമാണ്. തിരവിതാംകൂറിന്റെ രാജകൊട്ടാരം ഈ കൂറ്റന്‍ കൊട്ടാരക്കെട്ടുകള്‍ക്കുള്ളിലെ ഇടനാഴികളിലും കൊത്തളങ്ങളിലും ചരിത്രത്തിന്റെ ഒരു ചീള് ഇപ്പോഴും തുടിച്ചുനില്‍ക്കുന്നു. ഭൂതകാലം അദൃശ്യസാന്നിദ്ധ്യമായി കവടിയാര്‍ കുന്നില്‍ മുഴങ്ങിനില്ക്കുന്നു. തിരുമുറ്റങ്ങളില്‍ നിതാന്തവസന്തമുണര്‍ത്തി നിര്‍ത്താന്‍ ഇവിടെ പൂന്തോട്ടങ്ങളില്ല. കുന്നിന്‍പുറങ്ങളില്‍ കാടും പടലും പിടിച്ചുകിടക്കുന്നു. പ്രതാപത്തിന്റെ ഐശ്വര്യം തെളിഞ്ഞുനിന്നിരുന്ന വിളക്കുകള്‍ ഇന്നില്ല. പാതയോരങ്ങളില്‍ വിളക്കുകാലുകള്‍ മാത്രം എല്ലുകള്‍ പോലെ എഴുന്നുനില്‍ക്കുന്നു. എങ്കിലും ഈ കൊട്ടാരക്കെട്ടുകള്‍ ദിവ്യമായ ഒരു പ്രൗഢിയോടെ അറുപത്തഞ്ചേക്കര്‍ വരുന്ന കവടിയാര്‍ കുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.
ആള്‍ക്കൂട്ടങ്ങളില്‍നിന്നും പബ്ളിസിറ്റിയില്‍ നിന്നുമെല്ലാം അകന്നുമാറി പ്രാര്‍ത്ഥനയിലും വായനയിലും മുഴുകി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് കവടിയാര്‍ കൊട്ടാരത്തില്‍ കഴിയുന്നു. വെളുപ്പിന് അഞ്ചരമണിക്ക് തിരമനസ്സിന്റെ ഒരു ദിവസം ആരംഭിക്കുന്നു. രാവിലെ ഏഴേകാലിന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് തിരിക്കും. ശ്രീപത്മനാഭസ്വാമി ദര്‍ശനം കഴിഞ്ഞ് എട്ടരമണിയാേടെ തിരികെ കൊട്ടാരത്തിലെത്തും. വരുന്നപാടെ കൊട്ടാരവളപ്പിലുള്ള ഗണപതിവിഗ്രഹത്തെ തൊഴുതതിനുശേഷമേ മഹാരാജാവ് കൊട്ടാരത്തിനുള്ളിലേക്കു കടക്കുകയുള്ളു. പിന്നീടുള്ള സമയം പ്രാര്‍ത്ഥനയും വായനയുമായി കഴിയും. ഒന്നര ഇഡ്ഡലിയും ഒരു ഗ്ളാസ്‌വെള്ളത്തില്‍ ഒരു തുള്ളി പാല്‍ ഇറ്റിച്ചുവീഴ്‌ത്തിയതുമാണ് മഹാരാജാവിന്റെ പ്രാതല്‍ (രാവിലെ ഏഴുമണിക്ക്). ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നാലുകൂട്ടം കറിയോടെ ചോറൂണ്. വൈകുന്നേരം നാലരയ്ക്കു സ്പര്‍ട്ട് കലക്കിയത് കുടിക്കും. രാത്രി എട്ടരമണിക്കുള്ള അത്താഴത്തിനും ചോറും കറികളുംതന്നെ. രാജകുടുംബത്തിലെ കൊച്ചുകുട്ടികള്‍ വരുന്ന ദിവസങ്ങളില്‍ ഏറെസമയം അവരെ കഥകള്‍ പറഞ്ഞുരസിപ്പിച്ചും അവര്‍ക്ക് വാത്സല്യം നല്‍കിയും ചെലവഴിക്കും. കുട്ടികള്‍ക്കാര്‍ക്കെങ്കിലും അസുഖംവരികയാണെങ്കില്‍ അവര്‍ക്കരികിലിരുന്ന് ശുശ്രൂഷിക്കാനും സാന്ത്വനമോതാനും കൂടുതല്‍ സമയം ചെലവിടും. ഇടയ്ക്കിടെ വിശിഷ്ടാതിഥികള്‍ക്കായി ഒരുക്കുന്ന കൊട്ടാരംവിരുന്നു സല്‍ക്കാരങ്ങളില്‍ ആതിഥേയനായി പങ്കെടുക്കുമ്പോഴാണ് ആ വലിയ മനസ്സിലെ അറിവിന്റെ അപാരമായ ഖനികള്‍ തുറക്കപ്പെടുന്നത്. വിരുന്നുകാരില്‍ ഓരോരുത്തരുടേയും അരികില്‍ചെന്ന് അവരവരുടേതായ വിഷയങ്ങളില്‍ ഏറ്റവും ആധുനികമായ വിശദാംശങ്ങളെക്കുറിച്ചുപോലും ചര്‍ച്ച ചെയ്യും. എന്നാല്‍ രാഷ്ട്രീയമോ വിവാദവിഷയങ്ങളെപ്പറ്റിയോ ഒരിക്കലും തിരുമനസ്സ് പരാമര്‍ശിക്കാറില്ല. തന്റെ വാക്കുകള്‍ ഒരു മനുഷ്യനേയും വേദനിപ്പിക്കുന്നതാകരുത് എന്ന അതീവ നിഷ്കര്‍ഷയുള്ള മഹാരാജാവ് ആര്‍ക്കും അഭിമുഖസംഭാഷണം അനുവദിക്കാറില്ല.
ചെങ്കോലേന്തി നടുവാണിരുന്ന കാലത്ത് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ് എന്നും രാവിലെ ഒരുമണിക്കൂര്‍ കുതിരസവാരി നടത്തിയിരുന്നു. മഹാരാജാവിന്റെ കുതിരകള്‍ ഉട്ടാക്ക്മണ്ട് കുതിരപ്പന്തയങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. കുതിരസവാരി കഴിഞ്ഞാല്‍ പിന്നെ ടെന്നീസ് കളിയാണു്. ടെന്നീസ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. പാനസ് ടെന്നീസ് കോര്‍ട്ട് ഇപ്പോള്‍ ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ കൊച്ചുശേഷക്കാരായ മാര്‍ത്താണ്ഡവര്‍മ്മയും ആദിത്യവര്‍മ്മയും കൂട്ടുകാരോടൊത്തു ഫുട്ബോളും മറ്റും കളിക്കാന്‍ ഉപയോഗിക്കുന്നു. അവരിരുവരും മാര്‍ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥികളാണു്. പതിനഞ്ചുകാരനായ ആദിത്യവര്‍മ്മയാണ് രാജകുടുംബത്തിലെപ്രായം കുറഞ്ഞ അംഗം.
സ്വന്തം സുഖസൗകര്യങ്ങളെപ്പോലും ഗണ്യമാക്കാതെ ʻʻഎന്റെ പ്രജകള്‍, അവരുടെ ഐശ്വര്യം, എന്റെ രാജ്യം, അതിന്റെ ശ്രേയസ്സ്ˮ എന്ന ഏകവിചാരത്തോടുകൂടി പതിനെട്ടുവര്‍ഷം രാജ്യം ഭരിച്ച ആശ്രിതവത്സലനായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സിന്റെ ഭരണനന്മകളെ അനുസ്മരിക്കാനും പബ്ളിസിറ്റിയില്‍നിന്നെല്ലാം അകന്നുമാറി ഒതുങ്ങികഴിയുമ്പോഴും നിശ്ശബ്ദമായി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കയ്യയച്ചുസഹായിച്ചുകൊണ്ടിരിക്കുന്ന പത്മനാഭദാസനെ ആദരിക്കാനും ഈ വരുന്ന നവംബറാണ്. ഏറ്റവും പറ്റിയ മാസം.
നവംബര്‍ ഒന്നാം തീയിതി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് എഴുപത്തഞ്ചാം വയസ്സിലേക്ക് കാല്‍കുത്തുന്നു. ആട്ടത്തിരുനാള്‍ ഘോഷയാത്രകളുടെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ക്കു ചിന്തേരിടാന്‍ പഴമക്കാര്‍ക്ക് ഒരവസരം കൂടി. ഘോഷയാത്രകളില്‍ പൊന്നുതമ്പുരാന്‍ എഴുന്നള്ളിയിരുന്ന മനോഹരരഥം തിരുവനന്തപുരം മൃഗശാലയിലെ ജിറാഫ്കൂട്ടത്തില്‍ കെട്ടിയിരിക്കുന്നു. ഗീതോപദേശത്തിന്റെ മാതൃകയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് പണിയിച്ച അമൂല്യമായ ആ ചരിത്ര സ്മരാകത്തെ സംരക്ഷിക്കാമെന്ന് വാക്കുകൊടുത്തിട്ട് പുതിയ ഭരണാധികാരികള്‍ ഏറ്റുവാങ്ങിയതാണ്. ആ അപൂര്‍വ്വരഥത്തെ കാറ്റിനും മഴയ്ക്കും പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട് അവര്‍ അവഹേളിക്കുന്നത് നമ്മുടെ ചരിത്രാഭിമാനത്തെയാണ്. ആ രഥത്തില്‍ തന്നെയാണ് സമ്പൂര്‍ണ്ണാധികാരങ്ങളൊട് സിംഹാസനാവരോഹണം നടത്തിയ ഹാളില്‍ പൊന്നുതമ്പുരാന്‍ രാജവീഥിയിലൂടെ, ആയിരക്കണക്കിനു തടിച്ചുകൂടിനിന്നിരുന്ന പ്രജകളുടെ കണ്ണിന്നമൃതമായി പള്ളി എഴുന്നള്ളിയത്. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ശബളാഭമായികൊണ്ടാടപ്പെട്ട ആ അധികാരാവരോഹണത്തിന്റെ അമ്പത്താറാം വാര്‍ഷികം ഈ നവംബര്‍ ആറാം തീയതിയാണു്. 1931 നവംബര്‍ 6 ന് കിരീടമണിഞ്ഞപ്പോള്‍ ഇരുപതുവയസ്സുമാത്രമായിരുന്നു തിരുമനസ്സിനു പ്രായം. 1924 സെപ്തംബര്‍ 1-ാം തീയതി പന്ത്രണ്ടാം വയസ്സില്‍ ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ് രാജസിംഹാസനമേറിയതാണ്. പുത്രന് പ്രായപൂര്‍ത്തിയാകുംവരെ ഭരണകാര്യങ്ങളുടെ ചുമതല വഹിച്ചത് റീജന്‍റായി അധികാരം കൈയാളിയ വഞ്ചിരാജ്യ രാജേശ്വരിധര്‍മ്മ സംവര്‍ദ്ധിനി ശ്രീമൂലം തിരുനാള്‍ ശ്രീസേതുപാര്‍വതീഭായി മഹാറാണി തിരുമനസ്സ് ആയിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉപദേശ പ്രകാരം മൈസൂറില്‍ എഴുന്നെള്ളിയിരുന്ന് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ് ഭരണ പരിശീലനം നേടി. പി.സി. ദത്ത് ഐ.സി.എസ്. ആയിരുന്നു തിരുമനസ്സിന്റെ ട്യൂട്ടര്‍. 1930 ഏപ്രില്‍ മുതല്‍ അടുത്തകൊല്ലം ജൂലായ് വരെ പതിനഞ്ചുമാസം തിരുമനസ്സ് ബാംഗ്ലൂരില്‍ എഴുന്നള്ളി ഇരുന്നു. വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായ വെല്ലിങ്ടണ്‍ പ്രഭുവിനെ സന്ദര്‍ശിച്ച് ഭരണശേഷി ബോദ്ധ്യപ്പെടുത്തിഅനുമതിനേടിയ ശേഷമായിരുന്നു തിരുമനസ്സു രാജ്യഭാരം കൈയേറ്റത്. ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയായി ലഫ്‌റ്റനന്റ് കേണല്‍ എച്ച്.ആര്‍.എന്‍. പ്രിച്ചാഡ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. മുപ്പത്തൊന്നു കതിനാവെടികള്‍ ദിഗംബരങ്ങളെ ഭേദിച്ചുകൊണ്ടു മുഴങ്ങി. മുപ്പത്താറുതടവുകാരെ മാപ്പുകൊടുത്തു വിട്ടയച്ചു. രാത്രി ഏഴുമണിക്ക് കോട്ടയ്ക്കകത്തുനിന്നും കവടിയാര്‍കുന്നുകൊട്ടാരം വരെ നടന്ന ആഡംബര പൂര്‍ണ്ണമായ ഘോഷയാത്രയില്‍ ആറുവെള്ളക്കുതിരകള്‍ വലിച്ച സ്വര്‍ണ്ണരഥത്തില്‍ എഴുന്നെള്ളിയ കുലശേഖരപ്പെരുമാള്‍ ക്ഷേത്രജ്യോതിസ്സോടെ തിളങ്ങി. ഒന്‍പതു മണിക്ക് പടിചാര്‍ത്തി. നാടകം, കഥകളി, സംഗീതസദസ്സുകള്‍ എന്നിവ നടന്നു. പരേഡ് ഗ്രൗണ്ടിലെ ʻചിത്തിരനഗറിʼല്‍ എക്സിബിഷന്‍ നടന്നു. രണ്ടാഴ്ചക്കാലം നാടെങ്ങും ʻചിത്രോത്സവംʼ കൊണ്ടാടി. തിരുമനസ്സിലെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രജകള്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. ഡര്‍ബാര്‍ ഹാളില്‍ വച്ചുകല്പിച്ചുചെയ്ത പ്രഖ്യാപനത്തില്‍ തന്റെ ഏകലക്ഷ്യം രാജ്യശ്രേയസ്സാണെന്ന് ആ ʻʻജനഹിതൈഷിˮ വ്യക്തമാക്കി.
ʻʻ തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാകാര്യവും മറവിയിലാണ്ടുപോയാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തിയെ വരും തലമുറകള്‍ നന്ദിപുരസ്സരം ഓര്‍ക്കുകതന്നെ ചെയ്യുംˮ എന്ന് മഹാത്മാഗാന്ധി പറഞ്ഞ ക്ഷേത്രവിളംബരത്തിന് അമ്പതാണ്ടു തികയുന്നത് വരുന്ന നവംബര്‍ 12-ആം തീയതിയാണ്. അയിത്തജാതിക്കാര്‍ക്ക് പൊതു നിരത്തുകളും ക്ഷേത്രകവാടങ്ങള്‍ തുറന്നിടണമെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ നേതൃത്വത്തില്‍ നടന്ന ധീരോദാത്തമായ സമരങ്ങളെ വിലകുറച്ചു കാണാനാവില്ല. എങ്കിലും ചരിത്ര വിഖ്യാതമായ ആ തിരുവെഴുത്തു വിളംബരത്തിലൂടെ തിരുവിതാംകൂര്‍ മഹാരാജാവും അമ്മമഹാറാണിയും കാലഗതിയെ മുന്‍കൂട്ടികണ്ട് ആവശ്യത്തെ കാലേക്കൂട്ടി അംഗീകരിക്കുകയായിരുന്നു. രാജ്യതന്ത്രജ്ഞോചിതവും ഉദാരവുമായ ആ വിളംബരം എഴുതിച്ചുവരുത്തി തുല്യം ചാര്‍ത്തി പ്രസിദ്ധപ്പെടുത്താന്‍ കല്പന നല്‍കുമ്പോള്‍ മഹാരാജാവിന് ഇരുപത്തിനാലു വയസ്സു മാത്രമായിരുന്നു. ʻʻനമ്മുടെ പൊന്നു തമ്പുരാന്‍ ഇന്ന് ഒരു മഹാരാജാവിന്റെ സിംഹാസനത്തിലല്ല ആ അശോകചക്രവര്‍ത്തിയുടെ സിംഹാസനത്തിലത്രേ വാണരുളുന്നത്ˮ–-മഹാകവി വള്ളത്തോള്‍ ക്ഷേത്രപ്രവേശന വിളംബരത്തെ വാഴ്ത്തിക്കൊണ്ടു പറഞ്ഞു. രാമാനുജന്റെ കാലത്തിനപ്പുറം ഹിന്ദുമതത്തിലുണ്ടായ ഏറ്റവും വലിയ പരിഷ്ക്കാരമാണ് അതെന്ന് പലരും വിശേഷിപ്പിച്ചു. ആയിടയ്ക്ക് കൊളമ്പില്‍ വച്ച് തിരുമനസ്സുകൊണ്ടു ചെയ്ത പ്രസ്താവനയില്‍ ആ വിളംബരത്തിന്റെ ഹൃദയവും മനസ്സും പ്രതിഫലിക്കുന്നു! ʻʻനാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിന് അനേകനൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധം കൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല പ്രതിബന്ധം മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതു കൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടു ചെയ്യുന്ന ഒരു അനീതിയാണ് അതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു, അതെന്നുള്ളത് സ്പഷ്ടമാണ്. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു...ˮ
1912 നവമ്പര്‍ 7-ആം തീയതിയാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ ജനനം. രാജകുടുംബാംഗങ്ങളും തിരുവിതാംകൂറിലെ അമ്പതുലക്ഷത്തോളം വരുന്ന പ്രജകളും ആശിച്ചു കാത്തിരുന്ന ജനനമായിരുന്നു, അത്. രണ്ടു പതിറ്റാണ്ടായി രാജകുമാരന്‍മാരുടെ തുടരെയുണ്ടായ ദേഹവിയോഗങ്ങളില്‍ ദുഃഖിക്കുകയായിരുന്നു നാട്. ആറാംമാസത്തില്‍ ശ്രീചിത്തിരതിരുന്നാളിന് സ്വര്‍ണ്ണക്കരണ്ടിയില്‍ ചോറൂട്ടി അന്നപ്രാശനം നടന്നു. രണ്ടാം ജന്‍മദിനത്തില്‍ രാജകുമാരനെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ കൊണ്ടുപോയി. അന്നുമുതല്‍ ശ്രീചിത്തിരതിരുനാള്‍ പത്മനാഭദാസനായി. അഞ്ചാം വിദ്യാരംഭം കുറിച്ചു. ഡി. ഡബ്ളിയൂ. ഡോസ് വെല്‍, ക്യാപ്റ്റന്‍, സി. ഡി. ബി. ഹാര്‍വി എന്നിവരായിരുന്നു രാജകുമാരന്റെ ട്യൂട്ടര്‍മാര്‍. ഹിസ്റ്ററിയും സിവിക്സുമായിരുന്നു ശ്രീ ചിത്തിരതിരുനാളിന്റെ ഇഷ്ട വിഷയങ്ങള്‍. ചെറുപ്പകാലത്തു തന്നെ മിലട്ടറി പരേഡുകള്‍ പരിശോധിച്ചു തുടങ്ങി. സ്കൗട്ടില്‍ പ്രത്യേക താല്പര്യം പുലര്‍ത്തിയിരുന്നു. രാജകുമാരന് സ്കൗട്ടിലുള്ള പ്രാവീണ്യത്തെ ബേഡല്‍ പവല്‍ പ്രഭുതന്നെ പുകഴ്ത്തുകയുണ്ടായി. തിരുമാടമ്പ് ചടങ്ങ് (പൂണൂല്‍ ധാരണം നാലുദിവസം നീണ്ടുനില്ക്കുന്ന ചടങ്ങ്) കഴിഞ്ഞ് ഭരണകാര്യങ്ങളിലെ പരിശീലനവുമെല്ലാം കഴിഞ്ഞിട്ടാണ് ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ മഹാരാജാവായി അധികാരമേറ്റത്.
കവടിയാര്‍ കൊട്ടാരത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന പുറത്തളത്തിലിരുന്ന് കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയും അശ്വതിതിരുനാള്‍ തമ്പുരാട്ടിയും മാറിവന്ന ഇക്കാലത്തെക്കുറിച്ചു സംസാരിച്ചു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ആഞ്ഞടിച്ച രാഷ്ടീയ മാറ്റത്തിന്റെ ആഘാതമേറ്റ് പതം വന്ന ആ സുമനസ്സുകള്‍ക്ക് നഷ്ടസൗഭാഗ്യങ്ങളെയോര്‍ത്തും കൈവിട്ടുപോയ വിശേഷാധികാരങ്ങളെ ചൊല്ലിയും ദുഃഖമുണ്ടെന്നു തോന്നുന്നില്ല. കാലത്തിനൊപ്പം മനം കൊണ്ട് സുരസപ്പെടുമ്പോഴും പാരമ്പര്യത്തിന്റെ ലളിതസുന്ദരങ്ങളായ നന്മകള്‍ വെടിയാന്‍ രാജകുടുംബാംഗങ്ങള്‍ തയ്യാറാവുന്നില്ല. എളിമ അവര്‍ക്ക് ഇപ്പോഴും ഭൂഷണമാവുന്നു. ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങുന്ന ഇന്നത്തെ ലോകത്തെച്ചൊല്ലി കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടി വ്യാകുലപ്പെട്ടു. ചരിത്രസ്മാരകങ്ങള്‍ സംരക്ഷണം കിട്ടാതെ നശിക്കുന്നു വെന്നു മാത്രമല്ല യാതൊരു വീണ്ടുവിചാരവുമില്ലാതെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കിഴക്കേകോട്ട ഇല്ലാതായാല്‍ പിന്നെ കോട്ടയ്ക്കകം എന്നു പറയുന്നതിലെന്തര്‍ത്ഥം?–-അശ്വതിതിരുനാള്‍ ചോദിച്ചു. ʻവണ്‍ ഷുഡ് പ്രിസേര്‍വ് വണ്‍സ് ട്രഡിഷന്‍ʼ–-കാര്‍ത്തികതിരുനാള്‍ പറഞ്ഞു. മാനംമുത്തികളായ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊങ്ങിനിരന്ന് തലസ്ഥാനനഗരിയുടെ ചാരുത നഷ്ടപ്പെടുന്നതില്‍ അശ്വതിതിരുനാള്‍ ഖേദം പ്രകടിപ്പിച്ചു. ജനസേവനത്തിന്റെ മാറിവരുന്ന സങ്കല്പത്തിലെ പൊങ്ങച്ചത്തെച്ചൊലി അവര്‍ നിര്‍ദ്ദോഷമായ ഫലിതം പൊട്ടിച്ചു. വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ രണ്ടു തമ്പുരാട്ടിമാരും സമയം കണ്ടെത്തുന്നുണ്ട്. ചുവരില്‍ പതിഞ്ഞിരിക്കുന്ന രവിവര്‍മ്മച്ചിത്രത്തിന്റെ നിറലയങ്ങളില്‍ കണ്ണുടക്കുന്നു. കിളിവാതിലൂടെ നൂഴ്ന്നിറങ്ങുന്ന കാറ്റ് ചരിത്രകഥകള്‍ കാതിലൂതുന്നു...
വാഞ്ചിരാജ്യപ്രജകള്‍ രാജഭക്തികൊണ്ട് ആഹ്ളാദാതിരേകരായ മറ്റൊരവസരമായിരുന്നു ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഇളയ സഹോദരി കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയുടെ പള്ളിക്കെട്ട്. കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയും ക്യാപ്റ്റന്‍ ഗോദവര്‍മ്മരാജായും തമ്മിലുള്ള പള്ളിക്കെട്ട് 1934 ജനുവരി 25-ആം തീയതി രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആര്‍ഭാടസമന്വിതം നടന്നു. അതോടനുബന്ധിച്ചു നടന്ന ഘോഷയാത്ര കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും വന്ന പ്രജകള്‍ രാജവീഥിക്കിരുവശത്തും തിങ്ങിനിറഞ്ഞിരുന്നു. ഏഴു ദിവസം നീണ്ടു നിന്നു പള്ളിക്കെട്ടാഘോഷങ്ങള്‍.
തമ്പുരാട്ടിമാരോട് വേണാട്ടിലെ ജനങ്ങള്‍ക്കുള്ള ഭക്ത്യാദരങ്ങള്‍ പണ്ടു മുതല്ക്കേ സുവിദിതമാണ്. ആണ്‍ വഴിതമ്പുരാക്കന്‍മാര്‍ കാര്യപ്രാപ്തിനേടും വരെ പെണ്‍ വഴി തമ്പുരാക്കള്‍ ഭരണസാരഥ്യം ഏറ്റെടുത്ത് രാജ്യത്തെ നയിച്ച കീഴ്വഴക്കം പണ്ടുമുതല്‍ക്കേ വേണാട്ടിലുണ്ട്. മകയിരം തിരുനാള്‍ ആറ്റിങ്ങല്‍ മൂത്തറാണി റീജന്റ് (ഏ. ഡി. 1576–77) അശ്വതിതിരുനാള്‍ ഉമയമ്മറാണി റീജന്റ് (1676–1683) റാണി ഗൗരിലക്ഷ്മിഭായി റീജന്റ് (1810–1815), റാണി ഗൗരിപാര്‍വതീഭായി റീജന്റ് (1815–1829), മഹാറാണി സേതുലക്ഷ്മീഭായി റീജന്റ് (1924–1931), തിരുവിതാംകൂറിലെ സമര്‍ത്ഥരായ രാജ്ഞിമാരുടെ പട്ടിക അങ്ങനെ നീളുന്നു. അടിമകള്‍ക്ക് സ്വാതന്ത്ര്യം, അവര്‍—സ്ത്രീകള്‍ക്ക് മാറ്മയയ്ക്കാനുള്ള അവകാശം എന്നിവനല്കപ്പെട്ടതും പൂരപ്പാട്ടും ദേവദാസി സമ്പ്രദായവും നിര്‍ത്തല്‍ ചെയ്തതും സത്രങ്ങല്‍ എല്ലാര്‍ക്കുമായി തുറന്നു കൊടുത്തതും പോലുള്ള സാമൂഹ്യക്ഷേമ നടപടികളുണ്ടായതും ഈ റാണിമാരുടെ ഭരണ കാലങ്ങളിലാണ്. അയിത്തജാതിക്കാരുടെ മാഗ്നക്കാര്‍ട്ട എന്നറിയപ്പെടുന്ന ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിലെ മുഖ്യപ്രേരക ശക്തി അമ്മമഹാറാണി സേതുലക്ഷ്മീഭായി തമ്പുരാട്ടിയായിരുന്നു. വനിതാ വിദ്യാഭ്യാസം തുടങ്ങുന്നതിലും വനിതാക്ഷേമ നടപടികളിലും ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്കൊക്കെ മാതൃകയായി തിരുവിതാംകൂര്‍. ഇദംപ്രഥമമായി ആള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സ് ഒരു നാട്ടുരാജ്യത്തില്‍ വിളിച്ചു കൂട്ടിയത് 1935 ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു. അമ്മമഹാറാണി കോണ്‍ഫറന്‍സില്‍ അദ്ധ്യക്ഷയായി ഇരുന്നു. ʻʻമാമൂലിന്റെ മട്ടിത്തട്ടില്‍ നിന്ന് ചാടിയെഴുന്നേറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ പോലും എഴുന്നള്ളി പര്യടനം ചെയ്ത ഒന്നാമത്തെ വഞ്ചി മഹാരാജ്ഞിˮയാണ് സേതുലക്ഷ്മീഭായി തമ്പുരാട്ടി.
തിരുവിതാംകൂര്‍ ചരിത്രത്തിലെ അവിസ്മരണീയമായ കാലഘട്ടമാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം. ഭരണതലത്തിലെ പരിഷ്ക്കരണങ്ങളും സാമൂഹ്യമാറ്റത്തിനുതകുന്ന നിയമനടപടികളും ഒട്ടേറെ ഉണ്ടായി രാജവാഴ്ചയുടെ ആ അന്ത്യഘട്ടത്തില്‍. ഇക്കാലത്ത് തിരുവിതാംകൂര്‍ കൈവരിച്ച വ്യാവസായിക പുരോഗതി അഭൂതപൂര്‍വമായിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയംപ്രോഡക്റ്റ്സ്, എഫ്.എ.സി.റ്റി ട്രാവന്‍കൂര്‍ സിറാമിക്സ് (കുണ്ടറ), ആലുവായിലെ ദ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ്, ട്രാവന്‍കൂര്‍–കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, സൗത്ത് ഇന്ത്യാ റബ്ബര്‍ വര്‍ക്സ്, ശ്രീചിത്രാമില്‍സ്, കുണ്ടറയിലെയും ആലുവായിലെയും അലുമിനിയം ഫാക്ടറികള്‍, ദ ട്രാവന്‍കൂര്‍ ഒഗേയ്ല്‍ഗ്ളാസ് മാനുഫാക്ച്ചറിങ് കമ്പനി, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് (പെരുമ്പാവൂര്‍), ബാലരാമവര്‍മ്മടെക്സ്റ്റയ്ല്‍സ് ലിമിറ്റഡ് (ചെങ്കോട്ട), വിജയ മോഹിനി മില്‍, ക്വയിലോണ്‍ പെന്‍സില്‍ ഫാക്ടറി, വഞ്ചിനാട് മാച്ചസ് ആന്‍റ് ഇന്‍ഡസ്ട്രീസ് (പെരുമ്പാവൂര്‍), ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് (ചാക്ക), പുനലൂര്‍ പേപ്പര്‍ മില്‍സ് തുടങ്ങിയ വ്യവസായശാലകള്‍ സ്ഥാപിച്ച് കേരളത്തില്‍ വ്യാവസായീകരണത്തിന്റെ അടിത്തറ പാകിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്. ഇന്ത്യയില്‍ ആദ്യത്തെ സിമന്റ് ഫാക്ടറി തിരുവിതാംകൂറില്‍ സ്ഥാപിതമായതും അക്കാലത്താണ്. പള്ളിവാസല്‍ജലവൈദ്യുതപദ്ധതി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനെല്ലാം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ സഹകരണം മഹാരാജാവിനുണ്ടായിരുന്നു.
തിരുവിതാംകൂര്‍ സര്‍വ്വകലാശാല 1937 നവംബര്‍ ഒന്നിനു ജന്മംകൊണ്ടു. ചിത്രാലയം ആര്‍ട്ട് ഗ്യാലറി, സ്വാതിതിരുനാള്‍ സംഗീത കോളേജ് എന്നിവ സ്ഥാപിതമായി. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്തത് തിരുവിതാംകൂറിലായിരുന്നു, 1944 നവംബര്‍ 11-ആം തീയതി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ഒരു വിളംബരത്തിലൂടെ. ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരില്‍ ഏറ്റവും പ്രബുദ്ധനെന്നു പ്രസിദ്ധനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കീഴില്‍ ഒരു മാതൃകാരാജ്യമായി പരിലസിച്ചു തിരുവിതാംകൂര്‍. 1933 ഡിസംബറില്‍ തിരുവനന്തപുരം സന്ദര്‍ശിച്ച വൈസ്രോയി വെല്ലിങ്ടണ്‍പ്രഭുമാഹാരാജാവിന്റെ കാര്യക്ഷമതയെ ശ്ലാഘിച്ചു.
സംസ്കാരത്തിന്റെ പുതിയ കാറ്റിനും വെളിച്ചത്തിനും കടന്നുവരാനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിടുകമാത്രമല്ല മഹാരാജാവ് ചെയ്തത്. കടലുകള്‍ കടന്ന് ചെന്ന് വിഭിന്ന സംസ്ക്കാരങ്ങളെ മനം തുറന്നു മനസ്സിലാക്കാന്‍ മുതിരുകയും ചെയ്തു. കടലുകള്‍ താണ്ടിച്ചെന്ന് ഗ്രേറ്റ് ബ്രിട്ടണിലെത്തി അധികാരത്തിന്റെ പരമോന്നതസ്ഥാനവുമായി നേരിട്ട് സമ്പര്‍ക്കപ്പെട്ട ആദ്യത്തെ മഹാരാജാവാണ് ശ്രീചിത്തിരതിരുനാള്‍. 1932 ലെ യൂറോപ്യന്‍ പര്യടനത്തില്‍ മഹാരാജാവ് ലണ്ടന്‍, ബ്രസ്സല്‍സ്, ബെര്‍ലിന്‍, ജനീവ, മിലാന്‍, വെനീസ്, റോം തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ചു. വത്തിക്കാനില്‍ ചെന്ന് പോപ്പ് പിയൂസ് പതിനൊന്നാമനെ കണ്ടു സംസാരിച്ചു. തിരുവിതാംകൂറിന്റെ പെരുമയും മഹിമയും വിദേശങ്ങളില്‍ വിലമതിക്കപ്പെടാന്‍ ആ പര്യടനം ഏറെ ഉപകരിച്ചു. ചരിത്രത്തിലാദ്യമായി ഇംഗ്ളീഷ് രാജാവും സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയും തിരുവിതാംകൂര്‍ ഭരണാധികാരിയെ കൈനീട്ടി സ്വീകരിച്ചു. യൂറോപ്യന്‍ പര്യടനത്തില്‍ ഇളയരാജാവും മഹാരാജാവിനെ അനുഗമിച്ചിരുന്നു. ഇതിനു മുന്നോടിയായി നേരത്തെ അമ്മ മഹാറാണി യുറോപ്പ് സന്ദര്‍ശിച്ചിരുന്നു. 1937 ല്‍ നെതര്‍ലെഡ്സും ഈസ്റ്റ് ഇന്‍ഡീസും മഹാരാജാവ് സന്ദര്‍ശിക്കുകയുണ്ടായി.
രാജാക്കന്‍മാരുടെ പ്രജാവാല്‍സല്യത്തിനും പ്രജകളുടെ രാജഭക്തിക്കും പണ്ടുമുതല്ക്കേ പ്രസിദ്ധമാണ് വേണാട്. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പിനിയുമായി ഉടമ്പടിയെത്തിയതു കാരണം പടയോട്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടേണ്ട ആവശ്യം ഉണ്ടായില്ല. പൊതുവെ സ്വച്ഛമായ ഈ രാഷ്ട്രീയ സാഹചര്യമാണ് പ്രജാക്ഷേമതല്പരരാവാന്‍ തിരുവിതാംകൂറിലെ മഹാരാജാക്കന്‍മാരെ സഹായിച്ചത്. രാജകുടുംബത്തിന്റെ ഈ പ്രജാക്ഷേമനിരതത്വം അതിന്റെ പാരമ്യത്തിലെത്തിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്. ജനങ്ങളുടെ രാജഭക്തി കൊടുമ്പിരിക്കൊണ്ടു നിന്നതും അപ്പോള്‍ തന്നെ. ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ക്കെതിരെ ജനരോഷം തിളച്ചു മറിഞ്ഞപ്പോഴും രാജഭക്തിക്ക് ഒരു ഊനവും തട്ടിയില്ല. സ്വാതന്ത്രസമരം ശക്തമായപ്പോഴും അങ്ങനെതന്നെയായിരുന്നു. കൊന്നുവെന്നും ചോരചൊരിഞ്ഞും നാടുവെട്ടിപ്പിടിച്ചും ആധുനിക തിരുവിതാംകൂറിന് അടിത്തറപാകിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീപത്മനാഭസ്വാമിയുടെ കാല്‍ക്കല്‍ ഉടവാള്‍ വച്ച് രാജ്യം തൃപ്പടിദാനം ചെയ്ത് 1750 ജനുവരി 17-ആം തീയതി ശ്രീപത്മനാഭ ദാസന്‍ ആയത് സമൂഹ മനഃസക്ഷിയെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചത്. ശ്രീപത്മനാഭനാണ് രാജ്യം വാണരുളുന്നത്. മഹാരാജാവ് ഒരു ആള്‍പ്പേരു മാത്രം. തിയോക്രസിയുടെ ഈ ദേശ്യഭേദം തിരുവിതാംകൂറിനെ അന്തഃചിദ്രങ്ങളാല്‍ ശിഥിലമാകാന്‍ വിടാതെ ഉറപ്പിച്ചു നിര്‍ത്തിയ വജ്റപ്പശയായി. ആസന്നമരണനായി കിടക്കവേ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അനന്തരവന്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയെ വിളിച്ച് എന്തു വന്നാലും ബ്രട്ടീഷുകാരുമായുള്ള സ്നേഹത്തിനു ഹാനിവരുത്താന്‍ ഇടയാക്കരുതെന്ന് കല്പിച്ചുവത്രെ. ബ്രിട്ടീഷുകാരുമായി ഇടഞ്ഞാല്‍ അത് നീണ്ടുനില്ക്കുന്ന യുദ്ധത്തിനിടവരുത്തുമെന്നും തന്റെ രാജ്യം ശിഥിലമാകുമെന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ദീര്‍ഘവീക്ഷണം ചെയ്തിരിക്കണം. ശ്രീപത്മനാഭദാസനായി ശ്രീപത്മനാഭനുവേണ്ടി രാജ്യം ഭരിക്കുന്ന രാജാവ് പ്രജകളുടെ പ്രത്യക്ഷ ദൈവമായി. വേലുത്തമ്പിദളവ പ്രക്ഷോഭം സംഘടിപ്പിച്ചത് അഴിമതിക്കാരായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിക്കും ശങ്കരനാരായണന്‍ ചെട്ടിക്കും മാത്തുത്തരകനുമെതിരെയായിരുന്നു. വേലുത്തമ്പി യുദ്ധം ചെയ്തത് തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളില്‍ അന്യായമായി കൈകടത്താന്‍ മുതിര്‍ന്ന ബ്രിട്ടീഷുകാരോടായിരുന്നു. ഉമ്മിണിത്തമ്പി കലാപം കൂട്ടിയത് കേണല്‍ മണറോയ്ക്കെതിരെയായിരുന്നു.
ബ്രിട്ടീഷുകാരുമായുള്ള തിരുവിതാംകൂറിന്റെ ബന്ധം എല്ലായ്പ്പോഴും മെച്ചപ്പെട്ടതായിരുന്നുവെന്നുപറയാന്‍ വയ്യ. അവരുടെ സാമ്രാജ്യത്വ കുത്സിത വൃത്തികള്‍ ദേശാഭിമാനികളായ തിരുവിതാംകൂറുകാരെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളുടെ മേല്‍ക്കോയ്മാപരമായ പീഡനങ്ങള്‍ തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരില്‍ പലരുടെയും സൈര്വം കെടുത്തുന്നയളവില്‍ അതിക്രമിച്ചിട്ടുമുണ്ട്. എങ്കിലും സമാധാനപരമായ ആ സഹവര്‍ത്തിത്വത്തിനു ഉടവു തട്ടാതിരിക്കാന്‍ തിരുവിതാംകൂര്‍ രാജവംശം ആദ്യന്തം ശ്രമിച്ചിരുന്നു. ആധുനികതയുടെ പുലരിവെട്ടത്തിലേക്ക് പ്രജകളെ നയിക്കാന്‍ ആ സഹവര്‍ത്തിത്വം വേണാട്ടരചന്മാരെ പ്രാപ്തരാക്കി എന്നതും ഓര്‍ക്കണം. ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങള്‍ക്കും മുമ്പേ സാമൂഹ്യമാറ്റത്തിന്റെ പാതയില്‍ തിരുവിതാംകൂര്‍ ചെന്നെത്തിനിന്നതിനു പരോക്ഷ പ്രേരണയും അതാണ്.
ബ്രിട്ടീഷുകാരുമായുള്ള തിരുവിതാംകൂറിന്റെ ബന്ധത്തിന് ആദ്യവിത്തുകള്‍ പാകിയത് ഉമയമ്മറാണിയായിരുന്നു. ഈസ്റ്റിന്ത്യാകമ്പനിക്ക് അഞ്ചുതെങ്ങില്‍ പണ്ടകശാലകെട്ടാന്‍ അനുമതി കൊടുത്തത് ആ രാജ്ഞിയായിരുന്നു. റാണി ഗൗരിലക്ഷ്മീഭായിയുടെ കാലത്ത് റെസിഡന്റായി വന്ന കേണല്‍ മണ്‍റോ ദിവാന്‍ ഉദ്യോഗവും കുറെക്കാലം ഭരിച്ചു. റാണി ഗൗരിപാര്‍വതീഭായിയുടെ കാലത്ത് റെസിഡന്റിന്റെ ഉപദേശം അനുസരിച്ചേ ദിവാന്മാരെ നിയമിക്കാവൂ എന്നു നിഷ്കര്‍ഷ വന്നു. അന്യദേശക്കാര്‍ തിരുവിതാംകൂര്‍ ദിവാന്മാരുമായി അടങ്ങിയത് അതോടെയാണ്. ഭരണകാര്യങ്ങളില്‍ ബ്രിട്ടീഷുകാരുടെ കൈകടത്തല്‍ സ്വാതിതിരുനാള്‍ മഹാരാജാവിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. റസിഡന്റ് കല്ലനോട് സ്വാതിതിരുനാള്‍ രൂക്ഷമായി ഇടഞ്ഞത് ബ്രിട്ടീഷ് മേല്ക്കോയ്മയുടെ പീഡനമേറ്റ് ആത്മഭിമാനം നൊന്തുണര്‍ന്നപ്പോഴാണ്. മനംനൊന്തു കിരീടം വെടിഞ്ഞ് സിംഹാസനത്തില്‍ നിന്നിറങ്ങി പോകാന്‍പോലും ആലോചിച്ചതാണ് സ്വാതിതിരുനാള്‍. ഒരു ഘട്ടത്തില്‍ പൂര്‍വ്വികരായ മഹാരാജാക്കന്മാര്‍ക്ക് മേല്‍മീശയുള്ളവരായിരുന്നു. സ്വാതിതിരുനാള്‍ മേല്‍മീശ വയ്ക്കുകയും സാംസ്ഥാനികച്ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ ഉടവാള്‍ ധരിക്കുകയും ചെയ്യുന്ന പതിവ് വേണ്ടെന്നുവച്ചു. അതിന് മഹാരാജാവിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു: ʻʻനമ്മുടെ പൂര്‍വ്വികരോ, അവര്‍ സ്വാതന്ത്ര്യരായിരുന്നു. നാമോ, കേവലം ആജ്ഞാനുവര്‍ത്തി! എന്നു സ്വാതന്ത്ര്യം കിട്ടുമോ അന്നു നാം മേല്‍മീശവയ്ക്കുകയും ഉടവാള്‍ ധരിക്കുകയും ചെയ്യും.ˮ സ്വാതിതിരുനാളിനുശേഷം തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ആരും തന്നെ മേല്‍മീശവയ്ക്കുകയോ സാംസ്ഥാനികച്ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ ഉടവാള്‍ ധരിക്കുകയോ ചെയ്തിട്ടില്ലത്രേ. തിരുവിതാംകൂറില്‍ സ്വാതിതിരുനാളിന്റെ കാലത്താരംഭിച്ച ആധുനികവിദ്യാഭ്യാസമാണ് സാംസ്കാരികമാറ്റത്തിന്റെ പുതിയ തലമുറയെ സൃഷ്ടിച്ചു വിട്ടത്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തിരുവിതാംകൂറില്‍ തുടക്കമിട്ടത് അദ്ദേഹമായിരുന്നു. കലയുടെ കനകോജ്ജ്വലമായ ഒരു കാലമായിരുന്നു, അത്. ഭോജരാജാവിനെ അനുസ്മരിപ്പിക്കുന്നു കലാജീവിതം. ത്യാഗരാജസ്വാമികള്‍ക്കുശേഷം കര്‍ണ്ണാടക സംഗീതത്തിലെ മഹാന്മാരായ വിഗ്ഗേയകാരന്മാരിലൊരാള്‍. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ സംഗീത നൃത്തസദസ്സുകള്‍ ഇന്ത്യയിലെല്ലാഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ ആശ്രയകേന്ദ്രമായി ധര്‍മ്മരാജാവിന്റെ കാലത്താണ് (1758–1798) തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ധര്‍മ്മരാജാവെന്ന് പുകള്‍പെറ്റ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തിനു സാഹിത്യ സൗരഭ്യം പകരാന്‍ കുഞ്ചന്‍ നമ്പ്യാരും ഉണ്ണായിവാര്യരും രാമപുരത്തുവാര്യരുമുണ്ടായിരുന്നു. സ്വാതിതിരുനാളിനു താരാട്ടെഴുതാന്‍ ഇരയിമ്മന്‍ തമ്പിയുണ്ടായിരുന്നു.
മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ധീരോദാത്തമായ ചരിത്രം കൂടിയാണ് തിരുവിതാംകൂറിന്റേത്. ആ പ്രക്ഷോഭണങ്ങളെ അടിച്ചമര്‍ത്താനുള്ള ക്രൂരത കാട്ടാതെ മനുഷ്യത്വത്തിന്റെ ഉദാരതയോടെയും നയതന്ത്രജ്ഞോചിതമായ ദീര്‍ഘവീക്ഷണത്തോടെയും നേരിടുകയാണ് തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പൊതുവെ ചെയ്തത്. തിരുവിതാംകൂറിന്റെ നെല്ലറയായ നാഞ്ചിനാട്ടിലെ ജനങ്ങള്‍ നാട്ടുകൂട്ടങ്ങല്‍ കൂടി കൃഷിയായുധങ്ങള്‍ ഉപേക്ഷിച്ച് നിസ്സഹകരണ പ്രക്ഷോഭം സംഘടിപ്പിച്ചത് മുഖ്യമായും അമിതമായ കരം അടിച്ചേല്പിച്ച റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയായിരുന്നു. മഹാരാജാവിന്റെ മാതുല തുല്യമായ വാത്സല്യം അതിനുശേഷം നാഞ്ചിനാട്ടുപിള്ളമാരെ വിശ്വസ്തരായ രാജസേവകരാക്കി മാറ്റുകയാണുണ്ടായത്. മാറുമറയ്ക്കല്‍ സമരത്തിന്റെ തുടക്കം തുറന്ന ജാതിപ്പോരാട്ടമായിരുന്നു. സാമൂഹ്യാനീതികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മഹാരാജാവിന്റെ അവസരോചിതമായ ഇടപെടലോടെ ഫലപ്രദമാവുന്ന വഴക്കമാണ് തിരുവിതാംകൂറിലുള്ളത്. പുരോഗമനപരമായ ഒട്ടേറെ നിയമനടപടികള്‍ക്ക് അത് വഴിതെളിച്ചു. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് (1860–1880) ദിവാന്‍ ടി. മാധവറാവുവിന്റെ സഹകരണത്തോടെയുണ്ടായ പുരോഗമനപരമായ പരിഷ്കാരങ്ങല്‍ തിരുവിതാംകൂറിന്റെ ആധുനികീകരണത്തെ ത്വരിതപ്പെടുത്തി. സെക്രട്ടറിയേറ്റു മന്ദിരം പണിതത് അക്കാലത്താണ്. വിശാഖം തിരുനാള്‍ രാമവര്‍മ്മ (1880–1885)യുടെയും ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ (1885–1924)യുടെയും ഭരണകാലത്ത് കൂടുതല്‍ പരിഷ്കരണ നടപടികള്‍ ഉണ്ടായി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലുംഗവണ്‍മെന്റ് സര്‍വ്വീസുകളിലും അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമനുവദിച്ചത് ശ്രീമൂലം തിരുനാളാണ്. ഇന്ത്യയില്‍ ആദ്യമായി 1888-ല്‍ ഒരു ലെജിസ്ളേറ്റീവ് കൗണ്‍സില്‍ തുറന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്കാരം. കൂടുതല്‍ പ്രാതിനിധ്യത്തോടെ 1904-ല്‍ അതുശ്രീമൂലം പോപ്പുലര്‍ അസംബ്ളി ആയി. ദിവാന്‍ രാജഗോപാലാചാരിയുടെ ദുര്‍ഭരണത്തെ നിശിതമായി വിമര്‍ശിച്ചതിനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്. വൈക്കം സത്യാഗ്രഹം (1924–1925) നടന്നതും ഇക്കാലത്താണ്. നായര്‍ റെഗുലേഷന്‍ പാസ്സാക്കിയതോടെ ശ്രീമൂലം തിരുനാള്‍ മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള വമ്പിച്ച സാമൂഹ്യ മാറ്റത്തിന് വഴിതെളിച്ചു. ലെജിസ്ളേറ്റീവ് കൗണ്‍സിലിനെ വികസിപ്പിച്ച് ശ്രീമൂലം അസംബ്ളിയും ശ്രീചിത്രാസ്റ്റേറ്റ് കൗണ്‍സിലുമാക്കി വിഭജിച്ചത് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ്.
നൂറ്റാണ്ടുകളുടെ സാംസ്കാരത്തുടര്‍ച്ചയുടെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാണ് ഇപ്പോഴത്തെ റോയല്‍ ഫാമിലി. പഴങ്കഥകളിലും ഐതീഹ്യങ്ങളിലും പൂഴ്ന്നു കിടക്കുന്നു. വേണാടു രാജവംശത്തിന്റെ ആദിമചരിത്രം. ഭാനുവിക്രമന്‍ എന്ന രാജാവിനെ പത്മനാഭ പുരത്തുവച്ച് പരശുരാമന്‍തന്നെ കിരീടം ധരിപ്പിച്ച് രാജാവായി അഭിഷേകം ചെയ്തുവെന്നാണ് ഐതീഹ്യം. ചേരരാജാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് തിരുവിതാംകൂര്‍ രാജകുടുംബം. ചേരമാന്‍പെരുമാള്‍ തന്റെ മൂന്നാം ഭാര്യയിലെ പത്രനായ വീരകേരളനെ കലിയുഗം തുടങ്ങി 3412-ആം വര്‍ഷം തെക്കുവേണാട്ടുകരയും (നെയ്യാറ്റിന്‍കര) തിരുവിതാംകോടും എഴുതിക്കൊടുത്ത് തുലാ പുരുഷദാനവും പത്മഗര്‍ഭവും ചെയ്ത് കിരീടം ധരിപ്പിച്ച് കുലശേഖരപ്പെരുമാളായി വാഴിച്ചുവെന്ന് കൊട്ടാരം ഗ്രന്ഥവരിയില്‍ പറയുന്നു. കിഴക്ക് ഇരട്ടമലയുടെ അടുത്തുള്ള പന്നിവായ്ക്കലും തെക്കുപടിഞ്ഞാറ് കടലും വടക്ക് ഇടവാപൊഴിയുമായിരുന്നത്രെ ആ രാജ്യത്തിന്റെ അതിര്‍ത്തികള്‍. കലിവര്‍ഷം തുടങ്ങി 3927-ആം വര്‍ഷത്തില്‍ (എ.ഡി.825) ഉദയമാര്‍ത്താണ്ഡവര്‍മ്മ കുലശേഖരപ്പെരുമാള്‍ കൊല്ലവര്‍ഷം ആരംഭിച്ചതായി പറയപ്പെടുന്നു. ഇടയ്ക്കിടെ കണ്ണികളറ്റ് മറവിയിലാണ്ടു കിടക്കുകയാണ് ആ ആദ്യകാലങ്ങള്‍. ക്രിസ്തുവര്‍ഷം ഒന്‍പതാം ശതകത്തില്‍ തിരുവടികളെന്ന രാജാവ് നാടുവാണിരുന്ന കാര്യം അദ്ദേഹത്തിന്റെ തരിസ്സാപ്പള്ളി ചെമ്പുപട്ടയത്തില്‍ നിന്ന് വ്യക്തമാണ്. തരിസാപ്പള്ളിക്കു കൊല്ലം പട്ടണത്തിലൊരു ഭാഗത്ത് സ്ഥലം നല്‍കിയതിനുള്ള പ്രമാണമാണ് പ്രസ്തുത പട്ടയം. അയ്യനടികള്‍ തിരുവടികള്‍ക്കുശേഷം ആയിരത്തിനാല്പത്തി രണ്ടുവര്‍ഷം കഴിഞ്ഞ് അധികാരം കൈയേറ്റ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവാണ് ചേരരാജവംശത്തിലെ അവസാനത്തെ കണ്ണി. അശോകചക്രവര്‍ത്തിയുടെ ബി.സി.മൂന്നാം ശതകത്തിലെ ശിലാശാസനങ്ങളില്‍ തെക്കെ ഇന്ത്യയിലെ പുരാതന ചേരരാജവംശത്തെ പരാമര്‍ശിക്കുന്നുണ്ട്.
കുറഞ്ഞത് അയ്യായിരം വര്‍ഷത്തെയെങ്കിലും സഞ്ചിത സുകൃതമാണ് ഒരു സജീവസാന്നിദ്ധ്യമായി നമ്മുടെയിടയിലൂടെ നഗ്നപാദനായി ഇതാ നടന്നിറങ്ങിവരുന്നത്. ഒരു സുവര്‍ണ്ണയുഗത്തിന്റെ അവസാനത്തെ കണ്ണി. ഒരിക്കല്‍ സിംഹാസനാരൂഢനായി രാജ്യംവാണ പൊന്നുതമ്പുരാന്‍ ഒരു സാധാരണ പൗരനായി നമ്മുടെയിടയില്‍ വന്ന് ഇരിക്കുന്നു. സ്വാതിതിരുനാളിന്റെ നവരാത്രി കീര്‍ത്തനങ്ങളിലൊന്നു പാടി നിര്‍ത്തിയ യേശുദാസിനെ അനുമോദിക്കാന്‍ നമുക്കിടയില്‍, നമുക്കൊപ്പമിരുന്ന് ഒരുമഹാരാജാവ് കൈയടിക്കുന്നു; നിഷ്ക്കളങ്കമായി ചിരിക്കുന്നു.