മീവല്‍പ്പക്ഷിയുടെ പാട്ട്
മീവല്‍പ്പക്ഷിയുടെ പാട്ട് | |
---|---|
ഗ്രന്ഥകാരന്‍ | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ? |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസാധകർ | ഡിസി ബുക്‌സ് |
വർഷം |
1999 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങൾ | 72 (ആദ്യ പതിപ്പ്) |
← വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
ഫ്രഞ്ചെഴുത്തുകാരനായ ഷെനെ ഒരിക്കല്‍ ഫ്രാന്‍സിലെ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തന്‍റെ എതിര്‍വശത്തിരുന്ന ആളിനെ അദ്ദേഹം നോക്കി. വിരൂപന്‍. കുത്സിതമെന്നോ ദുഷ്ടമെന്നോ ആ രൂപത്തെ വിശേഷിപ്പിക്കാം. വൃത്തികെട്ട മേല്‍മീശ. അതിന്‍റെ രണ്ടറ്റവും മുകളിലേക്ക് ഉയര്‍ന്നുനില്ക്കുന്നു. അഴുകിയ വായ്. അതില്‍നന്നും വരുന്ന തുപ്പല്‍ അയാള്‍ കാല്‍മുട്ടുകള്‍ക്കിടയിലൂടെ താഴത്തേക്കു വീഴ്ത്തുന്നു. സിഗററ്റ്കുറ്റികളും കടലാസ്കഷണങ്ങളും റൊട്ടിക്കഷണങ്ങളും തറയില്‍ ചിതറിക്കിടക്കുന്നുണ്ട്. ആ മനുഷ്യന്റെ നോട്ടത്തില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യമായിയുള്ള ഒരു ഘടകം ഷെനെ കണ്ടു. അയാള്‍ വര്‍ത്തമാനപ്പത്രത്തില്‍നിന്നു കണ്ണെടുത്ത് ഷെനെയുടെ കണ്ണുകളിലേക്കു നോക്കി. താനറിയാതെ ഷെനെയും അയാളുടെ കണ്ണുകളിലേക്ക് നോക്കി. ഷെനെയ്ക്കു തോന്നിയ അസ്വസ്ഥത അയാള്‍ക്കുമുണ്ടായോ? അയാളുടെ നോട്ടം വേറൊരാളിന്‍റെ നോട്ടമായിരുന്നില്ല. തന്‍റെ നോട്ടം കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോലെ തോന്നി ഷെനെയ്ക്ക്. ഷെനെ തന്‍റെ ശരീരത്തില്‍നിന്നു സ്വന്തം കണ്ണുകള്‍വഴി ഒഴുകിയിറങ്ങി അയാളുടെ കണ്ണുകള്‍വഴി അയാളിലേക്കു ചെന്നു. അതുപോലെ അയാളും അയാളുടെ കണ്ണുകള്‍വഴി ഒഴുകിയിറങ്ങി ഷെനെയുടെ ഉള്ളിലേക്കു ചെന്നു. തീവണ്ടി ഒരു സ്റ്റെയ്ഷനില്‍നിന്നു മറ്റൊരു സ്റ്റെയ്ഷനിലേക്കും അവിടെനിന്നും വേറൊന്നിലേക്കും സഞ്ചരിക്കുകയായിരുന്നു. അന്‍പതു വയസ്സുള്ള ആ വൃത്തികെട്ട മനുഷ്യനോടുകൂടിയുള്ള യാത്ര ദുസ്സഹമായി തോന്നി ഷെനെയ്ക്ക്. അദ്ദേഹത്തിന്‍റെ ശരീരത്തിനകത്തുനിന്ന് ഒഴുകി അയാളുടെ ശരീരത്തിനകത്തേക്കു ചെന്നത് എന്താണ്. യാത്രക്കാരന്‍റെ ഉള്ളില്‍നിന്ന് ഒഴുകി ഷെനെയുടെ കണ്ണുകള്‍വഴി അദ്ദേഹത്തിന്‍റെ ഉള്ളിലേക്കു പോയത് എന്താണ്. താനും അയാളും ഒരാളാണെന്ന ബോധമാണത്. ഒരു മനുഷ്യന്‍ മറ്റൊരുത്തന് തുല്യനാണോ? ഒരു നിമിഷത്തെ പരസ്പരവീക്ഷണ ത്തില്‍നിന്നു ജനിച്ച ഈ അസ്വസ്ഥത – വിഷാദം – ഷെനെയുടെ ജീവിതാന്ത്യംവരെ നിലനിന്നു. താന്‍തന്നെയാണു മുന്നിലിരിക്കുന്നവന്‍. അയാള്‍തന്നെയാണു താന്‍. ഈ അനന്യതയുടെ ഐഡന്‍റിറ്റിയുടെ ഭേദമില്ലായ്മ ഗ്രഹിച്ചപ്പോള്‍ അതു കരണത്തേറ്റ അടിപോലെയായി ഷെനെയ്ക്ക് (Jean Renet — Rejection on the theater and other writings).
ഇതില്‍നിന്നു വിഭിന്നമായി വേറൊരു സംഭവംകൂടി. ഐറിസ് മര്‍ഡോക്ക് എന്ന നോവലെഴുത്തുകാരിയുടെ The Bell എന്ന നോവല്‍. അതിലെ നായിക ഡോറ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. അകലെയുള്ള സ്റ്റെയ്ഷനില്‍ അവളുടെ ഭര്‍ത്താവ് കാത്തുനില്ക്കുന്നുണ്ട്. ഡോറ ഇരുന്ന സീറ്റിന് എതിരായുള്ള സീറ്റില്‍ ഒരു യാത്രക്കാരന്‍. അയാളുടെ കാലുകള്‍ക്കിടയില്‍ ഒരു ചുവന്ന ശലഭം. അത് അയാളുടെ കാലിനടുത്തേക്ക് അപകടകരമായി നീങ്ങുന്നുണ്ട്. ഡോറ ശ്വാസംപിടിച്ച് ഇരിക്കുകയാണ്. യാത്രക്കാരന്‍ ബൂട്ട്ലെയ്സ് ശരിയായി കെട്ടിയിട്ടുണ്ടോ എന്നു നോക്കിയിട്ട് കാലൊന്നുമാറ്റിവച്ചു. ചിത്രശലഭം മരണത്തില്‍നിന്നു രക്ഷപ്പെട്ടെന്നേയുള്ളു. ഡോറ കുനിഞ്ഞ് ചിത്രശലഭത്തെ രണ്ടു കൈയിലേക്കും കോരിയെടുത്തു. അത് അവിടെയിരുന്നു തുടിച്ചു. ജനലില്‍ക്കുടി അതിനെ പുറത്തേക്കു വിട്ടാല്‍ കാറ്റ് അതിനെ വലിച്ചെടുക്കും. ശലഭം മരിക്കും. തടവിലായ അതിനെ നോക്കിക്കൊണ്ടിരുന്നു ഡോറ. തീവണ്ടി അവള്‍ക്കിറങ്ങേണ്ടിടത്ത് എത്തി. ഭാജനംപോലെയാക്കിയ കൈകളില്‍ ചിത്രശലഭത്തെ വച്ചുകൊണ്ട് അവള്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി. തീവണ്ടി മെല്ലെ നീങ്ങി. ഭര്‍ത്താവ് അടുത്തെത്തി അവളോടു ചോദിച്ചു: ``ഡോറാ നിന്‍റെ 'ലഗ്ഗിജ്' എവിടെ?' `എന്‍റെ ഈശ്വരാ' എന്നു പറഞ്ഞുംകൊണ്ട് അവള്‍ വായ് തുറന്നു. പെട്ടി വണ്ടി യില്‍നിന്നെടുത്തില്ല അവള്‍. ``നീ എന്തിനാണ് ഇങ്ങനെ കൈകള്‍ വച്ചിരിക്കുന്നത്?' എന്ന് അയാള്‍ ചോദിച്ചു. ഡോറ കൈകള്‍ വിടര്‍ത്തി പൂവെന്നപോലെ. ചിത്രശലഭം പുറത്തേക്കുപോന്നു. അതു പ്ലാറ്റ്ഫോമിനു മുകളില്‍ വട്ടം ചുറ്റിപ്പറന്നിട്ട് അകലത്തേക്ക് പോയി.
ഷെനെയുടെ യാത്രാവിവരണം വിഷാദാത്മകം. മര്‍ഡോക്കിന്‍റെ ചിത്രശലഭവിവരണം പ്രസാദാത്മകം. രണ്ടു മനോഭാവങ്ങളും എം.ടി. വാസുദേവന്‍നായര്‍ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും കാലാത്മകമായി ആവിഷ്കരിച്ചിട്ടുണ്ട്. രണ്ടുസ്ഫുടീകരണങ്ങളും നമുക്കു ഭാവാനുഭൂതിയോ രസാനുഭൂതിയോ പ്രദാനം ചെയ്യും. കലാകാരന്‍റെ വിശ്വാസത്തെ അവലംബിച്ചല്ലല്ലോ അനുവാചകന്‍റെ ആസ്വാദനം. അങ്ങനെയാണെങ്കില്‍ ഫാസിസ്റ്റായ എസ്റാപൌണ്ടിന്‍റെ കൃതികള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ വായിച്ചു രസിക്കുന്നതെങ്ങനെ? മാര്‍ക്സിസ്റ്റായ നെറൂദയുടെ കാവ്യങ്ങള്‍ പിന്തിരിപ്പന്മാരെന്നു കരുതപ്പെടുന്നവര്‍ വായിച്ച് ആഹ്ലാദിക്കുന്നതെങ്ങനെ? കലയുടെ ചിത്രശലഭത്തെ എവിടെക്കണ്ടാലും അതിനെ കൈകള്‍ക്കുള്ളിലാക്കി കൊണ്ടുവന്ന് അനന്തവിഹായസ്സിലേക്കു പറത്തുന്ന പ്രതിഭാശാലിയാണ് എം.ടി. ആ പ്രക്രിയയില്‍ മനോഭാവം പരിഗണനയ്ക്കു വിഷയമാകുന്നില്ല. എങ്കിലും ആ ശതാബ്ദത്തിലെ ഒരു സുപ്രധാന വിഷയമാണ് മനുഷ്യന്‍റെ അനിയതാവസ്ഥ. അതിനെ എത്ര പ്രഗത്ഭമായിട്ടാണ് അദ്ദേഹം ചിത്രീകരിക്കുന്നതെന്ന് അറിയണമെങ്കില്‍ അദ്ദേഹത്തിന്‍റെ ഇരുട്ടിന്‍റെ ആത്മാവ് എന്ന കഥ വായിക്കണം. മാസ്റ്റര്‍പീസാണ് ആ രചന. ഭ്രാന്തനെന്ന പേരില്‍ തടവുകാരനാക്കപ്പെട്ട, ചങ്ങലയാല്‍ ബന്ധനസ്ഥനാക്കപ്പെട്ട, ഒരു പാവപ്പെട്ട മനുഷ്യന്‍റെ കഥയാണത്. വേലായുധന്‍റെ കഥ. അയാളുടെ ഉന്മാദത്തിലും നേരിയ യുക്തിയുണ്ട്. കാര്‍മേഘത്തിന്‍റെ അരികിലെ വെള്ളിവരപോലെ. ഇരുട്ടില്‍ മഴ തകര്‍ത്തുപെയ്യുമ്പോള്‍, ഞെട്ടി, നനഞ്ഞു നില്ക്കുന്ന മരത്തില്‍ മിന്നല്‍ വന്നുവീഴുമ്പോള്‍ ഉണ്ടാകുന്ന തിളക്കംപോലെ ആ യുക്തി കാണുന്നു നമ്മള്‍. ആ ഭ്രാന്തന് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചുണ്ടാകുന്നതു ലോലവികാരമാണ്. ചങ്ങല പൊട്ടിച്ച് അവളുടെ അടുത്തേക്ക് ഓടിയ അയാളെ അവളും ഭ്രാന്തനായി കരുതുമ്പോള്‍ `ഏന്നെ ചങ്ങലയ്ക്കിടു' എന്ന് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ ഏല്ലാക്കാലത്തേക്കുമായി ഭ്രാന്തനായി ത്തീരുന്നു. ഭ്രാന്തിന്‍റെയും അതില്‍ സ്ഫുരിക്കുന്ന യുക്തിയുടെയും മണ്ഡലങ്ങള്‍ ചേതോഹരമായി ചിത്രീകരിച്ചത് കഥയ്ക്ക് അനാദൃശ്യസ്വഭാവമുണ്ടാക്കുന്നു. വേലായുധന്‍ പരതന്ത്രനാണോ? നിയതത്വമുണ്ടെന്നുഭാവിക്കുന്ന നമ്മള്‍ക്കു തന്നെ സ്വാതന്ത്ര്യമുണ്ടോ? നമ്മള്‍ വീടിനകത്തിരിക്കുമ്പോള്‍ പരതന്ത്രന്‍. ബസ്സില്‍ കയറിയാല്‍ അതു തടവുമുറി. നമ്മള്‍ തടവുകാര്‍. ഓഫീസില്‍ ചെന്നിരുന്നാല്‍ അതിന്റെ നാലു ഭിത്തിക്കുള്ളില്‍ അസ്വതന്ത്രന്‍. വേലായുധനു ഭ്രാന്തില്ലായിരുന്നുവെന്നുതന്നെ സങ്കല്പിക്കൂ. എങ്കിലും അയാള്‍ പരതന്ത്രനാകുമായിരുന്നു. ഉന്മാദമെന്ന കാരാഗൃഹത്തിലായപ്പോള്‍ ആ അസ്വതന്ത്രത കൂടിയെന്നേയുള്ളു. ഒടുവില്‍ നമ്മളെല്ലാവരും വേലായുധന്മാരാണ്. സമകാലിക സമുദായത്തിന്‍റെ ഭ്രാന്തിനെ ആ കഥാപാത്രത്തിലൂടെ ചിത്രീകരിക്കുകയാണ് എം.ടി. വേലായുധന്‍റെ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കുക. നിങ്ങള്‍ നിങ്ങളുടെ ളള്ളില്‍നിന്ന് സ്വന്തം കണ്ണുകള്‍വഴി പുറത്തേക്കു ചെന്ന് വേലായുധന്‍റെ കണ്ണുകളില്‍ക്കൂടി അകത്തേക്കു ചെല്ലുന്നു. വേലായുധന്‍ നിങ്ങളുടെ കണ്ണുകളിലേക്കുനോക്കുന്നു. അയാള്‍ തന്‍റെ ഉള്ളില്‍നിന്ന് ഒഴുകിയിറങ്ങി നിങ്ങളുടെ കണ്ണുകളില്‍ക്കൂടി കടന്നു നിങ്ങളുടെ ഉള്ളിലേക്കു ചെല്ലുന്നു. ഞാനും നിങ്ങളും വേലായുധന്മാരാണ്. വേലായുധന്‍ നിങ്ങളും ഞാനുമാണ്. ആ സത്യം നമ്മുടെ കരണത്തുകിട്ടിയ അടിപോലെയായിത്തീരുന്നു ഇക്കഥയിലൂടെ.
മറ്റൊരു പ്രധാനപ്പെട്ട വിഷയം മനുഷ്യന്‍റെ ഏകാന്തതയാണ്. എകാന്തതയും ശൂന്യതയും കൈകോര്‍ത്തു നടക്കുന്നു. വിവാഹത്തിനു ക്ഷണിച്ചാല്‍ പലര്‍ക്കും പോകാന്‍ മടിയാണ്. എന്നാല്‍ ക്ഷണക്കത്തു കിട്ടിയില്ലെങ്കിലോ? ദു:ഖം. നൈരാശ്യം. ക്ഷണിക്കുമ്പോള്‍ നമുക്കു തോന്നുന്നു നമ്മളും സമുദായത്തിന്റെ ഭാഗമാണെന്ന്. ക്ഷണിക്കാതിരിക്കുമ്പോള്‍ നമ്മളെ ഒറ്റപ്പെടുത്തിയതായി തോന്നല്‍. ഈ വൈഷമ്യമാണ് ഓരോ മനുഷ്യനും ഇകാലത്ത്. ഒരദ്ധ്യാപകന്‍റെയും അയാളുടെ ശിഷ്യ യുടെയും ഏകാന്തത, ശൂന്യത ഇവയെ ചിത്രീകരിച്ച് അവര്‍ അവയില്‍ നിന്നു രക്ഷ പ്രാപിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സ്ഫുടീകരണമാണ് എം.ടിയുടെ 'വാനപ്രസ്ഥ'മെന്ന കഥയിലുള്ളത്. ജോലിയില്‍ നിന്നു വിരമിച്ച അദ്ധ്യാപകന്
എകാന്തത, ശുന്യത. ജോലി നോക്കുന്ന ശിഷ്യയ്ക്കും ആ തോന്നല്‍ തന്നെ. അവര്‍ ഭൂതകാലത്തേക്കു ചെന്ന് അനന്യതയുണ്ടാക്കാന്‍ ശ്രമിക്കുന്നു. സമുദായവും അവരുടെ ബന്ധത്തിനു വിഘാതം സൃഷ്ടിക്കുന്നു. ഈ വിവിധ ഘടകങ്ങളെ ആക്രമിച്ചു കീഴടക്കാന്‍ അവര്‍ക്കു രണ്ടുപേര്‍ക്കും സാധിക്കുന്നില്ല. എങ്ങനെ ഏകാന്തതയുടെയും ശൂന്യതയുടെയും ബോധത്തോടുകൂടി അവര്‍ വന്നുവോ അതുപോലെ തിരിച്ചു പോകുന്നു. അങ്ങനെ പോകുമ്പോള്‍ ഇക്കഥയ്ക്കു ഗ്രീക്ക് ട്രാജഡിയുടെ മഹത്ത്വം ഉണ്ടാകുന്നു. ഭാര്യയാല്‍ വഞ്ചിക്കപ്പെട്ടു ശൂന്യതയിലും ഏകാന്തതയിലും വീഴുന്ന ഒരുത്തനെ 'ഡാര്‍എസ്സലാം' എന്ന കഥയില്‍ എം.ടി. കൊണ്ടുവരുന്നു. പ്രസാദാത്മകങ്ങളായ ഏറെ കഥകള്‍ എം.ടി. രചിച്ചിട്ടുണ്ട്. അവയിലേതെങ്കിലും ഒന്നിനെക്കുറിച്ച് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ചെറുതാണ് സുന്ദരം എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഞാന്‍ ദീര്‍ഘതയെ ഭയന്ന് അതില്‍നിന്നു പിന്മാറുന്നു.
പ്രത്യക്ഷസത്യങ്ങള്‍ക്കപ്പുറത്തു പരോക്ഷസത്യങ്ങളുണ്ട്. ആ പരോക്ഷസത്യങ്ങളെ പ്രതിപാദിക്കുന്നു എന്നതിലാണ് വാസുദേവന്‍ നായരുടെ കലാവൈഭവമിരിക്കുന്നത്. ഇംഗ്ലീഷില്‍ ആ പരോക്ഷസത്യത്തെ deeper reality എന്നു വിളിക്കുന്നു. വസ്തുതകളെ ഛായഗ്രഹണരീതിയില്‍ പകര്‍ത്തിയാല്‍ മതിയാവുകയില്ല. അനുവാചകര്‍ എത്ര ശ്രമിച്ചാലും കാണാന്‍ കഴിയാത്ത സത്യത്തെ, അഗാധസത്യത്തെ കാണിച്ചുതരുന്നയാളാണ് കലാകാരന്‍. `രണ്ടാമൂഴ'ത്തില്‍ ഭീമന്‍റെ സ്വഭാവത്തിനു പരിവര്‍ത്തനം വരുത്തിയോ? നാലുകെട്ട് ഉയര്‍ന്നോ? കാലത്തിനും നായകന്‍ സ്വാര്‍ത്ഥനാണോ? എന്ന ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ല. ആ കഥാപാത്രങ്ങളെല്ലാം പരോക്ഷ സത്യങ്ങള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മഹാനായ ഗ്രീക്ക് നോവലിസ്റ്റ് കാസാന്‍ദ് സാക്കീസ് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം. ആ കുട്ടിയുടെ കൂട്ടുകാരന്‍ നിക്കോളി ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ഒരു മീവല്‍പ്പക്ഷി പാട്ടുപാടിക്കൊണ്ട് ഗ്രീഷ്മാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്നതു കണ്ടു. അധ്യാപകന്‍ ക്രിയാരൂപങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. നിക്കോളി അദ്ദേഹത്തോടു പറഞ്ഞു. ``മിണ്ടാതിരിക്കു, മിണ്ടാതിരിക്കു, ഞങ്ങള്‍ ആ പാട്ടു കേള്‍ക്കട്ടെ. Be quiet, Be quiet, let us hear the bird. ഗ്രാമാന്തരീക്ഷത്തില്‍, ശരല്‍കാലാന്തരീക്ഷത്തില്‍ എന്നുവേണ്ട എതന്തരീക്ഷത്തിലും മീവല്‍പ്പക്ഷിയെപ്പോലെ പാടുന്ന ഒരു അസുലഭ വിഹംഗമമാണ് എം.ടി.വാസുദേവന്‍നായര്‍. ആ പാട്ടുകേള്‍ക്കാന്‍ ഞങ്ങള്‍ കൊതിയോടെ ഇരിക്കുന്നു.