മനുഷ്യത്വത്തിന്റെ ശാശ്വത പ്രതീകം
മനുഷ്യത്വത്തിന്റെ ശാശ്വത പ്രതീകം | |
---|---|
ഗ്രന്ഥകാരന്‍ | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | പനിനീര്‍പ്പൂവിന്റെ പരിമളം പോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസാധകർ | എച് അന്റ് സി പബ്ലിഷിംഗ് ഹൗസ് |
വർഷം |
1977 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങൾ | 72 (ആദ്യ പതിപ്പ്) |
← പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍ നായര്‍ എന്റെ വീട്ടിലൊരു ദിവസം കാലത്തെത്തി എല്ലാവരെയും വിളിച്ചിരുത്തി ഒരു നാടകത്തിന്റെ കൈയെഴുത്തുപ്രതി വായിച്ചുകേള്‍പ്പിച്ചു. കേള്‍ക്കുന്നവര്‍ രസം പിടിച്ച് ഇരിക്കുകയായിരുന്നു. ജന്മനാ അഭിനേതാവായ വിക്രമന്‍ നായര്‍ നാടകത്തിലെ കഥാപാത്രങ്ങള്‍ക്കു യോജിച്ച വിധത്തില്‍ ശബ്ദത്തിന് അപ്പോഴപ്പോള്‍ മാറ്റം വരുത്തിയും അഭിനയിച്ചുമാണ് വായിച്ചത് വര്‍ഷം 1936 ആണെന്നാണ് എന്റെ ഓര്‍മ്മ. മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ കൗതുകത്തോടെ ആ നാടകപാരായണം കേട്ടുകൊണ്ടിരുന്നു. വീട്ടിലെ കാരണവരുടെ സാഹിത്യരസികയായ സഹധര്‍മ്മിണി ചിലപ്പോള്‍ കരഞ്ഞും മറ്റുചിലപ്പോള്‍ ചിരിച്ചും കഥാപാത്രങ്ങളോടു താദാത്മ്യം പ്രാപിച്ചുവെന്നു തെളിയിച്ചു. നാടകവായന ഒന്നര മണിക്കൂറിനു ശേഷം തീര്‍ന്നു. ഞാന്‍ ഉത്സുകതയോടെ നാടകകര്‍ത്താവ് ആരെന്നും നാടകത്തിന്റെ പേരെന്തെന്നും വിക്രമന്‍ നായരോടു ചോദിച്ചു. ʻʻഎന്‍. കൃഷ്ണപിള്ള, നാടകത്തിന്റെ പേരു ʻബിരുദധാരിʼ എന്ന് അദ്ദേഹം മറുപടി നല്കി. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു. എന്റെ വീട്ടില്‍ പലപ്പോഴും വന്നിരുന്ന വിക്രമന്‍നായര്‍ കൃഷ്ണപിള്ളയുടെ കഴിവുകള്‍ വാഴ്ത്താത്ത ദിവസമില്ലായിരുന്നു. അപ്പോഴൊക്കെ ʻʻഅദ്ദേഹത്തെ എനിക്കു കണ്ടാല്‍ കൊള്ളാമായിരുന്നു.ˮ എന്നു പറയുകയും ചെയ്തിരുന്നു. വര്‍ഷം 1945. ഞാന്‍ തിരുവനന്തപുരത്തെ മേട്ടുക്കട എന്ന സ്ഥലത്തുള്ള ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. ഒരു ദിവസം സായാഹ്നത്തില്‍ വിക്രമന്‍ നായര്‍ വെളുത്ത, കൃശഗാത്രനായ ഒരു യുവാവുമായി ആ വീട്ടിലേക്കു കയറിവന്നു. ʻʻഇതാണ് അന്വേഷിച്ച ആള്‍ˮ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അന്വേഷിച്ചതു വിസ്മരിച്ചുപോയ ഞാന്‍ ʻആര്ʼ എന്നു വിനയത്തോടെ ചോദിക്കുകയുണ്ടായി. ʻഎന്‍. കൃഷ്ണപിള്ളʼ എന്നായിരുന്നു വിക്രമന്‍ നായരുടെ ഗൗരവത്തോടെയുള്ള മറുപടി. അങ്ങനെ ഞാന്‍ ʻബിരുദധാരിʼയുടെ കര്‍ത്താവിനെ ആദ്യമായി കണ്ടു. കൃഷ്ണപിള്ള ഏതാണ്ടു രണ്ടു മണിക്കൂര്‍ നേരം. ഇടവിടാതെ ഇബ്സനെക്കുറിച്ചു സംസാരിച്ചു. ʻറോസ്മേഴ്സ് ഹോലʼ എന്ന നാടകമാണ് ഇബ്സന്റെ മാസ്റ്റര്‍ പീസെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ചങ്ങമ്പുഴയുടെ ʻʻആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചംˮ എന്ന വരിയെടുത്തു പറഞ്ഞിട്ടു രോമാഞ്ചം മുറിച്ച് ഇലയില്‍ വച്ചുകൊണ്ടു നടക്കുകയായിരുന്നോ പെണ്ണ് എന്ന് അക്കാലത്തു ചോദിച്ച ഒരു പണ്ഡിതനെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ കൃഷ്ണപിള്ള ദ്വേഷ്യപ്പെട്ട് ʻഅയാള്‍ ഏറ്റവും രസശുഷ്കനായ പണ്ഡിതനാണ്ʼ എന്ന് എന്നോടു പറഞ്ഞതും ഞാന്‍ ഓര്‍മ്മിക്കുന്നു.
ഇതിനുശേഷം ഞാന്‍ പ്രഭാഷണവേദികളിലാണ് കൃഷ്ണപിള്ളയെ കണ്ടിട്ടുള്ളത്. ആദ്യത്തെ പ്രഭാഷണം ഞാന്‍ കേട്ടത് നെടുമങ്ങാട്ടു വച്ചാണ്. എന്‍. ഗോപാലപിള്ള അദ്ധ്യക്ഷന്‍. കൃഷ്ണപിള്ള അനാവശ്യങ്ങളായ ചില ആവശ്യകതകളെക്കുറിച്ചാണ് പ്രസംഗിച്ചത്. സാഹിത്യം ആവശ്യമില്ലാത്തതായി പലരും കരുതുന്നെങ്കിലും അത് തികഞ്ഞ ആവശ്യകതയാണ് എന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം നിര്‍വഹിച്ച പ്രഭാഷണം ഉജ്ജ്വലമായിരുന്നു. പ്രൗഢമായിരുന്നു. അതു കേട്ടതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ പ്രഭാഷണം എവിടെയുണ്ടോ അവിടെച്ചെന്ന് ഇരിക്കുമായിരുന്നു. എനിക്ക് അവ നല്കിയ ഉത്തേജനവും വിജ്ഞാനവും ആദരണീയങ്ങളെന്നേ പറഞ്ഞുകൂടൂ. എനിക്കു മാത്രമല്ല, സാംസ്കാരികവിഷയങ്ങളില്‍ തല്‍പരരായിരുന്നവരെല്ലാം കൃഷ്ണപിള്ളയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. അങ്ങനെ അദ്ദേഹം ജനസമ്മതിയാര്‍ജ്ജിച്ചു. യശസ്സു നേടി, മഹാശക്തനായി.
ഇതിനകം ʻഭഗ്നഭവനംʼ എന്ന നാടകത്തിന്റെ രചയിതാവ് എന്ന നിലയില്‍ മലയാളികളാകെ അറിഞ്ഞിരുന്ന കൃഷ്ണപിള്ള തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ ലക്ച്ചററായി വന്നു. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ എന്തൊരു ʻസെന്‍സേഷനാണ്ʼ ജനിപ്പിച്ചത്! കൃഷ്ണപിള്ള സാറിന്റെ ക്ലാസ്സുകളില്‍ മറ്റു ക്ലാസ്സുകള്‍ ഉപേക്ഷിച്ചു ഞാനെത്ര തവണയാണ് അദ്ദേഹമറിയാതെ കയറിയിരുന്ന് ആ വിജ്ഞാനസുധ ആസ്വദിച്ചിട്ടുള്ളത്! പരുക്കന്‍ സ്വരത്തിലാണ് സാറ് സംസാരിക്കുക. പക്ഷേ ആ ശബ്ദത്തിന്റെ പാരുഷ്യം പെട്ടെന്നു കുട്ടികള്‍ മറക്കും. ഇരുട്ടു കീറുന്ന വജ്രസൂചിയാണ് മിന്നാമിനുങ്ങെന്നു കവി പറഞ്ഞിട്ടുണ്ടല്ലോ. വിദ്യാര്‍ത്ഥികളുടെ അജ്ഞാനാന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാഷണപ്രകാശം പ്രസരിക്കും. മലയില്‍ നിന്നു ചെറിയ നീര്‍ച്ചാലായി ഒഴുകിത്തുടങ്ങുന്ന വെള്ളത്തിന്റെ നേരിയ പ്രവാഹം ക്രമേണ ജലത്തിന്റെ ആധിക്യത്താല്‍ മഹാനദിയായി രൂപാന്തരപ്പെടുന്നു. വിജ്ഞാനത്തിന്റെ നീര്‍ച്ചാലുമായി സാറിന്റെ ക്ലാസ്സുകളില്‍ ചെന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ആ വിജ്ഞാനത്തെ ഗംഗാപ്രവാഹമാക്കിയ ഗുരുനാഥനാണ് എന്‍. കൃഷ്ണപിള്ള എന്നു മാത്രം പറഞ്ഞ് ഞാന്‍ ആ ഭാഗം അവസാനിപ്പിക്കുന്നു.
എന്‍. കൃഷ്ണപിള്ള പേരുകേട്ട നാടകകര്‍ത്താവായി, നിരൂപകനായി. കേരളത്തിലെ സാംസ്കാരികമണ്ഡലത്തിന്റെ അനിഷേധ്യനേതാവായി. ഏവര്‍ക്കുമറിയാവുന്ന അക്കാര്യങ്ങൾ ഞാന്‍ പിന്നെയും പിന്നെയും പറയേണ്ടതില്ല. ഉത്കൃഷ്ടമായ സാഹിത്യരചനയ്ക്ക് എത്രയെത്ര തവണയാണ് അദ്ദേഹം സമ്മാനിതനായത്! പ്രിയപ്പെട്ട വായനക്കാരെ ഞാന്‍ അത് അനുസ്മരിപ്പിക്കേണ്ട കാര്യമില്ല. ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും അവഗാഹമുണ്ടായിരുന്ന കൃഷ്ണപിള്ള സാര്‍ വികസിതോജ്ജ്വലമായ മനുഷ്യത്വത്തിന്റെ പ്രതിരൂപമായിരുന്നു എന്ന വസ്തുത അധികമാര്‍ക്കും അറിഞ്ഞുകൂടാ. വേദനിക്കുന്ന ഹൃദയവുമായി ʻനന്ദനംʼ എന്ന അദ്ദേഹത്തിന്റെ ഭവനത്തില്‍ ചെല്ലൂ. നിഷ്കളങ്കമായ പൊട്ടിച്ചിരിയോടുകൂടി അദ്ദേഹം നിങ്ങളെ സ്വീകരിക്കും. നേരമ്പോക്കുകള്‍ പറയും. നിര്‍ദ്ദോഷമായ ഗോസിപ്പ് നടത്തും. ഇതിനിടയില്‍ നിങ്ങളുടെ യാതനയൊന്നു സൂചിപ്പിക്കൂ. മനുഷ്യഹൃദയത്തിന്റെ സങ്കീര്‍ണ്ണതകള്‍ അറിഞ്ഞിരുന്ന അദ്ദേഹം അതിനു പരിഹാരം നിര്‍ദ്ദേശിക്കും. അതു പ്രയോജനപ്രദവുമായിരിക്കും. അന്യന്റെ കണ്ണീരുതുടച്ച് അവരെ സമാശ്വസിപ്പിക്കുന്ന മഹാനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് സായാഹ്നങ്ങളില്‍ ʻനന്ദനംʼ അനേകമാളുകളെക്കൊണ്ടു നിറഞ്ഞിരുന്നത്.
ʻനീതിയുള്ളവനിലും നീതിയില്ലാത്തവനിലും ഒരേ രീതിയില്‍ മഴ വീഴുന്നു. പക്ഷേ നനയുന്നത് നീതിയുള്ളവനാണ്. കാരണം നീതിയുള്ളവന്റെ കുട നിവര്‍ത്തിപ്പിടിച്ചിരിക്കുന്നത് നീതിയില്ലാത്തവനാണ് എന്നതത്രേʼ ഇങ്ങനെയൊരു കാവ്യശകലം ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സമ്മാനത്തുക കിട്ടിയെന്നറിഞ്ഞാല്‍ പണം കടം വാങ്ങാനായി ആളുകള്‍ സാറിന്റെ അടുത്തേക്ക് ഓടും. അദ്ദേഹം എല്ലാവര്‍ക്കും കടം കൊടുക്കും ഒടുവില്‍ കൈയില്‍ ഒന്നുമില്ലാതെ ഇരിക്കും. ഒരു ദിവസം ഞാന്‍ ചോദിച്ചു, ʻസാര്‍, ആ Co-operative Society-യിലെ കടം അങ്ങു തീര്‍ക്കരുതോ. സമ്മാനം കിട്ടിയിട്ട് രണ്ടുമൂന്നു ദിവസമല്ലേ ആയുള്ളൂ.ʼ സാര്‍ ചിരിച്ചുകൊണ്ടു മറുപടി നല്കി: ʻഅതെങ്ങനെ? ആ പണമെല്ലാം ഓരോരുത്തരായി വന്നു കടം വാങ്ങിക്കൊണ്ടു പോയല്ലോ?ʼ
മഹായശസ്കനായ കൃഷ്ണപിള്ള സാര്‍ മനുഷ്യത്വത്തിന്റെ ശാശ്വതപ്രതീകവുമായിരുന്നു. അനുഗൃഹീതനായ സംഗീതജ്ഞന്‍ വീണവായിക്കുമ്പോള്‍ വീണാവാദനം എത്ര നന്ന്! രാഗമെത്ര കേമം! എന്നൊക്കെ ആളുകള്‍ പറയും. പക്ഷേ വീണ എന്ന സംഗീതോപകരണത്തില്‍ നിന്നാണ് നാദം പുറപ്പെടുന്നതെന്ന് ആരോര്‍മ്മിക്കുന്നു? ʻകൈരളിയുടെ കഥʼ നന്ന്, ʻപ്രതിപാത്രം ഭാഷണഭേദംʼ ഉജ്ജ്വലം, ʻഭഗ്നഭവനംʼ തുടങ്ങിയ നാടകങ്ങള്‍ രമണീയം എന്നൊക്കെ പറയുന്നവര്‍ അവയ്ക്കു ജന്മം നല്കിയ കൃഷ്ണപിള്ള സാറിനെ മറന്നോ? മറന്നെങ്കില്‍ അതു നന്ദികേടാണ്. മറന്നിട്ടില്ല എന്നതിനു തെളിവാണ് അനുസ്മരണം പത്രാധിപര്‍ എന്നോട് സാറിനെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടത്. മണ്‍മറഞ്ഞ ആ ഗുരുനാഥന്റെ — കൃഷ്ണപിള്ളസാറിന്റെ — സ്മരണയ്ക്കു മുമ്പില്‍ ഞാന്‍ തലതാഴ്ത്തി നില്ക്കുന്നു.