close
Sayahna Sayahna
Search

പ്രാരംഭം


പ്രാരംഭം

ചാത്തരമേനോന്‍
എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും

നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവന്‍മാര്‍ക്കു നാം കീഴടങ്ങണ്ടേ? നിന്റെ വാക്കു കുറെ കവിഞ്ഞു പോയി.

മാധവന്‍
അശേഷം കവിഞ്ഞിട്ടില്ലാ. സിദ്ധാന്തം ആരും കാണിക്കരുത്. അദ്ദേഹത്തിന്

മനസ്സില്ലെങ്കില്‍ ചെയ്യേണ്ട. ശിന്നനെ ഞാന്‍ ഒന്നിച്ചു കൊണ്ടു പോകുന്നു. അവനെ ഞാന്‍ പഠിപ്പിക്കും.

കുമ്മിണി അമ്മ
വേണ്ട കുട്ടാ, അവന്‍ എന്നെ പിരിഞ്ഞു പാര്‍ക്കാന്‍ ആയില്ലാ. നീ

ചാത്തരെയോ, ഗോപാലനെയോ കൊണ്ടു പോയി പഠിപ്പിച്ചോ. ഏതായാലും നിന്നോടു കാരണവര്‍ക്കു മുഷിഞ്ഞു. ഞങ്ങളോട് മുമ്പ് തന്നെ മുഷിഞ്ഞിട്ടാണെങ്കിലും നിന്നെ ഇതുവരെ അദ്ദേഹത്തിന് വളരെ താല്പര്യമായിരുന്നു.

മാധവന്‍
ശരി, ചാത്തര ജേഷ്ഠനെയും ഗോപാലനെയും ഇനി ഇംക്ലീഷ് പഠിപ്പിക്കാന്‍ കൊണ്ടു

പോയാല്‍ വിചിത്രം തന്നെ.

ഇങ്ങിനെ അവര്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന മദ്ധ്യേ ഒരു ഭൃത്യന്‍ വന്നു മാധവനെ അമ്മാമന്‍ ശങ്കരമേനോന്‍ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ മാധവന്‍ അമ്മാമന്റെ മുറിയിലേക്ക് പോയി.

ഈ കഥ എനിയും പരക്കുന്നതിന്നു മുമ്പു മാധവന്റെ അവസ്ഥയെക്കുറിച്ചു സ്വല്പമായി ഇവിടെ പ്രസ്താവിക്കേണ്ടി വന്നിരിക്കുന്നു.

മാധവന്റെ വയസ്സ്, പഞ്ചുമേനവനുമായുള്ള സംബന്ധ വിവരം, പാസ്സായ പരീക്ഷകളുടെ വിവരം ഇവകളെപ്പറ്റി പീഠികയില്‍ പറഞ്ഞിട്ടുണ്ടല്ലോ. എനി ഇയ്യാളെക്കുറിച്ചു പറയുവാനുള്ളതു ചുരുക്കത്തില്‍പ്പറയാം.

മാധവന്‍ അതിബുദ്ധിമാനും അതികോമളനും ആയ ഒരു യുവാവാകുന്നു. ഇയാളുടെ ബുദ്ധി സാമര്‍ത്ഥ്യത്തിന്റെ വിശേഷതയെ ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങിയതു മുതല്‍ ബി.എല്‍. പാസ്സാകുന്നതുവരെ സ്കൂളില്‍ അയാള്‍ക്കു ശ്ലാഘനീയമായി ക്രമോല്‍ക്കര്‍ഷമായി വന്നു ചേര്‍ന്ന കീര്‍ത്തി തന്നെ സ്പഷ്ടമായും പൂര്‍ത്തിയായും വെളിവാക്കിയിരുന്നു. ഒരു പരീക്ഷയെങ്കിലും മാധവന്‍ ഒന്നാമതു പോയ പ്രാവശ്യം ജയിക്കാതിരുന്നിട്ടില്ലാ. എഫ്.എ., ബി.എ. ഇതുകള്‍ രണ്ടും ഒന്നാം ക്ലാസ്സായിട്ടു ജയിച്ചു. ബി.എ. പരീക്ഷയ്ക്ക് അന്യഭാഷ സംസ്കൃതമായിരുന്നു. സംസ്കൃതത്തില്‍ മാധവന് ഒന്നാം തരം വില്പ്പത്തി ഉണ്ടായി. ബി.എല്‍. ഒന്നാം ക്ലാസ്സില്‍ ഒന്നാമനായി ജയിച്ചു. ഇതു കൂടാതെ സ്കൂള്‍വകയായ പലവക പരീക്ഷകളും പലപ്പൊഴും ജയിച്ചതിനാല്‍ മാധവനു പലേ സമ്മാനങ്ങളും വിദ്യാഭിവൃദ്ധിക്കു നിയമപ്പെടുത്തീട്ടുള്ള പലേവക മാസ് പടികളും കിട്ടീട്ടുണ്ടായിരുന്നു. സ്കൂളില്‍ മാധവനെ പഠിപ്പിച്ച എല്ലാ ഗുരുനാഥന്മാര്‍ക്കും മാധവനേക്കാള്‍ സാമര്‍ത്ഥ്യവും യോഗ്യതയും ഉണ്ടായിട്ട് അവരുടെ ശിഷ്യന്മാരില്‍ ഒരുവനും ഒരിക്കലും ഉണ്ടായിട്ടില്ലെന്നുള്ള ബോദ്ധ്യമാണ് ഉണ്ടായിരുന്നത്.

ഈ വിശേഷവിധിയായ ബുദ്ധിക്ക് പാര്‍പ്പിടമായിരിപ്പാന്‍ തദനുരൂപമായി സൃഷ്ടിച്ചതോ മാധവന്റെ ദേഹം അന്ന് അയാളെകണ്ട് പരിചയമായ ഏവനും തോന്നും. ഒരു പുരുഷന്റെ ഗുണദോഷങ്ങളെ വിവരിക്കുന്നതില്‍ അവന്റെ ശരീര സൗന്ദര്യ വര്‍ണ്ണന വിശേഷവിധിയായി ചെയ്യുന്നതു സാധാരണ അനാവശ്യമാകുന്നു. ബുദ്ധി, സാമര്‍ത്ഥ്യം, പഠിപ്പ്, പൌരുഷം, വിനയാദി ഗുണങ്ങള്‍ ഇതുകളെപ്പറ്റി പറഞ്ഞാല്‍ മതിയാവുന്നതാണ്. എന്നാല്‍ മാധവന്റെ ദേഹകാന്തിയെപ്പറ്റി രണ്ടക്ഷരം ഇവിടെ പറയാതെയിരിക്കുന്നത് ഈ കഥയുടെ അവസ്ഥയ്ക്ക് മതിയായില്ലെന്ന് ഒരു സമയം എന്റെ വായനക്കാര്‍ അഭിപ്രായപ്പെടുമോ എന്നു ഞാന്‍ ശങ്കിക്കുന്നതിനാല്‍ ചുരുക്കിപ്പറയുന്നു.

ദേഹം തങ്കവര്‍ണ്ണം. ദിനംപ്രതി ശരീരത്തിന്റെ ഗുണത്തിന്നുവേണ്ടി ആചരിച്ചു വരുന്ന വ്യായാമങ്ങളാല്‍ ഈ യൌവനകാലത്ത് മാധവന്റെ ദേഹം അതിമോഹനമായിരുന്നു. വേണ്ടതിലധികം അശേഷം തടിക്കാതെയും അശേഷം മെലിവു തോന്നാതെയും കാണപ്പെടുന്ന മാധവന്റെ കൈകള്‍, മാറിടം, കാലുകള്‍ ഇതുകള്‍ കാഴ്ചയില്‍ സ്വര്‍ണ്ണം കൊണ്ടു വാര്‍ത്തുവെച്ചതോ എന്നു തോന്നാം. ആള്‍ദീര്‍ഘം ധാരാളം ഉണ്ട്. മാധവന്റെ ദേഹം അളന്നു നോക്കേണമെങ്കില്‍ പ്രയാസമില്ലാതെ കാലുകളുടെ മുട്ടിന്നുസമം നീളമുള്ളതും അതിഭംഗിയുള്ളതുമായ മാധവന്റെ കുടുമകൊണ്ട് മുട്ടോളം കൃത്യമായി അളക്കാം. മാധവന്റെ മുഖത്തിന്റെ കാന്തിയും പൌരുഷശ്രീയും ഓരോ അവയവങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഉള്ള ഒരു സൌന്ദര്യവും അന്യോന്യമുള്ള യോജ്യതയും ആകപ്പാടെ മാധവന്റെ മുഖവും ദേഹസ്വഭാവവും കൂടി കാണുമ്പോള്‍ ഉള്ള ഒരു ശോഭയും അത്ഭുതപ്പെടത്തക്കതെന്നേ പറവാനുള്ളൂ. മാധവനെ പരിചയമുള്ള സകല യൂറോപ്യന്മാരും വെറും കാഴ്ചയില്‍ത്തന്നെ മാധവനെ അതികൌതുകം തോന്നി മാധവന്റെ ഇഷ്ടന്മാരായിത്തീര്‍ന്നു.

ഇങ്ങിനെ ഈ യൌവനാരംഭത്തില്‍ തന്റെ ശരീരവും കീര്‍ത്തിയും അതിമനോഹരമാണെന്നു സര്‍വ്വജനങ്ങള്‍ക്കും അഭിപ്രായം ഉള്ളതു തനിക്കു വലിയ ഒരു ഭൂഷണമാണ് — അത് ഒരിക്കലും ഇല്ലായ്മ ചെയ്യെരുതെന്നുള്ള വിചാരം കൊണ്ടോ, അതല്ല സ്വാഭാവികമായ ബുദ്ധിഗുണം കൊണ്ടോ എന്നറിഞ്ഞില്ല, മാധവന്‍ സാധാരണ യുവാക്കളില്‍ പതിനെട്ടു വയസ്സു മുതല്‍ ക്രമമായി കല്യാണം ചെയ്ത ഗൃഹസ്ഥാശ്രമികളാവുന്നതിനിടയില്‍ നിര്‍ഭാഗ്യവശാല്‍ ചിലപ്പോള്‍ കാണപ്പെടുന്ന ദുര്‍വ്യാപാരങ്ങളില്‍ ഒന്നും അശേഷം പ്രവേശിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പായി പറയാം. അതുകൊണ്ട് സ്വഭാവേനയുള്ള ദേഹകാന്തിയും മിടുക്കും പൌരുഷവും മാധവനു പൂര്‍ണ്ണയൌവന­മാ­യ­പ്പോള്‍ കാണേണ്ടതുതന്നെയായിരുന്നു.

മാധവന് ഇംക്ലീഷില്‍ അതിനൈപുണ്യമുണ്ടായിരുന്നുവെന്ന് ഞാന്‍ എനി പറയേണ്ടതില്ലല്ലോ. ലൊന്‍ ടെനിസ്സ്, ക്രിക്കെറ്റ് മുതലായ ഇംക്ലീഷുമാതിരി വ്യായാമ വിനോദങ്ങളിലും മാധവന്‍ അതിനിപുണനായിരുന്നു. നായാട്ടില്‍ ചെറുപ്പം മുതല്‍ക്കേ പരിശ്രമിച്ചിരുന്നു. പക്ഷേ, ഇതു തന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കരില്‍ നിന്നു കിട്ടിയ ഒരു വാസനയായിരിക്കാം — അദ്ദേഹം വലിയ നായാട്ടു ഭ്രാന്തനായിരുന്നു. നായാട്ടില്‍ ഉള്ള സക്തി മാധവനു വളരെ കലശലായിരുന്നു. രണ്ടു മൂന്നുവിധം വിശേഷമായ തോക്കുകള്‍, രണ്ടു മൂന്നു പിസ്റ്റോള്‍, റിവോള്‍വര്‍ ഇതുകള്‍ താന്‍ പോവുന്നേടത്ത് എല്ലാം കൊണ്ടു നടക്കാറാണ്. തന്റെ വിനോദസുഖങ്ങള്‍ ഒടുവില്‍ വേറെ ഒരു വഴിയില്‍ തിരിഞ്ഞതുവരെ ശിക്കാറില്‍തന്നെയാണ് അധികവും മാധവന്‍ വിനോദിച്ചിരുന്നത്.

ഭൃത്യന്‍ വന്നു വിളിച്ചതിനാല്‍ മാധവന്‍ തന്റെ അമ്മാമന്റെ അടുക്കെ ചെന്നു നിന്നു.

ശങ്കരമേനോന്‍
മാധവാ, ഇത് എന്തു കഥയാണ്! വയസ്സുകാലത്തു കാരണവരോട് എന്തെല്ലാം

അധിക്ഷേപമായ വാക്കുകളാണ് നീ പറഞ്ഞത്? അദ്ദേഹം നിന്നെ ഇംക്ലീഷ് പഠിപ്പിച്ചതിന്റെ ഫലമോ ഇത്? എത്ര ദ്രവ്യം നിണക്കുവേണ്ടി അദ്ദേഹം ചിലവുചെയ്തു.

മാധവന്‍
അമ്മാമനും ഇങ്ങിനെ അഭിപ്രായപ്പെടുന്നത് ഞങ്ങളുടെ നിര്‍ഭാഗ്യം! കാര്യം

പറയുമ്പോള്‍ ഞാന്‍ അന്യായമായി ആരെയും ഭയപ്പെട്ടു പറയാതിരിക്കില്ലാ. എനിക്ക് ഈ വക ദുഷ്ടതകള്‍ കണ്ടു കൂടാ. വലിയമ്മാമന്‍ ദേഹാദ്ധ്വാനം ചെയ്തു സമ്പാദിച്ചതായ ഒരു കാശുപോലും ചിലവിടാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പൂര്‍വ്വന്മാര്‍ സമ്പാദിച്ചതും നമ്മുടെ അഭ്യുദയത്തിനും ഗുണത്തിനും വേണ്ടി അദ്ദേഹം കൈവശം വെച്ചിരിക്കുന്നതുമായ പണം നമ്മളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ചിലവിടാനേ ഞാന്‍ പറഞ്ഞുള്ളൂ. കുമ്മിണിയമ്മയും അവരുടെ സന്താനങ്ങളും ഇവിടുത്തെ ഭൃത്യന്മാരല്ലാ. അവരെ എന്താണ് വലിയമ്മാമന്‍ ഇത്ര നിര്‍ദ്ദയമായി തള്ളിക്കളഞ്ഞിരിക്കുന്നത്? അവരുടെ രണ്ട് മക്കളെ ഇംക്ലീഷു പഠിപ്പിച്ചില്ലാ — കല്യാണിക്കുട്ടിയേയും വേണ്ടുംപോലെ ഒന്നും പഠിപ്പിച്ചില്ലാ. എന്തു കഷ്ടമാണ് ഇദ്ദേഹം ചെയ്യുന്നത്. ഇങ്ങനെ ദുഷ്ടത കാട്ടാമോ? എനി ആ ചെറിയ ശിന്നനെയും മൂരിക്കുട്ടനെപ്പോലെ വളര്‍ത്താനാണത്രെ ഭാവം. ഇതിനു ഞാന്‍ സമ്മതിക്കയില്ലാ — ഞാന്‍ അവനെ കൊണ്ടു പോയി പഠിപ്പിക്കും.

ശങ്കരമേനോന്‍
ശിക്ഷ — ശിക്ഷ! വിശേഷം തന്നെ! നീ എന്തു കൊണ്ടാണ് പഠിപ്പിക്കുന്നത്?

മാസത്തില്‍ അമ്പത് ഉറുപ്പികയല്ലേ നിണക്കു തരുന്നുള്ളൂ? നീ എന്തു കൊണ്ട് പഠിപ്പിക്കും? അമ്മാമന്റെ മുഷിച്ചല്‍ ഉണ്ടായാല്‍ പലേ ദുര്‍ഘടങ്ങളും ഉണ്ടായി വരാം. ക്ഷണം പോയി കാല്‍ക്കവീഴ്.

“അമ്മാമന്റെ മുഷിച്ചല്‍ ഉണ്ടായാല്‍ പലേ ദുര്‍ഘടങ്ങളും ഉണ്ടായി വരാം” എന്നു പറഞ്ഞതിനെ കേട്ടതില്‍ ഇന്ദുലേഖയെ കുറിച്ചാണ് ഒന്നാമത് മാധവന്‍ വിചാരിച്ചത്. ആ വിചാരം ഉണ്ടായ ക്ഷണം മാധവന്റെ മുഖത്ത് പ്രത്യക്ഷമായ ഒരു വികാരഭേദം ഉണ്ടായി. എങ്കിലും അതു ക്ഷണേന അടക്കി. അറയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുംകൊണ്ടു ലേശം മന്ദഹാസത്തോടെ മാധവന്‍ മറുപടി പറഞ്ഞു.

മാധവന്‍
അദ്ദേഹത്തിനെ ഞാന്‍ എന്താണു മുഷിപ്പിക്കുന്നത്? ന്യായമായ വാക്കു പറഞ്ഞാല്‍

അദ്ദേഹം എന്തിന് മുഷിയണം? അദ്ദേഹത്തിന്റെ ന്യായമില്ലാത്ത മുഷിച്ചിലിന്മേല്‍ എനിക്കു ഭയമില്ല.

ശങ്കരമേനോന്‍
ഛീ! ഗുരുത്വക്കേട് പറയല്ലാ.
മാധവന്‍
എന്തു ഗുരുത്വക്കേട്? എനിക്ക് ഈ വാക്കിന്റെ അര്‍ത്ഥം തന്നെ അറിഞ്ഞു കൂടാ.
ശങ്കരമേനോന്‍
അത് അറിയാത്തതാണ് വിഷമം. അപ്പു! നീ കുറെ ഇംക്ലീഷ് പഠിച്ചു

സമര്‍ത്ഥനായി എന്നു വിചാരിച്ചു നമ്മളുടെ സമ്പ്രദായവും നടപ്പും കളയല്ലാ. കുട്ടന്‍ ഊണുകഴിഞ്ഞുവോ?

മാധവന്‍
ഇല്ല. എനിക്ക് മനസ്സിന്നു വളരെ സുഖക്കേടു തോന്നി. അമ്മ പാല്‍ക്കഞ്ഞിയും

എടുത്തു വഴിയേ വന്നിരുന്നു.

അപ്പോള്‍ പാര്‍വ്വതി അമ്മ പാല്‍ക്കഞ്ഞി വെള്ളിക്കിണ്ണത്തില്‍ കൈയില്‍ എടുത്തതോടു കൂടി അകത്തേക്ക് കടന്നു.

ശങ്കരമേനോന്‍
പാര്‍വ്വതീ! കേട്ടില്ലേ കുട്ടന്‍ പറഞ്ഞതെല്ലാം?
പാര്‍വ്വതി അമ്മ
കേട്ടു. അശേഷം നന്നായില്ലാ.
മാധവന്‍
പാല്‍ക്കഞ്ഞി ഇങ്ങട്ടു തരൂ.

രണ്ടിറക്കു പാല്‍ക്കഞ്ഞി നിന്നെടത്തു നിന്നു തന്നെ കുടിച്ച് അമ്മയുടെ മുഖത്തു നോക്കി ചിറിച്ചും കൊണ്ട്,

മാധവന്‍
അല്ലാ, അമ്മയ്ക്കും എന്നോട് വിരോധമായോ?
പാര്‍വ്വതിഅമ്മ
പിന്നെയോ; അതിനെന്താണ് സംശയം? ജേഷ്ഠനും അമ്മാമനും ഹിതമല്ലാത്തത്

എനിക്കും ഹിതമല്ലാ. ആട്ടേ, ഈ കഞ്ഞി കുടിക്കൂ, എന്നിട്ടു സംസാരിക്കാം. നേരം ഉച്ചയായി. കുടുമ എന്തിനാണ് എപ്പോഴും ഇങ്ങനെ തൂക്കി ഇടുന്നത്; ഇങ്ങട്ടു വരൂ; ഞാന്‍ കെട്ടിത്തരാം. കുടുമ പകുതിയായിരിക്കുന്നു.

മാധവന്‍
അമ്മേ, ശിന്നനെ ഇംക്ലീഷു പഠിപ്പിക്കേണ്ടത് ആവശ്യമോ അല്ലയോ? നിങ്ങള്‍

പറയിന്‍.

പാര്‍വ്വതിഅമ്മ
അതു നിന്റെ വലിയമ്മാമന്‍ നിശ്ചയിക്കേണ്ടതല്ലേ കുട്ടാ? എനിക്ക്

എന്തറിയാം? വലിയമ്മാമനല്ലേ നിന്നെ പഠിപ്പിച്ചത്; അദ്ദേഹം തന്നെ അവനേയും പഠിപ്പിക്കുമായിരിക്കും.

മാധവന്‍
വലിയമ്മാമന്‍ പഠിപ്പിക്കാതിരുന്നാലോ?
പാര്‍വ്വതിഅമ്മ
പഠിക്കേണ്ട
മാധവന്‍
അതിനു ഞാന്‍ സമ്മതിക്കുയില്ലാ.
പാര്‍വ്വതിഅമ്മ
കിണ്ണം ഇങ്ങോട്ടു തന്നേക്കൂ; ഞാന്‍ പോകുന്നു. ഉണ്ണാന്‍ വേഗം വരണേ.