close
Sayahna Sayahna
Search

‘ഇന്ദുലേഖ’


സുന്ദരികളായിട്ടുള്ള നായികമാരെ വര്‍ണ്ണിക്കുന്നതിനുള്ള സാമര്‍ത്ഥ്യം ഒട്ടും എനിക്കില്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവൃത്തിയില്ലല്ലോ. കഴിയുമ്പോലെ പറയുക എന്നേ വരൂ. ഇന്ദുലേഖയ്ക്ക് ഈ കഥ ആരംഭിക്കുന്ന കാലം ഏകദേശം പതിനെട്ടു വയസ്സു പ്രായമാണ്. ഇവളുടെ സൌന്ദര്യത്തെക്കുറിച്ച് അവയവം പ്രതി വര്‍ണ്ണിക്കുന്നതിനേക്കാള്‍ അധികം എളുപ്പം ആകെപ്പാടെ ഇവളുടെ ആകൃതിയുടെ ഒരു ശോഭയെക്കുറിച്ച് മാത്രം അല്പം പറയുന്നതാണ്. സൌന്ദര്യം എന്നത് ഇന്നതാണെന്നും ഇന്നപ്രകാരമായാലാണെന്നും മുന്‍കൂട്ടി മനസ്സു കൊണ്ട് ഗ്രഹിച്ച് ഗണിക്കപ്പെടുവാന്‍ സാദ്ധ്യമായ ഒരു ഗുണപദാര്‍ത്ഥമല്ലാ. പലേ സ്ഥിതികളിലും പലേ പ്രകാരമുള്ള യോജ്യതകളിലും ഒരു രൂപത്തിന്നു സൌന്ദര്യമുണ്ടായി എന്നുവരാം. കറുപ്പു നിറം സാധാരണ ശരീരവര്‍ണ്ണത്തിന്നു സൌന്ദര്യമില്ലാത്തതാണെന്ന് പറയുന്നു. എന്നാല്‍ ചിലപ്പോള്‍ കറുപ്പു നിറം വേറെ സാധനങ്ങളുമായുള്ള ചേര്‍ച്ചയാലോ മറ്റു പ്രകാരത്തിലോ ബഹുശോഭയോടെ കാണപ്പെടുന്നുണ്ട്. (ഇന്ദുലേഖ കറുത്തിട്ടാണെന്ന് എന്റെ വായനക്കാര്‍ ഇവിടെ ശങ്കിച്ചു പോകരുതേ.) അതു പ്രകാരം തന്നെ ധാവള്യം, അല്ലെങ്കില്‍ സ്വര്‍ണ്ണവര്‍ണ്ണം ഇതുകള്‍ ശരീരവര്‍ണ്ണതിന്നു ഭംഗിയുള്ളതാണെന്നു സാധാരണ ധരിചു വരുന്നുണ്ട്. എന്നാല്‍ചിലപ്പോള്‍ ഈ വര്‍ണ്ണമായാലും ചില ശരീരത്തിന് ഭംഗിയില്ലെന്ന് തോന്നുന്നു. എന്റെ അഭിപ്രായത്തില്‍ സൌന്ദര്യം എന്നതു ശോഭാനിഷ്ഠമായ ഒരു സാധനമാണെന്നാകുന്നു. ശോഭ എവിടെ തോന്നുന്നുവോ അവിടെ സൌന്ദര്യമുണ്ട് എന്നു പറയാം. ഈ ഇന്ത്യാ രാജ്യത്തുള്ള സംസ്കൃത ഗ്രന്ഥങ്ങളില്‍ ഒരു സ്ത്രീയുടെ സൌന്ദര്യ വര്‍ണ്ണനയില്‍ കുചങ്ങള്‍ക്ക് അതി കൃഷ്ണവര്‍ണ്ണത്വവും നേത്രങ്ങള്‍ക്ക് നീലാബ്ജസദൃശ്യതയും അതിവിശിഷ്ടമായ സൌന്ദര്യ ലക്ഷണങ്ങളില്‍ മുഖ്യങ്ങളായി പറഞ്ഞു കാണുന്നു. ഇംക്ലീഷു് കവികള്‍ ഒരു യുവതിയുടെ സൌന്ദര്യ ലക്ഷണങ്ങളില്‍ അവളുടെ തലമുടിയുടെ സ്വര്‍ണ്ണവര്‍ണ്ണത്വവും കണ്മിഴികള്‍ക്ക് മങ്ങിയമാതിരി വെളുപ്പോടുകൂടിയ ലഘുവായ നീലവര്‍ണ്ണവും (അല്ലെങ്കില്‍ പടുഭാഷയില്‍ നുമ്മള്‍ പറയുന്നപോലെ ശുദ്ധപൂച്ചക്കണ്ണ്) മുഖ്യങ്ങളായി വര്‍ണ്ണിച്ചു വരുന്നു.

ഇവിടെ സംസ്കൃത കവികളുടെയും ഇംക്ലീഷു് കവികളുടെയും സിദ്ധാന്തങ്ങള്‍ രണ്ടും ശരിയാണെന്നു പലപ്പോഴും എനിക്കുതന്നെ തോന്നീട്ടുണ്ട്. കറുത്ത നിറത്തിലുള്ള തലമുടി എങ്ങിനെ നമ്മുടെ സ്ത്രീകള്‍ക്ക് ഭംഗി തോന്നിക്കുന്നുവോ അതുപ്രകാരം തന്നെ സ്വര്‍ണ്ണവര്‍ണ്ണ­മായ തലമുടി ചില യൂറോപ്യന്‍ സ്ത്രീകള്‍ക്കു ബഹു ചേര്‍ച്ചയായും യോജ്യതയായും എന്റെ കണ്ണില്‍പ്പെട്ടിട്ടുണ്ട്. കണ്മിഴികളും മേല്‍പ്പറഞ്ഞ വര്‍ണ്ണത്തില്‍ ഉള്ളത് ചില യൂറോപ്യന്‍ സ്ത്രീ പുരുഷന്മാരില്‍ എനിക്കു ബഹു ഭംഗിയും ജീവനും ഉള്ളതുകളായി തോന്നപ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞവിധം തലമുടിയും കണ്മിഴികളും ഉള്ള ചില യൂറോപ്യന്‍ സ്ത്രീകളെ എന്റെ മനസ്സിന് അതി സുന്ദരികളാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

പലേ അവയവങ്ങളുടെ യോജ്യതകളില്‍ നിന്നും വര്‍ണ്ണങ്ങളില്‍ നിന്നും ആകാരങ്ങളില്‍ നിന്നും മനസ്സിന് ഓരോ പ്രത്യേക ദേഹങ്ങള്‍ കാണുമ്പോള്‍ സൌന്ദര്യം ഉണ്ടെന്നും ഇല്ലെന്നും തോന്നാം. അതുകൊണ്ട് സാധാരണയായി ഒരു സ്ത്രീക്ക് സൌന്ദര്യം, ഇന്നിന്ന പ്രകാരത്തില്‍ അവയവങ്ങളും വര്‍ണ്ണവും ആയാല്‍ ഉണ്ടാവുമെന്ന് മനസ്സുകൊണ്ട് മുന്‍കൂട്ടി ഗണിച്ചുവെപ്പാന്‍ പാടില്ലാത്ത ഒരു സാധനമാണെന്ന് ഞാന്‍ വിചാരിക്കുന്നു.

ചില സ്ത്രീകളെ ആപാദചൂഢം നോക്കിയാല്‍ ഒരവയവത്തിന്നും പ്രത്യേക ദോഷാരോപണം ചെയ്‌വാന്‍ പാടുണ്ടാകയില്ലെങ്കിലും ആകപ്പാടെ നോക്കിയാല്‍ മനസ്സിന്നു അശേഷം കൌതുകം തോന്നാതെ വരാം. ചില സ്ത്രീകള്‍ക്ക് അവയവങ്ങള്‍ പ്രത്യേകമായി സൂക്ഷിച്ചു നോക്കിയാല്‍ ധാരാളം ദോഷം പറവാനുണ്ടായിരുന്നാലും ആകപ്പാടെ അവരെ കണ്ടാല്‍ കൌതുകം തോന്നും.

എന്നാല്‍ ഒരു സ്ത്രീക്ക് സൌന്ദര്യം ഉണ്ട്, ഒരു സ്ത്രീ സുന്ദരി എന്നു ഞാന്‍ പറയണമെങ്കില്‍ അവളുടെ അവയവങ്ങള്‍ പ്രഥമ ദൃഷ്ടത്തിലും പിന്നെ സാവധാനത്തില്‍ സൂക്ഷിച്ചു ആലോചിച്ചു നോക്കിയാലും ഒരു പോലെ അതികോമളമായി മനോഹരങ്ങളായിരിക്കണം. പിന്നെ ആകപ്പാടെ സര്‍വ്വാവയവങ്ങളും ഒന്നായി ചേര്‍ത്തു നോക്കിയാല്‍ അതിയായുള്ള ഒരു ശോഭ തോന്നണം. കാണുന്ന ക്ഷണത്തില്‍ മനസ്സിനെ എങ്ങനെ മോഹിപ്പിക്കുന്നുവോ അതുപോലെ തന്നെ എല്ലായ്പ്പോഴും, എത്ര നേരമെങ്കിലും നോക്കിയാലും മനസ്സിന്നു കണ്ടതു പോരെന്നുള്ള മോഹം ഉണ്ടാക്കിച്ചു കൊണ്ടേയിരിക്കണം. അങ്ങിനെയുള്ള സ്ത്രീയെ ഞാന്‍ സുന്ദരി എന്നു പറയും. ഇന്ദുലേഖാ അങ്ങനെയുള്ള സ്ത്രീകളില്‍ അഗ്രഗണ്യയായിരുന്നു.

ഇന്ദുലേഖയുടെ ദേഹത്തിന്റെ വര്‍ണ്ണത്തെക്കുറിച്ച് ഞാന്‍ ഒന്നുമാത്രം പറയാം. അരയില്‍ നേമം ഉടുക്കുന്ന കസവ് തുണിയുടെ വക്കിനുള്ള പൊന്‍കസവ് കര മദ്ധ്യപ്രദേശത്ത് പട്ടയുടെ മാതിരി ആവരണമായി നില്‍ക്കുന്നതു കസവാണെന്ന് തിരിച്ചറിയണമെങ്കില്‍ കൈകൊണ്ട് തൊട്ടു നോക്കണം; ശരീരത്തിന്റെ വര്‍ണ്ണം പൊന്‍കസവിന്റെ സവര്‍ണ്ണമാകയാല്‍ കസവ് എവിടെ അവസാനിച്ചു, ശരീരംഎവിടെ തുടങ്ങി, എന്നു കാഴ്ചയില്‍ പറവാന്‍ ഒരുവനും കേവലം സാധിക്കയില്ല. കചങ്ങളുടെ നീലിമയും ദൈര്‍ഘ്യവും നിബിഡതയും മാര്‍ദ്ദവവും അതിമനോഹരമെന്നേ പറവാനുള്ളൂ. അധരങ്ങള്‍ ആ വര്‍ണ്ണ­ത്തില്‍ പക്ഷേ, യൂറോപ്യന്‍ സ്ത്രീകളില്‍ അല്ലാതെ കാണാന്‍ കഴിയുമോ എന്ന് സംശയം. നേത്രങ്ങളുടെ ദൈര്‍ഘ്യവും ത്രിവര്‍ണ്ണത്വവും അതുകളുടെ ഒരു ജീവനും അതുകളെക്കൊണ്ട് ചിലപ്പോള്‍ ചെയ്യുന്ന ഓരോ കടാക്ഷങ്ങളില്‍ നിന്ന് യുവാക്കളുടെ നെഞ്ചില്‍ വീഴുന്ന വഹ്നിയുടെ തൈക്ഷ്ണ്യവും കണ്ട് അനുഭവിച്ചവര്‍ക്ക് തന്നേ അറിവാന്‍ പാടുള്ളൂ. ഈ കാലം സ്തനങ്ങള്‍ കഠിനഭാരങ്ങളാവാന്‍ സമീപിച്ചിരിക്കുന്നു എന്നു തന്നെ പറയാം. വൃത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന ആ തങ്കക്കുടങ്ങളെ ഏതു യുവാവ് കണ്ട് സഹിക്കും? ഈ അതിമനോഹരിയായ ഇന്ദുലേഖയുടെ സൌന്ദര്യത്തെ വര്‍ണ്ണിപ്പാന്‍ ആരാല്‍ സാധിക്കും?

ഇന്ദുലേഖയുടെ സുവര്‍ണ്ണ സദൃശമായ വര്‍ണ്ണവും കുരുവിന്ദ സമങ്ങളായ രദനങ്ങളും വിദ്രുമം പോലെ ചുവന്ന അധരങ്ങളും കരുങ്കുവലയങ്ങള്‍ക്ക് ദാസ്യം കൊടുത്ത് നേത്രങ്ങളും ചെന്താമരപ്പൂവ് പോലെ ശോഭയുള്ള ആ മുഖവും നീല കുന്ദളങ്ങളും സ്തനഭാരവും അതികൃശമായ മദ്ധ്യവും മറ്റും ആകെപ്പാടെ കാണുമ്പോള്‍ പുരുഷന്മാരുടെ മനസ്സിന് ഉണ്ടായ ആനന്ദവും സന്തോഷവും പരിതാപവും ഭ്രാന്തിയും ആസക്തിയും വ്യഥയും ഇന്നപ്രകാരമാണെന്ന് പറഞ്ഞറിയിപ്പാന്‍ എന്നാല്‍ അസാദ്ധ്യമാണെന്ന് ഞാന്‍ തീര്‍ച്ചയായി ഇവിടെ സമ്മതിക്കുന്നു.

ഈ രൂപഗുണത്തിന്നു യോഗ്യമായി പഠിപ്പും സൌശീല്യാദിഗുണങ്ങളും ഇവള്‍ക്കുണ്ടായി­രുന്നു. ഇന്ദുലേഖ കിളിമാനൂര്‍ ഒരു രാജാവവര്‍കളുടെ മകളായിരുന്നു. ഇന്ദുലേഖയ്ക്ക് രണ്ടര വയസ്സ് പ്രായമായപ്പോള്‍ രാജാവ് സ്വര്‍ഗ്ഗാരോഹണമായി. ഏകദേശം മൂന്ന് വയസ്സ് പ്രായമായപ്പോള്‍ തന്റെ വല്യച്ഛന്‍ പഞ്ചുമേനവന്റെ ജേഷ്ഠ പുത്രനും തന്റെ അമ്മാമനും ഇംഗ്ലീഷ്, സംസ്കൃതം , സംഗീതം മുതലായ വിദ്യകളില്‍ അതി നിപുണനും ഒരു ദിവാന്‍ പേഷ്കാരുദ്യോഗത്തില്‍ എണ്ണൂറു റുപ്പിക ശംബളമായിരുന്ന ആളും ആയ കൊച്ചു കൃഷ്ണമേനോന്‍, തന്റെ കൂടെ താന്‍ ഉദ്യോഗം ചെയ്തിരുന്ന ദിക്കില്‍ കൊണ്ടുപോയി പതിനാറു വയസ്സുവരെ വിദ്യഭ്യാസങ്ങള്‍ ചെയ്യിപ്പിച്ചു. ഇംക്ലീഷു്നല്ലവണ്ണം പഠിപ്പിച്ചു. സംസ്കൃതത്തില്‍ നാടകാലങ്കാരങ്ങള്‍ വരെ പഠിപ്പിച്ചു. സംഗീതത്തില്‍ പല്ലവി രാഗവിസ്താരം വരെ പാടാനും പിയാനോ, ഫിഡില്‍, വീണ ഇതുകള്‍ വിശേഷമായി വായിപ്പാനും ആക്കി വച്ചു. പിന്നെ ചില്ലറയായി സ്ത്രീകളെ യൂറോപ്പില്‍ അഭ്യസിപ്പിക്കുന്ന തുന്നല്‍, ചിത്രം മുതലായതുകളിലും തന്റെ അതിമനോഹരിയായ മരുമകള്‍ക്ക് പരിചയം വരുത്തി. ബിലാത്തിയില്‍ ഒരു ഇംക്ലീഷു്സ്ത്രീയെ അഭ്യസിപ്പിക്കുന്നതുവിധമുള്ള പഠിപ്പും അറിവുകളും സമ്പ്രദായങ്ങളും ഇന്ദുലേഖയ്ക്ക് ഉണ്ടാക്കിവെക്കേണമെന്നുള്ള ആഗ്രഹം മഹാനും അതിബുദ്ധിശാലിയും ആയിരുന്ന ആ കൊച്ചു കൃഷ്ണമേനോന് ഇന്ദുലേഖയുടെ പതിനാറാം വയസ്സിനകത്തു സാധിപ്പാന്‍ കഴിയുന്നിടത്തോളം സാധിച്ചു എന്നു തന്നെ പറയാം. എന്നാല്‍ ഭാഗ്യം കേവലം ഒരെടത്തും സമ്പൂര്‍ത്തിയായി എന്നു പറവാന്‍ മനുഷ്യന് സാധിക്കില്ലല്ലോ. ഇന്ദുലേഖയുടെ പതിനാറാമത്തെ വയസ്സ് അവസാനിച്ചതോടു കൂടി കൊച്ചു കൃഷ്ണമേനോന്റെ കാലവും അവസാനിച്ചു. പിന്നെ വലിയച്ഛന്റെ കൂടെ അമ്മയുടെയൊന്നിച്ച് വലിയച്ചന്റെ പൂവരങ്ങില്‍ എന്ന ഭവനത്തില്‍ ആണ് താമസം ആയത്.

ഇന്ദുലേഖയുടെ സ്വാഭാവികമായ ഗുണങ്ങളാലും തന്റെ പൌത്രിയായതിനാലും തന്റെ പ്രാണപ്രിയനായ മകന് ഇന്ദുലേഖയില്‍ ഉണ്ടായ സ്നേഹശക്തി ഓര്‍ത്തും ഇന്ദുലേഖയുടെ വലിയച്ഛന് ഇന്ദുലേഖയില്‍ ഉള്ള സ്നേഹം ഇന്ന പ്രകാരമായിരുന്ന എന്നും ഇത്ര ഉണ്ടായിരുന്നു എന്നും എനിക്ക് വായനക്കാരെ പറഞ്ഞ് മനസ്സിലാക്കുവാന്‍ പ്രയാസമാണ്. ഇന്ദുലേഖയ്ക്ക് താമസിപ്പാന്‍ പ്രത്യേകമായ ഒരു മാളിക ബങ്കളാവാണ് ശട്ടം ചെയ്തിരിക്കുന്നത്. ആ ബങ്കളാവിലെ എല്ലാ മുറികളിലും ഇംക്ലീഷു്മാതിരി സാമാനങ്ങളും മറ്റൂം ഭംഗിയായി ശേഖരിച്ചു വച്ച് ഇന്ദുലേഖയുടെ അഭീഷ്ടപ്രകാരം ശട്ടം ചെയ്തു വന്നു. കൊച്ചു കൃഷ്ണമേനോന്റെ അകാല മരണത്താല്‍ ഇന്ദുലേഖയ്ക്ക് ഒരു വിധത്തിലും ഒന്നിനും ഒരു ബുദ്ധിമുട്ടും വന്നു കൂടാ എന്ന് ഇന്ദുലേഖയുടെ വലിയച്ഛന്‍ ഉറപ്പായി നിശ്ചയിച്ചിരുന്നു.

ഇന്ദുലേഖയുടെ ദിനചര്യകളും സമ്പ്രദായങ്ങളും സ്വഭാവവും അവളുടെ പഠിപ്പു നിമിത്തവും തന്റെ അമ്മാമന്‍ മഹാനായ കൊച്ചു കൃഷ്ണ മേനോന്റെ ബുദ്ധിശക്തിക്കനുസരിച്ച് തനിക്കു കിട്ടിയ അറിവുകള്‍ നിമിത്തവും അതിരമണീയമായിരുന്നു എന്നേ പറവാനുള്ളൂ. ഇംക്ലീഷു്പഠിച്ചതിനാല്‍ താന്‍ ഒരു മലയാളി സ്ത്രീയാണെന്നുള്ള നില ലേശം വിട്ടിട്ടില്ല. ഹിന്ദുമതദ്വേഷമാകട്ടെ, നീരീശ്വരമതമാകട്ടെ, നിര്‍ഭാഗ്യവശാല്‍ ചിലപ്പോള്‍ ചില പഠിപ്പുള്ള ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്നതുപോലെ സര്‍വ്വരിലും ഉള്ള ഒരു പുച്ഛരസമാകട്ടെ ഇന്ദുലേഖയെ കേവലം ബാധിച്ചിട്ടേയില്ല. കുളികുറി, ഉടുപുടവ, സംസാരം — തന്റെ അമ്മ, മുത്തശ്ശി, വലിയച്ഛന്‍, അമ്മാമന്‍ ഇവരിലുള്ള ഭക്തി, വിശ്വാസം — നാട്ടുകാര്‍ സമീപവാസികളായി ഇംക്ലീഷു്പഠിക്കാതുള്ള തന്റെ സഖികളില്‍ ഉള്ള ചേര്‍ച്ച, രാസക്യം — വിശേഷിച്ച് പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും പ്രത്യക്ഷമായി കാണപ്പെടാവുന്ന താഴ്മയും ഗര്‍വ്വില്ലായ്മയും ഇതുകളെ എല്ലാം കണ്ട് ഇന്ദുലേഖയെ പരിചയമുള്ളവര്‍ എല്ലായ്പ്പോഴും അത്ഭുതപ്പെട്ടിരുന്നു. ഇങ്ങനെയാണ് കുട്ടികളെ അഭ്യസിപ്പിച്ച് വളര്‍ത്തേണ്ടത് എന്ന് ബുദ്ധിയുള്ള ഏവനും പറയും. ഇന്ദുലേഖാ ആ മഹാനായ കൊച്ചു കൃഷ്ണമേനോന്റെ കീര്‍ത്തിലതയായിട്ടു തന്നെ തീര്‍ന്നു.

ഇന്ദുലേഖയുടെ നേമത്തെ ആഭരണങ്ങള്‍ വളരെ ചുരുങ്ങിയമാതിരിയാണ്. ആഭരണങ്ങള്‍ അമ്മാമന്‍ കൊച്ചു കൃഷ്ണമേനോന്‍ കൊടുത്തതും, അമ്മയുടെ വകയായി തന്റെ അച്ഛന്‍ കൊടുത്തത് തനിക്ക് കിട്ടിയതും വലിയച്ഛന്‍ കൊടുത്തതും കൂടി അനവധിയുണ്ട്. എന്നാല്‍ ഇന്ദുലേഖ ഈ ആഭരണങ്ങളില്‍ അത്ര പ്രിയം ഉള്ള ഒരു കുട്ടി അല്ലായിരുന്നു. വിശേഷ ദിവസങ്ങളില്‍ വല്ല ആഭരണവും വിശേഷവിധിയായി കെട്ടണമെങ്കില്‍ അമ്മയുടെയോ മുത്തച്ഛിയുടെയോ വലിയച്ഛന്റെയോ കഠിന നിര്‍ബന്ധം വേണം. കാതില്‍ കൊത്തുള്ള തോടകളും കഴുത്തിന്റെ മദ്ധ്യത്തില്‍ ഉരുണ്ട ഒരു സ്വര്‍ണ്ണ നൂലിന്മേല്‍ ചെറിയ ഒരു പതക്കവും, അതിന്നു ചുവടെ ഒരു പരന്ന സ്വര്‍ണ്ണ നൂലിന്മേല്‍ നല്ലവിലയുള്ള വൈരവും പച്ച രത്നവും ചുകപ്പു രത്നവും കൊണ്ട് വേല ചെയ്ത ഒരു പതക്കവും, കൈകളില്‍ തഞ്ചാവൂരില്‍ കിഴക്കന്‍ സമ്പ്രദായത്തില്‍ വേല ചെയ്ത ഓരോ പൂട്ടുവളയും കൈവിരലുകളില്‍ സ്വല്പം മോതിരങ്ങളും മാത്രമാണ് നേമം പെരുമാറുന്ന ആഭരണങ്ങള്‍. എന്നാല്‍ ആഭരണങ്ങളില്‍ അത്രയധികം പ്രീതി ഇല്ലെങ്കിലും ഇന്ദുലേഖയ്ക്ക് വസ്ത്രങ്ങളെ വളരെ താല്പര്യമാണ്. വിശേഷമായ എഴയും കസവും ഉള്ള ഒന്നരയും മേല്‍മുണ്ടും ദിവസവും നിത്യവെള്ളയായി കുളിമ്പോഴും, വൈകുന്നേരം മേല്‍ കഴുകുമ്പോഴും തെയ്യാര്‍വേണം. കുചപ്രദേശങ്ങള്‍ എല്ലായ്പ്പോഴും ധവളമായ ഒരു കസവ് മേല്‍മുണ്ട് കൊണ്ട് മറച്ചിട്ടേ കാണാറുള്ളൂ. ഇങ്ങനെയാണ് നിയമമായ ഉടുപ്പ്.

‘ഇന്ദുലേഖാ’ എന്ന പേര് ഈ കഥയിലുള്ള മറ്റു സ്ത്രീകളുടെ പേരുമായി നോക്കുമ്പോള്‍ പക്ഷേ, കുറേ അയോഗ്യമായിരിക്കുന്നു എന്ന് എന്റെ വായനക്കാര്‍ വിചാരിക്കുമായിരിക്കാം. പേര് ഇങ്ങനെ വിളിച്ചു വന്നത് കൊച്ചു കൃഷ്ണമേനോനാണ്. കുട്ടിക്ക് ജാതകത്തില്‍ വച്ച പേര്‍ മാധവി എന്നായിരുന്നു. എന്നാല്‍ കുട്ടിയുടെ അതിലളിതമായ സ്വരൂപത്തിന്റെ അവസ്ഥയ്ക്ക് ഇന്ദുലേഖ എന്ന പേര്‍ വിളിക്കണമെന്ന് കൊച്ചു കൃഷ്ണമേനോന്‍ നിശ്ചയിച്ച് അങ്ങനെ വിളിച്ചു വന്നതാണ്. എന്നാല്‍ ഇവളെ നമ്മുടെ ഈ കഥ തുടങ്ങുന്ന കാലം മാധവി എന്ന് ഒരാള്‍ മാത്രം വിളിച്ചു വന്നു. അതു മാധവനായിരുന്നു. ഇത്ര സുന്ദരനും രസികനും വിദ്വാനും സമര്‍ത്ഥനും തന്റെ വല്യച്ഛന്റെ മരുമകനും ആയ മാധവനും ഇന്ദുലേഖയുമായി അന്യോന്യം സ്നേഹിപ്പാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഈ കഥ തുടങ്ങുന്ന കാലത്ത് ഇവര്‍ അന്യോന്യം അന്തഃകരണ വിവാഹം കഴിച്ചു വച്ചിരിക്കുന്നു എന്നു തന്നെപറയാം.

പ്രകൃതം നിസ്സര്‍ഗ്ഗമധുരമാണെങ്കിലും ഇന്ദുലേഖയുടെ ഹിതത്തിനോ ഇഷ്ടത്തിനോ വിരോധമായി പറവാന്‍ ആ വീട്ടില്‍ ആര്‍ക്കും ശക്തി ഉണ്ടായിരുന്നില്ല. ഇവളുടെ തന്‍റേടവും നിലയും ആ വിധമായിരുന്നു. എന്നാല്‍ ഇന്ദുലേഖയുടെ പ്രവൃത്തിയിലോ ഇരിപ്പിലോ ആര്‍ക്കും ഒരു ദോഷവും പറയാന്‍ ഉണ്ടായിരുന്നില്ല.

ഈ കഥ തുടങ്ങുന്ന കാലത്ത് ഇന്ദുലേഖയും മാധവനും അന്യോന്യം അന്തഃകരണ വിവാഹം ചെയ്തു വച്ചിരിക്കുന്നു എന്ന് സമിഷ്ഠമായി പറഞ്ഞാല്‍ മതിയാകുമോ എന്നു ഞാന്‍ സംശയിക്കുന്നു. ഇവര്‍ക്ക് അന്യോന്യം അനുരാഗം ഉണ്ടാവാതിരിപ്പാന്‍ പാടില്ലെന്ന് എന്റെ വായനക്കാര്‍ ഊഹിക്കും. എന്നാല്‍ ഈ സംഗതിയെ ഊഹിച്ചു നിശ്ചയിപ്പാന്‍ വിടുന്നതിനേക്കാള്‍ ചുരുക്കത്തില്‍ സ്പഷ്ടമായി ഇവിടെ പറയുന്നതാണ് നല്ലത് എന്നു ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് അല്പം പൂര്‍വ്വകഥാ പ്രസംഗം ചെയ്യുന്നു.

മഹാനായ കൊച്ചുകൃഷ്ണമേനോന്‍ ഇന്ദുലേഖയ്ക്ക് വിദ്യാഭ്യാസം മുഴുവനും കഴിച്ച ശേഷം ഇന്ദുലേഖയ്ക്ക് അനുരൂപനായ പുരുഷനെ യോഗ്യരില്‍ നിന്ന് അവള്‍ തന്നെ തിരഞ്ഞെടുക്കേണ്ടതാണെന്നുള്ള അഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ഈ ഘനപുരുഷന്‍ ഇതിനെക്കുറിച്ച് അധികമായി ആരോടും ഒന്നും സംസാരിച്ചിട്ടില്ല. പെണ്ണിന് പത്തുപതിനൊന്ന് വയസ്സായതുമുതല്‍ പലേ യോഗ്യരായ ആളുകള്‍ എല്ലാം ഇക്കാര്യത്തില്‍ കൊച്ചു കൃഷ്ണമേനോന്‍ പേഷ്കാരുടെ മനസ്സറിയാന്‍ ഉത്സാഹിച്ചിട്ടും സാധിച്ചിട്ടില്ല.

താന്‍ മരിക്കുന്നതിന് അല്പദിവസങ്ങള്‍ക്ക് മുമ്പ് കല്പനയിന്‍ മേല്‍ ഇന്ദുലേഖയോടു കൂടി അച്ചനെ കാണാന്‍ വന്നിരുന്ന സമയം ഒരു ദിവസം അച്ഛന്‍ പഞ്ചുമേനോന്‍ തന്നോട്, “ഇന്ദുലേഖക്ക് വയസ്സ് 15-ല്‍ അധികമായല്ലോ, നല്ല ഒരു ബന്ധം തുടങ്ങിപ്പിക്കണ്ടേ?” എന്നു ചോദിച്ചതിന് ഉത്തരമായി “ഇന്ദുലേഖയുടെ വിദ്യാഭ്യാസങ്ങള്‍ മുഴുവനും ആയിട്ടില്ലെന്നും അതു കഴിഞ്ഞ ശേഷമേ ആ ആലോചന തന്നെ ചെയ്‌വാന്‍ ആവശ്യമുള്ളൂവെന്നും വിദ്യാഭ്യാസം ചെയ്ത് ഇന്ദുലേഖയെ യോഗ്യതയുള്ളവളാക്കി തീര്‍ക്കേണ്ടുന്ന ഭാരമാണ് തനിക്കുള്ളതെന്നും ആ യോഗ്യത അവള്‍ക്കെത്തിയാല്‍ ഇന്ദുലേഖ തന്നെ പിന്നെ അവള്‍ക്ക് വേണ്ടതെല്ലാം യഥോചിതം പ്രവര്‍ത്തിച്ചുകൊള്ളൂ” മെന്നും കൊച്ചു കൃഷ്ണമേനോന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. വൃദ്ധനായ പഞ്ചുമേനോന് ഈ ഉത്തരം നല്ലവണ്ണം മനസ്സിലായിട്ടും അത്ര രസിച്ചിട്ടും ഉണ്ടായിരുന്നില്ലെങ്കിലും മകനോട് താന്‍ പിന്നെ ഇതിനെക്കുറിച്ച് ഒന്നു ചോദിച്ചിട്ടേയില്ല.

ഇന്ദുലേഖ കൊച്ചുകൃഷ്ണമേനോന്റെ കൂടെ താമസിക്കുന്ന കാലവും മാധവനെ കൂടെകൂടെ കാണാറുണ്ട്. കൊച്ചുകൃഷ്ണമേനോന് മാധവനെ വളരെ ഇഷ്ടമായിരുന്നു. മാധവന്‍ അതി ബുദ്ധിമാനായ കുട്ടിയാണെന്ന് പലപ്പോഴും പലരോടും അദ്ദേഹം സംഗതിവശാല്‍ പറയുന്നത് ഇന്ദുലേഖ തന്നെ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ അധികമൊന്നും മാധവനെക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ മാധവന്‍ ഇന്ദുലേഖയ്ക്ക് യോഗ്യനാണെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടായിരുന്നുവോ ഇല്ലയോ എന്ന് ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല.

കൊച്ചുകൃഷ്ണമേനോന്റെ മരണശേഷം പൂവരങ്ങില്‍ താമസം തുടങ്ങിയ മുതല്‍ ഇന്ദുലേഖയും മാധവനും തമ്മില്‍ വളരെ സ്നേഹമായിത്തീര്‍ന്നു. മദിരാശിയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന സമയങ്ങളില്‍ എല്ലായ്പ്പോഴും രണ്ടു പേരും തമ്മില്‍ സംസാരിച്ചും കളിച്ചും ചിരിച്ചും സമയം കഴിച്ചു. ഇങ്ങനെ കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ഇന്ദുലേഖയ്ക്കും മാധവനും പരസ്പരം കുറേശ്ശെ അനുരാഗം തുടങ്ങി. എന്നാല്‍ ഇത് അന്യോന്യം ലേശം പോലും അറിയിച്ചിട്ടില്ലാ. ഇന്ദുലേഖ അക്കാലം കേവലം അറിയിക്കാഞ്ഞതും മാധവന്റെ പഠിപ്പിന് വല്ല വിഘ്നവും അതിനാല്‍ വരരുത് എന്നു വിചാരിച്ചിട്ടാണ്. മാധവന്‍ അറിയിക്കാഞ്ഞത് കുറേ ലജ്ജിച്ചിട്ടും. പിന്നെ തനിക്ക് ഈ കാര്യം സാദ്ധ്യമാവാന്‍ പ്രയാസമുള്ളതായിരിക്കാമെന്ന് ശങ്കിച്ചിട്ടും ആകുന്നു. അങ്ങങ്ങനെ തോന്നാന്‍ മാധവന് നല്ല കാരണമുണ്ടായിരുന്നു. ഇന്ദുലേഖ മലയാളത്തില്‍ എങ്ങും പ്രസിദ്ധപ്പെട്ട ഒരു സ്ത്രീ രത്നമായിരുന്നു. മഹാരാജാക്കന്മാര്‍ മുതലായി പലരും ഈ കുട്ടിയെ കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് കൂടെക്കൂടെ പഞ്ചുമേനോന് കിട്ടുന്ന കത്തുകളാലും പൂവരങ്ങിലും മറ്റും വച്ച് ഇതിനെപ്പറ്റി ആളുകള്‍ തമ്മില്‍ ഉണ്ടാവുന്ന പ്രസംഗങ്ങളാലും മാധവന് നല്ലവണ്ണം അറിവുണ്ട്. ഇങ്ങനെ ഇരിക്കെ അന്ന് ഒരു സ്കൂള്‍ കുട്ടിയായ താന്‍ ഇതിന്നു മോഹിക്കുന്നതു വെറുതെ എന്നു മാധവന് ചിലപ്പോള്‍ തോന്നിയിട്ടുണ്ടായിരുന്നു. ആദ്യം ഉണ്ടായ വിചാരം ഇങ്ങനെ ആണെങ്കിലും ക്രമേണ ഇന്ദുലേഖയില്‍ മാധവന് അനുരാഗം വര്‍ദ്ധിച്ചു തന്നെ വന്നു. മദിരാശിയില്‍ നിന്ന് വീട്ടില്‍ വന്നു പാര്‍ക്കുന്ന കാലത്ത് പകല്‍ മുഴുവനും ഇന്ദുലേഖയുടെ കൂടെ തന്നെയാണ് മാധവന്‍ എന്നു പറയാം. വല്ല പുസ്തകങ്ങള്‍ വായിച്ചിട്ടും പാട്ട്, പിയാനോ, ചതുരംഗം മുതലായതു കൊണ്ട് വിനോദിച്ചും വൈകുന്നേരം പിരിയാറാകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരു ദിവസവും പകല്‍ സമയം മതിയായില്ലെന്ന് തോന്നാതിരുന്നിട്ടില്ല. ഇങ്ങനെ കുറെക്കാലം മദിരാശിയില്‍ നിന്ന് മാധവന്‍ വീട്ടില്‍ വന്ന് സമയങ്ങള്‍ മുഴുവനും അന്യോന്യം രസിച്ചും അഹങ്കരിച്ചും വിനോദിച്ചും കഴിഞ്ഞു.

ഇന്ദുലേഖയും മാധവനും തമ്മില്‍ ഉള്ള സംബന്ധ സ്ഥിതി കൊണ്ടും രൂപം കൊണ്ടും പഠിപ്പുകൊണ്ടും ഇവരു തമ്മില്‍ ഇങ്ങനെ സ്നേഹിച്ചു വന്നതില്‍ അല്പം ചില ആളുകള്‍ ഒഴികെ ശേഷം എല്ലാവര്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍ ഇന്ദുലേഖയെ മാധവന് ഭാര്യയായി കിട്ടുമോ എന്നു പിന്നെയും ഒരു ശങ്ക എല്ലാവര്‍ക്കും ഉണ്ടായി. മലയാളത്തിലെ സ്ഥിതി അറിയുന്ന ആള്‍ക്ക്, ഈ ശങ്ക ഉണ്ടാവാതിരിപ്പാന്‍ പാടില്ലല്ലോ. തിരുവനന്തപുരത്ത് പൊന്നു തമ്പുരാന്‍ കൂടി ഇന്ദുലേഖയെ അമ്മച്ചിയാക്കി കൊണ്ടു പോകുവാന്‍ ആലോചനയുണ്ടെന്നാണ് ആ കാലത്ത് പഞ്ചുമേനോന്റെ മുഖത്തില്‍ നിന്നും തന്നെ ചിലര്‍ കേട്ടിട്ടുള്ളത്. അപ്പോള്‍ മേല്‍പ്പറഞ്ഞ ശങ്ക ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ലല്ലോ.

അങ്ങനെയിരിക്കുമ്പോള്‍ നമ്മുടെ കഥ തുടങ്ങുന്നതിന് കുറെ മുമ്പു മാധവന്‍ ബി.എല്‍. പരീക്ഷയ്ക്ക് പോയി. പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിലേക്കു വന്നു. മുമ്പത്തെ പ്രകാരം ഇന്ദുലേഖയുമായി കളിച്ചും വിനോദിച്ചും ഇരുന്നുവെങ്കിലും ക്രമേണ മാധവന് ഇന്ദുലേഖയില്‍ അനുരാഗം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു കലശലായി തീര്‍ന്നു. “എന്തു പൊന്നുതമ്പുരാന്‍?” “ഏതു രാജാവു?” “എന്റെ ഇന്ദുലേഖാ എന്റെ ഭാര്യ തന്നെ” “അങ്ങിനെയല്ലെങ്കില്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കുകയില്ലാ” എന്നു മനസ്സില്‍ ഉറച്ചു തുടങ്ങി. ഈ കാലത്ത് ഇന്ദുലേഖയുടെ മനസ്സ് എന്താണെന്ന് അറിവാന്‍ മാധവന് അത്യാഗ്രഹം ഉണ്ടായിരുന്നു. ഇന്ദുലേഖയ്ക്ക് മാധവനോട് അങ്ങോട്ട്, ഇങ്ങട്ടുള്ളതിനേക്കാള്‍ പക്ഷേ, അധികം അനുരാഗം ഉണ്ടായിരുന്നുവെങ്കിലും ഇന്ദുലേഖ മാധവനോട് ഇതിനെക്കുറിച്ച് യാതൊരു പ്രകാരവും നടിച്ചില്ല. കളി, ചിറി, പാട്ട് മുതലായതു കൂടാതെ എല്ലായ്പ്പോഴും അതില്‍ അധികം ഒന്നും ഇന്ദുലേഖയുടെ പ്രകൃതങ്ങളില്‍ നിന്ന് മാധവന് അറിവാന്‍ കഴിഞ്ഞില്ല. മാധവന്‍ അല്‍പം പ്രസരിപ്പുള്ള കുട്ടിയാകയാല്‍ മാധവന്റെ മനസ്സിന്റെ ചേഷ്ഠകള്‍ ഇയ്യിടെ കുറേശ്ശേ പുറത്തു കാണാറായി തുടങ്ങി. അതിനൊന്നും ഇന്ദുലേഖ അശേഷം വിരോധവും വിമുഖതയും ഭാവിക്കയില്ല. എങ്കിലും തന്റെ അനുരാഗ ചേഷ്ഠകള്‍ എല്ലാം മാധവനില്‍ നിന്ന് കേവലം മറച്ചുവച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം മാധവനും ഇന്ദുലേഖയും കൂടി ചതുരംഗം കളിച്ചു കൊണ്ടിരിക്കെ മാധവന്‍ താന്‍ വെക്കേണ്ട കരു കയ്യില്‍ എടുത്ത് ഇന്ദുലേഖയുടെ മുഖത്തേക്ക് അസംഗതിയായി നോക്കിക്കൊണ്ട് കളിക്കാതെ നിന്നു.

ഇന്ദുലേഖ
എന്താണ് കളിക്കാത്തത്; കളിക്കരുതേ?
മാധവന്‍
കളിക്കാന്‍ എനിക്കിന്നത്ര രസം തോന്നുന്നില്ല.
ഇന്ദുലേഖ
ഇയ്യെടെ കളി കുറെ അമാന്തമായിരിക്കുന്നു. പക്ഷേ, പരീക്ഷയുടെ കാര്യം അറിയാത്ത സുഖക്കേടു കൊണ്ടായിരിക്കാം. അതിനെക്കുറിച്ച് ഇപ്പോള്‍ വിചാരിച്ചിട്ട് ഒരു സാദ്ധ്യവും ഇല്ലല്ലോ. മനസ്സിന് വെറുതെ സുഖക്കേട് ഉണ്ടാക്കരുത്.
മാധവന്‍
പരീക്ഷയുടെ കാര്യം ഞാന്‍ വിചാരിച്ചിട്ടേയില്ല. മനസ്സിന് സുഖക്കേട് വരുത്താനും വരാതിരിപ്പാനും കാരണങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും ആ കാരണങ്ങളെ പരിഹരിപ്പാന്‍ കഴിയാതിരിക്കുമ്പോഴും ഒരുവന് എങ്ങനെ മനസ്സിനെ സ്വാധീനമാക്കിവെപ്പാന്‍ കഴിയും?
ഇന്ദുലേഖ
മനസ്സിനെ സ്വാധീനമാക്കി വെക്കണം അതാണ് ഒരു പുരുഷന്റെ യോഗ്യത.
മാധവന്‍
സ്ത്രീയിന്റെ യോഗ്യതയോ?
ഇന്ദുലേഖ
ഒരു സ്ത്രീ ഇപ്പോള്‍ മനസ്സിന് സുഖക്കേടു തോന്നി കളിപ്പാന്‍ രസമില്ലെന്ന് പറഞ്ഞില്ല, മാധവനല്ലേ കളിപ്പാന്‍ ഇന്ന് അത്ര രസം തോന്നുന്നില്ലെന്ന് പറഞ്ഞത്?
മാധവന്‍
പക്ഷേ, ഇന്ദുലേഖ മനസ്സിനെ സ്വാധീനാമാക്കി വച്ചിട്ടുണ്ടായിരിക്കാം.
ഇന്ദുലേഖ
ഞാന്‍ അത് പരീക്ഷിച്ചിട്ടില്ല, സ്വാധീനമില്ലെന്ന് തോന്നുമ്പോള്‍ അല്ലേ ഈ പരീക്ഷ ചെയ്യേണ്ടത്? സ്വാധീനമില്ലെന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ തോന്നാന്‍ സംഗതി ഉണ്ടായിട്ടില്ല.
മാധവന്‍
മനസ്സിന്ന് ഇച്ഛിക്കുന്നത് സകലവും സാധിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസ്സു നിമിത്തം ഉപദ്രവം ഉണ്ടാവാന്‍ എടയില്ല. ഇന്ദുലേഖക്ക് അങ്ങനെ സകലതും സാധിച്ചു കൊണ്ടിരിക്കുന്നതിനാലായിരിക്കും മനസ്സിനെ പരീക്ഷിപ്പാന്‍ എടയാവാഞ്ഞത്.
ഇന്ദുലേഖ
എന്റെ മനസ്സ് സാധ്യമല്ലാത്തതില്‍ ആഗ്രഹിക്കാറില്ലാ. ഇത് എന്റെ മനസ്സിന് സ്വതസ്സിദ്ധമായ ഒരു ഗുണമാണെന്ന് അറിഞ്ഞു ഞാന്‍ സന്തോഷിക്കുന്നു. അതു കൊണ്ട് മാധവന്‍ പറഞ്ഞത് ശരിതന്നെ. എന്റെ മനസ്സ് വ്യാപരിക്കുന്നതില്‍ ഒന്നിലും എനിക്ക് വ്യസനിപ്പാന്‍ എട ഉണ്ടായിട്ടില്ല.
മാധവന്‍
അങ്ങനെ എല്ലായ്പ്പോഴും വരുമോ? അങ്ങനെ വന്നാല്‍ തന്നെ അത് മനസ്സിനെ സ്വാധീനമാക്കീട്ടല്ലേ?
ഇന്ദുലേഖ
അല്ലാ; മനസ്സിനെ സ്വാധീനമാക്കണമെങ്കില്‍ അതിന് വേറെ ചില സാധനങ്ങള്‍ ഉപയോഗിച്ചിട്ട് വേണം, ധൈര്യം, ക്ഷമ മുതലായ സാധനങ്ങളെ ഉപയോഗിച്ചിട്ട് വേണം മനസ്സിനെ സ്വാധീനമാക്കാന്‍. അങ്ങനെയുള്ള സാധനങ്ങളെ ഒന്നും ഉപയോഗിക്കാതെ തന്നെ എന്റെ മനസ്സ് സ്വസ്ഥതയില്‍ നില്ക്കുന്നുണ്ടല്ലോ. അതുകൊണ്ട് എന്റെ മനസ്സിന്റെ സ്വസ്ഥത അതിനു സഹജമായ ഒരു ഗുണമാണെന്ന് ഞാന്‍ വിചാരിക്കുന്നു.
മാധവന്‍
ഇന്ദുലേഖയ്ക്ക് ക്ഷണ സാദ്ധ്യമല്ലാത്ത യാതൊരു കാര്യത്തിലും ഇന്ദുലേഖയുടെ മനസ്സ് ഇതുവരെ വ്യാപരിച്ചിട്ടില്ലേ?
ഇന്ദുലേഖ
ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ക്ഷണസാദ്ധ്യമെന്ന് മാധവന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. സാദ്ധ്യാസാദ്ധ്യങ്ങളെക്കുറിച്ച് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്.
മാധവന്‍
ഞാന്‍ ദൃഷ്ടാന്തം പറയാം. ഇപ്പോള്‍ ഇന്ദുലേഖ അതിമനോഹരമായും അതിപരിമളത്തോടു കൂടിയും ഇരിക്കുന്ന ഒരു പുഷ്പത്തെ കാണുന്നു. അതിനെ കാണുമ്പോള്‍ ആ പുഷ്പത്തെ നിഷ്പ്രയാസേന കിട്ടാന്‍ തരമില്ലെന്ന് അറിവുണ്ടെങ്കിലും ഉടനെ അതിനെ തന്റെ കൈയ്യില്‍ എടുത്ത് അതിന്റെ പരിമളത്തെ അനുഭവിക്കണമെന്ന് ഒരു മനസ്സ് അല്ലെങ്കില്‍ ആഗ്രഹം ഇന്ദുലേഖയ്ക്ക് ഉണ്ടാവുന്നില്ലേ? അത് അപ്പോള്‍ തന്നെ സാദ്ധ്യമാണെങ്കിലേ ഉണ്ടാവുന്നുള്ളൂ? അതല്ലാ സാദ്ധ്യമോ, അസാദ്ധ്യമോ, ക്ഷണസാദ്ധ്യമോ വിളംബ സാദ്ധ്യമോ എന്നുള്ള ആലോചന കഴിഞ്ഞിട്ടു മാത്രമോ പുഷ്പത്തെപ്പറ്റി ആഗ്രഹം ഉണ്ടാവുന്നത്?
ഇന്ദുലേഖ
പുഷ്പം ഭംഗിയും പരിമളവും ഉള്ളതാണെന്ന് അതിന്റെ കാഴ്ചയില്‍ ബോദ്ധ്യം വന്നാല്‍ എന്റെ മനസ്സ് ആ പുഷ്പത്തെ ഉദ്ദേശിച്ച് ആഹ്ലാദപ്പെടുമായിരിക്കാം. അത് എടുപ്പാന്‍ യോഗ്യവും സാദ്ധ്യവും ആണെന്ന് കൂടി ബോദ്ധ്യമാവുന്നതിന് മുമ്പു അത് എടുത്ത് കൈയ്യില്‍ വെക്കണമെന്നുള്ള ആഗ്രഹം എനിക്ക് ഉണ്ടാവുകയില്ല. അതാണ് എന്റെ മനസ്സിന് ഒരു ഗുണം ഞാന്‍ കാണുന്നത്.
മാധവന്‍
ഇപ്പോള്‍ ഇന്ദുലേഖ പറഞ്ഞതും ഞാന്‍ മുമ്പു പറഞ്ഞതും ഒന്നു തന്നെ. “മനസ്സു ആഹ്ലാദപ്പെടും?” എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സൂക്ഷ്മത്തില്‍ മനസ്സില്‍ അതിനെപ്പറ്റി കൌതുകം ഉണ്ടാവുമെന്ന് മാത്രമല്ല. അങ്ങനെയുള്ള ആഹ്ലാദത്തില്‍ അതിനെ അനുഭവിക്കേണമെന്നുള്ള ആഗ്രഹവും അന്തര്‍ഭവിച്ചിരിക്കുന്നു. എന്നാല്‍ പിന്നെ ആ ആഗ്രഹം സാദ്ധ്യമോ, ദുസ്സാദ്ധ്യമോ എന്ന് ആലോചിച്ചിട്ടേ അതിന്റെ നിവൃത്തിക്ക് ഇന്ദുലേഖ ശ്രമിക്കുകയുള്ളൂ. അത്രമാത്രമാണ് ഇന്ദുലേഖ ഇപ്പോള്‍ പറഞ്ഞതിന്റെ താത്പര്യം എന്ന് എനിക്ക് തോന്നുന്നു. ഇതു ശരിയാണെങ്കില്‍ ഇന്ദുലേഖാ ആഗ്രഹത്തെ ജയിക്കുന്നതു ധൈര്യം കൊണ്ടും ക്ഷമ കൊണ്ടുമാണെന്ന് സ്പഷ്ടമാണ്.
ഇന്ദുലേഖ
അങ്ങിനെയല്ലാ ഞാന്‍ പറഞ്ഞത്, മാധവന് മനസ്സിലായില്ലാ. ഒന്നാമതു മാധവന്റെ പുഷ്പത്തിന്റെ ഉപമ തന്നെ നന്നായില്ല. ഇതിലും നന്നായിട്ടു ഞാന്‍ ഒരു ഉപമ പറഞ്ഞു മാധവനെ ബോദ്ധ്യപ്പെടുത്താം. ഞാന്‍ യൌവ്വന യുക്തയായ ഒരു സ്ത്രീയാണ്; ഞാന്‍ സുന്ദരനായ ഒരു യുവാവെ കാണുന്നു. ആ യുവാവ് എന്റെ ഭര്‍ത്താവായിരിപ്പാന്‍ യോഗ്യനോ എന്ന് എന്റെ മനസ്സിനു ബോദ്ധ്യപ്പെടുന്നതിന് മുന്പ് ആ പുരുഷനില്‍ എന്റെ മനസ്സ് പ്രവേശിക്കുകയില്ലാ. ഇവിടെ മനസ്സ് ഒന്നാമത് പ്രവേശിച്ചിട്ടു പിന്നെ ഞാന്‍ ധൈര്യം കൊണ്ട് മനസ്സിനെ നിവര്‍ത്തിക്കുന്നതല്ലാ. എന്റെ മനസ്സ് ഒന്നാമത് പ്രവേശിക്കുന്നതേയില്ല. അതു പ്രകാരം തന്നെ ധനത്തില്‍; ന്യായമായവിധം ആര്‍ജ്ജിക്കപ്പെടുന്ന ധനത്തില്‍ അല്ലാതെ എനിക്ക് ആഗ്രഹമേ ഉണ്ടാവുന്നില്ലാ. ഇതെല്ലാം മനസ്സിന് ചിലര്‍ക്ക് സഹജമായ ഗുണമായി ഉണ്ടാവും. ചിലര്‍ക്ക് അങ്ങിനെ അല്ലാ മനസ്സിന്റെ ധര്‍മ്മം-കിട്ടുന്നതിലും, കിട്ടാത്തതിലും വേണ്ടുന്നതിലും വേണ്ടാത്തതിലും ഒരുപോലെ മനസ്സു പ്രവേശിക്കും. പിന്നെ സാമര്‍ത്ഥ്യവും ധൈര്യവും ബുദ്ധിയും ഉള്ളവരായാല്‍ ആ മനസ്സിനെ നിവര്‍ത്തിപ്പിച്ച് പാട്ടില്‍ വെയ്ക്കും. അതുകൊണ്ട് മാധവന്‍ ഞാന്‍ ഒടുവില്‍ പറഞ്ഞമാതിരിക്കാരുടെ കൂട്ടത്തിലാണെങ്കില്‍ ബുദ്ധി സാമര്‍ത്ഥ്യമുള്ള ആളാകയാല്‍ ദുസ്സാദ്ധ്യമായതോ അസാദ്ധ്യമായതോ ആയ വല്ല കാര്യത്തിലും മനസ്സു ചാടീട്ടുണെങ്കില്‍ ആ മനസ്സിനെ മടക്കിയെടുക്കാന്‍ കഴിയുമല്ലോ. അങ്ങിനെ മടക്കിയെടുക്കുന്നതിനു ശക്തി ഉണ്ടായാല്‍ മനസ്സു സ്വാധീനമായി.
മാധവന്‍
ഞാന്‍ ഇന്ദുലേഖ പറഞ്ഞതില്‍ യോജിക്കുന്നില്ല. എങ്കിലും ഈ സംഗതിയെപ്പറ്റി ഞാന്‍ എനി തര്‍ക്കിക്കുന്നില്ല. എനിക്ക് മുന്നത്തെപ്പോലെ ഇന്ദുലേഖയുമായി തര്‍ക്കിച്ചു കൊണ്ടിരിക്കാന്‍ മനസ്സിന് സുഖമില്ല!
ഇന്ദുലേഖ
ഞാന്‍ വിചാരിച്ചു ചതുരംഗം കളിക്കാനേ രസമില്ലാതായിട്ടുള്ളൂ എന്ന്, ഇപ്പോള്‍ എന്നോട് സംസാരിക്കാനും രസമില്ലെന്ന് കേട്ടത് ആശ്ചര്യം!
മാധവന്‍
എന്തിനാണ് ഇങ്ങനെയെല്ലാം പറയുന്നത്? ഞാന്‍ മഹാ ഒരു നിര്‍ഭാഗ്യവാനാ­ണെന്നു തോന്നുന്നു — വൃഥാ മനഃഖേദം ഉണ്ടാവുന്നത് നിര്‍ഭാഗ്യമല്ലേ?
ഇന്ദുലേഖ
ആ ഖേദത്തെ പരിഹരിക്കാന്‍ ശക്തിയില്ലാതെ പോകുന്നതു നിര്‍ഭാഗ്യം.
മാധവന്‍
ആ ഖേദം എങ്ങിനെയാണ് പരിഹരിക്കേണ്ടതെന്ന് ഇന്ദുലേഖ പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരുന്നു.
ഇന്ദുലേഖ
“ഖേദം എന്താണെന്നറിഞ്ഞാല്‍ ഞാന്‍ പരിഹരിക്കാന്‍ നോക്കാം,” എന്നു പറഞ്ഞു ഒന്നു ചിറിച്ചു.
ഇന്ദുലേഖ
കളിക്കൂ. മാധവന്റെ കുതിരയെ ഞാന്‍ വെട്ടാന്‍ പോകുന്നു. കരു കൈയ്യില്‍ പിടിച്ചു ഖേദം പറഞ്ഞു മേല്‍പ്പോട്ടു നോക്കിയത് മതി, കളിക്കൂ. കുതിരയെ രക്ഷിക്കാന്‍ കഴിയുമോ, കാണട്ടെ മിടുക്ക്.
മാധവവന്‍
വരട്ടെ, ഞാന്‍ ഇപ്പോള്‍ കളിക്കുന്നില്ല. കളിച്ചാല്‍ ശരിയാവുകയില്ല. ഞാന്‍ കോച്ചിന്മേല്‍ കുറെ കിടക്കട്ടെ.

എന്ന് പറഞ്ഞ് കരു മേശമേല്‍ തന്നെ വെച്ചു മാധവന്‍ കോച്ചിന്മേല്‍ പോയി കിടന്നു. ഇന്ദുലേഖാ അവിടുന്നു ചിറിച്ചും കൊണ്ട് എഴുനീറ്റു ശാകുന്തളം നാടകം ബുക്ക് എടുത്ത് ഒരു കസാലമേല്‍ ഇരുന്നു വായിച്ചു തുടങ്ങി.

മാധവന്‍
എന്താണ് ആ പുസ്തകം?
ഇന്ദുലേഖ
ശാകുന്തളം
മാധവന്‍
എവിടെയാണ് വായിക്കുന്നത്?
ഇന്ദുലേഖ
എന്താണ് ഉറക്കെ വായിക്കണോ?
മാധവന്‍
വായിക്കൂ.
ഇന്ദുലേഖ
(ഒരു ശ്ലോകം വായിക്കുന്നു.)

“ക്ഷാമക്ഷാമകപോലമാനനമുരഖഃ കാഠിന്യമുക്തസ്തനാ{
മദ്ധ്യഃ ക്ലാന്തതരഃ പ്രകാമവിനതാ വംസൗ ഛവിഃ പാണ്ഡുരാ{
ശോച്യാ ച പ്രിയദര്‍ശനാ ച മദനക്ലിഷ്ടേയമാലക്ഷ്യതേ{
പത്രാണാമിവ ശോഷണേന മരുതാസ്പൃഷ്ടാ ലതാ മാധവീ”


മാധവന്‍
ശിവ, ശിവ, ഇങ്ങിനെ ഒന്നു കണ്ടിരുന്നാല്‍ എന്റെ വ്യസനം തീര്‍ന്നിരുന്നു.
ഇന്ദുലേഖ
ശകുന്തളയെ എങ്ങനെ എനി കാണാന്‍ കഴിയും? ശകുന്തളയെ മനസ്സില്‍ നന്നായിട്ടു വിചാരിച്ച് കണ്ണു മുറുക്കെ അടച്ചു കിടന്നോളു; എന്നാല്‍ ഒരു സമയം സ്വപ്നം എങ്കിലും കാണാമായിരിക്കും.
മാധവന്‍
ഇന്ദുലേഖ വളരെ സുന്ദരിയാണെങ്കിലും വിദുഷിയാണെങ്കിലും ഇന്ദുലേഖയുടെ മനസ്സ് വളരെ കഠിനമുള്ള മാതിരിയാണെന്നു ഞാന്‍ വിചാരിക്കുന്നു.
ഇന്ദുലേഖ
അതെ, എന്റെ മനസ്സു വളരെ കഠിനമാണ്. ആട്ടെ ശാകുന്തളത്തില്‍ ഇനി ഒരു ശ്ലോകം ചൊല്ലട്ടെ.
മാധവന്‍
എന്താണ്?
ഇന്ദുലേഖ
(മറ്റൊരു ശ്ലോകം വായിക്കുന്നു.)

അനാഘ്രാതം പുഷ്പം കിസലയമലൂനം കരരുഹൈ {
രനാവിദ്ധം രത്നം മധുനവമനാസ്വാദിതരസം{
അഖണ്ഡം പുണ്യാനാം ഫലമിവ ച തദ്രൂപമനഘം{
ന ജാനേ ഭോക്താരം കമിഹ സമുപസ്ഥാസ്യതി വിധി:

മാധവന്‍
അതു ഞാന്‍ ചൊല്ലേണ്ട ശ്ലോകമല്ലേ?
ഇന്ദുലേഖ
ശകുന്തളത്തിലുള്ളതാണ്; ആര്‍ക്കെങ്കിലും ചൊല്ലാം.
മാധവന്‍
മനുഷ്യന്റെ ബുദ്ധിയുടെ ഒരു അഹങ്കാരം വിചാരിക്കുമ്പോള്‍ എനിക്ക് ആശ്ചര്യം തോന്നുന്നു.
ഇന്ദുലേഖ
അത് എന്താണ്?
മാധവന്‍
തന്റെ സമസൃഷ്ടികളില്‍ കരുണ വേണ്ട ദിക്കില്‍ അതിനു പകരം പരിഹസിച്ചാല്‍ അത് അഹങ്കാരമല്ലേ? ദുഷ്ടതയായുള്ള അഹങ്കാരമല്ലെ?
ഇന്ദുലേഖ
പരിഹസിച്ചാല്‍ അങ്ങനെ തന്നെ.
മാധവന്‍
ഇന്ദുലേഖ പരിഹസിക്കുന്നില്ലേ?
ഇന്ദുലേഖ
ഇംക്ലീഷു്പുസ്തകങ്ങള്‍ വല്ലതും വായിക്കണോ? ഞാന്‍ ബുക്ക് എടുത്തു തരാം.
മാധവന്‍
എനിക്കൊന്നും വായിക്കണ്ട.
ഇന്ദുലേഖ
എന്നാല്‍ ഭര്‍ത്തൃഹരി വായിച്ചോളു.
മാധവന്‍
എനിക്കൊന്നും വായിക്കണ്ട. ദയവ് ചെയ്ത് എന്നെ പരിഹസിക്കാതിരുന്നാല്‍ മതി.
ഇന്ദുലേഖ
എന്നാല്‍ ഞാന്‍ കുറെ വീണ വായിക്കട്ടെ, മനസ്സിന്നു കുണ്ഠിതം ഉണ്ടെങ്കില്‍ അതു പോകും.
മാധവന്‍
എനിക്ക് വീണ വായന കേള്‍ക്കണ്ട.
ഇന്ദുലേഖ
എന്നാല്‍ ഉറങ്ങിക്കോളു; ശകുന്തളയേയും വിചാരിച്ചോളു; വേണമെങ്കില്‍ ആ നാടക ബുക്കും അടുക്കെ വെച്ചോളു. എന്നും പറഞ്ഞ് ഇന്ദുലേഖ ബുക്കും എടുത്ത് മാധവന്റെ അടുക്കല്‍ പോയി, “പുസ്തകം വേണ്ടേ?” എന്ന് ചോദിച്ചു.
മാധവന്‍
എന്തിനാണ് ഇങ്ങിനെ പരിഹസിക്കുന്നത്? ഇതില്‍ എന്താണ് അങ്ങൊരു സുഖം?
ഇന്ദുലേഖ
ഇതു പരിഹാസമോ? ഞാന്‍ അറിയില്ല. എന്നാല്‍ എന്തായാലും എനിക്ക് ഇങ്ങനെയെല്ലാം കാണിക്കുന്നതും പറയുന്നതും ബഹു സന്തോഷമാണ്. ഞാന്‍ ഇങ്ങനെയെല്ലാം പറഞ്ഞു കൊണ്ടിരിക്കും. അല്ലെങ്കില്‍ മാധവന്‍ കളിക്കൂ; കുതിരയെ തടുക്കൂ; എണീക്കൂ.
മാധവന്‍
എനിക്ക് കുതിരയും ആനയും ഒന്നും വേണ്ട.
ഇന്ദുലേഖ
ശകുന്തളയെ വിചാരിച്ചു കിടന്നാല്‍ മതി, അല്ലെ?
മാധവന്‍
അതെ, ശരി — അതു മതി.
ഇന്ദുലേഖ
എന്നാല്‍ അങ്ങിനെയാവട്ടെ, ഇയ്യടെ നായാട്ടിന്നു പോവാറില്ലെ? തോക്കുകളും വെടിയും ഘോഷവും എല്ലാം ഒന്നു നിലച്ചു കാണുന്നുവല്ലോ. ഇതിന് എന്ത് സംഗതി?
മാധവന്‍
എനിക്ക് ഒന്നിനും മനസ്സില്ലാ.
ഇന്ദുലേഖ
എന്താണ് ബുദ്ധിക്ക് വല്ല സ്ഥിരക്കേടും തുടങ്ങാന്‍ ഭാവമുണ്ടോ?
മാധവന്‍
ഒരു സമയം ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.
ഇന്ദുലേഖ
എന്നാല്‍ അതിന്നു വല്ല ഉപശാന്തിയും വരുത്തുവാന്‍ നോക്കണ്ടെ?
മാധവന്‍
നോക്കണം.
ഇന്ദുലേഖ
എന്നാല്‍ മാധവന്റെ അച്ഛനോട് ഉടനെ പറയണം. ഞാന്‍ പറഞ്ഞു കളയാം. എനിക്കു ചായ കുടിപ്പാന്‍ സമയമായി. മാധവനും ചായ കൊണ്ടു വരട്ടെ?
മാധവന്‍
എനിക്ക് ചായ വേണ്ടാ.
ഇന്ദുലേഖ
പലഹാരം വേണമോ?
മാധവന്‍
വേണ്ടാ.
ഇന്ദുലേഖ
എന്താണ് വയറ്റിന് സുഖക്കേടുണ്ടോ?
മാധവന്‍
സകല ദിക്കിലും സുഖക്കേടുതന്നെ.
ഇന്ദുലേഖ
എന്നാല്‍ ഇത് വല്ലാത്ത സുഖക്കേടു തന്നെ.
മാധവന്‍
വല്ലാത്ത രോഗം തന്നെയാണെന്ന് തോന്നുന്നു. ഒരു സമയം ഇതില്‍ നിന്ന് സുഖപ്പെട്ടു വരാന്‍ പ്രയാസം. എന്റെ മനസ്സിന്ന് ഒരിക്കലും സമാധാനം വരുമെന്നു തോന്നുന്നില്ല. ഇന്ദുലേഖാ ഈ കോച്ചിന്മേല്‍ കുറേ ഇരിക്കൂ — വിരോധം ഉണ്ടോ?
ഇന്ദുലേഖ
വളരെ വിരോധം ഉണ്ട്. മാധവന്‍ യൌവനയുക്തനായ ഒരു പുരുഷനായി. ഞാനും യൌവ്വനയുക്തയായ ഒരു സ്ത്രീയാണ്. പണ്ടു കുട്ടിയില്‍ കളിച്ചപോലെ ഇനി കളിക്കാമോ?
മാധവന്‍
കോച്ചിന്മേല്‍ ഒന്നായി ഇരിക്കുന്നതിന് എന്താണു വിരോധം?
ഇന്ദുലേഖ
ബഹുവിരോധം ഉണ്ട്. ഒരിക്കലും ഒന്നായി ഇരിപ്പാന്‍ നമ്മള്‍ക്ക് ഇപ്പോള്‍ പാടില്ല.
മാധവന്‍
എപ്പോഴെങ്കിലും പാടുള്ള ഒരു കാലം എനി ഉണ്ടാകുമോ എന്ന് അറിവാനും നിവൃത്തിയില്ല; അല്ലെ? എന്തു ചെയ്യാം!
ഇന്ദുലേഖ
അതെ, ഭാവിയായ കാര്യത്തെക്കുറിച്ച് തീര്‍ച്ച പറവാന്‍ ആര്‍ക്കും സാധിക്കുന്നതല്ലല്ലോ.
മാധവന്‍
(ദീര്‍ഘത്തില്‍ ഒന്ന് നിശ്വസിച്ചിട്ട്) ആര്‍ക്കും പറവാന്‍ കഴിയില്ലാ — ശരിതന്നെ.

ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴേക്ക് കുട്ടിപ്പട്ടര് ചായയും പലഹാരങ്ങളും കൊണ്ടു വന്നു. മാധവന്‍ എഴുന്നീറ്റുപോയി. ഒന്നും വിചാരിച്ചപോലെ അന്നു സംസാരിപ്പാന്‍ കഴിഞ്ഞില്ല.

മാധവന്‍ പിന്നെ ദിവസം കഴിച്ചു കൂട്ടിയത് പറവാന്‍ കൂടി എനിക്ക് സങ്കടം. ഇന്ദുലേഖ എന്തുതന്നെ പറഞ്ഞാലും ചിറിച്ചാലും കളിച്ചാലും മാധവന്‍ ഒരു മൌനവ്രതത്തിലായി. ചിലപ്പോള്‍ ഇന്ദുലേഖ, “എന്താണ് മനസ്സിന് ഒരു മൌഢ്യം?” എന്നു ചോദിക്കും. അതിന് മാധവന്‍ ഉത്തരം പ റവാന്‍ പുറപ്പെടുന്നതിനുമുമ്പ് മറ്റൊന്ന് ചോദിക്കും. ഒരു ദിവസം വൈകുന്നേരം ഇന്ദുലേഖ മേല്‍ കഴുകാന്‍ പോകുമ്പോള്‍ മാധവന്‍ ഇന്ദുലേഖയുടെ മാളികമേല്‍ ഉണ്ടായിരുന്നു. അവിടെ ഇരുന്ന് അരപ്പായ കടലാസ്സു നിറച്ച് തന്റെ മനോവ്യഥകളെ എല്ലാം എഴുതി ഇന്ദുലേഖയുടെ എഴുത്തു മേശമേല്‍ വെച്ചുപോയി. മാധവന്‍ പിറ്റേ ദിവസം രാവിലെ ഇന്ദുലേഖയുടെ മാളികമേല്‍ വന്ന്, “ഞാന്‍ ഇവിടെ ഒരു കടലാസ്സ് എഴുതി വച്ചിരുന്നുവല്ലൊ, അതു വായിച്ചുവോ?” എന്നു ചോദിച്ചു. അപ്പോള്‍ ഇന്ദുലേഖ, “എനിക്കു ഒന്നും നിശ്ചയമില്ല” എന്നു പറഞ്ഞു മാധവനോട് വേറെ ഒരു കാര്യം ചോദിച്ചു. മാധവന്‍ എന്തു തന്നെ സങ്കടം കാണിച്ചാലും അതുനിമിത്തം ഇന്ദുലേഖയ്ക്ക് യാതൊരു ഭാവഭേദവും ഉണ്ടായതായി കണ്ടില്ല. ഇന്ദുലേഖയ്ക്കുണ്ടായിരുന്ന അനുരാഗം കേവലം മറച്ചു വച്ചിരുന്നു.

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരുനാള്‍ നല്ല ചന്ദ്രികയുള്ള ഒരു രാത്രിയില്‍ മാധവന്‍ താനെ പൂവരങ്ങുമാളികയുടെ തെക്കേമിറ്റത്തു ചന്ദ്രനേയും നോക്കിക്കൊണ്ടു നടന്നു കൊണ്ടിരുന്നു. ഇന്ദുലേഖ മാളികയുടെ മുകളില്‍ നിന്ന് ജാലകത്തില്‍ കൂടി നോക്കിയപ്പോള്‍ മാധവനെക്കണ്ട്, “മാധവാ‌‌! മാധവാ!” എന്നു വിളിച്ചു.

മാധവന്‍
എന്താണ്?
ഇന്ദുലേഖ
ചന്ദ്രോപാലംഭമോ? ചന്ദ്രിക മുകളില്‍ ഈ അറയിലും ധാരാളം ഉണ്ട്. ഇങ്ങട്ടു കയറി വരുന്നതിന് വിരോധം ഉണ്ടോ?
മാധവന്‍
ഞാന്‍ കയറി വരുന്നില്ല. ഒരു കോച്ചിന്മേല്‍ ഒന്നായിരിക്കുന്നതു വിരോധമുള്ള കാര്യമാണെങ്കില്‍ രാത്രി ഒരറയില്‍ നോം രണ്ടാളും കൂടി ഇരിക്കുന്നതിന് വിരോധമില്ലേ?
ഇന്ദുലേഖ
അതെ — ശരിയാണ്; വിരോധമുള്ള കാര്യം തന്നെയാണ്. അതു ഞാന്‍ ഓര്‍ക്കാ­തെ പറഞ്ഞു പോയി. ഞാന്‍ എറങ്ങി മിറ്റത്ത് വരാം.
മാധവന്‍
എനിക്ക് വേണ്ടി വരണമെന്നില്ലാ.
ഇന്ദുലേഖ
എനിക്കുവേണ്ടിതന്നെ വരാം.
മാധവന്‍
അതിന്ന് എനിക്കു വിരോധമില്ല.

ഇന്ദുലേഖ മുകളില്‍ നിന്ന് എറങ്ങി മിറ്റത്ത് ബഹുമനോഹരമായ ചന്ദ്രികയില്‍ മാധവന്റെ അടുക്കപ്പോയി നിന്നു. കൈയില്‍ താന്‍ തന്നെ അന്നു വൈകുന്നേരം കെട്ടി ഉണ്ടാക്കിയ ഒരു മുല്ല മാലയും ഉണ്ടായിരുന്നു. അതിധവളമായിരിക്കുന്ന ചന്ദ്രികയില്‍ ഇന്ദുലേഖയുടെ മുഖവും കുന്തളഭാരവും ശരീരവും ആകപ്പാടെ കണ്ടപ്പോള്‍ മാധവന് വല്ലാതെ മനസ്സിന് ഒരു ഭ്രാന്തി ഉണ്ടായി. ‘ഈശ്വരാ ഈ സുന്ദരിക്ക് എന്നില്‍ അനുരാഗമുണ്ടായാല്‍ എന്നെപ്പോലെ ഉള്ള ഭാഗ്യവാന്‍ ആര്? ഇല്ലാതെപോയെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുന്നത് എന്തിന്? ക്ഷണത്തില്‍ ജീവത്യാഗം ഉത്തമം.’ മാധവന്‍ വിചാരിച്ചു.

ഇന്ദുലേഖയ്ക്കോ, അങ്ങുണ്ടായ വിചാരത്തിനും അശേഷം പ്രകൃതഭേദവും കുറവുണ്ടായിരുന്നില്ലാ — ശക്തി അല്പം കൂടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഇന്ദുലേഖ തന്റെ വിചാരങ്ങള്‍ മനസ്സില്‍ അടക്കിയിരിക്കുന്നതിനാല്‍ തന്നെ. മനസ്സിന്നുണ്ടാവുന്ന സ്തോഭങ്ങള്‍ ബാഹ്യചേഷ്ടകളെക്കൊണ്ട് വളരെ ചുരുക്കുവാനും ലഘുവാക്കുവാനും കഴിയുന്നവകളാണ്. കഠിന വ്യസനത്തില്‍ ഉറക്കെ കരയുന്നത് ഒരു വിധം വ്യസനോല്‍കര്‍ഷതയെ ശമിപ്പിക്കും. അങ്ങനെ തന്നെ ആഹ്ലാദത്തിലോ ഹാസ്യരസത്തിലോ ചിറിക്കുന്നതും. പിന്നെ തന്റെ വ്യസനങ്ങളെക്കുറിച്ച് ഒരുവന്‍ തന്റെ സ്നേഹിതനോട് തുറന്നുവെളിവായി പറയുന്നതിനാല്‍ തന്നെ അല്പം വ്യസന ശാന്തി ഉണ്ടാവാം. കഠിനവ്യസനം ഉള്ളില്‍ ഉള്ളതു കേവലം മറച്ച് വേറെ ഒരു രസം നടിക്കുമ്പോഴാണ് ഒഴുകിപ്പോകുന്ന വെള്ളത്തെ എടയില്‍ കെട്ടിനിര്‍ത്തിയാല്‍ ഉണ്ടാവുന്നതു പോലെ ഉള്ളില്‍ നിര്‍ത്തുവാന്‍ നിവര്‍ത്തിയില്ലാത്ത വിധം അധികരിക്കുന്നതും ചിലപ്പോള്‍ വിചാരിക്കാതെ പുറത്തേക്ക് ചാടിപ്പോകുന്നതും.

മിറ്റത്തു വന്നു ചന്ദ്രികയില്‍ മാധവന്റെ അതി കോമളമായ മുഖത്തില്‍ നിന്ന് സ്പഷ്ടമായി കാണാവുന്ന വ്യഥയെ കണ്ടപ്പോള്‍ ഇന്ദുലേഖയ്ക്കും മനസ്സു സഹിച്ചില്ലെന്നു തന്നെ പറയാം.

ഒന്നാമത് ചന്ദ്രികാ എന്നതു തന്നെ മനസ്സിന് വളരെ ഉദ്ദീപനകരമായ ഒരു സാധനമാണ്. അങ്ങിനെയുള്ള ചന്ദ്രികയില്‍ മാധവനെപ്പോലെ തന്നോടും തനിക്കും കഠിനമായ അനുരാഗം അന്യോന്യമുള്ള അതിസുന്ദരനായ ഒരു യുവാവെ താനെ അടുത്തു കാണുമ്പോള്‍ ഇന്ദുലേഖയ്ക്ക് കഠിനമായ വ്യഥ ഉണ്ടായി എന്നും പറയേണ്ടതില്ലല്ലോ.

ഇങ്ങിനെയെല്ലാം ഉണ്ടായി എങ്കിലും തന്റെ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ടും ക്ഷമയാലും ധൈര്യത്താലും ഇന്ദുലേഖ തന്റെ മനോവ്യഥയെ ലേശം പുറത്തു കാട്ടാതെ തന്നെ നിന്നു കുറെനേരം രണ്ടാളും ഒന്നും പറയാതെ ചന്ദ്രനെ നോക്കിക്കൊണ്ടു നിന്നു.

പിന്നെ ഇന്ദുലേഖ താഴെ കാണിക്കുന്ന ഒരു ശ്ലോകം ചൊല്ലി

“സ്വൈരം കൈരവകോരകാന്‍ വിദലയന്ന്യൂനാം മനഃ ഖേദയ{
ന്നംഭോജാനി നിമീലയന്‍ മൃഗദൃശാമ്മാനം സമുന്മൂലയന്‍{
ജ്യോത്സ്നാം കന്ദളയന്‍ ദിശോ ധവളയന്നംഭോധിമുദ്വേലയന്‍ {
കോകാനാകുലയന്‍ തമഃ കബളയന്നിന്ദുസ്സമുജ്ജൃംഭതേ.”

മാധവന്‍:  ഈ ശ്ലോകം ഉണ്ടാക്കിയ ആള്‍ ചന്ദ്രന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാം ശരിയായി അറിയുന്നു എന്നു ഞാന്‍ വിചാരിക്കുന്നില്ല.
ഇന്ദുലേഖ
അതെന്താണ്?
മാധവന്‍
“മൃഗദൃശാമാനം സമുന്മൂലയന്‍” എന്നു പറഞ്ഞ ഗുണം ശരിയായി ഉള്ളതാണെങ്കില്‍ അത് ഇപ്പോള്‍ കാണണ്ടേ?
ഇന്ദുലേഖ
(ചിറിച്ചു കൊണ്ട്) എന്നാല്‍ വേറെ ഒരു ശ്ലോകം ചൊല്ലാം.

യാമിനീകാമിനികര്‍ണ്ണകുണ്ഡലം ചന്ദ്രമണ്ഡലം{
മാരനാരാചനിര്‍മ്മാണശാണചക്രമിവോദിതം

മാധവന്‍:  മാരനാരാചങ്ങള്‍ സ്ത്രീകളില്‍ കുറേക്കാലമായി പ്രയോഗിച്ചുവരാറില്ലെന്നു തോന്നുന്നു.
ഇന്ദുലേഖ
സ്ത്രീകള്‍ സാധുക്കളല്ലേ – ഭീരുക്കളല്ലെ? കാമദേവനു ദയതോന്നി വേണ്ടെന്നുവെച്ചതായിരിക്കാം.
മാധവന്‍
എന്നാല്‍ ആ കാമദേവന്‍ മഹാദുഷ്ടന്‍ എന്നു മാത്രമല്ലാ ഒരു വിഡ്ഢിയാണെന്നു ഞാന്‍ പറയും. സ്ത്രീകളില്‍ ദയകൊണ്ട് പ്രയോഗിക്കുന്നില്ലെങ്കില്‍ പിന്നെ പുരുഷന്മാരില്‍ പ്രയോഗിച്ചിട്ട് എന്താണ് ഒരു സാദ്ധ്യം? പുരുഷന്മാരെ പ്രയോജനമില്ലാതെ ഉപദ്രവിക്കുന്നതെന്തിന്?
ഇന്ദുലേഖ
അതു ശരി; എന്നാല്‍ പുരുഷന്മാരെ ഉപദ്രവിച്ചാല്‍ അവര്‍ ശക്തന്മാരാകയാല്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ സാധുക്കളായ സ്ത്രീകളെ പുരുഷന്മാര്‍ നേരിട്ട് ഉപദ്രവിച്ചോളും എന്നു വിചാരിച്ചിട്ടായിരിക്കാം കാമദേവന്‍ ഇങ്ങനെ ചെയ്യുന്നത്. ഇതാ ഞാന്‍ ഒരു മുല്ലമാല കൊണ്ടു വന്നിരിക്കുന്നു. ഇത് ഇന്നു ഞാന്‍തന്നെ കെട്ടിയുണ്ടാക്കിയതാണ്. ഇതിന്റെ നായകമണിയാക്കി കെട്ടിയിരിക്കുന്ന ഈ ചെറിയ താമരപ്പൂവ് ഞാന്‍തന്നെ ഇന്നു രാവിലെ പൂവള്ളി പടിഞ്ഞാറെ കുളത്തില്‍ നിന്ന് പറിച്ചതാണ്. ഈ മാല മാധവന്റെ കുടുമയില്‍ വെച്ചാല്‍ നല്ല ഭംഗി ഉണ്ടാവും. ഇതാ എടുത്തോളൂ.
മാധവന്‍
മുല്ലമാല കൈകൊണ്ട് വാങ്ങി. വാങ്ങുമ്പോള്‍ മാധവന്റെ കൈ വിറക്കുന്നു എന്ന് ഇന്ദുലേഖയ്ക്ക് തോന്നി.
ഇന്ദുലേഖ
എന്താണ് കൈ വിറയ്ക്കുന്നത്
മാധവന്‍
കാമദേവന്റെ ബാണമല്ലെ? – ഭയപ്പെട്ടിട്ടുള്ള വിറതന്നെ.

ഇന്ദുലേഖ ഒന്നു ചിരിച്ചു.

മാധവന്‍
(താമരപ്പൂവ് കൈയ്യില്‍വെച്ചു നോക്കിക്കൊണ്ട്)

“ശോഭാസര്‍വ്വസ്വമേഷാം പ്രഥമമപഹൃതംയത്ത്വയാ ലോചനാഭ്യാം{
മാദ്ധ്വീമാധുര്യസാരഃ തവ കളവചസാ മാര്‍ദ്ദവം ത്വല്‍ പ്രതീകൈഃ{
സ്ഥാനഭ്രംശോ മഹീയാനപി ച വിരചിതഃ ത്വന്മുഖസ്പര്‍ദ്ധിനാം വൈ{
പത്മാനാം ബന്ധനാത്ത്വം വിരമ വരതനോപിഷ്ടപേഷേണ കിം സ്യാല്‍.”


ഇന്ദുലേഖ
ഒന്നാന്തരം ഒരു ശ്ലോകം — എനിക്ക് ഇത് പഠിക്കണം.
മാധവന്‍
ഈ മാലയില്‍ ഒരു ചെറിയ കഷ്ണം ഞാന്‍ മുറിച്ചെടുത്തു കുടുമയില്‍ ചൂടാം. ശേഷം മുഴുവന്‍ ഇന്ദുലേഖയുടെ തലമുടിയില്‍ തന്നെ വെയ്ക്കുന്നതാണു യോഗ്യത.
ഇന്ദുലേഖ
യോഗ്യത എങ്ങിനെയെങ്കിലുമാവട്ടെ — മാധവന്റെ ഇഷ്ടം പോലം ചെയ്തോളു.
മാധവന്‍
ഇഷ്ടം പോലെ ചെയ്‌വാന്‍ സമ്മതമോ?
ഇന്ദുലേഖ
മാലയെ സംബന്ധിച്ചിടത്തോളം ഇഷ്ടം പോലെ ചെയ്തോളു.

മാധവന്‍ മാലകഷണിച്ച് ഒരു ചെറിയ കഷണം തന്റെ കുടുമയില്‍ വെച്ചു. ശേഷം മുഴുവനും കൈയ്യില്‍ തന്നെ പിടിച്ച് ഇന്ദുലേഖയുടെ മുഖത്തേക്ക് ഒന്നു നോക്കി.

ഇന്ദുലേഖ
അതെന്താണ്?
മാധവന്‍
ഇതു ഞാന്‍ തന്നെ ഇന്ദുലേഖയുടെ തലമുടിയില്‍ തിരുകട്ടെയോ?
ഇന്ദുലേഖ
എന്റെ തലമുടിയിലോ?
മാധവന്‍
അതെ,
ഇന്ദുലേഖ
മാധവന്റെ കൈകൊണ്ടോ?
മാധവന്‍
അതെ.

ഇന്ദുലേഖ ഒന്നും മിണ്ടാതെ മന്ദഹസിച്ചു കൊണ്ടു നിന്നു. മാധവന്‍ പുഷ്പമാല ഇന്ദുലേഖയുടെ കുന്തളത്തിന്റെ ഭംഗിയായി വെച്ചു (വെച്ചു കഴിഞ്ഞ ഉടനെ)

ഇന്ദുലേഖ
ഇതെല്ലാം അക്രമമാണ്. മാധവന്‍ എന്റെ വലിയച്ഛന്റെ മരുമകനാണെങ്കിലും നോം ബാല്യം മുതല്‍ അന്യോന്യം കളിച്ചു വളര്‍ന്നവരാണെങ്കിലും എല്ലായ്പ്പോഴും നോം കുട്ടികളല്ലെന്ന് ഓര്‍ക്കേണ്ടതാണ്.
മാധവന്‍
ഈ മാല ഇന്ദുലേഖയുടെ തലമുടിയില്‍ വെച്ചപ്പോള്‍ ഞാന്‍ കുട്ടിയാണെന്ന് അശേഷം ഓര്‍ത്തില്ല — നല്ല യുവാവാണെന്നു തന്നെ വിചാരിച്ചു.
ഇന്ദുലേഖ
ആ സ്ഥിതിയില്‍ മാധവന്‍ എന്നെ എങ്ങിനെ തൊടും?
മാധവന്‍
തൊട്ടതു കണ്ടില്ലെ?
ഇന്ദുലേഖ
അതാണ് അക്രമമെന്നു പറഞ്ഞത്.
മാധവന്‍
(കണ്ണില്‍ വെള്ളം നിറച്ചും കൊണ്ട്) എന്നെ എന്തിന് ഇങ്ങിനെ വലപ്പിക്കുന്നു? ഇന്ദുലേഖയെ കൂടാതെ അരനിമിഷം ഈ ഭൂമിയില്‍ ഇരിപ്പാന്‍ എനിക്ക് ആഗ്രഹമില്ലാ.
ഇന്ദുലേഖ
(മനസ്സില്‍ വന്ന വ്യസനത്തെ സ്ഥിരമായി അടക്കിക്കൊണ്ട്) എന്നോടുകൂടാതെ ഇരിക്കേണമെന്ന് ആര് പറഞ്ഞു?
മാധവന്‍
‘കൂടാതെ’ പറഞ്ഞ വാക്കിനു ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ത്തന്നെയോ ഇന്ദുലേഖാ എന്നോട് ഇപ്പോള്‍ പറയുന്നത്?
ഇന്ദുലേഖ
എന്താണ് മാധവന്‍ ഉദ്ദേശിച്ച അര്‍ത്ഥം?
മാധവന്‍
‘കൂടാതെ’ എന്നു പറഞ്ഞത്, ഇന്ദുലേഖയുമായി രാവും പകലും ഒരു പോലെ വിനോദിപ്പാനുള്ള സ്വാതന്ത്ര്യവും ഭാഗ്യവും കൂടാതെ — എന്നാണ്.
ഇന്ദുലേഖ
നേരം വൈകി. മഞ്ഞു വീഴുന്നുണ്ട്. പോയി കിടന്നോളു. നാളെ രാവിലെ ചായകുടിക്കാന്‍ മുകളില്‍ വരണെ.
മാധവന്‍
ശരീരവും മനസ്സും വ്രണപ്പെട്ടെപോലെ വേദനയുള്ള എനിക്ക് — കിടന്നുറങ്ങാന്‍ എങ്ങനെ സാധിക്കും?
ഇന്ദുലേഖ
അതിന് വ്രണവിരോപണമായ വല്ല മരുന്നും സേവിച്ച് സുഖം വരുത്തണം.
മാധവന്‍
ഞാന്‍ അതിന്ന് ഒരു മരുന്നു കണ്ടിട്ടുണ്ട് — ഒരു പ്രമാണപ്രകാരം. ആ പ്രമാണം പറയാം മരുന്നു തരുമോ!
ഇന്ദുലേഖ
എന്താണ് പ്രമാണം? — കേള്‍ക്കട്ടെ.
മാധവന്‍

ഇന്ദീവരാക്ഷി തവ തീക്ഷണകടാക്ഷബാണ-{
പാതവ്രണേ ദ്വിവിധമൌഷധമേവമന്യേ{
ഏകം തദ്വീയമധരാ മൃതപാനമന്യ-{
ദുത്തുംഗപീനകുചകുങ്കുമപങ്കലേപഃ


ഇന്ദുലേഖ
ശരി; നല്ല പ്രമാണം. ഈ മരുന്ന് എവിടെ കിട്ടും.
മാധവന്‍
ഇന്ദുലേഖയുടെ കൈവശമുണ്ടല്ലോ.
ഇന്ദുലേഖ
അത് ഇപ്പോള്‍ എടുപ്പാന്‍ പാടില്ല. മഞ്ഞു വളരെ. ഞാന്‍ പോണു, മാധവന്‍ പോയു കിടന്നുറങ്ങൂ — ഭ്രാന്തന്മാരെപ്പോലെ ആവരുത്.
മാധവന്‍
ആട്ടെ, എനിക്ക് ആ മരുന്ന് എപ്പോഴെങ്കിലും കിട്ടുമോ? ഇന്ദുലേഖ കിട്ടും എന്ന് ഒരു വാക്കു പറഞ്ഞാല്‍ മതി, എന്നാല്‍ ഞാന്‍ പരമഭാഗ്യവാനായി. എന്നെ ഇങ്ങനെ തപിപ്പിക്കരുതേ — ആ വാക്കുമാത്രം ഒന്നു പറഞ്ഞു കേള്‍ക്കണം. അതിനു എനിക്കു ഭാഗ്യമുണ്ടോ?
ഇന്ദുലേഖ
എനിക്ക് ഉറക്കുവല്ലാതെ വരുന്നു. ഞാന്‍ ഇതാ പോവുന്നു.

എന്നു പറഞ്ഞ് ഇന്ദുലേഖ ക്ഷണേമ മാളികയിലേക്ക് കയറിപ്പോയി. ഇന്ദുലേഖാ ക്ഷണേന മാളികയിലേയ്ക്ക് കയറിപ്പോയി.

ഇന്ദുലേഖ മുകളിലേക്കു പോയ വഴിയും നോക്കി മാധവന്‍ വിഷണ്ണനായി അതിപരിതാപത്തോടെ നിന്നു.

ഇന്ദുലേഖ മുകളിലേക്ക് പോയി എന്നേ ഉള്ളൂ — മുകളില്‍ അറയില്‍ എത്തിയമുതല്‍ ജാലകത്തില്‍ കൂടി മാധവന്‍ മിറ്റത്തുനിന്നു പോവുന്നതുവരെ മാധവനെ തന്നെ നോക്കി കൊണ്ടു നിന്നു.

ഇങ്ങനെ മാധവനും ഇന്ദുലേഖയുമായി അന്യോന്യം നടന്ന സല്ലാപങ്ങളെക്കുറിച്ചു പറയുന്നതായാല്‍ വളരെ പറയേണ്ടി വരും. പിന്നെ വിശേഷിച്ച് ഇത് ഒരു പൂര്‍വ്വകഥാപ്രസംഗം മാത്രമാണല്ലോ. എങ്കിലും ഒരു ദിവസം ഇവര്‍ തമ്മില്‍ ഉണ്ടായ സല്ലാപം കൂടി എന്റെ വായനക്കാരെ മനസ്സിലാക്കണമെന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടാവുന്നതിനാല്‍ പറയുന്നു.

ഇന്ദുലേഖയെത്തന്നെ രാവും പകലും വിചാരിച്ചു വിചാരിച്ചു മാധവന്റെ മനസ്സിന്ന് ഒരു പുകച്ചില്‍ ആയി തീര്‍ന്നു. ഒരു രാത്രിയില്‍ മാധവന്‍ ഉറങ്ങാന്‍ ഭാവിച്ചു കിടക്കുന്നു; — ഉറക്കം എന്തു ചെയ്തിട്ടും വരുന്നില്ല. അങ്ങനെ കിടക്കുമ്പോള്‍ മാധവനു തോന്നി
“എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്? ഇന്ദുലേഖയ്ക്ക് എന്നോട് അനുരാഗമുണ്ടെങ്കില്‍ ഇതിന്ന് എത്രയോ മുമ്പു എന്റെ ഭാര്യയായി ഇരിക്കുമായിരുന്നു. എന്റെ മേല്‍ സ്നേഹം ഉണ്ടായിരിക്കാം; അനുരാഗമുണ്ടോ എന്ന് എനിയും സംശയം. പിന്നെ എന്നെക്കാള്‍ എത്രയോ യോഗ്യന്മാരും ധനവാന്മാരും ആയ ആളുകള്‍ ഇന്ദുലേഖയെ ആഗ്രഹിക്കുന്നുണ്ടെന്ന് ഇന്ദുലേഖയ്ക്കു തന്നെ അറിവുള്ളതിനാല്‍ അങ്ങനെ യോഗ്യന്മാരായവരില്‍ ഒരുവനുമായി ചേര്‍ച്ചയായി മനസ്സിനെ അന്യോന്യം രഞ്ജിപ്പിച്ചു ഭാര്യാഭര്‍ത്താക്കന്മാരായി ഇരിക്കണമെന്നായിരിക്കാം ഇന്ദുലേഖയുടെ താല്പര്യം. സ്ത്രീകളുടെ മനസ്സിനെ എങ്ങനെ അറിവാന്‍ കഴിയും? എത്രതന്നെ പഠിപ്പുണ്ടായാലും സ്ത്രീ സ്വഭാവമല്ലെ? പിന്നെ ഞാന്‍ എന്തിനു വൃഥാ ഖേദിക്കുന്നു എനി ഇന്ദുലേഖയെ കുറിച്ച് ഇങ്ങനെ എന്റെ മനസ്സിനെ ഞാന്‍ തപിക്കുകയില്ല — നിശ്ചയം. രാവിലെ തോക്കുകള്‍ എടുത്ത് ശിക്കാറിനു പോണം. അച്ഛനും വരുമായിരിക്കും. വളരെ ദിവസമായി ശിക്കാര്‍ ചെയ്തിട്ട്. ഈ മനോവ്യഥകൊണ്ട് എന്റെ പൌരുഷങ്ങള്‍ എല്ലാം നശിക്കാറായി. അങ്ങിനെ വരുത്തരുത്. ഞാന്‍ ബുദ്ധിഹീനനായിട്ടാണ് ഇങ്ങനെ കിടന്നു വലയുന്നത്. എനിക്ക് ചെറുപ്പമാണ്. ഇന്ദുലേഖയ്ക്ക് ഭര്‍ത്താവുണ്ടാകേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഞാന്‍ എനി ഒരു വലിയ ഉദ്യോഗസ്ഥനോ മറ്റോ ആകുന്നതുവരെ ഒരിക്കലും ഇന്ദുലേഖാ ഭര്‍ത്താവു വേണ്ടെന്നു വെച്ച് ഇരിക്കുകയില്ലാ. പിന്നെ ആ മോഹം വൃഥാ. എനി ഞാന്‍ ഇങ്ങനെ എന്റെ മനസ്സിനെ വ്യസനിപ്പിക്കയില്ലാ.” എന്നു മനസ്സു കൊണ്ട് നിശ്ചയിച്ചു; ബഹു ധൈര്യത്തോടെ കണ്ണ് അടച്ച് ഉറങ്ങണം എന്നു ഉറച്ചു കിടന്നു. കണ്ണ് അടച്ച നിമിഷത്തില്‍ ഇന്ദുലേഖയുടെ നീണ്ട കണ്ണുകളും ചെന്താമരപ്പൂവുപോലെ ശോഭയുള്ള മുഖവും കുന്തളഭാരവും അധരങ്ങളും മുമ്പില്‍ വെളിവായി കാണുന്നതു പോലെ തോന്നി. കണ്ണ് മിഴിച്ചു; ഒന്നും കണ്ടതുമില്ല. മാധവന്‍ എണീറ്റ് ഇരുന്നു ബഹു ധൈര്യം നടിച്ച്, “ എനി ഞാന്‍ ഇന്ദുലേഖയെ വിചാരിക്കയില്ല,” എന്ന് തീര്‍ച്ചയായി ഉറച്ചു. അപ്പോള്‍ തന്റെ അറയുടെ വാതുക്കല്‍ ഒരു സ്ത്രീ നില്ക്കുന്നതു കണ്ടു.
മാധവന്‍
ആരാണത്?

“ഞാന്‍ തന്നെ. പൂവരങ്ങില്‍ നിന്ന് ഒരു മാല തന്നയിച്ചിരിക്കുന്നു,” എന്നു പറഞ്ഞ് ഇന്ദുലേഖയുടെ ദാസി അമ്മു എന്ന സ്ത്രീ മാധവന്റെ അറയില്‍ കടന്നു തന്റെ കൈയില്‍ ഉള്ള ഒരു പനിനീര്‍ ചെമ്പകമാല മാധവന്‍ വശം കൊടുത്തു.

മാധവന്‍ മാല വാങ്ങി നോക്കി ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.

അമ്മു
നാളെ രാവിലെ ചായകുടിക്കാന്‍ മുകളില്‍ ചെല്ലേണമെന്നു പറഞ്ഞിരിക്കുന്നു. ചെല്ലാതിരിക്കരുതെന്നു തീര്‍ച്ചയായി പറഞ്ഞിരിക്കുന്നു.
മാധവന്‍
ഞാന്‍ പുലരാന്‍ നാലു നാഴികയുള്ളപ്പോള്‍ നായാട്ടിന്നു അച്ഛനും വരുമായിരിക്കും. നാളെ അസ്തമിച്ചിട്ടേ വരികയുള്ളൂ എന്നു പറയു.
അമ്മു
അങ്ങനെതന്നെ പറയാം. എന്നാല്‍ പുലര്‍ച്ചയ്ക്കു കാണണമെങ്കില്‍ കാണാന്‍ ശരിയാവും. തിരുവാതിരക്കുളി ഉണ്ടല്ലോ — അമ്മ ഏഴെട്ടു നാഴിക വെളിച്ചാവാനുള്ളപ്പോള്‍ ഉണര്‍ന്നു കുളിപ്പുരയില്‍ കുളിപ്പാന്‍ പോവാറു പതിവാണ്.
മാധവന്‍
രാത്രി എനിക്കു പെണ്ണുങ്ങളെ വന്നു കാണുവാന്‍ പാടില്ല. മറ്റന്നാള്‍ കാണാമെന്നു പറയു.

അമ്മു മന്ദഹസിച്ചു കൊണ്ട്, “പറയാം” എന്നു പറഞ്ഞ് ഇന്ദുലേഖയുടെ മാളികയിലേക്കു പോയി വിവരം പറഞ്ഞു.

ഇന്ദുലേഖ വീണ്ടും ദാസിയെ വേറൊരു വിവരം പറഞ്ഞ് മാധവന്റെ അടുക്കലേക്ക് അയച്ചു.

അമ്മു രണ്ടാമതു ചൊല്ലുമ്പോള്‍ മാധവന്‍ മാലയെ കൈയില്‍ വെച്ചുനോക്കി രസിച്ചും കൊണ്ടിരിക്കുന്നു. അമ്മുവെ രണ്ടാമതും കണ്ടപ്പോള്‍ എന്താണ് പിന്നേയും വന്നത് എന്നു ചോദിച്ചു.

അമ്മു
അമ്മ വിശേഷമായി ഒരു തൊപ്പി തുന്നുന്നുണ്ടത്രേ. അതു നായാട്ടിനു പോകുമ്പോള്‍ തലയില്‍ ഇട്ടു കൊണ്ടു പോകാം. പുലര്‍ച്ചയ്ക്കു മാളികയില്‍ കയറി ചെല്ലാന്‍ യജമാനന്നു വിരോധമുണ്ടെങ്കില്‍ മിറ്റത്തു കളിവാതിലിനു നേരെ നിന്നാല്‍ തൊപ്പി എടുത്തു തരാം എന്നു അമ്മ പറഞ്ഞിരിക്കുന്നു.
മാധവന്‍
എന്നാല്‍ ഇപ്പോള്‍ ഇങ്ങട്ടു കൊടുത്തയയ്ക്കരുതേ?
അമ്മു
തൊപ്പി മുഴുവനും തീര്‍ന്നിട്ടില്ലായിരിക്കും.
മാധവന്‍
എന്താണ് രാത്രിയില്‍ തുന്നല്‍പ്പണി ചെയ്യാറുണ്ടോ?
അമ്മു
രാത്രി ഈയിടെ തുന്നലും പുസ്തകം വായനയും മറ്റും തന്നെയാണ്. ഉറക്കം വളരെ കുറഞ്ഞിരിക്കുന്നു.
മാധവന്‍
അതിന് എന്താണ് സംഗതി?

“സംഗതി എന്തോ!” എന്നു പറഞ്ഞ് അമ്മു മന്ദഹസിച്ചു കൊണ്ട് തലതാഴ്ത്തി ലജ്ജാഭാവത്തോടെ നിന്നു.

മാധവന്‍
അങ്ങിനെയാട്ടെ നീ പൊയ്ക്കോ. ഞാന്‍ പുലര്‍ച്ചെ പോകുമ്പോള്‍ ജാലകം തുറന്നു കണ്ടാല്‍ വിളിക്കും എന്ന് പറയൂ. ജാലകം തുറന്നു കണ്ടില്ലെങ്കില്‍ നേരെ പോവും.

അമ്മുപോയ ഉടനെ മാധവനു പിന്നേയും വിചാരം തുടങ്ങി. “ഇന്ദുലേഖക്കു ഉറക്കമില്ലാ. എന്നോട് ഇന്ദുലേഖയ്ക്കും അനുരാഗം ഉണ്ടെന്നുള്ളതിനു സംശയമില്ലാ. എനിക്ക് ലേശം സംശയമില്ലാ; എന്നാല്‍ പിന്നെ എന്താണ് അതു ഭാവിക്കാത്തത്? കുട്ടിക്കളികള്‍ അല്ലാതെ വേറെ ഒന്നും പുറത്തുകാണുന്നില്ലല്ലോ. ഇതിന് എന്തു സംഗതി?” എന്നിങ്ങനെ ആലോചിച്ചും കൊണ്ട് മാധവന്‍ കട്ടിലിന്മേല്‍ നിന്ന് എണീറ്റ് രാവിലെ ശിക്കാറിന്നു പോവാന്‍ ഉള്ള വട്ടങ്ങള്‍ ഒരുക്കി. ഒന്നാന്തരം ഒരു തോക്കെടുത്തു തുടച്ചു വെച്ചു; ആവശ്യമുള്ള തിരകള്‍ എടുത്തുവെച്ചു; പുലരാന്‍ നാലുനാഴികയ്ക്ക് ചായ വേണമെന്ന് വാലിയക്കാരനെ വിളിച്ചു പറഞ്ഞു കിടന്നു. നാലുമണിക്ക് എണീറ്റു കുപ്പായം, കാലുറ, ബൂട്ട്സ് ഇതുകള്‍ ഇട്ട് തന്റെ ഒരു വാലിയക്കാരനെയും വിളിച്ചുകൂട്ടി നായാട്ടിനു പുറപ്പെട്ടു. മേലോട്ടുനോക്കിയപ്പോള്‍ ഒരു ചന്ദ്രന്‍ ഉദിച്ചു പൊങ്ങിനില്ക്കുന്നതുപോലെ ഇന്ദുലേഖയുടെ മുഖം ജാലകത്തില്‍ക്കൂടെ മുകളില്‍ ഇന്ദുലേഖയുടെ സമീപം കത്തുന്ന അതിപ്രകാശമുള്ള വെളിച്ചത്തില്‍ കണ്ട് മാധവന്‍ മയങ്ങിപ്പോയി.

ഇന്ദുലേഖ
എന്താണ് ഇത്ര നേര്‍ത്തെ പുറപ്പെട്ടത്? ജന്തു ഹിംസ ചെയ്യേണമെങ്കില്‍ ജന്തുക്കളെ കണ്ണുകൊണ്ടു കണ്ടിട്ടു വേണ്ടേ? ഇരുട്ടില്‍ എങ്ങനെ കാണും?
മാധവന്‍
കുറെദൂരം പോയിട്ടുവേണം നായാട്ടു തുടങ്ങുവാന്‍.
ഇന്ദുലേഖ
ഓഹോ! വലിയ വട്ടംകൂട്ടീട്ടുള്ള നായാട്ടിനോ ഭാവം?
മാധവന്‍
കുറെ വിസ്തരിച്ചു തന്നെയാണുഭാവം. അങ്ങിനെയായാല്‍ മനസ്സിനു കുറെ സുഖമുണ്ടാവും എന്നു തോന്നുന്നു.
ഇന്ദുലേഖ
ശരി; ഇക്കുറി മദിരാശിയില്‍ നിന്നു വരുമ്പോള്‍ എത്ര തോക്കുകള്‍ കൊണ്ടു വന്നിട്ടുണ്ട്?
മാധവന്‍
ഒന്നു മാത്രം — ബ്രീച്ച് ലോഡര്‍. ഇന്ദുലേഖ: അത് എനിക്ക് ഒന്നു കാണണം. ഇങ്ങട്ടു കൊടുത്തയയ്ക്കൂ.
മാധവന്റെ വാലിയക്കാരന്‍ ഉടനെ തോക്കു മുകളിലേക്കു കൊണ്ടു ചെന്നു. ഇന്ദുലേഖ വാങ്ങി അകത്തുവെച്ചു വാതില്‍പൂട്ടി അമ്മുവോടു വെളിച്ചം എടുക്കാന്‍ പറഞ്ഞു കുളിപ്പാന്‍ ചുവട്ടില്‍ ഇറങ്ങി, മാധവന്റെ അരികത്തു് എത്തിയപ്പോള്‍ പറഞ്ഞു
ഇന്ദുലേഖ
ശരി; മാളികയില്‍ ഇരിക്കട്ടെ. തൊപ്പിപണി മുഴുവന്‍ തീര്‍ന്നിട്ടില്ലാ. അതുകൊണ്ട് നാളെയോ, മറ്റെന്നാളെയോ നായാട്ടിനു പോവാം. സുഖമായി ഇപ്പോള്‍ പോയി കിടന്ന് ഉറങ്ങൂ.
മാധവന്‍
ഇതു വലിയ സങ്കടം തന്നെ. എനിക്ക് നായാട്ടിനു പോവാന്‍ പാടില്ലെന്നോ?
ഇന്ദുലേഖ
അതെ; ഇന്നു പോവാന്‍ പാടില്ലെന്നുതന്നെ.
മാധവന്‍
അതെന്താണ്?
ഇന്ദുലേഖ
തൊപ്പിപണി തീര്‍ന്നിട്ടില്ലാ, അതുതന്നെ.
മാധവന്‍
ഞാന്‍ തൊപ്പി വേണമെന്നു പറഞ്ഞുവോ?
ഇന്ദുലേഖ
തൊപ്പി വേണ്ടാ എന്നു പറഞ്ഞുവോ! ഇന്നലെ അമ്മു വന്നു ചോദിച്ചപ്പോള്‍ വേണ്ടാ എന്നു പറയായിരുന്നില്ലെ?
മാധവന്‍
വേണ്ടാ എന്നു ഞാന്‍ ഇപ്പോള്‍ പറയുന്നു.
ഇന്ദുലേഖ
അതു സാരമില്ല. അതു ഞാന്‍ കേള്‍ക്കയില്ല; ഇന്നലെ വേണ്ടാ എന്നു പറഞ്ഞയച്ചിരുന്നുവെങ്കില്‍ ഞാന്‍ രാത്രി ഉറക്ക് ഒഴിച്ച് പണിചെയ്യുന്നതല്ലായിരുന്നു. പിന്നെ ഇത്രയൊക്കെ എന്നെക്കൊണ്ട് ബുദ്ധിമുട്ടിച്ച് ഇപ്പോള്‍ വേണ്ടാ എന്നു പറഞ്ഞാല്‍ ആരു കേള്‍ക്കും?
മാധവന്‍
ഈ കുട്ടിക്കളിയില്‍ ഒന്നും എനിക്ക് അശേഷം രസം തോന്നുന്നില്ല. മനുഷ്യരെ വെറുതെ ഉപദ്രവിച്ചിട്ട് എന്താ പ്രയോജനം.
ഇന്ദുലേഖ
ഞാന്‍ കുട്ടിയാണ്. മാധവനും കുട്ടിതന്നെയാണെന്നു ഇപ്പോഴും എനിക്കു തോന്നുന്നു. അതുകൊണ്ടു മുമ്പു നോം കളിച്ചതുപോലെ ഇപ്പോഴും കളിക്കാം.
മാധവന്‍
ഇന്നാള്‍ അല്ലെ ഇന്ദുലേഖ പറഞ്ഞത് കുട്ടിക്കളി എനി പാടില്ലാ എന്നും മറ്റും.
ഇന്ദുലേഖ
അപ്പോള്‍ മാധവനെ കുട്ടിയുടെ മാതിരിയല്ല കണ്ടത്.

എന്നുപറഞ്ഞു ചിരിച്ചും കൊണ്ട് കുളിപ്പാന്‍ പോയി. മാധവന്‍ വിഷണ്ണനായി തോട്ടത്തില്‍ നടന്നു കൊണ്ടിരുന്നു.

കുളികഴിഞ്ഞ് ഇന്ദുലേഖ വരുമ്പോഴേക്കും നേരം നല്ല വെളിച്ചമായിരിക്കുന്നു. മാധവനെക്കണ്ട് മുകളിലേക്ക് ഒന്നിച്ചു കൂട്ടിക്കൊണ്ടു പോയി. ചായ കുടിക്കാന്‍ ക്ഷണിച്ചു. ചായ താന്‍ കുടിച്ചു. വേണ്ടെന്നു പറഞ്ഞു. പിന്നയും ഇന്ദുലേഖയുടെ നിര്‍ബന്ധത്താല്‍ അല്പം കുടിച്ചു. രണ്ടുപേരും ഓരോ കസാലയില്‍ ഇരുന്നു.

ഇന്ദുലേഖ
ഇനി ഇന്ന് നായാട്ടിനു പോവാന്‍ തരമില്ലല്ലോ.
മാധവന്‍
ഇന്ദുലേഖയ്ക്ക് കുട്ടിക്കളി മാറീട്ടില്ലെങ്കില്‍ കളിപ്പാന്‍ വേറെ ആളെ അന്വേഷിച്ചോളു. എനിക്ക് അതു സഹിപ്പാന്‍ പാടില്ലാതെ ആയിരിക്കുന്നു.
ഇന്ദുലേഖ
എന്താണ് സഹിപ്പാന്‍ പാടില്ലാത്തത് — നായാട്ടോ?
മാധവന്‍
ഞാന്‍ വെളിവായിട്ട് പറയാം.
ഇന്ദുലേഖ
വരട്ടെ — അത്ര വെളിവായിട്ട് പറയേണമെന്നില്ലാ. മാധവന്‍ നല്ല ധീരനാണെന്ന് ഞാന്‍ മുമ്പു വിചാരിച്ചു. മാധവന്റെ ഇപ്പോഴത്തെ ഗോഷ്ടികള്‍ കാണുമ്പോള്‍ എന്റെ അഭിപ്രായം തെറ്റാണെന്നു ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നു.
മാധവന്‍
എനിക്ക് ഈ കാര്യത്തില്‍ ധൈര്യമില്ലാ. ഇന്ദുലേഖ സാധാരണ ഈ ദിക്കില്‍ കാണാറുള്ള മാതിരി ഒരു കുട്ടിയാണ് ഞാന്‍ എന്നു ശങ്കിക്കേണ്ട. ഞാന്‍ ഇതുവരെ യാതൊരു ദുര്‍മ്മര്യാദയിലും ലേശം പ്രവേശിക്കാത്തവനാണ്. എനിക്ക് സ്ത്രീകളില്‍ ചാപല്യം ഇന്ദുലേഖയെ കാണുന്നതിനുമുമ്പു ഉണ്ടായിട്ടേയില്ല. അതു കൊണ്ടായിരിക്കാം ഇപ്പോള്‍ ഉണ്ടാകുന്ന ഈ ചാപല്യത്തിന്നു അത്ര അധികം ശക്തി. എനിയും ഇന്ദുലേഖ എന്നെ ചലിപ്പാക്കാനാണ് ഭാവമെങ്കില്‍ ഞാന്‍ ഈ ദിക്കില്‍ ഇരിപ്പാന്‍ തന്നെ ഭാവമില്ല.
ഇന്ദുലേഖ
അപ്പോള്‍ വെറെ ദിക്കില്‍ പോയാല്‍ ഈ വിചാരം ഉണ്ടാവുകയില്ല. അല്ലേ? അതിന്റെ താല്പര്യം കാണുമ്പോഴെ ഈ അനുരാഗവും ഗോഷ്ടികളും ഉണ്ടാവുന്നുള്ളൂ എന്നാണ്.
മാധവന്‍
അങ്ങിനെയല്ലാ അതിന്റെ താല്പര്യം. ഇന്ദുലേഖയുമായി എനിക്ക് ഹിതപ്രകാരം ഇരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്റെ രാജ്യവും വീടും എനിക്കു വേണ്ടാ എന്നാകുന്നു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം.
ഇന്ദുലേഖ
ആട്ടെ, ശരി, മാധവന് എന്നോട് ഇത്ര അനുരാഗം ഉണ്ടായിട്ടും എനിക്ക് മാധവനോട് ലേശം അനുരാഗം ഇല്ലെങ്കിലോ? പിന്നെ മാധവന് എന്നോട് പ്രിയം ഉണ്ടാകുമോ?
മാധവന്‍
എന്നോട് ഇന്ദുലേഖയ്ക്ക് അനുരാഗമില്ലെന്ന് ഞാന്‍ ഒരിക്കലും വിചാരിക്കയില്ല.
ഇന്ദുലേഖ
പിന്നെ എന്താണ് ഈ തടസ്സം?
മാധവന്‍
തടസ്സമോ?
ഇന്ദുലേഖ
അതെ, തടസ്സം എന്താണു പറയു.
മാധവന്‍
പറയാം. ഈ തടസ്സത്തിനു കാരണം ഞാന്‍ വിചാരിക്കുന്നത്, ഒന്നാമത്, ഞാന്‍ വലിയ ഒരു സ്ഥിതിയില്‍ എനിയും ആയിട്ടില്ലെന്ന് ഇന്ദുലേഖ വിചാരിക്കുന്നത് കൊണ്ട്. രണ്ടാമത് വേറെ വളരെ യോഗ്യരായ ധനികന്മാരും പ്രഭുക്കളും മഹാരാജാക്കന്മാരും ഇന്ദുലേഖയെ കാംക്ഷിച്ചു ഇരിക്കുന്നു എന്നു ഇന്ദുലേഖയ്ക്ക് അറിവുള്ളതു കൊണ്ട്.
ഇന്ദുലേഖ
മാധവന്‍ ഇത്ര ശപ്പനാണെന്നു ഞാന്‍ ഇതുവരെ വിചാരിച്ചില്ലാ, എന്നെ കാംക്ഷിക്കുന്ന യോഗ്യരിലും മഹാരാജാക്കന്മാരിലും എനിക്ക് ഭ്രമമുണ്ടെങ്കില്‍ എനിക്ക് അവരില്‍ ഒരാളെ ഇതുവരെ ഭര്‍ത്താവാക്കിക്കൂടായിരുന്നുവോ? ഈ വിധം ഭോഷ്വത്വം പറഞ്ഞത് ആശ്ചര്യം. എനിക്ക് ഈ കാര്യത്തില്‍ ധനവും പുല്ലും സമമാണ്. എന്റെ മനസ്സിന് അഭിരുചി തോന്നുന്നവന്‍ എന്റെ ഭര്‍ത്താവ് എന്നു മാത്രമാണ് ഞാന്‍ നിശ്ചയിച്ചിട്ടുള്ളത്.
മാധവന്‍
അങ്ങനെ അഭിരുചി ഇതുവരെ ആരിലെങ്കിലും തോന്നീട്ടുണ്ടോ?
ഇന്ദുലേഖ
ഉണ്ടെങ്കില്‍ അതു ശപ്പനായ മാധവനോട് ഞാന്‍ എന്തിനു പറയണം?
മാധവന്‍
എന്തിനാണ് എന്നെ ശകാരിക്കുന്നത്? ഇതും കൂടി വേണമോ?
ഇന്ദുലേഖ
മതി. മതി. മഹാരസികന്‍ തന്നെ മാധവന്‍. എനിക്കി മാധവനില്‍ അനുരാഗമുണ്ടെന്നു മാധവനു ബോദ്ധ്യമാണ്. എന്നാലും മഹാരാജാക്കന്മാരും എന്നെ ആവശ്യപ്പെടുന്നതു കൊണ്ട് എന്റെ അനുരാഗത്തിനും മനസ്സിന്നും വിരോധമായി അവരില്‍ ആരെയെങ്കിലും സ്വീകരിച്ചു കളയും എന്നു വിചാരിക്കുന്നു. അല്ലേ? കഷ്ടം! ഇത്ര ബുദ്ധിഹീനനാണ് മാധവന്‍ കഷ്ടം! ഇത്ര നിസ്സാരയായ ഒരു സ്ത്രീയാണ് ഞാന്‍ എന്നു വിചാരിച്ചു പോയല്ലോ. ഇങ്ങനെയാണെങ്കില്‍ എന്നില്‍ മാധവന് എങ്ങനെ ഇത്ര പ്രിയം ഉണ്ടായത്?

ഈ വാക്കുകള്‍ കേട്ടപ്പോള്‍ മാധവന് കണ്ണില്‍ ജലം നിറഞ്ഞു. സന്തോഷം കൊണ്ടോ<--\linebreak--> ബഹുമാനം കൊണ്ടോ വ്യസനം കൊണ്ടോ ഈ അശ്രുക്കള്‍ ഉണ്ടായത് എന്ന് എന്റെ വായനക്കാര്‍ ആലോചിച്ചു നിശ്ചയിക്കേണ്ടതാണ്.

ഇന്ദുലേഖ
എന്താണ് ഉത്തരം മുട്ടിയാല്‍ കരയുന്നത്?
മാധവന്‍
ഉത്തരം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് എല്ലായ്പ്പോഴും ഓരോന്ന് പറഞ്ഞ് തര്‍ക്കിച്ചു കൊണ്ടിരിപ്പാന്‍ സുഖമില്ലാ. ഇന്ദുലേഖാ ബുദ്ധിമുട്ടിച്ചിട്ടാണ് ഞാന്‍ ഇവിടെ ഇരുന്നത്. ഇരുന്നതിന്റെ ശേഷം ഒരു വാക്കെങ്കിലും മധുരമായി എന്നോട് പറഞ്ഞിട്ടില്ലാ. എല്ലാം വക്രോക്തികള്‍ തന്നെ. മലയാളത്തില്‍ പെണ്ണുങ്ങള്‍ക്ക് പുരുഷന്മാരെ ഇട്ടു വലപ്പിക്കുന്നതില്‍ വളരെ സ്വതന്ത്രതയും എടയും ഉള്ളതു കൊണ്ട് പുരുഷന്മാര്‍ സങ്കടം അനുഭവിക്കുക എന്നേ വരു.
ഇന്ദുലേഖ
എന്തു കൊണ്ടാണ് ഞാന്‍ എന്റെ വാക്കുകളെ മധുരമാക്കേണ്ടത്? കുറേ തേന്‍ കുടിച്ചിട്ട് വാക്കു പറയട്ടെ? അല്ലെങ്കില്‍ ഞാന്‍ വാക്കു പറയുമ്പോള്‍ മാധവന്‍ കുറെ തേന്‍ കുടിച്ചു കൊണ്ട് ഇരിക്കു. എന്നാല്‍ മധുരം തോന്നും. വല്ല ശപ്പത്തരവും പറഞ്ഞ് അതിന് നല്ല ഉത്തരം കിട്ടുമ്പോള്‍ ഉത്തരം പറയുന്ന ആളുടെ വാക്കിന് മധുരമില്ലാ, പുളിക്കുന്നു എന്നും മറ്റും പറഞ്ഞാല്‍ ആരു സമ്മതിക്കും? — എന്താണു മലയാള സ്ത്രീകള്‍ക്കു ദോഷം പറഞ്ഞത്? — പുരുഷന്മാരെ ഉപദ്രവിക്കാന്‍ വളരെ കഴിയുന്നവരാണെന്നോ?
മാധവന്‍
അത്രമാത്രമല്ലാ, മലയാളത്തിലെ സ്ത്രീകള്‍ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യ ധര്‍മ്മം ആചരിക്കുന്നില്ലാ. ഭര്‍ത്താക്കന്മാരെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നയും പല സ്വതന്ത്രതകള്‍ ഉണ്ട്. അതുകൊണ്ട് മലയാള സ്ത്രീകള്‍ക്ക് ഗര്‍വ്വ് അധികം ഉണ്ട്, എന്നാണ് ഞാന്‍ പറഞ്ഞത്.
ഇന്ദുലേഖ
ശിക്ഷ! അതി മനോഹരമായ വാക്കു തന്നെ. മാധവന് ഇത്ര ഒക്കെ പഠിപ്പും അറിവും ഉണ്ടായിട്ട് ഇങ്ങനെയാണ് മലയാള സ്ത്രീകളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ആശ്ചര്യം തന്നെ.

ഈ സംഗതിയില്‍ ബുദ്ധിയുള്ള ഒരു മലയാള സ്ത്രീ മാധവനോടു താഴെപ്പറയും പ്രകാരം ഉത്തരം പറയും.

എന്താണ് പറഞ്ഞത്? — മലയാള സ്ത്രീകള്‍ പാതിവ്രത്യ ധര്‍മ്മം ആചരിക്കുന്നില്ലെന്നോ? കഷ്ടം! ഇതര രാജ്യങ്ങളില്‍ ഉള്ള സ്ത്രീകളെ പോലെ മലയാള സ്ത്രീകളും ധാരാളമായി പാതിവ്രത്യ ധര്‍മ്മം ആചരിക്കുന്നുണ്ട് — അസംഖ്യം സ്ത്രീകള്‍ ആചരിക്കുന്നുണ്ട്. ഒരു സ്ത്രീ പതിവ്രതാ ധര്‍മ്മം ആചരിക്കുന്നില്ലെന്നു പറഞ്ഞാല്‍ അവള്‍ വ്യഭിചാരിയാണെന്നാകുന്നു അര്‍ത്ഥം. കേരളത്തിലെ സ്ത്രീകള്‍ എല്ലാം, അല്ലെങ്കില്‍ അധിക പക്ഷവും വ്യഭിചാരികളാണെന്നു മാധവന്‍ പറയുന്നുവോ? അങ്ങനെ പറയുന്നുവെങ്കില്‍ അതു ഞാന്‍ വിശ്വസിക്കയില്ല — നിശ്ചയം. വ്യഭിചാരം എങ്ങും ഏതു ജാതിയിലും ഉണ്ടാവാം. എന്നാല്‍ ഞങ്ങള്‍ നായന്മാരുടെ സ്ത്രീകള്‍ അന്തര്‍ജ്ജനങ്ങളെപ്പോലെ അന്യജനങ്ങളോടു സംസാരിക്കാതെയും വിദ്യാഭ്യാസം ചെയ്യാതെയും ശുദ്ധമൃഗപ്രായമായി നടക്കുന്നില്ലാത്തതു കൊണ്ട് വ്യഭിചാരികളാണെന്നോ പതിവ്രതാധര്‍മ്മം ഇല്ലെന്നോ മാധവന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ഇത്ര അബദ്ധമായ വിചാരം വെറെ യാതൊന്നും ഇല്ലാ. യൂറോപ്പ്, അമേരിക്കാ മുതലായ രാജ്യങ്ങളിലെ സ്ത്രീകളുടെ സ്ഥിതി ആലോചിച്ചു നോക്കു. ഈ രാജ്യങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പഠിപ്പ്, അറിവ്, സ്വതന്ത്രത ഇതെല്ലാം ഒരു പോലെയല്ലേ? ഈ സ്ത്രീകളെല്ലാം വ്യഭിചാരികളോ? ഈ ദിക്കില്‍ സൌന്ദര്യമുള്ള സ്ത്രീകള്‍ക്ക് വല്ല വിദ്യാഭ്യാസവുമുണ്ടായാല്‍ അവളുമായി സംസാരിച്ച് വിനോദിപ്പാന്‍ പോവുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്ന് ക്ഷണേന ഉഹിച്ചു കളയുന്നു. ഇതില്‍ എത്ര കണ്ട് സത്യമുണ്ട്? സംഗീത വിദ്യ പരിചയിച്ച ഒരു സ്ത്രീ പാടുന്നത് കേട്ടപ്പോള്‍ ഒരു പത്തു പുരുഷന്മാര്‍ ഒന്നായി ചെന്ന് ഇരുന്ന് കേട്ടു പോന്നാല്‍ ആ പത്തു പുരുഷന്മാരും അവളുടെ ജാരന്മാരായി എന്നു പറയും വിഡ്ഢികളായ നിങ്ങള്‍. പുരുഷന്മാര്‍ അങ്ങനെതന്നെ ചെയ്യുന്നതിന് ഞങ്ങള്‍ വിചാരിച്ചാല്‍ എന്തു നിവൃത്തിയാണുള്ളത്? നിങ്ങള്‍ പുരുഷന്മാര്‍ തന്‍റേടമുള്ളവരാണെങ്കില്‍ സ്വജാതി സ്ത്രീകള്‍ക്ക് ഈ വിധം അപമാനം ഉണ്ടാകുവാന്‍ എട വരുത്തുമോ? ഒരു സ്ത്രീക്ക് പതിവ്രതാധര്‍മ്മത്തെ അശേഷം കളയാതെ അന്യപുരുഷന്മാരുമായി പലേ വിധത്തിലും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം. അങ്ങനെ വിനോദിക്കുന്നതും രസിക്കുന്നതും എല്ലാം വ്യഭിചാരത്തിനുള്ള ഏക വിചാരത്തിന്‍മേലാണെന്ന് ദുര്‍ബുദ്ധികള്‍ ധരിച്ചു വെറുതെ കേരളീയ സുന്ദരിമാരെ അപമാനിക്കുന്നതില്‍ മാധവന്‍ കൂടി ചേര്‍ന്നത് എനിക്ക് അത്യത്ഭുതമായിരിക്കുന്നു. എന്റെ വിചാരത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാതെ മൃഗങ്ങളെപ്പോലെ വളര്‍ത്തിക്കൊണ്ടു വരുന്നതാണ് വ്യഭിചാരത്തിന് അധികവും ഹേതു എന്നാകുന്നു. ഒരു പശുവിനോ ശ്വാവിനോ വ്യഭിചാരത്തില്‍ ലജ്ജയുണ്ടോ? എന്നാല്‍ പഠിപ്പും അറിവും ഉള്ളവര്‍ക്ക് ഒരു കാലവും വ്യഭിചാരത്തില്‍ സക്തി വരാന്‍ പാടില്ലെന്നല്ല ഞാന്‍ പറയുന്നത്. ദുര്‍ബുദ്ധിയും ദുര്‍വ്യാപാരവും എത്ര പഠിപ്പുള്ളവര്‍ക്കും ചിലപ്പോള്‍ ഉണ്ടാവാം. അതു ഉണ്ടാകുന്നത് പഠിപ്പു കൊണ്ടും അറിവു കൊണ്ടുമാണെന്ന് ചില ഭോഷന്മാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. പഠിപ്പും അറിവും ഈ വക ദര്‍ബുദ്ധിയെ നശിപ്പിക്കാനുള്ള മുഖ്യകാരണങ്ങളാണ്. ഭര്‍ത്താവിനെ ഇഷ്ടം പോലെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍ എന്ന് മാധവന്‍ ഒരു ദോഷം പറയുന്നുണ്ട്. മര്യാദയില്ലാത്ത ചില സ്ത്രീകള്‍ ഇങ്ങനെ ചെയ്യുന്നുണ്ടായിരിക്കാം. എന്നാല്‍ ഇങ്ങിനെ ചെയ്യവാനുള്ള ഒരു സ്വതന്ത്രത ഞങ്ങള്‍ക്കുള്ളത് എത്രയോ ശ്ലാഘനീയമായ ഒരു അവസ്ഥയാണ്. യൂറോപ്പില്‍ കൂടി ഈ സ്വാതന്ത്ര്യത ഇല്ല. യൂറോപ്പില്‍ ഉള്ള ബുദ്ധിശാലികളായ ചില ആളുകളും അമേരിക്കാ രാജ്യത്തിലുള്ള വളരെ മഹാന്മാരും ഈ സ്വതന്ത്രത എല്ലായ്പ്പോഴും ഉണ്ടായിരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടതായി ഞാന്‍ വായിച്ചിട്ടുണ്ട്. ഈ സ്വതന്ത്രത ഇല്ലായ്കയാല്‍ എത്ര ഭാര്യാഭര്‍ത്താക്കന്മാര്‍ യൂറോപ്പിലും ഇന്ത്യയിലും സങ്കടം അനുഭവിക്കുന്നു. ഈ സ്വതന്ത്രതയെ ദുര്‍വൃത്തിയായി ഉപയോഗിക്കാതെ ശരിയായി ആവശ്യമുള്ള ദിക്കില്‍ മാത്രം ഉപയോഗിച്ചു വന്നാല്‍ അത് സ്ത്രീ പുരുഷന്മാര്‍ക്കു വളരെ ഉപകാരമായി വരുന്നതാണ്. ഈ സ്വതന്ത്രത ഉണ്ടെന്ന് വെച്ച് മലയാളത്തില്‍ എത്ര സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുന്നുണ്ട്? എത്ര ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നുണ്ട്? ഈ മാതിരി എത്ര കാര്യങ്ങള്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളില്‍ ഈ മലയാളത്തിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ടെന്ന് മാധവന് കൃത്യമായി ഒരു കണക്ക് എടുപ്പാന്‍ കഴിയുമെങ്കില്‍ അപ്പോള്‍ തോന്നും ആയിരത്തില്‍ ഒന്നു കൂടി ഉണ്ടായി എന്നു പറവാന്‍ സംശയിക്കേണ്ടതാണെന്ന്. ചിലപ്പോള്‍ ചില ദിക്കില്‍ ഉണ്ടാവും. അതിന്നു കാരണങ്ങളും ഉണ്ടായിരിക്കും. അകാരണമായും ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാളുടെ ദുര്‍ബുദ്ധിയാലും ദുര്‍ല്ലഭം ഉണ്ടായി എന്നു വന്നേക്കാം. എന്നാല്‍ അവ കേരളീയ സ്ത്രീകള്‍ക്ക് സര്‍വ സാധാരണയാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം അപമാനിക്കുന്നത് കഷ്ടമാണ്. ഈ സ്വതന്ത്രത ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ അത് വേണ്ട ദിക്കിലേ ഉപയോഗിക്കാവു. ചിലപ്പോള്‍ ചിലര്‍ വേണ്ടാത്ത ദിക്കിലും ഉപയോഗിക്കുന്നുണ്ടായിരിക്കാം. അതുകൊണ്ട് അപമാനവും സിദ്ധിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ അത് ആ സ്വതന്ത്രതയുടെ ദോഷമല്ല. അതിനെ തെറ്റായി ഉപയോഗിക്കുന്നതിനാലുള്ള ദോഷമാണ്. അതു കൊണ്ട് മാധവന് എന്നോട് ദേഷ്യമുണ്ടെങ്കിലും എന്റെ മുഴുവന്‍ വര്‍ഗ്ഗക്കാരില്‍ ഈ ദൂഷ്യാരോപണം ചെയ്യാന്‍ ഞാന്‍ സമ്മതിക്കുകയില്ല, നിശ്ചയം തന്നെ.”

മാധവന്‍
ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടപ്പോഴെല്ലാം യഥേഷ്ടം അന്യോന്യമുള്ള സംബന്ധം വിടര്‍ത്താന്‍ അവരിരുവരിലാര്‍ക്കെങ്കിലും അധികാരമുണ്ടായി വരുന്നത് നല്ല സ്വതന്ത്രതയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഈ നിലയായാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള ബന്ധം ഒരു കരാറിനാല്‍ ഉണ്ടാവുന്ന സംബന്ധം പോലെയായി. അതില്‍ ഒരു രുചിയും ശ്ലാഘ്യതയും എനിക്ക് തോന്നുന്നില്ല.
ഇന്ദുലേഖ
(ചിരിച്ചും കൊണ്ട്) എന്നാല്‍ മലയാളമാതിരിയുള്ള സംബന്ധത്തില്‍ മാധവന് രുചിയില്ലായിരിക്കും; അല്ലേ?
മാധവന്‍
ഇല്ലാ.
ഇന്ദുലേഖ
അങ്ങനെയാണെങ്കില്‍ മുമ്പു പറഞ്ഞില്ലെ അന്യരാജ്യത്തെങ്ങാനും പൊയ്കളയാമെന്ന്? അങ്ങനെ ചെയ്തോളു. അതാണ് നല്ലത്.
മാധവന്‍
അതിനു തന്നെയാണ് ഭാവം. ഇന്ദുലേഖയ്ക്ക് അതിന് സമ്മതം തന്നെയോ?
ഇന്ദുലേഖ
എന്റെ സമ്മതം എന്തിനാണ്?
മാധവന്‍
ഇന്ദുലേഖ എന്റെ ഭാര്യയായിരിക്കുമെങ്കില്‍ എനിക്ക് മലയാളം തന്നെയാണ് <--\linebreak--> സ്വര്‍ഗ്ഗം.
ഇന്ദുലേഖ
അപ്പോള്‍ മാലയാള മാതിരി സംബന്ധം സാരമില്ലാത്ത മാതിരിയാണെന്നല്ലേ പറഞ്ഞത്? പിന്നെ അതില്‍ എന്തിന് കാംക്ഷിക്കുന്നു?
മാധവന്‍
അത് ഇന്ദുലേഖയ്ക്കും എനിക്കും സംബന്ധിക്കുകയില്ല.
ഇന്ദുലേഖ
ശരി; നല്ല വാക്ക്.

ഇങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്ദുലേഖയുടെ അമ്മ മുകളിലേക്ക് വന്നും രണ്ടാളെയും പരിഹാസം തുടങ്ങി. അപ്പോഴത്തെ സ്വകാര്യ സല്ലാപവും അന്നത്തെ നായാട്ടും മാധവനു മുടങ്ങുകയും ചെയ്തു.

എനി ഈ പൂര്‍വ്വകഥ ചുരുക്കിപ്പറയുന്നു.

മാധവന്‍ ക്രമേണ വ്യഥ സഹിപ്പാന്‍ പാടില്ലാതെ ആയിത്തുടങ്ങി. ഭക്ഷണം, നിദ്ര ഈ വകയില്‍ അശേഷം ശ്രദ്ധയില്ലാതെ ആയി എന്നു തന്നെ പറയാം. ഇന്ദുലേഖയുടെ മാളികയില്‍ അധികം പോയി ഇരിക്കാറും ഇല്ലാതായി. ഒരു ദിവസം ഇന്ദുലേഖയുമായി മാധവന്റെ അമ്മ (പാര്‍വ്വതി അമ്മ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഗതി വശാല്‍ മാധവന്റെ പ്രസ്താവം വന്നതില്‍, എന്തോ അകാരണമായി ഒരു കുണ്ഠിതം, എന്നു പാര്‍വ്വതി അമ്മ പറഞ്ഞു.

ഇന്ദുലേഖ
അകാരണമായിരിക്കില്ല.
പാര്‍വ്വതി അമ്മ
ഞാന്‍ ഒരു കാരണവും കാണുന്നില്ലാ, ചോറ് അവന്‍ ഉണ്ണുന്നില്ല; രണ്ടു നേരവും കൂടി കഷ്ടിച്ച് ഉരി അരി ചെല്ലുന്നില്ലാ. പാലോ ചായയോ ഒന്നും തന്നെ കഴിക്കുന്നില്ലാ. രാത്രി അവന്ന് ഉറക്കവുമില്ലെന്ന് കൂടെയുള്ളവര്‍ പറയുന്നു. എന്തോ വല്ല ദീനവും വന്നു പിടിക്കുമോ എന്നറിഞ്ഞില്ലാ.
ഇന്ദുലേഖ
എന്നാല്‍ ഞാന്‍ ഒന്നു ചോദിക്കാം. ഇങ്ങട്ടു വരാന്‍ പറയൂ.

പാര്‍വ്വതി അമ്മ പോയി മാധവനോട് പറഞ്ഞു. മാധവന്‍ ഇന്ദുലേഖയുടെ മാളികയിന്മേല്‍ ചെന്നു.

ഇന്ദുലേഖ
എന്താ ഇയ്യെടെ ഇങ്ങട്ടു വരവ് ഒന്ന് ചുരുങ്ങിയിരിക്കുന്നു.
മാധവന്‍
വരാന്‍ എനിക്ക് മനസ്സിന്ന് അശേഷം സുഖമില്ല.
ഇന്ദുലേഖ
ഇവിടെ വരുമ്പോഴാണ് സുഖക്കേട്?
മാധവന്‍
അതെ സുഖക്കേട് അധികമാവുന്നത് ഇവിടെ വരുമ്പോഴാണ്. സുഖക്കേട് സാധാരണ എല്ലായ്പ്പോഴും ഉണ്ട്.
ഇന്ദുലേഖ
ഞാന്‍ മേല്കഴുകാന്‍ പോകുന്നു. ആ കോച്ചിന്മേല്‍ ന്യൂസ്പേപ്പര്‍ വായിച്ചു കിടക്കൂ. ഞാന്‍ ക്ഷണം വരാം. എന്നിട്ട് വിവരങ്ങള്‍ പറയാം.

മാധവന്‍ കോച്ചിന്മേല്‍ കിടന്നു. ന്യൂസ്പേപ്പര്‍ തൊട്ടില്ല. ഇന്ദുലേഖ, “ന്യൂസ് പേപ്പര്‍ എന്തു പിഴച്ചു?” എന്ന് ചോദിച്ചു ചിറിച്ചും കൊണ്ട് മേല്‍ കഴുകാന്‍ താഴത്തിറങ്ങുമ്പോള്‍ മുകളിലേക്ക് ഒരു വാലിയക്കാരന്‍ മാധവന് ഒരു കമ്പിവര്‍ത്തമാനലക്കോട്ടു കൊണ്ടു കയറുന്നതു കണ്ടു. എന്തോ പരീക്ഷയുടെ സംഗതിയായിരിക്കുമെന്നു വിചാരിച്ചു ലക്കോട്ട് ഇന്ദുലേഖാ സംശയം കൂടാതെ വാങ്ങി പൊളിച്ചു വായിച്ചപ്പോള്‍ ബഹു സന്തോഷമായി. ഉടനെ ഓടിക്കൊണ്ടു മുകളില്‍ ചെന്ന് “ബി.എല്‍ . ജയിച്ചു” എന്നു പറഞ്ഞ് മാധവന്റെ അടുക്കെ കമ്പിവര്‍ത്തമാനക്കടലാസ്സും കൊണ്ടുപോയി നിന്നു.

മാധവന്‍
“ശരി; നന്നായി,” എന്നു മാത്രം പറഞ്ഞു. കടലാസ്സു വാങ്ങിയതേയില്ല. പിന്നെ ഒരക്ഷരവും ഉരിയാടിയില്ല. കിടന്നേടത്തു നിന്ന് ഇളകിയതേ ഇല്ല. ഇന്ദുലേഖയുടെ ചന്ദ്രബിംബ സമമായ മുഖത്ത് ഒരു സങ്കടത്തോടുകൂടെ എന്നപോലെ നോക്കിക്കൊണ്ടു കിടന്നതേ ഉള്ളൂ. ഇതു കണ്ടപ്പോള്‍ ഇന്ദുലേഖയ്ക്ക് അതികഠിനമായ ഒരു വ്യഥ ഉണ്ടായി എങ്കിലും അതിനെ ധൈര്യത്തോടെ അടക്കി.
ഇന്ദുലേഖ
ഇത് എന്ത് കഥയാണ്! ഒരു വ്യസന ഭാവം കാണുന്നത്? ബി.എല്‍. ഒന്നാം ക്ലാസ്സില്‍ ഒന്നാമനായി ജയിച്ചു എന്ന് അറിയിച്ചാല്‍ ഇത്ര വ്യസനമോ? ഇങ്ങനെ അനാസ്ഥനായി കിടക്കുന്നത് ആശ്ചര്യം! ആശ്ചര്യം!
മാധവന്‍
എനിക്ക് ഇതില്‍ ഒരാസ്ഥയും ഇല്ല. ബി.എല്‍. പാസ്സായാലും ഇല്ലെങ്കിലും എല്ലാം എനിക്ക് ഒരു പോലെ.
ഇന്ദുലേഖ
ജയിച്ച വിവരം ഞാന്‍ പോയി വലിയച്ഛനോടും നമ്മള്‍ രണ്ടാളുടെ അമ്മമാരോടും പറയട്ടെ. ഞാന്‍ തന്നെ ഓടിപ്പോയി പറയും; അവര്‍ക്കെങ്കിലും സന്തോഷമുണ്ടാകും.
മാധവന്‍
എന്തിന് ഇന്ദുലേഖ ഇത്ര ബുദ്ധി മുട്ടുന്നു? അവരോടൊക്കെ ഞാന്‍ തന്നെ പോയി സാവധാനത്തില്‍ പറയാമല്ലൊ. എന്താണ് ബദ്ധപ്പാട്?
ഇന്ദുലേഖ
ഞാന്‍ തന്നെ ക്ഷണം പോയി പറയും. ടെലിഗ്രാം വായിക്കണ്ടേ? ഇതാ <--\linebreak--> നോക്കൂ.
മാധവന്‍
എനിക്കു വായിക്കണമെന്നില്ല. എനിക്ക് ഈ ബി.എല്‍. പാസ്സായതില്‍ ഒരു സന്തോഷവുമില്ല.
ഇന്ദുലേഖ
അതെന്തുകൊണ്ട്?
മാധവന്‍
എന്റെ മനസ്സിന്റെ വ്യസനം കൊണ്ട്.
ഇന്ദുലേഖ
ബി.എല്‍. പാസ്സായാല്‍ വ്യസനമാണോ?
മാധവന്‍
ഇന്ദുലേഖയ്ക്ക് ഇത്ര കഠിനമായ കല്ലു പോലത്തെ ഹൃദയമായതു ഞാന്‍ മുമ്പു അറിഞ്ഞിരുന്നുവെങ്കില്‍ — എന്നു പറഞ്ഞു നിര്‍ത്തി.
ഇന്ദുലേഖ
അറിഞ്ഞിരുന്നുവെങ്കില്‍? എന്താണ് മുഴുവന്‍ പറയരുതെ?
മാധവന്‍
അറിഞ്ഞിരുന്നുവെങ്കില്‍ —
ഇന്ദുലേഖ
അറിഞ്ഞിരുന്നുവെങ്കില്‍? എന്താണ്?

ഇന്ദുലേഖ ഈ വാക്കും പറഞ്ഞു കൊണ്ടു മാധവന്റെ സമീപത്തില്‍ കുറേക്കൂടി അടുത്തു നിന്നു.

മാധവന്‍
അറിഞ്ഞിരുന്നുവെങ്കില്‍ എനിക്ക് ഈ സങ്കടവും നാശവും വരികയില്ലായിരുന്നു.
ഇന്ദുലേഖ
സങ്കടവും നാശവും — അല്ലെ?
മാധവന്‍
മനസ്സ് ഇത്രയും നിര്‍ദ്ദയമായിപ്പോയല്ലൊ.
ഇന്ദുലേഖ
ആട്ടെ, ആ വിവരം ഞാന്‍ വന്നിട്ടു പറയാം. ബി.എല്‍. ജയിച്ച വിവരം എനിക്കുതന്നെ പോയി വലിയച്ഛനോടും നമ്മടെ രണ്ടാളുടെയും അമ്മമാരോടും പറയണം. ഞാന്‍ ഇതാ പോവുന്നു. ഓടിപ്പോയി പറഞ്ഞു വരാം. ഇവിടെത്തന്നെ കിടക്കു. പരീക്ഷയില്‍ ജയിച്ചു എന്നു വന്ന് പറഞ്ഞാല്‍ ഇങ്ങിനെ സങ്കടപ്പെടുകയാണ് വേണ്ടത്?
മാധവന്‍
ഇന്ദുലേഖ എനിക്കുവേണ്ടി ഇത്ര ബുദ്ധിമുട്ടണ്ട. എനിക്ക് പാസ്സായതില്‍ ഒരു സന്തോഷവുമില്ല. എന്റെ ജീവനും ശരീരവും വേര്‍വിടണം എന്നു ദൈവത്തോട് ഒരു <--\linebreak--> പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ. പ്രാണവേദനയില്‍ എനിക്ക് എന്തു പരീക്ഷ?

എന്നു പറഞ്ഞപ്പോഴേക്കു മാധവന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി.

മാധവന്റെ ഈ സ്ഥിതി കണ്ടപ്പോള്‍ ഇന്ദുലേഖയുടെ ഹൃദയം കഠിനമായി തപിച്ചു ദഹിച്ചു പോയി എന്നു തന്നെ പറയാം. തനിക്ക് തല്‍ക്ഷണം ഒരു പ്രകാരത്തിലും അടക്കുവാന്‍ ശക്തിയില്ലാത്തവിധം അത്യുല്ക്കടമായി ഉണ്ടായ വ്യസനാനുരാഗങ്ങളാല്‍ കേവലം പരവശയായി ഇന്ദുലേഖാ കോച്ചിന്മേലേക്ക് അടുത്തുചെന്നു മാധവന്റെ അതികോമളമായ മുഖം തന്റെ ചന്ദ്രവദനത്തില്‍ ചേര്‍ത്തു ദീര്‍ഘനിശ്വാസത്തോടെ അധരങ്ങളില്‍ ഒരു ചുംബനം ചെയ്തു.

“എന്റെ ജീവനാഥനായുള്ള ഭര്‍ത്താവേ! എന്തിന് ഇങ്ങനെ വ്യസനിക്കുന്നു. ഞാന്‍ അങ്ങെ രണ്ടു കൊല്ലങ്ങള്‍ക്ക് മുന്പുതന്നെ എന്റെ മനസ്സില്‍ ഭര്‍ത്താവാക്കി വെച്ചിരിക്കുന്നുവല്ലോ. യഥേഷ്ടം സുഖമായി ഇരുന്നു കൊള്ളണം. എന്റെ മനസ്സ്, ഇതുവരെ മാധവനെ ഒഴികെ ഒരാളെയും കാമിച്ചിട്ടില്ല — എനി കാമിക്കുന്നതുമല്ലാ,” പറഞ്ഞു മാധവന്റെ മാറത്തു തന്നെ ഒരു നിമിഷനേരം കിടന്നു. മാധവന്റെ കണ്ണീര്‍ തന്റെ കൈകൊണ്ടു തുടച്ചു. പിന്നെ എണീറ്റു നിന്നു.

ഇന്ദുലേഖാ ആദ്യം പറഞ്ഞ രണ്ടുനാലു വാക്കുകള്‍ മാത്രമേ മാധവന്‍ നന്നായി കേട്ടിട്ടുള്ളൂ. ഉടനെ ആനന്ദ സമുദ്രത്തില്‍ മുങ്ങിപ്പോയതിനാല്‍ ഒന്നും കേള്‍ക്കാതെയും കാണാതെയും ആയി അല്പനേരം കഴിഞ്ഞു സുബോധം വന്നതുപോലെ എഴുനീറ്റു.

മാധവന്‍
എനി ഞാന്‍ ബി.എല്‍. പാസ്സായി എന്ന് എല്ലാവരോടും പറഞ്ഞോളൂ. എനിക്ക് ഈ ജന്മം വരുന്ന സകല ശ്രേയസ്സുകളും അഭ്യുദയങ്ങളും ഇന്ദുലേഖ കൂടി എന്നോടുകൂടെ അനുഭവിക്കുന്നതായാലേ ഈ ഇഹലോകവാസത്തിന്നു ഞാന്‍ ഇച്ഛിക്കുന്നുള്ളൂ. അത് എനിക്കു സാദ്ധ്യമായി. ഞാന്‍ മാഹാഭാഗ്യവാന്‍ തന്നെ. സംശയമില്ല. എനി ഞാന്‍ പാസ്സായ വിവരം ഇന്ദുലേഖ തന്നെപ്പോയി അറിയിക്കുന്നതാണ് ഉത്തമം.

ഇങ്ങനെയാണ് ഇവരുടെ അന്തഃകരണവിവാഹം മുമ്പു തന്നെ കഴിച്ചുവെച്ചിരുന്നത്.

എന്നാല്‍ ഇവരു തമ്മില്‍ ചേര്‍ച്ചയായിരിക്കുന്നു എന്നും ഒരു സമയം മാധവന്‍ തന്നെയാണ് ഇന്ദുലേഖയുടെ ഭര്‍ത്താവായിരിപ്പാന്‍ എടയുള്ളത് എന്നും പഞ്ചുമേനോന്‍ അറിഞ്ഞിട്ടുണ്ട്. തനിക്ക് അതില്‍ വളരെ സുഖം തോന്നീട്ടില്ലെങ്കിലും കേവലം വിരസത അന്നു ഭാവിച്ചിട്ടില്ലായിരുന്നു.