close
Sayahna Sayahna
Search

പഞ്ചുമേനോന്റെ ക്രോധം


തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെയായി. താന്‍ നേരിട്ട് കാണുന്ന സര്‍വ്വ ജനങ്ങളേയും ഒരുപോലെ ശകാരവും, പാടുള്ളേടത്ത് പ്രഹരവും തുടങ്ങി. ഒന്നാമത് ചാത്തരമേനോനെ വിളിക്കാന്‍ പറഞ്ഞു. വളരെ സാധുവും ക്ഷമാഗുണമുള്ളവനും ആയ ചാത്തരമേനോന്റെ മുമ്പില്‍ വന്നു പഞ്ചപുച്ഛമടക്കി ഭയപ്പെട്ടുകൊണ്ട് നന്നു.

പഞ്ചുമേനോന്‍
എടാ കുരുത്തംകെട്ട കറുവേറി, തെമ്മാടി, ശിന്നനെ മദിരാശിക്ക് അയച്ചുവോ? എടാ!
ചാത്തരമേനോന്‍
ശിന്നനെ മദിരാശിക്ക് മാധവന്‍ കൊണ്ടുപോയി.
പഞ്ചുമേനോന്‍
നിന്റെ സമ്മതം കൂടാതെയോ?
ചാത്തരമേനോന്‍
എന്നോടു പ്രത്യേകം സമ്മതം ഒന്നും ചോദിച്ചിട്ടില്ലാ.
പഞ്ചുമേനോന്‍
നിന്റെ സമ്മതം കൂടാതെയോ കൂടീട്ടോ കൊണ്ടുപോയത്? — അതു പറ, തെമ്മാടീ. അതു പറ.
ചാത്തരമേനോന്‍
ഞാന്‍ വിരോധിച്ചിട്ടില്ലാ.
പഞ്ചുമേനോന്‍
എന്തുകൊണ്ട് നീ വിരോധിച്ചിട്ടില്ലാ? എനിക്ക് ഈ കാര്യം സമ്മതമല്ലെന്നു നിനക്ക് അറിയില്ലേ? പിന്നെന്തുകൊണ്ട് വിരോധിച്ചിട്ടില്ലാ?
ചാത്തരമേനോന്‍
വലിയമ്മാമനോട് അച്ഛന്‍ ചോദിച്ചു സമ്മതം വാങ്ങി എന്നു പറഞ്ഞു.
പഞ്ചുമേനോന്‍
ഏതു അച്ഛന്‍? കോമട്ടിയോ ആ കുരുത്തംകെട്ട കോമട്ടിയെ തറവാട്ടില്‍ കയറ്റിയ മുതല്‍ ഇവിടെ കുരത്തക്കേടെ ഉണ്ടായിട്ടുള്ളൂ. ആ കോമട്ടി നിന്നോട് എന്താണ് പറഞ്ഞത്?
ചാത്തരമേനോന്‍
അച്ഛന്‍ ചോദിച്ചു സമ്മതം വാങ്ങി എന്ന് ഗോപാലനാണ് എന്നോടു പറഞ്ഞത്.
പഞ്ചുമേനോന്‍
ഗോപാലനെ വിളിക്ക്.

ഈ ഗോപാലന്‍ കുറെ ധൃതിക്കാരനും അവിവേകിയും ആയ ഒരു ചെറുപ്പക്കാരനാണ്. കല്പനപ്രകാരം ഗോപാലന്‍ കാരണവരുടെ മുമ്പില്‍ വന്നു നിന്നു.

പഞ്ചുമേനോന്‍
നിന്നോട് അച്ഛന്‍ കോമട്ടി എന്താണെടാ പറഞ്ഞത്? ശിന്നനെ അയയ്ക്കാന്‍ ഞാന്‍ സമ്മതിച്ചു എന്നു പറഞ്ഞുവോ?
ഗോപാലന്‍
എന്റെ അച്ഛന്‍ കോമട്ടി അല്ല — പട്ടരാണ്.
പഞ്ചുമേനോന്‍
എന്തു പറഞ്ഞു നീ — കുരുത്തംകെട്ട ചെക്കാ !

എന്നു പറഞ്ഞ് പഞ്ചുമേനോന്‍ എഴുനീറ്റു ഗോപാലനെ രണ്ടുമൂന്നു പ്രഹരിച്ചു.

ഗോപാലന്‍
എന്നെ വെറുതെ തല്ലണ്ട.
പഞ്ചുമേനോന്‍
തല്ലിയാല്‍ എന്താണെടാ? ഇപ്പോള്‍ തല്ലിയില്ലേ? എന്നിട്ട് എന്താണ്, നീ കൊണ്ടില്ലേ?

അപ്പോഴേക്കും ശങ്കരമേനോന്‍ ഓടിയെത്തി. അമ്മാമന്റെ മുമ്പില്‍ പോയിനിന്നു ഗോപാലനെ പിടിച്ച് അകറ്റി പിന്നില്‍ നിര്‍ത്തി.

പഞ്ചുമേനോന്‍
ശങ്കരാ, ഇവിടെ കാര്യമെല്ലാം തെറ്റിക്കാണുന്നു. കലിയുഗത്തിന്റെ വിശേഷം! ആ കുരുത്തംകെട്ട മാധവന്‍ എന്നെ അവമാനിച്ചത് എല്ലാം നീ കേട്ടില്ലേ? അവനെ എന്റെ കഷ്ടകാലത്തിന് ഞാന്‍ ഇങ്കിരീസ്സു പഠിപ്പിച്ചതിനാല്‍ എനിക്കു വന്ന ദോഷമാണ് ഇത്. അത് ഇരിക്കട്ടെ. ഇപ്പോള്‍ ഈ തെക്കും വടക്കും തിരിയാത്ത ഈ ചെക്കന്‍ ഗോപാലന്‍ കൂടി എന്നോട് ഉത്തരം പറയുന്നു. ഇവന്റെ പല്ലു തള്ളിക്കളയണ്ടേ?
ശങ്കരമേനോന്‍
ഈ കാലത്തു കുട്ടികളോട് അധികം സംസാരിക്കാന്‍ പോകാതെ ഇരിക്കുന്നതാണ് നല്ലത്. ഗുരുത്വം ലേശമില്ലാത്ത കാലമാണ്. ഞാന്‍ ഇവറ്റകളോട് ഒന്നും പറയാറില്ല.
പഞ്ചുമേനോന്‍
നീയ്യാണ് ഇവരെയെല്ലാം ഇങ്ങനെ തുമ്പില്ലാതെ ആക്കുന്നത്. ആട്ടെ — ചാത്തര, ഇനിമേലില്‍ ചെറുതുരുത്തിക്കളത്തിലെ കാര്യം ഒന്നും നോക്കണ്ട. കാര്യം ഇപ്പോള്‍ വെക്കണം. പിരിഞ്ഞ പണത്തിന്റെ കണക്കും കാണിക്കണം — ഈ നിമിഷം വേണം.
ചാത്തരമേനോന്‍
വലിയമ്മാമന്റെ കല്പനപോലെ നടക്കാം.
പഞ്ചുമേനോന്‍
കഴുവേറി! നിണക്കു വലിയമ്മാമന്റെ കല്പനയോ? കോമട്ടിയുടെ മകന്‍ അല്ലേ എടാ നീ? അതുകൊണ്ടാണ് നീ ഇങ്ങനെ കുരുത്തംകെട്ടു പോയത്. നിണക്കു വല്ലതും വേണമെങ്കില്‍ ഇഷ്ടം കൂടാതെ ഉണ്ടാകയില്ല. മാധവന് അവന്റെ അച്ഛന്‍ അധിക പ്രസംഗി ഗോവിന്ദപ്പണിക്കര്‍ കൊടുക്കും. ഗോവിന്ദപ്പണിക്കര്‍ക്ക് കുടുംബവും ഇല്ലാ. ആ അഹമ്മതിയാണ് മാധവന്. നിന്റെ അച്ഛന്‍ കോമട്ടിക്ക് എന്തു തരുവാന്‍ കഴിയും? സദ്യയില്‍ എച്ചിലില്‍ നിന്നു വാരുന്ന പപ്പടവും പഴവും — അല്ലേ? മറ്റെന്തുണ്ട് ആ കോമട്ടിക്ക്? നീ എന്തിന്നു പിന്നെ ഇത്ര കുറുമ്പു കാണിക്കുന്നു. കുരുത്തംകെട്ട ചെക്കാ! നീ എന്താണ് മിണ്ടാത്തത്?
ചാത്തരമേനോന്‍
എനിക്ക് എല്ലാറ്റിനും വലിയമ്മാമന്‍ തന്നെ ഗതിയുള്ളൂ.
പഞ്ചുമേനോന്‍
പിന്നെ നീ എന്തിനു മാധവനെ പോലെ കുറുമ്പു കാണിക്കുന്നു? ആരെടാ ശിന്നന് ചെലവിന് പണം കൊടുത്തത്?
ചാത്തരമേനോന്‍
അച്ഛനാണെന്നു പറഞ്ഞു ഗോപാലന്‍.
പഞ്ചുമേനോന്‍
(ഗോപാലനോട്) അങ്ങനെതന്നെയോ?
ഗോപാലന്‍
അച്ഛനാണു കൊടുത്തത്.
പഞ്ചുമേനോന്‍
അച്ചന്‍ — നിന്റെ അച്ഛന്‍ പാലക്കാട്ടു കോമട്ടി. കടക്കൊള്ളി ഉന്തിക്കഴിഞ്ഞ എരപ്പാളി! അവന് എവിടുന്നായിരുന്നു പണം?
ഗോപാലന്‍
എന്റെ അച്ഛന്‍ കോമട്ടിയല്ലാ.
പഞ്ചുമേനോന്‍
അധിക പ്രസംഗം പറയണ്ടാ.

പഞ്ചുമേനോന്‍ എണീറ്റു തല്ലാന്‍ ഓടിയെത്തി. ശങ്കരമേനോന്‍ മദ്ധ്യത്തില്‍ ചാടി. അമ്മാമന്റെ കോപം ശമിപ്പിക്കാന്‍ ശ്രമിച്ചതില്‍ രണ്ടുമൂന്നു പ്രഹരം അയാള്‍ക്കും കിട്ടി.

പഞ്ചുമേനോന്‍
ശങ്കരാ! ഗോപാലനെ ഏല്പിച്ച പറമ്പുകള്‍ എല്ലാം ഇപ്പോള്‍ തിരിയെ വാങ്ങണം. ഈ അസത്തിന്ന് എനി ഒരു കാശുപോലും ഞാന്‍ കൊടുക്കയില്ല.
ഗോപാലന്‍
പറമ്പുകള്‍ എല്ലാം ഞാന്‍ ഒരു കൊല്ലത്തേക്ക് കുടിയാന്മാരെ പാട്ടത്തിന് ഏല്‍പ്പിച്ചിരിക്കുന്നു. കൊല്ലം കഴിഞ്ഞേ കുടിയാന്മാര് ഒഴികയുള്ളൂ.
പഞ്ചുമേനോന്‍
നീ ഒഴിയില്ലേ?
ഗോപാലന്‍
കുടിയാന്മാരാണ് ഒഴിയേണ്ടത്.
പഞ്ചുമേനോന്‍
നീ ഒഴിയില്ലേ? നിണക്കു കാണണോ ഒഴിയുന്നത്. ഒഴിയുന്നത് നിണക്കു കാണണോ?
ഗോപാലന്‍
ഒഴിയുന്നത് ഞാന്‍ കണ്ടോളാം.
പഞ്ചുമേനോന്‍
നീ ഒഴിയുമോ ഇല്ലയോ?
ഗോപാലന്‍
എന്റെ കൈവശം പറമ്പുകള്‍ ഇല്ല.
പഞ്ചുമേനോന്‍
“എന്താണ് — എടാ കള്ളാ — കളവു പറയുന്നുവോ?” നിന്നെ ഞാന്‍ പറമ്പുകള്‍ ഏല്പിച്ചിട്ടില്ലെന്നു പറയുന്നുവോ?
ഗോപാലന്‍
ഏല്പിച്ചിട്ടില്ലെന്നു ഞാന്‍ പറഞ്ഞില്ല. ഞാന്‍ ഒരു കൊല്ലത്തേക്ക് വേറെ ആളെ ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്.
പഞ്ചുമേനോന്‍
നീ ഓരോ ദുസ്തര്‍ക്കങ്ങള്‍ പറയുന്നുവോ?

എന്നു പറഞ്ഞ് മേനോന്‍ എണീറ്റു പിന്നെയും തല്ലാന്‍ ഓടിയെത്തി. ഗോപാലന്‍ ഓടിക്കളഞ്ഞു. പിന്നാലെത്തന്നെ വൃദ്ധനും മുമ്പില്‍ ഗോപാലനും ഓടി അകത്തു നിന്നു പുറത്തുചാടി. മിറ്റത്ത് ആസകലം ഓടി; ഒടുവില്‍ കിടങ്ങിന്റെ വാതില്‍ ഓടിക്കടക്കുമ്പോള്‍ പഞ്ചുമേനോന്‍ വീണ് കാലിന്റെ മുട്ടുകള്‍ പൊട്ടി. അപ്പോഴേക്കും ശങ്കരമേനോന്‍ ചെന്നു പിടിച്ച് എടുത്തു. പഞ്ചുമേനോന്‍ വലിയ ദേഷ്യത്തോടുകൂടി പിന്നെയും ഓടാന്‍ ഭാവിച്ചു. ശങ്കരമേനോന്‍ പിടിച്ചു നിര്‍ത്തി സാന്ത്വനവാക്കുകള്‍ പറഞ്ഞു.

പഞ്ചുമേനോന്‍
നാരായണ! — കാലവൈഭവം നോക്കൂ — കലിയുഗത്തിന്റെ ഒരു വിശേഷം. ആ കുരുത്തംകെട്ട ചെക്കന്റെ വഴിയെ ഓടിവീണ് ഇതാ എന്റെ കാലുകള്‍ പൊട്ടി. ഞാന്‍ ഇതെല്ലാം അനുഭവിക്കാറായല്ലോ. കുമ്മിണിക്കും ഈ കുരുത്തംകെട്ട കുട്ടികള്‍ക്കും എനി അര പയിസ്സപോലും അനുഭവമുള്ള യാതൊരു വസ്തുവും കൊടുക്കരുത്; സകലവും ഇന്ന് ഏറ്റുവാങ്ങണം ശങ്കരാ. വാലിയക്കാരും ദാസിമാരും ചോറു തിന്നുന്നതുപോലെ ചോറുമാത്രം തിന്നോട്ടെ

എന്നും പറഞ്ഞു പഞ്ചുമേനോന്‍ അതിദേഷ്യത്തോടെ മാധവന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കരെ ഒരു ശകാരിക്കണം എന്നു നിശ്ചയിച്ച് അദ്ദേഹത്തിന്റെ ഭവനത്തിലേക്കു പുറപ്പെട്ടു. വഴിയില്‍വെച്ച് ശീനുപ്പട്ടരെ കണ്ടു.

പഞ്ചുമേനോന്‍
എന്താണു താന്‍ മിനിയാന്നു മാളികയിന്മേല്‍ നിന്നു പറഞ്ഞത്?
ശീനുപ്പട്ടര്‍
എന്തോ എനിക്ക് ഓര്‍മ്മയില്ല.
പഞ്ചുമേനോന്‍
കോമട്ടീ! ഓര്‍മ്മയില്ലേ?
ശീനുപ്പട്ടര്‍
എന്തിനു ബ്രാഹ്മണരെ വെറുതെ അപമാനവാക്കു പറയുന്നു?
പഞ്ചുമേനോന്‍
ബ്രാഹ്മണന്‍! താന്‍ ബ്രാഹ്മണനല്ല. താന്‍ എന്താണു പറഞ്ഞത്?

ശീനുപ്പട്ടര്‍ക്ക് കുറെ ദേഷ്യം വന്നു.

ശീനുപ്പട്ടര്‍
നിങ്ങള്‍ കുട്ടിയെ കഴുവിന്മേല്‍ കയറ്റാന്‍ പറഞ്ഞപ്പോള്‍ അങ്ങിനെയല്ല ഇങ്കിരീസ്സു പഠിപ്പിക്കാറ് എന്ന് ഞാന്‍ പറഞ്ഞു.
പഞ്ചുമേനോന്‍
താന്‍ ഇനി മേലില്‍ എന്റെ വീട്ടില്‍ കടക്കരുത്.
ശീനുപ്പട്ടര്‍
ഓ — ഹോ. എനിക്കു പൂര്‍ണ്ണ സമ്മതം. കടക്കുന്നില്ല.
പഞ്ചുമേനോന്‍
ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുത്.
ശീനുപ്പട്ടര്‍
അതു നിങ്ങളുടെ കല്പനയല്ലാ. എല്ലാ ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മണനു പോവാം.
പഞ്ചുമേനോന്‍
എന്റെ ഊട്ടിലും അമ്പലത്തിലും എന്റെ സമ്മതം കൂടാതെ താന്‍ കടക്കുമോ? കാണട്ടെ എന്നാല്‍.
ശീനുപ്പട്ടര്‍
എന്താണ് കാണാന്‍? ശരിയായിട്ടും കടക്കും. വിരോധിച്ചാല്‍ ഞാന്‍ നിങ്ങളെമേല്‍ അന്യായം കൊടുക്കും.

പഞ്ചുമേനോന്‍ “എന്തു് പറഞ്ഞു കൊമട്ടി, എന്നു പറ പട്ടരുടെ നേരെ അടുത്തു. ഈ ഒച്ചയും കൂട്ടവും എല്ലാം കേട്ടു ശങ്കരമേനോന്‍ ഓടിയെത്തി. പട്ടരോട് ഓടിക്കോളാന്‍ ഭാവം കൊണ്ട് അറിയിച്ചു. താന്‍ അമ്മാവന്റെ അടുക്കെ പോയിനിന്നു സമാധാനം പറഞ്ഞു തുടങ്ങി.

പഞ്ചുമേനോന്‍
ഈ ശീനുപ്പട്ടരെ ഈ ദിക്കില്‍ എനി ഞാന്‍ കാണരുത്. എന്റെ മേല്‍ അന്യായം കൊടുക്കുമ്പോള്‍! അസത്ത്, ദുഷ്ടന്‍, പാപി, ദിവാന്‍ജി അമ്മാമന്റെ കൂടി കുട്ടിപ്പട്ടരായി നടന്നവനാണ് ഈ കോമട്ടി. എന്റെ വിഡ്ഢിത്തംകൊണ്ടു തറവാട്ടില്‍ കയറ്റി. അവന്റെ മാതിരിത്തന്നെ അസത്തുക്കളായ രണ്ടുനാലു കുട്ടികളെയും ഉണ്ടാക്കിവെച്ചു. അവരുനിമിത്തം ഇപ്പോള്‍ സ്വന്തം മരുമകന്‍ , എന്റെ സ്വന്തം കുട്ടി മാധവനുമായിട്ടുതന്നെ ഞാന്‍ ശണ്ഠ ഇടാന്‍ കാരണമായി. 

“സ്വന്തം കുട്ടി മാധവന്‍” എന്നു പറഞ്ഞപ്പോള്‍ ഈ ശുദ്ധാത്മാവിന്റെ എടത്തൊണ്ട വിറച്ചു കണ്ണുനീര്‍ വന്നുപോയി.

ശങ്കരമേനോന്‍
മാധവന്‍ ഇങ്ങിനെയൊന്നും ആവുകയില്ല. അവന്‍ എന്തോ ഒരു ദേഷ്യത്തിന് അവിവേകമായി പറഞ്ഞുപോയി എന്നേയുള്ളു.

“അവിവേകമായി പറഞ്ഞുപോയി” എന്നു പറഞ്ഞു കേട്ടപ്പോള്‍ മാധവനെക്കുറിച്ചു പിന്നെയും പഞ്ചുമേനോനു കലശലായി ദേഷ്യം വന്നു.

പഞ്ചുമേനോന്‍
നീ ഒരു ബുദ്ധിയില്ലാത്ത കഴുതയാണ്. ശപ്പനാണ്, എരപ്പാളിയാണ്, അവിവേകമായി പറഞ്ഞുപോയോ? മാധവനോ? ആട്ടെ — കണ്ടോട്ടെ. അവനെ ഞാന്‍, എന്നോടു പറഞ്ഞതിന്  നല്ല വണ്ണും ‘ദ്രോഹിക്കും’. അവന്‍ വ്യസനിച്ച് എന്റെ കാല്ക്കല്‍ വന്നു വീഴും. അവന്റെ അച്ഛന്റെ പണവും പുല്ലും എനിക്കു സമം.

എന്നു പറഞ്ഞ് പഞ്ചുമേനോന്‍ വടിയും കുത്തി ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്ക് പോയി. ശങ്കരമേനോന്‍ പിന്നാലെ പോയില്ല. ശങ്കരമേനോന്‍ കുറെ ബുദ്ധിയുള്ള ഒരു മനുഷ്യനായിരുന്നു. പഞ്ചുമേനോന്‍ അതിസമര്‍ത്ഥനായ ഗോവിന്ദപ്പണിക്കരുമായി കണ്ടാല്‍ ശണ്ഠകൂടുവാന്‍ എടവരിയില്ലെന്ന് തനിക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് ശങ്കരമേനോന്‍ മടങ്ങി. പഞ്ചുമേനോന്‍ പതുക്കെ ഗോവിന്ദപ്പണിക്കരുടെ ഭവനത്തിലേക്ക് ചെന്നുകയറി. ഗോവിന്ദപ്പണിക്കര്‍ വളരെ ആദരവോടെ പഞ്ചുമേനോനെ ഒരു കസാലയിന്മേല്‍ ഇരുത്തി; താനും ഇരുന്നു.

പഞ്ചുമേനോന്‍
ഈ മാധവന്‍ ഇങ്ങനെ വന്നുപോയല്ലോ വിവരങ്ങളെല്ലാം പണിക്കര്‍ അറിഞ്ഞുവോ?
ഗോവിന്ദപ്പണിക്കര്‍
അവന് ഇയ്യെടെ കുറെ അഹങ്കാരം വര്‍ദ്ധിച്ചിരിക്കുന്നു. ഒന്നാമതു കുട്ടികള്‍ ഇംക്ലീഷുപഠിച്ചാല്‍ തന്നെ അഹം ഭാവം അധികമായിട്ടുണ്ടാവാം — പിന്നെ പരീക്ഷയും മറ്റും ജയിച്ചു. കുറെ ദിവസം മദിരാശിയില്‍ തന്നെ താമസിക്കുന്നതായാലോ പറയേണ്ടതില്ല. ഇവിടുത്തെ മുമ്പാകെ കുറെ ധിക്കാരമായ വാക്കുകള്‍ പറഞ്ഞു എന്നു ഞാന്‍ കേട്ടു. എനിക്ക് അശേഷം രസിച്ചില്ലാ. ഞാന്‍ അവനോട് ഒരക്ഷരവും ഇതിനെക്കുറിച്ചു ചോദിച്ചില്ല — ചോദിച്ചിട്ട് എന്തു ഫലം.
പഞ്ചുമേനോന്‍
അങ്ങനെ ചോദിക്കാഞ്ഞാല്‍ കുട്ടികള്‍ കുരുത്തംകെട്ടു പോവുമല്ലോ. കുറെക്കാലം ദേഷ്യപ്പെടാഞ്ഞാല്‍ കുട്ടികള്‍ മേല്‍കീഴ് ഇല്ലാതെ തുമ്പില്ലാതെ ആയിവരുമല്ലോ.
ഗോവിന്ദപ്പണിക്കര്‍
ശരിയാണ്. ഇവിടുത്തെ പറഞ്ഞതു വളരെ ശരിയാണ്. സംശയമില്ലാ. ഇങ്ങിനെ വിട്ടുകളഞ്ഞാല്‍ കുട്ടികള്‍ മേല്‍കീഴില്ലാതാവും.
പഞ്ചുമേനോന്‍
എന്റെ പണിക്കരെ, ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ (ഈ മാധവന്റെ പ്രായമായിരുന്ന കാലം) എന്റെ വലിയമ്മാമന്റെ മുമ്പില്‍ ചെന്നാല്‍ ഭയപ്പെട്ടിട്ടു ഞാന്‍ കിടു­കിടെ വിറയ്ക്കും. വല്ലതും ചോദിച്ചാല്‍ അതിന് ഉത്തരം പറവാന്‍ കൂടി ഭയപ്പെട്ടിട്ടു വയ്യാതെ ഞാന്‍ മിഴിക്കും. വലിയമ്മാമനെ കാണുമ്പോള്‍ ഒരു സിംഹത്തെയോ മറ്റോ കാണുമ്പോലെ എനിക്ക് ഭയമായിരുന്നു. ഇപ്പോള്‍ കൂടി വലിയമ്മാമനെ വിചാരിക്കു­മ്പോള്‍ എനിക്ക് ഭയമാവുന്നു. വലിയമ്മാന്‍ ഉള്ള കാലത്ത് ഒരു ദിവസം ഉണ്ടായ കഥ പറയാം. അന്ന് എനിക്ക് കുറെ ഇഷ്ടനായി ഈ ദിക്കില്‍ ഒരു മാപ്പിള ഉണ്ടായിരുന്നു — കുഞ്ഞാലിക്കുട്ടി എന്നു പേരായിട്ട്. അവനെ ഗോവിന്ദപ്പണിക്കര്‍ അറിയില്ലാ. മരിച്ചിട്ട് വളരെക്കാലമായി. അവനും അന്ന് ഏകദേശം എന്റെ പ്രായം തന്നെയായിരുന്നു. അവന്‍ ഒരു കുറി ഏതോ ഒരു ദിക്കില്‍ അവന്റെ ബാപ്പായുടെ കൂടെ കച്ചവടത്തിനു പോയിടത്തുനിന്ന് മടങ്ങി വന്നപ്പോള്‍ ഒരു ജോഡു ചെരിപ്പ് എനിക്ക് സമ്മാനമായി കൊണ്ടുവന്നു തന്നു. ഞാന്‍ അത് എത്രയോ ഗോപ്യമായി സൂക്ഷിച്ചു വച്ചു. വൈകുന്നേരം ഞാന്‍ പുറത്തെങ്ങാനും പോവുമ്പോള്‍ ചെരിപ്പു മുണ്ടിലോ മറ്റോ പൊതിഞ്ഞ് പൂവള്ളി നിന്ന് എറങ്ങിപ്പോവും. അവിടെ നിന്ന് വളരെ ദൂരത്ത് എത്തിയാല്‍ മാത്രം കാല്‍ക്കലിട്ട് നടക്കും. പിന്നെയും മടങ്ങി വരുമ്പോള്‍ അങ്ങനെത്തന്നെ ദൂരത്ത് നിന്ന് ചെരിപ്പഴിച്ച് ആരും കാണാതെ പൊതിഞ്ഞു കൊണ്ടുവരും. ഇങ്ങനെയായിരുന്നു പതിവ്. അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം ഞാന്‍ പതിവു പ്രകാരം ചെരിപ്പ് മുണ്ടില്‍ പൊതിഞ്ഞു കൊണ്ട് മടങ്ങി വരുമ്പോള്‍ വലിയമ്മാമന്‍ പൂമുഖത്ത് നില്‍ക്കുന്നതു കണ്ടു. ഒടുവില്‍ മരിച്ച ദിവാന്‍ജി അമ്മാമന്റെയും അമ്മാമനായിരുന്നു ഇദ്ദേഹം അതി ശൂരനായിരുന്നു. എന്നെ കണ്ടപ്പോള്‍ “എന്താണെടാ കൈയില്‍  കൈയ്യില്‍ പൊതിഞ്ഞ് എടുത്തിരിക്കുന്നത്?” എന്നു ചോദിച്ചു. ഞാന്‍ ഭയപ്പെട്ടിട്ട് ഒന്നും മിണ്ടാതെ നിന്നു. അമ്മാമന്‍ മിറ്റത്ത് എറങ്ങി വന്ന് എന്റെ കൈയ് കടന്നു പിടിച്ചു; മുണ്ടു പൊതി അഴിക്കാന്‍ പറഞ്ഞു. അഴിച്ചു നോക്കിയപ്പോള്‍ ചെരിപ്പുകളെ കണ്ടു. “നീ ചെരിപ്പിട്ട് നടക്കാറായോ തെമ്മാടീ?” എന്നു പറഞ്ഞ് എന്റെ കുടുമ അമ്മാമന്‍ കൈകൊണ്ട് ചുറ്റിപ്പിടിച്ച് വലിച്ചു പൂമുഖത്ത് കൊണ്ടുപോയി തല്ലാന്‍ തുടങ്ങി. നാരായണ! ശിവ! ശിവ! പിന്നെ ഞാന്‍ കൊണ്ട തല്ലിന് അവസാനമില്ല. കൈകൊണ്ട് ആദ്യം വളരെ തല്ലി. ദേഷ്യം പിന്നെയും സഹിക്കാതെ അകത്ത് കടന്നുപോയി ഒരു ചൂരല്‍ എടുത്തുകൊണ്ടു വന്നു തല്ല് തുടങ്ങി. ഇതാ നോക്കൂ, എന്റെ ഈ തുടയില്‍ കാണുന്ന ഈ വലിയ കല അന്നത്തെ തല്ലില്‍ കിട്ടിയ മുറിയുടെ കലയാണ്. ഞാന്‍ ഉറക്കെ നിലവിളിച്ചു. അന്ന് ദിവാന്‍ജിയമ്മാമന്‍ വീട്ടില്‍ ഉള്ള കാലമായിരുന്നു. നിലവിളി പൂവരങ്ങില്‍ കേട്ടിട്ട് അദ്ദേഹം ഓടി വന്നു. വലിയമ്മാമനെ പിടിച്ചു നീക്കി എന്നെ എടുപ്പിച്ച് പൂവരങ്ങിലേക്ക് കൊണ്ടുപോയി. എണ്ണയും മറ്റും ഇട്ട് ശരീരം ഉഴിയിച്ചു. ഞാന്‍ പതിനഞ്ച് ഇരുപത് ദിവസത്തേക്ക് എണീക്കാന്‍ പാടില്ലാതെ കിടപ്പിലായിപ്പോയി. എന്റെ ചെരിപ്പ് ചുട്ടു കരിയിച്ചു കളയാന്‍ അമ്മാമന്‍ കല്പിച്ചതു പ്രകാരം അത് വെണ്ണീറാക്കിക്കളഞ്ഞു. അതുമുതല്‍ ഇതുവരെ ഞാന്‍ ചെരിപ്പിട്ടിട്ടില്ല. ചെരിപ്പ് എങ്ങാനും കാണുമ്പോള്‍ എനിക്ക് ഇപ്പോഴും ഭയമാണ്. ഇപ്പോഴത്തെ കുട്ടികളുടെ കഥ വിചാരിച്ചു നോക്കു — മാധവന്‍ പാപ്പാസ്സ് ഇട്ടിട്ടെ നടക്കാറുള്ളൂ ദിവാന്‍ജി വലിയമ്മാമന്‍ അകത്തു പാപ്പാസിട്ട് നടക്കാറില്ല. ഇവന്‍ ചിലപ്പോള്‍ അകത്തു കൂടി പാപ്പാസിട്ട് നടക്കുന്നത് ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. കുട്ടികള്‍ ഇങ്ങനെ കുരുത്തംകെട്ടു പോയാല്‍ എന്തു ചെയ്യും. കുട്ടികളെ ഇങ്കിരീസ്സ് പഠിപ്പിക്കുന്നിടത്തോളം വിഡ്ഢിത്തം വേറെ ഒന്നുമില്ല.  ഇന്ദുലേഖാ ഈ ഇങ്കിരീസ്സ് പഠിച്ചിരുന്നില്ലെങ്കില്‍ ഇതില്‍ എത്രയധികം നല്ല കുട്ടി ആയിരിക്കുമായിരുന്നു. എന്തു ചെയ്യാം! ഓരോ ഗ്രഹപ്പിഴയ്ക്ക് ഓരോ അപകടങ്ങള്‍ വന്നു ചേരുന്നു. ഈ ഇങ്കിരീസ്സ് പഠിച്ചവരുടെ മാതിരി കണ്ടിട്ട് അത് പഠിക്കാത്തവരും ആ മാതിരി ആയി തുടങ്ങി. ആ കള്ളച്ചെക്കന്‍ ഗോപാലന്‍ ആ കോമട്ടി ശീനുവിന്റെ മകന്‍ എന്നോട് അത്ര ധിക്കാരമായ വാക്കാണ് ഇപ്പോള്‍ പൂവരങ്ങില്‍ വെച്ച് പറഞ്ഞത്. എനിക്ക് വല്ലാതെ ദേഷ്യം വന്നു. നല്ലവണ്ണം പ്രഹരിക്കേണമെന്ന് വിചാരിച്ച് ഞാന്‍ അവന്റെ പിന്നാലെ ഓടി. വഴിയില്‍ വെച്ച് ഞാന്‍ വീണു. ഇതാ എന്റെ കാലിന്റെ മുട്ടു പൊട്ടിയിരിക്കുന്നു. നോക്കൂ — കലിയുഗ വൈഭവം നോക്കു.
ഗോവിന്ദപ്പണിക്കര്‍
കലിയുഗ വൈഭവം തന്നെ, സംശയമില്ല, ഒന്നാംതരം കലിയുഗ വൈഭവം. അല്ലാതെ ഈ വിധം ഒന്നും വീഴാനും പൊട്ടാനും എടവരുന്നതല്ലാ — സംശയമില്ലാ.
പഞ്ചുമേനോന്‍
ഗോവിന്ദപ്പണിക്കര്‍ക്ക് ഇപ്പോള്‍ ഓര്‍മ്മയുണ്ടോ എന്നറിഞ്ഞില്ല. നിങ്ങളുടെ കാരണവര് ഒരു ദിവസം നിങ്ങളെ കഠിനമായി തല്ലിയത്. ഞാനാണ് ഓടി വന്നു സമാധാനമാക്കിയത്. നിങ്ങളുടെ അമ്മാമന്‍ നാരായണപ്പണിക്കര് അതിശൂരനായിരുന്നു. നിങ്ങള്‍ ഒരു ദിവസം ഓണക്കാലത്ത് വേറെ ചില കുട്ടികളോടു കൂടി ഈ അമ്പലവളപ്പില്‍ നിന്ന് ആട്ടക്കളം പിടിച്ചു കളിക്കുന്നത് അദ്ദേഹം കണ്ടിട്ട് അമ്പലവളപ്പില്‍ നിന്ന് നിങ്ങളെ തല്ലു തുടങ്ങി. ഇവിടെ എത്തുന്നവരെ തല്ലി. പിന്നെ ഇവിടെ വന്നിട്ടും തല്ലി. വല്ലാതെതല്ലിക്കളഞ്ഞു. നിലവിളകേട്ട് ഞാന്‍ ഓടി വന്നു സമാധാനമാക്കി. പിന്നെ അക്കുറി ഓണത്തിനു നിങ്ങള് പുറത്ത് എറങ്ങി നടന്നിട്ടേ ഇല്ല — ഇത് ഓര്‍മ്മയുണ്ടോ?
ഗോവിന്ദപ്പണിക്കര്‍
എനിക്ക് സ്വപ്നം കണ്ടതുപോലെ ഓര്‍മ്മ തോന്നുന്നുണ്ട്.
പഞ്ചുമേനോന്‍
നിങ്ങള്‍ക്ക് അന്നു കഷ്ടിച്ച് പതിന്നാലു വയസ്സേ ആയിട്ടുള്ളൂ. അക്കാലത്ത് നുമ്മള്‍ക്ക് എല്ലാം നുമ്മളെ അമ്മാമന്മാരെ ഉണ്ടായിരുന്ന ഒരു ഭയം എനി ഈ ഭൂമിയുള്ള കാലം കാണുകയില്ലാ. ഇപ്പോഴത്തെ കുട്ടികള്‍ക്ക് കുറെ ഇങ്കിരീസ്സു പഠിക്കുമ്പോഴേയ്ക്ക് എന്തോ ഒരു അഹമ്മതി തന്നെ വന്നു കൂടുന്നു. നുമ്മള്‍ക്ക് ഒന്നും ഒരറിവും ഇല്ല. നുമ്മള്‍ ശുദ്ധ വിഡ്ഢികളാണെന്ന് അവര്‍ക്ക് തോന്നിപ്പോവുന്നു. ഇതു കലിയുഗധര്‍മ്മം എന്നേ പറവാനുള്ളൂ. ഇന്നാള്‍ ഒരു ദിവസം ഇന്ദുലേഖാ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടു. എന്താ പെണ്ണേ ആ പുസ്തകത്തിലെ സാരം എന്നു ഞാന്‍ ചോദിച്ചു. അവള്‍ മലയാളത്തില്‍ ആ കഥയുടെ സാരം പറഞ്ഞു. ഞാന്‍ അത് കേട്ടിട്ട് നിര്‍ജ്ജീവനായിപ്പോയി.
ഗോവിന്ദപ്പണിക്കര്‍
എന്തായിരുന്നു കഥ എന്നറിഞ്ഞല്ല.
പഞ്ചുമേനോന്‍
അതോ? പറയാം. അത് കള്ളക്കഥയാണെന്ന് അവള്‍തന്നെ പറഞ്ഞു. എന്നാലും അത് വായിച്ചാല്‍ കുട്ടികളുടെ മനസ്സ് എത്ര ചീത്തായായിപ്പോവുമെന്ന് നിങ്ങള്‍ തന്നെ ഓര്‍ത്തു പറയിന്‍. കഥ ഞാന്‍ പറയാം. മുഴുവന്‍ എനിക്ക് നല്ലവണ്ണം ഓര്‍മ്മയില്ല. ഒരു സായ്‌വിന് (എന്തോ ഒരു പേരു പറഞ്ഞു, ഇപ്പോള്‍ എനിക്ക് ഓര്‍മ്മയില്ല) ഒരു മകള്‍ ഉണ്ടായിരുന്നുപോല്‍. അവള്‍ ആ സായ് വിന്റെ മരുമകനെ കല്യാണം കഴിക്കണം എന്ന് നിശ്ചയിച്ചു. മരുമകനും പെണ്ണിന്റെ അച്ഛനും തമ്മില്‍ രസക്കേടായിരുന്നു. അതു നിമിത്തം അച്ഛന്‍ സമ്മതിച്ചില്ലാ — എന്നല്ലാ — എന്തോ ഒരു വിദ്യ എടുത്ത് ഈ മരുമകന് വേറെ ഒരു സ്ത്രീയെ കല്യാണം കഴിപ്പിച്ചു കൊടുത്തുവത്രേ. ഇങ്ങനെ ചെയ്തതിന്റെ ശേഷം മകളെ കല്യാണം ചെയ്‌വാന്‍ യോഗ്യതയുള്ള പല ആളുകളെയും സായ്‌വ് വരുത്തി. അതൊന്നും മകള്‍ സമ്മതിക്കാതെ താന്‍ ഒരാളെയും കല്യാണം ചെയ്കയില്ലെന്ന് തീര്‍ച്ചയാക്കി ശാഠ്യം പിടിച്ചു. ഒടുവില്‍ മനോവ്യസനം കൊണ്ട് അച്ഛനും ഉടനെ ചത്തുപോയി. ഇതാണ് കഥയുടെ സാരം. നോക്കൂ — ഗോവിന്ദപ്പണിക്കരെ, ഈ മാതിരി കഥ പെങ്കിടാങ്ങള്‍ വായിച്ചാലോ?
ഗോവിന്ദപ്പണിക്കര്‍
വായിച്ചാല്‍ മഹാ കഷ്ടം! മഹാ കഷ്ടം! എനി എന്തു നിവൃത്തിയാണ്? ഇംക്ലീഷ് ഇവരെ പഠിപ്പിച്ചു പോയി. എനി ആ പഠിപ്പ് ഇല്ലാതാക്കാന്‍ നോം വിചാരിച്ചാല്‍ നിവൃത്തിയില്ലല്ലോ. ഈ കഥ പറഞ്ഞത് എന്നാണെന്നറിഞ്ഞില്ല.
പഞ്ചുമേനോന്‍
കുറെ ദിവസങ്ങളായി.
ഗോവിന്ദപ്പണിക്കര്‍
ശരി ഇതൊക്കെ വായിച്ചിട്ട് എന്തൊരാവശ്യമാണ് — വല്ല രാമായണമോ മറ്റോ വയിക്കരുതേ?
പഞ്ചുമേനോന്‍
അതാണ് ഞാന്‍ പറയുന്നത്. എന്തെല്ലാം ഗ്രന്ഥങ്ങള്‍ നുമ്മളുട ശാസ്ത്ര­ത്തില്‍ ഉളളതു പൂവള്ളിയിലുണ്ട്. അതൊന്നും കൈകൊണ്ട് ഒരാളും തൊടാറേയില്ല. ഗ്രന്ഥങ്ങള്‍ അലേഖയിലുള്ളത് ഒക്കെ ദ്രവിച്ചു നാനാവിധമായിപ്പോയി. മാധവനോട് പണ്ടൊരു ദിവസം ഈ ഗ്രന്ഥങ്ങള്‍ തുടച്ചു നന്നാക്കി വെക്കാന്‍ പറഞ്ഞു — അവന്‍ ചെയ്തിട്ടില്ല.
ഗോവിന്ദപ്പണിക്കര്‍
എന്നാല്‍ ഇന്ദുലേഖയ്ക്ക് ഇതുകളെല്ലാം നന്നാക്കി വെക്കരുതേ?
പഞ്ചുമേനോന്‍
അലേഖഗ്രന്ഥങ്ങളെ അവള്‍ക്കും പുച്ഛമാണ്. കടലാസ്ബുക്കുകളെ അല്ലാതെ ഇവരാരും കൈകൊണ്ട് തൊടുമോ? കലിയുഗത്തിന്റെ മൂര്‍ദ്ധന്യം — മറ്റെന്തു പറയട്ടെ!
ഗോവിന്ദപ്പണിക്കര്‍
കലിയുഗത്തിന്റെ മൂര്‍ദ്ധന്യം തന്നെ. മറ്റൊന്നും ഞാന്‍ ഇതിന് പറവാന്‍ കാണുന്നില്ല.
പഞ്ചുമേനോന്‍
ഇങ്കിരീസ്സ് പഠിച്ചു പഠിച്ചു എനി ആ വേദത്തില്‍ ഈ കുട്ടികള്‍ ചേരുമോ എന്നാണ് എനിക്ക് ഭയം.
ഗോവിന്ദപ്പണിക്കര്‍
അതിനെക്കുറിച്ച് എനിക്കും നല്ല ഭയമുണ്ട്. ദുര്‍ബുദ്ധികള്‍ ചെന്നു ചേര്‍ന്നു കളഞ്ഞാല്‍ എന്തു ചെയ്യും. രാജാവ് ഇംക്ലീഷ് രാജാവല്ലേ? നുമ്മളുടെ സങ്കടം ആരു കേള്‍ക്കും?
പഞ്ചുമേനോന്‍
ശരിശരി; ഗോവിന്ദപ്പണിക്കര് പറഞ്ഞത് നല്ല കാര്യമാണ്. എന്നാലും നമ്മള്‍ ചെയ്യേണ്ടത് എല്ലാ ചെയ്യണം. പിന്നെ വരുമ്പോലെ വരട്ടെ. നിങ്ങള്‍ മാധവനോട് ഇന്നാളത്തെ ശണ്ഠയെപ്പറ്റി നല്ലവണ്ണം ഒന്ന് ചോദിക്കണം. പണിക്കരു തന്നെ ചോദിക്കണം.
ഗോവിന്ദപ്പണിക്കര്‍
ഞാന്‍ തന്നെ ചോദിക്കും — യാതൊരു സംശയവുമില്ല.
പഞ്ചുമേനോന്‍
ഞാനും നിങ്ങളും ഒരുപോലെ ദേഷ്യപ്പെട്ടാല്‍ മാധവന്‍ അടങ്ങിപ്പോവും. ഇപ്പോള്‍ ഈ ധിക്കാരം എന്നോട് കാണിക്കുന്നത് നിങ്ങളുടെ സഹായമുണ്ടെന്ന് വെച്ചിട്ടാണ്. അത് ഉണ്ടാകയില്ലെന്നറിഞ്ഞാല്‍ മാധവന്‍ വളരെ ഒതുങ്ങിപ്പോവും.
ഗോവിന്ദപ്പണിക്കര്‍
ഒതുങ്ങിപ്പോവും, സംശയമില്ല.
പഞ്ചുമേനോന്‍
പിന്നെ അതു കൂടാതെ ഞാന്‍ ഒരു വിദ്യ കൂടി എടുത്തു വച്ചിട്ടുണ്ട്. അതും പണിക്കരോട് പറയാം. പണിക്കര് ബുദ്ധിയുള്ള ആളാണെന്നു എനിക്ക് നല്ല നിശ്ചയമുണ്ട്. അതു കൊണ്ട് പറയാം. മാധവന് ഇന്ദുലേഖയെ ഭാര്യയായി കിട്ടേണമെന്ന് ഒരു ആഗ്രഹമുണ്ട്. ഇന്ദുലേഖയ്ക്കും അങ്ങനെ ആയാല്‍ കൊള്ളാമെന്നു വിചാരമുണ്ടെന്ന് തോന്നുന്നു. ഇതു ഞാന്‍ തകരാറിലാക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഒന്നാമത് മാധവനും ഇന്ദുലേഖയും വയസ്സുകൊണ്ട് തന്നെ ചേരുകയില്ല. പിന്നെ മാധവന് ഇത്ര കാലത്തേ സംബന്ധം തുടങ്ങുന്നതും വെടിപ്പില്ലാ. ഇന്ദുലേഖയ്ക്ക് വലിയ ധനവാന്മാരായ പ്രഭുക്കള്‍ ആരെങ്കിലും സംബന്ധം തുടങ്ങുന്നതാണ് അവള്‍ക്കും ശ്രേയസ്സ്. അതുകൊണ്ട് ഞാന്‍ അവളെ ഒരു വലിയ പ്രഭുവിന് കൊടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു. ആ പ്രഭു ഉടനെ ഇവിടെ വരും. പക്ഷേ, ആ പെണ്ണിനെ പറഞ്ഞു സമ്മതിപ്പിക്കാനാണ് പണി. അവള്‍ ഒരു മഹാശാഠ്യക്കാരത്തിയാണ്. അതിനു പണിക്കരും കൂടി ഒന്നു ഉത്സാഹിക്കണം — എങ്ങനെ?
ഗോവിന്ദപ്പണിക്കര്‍
ഓ — ഹോ അങ്ങനെ തന്നെ. വരാന്‍ പോകുന്ന പ്രഭു ആരാണെന്ന് അറിഞ്ഞില്ല.
പഞ്ചുമേനോന്‍
മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ നമ്പൂതിരിപ്പാടാണ്, വലിയ ധനവാന്‍ — അതിമാനുഷനത്രെ.
ഗോവിന്ദപ്പണിക്കര്‍
ശരി, അദ്ദേഹം വരട്ടെ.
പഞ്ചുമേനോന്‍
ശിന്നന് ചിലവിന് ശീനുപ്പട്ടരു കൊടുപ്പാനാണത്രെ ഭാവം. അയാളുടെ കൈയില്‍ പണം എവിടെയാണ് ഉള്ളത്? ഞാന്‍ ഒരു കാശ് പോലും കൊടുക്കയില്ല. കുമ്മിണിയുടെ മക്കളുടെ കൈയിലുള്ള വസ്തുക്കള്‍ ഒക്കെ ഒഴിപ്പിക്കാനാണ് ഭാവം. ഈ അസത്തുക്കള്‍ എന്തുകൊണ്ട് പഠിപ്പിക്കും? കാണട്ടെ.
ഗോവിന്ദപ്പണിക്കര്‍
അതെ — അതൊന്നു കാണട്ടെ.
പഞ്ചുമേനോന്‍
നിങ്ങള്‍ പണം ഒന്നും സഹായിക്കരുത്.
ഗോവിന്ദപ്പണിക്കര്‍
പണം കൊടുത്തിട്ട് എനിക്ക് എന്താവശ്യം?
പഞ്ചുമേനോന്‍
അതാണ് ഞാന്‍ പറയുന്നത്.

എന്നും പറഞ്ഞ് പഞ്ചുമേനോന്‍ അവിടെ നിന്നു കലഹവും ചീത്തപറയലും കൂടാതെയും തന്റെ ഗോപ്യമായ ആലോചന ഗോവിന്ദപ്പണിക്കരോട് വെളിവായി അറിയിച്ചതിന്റെ ശേഷവും വീട്ടിലേക്ക് മടങ്ങിപ്പോരികയും ചെയ്തു.

രണ്ടു ദിവസം കൊണ്ട് പഞ്ചുമേനോന് ക്രോധം കുറെ ഒന്നു ശമിച്ചു. എങ്കിലും നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു സംബന്ധം ഉടനെ നടത്തിക്കളഞ്ഞാല്‍ നന്നായിരുന്നു എന്നുള്ള ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ട് തന്നെ വന്നു.