close
Sayahna Sayahna
Search

ഒയ്യാരത്ത് ചന്തുമേനോൻ


ഒ ചന്തുമേനോന്‍
Chandumenon.jpg
ജനനം (1947-01-09)ജനുവരി 9, 1947
തലശ്ശേരി
മരണം ജനുവരി 9, 1847(1847-01-09) (വയസ്സ് -143)
തൊഴില്‍ ന്യായാധിപൻ, നോവലിസ്റ്റ്
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിഷയം മലയാളം
പ്രധാനകൃതികള്‍ ഇന്ദുലേഖ
ശാരദ
ജീവിതപങ്കാളി ലക്ഷ്മിയമ്മ

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒയ്യാരത്ത് ചന്തുമേനോന്‍. ഒറ്റ നോവല്‍ കൊണ്ടുതന്നെ മലയാളസാഹിത്യ­ചരിത്രത്തില്‍ സമുന്നത­സ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠ­പ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോന് ശാരദയുടെ ഒന്നാം ഭാഗമേ എഴുതാന്‍ സാധിച്ചുള്ളൂ.

ജനനം, ബാല്യം, കൌമാരം

1847 ജനുവരി 9-ന് (1022 ധനു 22 അത്തം) പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോന്‍ ജനിച്ചത്. അച്ഛന്‍ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കില്‍ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂര്‍ ദേശത്ത്, എടപ്പാടി ചന്തുനായര്‍. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസില്‍ദാരും ആയി ജോലിനോക്കി‍. അമ്മ കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കളും ഉള്ളതില്‍ ഇളയതായിരുന്നു ചന്തുമേനോന്‍. ചന്തുനായര്‍ കുറുമ്പ്രനാട് താലൂക്കില്‍ നടുവണ്ണൂരില്‍ താമസിച്ച് അവിടത്തെ തഹസില്‍ദ്ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോന്‍ ജനിക്കുന്നത്‍. അവിടെനിന്ന് കോവില്‍ക്കണ്ടിയിലേക്ക് ചന്തുനായര്‍ക്ക് സ്ഥലം‌മാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരന്‍ കുരിക്കള്‍ എന്ന നാട്ടെഴുത്തച്ഛന്റെ കീഴില്‍ പഴയ സമ്പ്രദായത്തില്‍ പഠിച്ചുവരെ കോട്ടയം താലൂക്കിലേക്ക് ചന്തുനാ‍യര്‍ക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍ താ‍മസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പുനമ്പ്യാ‍ര്‍ എന്ന വിദ്വാന്റെ കീഴില്‍ കാവ്യാലങ്കാദികള്‍ പഠിച്ച് സംസ്കൃതത്തില്‍ സാമാന്യപാണ്ഠിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കല്‍ കുഞ്ഞിശങ്കരന്‍ നമ്പിയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായര്‍ക്ക് വീണ്ടും കോവില്‍ക്കണ്ടിക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോള്‍ അവിടത്തെ ഒരു ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ത്തുപഠിപ്പിച്ചു. അക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹിന്ദി ആവശ്യമായിരുന്നതിനാല്‍ അതു പഠിപ്പിക്കാനും ഏര്‍പ്പാടുചെയ്തു.

1857-ല്‍ 57-ആം വയസ്സില്‍ പ്രമേഹരോഗത്താല്‍ ചന്തുനായര്‍ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വര്‍ഷം മേടത്തില്‍ തന്റെ 19-ആം വയസ്സില്‍ വസൂരിബാധിച്ച് മരണമടഞ്ഞു‍. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസല്‍ മിഷന്‍ നടത്തിയിരുന്ന തലശ്ശേരി പാര്‍സി സ്കൂളില്‍ ചന്തുമേനോന്‍ പഠിത്തം തുടര്‍ന്നു. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയില്‍ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അൺകവനന്റ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇംഗ്ലീഷില്‍ ഉന്നതനിലയില്‍ ജയിച്ച ചന്തുമേനോന്‍ മെട്രിക്കുലേഷനു ചേര്‍ന്നു‍. തലശ്ശേരി സ്മാള്‍ക്കാസ് കോടതിയില്‍ ജഡ്ജി ജെ.ആര്‍. ഷാര്‍പ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864-ല്‍ അങ്ങനെ ആദ്യമായി അദ്ദേഹം സര്‍ക്കാരുദ്യോഗത്തിലെത്തി.

ഔദ്യോഗികജീവിതം

സ്വന്തം യോഗ്യത കൊണ്ട് ചന്തുമേനോന്‍ ജോലിയില്‍ ഉയര്‍ന്നു. ബുദ്ധിശക്തി, കൃത്യനിഷ്ഠ, സത്യസന്ധത ഇവ അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. തലശ്ശേരിയില്‍ അന്ന് സബ്കലക്ടറായിരുന്ന മിസ്റ്റര്‍ ലോഗന്‍ ഷാര്‍പ്പില്‍നിന്ന് മേനോന്റെ ഗുണഗണങ്ങള്‍ അറിഞ്ഞ് 1867 മാര്‍ച്ച് 3-ന് തുക്കിടിക്കച്ചേരിയില്‍ മൂന്നാം ഗുമസ്തനായി നിയോഗിച്ചു. പിന്നീട് കൊല്ലംതോറും കയറ്റമായിരുന്നു. 1869-ല്‍ ആക്ടിങ് ഒന്നാം ഗുമസ്തനായി‍. മിസ്റ്റര്‍ ലോഗന്‍ മലബാര്‍ കലക്ടരായി കോഴിക്കോട്ടേക്കു മാറിയപ്പോള്‍ ഹജൂര്‍ക്കച്ചേരിയില്‍ പോലീസ് മുന്‍ഷിയായി ചന്തുമേനോനെ നിയമിച്ചു. 1871-ല്‍ അവിടെ ഹെഡ് മുന്‍ഷിയായി. അതിനിടയില്‍ കോഴിക്കോട് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിക്കപ്പെട്ട ഷാര്‍പ്പ്, ചന്തുമേനോനെ 1872 നവംബര്‍ 22-ന് സിവില്‍ കോടതി ഹെഡ് ക്ലാര്‍ക്കായി നിയോഗിച്ചു. വൈകാതെ ഷാര്‍പ്പ് അദ്ദേഹത്തെ പട്ടാമ്പി ആക്ടിങ് മുന്‍സിഫ് സ്ഥാനത്തേക്ക് മാറ്റി. പിന്നീട് കുറേക്കാലം മഞ്ചേരി, പാലക്കാട്, കോഴിക്കോട് (1882), ഒറ്റപ്പാലം (1886), പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ മുന്‍സിഫായി ജോലിനോക്കി. പരപ്പനങ്ങാടി മുന്‍സിഫായിരുന്ന കാലത്താണ് ഇന്ദുലേഖ (1889) എഴുതുന്നത്. 1891-ല്‍ വീണ്ടും കോഴിക്കോട് മുന്‍സിഫായി. ശാരദ എഴുതുന്നത് ആ സന്ദര്‍ഭത്തിലാണ്. ആത്മസുഹൃത്ത് ഇ.കെ. കൃഷ്ണന്റെ നിര്‍ബന്ധത്താലാണ് അതിന്റെ ഒന്നാം പതിപ്പ് ഇറങ്ങുന്നത്.

സര്‍. സി. ശങ്കരന്‍ നായര്‍ എന്ന് അറിയപ്പെടുന്ന ശ്രീമാന്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മലബാര്‍ വിവാഹബില്‍ മദിരാശി നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെപ്പറ്റി അന്വേഷിച്ച് സാക്ഷികളെ വിസ്തരിച്ചും മറ്റും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് റിപ്പോര്‍ട്ടുചെയ്യുവാന്‍ സര്‍ ടി. മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ കമ്മറ്റി ഏര്‍പ്പെടു­ത്തിയിരുന്നു. അതിലെ അംഗങ്ങളില്‍ ഒരാള്‍ ചന്തുമേനോനായിരുന്നു. മലയാളികളില്‍ മരുമക്കത്തായക്കാരായ ഹിന്ദുക്കളുടെ വിവാഹം പുതുതായി ഉണ്ടാക്കുന്ന വല്ല രാജനിയമങ്ങള്‍ക്കും അനുസരിച്ചുനടത്തിയാലേ അതിന്നു ദൃഢതയുണ്ടാകയുള്ളൂ എന്നു വരുത്തിക്കൂട്ടുന്നത് ശരിയല്ലെന്നും സാധാരണ നടപ്പുള്ള സംബന്ധം ന്യായമായ വിവാഹമായി നിയമത്താല്‍ അനുവദിക്കപ്പെടുകയാണ് വേണ്ടതെന്നും വിവാഹം വേര്‍പ്പെടുത്തുന്നതിന് കോടതികയറണം എന്നും മറ്റും വരുത്തുന്നത് അനാവശ്യമായ പ്രതിബന്ധമാണെന്നും മറ്റുമാണ് ചന്തുമേനോന്‍ അന്ന് അഭിപ്രായപ്പെട്ടത്. ശങ്കരന്‍നായരുടെ അഭിപ്രായത്തില്‍നിന്ന് പലേ സംഗതിയാലും ഭിന്നമായിരുന്നു ഇത്. മുത്തുസ്വാമിക്ക് ചന്തുമേനോന്റെ അഭിപ്രായത്തോടായിരുന്നു യോജിപ്പ്.

1892-ല്‍ ചന്തുമേനവന്‍ തിരുനെല്‍‌വേലിയില്‍ ആക്ടിങ് അഡിഷണല്‍ സബ് ജഡ്ജിയായി. 1893-ല്‍ മംഗലാപുരത്തേക്ക് മാറി. ഈ സന്ദര്‍ഭത്തില്‍ അതിയോഗ്യനും പ്രാപ്തനും സത്യസന്ധനും നിഷ്പക്ഷപാതിയുമായി ഖ്യാതിനേടി അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോന്‍. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. കേരളവര്‍മയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവില്‍ ബാസല്‍ മിഷന്‍ അച്ചുകൂടത്തില്‍ അച്ചടിപ്പിച്ചു. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുന്‍പ് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകള്‍ ശീലിച്ചു. 1897-ല്‍ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടര്‍ന്നു. 1898-ല്‍ ഗവണ്മെന്റ് റാവു ബഹദൂര്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സര്‍വകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോന്‍.

കുടുംബജീവിതം

1882-ല്‍ ചന്തുമേനോന്‍ കാത്തോളിവീട്ടില്‍ ലക്ഷ്മിയമ്മയെ വിവാഹംചെയ്തു. ചന്തുമേനോന് അനുരൂപയായ സഹധര്‍മ്മിണിയായിരുന്നു അവര്‍. ഇന്ദുലേഖയുടെ സൃഷ്ടിക്കുപിന്നില്‍ തന്റെ പത്നിയാണെന്ന് ചന്തുമേനോന്‍ സൂചിപ്പിക്കുന്നുണ്ട്. വലിയ കോയിത്തമ്പുരാന്‍ അമരുകശതകം ഭാഷാന്തരീകരിച്ചതും അവരുടെ നിര്‍ബന്ധത്താലാണ്. അഞ്ച് പുത്രന്മാരും രണ്ട് പുത്രിമാരുമാണ് ഇവര്‍ക്ക്. ഒരു പുത്രി ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയി.

സാഹിത്യസേവനം

ഇന്ദുലേഖയ്ക്കു മുന്‍പ് ഒരു സാഹിത്യകാരനോ മലയാളസാഹിത്യത്തോട് വിശേഷപ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോന്‍ അറിയപ്പെട്ടിരുന്നില്ല. ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവും നരികരിചരിതത്തിനെഴുതിയ മുഖവുരയും — ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ ആകെ രചനകള്‍.

1899 സെപ്തംബര്‍ 7-ന് പതിവുപോലെ കേസ്സുവിചാരണകള്‍ കഴിഞ്ഞ് ചന്തുമേനോന്‍ നേരത്തേ വീട്ടിലെത്തി. ആഹ്ലാദചിത്തനായിരുന്നു‍. ക്ഷീണം കണ്ട് ഡോക്ടറെ വരുത്തിയെങ്കിലും മൂര്‍ച്ഛയിലായിരുന്നു‍. പിറ്റേന്ന് സൂര്യോദയത്തോടെ അദ്ദേഹം മരണമടഞ്ഞു.

(വിക്കിപ്പീഡിയയില്‍ നിന്നും ഉദ്ധരിച്ചത്