സുധാകരന്റെ വീട്
സുധാകരന്റെ വീട്
നിരപ്പലകകളില്‍ ഇരുമ്പുദണ്ഡ് കോര്‍ത്ത് താഴിട്ടു പൂട്ടി. പൂടിയില്ലേ എന്ന് ഒന്നുകൂടി വലിച്ചുനോക്കി ഉറപ്പുവരുത്തി സുധാകരന്‍ കല്പടവിറങ്ങി. മറ്റു രണ്ടു പീടികകളും അടച്ചുകഴിഞ്ഞിരിക്കുന്നു. നേര്‍ത്ത നിലാവുണ്ട്. എന്നാലും തട്ടിത്തടയാതെ നടക്കണമെങ്കില്‍ ടോര്‍ച്ചുതന്നെ വേണം. അയാള്‍ നടന്നു. മൂന്നും കൂടിയ വഴിയിലെത്തിയപ്പോള്‍ ടോര്‍ച്ചില്‍നിന്നു വീണ വെളിച്ചത്തില്‍ മാവുചാരിയിരിയ്ക്കുന്ന രൂപം കണ്ടു. വൈകുന്നേരം തന്റെ പീടികയില്‍ വന്ന് കുടിക്കാന്‍ വെള്ളം ചോദിച്ച വയസ്സന്‍. ഒരു ഗ്ലാസ്സ് ചായ കൊടുത്തപ്പോള്‍ ആ വാര്‍ദ്ധക്യത്തില്‍ അത്ഭുതം വിടര്‍ത്തിയ തെളിച്ചം താന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നതാണ്.
‘ഇനീം കിട്ടീല്യെ ബസ്സ്?’ സുധാകരന്‍ ചോദിച്ചു.
വയസ്സന്‍ അപ്പൊഴേ അയാളെ കണ്ടുള്ളൂ.
‘ദ് നോക്കു. പടിഞ്ഞാട്ട് എത്ര ബസ്സാ കടന്നുപോയീത്. കെഴക്കോട്ട്ഒരെണ്ണമെങ്കിലും വേണ്ടേ — ങ്ഹും!’
‘ഏഴേമുക്കാലിനാണ് ഒടുക്കത്തെ ബസ്സ,്’ സുധാകരന്‍ പറഞ്ഞു. ‘ഇപ്പോ മണി ഒമ്പതു കഴിഞ്ഞു. ഇനി കാത്തിരുന്നിട്ട് കാര്യണ്ടാവുംന്ന് തോന്ന്ണ്‌ല്യ.’
വയസ്സന്റെ മുഖം ദൈന്യമാവുന്നത് സുധാകരന്‍ ശ്രദ്ധിച്ചു. പതുക്കെ എഴുന്നേല്ക്കാന്‍ ശ്രമിച്ചുകൊണ്ട് വയസ്സന്‍ ചോദിച്ചു. ‘ഇവടെ അടുത്ത് വല്ല ഹോട്ടലും...?’
‘ഈ കുഗ്രാമത്തിലെന്ത് ഹോട്ടലാ,’ സുധാകരന്‍ ചിരിച്ചു.
വയസ്സന്‍ ചിന്താധീനനായി. ഓര്‍മ്മകളില്‍ നിന്ന് ആരെയോ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ് അയാള്‍ എന്ന് സുധാകരനു തോന്നി. പിന്നെ വയസ്സന്റെ ദുര്‍ബലമായ ശബ്ദം: ‘എനിക്ക് പരിചയക്കാരാരൂല്യലോ ഇവടെ...’
വയസ്സന്‍ ആകാശത്തേക്കാണ് നോക്കിയിരുന്നത്. ചന്ദ്രനെ ഒരു കൂറ്റന്‍ മേഘം വന്നു മൂടിയപ്പോള്‍ അയാളുടെ മുഖം മങ്ങി. ടോര്‍ച്ചു മിന്നിച്ചുകൊണ്ട് സുധാകരന്‍ പെട്ടെന്ന് പറഞ്ഞു. ‘വിരോധല്യാച്ചാ എന്റെ കൂടെ പോന്നോളൂ.’
വയസ്സന്റെ മുഖത്ത് അത്ഭുതവും സന്തോഷവും വിടരുന്നത് സുധാകരന്‍ ശ്രദ്ധിച്ചു. ആലംബഹീനമായ വാര്‍ദ്ധക്യം വെളിച്ചം തിരഞ്ഞ് വളഞ്ഞു നീങ്ങുന്നു.
‘നടക്കൂ,’ സുധാകരന്‍ ടോര്‍ച്ച് തെളിയിച്ചുകൊണ്ട് നടക്കാന്‍ തുടങ്ങി. വയസ്സന്‍ തപ്പി ത്തടഞ്ഞ് തൊട്ടുപിന്നിലും. ഇടവഴിയിലേക്ക് തിരിഞ്ഞപ്പോള്‍ ഓരത്തുനില്‍ക്കുന്ന ചെടികള്‍ തഴുകി. (—‘നിനക്ക് മൂന്നു വയസ്സുള്ളപ്പോഴേ,’ അമ്മ പറയാറുണ്ടായിരുന്നു. ‘രാത്രി മൂന്നാല് ചെറമക്കള് ചൂട്ടും കത്തിച്ചുവന്നു. ഇറയത്തേക്ക് എടുത്ത് കെടത്തീപ്‌ളേ ഞാന്‍ കണ്ടുള്ളു. നെറ്ക മുതല് കണങ്കാല് വരെ നീലച്ചേര്‍ന്നു അപ്‌ളയ്ക്കും.’) ‘ഒപ്പം നടന്നോളൂ,’ സുധാകരന്‍ തിരിഞ്ഞ് വയസ്സന്‍ അടുത്തെത്താന്‍ കാത്തുനിന്നു. ‘എഴജന്തുക്കള്ണ്ടാവും കാട്ട്‌ല്.’ ‘പാമ്പ് കടിച്ചാലൊന്നും ഇനി ഏശൂന്ന് തോന്ന്ണ്‌ല്യ,’ വയസ്സന്‍ ചിരിച്ചു. ‘അത്രയ്ക്ക് പഴക്കായിക്കടക്ക്ണു എനിയ്ക്ക്.’ പതുക്കെപ്പതുക്കെ നടക്കേണ്ടിവന്നതുകൊണ്ട് വീട്ടിലെത്തിയപ്പോള്‍ നേരം വൈകി. പൂമുഖത്ത് രാധ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. അവള്‍ ഉറക്കം തൂങ്ങുകയാണ്. സുധാകരന്‍ അവളെ കുലുക്കിയുണര്‍ത്തി. ഞെട്ടിയുണര്‍ന്ന അവള്‍ വയസ്സനെ മിഴിച്ചുനോക്കി. മുറ്റമാകെ കണ്ണോടിച്ചു നില്ക്കുകയായിരുന്നു വയസ്സന്‍. ‘ഇങ്ങട് കേറി വരാം,’ സുധാകരന്‍ ക്ഷണിച്ചു. വയസ്സന്‍ പൂമുഖത്തെ തിണ്ണയില്‍ കയറിയിരുന്നു. അപ്പോഴും അയാള്‍ നാലുവശത്തും അന്വേഷണത്തിന്റെ കണ്ണുകള്‍ പായിയ്ക്കുകയായിരുന്നു. ‘ഇവടെ ആള്‍ത്താമസൊന്നൂല്യാന്ന് തോന്നും കണ്ടാല്.’ ഷര്‍ട്ട് ഊരുകയായിരുന്ന സുധാകരന്‍ അത് കേട്ടില്ലെന്നു നടിച്ചു. ഷര്‍ട്ടും ബനിയനും വാങ്ങി രാധ അകത്തുപോയപ്പോള്‍ വയസ്സന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. ‘മകളേരിക്കും അല്ലേ?’ കിണ്ടിയില്‍ നിന്ന് വെള്ളമൊഴിച്ച് കാല്‍ കഴുകുന്നതിനിടയില്‍ സുധാകരന്‍ വെറുതെയൊന്ന് ചിരിച്ചു. (—ഒരു മദ്ധ്യാഹ്നം. പീടികയില്ലാത്ത ദിവസം. പൂമുഖത്തെ ചാരുകസേരയില്‍ മയങ്ങുകയായിരുന്നു. അപ്പോള്‍ മുറ്റത്തെ ചവറ്റിലകള്‍ ശബ്ദിച്ചു. അടുത്ത വീട്ടിലെ ആടായിരിക്കുമെന്നാണ് വിചാരിച്ചത്. ഉറക്കം തടസ്സപ്പെട്ട അലോസരത്തോടെ കണ്ണ് പകുതി തുറന്നപ്പോള്‍ മുറ്റത്ത് ഒരു പെണ്‍കുട്ടി. മുഷിഞ്ഞു കീറിയ ഉടുപ്പിനുള്ളില്‍ ഉണങ്ങിയ ദേഹം. എഴുന്നേറ്റ് ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് കുറച്ച് ചില്ലറയെടുത്തു കൊടുത്തപ്പോള്‍ അവള്‍ വാങ്ങിയില്ല. നിശ്ശബ്ദമായ ചവറ്റിലകള്‍. ‘എന്താ പേര്’ എന്നു ചോദിച്ചു. ‘രാധ,’ അവള്‍ പറഞ്ഞു.) ‘അല്ല. എനിക്ക് കണ്ടപ്‌ളേ തോന്നീയ്ക്കാ. മുറിച്ച മുറി തന്നെ!’ വയസ്സന്‍ തന്റെ കണ്ടുപിടുത്തത്തില്‍ ആഹ്‌ളാദിച്ചു. ‘എന്താ കുടിക്കാന്‍ വേണ്ടത്?’ സുധാകരന്‍ ചോദിച്ചു. വയസ്സന്‍ ഗാഢമായി ആലോചിച്ചു. ‘കൊറച്ച് സംഭാരായിക്കോട്ടെ. പച്ചമൊളകും കരൂപ്പിന്റെലേം ലേശം അരിഞ്ഞിട്ടാ വിശേഷായി.’ സുധാകരന്‍ അടുക്കളയില്‍ പോയി മോരുവെച്ച ഭരണി എടുത്തു. പച്ചമുളക് പറിച്ചുകൊണ്ടുവരുമ്പോള്‍ രാധ കുറച്ചുകൂടി ചോറു വെയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ‘പാര്‍വതി ഒറങ്ങ്യോ,’ അയാള്‍ രാധയോട് അന്വേഷിച്ചു. ‘ഒറങ്ങി. ഇന്ന് കൊറച്ച് ഭേദണ്ട്. കഞ്ഞി നല്ലോണം കഴിച്ചടക്ക്ണു.’ സംഭാരം മുഴുവന്‍ കുടിച്ച് വയസ്സന്‍ രണ്ടു മൂന്നുവട്ടം വിസ്തരിച്ച് തേട്ടി. പിന്നെ തൃപ്തിയോടെ ചിരിച്ചു. ‘ഇതാണല്ലോ ഈ സംഭാരത്തിന്റെ വിശേഷം. ഒന്നു രണ്ടു ഗ്ലാസ്സ് അകത്തുചെന്നാ ക്ഷീണോം വെശ്പ്പും ഒക്കെ മാറും.’ അയാള്‍ ഷര്‍ട്ട് ഊരി വീശി. ‘അപ്പൊ ഇവടെ എങ്ങ്‌നാ കുളിക്കാന്‍ള്ള വട്ടം?’ ‘കൊളണ്ട് പക്ഷെ, വെള്ളത്തിന് നല്ല തണുപ്പ്ണ്ടാവും,’ സുധാകരന്‍ അറിയിച്ചു. ‘തണ്പ്പ് വയ്യാച്ചാ കൊറച്ച് വെള്ളം ചൂടാക്കാം.’ ‘ഏയ്,’ വയസ്സന്‍ ശക്തിയായി നിഷേധിച്ചു. ‘നല്ല തണ്ത്ത വെള്ളത്തില് കുളിയ്ക്യാച്ചാ അതിന്റെ സുഖം ഒന്ന് വേറെന്നാണേയ.് കൊളത്ത്‌ല്‌യ്ക്കന്നെ പൊയ്ക്കളയാം.’ സുധാകരന്‍ അകത്തുപോയി തോര്‍ത്തും സോപ്പും എടുത്തുകൊണ്ടു വന്നു കൊടുത്തു. ‘എണ്ണ വേണോ?’ ‘എണ്ണേടെ കാര്യത്തില് എനിക്ക് കൊറച്ച് നിര്‍ബന്ധങ്ങളൊക്കെണ്ട്,’ വയസ്സന്‍ ചിരിച്ചു. ‘തൊളസിപ്പൂവിട്ട് കാച്യ എണ്ണേ തേയ്ക്കാറുള്ളൂ. അത്ണ്ടാവില്യ. അപ്പൊ വെറ്ക്കനെ കുളിക്കാം.’ ‘എന്റെ എണ്ണേം അതന്ന്ാ,’ സുധാകരന് അത്ഭുതം തോന്നി. ‘ഞാന്‍ വേഗം കൊണ്ട് വരാം.’ വയസ്സന്‍ എണ്ണ കുളുര്‍ക്കെ തേച്ച് കുപ്പി മടക്കിക്കൊടുത്തു. തോര്‍ത്തും സോപ്പുമെടുത്ത് പുറപ്പെട്ടു. ‘അപ്പൊ എവടങ്ങ്‌നായിട്ടാ കൊളം?’ ‘ഞാനും ഒപ്പം വരാം,’ സുധാകരന്‍ ടോര്‍ച്ചെടുത്ത് ഒപ്പം ചെന്നു. ‘ഞാന്‍ രാത്രി കുളി പതിവില്യ. പീടികേന്ന് വന്ന ഉടനെ ഊണ് കഴിച്ച് കെടന്നൊറങ്ങും.’ ‘ദാ ഒന്ന് നിക്കു,’ വയസ്സന്‍ പറഞ്ഞു. ഇത് വെള്ളിലാന്ന് തോന്ന്ണൂലോ. ഞാന്‍ രണ്ടെല പറിയ്ക്കട്ടെ. എണ്ണ തേച്ച്ട്ട് താളി തേച്ച്‌ല്യാച്ചാ ഒറക്കം സുഖാവ്‌ല്യ.’ കുളത്തിലിറങ്ങിയപ്പോള്‍ സുധാകരന്‍ വയസ്സനോട് ശ്രദ്ധിച്ച് ഇറങ്ങണമെന്ന് പറഞ്ഞു. ‘കല്ല് വഴുക്കും ചെലപ്പൊ.’ ‘വീണാലുംപ്പൊ എല്ലൊന്നും ഒടിയുംന്ന് തോന്ന്ണ്‌ല്യ,’ വയസ്സന്‍ ചിരിച്ചു. പിന്നെ ശ്രദ്ധിച്ച് ഇറങ്ങുന്നതിനിടയില്‍ പറഞ്ഞു. ‘കരിങ്കല്ലായ്ാ അബദ്ധാ. അല്ലാ വെട്ടുകല്ലായാലും വെത്യാസൊന്നുല്യായ്ക്ക്ാ. കൊറച്ച് മണല് പരത്തിട്ടാ ഇശ്ശി ഭേദണ്ടാവും.’ കഴുത്തിനൊപ്പം വെള്ളത്തില്‍ നിന്ന് ആണ്ടു മുങ്ങി. ചെറുതായി ഒന്നു നീന്തി. സോപ്പും താളിയും ധാരാളം തേച്ച് വീണ്ടും തുടിച്ചു മുങ്ങി. വയസ്സന്റെ വിസ്തരിച്ച കുളി കണ്ട്, കൊതുകിനെ ആട്ടിക്കൊണ്ട് സുധാകരന്റെ മുകളിലത്തെ കല്പടയില്‍ ഇരുന്നു. കുറേശ്ശെ തണുപ്പ് തോന്നുന്നുണ്ട്. വയസ്സന്‍ ഒരു കൂസലും കൂടാതെ കുളിക്കുന്നതില്‍ അയാള്‍ക്ക് അത്ഭുതം തോന്നി. ‘കുളി സുഖായി. അട്ത്ത കാലത്തൊന്നും ഇത്ര കേമായിട്ട്‌ല്യ,’ കുളത്തില്‍നിന്നു മടങ്ങുമ്പോള്‍ വയസ്സന്‍ പറഞ്ഞു. ‘സുഖായിട്ടൊരു കുളി തരായാ പിന്നെ അത്താഴം കഴിച്ച്‌ല്യെങ്ക്‌ലും ഒറക്കത്തിന് തകരാറ് വര്‌ല്യാ.‘ സുധാകരന്‍ അലമാരയില്‍ നിന്ന് അലക്കിയ മുണ്ടും കോണകവും എടുത്തു കൊടുത്തു. കോണകം നിവര്‍ത്തി നോക്കിയപ്പോള്‍ വയസ്സന് സന്തോഷം കൊണ്ട് ബോധക്ഷയം ഉണ്ടാവുമെന്നു തോന്നി. ‘ഒന്നാന്തരം തോരക്കോണം. ബലെ ബലെ.’ പിന്നെ അതിന്റെ നീളവും വീതിയും അളന്നുനോക്കി. ‘നല്ല ലക്ഷണമൊത്ത കോണകം. ഇപ്പൊ വല്ലെടത്തും പോയ്ാ ഇതൊന്നും തരാവ്‌ല്യാ.’ കോണകമുടുത്ത് മുണ്ടു ചുറ്റി ഭസ്മക്കുറിയിട്ട് വയസ്സന്‍ പൂമുഖത്തെ ചാരുകസേരയില്‍ ഇരുന്നു. ഈറന്‍ തോര്‍ത്ത് കസേരക്കൈയില്‍ വിരിച്ചു. വീണ്ടും പുരയില്‍ കണ്ണോടിക്കുവാന്‍ തുടങ്ങി. ‘എത്ര കാലായിട്ടുണ്ടാവും ഈ പെര പണ്ത്ട്ട്?’ ‘എനിക്ക് നിശ്ചല്യ,’ സുധാകരന്‍ പറഞ്ഞു. ‘ഞാന്‍ വാടകയ്ക്ക് താമസിയ്ക്കാണ്.’ ‘അ! അങ്ങന്ാ?’ വയസ്സന് അത്ഭുതമായി. ‘ഇത്ര വല്യ വീട് എന്താ ആവശ്യം?’ ‘എല്ലാ മുറികളും ഞാന്‍ ഉപയോഗിക്കാറ്‌ല്യ,’ സുധാകരന്‍ അറിയിച്ചു. ‘എനിക്ക് ഇപ്‌ളും ഇവടെ ആള്‍ത്താമസല്യാന്ന് ഒര് തോന്നല്.’ രാധ അകത്തുനിന്നുവന്ന് ഊണ് കാലായെന്ന് അറിയിച്ചപ്പോള്‍ രണ്ടു പേരും എഴുന്നേറ്റു. അടുക്കളയിലും വയസ്സന്റെ കണ്ണുകള്‍ കൗതുകപൂര്‍വ്വം പരതി നടന്നു. കിണ്ടിയില്‍നിന്ന് വെള്ളം തളിച്ച് നാക്കില മുഴുവന്‍ കഴുകിത്തുടച്ചു. പിന്നെ ഇല കുത്തനെ നിര്‍ത്തി വെള്ളം വാറ്റി. ചൂടുള്ള ചോറില്‍ നിന്ന് രണ്ടു മൂന്നു വറ്റെടുത്ത് വായിലിട്ടു. ‘തവളക്കണ്ണനേരിക്കും അല്ലെ. നാടന്‍ അരീടെ സ്വാദ് ഒന്ന് വേറെന്നാണേയ്.’ സാമ്പാറും മൊളോഷ്യവും മെഴുക്കുപുരട്ടിയും ഒരുമിച്ചു കണ്ടപ്പോള്‍ വയസ്സന്‍ ആഹ്ലാദപൂര്‍വ്വം ഒരപസ്വരമുണ്ടാക്കി. കടുമാങ്ങ കൂടി വിളമ്പിയപ്പോള്‍ ധ്യാനിക്കുന്നതുപോലെ കുറച്ചുനേരം കണ്ണടച്ചിരുന്നു. പിന്നെ ഉണര്‍ന്ന് സാമ്പാറും മൊളോഷ്യവും മാറിമാറി പ്രയോഗിച്ച് മുറയ്ക്ക് ഊണു തുടങ്ങി. സുധാകരന്‍ ആ ഊണ് കൗതുകപൂര്‍വ്വം നോക്കിയിരുന്നു. മോര് വിളമ്പിയപ്പോള്‍ കഷ്ടിച്ചു വര്‍ത്തമാനം പറയാനുള്ള മനസ്സാന്നിധ്യമുണ്ടായി വയസ്സന്. കൈക്കുമ്പിളില്‍ കൊഴുത്ത മോര് വലിച്ചു കുടിച്ചുകൊണ്ടു ചോദിച്ചു. ‘പശൂനെ കറവെണ്ടേരിക്കും ല്യെ?’ ‘പാല് വാങ്ങാണ്,’ രാധയാണ് മറുപടി പറഞ്ഞത്. ‘കുട്ടി എങ്ങനാ സ്‌കൂള് പോണ്‌ല്യെ?’ വയസ്സന്‍ അപ്പോഴാണ് രാധയെ ശ്രദ്ധിച്ചത്. രാധ ഒന്നും മിണ്ടിയില്ലെന്നു കണ്ടപ്പോള്‍ വയസ്സന്‍ തുടര്‍ന്നു. ‘പടിക്കണം. ഇന്നത്തെ കാലത്ത് അതോണ്ടേ രക്ഷെള്ളു.’ ഊണു കഴിഞ്ഞ് കുടുകുടുന്നനെ ചുക്കുവെള്ളം കുടിച്ച് വയസ്സന്‍ സുദീര്‍ഘമായി തേട്ടി. ‘മകള് ഇത്ര സമര്‍ത്ഥ്ാന്ന് വിചാരിച്ച്‌ല്യാട്ടോ. എനിക്ക് ഇഷ്ടള്ള സകലോം മുമ്പന്നെ ധരിച്ചേര്‍ന്ന മട്ടാണലോ.’ കൈകഴുകി പൂമുഖത്തേക്കു മടങ്ങുമ്പോള്‍ അകത്തുനിന്ന് ഞരക്കം കേട്ട് വയസ്സന്‍ സുധാകരന്റെ നേരെ തിരിഞ്ഞു. ‘ആരാ?’ ‘പാര്‍വതി,’ സുധാകരന്‍ പറഞ്ഞു. ‘ഓഹോ ഭാര്യ — അല്ലെ?’ വയസ്സന്‍ ചോദിച്ചപ്പോള്‍ സുധാരന്‍ വെറുതെ ഒന്നു ചിരിച്ചു. (—ഒരു പ്രഭാതം. വെളിച്ചം തെളിയുന്നതേയുള്ളു. കൈയില്‍ ഉമിക്കരിയും ഈര്‍ക്കിലയുമായി കുളത്തിലേക്ക് നടന്നു. പുല്‍ത്തുമ്പുകളില്‍ മഞ്ഞുതുള്ളികള്‍. കുളക്കടവിലിരുന്ന് മുഖം കഴുകി. കൈയിലെ ഉമിക്കരിയില്‍ വലത്തേ ചൂണ്ടുവിരല്‍ പറ്റിച്ച് പല്ലു തേക്കാന്‍ തുടങ്ങുകയായിരുന്നു. കുളത്തിനക്കരെ തിങ്ങിനില്‍ക്കുന്ന വെള്ളിലക്കാട് ഇളകുന്നു. ‘ആരാണ്,’ ഉറക്കെ ചോദിച്ചു. അപ്പോള്‍ ഒരു രൂപം വെള്ളത്തിലേക്ക് എടുത്തു ചാടി. കനത്ത ഓളങ്ങള്‍ നാലുപുറവും അടിച്ച് ശബ്ദമുണ്ടാക്കി. മുഖം കഴുകിത്തെളിഞ്ഞ വെളിച്ചത്തില്‍ മുങ്ങിപ്പൊങ്ങുന്ന സ്‌ത്രൈണത....) ‘എന്താ സുക്കേട്?’ സുധാകരന്‍ കേട്ടില്ലെന്നറിഞ്ഞ് വയസ്സന്‍ ചോദ്യം ആവര്‍ത്തിച്ചു. ‘അങ്ങനെ കാര്യായിട്ടൊന്നൂല്യാ,’ സുധാകരന്‍ പറഞ്ഞു. ‘ആസ്‌മേടെ ഉപദ്രവാണ്. ഒരാസവം കഴിയ്ക്കണ്ണ്ട്.’ ‘ചികിത്സ ഉപായത്ത്‌ലാക്കണ്ട. കുറച്ച് കാര്യായിട്ടന്നെ വേണം. വേഗം സമാധാനാവാന്‍ അലോപ്പത്യന്നെ നോക്ക്ാ നല്ലത്. ദണ്ണം ഭേദായിട്ടാവാം ആയുര്‍വേദം.’ ‘കൊറച്ചുനേരം പൂമുഖത്ത് ഇരുന്നോളൂ,’ സുധാകരന്‍ വയസ്സനോട് പറഞ്ഞു. ‘ഞാന്‍ അപ്‌ളയ്ക്കും കെടക്കാന്‍ള്ള വട്ടം ശര്യാക്കാം.’ ‘ഏയ് കെടക്കാന്‍ ഒട്ടും ബദ്ധപ്പാട്‌ല്യാ. പതുക്കെ മതി,’ പോകാന്‍ തിരിഞ്ഞ സുധാകരനോട് വയസ്സന്‍ ചോദിച്ചു. ‘നാളെ എപ്‌ളാ ആദ്യത്തെ ബസ്സ്? നേരം വെള്ക്കണേന് മുമ്പ്‌ണ്ടോ?’ ‘നല്ല നിശ്ചല്യ,’ സുധാകരന്‍ അറിയിച്ചു. ‘ധൃതിപ്പെട്വൊന്നും വേണ്ട. ഒക്കെ നാളെ അതാത്‌ന്റെ തരംപോലെ ചെയ്യാം.’ ആകെ നാലു മുറികളുള്ള ഈ വീട്ടില്‍ ഇന്നുവരെ തുറക്കാത്ത ഒരു മുറിയുണ്ട്. അതുതന്നെയാവട്ടെ വയസ്സന് കിടക്കാനുള്ള മുറി. സുധാകരന്‍ തീരുമാനിച്ചു. മുറി തുറന്നപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാമുള്ള മുറി. ചൂടിക്കയറു വരിഞ്ഞ ഒരു കട്ടില്‍. താഴെ ഒരു കോളാമ്പി. അടുത്തുതന്നെയുള്ള മേശപ്പുറത്ത് പഴയ ഒരു കമ്പിറാന്തല്‍. മുറിയുടെ മൂലയ്ക്കല്‍ ഒരോവും. എല്ലാം പൊടിപിടിച്ചു കിടക്കുന്നു. സുധാകരനും രാധയും കൂടി മുറിയാകെ അടിച്ചുവാരിത്തുടച്ച് വൃത്തിയാക്കി. കട്ടിലില്‍ ഒരു കിടക്ക തട്ടിക്കുടഞ്ഞ് വിരിച്ചു. കമ്പിറാന്തല്‍ കൊളുത്തി. കൂജയില്‍ ചുക്കുവെള്ളം കൊണ്ടുവന്ന് മേശപ്പുറത്തുവെച്ചു. ഓവിന്റെ അരികെ ഒരു തമലയില്‍ വെള്ളവും. ജനാലകള്‍ തുറന്നിട്ടപ്പോള്‍ തണുത്ത കാറ്റ് അകത്തു കടന്നുവന്നു. ‘എല്ലാം തയ്യാറായി,’ സുധാകരന്‍ സ്വയം പറഞ്ഞു. പിന്നെ അയാള്‍ വയസ്സനെ വിളിച്ചുകൊണ്ടുവരാന്‍ പൂമുഖത്തേയ്ക്ക് നടന്നു. (1981)