close
Sayahna Sayahna
Search

കഥ ഇതുവരെ


‌ ← അഷ്ടമൂർത്തി

കഥ ഇതുവരെ

വാസുദേവന്‍ വളരെ വൈകിയാണ് ഉണര്‍ന്നത്. കണ്ണുതുറന്ന ഉടനെ എതിരെയുള്ള കണ്ണാടിയില്‍ നോക്കി. മുഖം കോടിപ്പോയിരിക്കുന്നു. ഉറക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ തന്റെ മുഖം എന്താണ് എന്നും ഈ സ്ഥിതിയിലാവുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് അയാളോര്‍ത്തു.

വാച്ച് നിന്നുപോയിരിക്കുന്നു. എന്നും രാത്രി പത്തുമണിക്ക് താക്കോല്‍ കൊടുക്കാറുള്ളതാണ്. ഇന്നലെ ആ സമയത്ത് ബോധം കഷ്ടിയായിരുന്നു. തലയ്ക്കുതന്നെ ഒരു താക്കോല്‍ കൊടുക്കേണ്ട മട്ടായിട്ടുണ്ടാവണം അപ്പോഴേക്ക്.

സമയമെത്രയായിട്ടുണ്ടാവും? പുറത്തുനോക്കിയാല്‍ എട്ടുമണി കഴിഞ്ഞുവെന്നു തോന്നും. ആറുമണിക്ക് പത്രക്കാരന്‍ വരുമ്പോഴാണ് സാധാരണ വാസുദേവന്‍ എഴുന്നേല്‍ക്കാറ്. ഇന്ന് അവന്‍ വന്നത് അറിഞ്ഞില്ല.

ചെറിയൊരു തലവേദനയുണ്ട്. ഇന്നലെ അഞ്ചു പെഗ്ഗാണ് കഴിച്ചത്. പരമേശ്വരന്‍ കുറച്ചേ കഴിച്ചുള്ളൂ. രണ്ടാമത്തെ പെഗ്ഗ് മുഴുവനാക്കിയില്ല. കമലാസനനാണ് ഫോമിലെത്തിയത്. ഏഴുപെഗ്ഗ്. അവസാനത്തെ രണ്ടെണ്ണം കണ്ണടച്ചു തുറക്കുമ്പോഴേക്കും കഴിഞ്ഞു. ഒടുക്കം എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാതായി. പരമേശ്വരന്‍ അവനെ എങ്ങനെയാണ് വീട്ടിലെത്തിച്ചതാവോ. അവന്റെ ബലിഷ്ഠമായ ചുമലില്‍ കമിഴ്ന്നുകിടന്ന കമലാസനന് മിണ്ടാന്‍പോലും ശക്തിയുണ്ടായിരുന്നില്ല.

വാസുദേവന്‍ എഴുന്നേറ്റു. നിലത്ത് മിക്‌സ്ചറിന്റെ അവശിഷ്ടങ്ങളില്‍ ഉറുമ്പരിക്കുന്നു. പൊട്ടിയ കുപ്പിക്കഷ്ണങ്ങള്‍ ഒരരുകിലേക്ക് അടിച്ചുകൂട്ടിയിട്ടുണ്ട്. കുപ്പി ഒഴിഞ്ഞപ്പോള്‍ കമലാസനന്‍ അതില്‍ തീപ്പെട്ടിക്കൊള്ളി കൊളുത്തിയിട്ടു. കുപ്പിയുടെ വായ ഉള്ളംകൈകൊണ്ട് പൊത്തിപ്പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് അത് നിലത്തു വീണുടഞ്ഞത്.

ലീവെടുക്കാമായിരുന്നു, വാസുദേവന്‍ വിചാരിച്ചു. പക്ഷേ ഒരു നിവൃത്തിയുമില്ല. ഓഡിറ്റിങ്ങ് നടക്കുന്ന കാലം. മേശവലിപ്പു തുറന്ന് രണ്ടു സാരിഡോണ്‍ പുറത്തെടുത്ത് കൂജയില്‍ നിന്നു വെള്ളം കുടിച്ചു. കുറച്ചുനേരം കണ്ണടച്ചു കിടന്നാല്‍ ഭേദമാവും പക്ഷേ, സമയമില്ല. ഇപ്പോള്‍ തന്നെ നേരം വൈകിയിരിക്കുന്നു.

കണ്ണാടിയുടെ മുമ്പിലുള്ള മേശപ്പുറത്തുനിന്ന് ടൂത്ത്‌പേസ്റ്റ് എടുക്കുമ്പോഴാണ് വാതില്‍ ആരോ തുറക്കുന്ന ശബ്ദം കേട്ടത്. അപ്പോള്‍ ഇന്നലെ താന്‍ വാതില്‍ അടച്ചിരുന്നില്ലെന്ന് വാസുദേവന്‍ അറിഞ്ഞു. ബോധം നശിച്ച കമലാസനനെയെടുത്ത് പരമേശ്വരന്‍ നടന്നുമറയുന്നതുവരെ താന്‍ അവിടെ നിന്നു. പിന്നെ അകത്തു കയറിയതേ ഓര്‍മ്മയുള്ളൂ.

പരമേശ്വരനാണ് കടന്നുവന്നത്. വാസുദേവന്‍ അത്ഭുതപ്പെട്ടു. താനെന്താണ് ഈ അസമയത്ത് എന്നു ചോദിച്ചു. അപ്പോള്‍ പരമേശ്വരന്‍ ഒരു ചിരി മുഖത്തുനിന്ന് തുടച്ചുമാറ്റി. പിന്നെ ഗൗരവം വരുത്തി പറഞ്ഞു. താനറിഞ്ഞില്ലെ ഇന്നലെ രാത്രി കമലാസനന്‍ മരിച്ച വിവരം. വാസുദേവന്‍ അമ്പരന്നപ്പോള്‍ പരമേശ്വരന്‍ തുടര്‍ന്നു. പ്രത്യേകിച്ചൊന്നുമുണ്ടായില്ല. ഞാനാണല്ലോ കൊണ്ടുപോയത്. അവന്റെ വീട്ടില്‍ കൊണ്ടുചെന്നു കിടത്തി. ഇന്നു രാവിലെ ജോലിക്കു പോണവഴിക്ക് അവന്റെ വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടം. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഇന്നലത്തെ ഉറക്കത്തില്‍നിന്ന് അവന്‍ ഉണര്‍ന്നില്ലത്രെ.

ഏതൊരു മരണവൃത്താന്തവും അറിയിക്കുമ്പോള്‍ പരമേശ്വരന്‍ ചിരിക്കാറുണ്ട്, വാസുദേവന്‍ ഇത്തവണയും അതു കണ്ടു. പക്ഷേ ഇപ്പോള്‍ അത് അവന്‍ അടക്കിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാത്രം.

താനെന്താണ് ചിരിക്കുന്നത്, പരമേശ്വരന്‍ ചോദിച്ചു. അപ്പോഴാണ് വാസുദേവന്‍ കണ്ണാടിയില്‍ നോക്കിയത്. പിന്നെ അയാള്‍ കുറ്റം മറയ്ക്കാനുള്ള ബദ്ധപ്പാടില്‍ ബ്രഷിലേക്ക് വേഗം ടൂത്ത്‌പേസ്റ്റ് പകര്‍ന്നു. താന്‍ കമലാസനന്റെ വീട്ടില്‍ പോവുന്നില്ലേ എന്ന് പരമേശ്വരന്‍ ചോദിച്ചു. ഉവ്വ്, താന്‍ കുറച്ചുനേരം നിക്ക്ാ, ഞാന്‍ വേഗം പുറപ്പെടാം എന്ന് വാസുദേവന്‍ മറുപടിയും പറഞ്ഞു. പക്ഷേ പരമേശ്വരന്‍ കാത്തുനിന്നില്ല. ഇപ്പോള്‍ ത്തന്നെ സമയം വൈകിയിരിക്കുന്നു. തന്നെ അറിയിക്കാതെ വയ്യല്ലോ എന്നു വിചാരിച്ചു വന്നതാണ് എന്നൊക്കെ പിറുപിറുത്ത് അയാള്‍ പുറത്തിറങ്ങി.

പല്ലുതേപ്പും കുളിയും കഴിഞ്ഞ് വാസുദേവന്‍ പുറപ്പെട്ടു. സമയം എത്രയാണെന്ന് ഇപ്പോഴും രൂപമില്ല. പരമേശ്വരനോടു ചോദിച്ച് സമയം ശരിയാക്കാമായിരുന്നു എന്ന് വാച്ചെടുത്ത് കെട്ടുമ്പോള്‍ അയാള്‍ കുണ്ഠിതപ്പെട്ടു.

കമലാസനന്റെ വീട്ടിലേക്കാണ് നടന്നത്. ആളുകള്‍ അപ്പോഴും അവിടെ കൂടിനിന്നിരുന്നു. കമലാസനനെ എവിടെ സംസ്‌കരിക്കണം, ഏതു മാവു വെട്ടണം എന്നു തുടങ്ങിയ ഗൗരവമേറിയ ചര്‍ച്ചയ്ക്കിടയില്‍ വാസുദേവനെ ആരും ശ്രദ്ധിച്ചില്ല. അയാള്‍ അകത്തു കയറിച്ചെന്നു. മുറിയില്‍ വെള്ളത്തുണി പുതച്ച് കമലാസനന്‍ കിടക്കുന്നുണ്ടായിരുന്നു. തലയ്ക്കല്‍ ഒരു നാളികേരമുറിയില്‍ എണ്ണത്തിരി കത്തുന്നു.

വാസുദേവന്‍ കുറച്ചുനേരം കൂടി അവിടെ നിന്നു. പിന്നെ പുറത്തിറങ്ങിനടന്നു. ഓഫീസിലേക്കുള്ള ബസ്സു കിട്ടണമെങ്കില്‍ ഇവിടെനിന്ന് അര നാഴിക നടക്കണം. പതിവായി കിട്ടാറുള്ള ബസ്സ് ഇന്ന് പോയിട്ടുണ്ടാവും.

അങ്ങനെ കമലാസനന്റെ കഥ കഴിഞ്ഞു, നടക്കാന്‍ തുടങ്ങുമ്പോള്‍ വാസുദേവന്‍ സ്വയം പറഞ്ഞു. ഇതാണ് പാവപ്പെട്ട മനുഷ്യന്റെ സ്ഥിതി. ഇന്നലെ മൂന്നാമത്തെ പെഗ്ഗ് ഒഴിക്കുമ്പോള്‍ അവന്‍ ആവേശത്തോടെ പ്രഖ്യാപിച്ചു. നമ്മുടെ ഈ ത്രിസഖ്യം പൊളിക്കാന്‍ പരമശിവനുകൂടി പറ്റില്ല.

കമലാസനന് പ്രൊമോഷന്‍ കിട്ടിയതിന്റെ വകയായിരുന്നു ഇന്നലത്തെ ആഘോഷം. അടുത്ത പാര്‍ട്ടി കമലാസനന്റെ കല്യാണത്തിന്റെ തലേന്ന് എന്ന് താന്‍ പറഞ്ഞപ്പോള്‍ അവന് ഹരം പിടിച്ചു. സാവിത്രിയേക്കുറിച്ചായി പിന്നെ പ്രസംഗം. വിവാഹനിശ്ചയം നടന്ന അന്നുതന്നെയാണത്രെ പ്രൊമോഷന് അവന്റെ പേരു നിര്‍ദ്ദേശിക്കപ്പെട്ടത്. എന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും നിദാനം സാവിത്രിയാണ് എന്ന് പ്രസ്താവിക്കുമ്പോള്‍ അവന്റെ നാവ് കുഴഞ്ഞിരുന്നു.

കമലാസനന്റെ വീട്ടില്‍ സാവിത്രിയെക്കണ്ടില്ലല്ലോ, വാസുദേവന്‍ ഓര്‍ത്തു. ഒരു പക്ഷേ അവള്‍ അറിഞ്ഞില്ലെന്നു വരുമോ? മൂവാണ്ടന്‍ മാവോ വെള്ളരിമാവോ ഇക്കൊല്ലം കായ്ക്കാതിരുന്നത് എന്ന ചര്‍ച്ചയ്ക്കിടയില്‍ അവരത് അറിയിക്കാന്‍ മറന്നുപോയിട്ടുണ്ടാവും.

മൂന്നും കൂടിയ വഴിയിലെത്തി. ഇടത്തോട്ടുള്ള വഴിയിലൂടെ ഒന്നര നാഴിക നടന്നാല്‍ സാവിത്രിയുടെ വീടായി. അവരെ അറിയിച്ചാല്‍ സന്തോഷമാവും. അല്ല ദു:ഖമാവും, വാസുദേവന്‍ സ്വയം തിരുത്തി.

ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ കുറെ സ്‌കൂള്‍ക്കുട്ടികള്‍ എതിരെ വന്നു. സമയത്തേപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത് അപ്പോഴാണ്. ഒമ്പതര കഴിഞ്ഞിട്ടുണ്ടാവുമോ? ഒരുപക്ഷേ സാവിത്രി വീട്ടില്‍നിന്ന് പുറപ്പെട്ടിട്ടുണ്ടാവും. വഴിയില്‍ വെച്ച് കണ്ടുമുട്ടാന്‍ വഴിയുണ്ട്. അപ്പോള്‍ കഴിയുന്നത്ര ഗൗരവത്തോടെ വൃത്താന്തമറിയിക്കണം.

സാവിത്രിയുടെ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞു. എതിരേ വന്നത് സാവിത്രിയല്ല പരമേശ്വരനാണ്. ഊടുവഴിയില്‍ അവര്‍ രണ്ടുപേരും കുറച്ചുനേരം ഒന്നും മിണ്ടാതെ മുഖത്തോടുമുഖം നോക്കിനിന്നു.

ഞാന്‍ സാവിത്രിയുടെ വീട്ടില്‍ നിന്നാണ് വരുന്നത്. പരമേശ്വരന്‍ പറഞ്ഞു. അവള്‍ സ്‌കൂളിലേക്കു പോയിക്കഴിഞ്ഞു. ഇനി അവിടെ പോയി പറയാനൊന്നും നേരമില്ല. ഇപ്പോള്‍ത്തന്നെ ഓഫീസില്‍ സമയം വൈകി. പരമേശ്വരന്‍ ധൃതിയില്‍ നടന്നുപോവുന്നത് വാസുദേവന്‍ നോക്കിനിന്നു.

സാവിത്രിയുടെ ചെറിയമ്മ നാളികേരം അരയ്ക്കുകയായിരുന്നു. ഇതല്ലേ വാസ്വോ മന്‌ഷേരടെ സിതി? അവര്‍ ചോദിച്ചു. ആരക്കാ നിശ്ശം നാളത്തെ കത? ഇന്നത്തെ കഴിഞ്ഞാ ഇന്നത്തെ കഴിഞ്ഞൂന്ന് പറ്ാം.

ഫിലോസഫി കേട്ടുകൊണ്ടും ചെറിയമ്മയുടെ പൊക്കിളില്‍ കണ്ണുനട്ടുകൊണ്ടും വാസുദേവന്‍ എട്ടു ദോശ അകത്താക്കി. ഒരു ഗ്ലാസ് ചൂടുള്ള ചായ കൂടി കുടിച്ച് കൈകഴുകുമ്പോള്‍ ഉച്ചയ്ക്ക് നമ്പ്യാരുടെ ഹോട്ടലില്‍ നിന്ന് പതിവുള്ള ഊണു വേണ്ട, ഒരു മസാലദോശയില്‍ കാര്യം ഒതുക്കാം എന്ന് നയതന്ത്രപരമായ തീരുമാനമെടുത്തു.

കുറച്ചുനേരം കിടക്കണമെന്നു തോന്നി വാസുദേവന്. അയാള്‍ അകത്തേക്കു നടക്കുമ്പോള്‍ നാളികേരം അരച്ചുകഴിഞ്ഞ് കൈകഴുകി ചെറിയമ്മ പിന്നാലെ ചെന്നു. കുട്ടി ഇന്ന് നേരത്തെ പോയി സ്‌കോളിയ്ക്ക്, ചെറിയമ്മ പറഞ്ഞു. ഇന്‍സ്‌പെഷന്‍ ഉണ്ട്‌ന്നൊക്കെ പറഞ്ഞ്. കുട്ട്യെ അറിയിച്ചാ വല്യെ ദുക്കാവും.

ചെറിയമ്മയെ വിട്ടുപോരാന്‍ കുറേ താമസിച്ചു. പടി കടക്കാറായപ്പോഴാണ് അയാള്‍ക്ക് സമയത്തെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്. മുറ്റത്തുനിന്ന് അയാള്‍ വിളിച്ചു: ചെറിയമ്മേ, സമയം എത്രായീന്ന് നിശ്ശണ്ടോ?

തലമുടി കെട്ടിവെച്ചുകൊണ്ട് ചെറിയമ്മ ഇറയത്തേക്കു വന്നു. ഇവടത്തെ ഉച്ചമണ്യാ വാസ്വോ. വാച്ച് നേരെയാക്കാനാണെങ്കി പറ്റ്‌ല്യ.

മൂന്നുംകൂടിയ കവലയില്‍ വീണ്ടുമെത്തിയപ്പോള്‍ ആദ്യം കണ്ട സ്‌കൂള്‍ക്കുട്ടികള്‍ എതിരെ വരുന്നു. സ്‌കൂള്‍ വിട്ടുള്ള വരവാണല്ലോ. എന്താവും നേര്‍ത്തെ വിടാനുള്ള കാരണം? കുട്ടികള്‍ ഉറക്കെയുറക്കെ ചിരിച്ചുകൊണ്ടാണ് കടന്നുപോയത്. വാസുദേവന്‍ കുറച്ചുനേരം അവരെത്തന്നെ നോക്കിനിന്നു.

മറ്റൊരു പറ്റം കുട്ടികള്‍കൂടി എതിരേ വന്നപ്പോള്‍ വാസുദേവന്‍ അവരോട് എന്താ ഇന്ന് സ്‌കൂളില്ലേ എന്ന് ചോദിച്ചു. ഇല്യ, ആരോഗ്യമന്ത്രി ഇന്നലെ രാത്രി മരിച്ചൂലോ എന്ന് കുട്ടികള്‍ ഒന്നിച്ച് ആഹ്‌ളാദത്തോടെ വിളിച്ചുപറഞ്ഞു.

രാവിലെ ധൃതികാരണം പത്രം നോക്കാന്‍ പറ്റിയില്ല. അപ്പോള്‍ താന്‍ ഊഹിച്ചത് ശരിയാണ്. രാഷ്ട്രീയക്കാര്‍ മരിക്കാതെ മുടക്കു കിട്ടില്ല. പണ്ട് താന്‍ പഠിച്ചിരുന്ന കാലത്താണ് പഴയ ഒരു സ്വാതന്ത്ര്യസമരയോദ്ധാവ് മരിച്ചത്. ഹായ് ഹായ് സ്‌കൂളില്ല എന്ന് താന്‍ തുള്ളിച്ചാടിയപ്പോള്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുള്ള വല്യച്ഛന്‍ തന്നെ രൂക്ഷമായി നോക്കിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

സ്‌കൂളിലെ കുട്ടികളെല്ലാം ഒഴിഞ്ഞുപോയിരുന്നു. നേരേ സ്റ്റാഫ് റൂമിലേക്കാണ് ചെന്നത്. സാവിത്രി വാസുദേവനെ കണ്ടപ്പോള്‍ പുറത്തു വന്നു. ഞാനറിഞ്ഞു, അവള്‍ പറഞ്ഞു. കുറച്ചുമുമ്പ് പരമേശ്വരന്‍ ഇവിടെ വന്നിരുന്നു.

ഇതൊക്കെയാണ് സാവിത്രീ ജീവിതം, വാസുദേവന്‍ കൈയിലുള്ള ചില്ലറ ഫിലോസഫി പരീക്ഷിച്ചുനോക്കാന്‍തന്നെ തീരുമാനിച്ചു. ഇന്നലെ വിചാരിക്കുന്നതല്ല ഇന്ന്. ഇന്ന് വിചാരിക്കുന്നതല്ല നാളെ. നാളെ വിചാരിക്കുന്നതല്ല മറ്റന്നാള്‍ —

ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ തീരില്ല, സാവിത്രി ഇടപെട്ടു. നാളെ ഇന്‍സ്‌പെക്ഷനാണ്. കുറേ പണികളുണ്ട്. കഴിഞ്ഞ ടെര്‍മിനല്‍ എക്‌സാമിന്റെ മാര്‍ക്ക്‌ലിസ്റ്റ് ഇനിയും ശരിപ്പെടുത്തിയിട്ടില്ല. പിന്നെ, വാസുദേവന്‍ ഇന്നു ജോലിക്കു പോയില്യേ.

ഇല്യ സാവിത്രീ. എന്റെ കൂട്ടുകാരനല്ലേ മരിച്ചത്.

അതെ, സാവിത്രി ചിന്തയില്‍ മുഴുകി. അവളുടെ കണ്ണുനിറഞ്ഞു. വാസുദേവന് നിശ്ശണ്ടോ കമലാസനന് പ്രൊമോഷന്‍ കിട്ടി ആദ്യത്തെ ശമ്പളത്തിന്…

സാവിത്രി വിങ്ങിപ്പൊട്ടാന്‍ തുടങ്ങുമ്പോള്‍ വേറൊരു ടീച്ചര്‍ വന്ന് അവളെ കൂട്ടിക്കൊണ്ട് അകത്തുപോയി. അവരുടെ കൈയില്‍ വലിയൊരു മാര്‍ക്ക്ഷീറ്റ് ഉണ്ടായിരുന്നു.

വാസുദേവന്‍ കുറച്ചുനേരം കൂടി അവിടെ നിന്നു. പിന്നെ ഇറങ്ങി നടന്നു. വെയിലിന് ചൂടുവെച്ചു തുടങ്ങി. ബസ്സില്‍ കയറിയ ഉടനെ കമലാസനന്റെ പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ എന്നു നോക്കി. ആരുമില്ലെന്നറിഞ്ഞപ്പോള്‍ അല്പം നിരാശതോന്നി.

കമലാസനന്റെ ഓഫീസ് പരിസരത്ത് ആരെയും കണ്ടില്ല. വരാന്തയില്‍ കയറിച്ചെന്നപ്പോള്‍ ശിപായി കരുണാകരന്‍ നായര്‍ പുറത്തുവന്നു. വാസുദേവന്‍ സാറോ, മുറുക്കിച്ചുവന്ന വായ തുറന്ന് അയാള്‍ ചിരിച്ചു.

ഓഫീസിലുള്ളവരൊക്കെ എവിടെപ്പോയി കരുണാകരന്‍ നായരേ, വാസുദേവന്‍ ചോദിച്ചു.

ജാഥ പോയിരിക്കയല്ലേ, കരുണാകരന്‍ നായര്‍ പറഞ്ഞു. പരമേശ്വരന്‍ സാറിന്റെ ഫോണ്‍ വന്നപ്പോഴാണ് അറിഞ്ഞത്. ഉടനെ കറുത്ത കൊടികുത്തി മൗനജാഥയായി കൃത്യം 9.30ന് കമലാസനന്‍ സാറിന്റെ വീട്ടിലേക്കു പുറപ്പെട്ടു. 10.15 ന് അന്ത്യോപചാരം അര്‍പ്പിച്ച് അവിടെനിന്ന് 10.30 ന് ചുവന്ന കൊടിയും ബാനറുകളുമായി കലക്ടറേറ്റ് പടിക്കലേക്ക്. ഒരു പോയിന്റ് കടക്കാന്‍ ഒരു മണിക്കൂര്‍ പതിനഞ്ചു മിനിട്ടെടുക്കുമെന്നാണ് കണക്കൂട്ടല്‍. 12.15 ന് കലക്ടറേറ്റിലെത്തും. പിന്നെ ധര്‍ണ്ണ.

അപ്പോള്‍ ആരോഗ്യമന്ത്രി മരിച്ചതിന് ഒഴിവൊന്നുമില്ലേ, വാസുദേവന്‍ അന്വേഷിച്ചു.

ഇല്ലല്ലോ സാറെ, അതല്ലേ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളോടുള്ള അവഗണന. കരുണാകരന്‍ നായര്‍ക്ക് രോഷം കയറി. സര്‍ക്കാറിന്റെ ഈ ചിറ്റമ്മനയം അവസാനിപ്പിക്കാനും കൂടിയാണ് ഞങ്ങള്‍ ഇന്ന് കലക്ടറേറ്റു പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തുന്നത്. വേണ്ടിവന്നാല്‍ ഞങ്ങളുടെ ഒടുക്കത്തെ തുള്ളി രക്തം ഇറ്റു വീണുതീരുന്നതുവരെ —

കുറച്ചു മുമ്പുതന്നെ ഇറങ്ങിനടക്കാന്‍ തുടങ്ങിയതിനാല്‍ അവസാനഭാഗം വാസുദേവന്‍ കേട്ടില്ല.

കമലാസനന്റെ ബന്ധുക്കളേക്കുറിച്ചാലോചിച്ചപ്പോള്‍ വാസുദേവന് ശങ്കരമേനോനെ ഓര്‍മ്മവന്നു. ബന്ധുവല്ലെങ്കിലും ശ്രീ മേനോനാണല്ലോ കമലാസനനെ കൂടെ താമസിപ്പിച്ച് പഠിപ്പിച്ചത്. സ്വന്തം മകനേപ്പോലെയായിരുന്നു അദ്ദേഹത്തിന് കമലാസനന്‍. അതുകൊണ്ടാണല്ലോ തുടര്‍ക്കഥാചാരവിധിപ്രകാരം അദ്ദേഹം രാധയെ കമലാസനനു കൊടുക്കാന്‍ ശ്രമിച്ചത്. പക്ഷേ കമലാസനന്‍ അന്നുമുതല്‍ രാധയോട് മിണ്ടാതായെന്നു മാത്രമല്ല തന്നെ സഹായിച്ച പണം മുഴുവന്‍ ഗഡുക്കളായി തിരിച്ചടയ്ക്കാനും തുടങ്ങി.

ശങ്കരമേനോന്റെ വീട്ടിലേക്ക് ബസ്സില്‍ പോവണം. രണ്ടു മണിക്കൂര്‍ നേരത്തെ യാത്ര കഴിഞ്ഞ് അവിടെ എത്തിയപ്പോള്‍ ഉച്ചതിരിഞ്ഞിരുന്നു. മരിച്ചുപോയ ഒരു പ്രധാനമന്ത്രിയുടെയും മറ്റു ചില നേതാക്കളുടെയും ഛായാചിത്രങ്ങള്‍കൊണ്ടലങ്കരിച്ച വരാന്തയില്‍ കയറി വാസുദേവന്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.

ഞാന്‍ വാസുദേവനാണ്, വാതില്‍ തുറന്ന് രാഷ്ട്രീയമായി തൊഴുതുനിന്ന ശങ്കരമേനോനോട് വാസുദേവന്‍ പറഞ്ഞു. കമലാസനന്റെ കൂട്ടുകാരന്‍. കമലാസനന്റെ മരണവൃത്താന്തം ഞാന്‍ നിങ്ങളെ സഖേദം അറിയിക്കുന്നു.

ഞാനറിഞ്ഞു, ശങ്കരമേനോന്‍ പറഞ്ഞു. പരമേശ്വരന്‍ എന്നൊരാള്‍ എനിക്കു ഫോണ്‍ ചെയ്തിരുന്നു. രാവിലെ ആരോഗ്യമന്ത്രിയുടെ മരണവാര്‍ത്തയറിഞ്ഞ് അനുശോചനപ്രസ്താവന എഴുതിത്തീര്‍ത്ത നേരത്താണ് ഫോണ്‍ വന്നത്. നിങ്ങള്‍ കമലാസനന്റെ വീട്ടുകാര്‍ക്കുള്ള അനുശോചനസന്ദേശം വാങ്ങിക്കൊണ്ടുപോവാന്‍ വന്നതായിരിക്കും അല്ലേ? ഒരു നിമിഷം.

പിന്നെ ശങ്കരമേനോന്‍ ഒരരപ്പായക്കടലാസെടുത്ത് ഉറക്കെ വായിച്ചു തുടങ്ങി. പരേതന്‍ എന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നില്‍ നികത്താനാവാത്ത ഒരു വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്. കൃത്യനിര്‍വ്വഹണത്തില്‍ എന്നും ശ്രദ്ധപുലര്‍ത്തിപ്പോന്നിട്ടുള്ള അദ്ദേഹം എനിക്കു തരാനുള്ള പണത്തിന്റെ രണ്ടു ഗഡുക്കളേ അടച്ചു തീര്‍ക്കാനുണ്ടായിരുന്നുള്ളൂ. ആ ഗഡുവുകള്‍ ഞാന്‍ ഇതോടൊപ്പം ഇളവു ചെയ്യുകയും ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളോട് പങ്കുചേരുകയും ചെയ്യുന്നു.

ഇതു പോരേ? വായിച്ചു നിര്‍ത്തി ശങ്കരമേനോന്‍ ചോദിച്ചു.

ധാരാളം മതി, വാസുദേവന്‍ കടലാസ് വൃത്തിയായി മടക്കി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ശ്രദ്ധാപൂര്‍വ്വം വെച്ചു. എന്നാല്‍ ഞാന്‍ പോട്ടെ.

നിങ്ങള്‍ക്കറിയുമോ ഞങ്ങള്‍ രാഷ്ട്രീയക്കാരുടെ വിഷമങ്ങള്‍? ശങ്കരമേനോന്‍ ചോദിച്ചു. വല്ലവരും മരിച്ചാല്‍ അഭിപ്രായമാരാഞ്ഞുകൊണ്ട് ഉടനെ പത്രപ്രതിനിധികള്‍ വരാന്‍ തുടങ്ങും. അപ്പോഴേയ്ക്ക് അനുശോചനസന്ദേശം തയ്യാറാക്കണം. ഈയിടെയായി ആഴ്ചതോറും രണ്ടും മൂന്നും പേരാണ് മരിക്കുന്നത്. ഇങ്ങനെപോയാല്‍ എനിക്ക് ഇതിനൊരാളെത്തന്നെ നിയമിക്കേണ്ടിവരുന്നമട്ടാണ്.

വാസുദേവന്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ ശങ്കരമേനോന്‍ തടഞ്ഞു.

നില്‍ക്കൂ. അവസാനമായി ഒരു വാക്കുകൂടി. കഴിഞ്ഞയാഴ്ച്ച സംഭവിച്ചത് എന്താണെന്നു കേള്‍ക്കൂ. എനിക്കൊരു ഫോണ്‍ വന്നു. പൊതുമരാമത്തു മന്ത്രി മരിച്ചെന്നു പറഞ്ഞ്. ഞാന്‍ ബുദ്ധിമുട്ടി ഒരനുശോചനസന്ദേശം എഴുതിയുണ്ടാക്കിയപ്പോഴാണറിയുന്നത് അദ്ദേഹം മരിച്ചിട്ടില്ലെന്ന്. അപ്പോഴത്തെ എന്റെ ഇച്ഛാഭംഗം നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമോ? ശങ്കരമേനോന്‍ നിര്‍ത്തി വീണ്ടും പറഞ്ഞു. അല്ലെങ്കില്‍ നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല. ക്രിയേറ്റീവ് ഫീല്‍ഡിലുള്ളവരോടേ ഇതൊക്കെ പറഞ്ഞിട്ടു കാര്യമുള്ളൂ.

ഉച്ചയൂണു കഴിക്കാത്തതുകൊണ്ടും അലച്ചിലുകൊണ്ടും വാസുദേവന് ക്ഷീണമുണ്ടായിരുന്നു. ബസ്സിലിരുന്ന് ഉറങ്ങിപ്പോയ അയാള്‍ ടൗണിലെത്തി ബസ്സ് നിന്നപ്പോഴേ ഉണര്‍ന്നുളളൂ. പിന്നെ വേറൊരു ബസ്സുകൂടിപ്പിടിച്ച് താമസസ്ഥലത്തെത്തിയപ്പോള്‍ സന്ധ്യയായിരുന്നു. അപ്പോഴാണ് തല വേദനിക്കുന്നുണ്ടെന്ന കാര്യം വാസുദേവന്‍ അറിഞ്ഞത്. ഇത് രാവിലത്തെ തലവേദനയാണോ അതോ പുതിയതാണോ എന്നു സംശയിച്ച് അയാള്‍ കുറച്ചുനേരം നിന്നു. പിന്നെ മേശവലിപ്പു തുറന്ന് രണ്ടു സാരിഡോണ്‍ കൂടി അകത്താക്കി. പുഴയില്‍ കുളിച്ചാല്‍ കുറച്ചു സുഖം തോന്നും എന്നു വിചാരിച്ച് തോര്‍ത്തും സോപ്പുമെടുത്ത് അയാള്‍ ഇറങ്ങി നടന്നു.

ഇരുണ്ടുതുടങ്ങുന്ന പുഴയുടെ തീരത്ത് ഒരു പകലിന്റെ വ്യഥ മുഴുവന്‍ ഏറ്റുവാങ്ങിയ മണലില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി വാസുദേവന്‍ ഇരുന്നു. ചുറ്റും ഇരുട്ടിന് കനംവെച്ചു വരുന്നതും രാത്രി മരവിച്ചു തുടങ്ങുന്നതും അയാള്‍ അറിഞ്ഞില്ല. പരമേശ്വരന്‍ കുലുക്കിവിളിച്ചില്ലെങ്കില്‍ എത്രയോ നേരം അവിടെ അങ്ങനെ ഇരുന്നു പോയേനെ.

താനിന്ന് ഓഫീസില്‍ പോയില്ല അല്ലേ? പരമേശ്വരന്‍ വാസുദേവന്റെ അടുത്തിരുന്നു. രവിയെ കണ്ടു വൈകുന്നേരം, അയാളാണ് പറഞ്ഞത്. തനിക്കെന്തു പറ്റി?

ഈ സ്ഥിതിയില്‍ ഞാനെങ്ങനെ ജോലിക്കു പോവാനാണ് പരമേശ്വരാ? വാസുദേവന്‍ ചോദിച്ചു. എനിക്കിന്ന് തീരെ വയ്യായിരുന്നു.

ഇരുട്ടില്‍ അവര്‍ പരസ്പരം നോക്കി. തമ്മില്‍ത്തമ്മില്‍ അറിയാത്തവരേപ്പോലെ ഒന്നും മിണ്ടാതിരുന്നു. മണല്‍പ്പുറം ഒരു മൃതശരീരം പോലെ തണുത്തു. തല ഇപ്പോഴും വേദനിക്കുന്നുണ്ടോ എന്ന് വാസുദേവന്‍ ആലോചിച്ചുനോക്കി. മനസ്സിലാവുന്നില്ല. വേദനപോലും അറിവിന്റെ പരിധിവിട്ടു കടക്കുകയാണ്.

പരമേശ്വരാ, വാസുദേവന്‍ വിളിച്ചു. എനിക്കിന്ന് കുറച്ചു മദ്യം കഴിക്കണമെന്നുണ്ട്. തന്റെ കൈയില്‍ വല്ലതും ഇരിപ്പുണ്ടോ?

ഇരുട്ടില്‍ പരമേശ്വരന്റെ പല്ലുകള്‍ തിളങ്ങിയത് വാസുദേവന്‍ കണ്ടു. എഴുന്നേറ്റ് പരമേശ്വന്റെ വീട്ടിലേക്കു നടക്കുമ്പോള്‍ അവര്‍ തമ്മില്‍ത്തമ്മില്‍ ഒന്നും മിണ്ടിയിരുന്നില്ല.

അത് വാസുദേവന്റെ ദിവസമായിരുന്നു. ഒന്നിനു പുറകെ മറ്റൊന്നായി അയാള്‍ മദ്യം അകത്താക്കി. പരമേശ്വരന്‍ ആദ്യം നിറച്ച ഗ്ലാസ്സ് നുണഞ്ഞുകൊണ്ട് വെറുതെയിരുന്നു. ഏഴാമത്തെ പെഗ്ഗ് വലിച്ചവസാനിച്ചപ്പോഴേക്ക് വാസുദേവന്‍ കുഴഞ്ഞു. ഗ്‌ളാസ്സ് ശബ്ദത്തോടെ നിലത്തുവെച്ചു ചോദിച്ചു.

പരമേശ്വരാ, സത്യം പറയണം. കമലാസനന്‍ മരിച്ചിട്ട് തനിക്ക് ദു:ഖമുണ്ടോ?

പരമേശ്വരന്‍ ഒന്നും മിണ്ടാതെ കൈയിലെ ഗ്‌ളാസ്സ് വാസുദേവനു നീട്ടി. വാസുദേവന്‍ അതും ആര്‍ത്തിയോടെ മോന്തി. പിന്നെ എഴുന്നേല്ക്കാന്‍ ഭാവിച്ചപ്പോള്‍ കാല്‍തെറ്റി പരമേശ്വരന്റെ മേല്‍ വീണു. പരമേശ്വനാകട്ടെ അയാളെ തന്റെ ബലിഷ്ഠമായ ചുമലില്‍ താങ്ങിയെടുത്ത് വാസുദേവന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.

(1982)