വ്യാസനും വിഘ്നേശ്വരനും ഭാഗം രണ്ട്
ഭാഗം രണ്ട്: കാലം
കാവ്യകാരനും അനുവാചകനും മത്സരിച്ച് രാത്രിയിലെ എണ്ണ കത്തിച്ചപ്പോള്‍ പര്വങ്ങളേ തീര്ന്നുകൊണ്ടിരുന്നുള്ളു, പ്രശ്നങ്ങള്‍ തീർന്നില്ല. പ്രശ്നങ്ങളെ കറുത്ത മഷിയുടെ ഉഴവുചാലുകള്‍ക്കിടയില്‍ സംസ്കരിക്കുകയല്ല, പുറത്തു കൊണ്ടുവന്ന് ഉത്തേജിതമാക്കുകയാണ് അവരുടെ രാത്രിവിളക്കുകള്‍ ചെയ്തതെന്നര്‍ത്ഥം. അതിനു വേണമെങ്കില്‍ നിങ്ങള്‍ക്ക് അവരെ പഴി പറയാം. പക്ഷേ, വ്യാസനെയും വിഘ്നേശ്വരനെയും തമ്മില്‍ മേളിപ്പിച്ചപ്പോള്‍ സാക്ഷാല്‍ ബ്രഹ്മാവുതന്നെ നിയോഗിച്ചത് അത്രമാത്രമല്ലേ? തന് സൃഷ്ടിച്ച പ്രപഞ്ചം കാലത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിനോട് ഇത്രയേ പറയുവാനുണ്ടായിരുന്നുള്ളു: സ്വയം മനസ്സിലാക്കൂ, കൂടുതല്‍ മനസ്സിലാക്കൂ.
പ്രശ്നങ്ങള്‍ എപ്പോഴും പരിഹാരത്താല്‍ ഹനിക്കപ്പെടുന്നില്ല എന്നപോലെ സ്വപ്നങ്ങള്‍ സദാ സാക്ഷാത്കാരത്തില്‍ മുങ്ങി മരിക്കുന്നുമില്ല എന്ന അര്‍ത്ഥം വരുന്ന ഒരു കവിത ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സന്ദര്‍ഭം ഓര്മ്മവരുന്നില്ലെങ്കിലും എന്തുകൊണ്ടോ അത് ഇപ്പോള്‍ എന്റെ മനസ്സില്‍ വരുന്നു. മുറിച്ചെടുത്ത ഒരു തളളവിരലിന്റെ ഭീഷണിപ്പെടുത്തുന്ന നിഴലുമായി എന്റെ മുമ്പില്‍ ’’നിഷാദപുരാണത്തിന്റെ’’ പേജുകള്‍ തുറന്നിരുന്ന ദശാബ്ദങ്ങളില്ത്തന്നെയാണ് സ്വപ്നങ്ങളുടെ ഭീതിദമായ സന്ദേശങ്ങളുമായി വേറൊരു കൃതിയും എന്നെ ആവേശിച്ചത്. ’’നിഷാദപുരാണം’’ പോലെതന്നെ മുഴുമിക്കാത്ത ഒരു കൃതി. ധര്‍മ്മാധികാരി, നിങ്ങള്‍ക്കറിയാമല്ലോ, ഒരു കൃതിയും രചിച്ചിട്ടില്ല. അയാളുടെ രചനകളെല്ലാം ഭാവനയുടെ ലോകത്തിലായിരുന്നു. ഇനി ഞാന്‍ നിങ്ങളോട് പറയുവാന്‍ പോകുന്ന ’’നഗരവധു’’ എന്ന കൃതി എനിക്ക് പരിചയപ്പെടുത്തിയ വര്ദ്ധമാനനാകട്ടെ സ്വയം അതിന്റെ രചയിതാവായിരുന്നു. ചരിത്രത്തിൽ ആണ്ടിറങ്ങി ഒരു സാധനപോലെ അയാള്‍ രചിച്ചതാണത്. പക്ഷേ, സംഗതികള്‍ എന്തുകൊണ്ടോ അയാളെയും അത് മുഴുമിക്കാന്‍ അനുവദിച്ചില്ല.
കാലാനുക്രമമായി എഴുതുകയായിരുന്നുവെങ്കില്‍ ഞാന്‍ ആദ്യം പറയേണ്ടിയിരുന്നത് വര്‍ദ്ധമാനന്റെ ’നഗരവധുവിനെ’പ്പററിയായിരുന്നു. ധര്‍മ്മാധികാരി ഏകലവ്യന്റെയും അഭിമന്യുവിന്റെയും സംഘര്‍ഷം നിറഞ്ഞുനിന്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ഏതാണ്ടു മുന്നുകൊല്ലം മുമ്പാണ് വര്‍ദ്ധമാനന്‍ വൈശാലിയിലെ നഗരവധുവിനെക്കുറിച്ച് അയാള്‍ എഴുതിയ നാടകം എന്നെ ഒരു തീവണ്ടിമുറിയില് വെച്ച് വായിച്ച് കേള്‍പ്പിച്ചത്. ധര്‍മ്മാധികാരിയെ പ്ലേഗ് ഗ്രസിക്കുന്നതിന് ഏതാണ്ട് ഇരുപതു വര്‍ഷം മുമ്പെ വര്‍ദ്ധമാനന്റെ ജിവനെ ഞങ്ങള്‍ യാത്ര ചെയ്തിരുന്ന തീവണ്ടിതന്നെ കെടുത്തിക്കളയുകയും ചെയ്തു. പക്ഷേ, ഇവിടെ കാലാനുക്രമത എവിടെ? അനുക്രമതയുടെ കാര്യം വിടൂ, കാലംതന്നെ എവിടെ നില്ക്കുന്നു എന്നതായിരുന്നു വര്‍ദ്ധമാന സംഭവത്തിന്റെ വിഷയം. കാലം എവിടെ നില്ക്കുന്നു, കൃതി എവിടെ? ഇവയില്‍ ഒന്നിനെ വേറൊന്നിന്റെ മുമ്പില്‍ വെയ്ക്കുവാന്‍ തീര്‍ച്ചയായും വര്‍ദ്ധമാനന്‍ ആഗ്രഹിക്കുമായിരുന്നില്ല. എവിടെ എന്ന ചോദ്യത്തിന് മുമ്പു–പിമ്പുക്കള്ക്കപ്പുറത്തേക്ക് യാത്രചെയ്യുവാനുള്ള കഴിവില്ലേ? ഭൂത–വര്‍ത്തമാന–ഭാവി നിബദ്ധമായ കാലത്തിന്റെ അടിത്തറതന്നെ ഞങ്ങള്‍ക്കു മുമ്പില്‍ ഒരു സമസ്യയായിനിന്നു. അപ്പോള്‍ പിന്നെ നാമെന്തിന് അനുക്രമതയെപ്പററി വേവലാതിപ്പെടണം?
ഒരു വിധത്തില്‍ എന്റെ ഈ നോവലിനെ രണ്ടു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു കഥ എന്നു വിശേഷിപ്പിക്കാം. മുഴുവന്‍ ലഭ്യമായിട്ടില്ലാത്ത ഒരു പുരാണത്തെയും പകുതിമാത്രം രചിച്ചിട്ടുള്ള ഒരു നാടകത്തെയും കുറിച്ചുള്ളത്. വേറൊരു വിധത്തില്‍ വിവിരിക്കുകയാണെങ്കില്, അറുപതുകള്‍തൊട്ട് തൊണ്ണൂറുകള്‍വരെയുള്ള മുന്നു ദശാബ്ദങ്ങളില്‍ ഞാന്‍ പരിചയപ്പെട്ട രണ്ട് അസാധാരണ വ്യക്തികളെപ്പററിയുള്ള കഥ എന്നും പറയാം. കഥാപാത്രങ്ങളിലും കഥയിലുംകൂടയോ അതോ ആശയങ്ങളില്ക്കൂടിയോ ഒരു സാഹിത്യസൃഷ്ടി വികസിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് പറയുവാന്‍ എന്റെ വിമര്‍ശകര്‍ ഒരുപാട് മഷി ചെലവാക്കിയിട്ടുണ്ട്. അവരുടെ മുമ്പിലേക്ക് ഇതാ ഒരു സമസ്യകൂടി — എന്റേതല്ലാത്ത കൃതികളെപ്പററി എഴുതുക എന്നത്!
വേണമെങ്കില്‍ ഇതിന് ഇനിയും വ്യത്യസ്തമായ വിവരണങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാധിച്ചേക്കും. ഉദാഹരണമായി, ലൈബ്രറികളുടെയും തീവണ്ടിമുറികളുടെയും ഇടനാഴികളിലൂടെയുള്ള വിഹ്വലമായ യാത്രയുടെ കഥ! സത്യം ഇതാണ് — ഈ കഥയുടെ ഉള്ളടക്കം അല്പം വിഷമാത്മകമായിരിക്കുന്നു.
ഈ വിഷമാത്മകമായ കഥയില്‍ ഞാന്‍ എങ്ങനെ വന്നു പെട്ടു എന്നതിനെക്കുറിച്ച് പറയുവാന്‍ ഞാന്‍ ഇവിടെ ഇത്തിരി സമയമെടുത്താല്‍ അത് അനുചിതമാവില്ലെന്ന് കരുതട്ടെ!
ഉണ്ടായത് ഇതാണ്: സാഹിത്യ സദസ്സുകള്‍ ഒഴിവാക്കാറാണ് പതിവെങ്കിലും ഈയടുത്തകാലത്ത് ഞാന്‍ അങ്ങനെയൊന്നില്‍ എങ്ങനെയോ ചെന്നുചാടി. അവിടെയാകട്ടെ, ചര്‍ച്ചയ്ക്കുവേണ്ടി ഒരാള്‍ അസാധാരണമായ ഒരു വിഷയം ഉന്നയിച്ചു — സാഹിത്യകാരന് (സാഹിത്യകാരിയും) എന്തിനെപ്പററിയാണ് എഴുതേണ്ടത് എന്ന്. ഇങ്ങനെയൊരു പ്രശ്നം ഒരിക്കലും എന്റെ മുമ്പില്‍ വന്നിട്ടില്ലല്ലോ എന്ന് ആലോചിച്ച് ഞാന്‍ ഇരുന്നുപോയി. കൂടുതല്‍ ആലോചിച്ചപ്പോള്‍ ഈ പ്രശ്നം പുതിയതല്ലെന്നും ഞാന്‍ സ്വയം ആ വഴിക്ക് ചിന്തിച്ചിട്ടില്ലെങ്കിലും മാര്‍ക്സിസ്ററ് ചായ്വുള്ള സൌന്ദര്യശാസ്ത്രജ്ഞന്മാര് ഏറെക്കാലമായി ഈ കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നിട്ടുണ്ടെന്നും എനിക്ക് ഓര്‍മ്മ വന്നു. അതോടൊപ്പംതന്നെ ഏറെക്കാലം മുമ്പ് എ. ബി. കീത്തിന്റെ സംസ്കൃതസാഹിത്യചരിത്രം വായിച്ചപ്പോള്‍, ഇതുപോലെതന്നെ ആലോചനയില്‍ വരാതിരുന്ന വേറൊരു സമസ്യയില്‍ തടഞ്ഞതും മനസ്സില്‍ വന്നു.
എന്തിനെപ്പററി എഴുതണം എന്നതിന് പകരം ഭാരതീയ കാവ്യശാസ്ത്രജ്ഞന്മാര് ഒരു പക്ഷേ, എഴുത്തുകാരന് എങ്ങനെയുള്ളവനായിരിക്കണം എന്നും അയാള്‍ എങ്ങനെ എഴുതണം എന്നും ഉള്ള പ്രശ്നങ്ങളിലാണ് മനസ്സ് വെച്ചത്. രാജശേഖരന്റെ ’’കാവ്യമീമാംസയില്‍’’ വരച്ചിരിക്കുന്ന ഒരു മാതൃകാകവിയുടെ ചിത്രം കീത്തിന്റെ പുസ്തകത്തില്‍ കൊടുത്തിട്ടുള്ളത് ഏതാണ്ട് ഈ വിധമാണ്: കവി പൊതുവെ ധനികനും, പുന്തോട്ടങ്ങളും തടാകങ്ങളും ഉള്ള ഗൃഹമുള്ളവനുമായിരിക്കണം. വ്യത്യസ്ത ഋതുക്കളില്‍ ഉപയോഗിക്കുവാന്‍ വ്യത്യസ്ത മുറികളുണ്ടായിരിക്കണം അയാളുടെ ഗൃഹത്തില്‍. അയാള്‍ ശുദ്ധമായ മനസ്സും വാക്കും ശരീരവുമുള്ളവനും വൃത്തിയായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നവനുമാകണം. അയാള്‍ പതിവായി നഖം വെട്ടുകയും ഭക്ഷണാനന്തരം താംബൂലം ചവയ്ക്കുകയും വേണം. അയാളുടെ ഭൃത്യന്മാര് അപഭ്രംശവും, ദാസികള്‍ മാഗധിയും ഭാര്യമാര്‍ സംസ്കൃതവും, സുഹൃത്തുക്കള്‍ എല്ലാ ഭാഷകളും സംസാരിക്കുന്നവരായിരിക്കണം. അയാൾ എന്നും രാവിലെ എഴുന്നേററ് ശരീരശുദ്ധി വരുത്തി സരസ്വതീപൂജ നടത്തണം. അതിനുശേഷം കുറച്ചുനേരം കാവ്യരചനയില്‍ ഏര്‍പ്പെടണം. പിന്നീട് ഭക്ഷണം കഴിച്ച് കാവ്യത്തെപ്പററി മററുളളവരുമായി ചര്‍ച്ച ചെയ്യണം. സന്ധ്യയില്‍ വീണ്ടും സരസ്വതീവന്ദനം കഴിഞ്ഞ് കാവ്യത്തിന് അന്തിമരൂപം നല്‍കണം.
മാര്‍ക്സിസ്ററ് സൌന്ദര്യശാസ്ത്രവും രാജശേഖരന്റെ ’’കാവ്യമീമാംസയും’’ വേറെ വേറെ മേഖലകളാണ് സ്വീകരിച്ചതെങ്കിലും രണ്ടും കാവ്യകാരന്റെ മേല്‍ ഏതാണ്ട് ഒരേവിധം രൂക്ഷമായ സമ്മര്‍ദ്ദമാണ് പ്രയോഗിക്കുന്നതെന്ന് എനിക്കു തോന്നി. ഒരു പ്രത്യേക വിചാരധാരയുള്ളവനും ഒരു സവിശേഷ സാമൂഹ്യ — സാമ്പത്തികാവസ്ഥയുള്ളവനുമായ ഒരുവനിലേക്ക് അവ എഴുത്തുകാരനെ ചുരുക്കുന്നു. ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തില്ല. പക്ഷേ, എന്തൊക്കെയോ മനസ്സില്‍ അവശേഷിച്ചു. മടങ്ങും വഴി, നേരെ വീട്ടില്‍ പോകാതെ ഞാന്‍ കുറെ ദൂരം നടന്നു. അങ്ങനെ നടക്കവെ എന്റെ മുമ്പിലേക്ക് തീരെ വ്യത്യസ്തരായ രണ്ടു മനുഷ്യര്‍ നടന്നുവന്നു. ധര്‍മ്മാധികാരിയും വര്ദ്ധമാനനും — അവരുടെ പകുതിയില്‍ നിന്നുപോയ കൃതികളുമായി. എഴുത്ത് ഒരിക്കലും തീരാത്ത ഒരു പ്രക്രിയയാണെന്നും എഴുത്തിനെപ്പററിയും എഴുത്തുകാരനെപ്പററിയും അന്തിമമായ തീരുമാനങ്ങളൊന്നുമില്ലെന്നും ഈ വിചിത്രവ്യക്തിത്വങ്ങള് എന്നോടു പറയുന്നതായി തോന്നി. വീട്ടില്‍ വന്ന ഉടനെ ഞാന്‍ നിശ്ചയിച്ചു രണ്ടു മൂന്നു ദശാബ്ദങ്ങളില്‍ എന്റെ മനസ്സില്‍ നിറഞ്ഞുനിന്ന ഈ ദുരന്തം ആവേശിച്ച വ്യക്തികളെയും അവർ ഉയര്‍ത്തിയ സമസ്യകളെയും എവിടെയെങ്കിലം കുറിച്ചിടാതിരിക്കുന്നത് ശരിയല്ലെന്ന്. വാസ്തവത്തില്‍ ഞാന്‍ എന്തുകൊണ്ട് അത് ഇതുവരെ ചെയ്തില്ല എന്നെനിക്ക് അത്ഭുതം തോന്നി.
ചര്‍ച്ചാസമയത്ത് എന്റെ മുമ്പില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരമായിട്ടല്ല ഞാന്‍ ഇതിന് തുനിഞ്ഞതെന്ന് നേരത്തെ താക്കീത് ചെയ്യട്ടെ. ചര്‍ച്ചയിലെ ചോദ്യം ഒരു നിമിത്തം മാത്രമാണെന്ന് കരുതിയാല്‍ മതി… ഏറെ പറഞ്ഞുപോയി. ഞാന്‍ വര്ദ്ധമാനനിലേക്കും അയാളുടെ നാടകത്തിലേക്കും മടങ്ങിവരട്ടെ.
1966 വസന്തത്തില്‍, പട്ടാളത്തില്‍ ചേരുന്നതിന് അല്പം മുമ്പ് ഞാന്‍ അന്നു ജോലി നോക്കിയിരുന്ന കിഴക്കെ ഇന്ത്യയിലെ ഒരു പ്രോജക്ററില്‍ നിന്ന് ഉദ്യേഗസംസബന്ധമായി ദില്ലിയിലേക്ക് യാത്രചെയ്യുകയായിരുന്നു. ഉച്ചയ്ക്കു മുമ്പായി, തീവണ്ടി പട്നാ സ്റ്റേഷനിലെത്തിയപ്പോള്‍ അമ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു മാന്യന് ഞാന്‍ യാത്രചെയ്തിരുന്ന കൂപ്പെയിലെ ഒഴിഞ്ഞുകിടന്നിരുന്ന സീററില്‍ വന്നുചേര്‍ന്നു. പൈജാമയും പരുക്കന്‍ തുണികൊണ്ടുള്ള നീണ്ട കുര്‍ത്തയും ആയിരുന്നു വേഷം. നരയ്ക്കാന്‍ തുടങ്ങിയ നീളമുള്ള മുടി. വൃത്തിയായി ഷേവ് ചെയ്ത സുന്ദരമെന്ന് പറയാവുന്ന മുഖം. വലിയ കണ്ണട. ശരാശരി ഉയരം. ഇത്തിരി കൂടുതല്‍ വണ്ണം. വന്ന ഉടനെ സഞ്ചി സീററിന്റെ ഒരരികില്‍ വെച്ച് ഇരിക്കുന്നതിനു മുമ്പായി അയാള്‍ എനിക്ക് ഒരു ചിരി സമ്മാനിച്ചു. കണ്ണില്‍ കുസൃതിയുള്ള ആകര്‍ഷകമായ ഒരു ചിരി.
വസ്ത്രവും രൂപവും ഭാവവുമൊക്കെ ചിലപ്പോള്‍ ഒരു മനുഷ്യന്റെ തൊഴിലിനെക്കുറിച്ച് നമുക്ക് സൂചന നല്‍കിയേക്കും. എന്റെ സഹയാത്രികനെ കണ്ടപ്പോള്‍ എനിക്കു് തോന്നിയത് അയാളൊരു പ്രൊഫസറോ പത്രകാരനോ ആയിരിക്കുമെന്നാണ്. ആ സൂചന ശരിയായിരുന്നുവോ എന്ന് പറയുവാന്‍ വയ്യ. കാരണം, അയാള്‍ വാസ്തവത്തില്‍ എന്തായിരുന്നുവെന്ന് എനിക്ക് ഇന്നും അറിഞ്ഞുകൂടാ. അങ്ങനെയുള്ള കാര്യങ്ങളാണ് സാധാരണ യാത്രക്കാര്‍ ഒരാവശ്യവുമില്ലെങ്കിലും തീവണ്ടിമുറികളില് കണ്ടമുട്ടുമ്പോള് തമ്മില്‍ ചോദിച്ചറിയുക. ഞങ്ങള്‍ അങ്ങനെ ചെയ്തില്ല. ഞങ്ങളുടെ സംഭാഷണം വേറെ ചില വഴികളിലൂടെയാണ് നീങ്ങിയത്. എങ്കിലും വളരെയെളുപ്പം ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയായി.
ബിഹാറിലെ സമതലത്തില്‍ ചൂട് പ്രവേശിക്കുവാന്‍ തുടങ്ങിയിരുന്നു. ഗംഗാസമതലം വളരെ പെട്ടെന്നാണ് ശിശിരത്തില്നിന്നു് ഗ്രീഷ്മത്തിലേക്ക് പ്രവേശിക്കുക. ചിലപ്പോള്‍ രണ്ടുമൂന്നു ദിവസങ്ങള്‍കൊണ്ട്. അതുകൊണ്ട് അവിടെ വസന്തം എന്ന ഒന്നില്ലെന്നു തോന്നും. വണ്ടി നഗരം പിന്നിട്ട് വയലുകള്‍ക്കും മൈതാനങ്ങള്‍ക്കും ഇടയിലൂടെ ഓടുവാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ശരിക്കും ഗ്രീഷ്മം അനുഭവിച്ചുതുടങ്ങി.
കാലാവസ്ഥ മറിയതുപോലെതന്നെ ആയിടയ്ക്ക് പെട്ടെന്ന് മാറിയ ദില്ലിയിലെ സര്ക്കാരിനെപ്പററി എന്തോ പറഞ്ഞു.
“ഒരു വെറും കാബിനററ് മാററമല്ല ഇത്,” ഞാന്‍ അതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറഞ്ഞു. “ഒരു ഭരണവ്യവസ്ഥയില്‍നിന്ന് വേറൊന്നിലേക്കുള്ള മാററംകൂടിയാണ്. ജനാധിപത്യത്തില്‍ നിന്ന് ഡൈനാസ്ററിക് ഭരണത്തിലേക്ക്. സംഭവിക്കുന്നതോ ഭരണഘടനയുടെ നിയമങ്ങളനുസരിച്ചുതന്നെ!”
ഉള്ളതുപോലെ വിവാദം ഒഴിവാക്കി തലകുലുക്കുകയല്ല അയാള്‍ ചെയ്തത്. എന്റെ പ്രസ്താവത്തെ ഗൌരവമായിത്തന്നെയെടുത്തുകൊണ്ട് അയാള്‍ മറുപടി പറഞ്ഞു:
“നമ്മള് ഏതു കോണില്‍നിന്ന് നോക്കുന്നുവെന്നതനുസരിച്ചിരിക്കും അത്. തലപ്പത്തിരിക്കുന്നയാളെ അതായത് പ്രധാനമന്ത്രിയെ കേന്ദ്രമാക്കുകയാണെങ്കില്‍ അത് ഒരു രാജഭരണത്തിന്റെ മാനം കൈക്കൊള്ളുന്നതായി തോന്നും. മറിച്ച്, വ്യക്തികളേക്കാള്‍ കൂടുതലായി ഭരണത്തിന്റെ സ്വഭാവത്തില്‍ ഊന്നിയാല്‍, നമ്മുടെ ജനാധിപത്യം വിശേഷാവകാശങ്ങളുള്ള ചിലരുടെ ഒരു ഓലിഗാര്ക്കിയായി മാറുന്നു എന്ന് പറയുന്നതാവില്ലേ ശരി?”
ഇത് ഞങ്ങളെ ഉടനെ മോണാര്‍ക്കി, ഓലിഗാര്ക്കി, ഡെമോക്രസി എന്നീ വിവിധ രീതികളിലുള്ള ഭരണസമ്പ്രദായങ്ങളുടെ സ്വഭാവങ്ങളിലേക്ക് നയിച്ച്. അയാളുടെ അഭിപ്രായത്തില്‍ ഓലിഗാര്ക്കിയും ഡെമോക്രസിയും തമ്മിലുളള അന്തരം നമ്മുടേതുപോലുള്ള പാര്‍ലമെന്ററി ജനാധിപത്യങ്ങളില്‍ അതിവേഗം കുറഞ്ഞുവരികയായിരുന്നു.
“വാക് സാമര്‍ത്ഥ്യംകൊണ്ട് കോടതികളില്‍ വക്കീലന്മാരെന്നപോലെ പൊതുവേദികളില്‍ മനുഷ്യരെ ഇളക്കി രാഷ്ട്രീയക്കാര്‍ക്കും സംഗതികളെ ഏതു വഴിക്കും ആട്ടിയുലയ്ക്കാം. എന്തിനെയും എന്തുമാക്കാം.” അയാള്‍ പറഞ്ഞു. “ശ്രേഷ്ഠന്മാരെന്നു വിളിക്കാവുന്ന ഒരു കൂട്ടം മനുഷ്യര്‍ എവിടെനിന്നോ വന്ന് അധികാരകേന്ദ്രങ്ങള്‍ പിടിച്ചുപററിയിരിക്കുന്നു. അവര്‍ അവരുടെ സംഘത്തിനെ നിലനിര്‍ത്തുവാന്‍ പ്രയോജനപ്പെടുന്ന ഒരുവനെ, അല്ലെങ്കില്‍ ഒരുവളെ പ്രധാനമന്ത്രിസ്ഥാനത്ത് അവരോധിക്കുന്നു എന്നേയുള്ളു. ഞാന്‍ പറയുകയാണെങ്കില്‍ ഓരോന്നിന്റെയും ശരിയായ സ്വഭാവം അളക്കണമെങ്കില്‍, നമുക്ക് അവയെ എല്ലാത്തിനും കാതലായ, ഉരകല്ലായ, ഒരു രാഷ്ട്രീയതത്ത്വത്തിലേക്ക് കൊണ്ടുപോകണം — വ്യക്തിയും സമൂഹവുമായുള്ള ബന്ധത്തിന്റെ തത്ത്വത്തിലേക്ക്.”
അയാളുടെ വാക്കുകള്‍ എന്നില്‍ ഏറെ ഉന്മേഷം പകര്‍ന്നു.ഒരു എന്‍ജിനീയര്‍ മാത്രമായിരുന്ന ഞാന്‍ അയാള്‍ പറഞ്ഞതിനപ്പററി എനിക്കു തോന്നിയ സംശയം ചോദിച്ചു.
“മനുഷ്യന്റെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടായിട്ടുള്ള എല്ലാ തത്ത്വചിന്തകളും, പ്രത്യയശാസ്ത്രങ്ങളും ഭരണഘടനകളും നിയമങ്ങളും ഈയൊരു പ്രശ്നത്തെ നിര്‍വചിക്കുവാനുള്ള യത്നങ്ങളായിരുന്നു എന്നു പറഞ്ഞാല്‍ ശരിയാവില്ലേ?”
“നന്ദി, എന്റെ മനസ്സിലുള്ളതുതന്നെ പറയുകയായിരുന്നു നിങ്ങള്‍,” പ്രത്യക്ഷമായും സന്തോഷം പ്രദര്‍ശിപ്പിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. “ഒരു കാര്യമേ എനിക്കു കൂടുതലായി അതിനോട് ചേര്ക്കുവാനുള്ളു — നിങ്ങള്‍ പറഞ്ഞതിലെ ‘യത്നങ്ങള്‍’ എന്ന വാക്കിൽ കൂടുതല്‍ ഊന്നല്‍ കൊടുക്കുക. അവയെല്ലാം യത്നങ്ങള്‍ മാത്രമായിരുന്നു.
അന്തിമമായ നിര്‍വചനം എന്ന ഒന്ന് ഇക്കാര്യത്തില്‍ ഇല്ല!”
“അങ്ങനെയാണെങ്കില്‍ നിങ്ങള്‍ പറഞ്ഞ ഉരകല്ലെവിടെ? എന്തിനോട് ഉരച്ചാണ് നമ്മള് ഒരു സംഗതിയുടെ മാററ് അളക്കുക?”
“ഒരു വിധത്തില്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. മനുഷ്യന്റെ മനസ്സ് അവന്റെ ജീവിതവുമായി ഒടുങ്ങാത്ത സംവാദത്തിലോ തര്‍ക്കത്തിലോ സമരത്തിലോ ആണ്. വ്യക്തിയുടെ മനസ്സും സമൂഹം പ്രദാനം ചെയ്യുന്ന ജീവിതവും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍, താത്ത്വികമായി ഒരു അന്തിമമായ ഉത്തരം ലഭിക്കുക അസാധ്യമാണ്. അതതു കാലത്ത് നിലവിലുള്ള അറിവുകളും സംസ്കാരവും അനുസരിച്ചുള്ള നിര്‍വചനമാണ് നമ്മള് നമ്മുടെ മാററുരയ്ക്കലിന് ആധാരമാക്കുന്നതെങ്കില്ക്കൂടിയും. പക്ഷേ, നിങ്ങള്‍ പറഞ്ഞത് ശരിയല്ലാതാകുന്നത് വേറൊരു കാരണംകൊണ്ടാണ്. നമ്മള് ഈ രാഷ്ട്രീയതത്ത്വത്തിന്റെ ഉരകല്ലിലേക്ക് സംഗതികളെ കൊണ്ടുപോകുന്നത് മാറ്റുരയ്ക്കുവാനല്ല. മാററുരയ്ക്കല് ഒരു നിശ്ചയാത്മകമായ പ്രവൃത്തിയാണ്. നമ്മള് ഉന്നംവെയ്ക്കുന്നത് ഒരു നിഷേധാത്മകക്രിയയിലാണ്. പരീക്ഷണവിധേയമായ സംഗതി അറിയാവുന്ന തത്വത്തില്‍തന്നെ മായം ചേര്‍ത്തിട്ടുണ്ടോ, അതിനെ മനഃപൂര്‍വം സ്വാര്ത്ഥതാല്പര്യങ്ങള്ക്കുവേണ്ടി വികലീകരിച്ചിട്ടുണ്ടോ എന്നറിയുവാന്‍. കാരണം, തത്ത്വചിന്തകള്‍ സങ്കല്പങ്ങളെ മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോള്‍, രാഷ്ട്രീയ വ്യവഹാരങ്ങള്‍ അവയെ ദുരുപയോഗപ്പെടുത്തുവാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തെ ഓലിഗാര്ക്കിയോ മോണാര്ക്കിയോ ആയി മാററുന്നത് ഭരണഘടനയുടെ നിയമങ്ങളനുസരിച്ചുതന്നെയാണെന്ന് നിങ്ങള്‍ പറഞ്ഞത് ഒരു ഉദാഹരണം.”
സംസാരത്തിനിടയ്ക്ക് എന്റെ സഹയാത്രികന് അയാളെക്കുറിച്ച് ഒരു ചെറിയ വിവരം എനിക്ക് സമ്മാനിച്ചു: “നിങ്ങള്‍ക്കറിയാമോ ഞാനൊരു മുസ്സഫര്പൂര്ക്കാരനാണ്.”
“എനിക്കെങ്ങനെ അറിയാം?” അയാള്‍ പറഞ്ഞതിലെ സൂചന മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാന്‍ ചിരിച്ചു. “പക്ഷേ, എനിക്കു തോന്നുന്നു നിങ്ങള്‍ പറയേണ്ടിയിരുന്നത് നിങ്ങള്‍ വൈശാലിക്കാരനാണെന്നായിരുന്നു.”
അയാളുടെ മുഖം പ്രസന്നമായി.
“അതെ, കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാല്‍, ഒരു വജ്ജിക്കാരന്.”
മുസ്സഫര്‍പൂര്‍, വൈശാലി, വജ്ജി — ഈ പേരുകളുടെ പ്രസക്തി അവ മഹാവീരനിലേക്കും ശ്രീബുദ്ധനിലേക്കും നീണ്ടുപോകുന്നു എന്നതല്ല, ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന വിഷയവുമായി അവ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.
“ബുദ്ധന്റെ കാലത്ത് മൂന്നു ജനപദങ്ങളായിരുന്നു പ്രധാനം,” എന്റെ സുഹൃത്ത് പറഞ്ഞു, “മഗധവും കോസലവും, പിന്നെ ലിച്ചവികളുടെ വജ്ജിയും. മഗധത്തിലും കോസലത്തിലും രാജഭരണമായിരുന്നു.
വജ്ജിയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭയാണ് ഭരിച്ചിരുന്നത്. അവിടെ രാജാവോ ഏതെങ്കിലും തരത്തിലുള്ള സര്‍വാധിപതിയോ ഇല്ലായിരുന്നു. രാജഭരണങ്ങളുടെ ഇടയിലെ ഈ ചെറിയ ജനാധിപത്യത്തിന്റെ ദ്വീപ് അസാധാരണവും, ഒരുവിധത്തില്‍ കാലാനുരൂപമല്ലാത്തതുമായിരുന്നു.”
“എന്തുകൊണ്ടാണത് കാലാനുരൂപമല്ലാതാകുന്നത്?” ഞാന്‍ ചോദിച്ചു.
“മഗധവും വജ്ജിയും തമ്മിലുളള മത്സരം പഠിക്കുമ്പോഴാണ് നമുക്ക് അതിന്റെ ഈ മാനം മനസ്സിലാകുന്നത്. മഗധത്തിന്റെ സാമ്രാജ്യത്വ മോഹത്തേക്കാള്‍ കൂടുതലായി വേറൊന്നാണ് ഈ രണ്ടു രാജ്യങ്ങളെയും സംഘര്‍ഷത്തിലേക്ക് നയിച്ചതും അവസാനം യുദ്ധത്തില്‍ കൊണ്ടുചെന്നെത്തിച്ചതും എന്നതാണ് വാസ്തവം. അതിനെ രണ്ടു സമ്പ്രദായങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം എന്ന് വിശേഷിപ്പിക്കാം. ഭൂമിയെ ആധാരമാക്കിയതും അതേസമയം വന്‍തോതില്‍ ദേശസാല്ക്കരിക്കപ്പെട്ടതുമായ ഒരു ഉല്പാദനവ്യവസ്ഥ സ്വന്തമാക്കിയ മഗധത്തിന്റെ കണ്ണില്‍ വജ്ജിയിലെ രാഷ്ട്രവ്യവസ്ഥ ഒരു രാഷ്ട്രവ്യവസ്ഥതന്നെയല്ലായിരുന്നു. മാറുവാന്‍ മടിക്കുന്ന പ്രാകൃത ഗോത്രസമ്പ്രദായത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ അതിനെ കണ്ടത്. വനങ്ങള്‍ വെട്ടിത്തെളിച്ചും വന്‍തോതില്‍ അടിമപ്പണിക്കാരെ നിയോഗിച്ചും കൃഷി വികസിപ്പിക്കുകയും കൃഷിയില്‍ നിന്നുള്ള മിച്ചംകൊണ്ട് സമ്പന്നമായ നഗരങ്ങളും സുശക്തമായ ഒരു സൈന്യവും പടുത്തുയര്‍ത്തുകയും ചെയ്ത മഗധത്തെ ആവേശിച്ചത് പുരോഗതി എന്ന ആശയമായിരുന്നു. രാഷ്ട്രീയമായ പുരോഗതി സര്‍വാധിപത്യത്തിലൂടെ മാത്രമേ സാധ്യമാകു എന്ന് അവര്‍ കരുതി. വജ്ജിയിലെ ജനപ്രതിനിധി സഭകളിലെ താത്ത്വികമായ ചര്‍ച്ചകളും, അവരുടെ നയങ്ങള്‍ക്ക് ആധാരമായി വര്‍ത്തിച്ച സമത്വസിദ്ധാന്തളും വ്യക്തിവാദവും പുരോഗതിക്ക് എതിരാണെന്ന് അവര്‍ വാദിച്ചു. തന്നെയുമല്ല, ഇത്തരമൊരു വ്യവസ്ഥ അയലത്ത് സഹവര്‍ത്തിക്കുന്നത് തങ്ങളുടെ ജനങ്ങള്‍ക്ക് പുരോഗതി എന്ന ആശയത്തില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന് കോട്ടം വരുത്തുമെന്നും ഭാവിയില്‍ അവരുടെ സമ്പ്രദായത്തിനുതന്നെ അതൊരു ഭീഷണിയായിത്തീര്ന്നേക്കുമെന്നും മഗധം ഭയന്നു. അത്ഭുതം, മഗധം ഭൂതകാലത്തിന്റെ തുടര്‍ച്ചയെന്ന് കുററപ്പെടുത്തിയ വജ്ജിയന് രാഷ്ട്രവ്യവസ്ഥയെ അതിന്റെ അതേ ഗുണങ്ങള്കൊണ്ടുതന്നെ ഭാവിയുടെ മാതൃകയായാണ് ശ്രീബുദ്ധന് വിശേഷിപ്പിച്ചത് എന്നതാണ്. രണ്ടു വിധത്തിലായാലും അത് കാലാനുരൂപമല്ലെന്ന് വരുന്നുണ്ടല്ലൊ!”
“അതായത്, ഭൂതത്തിന്റെ തുടര്‍ച്ചയോ ഭാവിയുടെ മാതൃകയോ എന്ന വിവാദത്തില്‍ ഇടപെടാതെ നോക്കിയാല്‍, കാലത്തെ സംബന്ധിക്കുന്ന ഒരു തര്‍ക്കമായിരുന്നു ഈ രണ്ടു ജനപദങ്ങള്‍ തമ്മില്‍. കാലാനുരൂപമായിരിക്കുകയും കാലാനുരൂപമാകാതിരിക്കുകയും തമ്മില്‍!”
“അതെ, അങ്ങനെയായിരുന്നു മൌലികമായി അത്. അങ്ങനെതന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ എന്നാശിക്കുകയാണ്.”
“എന്താണ് നിങ്ങള്‍ അങ്ങനെ പറയുന്നത്?” ഞാന്‍ ജിജ്ഞാസുവായി.
“നോക്കൂ സ്നേഹിതാ, സംഗതികള്‍ എപ്പോഴും ഒരിടത്തും താത്ത്വികമായ പരിശുദ്ധി നിലനിര്‍ത്തുന്നില്ലെന്നതാണ് വാസ്തവം. സ്പെയ്നിലെ ആഭ്യന്തരയുദ്ധം എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്ന് നമുക്ക് അറിയാമല്ലോ. ആദര്‍ശത്തിന്റെ പിന്നാലെ പോകുന്ന നമ്മള് പലപ്പോഴും നമ്മുടെ മാതൃകകളാല്‍ വഞ്ചിക്കപ്പെടുന്നു. സംഘടിതമല്ലെങ്കിലും ആവശ്യം വരുമ്പോള്‍ ഞൊടിയിടകൊണ്ട് ഉയര്‍ത്തുവാന്‍ കഴിയുന്നതും അങ്ങേയററം സമര്പ്പണബോധമുള്ളതുമായ വജ്ജിയുടെ ജനകീയസേനയ്ക്ക് അതിനേക്കാള്‍ ശക്തമല്ലെങ്കിലും കൂലിപ്പട്ടാളക്കാരുടേതു മാത്രമായ മഗധത്തിന്റെ സൈന്യം തുല്യമല്ലെന്ന ഭയം മഗധത്തിനു് എന്നുമുണ്ടായിരുന്നു. വജ്ജിയെ തോല്പിക്കുക അവരുടെ ജനകീയ സമ്പ്രദായത്തെ ഉളളില്‍ നശിപ്പിക്കാതെ സാധിക്കുകയില്ലെന്ന് അവര്‍ മനസ്സിലാക്കി. അതിന് അവര്‍ ഗൂഢതന്ത്രങ്ങള്‍ ആസുത്രണം ചെയ്തു. പക്ഷെ, വജ്ജിയുടെ സമ്പ്രദായം തന്നെ അതിനു മുമ്പേ ജീര്ണ്ണിക്കുവാന് തുടങ്ങിയിരുന്നില്ലെ, അവര്‍ സ്വയം അവരുടെ സിദ്ധാന്തങ്ങളില്‍ മായം ചേര്‍ക്കുവാന്‍ ആരംഭിച്ചിരുന്നില്ലെ എന്നതാണ് ചോദ്യം.”
“ഞങ്ങള്‍ രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷങ്ങള്‍ പിന്നോട്ടു പോയി. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ധാര്‍മ്മികവുമായ സംഘര്‍ഷങ്ങള്‍കൊണ്ട് കലുഷവും അത്യന്തം ചലനാത്മകവുമായ ഒരു പൌരാണിക കാലഘട്ടം ഞങ്ങളുടെ തീവണ്ടിമുറിയില് ഉടലെടുത്തു. വണ്ടിയാകട്ടെ, രണ്ടായിരിത്തിഅഞ്ഞൂറു കൊല്ലങ്ങളുടെ മീതെകൂടിയുള്ള ഒരു പാലം കടന്ന്, ദാരിദ്ര്യത്തിന്റെയും ജീര്‍ണ്ണതയുടെയും ബലവാന്റെ അധികാരത്തിന്റെയും മാതൃകയായി ഭവിച്ചിട്ടുള്ള ആധുനിക ജനാധിപത്യത്തിന്റെ ഭൂപ്രദേശങ്ങളെ തുളച്ചുപോകുകയായിരുന്നു. കാലം ഞങ്ങള്‍ക്കിടയില്‍നിന്ന് അപ്രത്യക്ഷമായി.”
“ഒരു തത്ത്വശാസ്ത്രത്തിന്റെ വികലീകരണം രണ്ടു വിധത്തിലാണ് ഉണ്ടാകുന്നുത്.” അയാള്‍ തുടര്‍ന്നു. “ഒന്നാമത്, അതിന്റെ പ്രണേതാക്കാള് അറിഞ്ഞുകൊണ്ടുതന്നെ അതില്‍ മായം ചേര്‍ക്കുവാനും അതിനെ സ്വാര്ത്ഥതാല്പര്യങ്ങല്ക്കു വേണ്ടി ഉപയോഗിക്കുവാനും തുടങ്ങുമ്പോള്‍. രണ്ടാമത്, സിദ്ധാന്തങ്ങളുടെ പരിശുദ്ധി സൂക്ഷിക്കേണ്ട ആചാര്യന്മാര് സ്വയം, അവരുടെ അമിതമായ വ്യഗ്രതയും ശുഷ്കാന്തിയും മൂലം അവയെ അസംബന്ധത്തിന്റെ തലങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍. നന്മയുടെതന്നെയായാലും ഔന്നിത്യത്തിലേക്ക് വ്യക്തികളെ വളരുവാന്‍ അനുവദിക്കാത്തവിധം ജനാതിപത്യത്തെ എല്ലാ തലങ്ങളിലുമുളള ഒരുതരം ശരാശരിത്വത്തില്‍ നിര്‍ത്തുവാന്‍ നിര്‍ബന്ധിതരായ ഗ്രീസിലെ സൈദ്ധാന്തികരെപ്പററി ഓര്‍ത്തുനോക്കൂ. മഹത്ത്വമോ പ്രശസ്തിയോ ശ്രേഷ്ഠതതന്നെയോ സമത്വത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് യോജിക്കാത്ത വിധം ഒരാളില്‍ ഏറിപ്പോയാല്‍ അയാളെ ഭ്രഷ്ടാക്കുമെന്നതുവരെയെത്തി അവരുടെ ആചാരങ്ങള്‍. അരിസ്റ്റൈഡിസിനെ ഭ്രഷ്ടാക്കുവാനുള്ള വോട്ടെടുപ്പിന്റെ സമയത്ത് ഒരു പൌരന് പറഞ്ഞത് അരിസ്റ്റൈഡിസിനെപ്പോലൊരു നീതിമാനില്ലെന്ന് കേട്ടു കേട്ട് അയാള്‍ക്ക് മടുത്തുവെന്നാണ്. വജ്ജിയിലെ ഉഗ്രവാദികളും അവരുടെ ജനാധിപത്യത്തെ താത്ത്വികമായി അസാധ്യമായ തലങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതായി കാണിക്കുന്ന ഒരു സംഭവമുണ്ട്. പക്ഷേ, അവിടെ ഈ ഉഗ്രവാദം ഞാന്‍ ആദ്യം പറഞ്ഞ മായംചേര്‍ക്കലിന്റെ താല്പര്യങ്ങളെ സേവിക്കുവാനായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. അവരുടെ ജനപ്രതിനിധികള്‍ വിശേഷാധികാരമുള്ള ശ്രേഷ്ഠന്മാരെപ്പോലെ പെരുമാറുവാന്‍ തുടങ്ങിയിരുന്നു. ജനപ്രതിനിധി സഭകള്‍ ശ്രേഷ്ഠനമാരുടേതായ ഒരു ഓലിഗാര്ക്കിയായിത്തീരുവാനും. അഴിമതി പരക്കുക, സ്ഥാനമാനങ്ങള്‍ക്കും ധനസമ്പാദനത്തിനും സാധ്യതയുള്ള ഉദ്യോഗങ്ങള്‍ക്കുവേണ്ടി ശ്രേഷ്ഠന്മാര് മത്സരിക്കുക ഇതൊക്കെ മഗധം നടത്തിയ അട്ടിമറിക്കു മുമ്പെതന്നെ സാധാരണമായിത്തീര്ന്നുകഴിഞ്ഞിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. സാര്‍വത്രികമായ ഈ ജീര്‍ണതയോടുള്ള പ്രതികരണമായിട്ടാണ് മഹാവീരന്റെ ഉത്ഭവം തന്നെയുണ്ടായത്. സമര്ത്ഥന്മാരായ പല ലിച്ചവികളും സ്വന്തം നാടിനെ സേവിക്കുന്നതില്‍ സന്തോഷം കിട്ടാതെ മഗധത്തിലേക്കും കോസലത്തിലേക്കും ജോലി തേടിപ്പോകുവാന്‍ തുടങ്ങിയിരുന്നു.”
മഗധവും കോസലവും കടന്ന വത്സദേശത്തേക്ക കടക്കുകയായിരുന്നു ഞങ്ങള്‍. പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുന്ന വണ്ടിയില്‍ ഇടയ്ക്കിടെ ചായുവാന്‍ തുടങ്ങിയ വെയില് കടന്നുവന്നു.
വജ്ജിയിലെ ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സിദ്ധാന്തങ്ങള്‍ എങ്ങനെ അസംബന്ധത്വത്തിന്റെ തലങ്ങള്‍ സ്പര്‍ശിച്ചു എന്നറിയുവാന്‍ ഞാന്‍ ഉത്സുകനായി. മടികൂടാതെ ഈ നീണ്ട ഭാഷണത്തിന് തയ്യാറായ അയാളാകട്ടെ, അവിടയെത്തിയപ്പോള്‍ മടിക്കുന്നതുപോലെ തോന്നി. എന്റെ ചോദ്യത്തിന് മറുപടി പറയാതെ അയാള്‍ വെളിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. പിന്നീട് ബെയറര്‍ കൊണ്ടുവന്ന ചായ പകര്‍ന്ന് അയാള്‍ എനിക്കു തന്നു. സ്വന്തം കപ്പ് എടുത്ത് കുടിച്ചു കൊണ്ട് വീണ്ടും നിശ്ശബ്ദത പാലിച്ചു.
ചായ മുഴുവന്‍ കുടിച്ചുകഴിഞ്ഞതിനുശേഷമാണ് പകുതി സ്വഗതം പോലെ അയാള്‍ പറഞ്ഞത്: “ആമ്രപാലിയുടെ കഥയാണത്.”
ബുദ്ധമതക്കാരുടെ പാലിപാഠങ്ങളില് അംബപാലി എന്നറിയപ്പെടുന്ന ആമ്രപാലിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. മഗ്ദലനമറിയത്തെപ്പോലെ ബുദ്ധപാദങ്ങളില്‍ ശരണം പ്രാപിച്ച ഭിക്ഷുകിയായി മാറിയ വൈശാലിയിലെ സുന്ദരിയും ധനികയുമായ നര്‍ത്തകി. ലിച്ചവി ശ്രേഷ്ഠന്മാരുടെ ക്ഷണം നിരസിച്ച് അംബപാലിയുടെ മാന്തോപ്പില്‍ ബുദ്ധന് വിരുന്നിന് പോയി. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ വിരുന്ന്. അംബപാലിയെയായിരിക്കണം അദ്ദേഹം അവസാനം സംഘത്തില്‍ ചേര്‍ത്തത്. ഈ കഥയില്‍ അതില്‍ കൂടുതലായി ഒന്നും ഉള്ളതായി ഞാന്‍ കേട്ടിരുന്നില്ല.
“നിങ്ങള്‍ കേട്ടിട്ടുള്ളത് ഒരു വലിയ കഥയുടെ അപ്രസക്തമായ വാല്‍ക്കഷണം മാത്രമാണ്,” അയാള്‍ പറഞ്ഞു. “ഈ വിഷയത്തെക്കുറിച്ച് ഇത്രയും ദീര്‍ഘമായ ഒരു സംഭാഷണത്തിലേക്ക് ഞാന്‍ എടുത്തുചാടിയതിനെക്കുറിച്ച് നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടാകും. വാസ്തവം പറഞ്ഞാല്‍ അംബപാലിയുടെ കഥയെ ആസ്പദമാക്കി ഞാന്‍ ഒരു നാടകം രചിച്ചു തീര്‍ന്നതേയുള്ളു. ഇതാ, രണ്ടു ദിവസം മുമ്പ്, എന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു വിഷയം, നിങ്ങള്‍ നിറയെ കാതുകളുമായി മുമ്പില്‍ വന്നു പെട്ടപ്പോള്‍ പുറത്തേക്ക് വഴിഞ്ഞു!”
അയാള്‍ ചിരിച്ചുകൊണ്ടു നിര്‍ത്തി. സഞ്ചിയില്‍ നാടകത്തിന്റെ കയ്യെഴുത്തുകോപ്പി ഉണ്ടെന്ന അര്‍ത്ഥത്തില്‍ അയാള്‍ അതില്‍ കൈവെച്ചു.
എന്റെ ഔത്സുക്യം വര്‍ദ്ധിച്ചു. നാടകം കേള്‍പ്പിക്കുവാനുള്ള എന്റെ അപേക്ഷ അയാള്‍ നിരസിച്ചില്ല. ഈയവസരത്തില്‍ അയാളുടെ പേരു ചോദിക്കുവാനും ഞാന്‍ നിര്‍ബന്ധിതനായി. ആദ്യം മൌനം പാലിച്ചുവെങ്കിലും പിന്നീട് സഞ്ചി തുറന്ന് കടലാസുകെട്ട് വെളിയിലെടുത്ത് അയാള്‍ നാടകത്തിന്റെ ടൈററില്‍ പേജ് എനിക്കു കാണിച്ചുതന്നു. ‘നഗരവധു’ എന്നായിരുന്നു നാടകത്തിന് കൊടുത്തിരുന്ന പേര്. നാടകകാരന്റേത് ‘വര്‍ദ്ധമാനന്‍’ എന്നും. വര്‍ദ്ധമാനന്‍ എന്നത് അയാളുടെ തൂലികാനാമമായിരിക്കാം. അല്ലെങ്കില്‍ ശരിയായ പേരുതന്നെ. നാടകത്തിലുള്ള ഔത്സുക്യംമൂലം ഞാന്‍ നാടകകാരന്റെ വ്യക്തിപരമായ വസ്തുതകളുടെ പിന്നാലെ പോയില്ല.
ഇങ്ങനെയാണ് വര്‍ദ്ധമാനന്റെ നാടകത്തിലേക്കു് ഞാന്‍ ഇറങ്ങിച്ചെന്നത്. അവിടവിടെ വായിച്ചു കേള്‍പ്പിച്ചും ബാക്കിയുള്ളത് വിവിരിച്ചു തന്നും അയാള്‍ എന്നെ അതിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവസാനം പുറത്ത് തീവണ്ടിയെ നേരത്തെ ഗ്രസിച്ചുകഴിഞ്ഞ രാത്രി ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നതുവരെ.
വര്‍ദ്ധമാനന്റെ നാടകത്തിലെ അംബപാലി പാപിനിയായ വേശ്യയല്ല, ജനാധിപത്യമെന്ന നാട്യത്തില്‍ ലിച്ചവി ശ്രേഷ്ഠന്മാര് അധികാരവിനിയോഗം നടത്തുന്ന വൈശാലിയില്‍ ശ്വാസംമുട്ടി കഴിയുന്ന ഒരു സ്വാതന്ത്ര്യദാഹിയാണ്. വ്യക്തിവാദിയെങ്കിലും സമൂഹത്തോടുളള അവളുടെ ആഭിമുഖ്യം വെളിപ്പെടുത്തുന്ന ഒരു അപദാനകഥയോടു കൂടിയാണ് നാടകം തുടങ്ങുന്നത്. അംബപാലിയുടെ മാന്തോപ്പിലിരുന്ന് ലിച്ചവി ശ്രേഷ്ഠന്മാരോട് ബുദ്ധന് ഒരു നീതികഥ പറയുന്നു: പണ്ട് ഈ മാന്തോപ്പ് ഉണ്ടായിരുന്നിടത്ത് ഒരു കാടായിരുന്നു. കാടിന് ഒരിക്കൽ തീപിടിച്ചു. ഭൂമിയോട് ബന്ധിക്കപ്പെട്ട വൃക്ഷലതാദികളും, ഓടി രക്ഷപ്പെടാന്‍ കഴിയാത്ത മൃഗങ്ങളും അതില്‍ വെന്തു നശിച്ചു. പറന്നുപോകാന്‍ സാധിച്ച പക്ഷികള്‍ രക്ഷപ്പെട്ടു. അവയ്ക്കിടയില്‍ ഒരു ചെറുകിളിമാത്രം രക്ഷപ്പെടുന്നതിനു പകരം അടുത്തുള്ള അരുവിയില്‍ പോയി വെളളത്തില്‍ മുങ്ങി കാട്ടു തീയിനു മീതെ പറന്ന് ചിറകിലെ വെളളം കുടഞ്ഞ് തീ കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഈ കൃത്യം ചെയ്യുന്ന കിളിയെ നേക്കി ഇന്ദ്രന് പരിഹസിച്ചു ചിരിച്ചു.
“എന്തിനാണ് കിളി ഈ വൃഥാപ്രയത്നം?” ഇന്ദ്രന് ചോദിച്ചു.
“പ്രയത്നം ഫലം നല്കുന്നതായിരിക്കണം. അല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.”
“മഴയുടെ നാഥാ,” കിളി പറഞ്ഞു. “അങ്ങ് വിചാരിച്ചാല്‍ ഈ തീകെടുത്തുവാന്‍ ഒരു പ്രയാസവുമില്ല. ഫലം നല്കുന്ന പ്രയത്നത്തെ ചെയ്യാതിരിക്കുന്നതിലാണ് അങ്ങ് ബുദ്ധി കാണുന്നത്. ഫലം നല്കാത്തതെങ്കിലും അത് ചെയ്യുന്നതില്‍ ഞാന്‍ ആനന്ദവും.”
അടുത്ത തവണ വെളളം കുടയുന്നതിനിടയ്ക്ക് കിളി തീയില്‍ വീണ് ദഹിച്ചുപോയി.
“ലിച്ചവി ശ്രേഷ്ഠന്മാരെ,” ഒരു വെറും നര്‍ത്തകിയായ അംബപാലിയുടെ വിരുന്ന് സ്വീകരിക്കരുതെന്ന് അപേക്ഷിക്കുവാന്വന്ന ലിച്ചവിത്തലവന്മാരെ നേരിട്ട് അഭിസംബോധനചെയ്ത് ബുദ്ധന് പറയുന്നു, “എല്ലാം നിഷ്ഫലമെന്നു തോന്നിയിട്ടും വീണ്ടും വീണ്ടും സത്യത്തിനു വേണ്ടി പ്രയത്നിച്ചവളാണ് അംബപാലി. നിങ്ങളോ, കുലീനയും പരിശുദ്ധിയുടെ പ്രതീകവുമായിരുന്ന ആ കന്യകയെ ദുര്‍വിധിയില്‍നിന്ന് രക്ഷിക്കുവാന്‍ കഴിയുമായിരുന്നിട്ടും ഒരു വിരല്‍ അനക്കുകപോലും ചെയ്യാതിരുന്നവരും.”
ലിച്ചവികളെയും അംബപാലിയെയും അവരുടെ ഭൂതകാലത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ യാത്രയാക്കിക്കൊണ്ട് തഥാഗതന്, മഹാപരിനിര്‍വാണം ലക്ഷ്യമാക്കി പാവായിലേക്കും അവിടെനിന്ന് കുശിനഗരത്തിലേക്കും പ്രസ്ഥാനം കൊളളുന്നു.
ഇതാണ് നാടകത്തിന്റെ ഉപക്രമണം. ഇനി നാടകം.
വജ്ജിയിലെ ഒരു അദ്ധ്യാപകനും ബുദ്ധിമാനായ പൌരനുമായ പ്രമോദനും അയാളുടെ ഭാര്യ സുമതിക്കും അവരുടെ മാന്തോപ്പില്നിന്ന് ഒരു പെണ്‍കുഞ്ഞിനെ ലഭിക്കന്നതിലൂടെ തുടങ്ങുന്നു വര്‍ദ്ധമാനന്റെ അംബപാലികഥ. കുട്ടികളില്ലാത്ത ആ ദമ്പതികള്‍ ആ ശിശുവിനെ സന്തോഷപൂര്‍വം എടുത്തുകൊണ്ടുവരുന്നുവെങ്കിലും അത് ഒരു വൈദികമായ ദാനമായി അവര്‍ കരുതുന്നില്ല. ശിശുവിനെ തീര്‍ച്ചയായും ആരോ അവിടെ ഉപേക്ഷിച്ചതാണ്. സമൂഹം അവിഹിതമെന്ന് കരുതുന്ന വേഴ്ചകള്‍ എല്ലായിടത്തുമെന്നപോലെ വജ്ജിയിലുമുണ്ടാകുന്നുണ്ട്. അതിനേക്കാള്‍ കൂടുതലായി പ്രമോദനെ അലട്ടുന്നത് സ്വന്തം കൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള ധൈര്യം മനുഷ്യര്‍ കാണിക്കാത്തതാണ്. വജ്ജിയുടെ പാരമ്പര്യത്തിനെതിരാണ് അത്. കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്കു നടക്കവെ പ്രമോദന്റെ ഭാര്യ സുമതി ചോദിക്കുന്നു, തങ്ങള്‍ക്കു കിട്ടിയ കുഞ്ഞു പാപത്തിന്റെ സൃഷ്ടിയല്ലേ എന്ന്.
“പാപം എന്താണ് എന്നതാണ് ഒരു ചോദ്യം,” പ്രമോദന്‍ പറയുന്നു “പക്ഷേ, അതിലേക്ക് കടക്കുന്നതിനുമുമ്പ് ഞാന്‍ വേറൊരു കാര്യം നിന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നു. അശുദ്ധി ഒരു കൃത്യം അവശേഷിപ്പിക്കുന്ന ഫലത്തിലല്ല, കൃത്യത്തിലാണ്.”
“പ്രഭോ, ഈ കുഞ്ഞില്‍ ഞാന്‍ അശുദ്ധി കാണുന്നില്ല. ഇതിനെ നാം ഉപേക്ഷിക്കുകയുമില്ല. എങ്കിലും ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. സല്കൃത്യങ്ങള് സത്തായ ഫലം ഉണ്ടാക്കുന്നുവെന്നതുപോലെ ദുഷ്കൃത്യങ്ങള്‍ ദുഷ്ഫലങ്ങളും ഉണ്ടാക്കുകയില്ലേ?”
പ്രമോദന്‍ ചിരിക്കുന്നു. “കൃത്യങ്ങളുടെ ഫലങ്ങളെപ്പററി പറയുമ്പോള്‍ നാം അമൂര്‍ത്തമോ അചേതനമോ ആയ സംഗതികളെയാണ് വിവക്ഷിക്കുന്നത്. ജിവനുള്ള വസ്തുക്കളെ, ഏതു ജീവിയായാലും നാം കാണുന്നത് വേറെ കണ്ണിലൂടെയാണ്. ഓരോ മനുഷ്യനും അവന്റെയോ അവളുടെയോ കൃത്യങ്ങളാല്‍ — സ്വന്തം കൃത്യങ്ങളാല്‍ മാത്രം — ശുദ്ധിയോ അശുദ്ധിയോ ആര്‍ജ്ജിക്കുവാനുള്ള അവകാശമുണ്ട്. അതുകൊണ്ട് അവരെ അമൂര്‍ത്തമായ ആശയങ്ങളില്‍നിന്ന് വേര്‍പ്പെടുത്തി അന്തസ്സുള്ള വ്യക്തികളായി കാണുന്നതാണ് നമ്മുടെ വീക്ഷണത്തിന്റെ പ്രത്യേകത. ഈ പെണ്‍കുട്ടിയെ നാം വളര്‍ത്തുവാന്‍ പോകുന്നത് അവള്‍ക്ക് അവളുടെ അവകാശം നേടിക്കൊടുക്കുവാനാണ്. ഇനി പാപം എന്താണ് എന്ന ചോദ്യം. ഈ കുഞ്ഞിന്റെ മാതാപിതാക്കളുടെ വേഴ്ച വിഹിതമോ അവിഹിതമോ എന്നത് സമൂഹത്തിന്റെ അഭിപ്രായം മാത്രമാണ്. പക്ഷേ, അവളെ ഈ മാന്തോപ്പിലെ ഇലകള്‍ക്കു മീതെ തണുപ്പിലും മഞ്ഞിലും ഉപേക്ഷിക്കുന്നതിലൂടെ അവര്‍ സ്വന്തം കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള ധൈര്യം കാണിക്കാതിരിക്കുക മാത്രമല്ല ചെയ്തത്, നാം അവള്‍ക്കു കൊടുക്കുവാന്‍ പോകുന്ന മാന്യത നിഷേധിക്കുകകൂടിയാണ്. ഇതായിരുന്നു അവര്‍ ചെയ്ത പാപം. ഇതാണ് അവരെ പാപികളോ അശുദ്ധരോ ആക്കുന്നത്. വജ്ജിയിലെ നാഗരികരെന്ന നിലയില്‍ നമ്മള് അവളെ അവരില്‍നിന്ന് മുക്തയാക്കുന്നു. മാന്തോപ്പിലെ പ്രാകൃതമായ വിശുദ്ധിയില്‍നിന്ന് തുടങ്ങുന്ന അവളുടെ ജിവിതത്തെ സൂചിപ്പിക്കുവാനായി നമ്മള് അവളെ ആമ്രപാലി എന്ന് വിളിക്കും. അവളുടെ ശുദ്ധി ഇനി അവളുടെ കൈയിലാണ്.”
വര്‍ദ്ധമാനന്‍ എഴുതിയ നാടകം മുഴുവന്‍ കേള്‍ക്കുവാന്‍ സാധിച്ച ഞാന്‍ ഇന്ന് ഈ രംഗത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ പ്രസക്തിയും വൈപരീത്യവും ഒന്നിച്ചു മനസ്സിലാക്കുന്നു. ഓരോ വ്യക്തിക്കും സ്വന്തം കൃത്യങ്ങളാല്‍ മാത്രം ശുദ്ധിയോ അശുദ്ധിയോ ആര്‍ജ്ജിക്കുവാനുള്ള അവകാശമുണ്ടെന്നും, അവളുടെ ഭാവി അവളുടെ കൈയിലാണെന്നുമുള്ള പ്രമോദന്റെ ആശയങ്ങള്‍, ആ ആശയങ്ങളെ ആദരിക്കുന്ന വജ്ജിയിലെ ജനാധിപത്യത്തില്‍, അംബപാലിയെ സംബന്ധിച്ചിടത്തോളം എവിടെയാണ് ചെന്നവസാനിച്ചത്? മുഴുവന്‍ വൈശാലിയിലെയും പുരുഷന്മാരെ സ്വീകരിക്കുവാന്‍ വിധിക്കപ്പെട്ട നഗരവധുവായ അംബപാലിയെയാണ് അയാള്‍ എനിക്ക് ആദ്യത്തെ രംഗത്തില്‍തന്നെ കാണിച്ചുതന്നത്.
പ്രമോദന്റെയും മററു ഗുരുക്കന്മാരുടെയും ശിക്ഷണത്തില്‍ അംബപാലി വിദുഷിയും സമര്ത്ഥയുമായി വളരുന്നു. ഒപ്പം നൃത്തവും സംഗീതവും ആയുധവിദ്യയും അവള് അഭ്യസിക്കുന്നു. അവളുടെ സൌന്ദര്യം നഗരത്തിലെ പുരുഷന്മാരുടെ മുഴുവന്‍ മനസ്സ് കവരുന്നു. അതേ സമയത്തുതന്നെയാണ് വജ്ജിയും മഗധവും തമമിലുള്ള ഭിന്നതകള്‍ വൈരമായി മാറുവാന്‍ തുടങ്ങുന്നതും. അംബപാലി പൊതുകാര്യങ്ങളില്‍ താല്പര്യമെടുക്കുകയും ഗുരുക്കന്മാരോട് കാതലായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഒരിടത്ത് അവള് രാഷ്ട്രീയമായ അഴിമതിയെയും മൂല്യശോഷണത്തെയും കുറിച്ച് ചര്ച്ചചെയ്യുവാനായി അവളുടെ മാന്തോപ്പില്‍ ഒരു പൊതുയോഗംതന്നെ വിളിച്ചുകൂട്ടുന്നു. അപ്പുറത്ത് മഗധാധിപന്‍ അജാതശത്രു മന്ത്രിമാരോട് വിഭിന്ന രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ച് ഒരു നീണ്ട സംവാദത്തില്‍ മുഴുകിയിരിക്കുകയാണ്. വജ്ജിയിലെ ആഭ്യന്തരമായ കുഴപ്പങ്ങളും വ്യവസ്ഥയുടെ ജീര്‍ണ്ണിക്കലും പുറത്തെ യുദ്ധാവസ്ഥയും അംബപാലിയുടെ വ്യക്തിപരമായ ജിവിതത്തിലെ ദുരന്തത്തോടൊപ്പം ഒരു ക്ലൈമാക്സിലേക്ക് നാടകീയമായി നീങ്ങുന്നതാണ് അടുത്ത രംഗങ്ങളില്‍ നാം കാണുന്നത്.
“എന്തിനാണ് രാജ്യങ്ങല്‍ തമ്മില്‍ യുദ്ധം ചെയ്യുന്നത്? അംബപാലി ഗുരുവിനോട് ചേദിക്കുന്നു.”
“ഒരു രാജ്യം അയല്പക്കത്തെ രാജ്യത്തെ ആക്രമിച്ച് കീഴടക്കി അതിന്റെ ഭാഗമാക്കാന്‍ തുനിയുമ്പോഴാണ് യുദ്ധമുണ്ടാകുന്നത്,” ഗുരു മറുപടി പറയുന്നു.
“അതുകൊണ്ട് ആ രാജ്യത്തിന് എന്തു പ്രയോജനമാണ് ഉണ്ടാകുന്നത്?” പിന്നെയും സംശയം.
“അയല്‍രാജ്യത്തെ സമ്പത്ത് അതിന്റേതായിത്തീരുന്നു. സമ്പത്തിലുള്ള ആര്‍ത്തിയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്.”
അംബപാലിയെ ഈ ഉത്തരം തൃപ്തിപ്പെടുത്തുന്നില്ല. അവള് വീണ്ടും ചോദിക്കുന്നു: “അയല്‍രാജ്യത്തെ സമ്പത്ത് സ്വന്തമാകുന്നതോടൊപ്പം അവിടത്തെ ജനതയെ പോററേണ്ട ചുമതലയും അവരുടേതായിത്തീരുന്നില്ലേ“”? ആക്രമണത്തില്‍നിന്ന് എന്തു ലാഭമാണ് അവര്‍ക്കുണ്ടാകുന്നത്?”
ആ ചോദ്യത്തിന് ഉത്തരം ഗുരു അംബപാലിയില്നിന്നുതന്നെ ആവശ്യപ്പെടുന്നു. എന്താണ് അവളുടെ അഭിപ്രായം?
അംബപാലി പറയുന്നു: “എനിക്കു തോന്നുന്നത് യുദ്ധങ്ങള്‍ രാജ്യങ്ങളും രാജ്യങ്ങളും തമ്മിലല്ല, വ്യക്തികളും വ്യക്തികളും തമ്മിലാണ് ഉണ്ടാകുന്നത് എന്നാണ്. വ്യക്തിപരമായി സമ്പത്ത് ആര്ജിക്കുവാനും അധികാരം ആസ്വദിക്കുവാനും പ്രശസ്തി നേടുവാനുമാണ് ഒരു രാജാവ് വെറൊരു രാജ്യത്തെ ആക്രമിക്കുന്നത്.”
ഗുരു അവളെ അഭിനന്ദിക്കുന്നു: “നീ മനസ്സിലാക്കിയത് ശരിതന്നെ. എന്നാല്‍ വേറെയും വിധത്തിലുള്ള യുദ്ധങ്ങള്‍ ഉണ്ടെന്ന് നിനക്ക് തോന്നുന്നില്ലേ? സമ്പ്രദായങ്ങളും സമ്പ്രദായങ്ങളും തമ്മിലുള്ള യുദ്ധങ്ങള്‍? ആശയങ്ങള്‍ ആശയങ്ങളും തമ്മിലുള്ളവ്?”
“അതിനെപ്പററി പറഞ്ഞു തരൂ.”
“ഉദാഹരണത്തിനായി മഗധവും വജ്ജിയും തമ്മിലൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് അങ്ങനെയുള്ള ഒന്നായിരിക്കും. നമ്മള് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. രാജകീയ സര്‍വാധിപത്യത്തില്‍ വിശ്വസിക്കുന്ന മഗധത്തിന് നമ്മുടെ സമ്പ്രദായം ഇഷ്ടമല്ല. നമ്മെയല്ല, നമ്മുടെ സമ്പ്രദായത്തെ തോല്പിക്കുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
നമ്മുടേത് അവരുടേതിനെക്കാള്‍ മോശമാണെന്ന് കാണിക്കുവാന്‍. അതിനുളള കാരണമോ, അവരുടേത് നമ്മുടേതിനെക്കാള്‍ മോശമാണെന്ന് അവര്‍ക്ക് ഉളളിന്റെയുള്ളില്‍ അറിയാമെന്നതും!”
അംബപാലി അതിനെപ്പററി ആലോചിക്കുന്നു. അതിനുശേഷം ചോദിക്കുന്നു: “മഗധം അവരുടെ വ്യവസ്ഥ ശരിയാണെന്ന് കാണിക്കുവാനായി നമ്മെ യുദ്ധത്തില്‍ തോല്പിക്കുവാന് ശ്രമിക്കുന്നു. നമ്മളാകട്ടെ നമ്മുടേത് ശരിയെന്ന് വിശ്വസിക്കുന്നു. നമ്മുടെ വ്യവസ്ഥയെ, ശരിയായ വ്യവസ്ഥയെ എല്ലാവര്ക്കും സ്വീകരിക്കുവാനുള്ള അവസരം ഉണ്ടാക്കുവാനായി, അപ്പോള്‍ നമ്മളും അവരുമായി യുദ്ധം ചെയ്യേണ്ടതല്ലേ?”
“നമ്മള് അങ്ങനെ ചെയ്യുകയില്ല. കാരണം, നമ്മുടെ വ്യവസ്ഥയുടെ തത്ത്വംതന്നെ ഓരോ ജനതയും സ്വയം അവരുടെ സമ്പ്രദായം ഉണ്ടാക്കിയെടുക്കണമെന്നാണ്. ഒരു സംഗതിയുടെയും ശരിയും തെറ്റും നിശ്ചയിക്കുവാനായി വെറും ഭൌതികമായ ശക്തിപ്രകടനം മാത്രമായ യുദ്ധത്തെ ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് നമമുടെ വിശ്വാസം.”
അടുത്ത രംഗത്തില്‍ നാം കാണുന്നത് മഗധയിലെ രാജാവ് അജാതശത്രുവിന്റെ ആദേശാനുസാരം അയാളടെ മന്ത്രി വസ്സകാരന്‍ എന്ന ബ്രാഹ്മണന് ശ്രീബുദ്ധനെ സന്ദര്‍ശിക്കുന്നതാണ്. എത്ര ശക്തരെങ്കിലും വജ്ജികളെ ആക്രമിച്ച് കീഴടക്കുവാന്തന്നെ അജാതശത്രു നിശ്ചയിച്ചിരിക്കുന്നു. ആ വിവരം അറിയിക്കാതെ അത്തരമൊരു പ്രസ്ഥാനത്തിന്റെ സാധ്യതകളെക്കുറിച്ച് ആരായുകയും തഥാഗതന്റെ മനസ്സ് അറിയുകയുമാണ് മന്ത്രിയുടെ സന്ദര്‍ശനോദ്ദേശ്യം. ബുദ്ധന് പ്രിയപ്പെട്ടവരാണ് വജ്ജികള്‍ എന്ന് അറിഞ്ഞുകൊണ്ടതന്നെ അവരുടെ വ്യവസ്ഥയെപ്പററി പരോക്ഷമായി സംസാരിക്കൂവന് തുടങ്ങുന്നു വസ്സകാരന്‍.
ബുദ്ധന് അതിന് നേരെ ഉത്തരം കൊടുക്കുന്നില്ല. അദ്ദേഹം സ്വന്തം ശിഷ്യന് ആനന്ദനെ അരികെ വിളിച്ച് ചോദിക്കുന്നു: “ആനന്ദാ, വജ്ജികള്‍ ഒരു രാജ്യമല്ല എന്നു നീ കേട്ടിട്ടുണ്ടോ?”
“ഞാന്‍ അങ്ങനെ കേട്ടിട്ടുണ്ട്, ഭഗവാന്,” ആനന്ദന് പറയുന്നു.
“അവര്‍ ആരാണ്?”
“വജ്ജികള്‍ ഒരു ജനതയാണ്.”
“അവര്‍ക്കൊരു രാജാവുണ്ടോ?”
“അവര്‍ക്ക് രാജാക്കന്മാരില്ല ഭഗവാന്. ജനസഭകളും പ്രതിനിധിസഭകളും വിളിച്ചുകൂട്ടിയാണ് അവര്‍ അവരുടെ തീരുമാനങ്ങള്‍ എടുക്കുന്നത്.”
“അവരുടെ നടപടിക്രമങ്ങൾ എന്താണ് ആനന്ദാ?”
“അവര്‍ സ്ത്രീകളെയും അശരണരെയും മുതിര്‍ന്നവരെയുമാണ്, ശക്തന്മാരെയല്ല മാനിക്കുന്നത്. അവരുടെ സൈന്യം ആവശ്യം വരുമ്പോള്‍ വിളിച്ചുകൂട്ടപ്പെടുന്ന ഒന്നാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവരുടെ ജനത മുഴുവന്‍ അവരുടെ സൈന്യമായി മാറുന്നു.”
“മഗധത്തിലെ സൈന്യമോ?”
“മഗധത്തിന്റെ സൈന്യം ശമ്പളം വാങ്ങി യുദ്ധം ചെയ്യുന്ന പടയാളികളുടേതാണ്. ആരോട് എന്തിന് പൊരുതുന്നു എന്ന് അവര്‍ക്കറിഞ്ഞുകൂടാ. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ പടയ്ക്കിറങ്ങുന്നു. മഗധം മഗധരാജന്‍ ഭരിക്കുന്ന രാഷ്ട്രമാണ്, ഭഗവാന്.”
തഥാഗതന് വസ്സകാരന്റെ നേരെ തിരിഞ്ഞ് അയോളോടായി പറയുന്നു: “വൈശാലിയില്‍ താമസിച്ചപ്പോള്‍ ഞാന്‍ വജ്ജികളോട് പറഞ്ഞിട്ടുണ്ട്, ജനക്ഷേമത്തിന്റേതായ ഈ തത്ത്വങ്ങള്‍ പാലിക്കുവാന്‍. അവര്‍ ശരിയായ വഴികളില്‍ക്കൂടി ചരിക്കുകയും സദ്വൃത്തരായിരിക്കുകുയം ചെയ്യുന്നു. അവരുടെ മാര്‍ഗ്ഗം എല്ലാവര്ക്കും മാതൃകയാണ്. ആ മാര്‍ഗ്ഗത്തില്‍ക്കൂടി ചരിക്കുന്നവര്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും, തകരുകയില്ല.”
വസ്സകാരന്‍ കുനിഞ്ഞ് ബുദ്ധനെ വന്ദിക്കുന്നു. “ഭഗവാന്, അങ്ങു പറഞ്ഞത് ഞാന്‍ മഗധരാജനോട് ഉണര്‍ത്തിക്കും.”
“എന്താണ് വസ്സകാരാ, നിങ്ങള്‍ മഗധരാജനോട് ഉണര്‍ത്തിക്കുക?”
“വജ്ജികള്‍ ജനസഭകളും പ്രതിനിധിസഭകളും കൂടുകയും ജനഹിതമനുസരിച്ച് തീരുമാനങ്ങളെടുക്കുകയും മുതര്‍ന്നവരെയും അശരണരെയും സ്ത്രീകളെയും ആദരിക്കുകയും ശരിയായ വഴിയിലൂടെ ചരിക്കുകയും ചെയ്യുന്നിടത്തോളം കാലം അവരെ ആര്‍ക്കും കീഴ്പെടുത്തുവാന്‍ കഴിയുകയില്ല എന്ന്.”
ബുദ്ധന്റെ മുഖത്ത് പെട്ടെന്ന് നിഴല്‍ വീഴുന്നു. അദ്ദേഹം വിഷാദമഗ്നനാകുന്നു. വസ്സകാരന്‍ വീണ്ടും കുനിഞ്ഞ് വന്ദിച്ച് പിന്തിരിഞ്ഞു പോകുന്നത് തഥാഗതന് നിശ്ശബ്ദം നോക്കിയിരിക്കുന്നു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ആനന്ദന്റെ തൊളില്‍ കൈവെച്ച് ചോദിക്കുന്നു:
“ആനന്ദാ, ഈ ബ്രാഹ്മണന് അതീവ കൌശലക്കാരനാണ്. അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം നിനക്ക് മനസ്സിലായോ?”
“മനസ്സിലായി ഭഗവാന്,” ആനന്ദന് പറയുന്നു. “അങ്ങ് വജ്ജികളുടെ ഉദാഹരണം മഗധത്തിന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. വജ്ജികളെ കീഴടക്കുവാന്‍ അവരുടെ സദ്വൃത്തിയെയും, ജനഹിതത്തില്‍ അടിസ്ഥാനമാക്കിയ രാഷ്ട്രീയനീതിയെയും ആദ്യം തകര്‍ക്കണമെന്ന സന്ദേശമാണ് അയാള്‍ രാജാവിന് എത്തിക്കുവാന്‍ പോകുന്നത്.”
ബുദ്ധന് ഏറെ നേരം ചിന്താകുലനായിരിക്കുന്നു. പിന്നീട് ചോദിക്കുന്നു: “ആനന്ദാ, എന്താണ് ജയിക്കുക? സദ്വൃത്തിയെ നശിപ്പിക്കുവാനുള്ള കുടിലമനഃസ്ഥിതിയോ?”
“ഭഗവാന്, അവസാനം ജയിക്കുക മനുഷ്യപ്രകൃതിമാത്രമാണ്. വെറും മനുഷ്യപ്രകൃതി. അതുകൊണ്ടല്ലേ അങ്ങ് ജനനമരണങ്ങളുടെ ഈ ചാക്രികതയില്‍നിന്ന് അടര്‍ന്ന്, നിര്‍വാണത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ഉദ്ബോധിപ്പിക്കുന്നത്?”
“നിര്‍വാണം!”
വ്യാകുലമായ മനസ്സ് ആ വാക്കില്‍ പിടിച്ചു നില്‍ക്കാനാകാതെ കുഴഞ്ഞു വീഴുന്നതായി നമുക്ക് മനസ്സിലാകുന്നു.
അടുത്ത രംഗം അജാതശത്രുവിന്റെ രാജസദസ്സാണ്. മന്ത്രിമാരും സേനാനായകന്മാരും അടങ്ങിയ യോഗം. അവിടെയും ചര്‍ച്ച മഗധത്തിന്റെയും വജ്ജിയുടെയും ഭരണസമ്പ്രദായങ്ങളെപ്പററിതന്നെ. സേനാധിപന് മഗധത്തിന്റെ സേനയുടെ ശക്തിയെയും തയ്യാറെടുപ്പിനെയുംപററി രാജാവിനെ അറിയിക്കുന്നു. രാജാവ് ശത്രുസൈന്യത്തിന്റെ അവസ്ഥയെപ്പററി അന്വേഷിക്കുന്നു. ഗുപ്തചരന്മാരില്നിന്ന് ലഭിച്ച വിവരം അയാള്‍ അറിയിക്കുന്നു. എണ്ണത്തിലും ശസ്ത്രത്തിലും പരിശീലനത്തിലും കിടയററതെങ്കിലും തന്റെ സൈന്യത്തിന് സമര്‍പ്പണത്തിലും വിശ്വാസത്തിലും മുന്തിനില്ക്കുന്ന വജ്ജിയുടെ സൈന്യത്തെ ജയിക്കുവാന്‍ കഴിയുമോ എന്ന് അയാള്‍ സംശയം പ്രകടിപ്പിക്കുന്നു. ക്രുദ്ധനായ രാജാവ് അയാളെ സേനാധിപസ്ഥാനത്തിന് അയോഗ്യനെന്ന് വിധിച്ച് പുതിയ സേനാധിപനെ നിയോഗിക്കുന്നു. ഈ സംഭവം സഭാംഗങ്ങളെ ചകിതരാക്കുന്നു. തുടര്‍ന്ന് മുഖ്യസചിവന്‍ തങ്ങളുടെ ഭരണവ്യവസ്ഥയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു നീണ്ട ഭാഷണം നല്കുന്നു.
മുഖ്യസചിവന്റെ അഭിപ്രായത്തില്‍ മഗധം ശക്തമായ ഒരു രാജഭരണം മാത്രമല്ല, ഭാരതത്തില്‍ പുരോഗതിയുടെ പന്തം വഹിക്കുന്ന ജനപദംകൂടിയാണ്. പുരോഗതിയെന്നാല്‍ സൈന്യബലവും സാമ്രാജ്യ വിസ്തൃതിയും മാത്രമല്ല, ഉയര്‍ന്ന സാമ്പത്തികാവസ്ഥയും ജനജീവിതത്തിന്റെ നിലവാരവുംകൂടിയാണ്. എല്ലാത്തിന്റെയും അടിസ്ഥാനം വിഭവസമാഹരണവും ഉപയോഗവുമാണെന്നതില് സംശയമില്ല. വിഭവമില്ലാതെ വിജ്ഞാനത്തിന്റെ വളര്‍ച്ച സാധ്യമല്ല. സാഹിത്യവും കലകളും വാസ്തുശില്പവും സാങ്കേതികവിദ്യയും നിര്‍മ്മാണപ്രക്രിയയും വിഭവത്തില്‍ ആധാരമായിരിക്കുന്നു. ഇതെല്ലാമില്ലാതെ ജനജീവിതത്തിന്റെ നിലവാരം ഉയരുന്നതുമില്ല. രാജഗൃഹത്തിലെയും വൈശാലിയിലെയും ജീവിതരീതികള്‍ തമ്മിലുള്ള വ്യത്യാസം ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്. രാജഗൃഹം സമ്പത്തില്‍ പൊന്തിക്കിടക്കുമ്പോള്‍, വൈശാലി പുല്‍മൈതാനങ്ങളുടെ മീതെ ഇരിക്കുകയാണ്. മഗധം പുരോഗതിക്ക് അതിരുകളൊന്നും വെച്ചിട്ടില്ല. ദിവസംതോറും തങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ വനങ്ങള്‍ തെളിയിച്ചെടുക്കുന്നു. പുതുതായി നേടിയ ഭൂമികളില്‍ പണിയെടുക്കുവാന്‍ തങ്ങള്‍ യുദ്ധത്തില്‍ പിടിച്ച തടവുകാരെയും അടിമകളെയും നിയോഗിക്കുന്നു. പണിക്കാരാണ് മഗധത്തിന്റെ ഇന്നത്തെ ആവശ്യം. കൂടുതല്‍ പണിക്കാരുണ്ടെങ്കില്‍ കൂടുതല്‍ സമ്പത്ത്, കൂടുതല്‍ വ്യവസായങ്ങള്‍, കൂടുതല്‍ നഗരങ്ങള്‍, ശാസ്ത്രജ്ഞന്മാര്, തത്ത്വചിന്തകര്‍, കവികള്‍, കലാകാരന്മാര്. ഈ വിഷയങ്ങളില്‍ കഴിവുള്ളവര്‍ വജ്ജിയില്‍ നിന്ന് രക്ഷപ്പെടുകയാണ്. അവര്‍ മഗധത്തിലും കോസലത്തിലും വന്ന് അവരുടെ ഭാഗ്യം പരീക്ഷിക്കുന്നു. അവരുടെ രാജ്യത്ത് അതിന് അവസരം കിട്ടാത്തതുകൊണ്ട്, അവരുടേതുപോലുള്ള നിശ്ചലമായ രാഷ്ട്ര വ്യവസ്ഥ ബുദ്ധിമാന്മാര്ക്ക് ഒന്നും പ്രദാനം ചെയ്യുന്നില്ല. അവിടെ പുരോഗതിയുടെ അര്‍ത്ഥംതന്നെ വേറെയാണ്. അപാരമായ മനുഷ്യവിഭവശേഷിയാണ് അവിടെ ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. അതിനെ കെട്ടഴിച്ചുവിടുവാന്‍ — അവരുടെതന്നെ പ്രയോജനത്തിനുവേണ്ടി — അവരുടെ നിശ്ചലമായ രാഷ്ട്രവ്യവസ്ഥയെ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു. ജനകീയവേദികളില്‍ ചര്‍ച്ച ചെയ്തല്ല, ഉദ്ബുദ്ധമായ രാഷ്ട്രീയ നേതൃത്വത്തിന്റെ ചാതുര്യം ഉപയോഗിച്ചാണ് രാഷ്ട്രതീരുമാനങ്ങല് എടുക്കേണ്ടതെന്ന് അവിടത്തെ ജനതയെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മുഖ്യസചിവന്റെ ഭാഷണത്താല്‍ രാജാവ് പ്രസന്നനായി. അയാള്‍ അവിടെ വെച്ചുതന്നെ അയാള്‍ക്ക് പാരിതോഷികങ്ങള്‍ കൊടുക്കുന്നു.
ആ സമയം രാജകീയദൌത്യം നിര്‍വഹിച്ചു മടങ്ങിവരുന്ന വസ്സകാരന്‍ കവാടത്തില്‍ പ്രത്യക്ഷപ്പെട്ട് രാജാവിനെ വന്ദിക്കുന്നു. രാജസദസ്സ് പെട്ടെന്ന് നിശ്ശബ്ദമാകുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജാവിന്റെ മുമ്പിലേക്ക് ബ്രാഹ്മണന് അടിവെച്ചടിവെച്ച് പ്രവേശിക്കുന്നു.
വര്‍ദ്ധമാനന്‍ പിന്നീട് കാണിക്കുന്നത് വൈശാലിയിലെ തെരുവുകളൊന്നില്‍ ഒരു വൃദ്ധബ്രാഹ്മണന് പ്രത്യക്ഷപ്പെടുന്നതാണ്. കീറിയ വസ്ത്രങ്ങളും നരച്ച താടിയും. ക്ഷീണിതനും ദരിദ്രനും. തെരുവിലൂടെ പരതി നോക്കിക്കൊണ്ട് അലയുന്ന അയാള്‍ വഴിപോക്കരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അശരണരെ സഹായിക്കുന്നതില്‍ മുമ്പിലാണ് വജ്ജിയിലെ പൌരന്മാര്. പക്ഷേ, അവരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയുവാനുള്ള അവസ്ഥയിലല്ല അയാള്‍. ഭയചകിതനാണ് അയാള്‍. സ്വന്തം പേരും ഗ്രാമവുംപോലും അയാള്‍ വെളിപ്പെടുത്തുന്നില്ല. പൌരന്മാര് അയാളെ നഗരത്തിലെ ശ്രേഷ്ഠന്മാരായ ലിച്ചവികളുടെ കോഠിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
അംബപാലി യൌവനത്തിലെത്തിയിരിക്കുന്നു. ബുദ്ധിയിലും സൌന്ദര്യത്തിലും അവളെ വെല്ലുവാന്‍ ആരുമില്ല. തര്‍ക്കത്തില്‍ അവള് പണ്ഡിതന്മാരെത്തന്നെ കുഴയ്ക്കുന്നു. ആയുധവിദ്യയില്‍ ഏതു പുരുഷയോദ്ധാവിനെയും അവള്‍ക്ക് നേരിടാം. നഗരത്തിലെ കലാസദസ്സുകള്ക്ക് അവളുടെ സാന്നിദ്ധ്യംപോലെ കാംക്ഷിക്കുവാന്‍ വേറൊന്നില്ല. അവളുടെ ആരാധകര്‍ അനവധിയാണ്. സമ്പന്നരും സുമുഖന്മാരുമായ പുരുഷന്മാര് എല്ലാവരും അവളെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവള് ആരുടെയും നേരെ താല്പര്യം കാണിക്കുന്നില്ല. സുഹൃത്തായി സ്വീകരിക്കുവാന്‍ യോഗ്യതയുളള ഒരാളെയും അവള് കണ്ടെത്തിയിട്ടില്ല. അംബപാലി ഏകയാണ്.
വൈശാലിയിലെ ഒരു തെരുവിലൂടെ അംബപാലി കുതിരപ്പുറത്തു പോകുന്നത് നാം കാണുന്നു. അവളുടെ കൂടെ ആരുമില്ല. അവളുടെ കണ്ണുകള്‍ വിശേഷിച്ച് ഒന്നിലും തങ്ങുന്നില്ല. ഉളളില്‍നിന്ന് എന്തോ അവളെ അലട്ടുന്നുണ്ട്. അവളുടെ ഏകാന്തത അതിനെ കൂടുതല്‍ രൂക്ഷമാക്കുന്നു.
വഴിയില്‍വെച്ച് സേനാനായകൻ രണകേസരി അവളുടെ കൂടെയെത്തുന്നു. കുതിരപ്പുറത്തിരുന്നുകൊണ്ട് അയാള്‍ അവളെ വന്ദിക്കുന്നു. അവര്‍ ഒരുമിച്ച് സവാരി ചെയ്യുന്നു. സംസാരത്തിനിടയ്ക്ക് താന്‍ അവളുടെ ആരാധകനാണെന്ന് അയാള്‍ അറിയിക്കുന്നു. അംബപാലി വിനയപൂര്‍വം താന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് അയാളോട് പറയുന്നു.
“അംബപാലീ, വജ്ജിയുടെ സേനാനായകനാണ് ഞാന്‍,” അപമാനിതനായെന്ന ബോധം അമര്‍ത്തിക്കൊണ്ട് രണകേസരി വീണ്ടും പറയുന്നു. “ധീരതയില്‍ എനിക്കു മുമ്പില്‍ ആരുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്റെ സൗഹൃദം കാംക്ഷിക്കാത്ത വനിതകളില്ല വൈശാലിയില്‍”
“എനിക്കറിയാം ആര്യന്, വജ്ജി ധീരന്മാരെ ആദരിക്കുന്നു. മറ്റെല്ലാ വഴികളും അടയുമ്പോഴാണ് വജ്ജി യുദ്ധത്തിനൊരുങ്ങുന്നതെന്നും ഞാന്‍ അറിയുന്നു.”
“നീയെന്നെ പരിഹസിക്കുകയാണ്, പെണ്‍കുട്ടീ.”
“ആര്യന് തെറ്റിദ്ധരിക്കുന്നു. പ്രേമത്തിന്റെ മുമ്പില്‍ യുദ്ധത്തെ എഴുന്നള്ളിക്കുന്നതിലെ വൈകല്യം ചൂണ്ടിക്കാട്ടുകമാത്രമാണ് ഞാന്‍ ചെയ്തത്.”
“ഒരികല് അംബാലീ, നിനക്ക് ഈ അഹങ്കാരത്തെ നിശ്ശബ്ദം വിഴുങ്ങേണ്ടിവരും.”
രണകേസരി കുതിരയെ വേഗത്തില്‍ ഓടിച്ച് അവളെ കടന്നു പോകുന്നു.
അല്പം ദൂരം പോകവെ, രാജ്യത്തെ പ്രധാനന്യായാധിപന്‍ വിമലസേനന്‍ എതിരെ വരുന്നു. അംബാലിയെ കണ്ടതോടെ നിന്ന്, കുതിരയെ തിരിച്ച്, അയാള്‍ അവള്‍ക്കൊപ്പം യാത്ര തുടരുന്നു. അയാളും കുശലത്തിനിടയിലൂടെ അവളോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ ന്യായാധിപനാണെന്ന വസ്തുത അതിന്റെ കൂടെ കൂട്ടിച്ചേര്‍ക്കുവാന്‍ അയാള്‍ മടിക്കുന്നില്ല.
“ഇത്തിരിമുമ്പെ സേനാനായകന് തന്റെ യുദ്ധസാമര്‍ത്ഥ്യത്തെ എന്റെ പ്രേമത്തിനു പകരമായി എനിക്കു നീട്ടിത്തന്നു,” അംബപാലി പറയുന്നു. “അങ്ങും സ്വന്തം ന്യായബോധത്തെ ഒരു വിലയാക്കുകയാണോ ഒരു പെണ്ണിനെ നേടുവാന്‍ വേണ്ടി?
“ഒരു ന്യായാധിപനും ഹൃദയമുണ്ട്, അംബപാലി, മാനുഷികമായ മോഹങ്ങളും ദൗര്‍ബല്യങ്ങളും,” വിമലസേനന്‍ കെഞ്ചുന്നു. “ന്യായത്തെ വിലയാക്കുവാന് ഞാന്‍ ശ്രമിക്കുന്നില്ല. മറിച്ച്, എന്റെ ഉണര്‍വിനെയും ഉറക്കത്തെയും ഒന്നുപോലെ ആവേശിക്കുന്ന നിന്റെ കരംഗ്രഹിക്കുവാനായി ഞാന്‍ ഈ ന്യായപീഠത്തെത്തന്നെ ത്യജിക്കുവാന്‍ തയ്യാറാണ്. ”
“ന്യായാധിപനായ വിമലസേനൻ, വൈശാലിയിലെ ആത്മാഭിമാനമുള്ള ഒരു സ്ത്രീയും തനിക്കുവേണ്ടി ന്യായാസനത്തെ ത്യജിക്കുവാന്‍ തയ്യാറാകുന്ന ഒരു പുരുഷനെ ആദരിക്കുകയില്ല. എന്നെ ഒറ്റയ്ക്കു പോകാന്‍ അനുവദിക്കൂ.”
ക്രുദ്ധനായ വിമലസേനന്‍ ശബ്ദം കഠിനമാക്കിക്കൊണ്ട് പറയുന്നു: “അംബാലീ, സ്വന്തം ജീവിതം ന്യായാധിപന്റെ കൈയിലാണെന്ന അവസ്ഥ പിച്ചക്കാരന്മുതല് ലിച്ചവികളുടെ മൂപ്പന്വരെ ആര്‍ക്കും ഒരു ദിവസം വരാമെന്ന കാര്യം നീ വിസ്മരിക്കരുത്.”
ദിശ നഷ്ടപ്പെട്ട ന്യായംപോലെ, വന്ന വഴിക്കോ എതിര്വഴിക്കോ പോകേണ്ടതെന്ന് പിടികിട്ടാതെ വിമലസേനന്‍ കുതിരയുടെ വേഗം കുറച്ച് പിന്നിലേക്ക് വിരമിക്കുമ്പോള്‍ അംബപാലി യാത്ര തുടരുന്നു.
കുതിരയ്ക്ക് ഓടുവാന്‍ വിഷമമുള്ളതായിക്കണ്ട അംബപാലീ താഴെയിറങ്ങി അതിന്റെ കാലുകള്‍ പരിശോധിക്കുന്നു. കാലില്‍ പരിക്കു പറ്റിയതായി കണ്ട് അവള് അതിനെ വഴിയോരത്തെ ഒരു മരത്തില്‍ കെട്ടിയിടുന്നു. “നീയവിടെ വിശ്രമിക്ക്,” അതിന്റെ പുറത്തു തട്ടിക്കൊണ്ട് അവള് പറയുന്നു. “മടങ്ങും വഴി ഞാന്‍ നിന്നെ കൂടെ കൊണ്ടുപോകാം.”
ആ സമയത്ത് ലിച്ചിവികളുടെ പ്രധാനി ദേവപാലന് ആ വഴി തേരില്‍ വരുന്നു. അയാള്‍ താഴെയിറങ്ങി ശിരസ്സ് കുനിച്ച് അവളെ തേരില്‍ കയറുവാനായി ക്ഷണിക്കുന്നു. അവള് വിനയപൂര്‍വ്വം ക്ഷണം നിരസിച്ച് നടത്തം തുടരുന്നു. അപമാനിതനായി തോന്നിയെങ്കിലും അംബപാലിയാല് മോഹിതയായ അയാള്‍ ഒപ്പം നടന്നുകൊണ്ട് അവളെ പിന്തുടരുന്നു.
“വജ്ജിയിലെ ശ്രേഷ്ഠകുലമായ ലിച്ചവി കുലത്തിലെ പ്രധാനിയായ ദേവപാലനാണ് അംബപാലീ നിന്നെ ക്ഷണിക്കുന്നത്.” അയാള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
“വജ്ജിയില്‍ ശ്രേഷ്ഠകുലങ്ങളൂം നീചകുളങ്ങളുമുണ്ടോ ദേവപാലാ?” അംബപാലി വിനയം കൈവിടാതെ പറയുന്നു. “ഉണ്ടെങ്കില്‍ ദരിദ്രനായ ഒരു അദ്ധ്യാപകന്റെ മകളായ ഇവള് നീചകുലജാതയല്ലേ? ഇവള്‍ക്കെങ്ങനെ അങ്ങയോടൊപ്പം തേരില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും?”
“വെറും തേരിലെ യാത്രയ്ക്കല്ല അംബപാലി, നിന്നെ ഞാന്‍ ക്ഷണിക്കുന്നത്. ജീവിതയാത്രയ്ക്ക് കൂട്ടുകാരിയാകുവാനാണ് ലിച്ചവികലുടെ പ്രധാനി നിന്നെ വിളിക്കുന്നത്?”
“എന്റെ പ്രശ്നത്തിന് അങ്ങ് ഉത്തരം നല്‍കിയില്ല, ദേവപാലന്.”
“അംബപാലീ, നീ സുന്ദരികളില്‍ സുന്ദരിയാണ്. നിന്റെ സൗന്ദര്യം എല്ലാ കുലമഹിമകളുടെയും മുമ്പില്‍ യാത്ര ചെയ്യുന്നു.”
“സൗന്ദര്യവും കുലമഹിമയും മത്സരിച്ച് മുമ്പേ യാത്ര ചെയ്യുന്ന ഒരു വ്യവസ്ഥയില്‍ അങ്ങയുടെ കുലശ്രേഷ്ഠതയോ എന്റെ സൗന്ദര്യമോ എനിക്ക് ഭൂഷണമാക്കുവാന് ഞാന്‍ ആഗ്രഹിക്കുന്നില്ല.”
“ഗര്‍വിഷ്ഠയായ പെണ്‍കുട്ടീ,” ദേവപാലന് പൊട്ടിത്തെറിക്കുന്നു. വജ്ജിയുടെ വ്യവസ്ഥയില്‍ നിനക്ക് ഭൂഷണമാകുന്നതെന്ത് എന്ന് ഒരു ദിവസം ഞാന്‍ നിനക്ക് കാണിച്ചുതരും.”
അയാള്‍ കുതിരകളെ പറപ്പിച്ച പൊടിയുയര്‍ത്തിക്കൊണ്ട് തേരോടിച്ചു പോകുന്നു.
പൊടിയമരുവാന് അംബപാലി കാക്കുന്നു. അമരുന്ന പൊടിയില്‍ക്കൂടി ദൂരെനിന്നു വരുന്ന ബുദ്ധഭിക്ഷുക്കളുടെ ഒരു സംഘം തെളിഞ്ഞു വരുന്നു. അടക്കിപറയുന്നതും ആദരവുണര്ത്തുന്നതുമായ അവരുടെ ഗച്ഛാമിത്രത്തിന്റെ ശബ്ദവും അടുത്തുവരുന്നു. സംഘം കടന്നുപോകുന്നതോടെ, അടക്കിയ ശബ്ദത്തില്തന്നെയെങ്കിലും അത് തെരുവിനെ മുഴുവന്‍ നിറയ്ക്കുകയും വിജൃംഭിപ്പിക്കുകയും ചെയ്യുന്നു. സംഘം കടന്നു പോയാല്‍ അതിനെ പിന്തുടരുന്ന സാധാരണ ജനങ്ങളുടെകൂടെ അംബപാലിയും കൂടുന്നു.
കലാലയത്തിന്റെ കവാടമെത്തിയപ്പോള്‍ അവള് അതിനകത്തേക്ക് കയറുന്നു. അംബപാലിയുടെ രൂപം കവാടത്തില്‍ കണ്ട ഉടനെ കലാലയത്തിലെ ആചാര്യന് ചന്ദ്രപ്രഭന് പീഠത്തില്‍നിന്ന് എഴുന്നേറ്റ് അവളുടെ മുമ്പില്‍ വന്ന് ഒരു ദാസനെപ്പോലെ നിലകൊള്ളുന്നു. ആചാര്യന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായി അംബപാലി ഒഴിഞ്ഞുമാറുന്നു.
“അംബപാലീ, ഇന്നലെ നീ കലാലയം സന്ദര്‍ശിച്ചില്ല.” അയാള്‍ ഖിന്നനായി പറയുന്നു. “നീ ഇവിടെ വരാത്ത ഒരു ദിവസം ഞാന്‍ എങ്ങനെയാണ് ചെലവാക്കുന്നതെന്ന് നീ അറിയുന്നുണ്ടോ?”
“എന്താണ് ആചാര്യജീ ഈ പറയുന്നത്? എന്റെ ഇവിടത്തെ ശിക്ഷണം കഴിഞ്ഞിരിക്കുന്നുവെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.”
“അതെ അംബപാലീ, നിന്റെ ശിക്ഷ കഴിഞ്ഞിരിക്കുന്നു. ഇനിയെന്തിനാണ് നമ്മള് ഈ ഗുരുവും ശിഷ്യയുമെന്ന നാടകം കളിക്കുന്നത്? നിനക്കറിയാം നിന്നെ പിരിഞ്ഞ് ഇരിക്കുവാന് എനിക്ക് വയ്യെന്ന്. എന്റേതായിത്തീരൂ, അംബപാലീ.”
അംബപാലി നടുക്കത്തോടെ പിന്നോട്ട് അടികള്‍ വെയ്ക്കുന്നു. “സ്ഥലകാലങ്ങളെക്കുറിച്ച് ബോധവാനാകൂ, ആചാര്യജീ, ഞാന്‍ ശിക്ഷ നേടിയ ഈ കലാലയത്തെ വെറുക്കുവാന്‍ എന്നെ പ്രേരിപ്പിക്കരുത്.”
“ഈ കലാലയം ദഹിച്ചുപോകട്ടെ, നിന്റെ സൗന്ദര്യം എന്നെ ഭ്രാന്തനാക്കിയിരിക്കുന്നു. എനിക്ക് എന്റെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. നീ വേറെയൊരുടെയെങ്കിലുമായിത്തീരുന്നത് എനിക്ക് സഹിക്കുവാന്‍ കഴിയില്ല!”
ഭ്രാന്തനെപ്പോലെ ചന്ദ്രപ്രഭന് അംബപാലിയുടെ കരം ഗ്രഹിക്കുന്നു. അവള് കൈ കുടഞ്ഞു വിടുവിക്കുന്നു.
“കലാലയത്തിലേക്ക് പോകൂ ആചാര്യ ജീ,” അവള് ശബ്ദമുയര്‍ത്തി പറയുന്നു. “അങ്ങ് ആചാര്യനായ കലയുടെ ആദര്‍ശം ഓര്‍മ്മിക്കൂ. ലോകത്തില്‍ സുന്ദരമായെതെല്ലാം സ്വന്തമാക്കണമെന്ന് മനുഷ്യര്‍ ശഠിച്ചു തുടങ്ങിയാല്‍ അവിടെ കലയുണ്ടാവില്ല, ധര്മ്മമുണ്ടാവില്ല. സ്വാര്‍ത്ഥം മാത്രമേ ഉണ്ടാകൂ. അതിന്റെ കൂടെ വരുന്ന സ്പര്‍ദ്ധയും അക്രമവും.”
അംബപാലി ത്വരിതഗതിയില്‍ തിരിച്ച് കവാടത്തിന് നേരെ ഗമിക്കുന്നു.
അമ്പു കൊണ്ടവനെപ്പോലെ പുളയുന്ന ചന്ദ്രപ്രഭന് പല്ലുകള്‍ ഞെരിച്ച് മുറുമുറുക്കുന്നു: “നീ പറഞ്ഞത് ശരിതന്നെ അംബപാലീ. സുന്ദര വസ്തുവിനെ എന്തിന് സ്വന്തമാക്കണം? അനുഭവിച്ചാല്‍ പോരേ? ഒരു പൂവിന് ഒരു വണ്ടെന്നില്ല; ഒരു വണ്ടിന് ഒരു പൂവെന്നും. നുകരുകയാണ് പ്രധാനം, അംബപാലീ, നിന്നെ നുകരുക…”
കുതിരയെ നിര്‍ത്തിയിരുന്ന ഇടത്തെത്തിയപ്പോള്‍ അവള് അതിനെ അഴിച്ച് ഒപ്പം നടത്തിക്കൊണ്ട് യാത്ര തുടരുന്നു.
വൈശാലിയില്‍ പുതുതായി എത്തിയ വൃദ്ധബ്രാഹ്മണന് അവളുടെ മുമ്പില്‍ വരുന്നു. ഇതിനിടെ മഗധത്തില്‍ നിന്ന് നാടുകടത്തപ്പെട്ടവനാണ് താനെന്ന് അയാള്‍ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. മഗധത്തോടുള്ള അയാളുടെ ദേഷ്യം വൈശാലിയിലെ ശ്രേഷ്ഠന്മാര്‍ക്കിടയില്‍ അയാള്‍ക്ക് സൗഹൃദവും വിശ്വാസവും നേടിക്കൊടുത്തിട്ടുണ്ട്. മഗധത്തിലെ തന്റെ ദു:ഖത്തിന്റെ ദിനങ്ങള്‍ അനുസ്മരിക്കാന്‍ വിസമ്മതിക്കുന്ന അയാള്‍ക്ക് ലിച്ചവികളെ പ്രശംസിക്കുവാന്‍ ഇഷ്ടംപോലെ സമയമുണ്ട്.
വൃദ്ധനും അംബപാലിയും പരസ്പരം വന്ദിച്ചു കടന്നു പോകുന്നു. ഇത്തിരി നടന്നതിനുശേഷം അംബപാലി തിരിഞ്ഞു നില്ക്കുന്നു. അവള് അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ച് അയാളും തിരിയുന്നു.
“ആചാര്യരേ,” അംബപാലി ചോദിക്കുന്നു, “അങ്ങ് മഗധവാസിയാണല്ലോ!പറയൂ, അവിടെ ജനങ്ങള്‍ സദാസമയവും രാജകോപത്തിന്റെ നിഴലില്‍ ഭീതരും അധീരരുമായാണോ ജീവിക്കുന്നത്?”
“മകളേ, മഗധത്തില്‍ രാജാവാണ് എല്ലാം അവിടെ നടക്കുന്നത്. രാജാവിന്റെ ഇഷ്ടം മാത്രമാണ്. രാജാവിന്റെ ഹിതാഹിതങ്ങള്ക്കപ്പുറം അവിടെ നീതിയോ നിയമമോ ഇല്ല.”
“അങ്ങയ്ക്കുമുമ്പും വൈശാലിയില്‍ മഗധവാസികള് ഇങ്ങനെ അത്ഭുതവ്യക്തികളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാവരും അങ്ങയെപ്പോലെ അനീതിയുടെ ഇരകളായി തോന്നിയിട്ടില്ല.”
“ആരെപ്പറ്റിയാണ് നീ പറയുന്നത്?” ബ്രാഹ്മണന്റെ ശബ്ദത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നു.
“നൃത്തശാലയില്‍ ഞാന്‍ നൃത്തം ചെയ്യാറുള്ളപ്പോള്‍ വിചിത്രനായ ഒരു മനുഷ്യന് അവിടെ വരാറുണ്ട്. നിശ്ശബ്ദനും കൂട്ടുകാരില്ലാത്തവനുമായ അയാള്‍ മണ്ഡപത്തില്‍ അകലെയൊരു തൂണും ചാരിയിരുന്ന് എന്റെ നൃത്തത്തെ ആദ്യംമുതല്‍ അവസാനംവരെ വീക്ഷിക്കും. നൃത്തം അവസാനിച്ചാല്‍ പൊടുന്നനെ അപ്രത്യക്ഷനാകും. തികച്ചും സാധാരണമായിരുന്നു വേഷങ്ങളിലെങ്കിലും അയാളുടെ പ്രൗഢമായ മുഖവും അയാളൊരു അസാധാരണ വ്യക്തിയാണെന്ന് തോന്നിച്ചിരുന്നു. പിന്നെ അയാള്‍ വരാതായി.”
വൃദ്ധന്റെ മുഖം വികസിച്ചു: “മകളേ നീ ആരെപ്പറ്റിയാണ് പറയുന്നതെന്ന് നിനക്കറിയില്ല. മഗധാനീശനായിരുന്ന ബിംബിസാരനാണ് അത്..പക്ഷേ, നിനക്കിനി അദ്ദേഹത്തെ കാണുവാന്‍ കഴിയില്ല. അദ്ദേഹമിപ്പോള്‍ കാരാഗൃഹത്തിലാണ്. അദ്ദേഹത്തിന്റെ മകന് അദ്ദേഹത്തെ തടവിലാക്കി സ്വയം രാജ്യഭാരമേറ്റെടുത്തു.”
‘അജാതശത്രു പിതാവിനെ കാരാഗൃഹത്തില്‍ അടച്ചതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. ബിംബിസാരമഹാരാജാവിനെ അറിയുവാനുള്ള സൗഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടില്ല. പക്ഷേ, ഞാന്‍ കണ്ട മനുഷ്യന് അദ്ദേഹമായിരുന്നുവെങ്കില്‍ —
“പറയൂ കുട്ടീ.”
“അദ്ദേഹം ഒരു ചീത്ത മനുഷ്യന് ആകുവാനിടയില്ല.” വൃദ്ധന് ചിരിക്കുന്നു.
“ചീത്ത മനുഷ്യന് അജാതശത്രുവുമല്ല, കുട്ടീ. യുവാവും സുമുഖനും ധീരനും ഉത്കൃഷ്ടനുമാണ് അദ്ദേഹം. അറിയാമോ, ബിംബിസാരമഹാരാജാവിനെപ്പോലെതന്നെ അജാതശത്രുവും നിന്നെ പ്രശംസിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.”
വൃദ്ധന്റെ കുതന്ത്രം മനസ്സിലാക്കിയ അംബപാലി ചോദിക്കുന്നു: “നിങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്?”
വൃദ്ധന് പരുങ്ങുന്നു: “എല്ലാവരും എല്ലായ്പോഴും ചീത്തയല്ല കുട്ടീ.”
“സ്വന്തം പിതാവിനെ കാരാഗൃഹത്തില്‍ അടയ്ക്കുന്ന ഒരാളെ എതു വിധത്തിലാണ് നിങ്ങളുടെ നാട്ടില്‍ വിശേഷിപ്പിക്കുക? നിങ്ങളെത്തന്നെ തെറ്റായി ശിക്ഷിച്ച് നാടുകടത്തിയവനാണ് അജാതശത്രു എന്നല്ലെ നിങ്ങള്‍ ഇവിടെ പ്രചരിപ്പിച്ചിരിക്കുന്നത്?”
“ഇതൊക്കെ ബിംബിസാരമഹാരാജാവിനെയും എന്നെയും മാത്രം ബാധിക്കുന്ന കാര്യങ്ങളല്ലേ, മകളേ?”
“ഞങ്ങള്‍ മനുഷ്യരെ ആ വിധത്തിലല്ല മനസ്സിലാക്കുന്നത്. നീതിമാനല്ലാത്തവന്‍ നല്ലവനാകുന്നില്ല.”
വൃദ്ധനെ വഴിയില്‍ ഉപേക്ഷിച്ച് അംബപാലി നടന്നു മറയുന്നു.
അടുത്ത ചില രംഗങ്ങളില്‍ മഗധത്തില്നിന്ന് ബഹിഷ്കൃതനായ ബ്രാഹ്മണന്റെ വേഷത്തില്‍ വൈശാലിയില്‍ പ്രവര്‍ത്തിക്കുന്ന വസ്സകാരന്റെ ഗൂഢതന്ത്രങ്ങളാണ്. മഗധത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുവാനായി അയാളുടെ അടുത്തെത്തുന്ന വജ്ജിയിലെ ശ്രേഷ്ഠന്മാരെല്ലാവരും വിഷമം കൂടാതെ അയാളുടെ വലയില്‍ വീഴുകയും സ്വന്തം നാട്ടിലെ രാഷ്ട്രീയത്തില്‍ അയാളുടെ ഉപദേശം തേടുന്നവരായിത്തീരുകയും ചെയ്യുന്നു. കരം പിരിക്കുന്നവരും ക്രമസമാധാനം പാലിക്കുന്നവരും സ്വയം ധനം സമാഹരിക്കുന്നുണ്ടെന്ന വസ്സകാരന്റെ കണ്ടുപിടുത്തം അത്തരം പതിവുകള്‍ നിര്‍ത്തലാക്കുവാന്‍ ആവശ്യപ്പെടുന്നതിനു പകരം അതില്‍ തങ്ങള്‍ക്കും വിഹിതം വേണമെന്ന അവകാശവാദത്തിലേക്കാണ് അവരെ നയിക്കുന്നത്. ധനസമ്പാദനത്തിന് അവസരമുള്ള സദസ്യര്‍ക്ക് എല്ലാവര്ക്കും ഊഴം വെച്ച് കൊടുക്കണമെന്ന് വാദവും ഉണ്ടാകുന്നു. ശ്രേഷ്ഠന്മാര്‍ക്കിടയില്‍ അസൂയയും കലഹങ്ങളും വളരുന്നു. പ്രതിനിധിസഭകള്‍ പതിവുപോലെ കൂടാതാകുന്നു. പകരം ശ്രേഷ്ഠന്മാര് പല സംഘങ്ങളായി പിരിഞ്ഞ് രഹസ്യമായി മേളിക്കുന്നു. ഇതിനിടയ്ക്കാണ് അംബപാലിയെ വിവാഹംകഴിക്കുവാനുള്ള ശ്രേഷ്ഠന്മാര്ക്കിടയിലെ വാശിയും മത്സരവും. വളരെയേറെ ശ്രദ്ധയോടും മമതയോടുംകൂടിയാണ് പ്രമോദന്‍ ഈ വിഷയം അവളുടെ മുമ്പില്‍ വെയ്ക്കുന്നത്:
“അംബാ, നിന്റെ കരം ഗ്രഹിക്കുവാനായി വൈശാലിയിലെ ശ്രേഷ്ഠന്മാരായ പുരുഷന്മാരെല്ലാവരും ഉത്സുകരാണ്. ഉത്സുകരെന്നല്ല, വ്യഗ്രരാണ്. ഒരാളോടല്ല, പലരോടാണ് ഞാന്‍ മറുപടി പറയേണ്ടതായി വന്നിരിക്കുന്നത്. സേനാനായകന് രണകേസരി, ന്യായാധിപന് വിമലസേനന്‍. ലിച്ചവി പ്രധാനന്‍ ദേവപാലന്, കലാലയാചാര്യന് ചന്ദ്രപ്രഭന് — ഇവര്‍ അവരില്‍ ചിലര്‍മാത്രം. ഇവരോട് എനിക്ക് ഒരു ഉത്തരമേ പറയാനുള്ളു — ഈ കാര്യത്തില്‍ ഒരാള്‍ക്കുമാത്രമേ തീരുമാനമെടുക്കുവാനാകൂ എന്ന്, എന്റെ മകള്‍ക്ക്.”
“അച്ഛന് ശരിയായ ഉത്തരമാണ് അവര്‍ക്ക് കൊടുത്തത്.” “വജ്ജിയുടെ പരമ്പരയില്‍ വിശ്വസിക്കുന്ന ഞാന്‍ വേറെ എന്ത് ഉത്തരമാണ് കൊടുക്കുക?”
“ആ ശ്രേഷ്ഠന്മാരും വജ്ജിയുടെ പരമ്പരയെ മാനിക്കുന്നവര്‍ തന്നെയല്ലേ? ആ ശ്രേഷ്ഠന്മാര്‍ക്കിടയില്‍ അങ്ങയുടെ പേരില്ലതാനും.”
“ശ്രേഷ്ഠന്മാര് എന്നത് ഒരു പ്രത്യേക ജാതിയല്ലല്ലൊ. ശ്രേഷ്ഠന്മാരെന്നും ശ്രേഷ്ഠന്മാരല്ലാത്തവരെന്നും വജ്ജിയിലെ പൗരന്മാര്ക്കിടയില് ഒരു തരംതിരിവുണ്ടോ? വിദ്യയിലും പരിചയസമ്പത്തിലും മുന്തിയ ചിലരെ നാം തീരുമാനങ്ങളെടുക്കുവാന്‍ വേണ്ടി നിയോഗിക്കുന്നു. അത് വെറും സൗകര്യത്തിനു വേണ്ടിയാണ്.”
“വിദ്യയും പരിചയസമ്പത്തും അങ്ങയ്ക്കും ഒട്ടും കുറവല്ലല്ലൊ. വര്‍ഷങ്ങളായി അങ്ങ് അദ്ധ്യാപകനാണ്. ഇന്നത്തെ പ്രതിനിധികള്‍ പലരും അങ്ങയുടെ ശിഷ്യന്മാരായിരുന്നിട്ടുണ്ട്.”
പ്രമോദന്‍ അല്പനേരം അവളെ പഠിക്കുന്നു. എന്നിട്ട് പുഞ്ചിരിയോടുകൂടി പറയുന്നു: “നീ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്, കുട്ടീ. സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങള്‍ ഇന്ന് ഇവിടെ ധാരാളമുണ്ട്. എന്ത് ലക്ഷ്യമാക്കിയാണ് അത്തരം അവകാശങ്ങള്‍ മനുഷ്യര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം.”
“അതെ അച്ഛാ, വജ്ജിയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ മനസ്സിലാകുന്നുണ്ട്, അവര്‍ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന്. എന്നിട്ടും അവര്‍ ലജ്ജയില്ലാതെ അത് ചെയ്യുന്നു. ഇതിലും വലിയ ഒരു പതനമുണ്ടോ? ഇപ്പോഴാകട്ടെ വെറും സമ്പത്തിലും ഒതുങ്ങുന്നില്ല അവരുടെ അവകാശവാദങ്ങള്‍. സമ്പത്ത് നിര്‍ജീവ വസ്തുവാനെന്ന് കരുതാം. അവരെപ്പോലെതന്നെ ജീവനുള്ള ഒരു വ്യക്തിയായ എന്നെക്കൂടിയാണ് അവര്‍ ഇപ്പോള്‍ അവകാശപ്പെടുന്നതും വടംവലിയിലെ കരുവാക്കുന്നതും!”
“ദു:ഖം അതുതന്നെയാണ് കുട്ടീ. മനുഷ്യരെയും അവര്‍ വസ്തുക്കളെപ്പോലെ വ്യവഹരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ, നീ ഭയപ്പെടേണ്ട. അവകാശങ്ങള്‍ ഉന്നയിക്കാനല്ലാതെ അവര്‍ക്ക് നിന്റെ കാര്യത്തില്‍ ഒന്നും ചെയ്യുവാനാവില്ല.”
“അംബപാലിയുടെ ശബ്ദം ഇടറുന്നു. അതില്‍ ആശങ്കയുമുണ്ട്. “എത്ര കാലം, അച്ഛാ, എത്ര കാലം?” അവള് ചോദിക്കുന്നു. “ഇന്നലെ തെരുവില്‍വെച്ച് ദേവപാലനും മഹിപാലനും എന്നെച്ചൊല്ലി ഊരിയ വാളുകളുമായി ഏറ്റുമുട്ടി. കുറച്ചു ദിവസം മുമ്പ് രണകേസരി വിമലസേനനെ വെല്ലുവിളിച്ചു. ചന്ദ്രപ്രഭന് കലാലയത്തിന്റെ അന്തസ്സിനെ പറത്തിക്കളഞ്ഞ് ഭ്രാന്തനെപ്പോലെ പലതും വിളിച്ചു പറയുന്നു. എല്ലാം അംബപാലിക്കുവേണ്ടി, അംബപാലി സ്വന്തം അവകാശങ്ങളില്ലാത്ത വഴിയില്‍ കിടക്കുന്ന ഏതോ സ്വര്ണ്ണപ്പണ്ടമാണെന്നതുപോലെ.”
“നിന്റെ അച്ഛന് പ്രമോദന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നത് മകളെ?”
“ജീവിക്കുക അംബപാലിയും ചെയ്യും അച്ഛാ. എങ്ങനെയെന്നതാണ് ചോദ്യം.”
അംബപാലി സംഗതികളെ അവിടെ വിടുന്നില്ല. അടുത്തൊരു രംഗത്തില്‍ അവള് തന്റെ മാന്തോപ്പില്‍ ഒരു ചെറിയ ജനസഭയെ വിളിച്ചു കൂട്ടിയിരിക്കുന്നതായി നാം കാണുന്നു. ആസന്നമെന്ന് പറയപ്പെടുന്ന മഗധവുമായുള്ള യുദ്ധത്തെക്കുറിച്ചാണ് അവള് അവരോട് സംസാരിക്കുന്നത്.
“എന്തിനാണ് ഈ യുദ്ധം?” അവള് ചോദിക്കുന്നു. “വജ്ജി ഒരിക്കലും മറ്റു രാജ്യങ്ങളുമായി യുദ്ധത്തിന് ഒരുമ്പെട്ടിട്ടില്ല. വജ്ജി സ്വയം ഒരു രാജ്യമായിത്തന്നെ അതിനെ വിശേഷിപ്പിക്കുന്നില്ല. വജ്ജി ഒരു ജനതമാത്രമാണ്. രാജാക്കന്മാരുടെ സഹായമില്ലാതെ സ്വന്തം കാലില്‍നിന്ന് സ്വയം ഭരിക്കുന്ന ഒരു ജനത. അപ്പോള്‍ നമ്മളല്ല മഗധത്തിനോട് യുദ്ധത്തിനൊരുമ്പെടുന്നത്. മഗധമാണ് നമ്മെ ആക്രമിക്കുന്നത്. എന്തിനാണ് മഗധം ഇങ്ങനെ ചെയ്യുന്നത്? നമ്മുടെ ഭൂമി കൈവശമാക്കുന്നതിനേക്കാള് കൂടുതലായി മഗധത്തിന്റെ ആവശ്യം നമ്മുടെ വ്യവസ്ഥിതിയെ തകര്‍ക്കുകയാണ്. നമ്മുടേതുപോലൊരു ജനാധിപത്യവ്യവസ്ഥിതി അയല്‍ രാജ്യത്ത് നിലനില്‍ക്കുന്നത് തങ്ങളുടെ രാജഭരണത്തിന് ഒരു താത്ത്വികഭീഷണിയായി മഗധം കരുതുന്നു.
“ഇത്രയും നമ്മുടെ ശ്രേഷ്ഠന്മാര് പറയുന്നത് നമുക്ക് സമ്മതിച്ചു കൊടുക്കുക. എനിക്ക് സംശയം നമ്മുടെ വ്യവസ്ഥിതിയോട് യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നത്, വാസ്തവത്തില്‍ മഗധം മാത്രമാണോ എന്നാണ്.”
അവളുടെ ചുറ്റുമിരിക്കുന്ന ജനം വിസ്മയിച്ച് പരസ്പരം നോക്കുന്നു. എന്താണ് അംബപാലി പറയുന്നത്? കോസലവും അതുപോലൊരു യുദ്ധത്തിനൊരുമ്പെട്ടിരിക്കുകയാണോ വജ്ജിയോട്?
“ഇല്ല, എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ, കോസലം നമ്മുടെ നേരെ യുദ്ധത്തിന് ഒരുമ്പെട്ടിട്ടില്ല,” അംബപാലി വിശദീകരിക്കുന്നു: “നമുക്കെതിരെ, നമ്മുടെ ജനാധിപത്യവ്യവസ്ഥിതിക്കെതിരെ യുദ്ധത്തിനൊരുമ്പെട്ടിരിക്കുന്നത്, അല്ല യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നത് നമ്മള് തന്നെയാണ്. ക്രൂരവും ദയനീയവുമായ ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ യുദ്ധത്തില്‍ നമുക്ക് കനത്ത തിരിച്ചടികള്‍ സഹിക്കേണ്ടിവന്നിരിക്കുന്നു, നമ്മുടെതന്നെ കൈയില്‍നിന്ന്.
“കൂട്ടുകാരെ, നിങ്ങള്‍ ഓര്‍മ്മിച്ചുനോക്കൂ. നമ്മുടെ സമ്പ്രദായം ഇന്ന് മുമ്പത്തേതുതന്നെയാണോ? ജനസഭകളും പ്രതിനിധിസഭകളും കൂടിയിട്ട് ഇവിടെ എത്ര നാളായി? നമ്മുടെ പ്രതിനിധികള്‍ക്ക് ഇപ്പോള്‍ തമ്മില്‍ പൊരുതുവാനല്ലാതെ അതിനൊക്കെ സമയമെവിടെ? ജനഹിതം നടപ്പിലാക്കുവാനല്ല അവര്‍ പരസ്പരം പൊരുതുന്നത്, സമ്പത്തും സ്ഥാനമാനങ്ങളും ആര്‍ജിക്കുവാനാണ്. നമ്മുടെ സമ്പ്രദായത്തെ നശിപ്പിക്കുവാനാണ് മഗധം ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് അതിന് അധികമൊന്നും അവശേഷിപ്പിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. നാം സ്വയം തകര്‍ക്കുവാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്ന ഒന്നിനെ നശിപ്പിക്കുന്നുവെന്ന പഴി നാം എന്തിന് മറ്റുള്ളവരുടെ മേല്‍ ചാരണം? അതിനെന്ത് ധാര്‍മ്മികമായ അധികാരമാണ് നമുക്കുള്ളത്? മഗധവുമായുള്ള യുദ്ധത്തില്‍ ജയിക്കണമെങ്കില്‍ നമുക്ക് മഗധത്തിന്റെ സേനയില്‍നിന്ന് സംരക്ഷിക്കുവാനായി എന്തെങ്കിലും ഉണ്ടായിരിക്കണം എന്ന് ഉറപ്പുവരുത്തുക.
“നമ്മുടെ പാരമ്പര്യത്തില്‍ എന്നും മുഖ്യമായിരുന്നത് തത്ത്വങ്ങളും ആദര്‍ശങ്ങളുമാണ്. ഉപയോഗകരമായതെന്ത് എന്നല്ല, പാലിക്കേണ്ടത് എന്ത് എന്നാണ് നാം ചോദിച്ചിട്ടുള്ളത്. തത്ത്വത്തിന്റെ കാര്യത്തില്‍ സര്‍വപ്രധാനമായത് വ്യക്തി സമൂഹത്തെയും, സമൂഹം വ്യക്തിയെയും ഉപയോഗിക്കുകയല്ല, ആദരിക്കുകയാണ് വേണ്ടത് എന്നായിരുന്നു. ഇവിടെ ഇന്ന് എല്ലാവരും എല്ലാത്തിനെയും ഉപയോഗിക്കുന്നതില്‍ മഗ്നരായിരിക്കുന്നു. വസ്തുക്കളെയും സ്ഥാനങ്ങളെയും മാത്രമല്ല, മറ്റു വ്യക്തികളെത്തന്നെ ഉപയോഗിക്കുവാനും സ്വന്തമാക്കുവാനും ശ്രമിക്കുന്നു…”
തുടര്‍ന്ന് സംഗതികള്‍ വേഗത്തില്‍ ചലിക്കുവാന്‍ തുടങ്ങുന്നു. മുന്‍പോട്ടു പോകുംതോറും വേഗവും കൂടിവരുന്നു. ആ വേഗത്തില്‍ സ്വയംപെട്ടതുപോലെ വായനയുടെ പ്രയത്നംമൂലം കിതയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും, വര്‍ദ്ധമാനന്‍ വിശ്രമിച്ചതുമില്ല.
അംബപാലി സ്വയം വിളിച്ചുകൂട്ടിയ ജനസഭയെയും അതില്‍ അവള് ചെയ്ത ഭാഷണത്തെയുംകുറിച്ച് ചര്‍ച്ച ചെയ്യുവാനായി ശ്രേഷ്ഠന്മാര് വിളിച്ച ഔദ്യോഗികമായ ഒരു ജനസഭയ്ക്കാണ് നാം അടുത്തതായി സാക്ഷ്യം വഹിക്കുന്നത്.
“വജ്ജിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്,” ചര്‍ച്ചയ്ക്ക് ആരംഭംകുറിച്ചുകൊണ്ട് അദ്ധ്യക്ഷന്‍, വൃദ്ധനായ ലിച്ചവിശ്രേഷ്ഠന് അമരസേനന്‍ പറയുന്നു. “ആദ്യമായി നടക്കുന്നു എന്നതുകൊണ്ട് ഒരു സംഭവം തെറ്റാകണമെന്നില്ല. നമ്മുടെ പാരമ്പര്യത്തിന് പരമ്പരയില്‍ പ്രത്യക്ഷപ്പെടാത്തതിനെയും ഉള്‍ക്കൊള്ളുവാനുള്ള കഴിവുണ്ട്. അംബപാലി സ്വന്തം മാന്തോപ്പില്‍ വെച്ച് ജങ്ങളോട് സംസാരിച്ചു എന്നത് നിയമപരമായി തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. അവള് എന്താണ് പറഞ്ഞത് എന്നതുമാത്രമാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുവാന്‍പോകുന്നത്.”
പ്രധാന നിയമപാലകനായ പ്രിയസേനന്‍ എഴുന്നേറ്റുനിന്ന് പറയുന്നു: “പ്രത്യക്ഷത്തില്‍ അംബപാലിയുടെ ഭാഷണം യുദ്ധത്തിന്
എതിരായിരുന്നു. അതു ശ്രദ്ധിച്ചുകേട്ടിട്ടുള്ളവര്ക്ക് മഗധത്തിനോട് അവളുടെ മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന ആരാധനയുണ്ടെന്ന് കാണാന്‍ പ്രയാസമുണ്ടാവില്ല. അതുകൊണ്ടുമാത്രം ഈ ഭാഷണം ഒരു രാജ്യദ്രോഹമായി കരുതേണ്ടിയിരിക്കുന്നു.”
“നിങ്ങള്‍ അതു കേല്ക്കുകയുണ്ടായോ?” അദ്ധ്യക്ഷന്‍ ചോദിച്ചു.
“ഇല്ല, അതിനെപ്പറ്റി എനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്മേലുള്ള എന്റെ നിഗമനമാണത്.”
“നിഗമനങ്ങളല്ല നമുക്കിവിടെ ആവശ്യം, വസ്തുതകളാണ്. ഇതൊരു വിചാരണയല്ല, വിചാരണ ആവശ്യമുണ്ടോ എന്ന അന്വേഷണം മാത്രമാണ്. ഭാഷണം മുഴുവന്‍ കേട്ടവരാരെങ്കിലുമുണ്ടെങ്കില് സഭയുടെ മുമ്പില്‍ വരട്ടെ.
തുടര്‍ന്ന് രണ്ടു പൗരന്മാര് സഭയുടെ മുമ്പില്‍ വന്ന് അംബപാലി പറഞ്ഞത് ഏതാണ്ട് അതേ രൂപത്തില്‍ ഉണര്‍ത്തിക്കുന്നു. മുഴുവന്‍ ശ്രദ്ധിച്ചുകേട്ടതിനുശേഷം അദ്ധ്യക്ഷന്‍ സ്വന്തം അഭിപ്രായം വെളിപ്പെടുത്തുന്നു: “യുദ്ധത്തിനെതിരായി അംബപാലി ഒന്നും പറഞ്ഞതായി കാണുന്നില്ല. മഗധത്തിനോടല്ല, വജ്ജിയോടാണ് അവള് ആദരവ് കാണിച്ചിട്ടുള്ളത്. എങ്കിലും വജ്ജിയിലെ ഭരണവ്യവസ്ഥ അതിന്റെ പാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ചതായി അവള് ആരോപിക്കുന്നു. ഇത് എത്രത്തോളം ശരിയാണ് എന്ന് പ്രതിനിധിസഭ സ്വയം ആലോചിക്കുന്നത് നന്നായിരിക്കും.”
ഈ ആരോപണങ്ങള്‍ കൊണ്ടുവന്നിട്ടുള്ള സമയത്തിന്റെ ഔചിത്യത്തെക്കുറിച്ച് തുടര്‍ന്ന ചിലര്‍ സംശയം പ്രകടിപ്പിച്ചു. മഗധം ഏതു സമയവും വജ്ജിയെ ആക്രമിച്ചേക്കാം. ആപല്‍ക്കരമായ ഈ സന്ദര്‍ഭത്തില്‍, നമുക്ക് സംരക്ഷിക്കുവാനായി ഒന്നും അവശേഷിച്ചിട്ടില്ലെന്ന് വിളിച്ചുപറയുന്നത് നമ്മുടെ സൈന്യത്തിന്റെ ആത്മവിശ്വാസത്തെ നശിപ്പിക്കുകയേയുള്ളൂ.
സന്ദര്‍ഭത്തിന്റെ ആപല്ക്കരതയെത്തന്നെ ആരോപണങ്ങളുടെ ഗുരുത്വലഘുത്വത്തിന്റെ പശ്ചാത്തലത്തിലാണ് വീക്ഷിക്കേണ്ടതെന്നാണ് അദ്ധ്യക്ഷന്റെ പക്ഷം. എങ്കിലും പ്രതിനിധിസഭ അംബപാലിയുടെ ആരോപണങ്ങള്‍ അവളില്‍നിന്നുതന്നെ കേള്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് അയാള്‍ നിരീക്ഷിക്കുന്നു. അതിനായി അംബപാലി സ്വയം പ്രതിനിധിസഭയുടെ മുമ്പില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ അടുത്ത രംഗത്തിലെ പ്രതിനിധിസഭ ഇതൊന്നുമല്ല ചെയ്യുന്നത്. അംബപാലിക്ക് പറയാനുള്ളത് കേള്‍ക്കുവാന്‍ അവര്‍ തയ്യാറാകുന്നില്ല. മറിച്ച് അവളെ നേരെ വിചാരണ ചെയ്യുവാനാന് അവര്‍ മുതിരുന്നത്. അതും ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ചില ആരോപണങ്ങളിന്മേല്.
ഇത് പറഞ്ഞ് വര്‍ദ്ധമാനന്‍ ഇത്തിരി നേരം വിശ്രമമെടുത്തു. അയാളുടെ കൈയിലെ കടലാസുകള്‍ അയാളുടെ കിതപ്പിനൊപ്പം വിറയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖം ചുമന്നിരുന്നു. സഞ്ചിയില്‍നിന്ന് തൂവാലയെടുത്ത് അയാള്‍ വിയര്‍പ്പ് തുടച്ചു. പുറത്ത് പരന്നു കഴിഞ്ഞ ഇരുട്ടില്‍നിന്ന് തീവണ്ടി സമീപിക്കുകയായിരുന്ന ഒരു പട്ടണത്തിന്റെ വെളിച്ചങ്ങള്‍ തെളിഞ്ഞുവരുന്നു. വണ്ടി നിര്‍ത്താതെ അതിനെ കടന്നുപോയപ്പോള്‍ വെളിച്ചങ്ങള്‍ മാഞ്ഞു. ജനലില്‍ക്കൂടി കാണുവാനുണ്ടായിരുന്ന ഇരുട്ടിനെ ഉപേക്ഷിച്ച് വര്‍ദ്ധമാനന്‍ തന്റെ ആഖ്യാനത്തിലേക്ക് മടങ്ങി.
അംബപാലിയുടെ ഭാഗം കേള്‍ക്കുവാനായി മേളിച്ച പ്രതിനിധി സഭയില്‍ ലിച്ചവിപ്രധാനന്മാരായ ദേവപാലന്, മഹിപാലന്‍ തുടങ്ങിയവരും നഗരത്തിലെ സേഠികള്‍ ശ്യാമകന്‍, സുധൻ മുതലായവരും കൂടാതെ, സേനാനായകന് രണകേസരി, മുഖ്യനായാധിപന്‍ വിമലസേനന്‍, കലാലയത്തിലെ ആചാര്യന് ചന്ദ്രപ്രഭന്, പണ്യാധ്യക്ഷന്‍ കുണാലന്‍, നിയമപാലകന് പ്രിയസേനന്‍ എന്നീ ഔദ്യോഗികപ്രതിനിധികളും സന്നിഹിതനായിരുന്നു.
പ്രമോദനനാല് അനുഗമിക്കപ്പെട്ട് അംബപാലി പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അവളുടെ നേരെ തിരിയുന്നു. ആരും ഒന്നും മിണ്ടുന്നില്ല. കുറച്ചുനേരത്തേക്ക് അവളുടെ വ്യക്തിത്വത്താലും രൂപകാന്തിയാലും എല്ലാവരും വശീകരിക്കപ്പെട്ടതുപോലെ തോന്നി. വൃദ്ധനായ അമരസേനന്തന്നെയാണ് ഈ സഭയുടെയും സഭാപതിസ്ഥാനം വഹിക്കുന്നത്. അയാള്മാത്രം പാരമ്പര്യങ്ങളില്‍ ബലമായി പിടിച്ച് സഭയെ നയിക്കുന്നു.
സഭാപതിയുടെ ആദേശാനുസാരം അംബപാലി മാന്തോപ്പില്‍ വെച്ച് ചെയ്ത ഭാഷണത്തിന്റെ ചുരുക്കം ഒരു ഗുപ്തചരന് സഭയുടെ മുമ്പില്‍ ആവര്‍ത്തിക്കുന്നു. സഭാപതിയുടെ ചോദ്യത്തിന് മറുപടിയായി അംബപാലി അത് ശരി വെയ്ക്കുന്നു. താന്‍ പറഞ്ഞതെല്ലാം പ്രതിനിധിസഭയെ ലാക്കാക്കിയായിരുന്നുവെന്നും ഇപ്പോള്‍ സഭയെ നേരിട്ട് സംസാരിക്കുവാന്‍ അവസരം നല്‍കിയതില്‍ താന്‍ സന്തുഷ്ടയാണെന്നും അവള് കൂട്ടിച്ചേര്‍ക്കുന്നു.
അംബപാലിയുടെ ധീരമായ പ്രസ്താവന സഭാംഗങ്ങളെ ചൊടിപ്പിക്കുന്നു. അവരുടെ നേരെ തുറന്ന ഒരു വെല്ലുവിളിയായാണ് അവര്‍ അതിനെ എടുക്കുന്നത്. അംബപാലി വജ്ജിയിലെ ശ്രേഷ്ഠന്മാരെയാണോ കുറ്റപ്പെടുത്തുന്നത്, പ്രതിനിധിസഭയെ, വജ്ജിയുടെ ഭരണവ്യവസ്ഥയെ, വജ്ജിയെന്ന രാഷ്ട്രത്തെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരുന്നു.
“ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുകഴിഞ്ഞു.” അംബപാലി ഉത്തേജിതയാകാതെ മറുപടി പറയുന്നു. “അതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കുണ്ടെന്ന് എനിക്കും എനിക്ക് അതറിയാമെന്ന് നിങ്ങള്‍ക്കും അറിയാം. പിന്നെ എന്തിനീ ചോദ്യങ്ങള്‍?”
ഒരു സദസ്യന്‍ എഴുന്നേറ്റു ചോദിക്കുന്നു:“അംബപാലി തെളിച്ചു പറയണം, മഗധത്തിനോടുള്ള യുദ്ധത്തിന് അവള് എതിരാണോ?”
“യുദ്ധം ജനങ്ങള്‍ക്ക് ദു:ഖവും നഷ്ടവും കൊണ്ടുവരുന്നു. അതുകൊണ്ട് യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം.”
“യുദ്ധം രാഷ്ടത്തെ രക്ഷിക്കുവാന്‍ വേണ്ടിയിട്ടാണെങ്കിലും?”
“വജ്ജി ഒരിക്കലും ഒരു രാഷ്ട്രമായിരുന്നില്ല. വജ്ജി അതിന്റെ ജനതയാണ്. നമ്മള് എല്ലാവരുമാണ് വജ്ജി.”
“വജ്ജിയുടെ വ്യവസ്ഥയെ സംരക്ഷിക്കുവാന്‍ വേണ്ടിയാണെങ്കിലും?”
“സ്വയം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ വ്യവസ്ഥയെ നിങ്ങള്‍ പുറമെ നിന്നുള്ള ആക്രമണങ്ങളില്‍നിന്ന് എങ്ങനെ രക്ഷിക്കും?”
സഭയില്‍ നിശ്ശബ്ദത പരക്കുന്നു. അല്പനേരം കാത്തതിനുശേഷം അംബപാലി തുടരുന്നു:
“വജ്ജിയിലെ നേതാക്കന്മാരുടെ ഇന്നത്തെ ചെയ്തികളെപ്പറ്റി ഈ ചെറിയ പെണ്‍കുട്ടി വേണമോ ധന്യരും അവളുടെ പിതാവിന് തുല്യരുമായ നിങ്ങളോട് പറയുക? വജ്ജിയിലെ ശ്രേഷ്ഠന്മാര് ഇന്ന് അവരുടെ വ്യവസ്ഥിതിക്കെതിരായ ശക്തികളോടാണോ, അതോ തമ്മില്‍ തമ്മിലോ ഏറ്റുമുട്ടുന്നത്?”
ദേവപാലന് എഴുന്നേല്ക്കുന്നു. അയാള്‍ ചോദിക്കുന്നു:
“ഞാനും മഹിപാലനും ഏറ്റുമുട്ടിയതും രണകേസരി വിമലസേനനെ വെല്ലുവിളിച്ചതുമാണോ നീ സൂചിപ്പിക്കുന്നത്?”
“ഞാന്‍ സൂചിപ്പിക്കുന്നത് വജ്ജിയിലെ ജനപ്രതിനിധികള്‍ ജനഹിതം മറന്ന് പരസ്പരം സമ്പത്തിനും ആഡംബരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മത്സരിക്കുന്നതും തമ്മില്‍ പൊരുതുന്നതുമാണ്.വജ്ജി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതാണ്.”
രണകേസരി എഴുന്നേറ്റുനിന്ന് പറയുന്നു: “നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മഗധത്തിന്റെ നമ്മളോടുള്ള യുദ്ധത്തിന്റെ നീക്കങ്ങളാണ്. ഇതിനെ ചെറുതാക്കി കാണിക്കുകയാണ് അംബപാലിയുടെ ഉദ്ദേശം. അതിനു പിന്നില്‍ ഒരു കാരണമുണ്ടെന്ന് ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ വെളിച്ചം വീശുവാന്‍ ആചാര്യനായ ചന്ദ്രപ്രഭനെ ഞാന്‍ ക്ഷണിക്കുന്നു.”
ചന്ദ്രപ്രഭന്റെ മുഖം അയാള്‍ എഴുന്നേല്ക്കുന്നതോടെ ചുവന്ന് തീപോലെയാകുന്നു. എങ്കിലും അയാളുടെ വാക്കുകള്‍ അളന്നതും ദൃഢവുമാണ്. “കലാലയത്തില്‍ അംബപാലിയുടെ നൃത്തമുണ്ടാകുമ്പോഴെല്ലാം കാണിക്കള്‍ക്കിടയില്‍ ഒരു അപരിചിതന് പ്രത്യക്ഷപ്പെടാറുണ്ട്. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിനില്ക്കുന്ന അയാളുമായി കണ്ണുകള്‍ ഇടയുമ്പോള്‍ അംബപാലി സ്വയം ചുവടുകള്‍ തെറ്റിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിസ്മയജനകമായ വിധത്തില്‍ അപ്രത്യക്ഷനാകാറുള്ള ഈ മനുഷ്യന് മഗധാധിപതിയായിരുന്ന ബിംബിസാരനല്ലാതെ മറ്റാരുമല്ലെന്ന് ഇപ്പോള്‍ അവിടെനിന്ന് രക്ഷപ്പെട്ട് നമുക്കിടയില്‍ അഭയം പ്രാപിച്ചിരുന്ന ബ്രാഹ്മണനില്‍നിന്ന് മനസ്സിലായിരിക്കുന്നു. വജ്ജിയുടെ ഏറ്റവും വലിയ ശത്രുവായ മഗധത്തിന്റെ അധിപനുമായുള്ള അംബപാലിയുടെ ഈ രഹസ്യവേഴ്ച തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു.
ബിംബിസാരനെ പറ്റി അന്വേഷിക്കുവാനായി ഈയിടെ അവള് ഈ ബ്രാഹ്മണനെ രഹസ്യമായി സന്ദര്‍ശിച്ചു. അയാള്‍ നമ്മുടെ പക്ഷത്തായതുകൊണ്ട് ആ വിവരം ഉടനെ അയാള്‍ നമ്മെ അറിയിച്ചു.”
ഇത്രയും പറഞ്ഞ് ചന്ദ്രപ്രഭന് പൊടുന്നനെ ഇരുന്നു. സദസ്സ് സ്തബ്ധമായി. അവസാനം നിശ്ശബ്ദത ഭഞ്ജിക്കുന്നത് സഭാപതിയാണ്. അയാള്‍ അംബപാലിയോട് അവളുടെ ഭാഗം വിശദീകരിക്കുവാന്‍ ആവശ്യപ്പെടുന്നു. സദസ്യരുടെ നീചവും ക്രൂരവുമായ മനസ്സുകളോട് ഈ വിധം ഏറ്റുമുട്ടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത അംബപാലി പതറുന്നു. എങ്കിലും ധൈര്യം സംഭരിച്ച് അവള് വിശദീകരിക്കുന്നു. ചന്ദ്രപ്രഭന് പറഞ്ഞ മനുഷ്യനുമായി അവള് ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അയാള്‍ ആരാണെന്ന് അവള്‍ക്ക് ഇപ്പോഴും ശരിക്ക് അറിഞ്ഞുകൂടെന്നും. എന്തായാലും ബിംബിസാരന് വജ്ജിയുമായി ശത്രുതപാലിക്കാത്ത ബുദ്ധശിഷ്യനും സമാധാനപ്രേമിയുമായിരുന്നുവെന്നാണല്ലോ അറിയപ്പെടുന്നത്. കൂടാതെ അയാള്‍ ഇപ്പോള്‍ തടവിലുമാണ്.
സദസ്യര്‍ ഈ യുക്തികളൊന്നും കേള്‍ക്കുവാന്‍ തയ്യാറല്ല. പലരും ഒന്നിച്ചെഴുന്നേല്ക്കുന്നു. ദേവപാലന്തന്നെ ആദ്യത്തെ ശരം തൊടുക്കുന്നു:
“ഇത്രയും വിശാലമായ വൈശാലിയില്‍ യോഗ്യനായ ഒരു പുരുഷനെയും കണ്ടില്ലേ അംബപാലീ പ്രേമിക്കുവാനായി?”
വിമലസേനന്‍ കൂട്ടിച്ചേര്‍ക്കുന്നു: “ഇപ്പോഴത്തെ മഗധാധിപനായ അജാതശത്രുവുമായി എന്തു ബന്ധമാണ് തനിക്കുള്ളതെന്ന് അംബപാലി വ്യക്തമാക്കട്ടെ.”
“ധീരനും യോഗ്യരുമായ വൈശാലിയിലെ പുരുഷന്മാരുടെ വിവാഹപ്രസ്താവനകളെല്ലാം അച്ഛനും മകളും കൂടി നിരസിച്ചുകൊണ്ടിരുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്?” വേറൊരാള്.
“ആ രഹസ്യം ഇപ്പോള്‍ വെളിയിലായല്ലൊ. വൈശാലിയിലെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വ്യക്തികളുടെ ഉള്ളില്‍ തീ കോരിയിടുവാനും അവര്‍ക്കിടയില്‍ സ്പര്‍ദ്ധയും വൈരവും വളര്‍ത്തുവാനുമാണ് അവള് ഇത്രയും നാള് ശ്രമിച്ചുകൊണ്ടിരുന്നത്.”
“അ വിധം രാജ്യത്തെ ശത്രുക്കളുടെ മുമ്പില്‍ പരിഹാസ്യമാക്കുവാന്‍—”
“സ്വയം കലഹങ്ങള്‍ സൃഷ്ടിച്ചിട്ട് ഇന്ന് അവള് ആ കലഹങ്ങളെ ചൂണ്ടി പറയുന്നു, വജ്ജിയിലെ വ്യവസ്ഥയെ അവര്‍ തകര്‍ക്കുന്നുവെന്ന്.”
“യുദ്ധാവസരത്തില്‍ നമ്മുടെ മുന്‍നിരയെ ദുര്‍ബലമാക്കുകയാണ് അവള്.”
“ഈ വൈകിയ വേളയിലെങ്കിലും അംബപാലിക്ക് മുമ്പോട്ടു വന്നു പറയാം അവള് വൈശാലിയിലെ ഏതെങ്കിലും പുരുഷനെ വിവാഹംകഴിക്കുവാന്‍ തയ്യാറാണോ എന്ന്.”
വഴി തെറ്റിപ്പോകുന്ന ഈ ചര്‍ച്ചയില്‍ അസ്വസ്ഥരാകുന്നത് സഭാപതിയും പ്രമോദനും മാത്രമാണ്. പ്രമോദന്‍ മാനസികമായ
സംഘര്‍ഷങ്ങള്‍ക്ക് അടിപ്പെട്ട് കുഴയുന്നു. അംബാലി ബഹളത്തിനിടയിലും സ്വരമുയര്‍ത്തി സഭാപതിയോട് അഭ്യര്‍ത്ഥിക്കുന്നു:
“ഈ സദസ്സിനെ നേര്‍വഴിക്ക് നയിക്കുവാന്‍ അങ്ങ് ബാധ്യസ്ഥനാണ്. ഇവിടെ നടക്കുന്നത് ഒരു മദ്യശാലയിലോ ചന്തപ്പുരയിലോ കേള്‍ക്കാവുന്ന നീചവും അശ്ലീലവുമായ പ്രലപനങ്ങളാണ്. ഇതൊരു പ്രതിനിധിസഭയല്ലാതായിരിക്കുന്നു.”
സഭാപതി എഴുന്നേറ്റ് പലവുരു അഭ്യര്‍ത്ഥിച്ചതുകൊണ്ട് സദസ്സ് അല്പം ശാന്തമാകുന്നു. അയാള്‍ അംബപാലിയെ സംസാരിക്കുവാന്‍ ക്ഷണിക്കുന്നു.
“ഈ സദസ്സിലെ മനുഷ്യര്‍ ബുദ്ധിഹീനരല്ല,” അംബപാലിയുടെ ശബ്ദം അവളുടെതന്നെ നിയന്ത്രണം വിട്ട് ഉയരുന്നു. “അവര്‍ക്കെല്ലാവര്‍ക്കും അറിയാം ഞാന്‍ ഏതുവിധത്തിലുള്ള കലഹങ്ങളെയും ഏതേതു അഴിമതികളെയും പറ്റിയാണ് സംസാരിച്ചതെന്ന്. ഞാന്‍ ഏത് പുരുഷനെ വിവാഹം കഴിക്കണമെന്നത് ഈ സദസ്സിന്റെ മുമ്പിലെ പ്രശ്നല്ല.. വേണമെങ്കില്‍ ആരെയും വിവാഹംകഴിക്കാതിരിക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ സ്ത്രീത്വത്തിന്റെ മേല്‍ ചെയ്യപ്പെട്ട എല്ലാ അതിരുകടന്ന പ്രസ്താവങ്ങള്‍ക്കും അത് ചെയ്തവര്‍, ഈ പ്രതിനിധിസഭയുടെ അന്തസ്സ് പാലിക്കുവാനായി എന്നോട് മാപ്പ് പറയണം.”
അംബപാലിയുടെ പ്രസ്താവന കൂടുതല്‍ ബഹളങ്ങള്‍ക്ക് കാരണമാകുകയാണുണ്ടായത്. “ഗര്‍വിഷ്ഠയായ ഒരു സ്ത്രീ രാഷ്ട്രത്തെയാകെ വെല്ലുവിളിക്കുന്നു”, “വെല്ലുവിളിക്കുക മാത്രമല്ല, ഒറ്റിക്കൊടുക്കുകകൂടി”, “ഒരു വ്യക്തിയുടെയും സ്വാതന്ത്യം രാജ്യത്തിന്റെ നിലനില്പിന് മീതെയല്ല” എന്നു തുടങ്ങിയ ചില വാചകങ്ങള്‍ മാത്രമേ ഇടയ്ക്ക് കേള്ക്കാനാകുന്നുള്ളു. ബാക്കിയെല്ലാം വെറും ശബ്ദംമാത്രം. സഹികെട്ട് അംബപാലിയും പ്രമോദനും ഇറങ്ങിപ്പോകുന്നു. വൃദ്ധനായ സഭാപതി ചര്‍ച്ചയ്ക്ക് വിരാമമിട്ടതായും ആവശ്യമുണ്ടെങ്കില്‍ സദസ്യരുടെ വികാരത്തിന്റെ ചൂട് ആറിയതിനുശേഷം ഇനിയൊരു ദിവസം മേളിക്കുന്നതാണെന്നും അറിയിച്ച് ഇറങ്ങിപ്പോകുന്നു.
ഒരു കൊടുങ്കാറ്റുപോലെ അവസാനിക്കുന്ന ഈ രംഗത്തിനുശേഷം വര്‍ദ്ധമാനന്‍ എന്നെ കൊണ്ടുപോയത് ശാന്തവും ആര്‍ദ്രവുമായ ഒന്നിലേക്കാണ്. പ്രമോദന്റെ മാന്തോപ്പില്‍ അയാളും അംബപാലിയും കൂടാതെ രണ്ടു മൂന്നു സുഹൃത്തുക്കളും കൂടിയിരിക്കുന്നു. ആരും കാര്യമായി സംസാരിക്കുന്നില്ല. ഘനം തൂങ്ങിയ ഹൃദയത്തോടെയിരിക്കുന്ന അവരുടെ മനസ്സില്‍ നിറയെ കറുത്ത ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ്. സ്വന്തം തെറ്റുകള്‍ക്ക് മറ്റുള്ളവരെ ശിക്ഷിക്കുവാന്ഒരുങ്ങിയിരിക്കുകയാണ് പ്രതിനിധിസഭ. തങ്ങള്‍ക്കെതിരെ ഉയര്‍ത്തപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍നിന്ന് സ്വയം രക്ഷിക്കുകമാത്രമല്ല അവരുടെ ഉദ്ദേശ്യം, സ്വന്തം സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടുകകൂടിയാണ്. മദമാത്സര്യങ്ങളില്‍ മുഴുകിപ്പോയ അവര്‍ അന്ധരായിരുന്നു. അവര്‍ക്ക് അവരുടെ വഴികിട്ടുകയാണെങ്കില് അതുകൊണ്ട് സംഭവിക്കുക അംബപാലിയുടെ വ്യക്തിപരമായ ദുരന്തം മാത്രമല്ല, അവള് ഉന്നയിച്ച സമസ്യകളുടെ കുഴിച്ചുമൂടല്‍ കൂടിയാണ്. രക്ഷപ്പെടാനാകാത്ത ഒരു കുഴിയിലേക്കാണ് ധനത്തിനാലും കാമത്തിനാലും നയിക്കപ്പെടുന്ന ഈ അന്ധര്‍ രാജ്യത്തെ കൊണ്ടു പോകുന്നത്. അവര്‍ ഈ വിധം സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതനായ ഒരതിഥി അവിടെ കുതിരവണ്ടിയില്‍ വന്നിറങ്ങുന്നു. സഭാപതിയായ വൃദ്ധന് അമരസേനന്‍!
എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു. അമരസേനന്‍ അവരോട് ഇരിക്കുവാന് ആംഗ്യം കാണിക്കുന്നു.
“സഭയുടെ മുമ്പില്‍ ഞങ്ങളെക്കുറിച്ച് ഒരു പ്രശ്നമുള്ളപ്പോള്‍ അങ്ങ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്—” പ്രമോദന്‍ മുഴുവനാക്കാതെ നിര്‍ത്തി.
“അനൗചിത്യമാണ്,” അമരസേനന്‍ സ്വയം അത് മുഴുവനാക്കുന്നു.
“അപകടകരവും.”
“പ്രമോദന്‍, സഭയുടെ മുമ്പിലെ പ്രശ്നം നിങ്ങളെ മാത്രം സംബന്ധിക്കുന്നതല്ല. രാജ്യത്തെ മുഴുവന്‍ ബാധിക്കുന്നതാണ് അത്. എനിക്ക് രാജ്യത്തില്‍ നിന്ന് ദൂരെ പോകുവാന്‍ ക്ഴിയുമോ?”
ആരും ഒന്നും പറയുന്നില്ല. ശിരസ്സിലെ ഘനംകൊണ്ടെന്നപോലെ പ്രമോദന്‍ താഴോട്ട് നോക്കുന്നു.
“രാജ്യം മുഴുവന്‍ വിചാരണചെയ്യപ്പെടുകയാണ്,” അമരസേനന്‍ പ്രമോദിന്റെ പുറത്തു കൈവച്ചുകൊണ്ടു പറഞ്ഞു. “അതുകൊണ്ട് നിന്റെ മകള്‍ നേരിടുന്ന ക്രൂരമായ വിചാരണയുടെ വേദന നിനക്ക് കുറയുന്നില്ലെന്ന് എനിക്കറിയാം.”
“രാജ്യത്തിന്റെ ഭാഗം വാദിക്കുവാനാണ് എന്റെ മകള്‍ സഭയുടെ മുമ്പില്പോയത്.” “അതെ പ്രമോദന്‍, എല്ലാ വലിയ കാര്യങ്ങളും അവസാനം വ്യക്തിപരമായ സമസ്യകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു. അഥവാ, വ്യക്തികളുടെ സങ്കടങ്ങളില്ക്കൂടിയും സന്തോഷങ്ങളില്ക്കൂടിയും വേണം ഒടുവില്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങളെയും അളക്കുന്നത്. വ്യക്തികളാല്‍ നിര്മ്മിതമാണല്ലോ സമൂഹം. ഈ തത്ത്വം മനസ്സിലാക്കപ്പെടായ്ക എന്ന തെറ്റാണ് ഇവിടെ സംഭവിക്കുവാന്‍ പോകുന്നത്. ഈ തത്വമാണ് നാളെ വിചാരണചെയ്യപ്പെടുക. പ്രമോദൻ, അംബപാലീ, സഭാപതിയെന്ന നിലയില്‍ ഈ വൃദ്ധന്റെ ശേഷിച്ച ശ്വാസങ്ങള്‍ ന്യായത്തിന്റെ ഭാഗത്തു നില്ക്കും.”
ഇത്രയും പറഞ്ഞ് അയാള്‍ ഇരുവരുടെയും ചുമലില്‍ രണ്ടു കൈകള്‍ അമര്‍ത്തി ദ്രുതഗതിയില്‍ തിരിഞ്ഞ് നടന്നു പോകുന്നു.
പ്രതിനിധിസഭ വീണ്ടും കൂടുന്നു. ഇത്തവണ മുമ്പത്തെപ്പോലെ ചിട്ടയില്ലാതെയും ദിശാബോധം കൂടാതെയുമല്ല നടപടികള്‍ നീങ്ങുന്നത്. തന്ത്രങ്ങള്‍ നേരത്തെ കൂട്ടി ആലോചിച്ച് പരിശീലിച്ച് വന്നതുപോലെ ശാന്തരായും ആത്മവിശ്വാസത്തോടെയുമാണ് മുഖ്യസഭാംഗങ്ങളെല്ലാവരും പെരുമാറുന്നത്.
സഭ കൂടിയ ഉടനെ സദസ്യരില്‍ ഒരു ഭാഗം എഴുന്നേറ്റു നിന്ന് സഭ നയിക്കുവാനുള്ള സഭാപതിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ സഭയ്ക്കു ശേഷം സഭാപതി ഒറ്റയ്ക്ക്,വേറൊരു സദസ്യനെയും കൂട്ടിനെടുക്കാതെ, രഹസ്യമായി, വിചാരണ ചെയ്യപ്പെടുന്ന അംബപാലിയെ സന്ദര്‍ശിക്കുകയുണ്ടായി. ഇതു ശരിയാണോ?
സഭാപതി മറുപടി പറയുന്നു. ഈ സഭയുടെ മുമ്പില്‍ അംബപാലി ഇതുവരെയും വിചാരണ ചെയ്യപ്പെടുന്നവളല്ല.
ന്യായാധിപന് വിമലസേനന്റെ സൂചിതമായ ചോദ്യം: “സഭാപതി അംബാലിയെ അവളുടെ വീട്ടില്‍ പോയി കാണുകയുണ്ടായോ?”
സഭാപതി സമ്മതിക്കുന്നു.
ഉടനെ വിമലസേനന്‍ അമരസേനനില് അവിശ്വാസം രേഖപ്പെടുത്തുന്ന ഒരു പ്രസ്താവം വെയ്ക്കുന്നു. സഭാംഗങ്ങള്‍ നേരത്തെ ഇതൊക്കെ ചര്ച്ചചെയ്തിട്ടുണെന്ന് തെളിയിക്കുമാറ് സഭ ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കുന്നു. അതുപോലെതന്നെ വേറൊരു പ്രമേയംകൊണ്ട് ദേവപാലനെ പുതിയ സഭാപതിയാക്കി നിയോഗിക്കുകയും ചെയ്യുന്നു. എല്ലാം നിമിഷങ്ങള്‍കൊണ്ട് തീരുന്നു. നടന്നതെന്തെന്ന് പ്രമോദനോ അംബപാലിയോ മനസ്സിലാക്കുന്നതിനു മുമ്പെ ദേവപാലന് സഭാപതിസ്ഥാനം ഏറ്റെടുക്കുകയും അംബപാലിയുടെ വിചാരണ തുടങ്ങുവാന്‍ സദസ്യരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
അങ്ങനെയൊരു വിചാരണ സഭയുടെ മുമ്പില്‍ ഇല്ലെന്ന അംബപാലിയുടെ വാദം ദേവപാലന് കേള്‍ക്കുന്നില്ല. വിചാരണ ചെയ്യുവാനുള്ള തീരുമാനത്തോടെയാണ് മുന്സഭ പിരിഞ്ഞതെന്ന് അയാള്‍ സ്വയം പ്രഖ്യാപിക്കുന്നു. അല്ലെന്ന് അമരസേനന്റെയും മറ്റും എതിര്‍പ്പുകള്‍ വിമലസേനനും രണകേസരിയും മറ്റ് ചിലരും ചേര്‍ന്ന് ഒതുക്കുന്നു. പിന്നീട് എല്ലാം അതിവേഗം നീങ്ങുന്നു.
രണകേസരി അംബപാലിക്കെതിരായുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നു. മുന്മഗധാധിപനും ഇപ്പോഴത്തെ മഗധാധിപനുമായി രഹസ്യവേഴ്ചയുള്ള അംബപാലി വജ്ജിയിലെ ശ്രേഷ്ഠന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനായി കുറെക്കാലമായി പല തന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം സൗന്ദര്യവും കലയും വിദ്യയും ബുദ്ധിയും അവള് ഇതിനായി കൗശലപൂര്‍വം പ്രയോഗിക്കുന്നു. ഉന്നതസ്ഥാനങ്ങളിലുള്ള പുരുഷന്മാരെ വശീകരിക്കുകയും എന്നാല്‍ നിയമാനുസൃതം വിവാഹംകഴിക്കുവാന്‍ വിസമ്മതിക്കുകയുമാണ് അതിലൊന്ന്. മനുഷ്യസഹജമായ അസൂയ അവരില്‍ ജനിപ്പിക്കുകയും അങ്ങനെ അവര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ചെയ്യുന്നതിലൂടെ വിഷമം പിടിച്ച ഒരു സമയത്തുകൂടി കടന്നുപോകുന്ന വജ്ജിയുടെ സുരക്ഷാസന്നാഹങ്ങളെ അവള് താറുമാറാക്കുന്നു. കൂടാതെ, വിവാഹം പോലെ പാവനമായ ഒരു വ്യവസ്ഥയെ എതിര്‍ത്തുകൊണ്ട് അവള് സമൂഹത്തിലെ സദാചാരത്തെ പരിഹസിക്കുന്നു. വേറെയെല്ലാം മറന്നു കളഞ്ഞാലും അംബപാലിയുടെ ഈ വ്യക്തിഗതമായ പെരുമാറ്റം ഒന്നു മാത്രം രാജ്യത്തിന് ആപല്‍ക്കരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നുവെന്ന് കാണുവാന്‍ പ്രയാസമില്ല. ഈ പെണ്‍കുട്ടിയുടെ നേരെ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാണ് ഈ സഭ അടിയന്തിരമായി കൂടിയിരിക്കുന്നത്. ഈ തീരുമാനത്തിലെ വിളംബരം വജ്ജിക്ക് ആത്മഹത്യാപരമായിരിക്കും.
സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട അമരസേനന്‍ എഴുന്നേറ്റ് അംബപാലിക്കെതിരായി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ആവശ്യപ്പെടുന്നു. വൃദ്ധനും വരേണ്യനുമായ അയാളോട് തെല്ലും ആദരവ് കാണിക്കുവാന്പോലും ഒരാളും തയ്യാറാകുന്നില്ല.
“ഇതൊരു കോടതിയല്ല,” ന്യായാധിപനായ വിമലസേനന്‍ പ്രഖ്യാപിക്കുന്നു. “തെളിവുകളെടുത്ത് വിചാരണ ചെയ്യുകയല്ല, നയപരമായ തീരുമാനങ്ങള്‍ എടുക്കുകയാണ് സഭയുടെ ജോലി”
സഹിക്കാനാകാതെ പ്രമോദന്‍ പൊട്ടിത്തെറിക്കുന്നു: “വജ്ജിയിലെ ഏതു പൗരനും സിദ്ധമായിട്ടുള്ള സ്വാതന്ത്യമല്ലെ സ്വന്തം കാര്യത്തില്‍ അംബ പ്രകടിപ്പിച്ചിട്ടുള്ളൂ?”
“പ്രമോദന്‍ ഈ സഭയിലെ ഒരു സദസ്യനല്ല,” ദേവപാലന് തിരിച്ചടിക്കുന്നു. “എങ്കിലും വജ്ജിയുടെ ജനാധിപത്യവ്യവസ്ഥയെ മാനിച്ചുകൊണ്ട് ഞാന്‍ അതിന് മറുപടി പറയാം — വ്യക്തികളുടെ സ്വാതന്ത്രം എപ്പോഴും കൂടുതല്‍ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്യത്തിന്റെ പശ്ചാത്തലത്തിലാണ് അര്‍ത്ഥവത്താകുന്നത്.”
ന്യായാധിപന് വിമലസേനനും അയാളുടെ സഹായത്തിനെത്തുന്നു: “ഏതെങ്കിലും വ്യക്തിയുടെ സ്വാതന്ത്രത്തിന്റെ വ്യവഹാരം രാജ്യത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെങ്കില് അതിനെ ആ വ്യക്തിയില്‍നിന്ന് തിരിച്ചെടുക്കുക നിയമത്തിലെ അംഗീകൃത സിദ്ധാന്തമാണ്.”
വ്യക്തി സമൂഹത്തെയെന്നപോലെ സമൂഹം വ്യക്തിയെയും ആദരിക്കുക എന്നതാണ് നമ്മുടെ വ്യവസ്ഥയുടെ അടിസ്ഥാനതത്ത്വം” — അമരസേനന്‍ തന്റെ ശാരീരികമായ ക്ഷീണവും മാനസികമായ ക്ഷോഭവും അവഗണിച്ച് ന്യായത്തിന് വേണ്ടിയുള്ള വാദം മുന്നോട്ട് കൊണ്ടുപോകുന്നു.
“സമൂഹത്തെ ആദരിക്കുക എന്ന കര്‍ത്തവ്യം പൂരിപ്പിക്കാത്ത വ്യക്തിക്ക് സമൂഹത്തിന്റെ ആദരവ് എന്ന അവകാശം ആവശ്യപ്പെടുവാന്‍ അധികാരമില്ല,” അമരസേനന്‍ പറഞ്ഞു തീരുന്നതിനുമുമ്പേ പ്രിയസേനന്‍ എടുത്തു ചാടുന്നു.
രണകേസരി അയാളെ പിന്താങ്ങുന്നു: “അതെ, പ്രിയസേനന്‍ പറഞ്ഞ കര്‍ത്തവ്യം ആദ്യം പൂരിപ്പിക്കുവാനാണ് നാം അംബപാലിയോട് ആവശ്യപ്പെടുന്നത്. അവള് സ്വന്തം വ്യക്തിത്വത്തെ സമൂഹത്തിനോടുള്ള ആദരവില്‍ അര്‍പ്പിക്കണമെന്ന്, സമൂഹവത്കരണത്തിന് വിധേയമാക്കണമെന്ന്.”
അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം അമരസേനനല്ലാതെ ആരും ഗ്രഹിച്ചതായി തോന്നിയില്ല. അംബപാലിപോലും. അമരസേനനാകട്ടെ ക്രുദ്ധനായി പ്രതിഷേധിക്കുന്നു: “ഇത്തരം കാര്യങ്ങള്‍ വജ്ജിയുടെ
ചരിത്രത്തില്‍ മുമ്പൊരിക്കലും ഒരു വ്യക്തിയോടും ഈ സഭ ആവശ്യപ്പെട്ടിട്ടില്ല!”
“വജ്ജിയില്‍ ഇന്നുള്ള അവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല!”
“എന്താണ് സഭ അംബപാലിയില്നിന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കണം.”
വീണ്ടും രണകേസരി മുമ്പോട്ടു വരുന്നു: “അംബപാലി ഈ സഭയില്‍ സന്നിഹിതരായിട്ടുള്ള ഏതെങ്കിലും പുരുഷനെ വിവാഹംകഴിക്കുവാന്‍ തയ്യാറാണോ?
അംബപാലി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുന്നു.
നിശ്ശബ്ദത.
“അംബപാലീ, തുടര്‍ന്നും രാജ്യത്തില്‍ ഭിന്നിപ്പുണ്ടാക്കുവാനാണോ ഭാവം?”
“വിവാഹംകഴിക്കാതിരിക്കാനുള്ള എന്റെ വ്യക്തിപരമായ അധികാരം ഉപയോഗിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.”
“അത് രാജ്യത്തിന് ആപത്തായിത്തീരുകയാണെങ്കില്പോലും?”
“ആപത്തുണ്ടാക്കുന്നത് മറ്റുള്ളവരാണ്. ഞാന്‍ എന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രം ചെയ്യുന്നു.”
“അത് ആപത്തിന് ഹേതുവായിത്തീരുകയാണെങ്കിലും?”
“എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുവാനുള്ള അധികാരം സഭയ്ക്കില്ല.”
നേരത്തെ പരിശീലിപ്പിച്ചു വന്നമാതിരിയില്തന്നെ, നാടകീയമായി രണകേസരി കൈകള്‍ വലിച്ചെറിയുന്നു. തന്റെ കര്‍ത്തവ്യം താന്‍ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി താന്‍ നിസഹായനാണ്.
വീണ്ടും നിശ്ശബ്ദത.
നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ദേവപാലന് എഴുന്നേറ്റു നില്ക്കുന്നു.
“ശരിയാണ്, അംബപാലിയെക്കണ്ട് വിവാഹംകഴിപ്പിക്കുവാന്‍ സഭയ്ക്ക് അധികാരമില്ല,” അയാള്‍ പറയുന്നു. “എന്നാല്‍ അംബപാലി രാജ്യത്തിന് വിപത്തായി തീരുന്നത് നിശ്ശബ്ദം നോക്കിയിരിക്കുവാനും സഭയ്ക്ക് കഴിയുകയില്ല. ഈ പ്രശ്നത്തിന് നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ നിന്നുതന്നെ ഒരു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ ഞാന്‍ സദസ്യരോട് ആവശ്യപ്പെടുന്നു.”
അയാളുടെ കണ്ണുകള്‍ പ്രമുഖന്മാരായ സദസ്യര്‍ ഓരോരുത്തരുടെയും മുഖത്തുകൂടി യാത്ര ചെയ്യുന്നു. രണകേസരി വിമലസേനന്റെ മുഖത്തു നോക്കുന്നു. വിമലസേനന്‍ മഹിപാലന്റെ, മഹിപാലന്‍ ശ്യാമകന്റെ. ശ്യാമകന്‍ കുണാലന്റെ. കുണാലന്‍ പ്രിയസേനന്റെ. പ്രിയസേസന് ചന്ദ്രപ്രഭന്റെ.
ചന്ദ്രപ്രഭന് ആരുടെയും മുഖത്തു നോക്കാതെ എഴുന്നേറ്റു നില്ക്കുന്നു. രാജ്യത്തിനുവേണ്ടി സ്വയം സുഖകരമല്ലാത്ത ഒരു കര്‍ത്തവ്യം ചെയ്യുകയാണെന്ന മട്ടില്‍ അയാള്‍ ഗൗരവം കൈക്കൊള്ളുന്നു. പക്ഷേ, അയാളുടെ അളന്നു മുറിച്ച വാക്കുകള്‍ ഏറെ സമയം പരിശീലിച്ച് ഉരുവിടുന്നതുപോലെയാണ്:
‘അംബപാലി നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. വൈശാലിയില്‍ ഇന്ന് വേറെ ഏതു തരുണിയേക്കാളും നന്നായി അംബപാലി സുന്ദരിയാണ്. അംബപാലി ആരുടെയും വധുവാകാന്‍ തയ്യാറല്ലെങ്കില്‍ അവള് എല്ലാവരുടെയും വധുവാകട്ടെ! അവള് വൈശാലിയിലെ നഗരവധുവാകട്ടെ! ഒരു വ്യക്തിയുടെ സ്വകാര്യസ്വത്ത് രാജ്യത്തിന്റെ വിഘടനത്തിന് കാരണമായിത്തീരുകയാണെങ്കില്‍ അതിനെ പൊതുസ്വത്താക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതി.”
ചന്ദ്രപ്രഭന് ഇരിക്കുന്നു.
അംബപാലി ഇടിവെട്ടേറ്റതുപോലെ ശബ്ദവും ബുദ്ധിയും നഷ്ടപ്പെട്ട് സ്തംഭിച്ചിരുന്നുപോകുന്നു. നെഞ്ചില്‍ കൈവച്ച് പ്രമോദന്‍ ഉറക്കെയുറക്കെ നിലവിളിക്കുന്നു. നിലവിളികള്‍ക്കിടയിലൂടെ അയാള്‍ പുലമ്പുന്നു: “ഇത് അസഭ്യമാണ്..ഒരു രാജ്യത്തിന്റെ പ്രതിനിധികള്‍ തന്നെ അവിടത്തെ ഒരു കന്യകയെ വ്യഭിചരിക്കുവാന് വിധിക്കുക! വജ്ജിയുടെ നാണക്കേട്! വജ്ജീ, നീ നശിക്കുകയാണ്. പാതാളത്തിളേക്ക് ആണ്ടുപോകുകയാണ്. സ്വാര്ത്ഥികള്, ദുഷ്ടന്മാര്, ക്രൂരന്മാര്, മാംസദാഹികള്..ഇതൊരിക്കലും ഞാന്‍ സമ്മതിക്കുകയില്ല…ഇല്ല.”
സംയമനം കാണിക്കുകയാണെന്ന് നടിച്ച് കുറെ നേരം പ്രമോദനെ അങ്ങനെ പുലമ്പുവാന്‍ അനുവദിച്ചശേഷം ദേവപാലന് ഒടുവില്‍ അധികാരത്തിന്റെ ശബ്ദത്തില്‍ പറയുന്നു:
“പ്രമോദന്‍, സ്വയം നിയന്ത്രിക്കൂ. വജ്ജി ജനാധിപത്യമാണ്. ഈ സഭയുടെ തീരുമാനം വജ്ജിയിലെ ജനങ്ങളുടെ തീരുമാനമാണ്. അതിനെ ധിക്കരിക്കുന്നവരെ ജനത്തിന്റെ പേരില്‍ ശിക്ഷിക്കുവാന്‍ സഭാപതിക്ക് അധികാരമുണ്ട്. അയാള്‍ അതിന് ബാധ്യസ്ഥനുമാണ്. നിയമം അങ്ങനെയുള്ള കുറ്റവാളികള്‍ക്ക് വിധിച്ചിട്ടുള്ള ശിക്ഷ സമ്പത്തു കണ്ടുകെട്ടി, കൈകള്‍ മുറിച്ചുകളഞ്ഞ് രാജ്യാതിര്‍ത്തിക്ക് വെളിയില്‍ തള്ളുകയാണ്.”
പ്രമോദന്‍ അതുകേട്ടില്ലെ. അതിനു മുമ്പേ അയാള്‍ തളര്‍ന്ന് ബോധം നഷ്ടപ്പെട്ട് നിലത്തു വീണുകഴിഞ്ഞു.സ്വയം ബോധത്തിലേക്ക് മടങ്ങി വരാനാകാതെ അംബപാലി ശുന്യമായ കണ്ണുകളോടെ അയാളെ നോക്കിയിരിക്കുന്നു.
നിശ്ശബ്ദമായ സഭാന്തരീക്ഷത്തില്‍ ഒരാള്‍ മാത്രം എഴുന്നേറ്റു നില്ക്കുന്നു. തന്നില്‍ ഇല്ലാത്ത ശക്തി വായുവില്‍നിന്ന് ആര്ജ്ജിക്കുവാന് ശ്രമിക്കുന്നതുപോലെ കൈകള്‍ ഇളക്കിക്കൊണ്ട് മെലിഞ്ഞ ശരീരമുള്ളവനും പറക്കുന്ന നീണ്ട് വെളുത്ത മുടികളോടുകൂടിയവനുമായ അമരസേനന്‍.
“ഇന്ന് നിങ്ങള്‍ രാഷ്ട്രവ്യവഹാരത്തെ എഴുന്നള്ളിച്ച് വ്യഭിചാരത്തിന്റെ വാതില്‍വരെ എത്തിച്ചിരിക്കുന്നു,” അമരസേനന്റെ ശബ്ദം പതറുന്നില്ല. “വ്യഭിചാരത്തെ ഇരുണ്ട് ദുഷിച്ച അറകളില്‍നിന്ന് നിരത്തില്‍
ആനയിച്ചിരുത്തി അതിന് സാമൂഹ്യനീതിയുടെ പരിവേഷം പ്രദാനം ചെയ്യുകയും. രാജനീതിയുടെയും വ്യഭിചാരത്തിന്റെയും അവിഹിതവിവാഹത്തെ നിങ്ങള്‍ ജനാധിപത്യമായി ഘോഷിക്കുന്നു. സ്വാര്‍ത്ഥികളും ദുരാഗ്രഹികളുമായ മനുഷ്യരേ, അന്തസുള്ള വ്യക്തികള്‍ മുളച്ചു വരേണ്ട അടിത്തട്ടാണ് സമൂഹം. പക്ഷേ, നിങ്ങള്‍ അങ്ങനെയുള്ളവരെ ഭയക്കുന്നു. അവരെ അരിഞ്ഞു നിരത്തി, നിങ്ങള്‍ സ്വയം പടുത്തുയര്‍ത്തിയ ജീര്‍ണ്ണ സംസ്കാരത്തിന്റെ ഭാരം താങ്ങേണ്ട തൂണുകളാക്കുന്നു.”
അതിലധികം സംസാരിക്കുവാന്‍ അയാള്‍ക്ക് കഴിയുന്നില്ല. തകര്‍ന്നടിഞ്ഞ ഒരു നെടുംതൂണുപോലെ അയാള്‍ നിലംപതിക്കുന്നു.
അമരസേനന്റെ ഈ വാക്കുകള്‍ ദേവപാലനിലോ അയാളുടെ സുഹൃത്തുക്കളിലോ ഒരു മാറ്റവുമുണ്ടാക്കുന്നില്ല. നിര്‍വികാരവും കല്ലിനു തുല്യവുമായ മുഖഭാവത്തോടെ ദേവപാലന് അയാളുടെ തീരുമാനം അറിയിക്കുന്ന പ്രക്രിയയിലേക്ക് നീങ്ങുന്നു:
“ജനപ്രതിനിധിസഭ ജനത്തിന്റെ ശബ്ദവും ജനത്തിന്റെ ഇച്ഛാശക്തിയുടെ പ്രകടനവുമാണ്. ജനങ്ങളുമായി ബന്ധമില്ലാത്ത വികടനജനാധിപത്യവാദികള് എന്നും അവരുടെ ദുരൂഹമായ സിദ്ധാന്തങ്ങളും വികലമായ ന്യായവാദങ്ങളും നിരത്തി ജനാധിപത്യത്തിന്റെ സമാദരണീയമാതൃകയായ പ്രതിനിധിസഭയെ ഇകഴ്ത്തിക്കാണിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ജനാധിപത്യം എന്നും അവരുടെ കുതന്ത്രങ്ങള്ക്കുപരി വിജയം കൈവരിക്കുകയുമുണ്ടായിട്ടുണ്ട്.
“ഇന്ന് നമ്മുടെ മുമ്പില്‍ വിചാരണയ്ക്ക് വന്ന വിഷയത്തില്‍ ഈ സഭ വജ്ജിയുടെ ജനത്തിന്റെ പേരില്‍ ഈ വിധം തീരുമാനമെടുക്കുന്നു. അംബപാലി എന്ന പെണ്‍കുട്ടി അവളുടെ സൗന്ദര്യംമൂലം വൈശാലിയിലെ പുരുഷന്മാര്ക്കിടയില് അസൂയയ്ക്കും കലഹത്തിനും കാരണമായിത്തീര്നിരിക്കുന്നതിനാലും അത്തരം അവസ്ഥ വജ്ജിക്ക് ആപല്‍ക്കരമായി ഭവിച്ചിരിക്കുന്നതിനാലും അംബപാലിയെ സമൂഹവത്കരിച്ച് അവള്‍ക്ക് ഈ സഭ നഗരവധൂസ്ഥാനം പ്രദാനം ചെയ്തിരിക്കുന്നു. വജ്ജിയുടെ നന്മയ്ക്കുവേണ്ടിയും സ്വന്തം പിതാവിനെയും തന്നെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയും അംബപാലി വജ്ജി അവള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ പദവിയെ രാജ്യസേവയ്കുള്ള ഒരു പുതിയ അവസരമായി കരുതി സ്വീകരിക്കുമെന്ന് ഈ സഭ ആഗ്രഹിക്കുന്നു. വരുന്ന് പൗര്‍ണ്ണമിദിവസം വജ്ജി പ്രദാനം ചെയ്യുന്ന പുതിയ വസതിയുടെ അങ്കണത്തില്‍ വെച്ച് അംബപാലി വൈശാലിയിലെ ശ്രേഷ്ഠന്മാരായ പുരുഷന്മാരെ താംബൂലം നല്കി സ്വീകരിക്കുകയും അവരുടെ സന്തോഷത്തിനുവേണ്ടി അവരുടെ മുമ്പില്‍ നൃത്തം ചെയ്യുകയും ചെയ്ത് നഗരവധൂസ്ഥാനം ഔപചാരികമായി സ്വീകരിക്കുന്നതായിരിക്കും. ഈ തീരുമാനത്തോടെ ഈ സഭ പിരിയുന്നു.”
ഈ ദുരന്തത്തിന്റെ ആഖ്യാനമാണ് വര്‍ദ്ധമാനന്റെ നാടകത്തിലെ അടുത്ത രംഗം. വിശാലവും സമാലംകൃതവുമായ നൃത്തമണ്ഡപം. വേദിയും മേല്‍ക്കെട്ടിയും പൂക്കളാൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. നിര്‍ല്ലോഭം പ്രയോഗിച്ചിട്ടുള്ള സുഗന്ധദ്രവ്യങ്ങളുടെ മാദകമായ മണം സദസ്യരിലേക്ക് ഒഴുകുന്നു. നിരന്നിരിക്കുന്ന ശ്രേഷ്ഠന്മാര് സ്വേച്ഛാനുസാരം മദ്യവും താംബൂലവും ആസ്വദിക്കുന്നു. അംബപാലി നൃത്തം ചെയ്യുകയാണ്. തബലയുടെയും ചിലങ്കയുടെയും ശബ്ദം ഘോരഘോരം ഉയരുന്നു. അംബപാലിക്ക് ഭ്രാന്തു പിടിച്ച മട്ടാണ്. നൃത്തത്തിന്റെ വേഗത്തില്‍ അവളുടെ അംഗങ്ങള്‍ പറിഞ്ഞുപോകുന്നതുപോലെ തോന്നുന്നു. ശ്രേഷ്ഠന്മാരുടെ ഉത്തമമായ ആഹ്ലാദപ്രകടനത്തെ അവളുടെ കാലടികളുടെ ശബ്ദം ചവുട്ടിയരയ്ക്കുന്നു.
രാവേറെ ചെല്ലുന്നതോടെ തബലയുടെ ശബ്ദത്തിന് സ്വരപരമായ മാറ്റം സംഭവിക്കുന്നു. ക്രമത്തില്‍ ക്രമത്തില്‍ അത് കുതിരപ്പടയുടെ കുളമ്പടിശബ്ദമായി മാറുന്നു. വേദിയിലെ സംഗീതം കുഴലുകളുടെയും കാഹളങ്ങളുടെയും രണഭേരിയായി പരിണമിക്കുന്നു. മഗധത്തിന്റെ സൈന്യം വൈശാലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന്റെ മുഴക്കമാണ്. സ്റ്റേജില്‍ പൊടിയുയരുന്നു. വിളക്കുകള്‍ ഉലയുന്നു. പിന്നില്‍നിന്ന് ആര്‍ത്തനാദങ്ങള്‍. അംബപാലി അപ്പോഴും നൃത്തം തുടരുകയാണ്.
വര്‍ദ്ധമാനന്‍ കടലാസുകള്‍ മടക്കി അസ്ഥാനത്തെന്ന് തോന്നിക്കുന്ന ഒരു ചെറിയ ചിരിയോടുകൂടി പറഞ്ഞു: “ഇത് ഒന്നാം ഭാഗം. രണ്ടാം ഭാഗം നമുക്ക് നാളെ വായിക്കാം.”
“നാളെ?” ഞാന്‍ അത്ഭുതം കാണിച്ചു:” നാളെ രാവിലെ നമ്മള് ദില്ലിയിലെത്തുകയാണ്.”
“ദില്ലിയിലല്ലേ എത്തുന്നത്?” അയാള്‍ വീണ്ടും ചിരിച്ചു. “ദില്ലി മഗധമായിക്കഴിഞ്ഞിട്ടില്ലല്ലൊ!” എന്താണ് അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് എനിക്ക് അന്ന് ശരിക്കും മനസ്സിലായില്ല. ഇന്നാകട്ടെ ആലോചിക്കുമ്പോള്‍ തോന്നുന്നു, അയാള്‍ വൈശാലി എന്നതിന് പകരം മഗധം എന്ന് തെറ്റി പറഞ്ഞതല്ലേ എന്ന്. അല്ലെങ്കില്‍ എന്ത് മഗധം? എന്ത് വൈശാലി? ഈ മുപ്പതു കൊല്ലങ്ങളിലെ എന്റെ മുമ്പിലെ ഏറ്റവും വലിയ സമസ്യ ഈ മനുഷ്യനായിരുന്നു. യാഥാര്‍ത്ഥ്യത്തിനും ആശങ്കയ്ക്കും സ്വപ്നത്തിനും നടുവില്‍, ഭൂതത്തിനും വര്‍ത്തമാനത്തിനും ഭാവിക്കും ഇടയിലൂടെ തന്നിഷ്ടംപോലെ ഒളിച്ചുകളിച്ച ഈ മനുഷ്യന്. രണ്ടു തീവണ്ടിയാത്രകളില്‍ രണ്ട് പകലുകളും രണ്ട് രാവുകളും മാത്രം എന്റെ കൂടെയുണ്ടായിരുന്ന ആള്.
രാവ് ഏറെ ചെന്നിരുന്നു. കടലാസുകെട്ട് മടക്കിവെച്ച് സഞ്ചിയില്‍ ചാരി, കാലുകള്‍ പകുതി മടക്കി ഒരു അര്ദ്ധശയനാവസ്ഥയില് പുറത്തെ ഇരുട്ടില്‍ കണ്ണും നട്ടുകൊണ്ട് അയാള്‍ ഇരുന്നു.
ഞാനും അതേ ഇരുട്ടില്‍ തന്നെ ആശ്രയം തേടി. പിന്നീട് കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ അയാള്‍ വീണ്ടും ചിരിച്ചു.
“നമുക്ക് ഉറങ്ങാം,” അയാള്‍ പറഞ്ഞു.
ഞാന്‍ എതിര്‍ത്തില്ല. ഞങ്ങളിരുവരും വിരികള്‍ വിരിച്ച് ശരീരം നിവര്‍ത്തി.
ഞാന്‍ കുറെ വൈകിയാണ് ഉറങ്ങിയത്. അയാളാകട്ടെ കിടന്ന ഉടനെതന്നെ ഉറങ്ങിയെന്ന് അയാളുടെ ക്രമാനുഗതമായ ശ്വാസോച്ഛ്വാസം കാണിച്ചു.
ഉറങ്ങിയപ്പോള്‍ ഞാന്‍ ഗാഢമായി ഉറങ്ങി. അതുകൊണ്ടായിരിക്കാം രാവിലെ മുറിയുടെ വാതിലിലെ ശക്തിയായ മുട്ടലുകള്‍ ഞാന്‍ കേട്ടില്ല. അവസാനം മുട്ടിയിരുന്ന ആള്, അഥവാ ആള്ക്കാര് സ്വയം വാതില്‍ തുറന്ന് അകത്തേക്ക് തള്ളിക്കയറി വന്നു. ആ ബഹളമാണ് എന്നെ ഉണര്‍ത്തിയത്.
കണ്ണു തുറന്നു നോക്കിയപ്പോള്‍ മുറിക്കകത്ത് നാലഞ്ചു പോലീസുകാര്‍. ഓഫീസര്‍മാര്‍ രണ്ടുപേരുടെ കൈയില്‍ ചൂണ്ടിപ്പിടിച്ച റിവോള്‍വര്‍. മറ്റുള്ളവരുടെ കൈകളില്‍ തോക്കുകള്‍. ഒരാള്‍ സീറ്റിനടിയില്‍ കുനിഞ്ഞു നോക്കുന്നു. ഓഫീസര്‍ ഒരാള്‍ അക്ഷനമായി ചോദിക്കുന്നു: “എവിടെ അയാള്‍? എവിടെ അയാള്‍?”
എനിക്കൊന്നും മനസ്സിലായില്ല. ഉറക്കത്തില്‍നിന്ന് ശരിക്കും പുറത്തുവന്നപ്പോള്‍ എനിക്കു തോന്നി അവര്‍ എന്റെ സുഹൃത്ത് വര്ദ്ധമാനനെയാണ് തിരയുന്നതെന്ന്. അയാളാകട്ടെ മുറിയില്‍ ഉണ്ടായിരുന്നില്ല. അയാളും അയാളുടെ സഞ്ചിയും. അയാള്‍ പുറത്തുപോയിരുന്നു. അതുകൊണ്ടാണ് വാതിലിന്റെ കൂറ്റി തുറന്നിരുന്നതും പോലീസുകാര്‍ അകത്തു കയറിവന്നതും. പക്ഷേ, ഏറ്റവും വലിയ ചോദ്യം: എന്തിനാണ് അവര്‍ അയാളെ അന്വേഷിക്കുന്നത്?
ഓഫീസര്‍ എന്റെ നേരെ തട്ടിക്കയറി: “നിങ്ങളോടാണ് ചോദിക്കുന്നത്, എവിടെ അയാള്‍?”
“അയാള്‍ എന്നുവെച്ചാല്‍ ആരാണ്?” എനിക്കും ദേഷ്യം വന്നു:“എന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരന് വര്ദ്ധമാനാണെങ്കില്, എനിക്കറിയില്ല. ഇവിടെയെവിടെയെങ്കിലും..കുളിമുറിയില്‍..ദില്ലിയിലേക്ക് പോകുന്നുവെന്നാണ് അയാള്‍ പറഞ്ഞത്.”
“ദില്ലിയിലേക്ക്!ബദ്മാഷ് കടന്നുകളഞ്ഞു!”
“ബദ്മാഷ്? ഓഫീസര്‍, നിങ്ങള്‍ സൂക്ഷിച്ചു സംസാരിക്കൂ. വര്‍ദ്ധമാനന്‍ മാന്യനാണ്. പണ്ഡിതനും സാഹിത്യകാരനും. നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ വേറെയാരെങ്കിലുമായിരിക്കും.”
“നിങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കുന്നു.”
“നിങ്ങളുടെ സംസാരം എനിക്ക് മനസ്സിലാകുന്നുമില്ല.”
“മിസ്റ്റര്‍, നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ സഹയാത്രികന് ഒരു ക്രിമിനലാണ്. മാസങ്ങളായി ഞങ്ങളുടെ വലയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിച്ചുനടക്കുന്നയാള്. പല കേസുകളിലെയും പ്രതി. വിപ്ലവകാരി. തീവ്രവാദി കമ്യൂണിസ്റ്റ്. ഏതു സ്റ്റേഷനിലാണ് അയാള്‍ ഇറങ്ങിപ്പോയതെന്ന് നിങ്ങള്‍ക്കറിയാമോ?”
“ഓഫീസര്‍, അയാള്‍ ഇറങ്ങിപ്പോയെന്നുതന്നെ ഇപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്. പക്ഷേ,അതല്ല കാര്യം. ഞാന്‍ ഇപ്പോഴും പറയുന്നു, നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ വേറെയാരോ ആണ്.”
“എങ്കില്‍, അയാളെന്തിന് രാത്രി നിങ്ങളെപ്പോലും അറിയിക്കാതെ ഒളിച്ചും പതുങ്ങിയും ഇറങ്ങിപ്പോയി?”
അതും പറഞ്ഞ പോലീസുകാര്‍ തിരക്കിട്ട് ഇറങ്ങിപ്പോയി.
അവര്‍ ചോദിച്ച ചോദ്യം എന്റെ മുമ്പില്‍ അവശേഷിച്ചു. എന്തിനാണ് വര്‍ദ്ധമാനന്‍ എന്നോട് പറയാതെ ദില്ലിയിലേക്കുള്ള യാത്ര മുഴുമിക്കാതെ, രാത്രി ഇറങ്ങിപ്പോയത്? എവിടെയോ എന്തോ തെറ്റുണ്ടെന്നുതന്നെ എനിക്കു തോന്നി. വര്‍ദ്ധമാനന്‍ ഒരു അക്രമകാരിയോ വിപ്ലവകാരിയോ കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ തന്നെയോ ആയിരിക്കാന്‍ വഴിയില്ല. അയാളുടെ ആശയങ്ങളും നാടകവും മറിച്ച് ജനാധിപത്യത്തെയും വ്യക്തിവാദത്തെയും തുണയ്ക്കുന്നതാണ്. ജനാധിപത്യത്തിന്റെ പടുകുഴികളെയാണ് അയാള്‍ ശരവ്യമാക്കിയിരുന്നതെങ്കില്ക്കൂടിയും നഗരവധുപോലൊരു നാടകം അയാള്‍ വെറും തമാശയ്ക്കു വേണ്ടി എഴുതിയതാവാൻ തരമില്ല. അതു വായിക്കുന്ന സമയത്ത് അയാൾ അഭിമുഖീകരിച്ചിരുന്ന വൈകാരിക വിക്ഷോഭം ഞാന്‍ നേരില്‍ കണ്ടറിഞ്ഞതാണ്. നിഷ്കളങ്കമായ മനസ്സോടുകൂടി, എന്തൊ നേടിയെന്ന സംതൃപ്തിയോടുകൂടി അത് വായിച്ചു കേള്‍പ്പിച്ചതിനുശേഷം അയാള്‍ ഉറങ്ങിയതും ഞാന്‍ കണ്ടതാണ്.
അഥവാ അതായിരുന്നുവോ അയാളുടെ മനസ്സിന്റെ ഡികോടമി? സാമൂഹ്യനീതിക്കുവേണ്ടി പൊരുതുന്ന ഒരു വിപ്ലവകാരിയുടെ സമൂഹവത്കരിക്കപ്പെട്ട മനസ്സിന്റെ ഉള്ളില്‍ തണുത്തുറയ്ക്കാതെ തിളച്ചു കൊണ്ടേയിരിക്കുന്ന വ്യക്തിപരമായ സ്വാതതന്ത്ര്യമോഹത്തിന്റെ ലാവ? അയാളുടെ കണ്ണൂകളിലെ ആര്‍ദ്രതയും ദുരന്തം വര്‍ണ്ണിക്കുമ്പോഴും ഒഴിയാതെ ചുണ്ടുകളില്‍ തങ്ങിനിന്നിരുന്ന പുഞ്ചിരിയും എന്നെ വിട്ടു പോയില്ല.
പോലീസുകാര്‍ പോയി. നേരം വെളുത്തു. മൈതാനങ്ങളില്‍ സൂര്യന് പ്രകാശിച്ചു. ലോകം കര്‍മ്മോന്മുഖമായി. വണ്ടി പതുക്കെപ്പതുക്കെ അലിഗഢ് സ്റ്റേഷനില്‍ എത്തിനിന്നു. ചപ്പിനും ചവറിനും ഈച്ചകള്‍ക്കും പട്ടികള്‍ക്കും യാചകര്‍ക്കും ഇടയിലൂടെ ചായയും പൂരിയുമായി ഓടി നടക്കുന്ന വില്പനക്കാരെക്കൊണ്ട് നിറഞ്ഞ പഴയ ഐതിഹാസികമായ സ്റ്റേഷന്.
പ്രഭാതകൃത്യങ്ങള്ക്കുപോലും ഉദ്യമിക്കാതെ ഞാന്‍ മടിപിടിച്ച് ജനലില്‍ക്കൂടി വെളിയിലേക്ക് നോക്കിയിരുന്നു. മണ്‍ചട്ടിയില്‍ ഒരു ചായ വാങ്ങിക്കുടിച്ചു. ഒരുന്മേഷവും തോന്നിയില്ല. ബെര്‍ത്തിന്റെ ഒരു ഭാഗത്ത് വര്‍ദ്ധമാനന്‍ ഉപേക്ഷിച്ചുപോയ ഒഴിഞ്ഞ സ്ഥലത്തെ സ്വീകരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. അയാള്‍ അവിടെ ഉണ്ടെന്നുതന്നെ ഞാന്‍ സങ്കല്പ്പിച്ചു. എന്റെ മുമ്പിലാകട്ടെ അംബപാലി അംഗങ്ങളോരോന്നും പറിഞ്ഞു പോകുന്ന വിധത്തില്‍ ഭ്രാന്തമായി നൃത്തംചെയ്യുകയായിരുന്നു. മഗധത്തിന്റെ സൈന്യം കാഹളമൂതിക്കൊണ്ട് മുന്നേറുകയും.
ദില്ലിയിലെത്തി പണികള്‍ പൂര്‍ത്തിയാക്കി ഞാന്‍ എന്റെ പണി സ്ഥലത്തേക്ക് മടങ്ങി. അപ്പോഴേക്കും വേനല്‍ മഴ ശക്തമായിക്കഴിഞ്ഞിരുന്നു. ചൂടില്‍ ഗംഗാസമതലം വെന്തു. പിന്നെ മഴ വന്നു. വെള്ളപ്പൊക്കങ്ങള്‍.
ശരത്കാലം. ദുര്‍ഗാപൂജ, ദശര, അങ്ങനെ.
അക്കൊല്ലം അവസാനം ഞാന്‍ പട്ടാളത്തിലേക്ക് വിളിക്കപ്പെട്ടു. പിന്നീട് പരിശീലനം, ഡ്രില്‍, കമ്മിഷനിങ്ങ്. പോസ്റ്റിങ്ങ് ചൈനയുമായുള്ള അതിര്‍ത്തിയില്‍, നാലാം കോറില്‍. പിന്നെ ഞങ്ങളുടെ റെജിമന്റ് നാഗാലാന്‍ഡിലെ എട്ടാം ഡിവിഷനിലേക്ക് നീങ്ങി.
നാലു കൊല്ലത്തിനു ശേഷം പട്ടാളത്തില്‍നിന്ന് പിരിഞ്ഞ്, ഞാന്‍ എന്റെ പഴയ പണിയില്‍ മടങ്ങിയെത്തിയപ്പോഴേക്കും സംഗതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. ചന്ദ്രനില്‍ മനുഷ്യന് ഇറങ്ങി. ചെക്കോസ്ലൊവാക്യയിലെ ജനകീയ വിക്ഷോഭത്തിന്റെ മീതേക്കൂടി റഷ്യന്‍ ടാങ്കുകള്‍ നീങ്ങി. നാടിനെ ഭരിച്ചിരുന്ന കക്ഷി രണ്ടായി പിളര്‍ന്നു. ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്ന സമയത്ത് കൂമ്പിടുകമാത്രം ചെയ്തിരുന്ന വിപ്ലവപ്രസ്ഥാനം കിഴക്കന്‍ പ്രദേശത്തെ മുഴുവന്‍ ഗ്രസിച്ചുകഴിഞ്ഞിരുന്നു. ചെറിയ തോതിലെങ്കിലും തെക്കിനെയും. താമസിക്കാതെ വീണ്ടുമൊരു യുദ്ധമുണ്ടായി. പാക്കിസ്താന് രണ്ടായി പിളര്‍ന്നു. പുതിയൊരു രാജ്യം, ബംഗ്ലാദേശ് ഉണ്ടായി. യുദ്ധത്തിന്റെ ഹരത്തില്‍നിന്ന് മുക്തമായതോടെ അഴിമതിയില്‍ ആണ്ടുപോയ ദേശീയ സര്‍ക്കാരിന്റെ കറുത്ത മുഖം പുറത്തുവന്നു. ഗുജറാത്തിലും ബീഹാറിലും ഉണ്ടായ ജനകീയപ്രതിഷേധങ്ങള്‍ ദേശീയമായ മാനങ്ങള്‍ കൈക്കൊണ്ടു. രണ്ടാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള സംസാരം അതിന് ആക്കം കൂട്ടി. ഇന്ത്യയുടെ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ മുട്ടിനിന്നു. വര്‍ദ്ധമാനന്റെ വജ്ജിയുടെ മുഖം എന്റെ മുമ്പില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.
ഈ സമയത്താണ് 1975 വസന്തത്തില്‍, ശരിക്കും ഒമ്പതു കൊല്ലങ്ങള്‍ക്കുശേഷം വര്‍ദ്ധമാനനെ ഞാന്‍ വീണ്ടും കണ്ടുമുട്ടിയത്. തീവണ്ടിയില്‍ വെച്ചുതന്നെ.
തീവണ്ടി ഇപ്പോള്‍ ദില്ലിയില്‍നിന്ന് ബോംബെയ്ക്ക് ഓടുകയായിരുന്നു. രാവിലെ ദില്ലിയില്‍ നിന്ന് കയറിയപ്പോള്‍ എന്റെ കൂടെ മുറിയില്‍ ആരുമില്ലായിരുന്നു. ആഗ്രയില്‍ എത്തിയപ്പോള്‍ അതാ, അയാള്‍ കയറി വരുന്നു. പഴതുപൊലെ തോള്‍സഞ്ചിയുമായി, അടിപരന്ന വലിയ പൈജാമയും പരുക്കന്‍ തുണികൊണ്ടുള്ള പച്ച കുര്‍ത്തയും കണ്ണടയും ധരിച്ച്.
ഒരിക്കല്‍ തീവണ്ടിയില്‍വെച്ചു കാണുകമാത്രം ചെയ്ത ഒരു മനുഷ്യനെ ഒമ്പതു കൊല്ലങ്ങള്‍ക്കുശേഷം ഞാന്‍ എങ്ങനെ തിരിച്ചറിഞ്ഞു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എനിക്ക് പറയുവാന്‍ കഴിയില്ല. അങ്ങനെ എന്തോ ഒന്ന് അയാളില്‍ ഉണ്ടായിരിക്കണം. കാലത്തെ അപ്രസക്തമാക്കുന്ന ഒന്ന്. എന്നില്‍ അത് ഇല്ലായിരിക്കും. അയാള്‍ എന്ന തിരിച്ചറിഞ്ഞില്ല.
വര്‍ദ്ധമാനന്‍ മുമ്പ് കണ്ടപ്പോഴത്തെപ്പോലെയായിരുന്നില്ല. അന്ന് ചെയ്തതുപോലെ അയാള്‍ പൊടുന്നനെ സംസാരിക്കുവാന്‍ തുടങ്ങിയില്ല. മൗനിയും വിഷാദാത്മകനുമായി കാണപ്പെട്ടു അയാള്‍. അയാളുടെ ശിരസ്സാകെ നരച്ചിരുന്നു. മുഖത്ത് ചുളിവുകള്‍ കാണാമായിരുന്നു. എങ്കിലും വൃത്തിയായി ഷേവ് ചെയ്ത് വൃത്തിയായി വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.
എന്റെ തറപ്പിച്ച നോട്ടവുമായി രണ്ടുമൂന്നുതവണ ഇടഞ്ഞപ്പോള്‍ അവസാനം അയാള്‍ പുഞ്ചിരിച്ചു. ആ പഴയ, കണ്ണില്‍ കുസൃതിയുള്ള, ആകര്‍ഷകമായ ചിരി. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ അതോടെ നീങ്ങി.
അയാള്‍ ഫാന്‍ തിരിക്കട്ടെ എന്നു ചോദിച്ചു. ഞാന്‍ ആവാമെന്ന് പറഞ്ഞു. പിന്നീട് ഞങ്ങള്‍ കാലാവസ്ഥയെക്കുറിച്ച് എന്തോ സംസാരിച്ചു. ഒടുവിൽ അവസരം കിട്ടിയപ്പോൾ ഞാൻ ചോദിച്ചു: ഞാൻ നിങ്ങളെ രണ്ടുമൂന്നു തവണ തറപ്പിച്ചുനോക്കി. ക്ഷമിക്കണം. നിങ്ങളെ എവിടെയോ കണ്ടിട്ടുള്ളതുപോലെ എനിക്ക് തോന്നി.”
“വിഷമമാണ്,” അയാള്‍ പറഞ്ഞു. “നിങ്ങള്‍ എന്റേതുപോലുള്ള ജീവിതമാണ് നയിക്കുന്നത് എന്നു തോന്നുന്നില്ല. പിന്നെ തീവണ്ടി യാത്രയാണെങ്കില്‍, ഏറെക്കാലമായി എനിക്ക് അതില്ലതാനും.”
എന്താണ് അയാളുടേതുപോലുള്ള ജീവിതം എന്നു ഞാന്‍ ചോദിച്ചില്ല. അയാളുടെ വൈമനസ്യത്തിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട എന്ന് ഞാന്‍ കരുതി.
പക്ഷേ, അയാള്‍ അയാളുടെ പഴയ കൗതുകങ്ങളിലേക്ക് എടുത്തു ചാടാന്‍ അധികം സമയമെടുത്തില്ല. വണ്ടി വിദിശ സ്റ്റേഷനിലൂടെ കടന്നു പോകുകയായിരുന്നു. വിദിശ എന്ന ചെറിയ പട്ടണം ഉജ്ജയിനിയോടൊപ്പം അവന്തിയുടെ തലസ്ഥാനമായിരുന്നിട്ടുണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. വിദിശയിലൂടെ കടന്നുപോകവെ അശോകന് അവിടത്തെ ഒരു വ്യാപാരിയുടെ മകളെ കണ്ട് ആകൃഷ്ടനായി എന്നും അവളെ വിവാഹംകഴിച്ച് രാജ്ഞിയാക്കി എന്നും.
എന്റെ ഭാഗത്തു നിന്ന് ഞാന്‍ വിദിശയില്‍ വെച്ച് കുറെക്കാലം മുമ്പ് എനിക്കുണ്ടായ ഒരനുഭവം വിവരിച്ചു. വളരെ നിസ്സാരമെങ്കിലും ഏതോ വിധത്തില്‍ എന്നെ ആന്തരികമായി ഉലച്ച ഒരു സംഭവം.
യാത്രകള്‍ക്കിടയില്‍ ഒരു ദിവസം ഞാന്‍ ആ കൊച്ചു പട്ടണത്തില്‍ വന്നിറങ്ങി. റെയില്‍വെ സ്റ്റേഷനില്‍ നിന്നിറങ്ങി നടക്കവെ മുമ്പില്‍ കണ്ട ഒരു ചെറിയ ഹോട്ടലില്‍ മുറിയെടുത്ത് രണ്ടു ദിവസം അവിടെ ചെലവാക്കാന്‍ തീരുമാനിച്ചു. വലിയ നഗരങ്ങളെക്കാള്‍ ചരിത്രത്തിന്റെ സ്പര്‍ശമുള്ള ഇത്തരം ചെറിയ സ്ഥലങ്ങളായിരുന്നു അന്ന് എനിക്ക് താല്പര്യം.ഉച്ചകഴിഞ്ഞപ്പോള്‍ ഒരു കുതിരവണ്ടി വാടകയ്ക്കെടുത്ത് ഹെലിയോഡോറസ് സ്തൂപവും ഉദയഗിരി ഗുഹകളും കാണുവാനായി ഞാന്‍ പുറപ്പെട്ടു. പട്ടണത്തിന് വെളിയില്‍ കിടക്കുന്ന ഇത്തരം സ്ഥലങ്ങളെപ്പറ്റി അവിടെയുള്ള വണ്ടിക്കാര്‍ക്കും വലിയ വിവരമില്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. അഥവാ, വിദിശപോലുള്ള ചെറിയ പട്ടണങ്ങളില്‍ എന്നെപ്പോലുള്ള സന്ദര്‍ശകര്‍ സാധാരണമല്ലായിരിക്കാം.
യാത്ര തുടങ്ങിയപ്പോഴാണ് അറിവായത് ഞാന്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ സന്ദര്ശകരെന്നല്ല, നാട്ടുകാര്‍തന്നെ ചെല്ലാത്ത വിജനസ്ഥലങ്ങളാണെന്ന്. ഹിന്ദുമതം സ്വീകരിച്ച ഹെലിയോഡോറസ് എന്ന ഗ്രീസുകാരന് കൃഷ്ണനുവേണ്ടി നിര്‍മ്മിച്ച സ്തൂപം അയാളോ കൃഷ്ണനോ ആയി ഒരു ബന്ധവുമില്ലാത്ത പല നാടന്‍ കഥകളാലും വലയപ്പെട്ട്, വിശേഷിച്ച് ആരുടെയും കൗതുകം ഉണര്‍ത്താതെ, രണ്ടു സഹസ്രാബ്ദങ്ങളോളം യാത്രക്കാര്‍ അപൂര്‍വ്വമായ ഒരു വഴിയുടെ അരികില്‍ നില്ക്കുന്നു. ചരിത്രകാരന്മാരുടെ കാലഗണനകളെയൊക്കെ അഴിച്ചു കളഞ്ഞ് ഒരു വെറും വര്‍ത്തമാന വസ്തുവെന്നപോലെ, അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടായ്ക കാരണം അതുപോലുമാകാതെ.
ഉദയഗിരിയിലെ എന്റെ അനുഭവം അതിലും വിചിത്രമായിരുന്നു. വെയില് ചാഞ്ഞു കഴിഞ്ഞിരുന്നു ഞാന്‍ അവിടെ എത്തിയപ്പോള്‍. കുറ്റിക്കാടുകളാല്‍ ആവൃതമായ പാറക്കുന്നുകളുടെ അടിവാരത്തില്‍ വണ്ടിക്കാരന് വണ്ടി നിര്‍ത്തി. കണ്ണെത്താവുന്ന ദൂരത്തൊന്നും ഒരു കുടിലോ മനുഷ്യനോ മൃഗംകൂടിയോ ഇല്ലാത്ത വിശാലമായ സമതലം ഒരു വശത്ത്. മറുവശത്ത നെടുനീളത്തില്‍ പാറക്കുന്നുകള്‍. വണ്ടിക്കാരന് ചുറ്റും കണ്ണോടിച്ച് എന്റെ നേരെ നോക്കി ഒരു വിഡ്ഢിച്ചിരി ചിരിച്ചു. അയാളും അവിടെ ആദ്യമായി വരികയായിരുന്നു. എന്നെപ്പോലെ തന്നെ ആ വിജനത അയാളെയും സ്പര്‍ശിച്ചുവെന്ന് തോന്നി. ഞാന്‍ കുന്നു കയറുവാന്‍ തുടങ്ങി.
ഇരുപതോളം ഗുഹകള്‍. ഓരോന്നിലും കയറി വിസ്തരിച്ച് നോക്കിക്കൊണ്ട് ഞാന്‍ നടന്നു. എന്തിനുവേണ്ടി പന്ത്രണ്ടോളം നൂറ്റാണ്ടുകള്ക്കുമുന്പ് ആയിരക്കണക്കിന് ഹിന്ദു-ജൈനസന്യാസിമാര്‍ ഈ കുന്നുകളില്‍ കുടിയേറി അവ നിര്‍മ്മിച്ചുവെന്നോ, എന്തു കാരണത്താല്‍ പിന്നീട് അവയൊക്കെ കാടിന് വളരുവാനായി ഉപേക്ഷിച്ച് താഴോട്ടിറങ്ങിപ്പോയെന്നോ ആര്‍ക്കും അറിയില്ല. ആ മനുഷ്യരൊന്നും അപ്പോള്‍ അവിടെയില്ലായിരുന്നു. എന്റെ കൂടെയുണ്ടായിരുന്നത് വിശദീകരണങ്ങളെ മായ്ച്ച് വിസ്മയമാക്കി മാറ്റുന്ന കാലത്തിന്റെ ഏകാന്തതമാത്രം. ഭൂതത്തില്‍ എന്നപോലെ വിസ്മയത്തിലും ഇരുട്ടിന്റെ ഒരു ചേരുവയുണ്ട്. ഇരുട്ടിന്റെ ചേരുവ കൂടുന്തോറും വിസ്മയത്തിനകത്തെ കൗതുകത്തിന്റെ അംശം കുറയുകയും അതിന്റെ സ്ഥാനത്ത് ഭയം പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് എനിക്കു തോന്നി. ഏതായാലും സൂര്യന് ചക്രവാളത്തിനോട് അടുക്കുവാനും വെയില് മങ്ങുവാനും തുടങ്ങിയതോടെ അവ്യക്തമായ ഒരു ഭയം എന്നെ ആവേശിക്കുന്നതായി ഞാന്‍ അറിഞ്ഞു. ഭൂതത്തെ വിജനമായ ഇരുട്ടായും വര്‍ത്തമാനത്തെ മനുഷ്യാവാസിതമായ വെളിച്ചമായും കാണുകയായിരുന്നുവോ ഞാന്‍? ഗുഹകളോരോന്നും വിസ്തരിച്ച് നടന്നു നോക്കുകയാരുന്ന ഞാന്‍ എന്റെ കാലുകള്‍ക്ക് താനേ വേഗം കൂടുന്നത് അറിഞ്ഞു. ഏതോ ശക്തി എന്നെ എന്റെ ചരിത്രത്തിലെ ഏകാന്ത വിസ്മയത്തില്‍നിന്ന് വര്‍ത്തമാനത്തിന്റെ ആവാസങ്ങളിലേക്ക് പിടിച്ചു വലിക്കുന്നതുപോലെ.
ഭൂതത്തിലേക്കും അതിന്റെ കൗതുകങ്ങളിലേക്കും ആണ്ടുപോകുമ്പോള്‍ നാം നമ്മുടെ കാലത്തെയും അതിന്റെ സംസ്കൃതിയെയും മനുഷ്യാധിവാസങ്ങളെയും പിന്നില്‍ ഉപേക്ഷിക്കുന്നു എന്നത് സാധാരണവും സ്വാഭാവികവുമാണ്. എന്തുകൊണ്ടാണ് അങ്ങനെ സാധാരണവും സ്വാഭാവികമായ ഒന്ന് അന്ന് എന്നില്‍ ആശങ്കയും ഭയവുമായി പരിണമിച്ചത്? എന്തുകൊണ്ടാണ് വര്‍ത്തമാനത്തിന്റെയും മനുഷ്യസാന്നിദ്ധ്യത്തിന്റെയും പ്രതീകമായി അപ്പോള്‍ അവിടെയുണ്ടായിരുന്ന താഴെ ഞാന്‍ വിട്ടുപോന്ന കുതിരവണ്ടിയിലേക്ക് ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നത്? ഭൂതത്തെയും വര്‍ത്തമാനത്തെയും മനുഷ്യന്റെ സാന്നിദ്ധ്യത്തിന്റെ ഇല്ലായ്മയെയും ഉന്മയെയുമായി ഘടിപ്പിക്കുന്നവിധത്തില് അന്നത്തെ സാഹചര്യങ്ങള്‍ രൂപംകൊണ്ടതാണോ അതിനു കാരണം? ചരിത്രം അവസാനമില്ലാത്ത ഒരു ആവേശമായിരിക്കെത്തന്നെ, മനുഷ്യര്‍ വര്‍ത്തമാനവുമായാണ് ഏറ്റവും ഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടോ?
ഓടിക്കൊണ്ടാണ് ഞാന്‍ അവസാനത്തെ ഗുഹയില്‍ എത്തിയത്. അതിനുശേഷം തകര്‍ന്ന ഒരു ക്ഷേത്രത്തിന്റേതെന്ന് തോന്നിക്കുന്ന കുറെ കല്ലുകളായിരുന്നു. കല്ലിന്കൂമ്പാരങ്ങള്ക്കിടയിലൂടെ കുറ്റിച്ചെടികള്‍ വളര്‍ന്നുനിന്നു. അവിടെയെത്തി ഞാന്‍ വീണ്ടും താഴേക്കു നോക്കി. അത്ഭുതമെന്ന് പറയട്ടെ, കുന്നിന്റെ അടിവാരത്തില്‍ ഞാന്‍ വന്ന പാത അവസാനിച്ച ഇടത്ത് കുതിരവണ്ടി ഇല്ലായിരുന്നു. സന്ധ്യയുടെ അരണ്ടവെളിച്ചം മാത്രം. എന്റെ പരിഭ്രമത്തിന് അതിരില്ലായിരുന്നു. ഞങ്ങള്‍ വന്ന മണ്‍പാതയെ പിന്നോട്ട് പിന്നോട്ട് ഞാന്‍ കണ്ണുകള്‍കൊണ്ട് പിന്തുടര്ന്നപ്പോള്, വളരെ ദൂരെ ഒരു ബിന്ദുപോലെ അത് തിരിയെ നീങ്ങിക്കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടു. സമയം വൈകിയതുകൊണ്ടോ, എനിക്കു മനസ്സിലാകാത്ത വേറെ ഏതെങ്കിലും കാരണംകൊണ്ടോ അയാള്‍ മടങ്ങിപ്പോകുകയായിരുന്നു. എന്റെ കൈയില്‍നിന്ന് കാശുപോലും വാങ്ങാതെ. സ്വന്തം വീടിന്റെയും കുടുംബത്തിന്റെയും വര്‍ത്തമാനത്തിലേക്ക്.
അതിവേഗത്തില്‍ ഗുഹകളെ പിന്നിട്ട് ഞാന്‍ താഴേക്കിറങ്ങി. കുന്നിന്റെ അടിവാരത്തെ ഇരുട്ട് ഗ്രസിച്ചു കഴിഞ്ഞിരുന്നു. നാട്ടുവെളിച്ചത്തിന്റെ സഹായത്തോടെ ഏതെങ്കിലുമൊരു ഗ്രാമത്തെ അന്വേഷിച്ച് ഞാന്‍ നടന്നു.
“ഇന്ന് അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കു തോന്നുന്നു, ഭൂതകാലത്തിളേക്കുള്ള നമ്മുടെ ഓരോ യാത്രക്കിടയിലും ഭയത്തിന്റെ ഒരു സാന്നിദ്ധ്യമുണ്ട് എന്ന്,” ഞാന്‍ പറഞ്ഞു. “നമ്മുടെ കാലത്തില്‍ ജീവിക്കുക എന്നതിലെ ആശ്വാസം എപ്പോഴും പഴയ കാലത്തിനോടുള്ള കൗതുകത്തോടൊപ്പം നമ്മില്‍ നിലനില്ക്കുന്നു. ഒരോ യാത്രക്കിടയിലും തിരിച്ചുവരുവാനുള്ള വഴി ഉറപ്പിക്കുവാന്‍ നാം വ്യഗ്രരാകുന്നു. ഭൂതത്തില്‍ നമ്മള് ഏകരാണ്. നമ്മളും നിഴലുകള്‍ മാത്രമായ, മൃതരായ മനുഷ്യരുമാണ് അവിടെയുള്ളത്. എത്രയും സംഘടിതമായ ഒരു പ്രസ്ഥാനത്തിന്റെ കൂടെയാണ് നമ്മളെങ്കിലും ഭാവിയിലേക്കുള്ള സ്വപ്നയാത്രകളിലും ഇല്ലേ ഇതുപോലെയൊരു അവസ്ഥ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. അവിടെയും നമ്മള് ഒറ്റയ്ക്കുതന്നെയല്ലേ? നമ്മളും ആശ്യങ്ങളും മാത്രം?”
ഞാന്‍ പറഞ്ഞതു മുഴുവന്‍ വര്‍ദ്ധമാനന്‍ കൗതുകത്തോടെ കേട്ടിരുന്നു. ആദ്യമാദ്യം അയാളുടെ ചുണ്ടിലുണ്ടായിരുന്ന പുഞ്ചിരി പിന്നീട് ഗൗരവത്തിന് വഴിമാറിക്കൊടുത്തു. ഒടുവില്‍ അയാള്‍ എന്നോടു ചോദിച്ചു:
“നിങ്ങള്‍ എന്തിനാണ് ഈ കാര്യം ഭാവിയുമായി ചേര്‍ത്തു പറഞ്ഞത്?”
എനിക്ക് അതിന് ഒരു തത്കാല ഉത്തരമില്ലായിരുന്നു. അതിന് കാത്തുനില്‍ക്കാതെ അയാള്‍ തന്നെ പറഞ്ഞു:
“നിങ്ങള്‍ പറഞ്ഞതില്‍ ശരിയുണ്ട്..നിങ്ങളെ എവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്ന് ഇപ്പോള്‍ എനിക്കും തോന്നുന്നു.” എന്നിട്ട് തമാശയായി കൂട്ടിച്ചേര്‍ത്തു: “ഭൂതത്തിലോ, ഭാവിയിലോ?”
ഞങ്ങള്‍ ചിരിച്ചു.
“ഭൂതത്തിലേക്കും ഭാവിയിലേക്കുമുള്ള നമ്മുടെ യാത്രകളില്‍ ഒരുപാട് ആശങ്കകള്‍ അന്തര്‍ലീനമായിട്ടുണ്ട്,” വര്‍ദ്ധമാനന്‍ തുടര്‍ന്നു. “എന്നാല്‍ അതേ സമയം ചിന്തിക്കുവാന്‍ ശീലിച്ചിട്ടുള്ള നമുക്കൊക്കെ നമ്മുടെ കാലത്തില്‍ മാത്രം ജീവിക്കുവാന്‍ ഇഷ്ടവുമില്ല. വര്‍ത്തമാനത്തില്‍ സ്വസ്ഥതയില്ലാത്തവരാണ് നമ്മള്.”
“അതില്‍നിന്നുള്ള ഈ ധീരയാത്രകള് കൂടുതല്‍ അസ്വസ്ഥതയാണ് നമുക്ക് നല്കുന്നതെങ്കിലും.”
അയാള്‍ സമ്മതിച്ചുകൊണ്ട് തല കുലുക്കി.
കുറച്ചുനേരം ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. വണ്ടിയിലെ ബെയറര്‍ കൊണ്ടുവന്ന ചായ പകര്‍ന്ന് ഞങ്ങള്‍ കുടിച്ചു. ഞങ്ങള്‍ക്കിടയില്‍ വണ്ടിയുടെ ശബ്ദവും ചായയും മാത്രം നിന്നു. പിന്നെ ചായ തീര്‍ന്നതോടെ വണ്ടിയും ഏതോ ചെറിയ സ്റ്റേഷനില്‍ സിഗ്നലിനുവേണ്ടി നിന്നു, നിശ്ശബ്ദമായി.
“ഒമ്പതു കൊല്ലമെങ്കിലും മുമ്പായിരിക്കണം നമ്മള് കണ്ടുമുട്ടിയത്,” അയാള്‍ ആലോചിച്ചുകൊണ്ടു പറഞ്ഞു.
“അതെ, കൃത്യം ഒമ്പതു കൊല്ലം മുമ്പ്. ഇതുപോലൊരു തീവണ്ടിയാത്രയില്‍. ബംഗാളില്‍നിന്ന് ദില്ലിയിലേക്ക്.”
ഓര്‍മ്മയുണ്ടെന്ന മട്ടില്‍ അയാള്‍ തലകുലുക്കി. “അതിനുശേഷം എന്നെ പോലീസ് പിടിച്ചുകൊണ്ടുപോയി. ഭാവിയെപ്പറ്റി അസ്വസ്ഥനായതിന്!”
“നിങ്ങള്‍ രാത്രി വണ്ടിയില്‍നിന്ന് ഇറങ്ങിപ്പോയി,” ഞാന്‍ കൂടുതല്‍ വാചാലനായി. “രാവിലെ പോലീസുകാര്‍ വന്നപ്പോള്‍ ഞാന്‍ അവരുമായി ഒരുപാട് തര്‍ക്കിച്ചു.”
അയാള്‍ നിഷ്കളങ്കനായി ചിരിച്ചു.
“ആദ്യം പോലീസുകാര്‍. പിന്നെ എന്റെതന്നെ സഹപ്രവര്‍ത്തകര്‍. ഭാവി വിചിത്രമായ ഒരു സംഗതിയാണ് എന്റെ സുഹൃത്തേ, അതീവ വിചിത്രമായ ഒരു സംഗതി.”
ഞാന്‍ കാത്തിരുന്നു.
അയാള്‍ തുടര്‍ന്നു:“നിങ്ങള്‍ പറഞ്ഞു, ഭൂതത്തിലെന്നപോലെ
ഭാവിയിലും നമ്മള് ഏകരാണെന്ന്. എത്ര ശരിയാണെന്ന്. ഒരു വലിയ പ്രസ്ഥാനത്തിന്റെയോ മഹത്തായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ കൂടെയാണ് പോകുന്നതെങ്കിലും നമ്മള് ഒറ്റയ്ക്കൊറ്റയ്ക്കുതന്നെയാണ് യാത്ര ചെയ്യുന്നത്.”
“നിങ്ങളെത്തേടി വന്ന പോലീസുദ്യോഗസ്ഥന് നിങ്ങളുടെ മേല്‍ പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഒരുപാട് വിശേഷണങ്ങള്‍ ചൊരിയുകയുണ്ടായി. ഒരു ദിവസത്തെ പരിചയംവെച്ചുകൊണ്ടാണെങ്കിലും ഞാന്‍ അവരോട് എനിക്കത് സ്വീകരിക്കുവാന്‍ വിഷമമാണെന്ന് പറഞ്ഞു.”
“ഞാന്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു.”
“ഇല്ലെന്നല്ല ഞാന്‍ പറഞ്ഞത്. അംബപാലിയുടെ കഥയിലൂടെ നിങ്ങള്‍ എന്നില്‍ ഉപേക്ഷിച്ചുപോയ ചിത്രം വളരെ ഏകനായ ഒരു മനുഷ്യന്റേതായിരുന്നു..ഒരു കാര്യം പറയൂ. ഇന്ന് ഒമ്പതു കൊല്ലങ്ങള്‍ക്കുശേഷം അംബപാലിയുടെ വജ്ജിയെ ഞാന്‍ ഇവിടെയെങ്ങും കാണുന്നു. എങ്ങനെയാണ് നിങ്ങള്‍ക്കിത് ഇത്രയും കൃത്യമായി വിഭാവനംചെയ്യുവാന് സാധിച്ചത്,ഒരു പ്രവാചകനെപ്പോലെ?”
“പ്രവാചകന്!” ഒരു ചിരികൊണ്ട് അയാള്‍ അത് തള്ളിക്കളഞ്ഞു. “ഞാന്‍ ഒരു കെണിയില്‍ പെടുകയായിരുന്നു…ഭാവി ഒരു വലിയ കെണിയാണ്. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയുട്ടുണ്ടോ? അതിലേക്ക് കാലെടുത്തുവെയ്ക്കുക എന്നാല്‍ ചങ്ങലയാല്‍ വരിയപ്പെടുക എന്നാണ്. പ്രവാചകന്മാരും വിപ്ലവകാരികളും ഒന്നുപോലെ ആ കെണികളില്‍ കിടന്നു കറങ്ങുകയാണ്. അവര്‍ അത് അറിയുന്നില്ലായിരിക്കാം. അഥവാ, അതറിഞ്ഞാല്‍ അവര്‍ പ്രവാചകന്മാരും വിപ്ലവകാരികളും അല്ലാതാകും!”
ഞങ്ങള്‍ സംസാരിച്ചുതീര്ത്ത നിണ്ട പകല്‍ രാത്രിയിലേക്ക് ഒഴുകിയൊടുങ്ങുകയായിരുന്നു. വണ്ടിക്ക് വെളിയില്‍നിന്ന് ജനലഴികളുടെ ഇടയിലൂടെ ഇരുട്ട് അകത്തേക്ക് എത്തിനോക്കിക്കൊണ്ടിരുന്നു.
വര്‍ദ്ധമാനന്‍ അയാളുടെ സഞ്ചി തുറന്ന് അതില്‍നിന്ന് ഒരു കടലാസ് പുറത്തെടുത്ത് എന്റെ നേരെ നീട്ടി.
“ഞാന്‍ നോര്‍മല്‍ ആയിരിക്കുന്നു എന്നു കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റാണത്,” അയാള്‍ പറഞ്ഞു. “നാലു കൊല്ലത്തെ ചികിത്സയ്ക്കുശേഷം ആഗ്രയിലെ ഭ്രാന്താസ്പത്രി എനിക്ക് തന്നത്. ഇത് വാങ്ങി മടങ്ങി വരുകയാണ് ഞാന്‍. പുറത്തു വിട്ടതിനുശേഷം ഒരു മാസം കഴിഞ്ഞ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യണമെന്നും അപ്പോള്‍ ഒന്നുകൂടി ചെക്ക്-അപ് ചെയ്തിട്ടേ സര്‍ട്ടിഫിക്കറ്റ് തരൂ എന്നും അവര്‍ പറഞ്ഞിരുന്നു. പുറമെയുള്ള ലോകം വീണ്ടും എന്നെ തകരാറിലാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം!”
ഞാന്‍ അവിശ്വാസത്തോടെ അയാളെ നോക്കി. പിന്നീട് എന്റെ നോട്ടം അയാളെ അസ്വസ്ഥനാക്കുമെന്ന് തോന്നിയപ്പോള്‍, ഞാന്‍ സംഘര്‍ഷത്തെ ലഘൂകരിക്കാനായി ചിരിച്ചുകൊണ്ട് ഒരു തമാശ പറഞ്ഞു:
“ഞാനും ഏതാണ്ട് അതുപോലൊരിടത്തായിരുന്നു. പട്ടാളത്തില്‍! നിങ്ങളെ പോലീസ് പിടിച്ചുകൊണ്ടുപോയ സമയത്തുതന്നെ ഗവണ്മെന്റ് എന്നെയും കൊണ്ടുപോയി — നിര്‍ബന്ധ സൈനികസേവനത്തിന്. നാലു കൊല്ലം കഴിഞ്ഞ് അവര്‍ വിട്ടു. കൂടുതല്‍ സേവനത്തിന് ഫിററ് അല്ല എന്നു കരുതിയാവും!”
വര്‍ദ്ധമാനന്‍ ചിരിച്ചില്ല. മറുപടി പറഞ്ഞതുമില്ല. അയാളുടെ മുഖം കൂടുതല്‍ ക്ഷീണം കാണിച്ചു.
ഞാന്‍ തുടര്‍ന്നു: “ഒരു പക്ഷേ, ലോകത്തില്‍ ഫിററ്നെസ് എന്നത് വര്‍ത്തമാനകാലത്തില്‍ മാത്രം ജിവിക്കാനുള്ള കഴിവാണ്. അന്ന് നിങ്ങള്‍ അംബപാലിയുടെ നാടകം വായിച്ചു കേള്‍പ്പിച്ചതിനു ശേഷം എന്റെ മനസ്സില്‍ പലവുരു ഉയര്‍ന്നു വന്നിട്ടുളളതാണ് ഈ ചോദ്യം. എന്തു കൊണ്ടാണ് കാലത്തിന്റെ സ്പര്‍ശമില്ലാത്ത, ചരിത്രത്തിന്റെ ഭാരമോ സ്വപ്നങ്ങളുടെ അശാന്തതയോ കടന്നുവരാത്ത കൃതികള്‍ സാഹിത്യത്തില്‍ കുടുതല്‍ ജനപ്രീതി നേടുന്നതെന്ന്.”
“വളരെ ലളിതമായ ഒരു പ്രസ്താവമാണത്. ഫിററ്നെസ് എന്നതിന് പോലീസിന്, പട്ടാളത്തിന്, വിപ്ലവകാരികള്‍ക്ക്, ഒക്കെ അവരുടേതായ മാനദണ്ഡങ്ങളുണ്ട്.”
“പോലീസ് നിങ്ങളെ അറസ്റ്റ് ചെയ്തതിനുശേഷം എന്താണുണ്ടായത്?”
“ഭൂതകാലത്തെ നമ്മളെല്ലാവരും ഏതാണ്ട് ഒന്നുപോലെയാണ് സമീപിക്കുന്നത്. പക്ഷേ, ഭാവിക്ക് പല മാനങ്ങളുണ്ട്. ഉദാഹരണമായി ആശങ്കകള്‍, അഥവാ വരുവാന്‍ പോകുന്ന സംഭവങ്ങളെപ്പററി നമ്മുടെ അനുമാനങ്ങള്‍, വേറൊന്ന് സ്വപ്നങ്ങള്‍, അഥവാ എന്താണ് വരേണ്ടതെന്ന് നമ്മള് ആഗ്രഹിക്കുന്നത്. രണ്ടാമത്തേതില്‍ കണ്ണുവെയ്ക്കുമ്പോള്‍ ആദ്യത്തെതിനെ നമ്മള് പലപ്പോഴും കാണാതെ പോകുന്നു. ആദ്യത്തേതില്‍ കുടുങ്ങിപ്പോയാല്‍ രണ്ടാമത്തേതിനുളള ധൈര്യം നഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് ശരി എന്നോ ഉചിതം എന്നോ പറയാന്‍ ഞാന്‍ ആളല്ല. രണ്ടും ഓരോ വിധത്തിലുള്ള കെണികളാണുതാനും. ചിലര്‍ പറയുന്നു വ്യക്തിപരമായ ഇടപെടലിന്റെയോ ഇച്ഛാശക്തിയുടെയോ ഏററക്കുറച്ചിലുകളാണ് വ്യത്യാസമുണ്ടാക്കുന്നത് എന്ന്. പ്രവാചകനും വിപ്ലവകാരിയും തമ്മിലുള്ള വ്യത്യാസം… അറുപത്തിയാറില്‍ പോലീസ് പിടിച്ചുകൊണ്ടുപോയതിനുശേഷം ജയിലിന് അകത്തും പുറത്തുമായി പീഡനവും പലായനവുമായി മൂന്നുനാലു കൊല്ലം ഞാന്‍ കഴിച്ചു. വികല്പങ്ങള് ഇവ രണ്ടിലും ഒതുങ്ങിയതുകൊണ്ടോ എന്തോ, ആന്തരികമായ ഒരു ശൂന്യത ഞാന്‍ അഭിമുഖീകരിക്കുവാന്‍ തുടങ്ങി. ഒരു ദിവസം അറുപത്തിയൊമ്പതിലോ എഴുപതിലോ എന്ന് ഓര്‍മ്മയില്ല, പത്രം എടുത്തു നോക്കിയപ്പോള്‍ ഞാന്‍ അതില്‍ വലിയ ഒരു തലക്കെട്ട് കണ്ടു, കിഴക്കന്‍ പാക്കിസ്താന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നും പട്ടാളം അവിടത്തെ ജനതയുടെ മേല്‍ നിഷ്ഠൂരമായ മര്‍ദ്ദനം അഴിച്ചു വിട്ടിരിക്കുന്നുവെന്നും. പിന്നീടൊരു ദിവസം അതുപോലെതന്നെ വലിയൊരു വാര്‍ത്ത — ലക്ഷക്കണക്കിന് അഭയാർത്ഥികള്‍ പൂര്വപാക്കിസ്താനില് നിന്ന് അതിർത്തികള്‍ കടന്ന് ഇന്ത്യയിലേക്ക് പ്രവഹിക്കുന്നു. ഞാന്‍ ഇതിനെപ്പററി എന്റെ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ എന്നെ കളിയാക്കി, ഞാന്‍ സ്വപ്നം കണ്ടതായിരിക്കുമെന്നും അവിടെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും.
“ഒളിവില്‍ വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് കാണുന്ന പത്രങ്ങള്‍, ചിലപ്പോള്‍ രദ്ദിക്കടലാസിന്റെ കഷണങ്ങള്‍. അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവ എന്റെ കൈയിലില്ലായിരുന്നു. പക്ഷേ, വേറൊരു ദിവസം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പൂർവ പാക്കിസ്താനില്‍ പ്രവേശിച്ചുവെന്നും പൊരിഞ്ഞ യുദ്ധം തുടരുന്നുവെന്നും, ബാംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം പിറവിയെടുത്തുവെന്നുമുള്ള വാര്‍ത്തയുമായി വന്ന പുതിയ പത്രം ഞാന്‍ അവരെ കാണിച്ചു. അവരാകട്ടെ അതിലെവിടെയും ആ വാര്‍ത്തകള്‍ കണ്ടില്ല. അവര്‍ കണ്ടത് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നുവെന്ന ഒരു വാര്‍ത്ത മാത്രമാണ്. രാജ്യമാകെ വിപ്ലവത്തിന്റെ അലകള്‍ അടിക്കുമ്പോള്‍ ഇങ്ങനെയൊരു സാമ്രാജ്യത്വയുദ്ധമാണോ ഞാന്‍ സ്വപ്നം കാണുന്നതെന്ന് ചോദിച്ച് എന്നെ വിമിര്‍ശിച്ചു.”
“എന്നാല്‍ പത്രങ്ങള്‍ എന്നെ വെറുതെ വിട്ടില്ല. ഒരു ദിവസം സെന്‍സര്‍ ചെയ്യുക മൂലം ശൂന്യമായ പല കോളങ്ങളോടുകൂടിയ ഒരു പത്രം ഞാന്‍ കണ്ടു. സെന്‍സര്‍ ചെയ്യാത്തിടത്ത് കണ്ടത് ഇന്ത്യയുടെ പ്രധാനമന്ത്രി ഭരണഘടനയുടെ മൌലികാവകാശങ്ങളും റദ്ദാക്കി, വാര്‍ത്തകളുടെ മാതെ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഇന്ത്യയുടെ റാണിയായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ്. പ്രവര്‍ത്തകരാകെ ജയിലിലോ അണ്ടര്ഗ്രൌണ്ടിലോ ആയി അപ്രത്യക്ഷരായി എന്നും വിപ്ലവത്തിന്റെ തലയൊടിഞ്ഞുവെന്നും.”
“കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും വായിച്ചു. ഇന്ദിരാഗാന്ധി വെടിയേററു മരിച്ചുവെന്നും അവരുടെ മകന് രാജീവ് ഗാന്ധി സിംഹാസനാരോഹണം ചെയ്തുവെന്നും പിന്നീട് സോവിയററ് യൂണിയന് പിരിച്ചുവിടപ്പെട്ടുവെന്നും കമ്യൂണിസം എല്ലായിടത്തുനിന്നും ബഹിഷ്കൃതമായെന്നും. പിന്നെ പിന്നെ ഞാന്‍ വായിച്ച വാര്‍ത്തകള്‍ എനിക്കുതന്നെ വിശ്വസിക്കുവാനായില്ല. ഇന്ത്യയിലും ലോകത്തിലെങ്ങും പ്രത്യയശാസ്ത്രങ്ങള്‍ കാററില്‍ പറത്തിക്കളഞ്ഞ് മതങ്ങളും ജാതികളും വംശങ്ങളും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും പരസ്പരം കലാപങ്ങളും യുദ്ധങ്ങളും അഴിച്ചുവിടുന്നു. ചാമ്പലായ നഗരങ്ങളുടെയും ബോംബുകള്‍ നിലം പതിപ്പിച്ച കെട്ടിടങ്ങളുടെയും, ചിതറിക്കിടക്കുന്ന ശവങ്ങളുടെയും, കൂട്ടശവക്കുഴികളില്നിന്ന് തോണ്ടിയെടുത്ത അസ്ഥികൂടങ്ങളുടെയും, മഞ്ഞിലും മഴയിലും വെയിലിലും കൂടി വീണും വലിഞ്ഞും നീങ്ങുന്ന അഭയാര്ത്ഥിസംഘങ്ങളുടെയും ചിത്രങ്ങള്‍… എന്റെ സഹപ്രവര്‍ത്തകര്‍ എന്നോടു സംസാരിക്കാതായി. അവര്‍ എന്നെ അവരുടെ യോഗങ്ങളില്‍നിന്ന് അകററി നിര്‍ത്തുവാന്‍ തുടങ്ങി. അവര്‍ക്ക് പറയുവാനുണ്ടായിരുന്നത് കിഴക്കും പടിഞ്ഞാറും തെക്കും വടക്കും പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന വിപ്ലവത്തിന്റെയും അധ:സ്ഥിതരുടെ മോചനത്തിന്റെയും പ്രത്യാശ നിറഞ്ഞ കഥകളാണ്. ഞാന്‍കൂടി ഭാഗമായിരുന്ന ഒരു പ്രസ്ഥാനം ജാതി-മത-ഭാഷാ-വംശ ഭേദമില്ലാതെ, നീതി നിഷേധിക്കപ്പെട്ട ഏവന്റെയും അഭിലാഷങ്ങളുടെ പതാകകളുമായി സുന്ദരമായ ഒരു നാളെയിലേക്ക് അടിവെച്ചടിവെച്ച് നീങ്ങിക്കൊണ്ടിരിക്കുന്നതായി പ്രകാശം നിറഞ്ഞ കണ്ണുകളുമായി അവര്‍ സംസാരിച്ചപ്പോള്‍ ആര്‍ത്തിയോടെ ഞാന്‍ നോക്കിയിരുന്നു. അതേ സമയം തന്നെ എന്റെ ഉള്ളിലെ പാതാളംപോലെ വലിയ വങ്ക് എന്നെ ശബ്ദമില്ലാതെ കരയിക്കുകയും ചെയ്തു.
“എന്റെ സഹപ്രവര്‍ത്തകര്‍ ആദ്യം എന്നെ ഒരു പ്രതിവിപ്ലവകാരിയായി മുദ്ര കുത്തി. പിന്നീട് മാനസികരോഗിയായി വിധിച്ചു. ഒടുവില്‍ അവര്‍ എന്നെ ആസ്പത്രിയിലെത്തിച്ചു, മരുന്നും ഷോക്കും മര്‍ദ്ദനവും മധുരവചനങ്ങളുമായി മാസങ്ങളും വര്‍ഷങ്ങളും പോയി..ഇതാ, ഇന്നലെ ഒരു മാസത്തെ അവധിക്കുശേഷം എന്നെ ഡോക്ടര്‍മാര്‍ രണ്ടാമതു പരിശോധിച്ചു. അവര്‍ എന്നോട് പറഞ്ഞു, എന്റെ വിഭ്രമാവസ്ഥ എന്നെ നിശ്ശേഷം വിട്ടുപോയിരിക്കുന്നുവെന്നും ഞാന്‍ ഇനി വരുവാന്‍ പോകുന്നതിനെപ്പറ്റിയുള്ള എന്റെ മനസ്സിന്റെ ആശങ്കകളോ ഭാവനകളോ സ്വപ്നങ്ങളോ പത്രങ്ങളില്‍ കാണുകയില്ലെന്നും അന്നന്നു നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ അവയില്‍ വായിക്കൂ എന്നും. നിങ്ങള്‍ ഇപ്പോള്‍ കണ്ട സര്‍ട്ടിഫിക്കറ്റ്, വേറെ വാക്കുകളില്ക്കൂടിയാണെങ്കിലും അതാണ് പറയുന്നത്. എന്റെ സുഹൃത്തേ, നിങ്ങളുടെ പേര് എനിക്കറിഞ്ഞുകൂടാ, നിങ്ങള്‍ പറയൂ, ഇതാണോ സുഖമാകുക എന്നുവെച്ചാല്‍?”
വര്‍ദ്ധമാനന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. സഞ്ചിയില്‍നിന്ന് ഒരു ചെറിയ ടവല്‍ എടുത്ത് മുഖം തുടച്ച് അയാള്‍ നിര്‍ത്തി.
അത്ഭുതത്തേക്കാള്‍ കൂടുതല്‍ അസ്വസ്ഥതയാണ് എനിക്കു തോന്നിയത്. അയാളുടെ കണ്ണുകള്‍ വരണ്ടിരുന്നു. എന്റേത് നിറഞ്ഞും. 1975-ന്റെ ആദ്യഭാഗമായിരുന്നു അത്. അയാള്‍ പത്രങ്ങളില്‍ കണ്ടതായി വിവരിച്ച പല സംഭവങ്ങളും, ദേശീയ അടിയന്തരാവസ്ഥപോലും അന്ന് സംഭവിച്ചിട്ടില്ലായിരുന്നു. എന്നാല്‍ 1969-ലോ 1970-ലോ അയാള്‍ വായിച്ചുവെന്ന് പറഞ്ഞ പാക്കിസ്താന്റെ വിഭജനവും യുദ്ധവും നടന്നു കഴിയുകയും ചെയ്തിരുന്നു. അയാള്‍ ഭാഗമായിരുന്ന വിപ്ലവപ്രസ്ഥാനത്തിന്റെ അപചയമാകട്ടെ കാണുക പ്രയാസമുള്ള കാര്യമായിരുന്നില്ല. എനിക്കു വേണമെങ്കില്‍ അയാളുടെ സുഹൃത്തുക്കളെപ്പോലെ അയാളെ മിസ്റ്റിക് എന്ന് വിളിച്ച് പരിഹസിക്കാമായിരുന്നു. അല്ലെങ്കില്‍ അയാള്‍ക്ക് ചുറ്റും ഒരു പ്രവാചകന്റെ പരിവേഷം ചാര്‍ത്താമായിരുന്നു. ഞാന്‍ അങ്ങനെയൊന്നും ചെയ്തില്ല. ആ വിധത്തിലുള്ള ഒരു കണക്കെടുപ്പില്‍ അയാളും അല്പംപോലും താല്പര്യം കാണിക്കുകയുണ്ടായില്ല. അയാള്‍ പറഞ്ഞ അവസാനത്തെ വാചകങ്ങളിലാണ് എന്റെ മനസ്സ് മടങ്ങിപ്പോകാന്‍ മടികാണിച്ചുകൊണ്ട് തങ്ങിനിന്നത്.
ഒരുത്തരം പ്രതീക്ഷിച്ചല്ല അയാള്‍ ആ ചോദ്യം ചോദിച്ചത്. പ്രതീക്ഷിച്ചിരുന്നാലും അതിന്റെ ഉത്തരം എന്റേയടുത്ത് എവിടെയാണ് ഉണ്ടായിരുന്നത്? അയാള്‍ ഭാവിയെപ്പറ്റി പറഞ്ഞ സംഗതികളെല്ലാം ഞാന്‍ മനസ്സില്‍ ഒത്തു വെയ്ക്കുവാന്‍ ശ്രമിച്ചു. ഭാവി ഭൂതംപോലെതന്നെ ചിന്തിക്കുന്ന മനുഷ്യന്റെ നിതാന്തമായ ആകര്‍ഷണവും പ്രഹേളികയുമാണെന്ന്. അതൊരു വലിയ കെണിയാണെന്ന്. സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് അതിന് ഓരോരുത്തരുടെയും മാനസികാവസ്ഥയനുസരിച്ച് ഓരോ മാനങ്ങളുണ്ടെന്ന്. അനുമാനങ്ങളും പ്രവചനങ്ങളുംതൊട്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളുംവരെ. അവസാനം, വെറുതെ ദിനപത്രങ്ങള്‍ വായിച്ച് മടക്കിവെയ്ക്കുക എന്നതാണോ സുഖമാകുക എന്ന ചോദ്യം.
ഞാന്‍ എന്റെ സഞ്ചി തുറന്നു. അതില്‍ ഒരു കുപ്പിയില്‍ കുറച്ച് വിസ്കി ബാക്കിയുണ്ടായിരുന്നു. ഞാന്‍ ഓരോ ഡ്രിങ്ക് ഗ്ലാസുകളില്‍ പകര്‍ന്നു. അയാള്‍ നിരസിച്ചില്ല.
വര്‍ദ്ധമാനന്റെ കണ്ണുകള്‍, അയാള്‍ രാവിലെ വന്നു കയറിയപ്പോള്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നതും മേശമേല്‍ കമഴ്ത്തിവെച്ചിരുന്നതുമായ The History of Torture എന്ന പുസ്തകത്തില്‍ പതിഞ്ഞു. ബോംബെയില്‍ ജി.പി.ഓവിന് മുമ്പില്‍ ഞാന്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുള്ള പഴയ പുസ്തകങ്ങളുടെ ഒരു കടയില്‍നിന്ന് കഴിഞ്ഞ തവണ പെറുക്കിയെടുത്തത്. ആദ്യത്തെയും അവസാനത്തെയും കുറെ ഭാഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഒരു പഴയ കലണ്ടറിന്റെ മിനുസമുള്ള കടലാസുകൊണ്ട് ഞാന്‍ അതിന് ഒരു ചട്ടയുണ്ടാക്കിയിരുന്നു. ചട്ടയില്‍ അതിന്റെ പേര് എഴുതിയിരുന്നില്ല.
വര്‍ദ്ധമാനന്‍ പുസ്തകം കൈ നീട്ടിയെടുത്തു. അകത്തെ പേജുകളില്‍ നിന്ന് അതിന്റെ പേരു മനസ്സിലായപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇയ്യോബിന്റെ പുസ്തകം എന്ന് വിളിക്കാമായിരുന്നില്ലേ ഈ ഗ്രന്ഥകാരന് ഇതിനെ?”
“ഇയ്യോബിന്റെകൂടെ സദാസമയവും ഒരു വിശ്വാസമുണ്ടായിരുന്നു. അയാളുടെ പീഡനത്തിന് കാരണമായതും പീഡനസമയത്ത് അയാളുടെ കൂട്ടിനു നിന്നതുമായ ദൈവവിശ്വാസം. ഇതില്‍ പറയുന്ന പീഡിതരാകട്ടെ ഏറെയും വിശ്വാസങ്ങളെ ചോദ്യംചെയ്തവരാണ്.”
അയാള്‍ പുസ്തകത്തില്‍ ഞാന്‍ വായിച്ചു നിര്‍ത്തിയിരുന്ന പേജില്‍ കണ്ണൂനട്ടുകൊണ്ട് പറഞ്ഞു: “പീഡനം അങ്ങനെയൊരു സെക്ടേറിയന്‍ സംഗതിയല്ല. പീഡനം സാര്‍വത്രികമാണ്. ചിലപ്പോള്‍ വിശ്വാസികളുടെ മേല്‍, ചിലപ്പോള്‍ വിശ്വാസത്തെ ചോദ്യംചെയ്തവരുടെ മേല്‍, ചിലപ്പോള്‍ ഒന്നും ചെയ്യാതെ, ഒന്നും അറിയാതെ ദിനപത്രങ്ങള്‍ വായിച്ച് മടക്കി വെയ്ക്കുകമാത്രം ചെയ്യുന്നവരുടെതന്നെ മേല്‍, അത് പതിച്ചുകൊണ്ടിരുന്നു. ഇതാ നോക്കൂ—”
സ്പെയിനിലെ ഇന്‍ക്വിസിറ്റര്‍ ജനറല്‍ ടോര്ക്വിമാഡോവിനെപ്പറ്റിയുള്ള അധ്യായമായിരുന്നു ഞാന്‍ വായിച്ചിരുന്നത്. മാംസം ഭക്ഷിക്കാത്ത, പരുപരുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്ന, വിരിക്കുവാന് ഒരു തുണിപോലും ഉപയോഗിക്കാതെ ഒരു പലകയുടെ മീതെ ശയിച്ചിരുന്ന സാത്വികനായിരുന്നു അയാള്‍. സഭ സമ്മാനിച്ച ആര്‍ച്ച് ബിഷപ്പിന്റെ പദവി നിരസിച്ച് ഒരു സാധാരണ ഫ്രൈയര്‍ മാത്രമായി കാലം കഴിച്ചു കൂട്ടിയ ടോര്‍ക്വിമാഡോ. ഒരു ഗ്രാമത്തിലോ പട്ടണത്തിലോ എത്തിപ്പെട്ടാല്‍ അയാള്‍ അവിടത്തെ ആളുകളെ വിളിച്ചുകൂട്ടി അവിശ്വാസികളെക്കുറിച്ച് വിവരം കൊടുക്കുവാന്‍ ആവശ്യപ്പെടും. കുറ്റം ആരോപിക്കപ്പെടുന്നവരുടെ സ്വത്തിന്റെ മൂന്നിലൊന്ന് പാരിതോഷികമായി കിട്ടുമെന്നതുകൊണ്ട് പലരും മറ്റുള്ളവരെ ചൂണ്ടിക്കാട്ടുവാന്‍ മുമ്പോട്ടു വന്നു. ഒരിക്കല്‍ കുറ്റം ആരോപിക്കപ്പെട്ടവര്ക്കാകട്ടെ, കുറ്റം സമ്മതിക്കുന്നതുവരെ പീഡിപ്പിക്കുമെന്നതിനാല്‍ അതില്‍നിന്ന് മോചനവുമില്ലായിരുന്നു. ടോര്‍ക്വിമാഡോ സ്പെയ്നിലെ മധ്യവര്ത്തിസമുദായത്തെ ഏതാണ്ട് മുഴുവനായും തുടച്ചുനീക്കി. വ്യാപാരവും കൈവേലകളും ജൂതന്മാരുടെയും മൂറുകളുടെയും കുത്തകയായിരുന്നതിനാല്‍ രാജ്യത്തെ വ്യവസായം തകര്‍ന്നു. ഈ പരിപാടിയില്‍ അവിശ്വാസികളേയല്ലാത്ത ഒരുപാട് നിരപരാധികളും കൊല്ലപ്പെട്ടേക്കുകയില്ലേ എന്ന ചോദ്യത്തിന് ടോര്‍ക്വിമാഡോ കൊടുത്ത ഉത്തരമായിരുന്നു ഏറ്റവും ഭയാനകം — നിരപരാധിയും വിശ്വാസിയുമായ ഒരുവന് ഈ വിധം പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍, അവന് അതില്‍ പരാതിപ്പെടാന്‍ പാടില്ല. ആത്യന്തികമായി വിശ്വാസത്തിന്റെ നിലനില്പിന് വേണ്ടിയാണല്ലോ താന്‍ സഹിക്കുന്നതും മരിക്കുന്നതും എന്ന് മനസ്സിലാക്കി അവന് തന്റെ വിധിയെ സ്വീകരിക്കുകയും അതില്‍ സന്തോഷിക്കുകയും വേണം! ഈ വരികളായിരുന്നു വര്‍ദ്ധമാനന്‍ വിരല്‍വെച്ച് എനിക്കു കാണിച്ചുതന്നത്.
“സ്വന്തമായ താല്പര്യമില്ലാതെയും സ്വയം അറിയുകകൂടിചെയ്യാതെയുമാണ് ആ മനുഷ്യര്‍ വിശ്വാസത്തിന്റെ രക്തസാക്ഷികളാക്കപ്പെട്ടത്,” ഞാന്‍ പറഞ്ഞു. “വെറെയാരുടെയോ വിശ്വാസത്തിനുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷികള്‍ എന്നു പറയാമോ എന്നെനിക്കറിഞ്ഞുകൂടാ. അവര്‍ ഒരു പക്ഷേ, യാഗാശ്വങ്ങളാണ്, അല്ലെങ്കില്‍ ബലിയാടുകള്‍.”
“രക്തസാക്ഷിയെന്നതു മാത്രമല്ല, യാഗാശ്വമെന്നും ബലിയാടെന്നുമുള്ള വിശേഷണങ്ങള്‍കൂടി മറ്റുള്ളവര്‍ നല്‍കുന്നതാണ്. പുറത്തു നില്‍ക്കുന്നവര്‍ക്കുള്ള വിശേഷാവകാശമാണ് വിശേഷണങ്ങള്‍ നല്കൽ. പീഡിതന് വെറും പീഡിതന് മാത്രം. വിശ്വസിക്കുന്നവനെയും വിശ്വാസത്തെ ചോദ്യംചെയ്യുന്നവനെയും ഒഴിച്ചുനിര്‍ത്തിയാല്‍, പീഡിതരായവരെ വെറും ക്രോധത്തിന്റെ ഇരകളെന്ന് വിളിക്കാം. തീ എന്തിന്റേതെന്നറിയുന്നില്ല അതിലെരിയുന്ന ചുള്ളികള്‍ക്ക്. റോമിന്റെ ക്രോധത്തില്‍ നിലംപരിശായ കാര്‍ത്തേജ്. നാസ്തികള്‍ ഇടിച്ചു നിരത്തി ഉഴുതുമറിച്ച് മണ്ണാക്കിയ ലിഡിസ്…”
“പ്രതികാരത്തെ നമുക്ക് ഭൂതത്തിന്റെ ക്രോധം എന്നു വിളിക്കാം. എന്നാല്‍ സഖ്യകക്ഷികള്‍ നിരപ്പാക്കിയ ഹിറോഷിമ, റഷ്യന്‍ — ചൈനീസ് വിപ്ലവകാരികള്‍ മണ്ണിനോട് അരച്ചു ചേര്‍ത്ത ലക്ഷങ്ങള്‍ — അവരൊക്കെ ഭാവിയുടെ ക്രോധത്തിന്റെ ഇരകളല്ലേ?”
“ക്രോധിക്കുക മരിച്ചവര്‍ക്കോ ജനിക്കാനിരിക്കുന്നവര്ക്കോ സാധിക്കുന്ന സംഗതിയല്ല, സ്നേഹിതാ,” സീറ്റില്‍ ഇത്തിരികൂടി ചാഞ്ഞ്, ക്ഷീണം കലര്‍ന്ന സ്വരത്തില്‍ വര്‍ദ്ധമാനന്‍ പറഞ്ഞു. “ക്രോധം ഭൂതത്തിന്റെയും ഭാവിയുടെയും അല്ല, വര്ത്തമാനത്തിന്റേതാണ്. വര്‍ത്തമാനത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍, വര്‍ത്തമാനത്തില്‍ വന്ന് പതിക്കുമ്പോള്‍, ആണ് ഭൂതവും ഭാവിയും എരിയുന്നത്. നിഷ്കളങ്കവും നിരുപദ്രവുമെന്ന് നാം കരുതുന്ന ഈ വര്‍ത്തമാനത്തില്‍ ഒരുപാട് തീയുണ്ട്. വിദ്വേഷത്തിന്റെ, അക്ഷമയുടെ, അന്ധതയുടെ, ഓര്‍മ്മകളെ അത് തീനാളങ്ങളാക്കുന്നു. സ്വപ്നങ്ങളെ അത് ചാമ്പലാക്കുന്നു… ഭാവിയുടെ മാതൃകയെന്ന് ബുദ്ധന് ശ്ലാഘിച്ച ഒരു വ്യവസ്ഥിതിയും അതിന്റെ മനസ്സാക്ഷിയായ ആമ്രപാലിയും വാര്ത്തമാനികരാഗങ്ങളുടെ ചൂടില്‍ കരിഞ്ഞു പോയി. നാളെയുടെ ആശയെന്ന് വാഴ്ത്തപ്പെട്ട ഞങ്ങളുടെ പ്രസ്ഥാനം ഒരുപാട് ചോരയും വാക്കുകളും വിസര്‍ജിച്ച് കോച്ചിവലിക്കുന്നത് ഞാന്‍ കാണുന്നു.”
ഞാന്‍ കുറച്ചുകൂടി വിസ്കി പകര്‍ന്നു.
“വര്‍ത്തമാനത്തിന്റെ ക്രോധത്തില്‍ അലസിപ്പോകുന്ന ഭാവിക്ക്,” ഞാന്‍ പറഞ്ഞു.
“നാമെത്ര സ്വപ്നം കണ്ടാലും മാറാന്‍ വിസമ്മതിക്കുന്ന ലോകത്തിന്,” അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ നിശ്ശബ്ദരായി.
തുറന്നിട്ടിരിക്കുന്ന ജനലില്‍ക്കൂടി നേരിയ തണുപ്പുള്ള രാത്രിയിലെ വായുവും വേഗത്തിലോടുന്ന വണ്ടിയുടെ കടകട ശബ്ദവും അകത്തേക്ക് കയറിവന്നു. ഇരുട്ടായിമാത്രം കാണാവുന്ന പുറത്തെ ലോകത്തില്‍ ഈ രാജ്യത്തെ ജനത രണ്ടാമതൊരു സ്വാതന്ത്യ്രസമരത്തിന്റെ മുദ്രാവാക്യങ്ങളുമായി പുതിയ ചില സ്വപ്നങ്ങള്‍ മെനയുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ മീതെ, വീണ്ടും രണ്ടുമൂന്നു മാസങ്ങള്‍ക്കകം വര്‍ത്തമാനത്തിന്റെ ക്രോധം കാര്ത്തേജിന്റെയോ ലിഡിസിന്റെയോ തിബത്തിന്റെയോ മീതെ എന്നപോലെ പടരുവാന്‍ പോകുകയാണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. നമ്മുടെ നാടിന്റെ ജനപ്രതിനിധിസഭ അതിന്റെ ജനതയുടെ മേല്‍ ഒരു കറുത്ത വിചാരണയ്ക്ക് ഒരുങ്ങുകയാണെന്നും അതിന്റെ മേല്‍ വ്യഭിചാരവൃത്തി അടിച്ചേല്പിക്കുവാന് പോകുകയാണെന്നും. തന്റെ സഞ്ചിക്കുള്ളിലിരിക്കുന്ന ചിത്തരോഗവിദഗ്ദ്ധന്മാര് നല്കിയ സര്ടിഫിക്കറ്റനുസരിച്ച് ‘സുഖമായിരിക്കുവാന്‍’ ശ്രമിക്കുന്ന വര്‍ദ്ധമാനന്‍, ആ സമയം വീണ്ടുമൊന്ന് എടുത്തുചാടി ചോരയിലേക്കും മാംസത്തിലേക്കുമുള്ള അയാളുടെ യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ആരറിഞ്ഞു? അഥവാ, ഞാന്തന്നെയായിരുന്നുവോ അതിന് നിമിത്തമായത്?
ഇയ്യോബിന്റെ പുസ്തകമെന്ന് അയാള്‍ വിശേഷിപ്പിച്ച പീഡനത്തിന്റെ പുസ്തകം വര്‍ദ്ധമാനന്‍ മടക്കി മേശപ്പുറത്തുവെച്ചിരുന്നു. കഴിഞ്ഞ യാത്രയില്‍ വായിച്ചു തീര്‍ത്തതിനുശേഷം സഞ്ചിയിലേക്ക് ഭദ്രമായി അയാള്‍ മടക്കിവെച്ച ആമ്രപാലിയുടെ നാടകത്തിലേക്ക് എന്റെ മനസ്സ് ചെന്നു.
“വര്‍ദ്ധമാനന്‍,” ഞാന്‍ ചോദിച്ചു, “കഴിഞ്ഞ തവണ പിരിയുന്നതിനുമുമ്പ് നിങ്ങള്‍ എന്നോടു പറഞ്ഞു നിങ്ങളുടെ നാടകത്തിന്റെ രണ്ടാം ഭാഗം അടുത്ത ദിവസം എന്നെ വായിച്ചു കേള്‍പ്പിക്കാമെന്ന്.”
അയാളുടെ മുഖത്തുണ്ടായ ഭാവത്തെ ഗൗരവമെന്നോ വിഷാദമെന്നോ വിവരിക്കേണ്ടത് എന്നെനിക്ക് അറിഞ്ഞുകൂടാ.
“അതു ഞാന്‍ വെറുതെ പറഞ്ഞതായിരുന്നു,” ഇത്തിരി നേരം താഴോട്ട് നോക്കിയിരുന്നതിനുശേഷം കണ്ണൂകളുയര്‍ത്തി അയാള്‍ പറഞ്ഞു “അപ്പോള്‍ ഞാന്‍ അത്ര മാത്രമേ എഴുതിയിട്ടുണ്ടായിരുന്നുള്ളു.”
“അതിനു ശേഷം?”
അയാള്‍ തലയാട്ടി. “ഇല്ല. എനിക്ക് എന്റെ മനസ്സിനെ ഒരുക്കുകൂട്ടുവാന് കഴിഞ്ഞില്ല.”
“ഇന്നത്തെ അവസ്ഥയിലും?”
അയാള്‍ ശിരസ്സ് വീണ്ടും പതുക്കെയാട്ടി: “അതിന്റെ ആദ്യഭാഗം ഞാന്‍ ചരിത്രത്തില്‍നിന്നാണ് എടുത്തത്. ചരിത്രത്തില്‍ അതിന്റെ ശേഷഭാഗവും ഉണ്ട്. വേശ്യയായി ഏറെക്കാലം ജീവിച്ച ആമ്രപാലി ഭിക്ഷുണിയായി ബുദ്ധന്റെ സംഘത്തില്‍ ചേരുന്നതും മറ്റും. പക്ഷേ, അതൊന്നും എടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ നാടകത്തിന്റെ ബാക്കി ഭാഗം ഞാന്‍ ഭാവിയില്‍നിന്ന് എടുക്കുവാനാണ് ഉദ്ദേശിച്ചത്… ഭാവിയാകട്ടെ എന്റെ പിടിയില്‍നിന്ന് കുതറിമാറി നിന്നു.”
“അഥവാ, നിങ്ങള്‍ വര്‍ത്തമാനപത്രങ്ങളിലൂടെ വായിച്ച ഭാവി നിങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിച്ചു?”
“ഉം ഉം. സാഹിത്യത്തില്‍ പിന്തിരിയലില്ല. വിഘ്നമില്ലാത്ത ഒന്ന് ലോകത്തില്‍ സാഹിത്യം മാത്രമാണ്. സ്നേഹിതാ, ഞാന്‍ നിങ്ങളെ എന്തു പേരിലാണ് വിളിക്കേണ്ടത്?”
“നിങ്ങള്‍ക്ക് എന്നെ ആനന്ദന് എന്നു വിളിക്കാം!”
“പേരുകള്‍ വേണ്ടിവരുമ്പോഴൊക്കെ നമ്മളെന്തിനാണ് പഴയ കാലം നോക്കി പോകുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. വര്‍ദ്ധമാനന്‍, ആനന്ദൻ…ഭാവിക്ക് പേരുകള്‍ ഇല്ലാത്തതുകൊണ്ടോ?” അയാള്‍ തമാശയായി പറഞ്ഞു.
“പേരുകള്‍ക്ക് കാലം ഇല്ല, വര്‍ദ്ധമാനന്‍,” ഞാന്‍ പറഞ്ഞു.
“ശരിയാണ്. നാമത്തിനല്ല, ക്രിയയ്ക്കാണ് കാലങ്ങള്‍ ഉള്ളത്. ഞാന്‍ എന്താണ് പറഞ്ഞത്? ഹാങ്, ലോകത്തില്‍ അനുസ്യൂതം കാലങ്ങളെ ബന്ധിച്ചുകൊണ്ട് പ്രവഹിക്കുന്നത് സാഹിത്യം ഒന്നു മാത്രമാണ്. അതു കൊണ്ടാണ് സാഹിത്യസൃഷ്ടികളെ കൃതികള്‍ എന്നു വിശേഷിപ്പി
ക്കുന്നത്. സ്മൃതിയും ശ്രുതിയും വിസ്മൃതിയിലേക്കും അവിടെനിന്ന് മൃതിയിലേക്കും വിരമിക്കുമ്പോള്‍, കൃതി നിലനില്ക്കുന്നു. നോക്കൂ, എഴുതുവാന്‍ വേണ്ടി ആമന്ത്രിതനായ വിഘ്നേശ്വരന്റെ വാദം കഥനത്തില്‍ വിഘ്നം വരരുതെന്നായിരുന്നു. കഥനത്തിന്റെ സാരം മനസ്സിലാക്കപ്പെടണമെന്നത് കഥാകാരന്റേതും. കാരണം, സാരമില്ലാത്ത കഥനം ക്രിയയില്ലാത്ത കാലം ലെയാകുന്നു.” “ക്രിയയില്ലാത്ത കാലം വര്‍ത്തമാനകാലമാണ്. കാലരഹിതമായ കാലം.”
“ഒറ്റയ്ക്ക് ഒറ്റയ്ക്ക് എടുക്കുമ്പോള്‍ വര്‍ത്തമാനവും ഭൂതവും ഭാവിയും കാലരഹിതം തന്നെയാണ്. വാസ്തവം പറഞ്ഞാല്‍, പ്രപഞ്ചത്തില്‍ കാലം എന്ന ഒന്ന് ഇല്ലതന്നെ എന്നാണ് ഒരു വലിയ ഭൗതികശാസ്ത്രജ്ഞന്‍ പറഞ്ഞത്. പ്രപഞ്ചത്തെ അഥവാ ചരിത്രത്തെ വ്യാഖ്യാനിക്കുവാന്‍ വേണ്ടി നമ്മള് ഉപയോഗിക്കുന്ന സൗകര്യമുള്ള ഒരു സമവാക്യം മാത്രമാണ് ഭൂതം — വര്‍ത്തമാനം — ഭാവി എന്നത്.”
“വ്യാകരണത്തിന്റെ നിയമങ്ങളില്‍ കാലത്തില്‍ കടന്നു പ്രവര്‍ത്തിക്കുന്നതല്ല ക്രിയ. ക്രിയയുടെ പ്രകാരഭേദം മാത്രമാണ് കാലം. അതായത്, ക്രിയയാണ് ഉള്ളത്. അതുള്ളതുകൊണ്ട് കാലം പ്രകടമാകുന്നു. അതും നിര്‍ദ്ദേശകമായ വിധത്തില്‍ ക്രിയ പ്രത്യക്ഷപ്പെടുമ്പോള്‍. നിയോജകമോ വിധായകമോ അനുജ്ഞായകമോ ആയ പ്രകാരങ്ങളിലുള്ള ക്രിയകളെ വ്യാകരണജ്ഞന്മാര് അകാലികങ്ങള് എന്നാണ് വിശേഷിപ്പിക്കുന്നത്.”
വര്‍ദ്ധമാനന്‍ എന്റെ നേരെ കൗതുകത്തോടുകൂടി നോക്കി. പിന്നീട് സംസാരിച്ചപ്പോള്‍ അയാളുടെ മുഖത്തെ ചിരിയിലെ കുസൃതി പതുക്കെപ്പതുക്കെ മാഞ്ഞുപോകുകയും, അതില്‍ ഗാഢവും ഗഹനവുമായ എന്തോ ഒന്ന് നിറയുകയും ചെയ്തു.
“അതെ, അവസാനം, എല്ലാം എല്ലാം തന്നെ നമ്മുടെ ക്രിയയിലേക്ക് ഒതുങ്ങുന്നു,” അയാള്‍ പറഞ്ഞു. “ഭൂതവും വര്‍ത്തമാനവും ഭാവിതന്നെയും. നമ്മുടെ പ്രഹേളികകളുടെയും, കെണികളുടെയും, ആശങ്കകളുടെയും, സ്വപ്നങ്ങളുടെയും ഉത്തരം നമ്മുടെ ക്രിയയാണ്. ക്രിയയെ കാണിക്കുന്ന ശബ്ദമാണ് കൃതി. ഞാന്‍ വീണ്ടും സാഹിത്യത്തിലേക്ക് മടങ്ങിവരട്ടെ. വേറെ എവിടെയും വഴികാണാതെ വരുമ്പോള്‍ ഞാന്‍ സാഹിത്യത്തിലേക്ക് തിരിയുന്നു. വിഘ്നം കൂടാതെ, സാരം കളയാതെ പ്രവഹിക്കുന്ന സാഹിത്യത്തിലേക്ക്. ഒമ്പത് കൊല്ലം മുമ്പ് ഞാന്‍ എഴുതിയ ആമ്രപാലിയുടെ നാടകത്തെപ്പറ്റിയാണ് നിങ്ങള്‍ പറഞ്ഞത്. ആമ്രപാലിയുടെ വജ്ജിയെ നിങ്ങള്‍ ഇന്ന് എവിടെയും കാണുന്നുവെന്ന്. ഞാന്‍ ഒന്നും ചെയ്തില്ല ആനന്ദന്, ഒന്നും. വിഷമംപിടിച്ച ഒരു മുഹൂര്‍ത്തത്തില്‍, ഞാന്‍ സാഹിത്യത്തിലേക്ക് തിരിഞ്ഞു, അത്രമാത്രം. ആര്‍ക്കറിയാം, ആര്‍ക്കറിയാം, ഞാന്‍ വര്‍ത്തമാനപത്രങ്ങളില്‍ വായിച്ച വാര്‍ത്തകളും സാഹിത്യമല്ലെന്ന്? ഒരു വശത്ത് ഞാന്‍ കെണികളില്‍നിന്ന് കെണികളില്‍ ചെന്ന് ചാടുകയായിരുന്നു. മറുവശത്ത് ഞാന്‍ കൃതികളിലൂടെ വെളിയിലേക്കുള്ള വഴികള്‍ തുരന്നുണ്ടാക്കുകയും. വര്‍ത്തമാനത്തിലേക്ക് തര്‍ജ്ജമചെയ്യപ്പെടുമ്പോള്‍ ക്രോധമായി ബാഷ്പീകരിക്കുന്ന ഭാവിയെ ഏതോ വിധത്തില്‍ ഞാന്‍ രക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഭ്രാന്തായി മാറിയ എന്റെ സാഹിത്യത്തിലൂടെ..ആമ്രപാലിയുടെ രണ്ടാം ഭാഗം എനിക്ക് രചിക്കുവാന്‍ കഴിഞ്ഞില്ല എന്നതു ശരി. പക്ഷേ, അത് അവിടെ, ദൂരെ, നിന്ന് എന്നെ മോഹിപ്പിക്കാതിരുന്നില്ല..സാഹിത്യത്തിന് അന്തമില്ല, ആനന്ദന്. കാരണം, സാഹിത്യം ഭാവനയാണ്. ഭാവന ഭാവിയാണ്. ഭാവിയില്ലാതെ, സ്വപ്നങ്ങളില്ലാതെ നമ്മളില്ല. വര്‍ത്തമാനത്തിന്റെ ക്രോധാഗ്നിയില്നിന്ന് സാഹിത്യം സ്വപ്നങ്ങളെ രക്ഷിച്ചുകൊണ്ടിരിക്കും.”
തുടര്‍ച്ചയായി സംസാരിച്ചതുകൊണ്ട് വര്‍ദ്ധമാനന്‍ കിതച്ചു. അയാള്‍ നിശ്ശബ്ദനായെങ്കിലും അയാളുടെ സംസാരത്തിന്റെ താളത്തെ വഹിച്ചുകൊണ്ടെന്നപോലെ വണ്ടിയുടെ കടകടശബ്ദം തുടര്‍ന്നുകൊണ്ടിരിന്നു. വണ്ടി ഭുശാവല് സ്റ്റേഷന് കടന്ന് മുന്നോട്ട് പോകുകയായിരുന്നു.
ബെയറര്‍ കുറെ നേരമായി കൊണ്ടുവന്നുവെച്ചിരുന്ന ഭക്ഷണം ഞങ്ങള്‍ നിശ്ശബ്ദം കഴിച്ചു. വിരമിക്കുന്നതിനുമുമ്പ്, കുപ്പിയില്‍ അവശേഷിച്ചിരുന്ന അല്പം വിസ്കികൂടി ഞാന്‍ ഗ്ലാസുകളില്‍ പകര്‍ന്നു.
വര്‍ദ്ധമാനന്‍ കുസൃതി കലര്‍ന്ന അയാളുടെ ചിരിയിലേക്ക് മടങ്ങിവന്നു. അയാള്‍ പറഞ്ഞു: “മാറാത്ത ലോകത്തില്‍ പിന്നെയും സ്വപ്നങ്ങള്‍ കാണുന്നവര്‍ക്ക്!”
ഞങ്ങള്‍ കിടന്നു. ഞാന്‍ ഉറങ്ങുന്നതുവരെ വര്‍ദ്ധമാനന്‍ അയാളുടെ ബെര്‍ത്തിലെ വായിക്കുവാനുള്ള വിളക്ക് അണച്ചിട്ടില്ലായിരുന്നു. പീഡനത്തിന്റെ ചരിത്രം വായിക്കുകയായിരുന്നു അയാള്‍.
രാത്രി എവിടെയോ ഒരിടത്ത് വണ്ടി നിന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു. നാസിക്കോ, ഇഗാത്പുരിയോ ആയിരിക്കണം. എന്തിനാണെന്നറിഞ്ഞുകൂടാ, ഞാന്‍ എന്റെ മുകളിലെ ബെര്‍ത്തില്‍നിന്ന് താഴെ വര്‍ദ്ധമാനന്‍ കിടന്നിരുന്ന ബെര്‍ത്തിലേക്ക് നോക്കി. അയാളുടെ വായിക്കുവാനുള്ള വിളക്ക് അണഞ്ഞിരുന്നു. പക്ഷേ, പ്ലാറ്റ്ഫോമില്‍ നിന്നു വരുന്ന വെളിച്ചത്തില്‍ ഞാന്‍ കണ്ടു, വര്‍ദ്ധമാനന്‍ അയാളുടെ ബെര്‍ത്തില്‍ ഇല്ലെന്ന്. അയാളുടെ സഞ്ചിയും മേശമേല്‍ കണ്ടില്ല. എന്റെ പുസ്തകം മാത്രം ഭദ്രമായി മടക്കി അതിന്മേല് വെച്ചിരുന്നു. സംശയം തോന്നി എഴുന്നേറ്റ് ഞാന്‍ കോച്ചിലെ കോറിഡോറിലും കുളിമുറിയിലുംമൊക്കെ ചെന്നു നോക്കി. അയാള്‍ എവിടേയും ഇല്ലായിരുന്നു. അപ്പോഴേക്കും നീങ്ങുവാൻ തുടങ്ങിയ വണ്ടിയുടെ വാതില്‍ തുറന്ന് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചുനോക്കി. പിന്നിലേക്ക് വിരമിച്ചുകൊണ്ടിരുന്ന ഫ്ലൂറോസെന്റ് വിളക്കുകളുടെ വിളറിയ വെളിച്ചം വീണ പ്ലാറ്റ്ഫോം വിജനമായിരുന്നു. അവിടെ ഒരിടത്തും അയാളെ കണ്ടില്ല. ക്ഷണത്തില്‍ പട്ടണത്തിന്റെ വിളക്കുകളും ഇരുട്ടില്‍ മുങ്ങിപ്പോയി.
വീണ്ടും അതുതന്നെ. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ തോന്നി. ആരാണിപ്പോള്‍ അയാളുടെ പിന്നാലെ? ചിത്തരോഗാസ്പത്രിയിലെ ഡോക്ടര്‍മാരോ?
ആരായാലും ആ പീഡകര്‍ വന്ന് വാതിലില്‍ മുട്ടുന്നതും കാത്ത് ഞാന്‍ സീറ്റില്‍ ഇരുന്നു. ആരും വന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ കിടന്നു. ഉറക്കം വരാന്‍ വിഷമമായിരുന്നു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങിക്കാണും.
സുഖമില്ലാത്ത നിദ്രയായതുകൊണ്ടാകാം വണ്ടി ബ്രേക്ക് ഇടുന്നതിന്റെ ഇളക്കംമൂലം ഞാന്‍ ഉണര്‍ന്നു. ജനലില്‍ക്കൂടി നോക്കിയപ്പോള്‍ പുറത്ത് നല്ല വെളിച്ചമായിരുന്നു. ഇളവെയില് ഡെക്കാനിലെ ബസാള്‍ട് പാറകളിലും കറുത്ത മണ്ണിലും പരക്കുന്നു. വഴിയിലെവിടെയോ ആണ് വണ്ടി നിന്നത്. ഇരുവശത്തും വയലുകളാണ്. ഗ്രാമമോ വീടുകളോ ഒന്നും ദൂരംവരെയില്ല. വയലില്‍ പണിയെടുത്തിരുന്ന ചില കൃഷിക്കാര്‍ വണ്ടിയുടെ നേരെ ധൃതിയില്‍ നടന്നുവരുന്നു.
കൃഷിക്കാര്‍ മാത്രമല്ല, വണ്ടിയില്‍നിന്ന് യാത്രക്കാരും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. ബഹളം. വണ്ടിയുടെ പിന്നില്‍ നിന്ന് വെളുത്ത യൂണിഫോമിട്ട ഗാര്‍ഡ് നീണ്ട അടികള്‍ വെച്ച് നടന്നുവന്നു.
ജനലില്‍ക്കൂടി ഞാന്‍ പുറത്തു നില്ക്കുന്ന ആളുകളോട് ചോദിച്ചു, എന്താണ് സംഗതിയെന്ന്. അവര്‍ പറഞ്ഞു, വണ്ടി ആരുടെയോ മീതെ കയറിയെന്ന്. ആളുകള്‍ ശവം കാണുവാന്‍ തിരക്കു കൂട്ടുകയാണ്. ശരീരം കിടക്കുന്നത് ഞാന്‍ ഇരുന്ന കോച്ചിന്റെ മുമ്പിലത്തേതിന്റെ അടിയിലാണത്രെ. അതായത് എഞ്ചിന് അയാളില്‍ തട്ടിയതിനുശേഷം പല കോച്ചുകള്‍ കടന്നുപോയിരിക്കുന്നു.
മറ്റു മനുഷ്യരെപ്പോലെ ഞാനും താഴേക്കിറങ്ങി. ശവം വാസ്തവത്തില്‍ വണ്ടിയുടെ അടിയിലല്ല, പുറത്തു വയലിലാണ് കിടന്നിരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. വണ്ടി അയാളെ തട്ടിത്തെറിപ്പിച്ചിരിക്കയാണ്. ശരീരം കക്ഷണങ്ങളാകാതെ, ഏതാണ്ട് അതേ രൂപത്തില്‍ത്തന്നെ ഇരിക്കുന്നു. സംഭവം കണ്ട കൃഷിക്കാര്‍ പറഞ്ഞു, മരിച്ച മനുഷ്യന് ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി റെയിലില്‍ കിടക്കുകയായിരുന്നില്ല, വണ്ടിയുടെ മുമ്പെ റെയിലുകളുടെ നടുവില്‍ക്കൂടി നടന്നുപോകുകയായിരുന്നുവെന്ന്.
വയലില്‍ കിടക്കുന്ന ശരീരം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അടി പരന്ന പൈജാമ, പരുക്കന്‍ തുണികൊണ്ടുള്ള പച്ച കുര്‍ത്ത, കണ്ണട. തോള്‍സഞ്ചി അരികില്‍. എല്ലാത്തിലും ചോര പരന്നിട്ടുണ്ട്. അത് വര്ദ്ധമാനനായിരുന്നു!
“വര്‍ദ്ധമാനന്‍!” ഞാന്‍ ഉറക്കെ വിളിച്ചുപോയി. “വര്ദ്ധമാനനാണിത്!”
അതുകേട്ട് റെയില്‍വെ പോലീസിലെ രണ്ടു കോണ്‍സ്റ്റബിള്‍മാരും വേറെ ചിലരും എന്റെ അടുത്തുകൂടി.
“നിങ്ങള്‍ അറിയുമോ ഇയാളെ?” പോലീസുകാര്‍ എന്നോട് ചോദിച്ചു.
എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞൊപ്പിച്ചു. അയാള്‍ എന്റെ കൂടെ ഫസ്റ്റ്ക്ലാസ്സ് കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരനായിരുന്നുവെന്നും ബോംബെയ്ക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും വഴിയില്‍, നാസിക്കിലോ ഇഗാത്പുരിയിലോ വെച്ച് ഇറങ്ങിപ്പോയെന്നും.
“രാത്രി ഇറങ്ങിപ്പോയ ആള് എങ്ങനെയാണ് ഇത്രയും നേരം ഓടിയ വണ്ടിയുടെ മുമ്പില്‍ വന്നുപെടുക? നിങ്ങള്‍ക്ക് ആളെ തെറ്റിപ്പോയിരിക്കുന്നു,” അവര്‍ എന്നെ കളിയാക്കി.
“അതൊന്നും എനിക്കറിഞ്ഞുകൂടാ,” ഞാന്‍ പറഞ്ഞു. “ഇത് വര്ദ്ധമാനനാണ്. ഇന്നലെ രാത്രി എന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരന്. ഞങ്ങള്‍ രാത്രി കുറെനേരം സംസാരിച്ചിരുന്നു. ഒരു സാഹിത്യകാരനാണ് അയാള്‍. നിങ്ങള്‍ക്കു നോക്കാം, ആ സഞ്ചിയില്‍ അയാള്‍ എഴുതിയ ’’നഗരവധു’’ എന്ന നാടകത്തിന്റെ കൈയെഴുത്തുകോപ്പിയുണ്ട്. അസാധാരണമായ ഒരു നാടകം.”
അനാഥമായി അയാളുടെ അടുത്തു കിടന്നിരുന്ന സഞ്ചിയെടുത്തു നോക്കുവാന്‍ ആരും തുനിഞ്ഞില്ല. എന്റെ തലച്ചോറ് ശരിയല്ലെന്ന മട്ടില്‍ ചില വാചകങ്ങളും ചിരിയും മാത്രമാണ് ഞാന്‍ കേട്ടത്. ആ സഞ്ചിയുടെ നേരെ നീങ്ങിയ എന്നെയും അവര്‍ തടഞ്ഞു. സംഭവസ്ഥലത്തെ പോലീസ് വരുന്നതുവരെ ആരും ഒന്നും സ്പര്ശിക്കുവാന് പാടില്ല.
ഗാര്‍ഡ് വിസില്‍ വിളിച്ചു. ഡ്രൈവറും ഹോറന്‍ അടിച്ചു. ആളുകള്‍ തിരക്കിട്ട് അവരവരുടെ കോച്ചുകളില്‍ കയറുവാന്‍ തുടങ്ങി. ഞാനും കയറി. എന്റെ സുഹൃത്തിനെയും അയാള്‍ എഴുതി മുഴുമിപ്പിച്ചില്ലാത്ത നാടകത്തെയും ആ വയലിലെ കറുത്ത മണ്ണില്‍, ചോരയും ഇളവെയിലും മാത്രം കൂട്ടായി ഉപേക്ഷിച്ചുകൊണ്ട്.
വണ്ടി താമസിയാതെ കല്യാണ്‍ സ്റ്റേഷനിലെത്തി. അവിടെനിന്ന് ബോംബെയില്‍. നഗരത്തില്‍ എനിക്കുണ്ടയിരുന്ന പണികളില്‍ ഞാന്‍ മുഴുകിപ്പോയി.
1975 — ലെ വസന്തമായിരുന്നു അത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം രാജ്യത്തിന്റെ മുഖമാകെ മാറി. ഒരു നീണ്ട രാത്രി പെട്ടെന്ന് അതിന്റെ മീതെ വന്നിരുന്നു. സ്വാതന്ത്യത്തിന്റെയും ജനാധിപത്യഭരണഘടനയുടെയും നിറമുള്ള കൊടികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ, ഒരു ജനതയുടെ നേതൃവൃന്ദം അതിന്റെ മനസ്സാക്ഷിയെ വ്യഭിചാരശാലകളില്‍ കൊണ്ടുചെന്ന് വില്‍ക്കുകയും അതില്‍നിന്ന് കൈവന്ന ലാഘവത്തോടെ സ്വയം അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് ഇറങ്ങി നടക്കുകയും ചെയ്തു. അവരുടെ തത്ത്വങ്ങളുടെയും കല്പനകളുടെയും — അവ എന്തായിരുന്നാലും — മീതേകൂടി സര്‍വാധിപത്യത്തിന്റെ തേരുകള്‍ തടസ്സങ്ങളൊന്നുമില്ലാതെ ഉരുണ്ടുപോയി.
ആ നീണ്ട രാത്രിക്കു ശേഷം വന്ന പ്രഭാതവും ക്ഷണികമായിരുന്നു. ചതിയുടെയും വഞ്ചനയുടെയും ഇരുട്ട് എവിടെനിന്നെല്ലാമോ ഉറവുകള്‍ പൊട്ടിയൊഴുകി വന്നു. ഈ ഇരുപതു വര്‍ഷങ്ങളില്‍ വര്ത്തമാനത്തില്ക്കൂടി മാത്രം കടന്നുപോന്ന ഞാന്‍, അത്രയും കാലം പിന്നിലിരുന്ന് വര്‍ദ്ധമാനന്‍ എന്ന മനുഷ്യന് അയാളുടെ ജനലുകളില്നിന്ന് കൈ നീട്ടി വാങ്ങി വായിച്ച വര്‍ത്തമാനപത്രങ്ങള്‍, മാനസികരോഗത്തിന്റെ ആരോപണങ്ങള്‍ ആരും ഉന്നയിക്കുകയില്ലെന്ന ധൈര്യത്തോടെ പത്രവില്പനക്കാര് തെരുവുകളില്‍ നടന്നു വില്‍ക്കുന്നത് കണ്ടു. യുക്തിയും തത്ത്വശാസ്ത്രങ്ങളുമൊക്കെ ചരടു പൊട്ടിപ്പോയ പട്ടങ്ങള്‍പോലെ എവിടേക്കോ പറന്നുപോയി അപ്രത്യക്ഷമായി. വര്‍ഗ്ഗീയലഹളകളും ബോംബ് സ്ഫോടനങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശീയയുദ്ധങ്ങളും താഴെ മണ്ണില്‍ തിമിര്‍ത്തു. ചാമ്പലായ നഗരങ്ങളുടെയും നിലംപതിച്ച കെട്ടിടങ്ങളുടെയും കൂട്ടക്കൊലപാതകങ്ങള്‍ക്ക് ശേഷം എണ്ണമെടുക്കാനായി നിരത്തിയിട്ട ശവങ്ങളുടെയും, മഞ്ഞിലും മഴയിലും വെയിലിലുംകൂടി വലിഞ്ഞു നീങ്ങുന്ന അഭയാര്ത്ഥിസംഘങ്ങളുടെയും ചിത്രങ്ങള്‍…
എവിടെയാണ് ലോകം വന്നു നില്‍ക്കുന്നതെന്ന് പറയുവാനുള്ള ധൈര്യംപോലും ഇന്ന് ആര്‍ക്കുമില്ല. നൂറോ അഞ്ഞൂറോ ആയിരമോ കൊല്ലം പഴകിയ ആടയാഭരണങ്ങള്‍, തട്ടിന്പുറങ്ങളുടെയും ദ്രവിച്ച തകരപ്പെട്ടികളുടെയും ഇരുട്ടിലും മാറാലയിലുംനിന്ന് വലിച്ചു പുറത്തെടുത്ത് അണിഞ്ഞ്, തമ്മില്‍ത്തമ്മില്‍ പിച്ചിച്ചീന്തുവാനായി നില്ക്കുന്നവരോട് സ്വപ്നങ്ങളെപ്പറ്റി എന്ത് പറയാന്‍? ഭൂതത്തിന്റെ ഖനികളില്‍നിന്ന് കുഴിച്ചെടുത്ത എണ്ണപോലെ, നൂറ്റാണ്ടുകള്‍ പഴക്കംചെന്ന ഓര്‍മ്മകള്‍ വിതറി തീകൊടുത്തു രസിക്കുകയാണ് വര്‍ത്തമാനം. ഇല്ല, ഇന്ന് ആരും സ്വപ്നങ്ങള്‍ കാണുവാന്‍ ധൈര്യപ്പെടുന്നില്ല. ഭൂതത്താല്‍ ആവേശിക്കപ്പെട്ട മനുഷ്യര്‍, നൂറ്റാണ്ടുകളുടെ ജീര്‍ണ്ണത മണക്കുന്ന രക്തക്കുഴികളില്നിന്ന് എഴുന്നേറ്റു നില്ക്കുന്നതില് വിജയിച്ചാല്‍, ശ്രമിക്കുന്നത് വര്‍ത്തമാനത്തിന്റെ തീ തുപ്പുന്ന തോക്കുകളുടെയും കഠാരങ്ങളുടെയും ഇടയിലൂടെ നൂണ്ടുപോകാന്‍ പഴുതുകള്‍ തേടുവാന്‍ മാത്രമാണ്.
വര്‍ത്തമാനത്തിന്റെ ക്രോധത്തില്നിന്ന് സ്വപ്നങ്ങളെ രക്ഷിക്കുവാന്‍… വര്‍ദ്ധമാനന്റെ പുരാതനമായ ശബ്ദം ഞാന്‍ എവിടെയോ ശ്രവിച്ചുവോ? അതോ, ഷണ്ഡീകരിക്കപ്പെട്ട മനുഷ്യമനസ്സ് അതിന്റെ അടഞ്ഞുകിടക്കുന്ന സര്‍ഗശക്തിയുടെ വാതിലില്‍ ചെന്ന് ദുര്‍ബലമായി മുട്ടുന്നതാണോ ആ സ്വരം?
വര്‍ദ്ധമാനന്‍ എന്തിനാണ് ആ രാത്രി വീണ്ടും തീവണ്ടിയില്‍നിന്ന് ഇറങ്ങിപ്പോയത്? രാത്രി ഇറങ്ങിപ്പോയ അയാള്‍ എങ്ങനെയാണ് അതിനുശേഷം പല മണിക്കൂറുകള്‍ ഓടിയ വണ്ടിയുടെ മുമ്പില്‍ കയറി നടക്കുവാന്‍ ഇടയായത്? ഇതൊന്നും ഇന്നും എനിക്ക് മനസ്സിലാകുന്നില്ല. കാലത്തിന്റെ മുമ്പില്‍ കയറി നടക്കുകയായിരുന്നു എപ്പോഴും ആ മനുഷ്യന്റെ പണി. ആദ്യം ആ കുറ്റത്തിന് നിയമപാലകരായ പോലീസുകാര്‍ അയാളെ പിടികൂടി. പിന്നീട് മനുഷ്യരുടെ ആരോഗ്യം സൂക്ഷിക്കുന്ന ഡോക്ടര്‍മാര്‍. ചികിത്സിച്ചു പുറത്തുവിട്ട്, വീണ്ടും ഒരു മാസം നിരീക്ഷിച്ച് ഡോക്ടര്‍മാര്‍ നല്കിയ സേഫ്-സര്‍ട്ടിഫിക്കറ്റില്‍നിന്ന് അയാള്‍ എടുത്തുചാടി. വര്‍ദ്ധമാനന്‍ സാഹിത്യത്തില്‍നിന്ന് ജാമ്യം പറ്റി ഒതുങ്ങിയിരിക്കുവാന്‍ കഴിഞ്ഞില്ല.
ഇടയ്ക്ക് ഈ നോവല്‍ എഴുതുവാന്‍ കാരണമായ പശ്ചാത്തലത്തെപ്പറ്റി നിങ്ങളോട് പറഞ്ഞപ്പോള്‍, ഒരു ചര്‍ച്ചയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ചോദ്യത്തെപ്പറ്റി ഞാന്‍ പരാമര്‍ശിക്കുകയുണ്ടായി. അതിന് ഉത്തരമായിട്ടല്ല ഇതെല്ലാം ഞാന്‍ എഴുതിയതെന്നും ഞാന്‍ താക്കീത് ചെയ്തിരുന്നു. ഇപ്പോള്‍, ഇതൊക്കെ ഞാന്‍ എഴുതുകയും നിങ്ങള്‍ വായിക്കുകയും ചെയ്തതിനു ശേഷം, ഞാന്‍ പറഞ്ഞതിന്റെ സാരം നിങ്ങള്‍ മനസ്സിലാക്കിക്കാണും. പ്രത്യയശാസ്ത്രങ്ങളില്‍നിന്നും പണ്ഡിതസദസ്സുകളില്‍നിന്നും ഈ സമയം എന്റെ മനസ്സ് വളരെ ദൂരെയാണ്. അത് ഡെക്കാനിലെ കറുത്ത മണ്ണൂള്ള വയലുകളിലൊരിടത്ത്, റെയില്പാളങ്ങള്ക്കരികെ, ചോരയും ഇളവെയിലും മാത്രം കൂട്ടായി ഇരുപതുകൊല്ലം മുമ്പ് ഞാന്‍ വിട്ടുപോന്ന ഒരു സഞ്ചിയെയും അതിനകത്തെ എഴുതിത്തീര്‍ന്നിട്ടില്ലാത്ത ഒരു നാടകത്തിന്റെ കൈയെഴുത്തു കോപ്പിയെയും തേടി പോകുന്നു. ഒട്ടേറെ മോഹങ്ങളും സ്വപ്നങ്ങളും പോയ വഴിയേ അതും അവിടെ ആ മണ്ണില്‍ കിടന്ന് അരഞ്ഞും ചീഞ്ഞും ഉണങ്ങിയും നശിച്ചുപോയിരിക്കും. അതൊരു സാധ്യത. അല്ലെങ്കില്‍, എതെങ്കിലുമൊരു ചെറിയ പട്ടണത്തിലെ പഴയ പോലീസ് സ്റ്റേഷനില്‍, ഇരുപതു കൊല്ലത്തെ പൊടിക്കടിയില്‍ കിടന്ന് തിരിച്ചറിയപ്പെടാത്ത ഒരു പരേതന്റെ ആരും അവകാശപ്പെടാത്ത സ്വത്തായി അത് ദ്രവിക്കുന്നുണ്ടാകും. എങ്കിലും ആ ചണനൂലിന്റെ സഞ്ചിക്കും ദ്രവിക്കുന്ന കടലാസിനും അപ്പുറത്തുനിന്ന്, ചിലങ്കയുടെ രോദനത്തിലും തബലയുടെ പെരുകിവരുന്ന നെഞ്ചിടിപ്പിലും മുട്ടി നിന്ന നാടകത്തിന്റെ ഉത്തരകാണ്ഡത്തിന്റെ വിളി എനിക്ക് കേള്‍ക്കുവാന്‍ കഴിയുന്നുണ്ട്. ആ വിളിയുടെ പിന്നാലെയാണല്ലോ വര്‍ദ്ധമാനന്‍ പീഡനത്തെക്കുറിച്ചുള്ള എന്റെ പുസ്തകം മടക്കിവെച്ച് അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പോയതും വണ്ടിയുടെ വേഗത്തെപ്പോലും അതിക്രമിച്ച് ആ കറുത്ത മണ്ണിന്റെ വയലുകള്‍വരെ എത്തിയതും. അയാള്‍ അവിടെ വീണുപോയി.
’’നിഷാദപുരാണ’’ത്തെ ഞാന്‍തന്നെയാണ് ലൈബ്രറിയുടെ ഷെല്ഫില്മടക്കിവെച്ചത്. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിപോലെയൊരിടത്തെ വിഷയവും ക്രമവും തെറ്റിച്ച ഷെല്ഫിലാണെങ്കിലും കാലത്തില്‍നിന്ന് കൂടുതല്‍ മഞ്ഞപ്പാര്ജിച്ചുകൊണ്ടും മനുഷ്യരുടെ വികൃതികളാല്‍ കൂടുതല്‍ പേജുകള്‍ അടര്ത്തിയെടുക്കപ്പെട്ടുകൊണ്ടും ആണെങ്കിലും അത് നിലനില്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്. എവിടെയൊക്കെയോ ചെന്നു പറ്റിയേക്കാവുന്ന ഇലാഹാബാദിലെ പുസ്തക് മന്ദിര്‍ അച്ചടിച്ച ആ അഞ്ഞൂറു കോപ്പികളിലല്ല അതിന്റെ വേരുകള്‍ ആണ്ടുകിടക്കുന്നത്, സ്മൃതികളെയും ശ്രുതികളെയും വിസ്മൃതിയിലേക്കും മൃതിയിലേക്കും വഴുതിപ്പോകാന്‍ അനുവദിക്കാതെ കൃതികളിലേക്ക് പകര്‍ത്തുവാന്‍ തുനിഞ്ഞ മനുഷ്യന്റെ അക്ഷരത്തിന്റെ ചരിത്രത്തിന്റെ അയ്യായിരത്തിലേറെ കൊല്ലങ്ങളിലാണ്.
അങ്ങനെ ആലോചിക്കുമ്പോള്‍, റെയില്പാളങ്ങള്ക്കരികിലെ വയലുകളില്‍, നിവൃത്തിയില്ലാത്തതുകൊണ്ട് ഞാന്‍തന്നെ ഉപേക്ഷിച്ച വര്‍ദ്ധമാനന്റെ നാടകത്തെപ്പററിയും ഞാന്‍ വ്യാകുലപ്പെടുന്നതെന്തിന്? ഡെക്കാനിലെ കറുത്ത മണ്ണ് വളക്കൂറുള്ള മണ്ണാണ്. ആയിരം ഞാറ്റുവേലകളെ ക്ഷണിക്കുന്ന മണ്ണ്. അതില്‍ വര്‍ദ്ധമാനന്‍ പാകിപ്പോയ വിത്തോ, ആയിരമായിരം കൊല്ലങ്ങളിലേക്ക് നാമ്പുകള്‍ നീട്ടുന്നതും. വയലിലെ മണ്ണിലായാലും,പോലീസ് സ്റ്റേഷനിലെ പൊടിയിലായാലും, മനുഷ്യന്റെ മനസ്സില്‍ കിളരുന്ന സ്വപ്നങ്ങള്‍ക്ക് അവസാനമില്ല.
കാവ്യകാരനും അനുവാചകനും മത്സരിച്ച് രാത്രിയിലെ എണ്ണ കത്തിച്ചപ്പോള്‍ പര്‍വങ്ങളെ തീര്ന്നുകൊണ്ടിരുന്നുളളു. പ്രശ്നങ്ങള്‍ തീര്‍ന്നില്ല. പ്രശ്നങ്ങളെ കറുത്ത മഷിയുടെ ഉഴവുചാലുകള്‍ക്കിടയില്‍ സംസ്ക്കരിക്കുകയല്ല, പുറത്തുകൊണ്ടുവന്ന് ഉത്തേജിതമാക്കുകയാണ് അവരുടെ രാത്രിവിളിക്കുകള് ചെയ്തതെന്നര്‍ത്ഥം. അഥവാ, വ്യാസനെയും വിഘ്നേശ്വരനെയും തമ്മില്‍ മേളിപ്പിച്ചപ്പോള്‍ സാക്ഷാല്‍ ബ്രഹ്മാവുതന്നെ നിയോഗിച്ചത് അത്ര മാത്രമല്ലെ? എഴുതിത്തീര്‍ന്നിട്ടില്ലാത്ത രണ്ടു സാഹിത്യകൃതികളുടെ കഥയാണ് ഈ നോവല്‍. സ്മൃതികളെയും ശ്രുതികളെയും വിസ്മൃതിയിലേക്കും മൃതിയിലേക്കും വഴുതിപ്പോകുവാന്‍ അനുവദിക്കാതെ കൃതികളിലേക്ക് പകര്‍ത്തുവാന്‍ തുനിഞ്ഞ മനുഷ്യന്റെ അക്ഷരത്തിന്റെ ചരിത്രത്തില്‍ വേരിറങ്ങിക്കിടക്കുന്നു ഒന്ന്. വരുവാനിരിക്കുന്ന ആയിരമായിരം കൊല്ലങ്ങളിലേക്ക് സ്വപ്നത്തിന്റെ നാമ്പുകള്‍ നീട്ടുന്ന മറ്റേത്. അവയ്ക്ക് നാശമില്ല, അവ എഴുതിത്തീരുകയുമില്ല.