EeBhranth-08
1985
കുമ്പസാരം അറിയാത്തവർക്കായി ഒരു പാതിരാകുർബാന
കേരളത്തിലെ മാനസികരോഗാശുപത്രികളെക്കുറിച്ചുള്ള അസുഖകരമായ വാർത്തകൾ ഉളവാക്കിയ പ്രതികൂലാന്തരീക്ഷത്തിൽ സെപ്തംബർ ഏഴ്,എട്ട് തീയതികളിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ദക്ഷിണമേഖലാ വാർഷികസേളനം തൃശൂരിൽ നടന്നു.
ഏഴാം തീയതി രാവിലെ തൃശൂരിലെ പ്രതികരണസംഘം, യുവ മോർച്ച, സിമി, എസ്. ഐ. ഒ. തുടങ്ങിയ സംഘടനകളിലെ അറു പതോളം യുവാക്കൾ“രോഗിക്ക് അരപ്പിരി, ഡോക്ടർക്ക് മുക്കാപ്പിരി, ആശുപത്രിക്ക് മുഴുപ്പിരി” എന്ന മുദ്രാവാക്യംമുഴക്കി സമ്മേളനം നടക്കുന്ന ടൗൺഹാളിലെത്തി. പൊലീസ് അവരെ തടഞ്ഞു. നമ്മുടെ മനഃശാസ്ത്രജ്ഞന്മാർക്കറിയാത്ത യുവാക്കൾ, ശ്രീധരൻ തേറമ്പിൽ എന്ന മെല്ലിച്ച മനുഷ്യന്റെ നേതൃത്വത്തിൽ ടൗൺഹാളിനു മുന്നിൽ ഉച്ചവരെ കുത്തിയിരുന്നു. ഇതിനിടയിൽ“ഭൂമിയിൽ നരകമെന്നൊന്നുണ്ടെങ്കിൽ അതിവിടെയാണ്. മനോരോഗാശുപത്രികളിലാണത്. ആ നരകത്തിന്റെ കാവൽക്കാരായ വൈദ്യശാസ്ത്രവിശാരദന്മാരോട്, സ്‌നേഹപൂർവം” അവർ തൃശൂരിലെ യുവാക്കൾ വെളുത്ത കടലാസ്സിൽ, കറുത്ത ലിപികളിൽ, മനംനൊന്ത് ചോദിച്ചു:
“നിങ്ങൾ കാവൽക്കാരായ ഈ നരകങ്ങളിൽ ഒരു കുഞ്ഞു മാലാഖ ചിറകുവീശുന്നത് സ്വപ്നം കാണാനെങ്കിലും നിങ്ങൾക്കാവില്ലേ? പ്രിയ ഡോക്ടർ, അത്രയെങ്കിലും പ്ലീസ്…” മനഃശാസ്ത്രജ്ഞന്മാർ അന്നു രാവിലെമുതൽ ഉച്ചവരെ ആൽക്കഹോളിസത്തെക്കുറിച്ചും മറ്റു മാനസികപ്രശ്‌നങ്ങളെക്കുറിച്ചും ചർച്ചനടത്തി.‘പേപ്പറുകൾ പ്രസന്റുചെയ്ത്’, പരസ്പരം കൈകുലുക്കിക്കാണണം; അന്യോന്യം അഭിനന്ദിച്ചുകാണണം.
ടൗൺഹാളിൽ നാലുമണിക്ക് പൊതുസേളനം. പുറത്ത് ഒരു പോസ്റ്റർപോലുമില്ല. ഒരു നോട്ടീസുപോലും പതിച്ചിട്ടില്ല. വോളന്റിയർ ബാഡ്ജ് ധരിച്ചവർക്കുപോലും എപ്പോൾ, എവിടെ എന്താണെന്നറിയില്ല. അഞ്ചുമണിക്ക് യോഗം തുടങ്ങുന്നു. തൃശൂരിൽ നാലാളെക്കൂട്ടുന്ന, നമ്മളറിയുന്ന സി. അച്യുതമേനോനുണ്ട്, ജി. കുമാരപിള്ളയുമുണ്ട്. എന്നിട്ടും കുറെ മലയാളി ഡോക്ടർമാരും വിരലിലെണ്ണാവുന്ന പൊതുജനങ്ങളും മാത്രം. അന്വേഷിച്ചപ്പോൾ ആരും ഈ പൊതുസേളനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഒരുപക്ഷേ, പ്രകടനം നടത്തിയ യുവാക്കൾപോലും അറിയാതിരിക്കാൻ സംഘാട കർ ശ്രമിച്ചുകാണും.
ആധുനികസമൂഹത്തിൽ മാനസികരോഗാശുപത്രികളുടെ പ്രസക്തിയായിരുന്നു വിഷയം. സ്റ്റേജിൽ രണ്ടു ബൾബുകൾ ഒന്ന് പച്ച, ഒന്ന് ചുവപ്പ്. സ്വാഗതപ്രസംഗം നടത്തിയ തൃശൂർ മെന്റൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഫ്രാൻസിസ് പറഞ്ഞു: വീട്ടുകാർക്ക് വേണ്ടാത്ത രോഗികളാണ് അധികംപേരും. രോഗികളെ പ്രവേശി പ്പിക്കുന്നത് സൂപ്രണ്ടല്ല, ഔദ്യോഗിക, അനൗദ്യോഗിക അംഗങ്ങളടങ്ങിയ ഒരു സംഘമാണെന്നും ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടിൽ ബ്രിട്ടീഷുകാർ എഴുതിയ‘ലൂനസി അക്ടാ’ണ് നമ്മൾ ഇപ്പോഴും തുടരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. മനുഷ്യത്വം നഷ്ടപ്പെടാത്തവരും സഹൃദയരും മറ്റും മനോരോഗാശുപത്രിയിൽ ജോലി ചെയ്യുന്നവരിലുമുണ്ട്. (ഒരു മൂലയ്ക്ക് ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുന്ന, സംഗീതവും സാഹിത്യവുമറിയുന്ന ഒരു സൈക്യാട്രിസ്റ്റിനെ ഞങ്ങളും കണ്ടു.) അപവാദങ്ങൾ ചൂണ്ടിക്കാട്ടുക, കുസൃതിയുടെ തലത്തിലേക്ക് താഴുന്നു, ഡോക്ടർ പറഞ്ഞു. (അനീതിയും അതിക്രമങ്ങളുമല്ലാതെ എന്താണ് ഡോക്ടർ ഞങ്ങൾക്കീ ആശുപത്രികളിൽ ചൂണ്ടിക്കാണിക്കാനുള്ളത്?)
അളന്നുമുറിച്ച വാക്കുകളിൽ അച്യുതമേനോൻ ഉദ്ഘാടനപ്രസംഗം നടത്തി. മാനസികരോഗാശുപത്രികളുടെ പ്രസക്തിയെക്കു റിച്ചുള്ള വാദപ്രതിവാദങ്ങൾ ആവശ്യമില്ലെന്നും പക്ഷെ ചികിത്സാരീതി ശരിയല്ലെന്നും അച്യുതമേനോൻ പറഞ്ഞു. ചിരികൾക്കിടയിൽ, നൂറുരൂപവച്ച് ഡോക്ടർക്ക് കൊടുക്കുന്നതുെകാണ്ടാണ് ആശുപത്രികൾ തിങ്ങിനിറഞ്ഞു നില്ക്കുന്നതെന്ന് മാതൃഭൂമി പത്രത്തിൽ വായിച്ചുവെന്നും തനിക്കതറിയില്ലെന്നും ഇത്തരം കാര്യങ്ങൾ‘ഇൻവെസ്റ്റിേഗറ്റ്’ ചെയ്യണെമന്നും അച്യുതേമേനാൻ ആവശ്യപ്പെട്ടു. ഡോക്ടർമാരിൽ ഏറിയപങ്കും അഴിമതിക്കാരാണ്. പക്ഷെ എല്ലാവരും അങ്ങനെയല്ല. ബന്ധുക്കൾ കരുണകാട്ടണം. വീട്ടിൽവെച്ചുള്ള ചികിത്സയ്ക്കുവേണ്ട കാര്യങ്ങൾ ചെയ്യണം, അച്യുതമേനോൻ തുടർന്നു.
വളരെയധികംപേരെ വിട്ടയയ്ക്കുകയെന്നല്ല, ആശുപത്രികൾ നന്നാക്കുകയാണ് വേണ്ടതെന്നും, പ്രാഥമികകാര്യങ്ങൾ നിർഹി ക്കുന്നതിനുള്ള സൗകര്യംമുതൽ ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാവണമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. തന്റെ ജ്യേഷ്ഠനെ മാനസികരോഗാശുപത്രിയിൽ കിടത്തേണ്ടിവന്ന സംഭവം അച്യുതമേനോൻ ഓർത്തു: രണ്ടുദിവസംകഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. അല്ലെങ്കിൽ എന്താകുമായിരുന്നു?
ഗവണ്മെന്റാണ് ചിത്തരോഗാശുപത്രികളുടെ ശോചനീയാവസ്ഥയ്ക്കു പ്രധാന കാരണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ബിഷപ്പ് ഡോക്ടർ ജോസഫ് കുണ്ടുകുളം പ്രസ്താവിച്ചു.
തുടക്കത്തിൽ ശാന്തനായിരുന്നു ജി. കുമാരപിള്ള. പിന്നീട് ധാർമികരോഷംകൊണ്ട് സ്വരം ഉച്ചത്തിലായി. ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടിലെ ബ്രീട്ടീഷുകാരുടെ‘ലൂനസി ആക്ട്’ പരാമർശിച്ച് ജി. കുമാരപിള്ള പറഞ്ഞു:“ഇന്ത്യയിൽത്തന്നെ ചില സ്ഥലങ്ങളിൽ മാനസികരോഗാശുപത്രികൾ നന്നായി നടക്കുന്നുണ്ട്. മദ്രാസിലെയും ബാംഗ്ലൂരിലെയും ആശുപത്രികൾതന്നെ ഉദാഹരണം. പൊതുജനങ്ങളുമായി ഒരു ഭ്രാന്താശുപത്രിക്ക് സമ്പർക്കമുണ്ടാവേണ്ടത് ആവശ്യമാണ്.”
സ്വരം പിന്നെ ഉച്ചത്തിലായി. മൂല്യബോധം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലെ ഏറ്റവും ഭാഗ്യഹീനരാണ് മനോ രോഗികൾ.
സാമൂഹ്യമായ മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുന്നവരോട് ഇത് സമൂഹത്തിന്റെ സമഗ്രവീക്ഷണം ഉൾക്കൊള്ളുന്ന ഒരു പ്രവണത യല്ലെന്നു പറഞ്ഞ് അടിസ്ഥാനപരമായ മാറ്റത്തിനും വിപ്ലവത്തിനും വേണ്ടി കൈകെട്ടിയിരിക്കുന്ന ബുദ്ധിജീവികളോട് ആ മനോഭാവം കളഞ്ഞ് പ്രവർത്തിക്കാൻ ജി. കുമാരപിള്ള ആവശ്യപ്പെട്ടു.
അടിയന്തര ചികിത്സ വേണ്ട മാരകരോഗം പിടിപെട്ടിരിക്കുകയാണ് നമ്മുടെ ഭ്രാന്താശുപത്രികൾക്ക് എന്ന സുധീരൻ കമ്മിറ്റി റിപ്പോർട്ടിലെ വാചകം രണ്ടുകുറി ആവർത്തിച്ചു പറഞ്ഞ്, സമഗ്രമായ മാറ്റത്തിനായി കാത്തുനിൽക്കാതെ മുന്നോട്ടുവരാൻ കുമാര പിള്ള ഡോക്ടർമാരെ ക്ഷണിച്ചു.
ഡോക്ടർമാർക്കെതിരെയല്ല, ഭരണവർഗ്ഗത്തിനെതിരെ തിരിയാനും വ്യവസ്ഥിതി മാറ്റാനും അഡ്വക്കേറ്റ് പുഴങ്കര ബാലനാരായ ണൻ ആഹ്വാനം ചെയ്തു.
“ഞാനൊരു സത്യം പറയാം, ഞങ്ങൾക്കു വലിയ വിവരമൊന്നുമില്ല. ഈ കാര്യത്തിൽ നിങ്ങളെക്കാൾ വലിയ വിവരമൊന്നുമില്ല.” പിന്നീട് പ്രസംഗിച്ച ഡോക്ടർ കുരുവിള വിനയത്തോടെ പറഞ്ഞു.
സത്യസന്ധനായ ഒരു ധിക്കാരിയുടെ സ്വരത്തിൽ ഡോ. പി. എൻ. ഗോപാലകൃഷ്ണന്റെ ശബ്ദമായിരുന്നു ഈ സളേനത്തിൽ മുഴങ്ങിക്കേട്ടത്. സമയം തീരാറായി എന്നു കാണിക്കുന്ന പച്ചവിളക്കിന്റെ വെളിച്ചം ഡോക്ടറെ ക്ഷുഭിതനാക്കി. അദ്ധ്യക്ഷനായ ബിഷപ്പിനോടദ്ദേഹം പറഞ്ഞു:“ഞാൻ നിങ്ങളുടെ വിളക്കുകളെ ബഹുമാനിക്കുന്നില്ല.”
തിരുവനന്തപുരം മാനസികരോഗാശുപത്രിയുടെ ഇപ്പോഴത്തെ ഈ സൂപ്രണ്ട് മാനസികരോഗാശുപത്രികളെക്കുറിച്ചും ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഏറെനേരം സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ അതുപോലെ കൊടുക്കുന്നു:
“1912ലെ നാലാം ആക്ടായ ലൂനസി ആക്ടനുസരിച്ചാണ് ഞങ്ങളുടെ കൈയ്ക്ക് വിലങ്ങിട്ടിരിക്കുന്നതെന്ന് പറയുന്നു. ഞങ്ങ ളുടെ കൈയ്ക്ക് ഒരു വിലങ്ങുമില്ല.”
“മെന്റൽ ഹോസ്പിറ്റലിലെ അഡ്മിഷൻ നടത്തുന്നത് ലൂനസി ആക്ടനുസരിച്ചാണത്രെ. ഒരു രോഗി ആശുപത്രിയിൽ വരുന്നു. എനിക്ക് ഭ്രാന്താണ്, എന്നെ ഈ ആശുപത്രിയിൽ കിടത്തി ചികിത്സിക്കണമെന്ന് ഒരു അപേക്ഷ വിസിറ്റേഴ്‌സ് ബോർഡിന് സമർപ്പിക്കുന്നു. അയാൾ ഒപ്പിട്ടുതരുന്നു. മാനസികമായി സമനില തെറ്റിയ ഒരു മനുഷ്യൻ എങ്ങനെ ഇതെഴുതിത്തരും? അയാൾ ഒപ്പിടില്ല. ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിക്കുന്നു. ഇത് ഇന്ത്യൻ ലൂനസി ആക്ടനുസരിച്ചുള്ള നിയമമാണോ?”
“പൊതുജനങ്ങൾ ആശുപത്രിയിൽ കയറാൻ പാടില്ല എന്ന് ലൂനസി ആക്ടിലൊരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ നിങ്ങളെ ഞങ്ങൾ അകത്തു കേറ്റില്ല. ഫോട്ടോ എടുക്കാൻ അനുവദിക്കില്ല. കാരണം ഇത്രയും രോഗികളുടെ ഉത്തരവാദിത്വം ഞങ്ങളിലാണ്.”
“രോഗിയോട് ഇടംവലം തിരിയരുതെന്നു പറയും. സെല്ലുകളിലിട്ട് പൂട്ടും, ചികിത്സയൊന്നും കൊടുത്തില്ലെന്നിരിക്കും; ചികിത്സ കൊടുത്താലുമില്ലെങ്കിലും ബന്ധുക്കൾ വന്നാൽ തിരിച്ച് ഏല്പിച്ചു കൊടുക്കുന്നു. അതിന്റെ ബാദ്ധ്യത ഞങ്ങൾക്കുണ്ട്.” അതിനിടയ്ക്ക് ചവിട്ടി, അടിച്ചു, കൊന്നു എന്നൊക്കെ വരും. പരിഹാസത്തിെന്റെയും വേദനയുടെയും സ്വരത്തിൽ ഡോക്ടർ പറഞ്ഞു. അതിന് ആരാണ് ഉത്തരവാദി, ഡോക്ടർ ചോദിക്കുന്നു. ഞങ്ങളാേണാ, നിങ്ങളാണോ?
“ഇന്നു രാവിലെ ഇവിടെയൊരു കരിങ്കൊടിപ്രകടനം നടത്തിയെന്നു കേട്ടു. അതിനെതിരെ സംസാരിക്കണെമന്ന് ഒരുസംഘം ഡോക്ടർമാർ എന്നോടു പറഞ്ഞു. എന്തിനാണ് നാം പൊതുജനത്തെ ഭയപ്പെടുന്നത്? നാം പൊതുജനത്തിന്റെയൊരു ഭാഗമല്ലെ? നാം അഴിമതി ചെയ്യുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുമ്പോൾ എന്തിന് വിറയ്ക്കുന്നു?”
“ഞാൻ എന്റെ സഹപ്രവർത്തകർക്കെതിരെ സംസാരിക്കുകയല്ല. അതിനകത്തു നടക്കുന്ന കാര്യങ്ങൾ പുറത്തറിയാതിരിക്കേണ്ടത് എന്റെയും മറ്റു സൂപ്രണ്ടന്മാരുടെയും ആവശ്യമാണ്. അത് നിങ്ങളറിഞ്ഞാൽ ഞങ്ങളെ കുരിശിലേറ്റിയെന്നുവരും.” മാനസികരോഗാശുപത്രികൾക്കുപുറത്ത് പണിെയടുക്കുന്ന മനഃശാസ്ത്രജ്ഞന്മാേരാടദ്ദേഹം പറഞ്ഞു.
“ജനങ്ങൾക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. നൂറു കത്തയച്ചാലും നിങ്ങൾ രോഗിയെ വന്നുകൊണ്ടുപോകില്ല. പുറത്തിറക്കിവിട്ടാൽ രാഷ്ട്രീയസർദ്ദം ചെലുത്തി ഞങ്ങളെ ട്രാൻസ്ഫർ ചെയ്യും. ഇവിടെ പ്രവേശിപ്പിക്കുന്ന ഒരു രോഗിയുടെകൂടെ ആൾ നില്ക്കണമെന്നുപറഞ്ഞാൽ സൗകര്യമില്ലെന്നു പറയുന്നു. മെഡിക്കൽകോളേജ് ആശുപത്രിയിൽ നിങ്ങളുടെ സഹോദരന് ഹൃദ്രോഗമായി കൊണ്ടുപോയാൽ ഒന്നല്ല പത്തുപേർ കൂടെ നില്ക്കും.” അതിന്റെ സാമൂഹ്യപശ്ചാത്തലം വിവരിച്ച് ഡോക്ടർ പറഞ്ഞു.
“ഒരു പത്തുവർഷംമുമ്പ് തൃശൂർ മാനസികരോഗാശുപത്രിയിലെ ഒരു രോഗിണി ഗർഭിണിയായി. അന്നവിടത്തെ ഒരു ഡോക്ടറെ സ്ഥലംമാറ്റി. ആ ഡോക്ടറായിരുന്നോ ആ രോഗിക്ക് ഗർഭമുണ്ടാകാൻ കാരണം? ട്രാൻസ്ഫർ ഓർഡർ ഞാൻ കണ്ടതാണ്. അത്രയ്ക്ക് നീചമായ രീതിയിൽ ജനം ഞങ്ങളെ കൈകാര്യം ചെയ്യുന്നു.”
തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ദൃശ്യങ്ങൾ ഉളവാക്കിയ ധാർമികരോഷംകൊണ്ടാവണം, ഡോക്ടർ ഗോപാലകൃ ഷ്ണൻ ചോദിച്ചു:“നിങ്ങൾക്ക് കലാപരിപാടികൾ കാണണോ? എന്റെ ഭ്രാന്താശുപത്രിയിലേക്ക് വരിക, നഗ്നരായി കിടക്കുന്ന ഭ്രാന്തന്മാരെ കാണാം. സ്ത്രീകളവിടെ വന്നാൽ പറയും എത്രയോ സഹോദരന്മാരാണ് ഇവിടെ തുണിയില്ലാതെ കഴിയുന്നത്. പുരുഷന്മാർ അവിടെ വന്നാൽ പറയും എത്രയോ സഹോദരിമാരാണ് ഇവിടെ തുണിയില്ലാതെ കഴിയുന്നത്.”
“നിങ്ങൾ എന്തുകൊണ്ടവർക്ക് തുണി കൊടുത്തില്ല?” അതെ. നമ്മൾ എന്തുകൊണ്ടവരുടെ നഗ്നത മറയ്ക്കുന്നില്ല?
(ഈ കുറിപ്പെഴുതിയതിൽ സദാശിവനും പങ്കുണ്ട്.)