close
Sayahna Sayahna
Search

EeBhranth-09


2000

കുളിക്കുന്ന ഭ്രാന്താശുപത്രിയും കുളിക്കാത്ത നഗരവും

ഒരു വ്യാഴവട്ടക്കാലശേഷമാണ് തിരുവനന്തപുരം മാനസിക രോഗാശുപത്രി ചുറ്റിനടന്നു കാണുന്നത്. മുമ്പ്, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ ആരോരും കാണാനും കേൾക്കാനുമില്ലാതെ ആയിരത്തോളം മനുഷ്യർ, അവരിൽ മിക്കവരും നഗ്നർ, ആശുപത്രിജീവനക്കാരാൽ ചവിട്ടിമെതിക്കപ്പെട്ട് ജീവച്ഛവംപോലെ ഊളമ്പാറയിലെ ഭ്രാന്താശുപത്രിയിൽ കഴിയുന്നുണ്ടായിരുന്നു.

ഈ ആശുപത്രി വീണ്ടും കാണുംമുമ്പ് ഇവിടത്തെ അവസ്ഥ പരിതാപകരമാണെന്ന് പലരും പറഞ്ഞുകേട്ടു. മനുഷ്യാവകാശ കമ്മീഷന്റെ അതൃപ്തിയും കേട്ടറിഞ്ഞു. മുമ്പത്തെ അവസ്ഥ കണ്ടയാൾ എന്ന നിലയിൽ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അബ്‌സൊലൂട്ടായി പറയാനെനിക്കു കെല്പുണ്ടോ എന്നറിയില്ല. എങ്കിലും ആപേക്ഷികമായി പറയവേ, ഉവ്. തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രം ഒത്തിരി കാര്യങ്ങളിൽ ഭേദപ്പെട്ടിട്ടുണ്ട്. താരതമ്യേന വൃത്തി, അത്യാവശ്യം ശുദ്ധവായു, ഞങ്ങൾ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണെന്നു കരുതുന്ന കുറെ ഉദ്യോഗസ്ഥന്മാരും ജീവനക്കാരും. ചോദിക്കാനും പറയാനും മാനസികരോഗികളുടെ അവകാശങ്ങളെക്കുറിച്ചു ബോധമുള്ള പുറംലോകം. രോഗികൾക്ക് വസ്ത്രം എത്തിക്കുന്ന റെസിഡന്റ്സ് അസോസിയേഷനുകൾ, ആശുപത്രിക്ക് കെട്ടിടങ്ങൾ പണിതുകൊടുക്കുന്ന ഗണപതി അമ്പലം — അടച്ചിട്ടിരുന്ന വാതിലുകൾ മെല്ലെ തുറക്കപ്പെടുന്നു.

പോര, ഇനിയും ഒത്തിരിയൊത്തിരി നന്നാവാനുണ്ട് ഈ മാനസികാരോഗ്യകേന്ദ്രം. ഒരുപാടു പ്രാഥമികാവശ്യങ്ങൾ — കട്ടിൽ, കിടക്ക, വേണ്ടത്ര ഡോക്ടർമാർ, ഇനിയും എത്രയോ നഴ്‌സുമാർ, അറ്റൻഡർമാർ — എന്നിവ ഉണ്ടാകേണ്ടിയിരിക്കുന്നു. സ്റ്റാഫി ന്റെയും അവസ്ഥ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഡീമോറലൈസ്ഡ് ആയ ജീവനക്കാരിൽനിന്നു നന്മയും അനുതാപവും പ്രതീക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒത്തിരി കമ്മീഷനുകൾ കേരളത്തിലെ മാനസിക രോഗാശുപത്രികളെക്കുറിച്ചു നല്കിയ റിപ്പോർട്ടുകൾ ഏതോ സർക്കാർ ഓഫീസുകളിൽ പൊടിപിടിച്ചു കിടപ്പുണ്ടാവും. അവ പൊടിതട്ടിയെടുത്ത് ഒരാത്മപരിശോധനയ്ക്കു ആരോഗ്യവകുപ്പും സർക്കാരും തയ്യാറാവുക. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തോ എന്നും ചെയ്യാവുന്ന കാര്യങ്ങൾ പലതും ചെയ്യാതിരുന്നിട്ടില്ലേ എന്നും സർക്കാർ പരിശോധിക്കട്ടെ. എന്നിട്ട് നിറഞ്ഞ മനസ്സോടെ, എത്ര സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും മനസ്സിന്റെ താളംതെറ്റിയവർക്ക് തിരുവനന്തപുരത്തെയും തൃശൂരെയും കോഴിക്കോ ട്ടെയും ആശുപത്രികളിലെ അസ്വസ്ഥരായ മനസ്സുകൾക്കും നിരത്തിൽ അലയുന്ന സ്വാസ്ഥ്യം നഷ്ടപ്പെട്ട ജീവിതങ്ങൾക്കും ശാന്തി നല്കാൻ എന്തൊക്കെ ചെയ്യണോ അതൊക്കെ ചെയ്യുക. ഒപ്പം ജീവനക്കാരുടെ ഉണങ്ങിയ റിസ്‌ക് അലവൻസ് ശരിക്കും വർദ്ധിപ്പിക്കുക. അവർക്ക് ഐ.എം.ജി. പോലുള്ള സ്ഥാപനങ്ങൡ നിംഹാൻസ്‌പോലുള്ള ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ട്രെയിനിങ്ങും റിഫ്രഷർ കോഴ്‌സുകളും നല്കുക.

ഇനിയൊരിക്കലും ആശുപത്രിക്ക് ഭ്രാന്തുപിടിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ നാട്ടിലെ സാധാരണക്കാരാണ്, മാദ്ധ്യമങ്ങ ളാണ്, രോഗികളുടെ ബന്ധുക്കളും സ്‌നേഹിതരുമാണ്. ഇനിയും നന്നാവുന്നതിനുപകരം വഷളാവാൻ അധികനേരമൊന്നും വേണ്ട.

ഈ ആശുപത്രി അല്പെമങ്കിലും ഭേദപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഡോ. പി.എൻ. ഗോപാലകൃഷ്ണൻ എന്ന എൺപതുകളിലെ സൂപ്ര ണ്ടിനോട് കേരളം കടപ്പെട്ടിരിക്കുന്നു. ഈ ആശുപത്രി വൃത്തിയാക്കാൻ ആരോരും തയ്യാറല്ലാതിരുന്ന കാലത്ത്, വല്ലാത്തൊരു കരുത്തോടെ ഈ മനുഷ്യൻ ആശുപത്രി നടപ്പുകൾ മുഴുവൻ പൊളിച്ചെഴുതി. വെറുതെ പറയുന്നതല്ല. ഡോ. ഗോപാലകൃഷ്ണനൊരാളാണ് കേരളത്തിന്റെ മെന്റൽ ഹെൽത്ത് കേന്ദ്രങ്ങളിൽ മാറ്റത്തിന്റെ ക്യാറ്റലിസ്റ്റായത്. കൂടെ ഒത്തിരി മനുഷ്യർ അവരാലാവുന്നവിധത്തിലെല്ലാം കനിവിന്റെയും സാന്ത്വനത്തിന്റെയും കർമ്മങ്ങളുമായി ആശുപത്രിയിലെത്തി. നന്ദിപറയാൻ നമ്മളാരാ? അല്ലെങ്കിൽ നന്ദിയും പുരസ്‌കാരങ്ങളും പ്രതീക്ഷിച്ചല്ലല്ലോ അവരൊക്കെ എന്തൊക്കെയോ ചെയ്തത്.

മറക്കുംമുമ്പേ കുറിയ്ക്കട്ടെ. കേരളത്തിലെ ദൃശ്യ/പത്രമാദ്ധ്യമ സുഹൃത്തുക്കളോട് ഒരപേക്ഷയുണ്ട്. ദയവായി മാനസികരോഗാ ശുപത്രിയിലെ അന്തേവാസികളുടെ ചിത്രങ്ങൾ ആളെ തിരിച്ചറിയാത്ത രീതിയിലാക്കുക. അസുഖം ഭേദമായി വരുന്നവർക്കും രോഗികളുടെ ബന്ധുക്കൾക്കും അത് വലിയ ഉപകാരമാവും. മാനസിക രോഗികളോട് അയിത്തം നിലനിൽക്കും കാലത്തോളം അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ നമുക്കവകാശമുണ്ടോ എന്ന എത്തിക്കൽ പ്രശ്‌നത്തിൽനിന്നാണ് ഈ അപേക്ഷ.

ഈ പതിനഞ്ചു വർഷത്തിനിടയിൽ കേരളത്തിന്റെ ഭ്രാന്ത് — ക്ഷമിക്കുക — വല്ലാണ്ട് മൂത്തു. ജാതിഭേദം, മതംമാറൽ, രാഷ്ട്രീയ, വർഗ്ഗീയ കൊലപാതകങ്ങൾ, തകരുന്ന കുടുംബങ്ങൾ, ശരാണാലയങ്ങളിൽ അടിയുന്ന വൃദ്ധജനങ്ങൾ, ലൈംഗികചൂഷണത്തിനിരയാവുന്ന ആൺ/പെൺകുട്ടികൾ, എന്തും കാഴ്ചശീവേലിയാക്കുന്ന ജനവും പൊലീസും…

രണ്ടുരണ്ടര മണിക്കൂർ ഡോ. ഗൗരിയുമൊത്ത് ആശുപത്രിയിൽ ചെലവാക്കി പുറത്ത് നിരത്തിലേക്കിറങ്ങവേ, നഗരം നിറച്ചും ചപ്പും ചവറും കൂനയായി കൂടിക്കിടക്കുന്നു. കാക്കകൾ ചിക്കിക്കൊത്തി പറന്നുനടക്കുന്നു. ആരൊക്കെയോ അതിൽനിന്ന് എന്തൊക്കെയോ പെറുക്കിക്കൂട്ടുന്നു. കത്തിക്കപ്പെടുന്ന ചവറുകൂനകൾ അന്തരീക്ഷ ത്തിൽ പുക നിറയ്ക്കുന്നു.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രപരിസരം, ഈശ്വരാ, എത്രയോ ഭേദം എന്ന് അറിയാതെ പറഞ്ഞുപോകുന്നു.