ചിഹ്നനം
ചിഹ്നനത്തെ വിശദീകരിക്കാന്‍, ഏ.ആര്‍. രാജരാജവര്‍മ്മയുടെ സാഹിത്യസാഹ്യം എന്ന പുസ്തകത്തില്‍ നിന്നും പ്രസക്തഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:
ചിഹ്നനം എന്നത് ഉപവാക്യങ്ങളുടേയും വാചകങ്ങളുടേയും അംഗാംഗിഭാവത്തെ വിശദപ്പെടുത്താന്‍ വേണ്ടി ചില ചിഹ്നങ്ങളെ ഉപയോഗിക്കുകയാകുന്നു. രണ്ടു പുരയിടങ്ങളുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ ആ വശത്തു ചേരുന്നുവെന്നും, ഈ വശത്തു ചേരുന്നുവെന്നും കുടിയാനവന്മാര്‍ക്കു വാദം വരുമ്പോള്‍ കണ്ടെഴുത്തുകാര്‍ തീരുമാനപ്പെടുത്തുന്നതിനുവേണ്ടി ഡിമാര്‍ക്കേഷന്‍ ചെയ്യുമ്പോലെ വൈയാകരണന്മാര്‍ അങ്ങോട്ടുമിങ്ങോട്ടുമന്വയിക്കാവുന്ന വാചകങ്ങളെ ഇന്നതില്‍ ചേരേണ്ടതെന്നു വ്യവസ്ഥപ്പെടുത്താന്‍ വേണ്ടി ചിഹ്നനം ചെയ്യുന്നു. ഒറ്റപ്പദങ്ങളില്‍ രൂപഭേദം കൊണ്ടുളവാകുന്ന പ്രയോജനം വാക്യങ്ങളിലും വാചകങ്ങളിലും ചിഹ്നംകൊണ്ടുളവാകുന്നു എന്നു പറയാം. ഇങ്ങനെ അടയാളങ്ങളെ ഉപയോഗിച്ച് അന്വയത്തില്‍ സദേഹത്തിന് ഇടകൊടുക്കാതെ സൂക്ഷിക്കുക എന്ന സമ്പ്രദായം ഇംഗ്ലീഷില്‍നിന്നും നാം ഗ്രഹിച്ചിട്ടുള്ള ഒരുപായമാകുന്നു. ഭാഷയില്‍ ഇതേവരെ ഇതു നടപ്പായിക്കഴിഞ്ഞിട്ടില്ല. സംഹിതയുടെ അന്യാദൃശമായ ദാര്‍ഢ്യം നിമിത്തം സംസ്കൃതത്തില്‍ ചിഹ്നം ഏര്‍പ്പെടുത്തുന്നതിനു വളരെ അസൌകര്യങ്ങളുണ്ട്; എങ്കിലും ബോബെയിലും മറ്റും അച്ചിട്ട സംസ്കൃതപുസ്തകങ്ങളില്‍ ഈയിടെ ചിഹ്നനസമ്പ്രദായം ഉപയോഗിച്ചുകാണുന്നുണ്ട്. ഭാഷയില്‍ ഏറെ സൌകര്യക്കുറവുകൂടാതെ അടയാളങ്ങളെ ഉപയോഗിക്കാവുന്നതിനാല്‍ അച്ചുക്കൂടക്കാര്‍ ഇനിയെങ്കിലും ഈ വിഷയത്തില്‍ ദൃഷ്ടിവയ്ക്കേണ്ടതാണ്. ചിഹ്നങ്ങളാവിതു:
- അംകുശം (,): ഇതു ഒരു അല്പമായ നിറുത്തലിനെ കുറിക്കുന്നു. വായിക്കുന്ന സമയം ഒരു തോട്ടിയിട്ട് ഒടക്കിയാലെന്നപോലെ നിരര്‍ഗ്ഗളമായി പായുന്ന സ്വരം ഒന്നു തടയണം എന്നു ഈ ചിഹ്നം കൊണ്ടു കാണിക്കുന്നു.
- ബിന്ദു (.): നിശ്ശേഷമായി നിറുത്തേണ്ടുന്ന ദിക്കിലാണ് ഇതിനെ ഉപയോഗിക്കേണ്ടുന്നത്. എല്ലാ പ്രധാനവാക്യങ്ങളുടേയും അവസാനത്തില്‍ ഈ അടയാളം ഇടണം.
- രോധിനി (;): ഇതിനെ അര്‍ദ്ധവിരാമങ്ങളില്‍ ഉപയോഗിക്കണം. മഹാവാക്യങ്ങളിലുള്ള ഉപവാക്യങ്ങളെ വേര്‍തിരിക്കയും മറ്റുമാണ് ഇതിന്റെ കൃത്യം.
- ഭിത്തിക (:): ഇത് ഒരു ഇടഭിത്തിപോലെ സമനിലയിലുള്ള രണ്ടു ഭാഗങ്ങളെ വേര്‍പെടുത്തുന്നു.
- വലയം ( ): ഇത് ഒരു വാക്യത്തേയോ വാചകത്തേയോ പദത്തേയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേര്‍ക്കുന്നു. ഇതിനകത്തുവരുന്ന ഭാഗത്തിനു ഗര്‍ഭവാക്യം എന്നു പേര്‍ ചെയ്യാം.
- കോഷ്ഠം [ ]: ഇത് വലയം പോലെ തന്നെ. ഗര്‍ഭവാക്യത്തിനകത്തു വേറെ ഗര്‍ഭവാക്യം വരുന്ന ദിക്കിലും മറ്റും ഉപയോഗം.
- ഉദ്ധരണി (“ ''): ഇത് ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകളില്‍നിന്നു വേറെയുള്ളവരുടെ വാക്കുകളെ തിരിച്ചുകാണിക്കുന്നു. ഇതിനെ ഒറ്റയായിട്ടും ‘ ' ഉപയോഗിക്കാം.
- കാകു (?): ഇത് ചോദ്യത്തെ കാണിക്കുന്നു.
- വിക്ഷേപണി (!): ഇതു് വിസ്മയം മുതലായ ചിത്തവിക്ഷേപങ്ങളെ സൂചിപ്പിക്കുന്നു. വ്യാക്ഷേപങ്ങളുടേയും സംബോധനയുടേയും പിന്നില്‍ ഇതു ശോഭിക്കും.
- ശൃംഖല (–): ഇതു് ഒരു പദത്തെ രണ്ടുവരികളായി മുറിച്ചു് എഴുതേണ്ടിവന്നാല്‍ ഒന്നാംവരിയുടെ ഒടുവില്‍ ചെയ്യേണ്ടത്. ഒരു ചങ്ങലയിട്ടു പൂട്ടിയപോലെ പദത്തിന്റെ രണ്ടു ഭാഗങ്ങളേയും ഇതു തുടര്‍ക്കുന്നു. സമാസമധ്യത്തിലും മറ്റും ഇതിനെ ഉപയോഗിക്കാം.
- രേഖ (—): സംക്ഷേപിച്ചുപറഞ്ഞതിനെ വിവരിക്കുന്നു എന്നും മറ്റും ഇതു കുറിക്കുന്നു.
സാധാരണയുണ്ടാവുന്ന തെറ്റുകളും നിവാരണമാര്‍ഗ്ഗങ്ങളും
വിരാമചിഹ്നങ്ങള്‍
സാധാരണ കാണുന്ന ഏറ്റവും വലിയ തെറ്റ് വിരാമ (ബിന്ദു, അംകുശം, ഭിത്തിക, രോധിനി തുടങ്ങിയവ) ചിഹ്നങ്ങളുടെ ഉപയോഗമാണ്. ചിഹ്നങ്ങള്‍ക്ക് മുമ്പ് സ്ഥലം വിടാതിരിക്കുകയും, ചിഹ്നങ്ങള്‍ക്ക് ശേഷം സ്ഥലം നിര്‍ബന്ധമായി വിടുകയും ചെയ്യുക എന്നതാണ് ഒരു പൊതുനിയമം. നമ്മുടെ വിദ്യാഭ്യാസത്തിലെ പോരായ്മയാണോ കാരണമെന്നറിയില്ല, ഉന്നത വിദ്യാഭ്യാസം കിട്ടിയവര്‍ പോലും ഈ നിയമം കൃത്യമായി തിരിച്ചാണ് പ്രയോഗിക്കുന്നത്. ഒരു ഉദാഹരണം നോക്കുക:
- കണ്ണാ,പ്ലീസ്.വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കാം.കട്ടെടുക്കാന്‍ ഉടയാടകള്‍
- തരാം. കദളിപ്പഴവും ബട്ടര്‍സ്കോച്ചും തരാം.വരൂ...
അംകുശത്തിനും ബിന്ദുവിനും ശേഷം ഇടം വിട്ടിട്ടില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. ശരിയായ രീതിയില്‍ താഴെ കൊടുത്തിരിക്കുന്നു:
- കണ്ണാ, പ്ലീസ്. വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കാം. കട്ടെടുക്കാന്‍ ഉടയാടകള്‍
- തരാം. കദളിപ്പഴവും ബട്ടര്‍സ്കോച്ചും തരാം. വരൂ...
തെറ്റായിട്ട് ബിന്ദുവിന് മുമ്പ് ഇടം വിട്ട ഒരു ഉദാഹരണം കാണുക:
- അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .
തീര്‍ച്ചയായും ആ സ്ഥലം വേണ്ടാത്തതാണെന്നു ഇപ്പോള്‍ മനസ്സിലായിരിക്കുമല്ലോ.
ഉദ്ധരണികള്‍
ഇടതും വലതും പ്രത്യേകം പ്രത്യേകം വ്യത്യസ്തങ്ങളായ ഉദ്ധരണിചിഹ്നങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ ടൈപ്‌സെറ്റ് ചെയ്തുകഴിയുമ്പോള്‍ രണ്ട് ഉദ്ധരണിചിഹ്നങ്ങളും വലതു വശത്തേതായിപ്പോകും.
തെറ്റ്: 'കിസലയാധര' | → | ’കിസലയാധര’ |
ശരി: `കിസലയാധര' | → | ‘കിസലയാധര’ |
തെറ്റ്: "കിസലയാധര" | → | ”കിസലയാധര” |
ശരി: ``കിസലയാധര'' | → | “കിസലയാധര” |
ഇടത്തെ ഉദ്ധരണി ചിഹ്നം എസ്കേപ് കീയിന്റെ താഴത്തെ കീയിലുണ്ട്. ഇരട്ട ഉദ്ധരണിക്ക് ഇതേ കീ രണ്ട് പ്രാവശ്യം അമര്‍ത്തുക.