close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 04 26


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 12002 04 26
മുൻലക്കം 2002 04 19
പിൻലക്കം 2002 05 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വടക്കേയമേരിക്കയുടെയും തെക്കേയമേരിക്കയുടെയും ഇടയ്ക്കുള്ള ദീപസമൂഹമായ വെസ്റ്റിൻഡീസിലെ പ്രധാനപ്പെട്ട ഭാഗമാണ് ഡമനിക്കൻ റിപ്പബ്ലിക്. അതിന്റെ പ്രസിഡന്റായിരുന്ന ഒറസ്യോ വാസ്കേസിനെ (Horacio Vasquez — 1860–1936) അവിടത്തെ പട്ടാളത്തലവനായ ത്രൂഹീയോ മോലീനാ (Truffillo Molina 1891–1961) എണ്ണമറ്റ കലാപകാരികളോടു ചേർന്ന് അധികാരഭ്രഷ്ടനാക്കി. എന്നിട്ട് അയാൾ ഡിക്ടേറ്ററായി. ഭീകരപ്രവർത്തനങ്ങളിലൂടെ ബഹുജനത്തേയും സഹപ്രവർത്തകരേയും വിറപ്പിച്ച സ്വേച്ഛാധികാരിയായിരുന്ന ത്രൂഹീയോ തൊട്ടടുത്ത പ്രദേശമായ ഹേറ്റിയെ (Haiti) ആക്രമിച്ച് 15,000 ഹേറ്റിയൻ ജനതയെ അയാൾ കൊന്നൊടുക്കി. ത്രുഹിയോയെ നിശിതമായി വിമർശിച്ച ഒരു സർവകലാശാലാദ്ധ്യാപകനെ പെട്ടെന്ന് കാണാതെയായി. കൊളമ്പിയ സർവകലാശാലയിലെ ലക്ചറർ ആയിരുന്ന അയാളുടെ തിരോധാനത്തിന് കാരണക്കാരൻ ത്രൂഹിയോ ആയിരുന്നുവെന്നാണ് അഭ്യൂഹം. ജനങ്ങൾ ഏറെസ്സഹിച്ചു. ഗത്യന്തരമില്ലാതെ അവർ ത്രൂഹിയോയെ കൊന്നു. 1961-ലാണ് ഈ വധം.

19-ആം ശതാംബ്ദത്തിലാണ് ലാറ്റിൻ അമേരിക്കയിൽ ഡിക്ടേറ്റർഷിപ്പുകൾ ഒരുപാടുണ്ടായത്. ഒന്നാം ലോകമഹായുദ്ധം ജനിപ്പിച്ച സവിശേഷ പരിതഃസ്ഥിതികൾ നിമിത്തം ലോകമെമ്പാടും ഈ കുത്സിതഭരണമുണ്ടായി. ഹിറ്റ്‌ലർ, മുസ്സോലിനി, ഫ്രാങ്കോ, സലസർ ഇവർ വലതുപക്ഷ ഡിക്ടേറ്ററന്മാർ ആയിരുന്നു. സ്റ്റാലിൻ ഇടതുപക്ഷ ഡിക്ടേറ്റർ. അടുത്ത കാലത്ത് ചിലിയിലും റുമേനിയയിലും രണ്ടു സ്വേച്ഛാധിപതികൾ നിരപരാധരെ മർദ്ദിച്ചത് നമ്മുടെ സ്മൃതിപഥത്തിൽ നിന്നു മാഞ്ഞുപോയിട്ടില്ല. ആ രീതിയിലുള്ള മറ്റൊരു മനുഷ്യഹന്താവിനെ ʻʻThe Feast of the Goatˮ എന്ന നോവലിലൂടെ പ്രദർശിപ്പിക്കുകയാണ് വർഗാസ് യോസ എന്ന പെറൂവ്യൻ നോവലിസ്റ്റ്. മനുഷ്യവധത്തിൽ മാത്രമല്ല അയാൾ ക്രൂരത കാണിച്ചത്. നിരപരാധകളായ ഏറെ സ്ത്രീകളെ അയാൾ നശിപ്പിച്ചു. ചൈനയിലെ രാജ്യതന്ത്രജ്ഞൻ മൗദ് സേ ദുങ് (Mao Tse Tung, 1983–1976) പറഞ്ഞു തോക്കിൻ കുഴലിലൂടെയാണ് അധികാരം വരുന്നതെന്ന്. കമ്മ്യൂണിസ്റ്റായിരുന്നില്ലെങ്കിലും അമേരിക്കയുടെ ചട്ടുകമായിരുന്ന ത്രൂഹിയോ ജനനേന്ദ്രിയത്തിലൂടെയും അധികാരം വരുമെന്നു തെളിയിച്ചു. ʻʻThe ritual penetration of female flesh is the mystical basis of his ruleˮ എന്നൊരു നിരൂപകൻ.

ʻʻഅധികാരം മാർഗ്ഗമല്ല, ലക്ഷ്യമാണ്. വിപ്ലവത്തെ രക്ഷിക്കുന്നതിനു വേണ്ടിയല്ല ഡിക്ടേറ്റർഷിപ്പ് ഉണ്ടാക്കുന്നത്. വിപ്ലവം ഉണ്ടാക്കുന്നത് ഡിക്ടേറ്റർഷിപ്പ് സ്ഥാപിക്കുവാനാണ്. പീഡനത്തിന്റെ ലക്ഷ്യം പീഡനം. അധികാരത്തിന്റെ ലക്ഷ്യം അധികാരംˮ എന്നു ഓർവെൽ എഴുതിയിട്ടുണ്ട്. അധികാരം എന്ന ലക്ഷ്യത്തോടുകൂടി സ്വേച്ഛാധികാരി പ്രവർത്തിക്കുമ്പോൾ അനുചരന്മാർ വേണം. ത്രൂഹിയോയുടെ പ്രധാനപ്പെട്ട അനുചരൻ കേണൽ ഗാർസിയാ ആയിരുന്നു. അയാളുടെ ക്രൂരകൃത്യങ്ങൾ നോവലിൽ വർണ്ണിച്ചിട്ടുള്ളത് വായിക്കുന്നവർ ഞെട്ടും.

ത്രൂഹിയോയുടെ ജീവിതാസ്തമയകാലമാണ് നോവൽ ആവിഷ്കരിക്കുന്നത്. പ്രകൃതിക്ക് വലിപ്പച്ചെറുപ്പത്തെക്കുറിച്ച് അറിവില്ലല്ലോ. തെരുവിലെ തെണ്ടിയുടെ ശ്വാസകോശത്തെ ആക്രമിക്കുന്ന ക്ഷയരോഗാണു തന്നെ പ്രതിഭാശാലിയായ കീറ്റ്സിന്റെ ശ്വാസകോശത്തെയും ആക്രമിക്കുന്നതെന്ന് ഒരു ചിന്തകൻ പറഞ്ഞത് ഞാൻ ഈ കോളത്തിൽ എഴുതിയിരുന്നു. ഇരുപതാം ശതാബ്ദത്തിലെ സമുന്നതനായ തത്ത്വചിന്തകൻ സാർത്ര് വാർദ്ധക്യകാലത്ത് ട്രൗസേഴ്സ് മൂത്രം കൊണ്ട് നനയ്ക്കുമായിരുന്നു (സീമോന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ച് ഓർമ്മയിൽ നിന്നു്). ലോകസംസ്കാരത്തെ വികസിപ്പിച്ച ആ മഹാത്മാവിന്റെ ആ ദൗർബല്യം തന്നെ വധകർത്താവായ ത്രൂഹിയോക്കും വന്നു. പ്രോസ്റ്റേറ്റ് ഗ്ലാൻഡിൽ കാൻസർ വന്ന ആ ജനദ്രോഹിക്ക് അറിയാതെ മൂത്രം ഒഴുകുന്നതു യോസ വർണ്ണിക്കുന്നതു കാണുക: ʻʻHis blood froze; urine was coming out. He felt it, he thought he could see the yellow liquid pouring out of his bladder without asking permission of that useless valve, that dead prostrate incapable of containing it, then moving toward his urethra, running merrily through it and coming out in search of air and light, through his underwear, his fly, the crotch of his trousers. He felt faint.ˮ അറിയാതെ മൂത്രം പോയിട്ടും ത്രൂഹിയോയുടെ ലൈംഗികവികാരം ആളിക്കത്തുന്നു. അയാൾ പ്രഖ്യാപിക്കുന്നു: ʻʻTonight, in Mahogany House, Iʼll make a girl cry out, the way I did twenty years agoˮ യോസ പറയുന്നു: ʻʻIt seemed to him that his testicles were coming to a boil and his penis beginning to stiffen.ˮ

മൂത്രമൊഴുകുന്നതിന്റെ വര്‍ണ്ണന വായിയ്ക്കുമ്പോള്‍ അതാര്‍ക്കുമെഴുതാമെന്നു തോന്നും. ഒന്നു ശ്രമിച്ചു നോക്കൂ. സാധിക്കില്ല. വിദഗ്ദ്ധശില്പിക്കേ ശൈലിയിലൂടെയുള്ള നിര്‍മ്മതിക്കു കഴിയൂ. രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട മനസ്സുള്ള അനുവാചകനു് ഈ നോവര്‍ ലിറ്റററി മാസ്റ്റര്‍പീസാണെന്നു തോന്നാതിരിക്കില്ല. പക്ഷേ ഒന്നു ചൂണ്ടിക്കാണിക്കേണ്ടതുണ്ടു്. നോവലിന്റെ കവറില്‍ ഒരു നിരൂപകന്റെ ഒരു വാക്യം കാണുന്നു. ʻʻThe Feast of Goat will stand out as the great emblematic novel of Latin Americaʼs twentieth century and removes ʻOne Hunded Years of Solitudeʼ of that title.ˮ വിവരമില്ലാത്ത ആരോ എഴുതിയതാണ് ഇതെന്നു കരുതിയാല്‍ മാത്രം മതി. യോസയുടെ നോവലിനെ മാര്‍കേസിന്റെ മാസ്റ്റര്‍പീസിനോടല്ല താരതമ്യപ്പെടുത്തേണ്ടതു്. അദ്ദേഹത്തിന്റെ ʻʻThe Autum of the Patriarchˮ എന്ന ഡിക്ടേറ്റര്‍ നോവലിനോടു് തട്ടിച്ചു നോക്കുന്നതാണു് യുക്തതരം. ആ തട്ടിച്ചു നോക്കലും ശരിയല്ല. ഓരോ നോവലും അതിന്റേതായ സവിശേഷത പ്രദര്‍ശിപ്പിക്കുന്നു. ഒന്നു മറ്റൊന്നിനെക്കാള്‍ മെച്ചമെന്നോ മോശമെന്നോ പറയാവുന്നതല്ല. ഒരു ക്രൂരന്റെ ഭരണക്രമത്തെ അപഗ്രഥിച്ചു് ഡിക്ടേറ്റര്‍ഷിപ്പിനെ നിന്ദിക്കുകയാണു് യോസ. മാര്‍കേസാകട്ടെ ഒരു രാജ്യത്തിന്റേയുെം ആന്തരമായ പൊളിറ്റിക്സിലേക്കു കടക്കാതെ അതിനെ മിത്താക്കി മാറ്റുകയാണു്.

വള്ളിപ്പന്നയ്ക്ക് (ivy എന്നു് ഇംഗ്ലീഷ്) ചിറകുകളില്ലെങ്കിലും അതു് ഒളിച്ചുകയറും, വള്ളിപന്ന മതിലുകളിലൂടെ കയറുന്നതുപോലെ തൂലിക കടലാസ്സിലൂടെ സഞ്ചരിക്കണം (Vincent Van Gogh സഹോദരനു് അയച്ച കത്ത്. No. 95) ക്രൂരതയുടെ ലോകമാണ് നോവലില്‍. അതില്‍ മററുള്ളവര്‍ അറിയാതെ സഞ്ചരിക്കുന്ന മറ്റൊരു കഥയുണ്ട് ഇതില്‍. യുറേനിയ എന്നൊരു സുന്ദരി മുപ്പതു വര്‍ഷം മുമ്പ് ഡമനിക്കല്‍ റിപ്പബ്ളിക് വിട്ടുപോയി. അവള്‍ നോവലിന്റെ കഥ തുടങ്ങുമ്പോള്‍, രോഗിയായിക്കിടക്കുന്ന അച്ഛനെ കാണാന്‍ വരുന്നു. ലൈംഗികപീഡനത്തിനു് നേരത്തെ വിധേയയായിപ്പായ അവളുടെ ആത്മനിവേദനം നോവലിന്റെ മര്‍മ്മസ്പൃക്കായ സംഭവമാണു്. അശ്ലീലതയാര്‍ന്ന സെക്സിന്റെ സ്വഭാവമറിയണമെങ്കില്‍ ഈ നോവല്‍ വായിക്കണം. രാഷ്ട്രവ്യവഹാരത്തിന്റെ അധമതമമായ സ്ഥിതി വിശേഷം അറിയണമെങ്കില്‍ ഈ നോവല്‍ വായിക്കണം. കാവ്യാത്മകമായ ഗുരുത്വത്തോടുകൂടി ഒരു നോവല്‍ വിരാജിക്കുന്നതു് കാണണമെങ്കില്‍ ഇതു വായിക്കണം. (The Feast of the Goat- Marrio Vargas Llosa- Translated from the Spanish by Edith Grossman — Faber and Faber, £ 6.50).

ചോദ്യം, ഉത്തരം

സാമൂഹ്യ പരിഷ്കര്‍ത്താവായാല്‍ നിങ്ങള്‍ ഏതു പരിപാടിയെ പരിഷ്കരിക്കും?

വിവാഹസദ്യയെ. പന്തലിലേക്കു് ആളുകളെ കയറ്റി വിടുന്നതു തൊട്ടു് അപമാനനം നടക്കുന്നു. ഇനി സ്ഥലമില്ല എന്ന മട്ടില്‍ പ്രവേശനസ്ഥലത്തു് ബലിഷ്ഠമായ കൈയെടുത്തുവച്ചു് ഒന്നോ രണ്ടോ പേര്‍ നിന്നെന്നുവരും. സദ്യക്ക് ഇരിക്കാന്‍ പോകുന്നവന്‍ അപ്പോള്‍ത്തന്നെ അപമാനിതനാകും. സദ്യയോ? ഇഞ്ചിക്കറി, മാങ്ങാക്കറി, ഇങ്ങനെ ഏറെക്കറികള്‍ കാക്ക കാഷ്ഠിച്ച മട്ടില്‍ വിളമ്പും. ആരും അതു കൈകൊണ്ടു തൊടില്ല. പിന്നെ അവിയലുണ്ട്. അതു കാക്കക്കാഷ്ഠത്തെക്കാള്‍ വലിപ്പം കുറഞ്ഞമട്ടിലേ വിളമ്പൂ. രണ്ടാമതു് അതു ചോദിക്കാന്‍ അഭിമാനം സമ്മതിക്കില്ല. വധുവിന്റെ അച്ഛനു് നടത്തമുണ്ട് ഉണ്ണുന്നവരുടെ ഇടയില്‍ക്കൂടി. അതും സഹിക്കാന്‍ വയ്യ (സമൂഹ പരിഷ്കര്‍ത്താവു് എന്നേ പറയാവൂ).

രോഗം ഭേദമാക്കുന്ന ഡോക്ടറോടു് നിങ്ങള്‍ക്കു നന്ദിയുണ്ടോ?

ഉണ്ട്. നന്ദി മാത്രമല്ല. സ്നേഹമുണ്ടു്. പക്ഷേ എനിക്കുണ്ടായിരുന്ന രോഗം തന്നെ വേറൊരാളിനു ഉണ്ടായിരുന്നാല്‍ അതു ചികിത്സിച്ചു മാറ്റുന്ന ഡോക്ടറോടു് എനിക്കു് അബോധാത്മകമായ ശത്രുത വരും (എനിക്കു് എന്ന പദത്തില്‍ സാഹിത്യവാരഫലക്കാരനെ പ്രതിഷ്ഠിക്കരുതേ, സാമാന്യപ്രസ്താവം നിര്‍വഹിക്കുകയാണ് ഞാന്‍).

ഗ്രയ്റ്റ്നെസ് — മഹത്ത്വം — ഉള്ള ഒരാധുനിക മലയാള നോവലിന്റെ പേരു്?

പാറപ്പുറത്തിന്റെ ʻഅരനാഴികനേരംʼ എന്ന നോവലില്‍ മഹത്വത്തിന്റെ അംശങ്ങള്‍ ഏറെയുണ്ടു്. മുകുന്ദനെയും മററും വാഴ്ത്തുന്ന തല്‍പരകക്ഷികള്‍ക്ക് ആ മഹത്ത്വാംശങ്ങള്‍ കാണാന്‍ കഴിവില്ല. പാറപ്പുറത്തിനെതന്നെ നമ്മള്‍ വിസ്മരിച്ചുകഴിഞ്ഞു്.

നിങ്ങളുടെ മരണശേഷം സാഹിത്യവാരഫലത്തിന്റെ സ്ഥിതിയെന്താകും?

സാഹിത്യവാരഫലം കൃഷ്ണന്‍നായരുടെ സൃഷ്ടിയല്ല. എസ്.കെ. നായരും വി.ബി.സി. നായരും പറഞ്ഞിട്ടല്ല അയാളത് എഴുതിത്തുടങ്ങിയതു്. സാഹിത്യവാരഫലത്തിലെ ആശയങ്ങള്‍ അന്തരീക്ഷത്തിലുണ്ടു്. കൃഷ്ണന്‍ നായരെത്തേടി അവ വന്നുവെന്നേയുള്ളു. അയാള്‍ മരിച്ചാല്‍ മറ്റൊരാളെ ആ ആശയങ്ങള്‍ തേടിക്കൊള്ളും. ʻʻനിങ്ങളുടെ മരണത്തിന്നു ശേഷംˮ എന്നെഴുതണം. നിങ്ങളുടെ മരണശേഷം എന്നു പറഞ്ഞാല്‍ ʻനിങ്ങളുടെʼ എന്ന പ്രയോഗം അന്വയിക്കുന്നതു് ʻശേഷംʼ എന്ന പ്രയോഗത്തിലായിരിക്കും. ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്സാറിനോടു് ഞാന്‍ ഇതിനെക്കുറിച്ചു് ചോദിച്ചു. അദ്ദേഹം എന്റെ മതം ശരിയാണെന്നു പറഞ്ഞു.

സിഗററ്റ് വലിക്കുന്നതു് നിറുത്തണമെന്ന് പല സ്നേഹിതന്മാരും എന്നോടു് പറയുന്നു. ഞാന്‍ എന്തു ചെയ്യണം?

NO എന്നു് വലിയ അക്ഷരങ്ങളില്‍ എഴുതി പോക്കറ്റില്‍ ഇട്ടുകോള്ളണം. ഉപദേശിക്കാന്‍ വരുന്നവര്‍ക്കു് ആ തുണ്ടെടുത്ത് കാണിച്ചുകൊടുക്കണം. സിഗററ്റ് വലിക്കുന്നത് ഒരു Innocent pleasure മാത്രമാണ്. എണ്ണം കൂടാതിരുന്നാല്‍ മതി.

മലയാളം സിനിമകള്‍ വടക്കേയിന്ത്യയിലും വിദേശങ്ങളിലും പ്രദര്‍ശിപ്പിക്കാത്തതെന്തു്?

വടക്കേയിന്ത്യയില്‍ പല സ്ഥലങ്ങളിലും വച്ചു് ഞാന്‍ മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. കാട്ടുപ്രദേശമായ ചാന്ദയില്‍ ഒരു സിനിമാശാലയില്‍ ഞാന്‍ ചെന്നുകയറിയപ്പോള്‍ മലയാള ചലചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നു. ഞാന്‍ അന്നു് പ്രണാനും കൊണ്ടോടി. Fabrication അതു ഉണ്ടാകുന്ന സ്ഥലത്തു് മാത്രം ഒതുങ്ങി നില്‌ക്കുകില്ല. പല പ്രദേശങ്ങളിലും ചെന്നെത്തും.

കുട്ടിക്കൃഷ്ണമാരാര്‍, എസ്. ഗുപ്തന്‍നായര്‍, ആഷാമേനോന്‍ ഇവരുടെ നിരൂപണരീതികള്‍ വിശദമാക്കാമോ?

കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്തന്‍നായരുടേതു് defensive. ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ച് എനിക്കു പറയാനാവില്ല. മനുഷ്യന് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.ˮ


വേഗം

പതിന്നാലോ പതിനഞ്ചോ വയസ്സുള്ളപ്പോള്‍ കെട്ടുവള്ളത്തില്‍ വൈക്കത്തു നിന്ന് കൊല്ലം വരെ കായലിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യക്കേടു് എനിക്കുണ്ടായി. ഏതോ കള്ളുഷാപ്പുകാരന്റെ കെട്ടുവള്ളം കൊല്ലം വരെ പോകുന്നു. അതില്‍ കയറ്റി അയച്ചു എന്നെ എക്സൈസ് ഇന്‍സ്പെക്ടറായ പിതാവു്. ബോട്ടുകൂലി രണ്ടുരൂപ അങ്ങനെ ലാഭിച്ചു. ഈ ലോകത്തു് ഞാന്‍ ഏററവും വെറുക്കുന്നതു് ബാര്‍ബര്‍ ഷോപ്പാണു്. അവിടത്തെ സവിശേഷമായ വാടയും കത്തിരി ചലിപ്പിക്കുന്നതില്‍ നിന്നുണ്ടാകുന്ന ഒച്ചയും ഷേവ് ചെയ്യാനുള്ള കത്തി തോല്‍ത്തുണ്ടില്‍ തിരിച്ചും മറിച്ചും തേക്കുന്നതില്‍ നിന്നു ജനിക്കുന്ന ശബ്ദവും ലൈംഗികരോഗം പിടിച്ചവനെ പുതപ്പിക്കുന്ന പുതപ്പെടുത്ത് ക്ഷുരകന്‍ എന്നെ മൂടുന്നതില്‍ നിന്നുണ്ടാകുന്ന വെറുപ്പും എനിക്കു് ആലാചിക്കാന്‍ പോലും വയ്യ. ബാര്‍ബര്‍ ഷോപ്പിനെക്കാള്‍ ഞാന്‍ വെറുക്കുന്നതു് കെട്ടുവള്ളത്തിന്റെ ഉള്‍വശമാണു്. ഈര്‍പ്പം, വൃത്തികേടു്, വള്ളമൂന്നുന്നവരുടെ സവിശേഷ ഭാഷ, ദുസ്സഹമായ വാട ഇവയൊക്കെ എനിക്ക് ഇഴജന്തുവിനെ കണ്ടാലുണ്ടാകുന്ന ജൂഗുപ്സ ഉളവാക്കും. കാലത്തു് വള്ളമൂന്നുന്നവര്‍ ചുട്ടെടുക്കുന്ന ദോശ രണ്ടെണ്ണം എനിക്കു തരും. കുറച്ചു കട്ടന്‍കാപ്പിയും. കായലില്‍ നിന്നു് പിടിച്ചെടുക്കുന്ന മീന്‍ തൊലി കളയാതെ കുടമ്പുളി ചേര്‍ത്തു വള്ളക്കാര്‍ വയ്ക്കും. അതു കഴിച്ചാല്‍ ചെറുകടലല്ല, വന്‍കടലും വായില്‍ക്കൂടെ പുറത്തേക്കു പോരും. വള്ളക്കാരന്മാര്‍ പ്രാകിക്കൊണ്ടു തരുന്ന ആ ഭക്ഷണമൊക്കെ എനിക്കു കഴിക്കേണ്ടി വന്നു. ഞാന്‍ പിതാവിനെ ദ്രോഹി എന്നു പല തവണ ഉറക്കെ വിളിച്ചു. എത്ര ദിവസം കൊണ്ടാണെന്നറിയില്ല, വള്ളം കൊല്ലം ജെട്ടിയിലടുത്തപ്പോള്‍ വള്ളക്കാരന്മാരോടു യാത്രപോലും പറയാതെ ഞാന്‍ ബസ് സ്റ്റേയ്ഷനിലേക്കു ഓടി. ഭാഗ്യം കൊണ്ടു് കൊല്ലത്തുനിന്നു് തിരുവനന്തപുരം വരെ എത്താനുള്ള ബസ് ചാര്‍ജ്ജ് അമ്മ തന്നിരുന്നു. എനിക്ക് പിതാവിനോടു വെറുപ്പു തോന്നിയില്ല. ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍ മഹാത്മാഗാന്ധിയെപ്പോലെ പെരുമാറണമെന്നു് ഞാന്‍ വിചാരിക്കുമോ? വിചാരിച്ചാല്‍ ഞാനല്ലേ ആനമണ്ടന്‍‍?

പന്തളം കെ.പി. രാമന്‍പിള്ളയും ഇടപ്പള്ളി രാഘവന്‍ പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഒരുമിച്ചുകൂടി വര്‍ത്തമാനത്തില്‍ രസിച്ചു ഇരിക്കുകയായിരുന്നു. രാഘവന്‍പിള്ള നേരമ്പോക്കിനു വേണ്ടി പറഞ്ഞു: ʻʻചങ്ങമ്പുഴയ്ക്കു മനോഹരങ്ങളായ പദങ്ങളൊടു വലിയ കമ്പമാണു്. കാശി കുളിക്കടവില്‍ ഒരു മധുരപദമിരിക്കുന്നുവെന്നു് അറിഞ്ഞാല്‍ ചങ്ങമ്പുഴ അതെടുത്തു കൊണ്ടുവരാന്‍ അങ്ങോട്ടേയ്ക്കു പോകും.ˮ ഇടപ്പള്ളി രാഘവന്‍പിള്ള പറഞ്ഞതു് സത്യമാണു്. കേള്‍ക്കാനുള്ള സുഖത്തെക്കരുതി എത്രയെത്ര അര്‍ത്ഥരഹിതങ്ങളായ വാക്കുകളാണു് — മധുരപദളങ്ങളാണ് — ചങ്ങമ്പുഴ പ്രയോഗിച്ചതു്! ഓരോ വ്യക്തിക്കും സ്വന്തമായ പ്രവര്‍ത്തനപഥമുണ്ട്. അതിനോടു യോജിച്ച വാക്കുകളേ അയാളില്‍ നിന്നുണ്ടാകൂ. മൂന്നുപേരും നല്ല കവികള്‍. ഒരു കവി വേറൊരു കവിയെ പരിഹസിക്കുന്നതു് തനിക്കു വശമുള്ള ഭാഷയിലൂടെ. ഞാന്‍ തിരുവനന്തപുരത്തെ സയന്‍സ് കോളേജില്‍ പഠിക്കുന്ന കാലത്തു് കെമിസ്ത്രി ക്ലാസ്സില്‍ ഒരു കൃഷ്ണന്‍കുട്ടിനായരും പില്ക്കാലത്തു് ചീഫ് സെക്രട്ടറിയായ എസ്. അന്തകൃഷ്ണനും അടുത്തടുത്തു് ഇരിക്കും. സാറ് കെമിക്കല്‍ റിയാക്‍ഷന്‍ പഠിപ്പിക്കുകയാരിക്കും. $\rm 2H_2 + O_2 \longrightarrow 2H_2O$ എന്നു പറഞ്ഞു് വിശദീകരണം നടത്തുമ്പോള്‍ ഞങ്ങള്‍ മൂന്നുപേരും മറ്റു കാര്യങ്ങളെക്കുറിച്ചു് സംസാരിക്കുകയായിരിക്കും. അപ്പോൾ സാറ് ʻʻഎന്താണ് മൂന്നുപേര്‍ക്കും കെമിക്കല്‍ ബോണ്ട്?ˮ എന്നു ചോദിക്കും. നേരെ മറിച്ചു് ഫിസിക്സ് അധ്യാപകന്‍ ʻʻWhat is the force acting on you?ˮ എന്നാവും ചോദിക്കുക. സാഹിത്യത്തില്‍ തല്‍പരനായ എനിക്കു സ്വാഭാവികമായും പ്രകൃതിദൃശ്യങ്ങളിലാവും കൌതുകം. അതുകൊണ്ടു് അലൈനില്‍ നിന്നു കൂട്ടുകാരോടൊരുമിച്ചു് ആബുദാബിയിലേക്കു ഞാന്‍ പോയപ്പോള്‍ മണല്‍ക്കാട്ടില്‍ ഒട്ടകം നീങ്ങുന്നതു കണ്ടു് ഇംഗ്ലീഷ് കവി George Sandys-നോടൊപ്പം What a majestic ship of the desert എ​ന്നു ഞാന്‍ പറഞ്ഞു പോയി (Camels. There are ships of Arabia, their seas are the desert — George Sandys). എനിക്കു പകരം ജന്തുശാസ്ത്രജ്ഞനാണു് ഒട്ടകത്തെ കണ്ടതെങ്കില്‍ Camelus dromedarius എന്നു പറഞ്ഞേനേ. അതിസുന്ദരമായി ഇംഗ്ലീഷ് ഗദ്യമെഴുതുന്ന ഈ.വി. ലൂകാസിന്റെ ʻഫെലോ ട്രാവലര്‍ʼ എന്ന പ്രബന്ധം വായിച്ചു ഓര്‍മ്മയുണ്ടെനിക്കു്. 1939-ല്‍ ഞാന്‍ വായിച്ച ആ ʻഎസേʼയില്‍ എല്ലാ ആപ്പീസുകളിലും നിന്നു് യാത്ര തുടരുന്ന തീവണ്ടിയെ infinetely leusurely train എന്നു വിശേഷിപ്പിച്ചിട്ടുണ്ട് (ഓര്‍മ്മ). അങ്ങനെയുള്ള കാറിലോ തീവണ്ടിയിലോ എനിക്കു സഞ്ചരിക്കേണ്ടി വന്നാല്‍ ഇതു തന്നെയാണ് ʻഇറ്റേണിററിʼ (നിത്യത) എന്നു് ഞാന്‍ പറയും. പക്ഷേ അലൈനില്‍ നിന്നു് ആബുദാബിയിലേക്കുള്ള യാത്ര പറക്കുന്നതുപോലെയായിരുന്നു. ഒരുപാടു് ദൂരമുണ്ടു് ആബുദാബിയിലേക്കു്. അതുകൊണ്ടു ഒരു ചേതവുമില്ല. മണിക്കൂറില്‍ കുറഞ്ഞതു് നൂറുമൈല്‍ വേഗത്തില്‍ കാറില്‍ സഞ്ചരിച്ച ഞങ്ങള്‍ ഹ്രസ്വസമയം കൊണ്ടു് ആ നഗരത്തിലെത്തി.

ഈ വേഗം എനിക്കു് അനുഭവപ്പെടുത്തിത്തരുന്നു. ടി.എന്‍ ഗോപകുമാര്‍ മലയാളം വാരികയിലെഴുതിയ ʻʻഗുജറാത്ത് 2002ˮ എന്ന കഥ. കാറിന്റെ വേഗത്തെയും അതിശയിക്കുന്ന വേഗമുണ്ടു് ഇതിന്റെ ആഖ്യാനത്തിനു്. ഗുജറാത്തില്‍ കലാപമുണ്ടായപ്പാള്‍ ഒരു പെണ്‍കുട്ടി ബലാസംഗം ചെയ്യപ്പെട്ടു. പലരും ചേര്‍ന്നാണു് ആ കൃത്യം നടത്തിയത്. തീവണ്ടിയില്‍ കയറിയ അവള്‍ റ്റിക്കറ്റില്ലാത്തതുകാണ്ടാവണം അതില്‍ നിന്നു ഗളഹസ്തം ചെയ്യപ്പെട്ടു. പിന്നീടു് നമ്മള്‍ അവളെക്കാണുന്നതു് ഒരു പൊലിസ് സ്റ്റേഷനിലാണു്. ഇന്‍സ്പെക്ടര്‍ അവളോടു കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കിയിട്ടു് അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. തയ്യലുകളിട്ടു. അന്നുരാത്രി ഇന്‍സ്പേക്ടര്‍ ജോലി രാജിവയ്ക്കുവാന്‍ തീരുമാനിച്ചു. നേരം വെളുത്തപ്പോള്‍ തീരുമാനം മാററി, ജോലിക്കു പോയി. ആഖ്യാനത്തിന്റെ വേഗം കൊണ്ടു് കഥാകാരന്‍ ബലാത്സംഗത്തിന്റെ ക്രൂരതയും യുവതിയുടെ ദയനീയതയും അഭിവ്യഞ്ജിപ്പിക്കുന്നുണ്ടെങ്കിലും, പിരിമുറുക്കം അനുവാചകനെക്കൊണ്ട് അനുഭവിപ്പിക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ സര്‍വസാധാരണത്വം കഥയ്ക്കു ഒറിജിനാലിററി നല്കുന്നില്ല. പ്രധാന കഥാപാത്രത്തിന്റെ മാനസികസ്ഥിതിക്കു് അനുരൂപമായിരിക്കുന്നില്ല കഥയുടെ പര്യവസാനം. തയ്യലുകളിട്ടു് അവള്‍ കുറെദിവസം ആശുപത്രിയില്‍ കിടക്കുമായിരിക്കും. ഡോക്ടര്‍ ഒരു ദിവസം അവളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമായിക്കും. അവള്‍ വളരെക്കാലം ആശുപത്രിയില്‍ കിടന്നാലും ഉടനെ ഡിസ്ചാര്‍ജ്ജ് വാങ്ങിപ്പോയാലും വായനക്കാരനു് ഒന്നുമില്ല. അതുപോലെയാണു് കഥയുടെ പര്യവസാനം അലൈനില്‍ നിന്നു് വേഗത്തില്‍ പോയതു് ആബുദാബിയിൽ എത്താനാണു്. ഇക്കഥയുടെ വേഗം ഒരു പ്രയോജനവും ചെയ്യുന്നില്ല. ശൂന്യസ്ഥലത്തു് ചെന്നുനില്‌ക്കുന്നു വായനക്കാരൻ. മണൽക്കാട്ടിലൂടെ യാത്രചെയ്തപ്പോൾ അതിന്റെ മധ്യത്തിൽ ഒരു ഷെഡ് കണ്ടു. ചായക്കട. കയറി. ഉടമസ്ഥനോടു് ഞാൻ ഇംഗ്ലീഷില്‍ പറഞ്ഞു: ʻʻPlease let me have a cup of teaˮ. ഉടനെ അയാള്‍ ʻʻകൃഷ്ണന്‍നായര്‍ സാറേ, എന്നോടെന്തിനു് സായ്പിന്റെ ഭാഷ. സാറിനെ ഞാന്‍ അറിയില്ലേ?ˮ എന്നു് ചോദിച്ചു. അപ്രതീക്ഷിതമായതു് കണ്ടാൽ അദ്ഭുതമുണ്ടാകും. ഒട്ടകവും മണൽക്കാടും ചായക്കടയും മലയാളമറിയാവുന്ന ഉടമസ്ഥനും എല്ലാം അപ്രതീക്ഷിതങ്ങൾ. ഇതുപോലെ അപ്രതീക്ഷിതമായവ കഥകളിൽ നിന്നുണ്ടാവണം. അല്ലെങ്കിൽ അവ കഥകളല്ല. ഗോപകുമാറിന്റെ രചന സാഹിത്യമല്ല.

പല കാര്യങ്ങൾ

ഫ്രേയാ സ്റ്റാർക്കിന്റെ (Freya Stark) യാത്രാവിവരണങ്ങളും ആത്മകഥയും നിസ്തുലങ്ങളാണ്‌. അവ വായിച്ചിട്ടില്ലാത്തവര്‍ സാഹിത്യത്തിന്റെ ഭംഗി സമ്പൂര്‍‌ണമായി കണ്ടവരല്ല. നാലു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ അവരുടെ ആത്മകഥയില്‍ ഇങ്ങനെയൊരു പ്രസ്താവം:

  1. ബേനേദേതാ ക്രോചെ (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന്‍ പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും. എന്നാൽ ഇനിപ്പറയുന്ന സംഭവത്തിൽ ധിഷണാവിലാസമുണ്ടെങ്കിലും വിശുദ്ധിയില്ല. വിഖ്യാതനായ ഒരു വ്യക്തിയോടുകൂടി ഞാൻ വടക്കൊരു സമ്മേളനത്തിനു പോയി. ആ വ്യക്തിയെ അല്പമെങ്കിലും നീരസപ്പെടുത്തിയാൽ അതു ചെയ്യുന്ന ആളിനെ അദ്ദേഹം കൊല്ലാക്കൊല ചെയ്തുകളയും. നീരസപ്പെടുത്തിയില്ലെങ്കിൽ പ്രശംസയുടെ മട്ടിൽ എന്തെങ്കിലും പറയുകയേയുള്ളു. സമ്മേളനത്തിന്റെ സ്വാഗത പ്രഭാഷകന്‍ എങ്ങനെയോ നാട്ടുകാരുടെ തല്ലു് മേടിച്ചു. സ്വാഗതമാശംസിക്കുന്ന വേളയിൽ അയാൾ ഞാൻ പറഞ്ഞ വ്യക്തിയെ അല്പമൊന്നു നോവിച്ചു. ആ പ്രഭാഷകൻ സംസ്കൃതത്തിലെ തത് ശബ്ദത്തെ തൽ എന്നാക്കിപ്പറഞ്ഞു. ഒരിക്കലല്ല പല തവണ അതുണ്ടായി. ഉപസംഹാരപ്രഭാഷണത്തിനു് ഞാൻ പറഞ്ഞ വ്യക്തി എഴുന്നേറ്റു. കൃഷ്ണപിള്ള തത് ശബ്ദത്തെ തൽ എന്നാക്കിയത് നിങ്ങളൊക്കെ കേട്ടിരിക്കുമല്ലോ. അദ്ദേഹത്തിന് ഈ തല്ലു് എവിടെനിന്ന് കിട്ടിയെന്നതു എനിക്കറിഞ്ഞുകൂടാ. സദസ്സിന്റെ കരഘോഷം. പൊട്ടിച്ചിരി. സ്വാഗതപ്രഭാഷകൻ ബോധം കെട്ടില്ല എന്നേയുള്ളു. ഇവിടെ പ്രത്യുൽപ്പന്നമതിത്വമുണ്ട്. പക്ഷെ വിശുദ്ധിയില്ല. പ്രത്യുൽപ്പന്നമതിത്വം വിശുദ്ധിയോടു കലർന്നു വന്നാലേ നല്ലയാളുകളുടെ ആദരം നേടൂ.
  2. ഭൂമിയിലെ അവസാന ദിവസത്തെ Last Judgement day എന്നു വിളിക്കുന്നു. ആ ദിവസത്തെക്കുറിച്ചു് വിശുദ്ധ നബിയോടു ചില മുസ്ലീങ്ങൾ ചോദിച്ചതിനെക്കുറിച്ചു് ഫ്രേയാ സ്റ്റാര്‍ക്ക് ആത്മകഥയില്‍ പറയുന്നുണ്ടു്. Day of judgement അടുത്തോ എന്ന് അങ്ങനെ അറിയാമെന്നു് അവര്‍ പ്രവാചകനോടു ചോദിച്ചു. ʻʻBy the fact that the reins of government are in the hands of the lowest of the lowˮ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ പ്രസ്താവത്തെ അവലംബിച്ചു് നമുക്കു അസന്ദിഗ്ദ്ധമായി പറയാം ഇന്ത്യയിലെ പല സ്റ്റെയ്റ്റുകളിലും Day of Judgement വരാറായിയെന്നു്.
  3. ഒര്‍ടേഗ ഈ ഗാസറ്റിന്റെ Dehumanization of Art എന്ന പ്രബന്ധം ഓര്‍മ്മയിലെത്തുന്നു. ജന്നലിലെ കണ്ണാടിയിലൂടെ നോക്കിയാല്‍ തൊട്ടപ്പുറത്തുള്ള പൂന്തോട്ടം കാണാം. കണ്ണിലെ ലെന്‍സിന്‌ ഒരഡ്ജസ്റ്റ്മെന്റ് വരുത്തിയാല്‍ ജന്നലിലെ കണ്ണാടി മാത്രമേ കാണൂ. അതുപോലെ ഏത് കലാസൃഷ്ടിയും ആസ്വദിക്കാം ആസ്വദിക്കാതിരിക്കാം. അഭിരുചിയെന്ന ലെന്‍സിന്റെ അഡ്ജസ്റ്റ്മെന്റിനെ ആശ്രയിച്ചിരിക്കും അതു്. എന്നാല്‍ അല്പം വിഭിന്നമായി പറയുന്നു ഒസ്‌കര്‍ വൈല്‍ഡ്. നല്ല ഗദ്യം ജന്നലിലെ കണ്ണാടിപോലെയാണു്. അതിലൂടെ നോക്കിയാല്‍ സത്യം മാത്രം കാണാം. സത്യമല്ലാതെ വേറൊന്നും കാണുകയുമില്ല. ഏത് സം‌വിധാനം നേത്രകാചത്തിന് വരുത്തിയാലും ശോഭാ വരിയര്‍ ദേശാഭിമാനി വാരികയിലെഴുതിയ ʻചിത്രശലഭംʼ എന്നതു് കഥയുമല്ല, സാഹിത്യവുമല്ല. നല്ല ഗദ്യം പോലുമല്ല. സുല്‍ഫി എന്നൊരു പെണ്ണിനെയും അവളുടെ കമല മുത്തശ്ശിയെയും കഥയില്‍ കൊണ്ടുവന്നിട്ടു് കൃത്രിമമായി എന്തോ പറയുന്നു ശോഭാ വാര്യര്‍. തന്നെ അഭിസംബോധന ചെയ്തുകൊണ്ടു് പെണ്ണ് പ്രസ്താവിക്കുന്നു. താന്‍ ചിത്രശലഭമാണെന്നു്. ദുര്‍ഗ്രഹതയേറിയ രചന. അര്‍ത്ഥരഹിതമായ രചനയെന്നും പറയാം. വര്‍ഷങ്ങള്‍ക്കുമുന്‍പ് മാധവിക്കുട്ടി എന്നോടു ചോദിച്ചു ശോഭയുടെ കഥകളെക്കുറിച്ച് പ്രതികൂലമായി എഴുതുന്നതെന്തിനെന്ന്. ശ്രീമതിയോടുള്ള ബഹുമാനം കൊണ്ടു് ഞാന്‍ ഒരു വാക്യം പോലും മറുപടിയായി പറഞ്ഞില്ല. മാധവിക്കുട്ടി ശോഭാ വാരിയരുടെ ഈ രചനാവൈരൂപ്യത്തില്‍ ഒന്നു കണ്ണോടിക്കട്ടെ. ഇതെഴുതുന്ന ആള്‍ എന്തിന് പ്രതികൂലമായി എഴുതുന്നുവെന്ന സത്യം മനസ്സിലാക്കാം. തിരുവനന്തപുരത്തു് ചിലര്‍ വീടുകള്‍ നിര്‍മ്മിച്ച് ജന്നലുകളില്‍ കണ്ണാടിയിടും. വീട്ടിനകത്തു നിന്നു നോക്കിയാല്‍ വീട്ടിനു് പുറത്തുള്ളവയെല്ലാം സ്പഷ്ടമായി കാണാം. പുറത്തുള്ളവര്‍ക്കു് ആ ജന്നല്‍ ക്കണ്ണാടിയിലൂടെ വീട്ടിനകത്തുള്ളതൊന്നും കാണാന്‍ പറ്റില്ല. അതുപോലെ ശോഭാ വാരിയര്‍ ഞാന്‍ ഈ രചനകൊണ്ടു് ഇതാണുദ്ദേശിച്ചതെന്നു് പറയുമായിരിക്കും. പക്ഷേ കണ്ണാടിയുടെ അർദ്ധസുതാര്യാവസ്ഥകൊണ്ടു് അനുവാചകർക്കു് ഒന്നും കാണാൻ കഴിയുന്നില്ലെന്നു നമുക്കു് പറയാനേ പറ്റൂ.
  4. ഒന്നിലും ക്ഷോഭിക്കാത്ത ആളാണു് ഡോക്ടർ കെ.എം. ജോർജ്ജ്. അദ്ദേഹം വിമർശിക്കുമ്പോഴും സംസ്കാരഭദ്രമായ ഭാഷയേ പ്രയോഗിക്കു. വർഷങ്ങൾക്കുമുൻപു് അദ്ദേഹം, വിഷ്ണുനാരായണൻ നമ്പൂതിരി, വേറെ ചിലർ ഇവരോടു ഒരുമിച്ചു് ഞാൻ വെട്ടൂർ രാമനായരുടെ അഭ്യർത്ഥനയനുസരിച്ചു് പാലായിൽ ഒരു വായശാലയുടെ വാർഷികാഘോഷത്തിനു പോയി. തിരിച്ചു പോരുമ്പോൾ കൊട്ടാരക്കരയിൽ ചായ കുടിക്കാനിറങ്ങി. വീണ്ടും കാറിൽ കയറിയപ്പോൾ പിറകിലത്തെ സീറ്റിലിരുന്ന ഞങ്ങൾക്കു ഞെരുക്കം. കെ.എം. ജോർജ്ജ് മന്ദസ്മിതത്തോടുകൂടിപ്പറഞ്ഞു. ചായ കുടിച്ചതിനുശേഷം നമ്മുടെ കൃഷ്ണൻ നായർക്കു ലേശം വണ്ണം കൂടിയെന്നു തോന്നുന്നു. ഞാൻ ഒതുങ്ങിയിരുന്നു. ഇതാണു് കെ.എം. ജോർജ്ജിന്റെ രീതിയും സംഭാഷണവും.