സാഹിത്യവാരഫലം 2002 05 24
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 2002 05 24 |
മുൻലക്കം | 2002 05 17 |
പിൻലക്കം | 2002 05 31 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
മേ മാസം 6-ആം തീയതിയിലെ ന്യൂസ് വീക്കിലെ ʻIs Magical Realism Deadʼ എന്ന ലേഖനം സാഹിത്യവൃത്തങ്ങളില്‍ വൈകാരിക വിക്ഷോഭം ഉളവാക്കിയിരിക്കുന്നു. മാജിക് റിയലിസത്തിന്റെ ഉദ്ഘോഷകനായ മാര്‍കേസും അദ്ദേഹത്തിന്റെ ആ പ്രസ്ഥാനവും അപ്രത്യക്ഷമായിക്കഴിഞ്ഞു അല്ലെങ്കില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നു് സമര്‍ത്ഥിക്കാന്‍ യത്നിക്കുന്ന പ്രബന്ധമാണതു്. വിശ്വസനീയവും യഥാതഥവുമായ റിപോര്ടിങ്ങിന്റെ അടുത്തായി ഭ്രമകല്പനകള് വച്ചാണു് മാജിക് റിയലിസം നിര്‍മ്മിക്കുന്നതു്. മാര്‍കേസിന്റെ ʻOne Hundred Years of Solitudeʼ എന്ന നോവലില്‍ അന്തരീക്ഷത്തിലേക്കു തനിയെ ഉയരുന്ന പുരോഹിതന്മാരുണ്ടു്. സ്വര്‍ഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയുണ്ടു്. അനേകം വര്‍ഷങ്ങള്‍ നില്‍ക്കാതെ പെയ്യുന്ന മഴയുമുണ്ടു്. തെക്കേയമേരിക്കയുടെ യാഥാതഥ്യത്തെ അനുവാചകര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ വെറും റിയലിസം പോരെന്ന വിശ്വാസത്തില്‍ നിന്നാണു് മാജിക് റിയലിസത്തിന്റെ ജനനം. കലയുളവാക്കുന്ന വിശ്വാസത്തോടുകൂടി ഈ ʻമാന്ത്രിക യാഥാര്‍ത്ഥ്യംʼ ചിത്രീകരിച്ചാല്‍ ജനത അതംഗീകരിക്കുമെന്ന് മാര്‍കേസ് പ്രഖ്യാപിച്ചിട്ടുണ്ടു്.
ഫൂഗുത് (Fuguet) എന്ന എഴുത്തുകാരനും കൂട്ടുകാരും ഉദ്ഘാടനം ചെയ്ത മക്ഒന്‍ദോ (Mc Ondo) എന്ന നൂതന പ്രസ്ഥാനമാണത്രേ മാര്‍കേസിന്റെ മാജിക് റിയലിസത്തിനു് നേരേ വെല്ലുവിളി നടത്തുന്നതു്. മാര്‍കേസ് ʻOne Hundred Years of Solitudeʼ എന്ന നോവലിലൂടെ 1970-ല്‍ പ്രചരിപ്പിച്ച മാജിക് റിയലിസത്തിനുശേഷം ലോകത്തു് പല പരിവര്‍ത്തനങ്ങള്‍ വന്നുവെന്നു ʻന്യൂസ്വീക്ക് ലേഖകന്‍ പറയുന്നു. ആ നോവലില്‍ മാകോന്ദോ എന്ന സാങ്കല്പിക നഗരത്തിന്റെ (Macondo) ഉദ്ഭവവും നാശവുമാണു് നോവലിസ്റ്റ് ചിത്രീകരിക്കുന്നതു്. ബ്വേന്ദീയാ (Buendia) കുടുംബം 1820-ല്‍ രൂപം കൊടുത്ത ആ നഗരം 1920 വരെ വിരാജിച്ചു. 1920-ല്‍ ഉണ്ടായ കൊടുങ്കാറ്റ് അതിനെ നശിപ്പിക്കുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. ഇവിടെയാണു് സ്വേച്ഛാധിപതികള്‍ മരിക്കാതെ അഴുകുന്നതു്, കൃഷിക്കാര്‍ പ്രേതങ്ങളുമായി സമ്പര്ക്കത്തിലേര്പ്പെടുന്നതു്. ഫൂഗൂതിന്റെ പുതിയ പ്രസ്ഥാനം 1996-ല്‍ രൂപവത്കരിക്കപ്പെട്ടു. മുപ്പത്തിയഞ്ചു വയസ്സിനു താഴെയുള്ള പതിനെട്ടു എഴുത്തുകാര്‍ മക്ഒന്‍ദോ എന്ന പേരില്‍ ഒരു കഥാസമാഹാരം പ്രസാധനം ചെയ്തപ്പോള്‍ ഈ പ്രസ്ഥാനം ആവിര്ഭവിച്ചുവെന്നാണു് ലേഖകന്‍ പറയുന്നതു്. ഇപ്പോള്‍ അവര്‍ മക്ഒന്‍ദോ എഴുത്തുകാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇവര്‍ ആവിര്ഭവിച്ചപ്പോള് മാജിക് റിയലിസത്തിന്റെ മാജിക് ഇല്ലാതെയായി. ʻʻMc Ondo slammed the door on magical realismˮ എന്നു് പ്രബന്ധത്തില്‍ മാര്‍കേസ് ചിത്രീകരിച്ച ലാറ്റിന്‍ അമേരിക്കയെക്കാള്‍ സത്യാത്മകമാണു് മക്ഒന്‍ദോ കൃതികളിലെ ലാറ്റിനമേരിക്കയെന്നു് ആ എഴുത്തുകാര്‍ വാദിക്കുന്നു.
മാര്‍കേസ് നോവലെഴുതുന്ന കാലത്തെ ലാറ്റിനമേരിക്കയല്ല ഇന്നത്തെ ലാറ്റിനമേരിക്കയെന്നും അതു സമ്പൂര്‍ണ്ണമായി അധുനികീകരിക്കപ്പെട്ടുവെന്നുമാണു് മക്ഒന്ദോയുടെ വാദം. കൂടാതെ മാജിക് റിയലിസം ഉറങ്ങുന്ന, അപ്രത്യക്ഷമാകുന്ന ഒരു ലോകത്തെയാണു് ആവിഷ്കരിച്ചതെന്നും അതിനു് ഇന്നു സത്യാത്മകതയില്ലെന്നും മക്ഒന്‍ദോ പറയുന്നു. ബ്വേന്‍ദിയ കുടുംബത്തിലെ പ്രായംകൂടിയ ഒരംഗം മരിക്കുമ്പോള്‍ മഞ്ഞപ്പൂക്കളുടെ പതനം അന്തരീക്ഷത്തില്‍ നിന്നു് ഉണ്ടായിയെന്നും അതു തെരുവുകളെയാകെ ആവരണം ചെയ്തുവെന്നും മാര്‍കേസ് പറയുന്നു. അയാളുടെ ചോര വീട്ടില്‍ നിന്നു് നൂലുപോലെ റോഡിലൂടെ ഒഴുകിയെന്നും വളവുകളിലൂടെ തെറ്റാതെ അതു പ്രവഹിച്ചെന്നും മരിച്ചയാളിന്റെ അമ്മയുടെ അടുക്കളയില്‍ ചെന്നുവെന്നും നോവലില്‍ കാണുന്നു. ആ അമ്മയാകട്ടെ അപ്പോള്‍ മുപ്പത്തിയാറു മുട്ടകള്‍ ഉടച്ച് റൊട്ടിയുണ്ടാക്കാന്‍ ഭാവിക്കുകയയായിരുന്നു. ഈ സംഭവത്തിലെ നിദ്രാവസ്ഥ ഇന്നത്തെ ഉണര്‍ന്ന അവസ്ഥയ്ക്കു് യോജിക്കുന്നില്ലെന്നു് മക്ഒന്‍ദോ പ്രഖ്യാപിക്കുന്നു. മാജിക് റിയലിസത്തിന്റെ ജനനത്തിനു് കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നു അപ്രത്യക്ഷങ്ങളായരിക്കുന്നതിനാല് ആ പ്രസ്ഥാനവും അപ്രത്യക്ഷമായി എന്നാണു് മക്ഒന്ദോയുടെ പ്രഖ്യാപം ഈ നൂതനത്വം ജനസമ്മതി നേടിയിട്ടുണ്ടെങ്കിലും ലോകമാകെയുള്ള മാജിക് റിയലിസത്തിന്റെ ആകര്ഷകത്വത്തിനു് ന്യൂനത സംഭവിക്കാനിടയില്ല എന്നും മക്ഒന്‍ദോ സമ്മതിക്കുന്നു.
ഇവിടെ ഒരു കാര്യം മക്ഒന്‍ദോ കരുതിക്കൂട്ടി വിസ്മരിക്കുകയാണു്. മാര്‍കേസിന്റെ നോവല്‍ ലാറ്റിനമേരിക്കയുടെ പരിധികളില്‍ ഒതുങ്ങിനില്ക്കാത്ത അസാധാരണമായ കൃതിയാണു്. ടോള്‍സ്റ്റോയിയുടെ ʻവാര് ആന്‍ഡ് പീസ്, ʻഅന്നാകരേനിനʼ ഇവയെപ്പോലെ, ജോയിസിന്റെ ʻയുലിസ്യിസിനെ (Ulysses)പ്പോലെ World text ആണു്. ʻയുലിസ്യിസിനു് ഐറിഷ് നോവല്‍ എന്ന പേരു് അസംബന്ധമായിരിക്കുന്നതുപോലെ മാര്‍കേസിന്റെ നോവലിനു് കൊളംബിയന്‍ നോവല്‍ എന്ന പേരും അസംബന്ധമത്രേ! ʻമോബിഡിക്ക്, ദ് മാന്‍ വിത്തൗട്ട് ക്വാളിറ്റിസ് (മ്യൂസിലെഴുതിയതു്) ഇവ രണ്ടും വെറും നോവലുകളല്ല. മാര്‍കേസിന്റെ കൃതിപോലെ അവയും World texts-ആണു്. ദേശമോ രാഷ്ട്രമോ അത്തരം കൃതികള്‍ക്കു് പരിധി കല്പിക്കുന്നില്ല. ലോകത്തിനാകെ അപ്രമേയ പ്രഭാവമുണ്ടല്ലോ. ആ പ്രഭാവമാണു് world texts-നുമുള്ളതു്. അതു് നശിക്കുകയില്ല. നശിക്കുമെന്നു് കരുതുന്നതു് ശുദ്ധമായ മണ്ടത്തരം. മാജിക് റിയലിസമെന്നതു് ഒരാവിഷ്കാരശൈലിമാത്രം. അതിനുള്ള ആകര്‍ഷകത്വം പൊയ്പോയി എന്ന വാദവും ബുദ്ധിശൂന്യത. ന്യൂസ് വീക്കിലെ ലേഖനത്തിനു് മറുപടിയായി വേറൊരു ലേഖനവും ആ വാരികയില്‍ത്തന്നെ കാണാം. അതു് എഴുതിയ വില്യം കെന്നഡി മാര്‍കേസിനെ കണ്ടപ്പോള്‍ അവര്‍ നോവലിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു. സംഭാഷണത്തിനിടയ്ക്കു് മാര്‍കേസ് പറഞ്ഞു:- ʻʻനോവല്‍ മരിച്ചെന്നു് പറഞ്ഞാല്‍ നോവലല്ല മരിച്ചതു്. അതു പറയുന്ന നിങ്ങളാണു്ˮ കെന്നഡി മാര്‍കേസിന്റെ ഈ മതത്തോടു യോജിച്ചുകൊണ്ടു് എഴുതുന്നു: മക്ഒന്‍ദോ എന്ന പിടിവാദക്കാരന് സ്വന്തം നാഡി (pulse) പിടിച്ചു നോക്കേണ്ടിയിരിക്കുന്നു.
ബീഭത്സം
നിര്‍മ്മലങ്ങളായ കാട്ടുപാതകളുണ്ടു്. അരികുകളില്‍ നില്ക്കുന്ന മരങ്ങളില്‍ നിന്നു് ഇലകള്‍ അവയില്‍ വീഴുന്നതു് സാധാരണമാണു്. ആദ്യമായി ഒരില വീഴുന്നു. പിന്നീടു് പല ഇലകള്‍. ഇങ്ങനെ ജീര്ണ്ണപത്രങ്ങള് വീണുവീണു് പാത മെത്തപോലെയാവുന്നു. രണ്ടടി കനമാര്‍ന്ന പത്രശയ്യകള് ഞാന്‍ കണ്ടിട്ടുണ്ടു്. ആദ്യം വീണ ഇലയുടെ സ്വഭാവം അതു കാണാന്‍ വയ്യാത്ത നമുക്കു് അറിയാന്‍ പാടില്ല. മനുഷ്യബുദ്ധി ഈ പാത പോലെയാണു്. ഒരു ഗ്രന്ഥം വായിക്കുന്നു. അതു ബുദ്ധിമാര്ഗ്ഗത്തില് പതിക്കുന്നു. പിന്നീടു് വായിക്കുന്ന പുസ്തകങ്ങള്‍ ഒന്നിനു മേലെ മേലെ വീഴുന്നു അതിനാല്‍ ആദ്യം പതിച്ച ഗ്രന്ഥത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ വയ്യ. അതിന്റെ ഓര്‍മ്മയും അവ്യക്തം. 1950-നു് അടുപ്പിച്ച ഏതോ വര്‍ഷത്തിലാണു് ഞാന്‍ ഇംഗ്ലീഷ് കഥാകാരനായ ഡബ്ല്യൂ.ഡബ്ല്യൂ. ജേക്കബ്സിന്റെ ʻʻThe Monkeyʼs Pawˮ എന്ന ചെറുകഥ വായിച്ചതു്. (പിന്നീടു് അതിന്റെ നാടകരൂപവും വായിച്ചു) കുരങ്ങിന്റെ ചുക്കിച്ചുളിഞ്ഞ പാദം ഒരു കുടുംബത്തിനു കിട്ടുന്നു. അതിനു് അത്ഭുതജനകമായ മാന്ത്രികസ്വഭാവമുണ്ടു്: മൂന്നു ആഗ്രഹങ്ങള്‍ക്കു് അതിന്റെ സഹായത്താല്‍ സാഫല്യമുണ്ടാകും. ഇത്രയും വസ്തുതകള്‍ സ്പഷ്ടം. ഇനിയുള്ള ഓര്‍മ്മകള്‍ മറ്റു ഗ്രന്ഥപത്രങ്ങളുടെ പതനംകൊണ്ടു് അസ്പഷ്ടങ്ങള് കുടുംബത്തിനു് ഇന്‍ഷ്വറന്‍സ് തവണയോ മറ്റോ അടയ്ക്കാന്‍ പണം വേണം ഏതോ കുടുംബാംഗം നിര്‍ദ്ദേശിച്ചതനുസരിച്ചു് ഗൃഹനായകന് കരങ്ങിന് പാദമെടുത്തു് ആദ്യത്തെ ആഗ്രഹം പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ഫാക്ടറിയില്‍ ജോലിക്കുപോയ മകന് യന്ത്രത്തിനിടയില്പെട്ടു മരിച്ചുവെന്നു് കുടുംബത്തിനു് അറിവു കിട്ടി. സ്വല്പംകൂടി സമയം കഴിഞ്ഞു. മകന്റെ മരണത്തിനു ʻകോംപെന്സേഷനാʼയി (ക്ഷതിപൂരകമായി) ഇരുന്നൂറു പവന് കമ്പനി കൊടുത്തയച്ചു. ദിവസങ്ങള്‍ക്കുശേഷം ഒരു കുടുംബാംഗത്തിന്റെ പ്രേരണയനുസരിച്ചു് ഗൃഹനായകന് കുരങ്ങിന് പാദമെടുത്തു് ʻമകന് ജീവിച്ചു വരേണമേʼ എന്ന അഭിലാഷം വാക്കുകളിലൂടെ പ്രകടിപ്പിച്ചു. ഒച്ച കേട്ടുതുടങ്ങി. മകന്റെ വരവാണതു്. ഭവനത്തിലുള്ളവര്‍ക്കു പേടിയായി. ഒച്ച കൂടിക്കൂടി വന്നപ്പോള്‍ സന്ത്രാസത്തിന്റെ തീക്ഷ്ണതയാല്‍ മകന് വീണ്ടും ശവക്കുഴിയില്‍ പ്രശാന്തതയോടുകൂടി കിടക്കട്ടെ എന്നു് അയാള്‍ ആഗ്രഹം ആവിഷ്ക്കരിച്ചു. ക്രമേണ ഒച്ച കുറഞ്ഞു. കുറഞ്ഞു കുറഞ്ഞു് അതു തീരെയില്ലാതെയായി. ഇതുപോലെയൊരു horror story ഞാന്‍ വേറെ വായിച്ചിട്ടില്ല. ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്ന ഇക്കഥ വായനക്കാര്‍ വായിക്കണമെന്നു് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യസ്വഭാവമാണു് അനുഹൃഹീതനായ ജേക്കബ്സ് ഇക്കഥയിലൂടെ ചിത്രീകരിക്കുന്നതു്. എത്രതന്നെ സ്നേഹം തോന്നിയാലും മരിച്ചുപോയ ബന്ധു ഏതെങ്കിലും വിധത്തില്‍ വീണ്ടും ജീവനാര്ന്നു് നമ്മളോടു ജീവിക്കാന്‍ വന്നാല്‍ നമുക്കു പേടിയാകും. പക്ഷേ സാഹിത്യത്തിന്റെ കാര്യത്തില്‍ മരിച്ചവര്‍ വീണ്ടും ജീവിച്ചുവരുന്നതു നന്ന് എന്നു നമുക്കു തോന്നുന്നു. കുമാരനാശാനും വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയുമൊക്കെ അവരുടെ മരണാവസ്ഥയില്‍ നിന്നു മോചനമാര്ന്നു വീണ്ടും നമ്മുടെയിടയില്‍ ജീവിച്ചെങ്കില്‍ എന്തു നന്നായിരുന്നുവെന്നു് ഇപ്പോഴത്തെ കവിതകള്‍ വായിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ടു്. മലയാളം വാരികയില്‍ വി.പി. മനോഹരന് എഴുതിയ ʻʻഗന്ധംˮ എന്ന കഥ വായിച്ചപ്പോള്‍ തകഴി ശിവശങ്കരപ്പിള്ളയും പി. കേശവദേവും വൈക്കം മുഹമ്മദ് ബഷീറും മരണത്തില്‍ നിന്നു് എഴുന്നേറ്റ് യഥാക്രമം തകഴിയിലും പൂജപ്പുരയിലും കോഴിക്കോട്ടും ജീവിക്കാന്‍ തുടങ്ങിയെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി. കാരൂരിന്റെ ʻമരപ്പാവകള്‍ʼ എന്ന കഥ ഇതിനകം ക്ലാസ്സിക്കായി മാറിയിട്ടുണ്ടല്ലോ. കേരളത്തില്‍ ഇപ്പോള്‍ കഥയെഴുതുന്നവരില്‍ ഒരാളിനുപോലും അതുപോലെയൊരു ക്ലാസ്സിക് രചിക്കാന്‍ കഴിയാത്തതു് എന്തുകൊണ്ടു്?
മനോഹരന്റെ ʻഗന്ധംʼ എന്ന കഥ അസ്വാഭാവികതയാല് കലയിലെ അനുപേക്ഷണീയ ഘടകമായ ദൃഢപ്രത്യയത്തിന്റെ ഇല്ലായ്മയാല്‍ (belief) ബീഭത്സമത്രേ. ബീഭത്സം ഒരു രസമാണെങ്കില് ജുഗുപ്ലാവഹം എന്നു് വേണ്ടവര്‍ തിരുത്തിക്കൊള്ളട്ടെ. ഭാര്യയും ഭര്‍ത്താവും വിവാഹമോചനത്തിനു തീരുമാനിക്കുന്നു. കോടതിവിധി ഉണ്ടാകുന്ന ദിനംവരെ അവര്‍ ഒരുമിച്ചു് ഒരു വീട്ടില്‍ത്തന്നെ താമസിക്കാന്‍ നിശ്ചയിക്കുന്നു. സംഭവിക്കേണ്ടതു് സംഭവിക്കുന്നു. അവര്‍ ക്രമേണ അടുക്കുന്നു. മനോഹരന്റെ സംഭാഷണങ്ങളും കൃത്രിമങ്ങളാണു്.
ʻʻഒരേ തരംഗദൈര്‍ഘ്യത്തില്‍ നമ്മള് ചിന്തിച്ച ഒരേ ഒരു കാര്യം ഒരു പക്ഷേ ഇതു മാത്രമായിരിക്കുംˮ. എന്നു ഒരാള്‍. ʻʻശരിയാ... ഏതായാലും ഉഭയസമ്മതമായ ഒരു കാര്യമെന്ന നിലയില്‍ ഒട്ടും വച്ചു നീട്ടണ്ടˮ എന്നു വേറൊരാള്. പണ്ടത്തെ മലയാളം ഒന്‍പതാം ക്ലാസ്സ് പരീക്ഷയില്‍ ജയിച്ചവര്‍ അല്ലെങ്കില്‍ തോറ്റവര്‍ ഇമ്മട്ടില്‍ സംസാരിച്ചു ഞാന്‍ കേട്ടിട്ടുണ്ടു്. നിത്യ ജീവിതത്തില്‍ ഈ സംഭാഷണമില്ല കലയുടെ ലോകത്തും ആരും ഇങ്ങനെ സംസാരിക്കാറില്ല ʻചിന്താഭാര ക്ലാന്തതയാല് ഭവതി ക്ഷുണ്ണഹൃദയയായി ശയനീയത്തില്‍ ശയിക്കുന്നതു് അസ്മാദൃശന്മാര്ക്കു് സമാലോചനയ്ക്കു് അപ്രാപ്യമാണ്. എന്നു് കഥാകാരന് എഴുതിയില്ലല്ലോ. ഭാഗ്യം! ഏതുകഥയ്ക്കും അത്ഭുതജനകമായ അനിവാര്യത ഉണ്ടായിരിക്കണം. മനം മറിപ്പിക്കുന്ന സര്വസാധാരണത്വമാണു് ഇക്കഥയ്ക്കുള്ളതു്. ഇന്നത്തെ കഥയെഴുത്തുകാര്‍ പേന തൊടാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (മനോഹരന്റെ രചന മലയാളം വാരികയില്‍)
ചോദ്യം, ഉത്തരം
സമകാലീന ജീവിതത്തിന്റെ പ്രത്യേകതയെന്തു്?
- ആധിക്യമാണു് സമകാലിക ജീവിതത്തിന്റെ സവിശേഷത. നെയ്ത്തിരി കത്തിച്ചുവച്ചു് പണ്ടു് ഞാന്‍ വായിച്ചിരുന്നു. ഇന്നു നൂറു വാട്സ് ബള്‍ബുണ്ടെങ്കിലേ വായിക്കാനാവൂ. പണ്ടു് ഞാന്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു. ഇന്നു എനിക്കു വിമാനത്തില്‍ പോകാനാണു് കൗതുകം. രചനയില്‍ മിതം സാരം ച വചോഹി വാഗ്മിതാ - മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത - എന്ന സാരസ്വതരഹസ്യം എഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നു. കാലത്തെസ്സംബന്ധിക്കുന്നതു് കാലികം. സമകാലികം എന്നു പ്രയോഗിക്കുന്നതു് നന്നു്. പ്രത്യേകതയ്ക്കു പകരമായി സവിശേഷത എന്നാവണം. പ്രതി+ഏകം = പ്രത്യേകം. each എന്ന അര്‍ത്ഥമേയുള്ളു അതിനു്: excess-നെക്കുറിച്ചു് പൊള് വലേറി എഴുതിയ പ്രബന്ധം താങ്കള്‍ വായിക്കണം.
മലയാളത്തിലെ കവികള്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമെന്തു്?ˮ
- കീര്‍ത്തി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇതു ചെയ്തിരുന്നില്ല. ജി. ശങ്കരക്കുറുപ്പ് തന്നാലാവും വിധം ഇതനുഷ്ഠിച്ചിരുന്നു. സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിട്ടു് അനേകം പ്രാദേശിക കവികളെക്കൊണ്ടു പ്രഭാഷണം ചെയ്യിപ്പിക്കുക, ശിഷ്യരെക്കൊണ്ടു് തന്റെ കവിതയെക്കുറിച്ചു് ലേഖനങ്ങള്‍ എഴുതിപ്പിക്കുക. ഗ്രന്ഥങ്ങള്‍ രചിപ്പിക്കുക ഇങ്ങനെ പലതും അദ്ദേഹത്തിന്റെ കൃത്യങ്ങളായിരുന്നു. ആനയ്ക്ക് അതിന്റെ ബലം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ശങ്കരക്കുറുപ്പിനു് തന്റെ കവിതയുടെ മഹനീയത അറിഞ്ഞുകൂടായിരുന്നു. മലയാളത്തിലെ ഒരേയൊരു Cosmic കവിയാണു് അദ്ദേഹം. അതു് അദ്ദേഹത്തിനു് അറിയാമായിരുന്നില്ല.
കേരളത്തില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥന് കേരള സര്‍വീസ് റൂള്‍സ് ലംഘിച്ചു് സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു ശരിയാണോ?
- ശരിയല്ല. സര്‍ക്കാരും മന്ത്രിയും തെറ്റുചെയ്താലും ഉദ്യോഗസ്ഥനു് വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കണമെങ്കില്‍ ജോലി രാജിവയ്ക്കണം. ജോലിയിലിരിക്കുമ്പോള്‍ സര്‍വീസിന്റെ ലിഖിതനിയമങ്ങള്‍ക്കും അലിഖിതനിയമങ്ങള്‍ക്കും ആ ഉദ്യോഗസ്ഥന് അടിമയാണു്. ബ്യൂറോക്രസിയുടെ നിയമമതാണു്. ഒരു സാധാരണ ബോംബിട്ടാല്‍ മണല്‍ക്കാടായി മാറുന്ന ചില കൊച്ചുരാജ്യങ്ങള്‍ അമേരിക്ക എന്ന Super power-നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്കു് ആ കൊച്ചുരാജ്യങ്ങളോടു പുച്ഛം തോന്നാറുണ്ടു്. സര്‍ക്കാര്‍ മഹാസ്ഥാപനമാണു്. അതു കൊടുക്കുന്ന ശംബളം പറ്റിക്കൊണ്ടു് അതിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു് ശരിയല്ല. സി.പി. രാമസ്സ്വാമിയുടെ കാലത്താണെങ്കില്‍ ഇങ്ങനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനെ explanation പോലും വാങ്ങാതെ ഡിസ്മിസ് ചെയ്യുമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ പുലരുന്നു.
നായ്ക്കുളില്‍ അമിതമായ താല്പര്യമുള്ള ചില സ്ത്രീകളുണ്ടു്. അവരെക്കുറിച്ചു്?
- അവര്‍ക്കു human beings-നെ സ്നേഹിക്കാന്‍ കഴിയുകയില്ല.
സാഹിത്യകാരന്മാര്‍ക്കു് ഉപേക്ഷിക്കാന്‍ വയ്യാത്ത ഗുണങ്ങള്‍ ഏവ?
- തലച്ചോറും ഹൃദയവും. ഭാഗ്യക്കേടുകൊണ്ടു് അവര്‍ക്കു് രണ്ടുമില്ല. തലച്ചോറില്ലാത്തതുകൊണ്ടു ഭ്രാന്തു് വരില്ല. ഹൃദയമില്ലാത്തതുകൊണ്ടു് ഹൃദയസ്തംഭനം അവര്‍ക്കു ഒരിക്കലും ഉണ്ടാകുകയില്ല.
ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവരും അതില്ലാതെ കവിതയെഴുതുന്നവരും തമ്മില്‍ എന്തേ വ്യത്യാസം?
- നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്താണു് ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവന്. ʻചൊട്ടച്ചാണ് വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കുംʼ കോഴിയാണു് വൃത്തമില്ലാതെ കവിതയെഴുതുവന്നവന്‍.
മെനക്കെടുത്തല്‍
പീനല്‍കോഡില്‍ പല നിയമങ്ങളുണ്ടു്. ആ നിയമങ്ങള്‍ക്കനുസരിച്ചു് ശിക്ഷാര്‍ഹരായ ആളുകള്‍ ഉണ്ടാവും. ഒരു നിയമവും വ്യര്ത്ഥമായിപ്പോവുകയില്ല. ഉദാഹരണത്തിനു് ʻʻകഥയെഴുതി മനുഷ്യരെ ശല്യം ചെയ്യുന്നവര്‍ക്കു മൂന്നുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും നല്‍കാംˮ എന്നൊരു നിയമമുണ്ടെന്നിരിക്കട്ടെ. അതിനു സര്‍വഥാ യോഗ്യനായി ഒരാളെ കിട്ടാന്‍ പ്രയാസമുണ്ടെന്നു് നമുക്കു തോന്നും. ആ തോന്നല്‍ വെറുതേ. ദേശാഭിമാനി വാരികയില്‍ ʻʻമായാബസാര്‍ˮ എന്ന ചെറുകഥയെഴുതിയ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടിക്കു് പീനല്‍കോഡിലെ ആ പരികല്പനത്തില് നിര്‍ബ്ബാധം ചെന്നു നില്ക്കാം. ഒറ്റപ്പാലം കോളേജില്‍ വച്ചു കൂടിയ ഒരു സമ്മേളനത്തില്‍ ഒരു ഭ്രാന്തന് പ്രഭാഷണം നടത്തി. കാളിദാസന് സാമൂഹികങ്ങളായ കാര്യങ്ങളെക്കുറിച്ചു് ഒന്നും മിണ്ടിയിട്ടില്ലാത്തതു കൊണ്ടു് അദ്ദേഹം കവിയല്ല എന്നായിരുന്നു അയാള്‍ പറഞ്ഞതു്. മീറ്റിങ് കഴിഞ്ഞു് ഞങ്ങള്‍ വരാന്തയില്‍ നിന്നപ്പോള്‍ ഒളപ്പമണ്ണ ആ പ്രഭാഷകനെ കളിയാക്കി. ʻʻകവിയല്ല കാളിദാസന് എന്നുപറഞ്ഞതു് വെറുതെയല്ല. ഒരു കാരണവും കൂടി കാണിച്ചല്ലോ എന്നു് അദ്ദേഹം പുച്ഛത്തില്‍ പറഞ്ഞു. അതുപോലെ കൃഷ്ണന്‍കുട്ടിക്കും കഥയെഴുത്തിനു് കാരണമുണ്ടു്. വൈയവസായികത്വവും മീഡിയ സംസ്കാരവും കുടുംബങ്ങളെ തകര്‍ത്തുകളയും എന്ന അഭിപ്രായത്തിനു് ബഹി:പ്രകാശനം നല്കാനാണു് കൃഷ്ണന്‍കുട്ടി കഥയെഴുതിയതു്. മാതൃകാ ദമ്പതികളായിരുന്നവര് ക്രമേണവ്യവസായത്തിന്റെ അധമത്വവുമായി ബന്ധപ്പെട്ടു് മീഡിയ സംസ്കാരത്തിന്റെ പ്രലോഭനങ്ങള്‍ക്കു വശംവദരാകുന്നതിനെ നിന്ദിക്കണം കഥാകാരനു്. പക്ഷേ ആവിഷ്കാരത്തിനു് സൗന്ദര്യമോ ശക്തിയോ ഇല്ല. അവിശ്വസനീയമായ അന്ത്യവും കഥയ്ക്കു്. മായാബസാറില്‍ പോയ ഭാര്യ തിരിച്ചുവരുന്നില്ലത്രേ. പ്രതിപാദ്യവിഷയത്തിന്റെ വിശ്വസനീയതയ്ക്കുവേണ്ടി കഥാകാരന് ഒരു സ്ത്രീയെ കഥയില്‍നിന്നു് അപ്രത്യക്ഷയാക്കിക്കളയുന്നു. ഏതൊരു സ്ക്കൂള്കുട്ടിയും കൃഷ്ണന്കുട്ടിയെക്കാള് ഈ വിഷയത്തെക്കുറിച്ചു് നല്ല കഥയെഴുതും. അദ്ദേഹം വളരെക്കാലമായി വായനക്കാരെ മെനക്കെടുത്തുന്നു സ്വന്തം രചനകള്‍ കൊണ്ടു്.
നിരീക്ഷണങ്ങള്‍
- സിമിത്തേരിയില്‍ ദിനംപ്രതി ശവങ്ങള് കുഴിച്ചിടുന്നു. മണ്‍കൂന അതിന്റെ മുകളില്‍ നിര്‍മ്മിക്കുന്നു. ഏറി വന്നാല്‍ അമ്പതുസെന്റ് സിമിത്തേരിക്കു്. അതില്‍ ഇത്രയും ശവങ്ങള് എങ്ങനെ കുഴിച്ചിടുന്നു എന്നു ഞാന്‍ സംശയിച്ചിട്ടുണ്ടു്. ആ സംശയത്തിനു് അടിസ്ഥാനമില്ല. കാലംകഴിഞ്ഞ മണ്‍കൂന തട്ടിക്കളഞ്ഞിട്ടു് പുതിയ ശവം അവിടെ കിടത്തും. മണ്കൂനയുണ്ടാക്കും. എത്ര ശവങ്ങള് ഉണ്ടെങ്കിലും സിമിത്തേരിയില്‍ അടക്കാം. കഥകള്‍ എത്ര പറട്ടയാണെങ്കിലും വാരികകള്‍ ധാരാളം. ഏതിലെങ്കിലും പബ്ലിഷ് ചെയ്യാം. പത്രാധിപര്‍ പ്രതിഫലവും അയച്ചുകൊടുക്കും. അതു പണ്ടത്തെപ്പോലെയല്ല. നല്ല സംഖ്യയാണു് പ്രതിഫലമായി നല്കുന്നതു്. സാഹിത്യത്തില്‍ ഒരു കഴിവുമില്ലാത്തവര്‍ കഥാകാരന്മാരായി, കവികളായി വിലസുന്നു കേരളത്തില്‍.
- സംസ്കൃത കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോക്ടര്‍ പി.കെ. നാരായണപിള്ളയോടൊരുമിച്ചു് ഞാന്‍ നാഗര്‍കോവിലില്‍ ഒരു സമ്മേളനത്തിനു പോയി. തിരിച്ചു വരുമ്പോള്‍ സാറിന്റെ കാര്‍ഡ്രൈവര്‍ പറഞ്ഞു ʻʻപെട്രോള്‍ തീരാറായി ഇവിടെയാണെങ്കില്‍ അതു കിട്ടും. അല്പം കൂടി മുന്നോട്ടുപോയാല്‍ കാറ് നില്ക്കും. പെട്രോള്‍ ഒരിടത്തുനിന്നും കിട്ടുകയുമില്ലˮ. സാറിന്റെ കാറിലായിരുന്നു സമ്മേളനത്തിനുള്ള പോക്കും തിരിച്ചുള്ള യാത്രയും. സാറ് ഡ്രൈവറോടു ചോദിച്ചു - ʻʻതീരെത്തീര്ന്നോ പെട്രോള്‍?ˮ ഡ്രൈവര്‍ പറഞ്ഞു: ʻʻതീരെത്തീര്ന്നു.ˮ പി.കെ. ആജ്ഞാപിച്ചു ʻʻകാര്‍ പോകട്ടെ പെട്രോള്‍ നമുക്കു ശരിപ്പെടുത്താംˮ ഡ്രൈവര്‍ വാശിയോടുകൂടി ഓടിക്കാന്‍ തുടങ്ങി. രണ്ടു മൈല്‍ താണ്ടിയിരിക്കും. വാഹനം പൊടുന്നനെ നിന്നു. ആ സ്ഥലത്തോ അടുത്തുള്ള സ്ഥലങ്ങളിലോ പെട്രോള്‍ കിട്ടില്ല. സാറ് ഡ്രൈവറോടു പറഞ്ഞു. ʻʻഅടുത്ത ബസ്സില്‍ കയറി കിട്ടുന്ന സ്ഥലത്തുനിന്ന് പെട്രോള്‍ വാങ്ങിക്കൊണ്ടു വരു.ˮ ʻʻഎനിക്കു വയ്യˮ എന്നു ഡ്രൈവറുടെ മറുപടി. അയാള്‍ രണ്ടുമണിക്കൂറോളം താടിക്കു കൈകൊടുത്തു ഇരുന്നു. പിന്നീടു് റ്റിന്നെടുത്തു പിന്നിട്ടവഴിയിലേക്കു നടന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞു് അയാള്‍ തിരിച്ചെത്തി പെട്രോളുമായി. തിരുവനന്തപുരത്തു് ഞങ്ങള്‍ എത്തിയപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. സാഹിത്യവാഹനത്തിന്റെ ഊര്‍ജ്ജം ഇല്ലാതായിപ്പോയിയെന്നു് നിരൂപകര്‍ പറയാന്‍ തുടങ്ങിയിട്ടു് കാലമേറെയായി. സാഹിത്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ — കവികളും കഥാകാരന്മാരും — വാഹനം മുന്നോട്ടു പോകട്ടെ എന്നാജ്ഞാപിച്ചുകൊണ്ടിരിക്കുന്നു. അതു നില്ക്കാറായി.
സാധാരണക്കാരായ മന്ത്രിമാര്‍ക്കു പകരം ഇന്റലെക്ച്ച്വല്സ് (ധിഷണാശാലികള്‍) രാജ്യം ഭരിച്ചാല്‍ അതു് സ്വര്ഗ്ഗമാകുമെന്നതു തെറ്റിദ്ധാരണയാണു്. ഇന്റലെക്ച്ച്വലിനു് അമൂര്ത്തമായേ ചിന്തിക്കാന്‍ കഴിയൂ. അതു പ്രായോഗികതലത്തില്‍ കൊണ്ടുവരാനും കഴിയുകയില്ല. ധിഷണാശാലികളല്ലാത്ത മന്ത്രിമാര്‍ സാധാരണ ജീവിതത്തെ കണ്ടറിയും. അതിനോടൊത്തു അവര്‍ നീന്തിത്തുടിക്കും. ധിഷണാശാലിക്കു് നിത്യജീവിതത്തോടു പുച്ഛമാണു്. സാധാരണ ജീവിതത്തെ അയാള്‍ അംഗീകരിക്കുന്നില്ല. ജീവിതത്തെ പ്രവാഹമായി കരുതിയാല്‍ അതിന്റെ തീരത്തു നില്ക്കുന്നവന് മാത്രമാണു് ഇന്റലെക്ച്ച്വല്‍. അയാള്‍ക്കു ജീവിതത്തില്‍ ഒരു പരിവര്‍ത്തനവും വരുത്താന്‍ കഴിയുകയില്ല.
ഇന്റലെക്ച്ച്വല്‍ മന്ത്രിയായാല്‍ പരാജയം സംഭവിക്കും. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ പരാജയമടഞ്ഞു. ലൂക്കാച്ചിനെ അരിസ്റ്റോട്ടലിനോടു സമീകരിക്കുന്നു ചിലര്‍. മന്ത്രിയെന്ന നിലയില്‍ അദ്ദേഹവും പരാജയപ്പെട്ടു. അതിനാല്‍ അമൂര്‍ത്തമായി മാത്രം ചിന്തിക്കുന്ന ധിഷണാശാലിയെ നമ്മള് മന്ത്രിപദത്തിലേക്കു ഉയര്ത്തരുതു്. ഇന്നത്തെ രീതിതന്നെയാണു് അഭിമാക്യം. ഫിലോസഫര്‍-കിങ് എന്ന ആശയം ആപത്തുണ്ടാക്കുന്നതാണു്.
- ഞാന്‍ ബഹുമാനിക്കുന്ന ഒരു സാഹിത്യചിന്തകന്‍ സി.വി. രാമന്‍പിള്ളയെയും തകഴി ശിവശങ്കരപ്പിള്ളയെയും താരതമ്യപ്പെടുത്തി തകഴിയാണു് better artist എന്നു് പണ്ടു് അഭിപ്രായപ്പെട്ടു. ഈ മതം അത്രകണ്ടു ശരിയാണോ എന്നതില്‍ സംശയം. സി.വി.യുടെ കഥാപാത്രങ്ങള്‍ അവരുടെ സ്രഷ്ടാവില്‍ നിന്നു് പരിപൂര്‍ണ്ണമായ മോചനം നേടിയവരാണു്. ഹരിപഞ്ചാനനനും ചന്ത്രക്കാറനും സി.വി. പറഞ്ഞാലും അനുസരിക്കുന്നവരല്ല. തകഴിയുടെ കഥാപാത്രങ്ങള്‍ നിര്‍മ്മാതാവിനെ വിട്ടു നില്‍ക്കുന്നവരല്ല. സി.വിയുടെ കഥാപാത്രങ്ങള്‍ അവരുടേതായ ജീവിതം നയിക്കുന്നു. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടി നിഴലാണു്. അയാള്‍ തകഴിയെ ഒട്ടിനില്ക്കുന്നു. ʻകയറിʼലെ കഥാപാത്രങ്ങള്‍ക്കും ഈ ന്യൂനതയുണ്ടു്. അതിനാല്‍ സി.വി. രാമന്‍പിള്ളയെയും തകഴി ശിവശങ്കരപ്പിള്ളയെയും താരതമ്യപ്പെടുത്താന്‍ വയ്യ.
- ഞാന്‍ കാസാനോവയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ടു് വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു്. ലോകം കണ്ട വിഷയാസക്തന്മാരില് - ലമ്പടന്മാരില് -ഒന്നാമത്തെ സ്ഥാനമാണു് അയാള്‍ക്കു്. ഒരു സ്ത്രീയോടുകൂടി ശയിച്ച ഒരു രാത്രിയാണു് തികഞ്ഞ ആഹ്ലാദം തനിക്കു പ്രദാനം ചെയ്തതെന്നു് അയാള്‍ ഓര്‍മ്മക്കുറിപ്പുകളില്‍ പറഞ്ഞിട്ടുണ്ടു്. ആ സ്ത്രീയുടെ വയസ്സു് എത്രയായിരുന്നുവെന്നോ? വെറും എഴുപതു്. വിഷയാസക്തന്മാരുടെ മാനസികനില അസാധാരണം തന്നെ.
- എന്തിനു് പുരുഷന്മാരെ മാത്രം കുറ്റം പറയണം? വര്‍ഷങ്ങള്‍ക്കു മുന്‍പു് ഞാന്‍ ഒരു സ്ഥലത്തു് സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനു് പോയി. സമ്മേളനം രാത്രി എട്ടുമണിക്കേ ആരംഭിക്കൂ. അത്രയും നേരം എനിക്കൊരു വീട്ടില്‍ വിശ്രമിക്കേണ്ടതായി വന്നു. അല്പനേരം ആരെയും കണ്ടില്ല. പെട്ടെന്ന് ആകര്‍ഷകത്വമുള്ള ഒരു സ്ത്രീ ഞാനിരുന്ന സെറ്റിയില്‍ വന്നു് ഇരുന്നു. അവരുടെ അടുത്തങ്ങനെ ഇരിക്കുന്നതു് മോശമാണെന്നു് കരുതി ഞാന്‍ സെറ്റിയുടെ അറ്റത്തേക്കു നീങ്ങി. പിന്നെ എനിക്കു നീങ്ങാന്‍ സ്ഥലമില്ല. അവര്‍ സംഭാഷണം തുടങ്ങി. സത്യസായി ബാബയെക്കുറിച്ചായിരുന്നു ശ്രീമതിയുടെ സംസാരം. പറഞ്ഞുപറഞ്ഞു് അവര്‍ക്കു് ഒരു ദിവസം പൂജാമുറിയില്‍ എത്താന്‍ കഴിഞ്ഞില്ല എന്നറിയിച്ചു. ഞാന്‍ സംഭാഷണത്തിനു വേണ്ടി ʻഎന്താ കഴിയാത്തതു്?ʼ എന്നു് ചോദിച്ചു. അവരുടെ മറുപടി:- ʻʻഎന്റെ period ആയിരുന്നു സാര്‍ അന്നും എന്റെ flow നിന്നിട്ടില്ലായിരുന്നു.ˮ ഇതു കേട്ട എന്റെ വയസ്സു് അന്നു എത്രയായിരുന്നുവെന്നോ? വെറും എഴുപതു്.