അധഃപതനം
പാവങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | വിക്‌തർ യൂഗോ |
മൂലകൃതി | പാവങ്ങൾ |
വിവര്‍ത്തകന്‍ | നാലപ്പാട്ട് നാരായണമേനോൻ |
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
വിഭാഗം | സാഹിത്യം, നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 1350 |
Contents
- 1 അധഃപതനം
- 1.1 നടക്കുക തന്നെയായിരുന്ന ഒരു ദിവസം വൈകുന്നേരം
- 1.2 വിവേകം ജ്ഞാനത്തോട് ഉപദേശം ചെയ്യുന്നു
- 1.3 എതിർപക്ഷമില്ലാതെ അനുസരിക്കുന്നതിനുള്ള പൗരുഷം
- 1.4 പൊന്താർലിയേയിലെ പാൽക്കട്ടി വ്യപാരത്തെസ്സംബന്ധിച്ച വിവരങ്ങൾ
- 1.5 ശാന്തത
- 1.6 ഴാങ് വാൽഴാങ്
- 1.7 നിരാശതയുടെ അന്തർഭാഗം
- 1.8 അലകളും നിഴലുകളും
- 1.9 പുതിയ ആപത്തുകൾ
- 1.10 മനുഷ്യന്‍ ഉണര്‍ന്നു
- 1.11 അയാള്‍ ചെയ്തത്
- 1.12 മെത്രാന്‍ പ്രവര്‍ത്തിക്കുന്നു
- 1.13 ഴെര്‍വെയ്ക്കുട്ടി
- 1.14 കുറിപ്പുകൾ
അധഃപതനം
നടക്കുക തന്നെയായിരുന്ന ഒരു ദിവസം വൈകുന്നേരം
1815-ൽ, ഒക്ടോബർ മാസത്തിന്റെ ആദ്യത്തിൽ, സൂര്യൻ അസ്തമിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ്, കാൽനടയായി വഴിയാത്ര ചെയ്തിരുന്ന ഒരാൾ ഡി. എന്ന ചെറുപട്ടണത്തിലെത്തി. ആ സമയത്ത്, തങ്ങളുടെ ജനാലയ്ക്കലോ അല്ലെങ്കിൽ പൂമുഖത്തോ ഉണ്ടായിരുന്ന പട്ടണ നിവാസികളെല്ലാം, ഏതാണ്ടൊരു വല്ലായ്മയോടു കൂടി, ആ പാന്ഥനെ തുറിച്ചു നോക്കി. അതിലധികം അപകടം പിടിച്ച വേഷത്തിൽ ഒരു വഴിപോക്കനെ കണ്ടുമുട്ടാൻ ഞെരുക്കമാണ്. അയാൾ ഒരിടത്തരം ഉരയത്തിൽ, തടിച്ചുരുണ്ട്, നല്ല കരുത്തുള്ള ഒരു യൗവനയുക്തനായിരുന്നു. നാൽപ്പത്താറോ നാൽപ്പത്തെട്ടോ വയസ്സായിരിക്കാം. വെയിലും കാറ്റും കൊണ്ട് കരുവാളിച്ച്, ഊറയ്ക്കിട്ട പോലെയായി, വിയർത്തൊലിക്കുന്ന അയാളുടെ മുഖം, തോൽ കൊണ്ടുള്ള മുഖമൂടി തൂങ്ങിക്കിടക്കുന്ന ഒരു തൊപ്പിയാൽ പകുതി മറയ്ക്കപ്പെട്ടിരുന്നു. പരുത്ത് മഞ്ഞച്ച വക്കത്തുണി കൊണ്ടുള്ളതും, ഒരു പൊന്തൻ വെള്ളിക്കുടുക്ക് കഴുത്തിൽ കുടുക്കിയുറപ്പിച്ചതുമായ അടിക്കുപ്പായം രോമം നിറഞ്ഞ അയാളുടെ മാറിടത്തെ കുറേശ്ശെ കാണിക്കുന്നുണ്ട്; ഒരു ചരടുപോലെ കൂട്ടിപ്പിണച്ച കണ്ഠവസ്ത്രം അയാൾക്കുണ്ടായിരുന്നു. ഉപയോഗിച്ച് പഴകിയവയും, ഇഴ പിഞ്ഞിയവയും, ഒരു കാൽമുട്ടിന്മേൽ വെളൂത്തും മറ്റേതിനാൽ കീറിയും, നീലച്ച അകശീലകഷ്ണം പച്ചത്തുണിയെ പിരിച്ചരടു കൊണ്ട് തുന്നിപ്പിടിപ്പിച്ചതും, പഴകി കീറിപ്പറിഞ്ഞു തുടങ്ങിയതുമായ ഒരു കൂലിവേലക്കാരന്റെ പുറംകുപ്പായം അയാൾ മേലിട്ടിട്ടുണ്ട്; നല്ലപോലെ കുടുക്കിയതും നന്നേ പുതിയതും നിറയെ സാമ്മാനങ്ങൾ തിങ്ങിയതുമായ ഒരു പട്ടാള മാറാപ്പ് അയാളുടെ പുറത്ത് തൂങ്ങിക്കിടക്കുന്നു; കൈയിൽ കമ്പുള്ള ഒരു പൊന്തൻവടിയുണ്ട്; കീഴ്‌ക്കാലുറകളില്ലാത്ത കാലടികളിൽ ഇരിമ്പുലാടൻ തറച്ച പാപ്പാസ്സുകൾ കാണുന്നു; തലമുടി പറ്റേ വെട്ടിയിരിക്കുന്നു: താടി നീണ്ടുകിടക്കുന്നു.
വിയർപ്പ്, ചൂട്, കാൽനടയായുള്ള ദൂരയാത്ര, പൊടി — ഉവയെല്ലാം ചേർന്ന് ഈ തകരാറു പിടിച്ച സ്വരൂപത്തിന് എന്തൊരു ചീത്തത്തം കൂടിയാണ് ഉണ്ടാക്കി തീർത്തിട്ടുള്ളതെന്ന് എനിക്കറിഞ്ഞുകൂടാ. അയാളുടെ മുടി പറ്റെ വെച്ച് വെട്ടിയിരിക്കുന്നു. എങ്കിലും, ആ ഉള്ളതു പറ്റിക്കിടക്കുന്നുണ്ട്; അത് കുറച്ച് വളരാൻ തുടങ്ങി. കുറച്ചു കാലമായി അതു വെട്ടിക്കാറില്ലെന്ന് തോന്നുന്നു.
അയാളെ ആരും അറിയില്ല. അയാൾ അവിടെ യദൃച്ഛയായി വന്നുപെട്ട ഒരു വഴിപോക്കൻ മാത്രമാണെന്ന് കണ്ടാലറിയാം. അയാൾ എവിടെ നിന്ന് വന്നു? തെക്ക് നിന്ന്, ഒരു സമയം കടൽക്കരയിൽ നിന്ന് — എന്തുകൊണ്ടെന്നാൽ, ഏഴു മാസം മുൻപ് കാന്നിൽ നിന്നു പാരീസ്സിലേക്കുണ്ടായ നെപ്പോളിയൻ ചക്രവർത്തിയുടെ യാത്രയെ ദർശിച്ച അതേ തെരുവിലൂടെയാണ് അയാളും ഡി.യിലേക്കു വരുന്നത് കണ്ടത്. ഈ മനുഷ്യൻ പകൽ മുഴുവനും നടക്കുകയായിരിക്കണം. അയാൾ വല്ലാതെ ക്ഷീണിച്ചിട്ടുള്ളതുപോലെ തോന്നി. പട്ടണത്തിന്നു പുറത്തുള്ള പഴയ ചന്തസ്ഥലത്തിലെ ചില സ്ത്രീകൾ കാണുകയുണ്ടായി. അയാൾ ഗാസ്സാന്ദിയിലെ നടക്കാവിലുള്ള മരക്കൂട്ടത്തിൽ വിശ്രമിക്കുന്നതും, ആ വഴിയറ്റത്തുള്ള ഉറവയിൽ നിന്നും വെള്ളം കുടിക്കുന്നതും, അയാൾക്കു വല്ലാതെ ദാഹിച്ചിരുന്നിരിക്കണം. എന്തുകൊണ്ടെന്നാൽ, അയാൾ അവിടെ നിന്ന് പിന്നെയും വെള്ളം കുടിപ്പാൻ നിന്നതായി, അയാളുടെ പിന്നാലെ കൂടിയ കുട്ടികൾ കണ്ടു.
റ്യു പ്വാഷേറിന്റെ മൂലയിൽ എത്തിയപ്പോൾ, അയാൾ ഇടത്തോട്ടു തിരിഞ്ഞു. ടൗൺ ഹാളിനു നേർക്കു നടന്നു തുടങ്ങി. അയാൾ അതിന്നുള്ളിൽക്കടന്നു; ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോൾ, പുറത്തേക്കു തന്നെ വന്നു. ഭയപ്പെട്ടുപോയ ഡി. പട്ടണവാസികൾക്കു ഗൾഫ്ഴുവാങ് വിളംബരം വായിച്ചു കേൾപ്പിക്കാൻ വേണ്ടി മാർച്ച് 4-ആന് ജനറൽ ദ്രുവൊ[1] കയറി നിന്ന കല്ലു ബെഞ്ചിൻമേൽ, വാതിൽക്കരികിലായി ഒരു പൊല്ലീസ്സുകാരൻ ഇരിപ്പുണ്ടായിരുന്നു. നമ്മുടെ വഴിപോക്കൻ തലയിൽ നിന്നു തൊപ്പിയെടുത്ത്, ആ പൊല്ലീസ്സുകാരനെ താഴ്‌മയോടുകൂടി വന്ദിച്ചു.
പൊല്ലീസ്സുകാരൻ ആ വന്ദനത്തിനു മറുപടി പറയാതെ, അയാളെ തുറിച്ചു നോക്കി; കുറച്ചു നേരത്തേക്ക് കണ്ണുകൊണ്ട് അയാളെ പിൻതുടർന്ന് ഒടുവിൽ ടൗൺ ഹാളിൽ കടന്നു.
കോൾബയിലെ കുരിശ്[2] എന്ന അടയാളമുള്ളേടത്ത് അന്നു ഡി.യിൽ ഒരു നല്ല ഹോട്ടലുണ്ടായിരുന്നു. അതിന്റെ ഉടമസ്ഥൻ ഴാക്ക്വാങ് എന്നു പേരായ ഒരാളാണ്. ഗ്രെനോബ്ലിലെ മൂന്നു സാമന്തരാജകുമാരന്മാർ എന്ന ഹോട്ടലിന്റെ ഉടമസ്ഥനും പട്ടാളത്തിൽ ഒരുദ്യോഗമുണ്ടായിരുന്ന ആളുമായ മറ്റൊരു ലബാറുമായുള്ള ചാർച്ച കാരണം ഇയ്യാൾക്കു പട്ടണത്തിൽ ഒരു പ്രമാണിത്തമുണ്ട്. ചക്രവർത്തി വന്നു കപ്പലിറങ്ങിയപ്പോൾ മൂന്നു സാമന്തരാജകുമാരന്മാരെന്ന ഹോട്ടലിനെപ്പറ്റി പല സംസാരങ്ങളും നാട്ടിൽ പരന്നു. ജനറൽ ബർത്ത്രാങ്ങ്[3] ഒരു വണ്ടിക്കാരന്റെ വേഷം ധരിച്ച് ജനുവരി മാസത്തിൽ അവിടെ ചെന്നിരുന്നു എന്നും, അദ്ദേഹം അവിടെ വെച്ചു പട്ടാളക്കാർക്കു കുരിശു ബിരുദവും പൗരന്മാർക്കു കൈനിറച്ചു സ്വർണനാണ്യവും കൊടുത്തു എന്നും ഒരു ജനശ്രുതിയുണ്ട്. വാസ്‌തവം ഇതാണ് — ചക്രവർത്തി ഗ്രെനോബ്ലിൽ വന്നപ്പോൾ അവിടേക്കായി തയ്യാറാക്കിയിരുന്ന ഹോട്ടലിൽ കയറാൻ കൂട്ടാക്കിയില്ല; അദ്ദേഹം നഗരമുഖ്യനോടു പറഞ്ഞു: എനിക്കു പരിചയമുള്ള ഒരു ധീരപുരുഷന്റെ വീട്ടിലേക്കാണ് ഞാൻ പോകുന്നത്. അതുപ്രകാരം അദ്ദേഹം മൂന്നു സാമന്ത രാജകുമാരന്മാർ എന്ന ഹോട്ടലിലേക്കു പോയി. മൂന്നു സാമന്ത രാജകുമാരന്മാർ എന്ന ഹോട്ടലിലെ ലബാറിനുണ്ടായിരുന്ന ഈ മാന്യപദവി, ഇരുപത്തഞ്ചു കാതം വഴി ദൂരത്തുള്ള കോൾബയിലെ കുരിശ് എന്ന ഹോട്ടലിലെ ലബാറിന്റെ മേൽ പ്രതിഫലിച്ചു. പട്ടണത്തിലുള്ളവർ ഇയ്യാളെപ്പറ്റി ഇങ്ങനെ സംസാരിച്ചു: ‘ഗ്രനോബ്ലിലുള്ള ആളുടെ ചാർച്ചക്കാരനാണത്.’
നമ്മുടെ വഴിപോക്കൻ ഈ ഹോട്ടലിലേക്കു നടന്നു; ആ നാട്ടുപുറത്തേക്ക് അതൊന്നാം തരം തന്നെയായിരുന്നു. അയാൾ അടുക്കളയിൽക്കടന്ന് - അങ്ങോട്ടു തെരുവിൽ നിന്നു നേരെ കടക്കാം. എല്ലാ അടുപ്പുകളിലും തീ പിടിപ്പിച്ചിരിക്കുന്നു; തീത്തിണ്ണയിൽ തീയ്യു പടർന്നാളിക്കത്തുന്നു. ഹോട്ടലുടമസ്ഥൻ — അയാൾ തന്നെയായിരുന്നു പ്രധാന വെപ്പുകാരനും — ഒരു സ്റ്റ്യുപാത്രത്തിന്റെ അടുക്കൽ നിന്നു മറ്റൊന്നിന്റെ അടുക്കലേക്കായി പാഞ്ഞു നടന്ന്, വളരെ ജാഗ്രതയോടുകൂടി വണ്ടിക്കാരുടെ ഭക്ഷണം ഭംഗിയാക്കാൻ ശ്രമിക്കുകയാണ് — അടുത്ത മുറിയിൽ നിന്ന് അവരുടെ ഉറക്കെയുള്ള സംസാരവും സംഭാഷണവും ചിരിയും കേൾക്കാമായിരുന്നു. യാത്രചെയ്തു ശീലമുള്ള ഏതൊരാൾക്കും, വണ്ടിക്കാരെക്കാളധികം ആഹ്ലാദത്തോടെ ചിരിക്കുന്നവർ വേറെയില്ലെന്നറിയാം. രണ്ടു പാർശ്വങ്ങളിലും കാടപ്പക്ഷികളാലും കാട്ടുകോഴികളാലും ഞെങ്ങിയിരിക്കുന്ന ഒരു തടിച്ച മലയണ്ണാൻ, തീയിനു മേലെ പിടിച്ച ഒരു നീണ്ട മാംസക്കുന്തത്തിമേൽ കിടന്നു തിരിയുന്നു; ലോസേ തടാകത്തിൽ നിന്നു പിടിച്ച് രണ്ടു വലിയ കണ്ണൻ മത്‌സ്യങ്ങളും അല്ലോ തടാകത്തിൽ നിന്നു വലയിട്ട ഒരു ഒരു പൂമീനും അടുപ്പത്തു വേവുന്നുണ്ട്.
വാതിൽ തുറക്കുന്ന ശബ്‌ദം കേൾക്കുകയും, ഒരു പുതിയ ആൾ അകത്തേക്കു കടക്കുന്നതായറിയുകയും ചെയ്‌ത ഹോട്ടലുടമസ്ഥൻ, അപ്പുറത്തു നിന്നു കണ്ണെടുക്കാതെ, ചോദിച്ചു: സേർ നിങ്ങൾക്കെന്തു വേണം?’
‘ഭക്ഷണവും കിടപ്പാൻ സ്ഥലവും.’
‘ഇത്ര എളുപ്പം വേറെ ഒന്നിനുമില്ല.’ ഹോട്ടൽക്കാരൻ മറുപടി പറഞ്ഞു. ആ സമയത്ത് അയാൾ തലതിരിച്ചു; ഒരു നോട്ടത്തിൽ വഴിപോക്കന്റെ സമ്പ്രദായം മുഴുവനും കൈയിലാക്കി തുടർന്നു പറഞ്ഞു: ‘പണം കൊടുത്താൽ…’
ആ മനുഷ്യൻ കുപ്പായക്കീശയിൽനിന്നു ഒരു വലിയ തോൽപ്പണസഞ്ചി വലിച്ചെടുത്തു മറുപടി പറഞ്ഞു: ‘എന്റെ കൈയ്യിൽ പണമുണ്ട്.’
‘അങ്ങനെയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ ചൊൽപ്പടിയിൽ.’ ഹോട്ടൽക്കാരൻ പറഞ്ഞു.
വഴിപോക്കൻ പണസഞ്ചി കുപ്പായക്കീശയിൽത്തന്നെ ഇട്ടു: പുറത്തു നിന്നു പട്ടാളമാറാപ്പു നീക്കി; അതു വാതിലിന്റെ അരികിൽ നിലത്തു വെച്ചു; വടി കൈയിൽത്തന്നെ പിടിച്ചു; തീയിന്നടുക്കലുള്ള ഒരുയരം കുറഞ്ഞ പീഠത്തിൽ ഇരുന്നു. ഡി. പട്ടണം മലകൾക്കുള്ളിലാണ്. അവിടെ ഒക്‌ടോബർ മാസത്തിലെ വൈകുന്നേരം വലിയ തണുപ്പാണ്.
എന്നാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയ്‌ക്കു ഹോട്ടലുടമസ്ഥൻ ആ വഴിപോക്കനെ നല്ലപോലെ സൂക്ഷിച്ചു നോക്കി.
‘ഭക്ഷണം വേഗത്തിൽ തയ്യാറാവുമോ?’ ആ മനുഷ്യൻ ചോദിച്ചു.
‘ഇപ്പോൾ.’ ഹോട്ടലുടമസ്ഥൻ, മറുപടി പറഞ്ഞു.
പുറം തിരിഞ്ഞിരുന്ന ആ വഴിപോക്കൻ തീ കായുന്നതിനിടയ്ക്കു, ഗുണവാനായ ഹോട്ടലുടമസ്ഥൻ, ഴാക്ക്വാങ്ങ് ലബാർ, കുപ്പായക്കീശയിൽ നിന്ന് ഒരു പെൻസിലെടുത്തു; ജനാലയ്ക്കരികിലുള്ള ഒരു ചെറുമേശ മേൽ കിടക്കുന്ന ഒരു പഴയ വർത്തമാനപ്പത്രത്തിന്റെ മൂല ചീന്തി കൈയിലാക്കി. എന്നിട്ട് അയാൾ അതിന്റെ വെളുത്ത വക്കത്ത് ഒന്നോ രണ്ടോ വരി കുറിച്ചു; മുദ്ര വെക്കാതെ മടക്കി; കാഴ്ചയിൽ അടുക്കളച്ചെക്കനും പരിചാരകനുമായി തന്നെ സഹായിച്ചുകൊണ്ടു നിൽക്കുന്ന ഒരു കുട്ടിയെ വിളിച്ച് ആ കടലാസ്സിൻ കഷ്ണം ഏല്പിച്ചു. ആ അടുക്കളഭൃത്യന്റെ ചെകിട്ടിൽ ഒരു വാക്കു മന്ത്രിച്ചു; ആ കുട്ടി ടൗൺഹാളിനു നേരെ ക്ഷണത്തിൽ പാഞ്ഞു.
വഴിപോക്കൻ ഇതൊന്നും കണ്ടില്ല.
അയാൾ ഒരിക്കൽക്കൂടി ചോദിച്ചു: ‘ഭക്ഷണം ക്ഷണത്തിൽ തയ്യാറാവുമോ?’
‘ഇപ്പോൾ’, ഹോട്ടലുടമസ്ഥൻ മറുപടി പറഞ്ഞു. കുട്ടി തിരിച്ചെത്തി. അവൻ കടലാസ്സു തിരികെ കൊണ്ടു വന്നിരുന്നു. ഹോട്ടലുടമസ്ഥൻ അതു വാങ്ങി. ഒരു മറുപടി കാത്തിരുന്ന ആളെപ്പോലെ, ആർത്തിയോടുകൂടി നിവർത്തി, അയാൾ ശ്രദ്ധിച്ചു വായിക്കുന്നതായി തോന്നി; ഉടനെ അയാൾ തലകുലുക്കി; ഒരു നിമിഷനേരം ആലോചിച്ചു നിന്നു. എന്നിട്ട്, അയാൾ വഴിപോക്കൻ ഇരിക്കുന്നേടത്തേക്കടുത്തു ചെന്നു. ആ മനുഷ്യൻ അത്ര വളരെ സന്തോഷകരമല്ലാത്ത ഒരു മനോരാജ്യത്തിൽ മഗ്നനായിരുന്നു.
സേർ, എനിക്കു നിങ്ങളേ സ്വീകരിക്കുവാൻ നിവൃത്തിയില്ല. ഹോട്ടലുടമസ്ഥൻ പറഞ്ഞു. ആ മനുഷ്യൻ പകുതി എഴുന്നേറ്റു.
എന്ത്! ഞാൻ പണം തരില്ലെന്നു നിങ്ങൾക്കു ഭയമുണ്ടോ? ഞാൻ മുൻകൂട്ടി പണം തരണമെന്നുണ്ടോ? ഞാൻ പറയുന്നു, എന്റെ കൈയിൽ പണമുണ്ട്.
‘അതല്ല.’
‘പിന്നെ എന്താ?’
‘നിങ്ങൾക്കു പണമുണ്ട്.’
‘ഉവ്വ്’, ആ മനുഷ്യൻ പറഞ്ഞു.
‘എനിക്ക് അറയൊന്നും ഒഴിവില്ല’, ഹോട്ടലുടമസ്ഥൻ പറഞ്ഞു.
ആ മനുഷ്യൻ ശാന്തതയോടു കൂടി പറഞ്ഞു: ‘എന്നെ കുതിരപ്പന്തിയിലാക്കൂ!’
‘നിവൃത്തിയില്ല.’
‘എന്തുകൊണ്ട്?’
‘അതിൽ കുതിരകളെക്കൊണ്ടു സ്ഥലമില്ല.’
‘അങ്ങനെയാവട്ടെ; എന്നാൽ അതിന്റെ അടുത്ത് ഒരു കൊട്ട വൈക്കോൽ മതി. ഏതായാലും ഭക്ഷണം കഴിഞ്ഞിട്ട് നമുക്കതാലോചിക്കാം.’
‘എന്നെക്കൊണ്ട് നിങ്ങൾക്കു ഭക്ഷണം തരാൻ സാധിക്കയില്ല.’
മന്ദമായും ഉറപ്പിച്ചുമുള്ള ഒരു സ്വരത്തിൽ പറഞ്ഞ ഈ മറുപടി ആ അപരിചിതന്നു കുറേ കാര്യമായി തോന്നി. അയാൾ എണീറ്റു.
‘ആ! ഹ! പക്ഷേ, ഞാൻ വിശന്നു ചാവുന്നു. പുലർന്നപ്പോൾ നടന്നു തുടങ്ങിയതാണ് ഞാൻ. ഞാൻ പന്ത്രണ്ടു കാതം വഴി നടന്നിരിക്കുന്നു. ഞാൻ പണം തരാം. എനിക്കു വല്ലതും കഴിച്ചാൽ കൊള്ളാം.’
‘എന്റെ പക്കൽ ഒന്നുമില്ല’, ഹോട്ടലുടമസ്ഥൻ പറഞ്ഞു.
ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു; അയാൾ തിയ്യിനും അടുപ്പുകൾക്കും നേരെ തിരിഞ്ഞുനോക്കി. ‘ഒന്നുമില്ല! അതൊക്കെപ്പിന്നെ?’
‘അതിന്നൊക്കെ ആവശ്യക്കാരായിരിക്കുന്നു.’
‘ആരാണ്?’
‘വണ്ടിക്കാർ.’
‘അവർ എത്ര പേരുണ്ട്?’
‘പന്ത്രണ്ട്.’
‘ഇതിൽ ഇരുപതു പേർക്കു മതിയാവുന്ന ഭക്ഷണമുണ്ടല്ലോ.’
‘അവർ അതു മുഴുവനും വേണമെന്നു പറഞ്ഞു പണം മുൻകൂർ തന്നിരിക്കുന്നു.’
ആ മനുഷ്യൻ അവിടെത്തന്നെ ഇരുന്നു; സ്വരം ഒട്ടും പൊന്തിക്കാതെ അയാൾ പറഞ്ഞു: ‘ഞാൻ ഒരു ഹോട്ടലിലാണ്; എനിക്കു വിശക്കുന്നു; ഞാൻ ഇവിടെത്തന്നെ കൂടും.’
അപ്പോൾ ഹോട്ടലുടമസ്ഥൻ കുനിഞ്ഞ് അയാളുടെ ചെകിട്ടിൽ, അയാളെ ഞെട്ടിത്തെറിപ്പിച്ച ഒരു സ്വരത്തിൽ പറഞ്ഞു: ‘കടന്നു പോവൂ.’
ഈ സമയത്തു വഴിപോക്കൻ മുൻപോട്ടു കുനിഞ്ഞിരുന്ന് ഇരിമ്പുകെട്ടുള്ള തന്റെ വടിത്തലപ്പുകൊണ്ടു ചില തീക്കൊള്ളികളെ തീയിലേക്കു തട്ടിയിടുകയായിരുന്നു; അയാൾ പെട്ടെന്നു തിരിഞ്ഞു നോക്കി, എന്തോ പറയാൻ വായ തുറന്നു. പക്ഷേ, ഹോട്ടലുടമസ്ഥൻ അയാളുടെ മുഖത്ത് ഉറപ്പിച്ചു നോക്കിക്കൊണ്ടു പിന്നേയും ഒരു താഴ്ന്ന സ്വരത്തിൽ തുടർന്നു പറഞ്ഞു: ’നിൽക്കൂ! ആവക സംസാരമൊക്കെ ധാരാളം കഴിഞ്ഞു. നിങ്ങളുടെ പേര് ഞാൻ നിങ്ങൾക്കു പറഞ്ഞു തരണമോ? നിങ്ങളുടെ പേര് ഴാങ് വാൽഴാങ് എന്നാണ്. ഇനി ആരാണെന്നും ഞാൻ പറഞ്ഞു തരണമോ? നിങ്ങൾ അകത്തേക്കു കടക്കുന്നതു കണ്ടപ്പോൾത്തന്നെ, എനിക്കൊരു സംശയം തോന്നി; ഞാൻ ടൗൺ ഹാളിലേക്കു പറഞ്ഞയച്ചു; ഇതാണ് എനിക്കു കിട്ടിയ മറുപടി. നിങ്ങൾക്ക് അക്ഷരം തിരിയുമോ?’
ഇങ്ങനെ പറഞ്ഞുകൊണ്ട്, ഹോട്ടലിൽ നിന്ന് ടൗൺ ഹാളിലേക്കും ടൗൺ ഹാളിൽ നിന്നു ഹോട്ടലിലേക്കും അപ്പോൾത്തന്നെ പോയി തിരിച്ചെത്തിയ കടലാസ്സ് ഹോട്ടലുടമസ്ഥൻ ആ അപരിചിതനു നല്ലപോലെ നിവർത്തി കാണിച്ചു കൊടുത്തു. ആ മനുഷ്യൻ അതൊന്ന് ഓടിച്ചു നോക്കി. ഹോട്ടൽക്കാരൻ കുറച്ചിട മിണ്ടാതെ നിന്നതിനു ശേഷം ആരംഭിച്ചു: ‘എല്ലാവരോടും മര്യാദയോടുകൂടി പെരുമാറുന്നതാണ് എന്റെ പതിവ്. കടന്നു പോവൂ!’
ആ മനുഷ്യന്റെ തല താഴ്ന്നു; അയാൾ നിലത്തു വെച്ചിരുന്ന പട്ടാളമാറാപ്പെടുത്തു; പുറത്തേക്കിറങ്ങി.
അയാൾ പ്രധാന നിരത്തിൽ കടന്നു. ദുഃഖിതനും അവമാനിതനുമായ ഒരാളെപ്പോലെ, വീടുകളുടെ ഓരത്തിലൂടെ, അയാൾ ഒരൂക്കിൽ നേരെ നടന്നു. ഒരിക്കലെങ്കിലും അയാൾ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, കോൾബയിലെ കുരിശ് എന്ന ഹോട്ടലിന്റെ ഉടമസ്ഥൻ, അവിടെയുള്ള എല്ലാ അതിഥികളോടും തെരുവിലുള്ള എല്ലാ വഴിയാത്രക്കാരോടുംകൂടി, ഉന്മേഷപൂർവം സംസാരിച്ചുകൊണ്ടും തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടും ഹോട്ടലുടമ പുറത്തു നിൽക്കുന്നത് അയാൾക്കു കാണാമായിരുന്നു; എന്നല്ല, ആ ആൾകൂട്ടത്തിന്റെ ഭയവും അവിശ്വാസവും നിറഞ്ഞ നോട്ടങ്ങളിൽ നിന്നു, തന്റെ വരവ് ആ പട്ടണത്തിലെങ്ങും ഒരു പ്രധാന സംഗതിയായിത്തീരുക എന്നത് ഇപ്പോൾ കഴിയുമെന്നും അയാൾക്കൂഹിക്കാമായിരുന്നു. അയാൾ ഇതൊന്നും തന്നെ കണ്ടില്ല. ചതഞ്ഞമർന്നു കഴിഞ്ഞ ആളുകൾ പിന്നോക്കം നോക്കുക പതിവില്ല. അല്ലെങ്കിൽത്തന്നെ അവർക്കു തങ്ങളുടെ പിന്നാലെ വരുന്ന ആപത്തു വേണ്ടതിലധികം അറിയാം.
അങ്ങനെ, അയാൾ നിൽക്കാതെ നടന്നു. തനിക്കു യാതൊരറിവുമില്ലാത്ത ഓരോ തെരുവുകൾ കടന്നു, ദുഃഖിതരിൽ സാധാരണമായ ക്ലമവിസ്മൃതിയോടു കൂടി കുറച്ചുദൂരം പോയി. വിശപ്പുകൊണ്ടുള്ള പ്രാണവേദന അയാൾക്കു കഠിനമായിത്തീർന്നു. രാത്രി അടുത്തെത്തിയിരുന്നു. വല്ല താവളവും കണ്ടുകിട്ടില്ലേ എന്ന് അയാൾ ചുറ്റും നോക്കി.
ആ പ്രദേശത്തെ നല്ല ഹോട്ടലിൽ അയാൾക്കു പ്രവേശനമില്ലെന്നു വന്നു; വളരെ താഴ്‌ന്ന തരത്തിലുള്ള ഒരു ഭക്ഷണശാല, എത്രതന്നെ മോശമായാലും ശരി, ഒരു ചെറ്റക്കുടിൽ, അയാൾ അന്വേഷിക്കുകയായി.
ആ സമയത്തു തെരുവിന്റെ അങ്ങേ അറ്റത്തു നിന്നു ഒരു വെളിച്ചം കണ്ടു; ഇരിമ്പു കൊണ്ടുള്ള ഒരു കുരിശു തുലാത്തണ്ടിൽ നിന്നു തൂങ്ങിക്കിടക്കുന്ന ഒരു പയിൻ മരത്തുപ്പൂ, സന്ധ്യാസമയത്തുള്ള വെള്ളനഭസ്സിനു നേരെ തെളിഞ്ഞുകണ്ടു. അയാൾ അങ്ങോട്ടു നടന്നു.
അതു വാസ്‌തവത്തിൽ ഒരു ചാരായപ്പീടിക തന്നെയായായിരുന്നുവെന്നു തെളിഞ്ഞു; റ്യു ദ് ഷാഫോവിലെ ചാരായക്കട.
വഴിപോക്കൻ കുറച്ചുനേരം അവിടെ നിന്നു; മേശപ്പുറത്തു കത്തുന്ന ഒരു ചെറിയ വിളക്കുകൊണ്ടും അടുപ്പു തിണ്ണയിലെ വമ്പിച്ച തിയ്യുകൊണ്ടും പ്രകാശമാനമായി. ചാരായക്കടയ്‌ക്കുള്ളിലുള്ള ഒരുയരം കുറഞ്ഞ മുറിയിലേക്ക് അയാൾ ജനാലപ്പഴുതിലൂടെ പാളിനോക്കി. അവിടെ ചിലരുണ്ട് ഇരുന്നു കുടിക്കുന്നു. ഷാപ്പുടമസ്ഥൻ തീക്കായുകയാണ്. ഒരു തിരിപ്പുകയറ്റു യന്ത്രത്തിൽ നിന്നു തൂങ്ങിക്കിടക്കുന്ന ഒരിരുമ്പു പാത്രത്തിൽ എന്തോ തീയ്യിനു മുകളിൽ കിടന്നു തിളയ്‌ക്കുന്നുണ്ട്.
ഒരു ഹോട്ടലിന്റെ മട്ടിൽത്തന്നെയുള്ള ഈ ചാരായക്കടയ്‌ക്കു പുറത്തേക്കു രണ്ടു പഴുതുണ്ട്. ഒന്നു തെരുവിലേക്കും, മറ്റേത് വളം നിറഞ്ഞ ഒരു ചെറുമുറ്റത്തേക്കും. തെരുവിലേക്കുള്ള വാതിലിലൂടെ കടപ്പാൻ വഴിപോക്കന്നു ധൈര്യമുണ്ടായില്ല. അയാൾ പതുക്കു മുറ്റത്തേക്കു കടന്നു; പിന്നെയും നിന്നു; ഉപായത്തിൽ നീക്കു നീക്കി, വാതിൽ തുറന്നു.
‘ആ പോകുന്നതാര്?’ ഷാപ്പുടമസ്ഥൻ ചോദിച്ചു.
‘ഭക്ഷണവും കിടപ്പാൻ സ്ഥലവും ആവശ്യമുള്ള ഒരാൾ.’
‘നല്ലത്, ഭക്ഷണവും കിടപ്പാൻ സ്ഥലവും ഞങ്ങൾ ഇവിടെ തയ്യാറാക്കിക്കൊടുക്കുന്നു.
അയാൾ അകത്തേക്കു ചെന്നു. അവിടെ ഇരുന്നു കുടിക്കുന്നവരെല്ലാം അങ്ങോട്ടുനോക്കി. ഒരു ഭാഗത്തുനിന്നു വിളക്കും മറ്റേ ഭാഗത്തുനിന്ന് അടുപ്പിൽ തീയ്യും അയാളെ തെളിയിച്ചു കാണിച്ചു. അയാൾ തന്റെ പട്ടാളമാറാപ്പു പുറത്തുനിന്നെടുക്കുന്നതിനിടയ്ക്ക് അവർ അയാളെ നോക്കിപ്പഠിച്ചു.
ഷാപ്പുടമസ്ഥൻ പറഞ്ഞു: ‘അതാ, തീക്കായാം. ഭക്ഷണം അടുപ്പത്തു വേവുന്നു. ചങ്ങാതി, വരൂ, തീക്കാഞ്ഞോളൂ.’
അയാൾ അടുത്തു ചെന്നു, തീയ്യിന്നരികിൽ ഇരുന്നു. നടന്നിട്ടൂള്ള ക്ഷീണം കൊണ്ട് കുഴഞ്ഞ കാൽ അയാൾ തീയ്യിന്റെ അടുക്കലേക്കു നീട്ടി; അടുപ്പിനു മേലെ പാത്രത്തിൽ നിന്ന് ഒരു രുചികരമായ ഗന്ധം പുറപ്പെട്ടിരുന്നു. നല്ലപോലെ താഴ്‌ത്തിയിട്ടിരുന്ന തൊപ്പിക്കുള്ളിലൂടെ കുറച്ചുമാത്രം പ്രത്യക്ഷീഭവിച്ച അയാളുടെ മുഖത്തു, വളരെക്കാലമായി കൂടിക്കലർന്ന സംതൃപ്‌തിയുടെ ഒരു നേരിയ തെളിവു കാണപ്പെട്ടു.
എന്നല്ല, അ മുഖത്തിന്റെ ആകൃതി ദൃഢതയും, ഉത്‌സാഹവും ദുഃഖശീലവും കാണിക്കുന്നു. ആ മനുഷ്യന്റെ മുഖഭാവം അത്‌ഭുതകരമായിരുന്നു; ആദ്യമായി സാധുത്വം തോന്നിച്ചുകൊണ്ട് ഒടുവിൽ അതു സഗൗരവമായ ക്രൂരതയിൽ ചെന്നവസാനിക്കുന്നു. ചവറ്റിൽക്കിടന്ന തീയ്യുപോലെ, അയാളുടെ കണ്ണു പോളകൾക്കുള്ളിൽ തിളങ്ങി.
സംഗതിവശാൽ മേശയ്‌ക്കടുത്തുണ്ടായിരുന്നവരിൽ ഒരാൾ, ഒരു മത്‌സ്യക്കച്ചവടക്കാരനായിരുന്നു, അയാൾ റ്യു ദ് ഷാഫോവിലെ ചാരായക്കടയിൽ വരുന്നതിനു മുൻപ് കുതിരയെ തളയ്‌ക്കാൻ വേണ്ടി ലബാറുടെ ഹോട്ടലിൽ പോയി. കാണ്മാൻ സുഖമില്ലാത്ത ഈ അപരിചിതനെ അയാൾ അന്നു രാവിലത്തന്നെ ബ്രാദാസിനും***നും — ഞാൻ പേർ മറന്നു; എസ്‌ക്കൂൾബ്ലോങ്ങാണോ എന്നു സംശയം — ഇടയ്‌ക്കുള്ള നിരത്തിൽ വെച്ചു യദൃച്ഛയാ കണ്ടുമുട്ടി. ആ കണ്ട സമയത്ത് അപ്പോൾത്തന്നെ കഠിനമായി ക്ഷീണിച്ച മട്ടിലായിരുന്ന നമ്മുടെ വഴിപോക്കൻ മത്‌സ്യക്കച്ചവടക്കാരനോടു തന്നെയും കുതിരപ്പിൻപുറത്തു കേറ്റി കൊണ്ടുപോകാമോ എന്നു ചോദിച്ചു; കുതിരയുടെ നടത്തത്തിന് ഒന്നു കൂടെ മുറുക്കം കൂട്ടുകയല്ലാതെ മത്‌സ്യവ്യാപാരി അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഈ മത്‌സ്യക്കച്ചവടക്കാരൻ, ഴാക്ക്വാങ് ലബാറുടെ നാലു പുറത്തും അര മണിക്കൂർ മുൻപു കൂടിയ ആൾക്കൂട്ടത്തിലെ ഒരംഗമായിരുന്നു; കോൽബയിലെ കുരിശ് എന്ന സ്ഥലത്തുള്ള ആളുകളോട് അയാൾ രാവിലെ ആ മനുഷ്യനെ കണ്ടെത്തിയ കഥ പറഞ്ഞു. അയാൾ ഇരുന്നേടത്തു നിന്നു ഹോട്ടൽക്കാരനോട് അടുത്തു ചെല്ലുവാൻ ഉപായത്തിൽ ഒരാഗ്യം കാണിച്ചു. ഹോട്ടൽക്കാരൻ അടുത്തു ചെന്നു. ഒരു താഴ്ന്ന സ്വരത്തിൽ അവർ എന്തോ സംസാരിച്ചു. വഴിപോക്കൻ പിന്നെയും മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നു.
ഹോട്ടലുടമസ്ഥൻ തിയ്യിന്റെ അടുക്കലേക്കു ചെന്നു. ആ വഴിപോക്കന്റെ ചുമലിൽ പെട്ടെന്നു കൈ വെച്ചു പറഞ്ഞു; ‘നിങ്ങൾക്ക് ഇവിടെ നിന്നു പോകാറായി.’
അപരിചിതൻ ഉടനെ മുഖം തിരിച്ചു. ശാന്തതയോടു കൂടി പറഞ്ഞു, ‘ഹാ നിങ്ങൾ അറിഞ്ഞു? —’
‘ഉവ്വ്.’
‘മറ്റേ ഹോട്ടലിൽ നിന്ന് എന്നെ ആട്ടിയയച്ചു.’
‘ഇവിടെ നിന്നും നിങ്ങളെ പറഞ്ഞയയ്‌ക്കേണ്ടിയിരിക്കുന്നു.’
‘ഞാൻ എവിടെ പോണമെന്നാണ് നിങ്ങൾക്കാവശ്യം?’
‘മറ്റെവിടെയെങ്കിലും.’
ആ മനുഷ്യൻ വടിയെടുത്തു. പട്ടാളമാറാപ്പെടുത്തു പുറപ്പെട്ടു.
പുറത്തേക്കിറങ്ങിയപ്പോൾ കോൾബയിലെ കുരിശിൽ നിന്നു കൂടെ കൂടിയവരും അതുവരെ അവിടെ ഒളിച്ചു നിന്നവരുമായ കുട്ടികൾ അയാളുടെ നേരെ കല്ലെറിഞ്ഞു. അയാൾ ദേഷ്യപ്പെട്ടു. പിന്നോക്കം ചെന്നു. തന്റെ വടിയോങ്ങി അവരെ പേടിപ്പെടുത്തി: ഒരു കൂട്ടം പക്ഷികളെപ്പോലെ കുട്ടികളെല്ലാം പറപറന്നു.
അയാൾ ജയിലിനു മുൻപിലെത്തി. പുറത്തെ വാതിൽക്കൽ അകത്തു മണിയോടുകൂടിയ ഒരിരുമ്പു ചങ്ങല കണ്ടു. അയാൾ അതു പിടിച്ചു വലിച്ചു.
വാതിലിന്റെ സാക്ഷ നീങ്ങി.
‘ഹേ, ജയിൽമൂപ്പ,’ തന്റെ തൊപ്പി സമര്യാദമായി മാറ്റിക്കൊണ്ട് അയാൾ പറഞ്ഞു.
‘ദയ ചെയ്ത് എന്നെ അകത്തു കടക്കാൻ സമ്മതിച്ച്, ഇന്ന് രാത്രിക്ക് ഒരു താവളം തരുമോ?’
ഒരു ശബ്‌ദം മറുപടി പറഞ്ഞു: ‘ജയിൽ ഹോട്ടലല്ല. നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കൂ; എന്നാൽ ഇങ്ങോട്ടും കടത്തും.’
സാക്ഷ പിന്നേയും അടഞ്ഞു.
അയാൾ പല തോട്ടങ്ങളുള്ള ഒരു തെരുവിലേക്ക് കടന്നു. അവയിൽ ചിലതിനു ചുറ്റും ചെടികൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്; ആ ചെടിക്കൂട്ടം തെരുവിന് ഒരു ചന്തം കൂട്ടി.
ഈ തോട്ടങ്ങൾക്കും ചെടിക്കൂട്ടങ്ങൾക്കും ഇടയിൽ അയാൾ രണ്ടാംനിലയുയർത്താത്ത ഒരു ചെറുവീടു കണ്ടു; അതിന്റെ ഒരു ജനാലയിലൂടെ ഒരു വെളിച്ചം പ്രകാശിച്ചിരുന്നു; ചാരായക്കടയിൽവെച്ചു ചെയ്‌തതുപോലെ അയാൾ ആ ജനാലയ്‌ക്കുള്ള കണ്ണാടച്ചില്ലിലൂടെ സൂക്ഷിച്ചു നോക്കി. അതിനുള്ളിൽ ഒരു വെള്ളയടിച്ച മുറിയും, അച്ചടിപ്പുള്ളികളുള്ള പരുത്തിത്തുണി കൊണ്ടു മൂടിവിരിച്ച ഒരു കട്ടിലും, ഒരു മൂലയ്‌ക്കായ് ഒരു തൊട്ടിലും, കുറച്ചു ചില മരക്കസാലകളും, ചുമരിന്മേൽ തൂക്കിയ ഒരു ഇരട്ടത്തിരത്തോക്കും ഉണ്ടായിരുന്നു. മുറിയുടെ നടുവിൽ ഒരു മേശ കിടക്കുന്നു. ഒരു ചെമ്പു വിളക്കു വെള്ളത്തുണി കൊണ്ടുള്ള പരുത്ത മേശവിരിപ്പിനേയും, വെള്ളി പോലെ തിളങ്ങുന്നതും വീഞ്ഞു നിറഞ്ഞതുമായ ഒരു ബീരളവുപാത്രത്തെയും, തവിട്ടു നിറത്തിലുള്ള ഒരു സൂപ്പുകുഴിത്തളികയേയും തെളിയിച്ചു കാണിച്ചു. ആ മേശയ്‌ക്കടുത്തു, സന്തോഷത്തേയും സൗശീല്യത്തേയും കാണിക്കുന്ന മുഖഭാവത്തോടുകൂടി നാൽപതു വയസ്സോടടുത്ത ഒരാൾ, കാൽമുട്ടുകൾക്കിടയിൽ ഒരു ചെറുകുട്ടിയെ വെച്ച് ആടിച്ചുകൊണ്ടിരിക്കുന്നു. അടുക്കൽത്തന്നെ നന്നേ ചെറുപ്പക്കാരിയായിയായ ഒരു സ്ത്രീ ഇരുന്നു മറ്റൊരു കുട്ടിയേയും ഓമനിക്കുന്നുണ്ട്. അച്ഛൻ ചിരിക്കുന്നു; കുട്ടികൾ ചിരിക്കുന്നു; അമ്മ പുഞ്ചിരിക്കൊള്ളുന്നു.
ഈ കൗതുകകരവും സന്തോഷപ്രദവുമായ കാഴ്ച കണ്ട് ആ അപരിചിതൻ കുറച്ചിട മനോരാജ്യത്തിൽ മുങ്ങി. അയാളുടെ വിചാരം എന്തായിരുന്നു? അയാളെക്കൊണ്ടു മാത്രമേ പറയാൻ കഴിയൂ. ഈ സന്തോഷം നിറഞ്ഞ വീട് അതിഥിസൽക്കാരത്തിൽ താൽപ്പര്യമുള്ളതായിരിക്കുമെന്നും, ഇത്രമേൽ സുഖപൂർണമായ ഒരു സ്ഥലത്തു പക്ഷേ, കുറച്ചു ദീനാനുകമ്പകൂടി കണ്ടേയ്ക്കാമെന്നും അയാൾ വിചാരിച്ചിരിക്കാം.
അയാൾ കണ്ണാടിച്ചില്ലിന്മേൽ വളരെപ്പതുക്കെ ഒരു ചെറിയ മുട്ടുമുട്ടി.
അവർ അതു കേട്ടില്ല.
അയാൾ ഒരിക്കൽക്കൂടി മുട്ടി.
ആ സ്ത്രീ ഇങ്ങനെ പറയുന്നത് അയാൾ കേട്ടു; ‘ഭർത്താവേ, ആരോ വിളിക്കുന്നതു പോലെ തോന്നുന്നു.’
‘ഇല്ല.’ ഭർത്താവ് മറുപടി പറഞ്ഞു.
അയാൾ മൂന്നാമതൊരിക്കൽക്കൂടി മുട്ടി.
ഭർത്താവെണീറ്റു, വിളക്കെടുത്തു, വാതിൽക്കലേക്കു ചെന്ന് അതു തുറന്നു.
അയാൾ പകുതി കൃഷിക്കാരന്റെയും പകുതി കൈവേലക്കാരന്റെയും മട്ടിൽ ഒരുയരമുള്ള ആളായിരുന്നു. ഇടത്തേ ചുമലു വരെ എത്തുന്നതും തോൽക്കൊണ്ടുള്ളതുമായ ഒരുടുപ്പുമറ അയാൾ ധരിച്ചിട്ടുണ്ട്. ഒരു കുപ്പായക്കീശയിൽക്കിടക്കുന്നതു പോലെ അരപ്പട്ടകൊണ്ടു താങ്ങിയിരിക്കുന്ന ഒരു ചുറ്റിക, ഒരു ചുകന്ന ഉറുമാൽ, വെടിമരുന്നുകുറ്റി, വേറെ പലത് എന്നിവകൊണ്ട് ആ ഉടുപ്പുമറ കുറച്ചൊന്ന് ഉന്തിയിരുന്നു. തല അൽപം പിന്നോട്ട ചാഞ്ഞിട്ടാണ്; ധാരാളമായി തുറന്നിട്ട പിന്നോക്കം മടക്കി വെച്ചിരുന്ന അടിക്കുപ്പായം, വെളുത്തതും മറവില്ലാത്തതുമായ അയാളുടെ കാളക്കഴുത്തിനെ വെളിപ്പെടുത്തിയിരുന്നു. അയാളുടെ കൺപോളകൾ കനത്തവയാണ്; അയാൾ കറുത്തു മുറ്റിയ മേൽമീശ വെച്ചിരുന്നു; അയാളൂടെ കണ്ണുകൾക്കു നല്ല വലുപ്പമുണ്ട്; അയാളുടെ മുഖത്തിന്റെ കാഴ്ഭാഗം ഒരു തുമ്പിക്കയ്യിന്റെ ഛായയിലാണ്; ഇതിനെല്ലാം പുറമേ, ഇന്നവിധമെന്നു വിവരിക്കാൻ വയ്യാത്ത മട്ടിൽ, താൻ തന്റെ നിലയ്‌ക്കാണ് നിൽക്കുന്നതെന്നു പറയുന്ന ഒരു ഭാവവിശേഷം അയാൾക്കുണ്ടായിരുന്നു.
‘സേർ, എനിക്കു മാപ്പു തരണം,’ വഴിപോക്കൻ പറഞ്ഞു. ‘പണത്തിനു മാത്രമായി, ഒരു കിണ്ണം സൂപ്പും, കിടന്നുറങ്ങുവാൻ അവിടെ ആ തോട്ടത്തിലുള്ള ചായ്ച്ചു കെട്ടിയതിൽ ഒരു മൂലയും , നിങ്ങൾ എനിക്ക് തരുമോ? എന്നോടു പറയൂ; നിങ്ങൾക്ക് തരാൻ കഴിയുമോ? പണത്തിന്?
‘നിങ്ങൾ ആരാണ്?’ വീട്ടുടമസ്ഥൻ കല്പിച്ചു ചോദിച്ചു.
ആ മനുഷ്യൻ മറുപടി പറഞ്ഞു: ‘ഞാൻ ഇതാ പ്വി–മ്വാസ്സാങ്ങിൽ നിന്ന് വന്നു. ഞാൻ ഇന്ന് പകൽ മുഴുവനും നടക്കുകയായിരുന്നു. ഞാൻ പന്ത്രണ്ട് കാതം വഴി നടന്നിരിക്കുന്നു. നിങ്ങൾക്കു സാധിക്കുമോ — ഞാൻ പണം തന്നാൽ?’ ആ കൃഷിക്കാരൻ പറഞ്ഞു: ‘പണം തരാൻ കഴിവുള്ള ഒരു മാന്യൻ താമസിക്കാൻ സ്ഥലം ചോദിച്ചാൽ ഇല്ലെന്ന് ഞാൻ പറയില്ല. അപ്പോൾ, എന്തേ നിങ്ങൾ ഹോട്ടലിൽ പോവാത്തത്?’
‘അവിടെ സ്ഥലമില്ല’.
‘ആയി! അതു വരാൻ വയ്യ. ഇന്ന് ചന്തദിവസമോ ഉത്സവദിവസമോ അല്ല. നിങ്ങൾ ലബാറിന്റെ ഹോട്ടലിൽ പോയോ?
‘ഉവ്വ്’
‘എന്നിട്ട്?’
ആ വഴിപോക്കൻ പരിഭ്രമിച്ചു കൊണ്ട് മറുപടി പറഞ്ഞു: ‘എനിക്കറിഞ്ഞുകൂടാ. അയാൾ എന്നെ താമസിപ്പിച്ചില്ല.’
‘നിങ്ങൾ റ്യൂ ഷാഫോവിൽ — എന്താ അയാളുടെ പേര്? — അവിടെ പോയോ?’
വഴിപോക്കന്റെ പരിഭ്രമം വർദ്ധിച്ചു; അയാൾ വിക്കിപ്പറഞ്ഞു, ‘അയാളും എന്നെ സ്വീകരിച്ചില്ല.’
കൃഷിക്കാരന്റെ മുഖത്ത് ഒരവിശ്വാസം കയറി; അയാൾ പുതിയ അതിഥിയെ കാലു മുതൽ തല വരെ ഒന്നു നോക്കിപ്പഠിച്ചു; പെട്ടെന്ന് ഒരു കിടുകിടുപ്പോടുകൂടി അയാൾ ഉറക്കെപ്പറഞ്ഞു: ‘നിങ്ങളാണോ ആ മനുഷ്യൻ?
അയാൾ ആ അപരിചിതന്റെ നേരെ പുതുതായി ഒന്നു നോക്കി; രണ്ടുമൂന്നടി പിന്നോക്കം വെച്ചു, വിളക്ക് മേശപ്പുറത്തു നിർത്തി, ചുമരിൽ തൂക്കിയിരുന്ന തോക്കെടുത്തു.
ഇതിനിടയിൽ, നിങ്ങളാണോ ആ മനുഷ്യൻ? എന്നു കേട്ടതോടുകൂടി, സ്ത്രീ ഇരുന്നേടത്തു നിന്നെണീറ്റു, രണ്ടു കുട്ടികളേയും വാരിവലിച്ചെടുത്തു, നഗ്നമായ മാറിടത്തോടും, ഭയപ്പെട്ട് പരിഭ്രമിച്ചിട്ടുള്ള നോട്ടത്തോടും കൂടി, ആ അപരിചിതനെ പേടിച്ച് തുറിച്ചു നോക്കിക്കൊണ്ട് ഭർത്താവിന്റെ പിന്നിൽ ഉപായത്തിൽ ചെന്നഭയം പ്രാപിച്ചു: അവൾ ഒരു താഴ്ന്ന സ്വരത്തിൽ പിറുപിറുത്തു, ‘തെമ്മാടിക്കള്ളാ!’
ഒരാൾക്ക് വിചാരിക്കാവുന്നതിലും അത്യധികം വേഗത്തിലാണ് ഈ പറഞ്ഞതെല്ലാം ഉണ്ടായത്. കുറച്ച് നിമിഷങ്ങളോളം ഒരണലിപ്പാമ്പിനെ നോക്കിക്കാണുന്നതു പോലെ, ആ അപരിചിതനെ സൂക്ഷിച്ചു നോക്കിയതിനു ശേഷം, വീട്ടുടമസ്ഥൻ വാതിലിന്റെ അടുക്കലേക്ക് മടങ്ങിച്ചെന്നു പറഞ്ഞു: ‘ഉം, ഓട്!’
‘ദയ വിചാരിച്ചു മാത്രം, ഒരു ഗ്ലാസ്സ് വെള്ളം,’ ആ മനുഷ്യൻ പറഞ്ഞു.
‘എന്റെ തോക്കിൽ നിന്ന് ഒരുണ്ട!’ കൃഷിക്കാരൻ പറഞ്ഞു.
ഉടനെ അയാൾ വാതിൽ കൊട്ടിയടച്ചു; ഊക്കോടുകൂടി രണ്ടു സാക്ഷയും വലിച്ചിടുന്നത് ആ മനുഷ്യൻ കേട്ടു. ഒരു നിമിഷം കൂടി കഴിഞ്ഞ്, ജനാലയുടെ നീക്കുകൾ നീങ്ങി; വിലങ്ങനെ ഒരിരിമ്പുവടി വലിച്ചിടുന്ന ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.
രാത്രി കൂടിക്കൂടി വന്നു. ആല്‌പ്‌സ് പർവതത്തിൽ നിന്നുള്ള ഒരു തണുത്ത കാറ്റടിച്ചു ഉർദ്ധ്വൻ വലിച്ചിട്ടടങ്ങുന്ന പകലിന്റെ പ്രകാശത്താൽ, ആ അപരിചിതൻ തെരുവിന്റെ ഇരുവശത്തുമുള്ള തോട്ടങ്ങളിലൊന്നിൽ ഒരു ചെറ്റക്കുടിൽ കണ്ടു; അതു മൺകൊണ്ടുണ്ടാക്കിയതാണെന്ന് അയാൾക്കു തോന്നി. അയാൾ ചെടിപ്പടർപ്പുവേലി പൊത്തിപ്പിടിച്ചു കയറി. തോട്ടത്തിൽക്കിടന്നു. അയാൾ ആ ചെറ്റക്കുടിലിന്റെ അടുത്ത് ചെന്നു; അതിന്റെ പുറത്തേക്കുള്ള പഴുത്, താഴ്ന്നതും ഇടുങ്ങിയതുമായ ഒരു ദ്വാരമായിരുന്നു; നിരത്തു നന്നാക്കുന്നവർ വഴിക്കരികെ തങ്ങൾക്ക് താമസിക്കാൻ വേണ്ടി ഉണ്ടാക്കാറുള്ള പുരകളുടെ ഛായയിൽ ഒന്നായിരുന്നു ആ സ്ഥലം. അത് വാസ്തവത്തിൽ നിരത്തു പണിക്കാരിൽ ഒരാളുടെ പാർപ്പിടമായിരിക്കണമെന്ന് ആ മനുഷ്യൻ സംശയം കൂടാതെ വിശ്വസിച്ചു; അയാൾക്ക് തണുപ്പും വിശപ്പും വല്ലാതുണ്ടായിരുന്നു; ഇതു തന്നെ കഷ്ടിച്ച് തണുപ്പിൽ നിന്നു രക്ഷിക്കുമെന്ന് അയാൾ കരുതി. ഈ വക പാർപ്പിടങ്ങളിൽ രാത്രി ആരും ഉണ്ടായിരിക്കുക പതിവില്ല. അയാൾ കമിഴ്‌ന്നു കിടന്നു. പതുക്കെ ആ കുടിലിലേക്കു നീന്തി. അതിനുള്ളിൽ ചൂടുണ്ടായിരുന്നു; അതിൽ കഴിച്ചുകൂട്ടാവുന്ന ഒരു വൈക്കോൽ കിടക്ക കണ്ടു. ഒരു ഭാഗവും അനക്കാൻ ശക്‌തിയില്ലാതെ കുറച്ചു നേരത്തേക്ക് അയാൾ അങ്ങനെത്തന്നെ ആ കിടക്കയിൽ കിടന്നു; അയാൾക്ക് അത്രയും കഠിനമായ ക്ഷീണമുണ്ടായിരുന്നു. പിന്നീട്, പുറത്തുള്ള പട്ടാളമാറാപ്പ് ഒരുപദ്രവമായിരുന്നതുകൊണ്ടും, എന്നു മാത്രമല്ല അതൊരു തലയണയായുപയോഗിക്കാൻ കൊള്ളാമെന്നു കണ്ടും, അയാൾ അതഴിച്ചെടുക്കാൻ ആരംഭിച്ചു. ആ സമയത്ത് പുറത്തുനിന്ന് ഒരു ഭയങ്കരമായ മുരളിച്ച കേട്ടു. അയാൾ തല പൊന്തിച്ചു നോക്കി. കുടിലിന്റെ ഉമ്മറത്തുള്ള ഇരുട്ടിൽ ഒരു കൂറ്റൻ നായയുടെ തല പ്രത്യക്ഷമായി.
അത് ഒരു നായക്കൂടായിരുന്നു.
അയാൾ തന്നെ നല്ല കരുത്തുള്ളവനും എന്തിനും മടിയില്ലാത്തവനുമാണ്; വടി കൈയിലെടുത്തു; പട്ടാളമാറാപ്പു പരിചയാക്കി; കീറിയ തന്റെ ഉടുപ്പിലെ തുളയ്ക്കു വിസ്താരം വരുത്താതെ, കഴിയുന്ന വിധത്തിൽ, അയാൾ ആ നായക്കൂട്ടിൽ നിന്നു പുറത്തുചാടി.
അങ്ങോട്ടു കടന്നതു പോലെത്തന്നെ അയാൾ തോട്ടത്തിന്റെ പുറത്തേക്കു കടന്നു; പക്ഷേ, പിന്നോക്കം നടന്നതു കൊണ്ടാണ്. നായയെ കുറച്ചുനേരം ബഹുമാനിപ്പിച്ചു നിർത്തുന്നതിനു തന്നെ, അയാൾക്ക് തന്റെ വടികൊണ്ട്, വടിത്തല്ലിൽ പ്രമാണിത്തമുള്ളവർ പന്തീരാൻ വീശൽ എന്നു പറയുന്ന പയറ്റ് കുറച്ചിട പ്രയോഗിക്കേണ്ടി വന്നു.
ബുദ്ധിമുട്ട് കൂടാതെയല്ല, വേലി വീണ്ടും കയറിക്കടന്നു, യാതൊരു നിലയുമില്ലാതെ, കഴിച്ചുകൂട്ടാൻ ഒരു സ്ഥലവുമില്ലാതെ, നിലം പൊത്തുവാൻ ഒരു ചെറ്റക്കുടിലു പോലുമില്ലാതെ, ആ വൈക്കോൽക്കിടക്കയിൽ നിന്നും ആ നിസ്സാരമായ നായക്കൂട്ടിൽനിന്നും കൂടി ആട്ടിയോടിക്കപ്പെട്ട്, ആ മനുഷ്യൻ, പിന്നെയും നിരത്തിൽ തനിച്ചായി എന്നു കണ്ടപ്പോൾ, അവിടെയുള്ള ഒരു കല്ലിന്മേൽ ഇരുന്നു, എന്നല്ല പറയേണ്ടത്, കുഴഞ്ഞു വീണു; അതിലേ കടന്നു പോയിരുന്ന ഒരു വഴിപോക്കൻ, അയാൾ ഇങ്ങനെ ഏതാണ്ട് നിലവിളിച്ചു പറഞ്ഞത് കേട്ടു എന്നു തോന്നുന്നു — ‘ഞാൻ ഒരു നായ കൂടിയല്ല!’
വേഗത്തിൽ അയാൾ വീണ്ടും എണീറ്റു; നടന്നു തുടങ്ങി. കഴിച്ചുകൂട്ടുവാൻ വല്ല മരപ്പൊത്തോ തിരികല്ലിന്റെ കുഴിയോ കണ്ടേക്കുമെന്നാഗ്രഹിച്ച്, അയാൾ പട്ടണം വിട്ടു വയലപ്രദേശങ്ങളിലേക്കു നടന്നു.
പിന്നേയും തല തൂങ്ങിക്കൊണ്ട് അയാൾ കുറേ നേരം കൂടി നടന്നു. തീരെ ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെത്തി എന്നു കണ്ടപ്പോൾ അയാൾ തല പൊന്തിച്ചു നാലു പുറവും ഒന്നു സൂക്ഷിച്ചു നോക്കി. അയാൾ ഒരു വയലിൽ എത്തിയിരുന്നു. പറ്റേ വെച്ച് മുറിച്ച നെൽത്തണ്ടിൻകുറ്റികളാൽ മൂടപ്പെട്ടവയും, കൊയ്ത്തു കഴിഞ്ഞ സമയത്ത്, ക്ഷൗരം കഴിഞ്ഞ തലയുടെ ഛായ തോന്നിക്കുന്നവയുമായ ചെറുകുന്നുകളിൽ ഒന്ന് അയാളുടെ മുൻപിൽ നിൽക്കുന്നു.
ചക്രവാളാന്തം തികച്ചും കറുത്തിരുന്നു. ആ കറുപ്പ് മുഴുവനും രാാത്രിയുടെ മങ്ങൽ കൊണ്ടല്ല; വളരെ താഴ്ന്നിറങ്ങി വന്നതും, ആ കുന്നിന്മേൽ വിശ്രമിക്കുന്നത് പോലെയും, പതുക്കെ ആകാശത്തേക്ക് പിടിച്ചു കയറി ഏതിടത്തും പരന്നു ചെല്ലുന്നതു പോലെയും തോന്നപ്പെട്ടതുമായ മേഘപടലവും അതിന്ന് സഹായിച്ചു. അതിനിടയ്ക്ക്, ചന്ദ്രൻ പുറപ്പെടാറായതുകൊണ്ടും, സന്ധ്യാരാഗത്തിന്റെ ഒരവശേഷം ആകാശത്തിന്റെ മേൽഭാഗത്ത് എപ്പോഴും തങ്ങി നിന്നിരുന്നതു കൊണ്ടും, ആ മേഘപടലം, ഒത്തമുകളിലായി, ഒരുമാതിരി വെള്ളക്കമാനത്തെ കെട്ടിയുണ്ടാക്കുകയും, അതിൽ നിന്നുള്ള ഒരു പ്രകാശനാളം ഭൂമിയിൽ വന്നു തട്ടുകയും ചെയ്തിരുന്നു.
അതിനാൽ ഒരു സവിശേഷമായ അലക്ഷ്മി പിടിച്ച പോലുള്ള ആ ആകാശത്തേക്കൾ, ഭൂമി കുറേക്കൂടി തെളിഞ്ഞിരുന്നു; എന്നല്ല, മോശവും ദാരിദ്ര്യം പിടിച്ചതുമായ ആ ചെറുകുന്നിന്റെ സ്വരൂപം കരുവാളിപ്പുള്ള ചക്രവാളത്തിനു മുൻപിൽ മങ്ങിയും വിളാർത്തും കാണപ്പെട്ടു. ആകപ്പാടെ ഏതിടവും കാഴ്ചയിൽ മോശവും, വികൃതവും ഏതാണ്ട് നീചവും ദുഃഖകരവുമായിരുന്നു.
ആ വയലിലാവട്ടെ, കുന്നിന്മേലാവട്ടെ, നമ്മുടെ വഴിപോക്കന്റെ കുറച്ച് ദൂരെ മുൻപിലായി വിറച്ചും ചൂളിക്കൊണ്ടുമുള്ള ഒരു ’കൊഴിഞ്ഞു പിടിച്ച’ മരമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
പ്രകൃതിയുടെ അദ്ഭുതകരമായ അന്തർഭാഗത്തേക്ക് നോക്കുന്ന സ്വഭാവമോ സാമർഥ്യമോ ലേശമെങ്കിലും ഉണ്ടാവാൻ വയ്യാത്ത ഒരുവനാണ് ആ വഴിപോക്കനെന്ന് കാണപ്പെട്ടിരുന്നു എങ്കിലും, ആ ആകാശത്തും, ആ കുന്നിന്മേലും, ആ വയലിലും, ആ മരത്തിന്മേലും, അത്രമേൽ ഭയജനകമായ ഒരു തികഞ്ഞ ശൂന്യതയുണ്ടായിരുന്നു; അതിനാൽ ഒരു നിമിഷത്തേക്ക് അയാൾ മരവിച്ചും മനോരാജ്യത്തിൽ മുങ്ങിയും നിന്നതിനു ശേഷം, പെട്ടെന്ന് പിന്നോക്കം തിരിഞ്ഞു. പ്രകൃതി എതിർപക്ഷത്തിലാണെന്ന് തോന്നിപ്പോകുന്ന ചില സന്ദർഭങ്ങളുണ്ട്.
അയാൾ പിന്നോക്കം മടങ്ങി; ഡി. യിലെ കോട്ടവാതിൽ അടച്ചിരിക്കുന്നു. മതസംബന്ധികളായ യുദ്ധങ്ങളുടെ കാലത്ത് പല ആക്രമണങ്ങളേയും തടുത്തു നിന്നിട്ടുള്ളൊന്നായ ഡി. പട്ടണം അന്നും 1815-ലും അടുത്തടുത്ത് ചതുരത്തിലുള്ള ഗോപുരങ്ങളോടുകൂടിയ കോട്ടമതിലുകളാൽ ചുറ്റപ്പെട്ടിരുന്നു; അവയെയെല്ലാം പിന്നീട് നശിപ്പിച്ചു കളഞ്ഞു. അയാൾ ഒരു വിടവിലൂടെ അകത്തു കടന്നു; വീണ്ടും പട്ടണത്തിനുള്ളിലായി.
അപ്പോൾ ഏകദേശം രാത്രി എട്ടുമണിയായിരിക്കണം. തെരുവൊന്നും പരിചയമില്ലാത്തതുകൊണ്ട് അയാൾ കണ്ട വഴിയിലൂടെ നടന്നു.
അങ്ങനെ അയാൾ മതാചാര്യസ്ഥലത്തെത്തി; പിന്നീട് പള്ളിവക വിദ്യാലയം കടന്നു. വലിയ പള്ളിക്കു മുൻപിലൂടെ പോകുമ്പോൾ അയാൾ പള്ളിക്ക് നേരേ മുഷ്ടി ചുരുട്ടിക്കാണിച്ചു.
ഈ വഴിയിലൂടെ അറ്റത്തുള്ള മൂലയിൽ ഒരച്ചുകൂടമുണ്ട്. എൽബ ദ്വീപിൽ നിന്ന് കൊണ്ടുവന്നതും നെപ്പോളിയൻ തന്നെ പറഞ്ഞുകൊടുത്തെഴുതിച്ചതുമായി പൊതുഭടസംഘത്തോടുള്ള ചക്രവർത്തിയുടേയും രക്ഷാസൈന്യത്തിന്റേയും വക വിളംബരം ഒന്നാമതായി അച്ചടിച്ചത് ഈ അച്ചുകൂടത്തിലാണ്.
ക്ഷീണം കൊണ്ട് കുഴഞ്ഞും, മനസ്സിൽ യാതൊരു ആഗ്രഹത്തിനും ഇടയില്ലാതെയും, ആ മനുഷ്യൻ അച്ചുകൂടത്തിന്റെ ഉമ്മറത്തുള്ള ഒരു കല്ലുബെഞ്ചിന്മേൽ ചെന്നു വീണു.
ആ സമയത്ത് പള്ളിയിൽ നിന്ന് ഒരു വൃദ്ധ പുറത്തേക്ക് കടന്നു. ആ കിടക്കുന്ന മനുഷ്യനെ ആ സ്ത്രീ ഇരുട്ടിലൂടെ കണ്ടു. ‘സ്നേഹിതാ, എന്താണ് നിങ്ങളവിടെ കാണിക്കുന്നത്?’ അവൾ ചോദിച്ചു.
അയാൾ ദേഷ്യത്തോടും നീരസത്തോടും കൂടി പറഞ്ഞു: ‘എന്റെ സുശീലയായ അമ്മേ, നിങ്ങൾ കാണുന്നതു പോലെ, ഞാൻ ഇവിടെ കിടന്നുറങ്ങുകയാണ്.’
ആ സുശീലയായ അമ്മ, ആ പേരിനെ വാസ്തവമായർഹിക്കുന്ന മാർക്കിസ് ദ് ആർ ആയിരുന്നു.
‘ഈ ബെഞ്ചിന്മേലോ? ആ മാർക്കിസ് തുടർന്ന് ചോദിച്ചു.
‘പന്ത്രണ്ട് കൊല്ലത്തോളമായി എനിക്ക് മരം ക്കൊണ്ടുള്ള വിരിപ്പായിരുന്നു കിടക്കാൻ’ അയാൾ പറഞ്ഞു: ‘ഇന്ന് കല്ലുകൊണ്ടുള്ളതായി.’
‘നിങ്ങൾ ഒരു പട്ടാളക്കാരനായിരിക്കാം?’
‘അതേ, എന്റെ സുശീലയായ അമ്മേ. ഒരു പട്ടാളാക്കാരൻ.’
‘നിങ്ങൾ എന്തുകൊണ്ട് ഹോട്ടലിൽ പോയില്ല?’
‘എന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ട്.’
‘കഷ്ടം!’ മാർക്കിസ് പറഞ്ഞു, ‘എന്റെ കയ്യിൽ ആകെ നാല് സൂവേ ഉള്ളൂ.’
‘എന്തെങ്കിലുമാവട്ടെ, അതെനിക്ക് തരൂ.’
ആ മനുഷ്യൻ ആ നാല് സൂവും വാങ്ങി. മാർക്കിസ് തുടർന്നു പറഞ്ഞു: ‘ഇത്രയും കുറഞ്ഞ സംഖ്യയ്ക്ക് ഹോട്ടലിൽ നിങ്ങൾക്ക് സ്ഥലം കിട്ടില്ല. അപ്പോൾ, നിങ്ങൾ അന്വേഷിച്ചു നോക്കിയോ? ഇങ്ങനെ രാത്രി കഴിച്ചു കൂട്ടുവാൻ നിങ്ങളെക്കൊണ്ട് സാധിക്കില്ല. നിങ്ങൾക്ക് തണുപ്പും വിശപ്പുമുണ്ട്, സംശയമില്ല. ദയ വിചാരിച്ച് നിങ്ങൾക്ക് ആരെങ്കിലും ഒരു താമസസ്ഥലം തരേണ്ടിയിരുന്നു.’
‘ഞാൻ എല്ലാ വാതിൽക്കലും ചെന്ന് ചോദിച്ചു കഴിഞ്ഞു.
‘എന്നിട്ട്?’
‘എവിടെ നിന്നും എന്നെ തച്ചാട്ടിയതേ ഉള്ളൂ.’
ആ ‘സുശീലയായ അമ്മ’ അയാളുടെ കൈ പിടിച്ചു. തെരുവിന്റെ അങ്ങേവശത്ത് മെത്രാന്റെ അരമനയ്ക്കടുത്തുള്ള ഒരു ചെറിയ ഉയരം കുറഞ്ഞ വീട് കാണിച്ചു കൊടുത്തു. ‘നിങ്ങൾ എല്ലാവാതിൽക്കലും ചെന്ന് വിളിച്ചു?’
‘ഉവ്വ്.’
‘ആ ഒരു വീട്ടിൽ പോയോ?’
‘ഇല്ല’
‘അവിടെ പോയി വിളിക്കൂ.’
വിവേകം ജ്ഞാനത്തോട് ഉപദേശം ചെയ്യുന്നു
അന്നു വൈകുന്നേരം, ഡി. യിലെ മെത്രാൻ, പട്ടണത്തിൽ ലാത്തൽ കഴിഞ്ഞു വന്നു, വളരെ വൈകുന്നേരം വരെ സ്വന്തം മുറിയിൽ വാതിലടച്ചിരുന്നു. അദ്ദേഹം മുറകളെപ്പറ്റി ഒരു വലിയ ഗ്രന്ഥം എഴുതുന്നുണ്ട്; അതു നിർഭാഗ്യത്താൽ മുഴുമിച്ചില്ല.
ഈ പ്രധാന വിഷയത്തെപ്പറ്റി ജ്ഞാനികളും മതാചാര്യന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളതെല്ലാം അദ്ദേഹം ശേഖരിക്കയാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥം രണ്ടു ഭാഗമായിട്ടത്രേ. ഒന്നാമത്തേതിൽ, എല്ലാവരുടെയും മുറകൾ; രണ്ടാമത്തേതിൽ, അതാതു വർഗമനുസരിച്ച് ഓരോരുത്തനുമുള്ള മുറകൾ. എല്ലാവർക്കും കൂടിയുള്ള മുറകൾക്കാണ് പ്രാധാന്യം. അവ നാലു തരത്തിലുണ്ട്. സെയ്‌ന്റ് മാത്യു അവയെ ഇങ്ങനെ വേർതിരിക്കുന്നു. ഈശ്വരനോടുള്ള മുറകൾ (മാത്യു VI); അവനവനോടുള്ള മുറകൾ (മാത്യു V, 29, 30); അയല്പക്കക്കാരോടുള്ള മുറകൾ (മത്യു VII, 12); തിര്യക്കുകളോടുള്ള മുറകൾ (മാത്യു VI, 20, 25). മുറകളെ മെത്രാൻ വേറെ സ്ഥലങ്ങളിൽ നിന്നെടുത്തു; രാജാവോടും പ്രാജകളോടുമുള്ളവ — റോമക്കാർക്കുള്ള കത്തിൽ നിന്ന്, ന്യായാധിപരോടും ഭാര്യയോടും അമ്മയോടും ചെറുപ്പക്കാരോടുമുള്ളവ — സെയ്‌ന്റെ് പീറ്ററുടെ വാക്കിൽ നിന്ന്, ഭർത്താവോടും അച്ഛനോടും കുട്ടികളോടും ഭൃത്യരോടുമുള്ളവ — എഫിഷീയങ്കാർക്കുള്ള കത്തിൽ നിന്ന്; മതവിശ്വാാസികളോടുള്ളവ — ഹീബ്രുക്കാർക്കുള്ള കത്തിൽ നിന്ന്; കന്യകകളോടുള്ളവ — കൊറിന്തിയങ്കാർക്കുള്ള കത്തിൽ നിന്ന്. ഈ എല്ലാ ഉപദേശങ്ങളിലും നിന്ന് പരസ്‌പരബന്ധമുള്ള ഒരു ധർമ്മസിദ്ധാന്തത്തെ അദ്ദേഹം മനുഷ്യാത്മക്കളുടെ ഉപയോഗത്തിനായി നന്നേ യത്‌നിച്ചു സ്വരൂപിച്ചു വരുന്നു.
എട്ടു മണിയായിട്ടും അദ്ദേഹം അതു നിർത്തി എഴുന്നേറ്റിട്ടില്ല. ഒരു വലിയ പുസ്‌തകം കാൽമുട്ടിന്മേൽ മലർത്തി വച്ചു, വളരെ അസൗകര്യത്തോടുകൂടി, അദ്ദേഹം പലേ ചതുരക്കടലാസ്സു കഷണങ്ങളിലായി എഴുതുന്നു — ആ സമയത്തു മദാം മഗ്ല്വാർ, തന്റെ പതിവു പോലെ, അദ്ദേഹത്തിന്റെ കട്ടിലിനടുത്തിള്ള ചുമർക്കൂട്ടിൽ നിന്നു, വെള്ളി സാമാനങ്ങൾ എടുക്കാൻ അകത്തേക്കു ചെന്നു. ഉത്തരക്ഷണത്തിൽ, ഭക്ഷണം തയ്യാറായിരിക്കുമെന്നും ഒരു സമയം സഹോദരി കാത്തിരിക്കുന്നുണ്ടാവുമെന്നും മനസ്സിലാക്കി. മെത്രാൻ പുസ്‌തകമടച്ചു; മേശയ്‌ക്കരികിൽ നിന്നെണീറ്റു; ഭക്ഷണമുറിയിലെത്തി.
ഭക്ഷണമുറി, നടുക്കു തിയ്യിടാനുള്ള ഏർപ്പാടോടുകൂടി, നീണ്ടു ചതുരത്തിലുള്ള ഒരു സ്ഥലമാണ്; അതിൽനിന്നു (ഞങ്ങൾ പറഞ്ഞതു പോലെ) ഒരു വാതിൽ തെരുവിലേക്കും ഒരു ജനാല തോട്ടത്തിലേക്കുമുണ്ട്.
മദാം മഗ്ല്വർ ഭക്ഷണമേശയുടെ മുകളിൽ ഒടുവിലത്തെ ചിലത് ഒരുക്കുകയാണ്.
അത് ചെയ്യുന്നതോടുകൂടി, അവൾ മദാം വ്വസേല്ല് ബപ്‌തിസ്‌തീനുമായി സംസാരിച്ചിരുന്നു.
മേശപ്പുറത്ത് ഒരു വിളക്ക് കത്തുന്നുണ്ട്; മേശ തീത്തിണ്ണക്കടുത്താണ്. അതിൽ വിറകു കിടന്നെരിയുന്നു.
അറുപതു കഴിഞ്ഞ ആ രണ്ടു സ്‌ത്രീകളേയും ആർക്കും എളുപ്പത്തിൽ വിചാരിച്ചറിയാം. മദാം മഗ്ല്വാർ മുണ്ടിയായ, തടിച്ചുരുണ്ട്, എപ്പോഴും ചൊടിയോടുകൂടി; മദാം വ്വസേല്ല് ബപ്‌തിസ്‌തീൻ മന്ദഗതിയായി, മെലിഞ്ഞു, ശക്‌തിയില്ലാതെ. സഹോദരനേക്കാൾ കുറേക്കൂടി നീണ്ടു. താൻ 1806-ൽ പാരീസ്സിൽ പോയിരുന്നപ്പോൾ മേടിച്ചതും ഇതുവരെ സൂക്ഷിച്ചുപയോഗിച്ചുപോരുന്നതും അക്കാലത്തെ പരിഷ്‌കാരപ്രകാരമുള്ളതും കരിന്തവിട്ടു നിറത്തിലുള്ളതുമായ ഒരു പട്ടുടുപ്പോടുകൂടി ഒരു ഭാഗം നിറച്ചെഴുതിയാൽക്കൂടി അവസാനിക്കാത്ത കാര്യം ഒരു വാക്കു കൊണ്ടു കഴിക്കുന്ന ആ സവിശേഷഗുണമുള്ള പടുഭാഷയിൽ പറകയാണെങ്കിൽ, മദാം മഗ്ല്വാർക്കു കാഴ്ചയിൽ ഒരു അഭാസത്തവും മദാം വ്വസേല്ല് ബപ്‌തിസ്‌തീന്ന് ഒരു പ്രമാണിത്തവും ഉണ്ട്. മദാം മഗ്ല്വാർ കനത്തിൽ അകശീലവെച്ചു തുന്നിയ ഒരു വെളുത്ത തൊപ്പിയും; കഴുത്തിൽ വില്ലീസ്സുപട്ടുനാടയുടെ മീതേ ഒരു സ്വർണ്ണക്കുരിശും — ആ വീട്ടിൽ ആകെയുള്ള ഒരാഭരണക്കഷ്‌ണം അതാണ് —; പരുപരുത്തു കറുത്ത രോമം കൊണ്ടുള്ള തുണിയാൽ ഉണ്ടാക്കപ്പെട്ടതും, വിസ്‌താരം കൂടി നീളം കുറഞ്ഞ കൈകളോടു കൂടിയതുമായ ഒരു പുറംകുപ്പായത്തിൽ നിന്നു പൊള്ളച്ചു നില്‌ക്കുന്ന ഒരു തൂവെള്ളച്ചുമൽ വസ്‌ത്രവും; ചുകന്നും പച്ചച്ചുമുള്ള ചതുരക്കള്ളികളോടുകൂടീ പരുത്തിത്തുണി കൊണ്ടുണ്ടാക്കിയതും, ഒരു പച്ചനാടകൊണ്ട് അരയ്‌ക്കു വെച്ചു ചുറ്റിക്കെട്ടിയതും, അങ്ങനെയൊന്നു കൊണ്ടുതന്നെ മുകളിൽ മൂലയ്‌ക്കു വെച്ചു മൊട്ടുസൂചിയാൽ തുന്നിക്കുത്തി നിർത്തിയ ഒരു മാർപ്പതക്കത്തോടു കൂടിയതുമായ ഒരു മുൻഭാഗമറയും; കാലിൽ മാർസിയൈയിലെ സ്‌ത്രീകളെപ്പോളെ, പരുത്ത പപ്പാസ്സുകളും മഞ്ഞച്ച കീഴ്‌ക്കലുറകളൂം ധരിച്ചിട്ടാണ്. മദാം വ്വസ്സേല്ല് ബപ്‌തിസ്‌തീന്റെ പുറംകുപ്പായം 1806-ലെ പരിഷ്‌കാരമനുസരിച്ച് വെട്ടിത്തുന്നിയതും, ഒരു നീളം കുറഞ്ഞ മുറിക്കുപ്പായത്തോടും വിസ്‌താരമില്ലാതെ വാളുറ പോലുള്ള ഒരു പാവാടയോടും, പൊള്ളച്ച കൈകളോടും, മുകളിൽ പരന്നു തൂങ്ങിക്കടക്കുന്ന ഞെറികളോടും കുടുക്കുകളോടു കൂടിയതുമാണ്. പിഞ്ച് കുട്ടിപ്പാഴ്‌മുടി എന്നു പറയുന്ന ചുരുൾ ചുരുളായ ഒരു പാഴ്‌മുടിക്കുള്ളിൽ അവൾ തന്റെ നരച്ച തലമുടിയെ മറച്ചിരുന്നു. മദാം മഗ്ല്വാർ കാഴ്‌ചയിൽ ബുദ്ധിയും ചൊടിയും ദയമുള്ള ഒരു സ്‌ത്രീയാണ്, ഒപ്പമില്ലാതെ പൊന്തിനില്‌ക്കുന്ന അവളുടെ ചുണ്ടിന്റെ രണ്ടറ്റവും, ചുവട്ടിലത്തേതിനേക്കാൾ വലിപ്പമുള്ള മുകളിലത്തെ ചുണ്ടും കൂടി മുഷിഞ്ഞും കൊണ്ടുള്ള ഒരു മട്ടും അഭിമാനത്തോടു കൂടിയ ഒരു ഭാവവിശേഷവും അവൾക്കുണ്ടാക്കി. മെത്രാൻ ഒന്നും മിണ്ടാതിരിക്കുമ്പോഴെല്ലാം അവൾ അദ്ദേഹത്തോടു ബഹുമാനവും സ്വാതന്ത്ര്യവും കൂടിക്കലർന്ന ഒരു ദൃഢസ്വരത്തിൽ സംസാരിക്കും; എന്നാൽ അദ്ദേഹം പറയാൻ തുടങ്ങിയാൽ ഉടനേ, നമ്മൾ കണ്ടിട്ടുള്ളവിധം, അവളും തന്റെ സ്വാമിനിയെപ്പോലെ, എതിർപക്ഷമില്ലാതെ അനുസരിക്കും. മദാം വ്വസെല്ല് ബപ്‌തിസ്‌തീൻ സംസാരിക്കുക കൂടിയില്ല. അദ്ദേഹത്തെ അനുസരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അവളുടെ ഭാഗം അവസാനിച്ചു. ചെറുപ്പകാലത്തു കൂടി അവൾ സുന്ദരിയാവുക ഉണ്ടയിട്ടില്ല; അവളുടെ കണ്ണുകൾ വലിയവയും നീലനിറത്തിലുള്ളവയും ഉന്തിനില്‌ക്കുന്നവയുമാണ്; മൂക്കു നീണ്ട വളഞ്ഞതായിരുന്നു; എന്നാൽ ആ മുഖത്തിന്റെ ആകെപ്പാടെയുള്ള ആകൃതി, അവളുടെ ദേഹത്തിന്റെ സമ്പദായം, ഞങ്ങൾ ആരംഭത്തിൽ പറഞ്ഞുവെച്ചതുപോലെ, അനിർവാച്യമായ ഒരു സൗശീല്യത്തെ പ്രകാശിപ്പിച്ചു കൊണ്ടിരുന്നു. അവൾ എപ്പോഴും തറവാടിത്തത്തെ കാണിക്കുവാൻ വേണ്ടി ജനിച്ചവളാണ്. എന്നാൽ ആത്‌മാവിനെ പതുക്കെ സന്തോഷിപ്പിച്ചു നന്നാക്കിത്തീർക്കുന്ന മതവിശ്വാസം, ധർമശീലം, ശാന്തസ്വഭാവം എന്നീ മൂന്നു മനോഗുണങ്ങൾ കൂടിച്ചേർന്നു ക്രമേണ ആ തറവാടിത്തത്തെ ഒരു പാവനത്വമാക്കി ഉയർത്തി. പ്രകൃതി അവളെ ഒരാട്ടിൻ കുട്ടിയാക്കി സൃഷ്‌ടിച്ചു; മതം അവളെ ഒരു ദേവസ്‌ത്രീയാക്കി വളർത്തി. ഋഷിത്വമുള്ള സാധുകന്യകാത്വം! മറഞ്ഞുകഴിഞ്ഞ ആ മനോഹരമായ പഴമ!
അന്നു വൈകുന്നേരം മെത്രാന്റെ വാസസ്ഥലത്തുണ്ടായ സംഭവം മദാം വസേല്ല് ബപ്‌തിസ്‌തീൻ പലപ്പോഴും ആവർത്തിച്ചിരുന്നു; അതുകൊണ്ട് അതിന്റെ എല്ലാ ഭാഗവും പരിപൂർണ്ണമായി പറഞ്ഞു തരാൻ കഴിവുള്ള ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
മെത്രാൻ ചെന്ന സമയത്തു മദാം മഗ്ല്വാർ വളരെ ചൊടിയോടുകൂടി സംസാരിക്കുകയായിരുന്നു. ആ സ്‌ത്രീ മദാം വ്വസേല്ല് ബപ്‌തിസ്‌തീനു പരിചയമുള്ളതും മെത്രാന്ന് ധാരാളം കേട്ട് ശീലമുള്ളതുമായ ഒരു വിഷയത്തെപ്പറ്റി ആവേശത്തോടു കൂടി പ്രസംഗിക്കുകയാണ്. പ്രസംഗവിഷയം പുറത്തേക്കുള്ള വാതിലിന്റെ പൂട്ടു തന്നെ.
അത്താഴത്തിനുള്ള ചില സമാനങ്ങൾ വാങ്ങിക്കൂട്ടുന്നതിനിടയ്ക്ക് പലേടത്തു നിന്നുമായി മദാം മഗ്ല്വാർ ചിലതൊക്കെ കേട്ടു എന്ന് തോന്നുന്നു. കാഴ്ചയിൽ അപകടം പിടിച്ച ഒരുത്തൻ ഉപായത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന് ആളുകൾ സംസാരിച്ചു; നല്ല മട്ടുകാരനല്ലാത്ത ഒരു തെമ്മാടി വന്നു കൂടിയിരിക്കുന്നു; അവൻ ഇപ്പോൾ പട്ടണത്തിൽ എവിടെയോ ഉണ്ടായിരിക്കണം. നേരം വൈകി വീട്ടിലേക്ക് മടങ്ങിച്ചെല്ലുവാൻ നിൽക്കുന്നവർ അത്ര സുഖകരമല്ലാത്ത ഒരു കള്ളിയിൽച്ചെന്ന് ചാടാൻ വഴിയുണ്ട്. പോലീസിന്റെ നില വളരെ മോശം; പോലീസ്സു മേലുദ്യോഗസ്ഥനും നഗരമുഖ്യനും തമ്മിൽ വലിയ അടുപ്പമില്ല; എന്തെങ്കിലും ചിലതുണ്ടാക്കിത്തീർത്ത് അന്യോന്യം അപകടത്തിൽ ചാടിക്കാൻ നോക്കുകയാണ് രണ്ടുപേരും. പോലീസ്സുകാരെക്കൊണ്ടുള്ള കാര്യം തന്റേടമുള്ളവർ സ്വയമായിത്തന്നെ നിറവേറ്റുകയും, നല്ലവണ്ണം സൂക്ഷിച്ചിരിക്കുകയുമാണ് വേണ്ടത്; വീടുകളെല്ലാം വേണ്ട വിധം അടച്ചു, തഴുതിട്ടു, പുറത്തുനിന്ന് കടക്കാൻ വയ്യാതാക്കുകയും വാതിലുകളെല്ലാം നല്ലവണ്ണം ബന്ധിച്ച് പൂട്ടിയിടുകയും ആവശ്യമാണ്.
ഈ ഒടുവിൽ പറഞ്ഞത് മദാം മഗ്ല്വാർ ഒന്നു കൂടി ഉറപ്പിച്ചു. എന്നാൽ മെത്രാൻ കുറച്ച് തണുപ്പോടു കൂടിയ സ്വന്തം മുറിയിൽ നിന്നാണ് അവിടെ വന്നത്. അദ്ദേഹം തിയ്യിനു മുൻപിൽ ചെന്നിരുന്നു, തീക്കാഞ്ഞു; മറ്റെന്തോ ചിലതിനെപ്പറ്റി മനോരാജ്യം തുടങ്ങി. മദാം മഗ്ല്വാർ അർഥം വെച്ച് പറഞ്ഞ വാക്ക് അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. അവൾ അതൊന്നുകൂടി പറഞ്ഞു. സഹോദരനെ മുഷിപ്പിക്കാതെ മദാം മഗ്ല്വാറെ സന്തോഷിപ്പിക്കുവാൻ വേണ്ടി, മദാം വ്വസേല്ല് ബപ്തിസ്തീൻ ശങ്കിച്ചുകൊണ്ട് ഇങ്ങനെ ഒന്നു പറഞ്ഞു: ‘ജ്യേഷ്ഠൻ മദാം പറയുന്നതു കേട്ടുവോ?’
‘ഞാൻ എന്തോ ചിലത് കേട്ടു.’ മെത്രാൻ മറുപടി പറഞ്ഞു. എന്നിട്ട് കസാല പകുതി തിരിച്ചിട്ടു. കാൽമുട്ടിന്മേൽ കൈവച്ചു. വേഗത്തിൽ സന്തോഷം കയറുന്നതും തിയ്യിന്റെ വെളിച്ചം ചുവട്ടിൽ നിന്ന് തട്ടി പ്രകാശിച്ചതുമായ തന്റെ സസ്നേഹമായ മുഖം ആ വൃദ്ധയുടെ നേരെ തിരിച്ച്, അദ്ദേഹം ചോദിച്ചു: ‘കേൾക്കട്ടെ, എന്തൊക്കെയാണ് വർത്തമാനം? എന്തൊക്കെയാണ് വർത്തമാനം? നമ്മൾ വലിയ അപകടത്തിലാണോ?’
ഉടനെ മദാം മഗ്ല്വാർ ആ കഥ മുഴുവനും ഒന്നു കൂടി പറഞ്ഞു — മനഃപൂർവ്വമായിട്ടല്ലാതെ കുറച്ച് ചിലത് അവിടവിടെ പുതുതായി കൂട്ടി. ബൊഹീമിയക്കാരൻ ഒരാൾ, കാലിൽ ഒന്നുമില്ലതെ ഒരു തെണ്ടി, വല്ലാത്തൊരുത്തനായ ഒരിരപ്പാളി പട്ടണത്തിൽ വന്നുകൂടിയിരിക്കുന്നു. അവൻ ഴാക്ക്വാങ് ലബാറുടെ ഹോട്ടലിൽ താമസിക്കാൻ ചെന്നുവത്രേ; പക്ഷേ അവനെ താമസിപ്പിക്കുവാൻ അയാൾക്കത്ര ഇഷ്ടമുണ്ടായില്ല. ഗസ്സാന്ദിയിലെ മരക്കൂട്ടത്തിന്റെ വഴിക്കാണ് അവന്റെ വരവു കണ്ടത്; സന്ധ്യയ്ക്ക് തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവത്രേ. കണ്ടാൽ പേടിയാവുന്ന മുഖവുമായി ഒരു കൊലപാതകപ്പുള്ളി.
‘നേര്!’ മെത്രാൻ പറഞ്ഞു.
അങ്ങോട്ടു ചോദിച്ചും കൊണ്ടുള്ള മട്ട് മദാം മഗ്ല്വാറെ ഉത്സാഹപ്പെടുത്തി. അതിൽ നിന്ന് മെത്രാൻ പേടിക്കാൻ ഭാവമുണ്ടെന്ന് കരുതി. അവൾ വിജയഭാവത്തോടുകൂടി പറഞ്ഞു തുടങ്ങി.
‘അതേ, മോൺസിന്യേർ. കാര്യത്തിന്റെ സ്ഥിതി അങ്ങനെയാണ്. ഇന്ന് ഈ പട്ടണത്തിൽ എന്തെങ്കിലും ഒരു ലഹള ഉണ്ടാവാതിരിക്കില്ല. എല്ലാവരും പറയുന്നുണ്ടത്. എന്നല്ല. പോലീസിന്റെ കഥ വളരെ മോശം’ ആവശ്യമുള്ള ഒരാവർത്തനം. ‘ഒരു മലം പ്രദേശത്ത് താമസിക്കുക; രാത്രി തെരുവുകളിൽ വിളക്കുകൂടി വേണ്ടവിധമല്ല! ചത്തുപോവും. അതേ എന്ന്; അപ്പക്കൂടു പോലെ ഇരുട്ടുപിടിച്ച് കിടക്കുന്നു! ഞാൻ പറയുന്നു. മോൺസിന്യേർ — മദാം വ്വസേല്ല് എന്നോട് യോജിക്കുന്നുണ്ട്.’
‘ഞാൻ.’ സഹോദരി തടഞ്ഞു പറഞ്ഞു, ‘ഒന്നും പറായുന്നില്ല. എന്റെ ജ്യേഷ്ഠൻ ചെയ്യുന്നതെല്ലാം ശരി.’
‘ആരും തടഞ്ഞുപറയുക ഉണ്ടായിട്ടില്ലെന്ന നിലയ്ക് മദാം മഗ്ല്വാർ നിർത്താതെ പറഞ്ഞു; ‘ഞങ്ങൾ പറയുന്നു. ഈ വീട്ടിന് ഒട്ടും ഉറപ്പു പോരാ; ഇവിടുന്ന് സമ്മതിക്കുന്ന പക്ഷം, ഞാൻ പോയി വാതിലിന്മേലുള്ള പണ്ടത്തെ പൂട്ടുകളെല്ലാം അവിടവിടെ തറച്ചു ശരിയാക്കുന്നതിന് കരുവാനോട് വരാൻ പറയാം; പൂട്ടുകളെല്ലാം നമ്മുടെ പക്കലുണ്ട്; ഒരൊറ്റ നിമിഷത്തെ പണിയേ ഉള്ളൂ; ഏതു വഴിപോക്കനും കയറിവന്ന് ഒരു നീക്ക് നീക്കിയാൽ തുറക്കാവുന്ന ഒരു വാതിൽ പോലെ പേടി തോന്നിക്കുന്ന വസ്തു വേറെയില്ലെന്ന് ഞാൻ പറയുന്നു; എന്നല്ല, ഞാൻ പറായട്ടെ, മോൺസിന്യേർ, ഒരു രാത്രിക്കു മാത്രമായിട്ടെങ്കിലും വാതിലിന് പൂട്ടു തറയ്ക്കുന്നത് ആവശ്യമാണ്. പിന്നെ ആരോടും എപ്പോഴും ‘അകത്തേക്കു വരൂ’ എന്ന് പറയുന്നത് ഇവിടത്തെ ഒരു സ്വഭാവമാണ്; എന്നല്ല എന്റെ ഈശ്വരാ! ഏതർദ്ധരാത്രിക്കായാലും ശരി, ആർക്കും അകത്തേക്ക് കടക്കാൻ സമ്മതം ചോദിക്കേണ്ടതില്ല.’
ഈ സമയത്ത് വാതിലിൽ നിന്ന് ഏതാണ്ട് ശക്തിയോടു കൂടിയ ഒരു മുട്ടു കേട്ടു. ‘അകത്തേക്കു വരൂ.’ മെത്രാൻ പറഞ്ഞു.
എതിർപക്ഷമില്ലാതെ അനുസരിക്കുന്നതിനുള്ള പൗരുഷം
വാതിൽ തുറന്നു.
വേഗത്തിലും ശക്തിയോടുകൂടിയും ആരോ പുറത്തുനിന്നുന്തിയിട്ടെന്ന പോലെ, അതു ക്ഷണത്തിൽ മലർക്കെ തുറന്നു.
ഒരാൾ അകത്തു കടന്നു.
ആളെ മുൻപു തന്നെ നമുക്കറിയാം. കഴിച്ചുകൂട്ടുവാൻ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ട് അലഞ്ഞു നടക്കുന്നതായിക്കണ്ട ആ വഴിപോക്കനായിരുന്നു അത്.
ആ മനുഷ്യൻ അകത്തേക്ക് കടന്നു; ഒരടി മുൻപോട്ടു വച്ചു; വാതിൽ തുറന്നിട്ടും കൊണ്ടു തന്നെ, അയാൾ അവിടെ നിന്നു. ചുമലിൽ പട്ടാളമാറാപ്പുണ്ട്; കൈയിൽ പൊന്തൻ വടിയുണ്ട്; നോട്ടത്തിൽ പരുഷവും ധിക്കാരപൂർവ്വവും ക്ഷീണത്തോടു കൂടിയതും എന്തിനും സന്നദ്ധനെന്ന് കാണിക്കുന്നതുമായ ഒരു ഭാവവിശേഷവും ഉണ്ടായിരുന്നു. അടുപ്പു തിണ്ണയിൽ നിന്നുള്ള വെളിച്ചം അയാളെ തെളിയിച്ചു കാണിച്ചു. അയാൾ ഒരു ഭയങ്കരമട്ടിലായിരുന്നു. അത് ഒരു പ്രേതത്തിന്റെ വരവു പോലെ വല്ലാതിരുന്നു.
മദാം മഗ്ല്വാർക്ക് നിലവിളിക്കുവാൻ കൂടി ശക്തിയില്ല. അവർ വിറച്ചു പോയി; വായും പിളർന്ന് മിഴിച്ചു നിന്നു.
മദാം വ്വസേല്ല് ബപ്തിസ്തീൻ തിരിഞ്ഞു നോക്കി, അയാൾ അകത്തേക്ക് വരുന്നതു കണ്ടു, ഭയപ്പെട്ട് പകുതി ഞെട്ടിയെണീറ്റു; പിന്നീട് ക്രമത്തിൽ വീണ്ടും തിയ്യിന്റെ അടുക്കലേക്കു തല തിരിച്ചു, സഹോദരനെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി; അവളുടെ മുഖഭാവം ഒരിക്കൽക്കൂടി തികച്ചും ശാന്തവും സ്വച്ഛവുമായിത്തീർന്നു.
മെത്രാൻ ആ മനുഷ്യനെ ക്ഷോഭരഹിതനായി നോക്കിക്കണ്ടു.
നിശ്ചയമായും, പുതുതായി വന്ന ആളോട് എന്തിനു വന്നു എന്നു ചോദിപ്പാൻ വേണ്ടിത്തന്നെ, അദ്ദേഹം വായ തുറന്നതോടുകൂടി, ആ മനുഷ്യൻ രണ്ടു കൈയും തന്റെ പൊന്തൻ വടിമേലൂന്നി ആ വൃദ്ധനേയും രണ്ടു സ്‌ത്രീകളേയും നോക്കിക്കണ്ടു; മെത്രാൻ സംസാരിക്കുന്നതുവരെ കാത്തു നിൽക്കാതെ, അയാൾ ഒരുച്ചസ്വരത്തിൽ പറഞ്ഞു; ‘ഇതാ നോക്കൂ. എന്റെ പേർ ഴാങ് വാൽഴാങ് എന്നാണ്. ഞാൻ തണ്ടുവലിശ്ശിക്ഷ[4] അനുഭവിച്ചിരുന്നിടേത്തു നിന്നു വിട്ടു പോന്ന ഒരു തടവുപുള്ളിയാണ്. നാലു ദിവസം മുൻപ് എനിക്കവിടെ നിന്നു പോരാൻ സമ്മതം കിട്ടി; ഞാൻ പൊന്താർലിയയിലേക്കു പോകുന്നു — എനിക്കെത്തേണ്ടതവിടെയാണ്. ഞാൻ തൂലോങ് വിട്ടശേഷം നാലു ദിവസമായി നടക്കുക തന്നെയാണ്. ഇന്നു ഞാൻ കാൽനടയായി പന്ത്രണ്ടു കാതം വഴി പിന്നിട്ടു. ഇന്ന് വൈകുന്നേരം, ഞാൻ ഈ പ്രദേശത്തു വന്ന ഉടനേ, ഒരു ഹോട്ടലിൽ കയറി; ഞാൻ ഠൗൺ ഹാളിൽ കാണിച്ചുകൊടുത്ത എന്റെ മഞ്ഞ നിറത്തിലുള്ള യാത്രാനുവാദപത്രം കാരണം, അവിടെയുള്ളവർ എന്നെ ആട്ടിയോടിച്ചു. ഞാൻ വേറെ ഒരു ഹോട്ടലിൽ പോയി. അവരും എന്നോടു ‘പോ’ എന്നായി; എന്നെ ആരും തമസിപ്പിക്കുന്നില്ല. ഞാൻ ജയിലിലേക്കു ചെന്നു; ജയിൽക്കാരൻ എന്നെ കടക്കാൻ സമ്മതിച്ചില്ല. ഞാൻ ഒരു നായക്കൂട്ടിൽ കടന്നു ചെന്നു; ആ നായ എന്നെ കടിച്ചു; അതും ഒരു മനുഷ്യനാണെന്ന മാതിരി, എന്നെ അതിൽ നിന്ന് ആട്ടിയോടിച്ചു. ഞാൻ ആരാണെന്ന് ആ ജന്തുവിനും മനസ്സിലായി എന്നു തോന്നിപ്പോവും. നക്ഷത്രങ്ങളുടെ ചുവട്ടിൽ വെളിമ്പറമ്പിൽ കിടന്നുറങ്ങാമെന്നു വെച്ചു ഞാൻ നാട്ടുപുറത്തേക്കു കടന്നു. നക്ഷത്രങ്ങളില്ല. മഴ പെയ്യാൻ ഭാവമുണ്ടെന്നു തോന്നി; വല്ല ഇറയവും അന്വേഷിക്കാൻ വേണ്ടി ഞാൻ പട്ടണത്തിലേക്കു തന്നെ മടങ്ങിപ്പോന്നു. അവിടെ പള്ളിക്കടുത്ത് ഒരു കല്ലു ബഞ്ചിന്മേൽ കിടന്നുറങ്ങുവാനാണ് ഞാൻ തീർച്ചയാക്കിയത്. ഒരു സുശീലയായ സ്‌ത്രീ നിങ്ങളുടെ ഭവനം എനിക്കു ചൂണ്ടിക്കാണിച്ചു തന്നു; ‘അവിടെ ചെന്നു വിളിച്ചു നോക്കൂ’ എന്നെന്നോടു പറഞ്ഞു. ഞാൻ വന്നു വിളിച്ചു. എതെന്തു സ്ഥലമാണ്? നിങ്ങൾ ഹോട്ടൽ വെച്ചിട്ടുണ്ടോ? എന്റെ കൈയിൽ പണമുണ്ട് — മുതലുണ്ട് — പത്തൊമ്പതു കൊല്ലം കൊണ്ട് ഞാൻ തടവിൽക്കിടന്നു പ്രവൃത്തിയെടുത്തുണ്ടാക്കിയ നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവും എന്റെ കൈയിലുണ്ട്. ഞാൻ പണം തരാം; അതെനിക്കെന്തിനാണ്? എന്റെ കൈയിൽ പണമുണ്ട്. ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു; പന്ത്രണ്ടാം കാതം വഴി നടന്നിട്ടാണ് വരുന്നത്; എനിക്കു വല്ലാതെ വിശക്കുന്നു. ഞാൻ താമസിക്കുന്നത് നിങ്ങൾക്കിഷ്ടമാണോ?’
‘മദാം മഗ്ല്വാർ.’ മെത്രാൻ പറഞ്ഞു, ’ഇരിക്കാൻ ഒന്നു കൊടുക്കൂ.’
ആ മനുഷ്യൻ രണ്ടുമൂന്നടി മുന്നോട്ടുവച്ചു. മേശപ്പുറത്തുള്ള വിളക്കിന്റെ അടുത്തു ചെന്നു. ‘നിൽക്കൂ,’ താൻ പറഞ്ഞതു മനസ്സിലായിരിക്കില്ലെന്നു ശങ്കിച്ചിട്ടെന്നപോലെ വീണ്ടും തുടർന്നു; ‘അങ്ങനെയല്ല, കേട്ടില്ലേ? ഞാൻ തണ്ടുവലിശ്ശിക്ഷയിലുണ്ടായിരുന്നവനാണ് — ഒരു തടവുപുള്ളി, ഞാനിപ്പോൾ വരുന്നത് ജയിലിൽ നിന്നാണ്.’ അയാൾ കുപ്പായക്കീശയിൽ നിന്ന് ഒരു വലിയ കടലാസ്സു വലിച്ചെടുത്തു നിവർത്തി. ‘ഇതാ, എന്റെ യാത്രാനുവാദപത്രം. കണ്ടില്ലേ, മഞ്ഞച്ചതാണ്.
ചെല്ലുന്ന എല്ലാ ദിക്കിൽ നിന്നും ആട്ടിയയപ്പിക്കുവാൻ ഇതെന്നെ സഹായിക്കുന്നു. ഇതൊന്ന് വായിച്ചു നോക്കുമോ? എനിക്കറിയാം വായിക്കാൻ. ഞാൻ അതു തടവിൽ നിന്ന് പഠിച്ചു. പഠിക്കാൻ ഇഷ്ടമുള്ളവരെ പഠിപ്പിക്കുവാൻ അവിടെ ഒരു വിദ്യാലയമുണ്ട്. നിൽക്കൂ, ഇതാണ് അവർ ഈ യാത്രാനുവാദപത്രത്തിൽ എഴുതിയിട്ടുള്ളത്, ‘ഴാങ് വാൽഴാങ്, പുറത്താക്കിയ തടവുകാരൻ, രാജ്യം *** — അത് നിങ്ങൾക്കാവശ്യമില്ല — ‘പത്തൊമ്പതു കൊല്ലം തണ്ടുവലിശ്ശിക്ഷയിലായിരുന്നു: വീടു തുരന്നു കടന്നതിനും കവർച്ച ചെയ്തതിനുമായി അഞ്ചു കൊല്ലം; നാലു വണ ചാടിപ്പോവാൻ ശ്രമിച്ചതിന് പതിന്നാലു കൊല്ലം, വളരെ സൂക്ഷിക്കേണ്ട ഒരുവനാണ്.’ അതാ. എല്ലാവരും എന്നെ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്നെ സ്വീകരിക്കുവാൻ ഇഷ്ടമുണ്ടോ? ഇത് ഒരു ഹോട്ടലാണോ? ഭക്ഷിക്കുവാൻ വല്ലതും, കിടക്കുവാൻ ഒരു സ്ഥലവും, നിങ്ങൾ എനിക്ക് തരുമോ? ഇവിടെ ഒരു കുതിരപ്പന്തിയുണ്ടോ?
‘മദാം മഗ്ല്വർ,’ മെത്രാൻ പറഞ്ഞു: ‘ആ ഉള്ളറയിലുളള കട്ടിലിന്മേൽ വെളുത്ത വിരിപ്പു വിരിക്കണം.’ ആ രണ്ടു സ്ത്രീകളുടേയും അനുസരണശീലം ഞങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ.
ഈ ആജ്ഞകൾ നിറവേറ്റുവാനായി മദാം മഗ്ല്വാർ പുറത്തേക്ക് പോയി.
മെത്രാൻ ആ മനുഷ്യന്റെ നേരേ നോക്കി.
‘സേർ, ഇരിക്കൂ: തീക്കായൂ. ക്ഷണത്തിൽ നമുക്ക് ഭക്ഷണത്തിനാരംഭിക്കാം; നിങ്ങൾ ഭക്ഷണം കഴിക്കുന്നതോടു കൂടി കിടക്ക തയ്യാറാവും.’
ആ മനുഷ്യന്ന് പെട്ടെന്ന് കാര്യം മനസ്സിലായി. അതേ വരെ പരുഷവും വ്യാകുലവുമായിരുന്ന അയാളുടെ മുഖഭാവത്തിൽ അമ്പരപ്പും സംശയവും സന്തോഷവും കയറി; അതസാധാരണമായിത്തീർന്നു. അയാൾ ഒരു നൊസ്സനെപ്പോലെ വിക്കിവിക്കിപ്പറയാൻ തുടങ്ങി; ‘നേരോ? എന്ത്, നിങ്ങൾ എന്നെ താമസിപ്പിക്കും? നിങ്ങൾ എന്നെ ആട്ടിയയയ്ക്കുന്നില്ല? ഒരു തടവുപുള്ളിയെ! നിങ്ങൾ എന്നെ സേർ എന്നു വിളിക്കുന്നു! നിങ്ങൾ എന്നെ ‘നീ’ എന്നു വിളീക്കുന്നില്ല? കടന്നു പോ, നായേ! ഇതാണ് ആളുകൾ എന്നോടു പറയുക പതിവ്. നിങ്ങൾ എന്നെ ആട്ടിയയക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു; അതുകൊണ്ടാണ് ഞാനാരെന്ന് ക്ഷണത്തിൽത്തന്നെ പറഞ്ഞത്. ഹാ, എന്തൊരു നല്ല സ്ത്രീയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്! ഞാൻ ഉണ്ണാൻ തുടങ്ങുന്നു! കിടക്കയും വിരിപ്പുമുള്ള ഒരു കട്ടിലിൽ, ലോകത്തിൽ മറ്റുള്ളവരെപ്പോലെ, ഞാനും കിടക്കാൻ പോകുന്നു! ഒരു കട്ടിൽ! ഞാൻ ഒരു കട്ടിലിന്മേൽ കിറ്റന്നുറങ്ങിയിട്ട് ഇപ്പോൾ കൊല്ലം പത്തൊമ്പതായി! അപ്പോൾ, ഞാൻ പോകണമെന്ന് നിങ്ങൾക്ക് ലേശമെങ്കിലും ആവശ്യമില്ല! നിങ്ങൾ നല്ലവരാണ്. എന്നല്ല, എന്റെ കൈയിൽ പണമുണ്ട് ഞാൻ നല്ല പ്രതിഫലം തരും. ഞാൻ മാപ്പു ചോദിക്കുന്നു; ഹേ, ഹോട്ടൽകാരൻ അവർകളേ, നിങ്ങളുടെ പേരെന്താണ്? നിങ്ങൾ എന്തു ചോദിച്ചാലും അത് ഞാൻ തരും. നിങ്ങൾ ഒരു നല്ലാൾ തന്നെ. നിങ്ങൾ ഒരു ഹോട്ടൽക്കാരനാണ്, അല്ലേ?’
മെത്രാൻ പറഞ്ഞു; ‘ഞാൻ ഇവിടേ താമസിച്ചു വരുന്ന ഒരു മതാചാര്യനാണ്.’
‘ഒരു മതാചാര്യൻ!’ ആ മനുഷ്യൻ പറഞ്ഞു; ‘ഹാ, എന്തൊരു മര്യാദക്കാരനായ മതാചാര്യൻ! അപ്പോൾ, നിങ്ങൾ എന്റെ കൈയിൽ നിന്ന് പണമൊന്നും വാങ്ങിക്കാൻ ഭാവമില്ലേ” നിങ്ങൾ സഭാബോധകനാണ്, അല്ലേ? ഈ വലിയ പള്ളിയിലെ സഭാബോധകൻ! ശരി! ഞാൻ ഒരു വിഡ്ഢി തന്നെയാണ്. സംശയമില്ല. ഞാൻ നിങ്ങളുടെ നിറുകത്തൊപ്പി കണ്ടില്ല.’
ഇങ്ങനെ പറഞ്ഞു, തന്റെ പട്ടാളമാറപ്പും പൊന്തൻവടിയും താഴെവച്ച്, അയാൾ ഇരുന്നു. മദാം വ്വസേല്ല് ബപ്തിസ്തീൻ അയാളെ സാവധാനമായി നോക്കി; അയാൾ വീണ്ടും ആരംഭിച്ചു: സഭാബോധകനവർകളേ, നിങ്ങൾ ദയയുള്ളാളാണ്; നിങ്ങൾ എന്നെ ആട്ടിയയച്ചില്ലല്ലോ. ഒരു നല്ലവനായ മതാചാര്യൻ വളരെ നല്ല ഒന്നാണ്. അപ്പോൾ നിങ്ങൾക്കു ഞാൻ പ്രതിഫലം തരേണ്ട ആവശ്യമില്ല?
‘ഇല്ല.’ മെത്രാൻ പറഞ്ഞു: ‘പണം നിങ്ങളുടെ പക്കൽത്തന്നെ വെക്കുക. നിങ്ങളുടെ കൈയിൽ എന്തുണ്ട്? നൂറ്റൊമ്പതു ഫ്രാങ്കുണ്ടെന്ന് നിങ്ങൾ എന്നോടു പറഞ്ഞില്ലേ?’
‘പതിനഞ്ചു സൂവും’
നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവും. ഇതുണ്ടാക്കാൻ നിങ്ങൾക്ക് എത്ര കാലം വേണ്ടിവന്നു?
‘പത്തൊമ്പതു കൊല്ലം’
‘പത്തൊമ്പതു കൊല്ലം!’
മെത്രാൻ ദീർഘശ്വാസമിട്ടു.
ആ മനുഷ്യൻ തുടർന്നു: ‘എന്റെ പണം മുഴുവനും എന്റെ കൈയിലുണ്ട്. നാലു ദിവസം കൊണ്ട് ഞാൻ ഇരുപത്തഞ്ചു സൂ മാത്രമേ ചെലവാക്കിയുള്ളൂ; അതു ഞാൻ ഗ്രാസ്സിൽ വെച്ചു വണ്ടിയിൽ നിന്നു സാമാനമിറക്കി സമ്പാദിച്ചു. നിങ്ങൾ ഒരു മതാചാര്യനായതുകൊണ്ട് പറയട്ടെ, ഞങ്ങൾക്ക് അവിടെ ഒരു മതോപദേഷ്ടാവുണ്ടായിരുന്നു. ഒരു ദിവസം ഞാൻ അവിടെ മെത്രാനേയും കണ്ടു. മോൺസിന്യേർ എന്നാണ് അദ്ദേഹത്തെ ആളുകൾ വിളിക്കുന്നത്. മാർസിയൈയിൽ മഴോറിലെ മെത്രാനായിരുന്നു അദ്ദേഹം; മറ്റുള്ള എല്ലാ സഭാബോധകന്മാരേയും ഭരിക്കുന്ന പ്രധാന സഭാബോധകനാണ് അദ്ദേഹം. മനസ്സിലായില്ലേ? ഞാൻ മാപ്പു ചോദിക്കുന്നു, ഞാൻ അതു തെറ്റിത്തെറ്റിയാണ് പറയുന്നത്; എന്തുകൊണ്ടെന്നാൽ, അത് എന്നിൽ നിന്ന് എത്രയോ ദൂരത്തു കിടക്കുന്നു! ഞങ്ങളുടെ കഥ എന്താണെന്നു നിങ്ങൾക്കറിയാമല്ലോ? അദ്ദേഹം ഞങ്ങളുടെ തടവുപുരയിൽ ഒത്ത നടുക്ക് ഒരു പ്രസംഗപീഠത്തിന്മേൽ കയറി നിന്ന് ഈശ്വരസ്ത്രോത്രം പാടും. അദ്ദേഹത്തിന്റെ തലയിൽ സ്വർണം കൊണ്ടുള്ള ഒരു കൂർത്ത സാധനമുണ്ട്; ഉച്ചയ്ക്കുള്ള വെളിച്ചത്തിൽ അതു മിന്നിത്തിളങ്ങി. മുൻപിൽ പീരങ്കിയോടും കത്തിച്ച തീപ്പെട്ടിക്കോലുകളോടും കൂടി, ഞങ്ങളെ മൂന്നു വരിയാക്കി നിർത്തി. ഞങ്ങൾക്കു മുഴുവനും നല്ലവണ്ണം കാണാൻ കഴിഞ്ഞില്ല. അദ്ദേഹം സംസാരിച്ചു; പക്ഷേ, അദ്ദേഹം അത്രയും ദൂരത്തായിരുന്നതുകൊണ്ട്, ഞങ്ങൾക്കു കേൾക്കാൻ സാധിച്ചില്ല. ഇങ്ങനെയൊക്കെയാണ് മെത്രാന്റെ സ്ഥിതി.
അയാൾ ഈ പറയുന്നതിനിടയ്ക്ക്, മെത്രാൻ പോയി തുറന്നുകിടന്നിരുന്ന വാതിലടച്ചു.
മദാം മഗ്ല്വാർ തിരിച്ചെത്തി. ഒരു വെള്ളിമുള്ളും ഒരു വെള്ളിക്കയിലും അവൾ കൊണ്ടുവന്നിരുന്നു. അത് മേശപ്പുറത്തു വെച്ചു. ‘മദാം മഗ്ല്വാർ’, മെത്രാൻ പറഞ്ഞു ‘ആ സാധനങ്ങൾ കഴിയുന്നതും തിയ്യിന്നടുത്തു വെക്കു,’ എന്നിട്ട് അതിഥിയുടെ നേരെ നോക്കി പറഞ്ഞു: ‘ആൽപ്സ് പർവതത്തിൽ നിന്നുള്ള രാത്രിയിലെ കാറ്റു ബഹുകഠിനം, സേർ, നിങ്ങൾക്കു തണുക്കുന്നുണ്ടായിരിക്കണം.’
അത്രയും മൃദുലമായവിധം സഗൗരവവും പരിഷ്കൃതവുമായ സഹജസ്വരത്തിൽ മെത്രാൻ സേർ എന്ന് ഓരോരിക്കൽ പറയുമ്പോഴും ആ മനുഷ്യന്റെ മുഖം തെളിഞ്ഞു. കപ്പൽ പൊളിഞ്ഞു മരുഭൂമിയിൽ ചെന്നു കയറിയ ഒരാൾക്ക് ഒരു ഗ്ലാസ്സു
വെള്ളം പോലെയാണ്. ഒരു തടവുപുള്ളിക്ക് ഓരോ ‘അവർകൾ’ എന്ന വിളി. അവമാനം ബഹുമാനത്തിന് ആർത്തിപ്പെടുന്നു.
‘ഈ വിളക്കിന് ഒരു ലേശവും തെളിവില്ല.’ മെത്രാൻ പറഞ്ഞു.
മദാം മഗ്ല്വാർക്ക് ആ പറഞ്ഞതിന്റെ സാരം മനസ്സിലായി; അവർ മെത്രാന്റെ കിടപ്പറയിൽ നിന്ന് വെള്ളി കൊണ്ടുള്ള മെഴുകുതിരിക്കാലുകൾ രണ്ടും കൊണ്ടുവരാൻ പോയി; അവയെ മേശപ്പുറത്ത് കൊളുത്തി വച്ചു.
‘സഭാബോധകനവർകളേ.’ ആ മനുഷ്യൻ പറഞ്ഞു: ‘നിങ്ങൾ നല്ലാളാണ്; നിങ്ങൾക്ക് എന്നെപ്പറ്റി നിന്ദയില്ല. നിങ്ങൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നിങ്ങൾ നിങ്ങളുടെ മെഴുകുതിരി വിളക്കുകൾ എനിക്കു വേണ്ടി കൊളുത്തി. എന്നാൽ ഞാൻ എവിടെ നിന്നാണ് വരുന്നതെന്നും, ഞാൻ എത്രകണ്ട് ഭാഗ്യം കെട്ടവനാണെന്നും ഞാൻ നിങ്ങളോട് പറായാതിരുന്നിട്ടില്ല.’
അയാൾക്ക് അടുത്തായിരുന്ന മെത്രാൻ അയാളുടെ കയ്യിന്മേൽ തൊട്ടു. ‘നിങ്ങൾ ആരാണെന്ന് എന്നോട് പറയാതിരിക്കാൻ നിങ്ങൾക്ക് നിവൃത്തിയില്ല. ഇത് എന്റെ വീടല്ല; യേശു ക്രിസ്തുവിന്റെ വീടാണ്. ഇങ്ങോട്ട് കടന്നു വരുന്ന ആളോട് പേരെന്താണെന്ന് പറയാൻ ഈ കാണുന്ന വാതിൽ ആവശ്യപ്പെടുകയില്ല; ദുഃഖമുണ്ടോ എന്നു മാത്രമേ ചോദിക്കുകയുള്ളൂ. നിങ്ങൾ ദുഃഖിക്കുന്നു; നിങ്ങൾക്ക് വിശപ്പുണ്ട്, ദാഹമുണ്ട്; നിങ്ങൾക്ക് ഇവിടെ എപ്പോഴും സ്വാഗതം. എന്നല്ല, എന്നോട് നിങ്ങൾ നന്ദി പറയരുത്; എന്റെ വീട്ടിൽ ഞാൻ നിങ്ങളെ സ്വീകരിക്കുന്നു എന്നു പറയരുത്. ഇവിടെ വന്ന് ആശ്വസിക്കുന്നതാരോ ആ ആളുടേതു മാത്രമാണ് ഈ ഭവനം, മറ്റാരുടേതുമല്ല. വഴിപോക്കനായ നിങ്ങളോട് ഞാൻ പറയുന്നു, എനിക്കുള്ളതിലധികം നിങ്ങൾക്കാണ് ഇവിടെ പൂർണ്ണാവകാശം. നിങ്ങൾ ഇവിടെ കാണുന്നതെല്ലാം നിങ്ങളുടെയാണ്. നിങ്ങളുടെ പേരറിഞ്ഞിട്ട് എനിക്കെന്താവശ്യം? എന്നു മാത്രമല്ല, നിങ്ങൾ പറയുന്നതിന് മുൻപു തന്നെ, നിങ്ങൾക്കുള്ള ഒരു പേർ എനിക്കറിയാമായിരുന്നു.’
ആ മനുഷ്യൻ മിഴിച്ചു. ‘നേരോ? എന്റെ പേർ നിങ്ങൾക്കറിയാമായിരുന്നു?’
‘ഉവ്വ്.’ മെത്രാൻ പറുപടി പറഞ്ഞു: ‘നിങ്ങൾക്കുള്ള പേർ എന്റെ സഹോദരൻ എന്നാണ്.’
നിൽക്കണേ, സഭാബോധകനവർകൾ!’ ആ മനുഷ്യൻ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് വല്ലാത്ത വിശപ്പുണ്ടായിരുന്നു; പക്ഷേ, നിങ്ങൾ അത്രയും നല്ലയാളായതുകൊണ്ട് എന്തേ എനിക്കിപ്പോൾ ഉണ്ടായതെന്ന് അറിഞ്ഞുകൂടാ.’
മെത്രാൻ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു: ‘നിങ്ങൾ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്?’
‘ഹാ. ചുകന്ന കുപ്പായം, ഞെരിയാണിമേൽ ഇരുമ്പു വട്ട്, കിടന്നുറങ്ങാൻ ഒരു പലക, ഉഷ്ണം, തണുപ്പ്, അധ്വാനം, തടവു പുള്ളികൾ, അടിച്ച കുഴിയിൽ മീതേയുള്ള അടി, വെറുതേയുള്ള ഇരട്ടച്ചങ്ങല, ഒരു വാക്കു കൊണ്ട് പറഞ്ഞാൽ, തുറുങ്ക്; രോഗം പിടിച്ച് കിടപ്പിലാവുമ്പോൾക്കൂടി, ചങ്ങല! നായ്ക്കൾ; നായ്ക്കളാണ് ഞങ്ങളേക്കാൾ സുഖിക്കുന്നത്! പത്തൊമ്പതു കൊല്ലം! എനിക്ക് നാൽപ്പത്താറായി. ഇപ്പോൾ, ഇതാ മഞ്ഞച്ച യാത്രാനുവാദപത്രം കിട്ടി! ഇങ്ങനെയണ് കഥ.’
‘അതേ.’ മെത്രാൻ പറയാൻ തുടങ്ങി: ‘നിങ്ങൾ വളരെ ദുഃഖകരമായ ഒരു സ്ഥലത്തു നിന്നു തന്നെയാണ് വരുന്നത്. കേൾക്കൂ, പശ്ചാത്തപിക്കുന്ന ഒരു പാപിയുടെ
കണ്ണീരൊഴുകി കഴുകപ്പെട്ട മുഖം, ഒരു നൂറ് ഉത്തമ മനുഷ്യരുടെ വെള്ളയുടുപ്പിനെക്കാളധികം സുഖത്തെ സ്വർഗ്ഗത്തിൽ കണ്ടെത്തും. മനുഷ്യസമുദായത്തോട് ദേഷ്യവും ദ്വേഷവും തോന്നിക്കൊണ്ടാണ് ആ ദുഃഖകരമായ സ്ഥലത്തു നിന്ന് പുറത്തു വരുന്നതെങ്കിൽ, നിങ്ങൾ മറ്റുള്ളവരുടെ അനുകമ്പയെ അർഹിക്കുന്നു; ശാന്തിയോടും നല്ല വിചാരത്തോടും കൂടിയാണ് പോന്നിട്ടുള്ളതെങ്കിൽ, ഞങ്ങളെല്ലാവരെക്കാളും നിങ്ങൾ ഉത്തമനാകുന്നു.’
ഈയിടയ്ക്ക് മദാം മഗ്ല്വാർ അത്താഴത്തിനുള്ളതെല്ലാം, ഒരുക്കി; വെള്ളത്തിലുണ്ടാക്കിയ സൂപ്പ്, എണ്ണ, അപ്പം, ഉപ്പ്, ഉപ്പിട്ടുണക്കിയ കുറച്ചു പന്നി മാംസം, ആട്ടു മാംസത്തിന്റെ ഒരു കഷണം, അത്തിപ്പഴങ്ങൾ, ഉണങ്ങിയ ഒരു വലിയ അപ്പം, മെത്രാന്റെ സ്വന്ത മനസ്സാലേ അന്ന് ഒരു കുപ്പി മോവേവീഞ്ഞു കൂടി വിശേഷിച്ച് കൂട്ടിയിരുന്നു.
ആതിഥേയന്മാരുടെ ഒരു വിശേഷതയായ ആഹ്ലാദം പെട്ടെന്ന് മെത്രാന്റെ മുഖത്ത് പ്രകാശിച്ചു. ‘ഭക്ഷണത്തിന്നിരിക്കുക,’ അദ്ദേഹം ഉന്മേഷത്തോടു കൂടി കുറച്ചുച്ചത്തിൽ പറഞ്ഞു. ഒരു പരിചിതൻ ഭക്ഷണത്തിനുണ്ടെങ്കിൽ ചെയ്യാറുള്ളതുപോലെ, അദ്ദേഹം ആ മനുഷ്യനെ വലത്തു പുറത്തിരുത്തി. യാതൊരു സ്തോഭവിശേഷവും കൂടാതെ പതിവു പോലെ തന്നെ മദ്ദാം വസേല്ല് ബപ്തിസ്തീൻ ഇടത്തു ഭാഗത്തും ഇരുന്നു.
മെത്രാൻ ഈശ്വരാനുഗ്രഹത്തെ അർഥിച്ചു. പതിവു പോലെ സൂപ്പെടുത്തു കഴിക്കാൻ തുടങ്ങി. ആ മനുഷ്യൻ ആർത്തിയോടുകൂടി ഭക്ഷിച്ചു.
പെട്ടെന്ന് മെത്രാൻ പറഞ്ഞു: ‘മേശപ്പുറത്ത് ഇന്നെന്തോ ഒന്ന് കാണാനില്ലാത്തതു പോലെ തോന്നുന്നു.’
കൂടാതെ കഴിയാത്ത മൂന്നുകൂട്ട് മുള്ളുകളും കയിലുകളും മാത്രമേ അന്ന് മദാം മഗ്ല്വാർ കൊണ്ടു വന്നിരുന്നുള്ളൂ. എന്നാൽ, പുറമേ വല്ലവരും അത്താഴത്തിനുള്ള ദിവസം ആറു കൂട്ട് വെള്ളി സാമാനങ്ങളുള്ളതു മുഴുവനും മേശപ്പുറത്ത് കൊണ്ടു വന്ന് വെക്കുന്നത് ആ വീട്ടിലെ ഒരു പതിവായിരുന്നു — ഒരു നിർദ്ദോഷമായ ധാടി. ഈ ചന്തമുള്ള ധാടിച്ഛായ ഒരു കുട്ടിക്കളി മാത്രമായിരുന്നു; ദാരിദ്ര്യത്തിന് അന്തസ്സുണ്ടാക്കിത്തീർത്ത ആ സമര്യാദവും സഗൗരവവുമായ ഭവനത്തിൽ അതിന് അനന്യ സാധാരണാമായ ഒരു ഹൃദയാകർഷകത്വമുണ്ട്.
മദാം മഗ്ല്വാർ മെത്രാൻ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഒന്നും മിണ്ടാതെ പുറത്തേക്കു പോയി; കുറച്ചു കഴിയുമ്പോഴെക്കും, അവിടേ ഭക്ഷണത്തിനിരുന്നിരുന്ന മൂന്നു പേരുടേയും മുൻപിലായി, മെത്രാൻ കൊണ്ടുവരാനാവശ്യപ്പെട്ട ബാക്കി മൂന്ന് കൂട്ട് മുള്ളുകളും മേശപ്പുറത്ത് ഭംഗിയിൽ ചേർത്തു വെക്കപ്പെട്ടു കിടന്നു മിന്നി.
പൊന്താർലിയേയിലെ പാൽക്കട്ടി വ്യപാരത്തെസ്സംബന്ധിച്ച വിവരങ്ങൾ
ആ ഭക്ഷണസമയത്തുണ്ടായതെന്തെല്ലാമെന്ന് ശരിയായി മനസ്സിലാക്കുവാൻ മദാം വ്വസേല്ല് ബപ്തിസ്തീൻ മദാം ബ്വാഷെവ് റോങ്ങിനയച്ച കത്തുകളിൽ നിന്ന് ഒരു ഭാഗം ഇവിടെ പകർത്തിയതിലധികം നന്നായിട്ടൊന്ന് ചെയ്യേണ്ടതില്ല. ആ തടവു പുള്ളിയും മെത്രാനുമായുണ്ടായ സംഭാഷണം ബഹുസാമർഥ്യത്തോടെ അതിൽ സൂക്ഷ്മമായി വിവരിച്ചിരിക്കുന്നു.
‘…ഈ മനുഷ്യൻ ഒരാളുടെ മേലും ശ്രദ്ധവെച്ചില്ല. ഒരു പട്ടിണിക്കാരന്റെ ആർത്തിയോടു കൂടി അയാൾ ഇരുന്ന് ഭക്ഷിച്ചു. അത്താഴം കഴിഞ്ഞതിനു ശേഷം അയാൾ പറഞ്ഞു: ‘ദയാലുവായ ഈശ്വരന്ന് ചേർന്ന സഭാബോധകനവർകളേ, ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളരെ അധികമാണ്, എന്നാൽ എന്നെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരുന്ന വണ്ടിക്കാർ നിങ്ങളേക്കാൾ നല്ല പദാർത്ഥങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു.’
‘നമ്മൾ തമ്മിൽ പറയുമ്പോൾ, ഈ വാക്ക് എന്റെ ഉള്ളിൽ തട്ടി. എന്റെ ജ്യേഷ്ഠൻ മറുപടി പറഞ്ഞു: ‘അവർക്ക് എന്നെക്കാളധികം ക്ഷീണമുണ്ട്.’
‘അതല്ല.’ ആ മനുഷ്യൻ മറുപടി പറഞ്ഞു, ‘അവർക്ക് അധികം പണമുണ്ട്. നിങ്ങൾ സാധുവാണ്; അതു ഞാൻ ധാരാളമായി കാണുന്നുണ്ട്. നിങ്ങൾ ഒരുപബോധകൻ കൂടി ആവാൻ തരമില്ല. നിങ്ങൾ വാസ്തവത്തിൽ ഒരു സഭാബോധകനാണോ? ഹാ, ഈശ്വരൻ ന്യായസ്ഥനാണെങ്കിൽ, നിങ്ങൾ നിശ്ചയമായും ഒരു സഭാബോധകനാവണം!’
“ഈശ്വരൻ ന്യായസ്ഥനിലും കവിഞ്ഞിരിക്കുന്നു.’ എന്റെ സഹോദരൻ മറുപടി പറഞ്ഞു.
ഒരുനിമിഷം കഴിഞ്ഞപ്പോൾ അദ്ദേഹം തുടർന്നുപറഞ്ഞു: ‘മൊസ്സ്യു ഴാങ് വാൽഴാങ്, നിങ്ങൾ പോകുന്നത് പൊന്താർലിയേയിലേക്കാണോ?’
‘എനിക്കു കിട്ടിയ വഴിയിലൂടെ, ‘ഇതാണ് അയാൾ പറഞ്ഞതെന്ന് തോന്നുന്നു. പിന്നെ അയാൾ ആരംഭിച്ചു: ‘നാളെ പുലർച്ചയോടു കൂടി എനിക്ക് വഴിയിൽ കൂടണം. വഴിയാത്ര ബുദ്ധിമുട്ടുള്ളതാണ്, രാത്രി തണുപ്പധികമാണെങ്കിൽ പകൽ വെയിൽ കൂടുതൽ.’
‘നിങ്ങൾ പോകുന്നത് ഒരു നല്ല രാജ്യത്തേക്കാണ്.’ എന്റെ സഹോദരൻ പറഞ്ഞു: ‘ഭരണാപരിവർത്തനത്തിന്റെ കാലത്ത് എന്റെ കുടുംബം നശിച്ചു. ഞാൻ ആദ്യത്തിൽ ഫ്രാങ്ഷ് — കോംതേയിൽ ചെന്നൊളിച്ചു. കൂലിപ്രവൃത്തിയെടുത്ത് കുറച്ചു കാലം അവിടെ കൂടി, എന്റെ കാര്യം നന്നായി. അവിടെ ധാരാളം പ്രവൃത്തിയുള്ളതായി കണ്ടു. ഏതെടുക്കണമെന്ന് തീർച്ചപ്പെടുത്തണം. അത്രയേ വേണ്ടൂ. കടലാസ്സു വ്യവസായശാലകൾ, തോലുറച്ചാപ്പകൾ, കാച്ചുസ്ഥലങ്ങൾ, എണ്ണച്ചക്കുകൾ, വാച്ചുണ്ടാക്കുന്ന വലിയ യന്ത്രശാലകൾ, ഉരുക്കു പണിപ്പുരകൾ, ചെമ്പുപണിക്കുള്ള യന്ത്രശാലകൾ, ചുരുങ്ങിയത് ഇരുപതോളം ഇരുമ്പു വാർപ്പ് പണിസ്ഥലങ്ങൾ — ലോഡിലും ഷാത്തിലോങ്ങിലും ഓദാങ്‌കൂറിലും ബോറിലുമുള്ളത് ധാരാളം വലുതാണ്; ഇങ്ങനെ പലതുമുണ്ട്.’
‘ഇതൊക്കെത്തന്നെയാണ് ജ്യേഷ്ഠൻ പറഞ്ഞ പേരുകളെന്ന് ഞാൻ വിചാരിക്കുന്നു.’ പിന്നീട് അദ്ദേഹം ആ സംസാരത്തിനിടയ്ക്ക് എന്നോടായി പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട സഹോദരീ, നമുക്ക് ആ പ്രദേശത്ത് ചില ബന്ധുക്കളില്ലേ?’
ഞാൻ മറുപടി പറഞ്ഞു: ‘തീർച്ചയായും ചിലരുണ്ട്. വിശേഷിച്ചും പണ്ടത്തെ രാജ്യഭരണകാലത്ത് പൊന്താർലിയേയിലെ നഗര രക്ഷസൈന്യത്തിന്റെ നായകനായിരുന്ന മൊസ്സ്യൂ ലൂസിനെ.’
‘ശരി,’ എന്റെ സഹോദരൻ തുടർന്നു: ‘പക്ഷേ, 1793-ൽ ആർക്കും ബന്ധുക്കളില്ലായിരുന്നു. അവനവന്റെ രണ്ട് കയ്യു മാത്രം. ഞാൻ പ്രവൃത്തിയെടുത്തു. മൊസ്സ്യൂ വൽഴാങ്, നിങ്ങൾ പോവാൻ വിചാരിക്കുന്ന പൊന്താർലിയേയിൽ നല്ല സമ്പാദ്യമുള്ളതും നല്ല രസമുള്ളതുമായ ഒരു വ്യവസായം ആളുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പാൽക്കട്ടി വ്യവസായമാണ്.’
‘പിന്നീട് എന്റെ സഹോദരൻ, ആ മനുഷ്യനോടു വീണ്ടും വീണ്ടും ഭക്ഷിപ്പാൻ തിരക്കുന്നതോടുകൂടി, പൊന്താർലിയേയിലെ പാൽക്കട്ടി വ്യവസായത്തിന്റെ സൂക്ഷ്മവിവരങ്ങളെല്ലാം പറഞ്ഞു കൊടുത്തു. അതു കണ്ടു തരമായിട്ടാണ്: ഒന്നു വലിയ കളങ്ങൾ — ഇതു ധനവാൻമാർക്കുള്ളതാണ്; നാല്പതോ ഐമ്പതോ പശുക്കൾ ഈ ഭഗത്തുണ്ട്. ഒരു വേനൽക്കാലം കൊണ്ട് ഏഴെണ്ണായിരം പെട്ടി പാൽക്കട്ടി അതിൽ നിന്നുണ്ടാകും, മറ്റേത് കൂട്ടുകളങ്ങൾ — ഇതു സാധുക്കൾക്കുള്ളതാണ്; ഈ ഭാഗം കൈവശം വെക്കുന്നതു മലംപ്രദേശത്തുള്ള കൃഷിക്കാരാണ്. തങ്ങളുടെ പശുക്കളിൽ നിന്നു കിട്ടുന്ന സമ്പാദ്യം അവർ ഭാഗിച്ചെടുക്കുന്നു. പാൽക്കട്ടിയുണ്ടാക്കാൻ ശീലമുള്ള ഒരാളെ അവർ ഏർപ്പാടു ചെയ്തിട്ടുണ്ട്; അയാൾ ദിവസം പ്രതി മൂന്നു നേരം പാൽ കറന്നെടുക്കും. ഏപ്രിൽ അവസാനത്തോടുകൂടി പാൽക്കട്ടിപ്പണി ആരംഭിക്കും, ജൂൺ നടുവായാൽ അതു കഴിഞ്ഞു, പശുക്കളെയെല്ലാം മലയിലേയ്ക്കാക്കി.’
‘ഭക്ഷണം ചെന്നതോടുകൂടി ആ മനുഷ്യന്നു ഉശിരു പിടിച്ചു. എന്റെ സഹോദരൻ നിർബന്ധിച്ച് അയാളെക്കൊണ്ട് ആ സ്വാദുള്ള വീഞ്ഞു കുടിപ്പിച്ചു; അയാൾ സ്വമേധയ്ക്ക് അതെടുത്തു കഴിച്ചില്ല. അതിന്നു വില കൂടുമെന്നാണ് അയാളുടെ വാദം. ഈ വിവരങ്ങളെല്ലാം എന്റെ ജ്യേഷ്ഠൻ തനിക്കു സാധാരണമായ ഉന്മേഷത്തോടും സന്തോഷത്തോടും കൂടി വിസ്തരിച്ചു പറഞ്ഞു: ഇടയ്ക്കിടക്ക് എന്റെ മുഖത്തേക്കു നോക്കി എന്നേയും അതിൽ സവിശേഷം ഉത്സാഹപ്പെടുത്തും. പിന്നേയും പിന്നേയും പാൽക്കട്ടിയുണ്ടാക്കുന്നയാളുടെ രസകരമായ തൊഴിലിനെ അദ്ദേഹം എടുത്തു പറഞ്ഞു. സ്പഷ്ടമായും മുഖം നോക്കാതെയും കടന്നുപദേശിക്കാതെ ആ പ്രവൃത്തി അയാൾക്കു പറ്റിയ ഒന്നാണെന്ന് ആ മനുഷ്യനെ അറിയിക്കണമെന്ന് അദ്ദേഹം ആലോചിച്ചിരുന്നുവോ എന്നു തോന്നും. എനിക്കു ഒന്നു തോന്നി ഈ മനുഷ്യൻ ഞാൻ നിങ്ങളോടു പറഞ്ഞതു പോലെ ഒരാളാണല്ലോ. എന്നാൽ ഭക്ഷണ സമയത്താവട്ടെ, അതു കഴിഞ്ഞാവട്ടെ, ആ മനുഷ്യൻ അകത്തേക്കു വന്ന ഉടനെ യേശു ക്രിസ്തുവെപ്പറ്റി രണ്ടു മൂന്നു വാക്കു പറഞ്ഞതൊഴികെ, അയാൾ ആരായിരുന്നു എന്നോ താൻ ആരാണെന്നോ ഓർമപ്പെടുത്തുന്ന ഒരക്ഷരമെങ്കിലും എന്റെ സഹോദരൻ മിണ്ടുകയുണ്ടായിട്ടില്ല. ഒരു ചെറിയ മതപ്രസംഗം ചെയ്യുവാനും, താൻ മെത്രാനാണെന്നു തടവു പുള്ളിയെ അറിയിച്ച് അന്നത്തെ സംഭവം ആ മനുഷ്യന്റെ ഉള്ളിൽ അധിക കാലത്തേക്കായി പതിപ്പിക്കുവാനും അതൊരു പറ്റിയ അവസരമാണെന്നേ സാധാരണയായി തോന്നുകയുള്ളൂ. ഈ ഭാഗ്യം കെട്ട മനുഷ്യനെ കൈയിൽ കിട്ടിയാൽ അയാളുടെ ദേഹത്തിനെന്ന പോലെ മനസ്സിനും ശക്തി വെപ്പിക്കുവാനും, ഉപദേശം കൊണ്ടും ഗുണദോഷം പറയൽ കൊണ്ടും പാകം വരുത്തി നന്നാക്കിയ ഒരു ശകാരമോ അല്ലെങ്കിൽ മേലാൽ നന്നായി നടക്കണമെന്നുള്ള ഉപദേശത്തോടു കൂടിയ ഒരു ചെറിയ അനുകമ്പാപ്രകടനമോ അയാൾക്കു സമ്മാനിക്കുവാനും മറ്റേതൊരാൾക്കും തോന്നിപ്പോവും. എന്റെ ജ്യേഷ്ഠൻ അയാളോട് ഏതു രാജ്യത്തു നിന്നാണ് വരുന്നതെന്നോ ഇതിനു മുൻപത്തെ ചരിത്രങ്ങളെല്ലാം എന്താണെന്നോകൂടി ചോദിക്കുകയുണ്ടായില്ല. എന്തുകൊണ്ടെന്നാൽ, അയാളുടെ പൂർവചരിത്രത്തിൽ ഒരപകടമുണ്ട്. അതിനെ അയാളെക്കൊണ്ടോർമിപ്പിക്കുന്ന സകലവും അദ്ദേഹം ഒഴിച്ചിടുന്നതുപോലെ തോന്നി. ഈ വിചാരം അദ്ദേഹം അത്രയും മേല്പോട്ടു കൊണ്ടുപോയി. സ്വർഗത്തോടടുത്തുള്ള ഒരു നല്ല പ്രവൃത്തി ചെയ്യുന്ന പൊന്താർലീയേയിലെ മലംപ്രദേശത്തുകാരെപ്പറ്റി സംസാരിക്കുമ്പോൾ, അവർ നിഷ്കപടന്മാരായതുകൊണ്ട് ദുഃഖമറിയാത്തവരാണെന്ന് പറഞ്ഞു വരുമ്പോൾ, എന്റെ സഹോദരൻ പെട്ടെന്ന് നിർത്തി: ആ മനുഷ്യനെ വേദനിപ്പിക്കുന്ന വല്ല അർഥവും അതിൽ നിന്ന് ഊറിവീണെങ്കിലോ എന്നദ്ദേഹം ഭയപ്പെട്ടു. മനസ്സിരുത്തി ആലോചിച്ചതിന്റെ ഊക്കുകൊണ്ട്, എന്റെ ജ്യേഷ്ഠൻ ഭയപ്പെട്ടു. മനസ്സിരുത്തി ആലോചിച്ചതിന്റെ ഊക്കുകൊണ്ട്, എന്റെ ജ്യേഷ്ഠന്റെ അന്തർഗതം എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇങ്ങനെ തോന്നിയിരിക്കണം. സംശയമില്ല — ഴാങ് വാൽ ഴാങ് എന്നു പേരായ ഒരു മനുഷ്യന്ന്, തനിക്ക് പറ്റിയിട്ടുള്ള നിർഭാഗ്യം എപ്പോഴും വേണ്ടതിലധികം മനസ്സിൻ മുൻപിൽ നിൽക്കുന്നുണ്ടാവണം; അയാളെ ആ വിചാരത്തിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്യേണ്ടത്; അയാളോട് സാധാരണമട്ടിൽത്തന്നെ പെരുമാറി, കുറച്ചു നേരത്തേക്ക് മാത്രമെങ്കിലും, താനും മറ്റുള്ളവരെപ്പോലെത്തന്നെ ഒരാളാണെന്ന് അയാളെക്കൊണ്ട് വിശ്വസിപ്പിക്കുകയാണ് ഉത്തമം. നിശ്ചയമായും ഇതു ധർമ്മശീലത്തെ വേണ്ടവിധം മനസ്സിലാക്കുകയല്ലേ? മതപ്രസംഗം ചെയ്കയോ, ഉപദേശത്തിന് തുടങ്ങുകയോ, ചെയ്യാതിരിപ്പാൻ യത്നിക്കുന്നതായ ഈ സവിശേഷ നിഷ്കർഷയിൽ, എന്റെ പ്രിയപ്പെട്ട മദാം, വാസ്തവമായും ഒരു വൈദികവൃത്തിയില്ലയോ? ഒരു മനുഷ്യന്റെ മനസ്സിൽ ഒരു വ്രണമുള്ള പക്ഷം, അതിനെ ലേശമെങ്കിലും തൊടാതെ കഴിക്കുന്നത് ഏറ്റവും ഉത്കൃഷ്ടമായ ഒരനുകമ്പയല്ലേ? അതേ; ഇതായിരിക്കണം എന്റെ സഹോദരന്റെ മനസ്സിലെ ഗൂഢവിചാരമെന്ന് എനിക്ക് തോന്നി. ഏതായാലും എനിക്ക് പറയാൻ കഴിയുന്ന ഒന്നിതാണ് — ഈവക വിചാരങ്ങളെല്ലാം ഉണ്ടായിരുന്നുവെങ്കിലും, അവയുടെ യാതൊരടയാളവും അദ്ദേഹം പുറത്ത് കാണിച്ചിട്ടില്ല; ആദ്യം മുതൽ അവസാനം വരെ, എനിക്കുകൂടി, അദ്ദേഹം മറ്റെല്ലാ ദിവസവും എന്നപോലെ തന്നെയായിരുന്നു അന്നും; പോലീസ്സു മേലുദ്യോഗസ്ഥനോടൊപ്പമോ, അല്ലെങ്കിൽ പ്രധാന സഭാബോധകനോടൊന്നിച്ചോ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ തന്റെ മട്ടും സമ്പ്രദയവും എന്താണോ അതോടു കൂടിത്തന്നെ അദ്ദേഹം ഴാങ് വാൽഴാങ്ങോടു കൂടിയും ഇരുന്നു ഭക്ഷിച്ചു.
അവസാനമായി അത്തിപ്പഴം കഴിക്കുന്ന ഘട്ടമായപ്പോൾ, വാതിൽക്കൽ ഒരു മുട്ടു കേട്ടു. അത് മഠനായിക ഗേർബോ ആയിരുന്നു; അവരുടെ കുട്ടിയും ഒക്കത്തുണ്ട്. എന്റെ ജ്യേഷ്ഠൻ കുട്ടിയെ നെറ്റിമേൽ ചുംബിച്ചൂ; എന്റെ കൈയിലുണ്ടായിരുന്ന പതിനഞ്ച് സൂ ആ മഠനായികയ്ക്ക് കൊടുപ്പാൻ കടം വാങ്ങി. ആ സമയം യാതൊന്നിലും ആ മനുഷ്യൻ വലിയ ശ്രദ്ധ വെച്ചിരുന്നതായി തോന്നിയില്ല. അയാൾ ഒന്നും മിണ്ടിയിരുന്നില്ല. വല്ലാതെ ക്ഷീണിച്ചിട്ടുള്ളതുപോലെ തോന്നപ്പെട്ടു. ആ സാധു ഗേർബോ പോയതിനു ശേഷം എന്റെ ജ്യേഷ്ഠൻ ഭക്ഷണാനന്തരമുള്ള ഈശ്വരവന്ദനം ചെയ്തു; എന്നിട്ട് അദ്ദേഹം ആ മനുഷ്യനോടായിട്ട് പറഞ്ഞു: ‘നിങ്ങൾക്ക് കിടക്കാൻ നന്നേ തിടുക്കമുണ്ടായിരിക്കും.’ മദാം മഗ്ല്വാർ ഭക്ഷണ മേശയെല്ലാം ക്ഷണത്തിൽ വെടിപ്പാക്കി. ഈ വഴിപോക്കനെ കിടക്കാനയക്കുന്നതിനു വേണ്ടി, ഞങ്ങൾ അവിടെ നിന്ന് മാറാറായി എന്നു ഞാനറിഞ്ഞു; ഞങ്ങൾ രണ്ടുപേരും മുകളിലെക്ക് പോയി, എന്നാൽ എന്റെ മുറിയിലുണ്ടായിരുന്നതും കാട്ടിൽ നിന്ന് വരുത്തിയതുമായ ഒരാട്ടിൻ തോൽ ആ മനുഷ്യന്റെ കിടക്കമേൽ കൊണ്ടുവയ്ക്കുന്നതിന് ഞാൻ താമസിയാതെ തന്നെ മദാം മഗ്ല്വാറെ താഴത്തേക്കയച്ചു. മരവിപ്പിക്കുന്നവയാണ് ഇവിടത്തെ രാത്രികൾ; ആ സാധനം കുറച്ച് ചൂടുണ്ടാക്കും. ആ ആട്ടിൻതോൽ പഴകിപ്പോയതാണ് കഷ്ടം; രോമമെല്ലാം കൊഴിഞ്ഞു പോകുന്നു, ജർമ്മനിയിൽ ഡാന്യൂബ് നദി പുറപ്പെടുന്നേടത്തുനിന്ന് എന്റെ സഹോദരൻ വാങ്ങിച്ചതാണ്. ഞാൻ ഭക്ഷണസമയത്തു ഉപയോഗിക്കുന്ന ആ ചെറിയ ആനക്കൊമ്പു പിടിക്കത്തിയും അപ്രദേശത്തു നിന്നു മേടിച്ചതാണ്.
‘മദാം മഗ്ല്വാർ ഉടനെ മടങ്ങിയെത്തി. വസ്ത്രങ്ങൾ തോരാനിടുന്ന എന്റെ ഇരിപ്പു മുറിയിൽ വെച്ചു ഞങ്ങൾ ഈശ്വരവന്ദനം കഴിച്ചു. അന്യോന്യം സംസാരിക്കാതെ അതാതു മുറിയിലേക്കു പോയി.’
ശാന്തത
സഹോദരിയോടു യാത്ര പറഞ്ഞു, മോൺസിന്യേർ ബിയാങ് വെന്യു മേശപ്പുറത്തു നിന്നു വെള്ളമെഴുകുതിരിക്കാലുകളിൽ ഒന്നെടുത്തു; മറ്റേത് ഇങ്ങനെ പറഞ്ഞു കൊണ്ട് അതിഥിയുടെ കൈയിലും കൊടുത്തു — ‘മൊസ്സ്യു, ഞാൻ നിങ്ങൾക്കു കിടപ്പറ കാട്ടിത്തരാം.’
ആ മനുഷ്യൻ അദ്ദേഹത്തെ പിന്തുടർന്നു.
മുൻപു പറഞ്ഞിട്ടുള്ളതിൽ നിന്ന് അറിയാവുന്ന വിധം, ഉള്ളറയുള്ള ഈശ്വര വന്ദനമുറിയിൽ ചെല്ലുവാനും അതിൽ നിന്നു പുറത്തു പോരുവാനും മെത്രാന്റെ കിടപ്പറയിലൂടെ കടക്കാതെ നിവൃത്തിയില്ലാത്ത വിധമാണ് ആ വീട്ടിന്റെ പണി.
ഈ സ്ഥലത്തൂടെ പോകുമ്പോൾ, കട്ടിലിനു തലയ്ക്കുള്ള ചുമർക്കൂട്ടിൽ മദാം മഗ്ല്വാർ വെള്ളി സാമാനങ്ങളെല്ലാം വെച്ചടക്കുകയായിരുന്നു. കിടക്കാൻ പോകുന്നതിനു മുൻപുള്ള അവളുടെ ഒടുവിലത്തെ പണി എന്നും ഇതാണ്.
മെത്രാൻ അതിഥിയെ ആ ഉള്ളറയിൽ കൊണ്ടു പോയാക്കി. ഒരു വെളുത്ത കിടക്ക അവിടെ തയ്യാറുണ്ടായിരുന്നു. ആ മനുഷ്യൻ വിളക്കു മേശപ്പുറത്തു വെച്ചു.
‘അപ്പോൾ,’ മെത്രാൻ പറഞ്ഞു: ‘നിങ്ങൾക്കു രാത്രി നല്ല സുഖമാവട്ടെ! നാളെ രാവിലെ, നിങ്ങൾ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഞങ്ങളുടെ പശുക്കളെ കറന്ന ഒരു പാത്രം ചൂടുപാൽ കുടിക്കാം.’
‘എന്റെ സഭാബോധകനവർകളേ, ഞാൻ നന്ദി പറയുന്നു,’ ആ മനുഷ്യൻ പറഞ്ഞു. തികഞ്ഞ ശാന്തതയോടു കൂടി ഈ വാക്കുകൾ പറഞ്ഞു തീർന്ന ഉടനെ, പെട്ടെന്ന്, യാതൊരവസ്ഥാന്തരവും കൂടാതെ, ഒരത്ഭുതകരമായ ഭാവഭേദം അയാൾ കാണിച്ചു; ആ രണ്ടു പരമഭക്തകളായ സ്ത്രീകൾ അതു കണ്ടുവെങ്കിൽ, അവർ പേടിച്ചു സ്തംഭിച്ചു പോകുമായിരുന്നു. അയാൾക്ക് ആ സമയത്തുണ്ടായ സ്തോഭം എന്താണെന്ന് ഈ നിമിഷം വരെ ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അയാൾ ഒരു മുന്നറിയിപ്പു കൊടുപ്പാനോ അതോ കടന്നു ദ്രോഹിപ്പാനോ പുറപ്പെട്ടത്? അയാൾക്കു തന്നെ ആലോചിച്ചിട്ടു മനസ്സിലാവാത്ത എന്തോ ഒരപ്രതീക്ഷിതമായ വികാരാവേഗത്തെ അയാൾ അനുസരിച്ചു എന്നേ ഉള്ളുവോ? അയാൾ പെട്ടെന്ന് ആ വൃദ്ധന്റെ നേരെ തിരിഞ്ഞു, കൈകെട്ടിനിന്ന്, ആ ആതിഥേയന്റെ നേരെ ഒരു പൈശാചികമായ നോട്ടം നോക്കി, ഒരു പരുപരുത്ത ഒച്ചയിൽ ഉറക്കെപ്പറഞ്ഞു: ‘ഹാ, നേര്! നിങ്ങളുടെ വീട്ടിൽ ഇങ്ങനെ, നിങ്ങൾക്ക് ഇത്രയും അടുത്താണ്, എന്നെ കിടത്താൻ പോകുന്നത്?’
അയാൾ നിർത്തി; പിശാചുകൾക്കു ചേർന്ന എന്തോ ഒന്ന് ഒളിച്ചു കിടക്കുന്ന ഒരു ചിരിയോടുകൂടി, അയാൾ തുടർന്നു പറഞ്ഞു: ‘നിങ്ങൾ നല്ലവണ്ണം ആലോചിച്ചു നോക്കിയോ? ഞാൻ ഒരു കൊലപാതകിയല്ലെന്നു നിങ്ങൾ എങ്ങനെ അറിയും?’
മെത്രാൻ മറുപടി പറഞ്ഞു: ‘അതു ദയാലുവായ ഈശ്വരന് ആലോചിപ്പാനുള്ളതാണ്.’
ഉടനെ സഗൗരവമായി ഈശ്വരനോട് പ്രാർഥിക്കുകയായിട്ടോ തന്നൊടു തന്നെ പറയുകയായിട്ടോ ചുണ്ടുകൾ അല്പമൊന്നനക്കിക്കൊണ്ട്, അദ്ദേഹം തന്റെ വലത്തെ കയിന്റെ രണ്ടു വിരൽ മേലോട്ടുയർത്തി ആ മനുഷ്യനെ അനുഗ്രഹിച്ചു; അയാൾ തലയൊന്നു കുനിച്ചില്ല; അദ്ദേഹമാവട്ടേ, ഉടനെ തല തിരിക്കുകയോ പിന്നോക്കം തിരിഞ്ഞു നോക്കുകയോ ചെയ്യാതെ തന്റെ കിടപ്പറയിലേക്ക് നടന്നു.
ഉള്ളറ ഉപയോഗിക്കുമ്പോൾ, ചുമരിൽ നിന്ന് ചുമരിലേക്കായി ഒരു വലിയ മേത്തരം കമ്പിളിത്തുണി വിരുത്തിത്താഴ്ത്തിയിട്ട് തിരുവത്താഴമേശയെ മറയ്ക്കുകയാണ് പതിവ്. മടക്കത്തിൽ മെത്രാൻ ഈ മറശ്ശീലയ്ക്ക് മുൻപിൽ മുട്ടുകുത്തി. ചുരുക്കത്തിൽ എന്തോ ഒന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു. ഒരു നിമിഷം കൂടി കഴിഞ്ഞു; നടന്നു കൊണ്ടും ധ്യാനിച്ചു കൊണ്ടും, ആലോചിച്ചുകൊണ്ടും, തുറന്ന് നിൽക്കുന്ന കണ്ണുകൾക്ക് മുൻപിൽ ഈശ്വരൻ രാത്രിസമയങ്ങളിൽ കാണിച്ചുതരാറുള്ള മഹത്തരങ്ങളായ കാഴ്ചകളിൽ മനസ്സും ആത്മാവും ആണ്ട് മുങ്ങിക്കൊണ്ടും അദ്ദേഹം തോട്ടത്തിലുണ്ടായിരുന്നു. ആ മനുഷ്യന്നാണെങ്കിൽ, ആ വിലപ്പെട്ട വെള്ളപ്പുതപ്പുകൂടി ഉപയോഗിക്കാൻ ശ്രമിക്കാതിരിക്കത്തക്കവിധം അത്രയുമധികമായിരുന്നു ക്ഷീണം. ചങ്ങലയിൽ കിടക്കുന്ന തടവുപുള്ളികൾ ചെയ്യാറുള്ളവിധം മൂക്കിൽ നിന്നുള്ള ശ്വാസത്താൽ വിളക്കു കെടുത്തി, കുപ്പായങ്ങളൊന്നും അഴിക്കാതെ, അയാൾ കിടക്കമേൽ കുഴഞ്ഞു വീണു; ക്ഷണത്തിൽ ഒരു ഗാഢനിദ്രയെ പ്രാപിച്ചു.
മെത്രാൻ തോട്ടത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അർദ്ധരാത്രി ശരിക്കായി.
കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞു; ആ ചെറുഭവനത്തിലുള്ളവർ മുഴുവനുമുറക്കമായി.
ഴാങ് വാൽഴാങ്
ഴാങ് വാൽഴാങ് അർദ്ധരാത്രിയോടു കൂടി ഉണർന്നു.
ഴാങ് വാൽഴാാങ് ബ്രീയിലെ ഒരു സാധു കൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്. അയാൾ കുട്ടിക്കാലത്ത് വായിക്കാൻ പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടുകൂടി ഫെവറോളെയിൽ ഒരു മരം വെട്ടുകാരനായി. അമ്മയുടെ പേർ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാൽഴാങ് എന്നോ വ്‌ളാഴാങ് എന്നോ പറഞ്ഞു വന്നിരുനു — ഈ ഒടുവിൽ പറഞ്ഞത് വ്വാല ഴാങ് (Voila Jean = ‘ഇതാ ഴാങ്’) എന്നുള്ളതിന്റെ ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം.
സ്നേഹിക്കുന്ന സ്വഭാവമുള്ളവരുടെ ഏക വിശേഷതയായ ആലോചനാശീലമുള്ള — എന്നാൽ മുഖം കറുപ്പിച്ചുകൊണ്ടുള്ള ആ ഒരു മട്ടില്ലാത്ത — ഒരാളായിരുന്നു ഴാങ് വാൽഴാങ്. ഏതായാലും താൻ ഒരു മന്തനും സാരമില്ലാത്തവനുമാണെന്ന് കാണിക്കുന്ന അങ്ങനെ ഒന്ന് മറ്റെങ്ങുമില്ലെങ്കിൽ, കാഴ്ചയിൽ — അയാൾക്കുണ്ടായിരുന്നു എന്ന് തീർച്ചയണ്. നന്നേ ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും കഴിഞ്ഞുപോയി. വേണ്ടവിധം, ചികിത്സിക്കാതെ ഒരു തരം പനികൊണ്ടാണ് അമ്മ മരിച്ചത്. തന്നെപ്പോലെത്തന്നെ മരംവെട്ടുകാരനായിരുന തന്റെ അച്ഛൻ ഒരു മരം തലയ്ക്ക് വീണ് സിദ്ധി കൂടി. ഴാങ് വാൽഴാങ്ങിന് ആകപ്പാടെ തന്നേക്കാൾ വയസ്സ് മൂത്ത ഒരു സഹോദരി, ആണും പെണ്ണൂം കൂടി ഏഴോളം മക്കളുള്ള ഒരു വിധവമാത്രം, ബാക്കിയായി. ഈ സഹോദരിയാണ് ഴാങ് വാൽഴാങ്ങിനെ വളർത്തി വന്നത്. തനിക്ക് ഭർത്താവുണ്ടായിരുന്നേടത്തോളം കാലം അവൾ തന്റെ അനുജനേയും ഒപ്പം താമസിപ്പിച്ചു.
ഭർത്താവ് മരിച്ചു. ഏഴ് കുട്ടികളുള്ളതിൽ മൂത്തയാൾക്ക് എട്ടു വയസ്സായി; എല്ലാറ്റിലും വെച്ച് ചെറിയതിന് ഒന്നും.
ഴാങ് വൽഴാങ്ങിന് ഇരുപത്തഞ്ച് വയസ്സ് കഷ്ടിച്ച് തികഞ്ഞു. അയാൾ അച്ഛന്റെ പ്രവൃത്തി തുടങ്ങി; അങ്ങനെ അയാൾ തന്നെ പോറ്റിക്കൊണ്ടുപോന്ന ആ സഹോദരിയേയും കുട്ടികളേയും പുലർത്തി. ഇതു തന്റെ ഒരു മുറയാണെന്ന് മാത്രം വെച്ച് അത്ര രസമില്ലാതെയാണ് അയാൾ ചെയ്തുപോന്നത്. അതിനാൽ അയാളുടെ യൗവനം വിരസവും വില കുറഞ്ഞതുമായ കൂലിപ്പണിയിൽ ചെലവായി. തന്റെ മേൽ ദയയുള്ള ഒരു സ്ത്രീസുഹൃത്തിനെയെങ്കിലും അയാൾക്ക് സ്വന്തം രാജ്യത്തു നിന്ന് കിട്ടിയില്ല. ഒരു സ്ത്രീയെയും സ്നേഹിക്കുവാൻ അയാൾക്ക് ഇടയുണ്ടായില്ല.
രാത്രി അയാൾ പ്രവൃത്തി കഴിഞ്ഞ് വരും; ഒരക്ഷരവും മിണ്ടാതെ തനിക്കുള്ള മാംസസ്സൂപ്പ് കഴിക്കും. അയാളുടെ സഹോദരി ഴെന്ന് അയാൾ തിന്നുന്ന പാത്രത്തിൽ നിന്ന് തന്നെ, ഇടയ്ക്ക് ഒരു കഷണം മാംസമോ, ഉപ്പിട്ടുണക്കിയ പന്നി മാംസത്തിന്റെ ഒരു ചെത്തോ, പഴത്തിന്റെ കഴമ്പോ എടുത്ത് തന്റെ കുട്ടികളിൽ ആർക്കെങ്കിലും കൊടുക്കും. ഭക്ഷണമേശയ്ക്കു മുൻപിൽ ഏതാണ്ട് സൂപ്പിൻപാത്രത്തിന്റെ ഉള്ളിലേക്കായി തല താഴ്ത്തി, നീണ്ട തലമുടി പാത്രത്തിന് ചുറ്റും പാറിപ്പറന്നു വീണ് കണ്ണുമറഞ്ഞുകൊണ്ട്, അയാൾ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, ആ നടക്കുന്നതൊന്നും താൻ കാണുന്നില്ലെന്നും അതെല്ലാം സമ്മതിക്കുന്നുണ്ടെന്നും തോന്നിക്കുന്ന ഒരു സമ്പ്രദായം അയാൾക്കുണ്ടായിരുന്നു. ഫെവറോലെയിൽ വാൽഴാങ്ങിന്റെ വയ്ക്കോൽ മേഞ്ഞ ചെറുവീട്ടിൽ നിന്ന് ദൂരത്തല്ലാതെ, ഇടുങ്ങിയ നിരത്തിന്റെ അങ്ങേ വശത്തായി, മാറിക്ലോദ് എന്നു പേരായ ഒരു കൃഷീവലപത്നി താമസമുണ്ട്. സാധാരണമായി വയറു നിറയാത്തവരായ വാൽഴാങ് കുടുംബത്തിലെ കുട്ടികൾ, അമ്മ പറഞ്ഞയച്ചു എന്ന് കളവു പറഞ്ഞ്, ചിലപ്പോഴെല്ലാം, ഒരു പാത്രം പാൽ കടം വാങ്ങിക്കുവാൻ മാറിക്ലോദിന്റെ അടുക്കൽ ചെല്ലും; അങ്ങനെ കിട്ടിയതും കൊണ്ട് ആ ചെറിയ പെൺകുട്ടികൾ വല്ല വേലിക്ക് പിന്നിലോ ഇടവഴിയുടെ മൂലയിലോ ചെന്നു നിന്ന് ഓരോരുത്തരും വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പെറിച്ചെടുത്ത്, പാലൊക്കെ മേലും കഴുത്തിലും കളഞ്ഞൊപ്പിച്ചുകൊണ്ട് മുഴുവനും കുടിച്ചു തീർക്കും. ഇത് അമ്മ അറിഞ്ഞു പോയെങ്കിൽ ആ കള്ളപ്പുള്ളികളെ വല്ലാതെ ശിക്ഷിക്കും. അമ്മ അറിയാതെ മാറിക്ലോദിന് കൊടുപ്പാനുള്ള പാലിന്റെ വില ഴാങ് വാൽഴാങ് ദേഷ്യപ്പെട്ടുകൊണ്ടും പിറുപിറുത്തുകൊണ്ടും കൊടുത്തു തീർക്കും; അങ്ങനെ കുട്ടികൾക്ക് ശിക്ഷ കിട്ടാറില്ല.
കൊമ്പിറക്കുന്ന കാലങ്ങളിൽ അയാൾക്ക് ദിവസം പതിനെട്ട് സൂ വീതം സമ്പാദ്യമുണ്ടാവും, അന്നയാൾ വയ്ക്കോൽ കുടയാനും കൂലിപ്പണിയെടുക്കാനും, കന്നു മേയ്ക്കാനും, എന്തു പണിക്കും ചേരും. തന്നെക്കൊണ്ട് കഴിയുന്ന എല്ലാ പണിയും അയാൾ ചെയ്യും. അയാളുടെ പെങ്ങളും കൂലിവേലയ്ക്ക് കൂടും; പക്ഷേ, ആ ഏഴു കുട്ടികളേയും വെച്ചു കൊണ്ട് അവൾക്കെന്തു ചെയ്യാൻ കഴിയും? കഷ്ടപ്പാടിൽ ആണ്ടു കിടക്കുന്ന ഒരു സാധു കുടുംബമായിരുന്നു അത്; ക്രമത്തിൽ ക്രമത്തിൽ അതു മണ്ണടിയുവാൻ തുടങ്ങി. ഒരു വല്ലാത്ത മഴക്കാലം വന്നു. ഴാങ്ങിന് പണി കിട്ടാതായി. കുടുംബത്തിൽ പട്ടിണിയായി. വാസ്തവത്തിൽ പട്ടിണി. ഏഴു കുട്ടികളും!
ഒരു ഞായറാാഴ്ച രാത്രി, ഫെവറോളയിലെ പള്ളിക്കടുത്ത് അപ്പം ചുട്ടു വിൽക്കുന്നവനായ മോബേൽ ഇസബോ, കിടക്കാൻ പോകാനൊരുങ്ങുമ്പോൾ, ഷാപ്പിൻ മുൻപിലെ അഴിവാതിലിന്മേൽ ഊക്കിൽ ഒരിടിയിടിക്കുന്നതു കേട്ടു. ഇടികൊണ്ട് തകർന്ന ചില്ലിന്റെ പഴുതിലൂടെ ഒരു കൈ അകത്തേക്കു കടക്കുന്നതു കാണാൻ പാകത്തിൽ ഷാപ്പുകാരൻ ആ സ്ഥലത്തെത്തി. ആ നീട്ടിയ കൈ ഒരപ്പം കടന്നെടുത്ത് അതും കൊണ്ടു പോയി. ഇസബോ ക്ഷണത്തിൽ പുറത്തേക്കു പാഞ്ഞു ചെന്നു; അതു തട്ടിയെടുത്ത കള്ളൻ കാലിനുള്ള ശക്തിയൊക്കെ ഉപയോഗിച്ചു കുതിച്ചു പാഞ്ഞു. ഇസബോ അവന്റെയൊപ്പം ഓടി, അവനെ ചെന്നു പിടിച്ചു. കള്ളൻ അപ്പം കളഞ്ഞിരുന്നു; പക്ഷേ, കൈയിന്മേൽ നിന്നു ചോര വരുന്നുണ്ട്. അതു ഴാങ് വാൽഴാങായിരുന്നു.
ഇതുണ്ടായത് 1795-ലാണ്. കളവിനും ഭവനഭേദനത്തിനും ആൾപ്പാർപ്പുള്ള വീട്ടിൽ രാത്രി സമ്മതമില്ലാതെ കടന്നുചെന്ന കുറ്റത്തിനുമായി ഴാങ് വാൽഴാങ് അന്നത്തെ നീതിന്യായക്കോടതിയിൽ ഹാജരാക്കപ്പെട്ടു. അയാളുടെ കൈവശം ഒരു തോക്കുണ്ട്; ഭൂമിയിലുള്ള ഏതൊരാളെക്കാളുമധികം നന്നായി അയാൾക്ക് അതുപയോഗിക്കാനറിയാം; അയാൾ ഒരു ഒളിവേട്ടക്കാരനാണ് — ഇത് കാര്യമെല്ലാം അപകടത്തിലാക്കി. ന്യായപ്രകാരം തന്നെ ഒളിവേട്ടക്കാരനോട് ആർക്കും ഒരു ദേഷ്യമുണ്ട്. കള്ളച്ചരക്കു കച്ചവടക്കാരനെന്ന പോലെത്തന്നെ, ഒളിവേട്ടക്കാരന്നും ഒരു കവർച്ചക്കരന്റെ ചുവ വല്ലാതെയുണ്ട്. എന്നാലും, പട്ടണങ്ങളിൽ നടന്ന കൊലപാതകം പ്രവർത്തിക്കുന്ന ആ ഭയങ്കര സത്ത്വങ്ങൾക്കും ഈ പറഞ്ഞവർക്കും ഇടയിൽ ഒരു വലിയ കിടങ്ങു മുഴുവനനുമുണ്ടെന്നു ഞങ്ങൾ ഓട്ടത്തിൽ ഒന്നു പറഞ്ഞു വെക്കട്ടെ. ഒളിവേട്ടക്കാരൻ കാട്ടിൽ കഴിഞ്ഞു കൂടുന്നു; കള്ളച്ചരക്കു കച്ചവടക്കാരൻ മലയിലോ കടലിലോ കഴിയുന്നു. മനുഷ്യരെ ദുഷിപ്പിക്കുന്നതു കൊണ്ട് നഗരങ്ങൾ ഭയങ്കര മനുഷ്യരെ സൃഷ്ടിക്കുന്നു. മല, കടൽ, കാട് — ഇവ കാടന്മാരെയാണു ഉണ്ടാക്കുന്നത് അവ മനുഷ്യന്റെ ദുഷ്ടഭാവത്തെ വലുതാക്കുന്നു എങ്കിലും, മനുഷ്യത്വത്തെ പലപ്പോഴും നശിപ്പിക്കാതിരിക്കയാണ് പതിവ്.
ഴാങ് വാൽഴാങ് കുറ്റക്കാരനാണെന്നു തെളിഞ്ഞു. നിയമ പുസ്തകത്തിലെ നിശ്ചയം അത്രയും സ്പഷ്ടമാണ്. നമ്മുടെ പരിഷ്കാരഗതിയിൽ ചില ഭയങ്കര ഘട്ടങ്ങൾ ഉണ്ടായിക്കാണുന്നു. ശിക്ഷാനിയമങ്ങൾ ഒരു വലിയ കപ്പൽത്തകർച്ചയെ വിധിച്ചു വിടുന്ന ചില സന്ദർഭങ്ങളുണ്ട്. ജനസമുദായം ഒന്നു വാങ്ങി നിന്നു വിശേഷ ജ്ഞാനമുള്ള സത്വത്തെ യാതൊരു പ്രതിവിധിയുമില്ലാത്ത വിധം അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞു കളയുന്ന ആ നിമിഷം എന്തൊരവലക്ഷണം പിടിച്ച നിമിഷമാണ്! അഞ്ചു കൊല്ലക്കാലം തണ്ടുവലി ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരനായി കഴിഞ്ഞു കൂടുവാൻ ഴാങ് വാൽഴാങ് വിധിക്കപ്പെട്ടു.
ഇറ്റലിയിലെ പ്രധാന സൈന്യാധിപനായിരുന്ന ബോണപ്പാർത്തിനാൽ മോന്തനോത്തു യുദ്ധം ജയിക്കപ്പെട്ടതായി പാരീസ്സിൽ അറിവു കിട്ടിയത് 1796 ഏപ്രിൽ 22-ആന് ആണ്; അന്നത്തെ ദിവസം തന്നെ തണ്ടുവലി ശിക്ഷ വിധിക്കപ്പെട്ട ഒരു വലിയ കൂട്ടത്തെ ബിസെത്രിൽ തടവിലിടുകയും ചെയ്തു. അതിൽ ഒരാളായിരുന്നു ഴാങ് വാൽഴാങ്. ഇപ്പോൾ ഏകദേശം എൺപത് വയസ്സു പ്രായമുള്ള അവിടത്തെ ഒരു കാരാഗൃഹ മുഖ്യൻ, ആ ഭാഗ്യം കെട്ട ദുഷ്ടനെ മുറ്റത്തു വടക്കു കിഴക്കേ മൂലയിൽ നാലാം വരിയുടെ അറ്റത്തു ചങ്ങലക്കിട്ടിരുന്നത് ഇന്നും ഓർമ്മിക്കുന്നുണ്ട്. മറ്റുള്ളവരുടെ കൂട്ടത്തിൽ അയാളും നിലത്തിരുന്നു. എന്തോ ഒരു ഭയങ്കരാവസ്ഥയിൽ താൻ പെട്ടിരിക്കുന്നു എന്നല്ലാതെ, വാസ്തവസ്ഥിതി അയാൾക്കു മലസ്സിലായിട്ടുണ്ടെന്നു തോന്നിയില്ല. ഒന്നും അറിഞ്ഞു കൂടാത്ത ഒരു സാധുവിന്റെ അസ്ഥിരങ്ങളായ പലേ ആലോചനകളുടേയും ഇടയിൽ നിന്നു മഹത്തരമായ എതോ ഒന്നിനെ അയാളും അഴിച്ചു വേർപെടുത്തിയിരിക്കുന്നതു പോലെയിരുന്നു. ഇരിമ്പു കൊണ്ടുള്ള കഴുത്തുപട്ടയുടെ ആണി പിൻഭാഗത്തുള്ള ചേർപ്പിൽ ചുറ്റിക കൊണ്ട് അടിച്ചു താഴ്ത്തി ഉറപ്പിക്കുന്ന സമയത്ത് അയാൾ കരഞ്ഞു. കണ്ണുനീരിന്നുള്ളിൽ അയാൾക്ക് ശ്വാസം മുട്ടി; ഒച്ച ഇടറി പൊന്താതെയായി; ഇടയ്കിടയ്ക്ക് ഇങ്ങനെയൊന്ന് പറയാൻ മാത്രം അയാളെക്കൊണ്ട് കഷ്ടിച്ച് സാധിച്ചു — ‘ഞാൻ ഫെവറോളെയിൽ ഒരു മരം വെട്ടുകാരനായിരുന്നു.’ എന്നിട്ട് അപ്പോഴും തേങ്ങിക്കൊണ്ടു തന്നെ അയാൾ വലത്തേകൈ ഉയർത്തി, പലേ ഉയരത്തിലുള്ള ഏഴു തലയിൽ വഴിക്കു വഴിയേ തൊടുകയാണെന്ന ഭാവത്തിൽ ഏഴു പ്രാവശ്യം അത് താഴ്ത്തിക്കൊണ്ട് വന്നു; അയാൾ കാണിച്ച ഈ ആംഗ്യത്തിൽ നിന്ന് — അതെന്തെങ്കിലുമാവട്ടെ — ഏഴു ചെറുകുട്ടികളെ പുലർത്തുന്നതിനും അവർക്ക് വേണ്ട വസ്ത്രം വാങ്ങുന്നതിനുമായിട്ടാണ് താൻ അത് പ്രവർത്തിച്ചതെന്ന് ഊഹിക്കാം.
ആയാൾ തൂലോങ്ങിലെക്ക് പുറപ്പെട്ടു. ഇരുപത്തേഴു ദിവസം കട്ടവണ്ടിയിൽ കഴുത്തിൽ ചങ്ങലയും ഭേസിക്കൊണ്ട് യാത്ര ചെയ്തതിന് ശേഷം അവിടെ എത്തി. തൂലോങ്ങിൽ വച്ച് അയാൾ ചുകന്ന ഉടുപ്പിലായി. പേരുമുതൽ അയാളുടെ ജീവിതത്തെസ്സംബന്ധിച്ച സകലവും മായ്ക്കപ്പെട്ടു; അയൾ അന്നു മുതൽ ഴാങ് വാൽഴാങ്ങല്ലാതെയായി; അയാൾ 21,601 എന്ന നമ്പറായി. അയാളുടെ സഹോദരിയുടെ കഥയോ? അവളുടെ ഏഴുകുട്ടികളും പിന്നെ എങ്ങനെ കഴിഞ്ഞു? അതിനെപ്പറ്റി ആരാലോചിച്ചു? ചുവട്ടിൽ ചെത്തിമുറിച്ചിട്ട ഒരു ചെറുവൃക്ഷത്തിന്റെ മുകളിൽ ഒരുപിടി ഇല നിൽക്കുന്നതിന്റെ കഥ പിന്നെ എന്താവാനാണ്?
അതൊക്കെ പതിവുപോലുള്ള പഴങ്കഥ തന്നെ, ആ പാവങ്ങളായ മനുഷ്യജിവികൾ, ഈശ്വരസൃഷ്ടികൾ, ഒരു ഗതിയില്ലാതെ, ഒരു തുണയുമില്ലാതെ, കിടന്നുപൊറുക്കുവാൻ ഒരു പുരകൂടിയില്ലാതെ,ഇന്ന ദിക്കിലേക്കെന്നില്ല, പക്ഷേ ഓരോരുത്തനും ഓരോരിടത്തേക്കായി — ആർക്കറിയാം — അങ്ങുമിങ്ങും അലഞ്ഞുനടന്ന ശേഷം കുറേശ്ശെ കുറേശ്ശെയായി ആ തണുത്ത മഞ്ഞിൻമൂടലിൽ — ഒറ്റയ്ക്കായിത്തീർന്ന എല്ലാ പ്രാരാബ്ധകർമ്മങ്ങളേയും കുഴിച്ചുമൂടുന്ന ആ പുകയ്ക്കുള്ളിൽ — മനുഷ്യജാതിയുടെ കുണ്ഠിതത്തോടുകൂടിയുള്ള ‘കബാത്തി’ൽ ഭാഗ്യം കെട്ട തലകൾ വഴിക്കുവഴിയെയായി ചെന്ന് മറയുന്ന ആ ഇരുളടഞ്ഞ കാട്ടുപുറങ്ങളിൽ - ചെന്നു കുഴിച്ചിടപ്പെട്ടു. അവർ നാട്ടിൽ നിന്നുപോയി. അവരുടെ ഗ്രാമമായിരുന്നേടത്തുള്ള മണിമാളിക അവരെ മറന്നു; അവരുടെ വയലായിരുന്നതിന്റെ അതിർത്തി വരമ്പ് അവരെ മറന്നു; കുറച്ച് കൊല്ലങ്ങളോളം തടവിൽ കഴിച്ചുകൂട്ടിയതിന്നു ശേഷം, ഴാങ് വാൽഴാങ്ങും അവരെ മറന്നുകളഞ്ഞു, ആദ്യത്തിൽ ഒരു മുറിവോടു കൂടിയിരുന്ന ആ ഹൃദയത്തിൽ ഒരു വടുക്കെട്ടി അത്ര മാത്രം. തൂലോങ്ങിൽ കഴിച്ചുകൂട്ടിയ അനവധി കൊല്ലങ്ങൾക്കുള്ളിൽ ഒരിക്കൽ മാത്രം അയാൾ തന്റെ സഹോദരിയെപ്പറ്റി പറഞ്ഞുകേട്ടു. അയാൾ തടവിൽപ്പെട്ടതിന്റെ നാലാമത്തെ കൊല്ലമാണ് ഇതുണ്ടായതെന്ന് ഞാൻ വിചാരിക്കുന്നു. ഏതു വഴിക്കാണ് അയാൾക്ക് ആ വർത്തമാനം കിട്ടിയതെന്ന് എനിക്കറിഞ്ഞുകൂടാ. അവരെ സ്വന്തരാജ്യത്തുവച്ച് കണ്ടുപരിചയമുള്ള ഒരാൾ ആ സഹോദരിയെ എങ്ങനെയോ കണ്ടുമുട്ടി, അവൾ പാരിസ്സിലായിരുന്നു. റ്യു ദ്യു ഗാന്ത്രിൽ സാങ് — സുൽപിസ്സ് എന്ന പള്ളിക്കടുത്തുള്ള ഒരു പൊട്ടത്തെരുവിലാണ് അവൾ പാർത്തിരുന്നത്. എല്ലാറ്റിലും വെച്ച് പ്രായംകുറഞ്ഞ ഒരുകുട്ടി, ഒരു ചെറിയ ആൺകുട്ടിമാത്രം, അവളുടെ കൂടെ അന്നുണ്ടായിരുന്നു. മറ്റുള്ള ആറു കുട്ടികളും എവിടെ? ഒരു സമയം അവൾക്കുതന്നെ നിശ്ചയമില്ലായിരിക്കും. റ്യു ദ്യു സബോവിൽ 8-ആം നമ്പറായ ഒരച്ചുകൂടത്തിൽ അവൾ ദിവസം പ്രതി രാവിലെ പോവും; അവിടെ അവൾക്ക് കടലാസ്സ് മടക്കുകയും തുന്നുകയുമായിരുന്നു പണി. രാവിലെ ആറു മണിക്കു — മഴക്കാലങ്ങളിൽ പുലരുന്നതിനു വളരെമുമ്പുതന്നെ — അവൾക്ക് അവിടെ ചെന്നു കൂടണം. ആ അച്ചുക്കൂടമുള്ള എടുപ്പിൽത്തന്നെ ഒരു ഭാഗത്ത് ഒരു സ്‌കൂൾകൂടിയുണ്ട്; ഏഴു വയസ്സു പ്രായമുള്ള തന്റെ കുട്ടിയെ അവൾ സ്‌കൂളിലും കൊണ്ടുപോയാക്കി. എന്നാൽ അവൾക്കു അച്ചുക്കൂടത്തിൽ ആറു മണിക്കു ചെല്ലേണ്ടിയിരുന്നതുകൊണ്ടും, സ്‌കൂൾ ഏഴു മണിക്കു മാത്രം തുറന്നിരുന്നതുകൊണ്ടും, സ്‌കൂൾ തുറന്നു കിട്ടാൻ വേണ്ടി ആ കുട്ടിക്ക് ഒരു മണിക്കൂർ നേരം മുറ്റത്തു നില്‌ക്കേണ്ടിവന്നിരുന്നു. മഴക്കാലത്ത് രാത്രി മുറ്റത്ത് ഒരു മണിക്കൂറോളം നില്‌ക്കുക! അച്ചുകൂടത്തിലേക്കു കടന്നു ചെല്ലുവാൻ അവിടെയുള്ളവർ ആ കുട്ടിയെ അനുവദിക്കാറില്ല; ആവശ്യമില്ലാതെ അവൻ അവരെ അലട്ടിക്കൊണ്ടിരിക്കുമെന്നാണ് അവരുടെ വാദം. രാവിലെ കൂലിപ്രവൃത്തിക്കാർ പോകുമ്പോൾ ആ പാവമായ ചെറുജന്തു ഉറക്കം വന്നു കുഴങ്ങി നിലത്തുള്ള കല്ലിരിപ്പിൽ ഇരിക്കുന്നതും, പലപ്പോഴും ചൂളിപ്പിടിച്ചു തന്റെ കൊട്ടക്കുള്ളിൽ ചുരുണ്ടു കിടന്നുറങ്ങുന്നതും അവൻ കാണും. മഴ പെയ്യുമ്പോൾ പടികാവൽക്കാരിയായ ഒരു തള്ള അവന്റെ മേൽ ദയ വിചാരിക്കും. ഒരു വൈക്കോൽക്കിടക്കയും, ഒരു നൂൽ നൂൽപ് യന്ത്രവും, രണ്ടു മരക്കസാലയുമുള്ള തന്റെ ഗുഹയിലേക്ക് അവൾ ആ കുട്ടിയെ കൂട്ടിക്കൊണ്ടുപോവും; അവൻ അതിന്റെ ഒരു മൂലയിൽ തണുപ്പു കൊണ്ടുള്ള ഉപദ്രവം കുറചു കുറയാൻ വേണ്ടി പൂച്ചയെ ചേർത്തുപിടിച്ചു ചൂളിക്കിടന്നുറങ്ങും. ഏഴു മണിക്കു സ്‌കൂൾ തുറക്കും; ഇതാണ് ഴാങ് വാൽഴാങ് കേട്ടത്.
ഇതിനെപ്പറ്റി ആളുകൾ ഒരു ദിവസം അയാളോടു സംസാരിച്ചു; അയാൾ സ്‌നേഹിച്ചിരുന്നവരുടെ ജീവിതദശയെ തുറന്നു കാണിക്കുന്ന ഒരു ജനാല പെട്ടെന്നൊന്നു തുറന്നു; ഒരു നിമിഷ നേരത്തേക്ക് അതൊന്നു പ്രകാശിച്ചു; ഒരു മിന്നൽ അതിന്മേൽ തട്ടി; പിന്നെയും വാതിലടഞ്ഞു; എല്ലാം ഇരുട്ടാായി. അതിനുശേഷം യാതൊരു വിവരവും അയാൾ കേട്ടില്ല. അവരെക്കുറിച്ചുള്ള ഒരു വർത്തമാനവും പിന്നെ അയാളുടെ ചെകിട്ടിൽ എത്തിയിട്ടില്ല; അവരെ അയാൾ പിന്നെ കണ്ടിട്ടില്ല; അവരെ അയാൾ പിന്നെ ഒരിക്കലും കണ്ടുമുട്ടിയില്ല; എന്നല്ല ഈ ദുഃഖമയമായ ചരിത്രത്തിന്റെ അനന്തരഭാഗങ്ങളിൽ അവരെ ഇനി ഒരിക്കലും കാണുകയുമില്ല.
ഈ നാലാം കൊല്ലത്തിന്റെ അവസാനത്തിൽ ഴാങ് വാൽഴാങ്ങിന് ഒളിച്ചു ചാടാനുള്ള ഘട്ടം വന്നു. ദുഃഖമയമായ ആ സ്ഥലത്തു പതിവുള്ളപോലെ, ചങ്ങാതിമാർ അയാളെ സഹായിച്ചു. അയാൾ പുറത്തു ചാടി. പിടിക്കുവാൻ പിന്നാലെ ആളുകളുമായി, ഓരോ നിമിഷത്തിലും പിന്നോക്കം തിരിഞ്ഞു നോക്കിക്കൊണ്ട്, എത്ര ചെറിയ ശബ്‌ദം കേട്ടാലും വിറച്ചുകൊണ്ട്.സകലത്തിനേയും പുകയോടുകൂടിയ ഒരു വീട്ടിന്റെ മേൽപ്പുര വഴിയിലൂടെ പോകുന്ന ഒരാൾ, കുരയ്‌ക്കുന്ന ഒരു നായ, പാഞ്ഞുവരുന്ന ഒരു കുതിര, അടിക്കുന്ന ഒരു നാഴികമണി, എന്തും കാണാവുന്നതുകൊണ്ട് പകൽ, ഒന്നുംകാണാൻ വയ്യാത്തതുകൊണ്ട് രാത്രി, പെരുവഴി, നിരത്ത്, കുറ്റിക്കാട്, ഉറക്കം എന്നിങ്ങനെയുള്ള എല്ലാറ്റിനേയും — ഭയപ്പെട്ടുകൊണ്ട് ഇങ്ങനെ കഴിഞ്ഞുകൂടുന്നത് സ്വാതന്ത്ര്യമാണെങ്കിൽ സ്വാതന്ത്ര്യത്തോടുകൂടി, അയാൾ രണ്ടു ദിവസം അലഞ്ഞ് നടന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം അയാൾ പിടിക്കപ്പെട്ടു. മുപ്പത്താറു മണിക്കൂറോളമായി അയാൾ എന്തെങ്കിലും കഴിക്കുകയാവട്ടെ ഒന്നു കണ്ണു ചിമ്മുകയാവട്ടെ ചെയ്‌തിട്ടില്ല. നീതിന്യായക്കോടതി ഈ തെറ്റിന് അയാളുടെ ശിക്ഷാകാലം മൂന്നുകൊല്ലത്തേക്കുകൂടി കൂട്ടി; ആകെ എട്ടു കൊല്ലമായി. ആറാമത്തെ കൊല്ലം പിന്നേയും അയാൾക്ക് ഒളിച്ചുചാടാനുള്ള യോഗമായി.
ആ തഞ്ചവും അയാൾ ഉപയോഗിച്ചു നോക്കി: പക്ഷേ, വേണ്ടവിധമായില്ല. പതിവുപോലെ ഹാജർ വിളിച്ചപ്പോൾ കണ്ടില്ല. പീരങ്കി വെച്ചു; രാത്രിയിൽ പാറാവുകാർ അയാളെ പുതുതായി പണിചെയ്യുന ഒരു കപ്പലിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി; പിടികൂടിയ പാറാവുകാരോട് അയാൾ മല്ലിട്ടു, ഒളിച്ചുചാടലും രാജ്യദ്രോഹവും. ഒരു സവിശേഷനിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈ കുറി അയാൾക്ക് അഞ്ചു കൊല്ലത്തെ ശിക്ഷ കൂടി കിട്ടി. അതിൽ ഒടുവിലത്തെ രണ്ടു കൊല്ലം ഇരട്ടച്ചങ്ങലയിലും കിടക്കണം. പതിമൂന്ന് കൊല്ലമായി. പത്താമത്തെ കൊല്ലത്തിൽ പിന്നേയും ഒളിച്ചുചാടാനുള്ള യോഗം വന്നു; അതും അയാൾ വിട്ടില്ല: അക്കുറിയും വിശേഷിച്ചു ഫലമുണ്ടായില്ല. ആ പുതിയ ശ്രമം കൊണ്ട് മൂന്നു കൊല്ലം കൂടി കൈയിലായി. കൊല്ലം പതിനാറ്. ഒടുവിൽ പതിമൂന്നാമത്തെ കൊല്ലത്തിലാണെന്ന് ഞാൻ വിചാരിക്കുന്നു, അയാൾ അവസാനത്തെ തവണ ഒരിക്കൽകൂടി ഒളിച്ചു ചാടാൻ ശ്രമിച്ചു; പുറത്ത് കടന്നു നാലു മണിക്കൂറു കഴിഞ്ഞപ്പോഴേക്കും പിന്നേയും ബന്ധനത്തിലാവാൻ മാത്രമുള്ള ഒരു ഗുണമേ ആ ശ്രമം കൊണ്ടുമുണ്ടായുള്ളൂ. ആ നാലു മണിക്കൂറു സമയത്തിന് പിന്നെയും മൂന്നു കൊല്ലം. പത്തൊമ്പതു കൊല്ലം. 1815 ഓക്ടോബറിൽ അയാളെ വിട്ടു; ഒരു കണ്ണാടി വാതിൽ പൊട്ടിച്ച് ഒരപ്പം കൈയിലാക്കിയതിന് അയാൾ അവിടെ 1796-ൽ കടന്നു കൂടിയതാണ്.
ഒരു ചെറിയ ആവരണവാക്യത്തിനുള്ള സ്ഥലം. ശിക്ഷാനിയമത്തിന്റെ ഗതിയും നിയമപ്രവർത്തനം കൊണ്ടുണ്ടാകുന്ന കഠിനാപത്തും നോക്കിപ്പഠിപ്പിക്കുന്നതിനിടയിൽ ഈ ഗ്രന്ഥകാരൻ രണ്ടാമത്തെ പ്രാവശ്യമാണ് ഒരപ്പക്കഷണം കട്ടതുകൊണ്ട് ഒരു മനുഷ്യജീവിതം മുഴുവനും ഉടഞ്ഞുതകർന്നതായി കണ്ടെത്തുന്നത്. ക്ലോദ് ഗുവൊ ഒരപ്പം കട്ടു; ഴാങ് വാൽഴാങ്ങും ഒരപ്പം കട്ടു. ലണ്ടനിലുണ്ടാകുന്ന അഞ്ചു കളവു കേസ്സിൽ നാലും തൽക്കാലത്തെ വിശപ്പ് സഹിക്കാൻ വയ്യാഞ്ഞ് ചെയ്യപ്പെടുന്നതാണെന്ന് ഇംഗ്ലണ്ടുകാർ കണക്കെടുത്തിരുന്നു.
ഴാങ് വാൽഴാങ് തേങ്ങികരഞ്ഞും പേടിച്ചും വിറച്ചും തുറുങ്കിനുള്ളിലേക്കു കടന്നു; മരവിച്ച മനസ്സോടു കൂടി അവിടെ നിന്ന് പുറത്ത് വന്നു. അയാൾ നിരാശതയോടു കൂടി അകത്തേക്ക് ചെന്നു; മനസ്സ് കെട്ട് പുറത്തേക്ക് കടന്നു.
ആ ആത്മാവിന്നുള്ളിൽ എന്തുണ്ടായി?
നിരാശതയുടെ അന്തർഭാഗം
ഞങ്ങൾ അതു പറയാൻ ശ്രമിക്കട്ടെ.
സമുദായം ഈ വക സംഗതികളെ നോക്കിക്കാണുന്നത് ആവശ്യമാണ്; എന്തുകൊണ്ടെന്നാൽ സമുദായമാണ് ഇവയെ ഉണ്ടാക്കിത്തീർക്കുന്നത്.
ഞങ്ങൾ പറഞ്ഞതുപോലെ, അയാൾ പഠിപ്പില്ലാത്തവനായിരുന്നു; പക്ഷേ ഒരു വിഡ്ഢിയായിരുന്നില്ല. പ്രകൃതിദത്തമായ ദീപം അയാളുടെ ഉള്ളിൽ കൊളുത്തപ്പെട്ടിരുന്നു. നിർഭാഗ്യം — അതിന് സ്വന്തമായി ഒരു സവിശേഷ സൂക്ഷ്മതയുണ്ട് — ആ മനസ്സിൽ സ്വതവേ ഉള്ള പ്രകാശത്തിന് വലുപ്പം കൂട്ടി. തല്ലുകൾക്ക് കീഴിലും, ചങ്ങലക്കെട്ടുകൾക്കുള്ളിലും, തുറുങ്കിലും, ബുദ്ധിമുട്ടിലും തണ്ടുവലി ശിക്ഷയനുഭവിക്കുന്ന ആ ചുട്ടവെയിലത്തും, തടവുപുള്ളിയുടെ പലകക്കിടക്കയിലും കിടന്ന് അയാൾ തന്റെ ഹൃദയാന്തർഭാഗത്തേക്ക് ചുരുണ്ടു; അയാൾ ആലോചിച്ചു.
അയാൾ തന്നെ അയാളുടെ നീതിന്യായക്കോടതിയായി.
അയാളെത്തന്നെ അയാൾ വിചാരണ ചെയ്‌വാൻ ആരംഭിച്ചു.
അന്യായമായി ശിക്ഷിക്കപ്പെട്ട ഒരു നിരപരാധനല്ല താൻ എന്ന വാസ്‌തവം അയാൾ കണ്ടു. അനുചിതവും ആക്ഷേപയോഗ്യവുമായ ഒരു പ്രവൃത്തി താൻ ചെയ്തുവെന്ന് അയാൾ സമ്മതിച്ചു. ഒരേ സമയം, ചോദിച്ചിരുന്നുവെങ്കിൽ ആ അപ്പം അയാൾക്കു കിട്ടുമായിരുന്നു; എങ്ങനെയായാലും, അനുകമ്പ മൂലമോ പ്രവൃത്തിയെടുത്തിട്ടോ അത് കിട്ടുന്നതുവരെ താമസിക്കുകയായിരുന്നു ഉത്തമം. ‘വിശക്കുമ്പോൾ ആർക്കെങ്കിലും താമസിക്കാൻ കഴിയുമോ?’ എന്ന ചോദ്യം ഒരിക്കലും ഉത്തരമില്ലാത്ത ഒന്നല്ല. ഒന്നാമതായി വിശപ്പു കൊണ്ടു മാത്രം ഒരാൾ മരിച്ചുപോവുക എന്നത് വാസ്‌തവത്തിൽ വളരെ അപൂർവമാണ്; പിന്നെ ഭാഗ്യവശാലോ നിർഭാഗ്യവശാലോ, മരിക്കുന്നതിനു മുൻപായി മനസ്സുകൊണ്ടും ദേഹംകൊണ്ടും വളരെ നേരം വമ്പിച്ച സങ്കടം സഹിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് മനുഷ്യന്റെ സൃഷ്‌ടി, അതുകൊണ്ട് എന്തും ക്ഷമിക്കുന്നത് ആവശ്യമാണ്; ആ സാധുക്കുട്ടികളെപ്പറ്റി വിചാരിക്കുമ്പോഴും അതാവശ്യമായിരുന്നു. ഒരു ഗതിയില്ലാത്ത നിർഭാഗ്യനായ അയാൾ മഹത്തായ ജനസമുദായത്തെ കടന്നു ചെന്ന് കഴുത്തിൽ പിടികൂടുന്നതും, കഷ്ടപ്പാടിൽ നിന്ന് കളവുമുഖേന വിട്ടുപോകാമെന്ന് വിചാരിക്കുന്നതും വെറും കമ്പമാണ്; അവമാനം പതുങ്ങിക്കിടക്കുന്നേടത്തുകൂടെ കഷ്ടപ്പാടിൽ നിന്ന് പുറത്തു ചാടാൻ അത് ഏതു നിലയ്‌ക്കും ഒരു വലിപ്പം കുറഞ്ഞ വാതിലാണ്.
പിന്നെ അയാൾ തന്നോടു തന്നെ ചോദിച്ചു.
തന്റെ ആപന്മയമായ ചരിത്രത്തിൽ തെറ്റുകാരൻ താൻ മാത്രമാണോ? ഒരു കൂലിപ്രവൃത്തിക്കാരനായ താൻ, വേലയെടുക്കാൻ സന്നദ്ധനായ താൻ, പട്ടിണി കിടക്കേണ്ടിവന്നു എന്ന കാര്യം ഗൗരവമേറിയ ഒന്നല്ലേ? എന്നല്ല, ഒരു തെറ്റു ചെയ്‌തു പോകയും അതു തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്‌തു കഴിഞ്ഞാൽത്തന്നെ, അതിനുണ്ടായ ശിക്ഷ ഭയങ്കരവും വേണ്ടതിലധികവുമായിട്ടില്ലേ? തെറ്റു ചെയ്തതിൽ കുറ്റക്കാരൻ എത്രകണ്ടു നിയമത്തെ ലംഘിച്ചിട്ടുണ്ടോ, അതിലധികം, ശിക്ഷ തീർച്ചപ്പെടുത്തിയതിൽ നിയമം തന്നെത്തന്നെ ദുഷിപ്പിച്ചിട്ടില്ലേ? തുലാസ്സിന്റെ ഒരു തട്ടിൽ, പ്രതിശാന്തി ഇട്ടിട്ടുള്ള ആ ഒരു തട്ടിൽ, വേണ്ടതിലധികം ഘനസാധനങ്ങൾ പെട്ടിട്ടില്ലേ? കുറ്റത്തെ പൊടിച്ച് തകർക്കത്തക്കവിധം ശിക്ഷയുടെ കനം അത്ര അധികമായിട്ടില്ലേ? എന്നല്ല, അതുകാരണം കാര്യത്തിന്റെ സ്ഥിതി ഒന്നു തരം തിരിഞ്ഞുപോയിട്ടില്ലേ? — കുറ്റക്കാരന്റെ തെറ്റു നില്‌ക്കുന്ന സ്ഥാനത്ത് ആ ശിക്ഷയുടെ അമർച്ച ഒരു തെറ്റായി ചെന്നു നില്‌ക്കുന്നില്ലേ? — തെറ്റു ചെയ്തവൻ തെറ്റനുഭവിക്കുന്നവനായും, കടം വാങ്ങിയവൻ കടം കൊടുത്തവനായും മാറിപ്പോയിട്ടില്ലേ — നിയമം ലംഘിച്ചവന്റെ ഭാഗത്തു നിയമം ശരിക്കനുകൂലമായി തിരിഞ്ഞു ചെന്നു നില്‌ക്കുന്നില്ലേ?
ഒളിച്ചു ചാടുവാൻ വഴിക്കു വഴിയേ ചെയ്‌ത ശ്രമങ്ങൾ കൊണ്ട് വല്ലാതെ അധികമായിത്തീർന്ന ഈ ശിക്ഷ അശക്‌തന്റെ മേൽ ശക്തൻ ചെയ്‌തു വെക്കുന്ന ഒരുമാതിരി ഉപദ്രവമായി, ഒരുത്തനോട് ഒരു സമുദായം മുഴുവനുംകൂടി ചെയ്യുന്ന ഒരപരാധമായി, ഓരോ ദിവസവും പുതുക്കിക്കൊണ്ടു ചെയ്യുന്ന ഒരു തെറ്റായി, പത്തൊമ്പതു കൊല്ലം മുഴുവനും ചെയ്‌തുകൊണ്ടേ ഇരിക്കുന്ന ഒരു കുറ്റമായി പരിണമിച്ചിട്ടില്ലേ?
ബുദ്ധിയില്ലായ്‌മ കൊണ്ടു തന്റേതന്നെ നോട്ടം പോരാതായിട്ടും, ദയയില്ലയ്‌മകൊണ്ട് തന്റെ തന്നെ നോട്ടം ഏറിപ്പോയിട്ടുംകൂടി മനുഷ്യസമുദായത്തിനു തദംഗങ്ങളെ വെറുതെ ഇട്ടു ദുഃഖിപ്പിക്കുവാൻ — ഒന്നു വേണ്ടിടത്തോളം ഇല്ലാത്തതു കൊണ്ടും, ഒന്നു വേണ്ടതിലധികമായതു കൊണ്ടും, പ്രവൃത്തി കൊടുക്കാതിരുന്നും ശിക്ഷ അധികം കൊടുത്തും, ഒരു സാധുമനുഷ്യനെ ഇട്ടുപദ്രവിക്കുവാൻ — എന്തധികാരമാണുള്ളതെന്ന് അയാൾ തന്നോടു തന്നെ ചോദിച്ചു.
ദൈവഗത്യാ വന്നു കൂടുന്ന സമ്പത്ത് വളരെ കുറഞ്ഞിട്ടുള്ളവരും, തന്മൂലം സനിഷ്കർഷമായി രക്ഷിക്കപ്പെടുവാൻ അർഹരുമയ അംഗങ്ങളോടു സമുദായം ഈ വിധം പെരുമറുന്നത് അതിക്രമമല്ലേ എന്നയാൾ ചോദിച്ചു.
ഈ ചോദ്യങ്ങൾ ചോദിച്ച് സ്വയം ഉത്തരമുണ്ടാക്കിയതോടു കൂടി, അയാൾ സമുദായത്തെ വിചാരണ ചെയ്ത് കുറ്റപ്പെടുത്തി.
തനിക്ക് ഇത്രയും വെറുപ്പ് തോന്നുമാറ് അയാൾ അതിനെ കുറ്റപ്പെടുത്തി.
താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കെല്ലാം അയാൾ അതിനെ ഉത്തരവാദപ്പെടുത്തി; അന്നുതന്നെയായാലും വേണ്ടില്ല, അതിനോട് പകരം ചോദിപ്പാൻ തയ്യാറാണെന്ന് അയാൾ തന്നത്താൻ പറഞ്ഞു. താൻ സമുദായത്തിന് ഉണ്ടാക്കിത്തീർത്ത ഉപദ്രവവും, അത് തനിക്ക് ഇങ്ങോട്ട് ചെയ്ത ഉപദ്രവവും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് അയാൾ വാദിച്ചു; താൻ അനുഭവിച്ച ശിക്ഷ വാസ്തവത്തിൽ അന്യായമല്ലെങ്കിലും, നിശ്ചയമായും പരമദുഷ്ടമാണെന്ന് അയാൾ ഒടുവിൽ തീർച്ചപ്പെടുത്തി.
ദേഷ്യം വിഡ്ഢിത്തമായും കഥയില്ലായ്മയായും വരാം; തെറ്റായിട്ടും ഒരാൾക്ക് ശുണ്ഠി വന്നുപോയേക്കാം; അടിയിലെങ്ങാനും തന്റെ ഭാഗത്ത് ഒരധികാരമുണ്ടെന്ന് കണ്ടാലല്ലാതെ ആർക്കും കഠിനമായ ക്രോധം വരികയില്ല. ഴാങ് വാൽ ഴാങ്ങിന് ക്രോധം വന്നു.
അത്ര മാത്രമല്ല മനുഷ്യസമുദായം അയാളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല; നീതിന്യായമെന്ന് അതു പേർ പറയുന്ന അതിന്റെ ആ ക്രൂരമുഖമല്ലാതെ മറ്റൊന്നും അയാൾ കണ്ടിട്ടില്ല; അങ്ങനെയൊരു മുഖത്തെ അതാരോട് കാണിക്കുന്നുവോ അവരെയെല്ലാം അതു തല്ലുകയും ചെയ്യുന്നു. അയാളെ ഞെരുക്കുന്നതിന് മാത്രമായിട്ടേ മനുഷ്യർ അയാളെ തൊടുകയുണ്ടായിട്ടുള്ളൂ. അവരുമായുള്ള അടുപ്പമെല്ലാം അയാൾക്ക് ഓരോ അടിയാണ്. പിഞ്ചുകുട്ടിയായിരുന്ന അന്നുമുതൽ — അമ്മയുടേയും സഹോദരിയുടേയും കാലത്തു തന്നെ — സ്നേഹപൂർവ്വമായ ഒരു വാക്കോ വാത്സല്യത്തോടു കൂടിയ ഒരു നോട്ടമോ അയാൾ ഒരിക്കലും അനുഭവിച്ചിട്ടില്ല. കഷ്ടപ്പാടിൽ നിന്ന് കഷ്ടപ്പാടിലേക്ക് കാൽ വച്ച് വച്ച് ഒടുവിൽ ജീവിതം ഒരു യുദ്ധമാണെന്നുള്ള ദൃഢബോധത്തിലാണ് അയാൾ എത്തിച്ചേർന്നത്; എന്നല്ല ആ യുദ്ധത്തിൽ അയാൾ പരാജിതനുമായി. ദ്വേഷമല്ലാതെ മറ്റൊരായുധവും അയാൾക്കില്ല. അത് തടവിൽ വച്ച് നല്ലവണ്ണം മൂർച്ചകൂട്ടി. അവിടം വിട്ട് പോരുമ്പോൾ കൈയിൽ വെക്കണമെന്ന് അയാൾ തീർച്ചയാക്കി.
തൂലോങ്ങിൽ ക്രിസ്തുമത സന്യാസിമാരുടെ വകയായി തടവുപുള്ളികൾക്ക് ഒരു പാഠശാല നടത്തിപ്പോന്നിരുന്നു; ആ നിർഭാഗ്യരിൽ പഠിക്കാൻ മനസ്സുള്ളവർക്ക് അത്യാവശ്യ വിഷയങ്ങളെല്ലാം അവിടെ പഠിപ്പിച്ചിരുന്നു. അങ്ങനെ മനസ്സുള്ളവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഴാങ് വാൽഴാങ്. നാല്പതാമത്തെ വയസ്സിൽ അയാൾ പാഠശാലയിൽ ചേർന്നു; എഴുതുവാനും വായിക്കുവാനും കണക്ക് കൂട്ടുവാനും പഠിച്ചു. ബുദ്ധിയെ ശക്തിവെപ്പിക്കുന്നത് തന്റെ ദ്വേഷത്തിന് ശക്തിവെപ്പിക്കുകയാണെന്ന് അയാൾക്ക് തോന്നി. ചില സംഗതികളിൽ, പഠിപ്പും അറിവും ദുഷ്ടതയെ വർദ്ധിപ്പിക്കുവാൻ ഉപയോഗപ്പെടും.
ഇതു പറയുവാൻ രസമില്ലാത്ത ഒന്നാണ്; തന്റെ ദുഃഖമെല്ലാം ഉണ്ടാക്കിത്തീർത്ത സമുദായത്തെ വിചാരണ ചെയ്തു കഴിഞ്ഞശേഷം, ആ സമുദായത്തെ ഉണ്ടാക്കിത്തീർത്ത ഈശ്വരനേയും അയാൾ കൂട്ടിൽ കയറ്റി. ഈശ്വരനേയും അയാൾ കുറ്റക്കാരനായികണ്ടു.
ഇങ്ങനെ പത്തൊമ്പതു കൊല്ലത്തെ ദാസ്യത്തിനും ദണ്ഡനത്തിനുമിടയ്ക്ക്, ഈ മനുഷ്യാത്മാവ് പലപ്പോഴും മേല്പോട്ട് പൊന്തുകയും കീഴ്പ്പോട്ട് വീഴുകയും ചെയ്തു. ആ ആത്മാവിന്റെ ഒരു ഭാഗത്തൂടെ വെളിച്ചവും മറ്റേ ഭാഗത്തൂടെ ഇരുട്ടും അകത്തേക്ക് കടന്നു.
നമ്മൾ കണ്ടതുപോലെ ഴാങ് വാൽഴാങ് സ്വതേ ഒരു ചീത്ത സ്വഭാവക്കാരനല്ല, അയാൾ തടവിൽച്ചെന്ന സമയത്തും നല്ലവനായിരുന്നു. അവിടെ വെച്ച് അയാൾ സമുദായത്തെ അധിക്ഷേപിച്ചു, താൻ ദുഷ്ടനായിപ്പോകുന്നുണ്ടെന്ന് അയാൾക്ക് തോന്നി; അയാൾ ഈശ്വരനെ അധിക്ഷേപിച്ചു. താൻ ഈശ്വരവിശ്വാസം ഇല്ലാത്തവനായിപ്പോകുന്നു എന്നയാൾക്ക് ബോധം വന്നു.
ഈ സന്ദർഭത്തിൽ കുറച്ചൊന്നു മനോരാജ്യം വിചാരിക്കാതിരിപ്പാൻ പ്രയാസമാണ്.
മനുഷ്യപ്രകൃതി ഇങ്ങനെ അടിമുതൽ മുകൾ വരെ തികച്ചും മാറിപ്പോകാവുന്നതാണോ? ഈശ്വരനാൽ നല്ലവനായി സൃഷ്ടിക്കപ്പെട്ട ഒരാളെ മനുഷ്യനെക്കൊണ്ട് ദുഷ്ടനാക്കിത്തീർക്കുവാൻ സാധിക്കുമോ? ദൈവഗതിക്ക് മനുഷ്യാത്മാവിനെ തികച്ചും മാറ്റിത്തീർക്കുവാൻ ശക്തിയുണ്ടോ — അത് ചീത്തയാണെങ്കിൽ ആത്മാവും ചീത്തയായിപ്പോകുമോ? നന്നേ ഉയരം കുറഞ്ഞ ഒരു തട്ടിൻ ചുവട്ടിൽ പെട്ടിട്ട് മുതുകെല്ലിനെന്നപോലെ, ഹൃദയത്തിന് അതിയായ നിർഭാഗ്യം കൊണ്ട് അപകടം പറ്റി എന്നെന്നും മാറാത്തവിധമുള്ള കേടുകളും വൈരൂപ്യങ്ങളും വന്നുപോവാമോ? ഈ ലോകത്തിൽ കിടന്നതുകൊണ്ട് കേടുവരാത്തതും, പരലോകത്തിൽ നാശരഹിതമായി നിൽക്കുന്നതും, ഗുണം കൊണ്ട് വർദ്ധിച്ച് കാളിക്കത്തിപ്പിടിച്ച് ശക്തിയിൽ പ്രകാശിക്കാൻ കഴിയുന്നതും, ദോഷം കൊണ്ട് ഒരിക്കലും നിശ്ശേഷം കെട്ടുപോകാത്തതുമായ ഒരു ദിവ്യതേജസ്സ്, ഒരാദിമതത്ത്വം, മനുഷ്യാത്മാവിലില്ലേ — വിശേഷിച്ചും ഴാങ് വാൽഴാങ്ങിന്റെ ആത്മാവിൽ ഉണ്ടായിരുന്നില്ലേ?
ദുർഗ്രഹങ്ങളും സഗൗരവങ്ങളുമായ ചോദ്യങ്ങൾ — ഒടുവിലത്തേതിന് എല്ലാ ജീവപ്രകൃതി ശാസ്ത്രജ്ഞന്മാരും പക്ഷേ, ‘ഇല്ല’ എന്ന് മറുപടി പറയുമായിരിക്കും; തൂലോങ്ങിൽ ഉറങ്ങാനുള്ള അവസരങ്ങളിൽ, ഴാങ് വാൽഴാങ്ങിന് മനോരാജ്യം വിചാരിക്കാനുള്ള സമയങ്ങളിൽ, തണ്ടുവലിശ്ശിക്ഷയനുഭവിക്കുന്ന ആ ദുഃഖിതനായ തടവുപുള്ളി, മനുഷ്യനെ ദേഷ്യത്തോടു കൂടി നോക്കിക്കാണുന്ന നിയമങ്ങളുടെ ദൃഷ്ടിയിൽ ഒരു ചണ്ഡാലൻ, പരിഷ്കാരത്താൽ അധിക്ഷേപിക്കപ്പെട്ടവൻ, തന്റെ ചങ്ങലയുടെ കിലുക്കം മാറ്റുവാൻ അതിന്റെ തല കുപ്പായക്കീശയിൽ താഴ്ത്തിയിട്ടു, നിശ്ചേഷ്ടനായി, ആലോചനാ നിമഗ്നനായി, ഈശ്വരനെ നിഷ്ഠുരതയോടുകൂടി വിചാരണ ചെയ്തുകൊണ്ട്, മിണ്ടാതെ, വല്ല മരത്തടിയിന്മേലും കൈകെട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലോ, അവർ അത് യാതൊരു സംശയവും കൂടാതെ തീർത്തു പറയും.
നിശ്ചയമായും — വാസ്തവത്തെ മറച്ചു വെക്കുവാൻ ഞങ്ങൾ ഒരു ശ്രമവും ചെയ്യുന്നില്ല — വിചാരശീലനായ ജീവപ്രകൃതി ശാസ്ത്രജ്ഞൻ ഒരു കാലത്തും മാറാത്ത ദുഃഖമേ കാണൂ; നിയമത്താൽ ഉണ്ടാക്കിത്തീർക്കപ്പെട്ട ആ രോഗിയുടെ മേൽ അയാൾക്ക് പക്ഷേ, ദയ തോന്നിയേക്കാം; എന്നാൽ അതിന് യാതൊരു ചികിത്‌സയും അയാൾക്കു പറയാനുണ്ടാകയില്ല. ആ മനുഷ്യാത്മാവിനുള്ളിൽ ഒരു നോക്കു കണ്ടെത്തുന്ന അഗാധച്ചുഴികളിൽനിന്ന് ആയാളുടെ ദൃഷ്ടി പെട്ടെന്നു പിന്തിരിഞ്ഞേക്കും; നരകത്തിന്റെ പടിവാതിൽക്കലെത്തിയ ദാന്തെയെപ്പോലെ, സകല മനുഷ്യരുടെയും നെറ്റിത്തടത്തിൽ എന്തുതന്നെയായാലും, ഈശ്വരന്റെ കൈവിരലുകൾ കുറിച്ചിട്ടുള്ള വാക്കിനെ — ആശ എന്ന രണ്ടക്ഷരത്തെ — അയാൾ മാച്ചുകളയും.
ഞങ്ങൾ വിവരിച്ചു നോക്കിയ തന്റെ അത്മാവിന്റെ സ്ഥിതി ഴാങ് വാൽഴാങ്ങിനു, വായനക്കാർക്കെന്നപോലെത്തന്നെ, അത്ര തികച്ചും വ്യക്‌തമായിരുന്നുവോ? തന്റെ മനോദുഃഖത്തിന്റെ ഓരോ ഭാഗവും വളർന്നുവന്നതും, അതിന്റെ സ്വരൂപം മുഴുവനും ഉണ്ടായിരുന്നതും, ഴാങ് വാൽഴാങ് സ്‌പഷ്ടമായി കാണുകയും മനസ്സിലാക്കുകയും ചെയ്‌തിരുന്നുവോ? അനവധി കൊല്ലങ്ങളോളമായി തന്റെ ആത്‌മാവിന്റെ അന്തർഭാഗത്തുള്ള ചക്രവാാളത്തെ ഉണ്ടാക്കിത്തീർത്ത ആ പരിതാപകരമയ സ്ഥിതിയിലേക്കു ക്രമത്തിൽ കയറിയും ഇറങ്ങിയും എത്തിച്ചേർന്നത് ഏതെല്ലാം വിചാര പരമ്പരയിലൂടെയോ, അതിനെപ്പറ്റി അക്ഷരജ്ഞാനമില്ലാത്തവനും യാതൊരു മനഃപരിഷ്‌കാരവും വന്നിട്ടില്ലാത്തവനുമായ ആ മനുഷ്യൻ ഒരു പരിപൂർണ്ണജ്ഞാനം ഉണ്ടാക്കിയിരുന്നുവോ? ഞങ്ങൾക്ക് അതിനെപ്പറ്റി വല്ലതും പറയാൻ കഴിയുമെന്നു നാട്യമില്ല; ഞങ്ങൾ ആന്തരമായി വിശ്വസിക്കുകകൂടി ചെയ്യുന്നില്ലാത്ത ഒന്നാണത്. ഇത്രയും കഷ്‌ടപ്പാടനുഭവിച്ചിട്ടും, മനസ്സിൽ അധികമായ അസ്‌പഷ്‌ടത തങ്ങിനിൽക്കുമാറ്, ഴാങ് വാൽഴാങിന് അത്രമേൽ അജ്ഞതയുണ്ടായിരുന്നു. ചില സമയത്തു, തന്റെ ഉള്ളിലുള്ള വിചാരം എന്താണെന്നുതന്നെ അയാൾക്കു നിശ്ചയമില്ലാതാവും. ഴാങ് വാൽഴാങ് ഇരുട്ടിലായിരുന്നു; അയാൾ ഇരുട്ടിൽ നിന്നുകൊണ്ടു കഷ്‌ടപ്പെട്ടു; ഇരുട്ടിൽ വെച്ച് അയാൾ വെറുത്തു; അയാൾ തന്നത്തന്നെ കവച്ചു കടന്നു തന്നത്തന്നെ വെറുത്തു എന്നൊരാൾക്ക് പറയാവുന്നതാണ്. ഒരു കുരുടന്റെയും ഒരന്ധാളിത്തക്കാരന്റെയും മട്ടിൽ അയാൾ ആ ഇരുട്ടിൽത്തന്നെ പതിവായി കഴിഞ്ഞുകൂടി. ചില സമയങ്ങളിൽ മാത്രം പുറത്തു നിന്നും അകത്തു നിന്നും പെട്ടെന്നു കോപാവേശം, ഒരു കഷ്‌ടപ്പാടിന്റെ തള്ളിക്കയറ്റം, തന്റെ ആത്‌മാവിലെങ്ങും പ്രകാശം കൊടുക്കുന്ന ക്ഷണികവും സ്വച്ഛതരവുമായ ഒരു മിന്നൽ വെളിച്ചം, തന്റെ ഉള്ളിൽ ഉദിച്ചു കാണും; ആ വെളിച്ചം, യാദൃച്ഛികമായി അയാളുടെ ചുറ്റും. മുന്നിലും പിന്നിലും, ഒരു ഭയങ്കരമായ തേജോദീപ്‌തിക്കുള്ളിൽ, കണ്ണഞ്ചിക്കുന്ന അന്ധകാരക്കുഴികളേയും ഈശ്വരവിധിയുടെ ദുഃഖമയമായ അപകടഭാഗത്തേയും അയാൾക്കു തെളിയിച്ചു കാണിക്കും.
ആ മിന്നൽ വെളിച്ചം പഞ്ഞുപോയി; വീണ്ടും രാത്രി വന്നു മൂടി, തന്ന് എവിടെയാണ്? അയാൾ മറന്നു. നിർദ്ദയമായ ഭാഗം — എന്നുവെച്ചാൽ മനുഷ്യനെ മൃഗമാക്കി ത്തീർക്കുന്ന ഭാഗം — പുറത്തേക്കുന്തി നിൽക്കുന്ന ഇത്തരം ദുഃഖങ്ങൾക്ക്. പതുക്കെപ്പതുക്കെയായി പ്രയോഗിക്കപ്പെടുന്നതും കേവലം കഥയില്ലാത്തതുമായ ഒരു രൂപാന്തരീകരണവിദ്യ കൊണ്ടു മനുഷ്യനെ കാട്ടുമൃഗമാക്കി മാറ്റുന്ന ഒരു വൈശിഷ്ട്യമുണ്ട്; ചിലപ്പോൾ ഒരു ഭയങ്കര ജന്തുവാക്കിയും തീർക്കുന്നു.
വഴിക്കുവഴിയേ വാശിപിടിച്ചുകൊണ്ട് ഴാങ് വാൽഴാങ് ഓളിച്ചുചാടാൻ ശ്രമിച്ചതിൽ നിന്നു മനുഷ്യാത്മാവിന്മേൽ ഈ അത്ഭുതകരമായ പ്രകൃതി നിയമം പ്രവർത്തിക്കുന്ന സമ്പ്രദായം ധാരാളം തെളിയുന്നുണ്ട് പിന്നീടുണ്ടാകുന്ന ഫലത്തെപ്പറ്റി ഒരു ക്ഷണനേരമെങ്കിലും ചിന്തിക്കാതെയും, താൻ അപ്പോൾത്തന്നെ അനുഭവിച്ചു കഴിഞ്ഞതിനെപ്പറ്റി കുറച്ചെങ്കിലും വിചാരിക്കാതെയും, സൗകര്യം കണ്ടെത്തുന്നതെപ്പൊഴോ അപ്പോഴൊക്കെ, വെറും വിഡ്ഢിത്തവും കഥയില്ലായ്‌മയുമായ ഈ ഒളിച്ചു ചാട്ടം അയാൾ പിന്നേയും ചെയ്‌തു നോക്കുമായിരുന്നു. കൂടു തുറന്നുകണ്ട ചെന്നായെപ്പോലെ, അയാൾ അവിവേകമായി പുറത്തേക്കു ചാടി. ജന്തു ധർമ്മം അയാളോടു ‘പായുക’ എന്നു കല്‌പിച്ചു. എന്നാൽ വിവേകം അയാളോടു ‘നിൽക്കുക’ എന്നു പറയുമായിരുന്നു. പക്ഷ, അത്രയും ശക്‌തിയുള്ള ഒരു പ്രലോഭനത്തിനു മുൻപിൽ, വിവേകം ഒട്ടും നിലക്കൊണ്ടില്ല; ജന്തുധർമ്മമല്ലാതെ മറ്റൊന്നും അവിടെ ബാക്കിനിൽക്കാതായി. മൃഗത്വം മാത്രം പ്രവർത്തിച്ചു. വീണ്ടും പിടിക്കപ്പെടുമ്പോൾ അയാളോടു പുതുതായി പ്രവർത്തിക്കപ്പെടാറുള്ള നിഷ്ഠൂരതകൾ അയാളെ കുറെക്കൂടി ദുഷ്‌ടനാക്കിത്തീർക്കുവാൻ മാത്രം ഉപയോഗപ്പെട്ടു.
ഇവിടെ പറയാൻ മറന്നു കൂടാത്ത ഒരു കാര്യം, ആ തടവിൽ കിടന്നിരുന്ന യാതൊരാൾക്കും അടുക്കാൻ വയ്യാത്ത അത്രയും മഹത്തായ ശരീരബലം അയാൾക്കുണ്ടായിരുന്നു എന്നതാണ്. എന്തു പണിയായാലും വേണ്ടില്ല, നാലാൾ ചെയ്യേണ്ട പണി ഴാങ് വാൽഴാങ് ഒരുവൻ ചെയ്യും. ചിലപ്പോൾ ഊക്കൻ കനമുള്ള സാധനങ്ങൾ അയാൾ തനിച്ചു പൊന്തിച്ചു പുറത്തേറ്റി നിൽക്കും. വലിയ ഭാരം എടുത്തു മറിക്കുവാനും മറ്റുമുള്ള യന്ത്രത്തിലെ തിരിപ്പാണി, ആവശ്യം നേരിടുന്ന പക്ഷം, അയാൾ തനിച്ചു തിരിച്ചെടുക്കും. കൂട്ടുകാർ അയാൾക്കു ‘യന്ത്രത്തിരിപ്പാണി ഴാങ്’ എന്നു ശകാരപ്പേരിട്ടു. തൂലോങ്ങിലെ ഠൗൺഹാളിലുള്ള ജനാൽപ്പുറം തൊട്ടു കേടു തീർക്കുന്ന സമയത്ത്, അതിന്നൂന്നു നിന്നിരുന്ന മുട്ടുകളിൽ ഒന്നു നിലതെറ്റി വീഴാൻ തുടങ്ങി. ഴാങ് വാൽഴാങ് ആ കനമുള്ള സാധനം ചുമലു കൊണ്ടു താങ്ങി നിന്നു പ്രവൃത്തിക്കാർക്ക് വരാൻ ഇടകൊടുത്തു.
അയാളുടെ ദേഹത്തിന്നുള്ള ഒതുക്കം ശക്‌തിയേക്കാളും അധികമായിരുന്നു. എപ്പോഴും തടവിൽ നിന്ന് ഒളിച്ചു ചാടുവാൻ തരം നോക്കുന്ന ചില തടവുകാർ, ശക്തി കൊണ്ടും സാമർഥ്യം കൊണ്ടുമുള്ള പലേ വിദ്യകളും ഒരു ശാസ്ത്രം പോലെ പഠിച്ചു പരിഷ്കരിച്ചിട്ടുണ്ട്. മാംസപേശികളെ സംബന്ധിക്കുന്ന ഒരു ശാസ്ത്രമാണത്. തേനീച്ചകളേയും പക്ഷികളേയും കണ്ട് എപ്പോഴും അസൂയപ്പെട്ടുകൊണ്ടിരിക്കുന തടവുപുള്ളികൾ, അത്ഭുതകരമായ ഒരു പദാർഥസ്ഥിതിശാസ്ത്രം മുഴുവനും ദിവസംപ്രതി പഠിച്ചു ശീലിക്കാറുണ്ട്. കുത്തനെയുള്ള ഒരു സ്ഥലത്തു പൊത്തിപ്പിടിച്ചു കയറുകയും യാതൊരു പൂഴിത്തിരയും പൊന്തിനിൽക്കുന്നതായി കാണാത്തേടത്തു പിടിച്ചു നിൽക്കുവാൻ വഴി കാണുകയും ഴാങ് വാൽഴാങ്ങിന്ന് ഒരു നേരമ്പോക്കായിരുന്നു. ഒരു വലിയ വീട്ടുചുമരിന്റെ മൂല കൊടുത്താൽ, മുതുകും കാലും ചേർത്തമർത്തിപ്പിടിച്ചുകൊണ്ടു കല്ലുകളുടെ ചെറിയ നിരപ്പുകുറവിലൂടെ കാൽമുട്ടുകളും കൽമടമ്പുകളൂം തിരികിവെച്ചുംകൊണ്ട്, എന്തോ ഒരിന്ദ്രജാലത്താലെന്നപോലെ, അയാൾ ക്ഷണത്തിൽ മൂന്നാം നിലയിലേക്കു പൊന്തിപ്പോകുന്നതു കാണാം. ഈ തരത്തിൽ ചിലപ്പോൾ അയാൾ ജയിലെടുപ്പിന്റെ മോന്തായത്തിലേക്കു കയറിച്ചെന്നിട്ടുണ്ട്.
അയാൾ കുറച്ചേ സംസാരിക്കൂ. ചിരിക്കുക ഉണ്ടായിട്ടേ ഇല്ല. ഒരു ചെകുത്താന്റെ ചിരി പ്രതിധ്വനിച്ചതുപോലെ, തടവുപുള്ളികൾക്കുള്ള ദു:ഖമയമായ സന്തോഷച്ചിരിയെ കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അയാളുടെ മുഖത്തുകൂടെ തള്ളിപ്പുറപ്പെടുവിക്കണമെങ്കിൽ, അത്രമേൽ സഹിച്ചുകൂടാത്ത ഒരു വികാരാവേഗം ബാധിക്കണം. എല്ലാംകൊണ്ടും നോക്കിയാലും, ഭയങ്കരമായ ഒന്നിനെപ്പറ്റി ഇടവിടാതെ മനോരാജ്യം വിചാരിക്കുന്നതിൽ മുങ്ങിയിരിക്കുന്നതു പോലെയാണ് അയാൾ ഏതു സമയത്തും.
അയാൾ വാസ്തവത്തിൽ സ്വയമേ മുങ്ങിക്കൊണ്ടാണ്.
ഒരപൂർണമായ പ്രകൃതിയുടേയും ചതഞ്ഞു വികൃതമായ ബുദ്ധിയുടേയും അസുഖകരങ്ങളായ കാര്യഗ്രഹണങ്ങൾക്കു വിലങ്ങനെ, എന്തോ പൈശാചികമായ ഒന്നു തന്റെ മേൽ അമർന്നിരിക്കുന്നതായി അയാൾക്കു കുറേശ്ശെ ബോധം വരും. ആ ഇരുട്ടടഞ്ഞതും തെളിവു കുറഞ്ഞതും താൻ നൂണുകിടക്കുന്നതുമായ നിഴലിന്നുള്ളിൽ നിന്ന് ഓരോരിക്കലും തലയുയർത്തി നോട്ടത്തെ ഒന്നു പൊന്തിച്ചു വെക്കുവാൻ ശ്രമിക്കുമ്പോൾ, തന്റെ മുമ്പിൽ വന്നടിഞ്ഞുകൂടി, തന്നെക്കാളധികം വലുപ്പത്തിൽ, നിയമങ്ങൾ പക്ഷഭേദങ്ങൾ, മനുഷ്യർ, പ്രവൃത്തികൾ എന്നിങ്ങനെ തനിക്കാലോചിക്കാവുന്ന സകലത്തിനും മേലെയായിട്ടു പൊന്തിനിൽക്കുന്ന എന്തിന്റെയൊക്കെയോ ഭയങ്കരമായ ഒരു സമുച്ചയത്തെ — തന്റെ ദൃഷ്ടിയെ വഞ്ചിക്കുന്ന ആകൃതിയോടും തന്നെ ഭയപ്പെടുത്തുന്ന വലുപ്പത്തോടുംകൂടിയ ചില സംഗതികളുടെ ഒരു ഘോരസംഘാതത്തെ — അതേ, നമ്മൾ പരിഷ്കാരം എന്നു പറയുന്ന ആ പർവ്വതം പോലെ വലുതായ ചതുരസ്തംഭത്തെ — അയാൾ ദേഷ്യത്തോടു ചേർന്ന ഒരു നടുങ്ങലോടുകൂടി കണ്ടെത്താറുണ്ട്. കൂടിച്ചേർന്നതും ആകൃതിവ്യക്തമലാത്തതുമായ ആ സാധനത്തിനുള്ളിൽ, അങ്ങുമിങ്ങുമായി. ചിലപ്പോൾ തനിക്കു നന്നേ അടുത്തായും, ചിലപ്പോൾ നന്നേ ദൂരത്തു കയറിച്ചെല്ലാൻ വയ്യാത്തവിധം അത്രയും ഉയർന്ന മുകൾപ്പരപ്പുകളിലായും, ചില സവിശേഷവർഗത്തെ, ചില സവിശേഷഭാഗത്തെ, അയാൾ തെളിഞ്ഞു കാണും; ഇവിടെ തടവു മേലധികാരിയും അയാളുടെ പൊന്തൻവടിയും; അവിടെ പാറാവുകാരനും അയാളുടെ വാളും; മറ്റൊരിടത്ത് ആധ്യക്ഷ്യ കിരീടമണിഞ്ഞ പ്രധാന മെത്രാൻ! അങ്ങു മുകളിലായി, സൂര്യനെപ്പോലെ, കിരീടധാരിയായി അമ്പരപ്പിക്കുന്ന വിധത്തിലുള്ള ആഡംബരങ്ങളോടുകൂടിയ ചക്രവർത്തി — ദൂരത്തു കാണപ്പെടുന്ന ഈ തേജഃപുഞ്ജങ്ങൾ, അയാളുടെ ചിറ്റുമുള്ള അന്ധകാരമയമായ രാത്രിയെ പ്രകാശിപ്പിക്കുന്നതിനു പകരം, അതിനെ കുറേക്കൂടി ശ്മശാനസദൃശവും കുറേക്കൂടി കറുത്തിരുണ്ടതുമാക്കി തീർക്കുന്നതുപോലെ തോന്നി. ഇവയെല്ലാം — നിയമങ്ങൾ, പക്ഷഭേദങ്ങൾ, പ്രവൃത്തികൾ, മനുഷ്യർ, സംഗതികൾ എന്നിവ മുഴുവനും — അയാളുടെ തലയ്ക്കുമുകളിലൂടെ, ഈശ്വരൻ പരിഷ്കാരത്തിനു് ഉണ്ടാക്കിത്തീർക്കുന്ന സമ്മിശ്രവും അത്ഭുതകരവുമായ ഗതിവിശേഷമനുസരിച്ച് — അതിന്റെ ക്രൂരതയിൽ എത്രമാത്രം അസംഭ്രാന്തമായും അതിന്റെ ഔദാസീന്യത്തിൽ എത്രമാത്രം കർക്കശമായുമാണെന്ന് എനിക്കറിഞ്ഞുകൂടാ — അയാളുടെ മീതേ ചവിട്ടിക്കൊണ്ടും സ്വശക്തികൊണ്ട് അയാളെ ഇട്ടു ചതച്ചുകൊണ്ടും അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരുകയും ചെയ്തിരുന്നു. എല്ലാ വിധമുള്ള നിർഭാഗ്യത്തിലും മുഴുകിക്കിടക്കുന്ന ജീവാത്മാക്കൾ, ഒരുത്തനും കണ്ണുവെക്കാത്തവയും ആഴത്തിൽ അങ്ങേ അറ്റത്തുള്ളവയുമായ നരകക്കുഴികളിൽ വീണു മറഞ്ഞു കിടക്കുന്ന ഭാഗ്യഹീനന്മാർ, നിയമത്താൽ അധിക്ഷേപിക്കപ്പെട്ടവർ, പുറമേ നില്ക്കുന്നവർക്ക് അത്ര ഭയങ്കരവും താഴേപ്പെട്ടവർക്ക് അത്ര അസഹനീയവുമായി തോന്നിച്ചുകൊണ്ട് തങ്ങളുടെ തലയിൽ അമർന്നിരിക്കുന്ന ഈ മനുഷ്യസമുദായഭാരത്തെ മുഴുവൻ ചുമന്നറിയുന്നു.
ഈ നിലയിൽ ഴാങ് വാൽഴാങ് മനോരാജ്യം വിചാരിച്ചു. അയാളുടെ മനോരാജ്യത്തിന്റെ സ്വഭാവം എന്തായിരിക്കാം?
തിരിക്കല്ലിനുള്ളിൽപ്പെട്ട തിനമണിക്കു വിചാരിക്കാൻ ശക്തിയുള്ളപക്ഷം, നിശ്ചയമായും അതിന്റെ വിചാരവും ഒന്നായിരിക്കും.
ഈ സംഗതികൾ, ചെകുത്താൻ കാഴ്ചകളാൽ നിറയപ്പെട്ട ഈ സത്യാവസ്ഥകൾ, സത്യാവസ്ഥകളാൽ നിറയപ്പെട്ട ഈ മായാരൂപങ്ങൾ, അനിർവചനീയമായ ഒരു ദശാവിശേഷത്തെ ഒടുവിൽ അയാളുടെ അന്തഃകരണത്തിന് ഉണ്ടാക്കിത്തീർത്തു.
ചിലപ്പോൾ തടവുപുള്ളികൾക്കുള്ള പ്രവൃത്തികൾക്കിടയിൽ, അയാൾ അനങ്ങാതെ നിൽക്കും. അയാൾ മനോരാജ്യം വിചാരിക്കാൻ തുടങ്ങും. അതേവരെയുള്ളതിലധികം പാകം വന്നതും, അതോടൊപ്പംതന്നെ അത്യന്തം ക്ഷോഭിച്ചതുമായ അയാളുടെ വിവേകം ശണ്ഠയ്ക്കു നിൽക്കും. താൻ അനുഭവിച്ചിട്ടുള്ളതെല്ലാം കഥയില്ലായ്മയായി അയാൾക്കു തോന്നും. അയാൾ തന്നെത്താൻ പറയും: ‘ഇതെല്ലാം സ്വപ്നമാണ്.’ തന്നിൽനിന്നു കുറച്ചു ദൂരെയായി നിൽക്കുന്ന തടവു മേലധികാരിയെ അയാൾ സൂക്ഷിച്ചുനോക്കും; ആ ഉദ്യോഗസ്ഥൻ ഒരു മായാരൂപമാണെന്ന് അയാൾക്കു തോന്നും. ഉത്തരക്ഷണത്തിൽത്തന്നെ ആ മായാരൂപം അതിന്റെ പൊന്തൻവടികൊണ്ട് അയാളുടെ തലയ്ക്ക് ഒന്നു കൊടുക്കും.
ഈ ദൃശ്യപ്രകൃതി അയാളെ സംബന്ധിച്ചേടത്തോളം ഉണ്ടായിരുന്നില്ല. ഴാങ് വാൽഴാങ്ങിനെ സംബന്ധിച്ചേടത്തോളം സൂര്യനാവട്ടേ, ചന്തമുള്ള ശരത്ക്കാലമാവട്ടേ, തെളിവു കൂടിയ ആകാശമാവട്ടേ, കൗതുകകരമായ വസന്തത്തിലെ പ്രഭാതമാവട്ടെ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞാൽ ഏതാണ്ട് വാസ്തവമായിരിക്കും. പകൽ സമയം ഏതൊരു ദ്വാരത്തിലൂടെയാണ് അയാളുടെ ആത്മാവിൽ പ്രകാശിച്ചിരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.
ഞങ്ങൾ ഇപ്പോൾ സൂചിപ്പിച്ചവയിൽനിന്നു കൂട്ടിച്ചേർത്തു ഫലരൂപേണ തർജ്ജമചെയ്തു കാണിക്കാവുന്നതായി എന്തുണ്ടോ, അതിനെ ഒടുവിൽ എടുത്തു കാണിച്ച് ഉപസംഹരിക്കുവാൻ വേണ്ടി ഞങ്ങൾ ഇത്രമാത്രം പറഞ്ഞു തൃപ്തിപ്പെടട്ടെ — പത്തൊമ്പതു കൊല്ലക്കാലം കൊണ്ട് ഴാങ് വൽഴാങ്, ഫെവറോളയിലെ സൗമ്യശീലനായ ഒരു മരംവെട്ടുകാരൻ, തൂലോങ്ങിലെ ഭയങ്കരനായ തടവുപുള്ളി, രണ്ടുതരം ദുഷ്പ്രവൃത്തികൾക്കു ശക്തനായിത്തീർന്നു — തണ്ടുവലിശ്ശിക്ഷ അയാളുടെ ആത്മാവിനെക്കൊണ്ടു് ഉണ്ടാക്കിത്തീർത്ത പണിത്തരത്തിനു നന്ദി പറയുക: ഒന്നാമത് താൻ അനുഭവിച്ച ദുരിതത്തെപ്പറ്റിയുള്ള പ്രതികാര ബുദ്ധികൊണ്ട് വേഗത്തിലും, മുന്നാലോചന കൂടാതെയും, സാഹസമായും, ചുണയോടുകൂടിയും, തികച്ചും മൃഗസ്വഭാവത്തിന്നൊത്തും ചെയ്യപ്പെടുന്ന ഒരുതരം ദുഷ്പ്രവൃത്തി; പിന്നെ അങ്ങനെയുള്ള ദുഃഖാനുഭവത്തിൽ നിന്നുണ്ടായിട്ടുള്ള ദുർബോധം മൂലം ജനിക്കുന്ന സഗൗരവവും, ശക്തിമത്തും, ബുദ്ധിപൂർവമായി മുൻകൂട്ടിത്തന്നെ തിരിച്ചും മറിച്ചും പിടിച്ചു കേടു നോക്കി ശരിയാക്കിയതുമായ മറ്റൊരുതരവും. അയാളുടെ ബുദ്ധിപൂർവങ്ങളായ പ്രവൃത്തികൾ, ഒരു സവിശേഷ സ്വഭാവക്കാരെക്കൊണ്ടു മാത്രം ചെയ്‌വാൻ സാധിക്കുന്നവിധം, വഴിക്കു വഴിയേ മൂന്നു ഘട്ടങ്ങളെ ചവിട്ടിക്കടന്നവയായിരിക്കും — അവയെന്തെന്നാൽ, ഗാഢാലോചന, വിചാരസ്ഥെര്യം, സ്ഥിരോത്സാഹം. മനസ്സിനെ പ്രേരിപ്പിക്കുന്നതായി അയാൾക്കുള്ളത് അടങ്ങാത്ത ക്രോധമാണ് — സർവത്തോടുമുള്ള നീരസം, താൻ മറ്റുള്ളവരിൽ നിന്നനുഭവിച്ചിട്ടുള്ള അവമാനങ്ങളെപ്പറ്റി ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ഒരു ബോധം, ഗുണവാന്മാരോടും നിർദ്ദോഷരോടും ന്യായസ്ഥരോടും — അങ്ങനെ ചിലരുണ്ടെങ്കിൽ അവരോടും — കൂടി തിരിഞ്ഞു ചെല്ലുന്ന ഒരു ദ്രോഹബുദ്ധി, അയാളുടെ എല്ലാ വിചാരങ്ങൾക്കും ചെന്നുകൂടുവാനുള്ള സ്ഥാനം പോലെ വിട്ടുപോരുവാനുള്ള സ്ഥാനവും മനുഷ്യനിയമത്തോടുള്ള ദ്വേഷമാണ്; അതേ, ക്രമോത്ഭൂതമായ വളർച്ചയിൽ, അതിനെ ദൈവഗത്യാ വന്നുകൂടുന്ന വല്ല സവിശേഷ സംഗതിയും കടന്നു തടഞ്ഞിട്ടില്ലെങ്കിൽ, ഒരു നിശ്ചിതസമയം കൊണ്ടു ജനസമുദായത്തോടു മുഴുവനുമുള്ള ദ്വേഷമായും, പിന്നെ മനുഷ്യസമുദായത്തോടൊട്ടുക്കുമുള്ള ദ്വേഷമായും, അതും കഴിഞ്ഞാൽ ഈശ്വരസൃഷ്ടികളോടെല്ലാം കൂടിയുള്ള ദ്വേഷമായും പരിണമിക്കാനുള്ളതും, ആരെയായാലും ശരി, ഏതെങ്കിലും ഒരു ജീവജന്തുവെ, ഒന്നുപദ്രവിച്ചു വിടുവാൻ അവ്യക്തവും അപ്രതിഹതവും പൈശാചികവുമായ ഒരാഗ്രഹത്തിന്റെ രൂപത്തിൽ പ്രകാശിക്കുന്നതുമായ ആ ഒരു ദ്വേഷവിശേഷം ഴാങ് വാൽഴാങ്ങിന്റെ യാത്രാനുവാദപത്രത്തിൽ വളരെ സൂക്ഷിക്കേണ്ട ഒരുവൻ എന്നെടുത്തു പറഞ്ഞിരുന്നത് ഒരിക്കലും വെറുതെയല്ല.
ഇങ്ങനെ കൊല്ലം കൊല്ലം കൊണ്ട് ആ മനുഷ്യാത്മാവ് പതുക്കെപ്പതുക്കെ, എന്നാൽ യാതൊരു കുറവോ വ്യത്യാസമോ കൂടാതെ, കുറുകിക്കുറുകിവന്നു. ഹൃദയം വറ്റിവരണ്ടു കഴിഞ്ഞതിനാൽ കണ്ണും വറ്റിവരണ്ടു. തണ്ടുവലിശ്ശിക്ഷ അനുഭവിച്ചുകൊണ്ട് കിടന്നിരുന്ന തടവുപുരയിൽ നിന്നു പുറത്തു കടന്നപ്പോൾ, അന്നേക്ക് ഒരു തുള്ളി കണ്ണുനീർ അയാളിൽ നിന്ന് പുറപ്പെട്ടിട്ടു കൊല്ലം പത്തൊമ്പതായിരിക്കുന്നു.
അലകളും നിഴലുകളും
ഒരു മനുഷ്യൻ കപ്പലിനു പുറത്ത്!
അതുകൊണ്ടെന്തുള്ളു? കപ്പൽ നിൽക്കുന്നില്ല. കാറ്റടിക്കുന്നു. ആ അപകടംപിടിച്ച കപ്പലിന് ഒരു വഴിയുണ്ട് — അതിന് അതിലൂടെ പോവാതെ കഴിയില്ല. അത് അതിലേ പോകുന്നു.
പുറത്തു വീണു പോയ മനുഷ്യനെ കാണാതെയാകുന്നു; വീണ്ടും പൊന്തിവരുന്നു; അയാൾ മുങ്ങിപ്പോകുന്നു, പിന്നെയും മുകളിലേക്കു വരുന്നു. അയാൾ നിലവിളി കൂട്ടുന്നു; കിട്ടിയതിനെ പിടിക്കാൻ കൈ നീട്ടിക്കാട്ടുന്നു; അയാളുടെ നിലവിളി ആരും കേൾക്കുന്നില്ല. കൊടുങ്കാറ്റിനുള്ളിൽപ്പെട്ടു തുള്ളി മറിയുന്ന കപ്പലിന്നു സ്വന്തം പണികളോരോന്നുള്ളതിൽ മാത്രമേ ശ്രദ്ധയുള്ളൂ. കപ്പൽ യാത്രക്കാരും കപ്പൽപ്പണിക്കാരും ആ മുങ്ങിച്ചാവാൻ പോകുന്ന മനുഷ്യനെ കാണുകയേ ചെയ്യുന്നില്ല; അപാരമായിക്കിടക്കുന്ന തരംഗപരമ്പരയുടെ ഇടയിൽ അയാളുടെ ഭാഗ്യംകെട്ട തല ഒരു പുള്ളിക്കുത്തു മാത്രം. കടലിന്നടിയിൽ നിന്ന് നിരാശയോടു കൂടി അയാൾ ഉറക്കെ നിലവിളി കൂട്ടുന്നു. തിരിഞ്ഞു നോക്കാതെ പോകുന്ന ആ കപ്പൽ എന്തൊരു പൈശാചികസ്വരൂപമാണ്! അയാൾ പിന്നെയും പിന്നെയും അതിനുനേരെ പിടഞ്ഞു കൈകാലിട്ടടിച്ചുകൊണ്ട് നോക്കുന്നു. അത് നേരെ പോകുകയാണ്; അത് പിന്നെപ്പിന്നെ കാണാതാവുന്നു; അതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു. കുറച്ചു മുൻപെ അയാളും ആ കപ്പലിൽപ്പെട്ട ഒരാളായിരുന്നു; ആ കപ്പലിലെ ആളുകളിൽ അയാളും ഒരംഗമായിരുന്നു; മറ്റുള്ളവരെപ്പോലെ അയാളും അതിന്റെ മേൽത്തട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നു; അവിടെയുള്ള ശുദ്ധവായു ശ്വസിക്കുന്നതിനും സൂര്യരശ്മിയേൽക്കുന്നതിനും അയാൾക്കും അവകാശമുണ്ടായിരുന്നു; അയാളും ഒരു ജീവനുള്ള മനുഷ്യനായിരുന്നു. ഇപ്പോൾ, എന്തു പിണഞ്ഞു? അയാളുടെ കാൽ വഴുതിപ്പോയി; അയാൾ താഴെ വീണു; അതോടു കൂടി എല്ലാം അവസാനിച്ചു.
അയാൾ ഭയങ്കര സമുദ്രത്തിലായി. അയാളുടെ കാലടിക്കീഴിൽ ക്ഷണത്തിൽ പാഞ്ഞു പോകുന്നവയും പൊളിഞ്ഞു തകരുന്നവയുമല്ലാതെ മറ്റൊന്നുമില്ല. കാറ്റിന്റെ ഊക്കുകൊണ്ട് ഉരുട്ടി മറിക്കപ്പെടുന്നവയും അടിച്ചു ചിതറപ്പെടുന്നവയുമായ അലകൾ പേടിയാവുന്ന വിധം അയാളെ നാലുപുറത്തും തടയുന്നു; ആഴമേറിയ അടിത്തട്ടിൽ നിന്നുള്ള ഓരോ അകംവലിവ് അയാളെ തട്ടിക്കൊണ്ടുപോകുന്നു; വെള്ളത്തിന്റെ എല്ലാ നാക്കുകളും അയാൾക്കു മീതെ കിടന്നുഴയ്ക്കുന്നു; ഒരുകൂട്ടം തിരകൾ അയാളുടെ മേലെല്ലാം തുപ്പിനിറയ്ക്കുന്നു; പെട്ടെന്നുണ്ടാകുന്ന ചിലവല്ലാത്ത വായ്പിളർത്തലുകൾ അയാളെ പകുതി വിഴുങ്ങുന്നു; ഓരോരിക്കലും മുങ്ങിപ്പോകുമ്പോൾ രാത്രികാലത്താൽ നിറയപ്പെട്ട അന്ധകാരകുണ്ഡങ്ങൾ അയാൾക്ക് ഓരോ നോക്കു കാണാകുന്നുണ്ട്; അജ്ഞാതങ്ങളും ഭയങ്കരങ്ങളുമായ എന്തോ ചില സ്ഥാവരസ്വരൂപങ്ങൾ അയാളെ കടന്നു പിടികൂടുന്നു — അവ കാലടിക്കീഴിൽ എന്തെന്നില്ലാതെ കെട്ടുപിണയുന്നു — അവ അയാളെ പിടിച്ചുവലിച്ച് തങ്ങളോടടുപ്പിക്കുന്നു; താനും അവിടെയുള്ള അഗാധഗുഹയുടെ ഒരു ഭാഗമാകാൻ പോകുന്നു എന്ന്, അടിഞ്ഞു കുന്നുകൂടുന്ന പതക്കൂട്ടത്തിൽ താനും ഒരംഗമായിത്തീരുന്നു എന്ന്, അയാൾക്കു ബോധം വരുന്നു; തിരകൾ അയാളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നു; അയാൾ അസുഖത്തെ കുടിച്ചിറക്കുന്നു; ആ പേടിത്തൊണ്ടനായ കടൽ അയാളെ പിടിച്ചു മുക്കുവാനായി എന്തെന്നില്ലാതെ ആക്രമിക്കുന്നു. ആ അപാരത അയാളുടെ മരണവേദനയെക്കൊണ്ടു കളിയാടുന്നു. അക്കണ്ട വെള്ളം മുഴുവനും ദ്വേഷമാണെന്നപോലെ തോന്നപ്പെട്ടു.
എന്തായിട്ടും, അയാൾ കിടന്ന് പിടഞ്ഞുനോക്കുന്നുണ്ട്.
അയാൾ രക്ഷപ്പെടുവാൻ യത്നിക്കുന്നു; എങ്ങനെയെങ്കിലും ഒരു നില പിടിച്ചു നിൽക്കുവാൻ അയാൾ ശ്രമിക്കുന്നു; അയാൾ ഊക്കിട്ടു കിണഞ്ഞു നോക്കുന്നു; അയാൾ കിടന്ന് നീന്തുന്നു. അയാൾ ക്ഷണത്തിൽ തന്റെ സ്വല്പശക്തി മുഴുവനും ക്ഷയിച്ച് ആ നാശരഹിത വസ്തുവോടു യുദ്ധം വെട്ടുന്നു.
അപ്പോൾ ആ കപ്പലെവിടെ? അതാ, ചക്രവാളത്തിന്റെ മങ്ങിയ നിഴലിന്നുള്ളിൽ അത് കാണാനില്ല, കാണാനുണ്ട്.
കോളിളക്കിക്കൊണ്ടു ശക്തിയാൽ കാറ്റടിക്കുന്നു; അടിഞ്ഞു കൂടിയ പത മുഴുവനും അയാളെ മൂടിമുക്കുന്നു. അയാൾ മേല്പോട്ടു നോക്കുന്നു — മേഘങ്ങളുടെ കരുവാളിപ്പു മാത്രമേ ആ ഭാഗത്തു കാണുന്നുള്ളൂ. തന്റെ ഒടുവിലത്തെ ഊർദ്ധ്വൻ വലികൾക്കിടയിൽ അവസാനമായ കടലിന്റെ ഭ്രാന്തുപിടിച്ച കിടപ്പ് അയാൾക്കു കാണാറവുന്നു. ആ എന്തെന്നില്ലാത്ത ഭ്രാന്ത് അയാളെക്കൊണ്ട് മരണവേദന അനുഭവിപ്പിക്കുന്നു; മനുഷ്യന്നു കേട്ടുപരിചയമില്ലാത്ത ശബ്ദങ്ങൾ അയാൾ കേൾക്കുന്നു; ഭൂമിയുടെ അതിർത്തികൾക്കപ്പുറത്തു നിന്നാണ് — അപ്പുറത്ത് ഇന്ന ഭയങ്കര സ്ഥലമാണെന്ന് ആർക്കും അറിഞ്ഞുകൂടാത്ത ഒരിടത്തു നിന്നാണ് — അവ പുറപ്പെടുന്നതെന്ന് തോന്നിപ്പോകുന്നു.
മനുഷ്യരുടെ കഷ്ടപ്പാടുകൾക്കു മുകളിലായി ദേവന്മാരുള്ളതു പോലെ ആകാശത്തു പക്ഷികളുണ്ട്; അവയെക്കൊണ്ട്, പക്ഷേ, അയാൾക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും? അവ പാടുകയും പറക്കുകയും പാറിക്കളിക്കുകയും ചെയ്യുന്നു; ആ മനുഷ്യനോ, അയാൾ മരണവേദന കൊണ്ട് കിടന്നു ഞരങ്ങുന്നു.
ആ രണ്ട് അപാരതകൾക്കിടയിൽ, സമുദ്രത്തിനും ആകാശത്തിനും നടുക്ക്, അയാൾ കുഴിച്ചു മൂടപ്പെട്ടതുപോലെ തോന്നി; ഒന്ന് ഒരു ശവക്കുഴി; മറ്റത് ഒരു ശവമൂടുതുണി.
രാത്രി അടുത്തടുത്തു വരുന്നു; അയാൾ അനവധി മണിക്കൂറുകളായി കിടന്നു നീന്തുന്നു; അയാളുടെ ശക്തി ക്ഷയിച്ചു; ആ കപ്പൽ, മനുഷ്യരുണ്ടായിരുന്നതായ ആ ദൂരപ്പെട്ട വസ്തു, തീരെ മറഞ്ഞു; ആ ഭയങ്കരമായ ഇരുൾക്കുഴിക്കുള്ളിൽ അയാൾ ഒരുവൻ മാത്രം; അയാൾ മുങ്ങുന്നു, അയാൾ തന്നെത്തന്നെ വെറുങ്ങലിപ്പിക്കുന്നു. അയാൾ തന്നെത്തന്നെ ചുളുക്കിച്ചുരുട്ടുന്നു; ലോകാന്തരത്തിൽ നിന്നുള്ള ആ പൈശാചികങ്ങളായ അലയടികൾ അയാളുടെ കാലിന്നടിയിൽ വന്നു മുട്ടുന്നതു പോലെ തോന്നി; അയാൾ ഉറക്കെ നിലവിളിച്ചു.
മനുഷ്യരാരും അവിടെയില്ല. ഈശ്വരൻ എവിടെപ്പോയി?
അയാൾ ഉറക്കെ നിലവിളിക്കുന്നുണ്ട്. രക്ഷിക്കണേ! രക്ഷിക്കണേ! പിന്നെയും അയാൾ നിലവിളിച്ചുകൊണ്ടേ നിൽക്കുന്നു. ചക്രവാളത്തിൽ യാതൊന്നുമില്ല; ആകാശത്തിലും യാതൊന്നുമില്ല.
അയാൾ സമുദ്രത്തോടപേക്ഷിച്ചു; തിരകളോടപേക്ഷിച്ചു; കടൽച്ചെടിയോടപേക്ഷിച്ചു; കടൽപ്പാറയോടപേക്ഷിച്ചു — അവയൊന്നും കേൾക്കുന്നതേ ഇല്ല. അയാൾ കൊടുങ്കാറ്റിനോടു കെഞ്ചി യാചിച്ചു; കൂസലില്ലാത്ത കൊടുങ്കാറ്റ് അപാരതയുടെ ശാസനയ്ക്കു മാത്രമേ കീഴടങ്ങുകയുള്ളൂ.
അയാളുടെ നാലു വശത്തും ഇരുട്ട്, മൂടൽ, നിശ്ശബ്ദത, ഇളകിമറിഞ്ഞതും ബോധരഹിതവുമായ ലഹള, ആ വല്ലാത്ത കടൽപ്പരപ്പിന്റെ അനിർവാച്യങ്ങളായ വികൃതഗതികൾ. അയാളിലോ, ഭയപ്പാടും ക്ഷീണവും. അയാളുടെ ചുവട്ടിൽ അഗാധസ്ഥിതി. പിടിച്ചു നിൽക്കാൻ യാതൊന്നുമില്ല. അനന്തമായ ലോകാന്തരത്തിലെ ഇരുൾപ്പരപ്പിൽ കഷ്ടപ്പെടുന്ന മൃതശരീരത്തിന്റെ ദുർഘടസ്ഥിതിയെപ്പറ്റി അയാൾ ആലോചിക്കുന്നു. ആഴമറിയാതുള്ള കടുംതണുപ്പ് അയാളെ മരവിപ്പിക്കുന്നു. അയാളുടെ കൈകൾ പിടച്ചലോടുകൂടി തമ്മിൽ കൂട്ടിമുട്ടുന്നു; അവ മാറോടു ചേർത്തു മുറുകെ കെട്ടിപ്പോകുന്നു — പക്ഷേ, ആ പിടുത്തത്തിനുള്ളിൽ വെറും ശൂന്യതയേപെടുന്നുള്ളൂ. കാറ്റുകൾ, മേഘങ്ങൾ, ചുഴലികൾ, കോളിളക്കങ്ങൾ, നിഷ്പ്രയോജനങ്ങളായ നക്ഷത്രങ്ങൾ; എന്താണ് ചെയ്യേണ്ടത്? ആ നിരാശതയിൽപ്പെട്ട മനുഷ്യൻ തന്നെത്താൻ കൈവെടിയുന്നു; അയാൾക്കു ലേശമെങ്കിലും വയ്യാ; മരിച്ചാൽ മതി എന്നയാൾ തീർച്ചപ്പെടുത്തുന്നു; അയാൾ അനങ്ങാതെ കിടപ്പായി; വരുന്നതുവരട്ടെ എന്ന്, അയാൾ വെറുതെ ഒലിച്ചുപോവുകയായി; അയാൾ തന്നത്താൻ പിടുത്തം വിട്ടു; എന്നിട്ടും ദുഃഖമയങ്ങളും ഭയങ്കരങ്ങളുമായ ആ ‘എന്തും വിഴുങ്ങി’യുടെ ആഴങ്ങളിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും പൂർവാധികം ആടിമറിയുന്നു.
അഹോ, എന്തായാലും ഒരു ശാന്തതയില്ലാത്ത മനുഷ്യസമുദായങ്ങളുടെ ദൃഢഗതി! അഹോ, ആ പോക്കിനിടയിൽ മനുഷ്യർക്കും മനുഷ്യാത്മാക്കൾക്കും പറ്റിപ്പോകുന്ന നാശങ്ങൾ! നിയമത്താൽ വഴുതിവീഴിക്കപ്പെടുന്ന സകലവും ചെന്നടിയുന്ന സമുദ്രം! യാതൊരു രക്ഷയുമില്ലാതെ കണ്ടുള്ള ആ അപകടസ്ഥിതി! അഹോ മാനസികമായ മരണം!
ശിക്ഷാനിയമങ്ങൾ തങ്ങളാൽ ശപിക്കപ്പെട്ട പുള്ളികളെ വലിച്ചെറിയുന്ന നിർദ്ദയമായ ഇരുൾപ്പരപ്പാണ് സമുദ്രം. കഷ്ടപ്പാടുകളാകുന്ന അപാരതയാണ് സമുദ്രം.
ഈ അഗാധക്കുഴിയിൽ ഒഴുകിയിറങ്ങിപ്പോകുന്ന മനുഷ്യാത്മാവ് ഒരു മൃതശരീരമായേക്കാം. അതിന് ആരു ജീവനുണ്ടാക്കും?
പുതിയ ആപത്തുകൾ
കാരാഗൃഹത്തോടു യാത്ര പറഞ്ഞു പോരുവാനുള്ള മുഹൂർത്തം വന്നപ്പോൾ, നിനക്കു പോവാം എന്നുള്ള അസാധാരണവാക്കുകൾ ഴാങ് വാൽഴാങിന്റെ ചെകിട്ടിൽ വന്നുവീണ സമയത്ത്, അതയാൾക്ക് അസംഭാവ്യവും അഭൂതപൂർവവുമായി തോന്നി; പ്രകാശമാനമായ വെളിച്ചത്തിന്റെ ഒരു നാളം, ജീവത്വത്തിന്റെ വാസ്തവതേജസ്സിനുള്ള ഒരു രശ്മി, പെട്ടെന്ന് അയാളുടെ ഉള്ളിലേക്കു തുളഞ്ഞു കയറി. പക്ഷേ, അധികം താമസിയാതെ തന്നെ അതു മങ്ങിപ്പോയി. സ്വതന്ത്രനായി എന്നുള്ള വിചാരം ഴാങ് വാൽഴാങിനെ അമ്പരപ്പിച്ചു. അയാൾ അതു വേറെ ഒരു പുതുജീവിതമാണെന്നു വിശ്വസിച്ചു. മഞ്ഞനിറത്തിലുള്ള ഒരു യാത്രാനുവാദപത്രത്തോടു കൂടി കിട്ടുന്ന സ്വാതന്ത്ര്യം എന്തു തരത്തിലുള്ളതാണെന്ന് അയാൾ വളരെ വേഗത്തിൽ മനസ്സിലാക്കി.
ഇതു വലിയ നീരസത്തോടു കൂടി കെട്ടുപിണഞ്ഞു. തടവിൽക്കിടന്ന കാലത്തു താൻ സമ്പാദിച്ചിട്ടുള്ള സംഖ്യ ആകെ നൂറ്റെഴുപത്തൊന്നു ഫ്രാങ്കുണ്ടാവണമെന്ന് അയാൾ കണക്കുകൂട്ടിയിരുന്നു. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും നിർബന്ധപൂർവം പണി ഒഴിവാക്കിയിരുന്നതു കൊണ്ട് ആവക ഏകദേശം എൺപതു ഫ്രാങ്കോളം കണക്കിൽ നിന്നു കുറയേണ്ടതുണ്ടെന്നുള്ള കഥ അയാൾ ഓർമ വിട്ടു എന്നിവിടെ പറയേണ്ടതാണ്. എങ്ങനെയായാലും അവിടെയുള്ള മറ്റു ചില ചില്ലറച്ചെലവുകളും കൂടി കഴിഞ്ഞപ്പോൾ അയാളുടെ സമ്പാദ്യം നൂറ്റൊമ്പതു ഫ്രാങ്കും പതിനഞ്ചു സൂവുമായിത്തീർന്നു; പോരേണ്ട സമയമായപ്പോൾ അധികാരികൾ കണക്കുപ്രകാരമുള്ള സംഖ്യ കൈയിലിട്ടു കൊടുത്തു.
ഇതൊന്നും ഴാങ് വാൽഴാങിനു മനസ്സിലായില്ല; തന്നെ തോല്പിച്ചു എന്ന് അയാൾ വിചാരിച്ചു. ഞങ്ങൾ ആ ലാക്കു തന്നെ പറയട്ടെ — കൊള്ളയിട്ടു.
സ്വതന്ത്രനായതിന്റെ പിറ്റേ ദിവസം ഗ്രാസ്സിൽ മധുരനാരകപ്പൂവുകളിൽ നിന്നു മദ്യം വാറ്റിയെടുക്കുന്ന ഒരു യന്ത്രശാലയുടെ മുൻപിൽ, കുറേ ആളുകൾ സാമാനക്കെട്ടിറക്കുവാൻ ശ്രമിക്കുന്നത് അയാൾ കണ്ടു. താനും അതിൽ ചേരാമെന്ന് അയാൾ പറഞ്ഞു. പണി പിടിപ്പതുണ്ടായിരുന്നു; അയാളേയും കൂട്ടത്തിൽ കൂടിക്കൊള്ളാൻ സമ്മതിച്ചു. അയാളും പ്രവൃത്തി തുടങ്ങി. അയാൾക്കു ബുദ്ധിയും സാമർഥ്യവുമുണ്ട്; അയാൾ കൊണ്ടു പിടിച്ചു പ്രവർത്തിച്ചു; എജമാനന്നു സന്തോഷമായെന്നു തോന്നി. അങ്ങനെ അയാൾ പണിയെടുക്കുന്നതിനിടയ്ക്ക് ഒരു പോലീസുകാരൻ ആ വഴിയേ കടന്നു പോയിരുന്നു. അയാൾ ഴാങ് വാൽഴാങിനെ കണ്ടു; കടലാസ്സു കാട്ടിക്കൊടുക്കാനവശ്യപ്പെട്ടു. മഞ്ഞച്ച യാത്രാനുവാദപത്രം കാണിച്ചു കൊടുക്കുന്നത് ആവശ്യമായിരുന്നു. അതു കഴിഞ്ഞു. ഴാങ് വാൽഴാങ് പിന്നെയും തന്റെ പണിയാരംഭിച്ചു. കുറച്ചു മുൻപ് അയാൾ ആ പണിക്കാരുടെ കൂട്ടത്തിൽ ഒരാളോടു ദിവസത്തിൽ അവർക്ക് എന്തു കൂലി കിട്ടാറുണ്ടെന്നു ചോദിച്ചു; മുപ്പതു സൂവാണെന്നു മനസ്സിലായി. രാവിലെ അയാൾക്കു പോകേണ്ടിയിരുന്നതുകൊണ്ട്, വൈകുന്നേരമായപ്പോൾ അയാൾ യന്ത്രശാലയുടെ ഉടമസ്ഥന്റെ അടുക്കൽ ചെന്നു തനിക്കുള്ള കൂലി കിട്ടിയാൽ കൊള്ളാമെന്നാവശ്യപ്പെട്ടു. ഉടമസ്ഥൻ ഒന്നും മിണ്ടിയില്ല. പതിനഞ്ചു സൂ കൈയിൽ കൊടുത്തു. അയാൾ ശാഠ്യം പിടിച്ചു. ‘തനിക്കതു ധാരാളം മതി’ എന്നായി മറ്റാൾ. അയാൾ സമ്മതിച്ചില്ല. ഏജമാനൻ അയാളുടെ മുഖത്തേക്ക് ഒന്നൂന്നി നോക്കിക്കൊണ്ട് പറഞ്ഞു, ‘ജയിൽ ഓർമയിരിക്കട്ടെ.’
അവിടെയും തന്നെ കൊള്ളയിട്ടു എന്നയാൾ വിചാരിച്ചു.
സമുദായം, ഭരണാധികാരം, സമ്പാദ്യത്തെക്കുറിച്ച് അയാളെ തുകപ്പടിയായി കൊള്ളയിട്ടു; ഇപ്പോള്‍ ഒരുത്തന്‍ ചില്ലറപ്പടിയായി കൊള്ളയിട്ടു.
വിട്ടുകിട്ടല്‍ രക്ഷയില്ല. തടവില്‍ നിന്നു പുറത്തായി; പക്ഷേ, ശിക്ഷയില്‍ നിന്നില്ല.
അതാണ് അയാള്‍ ഗ്രാസ്സില്‍വെച്ചനുഭവിച്ചത്. ഡി. പട്ടണത്തില്‍ വെച്ച് അയാള്‍ക്ക് കിട്ടിയ സല്‍ക്കാരം നാം കണ്ടുവല്ലോ.
മനുഷ്യന്‍ ഉണര്‍ന്നു
പള്ളിയിലെ നാഴിക മണി പാതിര കഴിഞ്ഞിട്ടുള്ള രണ്ടു മണി അടിച്ചപ്പോള്‍, ഴാങ് വാല്‍ഴാങ് ഉണര്‍ന്നു.
കിടയ്ക്കയുടെ അതിഗുണമാണ് അയാളെ ഉണര്‍ത്തിയത്. അയാള്‍ ഒരു കിടയ്ക്ക മേല്‍ കിടന്നിട്ട് ഏകദേശം ഇരുപതു കൊല്ലമായി; ഉടുപ്പഴിച്ചിട്ടില്ലായിരുന്നുവെങ്കിലും അയാളെ ഉണര്‍ത്താതിരിക്കാന്‍ നിവൃത്തിയില്ലാത്തവിധം ആ കിടപ്പിന് ഒരു പുതുമയുണ്ടായിരുന്നു.
നാലു മണിക്കൂറിലധികം അയാള്‍ ഉറങ്ങി. അയാളുടെ ക്ഷീണമെല്ലാം പോയി. അധികനേരം കിടന്നുറങ്ങിയിട്ട് അയാള്‍ക്കു ശീലമില്ല.
അയാള്‍ കണ്ണു തുറന്നു. ചുറ്റുമുള്ള ഇരുട്ടിലേക്കു തുറിച്ചു നോക്കി; ഒന്നുകൂടി ഉറങ്ങുവാന്‍വേണ്ടി പിന്നെയും കണ്ണടച്ചു.
പകല്‍ സമയത്തു പലേ വിചാരങ്ങളും മനസ്സിനെ ക്ഷോഭിപ്പിച്ചിട്ടുള്ള ദിവസം രാത്രി, പലേ സംഗതികളും മനസ്സിലുള്ള സമയത്ത്, ആളുകള്‍ ഒരിക്കലേ ഉറങ്ങാറുള്ളൂ; രണ്ടാമതില്ല. ഉറക്കം, വരുന്ന പോലെ തന്നെ, വേഗത്തില്‍ മടങ്ങി വരാറില്ല. ഴാങ് വാല്‍ഴാങ്ങിന്നുണ്ടായതും ഇതാണ്. അയാള്‍ക്കു പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല; അയാള്‍ ആലോചനയില്‍പ്പെട്ടു.
മനസ്സില്‍ക്കിടക്കുന്ന വിചാരങ്ങളെല്ലാം ക്ഷണത്തില്‍ ചിന്നിത്തകരാറായിപ്പോകുന്ന അങ്ങനെയൊരു ഘട്ടമായിരുന്നു അയാള്‍ക്കത്. അയാളുടെ തലച്ചോറിന് ഒരുമാതിരി മങ്ങലും ഭ്രമവുമുണ്ടായിരുന്നു. ചളി നിറഞ്ഞതും ഇളകിത്തീര്‍ന്നതുമായ ഒരു കുളത്തിലെന്നപോലെ, അയാളുടെ ബുദ്ധിയില്‍ പണ്ടു കഴിഞ്ഞവയേയും അപ്പോള്‍ ഉണ്ടായതിനെയും പറ്റിയുള്ള സ്മരണകള്‍ സമ്മിശ്രമായവുധം പൊന്തിക്കളിച്ചു; അതാതിനുള്ള രൂപവ്യക്തികള്‍ പോയ്പോയും, എന്തെന്നില്ലാത്ത വിധം വലുപ്പം വെച്ചും, അപ്പോള്‍ തന്നെ പെട്ടെന്നു കാണാതായും, അവ തമ്മില്‍ കൂടിച്ചേര്‍ന്നു കെട്ടിമറിഞ്ഞു. അയാള്‍ക്കു പലതും തോന്നി; എന്നാല്‍ ആ കൂട്ടത്തില്‍ എപ്പോഴും അയാളുടെ മനസ്സിനു മുന്‍പില്‍ പുതുതായി പുതുതായിവന്നും കൊണ്ട് ഒന്നുണ്ടായിരുന്നു — അതു മറ്റുള്ള സകലത്തേയും ആട്ടിപ്പായിച്ചു. ഈ വിചാരം എന്താണെന്നു ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറയാം; മദാം മഗ്ല്വാര്‍ മേശപ്പുറത്തു കൊണ്ടുവന്നു വെച്ച ആറുകൂട്ടു വെള്ളിമുള്ളുകളും വെള്ളിക്കയിലുകളും വെള്ളിത്തവിയും അയാള്‍ നോക്കിക്കണ്ടിരുന്നു.
ആ ആറുകൂട്ടു വെള്ളിപ്പാത്രങ്ങള്‍ അയാള്‍ക്ക് ഒരു ഭൂതബാധപോലെയായി — അതുകള്‍ അവിടെയുണ്ട് — കുറച്ചടി ദൂരത്ത്. ഇപ്പോള്‍ താനുള്ളേടത്തേക്ക് അയാള്‍ അടുത്ത മുറിയിലൂടെ കടന്നുപോരുമ്പോള്‍ ആ വൃദ്ധയായ ഭൃത്യ കട്ടിലിന്നു തലയ്ക്കല്‍ അടുത്തുള്ള ചുമര്‍ക്കൂട്ടില്‍ അവയെല്ലാം വെച്ചടയ്ക്കുന്നുണ്ടായിരുന്നു-അയാള്‍ ആ ചുമര്‍ക്കൂട് നല്ലവണ്ണം സൂക്ഷിച്ചു നോക്കിയിട്ടുണ്ട് — ഭക്ഷണമുറിയില്‍ നിന്നു കടക്കുമ്പോള്‍, നേരെ വലത്തു വശം — അവയെല്ലാം കട്ടിവെള്ളിയാണ് — പഴയ വെള്ളിയും — വെള്ളിത്തവി വിറ്റാല്‍ ഇരുനൂറു കിട്ടും — പത്തൊമ്പതു കൊല്ലമായിട്ട് അയാള്‍ സമ്പാദിച്ചിട്ടുള്ളതിനു ശരിക്കിരട്ടി — രാജ്യഭരണത്താല്‍ താന്‍ കൊള്ളയിടപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ അയാള്‍ അതിലധികം സമ്പാദിച്ചിരുന്നു എന്നുള്ളതു വാസ്തവം തന്നെ.
അയാളുടെ മനസ്സ് ഒരു മണിക്കൂറു മുഴുവനും ചുറ്റിത്തിരിഞ്ഞു; ആ തിരിച്ചിലുകളിലെല്ലാം ഒരു പിടിച്ചുവലിയുണ്ടായിരുന്നു എന്നതിനു സംശയമില്ല. മൂന്നു മണി അടിച്ചു. അയാള്‍ പിന്നേയും കണ്ണു തുറന്നു; കിടന്നിരുന്നേടത്തു നിന്നു പെട്ടെന്നെണീറ്റു; കൈ നീട്ടി തന്‍റെ പട്ടാളമാറാപ്പെവിടെ എന്നു തപ്പിനോക്കി — ആ ഉള്ളറയുടെ ഒരു മൂലയിലേക്ക് അയാള്‍ അതു വലിച്ചിട്ടിരുന്നു; കട്ടിലിന്റെ വക്കത്തൂടേ താഴത്തേക്ക് അയാളുടെ കാല്‍ തൂക്കിയിട്ടു; നിലത്തു കാല്‍ വെച്ചു; ഏതാണ്ട് താനറിയാതെ തന്നെ, അയാള്‍ കട്ടിലിന്മേല്‍ ഇരിക്കുന്നതായി കണ്ടു.
കുറച്ചുനേരം അയാള്‍ ഇങ്ങനെ മനോരാജ്യത്തില്‍ മുങ്ങി ഇരുന്നു; ഇരുട്ടത്ത് അയാളെ — എല്ലാവരും ഉറങ്ങുന്ന ആ വീട്ടില്‍ ഉണര്‍ന്നിരിക്കുന്ന ആ ഏകമനുഷ്യനെ — വല്ലവരും കണ്ടിരുന്നുവെങ്കില്‍, അയാളുടെ ആ ഇരിപ്പില്‍ എന്തോ ഒരപകടമുണ്ടെന്നു സംശയിക്കാതിരിക്കില്ല. ഉത്തരക്ഷണത്തില്‍ അയാള്‍ കുനിഞ്ഞിരുന്നു, കാലില്‍ നിന്നു പാപ്പാസ്സുകള്‍ ഊരിയെടുത്തു, കട്ടിലിന്റെ അടുത്തുള്ള പായയില്‍ പതക്കെ വെച്ചു; എന്നിട്ട് അയാള്‍ പിന്നെയും തന്‍റെ മനോരാജ്യം തുടങ്ങി — ഒരിക്കല്‍ കൂടി അയാള്‍ അനങ്ങാതായി.
ഈ ഭയങ്കരമായ മനോരാജ്യത്തില്‍, ഞങ്ങള്‍ മുന്‍പു സൂചിപ്പിച്ച വിചാരങ്ങള്‍ വിശ്രമം കൂടാതെ അയാളുടെ തലച്ചോറിലൂടെ സഞ്ചരിച്ചു; വന്നു. പോയി, പിന്നെയും വന്നു, ഒരുമാതിരി അയാളെ ബുദ്ധിമുട്ടിച്ചു; പിന്നീട്, എന്തുകൊണ്ടെന്നറിയാതെ, മനോരാജ്യത്തിനു പ്രകൃത്യാ ഉള്ള മര്‍ക്കടമുഷ്ടിയോടുകൂടി, അയാള്‍ തടവില്‍ കിടന്നിരുന്നത് അവിടെ വെച്ചെറിയുന്നവനും, മെടഞ്ഞ പരുത്തിത്തുണി കൊണ്ടുള്ള ചുമല്‍പ്പട്ടയാല്‍ കാലുറകള്‍ ബന്ധിക്കപ്പെട്ടു കാണാറുള്ളവനുമായ ബ്രവെ എന്ന ഒരു തടവുപുള്ളിയേയും അനുസ്മരിച്ചു. പല വര്‍ണക്കള്ളികളോടു കൂടിയ ആ ചുമല്‍പ്പട്ടയുടെ സമ്പ്രദായം പിന്നെയും പിന്നെയും അയാള്‍ക്കു തോന്നി.
അയാള്‍ കുറച്ചു നേരം അങ്ങനെ ഇരുന്നു; പുലരുന്നതുവരെ അയാള്‍ അങ്ങനെത്തന്നെ ഇരുന്നേനേ — പക്ഷേ, അര മണിക്കൂറോ കാല്‍ മണിക്കൂറോ കുറിക്കുന്ന ഒരു മണിമുട്ടു കേട്ടു. ആ മണിമുട്ട് അയാളോടു ‘വന്നോളൂ’ എന്നു പറയുന്നതായി തോന്നി.
അയാള്‍ അവിടെ നിന്നെഴുന്നേറ്റൂ; ഒരു നിമിഷം കൂടി മടിച്ചു, ചെവിയോര്‍ത്തു; ആ വീട്ടിലെങ്ങും ഒരനക്കവുമില്ലായിരുന്നു; അയാള്‍ കാല്‍ അകത്തിവെക്കാതെ നേരെ ജനാലയുടെ അടുക്കലേക്കു നടന്നു. അതയാള്‍ ഒരു നോക്കു കണ്ടു. ആ രാത്രി അത്രയധികം ഇരുണ്ടതായിരുന്നില്ല; ഒരു പൂര്‍ണചന്ദ്രന്‍ ഉദിച്ചു നില്ക്കുന്നുണ്ട് — പക്ഷേ, അതിന്നു മുന്‍പിലൂടെ വലിയ വലിയ മേഘങ്ങള്‍ കാറ്റത്തു പോയ്ക്കൊണ്ടിരുന്നു; ഇതു കാരണം പുറത്തൊക്കെ വെളിച്ചവും നിഴലുകളും മാറി മാറി ഉണ്ടായി വന്നു — ഗ്രഹണങ്ങളും മേഘങ്ങളിലൂടെ ഇടയ്ക്കിടയ്ക്കു പിളര്‍ന്നു വരുന്ന പ്രകാശങ്ങളും; അകത്തോ ഒരു മങ്ങിയ നാട്ടുവെളിച്ചവും. ഒരാള്‍ക്കു വഴി കണ്ടുപിടിക്കുവാന്‍ മതിയായതും മേഘഗതികൊണ്ട് ഇടയ്ക്കിടെ മങ്ങിയും തെളിഞ്ഞുമിരുന്നതുമായ ഈ ചെറുവെളിച്ചം, ആളുകള്‍ക്കു വന്നുപോകാന്‍ തക്കവണ്ണം ഒരു കുണ്ടറയിലെ ചെറുദ്വാരത്തിലൂടെ കടന്നെത്തുന്ന വെയില്‍നാളം പോലെ കാണപ്പെട്ടു. ജനാലയുടെ അടുക്കലെത്തിയപ്പോള്‍ ഴാങ് വാല്‍ഴാങ് അതൊന്നു നോക്കിപ്പഠിച്ചു. അതിന്ന് അഴിയില്ല; അതു പൂന്തോട്ടത്തിലേക്കഭിമുഖമായിട്ടാണ്; നാട്ടുപുറത്തു കാണാറുള്ളവിധം ഒരു ചെറിയ ഇരുമ്പാണികൊണ്ട് അതടഞ്ഞിരുന്നു. അയാള്‍ അതു തുറന്നു; പക്ഷേ, തണുപ്പു കൂടിയതും തുളഞ്ഞു കയറുന്നതുമായ ഒരു കാറ്റടി പെട്ടെന്നകത്തേക്കു പാഞ്ഞു കടന്നതുകൊണ്ട് അയാള്‍ ക്ഷണത്തില്‍ത്തന്നെ അതടച്ചിട്ടു. ആ ഇടയ്ക്കു, നോക്കിക്കാണുന്നതിനേക്കാളധികം നോക്കിപ്പഠിക്കുന്ന വിധത്തിലുള്ള ഒരു സശ്രദ്ധമായ നോട്ടത്താല്‍ അയാള്‍ പൂന്തോട്ടമെങ്ങും സൂക്ഷിച്ചു നോക്കിക്കണ്ടു. ഉയരം കുറഞ്ഞു ചാടിക്കടക്കുവാന്‍ എളുപ്പമുള്ള ഒരു വെളുത്ത കന്മതിലിനാല്‍ ആ തോട്ടം ചുറ്റപ്പെട്ടിരുന്നു. അറ്റത്തു ദൂരത്തായി ഒരു ക്രമം പിടിച്ചു വെച്ചിട്ടുള്ള മരങ്ങളുടെ മുകള്‍ഭാഗം അയാള്‍ കണ്ടു. അതുകൊണ്ടു മതിലിന്റെ അപ്പുറത്തു രണ്ടു വശവും വരിയായി മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു വഴിയാണെന്ന് ഊഹിച്ചു.
ഈ അന്വേഷണം കഴിഞ്ഞു, മനസ്സില്‍ ഒന്നു ചെയ്യാനുറപ്പിച്ചിട്ടുള്ളാളുടെ മട്ടില്‍ അയാള്‍ തിരഞ്ഞു; ഉള്ളറയിലേക്കു ശക്തിയില്‍ പാഞ്ഞു; തന്റെ പട്ടാള മാറാപ്പെടുത്തു തുറന്നു, അതിനുള്ളില്‍ കൈയിട്ടു തപ്പി, അതില്‍നിന്ന് എന്തോ ഒരു സാധനമെടുത്തു കട്ടിലിന്മേല്‍ വെച്ചു; പാപ്പാസുകള്‍ ഒരു കുപ്പായക്കീശയില്‍ ഇട്ടു; എല്ലാം വീണ്ടും അടച്ചു; എന്നിട്ട് ആ മാറാപ്പു ചുമലിലിട്ടു; തൊപ്പിയെടുത്തു ധരിച്ചു; അതിലുള്ള മുഖമൂടി കണ്ണിനൂ മീതെ തൂക്കിയിട്ടു; തന്‍റെ പൊന്തന്‍വടി തപ്പിയെടുത്തു. അതു ജനാല മൂലയ്ക്കല്‍ കൊണ്ടുപോയി വെച്ചു; എന്നിട്ടു കട്ടിലിന്റെ അടുക്കലേക്കു മടങ്ങിച്ചെന്ന് അതിന്മേല്‍ വെച്ചിരുന്ന സാധാനം കടന്നെടുത്തു മുറുകെ കൈയില്‍ പിടിച്ചു. ഒരറ്റത്തു കുന്തം പോലെ കൂര്‍പ്പിച്ചിരുന്ന ആ സാധനം ഒരിരുമ്പുവടി പോലെയിരുന്നു. ആ ഇരുമ്പിന്‍കഷ്ണം എന്തു കാര്യത്തിനു പയോഗിക്കുവാന്‍ കരുതിയിട്ടുള്ളതാണെന്ന് ഇരുട്ടത്തു നോക്കി മനസ്സിലാക്കുവാന്‍ ഞെരുക്കമുണ്ട്. ഒരു സമയം അത് എന്തെങ്കിലും ഇട്ട് തിരിക്കുവാനുള്ളതാവാം; അല്ലെങ്കില്‍ അതൊരു വടിയാണെന്നും വരാം.
പകല്‍സ്സമയമാണെങ്കില്‍, അത് ഒരു തുരങ്കം വെട്ടുകാരന്റെ വിളക്കുകാലല്ലാതെ മറ്റൊന്നുമല്ലെന്നു നോക്കിയറിയാമായിരുന്നു. തൂലോങ്ങിനു ചുറ്റുമുള്ള ഉയര്‍ന്ന പാറക്കുന്നുകളില്‍ നിന്നു തടവുപുള്ളികളെക്കൊണ്ട് അക്കാലത്തു ചിലപ്പോള്‍ കല്ലുവെട്ടിച്ചിരുന്നു; അതുകാരണം അവരുടെ പക്കല്‍ തുരങ്കം വെട്ടുകാരുടെ വിളക്കുകാലുകള്‍ കട്ടിയിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ടവയും, അറ്റത്തു മുനയോടു കൂടിയവയുമായിരിക്കും. ആ മുനയുള്ള ഭാഗം അവര്‍ പാറമേല്‍ കുത്തിയിറക്കുന്നു.
ആ വിളക്കുകാല്‍ അയാള്‍ വലത്തേ കൈയിലെടുത്തു; ശ്വാസമടക്കി കാല്‍വെക്കുന്നതിന്റെ ഒച്ചകൂടി കേള്‍ക്കാതാക്കാന്‍ നോക്കിക്കൊണ്ട്, അടുത്ത മുറിയുടെ വാതില്ക്കലേക്കു നടന്നു — നമുക്കു മുന്‍പു തന്നെ നിശ്ചയമുള്ള പോലെ, അതിലാണല്ലോ മെത്രാന്‍.
ആ വാതില്ക്കലെത്തിയപ്പോള്‍, അതു തുറന്നു കിടക്കുന്നതായി കണ്ടു. മെത്രാന്‍ അതടച്ചിട്ടില്ലായിരുന്നു.
അയാള്‍ ചെയ്തത്
ഴാങ് വാല്‍ഴാങ് ചെവിയോര്‍ത്തു നോക്കി. ഒരൊച്ചയുമില്ല.
അയാള്‍ വാതിലിന് ഒരുന്തു കൊടുത്തു.
അകത്തു കടക്കാന്‍ നോക്കുന്ന പൂച്ചയുടെ കളവുള്ളതും സ്വസ്ഥതയില്ലാത്തതു
മായ സൗമ്യഭാവത്തോടുകൂടി, അനങ്ങാതെ, വിരല്‍ത്തുമ്പുകൊണ്ടു, പതുക്കെ അയാള്‍ വാതിലുന്തി.
വാതില്‍ ആ അമര്‍ച്ചകൊണ്ടു നീങ്ങി; ഉപായത്തിലുള്ള ആ നീങ്ങലില്‍ പതുക്കെ ഒരു പഴുതുണ്ടായി.
അയാള്‍ ഒരു നിമിഷനേരം അനങ്ങാതെ നിന്നു; എന്നിട്ടു കുറേക്കൂടി ധൈര്യം പിടിച്ച് ഒന്നുകൂടി ഉന്തി.
അതു പിന്നേയും ശബ്ദിക്കാതെ നീങ്ങി. അയാള്‍ക്കകത്തേക്കു കടക്കാന്‍ വേണ്ട പഴുതായി. പക്ഷേ, വാതിലിന്റെ അടുത്ത് ഒരു മേശ കിടന്നിരുന്നു; അതിന്മേല്‍ വാതില്‍ തട്ടി കോണിച്ചു പോയതുകൊണ്ട്, അകത്തേക്കു കടപ്പാനുള്ള വഴി തടയപ്പെട്ടു.
ഴാങ് വാല്‍ഴാങ്ങിന് ആ അപകടം മനസ്സിലായി. എന്തു വന്നാലും ശരി, ആ പഴുതൊന്നു വലുതാക്കിത്തീര്‍ക്കാതെ നിവൃത്തിയില്ല.
അയാള്‍ മനസ്സുകൊണ്ടു നിശ്ചയിച്ചു; മുന്‍പിലത്തെ രണ്ടിനേക്കാളും ഉറപ്പിച്ച് വാതില്‍ ഒരുന്തു കൂടി ഉന്തി. ഇക്കുറി, എണ്ണ വേണ്ടവിധം കൊടുത്തിട്ടില്ലാത്ത ഒരു തിരക്കുറ്റി പെട്ടെന്ന് ആ നിശ്ശബ്ദതയ്ക്കിടയില്‍ നീണ്ടതും ചിലമ്പിച്ചതുമായ ഒരു നിലവിളി പുറപ്പെടുവിച്ചു.
ഴാങ് വാല്‍ഴാങ് തുടങ്ങി. പരലോകത്തുവെച്ച് ഇഹലോക കര്‍മങ്ങളെ വിചാരണയ്ക്കെടുക്കുമ്പോഴത്തെ തുളഞ്ഞു കയറുന്നതും ഭയം തോന്നിക്കുന്നതുമായ കാഹളശബ്ദം പോലെ, തിരികുറ്റിയുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു.
ആദ്യത്തെ അമ്പരപ്പിലും പരിഭ്രമത്തിലും അയാള്‍ക്ക് ആ വാതില്‍ത്തിരികുറ്റി പെട്ടെന്നു ജീവന്‍ പൂണ്ടതായും, അതു പെട്ടെന്ന് ഒരു ഭയങ്കര ജീവിതം കൈക്കൊണ്ട്, ഒരു നായയെപ്പോലെ, എല്ലാവരേയും എഴുന്നേല്പിക്കുവാനും ഉറങ്ങിക്കിടന്നവരെയെല്ലാം ഉണര്‍ത്തി അപകടം അറിയിക്കുവാനും വേണ്ടി, കുരയ്ക്കുന്നതായും ഏതാണ്ടു തോന്നി. അയാള്‍ വിറച്ചുകൊണ്ടും പരിഭ്രമിച്ചുകൊണ്ടും കുറച്ചിട അനങ്ങാതെ നിന്നു; കാല്‍പ്പെരുവിരലുകളുടെ തുമ്പത്തു നിന്നു മടമ്പുകളിലേക്കു പിന്നോക്കം വീണു. രണ്ടു ചെന്നിക്കുമുള്ള രക്തനാഡികള്‍ കൊല്ലന്റെ രണ്ടു കൂടങ്ങള്‍ പോലെ ആഞ്ഞടിക്കുന്നത് അയാള്‍ കേട്ടു; ഒരു ഗുഹയില്‍ നിന്നു പുറപ്പെടുന്ന കാറ്റിന്റെ ഇരമ്പിച്ചയോടുകൂടി, അയാളുടെ മാറിടത്തില്‍ നിന്നു ശ്വാസാവേഗം തള്ളി വന്നു. ആ ശുണ്ഠിപിടിച്ച തിരികുറ്റിയുടെ ഭയങ്കരമായ ഗര്‍ജ്ജന ഘോഷം, ഒരു ഭൂകമ്പത്തിന്റെ കുലുക്കം പോലെ, ആ വീട്ടിലുള്ളവരെയെല്ലാം ഉണര്‍ത്തി ലഹള കൂട്ടിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് അയാള്‍ക്കു തോന്നി. അയാള്‍ ഉന്തിയ വാതില്‍ വരാന്‍ പോകുന്ന അപകടമറിഞ്ഞു കൂക്കുവിളി കൂട്ടി. ആ വയസ്സന്‍ ഇപ്പോള്‍ കടന്നെഴുന്നേല്ക്കും; ആ രണ്ടു വൃദ്ധസ്ത്രീകളും ഉറക്കെ നിലവിളിക്കും; ആളുകളെല്ലാം സഹായത്തിന് ഓടിയെത്തും; കാല്‍ മണിക്കൂര്‍ കൊണ്ട് പട്ടണം മുഴുവനും ഇളകി മറിഞ്ഞു ലഹളയായി, പൊല്ലീസ്സുകാര്‍ ചാടിവീഴും. രണ്ടു നിമിഷത്തേക്ക് അയാള്‍ തന്റെ കാര്യം പോയി എന്നു തീര്‍ച്ചപ്പെടുത്തി.
ഉപ്പുകൊണ്ടുള്ള ഒരു പ്രതിമപോലെ, അയാള്‍ നിന്നേടത്തു തന്നെ മിഴിച്ചു കൊണ്ടു നിന്നു; ഒന്നനങ്ങുവാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല. അനവധി നിമിഷങ്ങള്‍ കഴിഞ്ഞു. വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അയാള്‍ പതുക്കെ അങ്ങേ മുറിയിലേക്കു പതുങ്ങിക്കടക്കാന്‍ നോക്കി. അവിടെ ഒരനക്കവുമില്ല. അയാള്‍ ചെവിയോര്‍ത്തു. ആ വീട്ടിലെങ്ങും ഒരനക്കത്തിന്റെ വട്ടമില്ല. ആ മണ്ണുപിടിച്ച തിരികുറ്റി ഉണ്ടാക്കിത്തീര്‍ത്ത ഒച്ചപ്പാട് ഒരു മനുഷ്യനേയും ഉണര്‍ത്തിയിട്ടില്ല.
ആ ഒന്നാമത്തെ അപകടം അങ്ങനെ കഴിഞ്ഞു; എങ്കിലും അപ്പോഴും അയാളുടെ മനസ്സില്‍ ഒരു വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു. ഏതായാലും, അയാള്‍ പിന്നോക്കം വെച്ചില്ല. തന്റെ കാര്യം പോയി എന്നു തോന്നിയിരുന്നപ്പോള്‍ക്കൂടി, അയാള്‍ പിന്നോക്കം വെക്കുകയുണ്ടായിട്ടില്ല. അയാളുടെ അപ്പോഴത്തെ ആലോചന കഴിയുന്നതും വേഗത്തില്‍ കാര്യം കഴിച്ചുകൂട്ടണമെന്നു മാത്രമായിരുന്നു. അയാള്‍ ഒരടി മുന്നോട്ടു വെച്ചു മുറിക്കകത്തു കടന്നു.
ആ അകം തികഞ്ഞ നിശ്ശബ്ദതയിലായിരുന്നു. അവിടെയും ഇവിടെയും അവ്യക്തങ്ങളും സമ്മിശ്രങ്ങളുമായ ചില രൂപങ്ങള്‍ കാണപ്പെട്ടു. പകല്‍സ്സമയത്ത് അവയെല്ലാം മേശപ്പുറത്തു പാറിപ്പരത്തിയിട്ട കടലാസ്സുകളും, തുറന്നു കിടക്കുന്ന കൂറ്റന്‍ കടലാസ്സടുക്കുകളും, ഒരു മുക്കാലിമേലുള്ള പുസ്തകങ്ങളും, ഉടുപ്പുകള്‍ കുന്നു കൂട്ടിയിട്ട ഒരു ചാരുകസാലയും മാത്രമാണ്; പക്ഷേ, ആ സമയത്ത് അവയെല്ലാം ഇരുട്ടു കെട്ടിയ മൂലകളും നരച്ച നിറത്തിലുള്ള ചില പുള്ളികളുമായി. വളരെ മുന്‍കരുതലോടുകൂടി, സാമാനങ്ങളുടെ മേലൊന്നും തട്ടിമുട്ടാതിരിക്കാന്‍ മനസ്സിരുത്തിക്കൊണ്ട് ഴാങ് വാല്‍ഴാങ് മുന്നോട്ടു ചെന്നു. മുറിയുടെ അറ്റത്തു നിന്ന്, ഉറങ്ങുന്ന മെത്രാന്റെ ക്രമമുള്ളതും ശാന്തവുമായ ശ്വാസഗതി അയാള്‍ക്കു കേള്‍ക്കാമായിരുന്നു. അയാള്‍ പെട്ടെന്നു നിന്നു. അയാള്‍ കിടക്കയുടെ അടുത്തായി; വിചാരിച്ചതിലധികം വേഗത്തില്‍ അവിടെ എത്തിച്ചേര്‍ന്നു.
പ്രകൃതിദേവി ചിലപ്പോള്‍ തന്റെ വിഭവങ്ങളേയും കാഴ്ചകളേയും, അപ്രസന്നവും അതിബുദ്ധിപൂര്‍വവുമായ ഒരു കൃത്യകൗശലത്തോടുകൂടി, നമ്മെക്കൊണ്ടു നിര്‍ത്തി വിചാരിപ്പിക്കണമെന്നു തനിക്കാഗ്രഹമുണ്ടായിട്ടെന്നപോലെ, അപ്പപ്പോള്‍ നമ്മുടെ പ്രവൃത്തികളുമായി കൂട്ടിച്ചേര്‍ക്കുക പതിവുണ്ട്. കഴിഞ്ഞ അര മണിക്കൂറോളമായി ഒരു വലിയ മേഘം ആകാശത്തെ മറച്ചിരുന്നു. ഴാങ് വാല്‍ഴാങ് ആ കട്ടിലിന്റെ മുന്‍പില്‍ ചെന്നുപെട്ട സമയത്ത്, ഒരുദ്ദേശ്യത്തോടുകൂടിയാണെന്നു തോന്നുമാറ്, ആ മേഘം നീങ്ങി. ഒരു വെളിച്ചത്തിന്റെ നാളം നീണ്ട ജനാലയിലൂടെ കടന്നു വന്നു മെത്രാന്റെ മങ്ങിക്കണ്ടിരുന്ന മുഖത്തെ പെട്ടെന്നു പ്രകാശിപ്പിച്ചു. അദ്ദേഹം സമാധാനത്തോടുകൂടി കിടന്നുറങ്ങുന്നു. ആല്‍പ്സ് പര്‍വതത്തില്‍ നിന്നുള്ള തണുപ്പു കാരണം, തവിട്ടു നിറത്തില്‍ രോമത്തുണികൊണ്ടുണ്ടാക്കിയ ഉടുപ്പു ധരിച്ച് അദ്ദേഹം ആ കിടക്കമേല്‍ കിടക്കുന്നു. ആ ഉടുപ്പ് അദ്ദേഹത്തിന്റെ കൈകളെ മണികണ്ഠാന്തം മുഴുവനും മറച്ചിട്ടുണ്ട്. ഉറക്കത്തിലുള്ള അലസതയോടു കൂടി അദ്ദേഹത്തിന്റെ ശിരസ്സു തലയണയ്ക്കുമീതെ വീണു കിടക്കുന്നു. മതാചാര്യസ്ഥാനത്തെ കുറിക്കുന്ന മുദ്രമോതിരത്താല്‍ അലംകൃതവും, അത്രയധികം സല്‍പ്രവൃത്തികളേയും അത്രയധികം പുണ്യകര്‍മങ്ങളേയും വര്‍ഷിച്ചിട്ടുള്ളതുമായ അദ്ദേഹത്തിന്റെ കൈപ്പടം കട്ടിലിന്റെ വക്കത്തൂടെ തൂങ്ങിയിരുന്നു. തൃപ്തിയേയും സുഖത്തേയും ആനന്ദത്തേയും കാണിക്കുന്ന ഒരു ഭാവവിശേഷം കൊണ്ട് അദ്ദേഹത്തിന്റെ മുഖം മുഴുവനും മിന്നുന്നുണ്ട്. അത് ഒരു മന്ദസ്മിതത്തിലും മഹത്തരമായിരുന്നു — ഏതാണ്ട് ഒരു തേജോവിലാസം. അദൃശ്യമായ ഒരു ദീപ്തിവിശേഷത്തിന്റെ അനിര്‍വചനീയമായ പ്രതിഫലനം അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലുണ്ട്. ഉത്തമന്മാരുടെ ആത്മാവ് ഉറക്കത്തില്‍ ഒരത്ഭുതകരമായ സ്വര്‍ഗത്തെ ധ്യാനിക്കുന്നു.
ആ സ്വര്‍ഗത്തിന്റെ ഒരു പ്രതിബിംബം മെത്രാനില്‍ പതിഞ്ഞു.
അതോടൊപ്പം തന്നെ ആ പ്രതിബിംബം പ്രകാശമാനമായ ഒരു സ്വച്ഛതയുമാണെന്നു പറയണം; എന്തുകൊണ്ടെന്നാല്‍, ആ സ്വര്‍ഗം അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നു. ആ സ്വര്‍ഗമാണ് അദ്ദേഹത്തിന്റെ അന്തഃകരണം.
ചന്ദ്രികയുടെ പ്രകാശം ആ ആന്തരമായ തേജോവിലാസത്തിന്റെമേല്‍ ചെന്നു കിടന്ന സമയത്ത് എന്നു പറയട്ടെ, ഉറങ്ങിക്കിടക്കുന്ന മെത്രാന്‍ ഒരു മാഹാത്മ്യമേറിയ പ്രഭാമണ്ഡലത്തിനുള്ളിലായിരുന്നു. ഏതായാലും അത് അനിര്‍വാച്യമായ ഒരര്‍ദ്ധദീപ്തിയില്‍ ശാന്തവും ആവൃതവുമായി പ്രകാശിച്ചു. ആകാശത്തുള്ള ചന്ദ്രന്‍, ഉറങ്ങിക്കൊണ്ടുള്ള പ്രകൃതി, ഒരനക്കമില്ലാത്ത പൂന്തോട്ടം, അത്രയും ശാന്തമായിക്കിടക്കുന്ന വീട്, ആ സമയം ആ നിമിഷം, ആ നിശ്ശബ്ദത, ഈ മനുഷ്യന്റെ വന്ദനീയമായ വിശ്രമത്തിനു വിശിഷ്ടവും വാചാതീതവുമായ ഒരു ഗുണവിശേഷത്തെ കൂട്ടി; ആ വെളുത്ത തലമുടിയേയും, ആ അടഞ്ഞ കണ്ണുകളേയും, സുഖവും വിശ്വാസവും മാത്രമായ ആ മുഖത്തേയും, വയസ്സന്റേതായ ആ ശിരസ്സിനേയും, പിഞ്ചുകുട്ടിയുടേതായ ആ സ്വസ്ഥനിദ്രയേയുമെല്ലാം ഒരുതരം ശാന്തവും ശ്രേഷ്ഠവുമായ ദീപ്തിമണ്ഡലം കൊണ്ടു മൂടി.
താനറിയാതെ തന്നെ ഈവിധം മഹാത്മ്യവാനായിരിക്കുന്ന ഈ മനുഷ്യനില്‍ ദിവ്യമെന്നു പറയാവുന്ന എന്തോ ഒന്നുണ്ടായിരുന്നു.
ഴാങ് വാല്‍ഴാങ് നിഴലിലായിരുന്നു; ഈ പ്രകാശമാനനായ വയോവൃദ്ധനെ കണ്ടുപേടിച്ച്, അയാള്‍ ആ ഇരിമ്പു വിളക്കുകാലും കൈയില്‍പ്പിടിച്ചു ഇളകാതെ നിന്നു. ഇങ്ങനെയൊന്ന് അയാള്‍ ഇതേവരെ കണ്ടിട്ടില്ല. ഈ മനോവിശ്വാസം അയാളെ പേടിപ്പിച്ചു. മാനസികമായ ലോകം ഇതിലധികം ഉത്കൃഷ്ടമായ മറ്റൊരു കാഴ്ചയേയും കണ്ടിട്ടില്ല. ദുഷ്പ്രവൃത്തിയുടെ വക്കത്തു ചെന്നു നില്ക്കുന്ന ക്ഷുഭിതവും അസ്വസ്ഥവുമായ അന്തഃകരണം ശ്രേഷ്ഠതയുടെ ശാന്തനിദ്രയെ നോക്കിക്കാണുക!
കൂട്ടിനു തന്നെപ്പോലുള്ള ഒരാളോടുകൂടിയ ആ ഏകാന്തതയിലെ ഗാഢനിദ്രയില്‍ ഉത്കൃഷ്ടവും സഗൗരവവുമായ എന്തോ ഒന്നുണ്ടെന്നു കഷ്ടിയായി എന്നാല്‍ അപ്രതിഹതമായി, ഒരു ബോധം അയാള്‍ക്കുണ്ടായി.
അയാളുടെ ഉള്ളിലത്തെ വിചാരം എന്തൊക്കെയാണെന്ന് ആര്‍ക്കും പറയാന്‍ വയ്യാ. അയാളെക്കൊണ്ടുതന്നെ സാധിക്കില്ല. അതിനെപ്പറ്റി എന്തെങ്കിലും ഒരറിവുണ്ടാക്കാന്‍ ശ്രമിക്കണമെങ്കില്‍ത്തന്നെ, ഏറ്റവും ശാന്തമായേടത്തു വെച്ച് ഏറ്റവും സംക്ഷുഭിതങ്ങളായവയെപ്പറ്റി വിചാരിക്കേണ്ടിയിരിക്കുന്നു. അയാളുടെ മുഖഭാവത്തില്‍ നിന്നുപോലും സുസ്ഥിരമായ യാതൊന്നിനേയും കണ്ടറിയുവാന്‍ നിവൃത്തിയില്ല. അത് ഒരുമാതിരി ‘കണ്ണുനട്ടും’ കൊണ്ടുള്ള അമ്പരപ്പായിരുന്നു. അയാള്‍ അതിനു നേരെ മിഴിച്ചു നോക്കി, അത്രമാത്രം. പക്ഷേ, അയാളുടെ വിചാരം എന്തായിരുന്നു? അതിനെപ്പറ്റി ജ്യോതിഷം പറയാന്‍ പ്രയാസമാണ്. ഒന്നുമാത്രം വ്യക്തമായി. അയാള്‍ക്കു അതുള്ളില്‍ത്തട്ടുകയും അയാള്‍ അമ്പരക്കുകയും ചെയ്തു. പക്ഷേ, എന്തായിരുന്നു ആ മനോവികാരത്തിന്റെ മട്ട്?
അയാളുടെ കണ്ണ് ഒരിക്കലും ആ വൃദ്ധനില്‍ നിന്നു വിട്ടുപോന്നില്ല. അയാളുടെ നിലയില്‍ നിന്നും അയാളുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായി ഊഹിക്കാവുന്നത് ഒന്നു മാത്രമേ ഉള്ളൂ — അത്ഭുതകരമായ ഒരു മനശ്ചഞ്ചലത. അയാള്‍ക്ക് രണ്ട് അഗാധക്കുഴികളുടെ നടുക്കു നിന്നു ചാഞ്ചാടുകയായിരുന്നു എന്നു പക്ഷേ പറഞ്ഞു നോക്കാം; അതേ, ഒന്ന് ആത്മാവിനെ അപകടപ്പെടുത്തുന്നതും മറ്റേത് ആത്മാവിനെ രക്ഷപ്പെടുത്തുന്നതുമായ രണ്ടു പാതാളം, ആ തലമണ്ട തച്ചുടയ്ക്കുകയോ, അല്ലെങ്കില്‍ ആ കൈപ്പടം ചുംബിക്കുകയോ ചെയ്യാന്‍ അയാള്‍ സന്നദ്ധനാണെന്നു തോന്നപ്പെട്ടു.
കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം അയാളുടെ ഇടത്തേ കൈ പതുക്കെ മേല്പോട്ടു ചെന്നു, നെറ്റിക്കടുത്തെത്തി; അയാള്‍ തന്റെ തൊപ്പി എടുത്തു മാറ്റി; ഉടനെ, അതേ വിധം ആലോചനാപൂര്‍വമായിത്തന്നെ, അയാളുടെ കൈ താഴത്തേക്ക് വീണു. ഇടത്തേ കൈയില്‍ തൊപ്പിയും വലത്തേ കൈയില്‍ ഇരുമ്പുവടിയും, പൈശാചികമായ മുഖത്തു പാറിക്കിടക്കുന്ന തലമുടിയുമായി ഴാങ് വാല്‍ഴാങ് ഒരിക്കല്‍ക്കൂടി മനോരാജ്യത്തില്‍ മുങ്ങി.
ആ ഭയങ്കരമായ തുറിച്ചുനോട്ടത്തിനു ചുവട്ടില്‍ മെത്രാന്‍ പിന്നെയും സമാധാന പൂര്‍ണമായി കിടന്നുറങ്ങുന്നു.
ചന്ദ്രരശ്മി അടുപ്പുതിണ്ണയുടെ മേല്‍ തൂക്കിയിട്ടുള്ള കുരിശിനെ ഒരു സമ്മിശ്രമായവിധം കാണാറാക്കി; അതു തന്റെ കൈകളെ ആ ഇരുവരുടെയും നേര്‍ക്ക് — ഒരാളുടെ അടുക്കലേക്ക് അനുഗ്രഹത്തോടുകൂടിയും, മറ്റേ ആളുടെ അടുക്കലേക്ക് മാപ്പോടുകൂടിയും — നീട്ടുന്നതായി തോന്നി.
പെട്ടെന്ന് ഴാങ് വാല്‍ഴാങ് ആ തൊപ്പി തലയില്‍ത്തന്നെ വെച്ചു; ക്ഷണത്തില്‍ കട്ടില്‍ പിന്നിട്ടു മെത്രാന്റെ നേരെ നോക്കാതെ, ചുമര്‍ക്കൂടിന്റെ അടുക്കലേക്ക് — അതു കട്ടിലിന്റെ തലയ്ക്കല്‍ ഭാഗത്തായി കണ്ടു — അയാള്‍ പാഞ്ഞു; പൂട്ടു തകര്‍ക്കുന്നതിനെന്ന പോലെ തന്റെ ഇരിമ്പുവിളക്കുകാല്‍ പൊക്കി; താക്കോല്‍ അതിലുണ്ടായിരുന്നു; അയാള്‍ അതു തുറന്നു; ഒന്നാമതായി കണ്ണു ചെന്നതു വെള്ളിസ്സാമാനങ്ങളുള്ള കൊട്ട മേലാണ്; അയാള്‍ അതെടുത്തു; നീണ്ട കാല്‍വെപ്പുകളോടു കൂടി, യാതൊരു മുന്‍കരുതലുമില്ലാതെ, താന്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന ഒച്ചയെപ്പറ്റി ലേശമെങ്കിലും ആലോചിച്ചു ബുദ്ധിമുട്ടാതെ, ആ മുറിയുടെ അപ്പുറത്തു കടന്നു; ഈശ്വരവന്ദന മുറിയിലെത്തി; ജനാല തുറന്നു, ആ പൊന്തന്‍വടിയെടുത്തു, നിലത്തുള്ള ജനാലക്കട്ടിളപ്പടി കവച്ചു കടന്നു. വെള്ളിസ്സാമാനം പട്ടാളമാറാപ്പിലിട്ടു, കൊട്ട വലിച്ചെറിഞ്ഞു, തോട്ടം പിന്നിട്ടു, നരിയെപ്പോലെ മതില്‍ ചാടിക്കടന്ന് ഒരു പാച്ചില്‍ കൊടുത്തു.
മെത്രാന്‍ പ്രവര്‍ത്തിക്കുന്നു
പിറ്റേ ദിവസം രാവിലെ മോണ്‍സിന്യേര്‍ ബിയാങ്വെന്യു തോട്ടത്തില്‍ നടക്കുകയായിരുന്നു. തികഞ്ഞ സംഭ്രമത്തോടുകൂടി മദാം മഗ്ല്വാര്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് പാഞ്ഞുചെന്നു.
‘മോണ്‍സിന്യേര്‍, മോണ്‍സിന്യേര്‍!’ അവള്‍ ഉച്ചത്തില്‍ പറഞ്ഞു, ‘വെള്ളിസ്സാമാനങ്ങള്‍ വെക്കുന്ന കൊട്ട എവിടെയെന്ന് ഇവിടെയ്ക്കറിയാമോ?’
‘ഉവ്വ്,’ മെത്രാന്‍ മറുപടി പറഞ്ഞു.
‘യേശു ക്രിസ്തോ, അവിടത്തെ കൃപ!’ അവള്‍ തുടര്‍ന്നു പറഞ്ഞു, ‘അതെന്തായി എന്ന് എനിക്കറിഞ്ഞുകൂടാ.’
ഒരു പൂച്ചെടിച്ചട്ടിയില്‍ നിന്നു മെത്രാന്‍ അപ്പോള്‍ത്തന്നെയാണ് അതു കണ്ടെടുത്തത്, അതിനെ അദ്ദേഹം മദാം മഗ്ല്വാര്‍ക്കു സമ്മാനിച്ചു.
‘അതിതാ.’
‘അതുവ്വ!’ അവള്‍ പറഞ്ഞു: ‘ഉള്ളിലൊന്നുമില്ല! വെള്ളിസ്സാമാനം?’
‘ഹോ,’ മെത്രാന്‍ മറുപടി പറഞ്ഞു. ‘അപ്പോള്‍ വെള്ളിസ്സാമാനമാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? എനിക്കറിഞ്ഞുകൂടാ. അതെവിടെയാണെന്ന്.
‘ഭഗവാനേ, എന്റെ ഈശ്വരാ; അതു കട്ടു പോയി, ഇന്നലെ രാത്രി ഇവിടെ വന്ന മനുഷ്യന്‍ അതു കട്ടു.’
ചൊടിയുള്ള ഒരു വൃദ്ധയുടെ ജാഗ്രതയോടുകൂടി മദാം മഗ്ല്വാര്‍ ഒരു നിമിഷനേരം കൊണ്ട് ഈശ്വരവന്ദനമുറിയിലേക്കു പാഞ്ഞു, ക്ഷണത്തില്‍ ഉള്ളറയില്‍ പോയി, മെത്രാന്റെ അടുക്കലേക്കു തന്നെ തിരിച്ചെത്തി. മെത്രാന്‍ ആ സമയത്തു കുനിഞ്ഞു നിന്നു, കൊട്ട തടത്തില്‍ വീണതു കൊണ്ടു കേടുവന്ന ഒരു പൂച്ചെടിയെ സൂക്ഷിച്ചു നോക്കി വ്യസനിക്കുകയായിരുന്നു. മദാം മഗ്ല്വാറുടെ നിലവിളി കേട്ട് അദ്ദേഹം നിവര്‍ന്നു.
‘മോണ്‍സിന്യേര്‍, ആ മനുഷ്യന്‍ ചാടി. വെള്ളിസ്സാമാനം കട്ടു.’
ഇതുച്ചത്തില്‍ വിളിച്ചു പറഞ്ഞതോടു കൂടി അവളുടെ നോട്ടം തോട്ടത്തിന്റെ ഒരു മൂലയിലേക്ക് ചെന്നു; മതില്‍ ചാടിക്കടന്നതിന്റെ അടയാളം അവിടെ കാണാമായിരുന്നു. മതിലിന്റെ മുകളിലത്തെ കമിഴ്ത്തു കല്ലു പൊളിഞ്ഞിട്ടുണ്ട്.
‘നില്ക്കൂ! അതാ അവന്‍ പോയിട്ടുള്ള വഴി, അവന്‍ അതിലെ കോഷ്ഫിലെ ഇടവഴിയിലേക്ക് എടുത്തു ചാടി, ഹാ! എന്തൊരു ഗ്രഹപ്പിഴ! അവര്‍ നമ്മുടെ വെള്ളിസ്സാമാനം കട്ടു!’
മെത്രാന്‍ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടാതെ നിന്നു, തന്റെ സഗൗരവമായ ദൃഷ്ടിയെ അദ്ദേഹം മേല്പോട്ടുയര്‍ത്തി, സൗമ്യസ്വരത്തില്‍ മദാം മഗ്ല്വാറോടു പറഞ്ഞു: ‘അപ്പോള്‍, ഒന്നാമത് ആ വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ?’
മദാം മഗ്ല്വാര്‍ മിണ്ടാതെയായി, പിന്നെയും കുറച്ചിട ആരും ശബ്ദിച്ചില്ല; പിന്നീട് മെത്രാന്‍ തുടര്‍ന്നു പറഞ്ഞു: ‘മദാം മഗ്ല്വാര്‍, ഞാന്‍ ആ വെള്ളിസ്സാമാനം വളരെക്കാലം സൂക്ഷിച്ചു പോന്നത് ഒരിക്കലും ശരിയായിട്ടല്ല. അതു പാവങ്ങളുടെയാണ്. ആ വന്ന മനുഷ്യന്‍ ആരായിരുന്നു? കാഴ്ചയില്‍ത്തന്നെ ഒരു പാവം.’
‘കഷ്ടം! യേശോ!’ മദാം മഗ്ല്വാര്‍ പറയാനാരംഭിച്ചു: ‘അത് എനിക്കു വേണ്ടിയോ, മദാം വ്വസേല്ലിനുമില്ല. മോണ്‍സിന്യേര്‍ ഇനി എന്തുകൊണ്ട് ഭക്ഷണം കഴിക്കും?’
മെത്രാന്‍ അത്ഭുതപ്പെട്ടുകൊണ്ടെന്ന പോലെ അവളുടെ നേരെ നോക്കി.
‘ആട്ടെ, പറയട്ടെ! ഓട്ടുമുള്ളുകളും കയിലുകളുമില്ലേ?’
മദാം മഗ്ല്വാര്‍ ചുമലൊന്നു ചുളുക്കി.
‘ഓട്ടിന്ന് ഒരു ഗന്ധമുണ്ട്.’
‘ഇരുമ്പു മുള്ളുകളും കയിലുകളുമാവണം, എന്നാല്‍.’
മദാം മഗ്ല്വാര്‍ സാഭിപ്രായമായി ചുണ്ടൊന്നു പിളുര്‍ത്തിക്കോട്ടി.
‘ഇരുമ്പിന് ഒരു ദുഃസ്വാദുണ്ട്.’
‘ഇരിക്കട്ടെ’ മെത്രാന്‍ പറഞ്ഞു, ‘എന്നാല്‍ മരം കൊണ്ടുള്ളവയാവാം.’
കുറച്ചുനേരം കൂടി കഴിഞ്ഞപ്പോള്‍, തലേദിവസം രാത്രി ഴാങ് വാല്‍ഴാങ് ഭക്ഷണം കഴിച്ചതെവിടെവെച്ചോ ആ മേശപ്പുറത്തു വെച്ചു തന്നെ അദ്ദേഹം പ്രാതല്‍ കഴിക്കയായി. അങ്ങനെ പ്രാതല്‍ കഴിക്കുന്നതിനിടയ്ക്ക് മോണ്‍സിന്യേര്‍ വെല്‍ക്കം അവിടെ മിണ്ടാതിരിക്കുന്ന തന്റെ സഹോദരിയോടും പുറത്തേക്ക് ശബ്ദം കേള്‍ക്കാതെ എന്തോ പിറുപിറുക്കുന്ന മദാം മഗ്ല്വാറോടുമായി ആഹ്ലാദപൂര്‍വം അഭിപ്രായപ്പെട്ടു: ‘ഒരു കഷ്ണം അപ്പം ഒരു കോപ്പ പാലില്‍ എടുത്തു മുക്കുന്നതിന് ഒരാള്‍ക്കു മരം കൊണ്ടുള്ള മുള്ളും കയ്‌ലും കൂടി ആവശ്യമില്ല.’
‘ഒരു നല്ല വിചാരം തന്നെ, വാസ്തവം.’ പോകുന്നതിനും വരുന്നതിനുമിടയ്ക്കു മദാം മഗ്ല്വാര്‍ തന്നോടു തന്നെ പറഞ്ഞു. ‘ആ നിലയ്ക്കുള്ള ഒരുത്തനെ അകത്തു കടത്തുക! എന്നല്ല, അവനവന്‍ കിടക്കുന്നതിന് അടുത്തു കിടത്തുകയും! ആ മനുഷ്യന്‍ കക്കുക മാത്രമല്ലേ ചെയ്തുള്ളു! ഹാ, എന്റെ ഭഗവാനേ! അതു വിചാരിക്കുമ്പോള്‍ എനിക്കു തടി വിറയ്ക്കുന്നു!’
ആ സഹോദരീസഹോദരന്മാര്‍ പ്രാതല്‍ കഴിഞ്ഞ് എഴുന്നേല്ക്കുമ്പോഴേക്കു വാതില്ക്കല്‍ ഒരു മുട്ടു കേട്ടു.
‘അകത്തേക്കു വരൂ,’ മെത്രാന്‍ പറഞ്ഞു.
വാതില്‍ തുറന്നു. അസാധാരണവും സംഭ്രാന്തവുമായ ഒരു ചെറിയ ആള്‍ക്കൂട്ടം ഉമ്മറത്തെത്തി. മൂന്നുപേര്‍ കൂടി നാലാമതൊരാളുടെ കഴുത്തു പട്ടമേല്‍ പിടികൂടിയിരിക്കുന്നു. ആ മൂന്നു പേര്‍ പൊല്ലീസ്സുകാരാണ്; മറ്റേ ആള്‍ ഴാങ് വാല്‍ഴാങ്ങും.
ഒരു മേലധികാരി — ആ മൂന്നുപേരുടെയും തലവന്‍ അയാളാണെന്നു തോന്നി — വാതിലിന്റെ അടുത്തു നില്ക്കുന്നുണ്ട്. അയാള്‍ അകത്തു കടന്ന് ഒരു പട്ടാളസ്സലാം വെച്ചുകൊണ്ട് മെത്രാന്റെ അടുക്കലേക്കു ചെന്നു.
‘മോണ്‍സിന്യേര്‍ —,’ അയാള്‍ പറഞ്ഞു. കുണ്ഠിതപ്പെട്ടും തീരെ അമര്‍ന്നു കഴിഞ്ഞുമിരുന്ന ഴാങ് വാല്‍ഴാങ് ഈ വാക്കു കേട്ട ഉടനെ അമ്പരന്ന മട്ടില്‍ തലപൊക്കി.
‘മോണ്‍സിന്യേര്‍!’ അയാള്‍ മന്ത്രിച്ചു. അപ്പോള്‍ ഇദ്ദേഹം സഭാബോധകനല്ലേ?’
‘മിണ്ടരുത്! പൊല്ലീസ്സുകാരന്‍ കല്പിച്ചു. ‘അവിടന്നു മെത്രാന്‍ തിരുമനസ്സുകൊണ്ടാണ്.’
ഈയിടയ്ക്കു തന്റെ വാര്‍ദ്ധക്യത്തിന് താങ്ങാന്‍ ആകാവുന്നിടത്തോളം വേഗത്തില്‍ മോണ്‍സിന്യേര്‍ ബിയാങ്വെന്യു മുന്‍പോട്ടു വന്നു.
‘ഹാ! നിങ്ങളാണ്!’ ഴാങ് വാല്‍ഴാങ്ങിന്നു നേരെ നോക്കി അദ്ദേഹം കുറച്ചുച്ചത്തില്‍ പറഞ്ഞു: ‘നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. അപ്പോള്‍, എന്തേ ഇത്? ഞാന്‍ നിങ്ങള്‍ക്കു മെഴുതിരിക്കാലുകള്‍ തന്നുവല്ലോ; മറ്റുള്ളവയെപ്പോലെത്തന്നെ അവയും കട്ടിവെള്ളിയാണ്; നിശ്ചയമായും നിങ്ങള്‍ക്ക് അവയില്‍നിന്ന് ഇരുനൂറു ഫ്രാങ്ക് കിട്ടും. നിങ്ങളുടെ മുള്ളുകളും കയ്‌ലുകളും എടുത്ത കൂട്ടത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് അവകൂടി കൊണ്ടുപോയില്ല?’
ഴാങ് വാല്‍ഴാങ്ങിന്റെ കണ്ണു രണ്ടും മിഴിഞ്ഞു പോയി; മനുഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കുവാന്‍ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോടുകൂടി അയാള്‍ ആ വന്ദ്യനായ മെത്രാനെ തുറിച്ചു നോക്കി.
‘മോണ്‍സിന്യേര്‍,’ ആ പൊല്ലീസ്സ് മേലാള്‍ പറഞ്ഞു,
‘അപ്പോള്‍ ഈ മനുഷ്യന്‍ പറഞ്ഞത് വാസ്തവമാണ്! ഞങ്ങള്‍ ഇയ്യാളെ കണ്ടെത്തി. ചാടിപ്പോവുന്ന ഒരുവന്റെ മട്ടിലാണ് ഇയ്യാള്‍ നടന്നിരുന്നത്. കഥയെന്തെന്നറിയട്ടെ എന്നുവെച്ച് ഞങ്ങള്‍ തടഞ്ഞു നിര്‍ത്തി. ഈ വെള്ളിസ്സാമാനം ഇയ്യാളുടെ പക്കലുണ്ടായിരുന്നു.’
‘അപ്പോള്‍ ഇയ്യാള്‍ പറഞ്ഞിരിക്കും,’ മെത്രാന്‍ ഒരു പുഞ്ചിരിയോടുകൂടി കടന്നു പറഞ്ഞു, ‘രാത്രി താന്‍ കഴിച്ചുകൂട്ടിയ ഒരു വൃദ്ധമതാചാര്യന്റെ അടുക്കല്‍നിന്നു തനിക്കു കിട്ടിയതാണ് ആ സാമാനമെന്ന് — അങ്ങനെയല്ലേ? എനിക്കും കാര്യം മനസ്സിലായി. അപ്പോള്‍ നിങ്ങള്‍ അയാളെ പിടിച്ചുംകൊണ്ട് ഇങ്ങോട്ടു പോന്നു? ഒരു തെറ്റുപറ്റിപ്പോയതാണ്.’
‘അങ്ങനെയാണെങ്കില്‍,’ ആ പൊല്ലീസ്സുദ്യോഗസ്ഥന്‍ മറുപടി പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഇയ്യാളെ വിട്ടയക്കാം?’
‘തീര്‍ച്ചയായും,’ മെത്രാന്‍ മറുപടി പറഞ്ഞു.
പൊല്ലീസ്സുകാര്‍ ഴാങ് വാല്‍ഴാങ്ങിനെ വിട്ടു; അയാള്‍ ഒന്നു മാറിനിന്നു.
‘എന്നെ വിടാന്‍ പോകുന്നു എന്നുള്ളത് വാസ്തവം തന്നെയോ?’ ഏതാണ്ട് പുറത്തേക്കു കേള്‍ക്കാത്ത ഒരൊച്ചയില്‍, ഉറക്കത്തിനിടയില്‍ സംസാരിക്കുന്നവിധം, അയാള്‍ പറഞ്ഞു.
‘അതേ, നിന്നെ വിട്ടിരിക്കുന്നു; നിനക്കു മനസ്സിലായില്ലേ?’ പൊല്ലീസ്സുകാരുടെ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.
‘സ്നേഹിതാ,’ മെത്രാന്‍ പറയാന്‍ തുടങ്ങി, ‘നിങ്ങള്‍ പോകുന്നതിനു മുമ്പ്, ഇതാ നിങ്ങളുടെ മെഴുതിരിക്കാലുകള്‍; എടുക്കാം.’
അദ്ദേഹം അടുപ്പുതിണ്ണയുടെ അടുക്കലേക്കു പോയി; ആ രണ്ട് വെള്ളി വിളക്കുകാലുകളുമെടുത്തു, ഴാങ് വാല്‍ഴാങ്ങിനു കൊണ്ടുവന്നു കൊടുത്തു.
ഒരു ഭാവഭേദം കൂടാതെ, മെത്രാനെ ബുദ്ധിമുട്ടിക്കാവുന്ന ഒരു നോട്ടമെങ്കിലും നോക്കാതെ, ആ രണ്ടു സ്ത്രീകളും അതെല്ലാം കണ്ടുംകൊണ്ടു തന്നെ നിന്നു.
ഴാങ് വാല്‍ഴാങ്ങിന്റെ ഓരോ ഭാഗവും കിടന്നു വിറച്ചിരുന്നു. തികച്ചും അമ്പരന്ന്, ഒരു പാവയുടെ മാതിരി, അയാള്‍ ആ രണ്ടു മെഴുതിരി വിളക്കുകള്‍ കൈയില്‍ വാങ്ങി.
‘ഇനി,’ മെത്രാന്‍ പറഞ്ഞു, ‘നിങ്ങള്‍ സമാധാനത്തോടുകൂടി പോവുക. കൂട്ടത്തില്‍ പറയട്ടെ, എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോള്‍ നിങ്ങള്‍ക്കു തോട്ടത്തിലൂടെ കടന്നു പോരണമെന്നില്ല; തെരുവിലേക്കുള്ള വാതിലിലൂടെതന്നെ എപ്പോഴും വരികയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.’ എന്നിട്ട് അദ്ദേഹം പൊല്ലീസ്സുകാരോടു പറഞ്ഞു: ‘ഇനി നിങ്ങള്‍ക്കു പോവാം.’
പൊല്ലീസ്സുകാര്‍ പോയി. ഴാങ് വാല്‍ഴാങ് മോഹാലസ്യപ്പെടാന്‍ പോകുന്ന ഒരാളെപ്പോലെ കാണപ്പെട്ടു.
മെത്രാന്‍ അയാളുടെ അടുക്കലേക്കു ചെന്ന്, ഒരു താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: ‘ഒരു സത്യവാനായിരിക്കുവാന്‍ ഈ ക്ഷണം ഉപയോഗപ്പെടുത്തുമെന്നു നിങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളതു മറക്കരുതേ, ഒരിക്കലും മറന്നു പോകരുത്.’
അങ്ങനെയെന്തെങ്കിലും, എപ്പോഴെങ്കിലും, പ്രതിജ്ഞ ചെയ്തിട്ടുള്ളതായി ഒരോര്‍മയുമില്ലാതിരുന്ന ഴാങ് വാല്‍ഴാങ് മിണ്ടാതെ നിന്നു. ഇതു പറഞ്ഞപ്പോള്‍ മെത്രാന്‍ വാക്കുകളെ അസാധാരണമായി ഉറപ്പിച്ചിരുന്നു. അദ്ദേഹം ഗൗരവത്തോടു കൂടി തുടര്‍ന്നു പറഞ്ഞു: ‘ഴാങ് വാല്‍ഴാങ്, എന്റെ സഹോദരാ, നിങ്ങള്‍ മേലാല്‍ പാപത്തിന്നടിപ്പെട്ടവനല്ല; നിങ്ങള്‍ പുണ്യകര്‍മങ്ങള്‍ക്കുള്ളവനാണ്. നിങ്ങളുടെ ആത്മാവിനെയാണ് ഞാന്‍ നിങ്ങളില്‍ നിന്നു വിലയ്ക്കു വാങ്ങുന്നത്; ഞാന്‍ അതിനെ ദുര്‍വിചാരങ്ങളില്‍ നിന്നും നരകദേവതയുടെ കൈയില്‍ നിന്നും വീണ്ടെടുത്ത്, ഈശ്വരങ്കല്‍ അര്‍പ്പിക്കുന്നു.’
ഴെര്‍വെയ്ക്കുട്ടി
പറക്കും പോലെ ഴാങ് വാല്‍ഴാങ് പട്ടണത്തില്‍ നിന്നു കടന്നു. മുന്‍പില്‍ക്കണ്ട നിരത്തിലൂടെയും വഴികളിലൂടെയുമെല്ലാം, ഇളവില്ലാതെ, പോയ വഴിതന്നെ പിന്നിടുകയാണെന്നുള്ള ഓര്‍മ കൂടാതെ, അയാള്‍ വയല്‍പ്രദേശങ്ങളിലൂടെ കുതിച്ചു നടന്നു. രാവിലെ നേരം മുഴുവനും അയാള്‍ അങ്ങനെ ചുറ്റിയലഞ്ഞു; യാതൊന്നും ഭക്ഷിക്കുകയാവട്ടെ വിശപ്പുണ്ടെന്നറിയുകയാവട്ടെ ഉണ്ടായിട്ടില്ല. അഭൂതപൂര്‍വങ്ങളായ അനവധി മനോവികാരങ്ങള്‍ക്ക് അയാളൊരിരയായി. ഒരു മാതിരി ദേഷ്യം തോന്നിയിരുന്നു എന്നയാള്‍ക്കറിയാം; അത് ആരുടെ നേരെയാണെന്ന് നിശ്ചയമില്ല.
തനിക്കു വ്യസനം തോന്നുന്നുണ്ടോ, അല്ലെങ്കില്‍ തനിക്കവമാനമായി എന്ന വിചാരമുണ്ടോ എന്ന് അയാളെക്കൊണ്ടു പറയാന്‍ സാധിക്കില്ല. ചില സമയത്ത് ഒരത്ഭുതകരമായ വികാരം അയാളെ കടന്നുബാധിച്ചിരുന്നു: പക്ഷേ, അതിനോടയാള്‍ യുദ്ധം വെട്ടി — കഴിഞ്ഞ ഇരുപതു കൊല്ലംകൊണ്ടു സമ്പാദിച്ചിട്ടുള്ള മനഃകാഠിന്യത്തെ അയാള്‍ അതിനു നേര്‍ക്കു മറിച്ചു. ഈ നില അയാളെ ക്ഷീണിപ്പിച്ചു. താന്‍ അനുഭവിച്ചിട്ടുള്ള ദുഃഖത്തിന്റെ അന്യായ്യതയാലുണ്ടാക്കി കൊടുക്കപ്പെട്ട ഒരു വല്ലാത്ത ശാന്തത തന്നില്‍ നിന്ന് സ്വയം ഇല്ലാതായിപ്പോകുന്നുവെന്ന് കണ്ട് അയാള്‍ ഭയപ്പെട്ടു. അതിനുപകരം എന്താണുണ്ടാവുകയെന്ന് അയാള്‍ തന്നോടു തന്നെ ചോദിച്ചു. തടവുപുരയില്‍ പൊല്ലീസ്സുകാരുടെ ഇടയില്‍ത്തന്നെയായാല്‍ കൊള്ളാമായിരുന്നു എന്ന് അയാള്‍ ചിലപ്പോള്‍ വാസ്തവമായാഗ്രഹിക്കും; അങ്ങനെയാണെങ്കില്‍ മനസ്സിന് അസ്വാസ്ഥ്യം ഇത്രയുണ്ടാകുമായിരുന്നില്ല. പൂക്കളുടെ കാലം ഏതാണ്ട് കഴിയാറായി എങ്കിലും, അവിടവിടെ മാട്ടത്തിന്റെ വക്കത്ത് കുറേ വൈകിപ്പൂത്ത ചുരുക്കം ചില പുഷ്പങ്ങള്‍ നിന്നിരുന്നു; ഓട്ടത്തിന്നിടയ്ക്ക്, അവയുടെ നടുവിലൂടെ പോകുമ്പോള്‍, ആ പുഷ്പസഞ്ചയത്തില്‍ നിന്ന് പുറപ്പെടുന്ന പരിമളം തന്റെ കുട്ടിക്കാലത്തെ ചില ഓര്‍മകളെ അയാളില്‍ അങ്കുരിപ്പിച്ചു. ആ സ്മരണകള്‍ അയാള്‍ക്ക് ഏറെക്കുറെ അസഹനീയങ്ങളായിരുന്നു; അവ അയാള്‍ക്കുണ്ടായിട്ടു കാലം വളരെയായി.
വാചാതീതങ്ങളായ മനോവൃത്തികള്‍ ഇങ്ങനെ പകല്‍സ്സമയം മുഴുവനും അയാളുടെ ഉള്ളില്‍ കൂട്ടംകൂടിക്കൊണ്ടിരുന്നു.
ഓരോ മണല്‍ത്തരിയില്‍ നിന്നും നീണ്ട നിഴലുകളെ നിലത്തു പരത്തിക്കൊണ്ട് സൂര്യന്‍ അസ്മയത്തിനടുത്തു ചെന്നതോടുകൂടി, പാടല വര്‍ണത്തില്‍ കിടക്കുന്ന ഒരു വലിയ മൈതാനത്തില്‍-അതു തികച്ചും വിജനമായിരുന്നു. ഒരു കുറ്റിക്കാട്ടിന്റെ പിന്നിലായി ഴാങ് വാല്‍ഴാങ് ഒരിടത്തിരുന്നു. ചക്രവാളാന്തത്തിനു മുകളില്‍ ആല്‍പ്സ് പര്‍വതമല്ലാതെ മറ്റൊന്നുമില്ല. ദൂരത്തെങ്ങാനുമുള്ള ഒരു ഗ്രാമത്തിന്റെ ഗോപുരാഗ്രം പോലും കാണ്മാനില്ല. ഡി. പട്ടണത്തില്‍ നിന്ന് ഴാങ് വാല്‍ഴാങ് മൂന്നു കാതം ദൂരത്തായിരിക്കണം. മൈതാനത്തെ മുറിച്ചുകൊണ്ടുള്ള വഴി ആ കുറ്റിക്കാട്ടില്‍നിന്ന് കുറച്ചടി ദൂരത്തൂടെ പോകുന്നു.
ഈ മനോരാജ്യത്തിന്നിടയില്‍ — അയാളെ അവിടെവെച്ചു വല്ലവരും കണ്ടുമുട്ടാനിടയാകുന്ന പക്ഷം, അങ്ങനെയുള്ള ആര്‍ക്കും തന്നെ അയാളുടെ മേല്‍ കിടക്കുന്ന കീറയുടുപ്പു കുറേക്കൂടി ഭയങ്കരമായിത്തോന്നുവാന്‍ കുറച്ചൊന്നുമല്ല അതുപയോഗപ്പെടുക — ഒരു സന്തോഷമയമായ ശബ്ദം കേള്‍ക്കായി.
അയാള്‍ തിരിഞ്ഞു നോക്കി; പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടി തന്റെ കമ്പിവാദ്യം അരക്കെട്ടിലും തന്റെ മലയണ്ണാന്‍കൂടു പുറത്തും കെട്ടിത്തൂക്കി ആ വഴിയിലൂടെ പാടിക്കൊണ്ടുവരുന്നത് അയാള്‍ കണ്ടു.
കാലുറകളിലെ കീറലുകളിലൂടെ കാല്‍മുട്ടുകള്‍ പുറത്തു കാണിച്ചും കൊണ്ട് ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കായി അലഞ്ഞു നടക്കുന്നവരായ ആ പാവങ്ങളും ആഹ്ലാദവാന്മാരുമായ കുട്ടികളുടെ കൂട്ടത്തില്‍ ഒരുവന്‍.
ആ കുട്ടി, തന്റെ പാട്ടു നിര്‍ത്താതെതന്നെ നടക്കുന്നതിനിടയില്‍ അപ്പപ്പോള്‍ നിന്നു, കൈയിലുണ്ടായിരുന്ന ചില നാണ്യങ്ങളെക്കൊണ്ട് — പക്ഷേ. അതായിരിക്കാം അവന്റെ ആകെയുള്ള സ്വത്ത് — തിരിച്ചും മറിച്ചും വിരല്‍ച്ചേര്‍പ്പുകളിലിട്ട് അമ്മാനമാടിയിരുന്നു.
ആ പണത്തിന്റെ കൂട്ടത്തില്‍ ഒരു നാല്പതു സൂ നാണ്യമുണ്ട്.
ഴാങ് വാല്‍ഴാങ് ഇരിക്കുന്നത് കാണാതെ, അവന്‍ ആ കുറ്റിക്കാടിന്റെ അടുത്തെത്തിയപ്പോള്‍, അവിടെ നിന്ന് തന്റെ കൈയിലുള്ള സൂ നാണ്യമൊട്ടുക്കും മേല്പോട്ടിട്ടു; അതേവരെ താഴെ വീഴുന്ന നാണ്യം മുഴുവനും നല്ല സാമര്‍ഥ്യത്തോടുകൂടി അവന്‍ പുറംകൈ കൊണ്ട് പിടിച്ചിരുന്നു.
ഈ പ്രാവശ്യം ആ നാല്പതു സൂ നാണ്യം കൈയില്‍ നിന്നു വഴുതിപ്പോയി; അത് ഉരുണ്ടുരുണ്ടു കുറ്റിക്കാട്ടിന്റെ അടുത്തെത്തി, ഴാങ് വാല്‍ഴാങ് ഇരിക്കുന്നേടത്തു ചെന്നു വീണു.
ഴാങ് വാല്‍ഴാങ് അതിന്റെ മീതെ കാല്‍ വെച്ചു.
ഈയിടയ്ക്കു കുട്ടി നാണ്യം തിരിഞ്ഞുനോക്കി, അയാളെ കണ്ടു.
അവന്‍ ഒട്ടും പരിഭ്രമിച്ചില്ല; നേരെ അയാള്‍ ഇരിക്കുന്നേടത്തേക്കു ചെന്നു.
ആ പ്രദേശത്തെങ്ങും മറ്റൊരാളില്ല. ആ വയലിലാവട്ടേ വഴിയിലാവട്ടേ കണ്ണെത്താവുന്നേടത്തോളം സ്ഥലത്തെങ്ങും ഒരു മനുഷ്യനുമില്ല. പറന്നു പോകുന്ന ഒരു കൂട്ടം പക്ഷികളുടെ ചെറുതും നേരിയതുമായ കൂകല്‍ മാത്രമേ ഒരു ശബ്ദമായിട്ടുള്ളൂ; ആ പക്ഷികള്‍ വളരെ ദൂരത്തൂടെ പറന്ന് ആകാശം പിന്നിടുകയാണ്. ആ കുട്ടി സൂര്യനു പുറം തിരിഞ്ഞാണ് നിന്നിരുന്നത്. ആ അസ്തമയസൂര്യന്‍ അവന്റെ തലമുടിയില്‍ സ്വര്‍ണക്കമ്പികള്‍ കൂട്ടിച്ചേര്‍ക്കുകയും, പൈശാചികമായ ഴാങ് വാല്‍ഴാങ്ങിന്റെ മുഖത്തെ തന്റെ രക്തവര്‍ണമായ രശ്മികൊണ്ട് തുടുപ്പിക്കുകയും ചെയ്യുന്നു.
‘സേര്‍.’ കഥയില്ലായ്മയും ദുഷ്ടില്ലായ്മയും നിറഞ്ഞു, കുട്ടികള്‍ക്കുള്ള വിശ്വാസത്തോടുകൂടി ആ ചെറുക്കന്‍ പറഞ്ഞു, ‘എന്റെ പണം.’
‘നിന്റെ പേരെന്താണ്?’ ഴാങ് വാല്‍ഴാങ് ചോദിച്ചു.
‘ഴെര്‍വെയ്ക്കുട്ടി, സേര്‍.’
‘പോ കടന്ന്,’ ഴാങ് വാല്‍ഴാങ് പറഞ്ഞു.
‘സേര്‍,’ ആ കുട്ടി ആവര്‍ത്തിച്ചു. ‘എന്റെ പണം എനിക്കു മടക്കിത്തരൂ.’
ഴാങ് വാല്‍ഴാങ് തല തൂക്കിയിട്ടു; മറുപടിയൊന്നും പറഞ്ഞില്ല.
കുട്ടി പിന്നെയും തുടങ്ങി: ‘സേര്‍ എന്റെ പണം.’
ഴാങ് വാല്‍ഴാങ്ങിന്റെ കണ്ണു നിലത്തു പതിഞ്ഞുനിന്നതേ ഉള്ളൂ.
‘എന്റെ പണം!’ കുട്ടി നിലവിളിച്ചു. ‘എന്റെ ആ വെളുത്ത തട്ട്! എന്റെ വെള്ളിനാണ്യം!’
ഴാങ് വാല്‍ഴാങ് അവന്റെ വാക്കുകള്‍ കേട്ടില്ലെന്ന പോലെ തോന്നി. കുട്ടി അയാളുടെ കഴുത്തുപട്ട പിടിച്ചു കുലുക്കി. അതോടുകൂടി തന്റെ സ്വത്തിനു മുകളില്‍ നിന്ന് ആ ഇരിമ്പുലാടന്‍ വെച്ച പാപ്പാസിനെ പിടിച്ചു മാറ്റുവാന്‍ യത്നിച്ചു.
‘എനിക്ക് എന്റെ പണം കിട്ടണം! എന്റെ നാല്പതു സൂ.’
‘കുട്ടി കരഞ്ഞു തുടങ്ങി. ഴാങ് വാല്‍ഴാങ് മുഖം പൊക്കി. അയാള്‍ അപ്പോഴും ഇരിക്കുകയാണ്. അയാളുടെ നോട്ടമിളകി. അയാള്‍ ഒരുതരം അമ്പരപ്പോടുകൂടി ആ കുട്ടിയെ സൂക്ഷിച്ചു നോക്കി; എന്നിട്ട് അയാള്‍ തന്റെ പൊന്തന്‍വടിക്കു നേരെ കൈ നീട്ടി. ഒരു ഭയങ്കരശബ്ദത്തില്‍ ഉറക്കെ ചോദിച്ചു, ‘ആരത്?’
‘ഞാന്‍, സേര്‍,’ കുട്ടി മറുപടി പറഞ്ഞു: ‘ഴെര്‍വെയ്ക്കുട്ടി! ഞാന്‍! ഇഷ്ടമുണ്ടെങ്കില്‍, എന്റെ ആ നാല്പതു സൂ എനിക്കു തരൂ. ഇഷ്ടമുണ്ടെങ്കില്‍, സേര്‍, നിങ്ങളുടെ കാലൊന്നെടുക്കൂ!’
എന്നിട്ടു ശുണ്ഠിയെടുത്തു, കുട്ടിയാണെങ്കിലും ഏതാണ്ട് പേടിപ്പെടുത്തുന്ന വിധത്തില്‍, അവന്‍ പറഞ്ഞു: ‘ആട്ടെ നിങ്ങള്‍ നിങ്ങളുടെ കാലെടുക്കുമോ, ഇല്ലയോ? കാലെടുത്തോളൂ. ഇല്ലെങ്കില്‍ കാട്ടിത്തരാം!’
‘ഹാ! പിന്നേയും പോയിട്ടില്ല! ഴാങ് വാല്‍ഴാങ് പറഞ്ഞു; അയാള്‍ ഇരുന്നേടത്തു നിന്നെണീറ്റ്, അപ്പോഴും ആ നാണ്യത്തിന്മേല്‍ത്തന്നെ കാല്‍ വെച്ചുകൊണ്ടു നിന്നു, തുടര്‍ന്നു പറഞ്ഞു: ‘പോകുന്നുവോ കടന്ന്?’
പേടിച്ചു പോയ കുട്ടി അയാളെ തുറിച്ചുനോക്കി; ഉടനെ അവന്‍ അടിമുതല്‍ മുടിവരെ വിറയ്ക്കാന്‍ തുടങ്ങി; ആവിധം കുറച്ചുനേരം അമ്പരന്നു നിന്നതിനു ശേഷം, അവന്‍ കഴിയുന്ന വേഗത്തില്‍ ഒരോട്ടം കൊടുത്തു; കഴുത്തൊന്നു തിരിച്ചു നോക്കാനോ നിലവിളിക്കുവാനോ അവന്നു ധൈര്യമുണ്ടായില്ല.
എന്തായാലും, കുറച്ചു ദൂരം ചെന്നപ്പോള്‍ ശ്വാസം കിട്ടാതെ അവന്നു നില്ക്കേണ്ടി വന്നു; ആ കുട്ടിയുടെ തേങ്ങല്‍, ഴാങ് വാല്‍ഴാങ് തന്റെ മനോരാജ്യത്തിന്നിടയില്‍ കേട്ടു.
കുറച്ചു നിമിഷങ്ങള്‍ കൂടി കഴിഞ്ഞു; കുട്ടിയെ കാണാതായി.
സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. ഴാങ് വാല്‍ഴാങ്ങിന്റെ ചുറ്റും ഇരുട്ടു വന്നുകൂടിത്തുടങ്ങി. അന്നത്തെ പകല്‍ മുഴുവനും അയാള്‍ യാതൊന്നും ഭക്ഷിച്ചിട്ടില്ല; അയാള്‍ക്കു പനിയുള്ളതുപോലെ തോന്നി.
അയാള്‍ നില്ക്കുക തന്നെയാണ്; ആ കുട്ടി പാഞ്ഞു പോയതിനു ശേഷം അയാളുടെ നിലയ്ക്കു യാതൊരു ഭേദവും വന്നിട്ടില്ല. ഇടവിട്ടും ക്രമം തെറ്റിയുമുള്ള ശ്വാസഗതി അതിനൊത്ത് അയാളുടെ മാറിടത്തെ തുളുമ്പിച്ചു. തന്റെ മുന്‍പില്‍ പത്തോ പന്ത്രണ്ടോ അടി ദൂരത്തായി പതിഞ്ഞിരുന്ന അയാളുടെ നോട്ടം പുല്ലില്‍ വീണു കിടന്നിരുന്ന ഒരു പഴയ നീലച്ചട്ടിയുടെ ആകൃതിയെ സൂക്ഷിച്ചു നോക്കുന്നതു പോലെ തോന്നി. പെട്ടെന്ന് അയാള്‍ ആകെ കുടഞ്ഞുവിറച്ചു: വൈകുന്നേരത്തെ കാറ്റിന്റെ തണുപ്പ് അയാള്‍ക്കനുഭവപ്പെടാന്‍ തുടങ്ങി.
അയാള്‍ തൊപ്പി നെറ്റിമേല്‍ കുറേക്കൂടി അമര്‍ത്തിയുറപ്പിച്ചു; ഒരു പാവയുടെ മട്ടില്‍ അടിക്കുപ്പായത്തിന്റെ തുറന്ന ഭാഗം കൂട്ടിയടുപ്പിച്ചു കുടുക്കിട്ടു; ഒരടിമുമ്പോട്ടു ചെന്നു; പൊന്തന്‍വടി എടുക്കുവാന്‍ കുമ്പിട്ടു.
ആ സമയത്ത് ആ നാല്പതു സൂ നാണ്യം അയാള്‍ കണ്ടെത്തി; അയാളുടെ കാല്‍ അതിനെ മണ്ണില്‍ പകുതി പൂഴ്ത്തിയിരുന്നു; അതു മണല്‍ത്തരികളുടെ കൂട്ടത്തില്‍ കിടന്നു മിന്നുന്നു. ആ കാഴ്ച അയാളുടെ ഉള്ളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പായിച്ചതു പോലെ തോന്നി. ‘എന്താ ഇത്?’ പല്ലിന്നിടയിലൂടെ അയാള്‍ പിറുപിറുത്തു. അയാള്‍ രണ്ടുമൂന്നടി പിന്നോക്കം വാങ്ങിപ്പോയി; അവിടെ ആ ഇരുട്ടത്തു മിന്നിക്കൊണ്ടു കിടക്കുന്ന ആ സാധനം തന്റെ നേരെ ഇമ വെട്ടാതെ സൂക്ഷിച്ചു നോക്കുന്ന ഒരു തുറിച്ച ദൃഷ്ടിയാണെന്നവിധം, തന്റെ കാല്‍ അപ്പോള്‍ത്തന്നെ ചവിട്ടിത്താഴ്ത്തിയ നിലത്തു നിന്നു കണ്ണെടുക്കുവാന്‍ ശക്തിയില്ലാതെ, അയാള്‍ അവിടെ സ്തംഭിച്ചു നിന്നു.
കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞ ഉടനെ അപസ്മാര മട്ടില്‍ അയാള്‍ ആ വെള്ളിനാണ്യത്തിന്റെ അടുക്കലേക്ക് പിടഞ്ഞു ചെന്നു, അതു കടന്നെടുത്തു; പിന്നേയും നീണ്ടു നിവര്‍ന്നു നിന്നു. ആ മൈതാനത്തിന്റെ അങ്ങേ അറ്റത്തേക്കു സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി; അതോടുകൂടിത്തന്നെ, രക്ഷപ്പെടുവാന്‍ എന്തുവേണ്ടു എന്നന്വേഷിക്കുന്ന ഒരു കാട്ടുമൃഗത്തെപ്പോലെ അയാള്‍ ചക്രവാളത്തിന്റെ എല്ലാ വശത്തേക്കും കണ്ണോടിച്ചു.
അയാള്‍ യാതൊന്നും കണ്ടില്ല. രാത്രി കൂടിക്കൂടി വരുന്നു: മൈതാനം മങ്ങിയും തണുത്തും നില്ക്കുന്നു; സന്ധ്യാരാഗത്തിന്നിടയില്‍ ഊതനിറത്തിലുള്ള വലിയ മൂടലുകള്‍ ഉയര്‍ന്നു കൂടുന്നുണ്ട്.
അയാള്‍ ‘ഹാ!’ എന്നുച്ചത്തില്‍ പറഞ്ഞു: ആ കുട്ടിയെ കാണാതായ ഭാഗത്തേക്ക് അയാള്‍ ക്ഷണത്തില്‍ നടന്നു. ഏകദേശം മുപ്പതടി പോയപ്പോള്‍ അയാള്‍ അവിടെ നിന്നു, നാലു പുറവും നോക്കി; ഒന്നും കണ്ടില്ല.
ഉടനെ അയാള്‍ തന്നെക്കൊണ്ടു കഴിയുന്നേടത്തോളം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ഴെര്‍വെയ്ക്കുട്ടി! ഴെര്‍വെയ്ക്കുട്ടി!’
അയാള്‍ മിണ്ടാതെ നിന്നു ചെവിയോര്‍ത്തു.
ഒരു മറുപടിയുമില്ല.
കണ്ണെത്തുന്നേടത്തെല്ലാം ഇരുട്ടടഞ്ഞിരിക്കുന്നു; അവിടെയെങ്ങും ഒരാളില്ല. ദിഗ്വിഭാഗത്താല്‍ അയാള്‍ ചുറ്റപ്പെട്ടു. അയാളുടെ ചുറ്റും യാതൊന്നുമില്ല. അയാളുടെ നോട്ടം ലയിച്ചു മറിയുന്ന ഒരേകാന്തതയും, അയാളുടെ ശബ്ദം ആണ്ടുമുങ്ങിപ്പോകുന്ന ഒരു നിശ്ശബ്ദതയും മാത്രമുണ്ട്.
മഞ്ഞിന്‍കട്ടയുടെ തണുപ്പോടു കൂടിയ ഒരു വടക്കന്‍ കാറ്റടിക്കുന്നു; അത് അയാളുടെ ചുറ്റുമുള്ള സകലത്തിന്മേലും ദുഃഖകരമായ ഒരു ജീവന്‍ പായിച്ചു. വിശ്വസിക്കാന്‍ വയ്യാത്ത ഉഗ്രതയോടുകൂടി ചെടിപ്പടര്‍പ്പുകള്‍ തങ്ങളുടെ മെലിഞ്ഞു ചെറുതായ കൈകളെക്കൊണ്ടു പിടിച്ചിളക്കി. അവയെല്ലാം ആരെയോ പേടിപ്പെടുത്തുകയും ആരെയോ പിടികൂടുവാന്‍ പിന്‍ചെല്ലുകയുമാണെന്നു തോന്നും.
പിന്നേയും അയാള്‍ നടന്നു തുടങ്ങി; ഉടനെ അയാള്‍ പായാനാരംഭിച്ചു. ഇടയ്ക്കിടയ്ക്കു നിന്നു, മനുഷ്യന്‍ കേട്ടിട്ടുള്ളവയില്‍ വെച്ച് ഏറ്റവും ഭയങ്കരവും ഏറ്റവും അസ്വാസ്ഥ്യമയവുമായ ഒരു ശബ്ദത്തില്‍ ആ ഏകാന്തതയുടെ ഉള്ളിലേക്ക് അയാള്‍ ഉറക്കെ നിലവിളിച്ചു: ‘ഴെര്‍വെയ്ക്കുട്ടി! ഴെര്‍വെയ്ക്കുട്ടി!’
നിശ്ചയമായും അത് ആ കുട്ടി കേട്ടിരുന്നുവെങ്കില്‍, അവന്‍ വല്ലാതെ പേടിക്കുകയും അയാളുടെ മുന്‍പിലേക്ക് ഒരിക്കലും ചെല്ലാതിരിപ്പാന്‍ കഴിയുന്നതും സൂക്ഷിക്കുകയും ചെയ്യും. പക്ഷേ, ആ കുട്ടി വളരെ ദൂരത്തെത്തിക്കഴിഞ്ഞിരിക്കുന്നു.
കുതിരപ്പുറത്തു വരുന്ന ഒരു മതാചാര്യനെ അയാള്‍ കണ്ടുമുട്ടി. അയാള്‍ അങ്ങോട്ടു ചെന്ന് ആ യാത്രക്കാരനോടു ചോദിച്ചു: ‘ഹേ, മതാചാര്യനവര്‍കളേ, ഒരു കുട്ടി പോകുന്നതു നിങ്ങള്‍ കണ്ടുവോ?’
‘ഇല്ല,’ ആ മതാചാര്യന്‍ പറഞ്ഞു.
‘ഴെര്‍വെയ്ക്കുട്ടി എന്നു പേരായ ഒരുവനെ?’
‘ഞാന്‍ ആരേയും കണ്ടിട്ടില്ല.’
ഴാങ് വാല്‍ഴാങ് തന്റെ പണസ്സഞ്ചിയില്‍നിന്ന് അയ്യഞ്ചു ഫ്രാങ്കിന്റെ രണ്ടു നാണ്യം വലിച്ചെടുത്തു മതാചാര്യന്റെ കൈയില്‍ വെച്ചു കൊടുത്തു. ‘ഹേ, മതാചാര്യനവര്‍കളേ, ഇതു നിങ്ങളുടെ പാവങ്ങള്‍ക്കിരിക്കട്ടെ; ഒരു മലയണ്ണക്കൂടോടും ഒരു കമ്പിവാദ്യത്തോടും കൂടി ഏകദേശം പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിയാണവന്‍. നിങ്ങള്‍ക്കറിയാമല്ലോ, തെണ്ടിക്കഴിയുന്ന കൂട്ടത്തിലുള്ള ഒരു കുട്ടി?’
‘ഞാനവനെ കണ്ടിട്ടില്ല.’
‘ഴെര്‍വെയ്ക്കുട്ടി? ഇവിടെയെങ്ങും ഗ്രാമങ്ങളില്ലേ? നിങ്ങള്‍ പറഞ്ഞു തരാമോ?’
‘നിങ്ങള്‍ പറയുന്നവിധത്തില്‍ ഒരാളാണെങ്കില്‍, അവന്‍ ഇവിടെ പുതുതായി വന്നതായിരിക്കണം. അങ്ങനെയുള്ളവര്‍ ഇതിലെ കടന്നു 2പോകാറുണ്ട്. ഞങ്ങള്‍ക്ക് അവരെപ്പറ്റി ഒന്നും അറിവില്ല.’
ഴാങ് വാല്‍ഴാങ് പിന്നേയും രണ്ട് അയ്യഞ്ചു ഫ്രാങ്ക് നാണ്യങ്ങള്‍ വാരിയെടുത്തു മതാചാര്യന്റെ കൈയിലിട്ടു.
‘നിങ്ങളുടെ പാവങ്ങള്‍ക്ക്,’ അയാള്‍ പറഞ്ഞു.
ഉടനെ അയാള്‍ ഒരു ഭ്രാന്തനെപ്പോലെ തുടര്‍ന്നു പറഞ്ഞു: ‘ഹേ, മതാചാര്യനവര്‍കളേ, എന്നെ പൊല്ലീസ്സുകാരെക്കൊണ്ട് പിടിപ്പിക്കൂ. ഞാനൊരു കള്ളനാണ്.’
മതാചാര്യന്‍ കുതിരയെ ഊന്നിപ്പായിച്ചു: കലശലായി പേടിച്ചിട്ട് അവിടെ നിന്നു പറപറന്നു.
താനാദ്യം വന്ന വഴിക്കു ഴാങ് വാല്‍ഴാങ് ക്ഷണത്തില്‍ പാഞ്ഞു.
സൂക്ഷിച്ചു നോക്കിയും, വിളിച്ചു നോക്കിയും, ഉറക്കെ കൂക്കിയും, കുറച്ചധികം ദൂരം അയാള്‍ പോയി; പക്ഷേ, ഒരാളേയും കണ്ടില്ല. ചാരിയിരിക്കുകയോ കുമ്പിട്ടിരിക്കുകയോ ചെയ്യുന്ന ഒരു മനുഷ്യനാണെന്നു സംശയം തോന്നിച്ച ചിലതിന്റെ അടുക്കലേക്കു രണ്ടോ മൂന്നോ തവണ അയാള്‍ വയലിലൂടെ പാഞ്ഞു ചെന്നു: അത് ഏതാണ്ട് നിലത്തോടു പറ്റിനില്ക്കുന്ന ചെറുചെടികളോ പാറകളോ മാത്രമായിത്തീര്‍ന്നു. ഒടുവില്‍ മൂന്നു വഴി കൂടിച്ചേരുന്ന ഒരിടത്ത്, അയാള്‍ നിന്നു. ചന്ദ്രന്‍ ഉദിച്ചു പൊങ്ങിയിരിക്കുന്നു. അയാള്‍ തന്റെ സൂക്ഷ്മനോട്ടത്തെ ദൂരത്തേക്കയച്ചു നോക്കി; അവസാനത്തെത്തവണ ഉച്ചത്തില്‍ നിലവിളിച്ചു: ‘ഴെര്‍വെയ്ക്കുട്ടി! ഴെര്‍വെയ്ക്കുട്ടി! ഴെര്‍വെയ്ക്കുട്ടി!’ അയാളുടെ കൂക്കിവിളി ഒരു പ്രതിധ്വനിയെപ്പോലും പുറപ്പെടുവിക്കാതെ ഇരുളിന്നിടയില്‍ വ്യാപിച്ചു ലയിച്ചു. എങ്കിലും അയാള്‍ ഒരിക്കല്‍ക്കൂടി ‘ഴെര്‍വെയ്ക്കുട്ടി’ എന്നു പതുക്കെ പറഞ്ഞു — പക്ഷേ, അതു ക്ഷീണിച്ചതും ഏതാണ്ടു കേള്‍ക്കാന്‍ വയ്യാത്തതുമായ ഒരൊച്ചയിലാണ്. അത് അയാളുടെ ഒടുവിലത്തെ യത്നമായിരുന്നു; തന്റെ ദുഷ്ടമായ അന്തഃകരണത്തിന്റെ ഭാരംകൊണ്ട്, എന്തോ ഒരദൃശ്യശക്തി അയാളെ അമര്‍ത്തിയിട്ടതു പോലെ, പെട്ടെന്ന് ആ മനുഷ്യന്റെ കാല്‍ കുഴഞ്ഞു; ക്ഷീണിച്ച് ഒരു വലിയ കല്ലിന്മേല്‍ വിരണ്ടു വീണു; അയാളുടെ രണ്ടു മുഷ്ടികളും തലമുടിയില്‍ മുറുകെപ്പിടിച്ചു; കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം അമര്‍ത്തി, അയാള്‍ ഉറക്കെ നിലവിളിച്ചു: ‘ഞാന്‍ ഒരു ദുഷ്ടനാണ്.’
ഉടനെ അയാളുടെ മനസ്സ് തകര്‍ന്നു, അയാള്‍ കരയാന്‍ തുടങ്ങി. പത്തൊമ്പതു കൊല്ലമായിട്ട് അയാള്‍ അന്ന് ഒന്നാമതായിട്ടാണ് കരയുന്നത്.
മെത്രാന്റെ വീട്ടില്‍ നിന്നു മടങ്ങിയതു മുതല്‍ നമ്മള്‍ കണ്ടതുപോലെ അതേവരെ ഉണ്ടായിട്ടുള്ള വിചാരങ്ങളില്‍ നിന്നെല്ലാം ഴാങ് വാല്‍ഴാങ് ഒന്നപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു. വാസ്തവമായി വെച്ചു നടക്കുന്നതെന്തോ അതിനോടു വഴിപ്പെടുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ആ വയസ്സന്റെ ദേവതുല്യമായ സല്‍പ്രവൃത്തിയോടും, ‘ഒരു സത്യവാനായി കഴിയുവാന്‍ നിങ്ങള്‍ എന്നോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ ഞാന്‍ വിലയ്ക്കു വാങ്ങുന്നു. അതിനെ ഞാന്‍ നരകദേവതയുടെ അടുക്കല്‍ നിന്നു വീണ്ടെടുക്കുന്നു; ഞാന്‍ അതിനെ ദയാലുവായ ഈശ്വരങ്കല്‍ സമര്‍പ്പിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ സൗമ്യവാക്കുകളോടും, തടഞ്ഞു നില്ക്കുവാന്‍ അയാള്‍ തന്നത്തന്നെ വെറുങ്ങലിപ്പിച്ചു.
ഇത് അയാളുടെ മനസ്സില്‍ പിന്നേയും പിന്നേയും കടന്നുവന്നു. ഈ ദേവോചിതമായ ദയയെ അയാള്‍ അഹങ്കാരം കൊണ്ട് — അതേ, നമ്മുടെ ഉള്ളില്‍ ദുഷ്ടതയ്ക്കുള്ള രക്ഷാസ്ഥാനമായ അഹങ്കാരം കൊണ്ട് — തടഞ്ഞു. അതേവരെയായി തന്റെ ഉള്ളില്‍ തട്ടിയിട്ടുള്ളതിലെല്ലാം വെച്ച് ഏറ്റവും വമ്പിച്ച ആക്രമണവും ഏറ്റവും ഭയങ്കരമായ അതിക്രമവും ആ മതാചാര്യന്റെ മാപ്പു തരലാണെന്നും; ഈ ദയാലുത്വത്തോട് എതിര്‍ത്തു ജയിച്ചാല്‍ തന്റെ മനഃശഠത എന്നെന്നേക്കും ഉറച്ചു കഴിഞ്ഞു എന്നും; താന്‍ അതിനു വഴങ്ങിക്കൊടുക്കുന്ന പക്ഷം. അത്രയുമധികം കൊല്ലങ്ങളോളമായി മറ്റുള്ളവരുടെ പ്രവൃത്തികള്‍മൂലം തന്നില്‍ നിറഞ്ഞുനില്ക്കുന്നതും തന്നെ രസം പിടിപ്പിക്കുന്നതുമായ ദ്വേഷത്തെ താന്‍ ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നും; ജയിക്കുകയോ ജയിക്കപ്പെടുകയോ രണ്ടിലൊന്ന് ഇത്തവണ ചെയ്തേ കഴിയൂ എന്നും; തന്റെ ദുസ്സ്വഭാവവും ആ മനുഷ്യന്റെ സത്സ്വഭാവവും കൂടി വമ്പിച്ചതും അവസാനത്തേതുമായ ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നും അയാള്‍ക്കു തുലോം അസ്പഷ്ടതരമായ ഒരു ബോധമുണ്ടായിരുന്നു.
ഈ വെളിച്ചങ്ങള്‍ക്കു മുന്‍പില്‍ അയാള്‍ ഒരുന്മത്തനെപ്പോലെ നടന്നു. അങ്ങനെ കുണ്ടില്‍ പ്പോയ കണ്ണുകളോടുകൂടി നടന്നുപോകുമ്പോള്‍, ഡി.യില്‍ വെച്ചുണ്ടായ അത്ഭുത സംഭവത്തിന്റെ ഫലമായി തനിക്കു വരാന്‍ പോകുന്നതെന്താണെന്ന് അയാള്‍ക്കു വ്യക്തമായ ഒരു ബോധം ഉണ്ടായിരുന്നുവോ? ജീവകാലത്തില്‍ ചില സമയങ്ങളില്‍ ആത്മാവിനെ ഉപദേശിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തു കാണാറുള്ള ആ അത്ഭുതകരങ്ങളായ പിറുപിറുക്കലുകളെല്ലാം അയാള്‍ക്കു മനസ്സിലായോ? തന്റെ ദൈവഗതിയെ സംബന്ധിച്ചുള്ള ഒരു വിശിഷ്ടഘട്ടത്തെ അയാള്‍ അതാ കടന്നു എന്ന്; ലോകത്തില്‍ വെച്ചു നല്ലവനായിത്തീരാത്ത പക്ഷം, അയാള്‍ ലോകത്തില്‍വെച്ചു വലിയ ദുഷ്ടനായിക്കലാശിക്കുമെന്ന്; ഒന്നുകില്‍ മെത്രാനിലും ഉയര്‍ന്ന പദവിയെടുക്കുക, അല്ലെങ്കില്‍ തടവു പുള്ളിയിലും താഴത്തേക്കു വീഴുക എന്നു പറയട്ടെ, രണ്ടിലൊന്നു ചെയ്യുന്നത് ഇപ്പോള്‍ ഉചിതമായിരിക്കുമെന്ന്; നന്നായിത്തീരുവാന്‍ ആഗ്രഹിക്കുന്ന പക്ഷം അയാള്‍ ഒരു ദേവതുല്യനായിത്തീരണമെന്ന്; ദുഷ്ടനായിത്തന്നെ കഴിയണമെന്നാണ് ആഗ്രഹമെങ്കില്‍ അയാള്‍ ഒരു രാക്ഷസനായിത്തീരണമെന്ന് ഒരു ചെറുശബ്ദം അയാളുടെ ചെകിട്ടില്‍ മന്ത്രിച്ചുവോ?
ഇവിടെ പിന്നെയും ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു — ഞങ്ങള്‍ ഞങ്ങളോടു തന്നെ ഈ ചോദ്യങ്ങള്‍ മറ്റൊരിക്കല്‍ ചോദിക്കുകയുണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം ഒരു നിഴല്‍ തന്റെ വിചാരങ്ങള്‍ക്കിടയില്‍ അയാള്‍ക്കു കൈയില്‍ കിട്ടുകയുണ്ടായോ? ഞങ്ങള്‍ മുന്‍പു തന്നെ പറഞ്ഞിട്ടുള്ളതു പോലെ, നിശ്ചയമായും നിര്‍ഭാഗ്യമാണ് ബുദ്ധിക്കു സംസ്കാരമുണ്ടാക്കുന്നത്; എന്തായാലും ഞങ്ങള്‍ ഇവിടെ പറഞ്ഞതെല്ലാം വെവ്വേറെ വേര്‍പെടുത്തിയെടുക്കുവാന്‍ ഴാങ് വാല്‍ഴാങ്ങിനെക്കൊണ്ട് കഴിഞ്ഞിരുന്നുവോ എന്നു സംശയമാണ്. ഈ വിചാരങ്ങള്‍ അയാളുടെ ഉള്ളില്‍ കടന്നുവെങ്കില്‍ത്തന്നെ, അവയെ അയാള്‍ എന്തോ ഒരു നോക്കു കണ്ടിട്ടുണ്ടായിരിക്കാം എന്നല്ലാതെ, നോക്കിക്കണ്ടു എന്നു പറയാന്‍ വയ്യാ; എന്നല്ല, ആ വിചാരങ്ങള്‍ അനിര്‍വചനീയവും ദുഃഖമയവുമായ ഒരു വികാരാവേഗത്തിലേക്ക് അയാളെ എടുത്തു മറിക്കുവാന്‍ മാത്രമേ ഉപയോഗപ്പെട്ടുള്ളൂ. ഇരുട്ടു പിടിച്ചതും വൈകൃതപ്പെട്ടതുമായ ആ തണ്ടുവലി ശിക്ഷയില്‍ നിന്നു വിട്ടുപോന്ന ഉടനെ, മെത്രാന്‍ അയാളുടെ ആത്മാവിനെ കടന്നുപദ്രവിച്ചു — ഇരുട്ടത്തു നിന്നു കടന്ന ഉടനെ ഒരു ജ്വലിക്കുന്ന ദീപ്തിധോരണിക്കു മുന്‍പില്‍പ്പെട്ടാല്‍ അതു കണ്ണിനെ എന്ന പോലെ, അദ്ദേഹം അയാളെ ഉപദ്രവിച്ചു. പരിശുദ്ധവും പ്രകാശമാനവുമായിത്തന്നെയുള്ള ഭാവിജീവിതം മേലില്‍ താന്‍ അനുഭവിക്കേണ്ടതായി വരുമെന്നു തോന്നിയ ആ പുതുജീവിതം, അയാളില്‍ മുഴുവനും ഉല്‍ക്കണ്ഠയെക്കൊണ്ടും ഭയപ്പാടുകളെക്കൊണ്ടും നിറച്ചു. താന്‍ എവിടെയാണെന്ന് അയാള്‍ക്കു നിശ്ചയമില്ലാതായി. പെട്ടെന്നു സൂര്യനുദിക്കുന്നതു കണ്ട ഒരു കൂമനെപ്പോലെ, എന്നു പറയട്ടെ, ആ തടവുപുള്ളി സദ്‌വൃത്തി കണ്ട് മലയ്ക്കുകയും അന്ധനായിപ്പോവുകയും ചെയ്തു.
ഒന്ന് അയാള്‍ക്കു തീര്‍ച്ചയായി — ഇനി ഒരിക്കലും താന്‍ പണ്ടത്തെ ആളായിരിക്കില്ലെന്ന്, തന്നെസ്സംബന്ധിച്ചുള്ള സകലവും മാറിപ്പോയെന്ന്, മെത്രാന്‍ തന്നോടു സംസാരിക്കുകയും തന്റെ മര്‍മത്തില്‍ കടന്നു പിടിക്കുകയും ചെയ്തിട്ടില്ലെന്നു ഭാവിക്കുവാന്‍ തന്നെക്കൊണ്ട് ഒരിക്കലും കഴിയുകയില്ലെന്ന് അയാള്‍ക്കുറപ്പുതോന്നി — ആ കാര്യത്തില്‍ അയാള്‍ക്കു സംശയമില്ലായിരുന്നു.
അയാളുടെ മനസ്സ് ഈ നിലയിലിരിക്കുമ്പോഴാണ്, ഴെര്‍വെയ്ക്കുട്ടിയെ കണ്ടെത്തിയതും അവന്റെ നാല്പതു സൂ നാണ്യം അയാള്‍ കടന്നു കൈയിലാക്കിയതും. അതെന്തിന്? നിശ്ചയമായും അയാളെക്കൊണ്ട് അതിനുത്തരം പറയാന്‍ സാധിക്കില്ല; തണ്ടുവലിശ്ശിക്ഷ അനുഭവിച്ചിരുന്നേടത്തു നിന്ന് അയാള്‍ പോരുമ്പോള്‍ കൊണ്ടു പോന്ന ദുഷ്ടവിചാരങ്ങളുടെ ഒടുവിലത്തേതും ഒന്നിച്ചുള്ളതുമായ ഒരു മഹാശ്രമമായിരിക്കുമോ അത് — ഒരു മഹാപ്രേരണത്തിന്റെ അവശേഷം, പദാര്‍ഥസ്ഥിതി ശാസ്ത്രപ്രകാരമുള്ള: സഞ്ചിതശക്തി? അത് അതു തന്നെയായിരുന്നു; ഒരു സമയം, അത് അതിലും താഴെയുള്ള ഒന്നായിരുന്നു. ഞങ്ങള്‍ വളച്ചുകെട്ടാതെ പറയട്ടെ, അയാളല്ല ആ കട്ടത്; അതു ചെയ്തതു മനുഷ്യനല്ല; മുമ്പനുഭവിച്ചിട്ടില്ലാത്തതും മുമ്പു കേട്ടിട്ടേ ഇല്ലാത്തതുമായ വിചാരപരമ്പരയില്‍ ബുദ്ധി കിടന്നു മുങ്ങിപ്പൊന്തുന്നതിനിടയ്ക്ക്, അയാളുടെ ഉള്ളില്‍ സാത്മ്യം കൊണ്ടും സ്വഭാവ വിശേഷം കൊണ്ടും ഉണ്ടായിത്തീര്‍ന്നിട്ടുള്ള മൃഗത്വമാണ് ആ പണത്തിനു മുകളില്‍ കാലമര്‍ത്തിയത്.
ബുദ്ധിയുണര്‍ന്നു, മൃഗത്വത്താല്‍ പ്രവര്‍ത്തിക്കപ്പെട്ട ആ പ്രവൃത്തി കണ്ടപ്പോള്‍ ഴാങ് വാല്‍ഴാങ് കഠിനദുഃഖംകൊണ്ടു ചുളുങ്ങി, ഭയാവേഗത്തോടുകൂടി ഉറക്കെ ഒരു നിലവിളി നിലവിളിച്ചു.
കുട്ടിയുടെ കൈയില്‍ നിന്ന് ആ പണം കണ്ടെടുത്തതല്‍, തന്നെക്കൊണ്ടു മേലാല്‍ ചെയ്യാന്‍ വയ്യാത്ത ഒരു കാര്യം താന്‍ ചെയ്തുപോയതുകൊണ്ടാണ് — അത്ഭുതകരമായ സംഭവം; അയാള്‍ അപ്പോള്‍ ചെന്നു പെട്ടിട്ടുള്ള ആ ഒരു നിലയില്‍ നില്ക്കുമ്പോള്‍ മാത്രമേ അങ്ങനെയൊന്നുണ്ടാവാന്‍ നിവൃത്തിയുള്ളൂ — അയാള്‍ക്ക് ആ നിലവിളി വന്നത്.
അതെന്തായാലും ശരി, ഈ ഒടുവിലത്തെ ദുഷ്പ്രവൃത്തിക്ക് അയാളെസ്സംബന്ധിച്ചേടത്തോളം ഒരുറച്ച ഫലമുണ്ടായി; അത് അയാളുടെ മനസ്സു വഹിച്ചുകൊണ്ടിരുന്ന ആ അന്ധകാരകുണ്ഡത്തെ ക്ഷണനേരം കൊണ്ടു പിന്നിട്ടു; ഒരു ഭാഗത്തു കനത്ത ഇരുട്ടും മറ്റേഭാഗത്തു തെളിഞ്ഞ വെളിച്ചവുമായി അതിനെ ഭാഗിച്ചകറ്റി; രസായനശാസ്ത്രസംബന്ധികളായ ചില സംശോധകദ്രവ്യങ്ങള്‍, രണ്ടെണ്ണം കൂടിച്ചേര്‍ന്ന ഒരു മിശ്രയോഗത്തില്‍ നിന്ന് ഒന്നിനെ ഊറിച്ചെടുത്തും മറ്റതിനെ തെളിയിച്ചെടുത്തും വേര്‍തിരിക്കുന്നതുപോലെ, അയാളുടെ അപ്പോഴത്തെ സ്ഥിതിയില്‍ കിടന്നിരുന്ന ആത്മാവില്‍ അതു പ്രവര്‍ത്തിച്ചു.
സകലവും ക്ഷോഭിച്ചു പോയിരുന്നതുകൊണ്ട്, തന്നെപ്പറ്റി പരീക്ഷണം ചെയ്യുന്നതിനും തന്നെപ്പറ്റി ആലോചിക്കുന്നതിനും മുന്‍പായി, ഒന്നാമതു തന്നത്തന്നെ രക്ഷപ്പെടുത്തുവാന്‍ വേണ്ടി പിടയുന്ന ഒരാളെപ്പോലെ, അയാള്‍ ആ കുട്ടിയെ കണ്ടു പിടിച്ചു അവന്നു പണം തിരിച്ചു കൊടുക്കുവാന്‍ ശ്രമിച്ചു; പിന്നീട്, അതസാധ്യമാണെന്നു മനസ്സിലായപ്പോള്‍, അയാള്‍ നിരാശതയോടു കൂടി നിന്നു. ‘ഞാന്‍ ഒരു ദുഷ്ടനാണ്!’ എന്നുച്ചത്തില്‍ പറഞ്ഞ സമയത്ത്, താന്‍ ആരാണെന്ന് അയാള്‍ കണ്ടറിഞ്ഞു, താന്‍ ഒരു ഛായാരൂപം മാത്രമായിരിക്കുന്നു എന്ന് തോന്നുമാറ് — കൈയില്‍ പൊന്തന്‍വടിയോടും, അരയില്‍ വെച്ചു മുറുക്കിയ അടിക്കുപ്പായത്തോടും, പുറത്തു താന്‍ കട്ടെടുത്തിട്ടുള്ള സാമാനങ്ങളെക്കൊണ്ടു നിറഞ്ഞ പട്ടാളമാറാപ്പോടും, മുറുക്കിപ്പിടിച്ചതും ഒരു രസമില്ലാത്തതുമായ മുഖഭാവത്തോടും,
നികൃഷ്ടങ്ങളായ വിഷയങ്ങളാല്‍ നിറയപ്പെട്ട വിചാരങ്ങളോടും കൂടി തന്റെ മുന്‍പില്‍ രക്തമാംസസമ്മിശ്രമായ ശരീരം വഹിച്ചു ഭയങ്കരനായ ആ തടവുപുള്ളി, ഴാങ് വാല്‍ഴാങ്, നില്ക്കുന്നുണ്ടെന്ന് തോന്നത്തക്കവിധം — അയാള്‍ അയാളില്‍ നിന്ന് തീരെ വേറിട്ടു കഴിഞ്ഞു.
ഞങ്ങള്‍ പറഞ്ഞിട്ടുള്ളതു പോലെ അതിയായ ദുഃഖാനുഭവം അയാളെ ഒരുതരം വിചാരശീലനാക്കിയിരുന്നു. അപ്പോള്‍, അത് ഒരുമാതിരി മായാവിചാരമാണ്. ഴാങ് വാല്‍ഴാങ്ങിനെ, ആ അപകടം പിടിച്ച മുഖത്തെ, അയാള്‍ വാസ്തവത്തില്‍ കാണുക തന്നെ ചെയ്തു. ആരാണതെന്ന് അയാള്‍ ഏതാണ്ട് കടന്നു ചോദിക്കാനുള്ള ഭാവമായി; അയാള്‍ ആ അന്യരൂപത്തെ കണ്ടു പേടിച്ചമ്പരന്നു.
വാസ്തവസ്ഥിതിയെ തന്നില്‍ത്തന്നെ ലയിപ്പിച്ച് ഇല്ലാതാക്കത്തക്ക വിധം മനോരാജ്യം അത്രയും അഗാധതരമായിപ്പോകുന്ന ക്ഷുഭിതങ്ങളും എന്നാല്‍ തികച്ചും ശാന്തങ്ങളുമായ ഘട്ടങ്ങളില്‍ ഒന്നിലൂടെയാണ് അപ്പോള്‍ അയാളുടെ തലച്ചോറു സഞ്ചരിച്ചിരുന്നത്. ആ സമയത്തു മനുഷ്യന്‍ തന്റെ മുന്‍പിലുള്ള ഇന്ദ്രിയ വിഷയങ്ങളെയൊന്നും തന്നെ അറിയുന്നില്ല; അയാള്‍ തന്റെ ഉള്ളിലുള്ള വിചാരങ്ങളെയെല്ലാം തന്നില്‍ നിന്നു വേറിട്ടു കാണുകയും ചെയ്യുന്നു.
ഈ നിലയ്ക്ക് അയാള്‍ തന്നത്തന്നെ മുഖത്തോടുമുഖമായി നോക്കിക്കണ്ടു എന്നു പറയട്ടെ; എന്നല്ല, അതോടുകൂടിത്തന്നെ, ആ ചിത്തഭ്രമത്തിനു വിലങ്ങനെ, ഒരത്ഭുതകരമായ ആഴത്തിനുള്ളില്‍, ആദ്യം ഒരു ചൂട്ടാണോ എന്ന് തോന്നിയ ഒരു തരം വെളിച്ചം അയാള്‍ കണ്ടു. തന്റെ അന്തഃകരണത്തിനു അധികം ശ്രദ്ധേയമായി തോന്നിയ ആ വെളിച്ചത്തെ അയാള്‍ സൂക്ഷിച്ചു നോക്കിക്കണ്ടപ്പോള്‍, അതിന് ഒരു മനുഷ്യാകൃതി ഉള്ളതായിത്തോന്നി; എന്നല്ല, ആ കണ്ട ചൂട്ടു മെത്രാനാണെന്നും അയാള്‍ വാസ്തവമറിഞ്ഞു.
അയാളുടെ മനഃസാക്ഷി ആ രണ്ടുപേരേയും — മെത്രാനേയും ഴാങ് വാല്‍ഴാങ്ങിനേയും — തുലാസ്സിലിട്ടു. രണ്ടാമത്തെയാളെ പാകപ്പെടുത്തുവാന്‍ ആദ്യത്തെയാളില്‍ നിന്ന് ഒട്ടും കുറയാത്ത ഒന്നാവശ്യമാണ്. ഇത്തരം മനസ്സംഭ്രമങ്ങളുടെ വിശേഷതകളായ ആ അസാധാരണ ഫലങ്ങളില്‍ ഒന്നു കൊണ്ട്, മനോരാജ്യം ദീര്‍ഘിച്ചതോടു കൂടി അയാളുടെ ദൃഷ്ടികള്‍ക്കു മുന്‍പില്‍ മെത്രാന്‍ വലുപ്പത്തിലും പ്രകാശത്തിലും അത്യന്തം വര്‍ദ്ധിച്ചു വന്നതനുസരിച്ച്, ഴാങ് വാല്‍ഴാങ് ചെറുതാവുകയും മറഞ്ഞു പോകയും ചെയ്തുതുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍, അയാള്‍ ഒരു വെറും ഇരുട്ടല്ലാതെ മറ്റൊന്നുമല്ലെന്നായി. ഉത്തരക്ഷണത്തില്‍ അയാള്‍ മറഞ്ഞു. മെത്രാന്‍ മാത്രം ശേഷിച്ചു; ഈ ഭാഗ്യംകെട്ട മനുഷ്യന്റെ ആത്മാവിനെ മുഴുവനും അദ്ദേഹം ഉത്കൃഷ്ടമായ ഒരു ദീപ്തിവിതാനംകൊണ്ടു നിറച്ചു.
ഴാങ് വാല്‍ഴാങ് കുറെ അധികനേരം കരഞ്ഞു; അയാളുടെ കണ്ണുകളില്‍ നിന്ന് ചുട്ടു തിളയ്ക്കുന്ന കണ്ണുനീരൊഴുകി; ഒരു സ്ത്രീയേക്കാളധികം പാവമായും ഒരു കുട്ടിയെക്കാളധികം പേടിച്ചും അയാള്‍ തേങ്ങിപ്പോയി.
അങ്ങനെ അയാള്‍ കരയുന്നതോടുകൂടി, പ്രഭാതം അയാളുടെ ആത്മാവില്‍ അധികമധികം പ്രകാശിച്ചു — അതേ, അത്ഭുതകരമായ ഒരു വെളിച്ചം — മനസ്സു മയക്കുന്നതും അപ്പോള്‍ത്തന്നെ പേടിപ്പിക്കുന്നതുമായ അങ്ങനെയൊരു തേജോവിശേഷം, തന്റെ ആദ്യചരിത്രം, താന്‍ ഒന്നാമതു ചെയ്ത കുറ്റം, താന്‍ അതിന്നനുഭവിച്ച ആ അനവധികാലത്തെ പ്രതിശാന്തി, തനിക്കു പുറത്തുണ്ടായിത്തീര്‍ന്ന ക്രൂരമൃഗത്വം, അകത്തുണ്ടായിവന്ന മനഃകാഠിന്യം, സ്വാതന്ത്ര്യത്തിലേക്കുണ്ടായ തന്റെ മോചനം, പകരം വീട്ടുവാന്‍ പലേ വഴികളും ആലോചിച്ചിരുന്നതിലെ ആഹ്ലാദം, മെത്രാന്റെ ഗൃഹത്തില്‍ വെച്ചു താന്‍ അനുഭവിച്ചത്, താന്‍ ഒടുവില്‍ ചെയ്തു വെച്ച ക്രിയ, ഒരു കുട്ടിയില്‍ നിന്ന് നാല്പതു സൂ കട്ടു കൈക്കലാക്കിയത്. മെത്രാന്റെ മാപ്പു കഴിഞ്ഞതിനു ശേഷമായതു കൊണ്ട് അത്രയും ഭീരുത്വത്തോടുകൂടിയതും അത്രയും രാക്ഷസോചിതമായി തോന്നുന്നതുമായ ആ ഒരു ദുഷ്പ്രവൃത്തി — ഇതെല്ലാം അയാളുടെ മനസ്സില്‍ ആവര്‍ത്തിച്ചു; അതേവരെ താന്‍ കണ്ടറിഞ്ഞിട്ടില്ലാത്ത ഒരു പുതിയതരം സ്ഫുടതയോടുകൂടി ഇതെല്ലാം അയാളുടെ മുന്‍പില്‍ പ്രത്യക്ഷീഭവിച്ചു. അയാള്‍ തന്റെ ജീവിതത്തെ പരീക്ഷണം ചെയ്തു; അത് ഭയങ്കരമായി തോന്നി; അയാളുടെ ആത്മാവ് — അതയാള്‍ക്കു ഭയങ്കരമായിത്തീര്‍ന്നു. അതിന്നിടയ്ക്ക് ഒരു സൗമ്യതേജസ്സ് ആ ജീവിതത്തിനും ആ ആത്മാവിനും ആശ്വാസകരമായി അവയുടെ മേല്‍ പതുക്കെ വന്നുപതിഞ്ഞു. സ്വര്‍ഗത്തിന്റെ വെളിച്ചത്തിലൂടെ താന്‍ നരകദേവതയെ കാണുന്നതായി അയാള്‍ക്കു തോന്നി.
ഇങ്ങനെ അയാള്‍ എത്ര മണിക്കൂര്‍ നേരം കരഞ്ഞു? കരച്ചിലവസാനിച്ചതിനു ശേഷം അയാള്‍ എന്തു പ്രവര്‍ത്തിച്ചു? അയാള്‍ എവിടേക്കാണ് പോയത്? ഒരാള്‍ക്കും ഒരു കാലത്തും നിശ്ചയമില്ല. ഒരു കാര്യം മാത്രം മതിയായ തെളിവിന്മേല്‍ വിശ്വസിച്ചു പറയാവുന്നതാണ് — ആ കാലത്തു ഗ്ലെനോബ്ളിലായിരുന്ന ഒരഞ്ചലോട്ടക്കാരന്‍, അന്നു രാത്രിതന്നെ, ഏകദേശം പുലരാന്‍ മൂന്നു മണിക്കു ഡി.യില്‍ വന്ന സമയത്ത്, താന്‍ മെത്രാന്റെ താമസസ്ഥലം നില്ക്കുന്ന തെരുവിലൂടെ കടന്നു പോകുമ്പോള്‍, ഇരുട്ടത്തു പുറത്തെ കല്‍വിരിപ്പില്‍, മോണ്‍സിന്യേര്‍ വെല്ക്കമിന്റെ വീട്ടുവാതിലിനു മുന്‍പിലായി ഒരാള്‍ ഈശ്വരവന്ദനത്തിനുള്ള ഇരിപ്പില്‍ മുട്ടുകുത്തിയിരിക്കുന്നതു കാണുകയുണ്ടായി.
കുറിപ്പുകൾ
- ↑ ഭരണപരിവർത്തനത്തിൽ പ്രവർത്തിച്ച ഒരു പ്രമുഖ നേതാവ്, പതിനാറാമൻ ലൂയിയെ ബന്ധനസ്ഥനാക്കുന്നതിനും പിന്നീടു ശിരഛേദം ചെയ്യുന്നതിനും ഇദ്ദേഹം വളരെ പരിശ്രമിച്ചിട്ടുണ്ട്.
- ↑ ഓരോ ഹോട്ടലിന്റെയും ഉമ്മറത്ത് ഇങ്ങനെ എന്തെങ്കിലും ഒരടയാളം വെയ്‌ക്കുക പതിവുണ്ട്.
- ↑ നെപ്പോളിയന്റെ വലിയ ഒരു സുഹൃത്തും വിശ്വസ്തനും.
- ↑ ഇത്തരം ശിക്ഷ ഇന്ത്യയിൽ നടപ്പില്ല. ഇതിന്റെ പൂർണ്ണവിവരം ഈ ഗ്രന്ഥത്തിൽത്തന്നെ വരുന്നുണ്ട്.