close
Sayahna Sayahna
Search

ഷാങ്മാത്തിയോ കേസ്സ്


പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350

ഷാങ്മാത്തിയോ കേസ്സ്

സിസ്റ്റര്‍ സിംപ്ലീസ്

വായനക്കാര്‍ ഈ വായിക്കാന്‍ പോകുന്ന സംഭവം മുഴുവനും എം. പട്ടണത്തില്‍ അറിയപ്പെട്ടിട്ടില്ല. പക്ഷേ, അതില്‍ അറിയപ്പെട്ടേടത്തോളം ആ ഭാഗം ആ പട്ടണത്തിലെങ്ങും അത്രമേല്‍ മായാത്ത ഒരു സ്മരണയെ നിലനിര്‍ത്തിപ്പോന്നതുകൊണ്ട്, മുഴുവന്‍ വിവരങ്ങളും ഞങ്ങള്‍ പറയാതിരിക്കുന്നപക്ഷം അത് ഈ പുസ്തകത്തില്‍ ഒരു തൂരാത്ത വിടവായിത്തീരും. ഈ വിവരങ്ങളുടെ കൂട്ടത്തില്‍ രണ്ടോ മൂന്നോ അസംഭാവ്യസംഗതികള്‍ വായനക്കാര്‍ കണ്ടുമുട്ടും; സത്യത്തോടുള്ള ആദരം കൊണ്ട് അവയെ ഞങ്ങള്‍ കളയാതെ വെക്കുന്നു.

ഴാവേര്‍ വന്നതിന്റെ പിറ്റേദിവസം ഉച്ചതിരിഞ്ഞിട്ടു പതിവുപോലെ, മൊസ്സ്യു മദലിയെന്‍ ഫന്‍തീനെ കാണാന്‍ ചെന്നു.

ഫന്‍തീന്റെ മുറിയില്‍ കടക്കുന്നതിനു മുന്‍പായി, അയാള്‍ സിസ്റ്റര്‍ സിംപ്ലീസിനെ വിളിച്ചു.

രോഗിപ്പുരയില്‍ ശുശ്രൂഷയ്ക്കു നിന്നിരുന്ന ആ രണ്ടു കന്യകാമഠസ്ത്രീകള്‍ — അവര്‍ ലാസറിസ്റ്റ് സംഘത്തില്‍പ്പെട്ടവരായിരുന്നു — ധര്‍മവിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹോദരിമാരേയുംപോലെ, സിസ്റ്റര്‍ (=സഹോദരി) പേര്‍പെത്യു എന്നും സിസ്റ്റര്‍ സിംപ്ലീസ്സ് എന്നും പേര്‍ വഹിച്ചിരുന്നു.

സിസ്റ്റര്‍ പേര്‍പെത്യു ഒരു സാധാരണ ഗ്രാമീണയാണ്; ഒരു പരുക്കന്‍ മട്ടിലുള്ള പരോപകാരിണി: മറ്റുള്ളവര്‍ മറ്റു പ്രവൃത്തികളോരോന്നില്‍ പ്രവേശിക്കുന്നതുപോലെ, അവള്‍ ഈശ്വരവിഷയത്തില്‍ പ്രവേശിച്ചു. മറ്റു സ്ത്രീകള്‍ വെപ്പുകാരികളാകുന്നതുപോലെ, അവള്‍ കന്യകാമഠസ്ത്രീയായി. ഈ തരക്കാര്‍ അത്രയധികം ചുരുക്കമല്ല. സന്ന്യാസാശ്രമങ്ങള്‍ ഈ കനമുള്ള ഗ്രാമീണമണ്‍പാത്രത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നു; അതിനെ ഒരു കപ്പൂച്ചിന്‍[1] ആയിട്ടോ ഒരു എര്‍സുലിന്‍[2] ആയിട്ടോ എളുപ്പത്തില്‍ രൂപഭേദപ്പെടുത്താം. ഭക്തിവിഷയകമായ പരുക്കന്‍ പണിക്കു ഈ നാട്ടുപുറക്കാരികളെ ഉപയോഗപ്പെടുത്തുന്നു. ഒരു കന്നുകാലിച്ചെക്കനില്‍നിന്ന് ഒരു കാര്‍മിലെറ്റി[3]ലേക്കുള്ള മറിച്ചില്‍ ഒട്ടും ഊക്കുകൂടിയതല്ല; അധികം അധ്വാനം കൂടാതെ ഒന്നു മറ്റൊന്നാവുന്നു; ഗ്രാമത്തിനും സന്ന്യാസിമഠത്തിനും പൊതുവിലുള്ള അജ്ഞാനത്തുക തയ്യാറായിരിപ്പുള്ള ഒരൊരുക്കമാണ്; അതു ക്ഷണനേരംകൊണ്ട് ഒരപരിഷ്കൃതയേയും ഒരു സന്ന്യാസിനിയേയും ഒപ്പമാക്കുന്നു; അടിക്കുപ്പായത്തിനു കുറച്ചുകൂടി വലുപ്പം, അതതാ ഒരു സന്ന്യാസിനിയായി, സിസ്റ്റര്‍ പേര്‍പെത്യു പോംത്വാസിനോടടുത്തുള്ള മറീനില്‍ നിന്നും വന്ന ഒരു ആരോഗ്യമുള്ള കന്യകയാണ്; അവള്‍ തന്റെ പടുഭാഷ ചിലയ്ക്കും. മൂളിപ്പാട്ടു പാടും, പിറുപിറുക്കും. രോഗിയുടെ മതഭ്രാന്തോ കപടഭക്തിയോ അനുസരിച്ചു കഷായമാത്രയില്‍ മധുരം കൂട്ടും; ശുശ്രൂഷിക്കപ്പെടുന്നവരോടു തന്റെ ദ്രുതഗതിയിലും പരുക്കന്‍മട്ടിലും പെരുമാറും; മരിക്കുന്നവരോടു നീരസപ്പെടും; ഈശ്വരനെ പിടിച്ച് ഏതാണ്ട് അവരുടെ മുഖത്തേക്കെറിയും; ഒരു ശുണ്ഠിയോടുകൂടി വിഴുങ്ങിപ്പറയുന്ന ഈശ്വരപ്രാര്‍ഥനകളെക്കൊണ്ട് അവരുടെ പ്രാണവേദനയുടെ മേലേക്കു കല്ലെറിയും. അവള്‍ ഗൗര്യമുള്ളവളും മര്യാദക്കാരിയും ഒരു പാടലവര്‍ണത്തോടുകൂടിയവളുമാണ്.

സിസ്റ്റര്‍ സിംപ്ലീസ് വെളുത്ത ഒരു മെഴുവര്‍ണക്കാരിയാണ്. സിസ്റ്റര്‍ പേര്‍ത്യുവിന്റെ അടുത്തു നില്ക്കുമ്പോള്‍, അവര്‍ മെഴുതിരിക്കടുത്തുള്ള ചെറുതിരിയാണ്. വങ്ങ്സാങ്ങ് ദ് പോള്‍[4] ധര്‍മ്മവിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെപ്പറ്റി സ്വാതന്ത്ര്യത്തോളംതന്നെ അടിമത്തരവും കൂട്ടിയിളക്കിക്കൊണ്ടു പറഞ്ഞിട്ടുള്ള ഈ താഴേ കാണുന്ന ദിവ്യവിവരണത്തില്‍മ് അവരുടെ ആകൃതിവിശേഷത്തെ ശരിയായി ഒപ്പിച്ചിരിക്കുന്നു; ‘അവര്‍ക്കു തങ്ങളുടെ മഠത്തിന്റെ സ്ഥാനത്തു രോഗികളുടെ വീടുമാത്രമുണ്ടാവും; ആശ്രമത്തിന്റെ സ്ഥാനത്തു കൂലിക്കു മേടിച്ച ഒരറ മാത്രം; ചെറുപള്ളിയുടെ സ്ഥാനത്തു തങ്ങളുടെ ഇടവക പള്ളി മാത്രം; വീട്ടുവളപ്പിന്റെ സ്ഥാനത്തു പട്ടണത്തിലെ തെരുവുകളും ആസ്പത്രികളുടെ മതില്ക്കകങ്ങളും മാത്രം; മറവുസ്ഥലത്തിന്റെ സ്ഥാനത്ത് അനുസരണം മാത്രം; അഴിച്ചുമരുകളുടെ സ്ഥാനത്തു ദൈവഭയം മാത്രം; മുഖമറയുടെ സ്ഥാനത്തു ലജ്ജ മാത്രം; ഈ മാതൃക സിസ്റ്റര്‍ സിംപ്ലീസില്‍ ഒരു ജീവദ്രൂപമെടുത്തു; അവള്‍ ഒരിക്കലും ചെറുപ്പക്കാരിയാവുക ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും അവള്‍ വൃദ്ധയാവുക ഉണ്ടാവില്ലെന്നു തോന്നി. സിസ്റ്റര്‍ സിംപ്ലീസിന് എത്ര വയസ്സായി എന്ന് ആരെക്കൊണ്ടും പറയാന്‍ സാധിക്കയില്ല. അവള്‍ സൗശീല്യത്തോടും തപോനിഷ്ഠയോടും തറവാടിത്തോടും ഉന്മേഷക്കുറവോടും കൂടിയ ഒരാളായിരുന്നു — ഒരു സ്ത്രീയായിരുന്നു എന്നു പറയാന്‍ ഞങ്ങള്‍ക്കു ധൈര്യമില്ല. അവള്‍ ഒരിക്കലും നുണ പറയുകയുണ്ടായിട്ടില്ല. ഉറപ്പില്ലാത്തവളോ എന്നു തോന്നുമാറ് അവള്‍ അത്രയും സൗമ്യശീലയാണ്; പഷേ, അവള്‍ക്കു കരിങ്കല്ലിനെക്കാള്‍ കുട്ടിത്തം കൂടും. കൗതുകകരമായ പരിശുദ്ധിയും സൗഭാഗ്യവുമുള്ള വിരലുകളെക്കൊണ്ട് അവള്‍ ഭാഗ്യംകെട്ടവരെ തൊടും. അവളുടെ സംസാരത്തില്‍ ഒരു നിശ്ശബ്ദതയൂണ്ടായിരുന്നു എന്നു പറയട്ടെ; അവള്‍ ആവശ്യമുള്ളതുമാത്രം സംസാരിക്കും; ‘പാപസമ്മതം’ ചെയ്വാനുള്ള സ്ഥലത്തെ സംസ്കരിക്കുകയോ ഒരതിഥിസല്‍ക്കാരമുറിയെ വശ്യമാക്കുകയോ ഒരേമാതിരിയില്‍ ചെയ്യുന്ന ഒരു സ്വരവിഷേഷം അവളുടെ ശബ്ദത്തിനുണ്ട്. ഈ കോമളത് കമ്പിളിത്തുണികൊണ്ടുള്ള പുറംകുപ്പായത്തോടു ഘടിപ്പിക്കപ്പെട്ടു; ഈ കഠിനതരമായ സമ്പര്‍ക്കത്തില്‍ സ്വര്‍ഗത്തേയും ഈശ്വരനെപ്പറ്റി ഇളവില്ലാത്ത ഒരോര്‍മിപ്പിക്കലുണ്ട്. ഞങ്ങള്‍ ഒരു വിവരം ഉറപ്പിക്കട്ടെ, ഒരിക്കലും അസത്യം പറഞ്ഞിട്ടില്ലെന്നുള്ളത് — എന്താവശ്യത്തിനായാലും ശരി; വെറുതെയായിട്ടുകൂടി, സത്യമല്ലാതെ; സര്‍വ്വോല്‍കൃഷ്ടമായ സത്യമല്ലാതെ, യാതൊന്നും ഒരു കാലത്തും പറഞ്ഞിട്ടില്ലെന്നുള്ളത് — സിസ്റ്റര്‍ സിംപ്ലീസ്സിന്റെ സ്വഭാവഗുണത്തിലുള്ള ഒരു മുഖ്യസവിശേഷതയാണ്; അതവളുടെ സൗശീല്യത്തിന്റെ ഉച്ചാരണനിയമമാണ്. ഈ അക്ഷോഭ്യമായ സത്യനിഷ്ഠ നിമിത്തം അവള്‍ ആ സഭായോഗത്തിനിടയില്‍ എവിടെയും ഏതാണ്ടു സുപ്രസിദ്ധയായിരുന്നു. സിക്കാര്‍ മതാചാര്യന്‍ ബധിരനും മൂകനുമായ മാസ്സ്യോവിന്നയച്ച ഒരു കത്തില്‍ സിസ്റ്റര്‍ സിംപ്ലിസ്സിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. നമ്മള്‍ എത്രതന്നെ പരിശുദ്ധന്മാരും നിഷ്കപടന്മാരുമായാലും നമ്മുടെയെല്ലാം വെണ്മയുടെ മീതെ ചെറുതും നിര്‍ദ്ദോഷവുമായ നുണയുടെ വിള്ളിച്ചയുണ്ട്. അവള്‍ക്കതില്ല, ചെറിയ നുണ, നിര്‍ദ്ദോഷമായ നുണ — അങ്ങനെയൊന്നുണ്ടോ? അസത്യം പറക എന്നതു പാപത്തിന്റെ കേവലസ്വരൂപമാണ്. കുറച്ചു നുണ പറയുക എന്നതു ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല; നുണ പറയുന്നവന്‍ ആ മുഴുവന്‍ നുണയും പറയുന്നു. അസത്യം പറക എന്നതു നരകദേവതയുടെ ശരിയായ മുഖമാണ്. നരകദേവതയ്ക്കു — സേറ്റന്നു — രണ്ടു പേരുണ്ട്; ഒന്നു സേറ്റനെന്നും മറ്റൊന്ന് അസത്യഭാഷണമെന്നും. ഇതായിരുന്നു അവളുടെ ആലോചന; അവള്‍ അതുപ്രകാരംതന്നെ പ്രവര്‍ത്തിച്ചു. അതിന്റെ ഫലമാണ് ഞങ്ങള്‍ മുന്‍പു പറഞ്ഞിട്ടുള്ള അവളുടെ വെളുപ്പ് — അവളുടെ ചുണ്ടുകളേയും കണ്ണൂകളേയും കൂടി പ്രകാശംകൊണ്ടു മൂടിയ ആ ഒരു വെളുപ്പ്. അവളുടെ പുഞ്ചിരി വെളുത്തിട്ടാണ്; അവളുടെ നോട്ടം വെളുത്തിട്ടാണ്. ആ മനസ്സാക്ഷിയുടെ ചില്ലുജനാലയ്ക്കു മുന്‍പില്‍ ഒരൊറ്റ മാറാല നൂലാവട്ടെ, ഒരൊറ്റ മണ്ണിന്‍ തരിയാവട്ടെ ഇല്ല. വങ്ങ്സാങ്ങ്ദ് പോളിന്റെ വക ആശ്രമത്തില്‍ ചേര്‍ന്നപ്പോള്‍, അവള്‍ കല്പിച്ചുകൂട്ടി സിസ്റ്റര്‍ സിംപ്ലീസ്സ് എന്ന പേരെടുത്തു. നമുക്കെല്ലാം അറിവുള്ളതുപോലെ, സിസിലിയിലെ സിംപ്ലീസ്സാണല്ലോ, താന്‍ സീറാക്യൂസ്സില്‍ പിറന്ന സ്ഥിതിക്ക് അതു വിട്ടു സെഗെസ്തയില്‍ ജനിച്ചവളാണെന്നു പറയുന്നതിലും ഭേദമാണെന്നു വെച്ച് — ഈ ഒരു നുണകൊണ്ട് തനിക്ക് രക്ഷ കിട്ടുമായിരുന്നുവെങ്കിലും — തന്റെ രണ്ടു മാറിടവും പറിച്ചു ചീന്തിക്കളയുവാന്‍ സമ്മതിച്ചു നിന്ന സന്ന്യാസിനി. ആ മഹാതപസ്വിനി ഈ ഒരാത്മാവിനു യോജിച്ചു.

ആശ്രമത്തില്‍ ചേരുമ്പോള്‍ സിസ്റ്റര്‍ സിംപ്ലസ്സിനു രണ്ടു ദോഷമുണ്ടായിരുന്നു; രണ്ടും അവള്‍ ക്രമേണ ഇല്ലാതാക്കി; രുചികരഭക്ഷണങ്ങളോടു താല്പര്യമുണ്ട്; കത്തുകള്‍ കിട്ടുന്നത് ഇഷ്ടമാണ്. ലാറ്റിന്‍ ഭാഷയില്‍ ഭംഗിയില്ലാത്ത അച്ചില്‍ അച്ചടിച്ച ഒരീശ്വരസ്തുതിഗ്രന്ഥമല്ലാതെ അവള്‍ മറ്റൊന്നും വായിച്ചില്ല. അവള്‍ക്കു ലാറ്റിന്‍ വായിച്ചാല്‍ മനസ്സിലാവില്ല; പക്ഷേ, ആ പുസ്തകം അവള്‍ക്കു കണ്ടാലറിയാം.

ഈ മതഭക്തിയുള്ള സ്ത്രീക്ക് ഫന്‍തീന്റെ നേരെ ഒരു വാത്സല്യം തോന്നി; അത് അവളില്‍ ലയിച്ചുകിടക്കുന്ന മനോഗുണം ബോധപ്പെട്ടിട്ടാവണം; അവള്‍ ഫന്‍തീനെത്തന്നെ ശ്രുശ്രൂഷിച്ചുനിന്നു.

മൊസ്സ്യു മദലിയെന്‍ സിസ്റ്റര്‍ സിംപ്ലീസ്സിനെ അടുക്കലേക്ക് വിളിച്ച് ഒരസാധാരണ സ്വരത്തില്‍ ഫന്‍തീനെ നോക്കണമെന്നേല്പിക്കുകയുണ്ടായി; ഇത് ആ സിസ്റ്റര്‍ പിന്നീട് ഓര്‍മിച്ചിരുന്നു.

ആ കന്യകാമഠസ്ത്രീയുമായി പിരിഞ്ഞ്, അയാള്‍ ഫന്‍തീന്റെ അടുക്കലേക്കു ചെന്നു.

ഉത്സാഹത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു ഉദയത്തെയെന്നപോലെ ഫന്‍തീന്‍ ദിവസംപ്രതി മൊസ്സ്യു മദലിയെന്റെ വരവും കാത്തിരുന്നു. അവള്‍ ആ കന്യകാമഠസ്ത്രീകളോടു പറയാറുണ്ട്: ‘മൊസ്സ്യു മദലിയെന്‍ ഇവിടെയുള്ളപ്പൊഴേ ഞാന്‍ ജീവിക്കുന്നുള്ളൂ.’

അവള്‍ക്കന്നു വല്ലാതെ പനിച്ചു. മൊസ്സ്യു മദലിയെനെ കണ്ട ഉടനെ അവള്‍ ചോദിച്ചു: ‘കൊസെത്തോ?’

അയാള്‍ ഒരു പുഞ്ചിരിയോടുകൂടി മറുപടി പറഞ്ഞു: ‘ഇപ്പോള്‍’,

ഫന്‍തീനെസ്സംബന്ധിച്ചേടത്തോളം മൊസ്സ്യു മദലിയെന്‍ പതിവു മട്ടില്‍ത്തന്നെയായിരുന്നു. ഫന്‍തീന്റെ അത്യാഹ്ലാദത്തിന്, അയാള്‍ അരമ ണിക്കൂറിനു പകരം ഒരു മണിക്കൂര്‍ താമസിച്ചു എന്നു മാത്രം. ദീനക്കാരിക്ക് എന്തൊന്നും ഇല്ലാതെ വരരുതെന്ന് അയാള്‍ എല്ലാവരോടും പിന്നേയും പിന്നേയും ഏല്പിച്ചു. അയാളുടെ മൂഖഭവാം അത്യന്തം ദുഃഖമയമായിപ്പോയ ഒരു നിമിഷമുണ്ടായിരുന്നതായി കാണപ്പെട്ടു. പക്ഷേ, ഡോക്ടര്‍ മുഖം കുനിച്ച് അയാളുടെ ചെകിട്ടില്‍ ‘അവളുടെ നില വേഗത്തില്‍ തരം തെറ്റുന്നു’ എന്നു പറകയുണ്ടായെന്നറിഞ്ഞപ്പോള്‍ ആ ദുഃഖകാരണം വെളിവായി.

അവിടെ നിന്ന് അയാള്‍ ടൗണ്‍ ഹാളിലേക്കു തിരിച്ചു. തന്റെ ആപ്പീസു മുറിയില്‍ തൂക്കിയിട്ടുള്ള ഫ്രാന്‍സിലെ നിരത്തുകളുടെ ഒരു പടം അയാള്‍ സശ്രദ്ധം നോക്കിപ്പഠിച്ചിരുന്നതു ഗുമസ്തന്‍ സൂക്ഷിച്ചു. മൊസ്സ്യു മദലിയെന്‍ ഒരു കഷ്ണം കടലാസ്സില്‍ പെന്‍സില്‍കൊണ്ട് ചില അക്കങ്ങള്‍ കുറിച്ചെടുത്തു.

മാസ്റ്റര്‍ സ്കോഫ്ളേറുടെ കടുബുദ്ധി

ടൗണ്‍ ഹാളില്‍നിന്നു പോന്ന്, അയാള്‍ പട്ടണത്തിന്റെ അറ്റത്ത് മാസ്റ്റര്‍ സ്കോഫ്ളേര്‍ എന്നു പേരായി ‘കുതിരകളും വണ്ടികളും വേണ്ടവര്‍ക്കു കൂലിക്കു കൊടുക്കുന്ന’ ഒരു ഫ്ളെമിങ്ങ്കാരന്റെ വീട്ടിലേക്ക് നടന്നു.

ഈ സ്കോഫ്ളേറുടെ ഭവനത്തിലേക്ക് മൊസ്സ്യു മദലിയെന്റെ ഇടവകയിലെ മതാചാര്യന്‍ താമസിക്കുന്നതും ഏറെ ജനസഞ്ചാരമില്ലാത്തതുമായ ഒരിടവഴിയിലൂടെ പോകുന്നതാണ് അധികം എളുപ്പം. ആ മതാചാര്യന്‍ ഒരു വിശിഷ്ടനും മാന്യനും ബുദ്ധിമാനുമാണെന്നാണ് കേള്‍വി. മൊസ്സ്യു മദലിയെന്‍ ആ മതാചാര്യഭവനത്തിന്റെ മുന്‍പിലെത്തിയപ്പോള്‍, തെരുവില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ആ മനുഷ്യന്‍ ഇതു സൂക്ഷിച്ചു; മെയര്‍ മതാചാര്യന്റെ വീടു കടന്ന് അവിടെ നിന്നു; അനങ്ങാതെ നിലവായി; എന്നിട്ടു പിന്നോക്കം തിരിഞ്ഞു; മതാചാര്യന്റെ വീട്ടിന്റെ ഉമ്മറവാതില്ക്കലേക്ക് ചെന്നു. ആ വാതില്ക്കല്‍ ഒരു വിളിയന്ത്രമുണ്ട്. അയാള്‍ വേഗത്തില്‍ ആ യന്ത്രത്തിന്മേല്‍ കൈവച്ചു; ആലോചനയില്‍പ്പെട്ടതുപോലെ പിന്നേയും അയാള്‍ വെറുതെ നിന്നു; ഏതാനും ഞൊടികള്‍ക്കുശേഷം, ആ യന്ത്രത്തില്‍ മുട്ടി വിളിക്കുന്നതിനു പകരം, അതിനുവേണ്ടി പൊന്തിച്ച താഴ് പതുക്കെ മുന്‍മട്ടില്‍ത്തന്നെ വെച്ചു, മുന്‍പത്തെക്കാളധികം വേഗത്തില്‍ നേരേ നടന്നു.

മൊസ്സ്യു മദലിയെന്‍ ചെന്ന സമയത്തു മാസ്റ്റര്‍ സ്കോഫ്ളേര്‍ വീട്ടിലുണ്ടായിരുന്നു; അയാള്‍ വണ്ടിക്കുതിരക്കോപ്പു തുന്നുകയാണ്.

‘മാസ്റ്റെ സ്കോഫ്ളേര്‍,’ അയാള്‍ ചോദിച്ചു, ‘നിങ്ങളുടെ പക്കല്‍ ഒരു നല്ല്ല കുതിരയെ തരാനുണ്ടോ?’

‘മിസ്റ്റര്‍ മെയര്‍,’ ഫ്ളെമിങ്ങ്‌കാരന്‍ പറഞ്ഞു: ‘എന്റെ എല്ലാ കുതിരകളും നന്ന്. ഒരു നല്ല കുതിര എന്നു വെച്ചാല്‍ നിങ്ങള്‍ എന്താണര്‍ഥം കരുതിയിട്ടുള്ളത്?’

‘ഒരു ദിവസം ഇരുപതു കാതം പോകുന്ന ഒരു കുതിര എന്നര്‍ഥം.’

‘എട ഗ്രഹപ്പിഴേ.’ ഫ്ളെമിങ്ങ്‌കാരന്‍ പറഞ്ഞു: ‘ഇരുപതു കാതം!’

‘അതേ.’

‘വണ്ടിയില്‍ കെട്ടിയിട്ടിട്ട്?’

‘അതേ.’

‘അവിടെ എത്തിയാല്‍ പിന്നെ മടങ്ങുവാന്‍ താമസമുണ്ടാവും?’

‘വേണ്ടിവന്നാല്‍ പിറ്റേ ദിവസം തന്നെ മടങ്ങണം.’ അതേ വഴിയിലൂടെത്തന്നെ?’

‘അതേ.’

‘ഗ്രഹപ്പിഴേ! ഗ്രഹപ്പിഴേ! ഇരുപതു കാതമുണ്ടുതാനും.’

മൊസ്സ്യു മദലിയെന്‍ കുപ്പായക്കീശയില്‍നിന്നു താന്‍ പെന്‍സില്‍കൊണ്ട് എന്തോ കുറിച്ചിട്ടിട്ടുള്ള ഒരു കടലാസ്സിന്‍ കഷ്ണം പുറത്തേക്കെടുത്തു. അത് ആ ഫ്ളെമിങ്ങ്കാരന്നു കാണിച്ചു. അതില്‍ കുറിച്ചിട്ടുള്ള അക്കങ്ങള്‍ 5, 6, 8 1/2 എന്നാണ്.

‘കണ്ടില്ലേ,’ മെയര്‍ പറഞ്ഞു, ‘ആകെ പത്തൊമ്പതര: ഇരുപതു കാതം എന്നു തന്നെ പറയാം.’

‘മിസ്റ്റര്‍ മെയര്‍,’ ഫ്ളെമിങ്ങ്കാരം മറുപടി പറഞ്ഞു: ‘നിങ്ങള്‍ക്കു പറ്റിയതൊന്ന് എന്റെ പക്കലുണ്ട്. എന്റെ ചെറിയ വെള്ളക്കുതിര — അതിനെ നിങ്ങള്‍ ഇടയ്ക്കു കണ്ടിട്ടുണ്ടായിരിക്കണം, ബുലോന്നെയില്‍ താഴേ ഖണ്ഡത്തില്‍നിന്നു വാങ്ങിയ ഒരു ചെറിയ ജന്തുവാണ്. അതു മുഴുവനും ചൊടി തന്നെ. ആദ്യത്തില്‍ അതിനെ ഒരു ജീനി വെക്കാനുള്ളതാക്കണം എന്ന് ആളുകള്‍ കരുതി. ഹാ! അവന്‍ പിന്നോക്കം തള്ളി. ചവിട്ടി, എല്ലാവരേയും തള്ളി മറിച്ചിട്ടു. ഒരു വികൃതിക്കുതിരയാണെന്നു തീര്‍ച്ചയാക്കി; എന്താണ് അതിനെക്കൊണ്ട് കാട്ടേണ്ടതെന്ന് ആര്‍ക്കും നിശ്ചയമില്ലാതായി. ഞാന്‍ അവനെ മേടിച്ചു. ഞാന്‍ അവനെ പിടിച്ച് ഒരു വണ്ടിക്കു കെട്ടി നോക്കി; അവന്നും അതുതന്നെയായിരുന്നു മോഹം; ഒരു പെണ്‍കിടാവിനെപോലെ അവനിപ്പോള്‍ അത്ര പാവമാണ്; അവന്‍ കാറ്റുപോലെ പറപറക്കും. ഹാ! അവന്റെ പുറത്തു കയറിക്കൂടാ. ജീനി വെക്കപ്പെടുന്നതു തനിക്കത്ര ഇഷ്ടമല്ല. ആര്‍ക്കുമുണ്ടല്ലോ ഓരോ മോഹം. ‘വലിക്കുക? ശരി, ചുമക്കുക? ഇല്ല!’ ഇങ്ങനെയായിരിക്കണം അവന്റെ ആലൊചന എന്നു തോന്നുന്നു.’

‘അത് ഈ ചെറിയ സര്‍ക്കീട്ടു കഴിക്കും?’

‘നിങ്ങളുടെ ഇരുപതു കാതം ഒരൊറ്റ നട; എട്ടുമണിക്കൂറിനുള്ളിലും. പക്ഷേ, ഇങ്ങനെ ചിലതുണ്ട് —’

‘പറയൂ.’

ഒന്നാമതു, പകുതിവഴി എത്തിയാല്‍ ഒരര മണിക്കൂറു നേരം അവന്നു ശ്വാസം കഴിക്കാന്‍ ഇട കൊടുക്കണം; അവന്‍ തിന്നുകൊള്ളും; ആ തിന്നുന്നതിനിടയ്ക്ക്, അവന്നുള്ള മുതിര പന്തിയിലെ പിള്ളരാരും എടുത്തു സാപ്പിടാതിരിക്കാന്‍ ഒരാള്‍ അടുത്തു നില്ക്കണം; ഹോട്ടലുകളില്‍ കുതിരകളെക്കാളധികം അവയ്ക്കുള്ള മുതിര ചെലവാക്കുന്നത് പന്തിച്ചെക്കന്മാരാണെന്നു ഞാന്‍ കണ്ടിട്ടുണ്ട്.

‘ഒരാള്‍ നില്ക്കും.’

‘രണ്ടാമതു — വണ്ടി മൊസ്സ്യു മെയര്‍ക്കാണോ?’

‘അതേ.’

‘മൊസ്സ്യു മെയര്‍ക്കു വണ്ടി തെളിക്കാന്‍ വശമുണ്ടോ?’

‘ഉവ്വ്.’

‘ശരി, മൊസ്സ്യു മെയര്‍ തനിച്ചു സാമാനങ്ങളൊന്നും എടുക്കാതെ പോണം. അല്ലെങ്കില്‍ കുതിരയ്ക്കു ഭാരം പൊറുക്കില്ല.’

‘സമ്മതിച്ചു.’

‘അപ്പോള്‍ മൊസ്സ്യു മെയര്‍ തനിച്ചു പോകുന്ന സ്ഥിതിക്കു മുതിര കട്ടു പോകുന്നുണ്ടോ എന്ന് അവനവന്‍തന്നെ നോക്കേണ്ട ബുദ്ധിമുട്ടു വരും.’

‘അതു മനസ്സിലായി.’

‘ദിവസത്തിന് എനിക്കു മുപ്പതു ഫ്രാങ്ക് കിട്ടണം. പണിയില്ലാത്ത ദിവസത്തിനും കൂലി കിട്ടണം — ഒരു പൈ കുറഞ്ഞുകൂടാ; കുതിരയ്ക്കു തീന്‍ കൊടുക്കുന്നതു മൊസ്സ്യു മെയറുടെ ചെലവിന്മേല്‍.’

മൊസ്സ്യു മദലിയെന്‍ പണസ്സഞ്ചിയില്‍നിന്നു മൂന്നു നെപ്പോളിയന്‍ നാണ്യം പുറത്തെടുത്തു മേശപ്പുറത്തു വെച്ചു. ഇതാ രണ്ടു ദിവസത്തെ വാടക മുന്‍കൂറ്.’

‘നാലാമത് ഇത്തരം വഴിയാത്രയ്ക്കു സവാരിവണ്ടി കനംകൂടും; കുതിര ക്ഷീണിക്കും. കൂടില്ലാത്ത ഒരു രണ്ടുരുള്‍ക്കുതിരവണ്ടി എന്റെ വശമുണ്ട്. മൊസ്സ്യു മെയര്‍ അതില്‍ പോയ്ക്കൊള്ളാമെന്നു സമ്മതിക്കണം.’

‘ഞാനതു സമ്മതിക്കുന്നു.’

‘അതു കനമില്ല; പക്ഷേ, അതിനു മേല്‍ക്കൂടില്ല.’

‘എനിക്കതുകൊണ്ട് വ്യത്യാസമൊന്നുമില്ല.’

‘നമ്മള്‍ ഇപ്പോള്‍ മഴക്കാലത്തിന്റെ ഒരു നടുക്കാണെന്നുള്ളതു മൊസ്സ്യു മെയര്‍ ആലോചിച്ചുവോ?’

മൊസ്സ്യു മദലിയെന്‍ മറുപടി പരഞ്ഞില്ല. ഫ്ളെമിങ്ങ്കാരന്‍ തുടര്‍ന്നു പറഞ്ഞു: ‘വളരെ തണുപ്പായിരിക്കുമെന്ന്.’

മൊസ്സ്യു മദലിയെന്‍ മിണ്ടാതിരുന്നു.

മാസ്റ്റര്‍ സ്കോഫ്ളേര്‍ പിന്നേയും തുടങ്ങി: ‘മഴ പെയ്തേക്കാം എന്ന്?’

മൊസ്സ്യു മദലിയെന്‍ തല പൊന്തിച്ചു പറഞ്ഞു: ‘നാളെ രാവിലെ നാലരമണിയ്ക്കു വണ്ടിയും കുതിരയും എന്റെ വീട്ടിന്റെ ഉമ്മറത്തുണ്ടായിരിക്കണം.’

‘തീര്‍ച്ചയായും മൊസ്സ്യു മെയര്‍.’ സ്കോഫ്ളേര്‍ മറുപടി പറഞ്ഞു: എന്നിട്ടു മേശയുടെ മരത്തില്‍ തള്ളവിരലിന്റെ നഖംകൊണ്ട് ഒരു പാടുണ്ടാക്കിക്കൊണ്ടു, ഫ്ളെമിങ്ങ്കാര്‍ക്കു നല്ലവണ്ണം അറിവുള്ളവിധം, തങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യത്തോട് ഒരു ദാസീനഭാവത്തെ കൂട്ടിയിണക്കി അയാള്‍ തുടര്‍ന്നു പറഞ്ഞു: ‘പക്ഷേ, ഇതാണ് ഞാനിപ്പോള്‍ അലോചിക്കുന്നത്: മൊസ്സ്യു മെയര്‍ പോകുന്നതെവിടെയ്ക്കാണെന്നു പറയുകയുണ്ടായില്ല; എവിടെയെക്കാണ് മൊസ്സ്യു മെയര്‍ യാത്ര?’ സംഭാഷണം ആരംഭിച്ചതു മുതല്‍ ഇതല്ലാതെ മറ്റൊന്നും അയാള്‍ ആലോചിച്ചിട്ടില്ല; പക്ഷേ, ഇതുവരെ അതു ചോദിക്കാന്‍ ധൈര്യപ്പെടാത്തതെന്തുകൊണ്ടെന്ന് അയാള്‍ക്ക് നിശ്ചയമില്ല.

‘നിങ്ങളുടെ കുതിരയുടെ മുന്‍കാലുകള്‍ക്കു ശക്തിയില്ലേ?’ മൊസ്സ്യു മദലിയെന്‍ ചോദിച്ചു.

‘ഉവ്വ്, മൊസ്സ്യു മെയര്‍. കുന്നിറങ്ങുമ്പോള്‍ അല്പമൊന്നു വലിച്ചു പിടിക്കണം. ഇവിടെ നിന്ന് അങ്ങയ്ക്കെത്താനുള്ള സ്ഥലത്തിനിടയില്‍ അധികം ഇറക്കങ്ങളുണ്ടോ?’

‘നാളെ രാവിലെ നാലരമണിക്ക് കണിശമായി എന്റെ വീട്ടിന്റെ ഉമ്മറത്തുണ്ടായിരിക്കാന്‍ മറക്കരുത്,’ മൊസ്സ്യു മദലിയെന്‍ മറുപടി പറഞ്ഞു; അയാള്‍ യാത്ര പറഞ്ഞു പോയി.

കുറച്ചു കഴിഞ്ഞതിന്നു ശേഷം ഞാന്‍ തന്നെ സമ്മതിച്ചതുപോലെ, ആ ഫ്ളെമിങ്ങ്കാരന്‍ ‘പമ്പരവിഡ്ഢിയായി’ നിന്നു.

മെയര്‍ പോയിട്ടു രണ്ടോ മൂന്നോ മിനിട്ടു കഴിഞ്ഞു; വാതില്‍ വീണ്ടും തുറക്കപ്പെട്ടു. വീണ്ടും വന്നതു മെയര്‍ തന്നെയാണ്.

അപ്പോഴും അയാളുടെ മുഖത്തു മുന്‍പത്തെ ക്ഷോഭമില്ലായ്മയും എന്തോ ആലോചിക്കുന്ന മട്ടും ഉണ്ടായിരുന്നു.

‘മൊസ്സ്യു സ്കോഫ്ളേര്‍,’ മെയര്‍ പറഞ്ഞു: ‘എനിക്കു നിങ്ങള്‍ വാടകയ്ക്കു തരാമെന്നു പറഞ്ഞ കുതിരയ്ക്കും വണ്ടിക്കും കൂടി — ഒന്നു മറ്റതിനെ വഹിച്ചു കൊണ്ടുള്ള രണ്ടിനുംകൂടി — നിങ്ങള്‍ എന്തു വിലയിടുന്നു?’

‘ഒന്നു മറ്റതിനെ വലിച്ചും കൊണ്ടു, മൊസ്സ്യു മെയര്‍,’ ഒരു പരന്ന പുഞ്ചിരിയോടു കൂടി ഫ്ളെമിങ്ങ്കാരന്‍ പറഞ്ഞു.

‘അങ്ങനെയാവട്ടെ. എന്നിട്ട്?’

‘മൊസ്സ്യു മെയര്‍ അവയെ എന്റെ പക്കല്‍നിന്നു വാങ്ങിക്കുമെന്നുണ്ടോ?’

‘ഇല്ല; പക്ഷേ, എന്തായാലും ആ സംഖ്യയ്ക്കു നിങ്ങള്‍ക്കുറപ്പു തരാന്‍ ഞാന്‍ വിചാരിക്കുന്നു. ഞാന്‍ ഏല്പിക്കുന്ന സംഖ്യ മടങ്ങി വന്നിട്ട് എനിക്കു തിരിച്ചു തന്നാല്‍ മതി. നിങ്ങളുടെ വണ്ടിക്കും കുതിരയ്ക്കും നിങ്ങള്‍ എന്തു വില വെക്കുന്നു?’

‘അഞ്ഞൂറു ഫ്രാങ്ക്, മൊസ്സ്യു മെയര്‍.’

‘അതിതാ.’

ബാങ്കിലേക്കുള്ള ഒരുണ്ടിക മെയര്‍ മേശപ്പുറത്തു വെച്ചു; എന്നിട്ട് ആ മുറിയില്‍ നിന്നു പോയി. ഇക്കുറി അയാള്‍ മടങ്ങിവന്നില്ല.

ഒരായിരം ഫ്രാങ്ക് എന്നു പറഞ്ഞില്ലല്ലോ എന്നു മാസ്റ്റര്‍ സ്കോഫ്ളേര്‍ക്കു ഒരു ഭയങ്കരമായ പശ്ചാത്താപം തോന്നി; ആകെ ആ വണ്ടിക്കും കുതിരയ്ക്കും കൂടി ഒരു നൂറു ഫ്രാങ്കേ വിലയുണ്ടായിരുന്നുള്ളു താനും.

ഫ്ളെമിങ്ങ്കാരന്‍ തന്റെ ഭാര്യയെ വിളിച്ച്, ഈ കഥയെല്ലാം അവളോടു പറഞ്ഞു. ‘എവിടെയ്ക്കായിരിക്കും മെയര്‍ പോകുന്നത്?’ അവര്‍ രണ്ടുപേരും കൂടി ആലോചന തുടങ്ങി. ‘അദ്ദേഹം പാരിസ്സിലേക്കാവും,’ ഭാര്യ പറഞ്ഞു. ‘എനിക്കതു വിശ്വാസമില്ല,’ ഭര്‍ത്താവു പറഞ്ഞു.

‘ചില അക്കങ്ങളിട്ടിരുന്ന അ കടലാസ്സിന്റെ കഷ്ണം മെയര്‍ കൊണ്ടുപോവാന്‍ മറന്നിരുന്നു; അത് അടുപ്പിന്‍തിണ്ണമേല്‍ കിടന്നിരുന്നു. ഫ്ളെമിങ്ങ് കാരന്‍ അതെടുത്തു നോക്കിപ്പഠിപ്പിച്ചു. ‘അഞ്ച്, ആറ്, എട്ടര? ഇടയ്ക്കിടയ്ക്കു നിര്‍ത്താനുള്ള താവളങ്ങളായിരിക്കണം,’ അയാള്‍ ഭാര്യയോട് പറഞ്ഞു:

‘ഞാന്‍ കണ്ടുപിടിച്ചു.’

‘എന്തേ?’

‘ഇവിടെനിന്നു ഹെസ്ദാങ്ങിലേക്ക് അഞ്ചു കാതമാണ്; ഹെസ്ദാങ്ങില്‍ നിന്നു സാങ്ങ്പോളിലേക്ക് ആറ്; സാങ്ങ്പോളില്‍ നിന്ന് ആറായിളേക്ക് എട്ടര. അദ്ദേഹം പോകുന്നത് ആറായിലേയ്ക്കാണ്.’

ഈയിടയ്ക്കു മൊസ്സ്യു മദലിയെന്‍ വീടില്‍ മടങ്ങിയെത്തി. മടങ്ങുമ്പോള്‍ അയാള്‍ ഏറ്റവും വളവുള്ള വഴിയിലൂടെ വെച്ചു; ആ മതാചാര്യന്റെ ഭവനവാതില്‍ അയാള്‍ക്ക് ഒരു പ്രലോഭനവസ്തുവായിരുന്നുവോ എന്നു തോന്നി; അതിനെ അയാള്‍ക്കു വിട്ടൊഴിയണമെന്നുണ്ടായിരുന്നുവോ, ആവോ. അയാള്‍ മുകളിലെ നിലയിലുള്ള സ്വന്തം മുറിയിലേക്കു പോയി; അവിടെ അയാള്‍ വാതിലടച്ചുകൂടി; നേരത്തെ കിടന്നുറങ്ങുക പതിവായതുകൊണ്ട്, ഇതില്‍ അത്ഭുതകരമായിട്ടൊന്നുമില്ല; എങ്കിലും, വ്യവസായശാലയുടെ പുറംവാതില്‍ക്കാവല്ക്കാരി — അവള്‍, അതോടൊപ്പം തന്നെ, മൊസ്സ്യു മദലിയെന്റെ ഏകഭൃത്യയുമായിരുന്നു — എട്ടര മണിയോടുകൂടി തന്റെ എജമാനന്‍ വിളക്കൂതിയതായി സൂക്ഷിച്ചു; അവള്‍ ആ വിവരം ഭണ്ഡാരസൂക്ഷിപ്പുകാരന്‍ വന്നപ്പോള്‍ അയാളോട് പറഞ്ഞു: ഇതും: ‘മൊസ്സ്യു മെയര്‍ക്കു വല്ല ദീനവുമുണ്ടോ? ഒരു വല്ലാത്ത മട്ടുണ്ടെന്നു തോന്നി.’

മൊസ്സ്യു മദലിയെന്റെ കിടപ്പുമുറിക്കു നേരെ ചുവട്ടിലുള്ള അകമാണ് ഈ ഭണ്ഡാരസൂക്ഷിപ്പുകാരന്റെ അടച്ചുപൂട്ടിലുള്ളത്. അയാള്‍ ആ ഭൃത്യയുടെ വാക്ക് ശ്രദ്ധിച്ചതേ ഇല്ല; അയാള്‍ ചെന്നു കിടന്നുറങ്ങി. പാതിരായോടുകൂടി അയാള്‍ ഞെട്ടിയുണര്‍ന്നു; ഉറക്കത്തില്‍ മുകള്‍ഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. അയാള്‍ ചെവിയോര്‍ത്തു; മുകളിലെ മുറിയില്‍ ആരോ നടന്നാലത്തെപ്പോലെ, അങ്ങോട്ടുമിങ്ങോട്ടൂം പോകുന്ന ഒരു കാലടി ശബ്ദം അയാള്‍ കേട്ടു. അയാള്‍ ഒന്നുകൂടി ശ്രദ്ധിച്ചു ചെവിയോര്‍ത്തു; അതു മൊസ്സ്യു മദലിയെന്റെ കാല്‍വെപ്പാണെന്നു മനസ്സിലായി. ഇത് അത്ഭുതകരമായി തോന്നി; സാധാരണമായി, രാവിലെ എഴുന്നേല്ക്കുന്നതുവരെ മൊസ്സ്യു മദലിയെന്റെ മുറിയില്‍ നിന്ന് ഒരനക്കവും കേള്‍ക്കാറില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍, ഒരു ചുമരളമാറി തുറക്കുന്നതും അടയ്ക്കുന്നതുമായ ശബ്ദം ആ ഭണ്ഡാരസൂക്ഷിപ്പുകാരന്‍ കേട്ടു; ഉടനെ എന്തോ ചില സാമാനങ്ങള്‍ മാറ്റിയിട്ടു; പിന്നെ കുറച്ചിടയ്ക്കു ശബ്ദമൊന്നുമില്ല; കുറച്ചു കഴിഞ്ഞൂ, പിന്നെയും കാല്‍വെപ്പിന്റെ ഒച്ച തുടങ്ങി; ഭണ്ഡാരവിചാരിപ്പുകാരന്‍ കട്ടിലിന്മേല്‍ എഴുന്നേറ്റിരുന്നു; അയാള്‍ നല്ലവണ്ണം ഉണര്‍ന്നു. മിഴിച്ചു നോക്കാന്‍ തുടങ്ങി; എതിര്‍ച്ചുമരിന്മേല്‍ പ്രതിഫലിച്ചിട്ടുള്ള ഒരു വെളിച്ചമാര്‍ന്ന ജനാലയുടെ ചുകപ്പുനിറം അയാള്‍ തന്റെ ജനാലച്ചില്ലുകളിലൂടെ കണ്ടു; ആ വെളിച്ചത്തിന്റെ വരവുവഴി സൂക്ഷിച്ചാല്‍ അതു മൊസ്സ്യു മദലിയെന്റെ ജനാലയില്‍ നിന്നാവാനേ തരമുള്ളു, ഒരു മെഴുതിരിയില്‍ നിന്നുള്ളതിലധികം അടുപ്പില്‍ നിന്നായാലത്തെ മട്ടില്‍ വെളിച്ചത്തിന്റെ നാളങ്ങള്‍ വിറച്ചിരുന്നു. ജനാലച്ചട്ടയുടെ നിഴല്‍ കണ്ടില്ല; ജനാല മലര്‍ക്കെ തുറന്നിട്ടിട്ടുണ്ടായിരിക്കണെമെന്നര്‍ഥം. ആ തണുപ്പുകാലത്തു ജനാല തുറന്നിട്ടിരുന്നു എന്നു വന്നാല്‍ കുറെ അത്ഭുതമാണ്. ഭണ്ഡാരസൂക്ഷിപ്പുകാരന്‍ വീണ്ടും ഉറങ്ങി. ഒന്നോ രണ്ടോ മണിക്കൂറു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നേയും ഉണര്‍ന്നു. അതേ കാല്‍വെപ്പ് അയാളുടെ മുറിക്കു മുകളില്‍ മന്ദമായും ഒരേ ക്രമത്തിലും അങ്ങോട്ടു മിങ്ങോട്ടും പോകുന്നുണ്ടായിരുന്നു.

വെളിച്ചം അപ്പോഴും ചുമരിന്മേല്‍ പ്രതിഫലിച്ചു കാണാനുണ്ട്. പക്ഷേ, അതിപ്പോള്‍ ഒരു വിളക്കിന്റെയോ മെഴുകുതിരിയുടെയോ ആണെന്നവിധം വിളര്‍ത്തും അനക്കമറ്റുമിരുന്നു. ജനാല അപ്പോഴും തുറന്നു കിടന്നിരുന്നു.

മൊസ്സ്യു മദലിയെന്റെ മുറിയില്‍ നടന്ന സംഭവം ഇതത്രേ.

തലയോട്ടിനുള്ളില്‍ ഒരു കൊടുങ്കാറ്റ്

മൊസ്സ്യു മദലിയെന്‍ വാസ്തവത്തില്‍ ഴാങ്ങ് വാല്‍ഴാങ്ങല്ലാതെ മറ്റാരുമല്ലെന്നു നിശ്ചയമായും ഇതിനു മുന്‍പുതന്നെ വായനക്കാര്‍ കണ്ടുപിടിച്ചിരിക്കും.

ഈ മനസ്സാക്ഷിയുടെ ആഴത്തിലേക്ക് ഞങ്ങള്‍ ഇതിനു മുന്‍പേ സൂക്ഷിച്ചു നോക്കിയിട്ടുണ്ട്; ഒന്നുകൂടി അതിലേക്ക് നോക്കേണ്ട ഘട്ടം വന്നിരിക്കുന്നു. സംഭ്രമത്തോടും ഭയപ്പാടോടും കൂടാതെയല്ല ഞങ്ങള്‍ ഇതു ചെയ്യുന്നത്. ഇത്തരം നിരൂപണത്തേക്കാള്‍ ഭയങ്കരമായി യാതൊന്നും ഭൂമിയിലില്ല. അന്ത:കരണദൃഷ്ടിക്കു മനുഷ്യനിലുള്ളതിലധികം കണ്ണഞ്ചിക്കുന്ന പ്രകാശവും അന്ധകാരവും മറ്റൊരിടത്തും കാണാന്‍ കഴിയില്ല; അതിലധികം ഭയങ്കരമായും സമ്മിശ്രമായും അത്ഭുതകരമായും അപാരമായുള്ള മറ്റൊന്നിന്മേലും ഊന്നിനോക്കാന്‍ സാധിക്കുകയില്ല. സമുദ്രത്തേക്കാള്‍ മഹത്തരമായ ഒരു കാഴ്ചയുണ്ട്; അതാകാശമാണ്. ആകാശത്തേക്കാള്‍ മഹത്തരമായ ഒരു കാഴ്ചയുണ്ട്; അത് ആത്മാവിന്റെ ഏറ്റവും ആഴത്തിലുള്ള അന്തര്‍ഭാഗമാണ്.

മനുഷ്യന്റെ അന്തഃകരണത്തെക്കുറിച്ചുള്ള കാവ്യമുണ്ടാക്കുന്നത് — അത് ഒരെറ്റാളെപ്പറ്റി മാത്രമുള്ളതായാലും മനുഷ്യരില്‍വെച്ച് അതിനികൃഷ്ടനെ സംബന്ധിച്ചതായിരുന്നാലും കൂടി — എല്ലാ ഇതിഹാസങ്ങളേയും സര്‍വോല്‍കൃഷ്ടവും സത്യപ്രതിപാദകവുമായ ഒരു മഹാകാവ്യത്തില്‍ കുട്ടിയിണക്കുകയായിരിക്കും. മായാമോഹങ്ങളുടെയും കാമവികാരങ്ങളുടേയും പ്രലോഭനങ്ങളുടെയും കൂടിയ തമോനിബിഡതയാണ് അന്തഃകരണം; മനോരാജ്യങ്ങളുടെ ചൂളപ്പുര; നമുക്കു ലജ്ജ തോന്നിക്കുന്ന വിചാരങ്ങളുടെ മട; സത്യാഭാസങ്ങളുടെ ചെകുത്താന്‍സഭ; വികാരങ്ങളുടെ യുദ്ധക്കളം. ചില സമയങ്ങളില്‍, ആലോചനയില്‍പ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്റെ കരുവാളിച്ച മുഖത്തെ വിട്ടുകടന്ന് ഒന്നു പിന്നോക്കം നോക്കുക, ആ ആത്മാവിലേക്ക് സൂക്ഷിച്ചു നോക്കുക, ആ അന്ധകാരത്തിലേക്ക് സൂക്ഷിച്ചു നോക്കുക — അവിടെ ആ ബൃഹദ്ഭാഗത്തെ നിശ്ശബ്ദതയ്ക്കിടയില്‍ ഹോമറുടെ കവിതയില്‍ രേഖപ്പെട്ടിട്ടുള്ളവയോടൊത്ത രാക്ഷസയുദ്ധങ്ങളും, മില്‍ട്ടെന്റെ കൃതികളിലെപ്പോലെ പിശാചുക്കളും ഭയങ്കരജന്തുക്കളും പ്രേതരൂപിസംഘങ്ങളും തമ്മിലുള്ള ഇടപ്പോരുകളും, ദാന്തെ പറയുന്നതു പോലെയുള്ള മനോരാജ്യസൃഷ്ടികളുടെ ആവര്‍ത്തനങ്ങളും നടക്കുന്നുണ്ടാവും. ഓരോ മനുഷ്യനും തന്നില്‍ കൊണ്ടുനടക്കുന്നതും, തന്റെ ബുദ്ധിയുടെ ചാപല്യങ്ങളോടും ജീവിതത്തിലെ പ്രവൃത്തികളോടും എതിര്‍വെച്ച് അയാള്‍ നിരാശതയോടുകൂടി അളന്നുനോക്കുന്നതുമായ ഈ അപാരത എന്തൊരു ഗംഭീരവസ്തുവാണ്!

കാഴ്ചയില്‍ അപകടം പിടിച്ച ഒരു വാതിലിന്റെ മുന്‍പില്‍ ഒരു ദിവസം ചെന്നു മുട്ടി ശങ്കിച്ചു നില്ക്കുകയുണ്ടായി. ഇതാ ഒന്നു ഞങ്ങളുടെ മുന്‍പില്‍; അതിന്റെ ഉമ്മറത്തെത്തി ഞങ്ങളും ശങ്കിക്കുന്നു. ഏതായാലും അകത്തു കടക്കുക തന്നെ.

ഴെര്‍വെയ്ക്കുട്ടിയുമായുണ്ടായ സംഭവത്തിനു ശേഷമുള്ള ഴാങ്ങ് വാല്‍ഴാങ്ങിന്റെ കഥയില്‍ വായനക്കാര്‍ക്ക് ഇപ്പോള്‍തന്നെ അറിവുള്ളതിനോട് അധികമൊന്നും ഞങ്ങള്‍ക്ക് പറഞ്ഞുകൂട്ടാനില്ല. അതു മുതല്‍, നമ്മള്‍ കണ്ടതിന്‍വണ്ണം, അയാള്‍ തികച്ചും വേറൊരാളായി. അയാളെ എങ്ങനെയാക്കണമെന്നാണോ മെത്രാനാഗ്രഹിച്ചത്, അയാള്‍ അതായിക്കഴിഞ്ഞു. അതൊരു രൂപാന്തരപ്പെടലിലും അധികമായിരുന്നു; ഒരാത്മാന്തരപ്പെടല്‍.

അയാള്‍ക്കു മറഞ്ഞുകളയാന്‍ സാധിച്ചു; അയാള്‍ ഒരു സ്മാരകമായി മെത്രാന്റെ മെഴുതിരിക്കാല്‍ മാത്രം സൂക്ഷിച്ചു, ബാക്കി വെള്ളിസ്സാമാനമെല്ലാം വിറ്റു; പട്ടണത്തില്‍നിന്നു പട്ടണത്തിലേക്കായി പതുങ്ങിനടന്നു, ഫ്രാന്‍സ് മുഴുവനും സഞ്ചരിച്ച് എം. പട്ടണത്തിലെത്തി; ഞങ്ങള്‍ പറഞ്ഞ യുക്തി ആലോചിച്ചുണ്ടാക്കി; ഞങ്ങള്‍ വിവരിച്ചവിധം അതു സാധിപ്പിച്ചു; പൊല്ലീസ്സുകാരുടെ പിടുത്തത്തെ പേടിക്കാനില്ലെന്ന നിലയിലും ആര്‍ക്കും അടുത്തു കൂടാത്ത മട്ടിലുമാവാന്‍ അയാള്‍ക്കു സാധിച്ചു. അങ്ങനെ, അതു മുതല്ക്കു, പണ്ടു കഴിഞ്ഞതുകളെക്കൊണ്ടു കുണ്ഠിതപ്പെടുന്ന മനസ്സാക്ഷിയേയും അവസാനത്തെപ്പകുതികൊണ്ടു നേരല്ലാതായിത്തീര്‍ന്ന ജീവിതത്തിലെ ആദ്യത്തെപ്പകുതിയേയും കാണുന്നതില്‍ സുഖിതനായി, സമാധാനത്തോടും ധൈര്യത്തോടും ആശങ്കകളോടുംകൂടി, തന്റെ പേരിനെ മറയ്ക്കുകയും തന്റെ ജീവിതത്തെ പരിശുദ്ധമാക്കുകയും, മനുഷ്യരില്‍ നിന്നു വിടുകയും ഈശ്വരനോടടുക്കയും എന്ന രണ്ടു വിചാരം മാത്രമായി, അയാള്‍ എം. പട്ടണത്തില്‍ സ്ഥിരതാമസമാക്കി.

ഈ രണ്ടു വിചാരങ്ങള്‍ അയാളുടെ മനസ്സില്‍ അത്രമേല്‍ കൂടിപ്പിണഞ്ഞു. രണ്ടും കൂടി ഒന്നായിത്തീര്‍ന്നിരുന്നു; രണ്ടും ഒരേവിധം ലയിപ്പിക്കുന്നതും ആജ്ഞ നടത്തിക്കുന്നതുമായിരുന്നു; അയാളുടെ എത്ര നിസ്സാരപ്രവൃത്തികളേയും അവ രണ്ടും ഒരേവിധം ഭരിച്ചുപോന്നു. സാധാരണമായി അവ അയാളുടെ ജീവിതസ്വാഭാവത്തെ ക്രമപ്പെടുത്തുവാന്‍ കൂറുകൂടി; അവ അയാളെ നിഴലിലേക്കു തിരിച്ചു പിടിച്ചു; അയാളെ സാധുവും ദയാലുവുമാക്കി; ഒരേതരം കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ അവ രണ്ടും അയാള്‍ക്കുപദേശം കൊടുത്തു. എങ്കിലും; ചില സമയങ്ങളില്‍ അവ ശണ്ഠകൂടിയിരുന്നു. അപ്പോള്‍ എം. പട്ടണക്കാരെല്ലാം മൊസ്സ്യു മദലിയെന്‍ എന്നു വിളിച്ചുവരുന്ന മനുഷ്യന്‍, ഒന്നാമത്തേതിനെ രണ്ടാമത്തേതിനു വേണ്ടി, തന്റെ രക്ഷയെ തന്റെ മനോഗുണത്തിനു വേണ്ടി, ബലികൊടുപ്പാന്‍ മടിച്ചിരുന്നില്ല. അങ്ങനെ എല്ലാ കരുതലും തന്റെ എല്ലാ വകതിരുവുമിരുന്നാലും അയാള്‍ മെത്രാന്റെ മെഴുകുതിരിക്കാലുകള്‍ സൂക്ഷിച്ചു; അദ്ദേഹത്തെച്ചൊല്ലി ദീക്ഷ കൈകൊണ്ടു; ആ വഴിക്കു പോകുന്ന എല്ലാ തെണ്ടിക്കുട്ടികളേയും വിളിച്ചു വര്‍ത്തമാനം ചോദിച്ചു; ഫെവറോളെയിലെ കുടുംബങ്ങളെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചു; അസ്വാസ്ഥ്യപ്പെടുത്തുന്നവയായ ഴാവേറുടെ കുത്തിക്കുത്തിപ്പറയലിരുന്നിട്ടും, ആ കിഴവനായ ഫൂഷല്‍ വാങ്ങിനെ രക്ഷിച്ചു. ഞങ്ങള്‍ പറഞ്ഞതുപോലെ, ജ്ഞാനികളും നീതിനിഷ്ഠരും പരിശുദ്ധജീവിതരുമായ അത്തരം സകലരേയും അനുകരിച്ച് അയാളും തന്റെ ഒന്നാമത്തെ മുറ തന്നെസ്സംബന്ധിച്ചതല്ലെന്നു ധരിച്ചിരുന്നുവോ എന്നു തോന്നി.

അതോടൊപ്പം തന്നെ, ഇതുപോലെയുള്ള മറ്റൊന്നും ഇതേവരെ അയാളുടെ മുന്‍പില്‍ പ്രത്യക്ഷീഭവിച്ചിട്ടില്ലെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു.

ആരുടെ കഷ്ടപ്പാടുകളെയാണോ ഞങ്ങള്‍ വിവരിക്കുന്നത്. ആ ഭാഗ്യംകെട്ട മനുഷ്യനെ ഭരിച്ചുപോന്ന രണ്ടു വിചാരങ്ങള്‍ ഇത്ര സഗൗരവമായ ഒരു ശണ്ഠയില്‍ ഒരിക്കലും പെട്ടിട്ടില്ല. ഴാവേര്‍ തന്റെ പ്രവൃത്തിമുറിയിലേക്കു വന്ന് ആദ്യത്തെ വാക്കുകള്‍ പറഞ്ഞു കേട്ടപ്പോള്‍തന്നെ ഇതയാള്‍ക്കു സമ്മിശ്രമായിട്ടെങ്കിലും നല്ലവണ്ണം ഉള്ളില്‍ക്കൊള്ളുമാറ് മനസ്സിലായി. അത്രയസംഖ്യം അടക്കുകള്‍ക്കുള്ളില്‍ കുഴിച്ചുമൂടി വെച്ചിട്ടുള്ള പേര്‍ അത്ര അത്ഭുതകരമായ വിധം ഉച്ചരിക്കപ്പെട്ടപ്പോള്‍, തന്റെ പ്രാരബ്ധകര്‍മത്തിന്റെ അ അപകടം പിടിച്ച അസാധാരണമട്ടുകൊണ്ടു, ലഹരി പിടിച്ചിട്ടെന്നപോലെ, അയാള്‍ ഒന്നു മോഹാലസ്യപ്പെട്ടു; ആ മോഹാലസ്യത്തിലൂടെ, വലുതായ ക്ഷോഭങ്ങള്‍ക്കുണ്ടാകുന്ന ആ ഒരു വിറ അയാള്‍ക്കു തോന്നി. കൊടുങ്കാറ്റിന്റെ വരവില്‍ ഒരു വൃക്ഷമെന്ന പോലെ, ശത്രു സൈന്യാക്രമണത്തില്‍ ഒരു യുദ്ധഭടനെന്ന പോലെ അയാള്‍ ഒന്നു ചാഞ്ഞു. ഇടി വെട്ടുകള്‍കൊണ്ടും മിന്നല്‍പ്പിണരുകള്‍കൊണ്ടും നിറഞ്ഞ ഇരുള്‍പ്പാടുകള്‍ തന്റെ തലയിലേക്ക് ഇടിഞ്ഞു വീഴുന്നതുപോലെ തോന്നി. ഴാവേര്‍ പറയുന്നതും കേട്ടിരിക്കുമ്പോള്‍, ഒന്നാമതായി അയാള്‍ക്കു തോന്നിയത് അവിടെനിന്ന് ഓടിപ്പോകാനാണ് — പാഞ്ഞു ചെന്നു കുറ്റക്കാരനെന്നു സമ്മതിക്കാന്‍, ആ ഷാങ്മാത്തിയോവിനെ തടവില്‍ നിന്നു പിടിച്ചു നീക്കി ആ സ്ഥാനത്തു ചെന്നു നില്ക്കാന്‍; ഇതു, ജീവനോടുകൂടിയിരിക്കുമ്പോള്‍ മാംസത്തിലെങ്ങും കൊത്തി വരയുന്നതു പോലെ, വേദനപ്രദവും മര്‍മഭേദകവുമായിരുന്നു. പിന്നീട് അത് പോയി! സ്വയം പറഞ്ഞു. ‘നമുക്ക് കാണാം! നമുക്കു കാണാം’ ഈ ആദ്യത്തെ സമര്യാദമായ പ്രകൃതിബോധത്തെ അയാള്‍ അമര്‍ത്തി; പൗരുഷത്തിനു മുന്‍പില്‍ ചൂളി.

മെത്രാന്റെ ദിവ്യോപദേശത്തിനനുരൂപമായി, അത്രയുമധികം കാലത്തെ പശ്ചാത്താപത്തിനും സ്വാര്‍ഥനിഷേധത്തിനും യോജിക്കുമാറ്. അഭിനന്ദനീയമായാരംഭിച്ച തപോവൃത്തിയുടെ നടുവില്‍വെച്ച്, ഈ മനുഷ്യന്‍ അത്രമേല്‍ ഭയങ്കരമായൊരു വിചാരത്തിനു മുന്‍പിലും ഞൊടിനേരംപോലും കൂസാതെ ഒരേവിധം കാല്‍വെപ്പോടുകൂടിത്തന്നെ, അടിയില്‍ സ്വര്‍ഗ്ഗം കിടക്കുന്ന ആ വായ പൊളിച്ച അഗാധഗുഹയിലേക്കു നേരെ നടന്നു ചെന്നിരുന്നുവെങ്കില്‍, നിശ്ചയമായും, അതു ബഹുകൗതുകകരമായേനേ; ഉവ്വ്, അതു കൗതുകകരമായിരിക്കും; പക്ഷേ, അങ്ങനെയല്ല ഉണ്ടായത്. ഈ ആത്മാവിനുള്ളില്‍ കഴിഞ്ഞ സംഗതികളെക്കുറിച്ചു ഞങ്ങള്‍ കണക്കു പറയണം; അതിലുണ്ടായതിനെപ്പറ്റി പറയുക മാത്രമേ ഞങ്ങളേക്കൊണ്ടു സാധിക്കൂ. ആദ്യത്തില്‍ ആത്മരക്ഷയ്ക്കുള്ള പ്രകൃതിബോധം അയാളേക്കൊണ്ടു നടന്നു; ഉത്തരക്ഷണത്തില്‍ അയാള്‍ തന്റെ ആലോചനകളെയെല്ലാം ബദ്ധപ്പെട്ടു പിടിച്ചുകൂടി; വികാരങ്ങളെ അമര്‍ത്തി; ഴാവേറുടെ സന്നിധാനത്തെപ്പറ്റി, ആ മഹത്തായ ആപത്തിനെക്കുറിച്ച് ആലോചിച്ചു; ഭയപ്പാടിനുള്ള സ്ഥൈര്യത്തോടുകൂടി എല്ലാ തീര്‍പ്പുകളെയും നീട്ടിവെച്ചു; കര്‍ത്തവ്യമെന്നുള്ള വിചാരത്തെ കുടഞ്ഞുകളഞ്ഞ്, ഒരു യുദ്ധഭടന്‍ തന്റെ പരിച കടന്നെടുക്കുന്നതുപോലെ, അയാള്‍ തന്റെ ശാന്തതയെ വീണ്ടും അവലംബിച്ചു.

അന്നത്തെ ദിവസം മുഴുവനും അയാള്‍ ഈ നിലയില്‍ നിന്നു — അകത്ത് ഒരു ചുഴലിക്കാറ്റ്, പുറത്ത് ഒരഗാധ ശാന്തത. ‘കേടുവരാതെ നിര്‍ത്താനുള്ള വിദ്യകള്‍’ എന്നു പറയാവുന്ന ഒന്നും അയാള്‍ നോക്കിയില്ല. അപ്പോഴും അയാളുടെ തലച്ചോറിനുള്ളില്‍ സകലവും തമ്മില്‍ കെട്ടിമറിഞ്ഞും ഉന്തിയും തള്ളിയും തന്നെയായിരുന്നു. ഒരൊറ്റ ആലോചനയുടെയെങ്കിലും സ്വരൂപം വ്യക്തമായിക്കാണാനും, ഒരു വല്ലാത്ത തല്ലുകൊണ്ടു എന്നല്ലാതെ തന്നെപ്പറ്റി മറ്റൊന്നും പറയാനും കഴിയാതാകത്തക്കവിധം അയാളുടെ മനശ്ശല്യം അത്രമേല്‍ വലുതായിരുന്നു.

പതിവുപോലെ, അയാള്‍ ഫന്‍തീന്റെ ദീനക്കിടയ്ക്കയുടെ അടുക്കലേക്കു ചെന്നു; പ്രകൃത്യാ ഉള്ള ഒരു ദയാശീലം നിമിത്തം അയാള്‍, താന്‍ ആവിധം പ്രവര്‍ത്തിക്കേണ്ടതാണെന്നു സ്വയം പറഞ്ഞുകൊണ്ട്, അവിടെ കുറച്ചധികനേരം നിന്നു; എന്നല്ല; തനിക്കിവിടം വിടേണ്ടിവരുന്നപക്ഷം അവളെ നല്ലവണ്ണം നോക്കിക്കൊള്ളണമെന്ന് ആ കന്യകാമഠസ്ത്രീകളെ ഏല്പിക്കയും ചെയ്തു. ആറായിലേക്കു പോകേണ്ടി വന്നേക്കാമെന്നൊരു നേരിയ വിചാരം അയാള്‍ക്കുണ്ടായിരുന്നു; അങ്ങനെ, ആ വഴിയാത്രയെപ്പറ്റി ലേശമെങ്കിലും തീര്‍ച്ചപ്പെടുത്തിക്കഴിയാതെ, തന്നെപ്പറ്റി സംശയിക്കുക എന്ന ആ ശബ്ദത്തിന്നേ വഴിയില്ലാത്ത സ്ഥിതിക്ക്, അവിടെ കഴിയുന്ന സംഭവങ്ങള്‍ കണ്ടറിയുന്നതില്‍ അസാംഗത്യമൊന്നുമില്ലല്ലോ എന്നയാള്‍ വിചാരിച്ചു; ഏതെങ്കിലും ഇരിക്കട്ടെ എന്നുവെച്ച് അയാള്‍ സ്കോഫ്ളേറുടെ വണ്ടി ശട്ടംചെയ്തു.

ഒരു നല്ല രുചിയോടുകൂടി അയാള്‍ ഭക്ഷണം കഴിച്ചു.

മടങ്ങി തന്റെ മുറിയില്‍ എത്തിയിട്ട്, അയാള്‍ ഇരുന്നു മനോരാജ്യം വിചാരിച്ചു.

അയാള്‍ തന്റെ സ്ഥിതിയെ പരീക്ഷണം ചെയ്തു; അഭൂതപൂര്‍വമായിക്കണ്ടു — തന്റെ മനോരാജ്യത്തിനിടയില്‍; വ്യാകുലതയുടെ അനിര്‍വചനീയമായ ഏതോ പ്രേരണയാല്‍, ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു വാതില്‍ സാക്ഷയിടത്തക്കവിധം അത്രമേല്‍ അഭൂതപൂര്‍വം. വേറെ ചിലതുകൂടി കടന്നുവന്നെങ്കിലോ എന്നയാള്‍ പേടിച്ചു, സംഭാവ്യതകളുടെ ആക്രമണത്തില്‍ നിന്ന് അയാള്‍ തന്നത്താന്‍ രക്ഷപ്പെടുത്തി നിര്‍ത്തുകയായിരുന്നു.

ഒരുനിമിഷംകൂടി കഴിഞ്ഞു. അയാള്‍ വിളക്കു കെടുത്തി; ആ വെളിച്ചം അയാളെ സംഭ്രമിപ്പിച്ചു.

അയാള്‍ക്കു താന്‍ കാണപ്പെട്ടെങ്കിലോ എന്നു തോന്നി.

ആരാല്‍?

കഷ്ടം!അയാള്‍ക്ക് എന്തൊന്നിനെയാണോ വരാതെയാക്കേണ്ടത്, അതവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു; ഏതൊന്നാണോ കാണാതിരിക്കേണ്ടത്, അത് അയാളുടെ മുഖത്തേക്കു തുറിച്ചുനോക്കുന്നു — അയാളുടെ മനസ്സാക്ഷി.

അയാളുടെ മനസ്സാക്ഷി; എന്നുവെച്ചാല്‍, ഈശ്വരന്‍. എങ്കിലും, അയാള്‍ ആദ്യത്തില്‍ തന്നെത്തന്നെ അന്ധാളിപ്പിച്ചു; രക്ഷയും ഏകാന്തതയും കിട്ടിയതായി അയാള്‍ക്കു തോന്നി; സാക്ഷ നീങ്ങിയപ്പോള്‍ താന്‍ അലംഘനീയനാണെന്നു കരുതി; വിളക്കു കെടുത്തിയപ്പോള്‍ താന്‍ അദൃശ്യനായെന്നുറച്ചു. എന്നിട്ട് അയാള്‍ അവനവനെ കൈയില്‍പ്പിടിച്ചു; കൈമുട്ടുകള്‍ മേശമേല്‍ കുത്തി തല കൈയില്‍ ചായ്ച്ച്, ഇരുട്ടത്തിരുന്നു മനോരാജ്യം തുടങ്ങി:

‘ഞാനിപ്പോള്‍ എവിടെയാണ്? സ്വപ്നം കാണുകയില്ലേ? എന്തേ ഞാന്‍ കേട്ടത്? ഞാന്‍ ആ ഴാവേറെ കണ്ടു എന്നതും എന്നോട് ആ നിലയില്‍ സംസാരിച്ചു എന്നതും വാസ്തവത്തില്‍ നേരാണോ? ആ ഷാങ്മാത്തിയോ ആരായിരിക്കാം? അപ്പോള്‍ അയാള്‍ക്ക് എന്റെ ഛായയുണ്ട്; അതു വരുമോ? ഓര്‍ക്കൂ. ഇന്നലെ ഞാനെത്ര മനസ്സമാധാനത്തോടു കൂടിയായിരുന്നു; എന്തെങ്കിലുമൊന്നു സംശയിച്ചിരുന്നുവോ! ഇന്നലെ ഈ നേരത്തു ഞാന്‍ എന്തേ ചെയ്തിരുന്നത്? ഈ സംഭവത്തില്‍ എന്താണുള്ളത്? എന്താവും അവസാനം? എന്തു ചെയ്യണം?’

അയാള്‍ സ്വയം ചെന്നുപെട്ടതായിക്കണ്ട മനോവേദന ഇതായിരുന്നു. ആലോചനകളെ വിടാതെ നിര്‍ത്തുവാന്‍ വേണ്ട ശക്തി അയാളുടെ തലച്ചോറിനില്ലാതായി; അവ കടല്‍ത്തിരകളെപ്പോലെ കടന്നുപോകുന്നു; അവയെ പിടിച്ചുനിര്‍ത്താന്‍വേണ്ടി അയാള്‍ തന്റെ നെറ്റിത്തടത്തെ രണ്ടു കൈകൊണ്ടും അമര്‍ത്തി.

അയാളുടെ മനശ്ശക്തിയേയും വിവേകത്തേയും കീഴ്മേല്‍ മറിച്ചതും അയാള്‍ തെളിവും തീര്‍പ്പും ഉള്ളില്‍നിന്നു പിഴുതെടുക്കുവാന്‍ ഉദ്ദേശിച്ചതുമായ ലഹളയില്‍നിന്നു കഠിനദുഃഖമല്ലാതെ മറ്റൊന്നും പുറത്തേക്കു വന്നില്ല.

അയാളുടെ തലയ്ക്കു തീപ്പിടിച്ചിരിക്കുന്നു. അയാള്‍ ജനാലയുടെ അടുക്കല്‍ച്ചെന്ന്, അത് മലര്‍ക്കെ ഉന്തിത്തുറന്നു, ആകാശത്തില്‍ നക്ഷത്രങ്ങളില്ല. അയാള്‍ മടങ്ങി, മേശക്കരികില്‍ത്തന്നെ വന്നിരിപ്പായി.

ആദ്യത്തെ മണിക്കൂര്‍ ഇങ്ങനെ കഴിഞ്ഞു.

എങ്കിലും അവ്യക്തങ്ങളായിരുന്ന നിഴല്പാടുകള്‍ക്കു ക്രമേണ രൂപംവെക്കാനും അവ അയാളുടെ മനോരാജ്യത്തില്‍ നിലക്കൊള്ളാനും തുടങ്ങി; പരമാര്‍ഥതയ്ക്കുള്ള കണിശത്തോടുകൂടി, മുഴുവന്‍ സ്ഥിതിയെയല്ല, ഏതാനും ഭാഗങ്ങളെ അയാള്‍ക്ക് ഒരുനോക്കു കാണാന്‍ കഴിഞ്ഞു. അപ്പൊഴത്തെ സ്ഥിതി വിഷമവും അസാധാരണവുമായിരുന്നാലും അതു തികച്ചും തന്റെ കീഴിലാണെന്നുള്ള വാസ്തവം കണ്ടറിഞ്ഞുകൊണ്ട് അയാള്‍ ആരംഭിച്ചു.

ഇത് അയാളുടെ അമ്പരപ്പിനെ വര്‍ദ്ധിപ്പിക്കുക മാത്രം ചെയ്തു.

തന്റെ പ്രവൃത്തികള്‍ക്കെല്ലാം താന്‍ നിശ്ചയിച്ചിട്ടുള്ള ആ സഗൗരവവും ധര്‍മപരവുമായ ഉദ്ദേശ്യത്തെ ബാധിക്കാതെ, അയാള്‍ അതേവരെയായി ചെയ്തിട്ടുള്ളതെല്ലാം കൂടിയാല്‍ തന്റെ പേരിനെ ഇട്ടുമൂടുവാനുള്ള ഒരു കുഴിയാണ്. ഉറക്കം വരാത്ത രാത്രികളില്‍ സ്വയം മനോരാജ്യം വിചാരിക്കുന്ന സമയത്തെല്ലാം അയാള്‍ക്കു സര്‍വോപരിയായ ഭയം തന്റെ പേര്‍ എപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കുമോ എന്നായിരുന്നു; അതോടുകൂടി തന്റെ കഥ കഴിയുമെന്ന് അയാള്‍ വിചാരിച്ചു; ആ പേര്‍ വീണ്ടും വന്നു മുഖം കാണിക്കുന്ന ദിവസമെന്നോ അന്നു തന്റെ പുതുജീവിതം എന്നല്ല — ആര്‍ക്കറിയാം? — തന്റെ പുതിയ ആത്മാവുകൂടിയും മറഞ്ഞുകളയുമെന്ന് അയാള്‍ക്കു തോന്നി. ഇങ്ങനെ വരാം എന്നു വിചാരിക്കുമ്പോള്‍ത്തന്നെ അയാള്‍ വിറച്ചിരുന്നു, ആ സമയങ്ങളില്‍ ആരെങ്കിലും അയാളോട് ആ പേര്‍ ചെകിട്ടില്‍ വന്നു മുഴങ്ങുന്ന ഒരു കാലം — ഴാങ്ങ് വാല്‍ഴാങ്ങ് എന്ന ഭയങ്കര ശബ്ദം അന്ധകാരത്തില്‍ നിന്നു പെട്ടന്നു പൊന്തിപ്പുറപ്പെട്ട് അയാളുടെ മുന്‍പില്‍ പ്രത്യക്ഷീഭവിക്കുന്ന ഒരു ഘട്ടം — അയാള്‍ ചുറ്റും വളര്‍ത്തിയുണ്ടാക്കുന്ന നിഗൂഢതയെ ചിന്നിപ്പറപ്പിക്കാന്‍ പോന്ന ആ അലംഘനീയദീപ്തി പെട്ടന്നു ത്നടെ തലയ്ക്കു മുകളില്‍ മിന്നിക്കളയുന്ന ഒരു സന്ദര്‍ഭം — വന്നേക്കുമെന്നും; അപ്പോള്‍, ആ പേര്‍ അയാളെ ഭയപ്പെടുത്തുകയില്ലെന്നും, ആ പ്രകാശം കുറെക്കൂടി കനമുള്ള ഒരിരുട്ടിനെയുണ്ടാക്കുക മാത്രമേ ചെയ്യൂ എന്നും, ആ കീറിപ്പറഞ്ഞ മൂടുപടം നിഗൂഢതയെ വലുതാക്കുകയേ ഉള്ളൂ എന്നും, ആ ഭൂകമ്പം അയാളുടെ കോട്ടയെ ഉറപ്പിക്കുമെന്നും, ആ മഹത്തായ സംഭവം അയാളെസ്സംബന്ധിച്ചേടത്തോളം — അയാള്‍ക്കു ഗുണം അതാണെങ്കില്‍ — അയാളുടെ സ്ഥിതിയെ ക്ഷണത്തില്‍ കുറേക്കൂടി സ്വൈര്യവും കുറേക്കൂടി അലംഘനീയവുമാക്കിത്തീര്‍ക്കുവാന്‍ മാത്രം ഫലപ്പെടുമെന്നും എന്നല്ല, ഴാങ്ങ് വാല്‍ഴാങ്ങ് എന്ന ആ പ്രേതവുമായുള്ള നേരിടലില്‍ നിന്നു സുശീലനും മാന്യനുമായ മൊസ്സ്യു മദലിയെന്‍ എന്ന പൗരന്‍ പൂര്‍വാധികം ബഹുമതിയോടും സമാധാനത്തോടും അഭൂതപൂര്‍വമായ പൂജ്യതയോടുംകൂടി പുറത്തു വന്നു കൊള്ളുമെന്നും — അതേ, ആരെങ്കിലും അയാളോട് ഈവിധം പറഞ്ഞിരുന്നുവെങ്കില്‍, അയാള്‍ തലയിളക്കുകയും ആ പറഞ്ഞതെല്ലാം ഒരു ഭ്രാന്തന്റെ വാക്കുകളാണെന്നു കരുതുകയും ചെയ്യും. എന്നാല്‍, ഇതൊല്ലെത്തന്നെയാണ് വാസ്തവത്തില്‍ ഇപ്പോള്‍ വന്നുകൂടിയത്; അസംഭാവ്യതകളുടെ ആ മഹത്തായ സമുച്ചയം ഒരു വാസ്തവസംഗതിയായി; ഈ കഥയില്ലാത്ത മനസ്സങ്കല്പങ്ങള്‍ക്കു സത്യാവസ്ഥകളായിത്തീരുവാന്‍ ഈശ്വരന്‍ അനുവാദം കൊടുത്തു.

അയാളുടെ മനോരാജ്യം അധികമധികം സുവ്യക്തമായിത്തുടങ്ങി. പിന്നെയും പിന്നെയും അയാള്‍ക്കു തന്റെ സ്ഥിതി മനസ്സിലായിവന്നു.

അനിര്‍വചനീയമായ സ്വപ്നത്തില്‍നിന്നു താന്‍ അപ്പോള്‍ കഷ്ടിച്ചുണര്‍ന്നതേയുള്ളൂ എന്നും, അര്‍ദ്ധരാത്രി സമയത്തു നിവര്‍ന്നും വിറകൊണ്ടും സകലത്തിന്മേലും വെറുതെ പിടികൂടിയും, പാതാളത്തിന്റെ വെറും വക്കത്ത് ഒരു കടുംതൂക്കത്തിലൂടെ താന്‍ ഉരസി വീഴുന്നതായിക്കണ്ടു എന്നും അയാള്‍ക്കു തോന്നി. ആ ഇരുട്ടത്ത്, അയാള്‍, ഒരപിചിതനെ — താനാണെന്നുവച്ച് വിധിയാല്‍ തെറ്റിപ്പിടിക്കൂടപ്പെട്ടവനും, ആ ഇരുള്‍ക്കുഴിയിലേക്കു തന്റെ പകരമായി പിടിച്ചുതള്ളപ്പെടുന്നവനുമായി മുന്‍പു കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ — വ്യക്തമായി കണ്ടു; ആ ഇരുള്‍ക്കുഴിയുടെ വായ ഒരിക്കല്‍ക്കൂടി അടയുന്നതിന്നു താനോ അല്ലെങ്കില്‍ ആ മറ്റേ ആളോ, അതില്‍ വീണേ കഴിയൂ; സംഗതികളെ അവയുടെ വഴിക്കു നടന്നോട്ടെ എന്നുവെക്കുക മാത്രമേ അയാള്‍ ചെയ്യേണ്ടതുള്ളു.

വെളിച്ചം പൂര്‍ണമായി; ഇതയാള്‍ സ്വയം സമ്മതിച്ചു; തണ്ടുവലിശ്ശിക്ഷസ്ഥലത്തുള്ള തന്റെ സ്ഥാനം ഒഴിവാണ്; എന്തുതന്നെ ചെയ്താലും ശരി, അതപ്പോഴും തന്നെ കാത്തുനില്ക്കുന്നു; ഴെവെയ്ക്കുട്ടിയോടു ചെയ്ത മോഷണമാണ് തന്നെ അങ്ങോട്ടു തിരികെ കൊണ്ടുപോയത്; ആ ഒഴിവുസ്ഥലം താന്‍ ചെന്നു നിറയ്ക്കുന്നതുവരെ, തന്നെയും കാത്തുനില്ക്കുകയും, തന്നെ അങ്ങോട്ടു വലിക്കുകയും ചെയ്യും; ഇതിനു മാറ്റമില്ല, ഇതു തലയിലെഴുത്താണ്. പിന്നീട് അയാള്‍ തന്നത്താന്‍ പറഞ്ഞു, ഇപ്പോള്‍ തനിക്കു പകരം ഒരാളുണ്ടായിട്ടുണ്ട്; ഷാങ്മാത്തിയോ എന്നൊരാള്‍ക്ക് ആ നിര്‍ഭാഗ്യം വന്നുപെട്ടിട്ടുണ്ടെന്നു തോന്നുന്നു; ഷാങ്മാത്തിയോ എന്ന പേരില്‍ തണ്ടുവലിശ്ശിക്ഷസ്ഥലത്തും മൊസ്സ്യു മദലിയെന്‍ എന്ന പേരില്‍ സമുദായത്തിനിടയിലും ഹാജര്‍ കൊടുത്താല്‍ പിന്നെ തന്നെസ്സംബന്ധിച്ചേടത്തോളം അയാള്‍ക്കൊന്നും പേടിക്കാനില്ല — ഒന്നു മാത്രം; ശവക്കല്ലറയുടേതെന്നപോലെ, ഒരിക്കല്‍ വന്നു വീണാല്‍ പിന്നെ ഒരു കാലത്തും നീങ്ങിപ്പോകാത്തതായ ആ അവമാനക്കല്ലിനെ ആളുകള്‍ ഷാങ്മാത്തിയോവിന്റെ തലയ്ക്കുവെച്ചു മുദ്രയിടുന്നത് അയാള്‍ തടയാതിരിക്കണം.

ഇതെല്ലാം അത്രമേല്‍ അസാധാരണവും അത്രമേല്‍ ശക്തിയുള്ളതുമായിരുന്നു; അതിനാല്‍, പെട്ടന്ന് അയാളുടെ മനസ്സില്‍ ഏതൊരു മനുഷ്യനും ജീവകാലത്തിനിടയില്‍ ഏറിയാല്‍ രണ്ടോ മൂന്നോ തവണമാത്രം ഉണ്ടാകാവുന്ന ആ ഒരനിര്‍വചനീയമായ ചലനം — കാപട്യവും ആഹ്ലാദവും നിരാശതയുമടങ്ങിയതായി, ആന്തരമായ ചിരിയുടെ ഒരു പൊട്ടിപ്പുറപ്പെടല്‍ എന്നു പറയപ്പെടാവുന്ന ആ ഹൃദയാന്തരത്തിലെ സംശയാത്മകമായ സകലത്തെയും ഇളക്കിപ്പൊന്തിക്കുന്ന ഒരു തരം അന്തഃകരണ മഹോക്ഷോഭം — അയാള്‍ക്കുണ്ടായി.

അയാള്‍ ബദ്ധപ്പെട്ടു വീണ്ടും വിളക്കു കൊളുത്തി.

‘ആട്ടെ, ഇനി?’ അയാള്‍ തന്നത്താന്‍ പറഞ്ഞു: ‘എന്തിനെയാണ് ഞാന്‍ ഭയപ്പെടുന്നത്? ഇതിലെല്ലാം എനിക്കാലോചിക്കാന്‍ എന്താണ്? എനിക്കു പേടിക്കാനില്ല. ഒക്കെക്കഴിഞ്ഞു. എന്റെ കഴിഞ്ഞകാലത്തിന് എന്നെ വന്നാക്രമിക്കുവാന്‍ അല്പമൊന്നു തുറന്ന ഒറ്റ വാതിലേ ഉള്ളൂ; അതാ ആ വാതില്ക്കല്‍ എന്നെന്നേക്കുമായി ചുമര്‍ വെച്ചു മുട്ടിച്ചു! അത്രയും കാലമായി എന്നെ ബുദ്ധിമുട്ടിച്ചിരുന്ന ആ ഴാവേര്‍; എന്നെ ഊഹിച്ചറിഞ്ഞിട്ടുണ്ടെന്നു തോന്നിയിരുന്നതും, വാസ്തവത്തില്‍ — എന്റെ ഈശ്വര! — എന്നെ ഊഹിച്ചറിഞ്ഞിട്ടുള്ളതും, എന്നെ എവിടെയും പിന്തുടര്‍ന്നിരുന്നതുമായ ആ ഭയങ്കര തിര്യക്പ്രകൃതി; എപ്പോഴും എന്റെ നേരെ ഉന്നംവെച്ചിരുന്ന ആ വല്ലാത്തൊരു നായാട്ടുകാരനായ — വഴിതന്നെ തെറ്റി; നോക്കിപ്പോന്ന ചവിട്ടടി തീരെ വിട്ടു മറ്റൊരിടത്തേക്കു തിരിഞ്ഞു; ഇനിമേല്‍ അയാള്‍ സംശയിക്കുകയില്ല; എന്നെ ബുദ്ധിമുട്ടാതിരിക്കും; അയാള്‍ക്കു തന്റെ ഴാങ്ങ് വാല്‍ഴാങ്ങിനെ കിട്ടി. ആര്‍ക്കറിയാം? ഒരുസമയം അയാള്‍ പട്ടണത്തില്‍ നിന്നേ വിട്ടുപോയെന്നു വരാം! ഇതെല്ലാം എന്റെ യാതൊരു സഹായ്യവും കൂടാതെ ഉണ്ടായിത്തീര്‍ന്നിട്ടുള്ളതാണ്; ഞാനിതില്‍ ഒരു ഭാഗത്തുമല്ല! ഹാ!ഹാ!അപ്പോള്‍ എവിടെയാണ് ഇതില്‍ നിര്‍ഭാഗ്യം? എനിക്കൊരു കഷ്ടപ്പാടു വന്നു എന്നുവെച്ച്, ആളുകള്‍ എന്നെ കാണാന്‍ വിചാരിക്കും! ആകപ്പാടെ, ഇതില്‍ ആര്‍ക്കെങ്കിലും ദോഷം തട്ടുന്നുണ്ടെങ്കില്‍, അത് ഒട്ടും തന്നെ എന്റെ കുറ്റമല്ല; ഈശ്വരവിധിയണ് ഇതെല്ലാം ചെയ്തത്; ഇങ്ങനെയൊക്കെ വരണമെന്നാണ് വിധിക്കാഗ്രഹം, സംശയമില്ലല്ലോ. ഈശ്വരവിധി ക്രമപ്പെടുത്തിയതിനെ മാറ്റിമറിയ്ക്കാന്‍ എനിക്കധികാരമുണ്ടോ? എനിക്കെന്താണ് ഇപ്പോളാവശ്യം? ഞാന്‍ എന്തിനു വേണ്ടാതെ ചെന്നു തലയിടുന്നു? ഇതില്‍ എനിയ്ക്കൊന്നുമില്ല: എന്ത്! എനിക്കു തൃപ്തിയാവുന്നില്ല; ഇനി ഇതിലേറെ എന്തുവേണം? അത്രയേറെ കൊല്ലമായി ഞാന്‍ എത്തിച്ചേരുവാന്‍ ആഗ്രഹിച്ചുപോന്ന ആ പ്രസ്ഥാനം, എന്റെ രാത്രികാലങ്ങളിലെ സ്വപ്നവിഷയം, ഈശ്വരനോടുള്ള എന്റെ പ്രാര്‍ഥനകളുടെ ഉദ്ദേശ്യം — നിര്‍ഭയസ്ഥിതി — എനിക്കിപ്പോള്‍ കിട്ടിക്കഴിഞ്ഞു; ഈശ്വരനാണ് ഇങ്ങനെയാക്കിയത്; ഈശ്വരേച്ഛയ്ക്കെതിരായി യാതൊന്നും എനിക്കു പ്രവര്‍ത്തിക്കാന്‍ വയ്യാ; അപ്പോള്‍ ഈശ്വരന്ന് എന്തേ ഇങ്ങനെ തോന്നാന്‍? ഞാന്‍ തുടങ്ങിവെച്ചതു മുഴുവനാവാന്‍; ഞാന്‍ ഒരു നന്മ ചെയ്യുന്നതിന്; ഞാന്‍ ഒരു ദിവസം മറ്റുള്ളവര്‍ക്കു മഹത്തും പ്രോത്സാഹകവുമായ ഒരു ദൃഷ്ടാന്തമായിത്തീരാന്‍; ഒടുവില്‍ ഇങ്ങനെയും പറയാം’ ഞാന്‍ ചെയ്തിട്ടുള്ള തപസ്സിനും ഞാനവലംബിച്ചിട്ടുള്ള സദ്‌വൃത്തിക്കും പിന്നിലായി കുറച്ചു സമയം നില്‍പ്പുണ്ട്, കുറച്ചുമുന്‍പ് ആവിശിഷ്ടനായ മതാചാര്യന്റെ വീട്ടില്‍ ചെല്ലുന്നതിനും അദ്ദേഹത്തോട് ഉപദേശം ചോദിക്കുന്നതിനും എനിക്കു ഭയം തോന്നിയത് എന്തുകൊണ്ടാണെന്നു വാസ്തവത്തില്‍ മനസ്സിലാവുന്നില്ല; ശരിക്ക് ഇതാവും അദ്ദേഹം എന്നോടു പറയുക; ‘തീര്‍ച്ചപ്പെട്ടുകഴിഞ്ഞു; ഓരോന്നും അതിന്റെ വഴിക്കു നടക്കട്ടെ; കാരുണ്യസ്വരൂപനായ ഈശ്വരന്‍ അവിടുത്തെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കട്ടെ!’

അന്തഃകരണത്തിന്റെ അഗാധതകളില്‍വെച്ച് അയാള്‍, തനിക്കുള്ളതായ ഇരുള്‍ക്കുഴിയുടെ മീതെ ചാഞ്ഞുകൊണ്ട്, ഈ വിധം തന്നത്താന്‍ സംസാരിച്ചു; പിന്നെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു മുറിയില്‍ ലാത്താന്‍ തുടങ്ങി; ‘ആട്ടെ,’ അയാള്‍ പറഞ്ഞു, ‘ഇനി അതിനെപ്പറ്റി ഒന്നും ആലോചിക്കാതിരിക്കുക; ഞാനുറച്ചു!’ പക്ഷേ, അയാള്‍ക്ക് ഒരു സന്തോഷവും തോന്നിയില്ല.

നേരെമറിച്ച്, സമുദ്രത്തെ വീണ്ടും കരയ്ക്കലേക്കു വരാതാക്കുന്നതിലധികമായി, ആര്‍ക്കും വിചാരത്തെ ഒരാലോചനയെസ്സംബന്ധിച്ചു വീണ്ടും ഉണ്ടാകാതെയാക്കാന്‍ സാധിക്കില്ല; സമുദ്രയാത്രക്കാരന്‍ അതിനെ വേലിയേറ്റം എന്നു വിളിക്കുന്നു; കുറ്റക്കാരന്‍ അതിനെ പശ്ചാത്താപം എന്നു വിളിക്കുന്നു; ഈശ്വരന്‍ സമുദ്രത്തെ പൊന്തിപ്പിക്കുന്നതുപൊലെ ആത്മാവിനെക്കൊണ്ടും ചെയ്യിക്കുന്നു.

കുറച്ചുനിമിഷങ്ങള്‍ കഴിഞ്ഞതോടുകൂടി, അയാള്‍ എന്തുതന്നെ ചെയ്തിട്ടും, താന്‍തന്നെ വക്താവും ശ്രോതാവുമായി — പറയാതെ കഴിക്കാനാഗ്രഹിക്കുന്നതിനെ പറഞ്ഞും, കേള്‍ക്കാതെ കഴിക്കാനാഗ്രഹിക്കുന്നതിനെ ശ്രദ്ധിച്ചുകേട്ടും, രണ്ടായിരം കൊല്ലങ്ങള്‍ക്കുമുന്‍പ് മറ്റൊരു ദണ്ഡിതനോടു ‘മുമ്പോട്ടു നടക്ക്’ എന്നു പറഞ്ഞതുപോലെ, തന്നോട് ‘ആലോചിക്കുക’ എന്നു പറയുന്ന ആ നിഗൂഢശക്തിക്കു കീഴ്പ്പെട്ടും വീണ്ടും അയാള്‍ തന്റെ ദുഃഖമയസംഭാഷണം ആരംഭിച്ചു.

ഇവിടുന്നങ്ങോട്ടു കടക്കുന്നതിനു മുന്‍പായി, ഞങ്ങള്‍ പറയുന്നതിനെ നല്ലവണ്ണം മനസ്സിലാക്കിക്കുവാന്‍ വേണ്ടി, ഒരു കാര്യം ഇവിടെ നിഷ്കര്‍ഷിക്കട്ടെ.

താന്താങ്ങളോടായി മനുഷ്യര്‍ സംസാരിക്കാറുണ്ടെന്നുള്ളത് തീര്‍ച്ചയാണ്; അത് ചെയ്തിട്ടില്ലാത്ത ഒരുത്തനുമില്ല. ഒരു മനുഷ്യന്റെ ഉള്ളില്‍വെച്ചു വിചാരത്തില്‍ നിന്നു മനസ്സാക്ഷിയിലേക്കു ചെല്ലുകയും മനസ്സാക്ഷിയില്‍ നിന്നു വിചാരത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോഴത്തെക്കാളധികം, ഒരിക്കലും വാക്ക് ഒരു വിശിഷ്ടമായ അത്ഭുതകരവസ്തുവാകുന്നില്ലെന്നും പറയാവുന്നതാണ്; ഈ ഒരര്‍ഥത്തില്‍ മാത്രമാണ്, അയാള്‍ പറഞ്ഞു, അയാള്‍ ഉച്ചത്തില്‍ പറഞ്ഞു എന്നീ വാക്കുകളെ ഈ അധ്യായത്തില്‍ പലപ്പോഴും ഉപയോഗിച്ചു കാണുമ്പോള്‍ മനസ്സിലാക്കേണ്ടത്. പുറമേയുള്ള നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താതെ ഒരാള്‍ തന്നോടു തന്നെ പറയുകയും സംസാരിക്കുകയും ഉച്ചത്തില്‍ ഉരിയാടുകയും ചെയ്യുന്നു; ഒരു വലിയ ലഹളയുണ്ടായിരിക്കും! വായയൊഴിച്ചു നമ്മെ സംബന്ധിച്ച സകലവും സംസാരിക്കുന്നുണ്ടാവും. കാണാത്തതുകൊണ്ടും തൊട്ടറിയാത്തതുകൊണ്ടും ആത്മാവിലെ വാസ്തവസംഗതികളുടെ വാസ്തവത്വം കുറയുന്നില്ല.

അങ്ങനെ താനെവിടെയാണ് നില്ക്കുന്നതെന്ന് അയാള്‍ തന്നോടുതന്നെ ചോദിച്ചു. ആ ‘ഉറച്ചുകഴിഞ്ഞ തീര്‍പ്പി’നെപ്പറ്റി അയാള്‍ വിചാരണ ചെയ്തു. ഇപ്പോള്‍ത്തന്നെ ഉള്ളില്‍ ഏര്‍പ്പെടുത്തിവച്ചെതല്ലാം പൈശാചികമാണെന്ന്; ‘ഓരോന്നും അതിന്റെ വഴിക്കു നടക്കട്ടെ, കാരുണ്യസ്വരൂപനായ ഈശ്വരന്‍ അവിടുത്തെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കട്ടെ’ എന്നു വെക്കുന്നത് ശുദ്ധമേ നിഷ്ഠൂരതയാണെന്ന്! വിധിയുടേയും മനുഷ്യരുടേതുമായ ഈ അബദ്ധപ്രവൃത്തിയെ തടഞ്ഞു നിര്‍ത്താതെ ഫലപ്പെടുവാന്‍ സമ്മതിക്കുന്നതു, തന്റെ മൗനംകൊണ്ട് അവനവനെ അതിനു കടം കൊടുക്കുന്നത്, ചുരുക്കിപ്പറഞ്ഞാല്‍ ഒന്നും ചെയ്യാതിരിക്കുന്നതു, സര്‍വവും ചെയ്തുപോകയാണെന്ന്; ഇതു, കാപട്യമയമായ നീചത്വത്തിന്റെ അങ്ങേ അറ്റമാണെന്ന്; ഇതു നീചവും നികൃഷ്ടവും നിഷ്ഠൂരവും ഭീരുത്വമയവും അധമോചിതവുമായ ഒരു കുറ്റമാണെന്ന് അയാള്‍ സ്വയം സമ്മതിച്ചു!

എട്ടു കൊല്ലത്തിനുള്ളില്‍ ആ ഭാഗ്യംകെട്ട മനുഷ്യന്‍ ഒന്നാമതായി ദുഷ്ട വിചാരത്തിന്റേയും ദുഷ്ടപ്രവൃത്തിയുടേയും കയ്പുരസം അനുഭവിച്ചു.

അതിനെ അയാള്‍ വെറുപ്പോടുകൂടി തുപ്പിക്കളഞ്ഞു.

അയാള്‍ പിന്നേയും തന്നോടുതന്നെ ചോദ്യം തുടങ്ങി: ‘എന്റെ ഉദ്ദേശ്യം സാധിച്ചു’ എന്നു പറഞ്ഞപ്പോള്‍ എന്തര്‍ഥമാണ് കരുതിയതെന്ന് അയാള്‍ ദയയില്ലാതെ ചോദിച്ചു; തന്റെ ജീവിതത്തിനു വാസ്തവത്തില്‍ ഒരുദ്ദേശ്യമുണ്ടെന്ന് അയാള്‍ തന്നത്താന്‍ തീര്‍ത്തുപറഞ്ഞു; പക്ഷേ, എന്താണ് ഉദ്ദേശ്യം? അയാളുടെ പേരിനെ മറച്ചുവെക്കുകയോ? പൊല്ലീസ്സുകാരെ തോല്പിക്കുകയോ? ഇത്ര സാരമില്ലാത്ത ഒന്നിനു വേണ്ടിയാണോ അയാള്‍ ഈ ചെയ്തതൊക്കെ പ്രവര്‍ത്തിച്ചത്? മഹത്തരമായ മറ്റൊരുദ്ദേശ്യമില്ലേ’ വാസ്തവമായിട്ടുള്ള ഒന്ന് — ദേഹത്തെയല്ല, ആത്മാവിനെ രക്ഷിക്കുക; ഒരിക്കല്‍ക്കൂടി സത്യവാനും സുശീലനുമാവുക; ഒരുത്തമ മനുഷ്യനാവുക? എല്ലാറ്റിലും മീതെയായി അതല്ലേ, ആ ഒന്നുമാത്രമല്ലേ, അയാള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതും, മെത്രാന്‍ അയാളോടു ചെയ്വാന്‍ ആജ്ഞാപിച്ചിട്ടുള്ളതും — കഴിഞ്ഞതിനു മുന്‍പില്‍ വാതിലടയ്ക്കുക? പക്ഷേ, അതയാള്‍ അടയ്ക്കുന്നില്ല! ജഗദീശ്വര, ഒരു നികൃഷ്ടകര്‍മം ചെയ്ത് അത് അയാള്‍ വീണ്ടും തുറക്കുകയാണ് ചെയ്യുന്നത്! ഒരിക്കല്‍ക്കൂടി അയാള്‍ കള്ളനായിത്തീരുന്നു. കള്ളന്മാരില്‍വെച്ച് ഏറ്റവും അറയ്ക്കത്തക്ക കള്ളന്‍! അയാള്‍ മറ്റൊരുത്തന്റെ ആയുസ്സിനെ, ജീവിതത്തെ, സമാധാനത്തെ, പകല്‍ വെളിച്ചത്തുള്ള സ്ഥാനത്തെ തട്ടിപ്പറിക്കുന്നു. അയാള്‍ ഒരു കൊലപാതകിയായിത്തീരുന്നു. ഒരു ഭാഗ്യംകെട്ട മനുഷ്യനെ അയാള്‍ പിടിച്ചുകൊല്ലുന്നു — മാനസികമായി കൊലചെയ്യുന്നു. അയാള്‍ ആ മനുഷ്യനില്‍ ഭയങ്കരമായ കൊല്ലാക്കൊല നടത്തുന്നു — തണ്ടുവലിശ്ശിക്ഷ എന്നു വിളിക്കപ്പെടുന്ന ആ വെളിച്ചത്തുവച്ചുള്ള കൊല. നേരെ മറിച്ചു. ദുഃഖകരമായ ഒരബദ്ധം കൊണ്ട് വീണുപോയ ആ മനുഷ്യനെ രക്ഷിക്കാന്‍ വേണ്ടി താന്‍തന്നെ ചെന്നു ഹാജരാവുക. തന്റെ സ്വന്തം പേരിനെ വീണ്ടും കൈകൊള്ളുക, ധര്‍മപ്രകാരം, ഒരിക്കല്‍ക്കൂടി ഴാങ്ങ് വാല്‍ഴാങ്ങ് എന്ന തടവുപുള്ളിയാവുക — ഇതു വാസ്തവം നോക്കിയാല്‍ അയാളുടെ ‘ഉയിര്‍ത്തെഴുന്നേല്ക്കലി’നെ സാധിക്കുകയാണ്; അപ്പോള്‍ത്തന്നെ വിട്ടുപോന്ന നരകത്തിന്റെ വാതില്‍ അയാള്‍ എന്നെന്നേക്കുമായി അടയ്ക്കുകയാണ്; കാഴ്ചയില്‍ അവിടെച്ചെന്നു വീഴുന്നതു, യഥാര്‍ഥത്തില്‍, അതില്‍ നിന്നു വിട്ടുപോരുകയാണ്. ഇതു ചെയ്യണം! ഈ പറഞ്ഞതെല്ലാം ചെയ്തിട്ടില്ലെങ്കില്‍, അയാള്‍ യാതൊന്നും ചെയ്തിട്ടില്ല, അയാളുടെ ജീവിതം മുഴുവന്‍ നിഷ്ഫലമായി; അയാള്‍ ചെയ്ത പ്രായശ്ചിത്തമെല്ലാം വെറുതേ, ‘പ്രയോജനമെന്ത്?’

എന്ന ചോദ്യത്തിന്റെ ആവശ്യം ഇനിയില്ല, മെത്രാന്‍ അവിടെയുണ്ടെന്നും; സ്വര്‍ഗാരോഹണം ചെയ്തതുകൊണ്ട് കുറേക്കൂടി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിടെയുണ്ടെന്നും; മെത്രാന്‍ തന്റെ നേരെ ഉറപ്പിച്ചു നോക്കുന്നുണ്ടെന്നും, തന്റെ മനോഗുണങ്ങളൊക്കെയിരുന്നാലും, മെയര്‍ മദലിയെന്‍ മെത്രാന്നു നിന്ദ്യനാവുമെന്നും, തടവുപുള്ളിയായ ഴാങ്ങ് വാല്‍ഴാങ്ങ് അദ്ദേഹത്തിന്റെ കണ്ണില്‍ ഉത്തമനും പരിശുദ്ധനുമായിരിക്കുമെന്നും; മനുഷ്യര്‍ തന്റെ മുഖംമൂടി മാത്രമേ കാണുന്നുള്ളൂ, മെത്രാന്‍ തന്റെ മുഖം കാണുന്നുണ്ടെന്നും; മനുഷ്യര്‍ തന്റെ ജീവിതം കാണുന്നുള്ളൂ. മെത്രാന്‍ മനസ്സാക്ഷിയെ കാണുന്നുണ്ടെന്നും അയാള്‍ക്കുറപ്പു തോന്നി; അതിനാല്‍ അയാള്‍ ആറായിലേക്കു പോണം; ശരിയല്ലാത്ത ഴാങ്ങ് വാല്‍ഴാങ്ങിനെ വിടുവിക്കണം; ശരിയായവനെപ്പറ്റി അറിവുകൊടുക്കണം. അഹോ! അത് ആത്മത്യാഗങ്ങളില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടമാണ്; വിജയങ്ങളില്‍വെച്ച് ഏറ്റവും രൂക്ഷതരം; ഒടുവിലത്തെക്കൈ; പക്ഷേ, അതു ചെയ്തേ കഴിയൂ, വ്യസനകരമായ കര്‍മഗതി ഈശ്വരന്റെ കണ്ണില്‍ മാത്രമേ അയാള്‍ പാവനത്വത്തില്‍ പ്രവേശിക്കുന്നുള്ളൂ; മനുഷ്യരെസ്സംബന്ധിച്ചേടത്തോളം അയാള്‍ അവമാനത്തിലേക്കു മടങ്ങുകയാണ്.

‘അപ്പോള്‍,’ അയാള്‍ പറഞ്ഞു: ‘നമുക്ക് ഇങ്ങനെ തീര്‍ച്ചപ്പെടുത്തുക; നമുക്കു നമ്മുടെ ധര്‍മം പ്രവര്‍ത്തിക്കുക; ഈ മനുഷ്യനെ നമുക്കു രക്ഷിക്കുക.’ ഉറക്കെപ്പറയുകയാണെന്നറിയാതെ, ഈ വാക്കുകള്‍ അയാള്‍ ഉറക്കെപ്പറഞ്ഞു.

അയാള്‍ തന്റെ പുസ്തകങ്ങളെടുത്തു, പരീക്ഷണം ചെയ്തു, അതാതിടത്തടക്കി. പാവങ്ങളും കുഴക്കില്‍പ്പെട്ടവരുമായ കച്ചവടക്കാരെസ്സംബന്ധിച്ച കണക്കുകള്‍ അയാള്‍ തിയ്യിലേക്കെറിഞ്ഞു. അയാള്‍ ഒരു കത്തെഴുതി, അടച്ചു മുദ്രവെച്ചു; ആ മുറിയില്‍ ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍, അയാള്‍ക്ക് ആ ലക്കോട്ടിന്റെ പുറത്തു, മൊസ്സ്യു ലഫിത്ത്, ബാങ്കുകാരന്‍, റ്യൂ ദാര്‍ത്ത്വ, പാരിസ്സ് എന്ന മേല്‍വിലാസം വായിക്കാമായിരുന്നു. പലേ ബാങ്കുനോട്ടുകളും തിരഞ്ഞെടുപ്പിനു പോയ ആ കൊല്ലത്തില്‍ത്തന്നെ താന്‍ ഉപയോഗപ്പെടുത്തിയ യാത്രാനുവാദപത്രവും അടങ്ങിയ പോക്കറ്റു പുസ്തകം അയാള്‍ എഴുത്തുപെട്ടിയില്‍ നിന്നു വലിച്ചെടുത്തു.

ഈ പലേ പ്രവൃത്തികളും ചെയ്തുതീര്‍ക്കുമ്പോള്‍ — അതിനിടയില്‍ ആവിധം ഗൗരവപ്പെട്ട വിചാരം ചെന്നിരുന്നു — അയാളെ ആരെങ്കിലും കണ്ടിരുന്നുവെങ്കില്‍ കാണുന്നാള്‍ക്ക് അയാളുടെ ഉള്ളില്‍ക്കഴിയുന്ന സംഗതികളെപ്പറ്റി യാതൊരു സംശയവും തോന്നുമായിരുന്നില്ല. ഇടയ്ക്ക് അയാളുടെ ചുണ്ടുകള്‍ അങ്ങിങ്ങായിരുന്നു എന്നു മാത്രം; മറ്റു ചിലപ്പോള്‍ തലയുയര്‍ത്തി ചുമരിന്മേല്‍ ഒരു ഭാഗത്തേക്കു, തനിക്കു വിവരിച്ചുകിട്ടുകയോ വിചാരണചെയ്തു മനസ്സിലാവുകയോ വേണ്ടതായ എന്തോ ഒന്ന് അവിടെയുള്ളതുപോലെ, അയാള്‍ സൂക്ഷിച്ചു നോക്കിയിരുന്നു.

മൊസ്സ്യു ലഫിത്തിനുള്ള എഴുത്തെഴുതിക്കഴിഞ്ഞപ്പോള്‍, അതു, നോട്ടുപുസ്തകത്തോടുകൂടെ, അയാള്‍ കുപ്പായക്കീശയിലിട്ടു; ഒരിക്കല്‍ക്കൂടി ലാത്തല്‍ തുടങ്ങി.

അയാളുടെ മനോരാജ്യം അതിന്റെ മാര്‍ഗത്തില്‍ നിന്ന് അങ്ങങ്ങിയില്ല. അയാളുടെ മുറ വ്യക്തമായി. പ്രകാശമാനങ്ങളായ അക്ഷരങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളത് അപ്പോഴും കാണാനുണ്ട്; നോട്ടം തിരിയുന്നതനുസരിച്ച് ആ എഴുത്തും സ്ഥാനം മാറിയിരുന്നു:

‘പോവൂ. ആ പേര്‍ പറയൂ! കുറ്റക്കാരനെന്നു സമ്മതിക്കൂ.’

ഈമാതിരിയില്‍ത്തന്നെ, കാണാവുന്ന രൂപത്തില്‍ മുന്‍പിലൂടെ നടക്കുന്നുണ്ടായാലത്തെ വിധം, അതേവരെ, തന്റെ ആത്മാവിനെ ഭരിച്ചുപോന്നിരുന്ന ആ രണ്ടു വിചാരങ്ങളേയും അയാള്‍ കണ്ടു — പേരിനെ മറച്ചുവെക്കലും, ജീവിതത്തെ പരിശുദ്ധമാക്കലും. ഒന്നാമതായി അവയെ അയാള്‍ സ്പഷ്ടമായി കണ്ടു. അവ തമ്മിലുള്ള അകല്‍ച്ചയും അയാള്‍ കണ്ടു. ആ രണ്ടു വിചാരങ്ങളില്‍ ഒന്ന് ആവശ്യം നല്ലതാണെന്നും, മറ്റേത് ഒരു സമയം ചീത്തയായേക്കാമെന്നും; ഒന്നാമത്തേത് ആത്മഭക്തിയും, മറ്റേത് ആത്മവ്യക്തിയുമാണെന്നും; ഒന്ന് എന്റെ അയല്‍പക്കക്കാരന്‍ എന്നും മറ്റേതു ഞാന്‍ തന്നെ എന്നും പറഞ്ഞിരുന്നു എന്നും; ഒന്നു വെളിച്ചത്തില്‍ നിന്നും മറ്റേത് ഇരുട്ടില്‍ നിന്നുമാണ് പുറപ്പെട്ടിരുന്നതെന്നുമുള്ള വാസ്തവം അയാള്‍ കണ്ടറിഞ്ഞു.

അവ പരസ്പരം ശത്രുക്കളായിരുന്നു. രണ്ടും തമ്മില്‍ ശണ്ഠകൂടുന്നതായി അയാള്‍ കണ്ടു. അതിലധികമാലോചിക്കുന്തോറും, ആത്മാവിന്‍ മുന്‍പില്‍ അവയ്ക്കും വലുപ്പം വെച്ചു. ഇപ്പോള്‍ അവ അകാശം മുട്ടിയിരിക്കുന്നു; എന്നല്ല, അയാളുടെ ഉള്ളില്‍, ഞങ്ങള്‍ കുറച്ചു മുന്‍പെ പറയുകയുണ്ടായ ആ അപാരതയില്‍, അന്ധകാരത്തിന്റേയും പ്രകാശങ്ങളുടേയും ഇടയില്‍, ഒരു ദേവിയും ഒരു രാക്ഷസനും തമ്മില്‍ മല്ലിടുന്നതായി കാണുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി.

അയാള്‍ ഭയത്തില്‍ മുങ്ങി: പക്ഷേ, ആ നല്ല വിചാരമാണ് ജയിക്കുന്നതെന്ന് അയാള്‍ക്കു തോന്നി.

മനസ്സാക്ഷിയുടേയും ഈശ്വരവിധിയുടേയും രണ്ടാമത്തെ നിശ്ചയ ഗഡുവിന്റെ വക്കത്ത് എത്തിയിരിക്കുന്നു എന്ന് അയാള്‍ക്കുറപ്പായി; അയാളുടെ പുതുജീവിതത്തിലെ ആദ്യഭാഗത്തെ മെത്രാന്‍ അടയാളപ്പെടുത്തി; രണ്ടാമത്തെ ഭാഗം ഷാങ്മാത്തിയോവും അടയാളപ്പെടുത്തി. മഹത്തായ ഗഡുവിനുശേഷം മഹത്തായ പരീക്ഷ.

ഒരു നിമിഷനേരത്തേക്കു കുറഞ്ഞുനിന്ന പരിഭ്രമം, പതുക്കെപ്പതുക്കെ അയാളെ വീണ്ടും പിടികൂടി. ഒരായിരം വിചാരങ്ങള്‍ അയാളുടെ മനസ്സിലൂടെ പാഞ്ഞു; പക്ഷേ, അവ അയാളുടെ ദൃഢനിശ്ചയം വീണ്ടും വീണ്ടും ഉറപ്പിക്കുകതന്നെ ചെയ്തു.

പക്ഷേ, താന്‍ കാര്യങ്ങളെ വേണ്ടതിലധികം ശക്തിവെപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഒരു നിമിഷനേരം അയാള്‍ വിചാരിച്ചു; ആകപ്പാടെ ആ ഷാങ്മാത്തിയോവിനെപ്പറ്റി അത്ര വിചാരിക്കാനില്ലായിരിക്കുമോ? വാസ്തവത്തില്‍ ആ മനുഷ്യന്‍ കളവുകുറ്റം പ്രവര്‍ത്തിച്ചിരിക്കുമോ?

അയാള്‍ സ്വയം മറുപടി പറഞ്ഞു: ‘നേരമായിട്ടും ഈ മനുഷ്യന്‍ കുറച്ച് ആപ്പിള്‍പ്പഴങ്ങള്‍ കട്ടിട്ടുണ്ടെങ്കില്‍, അതിന്റെ അര്‍ഥം ഒരു മാസത്തെ തടവാണ്. അതില്‍ നിന്നു തണ്ടുവലിശ്ശിക്ഷയിലേക്കു ദൂരം വളരെയുണ്ട്. എന്നാല്‍, ആര്‍ക്കറിയാം? അയാള്‍ കട്ടുവോ? അതു തെളിഞ്ഞിട്ടുണ്ടോ? ഴാങ്ങ് വാല്‍ഴാങ്ങ് എന്ന പേര്‍ ആ മനുഷ്യനെ മോഹാലസ്യപ്പെടുത്തുന്നു; അതുകൊണ്ട് തെളിവുകള്‍ കൂടാതെ കഴിഞ്ഞിരിക്കാമെന്നു തോന്നുന്നു; ഗവര്‍മ്മേണ്ടു വക്കീല്‍മാര്‍ ചെയ്യാറുള്ളതെല്ലാം ഇങ്ങനെയല്ലേ? ഒരു തടവുപുള്ളിയാണെന്നറിയപ്പെട്ടതുകൊണ്ട്, അയാള്‍ കള്ളനാവണമെന്നൂഹിച്ചു.’

ഉത്തരക്ഷണത്തില്‍, താനാണ് ഴാങ്ങ് വാല്‍ഴാങ്ങ് എന്നു താന്‍തന്നെ ചെന്നറിയിച്ചാല്‍ ആ പ്രവൃത്തിയിലുള്ള ധീരതയും, കഴിഞ്ഞ ഏഴു കൊല്ലമായിട്ടുള്ള തന്റെ പരിശുദ്ധജീവിതവും, രാജ്യത്തിനു താന്‍ ചെയ്തിട്ടുള്ള നന്മയും ഒരു സമയം ആലോചിച്ചേക്കാമെന്നും, അതുകാരണം ഭരണാധികാരികള്‍ തനിക്കു മാപ്പുതന്നേക്കാമെന്നും അയാള്‍ക്കു തോന്നി.

പക്ഷേ, ഈ തോന്നല്‍ വളരെ വേഗത്തില്‍ മറഞ്ഞു; ഴെര്‍വെയ്ക്കുട്ടിയുടെ കൈയില്‍നിന്നു നാല്പതു സൂ നാണ്യം കട്ടതുകൊണ്ട്, ഒരു ശിക്ഷയ്ക്കു ശേഷം രണ്ടാമതും കുറ്റം ചെയ്തവന്റെ നില വന്നുപെട്ടിരിക്കുന്നു എന്നും, ആ കാര്യം നിശ്ചയമായും പുറത്തുവരുമെന്നും, നിയമത്തിന്റെ ദൃഢനിശ്ചയമനുസരിച്ചു താന്‍ ജീവപര്യന്തം നാടുകടത്തപ്പെടുമെന്നും ഓര്‍മവന്ന് അയാള്‍ ഒരു നീരസമായ പുഞ്ചിരിയിട്ടു.

എല്ലാ മായാമോഹങ്ങളില്‍ നിന്നും അയാള്‍ പിന്തിരിഞ്ഞു, തന്നെ കഴിയുന്നത്ര ലൗകികവിചാരങ്ങളില്‍ നിന്നു വേര്‍പെടുത്തു, ശക്തിയും സമാധാനവും മറ്റിടങ്ങളില്‍ അന്വേഷിച്ചു. തന്റെ മുറ പ്രവര്‍ത്തിച്ചേ കഴിയൂ എന്നും; സ്വധര്‍മത്തില്‍ നിന്നൊഴിഞ്ഞു നിന്നാലുണ്ടാകുന്നതിലധികം ഭാഗ്യക്കേട് അതിനെ പ്രവര്‍ത്തിച്ചതുകൊണ്ടു തനിക്കു നേരിടുകയില്ലെന്നും, ഓരോന്നും അതാതിന്റെ വഴിക്കു നടക്കട്ടെ എന്നു വെച്ചിരുന്നാല്‍, എം. പട്ടണത്തില്‍ത്തന്നെ കഴിഞ്ഞുകൂടുക എന്നു വെച്ചാല്‍, തന്റെ ബഹുമതിയും, തന്റെ നല്ല പേരും, തന്റെ ധര്‍മസ്ഥാപനങ്ങളും, തന്റെ സമ്പത്തും, തന്റെ പ്രമാണിത്ത്വവും, തന്നോടു കാണിക്കപ്പെടുന്ന ഭക്തിയും ആദരവും, തന്റെ മനോഗുണവും എല്ലാം ഒരു ദുഷ്ടവൃത്തികൊണ്ടു വറുത്തിട്ടതായിരിക്കുമെന്നും അയാള്‍ സ്വയം പറഞ്ഞു. ഈ നിഷ്ഠൂരവൃത്തികൊണ്ടു വറുത്തിട്ടതായിരിക്കുമെന്നും അയാള്‍ സ്വയം പറഞ്ഞു.ഈ നിഷ്ഠൂരവസ്തുവായി ചേര്‍ന്നുകിടക്കുമ്പോള്‍ ആ പരിശുദ്ധവസ്തുക്കളുടെയെല്ലാം രുചി എന്തായിരിക്കും? എന്നാല്‍, തന്റെ ആത്മത്യാഗം ചെയ്തു സാധിക്കുന്ന പക്ഷം, തണ്ടുവലിശ്ശിക്ഷയോടും, പാറാവതിര്‍ത്തിയോടും ഇരിമ്പുകണ്ഠാഭരണത്തോടും പച്ചത്തൊപ്പിയോടും ഇളവില്ലാത്ത ദേഹാധ്വാനത്തോടും അനുകമ്പയില്ലാത്ത അവമാനത്തോടും ഒരു ദിവ്യബോധം കൂടിക്കലര്‍ന്നിരിക്കും.

ഒടുവില്‍, അതങ്ങനെത്തന്നെ വേണമെന്നും, തന്റെ ശിരോരേഖ അതാണെന്നും, ഈശ്വരന്‍ ഏര്‍പ്പെടുത്തിവെച്ചതിനെ മാറ്റിമറിക്കാന്‍ തനിക്കധികാരമില്ലെന്നും, എങ്ങനെയായാലും, പുറത്തു സൗശീല്യവും അകത്ത് അശുദ്ധിയുമായിട്ടോ അതോ അകത്തു പരിശുദ്ധിയും പുറമെ അവമാനവുമായിട്ടോ കഴിയേണ്ടതെന്നു താന്‍ തന്നെ തീര്‍ച്ചപ്പെടുത്തേണ്ടതാണെന്നും അയാള്‍ സ്വയം പറഞ്ഞു.

ഈ പരിതാപകരങ്ങളായ വിചാരങ്ങളുടെ കിളിര്‍ന്നുപൊങ്ങല്‍ അയാളുടെ ധൈര്യത്തെ കുറയ്ക്കുകയുണ്ടായില്ലെങ്കിലും, അയാളുടെ തലച്ചോര്‍ തളര്‍ന്നു പോയി. എത്രയെത്ര തന്നത്താന്‍ മനസ്സിരുത്തിയെങ്കിലും അയാള്‍ മറ്റു സംഗതികളെപ്പറ്റി, ഉദാസീനങ്ങളായ മറ്റോരൊന്നിനെപ്പറ്റി, ചിന്തിക്കുവാന്‍ തുടങ്ങി.

രണ്ടു ചെന്നികളിലുമുള്ള ഞരമ്പുകള്‍ കലശലായി മിടിച്ചു; അയാള്‍ അപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അര്‍ദ്ധരാത്രി ആദ്യം പള്ളിയില്‍ നിന്നും പിന്നീട് ടൗണ്‍ഹാളില്‍നിന്നും ശബ്ദിച്ചു; രണ്ടു മണികളുടെയും പന്ത്രണ്ടു വീതമുള്ള അടി അയാള്‍ എണ്ണി; രണ്ടിന്റേയും ഒച്ചയ്ക്കുള്ള വ്യത്യാസം അയാള്‍ തട്ടിച്ചുനോക്കി; കുറച്ചു ദിവസം മുന്‍പ് ഒരിമ്പുസാമാനവ്യാപാരിയുടെ കച്ചവടസ്ഥലത്തു വില്പാന്‍ വെച്ചിരുന്നതും, ആന്ത്വാങ്ങ് — അല്‍ബാങ്ങ് ദ് റൊമാങ്ങ് വീല്‍ എന്നു പേരെഴുതിയിട്ടുള്ളതുമായ ഒരു പഴയ നാഴികമണി ഈ ഘട്ടത്തില്‍ അയാള്‍ ഓര്‍മിച്ചു.

അയാള്‍ ആകെ തണുത്തിരിക്കുന്നു; അയാള്‍ അല്പം തിയ്യിട്ടു;ജനാലയടയ്ക്കുന്ന കാര്യം അയാള്‍ക്കോര്‍മ്മയില്ല.

ഇതിനിടയ്ക്ക് അയാള്‍ പിന്നേയും തന്റെ മയക്കത്തില്‍ പെട്ടു; അര്‍ദ്ധരാത്രി എന്നു മണിയടിക്കുന്നതിനു മുന്‍പ് താന്‍ ആലോചിച്ചിരുന്ന വിഷയം എന്താണെന്നോര്‍മവരാന്‍ അയാള്‍ തന്നെ കിണയേണ്ടി വന്നു; ഒടുവില്‍ അതു സാധിച്ചു.

‘ഹാ! ശരി’ അയാള്‍ സ്വയം പറഞ്ഞു, ‘കുറ്റക്കാരന്‍ ഞാനാണെന്നറിവു കൊടുക്കാന്‍ നിശ്ചയിച്ചു.’

ഉടനെ, പെട്ടന്ന് അയാള്‍ ഫന്‍തീനെക്കുറിച്ചാലോചിച്ചു.

‘നില്ക്കണേ!’ അയാള്‍ പറഞ്ഞു. അപ്പോള്‍ ആ സാധുസ്ത്രീയുടെ കഥ?’ ഇവിടെ ഒരു പുതിയ ഗഡു രംഗത്തുവന്നു.

മനോരാജ്യത്തിനിടയില്‍ പെട്ടന്നു പ്രവേശിച്ചതുകൊണ്ടു, ഫന്‍തീന്‍ ഒരപ്രതീക്ഷിതമായ പ്രകാശനാളത്തിന്റെ ഫലം കാണിച്ചു; അയാളുടെ ചുറ്റുമുണ്ടായിരുന്ന സകലവും രൂപഭേദപ്പെടുന്നതായി തോന്നി. അയാള്‍ ഉച്ചത്തില്‍ പറഞ്ഞു.

‘ഹാ! പക്ഷേ,’ ഇതുവരെ ഞാന്‍ എന്നയല്ലാതെ മറ്റാരെപ്പറ്റിയും ആലോചിച്ചിട്ടില്ല; ഒന്നും മിണ്ടാതെയിരിക്കുകയോ അല്ലെങ്കില്‍ എന്നെ കുറ്റപ്പെടുത്തുകയോ, എന്റെ ദേഹത്തെ മറച്ചുവെക്കുകയോ അല്ലെങ്കില്‍ ആത്മാവിനെ രക്ഷിക്കുകയോ, നികൃഷ്ടനും ബഹുമാനിതനുമായ ഒരു വിധികര്‍ത്താവായിരിക്കുകയോ അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ടവനും വന്ദിക്കപ്പെടേണ്ടവനുമായ ഒരു തടവുപുള്ളിയാവുകയോ, ഇതെന്തും എനിക്കഴകാണ്; അതൊക്കെ ഞാനാണ്, എപ്പോഴും ഞാന്‍ മാത്രം. ഞാനല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, എന്റെ ജഗദീശ്വര! ഇതെല്ലാം അഹംഭാവമത്രേ. അഹംഭവാത്തിന്റെ പല രൂപാന്തരങ്ങള്‍; പക്ഷേ, അതെന്തായാലും, എല്ലാം അഹംഭാവം തന്നെ. മറ്റുള്ളവരെപ്പറ്റി ഞാന്‍ കുറച്ചാലോചിച്ചാല്‍ എന്താണ്? അത്യുല്‍കൃഷ്ടമായ വിശുദ്ധത മറ്റുള്ളവരെപ്പറ്റി ആലോചിക്കുന്നതാണ്; ആട്ടെ, നമുക്കു കാര്യമൊന്നു പരിശോധിക്കുക. ഞാന്‍ എന്നതൊഴിച്ചാല്‍, ഞാന്‍ എന്നതു മാച്ചാല്‍, ഞാന്‍ എന്നതു മറന്നാല്‍, പിന്നത്തെ ഇതിന്റെയൊക്കെ ഫലം എന്താണ്? ഞാന്‍ ചെന്നു കുറ്റക്കാരനെന്നു സമ്മതിച്ചാല്‍ എന്താണ്? എന്നെ പിടികൂടും; ഈ ഷാങ്ങ്മത്തിയോവിനെ വിട്ടയയ്ക്കും; വീണ്ടും എന്നെ തണ്ടുവലിശ്ശിക്ഷസ്ഥലത്തു തന്നെയാക്കും; അതു ശരി — പിന്നെ? ഇവിടത്തെ കഥ എന്താണ്? ഹാ! ഇതാ ഇവിടെ ഒരു രാജ്യം, ഒരു പട്ടണം; ഇവിടെ വ്യവസായശാലകളുണ്ട്, ഒരു കൈത്തൊഴിലുണ്ട്, പുരുഷന്മാരും സ്ത്രീകളുമായ പ്രവൃത്തിക്കാരുണ്ട്, വയസ്സായ മുത്തച്ഛന്മാരുണ്ട്, കുട്ടികളുണ്ട്, പാവങ്ങളുണ്ട്! ഇതെല്ലാം ഞാനുണ്ടാക്കി; ഇവര്‍ക്കെല്ലാം ദിവസവൃത്തിക്കു ഞാനുണ്ടാക്കിക്കൊടുക്കുന്നു; തിയ്യു പുകയുന്ന പുകക്കുഴല്‍ എവിടെയുണ്ടോ അവിടെയെല്ലാം അടുപ്പില്‍ വിറകുകൊള്ളിയും പാത്രത്തില്‍ മാംസവും ഞാനാണ് വെച്ചിട്ടുള്ളത്; സ്വസ്ഥതയെ, ഉണര്‍ച്ചയെ, വിശ്വാസത്തെ, ഞാനുണ്ടാക്കി; എനിക്കു മുന്‍പ് യാതൊന്നുമില്ല; നാട്ടുപുറം മുഴുവനും ഞാന്‍ പൊന്തിച്ചു. ശക്തി പിടിപ്പിച്ചു. ജീവന്‍ വെപ്പിച്ചു. ഫലസമൃദ്ധമാക്കി, ഉണര്‍ച്ച കയറ്റി, ധനപുഷ്ടമാക്കി; ഞാനില്ലാതാവട്ടെ, ജീവന്‍ പോയി! ഞാന്‍ മാറിനില്ക്കട്ടെ, സകലവും ചത്തു; പിന്നെ ആ സ്ത്രീ, അത്രയധികം ദുഃഖിച്ചവളും അധ:പതിച്ചിട്ടുകൂടി അത്രയധികം മനോഗുണമുള്ളവളുമായ ആ സ്ത്രീ; അവളുടെ കഷ്ടപ്പാടുകള്‍ക്കു മുഴുവന്‍, അറിയാതെയെങ്കിലും, ഞാനാണ് കാരണം! എന്നല്ല, ഞാന്‍ തിരിഞ്ഞു പിടിക്കുവാന്‍ കരുതിയിട്ടുള്ളതും, ഞാന്‍ കൊണ്ടുവന്നു തന്നുകൊള്ളാമെന്ന് അമ്മയോടേറ്റിട്ടുള്ളതുമായ ആ കുട്ടി; ഞാന്‍ അവളോടു പ്രവര്‍ത്തിച്ചിട്ടുള്ളാ തെറ്റിനു പ്രായശ്ചിത്തമായി, അവള്‍ക്കു സര്‍വവും ചെയ്തുകൊടുക്കുവാന്‍ ഞാന്‍ കടപ്പെട്ടവനല്ലേ? ഞാന്‍ മാറിക്കഴിഞ്ഞാല്‍ പിന്നത്തെ കഥയെന്താണ്? തള്ള മരിക്കും; കുട്ടി അതിന്റെ പാട്ടില്‍ കഴിയും — താണ്, ഞാന്‍ ചെന്നു കുറ്റക്കാരനെന്നു സമ്മതിച്ചാല്‍, പിന്നീടു വരാന്‍ പോകുന്നത്, ഞാന്‍ ചെന്നു കുറ്റക്കാരനെന്നു പറഞ്ഞില്ലെങ്കില്‍? ശരി, ഞാന്‍ ചെന്നു കുറ്റക്കാരനെന്നു പറഞ്ഞില്ലെങ്കിലുള്ള കഥ ആലോചിക്കുക.’

ഈ ചോദ്യം ചോദിച്ചിട്ട്, അയാള്‍ മിണ്ടാതെ നിന്നു; ഒരു നിമിഷനേരത്തേക്ക് അയാള്‍ സംശയിക്കുകയും ശങ്കിക്കുകയും ചെയ്യുന്നതുപോലെ തോന്നി; പക്ഷേ, ആ നില അധികനേരത്തേക്ക് നിന്നില്ല; അയാള്‍ അവധാനത്തോടുകൂടി സ്വയം മറുപടി പറഞ്ഞു:

‘ശരി, ഈ മനുഷ്യന്‍ തണ്ടുവലിശ്ശിക്ഷയിലേയ്ക്ക് പോവുകയാണ്. വാസ്തവം; പക്ഷേ, ഗ്രഹപ്പിഴേ! അയാള്‍ എന്തു കട്ടു! കട്ടിട്ടില്ലെന്നു ഞാന്‍ പറഞ്ഞുനോക്കിയിട്ടു പ്രയോജനമില്ല; അതയാള്‍ ചെയ്തു! ഞാന്‍ ഇവിടെ കൂടുന്നു; ഞാന്‍ കഴിഞ്ഞുപോകുന്നു; പത്തു കൊല്ലം കൊണ്ട് ഞാന്‍ പത്തു ലക്ഷം സമ്പാദിക്കുന്നു; അതു ഞാന്‍ രാജ്യത്തെല്ലാം വിതറുന്നു; എനിക്കായിട്ട് ഒന്നുമില്ല; അതുകൊണ്ട് എനിക്കെന്താണ്? എനിക്കു വേണ്ടിയല്ല ഞാനതു ചെയ്യുന്നത്; സര്‍വരുടേയും ക്ഷേമം അഭിവൃദ്ധിപ്പെട്ടേ വരുന്നു; കൈത്തൊഴിലുകള്‍ പുറപ്പെടുന്നു, ശക്തിവെക്കുന്നു; വ്യവസായശാലകളും കച്ചവടസ്ഥലങ്ങളും പെരുകുന്നു; കുടുംബങ്ങള്‍, ഒരു നൂറു കുടുംബങ്ങള്‍, ഒരായിരം കുടുംബങ്ങള്‍, സുഖിക്കുന്നു; ജില്ലയില്ലെങ്ങും ജനസംഖ്യ കൂടുന്നു; മുന്‍പു കൃഷിസ്ഥലങ്ങള്‍ മാത്രമായിരുന്നേടത്തു ഗ്രാമങ്ങളുണ്ടാകുന്നു; ഒന്നുമില്ലാതിരുന്നേടങ്ങളൊക്കെ കൃഷിസ്ഥലങ്ങളാകുന്നു; കഷ്ടപ്പാട് ഇല്ലാതാവുന്നു — കഷ്ടപ്പാടോടുകൂടി വ്യഭിചാരം, ദുര്‍നടപ്പ്, കളവ്, കൊലപാതകം, ഒക്കെ; എല്ലാ ദുഃസ്വഭാവങ്ങളും മറയുന്നു. എല്ലാ ദുഷ്പ്രവൃത്തികളും; എന്നല്ല, ഈ സാധുവായ അമ്മ മകളെ വളര്‍ത്തിപ്പോരുന്നു; അതാ ഒരു രാജ്യം മുഴുവനും സമ്പത്സമൃദ്ധവും സദാചാരപരവുമായിത്തീരുന്നു. ഹാ! ഞനൊരു വിഡ്ഢിയാണ്! എനിക്കു കഥയില്ല? കുറ്റക്കാരനെന്നു ചെന്നു സമ്മതിക്കുന്നതിനെപ്പറ്റി എന്തേ ഞാന്‍ പറഞ്ഞിരുന്നത്? ഞാന്‍ ശരിക്കു മനസ്സു വെയ്ക്കണം; ആലോചന കൂടാതെ യാതൊന്നിലും ചെന്നു മറയരുത്. എന്ത്! മഹാനും മര്യാദക്കാരനുമായി അഭിനയിക്കുന്നത് എനിക്കിഷ്ടമായതുകൊണ്ട് — ആകപ്പാടെ, ഇതൊരു വിചിത്രകഥാഭിനയമാണ് — എന്നെയല്ലാതെ മറ്റാരെയും പറ്റി വിചാരിക്കരുതാത്തതുകൊണ്ടു നോക്കു യുക്തി! — ഒരു സമയം അല്പം വലുതാക്കിക്കൂട്ടിയ ഒരു ശിക്ഷയില്‍ നിന്ന്, അടിയില്‍ നോക്കിയാല്‍ ഒരു കള്ളനെ, ആരുമറിയാത്ത ഓരോന്നിനും കൊള്ളരുതാത്ത കള്ളനെ, രക്ഷിക്കാന്‍ വേണ്ടി ഒരു നാട്ടുപുറം മുഴുവനും നശിക്കണം പോല്‍! ഒരു സാധുസ്ത്രീ ആസ്പത്രിയില്‍ കിടന്നു ചാവണം! ഒരു സാധുപ്പെണ്‍കുട്ടി തെരുവില്‍ക്കിടന്നു, നായ്ക്കളെപ്പോലെ, ചാവണം. ഹാ, ഇതൊരിക്കലും പാടില്ല! എന്നല്ല ഒരിക്കല്‍ക്കൂടി അമ്മയ്ക്കു തന്റെ കുട്ടിയെ കാണാന്‍ പറ്റാതെ, കുട്ടിക്ക് അമ്മയുണ്ടെന്നു തന്നെ ഏതാണ്ട് അറിയാന്‍ സംഗതി വരാതെ; ഇതൊക്കെ ആപ്പിള്‍പ്പഴം കട്ട ഒരു തന്തത്തെമ്മാടിക്ക്, ഇതിനില്ലെങ്കില്‍ മറ്റൊന്നിനു നിശ്ചയമായും തണ്ടുവലിശ്ശിക്ഷസ്ഥത്ത് എത്തേണ്ടവനായ ഒരുവന്ന്, വേണ്ടിയും; ഒരപരാധിയെ രക്ഷപ്പെടുത്തി, നിരപരാധരെ ബലി കൊടുക്കുക; ഏറിയാല്‍ കുറച്ചു കാലവുംകൂടി മാത്രം ജീവിച്ചിരുന്നേക്കാവുന്നവനും സ്വന്തം ചെറ്റക്കുടിലിൽ ആകുമ്പോഴത്തേക്കാള്‍ ഒട്ടുമധികം തണ്ടുവലിശ്ശിക്ഷസ്ഥലത്തായതുകൊണ്ടു ദുഃഖിക്കാന്‍ വഴിയില്ലാത്തവനുമായ ഒരു കിഴവന്‍ തെണ്ടിയെ രക്ഷപ്പെടുത്തി, അമ്മമാരും ഭാര്യമാരും കുട്ടികളുമുള്ള ഒരു രാജ്യത്തെ മുഴുവനും ബലികൊടുക്കുക — ഒന്നാന്തരം വിചാരം, സംശയമില്ല. ഞാനല്ലാതെ മറ്റാരും തുണയ്ക്കില്ലത്ത ആ സാധു കൊസെത്ത്, ആ തെനാര്‍ദിയെര്‍മാരുടെ ഗുഹയില്‍ അവളിപ്പോള്‍ കിടന്നു തണുത്തിട്ടു നീലിച്ചിട്ടുണ്ടാവും, തീര്‍ച്ചയാണ്; ആ കൂട്ടര്‍ അറുദുഷ്ടര്‍; എന്നിട്ട് ഈ എല്ലാ പാവങ്ങളോടും എനിക്കുള്ള കര്‍ത്തവ്യത്തെ ഞാന്‍ വകവയ്ക്കാതിരിക്കാനാണ് ഭാവിച്ചത്; അതേ ഞാന്‍ കുറ്റക്കാരനെന്നു ചെന്നുപറയാന്‍ പുറപ്പെട്ടു; ആ! ആ പറയാന്‍ കൊള്ളരുതത്ത വിഡ്ഢിത്തം ഞാന്‍ ചെയ്യാന്‍ തുടങ്ങിയതാണ്! നമുക്ക് അങ്ങേ അറ്റത്തെ സ്ഥിതി എന്താവും എന്നു നൊക്കുക; ഈ കാര്യത്തില്‍ എന്റെ പക്കല്‍ ഒരു തെറ്റുണ്ടെന്നുതന്നെ വെക്കുക, ഒരിക്കല്‍ എന്റെ മനസ്സാക്ഷി എന്നെ ഇതിനു ശകാരിക്കും എന്നുതന്നെ തീര്‍ച്ചയാക്കുക — മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ഞാന്‍ എന്റെ മേല്‍മാത്രം തൂങ്ങിനില്ക്കുന്ന ആ ശകാരങ്ങളെ സഹിക്കണം! ഈ ദുഷ്കര്‍മ്മം എന്റെ ആത്മാവിനെ മാത്രമേ തകരാറാക്കൂ; ഇതിലാണ് ആത്മത്യാഗം. ഇതാണ് പുണ്യകര്‍മം.’

അയാള്‍ എണീറ്റു. വീണ്ടും ലാത്താന്‍ തുടങ്ങി; ഇത്തവണ അയാള്‍ക്കു തൃപ്തിയായതുപോലെ തോന്നി.

ഭൂമിയില്‍ ഇരുട്ടുകയറിയ പ്രദേശങ്ങളില്‍ മാത്രമേ വൈരക്കല്ലുകള്‍ കാണുന്നുള്ളു; ആലോചനയുടെ ആഴങ്ങളില്‍ മാത്രമേ സത്യത്തെ കാണുകയുള്ളൂ. ഈ ആഴങ്ങളിലേക്ക് ഇറങ്ങിയതിനുശേഷം, ഈ നിഴല്പാടുകളില്‍ വെച്ച് ഏറ്റവും ഇരുട്ടടഞ്ഞേടത്തു വളരെ നേരം തപ്പിനടന്നതിനുശേഷം, ഒടുവില്‍ ആ വൈരക്കല്ലുകളില്‍ ഒന്ന്, ആ സത്യങ്ങളില്‍ ഒന്ന്, തനിക്കു കിട്ടി എന്നും, അതു താന്‍ ഇപ്പോള്‍ കൈയില്‍പ്പിടിപ്പിച്ചിട്ടുണ്ടെന്നും, അതിനെ സൂക്ഷിച്ചു നോക്കുന്തോറും കണ്ണഞ്ചിപ്പോകുന്നു എന്നും അയാള്‍ക്കു തോന്നി.

‘അതേ,’ അയാള്‍ വിചാരിച്ചു, ‘ഇതു ശരിയാണ്; ഞാന്‍ നേര്‍വഴിക്കാണ്; കാര്യം കൈയിലായി; ഞാന്‍ ഒന്നിനെ മുറുക്കിപ്പിടിച്ച് അവസാനിപ്പിക്കണം; എന്റെ തീര്‍പ്പായി; ഓരോന്നും അതിന്റെ വരും വഴിക്ക് നടക്കട്ടെ; നമുക്ക് ഇനി ശങ്കിക്കാതിരിക്കുക; നമുക്ക് പിന്നോക്കം വെയ്ക്കാതിരിക്കുക; ഇത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്. എന്റെ കാര്യത്തിനല്ല; ഞാന്‍ മദലിയെനാണ്. മദലിയെനായിത്തന്നെ കഴിക്കും. ഴാങ്ങ് വാല്‍ഴാങ്ങായിട്ടുള്ള മനുഷ്യന്‍ കഷ്ടപ്പെടട്ടെ. ഞാന്‍ ഇനി അവനല്ലാതായി; ആ മനുഷ്യനെ ഞാനറിയുകയില്ല; എനിക്കു യാതൊന്നും അറിയില്ല; ഈ സമയത്ത് ആരോ ഒരാള്‍ ഴാങ്ങ് വാല്‍ഴാങ്ങായിട്ടുണ്ടെന്നു വരുന്നു; അവന്‍ തന്നെ അവന്റെ കാര്യം നോക്കട്ടെ; അതെന്നെ സംബന്ധിക്കുന്നില്ല; ഇരുട്ടില്‍ മുകളിലൂടെ ദൂരത്തേക്ക് പറന്നിരുന്ന ഒരപകടം പിടിച്ച പേരാണത്; അതിനിടയ്ക്ക് അതു നിന്ന് ഒരു തലയിലേക്ക് ഇറങ്ങുകയാണെങ്കില്‍, അതാത്തലയുടെ ഗ്രഹപ്പിഴ!’

അയാള്‍ അടുപ്പിന്‍ തിണ്ണയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ മുഖക്കണ്ണാടിയില്‍ നോക്കി, പറഞ്ഞു: ‘നില്ക്കണേ! ഒന്നു തീര്‍ച്ചപ്പെടുത്തിയപ്പോള്‍ത്തന്നെ എനിക്കാശ്വാസമായി; ഞാനിപ്പോള്‍ തീരെ ആള്‍ മാറി.’

അയാള്‍ കുറച്ചുകൂടി മുന്‍പോട്ടു നടന്നു. എന്നിട്ട് അവിടെ നിന്നു.

‘അതേ!’ അയാള്‍ പറഞ്ഞു, ‘ഒരിക്കല്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ നിശ്ചയത്തില്‍ നിന്ന് എന്തുതന്നെയുണ്ടായാലും അതിനെ മുന്‍പില്‍ ഞാന്‍ ചൂളിപ്പോകരുത്; എന്നെ ഴാങ്ങ് വാല്‍ഴാങ്ങോട്ടു കൂട്ടിക്കെട്ടുന്ന ചരടുകള്‍ ഇനിയുമുണ്ട്; അവയെ പൊട്ടിച്ചു കളയണം; ഇതേ മുറിയില്‍ത്തന്നെ എന്റെ കള്ളി വെളിച്ചത്താക്കുന്ന വസ്തുക്കള്‍, എനിയ്ക്കെതിരായി സാക്ഷി പറയാവുന്ന ചില മിണ്ടാസ്സാമാനങ്ങള്‍, കിടപ്പുണ്ട്; അവയൊന്നും ഇവിടെയില്ലെന്നാവണം.’

അയാള്‍ കുപ്പായക്കീശയില്‍ തപ്പി, പണസ്സഞ്ചി വലിച്ചെടുത്തു, തുറന്നു, ഒരു ചെറിയ താക്കോല്‍ പുറത്തേക്കെടുത്തു; ചുമര്‍ക്കടലാസ്സു കൂടിയിരുന്ന ചിത്രപടങ്ങളുടെ തീരെ മങ്ങിയ നിറപ്പകിട്ടിനുള്ളില്‍ അത്രമേല്‍ മറയപ്പെട്ടതുകൊണ്ടു കാണാന്‍ പ്രയാസമായിരുന്ന ഒരു പൂട്ടില്‍ ആ താക്കോല്‍ ഇറക്കി; ഒരു ഗൂഢദ്വാരം കാണാറായി. ചുമരും അടുപ്പുതിണ്ണയും കൂടിയുള്ള ത്രികോണത്തില്‍ പണിചെയ്തിട്ടുള്ള ഒരുതരം ഉപായമച്ചുമരളമാറി; ഈ ഒളിവുസ്ഥത്തു കുറെ കീറസ്സാമാനങ്ങളുണ്ട് — നീലച്ചു പരുത്തിത്തുണി കൊണ്ടുള്ള ഒരുള്‍ക്കുപ്പായവും, ഒരു കൂട്ടു പഴയ കാലുറയും, ഒരു പഴകിയ പട്ടാളമാറാപ്പും, രണ്ടുഭാഗത്തും ഇരുമ്പുകെട്ടുള്ള ഒരു പൊന്തന്‍മുള്ളുവടിയും. 1815 ഒക്ടോബര്‍ മാസത്തില്‍ ഡി.പട്ടണത്തിലൂടെ കടന്നു പോയ സമയത്ത് ഴാങ്ങ് വാല്‍ഴാങ്ങിനെ കണ്ടിട്ടുള്ളവര്‍ ഈ ദാരിദ്യം പിടിച്ച സാമാനങ്ങളെല്ലാം എളുപ്പത്തില്‍ കണ്ടറിയും.

ആദ്യത്തെ തുടക്കത്തെ ഓര്‍മപ്പെടുത്തിപ്പോരാന്‍വേണ്ടി വെള്ളി മെഴുതിരിക്കാലുകളോടൊപ്പം ഇവയും അയാള്‍ സൂക്ഷിച്ചിരുന്നു; തണ്ടുവലിശ്ശിക്ഷസ്ഥലത്തു നിന്നു പോന്നപ്പോഴത്തെ സാമാനങ്ങളെല്ലാം അയാള്‍ മറച്ചുവെക്കുകയും മെത്രാന്റെ കൈയില്‍ നിന്നു കിട്ടിയ മെഴുതിരിക്കാലുകളെ കാണാന്‍ സമ്മതിക്കുകയും ചെയ്യുന്നു.

സാക്ഷ മുറുക്കിയിട്ടിട്ടുണ്ടെങ്കില്‍ വാതില്‍ താനേ തുറന്നുപോയാലോ എന്നു ശങ്കിച്ചിട്ടെന്നപോലെ, അയാള്‍ അങ്ങോട്ട് ഉപായത്തില്‍ ഒന്നു നോക്കി; എന്നിട്ടു പെട്ടന്നും വേഗത്തിലും ആ സാധനങ്ങളെല്ലാം കടന്നെടുത്ത് അത്രയധികം കൊല്ലങ്ങളോളമായി ആ വിധം സനിഷ്കര്‍ഷമായും ആവിധം ആപല്ക്കരമായും സൂക്ഷിച്ചുപോന്ന അതുകളില്‍ ഒന്നു കണ്ണോടിക്കുകകൂടി ചെയ്യാതെ, ആ കീറസ്സാമാനങ്ങളും പൊന്തന്‍വടിയും പട്ടാളമാറാപ്പും എല്ലാം തിയ്യിലേക്ക് ഒരേറു കൊടുത്തു.

അയാള്‍ വീണ്ടും ആ ഉപായച്ചുമരളുമാറി അടച്ചു; അതിന്റെ ഉള്ളില്‍ ഒന്നും ഇല്ലാതായി. അപ്പോഴത്തെ സ്തിതിക്ക് ഇനി അനാവശ്യമാണെങ്കിലും, കുറേക്കൂടി നിഷ്കര്‍ച്ചിച്ച മുന്‍പിലേക്ക് ഉന്തിനീക്കിയ ഒരു കനത്ത സാമാനം കൊണ്ട് അയാള്‍ വാതില്‍ മറച്ചു.

കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം, ആ മുറിയും എതിര്‍ഭാഗത്തെ ചുമരും ചുകന്നു ഭയങ്കരമായ ഒരിളകുന്ന വെളിച്ചംകൊണ്ടു പ്രകാശിച്ചു. എല്ലാറ്റിലും തീപ്പിടിപ്പിച്ചു; മുള്ളുള്ള പൊന്തന്‍വടി പൊട്ടിച്ചിതറി, തീപ്പൊരി അറയുടെ നടുവിലേക്കു തെറിച്ചു.

ഉള്ളിലുള്ള കീറസ്സാമാനങ്ങള്‍ക്കുശേഷം, ആ മുറിയും എതിര്‍ഭാഗത്തെ ചുമരും ചുകന്നു ഭയങ്കരമായ ഒരിളകുന്ന വെളിച്ചം കൊണ്ടു പ്രകാശിച്ചു. എല്ലാറ്റിലും തീപ്പിടിച്ചു; മുള്ളുള്ള പൊന്തന്‍വടി പൊട്ടിച്ചിതറി, തീപ്പൊരി അറയുടെ നടുവിലേക്കു തെറിച്ചു.

ഉള്ളിലുള്ള കീറസ്സാമാനങ്ങളോടുകൂടി പട്ടാളമാറാപ്പു കത്തിയമര്‍ന്നപ്പോള്‍, വെണ്ണീറിനുള്ളില്‍ ഒരു തിളങ്ങുന്ന സാധനം കാണപ്പെട്ടു. കുനിഞ്ഞു നോക്കിയാല്‍, അതൊരു നാണ്യമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം — ആ തെണ്ടിക്കുട്ടിയുടെ പക്കല്‍നിന്നു കട്ടെടുത്ത നാല്പതു സൂനാണ്യമായിരുന്നു അത്, സംശയമില്ല.

അയാള്‍ ആ തിയ്യിലേക്കു നോക്കിയില്ല; അതേ കാല്‍വെപ്പോടുകൂടിത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പെട്ടന്ന് അയാളുടെ ദൃഷ്ടി ആ രണ്ടു വെള്ളിമെഴുതിരിക്കാലുകളില്‍ പതിഞ്ഞു; തിയ്യില്‍ നിന്നുള്ള വെളിച്ചത്തില്‍ അവ അടുപ്പിന്‍ തിണ്ണമേല്‍ ഇരുന്നു പതുക്കെ മിന്നി.

‘നില്ക്കണേ!’ അയാള്‍ വിചാരിച്ചു. ‘ഴാങ്ങ് വാല്‍ഴാങ്ങ് മുഴുവനും അതാ, ഇനിയും അവയില്‍. അവയേയും നശിപ്പിക്കണം.’

അയാള്‍ ആ രണ്ടു മെഴുതിരിക്കാലുകളും കടന്നെടുത്തു.

ആ രണ്ടെണ്ണത്തിനേയും കണ്ടാലറിയാത്ത ഭാഷയിലാക്കിത്തീര്‍ക്കാനും ഒരു ലോഹവടിയായി രൂപഭേദപ്പെടുത്തുവാനും അടുപ്പില്‍ അപ്പോഴും തിയ്യുണ്ടായിരുന്നു.

അയാള്‍ അടുപ്പിനരികില്‍ കുനിഞ്ഞുനിന്ന് ഒരു നിമിഷനേരം തീകാഞ്ഞു. അയാള്‍ക്കു ശരിക്കും ഒരു സുഖം തോന്നി. ‘ചൂട് എന്തു രസമുള്ളതാണ്’ അയാള്‍ പറഞ്ഞു.

എരിയുന്ന കല്ക്കരിക്കഷ്ണങ്ങളെ ആ മെഴുകുതിരിക്കാലുകളില്‍ ഒന്നുകൊണ്ട് അയാള്‍ കുത്തിയിളക്കി.

ഒരുനിമിഷംകൂടി കഴിഞ്ഞാല്‍ മതി. അവ രണ്ടും തിയ്യിലായി.

ആ സമയത്തു തന്റെ ഉള്ളില്‍നിന്ന് ഒരു ശബ്ദം ഉറക്കെ വിളിക്കുന്നതു കേട്ടു എന്നു തോന്നി; ‘ഴാങ്ങ് വാല്‍ഴാങ്ങ്! ഴാങ്ങ് വാല്‍ഴാങ്ങ്!’

അയാളുടെ തലമുടി നിവര്‍ന്നുനിന്നു: ഭയങ്കരമായ ഒന്നിനെ മനസ്സുവെച്ചു കേള്‍ക്കുന്ന ഒരാളുടെ മട്ടിലായി ആ മനുഷ്യന്‍.

‘അതേ, അതുതന്നെ! കഴിഞ്ഞു!’ ആ ശബ്ദം ഉച്ചരിച്ചു: ‘നിങ്ങള്‍ ചെയ്‌വാന്‍ വിചാരിച്ചതു മുഴുമുപ്പിക്കൂ! ഈ മെഴുകുതിരിക്കാലുകളെയും നശിപ്പിച്ചേയ്ക്കൂ! ഈ സ്മാരകത്തെ ഭസ്മമാക്കുക! മെത്രാനെ മറന്നുകളയുക! എല്ലാം മറന്നേക്കു. ഈ ഷാങ്മാത്തിയോവിനെ നശിപ്പിക്കൂ! അപ്പോള്‍ അതുറച്ചു, തീര്‍ച്ചപ്പെടുത്തി, നിശ്ചയിച്ചു, ഏര്‍പ്പാടായി: താനെന്തു ചെയ്യണമെന്നാണ് പറയുന്നതെന്നറിഞ്ഞുകൂടാത്ത ഒരു കിഴവന്‍. ഒരു സമയം യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു പാവം, തന്റെ ഭാഗ്യക്ഷയം നിങ്ങളുടെ നാമധേയത്തില്‍ക്കിടക്കുന്ന ഒരു നിരപരാധന്‍, ഒരു കുറ്റം പോലെ നിങ്ങളുടെ പേര്‍ തന്റെ തലയില്‍ അമര്‍ന്നിരിക്കുന്ന, നിങ്ങളാവാന്‍ പോകുന്ന, ശിക്ഷിക്കപ്പെടാന്‍ പോകുന്ന, നിരാശതയിലും ബുദ്ധിമുട്ടിലുമായി കാലം പോക്കാനുള്ള ഒരുവന്‍. ഇതു വേണ്ടതാണ് നിങ്ങള്‍ സത്യവാനായിരിക്കുക; മൊസ്സ്യു മെയറായി കഴിയുക; പട്ടണത്തെ സമ്പന്നമാക്കുക; ഗതിയില്ലാത്തവരെ പുലര്‍ത്തുക; അനാഥശിശുക്കളെ വളര്‍ത്തുക; സുഖിയും സുശീലനും ബഹുമാനിതനുമായി ജീവിക്കുക; എന്നാല്‍ ഈ സമയത്ത്, നിങ്ങള്‍ ആഹ്ലാദത്തോടും സ്വാതന്ത്ര്യത്തോടുംകൂടി കഴിയുമ്പോള്‍, ഒരു മനുഷ്യന്‍ നിങ്ങള്‍ക്കുള്ള ചുകപ്പുടുപ്പു ധരിക്കുന്നുണ്ടാവും; നിങ്ങളുടെ പേര്‍ വഹിച്ച് അവമാനത്തില്‍ കിടക്കുന്നുണ്ടാവും; നിങ്ങള്‍ക്കുള്ള ചങ്ങല വലിച്ചുകൊണ്ടു തണ്ടുവലിശ്ശിക്ഷയില്‍ കഴിയുന്നുണ്ടാവും. അതേ, അപ്പോള്‍ വളരെ നല്ല ഏര്‍പ്പാടായി, ഹാ, ദുഷ്ട!’

അയാളുടെ നെറ്റിത്തടത്തില്‍നിന്നു വിയര്‍പ്പൊഴുകി. അയാള്‍ ആ മെഴുകുതിരിക്കാലുകളുടെ മേല്‍ ‘കണ്ണുനട്ടും’ കൊന്റു നോക്കി. പക്ഷേ, അയാളുടെ ഉള്ളില്‍ വെച്ചു സംസാരിച്ച ശബ്ദം നിര്‍ത്തിയിട്ടില്ല. ആ ശബ്ദം തുടര്‍ന്നു: ‘ഴാങ്ങ് വാല്‍ഴാങ്ങ്, നിങ്ങളുടെ ചുറ്റും പല ശബ്ദങ്ങളുണ്ടാവും; അവ വലിയ ഒച്ചപ്പാടുണ്ടാക്കും; അവ വളരെ ഉച്ചത്തില്‍ സംസാരിക്കും; അവ നിങ്ങളെ അനുഗ്രഹിക്കും. എന്നാല്‍ ഒരു ശബ്ദം മാത്രമുണ്ടാവും ആരും കേള്‍ക്കാത്തതായിട്ട്. അത് നിങ്ങളെ ഇരുട്ടത്തു വെച്ചു ശപിക്കും. ശരി! ഹേ, നികൃഷ്ടമനുഷ്യാ, കേള്‍ക്കൂ; ആ എല്ലാ അനുഗ്രഹവാക്കുകളും സ്വര്‍ഗത്തില്‍ എത്തുന്നതിനുമുമ്പേ പിന്നോക്കം മാറും. ശാപം മാത്രം ഈശ്വരന്റെ അടുക്കലേക്ക് കയറിച്ചെല്ലും.’

ആദ്യത്തില്‍ ശക്തി കുറഞ്ഞിരുന്നതും അന്തഃകരണത്തിന്റെ ഏറ്റവും നിഗൂഢങ്ങളായ അടിത്തട്ടുകളില്‍ നിന്നു പൊന്തിയിരുന്നതുമായ ഈ ശബ്ദം ക്രമത്തില്‍ ഭയങ്കരവും ഞെട്ടിത്തെറിപ്പിക്കുന്നതുമായിത്തീര്‍ന്നു; അതയാളുടെ ചെകിടില്‍ത്തന്നെ കേള്‍ക്കാറായി. അതു തന്നില്‍നിന്നു വേര്‍പെടുകയും തനിക്കു പുറമെ നിന്നു സംസാരിക്കുകയും ചെയ്യുന്നതായി അയാള്‍ക്കു തോന്നി. ഒടുവിലത്തെ വാക്കുകള്‍ അത്രയും സ്പഷ്ടമായി കേട്ടു എന്ന അയാള്‍ വിചാരിച്ചു; ഒരു തരം ഭയപ്പാടോടുകൂടി ചുറ്റും നോക്കി.

‘ഇവിടെ ആരെങ്കിലുമുണ്ടോ?’ എന്തെന്നില്ലാത്ത അമ്പരപ്പില്‍ അയാള്‍ ഉറക്കെ കല്പിച്ചു ചോദിച്ചു.

പിന്നീട് ഒരു പൊട്ടന്റെ മാതിരിയുള്ള ചിരിയോടുകൂടി, അയാള്‍ തുടര്‍ന്നു പറഞ്ഞു; ‘ഞാനെന്തു വിഡ്ഢിയാണ്! ആരും ഉണ്ടാവാന്‍ വയ്യാ!’ ആരോ ഉണ്ടായിരുന്നു; പക്ഷേ, അവിടെ ഉണ്ടായിരുന്ന ആള്‍, മനുഷ്യദൃഷ്ടിക്കു കാണാന്‍ വയ്യാത്തവരില്‍പ്പെട്ടിരുന്നു.

അയാള്‍ ആ മെഴുകുതിരിക്കാലുകള്‍ അടുപ്പിന്‍ തിണ്ണയില്‍ വെച്ചു; എന്നിട്ടു തന്റെ രസമില്ലാത്തതും വ്യസനമയവുമായ ലാത്തല്‍ വീണ്ടും തുടങ്ങി. ഇതു ചുവട്ടില്‍ കിടന്നുറങ്ങുന്ന മനുഷ്യന്റെ സ്വപ്നത്തെ തകരാറാക്കി. അയാളെ ഞെട്ടിത്തെറിപ്പിച്ചു.

ഈ അങ്ങോട്ടുമിങ്ങോട്ടുമുള്ള ദൃഢമായ നടത്തം അയാളെ ആശ്വസിപ്പിക്കുകയും അപ്പോള്‍ത്തന്നെ അയാളെ ലഹരി പിടിപ്പിക്കുകയും ചെയ്തു; ചിലപ്പോള്‍ ചില വിശിഷ്ടസന്ദര്‍ഭങ്ങളില്‍, സ്ഥലം മാറുന്നതുകൊണ്ട് കണ്ടെത്തിയേയ്ക്കാവുന്ന സകലത്തോടും ഉപദേശം ചോദിക്കാന്‍വേണ്ടി ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലെ തോന്നും. കുറച്ചു നിമിഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ താനെവിടെയാണെന്ന് അയാള്‍ക്കു നിശ്ചയമില്ലാതായി.

വഴിക്കുവഴിയെ ചെന്നുകൂടിയ രണ്ടു നിശ്ചയങ്ങളുടെ മുന്‍പിലും ഒരേവിധമായ ഭയപ്പാടോടുകൂടി അയാള്‍ ചൂളി. അയാള്‍ക്ക് ഉപദേശം കൊടുത്തുപോന്നിരുന്ന രണ്ടു യുക്തിയും ഒരേമാതിരി ആപല്‍ക്കരമായി തോന്നി, എന്തൊരാപത്ത്! അയാള്‍ക്കു പകരമായി ഷാങ്മാത്തിയോവിനെ പിടിച്ചു എന്നത് എന്തൊരു ദശാപരിപാകം; ആദ്യത്തില്‍ അയാളുടെ നിലയെ ഉറപ്പിക്കാന്‍വേണ്ടി ഈശ്വരന്‍ ഏര്‍പ്പെടുത്തിയതായി തോന്നിയ ആ വിദ്യകൊണ്ടുതന്നെ അയാള്‍ അപകടത്തിലാവുക!

അയാള്‍ ഭാവിയെപ്പറ്റി ആലോചിച്ചുനോക്കിയ ചില സമയമുണ്ട്. കുറ്റക്കാരനെന്നു — ജഗദീശ്വര! താന്‍ ചെന്നു സമ്മതിക്കുക! പിടിക്കാന്‍ അവനവനെ കൊണ്ടുക്കൊടുക്കുക! തനിക്കു് ഉപേക്ഷിക്കേണ്ടി വരുന്നവയോടെല്ലാം, ഒരിക്കല്‍ക്കൂടി തനിക്കു കൈക്കൊള്ളേണ്ടിവരുന്നവയോടെല്ലാം, അയാള്‍ അപാരമായ നിരാശതയോടു കൂടി നേരിട്ടു. അത്രമേല്‍ നല്ലതും പരിശുദ്ധവും ശോഭനവുമായ ജീവിതത്തോട്, സകലരുടേയും ബഹുമതിയോട്, മാന്യതയോട്, സ്വാതന്ത്ര്യത്തോട്, അയാള്‍ക്കു യാത്ര പറയേണ്ടിവരും. താന്‍ ഇനി ഒരിക്കലും വയല്‍പ്രദേശങ്ങളില്‍ ലാത്തുകയില്ല; മെയ്‌ മാസത്തില്‍ പക്ഷികള്‍ പാട്ടുപാടുന്നത് ഇനി ഒരിക്കലും താന്‍ കേള്‍ക്കുകയില്ല; ചെറുകുട്ടികളുടെ കൈയില്‍ ഇനി ഒരിക്കലും താന്‍ പണം വെച്ചുകൊടുക്കുകയില്ല; തന്റെ മേല്‍ പതിയുന്ന നന്ദിയുടേയും സ്നേഹത്തിന്റേയും നോട്ടങ്ങള്‍ക്കുള്ള മാധുര്യം താനിനി അനുഭവിക്കുകയില്ല; താനുണ്ടാക്കിച്ച ആ വീട്, ആ ചെറിയ മുറി, താന്‍ വെടിയേണ്ടിയിരിക്കുന്നു; ആ സമയത്തു സകലവും അയാള്‍ക്കു കൗതുകമായിത്തോന്നി. ആ പുസ്തകങ്ങള്‍ ഇനി ഒരിക്കലും ഞാന്‍ വായിക്കില്ല; വെള്ളമരം കൊണ്ടുള്ള ചെറുമേശമേല്‍ വെച്ചു ഇനി ഒരിക്കലും താന്‍ എഴുതുകയില്ല; തന്റെ കിഴവിയായ വാതില്‍ക്കാവല്‍ക്കാരി, തനിക്കാകെയുള്ള ഭൃത്യ, രാവിലെനേരം തനിക്ക് ഇനി ഒരിക്കലും കാപ്പി കൊണ്ടുവനൂ തരില്ല. ജഗദ്ദീശ്വര! അതിന്നു പകരം തടവുപുള്ളികളുടെ കൂട്ടം, ഇരിമ്പുകണ്ഠാഭരണം, ചുകപ്പു മാര്‍ക്കുപ്പായം, കാലിന്റെ ഞെരിയാണിയില്‍ ചങ്ങല, ക്ഷീണം, കുണ്ടറ, ചാക്കുകിടക്ക, താന്‍ അത്രമേല്‍ നല്ലവണ്ണം അറിഞ്ഞിട്ടുള്ള ആ സങ്കടങ്ങളൊക്കെ — തന്റെ ആ പ്രായത്തില്‍ ആ നിലയ്ക്കെല്ലാം ആയിത്തീര്‍ന്നതിനുശേഷം! വീണ്ടും ചെറുപ്പമായാല്‍ മതിയായിരുന്നു! പക്ഷേ, തന്റെ വാര്‍ദ്ധക്യദശയില്‍, തോന്നിയവരെല്ലാം ‘നീ’ എന്നു വിളിക്കുന്നതു കേള്‍ക്കുക; തടവുപുള്ളിക്കാവലാള്‍ വന്നു ദേഹം പരിശോധിക്കുക; തണ്ടുവലിശ്ശിക്ഷസ്ഥലത്തുള്ള സര്‍ജ്ജന്റ് ഉദ്ദ്യോഗസ്ഥന്റെ വീക്കുകള്‍ കൊള്ളുക; നഗ്നങ്ങളായ കാലടികളില്‍ ഇരുമ്പുകെട്ടുള്ള പപ്പാസ്സിടുക; തടവുപുള്ളികളുള്ളേടങ്ങളില്‍ പതിവായി വരുന്ന ‘ബീറ്റു’ പരിശോധനക്കാരന്റെ ചുറ്റികയ്ക്കു വൈകുന്നേരവും രാവിലെയും കല്‍ നീട്ടിക്കൊടുക്കേണ്ടിവരുക; ‘അതാ ആ കാണുന്ന മനുഷ്യനാണ് മുന്‍പ് എം. പട്ടണത്തിലെ മെയറായിരുന്ന പേരുകേട്ട ഴാങ്ങ് വാല്‍ഴാങ്ങ്’ എന്നു പറഞ്ഞു കൊടുക്കപ്പെടുന്ന അപരിചിതന്മാരുടെ ഉല്‍ക്കണ്ഠയ്ക്കു വഴങ്ങിക്കൊടുക്കുക; രാത്രി വിയര്‍ത്തൊലിച്ചു. ക്ഷീണം കൊണ്ടു പരവശരായി, തങ്ങളുടെ പച്ചത്തൊപ്പികള്‍ കണ്ണിലേക്കിറക്കിവെച്ച് ഈ രണ്ടുപേരായി സര്‍ജ്ജന്റുദ്യോഗസ്ഥന്റെ കൊരടാവിനു ചുവട്ടിലൂടെ തണ്ടുവലിശ്ശിക്ഷസ്ഥലത്തേക്കുള്ള കോണിപ്പടി കയറുക. അഹോ, എന്തു കഷ്ടപ്പാട്! അപ്പോള്‍ ഈശ്വരവിധി, ഒരു ബുദ്ധിയുള്ള സത്ത്വത്തെപ്പോലെ, അത്രമേല്‍ പകയുള്ളതാവാമോ? മനുഷ്യഹൃദയത്തെപ്പോലെ, അത്ര പൈശാചികമായിത്തീരാമോ?

എന്തൊക്കെത്തന്നെ ചെയ്താലും ശരി, തന്റെ മനോരാജ്യത്തിന്നു മുഴുവനും അടിയില്‍ക്കിടക്കുന്ന ആ ഹൃദയഭേദകമായ വൈഷമ്യത്തില്‍, എപ്പോഴും അയാള്‍ പിന്നോക്കം വീണുകൊണ്ടേയിരിക്കുന്നു: ‘സ്വര്‍ഗത്തില്‍ താമസിച്ച് ഒരു പിശാചാവുകയോ? നരകത്തിലേക്കു മടങ്ങിച്ചെന്ന് ഒരു ദേവനാവുകയോ?’

എന്താണ് ചെയ്യേണ്ടത്? ജഗദീശ്വരാ! എന്താണ് ചെയ്യേണ്ടത്?

അത്രമേല്‍ ബുദ്ധിമുട്ടി വിട്ടുപോന്ന ആ അതിവേദന പിന്നേയും അയാളുടെ ഉള്ളില്‍ ഉച്ഛ്യംഖലമായി. ഒരിക്കല്‍ക്കൂടി അയാളുടെ വിചാരങ്ങള്‍ സമ്മിശ്രങ്ങളാവാന്‍ തുടങ്ങി; നിരാശതയുടെ വിശേഷതയായ് ആ ഒരമ്പരപ്പിനേയും അന്ധാളിത്തത്തേയും അവ വീണ്ടും കൈക്കൊണ്ടു. പണ്ടെന്നോ കേട്ടിട്ടുള്ള ഒരു പാട്ടിന്റെ രണ്ടു ചരണങ്ങളോടുകൂടി റൊമാങ്ങ് വില്‍ എന്ന പേര്‍ ഇളവില്ലാതെ അയാളുടെ മനസ്സില്‍ ആവര്‍ത്തിക്കപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ ‘ലീലാക്’ ചെടി പറിക്കുവാന്‍ വേണ്ടി ചെറുപ്പക്കാരായ കാമിനീകാമുകന്മാര്‍ പോകാറുള്ളതായി പാരിസ്സിനു തൊട്ട ഒരു ചെറുതോപ്പാണ് റൊമാങ്ങ്‌വില്‍ എന്നയാള്‍ വിചാരിച്ചു.

അയാള്‍ ഉള്ളിലും പുറമേയും ഒരുപോലെ ചാഞ്ചാടി. തനിച്ചു ‘പിച്ച’ നടക്കുവാന്‍ അനുവാദം കിട്ടിയ ഒരു ചെറുകുട്ടിയെപ്പോലെ അയാള്‍ നടന്നു.

ഇടയ്ക്കിടയ്ക്ക്, ക്ഷീണത്തോടു മല്ലിടുന്നതോടുകൂടി, തന്റെ മനസ്സിനെ വീണ്ടും സ്വസ്ഥമാക്കുവാന്‍ അയാള്‍ ശ്രമിച്ചുനോക്കും; ഒടുവിലത്തെ പ്രാവശ്യം. രണ്ടിലൊന്നു തീര്‍ച്ചപ്പെടുത്തുവാനായി, ക്ഷീണം കൊണ്ട് താന്‍ ഒരുവിധം നെഞ്ഞടച്ചു വീണുകിടക്കുന്ന ആ ഒരു സംശയത്തെപ്പറ്റി അയാള്‍ സ്വയം ചോദിപ്പാന്‍ ശ്രമിച്ചു; കുറ്റക്കാരെനെന്നു താന്‍ സമ്മതിക്കേണ്ടതാണോ? താന്‍ ഒന്നും മിണ്ടാതിരിക്കയാണോ വേണ്ടത്? അയാള്‍ക്കു യാതൊന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. അയാളുടെ മനോരാജ്യത്താല്‍ കുറിക്കപ്പെട്ട എല്ലാ യുക്തിവിചാരങ്ങളുടേയും മങ്ങിയ മാര്‍ഗങ്ങള്‍ വിറയ്ക്കുകയും ഓരോന്നായി പുകയ്ക്കുള്ളില്‍ മറയുകയും ചെയ്തു. ഏതുതന്നെ ചെയ്‌വാന്‍ തീര്‍ച്ചപ്പെടുത്തിയാലും ശരി, തന്റെ ഉള്ളിലുള്ള എന്തോ ഒന്ന് നശിക്കണമെന്നും, അതവശ്യം കൂടിയേ കഴിയൂ എന്നും ആ വാസ്തവം അറിയാതെ കഴിക്കാന്‍ നിവൃത്തിയില്ലെന്നും മാത്രം അയാൾക്കുറപ്പു തോന്നി;

ഇടതുവശത്തുകൂടെയെന്നപോലെ വലതുഭാഗത്തൂടെയും ഒരു ശ്മശാനത്തിലേക്കാണ് താന്‍ പ്രവേശിക്കുന്നതെന്ന്, ഒരു മരണവേദനയിലൂടെയാണ് — തന്റെ ഭാഗ്യത്തിന്റെ മരണവേദനയോ അല്ലെങ്കില്‍ തന്റെ മനോഗുണത്തിന്റെ മരണവേദനയോ രണ്ടില്‍ ഒന്നിലൂടെയാണ് — താന്‍ നടക്കുന്നതെന്നു മാത്രം അയാള്‍ക്ക് ഉറപ്പ് തോന്നി.

കഷ്ടം! വീണ്ടും തന്റെ മനശ്ചാഞ്ചല്യം മുഴുവന്‍ അയാളെ കടന്നു ബാധിച്ചു. പ്രാരംഭത്തില്‍ നിന്നിരുന്നേടത്തുനിന്ന് ഒരടിയും അയാള്‍ മുന്‍പോട്ടു വെച്ചിട്ടില്ല.

ഈ ഭാഗ്യംകെട്ട ആത്മാവ് ഇങ്ങനെ തന്റെ കഠിനദുഃഖത്തില്‍ കിടന്നു പിടഞ്ഞു. ഈ നിര്‍ഭാഗ്യനായ മനുഷ്യന്റെ കാലത്തിനു പതിനെട്ടു നൂറ്റാണ്ടു മുന്‍പ്, എല്ലാ പരിശുദ്ധിയും മനുഷ്യസമുദായത്തിന്റെ എല്ലാ കഷ്ടപ്പാടുകളും ഏകോപിച്ചിരുന്ന ആ അത്ഭുതകരമായ ചൈതന്യസ്വരൂപവും, അപാരതയുടെ കൊടുങ്കാറ്റത്ത് ‘ഒലീവ്’ മരക്കൊമ്പുകള്‍ നിന്നു വിറയ്ക്കെ, ഇരുട്ട് ഇറ്റിറ്റുകൊണ്ടുള്ളതും എങ്ങനെയും നഷത്രങ്ങളാല്‍ മിന്നിവെക്കപ്പെട്ട അഗാധതകള്‍ക്കൂള്ളില്‍ നിഴല്പാടുകളെക്കൊണ്ട് വഴിഞ്ഞൊഴുകുന്നതുമായ ആ ഭയങ്കര പാനപാത്രത്തെ തന്റെ കൈകൊണ്ട് വളരെക്കാലം തട്ടിയിട്ടുണ്ട്.

ഉറക്കത്തില്‍ മനോവേദനയാല്‍ അവലംബിക്കപ്പെട്ട രൂപവിശേഷങ്ങള്‍

പുലരാന്‍ കാലത്തെ മൂന്നു മണി അതാ അടിച്ചു; ഏതാണ്ട് ഇളവില്ലാതെ തന്നെ, അയാള്‍ ആവിധം നടക്കുകയായിട്ട് അഞ്ചു മണിക്കൂറായി. അപ്പോള്‍ തന്റെ ചാരുകസാലയില്‍ ചെന്നു കുഴഞ്ഞു വീഴുവാന്‍ സ്വയം സമ്മതിച്ചു.

അയാള്‍ അവിടെ കിടന്ന് ഒന്നുറങ്ങി; ഒരു സ്വപ്നം കണ്ടു.

ഈ സ്വപ്നത്തിനു, മിക്ക സ്വപ്നങ്ങളെയും പോലെ, അപ്പോഴത്തെ സ്ഥിതിയുമായി, ദുഃഖമയവും ഹൃദയഭേദകവുമാണെന്നുള്ളതൊഴികെ യാതൊരു സംബന്ധവുമില്ല; എങ്കിലും അതയാളുടെ മനസ്സില്‍ പാടുണ്ടാക്കി. ഈ ദുഃസ്വപ്നം അയാള്‍ക്ക് അത്രമേല്‍ ശക്തിയോടുകൂടി ഉള്ളില്‍ത്തട്ടിയതുകൊണ്ട് പിന്നീട് അയാള്‍ അതെഴുതി വെക്കുക തന്നെ ചെയ്തു. ഞങ്ങള്‍ക്ക് ഒസ്യത്തുപ് രകാരം ഏല്പിച്ചുതരപ്പെട്ട സ്വഹസ്താക്ഷരക്കുറിപ്പു കടലാസ്സുകളുടെ കൂട്ടത്തില്‍ ഒന്നാണിത്. ആ അസ്സല്‍ രേഖയിലുള്ളതിന്റെ നേരു പകര്‍പ്പാണ് ഞങ്ങള്‍ ഇവിടെ കൊടുത്തിട്ടുള്ളതെന്ന് കരുതുന്നു.

ഈ സ്വപ്നം എന്തുതരത്തിലുള്ളതെങ്കിലുമാകട്ടെ, അതിനെ ഞങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോകുന്നപക്ഷം, ഈ രാത്രിയുടെ ചരിത്രം അപൂര്‍ണ്ണമായിരിക്കും. അസ്വസ്ഥമായ ഒരാത്മാവിനു പറ്റിയ ഒരു രസകരമല്ലാത്ത ആകസ്മികസംഭവമാണത്.

അതിതാ; ലക്കോട്ടിനു മുകളില്‍ ഞങ്ങള്‍ എഴുതിക്കണ്ടു, ‘ആ രാത്രിയില്‍ എനിക്കുണ്ടായ സ്വപ്നം.’

‘ഞാന്‍ ഒരു മൈതാനത്തിലാണ്; പുല്ലില്ലാതെ ഒരു മങ്ങലോടു കൂടിയ പരന്ന മൈതാനം, പകലാണെന്നൊ രാത്രിയായെന്നോ തോന്നിയില്ല.

‘ഞാന്‍ എന്റെ സഹോദരനോടുകൂടി, എനിക്കു കുട്ടിക്കാലത്തുണ്ടായിരുന്ന അനുജനോടുകൂടി, നടക്കുകയാണ്; ആ സഹോദരനെപ്പറ്റി ഞാന്‍ ഒരിക്കലും വിചാരിക്കാറില്ലെന്നും, ഇപ്പോഴും എനിക്ക് ആ ഒരാളിനെപ്പറ്റി നല്ല ഓര്‍മ്മയില്ലെന്നുംകൂടി പറയേണ്ടിയിരിക്കുന്നു.’

ഞങ്ങള്‍ ഓരോന്നു സംസാരിക്കുന്നുണ്ട്; ഞങ്ങള്‍ ചില വഴിപോക്കരെ കണ്ടു. പണ്ടത്തെ ഒരയല്‍പക്കക്കാരിയെക്കുറിച്ചായിരുന്നു സംസാരം; അവള്‍ അവിടെ വന്നു താമസമാക്കിയതു മുതല്‍ ജനാല എപ്പോഴും തുറന്നിട്ടിട്ടാണ് പ്രവൃത്തിയെടുക്കാറ്. ആ തുറന്ന ജനാലകാരണം സംസാരത്തിനിടയില്‍ ഞങ്ങള്‍ക്കു തണുപ്പു തോന്നി.

‘മൈതാനത്തില്‍ വൃക്ഷങ്ങളില്ലായിരുന്നു. ഞങ്ങളുടെ അടുക്കലൂടെ ഒരാള്‍ പോകുന്നതു കണ്ടു. അയാള്‍ തികച്ചും നഗ്നനാണ്; ഭസ്മത്തിന്റെയാണ് നിറം; ഭൂമിയുടെ നിറത്തിലുള്ള ഒരു കുതിരപ്പൂറത്താണ്. ആ മനുഷ്യന്നു മുടിയില്ല; അയാളുടെ തലയോടും അതിലുള്ള ഞരമ്പുകള്‍കൂടിയും ഞങ്ങള്‍ക്കു കാണാമായിരുന്നു. ഒരു മുന്തിരിവള്ളിയുടെ കൂമ്പുപോലെ വളയുന്നതും ഇരിമ്പുപോലെ കനമുള്ളതുമായ ഒരു ചുള്ളിക്കോല്‍ അയാള്‍ കൈയില്‍ പിടിച്ചിട്ടുണ്ട്. ഈ കുതിരസ്സവാരിക്കാരന്‍ കടന്നുപോയി; ഒന്നും മിണ്ടിയില്ല.

‘എന്റെ സഹോദരന്‍ എന്നോടു പറഞ്ഞു: ‘നമുക്കു പൊള്ളവഴിയിലൂടെ പോവുക.’

‘ഒരു പൊള്ളവഴിയുണ്ടായിരുന്നു; ഒരൊറ്റ ചെടിയാവട്ടെ ഒരു പൂപ്പലിന്റെ ഇഴയാവട്ടെ അവിടെയില്ല. എല്ലായിടവും, ആകാശം കൂടിയും, ചളിനിറമായിരുന്നു. കുറച്ചു മുമ്പോട്ടു പോയി. പിന്നെ സംസാരിച്ചപ്പോള്‍ ആരും മറുപടി പറയാതായി; എന്റെ സഹോദരന്‍ കൂടെയില്ലെന്നു ഞാനറിഞ്ഞു:

‘ഞാന്‍ ഒരു ഗ്രാമത്തില്‍ കടന്നു; ഞാനതു നോക്കിക്കണ്ടു. അതു റൊമാങ്ങ്വിലാണെന്ന് ഞാന്‍ വിചാരിച്ചു, (എന്തുകൊണ്ട് റൊമാങ്ങ്‌വില്‍?).[5]

‘ഞാന്‍ ആദ്യം കടന്ന തെരുവില്‍ ആരുമില്ല. ഞാന്‍ രണ്ടാമതൊന്നില്‍ കടന്നു. രണ്ടു തെരുവും കൂടുന്ന മൂലയില്‍ ചുമരിനോടു ചാരി ഒരാള്‍ നിവര്‍ന്നു നില്ക്കുന്നുണ്ട്. ഞാന്‍ ആ മനുഷ്യനോടു ചോദിച്ചു; ‘ഈ രാജ്യം ഏതാണ്? ഞാനെവിടെയാണ്? ‘ആ മനുഷ്യന്‍ ഒന്നും മറുപടി പറഞ്ഞില്ല. ഒരു വീടിന്റെ വാതില്‍ തുറന്നു കണ്ടു; ഞാന്‍ അതില്‍ക്കടന്നു.

‘ആദ്യത്തെ മുറിയില്‍ ആരുമില്ല. ഞാന്‍ രണ്ടാമത്തേതില്‍ കടന്നു. ഈ മുറിയുടെ വാതില്ക്കു പിന്നില്‍ ചുമരിനോടു ചാരി ഒരാള്‍ നിവര്‍ന്നു നില്ക്കുന്നുണ്ട്. ഞാന്‍ ആ മനുഷ്യനോടു ചോദിച്ചു; ‘ഈ വീട് ആരുടെയാണ്? ഞാനെവിടെയാണ്?’ ആ മനുഷ്യന്‍ മറുപടി പറഞ്ഞില്ല.

‘ആ വീട്ടിനോടു ചേര്‍ന്ന് ഒരു തോട്ടമുണ്ട്. ഞാന്‍ വീട്ടില്‍നിന്നു പോയി, തോട്ടത്തില്‍ക്കിടന്നു. തൊട്ടത്തില്‍ ആരുമില്ല. ഒന്നാമത്തെ മരത്തിന്റെ പിന്നില്‍ ഒരു മനുഷ്യന്‍ നിവര്‍ന്നു നില്ക്കുന്നുണ്ട്. ഞാന്‍ ആ മനുഷ്യനോടു ചോദിച്ചു: ‘ഈ തോട്ടം ഏതാണ്? ഞാനെവിടെയാണ്?’ ആ മനുഷ്യന്‍ മറുപടി പറഞ്ഞില്ല.

‘ഞാന്‍ ഗ്രാമത്തിലേക്കു ലാത്തി; അതൊരു പട്ടണമാണെന്നു കണ്ടു; ഒരു തെരുവിലും ഒരാളുമില്ല; എല്ലാ വാതിലുകളും തുറന്നു കിടക്കുന്നു. തെരുവുകളില്‍ ആരും സഞ്ചരിക്കുന്നില്ല. വീട്ടുമുറികളില്‍ നടക്കുന്നില്ല; തോട്ടങ്ങളില്‍ ലാത്തുന്നില്ല. പക്ഷേ, ഓരോ ചുമര്‍മൂലയ്ക്കും പിന്നിലും, ഓരോ വാതിലിന്റെയും പിന്നിലും, ഓരോ മരത്തിനും പിന്നിലും മിണ്ടാതെ കണ്ട് ഓരോ ആള്‍ നില്ക്കുന്നുണ്ട്. ഓരോ സമയത്ത് ഓരോ ആളെ മാത്രമേ കാണൂ. ഈ മനുഷ്യര്‍ ഞാന്‍ കടന്നുപോകുന്നതു സൂക്ഷിച്ചു നോക്കിയിരുന്നു.

‘ഞാന്‍ പട്ടണം വിട്ടു; വയലുകളില്‍ സഞ്ചരിക്കാന്‍ തുടങ്ങി.’ ‘കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നോക്കം തിരിഞ്ഞു; ഒരു വലിയ ആള്‍ക്കൂട്ടം എന്റെ പിന്നാലെ വരുന്നതു കണ്ടു. ആ പട്ടണത്തില്‍വെച്ചു കണ്ടിട്ടുള്ളവരെയൊക്കെ ആ കൂട്ടത്തിലും ഞാന്‍ കണ്ടറിഞ്ഞു. അവരുടെ തലകള്‍ അസാധാരണങ്ങളായിരുന്നു. അവര്‍ക്കു വലിയ ബദ്ധപ്പാടുള്ളതു പോലെ തോന്നിയില്ല; എങ്കിലും, അവര്‍ എന്നെക്കാളധികം വേഗത്തില്‍ നടന്നിരുന്നു. അവര്‍ നടക്കുമ്പോള്‍ ഒച്ചയൊന്നുമില്ല. അവര്‍ ഒരു നിമിഷംകൊണ്ട് എന്റെ ഒപ്പമെത്തി. എന്നെ വളഞ്ഞു. ആ മനുഷ്യരുടെയെല്ലാം മുഖം മണ്ണിന്റെ നിറത്തിലായിരുന്നു.

‘ഞാന്‍ പട്ടണത്തില്‍ കടന്ന ഉടനെ കാണുകയും ചോദിക്കുകയും ചെയ്തു. അതിലെ ഒന്നാമത്തെ ആള്‍ എന്നോടു പറഞ്ഞു: ‘എവിടേക്കാണ് നിങ്ങളുടെ പോക്ക്! നിങ്ങള്‍ വളരെക്കാലമായി മരിച്ചിരിക്കുന്നു എന്നറിഞ്ഞുകൂടേ?’

‘ഞാന്‍ മറുപടി പറയാന്‍ വേണ്ടി വായ തുറന്നു; എന്റെ അടുക്കല്‍ ആരുമില്ലെന്ന് ഞാന്‍ കണ്ടു’

അയാള്‍ ഉണര്‍ന്നു. അയാള്‍ മഞ്ഞുപോലെ തണുത്തിരുന്നു. പ്രഭാതത്തിലെ മന്ദമാരുതനെപ്പോലെ കുളിമര്‍മയുടെ ഒരു കാറ്റു തിരുകുറ്റിന്മേല്‍ തുറന്നിട്ടിരുന്ന ജനാലയുടെ വാതിൽപാളികളെ കെടകെടപ്പെടുത്തുന്നു. തിയ്യു കെട്ടിരിക്കുന്നു. മെഴുകുതിരി കത്തിത്തീരാനടുത്തു. അപ്പോഴും ഇരുണ്ട രാത്രിതന്നെ.

അയാള്‍ എണീറ്റു; ജനാലയുടെ അടുക്കലേക്കു ചെന്നു. അപ്പോഴും ആകാശത്തു നക്ഷത്രങ്ങളൊന്നുമില്ല.

ആ ജനാലയിലൂടെ നോക്കിയാല്‍ മുറ്റവും തെരുവും കാണാമായിരുന്നു. അയാളുടെ കണ്ണുകളെ കീഴ്പോട്ടു തൂങ്ങിച്ച ഒരു തുളഞ്ഞുകയറുന്ന കഠിനസ്വരം ഭൂമിയില്‍നിന്നു പുറപ്പെടുന്നു.

ചുവട്ടിലായി രണ്ടു ചുകന്ന നക്ഷത്രങ്ങളെ അയാള്‍ കണ്ടു; അവയുടെ പ്രകാശനാളങ്ങള്‍ അന്ധകാരത്തിലൂടെ ഒരപൂര്‍വമട്ടില്‍ നീളം വെക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.

അപ്പോഴും അയാളുടെ വിചാരങ്ങള്‍ ഉറക്കത്തിന്റെ മങ്ങളില്‍ പകുതി മുങ്ങിയിരുന്നതുകൊണ്ട് അയാള്‍ പറഞ്ഞു, ‘അതാ ആകാശത്തില്‍ നക്ഷത്രങ്ങളൊന്നുമില്ല. അവയൊക്കെ ഇപ്പോള്‍ ഭൂമിയിലാണ്.’

പക്ഷേ, ഈ പരിഭ്രമം മാഞ്ഞു; ഒന്നാമത്തേതുപോലെയുള്ള രണ്ടാമത്തെ ഒരു ശബ്ദം അയാളെ തികച്ചും ഉണര്‍ത്തി; ആ കണ്ട രണ്ടു നക്ഷത്രങ്ങള്‍ ഒരു സവാരിവണ്ടിയുടെ റാന്തല്‍ വിളക്കുകളാണെന്ന് അയാള്‍ നോക്കി മനസ്സിലാക്കി; അവയില്‍ നിന്ന് പുറപ്പെട്ടിരുന്ന വെളിച്ചം കൊണ്ടു വണ്ടിയുടെ സ്വരൂപം അയാള്‍ക്കു വേര്‍തിരിച്ചറിയുവാന്‍ കഴിഞ്ഞു. ഒരു ചെറിയ വെള്ളക്കുതിരയെ പൂട്ടിയിട്ടുള്ള ഒരു രണ്ടുരുള്‍ക്കുതിരവണ്ടി ആയിരുന്നു അത്. അയാള്‍ കേട്ട ശബ്ദം കുതിരയുടെ കുളമ്പുകള്‍ വഴിയിലെ കല്‍വിരിപ്പിന്മേല്‍ത്തട്ടിപ്പുറപ്പെട്ടതായിരുന്നു.

‘എന്തു വാഹനമാണിത്?’ അയാള്‍ സ്വയം പറഞ്ഞു. ‘രാവിലെ അറവാതില്ക്കല്‍ നിന്നു കേള്‍ക്കാറായി.

അയാള്‍ അടിമുതല്‍ മുടിവരെ വിറച്ചു; ഒരു ഭയങ്കരസ്വരത്തില്‍ നിലവിളിച്ചു; ആരാണത്?’

ആരോ ഒരാള്‍ പറഞ്ഞു: ‘ഞാന്‍ മൊസ്സ്യു മെയര്‍.’

തന്റെ വാതില്ക്കാവല്ക്കാരിയായ കിഴവിയുടെ ഒച്ചയാണതെന്ന് അയാള്‍ക്കു മനസ്സിലായി. ‘ആട്ടെ;’ അയാള്‍ പറഞ്ഞു, ‘എന്താണ്?’ ‘മൊസ്സ്യു മെയര്‍, നേരം ശരിക്കഞ്ചുമണിയായി.’ ‘അതുകൊണ്ടെനിക്കെന്താ?’ ‘വണ്ടിവന്നിട്ടുണ്ട്, മൊസ്സ്യു മെയര്‍.’

‘എന്തു വണ്ടി?’

‘കൂടില്ലാത്ത ഒരു രണ്ടുരുൾക്കുതിരവണ്ടി.’

‘എന്തു രണ്ടുരുള്‍ക്കുതിരവണ്ടി?’

‘മൊസ്സ്യു മെയര്‍ ഒരു രണ്ടുരുള്‍ക്കുതിരവണ്ടി കൊണ്ടുവരാന്‍ ഏല്പിച്ചിട്ടില്ലേ?’

‘ഇല്ല.’ അയാള്‍ പറഞ്ഞു.

‘മൊസ്സ്യു മെയര്‍ക്കു വേണ്ടിയാണ് വന്നിട്ടുള്ളതെന്നു വണ്ടിക്കാരന്‍ പറയുന്നു.’

‘എന്തു വണ്ടിക്കാരന്‍?’

‘മൊസ്സ്യു സ്കോഫ്ളേറുടെ വണ്ടിക്കാരന്‍.’

‘മൊസ്സ്യു സ്കോഫ്ളേര്‍?’

മുഖത്തിന് അടുത്തൂടെ ഒരു മിന്നല്‍ പാഞ്ഞുപോയാലത്തെവിധം, ആ പേര്‍ അയാളുടെ ദേഹത്തിലെങ്ങും ഒരു വിറയുണ്ടാക്കി.

‘ഹാ! ശരി’ അയാള്‍ പറഞ്ഞു, ‘മൊസ്സ്യു സ്കോഫ്ളേര്‍!’

ആ സമയത്ത് അയാളെ കിഴവിക്കു കാണാമായിരുന്നുവെങ്കില്‍, അവള്‍ പേടിച്ചു പോയേനേ.

കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഒരു മന്തനെപ്പോലെ, അയാള്‍ ആ മെഴുകുതിരിയുടെ നാളത്തെ നോക്കിപ്പഠിപ്പിച്ചു; തിരിയുടെ ചുറ്റുമുള്ള ചുട്ട മെഴു അയാള്‍ കുറച്ചെടുത്തു, വിരലുകളെക്കൊണ്ട് തിരിച്ചുരുട്ടി. കിഴവി അയാള്‍ പറയുന്നതു കാത്തുനിന്നു. ഒരിക്കല്‍ക്കൂടി, ഒച്ചയെടുത്തു പെരുമാറാന്‍തന്നെയും അവര്‍ ശ്രമിച്ചു; ‘ഞാനെന്താണ് പറയേണ്ടത്; മൊസ്സ്യു മെയര്‍?’

‘നന്നായി എന്ന് പറയൂ; ഞാന്‍ താഴത്തേക്കു വരുകയായി എന്നും.’

വിഘ്നങ്ങള്‍

ചക്രവര്‍ത്തിഭരണകാലത്ത് ആറായില്‍നിന്ന് എം. പട്ടണത്തിലെക്കുള്ള തപ്പാലേര്‍പ്പാടുകള്‍ ചെറിയ വണ്ടികളെക്കൊണ്ടാണ് നിര്‍വഹിച്ചു പോന്നിരുന്നത്. ഈ തപ്പാല്‍വണ്ടികള്‍ അകത്തു പിംഗല വര്‍ണ്ണത്തിലുള്ള തോല്‍കൊണ്ട് അലംകൃതങ്ങളും, വില്ലു വെച്ചവയും, വണ്ടിക്കാരന്ന് ഒന്നും വഴിയാത്രക്കാരന്നു വേറെയൊന്നുമായി രണ്ടിരിപ്പിടം മാത്രമുള്ളവയുമായ രണ്ടുരുള്‍ക്കുതിരവണ്ടികളാണ്. മറ്റു വണ്ടികളെ ദൂരത്തു നീക്കി നിര്‍ത്തുവാന്‍ വേണ്ടി നീണ്ട് അപകടം പിടിച്ചവയായ അച്ചുതണ്ടുകളാല്‍ ചക്രങ്ങള്‍ ആയുധധാരികളായിരിക്കും; ഇപ്പോഴും ഇത്തരം വണ്ടിച്ചക്രങ്ങളെ ജര്‍മനിയില്‍ കാണാം. ദീര്‍ഘചതുരമായ ആ വമ്പിച്ച കത്തുപെട്ടി വണ്ടിയുടെ പിന്‍ഭാഗത്താണ്; അതു വണ്ടിയോടു ചേര്‍ത്തു ഘടിപ്പിച്ചിരിക്കും. ഈ പെട്ടി കറുപ്പുചായമിട്ടതും, വണ്ടി മഞ്ഞച്ചായമിട്ടതുമാണ്.

സ്വന്തം ഛായയില്‍ മറ്റൊന്നും ഇപ്പോള്‍ ഇല്ലാതായിട്ടുള്ള ഇത്തരം വണ്ടികള്‍ക്കു കാഴ്ചയില്‍ വിരൂപതയും ഒരു കൂനുമുള്ള മട്ടും തോന്നിക്കുന്ന എന്തോ ഉണ്ട്; അതുകള്‍ ദൂരത്തു ചക്രവാളത്തിലേക്കു കയറിപ്പോകുന്ന ഒരു നിരത്തിലൂടെ പായുന്നതു കണ്ട ആര്‍ക്കും, ചെറിയ ഒരു കവചം മാത്രമേ മേലുള്ളുവെങ്കിലും ഒരു വലിയ ഭാരവണ്ടി മുഴുവനും പിന്നില്‍ വലിച്ചുകൊണ്ടുപോകുന്ന അത്തരം ചെറുപ്രാണികളുടെ — ചിതലുകള്‍ എന്നാണ് ഇവയ്ക്കു പേരെന്നു ഞാന്‍ വിചാരിക്കുന്നു — ഒരു ഛായ തോന്നാതിരികില്ല. പക്ഷേ, ഇതുകൾ വളരെ വേഗത്തില്‍ പോവും. ആറായില്‍ നിന്നു രാത്രി ഒരു മണിക്ക്, പാരിസ്സിലേക്കുള്ള തപ്പാല്‍ പോയതിനു ശേഷം, പുറപ്പെടുന്ന തപ്പാല്‍വണ്ടി രാവിലെ അഞ്ചു മണിയാവുന്നതിനു കുറച്ചു മുന്‍പ് എം. പട്ടണത്തിലെത്തും.

അന്നു രാത്രി ഹെസ്ദാങ്ങ് നിരത്തിലൂടെ എം. പട്ടണത്തിലേക്കിറങ്ങുന്ന തപ്പാല്‍വണ്ടി, പട്ടണത്തില്‍ക്കടന്ന ഉടനെ ഒരു തെരുവിന്റെ മൂലയ്ക്കു വെച്ച്, എതിര്‍ഭാഗത്തേക്കു പോയിരുന്നതും ഒരു വലിയ മേലുടുപ്പില്‍ ദേഹം മുഴുവനും മറച്ച ഒരാള്‍ മാത്രമുള്ളതായി, ഒരു വെള്ളക്കുതിരയെ പൂട്ടിയ ഒരു കൂടില്ലാത്ത രണ്ടുള്‍ക്കുതിരവണ്ടി മേല്‍ച്ചെന്നു മുട്ടി. ആ രണ്ടുള്‍ക്കുതിരവണ്ടിയുടെ ചക്രത്തിനു കലശലായ ഒരു മൂട്ടു പറ്റി. തപ്പാല്‍വണ്ടിക്കാരന്‍ അതിലിരിക്കുന്നാളോടു വണ്ടി നിര്‍ത്താന്‍ കൂക്കിവിളിച്ചു; പക്ഷേ, അ വഴിയാത്രക്കാരന്‍ അതു കേള്‍ക്കുകയേ ചെയ്യാതെ, കുതിരയെ ശക്തിയില്‍ വിട്ടു.

‘ആ മനുഷ്യന്ന് എന്തു ഗ്രഹപ്പിഴപിടിച്ച ബദ്ധപ്പാടാണ്!’ തപ്പാല്‍വണ്ടിക്കാരന്‍ പറഞ്ഞു.

ആ ബദ്ധപ്പെട്ടു പറയുന്ന മനുഷ്യന്‍, നിശ്ചയമായും ആര്‍ക്കും അനുകമ്പ തോന്നേണ്ടവിധം, മനസ്സിന്റെ അപസ്മാരവികൃതികളില്‍ ഇപ്പോള്‍ത്തന്നെ കിടന്നു പിടഞ്ഞിരുന്നതായിക്കണ്ട അതേ ആളാണ്.

അയാള്‍ എവിടേക്കു പോകുന്നു? അയാളെക്കൊണ്ടു പറയാന്‍ സാധിക്കില്ല. എന്തിനാണ് ഇത്ര ബദ്ധപ്പെടുന്നത്? അയാള്‍ക്കറിഞ്ഞുകൂടാ. അയാള്‍ മൂക്കിനു നേരെ കുതിരയെ അടിച്ചുപായിക്കുകയാണ്. എവിടെയ്ക്ക്? ആറായിലേക്ക്, സംശയമില്ല; പക്ഷേ, അതേവിധം മറ്റെവിടെയെങ്കിലുമായി എന്നും വരാം. ചിലപ്പോള്‍ അതയാള്‍ക്ക് ഓര്‍മ വരും; അയാള്‍ നടുങ്ങും. അന്ധകാരകുണ്ഡത്തിലെക്കെന്നപോലെ, അയാള്‍ രാത്രിയുടെ ഉള്ളിലേക്കു പാഞ്ഞു, എന്തോ ഒന്ന് അയാളെ പിന്നില്‍നിന്നു പ്രേരിപ്പിച്ചിരുന്നു; എന്തോ ഒന്ന് അയാളെ മുമ്പോട്ടു വലിച്ചു. അയാളുടെ ഉള്ളില്‍ കഴിഞ്ഞിരുന്നതെന്താണെന്ന് ആരെക്കൊണ്ടും പറയാന്‍ സാധിക്കില്ല; ആര്‍ക്കും അതു മനസ്സിലാവും. ജീവകാലത്തിനിടയില്‍ ഒരിക്കലെങ്കിലും അജ്ഞാതത്വത്തിന്റെ ആ നിഗൂഢഗുഹയിലേക്കു പ്രവേശിച്ചിട്ടില്ലാത്ത മനുഷ്യന്‍ എവിടെയുണ്ട്?

ഏതായാലും, അയാള്‍ യാതൊന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല, ഒന്നും ഉറച്ചിട്ടില്ല, ഒരു വഴിയും ആലോചിച്ചിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. അയാളുടെ അന്തഃകരണത്തിന്റെ ഒരു പ്രവൃത്തിക്കും സ്ഥിരതയായിട്ടില്ല. മറ്റെപ്പോഴത്തേതിലുമധികം അപ്പോഴാണ്, അയാള്‍ പുറപ്പെട്ടേടത്തുതന്നെ ആയിട്ടുള്ളത്.

അയാള്‍ ആറായിലേക്ക് എന്തിനു പോകുന്നു?

സ്കോഫ്ളേറുടെ ചെറുവണ്ടി കൂലിക്കേല്പിച്ചപ്പോള്‍ സ്വയം ചോദിച്ചുള്ളതെല്ലാം അയാള്‍ ആവര്‍ത്തിച്ചു; വന്നുകൂടുന്നത് എന്തായാലും, താന്‍ പോയിക്കാണാതിരിക്കുന്നതിനും, കാര്യങ്ങള്‍ താന്‍ തന്നെ ആലോചിച്ചു തീര്‍ച്ചപ്പെടുത്താതിരിക്കുന്നതിനും ന്യായമില്ല; ഇതാണ് കുറെക്കൂടി ബുദ്ധിപൂര്‍വമായ പ്രവൃത്തി; എന്തുണ്ടായിയെന്ന് അയാള്‍ക്കറിയണം; കണ്ടു സൂക്ഷ്മപരീക്ഷണം ചെയ്തതിനു ശേഷമല്ലാതെ ഒന്നും തീര്‍ച്ചപ്പെടുത്തിക്കൂടാ; അകലെനിന്നു നോക്കുമ്പോള്‍ എന്തിനെക്കൊണ്ടും ആളുകള്‍ മലയുണ്ടാക്കും; എങ്ങനെയായാലും ആ ഷാങ്മാത്തിയോ ഏതോ ഒരു നികൃഷ്ടനാണെന്ന് കണ്ടുകഴിഞ്ഞാല്‍, ആ മനുഷ്യനെ

തനിക്കു പകരം തണ്ടുവലിശ്ശിക്ഷയ്ക്കയയ്ക്കുന്നതില്‍ അയാളുടെ മനസ്സാക്ഷിക്കു സമാധാനം തോന്നും; ഴാവേര്‍ നിശ്ചയമായും അവിടെ ഉണ്ടാവും; അയാളെ മുന്‍പറിയുന്ന ബ്രെവെ, ഷെനില്‍ദിയു, കോഷ്പയില്‍ എന്നീ പഴയ തടവുപുള്ളികളും; പക്ഷേ, അവര്‍ അയാളെ തീരേ കണ്ടറിയില്ല; ഹാ! എന്തൊരു യുക്തി! ഴാവേര്‍ വാസ്തവത്തില്‍ നിന്ന് ഒരു നൂറു കാതം വഴി ദൂരെയാണ്; എല്ലാ ഊഹങ്ങളും എല്ലാ സംശയങ്ങളും ഷാങ്മാത്തിയോവിലാണ് ചെന്നു പതിഞ്ഞിരിക്കുന്നത്; എന്നല്ല, ഊഹങ്ങളും സംശയങ്ങളും പോലെ അത്ര താന്തോന്നികളായി മറ്റൊന്നില്ല; അതുകൊണ്ട്, ആകപ്പാടെ യാതൊരപകടവുമില്ല.

നിശ്ചയമായും അതൊരു നന്നല്ലാത്ത ഘട്ടമാണ്; എങ്കിലും അതില്‍ നിന്ന് താല്‍ പുറത്തു പോരണം; എത്ര ചീത്തയായാലും തന്റെ തലയിലെഴുത്തു തന്റെ കൈയില്‍ത്തന്നെയുണ്ട്; അത് തന്റെ കീഴിലാണ്. ഈ വിചാരത്തോട് അയാള്‍ പറ്റിപ്പിടിച്ചു.

അടിയില്‍ നോക്കിയാല്‍, വാസ്തവം പറയുന്നപക്ഷം, ആറായിലെക്കു പോവാതിരിക്കയാണ് അയാള്‍ക്കിഷ്ടം. എന്തായാലും അയാള്‍ അങ്ങോട്ടു പോകുന്നു.

ആലോചിക്കുന്നതിനിടയ്ക്ക് അയാള്‍ കുതിരയെ ഒരടിയടിച്ചു; ഒരു മണിക്കൂറില്‍ രണ്ടരക്കാതം വഴി പിന്നിടുന്ന ആ രസമുള്ളതും, ഒരേ നിലയ്ക്കുള്ളതും, പതറിച്ചയില്ലാത്തതുമായ നടയിലായിരുന്നു അതിന്റെ പോക്ക്.

വണ്ടി മുന്‍പോട്ടു പോകുന്നതനുസരിച്ചു മനസ്സില്‍ എന്തോ ഒന്നു പിന്നോട്ടു വാങ്ങുന്നതുപോലെ അയാള്‍ക്കു തോന്നി.

നേരം പുലര്‍ന്നതോടുകൂടി; അയാള്‍ നാട്ടുപുറത്തെത്തി; എം. പട്ടണം അയാള്‍ക്ക് എത്രയോ പിന്നിലായി. ചക്രവാളാന്തം വെളുത്തുവരുന്നത് അയാള്‍ സൂക്ഷിച്ചു. കണ്ണിന്‍ മുന്‍പിലൂടെ പാഞ്ഞുപോകുന്നതിനിടയ്ക്ക് ഒരു മഴക്കാലത്തെ പുലര്‍വേളയില്‍ കാണപ്പെടുന്ന എല്ലാ തണുത്തുകോച്ചിയ സ്വരൂപങ്ങളുടേയും മേലേക്ക്, അവയെ ലേശമെങ്കിലും കാണാതേകണ്ട്, അയാള്‍ തുറിച്ചുനോക്കി. വൈകുന്നേരത്തിനുള്ളപോലെതന്നെ പുലര്‍നേരത്തിനും സ്വന്തം വകയായ ചെകുത്താന്‍ കാഴ്ചകളുണ്ട്. അയാള്‍ അവ കണ്ടില്ല; എന്നാല്‍ അയാളറിയാതെ തന്നെ, മരങ്ങളുടേയും കുന്നുകളുടേയും ഈ നിഴല്പാടുകള്‍ സ്വതവേ ഉണ്ടാകുന്ന തങ്ങളുടെ ഒരുതരം അന്തഃപ്രവേശശക്തികൊണ്ട്, അയാളുടെ ആത്മാവിനുള്ള ക്ഷുഭിതാവസ്ഥയ്ക്കു കുറേക്കൂടി മങ്ങലും കുറേക്കൂടി വല്ലായ്മയുമുണ്ടാക്കി.

ചിലപ്പോള്‍ പാതവക്കത്തു കാണപ്പെടാറുള്ള അത്തരം ഏകാന്തഭവനങ്ങള്‍ ഓരോന്നും പിന്നിടുമ്പോള്‍ അയാള്‍ തന്നോടായി പറയും; ‘അപ്പോള്‍ ഇതില്‍ ആളുകള്‍ കിടന്നുറങ്ങുന്നുണ്ട്!’

കുതിരയുടെ കുളമ്പടി, വണ്ടിക്കോപ്പുകളിലെ കുടമണികള്‍, വഴിയില്‍ത്തട്ടുന്ന വണ്ടിച്ചക്രങ്ങള്‍ ഇവ മന്ദമായി ഏകരീതിയില്‍ ഒരൊച്ച പുറപ്പെടുവിക്കുന്നുണ്ട്. സന്തോഷമുള്ളപ്പോള്‍ ഇവ രസകരങ്ങളാണ്. സന്താപമുള്ളപ്പോള്‍ ഇവ നീരസങ്ങളുമാണ്.

അയാള്‍ ഹെസ്ദാങ്ങിലെത്തിയപ്പോള്‍ നേരം നല്ലവണ്ണം പുലര്‍ന്നു. കുതിരയ്ക്ക് ഒന്നു ശ്വാസം കഴിക്കാനുള്ള ഇടയുണ്ടാക്കുവാനും അതിനു കുറച്ചു മുതിര കൊടുക്കുവാനും വേണ്ടി അയാള്‍ ഒരു ഹോട്ടലിന്റെ മുന്‍പില്‍ വണ്ടി നിറുത്തി.

ധാരാളം തലയും, ധാരാളം വയറും, കുറച്ചുമാത്രം കഴുത്തും ചുമലും എന്നാല്‍ ഒരു പരന്ന നെഞ്ഞും, ഒരു വലിയ പിന്നും, മെലിഞ്ഞു ചന്തമുള്ള കാലുകളും,

ഉറപ്പുള്ള കുളമ്പുകളുമുള്ള അത്തരം ചെറുകുതിരകളുടെ കൂട്ടത്തില്‍പ്പെട്ടതു തന്നെയായിരുന്നു സ്കോഫ്ളേര്‍ പറഞ്ഞതുപോലെ, അത് — സാധാരണവും എന്നാല്‍ നല്ല കരുത്തും ആരോഗ്യവുമുള്ള വകയില്‍ ഒന്ന്; ആ നല്ല ജന്തു രണ്ടു മണിക്കൂര്‍കൊണ്ട് അഞ്ചുകാതം പിന്നിട്ടു; ഒരുതുള്ളി വിയര്‍പ്പെങ്കിലും അതിന്റെ ചണ്ണകളില്‍ പൊടിഞ്ഞിട്ടില്ല.

അയാള്‍ വണ്ടിയില്‍ നിന്നിറങ്ങിയില്ല; മുതിര കൊണ്ടുവന്ന ലായക്കാരന്‍ പെട്ടന്നു കുനിഞ്ഞ് ഇടത്തെ ചക്രം സൂക്ഷിച്ചു നോക്കി.

‘നിങ്ങള്‍ ഈ നിലയില്‍ അധികദൂരം പോവാന്‍ ഭാവമുണ്ടോ?’ ആ മനുഷ്യന്‍ ചോദിച്ചു.

മനോരാജ്യത്തില്‍ നിന്നുണര്‍ന്നിട്ടില്ലാത്ത ഒരു ഭാവത്തില്‍ അയാള്‍ മറുപടി പറഞ്ഞു: ‘എന്തേ ചോദിക്കാന്‍?’

‘നിങ്ങള്‍ ദൂരത്തുനിന്നാണോ വരുന്നത്?’ ആ മനുഷ്യന്‍ തുടര്‍ന്നു.

‘അഞ്ചു കാതം.’

‘ആവൂ!,

‘എന്തുകൊണ്ട്’ ആവൂ?’

ആ മനുഷ്യന്‍ ഒന്നുകൂടി കുനിഞ്ഞു. ചക്രത്തിന്മേല്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടു കുറച്ചിട മിണ്ടാതെ നിന്നു; എന്നിട്ട് അയാള്‍ നിവര്‍ന്നുനിന്ന് പറഞ്ഞു: ‘എന്തുകൊണ്ടെന്നാല്‍, ഈ ചക്രം അഞ്ചു കാതം കടന്നുപോന്നുവെങ്കിലും, ഇനി ഒരു കാല്‍കാതംപോലും ഇതുരുളുകയില്ല.’

അയാള്‍ വണ്ടിയില്‍നിന്ന് താഴത്തേക്കു ചാടി.

‘എന്റെ ചങ്ങാതി, എന്താണ് നിങ്ങള്‍ പറയുന്നത്?’

‘ഞാന്‍ പറയുന്നത്, നിങ്ങളും നിങ്ങളുടെ കുതിരയുംകൂടി വഴിക്ക് ഏതെങ്കിലും കുണ്ടില്‍ച്ചെന്നു മറിയാതെ അഞ്ചു കാതം പാഞ്ഞുപോകുന്നത് എന്തോ അത്ഭുതം എന്നാണ്. നോക്കൂ!’

ചക്രത്തിനു വാസ്തവത്തില്‍ കലശലായ കേടുണ്ടായിരുന്നു. തപ്പാല്‍വണ്ടികൊടുത്ത മുട്ടുകൊണ്ടു രണ്ടഴികള്‍ക്കു കേടുവന്നു. അരട വളഞ്ഞു; അങ്ങനെ മൊട്ടുറയ്ക്കാതായിരിക്കുന്നു.

‘എന്റെ ചങ്ങാതി;’ അയാള്‍ ലായക്കാരനോടു ചോദിച്ചു.

‘ഇവിടെ വണ്ടിപ്പണിക്കാരനുണ്ടോ?’

‘സേര്‍, തീര്‍ച്ചയായുമുണ്ട്.’

‘ദയ ചെയ്തു ഒന്നുപോയി കൂട്ടിക്കൊണ്ടു വരാമോ?’

‘അയാള്‍ ഇതാ ഇവിടെ അടുത്ത്. ഹേ, മിസ്റ്റര്‍ ബൂര്‍ഗെയാര്‍!’

വണ്ടിപ്പണിക്കാരന്‍, മാസ്റ്റര്‍ ബൂര്‍ഗെയാര്‍, ഉമ്മറത്തുതന്നെ നിന്നിരുന്നു. അയാള്‍ വന്നു, ചക്രത്തെ നോക്കിപ്പഠിപ്പിച്ചു; ഒരു കാല്‍ മുറിഞ്ഞുപോയി എന്നു കണ്ട ഒരു വൈദ്യനെപ്പോലെ, അയാള്‍ മൂഖംകൊണ്ട് ഒരു നാട്യം നടിച്ചു.

‘നിങ്ങള്‍ക്ക് ഈ വണ്ടി ഒരു ക്ഷണംകൊണ്ടു നേരെയാക്കിത്തരാമോ?

‘സേര്‍, ഉവ്വ്.’

‘എനിക്ക് എപ്പോള്‍ പുറപ്പെടാറാവും?’

‘നാളെ.’

‘നാളെ?’

‘ഒരു ദിവസത്തെ പണി തികച്ചും അതിന്മേലുണ്ട്. സേര്‍, നിങ്ങള്‍ക്കു ബദ്ധപ്പാടുണ്ടോ?’

‘വല്ലാത്ത ബദ്ധപ്പാടുണ്ട്. ഏറിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ എനിക്കു പുറപ്പെടണം.’

‘സാധിക്കില്ല സേര്‍.’

‘നിങ്ങള്‍ പറയുന്ന സംഖ്യ ഞാന്‍ തരാം.’

‘സാധിക്കില്ല, സേര്‍’

‘ആട്ടെ, എന്നാല്‍ രണ്ടു മണിക്കൂറിന്നുള്ളില്‍.’

‘ഇന്നു സാധിക്കില്ല. പുതുതായി രണ്ടഴികളും ഒരരടയും ഉണ്ടാക്കണം. നാളെ രാവിലെക്കുള്ളില്‍ ഒരിക്കലും പുറപ്പെടാന്‍ സാധിക്കില്ല.’

‘നാളെ രാവിലെവരെ കാത്തുനില്ക്കാവുന്നതല്ല കാര്യം. ഈ ചക്രം നന്നാക്കാന്‍ നില്ക്കാതെ മറ്റൊന്നുണ്ടാക്കിച്ചേര്‍ക്കാമെന്നുവച്ചാലോ?

‘അതെങ്ങനെ?’

‘നിങ്ങള്‍ ഒരു വണ്ടിപ്പണിക്കാരനാണ്?’

‘നിശ്ചയമായും അതേ, സേര്‍.’

‘എനിക്കു വിലയ്ക്കു തരാന്‍ നിങ്ങളുടെ കൈയില്‍ ഒരു ചക്രമില്ലേ? എന്നാല്‍ ഇപ്പോള്‍ത്തന്നെ എനിക്കു പുറപ്പെടാം.’

‘വെറുതെയിരിക്കുന്ന ചക്രം?’

‘അതേ.’

‘നിങ്ങളുടെ വണ്ടിക്കു യോജിക്കുന്ന വിധത്തിലുള്ള ഒരു ചക്രം തല്ക്കാലം എന്റെ കൈയിലില്ല. വല്ല വിധത്തിലുമുള്ള രണ്ടു ചക്രങ്ങളെ ഒരു വണ്ടിക്കു വെച്ചുകൂടാ.’

‘അങ്ങനെയാണെങ്കില്‍, എനിക്കു രണ്ടു ചക്രം വിലയ്ക്കു തരൂ.’

‘എല്ലാ ചക്രങ്ങളും എല്ലാ അച്ചുതണ്ടുകള്‍ക്കും പാകമാവില്ല സേര്‍.’

‘ശ്രമിച്ചുനോക്കൂ, ഏതായാലും.’

‘അതുകൊണ്ടു പ്രയോജനമില്ല. എന്റെ കൈയില്‍ കട്ടവണ്ടികള്‍ക്കുള്ള ചക്രങ്ങളേ വില്‍ക്കാനുള്ളൂ. ഇതൊരു പാവപ്പെട്ട നാട്ടുപുറമാണ്.’

‘നിങ്ങളുടെ പക്കല്‍ ഇത്തരം ഒരു വണ്ടി തരാനുണ്ടോ?’

ആ രണ്ടുരുള്‍വണ്ടി കൂലിക്കു വാങ്ങിയതാണെന്നു വണ്ടിപ്പണിക്കാരന്‍ ഒരു നോട്ടത്തില്‍ത്തന്നെ കണ്ടിരിക്കുന്നു. അയാള്‍ ചുമലുകളൊന്നു ചുളുക്കി.

‘നിങ്ങള്‍ വണ്ടി നല്ലവണ്ണം നോക്കുന്നതുകൊണ്ട് ആളുകള്‍ നിങ്ങള്‍ക്കു വേഗത്തില്‍ തരും കൂലിക്ക്! എനിയ്ക്കൊന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കു കൂലിക്കു തരില്ല. നിശ്ചയം.’

‘ആട്ടെ, എന്നാലതു വിലയ്ക്കൂ തരൂ.’

‘എന്റെ കൈയിലില്ല.’

‘എന്ത്! ഒരു വില്ലുവണ്ടിയും? എന്നെ സന്തോഷിപ്പിക്കാന്‍ പ്രയാസമില്ലെന്നു കണ്ടില്ലെന്നു കണ്ടില്ലേ?’

‘ഞങ്ങള്‍ ഒരു പാവപ്പെട്ട രാജ്യത്താണ്, വാസ്തവത്തില്‍.’

വണ്ടിപ്പണിക്കാരന്‍ തുടര്‍ന്നു, ‘ആ കാണുന്ന പുരയില്‍ ഒരു ‘കാലാഷ്’ വണ്ടിയുണ്ട്; അതു പട്ടണത്തില്‍ ഒരു പ്രമാണിയുടെയാണ്; എന്റെ വശം സൂക്ഷിക്കാന്‍ ഏല്പിച്ചിരിക്കുന്നു; അദ്ദേഹം അതു മാസത്തില്‍ മുപ്പത്താറാം തിയ്യതിയേ ഉപയോഗിക്കൂ — എന്നുവെച്ചാല്‍ ഉപയോഗിക്കാറില്ലെന്നര്‍ഥം. അതു ഞാന്‍ നിങ്ങള്‍ക്കു കൂലിക്കു തരാം; എനിയ്ക്കെന്താണ്! പക്ഷേ, അതു കൊണ്ടുപോകുന്നതു മുതലാളി കാണരുത് — പിന്നെ അതു ‘കലാഷ്’ വണ്ടിയാണ്; രണ്ടു കുതിര വേണം.’

‘ഞാന്‍ രണ്ടു കുതിരയെ കൂലിക്കു വാങ്ങിക്കളയാം.’

‘എവിടേക്കാണ് പോകുന്നത്?’

‘ആറായിലേക്കു.’

‘ഇന്ന് അവിടെ എത്തണമെന്നുണ്ടോ?’

‘തീര്‍ച്ചയായും.’

‘രണ്ടു കുതിരയെ പൂട്ടിയിട്ടോ?’

‘എന്തുകൊണ്ടു വയ്യാ?’

‘നാളെ രാവിലെ നാലുമണിയ്ക്കെത്താമെന്നുവെച്ചാല്‍ വല്ല വ്യത്യാസവുമുണ്ടോ?’

‘തീര്‍ച്ചയായും ഇല്ല.’

‘അപ്പോള്‍ കൂലിക്കു കുതിരയെ വാങ്ങിക്കായാവുമ്പോള്‍, ഒരു കാര്യം ആലോചിക്കാനുണ്ട് — യാത്രാനുവാദപത്രമില്ലേ?’

‘ഉവ്വ്.’

‘തപ്പാല്‍ക്കുതിരയെ വാങ്ങിച്ചാല്‍ നിങ്ങള്‍ക്കു നാളെക്കുമുമ്പ് ആറായിലെത്തുവാന്‍ സാധിക്കില്ല. നമ്മള്‍ ഒരു ഊടുപാതയിലാണ്. മറ്റു കുതിരകളെ കിട്ടിക്കൊള്ളാന്‍ പ്രയാസമുണ്ട്; കുതിരകള്‍ വയലിലാവും. ഉഴവുകാലം ആരംഭിച്ചു. നല്ല ഭാരമേറുന്ന ജോടുകുതിരകളെ കിട്ടണം; തപ്പാല്‍ക്കുതിരകളായാലും, കുതിരയായി കണ്ടവയെയൊക്കെ കൃഷിക്കാര്‍ പിടികൂടും. ഓരോ കുതിരമാറ്റസ്ഥലത്തും മൂന്നോ നാലോ മണിക്കൂറു താമസിക്കേണ്ടിവരും. പിന്നെ, നടക്കുന്ന മട്ടിലേ അവ പോവൂ. പലേ കുന്നുകളും കയറാനുണ്ട്.’

‘ആട്ടെ, എന്നാല്‍ ഞാന്‍ കുതിരപ്പുറത്തു പൊയ്ക്കൊള്ളാം. വണ്ടി അഴിച്ചുതരൂ. ഈ പ്രദേശത്തു ആരെങ്കിലും എനിക്കൊരു ജീനി വിലയ്ക്കു തരും?’

‘സംശയമില്ലാതെ; പക്ഷേ, ഈ കുതിര ജീനി വെക്കാന്‍ സമ്മതിക്കുമോ.’

‘അതു വാസ്തവം; ഇതു നിങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തി; ഇത് അത് സമ്മതിക്കില്ല.’

‘പിന്നെ — ’

‘എന്നാല്‍ എനിക്ക് ഒരു കുതിരയെ കൂലിക്കു മേടിച്ചുകൂടേ?’

‘ഒരൊറ്റ നടയായി ആറായിലേക്കു പോകുന്ന കുതിരയോ?’

‘അതേ.’

‘അതിന് ഈ രാജ്യത്തില്ലാത്തരം ഒരു കുതിരയെ കിട്ടണം. ഒന്നാമതു നിങ്ങളെ ആര്‍ക്കും പരിചയമില്ലാത്തതുകൊണ്ട്, അതു വാങ്ങേണ്ടിവരും. ആവട്ടെ; എന്നാല്‍ അഞ്ഞൂറു ഫ്രാങ്കിനായാലും ശരി, ആയിരത്തിനായാലും ശരി, വിലയ്ക്കോ കൂലിക്കോ കിട്ടാന്‍ ഒരു കുതിരയെ ഈ രാജ്യത്തെങ്ങും കാണില്ല.’

‘ഞാന്‍ ഇനി എന്തു വേണം?’

‘ഒരു മര്യാദക്കാരനെപ്പോലെ ഞാന്‍ ഈ ചക്രം ശരിപ്പെടുത്തുന്നതിന്ന് എന്നെ അനുവദിക്കുക; എന്നിട്ടു നാളെ പുറപ്പെടുക — ഇതാണുത്തമം.’

‘നാളെ വൈകിപ്പോവും.’

‘ഗ്രഹപ്പിഴേ!’

‘ആറായിലേക്കു പോകുന്ന തപ്പാല്‍വണ്ടിയില്ലേ? എപ്പോളാണ് അതു പുറപ്പെടുക?’

‘രാത്രി, രണ്ടു തപ്പാലും രാത്രിയിലാണ്; അങ്ങോട്ടുള്ളതും ഇങ്ങോട്ടുള്ളതും.’

‘എന്ത്! ഈ ചക്രം നേരെയാക്കുന്നതിനു നിങ്ങള്‍ക്ക് ഒരു ദിവസം വേണം?’

‘ഒരു ദിവസം, ഒരു നല്ല ദിവസം തികച്ചും.’

‘രണ്ടാളെ പണിക്കാക്കിയാല്‍?’

‘പത്താളെ ആക്കിയാലും ശരി.’

‘അഴികള്‍ കയറുകൊണ്ടു കെട്ടിയാലോ?’

‘അഴികളുടെ കാര്യത്തില്‍, അങ്ങനെയും പറ്റിക്കാം; അരടയ്ക്കു നിവൃത്തിയില്ല; വട്ടും ചീത്തയായിരിക്കുന്നു.’

‘ഈ രാജ്യത്ത് ആരും ജോടിക്കുതിരകളെ കൂലിക്കു കൊടുക്കിന്നില്ലന്നോ?’

‘ഇല്ല.’

‘ഇവിടെ വേറെ വണ്ടിപ്പണിക്കാരനുണ്ടോ?’

ലായക്കാരനും വണ്ടിപ്പണിക്കാരനും യോജിച്ചു തലയൊന്നിളക്കിക്കൊണ്ടു മറുപടി പറഞ്ഞു; ‘ഇല്ല.’

അയാള്‍ക്ക് ഒരപാരമായ ആഹ്ലാദം തോന്നി.

ഈശ്വരവിധി ഇടയില്‍ക്കടന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നു സ്പഷ്ടമായി. വണ്ടിച്ചക്രത്തെ മുറിച്ചതും അയാളെ നിരത്തിന്മേലിട്ടു ചുറ്റിക്കുന്നതും അതാണ്. ഈത്തരത്തിലുള്ള ആദ്യത്തെ ആജ്ഞകളെ അയാള്‍ കൈകൊണ്ടില്ല; യാത്ര മുടങ്ങാതെ കഴിക്കുവാന്‍ അതാ അയാള്‍ സനിഷ്കര്‍മായും ഹൃദയപൂര്‍വമായും എടുത്തു നോക്കി. തീര്‍ന്നു; കാലഭേദം കൊണ്ടോ ക്ഷീണംകൊണ്ടോ ചെലവുകൊണ്ടോ അല്ല അയാളുടെ യാത്ര മുടങ്ങിയത്; ഞാനവനെ കുറ്റം പറയുവാന്‍ യാതൊന്നും അയാള്‍ കണ്ടില്ല. ഇവിടെനിന്നു മുന്‍പോട്ടു പോയില്ലെങ്കില്‍, അതയാളുടെ കുറ്റമല്ല. ഇവിടുന്നങ്ങോട്ടുള്ളതൊന്നും അയാളെക്കൊണ്ടുണ്ടായതല്ല. ഇനിയൊന്നും അയാളല്ല. അയാളുടെ മനസാക്ഷിയുടെ പ്രവൃത്തിയല്ല അത്; തലയിലെഴുത്തിന്റെ വിദ്യയാണ്.

അയാള്‍ വീണ്ടും നന്നായി ശ്വാസം കഴിച്ചു. ഴാവേറുടെ വരവു കഴിഞ്ഞിട്ട് ആദ്യമായി അയാള്‍ ഇഷ്ടംപോലെ, ശ്വാസകോശങ്ങളെക്കൊണ്ടു സാധിക്കാവുന്നേടത്തോളം നീളത്തില്‍, ഒരു ശ്വാസം കഴിച്ചു. കഴിഞ്ഞ ഇരുപതു മണിക്കൂറോളമായി അയാളുടെ ഹൃദയത്തെ മുറുകെപ്പിടിച്ചിരുന്ന ഉരുക്കുകൈ അയാളെ വിട്ടതായി തോന്നി.

ഈശ്വരന്‍ അനുകൂലനായി എന്നും, അവിടുന്നു എഴുന്നള്ളിനിന്നു പ്രവര്‍ത്തികയാണെന്നും തോന്നി.

അവനവനാല്‍ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞു. ഇനി പതുക്കെ പിന്നോക്കം തിരിക്കയല്ലാതെ ഗത്യന്തരമില്ലെന്ന് അയാള്‍ ആലോചിച്ചു.

വണ്ടിക്കാരനുമായ അയാളുടെ സംസാരം ചാരായക്കടയ്ക്കുള്ളില്‍ ഒരറയില്‍ വെച്ചായിരുന്നുവെങ്കില്‍, അതാരും ഒരാളും അറിയില്ല; ആരും കേള്‍ക്കുമായിരുന്നില്ല; കാര്യം ഇവിടെവെച്ച് അവസാനിക്കുമായിരുന്നു; വായനക്കാര്‍ ഇനി വായിക്കാന്‍ പോകുന്ന സംഭവങ്ങളൊന്നും ഞങ്ങള്‍ക്കു പറയേണ്ടിവരില്ലായിരുന്നു. പക്ഷേ, ഈ സംഭാഷണമുണ്ടായതു തെരുവില്‍വെച്ചാണ്. തെരുവില്‍വെച്ചുള്ള എന്തു സംസാരവും നിശ്ചയമായി ഒരാള്‍ക്കൂട്ടത്തെ ആകര്‍ഷിക്കും. കാണികളാവുന്നതിലും മീതെ യാതൊന്നും ആവശ്യമില്ലാത്ത ആളുകള്‍ എപ്പോഴുമുണ്ട്. വണ്ടിക്കാരനെ അയാള്‍ വിചാരണ ചെയ്യുമ്പോള്‍, അതിലേ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്ന ചിലര്‍ അവരുടെ ചുറ്റും കൂടി. കുറച്ചുനേരം മനസ്സിരുത്തിക്കേട്ടശേഷം. ആരും തീരേ ശ്രദ്ധിക്കാതിരുന്ന ഒരു കുട്ടി, കുറച്ചുനേരം മനസിരുത്തിക്കേട്ടശേഷം, ആരും തീരേ ശ്രദ്ധിക്കാതിരുന്ന ഒരു കുട്ടി, ആ കൂട്ടത്തില്‍നിന്നൊഴിഞ്ഞ് ഒരോട്ടം കൊടുത്തു.

ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ വിവരിച്ച ആ അന്തരമായ ആലോചന കഴിഞ്ഞു, വഴിയാത്രക്കാരന്‍ പിന്നോക്കം പോവാന്‍ തീര്‍ച്ചപ്പെടുത്തിയ സമയത്ത് ആ കുട്ടി തിരിച്ചെത്തി, അവന്റെ കൂടെ ഒരു കിഴവിയുമുണ്ട്.

‘മൊസ്സ്യു’ ആ സ്ത്രീ പറഞ്ഞു, ‘ഒരു രണ്ടുരുള്‍ക്കുതിരവണ്ടി നിങ്ങള്‍ക്കാവശ്യമുണ്ടെന്ന് എന്റെ കുട്ടിപറഞ്ഞു.’

ഒരു കുട്ടി കൂട്ടിക്കൊണ്ടുവന്ന ഒരു കിഴവിയുടെ മുഖത്തുനിന്ന് പുറപ്പെട്ട ഈ വെറും വാക്കുകള്‍ അയാളുടെ ദേഹത്തില്‍നിന്നു വിയര്‍പ്പിനെ ഇറ്റിറ്റു വീഴിച്ചു. പിടിയൊന്നയച്ചതായ കൈ പിന്നില്‍നിന്ന് ഒരിക്കല്‍ക്കൂടി മുറുകിപ്പിടികൂടുവാന്‍ തയ്യാറായി ഇരുട്ടത്തു വീണ്ടും പ്രത്യക്ഷീഭവിക്കുന്നതു കണ്ടു എന്ന് അയാള്‍ വിചാരിച്ചു.

അയാള്‍ മറുപടി പറഞ്ഞു: ‘ഉവ്വ്, എന്റെ നല്ലവളായ അമ്മേ; എനിക്കു കൂലിക്കു കിട്ടാന്‍ ഒരു വണ്ടിയുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നില്ക്കുകയാണ്.’ അയാള്‍ ക്ഷണത്തില്‍ തുടര്‍ന്നു പറഞ്ഞു: ‘പക്ഷേ, ഒന്നും ഇവിടെ കിട്ടാനില്ല.’

‘നിശ്ചയമായും ഉണ്ട്.’ ആ കിഴവി പറഞ്ഞു.

‘എവിടെ?’ വണ്ടിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ വീട്ടില്‍,’ ആ കിഴവി മറുപടി പറഞ്ഞു.

മെയര്‍ നടുങ്ങി. ആ അപകടം പിടിച്ച കൈ ഒരിക്കല്‍ക്കൂടി അയാളെ പിടികൂടി.

ആ കിഴവിയുടെ വണ്ടിപ്പുരയില്‍ വാസ്തവത്തില്‍ വില്ലുവെച്ച ഒരു കൊട്ടവണ്ടി നില്പുണ്ട്. വണ്ടിക്കാരനും കുതിരലായക്കാരനുംകൂടി, വഴിപോക്കാന്‍ തങ്ങളുടെ പിടിയില്‍നിന്ന് വിട്ടുപോകുന്നതുകൊണ്ടുള്ള നിരാശതയില്‍, ചിലതു കടന്നുപറഞ്ഞുനോക്കി.

‘അതൊരു വല്ലാത്ത പഴയ കെണിയാണ്; അത് അച്ചുതണ്ടിന്മേല്‍ അമര്‍ന്നിരിക്കും; ഇരിപ്പിടങ്ങള്‍ തോല്‍വാറുകൊണ്ട് ഉള്ളില്‍ തൂക്കിയിട്ടിരിക്കയാണെന്നുള്ളതു നേരാണ്; മഴ പെയ്താല്‍ ചോരും; ചക്രങ്ങള്‍ തുരുമ്പു പിടിച്ചു പൂപ്പല്‍ കയറി തീര്‍ന്നിരിക്കുന്നു; രണ്ടുള്‍വണ്ടിയേക്കാള്‍ ഒട്ടുമധികം ദൂരം പോവില്ല; ഒരു പൊളിഞ്ഞ പഴയ വെറും വണ്ടിക്കൂട്; അതില്‍ കേറിപ്പോയാല്‍ ഒടുക്കം വേണ്ടിയിരുന്നില്ലെന്നു തോന്നും.’ മറ്റും മറ്റും.

ഇതൊക്കെ നേരാണ്; പക്ഷേ, ഈ കെണി, ഈ പൊളിഞ്ഞ പഴയ വണ്ടിക്കൂട്, എന്തുതന്നെയായാലും ശരി, ഈ സാധനം, അതിന്റെ രണ്ടുരുളിന്മേല്‍ പായും; അതിന് ആറായിലേക്കു പോവാന്‍ കഴിവുണ്ട്.

അയാള്‍ ആ സ്ത്രീ ആവശ്യപ്പെട്ടതു കൊടുത്തു; മടക്കത്തില്‍ വാങ്ങിക്കൊണ്ടുപോവാം എന്നു കരുതി തന്റെ രണ്ടുരുള്‍വണ്ടി വണ്ടിപ്പണിക്കാരന്റെ പക്കല്‍ കേടുതീര്‍ക്കാന്‍ ഏല്പിച്ചു; വെള്ളക്കുതിരയെ വണ്ടിക്കു കെട്ടി. അതില്‍ ചാടിക്കയറി. രാവിലെ മുതല്‍ വണ്ടിയോടിച്ചുപോന്ന വഴിയില്‍ത്തന്നെ അയാള്‍ വീണ്ടും കൂടി.

വണ്ടി പാഞ്ഞുതുടങ്ങിയപ്പോള്‍, അയാള്‍ സ്വയം സമ്മതിച്ചു. അപ്പോള്‍ താൻ പോവുന്നേടത്തേക്കു പോകേണ്ടിവരാതായി എന്നു കണ്ടപ്പോള്‍, ഒരു നിമിഷം മുന്‍പ്, തനിക്ക് ഒരുതരം സന്തോഷമുണ്ടായി എന്ന്. ആ സന്തോഷത്തെ അയാള്‍ ഒരു മാതിരി ദേഷ്യത്തോടുകൂടി പരീക്ഷണം ചെയ്തു വെറും കഥയില്ലായ്മാണെന്നു കണ്ടു. മടങ്ങിപ്പോകുന്നതില്‍ എന്തിനു സന്തോഷിക്കുന്നു? ഒന്നാമതു താന്‍ ഈ പോകുന്നതു സ്വന്തമനസ്സാലെയല്ലേ? തന്നെ ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ.

എന്നല്ല, നിശ്ചയമായും താന്‍ വരുത്തിക്കൂട്ടുന്നതല്ലാതെ യാതൊന്നും തനിക്കു സംഭവിക്കാന്‍ വയ്യാ.

ഹെസ്ദാങ്ങ് വിട്ട ഉടനെ ഒരുശബ്ദം അയാളോടു വിളിച്ചുപറയുന്നതു കേട്ടു; ‘നില്ക്കൂ! നില്ക്കൂ!!’ ആശയെപ്പോലെ ഒരു ചെറുചൂടും ഒരുള്‍വലിവുമുള്ള എന്തോ ഒന്നടങ്ങിയ ഒരു പിടച്ചിലോടുകൂടി അയാള്‍ വണ്ടി നിര്‍ത്തി. അതു കിഴവിയുടെ ചെക്കനായിരുന്നു.

‘സേര്‍,’ ആ ചെറുകുട്ടി പറഞ്ഞു, ‘ഞാനാണ് നിങ്ങള്‍ക്കു വണ്ടി വരുത്തിത്തന്നത്.’

‘അതിന്?’

‘നിങ്ങള്‍ എനിക്കൊന്നും തന്നില്ല.’

എല്ലാവര്‍ക്കും അത്രമേല്‍ ജാഗ്രതയോടുകൂടി എന്തും കൊടുക്കാറുള്ള അയാള്‍ക്ക് ഈ ആവശ്യപ്പെടല്‍ നിര്‍മര്യാദമാണെന്നും അധികപ്രസംഗമാണെന്നും തോന്നി.

‘ഹാ! നിയ്യാണല്ലേ, എടാ, തെമ്മാടി?’ അയാള്‍ പറഞ്ഞു,

‘നിനക്കൊന്നും കിട്ടില്ല.’

അയാള്‍ കുതിരയെ ആഞ്ഞടിച്ചു; ക്ഷണത്തില്‍ പാഞ്ഞു.

ഹെസ്ദാങ്ങില്‍വെച്ച് അയാള്‍ക്കു സമയം വളരെ ചെലവായി; ആ നഷ്ടം തീര്‍ക്കേണ്ടിയിരിക്കുന്നു. ആ ചെറുകുതിര നല്ല ചുണയുള്ളതാണ്; രണ്ടെണ്ണത്തിന്റെ വലി വലിച്ചിരുന്നു; പക്ഷേ, ഫിബ്രവരി മാസമായതുകൊണ്ടു മഴ പെയ്തിരുന്നു; വഴികള്‍ ചീത്തയായിക്കിടക്കുന്നു. പിന്നെ, അതു രണ്ടുരുള്‍വണ്ടിയല്ലാതായി. അപ്പോഴത്തെ വണ്ടിക്കു നല്ല കനമുണ്ട്; പോരാത്തതിനു വഴിക്കു പല കേറ്റങ്ങളുമുണ്ടായിരുന്നു.

ഹെസ്ദാങ്ങില്‍ നിന്നു സാങ്ങ്പോളിലെത്താന്‍ ഏകദേശം നാലു മണിക്കൂര്‍ പിടിച്ചു.

സാങ്ങ്പോളില്‍ ഒന്നാമതു കണ്ട ഹോട്ടലില്‍ ചെന്നു കുതിരയെ അഴിപ്പിച്ചു പന്തിയിലേക്കു കൊണ്ടു പോവിച്ചു. സ്കോഫ്ളേറോട് ഏറ്റിട്ടുള്ളതനുസരിച്ചു, കുതിര തിന്നുമ്പോള്‍ അയാള്‍ പുല്ലുതൊട്ടിയുടെ അടുത്തു നിന്നു. ദുഃഖമയവും സമ്മിശ്രവുമായ ഓരോന്നിനെപ്പറ്റി അയാള്‍ മനോരാജ്യം വിചാരിച്ചു. ഹോട്ടലുടമസ്ഥന്റെ ഭാര്യ കുതിരപ്പന്തിയിലേക്കു വന്നു.

‘പ്രാതല്‍ വേണ്ടേ?’

‘വാസ്തവം; എനിക്കു നല്ല രുചിയും തോന്നൂന്നുണ്ട്.’

അയാള്‍ അവളെ പിന്തുടര്‍ന്നു; ആഹ്ലാദമയവും പനിനീര്‍പ്പൂ പോലുള്ളതുമായിരുന്നു അവളുടെ മുഖം; അവള്‍ അയാളെ ഭക്ഷണമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെ മെഴുശ്ശീലകൊണ്ടു മൂടിയ മേശകളുണ്ട്.

‘വേഗം വേണം.’ അയാള്‍ പറഞ്ഞു; എനിക്ക് ഇനിയും പോണം; എനിക്ക് ബദ്ധപ്പാടുണ്ട്.’

ചെറുപ്പക്കാരിയായ ഒരു കുറ്റത്തി ക്ഷണത്തില്‍ അയാള്‍ക്കുള്ള കത്തിയും മുള്ളുകളും ഒരുക്കി; ഒരു മനഃസംതൃപ്തിയോടുകൂടി അയാള്‍ പെണ്‍കിടാവിനെ നോക്കിക്കണ്ടു.

‘ഇതാണ് എനിക്കു സുഖമില്ലാതിരുന്നത്,’ അയാള്‍ വിചാരിച്ചു; ‘ഞാന്‍ പ്രാതല്‍ കഴിച്ചിട്ടില്ല.’

പ്രാതലിനുള്ളതെല്ലാം കൊണ്ടുവെച്ചുകഴിഞ്ഞു; അയാള്‍ അപ്പം കടന്നെടുത്തു വായ നിറച്ചു കടിച്ചെടുത്തു; എന്നിട്ടു പതുക്കെ അതു മേശപ്പുറത്തുതന്നെ വെച്ചു; പിന്നെ അതു തൊട്ടില്ല.

മറ്റൊരു മേശയ്ക്കടുത്തിരുന്നു ഒരു വണ്ടിക്കാരന്‍ ഭക്ഷിക്കുന്നുണ്ട്; അയാള്‍ ആ ഇരിക്കുന്നാളോടു ചോദിച്ചു; ‘എന്താണ് ഇവരുടെ അപ്പത്തിന് ഇത്ര കയ്പ്?’

വണ്ടിക്കാരന്‍ ഒരു ജര്‍മനിക്കാരനാണ്; അയാള്‍ക്ക് ആ പറഞ്ഞതു തിരിഞ്ഞില്ല.

അയാള്‍ കുതിരപ്പന്തിയിലേക്കു മടങ്ങി; കുതിരയുടെ അടുത്തു നിന്നു.

ഒരു മണിക്കൂറിനു ശേഷം അയാള്‍ സാങ്ങ്പോള്‍ വിട്ടു താങ്കയിലേക്കുള്ള വഴിയിലെത്തി; അവിടെനിന്ന് ആറായിലേക്ക് അഞ്ചു കാതമേ ഉള്ളൂ.

ഈ യാത്രാസമയത്ത് അയാള്‍ എന്തു ചെയ്തു? എന്തായിരുന്നു അയാളുടെ വിചാരം? രാവിലത്തെപ്പോലെ, അയാള്‍ മരങ്ങളേയും, മേയപ്പെട്ട മേല്‍പ്പുരകളെയും, വിട്ടുപോകുന്ന ഉഴവുനിലങ്ങളേയും, ഓരോ വഴിത്തിരിവിലും വെച്ച് മുറിയപ്പെടുന്ന ദേശവൈചിത്ര്യത്തിന്റെ മറച്ചിലിനേയും സൂക്ഷിച്ചുനോക്കി; ഇത് ആത്മാവിനെ ചിലപ്പോള്‍ തൃപ്തിപ്പെടുത്തുകയും വിചാരപരമ്പരയില്‍ നിന്ന് അതിനെ ചിലപ്പോള്‍ വിടുവിക്കുകയും ചെയ്യുന്ന അത്തരം ഒരു നോക്കിക്കാണലാണ്. ഒന്നാമത്തെതായും ഒടുവിലത്തെതായും ഒരായിരം വസ്തുക്കളെ നോക്കിക്കാണുന്നതിലധികം ദുഃഖമയമായും ഹൃദയസ്പൃക്കായും മറ്റെന്താണുള്ളത്? യാത്ര ചെയ്യുക എന്നത് ഓരോ നിമിഷത്തിലും ജനിക്കുകയും അപ്പോള്‍ത്തന്നെ മരിക്കുകയുമാണ്; ഒരു സമയം തന്റെ മനസ്സിന്റെ ഏറ്റവും നിഗൂഢമായ ഭാഗത്തുവെച്ച് അയാള്‍ മാറിമാറിക്കൊണ്ടുള്ള ചക്രവാളത്തേയും നമ്മുടെ മാനുഷികമായ ജീവിതത്തേയും കൂട്ടി താരതമ്യപ്പെടുത്തി നോക്കിയിരിക്കണം; ജീവിതസംബന്ധിയായ സകലവും ഇളവില്ലാതെ നമ്മുടെ മുന്‍പിലൂടെ പറപറക്കുന്നു; ഇരുട്ടടഞ്ഞതും പ്രകാശമാനവുമായ അന്തരാളങ്ങള്‍ തമ്മില്‍ കൂട്ടിപ്പിണഞ്ഞു കിടക്കുന്നു; കണ്ണഞ്ചിക്കുന്ന ഒരു നിമിഷത്തിനു ശേഷം, ഒരു ഗ്രഹണം; നമ്മള്‍ നോക്കുന്നു; ബദ്ധപ്പെടുന്നു, പാഞ്ഞു പോകുന്നതിനെ കടന്നു പിടികൂടുവാന്‍ ദൂരത്തേക്കു കൈനീട്ടുന്നു; ഓരോ സംഭവവും നമുക്കുള്ള നിരത്തുവഴിയിലെ ഓരോ തിരിവാണ്; അതാ ഒരടിയായി നാം വൃദ്ധന്മാരാകുന്നു; നാം നടുങ്ങുന്നു; എല്ലാം കറുത്തിരുളുന്നു; ഒരു നിഗൂഢമായ വാതില്‍പ്പഴുതു നാം വേര്‍തിരിച്ചറിയുന്നു; നമ്മെ വലിച്ചുകൊണ്ടു പോകുന്ന ആ ജീവിതമാകുന്ന രസമില്ലാത്ത കുതിര നിന്നുപോകുന്നു; എന്നല്ല, നിഴല്പാടുകള്‍ക്കിടയില്‍ വെച്ച് അജ്ഞാതനും ആവൃതമുഖനുമായ ഒരാള്‍ ആ കുതിരയെ അഴിച്ചു വിടുന്നതായി നാം കാണുന്നു.

സന്ധ്യയായതോടുകൂടി, പാഠശാല വിട്ടുപോരുന്ന കുട്ടികള്‍ ഈ വഴിയാത്രക്കാരന്‍ താങ്കയില്‍ ചെല്ലുന്നതു കണ്ടു; ദിവസങ്ങള്‍ക്കു നീളം വെച്ചു തുടങ്ങിയിട്ടില്ലെന്നുള്ളതു വാസ്തവമാണ്. ഗ്രാമത്തില്‍ നിന്നു കടന്ന ഉടനെ, വഴിയില്‍ കല്ലിടിച്ചു നന്നാക്കിക്കൊണ്ടിരുന്ന ഒരു കൂലിപ്പണിക്കാരന്‍ തലയുയര്‍ത്തി നോക്കി അയാളോടു പറഞ്ഞു: ‘ആ കുതിര വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.’

വാസ്തവത്തില്‍ ആ സാധുജന്തു ഒരാള്‍ നടക്കുന്നതുപോലെയാണ് പോയിരുന്നത്.

‘നിങ്ങള്‍ ആറായിലേക്കാണോ പോകുന്നത്?’ വഴി നന്നാക്കുന്നവന്‍ തുടര്‍ന്നു ചോദിച്ചു.

‘അതേ.’

‘ഈ നിലയില്‍ത്തന്നെയാണ് പോകുന്നതെങ്കില്‍, നിങ്ങള്‍ വളരെ നേരത്തെയൊന്നും എത്തിയില്ല.’

അയാള്‍ വണ്ടി നിര്‍ത്തി, ആ കൂലിപ്പണിക്കാരനോടു ചോദിച്ചു: ‘ഇവിടെ നിന്ന് ആറായിലെക്ക് എന്തു ദൂരമുണ്ട്?’

‘ഏകദേശം നല്ലവണ്ണം ഏഴു കാതം.’

‘അതെങ്ങനെ? തപ്പാല്‍വിവരപുസ്തകത്തില്‍ അഞ്ചേകാല്‍ കാതം മാത്രമേ പറയുന്നുള്ളൂ.’

‘ഹാ!’ വഴി നന്നാക്കുന്നവന്‍ മറുപടി പറഞ്ഞു. ‘അപ്പോള്‍ വഴി കേടുവന്നു കിടക്കുകയാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ഒരു കാല്‍ മണിക്കൂറുകൂടി കഴിഞ്ഞാല്‍ വഴി അടച്ചിട്ടുള്ളതു കാണാം; പിന്നെ അങ്ങോട്ടു പോവാന്‍ മാര്‍ഗമില്ല.’

‘നേര്?’

‘എടത്തോട്ടു കറന്‍സിയിലേക്കുള്ള വഴിക്കു പോണം; പുഴ അങ്ങോട്ടു കടക്കുക; കാബ്ലാങ്ങിലെത്തിയാല്‍ നിങ്ങള്‍ വലത്തോട്ടു തിരിയണം. അതാണ് മോങ്ങസാങ്ങ് തെലോയിനിയിലേക്കുള്ള വഴി; എന്നാല്‍ പിന്നെ ആറായായി.’

‘പക്ഷേ, രാത്രിയാണ്, എനിക്കു വഴി തെറ്റും.’

‘നിങ്ങള്‍ ഈ പ്രദേശത്തുകാരനല്ലായിരിക്കും?’

‘അല്ല.’

‘എന്നല്ല, അതിനു പുറമെ, ഒക്കെ തിരിവുവഴികളാണ്; നില്ക്കൂ; സേര്‍,’ വഴി നന്നാക്കുവന്‍ പിന്നെയും ആരംഭിച്ചു: ‘ഞാന്‍ നിങ്ങള്‍ക്കൊന്നു പറഞ്ഞുതരട്ടെ? നിങ്ങളുടെ കുതിര ക്ഷീണിച്ചിരിക്കുന്നു; താങ്കയിലേക്കു മടങ്ങൂ; അവിടെ ഒരു നല്ല ചാരായക്കടയുണ്ട്; അവിടെ കിടന്നുറങ്ങുക; നാളെ നിങ്ങള്‍ക്ക് ആറായിലെത്താം.’

‘എനിക്ക് ഇന്നു വൈകുന്നേരം അവിടെ ചെല്ലണം.’

‘എന്നാല്‍ കാര്യം മാറി; ഏതായാലും ഹോട്ടലില്‍ ചെല്ലുക; ഒരു കുതിരയെക്കൂടി വാങ്ങുക; കുതിരക്കാരന്‍ നിങ്ങള്‍ക്കു വഴി തിരിച്ചുതരും.’ അയാള്‍ വഴി നന്നാക്കുന്നവന്റെ ഉപദേശം അനുസരിച്ചു; പിന്നോക്കം മടങ്ങി; ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ആ വഴിക്കുതന്നെ വന്നു; പക്ഷേ, അതു കടുവേഗത്തിലാണ്; ഒരു കുതിരകൂടി സാഹായ്യത്തിനുണ്ട്; വണ്ടിക്കാരന്‍ എന്നു തന്നത്താന്‍ നാമകരണം ചെയ്ത ഒരു കുതിരക്കാരന്‍ വണ്ടിയുടെ ഏര്‍ക്കാലില്‍ ഇരിക്കുന്നു.

അപ്പോഴും നേരം വൈയ്കിയെന്ന് അയാള്‍ക്കു തോന്നിയിരുന്നു.

രാത്രി തികച്ചും പ്രത്യക്ഷീഭവിച്ചു.

അവര്‍ തിരിവുവഴികളിലേക്കു കടന്നു; വഴി വല്ലാതെ ചീത്തയായിത്തുടങ്ങി; വണ്ടി ഒരു ചക്രച്ചാലില്‍നിന്നു മറ്റൊന്നിലേക്കു മാറിക്കടക്കുവാന്‍ തുടങ്ങി; അയാള്‍ വണ്ടിക്കാരനോടു പറഞ്ഞു: ‘നടയില്‍ വിടുക; ഇരട്ടി കൂലി കിട്ടും.’

ഒരു കുലുക്കത്തില്‍ വണ്ടിയുടെ ഒരാണി മുറിഞ്ഞു.

‘സര്‍, കൂട്ടാണി മുറിഞ്ഞു.’ വണ്ടിക്കാരന്‍ പറഞ്ഞു: ‘എങ്ങനെയാണ് എന്റെ കുതിരയെ വണ്ടിയോടു കൂട്ടിക്കെട്ടേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാതായി; ഈ വഴി രാത്രിയില്‍ വളരെ ചീത്തയാണ്; മടങ്ങി താങ്കയില്‍ കിടന്നുറങ്ങാമെന്നുവെച്ചാല്‍ നാളെ രാവിലെ നേരത്തെ ആറായിലെത്താം.’

അയാള്‍ പറഞ്ഞു: ‘നിങ്ങളുടെ കൈയില്‍ ഒരു കഷണം കയറും, ഒരു പേനക്കത്തിയുമുണ്ടോ?’

‘ഉവ്വ്, സേര്‍.’

അയാള്‍ ഒരു മരച്ചില്ല മുറിച്ചു; അതുകൊണ്ട് ആണിയുണ്ടാക്കി.

ഇത് ഇരുപതു മിനിട്ടുകൂടി കളഞ്ഞു: പക്ഷേ, പിന്നെ അവര്‍ വേഗത്തില്‍ പോയി.

മൈതാനം മങ്ങിക്കിടന്നിരുന്നു; താഴത്തേക്കു തൂങ്ങിക്കിടക്കുന്നതും ഇരുണ്ടതും ചുരുണ്ടതുമായ മൂടല്‍മഞ്ഞു കുന്നിന്‍പുറങ്ങളില്‍ ഇഴയുകയും പുകപോലെ

തന്നത്താന്‍ പിരിച്ചുവലിക്കുകയും ചെയ്തിരുന്നു; മേഘങ്ങളില്‍ വെളുത്ത വെളിച്ചങ്ങളുണ്ടായിരുന്നു; കടലില്‍നിന്നു പുറപ്പെട്ട ഒരു ശക്തിയുള്ള കാറ്റ്, അറയിലെ സാമാനങ്ങള്‍ നീക്കുന്നതുപോലെ, ചക്രവാളത്തിലെങ്ങും ഒരു ശബ്ദമുണ്ടാക്കി; കാണപ്പെടാവുന്ന സകലവും ഭയപ്പാടിന്റെ ഓരോ സ്ഥിതിഭേദങ്ങളെ അവലംബിച്ചു. രാത്രിയുടെ ഈ പരപ്പുകൂടിയ ശ്വാസഗതിയുടെ ചുവട്ടില്‍ കിടന്ന് എന്തെല്ലാം വസ്തുക്കള്‍ തുള്ളിവിറയ്ക്കുന്നു!

അയാള്‍ തണുപ്പുകൊണ്ടു മരവിച്ചു; തലേദിവസം രാത്രി മുതല്‍ അയാള്‍ യാതൊന്നും ഭക്ഷിച്ചിട്ടില്ല; എട്ടു കൊല്ലം മുന്‍പ് ഡി. പട്ടണത്തിന്റെ അയല്‍പ്രദേശത്തു പരന്ന മൈതാനത്തില്‍വെച്ചുണ്ടായ തന്റെ മറ്റൊരു രാത്രിസഞ്ചാരം അയാള്‍ പതുക്കെ ഓര്‍മിച്ചു; അത് ഇന്നലെ കഴിഞ്ഞപോലെ തോന്നി.

ദൂരത്തുള്ള ഒരു ഗോപുരാഗ്രത്തില്‍ നിന്നു മണിയടിച്ചു; അയാള്‍ ആ കുട്ടിയോട് ചോദിച്ചു: ‘നേരം എത്രയായി?’

‘ഏഴു മണി, സേര്‍; നമ്മള്‍ എട്ടുമണിക്ക് ആറായിലെത്തും; ഇനി മൂന്നു കാതമേ നമുക്കു പോവാനുള്ളൂ.’

ആ സമയത്ത്, ഇതുവരെ തോന്നാതിരുന്നതു തെറ്റായി എന്നുള്ള വിചാരത്തോടുകൂടി, അയാള്‍ ഈ ഒരാലോചനയില്‍ മുങ്ങി; താന്‍ ഈ എടുത്ത ബുദ്ധിമുട്ടുകളെല്ലാം അനാവശ്യമായിരിക്കാം; വിചാരണ തുടങ്ങുന്നത് എത്ര മണിക്കാണെന്നുകൂടി താന്‍ അറിഞ്ഞില്ല; അതെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു; ചെന്നിട്ടു വല്ല പ്രയോജനവും ഉണ്ടാകുമോ ഇല്ലയോ എന്നറിയാതെ, ആ വിധം മൂക്കിനുനേരെ ഓടിപ്പോകുന്നതു വിഡ്ഢിത്തമായി. പിന്നീട് അയാള്‍ ചില കണക്കുകള്‍ കൂട്ടിനോക്കി; സാധാരണമായി സെഷ്യന്‍ കോടതി കൂടുക രാവിലെ ഏഴു മണിക്കാണ്; കഴിയാന്‍ അധികമൊന്നും സമയം വേണ്ടിവരില്ല; ആപ്പിള്‍പ്പഴം കട്ടതു ക്ഷണത്തില്‍ തീര്‍ച്ചപ്പെട്ടുകഴിയും; ആള്‍ ശരിയാണോ എന്ന് മാത്രമേ പിന്നെ നോക്കാനുണ്ടാവൂ; നാലോ അഞ്ചോ പേരുടെ കയ്പീത്തെടുക്കേണ്ടി വരും; വക്കീല്‍മാര്‍ക്ക് ഒന്നും പറയാനുണ്ടാവില്ല; എല്ലാം കഴിഞ്ഞതിനു ശേഷമായിരിയ്ക്കും താന്‍ ചെല്ലുക.

വണ്ടിക്കാരന്‍ കുതിരകളെ അടിച്ചുവിട്ടു; അവര്‍ പുഴ കടന്നു, മോങ്ങ്സാങ്ങ്തെലോയി അവരുടെ പിന്നിലായി.

രാത്രി പിന്നേയും തടിച്ചുവന്നു.

സിസ്റ്റര്‍ സിംപ്ലീസിനെ പരീക്ഷിച്ചു നോക്കല്‍

എന്നാല്‍ ഈ സമയത്തു ഫന്‍തീന്‍ സന്തുഷ്ടനായിരുന്നു.

അവള്‍ വളരെ ചീത്ത ഒരു രാത്രിയാണ് കഴിച്ചുകൂടിയത്; അവളുടെ ചുമ ഭയങ്കരമായിരുന്നു: പനിക്കു കനം ഇരട്ടിച്ചു; അവള്‍ സ്വപ്നം കണ്ടിരുന്നു; രാവിലെ വൈദ്യന്‍ വന്ന സമയത്ത് അവള്‍ക്കു തന്റേടമുണ്ടായിരുന്നില്ല. അയാള്‍ക്ക് ഒരു പേടിച്ച മുഖഭാവം കയറി; മൊസ്സ്യു മദലിയെന്‍ വന്നാല്‍ ഉടനെ അയാള്‍ക്കറിവു കൊടുക്കണമെന്ന് ആജ്ഞാപിച്ചു.

രാവിലെ മുഴുവനും അവള്‍ക്കു സുഖമുണ്ടായിരുന്നില്ല; വളരെ കുറച്ചേ സംസാരിച്ചുള്ളൂ; ദൂരങ്ങളെ അളക്കുകയാണെന്നു തോന്നിക്കുന്ന ചില കണക്കുകള്‍ ഒരു താഴ്ന്ന സ്വരത്തില്‍ പതുക്കെ മന്ത്രിച്ചുകൊണ്ടു വിരിപ്പുകളില്‍ അവള്‍ മടക്കിട്ടിരുന്നു. അവളുടെ കണ്ണുകള്‍ മിഴിച്ചും തുറിച്ചു നോക്കിയുമിരുന്നു. അവ ഇടയ്ക്ക്

ഏതാണ്ടു കെട്ടുപോകുന്നതുപോലെ തോന്നി; ഉടനെ പിന്നെയും നിറം വെച്ചു. നക്ഷത്രങ്ങളെപ്പോലെ മിന്നി. ഇരുട്ടടഞ്ഞ ഒരു ഘട്ടം വരുമ്പോള്‍, ഭൂമിയിലെ വെളിച്ചത്തെ കൈവിടുന്നവയില്‍ സ്വര്‍ഗത്തിലെ വെളിച്ചം നിറയുന്നുവോ എന്നു തോന്നും.

ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നു സിസ്റ്റര്‍ സിംപ്ലീസ് ചോദിക്കുമ്പോളെല്ലാം, അവള്‍ തെറ്റാതെ മറുപടി പറയും: ‘സുഖമുണ്ട്. എനിക്കു മൊസ്സ്യു മദലിയെനെ ഒന്നു കാണണം.’

ഇതിനു കുറെ മാസങ്ങള്‍ക്കു മുന്‍പ് ഫന്‍തീന്‍ തന്റെ ചാരിത്ര്യത്തിന്റെ ഒടുവിലത്തെ വിലയും, തന്റെ അവമാനത്തിന്റെ ഒടുവിലത്തെ പടിയും, തന്റെ സന്തോഷത്തിന്റെ ഒടുവിലത്തെ നില്ക്കക്കള്ളിയും തട്ടിക്കളഞ്ഞ നിമിഷത്തില്‍, അവള്‍ തന്റെ ഒരു നിഴലായിത്തീര്‍ത്തിരുന്നു; ഇപ്പോള്‍ അവള്‍ തന്റെ ഒരു പ്രേതമായി. മാനസികമായ കഷ്ടപ്പാടു തുടങ്ങിവെച്ച പ്രവൃത്തിയെ ദേഹസംബന്ധിയായ കഷ്ടപ്പാടു മുഴുമിപ്പിച്ചു. ഈ ഇരുപത്തിഞ്ചു വയസ്സായ പാവത്തിനുള്ളതു, ചുളിവുവീണ നെറ്റിയും, ഒട്ടിപ്പിടിച്ച കവിളുകളും, ഇറുകിയ നാസാദ്വാരങ്ങളും, നൊണ്ണുകള്‍ പിന്നോക്കം വലിഞ്ഞുപോയ പല്ലുകളും, ഈയം പോലുള്ള ശരീരവര്‍ണവും, എല്ലുന്തിയ കഴുത്തും, മുഴച്ചുനില്ക്കുന്ന ചുമല്പലകളും, മെലിഞ്ഞ കൈകാലുകളും, കളിമണ്ണു പോലുള്ള തൊലിയുമായിത്തീര്‍ന്നു; സ്വര്‍ണവര്‍ണത്തിലുള്ള തലമുടി അവിടവിടെ നരച്ചുവരുന്നു. കഷ്ടം!എത്ര ക്ഷണത്തില്‍ ദീനം വാര്‍ദ്ധക്യത്തെയുണ്ടാക്കുന്നു!

ഉച്ചയോടുകൂടി വൈദ്യര്‍ മടങ്ങിയെത്തി; ചില ഉപദേശങ്ങള്‍ കൊടുത്തു; മെയര്‍ രോഗിപ്പുരയില്‍ വരുകയുണ്ടായോ എന്നന്വേഷിച്ചു തലയൊന്നിളക്കി.

മൊസ്സ്യു മദലിയെന്‍ പതിവായി മൂന്നു മണിക്കാന് ദീനക്കാരിയെ കാണാന്‍ ചെല്ലുക. കണിശമായി ചെയ്ക എന്നതു ദയയാതുകൊണ്ട് അയാള്‍ കണിശമായി ചെയ്യും.

ഏകദേശം രണ്ടര മണിയോടുകൂടി, ഫന്‍തീന്നു കിടക്കപ്പൊറുതി ഇല്ലാതായി. ഇരുപതു മിനിട്ടിനുള്ളില്‍, അവള്‍ ആ കന്യകാമഠസ്ത്രീയോട് പത്തു തവണ ചോദിച്ചു; ‘നേരം എത്രയായി?’

മണി മൂന്നടിച്ചു. മൂന്നാമത്തെ മണിമുട്ടലോടുകൂടി ഫന്‍തീന്‍ കിടക്കമേല്‍ എഴുന്നേറ്റിരുന്നു; സാധാരണമായി ഒന്നു തിരിഞ്ഞു കിടപ്പാന്‍ കഴിയാത്ത ആ ദീനക്കാരി മഞ്ഞച്ചു മാംസമില്ലാത്ത കൈകളെ ഒരപസ്മാരവികൃതി കൊണ്ടെന്ന പോലെ കോര്‍ത്തുപിടിച്ചു. മനോമാന്ദ്യത്തെ വലിച്ചെറിയുന്നവയായി തോന്നിക്കുന്ന ആ ശക്തിമത്തുകളായ ദീര്‍ഘശ്വാസങ്ങളില്‍ ഒന്നു പുറപ്പെട്ടതു കന്യകാമഠസ്ത്രീ കേട്ടു. എന്നിട്ടു ഫന്‍തീന്‍ തലതിരിച്ചു വാതില്ക്കലേക്ക് സൂക്ഷിച്ചു നോക്കി.

ആരും അകത്തേക്കു വന്നില്ല; വാതില്‍ തുറക്കുകയുണ്ടായില്ല.

കണ്ണുകളെ വാതില്ക്കല്‍ ഊന്നിപ്പതിച്ച്, ഒരനക്കമില്ലാതെ, പ്രത്യക്ഷമായി ശ്വാസംകൂടി കഴിക്കാതെ, അവള്‍ അങ്ങനെ ഇരുന്നു, ഒരു കാല്‍ മണിക്കൂര്‍ നേരം. കന്യകാമഠസ്ത്രീക്ക് അവളോടു മിണ്ടുവാന്‍ ധൈര്യമുണ്ടായില്ല. മണി മൂന്നേകാലടിച്ചു. ഫന്‍തീന്‍ തന്റെ തലയണ മേല്‍ മറിഞ്ഞു വീണു.

അവള്‍ ഒന്നും പറഞ്ഞില്ല; പിന്നേയും വിരിപ്പുകളില്‍ ചില മടക്കുമടക്കാന്‍ തുടങ്ങി.

അര മണിക്കൂര്‍ കഴിഞ്ഞു; ഒന്നായി; ആരും വന്നില്ല; ഓരോരിക്കലും മണി മുട്ടുമ്പോള്‍, ഫന്‍തീന്‍ തുറിച്ചു നോക്കും; വാതില്ക്കലേക്ക് കണ്ണു പതിപ്പിക്കും; ഉടനെ പിന്നോക്കം മറിഞ്ഞു വീഴും.

അവളുടെ ആലോചന തികച്ചും വ്യക്തമായിരുന്നു; പക്ഷേ, അവള്‍ ഒരു പേരും പറഞ്ഞില്ല; ഒന്നും ആവലാതിപ്പെട്ടില്ല; ആരേയും കുറ്റം പറഞ്ഞില്ല; എന്നാല്‍ അവള്‍ ഒരു വ്യസനമയമായ വിധത്തില്‍ ചുമച്ചു. എന്തോ ഇരുണ്ട ഒന്ന് അവളുടെ മേലേക്കിറങ്ങി വരുന്നതുപോലെ തോന്നി. അവള്‍ കരുവാളിച്ചു: അവളുടെ ചുണ്ടുകള്‍ നീലിച്ചു. അവള്‍ ഇടയ്ക്കിടയ്ക്ക് ഓരോന്നു പുഞ്ചിരിക്കൊള്ളും.

അഞ്ചുമണിയടിച്ചു. അപ്പോള്‍ അവള്‍ മന്ദമായും താഴ്ന്ന സ്വരത്തിലും ഇങ്ങനെ പറയുന്നതു കന്യകാമഠസ്ത്രീ കേട്ടു; ‘ഞാന്‍ നാളെ പോവുകയായ സ്ഥിതിക്ക്, ഇന്നദ്ദേഹം വരാതിരുന്നതു നന്നായില്ല.’

മൊസ്സ്യു മദലിയെന്റെ താമസം കണ്ടു സിസ്റ്റര്‍ സിംപ്ലീസിനുതന്നെ അത്ഭുതം തോന്നി.

ഈയിടയ്ക്കു ഫന്‍തീന്‍ തന്റെ കിടക്കയുടെ മേല്‍ത്തട്ടിലേക്ക് തുറിച്ചുനോക്കുകയായിരുന്നു. അവള്‍ എന്തോ ഒന്ന് ഓര്‍മ വെച്ചു നോക്കുന്നതായി തോന്നി. പെട്ടന്ന് ഒരു ശ്വാസഗതിയെപ്പോലെ അത്രയും ക്ഷീണിച്ച സ്വരത്തില്‍ അവള്‍ പാടാന്‍ തുടങ്ങി. കന്യകാമഠസ്ത്രീ മനസ്സിരുത്തി കേട്ടു. ഇതാണ് ഫന്‍തീന്‍ പാടിയത്.

ചന്തത്തിലുള്ളവ ലാത്തിടുമ്പോള്‍.
കോട്ടപ്പുറത്തൂടെ ലാത്തിടുമ്പോള്‍
മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാന്‍
ഓമനയെന്റെ മുക്കുറ്റി മഞ്ഞ.

‘വക്കത്തു കരയിട്ട ഒരു പുറംകുപ്പായം ധരിച്ചു കന്യകയായ മേറി ഇന്നലെ എന്റെ അടുപ്പിന്റെ അടുക്കല്‍ വന്നു; എന്നൊടു പറഞ്ഞു, ഇതാ എന്റെ മൂടുപടത്തിനുള്ളില്‍, എന്നോടു നീ ഇരന്നു വാങ്ങിയ കുട്ടിയെ ഒളിപ്പിക്കൂ, വേഗം പട്ടണത്തിലേക്ക് പോവൂ, പരുത്തിപ്പട്ടു വാങ്ങിക്കൂ, ഒരു സൂചി വാങ്ങിക്കൂ, നൂലു വാങ്ങിക്കൂ.’

ചന്തത്തിലുള്ളവ നമ്മള്‍ വാങ്ങിക്കുന്നു,
കോട്ടപ്പുറത്തൂടെ ലാത്തിയുമ്പോള്‍.

‘പ്രിയമാതാവേ, എന്റെ, അടുപ്പിന്റെ അടുക്കല്‍ പട്ടുനാടകളെക്കൊണ്ട് അലങ്കരിച്ചിട്ടുള്ള ഒരു തൊട്ടില്‍ ഞാന്‍ തൂക്കിയിട്ടുണ്ട്. ഈശ്വരന്‍ അവിടുത്തെ ഏറ്റവും ചന്തമേറിയ നക്ഷത്രങ്ങളില്‍ ഒന്നിനെ എനിക്കു തന്നേക്കാം. എന്നാല്‍ അങ്ങ് എനിക്ക് തന്നിട്ടുള്ള കുട്ടിയാണ് എനിക്ക് അതിലും പ്രിയപ്പെട്ടത്. ‘മദാം, ഈ സവിശേഷമായ പരുത്തിപ്പട്ടുകൊണ്ട് ഞാന്‍ എന്തു കാണിക്കും? — ’ ‘നിന്റെ പുതുതായിപ്പിറന്ന പിഞ്ചുകുട്ടിക്ക് അതുകൊണ്ടുടുപ്പുണ്ടാക്കൂ.’

മുല്ലപ്പൂ വെള്ളയാം മുക്കുറ്റിമഞ്ഞതാന്‍,
ഓമനയെന്റെ മുക്കുറ്റിമഞ്ഞ.

‘ഈ പരുത്തിത്തുണി തിരുമിക്കഴുകുക — എവിടെ? ‘പുഴയില്‍, ചളി പറ്റാതെയും കേടുവരാതെയുമുള്ള അതിനെക്കൊണ്ടു ഭംഗിയുള്ള അകശ്ശീലവെച്ച് ഒരു ചെറു കുപ്പായമുണ്ടാക്കുക; അതിന്നു ഞാന്‍ വക്കത്തു കരപിടിപ്പിക്കുകയും പൂക്കളെക്കൊണ്ടു നിരയ്ക്കുകയും ചെയ്യും’ — ‘മദാം കുട്ടി ഇവിടെ ഇല്ലല്ലോ; അതിനെന്തു ചെയ്യും?’ — ‘എന്നാല്‍ എന്നെ സംസ്കരിക്കാനുള്ള ഒരു ശവമറ അതുകൊണ്ടു തുന്നിയുണ്ടാക്കൂ.’

ചന്തത്തിലുള്ളവ നമ്മള്‍ വാങ്ങിക്കുന്നു,
കോട്ടപ്പുറത്തൂടെ ലാത്തിടുമ്പോള്‍.
മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാന്‍,
ഓമനയെന്റെ മുക്കുറ്റിമഞ്ഞ.

മുന്‍കാലങ്ങളില്‍ തന്റെ കൊസെത്ത് കുട്ടിയെ അവള്‍ കിടത്തിയുറക്കുവാന്‍ പാടാറുള്ള ഒരു പഴയ തൊട്ടില്‍പ്പാട്ടായിരുന്നു ഇത്; തന്റെ ചെറുകുട്ടിയുമായി വേര്‍പിരിഞ്ഞ അഞ്ചു കൊല്ലമായിട്ട് ഇതേവരെ ഒരിക്കലും ആ പാട്ട് അവളുടെ മനസ്സില്‍ കടന്നിട്ടില്ല. അത്രമേല്‍ ദുഃഖമയമായ ഒരു സ്വരത്തിലും അത്രമേല്‍ ഹൃദയാകര്‍ഷകമായ ഒരു രാഗവിശേഷത്തിലും അവള്‍ അതു പാടി; ഏതൊരാളേയും ഒരു കന്യകാമഠസ്ത്രീയേയുംകൂടി, കരയിക്കുവാന്‍ അതു മതിയായിരുന്നു. തപോവൃത്തികള്‍ അത്രയധികം പരിശീലിച്ചു വരുന്നവളാണെങ്കിലും, ആ കന്യകാമഠസ്ത്രീക്കു തന്റെ കണ്ണുകളിലേക്ക് ഒരു കണ്ണുനീര്‍ത്തുള്ളി പൊന്തിവരുന്നുണ്ടെന്നു തോന്നിപ്പോയി.

മണി ആറടിച്ചു. ഫന്‍തീന്‍ അതു കേട്ടതായി തോന്നിയില്ല. തന്റെ ചുറ്റുമുള്ള യാതൊന്നിലും അവള്‍ ശ്രദ്ധ വെക്കാതിരുന്നു.

വ്യവസായശാലയിലെ പടിവാതില്‍ക്കാവല്‍ക്കാരിയോടു മെയര്‍ മടങ്ങിവന്നില്ലേ എന്നും അദ്ദേഹം രോഗിപ്പുരയിലേക്ക് ഉടനെ വരില്ലേ എന്നും അന്വേഷിച്ചറിവാന്‍വേണ്ടി ആ കന്യകാമഠസ്ത്രീ ഒരു ഭൃത്യയെ പറഞ്ഞയച്ചു. ആ പെണ്ണ് ക്ഷണത്തില്‍ മടങ്ങിവന്നു.

ഫന്‍തീന്‍ അപ്പോഴും അനങ്ങാതെ കിടക്കുകയാണ്; അവള്‍ സ്വന്തം മനോരാജ്യത്തില്‍ ആണ്ടുമുങ്ങിയിരുന്നു.

മടങ്ങിവന്ന ഭൃത്യ ഒരു താഴ്ന്ന സ്വരത്തില്‍ സിസ്റ്റര്‍ സിംപ്ലീസിനു പറഞ്ഞു കൊടുത്തു; തണുപ്പുകാലമാണെങ്കിലും, ഒരു വെള്ളക്കുതിരയെ പൂട്ടിയ കൂടില്ലാത്ത ഒരു രണ്ടുരുള്‍വണ്ടിയില്‍ കയറി അന്നു രാവിലെ ആറുമണിക്കു മുന്‍പായി മെയര്‍ പോയി; വണ്ടി തെളിക്കുവാന്‍ ഒരാള്‍കൂടിയില്ലാതെ അദ്ദേഹം തനിച്ചാണ് പോയിട്ടുള്ളത്; ഏതു വഴിക്കാണ് പോയിട്ടുള്ളതെന്ന് ആര്‍ക്കും നിശ്ചയമില്ല; ആറായിലെക്കുള്ള വഴിയിലേക്ക് അദ്ദേഹം തിരിയുന്നത് കണ്ടു എന്ന് ആളുകള്‍ പറയുന്നു; മറ്റു ചിലര്‍ അദ്ദേഹം പാരിസ്സിലേക്കുള്ള വഴിയിലൂടെയാണ് പോയിട്ടുള്ളതെന്നു തീര്‍ത്തുപറയുന്നു. പോയ സമയത്ത് അദ്ദേഹം, പതിവുപോലെ വളരെ സൗമ്യഭാവത്തോടുകൂടിയിരുന്നു; അന്നു രാത്രി തന്നെ കാത്തിരിക്കേണ്ടെന്നു മാത്രം വാതില്ക്കാവല്ക്കാരിയോടു പറഞ്ഞിട്ടുണ്ട്.

ഫന്‍തീന്‍ കിടക്കുന്നേടത്തേക്കു പുറംതിരിച്ചു നിന്നു, കന്യകാമഠസ്ത്രീ ചോദിക്കുകയും ഭൃത്യ ഊഹിച്ചു പറയുകയുമായി. ആ രണ്ടു സ്ത്രീകളും തമ്മില്‍ മന്ത്രിക്കുന്നതിനിടയ്ക്ക്, ആരോഗ്യത്തിന്റെ സ്വതന്ത്രചലനങ്ങളോടു മരണത്തിന്റെ ഭയങ്കരമായ മെലിച്ചിലിനെ കൂട്ടിയിണക്കുന്ന ചില ഇന്ദ്രിയസംബന്ധികളായ രോഗങ്ങള്‍ക്കുണ്ടാകുന്ന വികാരപൂര്‍വമായ ചൊടിയോടുകൂടി, ഫന്‍തീന്‍ കിടക്കമേല്‍ മുട്ടുകുത്തി എണീറ്റിരുന്നു, തലയിണയിന്മേല്‍ തന്റെ ചുക്കിച്ചുളിഞ്ഞ കൈകളെ ഉറപ്പിച്ചും, മറയുടെ പഴുതിലൂടെ തല പുറത്തേക്കു തിരുകിയും ആ സംഭാഷണം ശ്രദ്ധിച്ചുകേട്ടു. പെട്ടന്നു അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘നിങ്ങള്‍ മൊസ്സ്യു മദലിയെനെപ്പറ്റിയാണ് പറയുന്നത്! എന്താണ് ഇത്ര പതുക്കെ മന്ത്രിക്കുന്നത്? അദ്ദേഹം എന്തുചെയ്യുന്നു? അദ്ദേഹം എന്തുകൊണ്ടു വന്നില്ലേ?’

അവളുടെ ശബ്ദം അത്രമേല്‍ ഉരത്തതും പരുത്തതുമായിരുന്നു; ഒരു പുരുഷ ശബ്ദമാണ് കേൾക്കുന്നതെന്ന് അവര്‍ക്കു തോന്നിപ്പോയി; അവര്‍ പേടിച്ചു പരിഭ്രമിച്ചു തിരിഞ്ഞു നോക്കി.

‘എന്നോടു മറുപടി പറയും!’ ഫന്‍തീന്‍ ഉച്ചത്തില്‍ പറഞ്ഞു.

ഭൃത്യ വിക്കിപ്പറഞ്ഞു: ‘അദ്ദേഹം വരില്ലെന്നു വാതില്ക്കാവല്ക്കാരി പറഞ്ഞു.’

‘എന്റെ കുട്ടി, സമാധാനിക്ക്, കന്യാകാമഠസ്ത്രീ പറഞ്ഞു, ‘കിടക്കൂ അവിടെ.’

തന്റെ ഇരിപ്പിനു മാറ്റം വരുത്താതെ, ഒരുച്ചസ്വരത്തിലും, അഭിമാനത്തേയും മനോവേദനയേയും ഒരുപോലെ കാണിക്കുന്ന ഒരു മട്ടോടുകൂടിയും ഫന്‍തീന്‍ തുടര്‍ന്നു പറഞ്ഞു: ‘അദ്ദേഹത്തിനു വരാന്‍ സാധിക്കില്ല? എന്തുകൊണ്ട്? കാരണം നിങ്ങള്‍ക്കാറിയാം. നിങ്ങള്‍ അവിടെനിന്ന് അതു തമ്മില്‍ മന്ത്രിച്ചിരുന്നു. എനിക്കതറിയണം.’

ഭൃത്യ കന്യകാമഠസ്ത്രീയുടെ ചെകിട്ടില്‍ ക്ഷണത്തില്‍ പറഞ്ഞു: ‘പട്ടണത്തിലുള്ള പൗരസഭയില്‍ അദ്ദേഹത്തിനു തിരക്കായ പണിയാണെന്നു പറയൂ.’

സിസ്റ്റര്‍ സിംപ്ലീസിന്റെ മുഖം അല്പമൊന്നു ചുകന്നു; ആ ഭൃത്യ പറയാന്‍ ഉപദേശിച്ചുകൊടുത്ത കാര്യം ഒരു നുണയാണല്ലോ.

നേരെ മറിച്ച്, ഉള്ള വാസ്തവം ദീനക്കാരിക്കു പറഞ്ഞു കൊടുക്കയാണെങ്കില്‍, നിശ്ചയമായും അതവള്‍ക്കു വല്ലാതെ ഉള്ളില്‍ത്തട്ടും. ഫന്‍തീന്റെ താല്ക്കാലികസ്തിതിക്ക് അതു വലിയ അപകടമായിത്തീരും താനും. അവളുടെ മുഖം ചുകക്കല്‍ അധികനേരം നിന്നില്ല; കന്യകാമഠസ്ത്രീ ശാന്തവും ദുഃഖമയവുമായ തന്റെ നോട്ടത്തെ ഫന്‍തീന്നു നേരെ തിരിച്ചു പറഞ്ഞു: ‘പോയിരിക്കുന്നു!’ അവള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘അദ്ദേഹം കൊസെത്തിനെ കൂട്ടിക്കൊണ്ടുവരുവാന്‍ പോയിരിക്കുകയാണ്.’

ഫന്‍തീന്‍ തനിച്ചെണീറ്റു: കിടക്കമേല്‍ മുട്ടുകുത്തി ഇരുന്നു; അവളുടെ കണ്ണുകള്‍ മിന്നിത്തിളങ്ങി; ആ വ്യസനമയമായ മുഖത്തുനിന്ന് അനിര്‍വചനീയമായ ആഹ്ലാദം ജ്വലിച്ചു.

അവള്‍ മേല്പോട്ടു കൈയുയര്‍ത്തി; അവളുടെ വിളര്‍ത്ത മുഖം അവര്‍ണനീയമായി; അവളുടെ ചുണ്ടുകള്‍ അനങ്ങി; ഒരു താഴ്ന്ന സ്വരത്തില്‍ അവള്‍ ഈശ്വരവന്ദനം ചെയ്യുകയായിരുന്നു.

ഈശ്വരവന്ദനം കഴിഞ്ഞതിന്നു ശേഷം അവള്‍ പറഞ്ഞു: ‘ഹേ സിസ്റ്റര്‍, ഞാന്‍ കിടന്നുകൊള്ളാം; നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ ചെയ്തുകൊള്ളാം. ഞാനിപ്പോള്‍ പോക്കിരിത്തരം കാണിച്ചു; ഉറക്കെ സംസാരിച്ചതു വലിയ തെറ്റായി; അതെനിക്കറിയാം, എന്റെ സുശീലയായ സിസ്റ്റര്‍! പക്ഷേ, നിങ്ങള്‍ കണ്ടില്ലേ, എനിക്കു ലേശമെങ്കിലും സുഖമില്ല; ദയാലുവായ ഈശ്വരന്‍ ദയാലു തന്നെ; മൊസ്സ്യു മദലിയെന്‍ നല്ലൊരാളാണ്; ആലോചിച്ചു നോക്കൂ! എന്റെ കൊസെത്ത് കുട്ടിയെ കൂട്ടിക്കൊണ്ടു വരാന്‍ വേണ്ടി അദ്ദേഹം മോങ്ങ്ഫെര്‍മിയെയിലേക്കു പോയി.’

കന്യകാമഠസ്ത്രീയുടെ സാഹായത്തോടുകൂടി അവള്‍ വീണ്ടും പിന്നോക്കം കിടന്നു; തലയണ ശരിപ്പെടുത്തുന്നതില്‍ അവള്‍ കന്യകാമഠസ്ത്രീയെ സഹായിച്ചു; അവള്‍ കഴുത്തില്‍ ധരിച്ചിരിരുന്നതും സിസ്റ്റര്‍ സിംപ്ലീസ് സമ്മാനിച്ചതുമായ വെള്ളക്കുരിശിനെ ചുംബിച്ചു.

‘എന്റെ കുട്ടി,’ കന്യകാമഠസ്ത്രീ പറഞ്ഞു: ‘ഒന്നു കിടക്കാന്‍ നോക്കൂ; ഇനി സംസാരിക്കരുത്.’

ഫന്‍തീന്‍ കന്യകാമഠസ്ത്രീയുടെ കൈ തന്റെ നനഞ്ഞ രണ്ടു കൈകളിലും കൂടി ചേര്‍ത്തുപിടിച്ചു; ആ വിയര്‍പ്പു സിസ്റ്റര്‍ സിംപ്ലീസിന്റെ മനസ്സിനെ വേദനപ്പെടുത്തു.

‘അദ്ദേഹം ഇന്നു രാവിലെ പാരിസ്സിലേക്കു പോയി; വാസ്തവത്തില്‍ പാരിസ്സിലോളം തന്നെ പോകേണ്ടതില്ല; പാരിസ്സില്‍ നിന്ന് ഇങ്ങോട്ടു വരുമ്പോള്‍ കുറച്ച് ഇടത്തോട്ടു നീങ്ങിയാണ് മോങ്ങ്ഫെര്‍മിയെ. ഇന്നലെ, കൊസത്തിനെപ്പറ്റി ഞാൻ പറഞ്ഞപ്പോള്‍, അദ്ദേഹം എന്താണ് മറുപടി പറഞ്ഞതെന്നോര്‍മയുണ്ടോ? ഇപ്പോള്‍, ഇപ്പോള്‍. എന്നെ അത്ഭുതപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വിചാരം, മനസ്സിലായില്ലേ? തെനാര്‍ദിയെര്‍മാരുടെ പക്കല്‍ നിന്ന് അവളെ കൂട്ടിക്കൊണ്ടു വരാവുന്ന വിധം അദ്ദേഹം എന്നെക്കൊണ്ട് ഒന്നെഴുതിവാങ്ങിച്ചു; അവര്‍ക്ക് ഇനിയൊന്നും പറയാന്‍ വയ്യാ, ഉവ്വോ? അവര്‍ കൊസെത്തിനെ മടക്കിക്കൊടുക്കും; അവര്‍ക്കു കടമുള്ളതെല്ലാം കൊടുത്തുക ഴിഞ്ഞുവല്ലോ; കിട്ടാനുള്ളതു കിട്ടിക്കഴിഞ്ഞ സ്ഥിതിക്കു പിന്നെയും കുട്ടിയെ വിടാതെ വെക്കുവാന്‍ ഭരണാധികാരികള്‍ സമ്മതിക്കില്ല. മിണ്ടാതിരിക്കണമെന്ന് എന്നോടാംഗ്യം കാണിക്കരുത്, സിസ്റ്റര്‍; എനിക്ക് എന്തെന്നില്ലാത്ത സുഖം തോന്നുന്നു; എന്റെ ദീനമൊക്കെ മാറി; ഞാന്‍ ഇനി ഒരിക്കലും ദീനക്കാരിയല്ല; ഞാന്‍ കൊസെത്തിനെ ഒരിക്കല്‍ക്കൂടി കാണാന്‍ പോകുന്നു; എനിക്കു നല്ല വിശപ്പു തോന്നുന്നു; ഞാന്‍ അവളെ കണ്ടിട്ടു കൊല്ലം ഏകദേശം അഞ്ചായി; കുട്ടികളുടെ നേരെ എന്തൊരു സ്നേഹമാണ് ആളുകള്‍ക്കു തോന്നുക എന്നു നിങ്ങള്‍ക്കൂഹിക്കാന്‍ വയ്യ; പിന്നെ അവള്‍ എന്തു ചന്തമുള്ളവളാണ്; നിങ്ങള്‍ക്കു കാണാം. എന്തഭംഗിയുള്ള ചെറിയ വിരലുകളാണ് അവള്‍ക്കുള്ളതെന്നു നിങ്ങള്‍ കണ്ടാല്‍ മതി! ഒന്നാമത്, അവള്‍ക്കു വളരെ കൗതുകകരങ്ങളായ കൈകളുണ്ടായിരിക്കും; ആണ്ടെത്തിയ സമയത്ത് അവളുടെ കൈ കണ്ടാല്‍ ചിരി വരും; ഇതുപോലെ! ഇപ്പോള്‍ അവള്‍ ഒരു പെണ്‍കിടാവായിരിക്കണം; അവള്‍ക്കു വയസ്സ് ഏഴായി; ഒരു മാന്യയുവതിയായിക്കഴിഞ്ഞു അവളിപ്പോള്‍; ഞാനവളെ കൊസെത്ത് എന്നു വിളിക്കുന്നു; പക്ഷേ, അവളുടെ പേര്‍ യൂഫ്രസി എന്നാണ്. നില്ക്കണേ! അടുപ്പിന്‍ തിണ്ണമേലുള്ള മണ്ണിന്‍ പൊടിയെ ഞാന്‍ ഇന്നു രാവിലെ നോക്കിക്കാണുകയായിരുന്നു; അതുപോലെ, ഞാന്‍ വേഗത്തില്‍ കൊസെത്തിനെയും കാണുമെന്ന് ഒരു വിചാരം എന്റെ ഉള്ളില്‍ കയറി. എന്റെ ഈശ്വരാ! അസംഖ്യം കൊല്ലങ്ങളോളമായി സ്വന്തം കുട്ടിയെ കാണാതിരിക്കുന്നത് എന്തു തെറ്റാണ്! ജീവിതം ശാശ്വതമല്ലെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഹാ! മൊസ്സ്യു മെയര്‍ പോയത് എന്തു ദയ! വല്ലാത്ത തണുപ്പ്! വാസ്തവം, പുറങ്കുപ്പായമില്ലെങ്കിലും അദ്ദേഹം മേലിട്ടിരിക്കും? അദ്ദേഹം നാളെയ്ക്കു വരും; ഇല്ലേ? നാളെ ഒരുത്സവദിവസമാണ്; നാളെ രാവിലെ പട്ടുനാടയുള്ള എന്റെ തൊപ്പി വെയ്ക്കുവാന്‍, സിസ്റ്റര്‍, നിങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തണം. ആ മോങ്ങ്ഫെര്‍മിയെ എന്തു പ്രദേശമാണ്; ഞാന്‍ ഒരിക്കല്‍ അങ്ങോട്ടു നടന്നു പോയി; എനിക്കിതു വളരെ ദൂരത്താണെന്നു തോന്നി; പക്ഷേ, വണ്ടി ക്ഷണത്തില്‍ പോവും! അദ്ദേഹം നാളെ കൊസെത്തോടുക്കൂടി ഇവിടെ എത്തും; ഇവിടെ നിന്നു മോങ്ങ്ഫെര്‍മിയെയിലേക്ക് എത്ര ദൂരമുണ്ട്?

വഴിയകലങ്ങളെപ്പറ്റി യാതൊന്നും അറിവില്ലാത്ത കന്യകാമഠസ്ത്രീ മറുപടി പറഞ്ഞു: ‘നാളെയ്ക്ക് അദ്ദേഹം ഇവിടെ മടങ്ങിയെത്തുമെന്നാണ് എന്റെ വിചാരം.’

‘നാളെ! നാളെ!’ ഫന്‍തീന്‍ പറഞ്ഞു: ‘നാളെ ഞാന്‍ കൊസെത്തിനെ കാണും! നല്ലവനായ ഈശ്വരന്റെ നല്ലവളായ ഭക്തേ, നിങ്ങള്‍ കണ്ടില്ലേ, എന്റെ ദീനമൊക്കെ മാറി; എനിക്കു ഭ്രാന്താണ്; ആര്‍ക്കെങ്കിലും വേണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ നൃത്തം വെക്കാം.’

ഒരു കാല്‍ മണിക്കൂര്‍ നേരം മുന്‍പ് അവളെ കണ്ടിട്ടുള്ള ഒരാള്‍ക്ക് ആ മാറ്റം മനസ്സിലാവുകയില്ല; അവള്‍ ഇപ്പോള്‍ പ്രകാശമാനമായി; സഹജവും ആഹ്ലാദയമയവുമായ ഒരു സ്വരത്തില്‍ അവള്‍ സംസാരിച്ചു, അവളുടെ മുഖം മുഴുവനും ഒരൊറ്റപ്പുഞ്ചിരിയായി; അപ്പപ്പോള്‍ സംസാരത്തിനിടയ്ക്ക്, അവള്‍ പതുക്കെ ചിരിച്ചു; ഒരമ്മയുടെ സന്തോഷം ഏതാണ്ട് ശിശുത്വത്തോടു കൂടിയതാണ്.

‘അപ്പോള്‍,’ കന്യകാമഠസ്ത്രീ പറയാനാരംഭിച്ചു, ‘നിങ്ങള്‍ക്കു സുഖമായ സ്ഥിതിക്ക്, എന്നെ വിചാരിച്ച്, ഇനിയൊന്നും മിണ്ടാതിരിക്കൂ.’

ഫന്‍തീന്‍ തലയിണയിന്മേല്‍ തല വെച്ചു, താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: ‘അതേ, വീണ്ടും കിടക്കൂ; നല്ലവളായിരിക്കൂ, നിങ്ങള്‍ക്കു നിങ്ങളുടെ കുട്ടിയെ കിട്ടുകയായല്ലോ; സിസ്റ്റര്‍ സിംപ്ലീസ് പറയുന്നതു ശരിയാണ്; ഇവിടെയുള്ള എല്ലാവരും പറയുന്നതു ശരിയാണ്.’

എന്നിട്ട്, അനങ്ങാതെ, തലകൂടി ഒന്നിളക്കാതെ ഒരു സന്തോഷത്തോടു കൂടി തികച്ചും തുറന്ന കണ്ണുകളെക്കൊണ്ട്, അവള്‍ തന്റെ ചുറ്റും തുറിച്ചു നോക്കാന്‍ തുടങ്ങി; പിന്നെ ഒന്നും തന്നെ സംസാരിച്ചില്ല.

അവള്‍ ഒന്നു കിടന്നു മയങ്ങിക്കൊള്ളുമെന്നുവെച്ചു, സിസ്റ്റര്‍ സിംപ്ലീസ് മറ വീണ്ടും കൂട്ടി. ഏഴെട്ടു മണിക്കുള്ളില്‍ ഡോക്ടര്‍ വന്നു; ശബ്ദമൊന്നും കേള്‍ക്കാഞ്ഞപ്പോള്‍ ഫന്‍തീന്‍ ഉറങ്ങുകയാണെന്ന് അയാള്‍ വിചാരിച്ചു; പതുക്കെ അകത്തേക്കു കടന്നു; കാല്‍പ്പെരുവിരലിന്മേല്‍ നടന്ന് അയാള്‍ കിടക്കയ്ക്കടുത്ത് ചെന്നു; അയാള്‍ പതുക്കെ മറ നീക്കി; വിളക്കിന്റെ നാളം കൊണ്ടു, ഫന്‍തീന്റെ വിരിഞ്ഞ കണ്ണൂകള്‍ തന്റെ മേല്‍ സൂക്ഷിച്ചു നോക്കുന്നതായി അയാള്‍ കണ്ടു.

അവള്‍ അയാളോടു ചോദിച്ചു: ‘ഒരു ചെറിയ കിടക്കയില്‍ എന്റെ അടുത്തു കിടക്കുവാന്‍ നിങ്ങള്‍ അവളെ സമ്മതിക്കും. ഇല്ലേ, സേര്‍?’

അവള്‍ തന്റേടം വിട്ടു സംസാരിക്കുകയാണെന്ന് വൈദ്യന്‍ വിചാരിച്ചു.

അവള്‍ തുടര്‍ന്നു പറഞ്ഞു: ‘നോക്കൂ! ഇവിടെ സ്ഥലമുണ്ട്.’

വൈദ്യന്‍ സിസ്റ്റര്‍ സിംപ്ലീസിനെ അടുക്കലേക്കു വിളിച്ചു. അവള്‍ കാര്യമെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു; ഒന്നുരണ്ടു ദിവസമായി മെയര്‍ ഇവിടെ ഇല്ല; ദീനക്കാരിയെ അതു മനസ്സിലാക്കുന്നതു നന്നെന്ന് തല്‍ക്കാലത്തെ മനശ്ചാഞ്ചല്യത്തിനിടയില്‍ അവര്‍ക്കു തോന്നിയില്ല; മെയര്‍ മോങ്ങ്ഫെര്‍മിയെയിലെക്കു പോയിരിക്കുകയാണെന്ന് അവള്‍ വിശ്വസിച്ചിരിക്കുന്നു; അവളുടെ ഊഹം ശരിയാണെന്നു വരാനും, ഒരു സമയം, വഴിയുണ്ട്. വൈദ്യന്‍ അതു സമ്മതിച്ചു.

അയാള്‍ ഫന്‍തീന്‍ കിടക്കുന്നേടത്തെയ്ക്കു തിരിച്ചു ചെന്നു; അവള്‍ പറഞ്ഞു തുടങ്ങി: ‘രാവിലെ അവള്‍ ഉണരുമ്പോള്‍, അവളോട്, ആ സാധു പൂച്ചക്കുട്ടി പോലുള്ളവളോടു, കുശലം ചോദിപ്പാന്‍ എനിക്കു സാധിക്കും; രാത്രി എനിക്കുറങ്ങാന്‍ വയ്യാത്തപ്പോള്‍, അവള്‍ ഉറങ്ങുന്നത് എനിക്കു കേള്‍ക്കാം; അവളുടെ സൗമ്യതരമായ ശ്വാസഗതി എന്നെ സുഖിപ്പിക്കും.’

‘നിങ്ങളുടെ കൈ നോക്കട്ടെ,’ വൈദ്യന്‍ പറഞ്ഞു.

അവള്‍ കൈ നീട്ടിക്കാണിച്ചു; ഒരു ചിരിയോടുകൂടി പറഞ്ഞു: ‘ഹാ, നില്ക്കൂ! വാസ്തവത്തില്‍ നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല; എന്റെ ദീനം മാറി; കൊസെത്ത് നാളെ എത്തും.’

വൈദ്യന്‍ അത്ഭുതപ്പെട്ടു; അവള്‍ക്കു ദീനം വളരെ ഭേദമായിരുന്നു; നെഞ്ഞത്തുള്ള അമര്‍ച്ച കുറഞ്ഞിരിക്കുന്നു; അവളുടെ രക്തപരിസരണത്തിനു ശക്തി കൂടി; ഈ ക്ഷീണിച്ചുപോയ സാധുവില്‍ പെട്ടന്ന് ഒരുതരം ജീവന്‍ കയറി വീണ്ടും അവളെ ഉശിരു പിടിപ്പിച്ചു.

ഒന്നും മിണ്ടാതിരിക്കാന്‍ വൈദ്യന്‍ ഉപദേശിച്ചു; മനോവേദനയുണ്ടാക്കുന്ന യാതൊന്നിനെപ്പറ്റിയും വിചാരിക്കരുതെന്നും അയാള്‍ ആവശ്യപ്പെട്ടു; കൂട്ടില്ലാത്ത ‘ക്വയിനാവു’ വെള്ളം കൊണ്ട് നനയ്ക്കുവാന്‍ അയാള്‍ ഉപദേശിച്ചു; രാത്രി പനി വീണ്ടും അധികമാവുന്നപക്ഷം ഒരു ശക്തി കുറഞ്ഞ മാത്ര അകത്തേക്കു കൊടുക്കണമെന്നും പറഞ്ഞു. പോകുന്ന സമയത്ത് അയാള്‍ കന്യകാമഠസ്ത്രീയോടു പറഞ്ഞു: ‘അവള്‍ക്കു സുഖമുണ്ട്; വാസ്തവത്തില്‍ മെയര്‍ നാളെ കുട്ടിയേയും കൊണ്ടു വരുന്ന പക്ഷം, ആരറിഞ്ഞു? അത്രമേല്‍ അമ്പരിപ്പിക്കുന്ന ചിലതുണ്ടാകാറുണ്ട്; വലുതായ സന്തോഷം ദീനത്തെ പിടിച്ചു നിര്‍ത്തുന്നതായി കണ്ടിട്ടുണ്ട്; ഇത് ഇന്ദ്രിയസംബന്ധിയായ ഒരു രോഗമാണെന്ന് എനിക്കറിയാം; കുറച്ചു കവിഞ്ഞിരിക്കുന്നു താനും; പക്ഷേ, ആവക സംഗതികളെല്ലാം ഇന്നും ആര്‍ക്കും അറിഞ്ഞു കൂടാത്തവയാണ്; ഒരു സമയം അവളെ സംഗതികളെല്ലാം ഇന്നും ആര്‍ക്കും അറിഞ്ഞുകൂടാത്തവയാണ്; ഒരുസമയം അവളെ സംഗതികളെല്ലാം ഇന്നും ആര്‍ക്കും അറിഞ്ഞു കൂടാത്തവയാണ്; ഒരു സമയം അവളെ നമുക്കു രക്ഷപ്പെടുത്തുവാന്‍ സാധിച്ചു എന്നു വരാം.’

വഴിപോക്കാന്‍ എത്തിയ ഉടനെ മടങ്ങിപ്പോകാനുള്ള മുന്‍കരുതലുകള്‍ ചെയ്തുവെക്കുന്നു

നമ്മള്‍ വഴിയില്‍വെച്ചു വിട്ടുപോന്ന വണ്ടി ആറായിലെ പ്രധാന ഹോട്ടലിന്റെ ഉമ്മറത്തെത്തിയപ്പോള്‍, വൈകുന്നേരം ഏകദേശം എട്ടു മണിയായി; ഈ സമയം വരെ നമ്മള്‍ പിന്തുടര്‍ന്നിരുന്ന ആള്‍ അതില്‍ നിന്നിറങ്ങി; ഹോട്ടലിലുള്ളവരുടെ ഉപചാരങ്ങള്‍ക്ക്, മനസ്സു മറ്റെങ്ങോ ആയ ഒരാളെപ്പോലെ, മറുപടി പറഞ്ഞു; രണ്ടാമത്തെ കുതിരയെ മടക്കിയയച്ചു; താന്‍ തന്നെ ആ ചെറിയ വെള്ളക്കുതിരയെ പന്തിയിലേക്കു കൊണ്ടുപോയി; എന്നിടു താഴത്തെ നിലയിലുള്ള ഒരു ‘ബില്ലിയേര്‍ഡ്’ കുളിമുറിയുടെ വാതില്‍ തുറന്ന്, അവിടെ ചെന്നിരുന്ന്, ഒരു മേശപ്പുറത്തു കൈമുട്ടുകള്‍ ഊന്നി. അറു മണിക്കൂര്‍കൊണ്ടു കഴിക്കണമെന്ന് അയാള്‍ വിചാരിച്ച വഴിയാത്രയ്ക്ക് പതിന്നാലു മണിക്കൂര്‍ വേണ്ടിക്കൂര്‍ വേണ്ടിവന്നു! അതു തന്റെ കുറ്റം കൊണ്ടല്ലെന്ന് അയാള്‍ ആലോചിച്ചു സമാധാനിച്ചു; പക്ഷേ, മനസ്സിന്റെ അടിയില്‍, അയാള്‍ക്കു വ്യസനമില്ലായിരുന്നു.

‘മൊസ്സ്യു ഇവിടെ കിടക്കുന്നുവോ? മൊസ്സ്യുവിന് അത്താഴം ആവശ്യമുണ്ടോ?’

വേണ്ടെന്ന് അയാള്‍ തലകൊണ്ടറിയിച്ചു.

‘മൊസ്സ്യുവിന്റെ കുതിര വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെന്ന് കുതിരലായക്കാരന്‍ പറയുന്നു.’

ഇവിടെ അയാള്‍ മൗനം ഭഞ്ജിച്ചു. ‘നാളെ രാവിലെ വീണ്ടും പുറപ്പെടാന്‍ കുതിര തയ്യാറാവില്ലേ?’

“ആവോ, ചുരുങ്ങിയതു രണ്ടു ദിവസം അത് ഒന്നും ചെയ്യാതെ നില്ക്കണം.’

അയാള്‍ ചോദിച്ചു: ‘കുതിരമാറ്റത്താവളം ഇവിടെയില്ലേ?’

‘ഉവ്വ്, സേര്‍.’

ഹോട്ടലുടമസ്ഥ അയാളെ ആപ്പീസ്സു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അയാള്‍ തന്റെ യാത്രാനുവാദപത്രം കാട്ടി, അന്നു രാത്രി തന്നെ തപ്പാല്‍വണ്ടിയില്‍ എം. പട്ടണത്തിലേക്കു മടങ്ങിപ്പോകുവാന്‍ നിവൃത്തിയുണ്ടോ എന്ന് ചോദിച്ചു; വണ്ടിക്കാരന്നു പിന്നിലുള്ള ഇരിപ്പിടം സംഗതിവശാല്‍ ഒഴിവായിരുന്നു; അയാള്‍ അതു ശട്ടം ചെയ്തു, കൂലി കൊടുത്തു. ‘മൊസ്സ്യു’ ഗുമസ്ഥന്‍ പറഞ്ഞു, ‘രാവിലെ കണിശമായി ഒരു മണിക്ക് ഇവിടെ ഉണ്ടായിരിക്കുവാന്‍ അമാന്തരരുത്.’

ഇതു കഴിഞ്ഞ്, അയാള്‍ ഹോട്ടലില്‍നിന്നു പുറത്തേക്കിറങ്ങി, പട്ടണത്തില്‍ ലാത്താന്‍ തുടങ്ങി.

അയാള്‍ക്ക് ആറാപട്ടണവുമായി പരിചയമില്ല; തെരുവുകളെല്ലാം ഇരുട്ടായിരുന്നു; അയാള്‍ ഒന്നും നോക്കാതെ നടന്നു; അയാള്‍ക്ക് വഴിപോക്കരോടാരോടും വഴിചോദിക്കാതെ കഴിക്കണമെന്നുണ്ടെന്ന് തോന്നി. അയാള്‍ ക്രാങ്ങ്ഷോങ്ങ് എന്ന ചെറുപുഴ കടന്നു; വീതി കുറഞ്ഞ നടക്കാവുകളുടെ ഒരു കൂട്ടപ്പിണച്ചിലില്‍ ചെന്നുപെട്ടു; അവിടെ അയാള്‍ക്കു വഴി തെറ്റി. ഒരു പൗരന്‍ ഒരു റാന്തലുംകൊണ്ടു കടന്നു പോകുന്നു. കുറച്ചു സംശയിച്ചതിന്നുശേഷം താന്‍ ചോദിക്കാന്‍ പോകുന്ന ചോദ്യം ആരെങ്കിലും കേട്ടുപോയെങ്കിലോ എന്നു പേടിച്ചിട്ടെന്നപോലെ, മുന്‍പിലേക്കും പിന്നിലേക്കും ഒന്നോടിച്ചു നോക്കാതെയല്ല, ആ മനുഷ്യനോടു ചോദിച്ചു നോക്കുക തന്നെ എന്ന് അയാളുറച്ചു. ‘മൊസ്സ്യു എവിടെയാണ് കോടതി, ഒന്നു ദയ ചെയ്തു പറഞ്ഞുതരാമോ?’

‘സേര്‍, നിങ്ങള്‍ പട്ടണത്തിലുള്ള ആളല്ലെന്നു തോന്നുന്നു.’ ഒരസാധാരണ മട്ടുകാരനായിരുന്ന ആ പൗരന്‍ മറുപടി പറഞ്ഞു. “ആട്ടെ, എന്റെ കൂടെ പോരൂ. ഞാന്‍ കോടതി നില്ക്കുന്നേടത്തേക്കാണ്, സംഗതിവശാല്‍, പോകുന്നത്; എന്നുവെച്ചാല്‍, പൊല്ലീസ് മേലുദ്യോഗസ്ഥന്റെ ഹോട്ടലുള്ള ആ ഭാഗത്തേക്ക്, തല്‍ക്കാലം കോടതി പൊളിച്ചു നന്നാക്കുകയായതു കൊണ്ട്, പൊല്ലീസ് മേലുദ്യോഗസ്ഥന്റെ ആപ്പീസ്സില്‍ വെച്ചാണ് കേസ്സുകള്‍ വിചാരണ ചെയ്തുവരുന്നത്.’

‘അവിടെയാണോ സെഷ്യന്‍ വിചാരണ?’ അയാള്‍ ചോദിച്ചു.

‘തീര്‍ച്ചയായും അതേ; ഭരണപരിവര്‍ത്തനകാലത്തിനു മുന്‍പ് മെത്രാന്റെ അരമനയായിരുന്നേടത്താണ് ഇന്ന് പൊല്ലീസ് സൈന്യാധ്യക്ഷന്റെ കച്ചേരി. 82 — ല്‍ മെത്രാനായിരുന്ന മൊസ്സ്യു ദ് കോങ്ങ്സിയേ അവിടെ ഒരു വലിയ ഹാളുണ്ടാക്കിവച്ചു. ആ വലിയ ഹാളില്‍വെച്ചാണ് ഇപ്പോള്‍ കേസ്സുവിചാരണ.’

വഴിക്കു പൗരന്‍ അയാളോടു പറഞ്ഞു: ‘ഒരു കേസ്സുവിചാരണ കാണണമെന്നുണ്ടെങ്കില്‍, ഇപ്പോള്‍ വൈകിപ്പോയി. സാധാരണമായി ആറുമണിക്കു കോടതി പിരിയും.’

ആ പ്രദേശത്തെത്തിയപ്പോള്‍, ആ മനുഷ്യന്‍ വലിയതും മങ്ങിയതുമായ ഒരെടുപ്പിന്റെ രണ്ടു നാലു നീണ്ട ജനാലകള്‍ മുഴുവനും വെളിച്ചം നിറഞ്ഞു നില്ക്കുന്നത് അയാള്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു.

‘എന്നാലോ, സേര്‍, നിങ്ങള്‍ക്കു ഭാഗ്യമുണ്ട്; നിങ്ങള്‍ വേണ്ട സമയത്തെത്തി. ആ നാലു ജനാലകള്‍ കണ്ടുവോ? അതാണ് സെഷ്യന്‍ കോടതി. അവിടെനിന്ന് വെളിച്ചം കാണാനുണ്ട്; അതുകൊണ്ട്, വിചാരണ കഴിഞ്ഞിട്ടില്ല. കാര്യം കുറച്ചധികനേരത്തേക്കു നീണ്ടു പോയിരിക്കണം; അതുകൊണ്ട് വൈകുന്നേരവും അവര്‍ കോടതി വെച്ചിരിക്കുന്നു. ഈ കാര്യത്തില്‍ നിങ്ങള്‍ക്കു വല്ല ബന്ധവുമുണ്ടോ? ക്രിമിനല്‍ കേസ്സാണോ? നിങ്ങള്‍ സാക്ഷിയാണോ?’

അയാള്‍ മറുപടി പറഞ്ഞു: ‘എനിക്കു കാര്യമൊന്നുമില്ല; വക്കീല്‍മാരില്‍ ഒരാളെ കാണേണ്ടതുണ്ട്.’

‘അതു കാര്യം മാറി,’ പൗരന്‍ പറഞ്ഞു. നില്ക്കണേ, സേര്‍ ഇതാ പാറാവുകാരന്‍ നില്ക്കുന്ന വാതില്‍. ആ വലിയ കോണി കയറിച്ചെല്ലുകയേ വേണ്ടൂ.’

അയാള്‍ പൗരന്റെ ഉപദേശങ്ങളെ അനുസരിച്ചു; കുറച്ചു നിമിഷങ്ങള്‍കൂടി കഴിഞ്ഞു, അസംഖ്യം ആളുകളുള്ള ഒരു ഹാളില്‍ അയാള്‍ എത്തി; ‘ഗൗണോ’ടു കൂടിയ വക്കീല്‍മാരുമായി ഇടകലര്‍ന്ന് ആള്‍ക്കൂട്ടങ്ങള്‍ അവിടവിടെ നിന്നു മന്ത്രിക്കുന്നുണ്ട്.

നീതിന്യായവിചാരണ ചെയ്യുന്ന സ്ഥലങ്ങളില്‍ താഴ്ന്ന സ്വരത്തില്‍ മന്ത്രിച്ചു കൊണ്ടുള്ള ഈ കറുത്ത ഉടുപ്പിട്ട ആള്‍ക്കൂട്ടത്തെ കാണുന്നത് എപ്പോഴും ഹൃദയഭേദകമായ ഒരു സംഗതിയാണ്. ഈ മന്ത്രിക്കലിന്റെ ഫലമായി ദയയും ധര്‍മ്മശീലവും ഉണ്ടാകുന്ന കാര്യം വളരെ അപൂര്‍വമാണ്. മുന്‍കൂട്ടി ശിക്ഷാവിധികള്‍ കല്പിക്കപ്പെടുകയാണ് സാധാരണമായുണ്ടാകുന്ന ഫലം. ‘ശൂശൂ’ എന്നു പതുക്കെ മന്ത്രിക്കുന്ന സത്ത്വങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് എല്ലാത്തരം കറുത്ത കെട്ടിടങ്ങളേയും കെട്ടിയുണ്ടാക്കുന്ന അത്രയധികം മുങ്ങിപ്പിടിച്ച കൂട്ടുകളായിട്ടാണ് ഈ ആള്‍ക്കൂട്ടങ്ങളെല്ലാം ഒരാലോചനാശീലനായ നോട്ടക്കാരന്റെ ദൃഷ്ടിയില്‍ തോന്നുക.

ഒരൊറ്റ വിളക്കുകൊണ്ട് തെളിയിച്ചിട്ടുള്ള ഈ വിസ്താരമേറിയമുറി മെത്രാന്റെ അരമനയിലെ പഴയ ഹാളാണ്. ആ സമയത്ത് അടച്ചിട്ടുള്ള ഒരിരട്ടപ്പൊളി വാതില്‍ കോടതിവിചാരണ നടക്കുന്ന മൂറിയുമായി അതിനെ വേര്‍പെടുത്തിയിരിക്കുന്നു.

അവിടെ അത്രമേല്‍ ഇരുട്ടുണ്ടായിരുന്നതുകൊണ്ട് താന്‍ ഒന്നാമതായി കണ്ടു മുട്ടിയ വക്കീലിനെ വിളിച്ചു ചോദിക്കുവാന്‍ അയാള്‍ക്ക് ഭയമുണ്ടായില്ല.

‘കേസ്സ് വിചാരണ എവിടെയെത്തി, സേര്‍?’ അയാള്‍ ചോദിച്ചു.

‘അതു കഴിഞ്ഞു,’ വക്കീല്‍ പറഞ്ഞു.

‘കഴിഞ്ഞു!’

ആ വക്കീല്‍ തിരിഞ്ഞു നോക്കിപ്പോകുമാറ് ഈ ആവര്‍ത്തനം അങ്ങനെയൊരു സ്വരത്തിലായിരുന്നു.

‘ഞാന്‍ മാപ്പു ചോദിക്കുന്നു, സേർ; നിങ്ങള്‍ സംബന്ധിയാണോ?’

‘അല്ല; ഞാനിവിടെ ആരേയും അറിയില്ല. വിധി പറഞ്ഞുകഴിഞ്ഞുവോ?’

‘ഉവ്വ്, നിശ്ചയമായും.’

‘കഠിനതടവു തന്നെ?’

‘ജീവപര്യന്തം.’

കേള്‍ക്കാന്‍ വയ്യാത്തവിധം അത്ര ക്ഷീണിച്ചുപോയ സ്വരത്തില്‍ അയാള്‍ തുടര്‍ന്നു പറഞ്ഞു: ‘അപ്പോള്‍ അയാള്‍ ഇന്നാളാണെന്നു തിര്‍ച്ചപ്പെടുത്തി?’

‘ഏതാള്‍?’ വക്കീല്‍ മറുപടി പറഞ്ഞു. ‘അങ്ങനെയൊരു വാദം ഉണ്ടായിരുന്നില്ലല്ലോ! കാര്യം സാരമില്ല. ആ സ്ത്രീ അവളുടെ കുട്ടിയെ കൊലപ്പെടുത്തി; ശിശുഹത്യ തെളിഞ്ഞു; മനപൂര്‍വമെന്നുള്ള വാദം ‘ജൂറി’ തള്ളിക്കളഞ്ഞു; ജീവപര്യന്തം വിധിച്ചുകൊടുത്തു.’

‘അപ്പോള്‍ അതൊരു സ്ത്രീയായിരുന്നു?’ അയാള്‍ പറഞ്ഞു.

‘എന്തേ, തീര്‍ച്ചയായും അതേ, നിങ്ങള്‍ എന്തിനെപ്പറ്റിയാണ് പറയുന്നത്?’

‘ഒന്നുമില്ല. കാര്യമൊക്കെ കഴിഞ്ഞ സ്ഥിതിക്ക്, ഹാളില്‍ ഇങ്ങനെ വെളിച്ചമുണ്ടാവാന്‍ എന്താണ്?’

‘മറ്റൊരു കേസ്സ്. അതു ഏകദേശം രണ്ടു മണിക്കൂര്‍ മുമ്പു തുടങ്ങി.’

‘മറ്റ് എന്തു കേസസ്സ്?’

‘ഹാ! അതും അത്ര വാദത്തിന്നു വഴിയുള്ള ഒരു കേസ്സല്ല. ഒരുതരം തെമ്മാടിയെപ്പറ്റിയാണ്; രണ്ടാമതൊരു കുറ്റത്തിന് ഒരുത്തനെ പിടിച്ചിരിക്കുന്നു; മുമ്പ് കളവിനു ഒരിക്കല്‍ തടവില്‍ കിടന്നിട്ടുള്ള ഒരുവനെ; എനിക്കവന്റെ പേര്‍ നല്ല ഓര്‍മയില്ല; ഒരു തട്ടിപ്പറിക്കാരന്റെ മുകറാണ്. ആ മുഖം കാണിച്ച് അതേ ഒരു തെളിവുകൊണ്ടു മാത്രം ഞാനവനെ തണ്ടുവലിശ്ശിക്ഷയ്ക്കയപ്പിക്കാം.’

‘കോടതിമുറിയിലേക്ക് കടന്നുകൂടുവാന്‍ വല്ല നിവൃത്തിയുമുണ്ടോ, സേര്‍?’

‘ഇല്ലെന്നാണ് എന്റെ വിശ്വാസം. ഒരു വല്ലാത്ത ആള്‍ത്തിരക്കുണ്ട്. ഏതായാലും വിചാരണ നിര്‍ത്തിവെച്ചിരിക്കുന്നു. ചിലരൊക്കെ പുറത്തേക്ക് പോയിരിക്കയാണ്; വിചാരണ ഇനി തുടങ്ങുമ്പോള്‍ നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ.’

‘അങ്ങോട്ടുള്ള വഴി ഏതാണ്?’

‘ആ വലിയ വാതിലിലൂടെ.’

വക്കീല്‍ പോയി. കുറച്ചു നിമിഷംകൊണ്ട് ഏതാണ്ട് ഒന്നിനൊന്നു മീതെയായി, ഏതാണ്ട് തമ്മില്‍ കൂടിപ്പിണഞ്ഞുകൊണ്ട്, ഒരാള്‍ക്കുണ്ടാകാവുന്ന എല്ലാ മനോവികാരങ്ങളും അയാള്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അലസനായ ദ്രഷ്ടാവിന്റെ വാക്കുകള്‍. അയാളുടെ ഹൃദയത്തെ വഴിക്കുവഴിയേ മഞ്ഞിന്‍സൂചികളെപ്പോലെയും തിയ്യിന്‍ സൂചികളെപ്പോലെയും പിളര്‍ന്നു കയറി. ഒന്നും തിര്‍ച്ചപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് കണ്ടപ്പോള്‍, അയാള്‍ക്ക് ആശ്വാസം തോന്നി; പക്ഷേ, സന്തോഷമോ വേദനയോ താന്‍ അനുഭവിക്കുന്നതെന്ന് അയാളെക്കൊണ്ട് പറയാന്‍ സാധിച്ചിരുന്നില്ല.

അയാള്‍ പല ആള്‍ക്കൂട്ടത്തിന്റെയും അടുത്തു ചെന്നു നിന്നു; അവരുടെ സംഭാഷണം എന്താണെന്നു സൂക്ഷിച്ചു. സെഷ്യന്‍ കേസ്സുകളുടെ റിക്കാര്‍ട്ടുകെട്ട് വളരെ വലിതായിരുന്നു; വിചാരണജഡ്ജി ചെറുതും സാരമില്ലാത്തതുമായ രണ്ടു കേസ്സെടുത്തു. ശിശുഹത്യ തൊട്ടാണ് ആരംഭിച്ചത്; ഇപ്പോള്‍ തടവുപുള്ളിയുടെ, പഴയ കെ.ഡി.യുടെ, ‘തിരിച്ചെത്തിയ ഓട്ടക്കുതിരയുടെ, കാര്യമെടുത്തിരിക്കുന്നു. ഈ മനുഷ്യന്‍ ആപ്പിള്‍പ്പഴം കട്ടു; പക്ഷേ, അതു വേണ്ടവിധം തേളിഞ്ഞിട്ടില്ല; തെളിഞ്ഞിട്ടുള്ളതെന്താണെന്നു വെച്ചാല്‍, അയാള്‍ തൂലോങ്ങിലുള്ള തണ്ടുവലിശ്ശിക്ഷ സ്ഥലത്തു മുന്‍പു തന്നെ ചെന്നിട്ടുണ്ട്. അതാണ് അയാളുടെ കാര്യം മുഴുവന്‍ അപകടത്തിലാക്കുന്നത്. ഏതായാലും ആ മനുഷ്യന്റെ വിചാരണയും, സാക്ഷികളുടെ വാമൊഴിയെടുക്കലും കഴിഞ്ഞു. രണ്ടു ഭാഗത്തുമുള്ള വക്കീല്‍മാരുടെ വാഗ്വാദം ഇനി കഴിയണം; അര്‍ദ്ധരാത്രിക്കു മുന്‍പായി അതവസാനിക്കില്ല. ആ മനുഷ്യനെ ഒരു സമയം ശിക്ഷിച്ചേക്കും; ഗവര്‍മ്മെണ്ടു ഭാഗം വക്കീല്‍ വളരെ സമര്‍ഥനാണ്; തന്റെ കൈയില്‍പ്പെട്ട കള്ളപുള്ളികളെ അദ്ദേഹം ഒരിക്കലും ചോര്‍ന്നു പോവാന്‍ സമ്മതിക്കില്ല, പിന്നെ കവിതയെഴുതാറുള്ള ഒരു രസികനാണ്.

ഒരു ശിപായി സെഷ്യന്‍ കോടതി സ്ഥലത്തേക്കുള്ള വാതില്ക്കല്‍ നിന്നിരുന്നു. അയാള്‍ ആ ശിപായിയോടു ചോദിച്ചു: ‘സേര്‍, വാതില്‍ താമസിക്കാതെ തുറക്കുമോ?’

‘അതു തുറക്കുകയേ ഇല്ല,’ ശിപായി മറുപടി പറഞ്ഞു.

‘എന്ത്! വിചാരണ വീണ്ടും ആരംഭിച്ചാല്‍ അതു തുറക്കുകയില്ല! വിചാരണ നിര്‍ത്തിവെച്ചിരിക്കയല്ലേ?’

‘വിചാരണ ഇതാ രണ്ടാമതും തുടങ്ങിക്കഴിഞ്ഞു.’ ശിപായി പറഞ്ഞു:

‘പക്ഷേ, വാതില്‍ ഇനി രണ്ടാമതും തുറക്കില്ല.’

‘എന്തുകൊണ്ട്?’

‘സ്ഥലം നിറഞ്ഞുപോയി.’

‘എന്ത്! ഇനി ഒരാള്‍ക്കുകൂടി സ്ഥലമില്ലെന്നോ?’

‘ഒരാള്‍ക്കുമില്ല. വാതിലടച്ചുകഴിഞ്ഞു. ഇനി ആര്‍ക്കും അങ്ങോട്ടു കടക്കാന്‍ പാടില്ല.’

ശിപായി കുറച്ചു മിണ്ടാതെ നിന്നിട്ടു പറഞ്ഞു: ‘വാസ്തവം പറഞ്ഞാല്‍ ജഡ്ജി ഇരിക്കുന്നതിന്നടുത്തു രണ്ടുമൂന്നു സ്ഥലം അധികം കിടപ്പുണ്ട്: പക്ഷേ, ഉദ്യോഗസ്ഥന്മാരെ മാത്രമേ അവിടെ ഇരിക്കാന്‍ സമ്മതിക്കൂ.

ഇങ്ങനെ പറഞ്ഞു, ശിപായി മറ്റൊരു ഭാഗത്തേക്കു തിരിഞ്ഞു.

അയാള്‍ തലകുനിച്ചുപചരിച്ച് അവിടെനിന്നു പോയി; ഇടനാഴി കടന്നു; ഓരോ അടി എടുത്തുവെക്കുമ്പോഴും സംശയിച്ചുകൊണ്ടെന്നപോലെ, പതുക്കെ അയാള്‍ കോണിയിറങ്ങി. അയാള്‍ തന്നോടുതന്നെ ചില കാര്യാലോചനകള്‍ ചെയ്യുന്നതായി തോന്നപ്പെട്ടു. തലേദിവസം വൈകുന്നേരം മുതല്‍ അയാളുടെ ഉള്ളില്‍വെച്ചു തുടങ്ങിയ ലഹള അപ്പോഴും അവസാനിച്ചിട്ടില്ല; ഓരോ നിമിഷത്തിലും അതിന്റെ ഓരോ നിലയില്‍ അയാളോടെതിര്‍ത്തു. ചുവട്ടിലെത്തിയ ഉടനെ അയാള്‍ ഒരിടത്തു ചാരിനുന്നു. കൈ രണ്ടും പിണച്ചുകെട്ടി. ഉത്തരക്ഷണത്തില്‍ അയാള്‍ പുറം കുപ്പായം തുറന്നു, തന്റെ പോക്കറ്റുപുസ്തകം പുറത്തേക്ക് വലിച്ചെടുത്ത്, ഒരു പെന്‍സില്‍ അതില്‍നിന്നു കൈയിലാക്കി, ഒരേടു പറിച്ചുചീന്തി, തെരുവിലുള്ള വെളിച്ചത്ത്, ആ കടലാസ്സിന്‍ കഷണത്തില്‍ ഈ വരി എഴുതി: മൊസ്സ്യു മദലിയെന്‍, എം. പട്ടണത്തിലെ മെയര്‍; അതുകഴിഞ്ഞു ശക്തിയിലുള്ള കാല്‍വെപ്പോടുകൂടി അയാള്‍ പിന്നേയും കോണി കയറി, ആള്‍ക്കൂട്ടത്തിന്നിടയിലൂടെ മുന്‍പോട്ടു കടന്നു, ശിപായി നില്ക്കുന്നേടത്തെയ്ക്കു നേരെ നടന്നു, കടലാസ്സു കൈയില്‍ കൊടുത്ത്, ഒരാജ്ഞ പോലെ പറഞ്ഞു: ‘ഇതു ജഡ്ജിയുടെ കൈയില്‍ കൊടുക്കൂ.’

ശിപായി കടല്ലാസ്സു വാങ്ങി, ഒന്നോടിച്ചുനോക്കി, ആ പറഞ്ഞപോലെ ചെയ്തു.

സേവയിന്മേലുള്ള അകത്തുകടക്കല്‍

ഈയൊരു വാസ്തവം താന്‍ സംശയിച്ചിരുന്നില്ലെങ്കിലും, എം. പട്ടണത്തിലെ മെയര്‍ ഒരുതരം പ്രസിദ്ധി സമ്പാദിച്ചിരുന്നു. ഏഴു കൊല്ലമായി അയാളുടെ മനോഗുണത്തെപ്പറിയുള്ള നല്ല പേര്‍ ആ പ്രദേശം മുഴുവനും നിറഞ്ഞിട്ടുണ്ടായിരുന്നു; അത് ഒരു ചെറിയ ജില്ലയുടെ നാലതിര്‍ത്തികളേയും അതിക്രമിച്ച്, അടുത്തുള്ള മൂന്നോ നാലോ പ്രദേശങ്ങളില്‍ക്കൂടി വ്യാപിച്ചിരുന്നു. കറുത്ത ചില്ലുസാമാനങ്ങളുടെ വ്യവസായത്തെ പുനരുദ്ധാരണം ചെയ്തു പ്രധാനനഗരത്തിന് അത്രയും ഗുണം ചെയ്തുകൊടുത്തതിനു പുറമെ, എം. പട്ടണത്തിലേക്കു ചേര്‍ന്ന നൂറ്റി നാല്പതു ചെറു താലൂക്കുകളില്‍ അയാളോടു കടപ്പാടില്ലാത്തതായി ഒന്നും തന്നെ ഇല്ലെന്നാക്കിയിരുന്നു. മറ്റു ദേശങ്ങളിലെ വ്യവസായങ്ങള്‍ക്കു കൂടിയും ആവശ്യം പോലെ അയാള്‍ സാഹായം ചെയ്കയും അഭിവൃദ്ധിമാര്‍ഗം ഉണ്ടാക്കിക്കൊടുക്കയും ചെയ്തിരുന്നു. അങ്ങനെ തന്റെ പേരില്‍ കടം വാങ്ങികൊള്ളാന്‍ സമ്മതിച്ചും കൈയില്‍ നിന്നു പണമെടുത്തു കൊടുത്തും, യാള്‍അബാബുലോന്നെയിയിലെ പരുത്തിത്തുണി വ്യവസായത്തേയും ഫ്രെവാങ്ങിലെ വക്ക് നൂല്ക്കല്‍ പ്രവൃത്തിയേയും ബൂബേറില്‍ നീരൊഴുക്കിന്റെ ശക്തികൊണ്ട് വസ്ത്രനിര്‍മാണം ചെയ്യുന്ന കൈത്തൊഴിലിനേയും സഹായിച്ചു. എല്ലായിടത്തും മൊസ്സ്യു മദലിയെന്റെ പേര്‍ ഭക്തിബഹുമാനപൂര്‍വം ഉച്ചരിക്കപ്പെട്ടു. ആറായും ദുഎയും എം. പട്ടണത്തെപ്പറ്റി, അതിലുള്ള മെയറെ വിചാരിച്ച്, അസൂയപ്പെട്ടു.

ദുഎയിലെ രാജകീയന്യായവിചാരണസഭയിലെ അംഗമായിരുന്നു അന്നത്തെ ആറായിലെ സെഷ്യന്‍കേസ്സ് വിചാരണജഡ്ജി, ലോകത്തില്‍ മറ്റുള്ള ആളുകളുടെ കൂട്ടത്തില്‍ അത്രമേല്‍ ഹൃദയപൂര്‍വമായും, അത്രമേല്‍ ഏകകണ്ഠമായും ആദരിക്കപ്പെടുന്ന ആ പേരുമായി പരിചയപ്പെട്ടിരുന്നു. ആലോചന മുറിയും കോടതിമുറിയും തമ്മില്‍ കൂട്ടിയിണക്കുന്ന വാതില്‍ ഉപായത്തില്‍ തുറന്നു ശിപായി വിചാരണ ജഡ്ജിയുടെ ചാരുകസാലയുടെ പിന്നില്‍ കുനിഞ്ഞു നിന്നു. നമ്മള്‍ ഇപ്പോള്‍ത്തന്നെ വായിച്ചു നോക്കിയ ആ വരി എഴുതിയിട്ടുള്ള കടലാസ് അദ്ദേഹത്തിന്റെ കൈയില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു കൊടുത്തു; ‘ഇദ്ദേഹത്തിനു വിചാരണക്കുണ്ടായിരുന്നാല്‍ കൊള്ളാമെന്നുണ്ട്; ഉടനെ ജഡ്ജി വേഗത്തോടും ബഹുമാനത്തോടും കൂടിയ ഒരു നിലയില്‍ ഒരു തൂവല്‍ കടന്നെടുടുത്ത്, ആ കടലാസ്സിനു ചുവട്ടില്‍ ചിലതെഴുതി, ശിപായിയുടെ കൈയില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു കൊടുത്തു, ‘അദ്ദേഹം ഇങ്ങോട്ടു വന്നോട്ടെ.’ ഞങ്ങള്‍ ആരുടെ ചരിത്രമാണ് വിവരിക്കുന്നത്, ആ ഭാഗ്യംകെട്ട മനുഷ്യന്‍ അപ്പുറത്തുള്ള ഹാള്‍ വാതിലിന്റെ അടുക്കല്‍, ശിപായി അവിടെനിന്നു പോയപ്പോള്‍ അവിടെ ഏതു നിലയില്‍ നിന്നിരുന്നുവോ അവിടെ അതേ നിലയില്‍, നില്ക്കുകയാണ്. തന്റെ മനോരാജ്യത്തിനിടയില്‍, ആരോ തന്നോട് പറയുന്നതായി അയാള്‍ കേട്ടു. ‘ദയചെയ്ത് എന്റെ കൂടെ വരുമെന്ന് വിശ്വസിക്കുന്നു. ഒരു നിമിഷം ഇപ്പോള്‍ അയാളുടെ കാല്ക്കല്‍ കുനിഞ്ഞു നിലം തൊടുന്നു. അതോടു കൂടിത്തന്നെ, ആ ശിപായി ആ കടലാസ്സിന്‍ കഷ്ണവും അയാളുടെ കൈയില്‍ കൊടുത്തു. അയാള്‍ അത് നിവര്‍ത്തി; സംഗതിവശാല്‍, വിളക്കിന്നടുത്തായതുകൊണ്ട് അയാള്‍ക്കത് വായിക്കാന്‍ കഴിഞ്ഞു.

‘സെഷ്യന്‍കേസ്സ് വിചാരണചെയ്യുന്ന ജഡ്ജി മൊസ്സ്യു മദലിയെനെ ഇതാ അഭിവാദ്യം ചെയ്യുന്നു.’

അസാധാരണവും അത്രമേല്‍ കയ്പുള്ളതുമായ ഒരു ചുവ ആ വാക്കുകള്‍ക്കു് ഉള്ളതുപോലെ അയാള്‍ ആ കടലാസ്സു കൈയിലിട്ടു ഞെരിച്ചു.

അയാള്‍ ശിപായിയുടെ പിന്നാലെ ചെന്നു.

കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു പച്ചത്തുണി വിരിച്ച മേശമേലിരുന്നു കത്തുന്ന രണ്ടു മെഴുതിരിവിളക്കുകളുടെ വെളിച്ചത്താല്‍ പ്രകാശിക്കുന്നതും ഒരു രസമില്ലാത്ത മട്ടിലുള്ളതുമായ ഒരുതരം നിരപ്പലകയിട്ട ഉള്ളറയില്‍ താന്‍ തനിച്ചായി എന്ന് അയാള്‍ കണ്ടു. അപ്പോള്‍തന്നെ തന്നോടു വേര്‍പിരിഞ്ഞുപോയ ശിപായുടെ ഒടുവിലത്തെ വാക്കുകള്‍ അയാളുടെ ചെകിട്ടില്‍ മുഴങ്ങിയിരുന്നു; ‘മൊസ്സ്യു അങ്ങിപ്പോള്‍ ആലോചനാമുറിയിലാണ്; ആ കാണുന്ന വാതിലിന്റെ ചെമ്പോടാമ്പല്‍ നീക്കുക മാത്രമേ വേണ്ടൂ, എന്നാല്‍ കോടതിമുറിയില്‍ കടന്നുപോന്ന ഇടുങ്ങിയ ഇടനാഴികളേയും കറുത്ത കോണിത്തട്ടുകളേയും കുറിച്ചുള്ള ഒരു നേരിയ സ്മരണയോടുകൂടി വാക്കുകള്‍ അയാളുടെ ആലോചനയില്‍ കൂടിപ്പിണഞ്ഞു.

ശിപായി അയാളെ തനിച്ചാക്കി പോയി. അങ്ങേ അറ്റത്തെ ഘട്ടമായി. തന്റെ ആലോചനകളെ ഒരുമിച്ചുകൂട്ടുവാന്‍ അയാള്‍ യത്നിച്ചു; പക്ഷേ, സാധിച്ചില്ല. ജീവിതത്തിലെ വ്യസനകരങ്ങളായ വാസ്തവസ്ഥിതികളോടു കൂട്ടിയിണക്കേണ്ടുന്ന അത്യാവശ്യം നേരിടുമ്പോളാണ് പ്രധാനമായും ആലോചനയുടെ തന്തുക്കള്‍ തലച്ചോറിനുള്ളില്‍വെച്ചു പൊട്ടിപ്പോകുന്നത്. വിധികര്‍ത്താക്കന്മാര്‍ വിചാരണചെയ്യുന്നതും ശിക്ഷാവിധി കല്പിക്കുന്നതും എവിടെവെച്ചോ അവിടെത്തന്നെയാണ് അയാള്‍ ഇപ്പോള്‍ നില്ക്കുന്നത്. കഥയില്ലായ്മയായ ഒരു ശാന്തതയോടുകൂടി അയാള്‍ ആ സമാധാനപരവും ഭയങ്കരവുമായ സ്ഥലത്തെ നോക്കിക്കണ്ടു; അവിടെവെച്ച് അസംഖ്യം ജീവന്‍ നശിച്ചിട്ടുണ്ട്; താമസിയാതെ അയാളുടെ പേരും അവിടെ മാറ്റൊലിക്കൊള്ളും; ദൈവഗതി അയാളെക്കൊണ്ട് അതാ അവിടെ നടത്തിക്കുന്നു. അയാള്‍ വാതിൽക്കലേക്കു തുറിച്ചുനോക്കി; ഉടനെ അയാള്‍ തന്നെത്തന്നെ

നോക്കിക്കണ്ടു; ആ അകം അതുതന്നെയും ആ ആള്‍ താന്‍ തന്നെയും ആയതില്‍ അയാള്‍ അത്ഭുതപ്പെട്ടു.

ഇരുപത്തിനാലു മണിക്കൂറായി അയാള്‍ യാതൊന്നും ഭക്ഷിച്ചിട്ടില്ല; വണ്ടിയുടെ കുലുക്കംകൊണ്ട് അയാള്‍ തളര്‍ന്നിരിക്കുന്നു; പക്ഷേ, അതയാള്‍ക്കു ബോധമില്ല. താന്‍ ഒന്നും അനുഭവിച്ചിട്ടില്ലെന്ന് അയാള്‍ക്കു തോന്നി.

ചുമരില്‍ തൂക്കിയിടുന്നതും, പാരിസ്സിലെ മെയറും മന്ത്രിയുമായ ഷാന്‍ നിക്കൊലാ പാഷ് സ്വന്തം കൈയക്ഷരത്തില്‍, നിശ്ചയമായും ഒരബദ്ധം കൊണ്ട് 11 — ആം കൊല്ലം ജൂണ്‍ 9 — ആംന് എന്നു തിയ്യതി വെച്ചിട്ടുള്ള ഒരു പഴയ എഴുത്ത് — ആലോചനസഭയാല്‍ കയ്യാമം വെക്കപ്പെട്ട മന്ത്രിമാരുടേയും പ്രജാസഭാംഗങ്ങളുടേയും പട്ടിക അ കത്തുമൂലം പാഷ് സഭയ്ക്കു കൊടുക്കുന്നു — ചില്ലിനുള്ളില്‍ വെച്ചടച്ചിട്ടുള്ളതുമായ ഒരു കറുത്ത ചട്ടക്കൂടിന്റെ അടുക്കലേക്ക് അയാള്‍ ചെന്നു. ആ സമയത്ത് അയാളെ നോക്കിക്കാണുവാന്‍ സംഗതി വന്ന ഏതൊരാളും, അയാളെ സൂക്ഷിച്ചു നോക്കിപ്പഠിക്കുന്ന ആരും തന്നെ, ഈ കത്ത് അയാള്‍ക്ക് അത്രയ്ധികം ഉല്‍ക്കണ്ഠാജനകമായിത്തീര്‍ന്നിട്ടുണ്ടെന്നു നിശ്ചയമായും ഊഹിച്ചേക്കും; എന്തുകൊണ്ടെന്നാല്‍, അതില്‍ നിന്ന് അയാള്‍ കണ്ണെടുത്തില്ല; രണ്ടോ മൂന്നോ തവണ അയാള്‍ അതു വായിച്ചു നോക്കി. അയാള്‍ ഒട്ടും തന്നെ ശ്രദ്ധവെക്കാതെയും, തന്നത്താന്‍ അറിയാതെയുമാണ് അതു വായിച്ചിരുന്നത്. അയാള്‍ ഫന്‍തീനെപ്പറ്റിയും കൊസെത്തിനെക്കുറിച്ചും വിചാരിക്കയായിരുന്നു.

ആ സ്വപ്നത്തിനിടയില്‍, അയാള്‍ തിരിഞ്ഞു നോക്കി; തന്നെയും കോടതിമുറിയേയും വേര്‍തിരിക്കുന്ന പിച്ചളവട്ടക്കണ്ണിയുടെ മേല്‍ അയാളുടെ കണ്ണു പതിഞ്ഞു. അയാള്‍ ആ വാതിലിന്റെ കഥ ഏതാണ്ടു മറന്നിരുന്നു. ആദ്യത്തില്‍ ശാന്തമായിരുന്ന അയാളുടെ നോട്ടം അതിന്മേല്‍ തങ്ങിപ്പോയി; ആ ഓടാമ്പലിന്മേല്‍ അതുറച്ചു നിന്നു; പിന്നീട് ഭയം കയറിത്തുടങ്ങി; പിന്നെപ്പിന്നെയായി ഭയംകൊണ്ടു നിറഞ്ഞു. വേര്‍പ്പുതുള്ളികള്‍ മാലയായി അയാളുടെ തലമുടിക്കിടയില്‍നിന്നു പുറപ്പെട്ടു. ചെന്നികളിലൂടെ കീഴ്പോട്ടൊഴുകി.

ചില സമയത്ത്, ‘ഈശ്വരാ! ആരാണ് എന്നെ ഇതിനു നിര്‍ബന്ധിക്കുന്നത്?’ എന്നുള്ള ചോദ്യം ചോദിക്കുവാനുള്ളതും, വാസ്തവത്തില്‍ ചോദിക്കുന്നതുമായി കലഹത്തോടു കൂടിപ്പിണഞ്ഞ ഒരുതരം അധികാരത്തെ സൂചിപ്പിക്കുന്ന അനിര്‍വചനീയമായ ആംഗ്യവിശേഷം അയാള്‍ കാണിച്ചിരുന്നു. പിന്നീട് അയാള്‍ വേഗത്തില്‍ തിരിഞ്ഞു. താന്‍ കടന്നുപോന്ന വാതില്‍ മുന്‍പില്‍ കണ്ടു, അതു തുറന്നു, പുറത്തേക്കു പോയി. അയാള്‍ ആ മുറിയില്‍നിന്നു പോന്നു കഴിഞ്ഞു. അവിടവിടെ ഒതുക്കുകളും അഴിച്ചുമരുകളും കൊണ്ടു കഷ്ണം കഷ്ണമായിട്ടുള്ളതും പല മൂലകളോടു കൂടിയതും അങ്ങുമിങ്ങും രോഗക്കിടപ്പറയിലെ വിളക്കുപോലെ കത്തുന്ന റാന്തലുകളാല്‍ വെളിച്ചം വെച്ചതുമായ ഒരിടനാഴിയില്‍, നീണ്ടതും ഇടുങ്ങിയതുമായ ഒരിടനാഴിയില്‍, താന്‍ കടന്നുപോന്ന ഇടനാഴിയില്‍, അയാള്‍ ചെന്നു. അയാള്‍ ശ്വാസം കഴിച്ചു; അയാള്‍ ചെവിയോര്‍ത്തു നോക്കി; മുന്‍പില്‍ നിന്ന് ഒരു ശബ്ദമില്ല; പിന്നില്‍ നിന്ന് ഒരു ശബ്ദമില്ല; ആരോ പിന്നാലെ തന്നെ പിടിക്കാന്‍ വരുന്നതുപോലെ അയാള്‍ പാഞ്ഞു.

ആ ഇടനാഴിയിലെ പല മൂലകളും പിന്നിട്ടതിന്നുശേഷം, അപ്പോഴും അയാള്‍ ചെവിയോര്‍ത്തു. അതേ നിശ്ശബ്ദതയാണ് അപ്പോഴും; അതേ അന്ധകാരം തന്റെ ചുറ്റും നില്ക്കുന്നു. അയാള്‍ക്കു ശ്വാസമില്ല; അയാള്‍ ചാഞ്ചാടിപ്പോയി; അയാള്‍ ചുമരിന്മേല്‍ ചാരി. കല്ലു തണുത്തിരിക്കുന്നു; മഞ്ഞിന്‍കട്ടയുടെ തണുപ്പോടുകൂടി വിയര്‍പ്പ് അയാളുടെ നെറ്റിയില്‍ പറ്റിനില്ക്കുന്നു; ഒരു വിറയോടുകൂടി അയാള്‍ തന്നത്താന്‍ നിവര്‍ന്നു.

എന്നിട്ട്, അവിടെ, ആ അന്ധകാരത്തില്‍, തണുപ്പുകൊണ്ടും പക്ഷേ, മറ്റെന്തോ ഒന്നുകൊണ്ടുമുള്ള വിറയലോടുകൂടി അയാള്‍ ആലോചിച്ചു.

രാത്രി മുഴുവനും അയാള്‍ ആലോചിച്ചിരിക്കുന്നു; പകല്‍ മുഴുവനും അയാള്‍ ആലോചിച്ചിരിക്കുന്നു. ഒരു ശബ്ദം മാത്രം അയാള്‍ ഉള്ളില്‍നിന്നു കേട്ടു; അതു പറഞ്ഞിരുന്നു. ‘കഷ്ടം!’

ഇങ്ങനെ ഒരു കാല്‍മണിക്കൂര്‍ കഴിഞ്ഞു. ഒടുവില്‍ അയാള്‍ തലകുനിച്ചു. കഠിനമായ മനോവേദനയോടുകൂടി ദീര്‍ഘനിശ്വാസമിട്ടു; കൈകള്‍ തൂക്കിയിട്ടു; ഒതുക്കിന്നടുക്കലേക്കു ചെന്നു. അയാള്‍ മന്ദമായും നിലത്തോടു ചേര്‍ത്തു ചതയ്ക്കപ്പെട്ടപോലെയും നടന്നു. ഓടിപ്പോകുന്നതിനിടയ്ക്ക് ആരോ അയാളെ പിടികൂടിയതായും അങ്ങോട്ടുതന്നെ വലിച്ചുകൊണ്ടു പോകുന്നതായും തോന്നി.

അയാള്‍ വീണ്ടും ആലോചനാമുറിയിലെത്തി. ഒന്നാമതായി അയാളുടെ കണ്ണില്‍പ്പെട്ടതു വാതിലിന്റെ വട്ടക്കണ്ണിയാണ്. വട്ടത്തിലുള്ളതും ചളി കളഞ്ഞ പിച്ചളകൊണ്ടുള്ളതുമായ ഈ വാതില്‍ക്കൈപ്പിടി അയാളെ സംബന്ധിച്ചേടത്തോളം ഭയങ്കരമായ ഒരു നക്ഷത്രം പോലെ മിന്നി. ഒരു നരിയുടെ കണ്ണിലേക്ക് ഒരാട്ടിന്‍കുട്ടി എന്നപോലെ, അയാള്‍ അതിനെ സൂക്ഷിച്ചു നോക്കി.

അയാള്‍ക്ക് അതിന്മേല്‍നിന്നു കണ്ണെടുക്കാന്‍ സാധിച്ചില്ല. ഇടയ്ക്കിടയ്ക്ക് ഓരോ അടി അയാള്‍ മുന്നോട്ടു വെക്കും; അങ്ങനെ വാതിലോടടുത്തു.

അയാള്‍ ചെവിയോര്‍ത്തിരുന്നുവെങ്കില്‍, അടുത്ത ഹാളില്‍ നിന്നുള്ള ശബ്ദം, ഒരുതരം സമ്മിശ്രമായ പിറുപിറുക്കല്‍ പോലെ കേള്‍ക്കാമായിരുന്നു; പക്ഷേ, അയാള്‍ ചെവിയോര്‍ത്തില്ല, കേട്ടതുമില്ല.

പെട്ടന്ന് എങ്ങനെയാണതുണ്ടായതെന്നു തനിക്കു തന്നെ നിശ്ചയമില്ലാതെ, അയാള്‍ വാതിലിന്നടുത്തായി; അപസ്മാരവികൃതികൊണ്ടെന്നപോലെ അയാള്‍ വട്ടക്കണ്ണി കടന്നു മുറുക്കിപ്പിടിച്ചു; വാതില്‍ തുറന്നു.

അയാൾ കോടതിമുറിയിലായി.

ശിക്ഷാവിധികളെ തട്ടിപ്പടച്ചുണ്ടാക്കല്‍ നടക്കുന്ന സ്ഥലം

അയാള്‍ ഒരടി മുന്‍പോട്ടു വെച്ചു. പാവയെപ്പോലെ, തന്റെ പിന്നിലുള്ള വാതിലടച്ചു; താന്‍ കാണുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ട് ആ നിന്നേടത്തു തന്നെ നിന്നു.

ഇടയ്ക്ക് ഒരിരമ്പിച്ചയില്‍ മുഴുകിയും ഇടയ്ക്കു തീരെ നിശ്ശബ്ദത ബാധിച്ചും വലുതായി വേണ്ടവിധം വെളിച്ചമില്ലാതെയുള്ള ഒരു മുറിയായിരുന്നു അത്; ആള്‍ക്കൂട്ടത്തിന്നിടയില്‍ നിസ്സാരവും നീരസമയവുമായ തന്റെ ഗൗരവത്തെ കാണിച്ചുകൊണ്ട്, ഒരു ക്രിമിനല്‍ കേസ്സിനുള്ള എല്ലാ സാമഗ്രിയും അവിടെ പ്രവര്‍ത്തിച്ചു കൊണ്ടു നില്ക്കുന്നു.

അയാളുള്ള വലിയ മുറിയുടെ ഒരറ്റത്തായി; പിഞ്ഞിത്തുടങ്ങിയ പുറം കുപ്പായമിട്ടു വിധികര്‍ത്താക്കന്മാര്‍ അശ്രദ്ധന്മാരായിരിക്കുന്നു; അവര്‍ നഖം കാരുകയോ കണ്ണടയ്ക്കുകയോ ചെയ്യുന്നുണ്ട്; അങ്ങെ അറ്റത്ത് ഒരു വൃത്തികെട്ട ആള്‍ക്കൂട്ടം; എല്ലാത്തരം ഭാവവിശേഷത്തിലുമുള്ള വക്കീല്‍മാര്‍; ക്രൂരവും നിഷ്കളങ്കവുമായ മുഖത്തോകൂടി പട്ടാളക്കാര്‍; പഴയതും പുള്ളിയ്ക്കുത്തുള്ളതുമായ മരപ്പണിയെ, ഒരു ചളിപിടിച്ച തട്ടിനെ, പച്ചയെക്കാള്‍ മഞ്ഞനിറമായ ഒരുതരം മുന്തിയ കമ്പിളിത്തുണികൊണ്ട് മൂടിയ മേശകള്‍; കൈപ്പാടുകള്‍ കൊണ്ട് കറുത്തിട്ടുള്ള വാതിലുകള്‍; നിരപ്പലകച്ചുമരിന്മേല്‍ തൂക്കിയിട്ടിട്ടുള്ളേടത്തു നിന്നു വെളിച്ചത്തെക്കാളധികം പുക പുറപ്പെടുവിക്കുന്ന ചാരായക്കട വിളക്കുകള്‍; ഇരുട്ട്, അറയ്ക്കുന്ന മട്ട്, സുഖമില്ലായ്മ; എന്നല്ല, ഇതില്‍നിന്നെല്ലാം വേര്‍പെട്ടു നില്ക്കുന്ന സഗൗരവവും പ്രതാപവത്തുമായ ഒരു തോന്നല്‍ — എന്തുകൊണ്ടെന്നാല്‍, നിയമം എന്നു പറയപ്പെടുന്ന ആ മഹത്തായ ദൈവികവസ്തുവും അവിടെ ചെല്ലുന്നവരുടെ ഉള്ളില്‍ തട്ടിയിരുന്നു.

ആ ആള്‍ക്കൂട്ടത്തിലുള്ള ആരും തന്നെ അയാളുടെ മേല്‍ ശ്രദ്ധവെച്ചില്ല; എല്ലാവരുടെ നോട്ടവും ഒരൊറ്റ വിഷയത്തിലായിരുന്നു — പ്രധാന ജഡ്ജിയുടെ ഇടത്തു ഭാഗത്തു നീണ്ടുകിടക്കുന്ന ചുമരില്‍ ഒരു ചെറുവാതിൽ ഉള്ളതിന്നെതിരായിട്ടിട്ടുള്ള ഒരു മരത്തിന്റെ ബെഞ്ചിലായിരുന്നു; പല മെഴുകുതിരികളുടെ വെളിച്ചം കൊണ്ടു തെളിയുന്ന ആ ബെഞ്ചിന്മേല്‍ രണ്ടു പട്ടാളക്കാരുടെ നടുക്കായി ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ട്.

ഈ മനുഷ്യനായിരുന്നു ആ മനുഷ്യന്‍.

അയാള്‍ അവന്റെ അടുക്കലേക്കു ചെന്നില്ല; അയാള്‍ അവനെ കണ്ടില്ല; ആ സ്വരൂപം എവിടെയായിരിക്കുമെന്നു തങ്ങള്‍ക്കു മുന്‍പു തന്നെ അറിയമായിരുന്നുവോ എന്നു തോന്നുമാറ്, അയാളുടെ കണ്ണുകള്‍ പ്രകൃത്യാ തന്നെ അങ്ങോട്ടു ചെന്നു.

കുറേ പ്രായം ചെന്ന തന്നെത്തന്നെയാണ് അവിടെ കാണുന്നതെന്ന് അയാള്‍ വിചാരിച്ചു: മുഖത്തിനു തികച്ചും ആ ഛായയില്ല. തീര്‍ച്ച തന്നെ; പക്ഷേ, നിലയും സമ്പ്രദായവുമൊക്കെ അതുതന്നെ. കുത്തനെ നില്ക്കുന്ന അയാളുടെ തലമുടി; മൂര്‍ഖമട്ടിലുള്ളതും അസ്വസ്ഥതയോടു കൂടിയതുമായ അയാളുടെ കണ്ണ്, ഡി. പട്ടണത്തില്‍ അയാള്‍ ചെന്ന സമയത്തുണ്ടായിരുന്നപോലെത്തന്നെ അതേ കുപ്പായം, നിറച്ചും ദ്വേഷം, തടവുമുറിയിലെ നിലത്തു പത്തൊമ്പതു കൊല്ലം കിടന്ന് അടിച്ചു കൂട്ടിയെടുത്ത ഭയങ്കര വിചാരങ്ങളുടെ ആ അറപ്പു തോന്നിക്കുന്ന ഉരുളയ്ക്കുള്ളില്‍ തന്റെ ആത്മാവിനെ മറച്ചുകൊണ്ടുള്ള മട്ട്.

അയാള്‍ ഒരു നടുങ്ങലോടുകൂടി സ്വയം ചോദിച്ചു: ‘എന്റെ ഈശ്വരാ! ഞാന്‍ ഇനിയും അതുപോലായിത്തീരുമോ?’

ഈ സത്ത്വത്തിന്നു വയസ്സു ചുരുങ്ങിയത് ഒരറുപതായെന്നു തോന്നി; നീചവും അന്ധാളിത്തത്തോടു കൂടിയതും ഭയപ്പെട്ടു പോയതുമായി അനിര്‍വചനീയമായ എന്തോ ഒന്ന് ആ മനുഷ്യനില്‍ ഉണ്ടായിരുന്നു.

വാതില്‍ തുറന്ന ഒച്ച കേട്ട്, ആളുകള്‍ അയാള്‍ക്കു പോവാന്‍വേണ്ടി അങ്ങുമിങ്ങും വാങ്ങി നിന്നു; പ്രധാന ജഡ്ജി മുഖം തിരിച്ച് വന്ന ആള്‍. എം. പട്ടണത്തിലെ മെയറാണെന്നു മനസ്സിലായിരുന്നതുകൊണ്ട് അയാളെ ഉപചരിച്ചു തലകുനിച്ചു; തന്റെ ഉദ്യോഗം വഴിക്ക് ഒന്നിലധികം പ്രാവശ്യം എം. പട്ടണത്തില്‍ പോയി മൊസ്സ്യു മദലിയെനെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്ന ഗവര്‍മ്മേണ്ടു വക്കീലും, അയാളെ കണ്ടറിഞ്ഞു സമമര്യാദമായി വന്ദിച്ചു; അയാള്‍ അതു കണ്ടതേ ഇല്ല; അയാള്‍ ഒരു തരം ചിത്തഭ്രമത്തില്‍പെട്ടിരുന്നു; അയാള്‍ നോക്കിക്കാണുകയായിരുന്നു.

വിധികര്‍ത്താക്കന്മാര്‍, ഗുമസ്തന്മാര്‍, പട്ടാളക്കാര്‍, നിര്‍ദ്ദയമായ വിധം ഉല്‍ക്കണ്ഠയോടു കൂടിയ ശിരസ്സുകളുടെ കൂട്ടം. ഇതെല്ലാം അയാള്‍ വളരെക്കാലം മുന്‍പ്, ഇരുപത്തേഴു കൊല്ലത്തിനപ്പുറം, ഒരിക്കല്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്; ആ അപകടം പിടിച്ച സാധനങ്ങളെ അയാള്‍ ഒരിക്കല്‍കൂടി കണ്ടുമുട്ടി; അവയെല്ലാം അതാ അവിടെ, അവ അനങ്ങുന്നു; അവയ്ക്കു ജീവനുണ്ട്; അയാളുടെ മനോരാജ്യത്തിന്റെ ഒരു വിദ്യയല്ല, അയാളുടെ ആലോചനയ്ക്കുള്ളിലെ ഒരു മൃഗതൃഷ്ണയല്ല, അതുകളൊന്നും; വാസ്തവത്തിലുള്ള പട്ടാളക്കാരും, വാസ്തവത്തിലുള്ള വിധികര്‍ത്താക്കന്മാരും, വാസ്തവത്തിലുള്ള ആള്‍ക്കൂട്ടവും, രക്തമാംസങ്ങളോടുകൂടി വാസ്തവത്തിലുള്ള മനുഷ്യരും തന്നെയാണ് അതൊക്കെ; കാര്യമൊകെ കടന്നു; വാസ്തവസ്ഥിതിക്കുള്ളില്‍ ഭയങ്കരങ്ങളായിട്ടുള്ള സകലത്തോടുംകൂടി തന്റെ കഴിഞ്ഞുപോയ കാലത്തെ പൈശാചികങ്ങളായ എല്ലാ സ്ഥിതിഭേദങ്ങളും പ്രത്യക്ഷീഭവിക്കുന്നതായും, തന്റെ ചുറ്റും ഒരിക്കല്‍ക്കൂടി അവ സജീവമായി വന്നുകൂടുന്നതായും അയാള്‍ കണ്ടു.

ഇതെല്ലാം അയാളുടെ മുന്‍പില്‍ വായ പിളര്‍ക്കുന്നു.

അയാള്‍ വല്ലാതെ ഭയപ്പെട്ടു; അയാള്‍ കണ്ണടച്ചു, തന്റെ ആത്മാവിന്റെ അത്യാഗാധങ്ങളായ ഗൂഢസ്ഥലങ്ങളില്‍ വെച്ച് ഉച്ചത്തില്‍ പറഞ്ഞു: ‘ഒരിക്കലുമില്ല!’

അയാളുടെ ആലൊചനകളേയെല്ലാം ഇട്ടു വിറപ്പിക്കുകയും അയാളെ ഏതാണ്ട് ഭ്രാന്തുപിടിപ്പിച്ചു വിടുകയും ചെയ്ത ഈശ്വരവിധിയുടെ പരിതാപകരമായ ഒരു നാടകാഭിനയത്തില്‍ അവിടെ നില്‍ക്കുന്ന ആള്‍ മറ്റൊരാളായിത്തീര്‍ന്നു! വിചാരണയിലിരിക്കുന്ന ആ മനുഷ്യനെ എല്ലാവരും ഴാങ്ങ് വാല്‍ഴാങ്ങ് എന്നു വിളിക്കുന്നു.

തന്റെ കണ്ണിന്‍ മുന്‍പില്‍ വെച്ച്, അദൃഷ്ടപുര്‍വമായ ഒരു കാഴ്ചയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും ഭയങ്കരമായ ഒരു ഭാഗം തന്റെ പ്രേതത്താല്‍ അഭിനയിക്കപ്പെടുന്നത് അയാള്‍ കാണുന്നു.

എല്ലാം അവിടെയുണ്ട്, ആ സാമഗ്രികള്‍ തന്നെ സകലവും — രാത്രിസമയം, വിധി കര്‍ത്താക്കന്മാരുടേയും പട്ടാളക്കാരുടേയും കാഴ്ചക്കാരുടേയും മുഖങ്ങള്‍, എല്ലാം ഒന്ന്; എല്ലാം അതേ മാതിരി തന്നെയായിരുന്നു — പ്രധാന ജഡ്ജിയുടെ തലയ്ക്കു മുകള്‍ ഭാഗത്ത് ഒരു കുരിശു മാത്രം പുതുതായുണ്ട്; അയാളെ ശിക്ഷിച്ച കാലത്തു കോടതിയില്‍ അതുണ്ടായിരുന്നില്ല; അയാളുടെ കേസ്സ് വിചാരണ ചെയ്തപ്പോള്‍ ഈശ്വരന്‍ അവിടെ ഇല്ലായിരുന്നു.

പ്രധാന ജഡ്ജിയുടെ പിന്നിലായി ഒരു കസാലയുണ്ട്; താന്‍ കാണപ്പെടുമല്ലോ എന്നുള്ള വിചാരത്താല്‍ പേടിച്ച് അയാള്‍ അതിന്നുള്ളില്‍ കുഴഞ്ഞു വീണു; ഇരുന്നതിനു ശേഷം, ജഡ്ജിയുടെ എഴുത്തു മേശയ്ക്കു മുകളില്‍ കൂട്ടിയിട്ടുള്ള പല കടലാസ്സു പെട്ടികള്‍ ഒരു തഞ്ചമാക്കി അതിന്റെ മറവില്‍, ആ മുറി മുഴുവനിലും നിന്ന്, അയാള്‍ തന്റെ മുഖത്തെ ഒളിപ്പിച്ചു. ആരും ഇങ്ങോട്ടു കാണാതെ അയാള്‍ക്ക് എല്ലാം അങ്ങോട്ടു നോക്കിക്കാണാം; വാസ്തവസ്ഥിതികളെയെല്ലാം പറ്റിയുള്ള ബോധം അയാള്‍ക്കു വീണ്ടും ഉദിച്ചു; പതുക്കെക്കൊണ്ട് അയാള്‍ക്കു തന്റേടം വന്നു; നാലുപുറത്തു കഴിയുന്നതും കേള്‍ക്കാവുന്നവിധം, അയാളുടെ മനസ്സിന്ന് അത്രമേല്‍ സ്വസ്ഥത കിട്ടി.

മൊസ്സ്യു ബാമത്തബ്ബ്വ ജൂറിമാരില്‍ ഒരാളായിരുന്നു.

അയാള്‍ ഴാവേറെ അന്വേഷിച്ചു. കണ്ടില്ല; ഗുമസ്തന്റെ മേശകൊണ്ടു സാക്ഷികളുടെ ഇരിപ്പിടം അയാള്‍ക്കു കാണാന്‍ സാധിച്ചിരുന്നില്ല; പിന്നെ, ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറഞ്ഞതുപോലെ, വെളിച്ചം നന്നേ കുറവായിരുന്നുതാനും.

അയാള്‍ ചെന്ന സമയത്ത്, പ്രതിഭാഗം വക്കീലിന്റെ പ്രസംഗം അവസാനിച്ചു.

എല്ലാവരുടേയും ശ്രദ്ധ അങ്ങേ അറ്റത്തോളം പൊന്തിയിരിക്കുന്നു; വിചാരണ തുടങ്ങിയിട്ടു മൂന്നു മണിക്കൂറായി; മൂന്നു മണിക്കൂറായി ആള്‍ക്കൂട്ടം, ഒരു ഭയങ്കരമായ ആകൃതിസാമ്യത്തിന്റെ ഭാരത്തിനു കീഴില്‍ അമര്‍ന്നുകൊണ്ട് ഒന്നുകില്‍ തികച്ചും അന്ധാളിച്ചിരിക്കുകയോ അല്ലെങ്കില്‍ വല്ലാത്ത ഉപായം കാണിക്കുകയോ ചെയ്യുന്ന ഒരസാധാരണമനുഷ്യനെ, മനുഷ്യസമുദായത്തിലെ നികൃഷ്ടതരങ്ങളായ അംഗങ്ങളുടെ മാതിരി കാണിക്കുന്ന ഒരു സത്ത്വത്തെ, നോക്കിക്കാണുന്നു. ഈ മനുഷ്യന്‍, വായനക്കാര്‍ക്കറിവുള്ളതുപോലെ, പീറണ്‍തോട്ടം എന്നു വിളിക്കപ്പെടുന്ന ഒരയല്‍പക്കക്കാരന്റെ തോട്ടത്തില്‍ നിന്ന് ഒടിച്ചെടുത്തതും പഴുത്ത ആപ്പിള്‍ക്കായകളോടു കൂടിയതുമായ ഒരു മരക്കൊമ്പു കൈയില്‍ പിടിച്ചുകൊണ്ടു വയലിലൂടെ പോകുന്നതായി കണ്ടെത്തപ്പെട്ട ഒരു തെമ്മാടിയായിരുന്നു. ഈ മനുഷ്യന്‍ ആരാണ്? ഒരു വിചാരണ നടന്നു; സാക്ഷികളുടെ വാമൊഴി വാങ്ങി; അവരൊക്കെ പറഞ്ഞതൊന്നാണ്; വിചാരണയില്‍ തെളിവുകള്‍ ധാരാളം വന്നു; അന്യായഭാഗത്തുനിന്നു പറഞ്ഞു; ‘ഞങ്ങള്‍ പിടിച്ചിട്ടുള്ളതു വെറും ഒരു കൊള്ളക്കാരനെ, ഒരു പഴക്കള്ളനെ, മാത്രമല്ല; ഞങ്ങള്‍ക്ക്, ഞങ്ങളുടെ കൈയില്‍, ഒരു തട്ടിപ്പറിക്കാരനെ, തടവില്‍ നിന്നു വിട്ടുപോയിട്ടുള്ള ഒരു പഴയ കള്ളപ്പുള്ളിയെ, പണ്ടു ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരുത്തനെ, ഏറ്റവും അപകടക്കാരനായ ഒരു തെമ്മാടിയെ, കോടതിയില്‍ നിന്ന് അന്വേഷിക്കുന്നവനും എട്ടു കൊല്ലം മുന്‍പ് തൂലോങ്ങിലെ തണ്ടുവലിശ്ശിക്ഷ സ്ഥലത്തു നിന്നു പുറത്തു കടന്ന ഉടനെ ഴെര്‍വെയ്ക്കുട്ടി എന്നു പേരായ ഒരു തെണ്ടിക്കുട്ടിയുടെ കൈയില്‍ നിന്നു രാജവീഥിയില്‍ വെച്ച് ഒരു തട്ടിപ്പറി നടത്തിയവനുമായ ഴാങ്ങ് വാല്‍ഴാങ്ങ് എന്ന ഒരു കേഡിയെയാണ് ഇന്നു കിട്ടിയിരിക്കുന്നത്: ആ തട്ടിപ്പറിക്കുറ്റത്തിനു ശിക്ഷാനിയമം 383 — ആം വകുപ്പു പ്രകാരം ഈ മനുഷ്യനെ ഇനിയും വിചാരണയ്ക്കു വരുത്തേണ്ടതുണ്ട്; അതിപ്പോള്‍ തങ്ങള്‍ നിര്‍ത്തി വെക്കുന്നു: ആള്‍ ഞങ്ങള്‍ പറയുന്നാള്‍ തന്നെയാണെന്നു കോടതിയില്‍ നിന്നു തീര്‍ച്ചപ്പെടുത്തിയതിനു ശേഷം അതു ചെയ്യുന്നതാണ്. ഇപ്പോള്‍ ആ മനുഷ്യന്‍ ഒരു പുതിയ കുറ്റം കൂടി പ്രവര്‍ത്തിച്ചിരിക്കുന്നു; അതു രണ്ടാമത്തേതാണ്; പുതിയ കുറ്റത്തിനുള്ള ശിക്ഷ കൊടുക്കുക; പിന്നീട് പഴയ കുറ്റത്തിനുള്ള വിചാരണ തുടങ്ങാം;’ ഇങ്ങനെ കുറ്റം ആരോപിച്ചതു കേട്ടപ്പോള്‍, സാക്ഷികളെല്ലാം ഏകകണ്ഠമായി വാമൊഴി കൊടുത്തപ്പോള്‍, ആ പ്രതി, അതേവരെ മറ്റൊരൊന്നു കൊണ്ടുണ്ടായിട്ടുള്ളതിലധികമയി, അമ്പരന്നതുപോലെ തോന്നി; ഇല്ല എന്നര്‍ഥം വരുത്തുന്ന ആംഗ്യങ്ങളും ഭാവങ്ങളും ആ മനുഷ്യന്‍ കാണിക്കും; അല്ലെങ്കില്‍ വെറുതെ തട്ടിന്മേലേക്ക് തുറിച്ചു നോക്കും. അയാള്‍ ബുദ്ധിമുട്ടിക്കൊണ്ടാണ് സംസാരിച്ചത്; പരിഭ്രമിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്; എങ്കിലും അയാളുടെ സ്വരൂപം അടി മുതല്‍ മുടിവരെ ആകപ്പാടെ ഒരു നിഷേധമായിരുന്നു; ആ മനുഷ്യന്റെ ചുറ്റും യുദ്ധത്തിനുവേണ്ടി ഒരുക്കി നിര്‍ത്തിയ ഇത്രയുമധികം ആളുകള്‍ക്കു മുന്‍പില്‍ അയാള്‍ ഒരപരിചിതനെ പോലെ കാണപ്പെട്ടു. എങ്കിലും ഇത് അയാളുടെ ഭാവിജീവിതം മുഴുവനും അപകടത്തിലാക്കുന്ന ഒരു കാര്യമായിരുന്നു; ഓരോ നിമിഷത്തിലും സാദൃശ്യം വര്‍ദ്ധിച്ചുവന്നു; പിന്നേയും അയാളുടെ തലയ്ക്കുമീതേ അധികം അടുത്തിറങ്ങിവരുന്ന ആ ആപത്തുകൊണ്ടു നിറഞ്ഞ ശിക്ഷാവിധിയെ ആള്‍ക്കൂട്ടം, അയാളെക്കാളധികം ഉല്‍ക്കണ്ഠയോടുകൂടി നോക്കിക്കണ്ടു. വരാനിരിക്കുന്നതു കുറേശ്ശെ മുന്‍കൂട്ടി കാണാനുണ്ടായിരുന്നു; തണ്ടുവലിശ്ശിക്ഷയ്ക്കു പുറമേ, അയാള്‍ ആ വിചാരിക്കപ്പെട്ട ആള്‍ തന്നെയാണെന്നു സ്ഥാപിക്കുന്ന പക്ഷവും, ഴെര്‍വെയ്ക്കുട്ടിയുടെ കാര്യം മേലില്‍ ശിക്ഷയില്‍ത്തന്നെ ചെന്നവസാനിക്കുന്ന പക്ഷവും, മരണശിക്ഷയ്ക്കു സംഗതിയുണ്ട്. ഈ മനുഷ്യന്‍ ആരാണ്! അയാളുടെ ഔദാസീന്യം എന്തുമാതിരിയുള്ളതാണ്? ബുദ്ധിയില്ലായ്മയോ അതിബുദ്ധിയോ അത്? അയാള്‍ക്കു കാര്യമെല്ലാം വേണ്ടതിലധികം മനസ്സിലായോ? അതോ തീരെ മനസ്സിലാകുന്നില്ലേ? ഈ ചോദ്യങ്ങളാണ് ജനക്കൂട്ടത്തെ കക്ഷിതിരിച്ചിരുന്നത്; ഇവതന്നെയാണ് ജൂറിമാരേയും ഭിന്നിപ്പിച്ചിരുന്നതെന്നു തോന്നി; ഭയപ്പെടുത്തുകയും അമ്പരിപ്പിക്കുകയും രണ്ടും ചെയ്യുന്ന എന്തോ ഒന്ന്, ഈ കേസ്സിലുണ്ട്. ഈ നാടകം ദുഃഖമയമാണെന്നു മാത്രമല്ല അസ്പഷ്ടവുമായിരുന്നു.

പ്രതിഭാഗം വക്കീല്‍ നല്ല ഭംഗിയില്‍ സംസാരിച്ചു — വളരെക്കാലമായി വക്കീല്‍മാരുടെ വാഗ്മിത്വം നിലനില്ക്കുന്നതും, പാരിസ്സിലേയും മറ്റും അഭിഭാഷക ലോകം മുഴുവനും പണ്ടുപയോഗിച്ചിരുന്നതും, ഇന്നു പരിശുദ്ധഭാഷാശൈലിയായിച്ചമഞ്ഞതുകൊണ്ടു നീതിന്യായക്കോടതികലിലെ ഉദ്യോഗസ്ഥപ്രാസംഗികന്മാരല്ലാതെ — സൗരവമായ മുഴക്കവും അന്തസ്സേറിയ ചുവടകലക്കൂടുതലും കാരണം അവര്‍ക്ക് യോജിച്ചതാണ് — മറ്റാരും പ്രയോഗിക്കാറില്ലാത്തതുമായ ആ ഒരു ഗ്രാമ്യഭാഷയില്‍ — ഭര്‍ത്താവിനെ സംബന്ധക്കാരനെന്നും ഭാര്യയെ അകത്തുള്ളവരെന്നും, പാരിസ്സിനെ കലാവിദ്യയുടേയും പരിഷ്കാരത്തിന്റേയും കേന്ദ്രമെന്നും, രാജാവിനെ മഹാരാജാവെന്നും പ്രധാന മെത്രാനെ വിശുദ്ധികൂടിയ പുരോഹിതനെന്നും, ഗവര്‍മ്മെണ്ടു വക്കീലിനെ പൊതുജന വിചാരണയുടെ വാഗ്മിപ്രഭാഷകനെന്നും, അഭിഭാഷകപ്രസംഗത്തെ നാമിപ്പോള്‍ കേട്ട ശബ്ദധോരണിയെന്നും, ലൂയി പതിന്നാലാമന്റെ കാലത്തെ ശ്രേഷ്ഠശതാബ്ദമെന്നും, നാടകവേദിയെ മെല്പൊമീനിന്റെ ദേവാലയമെന്നും, രാജകുടുംബത്തെ നമ്മുടെ മഹാരാജാവിന്റെ ശ്രേഷ്ഠവംശമെന്നും, സംഗീതാഘോഷത്തെ ഗാനോത്സവമെന്നും, പ്രധാന സേനാനായകനെ ഉല്‍കൃഷ്ടയുദ്ധഭടനെന്നും, മതാധ്യയനാലയത്തിലെ അധ്യേതാക്കളെ ആ പ്രായം കുറഞ്ഞ ചപലതകളെന്നും, പത്രങ്ങളിലെ അബദ്ധങ്ങളെ പത്രപംക്തികളിലൂടെ തന്റെ വിഷയത്തെ ഊറിവീഴിക്കുന്ന കള്ളപ്പണിയെന്നും, മറ്റും, മറ്റും പറയുന്ന ആ ഒരു ഭാഷയില്‍ — നല്ല ഭംഗിയില്‍ പ്രസംഗിച്ചു. ആപ്പിള്‍പ്പഴം മോഷ്ടിച്ചു എന്നതിലേക്കുള്ള ഒരു സമാഷാനത്തോടുകൂടിയാണ് വക്കീല്‍ പ്രസംഗമാരംഭിച്ചത് — ഒരു വിലക്ഷണസംഗതി രസകരമായ ഭാഷയില്‍ പൊതിഞ്ഞുകാണിച്ചു; എന്നാല്‍ സാക്ഷാല്‍ ബെനിങ്ങ് ബൊസ്സ്വെയ്ക്കുകൂടി ഒരു ചരമപ്രസംഗത്തിനിടയില്‍ ഒരു കോഴിക്കൂട്ടത്തെപ്പറ്റി പ്രസംഗിക്കേണ്ടിവന്നിട്ടുണ്ട്; അയാള്‍ ആ ദുര്‍ഘടത്തില്‍ നിന്നു രാജകീയമായ അന്തസ്സോടുകൂടി പുറത്തുകടന്നു. ആപ്പിള്‍പ്പഴം കട്ടത് വേണ്ടവിധം തെളിയിച്ചുകഴിഞ്ഞിട്ടില്ലെന്നുള്ള വാസ്തവം വക്കീല്‍ സ്ഥാപിച്ചു. അയാളുടെ കക്ഷി — വക്കീല്‍ എന്ന നിലയില്‍ അയാള്‍ പ്രതിയെ ഷാങ്മാത്തിയോ എന്നു തന്നെ വിളിക്കുന്നതില്‍ ശാഠ്യം പിടിച്ചു — ആ മതില്‍ കയറിക്കടന്നതായും ആ കൊമ്പ് ഒടിച്ചതായും ഒരുത്തനും കണ്ടിട്ടില്ല. കൈയില്‍ കൊമ്പോടുകൂടി (വക്കീല്‍ അതു ചില്ലറയാണെന്നേ പറയുകയുള്ളൂ) ആ മനുഷ്യന്‍ പിടിക്കപ്പെട്ടു; പക്ഷേ, അതു മുറിഞ്ഞു നിലത്തു കിടന്നിരുന്നതാണ്. കണ്ടപ്പോള്‍ താനെടുത്തു എന്നേ ഉള്ളൂ എന്ന് അയാള്‍ പറയുന്നു. അങ്ങനെയില്ലെന്നതിലേക്ക് തെളിവെന്താണുള്ളത്? ആ കൊമ്പ് ഒടിക്കപ്പെട്ടതാണെന്നും മതില്‍ കയറിക്കടന്നതിനുശേഷം ഒളിച്ചുവെച്ചതാണെന്നും ഒടുവില്‍ ഭയപ്പെട്ടുപോയ ആ കള്ളന്‍ അതു വലിച്ചെറിഞ്ഞതാണെന്നുമുള്ളതില്‍ സംശയിക്കാനില്ല; ഈ കാര്യത്തില്‍ ഒരു കള്ളനുണ്ടെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, ആ കള്ളന്‍ ഷാങ്മാത്തിയോവാണ് എന്നതിന് എന്താണ് തെളിവ്? ഒന്നു മാത്രം. ഒരു തടവുപുള്ളിയാണെന്നുള്ളത്, നിര്‍ഭാഗ്യവശാല്‍, ആ കാര്യം വേണ്ട വിധം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നത് വക്കീല്‍ എതിര്‍ത്തില്ല; പ്രതി ഫെവറൊളെയില്‍ താമസിച്ചിരുന്നു; പ്രതി അവിടെ ഒരു മരം വെട്ടുകാരനായിരുന്നു; ഷാങ്മാത്തിയോ എന്ന പേര്‍ ഴാങ്ങ് മാത്തിയോ എന്നതില്‍ നിന്നുത്ഭവിച്ചതാണെന്നു വന്നേക്കാം; ഇതൊക്കെ ശരിയാണ് — ചുരുക്കിപ്പറഞ്ഞാല്‍. നാലു സാക്ഷികള്‍ ഷാങ്മാത്തിയോ തടവുപുള്ളിയായിരുന്ന ഴാങ്ങ് വാല്‍ഴാങ്ങാണെന്നു തികച്ചും, സംശയം കൂടാതെയും, കണ്ടറിഞ്ഞിരിക്കുന്നു; ഈ അടയാളങ്ങള്‍ക്ക്, ഈ തെളിവിന്ന്, എതിരായി തന്റെ കക്ഷിയുടെ, പക്ഷപാതമുള്ള ഒരാളുടെ, വാക്കുമാത്രമല്ലാതെ മറ്റൊന്നും വക്കീലിനു കാണിക്കാനില്ലെ; പക്ഷേ, ആ മനുഷ്യന്‍ തടവുപുള്ളിയായ ഴാങ്ങ് വാല്‍ഴാങ്ങ് തന്നെയാണെന്നു വെച്ചാല്‍ത്തന്നെ, അതുകൊണ്ട് അയാളാണ് ആ ആപ്പിള്‍പ്പഴം കട്ടതെന്നു തെളിഞ്ഞുവോ? ഏറിയാല്‍ അങ്ങനെ ഒന്നൂഹിക്കാം, എന്നാല്ല്ലാതെ അതൊരു തെളിവായില്ല. അപ്പോള്‍ ബന്ധനാവസ്ഥയിലിരിക്കുന്ന പ്രതിയും, ‘മനോവിശ്വാസത്തോടുകൂടി’ അതു സമ്മതിക്കേണ്ടിവന്ന പ്രതിഭാഗം വക്കീലും ‘ഒരു തിരിഞ്ഞു മറിഞ്ഞ എതിര്‍വാദമാണ്’ ചെയ്യുന്നതെന്നുള്ളതു ശരിയാണ്. പ്രതി യാതൊന്നും സമ്മതിക്കുന്നില്ല; കളവുമില്ല’ തടവുപുള്ളിയാണെന്നുമില്ല. ഒടുവിലത്തെ ഭാഗം സമ്മതിച്ചു കളകയായിരുന്നു നിശ്ചയമായും ഭേദം; വിധികര്‍ത്താക്കന്മാരുടെ ദയ അതുകൊണ്ടുണ്ടാകുമായിരുന്നു; അതു ചെയ്യുവാന്‍ വക്കീല്‍ കക്ഷിയോടുപദേശിച്ചിരുന്നു: പക്ഷേ, ഒന്നും സമ്മതിക്കാതെ നിന്നാല്‍ എല്ലാം നേരെയായിക്കൊള്ളുമെന്നു വിചാരിച്ചിട്ടാവും, സംശയമില്ല, പ്രതി വാശിയോടുകൂടി നിഷേധിച്ചു. അതൊരബദ്ധമാണ്; പക്ഷേ, അയാളുടെ ബുദ്ധിയില്ലായ്മ ആലോചിക്കപ്പെടേണ്ട ഒന്നല്ലേ? കാഴ്ചയില്‍ത്തന്നെ അയാള്‍ ഒരു മന്തനാണ്. തണ്ടുവലിശ്ശിക്ഷസ്ഥലത്തു കിടന്ന് അനുഭവിച്ചിട്ടുള്ള വളരെക്കാലത്തെ കഷ്ടപ്പാടും, അതില്‍ നിന്നു പുറത്തു കടന്നതിനു ശേഷം ഉണ്ടായിട്ടുള്ള വളരെക്കാലത്തെ വലച്ചിലും, ആ മനുഷ്യനെ മൃഗം പോലാക്കിയിരിക്കണം, മറ്റും മറ്റും. ആ മനുഷ്യന്‍ വേണ്ടവിധം തന്റെ കാര്യം പറഞ്ഞിട്ടില്ല; അയാളെ ശിക്ഷിക്കുന്നതിന് അതൊരു കാരണമാണോ? ഴെര്‍വെയ്ക്കുട്ടിയുടെ കാര്യത്തെപ്പറ്റിയാണെങ്കില്‍, വക്കീല്‍ യാതൊന്നും പറയേണ്ടതില്ല; അത് ഈ കേസ്സില്‍ വന്നിട്ടില്ല. ആ പ്രതി ഴാങ്ങ് വാല്‍ഴാങ്ങാണെന്നുള്ള വാദം വാസ്തവമാണെന്നു തോന്നുന്ന പക്ഷം ബന്ധനാവസ്ഥയില്‍ നിന്നു ചാടിപ്പോയ കുറ്റത്തിനു പൊല്ലീസ് നിയമപ്രകാരമുള്ള ശിക്ഷകള്‍ അയാള്‍ക്കു കൊടുക്കുകയല്ലാതെ’ രണ്ടാമതും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാലുള്ള ഭയങ്കരശിക്ഷ പ്രതിയുടെ മേല്‍ പതിപ്പിക്കരുതെന്നു ജൂറിമാരോടും കോടതിയോടും അപേക്ഷിച്ചുകൊണ്ടു വക്കീല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

ഗവണ്‍മെന്റു വക്കീല്‍ പ്രതിഭാഗം വക്കീലിന്റെ വാദത്തിനു മറുപടി പറഞ്ഞു. എല്ലാ ഗവര്‍മ്മെണ്ടു വക്കീല്‍മാരേയും പോലെ അയാളും നല്ല രസത്തിലും ശക്തിയിലും സംസാരിച്ചു.

പ്രതിഭാഗം വക്കീലിന്റെ ‘രാജഭക്തി’യെ അയാള്‍ അഭിനന്ദിച്ചു; ഈ രാജഭക്തിയെ അയാള്‍ സാമര്‍ഥ്യത്തോടുകൂടി തന്റെ ഗുണത്തിന് ഉപയോഗപ്പെടുത്തി. പ്രതിഭാഗം വക്കീലിന്റെ എല്ലാ സമ്മതങ്ങളേയും പിടിച്ച് അയാള്‍ പ്രതിയുടെ മേല്‍ പാഞ്ഞു കയറി. ആ ബന്ധാവസ്ഥയിലിരിക്കുന്ന ആള്‍ ഴാങ്ങ് വാല്‍ഴാങ്ങാണെന്നു പ്രതിവക്കീല്‍ സമ്മതിച്ചു എന്നു തോന്നുന്നു. ഈ വാദമുഖം അന്യായഭാഗത്തേക്കനുകൂലമായി തീര്‍ച്ചപ്പെടുത്തിത്തന്ന സ്ഥിതിക്ക് ഇനി അതിനെപ്പറ്റി വാദിക്കേണ്ടതില്ല. ഇവിടെ, ദുഷ്പ്രവൃത്തികളുടെ ആദികാരണത്തിലേക്കും ഉത്ഭവസ്ഥാനത്തിലേക്കും തിരിഞ്ഞു ചെല്ലുന്ന ഒരു സമര്‍ത്ഥതരമായ പുതുവിദ്യയോടുകൂടി, ആ കാലത്തു പൈശാചികപ്രസ്ഥാനം എന്ന പേരില്‍ — ഈ പേര്‍ മറ്റു ഗുണദോഷനിരൂപകന്മാര്‍ കലിപിച്ചു കൊടുത്തതാണ് — പുറപ്പെട്ടു തുടങ്ങിയിട്ടുള്ള പുതിയ പ്രസ്ഥാനത്തിന്റെ ചീത്തത്തെപ്പറ്റി ഗവണ്‍മ്മെണ്ടു വക്കീല്‍ കുറച്ചിട നിന്നു ഗര്‍ജ്ജിച്ചു; ഈ പ്രസ്ഥാനത്തിലേക്കു ചേര്‍ന്ന ഓരോ നീചഗ്രന്ഥങ്ങളുടെ പ്രചാരമാണ് ഷാങ്മാത്തിയോവിന്റെ, അല്ലെങ്കില്‍ കുറെക്കൂടി ശരിയായി പറയുന്ന പക്ഷം, ഴാങ്ങ് വാല്‍ ഴാങ്ങിന്റേതു പോലുള്ള ദുഷ്‌പ്രവൃത്തികളുടെ കാരണമെന്നു — തീരെ അതില്‍ സംഭാവ്യത ഇല്ലായ്കയില്ല — അയാള്‍ വാദിച്ചു. ഈവക ആലോചനകളുടെയെല്ലാം കലവറ തീര്‍ന്നതിനുശേഷം, അയാള്‍ വാദിച്ചു. ഈവക ആലോചനകളുടെയെല്ലാം കലവറ തീര്‍ന്നതിനുശേഷം, അയാള്‍ ഴാങ്ങ് വാല്‍ഴാങ്ങിനെപ്പറ്റി പറയാനാരംഭിച്ചു. ഈ ഴാങ്ങ് വാല്‍ഴാങ്ങ് ആരാണ്? ഴാങ്ങ് വാല്‍ഴാങ്ങിന്റെ വിവരണം; ഒരു രാക്ഷസന്‍, അങ്ങനെ, ഇങ്ങനെ, ഇത്തരം വിവരണത്തിന്റെ മാതൃക തെറാമേനിന്റെ കെട്ടുകഥയില്‍ കാണാവുന്നതാണ്; ദുഃഖപര്യവസായികളായ നാടകങ്ങള്‍ക്കിടയില്‍ ഇതുകൊണ്ട് ഉപയോഗമൊന്നുമില്ലെങ്കിലും, വക്കീല്‍മാരുടെ പ്രസംഗചാതുര്യം വര്‍ദ്ധിക്കുന്നതിന് ഇതു വളരെ സഹായിക്കുന്നുണ്ട്. കാണികളും ജൂറിമാരും ‘വിറച്ചു പോയി.’ വിവരണം കഴിഞ്ഞതിനു ശേഷം പൊല്ലീസ് മേലധ്യക്ഷന്റെ വക പിറ്റേ ദിവസത്തെ ദിനസരിക്കുറിപ്പുകള്‍ക്ക് ഉശിരു കൂട്ടുവാന്‍ പറ്റിയവിധം ഒരു വാഗ്മിതയോടുകൂടി ഗവര്‍മ്മെണ്ടു വക്കീല്‍ ആരംഭിച്ചു; തെമ്മാടിയും ഇരപ്പാളിയും കഴിഞ്ഞു കൂടുവാന്‍ വഴിയില്ലാത്തവനും മറ്റും മറ്റുമായി ദുഷ്പ്രവൃത്തികള്‍ക്കുള്ള പഴയ കാലത്തെ വാസനയാല്‍ പ്രേരിതനും, ഴെര്‍വെയ്ക്കുട്ടിയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ച ദുഷ്കര്‍മം കൊണ്ടു തെളിഞ്ഞ പോലെ, തണ്ടുവലിശ്ശിക്ഷ സ്ഥലത്തു കിടന്നതുകൊണ്ടു യാതൊരു മനഃപരിഷ്കാരവും വരാത്തവനുമായി, അങ്ങനെയുള്ള ഒരുത്തനാണ്, കയറിക്കടന്ന മതിലിന്റെ അടുത്തു വെച്ച്, അപ്പോഴും കൈയില്‍ മോഷ്ടിക്കപ്പെട്ട സാധനത്തോടുകൂടി നില്ക്കെ പിടിക്കപ്പെട്ടിട്ടുള്ള അങ്ങനെ ഒരുവനാണ്, താന്‍ കുറ്റം പ്രവര്‍ത്തിച്ചിട്ടില്ലെന്നു, കേട്ടിട്ടില്ലെന്നു, മതില്‍ കയറിക്കടന്നിട്ടില്ലെന്ന്, എതിര്‍വാദം ചെയ്യുന്നത്. സകലവും അവന്‍ നിഷേധിക്കുന്നു, താന്‍ ആരാണെന്നുകൂടി അവന്‍ നിഷേധിക്കുന്നു! വേറെ ഒരു നൂറു തെളിവുകളുള്ളതിനു പുറമെ — അവയൊക്കെ ഇനിയും നമുക്കാവര്‍ത്തിക്കേണ്ട — അതാ നാലു സാക്ഷികള്‍ അവനെ കണ്ടറിഞ്ഞിരിക്കുന്നു — സത്യനിഷ്ഠനായ പൊല്ലീസ്സിന്‍സ്പെക്ടർ ഴാവേറും, തടവില്‍ കൂട്ടുകാരായിരുന്ന ബ്രെവെ, ഷെനില്‍ദിയു, കോഷ്പയില്‍ എന്നീ മൂന്നു തടവുപുള്ളികളും. ഈ അമ്പരപ്പിച്ചു കളയുന്ന തെളിവിന്നെതിരായി അയാളുടെ പക്കല്‍ എന്തുണ്ട്? അയാളുടെ നിഷേധം എന്തു ദുശ്ശാഠ്യം! മാന്യന്മാരായ ജൂറിമാരേ, നിങ്ങള്‍ നീതി പ്രവര്‍ത്തിക്കും, മറ്റും മറ്റും ഗവര്‍മ്മേണ്ടു വക്കീല്‍ പ്രസംഗിക്കുമ്പോള്‍, ഏതാണ്ടൊരു ബഹുമാനം നിശ്ചയമായും കൂടികലര്‍ന്നിട്ടുള്ള ഒരുതരം അമ്പരപ്പോടുകൂടി, പ്രതി വായും പിളര്‍ന്നു കേട്ടുകൊണ്ടു നിന്നു. ഒരു മനുഷ്യന്‍ ഇങ്ങനെ സംസാരിക്കുന്നുവല്ലോ എന്നു കാഴ്ചയില്‍ അയാള്‍ അത്ഭുതപ്പെട്ടു. അന്യായവക്കീലിന്റെ പ്രസംഗത്തിലെ ആ ‘ഉശിരുകയറി’ക്കൊണ്ടുള്ള അതാതു സന്ദര്‍ഭങ്ങളില്‍, ഉള്ളിലൊങ്ങാത്ത വാഗ്മിത്വം വാടിപ്പിക്കുന്ന വാക്കുകളുടെ ഒരു തള്ളിക്കയറ്റമായി പൊട്ടിയൊഴുകുകയും ഒരു വേലിയേറ്റം പോലെ പ്രതിയെ മൂടിക്കളയുകയും ചെയ്യുമ്പോള്‍, ആ പ്രസംഗത്തിന്റെ ആരംഭം മുതല്ക്ക് എന്തൊന്നു കൊണ്ടു താന്‍ തൃപ്തിപ്പെട്ടു പോന്നുവോ ആ നിശ്ശബ്ദവും ദുഃഖമയവുമായ തന്റെ വിസമ്മതം കാണിക്കലായി പതുക്കെ ഇടത്തുനിന്നു വലത്തോട്ടും വലത്തു നിന്നിടത്തോട്ടും, ഇടയ്ക്കിടയ്ക്ക്, ആ മനുഷ്യന്‍ തലയൊന്നിളക്കിയിരുന്നു. രണ്ടോ മൂന്നോ തവണ പ്രതിക്കു വളരെ അടുത്തു നിന്നിരുന്ന കാണികള്‍, ഒരു താഴ്ന്ന സ്വരത്തില്‍ അയാള്‍ ഇങ്ങനെ പറയുന്നതു കേട്ടിരുന്നു, ‘അതാണ് മൊസ്സ്യു ബാലുവറോടു ചോദിക്കാഞ്ഞാലുണ്ടാവുക.’ കാഴ്ചയില്‍ത്തന്നെ മനഃപൂര്‍വമായതും, ബുദ്ധിശൂന്യതയെയല്ല, കൗശലത്തേയും സാമര്‍ഥ്യത്തേയും നീതിന്യായത്തെ തോല്പിക്കുന്നത് ഒരു സാത്മ്യമായി തീര്‍ന്നിട്ടുണ്ടെന്നതിനേയും കാണിക്കുന്നതും, ആ മനുഷ്യന്‍ ‘ഏതായാലും നേരെയാവില്ല’ന്നതിനെ തികഞ്ഞ നഗ്നതയില്‍ പ്രകാശിപ്പിക്കുന്നതുമായ ആ മന്തത്തത്തോടുകൂടിയ നില്പ് വിശേഷിച്ചും നോക്കിക്കാണെണ്ടതാണെന്നു ഗവര്‍മ്മേണ്ടു വക്കീല്‍ ജൂറിമാര്‍ക്കു പറഞ്ഞു കൊടുത്തു. ഴെര്‍വെയ്ക്കുട്ടിയുടെ കാര്യം മറ്റൊരു സന്ദര്‍ഭത്തിലേക്കായി കലവറയില്‍ വെച്ചുകൊണ്ടും, കഠിനമായ ഒരു ശിക്ഷ കൊടുപ്പാന്‍ ജൂറിമാരോട് ആവശ്യപ്പെട്ടുകൊണ്ടും വക്കീല്‍ പ്രസംഗമവസാനിപ്പിച്ചു.

ആ കാലത്തു, വായനക്കാര്‍ ഓര്‍മിക്കാവുന്നവിധം, ജീവപര്യന്തം കഠിനതടവായിരുന്നു ശിക്ഷ.

പ്രതിഭാഗം വക്കീല്‍ എണീറ്റു; ഗവര്‍മ്മേണ്ടു വക്കീലിന്റെ ‘കൗതുകകരമായ പ്രസംഗത്തെ’ അഭിനന്ദിച്ചുകൊണ്ടാരംഭിച്ചു, തന്നാല്‍ സാധിക്കുന്ന വിധമെല്ലാം അയാള്‍ സമാധാനം പറഞ്ഞു; പക്ഷേ, അയാള്‍ കുറച്ചു ചെല്ലുന്തോറും അധികം ക്ഷീണിക്കാന്‍ തുടങ്ങി; അയാളുടെ കാലിന്നടിയില്‍ നിന്നു നിലം താണു താണു പോയിരുന്നു എന്നു കണ്ടാല്‍ത്തന്നെ തോന്നും.

നിഷേധിക്കലിന്റെ രീതി

കേസ്സ് അവസാനിപ്പിക്കേണ്ട സമയമായി. വിചാരണ ചെയ്യുന്ന പ്രധാന ജഡ്ജി പ്രതിയോട് എഴുന്നേറ്റു നില്ക്കാന്‍ കല്പിച്ചു. ‘നിനക്ക് ഇനി എന്തെങ്കിലും വിശേഷിച്ചു പറയാനുണ്ടോ?’ എന്നുള്ള പതിവു ചോദ്യം ചോദിച്ചു.

ആ മനുഷ്യന്നു യാതൊന്നും മനസ്സിലാവുന്നില്ലെന്നു തോന്നി; തന്റെ പക്കലുള്ള ഒരു വല്ലാത്ത തൊപ്പി കൈയിലിട്ടു ചുരുട്ടി മടക്കിക്കൊണ്ട് അയാള്‍ അവിടെ നിന്നു.

പ്രധാനജഡ്ജി തന്റെ ചോദ്യം ആവര്‍ത്തിച്ചു.

ഇത്തവണ ആ മനുഷ്യന്‍ കേട്ടു. അയാള്‍ക്കതു മനസ്സിലായി എന്നു തോന്നി. അപ്പോള്‍ ഉറക്കമുണര്‍ന്ന ഒരാളെപ്പോലെ അയാള്‍ ഒന്നനങ്ങി, നാലു പുറവും നോക്കി, കാണികളേയും പട്ടാളക്കാരേയും തന്റെ വക്കീലിനേയും ജൂറിമാരേയും കോടതിയേയും തുറിച്ചുനോക്കി, തന്റെ ബെഞ്ചിനു മുന്‍പിലുള്ള മരപ്പണിയുടെ വക്കത്തു രാക്ഷസോചിതമായ തന്റെ മുഷ്ടിയമര്‍ത്തി ഒന്നുകൂടി നോക്കി, എന്നിട്ടു പെട്ടന്നു ഗവര്‍മ്മേണ്ടു വക്കീലിന്റെ മേല്‍ ദൃഷ്ടി പതിച്ചു പറയാന്‍ തുടങ്ങി. അതൊരു പൊട്ടിപ്പുറപ്പെടലായിരുന്നു; പരസ്പരസംബന്ധമില്ലാതേയും, വിവേകരഹിതമായും, സമ്മിശ്രതരമായും തമ്മില്‍ത്തമ്മില്‍ തട്ടിമറിഞ്ഞുകൊണ്ടും വാക്കുകള്‍ വായില്‍ നിന്നു പുറപ്പെട്ടിരുന്ന മട്ടുകൊണ്ടു നോക്കുമ്പോള്‍, അവയെല്ലാംകൂടി ഒരേസമയത്തു പുറത്തു കടക്കാന്‍ തിരക്കുകയാണെന്നു തോന്നി. അയാള്‍ പറഞ്ഞു: ‘ഇതാണ് എനിക്കു പറയാനുള്ളത്, ഞാന്‍ പാരിസ്സില്‍ ഒരു വണ്ടിപ്പണിക്കാരനായിരുന്നു: അതു മൊസ്സ്യു ബാലുവിന്റെ കീഴിലാണ്. അതൊരു രസമില്ലാത്ത പണിയാണ്. വണ്ടിപ്പണിക്കാരന്ന് എപ്പോഴും തുറസ്സായ സ്ഥലത്തു, മുറ്റത്തു, എജമാമന്മാര്‍ നല്ലവരായാല്‍ വെച്ചുകെട്ടിയുടെ ഉള്ളില്‍ — സ്ഥലം പോവുന്നതുകൊണ്ട് ഒരിക്കലും പണിപ്പുരയുടെ അകത്തുവെച്ചല്ല — അവിടെ വെച്ചാണ് പണിയെടുക്കേണ്ടതെന്ന് അറിയാമല്ലോ. മഴക്കാലത്ത് ആളുകള്‍ അത്രയും തണുത്തു പോകുന്നതുകൊണ്ടു ചൂടു തോന്നാന്‍ കൈകൊണ്ടു താളം പിടിക്കുന്നു; പക്ഷേ, ഏജമാനന്മാര്‍ക്ക് അത് രസമല്ല; അതു സമയം കളയുന്നു എന്നാണ് അവര്‍ പറയുന്നത്. കല്‍വിരിപ്പുകളുടെ ഇടയില്‍ മഞ്ഞിന്‍കട്ടിയുള്ളപ്പോള്‍ ഇരിമ്പെടുത്തു മേടുന്നതു വല്ലാത്ത പണിയാണ്. അതു ക്ഷണത്തില്‍ ആളുകളെ കിഴവന്മാരാക്കുന്നു. അപ്പണിക്കാര്‍ക്ക് നന്നേ ചെറുപ്പത്തില്‍ തന്നെ വയസ്സായിപ്പോകുന്നു. നാല്പതായാല്‍ ആ ഒരു മനുഷ്യന്റെ കാര്യം തീര്‍ന്നു. എനിക്ക് അമ്പത്തിമൂനായി. എനിക്കു വയ്യാതായി. അപ്പോള്‍ കൂലിപ്പണിക്കാരൊക്കെ മോശം മട്ടുകാരാണ്. ഒരാള്‍ക്കു ചെറുപ്പമല്ലെന്നു കണ്ടാല്‍ അവനെ അവര്‍ തന്തക്കഴു, തന്തജന്തു എന്നൊക്കെയേ വിളിക്കൂ! എനിക്കു ദിവസത്തില്‍ മുപ്പതു സൂവിലധികം കിട്ടിയിരുന്നില്ല. കഴിയുന്നതും കുറച്ചേ അവര്‍ എനിക്കു കൂലി തരാറുള്ളൂ. എന്റെ പ്രായാധിക്യത്തെ എജമാനന്മാര്‍ ഒരു തഞ്ചമാക്കി — പിന്നെ എനിക്കു മകളുണ്ട്; അവള്‍ പുഴയ്ക്കല്‍ ഒരലക്കുകാരിയാണ്. അവളും കുറച്ചു സമ്പാദിക്കും. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുംകൂടി അതു മതി. അവള്‍ക്കുമുണ്ട് ബുദ്ധിമുട്ട്; പകല്‍ മുഴുവനും അരയ്ക്കു വെള്ളത്തില്‍ തൊട്ടിയില്‍, മഴയത്തു, മഞ്ഞത്തു, നില്ക്കണം. കാറ്റ് മൂഖത്തെ ചെത്തിമുറുക്കും പോലെ, എന്തും ഉറച്ച് കട്ടിയാകുന്ന സമയത്തും ഒക്കെ ശരി, നിന്നലക്കണം. കുറച്ചുമാത്രം വസ്ത്രമുള്ളവരുണ്ട്; അവര്‍ക്കു വൈകിക്കൂടാ; അലക്കിക്കൊടുത്തില്ലെങ്കില്‍ അവര്‍ വേറെ ആളെയാക്കും. തൊട്ടിയുടെ പലകകള്‍ ചേര്‍ത്തിട്ടുള്ളത് അടുപ്പിച്ചായിരിക്കുല്ല; എല്ലായിടത്തും നിന്നും ദേഹത്തില്‍ ഇറ്റിവീഴും; ഉള്ളുടുപ്പും മുകളിലും താഴത്തും ഒരു പോലെ ഈറനാവും. അതു തുളച്ചു കടക്കുന്നു. കുഴലിലൂടെ വെള്ളം കിട്ടുന്ന ആങ്ങ്ഫ്രാങ്ങ്ഴൂഷിലെ അലക്കുപുരയിലും അവള്‍ പണിയെടുത്തിട്ടുണ്ട്. അവിടെ തൊട്ടിയില്‍ നില്ക്കണ്ടാ; മുന്‍പിലുള്ള വെള്ളക്കുഴലിന്നടുത്തു പിടിച്ചു തിരുമുകയും പിന്നിലുള്ള പാത്രത്തിലിട്ട് ഒലുമ്പുകയും ചെയ്താല്‍ മതി. മൂടിയ സ്ഥലമായതുകൊണ്ട്, അവിടെ അത്ര തണുപ്പില്ല; പക്ഷേ, അവിടെ ചുട്ട ആവിയുണ്ട്; അതു വല്ലാത്തതാണ്; കണ്ണു കളയും. വൈകുന്നേരം ഏഴു മണിക്ക് അവള്‍ വീട്ടില്‍ മടങ്ങിയെത്തി ഉടനെ ചെന്നു കിടക്കും; അവള്‍ അത്ര ക്ഷീണിച്ചിരിക്കും. അവളുടെ ഭര്‍ത്താവ് അവളെ അടിച്ചിരുന്നു. അവള്‍ മരിച്ചു. ഞങ്ങള്‍ക്കു വലിയ സുഖമുണ്ടായിരുന്നില്ല. അവള്‍ ഒരു നല്ല പെണ്‍കിടാവായിരുന്നു; അവള്‍ നൃത്തവിനോദത്തിനൊന്നും പോയിരുന്നില്ല; ഒതുങ്ങിയ മട്ടുകാരിയാണ്. എനിക്കോര്‍മ്മയുണ്ട്, ഒരു കുറി നോല്‍മ്പില്‍ തലേദിവസം അവള്‍ എട്ടു ണിക്കു പോയി കിടന്നു. അതാ, അപ്പോള്‍ ഞാന്‍ നേരാണ് പറയുന്നത്; അന്വേഷിച്ചാല്‍ കഴിഞ്ഞു. ഹാ, ശരി! ഞാനെന്തു വിഡ്ഢി! പാരിസ്സ് ഒരു ഗുഹയാണ്. ഫാദര്‍ ഷാങ്മാത്തിയോവിനെ അവിടെ ആരറിയും? പക്ഷേ, ഞാന്‍ പറയാം, മൊസ്സ്യു ബാലു അങ്ങനെയല്ല, ബാലുവിന്റെ വീട്ടില്‍ പോയന്വേഷിച്ചു നോക്കൂ; ആകെപ്പാടെ എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ.’

ആ മനുഷ്യന്‍ സംസാരം നിര്‍ത്തി. അനങ്ങാതെ നിന്നു. ഉച്ചത്തിലുള്ളതും വേഗത്തോടുകൂടിയതും പരുപരുപ്പേറിയതുമായ ഒരു സ്വരത്തിലാണ്, ഏതാണ്ടു ശുണ്ഠിപിടിച്ചതും കാടന്മാര്‍ക്കു ചേര്‍ന്നതുമായ ഒരു നിഷ്കപടതയോടു കൂടിയാണ്; അയാള്‍ ഇതൊക്കെ പറഞ്ഞവസാനിപ്പിച്ചത്. ഒരിക്കല്‍ ആ ആള്‍ക്കൂട്ടത്തില്‍ ആരോ കണ്ട് ഉപചരിക്കുവാന്‍ വേണ്ടി അയാള്‍ തല കുനിച്ചു. അപ്പപ്പോള്‍ തന്റെ മുന്‍പിലേക്ക് അയാള്‍ വലിച്ചെറിഞ്ഞിരുന്ന പോലുള്ള ആ ഉറപ്പിച്ച വാക്കുകള്‍ ഓരോ ചുമപോലെ പുറത്തേക്കു വന്നു; ഓരോന്നിനും പാകത്തില്‍ മരം വെട്ടിപ്പൊളിക്കുന്ന ഒരു വെട്ടുകാരന്റേതു പോലെയുള്ള ഓരോ ആംഗ്യവും അയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അയാളുടെ പ്രസംഗം അവസാനിച്ചപ്പോള്‍, അവിടെയുള്ള കാണികളെല്ലാം പൊട്ടിച്ചിരിച്ചു. അയാള്‍ പൊതുജനക്കൂട്ടത്തെ തുറച്ചുനോക്കി; അവരെല്ലാം ചിരിക്കുന്നതു കണ്ടപ്പോള്‍, എന്തിനെന്നെറഞ്ഞുകൂടാതെ അയാളും ചിരിക്കാന്‍ തുടങ്ങി.

അതമംഗലമായി.

സശ്രദ്ധനും സുശീലനുമായ പ്രധാനജഡ്ജി പറയാനാരംഭിച്ചു.

അദ്ദേഹം ജൂറിമാര്‍ക്ക് ഓര്‍മപ്പെടുത്തിക്കൊടുത്തു; ‘പ്രതി കീഴില്‍ പണിയെടടുത്തിരുന്നു എന്നു പറഞ്ഞ ആള്‍ക്കു, മുന്‍പ് വണ്ടിപ്പണിക്കാരുടെ മേലാളായിരുന്ന മൊസ്സ്യു ബാലുവിനു, കല്പനയയച്ചിട്ടു ഫലമുണ്ടായില്ല, അയാള്‍ പൊളിഞ്ഞു പോയിരിക്കുന്നു; അന്വേഷിച്ചിട്ടു കാണാനില്ല.’ പിന്നീടു പ്രതിയുടെ നേരെ നോക്കി, താന്‍ പറയുന്നതിനെ നല്ലവണ്ണം മനസ്സിരുത്തി കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു; എന്നിട്ടു തുടര്‍ന്നു പറഞ്ഞു: ‘നല്ലവണ്ണം ആലോചിച്ചു നോക്കേണ്ടത് അത്യാവശ്യമാകുന്ന ഒരു സ്ഥിതിയാണ് ഇപ്പോള്‍ നിന്റേത്. നിന്നെപ്പറ്റി ഏറ്റവും സഗൗരവങ്ങളായ ചില ഊഹങ്ങള്‍ വന്നുകൂടിയിരിക്കുന്നു; അവയില്‍ നിന്നു കഠിനങ്ങളായ ഫലങ്ങള്‍ ഉണ്ടായിത്തീര്‍ന്നേക്കും. നിന്റെ സ്വന്തം ഗുണത്തിനായി രണ്ടു സംഗതിയെപ്പറ്റി വ്യക്തമായി സമാധാനം പറയുവാന്‍ ഞാന്‍ ഒന്നുകൂടി ആവശ്യപ്പെടുന്നു. ഒന്നാമത് പീറണ്‍തോട്ടത്തിന്റെ മതില്‍ കയറിക്കടക്കുകയും, മരക്കൊമ്പൊടിക്കുകയും, ആപ്പിള്‍പ്പഴം കക്കുകയും നീ ചെയ്തുവോ, ഇല്ലയോ; എന്നു വെച്ചാല്‍, സമ്മതം കൂടാതെ അകത്തു കടക്കുകയും മോഷണം ചെയ്യുകയുമുണ്ടായോ? രണ്ടാമതു, തടവില്‍ നിന്നു വിട്ടു പോന്ന കള്ളപ്പുള്ളിയായ ഴാങ്ങ് വാല്‍ഴാങ്ങ് നിയ്യാണോ — അതേയോ, അല്ലയോ?’

ആ കേട്ടതു നല്ലവണ്ണം മനസ്സിലാക്കുകയും എന്താണ് മറുപടി പറയേണ്ടതെന്നുറയ്ക്കുകയും ചെയ്ത ഒരാളെപ്പോലെ തടവുപുള്ളി ഒരു സമര്‍ഥതരമായ ഭാവവിശേഷത്തില്‍ തലയൊന്നിളക്കി. അയാള്‍ വായ തുറന്നു, പ്രധാന ജഡ്ജിയുടെ നേരെ നോക്കി പറഞ്ഞു: ‘ഒന്നാമത് — ’

എന്നിട്ട് അയാള്‍ തന്റെ തൊപ്പിയൊന്നു നോക്കിക്കണ്ടു, തട്ടിന്മേലേക്കു തുറിച്ചുനോക്കി, മിണ്ടാതെ നിന്നു.

‘തടവുപുള്ളി,’ ഒരു സഗൗരവസ്വരത്തില്‍ ഗവണ്‍മ്മണ്ടു വക്കീല്‍ പറഞ്ഞു, പറയുന്നത് ശ്രദ്ധവെച്ചു കേള്‍ക്കൂ. ചോദിച്ചതിനൊന്നും താന്‍ ഇതേവരെ ഉത്തരം പറഞ്ഞിട്ടില്ല. തന്റെ അമ്പരപ്പു തന്നെ ശിക്ഷിക്കുന്നു. ഷാങ്മാത്തിയോ എന്നല്ല തന്റെ പേരെന്നുള്ളതു വെളിവാണ്. താന്‍ തടവുപുള്ളിയായ ഴാങ്ങ് വാല്‍ഴാങ്ങാണ്; ആ പേര്‍ അമ്മയുടെ പേരായ ഷാങ്ങ് മാത്തിയോ എന്നതില്‍ ഒളിച്ചുവെച്ചു; താന്‍ ഓവര്‍ണില്‍ പോയി; താന്‍ ജനിച്ചിട്ടുള്ളതു ഫെവറോളയിലാണ്; അവിടെ ഒരു മരംവെട്ടുകാരനായിരുന്നു. താന്‍ പീറണ്‍തോട്ടത്തില്‍ കടക്കുകയും ആപ്പിള്‍പ്പഴം കക്കുകയും ചെയ്തു എന്നതു സ്പഷ്ടമാണ്. ജൂറിമാര്‍ അവരുടെ അഭിപ്രായം ഉണ്ടാക്കിക്കൊള്ളും.’

തടവുപുള്ളി ഒടുക്കം അവിടെ ഇരിക്കുകയായിരുന്നു; വക്കീല്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അയാള്‍ പെട്ടെന്നെണീറ്റ് ഉച്ചത്തില്‍ പറഞ്ഞു: ‘നിങ്ങള്‍ ഒരു വല്ല്ലാത്ത ദുഷ്ടനാണ്; അതുതന്നെയാണ് നിങ്ങള്‍! ഇതാണ് എനിക്കു പറയാനുണ്ടായിരുന്നത്; ആദ്യത്തില്‍ എനിക്കതിനു വാക്കു കിട്ടിയില്ല. ഞാന്‍ യാതൊന്നും കട്ടിട്ടില്ല. എല്ലാ ദിവസവും ഓരോന്നും ഭക്ഷിക്കാന്‍ കിട്ടാറില്ലാത്തവരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. ഞാന്‍ എയിലില്‍ നിന്നു വരുകയായിരുന്നു; നാടൊക്കെ മഞ്ഞപ്പിച്ച ഒരു മഴ പെയ്തു കഴിഞ്ഞതിനു ശേഷം ഞാന്‍ നാട്ടുപുറത്തൂടെ നടന്നു പോന്നു. ചെറുകുളങ്ങള്‍കൂടി വെള്ളം നിറഞ്ഞൊഴുകിയിരുന്നു. വഴിവക്കത്തുള്ള ചെറിയ പുല്ലിന്‍ കൂമ്പുകളല്ലാതെ, മറ്റൊന്നും മണ്ണില്‍നിന്നു പൊന്തിയിരുന്നില്ല. ആപ്പിള്‍പ്പഴത്തോടുകൂടിയ ഒരു മരക്കൊമ്പു നിലത്തു കിടക്കുന്നതു ഞാന്‍ കണ്ടു; എന്നെ അപകടത്തിലാകിയേക്കുമെന്നറിയാതെ അതു ഞാന്‍ കടന്നെടുത്തു. ഞാന്‍ തടവിലായി; അവരെന്നെ മൂന്നു മാസത്തോളമായി വലിച്ചുകൊണ്ടു നടക്കുന്നു; ഇതിലധികമൊന്നും എനിക്കു പറയാനില്ല; ആളുകള്‍ എന്നെപ്പറ്റി ദോഷം പറഞ്ഞുണ്ടാക്കുന്നു; ‘ചോദിച്ചതിനു മറുപടി പറയൂ’ അവര്‍ പറയുന്നു: പട്ടാളക്കാരന്‍ — അയാള്‍ ഒരു നല്ലൊരുത്തനാണ് — എന്റെ കൈമുട്ടിന്മേല്‍ മുട്ടുകൊണ്ടിടിച്ചു. പതുക്കെ എന്നോടു പറയുന്നു, ‘ആട്ടെ, ഉള്ളതു പറയൂ.’ എനിക്ക് എങ്ങനെയാണ് കാര്യം പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നറിഞ്ഞുകൂടാ; എനിക്ക് പറിപ്പൊന്നുമില്ല; ഞാനൊരു പാവമാണ്; ഇവിടെയാണ് ആളുകള്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്. അവര്‍ക്കതു മനസ്സിലാവുന്നില്ല. ഞാന്‍ കട്ടിട്ടില്ല; നിലത്തു നിന്ന് അവിടെ കിടന്നിരുന്ന സാധനങ്ങള്‍ ഞാന്‍ പെറുക്കിയെടുത്തു. നിങ്ങള്‍ പറയുന്നു, ഴാങ്ങ് വാല്‍ഴാങ്ങ്, ഷാങ്മാത്തിയോ. ഞാന്‍ അവരെ ആരെയും അറിയില്ല; അവര്‍ നാട്ടുപുറത്തുകാരാണ്. ഞാന്‍ മൊസ്സ്യു ബാലുവിന്റെ കീഴില്‍ പണിയെടുത്തിരുന്നു; എന്റെ പേര്‍ ഷാങ്മാത്തിയോ എന്നാണ്. ഞാന്‍ ജനിച്ചത് എവിടെയാണെന്നു പറഞ്ഞതു നിങ്ങളുടെ വല്ലാത്ത സാമര്‍ഥ്യം തന്നെ; എനിക്കു തന്നെ അതറിഞ്ഞുകൂടാ; ലോകത്തില്‍ വന്നു ജനിക്കുന്നതിനു വീടുള്ളവര്‍ എല്ലാവരുമില്ല; അങ്ങനെയായാല്‍ വളരെ സൗകര്യമുണ്ട്. എന്റെ അച്ഛനും അമ്മയും നിരത്തു വഴികളിലൂടെ അലഞ്ഞു നടന്നിരുന്നവരാണെന്നു ഞാന്‍ വിചാരിക്കുന്നു; അങ്ങനെയല്ലെന്നു പറയാന്‍ എനിക്കറിവില്ല. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ആളുകള്‍ എന്നെ ചെക്കന്‍ എന്നു വിളിച്ചിരുന്നു; ഇപ്പോള്‍ അവര്‍ തന്ത എന്നു പറയുന്നു; ഇവയാണ് എനിക്കിട്ടിട്ടുള്ള പേര്; നിങ്ങള്‍ക്കിഷ്ടമുണ്ടെങ്കില്‍ അവ സ്വീകരിക്കാം. ഞാന്‍ ഓവര്‍ണിലായിരുന്നു, ഫെവറോളെയിലും ഉണ്ടായിരുന്നു. ഈശ്വരാ! അപ്പോള്‍ ഒരു മനുഷ്യനു തണ്ടുവലിശ്ശിക്ഷ സ്ഥലത്തു പോകാതെ ഓവര്‍ണിലും ഫെവറോളെയിലും ഉണ്ടായിക്കൂടാ എന്നുണ്ടോ? ഞാന്‍ പറയുന്നു, ഞാന്‍ കട്ടിട്ടില്ല. ഞാന്‍ ഫാദര്‍ ഷാങ്മാത്തിയോവാണ്; ഞാന്‍ മൊസ്സ്യു ബാലുവിന്റെ കീഴില്‍ പണിയെടുത്തിരുന്നു; എനിക്കു സ്ഥിരമായി ഒരു പാര്‍പ്പിടമുണ്ടായിരുന്നു. നിങ്ങള്‍ നിങ്ങളുടെ വിഡ്ഢിത്തം കൊണ്ട് അതാ, എന്നെ സ്വൈരം കെടുത്തുന്നു! എന്തിനാണ് എല്ലാവരുംകൂടി എന്നെ ഇങ്ങനെ കഠിനമായി ബുദ്ധിമുട്ടിക്കുന്നത്?’

ഗവര്‍മ്മെണ്ടു വക്കീല്‍ നില്ക്കുക തന്നെയായിരുന്നു; അയാള്‍ പ്രധാന ജഡ്ജിയെ നോക്കി പറഞ്ഞു: ‘തടവുപുള്ളിയുടെ സമ്മിശ്രങ്ങളും സമര്‍ഥങ്ങളുമായ നിഷേധങ്ങള്‍ നോക്കുമ്പോള്‍ — അയാള്‍ ഒരു മന്തനാണെന്നു വരുത്താനാണ് ഭാവം; പക്ഷേ, അതു നമുക്കാലോചിക്കാം — തടവുപുള്ളികളായ ബ്രെവെ, ഷെനില്‍ദിയു, കോഷ്പിയില്‍ എന്നിവരേയും, പൊല്ലീസ്സിന്‍സ്പെക്ടര്‍ ഴാവേറെയും ഒരിക്കല്‍ക്കൂടി വരുത്തി, ഈ തടവുപുള്ളിയും ഴാങ്ങ് വാല്‍ഴാങ്ങും ഒരാള്‍ തന്നെയല്ലേ എന്നുള്ള കാര്യം ഒടുവിലത്തെത്തവണ ഒന്നു വിചാരണ ചെയ്‌വാന്‍ കോടതിക്കിഷ്ടമുണ്ടായാല്‍ കൊള്ളാം.

‘ഞാന്‍ ഗവര്‍മ്മെണ്ടു വക്കീലിനെ ഓര്‍മപ്പെടുത്തുന്നു, പ്രധാന ജഡ്ജി പറഞ്ഞു; ‘ഇന്‍സ്പെക്ടര്‍ ഴാവേര്‍, ആ നഗരത്തില്‍ കാര്യമുള്ളതുകൊണ്ടു തന്റെ വാമൊഴി തന്ന ഉടനെ കോടതിയില്‍ നിന്നും, ഈ പ്രദേശത്തു നിന്നുതന്നെയും പോയിരിക്കുന്നു; നാം അദ്ദേഹത്തിന്നു, ഗവര്‍മ്മെണ്ടു വക്കീലിന്റേയും പ്രതിഭാഗം വക്കീലിന്റേയും അനുമതിയോടുകൂടി അതിനു സമ്മതവും കൊടുത്തു.’

‘അതു വാസ്തവമാണ്.’ ഗവര്‍മ്മെണ്ടു വക്കീല്‍ പറഞ്ഞു: ‘മൊസ്സ്യു, ഴാവേര്‍ ഇല്ലാത്ത സ്ഥിതിക്ക് അദ്ദേഹം കുറച്ചു മുമ്പു പറഞ്ഞതിനെ ജൂറിമാര്‍ക്ക് ഓര്‍മപ്പെടുത്തിക്കൊടുക്കുന്നത് എന്റെ മുറയാണെന്നു ഞാന്‍ വിചാരിക്കുന്നു. ഴാവേര്‍ ബഹുമാനിക്കപ്പെടേണ്ട ഒരാളാണ്; അപ്രധാനങ്ങളായലും സാരവത്തുക്കളായ കാര്യങ്ങളില്‍ അദ്ദേഹം നിഷ്ഠയോടും സ്ഥിരതയോടും കൂടി പ്രവര്‍ത്തിക്കും.’ ഇങ്ങനെയാണ് അദ്ദേഹത്തിന്റെ മൊഴി. ‘തടവുപുള്ളി കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്നത് ശരിയല്ലെന്നു തെളിയിക്കാന്‍ മറ്റു തെളിവുകളും ഊഹങ്ങളുമൊന്നും എനിക്കു കിട്ടേണ്ട ആവശ്യം തന്നെ തോന്നുന്നില്ല. ഞാന്‍ അയാളെ തികച്ചും കണ്ടറിയും. ഈ മനുഷ്യന്റെ പേര്‍ ഷാങ്മാത്തിയോ എന്നല്ല; തടവില്‍ നിന്നു വിട്ടുപോന്ന ഴാങ്ങ് വാല്‍ഴാങ്ങ് എന്നൊരുവനാണ് ഈ മനുഷ്യന്‍; ആ ഴാങ്ങ് വാല്‍ഴാങ്ങ് വളരെ തെമ്മാടിയും ഭയപ്പെടേണ്ടവനുമാണ്. അവധി കഴിഞ്ഞിട്ട് അവനെ തടവില്‍ നിന്ന് അന്നു വിട്ടിട്ടുള്ളതു തന്നെ വ്യസനപൂര്‍വമാണ്. കളവുകാര്യത്തില്‍ അവന്‍ പത്തൊമ്പതു കൊല്ലം തടവില്‍ കിടന്നിരുന്നു. ഴെര്‍വെയ്ക്കുട്ടിയുടെ കൈയില്‍ നിന്നും പീറണ്‍തോട്ടത്തില്‍ നിന്നും ഉള്ളതിനു പുറമെ, കഴിഞ്ഞുപോയ ഡി.യിലെ മെത്രാന്റെ വീട്ടില്‍ വെച്ചും ഈ മനുഷ്യന്‍ ഒരു കളവു നടത്തിയുള്ളതായി ഞാന്‍ സംശയിക്കുന്നുണ്ട്. തൂലോങ്ങിലെ തടവുപുള്ളി പാഠാവു സൈന്യത്തിന്റെ മേലാളായിരുന്ന കാലത്തു പലപ്പോഴും ഞാന്‍ ഇയ്യാളെ കണ്ടിട്ടുണ്ട്. ഞാന്‍ ഈ മനുഷ്യനെ തികച്ചും കണ്ടറിയുമെന്ന് ഒരിക്കല്‍ക്കൂടി പറയുന്നു.’

തികച്ചും സംശയഹീനമായ ഈ വാമൊഴി കാണികളിലും ജൂറിമാരിലും സ്പഷ്ടമായി ഫലിച്ചു കണ്ടു. ഴാവേര്‍ ഇല്ലാത്ത സ്ഥിതിക്ക്, ബ്രെവെ, ഷെനില്‍ദിയു, കോഷ്പയില്‍ എന്നീ മൂന്നു സാക്ഷികളേയും ഒരിക്കല്‍ക്കൂടി വരുത്തി സത്യത്തിന്മേല്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍മ്മെണ്ടു വക്കീല്‍ അവസാനിപ്പിച്ചു.

പ്രധാന ജഡ്ജി ഒരു ശിപായിക്കു കല്പന കൊടുത്തു; കുറച്ചു കഴിഞ്ഞപ്പോള്‍, സാക്ഷിമുറിയുടെ വാതില്‍ തുറക്കപ്പെട്ടു. ആയുധം കൊണ്ടു വേണ്ട സഹായ്യം ചെയ്‌വാന്‍ ഒരുങ്ങിയിട്ടുള്ള ഒരു പട്ടാളക്കാരനോടുകൂടി, ശിപായി തടവുപുള്ളിയായ ബ്രെവെയെ ഹാജരാക്കി. കാണികള്‍ ഉല്‍ക്കണ്ഠിതരായി; ഒരാത്മാവു മാത്രമാണ് എല്ലാവര്‍ക്കും എന്നപോലെ, എല്ലാ മാറിടങ്ങളും തുടിച്ചു.

സെന്‍ട്രല്‍ ജെയിലിലുള്ളവരുടെ കറുപ്പും ചാരനിറവും കൂടിയ കുപ്പായമാണ് ബ്രെവെ ധരിച്ചിരുന്നത്. ആ മനുഷ്യന്നു വയസ്സറുപതായി; പ്രവൃത്തികളില്‍ ജാഗ്രതയുള്ള ഒരുവന്റെ മുഖവും ഒരു തെമ്മാടിയുടെ ഭാവവുമാണ് അവന്റേത്. ചിലപ്പോള്‍ ഇതു രണ്ടും ഒരുമിച്ചായിരിക്കും. പുതിയ ചില ദുപ്രവൃത്തികളേക്കൊണ്ടു പിന്നെയും തടവിലേക്കു പോകേണ്ടി വന്ന ആ മനുഷ്യന്ന് അതിനുള്ളില്‍ ഒരു പ്രധാനന്റെ ഉദ്യോഗമുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്മാര്‍ അയാളെപ്പറ്റി പറഞ്ഞിരുന്നു, ‘നന്നാവാന്‍ ശ്രമിച്ചു നോക്കുന്നുണ്ട്.’ മതസംബന്ധികളായ കാര്യങ്ങളില്‍ അയാളെപ്പറ്റി മതാചാര്യന്മാര്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ചക്രവര്‍ത്തിഭരണം തുടങ്ങിയതിന്നു ശേഷമാണ് ഇതുണ്ടായിട്ടുള്ളതെന്നു വായനക്കാര്‍ മറന്നുപോകരുത്.

‘ബ്രെവെ’ പ്രധാന ജഡ്ജി പറഞ്ഞു, ‘നിങ്ങള്‍ അവമാനകരമായ ശിക്ഷയില്‍പ്പെട്ട ആളാണ്; സത്യം ചെയ്യാന്‍ നിവൃത്തിയില്ല.’

ബ്രെവെയുടെ നോട്ടം കീഴ്പോട്ടു തൂങ്ങി.

‘എന്നാലും’ പ്രധാന ജഡ്ജി തുടര്‍ന്നു പറഞ്ഞു. ‘രാജ്യനിയമം അധഃപതിപ്പിച്ചു വിട്ടിട്ടുള്ള ഒരുവനില്‍പ്പോലും, ഈശ്വരകാരുണ്യം അനുവദിക്കുമ്പോള്‍, മാനത്തിന്റേയും മര്യാദയുടേയും വികാരവിശേഷം നിലനിന്നു എന്നു വരാം. ഈ വിശിഷ്ടസന്ദര്‍ഭത്തില്‍ ഞാന്‍ അതിനെ കാര്യമാക്കിപ്പറയുന്നു. അതു നിന്നില്‍ ഇപ്പോഴും നശിക്കാതെയുണ്ടെങ്കില്‍ — ഉവ്വെന്ന് ഞാന്‍ വിശ്വസിക്കുന്നു — എന്നോട് മറുപടി പറയുന്നതിന് മുന്‍പ് ആലോചിച്ചു നോക്കുക; നിന്റെ ഒരു വാക്കുകൊണ്ട് എന്നെന്നേക്കുമായി നശിപ്പിച്ചു കളയാവുന്ന ഈ മനുഷ്യനെപ്പറ്റി ഒന്നാമതാലോചിക്കുക; പിന്നെ നിന്റെ ഒരു വാക്കുകൊണ്ട് തെളിയാവുന്ന നീതിന്യായത്തേയും വിചാരിക്കുക. ഇതൊരു വിശിഷ്ട സന്ദര്‍ഭമാണ്; തെറ്റിപ്പോയി എന്നു തോന്നുന്നുണ്ടെങ്കില്‍, ഇപ്പോഴും പിന്നോക്കം വെക്കുവാന്‍ വേണ്ട സമയമുണ്ട്. തടവുകാരന്‍, എഴുന്നേറ്റു നിന്നാട്ടെ. ബ്രെവെ, പ്രതിയെ നല്ലവണ്ണം നോക്കിക്കാണുക; നിനക്കോര്‍മകിടക്കുന്ന അടയാളങ്ങളെ ആവര്‍ത്തിച്ചു നോക്കുക. എന്നിട്ടു നിന്റെ ആത്മാവിനേയും മനസ്സാക്ഷിയേയും മുന്‍നിര്‍ത്തി, ഈ മനുഷ്യന്‍ തണ്ടുവലിശ്ശിക്ഷസ്ഥലത്തു നിന്റെ കൂട്ടുകാരനായിരുന്ന ഴാങ്ങ് വാല്‍ഴാങ്ങാണെന്ന് ഇപ്പോഴും തീര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ അതു പറയുക.’

ബ്രെവെ തടവുപുള്ളിയെ നോക്കി; എന്നിട്ടു കോടതിയുടെ നേരെ നോക്കി. ‘ഉവ്വ്, ഞാനാണ് ഒന്നാമത് ഇയ്യാളെ കണ്ടറിഞ്ഞത്; ഇപ്പോഴും ഞാന്‍ അതു വിടുവാന്‍ ഭാവമില്ല; ഈ മനുഷ്യന്‍ ഴാങ്ങ് വാല്‍ഴാങ്ങാണ്. 1796-ല്‍ തൂലോങ്ങില്‍ വരുകയും 1815-ല്‍ വിട്ടുപോവുകയും ചെയ്തിട്ടുള്ള ആള്‍ ഇതാണ്. ഞാന്‍ ഒരു കൊലംകൂടി കഴിഞ്ഞിട്ടു വിട്ടുപോന്നു. ഇപ്പോള്‍ ഇയ്യാള്‍ക്ക് ഒരു ജന്തുവിന്റെ ഭാവം കയറിയിരിക്കുന്നു; വാര്‍ദ്ധക്യം തകരാറാക്കിയിട്ടായിരിക്കണം അത്. തണ്ടുവലിശ്ശിക്ഷസ്ഥലത്ത് ഈ മനുഷ്യന്‍ ഉപായിയായിരുന്നു. ഞാന്‍ നീശ്ചയമായും കണ്ടറിയുന്നുണ്ട്.’

‘ഒരിടത്തിരിക്കൂ,’ പ്രധാന ജഡ്ജി പറഞ്ഞു. ‘തടവുകാരന്‍ അവിടെത്തന്നെ നില്ക്കൂ.’

ചുകന്ന കുപ്പായവും പച്ചത്തൊപ്പിയും കൊണ്ടു ജീവപര്യന്തക്കാരനാണെന്നു തോന്നിക്കുന്ന ഷെനില്‍ ദിയു പിന്നീട് ഹാജരാക്കപ്പെട്ടു. തൂലോങ്ങിലെ തണ്ടുവലിശ്ശിക്ഷസ്ഥലത്തു തന്റെ ശിക്ഷ അനുഭവിച്ചുതീര്‍ക്കുകയായിരുന്നു ആ മനുഷ്യന്‍; ഈ കേസ്സിന്റെ ആവശ്യത്തിലേക്ക് അവനെ അവിടെനിന്നു വരുത്തിയതാണ്. അവന് അമ്പതു വയസ്സായി, ഉയരം കുറഞ്ഞു, ജാഗ്രതയുള്ളവനായി, ജര കയറി, മെലിഞ്ഞു, മഞ്ഞച്ചു, ധൃഷ്ടമായ മൂഖത്തോടുകൂടി, ഒരു രസമില്ലാത്തവനാണ്; അവന്റെ കൈകാലുകളിലും ദേഹത്തിലാകെയും ഒരു രോഗിയുടെ ശക്തിയില്ലായ്മയുണ്ട്; നോട്ടത്തില്‍ ഒരപാരമായ ശക്തിവിശേഷമുണ്ട്, തണ്ടുവലിശ്ശിക്ഷസ്ഥലത്തുള്ള കൂട്ടുകാര്‍ ഈ മനുഷ്യനെ ഷെനില്‍ദിയു (Chenildeau — Je-nie Dieu — ഞാന്‍ നിഷേധിക്കുന്നു — ഈശ്വരനെ) എന്ന ശകാരപ്പേരാല്‍ വിളിക്കപ്പെട്ടുവന്നു.

ബ്രെവയോടു പറഞ്ഞ വാക്കുകള്‍ തന്നെ പ്രധാന ജഡ്ജി ഈ മനുഷ്യനോടും ഉപയോഗിച്ചു. സത്യം ചെയ്യാന്‍ നിവൃത്തിയില്ലെന്നുള്ള തന്റെ അവമാനസ്ഥിതിയെ ഓര്‍മപ്പെടുത്തി പറഞ്ഞപ്പോള്‍, ആ മനുഷ്യന്‍ തലയുയര്‍ത്തി, കാണികളുടെ മുഖത്തേക്കു ചൂളാതെ നോക്കിനിന്നു. പ്രധാന ജഡ്ജി അവനോട് ആലോചിച്ചു പറയണമെന്നു ക്ഷണിച്ചു. ബ്രെവെയോടു പറഞ്ഞതുപോലെ, അവനോടും തടവുപുള്ളിയെ കണ്ടറിയുന്നുണ്ടോ എന്നു ചോദിച്ചു.

ഷെനില്‍ദിയു പൊട്ടിച്ചിരിച്ചു. ‘നന്നായി, ഞാന്‍ കണ്ടാല്‍ അറിയില്ലെന്നു തോന്നും! അഞ്ചു കൊല്ലത്തോളം ഞങ്ങള്‍ ഒരു ചങ്ങലയിലാണ് കിടന്നിരുന്നത്. അപ്പോള്‍ ദുശ്ശാഠ്യം പിടിച്ചു നോക്കാനാണല്ലേ പുറപ്പാട്, ചങ്ങാതി?’

‘ഒരിടത്തു പോയി ഇരിക്കൂ,’ പ്രധാന ജഡ്ജി പറഞ്ഞു.

ശിപായി കോഷ്പെയിലിനെ കൊണ്ടുവന്നു, മറ്റൊരു ജിവപര്യന്തക്കാരനായിരുന്നു അത്; അവനും തണ്ടുവലിശ്ശിക്ഷ സ്ഥലത്തു നിന്നു തന്നെയാണ് വരുന്നത്; ഷെനില്‍ദിയുവിന്റേതു പോലെ ചുകന്ന കുപ്പായമാണ് അയാളുടേതും. അയാള്‍ ലോര്‍ദിയിലെ ഒരു കൃഷിക്കാരനും പെറണീസ് പര്‍വതത്തിലെ ഒരു പകുതിക്കരടിയുമാണ്. കാട്ടുപ്രദേശങ്ങളില്‍ ആ മനുഷ്യന്‍ ആടുകളെ മേയ്ക്കുകയായിരുന്നു പണ്ട്. ഒരാട്ടിടയനില്‍ നിന്ന് അവന്‍ ഒരു ഘാതകനിലേക്ക് കാല്‍ വഴുതിയിറങ്ങി. പ്രതിയേക്കാള്‍ ഒട്ടും കാടത്തം കുറഞ്ഞവനല്ല കോഷ്പെയില്‍, മന്തത്തം കൂറച്ചധികമുണ്ടു താനും. പ്രകൃതിദേവി കാട്ടുമൃഗങ്ങളാക്കി തീര്‍ക്കുവാന്‍ വേണ്ടി ഒരുപ്പടി കഴിച്ചതും, ജനസമുദായം തണ്ടുവലിശ്ശിക്ഷ സ്ഥലത്തേക്കുള്ള തടവുപുള്ളികള്‍ക്കു ചേര്‍ന്ന ഒടുവിലത്തെ മിനുക്കുപണി കഴിച്ചുവിട്ടതുമായ ആ ഒരുതരം ഗ്രഹപ്പിഴ പിടിച്ച മനുഷ്യസംഘത്തില്‍ അവര്‍ ഉള്‍പ്പെട്ടിരുന്നു.

സഗൗരവങ്ങളും സാനുകമ്പങ്ങളുമായ ചില വാക്കുകളെക്കൊണ്ട് അയാളുടെ ഹൃദയം തൊടുന്നതിനു പ്രധാന ജഡ്ജി യത്നിച്ചു; എന്നിട്ടു മറ്റു രണ്ടു പേരോടും ചെയ്തപോലെ, ആ മുന്‍പില്‍ നില്ക്കുന്ന മനുഷ്യനെ സംശയം കൂടാതെയും ബുദ്ധിമുട്ടില്ലാതെയും അപ്പോഴും അയാള്‍ക്കു കണ്ടു മനസ്സിലാകുന്നുണ്ടോ എന്നു ചോദിച്ചു.

‘അയാള്‍ ഴാങ്ങ് വാല്‍ഴാങ്ങാണ്.’ കോഷ്പെയില്‍ പറഞ്ഞു.

‘യന്ത്രത്തിരിപ്പാണി ഴാങ്ങ് എന്നുകൂടി പേരുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍, അത്ര ശക്തിയുണ്ട്.’

കാഴ്ചയില്‍ത്തന്നെ നിഷ്കപടവും ഹൃദയപൂര്‍വവുമായ ഈ തീര്‍ത്തുപറയല്‍ ഓരോന്നും തടവുപുള്ളിക്ക അമംഗലത്തെ സൂചിപ്പിക്കുന്ന ഓരോ ചെറു സംസാരത്തെ കാണികളുടെ ഇടയില്‍ ഉണ്ടാക്കിത്തീര്‍ത്തു — മുന്‍പിലത്തെക്കാളധികം ശക്തവും ദീര്‍ഘവുമായ ഓരോ പുതിയ ഉറപ്പിച്ചുപറയല്‍ കേള്‍ക്കുമ്പോഴും, ഓരോ ചെറുസംസാരം പൊന്തിയിരുന്നു.

അന്യായഭാഗത്തെ വാദപ്രകാരം, പ്രധാനമായ എതിര്‍വാദമാകുന്ന ആ അമ്പരന്ന തന്റെ മുഖത്തൊടുകൂടി, തടവുപുള്ളി അതെല്ലാം ശ്രദ്ധിച്ചു കേട്ടു; അയല്‍പക്കക്കാരായ പട്ടാളക്കാര്‍, അയാള്‍ ആദ്യത്തില്‍ ഇങ്ങനെ ഇറുമ്മിയ പല്ലുകള്‍ക്കിടയിലൂടെ പിറുപിറുക്കുന്നതു കേട്ടു; ‘ഹാ, ശരി വളരെ നല്ല ആള്‍!’ രണ്ടാമത്തെ വാമൊഴിയെടുക്കല്‍ കഴിഞ്ഞപ്പോള്‍, അതിലും ഉറക്കെ, ഏതാണ്ട് മനസംതൃപ്തി കാണിക്കുന്ന ഒരു സ്വരത്തോടുകൂടെ അയാള്‍ പറഞ്ഞു: ‘നല്ലത്!’ മൂന്നാമത്തേതു കഴിഞ്ഞിട്ട് അയാള്‍ അത്യുച്ചത്തില്‍ പറഞ്ഞു, ‘വിശേഷം!’

പ്രധാന ജഡ്ജി അയാളോടു ചോദിച്ചു: ‘ഈ പറയുന്നതെല്ലാം കേട്ടില്ലേ? എന്താണ് സമാധാനം?’

അയാള്‍ മറുപടി പറഞ്ഞു: ‘ഞാന്‍ പറയുന്നു, ‘പൊടിപാറി.’

കാണികളുടെ ഇടയില്‍നിന്നു ഒരുച്ചസ്വരം പുറപെട്ടു; അതു ജൂറിമാരിലേക്ക് കടന്നു; ആ മനുഷ്യന്റെ കാര്യം വ്യക്തമായിത്തന്നെ പോയ്പോയി.

‘ശിപായിമാര്‍.’ പ്രധാന ജഡ്ജി പറഞ്ഞു. ‘ആളുകളോടു ശബ്ദിക്കാതിരിക്കാന്‍ പറയൂ! ഞാന്‍ കേസ്സ് അവസാനിപ്പിക്കാന്‍ പോകുന്നു.’

ആ സമയത്തു പ്രധാന ജഡ്ജിയുടെ അടുത്തരികില്‍ നിന്ന് ഒരനക്കമുണ്ടായി; ഒരു ശബ്ദം ഇങ്ങനെ വിളിച്ചു പറയുന്നതു കേട്ടു: ‘ബ്രെവെ! ഷെനില്‍ദിയൂ! കോഷ്പെയില്‍! ഇങ്ങോട്ടു നോക്കു!’

ആ ഒച്ച കേട്ടവര്‍ക്കെല്ലാം കോരിത്തരിച്ചു; അത് അത്രമേല്‍ ദയനീയവും ഭയങ്കരവുമായിരുന്നു. അതു പുറപ്പെട്ടടത്തേയ്ക്ക് എല്ലാവരുടേയും നോട്ടം ഒപ്പം തിരിഞ്ഞു. കോടതിക്കു പിന്നിലിരിക്കുന്ന പ്രമാണികളായ കാണികളുടെ കൂട്ടത്തില്‍നിന്ന് ഒരാള്‍ അതാ എണീറ്റു. കോടതിയേയും കാണികളേയും തമ്മില്‍ വേര്‍തിരിക്കുന്ന വാതില്‍പ്പകുതി ഉന്തിത്തുറന്ന്, ആ ഹാളിന്റെ ഒത്ത നടുവില്‍ വന്നു നില്ക്കുന്നു; പ്രധാന ജഡ്ജി, ഗവര്‍മ്മെണ്ടു വക്കീല്‍, മൊസ്സ്യു ബാമത്താബ്വാ, ഇരുപതുപേര്‍, അയാളെ കണ്ടറിഞ്ഞു; അവര്‍ ഏകകണ്ഠമായി വിളിച്ചു പറഞ്ഞു: ‘മൊസ്സ്യു മസലിയെന്‍.’

ഷാങ്മാത്തിയോ അധികമധികം അമ്പരന്നു

വാസ്തവത്തില്‍ അതയാള്‍തന്നെയായിരുന്നു. ഗുമസ്തന്റെ വിളക്ക് അയാളുടെ മൂഖത്തെ തെളിയിച്ചു. അയാള്‍ തൊപ്പി കൈയില്‍ പിടിച്ചിരുന്നു; ഉടുപ്പില്‍ യാതൊരു താറുമാറുമില്ല; പുറംകുപ്പായം നിഷ്കര്‍ഷയില്‍ കുടുക്കിയിട്ടുണ്ട്. അയാള്‍ വളരെ വിളര്‍ത്തിരിക്കുന്നു; കുറേശ്ശേ വിറയ്ക്കുന്നുമുണ്ട്, ആറായില്‍ എത്തിയ സമയത്തു ചാരനിറം കയറാന്‍ തുടങ്ങിയിട്ടുള്ള അയാളുടെ തലമുടി അപ്പോഴെയ്ക്കും തികച്ചും വെളുത്തു കഴിഞ്ഞു; അവിടെ ഇരുന്ന ആ ഒരൊറ്റ മണിക്കൂര്‍കൊണ്ട് അതു മുഴുവനും വെളുത്തുപോയി.

എല്ലാ തലയും പൊന്തി; ക്ഷോഭം ഇന്നവിധമെന്നു പറയാന്‍ വയ്യാ; കുറച്ചിടയ്ക്കു കാണികളാരും അങ്ങങ്ങാതായി; ആ ശബ്ദം അത്രമേല്‍ ഹൃദയഭേദകമായിരുന്നു. അവിടെ നില്ക്കുന്ന മനുഷ്യനെ അത്രയധികം ശാന്തനായിക്കണ്ടപ്പോള്‍ അവര്‍ക്ക് ആദ്യത്തില്‍ ഒന്നും നിശ്ചയമില്ലാതായി. ആ നിലവിളി വാസ്തവത്തില്‍ അയാളില്‍ നിന്നാണോ പുറപ്പെട്ടതെന്ന് അവര്‍ സ്വയം ചോദിച്ചു; തികച്ചും ശാന്തനായി നില്ക്കുന്ന അ മനുഷ്യനാണ് ആ ഭയങ്കരമായ നിലവിളി പുറപ്പെടുവിച്ചതെന്ന് അവരെക്കൊണ്ടു വിശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.

ഈ ശങ്ക കുറച്ചു നിമിഷത്തേക്ക് മാത്രമേ നിന്നുള്ളു. പ്രധാന ജഡ്ജിക്കും ഗവര്‍മ്മെണ്ടു വക്കീലിനും ഒരക്ഷരം മിണ്ടാന്‍ ഇടകിട്ടുന്നതിനു മുന്‍പ്, ശിപായിമാര്‍ക്കാകട്ടേ പട്ടാളക്കാര്‍ക്കാകട്ടേ ഒരാംഗ്യമെങ്കിലും കാട്ടാന്‍ കഴിയുന്നതിനു മുന്‍പ്, ആ സമയത്ത് എല്ലാവരും മൊസ്സ്യു മദലിയെന്‍ എന്നു വിളിച്ചതാരെയോ ആ മനുഷ്യന്‍, കോഷ്പെയില്‍, ബ്രവെ, ഷെനില്‍ദയു എന്നീ മൂന്നു സാക്ഷികളുടേയും മുന്‍പിലേക്ക് അടുത്തു ചെന്നു കഴിഞ്ഞു.

‘നിങ്ങള്‍ക്ക് എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ?’ അയാള്‍ ചോദിച്ചു.

മൂന്നുപേരും മിണ്ടാതെ നിന്നു; തലകൊണ്ടു കാട്ടിയ ഒരാംഗ്യം കൊണ്ട് അവര്‍ അയാളെ അറിയില്ലെന്നു കാണിച്ചു. ഭയപ്പെട്ടുപോയ കോഷ്പെയില്‍ ഒരു പട്ടാള സലാം വെച്ചു കൊടുത്തു. മൊസ്സ്യു മദലിയെന്‍ ജൂറിമാരുടേയും കോടതിയുടേയും നേരെ നോക്കി, ഒരു സാമാന്യസ്വരത്തില്‍ പറഞ്ഞു: ‘ജൂറിമാരായ മാന്യരേ! തടവുപുള്ളിയെ വിടുവിക്കുക! പ്രധാന ജഡ്ജി അവര്‍കളെ, എന്നെ പിടിക്കുവാന്‍ കല്പന കൊടുക്കൂ. നിങ്ങള്‍ അന്വേഷിക്കുന്ന മനുഷ്യന്‍ അയാളല്ല; ഞാനാണ് ഴാങ്ങ് വാല്‍ ഴാങ്ങ്.’

ഒരൊറ്റ വായും ശ്വാസം കഴിച്ചില്ല; ആദ്യത്തെ അത്ഭുതജന്യമായ ശബ്ദം നിലച്ചപ്പോള്‍, ശവക്കല്ലറയിലേതുപോലുള്ള ഒരു നിശ്ശബ്ദത എങ്ങും വ്യാപിച്ചു; എന്തെങ്കിലും മഹത്തായ ഒന്നു ചെയ്തുകാണുമ്പോള്‍ പൊതുജനങ്ങള്‍ക്കു വന്നുകൂടാറുള്ള ആ ഒരു ഹൃദയസ്പൃക്കായ ഭയപ്പാട് ആ ഹാളിലുള്ളവടെയെല്ലാം ബാധിച്ചു.

ഈയിടയ്ക്കു പ്രാധാന ജഡ്ജിയുടെ മൂഖം അനുകമ്പയാലും വ്യസനത്താലും മുദ്രിതമായി; ഗവര്‍മ്മെണ്ടു വക്കീലുമായി ഒരു വേഗമേറിയ ആംഗ്യവും, അടുത്തുള്ള കീഴ്ജഡ്ജിമാരുമായി താഴ്ന്ന സ്വരത്തില്‍ ചില വാക്കുകളും അദ്ദേഹം കൈമാറി; അദ്ദേഹം ജനക്കൂട്ടത്തോട്; എല്ലാവര്‍ക്കും അര്‍ഥം മനസ്സിലായ ഒരു സ്വരവിശേഷത്തില്‍, ചോദിച്ചു: ‘ഈ കൂട്ടത്തില്‍ വൈദ്യനുണ്ടോ?’

ഗവര്‍മ്മെണ്ടു വക്കീല്‍ അതു പിടിച്ചു: ‘ജൂറിമാരായ മാന്യരേ കാണികളെ അമ്പരപ്പിച്ചതായ ഈ അത്യത്ഭുതകരവും അപ്രതീക്ഷിതവുമായ സംഭവം, നിങ്ങള്‍ക്കെന്നെപോലെ ഞങ്ങള്‍ക്കും ഇപ്പോള്‍ എടുത്തു പറയേണ്ടതില്ലാത്ത ഒരു വികാരത്തെ മാത്രമെ ജനിപ്പിക്കുന്നുള്ളൂ. നിങ്ങള്‍ക്കെല്ലാവര്‍ക്കും എം. പട്ടണത്തിലെ മെയറായ ബഹുമാനപ്പെട്ട മൊസ്സ്യു മദലിയെനെ, പ്രസിദ്ധി വഴിയ്ക്കെങ്കിലും, അറിയാമല്ലോ; ഈ കാണികളുടെ ഇടയില്‍ ഒരു വൈദ്യനുണ്ടെങ്കില്‍, അദ്ദേഹത്തോടു മൊസ്സ്യു മദലിയെനെ, നോക്കുവാനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനും അപേക്ഷിക്കുന്നതില്‍ ഞങ്ങള്‍ പ്രധാന ജഡ്ജിയോടു യോജിക്കുന്നു.’

ഗവര്‍മ്മെണ്ടു വക്കീലിനെ പറഞ്ഞവസാനിപ്പിക്കുവാന്‍ മൊസ്സ്യു മദലിയെന്‍ അനുവദിച്ചില്ല; നയവും അധികാരവും നിറഞ്ഞ ഒരു സ്വരവിശേഷത്തില്‍ അയാള്‍ തടഞ്ഞു പറഞ്ഞു. അയാള്‍ പറഞ്ഞ വാക്കുകള്‍ ഇവയത്രേ: വിചാരണ കഴിഞ്ഞ ഉടനെ, ഈ സംഭവം നോക്കിക്കണ്ടിരുന്നവരില്‍ ഒരാള്‍ കുറിച്ചിട്ടതുപോലെയും, ഏകദേശം നാല്പതു കൊല്ലം മുന്‍പ് ശരിക്ക് കേട്ടിട്ടുള്ളവരുടെ ചെകിട്ടില്‍ ഇന്നും പ്രതിധ്വനിക്കുന്നതു പോലെയും, അവയെ യാതൊരു ഭേദവും വരുത്താതെ ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു:

‘ഗവര്‍മ്മെണ്ടു വക്കീലവര്‍കളേ, ഞാന്‍ നിങ്ങളോടു നന്ദി പറയുന്നു; പക്ഷേ എനിക്കു ഭ്രാന്തില്ല; അതു നിങ്ങള്‍ക്കു വഴിയെ കാണാം; നിങ്ങള്‍ ഒരു വല്ലാത്ത അബദ്ധം പ്രവര്‍ത്തിക്കാനുള്ള പുറപ്പാടായിരുന്നു; ഈ മനുഷ്യനെ വിട്ടേയ്ക്കുക! ഞാന്‍ ഒരു മുറ പ്രവര്‍ത്തിക്കുകയാണ്; ഞാനാണ് ആ നികൃഷ്ടനായ ആ കുറ്റക്കാരന്‍. ഇവിടെയുള്ളവരില്‍ ഞാന്‍ മാത്രമേ ആ കാര്യം വ്യക്തമായറിയുന്നുള്ളു; ഞാന്‍ നിങ്ങളോടു പറയുന്നതു സത്യമാണ്. ഉപരിഭാഗത്തിരിക്കുന്ന ഈശ്വരന്‍ ഞാനിപ്പോള്‍ പ്രവര്‍ത്തിക്കുന്നതിനെ നോക്കിക്കാണുന്നുണ്ട്; അതു മതി. നിങ്ങള്‍ക്ക് എന്നെ പിടിക്കാം; ഞാനിതാ, എന്നാല്‍ ഞാന്‍ എന്നെക്കൊണ്ട് കഴിയുന്നതും ശ്രമിച്ചു; ഞാന്‍ മറ്റൊരു പേരില്‍ ഒളിച്ചു; ഞാന്‍ ധനവാനായി: ഞാന്‍ ഒരു മെയറായി; ഞാന്‍ സത്യവാന്മാരുടെ കൂട്ടത്തില്‍ വീണ്ടും കടക്കാന്‍ ശ്രമിച്ചു. ഇതു ചെയ്യാന്‍ പാടില്ലെന്നു തോന്നുന്നു. ചുരുക്കത്തില്‍ എനിക്കു പറയാന്‍ നിവൃത്തിയില്ലാത്ത പല സംഗതികളുമുണ്ട്. എന്റെ ജീവിതചരിത്രം ഞാന്‍ നിങ്ങളോടു പറയുകയില്ല; ഒരു ദിവസം നിങ്ങള്‍ക്ക് അതു കേള്‍ക്കാറാവും. മെത്രാനവര്‍കളുടെ മുതല്‍ ഞാന്‍ മോഷ്ടിച്ചു, അതു വാസ്തവമാണ്; ഞാന്‍ ഴെര്‍വെയ്ക്കുട്ടിയുടെ പണം കട്ടെടുത്തതും വാസ്തവമാണ്; ഴാങ്ങ് വാല്‍ഴാങ്ങ് വല്ലാത്ത ദുഷ്ടനാണെന്ന് നിങ്ങള്‍ പറഞ്ഞതുകേട്ടതു വാസ്തവം തന്നെ. പക്ഷേ, അതു മുഴുവനും അയാളുടെ കുറ്റമല്ല. ബഹുമാനപ്പെട്ട വിധികര്‍ത്താക്കന്മാരേ, നിങ്ങള്‍ മനസ്സിരുത്തി കേള്‍ക്കുക! എന്നെപ്പോലെ അത്രയധികം അധഃപതിക്കപ്പെട്ട ഒരു മനുഷ്യന്ന് ഈശ്വരനോട് ആക്ഷേപം പറയാനാവട്ടെ സമുദായത്തിന്നു ഉപദേശം കൊടുക്കാനാവട്ടെ, യാതൊന്നുമില്ല; പക്ഷേ, എന്തില്‍ നിന്നോ ഞാന്‍ പുറത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത് ആ അവമാനം ഉപദ്രവകരമായ വസ്തുവാണെന്ന് നിങ്ങള്‍ അറിയേണ്ടതാണ്; തണ്ടുവലിശ്ശിക്ഷ തടവുപുള്ളിയെ വാസ്തവത്തില്‍ തടവുപുള്ളിയാക്കിത്തീര്‍ക്കുന്നു; നിങ്ങള്‍ അതൊന്നാലോചിച്ചു നോക്കുക. തണ്ടുവലിശ്ശിക്ഷ സ്ഥലത്തേക്ക് പോകുന്നതിന്നു മുന്‍പ് ഞാന്‍ ഒരു സാധു നാടനായിരുന്നു; വളരെ ബുദ്ധി കുറഞ്ഞവന്‍, ഒരു തരം മന്തന്‍; തണ്ടുവലിശ്ശിക്ഷ എന്നെ ഭേദപ്പെടുത്തി. ഞാന്‍ വിഡ്ഢിയായിരുന്നു, വികൃതിയായി; ഞാന്‍ ഒരു മരക്കഷ്ണമായിരുന്നു, ഞാന്‍ തീക്കൊള്ളിയായി. അതിനുശേഷം, ക്രൂരത എന്നെ നശിപ്പിച്ചതുപോലെ ദയയും ഉപകാരവും എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാപ്പു തരണേ, നിങ്ങള്‍ക്കു ഞാന്‍ പറയുന്നതു മനസിലാകുന്നില്ല. എന്റെ വീട്ടില്‍ അടുപ്പിലുള്ള ചാരത്തിനുള്ളില്‍, ഏഴു കൊല്ലം മുന്‍പ് ഞാന്‍ ഴെര്‍വെയ്ക്കുട്ടിയുടെ കൈയില്‍ നിന്നു കട്ടെടുത്ത നാല്പതു സൂനാണ്യമുള്ളതു നിങ്ങള്‍ക്ക് നോക്കിയാല്‍ കാണാം. എനിക്ക് ഇനിയൊന്നും പറയാനില്ല; എന്നെ പിടിച്ചുകൊള്‍ക. എന്റെ ജഗദീശ്വരാ! ഗവര്‍മ്മെണ്ട് വക്കീല്‍ തലയിളക്കുന്നു; നിങ്ങള്‍ പറയുന്നു, ‘മൊസ്സ്യു മദലിയെന്നു ഭ്രാന്താണ്!’ നിങ്ങള്‍ ഞാന്‍ പറയുന്നതിനെ വിശ്വസിക്കുന്നില്ല! അത് സങ്കടം തന്നെ. ഏതായാലും ഈ മനുഷ്യനെ ശിക്ഷിക്കരുത്! എന്ത്! എന്ത്! ഈ കൂട്ടര്‍ എന്നെ കണ്ടറിയുന്നില്ല! ഴാവേര്‍ ഇവിടെ ഉണ്ടായിരുന്നാല്‍ കൊള്ളാം എന്നു ഞാന്‍ ആഗ്രഹിക്കുന്നു; അദ്ദേഹം എന്നെ കണ്ടാലറിയും.’

ഈ വാക്കുകളോടുകൂടി പുറപ്പെട്ടിരുന്ന സ്വരത്തിന്റെ നീരസമയവും ദയാപരവുമായ വ്യസനമൂര്‍ച്ഛപോലെ മറ്റൊന്നും ഭൂമിയിലുണ്ടാവാന്‍ വയ്യാ. അയാള്‍ ആ മൂന്നു തടവുപുള്ളികളുടേയും നേരെ നോക്കി പറഞ്ഞു: ‘അപ്പോള്‍, ഞാന്‍ നിങ്ങളെ കണ്ടറിയുന്നു; നിങ്ങള്‍ക്കോര്‍മ്മയില്ലേ, ബ്രവെ? — ’

അയാള്‍ മിണ്ടാതെ നിന്നു; കുറച്ചിട സംശയിച്ചു; എന്നിട്ടു പറഞ്ഞു: ‘നിങ്ങള്‍ തണ്ടുവലിശ്ശിക്ഷ സ്ഥലത്തുള്ളപ്പോള്‍ ധരിക്കാറുണ്ടായിരുന്ന ആ നാനാവര്‍ണക്കള്ളികളോടുകൂടി മെടഞ്ഞ പരുത്തിത്തുണികൊണ്ടുള്ള ചുമൽപട്ടകളെ ഓര്‍മിക്കുന്നുണ്ടോ?’

ബ്രെവെ അത്ഭുതംകൊണ്ടു ഞെട്ടി മിഴിച്ച്, ഒരു ഭയപ്പെട്ട മട്ടോടുകൂടി അയാളെ അടിമുതല്‍ മുടിവരെ ഒന്നു നൊക്കിക്കണ്ടു.

അയാള്‍ തുടര്‍ന്നുപറഞ്ഞു: ‘ഷെനില്‍ദിയു, ഷെ-നില്‍-ദിയു എന്നു താന്‍ തന്നെ തനിക്കു പേരിട്ട നിങ്ങള്‍ക്ക്, എന്തായാലും ഇപ്പോഴും കാണാവുന്ന ടി.എ.എഫ്.പി. എന്ന മൂന്നക്ഷരം മാച്ചുകളയുന്നതിനുവേണ്ടി കല്ക്കരിക്കനല്‍ നിറഞ്ഞ പാത്രത്തില്‍ ഒരു ദിവസം ചുമല്‍ കൊണ്ടുവെച്ചിട്ടു വലത്തേ ചുമല്‍ മുഴുവനും വെന്തു വടുക്കെട്ടിയില്ലേ; മറുപടി പറയൂ, ഇതു നേരല്ലേ?’

‘നേരാണ്,’ ഷെനില്‍ദിയു പറഞ്ഞു.

അയാള്‍ കോഷ്പെയിലിനെ നോക്കിപ്പറഞ്ഞു: ‘കോഷ്പെയില്‍, നിങ്ങള്‍ക്ക് ഇടത്തേ കൈയിന്റെ വളവിന്മേല്‍ കത്തിച്ച പൊടികൊണ്ടു മുദ്ര കുത്തിയിട്ടുള്ള ഒരു തിയ്യതിപ്പാടു കിടപ്പുണ്ട്; ചക്രവര്‍ത്തി കാനില്‍ വന്നിറങ്ങിയ 1815 മാര്‍ച്ച് 7-ആം തീയതിയാണ് ആ കുത്തിയിട്ടുള്ളത്, കുപ്പായകക്കൈ മേല്പോട്ടു നീക്കൂ!’

കോഷ്പെയില്‍ കുപ്പായക്കൈ വലിച്ചു മേല്പോട്ടു കയറ്റി; എല്ലാ കണ്ണുകളും അയാളിലും അയാളുടെ നഗ്നമായ കൈയിന്മേലുംകൂടി പതിഞ്ഞു.

ഒരു പൊല്ലീസ്സുകാരന്‍ അതിന്റെ അടുക്കലേക്ക് ഒരു വിളക്കെടുത്തു കാണിച്ചു; അവിടെ തീയതിയുണ്ടായിരുന്നു.

ആ ഭാഗ്യംകെട്ട മനുഷ്യന്‍ ഒരു പുഞ്ചിരിയോടുകൂടി കാണികളുടേയും ജഡ്ജിമാരുടേയും നേരെ നോക്കി; എപ്പോഴെല്ലാം അതിനെപ്പറ്റി ആലോചിക്കുന്നുവോ അപ്പോഴെല്ലാം അതു കണ്ടിട്ടുള്ളവരുടെ ഹൃദയത്തെ ആ പുഞ്ചിരി ഇന്നും പറിച്ചു ചീന്തുന്നു. അത് ഒരു വിജയത്തിന്റെ പുഞ്ചിരിയാണ്; അതു നിരാശതയുടേയും പുഞ്ചിരിയായിരുന്നു.

അയാള്‍ പറഞ്ഞു: ‘നിങ്ങള്‍ വ്യക്തമായി കണ്ടുവല്ലോ, ഞാനാണ് ഴാങ്ങ് വാല്‍ ഴാങ്ങ്.’

ആ മുറിയില്‍ അതിനുശേഷം വിധി കല്പിക്കുന്നവരോ, കുറ്റം ആരോപിക്കുന്നവരോ, പാറാവു നില്ക്കുന്നവരോ, ആരും തന്നെ ഇല്ലാതായി; തുറിച്ചു നോക്കുന്ന കണ്ണൂകളും അലിവു തോന്നുന്ന ഹൃദയങ്ങളുമല്ലാതെ മറ്റു യാതൊന്നും അവിടെയില്ല. ഓരോരുത്തനും ചെയ്യാനുണ്ടാകുന്ന പ്രവൃത്തി എന്തായിരിക്കുമെന്ന് ആര്‍ക്കും ഓര്‍മയില്ലാതായി; കുറ്റം തെളിയിക്കുവാനാണ് താന്‍ അവിടെ വന്നിട്ടുള്ളതെന്നു ഗവര്‍മ്മെണ്ടു വക്കീല്‍ മറന്നു; പ്രധാന ജഡ്ജി താന്‍ വിചാരണ ചെയ്യാനുള്ള ആളായിട്ടാണ് അവിടെ ഇരിക്കുന്നതെന്ന ഓര്‍മവിട്ടു; പ്രതിയെ രക്ഷിക്കുവാനാണ് താന്‍ അവിടെ എന്നതു പ്രതിവക്കീലും വിസ്മരിച്ചു. അതൊരു വല്ലാത്ത അസാധാരണ സംഭവമായിരുന്നു; ഒരാളും ഒരു ചോദ്യവും ചോദിച്ചില്ല. ഒരധികാരശക്തിയും ആരും അതിനിടയില്‍ പ്രയോഗിച്ചില്ല. വിശിഷ്ടതരങ്ങളായ കാഴ്ചകള്‍ക്കുള്ള സവിശേഷതയെന്തെന്നാല്‍, അവ എല്ലാ ആത്മാക്കളേയും പിടിച്ചടക്കുകയും, കാണാന്‍ നില്ക്കുന്നവരെപ്പിടിച്ചു സാക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഒരു സമയം, തനിക്കു തോന്നിയതെന്തായിരുന്നു എന്ന് ഒരുത്തനെക്കൊണ്ടും വിവരിക്കാന്‍ കഴിയില്ല; ഒരു സമയം, ഒരു മഹത്തായ തേജസ്സിന്റെ സവിശേഷമായ പ്രകാശത്തള്ളിച്ചയെ താന്‍ കണ്ടു നില്ക്കുന്നു എന്ന് ഒരുത്തനും സ്വയം പറഞ്ഞിരിക്കയില്ല; ആന്തരദൃഷ്ടി തികച്ചും അഞ്ചിപ്പോയെന്ന് എല്ലാവര്‍ക്കും തോന്നി.

ഴാങ്ങ് വാല്‍ഴാങ്ങ് അവരുടെ കണ്ണിന്‍ മുന്‍പില്‍ നിന്നിരുന്നു എന്നുള്ളതു സ്പഷ്ടമാണ്. അതു സ്പഷ്ടം തന്നെ. ഈ മനുഷ്യന്റെ സന്നിധാനം, ഒരു നിമിഷം മുന്‍പു വരെയ്ക്കും അത്രമേല്‍ മങ്ങിക്കിടന്നിരുന്ന കാര്യത്തില്‍ പ്രകാശധോരണിയെ വ്യാപിപ്പിക്കുവാന്‍ പര്യാപ്തമായി; വിദ്യുച്ഛക്തി പ്രയോഗത്താല്‍ കുത്തിക്കയറ്റപ്പെട്ട ഒരു ബോധപ്രസരത്താല്‍, ആ ജനക്കൂട്ടത്തിനു മുഴുവനും; തനിക്കു പകരം മറ്റൊരാള്‍ ശിക്ഷിക്കപ്പെടുന്നതു കൂടാതെ കഴിക്കാന്‍ വേണ്ടി തന്നെ സ്വയമേവ കോടതി മുന്‍പാകെ കൊണ്ടുവന്നേല്പിച്ച ഒരു മനുഷ്യന്റെ ലളിതവും വിശിഷ്ടവുമായ ചരിത്രം മനസ്സിലായിക്കഴിഞ്ഞു. സവിസ്തരമായ വിവരണം, ശങ്കകള്‍, ഉണ്ടാവാന്‍ മിക്കവാറും സംഗതിയില്ലാത്ത എതിര്‍വാദങ്ങള്‍, ആ മഹത്തും പ്രകാശമാനവുമായ സംവത്താല്‍ തികച്ചും വിഴുങ്ങപ്പെട്ടുപോയി.

ആ ഒരു മനഃക്ഷോഭം ക്ഷണത്തില്‍ മറഞ്ഞു; പക്ഷേ, ഉള്ളപ്പോള്‍ അതപ്രതിഹതമായിരുന്നു.

‘ഞാന്‍ ഇനിയും കോടതിയെ സ്വൈര്യം കെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല.’ ഴാങ്ങ് വാല്‍ഴാങ്ങ് പറയാന്‍ തുടങ്ങി. ‘നിങ്ങള്‍ എന്നെ പിടിക്കുന്നില്ലാത്ത സ്ഥിതിയ്ക്കു ഞാന്‍ ഇവിടെനിന്നു മാറുന്നു. എനിക്ക് പലതും ചെയ്യാനുണ്ട്. ഞാനാരാണെന്നു ഗവര്‍മ്മെണ്ടു വക്കീലിനു നിശ്ചയമുണ്ട്; ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹത്തിനറിയാം; അദ്ദേഹത്തിനു വേണ്ടപ്പോള്‍ എന്നെ പിടിക്കാവുന്നതാണ്.’

അയാള്‍ വാതില്ക്കലേക്ക് നടന്നു. ഒരാളും ഒരക്ഷരവും മിണ്ടിയില്ല; അയാളെ തടയുവാന്‍ ഒരു കൈയും മേല്പോട്ടു പൊന്തിയില്ല. എല്ലാവരും മാറിനിന്നു. ഒരു മനുഷ്യന്നു വേണ്ടി ജനസംഘങ്ങളെ മാറ്റിനിര്‍ത്തുകയും വഴി കൊടുപ്പിക്കുകയും ചെയ്യുന്ന ആ ദിവ്യമായ എന്തോ ഒന്ന് ആ സമയത്ത് അയാളുടെ ചുറ്റുമുണ്ടായിരുന്നു. അയാള്‍ പതുക്കെ ആ ആള്‍ക്കൂട്ടത്തെ പിന്നിട്ടു. ആരാണ് വാതില്‍ തുറന്നു കൊടുത്തതെന്ന് ആര്‍ക്കും നിശ്ചയമില്ല; പക്ഷേ, താന്‍ അടുത്തെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് അയാള്‍ കണ്ടു. വാതില്ക്കല്‍ എത്തിയപ്പോള്‍ അയാള്‍ പിന്നോക്കം തിരിഞ്ഞുനിന്നു പറഞ്ഞു: ‘ഗവര്‍മ്മെണ്ടു വക്കീലവര്‍കളേ, ഞാന്‍ നിങ്ങളുടെ കല്പനയ്ക്കു മുമ്പിലുണ്ട്.’

എന്നിട്ട് അയാള്‍ കാണികളോടായി പറഞ്ഞു: ‘നിങ്ങളെല്ലാം, ഇവിടെ കൂടിയിട്ടുള്ളവരെല്ലാം, ഞാന്‍ ദയനീയനാണെന്നു കരുതുന്നു, ഇല്ലേ? എന്റെ ഈശ്വരാ! ഞാന്‍ ചെയ്യാന്‍ പോയിരുന്നത് എന്താണെന്നാലോചിക്കുമ്പോള്‍, ഞാന്‍ അസൂയപ്പെടേണ്ടവനാണെന്നത്രേ എന്റെ വിചാരം. എന്നാലും, ഇതുണ്ടാകാതെ കഴിഞ്ഞാല്‍ കൊള്ളാമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.’

അയാള്‍ അവിടെനിന്നു പോയി; തുറക്കപ്പെട്ടതുപോലെത്തന്നെ വാതില്‍ അടയുകയും ചെയ്തു; എന്തുകൊണ്ടെന്നാല്‍, അത്യുല്‍കൃഷ്ടങ്ങളായ സംഗതികളെ പ്രവര്‍ത്തിക്കുന്നവര്‍ക്കു, ജനക്കൂട്ടത്തിലുള്ള ആരെങ്കിലും തങ്ങള്‍ക്കു വേണ്ട ഭൃത്യപ്രവൃത്തി ചെയ്തുകൊടുക്കുമെന്ന് എപ്പോഴും നല്ല ഉറപ്പുണ്ട്.

പിന്നീട് ഒരു മണിക്കൂര്‍ കഴിയുന്നതിനു മുന്‍പ്, ജൂറിമാരുടെ തീര്‍പ്പ് ഷാങ്ങ് മാത്തിയോവിനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വേര്‍പെടുത്തി; ഷാങ്മാത്തിയോവാകട്ടേ, വിട്ടുകിട്ടിയ ഉടനെ, എല്ലാ മനുഷ്യരും കഥയില്ലാത്തവരാണെന്നു വിചാരിച്ചുകൊണ്ടും, അവിടെ കണ്ടതൊന്നും ലേശമെങ്കിലും മനസ്സിലാകാതെ കണ്ടും, ഒരു തരം വല്ലാത്ത അമ്പരപ്പോടുകൂടി തന്റെ പാട്ടില്‍ നടന്നു.


കുറിപ്പുകൾ

  1. റോമന്‍കത്തോലിക്കക്കാരുടെ ഇടയിലുള്ള ഒരു സന്ന്യാസിവര്‍ഗ്ഗം. ഇവര്‍ വിശേഷിച്ചും മതപ്രസംഗം നടത്തുന്നതില്‍ ശ്രദ്ധിക്കുന്നു.
  2. റോമന്‍കത്തോലിക്കക്കാരുടെ ഇടയിലുള്ള ഒരു കന്യകാമഠസ്ത്രീസംഘം. ഇവര്‍ മുഖ്യമായി വിദ്യാഭ്യാസവിഷയത്തില്‍ ഏര്‍പ്പെടുന്നു.
  3. ബേര്‍ത്തോള്‍ഡ് എന്ന ഒരിറ്റലിക്കാരനാല്‍ സ്ഥാപിക്കപ്പെട്ട ഒരു സന്ന്യാസിവര്‍ഗ്ഗം.
  4. ലാസറിസ്റ്റ് സംഘത്തിന്റെ പ്രതിഷ്ഠാപകന്‍.
  5. ഈ ആവരണവാക്യം ഴാങ്ങ് വാല്‍ഴാങ്ങിന്റെ വകയാണ്.