കേരളപാണിനീയം
ഏ.ആര്‍. രാജരാജവര്‍മ്മ രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച വ്യാകരണഗ്രന്ഥമായ കേരളപാണിനീയം 1917-ല്‍ ആണു് ആദ്യമായി ഇന്നു് കാണുന്ന രീതിയിലുള്ള പരിഷ്ക്കരിച്ച പതിപ്പു് പ്രസിദ്ധീകരിച്ചതു്. 1978-ല്‍ ഈ ഗ്രന്ഥം പൊതുസഞ്ചയത്തിലാവുകയും ചെയ്തു. അതിനു ശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും ലിപിപരിഷ്കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട മലയാള ലിപിസഞ്ചയത്തില്‍ അധിഷ്ഠിതമായ പുത്തന്‍ പതിപ്പുകള്‍ ഗ്രന്ഥകര്‍ത്താവു് ഉദ്ദേശിച്ചതുപോലെ വായനക്കാരനോടു് സംവദിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായതു്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള ലിപികളെ മിക്കവാറും പ്രസാധകര്‍ തിരസ്കരിക്കുകമൂലം സാങ്കേതികനേട്ടങ്ങളുടെ വെളിച്ചത്തില്‍ ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ചു് ഈ മഹദ് ഗ്രന്ഥത്തിനു് ഡിജിറ്റല്‍ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ നാം പരാജയപ്പെട്ടു. ലോഹ അച്ചുകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പതിപ്പുകളെക്കാള്‍ തുലോം നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവു് അവകാശപ്പെട്ടുകൊണ്ടു് ഡിജിറ്റല്‍ ടൈപ്‌സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. അതിനര്‍ത്ഥം ഡിജിറ്റല്‍ ടൈപ്‌സെറ്റിംഗ് പരമ്പരാഗത രീതിയെക്കാള്‍ മോശമെന്നല്ല, മറിച്ചു് മികച്ച ടൈപ്‌സെറ്റിംഗ് സമ്പ്രദായങ്ങള്‍ നമ്മുടെ പ്രസാധകലോകത്തിനു് അന്യമായിരുന്നു.
ഈ മൂന്നു പ്രധാന പിഴവുകള്‍ തീര്‍ത്തുകൊണ്ടു് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റല്‍ പതിപ്പു് മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചു് സായാഹ്ന പ്രവര്‍ത്തകര്‍ പുറത്തിറക്കുകയാണു്. വിക്കിസോഴ്സില്‍ ലഭ്യമായ, യൂണിക്കോഡില്‍ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണു് ഈ പതിപ്പു് നിര്‍മ്മിച്ചിട്ടുള്ളതു്. അതില്‍ കണ്ട അക്ഷരപ്പിഴവുകള്‍ തീര്‍ത്തു്, വ്യാകരണത്തിന്റെ ഭാഷാശാസ്ത്ര സാങ്കേതികതകള്‍ ആവശ്യപ്പെടുന്ന, ചിത്രീകരണത്തിനു് ബുദ്ധിമുട്ടുണ്ടാക്കുന്ന, എല്ലാതരം ഘടനകളും ഘടനാവൈചിത്യങ്ങളും, ഇത്തരം രചനകള്‍ക്കു് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ടെക്ക് എന്ന വിശ്രുതമായ ടൈപ്‌സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു് നിര്‍മ്മിക്കുകയാണു് ചെയ്തതു്. ഇതൊരു മാര്‍ക്കപ് സമ്പ്രദായം ആയതിനാല്‍, നീണ്ടകാല വിവരശേഖരണ വ്യവസ്ഥകളിലേയ്ക്ക് കേരളപാണിനീയത്തിന്റെ സാങ്കേതിക പരിവര്‍ത്തനം നടത്തുകയെന്നതു് അത്യന്തം എളുപ്പവും കുറ്റമറ്റതുമായി മാറുന്നു. ഇതോടുകൂടി കേരളപാണിനീയം മലയാളത്തിന്റെ നീണ്ടകാല ഡിജിറ്റല്‍ ശേഖരത്തിലേയ്ക്കു് മാറുകയാണു്.
കേരളപാണിനീയത്തിന്റെ സായാഹ്ന പതിപ്പു് അതിന്റെ നൂറാം ജന്മവാര്‍ഷികമായ 2017-ല്‍, ക്രിയേറ്റിവ് കോമണ്‍സ് ഷെയര്‍അലൈക് അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് പ്രസിദ്ധീകരിക്കുവാനാണു് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കു്, വായനക്കാരുടെ പരിശോധനയ്ക്കായി — വിട്ടുപോയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുവാനും, പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ നല്കുവാനും — ഒരു പ്രിറിലീസ് പിഡിഎഫ് പതിപ്പു് ഇപ്പോള്‍ ഇറക്കുകയാണു്. അത്
<a href="http://books.sayahna.org/ml/pdf/panini-rc1.pdf">http://books.sayahna.org/ml/pdf/panini-rc1.pdf</a>
എന്ന കണ്ണിയില്‍ ലഭ്യമാണു്. പിഴവുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ സൗകര്യത്തിനായി, ഓരോ പുറത്തിലും വരികളുടെ നമ്പ്ര ഇടതുവശത്തായി ചുവന്ന നിറത്തില്‍ ചേര്‍ത്തിട്ടുണ്ടു്. തിരുത്തലുകള്‍ <a href="mailto:info@sayahna.org"><info@sayahna.org></a> എന്നതിലേയ്ക്ക് മെയിലായോ അല്ലെങ്കില്‍ <a href="http://www.sayahna.org/?p=390">http://www.sayahna.org/?p=390</a> എന്ന ബ്ലോഗില്‍ കമന്റായോ ചേര്‍ക്കുവാന്‍ അപേക്ഷിക്കുന്നു. ഇക്കാര്യത്തില്‍ വായനക്കാരുടെ സഹകരണം ഹാര്‍ദ്ദവമായി ക്ഷണിച്ചുകൊള്ളട്ടെ. ജനപങ്കാളിത്തത്തോടെ നടത്തുന്ന, സാങ്കേതികമികവുള്ള ഈ പ്രസിദ്ധീകരണശ്രമത്തെ വിജയിപ്പിക്കുക.
കേരളപാണിനീയം ഏതാനും ദിവസങ്ങള്‍ക്കകം ഇവിടെ ലഭ്യമാവുന്നതാണു്.