close
Sayahna Sayahna
Search

കൊട്ടാരത്തിൽ ശങ്കുണ്ണി


കൊട്ടാരത്തിൽ ശങ്കുണ്ണി
Shankunni-01.png
ജനനം വാസുദേവൻ
1855-03-23
കോട്ടയം
മരണം 1937-07-22
തൊഴില്‍ കവി, കഥാകാരൻ, മലയാളം അദ്ധ്യാപകൻ
ഭാഷ മലയാളം
രാജ്യം ഭാരതം
സംസ്ഥാനം കേരളം
പൗരത്വം ഭാരതം
വിദ്യാഭ്യാസം പാരമ്പര്യവൈദ്യശാസ്ത്രം
കാലം 1872–1881
Genres വൈദ്യം
വിഷയം സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം
പ്രധാനകൃതികള്‍ ഐതിഹ്യമാല
സുഭദ്രാഹരണം

കൊട്ടാരത്തിൽ ശങ്കുണ്ണി

കൊല്ല വര്‍ഷം 1030 മീനം 23-നു (ക്രി.വ. 1855 മാര്‍ച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് വാസുദേവന്‍. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാല്‍ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേര്‍ത്ത് പില്‍ക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചു (സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല). പതിനേഴാമത്തെ വയസ്സില്‍ മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും ‘സിദ്ധരൂപം’പഠിച്ചു. പിന്നീട് വയസ്കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ല്‍ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടര്‍ന്നു.

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സില്‍ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിര്‍ബന്ധത്താലായിരുന്നു. 1881 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാന്‍ തുടങ്ങി. 1893-ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കവി കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തില്‍ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും (1888) ഭാഷാപോഷിണിസഭയിലും (1892) സഹകരിച്ചു.

കൊ.വ.1073 (1898) മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടര്‍ന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.

തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാജസദസ്സുകളില്‍ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തില്‍ 1904-ല്‍ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വര്‍ണ്ണമെഡലും എടുത്തുപറയേണ്ടതാണ്.

മലയാളസാഹിത്യസോപാനത്തിന്റെ ഉത്തുംഗശീര്‍ഷങ്ങളിലേക്ക് സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം അടിവെച്ചു കയറിയ ആ സ്ഥിരോത്സാഹി 1937 ജൂലൈ 22-നു (1112 കര്‍ക്കടകം 7-ന്) ഇഹലോകവാസം വെടിഞ്ഞു.

കൊ.വ. 1048-ല്‍ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ. 1056-ല്‍ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു. പിന്നീട് 1062-ല്‍ പുനര്‍വിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ല്‍ മൂന്നാമതൊരിക്കല്‍ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ല്‍ മരിച്ചു. അനപത്യതാ വിമുക്തിയ്ക്കു വേണ്ടി 1090-ല്‍ ഏവൂര്‍ പനവേലി കൃഷ്ണശര്‍മ്മയുടെ രണ്ടാമത്തെ പുത്രന്‍ വാസുദേവന്‍ ഉണ്ണിയെ ദത്തെടുത്തു വളര്‍ത്തി.

ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ. 1973 ഫെബ്രുവരി 23-നും ദത്തുപുത്രന്‍ വാസുദേവനുണ്ണി 1973 ഡിസംബര്‍ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രന്‍ നാരായണനന്‍ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടര്‍ന്നു.

കൃതികൾ

മണിപ്രവാള കൃതികള്‍, നാടകങ്ങള്‍, പരിഭാഷകള്‍, കല്പിതകഥകള്‍, ആട്ടക്കഥകള്‍, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങള്‍ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.