അദ്ധ്യായം ഇരുപത്തിയൊൻപതു്
രാമരാജബഹദൂർ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | രാമരാജബഹദൂർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്രാഖ്യായിക |
വര്‍ഷം |
1918 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
പിന്നോട്ട് | ധർമ്മരാജാ |
- “വിധി തന്ന നിധിയാമീ നന്ദിനി
- വിവിധ കാമം തരുവാൻ നന്ദിന
- വിധിവിലാസം നമ്മുക്കു് നന്നിനി
- വിധുമുഖി സർവലോകാനന്ദിനീ”
കഴിഞ്ഞ അദ്ധ്യായത്തിലെ കന്യകാപ്രവേശം, ചന്ത്രക്കാറന്റെ പരാഭവം എന്നീ പരിണതികളെ വിശദമാക്കാൻ പൂർവ്വകഥാനുബന്ധങ്ങളിലേക്കു് മടങ്ങിക്കൊള്ളുന്നു.
പാരിജാതഹാരത്തെ ഐരാവതമെന്നപോലെ തന്റെ ശീലഗാംഭീര്യത്തെ പാദാഘാതംചെയ്തു് കിഴക്കേ നന്തിയത്തു് മഠത്തിലെ പുറന്തോത്തിൽവച്ചു് നിശാസാക്ഷിയായി സാവിത്രി ത്രിവിക്രമകുമാരനു് സന്ദർശനം നൽകി. സ്വാന്തരംഗത്തിൽ വിഹാരപ്രസക്തി വിഹരിച്ചിരുന്ന തുളസീവാടത്തെ വിരഹാദ്യവസ്ഥാഭേദങ്ങളെ ഗ്രഹിക്കുന്ന യൗവനം അപഹരിച്ചു് മാകന്ദവാടി ആക്കിയിരിക്കുന്നു് എന്നു് ആ ദിവസത്തിലെ ചിത്താവസ്ഥകളാൽ ആ കന്യക അറിഞ്ഞു. തന്നിമിത്തം ഗുരുജനഹിതത്തെ പര്യാലോചിക്കാതെ ആ മനസ്വിനി തന്റെ ആത്മാവു് യുദ്ധരംഗത്തിലും എത്തി സ്വകമിതാവെ ആവരണംചെയ്യുന്നതാണെന്നു് പ്രതിജ്ഞചെയ്തു് സ്വദേഹദേഹീസംഘടനയെ സന്ദർഭങ്ങളാൽ ദത്തനാകുന്ന ഒരു ഭർത്താവിനെ വനത്തിലോട്ടോ ശ്മശാനത്തിലോട്ടോ പ്രവേശിപ്പിക്കാനുള്ള അരക്കില്ലമായി കണക്കാക്കി തന്റെ ദേഹിയുടെയും മാതാപിതാക്കന്മാരുടെ മഹനീയദാമ്പത്യത്തിന്റെയും സൃഷ്ടികർമ്മത്തിന്റെയും തന്നെ അമൂല്യതയെ നിന്ദ്യമാക്കുന്ന കാര്യത്തിൽ അവൾ ഒരു ജ്വാലാമുഖി ആയിരുന്നു. അഹങ്കാരം അല്ലെങ്കിലും ആത്മാഭിമാനം കുലശീലമായി അവളെ സാമാന്യലോകത്തിൽനിന്നു് ഒരു വ്യത്യസ്ത പാത്രമായി വ്യാപരിപ്പിച്ചുവന്നു. പ്രകൃതിയുടെ നിസ്തുലസുഷമയാൽ മണ്ഡിതമായുള്ള ഉദ്യാനങ്ങളും അതുകളിലെ കേതകീചന്ദ്രോദയങ്ങൾ, കുല്യാപ്രവാഹഗീതങ്ങൾ, മന്ദമാരുതവീജനം, കേകീനൃത്തം, കോകിലാലാപം എന്നീ പ്രകൃതിവിഭവങ്ങളും അവൾക്കു് ബാഹ്യേന്ദ്രിയവിനോദികളായിരുന്നതേയുള്ളു. തന്റെ കുലമഹത്ത്വത്തിന്റെ സംരക്ഷണം, കളങ്കാസ്പൃഷ്ടമായ ജീവിതനിർവഹണം എന്നീ രണ്ടു് ആദർശങ്ങൾ ഒരു ഭീഷ്മഗുരുവാൽ ശിക്ഷിതയായ ആ കന്യകയുടെ ആശയഗോപുരത്തിൽ അച്ഛത്മദീപങ്ങളായി പ്രശോഭിച്ചുനിന്നു. അവളുടെ ധർമ്മബോധത്തിൽ പ്രതിജ്ഞ എന്നതു് കേവലം ജിഹ്വാപത്രത്തിന്റെ നിരർത്ഥനൃത്തത്താൽ ഉണ്ടാകുന്ന യദൃച്ഛാശബ്ദം ആയിരുന്നില്ല. പ്രത്യുത, അതു് ക്രിയാകാരത്തെ അവലംബിച്ചു് ചിരഞ്ജീവിത്വം ആളേണ്ടതായുള്ള ഒരു ബീജാവാപം ആയിരുന്നു.
ത്രിവിക്രമകുമാരൻ ദിവാൻജിയോടുകൂടി യുദ്ധരംഗത്തിലേക്കു് അടുത്തദിവസം യാത്രയാകുന്നു എന്നു് കിഴക്കേനന്തിയത്തുവച്ചു് കേട്ടപ്പോൾ, ഈ പ്രണയവതിയെ പീഡിപ്പിച്ച ചിത്താവേശം ഇതിനു് മുമ്പു് വർണ്ണിച്ചിട്ടുണ്ടല്ലോ. പ്രകൃതിയുടെ സർവ്വാംഗങ്ങളും ആ യുവാവോടു് തന്റെ പ്രണയദാർഢ്യത്തെ ധരിപ്പാൻ ബദ്ധപ്രതിജ്ഞങ്ങളാണു്; തന്റെ നിശ്വാസങ്ങളെ പവനൻ വഹിച്ചു് അദ്ദേഹത്തെ പ്രദക്ഷിണംചെയ്തു് ആശ്വസിപ്പിക്കും; രാഗജന്യങ്ങളായ സാത്മഗീതങ്ങളെ പക്ഷികുലങ്ങൾ ഗാനം ചെയ്തു് അദ്ദേഹത്തിന്റെ ദിനചര്യയെ മധൂരീകരിക്കും; തന്റെ ജീവാഗ്നിയെ അപഹരിക്കുന്ന താരകിരണങ്ങളുടെ മന്ദോഷ്ണം അദ്ദേഹത്തിന്റെ പൗരുഷത്തെ ഉദ്ദീപനം ചെയ്യും – ഇങ്ങനെയുള്ള മഞ്ജുളചിന്തകളിൽ പ്രവേശിക്കാതെ അവളുടെ ആത്മാവു് പ്രപഞ്ചഘടനാവൈശിഷ്യത്തെക്കുറിച്ചും ചിന്തിച്ചു് അപരിച്ഛേദ്യതാഭാരത്താൽ ക്ഷീണമായി. ആ രാത്രിയിലെ മേഘച്ഛന്നനായ ചന്ദ്രന്റെ തല്ക്കാലനിര്യാണം ആ അസഹായിനിയെ മോഹാവേശത്തിൽ ലയിപ്പിച്ചു. പ്രണയം, ദുരനുഭവം, വ്യസനം, ദുരന്തം എന്നിങ്ങനെയോ തന്റെ പ്രേമകഥാപരിണാമം എന്നു് ചിന്തിച്ചു് ബോധം തളർന്നു് ആ കന്യക സ്വപ്നസൃഷ്ടങ്ങളായ ഭൂതങ്ങളുടെ മൃഗയാവിക്രീഡനത്തിലെ നിശ്ശൃംഗമൃഗമായിത്തീർന്നു. മന്ദമായുളള ഒരു പാദചലനം അപ്പോഴത്തെ ഭയങ്കരസുഷുപ്തിയിൽനിന്നു് ആ പ്രണയാർത്തയെ ഉണർത്തി.
ചെറുതായ ഒരു വൃഷ്ടിയാൽ പ്രക്ഷാളിതമായ ചന്ദ്രബിംബം വർദ്ധിതപ്രകാശത്തോടെ ആകാശത്തിൽ രജതപരാഗത്തെ വിതറുന്നു. ഒരു മനുഷ്യകണ്ഠത്തിന്റെ മൃദുക്ഷോഭം പരമാർത്ഥഗ്രഹണത്തിനായി അവളെ എഴുനേല്പിക്കുന്നു. അബന്ധിതമായി കിടന്നിരുന്ന വാതുക്കൽ ചെന്നപ്പോൾ, അപരിചിതമായുള്ള ഒരു പുരുഷസാന്നിദ്ധ്യത്തെ സന്ദർശിക്കുന്നു. ആ കപടദൂതൻ വഹിച്ചിരുന്ന സന്ദേശം അവളെ ധർമ്മസങ്കടത്തിൽ തള്ളിയിടുന്നു. ഹ! അവിവേകീ! എന്നു് എങ്ങനെ ശാസിക്കും? പുരുഷവീര്യത്തോടെ ഗൃഹത്തിനുള്ളിൽ വന്നു്, തന്നെ സന്ദർശിച്ചാൽ അച്ഛൻ കൊലവാളെടുത്താലും അതും സഹിക്കുന്നതല്ലേ ധീരോദാത്തന്റെ ധർമ്മം? ഇന്നും പുറംപറമ്പിലോട്ടു് ചെന്നു് വിരഹദുഃത്തെ ആദാനം ചെയ്തുകൊള്ളണമെന്നു് പ്രാർത്ഥിക്കുന്നതു് കേവലം സ്വവരക്ഷാനുവർത്തിയുടെ ഭീരുത്വമല്ലേ? പുരുഷസ്വാർത്ഥയാൽ പ്രേരിതമായുള്ള നിയോഗത്തെ അനുസരിക്കുന്നതു് ധർമ്മഭ്രംശമാവുകയില്ലയോ? അന്തഃപ്രേരണകളുടെ പരസ്പരവിരുദ്ധാവസ്ഥയിൽ പ്രാഡ്വിപാകാധികാരം വഹിക്കേണ്ടതു് ഭഗവൽ പ്രതിനിധിയായ മനസ്സാക്ഷിതന്നെയാണു്. അതെന്തു് ഗുണദോഷിക്കുന്നു? സാവിത്രി ധൈര്യസമാഹരണം ചെയ്തുകൊണ്ടു് കിഴക്കേ നന്തിയത്തെ തെക്കുഭാഗത്തുള്ള വൃക്ഷനിബിഡമായ പറമ്പിൽ പ്രവേശിക്കുന്നു.
അവിടത്തെ മരക്കൂട്ടംകൊണ്ടുള്ള ഇരുട്ടിൽ ഒന്നുരണ്ടു് ദീർഘകായന്മാരുടെ അവ്യക്താകാരങ്ങൾ കാണപ്പെട്ടു. ആ സന്ദർശനത്തിന്റെ ഗൂഢതയെ ഇവരുടെ സാന്നിദ്ധ്യം പരിഹരിക്കുന്നു എന്നു് ആ താർക്കികപുത്രി പ്രമേയമർദ്ദനന്യായേന അനുമാനിച്ചു. പരമസന്നിധിയിലോട്ടുള്ള പ്രവേശനത്തെ പ്രതിബന്ധിച്ചിരുന്ന അവളുടെ മനശ്ചാഞ്ചല്യങ്ങൾ അസ്തമിച്ചു. പാദങ്ങൾ മുന്നോട്ടു് നീങ്ങെ, തന്റെ കമനന്റെ ദിവ്യകളേബരത്തെ ദർശിപ്പാനുള്ള വാഞ്ഛ സാവിത്രിയെ മാൻപേടയ്ക്കു് തുല്യം വേഗവതിയാക്കി. ദീർഘകായത്വം സ്വപൂജാവിഗ്രഹത്തിന്റെ ലക്ഷണത്തിൽ ഒരു അംശമേ അല്ല; താൻ കാണുന്ന ഭീമശരീരന്മാർ നില്ക്കുന്ന സ്ഥലത്തുനിന്നു് അല്പം കൂടി ദൂരത്തു് ഏകാന്തത ആകാംക്ഷിച്ചു് അദ്ദേഹം കാത്തുനില്ക്കുന്നതായിരിക്കാം. ഇങ്ങനെ ചിന്തിച്ചു് വ്രീളാഭാരഭേദമായ സങ്കോചവൈവശ്യത്തിന്റെ ഒരു ലഘുക്ലമത്തോടെ അവൾ പിന്നെയും മുന്നോട്ടുനീങ്ങി. സന്ദേശഹരനായ പരിചാരകൻ വഹിച്ചിരുന്ന ഒരു മൂടുപടം അവളുടെ ശിരസ്സിൽക്കൂടി വീണു, കണ്ണുകളെ മറച്ചു. അവരുടെ ഹിംസ്രകർമ്മത്തെക്കുറിച്ചു് അവൾക്കു് പ്രജ്ഞയും ജനിച്ചു. എങ്കിലും ഭയക്രന്ദനം ആ ധൈര്യശാലിനിയുടെ കണ്ഠത്തിൽനിന്നു് ഗളിതമായില്ല. ഒരു മഹാവിടന്റെ ദുഷ്ക്രിയ തന്നെ വഞ്ചിക്കുന്നു എന്നു് വിശ്വസിക്കുകയാൽ പൗരുഷഗുപ്തമായ അവളുടെ ഹൃദയം ചലിച്ചില്ല. ബ്രഹ്മസ്വരൂപത്തോടു് സായൂജ്യാവകാശമുള്ള തന്റെ ദേഹി പൈശാചകരങ്ങൾക്കു് അജയ്യമെന്നുള്ള പ്രശാന്തധീരതയോടെ, അവൾ തന്റെ ദുർവ്വിധിനിപാതത്തിനു് അമർന്നുകൊണ്ടു. ഒരു ഹസ്താന്ദോളത്തിൽ ആരൂഢയാക്കപ്പെട്ടപ്പോൾ, തന്നെ പരഹസ്തസ്പർശനത്താൽ അസഹ്യപ്പെടുത്തരുതെന്നും മുഖപടം നീക്കിയാൽ സങ്കടപ്രലാപം കൂടാതെ അവരോടു് സഹഗമനംചെയ്തുകൊള്ളാമെന്നും ആ കന്യക സ്വകുലമാഹാത്മ്യത്തെ പുരസ്കരിച്ചു് പ്രതിജ്ഞചെയ്തു. അന്ദോളസ്ഥാനം വഹിച്ച ഭീമകായന്മാർ യന്ത്രപ്പാവകൾപോലെ സാമദാനാദി നയവാദങ്ങൾക്കു് നിശ്ചേതനന്മാരായി നടകൊണ്ടു.
നാഴിക ആറേഴു് കഴിഞ്ഞു. ഉദയയാമത്തിലെ മന്ദമാരുതൻ തുഷാരബിന്ദുക്കളെ വഹിച്ചു് ശീതളവീജനം ചെയ്തു. ചന്ദ്രികാമാന്ദ്യത്താൽ വഞ്ചിതരായ പക്ഷികൾ ഉണർന്നു് കൂജനങ്ങൾ തുടങ്ങിയിട്ടു, നിശാകാന്തൻ തന്റെ നിദ്രാശയ്യയിൽ അമർന്നിട്ടില്ലെന്നുകണ്ടു് വീണ്ടും സുഷുപ്തിസ്ഥരായി. ഉന്നതമായുള്ള ഒരു നിരപ്പിലെ വൃക്ഷനിബിഡതകൊണ്ടു് ദ്വിഗുണിതമായ ശൈത്യം ഗൃഹാന്തർവാസിനിയായിക്കഴിഞ്ഞിരുന്ന സാവിത്രിയെ അല്പം വിവശപ്പെടുത്തി. ഭ്രമരങ്ങളുടെ അർദ്ധോക്തക്രന്ദനങ്ങൾ കന്യകയുടെ കർണ്ണപുടങ്ങളെ ക്രൂരതരം മർദ്ദിച്ചു. ഈ വർഗ്ഗത്തിലെ സാധകസിദ്ധന്മാർ അക്ഷീണം മുഴക്കുന്ന ദീനാലാപങ്ങൾ നഖരദംഷ്ട്രാദ്യായുധക്കാരുടെ സഞ്ചാരവാദ്യങ്ങളായി അവളുടെ ഹൃദയത്തെ ചലിപ്പിച്ചു. വനകുസുമങ്ങളുടെയും കാടുഞെരിച്ചുള്ള യാത്രയിൽ മർദ്ദിക്കപ്പെട്ട ലതകളുടെയും ദുർഗ്ഗന്ധം ആ കന്യകയാൽ ശ്വസിക്കപ്പെടുന്ന വായുവിനെ മലിനപ്പെടുത്തി, നാസാരന്ധ്രങ്ങളെയും വേദനപ്പെടുത്തി. വനാക്രമണത്തിൽ ഉണർന്നുപോകുന്ന സാധുമൃഗങ്ങൾ പിടഞ്ഞെഴുന്നേറ്റു് തരുക്കൾ ഞെരിച്ചു് മണ്ടുന്ന ശബ്ദങ്ങളെ ആകർണ്ണനം ചെയ്തുതുടങ്ങിയപ്പോൾ അവസ്ഥാവിശേഷങ്ങൾ യഥാരൂപം ഗ്രഹിക്കുമാറായി. ക്രൂരമൃഗങ്ങളുടെ ഭക്ഷ്യമാകാൻ വിധിക്കപ്പെട്ടുവോ എന്നു് ശങ്കിച്ചു് കന്യക തന്റെ ശത്രുവെ അനുഗ്രഹിച്ചു് തുടങ്ങി. ‘ഇനി നിയ്പിനെടാ’ എന്നുള്ള ഭീഷണാജ്ഞ ആ യാത്രയെ പ്രതിബന്ധിച്ചപ്പോൾ, സീതാത്യാഗചരിത്രത്തെ അവൾ സ്മരിച്ചു, തന്റെ വനവാസകഷ്ടതകളുടെ വിഷ്കംഭം കഴിഞ്ഞതേയുള്ളു എന്നു് തീർച്ചയാക്കി.
മനുഷ്യാന്ദോളം പൊടുന്നീന നിലകൊണ്ടു് കന്യകാപദങ്ങൾ ഭൂസ്പർശം ചെയ്തു. മൂടുപടം നീക്കിക്കൊള്ളാൻ കൃപാർദ്രമായ നിയോഗം ഉണ്ടായപ്പോൾ, ഉദയത്തിലെ പ്രശാന്തവാതം അവളെ തലോടി ആ സ്ഥിതിയിൽ ശക്യമായുള്ള അനുനയോപചാരം ചെയ്തു. ആ കന്യകയെ ആവരണംചെയ്യുന്ന ഹരിതച്ഛവിക്കിടയിൽനിന്നെഴുന്ന ഹിമധൂമം അവളോടു് പ്രയോഗിക്കപ്പെട്ട ഘോരവഞ്ചനയെ രക്ഷാപദത്തിൽ ധരിപ്പിക്കാൻ എന്നപോലെ വിയന്മാർഗ്ഗത്തിലോട്ടു് പൊങ്ങി. പൂർവ്വാകാശത്തിലെ ശോണിമ സംഹാരശക്തിയുടെ സൗദാമിനീവജ്രമായി പ്രശോഭിച്ചു. നിശാതിമിരം അഹഃപ്രകാശത്താൽ അവശ്യം അനുഗമിക്കപ്പെടുന്നപോലെ, വിപത്തുകൾക്കും വിപരീതാവസ്ഥകൾ ഉണ്ടാവുമെന്ന ബോധം സാവിത്രിയെ ഉന്മേഷവതിയാക്കി.
ചിലമ്പിനഴിയത്തുനിന്നു് അവമാനകോപത്തോടെ പാഞ്ഞ പെരിഞ്ചക്കോടൻ, ഗൗണ്ഡൻ ആ ഭവനനായകൻതന്നെ എന്നു് തീർച്ചയാക്കി ആ സ്വാർത്ഥഭൂതത്തെയും തന്റെ പ്രതാപത്തെ ധിക്കരിച്ച യക്ഷീഛായയെയും തദ്വാരാ സ്വശത്രുവായ ദിവാൻജി പ്രമത്തനെയും ദ്രോഹിച്ചു് സ്വകാര്യലബ്ധി സുഗമമാക്കുമെന്നുള്ള പ്രതിജ്ഞയോടെ ആ അനുസ്യൂതസംരംഭൻ അപ്പോഴത്തെ ഗൗണ്ഡസങ്കേതത്തിൽ എത്തി. അവിടെ താമസിപ്പിച്ചിരുന്ന തന്റെ അനുചരസംഘത്തെ ശേഖരിച്ചുകൊണ്ടു് പ്രതിജ്ഞാനുസാരമുള്ള ഒന്നാം ദ്രോഹകർമ്മത്തിനായി തിരിച്ചതു് നന്തിയത്തേക്കായിരുന്നു. അക്ഷീണപാദന്മാരായ ആ രാത്രിഞ്ചരസംഘം അടുത്ത രാത്രിയിൽത്തന്നെ നന്തിയത്തുഗൃഹത്തിന്റെ പ്രാന്തങ്ങളെ വലയം ചെയ്യുന്ന വനത്തിൽ എത്തി. പെരിഞ്ചക്കോടനായ നായകൻ ഉപദേശിച്ച കന്യാപഹരണമാർഗ്ഗം ആ രാത്രിയിലെ അവസ്ഥാവിശേഷങ്ങളാൽ അനുകൂലിക്കപ്പെട്ട് നിഷ്പ്രയാസം നിവർത്തിതമായി. ഇച്ഛാലബ്ധിയിൽ സന്തുഷ്ടനായി വഴികാട്ടി നടന്ന പെരിഞ്ചക്കോടനും അനുചരന്മാരും ഉത്തരദിക്കിലേക്കുള്ള തങ്ങളുടെ ഗൂഢമാർഗത്തെയും ദർശിച്ചപ്പോൾ അല്പകാലവിശ്രമാദികൾക്കായി നിലകൊണ്ടു.
സാവിത്രിയുടെ സൗന്ദര്യപൗഷ്കല്യം ആ ഖലപ്പെരുമാളുടെ നെഞ്ചിൽ ഒരു ഖാണ്ഡവാഗ്നിയെ പ്രജ്വലിപ്പിച്ചു. തന്റെ പുത്രിയുടെ വല്ലികാലാവണ്യം എത്ര മനോഭിരാമം എന്നു് വാത്സല്യജമായ അസൂയയാൽ അയാളുടെ അന്തർജിഹ്വ ആക്രോശിച്ചു. തനിക്കു് ദൈവാൽ ലഭിച്ച പ്രണയിനിയുടെ യുവാംഗകോമളിമയെ എന്നല്ല, തന്റെ യുവധൂർത്തത അസ്താഹംകാരിണിയാക്കിയ സൗന്ദര്യകൗസ്തുഭത്തെയും പ്രത്യക്ഷവൽ സ്മരിച്ചുകൊണ്ടു് ആ കൃതാന്താത്മാവു് സാവിത്രിയുടെ രൂപസൗഷ്ഠവത്തെ ഒന്നുകൂടി വിദ്വേഷാക്ഷികളാൽ തുലമാനംചെയ്തപ്പോൾ, ഉരസ്തടാഗ്നിയെ തലോടി ശമിപ്പിക്കാൻ ഉദ്യുക്തനായി. തന്റെ ഇച്ഛാനിവൃത്തിക്കുള്ള ഒരു പ്രതിബന്ധത്തെ നിധനംകൊണ്ടു് നിഷ്കാസനം ചെയ്‌വാൻ കരുതിയിരുന്ന ഉപായം ഉത്തരക്ഷണം ഉപേക്ഷിതമായി. എന്നാൽ, അതിനെക്കാൾ ആസുരതരമായുള്ള ഒരു ക്രിയാമാർഗ്ഗം, അനന്തവിജയബഹുമതികൾ സമ്പ്രാപ്തമാക്കാനുള്ള വസിഷ്ഠധേനുവായി, ആ ഖലബുദ്ധിയിൽ പ്രകാശിച്ചു. പെരിഞ്ചക്കോടന്റെ സംഗതിയിൽ ചിന്താസമാപനം ക്രിയാരംഭംതന്നെ ആയിരുന്നതിനാൽ, ആ തസ്കരസംഘം പാണ്ടസൈന്യം തുടർന്ന വനമാർഗ്ഗത്തിലൂടെ, ആ കന്യകയുടെ അബലാത്വത്തെ ഗണിക്കാതെ അവളെക്കൊണ്ടു് കല്ലും മുള്ളും മിതിപ്പിച്ചു് യാത്ര തുടരാൻ മുതിർന്നു.
ഈ കഥാഘട്ടം കഴിഞ്ഞ ചില അദ്ധ്യായങ്ങളിലെ സംഭവങ്ങൾക്കു് മുമ്പായിരുന്നുവെന്നു് വായനക്കാർ ഓർക്കുമല്ലോ. ടിപ്പുസുൽത്താന്റെ മഹാസേന പെരുമ്പടപ്പിന്റെ ഉത്തരപരിധിയെ തരണംചെയ്ത സന്ദർഭത്തിൽ, ആ ഫണമകുടക്കാരൻ തന്റെ സേനാപ്രയാണത്തിലെ രണ്ടാംകളത്തെ, മന്ത്രസഭാവലയിതമായ രംഗത്തിലെ മദ്ധ്യസ്ഥൂണമായി നിലകൊണ്ടു് സ്വസുന്ദരാംഗത്വത്തിന്റെ പ്രചണ്ഡപ്രദർശനത്താൽ സമ്മേളിപ്പിക്കുന്നു. ഡൽഹി ചക്രവർത്തിയും മന്ത്രിസഭാംഗങ്ങളും ഉപയോഗിച്ചുവന്ന വിശാലവസ്ത്രധോരണിയാൽ അല്ലാതെ, തന്റെ കായലാഘവത്തെ പ്രസ്ഫുടമാക്കുന്ന നെടുംകുപ്പായത്താലും കാലുറയാലും ഒരു തുർക്കിക്കുല്ലാവാലും മാത്രം സുൽത്താൻ അലംകൃതനായി നില്ക്കുന്നു. ‘മരതകഗിരിയാൽ ആവൃത’ മായുള്ള ലോകത്തിനു് ആധാരമായുള്ള ആ ഏകസ്തംഭത്തിന്റെ ഉത്തമാംഗപ്രഭ സൃഷ്ടിസാധനപഞ്ചകത്തിലെ മൂന്നാം ഭൂതത്തിന്റെ സാക്ഷാൽക്കാരത്താൽത്തന്നെ പ്രേക്ഷകസമിതിയുടെ നേത്രകവാടങ്ങളെ ബന്ധിപ്പിക്കുന്നു. “ദീർഘദർശിയായ പുണ്യവാന്റെ പ്രജ്ഞാകാണ്ഡത്തെ ഉദ്ദീപിപ്പിച്ച അള്ളാവിന്റെ അനുഗ്രഹങ്ങൾ ഈ ദാസന്റെയും അവന്റെ കുടുംബത്തിന്റെയും ആശ്രിതജനങ്ങളുടെയും ശിരസ്സുകളിൽ ആവസിക്കട്ടെ!” എന്നുള്ള പ്രാർത്ഥനയ്ക്കു് |അദ്ദേഹത്തിന്റെ, പുത്രനായ ഫ്‌ട്ടിഹൈദർ, സേവകപ്രധാനനായ അജിതസിംഹരാജാ ആയവ്യയകാര്യസ്ഥനായ പൂർണ്ണയ്യൻ, സേനാനായകനായ കമ്മുറുദ്ദീൻ തുടങ്ങിയുള്ള സഭാംഗങ്ങൾ ശിരഃകമ്പനംകൊണ്ടു് ‘തഥാസ്തു’ വാചികത്തെ ഉച്ചരിക്കുന്നു. വിജയവിശ്വാസം സുൽത്താന്റെ ലലാടരേഖകളെയും മന്ദസ്മേരപ്രസരത്താൽ ചലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘകണ്ഠത്തെ വലയംചെയ്യുന്ന മുക്താഹാരവും അന്നത്തെ ദിനോദയത്തിൽ ഒരു ‘ശാന്താകാര’ പരിസേവിയുടെ അനൗദ്ധത്യത്തിൽ അമർന്നു് അതിലെ ഓരോ അംഗത്തിന്റെ ഗാത്രപരിമിതിക്കുള്ള പ്രശംസയെ മാത്രം അവകാശപ്പെടുന്നു.
വ്യാജ അജിതസിംഹന്റെ കാര്യക്കാരായി തിരുവനന്തപുരത്തു് താമസിച്ചിരുന്ന അജിതസിംഹരാജാവു് ഉത്തര ഇന്ത്യയിൽ സഞ്ചരിച്ചു് അനേകം രജപുത്രരാജാക്കന്മാരുടെ മൈത്രീബഹുമാനങ്ങൾ സമ്പാദിച്ചിട്ടുള്ള ഒരു വീരസിംഹനായിരുന്നു. സ്വപ്രജാരാജ്യങ്ങളുടെ പ്രശാന്തസ്ഥിതിയെ വിച്ഛിന്നമാക്കാനുള്ള വൈമനസ്യത്താലും ചിറയ്ക്കൽ രാജാവിന്റെ നിധനാനന്തരം തത്തുല്യമായുള്ള വ്യാഘ്രകർക്കശതകൾ അനുഷ്ഠിക്കാൻ അവസരം കൊടുക്കാതെ ടിപ്പുവിന്റെ കോപഗതിയെ നിയന്ത്രണംചെയ്യണമെന്നുള്ള മോഹത്താലും അദ്ദേഹം ആശ്രയവൃത്തിയെ അംഗീകരിച്ചിട്ടുള്ളതായിരുന്നു. അദ്ദേഹത്തിന്റെ ശിരഃകമ്പനങ്ങളും ദാസനിർവ്വിശേഷമായുള്ള വിനയഭാവവും ഒരു ഭീരുവിന്റെ ചാപല്യങ്ങളല്ലെന്നു് താൻ ശങ്കാപൂർവ്വം സ്വാധീനത്തിൽ സൂക്ഷിച്ചുകൊള്ളേണ്ടതായ ഒരു വിക്രമിയുടെ നയങ്ങളാണെന്നും സുൽത്താൻതന്നെ ഗ്രഹിച്ചിരുന്നു. ആ സേനാസങ്കേതത്തിൽ സ്വകളത്രവും വിദൂഷകനായ മാധവനായിക്കനും പരിചാരകചക്രവും ഒന്നിച്ചു് തന്റെ മതാനുഷ്ഠാനങ്ങൾക്കു് പ്രതിബന്ധം കൂടാതെ, സ്വാതന്ത്യവാസം ചെയ്‌വാൻ അജിതസിംഹരാജാവിനു് പൂർണ്ണാനുവാദം ഉണ്ടായിരുന്നു. ടിപ്പുസൈന്യത്തിലെ ഹിന്ദുക്കളായ ഉദ്യോഗസ്ഥന്മാർക്കും ഭടജനങ്ങൾക്കും പൂർണ്ണയ്യൻ തുടങ്ങിയുള്ള രാജ്യതന്ത്രാഢ്യന്മാർക്കും അജിതസിംഹൻ ധനുർവേദജ്ഞനും ഭരണധുരന്ധരനും ആയ ഒരു സംപൂജ്യബന്ധുവായിരുന്നു.
വഞ്ചീരാജ്യത്തേക്കു് നിയോഗിക്കപ്പെട്ടിരുന്ന ചാരപ്രാധാൻ ഗൗണ്ഡവണിക്കിന്റെ ബോധനങ്ങൾവഴി സുൽത്താൻസമക്ഷം പരിചയപ്പെട്ടിരുന്ന പെരിഞ്ചക്കോട്ടു് കുഞ്ചുമായിറ്റിപ്പിള്ള എന്ന വിക്രമപ്രഭുവിനു് മുഖംകാണിപ്പാൻ അവസരം നൽകുന്നതിനായി സുൽത്താൻ ബഹദൂർ സൗജന്യസൗമുഖ്യസൗഹാർദ്ദങ്ങളുടെ സംയുക്തസമ്മേളനത്തെ അഭിനയിച്ചു. മാടക്ഷിതിയിലോട്ടു് സ്വസേനാസംക്രമം ഉണ്ടായ മുഹൂർത്തത്തിൽത്തന്നെ, വഞ്ചിരാജ്യലബ്ധിയുടെ ശകുനമായി അവിടത്തെ ഒരു സർദാരുടെ ആഗമനം സംഭവിച്ചതു് സുൽത്താനെ ഹർഷകണ്ടകിതനാക്കി. ഗൗണ്ഡൻമുഖേന അതിഗൂഡമായി താൻ പരിചയപ്പെട്ടിരുന്ന പെരിഞ്ചക്കോടന്റെ ചരിത്രസംക്ഷേപം അജിതസിംഹൻ, ടിപ്പുസുൽത്താനെ സപ്തവ്യസനക്കാരുടെ ബുദ്ധി തെളിയിക്കാനുള്ള കർമ്മമായി ധരിപ്പിച്ചപ്പോൾ, തിരുവിതാംകൂർ ഹസ്തപ്രാപ്തമായെന്നു് തന്നെ ആ ഉത്തമൻ തീർച്ചയാക്കിക്കൊണ്ടു് ആ ‘ബഹദൂർ ആലി’ തന്റെ മന്ത്രസഭാമാഹാത്മ്യം സന്ദർശിച്ചുകൊള്ളട്ടെ എന്നു് കല്പനകൊടുത്തു.
വളർത്തിയ തലയും മീശയും, ദക്ഷിണദിക്കിലെ തലക്കെട്ടും നെഞ്ചിൽ പരന്നുള്ള കൃഷ്ണവനവും രണ്ടു് കൊമ്പുകൾ ഇട്ടുള്ള മുണ്ടുടുപ്പും മുരിങ്ങക്കായുടെ ഘനത്തിലും നീളത്തിലും ഉള്ള ഭസ്മക്കുറികളും കാലദണ്ഡംപോലുള്ള ഒരു നെടുവടിയും ആയി പ്രവേശിച്ചു, മുട്ടുകുത്തി ‘നിസ്കരിക്ക’ യോ വേണ്ടതെന്നു് നിശ്ചയം ഇല്ലാതെ അല്പം കുഴങ്ങീട്ടു്, അജിതസിംഹന്റെ ഹസ്തചലനോപദേശം തുടർന്നു് പെരിഞ്ചക്കോടൻ നെറ്റിയിൽന്മേൽ ചതുരംഗുലങ്ങൾ ചേർത്തുകൊണ്ടു് ഒന്നു് കുനിഞ്ഞു. ആ സത്വത്തിന്റെ കരണ്ടകക്കണ്ണുകളും ഭീമഗദകളായ കൈകളും അതുകളിന്മേലുള്ള ഗജരോമാവലിയും കണ്ടു് ഉപചാരന്യൂനതയെക്കുറിച്ചു് സുൽത്താൻ തൃക്കണ്ണുകളടച്ചുകൊണ്ടു് നിയമമല്ലാത്ത ശിരശ്ചാഞ്ചാട്ടങ്ങളോടെ തിരുവുള്ളപ്പുതുവെള്ളത്തെ മന്ദഹാസകുല്യാമാർഗ്ഗമായി പ്രവഹിപ്പിച്ചു. ഏഴെട്ടു് ദിവസത്തെ വഴിക്കപ്പുറം ദൂരത്തുനിന്നു് ഒരു ചെറുസേനയെ സംഭരിച്ചുവന്നിരിക്കുന്ന ഒരു സമ്പന്നനും സമഗ്രവീര്യനും ആണെന്നു് അജിതസിംഹൻ ഉണർത്തിച്ചപ്പോൾ, സുൽത്താൻ സമാഗതന്റെ ‘അച്ഛ’ ത്വത്തെ പല ഉരു ദീർഘഘോഷണംചെയ്തു. പെരിഞ്ചക്കോടൻ രാജസന്ദർശനത്തിൽ അനുഷ്ഠിക്കേണ്ട മര്യാദയെപ്പറ്റി എന്തോ ചിലതു് കേട്ടിട്ടുള്ളതിനാൽ, താൻ ആ വിഷയത്തിൽ അജ്ഞനല്ലെന്നു് ബോദ്ധ്യപ്പെടുത്താനായി ആ സങ്കേതസാർവ്വഭൗമന്റെ അവകാശം അപഹരിച്ചു് ഇങ്ങനെ ഉണർത്തിച്ചു: “തമ്പ്രാൻമുമ്പിൽ പെരിഞ്ചക്കോടൻ വെറുംകയ്യനായു് വന്നതല്ല. തിരുക്കാഴ്ചയ്ക്കു് ഒരു ചെമ്പട കൊണ്ടുവന്നിട്ടൊണ്ടു്. അതിനെ ഇപ്പഴേ ഇങ്ങു് കെട്ടി എടുക്കണ്ടാന്നുവെച്ചു് അങ്ങൊരെടുത്തു് എതം നോക്കി ഒരു മലയിടുക്കിൽ നിറുത്തീരിക്കുണു. എന്നാലും എന്തെങ്കിലും കൊണ്ടരണമെന്നുവെച്ചു് ഒരു പെൺപൊടിയെ ചരതിച്ചു, കൂട്ടിക്കൊണ്ടുവന്നിട്ടൊണ്ടു്. ഇങ്ങു് വച്ചോണ്ടാൽ, അവിടെച്ചെലരുടെ ഞരമ്പു് തമ്പുരാൻ തിരുവടീടെ കക്കത്തിലു്. ദിവാൻജി എന്നു് പറയണവൻ പിന്നെ ശിങ്കുപാടും. പടയ്ക്കു് കോപ്പുകൂട്ടാൻ വന്നിരിക്കണ കൊമ്പച്ചക്കുറുപ്പു്, അവന്റെ ആൾപ്പെരുപ്പും പെരുമ്പൊരുളുമടക്കം, ശൊൽപ്പടിയാടും. അടിയൻ കാടൻ. ഇവിടത്തെ പൊന്നുള്ളംകൊണ്ടു് കേടുപാടുകൾ പൊറുത്തു് രക്ഷിക്കണം.
ആഗതൻ ഉണർത്തിച്ചതിനെ അജിതസിംഹൻ ഹിന്ദുസ്ഥാനിയിൽ സുൽത്താനെ ധരിപ്പിച്ചു. ആഗതന്റെ അറിയിപ്പു് നയജ്ഞന്മാർ ഗ്രഹിക്കേണ്ട ഒരു ഉത്തമപദ്ധതിതന്നെ. ഒരു കന്യകയെ തല്ക്കാലകാഴ്ചയായി കൊണ്ടുവന്നിരിക്കുന്ന വൃത്താന്തമോ – അതു് സുൽത്താനെ ത്രസ്തമർമ്മനാക്കി. സുന്ദരികളായ തരുണികളെ അടിമകളായി ക്രയവിക്രയം ചെയ്കയും പ്രഭുക്കൾക്കും രാജാക്കന്മാർക്കും കാഴ്ചവയ്ക്കുകയും ചെയ്യുന്ന മഹമ്മദീയരാജ്യങ്ങളിലെ നടപ്പു് ഗ്രഹിച്ചു, കാലിഫിനു് തുല്യനാക്കി തന്നെ സമാരാധിക്കാൻ വന്നിരിക്കുന്ന ആഗതൻ മഹാഭിജ്ഞനും ലോകചര്യചതുരനും ആണെന്നു് സുൽത്താൻ പല പ്രശംസോക്തികളാൽ അഭിമാനിച്ചുകൊണ്ടു് കാഴ്ചയെ ഹാജരാക്കാൻ കല്പനകൊടുത്തു. അടവീവനജത്തിന്റെ പുഷ്ടിയോടും രക്തച്ഛവിപ്രസരത്തോടും ഗാംഭീര്യവിലാസത്തോടും രംഗപ്രവിഷ്ടയായ സാവിത്രിയെ ദർശിച്ചപ്പോൾ, തന്റെ പുരാണങ്ങളിലെ സ്വർഗ്ഗസ്ത്രീകൾ കേവലം മനോധർമ്മശൂന്യരുടെ സൃഷ്ടികളാണെന്നു് അവഹേളനം ചെയ്തു. തന്റെ അരമനയിലെ സുന്ദരീകദംബം ഇവളുടെ സൗന്ദര്യഭാസ്കരതയിൽ നക്ഷത്രധർമ്മത്തെ പ്രാപിക്കുമെന്നും മുകിലചക്രവർത്തികളിൽ ഒരുവൻ ഒരു ‘ലോകദീപ’ ത്തെ വരിച്ചു് ആ കുലത്തിനു് ചേർത്ത വിഖ്യാതിയെ തനിക്കു് സംപ്രാപ്തമായിരിക്കുന്ന ഈ ബ്രഹ്മാണ്ഡദീപം കബളീകരിക്കുമെന്നും സുൽത്താൻ പ്രമോദിച്ചു. ഫ്ട്ടിഹൈദരുടെ നേത്രങ്ങൾ മൃഗദർശനത്തിൽ ഉദ്ദീപ്തമദനാകുന്ന വ്യാഘ്രത്തിന്റേതുപോലെ ഉജ്ജ്വലിച്ചു. എന്നാൽ അജിതസിംഹന്റെ ഉജ്ജ്വലതരമായ നേത്രാഗ്നേയത ആ കുമാരനെ ശാസിച്ചു. സംഗതികളുടെ യഥാർത്ഥഗതിയെ അന്തർന്നേത്രങ്ങളാൽ ദർശിച്ച അജിതസിംഹൻ മുമ്പോട്ടു് നീങ്ങി ഒരു അപേക്ഷചെയ്‌വാൻ മുതിർന്നു: “മഹാരാജേന്ദ്രപ്രഭോ! അവിടുത്തെ സിംഹാസനരക്ഷയിൽ അമരുന്ന ദാസൻ പ്രാർത്ഥിക്കുന്നു. ഈ കന്യക ഒരു കുലീന. അവിടുന്നു് വഞ്ചിരാജ്യം ജയിക്കുമ്പോൾ അവിടുത്തെ സദസ്സിനെ അലങ്കരിക്കേണ്ട ഒരു മഹാപണ്ഡിതശിരോമണിയുടെ പുത്രി. ചില മഹാകാര്യങ്ങൾ സാധിപ്പാൻ പ്രയോഗിക്കാവുന്ന ഒരു കാമസുരഭി. അതിനെ യഥോപചാരം നിത്യപൂജാദികൊണ്ടു് ഫലദായകമാക്കുവാൻ ദാസനെ ഏല്പിച്ചു് അവിടുത്തെ പ്രതാപം പ്രവൃദ്ധമാക്കിയാലും.”
ഈ പ്രാർത്ഥനാരംഭത്തിൽ അജിതസിംഹനെ അത്യാദരവോടെ നോക്കി നിന്നിരുന്ന സാവിത്രി അതിന്റെ അവസാനത്തിൽ സുൽത്താനെ അഭിവാദ്യം ചെയ്തു് സ്വജനകസമക്ഷമെന്നപോലെ നിസ്സങ്കോചം തന്റെ അഭ്യർത്ഥനത്തെസമർപ്പിച്ചു: “പ്രജകൾക്കു് അച്ഛനായി രക്ഷിക്കേണ്ട മഹാപുരുഷാ, വിശേഷിച്ചും നിരാലംബകളുടെ സംഗതിയിൽ മഹച്ഛക്തി പ്രതിനിധിയായി ധർമ്മരക്ഷണം ചെയ്യേണ്ട മഹാവിജയിൻ! ആ പ്രാർത്ഥനയെ കൃപാപൂർവ്വം അനുവദിക്കുന്നു എങ്കിൽ ഈ ബാലിക അനുഭവിച്ച കഷ്ടതകൾക്കു് ഒരു പരിഹാരമാകും. ഈ അബലാഭിലാഷത്തെ അനുവദിച്ചു് കൃപാനയം തരുന്ന പരമാനന്ദത്തെക്കൂടി ആസ്വദിക്കുക. ഇസ്ലാംമതത്തിന്റെ മർമ്മപ്രമാണങ്ങളെ ഇങ്ങനെ പുലർത്തുക.”
ഒരു മലയാളകന്യകയുടെ ഹിന്ദുസ്ഥാനിഭാഷണം, ഗണനശാസ്ത്രജ്ഞന്മാരുടെ മണ്ഡലത്തിൽ ദിവാൻ കേശവപിള്ളയോടു് കിടയായുള്ള പൂർണ്ണയ്യനെക്കൊണ്ടു് തന്റെ നിർഭരാശ്ചര്യത്തെയും കന്യകയുടെ പ്രാർത്ഥനയെ അനുവദിക്കേണ്ട ന്യായ്യതയെയും ടിപ്പുവിന്റെ സാന്നിദ്ധ്യത്തെ വിസ്മരിച്ചു് ഉദ്ഘോഷിപ്പിച്ചു. കന്യകയുടെ പദശുദ്ധിയും ഉച്ചാരണധാടിയും അവളുടെ രാജഗാംഭീര്യവും സുൽത്താനെയും അജിതസിംഹനെയും ഒരുപോലെ സ്തബ്ധവൃത്തികളാക്കി. പെരിഞ്ചക്കോടൻ മൂക്കിൽ വിരൽവച്ചും പുളിഫലഭോക്താവിന്റെ വികൃതഗോഷ്ടികൾ കാട്ടിയും സഭ മറന്നു് നിന്നു. ബഹുജനങ്ങളുടെ രക്ഷാശിക്ഷാകർമ്മങ്ങൾ ചുമലുന്നതായ ഒരു സ്ഥാനത്തെ വഹിക്കുന്ന സുൽത്താൻ തന്റെ രണ്ടു് പ്രധാനോപദേഷ്ടാക്കളാൽ സൂചിതവും പ്രാർത്ഥിതവും ആയുള്ള പദ്ധതിയെ അനുകരിക്കാൻതന്നെ നിശ്ചയിച്ചു: “ആഹാ! വിശ്വാത്ഭുതം! മഹാസമർത്ഥയായ ഒരു ഓമനപ്പുത്രിയെക്കൂടി അള്ളാ നമുക്കു് പ്രസാദിച്ചു് തന്നിരിക്കുന്നു. രാമരാജാരാജ്യത്തിൽ ഇങ്ങനെ ഒരു പ്രഭാഗിരി ഉള്ള വസ്തുത ആ രാജ്യത്തിന്റെ പിതാവാകാൻ നമ്മെ ഇന്നു് മുതൽ പ്രവൃദ്ധോന്മേഷനാക്കുന്നു. സ്നേഹിതാ, അജിതസിംഗ്, ഇതാ നിങ്ങളുടെ ദത്തുപുത്രിയായി ഇവളെ അംഗീകരിച്ചുകൊള്ളുക. നമ്മുടെ അരമനയിലും ഇവൾ നമ്മുടെ വിശിഷ്ടവത്സയായി സർവ്വസ്വാതന്ത്ര്യങ്ങളും ആണ്ടുകൊള്ളട്ടെ. നമ്മൾ രണ്ടുപേരുടെയും വത്സയായ ഈ കന്യകയ്ക്കു്, ടിപ്പുസുൽത്താൻ സർവ്വാഭീഷ്ടദായകൻ എന്നു് പ്രതിജ്ഞചെയ്യുന്നു. പ്രിയപുത്രാ, നിന്റെ സഹോദരി – ധരിച്ചുവോ? – സഹോദരിയുടെ സ്വൈരത്തെ വിലംഘിക്കുന്ന ദുർമ്മദന്റെ ശിരസ്സു് നമ്മുടെ കഠാരയാൽ വിച്ഛിന്നിതമാകുമെന്നു് പ്രഭുക്കളെയും സർദാരന്മാരെയും സേനാപരിചാരകപംക്തികളെയും ധരിപ്പിക്കുക. അള്ളാവിന്റെ ആശിഃസ്വാസ്ഥ്യം നമ്മെയും നമ്മുടേതായുള്ള സകലത്തെയും രക്ഷിക്കട്ടെ!”
മഹാരാജാക്കന്മാരെ വന്യവിഭവങ്ങൾകൊണ്ടു് സന്ദർശിച്ചു് സമാരാധിക്കുന്ന കാട്ടാളവർഗ്ഗം എന്നപോലെതന്നെ ചില സമ്മാനശകലങ്ങളാൽ പെരിഞ്ചക്കോടൻ സംഭാവിതനായപ്പോൾ, ഒരു വരടസംഘത്തിന്റെ മേധാവിയായ അയാൾ തിരുവിതാംകൂർ സിംഹാസനത്തിന്മേൽ ടിപ്പുവിനെ ഉപവേശിപ്പിച്ചു് പട്ടാഭിഷേകം ആഘോഷിക്കുന്നതും ത്രിവിക്രമനെ സമ്മാനിച്ചു് സ്വപുത്രിയെ സൗഭാഗ്യവതിയാക്കുന്ന മംഗളാചരണവും തന്റെ ശത്രുവായ ദിവാൻജി ടിപ്പുവിന്റെ കോപാഗ്നിക്കു് ഒരു കാഷ്ഠശലാകയാകുന്നതും മനോരാജ്യപടത്തിൽ ലേഖനം ചെയ്തു് കണ്ടു് ആത്മപ്രമോദത്തെ സംഭരിച്ചു. തന്റെ ചെറുസേനയെ വഞ്ചിരാജസൈന്യത്തിന്റെ സങ്കേതങ്ങളോടു് കഴിയുന്നത്ര അടുപ്പിച്ചു് പാളയം അടിക്കണമെന്നുള്ള സമരോപദേശം ടിപ്പുസുൽത്താന്റെ ഒരു ഉപസേനാനിയിൽനിന്നു് കിട്ടുകയാൽ തന്റെ തസ്കരവ്യാപാരങ്ങൾക്കിടയിൽ കണ്ടിട്ടുള്ള മാങ്കാവുഭവനത്തെ അയാൾ സ്മരിച്ചു. ഉപായാന്വേഷണത്തിൽ അക്ഷീണനായ അയാൾ ഒരു കന്യകയെ ബലികഴിപ്പാൻ മുതിർന്ന നീചത്വം പൂർവ്വജന്മകൃതങ്ങളുടെ നിരയിൽ തള്ളിയിട്ടു് ഗർവ്വഗർഭയെങ്കിലും പാവനതാബോധത്തോടെ ഭഗവൽപരിസരം പ്രവേശിപ്പിക്കുമായിരുന്ന വാസനാനിഷ്ഠയെ ഭഞ്ജിച്ചു് പ്രാരബ്ധവതി ആക്കപ്പെട്ട ഒരു ഏകാകിനിയെത്തന്നെ കാര്യസിദ്ധ്യർത്ഥം സന്ദർശിച്ചു്. പുത്രാന്വേഷണഭാരം കയ്യേറ്റു്, തന്റെ അഭ്യർത്ഥനത്തിനു് മാധവിഅമ്മയുടെ അർദ്ധസമ്മതം വാങ്ങിയതും അവരുടെ ഭവനത്തിൽ രണ്ടാമതും എത്തി സേനാസങ്കേതനിർമ്മാണം നിർവ്വഹിച്ചതും നാം കണ്ടുകഴിഞ്ഞുവല്ലൊ. ഗൗണ്ഡൻകൂടി സംഘടിക്കുകയും ആ മത്സരക്കാരുടെ സംവാദഫലമായി അജിതസിംഹവേഷക്കാരനായ മാധവനായിക്കനും ആ രാശിയിലോട്ടു് സംക്രമിക്കുകയും ചെയ്തപ്പോൾ വഞ്ചിരാജ്യത്തിന്റെ ജാതകപത്രികയിൽ പാപഗ്രഹങ്ങളുടെ ഒരു അസാധാരണസംയോഗം ഉദിതമായി.
തിരുവനന്തപുരത്തുണ്ടായ യോഗത്തിലെ രാജവേഷധാരിയായ യുവസുഭഗന്തന്നെ സാമാന്യാഡംബരങ്ങളോടെ ആ ഭവനത്തിൽ എത്തി ഗൗണ്ഡപാദങ്ങളിൽ നമസ്കരിക്കുന്നു എന്നു് കണ്ടപ്പോൾ അനാദൃതനായ പെരിഞ്ചക്കോടൻ ക്രോധവശനായി. “ആഹാ! ഇപ്പൊണ്ണൻ ചെട്ടിയോ പട്ടനോ ആവട്ടെ. അന്നുമൊടക്കിടാവായിക്കിടന്ന ഈ തമ്പുരാൻ കൊമരൻ ഇങ്ങിപ്പം എവിടേന്നെഴുന്നള്ളൂട്ടു? എന്റമ്മിണൻ പറഞ്ഞ പെണ്ണിനു് പട്ടും പരുവട്ടവും ഇട്ടു് എങ്ങത്തെ നാലുകെട്ടിൽ പൊറുപ്പിച്ചിരിക്കുണു?”
അജിതസിംഹൻ: “നോക്കിനു്, അവനവന്റെ വ്യാപാരങ്ങളറിയാണ്ടു് വല്ലതും സൊള്ളരുതു്. രാജ്യങ്ങളടക്കാൻ പുറപ്പെടുമ്പോ ഈ വേഷങ്ങളും കപടങ്ങളും അരുളപ്പാടുമ്പടി പ്രയോഗിക്ക മിടുക്കല്ലേ? നിങ്ങളെന്താ കുറഞ്ഞ കൂട്ടത്തിലാണു്? മിണ്ടാതിരിക്കു് ഓളി, കാഴ്ചദ്രവ്യത്തിന്റെ കഥ നല്ലോണം ഓർത്തിട്ടു് അഹങ്കരിക്കിനു്.”
തന്റെ പൂർവപരമാർത്ഥങ്ങളും കാഴ്ചവയ്പുകഥയും ഗ്രഹിച്ചിരിക്കുന്ന ആ വേഷാവലംബിയോടു് ഉത്തരം പറയുവാനോ ശണ്ഠയ്ക്കൊരുമ്പെടാനോ പെരിഞ്ചക്കോടനു് ആ ഘട്ടത്തിൽ മനസ്സ്വൈരം തോന്നിയില്ല. എന്നാൽ, ആഗതനായ രസികപ്പെരുമാൾ ഗൗണ്ഡനെ ഭട്ടവര്യനായി സംബോധനചെയ്തു, ടിപ്പുവിന്റെ തിരുവുള്ളത്താൽ അരുളിച്ചെയ്യപ്പെട്ട നിദേശങ്ങൾ ധരിപ്പിച്ചപ്പോൾ, പെരിഞ്ചക്കോടന്റെ കോപം വീണ്ടും ഉജ്ജ്വലിച്ചു. സുൽത്താന്റെ ആജ്ഞകൾ നേരിട്ടു് കിട്ടി അവിടുത്തെ സേനയിലെ ഒരു അംഗത്തിന്റെ നായകത്വം വഹിക്കുന്ന താൻ, കേവലം സ്വാർത്ഥാർത്ഥിയും വ്യയകാരിയും ആയ ബ്രാഹ്മണനെക്കാൾ പൂജ്യതയ്ക്കും ബഹുമാനത്തിനും അവകാശപ്പെടുന്നു എന്നു് വാദിച്ചു് എന്നു് മാത്രമല്ല, ആ സങ്കേതാധിപത്യം തന്നിൽ സ്ഥിതിചെയ്യുന്നതിനാൽ ഭട്ടൻ ആഗതനോടൊന്നിച്ചു് ഉടനെ യാത്രയായിക്കൊള്ളണമെന്നു് ആജ്ഞാപിക്കുകയും ചെയ്തു. എന്നാൽ, പെരിഞ്ചക്കോടൻ അറിയാതെ ആ ഗൃഹനായികയുടെ ചരിത്രം ആ നിർഭാഗ്യവതിയിൽനിന്നു് ഭട്ടനും ഗ്രഹിക്കുകയും, താൻ ഭട്ടപദം പ്രാപിച്ചിട്ടുള്ള ഒരു ബ്രാഹ്മണവര്യൻ ആണെന്നു് ആ സ്ത്രീയെ ധരിപ്പിച്ചു് പുത്രലബ്ധി അചിരസാധ്യം എന്നു് ഗ്രഹിപ്പിക്കുകയും ചെയ്തിരുന്നു. തന്നിമിത്തം യുദ്ധാനന്തരം പുത്രാന്വേഷണത്തിനു് പുറപ്പെടാമെന്നു് വാഗ്ദാനം ചെയ്തിരുന്ന പെരിഞ്ചക്കോടനെക്കാൾ ബ്രാഹ്മണനും ദ്രുതാനുഗ്രഹദാതാവും ആയ ഭട്ടനു്, ആ മഹാഭവനത്തിൽ പണ്ടത്തെ ബാദരായണന്റെ അധികാരപ്രാബല്യംതന്നെ കൈവശപ്പെട്ടിരുന്നു. അതിനാൽ, പെരിഞ്ചക്കോടന്റെ വിപ്രലംഭാജ്ഞ കേട്ടപ്പോൾ സ്വസ്വതയ്ക്കു് ചേർന്നുള്ള ഋഷഭാട്ടഹാസങ്ങൾകൊണ്ടു്, ഭട്ടൻ ആ ഭവനകൂടത്തെ കുലുക്കി: “യേ പെരിഞ്ചക്കോഡർ! പോ, വാ, എന്റു പുക്കാർശെയ്യതാംകൾ യാർ? ഇങ്കിരുന്തു് ബ്രാഹ്മണനെ ‘പോ’ച്ചൊല്ലറതേ രാജദ്രോഹം പുള്ളായു്.”
പെരിഞ്ചക്കോടൻ: “ആ പൂണിച്ചരടും മറ്റുമങ്ങു് വച്ചേക്കണം. പെരിഞ്ചക്കോടനു് എന്തധികാരമെന്നു് ഈ വീട്ടുകാരീടടുത്തു് കേക്കണം. കേറി കൊടുമ്പിരികൊണ്ടാൽ അടുത്തുകിടക്കണതു് പെരുങ്കയമെന്നുകൂടി കരുതിക്കൊള്ളണം. പട്ടനല്ല, പടയ്പ്പവന്റെ പാട്ടനാകട്ടെ. പെരിഞ്ചക്കോടനു് രണ്ടെന്നില്ല.” (മാധവനായിക്കനോടു്) “പിള്ളേ, തമ്പുരാനാകട്ടെ, കിമ്പുരാനാവട്ടെ, ഇങ്ങു് കേറി സാക്ഷിപറവാനും മറ്റും വന്നൂന്നുവച്ചു് ടിപ്പുത്തിരുവടീടെ പിടിയും അവിടത്തെ നേട്ടത്തിനുള്ള നോക്കും മറക്കരുതു്. എവൻ പശിച്ചും കണ്ണടയ്ക്കാണ്ടും അവിടത്തെ കാര്യങ്ങളും നോക്കി വെമ്പുമ്പം, ഇയ്യാള് ഇവിടെ തിന്നുമലന്നു്, ശപ്പളിയും പറഞ്ഞോണ്ടു് കെടക്കുന്നു. എന്റപ്പന്റെ പാട്ടിനുപോയി, തിരുവടീടെ പടയ്ക്കിനി ഇതുതന്നെ പാളയമെന്നു് അറിവിച്ചൂടിൻ.”
മാധവനായിക്കൻ തന്റെ വ്യാജചര്യയെ കൈവിട്ടു് കാര്യസ്ഥന്റെ നിലയിൽ മാദ്ധ്യസ്ഥ്യം വഹിപ്പാൻ തുടങ്ങി: “കേട്ടോ കാർണ്ണോരേ! ഇതൊന്നും കോളല്ല. നിങ്ങൾ ബന്ധുക്കളായിക്കഴിയണം. കർണ്ണൻ, കൃപർ, ശല്യർ എന്നിവരെ ശണ്ഠകൂടുവാൻ ദുര്യോധനമഹാരാജാവു് വിട്ടില്ല. അപ്പോലെതന്നെ ടിപ്പുമഹാരാജാവും ഇക്കഥ ഗ്രഹിച്ചാൽ, ഹേയു് അലോഹ്യം! അദ്ദേഹം ബ്രാഹ്മണൻ, നുമ്മളെന്താ ഏറെവന്നാൽ ആയുധമേന്തുന്ന പടിക്കാരു്. അദ്ദേഹത്തിന്റെ ശാപം നാം ഏറ്റുകൂടാ. എന്നെ തമ്പുരാൻ എന്നും മറ്റും കൊണ്ടാടണ്ട. നാമിപ്പോൾ ഒന്നായി. ആ സ്ഥിതിക്കു് പരമാർത്ഥം പറഞ്ഞേക്കാം. അജിതസിംഹരാജാവെ അന്നു് കണ്ടുവല്ലൊ. അവിടുത്തെ അരുളപ്പാടനുസരിച്ചു് ഞാൻ വേഷംകെട്ടി നടന്നു. ബ്രാഹ്മണശാപം-”
പെരിഞ്ചക്കോടൻ: (ആ തരുണൻ ആദ്യം വ്യാജവേഷത്തിൽ തന്നെ വഞ്ചിച്ചതു് കൂടാതെ ഇപ്പോൾ ഉപദേശദാതാവായി പ്രസംഗിക്കുന്നതും കണ്ടു് കയർത്തു്) “ഛേ, പോടാ! പെരിഞ്ചക്കോടനെ പഠിപ്പിപ്പാൻ നീയോ ആശാൻ? നോക്കു്, ചെവിക്കു് തൂക്കി ആ ആറ്റുപടപ്പിൽ തള്ളൂടും. ഏതു് ഢീപ്പുവെങ്കിലും വാപ്പുവെങ്കിലും കേട്ടാൽ പെരിഞ്ചക്കോടനു് വായൊണ്ടു്.”
അവിവേകിയായ മാധവനായിക്കനും കയർത്തു. ഈ ദിനകരരുധിരന്മാരുടെ സംയോഗത്തിൽ, രണ്ടുപേരുടെയും രൗദ്രം പ്രജ്വലിച്ചു് കടുതായ ഒരു ശണ്ഠയും അസഭ്യപ്രലപനവും ആരംഭിച്ചു. പെരിഞ്ചക്കോടന്റെ ഖരകണ്ഠം ഭീഷണതരം ഉച്ചത്തിലായി. ബഹുരാജവീഥികളിലെ കലാപകാരകത്വവും അതുകളിലെ നായകസ്ഥാനവും വഹിച്ചിട്ടുള്ള മാധവനായിക്കന്റെ കണ്ഠം, ആ വാക്‌സമരത്തിലെ ശരപ്രയോഗത്തിൽ രാമചാപപ്രാഗല്ഭ്യം തന്നെ പ്രകടിപ്പിച്ചു. ആ ശസ്ത്രജാലത്തെ തടുപ്പാൻ നിയുക്തമായ പെരിഞ്ചക്കോടന്റെ ഹസ്തഗദാപ്രയോഗം മാധവനായിക്കനെക്കൊണ്ട് ഒരു ഭൂഭ്രമണാവസ്ഥയെ സന്ദർശിപ്പിച്ചു. എന്നുമാത്രമല്ല, തന്റെ ബ്രാഹ്മണഭാവത്തെ പ്രകടിപ്പിപ്പാൻ കാളിപ്രഭാവഭട്ടനെ ഉദ്യുക്തനാക്കുകയും ചെയ്തു. മദഗജങ്ങൾതമ്മിൽ ഇടയുംവണ്ണം പെരിഞ്ചക്കോടനും ഭട്ടനും തമ്മിൽ പിടിയിട്ടു് പരസ്പരമർദ്ദനത്താൽ ഘുർഘുരധ്വനികൾ പുറപ്പെടുവിച്ചു. അതിന്റെ പീഠികയായി ഘോഷിക്കപ്പെട്ട മാധവനായിക്കന്റെ നിലവിളി ഗൃഹനായികയെ മല്ലരംഗത്തിൽ പ്രവേശിപ്പിച്ചു. ആ മുഷ്ടികചാണുരന്മാർ പരസ്പരം പപ്പടപിണ്ഡം ആക്കുന്നതു് കണ്ടു്, ദാക്ഷിണ്യത്തിന്റെ ദ്വിവിധതയിൽ, മാധവിഅമ്മ കുഴങ്ങി. അവരുടെ പൂർവ്വഗർവ്വം ഉണർന്നു് ആ പ്രതിയോഗികളെ അകറ്റുമാറുള്ള ഉഗ്രസ്വരത്തിൽ രണ്ടുപേരെയും ശാസിച്ചു. മൂന്നാമനായി നില്ക്കുന്ന യുവപുരുഷനെയും അയാളുടെ ഖിന്നഭാവവും കണ്ടപ്പോൾ മാധവിഅമ്മ അസ്തശബ്ദയായി, പ്രകൃതിജമായുള്ള ബന്ധത്താൽ എന്നപോലെ, യുവാവിന്റെ സമീപത്തണഞ്ഞു് അയാളെ സമാശ്വസിപ്പിക്കുവാൻ തുടങ്ങി. പ്രതിയോഗിയോടു് വേർതിരിഞ്ഞു് നില്ക്കുന്ന ഭട്ടൻ ദൈവഗതിയുടേ വിശേഷചാതുരികൾകണ്ടു് ഇദംപ്രഥമം ക്ഷീണചിത്തനായി. ആ ഗൃഹനായിക അവരുടെ ഉള്ളമലിഞ്ഞു് മാധവനായിക്കനെ ശുശ്രൂഷിക്കുന്ന കാരുണ്യം, താൻ അനുഭവിച്ചിട്ടില്ലാത്ത ഒരു ചിത്താശ്വാസത്തോടു് ഭട്ടനെ പരിചയപ്പെടുത്തി. തന്റെ ഹൃദയം ഒരു പണ്ഡിതപ്രഭുവിനെ സന്ദർശിപ്പാനുള്ള മോഹാഗ്നിയിൽ ദഹിക്കുന്ന പരമാർത്ഥത്തെ സ്മരിച്ചപ്പോൾ മാധവിഅമ്മയുടെ സാന്ത്വനസാഹസങ്ങൾ ഭട്ടനു് ആ നിർഭാഗ്യവതിയോടു് തോന്നിയിരുന്ന സാമാന്യാദരത്തെ ബഹുമാനാനുകമ്പകളെന്ന പ്രശസ്തവികാരങ്ങളായി രൂപാന്തരപ്പെടുത്തി.
പെരിഞ്ചക്കോടന്റെ മദോഷ്മളതയെ ഒന്നുകൂടി ശാന്തമാക്കുന്നതിനും തന്റെ അഭിനന്ദനം ക്രിയാരൂപത്തിൽ മാധവിഅമ്മയെ സുഖാപ്തയാക്കുന്നതിനും വേണ്ടി കാളിപ്രഭാവൻ താൻ അറിഞ്ഞുള്ള പരമാർത്ഥത്തെ തുറന്നുപറയാൻ സന്നദ്ധനായി. താൻ ശ്രീരംഗപട്ടണത്തിൽ താമസിക്കുന്ന കാലത്തുതന്നെ, ചൊക്രാഡൂണ്ഡിയാ എന്ന ഒരു വൈശ്യനായ രാജസേവകനോടൊന്നിച്ചു് ഈ മാധവനായിക്കനെ കണ്ടിട്ടുണ്ടെന്നും ആ യുവാവു് സമ്പത്തു് നിറഞ്ഞുള്ള ഏതോ ഒരു മലയാളഗൃഹത്തിൽനിന്നു് അപഹരിക്കപ്പെട്ട ബാലനാണെന്നും ഡൂണ്ഡിയാ ഒരു മാന്ത്രികബ്രാഹ്മണന്റെ വേഷത്തിൽ കേരളത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഉള്ള പരമാർത്ഥങ്ങളെ അയാൾ ധരിപ്പിച്ചു. മാതൃദുഃഖത്തിന്റെ ദർശനത്തിൽ പൂർവസന്ദർഭത്തിലും ക്ഷീണഹൃദയനായ നമ്മുടെ അഭിനയവിദഗ്ദ്ധൻ ഈ കഥാന്തത്തിൽ ജനനീപാദങ്ങളിൽ നമിച്ചുകൊണ്ടു് തന്റെ ബാല്യത്തിലെ ഭാഗ്യാനുഭൂതികളെ വർണ്ണിച്ചു. മാധവിഅമ്മ തന്റെ ദീർഘകാലവ്രതത്തിന്റെ ഫലമായി ലഭിച്ച ദൈവാനുഗ്രഹത്തെ സ്മരിച്ചു് അശ്രുവർഷം ചെയ്തു് തൊണ്ടവരണ്ടും നാവു് തളർന്നും ദർശനശക്തിക്ഷയിച്ചും ‘നാരായണ!’ എന്നു് മന്ത്രിച്ചു് നിലകൊണ്ടു. അനന്തരം പണ്ടത്തെ ബാലകോമളിമയെ തൃപ്തിവരുമാറു് താലോലിപ്പാൻ സംഗതി വരാത്ത നഷ്ടത്തെ പരിഹരിക്കുമാറു് മാധവകരങ്ങൾ ഗ്രഹിച്ചു് കണ്ണുകളോടു് ചേർത്തുകൊണ്ടു് ഏങ്ങിക്കരഞ്ഞു. ആ ‘കൂത്താട്ടങ്ങളെ’ നിറുത്തി സ്വപുത്രനെ ഗൃഹധർമ്മാനുസാരം ഉപചരിപ്പാൻ നിയോഗിച്ചതിന്റെശേഷം കാളിപ്രഭാവഭട്ടൻ ആ സംഘടനയ്ക്കു് ബ്രാഹ്മണോചിതമായ ആശിസ്സുകൾ നൽകേണ്ടതാണെന്നു് സ്മരിച്ചു് ആ കൃത്യത്തെയും നിർവഹിച്ചു. മാധവനായിക്കന്റെ പ്രവേശവും അനന്തരസംഭവങ്ങളും കാപട്യകുശലനായ ഭട്ടൻ അനുഷ്ഠിച്ച ഒരു രംഗപ്രകടനമാണെന്നു് പെരിഞ്ചക്കോടൻ ഭർത്സിച്ചു് തുടങ്ങിയപ്പോൾ, മാധവിഅമ്മ ശയ്യാഗൃഹത്തിലോട്ടു് പോയി ഏതൊരു സാധനത്തിന്റെ സഹകരണത്താൽ സ്വസൗന്ദര്യസമുൽക്കർഷത്തെ ആ മഹാമാരിരാത്രിയിൽ താൻ അഭിനന്ദിച്ചുകൊണ്ടിരിക്കെ ആ മദോൽക്കടൻ തന്നെക്കണ്ടുവോ, ആ ദർപ്പണത്തെ കൈയിലാക്കിക്കൊണ്ടു് രംഗസമക്ഷം പ്രവേശിച്ചു് അതിന്റെ പെരിഞ്ചക്കോടന്റെ കൈയിൽ കൊടുത്തു. അബലാസൗന്ദര്യത്തെ അഭിനന്ദിപ്പാനുള്ള ഇന്ദ്രിയത്താൽ വിശിഷ്യ അനുഗൃഹീതനായുള്ള ആ ഭൂസംരംഭൻ, ദർപ്പണത്തെ കൈയിൽ വാങ്ങി അനുക്തവും എന്നാൽ പ്രത്യക്ഷസൂചിതവും ആയുള്ള നിയോഗത്തെ അനുസരിച്ചു് നിന്നപ്പോൾ പിതൃപാദങ്ങളിൽ പ്രണമിപ്പാനുള്ള ആജ്ഞ ആ ജനനിയുടെ നേത്രാഞ്ചലത്താൽ മാധവമേനവനു് കിട്ടി ആ കൃത്യത്തിനു് അയാൾ ഉദ്യോഗിച്ചു. പെരിഞ്ചക്കോടന്റെ ദ്രുതപാദങ്ങൾ ഗൃഹാങ്കണത്തെയും പടനിലയനങ്ങളെയും ഗോവർദ്ധനസാനുക്കളിലെ തരുപ്രാകാരത്തെയും കണ്ടുകണ്ടില്ലെന്നുള്ള വേഗത്തിൽ തരണംചെയ്തു് മറഞ്ഞു.
|