close
Sayahna Sayahna
Search

അദ്ധ്യായം മുപ്പത്തിയൊന്നു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“പോരിക നിശാചരർ പതിന്നാലായിരവും
‌ പോരിനു് ദൂഷണനുമനുജൻ ത്രിശിരാവും
ഘോരനാം ഖരനേവം ചൊന്നതു് കേട്ട നേരം
ത്രിശിരാവും പടയും പുറപ്പെട്ടു
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു് യുദ്ധം ചെയ്‌വതിനുഴറ്റൊടേ”

യുദ്ധം! സമാധാനം വിവേകശീലരായ പരിപക്വമതികളുടെ ദിവാസ്വപ്നം മാത്രമാണെന്നും ലോകചരിത്രത്തിന്റെ സ്ഥായിയായ അംശം ഇതുതന്നെ എന്നും ചരിത്രപ്രമാണികന്മാരാൽ കീർത്തിതമായ യുദ്ധം! നശ്വരമായ ഈ ലോകത്തിൽ തങ്ങളുടെ യശഃസ്തംഭത്തെ അനശ്വരമായി പ്രതിഷ്ഠിക്കുന്നതിനുള്ള ദുർമ്മോഹം നിമിത്തം ചക്രവർത്തികളാൽ ഔത്സുക്യപൂർവം വരിക്കപ്പെടുന്ന യുദ്ധം! ലോകത്തിൽ ജനസംഖ്യയും ആഹാരവിഭവങ്ങളും തമ്മിലുള്ള പരിമാണത്തെ അനുക്രമമായി പരിപാലിക്കുന്നതിനുള്ള ഒരു പ്രധാനോപായമെന്നു് അർത്ഥശാസ്ത്രപാരംഗതന്മാരാൽ ശ്ലാഘിക്കപ്പെടുന്ന യുദ്ധം! ഇതിന്റെ ലഗ്നവേള ഭഗവാൻ സൃഷ്ടിക്രിയയ്ക്കിരുന്നു് സ്വരൂപവിധങ്ങളെക്കുറിച്ചു് സങ്കല്പം തുടങ്ങി മായാസാഹായ്യത്തെ അംഗീകരിച്ച മുഹൂർത്തം തന്നെ. ഭുനിർമ്മിതിക്കു് പൂർവമായിത്തന്നെ ദേവപിശാചസമരം സംഭവിച്ചു് നരകസൃഷ്ടിയും ഉണ്ടായി എന്നൊരു പക്ഷം. ചതുർവേദകിശോരങ്ങളുടെ മോഷകനായ ഹയാഗ്രീവനെ തോല്പിക്കാൻ മത്സ്യാവതാരമുണ്ടായി എന്നുള്ള മറ്റൊരു പക്ഷത്തെ പൂനാച്ചിത്രങ്ങളും സാക്ഷീകരിക്കുന്നു. ഇങ്ങനെ, ആദികാലം മുതൽക്കു് ഭഗവാൻതന്നെ, സ്വസൃഷ്ടപരിഷകളോടു് പരിപന്ഥിത്വം അവലംബിച്ചു് ജയാപജയങ്ങൾ അനുഭവിച്ചു് മുക്തിപദകാംക്ഷികളുടെ ചരമകാലശ്രവണത്തിനായി സഹസ്രനാമങ്ങളെ സമാർജ്ജിച്ചു. സൂക്ഷ്മം ആലോചിക്കുമ്പോൾ ഓരോ ദേഹദേഹീഘടനതന്നെയും പ്രത്യക്ഷവും ചിലപ്പോൾ പരോക്ഷവുമായുള്ള വിരുദ്ധതകളുടെ സമ്മിശ്രാവസ്ഥയാണെന്നു് പ്രത്യക്ഷപ്പെടുന്നു. മണിമയസദനങ്ങളും ഛിദ്രരംഗങ്ങൾതന്നെ. രാജപ്രജാബന്ധങ്ങൾക്കിടയിലും സമരശൈവലവലയങ്ങളുടെ സമുജ്ജൃംഭണത്തെ പ്രബുദ്ധാക്ഷികൾ ദർശിക്കുന്നു. ഇങ്ങനെയുള്ള സംഘർഷണം ദർശനത്തിനും ശ്രവണത്തിനും സുഖപ്രദമായിരിക്കാം. എന്നാൽ മകുടഭൂഷിതന്മാരും മോക്ഷസൂത്രവ്യവസായക്കാരും രാജ്യാഭിമാനശംഖന്മാരും കൂടി ആഹവസരസ്സിലെ തരംഗപ്രപാതാനന്ദം ആസ്വദിപ്പാൻ നിർബന്ധിതന്മാരാകുമ്പോൾ യുദ്ധാമൃതത്തിൽ സങ്കലനം ചെയ്തു്ള്ള രക്താമിഷരസം ആസ്വദനീയമല്ലെന്നു് ഘോഷിക്കുന്ന നവ്യാഗമങ്ങൾ പ്രാജാപത്യമുഖങ്ങളിൽനിന്നുതന്നെ ഗളിതങ്ങളായേക്കാം. ഇങ്ങനെ, ‘വേണം വേണ്ടാ’ സ്ഥിതിയിലുള്ള യുദ്ധ ‘സംസ്കരണ’ ത്തിന്റെ ഒരു വിശേഷഫലം, ജനതാഭീരുതയെ, അനശ്വരശിലാസ്തംഭമായി ലക്ഷീകരിക്കുന്നു. വിജയികൾ ലോകത്താൽ അഭിമാനപൂർവ്വം ആശ്ലേഷിതന്മാരാകുന്നു. പരാജിതന്മാർ ദുർഗ്ഗുണപുഞ്ജങ്ങളായി ഭർത്സിക്കപ്പെട്ടു് അവരുടെ നാമങ്ങൾപോലും ശൂലാഗ്രസ്ഥങ്ങളാക്കപ്പെടുന്നു. വാമനമഹാബലികൾ, പരശുരാമബാഹുജന്മാർ, രാമരാവണന്മാർ എന്നിവരിൽ വിജയികൾ സമാനകാലീനന്മാരാൽ പ്രശംസിക്കപ്പെട്ടു് അനന്തരജനപരമ്പരകൾക്കു് ദേവന്മാരും ദേവാംശജന്മാരും ആയിത്തീർന്നിരിക്കുന്നു. പരാജിതനായ നെപ്പോളിയൻ കേവലം ഒരു അനുകമ്പാപാത്രം; ഇംഗ്ലീഷുകാരോടു് നേർത്തു് അവർക്കൊരു സാമ്രാജ്യത്തെ നഷ്ടമാക്കിയ വാഷിങ്ടന്റെ അനന്തരഗാമി ഇക്കാലത്തു് ലോകസമാധാനമനുസ്ഥാനംതന്നെ വഹിക്കുന്നു. ഇന്നത്തെ ഭാരതീയദേശാഭിമാനികൾ പ്രകടിപ്പിക്കുന്ന അധികാരവിദ്വേഷത്തിൽ പത്തിൽ ഒരംശത്തോളം അപരാധകാരിയല്ലാത്ത ഒരു സചിവസിംഹം ആത്മഹത്യാനന്തരവും അതിനീചമായുള്ള അവമാനത്തിനു് പാത്രമാക്കപ്പെട്ടു. ഇങ്ങനെ, വിജയിവർഗ്ഗങ്ങളുടെ ചരിത്രപടങ്ങളിൽ ചിത്രിതമാകുന്ന പരാജിതരൂപങ്ങൾ വൈരൂപ്യസങ്കലിതങ്ങളായിത്തീരുന്നു. കഥാകർത്താക്കന്മാരുടെ മനോധർമ്മജപ്രതിമകൾ ഏതദ്വിധരചനകളുടെ പ്രതിച്ഛായകളായും തീർന്നിരിക്കുന്നു.

നദീതടമർദ്ദനത്താൽ ജലത്തെ അപേയമാക്കിയ അജപോതത്തിന്റെ അപരാധകഥയെ തുടർന്നു് തിരുവിതാംകൂർ സംസ്ഥാനത്തെ ഖാദിച്ചു് തുഷ്ടനാകാൻ മോഹിച്ച ടിപ്പുസുൽത്താൻ ആ രാജ്യം രണ്ടു് ചെറിയ കോട്ടകളെ ലന്തക്കമ്പനിക്കാരോടു് വിലയ്ക്കു് വാങ്ങിയ കുറ്റത്തെ മത്സരഭാവമായി ആരോപിച്ചുകൊണ്ടു് വൃകധർമ്മം അനുസരിച്ചു് കലഹത്തിനു് വട്ടംകൂട്ടി സേനാസഹിതം പുറപ്പെട്ടു. ആ സമരത്തിലെ പ്രഥമ കർമ്മമായി, അഴിക്കോട്ട തകർപ്പാൻ ഒരു സേനാംഗത്തെ താൻതന്നെ നടത്താൻ നിശ്ചയിച്ചു് തന്റെ തിരുവുള്ളത്തെ സുൽത്താൻ വെളിവാടുകൊണ്ട വൃത്താന്തം മുൻപൊരദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. എന്നാൽ ഈ തിരുവുള്ളപ്രഭാസനാനന്തരം അന്തഃപുരാബ്ധിയിൽ അസ്തമിച്ച സുൽത്താൻ, മന്ത്രസഭാമേരുവിൽ പുനരുദയം ചെയ്തതു മുപ്പതല്ല, അറുപതോളം നാഴിക കഴിഞ്ഞിട്ടായിരുന്നു. അദ്ദേഹത്തിന്റെ കിരണപ്രഭകൾ വീണ്ടും പ്രസാദാർത്ഥികളുടെ തർപ്പണങ്ങളെ ആദാനംചെയ്തു് തുടങ്ങിയതിന്റെ ശേഷവും പ്രസ്ഥാനത്തെക്കുറിച്ചുള്ള പര്യാലോചനകളാൽ ഒന്നുരണ്ടു് സൂര്യാസ്തമയങ്ങൾ കഴിഞ്ഞുകൂടി. അവസാനത്തിൽ പതിനാലായിരം കാലാളും അഞ്ഞൂറു് ആടവികന്മാരും തന്റെ ആഡംബരസാമഗ്രികളും മാത്രം അങ്ങോട്ടു് പുറപ്പെടാനും അജിതസിംഹരാജാവു് തന്റെ തൽക്കാലസങ്കേതത്തെ സംരക്ഷണംചെയ്തു് അവിടെ വാഴുവാനും സുൽത്താൻ വിധിച്ചു.

തിരുവതാംകൂർ സംസ്ഥാനത്തിന്റെ ഭാവി ഈ ചെറുകുഡ്യത്തിന്റെ ഗ്രഹനിലയെ ആശ്രയിച്ചു് ത്രസിക്കുന്നു. പെരുമ്പടപ്പിലെ രാജാവും ഉത്തരദേശങ്ങളിലെ കാന്ദിശീകന്മാർക്കു് അഭയം നല്കിയിരുന്നു എങ്കിലും, തിരുവതാംകൂർ സംസ്ഥാനം ആ അപരാധസരസ്സിൽ ആശിരഃസ്നാനം പ്രതിമുഹൂർത്തം അനുവർത്തിക്കുന്നു. പെരുമ്പടപ്പുസംസ്ഥാനം വൈമനസ്യത്തോടെങ്കിലും സാമന്തരാജഭാവത്തെ അവലംബിച്ചു് ആ രാജശക്തി പ്രാസാദത്തെ തൃണസ്ഥൂണങ്ങളാൽ സംരക്ഷിക്കുന്നു. തിരുവതാംകൂർ മഹാരാജാവു് ടിപ്പുവിനെ ചില സംഭാവനകൾകൊണ്ടു് ബഹുമാനിച്ചിട്ടുണ്ടെങ്കിലും ആ സമ്രാട്ടിന്റെ അധികാരസിന്ധുവിനെ അവിടുത്തെ രാജ്യത്തിലോട്ടു് അതിക്രമിപ്പിക്കാനുള്ള ഇച്ഛയെ വിന്ധ്യകടുതയിലുള്ള വൈമുഖ്യത്താൽത്തന്നെ പ്രതിരോധിക്കുന്നു. അതിനാൽ, മൈസൂർസേനയുടെ യാത്ര തിരുവതാംകൂറിന്റെ സംഹാരശകുനോദയമായിത്തന്നെ യുദ്ധാങ്കണസമീപസ്ഥരായ ബന്ധുക്കളും ദർശിച്ചു. എന്നാൽ വഞ്ചിലക്ഷ്മിയുടെ ഭാഗധേയവിശേഷത്താൽ ടിപ്പുസിൽത്താൻ സൈനികനിഗമോക്തങ്ങളായ ധർമ്മങ്ങളിൽ ശൗര്യപ്രധാനനായിരുന്നു. എങ്കിലും സേനാനേതൃത്വത്തിൽ ദുഷ്ടനിരോധത്തെ മാത്രം പരിഗണിച്ചു് പടവിളിക്കുന്ന അവിവേകി ആയിരുന്നു. രാജ്യം, വിജയം എന്നിതുകളുടെ സമാർജ്ജനത്തിൽ തന്റെ അച്ഛനായ സ്വാശ്രയപരാക്രമന്റെ ബുദ്ധിപ്രാഗല്ഭ്യത്താൽ അദ്ദേഹം അനുഗ്രഹീതനായിരുന്നതുമില്ല. മതിമാന്മാരുടെ ക്രിയാപ്രക്രമങ്ങളിലെ കാലദേശാവസ്ഥാവിചിന്തനം ടിപ്പുവിന്റെ വിജയഭാഷ്യത്തിൽ അപ്രസ്തുതമായിരുന്നു. സന്മന്ത്രോപദേഷ്ടാക്കളാകേണ്ട പാർശ്വവർത്തികൾ പഥ്യഗായകന്മാരായി വർത്തിക്കേണ്ടതാണെന്ന രാജധാനിനിയമത്തിന്റെ ഊർജ്ജിതത്താൽ, അദ്ദേഹം യഥാർത്ഥസ്വായത്തസിദ്ധിയായി, സ്വേച്ഛാപ്രഭുത്വത്തിന്റെ മാതൃകയായി പിതൃസ്വായത്തരാജ്യത്തെ ഭരിച്ചു എങ്കിലും, കാര്യസിദ്ധികളിൽ നഷ്ടാർത്ഥനായി, ഫ്രാൻസു്, പെർഷ്യാ എന്നീ രാജ്യങ്ങളുടെ അനൂഷ്മളബന്ധുത്വം വിപത്സന്ധിയിൽ ലബ്ധമാകാതെ, ‘മന്മാത്രശേഷ’ ബലനായി അവസാന ‘സിദ്ധി’ യെ പ്രതാപതാരുണ്യത്തിൽത്തന്നെ പ്രാപിക്കേണ്ടിവന്നു.

സുൽത്താന്റെ സൈന്യം അഴിക്കോട്ടയിൽനിന്നു് ഏതാനും നാഴിക ദൂരത്തു് വാങ്ങി പാളയകൊത്തളങ്ങളും രാജഗേഹാദിയും ഉറപ്പിച്ചു. ശത്രുസേനയുടെ പ്രസ്ഥാനത്തിനുണ്ടായ ആജ്ഞപോലും ചാരചക്ഷുസ്സായദിവാൻജിക്കു് രഹസ്യമായിരുന്നില്ല. സേനാമാർഗ്ഗത്തിലെ കുന്നുകളിലും മരക്കൊമ്പുകളിലും കഴുകകാകന്മാർ എന്നപോലെ ഗൂഢവാസംചെയ്തിരുന്ന കാടരിപ്പന്മാർ, ടിപ്പുവിന്റെ സേനാപംക്തികളുടെ യാത്രയിലെ വിശ്രമങ്ങൾ, അക്രമങ്ങൾ, ഗോമേധങ്ങൾ മുതലായ കൃത്യങ്ങളെ അപ്പഴപ്പോൾ അഴിക്കോട്ടയിലും ദിവാൻസമക്ഷവും ധരിപ്പിച്ചുകൊണ്ടിരുന്നു. അവസാനവിശ്രമത്തിലെ പാളയം, മഹാഡംബരേച്ഛുക്കൾക്കു് ചേർന്നുള്ള കൂടാരങ്ങളും കൊടികളും തോരണങ്ങളും ഭേരീഗോപുരങ്ങളും സ്തുതിപാഠകവേദികളുംകൊണ്ടു് ഇന്ദ്രപ്രസ്ഥമാക്കപ്പെട്ടു.

പുത്തൻസേനാസങ്കേതത്തിൽനിന്നു് ആ സമരയാത്രാഹേതുവും തന്റെ മാർഗ്ഗപ്രതിരോധിയുമായുള്ള പ്രാകാരത്തിന്റെ ‘ശല്യത’ യെ തന്റെ യുധിഷ്ഠിരാക്ഷിപ്രപാതത്താൽ ഭസ്മമാക്കുന്നതിനായി സുൽത്താൻ ബഹദൂർ അശ്വാരൂഢനായി സേനാനികൾസമേതം ഒരു സവാരി ചെയ്തു. പ്രാകാരനാമത്തെ വഹിക്കുന്ന ആ സ്ഥലം കേവലം ഒരു വ്യാപാരശാലയുടെ മതിൽക്കെട്ടും അതുതന്നെ ജീർണ്ണിച്ചുതീർന്നുള്ള അവശേഷവുമായി കാണപ്പെട്ടപ്പോൾ ആയിടയിൽ കേട്ടു് പരിശീലിച്ചിരുന്ന ചന്ത്രക്കാറന്റെ ഋഷഭശ്രുതിയിൽ അദ്ദേഹം ഒന്നു് പൊട്ടിച്ചിരിച്ചു. എന്നാൽ, കോട്ടയുടെ നികടവർത്തിയായുള്ള വിശാലജലാശയം, ഒരു പ്രക്ഷുബ്ധപിശാചിയെപ്പോലെ, പവനവിജൃംഭണത്തിൽ വൻപിച്ച തരംഗപരമ്പരകളിളകിച്ചു് പുളിനങ്ങളിൽ അതിഭയങ്കരമായി താഡിച്ചലറുന്നതു് കണ്ടപ്പോൾ, സുൽത്താന്റെ ഹൃദയം ഒന്നു് സങ്കോചിച്ചു. അഴിക്കോട്ടയെ അടക്കി തെക്കോട്ടുള്ള പ്രയാണം സാദ്ധ്യമാകുന്നെങ്കിൽ താൻ കാണുന്നതിലും ഭീഷണതരങ്ങളായ ജലരാശികൾ തന്റെ മാർഗ്ഗത്തെ നിരോധിക്കുമെന്നു് അപഥ്യവാദികളുടെ ഉപദേശങ്ങളെ സ്മരിച്ചു് സുൽത്താൻ ഒരു ചാഞ്ചല്യാബ്ധിയിൽ പതിതനായി. ഊർജ്ജിതഭാഷയിൽ കേരളകർത്താവായ ‘പർസുറാം’ ബ്രാഹ്മണനെ ഭർത്സിച്ചു് ശപിച്ചുകൊണ്ടു് തന്റെ ഉച്ചൈശ്രവസ്സിനെ പുറകോട്ടു് പായിച്ചു.

അഴിക്കോട്ടയുടെ പ്രയോജനത്തെ സംബന്ധിച്ചിടത്തോളവും സുൽത്താന്റെ നേത്രമാനം അദ്ദേഹത്തിന്റെ അഹങ്കാരദണ്ഡത്താൽ നിവർത്തിച്ചതല്ലായിരുന്നു. ദിവാൻജിയും അതിനെ ഒരു സാമാന്യകുഡ്യമായി മാത്രം വിചാരിച്ചതേയുള്ളു. കൗമാരത്തിലെ സഞ്ചാരങ്ങൾക്കിടയിൽ ബഹുപ്രാകാരങ്ങൾ കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ കണ്ണുകളെ അ‌തു് ഒരു മഹാദുർഗ്ഗപ്രാകാരമായി ആകർഷിക്കുകയോ വഞ്ചിക്കുകയോ ചെയ്തില്ല. വ്യവസായികളായ ഒരു സംഘക്കാരുടെ പാണ്ടികശാലകളെ രക്ഷിക്കുകയും പരിസരവാസികളെ ഊപ്പിടി കാട്ടുകയും ചെയ്‌വാനായി നിർമ്മിക്കപ്പെട്ട ആ കോട്ട ജീർണ്ണിച്ചതും ഒരു കോണു് ഇടിഞ്ഞുതൂർന്നിരുന്നതും ദിവാൻജി കണ്ടിരുന്നു. അലവാക്കര, ഉദയഗിരി മുതലായ കോട്ടകൾ കെട്ടിച്ച രാജ്യത്തിനു് സമുദ്രംമുതൽ സഹ്യപർവ്വതംവരെ ഉത്തരപരിധിയെ ഒരു അഭേദ്യമായ വപ്രപംക്തികൊണ്ടു് രക്ഷിപ്പാൻ സാധിക്കുമെന്നുള്ള വിചാരത്തോടെ ലന്തക്കമ്പനിയാരോടു് ആ കോട്ടയും തന്നിമിത്തം ടിപ്പുവിനോടുള്ള വഴക്കും വിലയ്ക്കു് വാങ്ങിപ്പോയി. എന്നാൽ ടിപ്പുവിന്റെ അക്രമം ഇത്ര വേഗം ഉണ്ടാകുമെന്നു് അദ്ദേഹം നിരീക്ഷിച്ചിരുന്നില്ല. കോട്ടയുടെ നിരോധശക്തി എങ്ങനെ ആയിരുന്നാലും ശത്രുവിന്റെ തെക്കോട്ടുള്ള യാത്രയെ തടുപ്പാൻ കർണ്ണാടകപട്ടാളത്തിന്റെ ഭൂരിഭാഗവും ചില പ്രത്യേക ‘പടവു’ കളും കോട്ട നിൽക്കുന്ന സമതലത്തിൽ പാളയം അടിച്ചു. ശത്രുസൈന്യത്തിന്റെ സംഖ്യയോ മുഷ്കരതയോ ചിന്തിക്കാതെ രൂഢമതികളായി ഒരു സംശപ്തകഗണം കോട്ടയ്ക്കുള്ളിലും തോക്കുകാർ സാനുഛിദ്രങ്ങളിലും പീരങ്കിക്കാർ കൊത്തളങ്ങളിലും നിരന്നു. ശത്രുമാർഗ്ഗത്തിനു് നേരേയുള്ള ഭൂമിയിൽ അതിവിശാലവും അഗാധവുമായുള്ള ഒരു ‌ദീർഘിക താഴ്ത്തി അതിലോട്ടു് കായലിലെ ജലത്തെയും പ്രവഹിപ്പിച്ചു് സൈനിക സമ്പ്രദായപ്രകാരം അഭൂതപൂർവമായുള്ള ഒരു കിടങ്ങിന്റെ ആനുകൂല്യത്തെ സമ്പാദിച്ചു. പ്രാകാരരക്ഷികൾ ശത്രുവിന്റെ സമാഗമലാഞ്ഛനത്തിനു് നിതാന്തവീക്ഷകന്മാരായും പിന്നണികൾ പ്രാകാരമൂർദ്ധാവിൽ വെടിതീർന്നൊഴിയുന്നവയ്ക്കു് പകരം തോക്കുകൾ മേൽപ്പോട്ടെത്തിക്കുവാനായി ഊർദ്ധ്വഗ്രീവന്മാരായും നില്ക്കെ, കോട്ടയുടെ മറവിൽ ഒരു മഹാവ്യൂഹം പുരുഷാർത്ഥസമസ്തത്തിന്റെയും ലബ്ധിക്കെന്നപോലെ ജീവഹോതാക്കളാവാൻ വീരാഗ്നിയെ അഭിമാനാജ്യത്താൽ പരിപോഷണം ചെയ്തു് നിലകൊണ്ടു. കോട്ടയിൽനിന്നു് ഇടതുവാങ്ങി അവിടവിടെയുള്ള ചെറുകാടുകളിൽ നാസീരസംഘങ്ങൾ ആയുധസജ്ജകളോടെ ബഹുഫണന്മാരായ നാഗങ്ങൾ എന്നപോലെ ഗൂഢവാസം ചെയ്യുന്നു. തെക്കുമാറി തൽക്കാലാവശ്യത്തിനു് നിർമ്മിക്കപ്പെട്ടുള്ള ഒരു നെടുമ്പുരയിൽ ദിവാൻജി നിലകൊണ്ടു് ത്രിവിക്രമൻ, അഴകൻപിള്ള എന്നീ അംഗരക്ഷകന്മാർ മുഖേന അതാതു് കേന്ദ്രത്തിലേക്കു് സന്ദർഭാവശ്യകങ്ങളായ ആജ്ഞകളെ മുഹൂർത്തംപ്രതി എത്തിക്കുന്നു. പിൻഭാഗത്തു് മാറി പാകചികിത്സാദിശാലകൾ പരിചാരകജനത്തിന്റെയും രക്ഷിജനങ്ങളുടെയും പ്രവൃദ്ധോന്മേഷംകൊണ്ടു് ഒരു മഹായന്ത്രത്തിന്റെ അംഗങ്ങൾ എന്നപോലെ സജീവപ്രവർത്തനം ചെയ്യുന്നു. പടക്കളത്തിന്റെ അസൗകര്യം പ്രമാണിച്ചുള്ള ഒരു കരുതൽ ആയി വലുതായ ഒരു അക്ഷൗഹിണി ഈ ശാലകളിൽനിന്നു് തെക്കുമാറി നിമിഷംപ്രതി ആജ്ഞാശ്രവണത്തിനുള്ള ജാഗരൂകതയോടും അക്ഷമയോടും സ്ഥിതി ചെയ്യുന്നു.

നാശമുദ്രാങ്കിതമായുള്ള ആ പ്രാകാരത്തിനു് കൊല്ലം ചെല്ല തൊള്ളായിരത്തി അറുപത്തുനാലിൽ ധനു ഞായറ്റിലെ പതാനഞ്ചാംചെങ്കതിരവനുയർന്നു് ഹേമന്തദേവിയുടെ പക്വദശാവൃഷ്ടികളെ നിലകൊള്ളിച്ചപ്പോൾ മൈസൂർപ്പടയുടെ ചുവന്ന കുപ്പായനിര ചെങ്കടൽ എന്നപോലെ, തന്നെ ഏകഗ്രാസമാക്കി ഭക്ഷിപ്പാനുള്ള വക്ത്രഗഹ്വരത്തെ വിപാടനം ചെയ്തു് ഗർജ്ജിച്ചു് ഭയാനകതാണ്ഡവം ചെയ്യുന്നതു് കാണുമാറായി. കർഷകസമിതികളിൽനിന്നു് സംഭരിക്കപ്പെട്ടിട്ടുള്ള വഞ്ചിരാജസേനയുടെ അകംകിടുക്കിത്തന്നെ അവരെ കാലപുരി പൂകിക്കുവാൻ മുന്നണിയിലാക്കപ്പെട്ടിരുന്ന കൃഷ്ണവർത്മാക്കളായ ആഭിസീനികസൈന്യത്തെ ഒരു ശയാനകാകൃതിയിൽ കണ്ടു പ്രാകാരരക്ഷികൾ അത്ഭുതപ്പെട്ടു. സരസ്തടംമുതൽ പടിഞ്ഞാറോട്ടു് അതിദീർഘമായി നിലകൊള്ളുന്ന ആ രാക്ഷസബലത്തിന്റെ പിന്നണിയിൽനിന്നു് ദൂരത്തുവാങ്ങി അശ്വാന്ദോളാദി രാജസാമഗ്രികളാൽ പരിസേവിതനായി ഒരു തൊട്ടിയമ്പാരിയിൽ പള്ളിക്കുടകളും പിടിപ്പിച്ചു് ഹരിതചാമരങ്ങളും വീശിപ്പിച്ചു് സുൽത്താൻ എഴുന്നുള്ളിയിരുന്നു സ്വപരാക്രമത്തെ വിക്രാന്തമാക്കുന്നു. അകമ്പടി സേവിക്കുന്ന പടഹശഹനാക്കൾ അത്യുച്ചമായി ഘോഷിച്ചു് അദ്ദേഹത്തിന്റെ ദുര്യോധനപ്രഭാവത്തിനു് പ്രാകാരരക്ഷികളെ ജാഗരൂകന്മാരാക്കുന്നു. ആ ഹുങ്കാരധ്വനികളും കാഹളമുഖേനയുള്ള ആജ്ഞാഘോഷങ്ങളും ശൃംഖലാബന്ധത്തിൽ പുളയ്ക്കുന്ന നായ്ക്കൾ എന്നപോലെ തിളയ്ക്കുന്നതായ സേനയുടെ പാദപ്രപാതങ്ങളും ഇളകിച്ച ഭൂധുളിപടലങ്ങൾ ഭാസ്ക്കരനേത്രങ്ങളെയും നിമീലനംചെയ്യിക്കുന്നു. പ്രാകാരരക്ഷികളും സമാവൃതസഹകാരികളും ആസന്നവിപത്തിന്റെ സൂക്ഷ്മരൂപത്തെ തങ്ങളുടെ പാർശ്വവർത്തിയായുള്ള സേനാനിവഹത്തിന്റെ ഭീഷ്മത കണ്ടപ്പോൾ മാത്രം ഗ്രഹിക്കുന്നു. ഈ സേനാപ്രദർശനത്തിൽ തന്റെ മഹൽഗരിമയ്ക്കു് അടിപണിവാൻ ശത്രു സന്നദ്ധനോ എന്നു് ചോദ്യംചെയ്യുന്ന കാഹളചിഹ്നങ്ങളെ സുൽത്താൻ ഘോഷിപ്പിക്കുന്നു. നിഷേധകാഹളങ്ങൾ സാഹങ്കാരം ധ്വനിക്കുന്നതു് കേട്ടു് അനന്തരമായുള്ള രാജാജ്ഞയെ പ്രതീക്ഷിച്ചു് മൈസൂർസേന നിലകൊള്ളുന്നു. സുൽത്താന്റെ പാർശ്വഭൂമികളിൽനിന്നു് മാദ്ധ്യന്ദിനപ്രാർത്ഥനകളായുള്ള ഭാങ്‌വിളികൾ മുള്ളുകളാൽ വിജയകാംക്ഷയോടെ മുക്തകണ്ഠം ഘോഷിക്കപ്പെടുന്നു. പ്രജ്ഞാസ്വരൂപമായി തന്നിൽ ആവസിച്ചു് ദിവ്യേംഗിതങ്ങളെ ലോകത്തിൽ നിർവ്വഹിപ്പിക്കുന്ന ആദ്യന്തമൂർത്തിയുടെ പ്രവാചകനായി ആ പ്രാർത്ഥനാശബ്ദങ്ങളെ സുൽത്താനും ആക്രോശിച്ചുകൊണ്ടു് പ്രാകാരഭേദനത്തിനുള്ള അവസാനാജ്ഞകളെ കാഹളങ്ങളിൽനിന്നു് ധ്വനിപ്പിക്കുന്നു. പ്രാകാരത്തിൽനിന്നു് തെക്കു് മാറിയുള്ള മഹാകാളിക്ഷേത്രത്തിലെ ശംഖം വിലാപസ്വരത്തിൽ ആരംഭിച്ചു് ‘ഓ ഭദ്രം ഭവതു’ എന്നു് മുഴക്കുന്ന നാദവീചികൾ വഞ്ചീരാജസേനാംഗങ്ങളെ ഉത്പന്നവീര്യന്മാരാക്കുന്നു. സുൽത്താന്റെ നഗരാവുകൾ ‘ത’ ഗണപഞ്ചകത്തെ ആസുരദ്ധ്വനിയിൽ മുഴക്കി അദ്ദേഹത്തിന്റെ സേനാപദങ്ങൾക്കു് താളം മുറുക്കിക്കൊടുത്തു. നടുപ്പട പിന്നമർന്നു് ഇടംവലം പക്ഷങ്ങൾ ചാപശൃംഗങ്ങളായും ആഭയം കരസേന മുന്നോട്ടു് നീങ്ങി. ഒരു അത്യഗാധതടിനി ആ സംഹാരയാത്രയെ വിഘാതപ്പെടുത്തി. സേനാപരിസേവികൾ ആയുള്ള കർഷകായുധക്കാർ സേതുക്കളുടെ നിർമ്മാണം ആരംഭിച്ചു. താഴത്തിറങ്ങി മൃഷ്ടാമൃതേത്തും ധൂമാശനവും കഴിച്ചു് വീണ്ടും അമ്പാരിയിൽ കയറി ധൂമലഹരിയെ തീക്ഷ്ണതരമാക്കുമാറു് ഹുക്കാവലയത്തിന്റെ പദമായുള്ള കനകപാത്രത്തിലെ ജലത്തിൽ ഗുളുഗുളുരവം പുറപ്പെടുവിച്ചു് അരമനവാസികളെ സ്വപ്നം കണ്ടു് തുടങ്ങിയ സുൽത്താൻ ഭേരികളുടെ നിശബ്ദതയാൽ ഉണർത്തപ്പെട്ടപ്പോൾ ദീർഘികയാൽ നിലകൊള്ളിക്കപ്പെട്ട ഭടജനത്തിന്റെ സ്വസ്ഥതയെ കണ്ടു് സിംഹനാദംചെയ്തു്. പടഹങ്ങൾ, കാഹളങ്ങൾ, സേവകസേനാനികളുടെ കണ്ഠങ്ങൾ ഇവയെല്ലാം രാജകോപത്തെ പ്രതിധ്വനിപ്പിച്ചു. സേതുകർത്താക്കന്മാരായ നളനീലാംഗദാദികൾ അരക്കച്ചകൾ മുറുക്കി, ഉഷ്മളോത്സാഹികളായി. സേതുബന്ധനത്തെ നിരോധിച്ചു് പുറപ്പെട്ട പീരങ്കിഉണ്ടകൾ ചില ശരീരങ്ങളെ ശിഥിലങ്ങളാക്കി കണ്ഠീരവരക്തത്തിന്റെ തുടർച്ചയായി സംഗരകാളിക്കു് പ്രസന്നപൂജാനിവേദ്യത്തെ സമർപ്പിച്ചു എങ്കിലും, സുൽത്താന്റെ ശിക്ഷാരീതികളുടെ വിവിധത്വത്തെ ഗ്രഹിച്ചിരുന്ന വേതനാർത്ഥികൾ ക്ഷീണന്മാരായില്ല.

കതിരവൻ വീണ്ടും ചെങ്കതിരവനാവാൻ ചാഞ്ഞു് തുടങ്ങിയപ്പോൾ സേനാനിവഹം സേതുതരണം ആരംഭിച്ചു. മഹമ്മദീയാക്ഷൗഹിണിയുടെ ദക്ഷിണ ശൃംഗത്തെ ശിഥിലിപ്പാൻ ചെറുവനങ്ങളിലെ പാർപ്പുകാർ മുതിർന്നു് കുമാരൻതമ്പിയുടെ നേതൃത്വത്തിൽ പ്രത്യക്ഷന്മാരായി. മൈസൂർപടയുടെ ആ പക്ഷം കുമാരൻതമ്പിയുടെ അനുയായികളും ആയി ഇടഞ്ഞു് നളികങ്ങളുടെ മുഖാരവങ്ങളും പാദാഘാതങ്ങളുംകൊണ്ടു് ആ സമരരംഗം തകർന്നുകൂടി. ഇതിനിടയിൽ ആഭിസീനികരുടെ നിഗ്രഹശലാകകൾ ആകാശവീഥിയിൽ മക്ഷികാഗണങ്ങളെന്നപോലെ വ്യാപരിച്ചു് പ്രാകാരരക്ഷികളിൽ ചിലരെ നിലംപതിപ്പിച്ചു. വഞ്ചിസേനയുടെ അണിവെടികൾ തെരുതെരെ തകർത്തു് ടിപ്പുസേനയെയും സംഭ്രമിപ്പിച്ചു. പ്രാകാരത്തിലെ പീരങ്കികൾ മഹമ്മദീയസൈന്യനിരകളിൽ ചില വിവിക്തദ്വാരങ്ങളെ നിർമ്മിച്ചു. ആഭിസീനികർ അണികൾ അടുപ്പിച്ചു് ഉറപ്പിച്ചു് പ്രാണഭയമെന്യേ മുന്നോട്ടു് നീങ്ങി. കോട്ടയുടെ പിൻഭാഗത്തുള്ള വഞ്ചിസേനയും ക്യാപ്ടൻ ഫ്ലോറിയുടെ ഉഗ്രാട്ടഹാസങ്ങൾ അനുസരിച്ചു് ബോധശൂന്യന്മാരായി, പടവിളികൾ ആർത്തുകൊണ്ടു്, ശത്രുക്കളുടെ തോക്കുനിറയ്ക്കു് ലക്ഷ്യങ്ങളായി മുന്നോട്ടു് നീങ്ങി. പരിപന്ഥികൾ ഇടഞ്ഞു് പടനേതാക്കന്മാരും പടവുകളും ദ്വന്ദ്വസമരം തുടങ്ങി. തോക്കുകളുടെ ചടചടരടിതങ്ങൾ നിലകൊണ്ടു എങ്കിലും, ശിരസ്സുകളും ഇതാരാംഗങ്ങളും ഖഡ്ഗകഠാരകളാൽ വിച്ഛേദിക്കപ്പെട്ടു് ഒരു ശ്രീഭൂതബലിതന്നെ അവിടെ നിർവ്വഹിതമായി. മുറവിളികൾ ബഹുശംഖസഹസ്രങ്ങളെന്നപോലെയും പടത്തർപ്പുകളുടെ ഘോഷങ്ങൾ പാണീനിനദങ്ങൾക്കു് തുല്യവും ആ ദിഗ്ദേവിയെത്തന്നെ സ്തംഭിപ്പിച്ചു. ദിവാന്ധന്മാരായ ശാർദൂലങ്ങളെന്നപോലെ പരസ്പരം കുത്തിവെട്ടിയും വിരുദ്ധകക്ഷികളിലെ ഭടന്മാർ വീരസ്വർഗ്ഗം പ്രാപിച്ചുതുടങ്ങുന്നതിനിടയിൽ ടിപ്പുവിന്റെ ഖനകസംഘം പ്രാകാരധർഷണത്തിനു് നീങ്ങി. രക്ഷികളുടെ തോക്കുകൾ രാമശരവേഗത്തിൽ‌ പ്രയുക്തങ്ങളായിട്ടും ലോഹരചിതങ്ങളായ ഉഷ്ണീഷങ്ങളും കവചങ്ങളും ധരിച്ചുള്ള ഖനകസംഹതിയെ പിൻവാങ്ങിക്കുവാൻ സാധിക്കുന്നില്ല. പ്രാകാരമൂലത്തിൽ എത്തിപ്പോയ ആ സംഘത്തെ ധ്വംസിക്കുക പീരങ്കികൾക്കു് ശക്യമാകുന്നതുമില്ല. ടിപ്പുവിന്റെ ഇടംപടക്കാർ പ്രാകാരഭേദികളെ സഹായിച്ചു് അതിന്റെ സാനുപ്രദേശസ്ഥരായ തോക്കുകാരെ എണ്ണി എണ്ണി വീഴ്ത്തുന്നു. ഹോമാഗ്നിയിൽ അർപ്പിക്കപ്പെട്ട രാവണശിരസ്സുകൾക്കു് പകരം മറുതലകൾ ഉൽപ്പന്നങ്ങളായതുപോലെ, മരിച്ചും മുറിവേറ്റും വീണ പദാതിക്കു് പകരം വഞ്ചിഭടന്മാർ നളികമുഖങ്ങൾ നീട്ടി പ്രാകാരശിരസ്സിൽ നിലകൊണ്ടു് അവരുടെ സംഖ്യയ്ക്കു് ശക്തമാംവണ്ണം ശത്രുപരാക്രമത്തെ ഭഞ്ജിക്കുന്നു. വേദനാക്രന്ദനങ്ങളും കാഹളങ്ങളുടെ ആജ്ഞാക്രോശങ്ങളും പ്രതിയോഗികളുടെ വീരവാദകലാപങ്ങളും ഭേരികളുടെ പ്രോത്സാഹനധ്വനികളും വെടികളുടെ മേഘാരവങ്ങളും തോക്കുകളുടെ മൂടുകൾകൊണ്ടുള്ള സംഘട്ടനശബ്ദങ്ങളും ജലകുക്കുടങ്ങളുടെയും ഭൃംഗങ്ങളുടെയും സുഖാവാസസ്ഥാനമായിരുന്ന ആ ഭൂമിയിലെ നാനാഖണ്ഡങ്ങളെയും ഒരു രാമരാവണസമരരംഗമാക്കിത്തീർക്കുന്നതു് കണ്ടു് ദിനമണിഭഗവാൻ അരുണാക്ഷനായി; ഭൂമുഖവർണ്ണം ശോണമായി. പദാതിപാദങ്ങൾ വഴുതിയും തുടങ്ങി. അക്ഷമനായ സുൽത്താൻ ദൂരത്തുള്ള അമ്പാരിയിൽ ഇരുന്നു് ദൂതന്മാർ മുഖേന ഭയങ്കരാജ്ഞകൾ പുറപ്പെടുവിച്ചു.

ഖനകശ്രമങ്ങൾ ദ്രുതതരമായി നടന്നു. പ്രാകാരഘടനകൾ തകർന്നു് ഇഷ്ടികകൾ കേവലം മൃത്തികാപ്രായമായി സമരഭൂമിയിൽ കുമിഞ്ഞു. വഞ്ചീസേനാഖണ്ഡങ്ങൾ അങ്ങോട്ടു് നീങ്ങാൻ സാഹസപ്പെട്ടപ്പോൾ, ആഭിസീനികാദിനിരകൾ സവീര്യം ഒരു അപ്രതിരോദ്ധ്യപ്രാകാരമെന്നപോലെ ആ ശ്രമത്തെ നിരോധിച്ചു. ഇതിനിടയിൽ ഒരു സൂക്ഷ്മനേത്രൻ പ്രാകാരത്തിലെ ഒരു കോണം പലകകൾ നിറുത്തി കൃത്രിമഭിത്തി ആക്കപ്പെട്ടിരിക്കുന്നതിനെ കണ്ടുപിടിച്ചു. ധ്വംസകപ്പടവിന്റെ ആയുധങ്ങൾ ആ ഭാഗം കോട്ടയെ ക്ഷണംകൊണ്ടു് ഒരു വിശാലദ്വാരമാക്കി. ഇച്ഛാഭംഗത്തെ ധ്വനിപ്പിച്ചുള്ള ഒരു വിലാപഘോഷം വഞ്ചിസേനയിൽനിന്നു് ഏകകണ്ഠമുക്തമായി. പ്രാകാരാന്തർവാസികളായ വഞ്ചിഭടനിരകൾ തോക്കു് കുന്തങ്ങൾ നീട്ടി, പടയണിയിട്ടു് നെഞ്ചുകൊടുത്തു് മൃതിചേർന്നിട്ടും ശത്രുസേനയുടെ നിരവധികപ്രവാഹം ആ പ്രതിരോധത്തെ നിഷ്ഫലമാക്കി. ആഭിസീനികസൈന്യം ഗജമുഷ്കരതയോടെ വിന്ധ്യനിരകളെന്നപോലെ പ്രപാതംചെയ്തു് വഞ്ചീസേനാപംക്തികളെ മർദ്ദിച്ചുകൊണ്ടു് പ്രാകാരത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപരിച്ചു. ചെങ്കതിരവന്റെ ബഹിർവലയം ഭൂചക്രവാളത്തിന്മേൽ ദ്രുതത്രസനംചെയ്തു. ‘ലായില്ലായില്ലാ’ ദിഘോഷങ്ങൾ സുൽത്താന്റെ മുഹമ്മദീയാക്ഷൗഹിണിയിൽനിന്നു് ഉൽഗളിതമായതു്, ആ ഭഗവാനെ അസ്തമിപ്പിച്ചു. പ്രാകാരരക്ഷികളുടെ അവശേഷവും സമരരംഗസ്ഥരായ ഭടജനങ്ങളും നായകന്മാരുടെ ആജ്ഞാനുസാരം പുറംവാങ്ങി പ്രധാനസേനയോടു് സംഘടിച്ചു.

ഒരു അഞ്ഞൂറോളമെങ്കിലും പദാതിക്കു് നിലകൊൾവാൻ സ്ഥലം ഇല്ലാത്തതും ഉള്ളടത്തോളം ഘടനയ്ക്കു് ഉറപ്പില്ലാത്തതുമായ ആ ചെറുകോട്ടയുടെ ആ സന്ധ്യയിലെ, അവസാനം ദിവാൻജിയെക്കൊണ്ടു് കളപ്രാക്കോട്ടയിലെ ശിവരാത്രിയെ സ്മരിപ്പിച്ചു. പരിചാരകന്മാരാൽ പ്രജ്വലിപ്പിക്കപ്പെട്ട ദീപങ്ങളും അദ്ദേഹത്തിന്റെ അക്ഷികൾക്കു് പ്രകാശദാനം ചെയ്തില്ല. പരിസേവികളുടെ ബഹുവ്യജനങ്ങൾ അന്നത്തെ അസാദ്ധ്യശ്രമത്തിൽ ചെയ്തു്ള്ള കണ്ഠക്ഷോഭത്തെയും കായക്ലേശത്തെയും പരിഹരിച്ചില്ല. ഒരു കാളരാത്രിയുടെ ഭീഷണവിഭ്രാന്തികൾ അദ്ദേഹത്തെ വ്യാകുലപ്പെടുത്തി. സന്ധ്യാസമയത്തെ ഹിമാരംഭശൈത്യം അദ്ദേഹത്തിന്റെ ഹൃദയോഷ്മാവിൽ ഗ്രീഷ്മവാതമെന്നപോലെ പതിച്ചു. സുഖാസനങ്ങൾ കണ്ടകരചിതങ്ങളെന്നപോലെ അദ്ദേഹത്തിനു് തോന്നി. പഞ്ജരസ്ഥനായ സിംഹം ഭക്ഷ്യകാംക്ഷിയായി വട്ടംതിരിയുന്നതുപോലെ അദ്ദേഹം നടകൊണ്ടു് തുടങ്ങി. ആ വിശ്രമശ്രമവും മനോവിപ്ലവത്തെ ശമിപ്പിക്കാഞ്ഞതിനാൽ വീണ്ടും ആസനം അവലംബിച്ചു് നമ്രമുഖനായി സ്ഥിതിചെയ്തു. സേനാനികൾ, ഉപമന്ത്രിമാർ മുതലായവർ ദൂരത്തുവാങ്ങി നിന്നു. അംഗരക്ഷകപ്രധാനനായ ത്രിവിക്രമകുമാരൻ, തന്റെ പരമോപകാരിയുടെ അന്തരാവേശത്തിനു് ഭിഷഗ്വരനായി അദ്ദേഹത്തിന്റെ അന്തികത്തിൽ പ്രവേശിച്ചു.

ഒരു ‘കനകകുസുമം’ ടിപ്പുവിന്റെ സങ്കേതത്തിൽ ഉണ്ടെന്നുള്ള ചൊക്രാഡൂണ്ഡിയായുടെ ചരമോക്തി കേട്ടതുമുതൽ ഈ കുമാരന്റെ വീര്യോന്മേഷങ്ങൾ നാശോന്മുഖമായ ക്ഷീണതയെ പ്രാപിച്ചിരുന്നു. ആ കുസുമം തന്റെ പ്രണയിനിതന്നെ എന്നു് ആ കുമാരൻ വാദിച്ചതിനെ നിഷേധിപ്പാൻ ദിവാൻജിയായ നയവിദഗ്ദ്ധൻ സന്നദ്ധനായില്ല. മോഹങ്ങളുടെ ജാജ്വല്യമാനതയാൽ സർവ്വാശയങ്ങളെയും പ്രകാശിപ്പിക്കുന്ന യുവപ്രായത്തെ തരണംചെയ്യുന്ന ആ യുവാവു് തന്റെ പ്രണയിനിയുടെ പുനർലബ്ധിക്കു് ബഹുതരോപായങ്ങൾ ചിന്തിച്ചു് അവയെ സ്വരക്ഷാധികാരിയുടെ മുമ്പിൽ സമർപ്പിച്ചു. എന്നാൽ ടിപ്പുവിന്റെ അരമനസ്ഥിതികളെ സൂക്ഷ്മഗ്രഹണം ചെയ്തിരുന്ന ദിവാൻജി യുവാവിന്റെ ബോധനങ്ങൾ എല്ലാം യുദ്ധകാര്യങ്ങൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾകൊണ്ടു് തട്ടിക്കളഞ്ഞു. വേഷപ്രച്ഛന്നനായി ടിപ്പുവിന്റെ പാളയത്തിൽ കടന്നു് തന്റെ പ്രണയിനിയുടെ യഥാർത്ഥസ്ഥിതിയെങ്കിലും ആരാഞ്ഞറിഞ്ഞുപോരുന്നതിനു് അനുമതി കിട്ടണമെന്നു് സ്പഷ്ടമേ ബോധിപ്പിച്ചപ്പോഴും മൗനാവലംബനത്താൽ ആണു് ദിവാൻജി ആ പ്രാർത്ഥനയെ അനുമതിച്ചതു്. വ്യക്തമായുള്ള അനുവാദദാനത്താൽ അനുഗ്രഹിക്കണമെന്നു് അപേക്ഷിച്ചപ്പോൾ വല്ലതും കാരണമുണ്ടാക്കി തിരുമനസ്സിലെ സ്ഥാനപതിയായി ആ യുവാവിനെ ടിപ്പുവിന്റെ പാളയത്തിലോട്ടു് നിയോഗിക്കാം എന്നു് വാഗ്ദാനം ചെയ്തു് അയാളെ തല്ക്കാലത്തേക്കു് സാന്ത്വിതനാക്കി. ഈ വാഗ്ദത്തം തിരുമനസ്സറിയിക്കാൻ എഴുതി അയച്ചിരുന്നതിന്റെ മറുപടി കിട്ടുന്നതിനു് മുമ്പുതന്നെ അഴിക്കോട്ടയുടെ നിരോധമുണ്ടായി. ഏകാപത്യമായ പുത്രന്റെ സൗഭാഗ്യംകൊണ്ടു് ജന്മസാഫല്യം അനുഭവിപ്പാൻ മോഹിച്ച പിതാവു് നഷ്ടപുത്രനായിത്തീർന്നാലെങ്ങനെയോ അതുപോലുള്ള വ്യസനത്താൽ ക്ഷുബ്ധഹൃദയനായിത്തീർന്നിരുന്ന ദിവാൻജി, സ്വവത്സലനായ യുവാവിന്റെ സാന്നിധ്യത്തെ ഗ്രഹിച്ചപ്പോൾ, ചില ആലോചനകളോടെ എഴുന്നേറ്റു. തന്നോടുള്ള സഹതാപഭാവവും അന്നത്തെ പരാജയത്താൽ ഉണ്ടായ രൗദ്രതയും കണ്ടു്, ദിവാൻജി ആ യുവാവിനെ ദൂരത്തു് കൊണ്ടുപോയി ചിലതു് മന്ത്രിച്ചു. യുവാവു് അനുസരണയും സന്തോഷവും പ്രകടിപ്പിച്ചു. ദിവാൻജി അനുഗ്രഹം നല്കി. “എന്തും ചെയ്തുകൊൾക. എങ്ങനെയും ഈ അപമാനം വീടണം. നാളെ പെരുംപടയുണ്ടു്. അതിൽ തോറ്റാൽ നിന്റെ അമ്മാവൻ-”

ത്രിവിക്രമകുമാരൻ
“അങ്ങനെ ഒന്നും ഉത്തരവാകരുതു്. ആലോചിച്ച വിധം പ്രവർത്തിക്കുമ്പോൾ ഒരു നല്ല തകിടം അവർക്കു് പറ്റും.”
ദിവാൻജി
“എന്നാൽ നടക്കു്. ശ്രീപത്മനാഭനെയും പൊന്നുതിരുമേനിയെയും ധ്യാനിച്ചു് ജയിച്ചുവരിക.”

അഴിക്കോട്ടയിൽനിന്നു് അരനാഴികയോളം വടക്കുപടിഞ്ഞാറു് നീങ്ങി, പെരുമാക്കന്മാരുടെ കാലത്തു് ഏറ്റവും ‘സാന്നിദ്ധ്യം’ കൊണ്ടിരുന്ന ഒരു സർപ്പക്കാവുണ്ടായിരുന്നു. ഇക്കാലത്തു് പ്രതിഷ്ഠയും പ്രതിഷ്ഠാഗേഹവും ഇടഞ്ഞുതകർന്നു് ബാഹ്യഭൂമിയുടെ നിരപ്പിൽ കിടക്കുന്നു. ആ ക്ഷേത്രത്തെ വലയം ചെയ്തിരുന്ന വൃക്ഷങ്ങൾ വളർന്നു് അനുബന്ധങ്ങളോടു് ചേർന്നു് കൊമ്പുകൾ വിശാലമായി വീശി, മദ്ധ്യത്തിലുള്ള ഭൂമിയെ സൂര്യകിരണങ്ങൾക്കും അപ്രവേശ്യമായ ഒരു അനൂപസ്ഥലമാക്കിയിരിക്കുന്നു. വള്ളികൾ പടർന്നു് വൃക്ഷങ്ങളെ വലയം ചെയ്തു് അവിടത്തെ തരുനിരകളെ ഒരു ദുസ്തരപ്രാകാരമാക്കിയിട്ടുണ്ടു്.

സ്വസ്വാമിയെ കാണ്മാനുള്ള ഉത്ക്കണ്ഠയോടെ പുച്ഛം ചുഴറ്റി പാഞ്ഞുതിരിയുന്ന വേട്ടനായ്ക്കളുടെ കണ്ഠാക്രോശങ്ങളെന്നപോലെ, കാഹളധ്വനികൾ ടിപ്പുവിന്റെ പാളയത്തിൽനിന്നു് കേൾക്കുന്നുണ്ടു്. പ്രാകാരധ്വംസകരുടെ നിശാഷ്ടിക്കുള്ള വിഭവങ്ങളും വഹിച്ചു് കാളികൂളിരൂപങ്ങളിൽ പല ആകാരങ്ങളും ആ പാളയത്തിനും പ്രാകാരത്തിനും ഇടയിൽ സഞ്ചാരംചെയ്യുന്നു. സംശയാന്ധ്യകാരവ്യാപൃതിയെ ലക്ഷ്യമാക്കി, അഭിസീനികകാവല്ക്കാർ വെടിവയ്ക്കുന്നതിൽനിന്നു് പൊങ്ങുന്ന ജ്വാലകൾ, ഖലജനങ്ങളുടെ ക്ഷണഭംഗുരമായ ഐശ്വര്യംപോലെ തിളങ്ങിപ്പൊലിയുന്നു. മുറിവേറ്റു കിടക്കുന്നവരുടെ പരിദേവനങ്ങളും അതിൽ മൃതിചേരുന്നവരുടെ അലർച്ചകളും നിശാദേവിയുടെ ഹൃദയത്തെയും ചഞ്ചലപ്പെടുത്തുന്നു. കുറ്റിക്കാടുകളിലെ വിലവാസികളായ ജംബുകന്മാർ വിധിദത്തമായുള്ള ഒരു സദ്യകൊണ്ടു് സന്തുഷ്ടരാകാൻ കണ്ണുകൾ തിളങ്ങിച്ചു് നിശ്ശബ്ദരായി, വാലുകളൊതുക്കി സകുടുംബം പുറപ്പെടുന്നു.

ഇരുമ്പുകവചങ്ങളും തൊപ്പികളും അതുകളുടെ മുകളിൽ മഹമ്മദീയകുപ്പായങ്ങളും ധരിച്ചു് ഖഡ്ഗം, പരിച എന്നീ രക്ഷാസാമഗ്രികളും വഹിച്ചു് വള്ളിക്കാവിന്റെ പടിഞ്ഞാറുവശത്തെത്തി, ഒരു ചെറുവ്യൂഹം വഴിതെളിച്ചു് അകത്തോട്ടു് പ്രവേശിക്കുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്ന മുപ്പതിൽപ്പരം ആളുകളും കായികാഭ്യാസങ്ങളിലും മല്ലസമരങ്ങളിലും ഖഡ്ഗപ്രയോഗത്തിലും വിഖ്യാതി നേടിയിട്ടുള്ള കളരിത്തലവന്മാരും മറ്റുമായിരുന്നു. ത്രിവിക്രമകുമാരൻ, അഴകൻപിള്ള, കുറുങ്ങോട്ടു് കൃഷ്ണക്കുറുപ്പു്,കുപ്പായക്കാരൻ പഞ്ചി എന്നിങ്ങനെയുള്ള നമ്മുടെ പരിചയക്കാരും ഈ സംഘത്തിലുണ്ടു്. അന്ധകാരമാകട്ടെ, ലതാപ്രാകാരത്തിലെ കണ്ടകങ്ങളാകട്ടെ, പ്രതിഷ്ഠാപ്രദേശത്തിലെ ചേറാകട്ടെ, ഹിമകണപ്രപാതത്തിന്റെ ശൈത്യമാകട്ടെ, കാവിൽ സർപ്പങ്ങൾ ഉണ്ടായിരിക്കുമെന്നുള്ള ഭയമാകട്ടെ ആ സംഘത്തെ ഭീതരാക്കുന്നില്ല. ആഭിസീനികന്മാരുടെ ഉന്നതിയെ ലജ്ജിപ്പിക്കുന്ന അഴകൻപിള്ള സുഖഭുക്തികൊണ്ടു് പുഷ്ടശരീരനുമായിരിക്കുന്നു. വിദഗ്ദ്ധഗുരുക്കന്മാരുടെ ശാസനത്തിൽ ശുഷ്കാന്തിയോടുള്ള അഭ്യസനംകൊണ്ടു് അയാൾ ഈ അല്പകാലത്തിനിടയിൽ ആയുധപ്രയോഗത്തിൽ ചതുരനും ആയിത്തീർന്നിരിക്കുന്നു. അക്ഷീണപ്രാസംഗികനായുള്ള കൃഷ്ണക്കുറുപ്പും അല്പദിവസത്തെ പരിചയത്തിനിടയിൽ അക്കാര്യത്തിലുള്ള പ്രഥമസ്ഥാനം അഴകൻപിള്ളയ്ക്കു് നൽകിയിരിക്കുന്നു. ആ സംഘത്തിന്റെ നേതാവായ ത്രിവിക്രമകുമാരന്റെ അന്തരംഗം ഗ്രഹിച്ചിരുന്ന അഴകൻപിള്ള ആ യുവാവിനെയും തന്റെ സഹാനുയായികളെയും ഒരു പുരാവൃത്താന്തകഥനംകൊണ്ടു് സമ്മോദിപ്പിപ്പാൻ ആരുടെയും അപേക്ഷ കൂടാതെയും അനുമതി വാങ്ങാതെയും മരക്കൊമ്പുകളിൽനിന്നു് ചില ശാഖകൾ ഒടിച്ചിട്ടു് അതിന്മേൽ ആസനസ്ഥനായി ഇങ്ങനെ ആരംഭിച്ചു:

“നെല്ലിക്കാട്ടേ പടിപ്പുരയ്ക്കൽ
വില്ലിയെന്ന തലപ്പുലയൻ ചെന്നു്
ചാമ്പട്ടിയാരോ തമ്പ്രാട്ടിയാരോ
ഒരുപാള കരിക്കാടി തായോ”

എന്നു വിളിക്കെ,

“പൂമാലക്കൊഴുന്തുഴിഞ്ഞ മങ്കയാളും ശൊല്ലുവാളെ
ഉടപ്പുറപ്പും മാമനാരും പട്ടുപോയി
ഞാൻ തനിയേ കണ്ണഴതു പുണ്ണാമ്പടുതിയിൽ
കണ്ണാക്കറിവാൻ വരാത്ത നീയോ കഞ്ഞി താ തവിടു താ എന്നു്?
കരിമടൽ വെട്ടി കൈപിടിയും ചെത്തി
യെവന്റെ കരുന്തൊലിയെ ചെന്തൊലിയാക്കാൻ
ആരെടാ പിള്ളരേയെന്നാൾ”

ഇങ്ങനെ തുടങ്ങിയ കഥയിൽ ‘വില്ലി ആ കന്യകയെ ബലേന വരിക്കുമെന്നു് വാതുപറഞ്ഞതും, അവൾ വൃദ്ധവേഷം ധരിച്ചു് ഓടംകയറി രക്ഷപ്പെട്ടതും വില്ലിയും അവന്റെ പുലയരായിരവും അവളെ തുടർന്നതും ഒരു വൃക്ഷം അനുതാപത്താൽ പിളർന്നു് അവളെ ഒളിച്ചുകൊണ്ടതും തന്റെ കമിതാവായ ഒരു കുബേരകുമാരന്റെ ഭവനത്തെ അഭയംപ്രാപിച്ചു് കന്നുകാലികൾ മേയ്പാൻ ഏറ്റുകൊണ്ടതും, അവളുടെ സൂക്ഷിപ്പിൽ കന്നുകാലികൾ പുഷ്ടശരീരികളായതും അതിന്റെ രഹസ്യമറിവാൻ ധനികകുമാരൻ മലകയറി പതുങ്ങിയിരുന്നതും കന്യക വൃദ്ധവസ്ത്രങ്ങൾ മാറ്റി ചുനയിൽ നീരാടി പൈങ്കിരാലിപ്പശുവിനെ കറന്നു് പശിപോക്കിയതും, എരുമത്തടവള്ളി വലിച്ചു് അന്നലൂഞ്ഞോൽ കെട്ടി ആടിപ്പാടി, പറക്കും പൈങ്കിളികൾ ചിറകൊതുക്കി, പട്ടമരം തിളുർത്തു്, തിളുർത്ത മരം പൂത്തു്, പൂത്ത മരം കാച്ചു്, കന്നുകാലി തലകുലുക്കി, നാഗരാജൻ പടമൊതുക്കി പാട്ടുകേൾക്കെ, പണപ്പൊലിയോൻ പെൺപാദത്തിൽ പണിതു് വേട്ടുകൊണ്ടതും നെല്ലിക്കാട്ടെ ചാവുകൊടയ്ക്കു് രണ്ടുപേരും പുറപ്പെട്ടതും പുലപ്പട നേരിട്ടതും അഴകുടയകുമരൻ അരവാൾകൊണ്ടു് അപ്പടമുടിയവേ പൊരുതതും’ മറ്റും വർണ്ണിച്ചതിനെ അഭിനന്ദിച്ചു്, കുറുങ്ങോടൻ എഴുന്നേറ്റു് പെരുംകുമ്പയും തുള്ളിച്ചു,

“അരനുടെ പുത്തിരനുമയാൾ പെറ്റൊരു കരിമുകനെ
തൊഴുതു് -ഇന്തത്തോം.
കരിമ്പു ശർക്കര ഉരുക്കു നറുനൈ കതളിയുടേ കനിവു –
ഹിന്തത്തോം.
കറ്റവരുറ്റജനങ്ങളിരിക്കെക്കഥയുര ചെയ്‌വതിനായു്–
നിത്യവുമടിയനു് കവിയുരയരുളുക ഗണപതി കുടവയറാ –
ഹയ്യത്താ-അടിയനു് കുടവയറാ”

എന്നു് പാടി ചക്കുലക്കക്കാലുകളാൽ ഒരടവു് ചവുട്ടിത്തകർത്തു. ഈ ഘോഷങ്ങൾ കഴിഞ്ഞു് ഇരുട്ടിലെല്ലാം ചുറ്റിനോക്കീട്ടും ആ സംഘത്തിന്റെ നായകനായ ത്രിവിക്രമകുമാരനെ കാണ്മാനില്ലായിരുന്നു. “ഇപ്പോത്തിരുമ്പി വന്നൂടു വാനമ്മാച്ചാ” എന്നു് കുറുങ്ങോടനെ സമാധാനപ്പെടുത്തികൊണ്ടു് അഴകൻപിള്ള മറ്റൊരു കഥാഗാനത്തിന്റെ പീഠികയായി ‘തെന്തിനന്നാ തെനനാനാ’ എന്നു് വട്ടംപിടിച്ചു.

സമരം നടക്കട്ടെ; മരണങ്ങൾ സംഭവിക്കട്ടെ. താൻ തന്റെ പ്രണയിനിയെ ഒന്നു് സന്ദർശിച്ചിട്ടു് വീരസ്വർഗ്ഗം പ്രാപിച്ചുകൊള്ളാം എന്ന ഹൃദയപ്രതിജ്ഞയോടെ ത്രിവിക്രമകുമാരൻ ടിപ്പുവിന്റെ പാളയത്തിൽ പ്രവേശിച്ചു. ആപൽക്കരവും സംശയഗ്രസ്തവുമായ ഒരു ഘട്ടത്തിൽ അകപ്പെട്ടു് വേഷത്താൽ മാത്രം രക്ഷിതനായ ആ ഹനൂമൽപ്രഭാവൻ തന്നെ വലയം ചെയ്യുന്ന മഹാസേനയുടെ ശക്തിയെയോ ടിപ്പുവിന്റെ ആസുരചരിത്രത്തെയോ സ്മരിച്ചില്ല. ധൂമസേവികളും ബഹുവിധപേയങ്ങളാൽ ദാഹം തീർത്തു് അമരുന്നവരുമായ ഭടവലയത്തിന്റെ അന്നത്തെ വിജയപ്രഘോഷണവാദങ്ങൾ കേട്ടു് ആ യുവാവു് താൻ ഉദ്യോഗിച്ചിരിക്കുന്ന കാര്യത്തിന്റെ നിർവ്വഹണംകൊണ്ടു് പകവീടിക്കൊള്ളാമെന്നു് പ്രതിജ്ഞചെയ്തു്, ശാന്തനായി ആ സേനാസങ്കേതത്തിലെ ഒരു ഉപനായകൻ എന്നപോലെ സ്വൈരസഞ്ചാരം ചെയ്തു്. മഹമ്മദീയസേനാനികളുടെ വീരവാദങ്ങൾ പല കേന്ദ്രങ്ങളിലും ആവർത്തിച്ചു് ശ്രവണംചെയ്തു് നിർബാധനായി, പാളയത്തിന്റെ നാനാഭാഗങ്ങളും സന്ദർശിച്ചു. സ്ത്രീകളുടെ അന്തർഗൃഹങ്ങളോ അവയെ രക്ഷിച്ചുള്ള ബന്തോവസ്തുക്കളോ കാണാഞ്ഞതിനാൽ കുമാരന്റെ ഉന്മേഷം തളർന്നു. ഉദാരമധുരമായ വാർത്താപ്രശ്നങ്ങൾകൊണ്ടു് അന്തർജ്ജനങ്ങളാകട്ടെ, അജിതസിംഹനാകട്ടെ, ആ സേനയോടുകൂടി വന്നിട്ടില്ലെന്നു് അറിഞ്ഞപ്പോൾ അയാളുടെ ഉന്മേഷങ്ങൾ സുപ്തസ്ഥിതിയിൽ ആയി. കേവലം പാദനീതനായി ആ ശത്രുശിബിരത്തിലേക്കു് പോന്ന മാർഗ്ഗത്തെ വീണ്ടും തരണംചെയ്തു് തുടങ്ങിയപ്പോൾ നിദ്രാസേവിയായ ഒരു കാഹളക്കാരന്റെ ‘സംഗതി’ വച്ചുള്ള കൂർക്കങ്ങൾ ആ യുവാവിന്റെ ജീവകേന്ദ്രത്തെ ഉണർത്തി. കാഹളക്കാറ്റന്റെ വാദ്യസാമഗ്രിയും നിദ്രാസേവയും തമ്മിൽ ബന്ധം ഇല്ലെന്നു് കണ്ടു് അതിനെ കൈക്കലാക്കി പല യുക്തികളെയും മനസ്സിൽ സംഭരിച്ചപ്പോൾ ആ കുമാരന്റെ ഉള്ളിൽ ഒരു മഹാപ്രഹർഷം ഉദിച്ചു.

അടുത്ത സൂര്യോദയത്തിലെ നിത്യകർമ്മങ്ങൾ നിർവ്വഹിച്ചിട്ടു് സ്വസേനയാൽ ആക്രാന്തമായ പ്രാകാരത്തിൽ ആയോധനാചാരം അനുസരിച്ചു് സ്വഹസ്തങ്ങളാൽ കൊടിനാട്ടി, ആ ജയന്തിയെ ആഘോഷിപ്പാൻ കനകഘടനകൾകൊണ്ടു് അലംകൃതമായ ദന്തപ്പല്ലക്കിൽ സുൽത്താൻ ആരൂഢനായി. ഭേരികൾ താക്കിയും കാഹളങ്ങൾ മുഴക്കിയും പദാതിയുടെ പാദപാതങ്ങൾ ആ നിനദങ്ങൾക്കു് താളംപിടിച്ചും ഒരു സേനാഖണ്ഡം സേതുവിനെ അതിക്രമിച്ചു. സരളവാദ്യങ്ങൾ, സ്തുതിതിപാഠകന്മാർ, സേവകജനങ്ങൾ, മന്ത്രിപ്രധാനന്മാർ എന്നിവരുടെ മുന്നകമ്പടിയോടെ, ബാണക്കൊടികളും ഭാലാക്കഴകളും വേലുകളും ഏന്തിയുള്ള പരിജനങ്ങളാൽ സേവിതനായി, പട്ടുക്കുടകളാൽ പരിവൃതമായുള്ള ആന്ദോളത്തിൽ വിജയലഹരിയാൽ ഉന്മത്തനായി സ്ഥിതിചെയ്യുന്ന സുൽത്താനും സേതു കടന്നു് പൂർവ്വദിവസത്തിലെ രക്താംബരത്താൽ ആസ്തരിതമായുള്ള രംഗത്തിൽക്കൂടെ എഴുന്നള്ളത്തു് തുടങ്ങി. മൃതശരീരങ്ങളുടെ നിരവധികത്വം സുൽത്താന്റെ വ്യാഘ്രതയെ പരിതുഷ്ടമാക്കി. ശവപംക്തികൾക്കിടയിൽ തന്റെ ഭടജനങ്ങളെയും അവിടവിടെ ജംബുകാഷ്ടികളുടെ ഉച്ഛിഷ്ടങ്ങളെയും കണ്ടപ്പോൾ ടിപ്പു വിജയാഹങ്കാരോൽക്കർഷത്താൽ ചില ഗാനങ്ങളെ സമ്മേളിച്ചു. ഒരു ചെറുസേനാപംക്തിയും പിന്നകമ്പടിയായി ചിറ കടന്നു്, മർദ്ദിതമായ പ്രാകാരം രാജഹസ്താധീനമാക്കുന്ന ക്രിയയ്ക്കായി അണിനിരന്നു.

ഇങ്ങനെ ആ ഘോഷയാത്രയിലെ സന്നാഹാംഗമായ സേനയിൽ ഒന്നു് പാതി ദീർഘികയുടെ മുൻഭാഗത്തായപ്പോൾ, ദിവാൻജിയാലും ക്യാപ്റ്റൻ ഫ്ലോറിയാലും നീതമായ വഞ്ചിസേന, ത്രിവിക്രമകുമാരനുമായി ആലോചിച്ചിട്ടുള്ള നിശ്ചയം അനുസരിച്ചു് നിശ്ശബ്ദം മുന്നോട്ടു് നീങ്ങി. ആ സേനയുടെ ആഗമനം കണ്ടപ്പോൾ ആന്ദോളസ്ഥനായ ടിപ്പു സേനാനിത്വം വഹിച്ചു് തന്റെ സഹഗാമിയായ സേന മുഴുവൻ തന്നോടു് സംഘടിക്കാനുള്ള ആജ്ഞകളെ കാഹളമുഖങ്ങളെക്കൊണ്ടു് ഘോഷിപ്പിച്ചു. തെക്കുനിന്നു് വെടിയുണ്ടകളുടെ ഒരു വർഷം തുടങ്ങി. ഊഷ്മളപ്രവർത്തനത്താൽ ശത്രുഭഞ്ജനം അന്നുതന്നെ സാധിക്കുമെന്നുള്ള പ്രതിജ്ഞയോടെ മുന്നോട്ടു് നീങ്ങാൻ ഉള്ള ആജ്ഞകളെ സുൽത്താൻ കൊമ്പുകൾ വിളിപ്പിച്ചു് വീണ്ടും അറിയിപ്പിച്ചു. വഞ്ചിസേനയുടെ നളികപ്രയോഗത്തിന്റെ പ്രത്യാരവം മൈസൂർസേനയിൽനിന്നു് ഉൽഘോഷിതമായി. വഞ്ചിപംക്തികളിൽനിന്നു് രണ്ടാമതും ഒരു രടിതാവലി മേഘപടലികളെ ശിഥിലീകരിക്കുമാറു് പുറപ്പെട്ടു. പ്രതിധർഷണത്തിനായി സുൽത്താൻ പട തോക്കുകൾ നിറയ്ക്കുന്നതിനിടയിൽ, വള്ളിക്കാവിലെ മുഹമ്മദീയവേഷക്കാർ ഭൂതഗണങ്ങൾ എന്നപോലെ പാഞ്ഞെത്തി, ആ സൈന്യത്തോടു് സങ്കലനംചെയ്തു. ശത്രുസേനാനിരയുടെ തോക്കുകൾ ഉയർത്തപ്പെടുമ്പോൾ ‘പുറകോട്ടു് പുറകോട്ടു്’ എന്നു് അവരുടെ ഘോഷണരീതിയിലുള്ള ഒരു കാഹളം മുഴങ്ങി. കോട്ടയെ സംരക്ഷിച്ചുനിന്നിരുന്ന ആഭിസീനികന്മാർ പുറത്തേക്കു് ചാടി. സേതു കടന്നിട്ടില്ലാത്ത സേനാപംക്തികൾ പുറംതിരിഞ്ഞു. പാളയത്തിൽനിന്നു് ആദ്യത്തെ കാഹളം അനുസരിച്ചു് പുറപ്പെടാൻ സന്നദ്ധരായ സേനാപംക്തികൾ അവിടെ നിലകൊണ്ടു. വെടിവയ്ക്കുവാൻ ഉയർന്ന തോക്കുകൾ ഉപസംഹരിക്കപ്പെട്ടു.

കൊടുംകാറ്റിൽ ഇളകിച്ചലിക്കുന്ന പത്രതതികളുടെ ചീറ്റങ്ങൾ എന്നപോലെ, ഒരു മഹാരവം ടിപ്പുവിന്റെ സേനയ്ക്കിടയിൽ കേട്ടുതുടങ്ങി. ഖഡ്ഗമുനകൾ ആകാശത്തിലോട്ടുയരുന്നതും താഴുന്നതും ആ ക്രിയകൾ ദ്രുതതരമായി ആവർത്തിക്കപ്പെടുന്നതും കണ്ടു് പ്രമത്തനായ സുൽത്താൻ ഹർഷാട്ടഹാസംചെയ്തു് ആ ഖഡ്ഗപ്രയോഗങ്ങൾക്കു് ‘ബലേ!’ വിളിച്ചു. തന്റെ സേനയുടെ ഉപപംക്തികളും മഹാപംക്തിയും ശീഘ്രതരം മുന്നോട്ടു് നീങ്ങാൻ കാഹളങ്ങളെ ഒന്നുകൂടി മുഴക്കിച്ചു. വിദ്യുജ്ജിഹ്വകൾ എന്നപോലെ തങ്ങളുടെ ഖഡ്ഗങ്ങൾ വീശി, അണികൾ ഭേദിച്ചു് അവിടവിടെ വ്യാപരിച്ചുകൊണ്ടു് ത്രിവിക്രമകുമാരനും സംഘക്കാരും യഥേച്ഛം ഖഡ്ഗങ്ങളെ ശത്രുശിരസ്സുകളായ ശാണകളിൽ ഘർഷണംചെയ്തു് മൂർച്ചകൂട്ടി. ത്രിവിക്രമന്റെ കയ്ക്കൽ ഉള്ള കാഹളം ‘പിന്നോട്ടു്, പിന്നോട്ടു്’ എന്നു് ഇന്ദ്രശംഖധ്വനിയിൽ സുൽത്താന്റെ കാഹളാജ്ഞക്കു് വിപരീതമായി ഘോഷിച്ചു. ടിപ്പുവിന്റെ കാഹളക്കാരൻ ആ ഘോഷത്തെ നിഷ്ഫലം ആക്കാൻ ‘മുന്നോട്ടു് മുന്നോട്ടു്’ എന്നു് സ്വകണ്ഠം പൊട്ടുമാറു് വിളിച്ചപ്പോൾ അതു് ‘പുറകോട്ടു്, പുറകോട്ടു്’ എന്നുണ്ടായ ഉച്ചൈസ്തരരടിതത്താൽ അശ്രാവ്യമായിത്തീർന്നു. ആഭിസീനികർ മൃഗങ്ങളെപ്പോലെ പലായനം ചെയ്യുന്നതു് കണ്ടു് ടിപ്പുവിന്റെ പെരുംപട ഇളകി പിന്തിരിഞ്ഞു. സുൽത്താൻ തന്റെ ആന്ദോളത്തിൽ ഇരുന്നു് ഇളകിച്ചാടി, ‘ചൈത്താൻ’ എന്നു് തുടങ്ങിയുള്ള ഒരു അശ്ലീലപദാവലിയെ വർഷിച്ചു. ഖഡ്ഗനിപാതങ്ങൾ ആഭിസീനികകണ്ഠങ്ങളെ തെരുതെരെ ഛേദിച്ചു. സ്വപക്ഷത്തിലുള്ള ഭടന്മാർ തങ്ങളെ നിഗ്രഹിക്കുന്നതു് കണ്ടപ്പോൾ, അതു് കേരളീയാഭിചാരത്തിന്റെ ഫലമാണെന്നു് ശങ്കിച്ചു് ആഭിസീനികന്മാർ അവരവരുടെ ജീവനെ മാത്രം കരുതി, സേതുവിന്റെ മറുകരയെയും ദീർഘികയെയും ശരണംപ്രാപിച്ചു. നാനാദിക്കിലോട്ടും ഓടുന്നവർ പർസ്പരം സംഘട്ടനം ചെയ്തു് നിലംപതിച്ചു. മൃതശരീരങ്ങൾ വീണു് ഒരു പുതിയ ‘സേതു’ വുണ്ടായി. ഇസ്ലാം കാഹളക്കാരന്റെ മുതുകു് സ്വരാജഖഡ്ഗത്തിന്റെ മാടുകൊണ്ടുള്ള പ്രഹരരുചി ആസ്വദിക്കുകയാൽ, അവൻ ‘മുന്നോട്ടു്, മുന്നോട്ടു്’ എന്നുള്ള ആജ്ഞയെ പിന്നെയും ധ്വനിപ്പിച്ചു. ദക്ഷിണകരത്താൽ തന്റെ അസിലതയെ വർത്തുളഭ്രമണം ചെയ്തു് ശത്രുഗളങ്ങളെ ഛേദിച്ചുകൊണ്ടു് വിജയം അല്ലെങ്കിൽ മൃതി എന്നുള്ള സങ്കല്പത്തോടെ കാലുറപ്പിച്ചും വക്ഷസ്സിനെ ജൃംഭിപ്പിച്ചും ശ്വാസം സംഭരിച്ചു് ‘പുറകോട്ടു്, പുറകോട്ടു്’ എന്നു് ത്രിവിക്രമൻ തന്റെ വാമകരസ്ഥമായുള്ള കാഹളത്തെ ധ്വനിപ്പിച്ചു. കോപസൂചകങ്ങളായ വിശേഷണപദങ്ങളെ ചേർത്തുകൊണ്ടു് ‘കമ്മറുദീൻ, സയ്യദ് ഗാഫർ, ഫ്‌‌ക്കീറുദീൻ, മീയർ നാസറാലി’ എന്നെല്ലാം തന്റെ സേനാനായകൻമാർ ജാഗരൂകരായി അണികൾ ഉറപ്പിച്ചു് നിലകൊള്ളിക്കുവാൻ സിംഹാരവത്തിൽ സുൽത്താൻ വിളികൂട്ടി. ആന്ദോളക പരിസരത്തിൽ നിന്നുതന്നെ ‘പുറകോട്ടു്, പുറകോട്ടു്’ എന്നു് യമകാഹളം ധ്വനിച്ചു. ആഭീസീനികവർഗ്ഗത്തിന്റെ പ്രത്യേകാന്തകനായി സൃഷ്ടിക്കപ്പെട്ടുള്ള ഒരു ഭയങ്കരസത്വം രക്തം അണിഞ്ഞു് യുദ്ധക്കളം തകർത്തു് ശാപോൽഘോഷങ്ങളോടെ നൃത്തംചെയ്തു് ശിരസ്സുകളെ, സ്കന്ധങ്ങളെ, വക്ഷസ്സുകളെ, ജാനുക്കളെ ശിഥിലങ്ങളാക്കുന്നു; ഖണ്ഡിച്ചുവീഴ്ത്തു്ന്നു. എന്നല്ല, സേനയുടെ ഇടം, വലം മുൻ, പിൻ, മദ്ധ്യം എന്നുള്ള എല്ലാ ഭാഗങ്ങളിലുംനിന്നു് മരണവിളികൾ കേട്ടുതുടങ്ങുന്നു. മൈസൂർ പദാതികളും അവരുടെ ചില നായകന്മാരും ബന്ധനത്തിലാക്കപ്പെടുന്നു. കുപ്പായക്കെട്ടുകൾ പൊട്ടിപ്പോയുള്ള ഒരു മഹോദരൻ കൂക്കുവിളിച്ചുകൊണ്ടു് കബന്ധാകൃതിയിൽ ടിപ്പുവിന്റെ നേർക്കു് പാഞ്ഞടുത്തു് ത്രിവിക്രമനോടു് എന്തോ ഘോഷിക്കുന്നു. കുമാരൻ മുന്നോട്ടു് കുതിച്ചു് ഖഡ്ഗം ഒന്നു് വീശി ശത്രുകാഹളക്കാരന്റെ ഹസ്തത്തെ അതിലുള്ള വാദ്യത്തോടുകൂടി നിലത്തുവീഴ്ത്തുന്നു. പിന്നീടു് ‘പുറകോട്ടു്, പുറകോട്ടു്’ എന്നുള്ള ശബ്ദങ്ങൾ മാത്രം ആ പടക്കളത്തിൽ മുഴങ്ങി. ആ ഖണ്ഡത്തിലെ പ്രധാന സേനാനായകന്റെ കണ്ഠം ഞെരിഞ്ഞു. പരിസരസ്ഥർ ‘ഹള്ളോ’ എന്നു് മുറവിളിച്ചു. മഹമ്മദീയേസന നിസ്സംശയം സമരരംഗം വെടിഞ്ഞു് നെടുംപാച്ചിലായി ഓടിത്തുടങ്ങി. മൃതശരീരങ്ങൾ അവിടവിടെ കുമിഞ്ഞു. അർദ്ധജീവന്മാർ പാദാഘാതത്താലും പരലോകഗതരായി. ടിപ്പു പാദുഷായുടെ വ്യാഘ്രത ജംബുകത്വമായി പല്ലക്കിൽ ഇരുന്നു. ചുറ്റും അമ്പരന്നു് നോക്കിയപ്പോൾ തന്റെ ഭടന്മാർ മണ്ടുന്നതും പലരും ക്ഷതാംഗന്മാരായി കായലിലും കിടങ്ങിലും വീഴുന്നതും കണ്ടു് സുൽത്താന്റെ ഹൃദയത്തിൽ ഒരു ആധി പൊങ്ങി; അദ്ദേഹം ആസുരാട്ടഹാസം തുടങ്ങി. സേനാനികളും ഏതാനും പദാതിയും പല്ലക്കിനെ വലയം ചെയ്തു് രക്ഷിച്ചു. ത്രിവിക്രമാദികളുടെ ചന്ദ്രഹാസപ്രയോഗങ്ങൾ കണ്ടു് ആന്ദോളകന്മാരും പിന്തിരിഞ്ഞു. സേനാനിഖഡ്ഗങ്ങൾ മല്ലവിദഗ്ദ്ധന്മാരുടെ നേർക്കു് കേവലം വേത്രദണ്ഡങ്ങൾ എന്നപോലെ പതിച്ചു. സംഭ്രമം പിടിപെട്ട ആന്ദേളവാഹികൾ ടിപ്പുവിന്റെ കൊല്ലും ശക്തിയെ മറന്നു് വാഹനവും വഹിച്ചു് സേതു നോക്കി പാഞ്ഞുതുടങ്ങി. സുൽത്താൻ ഉപധാനങ്ങൾ എടുത്തുചാണ്ടി അവരുടെ ഉഷ്ണീഷങ്ങളെ വീഴ്ത്തി എങ്കിലും വാഹകന്മാർ അവർക്കു് തോന്നിയ വഴിയേതന്നെ അവസ്ഥാന്ധന്മാരായി പലായനം തുടങ്ങി. വാഹനം ദീർഘികാസേതുക്കളുടെ സന്ധിയിൽ എത്തി. ത്രിവിക്രമനും സഹഗാമികളും വർഷധാരാക്രമത്തിൽ പിന്നെയും ഖഡ്ഗസമ്പാതങ്ങൾ ചെയ്തു. സേനാനികളും സേവകപ്രഭുക്കളും ആപത്തിന്റെ അനിവാര്യതയിൽ തുല്യാടോപത്തോടെ ആയുധപ്രയോഗങ്ങളെ നിരോധിച്ചു. ത്രിവിക്രമന്റെ അനുയായികൾ ചിലരുടെ കായങ്ങൾ ഭുദൈർഘ്യത്തെ ദണ്ഡമാനം ചെയ്തു്. അതുകണ്ടു് കയർത്ത അഴകൻപിള്ള, ശാർദൂലവീര്യനായി, ഒരു ഭാലാക്കാരന്റെ കണ്ഠം ഞെരിച്ചിട്ടു് അയാളുടെ ദീർഘശൂലത്തെ അപഹരിച്ചു് ചില അട്ടഹാസങ്ങളോടെ ആ നെടുംകുന്തമുനയാൽ പല്ലക്കിനെ ധ്വംസിപ്പാൻ യത്നിച്ചു. കണ്ഠീരവന്റെ ശ്വാസമർദ്ദനം ചെയ്ത് ആ ബലിഷ്ഠന്റെ ആയവേഗത്തെ ആന്ദോളകസ്കന്ധങ്ങൾക്കു് താങ്ങാൻ കഴിവില്ലാഞ്ഞതിനാൽ ആ വാഹനം മറിഞ്ഞു് അന്തഃസ്ഥിതനെ കിടങ്ങിൽ നിക്ഷേപിച്ചു. ആ ആയുധത്തിന്റെ അഗ്രം ഭാരതവർഷവിഭ്രാമകനായ ടിപ്പുവിന്റെ തിരുമുട്ടിൽ ഒരു മഹാക്ഷതം ഏല്പിച്ചു്, അദ്ദേഹത്തിനെ ആജീവനാന്തം പ്രകൃതത്തിനു് ചേർന്നു് ശനൈശ്ചരൻ ആക്കുകയും ചെയ്തു്. വ്യാജമഹമ്മദീയർ ആന്ദോളാഭരണാദികളെ വിജയലക്ഷ്യങ്ങളായി കയ്ക്കലാക്കുന്നതിനിടയിൽ സേനാനികളും സേവകന്മാരും ടിപ്പുവിനെ ഹസ്താന്ദോളത്തിൽ ആക്കിക്കൊണ്ടു് വടക്കുനോക്കിപ്പാഞ്ഞു. വികടനായ അഴകൻപിള്ള വായ്ക്കുരവയും ഇട്ടുകൊണ്ടു് ത്രിവിക്രമനെ തോളിലേന്തി നൃത്തം തുടങ്ങി. കുറുങ്ങോടൻ തന്റെ സഹയോദ്ധാക്കളിൽ വീണുപോയവരെ വഹിച്ചു് അനന്തരപരിചരണങ്ങൾ ചെയ്‌വാൻ ശ്രദ്ധിച്ചു.

ടിപ്പുസേനയുടെ പ്രതിയാനം കഴിഞ്ഞ ശേഷം, വഞ്ചിരാജസേനാനികൾ പൂർവദിവസത്തിലെ പടക്കളത്തിൽ എത്തി. ഭാസ്കരപ്രസന്നതയോടെ നില്‌ക്കുന്ന ദിവാൻജിയെ കണ്ടപ്പോൾ അഴകൻപിള്ള തന്റെ പക്കലുള്ള ആയുധങ്ങളെയും രാജഭൂഷണങ്ങളെയും സമർപ്പിച്ചിട്ടു്, പുറകിൽ വരുന്ന ആന്ദോളത്തെ ചൂണ്ടിക്കാട്ടി. ദിവാൻജി സാധനങ്ങളുടെ വൈശിഷ്ട്യവും വാഹനം ടിപ്പുവിന്റേതാണെന്നതും ഗ്രഹിച്ചു് അത്ഭുതപരവശനായി ‘എന്തോന്നാ വിക്രമാ?’ എന്നു് ചോദ്യം ചെയ്തു്. ത്രിവിക്രമൻ വിനയത്തോടെ പ്രശംസാഭിനന്ദനങ്ങൾക്കു് അവകാശി അഴകുശ്ശാർതന്നെ എന്നു് ചൂണ്ടിക്കാട്ടി.

അഴകുശ്ശാർ “ഛേ! അതെന്തെരെന്നേ! ഒരു പൊന്നൻ മൊതലാളിയുടെ അടുത്തു് ‘അഴകൂന്റെ കൊടയുംകൂടി പറ്റിക്കൊണ്ടുപോവൂ കൂവ’ എന്നു് ചൊല്ലിക്കൊണ്ടു് ഈ കോലൊന്നു് നീട്ടിയപ്പം, എവൻ ഏങ്കോണിച്ചവനല്യോ? അതങ്ങു് മറിഞ്ഞൂട്ടു. മൊതലാളിയുടെ മുട്ടിന്റെ ഒരു തുണ്ടു് ഇതിന്റെ മൊനയിലൊണ്ടു്” എന്നു് പറഞ്ഞു് രക്തസ്നാതമായ ഭാലാമുനയെ പ്രദർശിപ്പിച്ചു. ദിവാൻ‌ജി ഭക്തിപുരസ്സരം സ്വരാജ്യാധാരങ്ങളെ സ്മരിച്ചുകൊണ്ടു് സപ്രഹർഷം അഴകൻപിള്ളയെ ആലിംഗനം ചെയ്തു.