ഭാഷ
ഭാഷ
ഭാഷ
ഒരുവന്‍ തന്റെ അന്തര്‍ഗ്ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തര്‍ഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ചു് അന്യനു ഗ്രഹിക്കുവാന്‍ പര്യാപ്തവുമായ വര്‍ണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ. ഒരു മനുഷ്യന്റെ വായില്‍നിന്നു പുറത്തു പോകുന്ന ശ്വാസം ഏതെങ്കിലും ഒച്ച പുറപ്പെടുവിക്കുന്നു എങ്കില്‍ അതിനെ ധ്വനിയെന്നും ഒറ്റതിരിഞ്ഞു നില്ക്കുന്ന ധ്വനിയെ വര്‍ണ്ണമെന്നും പറയുന്നു. ഇടിമുഴക്കം, വീണാക്വാണം മുതലായവ വായില്‍നിന്നു പുറപ്പെടാത്തതിനാല്‍ അവര്‍ണ്ണാത്മകശബ്ദങ്ങളാകുന്നു. മനുഷ്യര്‍ ഏതുപ്രകാരത്തില്‍ ചെയ്യുന്ന അന്തര്‍ഗ്ഗത നിവേദനവും ‘ഭാഷ’ എന്ന പദത്തിന്റെ വ്യാപകാര്‍ത്ഥത്തില്‍ ഉള്‍പ്പെടുമെങ്കിലും, മുഖം, കൈ മുതലായ അവയവങ്ങള്‍ കൊണ്ടു കാണിക്കുന്ന ആങ്ഗ്യങ്ങളേയും പക്ഷിമൃഗാദികളുടെ ചിത്രങ്ങള്‍കൊണ്ടു കുറിക്കുന്ന ലിഖിതങ്ങളേയും മറ്റും ഭാഷശാസ്ത്രജ്ഞന്മാര്‍ അതിന്റെ സാമാന്യനിര്‍വ്വചനത്തിന്റെ പരിഗണിക്കാറില്ല. ‘ഭാഷ’ എന്ന ശബ്ദത്തിന്റെ ധാത്വര്‍ത്ഥം തന്നെ വ്യക്തമായ വാക്കു് [1]എന്നാണല്ലോ. ആങ്ങ്ഗ്യത്തേയും മറ്റും നയനഭാഷയെന്നും ഉച്ചരിതത്തെ ശ്രവണഭാഷയെന്നും പറയാവുന്നതാണു്. നയനഭാഷ മനസ്സിലാക്കണമെങ്കില്‍ കണ്ണിന്റേയും വെളിച്ചത്തിന്റേയും അപേക്ഷയുണ്ട്; ശ്രവണഭാഷ മനസ്സിലാക്കുവാന്‍ ചെവി മാത്രം മതിയാകും. ശ്ബ്ദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ആങ്ഗ്യം കാണിക്കുന്നതു പ്രായേണ അര്‍ത്ഥപരിപൂരണത്തിനുവേണ്ടിയാകുന്നു. ചെറുനാവു്, ശ്വാസനാളത്തിന്റെ അകത്തുള്ള ധ്വനിതന്ത്രികൾ, മേലണ്ണാക്ക് (മൃദുതാലു), കീഴണ്ണാക്കു് (പ്രജിഹ്വ), നാസികാമാര്‍ഗ്ഗം, തൊണ്ട, നാവു്, പല്ലുകൾ, ചുണ്ടുകള്‍ ഇവയുടെ സമാഹാരമാണു് വാഗിന്ദ്രിയം. ഇവയില്‍ ഓരോ അവയവത്തിന്റെ അവലംബത്തെ ആസ്പദമാക്കിയാണു് വര്‍ണ്ണങ്ങളെ കണ്ഠ്യങ്ങൾ, താലവ്യങ്ങൾ, മൂര്‍ദ്ധന്യങ്ങൾ, ദന്ത്യങ്ങൾ, ഓഷ്ഠ്യങ്ങള്‍ എന്നും മറ്റും വൈയാകരണന്മാർ തരംതിരിക്കുന്നതു്.
അക്ഷരമാല
ഉച്ചാരണസൗകര്യത്തെ പ്രമാണീകരിച്ചു സ്വരമാണെങ്കില്‍ തനിച്ചോ, വ്യഞ്ജനമാണെങ്കില്‍ സ്വരസമ്മിളിതമായോ വേര്‍തിരിച്ചു്, അവയ്ക്ക് അക്ഷരങ്ങള്‍ എന്നു പേര്‍ കല്പിച്ചു് ഓരോ അക്ഷരവും കണ്ണില്‍ പതിയുന്നതിനു് അതിന്റെ അടയാളമായി ഓരോ ലിപിയും ജനസമുദായം സൃഷ്ടിച്ചു. [2] ആ ലിപിസമൂഹത്തെത്തന്നെയാണു് അക്ഷരമാലയെന്നു സാധാരണമായി വ്യവഹരിക്കാറുള്ളതു്. ലിപികളുടെ സഹായംകൊണ്ടു വാചികഭാഷ ലിഖിതമായിത്തീരുന്നു. ഇന്ന ശബ്ദത്തിനു് ഇന്നതാണു് അര്‍ത്ഥം എന്നു് ഓരോ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിലും സങ്കേതം, അതായതു് അഭേദ്യമായി വ്യവസ്ഥ ഉണ്ടു്. ഈ വ്യവസ്ഥ ഒരു ദിവസംകൊണ്ടോ ഒരു രാജശാസനംകൊണ്ടോ ഉണ്ടായിട്ടുള്ളതല്ല. വളരെക്കാലത്തെ പരീക്ഷണത്തിന്റേയും പരിചയത്തിന്റേയും ഫലമാണു് ഇത്തരത്തില്‍ ഒരു നിയമം നടപ്പായതു്. ഒരു ജനസമുദായത്തിന്റെ കലാപരമായ സംസ്കാരം മുഴുവന്‍ പ്രതിഫലിപ്പിക്കുവാന്‍ ആ സമുദായം സംവ്യവഹാരം ചെയ്യുന്ന ഭാഷയ്ക്കു ശക്തിയുണ്ടായിരിക്കും. സംസ്കാരം വര്‍ദ്ധിക്കുംതോറും സ്വഭാഷയില്‍ ശബ്ദങ്ങളില്ലെങ്കില്‍ ഇതരഭാഷകളില്‍നിന്നു സമുചിതങ്ങളായ ശബ്ദങ്ങള്‍ കടം വാങ്ങി അവയെ സ്വായത്തീകരിച്ചു തദ്വിഷയകമായ ന്യൂനതയെ പരിഹരിക്കുന്നതും സര്‍വ്വസാധാരണമാണു്.എന്നാല്‍ എത്ര ശബ്ദസമ്പന്നമായ ഭാഷയിലും ഒരുവന്‍ തുടരുന്ന ഉച്ചാരണം ശ്രോതാവിനെ ആശയം ഗ്രഹിപ്പിച്ചുകഴിഞ്ഞാല്‍ ഉടനടി വായുമണ്ഡലത്തിൽ ലയിച്ചുപോകുന്നതാണല്ലോ. അവശ്യം നിലനിറുത്തേണ്ട മതപരവും മറ്റുമായുള്ള വാങ്മയങ്ങളെ മാത്രം പുരാതനകാലങ്ങളില്‍ ജനങ്ങള്‍ ശിഷ്യന്മാരെ അധ്യാപനം ചെയ്തു പ്രചരിപ്പിച്ചുപോന്നു. അതു് എറ്റവും ക്ലേശകരമായ ഒരു പാഠപദ്ധതിയായിരുന്നു. അവയൊഴിച്ച് അന്യസൂക്തികള്‍ക്കു് ഒന്നിനുംതന്നെ ക്ഷണഭങ്ഗുരതയില്‍നിന്നു രക്ഷ നേടുവാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ഈ ദുരവസ്ഥയില്‍നിന്നു ലോകത്തെ ഉദ്ധരിച്ചതു ലിപിവിന്യാസമാകുന്നു. ഒരു ജനസമുദായം തന്മദ്ധ്യത്തില്‍ പ്രചരിക്കുന്ന ഭാഷയ്ക്കു ലിപികള്‍ വ്യവസ്ഥ ചെയ്തപ്പോൾ അതു് ആ സമുദായത്തിനു് ഒരു പരമാനുഗ്രഹമായി പരിണമിച്ചു. അതേവരെയ്ക്കും തങ്ങളുടെ ഉപയോഗത്തിനും ആനന്ദത്തിനുമായി അവരുടെ ഇടയില്‍ വിദ്യാസമ്പന്നന്മാരും ഭാവനാകുശലന്മാരുമായ വ്യക്തികള്‍ നിര്‍മ്മിച്ച ആഭാണകങ്ങൾ, ഗാനങ്ങള്‍ മുതലായവ താലപത്രങ്ങളിലും മറ്റും ലിഖിതങ്ങളായപ്പോൾ അവയ്ക്കു ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചു. അന്ധകാരം ജ്യോതിസ്സായി മാറി; വിദ്യയ്ക്ക് അഭൂതപൂർവമായ വിജയം സംജാതമായി; ഭൂതകാലത്തെ സൂക്തിവിഭവം ഏതു ഭാവികാലത്തേയ്ക്കും പ്രയാജനപ്പെടുമെന്നുള്ള നിലവന്നു; ജരാമരണഭയമില്ലാത്ത യശഃകായത്തെ സൃഷ്ടിക്കുന്നതിൽ സരസ്വതീദാസന്മാർ കുതുകികളായി; തങ്ങളുടെ വിജ്ഞാനത്തിന്റേയും പ്രതിഭയുടേയും ഫലങ്ങളെ ബഹുജനോപയുക്തമാക്കി തദ്വാരാ ലോകസേവ ചെയ്യുന്നതിനു പലരും അഹമഹമികയാ ഒരുങ്ങിയിറങ്ങി. ചുരുക്കത്തിൽ സംസ്കാരോൽഗതിക്കും സാഹിത്യോദയത്തിനും ലിപിനിർമ്മിതി അത്യന്തം പ്രേരകമായി. ആ വഴിക്കു ലോകത്തിനു സിദ്ധിച്ച അപരിമേയവും ആശ്ചര്യജനകവുമായ ലാഭത്തെ അച്ചടിയന്ത്രത്തിന്റെ ആവിർഭാവം ശതഗുണീഭവിപ്പിച്ചു. അനവധി വർഷസഹസ്രങ്ങൾ കഴിഞ്ഞാണു് ഓരോ ജനസമുദായത്തിലും ലിപികൾ ഉണ്ടായതു്. മുദ്രണയന്ത്രത്തിന്റെ നിർമ്മാണത്തിനു പിന്നെയും വളരെക്കാലത്തെ താമസം വേണ്ടിവന്നു. ക്രി.പി. 868-ൽ ചീനരാജ്യത്ത് ഒരു മുദ്രണയന്ത്രം ഇദംപ്രഥമമായി കണ്ടുപിടിക്കുകയുണ്ടായി. യൂറോപ്പിൽ അച്ചടി ആരംഭിച്ചത് 1440-ൽ മാത്രമാകുന്നു. ലിപികളുടെ ആവിർഭാവത്തോടുകൂടി അന്നുവരെ വാചികം മാത്രമായിരുന്ന ഭാഷ വാമൊഴി അല്ലെങ്കിൽ സംഭാഷണഭാഷയെന്നും വരമൊഴി അല്ലെങ്കിൽ ലിഖിതഭാഷയെന്നും രണ്ടു വകുപ്പായി പിരിഞ്ഞു.
ഗ്രന്ഥഭാഷ
വാമൊഴിക്കു ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശമില്ല. സാഹിത്യചരിത്രകാരന്റെ പ്രതിപാദ്യവിഷയം ഗ്രന്ഥസമൂഹമാകുന്നു. വാമൊഴി വർണ്ണവികാരങ്ങൾക്കു വിധേയവും ഗ്രാമ്യപദസമ്മിളിതവും ദേശംതോറും വിഭിന്നവും ആയിരിക്കുവാൻ ഇടയുണ്ട്. ഗ്രന്ഥഭാഷയിലും കാദാചിൽക്കമായി ആ മാതിരി വൈകല്യങ്ങൾ കടന്നുകൂടാവുന്നതാണെങ്കിലും അതു താരതമ്യേന വ്യാകരണനിയമങ്ങളെ അനുസരിക്കുന്നതും ഏകരൂപവുമായിരിക്കും. വാമൊഴിയുടെ സാജാത്യമുള്ള ആധാരങ്ങൾ മുതലായവ കാര്യഗ്രഹണത്തിനു മാത്രം ഉതകുന്നവയാകയാൽ ബോധനപ്രധാനങ്ങളെന്നും; ശ്രുതി, സ്മൃതി, പുരാണം, ശാസ്ത്രം മുതലായവ മുഖ്യമായി വിവേകദ്വാരാ മനഃസംസ്കാരം ഉണ്ടാക്കുന്നവയാകയാൽ, വിജ്ഞാനപ്രധാനങ്ങളെന്നും; കാവ്യം, നാടകം, ചമ്പു, ആഖ്യായിക മുതലായവ സർവ്വോപരി ലോകോത്തരാഹ്ലാദജനകങ്ങളാകയാൽ ചമൽക്കാരപ്രധാനങ്ങളെന്നും പറയത്തക്കതാണു്. ഗ്രന്ഥഭാഷയ്ക്കു് ഇത്തരത്തിൽ മൂന്നു പ്രഭേദങ്ങൾ ഉണ്ടു്. ചമല്‍ക്കാരമെന്നാല്‍ ചിത്തവിസ്താരമെന്നര്‍ത്ഥം. പുരാണങ്ങളില്‍ ചില ഭാഗങ്ങള്‍ ചമല്‍ക്കാരകാരികളാണെങ്കിലും വിജ്ഞാനദാനമാണു് അവയുടെ മുഖ്യോദ്ദേശ്യം; അതുപോലെ കാവ്യാദികളില്‍ ചില ഭാഗങ്ങള്‍ വിജ്ഞാനമാത്രപ്രദങ്ങളാണെങ്കിലും ചമല്‍ക്കാരജനകത്വമാണു് അവയുടെ പ്രധാന പ്രയോജനം.
സാഹിത്യം
സാഹിത്യം എന്ന പദത്തിനു സഹിത ഭാവം, അതായതു യോഗം അല്ലെങ്കില്‍ ചേര്‍ച്ച, എന്നാണര്‍ത്ഥം. ശബ്ദാര്‍ത്ഥങ്ങളുടെ യോഗമാണു് ഇവിടെ വിവക്ഷിതമായിട്ടുള്ളതു്. രാമണീയകവിശിഷ്ടങ്ങളായിരിക്കണം ആ ശബ്ദാര്‍ത്ഥങ്ങള്‍ എന്നു നിയമമുണ്ടു്. അല്ലെങ്കില്‍ അവയ്ക്കു ചമല്‍ക്കാര ജനകങ്ങളാകുവാന്‍ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടാണു് മലയാളഭാഷയുടെ പ്രാചീനാലങ്കാരഗ്രന്ഥമായ ലീലാതിലകത്തില്‍ യോഗമെന്നാല്‍ സഹൃദയന്മാര്‍ക്കു രുചിക്കത്തക്കവിധത്തിലുള്ള ചേര്‍ച്ചയാണെന്നും അത്തരത്തിലുള്ള ചേര്‍ച്ചയുണ്ടാകുന്നതു നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും പ്രായേണ അലങ്കാരത്തോടുകൂടിയും ഇരുന്നാലാണെന്നും പ്രസ്താവിച്ചിട്ടുള്ളതു്. കാവ്യപരിശീലനത്തിന്റെ നിരന്തരമായ ആവര്‍ത്തനം നിമിത്തം നിര്‍മ്മലമായിത്തീര്‍ന്ന യാവചിലരുടെ ഹൃദയത്തില്‍ വര്‍ണ്ണ്യവസ്തുവിനു തന്മയീഭവിക്കുവാന്‍ യോഗ്യതയുണ്ടോ അവരാണു് സഹൃദയന്മാർ. സാഹിത്യത്തിനു പല പ്രയോജനങ്ങളും ആലങ്കാരികന്മാര്‍ കല്പിക്കാറുണ്ടെങ്കിലും ആനന്ദംതന്നെയാകുന്നു അവയില്‍ അഗ്രഗണ്യമായിട്ടുള്ളതു്. ഛന്ദോനിബദ്ധമായ വാങ്മയത്തിനു പദ്യമെന്നും അല്ലാത്തതിനു ഗദ്യമെന്നും പേര്‍ പറയുന്നു.
കേരളസാഹിത്യചരിത്രം
കേരളസാഹിത്യചരിത്രം എന്നാണു് ഈ പുസ്തകത്തിന്‍റെ പേരെങ്കിലും ഇതില്‍ ചമല്‍ക്കാരകാരികളായ ഗ്രന്ഥങ്ങള്‍ക്കുപുറമെ വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെപ്പറ്റിയും ദിങ്മാത്രമായി പരാമര്‍ശിക്കുന്നതാണു്. അല്ലെങ്കില്‍ പുസ്തകത്തിനു സമഗ്രത സിദ്ധിക്കുന്നതല്ലെന്നുമാത്രമല്ല വിജ്ഞേയങ്ങളായ അനവധി വിഷയങ്ങള്‍ വക്തവ്യങ്ങളല്ലാതെ തീരുകയുംചെയ്യും. അതുപോലെതന്നെ കേരളീയർ മലയാളഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾക്കു പുറമേ സംസ്കൃതഭാഷയില്‍ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെപ്പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നതാണു്. കേരളത്തിലെ പ്രഥമഗണനീയന്മാരായ മഹാകവിമൂര്‍ദ്ധന്യന്മാരില്‍ ഒട്ടുവളരെപ്പേരും—ശങ്കരാചാര്യർ, വില്വമങ്ഗലത്തു സ്വാമിയാർ, മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി മുതല്‍പേർ—സംസ്കൃതത്തിൽ മാത്രമേ ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളൂ. അവരെ അകറ്റിനിര്‍ത്തിയാല്‍ സാഹിത്യസാമ്രാജ്യത്തില്‍ കേരളത്തിനുള്ള യഥാര്‍ത്ഥസ്ഥാനമെന്തെന്നു് അനുവാചകന്മാര്‍ എങ്ങിനെ ഗ്രഹിക്കും? അതുകൊണ്ടു കേരളീയര്‍ ഈ രണ്ടുഭാഷകളിലും നിര്‍മ്മിച്ചിട്ടുള്ള പ്രധാനഗ്രന്ഥങ്ങളെപ്പറ്റി ഈ പുസ്തകത്തില്‍ പ്രസ്താവിക്കുവാന്‍ യഥാമതി ശ്രമിക്കുന്നതാണു്. വിസ്തീര്‍ണ്ണമായ ഈ പന്ഥാവിലൂടെത്തന്നെയാണല്ലോ പൂര്‍വസൂരികളായ ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ മുതല്‍പേരും സഞ്ചരിച്ചിട്ടുള്ളതു്.