ദ്രാവിഡം
← ഭാഷ | ഉള്ളൂര്‍: കേരളസാഹിത്യചരിത്രം | മലയാളഭാഷയുടെ ഉല്പത്തി → |
Contents
ദ്രാവിഡം
ദ്രാവിഡഭാഷകള്‍
1931-ലെ കാനേഷുമാരിക്കണക്കനുസരിച്ച് ഇന്‍ഡ്യാമഹാരാജ്യത്തില്‍ വസിക്കുന്ന352,837,778 ജനങ്ങള്‍ ആകെക്കൂടി 225 ഭാഷകള്‍ സംസാരിക്കുന്നു. അവയെ ആസ്ട്രിക്, റ്റിബെറ്റോ, ചൈനീസ്, ദ്രാവിഡം, ഇന്‍ഡോ—യൂറോപ്യന്‍ എന്നിങ്ങനെ നാലു ഗോത്രങ്ങളില്‍ അടങ്ങുന്നതായി പണ്ഡിതന്മാര്‍ തരംതിരിച്ചിരിക്കുന്നു. ഇന്‍ഡോ—യൂറോപ്യന്മാര്‍ക്കു മുമ്പു ദ്രാവിഡന്മാരും ദ്രാവിഡന്മാര്‍ക്കും മുമ്പു മറ്റൊരു ജനസമുദായവും, ഇന്‍ഡ്യയില്‍ താമസിക്കുവാന്‍ ആരംഭിച്ചു. ഒടുവില്‍ പറഞ്ഞ ജനസമുദായത്തിന്റെ ‘മുണ്ഡാ’ മുതലായ ഭാഷാസമൂഹം ആസ്ട്രിക്ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. സംസ്കൃതവും സംസ്കൃതഭവങ്ങളായ ഹിന്ദി, ബങ്ഗാളി, ഗുജറാത്തി, മഹാരാഷ്ട്രി മുതലായ ഭാഷകളും ഇന്‍ഡോ—യൂറോപ്യന്‍ ഗോത്രത്തില്‍ അടങ്ങുന്നു. ദക്ഷിണാപഥത്തിലെ പ്രധാനഭാഷകളായ തെലുങ്ക്, തമിഴ്, കര്‍ണ്ണാടകം മലയാളം ഇവ ദ്രാവിഡ ഗോത്രത്തില്‍ ചേര്‍ന്നവയാണ്. ഈ ഗോത്രത്തെ നാലായി പിരിച്ചു തമിഴ്, കര്‍ണ്ണാടകം, മലയാളം എന്നീ മൂന്നു ഭാഷകളെ ദ്രാവിഡമെന്നു പ്രത്യേകം ഒരു ശാഖ കല്‍പ്പിച്ച് അതില്‍ അന്തര്‍ഭവിപ്പിച്ചും, ആന്ധ്രഭാഷ, മധ്യമശാഖ, പശ്ചിമോത്തര ഭാഷ എന്നു മൂന്ന് ഇതരവിഭാഗങ്ങളെക്കൂടി സൃഷ്ടിച്ചുമാണ് ലിങ്ഗ്വിസ്റ്റിക്ക് സര്‍വേ ഓഫ് ഇന്‍ഡ്യാ (ഇന്‍ഡ്യയിലെ ഭാഷാസമൂഹപര്യവേക്ഷണം) എന്ന വിപുലഗ്രന്ഥത്തില്‍ വിചാരണചെയ്തുകാണുന്നത്. ഇവയില്‍ 10,37,142 പേര്‍ സംസാരിക്കുന്ന ഒറായോണ്‍ അല്ലെങ്കില്‍ കുറുക്കും, 926,099 പേര്‍ സംസാരിക്കുന്ന ഗോണ്ഡിയും, 5,85,109 പേര്‍ സംസാരിക്കുന്ന കുയി അല്ലെങ്കില്‍ കാണ്ഡിയും, മധ്യമശാഖയില്‍ പെട്ട ഇതരഭാഷകളും ഉത്തരഭാരതത്തിലെ ചില അരണ്യനിവാസികളുടെ ഇടയിലാണ് പ്രായേണ പ്രചരിക്കുന്നത്. പശ്ചിമോത്തരഭാഷ എന്നു പറയുന്നത് 2,07,049 പേര്‍ സംസാരിക്കുന്ന ബ്രഹൂയിയും അതിന്റെ കേന്ദ്രം ബലൂചിസ്ഥാനവും ആകുന്നു. മദ്ധ്യമശാഖയേയും പശ്ചിമോത്തരഭാഷയേയും ഇത്തരത്തില്‍ വേര്‍തിരിക്കേണ്ടത് ആവശ്യകംതന്നെയെങ്കിലും തെലുങ്കിനെ ദാക്ഷിണാത്യങ്ങളായ ഇതരദ്രാവിഡഭാഷകളില്‍ നിന്ന് അകറ്റിനിറുത്തിയിരിക്കുന്നതു യുക്തമല്ലെന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദക്ഷിണഭാരതമാകുന്ന ദ്രാവിഡഭാഷകള്‍ക്ക് ഇക്കാലത്ത് അപ്രതിഹതമായുള്ള സംവ്യവഹാരസ്ഥാനം. ഗോവായ്ക്കു നൂറുമൈല്‍ തെക്ക് അറബിക്കടലിന്റെ തീരത്തുനിന്ന് ഒരു സീമാരേഖ ആരംഭിച്ചു പശ്ചിമ പര്‍വ്വതമാര്‍ഗ്ഗമായി കൊല്ഹാപുരംവരെ എത്തി അവിടെനിന്നു വളഞ്ഞു കിഴക്കോട്ടു നീങ്ങി ഹൈദരബാദ് രാജ്യത്തില്‍ പ്രവേശിച്ചു ബീഹാറിന്റെ ദക്ഷിണഭാഗത്തിനു വടക്കുകൂടി നേരെ ബങ്ഗാള്‍ ഉള്‍ക്കടലിന്റെ കരയില്‍ അവസാനിച്ചാല്‍ അതിനുതെക്കുള്ള പ്രദേശങ്ങളില്‍ മുഴുവന്‍ ദ്രാവിഡഭാഷകളാണ് പ്രചരിക്കുന്നതെന്നു പറയാം. ഇന്‍ഡ്യയില്‍ ദ്രാവിഡഗോത്രത്തില്‍പെട്ട ഏതെങ്കിലും ഒരു ഭാഷ 71,644,787 പേര്‍ സംസാരിക്കുന്നുണ്ട്. അവരില്‍ തെലിങ്ക് 263,73,727 പേര്‍ക്കും തമിഴ് 204,11,652 പേര്‍ക്കും കര്‍ണ്ണാടകം 112,06,380 പേര്‍ക്കും മലയാളം 91,37,615 പേര്‍ക്കും മാതൃഭാഷയാകുന്നു. അഥവാ പതിനായിരം ഭാരതീയരില്‍ 752 പേര്‍ തെലുങ്കും 582 പേര്‍ തമിഴും 320 പേര്‍ കര്‍ണ്ണാടകവും 261 പേര്‍ മലയാളവും സംസാരിക്കുന്നു എന്നും പരിഗണിക്കാവുന്നതാണ്. സിംഹളദ്വീപിന്റെ ഉത്തരാര്‍ദ്ധത്തിനും തമിഴിന് ഒരു മാതൃഭാഷയുടെ സ്ഥാനമുണ്ട്. മഹാരാഷ്ട്രിയുടെ ഒരു ഉള്‍പ്പിരിവായ കൊങ്കണിയും ഗുജറാത്തിയുടെ ഒരു വകഭേദമായ പട്ടുനൂലിയും കേരളത്തില്‍ ചില സ്ഥലങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവ ഇന്‍ഡോ—യൂറോപ്യന്‍ഗോത്രത്തില്‍പെട്ട ഭാഷകളാകുന്നു. മലയാളം സംസാരിക്കുന്ന 91,37,615 ജനങ്ങളില്‍ 42,60,860 പേര്‍ തിരുവിതാങ്കൂറിലും 10,88,081 പേര്‍ കൊച്ചിയിലും 37,26,726 പേര്‍ മദിരാശി പ്രവിശ്യയിലും 1931-ലെ കനേഷുമാരിക്കാലത്തു താമസിച്ചിരുന്നതായി കാണുന്നു. തെക്കു കന്യാകുമാരി മുതല്‍ വടക്കു ഗോകര്‍ണ്ണംവരെ കിഴക്കു പശ്ചിമപര്‍വ്വതപങ്‌ക്തിക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയ്ക്കു കിടക്കുന്ന ഭൂമിക്കു മുഴുവന്‍ കേരളമെന്നു പേരുണ്ടെങ്കിലും, അതില്‍ തിരുവിതാങ്കൂര്‍, കൊച്ചി എന്നു രണ്ടു നാട്ടുരാജ്യങ്ങളിലും മദിരാശിപ്രവിശ്യയില്‍ മലബാര്‍ജില്ലയിലും ദക്ഷിണകര്‍ണ്ണാടജില്ലയില്‍ ചന്ദ്രഗിരിപ്പുഴ (പെരുമ്പുഴ)യ്ക്കു തെക്കുള്ള സ്ഥലത്തും മാത്രമാണ് മലയാളത്തിനു മാതൃഭാഷ എന്ന നിലയില്‍ പ്രചാരമുള്ളത്. ദക്ഷിണകര്‍ണ്ണാടകത്തില്‍ പെട്ട കാസര്‍കോടുതാലൂക്കിലെ ഒരു ജന്മിയായ കാവുഭട്ടതിരിയുടെ ഇല്ലത്തിലെ വടക്കിനി തൊട്ടു തുളുനാടു തുടങ്ങുന്നു എന്നാണ് വെയ്പ്. മലനാടെന്ന പേരില്‍ അറിയപ്പെടുന്നതും ആ വടക്കിനിക്കു തെക്കുള്ളതുമായ ഭൂവിഭാഗത്തെമാത്രമാണ് കേരളം എന്ന സംജ്ഞകൊണ്ട് ഈ പുസ്തകത്തില്‍ വ്യവഹരിക്കുന്നതും. തിരവിതാങ്കൂറില്‍ത്തന്നെ നാഞ്ചനാട്, ചെങ്കോട്ട, ദേവികുളം, എന്നീ പ്രദേശങ്ങളിലെ മാതൃഭാഷ തമിഴാകുന്നു. ജനസംഖ്യയെ അടിസ്ഥാനമാക്കി നോക്കുന്നതായാല്‍ (1) പശ്ചിമഹിന്ദി, (2) ബങ്ഗാളി, (3) ബിഹാറി, (4) തെലുങ്ക്, (5) മഹാരാഷ്ട്ര, (6) തമിഴ്, (7) പഞ്ചാബി, (8) രാജസ്ഥാനി, (9) കര്‍ണ്ണാടകം, (10) ഒറിയാ, (11) ഗുജറാത്തി, (12) മലയാളം ഈ ക്രമമാണ് ഭാരതീയഭാഷകള്‍ക്കു കല്പിക്കേണ്ടിയിരിക്കുന്നത്. ഇതില്‍നിന്നു മലയാളം ഭാരതത്തിലെ അതിപ്രധാനമല്ലെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത ഒരു ഭാഷയാണെന്നു വെളിപ്പെടുന്നുണ്ടല്ലോ.
ദക്ഷിണഭാരതത്തിലെ ആദിമഭാഷ
ആദികാലത്തു ദക്ഷിണഭാരതവും ഉത്തരഭാരതവും തമ്മില്‍ ഒരു സമുദ്രത്താല്‍ വേര്‍തിരിക്കപ്പെട്ടിരുന്നു എന്നും ദക്ഷിണഭാരതം സുമാത്രാദ്വീപു മുതല്‍ ആഫ്രിക്കവരെ വ്യാപിച്ചിരുന്ന ഒരു വലിയ ഭൂഖണ്ഡത്തില്‍ അന്തര്‍ഭവിച്ചിരുന്നു എന്നും ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ അനുമാനിക്കുന്നു. സത്യവ്രതമനുവിന്റെ കാലത്തു ഏറിയ ഭാഗവും കടല്‍ കേറിപ്പോയ ഈ ഭൂഖണ്ഡത്തിനു ലെമ്യൂറിയാ എന്നാണ് അവര്‍ പേര്‍ കല്പിച്ചിരിക്കുന്നത്. കൊച്ചിയിലെ കാടന്മാര്‍, തിരുവിതാങ്കൂറിലെ ഊരാളികള്‍ തുടങ്ങിയ ഏതാനും ജാതിക്കാര്‍ അടങ്ങിയ നീഗ്രീറ്റോയിഡ് എന്ന മനുഷ്യവര്‍ഗ്ഗമാണ് ദക്ഷിണഭാരതത്തില്‍ ആദ്യമായി നിവസിച്ചിരുന്നതെന്നും, ആ വര്‍ഗ്ഗത്തെ തോടര്‍, ബഡഗര്‍, കാണിക്കാര്‍ മുതലായ ജാതിക്കാര്‍ ഉള്‍പ്പെട്ട പ്രോട്ടോ–ആസ്ട്രലോയിഡ് വര്‍ഗ്ഗം കീഴടക്കി എന്നും, ഈ വര്‍ഗ്ഗം മുണ്ഡാഗോത്രത്തില്‍പ്പെട്ട ഏതെങ്കിലും ഭാഷകള്‍ സംസാരിച്ചിരുന്നിരിക്കാമെന്നും ആണ് ചില പണ്ഡിതന്മാരുടെ അഭ്യൂഹം. എന്നാല്‍ ഇക്കാലത്തു മുണ്ഡാഭാഷകള്‍ ഉത്തരഭാരതത്തില്‍ ചില വനേചരന്മാരുടെ ഇടയില്‍ മാത്രമേ പ്രചരിയ്ക്കുന്നുള്ളൂ. ഗോദാവരിനദിക്കു തെക്ക് അവയില്‍ യാതൊന്നിനും പ്രവേശമില്ല. ആ സ്ഥിതിയ്ക്കു പണ്ട് അവയ്ക്കു ദക്ഷിണ ഭാരതത്തില്‍ വ്യാപ്തിയുണ്ടായിരുന്നാലും ഇല്ലെങ്കിലും ദ്രാവിഡത്തെത്തന്നെ ഇവിടത്തെ ആദിമഭാഷയായി പരിഗണിക്കുന്നതു പ്രായോഗികദൃഷ്ട്യാ പ്രമാദമാകുന്നതല്ല.
ആര്യന്മാരും ദ്രാവിഡഭാഷകളും
ദ്രാവിഡഭാഷകള്‍ മറ്റൊരു ഗോത്രത്തോടും ചേരുന്നില്ലെന്നും അതുകൊണ്ട് അവയ്ക്ക് ഒരു പ്രത്യേകഗോത്രംതന്നെ കല്പിക്കേണ്ടതാണെന്നുമാകുന്നു അഭിയുക്തമതം. പ്രസ്തുതഭാഷകള്‍ സിതിയന്‍ഗോത്രത്തില്‍ അന്തര്‍ഭവിക്കുന്നു എന്നു ഡാക്ടര്‍ കാര്‍ഡ്വെല്‍ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞന്മാര്‍ ഒരു കാലത്ത് ഊഹിച്ചിരുന്നു. എന്നാല്‍ ആ ഊഹം അനാസ്പദമാണെന്നു പിന്നീടുള്ള ഗവേഷണംകൊണ്ടു തെളിഞ്ഞിട്ടുണ്ട്. ദ്രാവിഡന്മാര്‍ പശ്ചിമോത്തരമാര്‍ഗ്ഗത്തിലൂടെ ഉത്തരഭാരതത്തില്‍ കടന്നുവോ അതോ ആദ്യമായി ദക്ഷിണ ഭാരതത്തില്‍ താമസിച്ച് അവിടെനിന്നു കാലാന്തരത്തില്‍ ഉത്തരഭാരതത്തിലും കുടിയേറിപ്പാര്‍ത്തുവോ എന്നുളള പ്രശ്നം ഇന്നും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു. അത് എങ്ങിനെയായാലും മോഹേന്‍ജദാരോ, ഹാരപ്പാ എന്നീ സ്ഥലങ്ങളില്‍ പുരാണ വസ്തുഗവേഷകന്മാര്‍ ഭൂഖനനത്തിന്റേയും മറ്റും ഫലമായി ഇക്കാലത്തു കണ്ടുപിടിച്ചിട്ടുള്ള അത്യത്ഭുതമായ സിന്ധുനദീ പ്രാന്തസംസ്കാരം ദ്രാവിഡരുടേതായിരുന്നു എന്നു മിക്കവാറും തീര്‍ച്ചപ്പെടുത്താവുന്നതാണ്. ആ സംസ്കാരത്തിന് ഏകദേശം ആറായിരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനു പടിഞ്ഞാറു ഭാഗത്തുള്ള ബലൂചിസ്ഥാനത്തിലെ കാലറ്റുനഗരത്തിനുചുറ്റുമാണ് ദ്രാവിഡഗോത്രത്തില്‍പെട്ട ബ്രഹൂയിഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്നത്. ഒരുകാലത്തു ദ്രാവിഡ ഭാഷകള്‍ ഭാരതം മുഴുവന്‍ വ്യാപിച്ചിരുന്നു എന്നുള്ളതിന് ഇവയെല്ലാം പ്രത്യക്ഷലക്ഷ്യങ്ങളാണ്. കുറുക്ക്, കുയി, ഗോണ്ഡി തുടങ്ങിയ ദ്രാവിഡഭാഷകള്‍ ഇന്നും സമുദ്രമധ്യത്തില്‍ ദ്വീപുകള്‍ ഏന്നപോലെ ഉത്തരഭാരതത്തില്‍ സംസ്കൃതജന്യങ്ങളായ ഭാഷകള്‍ക്കിടയില്‍ കാണപ്പെടുന്നുണ്ടെന്നുള്ളതും വിസ്മര്‍ത്തവ്യമല്ല. ആര്യന്മാര്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പു പശ്ചിമോത്തരമാര്‍ഗ്ഗമായി ഉത്തരഭാരതത്തില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്കും ദ്രാവിഡന്മാര്‍ക്കുംതമ്മില്‍ സംഘട്ടനം നേരിടുകയും അത്യന്തം പരിപുഷ്ടമായിരുന്ന അവരുടെ സംസ്കാരം അത്രതന്നെ അഭിവൃദ്ധമല്ലാതിരുന്ന ദ്രാവിഡന്മാരുടെ സംസ്കാരത്തെ അവരുടെ ഭാഷയോടുകൂടി വിന്ധ്യപര്‍വ്വതത്തിനു വടക്കുള്ള പ്രദേശങ്ങളില്‍ അസ്തമിതപ്രായമാക്കുകയുംചെയ്തു. സംസ്കാരത്തിനും സംവ്യവഹാരത്തിനും അധികമായി പ്രയോജകീഭവിക്കുന്ന ഒരു ഭാഷ വിശേഷിച്ചു ജേതാക്കളുടേതാണെങ്കില്‍, ആ വിഷയങ്ങളില്‍ അത്രമാത്രം ഉപയോഗമില്ലാത്ത പരാജിതന്മാരുടെ ഭാഷയെ കീഴടക്കുക എന്നുള്ളതു സര്‍വ്വസാധാരണമാകുന്നു. എന്നാല്‍ അത്തരത്തിലുള്ള സമ്മര്‍ദ്ദത്തില്‍ വിജയികളുടെ ഭാഷ വിജിതന്മാരുടെ ഭാഷയില്‍നിന്നു സ്വീകാര്യമായിത്തോന്നുന്ന പലതും സ്വായത്തമാക്കുന്നതാണെന്നുള്ളതിനും സംശയമില്ല. അങ്ങനെ ദ്രാവിഡത്തിന് ഉത്തരഭാരതത്തില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു ഏങ്കിലും ദക്ഷിണഭാരതത്തില്‍ അതിന്റെ ആധിപത്യത്തിനു പറയത്തക്ക ഹാനിയൊന്നും സംഭവിച്ചില്ല. ആന്ധ്രം, കര്‍ണ്ണാടം, ദ്രാവിഡം, ഗുര്‍ജ്ജരം, മഹാരാഷ്ട്രം ഈ ദേശങ്ങളിലെ ജനങ്ങളെ പഞ്ചദ്രാവിഡരെന്നു പറയാറുണ്ടെങ്കിലും ഗര്‍ജ്ജരത്തിലും മഹാരാഷ്ട്രത്തിലും സംസ്കൃതഭവങ്ങളായ ഭാഷകള്‍ കാലാന്തരത്തില്‍ പ്രചരിച്ചു തുടങ്ങി; പ്രത്യുത മറ്റു മൂന്നു പ്രദേശങ്ങളിലും ദ്രാവിഡം അവ്യാഹതമായി നിലനില്ക്കുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ ആര്യന്മാര്‍ വിജിഗീഷുക്കളായല്ല പ്രവേശിച്ചത്. അവരെ ശമപ്രധാനന്മാരും അദ്ധ്യാത്മവിദ്യോപദേശകന്മാരുമായി ദ്രാവിഡന്മാര്‍ സമീക്ഷിക്കുകയും സ്നേഹബഹുമാനപൂര്‍വ്വം സല്ക്കരിക്കുകയും ചെയ്തു. ദ്രാവിഡത്തിന്റെ അഭ്യുന്നതിക്ക് അവര്‍തന്നെ ഐദമ്പര്യേണ പരിശ്രമിച്ചുതുടങ്ങുകയും ആ പരിശ്രമത്തില്‍ പ്രശംസനീയമായ വിജയം സമാര്‍ജ്ജിക്കുകയും ചെയ്തു എന്നും പറയേണ്ടതുണ്ട്. അങ്ങനെ ആന്ധ്ര കര്‍ണ്ണാടദ്രാവിഡദേശങ്ങളില്‍ ദ്രാവിഡവും ഭാരതത്തിന്റെ ഇതരദേശങ്ങളില്‍ സംസ്കൃതവും അവയുടെ അധികാരമണ്ഡലങ്ങള്‍ക്കു സീമാവിഭാഗം ചെയ്തുകൊണ്ടു പരസ്പരം സൗഹാര്‍ദ്ദബന്ധം പുലര്‍ത്തി ഉത്തരോത്തരം ഉല്‍ക്കര്‍ഷത്തെ പ്രാപിച്ചു.
പഴന്തമിഴ്
‘തമിഴ്’ എന്നായിരുന്നു ദ്രാവിഡര്‍ സംസാരിച്ചുവന്ന ഭാഷയുടെ പൊതുവായുള്ള നാമധേയം. തമിഴ് എന്ന പദത്തിനു (ഇനിമൈ) മാധുര്യമെന്നും (നേര്‍മൈ) വൈശിഷ്ട്യം അഥവാ പരിഷ്കാരമെന്നും അര്‍ത്ഥമുള്ളതായി പിങ്‌ഗള നിഘണ്ടുവില്‍ കാണുന്നു. ഇവയില്‍ ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ ആയിരിയ്ക്കണം തമിഴെന്നു് ഈ ഭാഷകള്‍ക്കു പേര്‍ സിദ്ധിച്ചതു്. തമിഴ്, തമിള്‍, ദമിള, ദ്രമിള, ദ്രമിഡ, ദ്രവിഡ എന്നിങ്ങനെ പല ഭിന്നരൂപസോപാനങ്ങള്‍ കടന്നു് ഒടുവില്‍ ദ്രാവിഡമായി പരിണമിച്ചു. സംസ്കൃതത്തിലും പ്രാകൃതത്തിലും ഴകാരമില്ലാത്തതിനാല്‍ ചോഴം ചോളമായതു പോലെ തമിഴ് തമിളായി; ഉച്ചാരണസൗകര്യത്തിനു വേണ്ടി പദാദിയിലെ ഖരം മൃദുവാക്കുകയും പദാന്തത്തിലെ ചില്ലു സ്വരീകരിക്കുകയും ചെയ്തപ്പോള്‍ തമിള്‍ ദമിളവുമായി. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിന്‍ കൃഷ്ണാജില്ലയില്‍ സ്ഥാപിതമായ ഒരു സ്തൂപത്തിന്‍ കന്‍ഹന്‍ (കണ്ണന്‍) എന്ന ഒരു ബുദ്ധഭക്തന്‍ താന്‍ ദമിളനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. പദത്തിന്റെ ആദ്യക്ഷരം സംയുക്തമാണെങ്കില്‍ അതിലെ രേഫം പ്രാകൃതത്തില്‍ ലോപിക്കും. ഗ്രാമത്തിനു ഗാമമെന്നും ഭ്രാതാവിനു ബാതാവെന്നുമാണല്ലോ ആ ഭാഷയില്‍ രൂപങ്ങള്‍ കാണുന്നത്. ദമിളശബ്ദം പ്രാകൃതത്തില്‍നിന്നു സംസ്കൃതത്തിലേയ്ക്കു സംക്രമിച്ചപ്പോള്‍ കമുകു ക്രമുകമായതുപോലെ ദ്രമിളമായി; വൈദികസംസ്കൃതത്തിലെ ളകാരം ലൗകികസംസ്കൃതത്തില്‍ ഡകാരമാകുമെന്ന വിധി അനുസരിച്ചു ദ്രമിളം ദ്രമിഡവുമായി. ഓഷ്ഠ്യമായ മകാരം ദന്തൗഷ്ഠ്യമായ വകാരമായി മാറിയതു പിന്നീടാണു്. എങ്കിലും ആ മാറ്റം അടുത്ത കാലത്തെങ്ങുമല്ല വന്നുചേര്‍ന്നിട്ടുള്ളത്. ‘ദ്രമിഡ’ എന്ന രൂപം തന്നെയാണു് മഹാഭാരതത്തില്‍ കാണ്മാനുള്ളത്. ``ദ്രമിഡഃ പുരുഷാ രാജന്‍" ``ദ്രമിഡീ യോഷിതാം വരാ" ``ദ്രമിഡൈ രാവൃതോ യയൗ" എന്നീ പദ്യഖണ്ഡങ്ങള്‍ നോക്കുക. ദശകുമാരചരിതം, കാദംബരി മുതലായ ഗ്രന്ഥങ്ങളില്‍ ദ്രവിഡപദമാണ് സ്വീകരിച്ചിട്ടുള്ളതു്. ``ആന്ധ്രദ്രാവിഡഭാഷാ" എന്നു ക്രി. പി. ഏഴാംശതകത്തില്‍ കുമാരിലഭട്ടനും ``ദ്രവിഡശിശുഃ" എന്നു് എട്ടാംശതകത്തില്‍ ശങ്കരാചാര്യരും പ്രയോഗിയ്ക്കുന്നു. എന്നാല്‍ മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ ദൂതവാക്യത്തില്‍ ‘ദ്രമിഡ’ എന്ന പ്രയോഗവും കാണുന്നുണ്ടു്. ദ്രവിഡശബ്ദത്തോടു് ‘അണ്‍’ എന്ന തദ്ധിതപ്രത്യയം ചേര്‍ന്നു ദ്രവിഡദേശഭവം എന്ന അര്‍ഥത്തിലാണു് ദ്രാവിഡപദം പ്രചരിക്കുന്നതു്. പ്രസ്തുതഗോത്രത്തില്‍പ്പെട്ട സകല ഭാഷകള്‍ക്കുംകൂടി ദ്രാവിഡം എന്ന പൊതുപ്പേര്‍ നല്‍കിയതു. ഡാക്ടര്‍ കാള്‍ഡ്വെല്‍ ആണു്. ആ സംജ്ഞയെ അനന്തരകാലികന്മാരായ എല്ലാ ഭാഷാശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുമുണ്ടു്. തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മലയാളം മുതലായവയുടെ ജനയിത്രിയായ ആ മൂലദ്രാവിഡഭാഷയ്ക്കു് അതിനെ ഇന്നത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്നതിനുവേണ്ടി പഴന്തമിഴ് എന്നു സംജ്ഞ കല്പിയ്ക്കാവുന്നതാണു്; മുതുതമിഴ് എന്നു പറയുന്നതിനു വിരോധമില്ല. മുത്തമിഴ് എന്ന പേരില്‍ അതിനെ ആരും വ്യവഹരിച്ചു കേട്ടിട്ടില്ല. മുന്‍, തമിഴ് എന്നീ രണ്ടുപദങ്ങള്‍ സമാസിച്ചാല്‍ നിഷ്പന്നമാകുന്ന രൂപം മുറ്റമിഴു് എന്നല്ലാതെ മുത്തമിഴു് എന്നു വരുന്നതുമല്ല. മുത്തമിഴു് എന്നപദത്തിനു ദ്രാവിഡസാഹിത്യത്തില്‍ മൂന്നു വിധത്തിലുള്ള—അതായതു് ഇയല്‍ (കാവ്യം), ഇചൈ (പാട്ടു്), നാടകം ഈ വിഭാഗങ്ങളോടുകൂടിയ—പദ്യസാഹിത്യമെന്നേ അര്‍ത്ഥമുള്ളു.
ദ്രാവിഡം സംസ്കൃതഭവമോ?
പൂര്‍വ്വപക്ഷം ചര്‍ച്ച
ദ്രാവിഡം എന്നൊരു ഭിന്നഗോത്രത്തിന്റെ സൃഷ്ടി അബദ്ധമാണെന്നും ദ്രാവിഡഭാഷകളും പ്രാകൃതഭാഷകളെപ്പോലെത്തന്നെ സംസ്കൃതഭാഷകളാണെന്നും ഒരു വിശ്വാസം ഇന്നും ചില പണ്ഡിതന്മാര്‍ പുലര്‍ത്തിപ്പോരുന്നുണ്ടു്. ഇതിന്റെ സാധുത്വത്തെപ്പറ്റി അല്പം വിചിന്തനം ചെയ്യാം. ഭാരത്തില്‍ ഇന്നു പ്രചരിക്കുന്ന എല്ലാ ഏതദ്ദേശീയഭാഷകളും സംസ്കൃതത്തില്‍നിന്നു ജനിച്ചവയെന്നാകുന്നു പൂര്‍വ്വാചാര്യന്മാരുടെ മതം. ദേശാഭിമാനത്താല്‍ പ്രേരിതരായി ഭാരതത്തിന്റെ ഏകീകരണത്തില്‍ ജാഗരൂകത പ്രദര്‍ശിപ്പിച്ച അവര്‍ എങ്ങനെ സകല ഭാരതീയരേയും അനുലോമപ്രതിലോമവിവാഹങ്ങള്‍ നിമിത്തം വിഭിന്നജാതീയരായിത്തീര്‍ന്ന ആര്യവംശസമുത്ഭവന്മാരെന്ന് ഉല്‍ഘോഷിച്ചുവോ, അതുപോലെ സകല ഭാരതീയഭാഷകളേയും സംസ്കൃതജന്യങ്ങളെന്ന് പ്രഖ്യാപനംചെയ്തു. ``പ്രകൃതിഃ സംസ്കൃതം; തത്ര ഭവം തത ആഗതം വാ പ്രാകൃതം" അതായത് പ്രകൃതി അല്ലെങ്കില്‍ മൂലഭാഷ സംസ്കൃതവും അതില്‍നിന്നു ജനിച്ചതു പ്രാകൃതവുമാണെന്നത്രേ അവരുടെ പക്ഷം. പ്രകൃതിത്വം നിമിത്തമാണ് പ്രാകൃതത്തിന് ആ പേര്‍ വന്നത് എന്നും പ്രാകൃതത്തെ പരിഷ്കരിച്ചതാണ് സംസ്കൃതമെന്നുമാകുന്നു വസ്തുസ്ഥിതി. മഹാരാഷ്ട്ര, ശൌരസേനി, മാഗധി, പൈശാചി, അപഭൂംശം ഇത്യാദി വിവിധപ്രാകൃതഭാഷകളുള്ളതില്‍ ദ്രാവിഡഭാഷകളേയും മറ്റും അവര്‍ അപഭ്രംശത്തില്‍ അന്തര്‍ഭവിപ്പിക്കുന്നു. അപഭ്രംശമെന്നാല്‍ സംസ്കൃതാപേക്ഷയോ ഗ്രാമ്യം അല്ലെങ്കില്‍ അപരിഷ്കൃതമായ ഭാഷയെന്നര്‍ത്ഥം. അവയെത്തന്നെ ദേശ്യഭാഷകളെന്നും മ്ലേച്ഛഭാഷകളെന്നും കൂടി പറയാറുണ്ട്. ``അപഭ്രംശസ്തു യച്ഛുദ്ധം തത്തദ്ദേശേഷു ഭാഷിതം" എന്നു വൃദ്ധവാഗ്ഭടന്‍ ലക്ഷണനിര്‍ദ്ദേശം ചെയ്യുന്നു. മ്ലേച്ഛപദത്തിന് അവ്യക്തമായ വാക്ക് എന്നാണര്‍ത്ഥം. ആര്യന്മാര്‍ക്ക് ദ്രാവിഡാദി ഭാഷകള്‍ ഗ്രഹിക്കുവാന്‍ കഴിയാതിരുന്നതിനാലാണ് അവര്‍ അവയ്ക്കു ആ പേര്‍ നല്കിയത്. കുമാരിലഭട്ടന്‍ തന്ത്രവാര്‍ത്തികത്തില്‍ ആന്ധ്രദ്രാവിഡഭാഷ മ്ലേച്ഛഭാഷയാണെന്നു പ്രസ്താവിക്കുന്നു. ഭാവപ്രകാശനം എന്ന നാട്യശാസ്ത്രഗ്രന്ഥത്തിന്റെ പ്രണേതാവായ ശാരദാതനയന്‍, ക്രി.പി. പതിമ്മൂന്നാം ശതകത്തില്‍,
``ദ്രമിഡാ കന്നഡാന്ധ്രാശ്ച
ഹൂണഹിമ്മീരസിംഹളാഃ
* * *
ഏതാ ഭാഷശ്ച സര്‍വ്വത്ര
മ്ലേച്ഛഭാഷേത്യുദാഹൃതാഃ"
അതായത് ദ്രമിഡം, കന്നടം, ആന്ധ്രം, തുടങ്ങിയ പതിനെട്ടു ഭാഷകള്‍ മ്ലേച്ഛഭാഷകളെന്നു പ്രസ്താവിക്കുന്നു. ആന്ധ്ര വൈയാകരണനായ കേതനന്‍ (ക്രി.പി. പതിമ്മൂന്നാംശതകം) എല്ലാ ഭാഷകളും സംസ്കൃതത്തില്‍നിന്ന് ജനിച്ചു എന്നു പറയുന്നു. കേരളീയനായി ലീലാതിലകകാരനും ``ഊഹനീയസംസ്കൃത പ്രകൃതിസ്സംസ്കൃതഭവാ" എന്ന സൂത്രത്തിന്റെ വൃത്തിയില്‍ ``ഇഹ താവല്‍ സംസ്കൃതമനാദി; അന്യദാദിമത്; തസ്യ സംസ്കൃതാല്‍ പ്രഭവസ്സ്യാല്‍, തത്ര പ്രകൃതിത്വേനസ്ഥിതം ക്വചിദൂഹവിഷയോ ഭവതി; ക്വചില്‍ പുനരത്യന്തതിരോഭാവാദൂഹോ ന ശക്യതേ, തത്ര രൂഢത്വമുച്യതേ," അതായത് ``യാതൊരു പദത്തിനു സംസ്കൃതപ്രകൃതി ഊഹിക്കുവാന്‍ കഴിയുമോ അതു സംസ്കൃതപ്രകൃതി ഊഹിക്കുവാന്‍ കഴിയുമോ അതു സംസ്കൃതഭവമാണു്; അനാദിയാണല്ലോ സംസ്കൃതഭാഷ; മറ്റു ഭാഷകള്‍ പിന്നീടുണ്ടായവയാണു്; അതുകൊണ്ടു് അവ സംസ്കൃതത്തില്‍നിന്നു ജനിച്ചിരിക്കണം. അവയില്‍ ചിലതിന്റെ പ്രകൃതി ഊഹിക്കാവുന്നതാണു്; മറ്റു ചിലതിന്റെ പ്രകൃതി അത്യന്തം തിരോഹിതമായിത്തീര്‍ന്നിരിക്കുന്നതിനാല്‍ ഊഹിക്കുവാന്‍ സാധിക്കുന്നതല്ല; ഒടുവില്‍പറഞ്ഞ മാതിരിയിലുള്ള പദങ്ങള്‍ രൂഢങ്ങളാണു്" എന്നു് അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ ഈ രൂഢപദസമൂഹം അതാതു ഭാഷയുടെ തറവാട്ടുമുതലാണു്; അല്ലാതെ സംസ്കൃതത്തില്‍നിന്നു നേരിട്ടു തത്സമമായോ; പ്രാകൃതംവഴിക്കോ മറ്റോ തത്ഭവമായോ, ഇരവല്‍ വാങ്ങിയതല്ല; അതിനെയാണു് ദേശ്യമെന്നു പറയുന്നതു്. ലീലാതിലകത്തില്‍ തേവര്‍, വര്‍ക്കം, ചങ്ങത, പലക, പിച്ച, ചുരിക എന്നീ പദങ്ങളുടെ പ്രകൃതി ദേവ, വര്‍ഗ്ഗ, സംഹിതാ, ഫലക, ഭിക്ഷാ, ച്ഛുരികകളാണെന്നു പറയുന്നതു ശരിയാണെങ്കിലും കമുകു്, കാടു്, കുതിര ഇവയുടെ പ്രകൃതികള്‍ ക്രമുക, കാടികാ, കുദുരങ്ങളാണെന്നു പറയുന്നതു സ്വീകാരയോഗ്യമാണെന്നു തോന്നുന്നില്ല. അവയേയും വയറു്, പാമ്പു്, ചോറു് എന്നീ പദങ്ങളെപ്പോലെതന്നെ രൂഢങ്ങളായി ഗണിക്കേണ്ടതാണു്. കമ്മാരന്‍ (കമ്മാളന്‍), കാലം, രാത്രി, ഫലം (പഴം), രൂപം (ഉരുവം) എന്നിത്യാദിപദങ്ങള്‍ ഋഗ്വേദത്തില്‍തന്നെ കാണുന്നുണ്ടെങ്കിലും അവ ദ്രവിഡഭവങ്ങളാണെന്നു ചില പണ്ഡിതന്മാര്‍ വാദിക്കുന്നു. പൂര്‍വ്വാചാര്യന്മാരുടെ ആശയത്തെത്തന്നെയാണു് കേരളകൗമുദിയില്‍ കോവുണ്ണിനെടുങ്ങാടിയും അനുസരിക്കുന്നതു് എന്നുള്ളതു് അതിലെ
``സംസ്കൃതഹിമഗിരിഗളിതാ
ദ്രാവിഡവാണീകളിന്ദജാമിളിതാ
കേരളഭാഷാഗങ്ഗാ
വിഹരതു മമ ഹൃല്‍സരസ്വദാസങ്ഗാ"
എന്ന പദ്യത്തില്‍നിന്നു് അനുമാനിക്കാവുന്നതാകുന്നു.
സിദ്ധാന്തപക്ഷം
രണ്ടു ഭാഷകള്‍തമ്മില്‍ ജന്യജനകസംബന്ധം ഉണ്ടോ എന്നു നിര്‍ണ്ണയിക്കുന്നതിനു ചില അവ്യഭിചാരികളായ ഉപാധികള്‍ ഉണ്ടു്. ഒരു ഭാഷ മറ്റൊരു ഭാഷയില്‍നിന്നു് എത്ര പദങ്ങള്‍ കടം വാങ്ങിയാലും അതുകൊണ്ടുമാത്രം അതിന്റെ വ്യക്തിത്വം നശിക്കുന്നതല്ല. ദ്രാവിഡഭാഷകളെപ്പറ്റി പറയുകയാണെങ്കില്‍ തെലുങ്കും കര്‍ണ്ണാടകവും മലയാളവും അനവധി പദങ്ങള്‍ സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചിട്ടുണ്ടെങ്കിലും തമിഴു് ഇന്നും അതിന്റെ അഭിക്രമണത്തെ യഥാശക്തി തടുത്തുനിറുത്തിക്കൊണ്ടുതന്നെയാണു് ജീവിക്കുന്നതു്. തെലുങ്കു മുതലായ ഭാഷകളിലും ഗൃഹ്യോപയോഗത്തിനുള്ള പദങ്ങള്‍ പ്രായേണ ദ്രാവിഡങ്ങളാണെന്നും സാംസ്കാരികവും മതപരവും ശാസ്ത്രവിഷയകവുമായ കാര്യങ്ങളില്‍മാത്രമാണു് സംസ്കൃതത്തിന്റെ ഉത്തമര്‍ണ്ണത പ്രകടീഭവിക്കുന്നതെന്നുമുള്ള വസ്തുത നാം മറക്കരുതു്. ഗ്രാമങ്ങളുടെ പഴയ നാമധേയങ്ങള്‍ മിക്കവാറും ദ്രാവിഡംതന്നെ. പ്രകാരാന്തരേണ പ്രസ്താവിക്കുകയാണെങ്കില്‍ ആവശ്യത്തിനു ദ്രാവിഡപദങ്ങളും അലങ്കാരത്തിനു ആഡംബരത്തിനും സംസ്കൃതപദങ്ങളുമാണു് ഈ ഭാഷകളില്‍ പ്രചരിക്കുന്നതു്. ഇതിനുംപുറമേ സംസ്കൃതത്തിന്റെ വര്‍ദ്ധമാനമായ സമ്മര്‍ദ്ദം നിമിത്തം പണ്ടു നിത്യോപയോഗത്തിലിരുന്ന പല ദ്രാവിഡപദങ്ങളേയും പുറംതള്ളി അവയുടെ സ്ഥാനങ്ങളില്‍ സംസ്കൃതപദങ്ങള്‍ അനന്തരകാലങ്ങളില്‍ വലിഞ്ഞുകേറി സ്വൈരവാസം ചെയ്യുന്നു എന്നും പറയേണ്ടതുണ്ടു്. എന്നാല്‍ സര്‍വ്വനാമങ്ങള്‍ക്കു് ഒരിക്കലും അത്തരത്തില്‍ ഒരു ദുര്‍ദ്ദശ സംഭവിക്കുവാന്‍ ഇടയില്ലാത്തും പ്രകൃതത്തിലും അതു സംഭവിച്ചിട്ടില്ലാത്തതുമാകുന്നു. ഞാന്‍, നീ, അവന്‍, ഇവന്‍, ആര്‍, എന്തു്, ഒന്നു്, രണ്ടു്, മുതലായ പദങ്ങള്‍ അവയുടെ അര്‍ഥങ്ങളെ കുറിക്കുന്ന സംസ്കൃതപദങ്ങളില്‍നിന്നു ഭിന്നങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. പദങ്ങളുടെ കഥ അങ്ങനെയിരിക്കട്ടെ. സാധാരണമായി പ്രകൃതി, പ്രത്യയം എന്നീ രണ്ടംശങ്ങള്‍ ചേര്‍ന്നതാണല്ലോ പദം. പ്രകൃത്യംശത്തിന് എത്രയെല്ലാം സാജാത്യം സംഭവിച്ചാലും പ്രത്യയാംശത്തിനു് ഐകരൂപ്യമില്ലെങ്കില്‍ രണ്ടു ഭാഷകള്‍ സഗോത്രങ്ങളാണെന്നു പറയാന്‍ പാടുള്ളതല്ല. സംസ്കൃതത്തിനും ദ്രാവിഡത്തിനും തമ്മില്‍ ഈ വിഷയത്തിലുള്ള വിഭിന്നത പ്രത്യക്ഷമാണു്. ഒന്നാമതു് ദ്രാവിഡം സംശ്ലിഷ്ടകക്ഷ്യയിലും സംസ്കൃതം വൈകൃതകക്ഷ്യയിലുമാണു് സ്ഥിതിചെയ്യുന്നതു്. സംശ്ലിഷ്ടകക്ഷ്യയില്‍ (തൊടര്‍നില) സംബന്ധത്തെ കുറിക്കുന്ന ചില പദങ്ങള്‍ക്കു സ്വതന്ത്രമായി നില്‍ക്കുന്നതിനും ശക്തിയുണ്ടു്. ‘കൊണ്ട്’ തുടങ്ങിയ ഗതികള്‍ ഇത്തരത്തിലുള്ള പദങ്ങളാകുന്നു. വൈകൃതകക്ഷ്യയില്‍ (ഉരുവുനില) പ്രകൃതിയില്‍ന്നു വേര്‍പെട്ടാല്‍ പ്രത്യങ്ങള്‍ക്കു് അര്‍ത്ഥമില്ല. സംസ്കൃതത്തിലെ സുബന്താദി പ്രത്യയങ്ങളുടെ അവസ്ഥ അങ്ങനെയുള്ളതാണല്ലോ. രണ്ടാമതു്, വിഭക്തി പ്രത്യയങ്ങള്‍, വചനപ്രത്യയങ്ങള്‍, ക്രിയാപദപ്രത്യയങ്ങള്‍ ഇവ രണ്ടു ഭാഷകളിലും ഏറ്റവും വ്യത്യസ്തങ്ങളാണെന്നുള്ളതിന്നുപുറമെ അവ ചേര്‍ക്കുന്ന രീതിക്കും പ്രകടമായ ഭേദമുണ്ട്. ‘മരങ്ങളുടെ’ എന്ന പദത്തില്‍ ‘മ്’ എന്ന ലിങ്ഗപ്രത്യയവും ‘കള്‍’ എന്ന വചനപ്രത്യയവും ‘ഉടെ’ എന്ന വിഭക്തിപ്രത്യയവും ഒന്നിനു മീതെ ഒന്നായി മേല്‍ക്കുമേല്‍ ചേര്‍ത്തിരിക്കുന്നു. സംസ്കൃതത്തില്‍ ഇങ്ങനെയല്ലല്ലോ ചെയ്യാറുള്ളത്. മൂന്നാമത്, ദ്രാവിഡത്തില്‍ കര്‍മ്മണി പ്രയോഗമില്ല; വല്ല പ്രാചീന കൃതികളിലും നാം അത് അപൂര്‍വമായി കാണുന്നുണ്ടെങ്കില്‍ അതു സംസ്കൃതത്തിന്റെ അനുകരണമായിട്ടു മാത്രമായിരിക്കും. ഇതിന്നു പുറമേ ഭാവേപ്രയോഗം എന്നൊന്നു ഭാഷയില്‍ ഒരിടത്തുംതന്നെയില്ല. നാലാമത്, ദ്രാവിഡത്തിലും സംസ്കൃതത്തിലും നിപാതരൂപങ്ങള്‍ക്കു തമ്മില്‍ വളരെ അന്തരമുണ്ട്. അഞ്ചാമത്, ദ്രാവിഡത്തില്‍ അചേതനനാമങ്ങള്‍ക്കും അവയെ കുറിക്കുന്ന സര്‍വനാമങ്ങള്‍ക്കും ലിങ്ഗഭേദമില്ല. ആറാമത്, നപുംസകനാമങ്ങള്‍ക്കു ബഹുവചനമില്ല. ഏഴാമത്, ഭേദകങ്ങള്‍ക്കു നാമങ്ങളുമായി ലിങ്‌ഗവചനവിഭക്തിപ്പൊരുത്തമില്ല. എട്ടാമത്, രണ്ടു ഭാഷകളിലെ അക്ഷരമാലകള്‍ക്കും തമ്മില്‍ സ്പഷ്ടമായ വ്യത്യാസമുണ്ട്. ഒന്‍പതാമത്, സന്ധി നിയമങ്ങളിലും ആ വ്യത്യാസം ധാരാളമായി കാണാം. ഇങ്ങനെ വ്യാകരണ സംബന്ധമായ പല വൈജാത്യങ്ങളുടേയും ഗണന ഇനിയും തുടര്‍ന്നുകൊണ്ടു പോകാവുന്നതാണ്. അതുകൊണ്ടു ദ്രാവിഡവും സംസ്കൃതവും ഏകഗോത്രത്തില്‍പ്പെട്ട ഭാഷകളല്ലെന്നുതന്നെ നിസ്സന്ദേഹമായി നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. ഇന്നുള്ള കുറെ ദ്രാവിഡപദങ്ങളെ സംസ്കൃതധാതുക്കളുമായി യേനകേനപ്രകാരേണ ഘടിപ്പിക്കുവാന്‍ കഴിയുന്നതാണെന്നുള്ളതുകൊണ്ടുമാത്രം ഇവയ്ക്കു ജന്യജനകഭാവം കല്പിക്കുവാന്‍ പാടുള്ളതല്ല. വടമൊഴി അഥവാ ഉത്തരദേശഭാഷയെന്നു സംസ്കൃതത്തിനും തെന്‍മൊഴി അഥവാ ദക്ഷിണഭാഷയെന്നു ദ്രാവിഡത്തിനും ദ്രാവിഡസാഹിത്യത്തിന്റെ ആരംഭകാലംമുതല്‍ക്കുതന്നെ പേരുണ്ടായിരുന്നു എന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമാണ്. ലോകത്തിന്റെ ശൈശവാവസ്ഥയില്‍ ഒരു മൂലഭാഷയേ ഉണ്ടായിരുന്നുള്ളുവോ എന്നും ദ്രാവിഡവും സംസ്കൃതവും ആ ഭാഷയുടെ രണ്ടുള്‍പ്പിരിവുകളാണോ എന്നും മറ്റുമുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തരം പറയാന്‍ വേണ്ട തെളിവുകള്‍ ഇനിയും നമുക്കു പരിപൂര്‍ണ്ണമായി ലഭിച്ചിട്ടില്ലാത്തതും അവയെപ്പറ്റി അടിസ്ഥാനമില്ലാതെയുള്ള അനുമാനങ്ങള്‍ ചെയ്യുന്നതുകൊണ്ടു പ്രായോഗികമായ പ്രയോജനമൊന്നും സിദ്ധിക്കുവാന്‍ നിര്‍വാഹമില്ലാത്തതുമാകുന്നു. മാനവസമുദായം ഏകമാകയാല്‍ ചില ശബ്ദങ്ങള്‍ ആദിമകാലത്തു സര്‍വസാധാരണമായിരുന്നിരിക്കാവുന്നതും തന്നിമിത്തം ഇന്നു കാണുന്ന ഭിന്നഭാഷാകുടുംബങ്ങളില്‍ അവ സമാനരൂപങ്ങളായി നിലകൊള്ളാവുന്നതുമാണെന്നുള്ളതിനെപ്പറ്റി ആര്‍ക്കും വിവദിക്കുവാന്‍ ന്യായമില്ലെന്നുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്.