മണിപ്രവാളകൃതികള്‍ II
Contents
- 1 മണിപ്രവാളകൃതികള്‍ II
- 1.1 ഉണ്ണുനീലിസന്ദേശം
- 1.2 കോകസന്ദേശം
- 1.3 ചെറിയച്ചീവര്‍ണ്ണനം
- 1.4 മൂന്നു പഴയ ഭാഷാചമ്പുക്കള്‍
- 1.5 ഉണ്ണിയാടി ചരിതം
- 1.6 ശ്രീകൃഷ്ണസ്തവം
- 1.7 മതിചൂതപഞ്ചകം
- 1.8 ആദിത്യവര്‍മ്മ മഹാരാജാവിന്റെ രണ്ടു സ്തോത്രങ്ങള്‍
- 1.9 ചില നഷ്ടപ്രായങ്ങളായ കൃതികള്‍
- 1.10 രാജചരിതകാവ്യങ്ങള്‍
- 1.11 ശൃങ്ഗാരശ്ലോകങ്ങളും ദേവതാസ്തോത്രങ്ങളും
- 1.12 ചില ശാസ്ത്രഗ്രന്ഥങ്ങള്‍
മണിപ്രവാളകൃതികള്‍ II
ഉണ്ണുനീലിസന്ദേശം
കൈരളീദേവിയുടെ അനര്‍ഘങ്ങളായ കണ്ഠാഭരണങ്ങളുടെ മദ്ധ്യത്തില്‍ ഉണ്ണുനീലിസന്ദേശത്തിനു് അത്യന്തം മഹനീയമായ ഒരു സ്ഥാനമാണുള്ളതു്. കേരളത്തിലെ സംസ്കൃതസന്ദേശങ്ങളില്‍ ʻശുകʼത്തിനുള്ള സ്ഥാനമേതോ അതുതന്നെയാണു് മണിപ്രവാളസന്ദേശങ്ങളില്‍ ʻഉണ്ണുനീലിʼക്കുള്ളതു്. മേഘസന്ദേശാദികൃതികള്‍പോലെ ഉണ്ണുനീലിസന്ദേശത്തിനും പൂര്‍വമെന്നും ഉത്തരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. മുദ്രിതപുസ്തകത്തില്‍ പൂര്‍വസന്ദേശത്തില്‍ 136, ഉത്തരസന്ദേശത്തില്‍ 101, ഇങ്ങനെ 237 ശ്ലോകങ്ങളും അവ കൂടാതെ പീഠികാരൂപത്തില്‍ അഞ്ചു ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. അമുദ്രിതമായ ഒരു ഗ്രന്ഥത്തില്‍ മൂന്നു ശ്ലോകങ്ങള്‍കൂടി കണ്ടിട്ടുണ്ടു്. [1] സന്ദേശത്തിലെ ശ്ലോകങ്ങള്‍ എല്ലാം സംസ്കൃതകവികളുടെ സങ്കേതമനുസരിച്ചു മന്ദാക്രാന്താവൃത്തത്തില്‍ രചിയ്ക്കപ്പെട്ടിരിക്കുന്നു. കാളിദാസനേയും ലക്ഷ്മീദാസിനേയും കവി പല ഘട്ടങ്ങളിലും അനുകരിച്ചിട്ടുണ്ടു്. ശുകസന്ദേശത്തിലെ —
ʻʻആസ്ഥാ ലോക വിപുലമനസാമന്യസാമാന്യമഭ്യേ-
ത്യര്‍ത്ഥാനര്‍ത്ഥോപഗമവിഷയേഷ്വര്‍ത്ഥിതാ ചാതുരാണാം.ˮ
എന്നു ശുകസന്ദേശശ്ലോകം കണ്ടാണു് ഇതിലേ
ʻʻമേലും നാനാകുശലമവനോടാര്‍ത്തിപൂര്‍വം വിചാരി-
ച്ചാസ്ഥാ ലോകേ വിപുലമനസാമെന്റു മുല്പെട്ടു കാട്ടിˮ
എന്ന പദ്യം നിര്‍മ്മിച്ചിട്ടുള്ളതു്. ʻʻതത്സേവാര്‍ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാസ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാ രാവലീകാഃˮ എന്ന ശ്ലോകത്തിന്റെ പ്രതിദ്ധ്വനിയാണ് ʻʻതസ്മിന് വംശേ തരുണനയനങ്ങള്‍ക്കു പീയൂഷധാരാ താരുണ്യാനാം ജഗതി ജനനീ താര്ചരണസ്ത്രശാലാˮ എന്ന ശ്ലോകത്തില്‍ കേള്‍ക്കുന്നതു്. ʻഭ്രാതസ്തുര്‍ണ്ണം ഭവതു ച പുനര്ദര്ശനാനന്ദലക്ഷീഃʼ എന്നു് ശുകസന്ദേശത്തിന്റേയും ʻഉണ്ടാകേണ്ടും വിരവൊടു പുനര്‍ദര്‍ശനാനന്ദലക്ഷ്മീഃʼ എന്നു ഉണ്ണുനീലസന്ദേശത്തിന്റേയും ഒടുവിലത്തെ ശ്ലോകങ്ങള്‍ സമാനരൂപത്തില്‍ അവസാനിക്കുന്നു.
നായിക:– മുണ്ടയ്ക്കല്വീട്ടിലെ ഉണ്ണുനീലിയാണു് സന്ദേശത്തിലെ നായിക.
ʻʻസിന്ധുദ്വീപെന്റൊരു പുരവരം ബിംബലീപാലകാനാം
കേള്‍പ്പുണ്ടല്ലോ ജഗതി വിദിതം മേദിനീസ്വര്‍ഗ്ഗഖണ്ഡം;
തസ്മിന് മാരന്നിനിയ പടവീടുണ്ടു മുണ്ടയ്ക്കലെന്മോ-
രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീര്‍ത്തിഃˮ
ʻʻസിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃˮ ഇത്യാദി പ്രസ്താവനകളില്നന്നു് ഉണ്ണുനീലിയാല്‍ അലംകൃതമായ മുണ്ടയ്ക്കല്‍ തറവാടും സിന്ധുദ്വീപത്തിലാണു് സ്ഥിതി ചെയ്തിരുന്നതെന്നു് വിശദമാകുന്നു. പണ്ടു കടല്‍ത്തുരുത്തെന്നു പറഞ്ഞുവന്നതും ഇപ്പോള്‍ കടുത്തുരുത്തിയെന്നു വ്യവഹരിച്ചു വരുന്നതും വൈക്കം താലൂക്കില്‍ പെട്ടതുമായ ഒരു സ്ഥലമാണു അതു്. കടല്‍ത്തുരുത്തു സംസ്കൃതീകരിച്ചതാണു് സിന്ധുദ്വീപം എന്നു പറയേണ്ടതില്ലല്ലോ. അതു പണ്ടു വടക്കുങ്കൂര്‍ രാജാക്കന്മാരുടെ രാജധാനിയും പടവീടുമായിരുന്നു; അവരുടെ പോരാനകളെ ഒരുക്കി നിറുത്തിയിരുന്നതും അവിടെയാണു്. ʻʻസ്കന്ധാവാരം പരമപി തതോ ബിംബലീപാലകാനാം സിന്ധുദ്വീപം വ്രജ ഘനനിഭൈരാവൃതം സിന്ധുരേന്ദ്രൈഃˮ എന്ന ശുകസന്ദേശപദ്യവും, സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃʼ എന്നതിനു പുറമേ ʻമത്തമാതങ്ഗഭീമേʼ എന്നും ഉള്ള ഉണ്ണുനീലിസന്ദേശത്തിലെ വര്‍ണ്ണനകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. 133-ആം ശ്ലോകത്തില്‍ പ്രസ്താവിക്കുന്ന കോതനല്ലൂര്‍ ഏറ്റുമാനൂരില്‍ നിന്നു നാലു നാഴിക വടക്കായി അതിനും കടുത്തുരുത്തിക്കും മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു്. 147-ആം ശ്ലോകത്തില്‍ സ്മരിക്കുന്ന തളിയില്‍ ശിവക്ഷേത്രം കടുത്തുരുത്തിക്കു സമീപം ഇപ്പോഴുമുണ്ടു്. 156-ആം ശ്ലോകത്തില്‍ പറയുന്ന കോതപുരം ഇക്കാലത്തു ഗോവിന്ദപുരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ʻʻദേവാധീശന്നിനിയ പരനെത്തത്ര കൗന്തേയമിത്രം
ദേവം ഗോപീജനകുചതടീലമ്പടം കുമ്പിടമ്പില്‍ˮ
എന്നു വര്‍ണ്ണിക്കുന്ന ശ്രീകൃഷ്ണന് തന്നെയാണു് ഇന്നും ആ ക്ഷേത്രത്തിലേ മൂര്‍ത്തി. 166-ആം ശ്ലോകത്തില്‍ വാഴ്ത്തുന്ന വീരമാണിക്കത്തു ചിറയും പുരയിടവും ഇന്നുമുണ്ടു്; വീടു നശിച്ചുപോയി. മുണ്ടയ്ക്കലെന്ന പേരില്‍ മറ്റൊരു പുരയിടവും കാണുന്നു. മുണ്ടയ്ക്കല്‍വീടു തറവാടും വീരമാണിക്കത്തുവീടു നായികയ്ക്കു ഭര്‍ത്താവു പണിയിച്ചുകൊടുത്തതുമായിരിക്കണം. 173-ആം ശ്ലോകത്തില്‍ ʻതെക്കുമ്പാകത്ത്ʼ ഉള്ളതായി കവി നിര്‍ദ്ദേശിക്കുന്ന കുറുമൂഴിക്കല്‍ വീടിനു് ഇപ്പോള്‍ കുരിയിക്കല്‍ വീടെന്നാണു് പേര്. സിന്ധുദ്വീപിനു വടമതിരയെന്നും കടന്തേരിയെന്നും രണ്ടു നാമാന്തരങ്ങള്‍ ഉണ്ടായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തില്‍ പാണ്ഡ്യരാജാക്കന്മാര് കുറെക്കാലത്തേക്കു് വടക്കുംകൂറും തെക്കുംകൂറും ഉള്‍പ്പെട്ട പ്രദേശങ്ങല്‍ക്കു് ആധിപത്യം വഹിച്ചിരുന്നു. വേമ്പനാടു് (വേമ്പന്: പാണ്ഡ്യന്) എന്ന കായലിന്റെ പേര് ആ ആധിപത്യത്തെ സൂചിപ്പിയ്ക്കുന്നു. പാണ്ഡ്യന്മാരുടെ രാജധാനിയെ ആര്യാവര്‍ത്തത്തിലെ മഥുരയില്‍നിന്നു വ്യാവര്‍ത്തിയ്ക്കുവാന്‍ ദക്ഷിണമധുരയെന്നാണു് സാധാരണമായി വ്യവഹരിക്കാറുള്ളതു്. എന്നാല്‍ പഴയ തലസ്ഥാനമായ കവാടപുരത്തെ അനുസ്മരിച്ചു് അതിനെ വടമധുരയെന്നും പറയും; വടമതിരയെന്ന പേര് സിന്ധുദ്വീപിനു വന്നതു് ആ വഴിക്കാണെന്നു ഞാന്‍ ഊഹിക്കുന്നു. തെക്കുംകൂര്‍ വടക്കുംകൂര്‍ ഈ രണ്ടു രാജ്യങ്ങള്‍ക്കും കൂടി വെണ്‍പൊലിനാടെന്നൊരു പേര് പില്ക്കാലത്തു സിദ്ധിച്ചു. [2] വെണ്‍പൊലി സംസ്കൃതീകരിച്ചപ്പോള്‍ ബിംബലിയായി. കടന്തേരിയുടെ ആഗമം എന്തെന്നറിയുന്നില്ല. ʻകടന്തേറിʼ അതായതു് ʻആക്രമിച്ചു പിടിച്ചടക്കിയ ദേശംʼ എന്നായിരിക്കുമോ ആ പദത്തിന്റെ അര്‍ത്ഥം? ഉണ്ണുനീലി ഒരു നായര്‍ യുവതിയായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. നായികയുടെ തറവാടിനെ പുരസ്കരിച്ചു പ്രസ്തുത കൃതിയെ മുണ്ടയ്ക്കല്‍ സന്ദേശമെന്നും പറയാറുണ്ടു്. ഉണ്ണുനീലിക്കു സങ്ഗീതത്തിലും സാഹിത്യത്തിലും സംസ്കൃതത്തിലും പ്രാകൃതത്തിലും ജ്യോതിഷത്തിലും മറ്റും ജ്ഞാനമുണ്ടായിരുന്നു എന്നു് ʻʻആടിക്കാര്‍മല്‍ക്കുഴലി വടിവില്‍ˮ ʻʻയല്‍സത്യം തല്‍ഭവതുˮ ʻʻകണ്ടോമല്ലോ തളിയില്‍ˮ ഇത്യാദി ശ്ലോകങ്ങളില്‍നിന്നു വ്യഞ്ജിക്കുന്നു. ʻʻഅങ്കം വേറിട്ടമല ഗഗനേˮ എന്ന ശ്ലോകത്തില്‍ ʻʻമേചകാങ്ഗീˮ എന്നും ʻʻപൂന്തേന്‍ വെല്ലും മധുരവചനംˮ എന്ന ശ്ലോകത്തില്‍ ʻʻമരതകാദര്‍ശലീലൗ കപോലൗˮ എന്നും കാണുന്നതില്‍നിന്നു് ആ സ്ത്രീരത്നത്തിന്റെ വര്‍ണ്ണം ദ്രൗപദിയുടേതുപോലെ വിശ്വമോഹനമാണെങ്കിലും ശ്യാമളമായിരുന്നു എന്നും ഊഹിക്കുവാന്‍ പഴുതില്ലായ്കയില്ല.
നായകനും കവിയും
പൂര്‍വപക്ഷം–(1) ചാക്കിയാരോ?:– ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങളായി പല വാദങ്ങള്‍ നടക്കുന്നുണ്ടു്. നായകനും കവിയും ഒരാളല്ലെന്നും നായകന് ഉണ്ണുനീലിയുടെ ആദ്യത്തെ ഭര്‍ത്താവായ മണികണ്ഠനെന്ന രാജാവുതന്നെയാണെന്നും അദ്ദേത്തിന്റെ മരണാനന്തരം ഒരു ചാക്കിയാര്‍ ആ സ്ത്രീയെ പരിഗ്രഹിച്ചു എന്നും തന്റെ പ്രിയതമ നിര്‍ബ്ബന്ധിക്കയാല്‍ അദ്ദേഹം പ്രസ്തുത സന്ദേശം രചിച്ചു എന്നുമാണു് ചിലര്‍ സങ്കല്പിക്കുന്നതു്. ഈ സങ്കല്പത്തിനു് ഒരു ഉപപത്തിയുമില്ല. ʻഒരു കരംകൊണ്ടു താന്‍ പൊത്തയിത്വാʼ ʻകുഞ്ചിഭിഃ ചഞ്ചലാഗ്രൈഃʼ ʻപൊന്മേടാനാംʼ ʻപാലവും പിന്നിടേഥാഃʼ ʻമാടമ്പീനാമവിടെ വസതാംʼ ഇങ്ങനെ ചില സംസ്കൃതീകൃതങ്ങളായ ഭാഷാപദങ്ങള്‍ ഉണ്ണുനീലിസന്ദേശത്തില്‍ കാണുന്നുണ്ടെന്നും അവ ഫലിതപ്രിയന്മാരായ ചാക്കിയാരന്മാരില്‍ ഒരാളേ പ്രയോഗിച്ചിരിക്കുകയുള്ളു എന്നും അവര്‍ വാദിക്കുന്നു. ലീലാതിലകത്തിലേ ʻസന്ദര്‍ഭേ സംസ്കൃതീകൃതാ ചʼ എന്ന സൂത്രംകൊണ്ടു ഫലിതത്തെ ഉദ്ദേശിച്ചല്ലാതേയും ഭാഷാപദങ്ങളെ സംസ്കൃതീകരിക്കാമെന്നു സിദ്ധിക്കുന്നതിനു പുറമേ, ചാക്കിയാന്മാര്‍ മാത്രമല്ല അത്തരത്തിലുള്ള ശ്ലോകങ്ങള്‍ രചിച്ചിരുന്നതു് എന്നും നാം കണഅടുകഴിഞ്ഞു. മരിച്ച ഭര്‍ത്താവിന്റെ പ്രണയസന്ദേശം ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെകൊണ്ടു രചിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നു തോന്നുന്നില്ല.
ʻʻകണ്ടോമല്ലോ തളിയിലിരുവന്‍കൂത്തു നാമന്റൊരിക്കാല്‍
തൈവം കെട്ടോളൊരു തപതിയാള്‍ നങ്ങയാരെന്നെനോക്കി
അന്യാസങ്ഗാല്‍ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദീല്‍
പിന്നെക്കണ്ടീലണയ വിവശം വീര്ത്തുമണ്ടിന്റ നിന്നെ.ˮ
എന്ന ശ്ലോകത്തെ ശരണീകരിച്ചാണു് മറ്റു ചിലര്‍ കവിയും നായകനും ഒരാള്‍ തന്നെയെന്നും അതൊരു ചാക്കിയാര്‍ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെടുന്നതു്. തപതീസംവരണം മൂന്നാമങ്കത്തില്‍ സംവരണന് ഉച്ചരിക്കുന്ന ഒരു വാക്യം തപതി അന്യസ്ത്രീയെ ഉദ്ദേശിച്ചാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു ഭാഗമുണ്ടു്. അപ്പോള്‍ ആത്മഗതമായി പറയേണ്ട ഒരു പ്രാകൃത വാക്യം തളിയില്‍ ക്ഷേത്രത്തില്‍ തപതിയുടെ വേഷം കെട്ടിയ നങ്ങിയാര്‍ ഉച്ചരിക്കുമ്പോള്‍ സദസ്സില്‍ സന്നിഹിതനായ സന്ദേശനായകനെ നോക്കി എന്നേ മേലുദ്ധരിച്ച ശ്ലോകത്തില്‍ പ്രസ്താവിച്ചിട്ടുള്ളു. സന്ദേശത്തിലെ നായികയും നായകനും പ്രേക്ഷകന്മാര് മാത്രമാണു്: നടിയും നടനുമല്ല; അതാണു് ʻകണ്ടോമല്ലോʼ എന്ന വാക്കില്‍നിന്നു ഗ്രഹിക്കേണ്ടതു്. അപ്പോള്‍ ʻഎന്നെ നോക്കിʼ എന്നു പറഞ്ഞാല്‍ അതിനു ʻചാക്കിയാരെ നോക്കി, എന്ന അര്‍ത്ഥമില്ലെന്നു സിദ്ധിക്കുകയും അതോടുകൂടി പ്രസ്തുതവാദം നിരാധാരമായിത്തീരുകയും ചെയ്യുന്നു.
(2) ചെറിയതിന്റെ ഭര്‍ത്താവോ?:– കൊല്ലത്തു രവിവര്‍മ്മ ചക്രവര്‍ത്തിയുടെ സദസ്സില്‍ അനേകം വിദ്വാന്മാരായ കവികളുണ്ടായിരുന്നു എന്നും അവരില്‍ ഒരാളായിരിക്കാം സന്ദേശകാരനെന്നും സന്ദേശഹരനായ ആദിത്യവര്‍മ്മ മഹാരാജാവിനോടു് അടുത്തു പെരുമാറുന്നതുകൊണ്ടു് അദ്ദേഹം ഒരു നമ്പൂരിയാണെന്നു് അനുമാനിക്കാം എന്നും, അദ്ദേഹം ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെയോ മറ്റോ ഭര്‍ത്താവായിരിക്കാമെന്നും, (II 32-വും 96-വും ശ്ലോകങ്ങള്‍ നോക്കുക) ആ സ്ത്രീയുടെ നിര്‍ബ്ബന്ധ പ്രകാരം ʻʻമാരസ്വരപരവശനായി, എന്നു വച്ചാല്‍ ഭാര്യ നിര്‍ബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കുവാന്‍ ശക്തിയില്ലാത്തവനായിട്ടു് ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭര്‍ത്താവിനേയും നായികാനായകന്മാരാക്കിക്കല്പിച്ച് ഒരു സന്ദേശകാവ്യം സ്വഭാര്യയോടു പറയുന്ന നിലയില്‍ നിര്‍മ്മിക്കുകയാണു്ˮ ചെയ്തിട്ടുള്ളതെന്നും, ചെറിയതോ മറ്റോ അങ്ങനെ നിര്‍ബ്ബന്ധിച്ചതു തദ്ദ്വാരാ പ്രസാദിപ്പിക്കാവുന്ന ഉണ്ണുനീലിയില്‍നിന്നു സമ്മാനം വാങ്ങാമെന്നുള്ള ആഗ്രഹം നിമിത്തമാണെന്നും മറ്റൊരു പണ്ഡിതന് പ്രസ്താവിക്കുന്നു. ഈ പ്രസ്താവനയ്ക്കു് ആസ്പദമായി അദ്ദേഹം ശരണീകരിക്കുന്നതു്,
ʻʻവെള്ളിക്കുന്റിന്നഭീഷ്ടം വെളുവെള വിളയിപ്പിക്കുമക്കീര്‍ത്തി പാര്‍മേ-
ലല്ലിത്താര്‍മാതിനെക്കൊണ്ടയി വിളിപണിചെയ്യിക്കുമാസ്താം പ്രലാപഃ
ഇല്ലത്തിന്നുന്നതിം തേ വിതരതു നിതരാമാകയാലുണ്ണുനീലീ
ചൊല്ലിന്റേനെങ്കില് നീ കേട്ടരുളുക ദയിതേ! സൂക്തിരത്നം മദീയംˮ
എന്ന പീഠികയിലെ പഞ്ചമശ്ശോകമാണു്. ʻഉണ്ണുനീലി നിന്റെ (അതായതു ചെറിയതിന്റേയോ മറ്റോ) ഇല്ലത്തിന്നു് ഉന്നതിയെ വിതരണം ചെയ്യട്ടെʼ എന്നാണു് അദ്ദേഹം അര്‍ത്ഥയോജന ചെയ്യുന്നതു്. ഈ പീഠിക പ്രസ്തുത കാവ്യനിര്‍മ്മിതിയുടെ പ്രയോജനത്തെയാണു് വിശദീകരിക്കുന്നതു് എന്നു നാം ഓര്‍മ്മിക്കണം. ഇങ്ങനെയൊരു രീതി ഇതരസന്ദേശകാരന്മാര്‍ ആരും തന്നെ സ്വീകരിച്ചിട്ടുള്ളതല്ല. അതിലെ മൂന്നാമത്തെ ശ്ലോകത്തിലാണു് ʻമന്ദപ്രജ്ഞോപി മാരജ്വരപരവശനായ്ക്കോലിനേന്‍ ഞാനിദാനീം, കണ്ടിക്കാര്‍ക്കൂന്തല്‍ കാലില്‍ത്തടവിന മടവാര്‍നായികാം വാഴ്ത്തുവായായ്, മുണ്ടയ്ക്കല്ക്കെന്റുമാക്കം കരുതിന മറിമാന്‍കണ്ണിയാമുണ്ണുനീലിംʼ എന്ന വരികളുള്ളതു്. മാരജ്വരപരവശനായി കവി ഉണ്ണുനീലിയെ വാഴ്ത്തുവാന്‍ തുടങ്ങുന്നു എന്നാണല്ലോ ഈ വരികളില്‍നിന്നു മനസ്സിലാകുന്നതു്. ʻതന്റെ ഭാര്യയുടെ നിര്‍ബ്ബന്ധം തിരസ്കരിക്കുവാന്‍ നിവൃത്തിയില്ലാത്തവന്ʼ എന്നാണു് മാരജ്വപരവശന്‍ എന്ന പദത്തിന്റെ അര്‍ത്ഥമെന്നു പറഞ്ഞാല്‍ അതു നിരക്കുകയില്ല. പ്രിയതമയുടെ വിപ്രയോഗത്തില്‍നിന്നു ജനിക്കുന്നതല്ലേ മാരജ്വരം? ʻവെള്ളിക്കുന്റിന്നഭീഷ്ടംʼ എന്ന ശ്ലോകത്തില്‍ യഥാശ്രുതമായി സ്ഫുരിക്കുന്ന അര്‍ത്ഥം ʻʻഅല്ലയോ ഉണ്ണുനീലി, നിനക്കിപ്പോള്‍ ധാരാളം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടു്; അതു സാരമുള്ളതല്ല: അതിനെക്കാള്‍ കാമ്യമാണു് കൈലാസതുല്യമായ കീര്‍ത്തി. ആ കീര്‍ത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തില്‍നിന്നു വേണം ആ കീര്‍ത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തില്‍നിന്നു വേണം ആ കീര്‍ത്തിയുണ്ടാവാന്‍; അതുകൊണ്ടു് ആ സൂക്തിരത്നമാകുന്ന സന്ദേശം ഞാനിതാ രചിക്കുന്നു; നീ കേട്ടുകൊള്ളുകˮ എന്നാണെന്നുള്ളതിനു സംശയമില്ല. ʻആസ്താം പ്രലാപഃʼ എന്നൊരു വാക്യം ʻവിളിപണിചെയ്യിക്കുʼമെന്നും ʻഇല്ലത്തിന്നുന്നതിംതേ വിതരതുʼ എന്നുമുള്ള ഭാഗങ്ങളുടെ ഇടയില്‍ കിടക്കുന്നു എന്നുള്ളതുകൊണ്ടു മേല്‍ വിവരിച്ച അര്‍ത്ഥത്തിനു മറവോ മങ്ങലോ ഉള്ളതായി അനുഭവപ്പെടുന്നുമില്ല.
നായകനും നായികയ്ക്കും മാത്രമറിയാവുന്ന അവരുടെ ചില ദാമ്പത്യജീവിതരഹസ്യങ്ങളെയാണല്ലോ ഉത്തരസന്ദേശത്തിലെ 94, 95, 96 ഈ ശ്ലോകങ്ങളില്‍ ʻഅടയാളങ്ങʼളാക്കി കാണിച്ചിരിക്കുന്നതു്. അവ അവരില്‍നിന്നു് അന്യനായ ഒരാള്‍ക്കു് അറിവാന്‍ എങ്ങനെ സാധിക്കും? അതുകൊണ്ടു് നായകനും കവിയും ഒരാള്‍ തന്നെയെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ട ആവശ്യമേ കാണുന്നില്ല.
(3) വടക്കുംകൂര്‍ ഇളമുറത്തമ്പുരാന്:– സന്ദേശത്തിലെ നായകനും കവിയും ആയ സരസന് വടക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാനെന്നാണു് എന്റെ അനുമാനം. ഉത്തരസന്ദേശത്തിലെ പ്രഥമശ്ലോകത്തില്‍ കവി നാടുവാഴുന്ന മണികണ്ഠരാജാവിനെ ശ്രീരാമനായും, പൂര്‍വ്വസന്ദേശത്തിലെ ദ്വിതീയശ്ലോകത്തില്‍ തന്നെ ലക്ഷ്മണനായും ഉല്ലേഖനം ചെയ്തിരിക്കുന്നതു് ഇവിടെ ശ്രദ്ധേയമാണു്. ഒരു ഇളയതമ്പുരാന്റെ ദൗത്യംവഹിച്ചു തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ആദിത്യവര്‍മ്മ ഇളയതമ്പുരാന്‍ കടുത്തുരുത്തിയോളം പോയി അദ്ദേഹത്തിന്റെ പ്രിയതമയെ സമാശ്വസിപ്പിയ്ക്കുന്നതില്‍ പലവിധത്തിലും അവര്‍ സമസ്കന്ധന്മാരാകയാല്‍ അസ്വാഭാവികതയില്ല. അല്ലാതെ ഒരു ചാക്കിയാരുടേയോ ഒരു നമ്പൂരിയുടേയോ സന്ദേശവാഹിയായി ആദിത്യവര്‍മ്മാവിന്റെ നിലയിലുള്ള ഒരാള്‍ ആ യാത്രചെയ്തു എന്നു വിചാരിക്കുന്നതു സമഞ്ജസമല്ല. പീഠികയില്‍ ʻപൂണാരം മണികണ്ഠവെണ്‍പലമഹീപാലൈക ചൂഡാമണേഃʼ എന്നൊരു വാചകം ഉണ്ണുനീലിയുടെ വിശേഷണമായുണ്ടു്. അതിനു ചിലര്‍ മണികണ്ഠരാജാവു ഭരിച്ച വടക്കുംകൂര്‍ രാജ്യത്തിനു് അലങ്കാരമായ നായിക എന്നര്‍ത്ഥം കല്പിക്കുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. ഉണ്ണുനീലി മണികണ്ഠന്റെ പുത്രിയായതിനാലായിരിക്കണം കവി ആ വിശേഷണം പ്രയോഗിച്ചതു്. നായകന് ആ രാജാവിന്റെ അനന്തരവനുമായിരിക്കണം. ഉത്തരസന്ദേശത്തിലെ 23 മുതല്‍ 26 വരെയുള്ള ശ്ലോകങ്ങളില്‍ കടുത്തുരുത്തിയില്‍ ചെന്നാല്‍ സന്ദേശഹരന് മണികണ്ഠനെ കാണണമെന്നും തന്റെ ʻനിനവു്ʼ അതായതു് ഇങ്ഗിതം അദ്ദേഹത്തെ അറിയിച്ചു് അനുമതി വാങ്ങി ഉണ്ണുനീലിയുടെ ഗൃഹത്തില്‍ ചെല്ലണമെന്നും നായകന് പറയുന്നതില്‍ അത്തരത്തിലുള്ള ബന്ധത്തിനു വിപരീതമായി യാതൊരു പ്രസ്താവനയുമില്ല. [3]പ്രത്യുത നായകന് എവിടെയെന്നറിയാതേയും പുത്രിയുടെ തീവ്രമായ ദുഃഖം കണ്ടും അസ്വസ്ഥഹൃദയനായിരിക്കുന്ന മണികണ്ഠനെ മുന്‍കൂട്ടി വൃത്താന്തം ധരിപ്പിക്കുന്നതു് ഏറ്റവും സമുചിതമാണു്. അല്ലെങ്കില്‍ത്തന്നെയും വേണാട്ടിലെ യുവരാജാവു വടക്കുംകൂറില്‍ ചെന്നാല്‍ ആദ്യമായി കാണേണ്ടതു് അവിടത്തെ നാടുവാഴിയെത്തന്നെയാണല്ലോ. ഇതില്‍ ആചാര ഭ്രംശം ഒന്നും ഉള്ളതായിക്കാണുന്നില്ല. ചിരികണ്ടന്‍, കോതവര്‍മ്മന്‍ ഇരവി മണികണ്ഠന്, രാമവര്‍മ്മന്‍ ഈ ഇളങ്കൂറു തമ്പുരാക്കന്മാര് ആദിത്യവര്‍മ്മാവിനെക്കാണ്മാന്‍ വരുമെന്നു പറയുന്നുണ്ടെങ്കിലും അവര്‍ക്കും നായകനും തമ്മിലുള്ള ചാര്‍ച്ചയെപ്പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല എന്നാണു് ഇവിടെയൊരു പൂര്‍വ്വപക്ഷം. അതു സൂചിപ്പിക്കേണ്ട ആവശ്യം നായകനില്ലാത്തതുകൊണ്ടു് അങ്ങനെ ചെയ്തില്ലെന്നേ അതിനു സമാധാനം പറയേണ്ടതുള്ളു. ʻയല്‍ സത്യം തല്‍ ഭവതു പുണര്‍തംനാള്‍ പിറന്നെങ്ങള്‍ കാന്തന്ʼ എന്ന പദ്യത്തിന്നു നായകന്റെ ജന്മനക്ഷത്രം പുണര്‍തമാണെന്നും നായകനും കവിയും ഒരാളാണെന്നു സിദ്ധിക്കുന്നു.
ഉപപതിയോ?:– എന്നാല്‍ അദ്ദേഹം ഉണ്ണുനീലിയുടെ ഭര്‍ത്താവല്ല ഉപപതിയാകുവാനാണു് ന്യായമുള്ളതു് എന്നു വേറെ ചിലര്‍ വാദിക്കുന്നു. ഇതു് ഒരു പ്രകാരത്തിലും സംഭവിക്കാവുന്നതല്ല. നായികയുടെ വിരഹവ്യഥയെ വര്‍ണ്ണിക്കുന്ന ഉത്തര സന്ദേശത്തിലെ 58 മുതല്‍ 71 വരെയുള്ള ശ്ലോകങ്ങള്‍ സൂക്ഷിച്ചുവായിച്ചാല്‍ ആ നായികയുടെ ചാരിത്രശുദ്ധിയെപ്പറ്റി അന്യഥാശങ്കയ്ക്ക് അവകാശമേ ഉണ്ടാകുന്നതല്ല. ʻʻനല്‍ച്ചൊല്‍ കേള്‍ക്കും തദനു കൊടി വൈപ്പിക്കുമോര്‍ക്കും നിമിത്താനത്യാവേശാല്‍ പണവുമരിയും ചേര്‍ത്തു നിത്യം തൊടീക്കും; തുമ്പപ്പൂവാല്‍ വിരഹദിവസാനെണ്ണുമീവണ്ണമെല്ലാമല്ലോ മല്ലാര്‍കുഴലികളുടേ വേല കാന്തന് പിരിഞ്ഞാല്‍ˮ മുതലായ പദ്യങ്ങള്‍ ജാരാസക്തയായ ഒരു യുവതിയുടെ അവസ്ഥയെയാണോ സൂചിപ്പിക്കുന്നതു്? ഭാര്യ അപ്രകാരം സ്വൈരിണിയാകുവാന്‍ തുടങ്ങിയാല്‍ ഭര്‍ത്താവു് ആ കാര്യമറിയുകയില്ലേ? നാടുവാഴിയായ മണികണ്ഠനുതന്നെ ആ അസതിയെക്കുറിച്ചു് എന്തഭിപ്രായമാണു് തോന്നുക? അങ്ങനെയുള്ള ഒരു സ്ത്രീയുടെ സമീപത്തില്‍ ആദിത്യ വര്‍മ്മാവിനെപ്പോലെയുള്ള ഒരു രാജാവു പോകുകയോ അതിനുതന്റെ ജ്യേഷ്ഠന്റേയും മണികണ്ഠന്റേയും അനുവാദം ചോദിച്ചു വാങ്ങിക്കുകയോ ചെയ്യുമോ? ʻകോപി കാമീ ജഗാമʼ എന്നു പ്രഥമശ്ലോകത്തില്‍ പറയുന്നുണ്ടെങ്കില്‍ അതില്‍നിന്നു നായകന് ഉപപതിയാകുന്നതെങ്ങനെ? ʻകശ്ചില്‍ കാന്താവിരഹഗുരുണാʼ എന്നു മേഘസന്ദേശത്തിലും ʻസൗധശൃങ്ഗേ കയോശ്ചില്‍ʼ എന്നു ശുകസന്ദേശത്തിലുമുള്ള പ്രസ്താവനകളില്‍നിന്നു് അതു കവികള്‍ ആ വിഷയത്തില്‍ സാധാരണമായി സ്വീകരിക്കുന്ന ശൈലിയാണെന്നു മനസ്സിലാക്കാവുന്നതാണു്.
ʻʻശയ്യോ പാന്തേ സലളിതമിരുന്നുണ്ണുനീലിമിരുത്തി-
ക്കമ്രാകാരേ നിജകരതലേ കാന്തതന്‍ കയ്യുമേന്തിˮ
എന്നു കവി സന്ദേശഹരനോടു് ഉപദേശിക്കുന്നുണ്ടു്. ഇതിലും ചാരിത്രം ചോര്‍ന്നുപോകുന്നതിനുള്ള വിടവുകളൊന്നുമില്ല. സന്ദേശഹരനില്‍ നായികയ്ക്കു പരിപൂര്‍ണ്ണമായ വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടിയാണു് കവി ആ പരിപാടി ആചരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതു്.
കാലം:– ഉണ്ണുനീലിസന്ദേശത്തിന്റെ കാലം സന്ദേശഹരനായ ആദിത്യവര്‍മ്മമഹാരാജാവിന്റെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ രണ്ടഭിപ്രായമുണ്ടു്. കൊല്ലത്തെ വീരരവിവര്‍മ്മചക്രവര്‍ത്തിയുടെ അനുജനാണു് സന്ദേശവാഹി എന്നു സങ്കല്പിച്ചുകൊണ്ടു കൊല്ലം 490-ആണ്ടു മേടമാസം 30-ആംനു പുലര്‍ച്ചയ്ക്കാണു് സന്ദേശമെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. കൊല്ലത്തു നാടുവാണിരുന്ന മറ്റൊരു രവിവര്‍മ്മാവിന്റെ അനുജനാണു് അദ്ദേഹം എന്നു സങ്കല്പിച്ചുകൊണ്ടു് 549 കുംഭം 23-ആം നു ഉദയാല്പരം ഏഴര നാഴികയും അശ്വതി നക്ഷത്രവും പഞ്ചമീതിഥിയും വ്യാഴാഴ്ചയും മേടം രാശിയും കര്‍ക്കിടകത്തില്‍ വ്യാഴവും യോജിച്ചുവന്ന മുഹൂര്‍ത്തത്തിലാണു് ആദിത്യവര്‍മ്മാവു സന്ദേശഹരമായി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടതെന്നു ഞാനും പറയുന്നു.
കൊല്ലം 490-ആണ്ടോ? 549-ആണ്ടോ?:– എതിര്‍പക്ഷക്കാരുടെ വാദമുഖങ്ങളെന്തെന്നു നോക്കാം. പൂര്‍വസന്ദേശം 76–77 ഈ ശ്ലോകങ്ങള്‍ ഇവിടെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.
ʻʻഅര്‍ത്ഥിശ്രേണിക്കഭിമതഫലം നല്കുവാന് പാരിജാതം
വിദ്വല്‍പത്മാകരദിനകരം വിശ്വലോകൈകദീപം
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കുറ്റക്കാര്മന്പുരികുഴലിമാര്മാരനെക്കാണ്ക പിന്നെ.
വേലപ്പെണ്ണിന്റഴകുപൊഴിയും കണ്ണനെപ്പോരില്‍ മാറ്റാര്-
മൂലത്തിന്റേ മുടിവിനൊരു മുക്കണ്ണനെപ്പുണ്യകീര്‍ത്തേ,
വേരിച്ചൊല്ലാര്‍മനസിജ, നിനക്കണ്ണനെച്ചെന്റു നേരേ
കോരിക്കൈകൂപ്പുടനിരവിവര്‍മ്മാഖ്യവേണാടര്‍കോനേ.ˮ
ഈ വര്‍ണ്ണനം വീരരവിവര്‍മ്മ ചക്രവര്‍ത്തിയെപ്പറ്റിയാണെന്നത്രേ അവരുടെ പക്ഷം; സന്ദേശരചന അവരുടെ മതമനുസരിച്ചു് ക്രി.പി. 1315-ലുമാണു്. 1312-ആണ്ടിടയ്ക്കുതന്നെ അദ്ദേഹം ത്രിക്ഷത്രചൂഡാമണിയായി വേഗവതീതീരത്തില്‍വച്ചു കിരീടധാരണം ചെയ്തു എന്നു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളത്തിനു പുളകോല്‍പാദകമായ അദ്ദേഹത്തിന്റെ ആ അഭൗമാപദാനത്തെപ്പറ്റി കവി ഈ ശ്ലോകങ്ങളില്‍ യാതൊന്നും സൂചിപ്പിക്കാത്തതെന്തു്? അദ്ദേഹത്തെത്തന്നെ ഒരു പണ്ഡിതനെന്നോ കവിയെന്നോ വര്ണ്ണിക്കാത്തതെന്ത്? ഏതു രാജാവിനേയും ദാതാവു്. വിദ്വല്‍പ്രിയന്‍, വിശ്വപ്രകാശകന്‍, വിക്രാന്തന്‍, സമ്പല്‍സമൃദ്ധന്‍, ശത്രുഹന്താവു് ഇങ്ങനെയെല്ലാം കവികള്‍ക്കു പുകഴ്ത്താവുന്നതാണു്. സന്ദേശകാരന് കായങ്കുളത്തു രവിവര്‍മ്മരാജാവിനെ,
ʻʻകാണാംപിന്നെക്കമലവനിതാമാനനേ വാചി വാണീം
വാണ്മേല് വീരശ്രിയമപി വഹിക്കിന്റ വിഖ്യാതകീര്‍ത്തിം
തൂണ്മേലുണ്ടാം നരഹരിനിഭം ചെന്റതിര്പ്പോക്കു നിത്യം
കാണ്മോര് കണ്ണിന്നമൃതകരനാമോടവന്നാടര്‍കോനേ.ˮ
എന്നു പ്രശംസിക്കുന്നില്ലേ? അതില്‍നിന്നു പറയത്തക്ക വ്യത്യാസം കൊല്ലത്തേ രവിവര്‍മ്മാവിനെപ്പറ്റിയുള്ള പ്രശസ്തിയില്‍ കാണുന്നില്ലല്ലോ. അതുകൊണ്ടു കൊല്ലത്തെ ഒരു രവിവര്‍മ്മാവിന്റെ അനുജന് തന്നെയാണു് തൃപ്പാപ്പൂരെ ആദിത്യവര്‍മ്മാവെങ്കിലും ആ രവിവര്മ്മാവ് അന്യനായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. പണ്ഡിതശ്രേഷ്ഠനായ പി.കെ. നാരായണപിള്ളയും ഉണ്ണുനീലിസന്ദേശത്തില്‍ സ്മൃതനായ കൊല്ലത്തേ രവിവര്മ്മമഹാരാജവു് ʻʻകാഞ്ചീപുരം ആക്രമിച്ച രവിവര്‍മ്മചക്രവര്‍ത്തിയാണെന്നു വിചാരിക്കുവാന്‍ തരമില്ല; വേറെയൊരു ഇരവിവര്മ്മന് ആയിരിക്കണമെന്നു വിചാരിക്കേണ്ടതാകുന്നുˮ എന്നു ʻസഹൃദയാʼ മാസികയില്‍ തന്റെ പക്ഷം അവതരിപ്പിച്ചിട്ടുണ്ടു്.
ഏതു് ആദിത്യവര്‍മ്മാ?:– 1315-മാണ്ടിടയ്ക്കു് ഒരു ആദിത്യവര്‍മ്മാവുണ്ടായിരുന്നതായി ഞാന്‍ സമ്മതിക്കുന്നു. അദ്ദേഹത്തിനാണു് കൊല്ലം 505-ല്‍ വൈക്കംക്ഷേത്രത്തിലെ വലിയ കോയിമ്മസ്ഥാനം ലഭിച്ചതെന്നു ഞാന്‍ ആ ക്ഷേത്രത്തിലെ ഗ്രന്ഥവരി പരിശോധിച്ചതില്‍ കാണുന്നു. എന്നാല്‍ അദ്ദേഹത്തിനു സന്ദേശത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ʻസര്‍വാങ്ഗനാഥന്‍ʼ എന്നൊരു ബിരുദം ഉണ്ടായിരുന്നതിനു ലക്ഷ്യമൊന്നുമില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതില്ക്കകത്തുള്ള കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കേ ഭിത്തിയിലും തെക്കേ ഭിത്തിയിലും ഓരോ ശിലാരേഖയുണ്ടു്. ആദ്യത്തേ രേഖയില്‍ സര്‍വാങ്ഗനാഥന്‍ എന്നൊരു രാജാവു് (അബ്ദേ ച ചോളപ്രിയേ) ശകാബ്ദം 1296-ല്‍ അതായതു് ക്രി.പി. 1374 ഒക്ടോബര്‍ 10-ആനു-ക്കും 1375 മാര്‍ച്ച് 26-ആനു-ക്കു മിടയ്ക്കു ശ്രീകൃഷ്ണനു് ഒരു ഗോശാലയും, ദീപഗൃഹവും മണ്ഡപവും ʻസമകരോല്‍ʼ (സംസ്കരിച്ചു) അതായതു് അഴിച്ചു പണിയിച്ചു എന്നു പറയുന്നു. രണ്ടാമത്തേതില്‍ അതേ ഗോശാലയും ദീപഗൃഹവും മണ്ഡപവും ആദിത്യവര്‍മ്മാവെന്നൊരു രാജാവു് (കൃതവാന് നവത്വം) നവീകരിച്ചതായും പറയുന്നു. ʻസമകരോല്‍ʼ എന്നും ʻകൃതവാന് നവത്വംʼ എന്നും ഉള്ള പദങ്ങള്‍ക്കു് അര്‍ത്ഥവ്യത്യാസമില്ല. ചിലര്‍ ശഠിയ്ക്കുന്നതുപോലെ ആ രണ്ടു സര്‍വാങ്ഗനാഥന്മാരും രണ്ടാണെന്നു തല്കാലം വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പ്പോലും അവരില്‍ പ്രാചീനന് 1374–1375-ലെ സര്‍വാങ്ഗനാഥനാണെന്നു സമ്മതിക്കാതെ പോംവഴിയില്ല. 1315-ആണ്ടിടയ്ക്കു സമ്യക്കായ് നിര്‍മ്മിച്ച ഗോശാലയും മറ്റും 1375-ല്‍ പുതുക്കിപ്പണിയേണ്ട ആവശ്യം നേരിടുന്നതുമല്ല. ആ വാദംകൊണ്ടു് ഏതായാലും 1315-ല്‍ ജീവിച്ചിരുന്ന ആദിത്യവര്‍മ്മാവു സര്‍വാങ്ഗനാഥനാണെന്നു വരികയില്ലല്ലോ. മൂന്നാമതായി ഇവിടെ സ്മരിക്കേണ്ട ഒരു ശിലാരേഖ വടശ്ശേരി കൃഷ്ണന്‍കോവിലിലുള്ളതാണു്. അതില്‍ ആദിത്യവര്‍മ്മാവിനു സര്‍വാങ്ഗനാഥബിരുദം സിദ്ധിക്കുന്നതിന്നുള്ള കാരണങ്ങളെ വിവരിച്ചിരിയ്ക്കുന്നു. അതിലെ
ʻʻശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരുസ്സാഹിത്യ സങ്ഗീതയോഃ
സ്മൃത്യാര്‍ത്ഥാത്മപുരാണശാസ്ത്രനിഗമാന്‍ ജാനേ പ്രമാണാന്യപി
ഷ്ട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണശ്ശോഭേ കലാനാം കുലാ-
ന്യഭ്യസ്യേ യുധി ഭൂപതീംശ്ച വിജയേ സര്‍വാങ്ഗ നാഥോസ്മ്യതഃ
സാഹിത്യേ നിപുണാഃ കേചില്‍; കേചിച്ചാസ്ത്രേച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ; കേചിച്ഛസ്ത്രേ കൃതശ്രമാഃ;
ആദിത്യവര്‍മ്മന്‍, ഭവതസ്സാമ്യമിച്ഛന്തി തേ കഥം
പാരംഗതേന വിദ്യാനാമേകാം വിദ്യാം സമാശ്രിതാഃ?ˮ
എന്നീ ശ്ലോകങ്ങള്‍ പ്രകൃതത്തില്‍ നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നു. 1374-ലെ സര്‍വാങ്ഗനാഥന്‍ തന്നെയായിരിക്കണം ഈ ആദിത്യവര്‍മ്മസര്‍വാങ്ഗനാഥനും. 1372-ല്‍ അദ്ദേഹത്തെ പരാമര്‍ശിച്ച് ആ ക്ഷേത്രത്തില്‍ത്തന്നെ കൊത്തീട്ടുള്ള നാലാമത്തെ ഒരു ശിലാരേഖയുമുണ്ടു്. പൂര്‍വസന്ദേശം 15 മുതല്‍ 22 വരെയുള്ള ശ്ലോകങ്ങളും അവയില്‍ പ്രത്യേകിച്ചു് ʻആറല്ലോ ചൊല്ലമരസരണൗʼ ʻരാജ്യാനാമങ്ങിനിയ പതിനെട്ടിന്നുംʼʻശൗണ്ഡീവേണുʼ ഈ മൂന്നു പദ്യങ്ങളും അദ്ദേഹത്തിന്റെ സര്‍വാങ്ഗനാഥത്വത്തെ ഈ ശിലാരേഖയിലെന്നപോലെതന്നെ ഉപപാദിക്കുന്നു. അതു നോക്കിയാലും സന്ദേശഹരന് 1374-നു ഇടയ്ക്കു ജീവിച്ചിരുന്നിരിയ്ക്കണമെന്നാണു് വന്നുകൂടുന്നതു്. അദ്ദേഹത്തെസ്സംബന്ധിച്ചുള്ള രേഖകള്‍ ക്രി.പി. 1366 മുതല്‍ 1389 വരെ കാണുന്നു. അദ്ദേഹം യുവരാജാവായിരുന്നപ്പോള്‍ കൊല്ലത്തു് ഒരു രവിവര്‍മ്മാവു് രാജ്യഭാരം ചെയ്തിരുന്നു. 584 കന്നി 10-ആനുയിലെ ഒരു ശിലാരേഖ ആ രവിവര്‍മ്മാവിന്റെ വകയായി തെക്കന്‍ തിരുവിതാങ്കൂറില്‍ തിരുവിടക്കോട്ടു ക്ഷേത്രത്തിലുണ്ടു്. ആദിത്യവര്‍മ്മാവിനു തൃപ്പാപ്പൂര്‍മൂപ്പ് (പത്മനാഭ ക്ഷേത്രത്തിലധികാരം) കിട്ടിയതു് 541-ലാണെന്നു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ റിക്കാര്‍ഡുകളില്‍നിന്നു വെളിപ്പെടുന്നു. അദ്ദേഹം ഒരു ശ്രീകൃഷ്ണഭക്തനായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ രേഖകള്‍ വേണാട്ടിലെ രണ്ടു പ്രധാന കൃഷ്ണ ക്ഷേത്രങ്ങളില്‍ കാണുന്നതിനുപുറമേ സന്ദേശത്തിലെ ʻʻഊയല്‍പ്പൂമെത്തയില്‍ മരുവുമക്കണ്ണനാമുണ്ണിതന്നെˮ എന്ന ശ്ലോകവും തെഴിവാണു്. കവി അദ്ദേഹത്തെ ʻസങ്ഗ്രാമധീരʼ ബിരുദം കൊണ്ടും അഭിസംബോധനം ചെയ്യുന്നുണ്ടു്. ആ ബിരുദം രവിവര്‍മ്മ ചക്രവര്‍ത്തിയ്ക്കുണ്ടായിരുന്നു എന്നു നമുക്കറിയാം. ജ്യേഷ്ഠനും അനുജനും ഒരേ ബിരുദം സ്വീകരിയ്ക്കുക എന്നുള്ളതു സാധാരണമല്ല; പ്രത്യുത 1374 ഇടയ്ക്കു ജീവിച്ചിരുന്ന യുദ്ധവിദഗ്ദ്ധനായ ആദിത്യവര്‍മ്മാവു് പ്രഖ്യാതനായ അദ്ദേഹത്തിന്റെ ഒരു പൂര്‍വപുരുഷന്‍ വഹിച്ചിരുന്ന ബിരുദത്താല്‍ വിദിതനായിത്തീര്‍ന്നതില്‍ അനൗചിത്യവുമില്ല.
തുലുക്കന്‍പട:– ഉണ്ണൂനീലിസന്ദേശത്തില്‍
ʻʻവ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലിക്കന്‍പടക്കോപ്പിനെണ്ണം
ചൊല്‍വുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാര്‍ത്തുചെന്റു്.ˮ
എന്നൊരു ശ്ലോകം നായകന് ആദിത്യവര്‍മ്മാവിനോടു് പറയുന്നതായുണ്ടു്. അത്ര വളരെ അധികം മഹമ്മദീയരെ അദ്ദേഹം യുദ്ധത്തില്‍ തോല്പിച്ചു എന്നാണല്ലോ കവിയുടെ വിവക്ഷ. സദാ അദ്ദേഹം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും
ʻʻഎണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിന്റോ?
കണ്ണില്‍ക്കൂടാതടയരുടല്‍ കൂറാളി തോവാളനിന്റോ?ˮ
എന്ന പ്രസ്താവനയില്‍നിന്നു നാമറിയുന്നു. ആദിത്യവര്‍മ്മാവു് ഏതു കാലത്തെ മഹമ്മദീയരുമായാണു് യുദ്ധം ചെയ്തതു്? ചില പണ്ഡിതന്മാര് മാലിക് കാഫറുടെ സൈന്യത്തോടാണെന്നു് ഊഹിച്ചു കൊല്ലം 490-ലാണു് സന്ദേശനിര്‍മ്മിതി എന്നതിനു് അതിനേയും ഒരവലംബമായി കരുതുന്നു. ക്രി.പി. 1311 ഏപ്രില്‍മാസത്തിലാണു് മാലിക് കാഫര്‍ മധുര കീഴടക്കിയതു്. അതാണു് ദ്രാവിഡദേശത്തില്‍ എത്തിയ ആദ്യത്തെ മഹമ്മദീയസേന. ആ സേനാനി അവിടെനിന്നു രാമേശ്വരത്തേയ്ക്കു പോയി ആ ക്ഷേത്രം കൊള്ളയിടുകയും 1312 ആരംഭത്തില്‍ ഡല്‍ഹിയ്ക്കു തിരിയെ പോകുകയും ചെയ്തു. അദ്ദേഹം ഏതാനും മഹമ്മദീയരെ സുന്ദരപാണ്ഡ്യനു സഹായമായി മധുരയില്‍ പാര്‍പ്പിച്ചിരുന്നിരിക്കാമെങ്കിലും വലിയ ഒരു തുലുക്കന്‍പട അന്നവിടെ ഉണ്ടായിരുന്നില്ലെന്നുള്ളതു നിശ്ചയമാണു്. 1318-ലാണു് പിന്നത്തെ മഹമ്മദീയാക്രമണം. 1335-ല്‍ മാത്രമേ മധുരയില്‍ ഒരു മഹമ്മദീയ രാജവംശം സ്ഥിപിതമായുള്ളു. 1364-നു മുമ്പു വിജയനഗരരാജകുമാരനായ ദ്വിതീയവീരകമ്പണന്‍ ആ വംശത്തെ അധഃപതിപ്പിക്കുകയും 1378-ല്‍ അതു നാമാവശേഷമാകുകയും ചെയ്തു. മാലിക് കാഫറെ രവിവര്മ്മചക്രിവര്ത്തിയോ ആദിത്യവര്‍മ്മാവോ തോല്‍പ്പിച്ചു എന്നു സ്ഥാപിക്കുവാന്‍ യാതൊരു രേഖയുമില്ല. അങ്ങനെ വല്ലതും നടന്നിരുന്നു എങ്കില്‍ അതു് അദ്ദേഹത്തിന്റെ ʻചന്ദ്രകുലമങ്ഗലപ്രദീപʼ ഇത്യാദി പ്രശസ്തിമാലയില്‍ നടുനായകംപോലെ ഘടിപ്പിക്കപ്പെടുകയില്ലായിരുന്നുവോ? രവിവര്‍മ്മാവിന്റെ ഛത്രച്ഛായയിലല്ലാതെ ആദിത്യവര്മ്മാവ് പൊരുതിയിരിക്കുവാന്‍ ന്യായവുമില്ല. അതുകൊണ്ടു് അക്കാലത്തെ യുദ്ധത്തെപ്പറ്റിയൊന്നുമല്ല സന്ദേശത്തില്‍ പ്രസ്താവിക്കുന്നതെന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. പ്രത്യുത മഹമ്മദീയരാജവംശം മധുരയില്‍ സ്ഥാപിതമായതിനുമേല്‍ ആ വംശം തിരുനെല്‍വേലി പിടിച്ചടക്കുകയും അപ്പോള്‍ മഹമ്മദീയര്‍ക്കും വേണാട്ടു രാജാക്കന്മാര്ക്കും നിത്യകലഹം സംഭവിക്കുകയും ചെയ്തു. ആ കലഹത്തില്‍ തോവാളയ്ക്കു കിഴക്കും മറ്റു വച്ചു് ആദിത്യവര്‍മ്മാവിനു മഹമ്മദീയരെ വധിക്കേണ്ടിവരികയും 1364-നുമേല്‍ അതിനുള്ള സൌകര്യം വര്‍ദ്ധിക്കുകയും ചെയ്തിരിക്കണം. അക്കാലത്തുള്ള യുദ്ധങ്ങളെപ്പറ്റിയാണു് സന്ദേശത്തില്‍ പ്രതിപാദിക്കുന്നതു്.
ജ്യോതിഷസംബന്ധമായ ലക്ഷ്യം:– ഉണ്ണുനീലിസന്ദേശത്തില്‍
ʻʻഅഞ്ചാം പക്കം വരമിതു തുലോം വാരവും വീരമൗലേ
നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്;
മേടം വേണാടരില്‍ മകുടമേ രാശിയും വാഗധീശന്‍
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ.ˮ (1-35)
എന്നൊരു ശ്ലോകമുണ്ടു്. ʻനളിനവനിതയ്ക്കമ്പമേ മുമ്പിലേതു്ʼ എന്ന ഭാഗത്തിനു വിഷ്ണുദേവതാത്മകമായ തിരുവോണത്തിന്നു മുമ്പിലത്തെ നക്ഷത്രമായ ഉത്രാടം എന്നു ചിലര്‍ അര്‍ത്ഥം കല്പിക്കുന്നു.അതു തീരെ യോജിക്കുന്നില്ല. ʻനളിനവനിതയ്ക്കമ്പനേʼ എന്ന പദം സംബോധനപ്രഥമയായല്ലാതെ ഗ്രഹിക്കുവാന്‍ നിര്‍വൃത്തിയില്ല. ʻകാണ്മൂ പിന്നെക്കമലവനിതയ്ക്കമ്പനേʼ എന്നു കവി വേറെയൊരു ശ്ലോകത്തിലും അത്തരത്തില്‍ സന്ദേശഹരണ സംബോധനം ചെയ്യുന്നുണ്ടു്. അതിനാല്‍ ʻമുമ്പിലേതു്ʼ എന്ന പദംകൊണ്ടു നിര്‍ദ്ദേശിക്കേണ്ടതു് അശ്വതി നക്ഷത്രത്തെത്തന്നെയാണു്; ഉത്രാടത്തെയല്ല. ഇനി ഉത്രാടം നാളെന്നു സങ്കല്പിച്ചാല് അന്നു കൃഷ്ണപഞ്ചമിയാണു് വരുന്നതു്. സന്ധ്യയ്ക്കു ചന്ദ്രനുദിക്കുന്നതായി കവി ʻഅപ്പോഴുദ്യത്കുളിര്‍ മതിമുഖീʼ (1–87) എന്ന ശ്ലോകത്തില്‍ വര്‍ണ്ണിക്കുകയും ചെയ്യുന്നു. കൃഷ്ണപഞ്ചമിയില്‍ അങ്ങനെയൊരു സംഭവത്തിനു പ്രസക്തിയില്ലല്ലോ. വേറേയും ചില ആക്ഷേപങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ʻ490 മേടം 30-ആംനു 17 വിനാഴികയോളമേ മേടംരാശിയുള്ളു; അന്നു് ഉദയാല്പരം 4 നാഴിക 48 വിനാഴിക ചതുര്‍ത്ഥിയാണു്; 49 നാഴിക 12 വിനാഴിക പൂരാടം നക്ഷത്രമാണു്; ആഴ്ച മാത്രം വ്യാഴാഴ്ച തന്നെʼ എന്നു പറയുന്നു. എന്റെ കാലഗണനയിലും അവര്‍ ചില അനുപപത്തികള്‍ എടുത്തുകാണിക്കുന്നുണ്ടു്. ഞാന്‍ സൂചിപ്പിച്ച 549 കുംഭം 23-ആംനു വ്യാഴാഴ്ചയും അശ്വതി നക്ഷത്രവും തന്നെയെങ്കിലും അന്നു് 31 നാഴികയും 48 വിനാഴികയും ചതുര്‍ത്ഥിയാണെന്നും കുംഭമാസത്തില്‍ വസന്തം വരികയില്ലെന്നും പ്രഭാതമല്ലാതെ ഏഴര നാഴിക കഴിഞ്ഞുള്ള സമയമല്ല യാത്രാമുഹൂര്‍ത്തമായി വര്‍ണ്ണിച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അന്നു പഞ്ചമി തന്നെയെന്നാണു് ചില ജ്യോത്സ്യന്മാര് എന്നെ മനസ്സിലാക്കീട്ടുള്ളതു്. അതിനാല്‍ അക്കാര്യത്തില്‍ നിഷ്കൃഷ്ടമായ ഒരു പുനര്‍ഗ്ഗണനം വേണമെന്നു ഞാന്‍ കേരളത്തിലെ ജ്യോത്സ്യന്മാരോടു് അപേക്ഷിക്കുന്നു. മറ്റുള്ള രണ്ടു് ആക്ഷേപങ്ങള്‍ക്കും എനിക്കു പര്യാപ്തമായ സമാധാനമുണ്ടു്. ʻʻഗ്രീഷ്മോ മേഷവൃഷൗ പ്രോക്തഃ പ്രാവൃണ്‍മിഥുന കര്‍ക്കടൗ സിംഹകന്യേ സ്മൃതാ വര്‍ഷാ തുലാവൃശ്ചികയോശ്ശരല്‍ ധനുഗ്രാഹൗ ച ഹേമന്തോ വസന്തഃ കുംഭമീനയോഃˮ എന്നു ഭാവപ്രകാശമെന്ന വൈദ്യഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. ആ പക്ഷമനുസരിച്ചു പ്രാവൃട്ടെന്നും വര്‍ഷമെന്നും രണ്ടു് ഋതുക്കളുള്ളതിനു പുറമേ ഹേമന്തത്തില്‍നിന്നു വ്യതിരിക്തമായി ശിശിരമെന്നൊരു ഋതുവില്ലാത്തതുമാണു്. ʻഗങ്ʼഗായാദക്ഷിണേ ദേശേ വൃഷ്ടേര്‍ബഹുലഭാവതഃʼ അതായതു് ഗങ്ഗാ നദിക്കു തെക്കുള്ള ദേശങ്ങളില്‍ വൃഷ്ടിബാഹുല്യം നിമിത്തമാണു് മഹര്‍ഷിമാര്‍ അങ്ങനെ ഋതുക്കളെ കല്പിക്കുന്നതെന്നും ഭാവപ്രകാശകാരന്‍ പറയുന്നു. തമിഴില്‍ ʻവേനില്‍ʼ (വേനല്‍) എന്ന പദത്തിനു വസന്തമെന്നും അര്‍ത്ഥമുണ്ടു്. ഏതായാലും അദ്ദേഹത്തിന്റെ മതത്തില്‍ ഗങ്ഗയ്ക്കു തെക്കുള്ള ദേശങ്ങളില്‍ വസന്തര്‍ത്തുവില്‍ പെട്ടതാണു് കുംഭമാസം. നായകന് ആദിത്യവര്‍മ്മാവിന്റെ കോവിലെഴുന്നള്ളത്തു സമയത്താണല്ലോ അദ്ദേഹത്തെ കണ്ടുമുട്ടുന്നതു്; അതു് ഏകദേശം ഒന്‍പതു മണിയോടടുപ്പിച്ചായിരിക്കാനാണു് ഇടയുള്ളതു്. ആറുമണിയോടല്ല. പിന്നെയും പൂര്‍വസന്ദേശം 57-ആം ശ്ലോകത്തില്‍ നായകന് ʻനിന്‍വിയന്‍ പേരാളും കാളീപിതരംʼ എന്നു് ഒരു ശിവനെ ഉദ്ദേശിച്ചു പറയുന്നുണ്ടു്. അതു് ഏതു ക്ഷേത്രത്തിലെ ശിവനാണു്? തൃപ്പാപ്പൂരെയാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. വിയന്‍പേരെന്നാല്‍ വിശിഷ്ടമായ നാമമെന്നാണര്‍ത്ഥം; സ്ഥാനപ്പേരെന്നല്ല. അതുകൊണ്ടു തൃപ്പാപ്പൂരല്ല ഉദയാതിച്ചപുരമാണു് പ്രസ്തുത ക്ഷേത്രമെന്നു് എനിക്കു തോന്നുന്നു. അതിനു മതിലകത്തുനിന്നു മൂന്നു നാഴികയേ ദൂരമുള്ളു. അവിടെ സന്ദേശഹരന് എത്തുമ്പോള്‍ ഉച്ചപ്പൂജയ്ക്കു കാലമാകുന്നു. ആ സ്ഥലത്തുനിന്നു് അമറേത്തു കഴിച്ചുകൊണ്ടാണു് വടക്കോട്ടേയ്ക്ക് അദ്ദേഹം യാത്ര തുടരുന്നതും. അല്ല, തൃപ്പാപ്പൂര്‍ തന്നെയാണെങ്കിലും ആ സ്ഥലത്തേയ്ക്കും ആറു നാഴികയ്ക്കുമേല്‍ ദൂരമില്ല. ഇതുകൊണ്ടെല്ലാം പ്രഭാതത്തിലല്ല അദ്ദേഹത്തെ നായകന് അമ്പലത്തില്‍വച്ചു കണ്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. പ്രഭാതത്തില്‍ ദൂതന് പുറപ്പെട്ടിരുന്നു എങ്കില്‍ മദ്ധ്യാഹ്നഭക്ഷണത്തിനു കഴക്കൂട്ടത്തെങ്കിലും എത്താമായിരുന്നു. ഞാന്‍ മുന്‍പു നിര്‍ദ്ദേശിച്ച ദൈവജ്ഞന്മാര് കൊല്ലം 466-മേടം 11-ആംനു വ്യാഴാഴ്ച മകയിരം നക്ഷത്രവും പഞ്ചമിയും വരുന്നു എന്നും അന്നു കാമാഖ്യയോഗമുണ്ടെന്നും ʻഭൂതികാമംʼ എന്നൊരു യോഗത്തെപ്പറ്റി ജ്യോത്സ്യന്മാര്‍ക്കറിവില്ലാത്തതിനാല്‍ ʻഭൂതിʼ എന്നാണോ ശരിയായ പാഠമെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും വാദിക്കുന്നു. ʻഭൂതികാമാഖ്യയോഗഃʼ എന്നേ ഗ്രന്ഥങ്ങളില്‍ കാണുന്നുള്ളു. അതുപോകട്ടെ. ʻനാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്ʼ അഞ്ചാം പക്കം എന്നതിനോടു ചേര്‍ത്തന്വയിച്ചു് അഞ്ചാം നക്ഷത്രമായ മകയിരമാണു് കവിയുടെ വിവക്ഷ എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ക്രി.പി. 1291-ആണ്ടു തുലുക്കന്‍പട എന്നൊന്നിന്റെ പ്രസക്തിയേ ദക്ഷിണാപഥത്തില്‍ ഇല്ലായിരുന്നതിനാല്‍ അവരുടെ കാലഗണന പ്രകൃതത്തില്‍ യോജിക്കുന്നില്ല എന്നു ഖണ്ഡിച്ചു തന്നെ പറയാവുന്നതാണു്. അക്കാലത്തു് കേവലം കച്ചവടക്കാരായ മഹമ്മദീയര്‍ മാത്രമേ പാണ്ഡ്യചോളരാജ്യങ്ങളില്‍ ഉണ്ടായിരുന്നുള്ളു. ആകെക്കൂടി നായികയായ ഉണ്ണുനീലി വടക്കുംകൂര്‍ രാജാവായ മണികണ്ഠന്റെ പുത്രിയീയിരുന്നു എന്നും ആ മഹിളാമണിയുടെ ഭര്‍ത്താവു് പൂരാടം നാളില്‍ ജനിച്ച ആ രാജവംശത്തിലെ ഒരിളമുറത്തമ്പുരാനായിരുന്നുവെന്നും അദ്ദേഹം തന്നെയാണു് നായകനും കവിയും എന്നും സന്ദേശത്തിന്റെ കാലം കൊല്ലം 549 കുംഭം 23-ആംനു ആണെന്നുമുള്ള എന്റെ അഭിപ്രായം ഭേദപ്പെടുത്തുന്നതിനു ഞാന്‍ ഏതാവല്‍പര്യന്തം യാതൊരു കാരണവും കാണുന്നില്ല. ഈ വിഷയത്തെപ്പറ്റി ഇത്ര ദീര്‍ഘമായി ചര്‍ച്ച ചെയ്യേണ്ടിവന്നതു പലരും പലവിധത്തിലുള്ള മതങ്ങള്‍ ഏതല്‍സംബന്ധമായി ആവിഷ്കരിച്ചിട്ടുള്ളതുകൊണ്ടാകുന്നു.
വിഷയം:– കടുത്തുരുത്തിയില്‍ നായകന് നായികയുമായി ഉറങ്ങുമ്പോള്‍ ഒരു നാള് രാത്രി അദ്ദേഹത്തെ ഒരു യക്ഷി എടുത്തുകൊണ്ടു തെക്കോട്ടേക്കു പോയി. തിരുവനന്തപുരത്തെത്തിയ സമയത്തു് നായകന് ഉണര്‍ന്നു നരസിംഹമന്ത്രം ജപിക്കുകയും ഉടന്‍തന്നെ അവള് അദ്ദേഹത്തെ വിട്ടു് ഓടിക്കളയുകയും ചെയ്തു. അപ്പോള്‍ പ്രഭാതമായിരുന്നു സമയം. ശ്രീപത്മനാഭസ്വാമിയെ വന്ദികള്‍ പള്ളിയുണര്‍ത്തുന്ന ഗാനങ്ങള്‍ കേട്ടു സ്ഥലമേതെന്നു മനസ്സിലായി. നായികയുമായി വേര്‍പിരിഞ്ഞ ദുഃഖം നിമിത്തം പരവശനായ നായകന് ഭാഗ്യവശാല്‍ തന്റെ വയസ്യനായ കൊല്ലത്തെ ആദിത്യവര്‍മ്മ ഇളയതമ്പുരാനെ ശ്രീപത്മനാഭക്ഷേത്രത്തില്‍വച്ചു കണ്ടു. അദ്ദേഹത്തിനു തൃപ്പാപ്പൂര്‍ മൂപ്പെന്ന നിലയില്‍ തിരുവനന്തപുരത്തു കൂടെക്കൂടെ പോകേണ്ട ആവശ്യമുണ്ടായിരുന്നു; അപ്പോള്‍ പോയതു സ്വാമിദര്‍ശനത്തിനായിരുന്നു. ആ ഘട്ടത്തില്‍ നായകന് തന്റെ സങ്കടം അദ്ദേഹത്തെ അറിയിക്കുകയും തനിക്കു് ഒരു പക്ഷം കഴിഞ്ഞു മാത്രമേ അവിടം വിട്ടുപോകുവാനുള്ള സ്വാസ്ഥ്യം ലഭിക്കുകയുള്ളു എന്നുള്ളതിനാല്‍ നായികയോടു് തന്റെ അവസ്ഥ നിവേദനം ചെയ്യുവാന്‍ സന്ദേശഹരനാകണമെന്നു് അദ്ദേഹത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം മുതല്‍ കടുത്തുരുത്തി വരെയുള്ള പല സ്ഥലങ്ങളേയും ക്ഷേത്രങ്ങളേയും രാജാക്കന്മാരേയും സുന്ദരിമാരേയും വര്‍ണ്ണിക്കുവാന്‍ കവി സന്ദേശദ്വാരാ ഒരു നല്ല അവസരമുണ്ടാക്കുകയും ആ അവസരത്തെ വിജയപ്രദമാകത്തക്കവിധത്തില്‍ വിനിയോഗിക്കുകയും ചെയ്യുന്നു. സന്ദേശഹരന്റെ യാത്ര രാജോചിതമായ വിധത്തില്‍ ʻതണ്ടിലേറിച്ചെമ്പൊല്‍ക്കാളം തെളുതെളെ മുതിര്‍ന്നംബരമ്മേല്‍ മുഴങ്ങേ, വന്‍പുറ്റീടും കുട തഴചുഴന്റു്ʼ ആണെന്നു പൂര്‍വ്വസന്ദേശം 123-ആം ശ്ലോകത്തില്‍നിന്നു കാണാം. മൂന്നു ദിവസംകൊണ്ടാണു് തിരുവനന്തപുരത്തു നിന്നു കടുത്തുരുത്തിയില്‍ ചെന്നുചേരേണ്ടതു്. ഒന്നാം ദിവസം തിരുവനന്തപുരത്തു നിന്നു തിരിച്ചു കൊല്ലത്തു ചെല്ലുന്നു; രണ്ടാം ദിവസം രാത്രിയില്‍ താമസിക്കുന്നതു കായങ്കുളത്തു രാജാവിന്റെ രാജധാനിയില്‍ കരിപ്പൂക്കുളത്താണു്; മൂന്നാംദിവസം സന്ധ്യയ്ക്കു കടുത്തുരുത്തിയിലെത്തുന്നു. വഴിക്കു തൃപ്പാപ്പുര്‍, മുതലപ്പൊഴി, പുത്തിടം, വര്‍ക്കല, കൊല്ലം പുതിയപൊഴി (നീണ്ടകര അഴിയോ?), പന്മന, മറ്റം, കണ്ടിയൂര്‍, തട്ടാരമ്പലം, ചെന്നിത്തല, തൃക്കുറട്ടി, പനയന്നാര്‍കാവു്, ആലന്തുരുത്തി, തിരുവല്ലാ, കരിയനാട്ടുകാവു്, മുത്തൂറ്റു്, നാലുകോടി, തൃക്കൊടിത്താനം, തെക്കിന്‍കൂറു്, മണികണ്ഠപുരം, തിരുവഞ്ചപ്പുഴ, ഏറ്റുമാന്നൂര്‍ മുതലായ സ്ഥലങ്ങളെപ്പറ്റി പ്രസ്താവമുണ്ടു്. പുത്തിടം, കൊല്ലം, കരിയനാട്ടുകാവു് ഇവിടങ്ങളിലെ അങ്ങാടികളെപ്പറ്റിയുള്ള വര്‍ണ്ണന ഉജ്വലമാണു്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീപത്മനാഭന്, നരസിംഹമൂര്‍ത്തി, വേദവ്യാസന്, ശ്രീരാമന്, ലക്ഷ്മണന്, ഹനൂമാന്, ഉണ്ണിക്കൃഷ്ണന്, ശാസ്താവു്, തിരുവാമ്പാടി കൃഷ്ണന്, ക്ഷേത്രപാലന് ഈ വിഗ്രഹങ്ങള്‍ക്കുപുറമേ പാല്‍ക്കുളങ്ങര ദുര്‍ഗ്ഗ, വര്‍ക്കല ജനാര്ദ്ദനന്, കൊല്ലത്തു മൂരിത്തിട്ടഗണപതി, പനങ്ങാവില്‍ ഭദ്രകാളി, ആതിച്ചപുരത്തമ്മന്‍, പന്മന സുബ്രഹ്മണ്യന്, കണ്ടിയൂര്‍ ശിവന്, തൃക്കുറട്ടി ശിവന്, പനയന്നാര്‍കാവു ഭദ്രകാളി, തിരുവല്ലാ വിഷ്ണു, തൃക്കൊടിത്താനത്തു വിഷ്ണു, മണികണ്ഠപുരത്തു കൃഷ്ണന്, ഏറ്റുമാനൂര്‍ ശിവന്, കോതപുരത്തു കൃഷ്ണന്, തളിയില്‍ ശിവന്, മുതലായ ദേവന്മാരേയും യഥാവകാശം സ്തുതിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടു്. രാജാക്കന്മാരില് കൊല്ലത്തേ രവിവര്‍മ്മാവിനും കായങ്കുളത്തെ രവിവര്‍മ്മാവിനും വടക്കുംകൂറിലെ മണികണ്ഠനുമാണു് പ്രാധാന്യം; ചിറവായിലേരായിരന്‍, തെക്കുംകൂറിലേ രാമവര്‍മ്മാവു്, ഇവരേയും വിട്ടിട്ടില്ല. വടക്കുംകൂറിലേ ചില ഇളങ്കൂര് തമ്പുരാക്കന്മാരുടെ പേരുകള്‍ മുന്‍പു തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സുന്ദരിമാരില്‍ ഉണ്ണിയാടി, വെള്ളൂര്‍ നാണി, ചെറുകര കുട്ടത്തി (ചെറുകരച്ചേര്‍ന്ന കുട്ടത്തി എന്നാണു് ശരിയായ പാഠം), ചെറുകര ഉണ്ണിയാടി, മുത്തൂറ്റിളയച്ചി, കുറുങ്ങാട്ടുണ്ണുനീലി, കുറുങ്ങാട്ടുണ്ണിച്ചക്കി, കറുങ്ങാട്ടു ചിരുതേവി, എന്നിവരുടെ പേരുകള്‍ സ്മരണീയങ്ങളാകുന്നു. മുണ്ടയ്ക്കല്‍ ചെറിയതു്, കുറുമൂഴിക്കല്‍ ഉണ്ണിച്ചക്കി, തേവി ഇവര്‍ നായികയുടെ തോഴികളാണു്. ഇങ്ങനെ നോക്കിയാല്‍ തിരുവനന്തപുരത്തിനും കടുത്തുരുത്തിക്കും ഇടയ്ക്കുള്ള പ്രദേശങ്ങളെപ്പറ്റി പലവിധത്തിലുമുള്ള അറിവു നമുക്കു ലഭിക്കുവാന്‍ പ്രസ്തുതസന്ദേശം പ്രയോജകീഭവിക്കുന്നു.
കവിതാരീതി:– സന്ദേശകാരന്റെ ഏതു ശ്ലോകം പരിശോധിച്ചാലും അദ്ദേഹം ഒരു മഹാകവിമൂര്‍ദ്ധന്യനായിരുന്നു എന്നു തെളിയുന്നതാണു്. പ്രകൃതിവര്‍ണ്ണനത്തില്‍ അദ്ദേഹത്തിനുള്ള പാടവം അന്യാദൃശമാകുന്നു. ഭഗവല്‍ഭക്തി പ്രകടീകരിക്കുവാനും അദ്ദേഹത്തിനു് അസാധാരണമായ നൈപുണ്യമുണ്ടു്. നായികയുടെ വിരഹാവസ്ഥ പ്രപഞ്ചനം ചെയ്യുമ്പോള്‍ അദ്ദേഹം കാളിദാസകല്പനാണെന്നു തോന്നിപ്പോകുന്നു. തിരുവനന്തപുരത്തിന്റേയും കടുത്തുരുത്തിയുടേയും വര്‍ണ്ണനം ഉണ്ണുനീലിയുടെ വിരഹവ്യഥ, നായകന്റെ സന്ദേശം ഇവയെല്ലാം ആദ്യന്തം മധുരമാണു്. അങ്ങുമിങ്ങും നിന്നു പന്ത്രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.
1. മന്ദവായു:–
ʻʻകോകശ്രേണീവിരഹനിഹിതം തീനുറുങ്ങെന്റപോലെ
തുകിത്തൂകിത്തുഹിനകണികാം തൂര്‍ന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേന്‍കാളകൂടാംബു കോരി-
ത്തേകിത്തോകപ്പവനനവനച്ചെന്റു കൊന്റാന്‍ തദാനീം.ˮ (1)
ʻʻവിങ്ങിപ്പൊങ്ങിച്ചിതറിന മലര്‍ത്തെന്റല്‍ പീത്വാമയങ്ങി-
ത്തങ്ങിത്തങ്ങിത്തരുണികള്‍ മുലക്കച്ചിലുചൈരുറങ്ങി
തിങ്ങിത്തിങ്ങിച്ചുഴല വരിവണ്ടിണ്ടയാം കണ്ടിയൂരില്‍-
പ്പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.ˮ (2)
2. കുതിരകളുടെ പകലുറക്കം:–
ʻʻമാതങ്ഗാനാം കരപരിഗളല്‍സ്വേദസംസിക്തശീതേ
മാകാന്ദാനാം തണലില്‍ മണലില്‍ക്കുഞ്ചിഭിശ്ചലഞ്ചാഗ്രൈഃ
പിന്‍കാലേകം കുടിലശിഥിലം പയ്യെ വച്ചിട്ടിദാനീം
നിദ്രായന്തേ തവ വടിവെഴും വാജിനോ രാജസിംഹ!ˮ (3)
3. പ്രഭാതം:–
ʻʻകാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ;
ചോളംപോലേ ചെറുകിവിളറീ താരകാണാം നികായം;
താളംപോലേ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ;
നാളംപോലേ നളിനകുഹരാദുല്‍ഗതാ ഭൃങ്ഗരാജിഃˮ (4)
4. സായംസന്ധ്യ:–
ʻʻഅപ്പോഴുദ്യല്‍കുളിര്‍മതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചില്‍ക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.ˮ (5)
5. ശ്രീപത്മനാഭന്:–
ʻʻനാഭീപത്മേ നിഖിലഭുവനം ഞാറുചെയ്താത്മയോനിം
നാഗേന്ദ്രന്മേല്‍ ബത മതുമതപ്പള്ളിക്കൊള്ളം പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍വേതത്തിന്‍ പരമപൊരുളാം നമ്മുടേ തമ്പിരാനെ.ˮ (6)
6. കൗസ്തുഭം:–
ʻʻവേലപ്പെണ്ണിന്‍ മുലയിലലിയും ചന്ദനാഭോഗരമ്യേ
ചാലചീറ്റം പെരുകിയുരുകീടിന്റ വിശ്വംഭരായാഃ
കോലക്കണ്ണിന്‍മുനകനമകംപുക്കു നിന്മാറില് മേവും
നീലക്കല്ലായ് വിലസിന മണീകൗസ്തുഭം വെല്വുതാകˮ (7)
7. വല്ലികള്‍:–
ʻʻപൂന്തൊത്തെന്നും കുളുര്‍മുല ചുമന്നോമല്‍വക്ത്രം വണക്കി-
ക്കിഞ്ചില്‍ച്ചഞ്ചന്മധുപവചനംകൊണ്ടു കൊണ്ടാടി മന്ദം
മാര്‍ഗ്ഗോപാന്തേ മലര്‍നിര ചൊരിഞ്ഞന്നടക്കാവിലെങ്ങും
വല്ലീബാലത്തരുണികളുടന്‍ കാണലാം നില്ക്കുമാറു്.ˮ (8)
8. നായികാവര്‍ണ്ണനം:–
ʻʻമാഴക്കണ്ണാള്‍ക്കൊരു മയിലുമുണ്ടങ്ങു പിന്‍കാലൊളംപോയ്-
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമല്‍ നില്പോരുനേരം
ഊഴത്തംകൊണ്ടിരുള്മുകിലിതെന്റഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോന്റ്.ˮ (9)
ʻʻഅപ്പൂമാതിന്നൊരു സഹചരീമങ്ഗനാമൗലിമാലാ-
മിപ്പാര്‍മേലുള്ളമൃതസരസീമിക്ഷുചാപസ്യ കീര്‍ത്തിം
കര്‍പ്പൂരാളീമിനിയ നയനങ്ങള്‍ക്കു കാണും ജനാനാം
മല്‍പ്രേമത്തിന്‍ വിളകഴനിയാം മാനിനീം കാണ്‍കപിന്നെ.ˮ (10)
9. വിരഹാവസ്ഥ:–
ʻʻനീലക്കല്ലാല്‍ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
കോലപ്പോര്‍മന്മുല, കുവലയം വെന്റ മുഗ്ദ്ധേക്ഷണായാഃ
ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
ചാലത്തോന്റും ചുനയൊഴുകുമച്ചൂതപക്വങ്ങളെന്റു.ˮ (11)
10. ശ്രീകൃഷ്ണന്:–
ʻʻകാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാല്‍ക്കലിതചികുരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃˮ (12)
- അത്യന്തം ഹൃദയഹാരികളാണു് ഈ ശ്ലോകങ്ങള്‍. ക്രി.പി. പതിന്നാലാം ശതകത്തിലെ കൃതിയാകയാല് പ്രസ്തുതസന്ദേശത്തില്‍ ധാരാളം പഴയ പദങ്ങളും പ്രയോഗങ്ങളുമുണ്ടു്. ചുരുക്കത്തില്‍ ഭാഷ, ചരിത്രം, സാഹിത്യം ഇവയെപ്പറ്റിയെല്ലാം ഈ കൃതിയില്‍നിന്നു പലതും അനുവാചകന്മാര്‍ക്ക് അറിയുവാനും തദ്ദ്വാരാ അന്യത്ര അസുലഭമായ ആനന്ദപീയൂഷം ആസ്വദിക്കുവാനും സാധിക്കുന്നതാണു്. സഹൃദയന്മാരായ സകല കേരളീയരുടേയും നിത്യാവഗാഹത്തെ സമ്പൂര്‍ണ്ണമായി അര്‍ഹിക്കുന്ന ഒരു സാരസ്വതപ്രവാഹമാകുന്നു ഉണ്ണുനീലിസന്ദേശം.
കോകസന്ദേശം
കാലം:– ഉണ്ണുനീലിസന്ദേശം പോലെയോ അതില്‍ അല്പംകൂടി അധികമായോ പഴക്കമുള്ള മറ്റൊരു കാവ്യമാണു് കോകസന്ദേശം. ക്രി.പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലെങ്കിലും ആവിര്‍ഭവിച്ച ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു് അവകാശം ഉണ്ടാകുന്നതല്ല. (1) ʻചൂലംകൊടുʼ (ശൂലംകൊണ്ടു്), (2) ʻമുകട്ʼ (തല), (3) ʻവാളംʼ (വാള്), (4) ʻഇട്ടല്ʼ (പറമ്പു്), (5) മുക്കാരം (പിടിവാദം), (6) ʻഇരിപായുകʼ (പിന്തിരിഞ്ഞോടുക), (7) ʻഏവലര്‍ʼ (അനുയായികള്‍), (8) ʻനുങ്ങിʼ (നശിച്ചു), (9) ʻവെള്ളാട്ടിʼ (ദാസി), (10) ʻതൂയത്ത്ʼ (തുമ്പത്തു), (11) ʻതുയര്ന്ന്ʼ, (തുടര്‍ന്നു). (12) ʻചമ്മാത്ത്ʼ (കൊഞ്ഞനം), (13) ʻനെയ്യല്ʼ (ആമ്പല്‍) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും അതില്‍ കാണ്മാനുണ്ടു്.
കഥ:– പ്രസ്തുതസന്ദേശം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. പൂവസന്ദേശത്തില്‍പ്പെട്ട ആദ്യത്തെ തൊണ്ണൂറ്റാറു ശ്ലോകങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള ഭാഗങ്ങളും അചിരേണ ലഭിക്കുമെന്നു് ആശിക്കാം. ചേതിങ്കനാട്ടില്‍ (ജയസിംഹനാട്ടില്‍), അതായതു കൊല്ലത്തു്, വസന്തകാലത്തില്‍ ഒരു കാമി തന്റെ പ്രിയതമയുമായി സുഖിച്ചിരിക്കവേ, ഒരു രാത്രിയില്‍ നായകന് അകാരണമായി അശ്രുധാര വാര്‍ക്കുന്നതുകൊണ്ടു് നായിക അതിന്റെ കാരണം ചോദിക്കുകയും അപ്പോള്‍ നായകന് താന്‍ സ്വപ്നത്തില്‍ അനുഭവിച്ച ദുഃഖം ആ സുന്ദരിയെ വര്‍ണ്ണിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്നു. സ്വപ്നാവസ്ഥയില് മാത്രം സംഭവിച്ചതാണു് പ്രണയിനിയുമായുള്ള വിപ്രയോഗമെങ്കിലും അതു ജാഗ്രദവസ്ഥയില്‍ സംഭവിച്ചാലെന്നപോലെ നായകന് ദുഃഖിതനായിത്തീരുന്നു. ഒരു വ്യോമചാരി ആ യുവാവിനെ തന്റെ പ്രേമഭാജനത്തില്‍നിന്നു വേര്‍പെടുത്തി തെക്കേമലയാളത്തില്‍ തിരുനാവായയ്ക്കു സമീപമുള്ള വെള്ളോട്ടുകര (തൃപ്രങ്ങോടു്?) എന്ന സ്ഥത്തു പ്രക്ഷേപിക്കുന്നു. അവിടെ നായകന് ഒരു ചക്രവാകത്തെക്കണ്ടു് ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കുന്നു. വെള്ളോട്ടുകര മുതല്ക്കു തെക്കോട്ടുള്ള അനേകം നഗരങ്ങള്‍, ഗ്രാമങ്ങള്‍, നദികള്‍ ക്ഷേത്രങ്ങള്‍ മുതലായവയെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ തിരുനാവാ, പേരാറു് (ഭാരതപ്പുഴ), മാമാങ്കപ്പറമ്പു്, ആഴ്വാഞ്ചേരിമന, നന്തിയാറു്, തൃപ്പുറയാറു് (തൃപ്പറയാറു്), കുണക (തൃക്കണാമതിലകം), കുരുമ്പക്കാവു് (കൊടുങ്ങല്ലൂര്‍), തിരുവഞ്ചക്കളം, പെരുവാരം, ഇടപ്പള്ളി ഇവ ഉള്‍പ്പെടുന്നു. തൃക്കണാമതിലകം അന്നു സാമൂതിരിപ്പാടു പിടിച്ചടക്കിക്കഴിഞ്ഞിരുന്നു; അന്നത്തേ ഏറാള്‍പ്പാടിനെ അവിടെ യുദ്ധോദ്യുക്തനായി നില്ക്കുന്നതു കവി നമുക്കു കാണിച്ചുതരുന്നു. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങള്‍ വര്‍ണ്ണിക്കുന്ന ഭാഗം കിട്ടീട്ടില്ല. രുദ്രശിഷ്യനും യമകശ്ലോകരചനാ പടുവുമായ പന്നിയമ്പള്ളി ഉണ്ണിക്കണ്ടന്‍ അക്കാലത്തു വെള്ളോട്ടുകരയില്‍ ജീവിച്ചിരുന്നതായി കവി പ്രസ്താവിക്കുന്നു. അതാരെന്നറിയുന്നില്ല.
കവിതാരീതി:– കോകസന്ദേശം ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസഹോദരത്വത്തിനു് ഏതു വിധത്തിലും അര്‍ഹമായ ഒരു ഉത്തമകാവ്യമാണു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
ʻʻപൊല്പൂമാതിന് മിഴിനിര പൊഴിഞ്ഞോരു ചേതിങ്കനാട്ടില്‍
ചൊല്‍പ്പെറ്റീടും നിജനിലയനേ കോപി കാമീ വസന്തേ
അപ്പോര്‍കൊങ്കത്തടമഴകെഴും മാര്‍വിടത്തോടമര്‍ത്തി-
ത്തല്പേ താനും പ്രിയതമയുമായ്ച്ചേര്‍ന്നിരുന്നാന്‍ കദാചില് (1)
അപ്പോള്‍ മൂര്‍ച്ഛാം തടവി നെടുവീര്പ്പിട്ടുനേത്രോല്പലാന്താ-
ന്മുക്താന്‍ മുക്താമുറിനിറമെഴും ബാഷ്പവിന്ദൂന്‍ ദധാനഃ
സ്വപ്രേയസ്യാ തഴുകി മുറയിട്ടെന്റിതെന്റേഷ പൃഷ്ടോ-
ലബ്ധ്വാ സംജ്ഞാം ലളിതവദനാം താമിവണ്ണം ജഗാദ.ˮ (2)
ചില മനോഹരങ്ങളായ ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു.
1. വെള്ളോട്ടുകര ശിവന്:-
ʻʻപള്ളിച്ചൂലത്തലകൊടു പിളര്‍ന്നീട, മാറില്‍ത്തുളുമ്പി-
ത്തള്ളും ചോരിക്കളിയിലമിഴും കാലനെക്കൊന്റു വീഴ്ത്തി
ഉള്ളില്‍ക്കോപ്പേറിന കരുണയാ ഭക്തരക്ഷാര്‍ത്ഥമസ്മിന്‍
വെള്ളോട്ടിന്‍വായ്ക്കരയമരുമെന്നപ്പനെക്കാണ്‍ക മുന്പില്.ˮ (3)
2. കുണക:-
ʻʻചെല്വം ചേര്‍ന്നക്കുണകയിലകംപുക്കു നീ തെക്കു നോക്കി-
ച്ചെല്ലുന്നേരത്തിതവിയ പെരുങ്കോയില്‍ കാണാം പൂരാരേഃ
അല്ലിത്താര്മന്കുഴലണികരാല്ക്കണ്ണരെത്തല്ലിമാറ്റും
മല്ലക്കണ്ണിന്മുനയില് മലര്‍വില്ലാളിയെത്തെറ്റുമേടം.ˮ (4)
3. ഏറാള്‍പ്പാടു്:-
ʻʻതീ വെച്ചെല്ലാപ്പുറവുമടലാര്‍കോട്ട ചുട്ടംബരേ പോയ്-
ത്താവിപ്പൊങ്ങും പൊടികള്‍നികരാല്‍ ദിഗ്വധൂകേശബന്ധേ
ശ്രീമല്ക്കീര്ത്തിപ്പുതുമലര്തൊടുക്കിന്റതൃക്കയ്യില്വെച്ചി-
പ്പാര്‍മുട്ടെത്താങ്ങിന നെടുവിരിപ്പില്‍ത്തകും വീരസിംഹം.ˮ (5)
4. കൊടുങ്ങല്ലൂര്‍ ഭദ്രകാളി:-
ʻʻകട്ടിച്ചുച്ചൈരിളകിയലറിപ്പാഞ്ഞു വെട്ടിച്ചിരിച്ച-
ൿഖട്വാംഗംകൊണ്ടുടലിലസുരാന്‍ നിര്‍ദ്ദയം മര്‍ദ്ദയന്തീ
പക്കച്ചോരിക്കളിയിടയിടേ നക്കി നട്ടം തിരിഞ്ഞ-
ങ്ങൊക്കെക്കൂടിപ്പട ചുഴല നിന്റാര്ക്കുമമ്മേ! തൊഴുന്റേന്‍.ˮ (6)
5. തിരുവഞ്ചക്കളം:-
ʻʻഎന്‍ചങ്ങാതിക്കലര്‍ചരനു കീഴ്വന്നു വല്ലായ്മയിന്നും
ചെഞ്ചെമ്മേ നീ പുരഹര! പൊരിക്കൊള്‍കിലെന്താശ്രയം മേ?
കുന്റില്‍പ്പെണ്ണത്തിരുമുടി പിടിച്ചീഴ്ത്ത മുക്കണ്ണര്‍കര്‍ണ്ണേ
ചെന്റീവണ്ണം കുളുര്‍മതി പൊരുത്തം പറഞ്ഞീടുമേടം.ˮ (7)
6. സൂര്യാസ്തമയം:-
ʻʻചൂടും പൊന്നിന്‍തകടു ചരമക്ഷ്മാഭൃതോ, വ്യോമലക്ഷ്മീ-
വാടാമാലക്കുഴലിലണിയും ബാലിമാണിക്യഖണ്ഡം
ചൂടേറും തന്‍കൊടുവെയില്‍ തനക്കെപ്പൊറായെൻറ പോലെ-
ച്ചാടുന്റാന് പോയ്ക്കടലിലധുനാ ഹേലയാ ഭാനുമലീ.ˮ (8)
7. ചന്ദ്രോദയം:-
ʻʻഅക്ഷ്ണോഃ പ്രീതിം ജനയതി നമുക്കഭ്രമാം പുഷ്കരിണ്യാ
രക്താംഭോജം, ഘുസൃണതിലകം രാത്രിയാം കമ്രഗാത്ര്യാഃ,
മുക്കണ്ണന്‍കണ്‍മുനയതിലുരുക്കിന്റൊരങ്ഗാരചക്രം,
തിക്കെട്ടിന്നും ചുടരണിവിളക്കഞ്ചിതം ചന്ദ്രബിംബം.ˮ (9)
8. പ്രഭാതം:-
ʻʻധന്യാ ഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
പൊന്നിന്‍ചൂല്‍കൊണ്ടിരുള്‍മയമടിക്കാടടിച്ചങ്ങു നീക്കി,
ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റം തളിപ്പാ-
നംഭോരാശൗ ശശധരകുടം കാണ്ക മുക്കിന്റവാറു്.ˮ (10)
9. സൂര്യോദയം:-
ʻʻഅച്ചോ! മുല്പാടിദമുദയതേ മിക്ക ശൈലാധിപത്യേ
നില്ക്കും പൂര്‍വാചലമുകുടമാണിക്യരത്നപ്രവേകം,
ശച്യാഃ കല്പദ്രുമകിസലയാ പീഡകല്പം, കിഴക്കു-
ന്തിക്കാം പെണ്ണിന്മുലയില് വിലസും താലി, ബാലാര്‍ക്കബിംബം.ˮ (11)
10. പെരുമാക്കന്മാരുടെ രാജധാനി:-
ʻʻഎത്തിപ്പൊന്മാളികമുകളില്‍നിന്നാത്മബിംബംപിടിപ്പാന്‍
തത്തിക്കൂടും തരുണികളുടേ ചാപലപ്രൗഢി കണ്ടു്,
മുക്തജ്യോത്സ് നാസ്മിതരുചികരാഗ്രേണ ചമ്മാത്തു കാട്ടി
ത്തെറ്റെന്റോടിക്കുളുര്‍മതി കളിച്ചംബരേ താവുമേടം.ˮ (12)
==അനന്തപുരവര്‍ണ്ണനം==
ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തില്‍ അജ്ഞാതനാമാവായ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണു് അനന്തപുരവര്‍ണ്ണനം. തിരുവനന്തപുരം നഗരമാണു് വര്‍ണ്ണനാവിഷയം. കവിത മുഴുവന്‍ കിട്ടീട്ടില്ല. എല്ലാ ശ്ലോകങ്ങളും അനുഷ്ടപുവൃത്തത്തില് ഗ്രഥിതങ്ങളായിരിക്കുന്നു. അവയില്‍ ഒന്നാണു് ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുള്ളതും താഴെക്കാണുന്നതുമായ എട്ടാമത്തേ പദ്യം.
<poem>
ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു
ഇണ്ടമാല[4] തൊടുക്കിന്റേന്‍ പുണ്ഡരീകാക്ഷപൂജയായ്.ˮ
പണ്ടത്തെ മണിപ്രവാളകവികള്‍ മഹര്‍ഷിമാര്‍ മാനിച്ചിട്ടുള്ള പ്രസ്തുതവൃത്തത്തില്‍ കവനംചെയ്യുന്നതിനു പ്രത്യേകമായ പ്രാഗല്ഭ്യം സമ്പാദിച്ചിരുന്നു. ഈ കൃതിയില്‍നിന്നു ചില ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു.
1. ദേവതാപ്രാര്‍ത്ഥന:-
ʻʻഹരയേ നമഃനിന്നോമല്‍ച്ചരണങ്ങളിരണ്ടിനും
ശരണാഗതനാകിന്റേന്‍ കരുണാകര, നിത്യമായ് (1)
മോക്ഷാര്‍ത്ഥമായിരിപ്പോരു ദീക്ഷ പൂകിന്റതുണ്ടു ഞാന്‍;
രക്ഷിക്കവേണ്ടുമെന്റേക്കും; നിക്ഷേപമയമഞ്ജലിഃ. (2)
അനന്തപുരമെന്റിത്ഥമാനന്ദം കവിയായിതു;
സ്തോത്രാമൃതരസംകൊണ്ടെന്‍ ശ്രോത്രപാത്രം നിറയ്പിതു. (3)
അതിന്നു തുണയാമാറു പതിയാക ഗജാനനന്‍;
ഭക്ഷിക്ക പയറെള്ളപ്പമിക്ഷു ചക്ക വിരിപ്പവില്‍. (4)
കുംഭം പുസ്തകവും സാക്ഷാല്‍ സംഭരിക്കിന്റ മുദ്രയും
പിടിച്ചുവന്നെന്‍ നാവിന്മേല് കുടിപൂക സരസ്വതി. (5)
നാരായണനുവക്കിന്റ[5] മാരവൈരി മഹേശ്വരന്
ഉമയാ സഹ മച്ചിത്തേ രമിക്ക നിജവേശ്മനി. (6)
ചരിതം പല ചൊല്ലിന്റേന്‍ ചരതിച്ചൊരു ഗദ്യമായ്[6]
പണിയില്ലയെനക്കേതും തുണ ശങ്കരനാകയാല്‍. (7)
അഹോ! നിന്കീര്ത്തിയാകിന്റ മഹാവെള്ളത്തില്‍ നിന്റൊരു
കരകാണ്മാനുഴക്കിന്റേന്‍ ഹൃദയത്തിന്നു പോറ്റി, ഞാന്‍. (8)
പറ്റുമുത്സാഹമുണ്ടെന്റാല് മറ്റുമെല്ലാമിതപ്പെടും;
പണ്ടു ഗങ്ഗാനദീതന്നെക്കെണ്ടുപോന്നാന്‍ ഭഗീരഥന്. (9)
ദേവാനാം തലയില്‍പ്പുക്കു കേവലം താനിരിപ്പിതു,
ഉത്താനപാദപുത്രോപി ഭക്തനാക നിമിത്തമാം. (10)
ഞാനുമവ്വണ്ണമേ നിന്നെ മാനിച്ചടി വണങ്കിനാല്‍
അകമേ തോന്റുമത്യന്തം പുകഴും പരിചാദരാല്‍. (11)
പത്തു യോജനനീളത്തില്‍ പത്തു ദിക്കും നിറൈന്തതു
തിരുമേനി വലംവയ്പാനരുതെന്റു മയാശ്രുതം.ˮ (12)
2. തിരുവനന്തപുരം:-
ശ്രീപാദതീര്‍ത്ഥമാടിപ്പോയ് ശ്രീതീര്‍ത്ഥം തത്ര കാണലാം
ശ്രീകണ്ടേശ്വരമെന്റുള്ള ശ്രീകൈലാസമനന്തരം. (13)
കുമ്പിടാമരനെച്ചെന്റു തമ്പിരാനെപ്പുരാരിയെ
ആറുമമ്പിളിയും ചൂടി നീറും പൂശിന മായനെ. (14)
സാമവേദങ്ങളും കേട്ടു പോയ് മഹാദേവപുത്രനെ
അയ്യനെ ബ്ഭക്തകള്‍ക്കെല്ലാം മെയ്യനെപ്പോയമേയനെ; (15)
കണ്ടന് പണ്ടു ജനിപ്പിച്ച പുണ്ഡരീകാക്ഷപുത്രനെ
നായാട വല്ലും ചേകോനെക്കായാമ്പൂമേനിവര്‍ണ്ണനെ; (16)
കോട്ടാകാരമതും കണ്ടാലിഷ്ടമാമ്പാടി കാണലാം
ആമ്പാടിക്കുട്ടനെക്കാണാമോപ്പിക്കണ്ടോരെടുക്കയും (17)
<poem>
വളര്‍ന്ന പശുവിന് പിമ്പേ കളിച്ചു ചില കാളമാര്‍
എറിഞ്ഞു തമ്മിലേ കുത്തിത്തുറന്നു ചിതറിന്റെടം. (18)
പാലുമുണ്ടു കളിച്ചിട്ടു വാലുയര്‍ത്തോരു വീതിയില്‍
പിള്ളയെക്കാണവല്ലാഞ്ഞു തള്ള നിന്റുഴലിന്റെടം. (19)
മരക്കലത്തിന്മേല്‍ വന്ന ചരക്കു പല ജാതിയും
എടുത്തു പപ്പര[7]ക്കൈയര്‍ നടപ്പിതൊരു വീതിയില്‍. (20)
നെല്ലിന്നരിചി താവെന്റു ചൊല്ലിച്ചിലരഴയ്ക്കയും
തേങ്ങാ താ വെറ്റിലെയ്ക്കുന്റും മാങ്ങാ തരുവനെന്‍കയും. (21)
തലയും മുലയും തുള്ളത്തമ്മെത്താമും മറന്നുടന്‍ (22)
മുന്‍പും പിന്‍പും തഥാ കയ്യും മെയ്യും കാട്ടിപ്പകര്‍ന്നുടന്‍
കലര്‍ന്നു പേശി മീന്‍ വില്‍ക്കും ചെറുമിക്കുട്ടവും ക്വചില്‍. (23)
കാന്തിയും ചെല്വമും മിക്ക കാന്തളൂര്‍ചാല കാണലാം
മൂന്റു കോയിലുമെന്മുന്നില്ത്തോന്റും തത്ര മഠങ്ങളും. (24)
പേണിത്തൊഴുതു പോം നേരമണയത്തഗ്രശാലയില്‍
ഊണിന്നു ചെന്റു നില്പോരും നാണിപ്പോകിന്റ ലോകരും. (25)
കണ്ട വേദിയരെല്ലാരുമുണ്ടുദാരിച്ചു ഭദ്രമായ്
ദുസ്സും പറഞ്ഞിട്ടന്യോന്യം മുസ്രോളിപ്പു[8]തൊരിത്തിരി. (26)
ഇങ്ങനെയാണു് ആ കാവ്യത്തിന്റെ ഗതി. തിരുവനന്തപുരത്തെ തീര്‍ത്ഥങ്ങള്‍, അങ്ങാടി, വിഷ്ണുവിന്റെ ദശാവതാരങ്ങള്‍ മുതലായവയെപ്പറ്റിയുള്ള ചിത്രണം ഏറ്റവും സമുജ്ജ്വലമായിരിക്കുന്നു.
ʻʻതലയും മുലയും തള്ളത്തമ്മെത്താമും മറന്നുടന്‍
മുന്‍പും പിന്‍പും തഥാ കയ്യും മെയ്യും കാട്ടിപ്പകര്‍ന്നുടന്‍
കലര്‍ന്നുപേശി മീന്‍ വില്‍ക്കും ചെറുമിക്കൂട്ടവും ക്വചില്‍ˮ
എന്നും മറ്റും സ്വഭാവോക്തിസുന്ദരമായി കവനം ചെയ്യുവാന്‍ ഒരു അനുഗൃഹീതകവിക്കല്ലാതെ സാധിക്കുന്നതല്ല. മയാ ശ്രുതം എന്നും മറ്റും പറയുന്നതില്‍നിന്നു കവി തിരുവനന്തപുരത്തുകാരനല്ലെന്നും, ʻദുസ്സ്ʼ ʻമുസ്രോളിപ്പ്ʼ മുതലായ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നതില്‍നിന്നു് ഒരു നമ്പൂരിയാണെന്നും മനസ്സിലാക്കാം.
ചെറിയച്ചീവര്‍ണ്ണനം
ഈ ലഘുകാവ്യത്തില്‍ ഒരു വിരഹിക്കു ചന്ദ്രോദയത്തിലുണ്ടാകുന്ന വികാരങ്ങളാണു് ചിത്രീകരിച്ചിട്ടുള്ളതു്. ʻഅച്ചിʼയുടെ മകളായ ഉദയപുരത്തെ ʻചെറിയച്ചിʼയാണു് നായിക. മാലിനീവൃത്തത്തില്‍ നിബന്ധിച്ചിട്ടുള്ള മുപ്പതോളം ശ്ലോകങ്ങള്‍ പ്രസ്തുതകൃതിയില്‍ അടങ്ങിയിരിക്കുന്നു. ഓരോ ശ്ലോകത്തിലും നായികയുടെ പേര് സമഞ്ജസമായി കവി ഘടിപ്പിച്ചിട്ടുണ്ടു്. ശബ്ദസൗഷ്ഠവത്തിനും അര്‍ത്ഥ സൗഭഗത്തിനും നൃത്തരങ്ഗമല്ലാത്ത ഒറ്റ ശ്ലോകംപോലും അതില്‍ കാണ്മാനില്ല. ചുവടേ ചേര്‍ക്കുന്ന ഇതിലേ നാലു ശ്ലോകങ്ങള്‍ ലീലാതിലകത്തില്‍ ഉദ്ധരിച്ചുകാണുന്നു.
ʻʻപ്രിയസഖി ചെറിയച്ചീവിപ്രയോഗജ്വരാര്‍ത്തം
കുറവുയിരപി തീര്‍പ്പാന്‍ നൂനമിന്ദുച്ഛലേന
മദനനുദയശൈലപ്പള്ളിവില്ലില്‍ത്തൊടുത്താന്‍
പഥികരുധിരധാരാപാടലം പള്ളിയമ്പു്.ˮ (1)
ʻʻഉദയപുരവിലാസോത്തംസമച്ചീസുതായാ
ഭവനമവനിസാരം കാണ്മുതെന്റാസ്ഥയേവ
ഉദയഗിരിശിഖാഗ്രാല്‍പ്പാദമൊട്ടേറെ വച്ചി-
ട്ടരിയരി ഗഗനം ചേര്‍ന്നേറിനാനേഷ ചന്ദ്രഃˮ (2)
ʻʻനിജമുകുളപുടംകൊണ്ടഞ്ജലിം കല്പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോറ്റു്
കമലമടിമ പൂകക്കണ്ടു വിങ്ങിച്ചിരിച്ച-
ങ്ങളികുലകളനാദൈരാര്‍ത്തിതാമ്പല്‍പ്രസൂനം.ˮ (3)
ʻʻകുറളയുളര്‍ പറഞ്ഞോര് ചാലവും കോപതാമ്രം
മുഖമിതി കൃതമൗനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴ് ത്തേ-
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം.ˮ (4)
മറ്റുചില ശ്ലോകങ്ങള്‍കൂടി കുറിക്കുന്നു.
ʻʻപെരിയതൊരനുരാഗംകൊണ്ടു മാനത്തു മെയ്തൂ-
ര്‍ന്നുടനനുഗതസന്ധ്യാമാത്രതോഴീസമേതാ
തരുണശശിനമേഷാ യാമിനീകാമിനീ വ-
ന്നഭിസരതി സഖേ, മാമച്ചിതന്‍നന്ദനേവ.ˮ (1)
ʻʻജയതി മദനമാഹാരാജ്യസര്‍വാധികാരീ-
മുടിമണിരുദയാദ്രേരാത്രിയാമാമണാളഃ
അനുനയവിഷമാമ്മറ്റാര്‍ക്കുമച്ചീസുതാമെന്‍
വപുഷി വിഗതരോഷം വീഴ്ത്തുവാനെന്റെപോലെ.ˮ (2)
ʻʻഉഡുനികരമെഴുത്തായ്,പ്പത്രമായ് മാന, മൊപ്പായ്
മുഴുമതി മദനന്‍നീട്ടിങ്ങു സന്ധ്യോപനീതം
അയി, ബത! ചെറിയച്ചീ! കാണ്മിതസ്യാം രജന്യാം
തവ വിരഹിണമെന്നത്ത്വനി! കൊല്കെന്റപോലെ.ˮ (3)
ʻʻപരിചുപട[9]നിരത്തിപ്പശ്ചിമാശച്ചുവപ്പാം
പുതിയ തളിരതിന്മേല്‍ വെണ്ണിലാപ്പൂവു തൂകി
രചയതി ചെറിയച്ചീവിപ്രയോഃഗാചിതമ്മേ
ശയനമിവ ശശാങ്കശ്ശര്‍വരീപൂര്‍വയാമം.ˮ (4)
ʻʻരവിരമണവിയോഗേ രാത്രിയാകിന്റ ധാത്രീ
വികിരതി പനിനീരും ചന്ദ്രികാചന്ദനം ച;
പുനരപി ന വിബുദ്ധാം പത്മിനീം കണ്ടവാറേ
മമ ബത! ചെറിയച്ചീവാര്‍ത്തയില്‍പ്പേടിയുണ്ടു്.ˮ (5)
ʻʻഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പില്‍;
പരമപി രവിബിംബം ചെന്റിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകില്‍ക്കുങ്കുമാര്‍ദ്രം
കുചയുഗമുപരിക്കാം നൂനമച്ചീസുതായാഃ.ˮ (6)
ʻʻചരതി കൊതികൊളുത്തിപ്പത്രിണാം മുന്നില്‍ മല്ല-
പ്പൊടിയില്‍ മുടിയമിഴ്ത്തിപ്പൊന്‍നിറംകൊണ്ട ദൃങ്ഗഃ;
ഉദയനഗരിയൂനാം ചിത്തമുല്‍ക്കണ്ഠയന്‍ പ-
ണ്ടഹമിവ ചെറിയച്ചീമഞ്ഞള് മെയ്പ്പൂച്ചണിഞ്ഞു്ˮ (7)
ʻʻപരിഹസതി തുഷാരശ്രേണി വെണ്മുത്തണിഞ്ഞ-
ത്തിമിരനിചയമെന്നും മാന്തളിര്‍പ്പട്ടു ചാര്‍ത്തി,
കമലമുകുളമന്തിക്കാറ്റിലാടിന്റവാറൊ-
ട്ടഴകുതു കുചലീലാനാട്യമച്ചീസുതായാഃˮ (8)
ʻʻമമ ബത! മതിസീതാമച്ചിപുത്രീവിയോഗ-
വ്യസനജലധിമധ്യേ കൊണ്ടുപോയ് വച്ചുകൊണ്ടു്
തെളുതെളെ വിലസിച്ചച്ചന്ദ്രനാം ചന്ദ്രഹാസം
കുസുമശരദശാസ്യഃ കൊല്വനെന്റഭ്യുപൈതി.ˮ (9)
ʻʻവിലസതി ചെറിയച്ചീം കാന്തിരാജ്യാധിപത്യേ
മനസിജനഭിഷേക്തും നൂനമാഡംബരേണ
ശശിശകലസനാഥേ ശാരദവ്യോമനീല-
ത്തറനടുവിലിടിന്റത്താരകാമുത്തുപന്തല്.ˮ (10)
ʻʻതൊഴുതിഹ വിടകൊള്‍വാന്‍ തന്‍കരം കൂപ്പിനില്ക്കി-
ന്റഹിമകരനെ നോക്കിത്താമരപ്പൊയ്ക പിന്നെ
മധുകരമറുമാറ്റം വാ തുറന്നൊര്ന്നു മിണ്ടീ-
ലപഗതരുചിരസ്മാനച്ചിതന്‍നന്ദനേവ.ˮ (11)
ʻʻമദനവിജയകീര്‍ത്തിം മല്‍കൃതേ പാടുവാനെ-
ന്റഹിമകിരണചന്ദ്രൗ താളമാമാറുകൊണ്ടു്
അതിവിമലമവറ്റാലൊന്റുയര്ത്തൊന്റു താഴ്ത്തീ-
ട്ടഹമിഹ ചെറിയച്ചീ നൂനമേഷ പ്രദോഷഃ.ˮ (12)
ʻʻഅണയുമപരസന്ധ്യാരാഗമെയ്മഞ്ഞള്‍ കൊണ്ടാല്‍
ദ്രുവമഭിനവകാന്താ രോഹിണീ ചീറുമെന്റു്
അപനയതി നിലാവാകിന്റ മേല്‍ക്കൂറ വാങ്ങീ-
ട്ടഹമിഹ ചെറിയച്ചീകോപഭീരുശ്ശശാങ്കഃ.ˮ (13)
ʻʻഇരുളുമിളനിലാവും കാന്തമന്തിച്ചുവപ്പും
വിരവി വിലസതീദം വ്യോമ നിര്‍വ്യാജരമ്യം
കുരുളിവകുവളപ്പൂമല്ലികാചമ്പകാനാ-
മിടവിരവിന മാലാകാരമച്ചീസുതായാഃ.ˮ (14)
ʻʻമധുപമധുരവാചാ വര്പ്പുറുത്തുന്റിതൊന്റില്[10]
ച്ചിതറിന മധുബാഷ്പം മുല്ല കേഴിന്റുതൊന്റില്
ഹസതി കുസുമഹാസൈരൊന്റിലേതാദൃശം മാം
വിരഹിണമിടയിട്ടേ നൂന മച്ചീസുതായാഃ.ˮ (15)
ʻʻഅയമുദയപുരേ ചെന്റച്ചിപുത്രീമണഞ്ഞാന്
കുചകളഭമഴിച്ചാനോമല്‍വക്ത്രം മുകര്‍ന്നാന്‍
ഇദമനുചിതമന്തിത്തെന്നല്‍ ചെയ്യിന്റതിത്ഥം
വദതി പരിമളോ മേ വണ്ടിനത്തിന്‍ വചോഭിഃ.ˮ (16)
ʻʻചലതി ജലധിവീചീകൈത്തലംകൊണ്ടു തട്ടി-
ത്തരളശശിമണിപ്പന്തുല്‍ക്ഷിപന്തീവ സന്ധ്യാ
വിലുളിതമിരുളെന്നും കൂന്തല്‍ വന്നിട്ടു; താരാ-
ശ്രമജലവുമണിഞ്ഞാളച്ചിതന്‍നന്ദനേവ.ˮ (17)
ʻʻകമലവലയമെന്നും തമ്പലം നല്കി നല്കി-
ത്തഴുകി വിരഹകാലേ വല്ലഭം ചക്രവാകീ
ചെറുതിടമിഹ താനേ ചക്ഷുഷാന്വേതി പിന്നെ-
ത്തദനു ച മനസാ മാമച്ചിതന്‍ നന്ദനേവ.ˮ (18)
ʻʻപ്രിയസഖ, ചെറിയച്ചീദേവസേനയ്ക്കു പാങ്ങാ-
യരുണദിതിജസൈന്യം വെന്റ വിഖ്യാതകീര്‍ത്തേഃ
കുസുമശരമുരാരേശ്ശംഖചക്രങ്ങളെന്റേ
കരുതുവനുദയാസ്തവ്യാപൃതൗ ചന്ദ്രസൂര്യൗ.ˮ (19)
ʻʻപ്രിയസഖ, ചെറിയച്ചീമൈഥിലീമൂലമെന്നും
തരുണഹൃദയലങ്കാം ചുട്ട ചന്ദ്രോ ഹനൂമാന്
അപരജലധിമധ്യേ വ്യോമലാങ്ഗുലലഗ്നം
പരിപതതി നിലാവാം തീ കെടുപ്പാനിദാനീം.ˮ (20)
ʻʻപുലരുമിതു മലര്ന്നാലെന്റു മത്വാ മലര്‍ത്തും
മുകുളിതമരവിന്ദം മുഗ്ദ്ധികാ ചക്രവാകീ
മമ ബത കുറിനാളെന്റുള്ള ലീലാരവിന്ദം
മുകളയതി നിശാര്‍ദ്ധം മുറ്റുമച്ചീസുതേവ.ˮ (21)
സ്വയമിഹ മുഖലീലാമച്ചിതന്‍ നന്ദനായാഃ
കുചയുഗമിവ കുമ്പിച്ചെബുജംകൊണ്ടു കാട്ടി
പുനരിഹ വിലഹേസ്മിന് നമ്മെ രക്ഷിച്ച ചന്ദ്രന്
ഗ്രഹണജമപമൃത്യും വിട്ടു നൂറ്റാണ്ടു വാഴ്കക.ˮ (22)
ഇതുപോലെ മല്ലീനിലാവെന്നൊരു നായികയെ ചന്ദ്രോദയവുമായി ഘടിപ്പിച്ചും ചില പദ്യങ്ങളുണ്ടു്.
ʻʻമധുരവിരുതമെന്നും കാഹളം പ്രൗഢി കൈക്കൊ
ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
അധികരുചിരതാരാജാലമുത്തുക്കുടക്കീ-
ഴിത ജയതി മടുത്താര്‍വില്ലി മല്ലീനിലാവേ.ˮ
ഈ മട്ടിലാണു് ആ ചെറിയ കൃതിയുടെ പോര്‍ക്കു്.
മൂന്നു പഴയ ഭാഷാചമ്പുക്കള്‍
ഉണ്ണിയച്ചി ചരിതം
അമോഘരാഘവനാണു് കേരളത്തിലെ പ്രഥമ സംസ്കൃതചമ്പുവെന്നു ഞാന്‍ പ്രസ്താവിച്ചുവല്ലോ. ക്രി.പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിലോ, അഥവാ പതിമ്മൂന്നാം ശതകത്തില്‍ത്തന്നെയോ, മണിപ്രവാളചമ്പുക്കളും ആവിര്‍ഭവിച്ചുതുടങ്ങി. അവയില്‍ (1) ഉണ്ണിയച്ചി എന്നും (2) ഉണ്ണിച്ചിരുതേവി എന്നും രണ്ടു യുവതികളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള രണ്ടു് കൃതികളാണു് പ്രാചീനതമങ്ങളായി പ്രതിഭാസിക്കുന്നതു്. ഉണ്ണിയച്ചിചരിതത്തില്‍ അതിയമാനല്ലൂര്‍ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ ʻʻപണ്ടേയും ഗദ്യപദ്യ പ്രഭൃതിഭിരവിടം വര്‍ണ്ണിതംˮ എന്നു പറഞ്ഞുകാണുന്നു എങ്കിലും ആ ഗദ്യപദ്യങ്ങള്‍ ഒന്നും കണ്ടുകിട്ടീട്ടില്ല. ഈ രണ്ടു ചമ്പുക്കളും, ഇവയ്ക്കുമേല്‍ പ്രസ്താവിക്കുന്ന ഉണ്ണിയാടിചരിതവും, അവയുടെ പൂര്‍ണ്ണരൂപത്തില്‍ ഉപലബ്ധമായിട്ടുമില്ല.
കഥാവസ്തു
വടക്കന്‍ കോട്ടയത്തു് നങ്ങൈപ്പിള്ള (നങ്ങയയ്യ)യുടെ പുത്രിയായി അച്ചിയാര്‍ എന്നൊരു സുന്ദി ജനിച്ചുയ അച്ചിയാരുടെ രണ്ടു പെണ്മക്കളില് അനുജത്തിയായ ഉണ്ണിയച്ചിയാണു് പ്രസ്തുതചമ്പുവിലെ നായിക. ആ മോഹനാങ്ഗിയില്‍ ഒരു ഗന്ധര്‍വനു് ഉളവാകുന്ന അനുരാഗമാണു് അതിലെ വിഷയം. ഗന്ധര്‍വന്റെ സന്ദര്‍ശനകാലത്തു് അച്ചിയാരുടേയും ഉണ്ണിയച്ചിയുടേയും താമസം കോലത്തുനാട്ടില്‍ ഉള്‍പ്പെട്ട അതിയമാനല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു.
കവിത
ശിവക്ഷേത്രംകൊണ്ടു പ്രസിദ്ധമായ തിരുച്ചരള എന്ന ദേശത്തെയാണു് ഉപലബ്ധമായ ഭാഗത്തില്‍ ആദ്യമായി വര്‍ണ്ണിച്ചിട്ടുള്ളതു്. തദനന്തരം അടിക്കീഴ്തുടങ്ങി അവിടെയുള്ള തീര്‍ത്ഥശതത്തെ കവി സ്മരിക്കുകയും പിന്നീടു് ʼതിരുനെല്ലി എന്ന പുണ്യസ്ഥലത്തെ പുകഴ്ത്തുകയും ചെയ്യുന്നു. തിരുനെല്ലി സ്ഥിതിചെയ്യുന്നതു തിരുച്ചരളയ്ക്കു വടക്കാണു്. ആ പുണ്യസ്ഥലത്തിന്റെ വര്‍ണ്ണനമാണു് താഴെക്കാണുന്ന ഗദ്യം.
ʻʻവരമല്ലികാധവള–വരിനെല്ലിളങ്കളമ-
മരി നല്ലവാമളവു–തരുമല്ലല്‍കെട്ടവര്‍കള്‍
തിരുമെല്ലടിപ്രണതി–പരമുല്ലസല്‍പ്പെരുമ
ചിരമല്ലിലും പകലു–മുരുകല്ലില്‍ വീണ്ണുപരി
പരിവേല്ലിതാംബുഗതി–ഗിരികുല്യതീര്‍ത്ഥനദി
തിരതല്ലി വിട്ടഖില–നരവല്ലിടര്‍ക്കൊടുമ
വരവല്ലിപോലിനിയ–തരുവല്ലിമേലുദിത-
വിരിവല്ലിതന്മലരി–ലൊരുകൊല്ലി [11] പാടുമളി
കരനെല്ലിയൊത്ത പൊരു–ളുരുവല്ല നല്ലവരി-
ലുരകല്ലില്‍ നല്‍ശ്രുതിഷു–ഹരിതുല്യയോഗിനിര
മരുവില്ലമായപുല–മരുമല്ലരെപ്പൊരുതു
സുരമല്ലചിത്തഗത–ഗുരുശല്യകംസനവ-
നുരുവില്ലിയാകിയരുള്‍–പെരുചില്ലിവില്ലിയലു-
മിരുള്‍വില്ലിമാതര്‍മണി–തിരുവല്ലഭന്‍ മഹിത-
തിരുനെല്ലികൂലമമര്‍–പുരവില്ലിയോടുസഹ
ദരഫുല്ലപത്മധരഃകരപല്ലവസ്ഫുരിത-
മുരവെല്ലിമേവിമികു–തിരുനെല്ലിയത്ര ഖലു.ˮ
തിരുനെല്ലിയുടെ വടക്കു് ഒരു സുബ്രഹ്മണ്യക്ഷേത്രവും കിഴക്കു് ʻʻനെടുങ്ങുന്റായ ദുര്‍ഗ്ഗാലയവുംˮ സ്ഥിതിചെയ്യുന്നു. അനന്തരം അതിനു സമീപമുള്ള തിരുമരുതൂര്‍ എന്ന സ്ഥലത്തിന്റെ വിവരണമാണു് കാണുന്നതു്.
ഗദ്യം.
ʻʻതസ്മിന് വിസ്മയനീയേ ദേശേ കസ്മിന്നപിച വിരാജതിമേന്മേ-
ലളകേവ സ്വയമമ്പിളി ചൂടിന്റപ്പന്കോയില്ക്കുന്റുവിഭൂഷാ;
ലങ്കേവാതുരരക്ഷോദാരാ ഭോഗവതീവ ഭുജങ്ഗനിഷേവ്യാ;
ഗുപ്തമനോഹര നന്ദനനമാന്യാ കേവലമമരാവതിയേപ്പോലെ
കൊല്ലവിഭൂതിം കൊല്ലം വിഭവാ...
നൂറുമടങ്ങു കൊടുങ്ങോളുരിലുമേറെ വിളങ്ങിന പണ്ടുപയതാ;
കുണവായ്ക്കുണമപി കുണപം ദധതീ വള്ളുവനഗരപ്പള്ളി ജയന്തി;
പുതുവീടിന്പുകഴ് വീഴ്ത്തിന ശോഭാമന്ദീകൃതമങ്ഗലപുര-മഹിമാ;
ദോരസമുദ്രം നീരസമുദ്രം കുര്‍വാണാപിച മുറ്റും ജഗതി;
...ളൈമാറ്റിന സമ്പദ്ധര്‍മ്മത്തിന്നിഹ നിര്‍മ്മിതമില്ലം;
കാമാര്‍ത്ഥസുഖം കാമ്പോടിവേടം...
മുക്കണ്‍മൂര്‍ത്തികളുരുവുകയാലപി മുക്തിരസസ്യ ച മുറ്റിന മൂലം
കോട്ടംവിട്ട മഹീപാലാനാം കോട്ടവിശിഷ്ടം; വാണീയകക്ഷ്മീ-
വാണീകവിതാതാവളമാമളതാമെന്റുള്ള വിദഗ്ദ്ധജനാനാം
ഇരുമരുതിന്‍നടുവേ പോമെന്മാന്‍ തിരുമാര്‍വിടമിവ...
പൊരുമുരു തുങ്ഗലസന്മാടാഢ്യാ തിരുമരുതൂരിതി കാചന നഗരീ.ˮ
പദ്യം.
ʻʻഅരുമ പെരുതു വര്‍ണ്ണനേ ചതുര്‍ണ്ണാം
പരുമരുതഃ (?) പഠതാം വിധേര്‍മ്മുഖാനാം
പെരുമപുകഴ്ക(ള്‍) പേയ്പ്പെടും; തദാസ്കാം;
തിരുമരുതൂര്‍ തിലകക്രിയാ പുരീണാം.ˮ
അതിനുമേല്‍ അവിടത്തെ ചിറയെ വര്‍ണ്ണിക്കുന്നു.
ʻʻശിവപേരൂരിവ ശൈവലസദ്ദ്യുതിˮ ʻʻമലനാടിന്റിവരുചിരമഹോദംˮ എന്നും മറ്റുമുള്ള ശ്ലേഷോക്തികള്‍ കൊണ്ടു മാത്രമല്ല,
ʻʻപതറിന പര(ല്‍)നിരവിചലിതനാളം; കതറിന മധുകരമുഖരിതകമലം;
ചിതറിന കതിപയമധുകണകപിലം; കളകളമിളകിന വളയൊലി വിരവില്‍-
ത്തളിരിളമൃദുകരകൃതതുടിതരളം; കുളിചെയ്യുമൊളികിളര്‍ കിളികളമൊഴിമാര്‍
കുളിരിളവളര്‍മുലയകില്‍പരിമിളിതംˮ
എന്നും മറ്റുമുള്ള സ്വഭാവോക്തികള്‍കൊണ്ടും, ആ വര്‍ണ്ണനം രമണീയമായിരിക്കുന്നു.
പദ്യം:
ʻʻഅത്യുക്തിയാകിലുമളീകമിതെന്റു കണ്ടോര്
ചൊല്ലീടിലും കിമപി ചൊല്ലുവനുള്ളവണ്ണം;
അമ്മാടമും ചിറയുമപ്പരിശന്റുമിന്റും
മേലും ചമയ്ക്കരുതു മേലമര്‍വോര്‍ക്കുപോലും.ˮ
എന്നു് ആ ഭാഗം ഉപസംഹരിച്ചുകൊണ്ടു കവി കഥാനായകനായ ഗന്ധര്‍വനെ അവതരിപ്പിക്കുന്നു.
ഗദ്യം: ʻʻതത്ര സമ്പന്നിധൗ തുമ്പയണ്‍പും ചിടൈത്തമ്പിരാന്‍ കോയിലില്‍ക്കുമ്പഞായിറ്റുനല്ലട്ടമീവേലയാ കമ്പിതാശേഷലോകത്രയാഡംബരേ; പാമ്പണിഞ്ഞപ്പനോടുള്ള വൈരം പരം മീള്വിതെന്റിട്ടൊരുമ്പട്ട പൂവമ്പനോടേ വസന്തം വരുമ്പോഴ് വരുമ്പോടു പാട്ടെന്നുമിമ്പക്കുയില്‍പ്പാട്ടിനാലാകുലേ;.. കശ്ചിദാശ്ചര്യദേവോത്സവ പ്രേക്ഷകഃ സര്‍വഗന്ധര്‍വയൂനാം വരഃ, കാമസമ്മോഹനാസ്ത്രാന്തരം കാമിനീമച്ചിയാരാത്മജാം... ഉണ്ണിയച്ചീമധീരേക്ഷണാമൈക്ഷത.ˮ
പദ്യം.
ʻʻകണ്ടിട്ടേനാം കലിതപുളകാനന്ദകൗതുഹലാത്മാ
മര്‍ത്ത്യോ ഭൂത്വാ നിജചലദൃശാം മറ്റു വാര്‍ത്താം മറന്നു്
കീഴ്പ്പാടാനാന്‍ കിളികളരവാം കേട്ടു പട്ടാങ്ങുപൈതും
ഗന്ധര്‍വോസൗ ഗളിതഹൃദയോ ഗന്ധവാഹസ്യമാര്‍ഗ്ഗാല്‍.ˮ
അങ്ങനെ ഉണ്ണിയച്ചിയാല്‍ ആകൃഷ്ടനായി വായൂമാര്ഗ്ഗത്തില് നിന്നിറങ്ങിയ ഗന്ധര്വന് അതാരെന്നു തിരക്കുന്ന അവസരത്തില്‍ ഒരു ചാത്രന്‍ (ചാത്തിരനമ്പൂരി) ആ നായികയുടെ പൂര്‍വചരിത്രം അദ്ദേഹത്തെ അറിയിച്ചു. ശ്രീപരമേശ്വരനെ വന്ദിച്ചിട്ടു ഗന്ധര്വന് ആ ചാത്രനോടുകൂടി അവളുടെ ഗൃഹത്തിലേക്കുപോയി. വഴിക്കു് ഒരങ്ങാടിയേ വര്‍ണ്ണിച്ചുകൊണ്ടു കവി ആ നായകനെ നായികയുടെ ഗൃഹത്തിലെത്തിക്കുന്നു. ʻʻമലയാളരുടന്‍ ചോഴിയരാരിയര്‍ കരുനാടകകുടശാദികള്‍ പേശും വാണിയഭാഷാഭൂഷിതˮ മായിരുന്നു ആ അങ്ങാടി. ഗൃഹത്തിലേ വിവിധവിഭവങ്ങളെ വിസ്തരിക്കുന്നതിലും അവിടെത്തിങ്ങിക്കൂടിയിരിക്കുന്ന വൈദ്യന്മാര്, ജ്യോത്സ്യന്മാര്, മുതലായവരെ അവഹേളനം ചെയ്യുന്നതിലും ഗ്രന്ഥകാരനു് അലംഭാവമുണ്ടാകുന്നില്ല.
പദ്യം.
ʻʻസഭ്യോക്തിജാള്യയുതസംസ്കൃതശബ്ദസഭ്യ-
പ്പാട്ടിന്നു പാടിവചവീട്ടില്‍ വിരഞ്ഞുവന്ന്
ചാത്രാഃ സ്വയം ചപലമായ് ചിലര്‍ പേചുമാറു
കേട്ടാ(നവന് കി) മിദമെന്റു കുരൂഹലേനˮ
ʻʻവാളങ്കവാശിമുഖരാന്മുഹരുണ്ണിയച്ചി
കേള്‍പ്പാനുടന്‍ കിമപി ചിത്തവിലോഭനായ
പൈശാചികം പരിശു പേശുവതോ ഭടേന്ദ്രാന്‍
കേട്ടാനുടന്‍ കിമിതി സസ്മിതവിസ്മിതാസ്യഃˮ
എന്നീ ശ്ലോകങ്ങള്‍ ആ ഘട്ടത്തില്‍ കാണുന്നു. ഗൃഹവര്‍ണ്ണനം കണ്ടുകിട്ടീട്ടുള്ള ഭാഗത്തില്‍ അവസാനിക്കുന്നില്ല.
ഒടുവില്‍ വടക്കന്‍കോട്ടയത്തുള്ള പഴഞ്ചേരി ഭദ്രകാളിയെപ്പറ്റി ഒരു സ്തോത്രം ഏട്ടില്‍ ഉണ്ടെങ്കിലും അതു ചമ്പുവില്‍ അന്തര്‍ഭൂതമാണെന്നു തോന്നുന്നില്ല. ഒരു ഗദ്യവും ഒരു പദ്യവും അടങ്ങിയതാണു് ആ സ്തോത്രം. പദ്യംമാത്രം ചുവടേ ഉദ്ധരിക്കുന്നു.
ʻʻനന്റും തൂയതൊഴിന്റക്കനലുരുശിഖയാ നാക്കിഴൈക്കിന്റ കോല-
ച്ചൂലത്താലും ചുരുങ്ങാതസുരതനുഗളല്ച്ചേരികൊണ്ടാപിബന്തീ
മൗലീന്ദോരിറ്റുവീഴിന്റവിരളസുധയാ മന്ദയുദ്ധശ്രമാസൗ
പഞ്ചേഷുദ്വേഷിപുത്രീ ചിരമവതു പഴഞ്ചേരിചേര്‍ന്നമ്മ നമ്മെ.ˮ
ഉണ്ണിയച്ചിചരിതത്തിലേയും മറ്റും ഭാഷ
രാമചരിതത്തില്‍ ദ്രാവിഡശബ്ദങ്ങളും ദ്രാവിഡരീതിയിലുള്ള വ്യാകരണ പ്രയോഗങ്ങളും അധികമായി കാണുന്നതിനുള്ള കാരണം ദേശഭേദമാണെന്നു ചിലര്‍ ഉപരിപ്ലവമായി വാദിക്കാറുണ്ടു്. അവര്‍ക്കു് അന്നത്തെ ഗ്രന്ഥോപയോഗിയായ മലയാളഭാഷയുടെ യഥാര്‍ത്ഥരൂപമെന്തെന്നു മനസ്സിലാക്കാന്‍ ഉണ്ണിയച്ചിചരിതം തുടങ്ങിയ പ്രാചീന ചമ്പുക്കള്‍ പ്രത്യേകം പ്രയോജകീഭവിക്കേണ്ടതാണു്. ചൂലാറ്റല്ല് (ചൂലാല് തല്ല്) മുതലായ സന്ധികള്‍ക്കു് ഉണ്ണിയച്ചിചരിതത്തില്‍ പ്രവേശമുണ്ടു്. ʻʻവേണാട്ടിടകളുമോണത്തിന്നാള് നെയ്തരുംˮ എന്നും ʻʻകോലത്തടി കളുമനുസരണയ്ക്കായ്ˮ നില്‍ക്കുമെന്നും മറ്റും വൈദ്യന്മാര് വമ്പുപറയുന്നതില്‍നിന്നും ദേശചരിത്രസംബന്ധമായും പല സങ്ഗതികള്‍ ഗ്രഹിക്കുന്നതിനു് പ്രസ്തുതകൃതി പഴുതു നല്കുന്നു. ഹോയ് സലരാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം മഹമ്മദീയരുടെ ആക്രമണംനിമിത്തം നാമാവശേഷമായതു ക്രി.പി. 1346-ല്‍ ആണു്. അതുകൊണ്ടു് അതിനു മുന്‍പായിരിക്കണം പ്രസ്തുതകൃതിയുടെ പ്രാദുര്ഭാവം എന്നുള്ളതില്‍ പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല. പ്രണേതാവിന്റെ നാമധേയം അവിജ്ഞാതമായിരിക്കുന്നു.
ഉണ്ണിച്ചിരുതേവിചരിതം
വിഷയം
ഈ ചമ്പുവും ആരുടെ കൃതിയെന്നറിയുന്നില്ല. ഉണ്ണിയ (നങ്ങയയ്യ) പ്പിള്ളയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയാണു് ഇതിലേ നായിക. ചോകിര (ചൊവ്വര) ഗ്രാമത്തില്‍പ്പെട്ട പൊയിലം എന്ന സ്ഥലത്തുള്ള വായ്പള്ളി എന്ന തറവാട്ടാണു് അവരുടെ ഗൃഹം. ഉണ്ണിച്ചിരുതേവിയില്‍ ദേവേന്ദ്രന് അനുരക്തനായിച്ചമയുകയും ആ സുന്ദരിയെ സന്ദര്‍ശിക്കുവാന്‍ ഭൂമിയില്‍വന്നു് ആ ഗൃഹത്തിലെ ഓരോ വിശേഷങ്ങള്‍ കാണുകയും ചെയ്യുന്നു. അതോടുകൂടി ഗ്രന്ഥം മുറിഞ്ഞുപോയിരിക്കുന്നു.
വിവരണം:– ചമ്പു ഇങ്ങനെ ആരംഭിക്കുന്നു.
പദ്യം.
ʻʻവെള്ളം(ള്ളൈ കപാലമപി വെണ്മഴുവക്ഷമാലാം
ചൂലം പിടിച്ചരവു ചുറ്റിന കണ്ഠദേശം
ആറോടു നീറുമണിയും വപുരാറെഴുത്തിന്‍
മൂലം മുദേസ്തു മമ മുഗ്ദ്ധശശാങ്കമൗലേഃ.
വിഘ്നോവിഘ്നപ്രശാന്തിം പ്രദിശതു പൊയില-
ത്തുണ്ണിയപ്പിള്ളപുത്രീം
വര്ണ്ണപ്പാന് വല്ലതാകെന്റിത മമ തൊഴുക-
യ്യിന്റു വാഗ്ദേവതായാഃ;
അച്ചംകെട്ടിന്നുമച്ചന്‍ മുഖജനിതമഹാ-
കാവ്യചന്ദ്രോദയേസ്മിന്
ഗദ്യം ഖദ്യോതകല്പം ഗളിതരുചി തുട-
ങ്ങിന്റെനക്കേ നമോസ്തു.ˮ
ഏത് അച്ചനാണു് ഈ വിഷയത്തെ അധികരിച്ചു് ഒരു കാവ്യമുണ്ടാക്കിയതു് എന്നറിഞ്ഞുകൂട. ആ കാവ്യത്തെ ചമ്പൂകാരന്‍ ഉപജിവിക്കുന്നതായി വിചാരിക്കാം. ഒരു ആര്യാവൃത്തശ്ലോകമൊഴിച്ചാല്‍ ശേഷമെല്ലാം ഗദ്യരൂപത്തിലാണു് ഉപലബ്ധമായ ഭാഗത്തില്‍ നിബദ്ധമായിരിക്കുന്നതു്.
ചോകിരഗ്രാമത്തെ കവി ആദ്യമായി വര്‍ണ്ണിക്കുന്നു. ആ ഗ്രാമത്തില്‍ ശാസ്താവിന്റെ ഒരു ക്ഷേത്രമുണ്ടെന്നും അതു് ആതവര്‍മ്മ എന്നൊരു രാജാവു സ്ഥാപിച്ചതാണെന്നും, ആ ഗ്രാമത്തില്‍ (ദക്ഷിണാശിവഃ) തെങ്കൈലനാഥനും നിവസിക്കുന്നുണ്ടെന്നും. (ആഴ്വാഞ്ചേരി–ആഴവാഞ്ചേരി) മനയ്ക്കലും അതില്‍ അന്തര്‍ഭവിക്കുന്നതാണെന്നും ആ വര്‍ണ്ണനത്തില്‍നിന്നു കാണാവുന്നതാണു്. ആതവര്‍മ്മ എന്ന പേരില്‍ പണ്ടു് അനേകം ചേര രാജാക്കന്മാരുണ്ടായിരുന്നു. പൊയിലത്തിന്റെ വിവരണമാണു് അടിയില്‍ കാണുന്നതു്. പൊയിലം എന്നതു പൊന്നാനിത്താലൂക്കില്‍ നാഗിലശ്ശേരി അംശത്തില്‍ ഉള്ള ഒരു സ്ഥലമാണെന്നു ചിലര്‍ പറയുന്നു. എന്നാല്‍ അവിടെ ഇപ്പോള്‍ ഒരു ശ്രീകൃഷ്ണക്ഷേത്രമാണു് പ്രധാനമായി കാണുന്നതു്.
ʻʻപുതുമലര്‍ക്കാവില്‍ വന്നെഴുമിളങ്കൊടികളും,
കൊടികള്‍ പൂവിതളില്‍ നിന്റുതിരുമപ്പൊടികളും,
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും,
കൊടി നനൈപ്പാന്‍ വരും മൃദുനടുക്കൊടികളും,
മഹിതകര്‍മ്മങ്ങളില്‍പ്പരിഗളന്മടികളും,
(തുംഗമേ)തുരകള്‍മേല്‍ ധാവതഃ കുതിരതന്നടികളും,
വനമുഖേ ചകിതമാന്‍ ഝടിതി പാഞ്ഞൊടികളും,
നദികളില്‍ക്കുളിവിധൌ കൃതവധൂതുടികളും,
നളിനിയില്‍ക്കുളിചെയ്യും നളിനമും പിടികളും,
വിഫലസൂകരമഹാമുരടര്‍ കൈത്തടികളും,
പിടരില്നന്മുടികളും പെരുക നല്ലടികളും,
നടികളും കുടികൊള്ളും പൊയിലമെന്റുണ്ടു തത്രൈവഭാഗേ.ˮ
അവിടത്തേ ചോമാതിരിമാരെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നു. പോയിലത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റേയും വായ്പള്ളിയെന്ന ʻനടീമന്ദിരʼത്തിന്റേയും വര്‍ണ്ണനമാണു് അടുത്ത ഭാഗം. മന്ദിരത്തിന്റെ വര്‍ണ്ണനം ദീര്‍ഘംതന്നെ. അവിടത്തെ നങ്ങയയ്യ, രായരന്‍ എന്ന രാജാവിന്റെ പ്രണയിനിയാണു്. ʻʻനിത്യരമ്യാ സ്വയം നൃത്തകേളീവിധാനേ വധൂവേഷധാരീ ഗളേ കാളകൂടം കളൈഞ്ഞിട്ടു ഗീതാമൃതം വച്ചുകൊണ്ടോരു മുക്കണ് പിരാനെന്റു തോന്റിക്കവല്ലം ഗുണാലങ്കൃതാരൂപശീലാധികാരായരപ്രേയസീ പൊങ്ങിയെങ്ങും വിളങ്ങിന്റ കീര്‍ത്തിശ്രിയാശോഭിനീ പങ്ങിമിക്കുജ്ജ്വലാ നങ്ങയയ്യേതി കാചിന്നടീ നായകാˮ എന്ന കവിപ്രശംസയ്ക്കു് ആ സ്ത്രീരത്നം പാത്രീഭവിയ്ക്കുന്നു.
നങ്ങയയ്യയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയെ പുകഴ്ത്തുന്നതിനു വാല്മീകിക്കുപോലും സാധിക്കുകയില്ലെന്നു് ഉപക്രമിച്ചുകൊണ്ടു് തദനന്തരം കവി ആ കൃത്യം യഥാവിധി അനുഷ്ഠിക്കുന്നു.
ചെന്താമരമലര്‍ ചേവിടിയെന്റാല്
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ
പുറവടി നളിനപ്പുറവിതളെന്റാല്‍
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാല്‍
കേകിഗളങ്ങള്‍ പലാതികള്‍ കേഴും;
തൂയമണിത്തൂണ്‍ ഇടയിതുമെന്റാല്
തുടവിയ കതളികള്‍ തുവപിടിയാതോ?
മങ്ഗലമലകു മണത്തിടിലെന്റാല്‍
മദനന്‍തേര്‍ത്തട്ടരിയപ്പടുമ-
ങ്ങരയാലിലയെന്റുദരം ചൊന്നാ-
ലരിയോ! കൈത്തലമെന്തു നിനയ്പ്പൂ?
എന്നു് ആ പാദാദികേശാന്തവര്‍ണ്ണനം അത്യന്തം പുളകപ്രദമായ രീതിയില്‍ പുരോഗമനം ചെയ്യുന്നു. അക്കഥയെല്ലാം തന്റെ വയസ്യന്‍മുഖേന ദേവേന്ദ്രന് കേട്ടുകാമപരവശനായിത്തീര്ന്നു് ആ നായികയുടെ കോയിലിലേക്കു പുറപ്പെട്ടു. വഴിക്കു് ആനാര്‍ചിറ എന്ന അങ്ങാടിയെ കവി വര്‍ണ്ണിക്കുന്നു. അതിനുമേല്‍ വായ്പള്ളിവീട്ടിന്റേയും അവിടെ നായികയെ സന്ദര്‍ശിക്കുവാന്‍ വരുന്ന ബ്രാഹ്മണാദി ജനങ്ങളുടെയും ചിത്രമാണു് കാണുന്നതു്. കിട്ടിയിടത്തോളമുള്ള ഓലകളില്‍ ആ ചിത്രണം അവസാനിക്കുന്നില്ല.
ചമ്പുവിന്റെ പഴക്കം:– ഉണ്ണിച്ചിരുതേവിചരിതത്തിനും ഉണ്ണിയച്ചിചരിതത്തോളംതന്നെ പഴക്കമുണ്ടെന്നു ഭാഷാരീതി പ്രഖ്യാപനം ചെയ്യുന്നു. ʻʻ...പൊഴിയും മൊഴിപോന്നെഴിന്റ ഘര്‍മ്മജലം; കണ്ണിന്നമൃതമെനക്കിന്റുണ്ണിച്ചിരുതേവി യോമല്മുഖകമലംˮ എന്നൊരു ശ്ലോകം ഇടയ്ക്കുദ്ധരിച്ചു് അതു് ആര്യാവൃത്തത്തില്‍ ഗ്രഥിതമായ മണിപ്രവാളമാണെന്നു ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടു്. ʻʻഅമ്മക്കിളിയെക്കൊണ്ടു പിരാന്മേ-ലമ്മാനപ്പാട്ടുണ്ടാക്കിച്ചേന്‍ˮ എന്നൊരു പങ്ക്തി കാണുന്നതില്‍ നിന്നു് അക്കാലത്തു കവികള്‍ അമ്മാനപ്പാട്ടുണ്ടാക്കിയിരുന്നു എന്നും അതിന്റെ പരിപാടി പക്ഷേ ശുകത്തെക്കൊണ്ടു പാടിക്കുന്ന രീതിയിലായിരുന്നു എന്നും ഊഹിക്കാവുന്നതാണു്.
ഉണ്ണിയാടി ചരിതം
ശിവവിലാസകാരനായ ദാമോദരച്ചാക്കിയാരുടെ കൃതിയായി ഒരു മണിപ്രവാളചമ്പുവുണ്ടെന്നു ഞാന്‍ മുന്‍പു് ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉണ്ണിയാടി ചരിതമെന്നു നാമകരണം ചെയ്യാവുന്ന ആ ചമ്പുവിന്റേയും ഏതാനും നഷ്ടശിഷ്ടങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഉപസംഹാരഭാഗം ഉപലബ്ധമായിട്ടില്ല. ശിവവിലാസത്തില്‍ വര്ണ്ണതനായ കായങ്കുളത്തു കേരളവര്‍മ്മരാജാവിന്റേയും അദ്ദേഹത്തിന്റെ പത്നി ചെറുകര കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയാണു് പ്രസ്തുത കാവ്യത്തിലെ നായിക.
ʻʻമട്ടോലുംമൊഴിയാമുണ്ണിക്കൂട്ടത്തിക്കു കുലശ്രീയം
കണ്ണിന്നമൃതമാം മാനേല്ക്കണ്ണിയാമുണ്ണിയാടിയെ
അന്‍പെഴപ്പുകഴ്വാനിപ്പോളെന്‍പ്രയാസോ വിജൃംഭതേ.ˮ
എന്നു കവി ചീകീര്‍ഷിതപ്രതിജ്ഞ ചെയ്യുന്നു.
വിഷയം:– ദാമോദരച്ചാക്കിയാര്‍ ആദ്യമായി ഉദയപര്‍വതത്തെ വര്‍ണ്ണിച്ചിരിക്കുന്നു. ആ പര്‍വതത്തില്‍ പണ്ടു രണ്ടു ഗന്ധര്‍വകുടുംബങ്ങള്‍ താമസിച്ചിരുന്നു. അവയില്‍ ഒരു കുടുംബത്തില്‍പ്പെട്ട ചിത്രരഥന് എന്ന ഗന്ധര്‍വരാജാവു് ദേവേന്ദ്രന്റെ ബാലമിത്രമായിരുന്നു: അദ്ദേഹത്തിനു മധുരമാലിക എന്ന പത്നിയില്‍ ജനിച്ച ചിത്രാവലി എന്ന സൗന്ദര്യവതിയായ കുമാരിയെ ഇന്ദ്രന് തന്റെ വന്ദിപുത്രനായ വിഭാതനെക്കൊണ്ടു വിവാഹം ചെയ്യിക്കുകയും ആ ദമ്പതിമാര്‍ ഉദയാദ്രിയില്‍ താമസിച്ചു് ആദിത്യചന്ദ്രന്മാരെ ആരാധിക്കണമെന്നു് ആജ്ഞാപിക്കുകയും ചെയ്തു. അവര്‍ക്കു കാലാന്തരത്തില്‍ പ്രഭയെന്നും ഉഷയെന്നും രണ്ടു കന്യകമാര്‍ ഉത്ഭവിക്കുകയും, അവരെക്കൊണ്ടു് ആ കുടുംബം ശാഖോപശാകമായി വര്‍ദ്ധിക്കുകയും ചെയ്തു. പ്രഭയുടെ ശാഖ സൂര്യനേയും ഉഷയുടെ ശാഖ ചന്ദ്രനേയും ഉപാസിക്കണമെന്നു വിഭാതന്‍ ഉപദേശിച്ചു. ആദ്യത്തേ ശാഖ ഉദയപര്‍വതത്തിന്റെ ഉത്തരോപത്യകയില്‍ മണിപിങ്ഗലയെന്നും രണ്ടാമത്തേതു് അതിന്റെ ദക്ഷിണതടത്തില്‍ ഇന്ദിരാവതിയെന്നും ഓരോ നഗരി നിര്‍മ്മിച്ചു് അവിടെ താമസിച്ചു നൃത്തഗീതവാദ്യാദികള്‍കൊണ്ടു് ആദിത്യനേയും ചന്ദ്രനേയും യഥാക്രമം സേവിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞപ്പോള്‍ ഉഷയുടെ ശാഖയില്‍ കലാവതി എന്നൊരു കുമാരി രത്നചൂഡന്‍ എന്ന ഗന്ധര്‍വന്റെ പത്നിയായി, സുവാകന്‍, മഞ്ജുളന്, കോകിലകന്‍, വീണാഘോഷന്‍, ചാരുനാദന്‍, മതിദീപന്‍, മധുപാരന്‍, പുണ്യസ്തുതി, മാങ്ഗലികന്‍, ഭദ്രലോകന്‍ എന്നീപ്പേരുകളില്‍ പത്തു പുത്രന്മാരെ പ്രസവിച്ചു ആ കാലഘട്ടത്തില്‍ത്തന്നെ പ്രഭയുടെ ശാഖയില്‍ ജനിച്ച മണിശേഖരന്‍ എന്ന കുമാരന് കാദംബിനി എന്നൊരു കന്യകയെ പാണിഗ്രഹണം ചെയ്തു ആ സ്ത്രീരത്നത്തില്‍ പ്രാവൃട്ടു് എന്നൊരു പുത്രിയേയും ഉല്പാദിപ്പിച്ചു.
പ്രാവൃട്ടു് ഒരവസരത്തില്‍ സഖികളോടുകൂടി ക്രീഡിക്കുന്നതു സ്ത്രീലമ്പടനായ ചന്ദ്രന് കണ്ടു് അസഹ്യമായ മദനപാരവശ്യം നിമിത്തം ആ സുന്ദരിയുമായി ഒരു മുഹൂര്‍ത്തം രമിക്കുകയും തദനന്തരം ആ കഥയെല്ലാം മറന്നു്. വികാരലാഞ്ഛനങ്ങള്‍ ഗോപനം ചെയ്യാതെ തന്റെ പ്രാണപ്രിയയായ രോഹിണീ ദേവിയുടെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്തു. ആ കാഴ്ചകണ്ടു നടന്ന കഥ മുഴുവന്‍ മനസ്സിലാക്കിയ രോഹിണി പ്രാവട്ടിനെ ʻമനുഷ്യയോനിയില്‍ പോയി ജനിക്കട്ടെʼ എന്നു ശപിക്കുകയും, മണിശേഖരന്റെ പ്രാര്‍ത്ഥനമൂലം അപ്പോഴുള്ള ശരീര സൗന്ദര്യവും നൃത്തഗീതവാദ്യങ്ങളിലും കവനാദികലകളിലുള്ള പാടവവും ഭ്രലോകജാതയായാവും അവളില്‍ തുടര്‍ന്നു പരിലസിക്കുമെന്നും ആയുരന്തത്തില്‍ ഗന്ധര്‍വലോകത്തേക്കു തിരിയെപ്പോരാമെന്നു ശാപമോക്ഷം നല്‍കുകയും തെയ്കു, ആ സംഭവവും ചന്ദ്രന് കാലക്രമത്തില്‍ വിസ്മരിച്ചു.
അനന്തരം രത്നചൂഡന്റെ പത്തു കുമാരന്മാരുടേയും ചരിത്രം കവി വിസ്തരിക്കുന്നു. അവര്‍ ചന്ദ്രന് സഞ്ചരിക്കുന്ന വ്യോമവീഥിയില്‍ നിവസിച്ചു. ആയിടയ്ത്ത് ഒരു ശരല്‍കാലത്തില്‍ ചന്ദ്രന് സുവാകനാല്‍ സേവിതനായി സ്വൈരവിഹാരം ചെയ്യവേ അമൃതനിഷ്യന്ദിയായ ഒരു ഗാനം ഭൂമിയില്‍നിന്നു് ഉണ്ടായതു ചെവിക്കൊണ്ടു് കാമാകുലനായി, സുവാകനേയും മതിദീപനേയും ആ പാട്ടു് ആരുടേതെന്നറിഞ്ഞുവരുവാന്‍ നിയോഗിക്കുകയും അവര്‍ അഞ്ചാമത്തെ ദിവസം തിരിയെച്ചെന്നു തങ്ങള്‍ കണ്ട വിവരങ്ങള്‍ ചന്ദ്രനെ ഗ്രഹിപ്പിക്കുകയും ചെയ്തു. വക്താവു് സുവാകനാണു്. ആ അനുജീവി ആദ്യം ഭൂലോകത്തേയും പിന്നീടു കേരളത്തേയും അവിടെ തൃശ്ശൂരിനേയും മഹോദയപുരത്തേയും, തദനന്തരം പ്രകൃതമനുസരിച്ചു് ഓടനാട്ടിനേയും (കായങ്കുളം)പുളകോല്‍ഗമകരങ്ങളായ വാക്കുകളില്‍ വര്‍ണ്ണിക്കുന്നു. അതില്‍ പിന്നീടു കായങ്കുളത്തു രാജാക്കന്മാരുടെ കുലപുരിയായ കണ്ടിയൂരിനേയും അതിന്റെ ഒരു ഭാഗമായ മറ്റത്തേയും അവിടത്തെ വലിയങ്ങാടിയേയുമാണു് പ്രശംസിക്കുന്നതു്. ഈ ഭാഗത്തില്‍നിന്നു മാതൃക കാണിക്കുവാന്‍ ചില പദ്യങ്ങള്‍ ഉദ്ധരിക്കാം.
ഉദയപര്‍വതം:
ʻʻഎങ്ങും പരന്ന മഹസാ ദിവസാധിപേന
ശൃങ്ഗശ്രിതാ മകുടവാനിവ വാസരാദൗ
പാര്‍ശ്വേന ചാമരവൃതേന വിരാജമാനോ
ഭൂഭൃല്‍പതിത്വമധിതിഷ്ഠതി യശ്ചിരായ.ˮ
ചന്ദ്രന്റെ കാമപാരവശ്യം:
ʻʻപാട്ടഞ്ചിതധ്വനി തദാ പതറാത താളം
വാടാത രാഗമുചിതശ്രുതിസൗകുമാര്യം
കേട്ടാന് കലാപതിരസൗ പരിവര്‍ത്തമാന-
ചേഷ്ചാവിലാസമഴകില്‍പ്പുളകാകുലാങ്ഗഃ.ˮ
ʻʻഅങ്ഗം തനക്കമൃതശീതളമാകിലും ചാ-
ലങ്ഗീചകാര വളരെപ്പരിതാപദൈന്യം;
ത്വങ്ഗത്തരങ്ഗപവമാനമനോഹരേണ
ഗങ്ഗാതടേന ഗഗനേ ഗതിമാചകാംക്ഷേ.ˮ
ʻʻമുല്പാടനല്പവികസല്‍കുസുമാനനാന്തര്‍-
ജ്ജല്പാകഭൃങ്ഗമധുരസ്വരഗീതിയുക്താ
മല്‍പ്രേയസീ കുമുദിനീ ച ന രോചതേ മേ;
കല്പേത കാ ന ഖലു താപവിനോദനായ?ˮ
ʻʻഎപ്പോഴുമെന്നരികില് മേവിന താരകാണാം
ചെപ്പേര്‍മുലത്തടമമര്‍ന്നു പുണര്‍ന്നിരുന്നാല്‍
ഉല്‍പന്നവേദനമെനിയ്ക്കവരോടു വേറി-
ട്ടപ്പാലിരിക്കയിലപേക്ഷ വരിന്റു, തെന്റാം?ˮ
ʻʻഅസ്തി ഹി ഫണിവരമസ്തകലസിതാ
ചുള്ളും നാല്ക്കടലാലുപഗുഢാ;
കുലശൈലാഷ്ടകകീലിതപൃഷ്ഠാ
പനിമലയാലേ ശിശിരിതസുഭഗാ;ˮ
ഇത്യാദി ഭൂലോകവര്‍ണ്ണനഗദ്യവും
ʻʻഅമലജലപൂരിതാ ഹസ്തിനപുരത്തടു-
ത്തമരനദിയെന്റുപോല്ച്ചുണ്ണി[12]മേവിന്റെടം;
തരളവീചീകരൈരൊരു പുറത്തഴകെഴും
തരളജാലങ്ങളാല്‍പ്പരവതൂകിന്റെടംˮ
ഇത്യാദി മഹോദയവര്‍ണ്ണനഗദ്യവും മറ്റും സമഗ്രമായി പ്രദര്ശിപ്പിക്കുവാന് സ്ഥലം പോരാതെയിരിക്കുന്നു. കണ്ടിയൂരിനെ വര്‍ണ്ണിക്കുന്ന ചില പദ്യങ്ങളാണു് താഴെക്കാണുന്നതു്.
ʻʻആഖണ്ഡലപൂരിഗര്‍വഖണ്ഡനം കണ്ടിയൂരിതി
പത്തിലും വിശ്രുതം ദിക്ഷു പത്തനം യത്ര ശോഭതേ.
ഉദ്യാനവീഥ്യാ ലസിതം വിളയാടിന്റവൃക്ഷ[13]യാ,
വിടപേ വിടപാത്തത്തിവിളയാടിന്റ വൃക്ഷയാ;
ലോലംബകുലമഭ്യേത്യ ലോലംബകുലമുച്ചകൈഃ
[14]പാടിന്റമയിലേറിക്കൊമ്പാടിന്റ മയിലാല്‍ വൃതം;
അഹോ വിഭാതി യന്നിത്യം മഹോദയമനോഹരം;
ചാലങ്ങു പശ്ചിമക്ഷോണിപാലപാലിതമാകിലും,
നാകലോകസമം പാര്‍ത്താലരം ഭാസുരമാകിലും,
നാനാരത്നസമാകീര്‍ണ്ണം മുക്താമയമാതാകിലും.ˮ
അങ്ങാടിയുടെ പ്രപഞ്ചനം അത്യന്തം വിവൃതമാണു്. പിന്നീടു കണ്ടിയൂരിനെത്തൊട്ടുള്ള കീര്‍ത്തിപുരമെന്നും നരസിംഹമംഗലമെന്നുമുള്ള രണ്ടു രാജധാനികളെ കവി വര്‍ണ്ണിക്കുന്നു.
ഗദ്യം: ʻʻഇവ്വണ്ണം അതിമനോഹരമാകിയ നഗരോത്തമത്തിന്മധ്യേ സകലാശാമുഖകര്ണ്ണപൂരായമാണകീര്ത്തിസ്തബ കസ്യ, കീര്ത്തിപുരമെന്റും നിഖിലസാമന്തചക്രവര്‍ത്തിനോ നരസിംഹസ്യ നരയിങ്ഗമണ്ണൂരെന്റും വടിവെഴുമോടനാടിനു മങ്ലിതിലകായമാനസ്യ കേരളനാമധേയസ്യ വസുധാനായ കസ്യ പുരന്ദരനഗരിയുമളകയുമൊപ്പം ചെന്റണഞ്ഞു മേവിനപോലെ മനോഹരതരം രാജധാനീദ്വയം വിരാജതി.ˮ
പദ്യം:
പൊന്മാടത്തിന്‍പ്രാഭാജാലൈഃ സന്ധ്യാകാന്തികരംസദാ
സദാവദാഹമിവ യല്‍ പത്മരാഗാലയാംശുനാ;
സുനാസീരസുതപ്രഖ്യവില്ലാളികുലസങ്കുലം;
കുലഞ്ഞുലാവും താര്‍വല്ലി നിറയും ചാരുനിഷ്കുടം...
ഗദ്യം:
ആടകംകൊണ്ടു നിര്‍മ്മിച്ചഴകെഴുമരങ്ങത്തേറി
നാടകമാടും നല്ല നടികുലം പൊലിയുമേടം;
ചോടചകലനെ[15]നിന്റു തൊടുവതിനെന്റപോലെ
മാടമുയര്ന്നുനിന്റു മാടങ്കള്‍ വിളങ്കുമേടം;
വാടകൊള്‍ കേതകത്തിന്‍ വാരണികുതുമന്തോറും
പാടിന്റളികുലങ്കള് പറന്തുപോയ് നിരമ്പുമേടം;
കോടതിമുകമുലാവും കുഞ്ചരം മതം ചുരത്തി-
പ്പേടിയാമാറു ചുറ്റും പെരുമാറി നില്ക്കുമേടം;
കേടകത്തില്ലയാതെ കിങ്കരവീരന്‍ ചെന്റു
കേടകം വാളൊടേന്തിക്കേളിയില്‍ നടക്കുമേടം;
ഏടലര്‍ത്തയ്യലോടൊത്തേണനീള്‍മിഴികള്‍ കാലില്‍-
പ്പാടകം കലുപിലെന്റു പാടിനിന്റാടുമേടം;...
മതുമൊഴി മടവര്‍തുട—ചതിപെടനെറിയല്‍കൊടു-
കതുകത വളരുമണി—കതളികള്‍നിരയൊരിടം;
ചൂതരവിവപൊരുതു—മാതരൊടിട വിരവി
നീതികൊള്‍ തരുണര്‍ പല—മേതകുനിരയോരിടം;
പങ്കികൊള്‍ നളിനികളി—ലങ്കയനുടയ വളര്-
ചങ്കിനൊടിയലുമളി—ഝങ്കൃതിനിരയൊരിടം.
ഇങ്ങനെ വര്‍ണ്ണിച്ചു ʻകിം ബഹുനാ ഭാഷിതേന? യല്‍പുരദ്വയവര്‍ണ്ണനം ഭാരമേവാമനന്തി ഭാരവിമുഖാ അപി കവയഃʼ എന്നു രാജധാനീപ്രശംസ കവി അവസാനിപ്പിക്കുന്നു. കീര്‍ത്തിപുരമെന്നും നരസിംഹമങ്ഗലമെന്നും രണ്ടു ക്ഷേത്രങ്ങള്‍ ഇന്നും കണ്ടിയൂരിനു സമീപമുണ്ടു്.
ശിവസ്തോത്രം:– ഗന്ധര്വന്മാര് കണ്ടിയൂരമ്പലത്തില്‍ തൊഴുമ്പോള്‍ ചൊല്ലുന്ന ശിവസ്തോത്രത്തില്‍നിന്നു ചില ശ്ലോകങ്ങളാണു് അടിയില്‍ ചേര്‍ക്കുന്നതു്.
ʻʻമന്റിലാരിന്റു നീയെന്റിക്കൊന്റപ്പൂമലര് ചൂടിനോന്‍?
ആകഷ്ടമെന്തെലിമ്പാല്‍ക്കൊണ്ടാകല്പം പരികല്പിതം?ˮ
ʻʻഅരിയോ നാഥ നിന്‍കണ്ണിലെരിതീ വിളയിന്റിതോ?
പോറ്റി പണ്ടിതുകൊണ്ടല്ലോ നീറ്റി നീ മലരമ്പമെ.ˮ
ʻʻഞാനച്ചോ കണ്ടുതില്ലാര്‍ക്കുമാനത്തോലുടയാടയായ്
നമശ്ശിവായ നിന്‍കോലം നമക്കോ വിസ്മയാവഹം.ˮ
ʻʻഫണിനായകനെക്കൊണ്ടു മണിനൂപുരമാക്കിനാല്‍
അടിയാര് ഞാങ്ങള് പേടിപ്പോമടികുപ്പി വണങ്ങുവാന്ˮ
ʻʻഏറര്‍തന്‍ മുതകത്തേറി നീറണിഞ്ഞുലകേഴിലും
വലികൊണ്ടുണ്മതിന്നന്തു ഫലിതം ഭുവനപ്രഭോ?ˮ
അര്‍ദ്ധനാരീശ്വരവര്‍ണ്ണനം:– അത്യന്തം മനോമോഹനമായ ഒരര്‍ദ്ധനാരീശ്വരകേശാദിപാദം കവി ഈ ഘട്ടത്തില്‍ ചേര്‍ത്തിരിക്കുന്നു.
ʻʻതാരാപതിദലം ചേര്‍ന്ന ചാരുകോടീരഭാസുരം;
താരാലിതരാം ചാര്‍ത്തി വാരാളും കബരീഭരം;
കാമന്‍തന്‍ മേനി നീറ്റിന്റ തീമിന്നും നിടിലേക്ഷണം;
മാരോന്മേഷമിയറ്റിന്റ ചാരുഫാലവിശേഷകം.ˮ (ഇത്യാദി)
ചാക്കിയാരും ഗന്ധര്വന്മാരും:– അപ്പോള്‍ അവിടെ ഒരാള്‍ വാതിൽക്കലിരുന്നു രണ്ടു ശ്ലോകങ്ങള്‍ ചൊല്ലുന്നതു് ആ ഗന്ധര്വന്മാര് കേട്ടു. അവയെയാണു് താഴെ ഉദ്ധരിക്കുന്നതു്.
പദ്യം.
ʻʻചെറുകലശവിലാശംചേര്‍ന്ന ചാല[16]സ്തനാഢ്യം
നിറുകയില്‍ വനിതാനാം ന്യസ്തപാദാരവിന്ദം
ചെറുകരനിലയം ചേര്‍ന്നീടുമെന്നുണ്ണിയാടീ
മിറുകുമഹഹ നിന്നെക്കാണ്‍കിലാഖണ്ഡലോപിˮ
ʻʻനളിനമകള്‍കടക്കണ്‍ ചാരുലീലായിതാനാം
തെളിമ പൊലിവെഴും കണ്ണാടിയാമുണ്ണിയാടീ
ഇളമുലയിണ ചീര്‍ത്തിട്ടാകുലാലോലമധ്യം
തളിരൊളിപെടുമങ്ഗം താവകം വെല്വുതാക!ˮ
ഗദ്യം:– ഇവണ്ണം ചുഴല മേവിന്റ വിദുഷാം ഗണൈരടിയില്‍ക്കൊണ്ടാടപ്പട്ടു ചില ചില ചിലോകങ്ങളെച്ചൊല്ലിയൊടുക്കിന്റളവില് അരികിലിരുന്നവനോടു ചോദിച്ചു്, ʻʻഅത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ ഞാങ്ങളിരുവരും തസ്യ പുരോഭൂമി മുപസൃത്യ പരസ്പരാലംബിതകരൗ മറ്റേ കരാഞ്ചലേന കിഞ്ചന സഞ്ഛാദിതോഷ്ഠപൃഷ്ടൗ ധൃഷ്ടതരമിതിഷ്ഠാവ.
അനന്തരം ആരുടെ പാട്ടാണു് അവിടെ കേട്ടതെന്നു് അവര്‍ ചോദിക്കുകയും അതിനു് അദ്ദേഹം ʻʻചൊല്ലലാമിതെളുതായ്ത്തുലോംമയാ, ശ്ലോകജാലമിവള്‍ മേലുദാഹൃതംˮ എന്നു മറുപടി പറയുകയും ചെയ്തു. അതിനെത്തുടര്‍ന്നാണു് കേരളവര്‍മ്മ രാജാവിന്റെ വര്‍ണ്ണനം. രാജപ്രശസ്തിയില്‍നിന്നു് ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു.
- ʻʻയസ്യ ഹി, സ്ഫീതഗോമാധുര്യഃ ശീതഭാനുരഖിലഭൂത ജാതസ്യ, ഹേതിവിലാസശാലീ വീതിഹോത്രസ്സകലാരാതി കാന്താരസ്യ, വീതജാള്യദോഷസ്തേജസാം നിധിഃ സുഹൃദ്വ്രാത കമലാകരസ്യ, ചാതുര്യത്തിനു ജന്മഭൂമിഃ, കാതര്യത്തിനു ദൂരവര്‍ത്തീ, ദാതാ സകലജനവാഞ്ചിതാനാം, പാതാ സര്‍വപ്രജാനാം ശ്രോതാ സജ്ജനചരിത്രാണാം, നേതാ വിദ്വജ്ജനാനാം, ഭ്രാതാ വിദ്ഗ്ദ്ധമണ്ഡലസ്യ, പിതാ ശരണാഗതാനാം, മേതിലെങ്ങും പ്രഥിതഭൂതിഃ ʻപൂതികോടെʼന്നു ഭൂതലേ ഗീതകീര്‍ത്തി വിലാസോ, നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതിമന്ത്രിമുഖ്യഃ[17]യസ്മിന്‍ ഖലു സപത്നലോകവിജയായ നിര്‍ഗ്ഗച്ഛതി പ്രചലിതപ്രബല ബലസമുത്ഥമഹീപരാഗപരിധൂസരമാത്മ ബിംബമംബുനിധൗപ്രക്ഷാളയതി ഭഗവാന് നാളീകിനീകാമുകഃ യസ്യ ച പേടിച്ചോടി മലമുകളിലേറിന മാറ്റാരുടെ നയനാം ബുധാരാ പ്രവാഹാ ഇവ വിഭാന്തി പര്‍വതേഭ്യോ നിസ്സരന്ത്യഃ സ്രവന്ത്യഃˮ (ഇത്യാദി)
ചെറുകര ഉണ്ണിക്കുട്ടത്തിയെ താഴെക്കാണുന്ന ശ്ലോകങ്ങളില്‍ കവി വാഴ്ത്തുന്നു.
ʻʻഇഹ പുനരനവദ്യഹൃദ്യരൂപം
വിഭവശതൈഃ ക്ഷിതിവല്ലഭൈരുപേതം
അപഭയമയുഗായുധന്നൊരില്ലം
ʻചെറുകരʼയെന്റൊരു മന്ദിരം വിഭാതി.
പരമുണതസാലഗോപുരാം താം
പരിപൂര്‍ണ്ണാം ജനതാഭിരുജ്ജ്വലാഭിഃ
അവനൗ നവരം തിടുക്കനെപ്പോ-
യവതീര്‍ണ്ണാമമരാവതീമവൈമി.
അവിടെക്കമലേവ ദുഗ്ദ്ധസിന്ധോ-
രവനീമണ്ഡലമണ്ഡനായമാനാ
അബലാകുലമൗലിമാലികാ കാ-
പ്യവതീര്‍ണ്ണാ യുവനേത്രപുണ്യപുരൈഃ.
ശൈലീസുധായാ ഗുണനാമണീനാം
ഭൂലോകലക്ഷ്മിക്കുമിയം പയോധിഃ;
ബാലാമിമാം വര്‍ണ്ണയിതും തുനിഞ്ഞാ-
ലാലാപമാലാ മമ നാലമേഷാ
പത്മാലയാം പണ്ടിവ പത്മനാഭോ
ഗിരീന്ദ്രകന്യാമിവ വാ ഗീരിശഃ
സീമന്തിനീനാം മുടി മാലികാം താം
സാമന്തസിംഹോയമുവാഹ കാന്താം.ˮ
ഉണ്ണിയാടിയെ കവി ഇങ്ങനെ അവതരിപ്പിക്കുന്നു:-
ʻʻഅവള് പെറ്റിതു മുറ്റുമസ്തദോഷം
ഗുണപൂഗങ്ങള്‍ മലിഞ്ഞനര്‍ഘശോഭം
വനിതാകുലരത്നമുണ്ണിയാടി-
ത്തിരുനാമാങ്കിതമങ്ഗജൈകബീജം.
ഒരിന്ദുബിംബം വദനം കൃശാങ്ഗ്യാ;
മരന്ദധാരാ മൊഴി; കിം പ്രലാപൈഃ?
ഹരന്‍തനിക്കും ധൃതിസാരമച്ചോ!
ഹരന്തി ഗാത്രങ്ങളൊരോന്റമുഷ്യാഃ.
നാണീടുവന്‍ നേത്രവതാം നിലാവാ-
മേണീദൃശം വാഴ്ത്തുവതിന്നു ഞാനോ;
വാണാവലീ ലക്ഷമടാത്തപോലേ
വാണീവിലാസാ മമ ലാഘവായ.
പരമപ്രഥിതം മനോഹരാങ്ഗി-
ക്കൊരു പേരഞ്ചിതമുണ്ണിയാടിയെന്റു്;
തിരളിന്റതു മറ്റുമൊന്റിദാനിം
തിരുനാമം ഭൂവി മാരമാലയെന്റും.ˮ
അതിനപ്പുറം ചാക്കിയാരും ഗന്ധര്‍വന്മാരുംകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലേക്കു പോയി. അവിടെ പല കക്ഷ്യകളുണ്ടു്. ബാഹ്യകക്ഷിയില്‍ പല ശ്രാവകബ്രാഹ്മണരുംകൂടി നിന്നു് ഓരോന്നു സംഭാഷണം ചെയ്യുന്നു. വേറേയും ചില നമ്പൂരിമാര്‍, അവരില്‍ പെണ്‍കൊടയ്ക്കു ധനം യാചിയ്ക്കുവാന്‍ വന്നവര്‍, ശൃങ്ഗാരശ്ലോകരചനകൊണ്ടു കാലക്ഷേപം ചെയ്യുന്ന മണിപ്രവാളകവികള്‍, ജളപ്രഭുക്കന്മാര്‍ ഇങ്ങനെ പലരും അവിടെ കൂടീട്ടുണ്ടു്. അവരെയെല്ലാം കവി ഓരോ പ്രകാരത്തില്‍ അപഹസിക്കുന്നു. അടുത്ത കക്ഷ്യയിലാണു് ചേടിമാരുടെ നില. അവരെ വര്‍ണ്ണിച്ചതിനുമേല്‍ നായികയുടെ കേശാദിപാദവും പാദാദികേശവും വാഴ്ത്തുന്നതില്‍ കവി ജാഗരൂകനായിത്തീരുന്നു. അതിനപ്പുറമുള്ള ഗ്രന്ഥാംശം കണ്ടുകിട്ടീട്ടില്ല. കേശാദിപാദത്തിലെ ചില ശ്ലോകങ്ങള്‍ പ്രദര്‍ശിപ്പിക്കാം.
ʻʻപത്രാഞ്ചലേ പനിത്തൂനീരെത്തും പല്ലവഗുച്ഛമോ
ഹരിയെന്മോഹ, മേതൗ നിന്‍ചരണൗ നഖഭാസുരൗ.
മെയ്യേ മസ്തകമോ തുമ്പിക്കയ്യിരണ്ടുള്ള ദന്തിനഃ?
നില്ക്കട്ടതു തവ ശ്രോണീചക്രവും തുടയുഗ്മവും.
അരയാലിലമേല്‍ക്കൂടി വരിവണ്ടിണ്ട പോന്റുതോ?
വ്യാമൂഢാത്മാസ്മി സത്യം; തേ രോമാവലി, മൃദൂദരേ.
തരങ്ഗമാല തല്ലിന്റോ തിരണ്ടംബുജകോരകേ?
വലിത്രയകുചാലോകേ വലിച്ചിതു മനോവ്യഥാ.ˮ
ഉണ്ണിയാടിചരിതത്തില്‍ ഇന്നത്തെ മാതിരിയിലുള്ള ഭാഷാദണ്ഡകവും കാണ്മാനുണ്ടു്. അതിനുമുന്‍പുതന്നെ അതു് ആ രൂപം കൈക്കൊണ്ടുകഴിഞ്ഞുവോ എന്നു നിശ്ചയമില്ല. ഉണ്ണിച്ചിരുതേവി ചരിതത്തില്‍ അതിന്റെ അങ്കുരാവസ്ഥയേ ദൃശ്യമാകുന്നുള്ളു. എന്നാല്‍ പ്രസ്തുത ചമ്പുവിലേ
ʻʻതാരാവദാതരുചിതാരാല്‍ നിറഞ്ഞ
മഹിതാരാമവാടികളിലെങ്ങും
തരുശിരസി ലളിതതരമളിപടലമളകകുല-
മിവ വസതി കൃതരുചിപരാഗേˮ
ഇത്യാദി ദണ്ഡകത്തില്‍ അതു പരിപൂര്‍ണ്ണമായ വികാസം പ്രാപിച്ചിരിക്കുന്നതായി കാണാം.
ചില സാജാത്യവൈജാത്യങ്ങള്‍: ഇവിടെ വിവരിച്ച മൂന്നു ചമ്പുക്കളം പരിശോധിച്ചാല്‍ അവയിലെ വിഷയം പ്രായേണ ഏകരൂപമാണെന്നു വിശദമാകും. സൗന്ദര്യധാമമായ ഒരു കേരളസ്ത്രീരത്നത്തില്‍ ഗന്ധര്‍വനോ ഇന്ദ്രനോ ചന്ദ്രനോ അനുരക്തനാകുന്നു. രാജധാനി, അങ്ങാടി മുതലായവയുടെ വര്‍ണ്ണനം എല്ലാ ചമ്പുക്കളിലുമുണ്ടു്. ഉണ്ണിയാടിചരിതമാണു് അവയില്‍ ഒടുവിലത്തേ ചമ്പു. ഉണ്ണിയച്ചിചരിതത്തില്‍ ഗദ്യങ്ങളെ അപേക്ഷിച്ചു പദ്യങ്ങള്‍ കുറവാണു്; ഉണ്ണിച്ചിരുതേവിചരിതത്തില്‍ ഒരു ആര്യാശ്ലോകമൊഴിച്ചു ബാക്കി മുഴുവന്‍ ഗദ്യമാണു്; ഉണ്ണിയാടിചരിതത്തിലും ഗദ്യത്തിനുതന്നെയാണു് പ്രാഥമ്യമെങ്കിലും പദ്യങ്ങളും ധാരാളമായുണ്ടു്. ശിവവിലാസകാവ്യത്തില്‍ കവി പ്രശംസിക്കുന്ന വീരകേരളവര്‍മ്മരാജാവുതന്നെയാണു് ഉണ്ണിയാടിചരിതത്തിലേയും കേരളവര്‍മ്മ. ചെറുകര കുട്ടത്തി അദ്ദേഹത്തിന്റെ പ്രേയസിയും ഒരു ഉണ്ണിയാടി ആ സ്ത്രീരത്നത്തിന്റെ സഹോദരിയുമാണെന്നും ആ കാവ്യത്തില്‍ നിന്നു നാം ധരിയ്ക്കുന്നു. ആ കുട്ടത്തിയേയും ഉണ്ണിയാടിയേയും ഉണ്ണുനീലിസന്ദേശത്തിലും സ്മരിച്ചുകാണുന്നു. ഉണ്ണുനീലിസന്ദേശകാലത്തു വൃദ്ധനായ രവിവര്‍മ്മരാജാവു് ഭരിച്ചിരുന്ന കായങ്കുളം അദ്ദേഹത്തിന്റെ മരണാനന്തരം കേരളവര്‍മ്മരാജാവു ഭരിച്ചിരിക്കണം. ഭാഷാചരിത്രം, സാഹിത്യചരിത്രം, ദേശചരിത്രം ഇത്യാദി വിഷയങ്ങളെപ്പറ്റി വിലവേറില്ലാത്ത അറിവു തരുന്നവയാണു് ഈ പ്രാചീനഗ്രന്ഥങ്ങള്‍. ഇവ സമ്പൂര്‍ണ്ണരൂപത്തില്‍ കണ്ടുകിട്ടാതെയിരിക്കുന്നതില്‍ എനിക്കെന്നതുപോലെ ഇതരഭാഷാഭിമാനികള്‍ക്കും ഉണ്ടാകുന്ന ദുഃഖം അപരിമേയമായിരിക്കും.
ശ്രീകൃഷ്ണസ്തവം
രഥോദ്ധതാവൃത്തത്തില്‍ തൊണ്ണൂറ്റെട്ടു ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹൃദയഹാരിയായ സ്തോത്രം ശ്രീവാസുദേവസ്തവം എന്ന പേരില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹസ്തലിഖിത ഗ്രന്ഥശാലയില്‍നിന്നു് ഈയിടയ്ക്കു പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ ശൈശവം മുതല്‍ കംസവധംവരെയുള്ള ഉപാഖ്യാനമാണു് പ്രതിപാദ്യം. പ്രസ്തുതകൃതിയുടെ കാലം ഉണ്ണിയാടിചരിതത്തിനു പിമ്പും ഉണ്ണുനീലിസന്ദേശത്തിനു മുമ്പുമായിരിയ്ക്കണം. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു മാതൃക പ്രദര്‍ശിപ്പിക്കാം.
ʻʻകേവലം പരമധാമമത്ഭുതം
ദേവകിക്കു വസുദേവമന്ദിരേ
ഭൂമിഭാരഹൃതയേ പിറന്നവന്
ദേവനെന്‍മനസി വാഴ്ക സന്തതം.ˮ
ʻʻകാല്‍ച്ചിലമ്പൊലി വളര്ത്തുപോയ് നട-
ന്നാച്ചിമന്ദിരമലങ്കരിച്ചവന്‍
വാച്ച വേദവചനേന കേവലം
വാച്യനെന്‍മനസി വാഴ്ക സന്തതം.ˮ
ʻʻവത്സസഞ്ചയമകാലവേലയെ-
ക്കറ്റു ജാതു വിസൃജന്‍ വ്രജൗകസാം
അശ്രു കണ്ടില് നിറയിക്കുമപ്പരം
തത്ത്വമെന്‍മനസി വാഴ്ക സന്തതം.ˮ
ʻʻപാലു വെണ്ണ മുഴുവന്‍ കവര്‍ന്നിടും
വേല കോലിനവനായര്‍യോഷിതാം
നാലുവേതനറുകാതല്‍, വിണ്ണുളാര്‍-
പാലനെന്‍മനസി വാഴ്ക സന്തനം.ˮ
ʻʻഭക്തികൊണ്ടു മുരവൈരിയെപ്പുക-
ണ്ണിത്ഥമയ്മ്പൊടു മയാ വിനിര്‍മ്മിതം
പദ്യജാതമിതു നിത്യമോതുവോര്‍
മൂക്തിയോടണവര് മുക്തസംശയം.ˮ
ഇവയില്‍ ആദ്യത്തേതു് ഒന്നാമത്തേയും അവസാനത്തേതു് ഒടുവിലത്തേയും ശ്ലോകമാണു്. എല്ലാ ശ്ലോകങ്ങളും ˮഎന്മനസി വാഴ്ക സന്തതംˮ എന്നവസാനിക്കുന്നു.
മതിചൂതപഞ്ചകം
കുസുമമഞ്ജരീവൃത്തത്തില്‍ വിരചിതമായ ഈ സ്തോത്രത്തില്‍ അഞ്ചു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. പനമണ്ണുക്ഷേത്രത്തില്‍ കൃഷ്ണസ്വാമിയെയാണു് വന്ദിക്കുന്നതു്. ഒരു ശ്ലോകം ചുവടേ ചേര്‍ക്കുന്നു.
ʻʻആച്ചിമാര്‍മനയില്‍ മച്ചകത്തുറിയില്‍
വെച്ചിരുന്ന തയിര്‍വെണ്ണപാല്‍
കാല്‍ച്ചിലമ്പൊലിയെ മെല്ലവേ...വരി
മാച്ചുചെന്റു പരുകുന്നവന്‍
വാച്ച കാലികളെ മേച്ചവന്‍ മഹിത-
കാശ്യപാദിമുനിവന്ദിതന്‍
മാച്ചെഴാതെ പനമണ്ണമര്‍ന്ന മതി-
ചൂതനെന്‍ മനസി ഭാസതാം.ˮ
ʻമതിചൂതന്‍ʼ മധുസൂദനനായിരിക്കാം. പനമണ്ണു് എവിടെയാണെന്നു് അറിയുന്നില്ല.
ആദിത്യവര്‍മ്മ മഹാരാജാവിന്റെ രണ്ടു സ്തോത്രങ്ങള്‍
ഉണ്ണുനീലിസന്ദേശംവഴിക്കു നമുക്കു സുപരിചിതനായിത്തീരുന്ന ആദിത്യവര്‍മ്മമഹാരാജാവു് മണിപ്രവാളത്തില്‍ രണ്ടു ചെറിയ വിഷ്ണുസ്തോത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. അവ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയെപ്പറ്റിയുള്ള ദശാവതാരചരിതവും തിരുവട്ടാറ്റു് ആദികേശവസ്വാമിയെപ്പറ്റിയുള്ള അവതരണദശകവുമാണു്. രണ്ടിലും ഓരോ ഫലശ്രുതി ശ്ലോകമുള്‍പ്പെടെ പതിനൊന്നു വീതം ശ്ലോകങ്ങളുണ്ടു്. ആദ്യത്തേതു ശാര്‍ദ്ദൂലവിക്രീഡിതത്തിലും രണ്ടമത്തേതു സ്രഗ്ദ്ധരയിലും രചിച്ചിരിക്കുന്നു. അവതരണദശകം ദശാവതാരചരിതത്തെക്കാള്‍ വിശിഷ്ടമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തില്‍ അഖിലകലാവല്ലഭന്‍ എന്ന ബിരുദത്തോടുകൂടി കൊല്ലം ശാഖയില്‍പ്പെട്ട ഒരു ആദിത്യവര്‍മ്മമഹാരാജാവു് ജീവിച്ചിരുന്നു. ചിലരുടെ പക്ഷം അദ്ദേഹമായിരിക്കാം പ്രസ്തുത സ്തോത്രങ്ങളുടെ കര്‍ത്താവു് എന്നും മറ്റു ചിലരുടേതു് 1610-ല്‍ വഞ്ചിരാജ്യം ഭരിച്ചിരുന്ന ആദിത്യവര്‍മ്മാവായിരിക്കാമെന്നുമാകുന്നു. ഇത്തരത്തിലുള്ള ഊഹങ്ങളെല്ലാം ഭാഷാരീതിക്കു വിരുദ്ധങ്ങളാണു്. ഈ സ്തോത്രത്തില്‍ ʻൻറʼ എന്നു പലപ്പോഴും പ്രയോഗിച്ചുകാണുന്നതു ലേഖകപ്രമാദമായിരിക്കാം എന്നുപോലും രണ്ടാമത്തെ കൂട്ടര് അവരുടെ വാദത്തിന്റെ ബലത്തിനായി ആശങ്കിക്കുന്നു. സാഹിത്യനിപുണനായ 14-ആം ശതകത്തിലെ ആദിത്യവര്‍മ്മാവിനു തന്നെയാണു് ʻമാനം ചേര്ʼ ʻചോരയാ പുരയന്തംʼ മുതലായ പ്രയോഗങ്ങളടങ്ങിയ ഇവയുടെ കര്‍ത്തൃത്വത്തിനു് അധികമായ അധികാരിഭാവമുള്ളതു്. ഫലശ്രതി ശ്ലോകങ്ങള്‍ താഴെ കുറിക്കുന്നു.
ʻʻസ്യാനന്ദൂരപുരാധിവാസനിരതേ ശ്രീപത്മനാഭപ്രഭൗ
മാനംചേര്‍ ചിറവായ് നരേന്ദ്രവരനാമാതിച്ചവര്‍മ്മേരിതം
നാനാഭാവദശാവതാരചരിതം നിത്യം പഠിച്ചീടുവോര്‍
നൂനം വാഴുവര്‍ ഭൂതലേ ചിരമഥോ യാസ്യന്തി വിഷ്ണോഃ പദം.ˮ (ദ: ച:)
ˮചേണാര്‍ന്നീടിന്റ വേണാടഴകൊടു പരിപാലിക്കുമാതിച്ചവര്‍മ്മ-
ക്ഷോണീപാലേന വാട്ടാറ്റിതമൊടു മരുവും കേശവായ പ്രക്ണുപ്തം
വാണീബന്ധം മദീയാവതരണദശകം സൂചയന്തം പഠന്തോ
നീണാള്‍ വാണീടുവോരിദ്ധരണിയിലഥ തേ വിഷ്ണുലോകം പ്രയാന്തിˮ (അ: ദ:)
മറ്റു ചില ശ്ലോകങ്ങള്‍കൂടി ഉദ്ധരിക്കാം.
ʻʻക്ഷീരാംഭോനിധി ദേവദൈത്യനിവഹം കൂടിക്കടഞ്ഞന്റുടന്
നേരേ താണ്ണ ധരാധരം ച മുതുകില്‍ താങ്ങിന്റ കൂര്‍മ്മാകൃതിം
പാരില്‍പ്പൊങ്ങിനതെന്നനന്തപുരമുറ്റാനന്ദനിദ്രാവഹം
നീരേറും ജലദാളിനീലവപുഷം ശ്രീപത്മനാഭം ഭജേ.ˮ
ʻʻവ്യാമോഹത്തെ വരുത്തുമഞ്ചിതരുചിം മാരീചമായാമൃഗം
ചാമാറെയ്തവിധൗ രുഷാ ദശമുഖേ സീതാം ഗൃഹീത്വാ ഗതേ
സീമാതീതശരൈര്‍ന്നിശാചരകുലം നിശ്ശേഷമാക്കും വിഭും
രാമം കാരണമാനുഷം ഗുണനിധിം ശ്രീപത്മനാഭം ഭജേ.ˮ
ʻʻഫേനാംഭോരാശിമദ്ധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊന്റു പാതാളലോകാല്‍
നാനാവേദാന്‍ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൗ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിൻറേന്.ˮ
ˮകോപോദ്രേകേണ സാകം നിഹിതപരശുനാ കൊന്റു മുവേഴുവട്ടം
ഭൂപാലാനാം നികായം നിജപിതൃനിയമം ചോരയാ പൂരയന്തം
ഭൂഭാരത്തെക്കെടുപ്പാന്‍ വിരവൊടു ജമദഗ്ന്യാത്മജത്വേന ലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവം കൈതൊഴിന്റേന്‍.ˮ
ʻʻപൊല്‍പ്പൂമാതിന്‍ കടാക്ഷാഞ്ചലമധുപലസദ്വക്ത്രാപത്മാഭിരാമം
മല്പാപാം ഭോധിവേലാതരണപരിലസല്പോതപാദാരവിന്ദം
ഒപ്പേറും പാല്‍ക്കടല്‍ക്കങ്ങുപരി വസുമതീധാരതല്പേ ശയാനം
കല്പാന്തേ കല്കിയാകും മുരമഥനമഹം കേശവം കൈതൊഴിന്റേന്‍.ˮ
ചില നഷ്ടപ്രായങ്ങളായ കൃതികള്‍
ലീലാതിലകത്തില്‍ ഞാന്‍ മുമ്പു പ്രസ്താവിച്ചവ കൂടാതെ വേറെയും പല മണിപ്രവാളകൃതികളില്‍നിന്നു ശ്ലോകങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ആ കൃതികളെപ്പറ്റി നമുക്കിപ്പോള്‍ യാതൊരറിവുമില്ല.
സന്ദേശങ്ങള്‍: ഉണ്ണുനീലിസന്ദേശത്തിനു പുറമേ വേറെയും പല സന്ദേശങ്ങള്‍ അക്കാലത്തു വിരചിതങ്ങളായിരുന്നിരിക്കണം. അവയിലൊന്നാണു് കാകസന്ദേശം. അതില്‍ നിന്നു ലീലാതിലകകാരന്‍ ഒരു ശ്ലോകം എടുത്തു ചേര്‍ത്തിട്ടുണ്ടു്.
ʻʻസ്വസ്രേ പൂര്‍വം മഹിതനൃപതേര്‍വിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതികളോ ദുഷ്കവിം ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ.ˮ
ഇതിലേ
ʻʻആറ്റൂര്‍നീലീവിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂര്‍ജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗˮ
എന്ന ശ്ലോകാര്‍ദ്ധത്തില്‍ സൂതനായ മാത്തൂരില്ലത്തെ ബ്രഹ്മചാരിതന്നെയോ അതിലെ നായകനെന്നും ആറ്റൂര്‍ നീലിതന്നെയോ നായികയെന്നും തീര്‍ച്ചപ്പെടുത്തുവാന്‍ തരമില്ല.
ʻʻആടല്‍ച്ചില്ലിക്കൊടി നെറിയല്‍കെട്ടാനനേന്ദോര്‍ന്നിറംകെ-
ട്ടേല[18]ക്കോലപ്പുരികുഴലുലര്‍ന്നേകവേണീം ദധാനാ
താനേതന്നെപ്പെരുതുടല്‍ മെലിഞ്ഞായിനാളന്യരൂപാ
കാണക്കാണക്കരതലഗതാ ഹന്ത പൂമാലപോലെ.ˮ
ʻʻമാരന് മാനിച്ചണിയുമുടവാള്‍വല്ലരീമുണ്ണിയാടീ-
മോരോ വിദ്യാകുശലരുമിതംകൊണ്ടു കൊണ്ടാടുമേടം.ˮ
ʻʻനീരാടമ്മേ! നിവസനമിദം ചാര്ത്തു ദേവാര്‍ച്ചനായാ-
മെപ്പോഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ-
എന്റീവണ്ണം നിജപരിജനപ്രാര്‍ത്ഥനം കര്‍ത്തുകാമാ
കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ.ˮ
ʻʻപണ്ടില്ലാതോരമൃതു പതിനാറാണ്ടു പുക്കോരു പത്മാ
പൂപ്പാന്‍ പൊന്നിന്മുകുളമുളവാനോരു ഭൂകല്പവല്ലീ
അംഭോജംകൊണ്ടണിമതിനിറം തൂകുവോരിന്ദുലേഖാ
ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.ˮ
ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.ˮ
ഇവയെല്ലാം മറ്റു ചില സന്ദേശങ്ങളിലുള്ള ശ്ലോകങ്ങളാണെന്നു തോന്നുന്നു.
രാജചരിതകാവ്യങ്ങള്‍
കൊല്ലത്തെ ഗോദമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെപ്പറ്റി ചില ശ്ലോകങ്ങള്‍ ലീലാതിലകത്തിലുണ്ടു്.
ʻʻഎണ്ണിക്കൊള്ളാനരിയ ഗുണവാനെണ്മര്‍ചാമന്തരെന്നും
താരാശ്രേണീനടുവില്‍ മറവില്ലാത താരാമണാളഃ
മാറ്റാരെന്നും കുഴുമിയ[19] പതങ്ഗാനലോഭൂല്‍ പുരേസ്മിന്‍
കോളംബാംഭോരുഹദിനമണിഃ കോതമാര്‍ത്താണ്ടര്‍ പണ്ടു്.ˮ
ʻʻതസ്മിന് കാലേ ഭുവി യദൂശിശോര്‍ജ്ജന്മമാകിന്റ മാധ്വീം
പീത്വാ മത്തോ നിജപരിഷദാമര്‍ത്ഥിനാം ചേതരേഷാം
കൈ നോവോളം കഥമപി ധനംകൊണ്ടു തര്‍പ്പിച്ചു കാമം
കോരിക്കൊള്കെന്റുടനരുളിനാന് കോതമാര്‍ത്താണ്ഡവീരഃ.ˮ
വീരമാര്‍ത്താണ്ഡനെന്നു മറ്റു ചില ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്നതും അദ്ദേഹത്തെത്തെന്നെയാണെന്നു തോന്നുന്നു. തുലുക്കരോടു പടവെട്ടിയ വിക്രമപാണ്ഡ്യനേയും ഒരു ശ്ലോകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നതു കാണാം.
ʻʻഏറ്റം തിമര്‍ത്തു തിറമുറ്റണയും നൃപാന് താന്‍
കാറ്റത്തു സംവലിതതൂലസമാന്‍ വിതേനേ
ചീറ്റത്തിനാല്‍ മതിമറന്ന മഹാനുഭാവന്
കൂറ്റത്തിലും കൊടിയ വിക്രമ പാണ്ഡ്യസിംഹഃ.ˮ
ʻʻപരമുടനേ പരപൃതനാം പാണ്ഡ്യനൃപഃ ഖണ്ഡയാഞ്ചകാര ഗളേ
തുരഗാരൂഢാസ്ത്വരയാ തുരുതുരെ മണ്ടീ തുരുക്കരെല്ലാരും.ˮ
എന്ന പദ്യവും ആ രാജാവിനെസ്സംബന്ധിച്ചുള്ളതായിരിക്കണം. ʻദ്രോണായ ദ്രുപദംʼ എന്ന വീരരവിവര്‍മ്മപ്രശസ്തിപരമായ പദ്യം ഞാന്‍ മറ്റൊരവസരത്തില്‍ ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഇവയില്‍നിന്നെല്ലാം ഒന്നോ അതിലധികമോ പദ്യകൃതികള്‍ ഈ രാജാക്കന്മാരെ അധികരിച്ചു വിരചിതങ്ങളായിരുന്നു എന്നു തെളിയുന്നു. അവ ലഭിച്ചാല്‍ അക്കാലത്തെ ദേശചരിത്രത്തെപ്പറ്റി ഒട്ടുവളരെ പുതിയ വിവരങ്ങള്‍ നമുക്കറിവാന്‍ കഴിയുമായിരുന്നു. കൊല്ലത്തെ ഗോദമാര്‍ത്താണ്ഡവര്‍മ്മാവു് ആരാണു്? ʻയദുശിശുʼ വീരരരവിവര്‍മ്മാവാണെങ്കില്‍ ജയസിംഹന്റെ യഥാര്‍ത്ഥനാമധേയം ഗോദമാര്‍ത്താണ്ഡനെന്നു് ആയിരുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു. അഥവാ യദുശിശുവിന്റെ മാതുലനായിരിക്കുമോ അദ്ദേഹം? ആ വഴിത്തൊന്നും യാതൊരു പ്രകാശവും ലഭിക്കുന്നില്ല.
ശൃങ്ഗാരശ്ലോകങ്ങളും ദേവതാസ്തോത്രങ്ങളും
ഇത്തരത്തിലുള്ള കാവ്യങ്ങള്‍ക്കു പുറമേ പല സുന്ദരിമാരെ വര്‍ണ്ണിക്കുന്ന ശ്ലോകങ്ങളും ലീലാതിലകത്തില്‍ സുലഭങ്ങളാണു്.[20]ഉണ്ണിനങ്ങ (13) നങ്ങ (14, 94) മകളിയത്തു മാധവി (39) നാരണി (41) നാരണിയുടെ മകള്‍ (15, 21, 42, 55, 62, 80) ഉമ്മിണിയുടെ മകള്‍ (42) കോളിക്കല്‍ നങ്ങ (44) (ഈ സ്ത്രീയും 14-ആം പുറത്തില്‍ സ്മരിക്കപ്പെട്ടിട്ടുള്ള നങ്ങയും ഒന്നാണോ എന്നറിവില്ല) കൂറ്റമ്പില്‍ ഇളയച്ചി (44) നീലി (52, 82) രോഹിണി (53) ചോതി (45) ചിരിതേവി (45, 54, 64) കോടി (66, 70, 82) പള്ളിപ്പുഴ മാധവി (69) ഉണ്ണുനീലി (67) അപ്പാച്ചി (75, 78) അച്ചിയുടെ മകള്‍ ഉദയപുരത്തെ ചെറിയച്ചി, സാക്ഷാല്‍ മുണ്ടയ്ക്കല്‍ ഉണ്ണുനീലി ഇങ്ങനെ എത്ര മഹിളാമണികളെ വാഴ്ത്തിയുള്ള ശ്ലോകങ്ങളാണു് ആചാര്യന് ഉദ്ധരിച്ചിരിക്കുന്നതു്. ഇവരില്‍ ചെറിയച്ചിയേയും ഉണ്ണുനീലിയേയും പറ്റി മാത്രമേ അന്യത്ര കേട്ടിട്ടുള്ളുവല്ലോ. ദ്രാവിഡവൃത്തങ്ങളിലുള്ള ചില പദ്യങ്ങളേയും ആചാര്യന് വിസ്മരിക്കുന്നില്ല. ʻതരതലന്താന്‍ʼ എന്ന പാട്ടിനെപ്പറ്റി മുമ്പു പ്രസ്താവിച്ചുകഴിഞ്ഞു.
ʻʻവേശ്യാനാമൊരു വേശ്മകണക്കേ
തമ്മിലിണങ്ങിന തരളഭുജങ്ഗം
ഭഗണപുരഃസ്ഥിതപലകകണക്കേ
പരല്‍നിരകൊണ്ടു പരത്തിന ഭാഗംˮ (67)
ʻചുഴലമരുവാരുടെ ചോരിതന്‍ പരിമള-
ഛുരിതപുരികച്ഛടാഘ്രാണനംചെയ്കയും.ʼ (43)
ഈ വരികള്‍ നോക്കുക. ഭക്തിഭാവത്തെ പോഷിപ്പിയ്ക്കുന്ന ദുര്‍ല്ലഭം ചില ശ്ലോകങ്ങളും ഇല്ലാതില്ല.
ʻപൊന്നിന്‍മാലയണിഞ്ഞ പോര്മുലയിണക്കുന്നിങ്കലൊന്റീടുവാന്
പൊന്നില്ലായുകയോ പകുത്തുടല്‍ മലപ്പെണ്ണിന്നു നല്കിന്റതു്
പൊന്നിന്മാമല വില്ലുമാക്കിയ വിഭോ! തീര്‍ക്കെങ്ങള്‍ താപങ്ങളെ-
പ്പൊന്നിന്‍മാളിക വിണ്ണുളാര്‍പുരിതൊടും തൃക്കാരിയൂരണ്ണലേ!ˮ
കാലയവനികയ്ക്കുള്ളില്‍ എന്നെന്നേയ്ക്കുമായി തിരോധാനം ചെയ്തു കഴിഞ്ഞതുപോലെ തോന്നുന്നതും ഈ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അനേകം ഗ്രന്ഥങ്ങളില്‍ ചിലതെങ്കിലും നിപുണന്മാരായ ഗവേഷകന്മാരുടെ നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമത്തിന്റെ ഫലമായി വീണ്ടും സൂര്യപ്രകാശമേല്ക്കുമെന്നു നമുക്കാശിക്കാം.
ചില ശാസ്ത്രഗ്രന്ഥങ്ങള്‍
ജ്യോതിഷത്തിലും വൈദ്യത്തിലും ചില മണിപ്രവാളഗ്രന്ഥങ്ങള്‍ 14-ആം ശതകത്തില്‍ ഉണ്ടായിട്ടുണ്ടു്. അവയില്‍ താമരനല്ലൂര്‍ ഭാഷയേയും ആലത്തൂര്‍ ഭാഷയേയും ലീലാതിലകത്തില്‍ സ്മരിച്ചിട്ടുള്ളതിനാല്‍ അവയെപ്പറ്റി അല്പം പറയാം.
താമരനല്ലൂര്‍ ഭാഷ
താമരനല്ലൂര്‍ ഭാഷ ജ്യോതിഷത്തില്‍ മുഹൂര്‍ത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാകുന്നു. അതിന്റെ നിര്‍മ്മാതാവു് ഒരുല്‍ക്കൃഷ്ടനായ ദൈവജ്ഞനും കവിയുമായിരുന്നു എന്നു പ്രസ്തുത ഗ്രന്ഥത്തില്‍നിന്നറിയുന്നു. ʻഭാഷാമിശ്രം പൊഴുതു കഥയാമിʼ എന്ന ഭാഗമാണു് ലീലാതിലകകാരന്‍ ഉദ്ധരിച്ചിട്ടുള്ളതു്. കവി ഏതു ദേശക്കാരനാണെന്നു വ്യക്തമാകുന്നില്ല. മാതൃകയായി ചില ശ്ലോകങ്ങള്‍ താഴെച്ചേക്കുന്നു.
ʻʻഅപ്പുമമ്പിളിയും ചൂടുന്നപ്പനോമന്മകന്‍ മമ
അപ്പം തിന്നരുളുന്നപ്പനപ്പുറത്താക്കുകാപദഃ.ˮ (1)
ʻʻപൂത്താമമണ്‍പും കേശാന്തേ ചാര്‍ത്തും ചന്ദ്രകരോജ്ജ്വലാ
കാത്തുവന്നെങ്ങള്‍നാവിന്മേല്‍ കൂത്താടുക സരസ്വതീ.ˮ (2)
ʻʻചുരന്നു കവിതാം വ്യാസഃ പരന്ന യശസാം നിധിഃ
ഇരുന്നരുളുവോനാക ചിരന്നശ്ചിത്തവിഷ്ടരേ.ˮ (3)
ʻʻഇക്കാലമാം തിരിയുമിട്ടഥ കര്മ്മമെന്ന
നെയ്യിട്ടു നിര്‍മ്മലമനോഹരനിത്യശോഭം
ത്രൈലോക്യമാം നിലവിളക്കിലെരിഞ്ഞുനില്ക്കും
മാര്‍ത്താണ്ഡനാം തനിവിളക്കു വിളങ്ങുകെന്നില്‍.ˮ (4)
ʻʻമൂഢോ മുറ്റും മുതല്‍പടിയറിഞ്ഞെന്നിയേ കണ്ടു കേട്ടു-
ള്ളാചാരംകൊണ്ടപി ച മുനിഭിഃ പ്രോക്തമാലോക്യ കിഞ്ചില്
ഭാഷാമിശ്രം പൊഴുതു കഥയാമ്യദ്യ നാള്‍പക്കമാത്രം
വല്ലും ലോകേ ഹിതമിതി തതഃ ക്ഷന്തുമര്‍ഹന്തി സന്തഃˮ (5)
പൊഴുതിന്നൊള്ളതാവോളമെഴുതിന്റേനിതാദരാല്‍
തൂയേരു വിപ്രവര്യായ ചെയ്യൂര്‍ നാരായണായ ഞാന്‍. (6)
ഇരുപത്തേഴു നാളാലും മേടമശ്വതിയും മുതല്‍
ഒന്‍പതൊന്‍പതു നാള്‍ക്കാലായ് വരും ദ്വാദശരാശയഃ. (7)
ʻʻവര്‍ഗ്ഗോത്തമത്തിലുദയേ ഗുരുഭാര്‍ഗ്ഗവൗ വാ
ലഗ്നേ ഗുരൗ ശുഭഗതൗ ശശിഭാര്‍ഗ്ഗവൗ വാ
നില്ക്കുന്നനേരമിവ വന്നു പറഞ്ഞവന്‍താന്‍
ചെയ്യാനമുഷ്യ പുരികക്കൊടി ചൊന്നതന്റി.ˮ.... (8)
ʻʻഎന്നാല്‍ നിര്‍മ്മിതമേതദപ്യവിദുഷാം സല്‍കര്‍ണ്ണപൂരായിതം
ചെയ്യൂരാലിതു നില്പതാക ഭുവനേ പുത്രായുഗാന്തം പുനഃ
ഭക്തിര്‍മ്മേ ഭഗവത്യനാദിനിധനേ നാരായണേ ഭൂയസീ
ഭൂയാത്തസ്യ മഹാജനസ്യ ച തഥാ സംസാര വിച്ഛിത്തയേ.ˮ (9)
ചെയ്യൂര്‍ നാരായണന്‍നമ്പൂരി എന്നൊരു പ്രഭുവിനുവേണ്ടിയാണു് ഈ ഗ്രന്ഥം കവി നിര്‍മ്മിച്ചതെന്നു മേലുദ്ധരിച്ച രണ്ടു ശ്ലോകങ്ങളില്‍ നിന്നു വെളിപ്പെടുന്നു.
ആലത്തൂര്‍ മണിപ്രവാളം
ഇതു വൈദ്യശാസ്ത്രവിഷയകമായ ഒരു മണിപ്രവാളഗ്രന്ഥമാണു്. സംസ്കൃതീകൃതഭാഷാപദങ്ങള്‍ ഇതില്‍ ധാരാളമായിക്കാണുന്നു. ഒരു ശ്ലോകം ചുവടേ ചേര്‍ക്കുന്നു.
ʻʻഉണ്ടായാലൊട്ടു ബോധം പകരുക ചെറുതാം പഞ്ചമൂലി കഷായം
കൊള്ളൂകമ്മേമ്പൊടിം ക്ഷീരബല പരുകുകപ്പാല്‍ക്കുറുന്തോട്ടിയൂഷം
രണ്ടൂരക്വാഥയുക്തേ പയസി തു നവരച്ചോര്‍ക്കിഴിം മുക്കിമുക്കി-
ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി; മരുന്മര്‍ദ്ദനം തേയ്ക്ക തൈലം.ˮ
അഷ്ടവൈദ്യന്മാരില് അന്യതമനാണല്ലോ ആലത്തൂര്‍ നമ്പി; ആ കൂട്ടത്തില്‍പ്പെട്ട ഒരാളായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. താമരനല്ലൂര്‍ ഭാഷാകാരന്റെ രചനാചാതുര്യം ഇദ്ദേഹത്തിനു കാണുന്നില്ല.
ഒരു പഴയ ചികിത്സാഗ്രന്ഥം
ഈ ഗ്രന്ഥവും ലീലാതിലകത്തിനുമുന്‍പു് ആവിര്‍ഭവിച്ചതാകയാല്‍ ഇതിന്റെ നിര്‍മ്മിതി ക്രി. പി. പതിന്നാലാം ശതകത്തിലാണെന്നുള്ളതു നിശ്ചയമാണു്. ഇതില്‍പ്പെട്ടതാണു്
ʻʻതമിഴ്മണി സംസ്കൃതപവഴം കോക്കിന്റേന്‍ വൃത്തമാന ചെന്നൂന്മേല്
ശ്ലോകാനാം പഞ്ചശതം പശുപതയേ മന്ദബുദ്ധയേ കഥിതുംˮ
എന്ന ശ്ലോകം. പ്രസ്തുതശ്ലോകത്തിന്റെ പൂര്‍വാര്‍ദ്ധം ലീലാതിലകം പ്രഥമശില്പത്തില്‍ ഉദ്ധരിച്ചിട്ടുണ്ടു്. ഈ വൈദ്യഗ്രന്ഥത്തിന്റെ പ്രണേതാവും ʻമന്ദബുദ്ധിʼയായ പശുപതിയും ആരെന്നറിയുന്നില്ല. ഒരു പദ്യം ഉദ്ധരിക്കാം.
ʻʻമുന്നം പട്ടിണി നല്ലതല്ല പനിയിന്‍
നാലൊന്നുമൂന്നേഴുനാള്‍
പിന്നെത്തിപ്പലി, കൊത്തമല്ലി, യഖിലൈ-
സ്സാര്‍ദ്ധം മലര്‍ക്കഞ്ഞിയും
അമ്ലാര്‍ത്ഥീകുടിതാളിമാതളരസം
കൂട്ടീട്ടു തല്‍സൈന്ധവം
ഉണ്ടാല്‍ വന്നു പനിയ്ക്കു നന്നവ മനാക്
സദ്യശ്ശമിപ്പാനുടന്‍.ˮ
കവിതയ്ക്കു തീരെ ഗുണം പോര എന്നു പറയേണ്ടിയിരിക്കുന്നു. വൈദ്യഗ്രന്ഥങ്ങളിലും മറ്റും ആ അംശം അത്രയൊന്നും നോക്കേണ്ടതുമില്ല.
- ↑ ഉണ്ണുനീലിസന്ദേശത്തില്നിന്നു് ഈ പുസ്തകത്തില്‍ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ പ്രസ്തുതഗ്രന്ഥത്തില്‍ കാണുന്ന പാഠഭേദമനുസരിച്ചാണു്. കൂടുതലായി കാണുന്ന ശ്ലോകങ്ങള്‍ ചുവടേ ചേര്‍ക്കുന്നു.
(1) കൊല്ലത്തങ്ങടി:– പൂര്‍വ്വസന്ദേശം 80-ആം ശ്ലോകത്തിനുമേല്‍
പട്ടും ചൊട്ടക്കയറുമുറിയും കട്ടിലും കട്ടിയാലും
തട്ടും ചിട്ടിക്കലവുമിലയും കൊട്ടയും കെട്ടുനാരും
മിന്നും പൊന്നിന് തൂവലുവലും പാരയും പാരവാളും
വാലും തോലും വളയുമുളയും പൂണിയും പൂണുനൂലും.
(2) ചില നമ്പൂരിമാര്‍:– 119-ആം ശ്ലോകത്തിനുമേല്‍
പ്രാതര്‍ഭുക്ത്വാ പഴയ തുവയും കൂട്ടിയപ്പല്‍ കറുപ്പി-
ഞ്ഞേറ്റം തസ്മിന് തലമുടിയിലപ്പൂണുനൂലും കളഞ്ഞു്
കെട്ടിച്ചുറ്റിത്തദനു മറയോരൂക്കവാളും വിറപ്പി-
ച്ചണ്ഡന്മാരെസ്സപദി ചിറമേല്‍ക്കാണലാം പോരുമാറു്.
(3) വീരമാണിക്കത്തുവീട്:– ഉത്തരസന്ദേശം 32-ആം ശ്ലോകത്തിനുമേല്‍
ഇണ്ടല്‍പ്പാടാണ്ടലസഗമനാം ചെന്റു തേറ്റീടുവാനായ്
മണ്ടിച്ചാലത്തളരുമിളമാന്‍കണ്ണി പോവോരുനേരം
മുണ്ടയ്ക്കല്‍ച്ചേര്‍ന്നിതമെഴുമിരണ്ടാമതാം തന്വി നിന്നെ-
ക്കണ്ടീടുമ്പോള്‍ നയനയുഗളം ഹന്ത! പന്തിക്കുമല്ലോ. - ↑ വേമ്പനാട്ടിന്റെ രൂപാന്തരമാണു് വെണ്പല (വെണ്‍പൊലി) നാടെന്നും വരാം.
- ↑ 24-മത്തെ ശ്ലോകത്തില്‍ ʻരായിരക്ഷോണിപാലംʼ എന്ന പാഠം ശരിയാണെന്നു തോന്നുന്നില്ല. എന്റെ കൈവശമുള്ള ഗ്രന്ഥത്തില്‍ ʻവെണ്പല ക്ഷോണിപാലഃʼ എന്നാണു് കാണുന്നതു്.
- ↑ ശിരസ്സിലണിയുന്ന ഒരുതരം വൃത്താകാരമായ മാല.
- ↑ ഉവക്കിന്റെ=സ്നേഹിക്കുന്ന .
- ↑ അന്നു മണിപ്രവാളത്തിനു ഗദ്യമെന്നുംകൂടി പേരുണ്ടായിരുന്നു. ഉണ്ണിച്ചിരുതേവിചരിതം ചമ്പുവിലും ആ പദപ്രയോഗം കാണുന്നു.
- ↑ * ബര്‍ബരര്‍
- ↑ മൂത്രമൊഴിക്കുന്നു.
- ↑ പട=മെത്ത.
- ↑ വര്പ്പുറുത്തുക=ധൈര്യം നല്‍കുക. (തമിഴ് ശൈലി)
- ↑ മരുതനിലങ്ങളില്‍ പാടിവന്ന ഒരു വക രാഗം
- ↑ ചുണ്ണി=ചൂണ്ണി.
- ↑ വിളയാടിന്റവൃക്ഷ=വിളയാടുന്ന ഋക്ഷങ്ങളോടു കൂടിയതു്.
- ↑ പാടിന്റമ=പാടുന്ന രീതി.
- ↑ ചോടചകലന്=ഷോഡശകലന് (ചന്ദ്രന്).
- ↑ ചാലം=മുകുളം.
- ↑ പുതികോട്ടു കൃഷ്ണനിളതിനെക്കുറിച്ചു ഞാന്‍ ശിവവിലാസവിവരണത്തില് പ്രസ്താവിച്ചിട്ടുണ്ടല്ലോ; അതുകൂടി നോക്കുക.
- ↑ കേശതൈലം
- ↑ കുഴുമിയ=സംഘീഭവിച്ച
- ↑ ലീലാതിലകം 1105-ആണ്ടത്തെ പതിപ്പിലുള്ള പുറങ്ങളാണു് ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നതു്.